05 March, 2009

വിസ്മയ വാട്ടര്‍ തീം പാര്‍ക്കും വിമര്‍ശനത്തിന്റെ മറുവശവും

വിസ്മയ വാട്ടര്‍ തീം പാര്‍ക്കും വിമര്‍ശനത്തിന്റെ മറുവശവും

വിസ്മയ പാര്‍ക്കിനെ ചുറ്റിപ്പറ്റി എന്തൊക്കെ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്? യഥാര്‍ത്ഥത്തില്‍ സിപിഐഎം തന്നെയാണോ ഈ സംരംഭം നടത്തുന്നത് ? രാഷ്ട്രീയ പാര്‍ട്ടി നേരിട്ട് വ്യവസായം നടത്തുന്നതും പാര്‍ട്ടി അംഗങ്ങളുടെയും കൂടി നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘം വ്യവസായം നടത്തുന്നതും ഒന്നു പോലെ ആണോ നോക്കിക്കാണേണ്ടത്? വിനോദവ്യവസായരംഗത്തേക്കും കേളത്തില്‍ വലിയ വരുമാനസാധ്യതയും തൊഴിലവസരങ്ങളും പ്രദാനംചെയ്യുന്ന വിനോദസഞ്ചാര രംഗത്തേക്കും സഹകരണപ്രസ്ഥാനം കടന്നുചെല്ലുന്നത് തെറ്റാണോ? ഈ സംരംഭത്തിനെതിരായ വിമര്‍ശനങ്ങളില്‍ എന്തു മാത്രം കഴമ്പുണ്ട്? ഇവയൊക്കെ പരിഗണന അര്‍ഹിക്കുന്ന വിഷയങ്ങളാണെന്നു തോന്നുന്നു.

കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന് ബീജാവാപം ചെയ്തിട്ട് ഏഴെട്ടുപതിറ്റാണ്ട് പിന്നിട്ടെങ്കിലും സഹകരണപ്രസ്ഥാനത്തെ സംബന്ധിച്ച് ഗൌരവപൂര്‍വം പരിഗണിച്ചതും അതിന്റെ പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്താനുതകുന്ന നിയമനിര്‍മാണം നടത്തിയതും 1957ലെ
ഇ എം എസ് ഗവമെന്റാണ്. 1967ല്‍ വന്ന ഐക്യമുന്നണി സര്‍ക്കാരാണ് സമഗ്രമായ സഹകരണനിയമത്തിന് രൂപംനല്‍കിയത്. ഭൂപരിഷ്കരണത്തിനും വിദ്യാഭ്യാസനിയമത്തിനും അധികാരവികേന്ദ്രീകരണത്തിനും നല്‍കിയതില്‍ ഒട്ടും കുറയാത്ത പ്രാധാന്യമാണ് സഹകരണപ്രസ്ഥാനത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷസര്‍ക്കാരുകള്‍ ഇതഃപര്യന്തം സ്വീകരിച്ചുപോരുന്നത്.

സഹകരണപ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെയും അതില്‍ ഇടപെടുകയും അതിനെ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിനെയുംകുറിച്ച് കാള്‍ മാര്‍ക്സ് മുതല്‍ തുടര്‍ന്നിങ്ങോട്ടുള്ള തൊഴിലാളിവര്‍ഗത്തിന്റെ നായകന്മാരെല്ലാം ഊന്നിപ്പറഞ്ഞിട്ടുണ്ട്. മുതലാളിത്തത്തിന്‍ കീഴില്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അല്‍പ്പമാത്രമായെങ്കിലും ആശ്വാസം പ്രദാനംചെയ്യുന്നതുപോലെതന്നെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലും അതിലേക്കുള്ള അന്തരാളഘട്ടത്തിലും സഹകരണപ്രസ്ഥാനത്തിന് ഗണനീയ പങ്ക് വഹിക്കാനുണ്ട്. ഈ സൈദ്ധാന്തിക അടിത്തറയാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരും മാര്‍ഗദര്‍ശകമായി സ്വീകരിച്ചിട്ടുള്ളത്.

കേരളത്തില്‍ ഇന്ന് സഹകരണപ്രസ്ഥാനം കടന്നുചെല്ലാത്ത മേഖലയില്ല, പ്രദേശവുമില്ല. ഇടത്തരക്കാരുള്‍പ്പെടെ അധ്വാനിച്ച് ഉപജീവനം കഴിക്കുന്ന സമസ്ത ജനവിഭാഗങ്ങള്‍ക്കും ഇന്ന് സഹകരണപ്രസ്ഥാനങ്ങളുണ്ട്. ജനകീയമുഖവും ഭാവവും നല്‍കി ഇവയെ ജനാധിപത്യവല്‍ക്കരിച്ചതില്‍ ഇടതുപക്ഷക്കാര്‍ക്കുള്ള പങ്കിനെ ആര്‍ക്കും നിഷേധിക്കാനാകില്ല. നിക്ഷേപങ്ങളും വായ്പകളും മുഖ്യപ്രവര്‍ത്തനമാക്കിയ പ്രാഥമിക സഹകരണസംഘങ്ങള്‍, ജില്ല-സംസ്ഥാന സഹകരണ ബാങ്കുകള്‍, സമാനമായി കാര്‍ഷിക വിപണന-ഭൂപണയ മേഖലകളില്‍, പരമ്പരാഗത വ്യവസായം, കൈത്തൊഴില്‍ എന്നിത്യാദി രംഗങ്ങളിലും വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലയിലും സഹകരണപ്രസ്ഥാനം നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.

വിനോദവ്യവസായരംഗത്തേക്കും കേളത്തില്‍ വലിയ വരുമാനസാധ്യതയും തൊഴിലവസരങ്ങളും പ്രദാനംചെയ്യുന്ന വിനോദസഞ്ചാര രംഗത്തേക്കുമുള്ള സഹകരണപ്രസ്ഥാനത്തിന്റെ വലിയൊരു കുതിച്ചുചാട്ടമാണ് കണ്ണൂരില്‍ ആരംഭിച്ച 'വിസ്മയ'. ഇതിന്റെ പ്രാരംഭപ്രവര്‍ത്തന കാലംമുതല്‍ കമ്യൂണിസ്റ്റുവിരുദ്ധരും എന്തിനും ഏതിനും അവരോടൊപ്പം അണിചേരാന്‍ മടിക്കാത്ത അവരുടെ 'ബി' ടീമായ ഒരുസംഘം തീവ്ര ഇടതുപക്ഷക്കാരും അപവാദപ്രചാരണവുമായി രംഗത്തെത്തിയിരുന്നു. മാര്‍ക്സ് മുതല്‍ ഇ എം എസ് വരെയുള്ള വിപ്ലവാചാര്യന്മാരെ പിടിച്ചാണയിടുകയും ആ പൈതൃകത്തിന്റെ നേരവകാശികള്‍ തങ്ങളാണെന്ന് അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്ന അതിവിപ്ലവത്തിന്റെ വക്താക്കള്‍ക്ക്, സഹകരണപ്രസ്ഥാനം വ്യവസായത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും മേഖലകളിലേക്ക് കടക്കുമ്പോള്‍ ഇരിക്കപ്പൊറുതി കിട്ടുന്നില്ല.

നമ്മുടെ പ്രധാന നഗരങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 'ഇന്ത്യന്‍ കോഫി ഹൌസ് ' എന്ന തൊഴിലാളികളുടെ സഹകരണസംഘത്തിന്റെ സ്ഥാപകന്‍ എ കെ ജിയാണ്. തൊഴില്‍ നഷ്ടപ്പെട്ട കോഫി ബോര്‍ഡ് തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള ഒരു ഇടപെടലായിരുന്നു അത്. അതിനെ എകെജിയുടെയോ കമ്യൂണിസ്റ്റ് പാര്‍ടിയുടെയോ കോഫി ഹൌസ് എന്നോ കമ്യൂണിസ്റ്റുകാര്‍ മുതലാളിത്തത്തെ വരിച്ചതായോ ആരും പറഞ്ഞുകേട്ടിട്ടില്ല. കേരള ദിനേശ് ബീഡി വ്യവസായമായി നടത്തുന്നതും സഹകരണമേഖലയിലാണ്. തൊഴില്‍ നഷ്ടപ്പെട്ട ബീഡിത്തൊഴിലാളികളെ സംരക്ഷിക്കുകമാത്രമല്ല, അവരെ ആത്മാഭിമാനമുള്ളവരാക്കി മാറ്റുകയാണ് ദിനേശ് ബീഡി സഹകരണസംഘം ചെയ്തത്. ഇ എം എസ് സിപിഐ എം ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോഴാണ് എ കെ ജിയുടെ സ്മാരകമായി കണ്ണൂരില്‍ സഹകരണമേഖലയില്‍ ആശുപത്രി ആരംഭിച്ചത്. അതിനുമുമ്പുതന്നെ കായംകുളം കേന്ദ്രമാക്കി മോട്ടോര്‍തൊഴിലാളികളുടെ സഹകരണസംഘം നിരവധി ബസുകളോടെ 'സ്വകാര്യ' സര്‍വീസ് നടത്തിയിരുന്നു.

കേരളത്തില്‍ നിരവധി കേന്ദ്രങ്ങളില്‍ മോട്ടോര്‍തൊഴിലാളികളുടെ സഹകരണപ്രസ്ഥാനം ഫലപ്രദമായി പ്രവര്‍ത്തിച്ചുവരികയാണ്. സഹകരണരംഗത്ത് പാരലല്‍, ട്യൂട്ടോറിയല്‍ കോളേജുകള്‍ നടത്തിയും മാതൃക സൃഷ്ടിച്ചതും പാര്‍ടിപ്രവര്‍ത്തകര്‍തന്നെയാണ്. ഇ എം എസിന്റെ സ്മാരകമായി അദ്ദേഹത്തിന്റെ ജന്മദേശമായ പെരിന്തല്‍മണ്ണയില്‍ സ്ഥാപിച്ച സഹകരണ ആശുപത്രിയെക്കുറിച്ചും ഇപ്പോള്‍ ചന്ദ്രഹാസമിളക്കുന്നവര്‍ക്ക് അറിയാത്തതല്ല. ഇതെല്ലാം സിപിഐ എമ്മിന്റെ അതത് പ്രദേശത്തെ, അതത് കാലത്തെ നേതാക്കള്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണെന്നുള്ളതുകൊണ്ട് ആരും ആ സ്ഥാപനങ്ങളെ സിപിഐ എം ആസ്തിയില്‍ ചാര്‍ത്തിക്കാണിക്കാറില്ല. അവയൊന്നും രൂപീകരിക്കപ്പെട്ടപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടി നവ ലിബറലോ സോഷ്യല്‍ ഡെമോക്രാറ്റോ ആയതായി പറഞ്ഞുകേട്ടിട്ടില്ല.

'വിസ്മയ' പാര്‍ക്ക് തുടങ്ങിയതോടെ സിപിഐ എം കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ ഭാഗമായി മാറി എന്നാണ് ഇപ്പോള്‍ ആരോപണം. മേല്‍സൂചിപ്പിച്ച ഒട്ടനവധി സഹകരണസ്ഥാപനങ്ങളെപ്പോലെ സിപിഐ എം പ്രവര്‍ത്തകര്‍ മുന്‍നിന്ന് സ്ഥാപിച്ച സഹകരണസ്ഥാപനമാണ് ഈ പാര്‍ക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. അത് പാര്‍ടിസ്ഥാപനമല്ല. പാര്‍ടിക്ക് അതില്‍ ഷെയറുമില്ല. വ്യാഖ്യാനം, സിപിഐ എം പ്രവര്‍ത്തകര്‍ ഭരണത്തിലുള്ള സഹകരണസ്ഥാപനങ്ങളെല്ലാം സിപിഐ എമ്മിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യാഖ്യാനിക്കുന്നതിനു തുല്യമല്ലേ.

മറ്റൊരു കൂട്ടം വിമര്‍ശകര്‍ക്കാകട്ടെ വിനോദ സഞ്ചാരത്തിന്റെയും വിനോദ വ്യവസായത്തിന്റെയും മേഖലയില്‍ സഹകരണപ്രസ്ഥാനവും കമ്യൂണിസ്റ്റുകാരും ഇടപെടുന്നതിലാണ് രോഷം. ബി ടി ആറിനെയും ബസവപുന്നയ്യയെയും പോലെയുള്ള ആദരണീയരായവരെ ജാമ്യം നിര്‍ത്തിയാണ് വാദം. ചൈനയും വിയറ്റ്നാമുമെല്ലാം വിനോദസഞ്ചാരത്തിന് മുന്തിയ പരിഗണന നല്‍കുന്ന കാര്യം ചൂണ്ടിക്കാണിച്ചാല്‍ ആ രാജ്യങ്ങളെല്ലാം നവ ലിബറലായിക്കഴിഞ്ഞെന്ന് നമ്മുടെ നാട്ടിലെ ഈ ചായക്കട വിപ്ലവവായാടികള്‍ പറഞ്ഞേക്കാം. ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ സാമ്രാജ്യത്വവിരുദ്ധനും വിപ്ലവകാരിയുമായ ഫിദല്‍ കാസ്ട്രോയുടെ സോഷ്യലിസ്റ്റ് ക്യൂബയില്‍ പ്രധാന വരുമാനയിനമായി പരിഗണന നല്‍കുന്നത് വിനോദസഞ്ചാരമാണ്. ഒരുകോടി 30 ലക്ഷം ജനസംഖ്യയുള്ള ക്യൂബയില്‍ ഒരുവര്‍ഷം ശരാശരി 35 ലക്ഷം സഞ്ചാരികള്‍ എത്തുന്നുവെന്ന കാര്യം ഇക്കൂട്ടര്‍ അറിയാത്തതാണോ. നേപ്പാളില്‍ പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്ത പ്രചണ്ഡ നടത്തിയ ആദ്യത്തെ പ്രഖ്യാപനം, വിനോദസഞ്ചാരത്തിന് മുഖ്യപ്രാധാന്യം നല്‍കുമെന്നാണ്. കാസ്ട്രോയെയും പ്രചണ്ഡയെയുമെല്ലാം നവ ലിബറലുകളായി ഇക്കൂട്ടര്‍ ആക്ഷേപിക്കുമോ ആവോ.

വാട്ടര്‍തീം പാര്‍ക്കായതുകൊണ്ട് ജലചൂഷണം നടത്തുന്നതായാണ്, അതുവഴി പരിസ്ഥിതിനാശം വരുത്തുന്നതായാണ് മറ്റൊരു വിമര്‍ശം. ഭൂഗര്‍ഭജലത്തെ ആശ്രയിക്കാതെ മഴവെള്ളസംഭരണി ഉപയോഗിച്ച് ജലം ശേഖരിച്ചാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന് അതിന്റെ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് പറഞ്ഞാലും കണ്ണടച്ച് ഇരുട്ടാക്കുന്ന ഇക്കൂട്ടര്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ല.

പ്രതിദിനം ഒരു ലക്ഷത്തോളം ലിറ്റര്‍ വെള്ളം ആവശ്യമുള്ള പാര്‍ക്കില്‍ ഒരു തുള്ളിപോലും ഭൂഗര്‍ഭ ജലം ഉപയോഗിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. 30 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച പാര്‍ക്കില്‍ ഇതിനായി മൂന്ന് ഏക്കര്‍ സ്ഥലം നീക്കിവച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ മഴവെള്ള സംഭരണി നിര്‍മിച്ചാണ് പാര്‍ക്ക് അധികൃതര്‍ പുത്തന്‍ മാതൃക സൃഷ്ടിച്ചത്. 500 ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ ശേഷിയുള്ള സംഭരണിയില്‍ രണ്ടു വര്‍ഷത്തോളംതുടര്‍ച്ചയായി പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാനുള്ള വെള്ളമുണ്ട്. മഴക്കാലത്ത് ജലനിരപ്പ് കുറയാതെ നിലനില്‍ക്കും. ഈ കൃത്രിമ തടാകത്തില്‍ ബോട്ട് സവാരിയും ആലോചനയിലുണ്ട്.

ഭൂഗര്‍ഭ ജലം എടുക്കാനുള്ള സംവിധാനങ്ങളൊന്നും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല. 20 അടി വ്യാസവും ഏഴു മീറ്റര്‍ താഴ്ചയുമുള്ള ഒരു കിണര്‍ മാത്രമാണ് ഇവിടെയുള്ളത്. റസ്റ്റോറന്റിലേക്കും കുടിക്കാനുമുള്ള വെള്ളം എടുക്കാനാണ് കിണര്‍ കുഴിച്ചത്. വാട്ടര്‍ റൈഡുകളില്‍ ഉപയോഗിക്കുന്ന വെള്ളം പിന്നീട് ടോയ്‌ലറ്റുകളിലേക്കും ചെടികള്‍ നനക്കാനുമാണ് ഉപയോഗിക്കുന്നത്. ചെങ്കുത്തായ കുന്നിന്‍ പ്രദേശമാണ് പാര്‍ക്കിനായി ഉപയോഗിച്ചിട്ടുള്ളത്. ഈ കുന്നിനെ സംരക്ഷിച്ച് നിര്‍ത്തുകയും, കുന്നുകളെ തട്ടുകളായി തിരിക്കുകയും ചെയ്തതിനാല്‍ കൂടുതല്‍ വെള്ളം ഭൂമിയിലേക്ക് ഇറങ്ങാനുള്ള സാധ്യതയും വര്‍ധിച്ചു. ഇതിന്റെ ഫലമായി കഴിഞ്ഞ രണ്ടു വര്‍ഷമായി പാര്‍ക്കിന് സമീപമുള്ള വീടുകളിലെ ജലനിരപ്പ് ഉയര്‍ന്നതായി പരിസരവാസികള്‍ പറയുന്നു. എങ്ങനെയും ലാഭം ഉണ്ടാക്കണമെന്ന താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മാനേജ്‌മെന്റില്‍നിന്ന് വ്യത്യസ്തമാണ് ജനപക്ഷത്തുനിന്ന്കൂട്ടായ്മയിലൂടെ പടുത്തുയര്‍ത്തിയ സഹകരണസംഘത്തിന്റെ പ്രവര്‍ത്തനമെന്ന് പറശിനിക്കടവിലെത്തുന്ന ആര്‍ക്കും ബോധ്യമാവും. കേന്ദ്ര പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഗ്രീന്‍ കാറ്റഗറിയിലാണ് വിസ്മയ പാര്‍ക്കിന്റെ സ്ഥാനം.

കേരളത്തില്‍ വാട്ടര്‍തീം പാര്‍ക്ക് ഇതാദ്യത്തേതല്ല. സ്വകാര്യമുതലാളിമാര്‍ ഭൂഗര്‍ഭജലത്തെയും ഉപരിതലജലത്തെയും യഥേഷ്ടം ഉപയോഗിച്ച് പ്രവേശനത്തിന് വന്‍ തുക ഈടാക്കി കനത്ത ലാഭം കൊയ്യുമ്പോള്‍, അതൊന്നും പഠിക്കാന്‍ ആരും മെനക്കെടുന്നില്ല. ഇവരെല്ലാമാണ് പരിസ്ഥിതിവാദം ഉന്നയിച്ച് വിസ്മയ പാര്‍ക്കിനെതിരെ രംഗത്തുവരുന്നത്. വിനോദസഞ്ചാരവും വിനോദവ്യവസായവും സ്വകാര്യമുതലാളിമാര്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള ഏര്‍പ്പാടുമാത്രമായി നിലനില്‍ക്കണമെന്നുള്ള ദുഷ്ടലാക്കാണ് വിമര്‍ശങ്ങളുടെ പിന്നിലെന്ന് കാണേണ്ടതുണ്ട്. 'വിസ്മയ' സഹകരണസംരംഭമാണ്. ഒരു പൊതുസംരംഭമാണ്. ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് അതിന്റെ പിന്നില്‍. അതുകൊണ്ടുതന്നെ നവ ലിബറല്‍നയങ്ങള്‍ക്ക് എതിരുമാണ്. കുറെയേറെപേര്‍ക്ക് മാന്യമായ തൊഴില്‍ പ്രദാനംചെയ്യുന്നു. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായ വിനോദത്തിനും വഴിയൊരുക്കുന്നു. എന്തിന്റെ പേരിലാണ് ഇതിനെ എതിര്‍ക്കുന്നത് ?

*****

കടപ്പാട് : വര്ക്കേഴ്സ് ഫോറം, (കെ. വരദരാജന്‍ ദേശാഭിമാനിയില്‍ എഴുതിയ 'ഇതിലേതാണ് വിസ്മയം' എന്ന ലേഖനത്തെയും പാര്‍ക്കിലെ ജല ഉപയോഗത്തെക്കുറിച്ച് വന്ന വാര്‍ത്താക്കുറിപ്പിനെയും അധികരിച്ച് തയ്യാറക്കിയത്.)

No comments:

Post a Comment

Visit: http://sardram.blogspot.com