10 March, 2009

ദേശീയ പ്രസ്ഥാനത്തില്‍ ആര്‍ എസ് എസ്സിന്റെ പങ്ക്

ദേശീയ പ്രസ്ഥാനത്തില്‍ ആര്‍ എസ് എസ്സിന്റെ പങ്ക്

വാജ്‌പേയി, അദ്വാനി .... ഇവരെയെല്ലാമാണ് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ വക്താക്കളും, രാജ്യസ്നേഹികളും ഒക്കെയായി ഒട്ടുമിക്ക മാദ്ധ്യമങ്ങളും കൊണ്ടാടുന്നത്. ഗാന്ധിജിയെപ്പറ്റിപ്പറയുമ്പോള്‍ ബി ജെ പി നേതാക്കളുടെ മുഖത്ത് എന്തൊരു ഭയഭക്തി ബഹുമാനമാണ് ദര്‍ശിക്കാനാവുന്നത്. അവരും ഗാന്ധിജിയുടെ യഥാര്‍ത്ഥ പിന്‍ഗാമികളാണെന്നേ തോന്നൂ ‍. ഇതൊക്കെ ഒരു വലിയ പദ്ധതിയുടെ ഭാഗമാണ്. സ്വാതന്ത്ര്യസമരം എന്തു ലക്ഷ്യം നേടാന്‍ വേണ്ടിയാണോ നടത്തിയത് , ആ ലക്ഷ്യത്തിലേക്ക് ഭാരതീയ ജനതയെ കൊണ്ടുപോകാന്‍ ഏറ്റവും പറ്റിയ പാര്‍ട്ടി ബി ജെ പിയാണ് എന്ന് ജനങ്ങളെ ധരിപ്പിക്കുന്ന സൂത്രത്തിന്റെ ഭാഗം. അതുകൊണ്ടുതന്നെ സത്യം ജനങ്ങള്‍ക്കുമുമ്പില്‍ വെയ്ക്കേണ്ടിയിരിക്കുന്നു. അവര്‍തന്നെ വിധിയെഴുതട്ടെ !

എല്ലാ പ്രമുഖ ബി ജെ പി നേതാക്കളും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആണെന്നു മാത്രമല്ല, ബി ജെ പിയും വിശ്വഹിന്ദുപരിഷത്ത്, ബജ്റങ് ദള്‍, ദുര്‍ഗാവാഹിനി തുടങ്ങിയ മതസംഘടനകളും എല്ലാം തന്നെ, തങ്ങളുടെ കുടുംബത്തിന്റെ അഥവാ 'പരിവാറി ‍'ന്റെ ഭാഗമാണെന്നാണ് ആര്‍ എസ് എസ് അഭിമാനപൂര്‍വം അവകാശപ്പെടുന്നത്. 1977ല്‍ വീരചരമം പ്രാപിച്ച ജനസംഘവും,1980 ല്‍ രൂപംകൊണ്ട ബി ജെ പിയും ആര്‍ എസ് എസ്സില്‍ നിന്നു ജന്മം കൊണ്ടതുതന്നെയാണ്.

1925 കെ ബി ഹെഡ്‌ഗേവാര്‍ രൂപീകരിച്ച സംഘടനയാണ് ആര്‍ എസ് എസ്. ദേശീയ, വിപ്ലവ പ്രസ്ഥാനങ്ങളില്‍ ഇദ്ദേഹം പങ്കാളി ആയിരുന്നു എന്നാണ് ആര്‍ എസ് എസ് അവകാശപ്പെടുന്നത്. ഒരുതവണ, നിസ്സഹകരണ പ്രസ്ഥാനത്തിനുവേണ്ടി നടത്തിയ ഒരു തീപ്പൊരി പ്രസംഗത്തിന് ഇദ്ദേഹത്തെ കോടതി ജയിലിലടച്ചു എന്നതുമാത്രമാണ് രേഖകളില്‍ ഉള്ളത്. മറ്റൊന്നും തന്നെ സ്വതന്ത്രമായി രേഖപ്പെടുത്തിയ വസ്തുതകള്‍ അല്ല. 1922 നുശേഷം ഇദ്ദേഹം ബി എസ് മൂഞ്ചെയുടെ കൂടെ കൂടി. ഈ വ്യക്തിയും ആര്‍ എസ് എസിന്റെ രൂപീകരണത്തില്‍ സഹകാരിയായിരുന്നു. ആദ്യത്തെ സംഘ ചാലക് എന്ന സ്ഥാനം ഹെഡ്‌ഗേവാറിനു ലഭിക്കുകയും ചെയ്തു. ആര്‍ എസ് എസിന് ഭരണഘടന ഇല്ലാതെ പോയതുകൊണ്ട് എന്തിനായിരുന്നു സംഘടന രൂപീകരിച്ചത് എന്നതിനു ഹെഡ്‌ഗേവാറിന്റെ വാക്കു മാത്രമേ തെളിവ് ആയി ഉള്ളൂ. ഹെഡ്‌ഗേവാറിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, ബ്രിട്ടീഷുകാര്‍ക്കെതിരെ ദേശീയപ്രസ്ഥാനത്തില്‍ അണി ചേരാനല്ല, മറിച്ച് "നിസ്സഹകരണ പ്രസ്ഥാനമാകുന്ന പാല്‍ കുടിച്ചു വളര്‍ന്ന യവനസര്‍പ്പങ്ങള്‍ (മുസ്ലീങ്ങള്‍) അവരുടെ വിഷലിപ്തമായ ശബ്ദം കൊണ്ട് രാജ്യത്ത് ലഹളകള്‍ സൃഷ്ടിക്കുന്നതിനെ '' എതിര്‍ക്കാനായിരുന്നു സംഘടന രൂപീകരിച്ചത്.

ആര്‍ എസ് എസ് രൂപീകരിച്ച ഉടനെതന്നെയാണ്, സൈമണ്‍കമ്മീഷനെ ബഹിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി രാജ്യമിളകിമറിഞ്ഞത്. ഇതിനിടയില്‍ 1928ല്‍ ലാലാ ലജ്‌പത് റായ് രക്തസാക്ഷി ആവുകയും ചെയ്തു. 1929 ല്‍ അനശ്വര വിപ്ലവകാരി ഭഗത്‌സിംഗിനോടൊപ്പം സുഖ്‌ദേവ്, രാജ്‌ഗുരു എന്നിവരെ അറസ്റ്റ് ചെയ്യുകയും1931 ല്‍ അവരെ തൂക്കിലേറ്റുകയും ചെയ്തു. 1929ല്‍ മുപ്പത്തിരണ്ടോളം കമ്യൂണിസ്റ്റ് നേതാക്കളെ രാജ്യമെമ്പാടും അറസ്റ്റ് ചെയ്യുകയും, "ബ്രിട്ടീഷ് ഭരണം ഇല്ലാതാക്കുന്നതിന് ഗൂഢാലോചന നടത്തി'' എന്ന കുറ്റം ചുമത്തി കടുത്ത ശിക്ഷ വിധിക്കുകയും ചെയ്തു; ഇതില്‍ മുസഫര്‍ അഹമ്മദിനെ ആജീവനാന്തകാലത്തേക്കായി നാടുകടത്തുകയുണ്ടായി. 1930 ജനുവരി 26 ന് ആയിരക്കണക്കിന് ഇന്ത്യക്കാര്‍ സ്വാതന്ത്ര്യദിനപ്രതിജ്ഞ എടുത്തു. മഹാത്മാഗാന്ധിയോടൊപ്പം 90,000 ലധികം പേര്‍ വന്ദേമാതരവും മറ്റും ദേശീയ മുദ്രാവാക്യങ്ങളും വിളിച്ച് ജയിലില്‍ പോയി. ആയിരങ്ങളുടെ വസ്തുവകകള്‍ കണ്ടുകെട്ടി.

ഈ സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ ആര്‍ എസ് എസ് നിസ്സംഗരായ വെറും കാഴ്ചക്കാരായിരുന്നു. അങ്ങനെയല്ലാതെ എങ്ങിനെവരും?

ആര്‍ എസ് എസ് ഉപജ്ഞാതാക്കളില്‍ ഒരാളായ മൂഞ്ചെ 'ഉത്തരവാദിത്വമുള്ള സഹകാരി'യായി ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് സഹകരിക്കുകയായിരുന്നു. 1930ല്‍ ഇന്ത്യ മുഴുവന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ തീജ്വാലയില്‍ ആളിക്കത്തുമ്പോള്‍. മൂഞ്ചെയാകട്ടെ 'ഹിന്ദുക്കളെ പ്രതിനിധീകരിച്ച് ' ലണ്ടനില്‍ ആദ്യത്തെ വട്ടമേശസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു. 1930 ജനുവരി 26 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ സര്‍ക്കുലറിനെ പിന്തുണക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോഴും ആര്‍ എസ് എസ് നിര്‍ബന്ധം പിടിച്ചത് അവരുടെ പ്രത്യേക യോഗങ്ങളില്‍ അവര്‍ വന്ദിക്കുന്നത് ത്രിവര്‍ണ്ണപതാകയെ ആവില്ല, 'ഭഗവാന്‍ ഝണ്ട'യെ അതായത് 'കഷായക്കൊടി'യെ ആയിരിക്കും എന്നായിരുന്നു.

എം സി ആനെയ്നെപ്പോലെയുള്ള ഉത്തരവാദിത്വമുള്ള സഹകാരികള്‍ ജയിലില്‍ പോകാന്‍ നിര്‍ബന്ധിതരായപ്പോള്‍ മാത്രമാണ് 1930 ജൂലൈ മാസത്തില്‍ ഹെഡ്‌ഗേവാര്‍ അദ്ദേഹത്തെ പിന്തുടരുന്നത്. ഇതായിരുന്നു ഹെഡ്‌ഗേവാറിന്റെ ദേശീയ പ്രവര്‍ത്തനത്തിന്റെ ആകെത്തുക. 1931 ന്റെ തുടക്കകാലത്താവട്ടെ ഇദ്ദേഹവും ഇദ്ദേഹത്തിന്റെ ആര്‍ എസ് എസും കൂടി മുഞ്ചെയെ സ്വാഗതം ചെയ്യാനും, അദ്ദേഹത്തിന്റെ വട്ടമേശ സമ്മേളനത്തിന്റെ നേട്ടങ്ങളെപ്പറ്റി കേള്‍ക്കാനും തയ്യാറെടുക്കുകയായിരുന്നു. ഇവിടം മുതല്‍ ദേശീയപ്രസ്ഥാനത്തിനോടുള്ള ഇവരുടെ ശത്രുത കൂടുതല്‍ പ്രഖ്യാപിതമായി.

1940 ല്‍ മരിക്കുന്നതിനുമുമ്പ് ഹെഡ്‌ഗേവാര്‍ പിന്‍ഗാമിയായി തെരഞ്ഞെടുത്തത് 1931 ല്‍ ആര്‍ എസ് എസില്‍ ചേര്‍ന്ന ഗോല്‍വാല്‍ക്കറെയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം അതിന്റെ ജനറല്‍ സെക്രട്ടറിയായി (സര്‍ കാര്യവാഹ് ) . ഗോള്‍വാല്‍ക്കറാകട്ടെ ദേശീയ പ്രസ്ഥാനത്തില്‍ പങ്കെടുക്കുകയോ ബ്രിട്ടീഷ് ജയിലിന്റെ അകം കാണുകയോ ചെയ്തിട്ടില്ല. ഹെഡ്‌ഗേവാറുടെ പിന്‍ഗാമിയാകാന്‍ അദ്ദേഹത്തിന്റെ യോഗ്യത ഒന്നേ ഒന്നു മാത്രമായിരുന്നു. രണ്ടുരാജ്യം എന്ന ദൃഢമൂലമായ പരികല്പനയുടെ പക്ഷം പിടിക്കല്‍; പിന്നെ ദേശീയ നേതൃത്വത്തിനോടുള്ള വെറുപ്പ്. ഈ ചിന്തകളൊക്കെ 1938 ല്‍ പ്രസിദ്ധീകരിച്ച ‘നമ്മള്‍ അഥവാ നമ്മുടെ ദേശീയതയുടെ നിര്‍വചനം' എന്ന പുസ്തകത്തിലുണ്ട്.

ഒന്നോര്‍മ്മിക്കണം. ഈ പുസ്തകം പ്രസിദ്ധീകരിച്ചത് മുസ്ലീംലീഗിന്റെ 1940 ലെ ലാഹോര്‍ പ്രമേയത്തിന് രണ്ടുകൊല്ലം മുമ്പാണ്. രണ്ടുരാജ്യം എന്ന പരികല്പന മുസ്ലീംലീഗ് ആദ്യം സ്വീകരിച്ചത് ഇതിലൂടെയാണ്. ഗോള്‍വാല്‍ക്കറുടെ അപഭാഷണത്തെ വച്ചുനോക്കുമ്പോള്‍ ലാഹോര്‍ പ്രമേയം എത്രയോ ലഘുവാണ്.

ഗാന്ധിജിയുടെയും മറ്റു ദേശീയനേതാക്കളുടെയും ഹിന്ദു- മുസ്ലീം ഐക്യമുദ്രാവാക്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ഗോള്‍വാല്‍ക്കര്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് ഹിന്ദുക്കള്‍ 'തങ്ങളുടെ ഏറ്റവും വലിയ ശത്രുക്കളെ (മുസ്ലീങ്ങള്‍) മാറോടണക്കുകയും അങ്ങനെ സ്വന്തം നിലനില്പ്തന്നെ അപകടത്തിലാക്കുകയും വേണം''. "എങ്ങനെയാണ് അക്രമികളെയും ശത്രുക്കളെയും (മുസ്ലീങ്ങള്‍) ഇന്ത്യ എന്ന പേരിനുകീഴില്‍ നമുക്കൊപ്പം അണിനിരത്താന്‍ ദേശീയവാദികള്‍ക്ക് കഴിയുന്നത്?''

1931 ലെ കറാച്ചി പ്രമേയത്തിനുശേഷം കോണ്‍ഗ്രസ് അവതരിപ്പിച്ച മതനിരപേക്ഷവും ജനാധിപത്യപരവുമായ സ്വതന്ത്ര ഇന്ത്യയുടെ കരടുരേഖയ്‌ക്ക് കടകവിരുദ്ധമായി ഗോള്‍വാല്‍ക്കര്‍ അവതരിപ്പിച്ച 'രണ്ടുരാജ്യങ്ങ'ളുടെ ഒരു ചിത്രമുണ്ട്. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ളതും മേല്‍ക്കോയ്‌മയുള്ളതുമായ ഒന്നും, മുസ്ലീങ്ങളുടെ അടിച്ചര്‍ത്തപ്പെട്ട മറ്റൊന്നും. 'മുസ്ലീങ്ങള്‍ക്ക് രാജ്യത്ത് നില്‍ക്കാം. എന്നാല്‍ അവര്‍ പ്രത്യേക അവകാശങ്ങള്‍ ഒന്നും ചോദിക്കാതെ, ഹിന്ദുരാജ്യത്തിനുകീഴില്‍ നില്‍ക്കണം. അവര്‍ക്ക് സൌജന്യങ്ങളോ പൌരാവകാശമോ ഉണ്ടാവില്ല.'' നാസി ജര്‍മ്മനിയില്‍ ജൂതന്മാര്‍ നേരിട്ട വിധിയാണിവര്‍ക്ക് എന്നദ്ദേഹം ഭീഷണിമുഴക്കി; എന്തെന്നാല്‍ ജര്‍മ്മന്‍കാരെപോലെ 'നമ്മുടെ വംശത്തിന്റെ ഉണര്‍വും സംഭവിച്ചിരിക്കുന്നു.'

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അവരുടെ 'വിഭജിച്ച് ഭരിക്കുന്ന' ഏര്‍പ്പാട് മുന്നോട്ട് കൊണ്ടുപോകാനും, മുസ്ലീം വര്‍ഗീയതയ്‌ക്കാകട്ടെ, “ഹിന്ദുക്കള്‍ക്ക് മുസ്ലീങ്ങള്‍ സ്വീകാര്യമല്ല” എന്നുവരുത്താനും, ആര്‍ എസ് എസ് നേതൃത്വത്തിന് ചെയ്യാവുന്ന ഏറ്റവും വലിയ ഉപകാരമായിരുന്നു ഇത്. മുസ്ലീങ്ങള്‍ പാക്കിസ്ഥാന്‍ മുദ്രാവാക്യം മുഴക്കുന്നതിനുമുമ്പ് തന്നെ 'ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍', 'ഹിന്ദുരാജ്യം നീണാള്‍ വാഴട്ടെ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ തെരുവുകളില്‍ അലയടിച്ചിരുന്നു. വിഭജനത്തിലേക്കുള്ള പാത ഒരുക്കുന്നതിന് മുസ്ലീംലീഗിനെപ്പോലെ തന്നെ ആര്‍ എസ് എസിനും അവരുടെ രാഷ്‌ട്രീയ ഉപദേഷ്ടാവായ ഹിന്ദുമഹാസഭയ്ക്കും ഉത്തരവാദിത്വം ഉണ്ട്. 'യഥാര്‍ഥ മതനിരപേക്ഷത'യുടെ തേന്‍പുരട്ടിയ ഒരു വാക്കിനും ദേശീയ പ്രസ്ഥാനത്തിനെതിരെ ആര്‍ എസ് എസ് നടത്തിയ വഞ്ചനയുടെയും കുറ്റങ്ങളുടെയും യാഥാര്‍ഥ്യം മറയ്‌ക്കാനാവില്ല.

തുല്യതയുടെ തിരസ്‌ക്കരണം

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം തുടങ്ങിയതുതന്നെ ദരിദ്രരെപ്പറ്റിയുള്ള ഉത്കണ്ഠയോടെയാണല്ലോ? ബ്രിട്ടീഷ് ഭരണം ജനമനസ്സുകളില്‍ നിന്ന് തൂത്തെറിയപ്പെട്ടത് ഇന്ത്യന്‍ ജനതയുടെ വര്‍ദ്ധിച്ചു വന്ന ദാരിദ്ര്യം കാരണമാണ്. തൊട്ടുകൂടായ്‌മയ്‌ക്കെതിരെയും, സ്ത്രീജനക്ഷേമത്തിനുവേണ്ടിയും ഉള്ള പോരാട്ടത്തില്‍ നിന്നും ഗാന്ധിജിയുടെ വീക്ഷണം ചെന്നെത്തിയത്, പരിപൂര്‍ണ്ണമായും ജാതിയില്ലാത്ത തുല്യതയുള്ള സമൂഹത്തിലാണ്, അവിടെ പുരുഷനും സ്ത്രീയും തുല്യരാണ്. ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഈ വീക്ഷണങ്ങള്‍ക്ക് ഔദ്യോഗിക ശബ്ദം ലഭിച്ചത് കറാച്ചി പ്രമേയത്തിലാണ്. അതവരുടെ അടിസ്ഥാന പരിപാടിയാവുകയും ചെയ്തു. ഇതുരണ്ടും ആര്‍ എസ് എസിനെ സംബന്ധിച്ചിടത്തോളം അഭിശാപമായി അവശേഷിക്കുന്നവയാണ്.

സ്വാതന്ത്യ സമര പ്രസ്ഥാനത്തില്‍ പങ്കെടുത്ത എല്ലാവരും പങ്കുവച്ചിരുന്ന സമത്വാധിഷ്ഠിത വീക്ഷണത്തിനെതിരായി, ഗോള്‍വാല്‍ക്കര്‍ മുന്നോട്ടുവെച്ചത് നാണംകെട്ട ജാതിഭരിതമായ ഇന്ത്യയുടെ ചിത്രമാണ്. 'നമ്മള്‍, അഥവാ നമ്മുടെ ദേശീയതയുടെ നിര്‍വ്വചനം' എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നത് 'ഹിന്ദുക്കള്‍ എന്നാല്‍ സര്‍വ്വശക്തന്റെ തന്നെ അവതാരമാണ്, കാരണം ഹിന്ദുക്കള്‍ക്കിടയില്‍ ബ്രാഹ്മണന്‍ ശിരസ്സും ക്ഷത്രിയന്‍ ബാഹുക്കളും, വൈശ്യന്‍ തുടകളും, ശുദ്രന്‍ പാദങ്ങളുമാകുന്നു ഇതിന്റെയര്‍ത്ഥം എന്തെന്നാല്‍ ഈ ചാതുര്‍വര്‍ണ്യ വ്യവസ്ഥ പിന്തുടരുന്നവര്‍ അതായത് ഹിന്ദുക്കള്‍ ദൈവം തന്നെയാണ് ''. അങ്ങനെ 'ഹിന്ദുരാഷ്ട്ര'ത്തിന്റെ പരിപാവനത്വം അതിന്റെ ചാതുര്‍വര്‍ണ്യത്തിലാണ്. ശുദ്രരെ കാല്‍ക്കല്‍ ഒതുക്കുന്നതിലാണ്.

ആര്‍ എസ് എസിന് സ്ത്രീകളോടുള്ള സമീപനവും വ്യത്യസ്തമല്ല. ആര്‍ എസ് എസിന്റെ അംഗത്വം ഹിന്ദു പുരുഷന്മാര്‍ക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. ജന്മിത്വവ്യവസ്ഥിതി, പുരുഷമേധാവിത്വം എന്നിവ അടിച്ചേല്‍പ്പിക്കുന്നതിലും, രണ്ടുരാജ്യമെന്ന പരികല്പന പ്രചരിപ്പിക്കുന്നതിലും, ആര്‍ എസ് എസ് മുസ്ലീംലീഗിനെപ്പോലും പിന്നിലാക്കി; മുസ്ലീംലീഗിന് സ്ത്രീസമത്വമെന്ന അധരവ്യായാമമെങ്കിലും ഉണ്ടായിരുന്നു. സ്ത്രീകള്‍ക്ക് അംഗത്വവും നല്‍കിയിരുന്നു. ആര്‍ എസ് എസ്സിനും ദേശീയ പ്രസ്ഥാനത്തിനും തമ്മില്‍ പിന്നെയെന്തായിരുന്നു സമാനത? ആര്‍ എസ് എസ്സിന് കടകവിരുദ്ധമായിരുന്നല്ലോ ദേശീയ പ്രസ്ഥാനത്തിന്റെ സാമൂഹ്യവീക്ഷണം.

ബ്രിട്ടീഷുകാര്‍ക്ക് മുന്നിലെ ഭീരുത്വം

ഹെഡ്‌ഗേവാറിന്റെ പിന്‍ഗാമിയായി ഗോള്‍വാല്‍ക്കര്‍ ആര്‍ എസ് എസ് സര്‍ സംഘചാലക് ആയി എത്തുന്ന 1940 ല്‍ ആ സംഘടനയ്ക്ക് പരിശീലനം നേടിയ അച്ചടക്കമുള്ള ഒരു ലക്ഷം സ്വയം സേവകര്‍ (വളണ്ടിയര്‍മാര്‍ എന്നുവായിക്കുക) ഉണ്ടായിരുന്നു എന്നവര്‍ അവകാശപ്പെട്ടിരുന്നു. ആര്‍ എസ് എസ് സാധാരണ അവകാശപ്പെടുന്നതുപോലെ ഈ അവകാശവാദവും യാഥാര്‍ത്ഥ്യമെന്നതിനേക്കാള്‍ കടലാസില്‍ മാത്രമായിരുന്നു. പക്ഷേ ഹെഡ്‌ഗേവാര്‍ ഗോള്‍വാല്‍ക്കറെ ഏല്‍പ്പിച്ച സംഘടന തികഞ്ഞ വലതുപക്ഷ സംഘടന തന്നെയായിരുന്നു.

എന്നാല്‍ ഈ ഒരു ലക്ഷം വളണ്ടിയര്‍മാര്‍ എന്താണ് ചെയ്തത് ? 1940 ഒക്ടോബര്‍ മദ്ധ്യത്തില്‍ ഏകദേശം 20,000 ലധികം പേര്‍ ജയിലിലായിരുന്നു. ഇവരില്‍ ഗാന്ധിയന്മാര്‍ മുതല്‍ കമ്യൂണിസ്റ്റുകാര്‍വരെ എല്ലാതരക്കാരും ഉണ്ടായിരുന്നു. പക്ഷെ ഈ വലിയ സംഘബലം പ്രഖ്യാപിച്ച ആര്‍ എസ് എസ് സ്വയംസേവകരുടെ അസാന്നിദ്ധ്യം ഇവിടെ പ്രകടമായിരുന്നു. ഇതായിരുന്നു ഗോള്‍വാല്‍ക്കരുടെയും കൂട്ടരുടെയും രാജ്യസ്നേഹം!

ആഗസ്റ്റ് 1942 ല്‍ കോണ്‍ഗ്രസ് ക്വിറ്റിന്ത്യാപ്രമേയം പാസ്സാക്കി, എല്ലാ കോണ്‍ഗ്രസ് നേതാക്കളും അറസ്റ്റിലുമായി, ഇത് രാജ്യം മുഴുവന്‍ ഇളക്കി മറിക്കുന്ന സംഭവമായി. മറുപടിയായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും രക്തപങ്കിലമായ അടിച്ചമര്‍ത്തല്‍ നടന്നു. ഔദ്യോഗിക കണക്കുപ്രകാരം മാത്രം 1060 പേര്‍ പോലീസ്-പട്ടാള വെടിയേറ്റു മരിച്ചു. ആര്‍ എസ് എസ് ഹീറോമാര്‍ ഇതേസമയത്ത് മുഖം തിരിച്ചു നിന്നിരുന്നു. അടല്‍ ബിഹാരി വാജ്‌പേയിയെപ്പോലെയുള്ള ഒരു സ്വയംസേവകന്‍ ഉറുദുവില്‍ എഴുതി നല്‍കിയ വസ്തുതാകഥനം ഏറെ പ്രസിദ്ധമാണല്ലോ ? വി ഡി സവര്‍ക്കര്‍ (ആര്‍ എസ് എസ് ഹീറോ, അദ്ദേഹത്തിന്റെ പുനരവതാരത്തില്‍) 1942 സെപ്തംബറില്‍ എല്ലാ ഹിന്ദുമഹാസഭക്കാരും തങ്ങളുടെ നിയമസഭാ / സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ത്തന്നെയിരുന്ന് ബ്രിട്ടീഷ് സര്‍ക്കാരിനെ സഹായിക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ശ്യാമപ്രസാദ്മുഖര്‍ജി (ജനസംഘം രൂപീകരണത്തില്‍ ഗോള്‍വാല്‍ക്കരുടെ സഹകാരി) എന്നയാള്‍ ആകട്ടെ ബംഗാള്‍ മന്ത്രിസഭയില്‍ ഉറച്ചിരിക്കുകയായിരുന്നു. അവര്‍ക്ക് സഭയില്‍ ഭൂരിപക്ഷം ഉണ്ടായത് കോണ്‍ഗ്രസ്സുകാരെല്ലാം ജയിലില്‍ ആയതുകൊണ്ടായിരുന്നുവല്ലോ? ഇ ജെ ബെവറിഡ്‌ജ് എന്ന ആഭ്യന്തരവകുപ്പുദ്യോഗസ്ഥന്‍ പറഞ്ഞതുപോലെ 'സംഘിന് നിയമത്തിന്റെ നല്ലവശം നോക്കിനില്‍ക്കാനും അധികാരികളുമായി തെറ്റാതെ സൂക്ഷിക്കാനും പൊതുവായി ധാരണയുണ്ട്.' ഇങ്ങനെ വളയുന്ന ദേശാഭിമാനമായിരുന്നു ബ്രിട്ടീഷുകാര്‍ക്കു മുന്നിലെത്തുന്ന ആര്‍ എസ് എസുകാര്‍ക്ക്.

രണ്ടാം ലോകമഹായുദ്ധാനന്തരം, ഐ എന്‍ എ തടവുകാരെ പിന്താങ്ങുന്നതിനായി 1945 ലും, നാവിക കലാപത്തെ (റോയല്‍ ഇന്‍ഡ്യന്‍ നേവി ലഹള) പിന്താങ്ങുന്നതിനായി 1946 ലും ദേശീയ മുന്നേറ്റങ്ങള്‍ ഉണ്ടായപ്പോഴും ആര്‍ എസ് എസുകാരെ കാണാനേയില്ലായിരുന്നു. ഒരു ദൃക്‍സാക്ഷി (രാഷ്ട്രീയ സ്വയം സേവക് സംഘ് പേജ് 96, ദേശാരാജ് ഗോയല്‍) പറയുന്നത് 1947 ആഗസ്റ്റ് വരെ ഗോള്‍വാല്‍ക്കര്‍ വിശ്വസിച്ചത് ഇന്ത്യയുടെ സ്വാതന്ത്ര്യം അസംഭവ്യം എന്നായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ അന്നത്തെ ‘കടുത്ത കൂറുകാര്‍ ’ വിശ്വസിച്ചിരുന്നത് ബ്രിട്ടീഷുകാര്‍ പോയാലും അവര്‍ ഭരണം ഏല്‍പ്പിച്ചു പോകുന്ന വിവരദോഷികള്‍ക്ക് രണ്ടുമാസത്തിലധികം പിടിച്ചു നില്‍ക്കാനാവില്ല എന്നും അവര്‍ നാലുകാലില്‍ ഇഴഞ്ഞ് ചെന്ന് ബ്രിട്ടീഷുകാരെ തിരിയെ വിളിക്കും എന്നുമായിരുന്നു.

ഗാന്ധിജിയുടെ വധത്തിലേക്കുള്ള വഴി

ദേശീയ പ്രസ്ഥാനത്തെ നിശിതമായി ആക്രമിക്കുക, മുസ്ലീങ്ങള്‍ക്ക് എതിരെ അക്രമം അഴിച്ചുവിടുക എന്നിവയാണ് ആര്‍ എസ് എസ് ശ്രദ്ധ പതിപ്പിച്ച രണ്ട് പ്രധാന കാര്യങ്ങള്‍. 1938 ല്‍ തന്നെ ഗോള്‍വാല്‍ക്കര്‍ കോണ്‍ഗ്രസ്സിനെ ഹിന്ദുദേശീയതയെ നശിപ്പിക്കുന്ന പ്രസ്ഥാനമായും, കോണ്‍ഗ്രസ് നേതാക്കളെ ജയ്‌ചന്ദ് (അക്‍ബറിന്റെ സൈന്യാധിപന്‍), മാന്‍സിങ്ങ്, ചന്ദ്രറാവുമൊറേ എന്നിവര്‍ക്ക് സമാനരായും വിശേഷിപ്പിച്ചിരുന്നു.1947 ആയപ്പോഴേക്കും അദ്ദേഹം കൂടുതല്‍ കുറ്റം കണ്ടുപിടിച്ചു. ഹിന്ദു-മുസ്ലീം ഐക്യമില്ലാതെ 'സ്വരാജ് ' ഇല്ല എന്നുപറയുന്നവര്‍ (ഗാന്ധിജിയെ ഉദ്ദേശിച്ച്) ഏറ്റവും രാജ്യദ്രോഹം ചെയ്യുന്നവരാണ്, ഏറ്റവും ഹീനമായ പാപം ചെയ്യുന്നവരാണ് എന്നായി ആരോപണം‍! ഗാന്ധിജിയെയും മതമൈത്രിയ്ക്ക് ആഹ്വാനം ചെയ്യുന്ന മറ്റുചിലരും ഹിന്ദുക്കളോട് "അവര്‍ (മുസ്ലീങ്ങള്‍) നിങ്ങളുടെ ഭാര്യമാരെയും പെണ്‍മക്കളെയും കടത്തിക്കൊണ്ടുപോകുന്നെങ്കില്‍ അങ്ങനെ ചെയ്യട്ടെ, അവരെ തടയണ്ട'' എന്ന് പറയുന്നതായി ഗോല്‍വാല്‍ക്കര്‍ ആരോപിച്ചു. ഇത് രാജ്യപിതാവിനെതിരെ അക്രമം അഴിച്ചുവിടാനുള്ള ആഹ്വാനമല്ല എങ്കില്‍ പിന്നെ എന്താണ്?

1946 ഒടുവിലും 1947 ലുമായി രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കലാപങ്ങളില്‍ മുസ്ലീങ്ങളെ കൊല്ലുക എന്ന് ആര്‍ എസ് എസ് തുറന്ന ആഹ്വാനം തന്നെ മുഴക്കി. മുസ്ലീം വര്‍ഗീയ സംഘടനകളെപ്പോലെ ആര്‍ എസ് എസും ഇത്തരം കൊലകളെ ന്യായീകരിക്കുകയും, തങ്ങളുടെ അനുയായിസംഘത്തെ ഇത്തരം കൊലയാളികളെ ചേര്‍ത്ത് വിപുലമാക്കുകയും ചെയ്തു. കൂട്ടക്കൊല നടക്കുന്നയിടങ്ങളിലെല്ലാം ആര്‍ എസ് എസ്സിന്റെ പേര് കേട്ടുതുടങ്ങി. 1969 ലെ കപൂര്‍ കമ്മീഷനുമുമ്പാകെയെത്തിയ ഒരു ഔദ്യോഗികമൊഴി പറയുന്നത് 'സ്വാതന്ത്ര്യം ലഭിച്ച് ഏതാനും മാസത്തിനകംതന്നെ ആയുധവല്‍ക്കരണം, ഗ്രാമങ്ങള്‍ ആക്രമിക്കല്‍, വ്യക്തിഹത്യ തുടങ്ങിയ 600-700 കേസുകള്‍ ആര്‍ എസ് എസിനെതിരെയുണ്ടായി' എന്നാണ്. 1947 ഡിസംബര്‍ 7, 8 തീയതികളില്‍ ഡല്‍ഹിയില്‍ ഗോള്‍വാല്‍ക്കര്‍ നടത്തിയ യോഗങ്ങളില്‍ അദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ സര്‍ക്കാരിനെ 'അഭാരതീയന്‍ ‍' 'ചെകുത്താന്‍', എന്നൊക്കെ വിശേഷിപ്പിക്കുകയും, മുസ്ലീങ്ങള്‍ക്കെതിരെ ഒരു ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. സംഘം പാക്കിസ്ഥാനെ അവസാനിപ്പിക്കുമെന്നും അതിനു തടസ്സം നില്‍ക്കുന്നവരുടെയും അവസാനമാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

1948 ഫെബ്രുവരി 4 ന് ഭാരതസര്‍ക്കാര്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ ഇങ്ങനെ പറഞ്ഞു. "ആര്‍ എസ് എസ് അംഗങ്ങളായ വ്യക്തികള്‍ അക്രമം,. കൊള്ള, കൊല എന്നിവ നടത്തുകയും, അനധികൃതമായി ആയുധങ്ങളും കോപ്പുകളും ശേഖരിക്കുകയും ചെയ്യുന്നു. സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അപലപനീയമാണ്, അത് അങ്ങനെ തന്നെ തുടരുകയാണ്. അവര്‍ ആഹ്വാനം ചെയ്യുന്നതിനുസരിച്ച് അരങ്ങേറുന്ന അക്രമങ്ങള്‍ അനേകം പേരുടെ ജീവന്‍ അപഹരിച്ചു കഴിഞ്ഞു.''

1947 ഡിസംബര്‍ 8 നു ഗോള്‍വാല്‍ക്കര്‍ പറഞ്ഞതിങ്ങനെ, 'ആര്‍ എസ് എസിന്റെ വഴിയില്‍ നില്‍ക്കുന്നവരെയും കശാപ്പു ചെയ്യും'. അങ്ങനെ നിന്നയാള്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ആയിരുന്നു. മനുഷ്യരാശിയ്ക്കുവേണ്ടി അക്ഷീണം പോരാടിയ അദ്ദേഹം ജനുവരി 13 മുതല്‍ 18 വരെ സമാധാനത്തിനായി ദില്ലിയില്‍ നിരാഹാരമിരുന്നു. പൊതു അഭിപ്രായം മാറുന്നതുകണ്ട ആര്‍ എസ് എസ് - മഹാസഭാ പ്രവര്‍ത്തകര്‍ക്ക് മതമൈത്രിയുടെ സമാധാന ഉടമ്പടി ഒപ്പിടേണ്ടി വന്നു. എങ്കിലേ ഗാന്ധിജി നിരാഹാരം നിര്‍ത്തുമായിരുന്നുള്ളൂ. ഈ നാണക്കേട് ആര്‍ എസ് എസിന് സഹിക്കാനായില്ല. 1948 ജനുവരി 30 ന് മുന്‍ ആര്‍ എസ് എസ് സ്വയം സേവകനും, വി ഡി സവര്‍ക്കരുടെ അനുയായിയും ആയ നാഥുറാം ഗോഡ്‌സേ ഗാന്ധിജിയെ വെടിവെച്ചുകൊന്നു.

നിയമപ്രകാരം ഗോള്‍വാല്‍ക്കരുടെ ഗാന്ധിജിക്കെതിരെയുള്ള അക്രമഭീഷണി കൊലപാതകത്തിനുള്ള ഗൂഡാലോചനയായി കാണാനായില്ല. പക്ഷെ ഇന്ത്യന്‍ ജനതയുടെ കണ്ണില്‍, ഗാന്ധിജിയ്‌ക്കെതിരെ ഹിന്ദുമഹാസഭയും ആര്‍ എസ് എസും നടത്തിയ പ്രചരണങ്ങള്‍ ധാരാളമായിരുന്നു. ഭാരതസര്‍ക്കാരിന്റെ തന്നെ കുറിപ്പില്‍ 1948 ഫെബ്രുവരി 4 ന് പറഞ്ഞതും 'ആര്‍ എസ് എസിന്റെ ഏറ്റവും പുതിയ ഇര ഗാന്ധിജി ആയിരുന്നു' എന്നാണ്.

ഇന്ന് നമുക്കു മുന്നില്‍

ബി ജെ പിയും സംഘ് പരിവാറും രാജ്യത്തെ ആവശ്യത്തില്‍ അധികം ദ്രോഹിച്ചുകഴിഞ്ഞു. ബാബ്റി മസിജിദ് തകര്‍ത്ത് രാജ്യത്തിന് 1992 ഡിസംബര്‍ 6 ന് അവര്‍ വരുത്തിയ നാണക്കേട് ചില്ലറയല്ല. അക്രമം അഴിച്ചുവിടാന്‍ അവര്‍ വീണ്ടും വീണ്ടും ആഹ്വാനം നടത്തുന്നു. ഇത് ജുഡീഷ്യല്‍ അന്വേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. വന്‍ ബിസിനസ്സ് ഗ്രൂപ്പുകളുമായുള്ള അവരുടെ ഇരുണ്ടബന്ധങ്ങള്‍, ഹവാല ഇടപാടുകള്‍ തുടങ്ങിയവ ഇന്ന് കുപ്രസിദ്ധമാണ്. ദേശീയ പ്രസ്ഥാനത്തിന്റെയും ഗാന്ധിജിയുടെയും അനന്തരാവകാശികളാണ് അവര്‍ എന്ന അവകാശവാദം തികച്ചും നാണക്കേടാണ്. ഗാന്ധിജിയുടെ മരണത്തിന്റെ ഉത്തരവാദിത്വം അവര്‍ക്ക് ഒരിക്കലും നിഷേധിക്കാന്‍ ആവില്ല. ആര്‍ എസ് എസ് പരിവാരിന്റെ ഇരുണ്ട വഴി വേണോ അതോ ദേശീയ പ്രസ്ഥാനത്തിന്റെയും, മത സൌഹാര്‍ദ്ദത്തിന്റെയും പാത വേണോ എന്ന് ഓരോ ഇന്ത്യക്കാരനും ഒരു തെരെഞ്ഞെടുപ്പ് നടത്തേണ്ടിയിരിക്കുന്നു.... ഇതു തമ്മില്‍ ഒരിക്കലും ചേരില്ല !

*
മാനിനി ചാറ്റര്‍ജി, കടപ്പാട് യുവധാര