12 March, 2009

കമ്മ്യൂണിസ്റ്റുകാരും മുതലാളിത്ത നിര്‍മ്മിതിയും

കമ്മ്യൂണിസ്റ്റുകാരും മുതലാളിത്ത നിര്‍മ്മിതിയും

ഒരു മുതലാളിത്ത ഘടനയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കമ്മ്യൂണിസ്റ്റുകാര്‍ നേതൃത്വം കൊടുക്കുന്നു എന്നും ആ സംസ്ഥാന സര്‍ക്കാരുകള്‍ സ്വകാര്യമൂലധനത്തെ സ്വാഗതം ചെയ്യുന്നു എന്നും ഉള്ള വസ്തുതകള്‍ കമ്മ്യൂണിസ്റ്റുകള്‍ സോഷ്യലിസം ഉപേക്ഷിച്ചു എന്നതിനു തെളിവാണോ? പശ്ചിമബംഗാളിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചില പ്രസ്താവനകളോടുള്ള മാധ്യമപ്രതികരണങ്ങള്‍ വായിച്ചാല്‍ തോന്നുക അതേ എന്ന ഉത്തരമാണ്. പക്ഷേ ഈ ഉത്തരം നിലനില്‍ക്കത്തക്കതല്ല. ഈ വിഷയം താത്വികാടിസ്ഥാനത്തില്‍ പുനഃപരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നു തോന്നുന്നു, ചില അടിസ്ഥാന സൈദ്ധാന്തിക നിലപാടുകള്‍ വീണ്ടും വിശദീകരിക്കേണ്ടതായി വരുമെങ്കില്‍കൂടി .

ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപനോദ്ദേശ്യം സോഷ്യലിസം കൈവരിക്കുക എന്നതാണ്. ഈ ലക്ഷ്യം കൈവരിക്കാനുള്ള നിരന്തരമായ പോരാട്ടങ്ങളാണ് ആ പാര്‍ട്ടിയുടെ നിലനില്‍പിന്റെ അടിത്തറ. പക്ഷേ ഒരു സാമൂഹ്യവിപ്ലവത്തിന്റെ ഫലമായി ഉല്പാദനോപകരണങ്ങളുടെ സ്വകാര്യഉടമസ്ഥതയുടെ സ്ഥാനത്ത് ഉല്പാദനോപകരണങ്ങളുടെ സാമൂഹ്യഉടമസ്ഥത നടപ്പിലാവുകയും, സ്വകാര്യഉടമസ്ഥതയെ സംരക്ഷിച്ചുനിര്‍ത്തുന്ന മുതലാളിത്തഭരണകൂടസംവിധാനത്തിന്റെ സ്ഥാനത്ത് അതിന് ബദലായി ഇന്നുവരെ മനുഷ്യരാശിക്ക് പരിചിതമായ ഭരണകൂടരൂപങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു നിശ്ചിതകാലഘട്ടത്തിനുള്ളില്‍ അന്തര്‍ദ്ധാനം ചെയ്യുന്ന ഒരു ഭരണകൂടം നിലവില്‍വരുകയും ചെയ്താലേ സോഷ്യലിസമെന്ന ലക്ഷ്യം കൈവരിക്കാനാകൂ. ഇത്തരം ഒരു സാമൂഹ്യവിപ്ലവം നടക്കാനാവശ്യമായ സാഹചര്യങ്ങള്‍ പാകമായി വരാന്‍ ഗണ്യമായ സമയമെടുക്കും എന്നതിനാല്‍ എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും മുതലാളിത്തഘടനയ്ക്കുള്ളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമാണ്. ഈ കാലഘട്ടത്തില്‍ തൊഴിലാളിവര്‍ഗ്ഗത്തെ താത്വികമായി പടച്ചട്ടയണിയിച്ചുകൊണ്ട് അതിന്റെ പോരാട്ടങ്ങളില്‍കൂടി സാമൂഹ്യവിപ്ലവത്തിനു നേതൃത്വം കൊടുക്കാന്‍ സജ്ജമാക്കുക എന്നതാണ് കടമ.

അതേസമയം ചരിത്രപരമായ ബൂര്‍ഷ്വാസി നേതൃത്വം കൊടുക്കുന്ന ജനാധിപത്യവിപ്ലവം ഏതാണ്ടു പൂര്‍ണ്ണമാവുകയും, ഒരു സോഷ്യലിസ്റ്റ് വിപ്ലവം സമൂഹത്തിന്റെ അജണ്ടയായി മാറുകയും ചെയ്താലേ മേല്‍പറഞ്ഞ വാദത്തിന് പ്രസക്തിയുള്ളു എന്നതും വ്യക്തമാണ്. എന്നാല്‍ ബൂര്‍ഷ്വാസി വൈകിമാത്രം രംഗത്തെത്തിയ സമൂഹങ്ങളിലെല്ലാം തന്നെ അത് ജനാധിപത്യവിപ്ലവം പൂര്‍ത്തീകരിക്കുക എന്ന അതിന്റെ ചരിത്രപരമായ കടമയില്‍ നിന്നു പിന്നോട്ട് പോവുകയും ഫ്യൂഡലും മുതലാളിത്ത പൂര്‍വ്വകവുമായ വിഭാഗങ്ങളുമായി സഖ്യത്തിലേര്‍പ്പെടുകയും ചെയ്യുന്നതായിട്ടാണ് നാം കാണുന്നത്. മുതലാളിത്തപൂര്‍വ വിഭാഗങ്ങളുടെ സ്വത്തിനെതിരെയുള്ള ആക്രമണം മുതലാളിത്ത സ്വത്തുടമസ്ഥതയ്ക്കെതിരെയുള്ള ആക്രമണമായി പരിണമിക്കാം എന്ന ഭയം കൊണ്ടാണിത്. ഒക്ടോബര്‍ വിപ്ലവപൂര്‍വ റഷ്യയില്‍ ദൃശ്യമായിരുന്ന ഈ ഒത്തുതീര്‍പ്പ്, മൂന്നാം ലോകരാജ്യങ്ങളുടെ സാഹചര്യത്തില്‍ സാമ്രാജ്യത്വമായുള്ള ഒരു ഒത്തുതീര്‍പ്പ് കൂടി ഉള്‍പ്പെടുന്നു.

ജനകീയ ജനാധിപത്യവിപ്ലവം

അതിനാല്‍ ഇത്തരം സമൂഹങ്ങളിലെ ജനാധിപത്യവിപ്ലവത്തിന്റെ ഫ്യൂഡല്‍ വിരുദ്ധ, സാമ്രാജ്യത്വവിരുദ്ധകടമകള്‍ പൂര്‍ത്തീകരിക്കാന്‍ ബൂര്‍ഷ്വാസിക്കു കഴിയുന്നില്ല. ജനാധിപത്യവിപ്ലവത്തിന്റെ കടമകള്‍ പൂര്‍ത്തീകരിക്കാനുള്ള ഉത്തരവാദിത്തം തൊഴിലാളിവര്‍ഗ്ഗത്തിന്റെ ചുമതലയായി മാറുന്നു. കര്‍ഷകസമൂഹവുമായുള്ള ഐക്യമുന്നണിയിലൂടെ തൊഴിലാളിവര്‍ഗ്ഗം പൂര്‍ത്തീകരിക്കുന്ന ഈ ജനാധിപത്യവിപ്ലവത്തെയാണ് ജനകീയജനാധിപത്യവിപ്ലവം എന്ന് വിളിക്കുന്നത്. മൂന്നാം ലോകരാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റുകാര്‍ ചരിത്രപരമായി തങ്ങളുടെ അജണ്ടയിലുള്ള അടിയന്തിരകടമയായി കണ്ടിട്ടുള്ളത് ഇതിനെയാണ്.

ജനകീയജനാധിപത്യവിപ്ലവം സങ്കീര്‍ണ്ണവും വിപുലവും ആയ ഒരു സങ്കല്പമാണ്. ബൂര്‍ഷ്വാസി ചരിത്രപരമായി ചെയ്തുതീര്‍ക്കേണ്ട ജനാധിപത്യവിപ്ലവത്തിന്റെ കടമ തൊഴിലാളിവര്‍ഗ്ഗം ഏറ്റെടുത്ത് നിര്‍വഹിക്കുന്നു എന്നതാണ് അതിന്റെ സത്ത എന്നതുകൊണ്ട്, അത് ഉളവാക്കുന്നത് ഏറ്റവും വിപുലവും അഗാധവും ആയ മുതലാളിത്ത വികസനത്തിനുള്ള സാഹചര്യങ്ങളാണ്. അതേസമയം ജനകീയ ജനാധിപത്യവിപ്ലവത്തിന് നേതൃത്വം കൊടുക്കുന്നത് തൊഴിലാളിവര്‍ഗം ആകുമെന്നതുകൊണ്ട്, വിപുലവും അഗാധവും ആയ മുതലാളിത്തവികസനത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചിട്ട് മുതലാളിത്തം വികസിച്ച് പുഷ്ക്കലമാകുന്നത് നോക്കി അത് മാറിനില്‍ക്കുന്നില്ല. മറിച്ച് ജനകീയജനാധിപത്യവിപ്ലവം സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് നീങ്ങാനുള്ള നടപടികള്‍ തൊഴിലാളിവര്‍ഗം എടുക്കുന്നു. തൊഴിലാളിവര്‍ഗം ഒരു കര്‍തൃത്വപദവിയില്‍ എത്തിക്കഴിഞ്ഞാല്‍ അത് ആ പദവി വിട്ടുകൊടുക്കുന്നില്ല. മറിച്ച് ആ പദവി ഉപയോഗിച്ചുകൊണ്ട് അത് ജനകീയജനാധിപത്യവിപ്ലവത്തെ സോഷ്യലിസ്റ്റ് വിപ്ലവമാക്കി ഏറിയതോ കുറഞ്ഞതോ ആയ ഒരു കാലയളവിനുള്ളില്‍ പരിവര്‍ത്തിപ്പിക്കുന്നു.

ഇവിടെ രണ്ടു പ്രധാന കാര്യങ്ങള്‍ സംഗതമാണ് : ഒന്ന്, ജനകീയജനാധിപത്യവിപ്ലവം മുതലാളിത്തവികസനത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ തന്നെ, ഇത്തരം മുതലാളിത്തവികസനം മറ്റു തരത്തില്‍ ഉണ്ടാകുന്ന മുതലാളിത്തവികസനത്തില്‍ നിന്നു വ്യത്യസ്തമായിരിക്കും. മുതലാളിത്തവികസനം എന്ന പദത്തിന് ഒരു ഏകമാനമായ അര്‍ത്ഥമല്ല ഉള്ളത്. നിരവധി തരത്തിലുള്ള മുതലാളിത്തമുണ്ട്. സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ വികസിച്ചിരുന്നത് മുതലാളിത്തമായിരുന്നു, സ്വാതന്ത്ര്യസമരം നയിച്ച ബൂര്‍ഷ്വാസി ആഗ്രഹിച്ചതും മുതലാളിത്തമായിരുന്നു; നെഹ്രൂവിയന്‍ വികസനപരിപ്രേക്ഷ്യം ലക്ഷ്യമിട്ടതും മുതലാളിത്തമായിരുന്നു; ഇന്ന് നിയോലിബറലിസം ലക്ഷ്യമിടുന്നതും മുതലാളിത്തവികസനമാണ്. അതുപോലെ ജനകീയജനാധിപത്യവിപ്ലവത്തിലൂടെ തൊഴിലാളിവര്‍ഗം സാഹചര്യം സൃഷ്ടിക്കുന്നതും മുതലാളിത്ത വികസനത്തിനാണ്. അതുകൊണ്ട് ജനകീയജനാധിപത്യവിപ്ലവം ലക്ഷ്യമാക്കുന്നത് മുതലാളിത്ത വികസനത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കലാണ് എന്ന് പറയുന്നത് ഒരു അര്‍ദ്ധസത്യം മാത്രമാണ്. അതു ലക്ഷ്യമാക്കുന്നത് മറ്റു തരത്തില്‍ വളര്‍ന്നു വന്നേക്കാവുന്ന മുതലാളിത്തത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു മുതലാളിത്തവളര്‍ച്ച സൃഷ്ടിക്കാനാണ്; വിപ്ലവകരമായ ഭൂപരിഷ്കാരത്തെയും വിപുലമായ ബഹുജനാടിസ്ഥാനമുള്ള ഒരു കമ്പോളത്തെയും ആശ്രയിച്ചുകൊണ്ട് ഏറ്റവും വൈപുല്യവും ആഴവും ഉള്ള ഒരു മുതലാളിത്ത ഘടനയെ സൃഷ്ടിക്കുകയാണ് അതിന്റെ ലക്ഷ്യം.

രണ്ടാമത്തെ കാര്യം, തൊഴിലാളിവര്‍ഗ്ഗ നേതൃത്വത്തില്‍ നടക്കുന്ന വൈപുല്യവും ആഴവും ഉള്ള മുതലാളിത്തഘടനയെ സൃഷ്ടിക്കാനുള്ള പരിശ്രമം അത് നേടിയതുകൊണ്ട് അവസാനിക്കുന്നില്ല; സോഷ്യലിസത്തിനായുള്ള പരിശ്രമത്തിലേക്ക് അത് നയിക്കുന്നു. ഈ പരിശ്രമങ്ങളുടെ പരസ്പരബന്ധം ലെനിന്‍ തന്റെ രണ്ടു തന്ത്രങ്ങള്‍ എന്ന കൃതിയില്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ്. “ജനാധിപത്യവിപ്ലവം പൂര്‍ത്തീകരിക്കുമ്പോള്‍ സ്വേഛാധിപത്യത്തിന്റെ ചെറുത്തുനില്‍പ്പിനെ ബലം പ്രയോഗിച്ച് തകര്‍ക്കാനും, ബൂര്‍ഷ്വാസിയുടെ ചാഞ്ചാട്ടങ്ങളെ അപായരഹിതമാക്കാനും വേണ്ടി തൊഴിലാളി വര്‍ഗം കര്‍ഷകജനസാമാന്യത്തിന്റെ സഹായം നേടിയെടുക്കണം. സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഘട്ടത്തില്‍ ബൂര്‍ഷ്വാസിയുടെ ചെറുത്തനില്പിനെ ബലം പ്രയോഗിച്ച് തകര്‍ക്കാനും, കര്‍ഷകരുടെയും പെറ്റി ബൂര്‍ഷ്വകളുടെയും ചാഞ്ചാട്ടങ്ങളെ അപായരഹിതമാക്കാനും വേണ്ടി തൊഴിലാളിവര്‍ഗം അര്‍ധതൊഴിലാളികളായ ജനസാമാന്യത്തിന്റെ സഹായം നേടിയെടുക്കണം”. ( “The proletariat must carry the democratic revolution to completion, allying to itself the mass of the peasantry in order to crush the autocracy’s resistance by force and paralyse the bourgeoisie’s instability. The proletariat must accomplish the socialist revolution, allying to itself the mass of the semi-proletarian elements of the population, so as to crush the bourgeoisie’s resistance by force and paralyse the instability of the peasantry and the petty bourgeoisie.”) മുതലാളിത്തനിര്‍മ്മിതിക്കുള്ള ഏറ്റവും സമഗ്രമായ സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമമായ ജനാധിപത്യവിപ്ലവത്തിന്റെ പൂര്‍ത്തീകരണം നമ്മുടേതുപോലുള്ള സമൂഹങ്ങളില്‍ ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലല്ല, തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നതെന്നതുകൊണ്ട് മുതലാളിത്തവികസനത്തിനായുള്ള സമരം സോഷ്യലിസത്തിനായുള്ള സമരവുമായി ഇഴുകിച്ചേരുകയും സോഷ്യലിസത്തിനായുള്ള സമരത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

അടിയന്തിരകടമകള്‍

ഇതുവരെ വിവരിച്ചതില്‍ നിന്ന് സിദ്ധിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എല്ലായ്പ്പോഴും ലക്ഷ്യമാക്കുന്നത് സോഷ്യലിസത്തിന്റെ നിര്‍മ്മിതി മാത്രമാണെന്നുള്ള ധാരണ സൈദ്ധാന്തികമായിത്തന്നെ അബദ്ധജടിലമാണെന്ന വസ്തുതയാണ്. ജനകീയ ജനാധിപത്യവിപ്ലവം ഇന്നു നമ്മുടെ രാജ്യത്തിന്റെ ചരിത്രപരമായ അജണ്ടയിലെ ഒരിനമാണ്. അതിന്റെ അഭാവത്തില്‍ ജനാധിപത്യവിപ്ലവത്തിന്റെ നേട്ടങ്ങളെ മുന്നോട്ടുകൊണ്ടുപോകാനാവില്ല, എന്നു മാത്രമല്ല ഭൂപരിഷ്കരണത്തില്‍ പുറകോട്ടുപോക്ക്, ബൂര്‍ഷ്വാജനാധിപത്യത്തില്‍ വെള്ളം ചേര്‍ക്കല്‍, സാമ്രാജ്യത്വതാല്പര്യങ്ങളുമായി ഇന്നുള്ളതിലും കൂടുതല്‍ ഇഴുകിച്ചേരല്‍ എന്നിവ സംഭവിക്കാനും സാദ്ധ്യതയുണ്ട്. എന്നിരുന്നാലും ജനകീയ ജനാധിപത്യവിപ്ലവം ഉടന്‍ നടക്കുമെന്ന് കരുതാന്‍ വയ്യ. മറ്റു വാക്കുകളില്‍പറഞ്ഞാല്‍ സോഷ്യലിസ്റ്റ് വിപ്ലവമെന്നല്ല, ജനകീയജനാധിപത്യവിപ്ലവത്തിന്റെ സാഹചര്യങ്ങള്‍ പോലും പാകപ്പെടാന്‍ വേണ്ടി ക്ഷമയോടെ മുതലാളിത്തഘടനയ്ക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ നിര്‍ബന്ധിതരാണ്. മുതലാളിത്തഘടനയ്ക്കുള്ളില്‍ നിന്നുള്ള ഈ പ്രവര്‍ത്തനത്തില്‍ ട്രേഡ് യൂണിയനുകളിലെ പ്രവര്‍ത്തനം, കര്‍ഷകരുടെ ഇടയിലെ പ്രവര്‍ത്തനം, വിവിധ ബഹുജനസംഘടനകളിലെ പ്രവര്‍ത്തനം, പാര്‍ലമെന്ററി പ്രതിപക്ഷം എന്ന രീതിയിലുള്ള പ്രവര്‍ത്തനം എന്നിവ കൂടാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായിട്ടുള്ള മൂന്നു സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന പ്രവര്‍ത്തനം കൂടി ഉള്‍പ്പെടുന്നു.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന പ്രവര്‍ത്തനം മറ്റു മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മൌലികമായി വ്യത്യസ്തമല്ല. എങ്കിലും ഭരണഘടനയുടെ ലിഖിതവും അലിഖിതവും ആയ ചട്ടക്കൂടുകളുടെ നാലതിരുകള്‍ക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കണം എന്നതുകൊണ്ട് ഇത് ഒരു പുതിയ സാഹചര്യമാണ്. അതിന്റെ ലക്ഷ്യവും സമൂഹത്തിലെ വര്‍ഗ്ഗങ്ങളുടെ ബലാബലത്തില്‍ മാറ്റം വരുത്തുക എന്നതുതന്നെയാണ്. ജനങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ പിന്നോട്ടടിക്കുന്നതിനെയും പ്രതിവിപ്ലവതിരിച്ചടികള്‍ക്കെതിരെയും പടപൊരുതികൊണ്ട് ജനകീയജനാധിപത്യവിപ്ലവത്തെ മുന്നോട്ടുനയിക്കാനുള്ള സാഹചര്യമൊരുക്കുക എന്നതും കൂടിയാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ ഉല്പാദനശക്തികളുടെ വികാസം എന്ന പ്രശ്നത്തോട് ശരിയായനയം സ്വീകരിക്കണമെന്ന് ഇതാവശ്യപ്പെടുന്നു. ജനകീയജനാധിപത്യവിപ്ലവത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുക, അതിനുവേണ്ട വര്‍ഗ്ഗങ്ങളുടെ സഖ്യം ശക്തിപ്പെടുത്തുക, വര്‍ഗ്ഗബോധം ഉയര്‍ത്തുക, തൊഴിലാളിവര്‍ഗ്ഗത്തിനെ വിപ്ലവശക്തിയായി മാറ്റുക എന്നീ ലക്ഷ്യങ്ങള്‍ക്ക് അനുരോധമായിരിക്കണം ഈ നയം. മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ച് ഈ സംസ്ഥാനങ്ങളില്‍ സവിശേഷമായി ഉല്പാദനശക്തികളുടെ വികാസത്തില്‍ പിറകോട്ടടി ഉണ്ടായാല്‍ അതുവഴി തൊഴിലില്ലായ്മ വര്‍ധിക്കുകയും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ജനങ്ങള്‍ അകലുകയും ചെയ്താല്‍ ഈ ലക്ഷ്യങ്ങള്‍ക്ക് തിരിച്ചടി ഉണ്ടാകും. അതുകൊണ്ടാണ് മുതലാളിമാര്‍ മുമ്പ് ഈ സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് മനഃപൂര്‍വ്വം ഒഴിഞ്ഞുനിന്നത്. മറുവശത്ത് ഒരു മേഖലയില്‍ തൊഴില്‍ സൃഷ്ടിക്കുമ്പോഴും മറ്റു മേഖലകളില്‍ തൊഴില്‍ നഷ്ടപ്പെടുത്തുന്ന ഏതൊരുവികസനവും, ഉദാഹരണത്തിന് ഭൂവിനിയോഗരീതി മാറ്റുന്നതുവഴി കൃഷിക്ക് ദോഷമുണ്ടാക്കുന്ന വികസനവും, ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

അതേസമയം കമ്മ്യൂണിസ്റ്റ് ഭരണത്തിലുള്ള സംസ്ഥാനസര്‍ക്കാരുകള്‍ക്കെതിരെ മുതലാളിമാര്‍ നടത്തുന്ന ഉപരോധം കമ്മ്യൂണിസ്റ്റുകാര്‍ക്കു ദോഷകരമായി തീരാനും, ജനകീയജനാധിപത്യവിപ്ലവത്തിനെപുറകോട്ടടിക്കാനും ഇടയാക്കുന്നതുപോലെതന്നെ, തൊഴിലാളികളെയും, കര്‍ഷകരെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്ന വിധത്തില്‍ മുതലാളിമാരുടെ അമിതമായ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നതും ദോഷകരമാകും. ഈ രണ്ടുവിധത്തിലുള്ള പ്രത്യാഘാതങ്ങളെയും ഒഴിവാക്കികൊണ്ട് സാഹചര്യങ്ങളെ സമഗ്രമായി വിലയിരുത്തിക്കൊണ്ട് ഒരു ശരിയായ പാത രൂപപ്പെടുത്തുക എളുപ്പമല്ല. മുതലാളിമാരുടെ അതിരുകടന്ന ആവശ്യങ്ങള്‍ക്ക് വഴങ്ങാതെതന്നെ അവര്‍ തമ്മിലുള്ള മത്സരത്തെയും, ബദല്‍ശക്തിയാവുന്ന തരത്തില്‍ സര്‍ക്കാര്‍ നിക്ഷേപങ്ങളെയും ഉപയോഗിച്ചുകൊണ്ട് സ്വകാര്യവ്യവസായനിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. ഓരോ കാര്യത്തിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് തന്ത്രം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. പക്ഷേ ജനാധിപത്യവിപ്ലവത്തിന്റെ മുന്നോട്ടുപോക്കിനെ അത് സഹായിക്കുന്നുണ്ടോ എന്ന അളവുകോല്‍ ആകണം ഓരോ സന്ദര്‍ഭത്തിലും തന്ത്രത്തെ രൂപപ്പെടുത്തേണ്ടത്.

ബഹുമുഖമായ പോരാട്ടം

ഈ അളവുകോല്‍ മുറുകെപ്പിടിക്കുമ്പോള്‍ തന്നെ മുതലാളിമാരുടെ നിക്ഷേപങ്ങളെ ഒഴിവാക്കേണ്ടതില്ല എന്നത് മേല്‍പ്പറഞ്ഞതില്‍ നിന്ന് വ്യക്തമാണ്. കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സംസ്ഥാനസര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമായ മുതലാളിത്തഘടനയുടെ നാലതിരുകള്‍ക്കുള്ളില്‍ നിക്ഷേപയോഗ്യമായ മൂലധനം മുതലാളിമാരുടെ കൈകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതുകൊണ്ടാണിത്. മുതലാളിമാര്‍ നടത്തുന്ന ഇത്തരം നിക്ഷേപത്തെ സൂക്ഷിച്ചായിരിക്കണം കൈകാര്യം ചെയ്യേണ്ടത്. ജനകീയജനാധിപത്യവിപ്ലവത്തിലേക്കുള്ള മുന്നേറ്റത്തെ അതു തടസ്സപ്പെടുത്താന്‍ പാടില്ല. തന്നിമിത്തം മുതലാളിമാരുടെ അതിരുകടന്ന ആവശ്യങ്ങള്‍ക്കെതിരെ ജാഗ്രത കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ക്കുണ്ടാവണം. എന്നിരുന്നാലും അത്തരം നിക്ഷേപങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുന്നതും അതുപോലെ തന്നെ ദോഷകരമാവും.

ഇത്തരമൊരു തിരിച്ചറിവ് സോഷ്യലിസത്തെ ഉപേക്ഷിക്കലോ മുതലാളിത്തത്തിനോ സ്വീകരിക്കലോ അല്ല. ജനാധിപത്യവിപ്ലവത്തെ മുന്നോട്ടുകൊണ്ടുപോവാനുള്ള, സോഷ്യലിസമെന്ന അന്തിമലക്ഷ്യത്തിലെത്താനുള്ള പോരാട്ടം സങ്കീര്‍ണ്ണമായ പലപ്പോഴും കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒട്ടും അനുകൂലമല്ലാത്ത സാഹചര്യങ്ങളില്‍ പല തലങ്ങളില്‍ നടത്തേണ്ടിവരുന്നു എന്നാണ് ഇതിനര്‍ത്ഥം. സങ്കീര്‍ണ്ണമായ ഈ സാഹചര്യത്തോട് മല്ലിടുമ്പോള്‍ അന്തിമലക്ഷ്യം മറന്നുപോവരുതെന്നതുപോലെ തന്നെ അന്തിമലക്ഷ്യത്തില്‍ മാത്രം കണ്ണുനട്ട് ഈ സങ്കീര്‍ണ്ണതയെ അവഗണിക്കാതിരിക്കേണ്ടതും പരമപ്രധാനമാണ്. അന്തിമലക്ഷ്യം അകന്നുപോകാനേ അതിടയാക്കൂ.

പാര്‍ട്ടിയും സര്‍ക്കാരുകളും

ജനകീയജനാധിപത്യവിപ്ലവം എന്ന സങ്കല്പത്തെക്കുറിച്ചുള്ള അറിവില്ലായ്മ, ആ വിപ്ലവത്തിനാവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനത്തിലെ സങ്കീര്‍ണ്ണതകളെക്കുറിച്ചുള്ള അറിവില്ലായ്മ എന്നിവ കൂടാതെ മൂന്നാമതൊരു കാര്യത്തിലും കമ്മ്യൂണിസ്റ്റുകാരുടെ വിമര്‍ശകര്‍ തെറ്റുകാരാണ്. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള വ്യത്യസ്തത തിരിച്ചറിയായ്കയാണ് ഇത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒന്നല്ല. പാര്‍ട്ടി ഒരു സിദ്ധാന്തത്തിന്റെ മൂര്‍ത്തിമദ് ഭാവമാണ്. കമ്മ്യൂണിസ്റ്റുകാര്‍ നേതൃത്വം കൊടുക്കുന്ന ഒന്നാണെങ്കില്‍ പോലും സര്‍ക്കാര്‍ സിദ്ധാന്തത്തിന്റെ മൂര്‍ത്തിമദ് ഭാവമല്ല. പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് വിപ്ലവത്തിനായാണ്.സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നതുള്‍പ്പെടെ വിവിധ രൂപത്തില്‍ പാര്‍ട്ടി അതിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നു. എന്നാല്‍ പാര്‍ട്ടിയും ബഹുജനസംഘടനകളും തമ്മില്‍ വ്യത്യാസമുള്ളതുപോലതന്നെ പാര്‍ട്ടിയും അത് നയിക്കുന്ന സര്‍ക്കാരുകളും തമ്മിലും വ്യത്യാസമുണ്ട്. ബൂര്‍ഷ്വാസി നേതൃത്വം കൊടുക്കുന്ന ഒരു ഭരണകൂടസംവിധാനത്തിന്റെ നെടുംതൂണായിരിക്കാന്‍ വേണ്ടി എഴുതപ്പെട്ട ഒരു ഭരണഘടനയുടെ അതിരുകള്‍ക്കുള്ളിലാണ് പാര്‍ട്ടി നയിക്കുന്ന സംസ്ഥാനസര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടി നയിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ വിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ എല്ലാം എല്ലായ്പോഴും പാര്‍ട്ടിയുടെ സൈദ്ധാന്തിക പരിസരങ്ങള്‍ക്കൊത്ത് ആകണമെന്നില്ല. പലപ്പോഴും തപ്പിത്തടഞ്ഞു മുന്നോട്ട് പോകുന്ന, പ്രായോഗികതയ്ക്ക് മുന്‍തൂക്കമുള്ള സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പാര്‍ട്ടിയുടെ സൈദ്ധാന്തിക നിലപാടുകള്‍ രൂപപ്പെടുത്തണം എന്ന് പറയുന്നത് യുക്തിനിഷേധമാണ്.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നിലപാടുകളോട് വിയോജിപ്പുകളുണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍ അത് സൈദ്ധാന്തികധാരണകളെ വികലമാക്കരുത്. മറിച്ച് സൈദ്ധാന്തികധാരണകളുടെ വ്യക്തത ഇത്തരം വ്യത്യസ്തതകളെ വിലയിരുത്താന്‍ ആവശ്യമാണ്.

*
ഡോ. പ്രഭാത് പട്നായിക് എഴുതിയ The Communists and the Building of Capitalism എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

പരിഭാഷ: അശോകന്‍ ഞാറക്കല്‍, കടപ്പാട് : മലയാളം വാരിക

No comments:

Post a Comment

Visit: http://sardram.blogspot.com