22 March, 2009

ന്യൂനപക്ഷ പീഡന വാര്‍ത്തകളുടെ തനിമുഖം

ന്യൂനപക്ഷ പീഡന വാര്‍ത്തകളുടെ തനിമുഖം

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്‍പ്, വളര്‍ച്ച എന്നിവ സംബന്ധിച്ച് എപ്പോഴും വ്യഥിതചിത്തനാണ് റിട്ടയേര്‍ഡ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പൌവത്തില്‍. ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ വിചാരങ്ങള്‍ക്ക് പ്രസക്തി ഏറെയാണുതാനും. 2009 ഫെബ്രുവരി 20 ന് ദീപിക എഡിറ്റ്പേജില്‍ 'ന്യൂനപക്ഷ പീഡനം കേരള മോഡല്‍' എന്നൊരു ലേഖനം അദ്ദേഹത്തിന്റേതായി കാണാനിടയായി. ചരിത്രാരംഭം മുതല്‍ ഇന്നോളം ക്രിസ്‌ത്യാനികള്‍ അനുഭവിച്ചുപോരുന്ന പീഡനങ്ങളുടെ കേരളീയ മുഖമാണ് പ്രസ്‌തുത ലേഖനത്തില്‍ അനാവരണംചെയ്യുന്നത്. ക്രൈസ്‌തവരെ കുറ്റവാളികളെന്നു മുദ്രകുത്തി കാരാഗൃഹത്തിലടയ്‌ക്കുകയും വധിക്കുകയും ചെയ്‌ത നീറോ, സ്റ്റാലിന്‍മാരുടെ തുടര്‍ച്ചക്കാരാണ് കേരളത്തില്‍ ന്യൂനപക്ഷ സംരക്ഷകരെന്ന് മേനി നടിക്കുന്നവര്‍-ഇടതുപക്ഷക്കാര്‍ എന്നതില്‍ അദ്ദേഹത്തിനു സന്ദേഹമില്ല.

ആകെ ഒരേ ഒരു ആശ്വാസം മത്രം: കേരളം ഇന്ത്യാ മഹാരാജ്യത്തിന്റെ ഭാഗമാണ്. ഇവിടെ ശക്തമായ ഒരു ജനാധിപത്യ വ്യവസ്ഥിതിയും ഭരണഘടനയുമുണ്ട്. ക്രൈസ്‌തവരുടെ നിലനില്‍പിന്റെ ആധാരശിലകളായി ആര്‍ച്ച് ബിഷപ്പ് കാണുന്നത് ഈ രണ്ടു ഘടകങ്ങളെയാണ്. തന്റെ സമുദായത്തില്‍ കാനോന്‍ നിയമം അടിച്ചേല്‍പിച്ച് സാമാന്യജനതയുടെ എല്ലാ ജനാധിപത്യാവകാശങ്ങളെയും നിഹനിക്കുന്നതിന് നേതൃത്വംകൊടുത്ത ഒരാള്‍ ജനാധിപത്യത്തെപ്പറ്റി ആകുലചിത്തനാകുന്നത് ചേലുള്ള കാഴ്‌ച തന്നെ. കേരള സര്‍ക്കാരിനെയും കമ്യൂണിസ്റ്റ്പാര്‍ടിയെയുമാണ് ആര്‍ച്ച്ബിഷപ്പ് പ്രതിക്കൂട്ടില്‍നിര്‍ത്തുന്നതെന്ന് വ്യക്തമാണല്ലോ.

സ്വാശ്രയ വിദ്യാഭ്യാസമേഖലയാണ് ന്യൂനപക്ഷ പീഡനത്തിന്റെ ആദ്യരംഗമായി അദ്ദേഹം എടുത്തുകാട്ടുന്നത്. സ്വാശ്രയ വിദ്യാഭ്യാസകച്ചവടം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തിടുക്കപ്പെട്ടു നിയമം കൊണ്ടുവന്നത് ഗുരുതരമായ തെറ്റായിപ്പോയി. ലോകത്തൊരിടത്തുമില്ലാത്ത 50-50 ശതമാനം വിദ്യാര്‍ത്ഥി പ്രവേശന സംവരണം പീഡനത്തിന്റെ വേറൊരു ഉദാഹരണം. 'സ്വാശ്രയരംഗത്തു വന്നിട്ടുള്ള ക്രൈസ്‌തവ മാനേജ്‌മെന്റുകളെ ഓരോന്നായി വേര്‍തിരിച്ചു പീഡിപ്പിക്കുന്ന രീതി തുടങ്ങിയിരിക്കയാണ്. സെനറ്റും സിന്‍ഡിക്കേറ്റുമെല്ലാം കൈയിലൊതുക്കിയും തങ്ങളുടെ വരുതിക്കു നില്‍ക്കുന്ന കമ്മീഷനെ മേല്‍നോട്ടമേല്‍പിച്ചുമെല്ലാം നിരന്തരമായി വിദ്യാഭ്യാസവകുപ്പ് കലാലയങ്ങളെ ശല്യംചെയ്യുകയാണ് (ഖണ്ഡിക 6).

തൃശൂര്‍ അമല, ജൂബിലി മെഡിക്കല്‍കോളേജുകള്‍ ഇരിങ്ങാലക്കുട എന്‍ജിനീയറിംഗ് കോളേജ് എന്നിവയ്‌ക്കെതിരെ യൂണിവേഴ്‌സിറ്റി കൈക്കൊണ്ട ചില നിലപാടുകളുടെ പശ്ചാത്തലം സൂചിപ്പിച്ചുകൊണ്ടാണ് ആര്‍ച്ച്ബിഷപ്പിന്റെ ഈ ദൃശ സാമാന്യവല്‍ക്കരണ ചിന്തകള്‍ മുന്നേറുന്നത്. കോടതിവിധി മാത്രമാണ് ഇന്ന് ആശ്രയിക്കാവുന്ന ഒരേയൊരു സങ്കേതം. പക്ഷേ അത് നടപ്പാക്കാന്‍ ഇടതനുകൂല ഭരണക്കാര്‍ കൂട്ടാക്കുകയില്ല. "കോടതിയലക്ഷ്യവിധി വന്നാലും തങ്ങള്‍ക്കൊന്നും വരാനില്ല. ഇതുപലതും നമ്മള്‍ കണ്ടതാണ്'' എന്നു ഭരണക്കാര്‍തന്നെ പറഞ്ഞതായാണ് ജനസംസാരം. കോടതി ഞങ്ങള്‍ക്കു പുല്ലാണ് എന്നു പറഞ്ഞ മുദ്രാവാക്യം ഈയവസരത്തില്‍ സ്‌മരണീയമാണ് (ഖണ്ഡിക 7). ഈ സംസാരത്തിനും മുദ്രാവാക്യത്തിനും കാതോര്‍ക്കുന്ന ആത്മീയ പിതാവാണ് ഈ ആര്‍ച്ച്ബിഷപ് എന്നറിയുന്നത് കൌതുകകരമാണ്.

ക്രൈസ്‌തവ കോളേജുകളോടുള്ള അനീതി അദ്ദേഹം ധാരാളമായി അവതരിപ്പിക്കുന്നു. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി പരിശീലിക്കാന്‍ സമ്മതിക്കില്ല എന്നതുവരെ എത്തുന്നു ആ വിവേചന സമീപനങ്ങള്‍. സ്വാശ്രയ കോളേജുകള്‍ ക്രൈസ്‌തവ ധര്‍മ്മ സംസ്ഥാപനത്തിന്റെ പ്രഥമ വേദികളാകയാലാവാം അവയെപ്പറ്റി ആദ്യം പറഞ്ഞത്. തുടര്‍ന്ന് എയ്‌ഡഡ് കോളേജുകളുടെ ദുരവസ്ഥകളിലേക്കു കടക്കുന്നു. 'ന്യായമായ കാരണങ്ങള്‍കൊണ്ട് അധ്യാപകര്‍ക്കെതിരായി ശിക്ഷണനടപടികള്‍ നടത്തിയാല്‍ കലാലയങ്ങളെ പോര്‍ക്കളമാക്കുന്നു. സെന്റ് ആല്‍ബര്‍ട്സ് കോളേജ് സംഭവം ഇതിനൊരുദാഹരണമാണ്. അതിന്റെപേരില്‍ കോളേജ് പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും നാശനഷ്‌ടങ്ങള്‍ വരുത്തുകയും ചെയ്‌തല്ലോ' (ഖണ്ഡിക 10).. തുടര്‍ന്നും ഒട്ടേറെ പീഡന ദുരിതങ്ങള്‍ അവതരിപ്പിക്കുന്നുണ്ട് അദ്ദേഹം.

ഇപ്പറഞ്ഞവയിലെല്ലാം സത്യം എത്രയുണ്ട് ? പാവപ്പെട്ട ഒരു സാധാരണ കത്തോലിക്കന് ഇത്തരം പിതൃവചനങ്ങള്‍ വേദപ്രമാണങ്ങള്‍പോലെ പരമപ്രധാനമാണ്. ക്രിസ്‌തുമത ധ്വംസനത്തിനെതിരെ പോര്‍ക്കളത്തിലിറങ്ങാന്‍ അവനു യാതൊരു വിമുഖതയുമുണ്ടാവില്ല. വീണ്ടെടുക്കപ്പെട്ട പത്രത്താളുകളിലെ ഉദീരണങ്ങള്‍ക്ക് രണശോഭയേറുന്നുമുണ്ട്. സെന്റ് ആല്‍ബര്‍ട്സ് കോളേജില്‍ സംഭവിച്ചതെന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

2005-06 അധ്യയന വര്‍ഷത്തിലാണ് സെന്റ് ആല്‍ബര്‍ട്സില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. കോളേജിന്റെ പ്രവര്‍ത്തനസമയം രാവിലെ 8 മുതല്‍ 1.30 വരെയാക്കുവാന്‍ അധികൃതര്‍ തീരുമാനിച്ചു. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഭാഗത്തുനിന്ന് എതിരഭിപ്രായങ്ങളുണ്ടായി. കോളേജിന്റെ അടിസ്ഥാന സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി അന്യസര്‍വകലാശാലകളുടെ കോഴ്‌സുകള്‍ നടത്തുന്നതിനുവേണ്ടിയായിരുന്നു ഈ സമയമാറ്റം. ഇഷ്‌ടം പോലെ ഫീസ് പിരിക്കാനും ലാഭം കൊയ്യാനും പറ്റിയ കോഴ്‌സുകള്‍ എക്കാലത്തും മാനേജ്‌മെന്റുകള്‍ക്ക് ഇഷ്‌ട വിഭവങ്ങളാണല്ലോ. ആല്‍ബര്‍ട്സില്‍ വിദ്യാര്‍ത്ഥി, അധ്യാപക സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കപ്പെട്ടു. സര്‍വ്വകലാശാലയുടെ വിദ്യാര്‍ത്ഥി പ്രവേശനനിയമത്തിന് വിരുദ്ധമായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനംനടത്തി. യൂണിവേഴ്‌സിറ്റി/സര്‍ക്കാര്‍ നിയമങ്ങളും ബോധപൂര്‍വം ലംഘിക്കുന്നതിനാണിപ്രകാരം ചെയ്‌തത്. യുജിസി, ഗവണ്‍മെന്റ് സഹായങ്ങള്‍ കാലാകാലങ്ങളില്‍ സ്വീകരിച്ചു പണിത കെട്ടിടങ്ങളില്‍ ചിലത് (ഹോസ്റ്റല്‍) ഷോപ്പിംഗ് കോംപ്ളൿസാക്കി. മുകളിലത്തെ നില ലോഡ്‌ജാക്കി മാറ്റി. ആഡിറ്റോറിയത്തിനു പുതിയ മതില്‍ വന്നു. കോളേജില്‍നിന്നു വേര്‍പെടുത്തപ്പെട്ട് അതൊരു കല്യാണമണ്ഡപമാക്കി മാറ്റി. കനത്ത വാടക ലഭിക്കുന്ന ഒരു സംവിധാനം നിലവില്‍ വന്നു. ന്യൂനപക്ഷാവകാശത്തിന്റെ വിജയവൈജയന്തി വാനില്‍ പറന്നുതുടങ്ങി. സര്‍ക്കാരില്‍നിന്ന് പാട്ടത്തിനേറ്റുണ്ടാക്കിയ കളിസ്ഥലം മറുപാട്ടത്തിന് കൊടുത്തു.

എം വി ജോസ് എന്ന ലൈബ്രേറിയനെ പിരിച്ചുവിട്ടു: ഉച്ചകഴിഞ്ഞുള്ള സമയത്തു പഠിക്കാന്‍ വന്ന ഓഫ് ക്യാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കു പുസ്‌തകം കൊടുത്തില്ല എന്നതായിരുന്നു കാരണം. മൂന്നുകുട്ടികള്‍ ഇക്കാര്യത്തില്‍ പരാതി പറഞ്ഞുവെന്നു ചൂണ്ടിക്കാട്ടി ജോസിനെ സസ്‌പെന്റ് ചെയ്‌തു. എം വി ബന്നി (മലയാളം വാരിക)യുടെ സഹോദരനായിപ്പോയി ജോസ് എന്നതാണ് പ്രശ്‌നം. ബന്നി പലപ്പോഴും സ്വതന്ത്രമായി പ്രതികരിക്കുകയും എഴുതുകയും ചെയ്യുന്നയാളാണ്. ഫാ. തേലക്കാട്ടും ചക്യാത്തു ബിഷപ്പും മധ്യസ്ഥന്മാരായി. ഒരു ക്ഷമായാചനം എഴുതിതന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാം എന്ന് മാനേജര്‍ ഉറപ്പുകൊടുത്തു. അപ്രകാരമൊരു ക്ഷമായാചനമുണ്ടായി. അതു രേഖയായി കുറ്റവാളിയാക്കി മുദ്രകുത്തി ജോസിനെ പിരിച്ചുവിട്ടു.

സമയമാറ്റത്തിനെതിരെ പ്രകടനം നടത്തിയ 42 വിദ്യാര്‍ത്ഥികളെ കോളേജില്‍നിന്ന് പുറത്താക്കി. എം ആര്‍ റജിമോന്‍ എന്ന വിദ്യാര്‍ത്ഥിയുടെ പീഡനം ഇവയില്‍നിന്നെല്ലാം വ്യത്യസ്‌തമായി നില്‍ക്കുന്നു. ചേര്‍ത്തല എഴുപുന്ന സ്വദേശിയാണ് ദളിത് ക്രിസ്‌ത്യാനിയായ റജിമോന്‍. പത്രവിതരണത്തിലൂടെ ലഭിക്കുന്ന വരുമാനംകൊണ്ട് പഠിക്കാന്‍ വന്നു. സമയമാറ്റം അവന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. അവന്റെ ജോലി ഇല്ലാതായി. സമയമാറ്റത്തിനെതിരെ അയാള്‍ കേസുകൊടുത്തു. നടപടിയെടുക്കാന്‍ യൂണിവേഴ്‌സിറ്റിക്കു ഹൈക്കോടതി ഉത്തരവ്. ഏകഛത്രാധിപതിയായ മാനേജര്‍ക്കെതിരെ കേസുകൊടുത്തതിന് റജിമോനെ സസ്‌പെൻഡ് ചെയ്‌തു 5 മാസം. പരീക്ഷയ്‌ക്കു ചേരാന്‍വേണ്ട ഹാജരില്ലാത്തതിനാല്‍ കണ്‍ഡൊണേഷന് അപേക്ഷിച്ചു. അപേക്ഷ കോളേജ് ആഫീസില്‍നിന്ന് പോയില്ല. വീണ്ടും കോടതി ശരണം. പരീക്ഷ എഴുതാന്‍ അനുവാദം ലഭിച്ചു. ഫൈനൽ ഇയര്‍ ഡിഗ്രി ക്ളാസിലേക്ക് പക്ഷേ പ്രവേശനം നിഷേധിച്ചു. കേരളത്തിലെ ഒരു കോളേജിലും കേട്ടുകേഴ്വിപോലുമില്ലാത്ത കാര്യം. മൂന്നാംവട്ടം കോടതിയിലേക്ക്. അങ്ങനെ ആഗസ്റ്റില്‍ പ്രവേശനം. ഇന്റേണല്‍ അസസ്‌മെന്റില്‍ തോല്‍പിച്ച് പരീക്ഷ എഴുതിക്കാതെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു ഒരു ദളിത് ക്രിസ്‌ത്യാനി.

ഒരുപക്ഷേ അയാള്‍ രക്ഷപ്പെടുമായിരുന്നു; മലയാളം അധ്യാപകനായ സെബാസ്റ്റ്യന്‍ കാട്ടടിക്കെതിരായി മാനേജ്‌മെന്റ് ആവശ്യപ്പെട്ടപ്രകാരം ചിലത് എഴുതിക്കൊടുത്തിരുന്നെങ്കില്‍. ആരാണീ സെബാസ്‌ത്യന്‍ കാട്ടടി? 1982 മുതല്‍ സെന്റ് ആല്‍ബര്‍ട്സ് കോളേജില്‍ മലയാളം അധ്യാപകന്‍. ചങ്ങനാശ്ശേരി സെന്റ് ബെർൿമാന്‍സ് കോളേജിന്റെ മുഖവാരത്തിനെതിര്‍വശത്താണിയാളുടെ വീട്. വീട്ടുമുറ്റത്തെ കോളേജില്‍ പഠിച്ചു. വലതുപക്ഷ വിദ്യാര്‍ത്ഥി സഖ്യത്തില്‍ മത്സരിച്ച് കോളേജ് യൂണിയന്‍ ചെയര്‍മാനായി. മലയാളം എം എ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് (1980) സെബാസ്‌ത്യന്‍ മധ്യതിരുവിതാംകൂറിലെ കോളേജുകളില്‍ ആദ്യമായി എസ്‌ബിയില്‍ സാഹിത്യ ശില്‍പശാല സംഘടിപ്പിച്ചു. കോരളത്തിലെ ആദ്യത്തെ ക്യാമ്പസ് ഫിലിം ഡയറക്ടര്‍മാരിലൊരാളായി. കോളേജില്‍ വിദ്യാര്‍ഥികളുടെ ഇഷ്ട അധ്യാപകനായി. അഭിപ്രായങ്ങള്‍ നിര്‍ഭയം പറഞ്ഞിരുന്ന സെബാസ്‌ത്യന്‍ 2005 മുതല്‍ മാനേജ്‌മെന്റിന്റെ തലവേദനയായി മാറുക സ്വാഭാവികം മാത്രം. ഇടതുപക്ഷ അധ്യാപക സംഘടനയായ എകെപിസിടിഎ പ്രവര്‍ത്തകന്‍ ജില്ലാ പ്രസിഡണ്ടും സെനറ്റ് മെമ്പറുമൊക്കെയായി വളര്‍ന്നു. ഒരിക്കലും കമ്യൂണിസ്റ്റ്പാര്‍ടിയില്‍ ഒരു കാന്‍ഡിഡേറ്റ് മെമ്പര്‍പോലുമായിരുന്നില്ല കാട്ടടി സാര്‍.

മാനേജ്‌മെന്റിന്റെ തോന്ന്യാസങ്ങളെ തനിക്ക് അര്‍ഹമായ വേദികളില്‍ ജനാധിപത്യരീതിയില്‍ ചോദ്യംചെയ്യുക എന്ന 'തെറ്റാ'ണ് സെബാസ്‌ത്യന്റെ ഭാഗത്തുനിന്നുണ്ടായത്. നാല്‍പത്തിരണ്ടു വിദ്യാര്‍ത്ഥികളെയും ലൈബ്രേറിയനെയും ഹോമിച്ച മാനേജ്‌മെന്റിന്റെ അവസാനത്തെ ഇരയായിരുന്നു കാട്ടടിസാര്‍. 2005 ജൂണ്‍ 14 അദ്ദേഹത്തെ ഒന്നാംവട്ടം സസ്‌പെൻ‌ഡ് ചെയ്‌തു. സമയമാറ്റം സ്റ്റാഫ് കൌണ്‍സിലില്‍ ചോദ്യംചെയ്‌തതാണ് പ്രശ്‌നമായത്. വിദ്യാര്‍ത്ഥികളെ കലാപത്തിന് പ്രേരിപ്പിച്ചു എന്നതായിരുന്നു പ്രധാന കുറ്റമായി ആരോപിക്കപ്പെട്ടത്. എറണാകുളത്തെ സാമൂഹിക സാംസ്‌ക്കാരിക നേതാക്കളില്‍ പലരുടെയും ഇടപെടലിനെതുടര്‍ന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെട്ടു. എകെപിസിടിഎ സംഘടന 22 ദിവസം ധര്‍ണ നടത്തുകയും ചെയ്‌തു.

2008 ഫെബ്രുവരി 8ന് അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ കൃത്രിമംകാട്ടി എന്ന് ആരോപിച്ച് കാട്ടടിസാറിനെ രണ്ടാംവട്ടം
സസ്‌പെൻഡ് ചെയ്‌തു. എം ജി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍വരെ ഈ നടപടി ശരിയല്ല പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും മാനേജ്‌മെന്റ് പുല്ലുവിലപോലും കല്‍പിച്ചില്ല. എകെപിസിടിഎ 99 ദിവസം ധര്‍ണയും സത്യഗ്രഹവും നടത്തി. എല്ലാ മധ്യസ്ഥ ശ്രമങ്ങളെയും തൃണവല്‍ഗണിച്ച് 2009 ജനുവരി 20ന് സെബാസ്‌ത്യന്‍ കെ ആന്റണിയെ കോളേജില്‍നിന്ന് ഡിസ്‌മിസ് ചെയ്‌തു. ഇതില്‍ പ്രതിഷേധിച്ച് പിറ്റേന്ന് ഉച്ചവരെ കോളേജ് ഗേറ്റിനുമുമ്പില്‍ ധര്‍ണ നടന്നു. കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്നെത്തിയ അധ്യാപകരുടെ പ്രതിഷേധം അവിടെ അലയടിച്ചു.

ഉച്ചയ്ക്ക് ഒരു മണിക്ക് ധര്‍ണ അവസാനിച്ചതിനുശേഷം അവിടെ അരങ്ങേറിയ ഒരു നാടകംകൂടി കണ്ടെങ്കിലേ ന്യൂനപക്ഷ മാനേജ്‌മെന്റിന്റെ ക്രൈസ്‌തവധര്‍മ്മ പ്രകടനം പൂര്‍ണമാവൂ. കോളേജ് മതിലിനോടുചേര്‍ന്ന് നടപ്പാതയിലൂടെ വിദ്യാര്‍ത്ഥികളെപ്പോലെ തോന്നിച്ച പത്തുപന്ത്രണ്ടുപേര്‍ സെന്റ് ആല്‍ബര്‍ട്സിന്റെ ജഴ്‌സിയണിഞ്ഞ് ഒരു പഴഞ്ചന്‍ ട്രോഫി പൊക്കിപ്പിടിച്ച് ചെണ്ടകൊട്ടി പടക്കംപൊട്ടിച്ച് അട്ടഹസിച്ച് വിജയ മുദ്രാവാക്യങ്ങളുമായികടന്നുപോയി. ഇതാണ് സെന്റ് ആല്‍ബര്‍ട്സ് മാനേജ്‌മെന്റിന്റെ മനസ്സ്. 2005-2006 അധ്യയനവര്‍ഷംമുതല്‍ നാളിതുവരെ പ്രസ്‌തുത കോളേജിന് ഏതെങ്കിലും തരത്തില്‍ ഒരു ചില്ലിക്കാശിന്റെ നഷ്‌ടം പോലും പ്രതിഷേധക്കാരില്‍നിന്നോ സമരക്കാരില്‍നിന്നോ ഉണ്ടായിട്ടില്ല. അത്തരത്തില്‍ ഒരു വ്യാജ പരാതിപോലും നല്‍കാന്‍ ആല്‍ബര്‍ട്ട്സ് അധികാരികള്‍ക്കു കഴിഞ്ഞിട്ടില്ല. എന്നിട്ടും ആര്‍ച്ച്ബിഷപ് പൌവത്തില്‍ പറയുന്നു കോളേജിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും നാശനഷ്‌ടങ്ങള്‍ വരുത്തുകയും ചെയ്‌തു എന്ന്.

ഇതാണ് സ്ഥിതി. 11-03-09 ന് ദീപിക എഡിറ്റ്പേജില്‍ എൿസ് ആര്‍ച്ച് ബിഷപ്പിന്റെ പുതിയ വെളിപാടുകള്‍ വായിക്കാം. കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ആത്മകഥാപരമായ അഭിമുഖ സംഭാഷണങ്ങളും പൌവത്തില്‍ കണ്ടെത്തലുകളുമായി ചേര്‍ത്തുവെച്ചു വായിക്കണം. അവയ്‌ക്കിടയില്‍ എവിടെയോ ക്രൈസ്‌തവധര്‍മ്മത്തിന്റെ മൃദുലവും സാന്ത്വനസ്‌പര്‍ശിയുമായ ഒരു ജീവിതമുഖം കണ്ടെത്താനാവും. യുഡിഎഫ് നേതാക്കള്‍ക്കുപോലും അപ്രാപ്യമായ പകയുടെയും വിദ്വേഷത്തിന്റെയും അന്ധതലത്തിലാണ് മാര്‍ പൌവത്തില്‍ നിലകൊള്ളുന്നതെന്ന് ബോധപ്പെടുകയും ചെയ്യും.

ക്രിസ്‌ത്യാനികളുടെ മുഖപത്രമെന്ന് സ്വയം ലേബലൊട്ടിച്ച് അച്ചടിച്ചുവരുന്ന ദീപിക കഴിഞ്ഞ അരനൂറ്റാണ്ടായി ഏകപക്ഷീയവും അതിസങ്കുചിതവുമായ രാഷ്‌ട്രീയ നിലപാടുകളാണ് സ്വീകരിച്ചുപോന്നിട്ടുള്ളത്. ആ പത്രസ്ഥാപനത്തിന്റെ ജീര്‍ണതയ്‌ക്കും തകര്‍ച്ചയ്‌ക്കും കാരണമായത് ഉടമസ്ഥന്മാരുടെ കാലാകാലങ്ങളിലുള്ള പക്ഷപാതപരമായ നിലപാടുകളും അസഹിഷ്‌ണുതകളുമാണ്. ചരിത്രത്തിനും പാരമ്പര്യത്തിനും മാറ്റമുണ്ടാകുന്നില്ല എന്ന് അതിന്റെ ദൈനംദിന മുഖങ്ങള്‍ വെളിവാക്കിക്കൊണ്ടിരിക്കുന്നു.

11-03-09 ലെ മലയാള ദിനപത്രങ്ങളിലെല്ലാം മാര്‍ വിതയത്തിലിന്റെ ആശയഗതികള്‍ അച്ചടിച്ചുവന്നിട്ടുണ്ട്. അദ്ദേഹം കമ്യൂണിസ്റ്റ്പാര്‍ടി സമീപനങ്ങളെ ചിലേടങ്ങളില്‍ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും പൊതുവില്‍ അനുകൂല നിലപാടാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തം. മനോരമപോലും അങ്ങനെ പറയുന്നു. ഇ എം എസിന്റെ ഭൂപരിഷ്‌ക്കരണ നിയമം ചൂഷണരഹിതമായ സാമൂഹികാവസ്ഥയ്‌ക്ക് സഹായകമായി ഭവിച്ചുവെന്നു പറയുന്ന കര്‍ദ്ദിനാള്‍ മെത്രാന്മാരും സഭാധികാരികളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും രാഷ്‌ട്രീയത്തിലും നേരിട്ട് ഇടപെടുന്നതു ശരിയല്ല എന്ന് വ്യക്തമാക്കുന്നു. ഇതൊന്നും ദീപിക വാര്‍ത്തയിലില്ല. പൌവത്തില്‍ സിദ്ധാന്താനുസൃതമായി അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന്റെ യൂപത്തിലാണ് വസ്‌തുതകള്‍ കെട്ടപ്പെട്ടിരിക്കുന്നത്. ബിജു ജനതാദള്‍ ബിജെപി സഖ്യം ഉപേക്ഷിച്ചതിനെപ്പറ്റിയുള്ള ദീപിക വാര്‍ത്തകളും ആര്‍ച്ച് ബിഷപ്പ് പൌവത്തില്‍ വക ഉദീരണങ്ങളും ഒരേ ദിശയില്‍ ഉള്ളവതന്നെ. ആര്‍ച്ച് ബിഷപ് ചീനാത്തും കെസിബിസിയും ഒന്നും അവര്‍ക്കു പ്രശ്‌നമല്ല. ക്രിസ്‌തുവിശ്വാസത്തിന്റെ മൊത്ത ചില്ലറ വ്യവഹാരാധിപത്യം ഏറ്റെടുത്തിരിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും തിരിച്ചറിയാന്‍ സാമാന്യജനത്തിന് വലിയ ക്ലേശമൊന്നും വേണ്ടിവരില്ല; അതാണ് കേരള ചരിത്രം.

****

മാത്യു ജെ മുട്ടത്ത് ,
കടപ്പാട് :
വര്‍ക്കേഴ്സ് ഫോറം, ചിന്ത

No comments:

Post a Comment

Visit: http://sardram.blogspot.com