ബാഗ്ദാദിലെ എന്റെ സഹോദരിക്ക്
ബൂം ! ബൂം !
ഒരു വലിയ ശബ്ദം എന്റെ ജനാലകളെ വിറപ്പിക്കുന്നുകയ്യിലെ കപ്പ് കാപ്പിയോടൊപ്പം നിലത്ത് വീണു ചിതറുന്നു..ഒരു ട്രക്കിന്റെ വെടി തീര്‍ന്നതാണ്,ദൂരെ അന്തര്‍ സംസ്ഥാന രാജപാതയില്‍.
ബൂം ! ബൂം !
ഒരു സ്ഫോടനം നിന്റെ ജനാലകളെ തകര്‍ക്കുന്നു.പേടിച്ചലറാതിരിക്കാനായി നീ നിന്റെ കുട്ടികളെ ചേര്‍ത്തണക്കുന്നു.ഒരു ബോംബ് വീണതാണ്,നിന്റെ ഗേറ്റിനു തൊട്ടു പുറത്ത്.
ടക് ... ടക്...
കാലൊച്ചകളുടെ ശബ്ദം അടുത്തടുത്ത് വരുന്നുഞാന്‍ കമ്പ്യൂട്ടറില്‍ നിന്നും മുഖമുയര്‍ത്തുന്നു, എന്റെ ഏകാഗ്രത നഷ്ടപ്പെടുന്നു.അത് ഒരു പണിക്കാരനാണ്,പോര്‍ച്ച് പുതുക്കി മനോഹരമാക്കാന്‍ വരികയാണവന്‍.
ടക് ... ടക്...
ആയിരം കാലൊച്ചകളില്‍ നിന്റെ പ്രാര്‍ത്ഥന മുങ്ങിപ്പോകുന്നു.തീന്‍ മേശയില്‍ നിന്നും നീ തലയുയര്‍ത്തുന്നു, നിന്റെ ഭക്ഷണം തടസ്സപ്പെടുന്നു.അത് പട്ടാളക്കാരാണ്,നഗരത്തിലേക്ക് മാര്‍ച്ച് ചെയ്തു വരികയാണവര്‍.
ക്രീ.... ക്രീ....
എന്റെ വീടിന്റെ മുന്നില്‍ വന്നുനില്‍ക്കാന്‍ വണ്ടിച്ചക്രങ്ങള്‍ നിലവിളിക്കുന്നു.നീളമുള്ള പാമ്പിനെപ്പോലെ ഒരു ഹോസ് കുളത്തിലേക്ക് നീളുന്നു.വെള്ളം കൊണ്ടുവന്ന വണ്ടിയാണത്,എന്റെ സൌന്ദര്യം സംരക്ഷിക്കാന്‍..
ക്രീ.... ക്രീ...
നിന്റെ പടിക്കലൂടെയുള്ള ടാങ്കുകളുടെ പടയോട്ടത്തില്‍ ഇരുട്ട് കീറിമുറിക്കപ്പെടുന്നു.പ്രിയനെത്തേടി നിന്റെ കൈകള്‍ നീളുന്നു, അവനെ കാണാതെ നീ തളരുന്നു.ആവേശം മൂത്ത സൈനികരായിരുന്നു അവര്‍,മനുഷ്യത്വം മറന്നവര്‍.
കുറച്ചാളുകള്‍ സുഖങ്ങളിലും സുരക്ഷയിലും കൂടുകൂട്ടുമ്പോഴും,ഉറക്കുപാട്ടുകള്‍ക്കായവര്‍ കാതോര്‍ത്തിരിക്കുമ്പോഴും,കാതുകള്‍ പൊത്തി, നീ വീടിന്റെ മൂലകളില്‍ ചുരുണ്ടിരിക്കുന്നു.നീ ഉറങ്ങുന്നില്ല .. നിനക്കുറങ്ങാനാവുന്നില്ല.
*
Karen Commings എഴുതിയ To a Woman in Baghdad എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം.
മുഖ്യധാരാ കവിതകളില്‍ നിന്നും വ്യത്യസ്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സമകാലീന (അമേരിക്കന്‍) കവികള്‍ക്കായുള്ളതാണ് Pemmican എന്ന വെബ് സൈറ്റ്. സാമ്പ്രദായിക ശൈലികളില്‍ നിന്നു ഘടനയില്‍ നിന്നും ബിംബങ്ങളില്‍ നിന്നുമൊക്കെ ഉള്ള വിടുതലിനു ശ്രമിക്കുന്ന ഈ കവിതകള്‍ രാഷ്ട്രീയം ഒരു മുഖ്യവിഷയമായിത്തന്നെ കൈകാര്യം ചെയ്യുന്നു.
കടപ്പാട്. വര്‍ക്കേഴ്സ് ഫോറം
No comments:
Post a Comment
Visit: http://sardram.blogspot.com