29 June, 2009

നിര്‍മ്മാണമേഖല – ഈ നൂറ്റാണ്ടിലെ അടിമക്കച്ചവടച്ചന്ത

നിര്‍മ്മാണമേഖല – ഈ നൂറ്റാണ്ടിലെ അടിമക്കച്ചവടച്ചന്ത

കേരളത്തിലെ കെട്ടിടനിര്‍മ്മാണ മേഖലയില്‍ സമീപകാലത്തുണ്ടായ ദാരുണമായ അപകടമരണങ്ങള്‍ തൊഴില്‍ മേഖലയിലെ അരക്ഷിതാവസ്ഥയെ വെളിപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ അന്യ സംസ്ഥാനക്കാരായ ഏഴു് കുടിയേറ്റ കരാര്‍ തൊഴിലാളികള്‍ അപകടമരണത്തിനിരയായി. ബംഗാള്‍, ഒറീസ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളാണു് അപകടത്തില്‍പെട്ടതു്. ബോംബെ മോഡല്‍ വികസനത്തിലേക്കു് കുതിച്ചുചാട്ടം നടത്തുന്ന എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവ മാത്രമാണിതു്. മരിച്ച തൊഴിലാളികളുടെ കുടുംബത്തിനു് പരമാവധി എഴുപത്തയ്യായിരം രൂപ നഷ്ടപരിഹാരം നല്‍കി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള സൌമനസ്യം കാണിക്കാതെ, പൊതു ശ്മശാനത്തില്‍ അടക്കം ചെയ്യുന്ന അവസ്ഥയാണു് നിലവിലുള്ളതു്. നഷ്ടപരിഹാരത്തുക പലപ്പോഴും മരിച്ചവരുടെ കുടുംബത്തിനു് ലഭിക്കാറില്ല. ഇടനിലക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ് എന്നീ വിഭാഗങ്ങള്‍ കൃത്രിമരേഖ ചമച്ചു് നഷ്ടപരിഹാരത്തുക തട്ടിയെടുക്കുന്നതു് അപൂര്‍വ്വ സംഭവമല്ല. കുടിയേറ്റ തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തിലുള്ള രാജ്യത്തെ നിയമങ്ങള്‍ അപ്രസക്തമാക്കിക്കൊണ്ടുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍മ്മാണ മേഖലയില്‍ പണമിറക്കിയ നിര്‍മ്മാണ കമ്പനികള്‍ക്കും റിയല്‍ എസ്റ്റേറ്റ്, ലാന്റ് ബാങ്ക് മാഫിയകള്‍ക്കും പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നതു് സംസ്ഥാന ഭരണകൂടം, തൊഴില്‍ വകുപ്പു്, നിര്‍മ്മാണ മേഖലയിലെ പ്രബല ട്രേഡ് യൂണിയനുകള്‍ എന്നീ വിഭാഗങ്ങളാണു്. സ്വന്തം നാടും വീടും വിട്ടു് അന്യ സംസ്ഥാനങ്ങളില്‍ ഉപജീവനം നടത്താനായി എത്തിച്ചേരുന്ന തൊഴിലാളി, തൊഴില്‍ മേഖലയില്‍ പാലിക്കേണ്ട നിയമങ്ങളും സുരക്ഷാ ഉപാധികളും പാലിക്കാത്ത കരാറുകാരന്റെയും കെട്ടിട ഉടമയുടെയും കീഴില്‍ തൊഴിലിലേര്‍പ്പെട്ടിരിക്കേ അപകട മരണത്തില്‍പെട്ടാല്‍ ദുരിതാശ്വാസം എന്ന നിലയില്‍ 15,000 രൂപ നല്‍കി സ്വന്തം ഉത്തരവാദിത്വത്തില്‍നിന്നു് സര്‍ക്കാര്‍ നിഷ്ക്രമിക്കുന്നു. ഉടമകളാകട്ടെ തൊഴിലാളി കുടുംബത്തിനു് നല്‍കേണ്ട നഷ്ടപരിഹാരത്തുകയുടെ ചെറിയൊരംശം പോലീസ്, തൊഴില്‍ വകുപ്പു് ഉദ്യോഗസ്ഥര്‍ക്കു് ആനുപാതികമായി നല്‍കി കേസ് ഒതുക്കിത്തീര്‍ക്കുന്നു.

ലംഘിക്കപ്പെടുന്ന നിയമങ്ങള്‍

തൊഴിലാളികളെ നിയോഗിക്കുന്ന കോണ്‍ട്രാക്ടര്‍ (ഇടനിലക്കാരന്‍) ലൈസന്‍സ് എടുക്കുകയും ലൈസന്‍സ് പ്രകാരമുള്ള തൊഴിലാളികള്‍ക്കു് സ്ഥിരം തൊഴിലാളികള്‍ക്കു് നല്‍കുന്ന സേവന-വേതന വ്യവസ്ഥ, തൊഴില്‍ സമയ ക്ലിപ്തത, കാന്റീന്‍, പാര്‍പ്പിടം, മെഡിക്കല്‍ ട്രീറ്റ്മെന്റ്, ഓവര്‍ടൈം അലവന്‍സ്, അറ്റന്‍ഡന്‍സ് രജിസ്റ്റര്‍, തൊഴിലാളികളുടെ ലിസ്റ്റ്, കുടിവെള്ളം, സുരക്ഷാ ഉപകരണങ്ങള്‍ (ഹെല്‍മറ്റ്, ഗംബൂട്ട്, ഗ്ലൌസ്), ഫസ്റ്റ് എയ്ഡ് ബോക്സ്, യൂണിഫോം എന്നിവ ഉറപ്പുവരുത്തേണ്ടതുണ്ടു്. എന്നാല്‍ ഒരു കമ്പനിയും ഇതു് പാലിക്കാറില്ല. ലൈസന്‍സ് ഉള്ളവര്‍ പതിന്മടങ്ങു് തൊഴിലാളികളെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചു് അടിമസമാനമായ സാഹചര്യങ്ങളില്‍ തോഴിലിലേര്‍പ്പെടുത്തുന്നു. സംഘടിത മേഖലയുടെ തകര്‍ച്ചയ്ക്കു് വഴിയൊരുക്കിയ ആഗോളീകരണം സൃഷ്ടിച്ച വികേന്ദ്രീകരണ പ്രക്രിയ, വന്‍കിട പൊതുമേഖല, സ്വകാര്യ മേഖല വ്യവസായങ്ങളുടെ തകര്‍ച്ച, അടച്ചുപൂട്ടല്‍, കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ച, ദേശീയ അന്തര്‍ദേശീയ അഗ്രി ബിസിനസ് കുത്തകകളുടെ തള്ളിക്കയറ്റം സൃഷ്ടിച്ച തൊഴില്‍ രാഹിത്യം, കുറഞ്ഞ കൂലി നിരക്കു്, കൃഷി ഭൂമിയുടെ കുത്തകവല്‍ക്കരണം, കൃഷിഭൂമി റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിനു് പരിവര്‍ത്തനപ്പെടുത്തല്‍, മറ്റാവശ്യങ്ങള്‍ക്കു് വിനിയോഗിക്കല്‍ എന്നിവമൂലം കാര്‍ഷിക മേഖലയില്‍നിന്നു് പുറന്തള്ളപ്പെടുന്ന തൊഴിലാളികള്‍ പുതിയ തൊഴില്‍ മേഖലയായ നിര്‍മ്മാണ രംഗത്തേക്കു് പ്രവേശിക്കാന്‍ നിര്‍ബന്ധിതമാകുന്നു. സ്വന്തം കായികാദ്ധ്വാനം വിറ്റ് ജീവസന്ധാരണം നിര്‍വഹിക്കാന്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ നിര്‍ബന്ധിക്കപ്പെടുന്ന തൊഴിലാളികള്‍ക്കു് കൂടുതല്‍ ഉയര്‍ന്ന സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമില്ലെന്ന പരിഗണനയും അന്യ സംസ്ഥാന തൊഴിലാളികളെ വ്യാമോഹിപ്പിക്കുന്ന ഘടകമാണു്. പരമ്പരാഗത വ്യവസായങ്ങളെ ഉച്ചാടനം ചെയ്ത അന്തര്‍ദേശീയ കുത്തകകളുടെ സമഗ്രാധിപത്യം, മത്സ്യബന്ധന മേഖലയിലേയ്ക്കുള്ള തൊഴിലാളി പ്രവാഹത്തില്‍ ഗതിവേഗം വര്‍ദ്ധിപ്പിച്ചു. വിദഗ്ദ്ധ-അവിദഗ്ദ്ധ തൊഴിലാളികളുടെ അപര്യാപ്തത, മറ്റു് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന വേതനനിരക്കു് എന്നിവ അന്യ സംസ്ഥാനതൊഴിലാളികളുടെ നിയന്ത്രണാതീതമായ കടന്നുവരവിനു് വഴിയൊരുക്കി.

തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ ഉദാരവല്‍ക്കരണം മൂലധനശക്തികള്‍ക്കു് നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം നല്‍കി. കേന്ദ്ര കൃഷി വകുപ്പു് മന്ത്രി ശരത് പവാര്‍ ‘കൃഷിത്തൊഴില്‍ മുഖ്യ ജീവിത ഉപാധിയാക്കുന്ന പാരമ്പര്യ രീതി ഉപേക്ഷിച്ചു് കര്‍ഷകരും തൊഴിലാളികളും മറ്റു് തൊഴില്‍ മേഖലകള്‍ കണ്ടെത്തണമെന്നാഹ്വാനം ചെയ്തതു് രാജ്യത്തു് വികാസംപ്രാപിക്കുന്ന നിര്‍മ്മാണ മേഖലയെ മുന്നില്‍ കണ്ടുകൊണ്ടാവാം.

ഒറീസാ തൊഴിലാളികളുടെ ദുരന്തം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

അടിക്കടിയുണ്ടായ നാലു് അപകടമരണത്തിനു് തൊട്ടുപിന്നാലെയാണു് എറണാകുളം ബോട്ടു് ജെട്ടിക്കു് സമീപം തൊഴിലാളികളെ താമസിപ്പിച്ചിരുന്ന തൊഴിലുടമയുടെ ജീര്‍ണിച്ചുപഴകിയ കെട്ടിടം തകര്‍ന്നുവീണു് രണ്ടു് ഒറീസാ തൊഴിലാളികള്‍ മരിക്കാനിടയായതു്. കൊച്ചിന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയതു പ്രകാരം പൊളിച്ചുമാറ്റുന്നതിനുവേണ്ടി ഹോട്ടല്‍ കച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിച്ച കെട്ടിടത്തിലാണു് 50 ഒറീസാ തൊഴിലാളികളെ പാര്‍പ്പിച്ചിരുന്നതു്. 16 നില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകാറായതുകൊണ്ടു് 20 തൊഴിലാളികള്‍ മടങ്ങിപ്പോയതുമൂലം വന്‍ ദുരന്തം ഒഴിവായി. മഴയില്‍ കുതിര്‍ന്നു് നിപതിച്ച കെട്ടിടത്തിലുണ്ടായിരുന്ന 28 ഒറീസാ തൊഴിലാളികളാണു് അപകടത്തില്‍പ്പെട്ടതു്. അപകടത്തിനിരയായവരുടെ ബന്ധുക്കള്‍ അവരെ സഹായിക്കണമെന്നാവശ്യപ്പെട്ടു് ടിയുസിഐ ഓഫീസില്‍ എത്തി യൂണിയന്‍ നേതൃത്വത്തെ വിഷയത്തില്‍ ഇടപെടാന്‍ ചുമതലപ്പെടുത്തിയതു പ്രകാരം ജില്ലാ കളക്ടര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവര്‍ക്കു് ടിയുസിഐ പരാതി നല്‍കി. മരിച്ച തൊഴിലാളി കുടുംബങ്ങള്‍ക്കു് 10 ലക്ഷവും, കാല്‍ നഷ്ടപ്പെട്ട തൊഴിലാളിക്കു് 5 ലക്ഷം രൂപയും നല്‍കുക, മരണത്തിനുത്തരവാദിയായ ഉടമയ്ക്കെതിരെ കൊലക്കുറ്റത്തിനു് കേസെടുക്കുക, ജില്ലയിലെ മുഴുവന്‍ നിര്‍മ്മാണകമ്പനികളിലെയും തൊഴിലാളികള്‍, കൂടിയേറ്റ തൊഴിലാളികള്‍, തൊഴില്‍ സാഹചര്യം എന്നിവയെ സംബന്ധിച്ചു് സമഗ്രമായ അന്വേഷണം, നടപടി എന്നിവ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണു് ഉന്നയിച്ചിരുന്നതു്. യൂണിയന്റെ പരാതിയെത്തുടര്‍ന്നു് ഉടമകള്‍ ഒന്നര ലക്ഷം വീതം നഷ്ടപരിഹാരം നല്‍കുമെന്നു് അറിയിച്ചു് കളക്ടര്‍ മുഖാന്തിരം പത്രക്കുറിപ്പിറക്കി. ഇതംഗീകരിക്കാനാവില്ലെന്നു് അറിയിച്ചതു പ്രകാരം ചര്‍ച്ച ചെയ്തു പ്രശ്നം ഒത്തുതീര്‍പ്പാക്കുന്നതിനു് കളക്ടര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി.

തുടര്‍ന്നു് ആര്‍ഡിഒ, എഡിഎം, ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവര്‍ യൂണിയന്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്തു് നഷ്ടപരിഹാരത്തെ സംബന്ധിച്ചു് ഒത്തുതീര്‍പ്പിലെത്തിച്ചു. വര്‍ക്ക്മെന്‍ കോമ്പന്‍സേഷന്‍ ആക്ട് അനുസരിച്ചു് കേസ് നടത്തിയാല്‍ വര്‍ഷങ്ങള്‍ നീളും എന്നതിനാലും അര്‍ഹതപ്പെട്ട കുടുംബത്തിനു് നഷ്ടപരിഹാരം ലഭിക്കില്ലെന്ന മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണു് ഉഭയകക്ഷി സമ്മതപ്രകാരം ചര്‍ച്ചചെയ്തു് നഷ്ടപരിഹാരം നല്‍കണമന്നു് ടിയുസിഐ ആവശ്യപ്പെട്ടതു്. എന്നാല്‍ ഒത്തുതീര്‍പ്പു് വ്യവസ്ഥ ആദ്യം അംഗീകരിച്ച ഉടമകള്‍ പിന്നീടു് വ്യവസ്ഥ അംഗീകരിക്കുന്നില്ല എന്നറിയിച്ചു.

മരണമടഞ്ഞ തൊഴിലാളി കുടുംബത്തിനു് 3 ലക്ഷം രൂപയും കാല്‍ നഷ്ടപ്പെട്ട തൊഴിലാളിക്കു് മൂന്നര ലക്ഷം രൂപപ്രകാരം നഷ്ടപരിഹാരം നല്‍കാന്‍ ഉടമ അംഗീകരിച്ചു. എന്നാല്‍ പത്തു് നിമിറ്റിനകം ഒത്തുതീര്‍പ്പു് വ്യവസ്ഥകള്‍ അംഗീകരിക്കുന്നില്ല എന്നും കേസ് നടത്തി നഷ്ടപരിഹാരം വാങ്ങിയാല്‍ മതിയെന്നും ഉടമകള്‍ അറിയിച്ചു. നഷ്ടപരിഹാരത്തെ സംബന്ധിച്ചു് തീരുമാനിച്ചിട്ടു് പോസ്റ്റ്മാര്‍ട്ടം നടത്തിയാല്‍ മതിയെന്നു് ബന്ധുക്കള്‍ ആവശ്യപ്പെട്ടതു പ്രകാരം വൈകീട്ടു് നാലു മണിവരെ നിരന്തരമായി ഡിഎല്‍ഒ ഇടപെട്ടു് ഉടമകളോടു് വാക്കു് പാലിക്കണമെന്നാവശ്യപ്പെട്ടെങ്കിലും അവര്‍ പിന്‍മാറിയതു് ബാഹ്യ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു.

ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യാകുടുംബമായ ചാക്കോള ഇത്തരമൊരു ഒത്തുതീര്‍പ്പുണ്ടാക്കിയാല്‍ നിര്‍മ്മാണ മേഖലയില്‍ അരാജകത്വം സൃഷ്ടിക്കപ്പെടും. ഇനിയുണ്ടാകുന്ന അപകടമരണങ്ങള്‍ക്കു് കൂടുതല്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും എന്നതിനാല്‍ ഒത്തുതീര്‍പ്പു് അംഗീകരിക്കരുതെന്നാണു് ലഭിച്ച നിര്‍ദ്ദേശം. ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകാഭിപ്രായവും ഇതായിരുന്നു. ഈ മേഖലയിലെ കുത്തകകളായ സിഐടിയു, ഐഎന്‍ടിയുസി എന്നീ പ്രബല ട്രേഡ് യൂണിയനുകള്‍, ബില്‍ഡേഴ്സ് അസ്സോസിയേഷന്‍, ചേംബര്‍ ഓഫ് കോമേഴ്സ്, കോണ്‍ട്രാക്ടേഴ്സ് എന്നീ സംഘടനകളുടെ വിദഗ്ദ്ധോപദേശം, സമ്മര്‍ദം എന്നിവയുടെ ഫലമായിട്ടാണു് ചാക്കോള ഒത്തുതീര്‍പ്പു് വ്യവസ്ഥയില്‍നിന്നു് പിന്മാറിയതു്. തുടര്‍ന്നു് ഉന്നതതലങ്ങളില്‍നിന്നു് പോലീസിനു് ലഭിച്ച നിര്‍ദ്ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയില്ലാതെ പോസ്റ്റ്മോര്‍ട്ടം നടത്തി. മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തില്ലെങ്കില്‍ അനാഥപ്രേതമായി പരിഗണിച്ചു് പോലീസ് ശവം അടക്കംചെയ്യുമെന്നു് ഭീഷണിപ്പെടുത്തി. തുടര്‍ന്നു് ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുത്തു് നൂറുകണക്കിനു് തഴിലാളികളുമായി ടിയുസിഐയുടെ നേതൃത്വത്തില്‍ ചാക്കോളയുടെ വീട്ടിലേക്കു് മാര്‍ച്ച് നടത്തി.

മാര്‍ച്ച് ആരംഭിക്കുന്നതിനു മുമ്പു് ഡല്‍ഹിയിലായിരുന്ന ജില്ലാ കളക്ടര്‍, ഉന്നത പോലീസുദ്യോഗസ്ഥര്‍ എന്നിവരെ വിവരമറിയിക്കുകയും ഒത്തുതീര്‍പ്പു് വ്യവസ്ഥ പാലിക്കാന്‍ ഇനിയും സമയമുണ്ടെന്നു് അറിയിച്ചിട്ടും ‘നിങ്ങള്‍ മാര്‍ച്ച് നടത്തിയാല്‍ ശവത്തെ അവഹേളിച്ചു എന്ന വകുപ്പു് ചുമത്തി കേസ് എടുക്കും എന്നായിരുന്നു പോലീസിന്റെ മറുപടി. മാര്‍ച്ച് നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നു് പറഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യാന്‍ സന്നദ്ധമാകാതെ തൊഴിലാളികളെ മര്‍ദ്ദിച്ചു് സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തുകയായിരുന്നു. ശവമഞ്ചം വഹിച്ച സ്വന്തം പിതാവിനെയും സഹോദരനെയും മര്‍ദ്ദിച്ചു് മൃതദേഹത്തെ താഴെയിടാന്‍ വേണ്ടി ശ്രമിച്ച എസ്ഐക്കു് തൊഴിലാളിവര്‍ഗ്ഗത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പിന്മാറേണ്ടിവന്നു. തുടര്‍ന്നു് ഓടിനടന്നു് തൊഴിലാളികളെ മര്‍ദ്ദിച്ച സമയത്തു് നിങ്ങള്‍ മര്‍ദ്ദിക്കരുതു്, അറസ്റ്റ് ചെയ്യാം എന്നു് ടിയുസിഐ സംസ്ഥാന സെക്രട്ടറി എസ്ഐയോടു് ആവശ്യപ്പെട്ടപ്പോള്‍ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു് മര്‍ദ്ദിക്കാന്‍ തുടങ്ങി. എതിര്‍ത്തതുമൂലം ഫ്ലയിംഗ് സ്ക്വാഡിന്റെ വാഹനത്തില്‍ ചാരിനിര്‍ത്തി മര്‍ദ്ദിക്കാന്‍ പോലീസുകാര്‍ക്കു് നിര്‍ദ്ദേശം കൊടുക്കുകയായിരുന്നു. ട്രേഡ് യൂണിയന്‍ നേതാക്കളെ മര്‍ദ്ദിച്ചു് അറസ്റ്റ് ചെയ്ത പോലീസ് നേതാക്കളെ കസ്റ്റഡിയില്‍ വെക്കുകയും തുടര്‍ന്നു് തൊഴിലാളികളെ ലാത്തിച്ചാര്‍ജ് ചെയ്തു് ഓടിച്ചതുമൂലം അര മണിക്കൂറോളം മൃതദേഹം അനാഥമായി റോഡില്‍ കിടന്നു. ഈ സമയത്താണു് പോലീസിനു് അബദ്ധം മനസ്സിലായതു്. തുടര്‍ന്നു് പോലീസ് മൃതദേഹം ആംബുലന്‍സ് വരുത്തി അതിലേക്കു് കയറ്റി. (ആംബുലന്‍സ് ഏര്‍പ്പാടു് ചെയ്തു് കൊടുത്തതു് സിപിഐക്കാര്‍). തല്ലിയോടിച്ച തൊഴിലാളികളെയും അറസ്റ്റ് ചെയ്തു് സ്റ്റേഷനില്‍ കൊണ്ടുപോയ തൊഴിലാളികളെയും മൃതദേഹത്തിനടുത്തെത്തിച്ചു് പൊതു ശ്മശാനത്തിലേയ്ക്കു് കൊണ്ടുപോയി. സംസ്ക്കരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി. തങ്ങളുടെ അനുമതിയില്ലാതെ മൃതദേഹം മറവുചെയ്യാന്‍ പോലീസിനു് അധികാരമില്ലെന്നും നേതാക്കന്മാരെ കൊണ്ടുവരാതെ സംസ്ക്കാരം നടത്തില്ലെന്നും പ്രഖ്യാപിച്ചു് തൊഴിലാളികളും ബന്ധുക്കളും ശ്മശാനത്തില്‍ കുത്തിയിരിപ്പു് നടത്തി. ഈ സമയത്തു് ചാക്കോളായുടെ കങ്കാണിമാര്‍ രംഗത്തെത്തി തൊഴിലാളികളെ ഉടമയ്ക്കനുകൂലമായി അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ടിയുസിഐയുടെ ലേബല്‍ വ്യാജമായുപയോഗിച്ചു് മുതലാളിമാര്‍ക്കു് അനുകൂലമായി തൊഴിലാളികളെ കൂട്ടിക്കൊടുക്കുകയും യൂണിയനുകള്‍ തകര്‍ക്കുകയും ചെയ്യുന്ന വിപ്ലവ കുപ്പായമിട്ട ഒരു വനിതാ അഡ്വക്കേറ്റും അക്കൂട്ടത്തിലുണ്ടായിരുന്നു. കെട്ടിടം തകര്‍ന്നുവീണ ദിവസം തൊഴിലാളികളുടെ മുന്നില്‍നിന്നു് ടിവിയില്‍ അഭിനയിച്ച വനിതാ നേതാവിന്റെ തനിനിറം മനസ്സിലാക്കിയ ഒറീസാ തൊഴിലാളികള്‍ അവരെ ആട്ടിയോടിച്ചു. രാവിലെ മുതല്‍ ഈ സമയം വരെ നിങ്ങളെ ഫോണില്‍ വിളിച്ചിട്ടും നിങ്ങള്‍ ഫോണ്‍ എടുത്തില്ലല്ലോ, ഇപ്പോള്‍ നിങ്ങള്‍ മുതലാളിയ്ക്കു വേണ്ടി വന്നിരിക്കുകയാണോ? നിങ്ങളെ ഇവിടെ ആവശ്യമില്ല എന്നുപറഞ്ഞു് തിരിച്ചയച്ചതിനുശേഷം രാത്രി ഒമ്പതരയ്ക്കു് ഒത്തുതീര്‍പ്പു് വ്യവസ്ഥ പാലിക്കുമെന്നു് അസി.കമ്മീഷണര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണു് ശവസംസ്ക്കാരം നടന്നതു്. പോലീസ് കസ്റ്റഡിയിലായിരുന്ന നേതാക്കളെ രാത്രി പന്ത്രണ്ടരയ്ക്കു് ജാമ്യത്തില്‍ വിട്ടയച്ചു. നേതൃത്വത്തെ അറസ്റ്റ് ചെയ്താല്‍ അന്യ സംസ്ഥാനക്കാരായ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും പ്രലോഭിപ്പിച്ചും സ്വന്തം നിയന്ത്രണത്തിലാക്കാമെന്ന ഗൂഢതന്ത്രത്തിന്റെ ഭാഗമായി സ്റ്റേറ്റ് നടപ്പിലാക്കിയ ഓപ്പറേഷന്റെ ഭാഗമായിരുന്നു അറസ്റ്റും ലാത്തിച്ചാര്‍ജും. എന്നാല്‍ ഭരണകൂടതന്ത്രത്തെ സ്വന്തം നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രം തൊഴിലാളികള്‍ നേരിട്ടപ്പോള്‍ വെളിവായതു് തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി എന്നു് സ്വയം വിശേഷിപ്പിക്കുന്ന സിപിഐ(എം)ന്റെ കാപട്യമാണു്. പരസ്യങ്ങള്‍വഴി കോടികള്‍ സമ്പാദിക്കുന്ന സമൂഹത്തിനു് ഒരു നേട്ടവുമുണ്ടാക്കാത്ത ക്രിക്കറ്റ് കളിക്കാരനു് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മുഖ്യമന്ത്രി ദാരുണമായി കെട്ടിടം തകര്‍ന്നുമരിച്ച തൊഴിലാളി കുടുംബങ്ങള്‍ക്കു് നല്‍കിയ ദുരിതാശ്വാസം പതിനയ്യായിരം രൂപ. ഒറീസയില്‍ നിന്നുള്ള തൊഴിലാളികളെ പോലീസിനെ ഉപയോഗിച്ചു് ഭീഷണിപ്പെടുത്തി നാട്ടിലേക്കു് മടക്കിവിടാനുള്ള വ്യഗ്രതയിലായിരുന്നു കെട്ടിടമുടമകള്‍.

സിപിഎംന്റെ വര്‍ഗ്ഗപക്ഷപാതിത്വം

കഴിഞ്ഞ മുപ്പതു വര്‍ഷമായി സിപിഐ(എം) നയിക്കുന്ന ഇടതുഭരണത്തിന്‍കീഴിലുള്ള പശ്ചിമ ബംഗാളില്‍ നിന്നുള്ള ഏകദേശം മുപ്പതിനായിരത്തിലധികം തൊഴിലാളികള്‍ എറണാകുളം ജില്ലയില്‍ മാത്രം വിവിധ സൈറ്റുകളില്‍ തൊഴിലെടുക്കുന്നു. ബംഗാളിലെ ദാരിദ്ര്യം 20 മുതല്‍ 80 വരെയുള്ള കുറഞ്ഞ കൂലി നിരക്കു് എന്നിവയാണു് 80 രൂപ മുതല്‍ 120 രൂപ വരെ കൂലി ലഭിക്കുന്ന വിദഗ്ദ്ധ തൊഴിലാളികളും 30 രൂപമുതല്‍ 60 രൂപവരെ കൂലി ലഭിക്കുന്ന അവിദഗ്ദ്ധ തൊഴിലാളികള്‍ 60 മുതല്‍ 80 രൂപവരെ കൂലിനിരക്കിലും 80 രൂപ മുതല്‍ 150 രൂപ വരെ നിരക്കിലും കരാര്‍ തൊഴിലില്‍ ഏര്‍പ്പെടുന്നതു്. കരാറുകാരന്‍ 20 മുതല്‍ 30 രൂപവരെ കമ്മീഷനീടാക്കും. തുടര്‍ച്ചയായി പണി ലഭിക്കുമെന്ന ഒറ്റ കാരണത്താലാണു് കേരളത്തിലെ കണ്‍സ്ട്രക്ഷന്‍ മേഖലയിലേയ്ക്കു് ബംഗാള്‍ ഉള്‍പ്പടെയുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്നു് വ്യാപകമായ കുടിയേറ്റമുണ്ടാകുന്നതു്. ഒറീസയിലെ ദാരിദ്ര്യാവസ്ഥമൂലം ജില്ലയില്‍ ഏഴായിരത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്നു. തമിഴ്നാടു്, കര്‍ണാടക, ആന്ധ്ര, രാജസ്ഥാന്‍, ബീഹാര്‍ സംസ്ഥാനങ്ങളില്‍നിന്നായി മുപ്പതിനായിരത്തിലധികം തൊഴിലാളികളുണ്ടു്. അറുപതിനായിരത്തില്‍പരം അന്യ സംസ്ഥാന തൊഴിലാളികള്‍ തൊഴില്‍ ചെയ്യുന്ന എറണാകുളത്തു് തൊഴില്‍ വകുപ്പില്‍ ലൈസന്‍സുള്ള നാല്പതോളം കരാറുകാര്‍ പതിനായിരം തൊഴിലാളികളെ മാത്രമാണു് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതു്. 50 പേരില്‍ കൂടുതലുള്ള കരാറുകാര്‍ സാനിട്ടേഷന്‍, താമസം, കാന്റീന്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിയമ വ്യവസ്ഥ അവഗണിക്കുമ്പോള്‍ സംസ്ഥാന ഭരണം നിര്‍വഹിക്കുന്ന എല്‍ഡിഎഫ്, കങ്കാണിമാരുടെ പക്ഷത്തു് നിലയുറപ്പിച്ചു് ഇതിനെതിരായി പ്രവര്‍ത്തിക്കുന്നവരെ പോലീസിനെ ഉപയോഗിച്ചു് മര്‍ദ്ദിച്ചൊതുക്കാമെന്നു് വ്യാമോഹിക്കുന്നു. ഇരുപതിനായിരം തൊഴിലാളികളെവരെ കരാര്‍ തൊഴില്‍ വ്യവസായത്തിലേര്‍പ്പെട്ടിട്ടുള്ള കരാറുകാര്‍ കേരളത്തിലുണ്ടു്. ഇരുപതു രൂപവെച്ചു് കമ്മീഷന്‍ പിടിക്കുന്ന കരാറുകാരന്റെ പ്രതിദിന വരുമാനം നാലു ലക്ഷം രൂപയാണു്. ഇതിന്റെ ഒരു വിഹിതം പോലീസ്, തൊഴില്‍ വകുപ്പു് ഉദ്യോഗസ്ഥര്‍ക്കു് നല്‍കുന്നു. കുടിയേറ്റ കരാര്‍ തൊഴിലാളികള്‍ക്കു് ലഭിക്കേണ്ട നിയപരമായ പരിരക്ഷ മുന്‍ യുഡിഎഫ് ഭരണത്തില്‍ എന്നതുപോലെ എല്‍ഡിഎഫ് ഭരണത്തിലും അപ്രസക്തമാകുന്നതിന്റെ പിന്നിലെ സാമ്പത്തിക ശക്തികളുടെ ഇടപെടല്‍ എത്രമാത്രം ഗൌരവതരമാണെന്നു് ഇതില്‍നിന്നു് വ്യക്തമാകും. അന്യസംസ്ഥാനങ്ങളിലെ പിന്നോക്കാവസ്ഥയില്‍ പട്ടിണിയും ആത്മഹത്യയും ജീവിതത്തിന്റെ ഭാഗമായ ഗ്രാമങ്ങളെ അപ്പാടെ ദത്തെടുത്താണു് കേരളത്തില്‍ കങ്കാണിമാര്‍ എത്തിക്കുന്നതു്. ഇഷ്ടികക്കളം മുതല്‍ കെട്ടിടനിര്‍മ്മാണം വരെയുള്ള വിവിധ നിര്‍മ്മാണ മേഖലകളില്‍ ഈ തൊഴിലാളികളെ വിശ്രമിക്കാന്‍പോലും അനുവദിക്കാതെ തൊഴില്‍ ചെയ്യിക്കുന്നതില്‍നിന്നു് ലഭിക്കുന്ന മിച്ചമൂല്യമാണു് സംസ്ഥാനത്തെ വന്‍കിട നിര്‍മ്മാതാക്കളുടെ മൂലധനമായി രൂപാന്തരപ്പെടുന്നതു്. ഇപ്രകാരം തൊഴിലാളിയുടെ രക്തത്തില്‍നിന്നുല്‍ഭവിക്കുന്ന ലാഭമാണു് ശോഭ ഡെവലപ്പേഴ്സിന്റെ പി.എന്‍.സി. മേനോനെപ്പോലുള്ളവര്‍ക്കു് ആറുകോടി മുടക്കി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണ്ണ തുലാഭാരം നടത്താന്‍ പ്രാപ്തനാക്കുന്നതു്. പഞ്ചനക്ഷത്ര പള്ളികളും അരമനകളും പാര്‍ട്ടി ഓഫീസുകളും ഉയരുന്നതു് ഇതേ രക്തത്തിന്റെ വിഹിതത്തില്‍നിന്നാണു്. പത്തു് മാസം മുന്‍പ് തിരുവനന്തപുരത്തു് സെക്രട്ടറിയറ്റിനു് സമീപത്തു് പൂഞ്ച് ലോയ്ഡ് കമ്പനിയില്‍ തൊഴില്‍ ചെയ്തിരുന്ന രണ്ടു് തൊഴിലാളികള്‍ പട്ടിണികിടന്നു് മരിച്ചു. പകര്‍ച്ചവ്യാധികള്‍ മറ്റു് തൊഴിലാളികളെ വേട്ടയാടുകയും ചെയ്തു. 250 പേര്‍ക്കു് ലൈസന്‍സുള്ള കമ്പനി ആയിരക്കണക്കിനു് തൊഴിലാളികളെ നിയമവിരുദ്ധമായി ഉപയോഗിച്ചിട്ടും സര്‍ക്കാര്‍ സ്വീകരിച്ച നടപടി കമ്പനിയെ സംരക്ഷിക്കുംവിധമായിരുന്നു. മുന്‍കൂര്‍ പണം നല്‍കി ഇറക്കുമതി ചെയ്യുന്ന ഒരു ചരക്കായി കുടിയേറ്റ തൊഴിലാളികളെ കരാറുകാര്‍ ഉപയോഗപ്പെടുത്തുന്നു.

കരാര്‍ അടിമപ്പണിക്കെതിരായ നിയമങ്ങള്‍

നൂറ്റാണ്ടുകളായി വിവിധ രാജ്യങ്ങളില്‍ നിലനിന്നിരുന്ന അടിമത്വം, കരാര്‍ തൊഴില്‍ എന്നിവ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭം വരെ ഇതൊരു സാധാരണ പ്രവൃത്തി എന്നതിലപ്പുറം പരിഗണിച്ചിരുന്നില്ല. കോളനി ഭരണകാലത്തു് വടക്കേ അമേരിക്കയില്‍ വ്യാപകമായി കോണ്‍ട്രാക്ട് ലേബര്‍ സമ്പ്രദായമാണു് നിലനിന്നിരുന്നതു്. ബ്രിട്ടനില്‍നിന്നുള്ള ദരിദ്രവാസിയായ സ്ത്രീ-പുരുഷ തൊഴിലാളികളെയാണു് ഇതിനായുപയോഗിച്ചിരുന്നതു്. കുറ്റംചുമത്തപ്പെട്ട ക്രിമിനലുകളെ നിശ്ചിത കാലയളവില്‍ കഠിന ജോലികള്‍ ചെയ്യിക്കുക, തൊഴിലില്ലാത്തവരെ അപ്രന്റീസുകള്‍ ആയി നിയോഗിക്കുക, തൊഴില്‍ അഭ്യസിക്കുന്നവരെ ദീര്‍ഘകാലം ശിഷ്യരായി ഉപയോഗിക്കുക എന്നീ പ്രകാരമായിരുന്നു വിദേശ രാജ്യങ്ങളിലെ കരാര്‍ തൊഴിലിന്റെ പ്രാരംഭം. ഇന്ത്യയിലും ചൈനയിലും ‘കൂലി’ എന്നറിയപ്പെട്ട കരാര്‍ തൊഴില്‍ സമ്പ്രദായത്തിന്റെ ഉപജ്ഞാതാക്കള്‍ ബ്രിട്ടീഷ് സാമ്രാജ്യമായിരുന്നു. കുടിയേറ്റ തൊഴിലാളികളെയാണു് കരാര്‍ തൊഴിലാളികളായി ഉപയോഗിക്കാന്‍ തുടങ്ങിയതു്. 1951-ല്‍ മെക്സിക്കോയില്‍ നിന്നുള്ള തൊഴിലാളികളെ കാര്‍ഷികമേഖലയില്‍ ജോലി ചെയ്യുന്നതിനായി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ കരാറടിസ്ഥാനത്തില്‍ നിയോഗിക്കാനുള്ള നിര്‍ദേശമാണു് നിയമപരമായ ആദ്യകാല കോണ്‍ട്രാക്ട് വര്‍ക്ക്. 18-ആം നൂറ്റാണ്ടിന്റെ അവസാനം കോണ്‍വാലീസ് പ്രഭു തന്റെ മുന്‍ഗാമികളെ ഉദ്ധരിച്ചുകൊണ്ടു് വ്യാഖ്യാനിച്ചതു് ഏറ്റവും വൃത്തികെട്ട ‘തൊഴില്‍ സമ്പ്രദായം’ എന്നാണു്.

കരാര്‍ തൊഴില്‍ സമ്പ്രദായം അടിമ തൊഴില്‍ കച്ചവടത്തിന്റെ തുടര്‍ച്ചയാണു്. ബ്രിട്ടീഷ് ഇന്ത്യയിലെ പ്ലാന്റേഷന്‍ തൊഴിലാളികള്‍ കോളനി രാജ്യമായ ചൈനയിലും അര്‍ദ്ധ കോളനിരാജ്യങ്ങളിലും നിലനിന്നിരുന്ന ഈ തൊഴില്‍ സമ്പ്രദായം അമേരിക്കയിലെ അടിമ വ്യവസ്ഥയ്ക്കു് സമാനമായിരുന്നു. എബ്രഹാം ലിങ്കണ്‍ അടിമത്വം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചെങ്കിലും വിവിധ രൂപങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും തുടരുന്ന കൂലി അടിമത്തൊഴില്‍ സമ്പ്രദായത്തിന്റെ വകഭേദങ്ങളാണു് ഇന്ത്യയില്‍ നിലനില്‍ക്കുന്നതു്. കാര്‍ഷിക സേവന മേഖലകളില്‍ വ്യാപകമായി തൊഴിലാളികളുടെ അദ്ധ്വാനശേഷിയെ ഉപയോഗിക്കുന്നതു് ഈ വ്യവസ്ഥ പ്രകാരമാണു്.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഈ തൊഴില്‍ ചൂഷണത്തിനെതിരെ ഉയര്‍ന്നുവന്ന പൊതുജനാഭിപ്രായത്തെത്തുടര്‍ന്നു് ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയോഗിച്ച റോയല്‍ കമ്മീഷന്‍ കരാര്‍ തൊഴില്‍ റിക്രൂട്ട്മെന്റു്, തൊഴില്‍ ഇടനിലക്കാര്‍, കരാര്‍ തൊഴില്‍ എന്നിവ അവസാനിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തു. ബോംബെ ടെക്സ്റ്റയില്‍ ലേബര്‍ എന്‍ക്വയറി കമ്മിറ്റി ബോംബെ, ഷോലാപൂര്‍ എന്നിവിടങ്ങളിലെ ടെക്സ്റ്റയില്‍ മില്ലുകളിലേക്കു് നടത്തുന്ന കരാര്‍ തൊഴില്‍ നിയമനത്തില്‍, പ്രത്യേകിച്ചു് ബദലി തൊഴിലാളി നിയമനത്തിനു് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു് ആവശ്യപ്പെട്ടു. ഈ തൊഴിലാളികള്‍ക്കുമേല്‍ മില്ലുടമയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.

കോണ്‍ട്രാക്ടറുടെ കടുത്ത ചൂഷണത്തിലധിഷ്ഠിതമായ ഈ തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കണമെന്നും മാനേജ്മെന്റ് മില്ലിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലേക്കു് നേരിട്ടു് തൊഴിലാളികളെ നിയമിക്കുകയും ശമ്പളം നല്‍കുകയും ചെയ്യുന്നതു് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. കരാര്‍ തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ട ബോംബെ, ബീഹാര്‍ കമ്മറ്റികള്‍ കരാര്‍ തൊഴില്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ കോണ്‍ട്രാക്ട് ലേബര്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം വഴി വ്യവസ്ഥകള്‍ക്കു് വിധേയമാക്കണം എന്നാവശ്യപ്പെട്ടു. പ്ലാനിംഗ് കമ്മീഷന്റെ രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ കരാര്‍ തൊഴില്‍ നിയമങ്ങളില്‍ തൊഴില്‍ സുരക്ഷിതത്വം വ്യവസ്ഥ ചെയ്യണമെന്നു് നിര്‍ദ്ദേശിച്ചിരുന്നു.

പ്രധാന നിര്‍ദ്ദേശങ്ങള്‍

1. വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന കരാര്‍ തൊഴിലിന്റെ പ്രശ്നങ്ങളെ സംബന്ധിച്ചു് സാങ്കേതിക പഠനം നടത്തുക.
2. കരാര്‍ തൊഴില്‍ നിരോധിക്കാനുള്ള സാദ്ധ്യത കണ്ടെത്തുക.
3. വേതനം, മറ്റാനുകൂല്യങ്ങള്‍ എന്നിവ കൃത്യമായി നല്‍കുന്നതിനു് ഏതൊക്കെ മേഖലകള്‍ കരാറുകാരനും ഉടമയയ്ക്കും നല്‍കണമെന്നു് നിശ്ചയിക്കുക.
4. സ്ഥിരമായ തൊഴിലവസരം നല്‍കി കരാര്‍ തൊഴിലാളിയെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിക്കുക. കരാര്‍ തൊഴില്‍ പൂര്‍ണ്ണമായി നിരോധിക്കുന്നതിനുള്ള നിയമം രൂപപ്പെടുത്തുക.
5. സാധാരണ തൊഴിലാളിക്കു് ലഭിക്കുന്ന ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കു് ലഭ്യമാക്കുക.
6. സാദ്ധ്യമായ മേഖലകളില്‍ ദിവസക്കൂലി അവസാനിപ്പിച്ചു് സ്ഥിരവേതനം നല്‍കുക.

ദേശീയ ലേബണ്‍ കമ്മീഷന്റെ 1969ലെ ഒന്നാമതു് റിപ്പോര്‍ട്ടില്‍ കരാര്‍ തൊഴില്‍ മുതലാളിവര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ളതാണെന്നും വ്യക്തമാക്കിയിട്ടുണ്ടു്. അതിനാല്‍ കരാര്‍ തൊഴില്‍ സമ്പ്രദായം നിരോധിക്കണം എന്നു് ആവശ്യപ്പെട്ടു. വീറ്റ്ലി കമ്മീഷന്‍ മുതല്‍ മറ്റനേകം കമ്മീഷനുകളുടെ ഫലമായി കരാര്‍ തൊഴിലാളിയെ, 1948-ലെ ഫാക്ടറീസ് ആക്ട്, 1951-ലെ പ്ലാന്റേഷന്‍ ആക്ട്, 1952-ലെ മൈന്‍സ് ആക്ട് എന്നിവയുടെ കീഴിലുള്ള ‘തൊഴിലാളി’ എന്ന വകുപ്പില്‍ ഉള്‍ക്കൊള്ളിച്ചു. 1948-ലെ ഇഎസ്ഐ ആക്ടിലെ ‘ഇമ്മീഡിയറ്റ് എംപ്ലോയര്‍’ എന്ന വകുപ്പില്‍പ്പെടുത്തി കരാര്‍ തൊഴിലാളിക്കു് ആരോഗ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ നിയമപരമാക്കി. പ്രധാന തുറമുഖങ്ങളില്‍ ജോലിചെയ്തിരുന്ന കരാര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു് ‘ദി ഡോക്ക് വര്‍ക്കേഴ്സ് റഗുലേഷന്‍ ഓഫ് എംപ്ലോയ്മെന്റ് ആക്ട്’ എന്ന നിയമം പാസ്സാക്കി. 1948ലെ ‘ഇന്‍ഡസ്ട്രിയല്‍ കമ്മിറ്റി ഓണ്‍ കോള്‍ മൈന്‍സ്’ന്റെ ശുപാര്‍ശ പ്രകാരം റെയില്‍വേയില്‍ കരാര്‍ തൊഴില്‍ വ്യവസ്ഥ നിരോധിച്ചു. 1948-ലെ മിനിമം വേജസ് നിയമം, 1946-ലെ ബോംബെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ആക്ട് മൂതലായ നിയമങ്ങള്‍, കരാര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവയാണു്. കാലാനുസൃതമായി ഒട്ടേറെ ഭേദഗതികള്‍ വന്നിട്ടുണ്ടു്. ആഗോളീകരണത്തോടെ നടപ്പിലാക്കിയ ഘടനാക്രമീകരണം തൊഴില്‍ മേഖലയില്‍ വരുത്തിയ നിയമഭേദഗതികള്‍, ആധുനിക സമൂഹം നിയമപരമായി നിരോധിച്ച അടിമ വ്യാപാരത്തിന്റെ തലത്തിലേയ്ക്കു് തൊഴിലാളി വര്‍ഗ്ഗത്തെ കരാര്‍ തൊഴിലാളികളാക്കി പരിവര്‍ത്തനപ്പെടുത്തുന്നു.

സി.പി.ഐ (എം.എല്‍) മുഖപത്രമായ സഖാവില്‍ പ്രസിദ്ധീകരിച്ചതു്.

കടപ്പാട്: ചക്കാത്തു വായന

27 June, 2009

മാന്ദ്യം മാധ്യമങ്ങള്‍

മാന്ദ്യം മാധ്യമങ്ങള്‍

ഇന്ത്യയെക്കുറിച്ച് എഴുതുന്ന സന്ദര്‍ഭത്തില്‍, 'മാന്ദ്യം' എന്നൊരു വാക്ക് ഉപയോഗിക്കരുതെന്ന്, ഏറ്റവും ചുരുങ്ങിയത് രണ്ട് പ്രമുഖ പത്രങ്ങളെങ്കിലും തങ്ങളുടെ എഡിറ്റോറിയല്‍ ഡെസ്കിന് നിര്‍ദേശം കൊടുത്തുകഴിഞ്ഞിരിക്കുന്നു. മാന്ദ്യം എന്നത്, അമേരിക്കയില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്. ഇവിടെ അതില്ല. എഡിറ്റോറിയല്‍ നിഘണ്ടുവില്‍ നിന്ന് ആ വാക്കിനെ ഭ്രഷ്ടാക്കിയിരിക്കുന്നു. ഇനി അഥവാ ഏതെങ്കിലുമൊരു ദുരവസ്ഥ പ്രതിപാദിക്കേണ്ടി വരികയാണെങ്കില്‍ 'മെല്ലെപ്പോക്ക്' എന്നോ 'അധോഗതി' എന്നോ ഉപയോഗിച്ചാല്‍ത്തന്നെ ധാരാളം. അതുതന്നെ ശ്രദ്ധിച്ചുവേണം ഉപയോഗിക്കാന്‍. പക്ഷെ, മാന്ദ്യം എന്നത് ഉപയോഗിക്കുകയേ അരുത്. 'മാന്ദ്യ'ത്തില്‍ നിന്ന് സമ്പദ് രംഗത്തെ പുറത്തുകൊണ്ടുവരാന്‍, മാധ്യമ പ്രേക്ഷകര്‍ക്കിടയില്‍ അത്യന്താപേക്ഷിതമായ ഉപഭോഗ ത്വരയെ അത് തകര്‍ത്തുകളയും.

'ഒന്നും പേടിക്കാനില്ല, സന്തോഷമായിരിക്കൂ' എന്ന മട്ടിലുള്ള ഈ കല്‍പ്പന, ഒരേസമയം ദുഃഖവും ഹാസ്യവുമാണ് ഉളവാക്കുന്നത്. "ദുരിതനാളുകള്‍ അവസാനിച്ചു, തിരിച്ചുവരവ് കണ്ടുതുടങ്ങി' എന്ന മട്ടിലൊക്കെ പത്രങ്ങള്‍ നമ്മളോട് സംസാരിക്കുന്നത് കാണുന്നു. എന്തിന്റെ ദുരിതമായിരുന്നു അത്? മാന്ദ്യത്തിന്റെയോ? എന്തില്‍നിന്നാണ് നമ്മള്‍ തിരിച്ചുവരുന്നത്? ഇത്തരത്തിലുള്ള ഒഴിഞ്ഞുമാറലുകളില്‍ സമര്‍ഥരായിരുന്ന പല ചാനലുകളും പ്രസിദ്ധീകരണങ്ങളും, പത്രപ്രവര്‍ത്തകരെയടക്കം, കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് ഇന്ന്.

ഈ സാധുക്കള്‍ക്ക് (വലിയ നിരക്കിലുള്ള ഭവനവായ്പാ തിരിച്ചടവ് നേരിട്ടുകൊണ്ടിരുന്ന ഇവരില്‍ പലരും, ഇന്നത്തേക്കാളും ഭേദമായ 'അധോഗതി'യുടെ കാലത്തു പോലും തകര്‍ച്ചയുടെ വക്കിലായിരുന്നു), എന്തു കാരണം കൊണ്ടായാലും ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വായനക്കാരെ ആശ്വസിപ്പിക്കാനും, എല്ലാം ഭദ്രമാണെന്ന് അവരെ ബോധ്യപ്പെടുത്താനും വേണ്ടി എല്ലാം അരിച്ചുപെറുക്കുന്ന അവരില്‍ ഒരാളാണ് നിങ്ങളെന്ന് നിമിഷനേരത്തേക്കെങ്കിലും സങ്കല്‍പ്പിക്കുക. വൈകുന്നേരം, പത്രമാപ്പീസിലിരുന്ന്, മാന്ദ്യത്തിന്റെ ഭൂതത്തെ പത്രവാര്‍ത്തകളില്‍ നിന്നും നിങ്ങള്‍ ഉച്ചാടനം ചെയ്യുന്ന നിങ്ങള്‍ പിറ്റേന്ന് ഉച്ചയ്ക്ക് അതേ ഭൂതത്തിന്റെ ഇരയായി മാറിയെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ഒരു അവസ്ഥ. യാഥാര്‍ഥ്യമെന്ന് പ്രേക്ഷകരെ വിശ്വസിപ്പിക്കുന്നതിന്റെ നേര്‍വിപരീതം അഭിനയിക്കേണ്ടിവരുന്ന മാധ്യമത്തിന്റെ പ്രഹസനം. ഇതൊരു വ്യാപാരതന്ത്രം കൂടിയാണ്. കാരണം, പൊതുജനത്തെ ഭയപ്പെടുത്തുക എന്നതിന്റെ അര്‍ഥം ഉപഭോഗം കുറയുക, പരസ്യത്തില്‍ കുറവ് വരുക, വരുമാനം കുറയുക എന്നതൊക്കെയാണ്.

ഈ പത്രങ്ങളില്‍ ചിലത്, ഒരിക്കല്‍ മാന്ദ്യത്തെ സൂചിപ്പിച്ചതു തന്നെ, അതിനെ കളിയാക്കാന്‍ വേണ്ടിയായിരുന്നു. "എന്തു മാന്ദ്യം?'' എന്ന മട്ടില്‍. ഒരു പ്രത്യേക വിഭാക്കാര്‍ക്കിടയില്‍ കൂടുതല്‍ കാറുകള്‍ ചിലവാകുന്നു, ഗ്രാമങ്ങള്‍ തിളങ്ങുന്നു ('പുതിയതായി ലഭിച്ച അഭിവൃദ്ധി' എന്നതായിരുന്നു പ്രയോഗം). അങ്ങിനെയങ്ങിനെ. ഉള്ളില്‍ മറ്റെന്തൊക്കെയാണെങ്കിലും, പുറമേക്ക് തിളക്കമുള്ള കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക. എല്ലാം ഭദ്രമാണെന്ന് (സംശയാസ്പദരായ) വിദഗ്ധര്‍ ഉറപ്പ് പറയുന്നു എന്ന് ടെലിവിഷന്‍ ചാനലുകളും സമര്‍ഥിച്ചു. ഏതു വിദഗ്ധരെന്ന് മാത്രം അവര്‍ ഒരിക്കലും വെളിപ്പെടുത്തിയതുമില്ല. നാണയപ്പെരുപ്പം കുറയുന്നതിനെക്കുറിച്ചും വലിയ തലക്കെട്ടുകള്‍ അവര്‍ നിരത്തി (അടുത്ത കാലത്ത് ചിലര്‍ ഈ മേനി നടിക്കലില്‍ നിന്ന് അല്‍പ്പം പുറകോട്ട് പോയിട്ടുണ്ട് എന്നത് സത്യം). എന്നാല്‍ ഭക്ഷണസാധനങ്ങളുടെ വിലവര്‍ധനവ് എത്ര ഗൌരവമുള്ളതാണെന്നതിനെ കുറിച്ച് അധികമൊന്നും എഴുതിയതുമില്ല. വിശപ്പ് എത്ര വലിയൊരു വിഷയമാണെന്നും അതിന്റെ സൂചന രാഷ്ട്രീയ പാര്‍ട്ടികളുടെ മാനിഫെസ്റ്റോകളില്‍ ഉണ്ട്. 3 രൂപയ്ക്കും 2 രൂപയ്ക്കും എന്തിന് ഒരു രൂപയ്ക്ക് വരെ അരി വാഗ്ദാനം ചെയ്തുകൊണ്ടുള്ള മാനിഫെസ്റോകള്‍ (അതും, അരിയല്ല, കാറുകള്‍ മേടിക്കാന്‍ സന്നദ്ധമായി നില്‍ക്കുന്ന ഒരു ജനത്തിന്), പക്ഷെ, മാനിഫെസ്റ്റോകളെ കുറിച്ച് എന്തായാലും നമുക്ക് നന്നായറിയാം. അതുകൊണ്ട് തെരഞ്ഞെടുത്ത അംഗീകൃത വിദഗ്ധന്മാരോടും വക്താക്കളോടും വിശകലനക്കാരോടും മാധ്യമങ്ങള്‍ പ്രഖ്യാപിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയങ്ങളൊന്നുമില്ല. മാധ്യമങ്ങള്‍ സംസാരിക്കാത്ത കാര്യങ്ങള്‍ നിരവധിയാണ്. ഇതുകൊണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഒരു ആശ്വാസമുണ്ട്. ചുരുളഴിയുന്ന വലിയ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ അതവരെ പ്രാപ്തരാക്കുന്നു. ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളെ ജനശ്രദ്ധയില്‍ കൊണ്ടുവരാനുള്ള - നിരവധി വോട്ടര്‍മാര്‍ക്ക് ഗുണകരമാകുമായിരുന്ന - അവസരമാണ് അവര്‍ കളഞ്ഞുകുളിച്ചത്. അതിനാല്‍, നമുക്ക് കിട്ടുന്നതാകട്ടെ, ഐപിഎല്ലും ഇലക്ഷനും, വരുണ്‍ ഗാന്ധിയും, ചക്കിയും ചങ്കരനും അതുപോലുള്ള ഒട്ടനവധി അസംബന്ധങ്ങളും മാത്രം. വരുണ്‍ഗാന്ധി പോലുള്ള നിസാരതകളില്‍ നിന്ന് നമ്മെ മോചിപ്പിച്ച് 1984-ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയം ഉയര്‍ത്തിയതിന്റെ ക്രെഡിറ്റ് എന്തായാലും ജര്‍ണയില്‍ സിംഗ് എന്ന സൂയിസൈഡ് ബോംബേറിന് മാത്രമുള്ളതാണ്. നഗ്നപാദ പത്രപ്രവര്‍ത്തനത്തിന് പുതിയൊരു അര്‍ഥവ്യാപ്തി കൊടുത്തു അദ്ദേഹം.

അമേരിക്കന്‍ വികസനം എന്ന പേരില്‍ നമ്മള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും, ഇവിടുത്തെ യാഥാര്‍ഥ്യങ്ങള്‍ എന്ന് നമ്മള്‍ ആവര്‍ത്തിച്ചു പറയുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. വ്യത്യാസങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. എങ്കിലും അതെങ്ങിനെ സംഭവിച്ചു എന്ന് കണ്ടെത്താന്‍ നമുക്ക് താല്‍പ്പര്യമില്ല. ഒരു പ്രത്യേക തരത്തിലുള്ള ആഗോളവല്‍ക്കരണത്തെയാണ് വര്‍ഷങ്ങളായി നമ്മള്‍ പിന്തുടര്‍ന്നിരുന്നത്. ലോക സമ്പദ് വ്യവസ്ഥയുമായി (എന്നുവെച്ചാല്‍, അമേരിക്കയുടെയും യൂറോപ്പിന്റെയും എന്നു വായിക്കുക) കൂടുതല്‍ ഇഴയടുപ്പം ഉണ്ടായിരുന്ന നമുക്ക് അന്നാടുകളിലെ ഗുണഫലങ്ങള്‍ മുഴുവന്‍ കിട്ടിയെന്നും, എന്നാല്‍ അവരുടെ ദുരിതങ്ങള്‍ നമ്മെ തീരെ ബാധിച്ചില്ലെന്നുമാണ് പുതിയ അവകാശവാദം.

രാഷ്ട്രീയക്കാരും ജനങ്ങളും തമ്മിലുള്ള ദൂരത്തിന്റെ അളവാണ് ഇത് കാണിക്കുന്നത്. രണ്ടാമത്തെ കൂട്ടര്‍ക്ക് സന്തോഷിക്കാന്‍ അധികം കാരണങ്ങളൊന്നുമില്ല. നിരവധി വിഷയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് അവര്‍ നിങ്ങളോട് സമ്മതിക്കുകയും ചെയ്യും. പക്ഷെ, ഒരു വിഷയം നിലനില്‍ക്കുന്നുണ്ടെന്ന് സമ്മതിക്കുകയെങ്കിലും ചെയ്യാതെ എങ്ങനെയാണ് നിങ്ങളതിനെ അഭിസംബോധന ചെയ്യുക? അതുകൊണ്ട് കാര്‍ഷിക പ്രതിസന്ധിയേയും അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു ദശകത്തില്‍ സംഭവിച്ച പതിനായിരക്കണക്കിന് കര്‍ഷക ആത്മഹത്യകളെയും മറന്നേക്കുക. വിശപ്പും തൊഴിലില്ലായ്മയും പത്രങ്ങളില്‍ എന്നെങ്കിലും വാര്‍ത്തയായിട്ടുണ്ടോ? ഗ്ളോബല്‍ ഹംഗര്‍ ഇന്‍ഡക്സിലെ ഇന്ത്യയുടെ ദയനീയമായ സ്ഥാനത്തെക്കുറിച്ച് മിക്ക പത്രങ്ങളും ഒരക്ഷരം എഴുതിയില്ല. ഇതൊക്കെ വാള്‍ സ്ട്രീറ്റ് തകരുന്നതിനും മുമ്പത്തെ കാര്യങ്ങളല്ലേ എന്നാണ് അവരുടെ ഭാവം. (മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടെന്ന് സംഭവിച്ച ഒന്നായിട്ടാണ് വാള്‍ സ്ട്രീറ്റിന്റെ തകര്‍ച്ചയെത്തന്നെ, പല മാധ്യമങ്ങളും നോക്കിക്കണ്ടത്).

കഴിഞ്ഞ ഒന്നരക്കൊല്ലമായി ഒരിടത്തും കാര്യങ്ങളൊന്നും അത്ര ഭംഗിയായിരുന്നില്ല. വ്യവസായത്തിന്റെ തകര്‍ച്ച, ഉല്‍പ്പാദനത്തിലെ മാന്ദ്യം, ഈ മേഖലകളിലെ തൊഴില്‍നഷ്ടം, ഇതിനെക്കുറിച്ചൊക്കെ ഒഴുക്കന്‍ മട്ടിലുള്ള സൂചനകളേ ഉണ്ടായിട്ടുള്ളു. പക്ഷേ, ഉപരിവര്‍ഗത്തിലെ പത്ത് ശതമാനം ആളുകള്‍ പരിഭ്രാന്തരാകാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് കാര്യങ്ങള്‍ വഷളാകാന്‍ തുടങ്ങിയത്. അവരെ ആശ്വസിപ്പിക്കുകയും കൂടുതല്‍ കൂടുതല്‍ കാറുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ചില പ്രത്യേക സന്ദര്‍ഭങ്ങളിലെങ്കിലും അവരെ 'പരിഭ്രാന്തരാക്കാതിരിക്കുക' എന്നതിന്റെ അര്‍ഥം, മതിഭ്രമത്തിന്റെയും, പ്രത്യയശാസ്ത്രത്തിന്റെയും, യാഥാര്‍ഥ്യത്തിന്റെയും, റിപ്പോര്‍ട്ടിംഗിന്റെയും ഇടയ്ക്കുള്ള രേഖകള്‍ അവ്യക്തമാക്കുക എന്നതു തന്നെയാണ്. വലിയ ഭവിഷ്യത്തുകള്‍ക്കുമിടയാക്കും അത്.

മൊബൈല്‍ ഫോണില്‍ ഓഹരി നിലവാരത്തിന്റെ ഫ്ളാഷ് ന്യൂസുകള്‍ കിട്ടാത്ത ബഹുഭൂരിപക്ഷം ജനതയ്ക്കും കാര്യങ്ങള്‍ അത്രയ്ക്ക് ശോഭനമൊന്നുമല്ല. ഏറ്റവും പുരോഗതിയുണ്ടായിട്ടുള്ള വര്‍ഷമായിട്ടാണ് മാധ്യമങ്ങളുടെ താളുകള്‍ 2006 പ്രത്യക്ഷപ്പെട്ടത്. പക്ഷേ അതേ വര്‍ഷത്തെ സ്ഥിതിവിവരങ്ങള്‍ തന്നെയാണ് ഐക്യരാഷ്ട്ര സഭയുടെ മാനവവികസന ഇന്‍ഡക്സില്‍ ഇന്ത്യയെ 132 എന്ന സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത്. 128 എന്ന നമ്മുടെ പഴയ ദയനീയമായ അവസ്ഥയില്‍ നിന്നും പിന്നെയും താഴെയാണ് ഈ പുതിയ സ്ഥാനം. ഭൂട്ടാനും താഴെ. പോഷകാഹാരത്തിന്റെ കാര്യത്തിലായാലും, കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തിലായാലും അത്യാഹിത വിഭാഗത്തിലാണ് ഇന്ത്യയുടെ നില്‍പ്പ്. ഇന്‍ഡക്സില്‍ നമുക്ക് താഴെയുള്ള പല രാജ്യങ്ങളും ഈ രംഗത്ത് നമ്മുടെ മുകളിലാണ്. അത്തരത്തിലുള്ള കുട്ടികള്‍ ഭൂമിയില്‍ ഏറ്റവും അധികമുള്ളത് നമ്മുടെ രാജ്യത്താണ്. എന്നിട്ടും ഇതൊന്നും വിഷയങ്ങളല്ലെന്നോ? മുഖ്യധാരയിലുള്ള രാഷ്ട്രീയ ശക്തികള്‍ ഈ വിഷയങ്ങളെ അവഗണിക്കുന്നതുകൊണ്ട് ഈ വിഷയങ്ങള്‍ ഇല്ലെന്നു വരുന്നില്ല. നമുക്ക് ചുറ്റും ചുരുളഴിഞ്ഞു കൊണ്ടിരിക്കുന്ന ഭീമമായ അവസ്ഥകളെ യുക്തിഭദ്രമായ നിര്‍വചിക്കാന്‍ കഴിയാത്തതിന് പഴിക്കേണ്ടത്, ആ അവസ്ഥകളെയല്ല, മാധ്യമങ്ങളെയാണ്.

ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവ് വരുമ്പോള്‍, കയറ്റുമതിയെ ആശ്രയിക്കുന്ന മേഖല അപ്പാടെ തകര്‍ന്നു തരിപ്പണമാകുന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലും എല്ലാം ഇതാണ് സംഭവിക്കുന്നത്. അപ്പോഴോ? പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക്, ഒറീസയിലെയും ജാര്‍ഖണ്ഡിലെയും ബിഹാറിലെയും തങ്ങളുടെ വീടുകളിലേക്ക് തിരിച്ചുപോകേണ്ടി വരുന്നു. എന്തിലേക്കാണ് അവര്‍ തിരിച്ചുപോകുന്നത്? തൊഴില്‍ തീരെ കമ്മിയായ ജില്ലകളിലേക്ക് (അതുകൊണ്ടു തന്നെയാണ് പണ്ട് അവര്‍ അവിടം വിട്ടുപോന്നതും); നഗരങ്ങളിലേക്ക് ആളുകള്‍ കുടിയേറിയപ്പോള്‍ ജനസംഖ്യ തീരെ കുറഞ്ഞ ഗ്രാമങ്ങളെ പോറ്റാന്‍ പോലും അശക്തമായ ഇന്നത്തെ പൊതുവിതരണ സമ്പ്രദായങ്ങളിലേക്ക്; ഈ തിരിച്ചുവരുന്ന അധികപ്പറ്റായവരെക്കൂടി, ഇന്ന് ലഭിക്കുന്ന പരിമിതമായ സാമ്പത്തികസഹായം കൊണ്ട് പോറ്റാന്‍ നിര്‍ബന്ധിതമായിത്തീരുന്ന ക്ഷീണിതമായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളിലേക്ക്.

കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലെ തൊഴില്‍ നഷ്ടം ഓരോ ആഴ്ചയും വര്‍ധിക്കുകയാണ്. വര്‍ഷകാലമാകുമ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ പ്രത്യക്ഷമായിത്തന്നെ സ്ഥിതി ഗുരുതരമായേക്കും. പക്ഷെ തെരഞ്ഞെടുപ്പ് നടക്കുന്നതാകട്ടെ ഇപ്പോള്‍ മാത്രവും. ഏതാനും മാസങ്ങള്‍ കൂടി കഴിഞ്ഞിട്ടാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നതെങ്കില്‍ പല സംസ്ഥാനങ്ങളിലും ഇന്നുള്ള സ്ഥിതിയല്ല ഉണ്ടാവുക. വരുണും ചക്കിയും ചങ്കരനും അമര്‍സിങിന്റെ അന്തമില്ലാത്ത സാഹസങ്ങളൊന്നും ആകുമായിരുന്നില്ല വിഷയങ്ങള്‍.

വന്‍ മാന്ദ്യത്തിന്റെ കാലത്തിനുശേഷം ഇക്കഴിഞ്ഞ 80 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമാണ് നമ്മളും എന്ന സത്യം ഒരു പത്രവും അവയുടെ പ്രേക്ഷകനെ അറിയിക്കുന്നില്ല. സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച് വായനക്കാരെയോ, കേള്‍വിക്കാരെയോ, കാഴ്ചക്കാരെയോ ആരും സജ്ജരാക്കുന്നില്ല. വാര്‍ത്തകളിലും (തളര്‍വാതം പിടിപ്പെട്ട പത്രപ്രവര്‍ത്തക പ്രതിഭയിലും) മാത്രമാണ് മെല്ലെപ്പോക്ക്. അധോഗതി, മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് മാത്രമാണ്. ഭൂമിയിലെ മറ്റെല്ലാവര്‍ക്കും ഇത് സാമ്പത്തികമാന്ദ്യം തന്നെയാണ്. കൂടുതല്‍ അഭിശപ്തമായ ഒന്നിലേക്ക് മാത്രം നീങ്ങുന്ന ഒന്ന്.

*
പി.സായ്‌നാഥ് എഴുതിയNo Issues: a recession of the intellectഎന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ
കടപ്പാട്: സി.ഐ.ടി.യു സന്ദേശം

25 June, 2009

ഒരു സ്ത്രീയും പറയാത്തത്

ഒരു സ്ത്രീയും പറയാത്തത്

സാധാരണമായ ഒന്നില്‍ നിന്ന് അസാധാരണമായ ഒന്നിലേക്ക് വളരുകയായിരുന്നു സൌമിനിടീച്ചറുടെ ആ സായാഹ്നം.

അടുപ്പത്തുകിടന്നു വെട്ടിത്തിളക്കുന്ന ഇറച്ചി ധൃതിയില്‍ ഇളക്കി മറിക്കുകയായിരുന്നു, ഏറെ നേരമായി അവര്‍. ഒരുതരം നിര്‍മ്മമമായ കണിശതയോടെ. മനസ്സ് തീര്‍ത്തും പിന്‍വലിച്ച്, എത്തേണ്ടിടത്ത് എത്തി മടങ്ങുന്ന ട്രപ്പീസുകളിക്കാരിയുടെ മെയ്‌വഴക്കത്തോടെ, അങ്ങനെ-

സൌമിനിടീച്ചറുടെ മനസ്സാവട്ടെ എത്ര വലിച്ചടച്ചാലും കൊളുത്തൂരി തുറന്നുപോകുന്ന ഒരു ജനാല പോലെ അന്നത്തെ മധ്യാഹ്നത്തിന്റെ ഓര്‍മയിലേക്കു തുറന്നുകൊണ്ടിരുന്നു.

അടുക്കളയില്‍ പുക മെല്ലെ നിറഞ്ഞുതുടങ്ങിയിരുന്നു. ഒപ്പം വെന്തു തുടങ്ങിയ ഇറച്ചിയുടെ കൊതിയൂറിക്കുന്ന മണവും.

സ്വീകരണമുറിയില്‍ നിന്നും സൌമിനിടീച്ചറുടെ ഭര്‍ത്താവ് ടെലിവിഷന്റെ ബഹളത്തിനു മുകളിലൂടെ വിളിച്ചുപറഞ്ഞു.

"സൌമിനി, ഇവിടെയും ഒന്നു മനസ്സുവെയ്ക്കണേ. വെറും വയറ്റിലാ ഞങ്ങളിവനെ കമിഴ്ത്തുന്നത്....'' അകമ്പടിയായി ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഉല്ലാസം പതഞ്ഞ ചിരി. ചില്ലുഗ്ളാസുകളുടെ അടക്കം പറച്ചില്‍. പുതിയ കുപ്പി തുറക്കുന്നതിന്റെ സീല്‍ക്കാരം.....

സൌമിനിടീച്ചര്‍ എല്ലാം കേട്ടു. എന്നിട്ടും കേട്ടില്ല എന്നു നടിച്ചു. അകത്തും പുറത്തും ഒരുപോലെ ശ്വാസംമുട്ടിക്കുന്ന ഒരു പുക. ജനാലയുടെ കൊളുത്ത് ഊര്‍ന്നുവീഴുന്നുവോ? മുഖം അമര്‍ത്തിത്തുടച്ച് സാരിത്തലപ്പ് എടുത്തുകുത്തി സൌമിനിടീച്ചര്‍ വാഷ്‌ബേസിന്റെ മുന്നില്‍ നിന്നു. വെള്ളം വാരിയെറിഞ്ഞു മുഖം ഉയര്‍ത്തിയപ്പോഴാകട്ടെ കണ്ണാടിയില്‍ സ്വന്തം പ്രതിച്ഛായ. ഇറ്റിറ്റുവീഴുന്ന വെള്ളവുമായി അവര്‍ നിശ്ചലയായി അങ്ങനെ നിന്നുപോയി.

അന്നത്തെ മധ്യാഹ്നം. ഉച്ചയ്ക്കുശേഷം അവധിയെടുത്തു സ്കൂളില്‍ നിന്നിറങ്ങുമ്പോള്‍ സൌമിനിടീച്ചറുടെ മനസ്സില്‍ ഭര്‍ത്താവിന്റെ സുഹൃത്തിനൊരുക്കേണ്ട വിഭവങ്ങള്‍, പലവ്യഞ്ജനങ്ങളുടെ ലിസ്റ്റ്, മകളുടെ പിറ്റേ ദിവസത്തെ പരീക്ഷ, കറന്റ് ബില്ലിന്റെ തുക എന്നിവയായിരുന്നു.

വിജനമായ നിരത്ത്. പൊടിപൊങ്ങുന്ന നിരത്തിലേക്ക് ചെരിഞ്ഞുവീഴുന്ന കമ്പിക്കാലുകളുടെ നിഴലുകള്‍. ഒന്നോ രണ്ടോ വാഹനങ്ങള്‍, മനസ്സിലോരോന്നു കൂട്ടിയും കിഴിച്ചും അങ്ങനെ സാവകാശം ഫുട്പാത്തിലൂടെ നടന്നുവരുമ്പോഴാണ് നിരത്തിന്റെ അറ്റത്ത് ആ മാരുതികാര്‍ പ്രത്യക്ഷപ്പെട്ടത്. സൌമിനിടീച്ചറുടെ അടുത്തെത്തിയപ്പോള്‍ അതു വേഗം കുറച്ചു. തെന്നിനിന്ന കണക്കുകൂട്ടലുകളില്‍നിന്നു തലയുയര്‍ത്തി സൌമിനിടീച്ചറും നിന്നു. കാറോടിച്ചിരുന്ന ചെറുപ്പക്കാരന്‍ തല പുറത്തേക്കിട്ടു. സൌമിനിടീച്ചറോട് അടക്കിയ സ്വരത്തില്‍ ചോദിച്ചു.

കൂടെ വരുന്നോടീ?

കൂടെയുള്ള ചെറുപ്പക്കാരുടെ ആര്‍പ്പുവിളിയിലും ചിരിയിലും ആഭാസകരമായ ഒരു കിതപ്പോടെ കാര്‍ മുന്നോട്ടുകുതിക്കുകയും ചെയ്തു.

ആകെ വിളര്‍ത്തു, പ്രജ്ഞ നശിച്ചവളെപ്പോലെ ടീച്ചര്‍ ഒരുമാത്ര നിന്നുപോയി.

ആ സ്തബ്ധത ഇപ്പോള്‍ കണ്ണാടിയില്‍ സ്വന്തം പ്രതിച്ഛായയെ സൂക്ഷ്മമായി അവലോകനം ചെയ്യവേ മാനം മുട്ടേ വളരുന്നതായി സൌമിനിടീച്ചര്‍ക്കു തോന്നി. പതിയിരുന്നു പറന്നുവന്ന് ആക്രമിക്കുന്ന കാക്കക്കൂട്ടം പോലെ ഒരു നൂറു ചോദ്യങ്ങള്‍ ടീച്ചറുടെ ഹൃദയത്തെ കൊത്തിവലിക്കുകയാണ്.

-ഉവ്വോ.തന്നെ കണ്ടാല്‍ 'അത്തരത്തിലൊരു പെണ്ണാണെന്നു തോന്നുമോ ഈശ്വരാ! ഞാനറിയാതെ തന്റെ നോട്ടത്തിലോ ഭാവത്തിലോ എന്തോ കലരുന്നുണ്ടോ?

മുഖം അമര്‍ത്തിത്തുടച്ച് സൌമിനിടീച്ചര്‍ വീണ്ടും സൂക്ഷിച്ചുനോക്കി.

നാല്‍പ്പതുകളുടെ പടവുകള്‍ കയറുന്ന ശരീരം. ചെവിക്കു മുകളിലായി പടരുന്ന നര. നെറ്റിയില്‍ സിന്ദൂരം. നെഞ്ചില്‍ താലി.

കണ്ണാടിക്കുള്ളിലെ സൌമിനി, സൌമിനിടീച്ചറോട് ചോദിക്കുകയാണ്.

-സന്യാസിയുടെ കാവിക്കും ട്രാഫിക് കോണ്‍സ്റ്റിളിന്റെ യൂണിഫോമിനും കിട്ടുന്ന പരിഗണന പോലും ഇവയ്ക്കൊന്നും ലഭിക്കാതെ പോകുന്നതെന്ത്?

സൌമിനിടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞുപോയി.

കാറിലെ ചെറുപ്പക്കാരെ പ്രൈമറിക്ളാസുകളില്‍ അക്ഷരം പഠിപ്പിച്ച സൌമിനിടീച്ചര്‍ തന്നെയാകാം. അവര്‍ പരിചയക്കാരുടെ മക്കളോ, മക്കളുടെ മക്കളോ ആയിരിക്കാം. എന്തിന്, സൌമിനിടീച്ചര്‍ക്ക് ഒരു മകനുണ്ടായിരുന്നെങ്കില്‍ ഇതേ പ്രായമായിരുന്നേനെ.......ആ ഞെട്ടിക്കുന്ന ചിന്തയിലൂടെ സന്ദര്‍ഭത്തിന്റെ ബീഭത്സസാധ്യതകള്‍ സൌമിനിടീച്ചര്‍ക്കു മുന്നില്‍ നിവരുകയായിരുന്നു; സൌമിനിടീച്ചര്‍ എരിയുകയായിരുന്നു.

"സൌമിനി, അടുപ്പത്ത് എന്തോ കിടന്നു കരിയുന്നുണ്ടല്ലോ.'' സൌമിനിടീച്ചറുടെ ഭര്‍ത്താവ് അക്ഷമയോടെ വിളിച്ചുപറഞ്ഞു. അടുക്കളയിലേക്കു ചെന്നു പ്ളേറ്റില്‍ ഇറച്ചി പകരുമ്പോള്‍ ക്ലോക്കില്‍ ആറടിക്കുന്നത് അവര്‍ ശ്രദ്ധിച്ചു. സ്വീകരണമുറിയില്‍ ടെലിവിഷനില്‍ ദ്രുതഗതിയിലുള്ള നൃത്തവും ഉച്ചത്തിലുള്ള സംഗീതവും തുടങ്ങിയിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുളളില്‍ കേരളത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചു സംസാരിക്കുയായിരുന്നു ഭര്‍ത്താവിന്റെ സുഹൃത്ത്. റബ്ബര്‍ കൃഷി, ആളോഹരി വരുമാനത്തിലെ വര്‍ധന, ടൂറിസ്റ്റുകളുടെ വരവ്, ഷെയര്‍ മാര്‍ക്കറ്റ്-പുരോഗതിയുടെ നൃത്തം ചവിട്ടി മുന്നേറുന്ന കണക്കുകള്‍.....

സൌമിനിടീച്ചര്‍ക്കു ഇടയ്ക്കുകയറി തടുത്ത് എന്തോ ഉറപ്പിച്ചും രൂക്ഷമായും പറയണമെന്നുണ്ടായിരുന്നു. ഒരു സ്ത്രീ മാത്രം അനുഭവിച്ച് സത്യമായറിയുന്ന ഒന്ന്. ഒരു സ്ത്രീ എല്ലായ്പ്പോഴും പക്ഷെ, പറയാതെ വിട്ടുകളയുന്ന ഒന്ന്-

സൌമിനിടീച്ചറുടെ ഭര്‍ത്താവ് ആവേശത്തോടെ പറയുകയായിരുന്നു."ഞങ്ങടെ ഡിസ്ട്രിക്ടില്‍ വന്നു നോക്ക് ഇഷ്ടാ-ഓരോ വീട്ടിലും മൂന്നും നാലും കാറുകളാ. നാടനൊന്നുമല്ല-അസ്സല്‍ വിദേശി.''

നിലത്തു ചിതറിക്കിടക്കുന്ന സിഗരറ്റിന്റെ ചാരം. ടീപ്പോയില്‍ നിറച്ച ഗ്ളാസിനടിയില്‍ അലക്ഷ്യമായി നിവര്‍ത്തിയിട്ട വര്‍ത്തമാനപ്പത്രത്തില്‍ എണ്‍പതു കഴിഞ്ഞ വൃദ്ധയുടെയും ഏഴുമാസം പോലും പ്രായമാകാത്ത കുഞ്ഞിന്റെയും ബലാത്സംഗവാര്‍ത്തകള്‍.....

സൌമിനിടീച്ചറുടെ ഉള്ളില്‍ കൊളുത്തൂരിയ കുറേ ജനാലകള്‍ കടപട ശബ്ദത്തോടെ തുറന്നടയുകയാണ്. പതിഞ്ഞ ശബ്ദത്തില്‍ അവര്‍ ഭര്‍ത്താവിനെ ഓര്‍മ്മിപ്പിക്കുന്നു-"നേരം ആറരയാകുന്നു, മോള്‍ കോളേജ് വിട്ട് എത്തിയില്ല''.

ഭര്‍ത്താവ് ഉറക്കെ ചിരിക്കുന്നു-"അവള്‍ വന്നോളും എന്റെ സൌമിനീ''-പിന്നെ സുഹൃത്തിനോടായി മുഴുമിപ്പിക്കുന്നത് ഇങ്ങനെയും-"ഇതാ ഇപ്പഴത്തെ സ്ത്രീകളുടെ കുഴപ്പം. സ്വാതന്ത്ര്യം കൊടുത്താലും കൊടുത്തില്ലെങ്കിലും പരാതി.''

ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കണ്ണുകള്‍ ടെലിവിഷനിലെ സുന്ദരിയുടെ വടിവുകളിലേക്ക് നിറച്ച ഗ്ളാസിന്റെ മറവുപറ്റി ഓടിയോടി ചെല്ലുന്നതു സൌമിനിടീച്ചര്‍ കണ്ടു.

ഓരോ പുരുഷനിലും അവസരം പാര്‍ത്തിരിക്കുന്ന ഒരു തെമ്മാടി വസിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ മരപ്പാലത്തിലൂടെ നടക്കുന്ന ഓരോ സ്ത്രീയുടെയും കാല്‍ക്കീഴില്‍ നിന്നു സുരക്ഷിതത്വത്തിന്റെ മരപ്പലക വലിക്കപ്പെടുന്നുവെന്നു സൌമിനിടീച്ചര്‍ അറിഞ്ഞു.

വിവശമായ മനസ്സോടെ ടീച്ചര്‍ മകളെയും കാത്ത് ഊണ്‍തളത്തിലെ ജനലിനരികിലായി ചെന്നുനിന്നു.

സൂര്യനസ്തമിച്ചതുപോലും അറിയാത്തവിധം ജീവിതം ആഘോഷിക്കുന്ന നഗരം.

കോളേജുവിട്ട് ഇനിയും എത്താത്ത മകള്‍ ഇപ്പോള്‍ സൌമിനിടീച്ചറുടെ മനസ്സില്‍ വല്ലാത്തൊരു വേവലാതിയായി വളരുകയാണ്. നിരത്തിലൊരു പെണ്‍കുട്ടിയെ നിരന്തരം ബെല്ലടിച്ചുകൊണ്ട് സൈക്കിളില്‍ അനുധാവനം ചെയ്യുന്നു-ഒരു ചെറുപ്പക്കാരന്‍. നിസ്സംഗരായി കടന്നുപോകുന്ന ജനം. ആ പെണ്‍കുട്ടി പാതിനടന്നും പാതി ഓടിയും കാഴ്ചക്കപ്പുറത്തു മറയവേ സൌമിനിടീച്ചറുടെ മനസ്സില്‍ ഭീതി ആളിപ്പടരുകയാണ്.

സ്വീകരണമുറിയില്‍ നിലയുറയ്ക്കാതെ തെന്നുന്ന സംഭാഷണശകലങ്ങള്‍, ടെലിവിഷനില്‍ 'കൂടുതല്‍ ശക്തി കൂടുതല്‍ സൌന്ദര്യം', 'കൂടുതല്‍ കൂടുതല്‍' എല്ലാം വാഗ്ദാനം ചെയ്യുന്ന പരസ്യപ്രളയം. പുറത്ത് ആഴം വര്‍ധിക്കുന്ന ഇരുട്ട്‌. അതില്‍ പരിചിതമായ ഓരോ അടയാളവും അപ്രത്യക്ഷമാകുന്നതു സൌമിനിടീച്ചര്‍ കണ്ടു.

ഇരുട്ടു വ്യാപിക്കുകയാണ്. അന്തരീക്ഷം മുഴുവനും ഇറച്ചിയുടെ ഗന്ധം തങ്ങി നില്‍ക്കുന്നതുപോലെ. സര്‍വവും കാമത്താല്‍ മലിനീകരിക്കപ്പെടുന്നതുപോലെ.

വേവലാതിയുടെ ഗേറ്റ് തുറന്ന് സൌമിനിടീച്ചര്‍ ഇപ്പോള്‍ തീര്‍ത്തും വിജനമായ നിരത്തിലേക്കിറങ്ങി. വിജനമായ നിരത്തിന്റെ ഒരറ്റത്തുനിന്ന് അശ്ലീലമായ പാരഡിപോലെ ചുവന്ന ഒരു മാരുതിക്കാര്‍ തെന്നിയൊഴുകി വരുന്നത് അവര്‍ കണ്ടു. അതു കടന്നുപോകവെ, അതില്‍ നിന്നുയരുന്ന പൊട്ടിച്ചിരികള്‍ക്കിടയില്‍ പിന്‍സീറ്റിലെ ചില്ലിലമര്‍ന്ന നിസ്സഹായമായ ഒരു നോട്ടം. -ഒരു മകളുടെ-ഏതോ മകളുടെ, എങ്കിലും ഒരു മകളുടെ -എന്നു തിരിച്ചറിഞ്ഞ ആ അമ്മയില്‍നിന്ന് ആകുലമായ ഒരു നിലവിളി ദിഗന്തങ്ങള്‍ ഭേദിച്ചുയരവേ.....

അടച്ചിട്ട വീടുകള്‍ക്കുള്ളില്‍ ഇരുന്ന്, ഒരു നിരത്തിലെ, ഒരു ദേശത്തിലെ, രാജ്യത്തിലെ, ജനം മുഴുവന്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരുന്നു.

(യാത്രക്കിടയിലെ അനുഭവങ്ങള്‍ മാത്രമല്ല, വഴിയിലൂടെ നടന്നുപോകുമ്പോള്‍ മക്കളുടെ പ്രായമുള്ളവരില്‍ നിന്നുപോലും കേള്‍ക്കേണ്ടിവരുന്ന കമന്റുകള്‍, അതുണ്ടാക്കുന്ന മാനസിക വ്യഥ- എന്നിവയെക്കുറിച്ചെല്ലാം പ്രശസ്ത എഴുത്തുകാരി അഷിതയുടെ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിച്ച കഥ ഈയവസരത്തില്‍ പ്രസിദ്ധീകരിക്കുന്നു. കടപ്പാട്: സ്ത്രീ സപ്ലിമെന്റ്)

24 June, 2009

മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാരോ കൂലിത്തല്ലുകാരോ?

അച്ചടി മാധ്യമങ്ങളും (പത്രങ്ങള്‍, വാരികകള്‍ എന്നിവ) ദൃശ്യമാധ്യമങ്ങളും (ടെലിവിഷന്‍, സിനിമ, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ) അദൃശ്യവും ദൃശ്യവുമായ വലകള്‍ നെയ്തുകൊണ്ട് വാര്‍ത്തകളുടെയും ഇമേജുകളുടെയും അതിവേഗത്തിലുള്ള വ്യാപനത്തിലൂടെ ആഗോളീകരണ ശക്തികള്‍ക്കും സാമ്രാജ്വത്വത്തിനും ദേശീയ ഫാസിസത്തിനും വേരോട്ടമുണ്ടാക്കാനുള്ള ഒരു സാംസ്കാരിക പരിസരത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കനുകൂലമായി ഈ ആധുനിക മാധ്യമങ്ങളെയെല്ലാം ഉപയോഗിക്കാന്‍ സാധ്യതയുള്ളതുപോലെ പ്രതിലോമകരമായ ആശയങ്ങളുടെയും പ്രയോഗങ്ങളുടെയും സ്വതന്ത്ര വ്യാപനത്തിനുവേണ്ടി ആസൂത്രിതമായി ഉപയോഗിക്കാനുമാവുമെന്നുള്ള ചരിത്രപാഠങ്ങളും അനുഭവങ്ങളും നമ്മുടെ കണ്‍മുമ്പിലുണ്ട്. ഇന്ന് ഈ മാധ്യമങ്ങളില്‍ ഭൂരിപക്ഷവും മൂലധനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ജനവിരുദ്ധപക്ഷത്ത് നിലയുറപ്പിക്കുകയും സാമ്രാജ്യത്വത്തിന്റെയും വലതുപക്ഷത്തിന്റെയും കൂലിത്തല്ലുകാരായി അധഃപതിക്കുകയും ചെയ്തിട്ടുണ്ട്. പലരുടെയും നിക്ഷ്പക്ഷ നാട്യങ്ങളുടെ തിളങ്ങുന്ന ആടയാഭരണങ്ങള്‍ അഴിഞ്ഞുവീഴുകയും കുടിലതയുടെയും ക്രൌര്യത്തിന്റെയും യഥാര്‍ഥരൂപം പ്രകടമാകുകയും ചെയ്തിട്ടുണ്ട്. കമ്പോളശക്തികളുടെയും ഫാസിസ്റ്റു യുക്തികളുടെയും മുതലെടുപ്പുകള്‍ക്ക് ഈ മാധ്യമങ്ങള്‍ ഉപയോഗിക്കപ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍ വിലയ്ക്കെടുക്കപ്പെടുകയും ചെയ്യുന്ന ഒരന്തരീക്ഷനിര്‍മ്മിതി അതിവേഗം ശക്തിപ്രാപിക്കുന്നത് നമുക്ക് തൊട്ടറിയാനാവും. ആന്തരികവും ബാഹ്യവുമായ ആചാരാനുഷ്ഠാനങ്ങള്‍, പെരുമാറ്റരീതികള്‍, മൂല്യബോധം, അനുനിമിഷം തകര്‍ക്കപ്പെടുകയും പുനര്‍നിര്‍മ്മിതി നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പൊതുബോധം, എന്നിവയിലൊക്കെ അഴിച്ചുപണികളും പുനക്രമീകരണങ്ങളും നടത്തിക്കൊണ്ട് സാംസ്കാരികമായ അധിനിവേശത്തിലൂടെ സാമ്രാജ്യത്വാനുകൂലമായ ഒരു രാഷ്ട്രീയാന്തരീക്ഷം നിര്‍മ്മിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ അതിന്റെ എല്ലാമറകളും പൊളിച്ചുകളഞ്ഞുകൊണ്ട് ഭീഷണസാന്നിധ്യമായി വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയെ കീഴ്പ്പെടുത്താനും പൂര്‍ണനിയന്ത്രണത്തിലാക്കാനും ഇന്ത്യയിലെ ഇടതുപക്ഷമതേതരശക്തികളെ തകര്‍ക്കണമെന്ന് സാമ്രാജ്യത്വശക്തികള്‍ക്ക് നന്നായറിയാം. സാമ്രാജ്യത്വത്തിന്റെ അധിനിവേശശ്രമങ്ങളെ തടയാന്‍ ആശയപരമായും പ്രായോഗികമായും നേതൃത്വം നല്‍കുന്ന കമ്യൂണിസ്റ്റു ശക്തികളെ തകര്‍ത്തുകൊണ്ടുമാത്രമേ അതിന് മുന്നേറാനാവൂ. പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണത്തെ തടസ്സപ്പെടുത്തുകയും ആണവകരാറിനെ എതിര്‍ക്കുകയും, മതന്യൂനപക്ഷങ്ങള്‍ക്കുമേലുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുകയും ഒക്കെ ചെയ്യുന്ന ഇടതുപക്ഷശക്തികളെ തകര്‍ക്കാന്‍ അതിന് നേതൃത്വം നല്‍കുന്ന കമ്യൂണിസ്റ്റുശക്തികളെ പ്രത്യേകിച്ച് സി പി ഐ (എം) നെ പൂര്‍ണമായും തകര്‍ക്കേണ്ടതുണ്ട് എന്ന് മറ്റാരേക്കാളും സാമ്രാജ്യത്വശക്തികള്‍ക്കറിയാം. അത് ലക്ഷ്യം വെച്ചുകൊണ്ടാണ് കേരളത്തിലും ബംഗാളിലും സി പി ഐ (എം)നെ നാലുവശത്ത് നിന്നും മാധ്യമങ്ങളുടെ പിന്തുണയോടെ ഇവര്‍ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. സി പി ഐ (എം) നെ തകര്‍ക്കാന്‍ അതിന്റെ സംഘടനാസംവിധാനത്തെയും അതിന്റെ നേതൃത്വത്തെയും തകര്‍ക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ കരുത്തുറ്റ സംഘടനാ സംവിധാനത്തെ തകര്‍ക്കാന്‍ അതിന്റെ കോട്ടകള്‍പൊളിക്കേണ്ടതുണ്ട്.

അതുകൊണ്ടാണ് എല്ലാ മാധ്യമങ്ങളും അതിന്റെ വിലയ്ക്കെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരും പിണറായി വിജയനെ വളഞ്ഞാക്രമിക്കുന്നതും കണ്ണൂരിലെ ധീരരായ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും ശാരീരികമായി ആക്രമിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റുകളെയും വര്‍ഗീയ മത തീവ്രവാദസംഘടനകളെയും പിന്തുണയ്ക്കുന്നതും. കണ്ണൂരിലെ പാര്‍ട്ടിയെയും പാര്‍ട്ടിപ്രവര്‍ത്തകരെയും നേതാക്കളെയും തകര്‍ക്കാനായാല്‍ മറ്റുസ്ഥലങ്ങളില്‍ പാര്‍ട്ടിയെ തകര്‍ക്കുക താരതമ്യേന എളുപ്പമാണെന്ന് എതിരാളികള്‍ക്കറിയാം.

സാമ്രാജ്യത്വത്തിന്റെയും അതുമായി പ്രണയാതുരമായ ബന്ധം പുലര്‍ത്തുന്ന വര്‍ഗീയഫാസിസത്തിന്റെയും അജണ്ടകള്‍ പൂര്‍ണമായി നടപ്പിലാക്കുന്നതിനുവേണ്ടി വ്യത്യസ്തതലത്തിലുള്ള സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ മാധ്യമങ്ങളുടെ നേതൃത്വത്തില്‍ അരാഷ്ട്രീയമായ ഒരു മധ്യവര്‍ഗസമൂഹത്തെ രൂപപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നു. എല്ലാത്തരം കാപട്യങ്ങളെയും സംഘടനാശേഷിയെ നിരാകരിക്കുന്ന അരാഷ്ട്രീയതയെയും, ഇടതു പക്ഷ തീവ്രവാദത്തെയും പ്രകീര്‍ത്തിച്ചുകൊണ്ടാണ് ഈ മധ്യവര്‍ഗചിന്തകളും ജീവിതവും അതിന്റെ ചിറക് വിരിക്കുന്നത്. ദരിദ്രരും നിരാലംബരുമായ മനുഷ്യരെപ്പോലും മധ്യവര്‍ഗകാപട്യങ്ങള്‍ക്കും ചിന്തകള്‍ക്കും ആര്‍ത്തികള്‍ക്കും കീഴ്പ്പെടുത്തിക്കൊണ്ട് ആധിപത്യത്തിന്റെ, അരാഷ്ട്രീയതയുടെ വന്‍തുരുത്തുകള്‍ നിര്‍മ്മിച്ചെടുക്കുന്നതിന് ഈ മാധ്യമങ്ങള്‍ കിണഞ്ഞുശ്രമിക്കുകയാണ്. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, സാധാരണദരിദ്രജനവിഭാഗങ്ങള്‍ എന്നിവരുടെയൊക്കെ ജീവിതാവശ്യങ്ങളിലേക്കും വികസനങ്ങളിലേക്കും ശ്രദ്ധപതിപ്പിക്കാതെ സമ്പന്നമധ്യവര്‍ഗ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ഒരു വികസനസങ്കല്‍പ്പത്തെ വളര്‍ത്തിയെടുക്കുകയും ഈ പാവപ്പെട്ട ജനവിഭാഗങ്ങള്‍പോലും സ്വന്തം താല്‍പ്പര്യങ്ങളെ വിസ്മരിച്ചുകൊണ്ട്, തങ്ങള്‍ക്ക് അന്യമായ വികസന-വിദ്യാഭ്യാസനയങ്ങളെ പിന്തുണയ്ക്കുന്ന ഒരു രാഷ്ട്രീയ സാംസ്കാരികാന്തരീക്ഷം കേരളത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണ്.

ധനികരുടെയും ഇടത്തരക്കാരുടെ ജീവിതസൌകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയും കമ്പോളത്തിലെത്തുന്ന ആധുനിക ഉപകരണങ്ങളും വസ്തുക്കളും വാഹനങ്ങളും സ്വന്തമാക്കുകയും കൂടുതല്‍ നല്ലതിനുവേണ്ടിയുള്ള അശാന്തമായ ഓട്ടം തുടരുകയും ചെയ്യുമ്പോള്‍ ദരിദ്രജനവിഭാഗങ്ങള്‍വെറും കാഴ്ചക്കാരായി ഞെരുങ്ങുകയും തളര്‍ന്നു വീഴുകയും പിന്തള്ളപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. കേരളത്തില്‍ ദാരിദ്ര്യമോ ദരിദ്രരോ തീരെയില്ലായെന്ന അസംബന്ധപ്രചാരണങ്ങള്‍ സമൂഹത്തിന്റെ പൊതുബോധത്തില്‍ നിരന്തരം നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ദരിദ്രരെ അവഗണിക്കുകയും എല്ലാം മധ്യവര്‍ഗത്തിന്റെയും സമ്പന്നരുടെയും സൌകര്യങ്ങള്‍ക്കു വേണ്ടിയെന്ന് വ്യാഖ്യാനിക്കപ്പെടുകയും നിര്‍വ്വചിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. മാധ്യമങ്ങളാകട്ടെ രാഷ്ട്രീയവൃത്തങ്ങളിലെ ഗോസിപ്പുകളും പടലപിണക്കങ്ങളും വ്യക്തികേന്ദ്രീകൃതതര്‍ക്കങ്ങളും വിഷയമാക്കി ദിവസവും തുടര്‍ക്കഥകള്‍ മെനയുന്നു. സത്യത്തിന്റെ തരികളുള്ള നുണകളുടെ ഭാവനാവിലാസങ്ങള്‍ അവര്‍ കെട്ടിപ്പൊക്കുന്നു. പൈങ്കിളിവാരികകളിലെ തുടര്‍ക്കഥകളും ടെലിവിഷനിലെ സീരിയലുകളും കാത്തിരിക്കുന്നവരെപ്പോലെ വാര്‍ത്താമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളും ഫീച്ചറുകളും വായിക്കുന്നവരെയും മാറ്റിത്തീര്‍ത്തുകൊണ്ടിരിക്കുന്നു.

കേരളസമൂഹവും ഇന്ത്യന്‍ സമൂഹവും ലോകമാകെത്തന്നെയും നേരിടുന്ന തീവ്രമായ പ്രശ്നങ്ങളും സംഘര്‍ഷങ്ങളും പോംവഴികളും രാഷ്ട്രീയമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു തെരഞ്ഞെടുപ്പായിരുന്നു ഇപ്പോള്‍ കഴിഞ്ഞത്. വികസനത്തിന്റെ പേരില്‍ ദിവസവും ഉയര്‍ന്നുകൊണ്ടിരുന്ന രമ്യഹര്‍മ്മങ്ങളുടെയും വലിയ കെട്ടിടസമുച്ചയങ്ങളുടെയും റോഡില്‍ ജനങ്ങളെ കൊന്നു വീഴ്ത്തിക്കൊണ്ടോടുന്ന ആര്‍ഭാടവാഹനങ്ങളുടെയും സ്വാശ്രയകച്ചവടസ്ഥാപനങ്ങളുടെ അഹങ്കാരഗര്‍ജ്ജനങ്ങളുടെയും ഷെയര്‍ മാര്‍ക്കറ്റുകളിലെ ചൂതുകളികളുടെയും ഇടയില്‍ തങ്ങളുടെ ചെറിയ ജീവിതങ്ങളുമായി സാധാരണ മനുഷ്യര്‍ അന്തംവിട്ടുനില്‍ക്കുകയായിരുന്നു. അപ്പോഴൊക്കെ നമ്മുടെ മാധ്യമങ്ങള്‍ കോടിക്കണക്കിന് പാവപ്പെട്ടവരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നോ അതോ ധനികന്യൂനപക്ഷത്തിന്റെ ആര്‍ഭാടങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പുറകെ പായുകയായിരുന്നോ?

പ്രശസ്തനും വ്യത്യസ്തനുമായ പത്രപ്രവര്‍ത്തകനായ പി സായ്നാഥ് ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള ചില വസ്തുതകളുണ്ട്.* ഇന്ത്യയിലെ കര്‍ഷകരുടെ ദുരിതങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും വാര്‍ത്തകളില്‍ തീരെ സ്ഥാനം കൊടുക്കാത്തവര്‍ 2005ലെ ലാക്മെ ഇന്ത്യ ഫാഷന്‍ വീക്കിനുവേണ്ടി എത്രമാത്രം പ്രാധാന്യവും സ്ഥലവും സമയവും അനുവദിച്ചു എന്നദ്ദേഹം പരിശോധിക്കുന്നുണ്ട്. ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകത്തൊഴിലാളികളും ദില്ലിയിലെ തെരുവുകളിലൂടെ മാര്‍ച്ച് ചെയ്യുകയും അവരുടെ യൂണിയനുകള്‍ ഒരു പത്രസമ്മേളനം നടത്തുകയും ചെയ്താല്‍ അഞ്ചോ ആറോ പത്രപ്രവര്‍ത്തകരായിരിക്കും പത്ര സമ്മേളനത്തില്‍ പങ്കെടുക്കുകയെന്നും, പത്രങ്ങള്‍ ഒരു ഫോട്ടോയും രണ്ടു കോളം വാര്‍ത്തയും നല്‍കിയായിരിക്കും ഇതിനോട് പ്രതികരിക്കുകയെന്നും സായിനാഥ് പറയുന്നു. എന്നാല്‍ 2004ലെ ലാക്മെ ഇന്ത്യ വീക്കിനെക്കുറിച്ച് പത്രങ്ങളില്‍ നാലുലക്ഷം വാക്കുകള്‍ അച്ചടിച്ചുവന്നു. ടെലിവിഷനുകളില്‍ 1000 മിനിട്ടിലധികം സമയം ലഭിച്ചു. ടി വിക്കുവേണ്ടി 800 മണിക്കൂര്‍ വീഡിയോ ഫുട്ടേജ് ഷൂട്ട് ചെയ്തു. 10000 റോള്‍ ഫിലിം ഫോട്ടോകള്‍ക്കായി ഉപയോഗിച്ചു. ഇത് നമ്മുടെ മാധ്യമങ്ങളുടെ ധാര്‍മ്മികതയെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചും വാര്‍ത്തകള്‍ക്ക് നല്‍കുന്ന മുന്‍ഗണനകളെക്കുറിച്ചുമുള്ള ഞെട്ടിപ്പിക്കുന്ന അറിവുകള്‍ ആവേണ്ടതാണ്.

രാഷ്ട്രീയപ്രവര്‍ത്തനം വെറുക്കപ്പെടേണ്ടതും അകലം സൂക്ഷിക്കേണ്ടതും ആയ ഒന്നായി അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ വാര്‍ത്തമാധ്യമങ്ങള്‍ ഏറെ സ്ഥലവും സമയവും വിനിയോഗിക്കുന്നത് രാഷ്ട്രീയത്തിനു വേണ്ടിയാണെന്നുള്ളതാണ് ഒരു വൈരുദ്ധ്യം. രാഷ്ട്രീയ വാര്‍ത്തകള്‍ മാത്രമല്ല, ശാസ്ത്രം, സാംസ്കാരികം, പുസ്തകങ്ങള്‍ എന്നിവയ്ക്കൊക്കെ മതിയായ പ്രാധാന്യം നല്‍കേണ്ടതാണെങ്കിലും ആരും അത് നല്‍കുന്നില്ലല്ലോ. മാധ്യമങ്ങളുടെ വലതുപക്ഷ താല്‍പ്പര്യങ്ങളും സാമ്പത്തിക ബന്ധങ്ങളും ഇടതുപക്ഷാശയങ്ങളെ തകര്‍ക്കാന്‍ പുതിയ തന്ത്രങ്ങളും കൂടുതല്‍ സമയവും കണ്ടെത്താനുള്ള ശ്രമങ്ങളാണിന്ന് നടക്കുന്നത്. വലതുപക്ഷ താല്‍പ്പര്യങ്ങള്‍ക്ക് കീഴ്പ്പെട്ട്, ജീവിക്കേണ്ടി വരുന്ന ഭൂരിപക്ഷ മര്‍ദ്ദിതജനതയുടെ ഏക ആശ്രയവും കരുതല്‍ ധനവും അവര്‍ക്ക് സാധ്യമാവുന്ന സംഘടനാനിര്‍മ്മിതിയാണ്. നിവര്‍ന്നു നില്‍ക്കാനവര്‍ക്ക് കഴിവുണ്ടാക്കിക്കൊടുക്കുന്നത് അവര്‍ തന്നെ പൊരുതിയുണ്ടാക്കിയ സംഘടനകളാണ്. പ്രത്യേകിച്ചും ഇടതുപക്ഷ സംഘടനകളും കമ്യൂണിസ്റ്റ് പാര്‍ട്ടിയും. ഈ സംഘടനകളുടെ ഏകശിലാരൂപത്തിലുള്ള ഘടനയെയും കരുത്തിനെയും നിശ്ചയദാര്‍ഢ്യത്തെയും തകര്‍ത്തുകൊണ്ടു മാത്രമേ അമേരിക്കന്‍ സാമ്രാജ്യത്വത്തിനും നവമുതലാളിത്തത്തിനും മുമ്പോട്ടു സഞ്ചരിക്കാനാവൂ. അതുകൊണ്ടവര്‍ക്ക് സംഘടനയെ തകര്‍ക്കാന്‍ ആധുനികമായ പുതിയ രീതികള്‍ സ്വീകരിക്കേണ്ടതുണ്ട്. സംഘടനയുടെ തിരഞ്ഞെടുക്കപ്പെട്ട നേതൃത്വം ക്രിമിനലുകളാണെന്നും പുരോഗമനവിരുദ്ധരാണെന്നും മാര്‍ക്സിസ്റ്റ് നയങ്ങളെ കയ്യൊഴിയുന്നവരാണെന്നും പ്രചരിപ്പിക്കുകയും വ്യക്തി പ്രഭാവസിദ്ധാന്തം പ്രായോഗികവല്‍ക്കരിച്ചുകൊണ്ട് സംഘടനതന്നെ അപകടകരമാണെന്നും വ്യക്തികളാണ് പോരാളികളെന്നും മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടകളിലൂടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

തങ്ങളുടെ രാഷ്ട്രീയസാംസ്കാരിക അറിവുകള്‍ രൂപീകരിക്കുന്നതിന് സമൂഹം ഏറെക്കുറെ ആശ്രയിക്കുന്നത് മാധ്യമങ്ങളെയാണ്. കേരളം മറ്റുപല സംസ്ഥാനങ്ങളേക്കാള്‍ വളരെ കൂടുതല്‍ ഒരു മാധ്യമാശ്രിതസമൂഹമായതുകൊണ്ട്. മാധ്യമങ്ങളുടെ ഇടപെടലുകള്‍ കൂടുതല്‍ വലതുപക്ഷാനുകൂലമാക്കിത്തീര്‍ക്കുന്നതിന് ജനവിരുദ്ധശക്തികള്‍ക്ക് സാധ്യമാവുന്നുണ്ട്. സാര്‍വ്വദേശീയവും ദേശീയവുമായ രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങള്‍ക്കൊണ്ട് ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഇടതുപക്ഷത്തേക്കും അതിന്റെ സംഘടനാബലത്തിലേക്കും പ്രതീക്ഷയോടെ ഉറ്റു നോക്കുന്നതുകൊണ്ട്, ഈ മാധ്യമങ്ങള്‍ക്കും അതിന്റെ പിറകിലുള്ള ശക്തികള്‍ക്കും കൂടുതല്‍ ഇടതുപക്ഷവിരുദ്ധമായ ഒരാശയാടിത്തറ പണിതുയര്‍ത്തേണ്ടതുണ്ട്. അവര്‍ക്ക് അതിനായി ഇടതുപക്ഷ ശക്തികളുടെ നേതൃനിരയിലുള്ള സി പി ഐ (എം)ന്റെ സംഘടനാശേഷിയെയും തീരുമാനങ്ങള്‍ക്ക് രൂപംകൊടുക്കുന്ന സംഘടനാസംവിധാനങ്ങളെയും ദുര്‍ബ്ബലപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യേണ്ടതുണ്ട്. അവര്‍ അതിനായിട്ടാണ് ചരിത്രപ്രക്രിയയുടെ ഭാഗമെന്ന നിലയിലുള്ള രാഷ്ട്രീയ പോരാട്ടങ്ങളെ വേര്‍പെടുത്തി തമസ്കരിക്കുകയും പകരം വ്യക്തികളുടെ പൊലിപ്പിച്ചെടുക്കുന്ന അതിശയോക്തി കലര്‍ന്ന സാങ്കല്‍പ്പിക സിദ്ധികളിലേക്ക് എല്ലാ ശ്രദ്ധയും കേന്ദ്രീകരിച്ചുകൊണ്ട് ഒരു യുദ്ധതന്ത്രം മെനയുകയും ചെയ്യുന്നത്. ഒരു സംഘടനയ്ക്കകത്ത് വളര്‍ന്നു വരാവുന്ന നിരവധി പ്രശ്നങ്ങളെ, ആശയവ്യതിയാനങ്ങളെ, പ്രത്യയശാസ്ത്രചര്‍ച്ചകളെ, പുതിയ കുതിപ്പുകളെ, ഒക്കെ നല്ല വ്യക്തികളും ചീത്തവ്യക്തികളും തമ്മിലുള്ള അധികാരപോരാട്ടമായി ചുരുക്കുകയും സംഘടനകളെയും സമൂഹത്തെ തന്നെയും അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. സംഘടനയെ ദുര്‍ബ്ബലപ്പെടുത്താനും തകര്‍ക്കാനുമായാല്‍ തങ്ങളുടെ സാമ്രാജ്യത്വ അജണ്ടകള്‍ എതിര്‍പ്പുകളില്ലാതെ ശക്തമായി നടപ്പിലാക്കാനാവും എന്നവര്‍ക്കറിയാം. മാധ്യമങ്ങളിലെ 'വിദഗ്ധരെ' കൂട്ടുപിടിച്ചുകൊണ്ട് അവര്‍ സി പി ഐ (എം) നുള്ളില്‍ നടക്കുന്ന ചര്‍ച്ചകളെയും സംവാദങ്ങളെയും തലകീഴായി വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. 2006ലെ തെരഞ്ഞെടുപ്പില്‍ സിപി ഐ (എം)ന്റെ നേതൃത്വത്തില്‍ ഇടതുപക്ഷജനാധിപത്യ മുന്നണി നേടിയ ഉജ്ജ്വലവിജയത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്നു വരെ മാധ്യമങ്ങള്‍ എഡിറ്റോറിയലുകളും ഫീച്ചറുകളും എഴുതി. 'വി എസ് നേടിയ വിജയം പിണറായി കൈപ്പിടിയിലൊതുക്കുന്നു' എന്ന തലക്കെട്ട് കൊടുത്തുകൊണ്ട് പാര്‍ട്ടി സംഘടനയെ അപ്രസക്തമാക്കുന്നു.

മന്ത്രിസഭാരൂപീകരണത്തിലും വകുപ്പുവിഭജനത്തിലും സര്‍ക്കാരിന്റെ നയരൂപീകരണത്തിലും ഭരണകാര്യങ്ങളിലും സി പി ഐ (എം)ന് എന്തവകാശം എന്ന അസാധാരണവും അസംബന്ധജഡിലവുമായ ചോദ്യം, മാധ്യമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട് സമൂഹത്തിന്റെ പൊതുബോധത്തില്‍ ഇടപെടലുകള്‍ നടത്തുന്നു. ഈ രാജ്യത്തെ ഭരണ സംവിധാനങ്ങള്‍ക്കും ജനജീവിതത്തിനും അതീവഗുരുതരമായ അപകടങ്ങള്‍ സംഭവിക്കുന്നു എന്ന രീതിയില്‍ ഭീതി ജനിപ്പിച്ചുകൊണ്ട് ഭരണം എ കെ ജി സെന്ററില്‍ നിന്നാണെന്ന് ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. സി പി ഐ (എം) ന്റെ നേതൃത്വത്തിലുള്ള മുന്നണി ജയിച്ചുവന്നാല്‍ എ കെ ജി സെന്ററില്‍ നിന്നു തന്നെയാണ് ഭരണസംവിധാനത്തെയാകെയും മന്ത്രിസഭയെയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതെന്ന ജനാധിപത്യത്തിന്റെ പ്രാഥമികയാഥാര്‍ഥ്യത്തെ നുണപ്രചരണങ്ങള്‍ക്കൊണ്ട് ഈ മാധ്യമങ്ങള്‍ തമസ്കരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ മുമ്പോട്ട് വെക്കുന്ന നയപരിപാടികളുടെ അടിസ്ഥാനത്തില്‍, അതാത് പാര്‍ട്ടികള്‍ തന്നെ തീരുമാനമെടുത്തു സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുകയും മത്സരരംഗത്തിറക്കി വിജയം നേടുകയുമാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പിലെ വിജയത്തോടെ പാര്‍ട്ടി രംഗമൊഴിയുകയും വെറും നോക്കുകുത്തികളായി നില്‍ക്കണമെന്ന് ആഗ്രഹിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന 'മാധ്യമവിദഗ്ധന്മാരുമായി തികച്ചും സുതാര്യവും ജനാധിപത്യപരവുമായ ഒരു സംവാദം കേരളത്തിലുയര്‍ന്നു വരേണ്ടതുണ്ട്.

ജനങ്ങള്‍ ഏതെങ്കിലും കുറെ വ്യക്തികളുടെയോ നേതാക്കന്മാരുടെയോ മേന്മകളെ കണ്ടുകൊണ്ടല്ല വോട്ടു ചെയ്യുന്നതെന്നും തികച്ചും രാഷ്ട്രീയമായ അടിസ്ഥാനത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും അറിയാത്ത നിഷ്കളങ്കരോ അജ്ഞാനികളോ അല്ല മാധ്യമ ഉടമകളും മാധ്യമപ്രവര്‍ത്തകരും. ജനങ്ങളര്‍പ്പിച്ച വിശ്വാസത്തെ സംരക്ഷിക്കുകയും ജനങ്ങള്‍ ആഗ്രഹിക്കുന്ന ഭരണം നല്‍കുകയും ചെയ്യേണ്ടത് തെരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടികളുടെ ഉത്തരവാദിത്തമാണെന്നറിയാത്തവരല്ല നമ്മളുടെ മാധ്യമങ്ങള്‍. സി പി ഐ (എം)ന്റെ ആസ്ഥാനം എ കെ ജി സെന്ററിലാണെന്നുള്ളതുകൊണ്ടു തന്നെ തീര്‍ച്ചയായും ഭരണകാര്യങ്ങളിലുള്ള തീരുമാനങ്ങള്‍ ജനങ്ങള്‍ക്കനുകൂലമായിത്തീരുന്നതിനുവേണ്ടി നിരന്തരമായും സൂക്ഷ്മമായും ഭരണകാര്യങ്ങളെയും നടപടികളെയും അവിടെനിന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. മാര്‍ഗനിര്‍ദ്ദേശം നല്‍കേണ്ടതുണ്ട്. ഇന്ന് ഭരണം എ കെ ജി സെന്ററിലാണെന്നും പിണറായി വിജയനാണ് നയിക്കുന്നതെന്നും വിലപിക്കുന്നതിന്റെ പുറകില്‍ നേരത്തെപറഞ്ഞ അജന്‍ഡകളുണ്ട്. സംഘടനകളെയും ഭരണകൂടസമ്പ്രദായങ്ങളെയും സ്ഥാപനങ്ങളെയും തീര്‍ത്തും അവഗണിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ട്, അതൊക്കെ ജനാഭിലാഷങ്ങള്‍ക്കും സാമാന്യനീതിക്കും എതിരാണെന്ന് വരുത്തിതീര്‍ക്കുകയും പകരം ഒറ്റയാള്‍ പോരാട്ടങ്ങളുടെ ആള്‍ദൈവങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്തുകൊണ്ട് മാധ്യമങ്ങള്‍ കേരളത്തിന്റെ പൊതുബോധത്തിലെ ഇടതുപക്ഷാഭിമുഖ്യത്തെയും വിശ്വാസത്തെയും തകര്‍ക്കാനുള്ള വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. കമ്യൂണിസ്റ്റ് വിരുദ്ധര്‍, മുന്‍ കമ്യൂണിസ്റ്റുകാര്‍, രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിച്ച മുന്‍ നക്സലൈറ്റുകള്‍, പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍, വര്‍ഗീയവാദികള്‍, സമഗ്രമായ ദൈനംദിന രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ പരിഹസിക്കുന്ന ചില പ്രത്യേകവിഭാഗത്തില്‍പ്പെട്ട ആക്ടിവിസ്റ്റുകള്‍, എന്നിവരൊക്കെ പുതിയകാലത്തിന്റെ അപ്പസ്തോലന്മാരായും വലിയ വിപ്ലവകാരികളായും പ്രത്യക്ഷപ്പെട്ടുകൊണ്ട് ഒരു പുതിയ മുന്നണി കേരളത്തില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഈ മുന്നണി ഫലത്തില്‍ വലതുപക്ഷ ശക്തികളെ പിന്തുണയ്ക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നു.

ഈ മുന്നണിയെ രഹസ്യമായും പരസ്യമായും പിന്തുണച്ചിരുന്ന മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ഇന്ന് മുന്നണിയുടെ ഘടകകക്ഷികളായി പ്രവര്‍ത്തിക്കുന്ന കാഴ്ച കേരളീയരുടെ മുമ്പിലുണ്ട്. മനോരമ, ദീപിക, ചന്ദ്രിക തുടങ്ങിയ പത്രങ്ങള്‍ പരമ്പരാഗതമായി തന്നെ എക്കാലത്തും ഇടതുപക്ഷവിരുദ്ധമായ നിലപാടുകള്‍ പരസ്യമായി സ്വീകരിക്കുകയും കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തവരും ആകയാല്‍ വായനക്കാര്‍ അവരുടെ വാര്‍ത്തകളെയും അഭിപ്രായങ്ങളെയും വിവേചനബുദ്ധിയോടെയും സൂക്ഷ്മതയോടെയും വായിച്ചറിയാന്‍ സ്വയം പരിശീലനം നേടിയുള്ളവരാണ്. എന്നാല്‍ മാതൃഭൂമി ദിനപത്രം ദേശീയസ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ പിന്തുണച്ചിരുന്ന പാരമ്പര്യമുള്ള പത്രമെന്ന നിലയില്‍ ജനങ്ങളുടെ അംഗീകാരവും വിശ്വാസ്യതയും നേടിയതായിരുന്നു. പക്ഷേ കാലക്രമേണ ആ പത്രം ഒരു വ്യവസായ സ്ഥാപനമായി വളരുകയും ദേശീയസമരങ്ങളുടെ ഭാഗമായിരുന്നതിന്റെ പാരമ്പര്യത്തെയും വിശ്വാസ്യതയെയും കച്ചവടതാല്‍പ്പര്യങ്ങള്‍ക്കായും മറ്റ് വലതുപക്ഷ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കുമായി വിനിയോഗിച്ചു ചെയ്തുകൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റുപാര്‍ട്ടിയോട് ആശയപരമായി വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് എതിര്‍ത്തുവന്നിരുന്ന കെ പി കേശവമേനോന്റെയും മറ്റുള്ളവരുടെയും മര്യാദകളും നൈതികബോധവും ധാര്‍മ്മികതയും സാംസ്കാരിക ഔന്നത്യവും പില്‍ക്കാലത്ത് മാതൃഭൂമി പൂര്‍ണമായും കയ്യടക്കിയവര്‍ക്ക് ഇല്ലാതെയായി എന്ന് പരക്കെ അംഗീകരിക്കപ്പെട്ട ഒരു സത്യം.

എം പി വീരേന്ദ്രകുമാര്‍ മാതൃഭൂമിയുടെ പൂര്‍ണനിയന്ത്രണം ഏറ്റെടുത്തപ്പോള്‍ കേരളത്തിന്റെ സാമാന്യബോധത്തെ സ്വാധീനിക്കുന്ന ചില ധാരണകള്‍ രൂപപ്പെട്ടു. വീരേന്ദ്രകുമാര്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതാക്കളിലൊരാളായതുകൊണ്ടും അദ്ദേഹം തന്നെ അമേരിക്കന്‍ സ്വാധീനത്താലുള്ള ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായും പരിസ്ഥിതി സംരക്ഷണത്തിനനുകൂലമായും മറ്റും സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍കൊണ്ടും ഈ പത്രം ഇടതുപക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള ഒന്നാണെന്ന ഒരു ബോധം ഉണ്ടാക്കാനായി എന്നുള്ളതാണ് ഒരു ഘടകം. കുറേക്കാലത്തേക്കെങ്കിലും ഈ പത്രം സാമ്രാജ്യത്വവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ഇടതുപക്ഷാനുകൂല പത്രമാണെന്ന തെറ്റിദ്ധാരണ പരത്താന്‍ വീരേന്ദ്രകുമാറിന്റെ സാന്നിധ്യംകൊണ്ട് കഴിഞ്ഞു. അതുകൊണ്ട് ഈ പത്രം സി പി ഐ (എം) നും അതിന്റെ തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിനുമെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് തിരുത്തലിന്റെയും തെറ്റ് ചൂണ്ടിക്കാട്ടലിന്റെയും ഉദ്ദേശ്യശുദ്ധിയുണ്ടെന്ന് കുറെ വായനക്കാരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ അവരുടെ ഗൂഢതന്ത്രങ്ങള്‍ക്കായിട്ടുണ്ട്. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ മാതൃഭൂമി മാനേജ്‌മെന്റ് കുറേക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന അഭ്യാസങ്ങള്‍ അതിന്റെ പാരമ്യതയിലും അവസാനഘട്ടത്തിലുമാണ്. മനോരമയെ ഏറെ പുറകിലാക്കുന്ന തരത്തില്‍ തരംതാണ മാര്‍ക്സിസ്റ്റു വിരുദ്ധതയുടെ ഇടയലേഖനമായും ഗസറ്റായും ഈ പത്രം മാറിക്കഴിഞ്ഞു. മാതൃഭൂമിയുടെ എഡിറ്റോറിയല്‍ സ്റ്റാഫും മറ്റ് ജീവനക്കാരും മാത്രമല്ല അതിന്റെ വായനക്കാരില്‍ നല്ലൊരു പങ്കും മാതൃഭൂമിയുടെ മുതലാളി കുറേനാളായി നടത്തിക്കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റുവേട്ടയുടെ ദല്ലാള്‍ പണി തിരിച്ചറിഞ്ഞുകഴിഞ്ഞു. ജനതാദളിന് കോഴിക്കോട്ട് സീറ്റ് ലഭിക്കാതെ ആയതോടെ സമനില നഷ്ടമായ ഭീകരവാദികളെപ്പോലെ വീരേന്ദ്രകുമാര്‍ നേരിട്ട് എഡിറ്ററുടെ ചുമലിലെ എഡിറ്ററായി അമര്‍ന്നിരുന്ന് രണ്ടും കയ്യും കൊണ്ട് ആക്രാന്തത്തോടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരെയും യു ഡി എഫിനനുകൂലമായും കഥകളെഴുതിക്കൊണ്ടിരിക്കുകയാണ്. മാതൃഭൂമിയുടെ പുതിയ എഡിറ്ററായി കെ പി കേശവമേനോന്റെ കുടുംബപാരമ്പര്യവും ഹിന്ദുപത്രത്തിന്റെ അന്തസ്സിന്റെയും ധാര്‍മ്മികതയുടെയും പരിശീലനവും കൈമുതലാക്കിയുള്ള ഒരാള്‍ ചുമതലയേറ്റിരുന്നു എന്ന് കേട്ടുവെങ്കിലും അദ്ദേഹത്തെ വീരേന്ദ്രകുമാര്‍ ഇരുട്ടുമുറിയിലടച്ചിട്ടുണ്ടാവും എന്ന് കരുതാനേ ഇപ്പോള്‍ പുറത്തിറങ്ങുന്ന മഞ്ഞപ്പത്രനിലവാരമുള്ള പത്രത്താളുകള്‍ കാണുമ്പോള്‍ തോന്നുകയുള്ളൂ. ക്രൈമും അതിന്റെ ഉടമസ്ഥനുമായുള്ള വീരേന്ദ്രകുമാറിന്റെ ആത്മബന്ധം മാതൃഭൂമി പത്രത്തെയും പൂര്‍ണമായും മഞ്ഞയാക്കിയിരിക്കുന്നു എന്ന് ഖേദത്തോടെ അതിന്റെ വായനക്കാര്‍ മനസ്സിലാക്കുന്നു.

പിണറായി വിജയനെതിരെയും സി പി ഐ (എം)നെതിരെയും നേരത്തെ കൊടുത്ത കള്ളത്തരങ്ങള്‍ തന്നെ വാചകഘടന മാറ്റി പുതിയതെന്നനിലയില്‍ ദിവസവും അച്ചടിച്ചുകൊണ്ടിരിക്കുന്നു. ലാവ്ലിന്‍ ലാവ്ലിന്‍ എന്ന് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്ന മാതൃഭൂമി യു ഡി എഫ്, യു പി എ പുകഴ്ത്തലുകള്‍കൊണ്ട് പത്രത്താളുകള്‍ നിറയ്ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ വിരുദ്ധസമരപോരാളിയായി സ്വയം അഭിരമിക്കുന്ന വീരേന്ദ്രകുമാറിന്റെ പത്രം 10000 കോടി രൂപയുടെ ഇസ്രായേല്‍ ആയുധക്കച്ചവടത്തെക്കുറിച്ച് മൌനം പാലിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വഇടപെടലും സമ്മര്‍ദ്ദവും കൊണ്ടുണ്ടായിട്ടുള്ള. ദൂരവ്യാപകഫലങ്ങളുളവാക്കുന്ന ഇസ്രായേല്‍ ആയുധ ഇടപാടിലെ അഴിമതിയും മറ്റ് രാഷ്ട്രീയ പ്രത്യാഘാതങ്ങളും ഈ പത്രത്തിനും അതിന്റെ തലവനും ഒരു കോളം വാര്‍ത്തയുടെ പ്രാധാന്യം മാത്രമേയുള്ളൂ.

ഏപ്രില്‍ 9, 10 തീയതികളിലെ മാതൃഭൂമിയിലെ ചില വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഒരു പത്രത്തിന്റെ ധാര്‍മ്മികാധപതനത്തിന്റെയും കൂലിത്തല്ല് ധാര്‍ഷ്ട്യത്തിന്റെയും അവസ്ഥ മനസിലാകും. "9-ലെ പത്രത്തിലെ പ്രധാന വാര്‍ത്ത "ഉച്ചഭക്ഷണപ്പണം കൊണ്ട് ആഡംബരക്കാറുകള്‍ വാങ്ങുന്നു.'' എന്നാണ്. ഉച്ചഭക്ഷണം കഞ്ഞിയും പയറുമായിരുന്നതിനെ ചോറും കറികളുമാക്കി മാറ്റുകയും കൂടുതല്‍ പണമനുവദിക്കുകയും ചെയ്ത ഒരു സര്‍ക്കാരിനെതിരായാണ് ഈ വാര്‍ത്ത എന്നോര്‍ക്കണം. സോണിയാഗാന്ധിയുടെ സന്ദര്‍ശനവും പ്രസംഗവുമായി ബന്ധപ്പെട്ട് ആറു വലിയ വാര്‍ത്തകളും നാലു ചിത്രങ്ങളും ആണ് നല്‍കിയിട്ടുള്ളത്. ഒരു സോണിയ സപ്ലിമെന്റ്. അന്നു തന്നെ മറ്റൊരു ദേശീയ നേതാവ് പ്രകാശ് കാരാട്ട് കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ട്. ഒരു കോളം വാര്‍ത്തയോ ചിത്രങ്ങളോ നല്‍കിയിട്ടില്ല. 10-ാം തീയതി വീണ്ടും സോണിയ ഗാന്ധി ഗസറ്റ്. തലക്കെട്ട് ഇങ്ങനെ: "ഇന്ദിരയുടെ ശൈലിയില്‍ സോണിയ; ഊര്‍ജ്ജസ്വലമായി യു ഡി എഫ്.'' കോണ്‍ഗ്രസിറക്കുന്ന നോട്ടീസുകളില്‍ പോലും അവര്‍ പ്രയോഗിക്കാന്‍ മടിക്കുന്ന വിശേഷണങ്ങളോടെയുള്ള ഈ വാര്‍ത്തകളും വിശകലനങ്ങളും വായിക്കുമ്പോള്‍ ഇടതുപക്ഷമുന്നണിയെ പാഠം പഠിപ്പിക്കുമെന്ന് വീരവാദം മുഴക്കുന്ന ഒരു വീരേന്ദ്രകുമാര്‍ ഈ വാര്‍ത്തകളില്‍ ഒളിഞ്ഞിരിക്കുന്നത് കാണാം.

സാമ്രാജ്യത്വത്തിന്റെ സൂക്ഷ്മമായ ഇടപെടലുകളും നിയന്ത്രണവും നിരീക്ഷണവും ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കും ബാധകമാണെന്ന് ആഗോള മാധ്യമങ്ങളുടെ ചരിത്രവും രാഷ്ട്രീയവും പരിശോധിക്കുന്നവര്‍ക്കറിയാന്‍ കഴിയും. അനന്തവും അജ്ഞാതവുമായ രീതികളിലൂടെ മാധ്യമങ്ങളുടെ നയങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും കൂട്ടാളികളും ഇടപെട്ടുകൊണ്ടേയിരിക്കുന്നുണ്ട്. ചിലത് അവര്‍ നിയന്ത്രിക്കുകയും ചിലത് അവര്‍ നേരിട്ട് വിലയ്ക്കെടുക്കുകയും ചെയ്യുന്നുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മൂലധന താല്‍പ്പര്യങ്ങളുടെ പങ്കുകച്ചവടക്കാരനും ആഗോള മാധ്യമസാമ്രാജ്യത്തിന്റെ തമ്പുരാനുമായ റൂപ്പോര്‍ട്ട് മുര്‍ദോക് കേരളത്തില്‍ ഏഷ്യാനെറ്റ് ചാനല്‍ വിലയ്ക്കുവാങ്ങിക്കൊണ്ട് അതിന്റെ സാമ്രാജ്യത്വ സാന്നിധ്യത്തെ അറിയിച്ചുകഴിഞ്ഞു. ഏഷ്യാനെറ്റ് വാര്‍ത്തകളുടെയും പരിപാടികളുടെയും മാറ്റം പരിശോധിച്ചാല്‍ അത് മനസ്സിലാവും. അവരും മുര്‍ദോക്കിന്റെ നിര്‍ദ്ദേശാനുസരണം മാര്‍ക്സിസത്തെ രക്ഷിക്കാനും സി പി ഐ (എം)നെ നേര്‍വഴിക്ക് നടത്താനുമുള്ള വിപ്ലവപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ്. മുര്‍ദോക്കിന്റെ മാധ്യമ സാമ്രാജ്യത്തില്‍ ഏഷ്യാനെറ്റ് അതിന്റെ വലിപ്പവും കച്ചവടസാധ്യതയും ലാഭവും വെച്ച് കണക്കാക്കുമ്പോള്‍ വളരെ അപ്രസക്തമാണ്. പക്ഷേ ചാനലിന്റെ വരുമാനത്തിനപ്പുറമുള്ള അതിന്റെ രാഷ്ട്രീയലക്ഷ്യങ്ങളാണ് ഈ കച്ചവടത്തിനു പിറകിലുള്ള പ്രേരണയെന്ന് കാണാന്‍ വിഷമമില്ല. അവര്‍ നടത്തുന്ന ചര്‍ച്ചകളും വിശകലനങ്ങളും തെരഞ്ഞെടുപ്പ് സര്‍വ്വേകളും ഒക്കെ വിദേശനിയന്ത്രിത താല്‍പ്പര്യങ്ങളുടെ കാണാമറയത്ത് നിന്ന് പ്രത്യക്ഷ ഇടപെടലിന്റെയും രാഷ്ട്രീയതാല്‍പ്പര്യങ്ങളുടെയും സാന്നിധ്യമായി മാറുന്നത് വേഗം തിരിച്ചറിയാനാകും.

ഇന്ന് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കണ്ടെത്തി ജനങ്ങള്‍ക്കെത്തിക്കുകയും ജനങ്ങളുടെ പീഢിതാവസ്ഥകളില്‍ അവരുടെ നാവായി സംസാരിക്കുകയും ചെയ്യുകയല്ല ചെയ്യുന്നത്. അവര്‍ സ്വന്തം രാഷ്ട്രീയ-മൂലധന താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി വാര്‍ത്തകള്‍ നിര്‍മ്മിക്കുകയും ജനങ്ങളെ ബന്ദിയാക്കി നാവരിഞ്ഞു കൊണ്ട് അധാര്‍മ്മികമായി നിര്‍മ്മിക്കുന്ന വാര്‍ത്തകളുടെ വാറ്റുചാരായം വായിലേക്കൊഴിച്ചുകൊടുത്തു കൊണ്ടിരിക്കുകയുമാണ്. ഈ മാധ്യമമുന്നണിക്ക് ഏത് രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ചീത്തവിളിക്കാം, അവര്‍ക്കെതിരെ അടിസ്ഥാനരഹിതമായ നുണക്കഥകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കാം, ഏത് വ്യക്തികളുടെയും സ്വകാര്യതകളിലേക്ക് ഇടിച്ചു കയറാം, എന്ത് വേണമെങ്കിലും ചെയ്യാം. അവര്‍ക്കെതിരെ ആരെങ്കിലും ശബ്ദിച്ചാല്‍, മറുത്തൊരു ന്യായമോ, യാഥാര്‍ഥ്യമോ ചൂണ്ടിക്കാണിക്കുകയോ, എഴുതുകയോ പ്രസംഗിക്കുകയോ ചെയ്താല്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഭൂമി മലയാളത്തെ കീഴ്‌മേല്‍ മറിക്കും. തീര്‍ച്ചയായും ജനാധിപത്യത്തിന്റെ കാവല്‍ക്കാരായി, പടയാളികളായി, അതിരുകളില്ലാത്ത മാധ്യമസ്വാതന്ത്ര്യത്തോടെ പത്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയണം എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ സ്വയം ഓര്‍മ്മിപ്പിക്കുന്ന ധാര്‍മ്മികത എപ്പോഴും പേനത്തുമ്പിലും ക്യാമറക്കണ്ണുകളിലും ജാഗ്രതയോടെ ഒരുങ്ങിനില്‍ക്കണം. പത്രങ്ങളുടെ സാമ്രാജ്യത്തിലേക്ക് ടെലിവിഷന്‍ ചാനലുകള്‍ കൂടി എത്തിയതോടെ ജനാധിപത്യത്തിന്റെ കാവല്‍ കൂടുതല്‍ ശക്തമാവേണ്ടതാണ്. പക്ഷേ കാര്യമായ രാഷ്ട്രീയ ബോധമോ, ചരിത്രബോധമോ, മാധ്യമ സംസ്കാരമോ ഇല്ലാത്ത റിപ്പോര്‍ട്ടര്‍മാരും വ്യാഖ്യാതാക്കളും ടെലിവിഷന്റെ ദൃശ്യസാധ്യതയുടെയും അധികാരത്തിന്റെയും പേരില്‍, വിലസുകയാണ്. അവര്‍ എല്ലാ ദിവസവും തല്‍സമയറിപ്പോര്‍ട്ടുകളും വ്യാഖ്യാനങ്ങളും നിഗമനങ്ങളും നല്‍കുകയും ചര്‍ച്ചകളില്‍ പ്രമുഖരോട് ചോദ്യങ്ങള്‍ ചോദിക്കുകയും ഇടപെടുകയും ചെയ്തുകൊണ്ട്, ശക്തമായ അധികാരസാന്നിധ്യമായിത്തീരുന്നു. രാഷ്ട്രീയപ്രവര്‍ത്തകരിലും നേതാക്കളിലുംപെട്ട പലര്‍ക്കും ഇവരെ പേടിയോ ആവശ്യത്തില്‍കവിഞ്ഞ ബഹുമാനമോ ആണ്. അവര്‍ പിണങ്ങിയാല്‍ സ്വന്തം രാഷ്ട്രീയ ഭാവി തകരുമോ എന്ന് ഭയക്കുന്നവരാണ് കൂടുതലും.

കുറേ നാളുകളായി മലയാള മാധ്യമ രംഗത്ത് നടക്കുന്ന വേട്ടകളുടെയും ആക്രമണങ്ങളുടെയും പിന്നാമ്പുറക്കഥകള്‍ അന്വേഷിക്കേണ്ടതുണ്ട്. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അധോലോകനായകന്റെയും വില്ലന്റെയും അഴിമതിക്കാരന്റെയും ഒരു മുഖം നിര്‍മ്മിച്ച് കൊടുത്തിരിക്കുകയാണ് ഈ സംഘം. പിണറായി വിജയന്‍ നേരിട്ടിട്ടുള്ളതു പോലെയുള്ള സംഘടിതമായ ആക്രമണം ഒരുപക്ഷേ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനു നേരെയും ഉണ്ടായിട്ടുണ്ടാവില്ല. ഈ ആക്രണണങ്ങളുടെയും കള്ളത്തരങ്ങളുടെയും ഫലമായി ഈ മനുഷ്യന്‍ കേരളത്തിന്റെ രാഷ്ട്രീയ ചിത്രത്തില്‍ നിന്ന് സാധാരണഗതിയില്‍ അപ്രത്യക്ഷനാവേണ്ടതാണ്. ഫാരിസ് അബൂബേക്കര്‍, ലാവ്ലിന്‍ അഴിമതി, കമ്യൂണിസത്തെ കയ്യൊഴിഞ്ഞവന്‍, മുതലാളിമാരുടെ കൂട്ടുകാരന്‍, ആഡംബരജീവിതം നയിക്കുന്നവന്‍ എന്നൊക്കെപ്പറഞ്ഞ് കെ എം മാത്യുവിന്റെ മനോരമയും മനോരമവിഷനും വീരേന്ദ്രകുമാറിന്റെ മാതൃഭൂമിയും മുര്‍ദോക്കിന്റെ ഏഷ്യാനെറ്റും മുനീറിന്റെ ഇന്താവിഷനും ഒക്കെ തുടര്‍ച്ചയായ ആക്രമണം ആസൂത്രിതമായി നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഇവരും ഇവരുടെ മാധ്യമസിന്‍ഡിക്കേറ്റും മറന്നു പോയ ചില ചരിത്രപാഠങ്ങളുണ്ട്. പിണറായി വിജയന്‍ തന്നെ അവര്‍ക്കൊരു പാഠമാകേണ്ടതാണ്. സി പി ഐ (എം) സംഘടനയും അതിന്റെ അംഗങ്ങളും അനുഭാവികളും പിണറായി വിജയനെ വെറുക്കുകയും കയ്യൊഴിയുകയും ചെയ്തു എന്നാണവര്‍ രഹസ്യമായും പരസ്യമായും പറയുകയും എഴുതുകയും ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷേ പിണറായി വിജയന്‍ ശക്തനായ സംഘാടകനും നേതാവുമായി വര്‍ദ്ധിച്ച ജനപിന്തുണയോടെ പാര്‍ട്ടിയെ നയിക്കുന്നത് നവകേരളമാര്‍ച്ചിലൂടെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. മാതൃഭൂമിയടക്കമുള്ള പത്രങ്ങള്‍ ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുന്നില്ല. പകരം അവരുടെ വീഴ്ചകളും തെറ്റുകളും ചൂണ്ടിക്കാണിക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നവരെ അവര്‍ വൈരാഗ്യബുദ്ധിയോടെ തമസ്കരിക്കുകയും ചെയ്യുന്നു. ഒന്നു രണ്ടുദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം. മാതൃഭൂമി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും വ്യാഖ്യാനങ്ങളും നല്‍കിക്കൊണ്ടിരിക്കുകയും മുന്‍ മന്ത്രി ജി കാര്‍ത്തികേയന്റെ അസംബ്ളിയില്‍ നടത്തിയ കുറ്റസമ്മതപ്രസംഗം തമസ്കരിക്കുകയും ചെയ്തപ്പോള്‍ പ്രശസ്ത മനഃശ്ശാസ്ത്രജ്ഞനും കഥാകൃത്തുമായ ഡോ. എന്‍ എം മുഹമ്മദാലി വായനക്കാരന്‍ എന്ന നിലയില്‍ പത്രാധിപര്‍ക്ക് ഒരു കത്തെഴുതിക്കൊണ്ട് പത്രത്തിന്റെ ദേശീയ സ്വാതന്ത്ര്യസമരപാരമ്പര്യവും ധാര്‍മ്മികതയും ഓര്‍മ്മിപ്പിച്ചു. ഡോ. എന്‍. എം. മുഹമ്മദാലിയുടെ അഞ്ചുകഥകള്‍ മുന്‍പ് മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടതായിരുന്നു. പക്ഷേ ഈ കത്തിനു ശേഷം അദ്ദേഹത്തിന്റെ കഥകളുടെ നിലവാരം കുറഞ്ഞുപോവുകയും കഥകള്‍ പ്രസിദ്ധീകരിക്കാതെ തിരിച്ചയക്കുകയും ചെയ്തു. ഡോ. മുഹമ്മദാലിയുടെ അനുഭവം ഉണ്ടാവാതിരിക്കാന്‍ പ്രശസ്തരായ എഴുത്തുകാരൊക്കെ ശ്രദ്ധാലുക്കളാണ്. മറ്റൊന്ന് കഥാകൃത്ത് ആര്‍ ഉണ്ണിയുടെ 'ഞാന്‍ ആര്‍ എസ് എസു കാരനായിരുന്നു' എന്ന കുറ്റ സമ്മതലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്നതിനെതിരെ നടന്ന കോലാഹലമാണ്. ഈ ലേഖനം അച്ചടിച്ചതിന്റെ ഉത്തരവാദിയായ ആഴ്ചപ്പതിപ്പ് എഡിറ്റര്‍ കമല്‍റാം സജീവിനെതിരെ സംഘപരിവാറിന്റെ നിര്‍ദ്ദേശാനുസരണം രഹസ്യ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു എന്നുള്ളത് മാതൃഭൂമിക്കകത്തും പുറത്തും പ്രചരിച്ചിട്ടുള്ള സത്യമാണ്.

മാതൃഭൂമി പത്രത്തിന്റെയും ആഴ്ചപ്പതിപ്പിന്റെയും വായനക്കാരില്‍ ഒരു നല്ല വിഭാഗം സി പി ഐ (എം) ന്റെ അംഗങ്ങളോ അനുഭാവികളോ ഉണ്ടാവും. മാതൃഭൂമിയുടെ എം ഡി വീരേന്ദ്രകുമാറിന്റെ ധാര്‍മ്മികതയില്ലാത്ത നിലപാടിനെ നേരിടാന്‍, പാര്‍ട്ടി തീരുമാനമെടുത്താല്‍ മാതൃഭൂമി വായന ഉപേക്ഷിക്കാന്‍ തയ്യാറുള്ള പതിനായിരക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. പക്ഷേ സി പി ഐ (എം) ഉയര്‍ന്ന ജനാധിപത്യബോധവും സഹിഷ്ണുതയും പുലര്‍ത്തുന്നതുകൊണ്ട് അത്തരം തീരുമാനങ്ങളുണ്ടാകുന്നില്ല.

ഇത്ര പ്രകടമായും നഗ്നമായും വാര്‍ത്താമാധ്യമങ്ങള്‍ (പത്രങ്ങള്‍, വാരികകള്‍, ടെലിവിഷന്‍ ചാനലുകള്‍) പക്ഷം പിടിക്കുകയും എല്ലാ മര്യാദകളും പെരുമാറ്റച്ചട്ടങ്ങളും ധാര്‍മ്മികതയും ലംഘിച്ചുകൊണ്ട് ഇടതുപക്ഷത്തിനെതിരെ കളിക്കളത്തിലിറങ്ങുകയും ചെയ്തിട്ടുള്ള ഒരു കാലം കേരളം ദര്‍ശിച്ചിട്ടുണ്ടാവില്ല എന്ന് വളരെ മുതിര്‍ന്ന രാഷ്ട്രീയ നിരൂപകരും മാധ്യമപ്രവര്‍ത്തകരും പറയുന്നു. ടെലിവിഷന്‍ ചാനലുകള്‍ ദിവസവും എവിടെനിന്നെങ്കിലും കെട്ടിയെഴുന്നെള്ളിക്കുന്ന രാഷ്ട്രീയമറിയാത്ത 'രാഷ്ട്രീയനിരീക്ഷകരു'ടെയും ധാര്‍മ്മികതയില്ലാത്ത 'മാധ്യമ വിദഗ്ധ' രുടെയും ജനുസില്‍പ്പെട്ടവരെക്കുറിച്ചല്ല പറയുന്നത്. സി പി ഐ (എം) നോട് കടുത്ത ശത്രുതയുള്ളവരെല്ലാം ഇന്ന് മാധ്യമവിദഗ്ധരും രാഷ്ട്രീയനിരീക്ഷകരുമായി ചാനലുകളിലൂടെ വാഴിക്കപ്പെടുകയാണ്. അപ്പുക്കുട്ടന്‍ വളളിക്കുന്നു മുതല്‍ രാജേശ്വരിയായി അഴിഞ്ഞാടുന്ന അഡ്വ. ജയശങ്കര്‍ വരെയുള്ളവരുടെ അശ്ളീലങ്ങളെ ദിവസവും സഹിക്കേണ്ടിവരുന്ന കേരളത്തിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യാതെ ജീവിക്കുന്നു എന്നുള്ളത് ഒരത്ഭുതമാണ്. പീഡനങ്ങള്‍ സഹിക്കാനാവാതെ വരുമ്പോഴാണല്ലോ മനുഷ്യര്‍ ആത്മഹത്യയിലഭയം തേടുന്നത്.

ടെലിവിഷന്‍ ചാനലുകളെല്ലാം തന്നെ കളിക്കളത്തിലിറങ്ങിക്കളിച്ചുകൊണ്ടിരിക്കുകയാണ്. അമ്പയര്‍മാരാവേണ്ടവര്‍ പക്ഷം ചേര്‍ന്നുകൊണ്ട് എതിരാളികളുടെ ഗോള്‍ മുഖത്തേക്ക് പന്തുമായി കുതിക്കുകയാണ്. മലയാളത്തിലെ ചെറുതം വലുതുമായ പത്രങ്ങള്‍, വാരികകള്‍, ടെലിവിഷന്‍ ചാനലുകള്‍ എന്നിവയിലെ ഭൂരിപക്ഷവും സി പി ഐ (എം) നെതിരെയുള്ള മുന്നണിയിലെ സഖ്യകക്ഷികളായി മാറിയിരിക്കുന്നു. എല്ലാവരും പ്രത്യേക പതിപ്പുകളും, വാര്‍ത്തകളും, പരിപാടികളും, വോട്ടുവണ്ടികളും, പടക്കളങ്ങളും, പോര്‍ക്കളങ്ങളുമൊക്കെയായി വേട്ടക്കാരുടെ വന്യമായ ആഹ്ളാദത്തോടെ ഇറങ്ങിയിരിക്കുകയാണ്. ഇവരുടെയൊക്കെ വായനക്കാരോ പ്രേക്ഷകരോ ആണ് കേരളത്തിലെ 95 ശതമാനം ആളുകളും എന്നിരിക്കെ, കമ്യൂണിസ്റ്റു വിരുദ്ധതയുടെ വിഷം കലര്‍ന്ന ഈ സാംസ്കാരിക പരിസ്ഥിതിയില്‍ നിന്ന് ഭൂരിപക്ഷം ആളുകളും സ്വയം രക്ഷപ്പെടുകയും അവര്‍ സ്നേഹിക്കുന്ന ഇടതുപക്ഷശക്തികളെ സംരക്ഷിക്കുകയും ചെയ്യുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തെയും ഫാസിസ്റ്റുശക്തികളെയും വീണ്ടും വിറളിപിടിപ്പിക്കുന്നുണ്ട്: ഇടതുപക്ഷത്തിന്റെ ഗോള്‍ മുഖത്തേക്ക് നുണപ്രചാരണങ്ങളുടെ പന്തുമായി കുതിക്കുന്ന മാധ്യമങ്ങളുടെ (അമ്പയര്‍മാരായി നില്‍ക്കേണ്ട മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കൂലിത്തല്ലുകാരും ദല്ലാളന്മാരുമായി മാറുകയാണ്) ആക്രമണങ്ങളെ ചെറുക്കാന്‍ പ്രേക്ഷകരായിരിക്കുന്ന ജനങ്ങള്‍ ഗ്രൌണ്ടിലിറങ്ങുകയും ഗോള്‍മുഖം സംരക്ഷിക്കുകയും ചെയ്യും എന്ന് എല്ലാവരും ഓര്‍മ്മിക്കുന്നത് നന്ന്.

*
വി കെ ജോസഫ് കടപ്പാട്: യുവധാര 2009 മെയ് ലക്കം

23 June, 2009

ഗ്ലോബല്‍ ട്രീറ്റ്‌മെന്റ്

ഗ്ലോബല്‍ ട്രീറ്റ്‌മെന്റ്
ലൈംഗികത്തൊഴിലാളിയായ
പുഷ്‌പയുടെ കൈയില്‍ നിന്നും
കടം വാങ്ങിയ രൂപയും കൊണ്ടാണ്
കൊച്ചുകുമാരന്‍ ‘ക്‌ടാങ്ങലത്ത് ’നിന്നും
നഗരത്തിലെ ജനറല്‍ ആശുപത്രിയിലെ
ഡോക്‍ടറെ കാണാന്‍ പോയത്.
ആശുപത്രി ഏതോ സ്‌റ്റാര്‍
ഹോട്ടലിനെപ്പോലെ തോന്നിച്ചു.
പളപള മിന്നുന്ന ടൈലുകള്‍ പാകിയിരിക്കുന്നു.
രോഗികളെ വഴിതിരിച്ചു വിടാന്‍
ഇലക്‍ട്രോണിക് സൈന്‍ ബോര്‍ഡുകള്‍
ഭാഗ്യം, ഇംഗ്ലീഷ് കൂടാതെ
മലയാളത്തിലും
എഴുതിക്കാണിക്കുന്നുണ്ട്.

പുരുഷന്‍‌മാര്‍ക്കുള്ള വഴി
സ്‌ത്രീകള്‍ക്കുള്ള വഴി
എന്നിങ്ങനെ രണ്ട് ചൂണ്ടാണികള്‍
തെളിഞ്ഞു നില്‍ക്കുന്നു.
സംശയമേതുമില്ലാത്തതിനാല്‍
കൊച്ചുകുമാരന്‍
പുരുഷന്മാര്‍ക്കുള്ള
വഴിയേ നടന്നു.
കുറച്ചു നടന്നപ്പോള്‍
വീണ്ടും ചൂണ്ടാണി
കഴുത്തിനു മുകളില്‍ രോഗമുള്ളവര്‍ക്കുള്ള വഴി
കഴുത്തിനു താഴെ രോഗമുള്ളവര്‍ക്കുള്ള വഴി.
കൊച്ചുകുമാരന്
കഴുത്തിന് മുകളിലാണ് രോഗമെന്നതിനാല്‍
അയാള്‍ അതു വഴി നടന്നു.
കുറച്ചു കൂടി ചെന്നപ്പോള്‍
വീണ്ടും ചൂണ്ടാണി.
ഗുരുതരമായ രോഗമുള്ളവരുടെ വഴി
ഗുരുതരമല്ലാത്ത രോഗമുള്ളവരുടെ വഴി.
കൊച്ചുകുമാരന് രോഗം ഗുരുതരമായതിനാല്‍
ആ വഴിയേ നടന്നു.
പിന്നേയും ചൂണ്ടാണികള്‍.
പണമുള്ളവര്‍ക്കുള്ള വഴി
പണമില്ലാത്തവര്‍ക്കുള്ള വഴി.
അയാള്‍ക്ക് സന്തോഷമായി
പണമില്ല്ലാത്തവര്‍ക്ക് പ്രത്യേക വഴിയുണ്ടല്ലോ.
അയാള്‍ അതുവഴി
അതിവേഗം നടന്നു.
ഒരു മൈക്ക് അനൌണ്‍സ്‌മെന്റ് കേള്‍ക്കുന്നുണ്ട്.
‘ക്‌ടാങ്ങലത്തേക്കുള്ള’ ബസ്സ്
ചിത്തിര
ഉടനെ പുറപ്പെടുന്നതാണ്.
ഡെങ്കല്‍ സായിപ്പേ
ഇതെന്തൊരു മറിമായം
പ്രൈവറ്റ് ബസ്സ് സ്‌റ്റാന്റല്ലേയിത്.

*****

ആര്‍ എന്‍ ഹോമര്‍, കടപ്പാട് : യുവധാര

22 June, 2009

കേരളത്തിലെ പാപരാസികളുടെ ഹിഡൻ അജണ്ട - ചില മാധ്യമചിന്തകൾ

കേരളത്തിലെ പാപരാസികളുടെ ഹിഡൻ അജണ്ട - ചില മാധ്യമചിന്തകൾ

ഒരിക്കൽ മാധ്യമധർമ്മത്തെക്കുറിച്ച്‌ പരസ്യമായി പറഞ്ഞപ്പോൾ ഒരു 'മുതിർന്ന' മാധ്യമപ്രവർത്തകൻ ഫോണിൽ വിളിച്ച്‌ എന്നെ വിരട്ടി. 'ഞങ്ങൾ നിങ്ങളുടെ മനോരോഗചികിത്സയെക്കുറിച്ച്‌ വിമർശിച്ചാൽ നിങ്ങളുടെ സ്ഥിതി എന്താവുമെന്നാറിയാമോ'? മാധ്യമചിന്തകൾ അവതരിപ്പിച്ചാൽ അത്തരം അനുഭവങ്ങൾ ഉണ്ടാകാനിടയുണ്ട്‌. കാരണം കേരളത്തിലെ മാധ്യമരംഗം അത്രയും മലീമസമാണ്‌.

ഇറ്റാലിയൻ ഭാഷയിൽ പാപരാസോ (​‍paparazzo) എന്നാൽ കൊതുക്‌ എന്നാണർത്ഥം. ശല്യക്കാരൻ എന്ന്‌ വ്യംഗ്യാർത്ഥം. പാപരാസൊയുടെ ബഹുവചനമാണ്‌ പാപരാസി. മലയാളത്തിൽ പാപരാസികൾ എന്നു പറഞ്ഞാലേ ബഹുവചനമെന്ന്‌ തോന്നുകയുള്ളു.

ശല്യക്കാരായ ഫോട്ടോ ജേർണലിസ്റ്റുകളാണ്‌ പാപരാസികൾ. ഡയനാ രാജകുമാരിയെയും കാമുകൻ ദോദി ഫയദിനെയും പാപരാസികളിൽ നിന്ന്‌ രക്ഷപ്പെടുത്താനായി ഡ്രൈവർ അമിത വേഗത്തിൽ കാറോടിച്ച്‌ അപകടത്തിൽപ്പെട്ട്‌ രാജകുമാരിയും കാമുകനും 1997ൽ മരണമടഞ്ഞപ്പോൾ പാപരാസികൾ സാർവ്വലൗകികമായി കുപ്രസിദ്ധിയാർജ്ജിച്ചു. പാപരാസി എന്ന പദം മാധ്യമ പ്രവർത്തനരംഗത്തെ മൂല്യച്യുതിയെ ദ്യോതിപ്പിക്കാനും ഉപയോഗിച്ചു തുടങ്ങി.

അധാർമ്മികമായ മാധ്യമപ്രവർത്തനത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചു വരുന്ന പ്രയോഗമാണ്‌ മഞ്ഞ മാധ്യമപ്രവർത്തനം (Yellow journalism). സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന വ്യക്തികളെ കുറിച്ച്‌ അപവാദങ്ങൾ പ്രസിദ്ധീകരിക്കുകയും അതിലൂടെ അവിഹിതമായി വരുമാനമുണ്ടാക്കുകയും ചെയ്യുന്ന പത്രപ്രവർത്തനരീതിയാണത്‌. മാസ്സ്‌ കമ്യണിക്കേഷൻ പ്രോഫസറായ ജോസഫ്‌ ക്യാംബെൽ 2001ൽ പ്രസിദ്ധപ്പെടുത്തിയ The Year That Defined American Journalism എന്ന ഗ്രന്ഥത്തിൽ മഞ്ഞമാധ്യമപ്രവർത്തനത്തെ നിർവ്വചിക്കുന്നുണ്ട്‌. 1900കളിൽ ന്യൂയോർക്ക്‌ നഗരത്തിലെ പത്രങ്ങൾ സർക്കുലേഷൻ വർദ്ധിപ്പിക്കാനായി ആധികാരികതയില്ലാത്ത സ്രോതസ്സുകളിൽ നിന്നു കിട്ടുന്ന നിസ്സാരവാർത്തകൾ അമിതപ്രാധാന്യത്തോടെ വലിയ ശീർഷകങ്ങൾ കൊടുത്ത്‌ പ്രസിദ്ധപ്പെടുത്തുക, വാർത്തകൾ കാര്യമാത്രപ്രസക്തമല്ലാതെ വൈകാരികോന്മത്തത ഉളവാക്കുന്ന രീതിയിൽ അവതരിപ്പിക്കുക, അപവാദങ്ങൾ വാർത്തകളുടെ രൂപത്തിൽ അച്ചടിച്ചു വിടുക, വ്യക്തികളെയും സ്ഥാപനങ്ങളെയും തേജോവധം ചെയ്യാൻ പാകത്തിലുള്ള കള്ളവാർത്തകൾ പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ വികൃതികൾ ചെയ്തിരുന്നു. ഇത്തരത്തിലുള്ള പത്രങ്ങളെയാണ്‌ മഞ്ഞപ്പത്രങ്ങൾ എന്ന്‌ വിശേഷിപ്പിച്ചിരുന്നത്‌. ഇന്ന്‌ പത്രങ്ങൾക്ക്‌ പുറമെ മഞ്ഞസ്വഭാവം കാണിക്കുന്ന ടി. വി. ചാനലുകളുമുണ്ട്‌.

പാപ്പരാസികളെക്കുറിച്ചും മഞ്ഞമാധ്യമങ്ങളെക്കുറിച്ചും പറയാൻ കാരണം അടുത്ത കാലത്ത്‌ കേരളത്തിലെ ചില മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളാണ്‌. ജനാധിപത്യസമൂഹത്തിൽ മാധ്യമങ്ങൾക്ക്‌ നിർണ്ണായമായ പങ്കാണ്‌ വഹിക്കാനുള്ളത്‌. ഇക്കാര്യം മറന്നുകൊണ്ട്‌ കേരളത്തിലെ ചില മാധ്യമങ്ങൾ മഞ്ഞമാധ്യമപ്രവർത്തനത്തിൽ അഭിരമിക്കുകയാണ്‌. രണ്ടുദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കാം.

ആൾദൈവമെന്ന നാട്യത്തിൽ ഒരു സന്യാസാശ്രമം പരിപാലിച്ചുകൊണ്ട്‌ അതിന്റെ മറവിൽ അന്യരുടെ പണം വെട്ടിപ്പ്‌, ബലാൽസംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തുപോന്ന സന്താഷ്‌ മാധവൻ ബലാൽസംഗക്കേസിൽ ശിക്ഷിക്കപ്പെട്ട്‌ ജയിലിനകത്താണല്ലോ. ഇയാളുടെ കുറ്റകൃത്യങ്ങളെ കുറിച്ച്‌ ചില സൂചനകൾ ലഭിച്ചപ്പോൾ പോലീസ്‌ ആശ്രമം റെയിഡ്‌ ചെയ്യുകയുണ്ടായി. ഈ വാർത്ത സത്യസന്ധമായി ജനങ്ങള്‍ക്കെത്തിക്കുക മാത്രമായിരുന്നു മാധ്യമങ്ങളുടെ ചുമതല. അതിനു പകരം ഏഷ്യനെറ്റ്‌ എന്ന ടി. വി. ചാനൽ (അന്ന്‌ റുപെർട്ട്‌ മർദോക്ക്‌ അത്‌ വാങ്ങിയിരുന്നില്ല) ആശ്രമത്തിലെ പോലീസ്‌ റെയിഡിനെക്കുറിച്ചുള്ള വാർത്തയ്ക്ക്‌ ശേഷം സന്തോഷ്‌ മാധവനുമായുള്ള അഭിമുഖ സംഭാഷണം പ്രക്ഷേപണം ചെയ്തു. ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന വൈകുന്നേര വാർത്തയിൽ ആറുമിനിറ്റോളം നീണ്ടു നിന്ന അഭിമുഖസംഭാഷണമാണ്‌ അവതരിപ്പിച്ചതു.

ഒരു തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ്‌ പോലീസ്‌ റെയിഡ്‌ നടത്തിയതെന്നായിരുന്നു കുറ്റവാളിയുടെ വിശദീകരണം. അന്താരാഷ്ട്ര ആയുധ കള്ളക്കടത്തുകാരനായ ഒരു സന്തോഷ്‌ മാധവനെക്കുറിച്ച്‌ ഇന്റർപോൾ പരസ്യം കൊടുത്തിരുന്നു. തന്റെ പൂർവ്വാശ്രമത്തിലെ പേര്‌ സന്തോഷ്‌ മാധവനെന്നായിരുന്നതുകൊണ്ട്‌ താനാണ്‌ പരസ്യത്തിലെ ആളെന്ന്‌ തെറ്റായി ധരിച്ചാണ്‌ ആശ്രമത്തിൽ റെയിഡ്‌ നടത്തിയതെന്നായിരുന്നു വിശദീകരണം. അഭിമുഖസംഭാഷണത്തെത്തുടർന്ന്‌ അയാളുടെ മാതാപിതാക്കളുടെ രോദനങ്ങളും വിലാപങ്ങളും ജനങ്ങളെ കാണിച്ചു. നിരപരാധിയായ ഒരു സന്യാസിയെ പോലീസ്‌ പീഡിപ്പിക്കുന്നുവേന്ന്‌ വരുത്താനായിരുന്നു ചാനലിന്റെ ശ്രമം. വാർത്തയ്ക്ക്‌ വേണ്ടി ദാഹിച്ചുവലഞ്ഞിരുന്ന മറ്റു ചില ടി. വി. ചാനലുകളും സന്തോഷ്‌ മാധവനുമായുള്ള അഭിമുഖസംഭാഷണം പ്രക്ഷേപണം ചെയ്തു.

പോലീസ്‌ റെയിഡിനുശേഷം സന്തോഷ്‌ മാധവൻ മാധ്യമങ്ങളെ സമീപിച്ച്‌ വിശദീകരണം നൽകിയത്‌ ജനങ്ങൾക്കെത്തിക്കുക മാത്രമാണ്‌ തങ്ങൾ ചെയ്തതെന്ന്‌ മാധ്യമങ്ങൾ വാദിക്കുമായിരിക്കും. പക്ഷേ, പോലീസിന്റെ അന്വേഷണത്തിന്‌ വിധേയനായ ഒരാൾ പറഞ്ഞതിന്റെ സത്യാവസ്ഥ പരിശോധിക്കാതെ അതേപടി ജനങ്ങൾക്ക്‌ എത്തിക്കുന്നതാണ്‌ മഞ്ഞമാധ്യമ പ്രവർത്തനം. നീതിന്യായക്കോടതിയിൽ സന്തോഷ്‌ മാധവൻ കുറ്റവാളിയെന്ന്‌ തെളിയുകയും അയാൾക്ക്‌ ജയിൽ ശിക്ഷ ലഭിക്കുകയും ചെയ്ത വാർത്ത പ്രക്ഷേപണം ചെയ്ത സന്ദർഭത്തിൽ പോലീസ്‌ അന്വേഷണമാരംഭിച്ചപ്പോൾ തങ്ങൾ കുറ്റവാളിയുമായുള്ള അഭിമുഖസംഭാഷണം പ്രക്ഷേപണം ചെയ്ത കാര്യം സൂചിപ്പിക്കുക പോലും ചെയ്തില്ല. ജനങ്ങൾ അതൊന്നും ഓർമ്മിക്കുയില്ലെന്നായിരിക്കാം ആ മാധ്യമങ്ങൾ കരുതുന്നത്‌. ഒരു കുറ്റവാളിയെ രക്ഷിക്കാൻ ശ്രമിച്ചതിന്‌ ജനങ്ങളോട്‌ മാപ്പ്‌ ചോദിക്കേണ്ടതായിരുന്നു അത്‌ ചെയ്ത മാധ്യമങ്ങൾ.

രണ്ടാമത്തെ ഉദാഹരണം യഥാർത്ഥത്തിൽ മഞ്ഞമാധ്യമപ്രവർത്തനത്തിന്റേതല്ല; മാധ്യമ ഭീകരതയുടേതാണ്‌. ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായിരുന്ന എൽ. കെ. അദ്വാനിയെ ബോംബു സ്ഫോടനത്തിലൂടെ വധിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തി പത്തുവർഷം ജയിലിലടയ്ക്കുകയും ഒടുവിൽ നിരപരാധിയെന്ന്‌ കോടതി കണ്ടെത്തുകയും ചെയ്ത അബ്ദൽ നാസർ മഅ​‍്ദനിയുടെ ഭാര്യ ശ്രീമതി സൂഫിയ മഅ​‍്ദനിക്ക്‌ ഭീകരപ്രവർത്തകരുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണമാണ്‌ ഒരു വിഭാഗം മാധ്യമങ്ങൾ ഉന്നയിച്ചത്. അതിന്‌ തുടക്കം കുറിച്ചതു ഏഷ്യാനെറ്റ്‌ ന്യൂസ്‌ എന്ന വാർത്താ ചാനലാണ്‌. കളമശ്ശേരി ബസ്സ്കത്തിക്കൽ കേസിലെ ചില സാക്ഷികളും കാശ്മീരിൽ ഭീകരപ്രവർത്തനം നടത്താൻ പോയവരെക്കുറിച്ച്‌ വിവരങ്ങൾ നൽകിയവരിൽ ചിലരും പോലീസിന്‌ നൽകിയ മൊഴിപ്പകർപ്പുകളുടെ ദൃശ്യങ്ങൾ അവതരിപ്പിച്ചുകൊണ്ട്‌ ഏഷ്യനെറ്റ്‌ ന്യൂസ്‌ ‘എക്സ്ക്ലൂസീവ്‌‘ വാർത്ത പ്രക്ഷേപണം ചെയ്തതായിരുന്നു തുടക്കം. പാർലമന്റ്‌ തിരഞ്ഞെടുപ്പിൽ അബ്ദൽ നാസർ മഅ​‍്ദനി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ പിന്തുണ പ്രഖ്യാപിച്ച ഉടനെയായിരുന്നു ‘എക്സ്ക്ലൂസീവ്‌‘ പ്രത്യക്ഷപ്പെട്ടത്‌. തുടർന്നുള്ള ദിവസങ്ങളിൽ ശ്രീമതി സൂഫിയ മഅ​‍്ദനിയെക്കുറിച്ചുള്ള അപവാദങ്ങൾ വാർത്തകളിൽ നിറഞ്ഞുകവിഞ്ഞു. മഅ​‍്ദനിയെക്കുറിച്ച്‌ പറഞ്ഞത്‌ ഇവിടെ പരാമർശിക്കുന്നില്ല. കാരണം മഅ​‍്ദനി ഒരു കാലത്ത്‌ തീവ്രവാദപ്രസംഗങ്ങൾ നടത്തിയെന്ന കുറ്റം ചെയ്തിട്ടുണ്ടായിരുന്നു എന്ന്‌ വാദത്തിനുവേണ്ടി പറഞ്ഞേക്കാം. മഅ​‍്ദനിയുടെ ഭാര്യയാണെന്നല്ലാതെ ദൈവഭക്തയായ ശ്രീമതി സൂഫിയമ മഅ​‍്ദനി എന്ന മുസ്ലിംവനിത എന്തുകുറ്റമാണ്‌ ചെയ്തത്‌?

മാധ്യമങ്ങളുടെ പ്രചണ്ഡമായ പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ ഭീകരപ്രവർത്തനങ്ങളെ കുറിച്ച്‌ അന്വേഷണം നടത്തുന്ന വിശേഷാൽ പോലീസ്‌ സംഘം മഅ​‍്ദനിയെയും ശ്രീമതി മഅദനിയെയും രണ്ടു നീണ്ട ദിവസങ്ങൾ മുഴുവനും ചോദ്യം ചെയ്തു. പോലീസ്‌ എന്താണ്‌ കണ്ടുപിടിച്ചതെന്ന്‌ മനസ്സിലാക്കി ജനങ്ങൾക്കെത്തിക്കാനുള്ള ബാധ്യത ശ്രീമതി മഅ​‍്ദനിയെക്കുറിച്ച്‌ അപവാദപ്രചാരണം നടത്തിയ മാധ്യമങ്ങൾക്കില്ലേ?

ശരാശരി ബുദ്ധിയുള്ളവരും നിഷ്പക്ഷമതികളുമായ ആളുകൾ എത്തിച്ചേരുന്ന ഒരു നിഗമനമുണ്ട്‌. മഅ​‍്ദനിയെയും ഭാര്യ സൂഫിയ മഅദനിയെയും കുറിച്ച്‌ മാധ്യമങ്ങൾ പ്രചരിപ്പിച്ചതെല്ലാം കളവായിരുന്നു; അവർക്ക്‌ ഭീകരപ്രവർത്തകരുമായി യാതൊരു ബന്ധവുമില്ല; ഉണ്ടെന്ന്‌ പോലീസിന്‌ സംശയം തോന്നിയിരുന്നെങ്കിൽ ഇതിനകം തന്നെ അവരെ തടവിലാക്കുമായരുന്നു.

കേരളത്തിലെ മാധ്യമചരിത്രത്തിലാദ്യമായിട്ടാണ്‌ ഒരു വനിത മാധ്യമങ്ങളാൽ ക്രൂരമാം വിധം വേട്ടയാടപ്പെട്ടത്‌. സ്ത്രീവിമോചനക്കാർക്ക്‌ പോലും ഒന്നും മിണ്ടാൻ കഴിയാത്ത വിധത്തിലുള്ള പ്രചണ്ഡമായ അപവാദപ്രചാരണമാണ്‌ മാധ്യമങ്ങൾ നടത്തിയത്‌.

നിരപരാധിയായ ഒരു മുസ്ലിം വനിതയ്ക്ക്‌ ഭീകരബന്ധമുണ്ടെന്ന്‌ പ്രചരിപ്പിച്ചതിന്റെ ഉദ്ദേശ്യം ഐക്യജനാധിപത്യമുന്നണിയെ സഹായിക്കുക മാത്രമായിരുന്നോ? ഏറ്റവും കുറഞ്ഞത്‌ അപവാദ പ്ര ചാരണത്തിന്‌ തുടക്കം കുറിച്ച ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിനെങ്കിലും ഒരു ഹിഡൻ അജണ്ട ഉണ്ടായിരുന്നു. കേരളത്തിലെ ആർ. എസ്‌. എസിനെ സഹായിക്കുക എന്നതായിരുന്നു അത്‌. കേരളത്തിലെ മുസ്ലിം വനിതകൾ പോലും ഭീകരപ്രവർത്തകരുമായി ബന്ധമുള്ളവരാണ്‌ എന്ന്‌ വരുത്തിയാൽ അതിന്റെ പൊളിറ്റിക്കൽ മൈലേജ്‌ ഹിന്ദുത്വഫാഷിസ്റ്റുകൾക്കായിരിക്കുമല്ലോ ലഭിക്കുക.

വർഷങ്ങൾക്കു മുമ്പ്‌ ഒരു പ്രഭാഷണത്തിൽ മാധ്യമങ്ങളുടെ അധാർമ്മികതയെക്കുറിച്ച്‌ സൂചിപ്പിച്ചുകൊണ്ട്‌ സുകുമാർ അഴീക്കോട്‌ ഉയർത്തിയ ചോദ്യം ഇന്നും മനസ്സിൽ മുഴങ്ങുന്നുഃ കാവൽക്കാർക്ക്‌ കാവൽ വേണ്ടേ?

ജനങ്ങളുടെ ജാഗ്രതയുള്ള പൊതുമനസ്സ്‌ മാത്രമാണ്‌ സമൂഹത്തിന്റെ കാവൽക്കാരായ മാധ്യമങ്ങളുടെ കാവൽക്കാരൻ.

*
ഡോ. എൻ. എം. മുഹമ്മദലി
കടപ്പാട്: പുരോഗമന കലാസാഹിത്യസംഘം മാസിക ജൂണ്‍ ലക്കം

21 June, 2009

ഓന്ത്

ഓന്ത്

അവാര്‍ഡ് കിട്ടാനായി മനുഷ്യജന്മത്തില്‍ ഇനി ഞാന്‍ മാത്രമെയുള്ളു എന്ന് സംഭാഷണമധ്യേ വികാരപരവശനായി കള്ളന്‍ പറഞ്ഞപ്പോള്‍ ചാനല്‍സുന്ദരി എന്ന ചാരി ഇത്രയും പ്രതീക്ഷിച്ചില്ല.

അപ്രതീക്ഷിതമായവ അസംഭാവ്യമല്ലെന്ന് ചാരിക്ക് ബോധ്യമായി. മനുഷ്യന്‍ പട്ടിയെ കടിച്ചും ന്യൂസ് എഡിറ്റര്‍ സബ് എഡിറ്ററെ കടിച്ചും വാര്‍ത്തയുണ്ടാക്കുന്ന കാലമാണ് ഇത്.

കള്ളനും കിട്ടി തലക്കെട്ട്.

പ്രഥമ രാജാ ഹരിശ്ചന്ദ്ര അവാര്‍ഡിന് കള്ളന്‍ അര്‍ഹനായി. പതിനായിരത്തിയൊന്ന് രൂപയുടെ വണ്ടിച്ചെക്കും അനുശോചന സന്ദേശവും അടങ്ങിയതാണ് അവാര്‍ഡ്. ഹരിശ്ചന്ദ്രന്റെ ചുടല ഭരണ ശതവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സാംസ്കാരിക നായകരും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഇത്. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അവാര്‍ഡ് പ്രഖ്യാപനം.

അതിന് സാക്ഷിയാകേണ്ടി വന്ന ചാരി അത്ഭുതവും പരതന്ത്രവും ഒന്നിച്ച് ബാധിച്ച് കള്ളനെ വിളിച്ചു. ലൈനില്‍ കിട്ടി.

"കേള്‍ക്കുന്നത് സത്യമോ?''

"സത്യമല്ലാത്തത് കേട്ട് ശീലിച്ച നിനക്ക് സത്യം കേള്‍ക്കുമ്പോഴുണ്ടാകുന്ന ഇത്തരം പരിഭ്രാന്തി പ്രതീക്ഷിച്ചതാണ്.''

"കള്ളന്‍ നീയിതെങ്ങനെ സംഘടിപ്പിച്ചു ?''

"അര്‍ഹതക്കുള്ള അംഗീകാരമായി കണക്കാക്കിയാല്‍ മതി''

"എന്നോടെങ്കിലും സത്യം പറയൂ''

"നിന്നോട് പറയാന്‍ മാത്രം ഒരു സത്യമില്ല. എല്ലാവരോടും പറയാനുള്ള സത്യം മാത്രമെ എന്റെ കയ്യിലുള്ളു.''

"എന്നാല്‍ ആ സത്യം പറയൂ''

"വാര്‍ത്താസമ്മേളനത്തില്‍ ജൂറിയംഗങ്ങള്‍ പ്രസംഗിച്ചത് നീ കേട്ടില്ലേ..?''

"ഒറ്റ വാക്കു പോലും വിടാതെ, ആര്‍ത്തിയോടെ''

"എന്നാല്‍ അവ പുനഃപ്രക്ഷേപണം ചെയ്യൂ''

"ത്യാഗസുരഭിലമായിരുന്നു നിന്റെ ജീവിതമെന്നും അത് മറ്റുള്ളവര്‍ക്കായി ആയുര്‍വേദ വിധി പ്രകാരം ഉഴിഞ്ഞ് വെച്ചതാണെന്നും നിസ്വാര്‍ഥമായ നിന്റെ ജീവിതം മാതൃകയാക്കിയാല്‍ അന്നേ ദിവസം മുതല്‍ സമൂഹം രക്ഷപ്പെടുമെന്നും അവര്‍ ആമുഖമായി പറഞ്ഞു.''

"ആമുഖം കേട്ടിട്ടും പഠിക്കാത്തവര്‍ക്കായി പിന്നീട് എന്ത് പറഞ്ഞു..?''

"നീ ചെയ്ത സേവനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു. അവശരുടെ കണ്ണീരൊപ്പാന്‍ നീ വാങ്ങിക്കൊടുത്ത തുണിക്ക് മീറ്ററിന് നൂറ്റിനാല്‍പ്പത് രൂപയാണെന്ന് പറഞ്ഞു. ആനയേക്കത്തിനും അമ്പെഴുന്നുള്ളിപ്പിനും നീ നല്‍കിയ തുകകള്‍ തങ്കലിപികളിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും പറഞ്ഞു. അശരണരെ ആവോളം ആശ്വസിപ്പിക്കുന്ന നിന്റെ കരവിരുതിനെ മുക്തകണ്ഠം പ്രശംസിച്ചു. മറ്റുള്ളവരെക്കുറിച്ച് മാത്രം ചിന്തിക്കുന്ന നിന്റെ രാത്രികള്‍ ആ ഒറ്റക്കാരണംകൊണ്ടുതന്നെ നിദ്രാവിഹീനങ്ങളാണെന്നും, സൂര്യനെ അസ്തമിക്കാന്‍ അനുവദിക്കാതെ രാത്രികളെ നീ പകലുകളാക്കുകയാണെന്നും അവര്‍ ആരോപിച്ചു.''

"എന്റെ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചൊന്നും പറഞ്ഞില്ലേ?''

"ധാരാളം. കലയിലും സാഹിത്യത്തിലും നിനക്കുള്ള അറിവ് അപാരമാണത്രെ!. ചെറുപ്പത്തില്‍ കവിതയെഴുതുമായിരുന്നെന്നും നാട്ടുവൈദ്യനാണ് ചികിത്സിച്ച് ഭേദമാക്കിയതെന്നും പറഞ്ഞു. എഴുത്തുകാരന്റെ മാര്‍ക്കറ്റ് റേറ്റുകള്‍ നിനക്ക് കാണാപ്പാഠമാണ്.ധിക്കാരികളെയാണ് കൂടുതലിഷ്ടം. അവര്‍ എളുപ്പം വളയും.''

"എങ്ങനെയാണ് ഉപസംഹാരം..?''

"ഉപസംഹാരത്തിലൂന്നിയത് നിന്റെ ലാളിത്യത്തിലാണ്. മൂന്നു നേരവും മൂക്ക് മുട്ടെ തിന്നുന്ന നിനക്ക് ലളിത ജീവിതം നയിക്കാന്‍ സമയമെവിടെ കള്ളന്‍..?''

"ഒരു നേരം ഭക്ഷിച്ചാല്‍ പിന്നെ അടുത്തനേരം വരെ കടുത്ത ലാളിത്യമാണ്.''

"യാത്രക്ക് സ്സോഡയോ, ഇന്നോവയോ വേണമെന്ന് നിര്‍ബന്ധിക്കുന്ന നീ..?''

"പ്രഭാത സവാരിക്ക് ഞാന്‍ ഇതൊന്നും ഉപയോഗിക്കാറില്ല. അക്കാര്യത്തില്‍ എനിക്ക് കാല്‍നട നിര്‍ബന്ധമാണ്. ആരൊക്കെയായിരുന്നു ജൂറിയംഗങ്ങള്‍?. ഇനിയും മരിക്കാത്ത രണ്ടുപേര്‍ ഉണ്ടായിരുന്നില്ലേ..?''

"അവരെക്കൂടാതെ ഒരു അനാഗത ശ്മശ്രുവും ഉണ്ടായിരുന്നു. അവനെ നീ എങ്ങനെ സംഘടിപ്പിച്ചു?. എന്താണ് അതിന്റെ പിന്നിലുള്ള ഹിഡന്‍ അജണ്ട..?''

"അത് മാധ്യമങ്ങളുമായി പങ്കുവെക്കുന്നില്ല. അവനെന്തായിരുന്നു പണി?''

"ആസന്നമരണര്‍ പറയുന്ന കാര്യങ്ങള്‍ മലയാളത്തിലാക്കി ഉച്ചത്തില്‍ ഉച്ചരിക്കുന്നത് അവനാണ്. അവനെന്താണ് പ്രതിഫലം..?''

"ഭാവിയുടെ വാഗ്ദാനമാണ് അവന്‍. വാഗ്ദാനത്തിനനുസരിച്ച് പ്രതിഫലം.''

"ഏത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയാണ് കള്ളന്‍ നിനക്ക് ഈ അവാര്‍ഡ്..?''

"നേരില്‍ കാണുമ്പോള്‍ പറയാം''

"എങ്കില്‍ എനിക്ക് നിന്നെ ഇപ്പോള്‍ തന്നെ കാണണം.''

"എന്തിനാണ് അടിയന്തര സന്ദര്‍ശനം?''

"എന്നിലെ ഫെമിനിസ്റ്റ് തോറ്റുപോകുന്നു. നിന്റെ ശബ്ദം എന്റെ ശിരസ്സിനു മീതെ വെന്നിക്കൊടി പാറിക്കുന്നു. എന്റെ ചരമഗീതത്തിലൂടെ ഞാന്‍ നിനക്ക് സ്തുതി അര്‍പ്പിക്കുന്നു.''

"നിനക്കും ശോഭനമായ ഭാവിയുണ്ട്. ഡ്രെസ് മാറാന്‍ അനുവദിക്കുമെങ്കില്‍ കാല്‍ മണിക്കൂറിനകം വരും''

"അര മണിക്കൂര്‍ കൂടി തരാം. കുളിക്കുക കൂടി ചെയ്തോളൂ. ചിലപ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതികരണം കൂടി വേണ്ടി വരും. ഒരാഴ്ചയായി പ്രതികരണക്കാര്‍ സമരത്തിലാണ്.''

"കലാപത്തിന് കാരണം?''

"പ്രബുദ്ധകേരളത്തിന് വഴികാട്ടുന്ന അവരെ അവഗണിക്കുന്നു എന്നാണ് പരാതി. ജോലിയില്‍ സ്ഥിരപ്പെടുത്തണം എന്നതാണ് പ്രധാന ആവശ്യം. പി എഫ്, പെന്‍ഷന്‍ എന്നിവയുമുണ്ട്.നരച്ചവര്‍ക്ക് മുന്‍ഗണന നല്‍കുക, എഴുപത് കഴിഞ്ഞവര്‍ക്ക് ചാരുകസേര കൊടുക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.''

കള്ളന്‍ കുളിക്കാന്‍ കയറി.

ചാരി കാത്തിരുന്നു.

കള്ളനെത്തിയപ്പോള്‍ ചാരിക്ക് വിശ്വസിക്കാനായില്ല.

അടിമുടി മാറി. കത്തി പച്ചയായി. ചീകിയൊതുക്കിയ മുടി. ക്ളീന്‍ ഷേവ്്, വെളുത്ത മുണ്ട്, വെളുത്ത ജുബ്ബ. ആലോചിച്ചുറച്ച ഹ്രസ്വ ചിരി. ഇമവെട്ടിയാല്‍ കാണില്ല. ആഴത്തില്‍ ചിന്തിച്ച് പെറുക്കിയെടുത്ത വാക്കുകള്‍ ഒട്ടിച്ച് വെക്കുന്ന പോലുള്ള ഉച്ചാരണം.

ചാരിക്ക് അതിശയം സഹിക്കാനായില്ല.

"കള്ളന്‍ നിനക്ക് എന്തു ഭവിച്ചു?''

"ഒന്നും മനപ്പൂര്‍വമല്ല. ഞാന്‍ വെറുതെ നിന്നുകൊടുക്കുന്നു എന്നു മാത്രം. കാലം എന്നില്‍ അടിച്ചേല്‍പ്പിക്കുന്നതാണ് ഇതെല്ലാം. എന്റെ പോലും സമ്മതമില്ലാതെ മാറ്റങ്ങള്‍ എന്നെ മാറ്റുകയാണ്. ഞാന്‍ നിസ്സഹായനാണ് ചാരി. സമൂഹം എന്നെ ഏറ്റെടുത്ത് ചരിത്രത്തിന്റെ മടിത്തട്ടില്‍ കിടത്തിയിരിക്കുന്നു. ഞാന്‍ ഒരു യുഗ പുരുഷനായത് എന്റെ തെറ്റാണോ ചാരി..?''

കള്ളന്‍ വിനയംകൊണ്ട് കരഞ്ഞുപോയേക്കും എന്ന് തോന്നിയപ്പോള്‍ ചാരി ചോദിച്ചു.

" ഇനി കാലയാപനം തത്വചിന്തകൊണ്ടാണോ..?''

" രാത്രി കളവും പകല്‍ പ്രഭാഷണവും. സമൂഹത്തിന് നേരെ ഒരു ദ്വിമുഖ ആക്രമണത്തിനാണ് ഞാന്‍ തയ്യാറെടുക്കുന്നത്...''

"ഒരേ നാണയത്തിന്റെ രണ്ടു വശം..അല്ലേ?''

"ഉറങ്ങുന്നവനെയും, ഉറങ്ങാത്തവനെയും ഒന്നുപോലെ കബളിപ്പിക്കാനുള്ള എന്റെ കഴിവില്‍ നീയെന്താണ് മതിപ്പ് രേഖപ്പെടുത്താത്തത്.?''

"ഇതാ ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നു. എന്താണ് നിന്റെ പ്രഭാഷണ വിഷയം?''

"യഥാര്‍ഥ പ്രഭാഷകന്‍ വിഷയത്തെക്കുറിച്ച് വേവലാതിപ്പെടാറില്ല. വിഷയം ഏതായാലും മനുഷ്യന്‍ ഓടാതിരുന്നാല്‍ മതി.''

"ആറ്റില്‍ കളഞ്ഞാലും വിഷയം നോക്കി കളയണം എന്നല്ലെ പ്രമാണം.''

"മരത്തിന്റെ പേരന്വേഷിച്ചല്ല അണ്ണാന്‍ കയറുന്നത്. ഫലം വേണം. അത്രേയുള്ളു.''

"പ്രതിഫലം എങ്ങനെ?''

"വാശിയില്ല. പണമെങ്കില്‍ പണം, പദവിയെങ്കില്‍ പദവി. രണ്ടും സ്വീകരിക്കും.''

"കള്ളന്‍ എനിക്ക് അത്ഭുതം തോന്നുന്നു. നീ എങ്ങനെ ഈ വാചകഘടന സ്വന്തമാക്കി ?''

"കള്ളനോടാണോ കളി!. ഓട് പൊളിച്ചും ജനല്‍ കമ്പി വളച്ചും കളവു നടത്തുന്ന എനിക്കോ നാല് ഡയലോഗടിച്ചു മാറ്റാന്‍ പ്രയാസം..!ഓരോ ആവാസ വ്യവസ്ഥയും വ്യക്തിയിലടിച്ചേല്‍പ്പിക്കുന്ന സമ്മര്‍ദമാണ് ഈ ഡയലോഗുകള്‍..എങ്ങനെയുണ്ട്?''

"ഗംഭീരം. മനസ്സിലായില്ലെന്ന് പറഞ്ഞാല്‍ എന്റെ ബുദ്ധിക്കുറവില്‍ നീ സഹതപിക്കരുത്.സോദാഹരണം പറയാമോ..?'

'നിനക്കു വേണ്ടി മാത്രം പറയാം.''

"പറയൂ''

"ഓന്ത്..''

"ഓന്ത് പണ്ഡിതഗണത്തില്‍ പെടുമോ?''

"സംശയമെന്ത്?.തുറിച്ചുള്ള നോട്ടം, കുത്തനെയുള്ള ഓട്ടം, ഒളിഞ്ഞുകൊണ്ടുള്ള നിരീക്ഷണം. എല്ലാം ഒരു തികഞ്ഞ പണ്ഡിതന്റേതല്ലെ!.അഭിപ്രായം ഇരുമ്പൊലക്കയല്ലെന്ന് സ്വന്തം നിറംകൊണ്ടുതന്നെ നിരന്തരം തെളിയിക്കുന്നില്ലേ..''

"ഈ അവാര്‍ഡ് നീയെങ്ങനെ ആഘോഷിക്കും?''

"വഴി നീളെ ഫ്ളെക്സ് ബോര്‍ഡുകള്‍, വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍, എന്റെ സംഭാവനകളെക്കുറിച്ചുള്ള സെമിനാറുകള്‍, ഞാന്‍ സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള സിമ്പോസിയങ്ങള്‍, കഴിയുമെങ്കില്‍ എന്റെ ലളിത ജീവിതത്തെക്കുറിച്ചൊരു ഡോക്യുമെന്ററിയും..''

"നീയപ്പോള്‍ ഉയര്‍ന്ന് പോകുകയാണ് അല്ലെ?''

"സംശയമെന്ത്?. ഒരു നക്ഷത്രമാവുകയാണ്.''

"നക്ഷത്രമെ എന്താണ് നിന്റെ അടുത്ത പരിപാടി?''

"ഈ രണ്ട് ബാഗുകള്‍ കണ്ടില്ലെ. അത് ലക്ഷ്യസ്ഥാനത്ത് എത്തിക്കണം.''

"എന്താണ് അതില്‍''

"ഒന്നില്‍ ദശമൂലാരിഷ്ടം. മറ്റൊന്നില്‍ കൊട്ടന്‍ചുക്കാദി.'

'എന്തിന്?''

"ഒരു ജൂറിക്ക് ആഴ്ചതോറും ദശമൂലാരിഷ്ടം എത്തിക്കാമെന്നാണ് കരാര്‍. മറ്റവന്‍ ക്രൂരന്‍. അയാള്‍ക്ക് നടുവേദന. കൊട്ടന്‍ചുക്കാദി ചൂടാക്കി തിരുമ്മിയാല്‍ കുറവുണ്ടാകുമത്രെ''

"എണ്ണ എത്തിച്ചാല്‍ മതിയോ?''

"പോരാ. തിരുമ്മിക്കൊടുക്കണം''

*
എം എം പൌലോസ്

കമ്പോള മൌലികവാദവും പിഴ വലിയ പിഴയും

കമ്പോള മൌലികവാദവും പിഴ വലിയ പിഴയും

പുതിയ മുതലാളത്തത്തിന് ഏറ്റവും ഇണങ്ങുന്ന വിശേഷണം കുറ്റകൃത്യങ്ങളുടെ സമ്പദ് വ്യവസ്ഥ (Economy of Crime) എന്നാണ്. അതിലെ വ്യക്തികള്‍ മുതല്‍ ചെറിയ സ്ഥാപനങ്ങള്‍ തൊട്ട് വന്‍കിട ഭീമന്മാര്‍ വരെ ആ വിശേഷണത്തിന് അനുകൂലമായാണ് ചിന്തിക്കുന്നതും പ്രവര്‍ ത്തിക്കുന്നതും. സാധാരണ മനുഷ്യരുടെ കുറ്റകൃത്യവാസനയും കമ്പനികളുടെ സാമ്പത്തിക കുംഭകോണങ്ങളും ഈ ശ്രേണിയില്‍പ്പെടുന്നു. പല രാജ്യങ്ങളിലും പടര്‍ന്നു കയറുന്ന അതിക്രമങ്ങളും ഒട്ടു മിക്ക വന്‍കിട സ്ഥാപങ്ങളുമായി ബന്ധപ്പെട്ട കള്ളത്തരങ്ങളും മാധ്യമങ്ങളുടെ സമീപകാല വാര്‍ത്തകളിലെ പ്രധാന ചേരുവകളാണ്.

സത്യം കമ്പ്യൂട്ടേഴ്സിലെ വീഴ്ചകള്‍ സൂക്ഷ്മമായി അന്വേഷിച്ചു ചെന്നവര്‍ക്ക് ചില അമേരിക്കന്‍ കമ്പനികളുടെ കൂടി അവസ്ഥ കാണാനായി. വിപണി കൈയടക്കാന്‍ കുത്തകകള്‍ വ്യാപാരധാര്‍മികത പോലും കാറ്റില്‍പ്പറത്തുന്നതാണ് പുതിയ പ്രവണത. യൂറോപ്യന്‍ യൂണിയന്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ അമേരിക്കന്‍ കമ്പനിയായ ഇന്റലിന് ചുമത്തിയ ഭീമമായ പിഴയാണ് ഈ ശ്രേണിയിലെ ഒടുവിലത്തെ വാര്‍ത്ത. വഴി വിട്ട മാര്‍ഗങ്ങള്‍ അവലംബിച്ച് കമ്പോളം കീഴടക്കാന്‍ ശ്രമിച്ചതിനാണ് കാലിഫോര്‍ണിയ ആസ്ഥാനമാക്കിയുള്ള ആ കമ്പനിക്ക് 7200 കോടി രൂപ പിഴ ചുമത്തിയത്. ലോകത്ത് പേഴ്സണല്‍ കമ്പ്യൂട്ടര്‍ മൈക്രോ പ്രോസസ്സര്‍ വിപണിക്കു വേണ്ട ഉപകരണങ്ങളുടെ 81 ശതമാനവും നിര്‍മ്മിച്ചു നല്‍കുന്നത് ഇന്റലാണ്. എഎംഡി (അഡ്വാന്‍സ്‌ഡ് മൈക്രോ ഡിവൈസസ്) മാത്രമാണ് ഈ രംഗത്തെ അതിന്റെ ഏക എതിരാളി. എഎംഡിയെ കമ്പോളത്തില്‍ നിന്ന് തുരത്താന്‍ യൂറോപ്യന്‍ വിപണിയിലെ വ്യവസ്ഥകളെല്ലാം ഇന്റല്‍ കാറ്റില്‍പ്പറത്തുകയായിരുന്നു. ലോകത്തെ അതി പ്രശസ്ത കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍, എച്ച്പി, ലെനോവ, ഏസര്‍ തുടങ്ങിയവക്ക് സ്വന്തം ഉല്‍പന്നങ്ങള്‍ അടിച്ചേല്‍പിക്കുന്ന കൃത്രിമ സ്ഥിതി സൃഷ്ടിക്കാന്‍ ഇന്റല്‍ രഹസ്യമായി വന്‍ ആനുകൂല്യങ്ങള്‍ വാരി വിതറുകയായിരുന്നത്രെ. എഎംഡിയുടെ ചിപ്പുകളുമായി കമ്പ്യൂട്ടറുകള്‍ ഇറങ്ങുന്നതില്‍ കാലവിളംബമുണ്ടാക്കാനും ഇന്റല്‍ പണം നല്‍കി. ഇതിന് ചില ഉദ്യോഗസ്ഥ മേധാവികളെ ചാക്കിലാക്കാനും ശ്രമിച്ചു.

ഇന്റലിന്റെ ഈ അത്യാഗ്രഹം എഎംഡിയുടെ ജീവനക്കാര്‍ക്കു പോലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. അവരുടെ കമ്പനി ചിപ്പുകള്‍ കൊണ്ട് നിര്‍മ്മിച്ച കമ്പ്യൂട്ടറുകള്‍ അവര്‍ക്ക് അപ്രാപ്യമാകുന്ന അവസ്ഥയാണുണ്ടായത്. അഞ്ചു വര്‍ഷത്തേക്കുള്ള ദീര്‍ഘ പദ്ധതികളിലൂടെയായിരുന്നു ഇന്റല്‍ ആധിപത്യത്തിന് ശ്രമിച്ചത്. എഎംഡിയുമായുള്ള ചില കരാറുകള്‍ വൈകിപ്പിച്ചതിനു പുറമെ പലതും റദ്ദാക്കാനും പ്രേരണയുണ്ടായി.

ഇന്റല്‍ പ്രഖ്യാപിച്ച പല വാഗ്ദാനങ്ങളും ഇളവുകളും തീര്‍ത്തും അധാര്‍മ്മികമാണെന്നാണ് കമ്മീഷണര്‍ നീലി ക്രോയിസ് പ്രതികരിച്ചത്. വിശ്വാസ വഞ്ചനക്ക് അതിന് ചുമത്തിയ അപ്പോഴത്തെ പിഴ വ്യാപാരചരിത്രത്തിലെ തന്നെ ഏറ്റവും വലിയതാണ്. 2008ല്‍ സെയ്ന്റ് ഗോബേയ്‌ന് ഇതിന് കുറവായ പിഴ ഒടുക്കേണ്ടി വന്നിരുന്നു. 2004ല്‍ മൈക്രോസോഫ്റ്റും കുടുങ്ങി. 110000 കോടിയുടെ വ്യാപാരമുളള ഇന്റലിന്റെ യൂറോപ്യന്‍ വ്യാപാര പങ്ക് 30 ശതമാനത്തിലധികമാണ്. ഇപ്പോഴത്തെ പിഴയാവട്ടെ കമ്പനിയുടെ 2008ലെ മൊത്തം ലാഭത്തിന്റെ 4.15 ശതമാനമേ വരൂ എന്നാണ് കമ്മീഷന്‍ അധികൃതരുടെ സമാധാനം. ലോകത്തെ പത്ത് പേഴ്സണല്‍ കമ്പ്യൂട്ടറുകളില്‍ എട്ടിന്റെയും അടിസ്ഥാനം ഇന്റലിന്റെ മൈക്രോ പ്രോസ്സസറാണ്. എഎംഡി 2001ല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു യൂറോപ്യന്‍ കോമ്പിറ്റീഷന്‍ കമ്മീഷന്റെ അന്വേഷണവും പിഴ ചുമത്തലും. ഇന്റലിനെതിരെ എഎംഡി അമേരിക്കന്‍ കോടതിയില്‍ നിയമ നടപടിയും തുടങ്ങിക്കഴിഞ്ഞു. അതിന്റെ വാദം കേള്‍ക്കല്‍ 2010ല്‍ ആരംഭിക്കും. യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട 27 രാജ്യങ്ങളില്‍ വ്യാപാരമത്സരം ഒഴിവാക്കുന്ന നിബന്ധന ലംഘിച്ച് ഇടപാട് നടത്തുന്നതിനെതിരായ നടപടി കൂടിയാണ് ഇന്റലിന് വിനയായത്. കമ്പോളാധിപത്യത്തിന് വഴിവിട്ട് പ്രവര്‍ത്തിക്കുന്നതും എടുത്തു കാട്ടപ്പെടുന്നു.

സാമ്പത്തിക അരാജകത്വത്തെയും മൂലധനം ചോര്‍ത്തിയെടുക്കലിനെയും തുടര്‍ന്ന് പാപ്പരാകുന്ന അമേരിക്കന്‍ കമ്പനികളെ രക്ഷിക്കാന്‍ ഭരണ കേന്ദ്രങ്ങള്‍ തന്നെ സഹായഹസ്തവുമായി ഓടിയെത്തുന്ന കാഴ്ചയാണിന്ന്. സാമ്പത്തിക രംഗത്ത് സര്‍ക്കാര്‍ ഇടപെടല്‍ തീരെ ആവശ്യമില്ലെന്ന് പ്രബോധനം നടത്തിയവര്‍ ഇപ്പോള്‍ ആ സഹായത്തിനു വേണ്ടി തല തല്ലിക്കരയുകയാണ്. എന്നാല്‍ പൊളിഞ്ഞ കമ്പനികളില്‍ നിക്ഷേപിച്ച സാധാരണക്കാരേയും കുംഭകോണങ്ങള്‍ വെറുക്കുന്ന ജീവനക്കാരേയും കുറിച്ച് ഇവര്‍ക്കൊന്നും വേവലാതിയില്ല. ഒരു വന്‍കിട ധനകാര്യക്കമ്പനിയുടെ മേധാവി പറഞ്ഞത് ഇത് അമേരിക്കന്‍ സോഷ്യലിസമാണെന്നാണ്. അതെ സമ്പന്നരുടെ സോഷ്യലിസം (Socialism for the rich). സത്യം കമ്പ്യൂട്ടേഴ്സിലെ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയിലും ഇതേ വായ്ത്താരിയായിരുന്നു. എല്ലാം വിറ്റു പെറുക്കി നിക്ഷേപിച്ചവരെയും അനിശ്ചിതത്വത്തിലായ ജീവനക്കാരെയും കുറിച്ച് പലരും മൌനത്തിലായിരുന്നല്ലോ. റിയല്‍ എസ്റേറ്റ് മേഖലയിലേക്കും ഊഹ ഓഹരിക്കൊതിയിലേക്കും മൂലധനം പകുത്തു നല്‍കിയ രാമലിംഗ രാജു ഇപ്പോഴും നായകന്‍ തന്നെ. ഈ കുറ്റകൃത്യത്തിന് സാങ്കേതിക പിന്തുണയും സ്ഥിതി വിവരണക്കണക്കിന്റെ വ്യാഖ്യാനവും നല്‍കിയ വന്‍ കിട ഉദ്യോസ്ഥരെക്കുറിച്ചാണ് ഇപ്പോള്‍ വിലാപം. അതിലെ നാല് പ്രമുഖര്‍ വിട്ടുപോകുന്നതായാണ് റോളി ശ്രീ വാസ്തവ (Satyam sees exit of top honchos) എഴുതിയത്. നിയമ നടപടികള്‍ ഭയന്നാണ് ഈ പിരിഞ്ഞു പോകലെന്ന് പലരും മനസ്സിലാക്കുന്നുമില്ല. ടെക് മഹീന്ദ്ര ഏറ്റെടുക്കുമ്പോള്‍ സ്ഥാനനഷ്ടം ഉണ്ടാകുമെന്ന് ഭയന്നും ചിലര്‍ 'ഒളിച്ചോടാന്‍' തയ്യാറെടുക്കകയാണത്രെ! മുതിര്‍ന്ന വൈസ് പ്രസിഡന്റുമാരായ വീരേന്ദ്ര അഗര്‍വാളും ഗാരി തീലൂക്ക് സിങും ഇതില്‍പ്പെടുന്നു. ഇതേ നിലവാരത്തിനടുത്തുള്ള കൃഷ് കുമാരസ്വാമിയും രമേഷ് ബാബുവും രാജിവെച്ചതായാണ് വാര്‍ത്ത. സത്യം വൃത്തങ്ങളില്‍ കെ കെ എന്നറിയപ്പെടുന്ന കൃഷ് എച്ച് സി എൽ ലക്ഷ്യമാക്കുകയാണ്. "സ്ഥിതി നല്ലതായിരിക്കുമ്പോള്‍ നീക്കം നടത്തുക'' എന്നതാണ് സത്യം നേതൃനിരയിലെ മുദ്രാവാക്യമെന്നും അടക്കം പറച്ചിലുണ്ട്. എഴുപത് പ്രധാന ഉദ്യോഗസ്ഥര്‍ ഇത് ഏറ്റു വിളിക്കുകയാണെന്ന ഫലിതവും കേള്‍ക്കുന്നു.

സത്യം ശൃംഖലയുടെ വിപുലീകരണത്തില്‍ അഗര്‍വാളിന്റെ പങ്ക് വളരെ വലുതാണ്. 1999 ലാണ് അദ്ദേഹം കമ്പനിയിലെത്തുന്നത്. സിംഗപ്പൂരിലെ വ്യാപാര വികസനത്തില്‍ ഏറെ സംഭാവന നല്‍കുകയും ചെയ്തു. രാജുവിന്റെ കുറ്റ സമ്മതത്തിനു ശേഷം പ്രതിസന്ധി പരിഹാരത്തിനായി രൂപീകരിച്ച സമിതിയിലും അഗര്‍വാള്‍ അംഗമായിരുന്നു. എന്നാല്‍ രാജുവിന്റെ നല്ല പിള്ളയുമായിരുന്നു അദ്ദേഹമെന്നത് മറ്റൊരു കഥ.

ആഗോള സാമ്പത്തിക പ്രതിസന്ധി, പറയപ്പെടുന്ന എല്ലാ നിയന്ത്രണ പ്രതീക്ഷകള്‍ക്കും അപ്പുറമാണെന്ന വെങ്കിടേഷ് ആത്രേയ ( Economic Crisis of global Capitalism : beyond resgulaiotn)യുടെ കാഴ്ചപ്പാട് ഗൌരവമായ ശ്രദ്ധ ആവശ്യപ്പെടുന്നതാണ്. ഇപ്പോഴത്തെ കുഴപ്പത്തെ വെറും ധനപ്രതിസന്ധി മാത്രമായി വായിച്ചെടുക്കുന്നതിലെ പരാധീനതയേയും അദ്ദേഹം വെറുതെ വിടുന്നില്ല. അത്തരം കാഴ്ചപ്പാട് ഉപരിപ്ളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഫിനാന്‍സ് മൂലധനത്തിന്റെ ആധിപത്യ മോഹം ആഭ്യന്തോരോല്‍പാദന വളര്‍ച്ചയില്‍ ഇടിവു വരുത്തിയതായും ആത്രേയ വിലയിരുത്തിയിട്ടുണ്ട്. കമ്പോള മൌലിക വാദികളുടെ വ്യാമോഹങ്ങള്‍ക്ക് പുതിയ പ്രതിസന്ധി ക്ഷതമേല്‍പ്പിച്ചതായും അദ്ദേഹം കണ്ടു. ഓഹരിക്കുതിപ്പ് ചൂണ്ടി ആശ്വാസംകൊളളുന്നവര്‍ എന്നാല്‍ വ്യാവസായിക 'വളര്‍ച്ചാ നിരക്ക്' പൂജ്യത്തിനും താഴെയായത് കാണുന്നുമില്ല. 2008 ല്‍ നിന്ന് 2.3 ശതമാനമാണ് ഈ രംഗത്ത് ഇടിവുണ്ടായത്. ഉല്‍പാദന മേഖലയിലാവട്ടെ തകര്‍ച്ച 3.3 ശതമാനത്തിന്റേതായിരുന്നു. ഓഹരിച്ചന്തയിലെ 80 ശതമാനവും ഈ മേഖലയുടേതാണ്. എന്നിട്ടും ഓഹരി സൂചികയും കമ്പോളവും പ്രതീക്ഷ പുലര്‍ത്തുകയാണത്രെ! തെരഞ്ഞെടുപ്പിന്റെ അനിശ്ചിതത്വങ്ങള്‍ കമ്പോളമനോഭാവത്തെ വലിയ മട്ടില്‍ ഉലച്ചില്ലെന്നും സമാധാനമുണ്ട്. ഓഹരിക്കമ്പോളക്കുതിപ്പ് സാമ്പത്തിക തിരിച്ചു വരവിന്റെ ലക്ഷണമായി വിലയിരുത്തിക്കൂടെന്നാണ് ഹിന്ദു ദിനപത്രം മുഖപ്രസംഗത്തില്‍ മുന്നറിയിപ്പു നല്‍കിയത് (2009 മെയ് 14)

2010-11 ഓടെ ഇന്‍ഷൂറന്‍സ് മേഖലയിലെ ബിസിനസ് 200 ശതമാനം ഏറുമെന്നതാണ് മറ്റൊരു സമാധാനം. അസോചം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇതില്‍ സ്വകാര്യ മേഖലയുടെ കുതിപ്പ് 140 ശതമാനം വരും. അതിനവര്‍ ഉപയോഗിക്കുന്നത് കമ്പോള സൂത്രപ്പണികളാണ്. അടുത്ത രണ്ടു വര്‍ഷത്തിനകം മൊത്തം ഇന്‍ഷുറന്‍സ് ബിസിനസ് 200000 കോടി രൂപ കടക്കുമെന്നാണ് അസോചമിന്റെ കണക്കു കൂട്ടല്‍. ഇപ്പോഴത് 50000 കോടിയുടേതാണ്. വന്‍കിട വിദേശ ഇന്‍ഷുറന്‍സ് കമ്പനികളും തക്കം പാര്‍ത്തിരിക്കയാണ്. സ്വകാര്യ-വിദേശ സംരംഭങ്ങള്‍ ഇന്ത്യന്‍ ഗ്രാമീണ കമ്പോളമാണ് ഇപ്പോള്‍ കൂടുതല്‍ ലക്ഷ്യമാക്കുന്നത്. ഇന്ത്യയിലെ ഇന്‍ഷുറന്‍സ് പ്രീമിയം ആഭ്യന്തരോല്‍പാദനത്തിന്റെ 1.8 ശതമാനത്തിലെത്തിയിട്ടുണ്ട്. അമേരിക്കയിലത് 5.2 ഉം ബ്രിട്ടനില്‍ 6.5 ഉം ദക്ഷിണ കൊറിയയില്‍ 8ഉം ശതമാനമാണ്.

*
അനില്‍കുമാര്‍ എ.വി. കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം

19 June, 2009

ഗീതയുടെ നാനാര്‍ഥങ്ങള്‍

ഗീതയുടെ നാനാര്‍ഥങ്ങള്‍

"രാമായണവും ഭാരതവുമൊക്കെ എഴുതപ്പെട്ടത് അന്ന് നിലവിലിരുന്ന അനീതികളെ വിപ്ലവകരമായി ചെറുക്കാനായിരുന്നു എന്ന നേര് തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് ഇന്ത്യയിലെ ഇടതുപക്ഷത്തിന് പറ്റിയ ഒരു പ്രധാന അബദ്ധം'' -സി രാധാകൃഷ്ണന്‍.

ഒരു പ്രധാന അബദ്ധം എന്ന് പറയുമ്പോള്‍ വേറെയും അബദ്ധങ്ങള്‍ ഉണ്ടെന്ന സൂചനയുണ്ടോ?

"ശരിയായി വ്യാഖ്യാനിച്ച് മനസ്സിലാക്കിയാല്‍ ഗീത... മനുഷ്യന്റെ പുരോഗതിക്ക് ഒട്ടും എതിരല്ല'', തുടര്‍ന്നെഴുതുന്നു.

ഒരുപാട് വ്യാഖ്യാനങ്ങളുണ്ട് ഗീതയ്ക്ക്, മലയാളത്തില്‍ത്തന്നെ. ഈ വ്യാഖ്യാനങ്ങളൊന്നും ശരിയല്ലെന്നാണോ? ശരിയായത് വല്ലതുമുണ്ടോ?

ഇതിഹാസങ്ങളും ബ്രഹ്മസൂത്രവും ഗീതയും മറ്റും ചുട്ടുകരിക്കണമെന്ന് ആരാനും പറഞ്ഞോ? ഇത് പുസ്തകം ചുട്ടെരിക്കുന്ന കാലമായതുകൊണ്ട് തോന്നിയതായിരിക്കും. "ഭഗവത് ഗീത ഒരു വിമര്‍ശനപാഠം'' ചുട്ടെരിക്കാന്‍ പറഞ്ഞില്ലല്ലോ. ഇവയൊന്നും ചുട്ടെരിക്കണമെന്നല്ല ശരിക്ക് വായിച്ച് അര്‍ഥം ഗ്രഹിച്ച് വിലയിരുത്തണമെന്നുതന്നെയാണ് പക്ഷം. ഭക്ത്യാന്ധതയും മുന്‍വിധികളും മാറ്റിനിര്‍ത്തി വേണമെന്നുമാത്രം. അതെങ്ങനെ? "സംശയാത്മാ വിനശ്യതി'' (സംശയിക്കുന്നവന്‍ ഒടുങ്ങിപ്പോകും) എന്ന മന്ത്രച്ചരട് ഗീതാനുസന്ധായികള്‍ കെട്ടിയിട്ടുണ്ടാകുമല്ലോ.

ബ്രഹ്മസൂത്രങ്ങളും ഗീതയും എല്ലാം അറിവിന്റെയും സംസ്കാരത്തിന്റെയും പാഠങ്ങളാണെന്ന രാധാകൃഷ്ണന്റെ അഭിപ്രായം മാനിക്കുന്നു. അറിവ് അറിവുതന്നെയാണല്ലോ. "സര്‍വേലാഭാഃ സാഭിമാനാഃ എന്നും വിചാരിക്കാം.

'ശരിയാണ്, തല്പരകക്ഷികള്‍ ഇവയെല്ലാം ദുര്‍വ്യാഖ്യാനം ചെയ്ത് ദുരുപയോഗം ചെയ്തിട്ടുണ്ട്'' പ്രതികരണം സമ്മതിക്കുന്നു. ദുര്‍വ്യാഖ്യാനം ചെയ്ത ദുരുപയോഗങ്ങളാണ് ഇന്നും ശക്തം. നന്നായൊന്നു തട്ടിക്കുടഞ്ഞാല്‍ പോകുന്ന അഴുക്കും പൊടിയുമൊന്നുമല്ല പറ്റിപ്പിടിച്ചിട്ടുള്ളത്. കുളിപ്പിച്ച് കുളിപ്പിച്ചു കുട്ടിതന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്. മാത്രമല്ല ഇടതുപക്ഷം തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിച്ചാല്‍ അതിന്നും പഴിയുണ്ടാവും. വിവേകാനന്ദ ജയന്തി ഡി വൈ എഫ് ഐ കൊണ്ടാടിയപ്പോള്‍ അതിന്റെ പേരിലുണ്ടായ പുകില്‍ നാം കണ്ടതാണല്ലോ. ഗീതയെ അതിന്റെ യഥാര്‍ഥ സ്ഥിതിയില്‍ അറിഞ്ഞു വിലയിരുത്തണം. അതാണഭികാമ്യം.

'മഹത്വഭാരവത്വാഢ്യ'മായ ഭാരതത്തിലെ ഒരു ഉപപര്‍വമാണല്ലോ ഗീത. മഹാഭാരതത്തേക്കാളും ഈ ഉപപര്‍വത്തിന് എങ്ങനെ ഈ മഹത്വം കിട്ടി. പലരും ഗീത കാണുന്നതും ഉപയോഗിക്കുന്നതും പ്രത്യേകമായി രചിക്കപ്പെട്ട ഒരു വിശിഷ്ട ഗ്രന്ഥമെന്ന നിലയ്ക്കാണ്. മരംമറഞ്ഞ് കാടുകാണാത്ത അവസ്ഥ തന്നെ. ഗീതയ്ക്കുവേണ്ടിയാണ് മഹാഭാരതം രചിക്കപ്പെട്ടത് എന്ന് കണ്ടെത്തിയവര്‍പോലുമുണ്ട്. ഉറപ്പിച്ചു പറയാം: ഈ ഗീതാനുസന്ധാകളില്‍ ഭൂരിഭാഗവും മഹാഭാരതം കണ്ടവര്‍പോലുമല്ല. മേല്‍പ്പുരപൊളിച്ച് നടുത്തളത്തിലിറങ്ങുന്നവരാണ് ഏറെയും.

"വിശ്വത്തിന്റെ ഘടന വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് ഗീത ആത്മാവിനെക്കുറിച്ച് പറയുന്നത്..... ക്ഷരം, അക്ഷതം.. അക്ഷരാതീരം എന്നതാണ് പ്രപഞ്ചഘടന. ഇതുതന്നെയാണ് ഇപ്പോള്‍ സയന്‍സിന്റെ കാഴ്ചപ്പാടും,''രാധാകൃഷ്ണന്‍ പറയുന്നു. 'ഇപ്പോള്‍' എന്ന് പറയുമ്പോള്‍ മുമ്പ് അങ്ങനെ ആയിരുന്നില്ലെന്നാവും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗീത കണ്ടെത്തിയത് ഇപ്പോഴാണ് സയന്‍സ് കണ്ടെത്തുന്നത്. ദശാവതാരങ്ങളില്‍ പരിണാമസിദ്ധാന്തം കണ്ടെത്തിയ മിടുക്കന്മാരാണല്ലോ നാം.

ഗീത ആത്മാവിനെക്കുറിച്ചു പറയുന്നത് ബന്ധുമിത്രാദികളെ കൊന്നാലും അവര്‍ നശിക്കുന്നില്ല എന്നു സ്ഥാപിക്കാനാണ്. കൊന്നാലും കൊല്ലുന്നില്ല, ചത്താലും ചാകുന്നില്ല എന്നു സ്ഥാപിക്കാന്‍. പ്രഥമദൃഷ്ട്യാതന്നെ ഇത് സുവ്യക്തം. ശരീരം നാശമുള്ളതാണ്. അത് തടയാന്‍ ആര്‍ക്കും സാധ്യമല്ല. എന്നാല്‍ ശരീരത്തിലെ ആത്മാവിനെ ആര്‍ക്കും കൊല്ലാനാവില്ല. 'തസ്മാദ്യുദ്ധ്യസ്വ ഭാരത' (അതുകൊണ്ട് യുദ്ധം ചെയ്തോളൂ- 2ല്‍18)

"നായം ഹന്തി ന ഹന്യതേ'' ആത്മാവ് കൊല്ലുന്നില്ല, കൊല്ലപ്പെടുന്നില്ല. (2 ല്‍ -19) എത്ര ശരി. അങ്ങനെ കൊന്നു. ഉണ്ടെങ്കിലല്ലേ അത് നടക്കൂ. അല്ലെങ്കില്‍ ആത്മബോധം, തന്റേത് എന്ന ബോധം ഒരിക്കലും ലോകത്തുനിന്ന് പോകയില്ലല്ലോ. "ഗുരുക്കന്മാരുടെ രക്തംപുരണ്ട ഭോഗങ്ങളെ അനുഭവിക്കാനില്ല (2ല്‍-5) - "ഇരന്നു കഴിഞ്ഞോളാം. സ്വജനത്തെ കൊന്നിട്ട് എങ്ങനെ സുഖിക്കും'' (1ല്‍ 37) എന്നൊക്കെ പറഞ്ഞ് പരവശനായി "യത്ശ്രേയഃസ്യാന്നിശ്ചിതം ബ്രൂഹിതന്മേ'' (ശ്രേയസ്കരമായിട്ടുള്ളത് പറഞ്ഞുതരൂ) എന്ന് ആവശ്യപ്പെടുന്ന അര്‍ജുനനോടാണ് ആത്മാവിനെക്കുറിച്ചു പറയാന്‍ തുടങ്ങുന്നത്. അനുക്രമം വായിക്കുന്നവര്‍ക്ക് ഇതുബോധ്യപ്പെടും.

യുദ്ധവിരക്തനായ അര്‍ജുനനെ യുദ്ധോക്ത്യുക്തനാക്കാനാണ് ഈ ഉപദേശങ്ങള്‍. കൃഷ്ണനെത്തന്നെ ഈ ഉപദേശത്തിന് കൈകണ്ടതിലും കവിയുടെ ഔചിത്യദീക്ഷയുണ്ട്. കാപട്യങ്ങളെക്കൊണ്ട് ഒരുവിധം യുദ്ധം ജയിച്ചതില്‍പ്പിന്നെ ഭരണകാര്യങ്ങളിലെ ഉപദേശത്തിന് കൃഷ്ണനെ കണ്ടില്ല. ധര്‍മജന്‍ ശരശയ്യയില്‍ കിടക്കുന്ന പിതാമഹന്റെ അടുത്താണ് അതിന് പോകുന്നത്. ഇന്ദ്രന്റെ അവരജനാണത്രെ വിഷ്ണു. "ഉപേന്ദ്ര ഇന്ദ്രാവരജോ'' എന്ന് നിഘണ്ടു (വിഷ്ണുവിന്റെ അവതാരമാണ് കൃഷ്ണന്‍ എന്നാണല്ലോ വെപ്പ്) 'യുദ്ധസ്വവിഗതജ്വരഃ'' എന്നു പറയാന്‍ സര്‍വഥാ യോഗ്യന്‍.

താന്‍ വലിയ ഇന്ദ്രജാലക്കാരനാണ്, കൃഷ്ണന്‍ തന്നെ വിളിച്ചു പറയുന്നുണ്ട്:

" ദേവീഹ്യേഷാ ഗുണമയീ

മമ മായാ ദുരാത്യയാ (7-ല്‍ 14) (എന്റെ മായയെ ആര്‍ക്കും മറികടക്കാവതല്ല) ദ്യൂതം ഛലയതാമസ്മി' (വഞ്ചകര്‍ക്കിടയില്‍ ഞാന്‍ ചൂതാട്ടമാണ്-10ല്‍-36) . "മൌനം ചാസ്മി ഗുഹ്യാനാം'' 10-ല്‍ 38 (രഹസ്യങ്ങളില്‍ ഞാന്‍ മൌനമാണ്) . ഇതുകൊണ്ട് പ്രപഞ്ചത്തെ അളന്നെടുക്കാം എന്ന് മറ്റുള്ളവരില്‍ തെറ്റിദ്ധാരണ പരത്തുന്നതാണ് മായ.

ആത്മാവിന്റെ അനശ്വരതയെക്കുറിച്ചും വേദവാദരതന്മാരുടെ മൂഢതയെക്കുറിച്ചുമെല്ലാം പറഞ്ഞിട്ടും പടക്കിറങ്ങാന്‍ ധൈര്യം വരാത്ത സവ്യസാചിയെ "നീ ആരെ കൊല്ലാന്‍ മടിച്ചാണോ യുദ്ധത്തില്‍ ഇറങ്ങാത്തത് അവരെയെല്ലാം ഞാന്‍ തന്നെ ശരിപ്പെടുത്തിയിട്ടുണ്ട്. പൂപ്പറിക്കുംപോലെ കാര്യം നേടാം.'' അത്രയും ലഘൂകരിക്കപ്പെട്ടിരിക്കുന്നു നിന്റെ ഭാരം. അതുകൊണ്ട് "യുദ്ധസ്വജേതാസിരണേ''(11ല്‍, 33, 34). എന്നിട്ടും ഉദ്ബുദ്ധനാകുന്നില്ല എന്നായപ്പോഴാണ് പതിനെട്ടാമത്തെ അടവും കഴിഞ്ഞ് 'പൂഴിക്കടകന്‍' എടുക്കുന്നത്. 'വിശ്വരൂപദര്‍ശനം തന്റെ കൃതഹസ്തമായ ഇന്ദ്രജാലം. ഇതിലാണ് അര്‍ജുനന്‍ അടിപ്പെടുന്നത്. അര്‍ജുനന്‍ നിലവിളിച്ചുപോയി: "മമ മനഃ ഭയേന പ്രവ്യാഥിതം'' (എന്റെ മനസ്സ് ഭയാകുലമായിരിക്കുന്നു). "തദേവമേ ദര്‍ശയ ദേവ രൂപം'' ( ആ പഴരൂപം തന്നെ കാണിക്കൂ). "പ്രസീദ, ദേവേശ, ജഗന്നിവാസ'' (ദേവേശ ജഗന്നിവാസ പ്രസാദിക്കണേ). ഇതോടെ അര്‍ജുനന്‍ എങ്ങനെ വേണമെങ്കിലും വളയ്ക്കാനും തിരിക്കാനും പാകത്തിലായി. (ഗീത 11 ല്‍ 45)

"ഞാന്‍ പറയേണ്ടതൊക്കെ പറഞ്ഞു ഇനി ഇഷ്ടംപോലെ ചെയ്യ്'' എന്ന് പരിഭവംകൂടി പറഞ്ഞാണ് ഭഗവാന്‍ അവസാനിപ്പിക്കുന്നത് (18ല്‍ 63). ഒടുക്കം, പറയുംപോലെ ചെയ്തുകൊള്ളാം എന്ന് അര്‍ജുനന്‍ സമ്മതിക്കുന്നു (18 ല്‍ 74).

കൃഷ്ണന്റെ കരിമുകിലൊത്ത ചികുരഭാരത്തിലെ നിറന്നപീലികള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. അത് വെറുമൊരലങ്കാരം മാത്രമാണോ. കൃഷ്ണസങ്കല്പത്തിലെ ദുരകത്യയമായാ പ്രതീകം കൂടിയാണെന്ന് തിരിച്ചറിയണം. ഇന്ദ്രജാലക്കാര്‍ മായാജാലപ്രകടനത്തില്‍ ഉപയോഗിക്കാറുള്ളതാണ് പീലിക്കെട്ട്. നീലച്ചമയിലിന്റെ പീലികെട്ടുഴിഞ്ഞെന്നെ തൂണാക്കി മാറ്റിയല്ലോ' എന്ന പി ഭാസ്കരന്റെ സിനിമാഗാനം ഓര്‍മിക്കുന്നില്ലെ.

'ഞാനെന്നേ മര്‍ത്യനെന്നോര്‍പ്പൂ'' എന്ന് വാല്മീകിയുടെ രാമന്‍. എന്നാല്‍ കൃഷ്ണനോ, അവജാനന്തിമാം മൂഢാഃ മാനുഷീം തനുമാശ്രിതം (വിഡ്ഢികള്‍ ഞാന്‍ മനുഷ്യരൂപിയാണെന്ന് മനസ്സിലാക്കുന്നു) എന്ന്.

"യദ്രവ്യം ബാന്ധവാനാം വാ

മിത്രാണാം വാക്ഷയേ ഭവേത്

നാഹം തത് പ്രതിഗൃഹ്ണാമി

ഭക്ഷാന്‍ വിഷകൃതാനിവ'' (ബന്ധുക്കളെയും ചങ്ങാതിമാരെയും കൊന്നുകിട്ടുന്ന സ്വത്ത് ഞാനെടുക്കകയില്ല. വിഷം കലര്‍ന്ന ഭക്ഷണംപോലെ തള്ളുകതന്നെ ചെയ്യും) എന്ന് രാമന്‍. കൃഷ്ണനോ "ഗുരുക്കന്മാരെക്കൊന്ന് അവരുടെ രക്തം പുരണ്ട അര്‍ഥകാമഭോഗങ്ങള്‍ ഞാന്‍ അനുഭവിക്കയില്ല (രാമന്റെ അതേ അഭിപ്രായം) എന്നതിനൊപ്പം യുദ്ധവിയുക്തനായ പാര്‍ഥനോട്, "ദുഃഖിക്കേണ്ടാത്തവരെക്കുറിച്ചാണ് നീ ദുഃഖിക്കുന്നത്; ചത്തവരെക്കുറിച്ചും ചാകാത്തവരെക്കുറിച്ചും ആരാനും ദുഃഖിക്കുമോ (2ല്‍ 11 ) എന്നും പറഞ്ഞു പരിഹസിക്കുന്നു. മാത്രമോ "ജിത്വാവാ ഭോക്ഷ്യസേ മഹിം തസ്മാദുത്തിഷ്ഠ യുദ്ധായ കൃതനിശ്ചയഃ'' (ജയിച്ചാല്‍ രാജ്യസുഖം അനുഭവിക്കാം യുദ്ധം ചെയ്യണമെന്നുറച്ച് എഴുന്നേല്‍ക്കു'' (2ല്‍ 37) എന്ന് ഉത്സാഹിപ്പിക്കുകയും ചെയ്യുന്നു. യുദ്ധത്തിന്നിടിയില്‍ ഭീഷ്മരുമായി പിണങ്ങിക്കഴിയുന്ന കര്‍ണന്റെ അടുത്തുചെന്ന് രഹസ്യങ്ങളില്‍ മൌനിയായ കൃഷ്ണന്‍ കുന്തിയുടെ മൂത്ത പുത്രനെന്ന നിലയ്ക്ക് രാജാവാകാമെന്നും ആറാമനായി പാഞ്ചാലിയുമായി കിടക്ക പങ്കിടാമെന്നും ഞങ്ങളുടെ പക്ഷം ചേരൂ എന്നും പറഞ്ഞു.

കൃഷ്ണന് സത്യാസത്യങ്ങളോ ധര്‍മാധര്‍മങ്ങളോ ഇല്ല. എല്ലാം സാപേക്ഷികമാണ്.

"സത്യം ചൊല്ലരുതെന്നാകും

പൊളി ചൊല്ലേണ്ടാതായ്വരും

അനൃതം സത്യമാം; സത്യം

അനൃതം തന്നെയായിടും (ഭീഷ്മപര്‍വം, തമ്പുരാന്റെ തര്‍ജമ.) പ്രായോഗിക ജീവിതത്തിന്റെ സമൂര്‍ത്ത സിദ്ധാന്തമാണിത്. ഈ സിദ്ധാന്തക്കാരനേ തന്നെ മടിയിലിരുത്തി പോറ്റിവളര്‍ത്തിയ മുതുമുത്തച്ഛനെ കൊന്ന് രാജ്യം പിടിച്ചടക്കാന്‍ ചങ്ങാതിയെ ഉപദേശിക്കാനാവൂ.

"എന്ത് ദുരിതം ചെയ്തും അധികാരം കൈയിലൊതുക്കുക രാജകുമാരന്മാരുടെ സ്വഭാവമാണ്'' കാളിദാസന്‍ രഘുവംശത്തില്‍ പറയുന്നു. ഭാഗവതം തന്നെ പറയുന്നു:

"മാതരം പിതരം ഭ്രാതൃന്‍

സര്‍വാംശ്ച സുഹൃദസ്തഥാ

ഘ്നന്തിഹ്യസൃതൃപോലുബ്ധാഃ

രാജാനഃ പ്രായശോ ഭുവി''

അസംതൃപ്തരായ രാജാക്കള്‍ (ക്ഷത്രിയര്‍) അച്ഛനെയും അമ്മയെയും ചങ്ങാതിമാരെയും അധികാരത്തിനുവേണ്ടി കൊല്ലാന്‍ മടിക്കില്ല. ചരിത്രത്തിലും അനുഭവപാഠങ്ങളുണ്ടല്ലൊ. അപ്പോള്‍ ഗീതോപദേശത്തിനും സര്‍വഥാ യോഗ്യനായവനാണ് കൃഷ്ണന്‍. കൃഷ്ണഗാഥയാണ് ഗീതോപദേശം. എന്നാല്‍ ഗീതയില്‍ എങ്ങനെ ഭഗവാന്‍ പറ്റിപ്പിടിച്ചു. പൌരോഹിത്യമാണ് അതു ഒട്ടിച്ചുവിട്ടിരിക്കുക പടച്ചോന്‍ നേരിട്ട് പറഞ്ഞതാണെങ്കില്‍ അതിന്നു പിന്നെ അപ്പീലുമില്ല. ഗീത ഭീഷ്മപര്‍വത്തിലെ ഒരു ഉപപര്‍വമാണെങ്കില്‍, മഹാഭാരതം വ്യാസനിര്‍മിതമാണെങ്കില്‍, വ്യാസഗീതയെന്ന് പറയുന്നതല്ലെ ശരി. സഞ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് ഉപദേശിക്കുന്ന രീതിയിലാണ് അനുവാചകനറിയുന്നതെന്നും തിരിച്ചറിയണം. അപ്പോള്‍ 'സഞ്ജയഗീത'യെന്നും ആവാം. തികച്ചും ഭൌതികകാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഗീത. അതാണതിലെ അംഗി. "യുദ്ധം ചെയ്യുക'' എന്ന അംഗിയെ ചൂഴ്ന്നുനില്‍ക്കുന്ന പരിവാരങ്ങളാണ് (അംഗങ്ങള്‍) മറ്റൊക്കെ. ആത്മാവും യോഗങ്ങളുമൊക്കെ 'യുദ്ധസ്വ' എന്നതിന്റെ പരിപോഷകങ്ങള്‍ മാത്രം. പതിനെട്ട് അധ്യായങ്ങളിലായി ഏതാണ്ട് 40 ഓളം സന്ദര്‍ഭങ്ങളില്‍ യുദ്ധം ചെയ്യൂ എന്ന് ശബ്ദതഃ പറയുന്നുണ്ട് ഗീതയില്‍. പതിനെട്ടാമധ്യായത്തിന്റെ ഒടുവില്‍ യുദ്ധം ചെയ്യൂ എന്ന ഒന്നില്‍ കേന്ദ്രീകരിക്കുന്നതും ശ്രദ്ധേയം:

എന്റെ ഈ ഉപദേശം കേട്ടില്ലെങ്കില്‍ നീ നശിക്കും (15ല്‍.58) അഹമ്മതിവെച്ച് ഞാന്‍ യുദ്ധം ചെയ്യില്ല എന്നാണെങ്കില്‍ അത് വെറുതെ (18ല്‍-59). സ്വന്തം കര്‍മത്താല്‍ ബന്ധിക്കപ്പെട്ട നീ ഗത്യന്തരമില്ലാതെ അത് (യുദ്ധം) ചെയ്യേണ്ടിവരും (18ല്‍ 60).

കടന്നുപറഞ്ഞാല്‍ തികഞ്ഞ രാഷ്ട്രീയമാണ് ഗീതയിലുള്ളത്. ഗീതോപദേശം വേണ്ടിവന്ന സാഹചര്യം തന്നെ അതു വ്യക്തമാക്കുന്നു. അര്‍ജുനന്‍ നേരെ യുദ്ധത്തില്‍ പ്രവേശിക്കുകയും എതിരാളികളെക്കൊന്നുവീഴ്ത്തുകയും ചെയ്തിരുന്നെങ്കില്‍ ഗീതോപദേശത്തിന് പ്രസക്തിയേ ഇല്ലല്ലോ.

ക്ഷത്രിയരും ബ്രാഹ്മണരും (പുരോഹിതര്‍) ആണ് മഹാഭാരതത്തിന്റെ കാലത്ത് സമൂഹത്തെ നിയന്ത്രിച്ചിരുന്നത്. പഠിപ്പും വെടിപ്പുമെല്ലാം അവരിലാണ്. ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും അപദാനങ്ങളും കഥകളുമായി അതില്‍. അതുകൊണ്ട് കാലത്തിന്റെ പ്രതിബിംബമാണത്. ഭാരതാദികള്‍ അന്നത്തെ അനീതികളെ വിപ്ലവകരമായി ചെറുത്തു എന്നു സമ്മതിക്കാം. ഇന്നത്തെ അനീതികളെ ചെറുക്കാന്‍ അതു മതിയാകുമോ? ഉപയോഗിക്കണമെങ്കില്‍ അതിന്റെ അലകും പിടിയും മാറ്റേണ്ടിവരും.

ഇന്ദ്രിയങ്ങളെക്കൊണ്ടറിയില്ല ബുദ്ധിക്ക് ഗ്രഹിക്കാനാവും. എന്നാണ് ഗീത ആത്മാവിനെക്കുറിച്ചു പറയുന്നതൂ'' (ബുദ്ധിഗ്രാഹ്യം അതീന്ദ്രിയം). ഇതു ആത്മാവിനെക്കുറിച്ചുള്ളതല്ല. ആറാം അധ്യായത്തില്‍ (ധ്യാനയോഗം) 21 -ാം ശ്ലോകത്തിലാണ് ഇതുള്ളത്. യോഗയുക്തനെ (യോഗി) ആണ് അവിടെ പരാമര്‍ശിക്കുന്നത്.

"ഇന്ദ്രിയംകൊണ്ടറിയാത്തതും ബുദ്ധികൊണ്ട് അറിയാവുന്നതുമായ പരമാനന്ദത്തെ യോഗി അറിയുന്നു എന്നാണര്‍ഥം. "ജീവാത്മാക്കള്‍ക്ക് കണക്കു പുസ്തകമില്ല'' എന്ന് രാധാകൃഷ്ണന്‍. കണക്ക് പുസ്തകം ഉള്ളതുപോലെയാണ് ഗീതാശ്ലോകംകൊണ്ടു തോന്നുക. ജീര്‍ണശരീരം ഉപേക്ഷിച്ച് ആത്മാവ് പുതിയ ശരീരം തേടുന്നു, പഴന്തുണി കളഞ്ഞ് മനുഷ്യന്‍ പുതുതുണി ധരിക്കുംപോലെ എന്നുപറയുമ്പോള്‍ ഒരു കണക്ക് പുസ്തകം ഉള്ളതുപോലെ തോന്നിപ്പോകും. (സത്യമതല്ലായിരിക്കാം). എല്ലാം മുമ്പേ ഒരുക്കിവെച്ചപോലെ. ആത്മാവിന് ഗതി കിട്ടിയില്ല എന്ന് പറയുന്നത് കണക്ക് തെറ്റുമ്പോഴല്ലെ. "അതേ: ജീവിതലക്ഷ്യം ഈശ്വരസാക്ഷാത്കാരമാണ്.'' പ്രകൃതിയോടിണങ്ങി സ്വാഭാവികമായും സുഖമായും ജീവിക്കുക എന്ന് മാത്രമാണ് ഗീതയില്‍ ആ വാക്കിന്നര്‍ഥം. രാധാകൃഷ്ണന്റെ വ്യാഖ്യാനം കൊള്ളാം. ബ്രഹ്മസാക്ഷാത്കാരത്തെത്തന്നെയാണല്ലോ ഈശ്വരസാക്ഷാത്കാരം എന്നതുകൊണ്ടുദ്ദേശിച്ചത്. അങ്ങനെയെങ്കില്‍ നല്ല ബുദ്ധിയോടും മനസ്സോടും ഇന്ദ്രിയ നിഗ്രഹം ചെയ്ത് രാഗദ്വേഷങ്ങളില്ലാതെ ഒറ്റക്ക് അല്പാഹാരനായി. വാക്കുകള്‍ നിയന്ത്രിച്ച് ധ്യാനനിഷ്ഠനായി കാമക്രോധാദികളും ധനമോഹവും വെടിഞ്ഞ് ഒന്നിലും താല്പര്യമില്ലാതെ ഇരിക്കുന്നവനാണ് ഈശ്വര (ബ്രഹ്മ) സാക്ഷാത്കാരത്തിന് യോഗ്യനാകുന്നത് (18 ല്‍, 51, 52, 53) പ്രകൃതിയോടിണങ്ങി സാഭാവികമായും സുഖമായും ജീവിക്കലും മേല്‍പ്പറഞ്ഞതും ഒന്നാണോ?

"യജ്ഞം എന്ന വാക്കിന്ന് കര്‍മം എന്നാണത്രെ ഗീതയിലെ അര്‍ഥം. വേണമെങ്കില്‍ സ്വാഭാവിക കര്‍മം എന്നു പറയാം.''യജ്ഞം എന്നത് സ്വാഭാവിക കര്‍മം എന്ന നിലയ്ക്കല്ല ഗീതയില്‍. സ്വാഭാവികകര്‍മം ബന്ധകാരിയാണ്. ഫലകാംക്ഷയോടെയുള്ള കര്‍മമാണ് സ്വഭാവികകര്‍മം. യജ്ഞാര്‍ഥം സംഗരഹിതനായി കര്‍മം ചെയ്യാനാണ് ഗീത പറയുന്നത് (3ല്‍-9). ഈ യജ്ഞാഭാവത്തോടെയാണ് ജനങ്ങളെ സൃഷ്ടിച്ചിരിക്കുന്നതെന്നും ഗീത പറയുന്നു (3ല്‍-10) ഈ യജ്ഞംകൊണ്ടു ദേവന്മാരെ പൂജിച്ചാല്‍ ദേവന്മാര്‍ ഇങ്ങോട്ടും സഹായിക്കും എന്ന് പറയുമ്പോള്‍ (3 ല്‍ 11) സ്വാഭാവിക കര്‍മമല്ലെന്ന് വ്യക്തം.

"ചാതുര്‍വര്‍ണ്യത്തെ ഗീത അംഗീകരിക്കയല്ല നിഷേധിക്കുകയാണ''ത്രെ. "ചാതുര്‍വര്‍ണ്യം മയാസൃഷ്ടം'' എന്ന് ഭഗവാന്‍ വിളിച്ചുപറഞ്ഞിട്ടും രാധാകൃഷ്ണന്‍ അതിലെങ്ങനെ നിഷേധം കണ്ടെത്തുന്നു. അതിന്റെ കര്‍ത്താവാണെങ്കിലും ആ കര്‍ത്താവായറിയണമെന്ന് പറഞ്ഞതുകൊണ്ടാണോ (4ല്‍ 13)? സത്വരജസ്തമോ ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ് ചാതുര്‍വര്‍ണ്യസൃഷ്ടി. ബ്രഹ്മനെന്നും ക്ഷത്രനെന്നും വൈശ്യനെന്നും ശൂദ്രനെന്നും ഈശ്വരന്‍ ഉണ്ടാക്കിയെന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. നാലു ജാതിക്കും തൊഴില്‍ വിഭജനം കൂടി ചെയ്തുവെച്ചിട്ടുണ്ട് (18ല്‍ 41).

'ധര്‍മമെന്ന വാക്കും ശരിയായ അര്‍ഥത്തിലല്ല. വര്‍ണാശ്രമധര്‍മം എന്ന അര്‍ഥം ഗീതാകാരന്‍ ഉദ്ദേശിച്ചില്ല. സ്വഭാവേനയുള്ള കര്‍മമാണ് സ്വധര്‍മം.'' "ധര്‍മാദ്ധി യുദ്ധാത് ശ്രേയോന്യത് ക്ഷത്രിയസ്യനവിദ്യതേ'.' ക്ഷത്രിയജാതിയുടെ ധര്‍മമാണ് യുദ്ധം എന്നല്ലെ ഇവിടെ അര്‍ഥം. വര്‍ണധര്‍മം തന്നെയാണിത്.

പരമമായ അറിവാണ് ഈശ്വരന്‍ എന്നാണ് ഗീത പഠിപ്പിക്കുന്നത്. അതായത് ഈശ്വരന്‍ ജ്ഞാനസ്വരൂപനാണെന്ന് കുറ്റിപ്പുഴയുടെ 'വിചാരവിപ്ലവ'ത്തില്‍ ഈശ്വരന്റെ അസ്തിത്വത്തെക്കുറിച്ച് വാദപ്രതിവാദം നടത്തുന്ന ഒരു ഭാഗമുണ്ട്. വാദിച്ച് വാദിച്ച് ആസ്തികന്‍ ഈശ്വരന്‍ ജ്ഞാനസ്വരൂപനാണെന്ന് വാദിച്ചുനിര്‍ത്തി. അപ്പോള്‍ കുറ്റിപ്പുഴ പറഞ്ഞു: അതാണീശ്വരനെങ്കില്‍ ഞാനും ആസ്തികനാണെന്ന്. ജ്ഞാനസ്വരൂപനാണ് ഈശ്വരനെങ്കില്‍ ആരും അംഗീകരിക്കും.

ഗീതയിലെ ഈശ്വരന്‍ ആ ജ്ഞാനസ്വരൂപനല്ല. മുഖസ്തുതിയിലും പൂജകളിലും ഉപഹാരങ്ങളിലും ഭ്രമിക്കുന്ന ഈശ്വരനാണ്. പക്ഷേ, ക്ഷിപ്രപ്രസാദിയാണ്. നിസ്സാരമായ ഉപഹാരംകൊണ്ട് പ്രസാദിക്കും. പൊന്നുകൊണ്ട് തുലാഭാരവും ഒന്നും വേണ്ട. പത്ര, പുഷ്പം, ഫലം, തോയം തുടങ്ങിയ വിലകുറഞ്ഞ വസ്തുക്കള്‍ സമര്‍പ്പിച്ചാല്‍തന്നെ പ്രസാദിക്കും. ഭക്തിയോടെ നല്‍കണമെന്നേയുള്ളൂ. (9ല്‍ 267) എന്നാല്‍ മറ്റു ദൈവങ്ങളെ പൂജിക്കുന്നത് അത്ര ഇഷ്ടമല്ല. (9-ല്‍ 22,23). ഐതരേയത്തിലെ 'പ്രജ്ഞാനം ബ്രഹ്മ' എന്നതിനേക്കാളും ബൃഹദാരണ്യകത്തിലെ 'അഹം ബ്രഹ്മാസ്മി' എന്നതാണ് ഗീതക്ക് ചേര്‍ന്നത്.

നിരുത്സാഹകനായി അകര്‍മണ്യതയില്‍ ആപതിച്ച വ്യക്തിയെ ഉത്സാഹപ്പെടുത്തി കര്‍മനിരതനാക്കുന്ന ഉപദേശനിര്‍ദേശങ്ങളാണ് ഗീതയില്‍ ഉള്ളതെന്ന് ആരും സമ്മതിക്കും. തേരാളിയെത്തന്നെ ഉപദേശത്തിന് അവതരിപ്പിച്ചതും ഉചിതംതന്നെ. ഇടയില്‍ ഭഗവാന്‍ പറ്റിച്ചേര്‍ന്നതാണ് ഊര്‍ജം കെടുത്തിയത്.

കുരുക്ഷേത്രയുദ്ധത്തിന് മുമ്പ് വൈകാരിക സംഘര്‍ഷാത്മകമായ ഒരു രംഗം ആവിഷ്കരിച്ച് തത്വോപദേശം വഴി ആ വൈകാരികോഷ്മാവിനെ ശീതീകരിക്കുന്ന രീതിയിലുള്ള ഗീതോപദേശം ഭാവോന്മീലകമായ കാവ്യപശ്ചാത്തലം ഒരുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാവ്യാസ്വാദനജന്യമായ ഒരനുഭൂതി അനുവാചകന് ലഭിച്ചെന്ന് വരും. അവിടന്നും ഇവിടന്നും എടുത്ത് മുക്തമാക്കി ചൊല്ലി ആവേശംകൊള്ളാം. അറവുകാരനും കൊലപാതകിക്കും കരിഞ്ചന്തക്കാരനും വിപ്ലവകാരിക്കും തീവ്രവാദിക്കും പരമസാത്വികനും തങ്ങളുടെ ചെയ്തികള്‍ക്ക് ന്യായീകരണം കണ്ടെത്താം. എന്നാല്‍ ഏകകമായ ഒരനുക്രമ വായനയില്‍ പരസ്പരവിരുദ്ധവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ് ഗീത.

വര്‍ണവ്യവസ്ഥയനുസരിച്ച് തൊഴില്‍ വിഭജനവും ഭക്ഷണരീതിയും ഗീത പ്രഖ്യാപിക്കുന്നു. (18-ല്‍ 42, 43, 44) ഞാനാരുടെയും പാപം കൈയേല്‍ക്കില്ല എന്ന് പറഞ്ഞ ഭഗവാന്‍ (5ല്‍ 15) യുദ്ധം ചെയ്യുന്നതുകൊണ്ടുണ്ടാവുന്ന എല്ലാ പാപങ്ങളും ഏറ്റെടുത്തോളാം എന്നു പറയുന്നു. സ്വര്‍ഗകാമനയെ നിന്ദിക്കുന്ന ഗീത യുദ്ധത്തെ സ്വര്‍ഗത്തിലേക്ക് കടക്കാനുള്ള വഴിയായി കാണുന്നു. സ്ത്രീകളില്‍ കീര്‍ത്തിയും ഐശ്വര്യവും ഞാനാണെന്ന് പറഞ്ഞ് അവരെ പാപയോഗികള്‍ എന്ന് നിന്ദിക്കുന്നു. (ഭഗവാനില്‍ മയങ്ങിയവര്‍ക്ക് അതു നന്ദനമായും കാണാം.)

മഹാകവി അക്കിത്തം ഒരു യോഗത്തില്‍ പ്രസംഗിച്ചുകേട്ടിട്ടുണ്ട്. എന്നില്‍ ഭാവന ഉള്ളിടത്തോളം ഈശ്വരനുമുണ്ടാകും. ആ സ്വാത്വികന്‍ പറഞ്ഞതിനര്‍ഥം ഈശ്വരന്‍ (ഭഗവാന്‍) മനോഹരസങ്കല്പം തന്നെയാണെന്നല്ലെ. "ആയിരമായിരമാണ്ടുകള്‍ക്കപ്പുറം ആരോ വിരചിച്ച മുഗ്ധസങ്കല്പമേ'' എന്ന് ഭഗവാനെ അഭിസംബോധനചെയ്തതതും പ്രിയങ്കരനായ മറ്റൊരു കവിതന്നെ.

ഒരു നിലക്ക് ഗീത ഒരു കാവ്യമാണ്. മഹാഭാരതത്തിലെ സംഘര്‍ഷഭരിതമായ ഒരു രംഗത്തെ വിഭാവനം ചെയ്ത് ഉണ്ടാക്കിയ കാവ്യം. അര്‍ജുനന്റെ ഹൃദയദൌര്‍ബല്യം വിഭാവനം ചെയ്തതാവാം. ഇതിഹാസത്തിലെ ഇത്തരം സംഘര്‍ഷരംഗങ്ങളെ ഭാവന ചെയ്താണല്ലോ"വേണി സംഹാരവും'' "ഊരുഭംഗവും'' മറ്റും ഉണ്ടായത്. കാവ്യമാകുമ്പോള്‍ വ്യാഖ്യാനങ്ങളും ഉണ്ടാവും. ഗീതക്കിത്രയധികം വ്യാഖ്യാനങ്ങളുണ്ടായത് അതിന്റെ കാവ്യാത്മകതകൊണ്ടുതന്നെ. "കവിതാരസചാതുര്യം വ്യാഖ്യാതാവേത്തി'' എന്നാണല്ലോ. മേഘസന്ദേശത്തില്‍ പരമാത്മാവിനെ തേടിപ്പോകുന്ന ജീവാത്മാവിനെയാണ് ടാഗോര്‍ കണ്ടത്. സന്തപ്തനായ കാമുകന്റെ ബാഷ്പം ഘനീഭവിച്ചതാണ് കാളിദാസമേഘം എന്നാണ് മാരാര്‍ വിലയിരുത്തിയത്. രാസലീലയെ പരമാത്മാവും ജീവാത്മാക്കളുമായുള്ള കെട്ടിമറിയലായും നാം ഭാവന ചെയ്തിട്ടുണ്ട്. ഭാവനക്ക് എതിരില്ല അതിരുമില്ല.

ജനനത്തിനും മരണത്തിനും ഇടയിലുള്ളതാണ് വ്യക്തം (2 ല്‍ 28). അതായത് ജീവിതമാണ് സത്യം. 'ബ്രഹ്മസത്യം ജഗന്മിഥ്യ' എന്നതിന്റെ നിഷേധം കൂടിയതാണിത്. ഭൌതികവാദപരമായ സാംഖ്യദര്‍ശനത്തിലാണ് ഇത് വെളിച്ചമടിക്കുന്നത്. സാംഖ്യദര്‍ശനത്തെ വ്യക്തമായിത്തന്നെ ഗീത കടാക്ഷിക്കുന്നുണ്ട്. അര്‍ജുനാ നിനക്കുള്ള ഉപദേശം സാംഖ്യ ദര്‍ശനത്തിലേതാണ് (2ല്‍39). മുനികളില്‍ കപിലനാണെന്നും പറയുന്നുണ്ട്. ഈ ശരീരം തന്നെയാണ് ക്ഷേത്രം. എന്നതും ഭൌതികമാണ്.

ഒന്നാലോചിച്ചാല്‍ ഈ ആത്മാവ്തന്നെ ആരാണ്. ആത്മാ-സ്വഃ ഒന്നുതന്നെയല്ലെ. ആത്മാര്‍ഥവും സ്വാര്‍ഥവും തമ്മില്‍ അര്‍ഥവ്യത്യാസമൊന്നുമില്ല. പില്‍ക്കാലത്ത് ഒരര്‍ഥവ്യത്യാസം വന്നു എന്നത് നേര്, യോഗവും യോഗയും പോലെ. "മാമനുസ്മരയുദ്ധ്യ'. എന്നെ ഓര്‍ത്ത് (തന്നെത്തന്നെ ഓര്‍ത്ത്) യുദ്ധം ചെയ്യൂ എന്ന് വ്യാഖ്യാനിച്ചെടുക്കാം. 'മത്തപരതരം നാന്യത് കിഞ്ചിദസ്തി.' എന്നിലപ്പുറം ഒന്നുമില്ല. ഞാന്‍ ഉത്തമ പുരുഷന്‍ തന്നെയാണല്ലോ. ഡോ. കെ എന്‍ എഴുത്തച്ഛന്‍ ഗീതക്കൊരു ഭൌതിക വ്യാഖ്യാനം എഴുതിയത് ഓര്‍ത്തുപോകുന്നു. "അപ്പോള്‍ സര്‍വവുമുപേക്ഷിച്ചും ആത്മാവെ രക്ഷിക്കണം'' എന്നിടത്താണ് ഗീത എത്തുന്നത്. 'തള്ളക്കിട്ടൊരു തല്ലുവരുമ്പോള്‍ 'പിള്ളയെ എടുത്തു തടുക്കല്‍''തന്നെ. ഒരു വ്യക്തി ജീവിതവിജയത്തിന് ഗീതയെ ആശ്രയിക്കാം. വ്യക്തിയുടെ സ്വഭാവമോ കര്‍മമോ പരിഗണിക്കേണ്ടതില്ല. ആയുധങ്ങളില്‍ ഞാന്‍ വജ്രായുധമാണെന്ന് പറഞ്ഞതിന്റെ പൊരുള്‍ ഏത് വിധത്തില്‍ ആര്‍ക്കും ഇത് ഉപയോഗിക്കാമെന്നുതന്നെ. വജ്രം ശതകോടിയാണല്ലോ. അതാണ് വെടികൊണ്ട ഗാന്ധിയുടെ കക്ഷത്തും വെടിവെച്ച ഗോഡ്‌സെയുടെ കക്ഷത്തും ഗീത കാണാനായത്. ഗീത പ്രകാരം ഗോഡ്‌സെ ഗാന്ധിയെ കൊന്നിട്ടില്ല. ഗാന്ധി മരിച്ചിട്ടുമില്ല.

****

കുഞ്ഞനന്തന്‍നായര്‍ , കടപ്പാട് : ദേശാഭിമാനി വാരിക