11 March, 2009

ഉന്നത വിദ്യാഭ്യാസ നയം: മെക്കാളെ മുതല്‍ പെട്രോഡ വരെ

ഉന്നത വിദ്യാഭ്യാസ നയം: മെക്കാളെ മുതല്‍ പെട്രോഡ വരെ

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായ പ്രധാനപുരോഗതി, വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണത്തിലുണ്ടായ വളര്‍ച്ചയാണ്. കൂടുതല്‍ ആളുകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങളുണ്ടായി. 1994 ആയപ്പോഴേക്കും ഇന്ത്യയില്‍ 218 സര്‍വകലാശാലകളും 35 കല്‍പ്പിത സര്‍വകലാശാലകളും സ്ഥാപിക്കപ്പെട്ടിരുന്നു.

എന്നാല്‍ എണ്ണത്തിലുണ്ടായ ഈ വളര്‍ച്ച ഗുണത്തിലുണ്ടായില്ലെന്ന വിമര്‍ശനം ശക്തമായി. വിദ്യാഭ്യാസവും തൊഴില്‍ മേഖലയും തമ്മിലുള്ള പൊരുത്തക്കേട്, രാഷ്ട്രപുരോഗതിക്ക് മുതല്‍ക്കൂട്ടാവാത്ത പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ഉന്നതവിദ്യാഭ്യാസം ഗുണപരമായി നിരവധി വെല്ലുവിളികള്‍ നേരിട്ടു. ഈ ഘട്ടത്തിലാണ് ദേശീയ വിദ്യാഭ്യാസനയം രൂപപ്പെട്ടത്.

ദേശീയ വിദ്യാഭ്യാസം എന്ന ആശയത്തിന്, സ്വാതന്ത്ര്യസമരപ്രസ്ഥാനത്തോളം പഴക്കമുണ്ട്. ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച വിദ്യാഭ്യാസസമ്പ്രദായത്തെ 'ദേശീയ വിദ്യാഭ്യാസ'ത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്ന വെല്ലുവിളിയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ഭരണാധികാരികള്‍ക്ക് ഏറ്റെടുക്കേണ്ടിവന്നത്. 1948 ജനുവരിയില്‍ നടന്ന അഖിലേന്ത്യാ വിദ്യാഭ്യാസ സമ്മേളനത്തെ അഭിസംബോധന ചെയ്ത് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു ഇപ്രകാരം പറഞ്ഞു:

"നിലവിലുള്ള വ്യവസ്ഥിതിയില്‍ അല്‍പ്പസ്വല്‍പ്പം വ്യതിയാനങ്ങള്‍ വരുത്തി, തുടര്‍ന്നുകൊണ്ടുപോകാനാണ് നാളിതുവരെയുള്ള ഉന്നതവിദ്യാഭ്യാസ സമ്മേളനങ്ങള്‍ ശ്രമിച്ചതെങ്കില്‍, ഇനിയുള്ള നാളുകളില്‍ അത് അപര്യാപ്തമായിരിക്കും. വലിയ മാറ്റം നടന്നു കഴിഞ്ഞിരിക്കുന്നു. ഈ മാറ്റം വിദ്യാഭ്യാസ മേഖലയിലും പ്രതിഫലിക്കണം. ഇതിനായി വിപ്ലവാത്മകമായ ഇടപെടല്‍തന്നെ വേണ്ടിവരും.''

എന്നാല്‍ ഇന്ത്യയിലെ ബൂര്‍ഷ്വാഭരണ കൂടത്തിന് ഇത്തരത്തിലൂടെ വിപ്ലവാത്മക പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കാനായില്ല. ഇവിടെയുളള ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗത്തിന്റെ മൂലധന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവരായിരുന്നു കോണ്‍ഗ്രസുകാര്‍.

1985 ലെ പുതിയ വിദ്യാഭ്യാസ നയം

1968 ലെ ദേശീയ വിദ്യാഭ്യാസനയത്തെ പുനഃപരിശോധിക്കാനും കാലോചിതമായി പരിഷ്കരിക്കാനും നടത്തിയ ശ്രമത്തിന്റെ ഫലമാണ് 1985 ലെ 'പുതിയ വിദ്യാഭ്യാസനയം' ജാതി, വര്‍ഗ, വര്‍ണ, ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനുള്ള തുല്യഅവസരം സൃഷ്ടിക്കുന്നതിനാണ് പുത്തന്‍ വിദ്യാഭ്യാസ നയം ഊന്നല്‍ നല്‍കിയത്. 15- 35 പ്രായക്കാര്‍ക്കിടയിലുള്ള നിരക്ഷരത സമ്പൂര്‍ണമായി തുടച്ചുനീക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ക്ക് പുത്തന്‍ വിദ്യാഭ്യാസനയം ഊന്നല്‍ നല്‍കിയിരുന്നു. നവ സാക്ഷരരെ രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ പങ്കാളികളാക്കേണ്ടതിന്റെ പ്രാധാന്യം ഈ വിദ്യാഭ്യാസ നയത്തില്‍ പരാമര്‍ശിച്ചിരുന്നു.

14 വയസ്സുവരെയുള്ള മുഴുവന്‍ കുട്ടികളെയും സ്കൂളുകളിലേക്ക് ആകര്‍ഷിക്കണമെന്നും അധ്യയനത്തില്‍ തുടരാന്‍ പ്രേരിപ്പിക്കണമെന്നും പുത്തന്‍ വിദ്യാഭ്യാസനയം നിഷ്കര്‍ഷിക്കുന്നുണ്ട്. സാര്‍വത്രിക പ്രൈമറി വിദ്യാഭ്യാസം എന്ന ലക്ഷ്യത്തില്‍ എത്രയും പെട്ടന്ന് എത്തിച്ചേരാനുള്ള നിര്‍ദേശങ്ങളാണ് പുതിയ വിദ്യാഭ്യാസനയത്തിന്റെ പ്രധാന ഉള്ളടക്കം. ഹയര്‍ സെക്കന്ററി തലത്തിലെ വിദ്യാഭ്യാസം പ്രധാനമായും തൊഴിലധിഷ്ഠിതമായിരിക്കണമെന്നും 1995 ആകുമ്പോഴേക്കും ഹയര്‍ സെക്കന്ററി തലത്തില്‍ 25% കോഴ്സുകള്‍ ഇതിനനുയോജ്യമായ വിധം പുന:സംവിധാനം ചെയ്യണമെന്നുമുള്ള നിര്‍ദേശം പുതിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമാണ്.

രാജ്യത്തെ 150 ലേറെ സര്‍വകലാശാലകളെയും 5000 ത്തോളം കോളേജുകളേയും നാശത്തില്‍ നിന്ന് രക്ഷിക്കാനുള്ള അടിയന്തര ശ്രമങ്ങള്‍ക്ക് എന്‍ ഇ പി ആഹ്വാനം ചെയ്യുന്നു. 'അഫിലിയേറ്റഡ് കോളേജുകള്‍' എന്ന അമിതഭാരത്തില്‍നിന്ന് സര്‍വകലാശാലകളെ മുക്തമാക്കി, ഘട്ടം ഘട്ടമായി അവയെ ആട്ടോണമസ് കോളേജുകളാക്കി മാറ്റണമെന്ന നിര്‍ദേശവും എന്‍ ഇ പിയിലുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഗവേഷണത്തിനുള്ള പ്രാധാന്യം തീരെ കുറഞ്ഞിരിക്കുന്നുവെന്നും ഈ സ്ഥിതി മാറി ഗവേഷണത്തിനര്‍ഹമായ ഊന്നല്‍ നല്‍കണമെന്നുമുള്ളതാണ് മറ്റൊരു നിര്‍ദേശം. ഗവേഷണത്തിനായി സ്വയം ഭരണസംവിധാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ദേശീയ സ്ഥാപനങ്ങള്‍ തുറക്കുക, ഓപ്പണ്‍ യൂണിവേഴ്സിറ്റികള്‍, റൂറല്‍ യൂണിവേഴ്സിറ്റികള്‍ എന്നിവയനുസരിച്ച് പിന്നോക്കമേഖലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, സാങ്കേതികവിദ്യ, മാനേജ്‌മെന്റ് എന്നിവയില്‍ പരിശീലനം നല്‍കുന്ന കോഴ്സുകള്‍ക്ക് രൂപം നല്‍കുക എന്നിങ്ങനെ എന്‍ ഇ പിയില്‍ നിരവധി നിര്‍ദേശങ്ങള്‍ കാണാം.

സാംസ്കാരികമായ കാഴ്ചപ്പാടുകള്‍, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, ഭാഷകള്‍, പുസ്തകങ്ങള്‍, ലൈബ്രറികള്‍, വിദ്യാഭ്യാസ മേഖലയില്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം, വിദ്യാഭ്യാസവും പരിസ്ഥിതി സംരക്ഷണവും, ശാസ്ത്ര ഗണിത ബോധനം, കായികവിദ്യാഭ്യാസം, സമഗ്രമൂല്യനിര്‍ണയനം എന്നിങ്ങനെ നിരവധിവിഷയങ്ങള്‍ ഈ രേഖയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. 1976 ലാണ് വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റില്‍ ഉള്‍പ്പെടുത്തിയത്. വിദ്യാഭ്യാസപ്രക്രിയയില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പുവരുത്താനുള്ള നരവധി നിര്‍ദേശങ്ങള്‍ എന്‍ ഇ പി രേഖയില്‍ക്കാണാം. വിദ്യാഭ്യാസത്തിനാവശ്യമായ വിഭവം കണ്ടെത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തില്‍, ഗുണഭോക്താക്കളില്‍നിന്ന് ധനസമാഹരണം നടത്തുന്നതിനെക്കുറിച്ചും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്ന ഫീസ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും എന്‍ ഇ പിയില്‍ സൂചനയുണ്ട്.

1968 ലെ ദേശീയവിദ്യാഭ്യാസരേഖയുടെ തുടര്‍ച്ചയായാണ് 1985 ലെ പുത്തന്‍ വിദ്യാഭ്യാസനയം രൂപം കൊണ്ടത്. 1991 ല്‍ അധികാരത്തില്‍ വന്ന നരസിംഹറാവു സര്‍ക്കാര്‍ 85 ലെ എന്‍ ഇ പി സമഗ്രമായി പരിശോധിക്കാന്‍ തീരുമാനിച്ചു. ആചാര്യ രാമമൂര്‍ത്തി കമ്മിറ്റിയെ ഇതിനായി നിയോഗിക്കുകയും ചെയ്തു. എന്‍ ഇ പിയുടെ ഭാഗമായി, രാജ്യത്തെ വിവിധ ഗ്രാമങ്ങളില്‍ സ്ഥാപിച്ച 'നവോദയവിദ്യാലയ'ങ്ങള്‍ ഒരു പറ്റം വരേണ്യരെ സൃഷ്ടിക്കാന്‍ മാത്രമേ ഉതകൂ എന്ന കാഴ്ചപ്പാടാണ് രാമമൂര്‍ത്തി കമ്മിറ്റി മുന്നോട്ട് വെച്ചത്. ശൈശവ വിദ്യാഭ്യാസമേഖലയില്‍ ഇടപെടാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കണമെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കേണ്ട അധികാരവികേന്ദ്രീകരണത്തിനാണ് രാമമൂര്‍ത്തി കമീഷന്‍ മുഖ്യമായും ഊന്നല്‍ നല്‍കിയത്. തൊഴിലധിഷ്ഠിതവിദ്യാഭ്യാസം, സാര്‍വത്രിക വിദ്യാഭ്യാസം, വിദ്യാഭ്യാസ മേഖലയിലെ അധികാര വികേന്ദ്രീകരണം എന്നീ മൂന്ന് മേഖലകളിലാണ് കമീഷന്‍ പ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.

വിദ്യാഭ്യാസത്തിലെ ജനപങ്കാളിത്തം ഇതര വകുപ്പുകളുമായി വിദ്യാഭ്യാസവകുപ്പിനെ ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യം എന്നിവയെക്കുറിച്ചെല്ലാം കമീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശങ്ങളുണ്ട്. എന്നാല്‍ ഉന്നതവിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളൊന്നും രാമമൂര്‍ത്തി കമീഷന്‍ പങ്കുവെക്കുന്നില്ല. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന് യോജ്യമായ ഒരു ഘടന നിര്‍ദേശിച്ചതുമാത്രമാണ് ഈ മേഖലയിലെ കമീഷന്റെ സംഭാവന.

ദേശീയ വിജ്ഞാന കമീഷന്‍

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ ഗവണ്‍മെന്റ്, ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് അധികാരത്തില്‍ വന്നത്. വിദ്യാഭ്യാസ മേഖലയില്‍ ബി ജെ പി തുടങ്ങിവെച്ച 'കാവിവല്‍ക്കരണം' അവസാനിപ്പിച്ച്, അതിന്റെ സെക്കുലര്‍ ഉള്ളടക്കം വീണ്ടെടുക്കുക, സാമൂഹ്യമായി ഭ്രഷ്ടരാക്കപ്പെട്ട ജനവിഭാഗങ്ങളെ വിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കളാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളാണ് യു പി എ ഗവണ്‍മെന്റിന്റെ മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലും യു പി എ ഗവണ്‍മെന്റ് പരാജയപ്പെടുകയാണുണ്ടായത്. മാത്രമല്ല വിദ്യാഭ്യാസ മേഖലയെ ഒരു വലിയ കമ്പോളമാക്കിമാറ്റാനുള്ള ശ്രമങ്ങള്‍ക്ക് യു പി എ ഗവണ്‍മെന്റ് ഗതിവേഗം നല്‍കി. സാം പെട്രോഡയുടെ നേതൃത്വത്തില്‍ നിയമിക്കപ്പെട്ട 'ദേശീയ വിജ്ഞാന കമീഷനും' അതിന്റെ നിര്‍ദേശങ്ങളും ഇതാണ് തെളിയിക്കുന്നത്. സാം പെട്രോഡയെ കൂടാതെ ഡോ. ആഗോയ് ഗാംഗുലി, ഡോ. പി ബലറാം, ഡോ. ദീപക് നക്വാര്‍, ഡോ. ജയതിഘോഷ്,
ശ്രീ നന്ദന്‍ നീലകനി, ഡോ. സുജാത റാംദുരൈ എന്നിവരും ഈ സമിതിയിലുണ്ട്. കമീഷന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നുകഴിഞ്ഞു. അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിദ്യാഭ്യാസമേഖലയിലെ വിവിധ സമിതികളും സമൂഹത്തിലെ നാനാതുറകളിലുള്ളവരും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ട് അന്തിമരൂപത്തിലെത്തിയിട്ടില്ലെങ്കിലും, സമിതിയുടെ നിര്‍ദേശങ്ങള്‍ സമൂഹത്തിലെ ഏതുവിഭാഗത്തെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന കാര്യം ഇതിനകം വെളിപ്പെട്ട് കഴിഞ്ഞു.

ദേശീയ വിജ്ഞാന കമീഷന്റെ നിര്‍ദേശങ്ങള്‍ പ്രധാനമായും അഞ്ച് മേഖലകളിലായാണ് ക്രോഡീകരിച്ചിരിക്കുന്നത്.

1. പ്രാപ്യത 2. സങ്കല്‍പ്പനങ്ങള്‍ 3. സൃഷ്ടി 4. പ്രയോഗക്ഷമത 5. സേവനം

ഈ മേഖലകളുടെ സമഗ്രമാ യ വികസനത്തിലൂടെ മാത്രമേ, രാജ്യത്തെ വിജ്ഞാനസമൂഹമാക്കി പരിവര്‍ത്തിപ്പിക്കാന്‍ കഴിയൂ. വികസിച്ചുവരുന്ന വിജ്ഞാനസമൂഹവും അതുമായി ബന്ധപ്പെട്ട അവസരങ്ങളും പുതിയ ചില വെല്ലിവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്. രാഷ്ട്രത്തിന്റെഭാവി മുഖ്യമായും വിജ്ഞാനത്തിന്റെ തുടര്‍ച്ചയായ ഉല്‍പ്പാദനത്തെയും പ്രയോഗത്തെയും ആശ്രയിച്ചിരിക്കും. കമീഷന്റെ മുഖ്യശുപാര്‍ശകളെ താഴെക്കാണും വിധം ക്രോഡീകരിക്കാം.

1. വിജ്ഞാനവുമായി ബന്ധപ്പെട്ട് 21 ാം നൂറ്റാണ്ടില്‍ വളര്‍ന്നുവരുന്ന വെല്ലിവിളികളെ നേരിടാനും ഇക്കാര്യത്തില്‍ സമൂഹത്തിന്റെ മത്സരശേഷി വര്‍ധിപ്പിക്കാനും കഴിയണം.

2. ശാസ്ത്രസാങ്കേതിക മണ്ഡലങ്ങളിലെ വിജ്ഞാനോല്‍പ്പാദനം ത്വരിതപ്പെടുത്തുക.

3. ബൌദ്ധികസ്വത്തവകാശം സംരക്ഷിക്കാന്‍ കഴിയും വിധം വിജ്ഞാനോല്‍പ്പാദനം നടത്തുന്ന സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് സംവിധാനം കാര്യക്ഷമമാക്കുക.

4. കൃഷിയിലും വ്യവസായത്തിലും വിജ്ഞാനത്തിന്റെ പ്രയോഗം ഉറപ്പുവരുത്തുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക.

5. ഗവണ്‍മെന്റിനെ സുതാര്യവും കാര്യക്ഷമവും പൌരന്മാരോടുള്ള ബാധ്യത നിറവേറ്റുന്നതുമായ ഒരു സംവിധാനമാക്കി മാറ്റാന്‍ വിജ്ഞാനശേഷി പ്രയോഗിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുക. വിജ്ഞാനത്തിന്റെ വ്യാപകമായ പങ്കുവെപ്പിലൂടെ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന നേട്ടം പരമാവധിയാക്കാനുള്ള ശ്രമത്തെ പ്രോല്‍സാഹിപ്പിക്കുക.

എന്താണ് വിജ്ഞാനം?

ദേശീയ വിജ്ഞാന കമീഷന്റെ നിര്‍ദേശങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതിന് മുമ്പ് 'വിജ്ഞാനം' എന്ന വാക്കിന് ആഗോളവല്‍ക്കരണ കാലത്ത് കൈവന്നിട്ടുള്ള സവിശേഷമായ അര്‍ഥമെന്താണെന്ന് ആലോചിക്കേണ്ടതുണ്ട്. വിവരസാങ്കേതിക വിദ്യയുടെ ഘട്ടത്തിലാണ് 'വിജ്ഞാനം' എന്ന വാക്ക് സവിശേഷമായ അര്‍ഥത്തോടെ പ്രയോഗിക്കാനാരംഭിച്ചത്. അധ്യാപകന്റെ സഹായമില്ലാതെതന്നെ വിദ്യാര്‍ഥിക്കാവശ്യമുള്ള 'ജ്ഞാനം' വിവരസാങ്കേതികവിദ്യയിലൂടെ ലഭ്യമാവുന്നു എന്നതാണ് ഇതിന്റെ സവിശേഷതയായി ഗണിക്കുന്നത്. എന്നാല്‍ വിജ്ഞാനത്തിന്റെ അളവറ്റതെന്ന് പറയുന്ന ഈ ലഭ്യത സമൂഹത്തിലെ കീഴാളജനതയ്ക്ക് ബാധകമാണെന്ന് ആരും കരുതേണ്ട. 'വിജ്ഞാനം' വിവരസാങ്കേതിക വിദ്യയിലൂടെ പണം കൊടുത്തു വാങ്ങാന്‍ കഴിവുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അല്ലാത്തവര്‍ക്ക് അതിന്റെ പൊട്ടും പൊടിയും മാത്രമേ ഇന്റര്‍നെറ്റ് വഴി ലഭ്യമാകൂ. ഇവിടെ വിജ്ഞാനം സ്വാതന്ത്ര്യത്തിലേക്ക് കുതിക്കാനുള്ള ഇന്ധനമായിത്തീരുന്നില്ല. മറിച്ച്, വില്‍ക്കുകയും വാങ്ങുകയും ചെയ്യാന്‍ കഴിയുന്ന ഒരു ചരക്കായി അത് സ്വയം നിര്‍വചിക്കുന്നു. 'വിജ്ഞാനം' 'വിലപ്പെട്ട' ഒന്നായിത്തീര്‍ന്നതോടെ അതിന്റെ മോഷണവും അധോലോകക്കൈമാറ്റവും വ്യാപകമായിട്ടുണ്ട്. ബൌദ്ധികസ്വത്തവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചയും മറ്റും ഈ സന്ദര്‍ഭത്തിലാണ് പ്രസക്തമാകുന്നത്. ആദിവാസികളുടെയും മറ്റ് ദേശവാസികളുടേയും പരമ്പരാഗതമായ അറിവ് കട്ടെടുത്ത്, വലിയ വിലയ്ക്ക് 'മാര്‍ക്കറ്റ്' ചെയ്യുന്ന വ്യവസായം ഇന്ന് വ്യാപകമാണ്. അറിവിന്റെ കേന്ദ്രീകരണം ദേശരാഷ്‌ട്രങ്ങളെ ദുര്‍ബലപ്പെടുത്തന്നതിലേക്ക് നയിച്ചിരിക്കുന്നു. എല്ലാ വിജ്ഞാനവും മനുഷ്യനെയും പ്രകൃതിയെയും ചൂഷണം ചെയ്ത് ലാഭം വര്‍ധിപ്പിക്കാനുള്ള മുതലാളിത്തത്തിന്റെ ഉപാധികളായിത്തീര്‍ന്നിട്ടുണ്ട്.

മികച്ച പ്രകടനമെന്ന മിഥ്യ

സര്‍വകലാശാലകളെ, താരതമ്യം ചെയ്യുകയും അതിനനുസരിച്ച് ഗ്രേഡ് ചെയ്യുകയും ചെയ്യുന്ന സമ്പ്രദായം ആഗോളതലത്തില്‍ത്തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സര്‍വകലാശാലകളെ പലനിലവാരങ്ങളില്‍ ക്രമീകരിക്കുന്നതിന്റെ അടിസ്ഥാനമിതാണ്. അധ്യാപകര്‍ അറിവും സിദ്ധികളും നല്‍കുന്നവരും വിദ്യാര്‍ഥികള്‍ അത് പണം കൊടുത്തു സമ്പാദിക്കുന്നവരുമാണെന്ന കാഴ്ചപ്പാടാണ് പലപ്പോഴും ക്രെഡിറ്റ് സമ്പ്രദായത്തിന്റെ പേരില്‍ നടപ്പാക്കപ്പെടുന്നത്. വിദ്യാര്‍ഥികള്‍ വലിയ ശമ്പളം പറ്റുന്ന സോഫ്റ്റ് വെയര്‍ കമ്പനികളിലോ മാനേജ്‌മെന്റ് സ്ഥാപനങ്ങളിലോ കയറിപ്പറ്റുന്നതിനനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിലവാരം ഉയര്‍ന്നതായി പരിഗണിക്കപ്പെട്ടു. ഇത്തരത്തില്‍ നോക്കിയാല്‍ ഇന്ത്യയിലെ സര്‍വകലാശാലകളില്‍ വളരെ കുറച്ചെണ്ണം മാത്രമേ നിലവാരമുള്ളതായി പരിഗണിക്കപ്പെടുന്നുള്ളൂ.

ഇതിനുബദലായ ഒരു വിദ്യാഭ്യാസ ദര്‍ശനത്തിന്റെ സാധ്യതപോലും എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നുള്ളത് പ്രശ്നത്തിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു. 'അധ്യാപകരും വിദ്യാര്‍ഥികളും ഒരു സമൂഹത്തിലെ ജനങ്ങളുടെ താല്‍പ്പര്യത്തിനുവേണ്ടി ഏര്‍പ്പെട്ടിരിക്കുന്ന ഒരു പ്രവര്‍ത്തനമായി വിദ്യാഭ്യാസത്തെ കാണാന്‍ കഴിയണമെന്ന് പ്രഭാത് പട്നായിക്ക് സൂചിപ്പിക്കുന്നുണ്ട്. "അടിസ്ഥാനപരമായി ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആശയങ്ങളുടെ കളിത്തൊട്ടിലാണ്. ഏതു സമൂഹവും ഒരു കൂട്ടം സംശയങ്ങളിലാണ് അതിജീവിക്കുന്നത്. ഈ ആശയങ്ങള്‍ അടിസ്ഥാനപരമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളിലാണ്. ഈ ആശയങ്ങള്‍ അനിവാര്യമാകുന്നത് ഒമ്പതുശതമാനവും പത്തുശതമാനവും വളര്‍ച്ചാനിരക്ക് ഉണ്ടാകാന്‍ മാത്രമല്ല, ജനങ്ങളുടെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ഈ ആശയങ്ങള്‍ അനിവാര്യമാണ് എന്നതാണ് കാര്യം.''

കൊളോണിയല്‍ കാലഘട്ടത്തില്‍ത്തന്നെ ഇന്ത്യന്‍ സര്‍വകലാശാലകളില്‍നിന്ന് രൂപപ്പെട്ട 'സ്വതന്ത്ര്യം' എന്ന ആശയം, ഇന്ത്യ എന്ന രാഷ്‌ട്രത്തിന്റെ രൂപീകരണത്തില്‍ വലിയ പങ്കുവഹിക്കുകയുണ്ടായതായും പട്നായിക്ക് സൂചിപ്പിക്കുന്നുണ്ട്. ഇത്തരം ആശയങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും അത് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും അവരെ കൂടുതല്‍ മെച്ചപ്പെട്ട ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായി ഒരുക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെയാണ് ഗ്രാംഷി 'ജൈവബുദ്ധി ജീവികള്‍' എന്ന് വിളിക്കുന്നത്. സാമൂഹ്യ പുരോഗതിയിലേക്ക് നയിക്കുന്ന നിര്‍മാണാത്മകദൌത്യം ഏറ്റെടുക്കുന്നതിനുപകരം, ആഗോളതകള്‍ക്ക് ചൂഷണം ചെയ്യാന്‍ കഴിയുന്ന മനുഷ്യവിഭവത്തെ സൃഷ്ടിക്കലാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് വരുന്നത് ഇരുണ്ട ഭാവിയുടെ സൂചനയായിത്തന്നെ കാണണം.

പ്രായോഗികതലത്തില്‍, വിജ്ഞാനത്തിന് പൊതുവായ ഒരര്‍ത്ഥമല്ല വിദ്യാഭ്യാസനയങ്ങളില്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസനയങ്ങള്‍ ഓരോ സന്ദര്‍ഭത്തിലും ചില പ്രത്യേകതരം വിജ്ഞാനത്തെ മാത്രം സ്വീകരിക്കുകയും മറ്റുള്ളവയെ നിരാകരിക്കുകയും ചെയ്യുന്നു. അതായത് ദേശീയ വിജ്ഞാന കമീഷന്‍ സൂചിപ്പിക്കുന്നതുപോലുള്ള അമൂര്‍ത്തവും നിഷ്പക്ഷവുമായ ഒരു വിജ്ഞാനമില്ല. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുഗുണമല്ലാത്ത വിജ്ഞാനത്തെ പാഠ്യപദ്ധതിക്ക് പുറത്തുനിര്‍ത്താന്‍ ഭരണവര്‍ഗം എല്ലായ്പോഴും ശ്രമിച്ചിട്ടുണ്ട്. അതിന്റെ സാധൂകരണമായാണ് വിദ്യാഭ്യാസനയങ്ങളും കമീഷന്‍ റിപ്പോര്‍ട്ടുകളും രൂപപ്പെടുന്നത്. സാമ്പത്തികമായും സാമൂഹികമായും അടിച്ചമര്‍ത്തപ്പെട്ടവരില്‍ സാമ്പത്തികാഭിവൃദ്ധി, സാമൂഹികമുന്നേറ്റം, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ എന്നിവയുടെ സ്വപ്നം ഉണര്‍ത്തിക്കൊണ്ട് വിജ്ഞാനത്തിന്റെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്ന തന്ത്രമാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്.

വിജ്ഞാനമേഖലകള്‍ തമ്മിലുള്ള കൃത്രിമമായ വിഭജനം, സാമൂഹ്യപ്രശ്നങ്ങളില്‍നിന്ന് അവര്‍ക്ക് കല്‍പ്പിക്കപ്പെടുന്ന അകലം എന്നിവയിലെല്ലാം വര്‍ഗതാല്‍പ്പര്യം ഒളിഞ്ഞിരിപ്പുണ്ട്. പഠിച്ചിട്ട് കാര്യമുള്ള കോഴ്സുകള്‍, കാര്യമില്ലാത്ത കോഴ്സുകള്‍ എന്ന വേര്‍തിരിവിലുമുണ്ട് ഈ വര്‍ഗപരമായ ഉള്ളടക്കം. കരിയറിസത്തിന് ദേശീയ വിജ്ഞാനക്കമീഷന്‍ നല്‍കുന്ന അമിതപ്രധാന്യം, ഈ വര്‍ഗതാല്‍പ്പര്യത്തെ മറനീക്കിക്കാണിക്കുന്നുണ്ട്. ഇംഗ്ളീഷ് ഭാഷാപഠനവും കമ്പ്യൂട്ടര്‍ പരിശീലനവും വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ നിന്നുതന്നെ തുടങ്ങണമെന്ന പെട്രോഡയുടെ നിര്‍ദേശം തൊഴില്‍ സമ്പാദിക്കാന്‍ മാത്രമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതും അതുവഴി, തൊഴിലെന്ന പ്രലോഭനത്തിലൂടെ സമൂഹത്തിലെ കീഴാളവര്‍ഗത്തിന്റെ സമരോല്‍സുകതയെ തകര്‍ക്കുന്നതുമാണ്. "തൊഴിലധിഷ്ഠിത മനോഭാവം എത്രത്തോളം കൂടുന്നോ, അത്രത്തോളം ഒരു വിദ്യാര്‍ഥിയുടെ സമരോത്സുകത കുറഞ്ഞിരിക്കുമെന്ന'' ചാള്‍സ് സില്‍ബര്‍മാന്റെ നിരീക്ഷണം ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാണ്.

മുതലാളിത്ത സമൂഹത്തില്‍, ശാസ്ത്രം "അധ്വാനത്തില്‍നിന്ന് വ്യതിരിക്തവും മൂലധനത്തെ സേവിക്കാന്‍ നിര്‍ബന്ധിതവുമായ ഒരുല്‍പ്പാദനശക്തിയായി മാറുന്നു.'' എന്ന് മാര്‍ക്സ് നിരീക്ഷിക്കുന്നുണ്ട്.

"കുത്തകമുതലാളിത്തത്തിന്റെ ഘട്ടത്തില്‍ ശാസ്ത്രീയഗവേഷണം മുമ്പെന്നത്തേക്കാളുമേറെ സുസംഘടിതമായിരിക്കും. പക്ഷെ അതിന്റെ ലക്ഷ്യം സ്വകാര്യലാഭമായിരിക്കും. അതിന്റെ സേവനങ്ങള്‍ ഭൂരിഭാഗവും ഉപയോഗിക്കപ്പെടുന്നത് , യുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും. പ്രകൃതിശാസ്ത്രജ്ഞര്‍ക്ക് നല്‍കുന്ന പരിശീലനം വളരെ കൂടുതല്‍ വിഭാഗീകരിക്കപ്പെടുന്നതുമൂലം അവര്‍ക്ക് പ്രകൃതിശാസ്ത്രത്തെക്കുറിച്ച് മൊത്തത്തിലുള്ള സൈദ്ധാന്തികജ്ഞാനം ആര്‍ജിക്കാന്‍ കഴിയാതെ വരുന്നു. മാത്രവുമല്ല, മനുഷ്യസമൂഹ പഠനത്തെക്കുറിച്ച് യാതൊരു പരിശീലനവും അവര്‍ക്ക് ലഭിക്കുന്നുമില്ല. മറുവശത്ത് സാമൂഹ്യപഠനവും ചരിത്രപഠനവും പരസ്പരം വേര്‍തിരിഞ്ഞ് നില്‍ക്കുന്നു. രണ്ടും പ്രകൃതിശാസ്ത്രങ്ങളില്‍ നിന്ന് വേര്‍പെട്ടിരിക്കുന്നു. ബൂര്‍ഷ്വാ വിദ്യാഭ്യാസ വ്യവസ്ഥയില്‍ പ്രകൃതിയെ കുറിച്ചുള്ള പഠനവും മനുഷ്യനെക്കുറിച്ചുള്ള പഠനവും തമ്മില്‍ നിലനില്‍ക്കുന്ന ഈ വൈരുധ്യം, ശാസ്ത്രത്തെ ഒരുല്‍പ്പാദനശക്തിയായി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മൂലധനവും അധ്വാനവും തമ്മിലുള്ള ബന്ധത്തിന്റെ യഥാര്‍ഥരൂപം മറച്ചുവെക്കേണ്ടതിന്റെ ആവശ്യകതയും തമ്മില്‍ ബൂര്‍ഷ്വാ മനഃസാക്ഷിക്കുള്ളില്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ പ്രതിഫലനമാണ്''. ബ്രിട്ടീഷ് മാര്‍ക്സിസ്റ്റായ ജോര്‍ജ് തോംസന്റെ ഈ നിരീക്ഷണം കരിയറിസത്തിന്റെ സൈദ്ധാന്തിക മാതൃകയിലേക്കാണ് വെളിച്ചം വീശുന്നത്.

ചെലവുകുറഞ്ഞ അധ്വാനശക്തി, സ്വകാര്യമുതലാളിമാരുടെ ആവശ്യങ്ങള്‍ക്കായി ഉല്‍പ്പാദിച്ചു നല്‍കുന്ന സ്ഥാപനങ്ങളായി സര്‍വകലാശാലകള്‍ ഇന്ന് അധ:പതിച്ചിരിക്കുന്നു. ഇതുമൂലം മുമ്പൊരിക്കലുമില്ലാതിരുന്ന തരത്തില്‍ വിദ്യാഭ്യാസം തൊഴില്‍മേഖലയുടെ നിയന്ത്രണത്തിന് കീഴിലായിരിക്കുന്നു. വിപണിയില്‍ കൈമാറ്റമൂല്യമുള്ള വിജ്ഞാനത്തിന് പ്രാധാന്യം നല്‍കുന്ന പാഠ്യപദ്ധതി നയങ്ങള്‍ വിദ്യാഭ്യാസത്തെ കൂടുതല്‍ കൂടുതല്‍ സ്വാധീനിച്ചുവരുന്നു. മാനേജ്‌മെന്റ് തന്ത്രങ്ങള്‍ എന്ന പേരില്‍ ഏകാധിപത്യപ്രവണതകള്‍ വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നുണ്ട്. Human Resource Management, Time Management എന്നിങ്ങനെയുള്ള നിരവധി പ്രവണതകള്‍ പാഠ്യപദ്ധതിയിലേക്കും അധ്യാപക പരിശീലനങ്ങളിലേക്കും കടന്നുവന്നിരിക്കുന്നു. വിദ്യാഭ്യാസത്തെ കേവലം തൊഴില്‍ പരിശീലനമായി തരംതാഴ്ത്തിയിരിക്കുന്നു. സമൂഹത്തിന്റെ ഭാവിയെക്കുറിച്ച് ഒരുല്‍ക്കണ്ഠയും പുലര്‍ത്താത്ത ഉപകരണാത്മകയുക്തിയാണ് ഇവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് പകരമായി പ്രമാണികയുക്തിയുടെ പിന്‍ബലമുള്ള വിമര്‍ശനാത്മകചിന്ത രൂപപ്പെട്ട് വരേണ്ടതുണ്ട്. ചോദ്യം ചെയ്യാനും ആധിപത്യത്തെ വെല്ലുവിളിക്കാനും വിദ്യാര്‍ഥികളെ തയ്യാറെടുപ്പിക്കുന്ന ഒരു വിദ്യാഭ്യാസപദ്ധതിയാണ് വിമര്‍ശനാത്മ ബോധനശാസ്ത്രം. അതിന്റെ സാധ്യതകളിലേക്ക് സമൂഹത്തെ നയിക്കാനുള്ള ബാധ്യതയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇടത് ബുദ്ധിജീവികള്‍ ഏറ്റെടുക്കേണ്ടത്.

ദേശീയ വിജ്ഞാന കമീഷന്റെ പ്രവര്‍ത്തനത്തിലെ ഏകാധിപത്യ പ്രവണതകള്‍ ഇതിനകം തന്നെ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. കമ്മിറ്റി അംഗങ്ങളുമായിപ്പോലും വേണ്ടത്ര ചര്‍ച്ച ചെയ്യാതെ തീര്‍ത്തും അലസമായിത്തയ്യാറാക്കിയ കുറിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന പരാതി വ്യാപകമാണ്. ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസമേഖലയ ആഴത്തില്‍ പഠിക്കാനുള്ള ഒരു ശ്രമവും കമീഷന്‍ നടത്തിയതായിക്കാണുന്നില്ല. ഉന്നത വിദ്യാഭ്യാസമേഖലയെ സ്വകാര്യവല്‍ക്കരിക്കാനും സ്വകാര്യ, വിദേശ യൂണിവേഴ്സിറ്റികള്‍ക്ക് ഇന്ത്യയില്‍ അവസരമൊരുക്കാനും അതുവഴി ഗവണ്‍മെന്റിന്റെ പങ്കാളിത്തം പൂര്‍ണമായി നിരാകരിക്കാനുമുള്ള നിര്‍ദേശങ്ങളാണ് കമീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. വേണ്ടത്ര തെളിവുകളോ യുക്തിപൂര്‍ണമായ പിന്തുണയോ ഇല്ലാതെയാണ് പല നിര്‍ദേശങ്ങളും മുമ്പോട്ട് വെക്കപ്പെട്ടിട്ടുള്ളത്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് 2015 ആകുമ്പോഴേക്കും ഇന്ത്യയില്‍ 1500 സര്‍വകലാശാലകള്‍ വേണ്ടി വരുമെന്ന കണ്ടുപിടിത്തം! ചരിത്രപരമായി വസ്തുതകളെ കാണുന്ന രീതിതന്നെ കമീഷന്‍ കയ്യൊഴിഞ്ഞിരിക്കുന്നതുകൊണ്ട്, വസ്തുനിഷ്ഠമായ ഒരു പ്രശ്നത്തെപ്പോലും കണ്ടെത്താന്‍ കഴിയാതെ പോയി. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ ജെ ബി ജി തിലക് "ചരിത്ര നിരപേക്ഷമായ റിപ്പോര്‍ട്ട്'' എന്നു തന്നെയാണ് ദേശീയ വിജ്ഞാനകമീഷന്റെ റിപ്പോര്‍ട്ടിനെ വിലയിരുത്തിയിട്ടുള്ളത്.

ഇതിനുമുമ്പുണ്ടായിട്ടുള്ള വിദ്യാഭ്യാസകമീഷനുകളുടെ നിര്‍ദേശങ്ങളെക്കുറിച്ച് പരാമര്‍ശിക്കാന്‍പോലും ഈ റിപ്പോര്‍ട്ടില്‍ ഇടം കണ്ടെത്തിയിട്ടില്ല. 1985- 86 ആകുമ്പോഴേക്കും ദേശീയവരുമാനത്തിന്റെ 6% വിദ്യാഭ്യാസത്തിന് വേണ്ടി നീക്കിവെക്കണമെന്നും ഗവണ്‍മെന്റിന്റെ ശക്തമായ ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകണമെന്നുമുള്ള കോത്താരി കമീഷന്റെ ശുപാര്‍ശയെ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് പറയാനെങ്കിലും പെട്രോഡ കമീഷന് ബാധ്യതയുണ്ട്. സര്‍വകലാശാലകള്‍ പുതിയ ആശയങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനും സര്‍ഗാത്മകമാകാനുമുള്ള ശേഷി നേടേണ്ടതുണ്ട് എന്ന നിര്‍ദേശം എത്രയോ കാലമായി നിലനില്‍ക്കുന്നതാണ്. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഇപ്പോഴും ഇന്ത്യയിലെ സര്‍വകലാശാലകള്‍ക്ക് കഴിയുന്നില്ലെന്നതാണ് വാസ്തവം. ഇതിനുള്ള കാരണങ്ങള്‍ പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നിതിന് പകരം നിലവിലുള്ള സര്‍വകലാശാലാ ചട്ടങ്ങളില്‍ വേണ്ടത്ര അയവുവരുത്താനും 'പരിഷ്കാര'ങ്ങള്‍ വരുത്താനുമാണ് കമീഷന്റെ ശുപാര്‍ശ.

യൂണിവേഴ്സിറ്റികള്‍ 'രാഷ്ട്രീയവല്‍ക്കരിക്ക'പ്പെടുന്നതിനെക്കുറിച്ച് കമീഷന്‍ വലിയ ആധി പുലര്‍ത്തുന്നുണ്ട്. യൂണിവേഴ്സിറ്റികളുടെ മോശപ്പെട്ട പ്രവര്‍ത്തനത്തിന് കാരണമായി പെട്രോഡ കണ്ടെത്തുന്നത് വിദ്യാര്‍ഥികളുടെയും അധ്യാപകരുടേയും രാഷ്ട്രീയപ്രവര്‍ത്തനവും സെനറ്റ്, സിന്‍ഡിക്കേറ്റ് തുടങ്ങിയ ഭരണസമിതികളുടെ ഇടപെടലുമാണ്. ഇതെല്ലാം നിയന്ത്രിക്കണമെന്നും സര്‍വകലാശാലകള്‍ വലിപ്പത്തില്‍ ചെറുതായിരിക്കണമെന്നുമാണ് കമീഷന്റെ നിര്‍ദേശം. വിദ്യാര്‍ഥികളുടെയും സര്‍വകലാശാലാ ജീവനക്കാരുടെയും താല്‍പ്പര്യങ്ങള്‍ ഹനിക്കുന്ന ജനാധിപത്യവിരുദ്ധമായ ഇത്തരം നിര്‍ദേശങ്ങള്‍ക്കെതിരെ പൊതുജനവികാരം രൂപപ്പെടേണ്ടതുണ്ട്.

അധ്യാപകരുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഗവേഷണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുമുള്ള നിരവധി നിര്‍ദേശങ്ങള്‍ യു ജി സി തന്നെ മുന്നോട്ടുവെച്ചിട്ടുണ്ട്. അതിനെക്കുറിച്ചുള്ള പരാമര്‍ശം പോലും റിപ്പോര്‍ട്ടില്‍ ഇല്ല. മൂല്യനിര്‍ണയം പൂര്‍ണമായും അധ്യാപകന്റെ അധികാരപരിധിയില്‍ കൊണ്ടുവരണമെന്നും വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണമെന്നും വാദിക്കുന്ന പെട്രോഡ, ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് വ്യക്തം.

ഇന്ത്യയില്‍ 1500 സര്‍വകലാശാലകള്‍ ഉണ്ടാവണമെന്ന് പറയുമ്പോള്‍, ഇവയുടെ സാമ്പത്തിക സ്രോതസ്സെന്താണെന്ന ചോദ്യമുയരും. പെട്രോഡയുടെ ഉത്തരം ഋജുവും സരളവുമാണ്. സ്വകാര്യവല്‍ക്കരണം! വ്യവസായികള്‍ക്കാവശ്യമായ മാനവവിഭവമാണ് സര്‍വകലാശാലകള്‍ ഒരുക്കേണ്ടതെന്നും അതിനുപറ്റിയ കോഴ്സുകള്‍ സ്വാശ്രയമേഖലയില്‍ നടത്തണമെന്നുമാണ് നിര്‍ദേശം. വിദേശസര്‍വകലാശാലകളെ യഥേഷ്ടം ഇന്ത്യയിലേക്കാകര്‍ഷിച്ച്, അവയുമായുള്ള മല്‍സരത്തില്‍ പിന്തള്ളപ്പെടുന്ന ഇന്ത്യയിലെ സര്‍വകലാശാലകള്‍ "ലാഭകരമല്ലാത്ത''തിന്റെ പേരില്‍ അടച്ചുപൂട്ടുക. ഇത്തരം നീക്കങ്ങള്‍ക്കെതിരെയുള്ള രാഷ്ട്രീയസമരങ്ങളെ നിയമത്തിലൂടെയും അടിച്ചമര്‍ത്തലിലൂടെയും ഇല്ലാതാക്കുക. ദേശീയവിജ്ഞാനകമീഷന്‍ റിപ്പോര്‍ട്ടിന്റെ സാരാംശമിതാണ്. തങ്ങളുടെ നിര്‍ദേശങ്ങള്‍ക്കുള്ള ന്യായമായി കമീഷന്‍ പലപ്പോഴും ഉദ്ധരിക്കുന്നത്, സുപ്രീം കോടതി വിധികളെയാണ്. ഫീസ് വര്‍ധിപ്പിക്കുന്നതിനും വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കുന്നതിനുമുള്ള പിന്‍ബലവും കോടതി വിധികള്‍ തന്നെ.

ദേശീയ വരുമാനത്തിന്റെ 4% മാത്രമേ കേന്ദ്രഗവണ്‍മെന്റ് ഇപ്പോള്‍ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നുള്ളൂ. 3.7% മാത്രം ഇതിനായി നീക്കിവെച്ചിരുന്ന എന്‍ ഡി എ സര്‍ക്കാരിനേക്കാള്‍ മെച്ചപ്പെട്ടതാണ് ഈ തുക എങ്കിലും യു പി എ യുടെ 'പൊതുമിനിമം' പരിപാടിയില്‍ നിര്‍ദേശിച്ച 6% ഈ വകുപ്പില്‍ വകയിരുത്താന്‍ ഇതുവരെയായും ഗവണ്‍മെന്റിന് കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കേന്ദ്രഗവണ്‍മെന്റിന്റെ ഈ സമീപനം. 'വിദ്യാഭ്യാസത്തിനുള്ള അവകാശം' എന്നത് ഭരണഘടന പ്രദാനം ചെയ്യുന്ന മൌലികാവകാശങ്ങളിലൊന്നാണെങ്കിലും ഈ അവകാശ സംരക്ഷണത്തിനാവശ്യമായ നിയമനിര്‍മാണം രാജ്യത്ത് നടന്നിട്ടില്ല. വിദ്യാഭ്യാസ മേഖലയിലേക്ക് കച്ചവടം ലക്ഷ്യമാക്കി കടന്നവര്‍ക്ക് ഈ നിയമനിര്‍മാണം തടസ്സമാകുമെന്നതുകൊണ്ടാണ് അത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ തയ്യാറാകാത്തത്. പതിനൊന്നാം പദ്ധതിയില്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള നിര്‍ദേശമുണ്ട്, എന്നാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് 'യൂസര്‍ ഫീ' ഈടാക്കാനാണ് ഗവണ്‍മെന്റിന്റെ നീക്കം. ഇത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 100% നേരിട്ടുള്ള വിദേശനിക്ഷേപം (എഫ് ഡി ഐ) സ്വീകരിക്കാനും ഗവണ്‍മെന്റ് പരിപാടിയിട്ടിട്ടുണ്ട്. ലോകവ്യാപാര സംഘടനയുടെ ഗാട്ട് നിര്‍ദേശങ്ങളിലൊന്നാണിത്. ദേശീയ വിജ്ഞാന കമീഷന്റെ ചെയര്‍മാനായി സാംപെട്രോഡ അവതരിച്ചതെന്തുകൊണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.

സബ്സിഡികളെക്കുറിച്ചുള്ള 1997 ലെ ധനകാര്യമന്ത്രിയുടെ കുറിപ്പ്, അതിനെത്തുടര്‍ന്ന് അതേവര്‍ഷം ഒക്ടോബറില്‍ മാനവശേഷി വികസനമന്ത്രാലയത്തിനായി ഡോ. എം എം ജോഷി അവതരിപ്പിച്ച കുറിപ്പ്, ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് 1998 ലെ യുണസ്കോ പ്രമേയം എന്നിവയിലെല്ലാം സ്വകാര്യവല്‍ക്കരണത്തെക്കുറിച്ചുള്ള സൂചനകള്‍ ഉണ്ടായിരുന്നു. അതേസമയം സ്വകാര്യവല്‍ക്കരണം നടത്തുമ്പോള്‍ത്തന്നെ കച്ചവടതാല്‍പ്പര്യങ്ങള്‍ക്ക് മൂക്കുകയറിടണമെന്ന പരാമര്‍ശവും അതിലുണ്ടായിരുന്നു. എന്നാല്‍ കച്ചവടതാല്‍പ്പര്യമില്ലാത്ത സ്വകാര്യവല്‍ക്കരണം എന്നത് ഒരു തികഞ്ഞ മിഥ്യാ സങ്കല്‍പ്പമാണെന്ന് ഇപ്പോള്‍ ബോധ്യമായി. 2002 മാര്‍ച്ച് മാസത്തില്‍ പുറത്തുവന്ന അംബാനി ബിര്‍ള റിപ്പോര്‍ട്ട്, ഉന്നതവിദ്യാഭ്യാസമേഖലയിലെ സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നിവക്ക് പൂര്‍ണപിന്തുണ നല്‍കുന്ന ഒന്നായിരുന്നു. അതിന്റെ പിന്തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ ദേശീയ വിജ്ഞാന കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.

അജിത്ത് ജോഗി സര്‍ക്കാരിന്റെ കാലത്ത് ഛത്തീസ്ഘട്ടില്‍ 120 ഒറ്റമുറി സര്‍വകലാശാലകള്‍ ആരംഭിച്ചതിനെതിരെ സാമൂഹ്യപ്രവര്‍ത്തകനായ പ്രൊ. യശ്പാല്‍ കോടതിയെസമീപിച്ചതും അവ അടച്ചുപൂട്ടാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്. എന്നാല്‍ സ്വാശ്രയകോളേജുകളും സ്വയംഭരണ കോളേജുകളും രാജ്യത്തെമ്പാടും കൂണുകള്‍പോലെ മുളച്ചുപൊന്തുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇവക്കുള്ള നീതീകരണമായി വരും കാലങ്ങള്‍ ദേശീയ വിജ്ഞാനകമീഷന്‍ റിപ്പോര്‍ട്ട് പ്രവര്‍ത്തിച്ചേക്കാം. അതുകൊണ്ടുതന്നെ ജനാധിപത്യവാദികള്‍ പെട്രോഡ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്തു വരേണ്ടതുണ്ട്.

*
അനില്‍ ചേലേമ്പ്ര, കടപ്പാട്: യുവധാര

No comments:

Post a Comment

Visit: http://sardram.blogspot.com