27 March, 2009

ഉമ്മന്‍ചാണ്ടീ, കള്ളം പറയരുത്

ഉമ്മന്‍ചാണ്ടീ, കള്ളം പറയരുത്

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് സത്യസന്ധതയോ രാഷ്ട്രീയ സദാചാരത്തിലൂന്നിയ സമീപനമോ ആര്‍ക്കും പ്രതീക്ഷിക്കാനാകില്ല. മറ്റെല്ലാവരും ചെയ്യാന്‍ മടിക്കുന്ന കെട്ട കാര്യങ്ങള്‍ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നത് ശീലമാക്കിയവരാണ് അവര്‍. വര്‍ഗീയകക്ഷികളുമായുള്ള ചങ്ങാത്തവും തെരഞ്ഞെടുപ്പില്‍ ജാതി-മത സങ്കുചിത വികാരങ്ങള്‍ ആളിക്കത്തിച്ച് വോട്ടുനേടലും കോണ്‍ഗ്രസിന്റെ എന്നത്തെയും കണക്കുപുസ്തകത്തിലുണ്ട്. എക്കാലത്തും വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച കക്ഷിയാണ് കോണ്‍ഗ്രസ്. ബിജെപിയെയും മുസ്ളിംലീഗിനെയും ഇരുവശത്തും നിര്‍ത്തി വര്‍ഗീയക്കസര്‍ത്തുനടത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ മടികാട്ടാത്ത ചരിത്രമാണവരുടേത്. ആ കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് ഉമ്മന്‍ചാണ്ടി വര്‍ഗീയതയ്ക്കെതിരെ പറയുമ്പോള്‍ സാമാന്യബോധമുള്ള ഏതൊരുമലയാളിക്കും ഓക്കാനമാണുണ്ടാവുക. പിഡിപി എന്ന രാഷ്ട്രീയ പാര്‍ടി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഉമ്മന്‍ചാണ്ടിക്ക് സമനിലതെറ്റിയതായാണ് കാണുന്നത്. പിഡിപി വര്‍ഗീയവിദ്വേഷം പരത്തുന്നു എന്നാണ് അദ്ദേഹം ഒടുവില്‍ ആരോപിച്ചിരിക്കുന്നത്. അതോടൊപ്പം, താന്‍ പിഡിപിയുടെ പിന്തുണ ഒരിക്കലും തേടിയിട്ടില്ലെന്നും അദ്ദേഹം ആണയിട്ടിരിക്കുന്നു.

2001ല്‍ യുഡിഎഫും അബ്ദുള്‍ നാസര്‍ മദനിയുടെ പാര്‍ടിയും തമ്മിലുണ്ടാക്കിയത് ലക്ഷണമൊത്ത തെരഞ്ഞെടുപ്പുസഖ്യംതന്നെയായിരുന്നു. സംസ്ഥാനത്തെ രണ്ടു നിയമസഭാ മണ്ഡലത്തില്‍ പിഡിപി നേതാക്കളാണ് യുഡിഎഫ് സ്ഥാനാര്‍ഥികളായി ഔദ്യോഗികമായി രംഗത്തിറങ്ങിയത്. അന്ന് പ്രതിപക്ഷനേതാവ് എ കെ ആന്റണിയായിരുന്നു. ആന്റണിയുടെ ഔദ്യോഗികവസതിയായിരുന്ന കന്റോമെന്റ് ഹൌസിലും കുഞ്ഞാലിക്കുട്ടിയുടെ വാടകവീട്ടിലും ഉമ്മന്‍ചാണ്ടിയും ശങ്കരനാരായണനും ആന്റണിയുമെല്ലാം മാറിമാറി ചര്‍ച്ചചെയ്താണ് അന്ന് പിഡിപിക്ക് രണ്ടുസീറ്റ് നല്‍കാന്‍ തീരുമാനിച്ചത്- കഴക്കൂട്ടവും കുന്ദമംഗലവും. കുന്ദമംഗലത്ത് യു സി രാമനെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍, തല്‍ക്കാലം അത് ലീഗ് ചിഹ്നത്തില്‍ കിടക്കട്ടെയെന്നും ജയിച്ചാല്‍ നിങ്ങളെടുത്തോളൂ എന്നും പാണക്കാട് തങ്ങള്‍ നല്‍കിയ ഉറപ്പുമുണ്ടായിരുന്നു. ഇതെല്ലാം അക്കാലത്ത് കേരളത്തിലെ പത്രങ്ങള്‍ തുറന്നെഴുതിയതാണ്. എം എ മുഹമ്മദ് നിഷാദ് എന്ന പിഡിപി നോമിനിയാണ് അന്ന് കഴക്കൂട്ടത്ത് മത്സരിച്ചത്. കോണ്‍ഗ്രസുകാര്‍ എം എ വാഹിദിനെ വിമതസ്ഥാനാര്‍ഥിയാക്കി ജയിപ്പിച്ച് പിഡിപിയുടെ പാലം വലിച്ചു. കുന്ദമംഗലത്ത് യു സി രാമന്‍ ജയിച്ചപ്പോള്‍ അത് മുസ്ളിംലീഗിന്റെ അക്കൌണ്ടില്‍ത്തന്നെ പെടുത്തുകയും ചെയ്തു. എന്നാല്‍, കോയമ്പത്തൂര്‍ സെന്‍ട്രല്‍ജയിലില്‍നിന്ന് മദനി എഴുതിക്കൊടുത്ത, യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുന്ന കത്തിന്റെ ലക്ഷക്കണക്കിനു കോപ്പിയെടുത്ത് നാട്ടിലാകെ വോട്ടുതെണ്ടി യുഡിഎഫുകാര്‍ നിയമസഭയിലെത്തുകയും ചെയ്തു.

ഇന്നും ആര്‍ ബാലകൃഷ്ണപിള്ള യുഡിഎഫില്‍തന്നെയുണ്ടല്ലോ. പിള്ള 2002 ഒക്ടോബര്‍ 31ന് തിരുവനന്തപുരത്ത് ഒരു പ്രസംഗം നടത്തി. അതിലെ ഒരുഭാഗം ഇങ്ങനെ:

"മദനി തീവ്രവാദിയല്ല. ആണെന്ന് ഞാന്‍ പറയുകയുമില്ല. യഥാര്‍ഥ തീവ്രവാദികള്‍ ഇവിടെ വേറെയില്ലേ? കല്യാസിങ്ങും ഉമാഭാരതിയുമൊക്കെയല്ലേ യഥാര്‍ഥ തീവ്രവാദികള്‍? ന്യൂനപക്ഷധ്വംസനം നടത്തിയ നരേന്ദ്രമോഡിയല്ലേ മറ്റൊരു തീവ്രവാദി. എന്‍എസ്എസിനുപോലും സ്വീകാര്യമല്ലാത്ത പ്രവീ തൊഗാഡിയയെപ്പോലുള്ള നേതാക്കളെയല്ലേ സര്‍ക്കാര്‍ ഇവിടെ സ്വീകരിച്ചാനയിച്ചത്. യഥാര്‍ഥത്തില്‍ ഇവിടെ നീതി നിഷേധിക്കുകയാണ്. മദനിയെ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ സര്‍ക്കാര്‍ ഇപ്പോള്‍ രാമായണത്തിലെ സുഗ്രീവനെപ്പോലെയാണ്. തന്നെ സഹായിച്ച ശ്രീരാമന് കൊടുത്ത വാക്ക് മറന്ന് ജ്യേഷ്ഠഭാര്യയുമായി കഴിഞ്ഞവനാണ് സുഗ്രീവന്‍. പിഡിപി സഹായത്തോടെ നാലുസീറ്റാണ് കൊല്ലത്ത് യുഡിഎഫിന് കിട്ടിയത്.''

പിള്ള അവിടെയും നിര്‍ത്തിയില്ല.

മദനിയോടു കാണിക്കുന്ന യുഡിഎഫിന്റെ വഞ്ചന അക്കമിട്ട് അദ്ദേഹം നിരത്തി. ഇതില്‍ ഏതെങ്കിലുമൊരുകാര്യം നിഷേധിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ചങ്കൂറ്റമുണ്ടോ?

ബെന്നി ബഹനാനെയും പൂന്തുറ സിറാജിനെയും കൂട്ടി രണ്ടുവട്ടം കോയമ്പത്തൂര്‍ ജയിലില്‍ പോയി പാടുകിടന്നത് മദനി എത്ര കഴഞ്ച് മനുഷ്യാവകാശധ്വംസനം അനുഭവിക്കുന്നുണ്ടെന്നറിയാനോ, അതോ ആ മനുഷ്യനെക്കാട്ടി കേരളത്തിലെ ന്യൂനപക്ഷങ്ങളോട് വോട്ടുതെണ്ടാനോ? കായംകുളത്ത് ജയിച്ചുകയറാന്‍ പിഡിപിയുടെ സഹായം രണ്ടുകൈയും നീട്ടി വാരിയെടുത്ത എം എം ഹസ്സനും മദനിയെ കാണാന്‍ കോയമ്പത്തൂര്‍ ജയിലില്‍ വിലക്കുണ്ടായപ്പോള്‍ അഭിഭാഷകന്റെ ഐഡന്റിറ്റി കാര്‍ഡുമായി ചെന്ന് പാടുകിടന്ന യുഡിഎഫിന്റെ മറ്റു ചില നേതാക്കളും ഇപ്പോള്‍ ആരെ കാണിക്കാനാണ് ഉറഞ്ഞുതുള്ളുന്നത്?

2006ല്‍ ഐഎന്‍എല്ലുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പുനീക്കുപോക്ക് ഉണ്ടാക്കിയപ്പോള്‍ ഇന്നത്തേതുപോലെ 'വര്‍ഗീയ' ആരോപണവും പ്രതികരണമെടുപ്പുമെല്ലാം പൊടിപൊടിച്ചിരുന്നു. ജനങ്ങള്‍ അത് മുഖവിലയ്ക്കെടുത്തില്ലെന്നുമാത്രമല്ല, എല്‍ഡിഎഫിന് റെക്കോഡ് വിജയം സമ്മാനിക്കുകയും ചെയ്തു. ഇപ്പോള്‍ മദനിയുടെ പിന്തുണ ചൂണ്ടിക്കാട്ടി മറ്റുചില നേട്ടങ്ങള്‍ തരപ്പെടുത്തിയെടുക്കാമെന്ന് പകല്‍കിനാവുകാണുകയാണ് യുഡിഎഫ്. മദനിയും രാമന്‍പിള്ളയും ദത്താത്രേയ റാവുവുമെല്ലാം ഇടതുപക്ഷത്തെക്കുറിച്ച് നല്ലതുപറയുമ്പോഴുണ്ടാകുന്ന അസഹിഷ്ണുതയും അസൂയയും ചിലരെ അന്ധരാക്കുമ്പോള്‍ സഹതപിക്കുകയേ നിവൃത്തിയുള്ളൂ.

ഇപ്പോള്‍ മതനിരപേക്ഷനിലപാട് സ്വീകരിച്ചവരെമാത്രമല്ല, വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും പിടിയില്‍പെട്ടുപോയ അവസാനത്തെ ആളെവരെ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ബോധത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് സിപിഐ എം. അത് തെരഞ്ഞെടുപ്പുകാലത്തുമാത്രം നടക്കുന്ന പരിപാടിയുമല്ല. അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിയും സമാന മനസ്കരും എത്രവലിയ നുണകള്‍ എഴുന്നള്ളിച്ചാലും കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ സിപിഐ എമ്മിനെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും കുറിച്ചുള്ള ബോധ്യം മാറിമറിയുമെന്നു കരുതേണ്ടതില്ല. മദനിയുടെയും പിഡിപിയുടെയും വര്‍ഗീയനിലപാടുകള്‍ക്കെതിരെ സിപിഐ എമ്മും പാര്‍ടി മുഖപത്രമായ ദേശാഭിമാനിയും നടത്തിയ വിമര്‍ശങ്ങള്‍ അതേപടി അച്ചടിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ വിതരണംചെയ്യാന്‍ ഇപ്പോള്‍ യുഡിഎഫ് അത്യുത്സാഹം കാണിക്കുന്നുണ്ട്. അതില്‍ത്തന്നെ തെളിയുന്നുണ്ട് സിപിഐ എമ്മിന് വര്‍ഗീയതയോടുള്ള സമീപനം. മദനി എന്നല്ല, ആരുതന്നെ വര്‍ഗീയതയ്ക്കടിപ്പെട്ടാലും സിപിഐ എം എതിര്‍ത്തിട്ടുണ്ട്, എതിര്‍ക്കുന്നുണ്ട്, നാളെ എതിര്‍ക്കുകയും ചെയ്യും.

താന്‍ കുറ്റാരോപിതനായി ജയിലില്‍ കിടക്കുമ്പോള്‍ യുഡിഎഫുകാരാണ് തന്റെ സഹായംതേടി വന്നതെന്നും എല്‍ഡിഎഫുമായി ബന്ധപ്പെടുന്നത് നിരപരാധിയെന്ന് കണ്ട് കുറ്റമുക്തനാക്കി കോടതി തന്നെ വിട്ടപ്പോഴാണ് എന്നും മദനിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് വര്‍ഗീയതയോട് സലാം പറയുന്നവരെയും ഭീകരവാദത്തെ തള്ളിപ്പറയുന്നവരെയും ആട്ടിപ്പായിക്കാനാണ് ഇടതുപക്ഷം തയ്യാറാകേണ്ടതെന്ന് ഉമ്മന്‍ചാണ്ടിക്ക് ആഗ്രഹിക്കാം. ഇടതുപക്ഷത്തിന് അങ്ങനെ കാണാനാകില്ലതന്നെ. കോണ്‍ഗ്രസിന്റെ വര്‍ഗീയപ്രീണനനാറ്റം സഹിക്കവയ്യാത്തതുകൊണ്ടാണ് അവര്‍ നിങ്ങളെ തിരസ്കരിച്ചതെന്ന് ഓര്‍മയുണ്ടായാല്‍ നല്ലത്. പിഡിപിയുമായി എല്‍ഡിഎഫ് രാഷ്ട്രീയസഖ്യമുണ്ടാക്കുകയല്ല, പിഡിപി പിന്തുണ നല്‍കാന്‍ മുന്നോട്ടുവന്നപ്പോള്‍ അത് സ്വീകരിക്കാന്‍ തയ്യാറാവുകയാണുണ്ടായതെന്ന യാഥാര്‍ഥ്യം ഉമ്മന്‍ചാണ്ടി മറച്ചുവച്ചാല്‍ കേരളീയര്‍ കാണാതിരിക്കുമോ? യുഡിഎഫിന്റെ പതിവുപോലെ രഹസ്യമായല്ല, പരസ്യമായിത്തന്നെ പിന്തുണ സ്വീകരിക്കാനാണ് എല്‍ഡിഎഫ് തയ്യാറായത് എന്നതില്‍നിന്ന് എല്‍ഡിഎഫിന്റെ രാഷ്ട്രീയസത്യസന്ധതയാണ് തെളിയുന്നതെന്ന് ഉമ്മന്‍ചാണ്ടി സമ്മതിച്ചില്ലെങ്കിലും ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.

തരംതാണ നുണകള്‍ സ്വന്തം മുഖം വികൃതമാക്കുകയേ ഉള്ളൂവെന്ന തിരിച്ചറിവ് ഉമ്മന്‍ചാണ്ടിക്കുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

ദേശാഭിമാനി മുഖപ്രസംഗം
കടപ്പാട്.
ജാഗ്രത ബ്ലോഗ്

No comments:

Post a Comment

Visit: http://sardram.blogspot.com