10 May, 2010

മാര്‍ക്സിസവും ബൂര്‍ഷ്വാ റാഡിക്കലിസവും തമ്മിലുള്ള ദൂരം

ഭീകര പ്രവര്‍ത്തനങ്ങളുടെയും അതിസാഹസികതയുടെയും സ്വത്വരാഷ്ട്രീയത്തിന്റെയും വളര്‍ച്ചയ്ക്ക് ഇടതുപക്ഷത്തെ, പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് ഇടതുപക്ഷത്തെ പഴിചാരുക മദ്ധ്യവര്‍ഗ്ഗ ബുദ്ധിജീവികളുടെ ഒരു സ്ഥിരം വിമര്‍ശനരീതിയാണ്. 'ഇടതുപക്ഷത്തിന്റെ അപചയം' എന്നും മുഖ്യധാരാ-അല്ലെങ്കില്‍ വ്യവസ്ഥാപിത-ഇടതുപക്ഷത്തിന്റെ ജീര്‍ണത എന്നും മറ്റുമുള്ള വാങ്മയങ്ങള്‍ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും സ്ഥിരമായി കണ്ടുവരുന്നുണ്ട്. ഇടതുപക്ഷത്തിനെതിരായ വിമര്‍ശനം മുറുകുന്തോറും വിദ്യാഭ്യാസം നേടുന്ന ചെറുപ്പക്കാരുടെ ഇടയില്‍ അരാഷ്ട്രീയ പ്രവണതകളും സ്വത്വരാഷ്ട്രീയവും വര്‍ദ്ധിച്ചുവരുന്നു എന്നത് വസ്തുതയാണ്. ഇടതുപക്ഷത്തിന്റെ ജീര്‍ണതയെക്കുറിച്ച് വിലപിക്കുന്നവര്‍ക്കുപോലും ഈ ജീര്‍ണതയെ ഇല്ലാതാക്കാനും ശക്തമായ അടിത്തറയില്‍ വിപ്ളവസമരങ്ങളുടെ സിദ്ധാന്തവും പ്രയോഗവും ആവിഷ്കരിക്കുന്നതിനും ഒരു താല്‍പര്യവുമില്ല. മാര്‍ക്സിസം കാലഹരണപ്പെട്ടിരിക്കുന്നു എന്ന് വാദിക്കുന്നവരും അതിന്റെ താത്വികാടിത്തറയെ നിഷേധിക്കുന്നവരും ഇടതുപക്ഷക്കാരില്‍പോലും ഏറെയാണ്. വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍പോലും സ്വന്തം റാഡിക്കല്‍ വ്യക്തിത്വം നിലനിര്‍ത്തുന്നതിനായി ബൂര്‍ഷ്വാറാഡിക്കല്‍ പദാവലികളും ആശയസംഹിതകളും ഉപയോഗിക്കുകയും പ്രയോഗരീതികള്‍ നടപ്പിലാക്കുകയും ചെയ്യുന്ന അവസ്ഥയാണിന്നുള്ളത്.

ബൂര്‍ഷ്വാ റാഡിക്കലിസം എന്ന പ്രയോഗം സാധാരണയായി അധികം ഉപയോഗിക്കപ്പെടാത്തതുകൊണ്ട് അല്‍പം വിശദീകരണം വേണ്ടിവരും. മാര്‍ക്സിസ്റ്റ് വിശകലന പദ്ധതിയോടും സോവിയറ്റ് യൂണിയനില്‍ സൃഷ്ടിക്കപ്പെട്ട സോഷ്യലിസത്തോടും പാശ്ചാത്യ രാഷ്ട്രങ്ങളിലെ ഇടതുപക്ഷത്തിനുണ്ടായ അഭിപ്രായ ഭിന്നതകളില്‍നിന്നാണ് പുതിയ റാഡിക്കല്‍ രൂപങ്ങളുടെ തുടക്കം. പരിസ്ഥിതി പ്രസ്ഥാനം, സ്ത്രീ പ്രസ്ഥാനം, നവസാമൂഹ്യ പ്രസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്ന നിരവധി പ്രക്ഷോഭങ്ങള്‍ തുടങ്ങിയവയിലൂടെയാണ് ഇവര്‍ ഒരു പ്രധാന ശബ്ദമായി മാറുന്നത്. മുതലാളിത്തത്തിന്റെ അന്ത്യമല്ല ഇവരുടെ ലക്ഷ്യം, ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പ്രദായിക മുതലാളിത്തം സോഷ്യലിസത്തിനോടൊപ്പം ഇല്ലാതായിക്കഴിഞ്ഞു എന്നു വാദിക്കുന്നവര്‍വരെ ഇവരിലുണ്ട്. അതിനുപകരം ശാസ്ത്രസാങ്കേതികവിദ്യകള്‍, പുരുഷന്മാര്‍, വെള്ളക്കാര്‍, ക്രിസ്ത്യാനികള്‍, ബ്രാഹ്മണര്‍ തുടങ്ങി മറ്റു പലരെയും അതിനുപകരം പ്രതിഷ്ഠിക്കുന്നു. ഇവരില്‍ പലര്‍ക്കും അമേരിക്ക മുഖ്യ ശത്രുവാണെങ്കിലും മുതലാളിത്തത്തിന്റെ തകര്‍ച്ച അവര്‍ ലക്ഷ്യമാക്കുന്നില്ല. സോഷ്യലിസത്തെ ഗൌരവമുള്ള ബദലായി കാണാത്ത ഇവരില്‍ പലരും പലവിധത്തിലുള്ള ഉട്ടോപ്യന്‍ സമൂഹമാതൃകകളും ബദലായി മുന്നോട്ടുവെയ്ക്കുന്നവരാണ്. ഗാന്ധിയന്‍ മാതൃകയിലുള്ള പാരിസ്ഥിതിക സമൂഹങ്ങള്‍, വംശീയ കൂട്ടായ്മകള്‍, സ്നേഹസൌഹൃദങ്ങള്‍, ഗേ-ലെസ്ബിയന്‍ കമ്യൂണുകള്‍, മത സമുദായരാഷ്ട്രങ്ങള്‍, ഇസ്രേലി മാതൃകയിലുള്ള കിബുട്സുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍പെടും. പലരും സോഷ്യലിസവും മുതലാളിത്തവുമല്ലാത്ത മൂന്നാമത്തെ പാതയുടെ സൈദ്ധാന്തികരുമാണ്. മുതലാളിത്ത വ്യവസ്ഥയുടെ ഘടനയെക്കുറിച്ച് ശക്തമായ വിശകലനങ്ങളും വിമര്‍ശനങ്ങളും വന്നുകഴിഞ്ഞുവെങ്കിലും അവയൊന്നും കണക്കിലെടുക്കാതെ, സ്വന്തം ബദലുകളുമായി മുന്നോട്ടുനീങ്ങുന്ന ഇവര്‍ ആത്യന്തികമായി മുതലാളിത്തത്തെ ഇല്ലാതാക്കണമെന്ന താല്‍പര്യമില്ലാത്തവരാണ്. അത്തരത്തിലുള്ള താല്‍പര്യങ്ങളുള്ളവര്‍ക്ക് ബദലുകളെക്കുറിച്ച് ധാരണകളുമില്ല. 19-ാം നൂറ്റാണ്ടിലെ ഉട്ടോപ്യന്‍ പ്രസ്ഥാനങ്ങളുമായി സാമ്യമുള്ള ഇവരെയാണ് നാം ഇവിടെ ബൂര്‍ഷ്വാ റാഡിക്കലുകള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

ബൂര്‍ഷ്വാറാഡിക്കലുകള്‍ വളരെ ശ്രദ്ധേയമായ നിരവധി വാദഗതികളും സമീപനങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. സമൂഹത്തിലെ അധികാരഘടന. ജ്ഞാനരൂപങ്ങളും അധികാരവും തമ്മിലുള്ള ബന്ധം, ലിംഗം, വംശം, ജാതി, സമുദായം തുടങ്ങിയ നിരവധി മേഖലകളിലെ സാമൂഹ്യഭിന്നതകള്‍, സംസ്കാരത്തിന്റെയും ആശയസംഹിതകളുടെയും സാമൂഹ്യ ഉള്ളടക്കം, ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രപരത മുതലായ നിരവധി വിഷയങ്ങളില്‍ അവരുടെ സംഭാവനകള്‍ ഗൌരവമുള്ളതാണ്. സമൂഹത്തിലെ ചിന്തിക്കുന്ന, പ്രതികരണശേഷിയും സന്നദ്ധതയുമുള്ള വിഭാഗങ്ങള്‍ക്കിടയില്‍ അവര്‍ക്ക് സ്വാധീനം ലഭിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇടതുപക്ഷപാര്‍ടികള്‍ നാമമാത്രമായ സ്വാധീനമുള്ള പാശ്ചാത്യരാജ്യങ്ങളില്‍ വ്യവസ്ഥയോടുള്ള ചെറുത്തുനില്‍പ് ഇവരാണ് പ്രധാനമായി നടത്തുന്നത്. അടുത്തകാലത്തായി, ഇന്ത്യയെപ്പോലെയുള്ള രാഷ്ട്രങ്ങളിലും ഇവരുടെ സ്വാധീനം വര്‍ദ്ധിച്ചുവരുകയാണ്. ഇന്ന് പൊതുചര്‍ച്ചകളില്‍ ഇടതുപക്ഷപാര്‍ടികള്‍ക്കു തുല്യമോ അതിലേറെയോ സ്ഥാനം ബൂര്‍ഷ്വാ റാഡിക്കലുകള്‍ക്ക് ലഭിക്കുന്നുണ്ട്.

ഇന്ത്യയിലെ ബൂര്‍ഷ്വാ റാഡിക്കലിസത്തിന്റെ വളര്‍ച്ചയ്ക്ക് പല വിധത്തിലുള്ള വേരുകളുമുള്ളതായി കാണാം.

1975ലെ അടിയന്തിരാവസ്ഥക്കെതിരായ പോരാട്ടത്തിലൂടെ വീണ്ടും ശക്തിപ്പെട്ടുവന്ന ഗാന്ധിയന്മാര്‍ പരിസ്ഥിതിയും ഗ്രാമവികസനവുമടക്കമുള്ള സാമൂഹ്യപ്രശ്നങ്ങളില്‍ സജീവമായി ഇടപെടാന്‍ തുടങ്ങി. എണ്‍പതുകളില്‍ ശരീഅത്ത് വിവാദം, ഷാബാനോകേസ്, വിശാഖാകേസ്, മഥുരാ കേസ്, മേരിറോയി കേസ് തുടങ്ങിയ നിരവധി സ്ത്രീ കേന്ദ്രീകൃതമായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടത് ഫെമിനിസ്റ്റ് ഗ്രൂപ്പുകളുടെ വളര്‍ച്ചയിലേക്ക് നയിച്ചു. മാര്‍ക്സിസത്തിന്റെ സ്വാധീനത്തിലുള്ളവരായിരുന്നു ആദ്യകാല ഫെമിനിസ്റ്റുകളെങ്കിലും ക്രമേണ ഗാന്ധിസം, സ്വത്വരാഷ്ട്രീയം, പോസ്റ്റ് മോഡേണിസം, ലെസ്ബിയന്‍ മുതലായ ജീവിതശൈലി രാഷ്ട്രീയം തുടങ്ങിയവയെല്ലാം ഫെമിനിസത്തെ സ്വാധീനിച്ചു. എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി ഭൂരിപക്ഷ ഹിന്ദുത്വവാദികള്‍ രാഷ്ട്രീയത്തിലും ആശയമണ്ഡലത്തിലും ശക്തമായ സ്വാധീനംചെലുത്തി. അതേസമയം, എഴുപതുകളില്‍ ജെ പി പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച പിന്നോക്ക വിഭാഗങ്ങളുടെ സംവരണാവശ്യം പരിശോധിക്കുന്നതിനായി ജനതാപാര്‍ടി സര്‍ക്കാര്‍ ബി പി മണ്ഡല്‍ കമ്മീഷനെ നിയോഗിക്കുകയും മണ്ഡല്‍കമ്മീഷന്‍ പിന്നോക്കവിഭാഗങ്ങള്‍ക്കുള്ള സംവരണതത്വത്തെ പിന്തുണച്ചുകൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഗാന്ധിയന്മാരും മുന്‍ ലോഹിയാവാദി സോഷ്യലിസ്റ്റുകളും ചേര്‍ന്നു വളര്‍ത്തിക്കൊണ്ടുവന്ന പിന്നോക്ക വിഭാഗങ്ങളുടെ പ്രസ്ഥാനം ജാതി വൈരുദ്ധ്യങ്ങളെ ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്തേക്കു കൊണ്ടുവന്നു. പിന്നോക്ക വിഭാഗങ്ങള്‍ക്കൊപ്പം വിവിധ ദളിത് സംഘടനകളും കൂടാതെ വര്‍ഗ സമരത്തിനുപകരം 'ജാതി-വര്‍ഗസമരം' ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സിപിഐ (എംഎല്‍)ന്റെ ഒരു വിഭാഗവും ഇതില്‍ ചേര്‍ന്നു. പിന്നോക്ക വിഭാഗങ്ങളുടെയും ദളിതരുടെയും മുന്നേറ്റങ്ങള്‍ തെക്കേ ഇന്ത്യയിലേക്കും വ്യാപിച്ചു. എണ്‍പതുകളില്‍ത്തന്നെ ആഷീഷ് നന്ദിയെപ്പോലുള്ള ബുദ്ധിജീവികള്‍ ബൂര്‍ഷ്വാ റാഡിക്കലിസത്തിന് സൈദ്ധാന്തിക പരിവേഷം നല്‍കി.

1991ല്‍ സോവിയറ്റ് യൂണിയന്റെയും കിഴക്കേ യൂറോപ്പിലെ ജനകീയ റിപ്പബ്ളിക്കുകളുടെയും തകര്‍ച്ച ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടികളെ സാരമായി സ്വാധീനിച്ചില്ല എന്നത് വസ്തുതയാണ്. എന്നാല്‍ ബുദ്ധിജീവികളുടെയും പുതിയ തലമുറയില്‍പെട്ട ചെറുപ്പക്കാരുടെയും ഇടയില്‍ ഇതിന്റെ സ്വാധീനം എന്തായിരുന്നു എന്ന് പരിശോധിക്കേണ്ടതാണ്. ഇടതുപക്ഷ ബുദ്ധിജീവികളില്‍ പലരും അവരുടെ മാര്‍ക്സിസ്റ്റ് ലേബലുകളുപേക്ഷിച്ച് പുതിയ പ്രസ്ഥാനങ്ങളുടെ കൂടെ ചേരുകയോ അല്ലെങ്കില്‍ നിശ്ശബ്ദരാകുകയോ ചെയ്ത ഘട്ടമാണിത്. അതേസമയം സോഷ്യലിസത്തിനേറ്റ തിരിച്ചടിക്കു വിരുദ്ധമായി മുതലാളിത്തം കൂടുതല്‍ അക്രമാസക്തമാവുകയും ചെയ്തു. ഗാട്ട് റൌണ്ട് ചര്‍ച്ചകള്‍, ലോകവ്യാപാര സംഘടനയുടെ സ്ഥാപനം, ഇറാഖിന്റെ കുവൈത്ത് ആക്രമണവും തുടര്‍ന്നുണ്ടായ അമേരിക്കന്‍ അധിനിവേശവും, നെഹ്റുവിയന്‍ 'മിശ്രസമ്പദ്വ്യവസ്ഥ'യുടെ പാതയുപേക്ഷിച്ച് നവലിബറലിസത്തേക്ക് ഇന്ത്യ മാറിയത് തുടങ്ങിയവ ഇതിന്റെ സൂചനകളായിരുന്നു. 1991ന്റെ അവസാനം സംഘ്പരിവാര്‍ ബാബറിമസ്ജിദ് തകര്‍ത്തത് അതുവരെ വളര്‍ന്നുവന്നിരുന്ന മത-ജാതി സ്പര്‍ദ്ധയെ മൂര്‍ദ്ധന്യത്തിലെത്തിക്കുകയും ചെയ്തു. ഇടതുപക്ഷപാര്‍ട്ടികളും പുതിയ റാഡിക്കലുകളും തമ്മില്‍ യോജിച്ച അത്യപൂര്‍വ കാലഘട്ടങ്ങളില്‍ ഒന്നായിരുന്നു അത്. ബാബറിമസ്ജിദ് സംഭവത്തെ തള്ളിപ്പറയുന്നതില്‍ എല്ലാവരും ഒന്നിച്ചു. അതേ യോജിപ്പ് നവലിബറലിസത്തെ സംബന്ധിച്ചും ജാതി പ്രസ്ഥാനങ്ങളെ സംബന്ധിച്ചും ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.

നവലിബറലിസത്തെയും ഭൂരിപക്ഷവര്‍ഗീയതയെയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തുപോന്നത് ഇടതുപക്ഷമാണ്. പുതിയ റാഡിക്കലുകളുടെ എതിര്‍പ്പ് അതുപോലെയായിരുന്നില്ല. ചിലര്‍ നവലിബറല്‍ മുതലാളിത്ത വ്യവസ്ഥയെ വ്യക്തമായ വിമര്‍ശനപദ്ധതിയുടെ അടിസ്ഥാനത്തിലല്ല എതിര്‍ത്തത്. അവര്‍ തെറ്റെന്ന് ഉറച്ചു വിശ്വസിച്ച ചില സ്ഖലിതങ്ങള്‍ക്കെതിരായിരുന്നു സമരം. നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ ഇതിന്റെ നല്ല ഉദാഹരണമാണ്. വന്‍ഡാമുകള്‍ക്കെതിരായി വളര്‍ന്നുവന്ന സമരം രണ്ടു ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും മുതലാളിത്തത്തിന്റെ പരിസ്ഥിതിരംഗത്തെ കടന്നുകയറ്റങ്ങളെ സംബന്ധിച്ച് ഒരു പൊതുദിശാബോധംപോലും നല്‍കാന്‍ സഹായിച്ചിട്ടില്ല. കേരളത്തിലെ പ്ളാച്ചിമട സമരത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മറ്റുചില റാഡിക്കലുകള്‍ ജാതിമത രാഷ്ട്രീയത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന സ്വത്വരാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചു. എണ്‍പതുകള്‍ മുതല്‍ ശക്തിപ്പെടുകയും അമേരിക്കയുടെ ഇറാഖ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം 'ഇടം' ഉറപ്പിക്കുകയും ചെയ്ത ഇസ്ളാമിക സ്വത്വരാഷ്ട്രീയത്തിലേക്ക് നിരവധി ബുദ്ധിജീവികള്‍ മാറിയത് ഉദാഹരണമാണ്. സ്വത്വരാഷ്ട്രീയത്തെ പരസ്യമായി അംഗീകരിക്കാത്തവര്‍പോലും സ്വത്വരാഷ്ട്രീയം വ്യാപകമായുപയോഗിച്ച പോസ്റ്റ് മോഡേണിസ്റ്റ്-പോസ്റ്റ്-മാര്‍ക്സിസ്റ്റ് സങ്കേതങ്ങളെ സ്വന്തം വിശകലനപദ്ധതിയുടെ ഭാഗമായി ഉപയോഗിക്കുകയും അതുവഴി സ്വത്വരാഷ്ട്രീയവുമായി 'സന്ധി'ചെയ്യുകയും ചെയ്തു. ഇരുകൂട്ടരും എതിര്‍ക്കുന്നത് നവലിബറലിസത്തെയും ഭൂരിപക്ഷ ഹിന്ദുത്വത്തെയും ആണെന്ന വാദം ഇത്തരം ആശയപരമായ സന്ധികളെ ന്യായീകരിക്കുന്നതിന് ഉപയോഗിക്കപ്പെടുകയും ചെയ്തു.

റാഡിക്കലുകളില്‍ മറ്റുചിലര്‍ നവലിബറലിസത്തോടുള്ള എതിര്‍പ്പിനല്ല പ്രാധാന്യം നല്‍കിയത്. അവരുടെ എതിര്‍പ്പ് ഭൂരിപക്ഷ ഹിന്ദു വര്‍ഗീയതയോടായിരുന്നു, അവരുടെ ഇടയില്‍ത്തന്നെയുള്ള സവര്‍ണ മേധാവിത്വത്തോടായിരുന്നു. പശുക്കളുടെ ദേശീയതയ്ക്കുപകരം എരുമകളുടെ ദേശീയതയ്ക്കുവേണ്ടി വാദിച്ച ഇവര്‍ നവലിബറലിസം നല്‍കുന്ന ചില സൌകര്യങ്ങള്‍ ഇതിനുവേണ്ടി ഉപയോഗിക്കാമെന്നും വാദിച്ചവരാണ്. ദളിതരെയും ആദിവാസികളെയും പിന്നോക്കവിഭാഗങ്ങളെയും സംഘടിപ്പിക്കുന്നതിന് ഇവര്‍ ഉപയോഗിച്ച മുദ്രാവാക്യങ്ങള്‍ സ്വത്വരാഷ്ട്രീയപരമാണ്. ഇവരോടൊപ്പം സിപിഐ (എംഎല്‍) ഗ്രൂപ്പുകളടക്കമുള്ള ഇടതുപക്ഷക്കാരും മറ്റു റാഡിക്കല്‍ ബുദ്ധിജീവികളും ചേര്‍ന്നത് ഒരു ബദല്‍ സമരസങ്കേതംതന്നെ വളര്‍ത്തിക്കൊണ്ടുവരാന്‍ സഹായിച്ചു. വര്‍ഗരാഷ്ട്രീയത്തിനുപകരം സ്വത്വരാഷ്ട്രീയം ചൂഷിതരെയും അടിച്ചമര്‍ത്തപ്പെട്ടവരെയും സംഘടിപ്പിക്കാനുള്ള മാര്‍ഗമാക്കി. ഇസ്ളാമിക സ്വത്വരാഷ്ട്രീയം ഇടതുപക്ഷത്തോടു സ്വീകരിച്ച മൃദുസമീപനംപോലും ഇവര്‍ക്കില്ല. അവര്‍ക്ക് ഇടതുപക്ഷം സവര്‍ണ ബ്രാഹ്മണമേധാവിത്വത്തിന്റെ ഒരു മുഖം മാത്രമാണ്; നവലിബറലിസം ഇടതുപക്ഷവും വലതുപക്ഷവും ഒന്നിച്ചു നടപ്പിലാക്കുന്ന "ബഹുജന'' വിരുദ്ധ നയങ്ങളില്‍ ഒന്നും. സ്വത്വരാഷ്ട്രീയം വര്‍ഗരാഷ്ട്രീയത്തിന്റെ ബദലാകുമ്പോള്‍ മറ്റെല്ലാ റാഡിക്കലുകളും അവരോടൊപ്പം ചേരുകയാണ്. ഇടതുപക്ഷ പാര്‍ടികള്‍ക്കകത്തുപോലും ഇതിനനുകൂലമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നതു കാണാം.

ബൂര്‍ഷ്വാ റാഡിക്കലിസത്തിന് ഏതെങ്കിലും വിധത്തിലുള്ള പൊതുസ്വഭാവം കൈവരുന്നുവെന്ന് ഇതിനര്‍ത്ഥമില്ല. സൈദ്ധാന്തികമായി ബൂര്‍ഷ്വാ റാഡിക്കലുകള്‍ ബഹുത്വവാദികളാണ്. വര്‍ഗംപോലെ മൌലികസ്വഭാവമുള്ള സംവര്‍ഗത്തെ അധികരിച്ചുളള പ്രസ്ഥാനങ്ങള്‍ അവര്‍ അംഗീകരിക്കുകയില്ല. ജാതി, മതം, ലിംഗം, സമുദായം മുതലായവയെ സ്വത്വങ്ങളായി കണക്കാക്കുന്നതോടൊപ്പം കീഴാളത്തം, പാര്‍ശ്വവല്‍ക്കരണം, മര്‍ദ്ദിതാവസ്ഥ, പീഡനം മുതലായ അവസ്ഥകളെയും അവര്‍ സമരങ്ങളുടെ അടിത്തറകളായി സ്വീകരിക്കുന്നു. ആവശ്യമുള്ള ഇടങ്ങളില്‍ വര്‍ഗംപോലും ഇത്തരത്തിലുള്ള അവസ്ഥയാണ്. ഈ അവസ്ഥകളില്‍നിന്നും സ്വത്വങ്ങളില്‍നിന്നുമുള്ള മോചനം മുതലാളിത്തത്തിന്റെ യുക്തിയില്‍നിന്നുമുള്ള മോചനമല്ല. കാരണം മുതലാളിത്തത്തെയും അത്തരത്തിലുള്ള മൌലികാവസ്ഥയായി അവര്‍ അംഗീകരിക്കുന്നില്ല. അത് ആധുനികതയാണ്. സാങ്കേതിക കോയ്മയാണ്, ഭരണകൂടങ്ങളുടെ കണ്‍കാണിത്ത (Panopticon#) അവസ്ഥയാണ്, വിവിധ സ്ഥാപനങ്ങളിലൂടെയുള്ള അധികാര രൂപങ്ങളാണ്. ഇത്തരം അധികാരരൂപങ്ങള്‍ വീട്ടിലെ അടുക്കള മുതല്‍ പാര്‍ലമെന്ററി നിയമങ്ങള്‍വരെ എല്ലായിടത്തും വ്യാപിച്ചുകിടക്കുന്നു. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സമരം അധികാരമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംഘര്‍ഷമാണ്; അത് ബഹുമുഖമാണ്. ബഹുശ്രുതിയാണ്. ബഹു സാംസ്കാരികമാണ്. ജീവിതത്തില്‍ സ്വവും പരവും തമ്മിലുള്ള ബന്ധങ്ങളിലെ നൈതികത ഉറപ്പുവരുത്തുക മാത്രമാകും ബഹുമുഖ സമരങ്ങളുടെ ലക്ഷ്യവും. മുതലാളിത്തത്തെ ഇല്ലാതാക്കുകയല്ല, അതിനെ നീതിയുക്തമാക്കുക എന്നത് ബൂര്‍ഷ്വാറാഡിക്കലുകളുടെ മുഖ്യപ്രമാണമായിതീരുന്നു. (ഇത്തരത്തിലുള്ള ലക്ഷ്യംപോലുമുണ്ട് എന്നംഗീകരിക്കാന്‍ ബഹുത്വസിദ്ധാന്തം അവരെ അനുവദിക്കുകയില്ല.)

വ്യവസ്ഥാപിതമായ സംഘടനാരൂപങ്ങള്‍ ബൂര്‍ഷ്വാ റാഡിക്കലുകള്‍ അംഗീകരിക്കുകയില്ല. "മുഖ്യധാരാസംഘടനകള്‍'' നിലവിലുള്ള അധികാര രൂപങ്ങളുടെ ഭാഗമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ടികളും അവയില്‍പ്പെടും. ബഹുത്വസ്വഭാവമുള്ള പ്രശ്നങ്ങളില്‍ 'ഇടപെടുമ്പോള്‍' ഉണ്ടാകുന്ന ഐക്യപ്പെടലുകളാണ് അവരുടെ സംഘടനാരീതി. പ്ളാച്ചിമട സമരസമിതിയും നര്‍മ്മദാബച്ചാവോ ആന്ദോളനും മുതല്‍ ബംഗാളില്‍ ലാല്‍ഗഢിലെ പൊലീസ് മര്‍ദ്ദനവിരുദ്ധ സമരസമിതിവരെ ഈ രീതിയുടെ പല രൂപങ്ങളാണ്. സമരങ്ങളുണ്ടാകുമ്പോള്‍ രൂപപ്പെടുന്ന സമരസഹായസമിതികള്‍ യഥാര്‍ത്ഥ സമരസമിതികളായി മാറാറുണ്ട്. ചെറുതും വലതുമായ ഗ്രൂപ്പുകളിലും കൂട്ടായ്മകളിലുമാണ് അവര്‍ക്കു താല്‍പര്യം. നിരവധിപേര്‍ വിദേശഫണ്ടിംഗടക്കമുള്ള സ്പോണ്‍സേര്‍ഡ് സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. സ്വത്വാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനകള്‍ ഇവര്‍ക്ക് അസ്പര്‍ശ്യരല്ല. ബിഎസ്പി, ജമാഅത്തെ ഇസ്ളാമി, എസ്ഡിപിഐ തുടങ്ങിയ പാര്‍ടികള്‍ ഇതില്‍പെടും. ജാതിയും മതവും ലിംഗവും സൃഷ്ടിക്കുന്ന യാന്ത്രികമായ ഐകരൂപ്യങ്ങളെ അംഗീകരിക്കുന്നതിന് ബഹുത്വം ഒരു തടസ്സമല്ല.

വ്യവസ്ഥാപിതമായ സമരമാര്‍ഗങ്ങളും ബൂര്‍ഷ്വാ റാഡിക്കലുകള്‍ക്കില്ല. കൂട്ടായ്മകളിലധിഷ്ഠിതമായതുകൊണ്ട് സമരമാര്‍ഗങ്ങളുടെ കാര്യത്തിലും ആത്മനിഷ്ഠ താല്‍പര്യങ്ങള്‍ പ്രതിഫലിക്കും. ഗാന്ധിയന്‍ സമരമുറകള്‍ മുതല്‍ ഭീകരപ്രവര്‍ത്തനംവരെ എന്തുവേണമെങ്കിലുമാകാം. ഗാന്ധിയന്‍ സമരമുറകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നവര്‍പോലും "ഭരണകൂട ഭീകരത''യ്ക്കെതിരായി ഭീകരവാദത്തെ സ്വീകരിക്കും. വര്‍ഗരാഷ്ട്രീയത്തെ സൈദ്ധാന്തികമായി ഉള്‍ക്കൊള്ളുന്നവര്‍ കീഴാളരുടെ ഇടയിലുള്ള ഗോത്രസ്മൃതികളെയും സ്വത്വരാഷ്ട്രീയത്തെയും അംഗീകരിക്കും. പക്ഷേ, ഭീകരതയും അതിസാഹസികതയുംപോലും വ്യവസ്ഥയ്ക്ക് ഭീഷണിയുയര്‍ത്തുന്നുവെന്നുകണ്ടാല്‍ തള്ളിപ്പറയുകയും ചെയ്യും.

ഇതുകൊണ്ട് ബൂര്‍ഷ്വാ റാഡിക്കലിസത്തെ ഗൌരവത്തിലെടുക്കരുതെന്ന് അര്‍ത്ഥമില്ല. ബഹുത്വവാദവും സംഘടനയിലും സമരമുറകളിലുമുള്ള അയവാര്‍ന്ന രീതികളും അവരെ നിരവധി പ്രശ്നങ്ങളേറ്റെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. അവയില്‍ പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പലതും ശക്തമായ പ്രക്ഷോഭങ്ങളായി മാറിയിട്ടുമുണ്ട്. ഫെമിനിസ്റ്റുകളുടെ ഇടപെടലുകള്‍ പ്രക്ഷോഭങ്ങളെന്ന നിലയില്‍ മുന്നോട്ടുപോയിട്ടില്ലെങ്കിലും ജനങ്ങളുടെ ഇടയില്‍ അവബോധം വളര്‍ത്തിയെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ദളിതരുടെ പ്രസ്ഥാനങ്ങളുടെ അവസ്ഥയും സമാനമാണ്. ഭൂപ്രശ്നവും പാര്‍പ്പിടപ്രശ്നവും പോലുള്ള മേഖലകളില്‍ സുപ്രധാന പ്രക്ഷോഭങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ദളിതര്‍ക്കും ആദിവാസികള്‍ക്കും തുല്യനീതി ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ല. ബൂര്‍ഷ്വാ റാഡിക്കലുകളുടെ പല സമരങ്ങളും അവയുടെ അന്തിമഘട്ടത്തിലെത്തിക്കാന്‍പോലും കഴിഞ്ഞിട്ടില്ല. നന്ദിഗ്രാമും സിംഗൂരും പോലുള്ള ചില സമരങ്ങള്‍ വ്യവസ്ഥാപിത ബൂര്‍ഷ്വാപാര്‍ട്ടികള്‍തന്നെ അവരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയും ചെയ്തു. കേരളത്തിലും ബൂര്‍ഷ്വാറാഡിക്കലുകളുടെ പല നീക്കങ്ങളും അന്തിമമായി സഹായിക്കുന്നത് വലതുപക്ഷ രാഷ്ട്രീയപാര്‍ടികളെയും അവരോടൊപ്പം നില്‍ക്കുന്ന സ്വത്വരാഷ്ട്രീയക്കാരെയുമാണ്.

മദ്ധ്യവര്‍ഗ സ്വഭാവമുള്ള കേരളംപോലുള്ള സമൂഹങ്ങളില്‍ ബൂര്‍ഷ്വാ റാഡിക്കലിസത്തിന് ഏറെ സ്വാധീനമുണ്ടാകുമെന്നതും മറന്നുകൂട. മാര്‍ക്സിസ്റ്റ് തത്വസംഹിതയ്ക്ക് വേരോട്ടമുള്ള കേരളത്തില്‍ ബൂര്‍ഷ്വാ റാഡിക്കലിസത്തിന് രണ്ടുവിധത്തിലാണ് പ്രവര്‍ത്തിക്കാന്‍ സാധിക്കുക. ഒന്ന്, സ്വത്വരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള 'ഇടപെടലു'കളുടെ രൂപത്തിലാണ് മറ്റൊന്ന്, സാംസ്കാരിക പ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടെയും തലത്തിലും. സാധാരണ ബൂര്‍ഷ്വാരാഷ്ട്രീയത്തെയും ഭൂരിപക്ഷ വര്‍ഗീയവാദികളെയും നേരിടേണ്ടിവരുന്ന മറ്റു പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലും ബംഗാളിലും വ്യക്തമായ തത്വസംഹിതയും അനുഭവങ്ങളുമുള്ള പുരോഗമന ജനാധിപത്യപ്രസ്ഥാനത്തെയാണ് നേരിടേണ്ടിവരുന്നത്. ഒരു തത്വസംഹിതയെന്ന നിലയില്‍ മാര്‍ക്സിസത്തെ ഇകഴ്ത്തിക്കാട്ടുകയും ഇടതുപക്ഷത്തെ വ്യക്തിപരമായും സംഘടനാപരമായും ആക്രമിക്കുകയും ചെയ്യുകയും അതുവഴി വലതുപക്ഷവും ഇടതുപക്ഷ ബദല്‍ രൂപങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നു സ്ഥാപിക്കുകയും ബൂര്‍ഷ്വാറാഡിക്കലുകളുടെ സ്ഥിരം തന്ത്രമാണ്. കേരളത്തില്‍ ഈ ആക്രമണം ഒരു പരിധിവരെ വലതുപക്ഷത്തെയും അതിനെക്കാള്‍ പ്രധാനമായി അടിസ്ഥാനവര്‍ഗങ്ങള്‍വരെ വ്യാപിച്ചുകിടക്കുന്ന സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ചയെയും പ്രകടമായി സഹായിക്കുന്നുണ്ട്. സാംസ്കാരികോല്‍പാദനത്തിനും വിപണനത്തിനും പ്രാധാന്യമുള്ള കേരളത്തില്‍ ഈ ആക്രമണം മദ്ധ്യവര്‍ഗജീവിതശൈലി രാഷ്ട്രീയത്തെ സഹായിക്കുകയും ചെയ്യുന്നു.

വ്യത്യസ്ത ബൂര്‍ഷ്വാറാഡിക്കല്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അതിനുശേഷം ഒരു വിഷമവുമില്ലാതെ മദ്ധ്യവര്‍ഗ ജീവിതശൈലികളിലേക്ക് തിരിച്ചുപോകാന്‍ സാധിക്കുന്നു. പ്രക്ഷോഭവും ജീവിതവും തമ്മിലുണ്ടാകാവുന്ന വൈരുദ്ധ്യം അവരെ അലോസരപ്പെടുത്തുന്നില്ല.

സാംസ്കാരിക വിപണനതന്ത്രത്തിന്റെ ഭാഗമായി എഴുത്തിന്റെയും വായനയുടെയും രാഷ്ട്രീയചര്‍ച്ചകളുടെയും മാത്രമല്ല, ആസ്വാദനശേഷിയുടെയും അഭിരുചികളുടെയും ജീവിതരീതികളുടെയുമെല്ലാം വ്യാജനിര്‍മ്മിതികള്‍ നടത്തുന്നതിന് സാംസ്കാരിക പ്രവര്‍ത്തകര്‍തന്നെ മുന്‍പന്തിയില്‍വരുന്നു. സ്വത്വരാഷ്ട്രീയം കേരളത്തിലെ ജനാധിപത്യസമൂഹത്തെ ശിഥിലീകരിക്കുമ്പോള്‍ സാംസ്കാരിക നിര്‍മ്മിതികള്‍ മനുഷ്യരുടെ ജ്ഞാനത്തെയും അഭിരുചിയെയും ഭാവുകത്വത്തെയും സ്വത്വത്തിന്റെയും മറ്റു ബഹുത്വ രൂപങ്ങളുടെയും അടിസ്ഥാനത്തില്‍ ശിഥിലീകരിക്കുന്നു.

ഇത്തരം ആക്രമണങ്ങളും ചര്‍ച്ചകളും സംവാദങ്ങളും ഇടതുപക്ഷത്തില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും ഗൌരവപൂര്‍വം പരിഗണിക്കേണ്ടതാണ്. പശ്ചിമബംഗാളില്‍ പരിസ്ഥിതിവാദികളും സ്ത്രീവാദികളുമടങ്ങുന്ന നവസാമൂഹ്യപ്രസ്ഥാനങ്ങളെ നിരാകരിച്ചുകൊണ്ട് നിശ്ചിതപാതയിലൂടെ മുന്നോട്ടുപോവുകയാണ് ഇടതുപക്ഷം ചെയ്തതത്. കേരളത്തിലെ ഇടതുപക്ഷ പാര്‍ടികളും ഏതാണ്ടിതേ സമീപനംതന്നെ സ്വീകരിച്ചുവെങ്കിലും, സ്ഥിതിവിശേഷം അല്‍പം വ്യത്യസ്തമായിരുന്നു. പശ്ചിമബംഗാളില്‍ ഭൂപരിഷ്കാരത്തിനുപോലും ശക്തമായ ഇടപെടലുകളും പോരാട്ടവും വേണ്ടിവന്നെങ്കില്‍ കേരളത്തെ നേരിട്ടത് ഭൂപരിഷ്കാരത്തിനുശേഷമുള്ള വികസനപ്രശ്നങ്ങളായിരുന്നു. ഉയര്‍ന്ന ജീവിതഗുണതയുള്ള മനുഷ്യശേഷിയുടെ നിലനില്‍പിന്റെയും വിനിയോഗത്തിന്റെയും പ്രശ്നങ്ങളായിരുന്നു. ഈ സാഹചര്യങ്ങളില്‍ സ്ഥായിയും പരിസ്ഥിതി സന്തുലിതവുമായ വികസനവും വികേന്ദ്രീകൃത ആസൂത്രണവുംപോലുള്ള നീക്കങ്ങള്‍ ഒഴിവാക്കാന്‍ ഇടതുപക്ഷത്തിനും കഴിഞ്ഞില്ല. കേരളത്തിലെ ജനസംഖ്യയുടെ സവിശേഷതകളും ഗള്‍ഫ്രാജ്യങ്ങളിലേക്കും മറ്റു പ്രദേശങ്ങളിലേക്കും പ്രവഹിച്ച തൊഴില്‍ ശക്തിയുടെ സ്വഭാവവും സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ച സാധ്യമാക്കി. ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടു നിലപാടെടുത്തുകൊണ്ടു മാത്രമെ ഇടതുപക്ഷത്തിനും മുന്നോട്ടുപോകാന്‍ കഴിഞ്ഞിരുന്നുള്ളു. അതായത് ബൂര്‍ഷ്വാ റാഡിക്കലുകളുടെ പ്രവര്‍ത്തന മേഖലകളിലെല്ലാം നിലപാടെടുക്കാന്‍ ഇടതുപക്ഷവും ബാധ്യസ്ഥമായി.

പക്ഷേ, സാംസ്കാരിക മേഖലയില്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ സാധിക്കുന്നുണ്ടോ എന്നും ഒരു പ്രായോഗിക വിപ്ളവ സിദ്ധാന്തമെന്നനിലയില്‍ മാര്‍ക്സിസത്തിന്റെ സ്വാധീനം വര്‍ദ്ധിക്കുന്നുണ്ടോ എന്നും ഗൌരവമായി പരിശോധിക്കേണ്ടതാണ്. ഇവിടെയാണ് സാംസ്കാരിക പ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടെയും പങ്ക് പ്രധാനമാകുന്നത്. മാര്‍ക്സിസം പ്രായോഗികതലത്തിലുള്ള വിമര്‍ശനാത്മകമായ സാമൂഹ്യ വിശകലനപദ്ധതിയാണ്. സാമൂഹ്യമാറ്റങ്ങളെ വിശകലനംചെയ്യുന്നതിന് വ്യക്തമായ രീതിശാസ്ത്രം അതു വളര്‍ത്തിയെടുത്തിട്ടുണ്ട്. ഈ രീതിശാസ്ത്രത്തെ ശക്തിപ്പെടുത്തുന്നതിന് ബൂര്‍ഷ്വാ അക്കാദമിക് പണ്ഡിതന്മാരുടെ അടക്കം ആരുടെയും സംഭാവനകള്‍ സ്വീകരിക്കുന്നതിന് തടസ്സങ്ങളില്ല. 19-ാം നൂറ്റാണ്ടിലെ നരവംശ ശാസ്ത്രജ്ഞരുടെ സംഭാവനകള്‍ എംഗെല്‍സും സാമ്രാജ്യത്വത്തെ സംബന്ധിച്ച ഹോബ്സന്റെ നിരീക്ഷണങ്ങള്‍ ലെനിനും പ്രയോജനപ്പെടുത്തിയത് ഉദാഹരണമാണ്. അതിനുശേഷം മാര്‍ക്സിസത്തിന് താല്‍പര്യമുള്ള മേഖലകളില്‍ മാര്‍ക്സിസ്റ്റുകാരും അല്ലാത്തവരുമായ നിരവധി പണ്ഡിതന്മാരുടെയും വിപ്ളവകാരികളുടെയും സംഭാവനകളുണ്ടായിട്ടുണ്ട്. ഈയിടെയായി ഗ്രാംഷിയുടെയും ചെഗുവേരയുടെയും കാസ്ട്രോയുടെയും സംഭാവനകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സോഷ്യലിസത്തിന് കനത്ത തിരിച്ചടികള്‍ നേരിടുന്ന ഇക്കാലത്തുപോലും മാര്‍ക്സിസത്തെ ഗൌരവപൂര്‍വ്വം കാണുകയും അതിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒട്ടനവധി ബുദ്ധിജീവികളുണ്ട്. മാര്‍ക്സിസ്റ്റ് സാമ്പത്തികശാസ്ത്രം, ചരിത്രം, രാഷ്ട്രതന്ത്രം, സാംസ്കാരിക പഠനങ്ങള്‍, ഭൂമിശാസ്ത്രം, സയന്‍സ്, സാങ്കേതികവിദ്യകള്‍ തുടങ്ങിയ എല്ലാ മേഖലകളിലും കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി നടത്തിയ സംഭാവനകളെ വിവേചനബുദ്ധിയോടെ ഉപയോഗിക്കാന്‍ കഴിയുക ഒരു രീതിശാസ്ത്രത്തിന്റെയും വിപ്ളവസിദ്ധാന്തത്തിന്റെയും വളര്‍ച്ചയ്ക്ക് പ്രധാനമാണ്. വളര്‍ന്നുവരുന്ന സാമൂഹ്യവൈരുദ്ധ്യങ്ങളെ ഇവയുടെ അടിസ്ഥാനത്തില്‍ പഠിച്ച് നിലപാടെടുക്കാന്‍ കഴിയുക ഒരു വിപ്ളവ സിദ്ധാന്തത്തിന്റെ പ്രയോഗത്തിന് അനിവാര്യമാണ്. ഇന്നത്തെ സങ്കീര്‍ണ സാഹചര്യങ്ങളില്‍ മാര്‍ക്സിസ്റ്റ് വിമര്‍ശന പദ്ധതിയുടെ പ്രാധാന്യം ഏറെ വര്‍ദ്ധിക്കുന്നു.

എന്നാല്‍, ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള ബുദ്ധിജീവികളില്‍പോലും ഇത്തരത്തിലുള്ള വിമര്‍ശന പദ്ധതിക്കാണോ സ്വാധീനം എന്നു പരിശോധിക്കണം. ബൂര്‍ഷ്വാ വ്യവസ്ഥിതിയുടെ ഭാഗമായി ഉയര്‍ന്നുവരുകയും നിലനില്‍ക്കുകയും ചെയ്യുന്ന ന്യൂനപക്ഷങ്ങള്‍, സംവരണം, ജാതിമത സ്വത്വരൂപങ്ങള്‍ തുടങ്ങിയവയെ ആധാരമാക്കിയ രൂപപരമായ വൈരുദ്ധ്യങ്ങളിലാണ് ഇടതുപക്ഷ ബുദ്ധിജീവികള്‍പോലും ഇന്ന് ഊന്നുന്നത്. സവര്‍ണമേധാവിത്വം, പാര്‍ശ്വവല്‍ക്കരണം, ഉള്‍ക്കൊള്ളല്‍, പുറന്തള്ളല്‍ മുതലായ സംവര്‍ഗങ്ങളുടെ ഉപയോഗം ഇതിന് തെളിവാണ്. ഇവയെല്ലാം സമൂഹ സംഘര്‍ഷങ്ങളെ സൃഷ്ടിക്കുന്നുവെന്നത് വസ്തുതയാണ്. മാര്‍ക്സിസ്റ്റ് വിമര്‍ശന പദ്ധതി രൂപപ്പെടുമ്പോഴും ഇത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ നിലവിലുണ്ടായിരുന്നു. പക്ഷേ, ഈ സംഘര്‍ഷങ്ങളുടെ രൂപത്തിനപ്പുറം കടന്ന് അവയിലടങ്ങുന്ന വൈരുദ്ധ്യ(Contradiction)ത്തെ തിരിച്ചറിയാനുള്ള ശ്രമമാണ് മാര്‍ക്സിസ്റ്റ് വിമര്‍ശ പദ്ധതിയുടെ കാതല്‍. പക്ഷേ, ഇന്നത്തെ ബുദ്ധിജീവികള്‍ സവര്‍ണമേധാവിത്വം, ബ്രാഹ്മണാധിപത്യം, സാംസ്കാരിക മര്‍ദ്ദനം, ഭൂരിപക്ഷ വര്‍ഗീയതയുടെ ആഭ്യന്തര കൊളോണിയലിസം, നവകൊളോണിയല്‍ അധിനിവേശം മുതലായ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ സമൂഹത്തിലുള്ള രൂപപരമായ വൈജാത്യങ്ങളെയും വിപരീതങ്ങളെയും സൂചിപ്പിക്കുന്നുണ്ട്; പക്ഷേ, അവയില്‍നിന്ന് നിലവിലുള്ള സമൂഹത്തിന്റെ ചലനാത്മകതയെയും ചലനം ഉളവാക്കുന്ന വൈരുദ്ധ്യങ്ങളെയുംകുറിച്ചുള്ള ധാരണ സൃഷ്ടിക്കാന്‍ സഹായിക്കുന്നില്ല. ഉദാഹരണത്തിന്, സവര്‍ണമേധാവിത്വവും ബ്രാഹ്മണാധിപത്യവും നയിക്കുന്ന ദിശ ഏതാണ്? വളര്‍ന്നുവരുന്ന നവലിബറലിസവുമായി ഇവ എങ്ങനെയാണ് പൊരുത്തപ്പെടുക? വിവിധതരത്തിലുള്ള വൈപരീത്യങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹ്യ പ്രസ്ഥാനങ്ങളുടെ ബഹുത്വം സൂചിപ്പിക്കുന്ന സമൂഹക്രമം ഏതാണ്? അതും ജമാഅത്തേ ഇസ്ളാമിയുടെയും എസ്ഡിപിഐയുടെയും ഇസ്ളാമിക സ്വത്വ രാഷ്ട്രീയവുമായി പൊരുത്തപ്പെടുമോ? ബൂര്‍ഷ്വാ വ്യവസ്ഥയില്‍ ന്യൂനപക്ഷാവകാശവും സംവരണവും ദളിത് - ആദിവാസി 'ഇടങ്ങളും' ഉറപ്പുവരുത്താന്‍ കഴിയുമോ?

ഇവയൊന്നും ബൂര്‍ഷ്വാ റാഡിക്കലുകള്‍ക്ക് വിഷയമാകണമെന്നില്ല. ഭാവിയെക്കുറിച്ച് പ്രവചനം നടത്തുക സാമൂഹ്യ പ്രവര്‍ത്തകരുടെ ലക്ഷ്യമല്ല എന്നും അവര്‍ പറയുന്നു. പക്ഷേ, സാമൂഹ്യവിപ്ളവത്തിന്റെ പാതയില്‍ നില്‍ക്കുന്ന ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് ഇത്തരം ചോദ്യങ്ങള്‍ ഗൌരവമുള്ളതാണ്. അവയ്ക്ക് ഉത്തരം നല്‍കാന്‍ സഹായിക്കുന്ന വിമര്‍ശന പദ്ധതി ഉള്‍ക്കൊള്ളുന്നവര്‍ ഈ ചോദ്യങ്ങള്‍ ഏറ്റെടുക്കുക തന്നെ വേണം. അവ ഏറ്റെടുക്കാതെ കേവലമായി ഇത്തരം സംഘര്‍ഷങ്ങളെ കാണുന്ന രീതി ഇടതുപക്ഷ നിലപാടിനെ ബൂര്‍ഷ്വാ റാഡിക്കല്‍ നിലപാടിലേക്ക് അടുപ്പിക്കുകയാണ്.

ബൂര്‍ഷ്വാ റാഡിക്കലിസവും മാര്‍ക്സിസവും തമ്മിലുള്ള അന്തരം യഥാര്‍ത്ഥത്തില്‍ ഇവിടെയാണ്. നായന്മാര്‍ (അതായത് ആര്‍എസ്എസുകാര്‍) ബോംബെറിയുമ്പോള്‍ അതു ഗുണ്ടാണെന്നും മുസ്ളീങ്ങള്‍ പടക്കം പൊട്ടിക്കുമ്പോള്‍ അത് ബോംബാണെന്നും പ്രചരിപ്പിക്കുന്ന രീതിയെ ഒരു ജമാഅത്തെ ഇസ്ളാമി പ്രവര്‍ത്തകന്‍ വിമര്‍ശിക്കുമ്പോള്‍ അതില്‍ അടങ്ങിയിരിക്കുന്ന 'പ്രതികരണശേഷി'യെ തോളില്‍തട്ടി അഭിനന്ദിക്കാന്‍ ഒരു ബൂര്‍ഷ്വാ റാഡിക്കലിനു സാധിക്കും. 'ഗുണ്ടും പടക്കവും' പരസ്പരം എറിയുകയും അതുവഴി അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്ന സംഘര്‍ഷങ്ങളുടെ വേരുകള്‍ അന്വേഷിക്കുന്നതിനാകും മാര്‍ക്സിസ്റ്റ് വിമര്‍ശകന്‍ ശ്രമിക്കുക. ഗുണ്ടും പടക്കവും എറിഞ്ഞ സാഹചര്യങ്ങളെ കൂടി കണക്കിലെടുത്ത് ആ സംഭവത്തിന്റെ ചലനാത്മകത വിശകലനം ചെയ്തായിരിക്കും തോളില്‍ തട്ടുകയോ തള്ളിപ്പറയുകയോ ചെയ്യേണ്ടതെന്ന കാര്യം മാര്‍ക്സിസ്റ്റുകാര്‍ തീരുമാനിക്കുക. ദേശീയവാദികളും കമ്യൂണിസ്റ്റുകാരും സ്ത്രീ പ്രശ്നത്തിന്റെ കാര്യത്തില്‍ പുരുഷമേധാവിത്വപരമായ സമീപനം മാത്രമാണ് കൈക്കൊണ്ടതെന്നും എണ്‍പതുകളില്‍ പ്രവര്‍ത്തനമാരംഭിച്ച ചില ഗ്രൂപ്പുകള്‍ക്കാണ് കേരളത്തിലെ സ്ത്രീ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വമെന്നും ഫെമിനിസ്റ്റുകള്‍ അവകാശവാദമുന്നയിക്കുമ്പോള്‍ ബൂര്‍ഷ്വാ റാഡിക്കലുകള്‍ കൈയടിച്ചഭിനന്ദിക്കും. ഫെമിനിസ്റ്റുകള്‍ സൂചിപ്പിക്കുന്ന സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള ലിംഗപരമായ വൈപരിത്യം അവരുടെ നിലപാടുകളെ ഉറപ്പിക്കും. മാര്‍ക്സിസ്റ്റ് വിശകലന പദ്ധതി അതുകൊണ്ടവസാനിപ്പിക്കുകയില്ല. ഈ അവകാശവാദം ചരിത്രപരമായി ശരിയാണോ? എണ്‍പതുകള്‍ വരെയുള്ള സ്ത്രീ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ശക്തി ദൌര്‍ബല്യങ്ങളെന്തായിരുന്നു? കേരളത്തിലെ സ്ത്രീ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ പ്രശ്നങ്ങളും ഫെമിനിസ്റ്റുകള്‍ ഉയര്‍ത്തിയ പ്രശ്നങ്ങളും തമ്മിലുള്ള അന്തരമെന്താണ്? കേരളത്തിലെ മാറിവരുന്ന സാമൂഹ്യബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ആരുയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്കാണ് കൂടുതല്‍ സാംഗത്യം? ഇത്തരം ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുവാന്‍ മാര്‍ക്സിസ്റ്റ് വിശകലന രീതിക്ക് ബാധ്യതയുണ്ട്.

മാര്‍ക്സിസ്റ്റ് വിമര്‍ശന രീതി ചരിത്രപരമാണ്. വൈരുദ്ധ്യാത്മകമാണ്. സമൂഹത്തില്‍ വളര്‍ന്നുവരുന്ന പുതിയ പ്രവണതകള്‍ തെറ്റായാലും ശരിയായാലും കണ്ണടച്ചു നിരാകരിക്കുക വൈരുദ്ധ്യാത്മകരീതിയുടെ സ്വഭാവമല്ല. സാമൂഹ്യപ്രവണതകള്‍ക്ക് ഏതെങ്കിലും നാലുപേര്‍ ചേര്‍ന്നു നടത്തുന്ന ഗൂഢാലോചനയുടെ സ്വഭാവം നല്‍കലും വിമര്‍ശന രീതിയുടെ ഭാഗമല്ല. മുതലാളിത്തവും സാമ്രാജ്യത്വവും പ്രവര്‍ത്തിക്കുന്നത് പരസ്യമായാണ്. അതിന്റെ അധിനിവേശ രൂപങ്ങളും പരസ്യമാണ്. അത് നടത്തുന്ന നിഗൂഢ പ്രവര്‍ത്തനങ്ങള്‍ (ഉദാ: - എഫ്ബിഐ, സിഐഎ മുതലായവയുടെ പ്രവര്‍ത്തനങ്ങള്‍) ചില രാഷ്ട്രീയ അട്ടിമറികളിലേക്കും കൊലപാതകങ്ങളിലേക്കും പ്രോജക്റ്റുകളില്‍വരുന്ന മാറ്റങ്ങളിലേക്കും നയിച്ചേക്കാമെന്നല്ലാതെ ഒരു സാമൂഹ്യ പ്രവണതയിലേക്കു നയിക്കുകയില്ല. ഒരു സാമൂഹ്യ പ്രവണതയ്ക്ക് ഭൌതിക ലോകത്തില്‍ വേരുകളുണ്ടാകും. കേരളത്തിലെ പരിസ്ഥിതി വാദവും സ്ത്രീവാദവും സ്വത്വ രാഷ്ട്രീയവും ആദിവാസി ഭൂസമരം പോലുള്ള പ്രക്ഷോഭങ്ങളും അതുപോലെയാണ്. അവയെ കേവലമായി നിരാകരിക്കുകയല്ല വേണ്ടത്. അവ രൂപംകൊണ്ട സാഹചര്യങ്ങളെ വിശദമായും വൈരുദ്ധ്യാത്മകമായും പഠിക്കുകയും സാമൂഹ്യ പരിവര്‍ത്തന സാധ്യതകള്‍ അന്വേഷിക്കുകയുമാണ്. ഇത് കേവല പരിസ്ഥിതിവാദിയായ ബൂര്‍ഷ്വാ റാഡിക്കലിന്റെ പ്രശ്നമല്ല, മാര്‍ക്സിസ്റ്റ് വിമര്‍ശന പദ്ധതിയുടെ ബാധ്യതയാണ്. കേവലമായ നിരാകരണം മാര്‍ക്സിസ്റ്റ് വിമര്‍ശന പദ്ധതിയെ യാന്ത്രിക ഭൌതികവാദമായി അധഃപതിപ്പിക്കുകയാണ് ചെയ്യുക. സ്വയം വിമര്‍ശനം എന്ന അടിസ്ഥാനതത്വംപോലും യാന്ത്രിക ഭൌതികവാദം അനുവദിക്കുകയില്ല.

ബൂര്‍ഷ്വാ റാഡിക്കലിസത്തിന്റെ കേവലമായ അംഗീകാരവും നിരാസവും മാര്‍ക്സിസ്റ്റ് വിശകലന പദ്ധതിയുടെ രീതിയല്ല എന്ന് ഇതില്‍നിന്ന് വ്യക്തമാണ്. മുതലാളിത്ത വ്യവസ്ഥയെ മാര്‍ക്സിസ്റ്റുകള്‍ എതിര്‍ക്കുന്നു. പക്ഷേ അതിന്റെ അസ്തിത്വത്തെ അവര്‍ നിരാകരിക്കുന്നില്ല. മുതലാളിത്ത വ്യവസ്ഥയുടെ വിമര്‍ശനം അപ്പോഴാണ് വിപ്ളവ പ്രസ്ഥാനത്തിന്റെ സൈദ്ധാന്തിക ആയുധമായി മാറുന്നത്. ബൂര്‍ഷ്വാ റാഡിക്കലിസം ഇന്നൊരു വസ്തുതയാണ്. അതിന്റെ വിമര്‍ശനം അതു വളര്‍ന്നുവരുന്ന സാഹചര്യങ്ങളുടെ വിശകലനത്തിലൂടെ മൂര്‍ത്ത രൂപം കൈക്കൊള്ളുന്നു. ഈ വിമര്‍ശനം സൃഷ്ടിക്കുന്നത് മുതലാളിത്ത വ്യവസ്ഥ രൂപംകൊടുക്കുന്ന പുതിയ അവസ്ഥയ്ക്കെതിരെ പട പൊരുതാനുള്ള പുതിയ കരുക്കളാണ്. ഉദാഹരണത്തിന് പാരിസ്ഥിതിക സമരം സാമ്രാജ്യത്വത്തിനെതിരായ മുന്നേറ്റത്തിന്റെ പുതിയ ആയുധമാണെന്ന് ശക്തമായി വാദിക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യവും വിദ്യാഭ്യാസവും ഭൂവിനിയോഗവും സംസ്കാരവുമെല്ലാം ഇത്തരത്തിലുള്ള പുതിയ കരുക്കളെ സൃഷ്ടിക്കുന്നു. ഇത്തരത്തില്‍ ബൂര്‍ഷ്വാ റാഡിക്കലുകള്‍ ബഹുത്വം കണ്ടെത്തുന്ന നിരവധി പ്രക്ഷോഭങ്ങളെ വ്യവസ്ഥയെ മാറ്റി മറിക്കുന്ന ഒറ്റ വേദിയിലണിനിരത്താന്‍ മാര്‍ക്സിസ്റ്റ് വിമര്‍ശന പദ്ധതിക്ക് കഴിയും. ബൂര്‍ഷ്വാ വ്യവസ്ഥയുടെ അന്ത്യം ബൂര്‍ഷ്വാ റാഡിക്കലുകളുടെ ലക്ഷ്യമല്ലാത്തതുകൊണ്ട് ഇത് ഒരിക്കലും അംഗീകരിക്കാന്‍ അവരെ കൊണ്ടു സാധിക്കുകയില്ല. ബൂര്‍ഷ്വാ റാഡിക്കലിസം ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ പരിഛേദമായി മാറുന്നതിലേക്കാണ് ഇതു നയിക്കുക. പശ്ചിമ യൂറോപ്പിലെ ബൂര്‍ഷ്വാ റാഡിക്കലുകളാണ് ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി, ഫ്രാന്‍സിലെ സോഷ്യലിസ്റ്റ് പാര്‍ട്ടി, ജര്‍മ്മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തുടങ്ങിയവ സൃഷ്ടിച്ചതെന്നോര്‍ക്കുക.

ബൂര്‍ഷ്വാ റാഡിക്കലുകളുടെ ആശയങ്ങളും തത്വസംഹിതകളും അതേപടി ഉള്‍ക്കൊള്ളുന്ന ഇടതുപക്ഷത്തിന്റെയും സ്ഥിതി വ്യത്യസ്തമാകില്ല. സമൂഹ സംഘര്‍ഷങ്ങളുടെ രൂപാത്മകമായ വിശകലനം സമൂഹ യാഥാര്‍ത്ഥ്യങ്ങളുടെ വൈരുദ്ധ്യാത്മകമായ സമീപനത്തെ നശിപ്പിക്കും. ചൈനീസ് വിപ്ളവപാത പിന്തുടര്‍ന്ന സിപിഐ (എംഎല്‍) ഗ്രൂപ്പുകള്‍ കേവല സ്വത്വ സംഘര്‍ഷ രാഷ്ട്രീയത്തിന്റെ വക്താക്കളായി തീര്‍ന്നത് ഇതിനുദാഹരണമാണ്. മുസ്ളിം സ്വത്വരാഷ്ട്രീയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്ന് സ്വന്തം പ്രവര്‍ത്തനങ്ങളെ വേര്‍തിരിക്കാന്‍ അവര്‍ക്കാവുന്നില്ല. സായുധസമരത്തെ അടവുതന്ത്രമായി ഉപയോഗിച്ച നേപ്പാളിലെ പ്രചണ്ഡയുടെ ചലനാത്മകത കൈവരിക്കാന്‍പോലും അവര്‍ക്കു കഴിയുന്നില്ല. സ്വത്വ രാഷ്ട്രീയത്തിന്റെ സംസ്കൃതി ആധിപത്യം ചെലുത്തുന്ന കേരളത്തില്‍ കീഴാള സ്വത്വങ്ങളുടെ പക്ഷം പിടിക്കുന്നതിലപ്പുറം പുതിയ ഒരു സാംസ്കാരിക മുന്നേറ്റത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കു കഴിയുന്നില്ല. സെക്കുലര്‍ മുദ്രാവാക്യങ്ങളും വിവിധ സ്വത്വങ്ങളുടെ ഇടങ്ങള്‍ക്കുവേണ്ടിയുള്ള സംഘര്‍ഷവും തമ്മിലുള്ള ആശയക്കുഴപ്പം യഥാര്‍ത്ഥത്തില്‍ ബൂര്‍ഷ്വാ സംസ്കാരത്തിന്റെ രണ്ടു രൂപങ്ങള്‍ തമ്മിലുള്ള ആശയക്കുഴപ്പമാണ്. മാര്‍ക്സിസ്റ്റ് വിശകലന പദ്ധതിയെ അടിസ്ഥാനമാക്കി സെക്കുലര്‍ ജനാധിപത്യ സംസ്കാരത്തെ പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തന പദ്ധതിക്ക് രൂപംകൊടുക്കാന്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. അതിനുപകരം, സ്വത്വ സംസ്കാരങ്ങളെ 'ഉള്‍പ്പെടുത്തുക' എന്ന ബൂര്‍ഷ്വാ തന്ത്രം തന്നെ സാംസ്കാരിക പ്രവര്‍ത്തകര്‍ പിന്തുടരുന്നതു കാണാം. മതനിരപേക്ഷ സംസ്കാരത്തിന്റെ വളര്‍ച്ച 'മതസൌഹാര്‍ദ്ദ'ത്തിന്റെ പ്രകടനമായി മാറുന്ന രീതിയും ഇതുപോലെയാണ്.

ലോകത്തിലെ പ്രതിരോധ പ്രസ്ഥാനങ്ങളില്‍, ഭരണകൂടത്തിലിരുന്നും അല്ലാതെയും ഏറ്റവും വിപുലമായ അനുഭവസമ്പത്ത് ഇന്നും ഉള്ളത് മാര്‍ക്സിസ്റ്റ് നിലപാടുള്ളവര്‍ക്ക് തന്നെയാണ്. ഏറ്റവുമധികം സൈദ്ധാന്തികമായ സംഭാവനകളുണ്ടായിട്ടുള്ളതും അവരില്‍നിന്നാണ്. അതുകൊണ്ട് സിദ്ധാന്തവും പ്രയോഗവും ഉള്‍ച്ചേര്‍ന്നുള്ള ജ്ഞാനനിര്‍മ്മിതി ഇന്നും അവര്‍ക്കാണ് സാധിക്കുക. വളര്‍ന്നുവരുന്ന വൈരുദ്ധ്യങ്ങളെ വിശകലനം ചെയ്യാനും പ്രക്ഷോഭസമരങ്ങളുടെ ദിശ കൃത്യമായി തിരിച്ചറിഞ്ഞ് സാമൂഹ്യപരിവര്‍ത്തനത്തിന്റെ ഉള്‍ക്കാമ്പു നല്‍കുവാനും ഈ ജ്ഞാന നിര്‍മ്മിതി ആവശ്യമാണ്. ഇത്തരത്തിലുള്ള ജ്ഞാന നിര്‍മ്മിതിയാണ് യൂട്ടോപ്യന്‍ സോഷ്യലിസ്റ്റുകളുടെമേല്‍ മാര്‍ക്സിസ്റ്റുകാര്‍ക്ക് മേല്‍കോയ്മ നേടാന്‍ സഹായിച്ചത്. ഇതുതന്നെയാണ് എണ്ണത്തില്‍ ന്യൂനപക്ഷമായിരുന്ന ബോള്‍ഷെവിക്കുകളെ റഷ്യന്‍ വിപ്ളവത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ചത്. മൌസേ ദോങ്ങിന്റെ ഹുനാന്‍ റിപ്പോര്‍ട്ട് ചൈനീസ് വിപ്ളവത്തിന്റെ വഴി തിരിച്ചുവിട്ടതും മറ്റൊരുദാഹരണമാണ്. ചരിത്രപരമായ ഈ അനുഭവസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുപകരം ബൂര്‍ഷ്വാ റാഡിക്കല്‍ മുദ്രാവാക്യങ്ങള്‍ക്കും ജീവിതശൈലികള്‍ക്കും ഇടതുപക്ഷത്തിന്റെ പുതിയ തലമുറ കീഴടങ്ങുന്ന കാഴ്ചയാണ് നാം പൊതുവില്‍ കാണുന്നത്. അല്ലെങ്കില്‍ പുതിയ പ്രവണതകളെയെല്ലാം "മാര്‍ക്സിസ്റ്റ് വിരുദ്ധ''മായി ചിത്രീകരിച്ച് യാന്ത്രിക ജ്ഞാനരൂപങ്ങളുടെയും പ്രവര്‍ത്തന ശൈലികളുടെയും അടിമകളാകുകയും ബൂര്‍ഷ്വാ വികസനത്തിന്റെ മാതൃകകള്‍ തന്നെ പിന്തുടരുകയും ചെയ്യുന്നു.

ഇതില്‍നിന്ന് സര്‍ഗാത്മകമായ ചില വ്യതിയാനങ്ങള്‍ ഇപ്പോഴും കാണാമെന്നത് പ്രതീക്ഷയുണര്‍ത്തുന്നു. ഒരുപക്ഷേ, മേല്‍ സൂചിപ്പിച്ച കാരണങ്ങള്‍ കൊണ്ടുതന്നെ പിന്നീട് നിലനിര്‍ത്താന്‍ കഴിയാതെ പോയ ജനകീയാസൂത്രണ പ്രസ്ഥാനം നവരീതിയിലുള്ള പ്രതിരോധ പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു. വലതുപക്ഷവും ബൂര്‍ഷ്വാ റാഡിക്കലുകളും ഒന്നുചേര്‍ന്ന് തച്ചുടച്ച പ്രസ്ഥാനവുമായിരുന്നു അത്. അവരുടെ പ്രചരണം ഇടതുപക്ഷം എത്രമാത്രം സ്വാംശീകരിച്ചിരുന്നു എന്നു പുനരാലോചിക്കാവുന്നതാണ്. ആദ്യകാലത്ത് ഇടതുപക്ഷത്തിനു സ്വീകാര്യമായിരുന്നില്ലെങ്കിലും, പിന്നീട് അംഗീകരിച്ച ആദിവാസി ഭൂസമരവും വയനാട്ടില്‍ നടന്നുവരുന്ന പ്രക്ഷോഭവും പുതിയ സമര രൂപങ്ങള്‍ക്കുള്ള ദൃഷ്ടാന്തമാണ്. ബൂര്‍ഷ്വാ റാഡിക്കലുകള്‍ വഴിക്ക് ഇട്ടേച്ച് പിന്മാറിയ ഒരു സമരത്തെ പക്വതയുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന് എങ്ങനെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നതിന്റെ തെളിവുമാണത്. ശാസ്ത്രീയവും ജനപക്ഷത്തുനിന്നുള്ളതുമായ ഭൂവിനിയോഗനയം ആവിഷ്കരിച്ച് ഭക്ഷ്യസുരക്ഷ, തൊഴില്‍ സുരക്ഷ, ജനകീയ വിദ്യാഭ്യാസം, ജനകീയാരോഗ്യം, സ്ഥലീയ ആസൂത്രണം, വിഭവവിനിയോഗാസൂത്രണം, വ്യവസായവല്‍ക്കരണം മുതലായ ഒട്ടനവധി മേഖലകളില്‍ ഇതുപോലെ സര്‍ഗാത്മകമായ പ്രക്ഷോഭങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരിക സാധ്യവുമാണ്.

ഇവിടെയാണ് മാര്‍ക്സിസത്തിന്റെ പ്രവര്‍ത്തനരീതി ബൂര്‍ഷ്വാ റാഡിക്കലിസത്തില്‍നിന്ന് വേര്‍പെടേണ്ടത്. സര്‍ഗാത്മക പ്രക്ഷോഭങ്ങള്‍ പ്രക്ഷോഭത്തിന്റെ രീതിയുടെ പ്രശ്നമാണ്. അത് ബൂര്‍ഷ്വാ റാഡിക്കലുകള്‍ക്കും സാധിക്കും. ഇന്ന് അവരുടെ പിറകില്‍ നില്‍ക്കുന്ന വലതുപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ശക്തി ഉപയോഗിച്ച് അവയ്ക്ക് വമ്പിച്ച പ്രചരണം നല്‍കാനും അവര്‍ക്ക് കഴിയും. അവരുടെ ദൌര്‍ബല്യം പ്രക്ഷോഭങ്ങള്‍ സമഗ്രമായ സാമൂഹ്യ വിപ്ളവത്തിലേക്കു നയിക്കണമെന്ന് അവര്‍ ലക്ഷ്യമിടുന്നില്ല എന്നതാണ്. അവരുടെ ഉട്ടോപ്യന്‍ സമൂഹങ്ങള്‍ വ്യവസ്ഥിതിക്കുള്ളില്‍ തന്നെയാണ് സ്ഥിതി ചെയ്യുക. പക്ഷേ, മാര്‍ക്സിസം സാമൂഹ്യവിപ്ളവ സിദ്ധാന്തമാണ്. സാമൂഹ്യവിപ്ളവ പാതയില്‍ എല്ലാ പ്രക്ഷോഭങ്ങളും ഭാഗികസമരങ്ങളാണ്. സമരങ്ങളുടെ ജയപരാജയങ്ങളെക്കാള്‍ പ്രധാനം അവ വളര്‍ത്തിക്കൊണ്ടുവരുന്ന രാഷ്ട്രീയ ബോധമാണ്. കൂടുതല്‍ ശക്തിയുള്ളതും സര്‍ഗാത്മകവുമായ പ്രക്ഷോഭങ്ങളിലേക്ക് നയിക്കുന്നതും അതാണ്. ജയവും പരാജയവും വൈരുദ്ധ്യാത്മകമായി കാണാനും പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കാനുമുള്ള കഴിവാണ് മാര്‍ക്സിസത്തിന്റെ ശക്തി. ബഹുത്വത്തില്‍ അധിഷ്ഠിതമായ, ലക്ഷ്യത്തെയോ മാര്‍ഗത്തെയോ ശത്രുക്കളുടെ സ്വഭാവത്തെയോകുറിച്ച് വ്യക്തമായ ധാരണകളില്ലാത്ത ബൂര്‍ഷ്വാ റാഡിക്കല്‍ പ്രസ്ഥാനങ്ങളില്‍നിന്ന് മാര്‍ക്സിസം വേര്‍പെടേണ്ടതലവും അതാണ്.

മാര്‍ക്സിസം ഒരു തുറന്ന സിദ്ധാന്തമാണ്. സാമൂഹ്യജ്ഞാനവും അനുഭവങ്ങളും തുടര്‍ച്ചയായ വിശകലനങ്ങള്‍ക്കു വിധേയമാക്കി വിമര്‍ശനാത്മകമായി മുന്നേറുകയാണ് അതിന്റെ രീതി. സ്വന്തം യാന്ത്രിക ചട്ടക്കൂടുകളില്‍ ഒളിക്കുന്നവരെയും പുതിയ ബൌദ്ധിക ഫാഷനുകളെല്ലാം സ്വന്തമാക്കി അഭിമാനിക്കുന്നവരെയുമല്ല അതിനാവശ്യം. സിദ്ധാന്തത്തെയും പ്രയോഗത്തെയും വൈരുദ്ധ്യാത്മകമായി സംയോജിപ്പിച്ച് പുതിയ വിമര്‍ശപദ്ധതികളും പ്രവര്‍ത്തന രൂപങ്ങളും ആവിഷ്കരിക്കുന്നവരെയാണ്. ഇടതുപക്ഷത്തിന്റെ പുതിയ തലമുറയെ ഈ രീതിയില്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടത് ഇന്നത്തെ ആവശ്യവുമാണ്.

*
ഡോ. കെ എന്‍ ഗണേശ് കടപ്പാട്: ചിന്ത വാരിക, വര്‍ക്കേഴ്സ് ഫോറം

No comments:

Post a Comment

Visit: http://sardram.blogspot.com