24 March, 2009

മുസ്ളിംലീഗ് എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു?

മുസ്ളിംലീഗ് എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു?

വിഭജനാനന്തര ഇന്ത്യയിലെ ഏറ്റവും കലുഷിതമായ രാഷ്‌ട്രീയ സാമൂഹികതയിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ജന്മം. 1948 മാര്‍ച്ച് 10ന് പഴയ മദിരാശിയിലെ രാജാജി ഹാളില്‍ മുസ്ളിംലീഗ് പുതിയ രൂപത്തിലും ഭാവത്തിലും പിറക്കുമ്പോള്‍ പുതിയൊരു രാഷ്‌ട്രീയ ദൌത്യത്തിന്റെ നയവും നിയോഗവും വെളിപ്പെടുത്തപ്പെട്ടിരുന്നു. 1906ല്‍ ധാക്കയില്‍ നവാബുമാരായ സലീമുല്ലയും വകാറുല്‍മുല്‍ക്കും ആഗാഖാനുമൊക്കെ രൂപം നല്‍കിയ സര്‍വേന്ത്യാ മുസ്ളിംലീഗിന്റെ തുടര്‍ച്ചയല്ല ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗെന്ന് ഖമാഇദേ മില്ലത്ത് മുഹമ്മദ് ഇസ്‌മായില്‍ സാഹിബ് തന്റെ തുടക്കപ്രസംഗത്തില്‍ത്തന്നെ തുറന്നു പ്രഖ്യാപിക്കുകയുണ്ടായി.

വിഭജനത്തിന്റെ പാപച്ചുമടും പേറി കോണ്‍ഗ്രസിന്റെ മുന്നില്‍ ഓഛാനിച്ചുനില്‍ക്കുന്ന ഒരു ലീഗായിരുന്നില്ല വിഭാവനം ചെയ്യപ്പെട്ടിരുന്നത്. കോണ്‍ഗ്രസിന്റെയും പങ്കാളിത്തത്തോടെ രൂപകല്‍പ്പന ചെയ്യപ്പെട്ട വിഭജനത്തിന്റെ സംഹാരതാണ്ഡവത്തില്‍ നിലംപരിശായിപ്പോയ പാവപ്പെട്ടൊരു സമുദായത്തിന്റെ രാഷ്‌ട്രീയ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു ലീഗിന്റെ ലക്ഷ്യം. ഈ ഉദ്ദേശ്യം, പക്ഷേ, അംഗീകരിച്ചുകൊടുക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒട്ടും തയാറായിരുന്നില്ല. അതുകൊണ്ടുതന്നെ, പുതിയ മുസ്ളിംലീഗിനെ ലക്ഷ്യത്തിലും നിലപാടിലും കോണ്‍ഗ്രസ് നിശിതമായി എതിര്‍ത്തുകൊണ്ടിരുന്നു. മുസ്ളിംലീഗിന്റെ ഏറ്റവും കടുത്ത വിമര്‍ശകരും രാജ്യദ്രോഹമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ലീഗിന്റെ തലയില്‍ കെട്ടിവച്ചുകൊണ്ടിരുന്നവരും കോണ്‍ഗ്രസുകാരായിരുന്നു. മുസ്ളിംലീഗിനെ ചത്ത കുതിരയെന്ന് പണ്ഡിറ്റ് നെഹ്റു പരിഹസിച്ചതും സമാദരണീയനായ നേതാവ് ബാഫഖിതങ്ങളെ കെപിസിസിയുടെ അധ്യക്ഷന്‍ സി കെ ഗോവിന്ദന്‍നായര്‍ പരസ്യമായി അവഹേളിച്ചതും ഈ പശ്ചാത്തലത്തിലാണ്.

വിമോചന സമരാനന്തരം 1960ല്‍ പട്ടം താണുപിള്ളയുടെ മന്ത്രിസഭ വന്നപ്പോള്‍ ലീഗിനെ അകറ്റി നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതും ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കേണ്ടതാണ്. ഗത്യന്തരമില്ലാത വന്നപ്പോള്‍ മുസ്ളിംലീഗിന്റെ നേതാവ് കെ എം സീതിസാഹിബിനെ പട്ടം സ്‌പീക്കറായി സ്വീകരിച്ചു. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് 1961ല്‍ സിഎച്ച് മുഹമ്മദ്കോയ സ്‌പീക്കറായി. കോണ്‍ഗ്രസിന്റെ ലീഗ് വിരോധം അണപൊട്ടിയൊഴുകാന്‍ അത് നിമിത്തമാവുകയും ചെയ്‌തു. മുസ്ളിംലീഗിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് സി എച്ച് രാജിവയ്‌ക്കണമെന്നും തൊപ്പിയഴിച്ചുമാറ്റി സി എച്ച് മതേതരത്വം തെളിയിക്കണമെന്നും കെപിസിസിയാണ് ആവശ്യമുന്നയിച്ചത്. അംഗീകരിച്ചുകൊടുക്കാനാവില്ലെന്ന് പറഞ്ഞ് ബാഫഖിതങ്ങള്‍ സി എച്ചിനോട് രാജിവച്ചിറങ്ങിപ്പോരാന്‍ ആവശ്യപ്പെടുകയും 1961 നവംബര്‍ 10ന് സി എച്ച് സ്‌പീക്കര്‍സ്ഥാനം രാജിവയ്‌ക്കുകയും ചെയ്‌തു.

കോണ്‍ഗ്രസിനാല്‍ നിരന്തരം അവഹേളിക്കപ്പെടുകയും ആട്ടിയകറ്റപ്പെടുകയും ചെയ്‌ത മുസ്ളിംലീഗിനെ ചരിത്രത്തിലാദ്യമായി അധികാരപങ്കാളിത്തത്തിന്റെ മാന്യതയിലേക്ക് കൊണ്ടുവന്നത് കമ്യൂണിസ്റ്റ് സര്‍ക്കാരാണ്. 1967 മാര്‍ച്ച് ആറിന് അധികാരത്തില്‍വന്ന സഖാവ് ഇഎംഎസിന്റെ രണ്ടാം മന്ത്രിസഭയില്‍ ലീഗ് നേതാക്കളായ സി എച്ച് മുഹമ്മദ്കോയയും അഹമ്മദ്കുരിക്കളും മന്ത്രിമാരായിരുന്നു.

സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന മുസ്ളിം സമുദായത്തിന്റെ സര്‍വതോമുഖ പുരോഗതിക്കുവേണ്ടി കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ഇഛാശക്തിയുള്ള തീരുമാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കാവാന്‍ മുസ്ളിംലീഗിന് അവസരമുണ്ടായപ്പോള്‍ മുസ്ളിം സമുദായത്തില്‍ ലീഗിന് സ്വന്തമായിടമുണ്ടായി. മലപ്പുറം ജില്ലയുടെ രൂപീകരണം (1969 ജൂണ്‍ 16) അവയിലേറ്റവും സുപ്രധാനമായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ മറ്റൊരു പാകിസ്ഥാനുണ്ടാക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കളും പഴയ ജനസംഘം നേതാക്കളും അന്ന് കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. സഖാവ് ഇഎംഎസിന്റെ നിശ്ചയദാര്‍ഢ്യമാണ് അന്നത്തെ വിമര്‍ശനങ്ങളുടെ മുനയൊടിച്ചത്.

ആദര്‍ശശാലികളായ നേതാക്കളുടെ കാലം കഴിഞ്ഞപ്പോള്‍ ലീഗിന് ഉന്നം പിഴച്ചു. അധികാരം ലക്ഷ്യമാവുകയും ഭരണസൌഭാഗ്യങ്ങള്‍ ദൌര്‍ബല്യമാവുകയും ചെയ്‌തതോടെ ലീഗ് സ്ഥാപിതതാല്‍പ്പര്യങ്ങളുടെ തടവറയിലായി. ബാബരി മസ്‌ജിദ് പൊളിക്കാന്‍ കൂട്ടുനിന്ന നരസിംഹറാവുവിനെ എതിര്‍ത്തതിന്റെ പേരില്‍ സ്ഥാപകനേതാക്കളിലൊരാളും അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന സുലൈമാന്‍ സേട്ടിനെ ലീഗ് പുറത്താക്കി. ലീഗിന്റെ അധികാരഭ്രമത്തെ നിശിതമായി എതിര്‍ത്തുപോന്ന സേട്ടുസാഹിബ് ലീഗിലെ സ്ഥാപിതതാല്‍പ്പര്യക്കാരുടെ കണ്ണില്‍ അതിനകംതന്നെ കരടായി മാറിയിട്ടുണ്ടായിരുന്നു. മണ്ഡല്‍കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ധൈര്യം കാണിച്ച വി പി സിങ്ങിനെതിരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടിന്റെ അവിശ്വാസം വന്നപ്പോള്‍ സേട്ടുസാഹിബ് വി പി സിങ്ങിനെയാണ് പിന്തുണച്ചിരുന്നത്.

കോണ്‍ഗ്രസിനോടൊട്ടിനിന്ന് ഭരണസുഖം നുണയുകയായിരുന്ന കേരളത്തിലെ ലീഗ് നേതാക്കള്‍ അപ്പോള്‍ തൊട്ടേ സേട്ടിനെതിരായിരുന്നു. വിഭജനകാലഘട്ടത്തെ ഓര്‍മിപ്പിക്കുമാറ് വര്‍ഗീയ കലാപങ്ങള്‍ സംഹാരതാണ്ഡവമാടുകയായിരുന്നു 1992 ഡിസംബര്‍ ആറിലും തുടര്‍ന്നും. രാജ്യം വിറങ്ങലിച്ചുനിന്ന ഈ ദുരന്തനാളുകളില്‍ ഭരണകൂടത്തിന്റെ മുഖത്തുനോക്കി മുസ്ളിങ്ങളുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് പറയാന്‍പോലും മുസ്ളിംലീഗിനെ കിട്ടുകയുണ്ടായില്ല. പകരം അധികാരസോപാനങ്ങളില്‍ കയറിക്കൂടാന്‍ ഏണിയുമേറ്റി നടക്കുന്ന ലീഗിനെയാണ് സമുദായത്തിന് കാണാനായത്. 'റാവുവിന്റെ ഭരണത്തിൻ കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷ'യെന്ന് പ്രസ്‌താവനയിറക്കി ഇ അഹമ്മദ് (ചന്ദ്രിക '93 ഒക്ടോബര്‍ 22) ന്യൂയോര്‍ക്കിലേക്ക് വിമാനം കയറുമ്പോള്‍ കുപ്രസിദ്ധമായ ബോംബെ കലാപം കൊന്നുതള്ളിയ ശവങ്ങളുടെ കണക്കെടുപ്പുപോലും പൂര്‍ത്തിയായിരുന്നില്ല.

ബാബരി മസ്‌ജിദ് വിഷയത്തില്‍ രാജ്യത്തെ തൊണ്ണൂറ്റിയൊമ്പത് ശതമാനം മുസ്ളിങ്ങളും കോണ്‍ഗ്രസിനെതിരായിരുന്നു. ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ കൂടെ നിന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്പോലും കോണ്‍ഗ്രസിന്നെതിരെ തിരിയുകയുണ്ടായി. പക്ഷേ, കേരളത്തിലെ ലീഗ് മാത്രം കോണ്‍ഗ്രസിനെ പിന്തുണച്ചു. കേരളത്തില്‍ അക്കാലത്തുണ്ടായ തെരഞ്ഞെടുപ്പുകളിലൊക്കെ സാക്ഷാല്‍ കോണ്‍ഗ്രസിനെക്കാളുമാവേശത്തില്‍ ലീഗായിരുന്നു റാവുവിനെ ന്യായീകരിച്ചിരുന്നത്. ഗുരുവായൂര്‍, ഒറ്റപ്പാലം, ഞാറക്കല്‍, തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പുകളില്‍ റാവുവിന്റെ കരങ്ങള്‍ക്ക് ശക്തികൂട്ടാനാണ് ലീഗ് വോട്ടുചോദിച്ചിരുന്നത്. എന്നാല്‍ മുസ്ളിം സമുദായമുള്‍പ്പെടെ കേരളത്തിലെ സാമാന്യജനങ്ങള്‍ ലീഗിന്റെ നിലപാടുകളെ തള്ളിക്കളയുകയാണുണ്ടായത്. 1996ലെ പൊതുതെരഞ്ഞെടുപ്പില്‍ നരസിംഹറാവു തോല്‍പ്പിക്കപ്പെടുകയും കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് പുറത്തെറിയപ്പെടുയും ചെയ്‌തപ്പോള്‍ മാത്രമാണ് ലീഗ് റാവുവിനെതിരെ തിരിഞ്ഞത്. പക്ഷേ, ബാബരി മസ്‌ജിദ് വിഷയത്തില്‍ വീഴ്ച്ചപറ്റിയ കാര്യം സമ്മതിക്കാനോ സ്വന്തം സമുദായത്തോട് മാപ്പു ചോദിക്കാനോ ലീഗ് ഇന്നേവരെ തയാറായിട്ടില്ല.

അടിസ്ഥാന വിഷയങ്ങളില്‍ മുസ്ളിംസമുദായം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളോട് ലീഗ് അനുവര്‍ത്തിക്കുന്ന നിലപാടുകള്‍ പരിശോധിച്ചാലറിയാം, മുസ്ളിംസമുദായത്തോട് ലീഗിനുള്ള 'പ്രതിബദ്ധത'യുടെ പൊള്ളത്തരം. ഏറെ പരാമര്‍ശവിധേയമായ ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന്റെ റിപ്പോര്‍ട്ടുതന്നെ അതിലേക്ക് ഏറെ വെളിച്ചം വീശുന്നു. മൌലികപ്രാധാന്യമുള്ള അഞ്ച് കാര്യങ്ങളാണ് ഇന്ത്യയില്‍ മുസ്ളിംസമുദായം നേരിടുന്ന കടുത്ത പ്രതിസന്ധികളെന്ന് സച്ചാര്‍ റിപ്പോര്‍ട്ട് താഴെ പറയുംപ്രകാരം ചൂണ്ടിക്കാട്ടുന്നു:

ഒന്ന്: രാജ്യത്ത് ഏറ്റവുമധികം ദാരിദ്ര്യമനുഭവിക്കുന്ന ജനവിഭാഗമായി മുസ്ളിങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു.

രണ്ട്: തൊഴില്‍-ഉദ്യോഗമേഖലകളില്‍ അവര്‍ കടുത്ത വിവേചനത്തിന്നിരയാവുന്നു.

മൂന്ന്: വിദ്യാഭ്യാസപരമായി കടുത്ത പിന്നാക്കാവസ്ഥ നേരിടുന്നു.

നാല്: നിരന്തരമായി കലാപങ്ങള്‍ക്ക് ഇരയാകുന്നത് കാരണം ഒരുതരം ഭയത്തിന്റെ കരിനിഴല്‍ അവരെ പിടികൂടിയിരിക്കുന്നു.

അഞ്ച്: അസ്തിത്വപരമായ ഉല്‍ക്കണ്ഠകള്‍ ഒരുതരം അന്തര്‍മുഖത്വം അവര്‍ക്ക് നല്‍കിയിരിക്കുന്നു.

ഏറെക്കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസിനെ മുഖ്യമായും പ്രതിക്കൂട്ടിലാക്കുന്ന ഈ നിരീക്ഷണങ്ങള്‍ മുസ്ളിംലീഗിന്റെ ചിന്തയിലോ ചര്‍ച്ചയിലോ കടന്നുവന്നിട്ടുപോലുമില്ല. സച്ചാര്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മുസ്ളിംലീഗ് നടത്തുന്ന വാചകമേളയിലൊന്നും സമുദായം നേരിടുന്ന ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങള്‍ വിഷയീഭവിക്കാറേയില്ല.

രാജ്യം നേരിടുന്ന പൊതുവായ പ്രശ്‌നങ്ങളിലുമില്ല ലീഗിന് സ്വന്തമായൊരു നിലപാട്. ആഗോളവല്‍ക്കരണംപോലുള്ള വിഷയങ്ങള്‍ അവയ്‌ക്കുദാഹരണമാണ്. രജീന്ദര്‍ സച്ചാര്‍പോലും തന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച മുറയ്‌ക്ക് ഡല്‍ഹിയില്‍ പത്രമാധ്യമങ്ങളെ മുന്‍നിര്‍ത്തി പറയുകയുണ്ടായി: 'ഇന്ത്യയിലെ മുസ്ളിം ജനവിഭാഗത്തെ പാപ്പരാക്കുന്നതില്‍ ആഗോളവല്‍ക്കരണം വലുതായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു'വെന്ന്. പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ ശിഥിലമായത് മുസ്ളിങ്ങളുള്‍പ്പെടെയുള്ള രാജ്യത്തെ പ്രാന്തവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളാണ്. ഭരണകൂടം പിന്തുടര്‍ന്ന ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നിലപാടുകള്‍ അവരുടെ നട്ടെല്ലൊടിക്കുകയുണ്ടായി. ജനങ്ങളോട് പ്രതിബദ്ധതയുള്ള മുഴുവന്‍ പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ഗൌരവപ്പെട്ട നിലപാടെടുത്തപ്പോള്‍ മുസ്ളിംലീഗ് മാത്രമാണ് സ്വന്തമായൊരു നിലപാടുപോലും സ്വീകരിക്കാതിരുന്നത്. പാര്‍ടിയുടെ തലപ്പത്തുള്ള വ്യവസായികളും വാണിജ്യപ്രമുഖരും ആഗോളീകരണത്തെ കണ്ണടച്ചനുകൂലിച്ചപ്പോള്‍ ലീഗിന്റെ നിലപാടും അതുതന്നെയാവുകയായിരുന്നു.

ആണവക്കരാറുള്‍പ്പെടെയുള്ള സാമ്രാജ്യത്വാനുകൂല നിലപാടുകളിലെല്ലാം ലീഗ് കേന്ദ്രസര്‍ക്കാരിനോടൊപ്പമാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തെ പ്രീണിപ്പിക്കാനും അമേരിക്കന്‍ ചേരിയില്‍ സീറ്റുറപ്പിക്കുവാനുമാണ് മന്‍മോഹന്‍സിങ് അവിഹിതമാര്‍ഗങ്ങളിലൂടെ കരാറൊപ്പിച്ചെടുത്തത്. സാമ്രാജ്യത്വവിരുദ്ധ നിലപാടുള്ള മുഴുവന്‍ മനുഷ്യസ്‌നേഹികളും കരാറിനെതിരെ അണിനിരന്നപ്പോള്‍ കോണ്‍ഗ്രസിനോടൊപ്പം ലീഗും അതിനെ ന്യായീകരിക്കുകയായിരുന്നു. കരാറിലൊപ്പിടുന്ന മുറക്ക് ഇന്ത്യയുടെ വിദേശനയം അമേരിക്കന്‍ വിദേശനയത്തിന് അനുസൃതമായിരിക്കണമെന്ന ഹൈഡ് ആൿട് വ്യവസ്ഥപോലും ലീഗ് നേതാക്കള്‍ വിസ്‌മരിക്കുകയുണ്ടായി. അന്താരാഷ്‌ട്ര ആണവോര്‍ജ സമിതിയില്‍ ഇറാനെതിരെ ഇന്ത്യ വോട്ടുചെയ്‌തപ്പോഴും, ഇറാനില്‍നിന്നുള്ള പ്രകൃതിവാതക സപ്ളൈകരാര്‍ അമേരിക്കന്‍ സമ്മര്‍ദത്തിന് വിധേയമായി ഇന്ത്യ വച്ചുതാമസിപ്പിക്കുമ്പോഴും ലീഗ് വിമര്‍ശനങ്ങളുരിയാടാതെ സര്‍ക്കാരിനോടൊട്ടി നില്‍ക്കുന്നത് അധികാരത്തോടുള്ള ആര്‍ത്തിയൊന്നുകൊണ്ടുമാത്രമാണ്.

ആയിരക്കണക്കില്‍ പലസ്‌തീന്‍കാരുടെ ഘാതകനായ ഏരിയല്‍ ഷാരോണ്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അന്നത്തെ കേരള മുഖ്യമന്ത്രി എ കെ ആന്റണി, മന്ത്രി കെ വി തോമസിനെ ഒരു സമ്മാനവുമായി ഡല്‍ഹിക്ക് പറഞ്ഞയച്ചിരുന്നു, ഷാരോണിന് കൊടുക്കാനായിട്ട്. ഇത് വിവാദമായപ്പോള്‍ മന്ത്രി തോമസ് പറഞ്ഞത്, കാബിനറ്റിന്റെ കൂട്ടായ തീരുമാനമനുസരിച്ചായിരുന്നു തന്റെ സന്ദര്‍ശനമെന്നാണ്. ലീഗ് മന്ത്രിമാരുള്‍പ്പെട്ട കാബിനറ്റിലാരും അത് നിഷേധിക്കുകയുണ്ടായില്ല. എ കെ ആന്റണിയുടെ ഇസ്രയേല്‍പ്രേമം പിന്നീട് അദ്ദേഹം പ്രതിരോധകാര്യ മന്ത്രിയായതോടെ പുറത്താവുകയും ചെയ്‌തു. രാജ്യത്തിന്റെ പ്രതിരോധ ബജറ്റില്‍ ഇസ്രയേലുമായുള്ള ആയുധ ഇടപാടിന് കോടിക്കണക്കിന് രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇസ്രയേലുമായി സൈനികവും ആയുധപരവുമായ ഇടപാടുള്ള അഞ്ച് പ്രമുഖ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിട്ടും ഭരണത്തോടൊട്ടിനില്‍ക്കുന്ന ലീഗിന് അതൊരു പ്രശ്നമേ ആയി തോന്നിയിട്ടില്ല.

ആന്റണി മുഖ്യമന്ത്രിയായിരിക്കെതന്നെ ഡല്‍ഹിയില്‍ ബിജെപിയേതര മുഖ്യമന്ത്രിമാരും വിദ്യാഭ്യാസ മന്ത്രിമാരും ബിജെപിയുടെ കാവിവല്‍ക്കരണത്തിനെതിരെ ഒത്തുചേരുകയുണ്ടായി. ആന്റണിയും ലീഗുകാരനായ വിദ്യാഭ്യാസമന്ത്രിയും അതില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്‌തത്. അതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ആന്റണി മറുപടി പറഞ്ഞത് കാവിവല്‍ക്കരണം എന്ന പ്രയോഗത്തോടുപോലും തനിക്ക് യോജിപ്പില്ലെന്നാണ്. ഭരണക്കേട് വരാതിരിക്കാനാവും ലീഗ് അത് അംഗീകരിക്കുകയും ചെയ്‌തു. ഗുജറാത്തിലെ വംശീയ കലാപത്തെ വിവിധ സംസ്ഥാന നിയമസഭകള്‍ അപലപിച്ചപ്പോഴും കേരളത്തില്‍ യുഡിഎഫ് അതിന് തയാറാകാതിരുന്നതും ഗുജറാത്ത്കലാപത്തെ ആസ്‌പദിച്ച് ആനന്ദ് പട്‌വര്‍ധന്‍ രചിച്ച 'രാം കെ നാം' എന്ന സിനിമ മലപ്പുറം ജില്ലയില്‍മാത്രം യുഡിഎഫ് സര്‍ക്കാര്‍ നിരോധിച്ചതും മുസ്ളിംലീഗിന്റെ മൌനാനുവാദത്തോടെയായിരുന്നു. സ്വന്തം സമുദായത്തോടും പൊതുസമൂഹത്തോടും തെല്ലുപോലും പ്രതിബദ്ധത കാണിക്കാതെ തലയൊളിപ്പിക്കാന്‍ ലീഗിനെ പ്രേരിപ്പിച്ചതാകട്ടെ ഭരണസുഖവും.

വാള്‍മാര്‍ടുള്‍പ്പെടെയുള്ള ബഹുരാഷ്‌ട്രക്കുത്തകകള്‍ ചെറുകിട കച്ചവടക്കാരുടെ നട്ടെല്ലൊടിക്കുമ്പോഴും വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണവും കച്ചവടവല്‍ക്കരണവും സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ തകര്‍ത്തുകൊണ്ടിരിക്കുമ്പോഴും സമുദായത്തിലെ പാവപ്പെട്ടവരെക്കുറിച്ച് വിലപിക്കുന്ന ലീഗ് ചൂഷകരുടെ പക്ഷത്ത് നിലകൊള്ളുകയാണ്. മലപ്പുറം ജില്ലയിലും മലബാറിലും ലീഗ് നടപ്പാക്കിയെന്ന് പറയുന്ന 'വിദ്യാഭ്യാസ വിപ്ളവം' സ്വാശ്രയ-സ്വകാര്യ സ്ഥാപനങ്ങളുടെ പ്രളയക്കൂത്തായിരുന്നു എന്ന യാഥാര്‍ഥ്യം ആര്‍ക്കാണറിഞ്ഞുകൂടാത്തത് ? മെഡിക്കല്‍-എന്‍ജിനിയറിങ് - അപ്ളൈഡ് സയന്‍സ് - മാനേജ്‌മെന്റ് തലത്തില്‍ ഒരൊറ്റ പൊതുസ്ഥാപനംപോലും മലപ്പുറത്ത് കൊണ്ടുവരാന്‍ ലീഗ് ശ്രമിക്കുകയുണ്ടായില്ല. ബിഎഡ് കോളേജുകള്‍പോലും സ്വകാര്യവ്യക്തികള്‍ക്ക് പതിച്ചുനല്‍കി പണത്തോട് പ്രതിബദ്ധത കാട്ടുകയാണ് ലീഗ് ചെയ്‌തത്.

മഹിതമായ ഒരാശയത്തില്‍നിന്ന് തുടക്കംകൊണ്ട ലീഗ്, അങ്ങനെ വ്യവസായ വാണിജ്യ കുത്തകകളുടെ താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്ന ഒരു സ്വകാര്യകമ്പനിയായി പരിണമിച്ചിരിക്കുന്നു. ദേശീയ രാഷ്‌ട്രീയത്തില്‍ തനതായ വ്യക്തിത്വമോ അന്തര്‍ദേശീയ വിഷയങ്ങളില്‍ സ്വന്തമായ കാഴ്‌ചപ്പാടോ പുലര്‍ത്താതെ അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് കണ്ണുംനട്ട് അടുക്കളപ്പൂച്ചയായി അത് അനുദിനം ചെറുതായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കലശലായ ഭരണക്കമ്പത്താല്‍ നടത്തുന്ന അധികാരസേവകള്‍ സ്വന്തം സമുദായത്തിലും പൊതുജനമധ്യത്തിലും ലീഗിനെ പരിഹാസ്യമാക്കുകയാണ്. കേന്ദ്രത്തില്‍ ഒരരമന്ത്രിയെ തരപ്പെടുത്താനായെന്നത് നേര്. പക്ഷേ, നാണംകെട്ട ദാസ്യപ്പണികള്‍ക്ക് മുഴുമന്ത്രിപ്പണിതന്നെ പതിച്ചുകിട്ടിയ രാജ്യത്ത് അരമന്ത്രിസ്ഥാനമൊക്കെ ആര്‍ക്കാണ് വലുത് ?


എ പി അബ്‌ദുല്‍വഹാബ്, ദേശാഭിമാനി
കടപ്പാട്. വര്ക്കേഴ്സ് ഫോറം

No comments:

Post a Comment

Visit: http://sardram.blogspot.com