16 March, 2009

രണ്ടാം ആഗോള തകര്‍ച്ചയെ മുതലാളിത്തം മറികടക്കുമോ?

രണ്ടാം ആഗോള തകര്‍ച്ചയെ മുതലാളിത്തം മറികടക്കുമോ?

രണ്ടാം ആഗോളതകര്‍ച്ച യാഥാര്‍ത്ഥ്യമാകുകയാണ്.

നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും ലോകമെമ്പാടും സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ തകര്‍ച്ചയെ നേരിടുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടങ്ങളിലേക്ക് പിരിച്ചുവിടലും, വരുമാനശോഷണവും കടന്നുചെല്ലുകയാണ്. സത്യം, ഐബിഎം, മൈക്രോസോഫ്‌റ്റ്, സോണി, പാനസോണിക്, എല്‍.ജി., സിറ്റിബാങ്ക്. അമ്പുകൊള്ളാത്തവരില്ല കോര്‍പ്പറേറ്റ് ലോകത്തില്‍. ഇതു തുടക്കം മാത്രം. തകര്‍ച്ച രണ്ടുമൂന്നുകൊല്ലം എങ്കിലും നീണ്ടുനില്‍ക്കുമെന്നും അതിനിടയില്‍ ഇനിയും അനേകം ഇടത്ത് പിരിച്ചുവിടലുകള്‍ നടക്കുമെന്നും വിദഗ്ധന്മാര്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളിലും അനേകം തൊഴിലാളികള്‍ പിരിച്ചുവിടല്‍ ഭീഷണിയുടെ നിഴലിലാണ്.

അതേസമയം ചെറുകിട വ്യാപാര-വ്യവസായ സ്ഥാപനങ്ങളിലെ സ്ഥിതി ഇതിലും മോശമാണ്. പലര്‍ക്കും ഓര്‍ഡറുകള്‍ തീരെ നിലച്ചിരിക്കുന്നു. ബാങ്കുകള്‍ വായ്‌പ നിഷേധിക്കുന്നു. മുതലാളിയും തൊഴിലാളികളും അടക്കം എല്ലാവരും എന്നുവേണമെങ്കിലും കുത്തുപാളയെടുക്കാം എന്ന സ്ഥിതിയിലാണ് പലസ്ഥാപനങ്ങളും. കൈത്തറിയും, കയറും, കശുവണ്ടിയും അടക്കമുള്ള കേരളത്തിലെ പരമ്പരാഗതവ്യവസായങ്ങളുടെയും സ്ഥിതി മോശമാണ്. പുതിയ തൊഴില്‍ മേഖലകളായ കെട്ടിടനിര്‍മ്മാണവും, ടൂറിസവും ഐടിയും, ഭീഷണിയുടെ നിഴലിലാണ്. ഒറ്റപ്പെട്ട ചില മേഖലകളില്‍ ചില രജതരേഖകള്‍ കാണുന്നുവെങ്കിലും.

തകര്‍ച്ചയ്ക്കപ്പുറമുള്ള മുതലാളിത്തത്തിന്റെ ഭാവി

സാമ്പത്തിക തകര്‍ച്ച കുറേനാളത്തേക്കെങ്കിലും ഉറപ്പാണെന്ന് വന്നതോടെ, ആലോചനകള്‍ തകര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെക്കുറിച്ച് ആയിമാറിയിരിക്കുന്നു. അമേരിക്കയിലെ പുതിയ ഒബാമ ഭരണകൂടവും അദ്ദേഹത്തിനെ സോഷ്യലിസ്‌റ്റ് എന്ന് വിളിച്ച് ആക്ഷേപിക്കുന്ന അദ്ദേഹത്തിന്റെ റിപ്പബ്ളിക്കന്‍ എതിരാളികളും, യൂറോപ്യന്‍ നേതാക്കളും എല്ലാം മുതലാളിത്തം ഭാവിയില്‍ എങ്ങനെയാണ് വീണ്ടും കെട്ടിപ്പടുക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.


ഒരു കാര്യം മാത്രം ഉറപ്പാണ്. സമ്പദ്‌വ്യവസ്ഥയില്‍ സ്‌റ്റേറ്റ് ഇടപെടേണ്ടതില്ല, കമ്പോളം എല്ലാം സ്വയം നിയന്ത്രിച്ചുകൊള്ളും എന്നു വാദിച്ചിരുന്ന ശുദ്ധകമ്പോളമൌലികവാദം ഊര്‍ദ്ധശ്വാസം വലിക്കുകയാണ്. പ്രസിദ്ധ സാമ്പത്തികശാസ്‌ത്രജ്ഞര്‍ മിക്കവാറും എല്ലാവരും ഇത് അംഗീകരിച്ചുകഴിഞ്ഞു. ശുദ്ധകമ്പോളമൌലികവാദത്തിന്റെ അസംബന്ധജല്പനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിറ്റിബാങ്കും, ബാങ്ക് ഓഫ് അമേരിക്കയും പോലുള്ള കൂറ്റന്‍ ബാങ്കുകള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഏറ്റെടുക്കരുത്, അവ പൊളിയണമെങ്കില്‍ പൊളിഞ്ഞോട്ടെ എന്ന വാദം. ഒബാമയുടെ റിപ്പബ്ളിക്കന്‍ എതിരാളികളില്‍ ചിലരാണ് ഈ വാദം ഉയര്‍ത്തിയിരിക്കുന്നത്.

കേവലയുക്തിയുടെ അടിസ്ഥാനത്തില്‍ ശരിയാണെന്ന് തോന്നിയേക്കാവുന്ന ഈ കമ്പോളമൌലികവാദ ചിന്ത ആഴത്തില്‍ നോക്കിയാല്‍ തികഞ്ഞ അസംബന്ധമാണെന്നു ബോദ്ധ്യമാകും. ആസ്‌തിയേക്കാള്‍ വളരെക്കൂടുതല്‍ ബാധ്യതകളുള്ള ഈ ബാങ്കുകള്‍ക്ക് ഇന്നുള്ള സര്‍ക്കാര്‍ പിന്തുണ പിന്‍വലിക്കുന്നനിമിഷം നിക്ഷേപകര്‍ ഇന്റര്‍നെറ്റുവഴി നിക്ഷേപം പിന്‍വലിക്കാന്‍ പരക്കം പായുമെന്നും, നിക്ഷേപങ്ങള്‍ മടക്കിനല്‍കാനാകാതെ ഇവ നിലംപൊത്തുമെന്നും ഈ ബാങ്കുകളുടെ കണക്കുകള്‍ നോക്കിയവരെല്ലാം ഒരേസ്വരത്തില്‍ പറയുന്നുണ്ട്. പൊളിഞ്ഞോട്ടെ എന്നായിരിക്കാം. കോടിക്കണക്കിന് നിക്ഷേപകര്‍ക്ക് അവരുടെ സമ്പാദ്യം നഷ്ടപ്പെടുകയും, ഇൻ‌സ്‌റ്റാള്‍മെന്റുകള്‍ മുടങ്ങുകയും ചെയ്‌താല്‍ ഉണ്ടാകുന്ന സാമൂഹ്യപ്രത്യാഘാതം ഭയാനകമായിരിക്കും എന്നുമാത്രം പറയാം. വിശേഷിച്ചും ഉപ്പുതൊട്ട് കര്‍പ്പൂരം വരെയും, മൊട്ടുസൂചി തൊട്ട് മോട്ടോര്‍കാര്‍വരെയും ഉള്ള സര്‍വ്വവിധ നിത്യോപയോഗവസ്‌തുക്കളും ക്രെഡിറ്റ് കാര്‍ഡ് വഴിമാത്രം വാങ്ങുന്ന, കറന്‍സി നോട്ടുകളും നാണയങ്ങളും അപൂര്‍വ്വമായി മാത്രം ഉപയോഗപ്പെടുത്തുന്ന ഒരു സാമ്പത്തികവ്യവസ്ഥയില്‍ ബാങ്ക് തകര്‍ച്ച (സര്‍ക്കാര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ബാങ്ക് അവ ഏറ്റെടുത്തില്ലെങ്കില്‍) സകല കൊടുക്കല്‍ വാങ്ങലുകളെയും ബാധിക്കും. ആവശ്യക്കാരുടെ കയ്യില്‍ കറന്‍സിയോ, പ്രവര്‍ത്തനക്ഷമമായ ക്രെഡിറ്റ് കാര്‍ഡോ ഇല്ലാത്തതുകൊണ്ട് പെട്രോള്‍ പമ്പുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും റെസ്‌റ്റോറന്റുകളും മറ്റു കടകളും കച്ചവടമില്ലാതെ അടച്ചിടേണ്ടിവരും. നിരത്തുകളില്‍ നിന്ന് സര്‍ക്കാര്‍ വാഹനങ്ങളും വന്‍സ്ഥാപനങ്ങളുടെ വാഹനങ്ങളും ഒഴിച്ചുള്ളവ അപ്രത്യക്ഷമാകും.

അത്തരമൊരു അവസ്ഥ വന്നാല്‍ മുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്കയിലെ ജനങ്ങള്‍ തന്നെ തെരുവിലിറങ്ങി ഇതാണ് മുതലാളിത്തമെങ്കില്‍ ഇത്തരമൊന്ന് തങ്ങള്‍ക്കു വേണ്ട എന്ന് പറയാതിരിക്കില്ല. അതായത് വന്‍കിട ബാങ്കുകള്‍ തകരാന്‍ അനുവദിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ കമ്പോളമൌലികവാദികളുടെ കേവലയുക്തിയില്‍ ഒതുങ്ങുന്നതാവില്ല. മുതലാളിത്തത്തിന്റെ അടിത്തറ തന്നെ അത് തോണ്ടും. അതുകൊണ്ടാണ് മുതലാളിത്തവ്യവസ്ഥിതിയെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന പണ്ഡിതന്മാര്‍ ഏതാണ്ട് എല്ലാവരും ഒബാമ സര്‍ക്കാര്‍ ബാങ്കുകളെ ദേശസാല്‍ക്കരിക്കണം എന്ന ആവശ്യം ഉന്നയിക്കുന്നത്.

ഒബാമ സര്‍ക്കാരിന് കാര്യങ്ങള്‍ എളുപ്പമല്ല.

പൊളിയാറായ വന്‍കിടബാങ്കുകള്‍ അമേരിക്ക താല്‍ക്കാലികമായെങ്കിലും ദേശസാല്‍ക്കരിക്കണം എന്ന വാദം പലഭാഗങ്ങളില്‍ നിന്നും ഉയരുകയാണെങ്കിലും ഒബാമ ഭരണകൂടം ആ ദിശയിലേക്ക് പോകാന്‍ മടികാണിക്കുകയാണ്. പ്രധാനകാരണം രാഷ്‌ട്രീയം തന്നെ.

പൊളിയാറായ ഈ സ്വകാര്യബാങ്കുകള്‍ക്ക് ശതബില്യണ്‍ കണക്കിന് ഡോളറുകള്‍ (ദശലക്ഷകണക്കിന് കോടിരൂപ) ഈടൊന്നും നോക്കാതെ കൈവായ്‌പ നല്‍കികൊണ്ട് അവയെ പിടിച്ചുനിര്‍ത്താനാണ് ഒബാമ ഭരണകൂടം (ഇതെഴുതുന്നതുവരെയും) ശ്രമിക്കുന്നത്. ഇതിനൊരു രാഷ്‌ട്രീയകാരണവും കൂടിയുണ്ട്. ഇത് തുടങ്ങിയത് ബുഷിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ളിക്കന്‍ ഭരണകൂടമാണ്. കമ്പോളമൌലികവാദികളുടെ എതിര്‍പ്പു നേരിട്ടാണ് ബുഷ് അത് ചെയ്യാന്‍ നിര്‍ബന്ധിതമായത്. അത് തുടരുക ഒബാമയ്ക്ക് രാഷ്‌ട്രീയമായി എളുപ്പമാണ്. അതേസമയം ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചാല്‍ ആ നിമിഷം മുതല്‍ ദേശസാല്‍കൃതബാങ്കിംഗ് സംവിധാനത്തിന്റെ കുറവുകളുടെ ഉത്തരവാദിത്തം മുഴുവന്‍ ഒബാമ ഭരണകൂടത്തിന്റെ തലയില്‍വരും. ഒബാമ സോഷ്യലിസം നടപ്പാക്കുകയാണെന്നുള്ള ആരോപണവുമായി എതിരാളികള്‍ രംഗത്തെത്തും. ഇന്നത്തെ അമേരിക്കന്‍ രാഷ്‌ട്രീയകാലാവസ്ഥയില്‍ ഒബാമ ഭരണകൂടം ഒട്ടും ഇഷ്ടപ്പെടാത്ത ബിരുദമാണ് സോഷ്യലിസം. അതുമാത്രമല്ല ഒബാമ ഭരണത്തിന്റെ ഉടമസ്ഥതയില്‍ ഈ വന്‍കിടബാങ്കുകള്‍ സുഖംപ്രാപിച്ചാല്‍ തന്നെ ഉടന്‍ "സോഷ്യലിസം ഉപേക്ഷിക്കാം, ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കണം'' എന്ന വാദവുമായി പണ്ഡിതന്മാര്‍ തന്നെ വീണ്ടും രംഗത്തെത്തുകയും ചെയ്യും.

ചുരുക്കത്തില്‍ പൊളിയാറായ വന്‍ബഹുരാഷ്‌ട്ര ഭീമന്‍ബാങ്കുകള്‍ ഒബാമ സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പുലിവാലാണ്. വ്യവസ്ഥിതിയില്‍ ജനങ്ങള്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.

ഇതിലെല്ലാമുപരി ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക്, വിശേഷിച്ചും അമേരിക്കക്കാര്‍ക്ക് മുതലാളിത്തവ്യവസ്ഥയുടെ പ്രായോഗികതയില്‍ വിശ്വാസം നശിച്ചുതുടങ്ങിയിരിക്കുന്നു. ഒരു ഭാഗത്ത് ഉല്പന്നങ്ങളും സേവനങ്ങളും വിറ്റഴിക്കാനാവാതെ ബിസിനസുകള്‍ പൊളിയുമ്പോള്‍ മറുഭാഗത്ത് സേവനങ്ങളും ഉല്പന്നങ്ങളും ആവശ്യമായിട്ടും വാങ്ങാന്‍ പണമില്ലാതെ, തൊഴിലെടുക്കാന്‍ സന്നദ്ധമായിട്ടും തൊഴിലും മാന്യമായ വരുമാനവും ലഭിക്കാതെ ജനങ്ങള്‍ വലയുന്ന വ്യവസ്ഥിതിയില്‍ സാധാരണക്കാര്‍ക്ക് വിശ്വാസം നഷ്ടപ്പെടുക സ്വാഭാവികം. ഒബാമയുടെ മാസ്‌മരിക കഴിവിലുള്ള അമിതവിശ്വാസം മാത്രമാണ് ഇപ്പോള്‍ ജനങ്ങളെ പിടിച്ചുനിര്‍ത്തുന്നത്. ഒരു "സാധാരണ'' മനുഷ്യനെന്ന നിലയില്‍ ഒബാമ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെ.

മുതലാളിത്തവ്യവസ്ഥയെ രക്ഷിക്കാന്‍ ബരാക് ഒബാമയ്ക്കാവില്ല

ബരാക് ഒബാമ, കറുത്ത നിറക്കാരനാണ്, ബുദ്ധിമാനാണ്, സംഭാഷണചതുരനാണ്, പ്രഭാഷകനാണ്, ജനങ്ങളുമായി അടുത്ത ബന്ധമുള്ളയാളാണ്. ബുഷ് ഇതൊന്നുമല്ലായിരുന്നു എന്ന അനുകൂലഘടകവും ഒബാമയ്‌ക്കുണ്ട്. ഇതൊക്കെയാണെങ്കിലും ബുദ്ധിമാനായ ഒബാമയ്‌ക്കുപോലും മുതലാളിത്തത്തെ രക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ അതിവേഗം നീങ്ങുകയാണ്. ഇന്നത്തെ കുഴപ്പം തകര്‍ച്ചയുടെ തുടക്കമാണ്. ആധുനിക സാങ്കേതികവിദ്യകളുടെ അതിദ്രുതവ്യാപനം വഴി ഉണ്ടാകുന്ന സാമൂഹ്യശക്തികള്‍ ഉല്പാദനവും വിതരണവും അടക്കമുള്ള അടിസ്ഥാനസാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാക്കികൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ഈ സ്ഥിതി ഉണ്ടാക്കുന്നത്. ഈ മാറ്റങ്ങള്‍ വഴി നടക്കുന്ന സമൂഹത്തിന്റെ അടിത്തറയുടെ സാമൂഹ്യവല്‍ക്കരണം മുതലാളിത്ത മേല്‍പ്പുരയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നതിലും അധികം ഇപ്പോള്‍ തന്നെ മുന്നോട്ടുപോയി കഴിഞ്ഞിരിക്കുന്നു. അതേസമയം ആധുനികസാങ്കേതികവിദ്യകളുടെ വ്യാപനത്തിന്റെ ശൈശവം മാത്രമേ നാം കണ്ടിട്ടുള്ളു. ഏതാനും ചില ഉദാഹരണങ്ങള്‍ ഉപയോഗിച്ച് വഴിയേ അവ വിശദമാക്കാം.

ഉദ്യോഗസ്ഥ സംവിധാനത്തിന്റെ സാമൂഹ്യമേല്‍നോട്ടം

പൊതു ഉടമയ്‌ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമെതിരെ ഇതുവരെ ഉയര്‍ന്നിട്ടുള്ള ഏറ്റവും ശക്തമായ വിമര്‍ശനം അവ സാമൂഹ്യമേല്‍നോട്ടത്തിന്, സാമൂഹ്യഇച്ഛയ്ക്ക് വിധേയമല്ല എന്നതാണല്ലോ. കസേരയില്‍ കയറിയിരുന്ന് സര്‍ സര്‍ വിളി അടുപ്പിച്ച് പത്തുപ്രാവശ്യം കേട്ടുകഴിയുമ്പോള്‍ വന്നവഴി മുഴുവന്‍ മറക്കാന്‍ പ്രേരിപ്പിക്കുന്ന കസേരമാഹാത്മ്യത്തെ കുറിച്ചുള്ള കഥകള്‍ നിത്യജീവിതത്തില്‍ തന്നെ നമുക്ക് സുപരിചിതമാണല്ലോ. ഉദ്യോഗസ്ഥമേധാവിത്ത സംവിധാനങ്ങളേക്കാളും മെച്ചമാണ് മത്സരാധിഷ്ഠിത കമ്പോളസംവിധാനം എന്ന വാദമാണ് മുതലാളിത്തത്തിനനുകൂലമായി ഉന്നയിക്കപ്പെട്ടിട്ടുള്ള ഏറ്റവും ശക്തമായ വാദം. തിരഞ്ഞെടുക്കാന്‍ ഉള്ളത് ഉദ്യോഗസ്ഥമേധാവിത്ത സംവിധാനവും മത്സരാധിഷ്ഠിത കമ്പോളസംവിധാനവും മാത്രമാണ് എന്നാണ് മുതലാളിത്തത്തിന്റെ അനുകൂലികള്‍ ജനങ്ങളോട് എക്കാലവും പറഞ്ഞത്.

ഇന്നത്തെ കമ്പോളത്തില്‍ യഥാര്‍ത്ഥ മത്സരമില്ല, മിക്കവാറും ഉല്പന്നങ്ങളില്‍ കുത്തകാധിപത്യമാണ്. സമൂഹത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് നിയമപരമായി വിടുതല്‍ നേടി സ്വേഛാപ്രമത്തരായി അരങ്ങുവാഴുന്ന ഈ കുത്തകാധിപത്യം സമൂഹത്തിന് അപകടമാണ് എന്ന യാഥാര്‍ത്ഥ്യം സൌകര്യപൂര്‍വ്വം മറച്ചുവെയ്ക്കപ്പെടുകയും ചെയ്തു.

എന്നാല്‍ മാന്ദ്യം ശക്തിപ്പെട്ടു തുടങ്ങിയതോടെ, സാമ്പത്തികപ്രയാസങ്ങള്‍ എല്ലാവരിലേക്കും എത്തിത്തുടങ്ങിയതോടെ കുത്തകമേധാവികളും പൊതുഉടമാസംവിധാനത്തില്‍ വിമര്‍ശനവിധേയമായിരുന്ന ഉദ്യോഗസ്ഥദുഷ്പ്രഭുത്വസംവിധാനത്തിന് സമാനമായാണ് പെരുമാറുന്നതെന്നും, അവരുടെ നിരുത്തരവാദപരമായ നടപടികളാണ് മൂര്‍ഛിക്കുന്ന സാമ്പത്തികകുഴപ്പത്തിന് പ്രധാനകാരണമെന്നും കൂടുതല്‍ കൂടുതലായി വെളിപ്പെട്ടുതുടങ്ങിയിരിക്കുകയാണ്. ഇതോടെ പൊതുമേഖലയുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും എന്നപോലെ സ്വകാര്യകുത്തകകളുടെ ഉദ്യോഗസ്ഥസംവിധാനങ്ങളുടെ മേലും ശക്തമായ സാമൂഹ്യമേല്‍നോട്ടം വേണമെന്ന ആവശ്യം ശക്തമായിത്തുടങ്ങുകയാണ്. സാമൂഹ്യമേല്‍നോട്ടം എന്ന ആവശ്യത്തെ പിന്‍വാതില്‍ സോഷ്യലിസമെന്നു ആക്ഷേപിച്ചു താറടിക്കാന്‍ സ്ഥാപിതതാല്പര്യക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും മാന്ദ്യം ഉളവാക്കിയ പ്രതിസന്ധിയുടെ മുന്നില്‍ അത്തരം വിതണ്ഡവാദങ്ങള്‍ അമേരിക്കയില്‍പ്പോലും വിലപ്പോവുന്നില്ല.

അതേസമയം സാമൂഹ്യമേല്‍നോട്ടം ശക്തവും ഫലപ്രദവും ആക്കണമെന്ന ആവശ്യം ഉയര്‍ന്നു തുടങ്ങിയ അതേ അവസരത്തില്‍ തന്നെ അതു നടപ്പാക്കാനുള്ള കരുക്കള്‍ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് ഇന്നത്തെ പ്രതിസന്ധിയെ സവിശേഷമാക്കുന്നത്. എന്തെല്ലാമാണ് ആ കരുക്കള്‍ എന്ന് നമുക്ക് പരിശോധിക്കാം.

ഏറ്റവും സാധാരണ കുശിനിക്കാരിയും ഭരണചക്രം തിരിക്കാന്‍ തുടങ്ങുമ്പോള്‍ സോഷ്യലിസം അപ്രായോഗികമാണെന്നും അത് ഉദ്യോഗസ്ഥമേധാവിത്തത്തിലേക്കും മുരടിപ്പിലേക്കും നയിക്കും എന്നുമുള്ള വിമര്‍ശനങ്ങളെ മാർൿസും ഏംഗല്‍സും ലെനിനും എല്ലാം നേരിട്ടത് സാധാരണക്കാരില്‍ സാധാരണക്കാരിയായ കുശിനിക്കാരിയെപ്പോലും ഭരണചക്രം തിരിക്കാന്‍ കഴിവുള്ളവിധം ശാക്തീകരിച്ചുകൊണ്ട് പണിയെടുക്കുന്ന ബഹുഭൂരിപക്ഷത്തിന്റേതായ ഒരു ഭരണകൂടം സ്ഥാപിക്കുമെന്നും സാമൂഹ്യവിരുദ്ധനടപടികളെയും അരാജകത്വപ്രവണതകളെയും അതിശക്തമായി നിരുത്സാഹപ്പെടുത്തികൊണ്ട് ആ ഭരണകൂടം കാലക്രമേണ ഭരണകൂടമില്ലാതെതന്നെ സ്വമേധയാ കാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്ന നിലയിലേക്ക് എത്തിക്കുമെന്നും വാദിച്ചുകൊണ്ടാണ്. സമൂഹം സ്വമേധയാ ചലനാത്മകമാവുന്നതോടെ ഭരണകൂടം അലിഞ്ഞില്ലാതാവുമെന്നും അവര്‍ ദീര്‍ഘദര്‍ശനം ചെയ്തു. തീര്‍ച്ചയായും ദീര്‍ഘമായ ഒരു കാലയളവ് വേണ്ടുന്ന പ്രവര്‍ത്തിയായാണ് അവരതിനെ കണ്ടത്. മാത്രമല്ല അതിനു പ്രാപ്തമാകുംവിധം ഉല്പാദനത്തിന്റെയും വിതരണത്തിന്റേയും എല്ലാം സാങ്കേതികഅടിത്തറ പ്രാപ്തമാകുകയും വേണം എന്നുകൂടി അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സാമൂഹ്യമേല്‍നോട്ടം പൂര്‍ണ്ണമാകുക ഏറ്റവും സാധാരണക്കാരിയായ കുശിനിക്കാരിക്കുപോലും ഭരണചക്രം തിരിക്കാന്‍ പറ്റുമ്പോഴാണ് എന്നതു വ്യക്തമാണ്. ഇതുവരെ അത് നടന്നിട്ടില്ല എന്നതു സത്യം തന്നെ. പക്ഷേ ഒരിക്കലും അത് നടക്കില്ലെന്ന മുതലാളിത്ത പക്ഷപാതികളുടെ വാദത്തെ മുതലാളിത്ത വ്യവസ്ഥിതിയുടെ വളര്‍ച്ചതന്നെ പൊളിച്ചുകഴിഞ്ഞിരിക്കുന്നു. ഉദാഹരണങ്ങള്‍, ഇതാ....

മൊബൈല്‍ ക്യാമറ

ഇതുവരെ ഉദ്യോഗസ്ഥന്മാരുടെ പീഡനങ്ങള്‍ക്കും കൈക്കൂലിക്കും ഇരയാകുന്ന സാധാരണജനങ്ങള്‍ പരാതിപരിഹാരത്തിനായി അതേ ഉദ്യോഗസ്ഥസംവിധാനത്തെ തന്നെ ആശ്രയിക്കേണ്ടിവന്നിരുന്നു. ഉദ്യോഗസ്ഥപീഢനത്തിനെതിരായി അതേ ഉദ്യോഗസ്ഥസംവിധാനത്തെക്കൊണ്ടുതന്നെ നടപടി എടുപ്പിക്കല്‍, ബലാത്സംഗത്തിന് പുരുഷന്മാരായ നാല് ദൃൿസാക്ഷികളെ കണ്ടെത്തുന്നതുപോലെ തന്നെ ബുദ്ധിമുട്ടുള്ളതായിരുന്നു. തീര്‍ച്ചയായും ജനാധിപത്യവും എം.എല്‍.എ.യും കൌണ്‍സിലറും പാര്‍ട്ടിയും ബഹുജനസംഘടനകളും എല്ലാം കാര്യങ്ങള്‍ പഴയരാജഭരണകാലത്തേതിലും മെച്ചമാക്കിയിട്ടുണ്ട്. എങ്കിലും എല്ലാ അടവും അറിയാവുന്ന, ഫയലുകളെ വേണമെങ്കില്‍ മുക്കാന്‍ തന്നെ കഴിവുള്ള ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിന് മുമ്പില്‍ തെളിവുകള്‍ ഹാജരാക്കി നടപടി എടുപ്പിക്കുക എളുപ്പമല്ല.

പക്ഷേ പൊടുന്നനെ മൊബൈല്‍ ഫോണിന്റെ വ്യാപനം കാര്യങ്ങളെ അപ്പാടെ മാറ്റിയിരിക്കുന്നു. റോഡിലും ഓഫീസിലും ലോറിയുടെ മറവിലും എല്ലാംനിന്ന് പരമരഹസ്യമായി കൈക്കൂലി കൈപ്പറ്റുന്നവരും ഏജന്റുവഴി കൈപ്പറ്റുന്നവരും എല്ലാം ഇനി മൊബൈല്‍ ഫോണ്‍ ക്യാമറയെ സൂക്ഷിക്കണം എന്നായിരിക്കുന്നു. ഇതുവരെ ജനക്ഷേമതല്പരരായ ഭരണാധികാരികള്‍ ഒന്നൊഴിയാതെ തലപുകച്ചിട്ടും നടക്കാത്ത കാര്യം നിസ്സാരമായ മൊബൈല്‍ ക്യാമറ പരിഹരിച്ചിരിക്കുന്നു.

മൊബൈല്‍ ക്യാമറയെ നിസ്സാരമായി കാണുന്നവര്‍ ഓര്‍ക്കുക. ശ്രീനാരായണ ഗുരുദേവന്‍ അരുവിക്കരയിലെ ആറ്റില്‍ മുങ്ങിത്തപ്പി ഒരു കല്ലുമായി പൊങ്ങി വന്നു അതിനെ ഈഴവശ്ശിവനായി പ്രതിഷ്ഠിച്ചപ്പോള്‍ അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെപ്പറ്റി മനസ്സിലാക്കിയവര്‍ അപൂര്‍വ്വമായിരുന്നു. തീണ്ടലും തൊടീലും ചേര്‍ന്ന് ഭ്രാന്താലയമാക്കി മാറ്റിയിരുന്ന കേരളത്തെ പാടെ മാറ്റിത്തീര്‍ത്തതിൽ വലിയൊരുപങ്ക് നിസ്സാരമായ ആ കല്ലിനായിരുന്നു എന്ന് ഇന്ന് ചരിത്രം അംഗീകരിക്കുന്നു. തീര്‍ച്ചയായും ഒരു കല്ലല്ല, ആ കല്ല് ഉയര്‍ത്തിവിട്ട ആശയവും ആ ആശയത്തെ നെഞ്ചേറ്റിയ ലക്ഷകണക്കിന് മനുഷ്യരുമടങ്ങുന്ന സാമൂഹ്യശക്തിയാണ് ഈ മാറ്റമുണ്ടാക്കിയത്.

അതുപോലെ സാമൂഹ്യമേല്‍നോട്ടത്തെ ശക്തിപ്പെടുത്താന്‍ പോകുന്നത് വെറും ഒരു മൊബൈല്‍ ക്യാമറയല്ല (അത് നോക്കിയയോ, സാംസംഗോ, ചൈനയോ ആയിക്കൊള്ളട്ടെ) മറിച്ച് മൊബൈല്‍ ക്യാമറയുടെ സാധ്യത തിരിച്ചറിഞ്ഞ് ആ ആശയത്തെ നെഞ്ചേറ്റാന്‍ തുടങ്ങിയിട്ടുള്ള കോടിക്കണക്കിന് മനുഷ്യരടങ്ങിയ സാമൂഹ്യശക്തിയാണ്. വരാന്‍ പോകുന്ന മാന്ദ്യകാലം ഈ സാമൂഹ്യശക്തിക്ക് കൂടുതല്‍ കരുത്തേകാനാണ് പോകുന്നത്. റിപ്പോര്‍ട്ടുകള്‍ പറയുന്നത് മാന്ദ്യം മൊബൈല്‍ ഫോണ്‍ വില്പനയെ തെല്ലും ബാധിച്ചിട്ടില്ല എന്നാണ്. മാന്ദ്യം വഴി തല്‍ക്കാലമെങ്കിലും തൊഴിലില്ലാതാകാന്‍ പോകുന്ന ദശകോടികളില്‍ ഒരു പത്ത് ശതമാനമെങ്കിലും ഈ സാമൂഹ്യശക്തിയെ പരിപോഷിപ്പിക്കാനായി തങ്ങളുടെ ക്രിയാശേഷി ഉപയോഗപ്പെടുത്തി തുടങ്ങുമ്പോള്‍ വമ്പിച്ച മാറ്റങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം.

തീര്‍ച്ചയായും മൊബൈല്‍ ക്യാമറ മാത്രമല്ല പുതിയ സാധ്യതകള്‍ ഉളവാക്കുന്നത്.

കറന്‍സിരഹിത പണക്കൈമാറ്റം

ബാങ്കുകളിലെ കമ്പ്യൂട്ടല്‍വല്‍ക്കരണത്തെ ഏറ്റവും കൂടുതല്‍ ജനപ്രിയമാക്കിയത് എടിഎമ്മുകളാണ്. കണ്ണടച്ചു തുറക്കും മുമ്പേയാണ് എടിഎമ്മുകള്‍ പ്രചാരത്തിലായത്. അതോടെ എടിഎമ്മും കമ്പ്യൂട്ടര്‍വല്‍ക്കരണവും ഇല്ലാതെ ബാങ്കുകള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല എന്ന സ്ഥിതിയായി. അത് കറന്‍സി രഹിത പണക്കൈമാറ്റമെന്ന അടുത്തഘട്ടത്തിലേക്ക് അതിവേഗം കടക്കുകയാണ്. ദൂരയാത്രക്കും മറ്റും പണമായി കൊണ്ടുപോകേണ്ട എടിഎം കാര്‍ഡ് മതി എന്ന സ്ഥിതി ഇന്ത്യയില്‍തന്നെ വ്യാപകമായി കഴിഞ്ഞു. അതോടൊപ്പം നോട്ടുകെട്ടുകള്‍ കൈമാറുന്നതിനുള്ള അസൌകര്യവും വ്യാജകറന്‍സിയെക്കുറിച്ചുള്ള പേടിയും സൂപ്പര്‍ മാര്‍ക്കറ്റുകളിലെല്ലാം കറന്‍സിയെക്കാളും സ്വീകാര്യം ക്രെഡിറ്റ് കാര്‍ഡാണെന്നതുള്ളതും വികസിത രാജ്യങ്ങളില്‍ ഇപ്പോള്‍തന്നെ കറന്‍സിനോട്ടിന്റെ ഉപയോഗം കുറച്ചുകഴിഞ്ഞിരിക്കുന്നു. സാര്‍സ് മുതലായ രോഗങ്ങള്‍ കറന്‍സി വഴി അതിവേഗം പകരാം എന്നതും കറന്‍സിരഹിത പണക്കൈമാറ്റത്തിന്റെ വ്യാപനത്തിന് അനുകൂലഘടകമാണ്.

അഴിമതിക്കാരുടെയും കള്ളപ്പണക്കാരുടെയും മേല്‍ സാമൂഹ്യനിയന്ത്രണം ഏര്‍പ്പെടുത്താനായി കറന്‍സിയുടെ ഉപയോഗം വലിയതോതില്‍ കുറയ്ക്കാന്‍ ഭാവിയിലെ ഭരണകൂടങ്ങളെ പ്രാപ്തമാക്കുന്ന ഒന്നാണ് കറന്‍സിരഹിത പണക്കൈമാറ്റത്തിന്റെ ഈ വ്യാപനം എന്നത് വ്യക്തമാണ്.ജനങ്ങളുടെ വ്യാപകമായ പിന്തുണ പിന്‍പറ്റിക്കൊണ്ട് ഭാവിയില്‍ ഈ ആവശ്യം ഒരു സാമൂഹ്യശക്തിയായി മാറും എന്നതും ഉറപ്പാണ്.

ഇന്റര്‍നെറ്റ്

അതിരുകളില്ലാത്ത ഇന്റര്‍നെറ്റിന്റെ വ്യാപനം ഇപ്പോള്‍തന്നെ പലതരം സാമൂഹ്യശക്തികളെ രംഗത്തെത്തിച്ചിട്ടുണ്ട്. ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ ആദ്യം ഡെമോക്രാറ്റിക് പ്രൈമറിയിലും, പിന്നീട് യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ബരാക് ഒബാമയെ മുന്നിലെത്തിച്ചത് ഇത്തരമൊരു സാമൂഹ്യശക്തിയാണല്ലോ. അടുത്തകാലത്തായി കള്ളപ്പണക്കാരുടെയും അവര്‍ പണം നിക്ഷേപിക്കുന്ന സ്വിസ് ബാങ്കുകളുടെയും ഉറക്കം കെടുത്തിത്തുടങ്ങിയിട്ടുള്ള ഒരു പ്രതിഭാസത്തെക്കുറിച്ച് സൂചിപ്പിക്കാം. ഇത്തരം ബാങ്കുകളിലൊന്നിലെ ഒരു ജോലിക്കാരനില്‍ നിന്ന് കള്ളപ്പണക്കാരുടെ ലിസ്‌റ്റ് പണം കൊടുത്ത് വാങ്ങി ഒരു കൂട്ടര്‍ ഇന്റര്‍നെറ്റില്‍ വിക്കിലീക്ക്സ് എന്ന വെബ്‌സൈറ്റിലിട്ടു. ഇതറിഞ്ഞ ഉടന്‍തന്നെ ഇതിനെതിരെ ബാങ്ക് നിയമനടപടി എടുത്തുവെങ്കിലും അത് നടപ്പാക്കല്‍ അപ്രായോഗികവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധവും ആയതുകൊണ്ട് ഉപേക്ഷിക്കപ്പെട്ടു. മാന്ദ്യം വ്യാപകമായതോടെ ഇത്തരം കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്നുള്ള ആവശ്യം എല്ലാ രാജ്യങ്ങളിലും ശക്തമായി വരികയാണ്. ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് സ്വിസ് ബാങ്കുകളും സുതാര്യമാവണം എന്ന ആവശ്യം ജനങ്ങളില്‍ നിന്നുയര്‍ന്നാല്‍, അത് ഒരു സാമൂഹ്യശക്തിയായാല്‍ ആര്‍ക്കാണ് അത് പ്രതിരോധിക്കാനാവുക.

സാങ്കേതിക വിദ്യാരംഗത്തുണ്ടാകുന്ന വളര്‍ച്ച ഉയര്‍ത്തിവിടുന്ന സാമൂഹ്യശക്തികളുടെ പ്രവര്‍ത്തനം ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളുടെ വളരെ ചെറിയ ഒരു പരിഛേദം മാത്രമാണ് ഇവിടെ വിവരിച്ചത്. വന്നതു തന്നെ ഗംഭീരം. വരാന്‍ പോകുന്നത് ഇതിലും എത്രയോ ഗംഭീരമായിരിക്കും. സമൂഹത്തിന്റെ സാമ്പത്തികമായ അടിത്തറ അതിവേഗം സോഷ്യലിസത്തിന് അനുയോജ്യമായിക്കൊണ്ടിരിക്കുകയാണ്; മേല്‍പ്പുരയും വൈകാതെ തന്നെ മാറും

മാര്‍ക്സിസത്തിന്റെ ഏറ്റവും പ്രധാന നിഗമനമാണ് മുതലാളിത്തം ചരിത്രത്തിന്റെ ആദ്യവും, അന്ത്യവുമല്ല എന്നത്. സമത്വസുന്ദരമായിരുന്ന, എന്നാല്‍ തികച്ചും പ്രാകൃതാവസ്ഥയിലായിരുന്ന പ്രാകൃത കമ്മ്യൂണിസത്തില്‍ നിന്ന് ഉല്പാദനശക്തികളുടെയും, സാങ്കേതികവിദ്യയുടെയും വളര്‍ച്ചവഴി വര്‍ഗ്ഗസമുദായം ഉത്ഭവിച്ചുവെന്നും ആ വര്‍ഗ്ഗസമുദായം സാങ്കേതികവിദ്യയുടെ വികാസനത്തിനനുസൃതമായി അടിമയുടമസമുദായവും, ഫ്യൂഡല്‍ സമുദായവും മുതലാളിത്തവുമായി കാലക്രമേണ പുരോഗമിച്ചുവെന്നും, മുതലാളിത്ത സമുദായം തന്നെ ഉണ്ടാക്കുന്ന സാങ്കേതികവിദ്യയുടെയും, ഉല്പാദനശക്തികളുടെയും വളര്‍ച്ചയുടെ ഫലമായി വീണ്ടും പല ഘട്ടങ്ങള്‍ കടന്ന് വര്‍ഗ്ഗരഹിതസമുദായത്തിലേക്ക് പുരോഗമിക്കുമെന്നും ആണ് മാര്‍ക്സും ഏംഗല്‍സും ചേര്‍ന്ന് രൂപപ്പെടുത്തിയ ചരിത്രപരമായ ഭൌതികവാദം സിദ്ധാന്തിക്കുന്നത്.
സമൂഹത്തിന്റെ പുരോഗതിയില്‍ സാങ്കേതിക വിദ്യ വഹിക്കുന്ന പങ്കിനെയും അതുപോലെ വലിയൊരു വിഭാഗം തൊഴിലാളികളെ തൊഴില്‍ രഹിതരാക്കുന്നതുകൊണ്ട് സാങ്കേതികവിദ്യക്കെതിരെ തൊഴിലാളികളില്‍ ഉണ്ടാകുന്ന ദ്വേഷത്തിനേയും വൈരുധ്യാത്മകമായികണ്ട അവര്‍ - സാങ്കേതികവിദ്യക്കും യന്ത്രങ്ങള്‍ക്കും എതിരെ പോരാടിയ ലുഡ്ഡൈറ്റ് തൊഴിലാളികളോട് വിയോജിച്ചു. വ്യവസ്ഥയെ മാറ്റാന്‍ പരിശ്രമിക്കാതെ, യന്ത്രങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്ന ലുഡൈറ്റുകള്‍ (Luddites)ചരിത്രത്തെ പുറകോട്ടുതിരിക്കാനുള്ള വിഫലശ്രമത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് അവര്‍ വിശദീകരിച്ചു. മുതലാളിത്ത സമുദായം അതിന്റെ ചരിത്രപരമായ സാധ്യതകള്‍ അവസാനിക്കുംവരെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുമെന്നും അതുവരെ വര്‍ഗ്ഗസമരം ഒളിഞ്ഞും തെളിഞ്ഞും നടക്കുമെന്നും അവര്‍ പറഞ്ഞു. ഇടക്കാലത്ത് തണുത്തുപോയി എന്ന് കരുതപ്പെട്ട വര്‍ഗ്ഗസമരം മാന്ദ്യം മൂര്‍ഛിച്ചതോടെ വീണ്ടുംപൂര്‍വ്വാധികം ശക്തിയോടെ ആളിക്കത്താന്‍ തുടങ്ങിയിരിക്കുകയാണ്. ഇതിനുമുമ്പ് വിശദീകരിച്ചതുപോലെ മുതലാളിത്ത മേല്‍പ്പുര മാറാതെ വയ്യെന്ന സാഹചര്യമൊരുക്കിക്കൊണ്ടിരിക്കുകയാണ്.

പക്ഷേ...

ഇന്ന് സോഷ്യലിസത്തിനുള്ള അടിത്തറ, ഭൌതികമായ സാഹചര്യം പാകമായിക്കൊണ്ടിരിക്കുമ്പോഴും, മാറ്റങ്ങള്‍ സംഭവിക്കാത്തതിനു പ്രധാനകാരണം ഒരുപരിധി വരെ ആശയപരമാണെന്നു തോന്നുന്നു. പ്രൊഫസര്‍ സമീര്‍ അമീനെപോലുള്ള മാർ‌ൿസിസ്‌റ്റു ചിന്തകര്‍ ചൂണ്ടിക്കാണിക്കുംപോലെ ലിബറലിസ്‌റ്റ് മുന്‍വിധികള്‍, സാങ്കേതികവിദ്യയുടെ വളര്‍ച്ച സൃഷ്‌ടിക്കുവാന്‍ പോകുന്ന അപകടങ്ങളെക്കുറിച്ചുള്ള ഭയാശങ്കകള്‍ എല്ലാം സമകാലിക മാര്‍ക്സിയന്‍ ചിന്തകളെ വികലമാക്കിയിരിക്കുന്നു എന്നു പറയാമെന്നു തോന്നുന്നു. ആശയവാദാധിഷ്‌ഠിതമായ ഈ ലിബറലിസ്‌റ്റ് മുന്‍വിധികളെ തോല്പിച്ച വൈരുധ്യാത്മകഭൌതികചരിത്രവാദാധിഷ്‌ഠിതമായ പാത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടേ താല്‍ക്കാലികമായ ഇന്നത്തെ ഈ പ്രതിസന്ധി മറികടക്കാനാകൂ. അതിലേക്കുള്ള ഒരു എളിയ ശ്രമം മാത്രമാണ് ഈ വിശകലനം.

*****

അശോകൻ ഞാറയ്‌ക്കൽ

No comments:

Post a Comment

Visit: http://sardram.blogspot.com