05 March, 2009

ചരിത്രത്തിന്റെ അവസാനവും ആഗോള ഫിനാന്‍സ് മൂലധന പ്രതിസന്ധിയും

ചരിത്രത്തിന്റെ അവസാനവും ആഗോള ഫിനാന്‍സ് മൂലധന പ്രതിസന്ധിയും

ചരിത്രം അവസാനിച്ചിരിക്കുന്നു' എന്ന ഫുക്കുയാമയുടെ പ്രസ്താവന ആഗോളവല്‍ക്കരണയുഗത്തിന്റെ ആപ്തവാക്യമായിട്ടാണ് കരുതുന്നത്. സാമൂഹ്യപരിണാമം മുതലാളിത്ത സാമൂഹ്യവ്യവസ്ഥയോടെ അവസാനിച്ചിരിക്കുകയാണ് എന്നാണ് ഇതിന്റെ സാരം. ഇത്തരം വ്യാഖ്യാനങ്ങളെ തള്ളിക്കളഞ്ഞ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)യുടെ മദിരാശി കോണ്‍ഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്ര പ്രശ്നങ്ങളെക്കുറിച്ചുള്ള പ്രമേയം ഇങ്ങനെ ചൂണ്ടിക്കാണിച്ചു:

"ലോകസോഷ്യലിസത്തിന് താല്‍ക്കാലികമായ തിരിച്ചടി ഉണ്ടായിട്ടുണ്ടെങ്കിലും മുതലാളിത്തത്തിന്റെ സ്വഭാവത്തിന് മാറ്റം വന്നിട്ടില്ല. അതിനുള്ളിലെ വൈരുധ്യങ്ങള്‍ മൂര്‍ഛിക്കും. സാമ്പത്തികക്കുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെടും. സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിലൂടെയല്ലാതെ ഈ വൈരുധ്യങ്ങള്‍ പരിഹരിക്കാനാവില്ല. നമ്മുടെ യുഗത്തിന്റെ സ്വഭാവം സോഷ്യലിസ്റ്റ് വിപ്ലവങ്ങളുടേതു തന്നെയാണ്.''

മാര്‍ക്സ് ദീര്‍ഘദര്‍ശനം ചെയ്തതുപോലെതന്നെയാണ് ചരിത്രം നീങ്ങുന്നത്. സോവിയറ്റ് യൂണിയന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇടവിട്ടുള്ള സാമ്പത്തികക്കുഴപ്പം മുതലാളിത്തത്തിന്റെ സഹജസ്വഭാവമാണ്. ഇതിന്റെ അടിസ്ഥാനകാരണം മാര്‍ക്സാണ് വിശദീകരിച്ചത്. മുതലാളിത്തം അതിവേഗത്തില്‍ വളരും. പക്ഷേ, വളര്‍ച്ചയുടെ തോതില്‍ വാങ്ങല്‍കഴിവ് വളരണമെന്നില്ല. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ചരക്ക് വില്‍ക്കാനാകാതെ കെട്ടിക്കിടക്കുന്ന അവസ്ഥവരും. സാമ്പത്തികമാന്ദ്യം പൊട്ടിപ്പുറപ്പെടും. നൂറുകോടി രൂപയുടേതാണ് ഉല്‍പ്പാദനമെന്നിരിക്കട്ടെ. തൊഴിലാളികളും മുതലാളിമാരുമാണ് ഈ ഉല്‍പ്പന്നമെല്ലാം വാങ്ങിക്കുന്നത്. തൊഴിലാളികള്‍ അവരുടെ ഉപഭോഗത്തിനും മുതലാളിമാര്‍ അവരുടെ നിക്ഷേപത്തിനും. ഉല്‍പ്പാദനം ഇരട്ടിയായി 200 കോടിയായി എന്നു കരുതൂ. തൊഴിലാളിയുടെ ഉപഭോഗവും മുതലാളിയുടെ നിക്ഷേപവും ഇരട്ടിയായി ഉയര്‍ന്നാല്‍ മുഴുവന്‍ ചരക്കും വിറ്റഴിയും. എന്നാല്‍, ഇത് സംഭവിക്കില്ല. കൂലിയും ശമ്പളവും ഉല്‍പ്പാദനം വര്‍ധിക്കുന്ന തോതില്‍ ഉയരില്ല എന്നത് തീര്‍ച്ചയാണ്. അപ്പോള്‍ കുറച്ചു ചരക്ക് വില്‍ക്കാതെ കെട്ടിക്കിടക്കുന്നത് സ്വാഭാവികം. പക്ഷേ, ഇത് മുതലാളിമാര്‍ വാങ്ങിയാല്‍പ്പോരെ? ഇതും നടക്കണമെന്നില്ല എന്ന് മാര്‍ക്സ് ചൂണ്ടിക്കാണിച്ചു. കാരണം മുതലാളിമാര്‍ വാങ്ങുന്നത് നിക്ഷേപം നടത്തുന്നതിനുവേണ്ടിയാണ്. വേണ്ടത്ര ലാഭംകിട്ടില്ലെന്ന് അവര്‍ക്കു തോന്നിയാല്‍ അവര്‍ വാങ്ങുന്നതും കുറയും.

അങ്ങനെ ഇടയ്ക്കിടയ്ക്ക് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ചരക്ക് വിറ്റഴിക്കാനാവാതെ സാമ്പത്തികമാന്ദ്യമുണ്ടാകുന്നത് അനിവാര്യമാണ്. അനിവാര്യമായ ഈ സാമ്പത്തികമാന്ദ്യത്തെ എങ്ങനെ മറികടക്കാം? ഇതിനുള്ള ഒരു മാര്‍ഗം വായ്പയാണ്. തൊഴിലാളികളുടെ കൂലിയും ശമ്പളവും കുറഞ്ഞാലും അവര്‍ക്ക് ഉപഭോക്തൃ വായ്പനല്‍കി സാധനം വിറ്റഴിക്കാം. അതുപോലെതന്നെ ഊഹക്കച്ചവടത്തില്‍ പണമിറക്കി ഭൂമിയുടെയും ഷെയറിന്റെയും എന്നുവേണ്ട എല്ലാ ഊഹക്കച്ചവട സാധനത്തിന്റെയും വില ഉയര്‍ത്തി വലിയ ലാഭം ഉറപ്പുവരുത്താം. ഇതോടെ പണം മുടക്കാനുള്ള മുതലാളിമാരുടെ ആശങ്കയും തീര്‍ക്കാം. മുതലാളിത്തം സുഗമമായി കടന്നുപോകും. അങ്ങനെ ലോകമുതലാളിത്തം കടത്തിന്റെ ഒരു മേല്‍പ്പാലത്തിലൂടെയാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. പാലത്തിന്റെ നീളം കൂടുന്തോറും എപ്പോഴെങ്കിലും തകരാനുള്ള സാധ്യത ഏറിക്കൊണ്ടിരിക്കും. തകര്‍ന്നാലോ മുതലാളിത്തം കുഴപ്പത്തിന്റെ ആഴക്കയത്തിലേക്ക് വഴുതിവീഴും. അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

സമകാലീന മുതലാളിത്തത്തിന്റെ തനിമ ഫിനാന്‍സ് മൂലധനത്തിന്റെ സമ്പൂര്‍ണ ആധിപത്യമാണ്. ഫിനാന്‍സ് മൂലധനമെന്നാല്‍ ഉല്‍പ്പാദനത്തില്‍ നേരിട്ട് പങ്കെടുക്കാതെ ധനമേഖലയിലെ തിരിമറിയിലൂടെ ഉല്‍പ്പാദനത്തുറയിലെ മിച്ചം തട്ടിയെടുക്കുന്ന മൂലധനമാണ്. ഷെയര്‍ മാര്‍ക്കറ്റ്, ബോണ്ട് മാര്‍ക്കറ്റ്, എണ്ണ, അയിരുകള്‍, സ്വര്‍ണം, ധാന്യം, കാപ്പി, തേയില തുടങ്ങിയ ചരക്കിന്റെ അവധിക്കച്ചവടം, വിദേശനാണയ ഊഹക്കച്ചവടം, റിയല്‍ എസ്റ്റേറ്റ് ഊഹക്കച്ചവടം ഇങ്ങനെ കാലം കഴിയുന്തോറും ഊഹക്കച്ചവടത്തിന്റെ പുതിയ മേഖല ഫിനാന്‍സ് മൂലധനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ വന്നുവന്ന് യഥാര്‍ഥത്തില്‍ എന്തെങ്കിലും ചരക്ക് വാങ്ങുകയോ വില്‍ക്കുകയോപോലും വേണ്ട എന്ന നിലയായിരിക്കുകയാണ്. വിലയുടെ സൂചികയെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ വില്‍ക്കല്‍ വാങ്ങല്‍. 'ഡെറിവേറ്റീവ്സ് വ്യാപാരം' എന്നാണ് ഇത് അറിയപ്പെടുന്നത്.

മുകളില്‍ സൂചിപ്പിച്ച ഓരോ മേഖലയിലും ഭീമാകാരമായ മുതല്‍മുടക്കാണുള്ളത്. ഇവയുടെമേല്‍ ഒരു സര്‍ക്കാരിനും നിയന്ത്രണമില്ലാത്ത അവസ്ഥ വന്നിരിക്കുന്നു. കാരണം ആഗോളവല്‍ക്കരണ പരിഷ്കാരംമൂലം രാജ്യാതിര്‍ത്തി കടന്ന് ഫിനാന്‍സ് മൂലധനം ഒരു ഊഹക്കച്ചവട കമ്പോളത്തില്‍നിന്ന് മറ്റൊന്നിലേക്ക് പരക്കംപാഞ്ഞുകൊണ്ടിരിക്കുകയാണ്. ആധുനിക കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ പണം ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നത് നിഷ്പ്രയാസവുമായി. സര്‍വശക്തനായ അമേരിക്കയ്ക്കുപോലും തങ്ങളുടെ രാജ്യത്തെ ഫിനാന്‍സ് മൂലധനത്തിന്റെമേല്‍ നിയന്ത്രണമില്ലാത്ത നിലയിലേക്ക് കാര്യങ്ങള്‍ വന്നിരിക്കുന്നു. അതുകൊണ്ട് ഊഹക്കച്ചവടത്തിന്റെ ഞാണിന്മേല്‍ക്കളി എവിടെയെങ്കിലും കൈവിട്ടാല്‍ രക്ഷിച്ചെടുക്കല്‍ അത്യന്തം ശ്രമകരമാണ്. മുതലാളിത്ത പ്രതിസന്ധി മാറ്റിവയ്ക്കാമെങ്കിലും അത് കൂടുതല്‍ രൂക്ഷമായിത്തന്നെ പൊട്ടിപ്പുറപ്പെടും.

ചുരുക്കത്തില്‍ മുതലാളിത്തത്തിന്റെ സമൃദ്ധി നിരന്തരം ഊതിവീര്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കടത്തിന്റെ അടിസ്ഥാനത്തിലാണ്. സമൃദ്ധിയുടെ ലഹരിയില്‍ എല്ലാവരും കുഴപ്പകാലത്തെ മറക്കുന്നു. കുഴപ്പത്തിന്റെ വക്കിലെത്തുമ്പോഴാണ് കടത്തെക്കുറിച്ചുള്ള ഭയം മനസ്സില്‍ ഉദിക്കുന്നത്. പക്ഷേ, രക്ഷപ്പെടാനുള്ള മാര്‍ഗം വളരെ പരിമിതമാണ്. കൂടുതല്‍ കടംവാങ്ങാനും കൂടുതല്‍ കടം കൊടുക്കുവാനും ഏവരും നിര്‍ബന്ധിതരാണ്. കടം തിരിച്ചുവാങ്ങാനും കടം തിരിച്ചടയ്ക്കാനുമുള്ള ഒരു വെപ്രാളം ഏതെങ്കിലും കാരണവശാല്‍ ആരംഭിച്ചുകഴിഞ്ഞാല്‍ കടത്തിന്റെ കടലാസുകൊട്ടാരം തകര്‍ന്നു തരിപ്പണമാകും. കടത്തിന്റെ സോപ്പുകുമിള എത്രത്തോളം വലുതാണോ അത്രത്തോളം രൂക്ഷമായിരിക്കും വരാന്‍പോകുന്ന തകര്‍ച്ചയും. അഭിവൃദ്ധിയെ ശക്തിപ്പെടുത്തുന്ന കടം തകര്‍ച്ചയെ രൂക്ഷമാക്കുന്നു. ഷെയര്‍, ബോണ്ട്, ഉല്‍പ്പന്നങ്ങള്‍, വിദേശവിനിമയം, റിയല്‍ എസ്റ്റേറ്റ് എന്നിങ്ങനെ പല മേഖലയും ചൂതാട്ടത്തിന്റെ മേഖലയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. എവിടെവേണമെങ്കിലും കുഴപ്പം പൊട്ടിപ്പുറപ്പെടാം.

ഇപ്പോള്‍ അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കുഴപ്പം റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ്. നമ്മുടെ രാജ്യത്ത് ഇന്നും 90 ശതമാനം ജനങ്ങളും തങ്ങള്‍ക്കാവശ്യമുള്ള വീട് സ്വന്തമായി പണിയുന്നവരാണ്. എന്നാല്‍, അമേരിക്കയിലെയും മറ്റും സ്ഥിതി ഇങ്ങനെയല്ല. ഇന്നു നമ്മുടെ സംസ്ഥാനത്ത് അങ്ങിങ്ങായി കണ്ടുവരുന്നതുപോലെ വലിയ മുതലാളിമാര്‍ കണ്ണായ സ്ഥലത്ത് ഭൂമി വാങ്ങി അവിടെ കെട്ടിടം പണിത് ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നു. വീട് എന്നത് സൂപ്പര്‍മാര്‍ക്കറ്റില്‍ മറ്റ് ചരക്ക് വാങ്ങുന്നതുപോലെ കമ്പോളത്തില്‍നിന്നു വാങ്ങേണ്ട സാധനമായിത്തീര്‍ന്നിരിക്കുന്നു. ഈ ബിസിനസ് ഒന്നാന്തരം ഊഹക്കച്ചവട സാധ്യതയുള്ളതാണ്. കാരണം ഭൂമി പരിമിതമാണല്ലോ. പുതിയ ഭൂമി ഉണ്ടാക്കാനുമാവില്ല. അതുകൊണ്ട് ഭൂമിയുടെ വില ഉയര്‍ന്നുകൊണ്ടേയിരിക്കും. വില ഉയരുന്നതനുസരിച്ച് മുന്‍കൂട്ടി വാങ്ങിയാല്‍ മറിച്ചുവിറ്റ് ലാഭംനേടാം. ഇതു നമ്മുടെ നാട്ടിലും കണ്ടുവരുന്നുണ്ട്. ബ്രോക്കര്‍മാര്‍ ഭാവിയില്‍ നല്ല വിലകിട്ടാവുന്ന സ്ഥലമേതെന്നു കണ്ടെത്തി വാങ്ങുന്നു. അത് പിന്നീട് മറിച്ചുവിറ്റ് ലാഭം നേടുന്നു.

എന്നാല്‍ ഇതുമാത്രമല്ല നടക്കുന്നത്. ഭൂമിയുടെ വില്‍പ്പന വാങ്ങല്‍ അവധിക്കച്ചവടത്തിലേക്ക് നീങ്ങിയിരിക്കയാണ്. ഒരു ബ്രോക്കര്‍ ഭൂമിക്ക് അഡ്വാന്‍സ് കൊടുക്കുന്നു. നിശ്ചയിക്കപ്പെട്ട തീയതിക്കുള്ളില്‍ മുഴുവന്‍ പണവും നല്‍കിക്കൊള്ളാമെന്നാണ് കരാര്‍. അടുത്തതായി ബ്രോക്കര്‍ എന്തുചെയ്യും? ഈ ഭൂമി അയാള്‍ വേറൊരാള്‍ക്കു മറിച്ചുവില്‍ക്കുന്നു. പുതുതായി വാങ്ങിയ ആളും ഭൂമി ഇടപാടുകാരനാണെങ്കില്‍ പിന്നെയും ഭൂമി മറിച്ചുവില്‍ക്കപ്പെടുന്നു. അങ്ങനെ പലതവണ ഭൂമി വില്‍ക്കുകയും വാങ്ങുകയും ചെയ്തശേഷമായിരിക്കും യഥാര്‍ഥ ഉടമസ്ഥന് പണം കിട്ടുക. അതിനിടയില്‍ ഭൂമിയുടെ വില പലമടങ്ങ് ഉയര്‍ന്നിരിക്കും. എല്ലാ ബ്രോക്കര്‍മാര്‍ക്കും കനത്ത ലാഭവും ലഭിക്കും.

മുകളില്‍പ്പറഞ്ഞതിന്റെ അതിഭീമന്‍പതിപ്പാണ് അമേരിക്കയില്‍ നടക്കുന്നത്. അവിടെ റിയല്‍ എസ്റ്റേറ്റുകാര്‍ വലിയതോതില്‍ വീടും കെട്ടിടവും പണിയാന്‍ മുതല്‍മുടക്കിയിരിക്കയാണ്. ഇതിനുവേണ്ടി അവര്‍ വലിയതോതില്‍ വായ്പയെടുക്കുന്നു. റിയല്‍ എസ്റ്റേറ്റ് പണയംവച്ചാണ് വായ്പയെടുക്കുന്നത്. വാങ്ങേണ്ടവരുടെ കൈയില്‍ ആവശ്യത്തിന് പണമില്ലെങ്കിലോ അതും പ്രശ്നമല്ല. വീട് പണയംവച്ചാല്‍ അവര്‍ക്കും വായ്പ കൊടുക്കാന്‍ ബാങ്കും മറ്റും തയ്യാര്‍. വായ്പകൊടുക്കുന്ന ബാങ്കിന് സെക്യൂരിറ്റിയായി കിട്ടുന്നത് മോഹവിലയുടെ അടിസ്ഥാനത്തിലുള്ള ഭൂമിയും കെട്ടിടവുമാണ്. ഇവയുടെമേല്‍ നടക്കുന്ന അവധിക്കച്ചവടംമൂലം വില പിന്നെയും ഉയര്‍ന്നുകൊണ്ടിരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പണം വായ്പകൊടുക്കാന്‍ ബാങ്ക് തയ്യാറാകുന്നു. അങ്ങനെ കടത്തിന്റെ ഒരു ചീട്ടുകൊട്ടാരം ഉയരുകയായി. മുകളിലേക്കുയരുന്തോറും എപ്പോഴെങ്കിലും തകരാനുള്ള സാധ്യത കൂടിക്കൊണ്ടിരിക്കുന്നു.

ഉദാഹരണത്തിന്, ഊഹക്കച്ചവട ആവശ്യത്തിനുമപ്പുറം വീടും മറ്റും റിയല്‍ എസ്റ്റേറ്റുകാര്‍ നിര്‍മിച്ചെന്നിരിക്കട്ടെ. റിയല്‍ എസ്റ്റേറ്റ് വില താഴ്ന്നേക്കുമെന്ന് ഒരു തോന്നല്‍ ഇതുമൂലം ഉണ്ടായി എന്നും ഇരിക്കട്ടെ. ഇത്രയുംമതി കടത്തിന്റെ ചീട്ടുകൊട്ടാരം തകരാന്‍. ഉപയോക്താവ് വീടുവാങ്ങുന്നത് മാറ്റിവയ്ക്കും. വില ഇനിയും കുറയുമ്പോള്‍ വാങ്ങാമല്ലോ! ഇത് വീടിന്റെയും മറ്റും വില വീണ്ടും ഇടിയുന്നതിലേക്കു നയിക്കും. വില താണുതുടങ്ങിയാല്‍ ഊഹക്കച്ചവടക്കാര്‍ തടി രക്ഷപ്പെടുത്താനുള്ള വെപ്രാളത്തിലായിരിക്കും. ഇനിയും വിലകുറയുന്നതിനുമുമ്പ് റിയല്‍ എസ്റ്റേറ്റ് എത്രയുംപെട്ടെന്ന് വില്‍ക്കണമെന്നാണ് അവരുടെ താല്‍പ്പര്യം. ഫലം റിയല്‍ എസ്റ്റേറ്റ് വില കുത്തനെ കുറയുന്നു. കുഴപ്പത്തിലാകുക ഊഹക്കച്ചവടക്കാര്‍ മാത്രമല്ല ബാങ്കുമാണ്. അവരാണല്ലോ ഊഹക്കച്ചവടത്തിന് വായ്പകൊടുത്തിരിക്കുന്നത്. വായ്പയാകട്ടെ റിയല്‍ എസ്റ്റേറ്റിന് മോഹവിലയുണ്ടായിരുന്ന കാലത്ത് അത് സെക്യൂരിറ്റിയായി എടുത്തുകൊണ്ടാണ്. എന്നാല്‍, റിയല്‍ എസ്റ്റേറ്റ് വില കുത്തനെ ഇടിയുന്നതോടെ ബാങ്കിന്റെ പണയത്തിന് വിലയില്ലാതാകും.

നമ്മുടെ നാട്ടില്‍ സ്വര്‍ണം പണയംവച്ച് വായ്പയെടുക്കുന്നത് സര്‍വസാധാരണയാണ്. ഇന്ന് പവന് 9000 രൂപയാണ് വില. ഇതിന്റെ 80 ശതമാനം അതായത് 7200 രൂപവരെ ബാങ്ക് വായ്പ കൊടുക്കുന്നു. പവന്റെ വില 1000 രൂപയായി കുറഞ്ഞെന്നിരിക്കട്ടെ പിന്നെ പണയമാരെങ്കിലും തിരിച്ചെടുക്കുമോ? ബാങ്കിന്റെ സ്വര്‍ണപ്പണയം കിട്ടാക്കടമാകും. ഇതുതന്നെയാണ് റിയല്‍ എസ്റേറ്റിന്റെ വിലത്തകര്‍ച്ചയോടെ സംഭവിച്ചത്. ഈ രംഗത്ത് വലിയതോതില്‍ വായ്പകൊടുത്തിരിക്കുന്ന ബാങ്കിന്റെ കിട്ടാക്കടം പെരുകുന്നു. അതോടെ ആ ബാങ്കിന്റെ ഷെയര്‍ ആരും വാങ്ങാതെയാകുന്നു. ബാങ്കിന്റെ ഷെയര്‍വില കുറയുന്നു. ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്തിട്ടുള്ളവരും വായ്പ കൊടുത്തിട്ടുള്ളവരും തങ്ങളുടെ ഡിപ്പോസിറ്റ് തിരിച്ചെടുക്കാനും വായ്പ തിരിച്ചുപിടിക്കാനും ധൃതിപിടിക്കുന്നു. ബാങ്കെന്നു പറഞ്ഞാല്‍ വിശ്വാസത്തിന്റെ പുറത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണല്ലോ. ഇടപാടുകാരുടെ വിശ്വാസം തകര്‍ന്നാല്‍ ബാങ്കിന്റെ കഥതീരും. ബാങ്ക് തകരുന്നത് ഷെയര്‍മാര്‍ക്കറ്റിലുമെല്ലാം പരിഭ്രാന്തി സൃഷ്ടിക്കും. ഷെയറിന്റെ വിലയിടിയും. മുതലാളിമാരുടെ ലാഭം കുറയും. മുതല്‍മുടക്കാനുള്ള താല്‍പ്പര്യം കുറയും. മുതലാളിത്തം സാമ്പത്തികമാന്ദ്യത്തിലേക്കും കുഴപ്പത്തിലേക്കും നീങ്ങും.

തകര്‍ച്ചയുടെ തുടര്‍ക്കഥ

അമേരിക്കന്‍ ഭവനപണയമേഖലയിലെ കുഴപ്പവും ധനസ്ഥാപനങ്ങളുടെ തകര്‍ച്ചയും മലയാളത്തിലെ മാധ്യമങ്ങള്‍ക്ക് തികച്ചും അപ്രതീക്ഷിതമായ ഒരു സംഭവവികാസമായിരുന്നു എന്നുവേണം കരുതാന്‍. ഇപ്പോഴത്തെ കുഴപ്പത്തിന്റെ ഒന്നാംദിവസത്തെ വാര്‍ത്തകള്‍ക്ക് വേണ്ടത്ര പരിഗണന പത്രത്താളുകളിലും ടിവി വാര്‍ത്തയിലും ലഭിച്ചില്ലെന്നതാണ് വാസ്തവം. എന്നാല്‍, അമേരിക്കയിലെ ധനമേഖല കുറെ നാളായി ഇത്തരത്തിലുള്ള ഒരു പതനത്തിലേക്ക് അനിവാര്യമായി നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. സിപിഐ എം 19-ാം പാര്‍ടി കോഗ്രസിന്റെ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന്റെ വിശകലനം ഇന്നത്തെ അമേരിക്കന്‍ ധനകുഴപ്പത്തിന്റെ ഏറ്റവും നല്ല മുഖവുരയായിരിക്കും. ഏറ്റവും പ്രസക്തമായ ഭാഗങ്ങള്‍ നോക്കുക:

"ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളുടെ മധ്യംമുതല്‍ ഇടത്തരക്കാരുടെയും സമ്പന്നരുടെയും ബാങ്ക് വായ്പയെ അടിസ്ഥാനമാക്കിയുള്ള ഉപഭോഗവളര്‍ച്ചയാണ് സമ്പദ്ഘടനയെ സജീവമായി നിലനിര്‍ത്തിയത്. അമേരിക്കന്‍ കുടുംബങ്ങളുടെ കടബാധ്യതാ നിലവാരം ഈ കാലഘട്ടത്തില്‍ അഭൂതപൂര്‍വമായ നിലയിലെത്തി - ഇത് പ്രധാനമായും ഭവനനിര്‍മാണ വായ്പയും (ഭൂപണയ വായ്പ) ഉപഭോഗവായ്പയും (ക്രെഡിറ്റ് കാര്‍ഡുകള്‍) ആയിരുന്നു. ഇതിനടിസ്ഥാനമാകട്ടെ ഓഹരിക്കമ്പോളത്തിലും ഭൂപണയകമ്പോളത്തിലും ഉണ്ടായ അഭിവൃദ്ധിയായിരുന്നു. ഇത് പല കുടുംബത്തെയും ധനപരമായ സ്വത്ത് ഊതി വീര്‍പ്പിച്ചു. അവരില്‍ തങ്ങള്‍ സമ്പന്നരാണെന്ന പ്രതീതിയുണ്ടാക്കുകയും കൂടുതല്‍ കടം വാങ്ങാനും ചെലവഴിക്കാനും അവരെ പ്രേരിപ്പിക്കുകയും ചെയ്തു.

സിപിഐ എമ്മിന്റെ 17-ാം കോണ്‍ഗ്രസ് സൂചിപ്പിച്ചതുപോലെ, അമേരിക്കയിലെ ഈ വായ്പാ പ്രചോദിതമായ ഉപഭോഗച്ചെലവിന് ഏറ്റ ആദ്യത്തെ ആഘാതം 2000 ലെ ഓഹരിക്കമ്പോളത്തിലെ തകര്‍ച്ചയും ഐടി അഭിവൃദ്ധിയുടെ തകര്‍ച്ചയുമായിരുന്നു. ഇത് 2001 ല്‍ അമേരിക്കയില്‍ സാമ്പത്തികമാന്ദ്യത്തിന് ഇടവരുത്തി; അത് ആഗോള ഉല്‍പ്പാദനമാന്ദ്യത്തിനും കാരണമായി. 'എന്നാല്‍, അധികം താമസിയാതെ റിയല്‍ എസ്റ്റേറ്റ് വില ഉയരാന്‍ തുടങ്ങി. അത് 2002 മുതല്‍ അമേരിക്കയിലെയും ആഗോള സമ്പദ്ഘടനയിലെയും സാമ്പത്തിക വീണ്ടെടുപ്പിന് സഹായകരമായി. എന്നാല്‍, റിയല്‍ എസ്റ്റേറ്റ് അഭിവൃദ്ധി ഉണ്ടായത്, ഭൂപണയവായ്പ നല്‍കുന്ന ബാങ്കുകളുടെ വീണ്ടുവിചാരമില്ലാത്ത വായ്പാ തന്ത്രങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. വായ്പാ സ്ഥാപനങ്ങള്‍ വായ്പ തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടെന്നു സംശയാതീതമായി ബോധ്യപ്പെടുത്താത്ത വായ്പാ അപേക്ഷകര്‍ക്കും ഭവനവായ്പ നല്‍കി (ഇതിനെയാണ് സബ്പ്രൈം വായ്പ എന്നു പറയുന്നത്). ഇങ്ങനെ വായ്പ വാങ്ങിയ ആളുകള്‍ പലരും ഭവനവായ്പയിലേക്ക് ആകര്‍ഷിക്കപ്പെട്ടത് പലിശനിരക്കിലെ ഇളവിനെയും ലളിതമായ തിരിച്ചടവു വ്യവസ്ഥയെയും കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ വാഗ്ദാനത്താലാണ്; ഇത്തരം തെറ്റായ വാഗ്ദാനത്തിലൂടെ വായ്പാ സ്ഥാപനങ്ങള്‍ ആളുകളെ ആകര്‍ഷിച്ചതാകട്ടെ; വീടിനും വീടുനിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനും ഡിമാന്റ് വര്‍ധിപ്പിക്കുന്നതിനും വസ്തുവില വര്‍ധിപ്പിക്കുന്നതിനും ഇടയാക്കി. ഭൂപണയ വായ്പാ സ്ഥാപനങ്ങള്‍ ഈ വായ്പയെ സെക്യൂരിറ്റി പാക്കേജുകളാക്കി മാറ്റി. എന്നിട്ട് ഇവ മറ്റു ബാങ്കിനും ധനസ്ഥാപനങ്ങള്‍ക്കും മറിച്ചു വിറ്റു. ധനനിയന്ത്രണരാഹിത്യമാണ് ഇത്തരത്തില്‍ സങ്കീര്‍ണമായ ധനഇടപാട് നടത്താന്‍ അവസരമൊരുക്കിയത്.

'ഇത്തരം ഭൂപണയ ഭവനവായ്പയിലെ കുടിശ്ശിക പെരുകിയതോടെയാണ് 2006ല്‍ അമേരിക്കയിലെ സബ്പ്രൈം വായ്പാ പ്രതിസന്ധി രൂപം കൊണ്ടത്. കുടിശ്ശികക്കാരുടെ എണ്ണം പെരുകുകയും ഭൂപണയ വായ്പാസ്ഥാപനങ്ങള്‍ ആ വീടുകള്‍ കണ്ടുകെട്ടുകയും ചെയ്തതോടെ ഭവനനിര്‍മാണരംഗത്തെ അഭിവൃദ്ധിയുടെ കുമിള പൊട്ടിച്ചിതറി. വസ്തുവില കുത്തനെ ഇടിയാനുംകൂടി തുടങ്ങിയപ്പോള്‍, സബ്പ്രൈം വായ്പ നല്‍കിയിരുന്ന നൂറുകണക്കിനു ഭൂപണ വായ്പാ സ്ഥാപനം തകര്‍ന്നു. അമേരിക്കയിലെ ഏറ്റവും വലിയ ഭൂപണയ ഇടപാടുകാരായ 'കണ്‍ട്രിവൈഡ് ഫൈനാന്‍ഷ്യല്‍' എന്ന സ്ഥാപനം പാപ്പരായി. സോപ്പുകുമിളപോലെ പൊങ്ങിവന്ന വസ്തുവിലയില്‍നിന്ന് വമ്പന്‍ ലാഭം കൊയ്തെടുക്കാന്‍ ലക്ഷ്യമിട്ട് സബ്പ്രൈം ഭൂപണയ സെക്യൂരിറ്റികളില്‍ ഭീമമായ നിക്ഷേപം നടത്തിയ വാള്‍സ്ട്രീറ്റിലെ ബാങ്കുകള്‍ക്കും വമ്പിച്ച നഷ്ടം സംഭവിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കായ സിറ്റിഗ്രൂപ്പിനും ഏറ്റവും വലിയ ദല്ലാള്‍ ഏജന്‍സിയായ മെറില്‍ ലിഞ്ചിനുംകൂടി സബ്പ്രൈം വായ്പയുമായി ബന്ധപ്പെട്ട് 2007ല്‍ മൊത്തം നഷ്ടപ്പെട്ടത് 3000 കോടി ഡോളറിലേറെയാണ്.

കഴിഞ്ഞ ദശകത്തില്‍ സമാനമായ റിയല്‍ എസ്റ്റേറ്റ് കുമിളകള്‍ക്ക് സാക്ഷ്യം വഹിച്ച മറ്റ് നിരവധി വികസിതരാജ്യങ്ങളിലും വസ്തുവിപണിയില്‍ മാന്ദ്യം പ്രത്യക്ഷപ്പെട്ടു. തന്മൂലം ഇത്തരം ഇടപാടിന് വായ്പ നല്‍കിയ ബാങ്കുകള്‍ക്ക് വമ്പന്‍ ധനനഷ്ടമുണ്ടായി. സ്വിറ്റ്സര്‍ലന്‍ഡിലെ യുബിഎസിനും ഫ്രാന്‍സിലെ സൊസൈറ്റി ജനറലിനും 2007 ല്‍ ഇങ്ങനെ കോടിക്കണക്കിനു ഡോളറുകളുടെ നഷ്ടം സംഭവിച്ചു. ബ്രിട്ടന്‍ ആസ്ഥാനമായ നോര്‍ത്തേണ്‍ റോക്ക് എന്ന ബാങ്കിനെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ ദേശസാല്‍ക്കരിക്കേണ്ടതായി വന്നു. ബഹുരാഷ്ട്ര ബാങ്കുകള്‍ക്കും ധനകമ്പനികള്‍ക്കുംകൂടി 45,000 കോടി ഡോളറില്‍ അധികം സബ്പ്രൈം വായ്പാ ഇടപാടില്‍ നഷ്ടപ്പെട്ടതായാണ് ഏകദേശ കണക്ക് സൂചിപ്പിക്കുന്നത്. തുടര്‍ന്ന് അമേരിക്കയിലെ അഞ്ചാമത്തെ ഏറ്റവും വലിയ നിക്ഷേപബാങ്കായ ബെയര്‍ സ്റ്റേണ്‍സ് തകര്‍ച്ചയെക്കുറിച്ചും വിശദമായി രാഷ്ട്രീയ സംഘടനാരേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതാണ് പുതിയ തകര്‍ച്ചാ പരമ്പരയ്ക്ക് തിരികൊളുത്തിയതെന്നു പറയാം.

ബെയര്‍ സ്റ്റേണ്‍സിന്റെ ഓഹരികള്‍ 93 ശതമാനം വിലകുറച്ച് രണ്ടു ഡോളര്‍ വിലയ്ക്ക് ജെപി മോര്‍ഗന്‍ വാങ്ങുന്നതിന് അമേരിക്കന്‍ സര്‍ക്കാരിന് സബ്‌സിഡി നല്‍കേണ്ടി വന്നു. ബാങ്കുകള്‍ തകരാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ സമ്മതിക്കില്ലെന്ന സന്ദേശം നല്‍കുന്നതിനുവേണ്ടിയാണ് ബെയര്‍ സ്റ്റേണ്‍സിനെ സഹായിക്കാന്‍ ആയിരക്കണക്കിനു ഡോളര്‍ അമേരിക്കന്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. ഏതാനും മാസത്തേക്ക് സ്ഥിതിഗതി ശാന്തമായെങ്കിലും ഈ മാസം ആദ്യമായപ്പോഴേക്കും ഫാനി മെ, ഫ്രെഡി മാക് എന്നീ സുപ്രധാന ഇരട്ട ഭവനപണയ സ്ഥാപനത്തെ രക്ഷിക്കാന്‍ വീണ്ടും അമേരിക്കന്‍ സര്‍ക്കാരിന് ഇടപെടേണ്ടി വന്നു. ഈ ബാങ്കുകള്‍ ഏറ്റെടുക്കാന്‍ മറ്റുള്ളവര്‍ തയ്യാറായില്ല. അവസാനം 20,000 കോടി ഡോളര്‍ ഒഴുക്കി ഇവയെ സര്‍ക്കാറിനു തന്നെ ഏറ്റെടുക്കേണ്ടി വന്നു.

അമേരിക്കയ്ക്ക് ദേശസാല്‍ക്കരണമെന്ന വാക്ക് ചതുര്‍ഥിയാണല്ലോ. അതുകൊണ്ട് കണ്‍സര്‍വേറ്റര്‍ഷിപ് എന്നൊരു പുതിയ ഓമനപ്പേരാണ് ഈ നടപടിക്ക് നല്‍കിയത്.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ ലേമാന്‍ ബ്രദേഴ്‌സ്, മെറില്‍ ലിഞ്ച് എന്നീ നിക്ഷേപ ബാങ്കുകളുടെ ഊഴമായി. ലേമാന്‍ ബ്രദേഴ്‌സ് 158 വര്‍ഷത്തെ പാരമ്പര്യമുള്ള അമേരിക്കന്‍ നിക്ഷേപ ബാങ്കുകളുടെ പിതാമഹനാണ്. മെറില്‍ ലിഞ്ചാകട്ടെ അത്രതന്നെ പ്രാമാണ്യമുള്ള ലേമാന്‍ ബ്രദേഴ്‌സിന്റെ എതിരാളിയും. ഓഹരിവില കുത്തനെ തകര്‍ന്നടിഞ്ഞതുമൂലം ലേമാന്‍ ബ്രദേഴ്‌സിനെ രക്ഷിക്കാനായില്ല. കമ്പനി പാപ്പര്‍ സൂട്ട് കൊടുത്തു. മെറില്‍ ലിഞ്ചിനെ ബാങ്ക് ഓഫ് അമേരിക്ക ഏറ്റെടുത്തു. പിറ്റേന്ന് ഏറ്റവും വലിയ അമേരിക്കന്‍ ഇന്‍ഷുറന്‍സ് സ്ഥാപനമായ എഐജി തകര്‍ച്ചയുടെ വക്കിലെത്തി. 8500 കോടി ഡോളര്‍ അമേരിക്കന്‍സര്‍ക്കാര്‍ മുടക്കി 79 ശതമാനം ഷെയര്‍ ഏറ്റെടുക്കേണ്ടി വന്നു. ചത്തതിനൊപ്പം ജീവിക്കുക എന്ന നിലയിലാണ് ഈ ഇന്‍ഷുറന്‍സ് ഭീമന്‍. ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകള്‍ക്കുശേഷമുള്ള ഏറ്റവും വലിയ ധനതകര്‍ച്ചയെ അമേരിക്ക നേരിടുകയാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. 18 വര്‍ഷം അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബോര്‍ഡിന്റെ മേധാവിയായിരുന്ന അലന്‍ ഗ്രീന്‍സ്പാന്‍ പ്രസ്താവിച്ചു. 'നൂറ്റാണ്ടില്‍ ഒരിക്കല്‍മാത്രം നടക്കുന്ന സംഭവവികാസം'.

ഈ സന്ദര്‍ഭത്തില്‍ നാലു ചോദ്യം പ്രസക്തമായിത്തീരുന്നു.

1) തകര്‍ച്ചയുടെ പരമ്പരയ്ക്ക് അവസാനമായോ? തകരുന്ന സ്ഥാപനമെല്ലാം എഐജിയുടെ കാര്യത്തിലെന്നപോലെ രക്ഷിക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിനു കഴിയുമോ?
2) ധനമേഖലയിലെ കുഴപ്പം അമേരിക്കയിലെയും വികസിത രാജ്യങ്ങളിലെയും ഉല്‍പ്പാദനത്തെ എങ്ങനെ ബാധിക്കും? ഐഎംഎഫും മറ്റും വിലയിരുത്തിയതുപോലെ 2009 വീണ്ടെടുപ്പിന്റെ വര്‍ഷമാകുമോ?
3) വികസിതരാജ്യങ്ങളിലെ ഈ ധനകുഴപ്പം അവികസിതരാജ്യങ്ങളെ എങ്ങനെ ബാധിക്കും? അമേരിക്ക തുമ്മുമ്പോള്‍ പനിപിടിക്കുന്ന സ്ഥിതി തുടരുമോ?
4) അമേരിക്കയിലെ ധനകുഴപ്പം ഇന്ത്യന്‍ ധനപരിഷ്കാരങ്ങളെ എങ്ങനെ സ്വാധീനിക്കും. നമ്മുടെ സമ്പദ്ഘടനയെ ആഗോളമാന്ദ്യത്തില്‍നിന്ന് രക്ഷിക്കുന്നതിന് എന്തുവേണം?

ഒന്നാമത്തെ ചോദ്യത്തിന് ഇന്നത്തെ വാര്‍ത്തകള്‍ ഉത്തരം നല്‍കുന്നുണ്ട്. മെറില്‍ ലിഞ്ച് കഴിഞ്ഞാല്‍ ഏറ്റവും വലിയ നിക്ഷേപ ബാങ്കായ മോര്‍ഗന്‍ സ്റ്റാന്‍ലിയും ഗോള്‍ഡ് മാന്‍ സാച്ചസും രക്ഷാകവചത്തിനായി അനുയോജ്യമായ ഒരു പങ്കാളിയെ തേടിത്തുടങ്ങിയെന്ന് വാര്‍ത്തയുണ്ട്. ബ്രിട്ടനിലെ എച്ച്ബിഒഎസ് നെ ലോയിഡ് ബാങ്ക് വാങ്ങുന്നു. വാഷിങ്ടണ്‍ മ്യൂച്ചല്‍ കമ്പനിയും പരുങ്ങലിലാണെന്ന് വ്യക്തമായിരിക്കുന്നു. പ്രതിസന്ധിയിലാകുന്ന സ്ഥാപനങ്ങളെ രക്ഷിക്കുന്നതിനും കമ്പോളത്തിന് ധൈര്യം നല്‍കുന്നതിനും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് മാത്രമല്ല വികസിതരാജ്യങ്ങളിലെ കേന്ദ്രബാങ്കുകളെല്ലാം ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം തുടങ്ങി. പക്ഷേ, എല്ലാ ബാങ്കുകളെയും രക്ഷിക്കാനാകില്ല. പൊതുതത്വം പറഞ്ഞാല്‍ ബാങ്കിന്റെ വലുപ്പം കുറയുന്തോറും സര്‍ക്കാര്‍ സഹായം കിട്ടാനുള്ള സാധ്യത മങ്ങും. ഭീമന്‍ ബാങ്കുകളെപ്പോലും എല്ലാറ്റിനെയും രക്ഷിക്കാനാകില്ല. എഐജിയെ രക്ഷപ്പെടുത്തിയ അമേരിക്കന്‍ സര്‍ക്കാര്‍ ലേമാന്‍ ബ്രദേഴ്‌സിനെ തകരാന്‍ അനുവദിച്ചു. അമേരിക്കന്‍ സെക്യൂരിറ്റികളിലും മറ്റും വിദേശീയരുടെ വിശ്വാസം നിലനിര്‍ത്തുന്നതിന് അനിവാര്യമായ ബാങ്കുകളെക്കുറിച്ചു മാത്രമേ അമേരിക്കന്‍ സര്‍ക്കാരിന് ഇപ്പോള്‍ വേവലാതിപ്പെടാന്‍ കഴിയുന്നുള്ളൂ. എല്ലാവരെയും രക്ഷിക്കാന്‍ പോയാല്‍ അമേരിക്കന്‍സര്‍ക്കാരും മുങ്ങും. തകര്‍ച്ചയുടെ പരമ്പര തുടരുമെന്നു ചുരുക്കം.

രണ്ടാമത്തെ ചോദ്യത്തിന് സംശയരഹിതമായ ഉത്തരമുണ്ട്. 2009 ല്‍ പാശ്ചാത്യ സമ്പദ്ഘടനയില്‍ വീണ്ടെടുപ്പ് ആരംഭിക്കില്ല. ഉല്‍പ്പാദനമാന്ദ്യം രൂക്ഷമാകും. ധനമേഖലയിലെ തകര്‍ച്ച നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും ആത്മവിശ്വാസത്തെ തകര്‍ത്തിരിക്കുകയാണ്. സാമ്പത്തികക്കുഴപ്പമാകട്ടെ അമേരിക്കയില്‍മാത്രം ഒതുങ്ങാനും പോകുന്നില്ല. മറ്റു രാജ്യങ്ങളിലേക്കു പടര്‍ന്നുകൊണ്ടിരിക്കുകയാണ്.

മൂന്നാമത്തെ ചോദ്യത്തിന് ഉത്തരം ലളിതമല്ല. ഭൂരിപക്ഷം അവികസിതരാജ്യങ്ങളും ആഗോളമാന്ദ്യത്തിന് അടിപ്പെടും. എന്നാല്‍, ചൈന, റഷ്യ, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ച മന്ദീഭവിക്കുമെങ്കിലും രൂക്ഷമായ സാമ്പത്തികത്തകര്‍ച്ച ഉണ്ടാകില്ലെന്നാണ് ഒരു വലിയ വിഭാഗം വിദഗ്ദര്‍ വിലയിരുത്തുന്നത്. ഇതിന് മുഖ്യകാരണം ആഗോളവല്‍ക്കരണ പരിഷ്കാരങ്ങള്‍ പലതും നടപ്പാക്കിയിട്ടുണ്ടെങ്കിലും ഈ സമ്പദ്ഘടനകള്‍ ആഗോളവ്യവസ്ഥയുമായി, പ്രത്യേകിച്ച് ധനമേഖലയുമായി, ഇനിയും പൂര്‍ണമായി ഉദ്ഗ്രഥിക്കപ്പെട്ടിട്ടില്ലെന്നതാണ്.

അവസാനമായി, ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ ചിദംബരവും മറ്റും വീമ്പിളക്കിയതുപോലെ ധനമേഖലയിലെ ആഗോളവല്‍ക്കരണ അജന്‍ഡ അത്ര പെട്ടന്ന് നടപ്പാക്കുന്നതിന് ഇനി കഴിയില്ല. അമേരിക്കയിലെ സാമ്പത്തികക്കുഴപ്പംമൂലം ഇന്ത്യ തകരാതിരുന്നത് പൊതുമേഖലാ ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും നിലനില്‍ക്കുന്നതുകൊണ്ടാണ്. അതിനുപുറമെ, വിദേശ വിനിമയമേഖലയില്‍ മൂലധനത്തിന്റെ സര്‍വസ്വതന്ത്രമായ ഒഴുക്കിന് ഇനിയും ഇന്ത്യ സമ്മതം മൂളിയിട്ടില്ല. ക്യാപിറ്റല്‍ അക്കൌണ്ടിലെ മൂലധന ഇടപാട് വ്യാപാരത്തിന്റെ കാര്യത്തിലെന്നപോലെ സ്വതന്ത്രമാക്കിയിട്ടില്ല. ധനമേഖലയിലെ പരിഷ്കാരം സംബന്ധിച്ച് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ എടുത്തുവന്ന തത്വാധിഷ്ഠിതമായ എതിര്‍പ്പിനെ സമകാലീന അനുഭവം പൂര്‍ണമായും സാധൂകരിച്ചിരിക്കുന്നു.

******

ഡോ. ടി എം തോമസ് ഐസക്

No comments:

Post a Comment

Visit: http://sardram.blogspot.com