28 March, 2009

ബിഷപ്പ് സൂസ പാക്യത്തിന് തോമസ് ഐസക്കിന്റെ തുറന്ന കത്ത്

ബിഷപ്പ് സൂസ പാക്യത്തിന് തോമസ് ഐസക്കിന്റെ തുറന്ന കത്ത്
കേരളത്തിലെ മെത്രാന്മാരില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം പലതുകൊണ്ടും വ്യത്യസ്തനാണ്. അദ്ദേഹം ജനിച്ചത് മത്സ്യത്തൊഴിലാളി കുടുംബത്തിലാണ്. സഭാ ഭരണത്തില്‍ മുക്കുവരായ അല്‍മായര്‍ക്ക് അദ്ദേ ഹം അനുവദിച്ച മുമ്പില്ലാത്ത നിയന്ത്രണം ചരിത്ര പ്രധാനമാണ്. തിരുവനന്തപുരം രൂപതയുടെ തീരദേശ ഗ്രാമങ്ങളില്‍ ഒരു പതിറ്റാണ്ടിലേറെയായി കള്ളച്ചാരായം വാറ്റ് നടക്കുന്നില്ല എന്നതും പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ വാറ്റുചാരായത്തിനടിപ്പെട്ട് ജീവിതം നശിപ്പിക്കുന്നില്ല എന്നതും മെത്രാന്റെ വ്യക്തിപരമായ നേട്ടമാണെന്ന് വിശേഷിപ്പിച്ചാല്‍ അതിശയോക്തിയാവില്ല. തിരുവനന്തപുരം രൂപതയ്ക്ക് കീഴിലുള്ള വിവാഹങ്ങളില്‍ സ്ത്രീധനം ഇല്ലാതാക്കാനും പള്ളിപ്പെരുന്നാളുകളില്‍ ധൂര്‍ത്ത് ഇല്ലാതാക്കാനും അദ്ദേഹം നടത്തുന്ന പരിശ്രമങ്ങള്‍ വിജയപഥത്തിലാണെന്നും എനിക്കറിയാം.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സഭാവിശ്വാസികള്‍ മനസ്സാക്ഷിക്കനുസരിച്ച് വോട്ടു ചെയ്യണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. തികച്ചും ശരിയായ നിലപാടാണത്. വിശ്വാസികള്‍ ഏത് രാഷ്ട്രീയകക്ഷിക്ക് വോട്ട് ചെയ്യണമെന്ന് സഭ നിര്‍ദ്ദേശിക്കുന്നത് മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സങ്കല്പങ്ങള്‍ക്കെതിരാണ്. ദൈവത്തിനുള്ളത് ദൈവത്തിനും. സീസറിനുള്ളത് സീസറിനും എന്നു പഠിപ്പിച്ച യേശുവിന്റെ നിര്‍ദ്ദേശത്തിനുമെതിരാണത്. സീറോ മലബാര്‍ സഭയിലെ കര്‍ദ്ദിനാളായ വര്‍ക്കി വിതയത്തില്‍ പിതാവും സഭകളല്ല സ്ഥാനാര്‍ത്ഥിയെയും സഭാംഗങ്ങളുടെ വോട്ടിനെയും നിശ്ചിയിക്കേണ്ടത് എന്നു പറഞ്ഞതും സ്വാഗതാര്‍ഹമാണ്. പക്ഷേ, ഒറീസയില്‍ ബിജു ജനതാദളുമായി സി.പി.എം ധാരണ ഉണ്ടാക്കിയതിനെ അങ്ങു വിമര്‍ശിച്ചതായി ഇന്ത്യന്‍ കാത്തലിക് എന്ന വെബ്സൈറ്റ് പറയുന്നു. അങ്ങ് ഇങ്ങനെ പറഞ്ഞതായി മലയാള പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

"ഈ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് ഒരു പ്രധാന ചര്‍ച്ചാ വിഷയമായിരിക്കും. ഒറീസയിലുണ്ടായ സംഭവങ്ങളില്‍ ഇന്ത്യയിലെങ്ങുമുള്ള ക്രിസ്ത്യാനികള്‍ ഖിന്നരാണ്. ബി.ജെ.ഡിയെപ്പോലൊരു പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതിന് മാര്‍ക്സിസ്റ്റുകാര്‍ മറുപടി പറയണം." അങ്ങ് ഇങ്ങനെ പറഞ്ഞു എന്നാണ് ഇന്ത്യന്‍ കാത്തലിക് പറയുന്നത്. അങ്ങയുടെ പ്രസ്താവന ശരിയായി തന്നെയാണോ അവര്‍ ഉദ്ധരിച്ചിരിക്കുന്നതെന്ന് എനിക്ക് സംശയമുണ്ട്. അങ്ങനെയാണെങ്കില്‍, അങ്ങയുടേത് ശരിയായ രാഷ്ട്രീയ നിരീക്ഷണമല്ല എന്നുപറയുന്നതില്‍ എനിക്ക് ഖേദമുണ്ട്.

കഴിഞ്ഞ പതിനൊന്നുവര്‍ഷം ബി.ജെ.പിയുമായി സഖ്യത്തിലായിരുന്ന കക്ഷിയാണ് ബി.ജെ.ഡി. ഇന്ത്യയിലെ ഒട്ടുമിക്ക പ്രാദേശിക പാര്‍ട്ടികളും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ബി.ജെ.പിയുമായി ബാന്ധവത്തിനു പോയിട്ടുണ്ട്. ഇന്ത്യയില്‍ ഹിന്ദു വര്‍ഗീയതയുടെ ഭീഷണിയും മതന്യൂനപക്ഷ പീഡനവും അതുകാരണം ശക്തിപ്പെട്ടിട്ടുമുണ്ട്. പക്ഷേ, ഈ കക്ഷികളെ ബി.ജെ.പി മുന്നണിയില്‍ നിന്ന് അടര്‍ത്തി എടുത്ത് വര്‍ഗീയവാദികളെ ഒറ്റപ്പെടുത്തുക എന്നതല്ലേ ശരിയായ രാഷ്ട്രീയം? അടിസ്ഥാനപരമായി മതേതരവാദികളാണ് ബിജു ജനതാദള്‍ അടക്കമുള്ള പ്രാദേശിക പാര്‍ട്ടികള്‍. താ ത്കാ ലിക അധികാര ലാഭത്തിനുവേണ്ടിയാണവര്‍ വര്‍ഗീയ വാദികളുമായി കൂടുന്നത്. അവരെ ആ കൂട്ടുകെട്ടില്‍ നിന്ന് അകറ്റി നിറുത്തുകയാണ് ഇടതുപക്ഷത്തിന്റെ കടമ.
മലയാളിയായ ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ ചീനാത്ത് നടത്തിയ പ്രസ്താവന അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ. അദ്ദേഹം ഇങ്ങനെ പറഞ്ഞു: "ഒറീസയില്‍ ബിജു ജനതാദള്‍ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്ത് മതനിരപേക്ഷ സര്‍ക്കാര്‍ നിലവില്‍ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം." കേരളത്തില്‍ അഭയം തേടിയ 52 കുടുംബങ്ങളെ വിരുന്നുകാരെപ്പോലെ സ്വീകരിച്ച കേരള സര്‍ക്കാരിന്റെ നടപടി അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിന്റെ ഫലമായി ലത്തീന്‍ കത്തോലിക്കാ കുടുംബങ്ങളിലെയും മറ്റു പിന്നാക്ക സമുദായങ്ങളിലെ കുട്ടികള്‍ക്കുണ്ടായിട്ടുള്ള നേട്ടങ്ങള്‍ ആര്‍ക്കെങ്കിലും തമസ്കരിക്കാനാകുമോ?
ലത്തീന്‍ കത്തോലിക്കര്‍ക്കുള്ള സംവരണം ഒരു ശതമാനമായി ഉയര്‍ത്തിയത് ഇടതുപക്ഷ സര്‍ക്കാരാണ്. ഈ സംവരണം സ്വാശ്രയ കോളേജുകളില്‍ നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്ന് 281 ലത്തീ ന്‍ കത്തോലിക്ക കുട്ടികള്‍ക്ക് എന്‍ജിനിയറിംഗ് വിഷയങ്ങളിലും 85 പേര്‍ക്ക് മെഡിക്കല്‍ വിഷയങ്ങളിലും ബിരുദ പഠനത്തിന് പ്രവേശനം ലഭിക്കുകയുണ്ടായി. 2008-ലെ മാത്രം കണക്കാണിത്. ഇന്നിപ്പോള്‍ അപ്രകാരം മെരിറ്റ് ക്വോട്ടയില്‍ പ്രവേശനം ലഭിക്കുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളി കുട്ടികളുടെയും ട്യൂഷന്‍ ഫീ പട്ടികജാതിക്കാര്‍ക്കെന്നപോലെ സര്‍ക്കാര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ആദിവാസികള്‍ കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹം മത്സ്യത്തൊഴിലാളികളാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ ഉന്നമനത്തിനായി മുമ്പൊരുകാലത്തും ഇല്ലാത്തവിധത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതുപോലെതന്നെ 2 രൂപയ്ക്ക് റേഷനരി നല്‍കുന്ന പദ്ധതിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തി. കയറ്റുമതിക്കാരുടെ അംശദായം ഇല്ലാതിരുന്നിട്ടും ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഗണ്യമായി ഉയര്‍ത്തി, കുടിശ്ശിക തീര്‍ത്തു. ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ വിപുലീകരിച്ചു. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും രണ്ടുവര്‍ഷത്തിനുള്ളില്‍ വീട്, എല്ലാ വീട്ടിലും വൈദ്യുതിയും വെള്ളവും ഉറപ്പുവരുത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

മുകളില്‍ പറഞ്ഞതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ റെക്കാഡ്. ഇതിനെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പില്‍ പൌരന്മാര്‍ വോട്ടു ചെയ്യേണ്ടത്. ഈ പ്രശ്നങ്ങള്‍ക്കുപകരം സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടികളുടെയും മതവിശ്വാസത്തെ അടിസ്ഥാനമാക്കി വോട്ടു ചെയ്യണമെ ന്ന് ചില മതമേലദ്ധ്യക്ഷന്മാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാട് യഥാര്‍ത്ഥ ക്രിസ്തീയ ദൌത്യത്തിനോ പൌരധര്‍മ്മത്തിനോ യോജിച്ചതല്ല.

ടി.എം. തോമസ് ഐസക് ധനകാര്യ മന്ത്രി

--------------------------------------------------------------------------------------------

ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ ചീനാത്ത് പറഞ്ഞത് :

“ഒറീസയില്‍ ബിജുജനതാദള്‍ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്ത് മതനിരപേക്ഷ സര്‍ക്കാര്‍ നിലവില്‍ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.കലാപത്തില്‍ നിഷ്കാസിതരായി കേരളത്തില്‍ എത്തിയ 52 പേരെ വിരുന്നുകാരായി സ്വീകരിച്ച കേരളസര്‍ക്കാര്‍ നടപടി അഭിമാനത്തിനു വകനല്‍കുന്നു”

കടപ്പാട്. ജനശക്തി

No comments:

Post a Comment

Visit: http://sardram.blogspot.com