13 March, 2009

വിജയശതമാനം വര്‍ധിച്ചുകൂടെ?

വിജയശതമാനം വര്‍ധിച്ചുകൂടെ?

എസ്എസ്എല്‍സിയുടെയും പ്ലസ്‌ടുവിന്റെയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ വിജയശതമാനം വര്‍ധിച്ചതായി കണ്ടതില്‍ ചിലര്‍ അസന്തുഷ്ടിയും രോഷവും പ്രകടിപ്പിച്ചിരിക്കുന്നു. രാഷ്ട്രീയകക്ഷികളും അധ്യാപക- വിദ്യാര്‍ഥിസംഘടനകളും പ്രതിഷേധത്തിന് ആക്കംകൂട്ടുന്നു. വിദ്യാഭ്യാസ വിദഗ്ദ്ധന്മാരെന്ന നിലയില്‍ പേരെടുത്ത ചിലരും പ്രതിഷേധിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ഊതിവീര്‍പ്പിച്ച വിജയമാണിതെന്നാണ് ആക്ഷേപം. വിജയശതമാനം ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയനേട്ടംകൊയ്യാനുള്ള നീചമായ നീക്കമാണ് സര്‍ക്കാരിന്റേതെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ബോധപൂര്‍വവും കരുതിക്കൂട്ടിയുമുള്ള ഒരു നീക്കത്തിന്റെ സൃഷ്ടിയാണ് ഊതിപ്പെരുപ്പിച്ച ഈ വിജയമത്രെ! എന്തൊക്കെയാണത്? മനഃപൂര്‍വം സിലബസ്സിനു പുറത്തുനിന്നും ചോദ്യം ചോദിക്കുന്നു; തെറ്റായ ചോദ്യം ചോദിക്കുന്നു; ചോദ്യം ശരിയാണെങ്കിലും ഉത്തരം തെറ്റായിക്കൊടുക്കുന്നു (ചേരുംപടി ചേര്‍ത്തെഴുതുക, ശരിയുത്തരം കണ്ടെത്തുക - എന്നിവ) മൂല്യനിര്‍ണയസമയത്ത് മേല്‍പറഞ്ഞ ചോദ്യങ്ങളുടെ നമ്പര്‍ ഉത്തരക്കടലാസില്‍ എഴുതിയാല്‍ മുഴുവന്‍ മാര്‍ക്കും കൊടുക്കാന്‍ നിര്‍ദേശിക്കുന്നു. നിരന്തരമൂല്യനിര്‍ണയത്തിന് മുഴുവന്‍ മാര്‍ക്കോ, ഏറ്റവും ഉയര്‍ന്ന മാര്‍ക്കോ പഠിതാവിന് കൊടുക്കുന്നു. ഇത്തരം മാര്‍ഗങ്ങളിലൂടെയാണ് വിജയശതമാനം വര്‍ധിപ്പിച്ചത് എന്നാണ് ആരോപണം.

ഈ ആരോപണമുന്നയിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്. ഇവര്‍ വിദ്യാര്‍ഥികളായിരുന്നകാലത്ത് തോല്‍ക്കാന്‍ ആഗ്രഹിക്കുകയോ, തോല്‍ക്കുന്നതില്‍ ആഹ്ലാദിക്കുകയോ ചെയ്തിരുന്നോ? അതോ ഇവരെല്ലാം വിദ്യാര്‍ഥികളായിരിക്കുമ്പോള്‍ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയവരായിരുന്നോ? (ഇവരുടെയെല്ലാം സഹപാഠികള്‍ ഇവിടെയൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന കാര്യം ഓര്‍ക്കുക) സ്വന്തം മക്കള്‍ പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ഈ വിമര്‍ശകര്‍ അതില്‍ ആഹ്ലാദിക്കുമോ? ഇല്ലായെന്നാണ് മറുപടിയെങ്കില്‍ മറ്റുള്ളവരുടെ മക്കള്‍ പരാജയപ്പെടുന്നതിലും ആഹ്ലാദിക്കാതിരിക്കുക. ദൈവവിശ്വാസികള്‍ തിരുവചനം ഉരുവിടുക: "നിങ്ങള്‍ നിങ്ങളോടു ചെയ്യാനിഷ്ടപ്പെടാത്തത് മറ്റുള്ളവരോടും ചെയ്യാതിരിക്കുക''.

വിജയശതമാനം കുറഞ്ഞാലും ഇക്കൂട്ടര്‍ക്ക് സങ്കടമാവും. അത് വിദ്യാഭ്യാസമന്ത്രിയുടെയും വകുപ്പിന്റെയും പരാജയമാണെന്നായിരിക്കും വിമര്‍ശിക്കുന്നത്. വിജയശതമാനം കൂടിയാലും കുറഞ്ഞാലും ഒരേപോലെ ദുഃഖിക്കുന്ന ഇക്കൂട്ടര്‍ വിദ്യഭ്യാസത്തിന്റെ അവിഭാജ്യഘടകങ്ങളായ പഠന-ബോധന-മൂല്യനിര്‍ണയരീതികളില്‍ വന്ന സമഗ്രമായ മാറ്റത്തെപ്പറ്റി അജ്ഞരാണെന്ന കാര്യം വ്യക്തമാണ്. തങ്ങളുടെ അജ്ഞത അവര്‍ വെളിപ്പെടുത്തിയതില്‍ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സന്തോഷമുണ്ട്. എന്നാല്‍ ചില അധ്യാപകസംഘടനാനേതാക്കള്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും മുമ്പില്‍ അവര്‍ അപഹാസ്യരായിത്തീര്‍ന്നിരിക്കുകയാണ്. അവരുടെകൂടി അദ്ധ്വാനഫലമായിട്ടാണ് വിജയശതമാനം വര്‍ധിച്ചത് എന്ന കാര്യം അവരെന്തിനാണ് നിഷേധിക്കുന്നത്. അവര്‍ പഠിതാക്കളെ നല്ലവണ്ണം പരിശീലിപ്പിച്ചതുകൊണ്ടാണോ വിജയികളുടെ എണ്ണം കൂടിയത്, അതോ പഠിപ്പിക്കാതിരുന്നതുകൊണ്ടാണോ? മലര്‍ന്നുകിടന്ന് മേല്‍പ്പോട്ട് തുപ്പിയാല്‍ എവിടെയാണ് വീഴുക?

എന്തുകൊണ്ട് വര്‍ദ്ധന?

ഒരു പതിറ്റാണ്ടിലേറെക്കാലമായി കേരളത്തില്‍ നടന്നുവരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് കഴിഞ്ഞവര്‍ഷം മുതല്‍ ഉണ്ടായ വിജയശതമാനത്തിലെ വര്‍ദ്ധന എന്നതാണ് വസ്തുത. ഇത് ഇടതുമുന്നണി സര്‍ക്കാരിന്റെ മാത്രം നേട്ടമായി ആരും ഇവിടെ അവകാശപ്പെടുന്നില്ല. 1991 മുതല്‍ 1996വരെ അധികാരത്തിലിരുന്ന യുഡിഎഫ് മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ. ഇ ടി മുഹമ്മദ്ബഷീറിന്റെകാലത്ത് മലപ്പുറം, കാസറഗോഡ്, തിരുവനന്തപുരം ജില്ലകളില്‍ ആരംഭിച്ച എം.എല്‍.എല്‍ (മിനിമം ലവല്‍ ഓഫ് ലേണിങ്) പദ്ധതിയോടെയാണ് ദിശാമാറ്റത്തിന് തുടക്കമായത്. പിന്നീട് അധികാരത്തില്‍വന്ന നായനാര്‍ മന്ത്രിസഭയുടെകാലത്ത് ഡിപിഇപി എന്ന പേരില്‍ തുടക്കംകുറിച്ചതും പുതിയ പാഠ്യപദ്ധതി എന്ന പേരില്‍ സമഗ്രതലസ്പര്‍ശിയായി നടപ്പാക്കിയതുമായ പരിഷ്കാരങ്ങളുടെ ഫലമാണ് ഈ വര്‍ഷത്തെ പരീക്ഷാഫലത്തില്‍ പ്രതിഫലിക്കുന്നത്. 1997-98 അധ്യയനവര്‍ഷത്തില്‍ ഒന്നാംക്ലാസില്‍ ചേര്‍ന്ന വിദ്യാര്‍ഥികളാണ് ഇപ്പോള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയികളായിത്തീര്‍ന്നിരിക്കുന്നത്. പഠന-ബോധന-മൂല്യനിര്‍ണയരീതികളില്‍ സമഗ്രമായ മാറ്റം വരുത്തുകയും കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ആ രീതിശാസ്ത്രം പരിശീലിച്ചുവരികയും ചെയ്ത പഠിതാക്കളാണ് ഇക്കുറി എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. കഴിഞ്ഞ ഒരു വര്‍ഷത്തെ മാത്രം പരിശീലനത്തിന്റെ അടിസ്ഥാനത്തിലല്ല പഠിതാക്കള്‍ പരീക്ഷയെഴുതിയത്. പഠിതാക്കളോടൊപ്പം സഞ്ചരിച്ച അധ്യാപകരും രക്ഷിതാക്കളും പഠനപ്രക്രിയയില്‍ അവരെ സഹായിച്ചിട്ടുണ്ട്. അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ ദത്തശ്രദ്ധരായിരുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, അധ്യാപക-രക്ഷാകര്‍തൃസമിതികള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ശതമാനവര്‍ധന. ഇത്തരം പ്രവര്‍ത്തനങ്ങളൊന്നും കാണാതിരിക്കുകയും വിജയശതമാന വര്‍ധന കൃത്രിമ സൃഷ്ടിയാണെന്ന് പുലമ്പുകയും ചെയ്യുന്നവര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട മുഴുവന്‍പേരെയും അവഹേളിക്കുകയാണ് ചെയ്യുന്നത്.

വിജയശതമാനം വര്‍ധിപ്പിക്കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങള്‍, അച്ചടി-ശ്രാവ്യ-ദൃശ്യമാധ്യമങ്ങള്‍, വഹിച്ച പങ്ക് നിസ്തുലമാണ്. പ്രധാനപ്പെട്ട എല്ലാ ദിനപത്രങ്ങളും പഠിതാക്കളെ സഹായിക്കുന്നതിനായി ഓരോ വിഷയത്തിലുമുള്ള മാതൃകാചോദ്യങ്ങളും അവയുടെ ഉത്തരസൂചികകളും തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും വിദഗ്ദ്ധന്മാരെക്കൊണ്ട് എങ്ങനെ ഉത്തരമെഴുതണമെന്ന് അപഗ്രഥനാത്മകരീതിയില്‍ ലേഖനങ്ങളെഴുതിക്കുകയും ചെയ്തു. റേഡിയോയും ചാനലുകളും ഇതേരീതിയില്‍ പഠിതാക്കളെ സഹായിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ശതമാനവര്‍ധനയില്‍ അവക്കുള്ള പങ്ക് ആര്‍ക്കാണ് നിഷേധിക്കാനാവുക?

ഓരോ ക്ലാസിലെയും പാഠപുസ്തകങ്ങള്‍ മാറുന്നതിനനുസരിച്ച് പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള അധ്യാപകസഹായികളും വിഭവങ്ങളും (Teacher's Handbook & Source Book) തയ്യാറാക്കി അതിന്റെയടിസ്ഥാനത്തില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കാറുണ്ട്. പഠിതാവിനെ നിരന്തര മൂല്യനിര്‍ണയത്തിന് വിധേയനാക്കുന്നതുപോലെതന്നെ അധ്യാപകരെ നിരന്തര പരിശീലനത്തിനും വിധേയരാക്കുകയുണ്ടായി. ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരില്‍ ബഹുഭൂരിപക്ഷത്തിനും മൂന്നുവര്‍ഷത്തെ പരിശീലനം. 8, 9, 10 ക്ലാസുകളിലെ പാഠപുസ്തകം നവീകരിച്ചതിന്റെ ഫലമായാണ് അതുണ്ടായത്. കഴിഞ്ഞ അധ്യയനവര്‍ഷം നടത്തിയ ക്ലസ്റ്റര്‍ പരിശീലന പരിപാടികള്‍ അധ്യാപക ശാക്തീകരണത്തിനുവേണ്ടിയുള്ളതായിരുന്നു. ക്ലസ്റ്റര്‍ പരിശീലനം അനാവശ്യമെന്ന് ആരും പറഞ്ഞില്ല. അത് ശനിയാഴ്ചകളില്‍ പാടില്ലെന്നുമാത്രമാണ് അധ്യാപകസംഘടനകള്‍ പറഞ്ഞത്. കോടിക്കണക്കിന് രൂപയാണ് ഈയാവശ്യങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ ചെലവാക്കിയത്. ഇക്കാര്യത്തില്‍ ഇടതു-വലതുമുന്നണി സര്‍ക്കാരുകള്‍ തമ്മില്‍ വ്യത്യാസമുണ്ടായിരുന്നില്ല. ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടുള്ളതാണ് ശതമാനവര്‍ധനയെന്ന കാര്യം ആര്‍ക്കാണ് നിഷേധിക്കാനാവുക?

ത്രിമൂര്‍ത്തികള്‍

പുതിയ പാഠ്യപദ്ധതിയനുസരിച്ച് പഠിതാവും അധ്യാപകനും രക്ഷിതാവുമടങ്ങുന്ന ത്രിമൂര്‍ത്തികള്‍ക്ക് പഠനത്തില്‍ തുല്യ ഉത്തരവാദിത്വമാണുള്ളത്. പഴയബോധനശാസ്ത്രമനുസരിച്ച് സര്‍വജ്ഞനായ ഗുരുവിന്റെ വിജ്ഞാനദാനവും പാഠപുസ്തകമെന്ന വേദപുസ്തകവും മാത്രമായിരുന്നു പഠിതാവിന്റെ ആശ്രയം. എന്നാല്‍ പുതിയ പാഠ്യപദ്ധതി വിദ്യാര്‍ഥികേന്ദ്രീകൃതവും പ്രവര്‍ത്തനാധിഷ്ഠിതവും പ്രക്രിയാബന്ധിതവുമാണ്. ഇതില്‍ ഗുരുവും പാഠപുസ്തകങ്ങളും പഠിതാവിനെ സഹായിക്കുന്ന പല ഉപകരണങ്ങളില്‍ ചിലതുമാത്രം. വിജ്ഞാനസമ്പാദനത്തിന് നിരവധി മാര്‍ഗങ്ങളും സ്രോതസ്സുകളുമുണ്ടെന്ന് പഠിതാവിനെ ബോധ്യപ്പെടുത്തിക്കൊടുക്കുന്നവരാണ് അധ്യാപകരും രക്ഷിതാക്കളും. ജ്ഞാനസമ്പാദനവും ജ്ഞാനനിര്‍മിതിയും ഒരേസമയം നടക്കുന്നു. സഹപഠനവും സഹകരണപഠനവും നടക്കുന്നു. ജ്ഞാനനിര്‍മിതിയില്‍ പഠിതാവ് നേരിട്ടു പങ്കെടുക്കുന്നതിനാല്‍ അതൊരിക്കലും നഷ്ടമാവുന്നില്ല. ഒരു ദശാബ്ദക്കാലമായി പഠിതാവ് ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. അതിന്റെ പ്രതിഫലനമാണ് ഈ വര്‍ഷത്തെ പരീക്ഷാഫലത്തില്‍ ദര്‍ശിക്കാനാവുന്നത്.

വായിക്കുന്നതിന്റെ 10%വും കേള്‍ക്കുന്നതിന്റെ 20%വും കാണുന്നതിന്റെ 30%വും കാണുകയും കേള്‍ക്കുകയും ചെയ്യുന്നതിന്റെ 50%വും പറയുകയും എഴുതുകയും ചെയ്യുന്നതിന്റെ 70%വും ചര്‍ച്ചചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ 90%വും ഓര്‍ക്കാന്‍ കഴിയുമെന്നാണ് ബോധനത്തിന്റെ രീതിശാസ്ത്രത്തെപ്പറ്റി ഒരു പണ്ഡിതന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പ്രവര്‍ത്തനാധിഷ്ഠിതവും പ്രക്രിയാബന്ധിതവുമായ പുതിയ പഠനരീതി പഠിതാക്കളുടെ സമഗ്രശേഷികളെയും ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നു. ലേഖനങ്ങള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍, പഠനയാത്രകള്‍, ശേഖരണങ്ങള്‍, നിരീക്ഷണം, പരീക്ഷണം എന്നിത്യാദി പ്രക്രിയകളിലൂടെ കടന്നുവരുന്ന പഠിതാവിന് പരാജയം അന്യമാണ്.

പുതിയ രീതിശാസ്ത്രം നടപ്പാക്കിയപ്പോള്‍ അതിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചവരില്‍ ഏറെയും അധ്യാപകരും രക്ഷിതാക്കളുമാണ്. ഇക്കൂട്ടരുടെ വ്യക്തിത്വവും വിദ്യാഭ്യാസ സങ്കല്‍പവും രൂപപ്പെട്ടത് അവര്‍ പഠിതാക്കളായിരുന്നകാലത്ത് ലഭിച്ച പഠന-ബോധനരീതിയുടെ അടിസ്ഥാനത്തിലാണ്. ഉറച്ചുപോയ ശീലങ്ങളും വിശ്വാസങ്ങളും മാറ്റിയെടുക്കുന്നതിന് ബോധപൂര്‍വമായ ശ്രമം ഉണ്ടാവണം. പഴയതിനെ ഉച്ചാടനം ചെയ്ത് പുതിയതിനെ സ്വീകരിക്കാന്‍ സമൂഹത്തിനെ തയ്യാറാക്കേണ്ടതുണ്ട്. ഇന്ന് കേരളീയര്‍ വാനോളം പുകഴ്ത്തുന്ന സാമൂഹ്യനവോത്ഥാനത്തോടും അതിന്റെ നേതാക്കളോടും അന്നത്തെ സമൂഹത്തിലെ പ്രമാണിമാരുടെ മനോഭാവവും സമീപനവുമെന്തായിരുന്നു? ജനാധിപത്യത്തോട് രാജഭക്തന്മാരുടെ സമീപനമെന്തായിരുന്നു? അതുതന്നെയാണ് പുതിയ പാഠ്യപദ്ധതിയോട് ആദ്യകാലത്തുണ്ടായ സമീപനം. നിരന്തരമായ പരിശീലനത്തിലൂടെയും പ്രചരണത്തിലൂടെയും അധ്യാപകരും രക്ഷിതാക്കളും പുതിയ പാഠ്യപദ്ധതിയുടെ പ്രവര്‍ത്തകരും പ്രചാരകരുമായിത്തീര്‍ന്നു.

പുതിയ പാഠ്യപദ്ധതിയനുസരിച്ച് അധ്യാപകനോടൊപ്പം പഠിതാവിനെ സഹായിക്കാന്‍ രക്ഷകര്‍ത്താവുമുണ്ട്. ഓരോ രക്ഷകര്‍ത്താവിനും തന്റെ മക്കളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഏതു സ്കൂളില്‍ പഠിപ്പിക്കണമെന്നും എന്തുതരം വിദ്യാഭ്യാസം നല്‍കണമെന്നും എന്താക്കിത്തീര്‍ക്കണമെന്നും ശിശു ജനിക്കുമ്പോള്‍തന്നെ രക്ഷകര്‍ത്താവ് തീരുമാനമെടുക്കുന്നു. അതിനനുസരിച്ച് മക്കള്‍ക്കാവശ്യമായതെന്തും സമ്പാദിച്ചു നല്‍കുന്നു. അങ്ങനെ മക്കളുടെ പഠനകാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധചെലുത്തുന്നു. അതിലേക്കായി നാട്ടിന്‍പുറത്തുനിന്നും നഗരത്തിലേക്ക് താമസംമാറ്റുന്നു. ജോലിയുള്ളവരാണെങ്കില്‍ അവധിയെടുക്കുന്നു. ക്ലാസ് പരീക്ഷകള്‍ക്കും ടേംപരീക്ഷകള്‍ക്കും മക്കള്‍ക്ക് നല്ല മാര്‍ക്ക് കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. അധ്യാപകരുമായി നിരന്തരം ബന്ധപ്പെടുന്നു. കുട്ടിക്ക് മാര്‍ക്ക് കുറഞ്ഞാല്‍ അതെന്തുകൊണ്ടെന്ന് അന്വേഷിക്കുന്നു. സ്കൂളിലും വീട്ടിലും കുട്ടിയെ സഹായിക്കാന്‍ രക്ഷിതാവ് സന്നദ്ധനാണ്. ഇത്തരത്തില്‍ രക്ഷകര്‍ത്താവിന്റെ ഇടപെടലും സഹകരണവും വിദ്യാര്‍ഥിയുടെ നിലവാരം അനുകൂലമാക്കിത്തീര്‍ത്തു. പഠനസമയത്തിനുശേഷം സായാഹ്നങ്ങളില്‍ സ്കൂളില്‍ അധ്യാപകര്‍ ക്ലാസെടുക്കുന്നു. അവര്‍ക്ക് സഹായികളായും മക്കള്‍ക്ക് തുണയായും രക്ഷിതാക്കളിരിക്കുന്നു. ഈ അധ്യയനം ചിലപ്പോള്‍ പാതിരാവരെ നീളുന്നു. അതിനുശേഷം മക്കളുമായി രക്ഷിതാക്കള്‍ വീടുകളിലേക്കു മടങ്ങുന്നു.

ഇത് നഗരക്കാഴ്ചയല്ല. നാട്ടിന്‍പുറത്താണ്. ഇടുക്കിപോലുള്ള ഗതാഗതസൌകര്യം കുറഞ്ഞ പ്രദേശിങ്ങളിലാണിത് സംഭവിക്കുന്നത്. അതിന്റെകൂടി പ്രതിഫലനമാണ് പരീക്ഷാഫലത്തില്‍ ദര്‍ശിച്ചത്. ഹൃദയശൂന്യന്മാര്‍ക്കു മാത്രമേ അതിനെ നിഷേധിക്കാനും അവഹേളിക്കാനും കഴിയുകയുള്ളൂ.

പ്ലസ് ടു ഫലം

ഹയര്‍സെക്കണ്ടറി പരീക്ഷാഫലത്തിലും ഗണ്യമായ വര്‍ധനയുണ്ടായി. കഴിഞ്ഞവര്‍ഷം അത് 72.3% വും ഇക്കുറി 81.05% വും ആണ്. ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ വര്‍ധന വളരെ നേരിയതാണ് - 2007ല്‍ 42.01%വും 2008ല്‍ 42.84%വും. റഗുലര്‍ വിദ്യാര്‍ഥികളും ഓപ്പണ്‍സ്കൂള്‍ വിദ്യാര്‍ഥികളും തമ്മിലുള്ള വിജയശതമാനത്തിന്റെ അന്തരം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മുന്‍ഖണ്ഡികകളില്‍ പ്രതിപാദിച്ച പഠന-ബോധന-മൂല്യനിര്‍ണയരീതി അതേപോലെ നടപ്പാക്കാന്‍ ഓപ്പണ്‍സ്കൂള്‍ സമ്പ്രദായത്തില്‍ പ്രായോഗികമായി ഒരുപാട് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഫലത്തില്‍ ഈ അന്തരമുണ്ടായത്.
പുതിയ പാഠ്യപദ്ധതിയനുസരിച്ച് 2005ലാണ് എസ്എസ്എല്‍സി പരീക്ഷ നടത്തിയത്. അതില്‍ വിജയികളായവരാണ് 2007ല്‍ ഹയര്‍സെക്കന്ററി പരീക്ഷയെഴുതിയത്. അതായത് 2002-03 അധ്യയനവര്‍ഷത്തില്‍ 8-ാം ക്ലാസില്‍ പഠിച്ചവരാണ് 2005ല്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. 2001ല്‍ അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ അതിന് മുമ്പ് തുടങ്ങിവച്ചിരുന്ന പുതിയ പാഠ്യപദ്ധതി നടപ്പാക്കാന്‍ കൂട്ടാക്കിയില്ല. 2001-02 അധ്യയനവര്‍ഷത്തില്‍ 8-ാം ക്ലാസില്‍ നടപ്പാക്കേണ്ടിയിരുന്ന പാഠ്യപദ്ധതി പരിഷ്കരണം മാറ്റിവച്ചതിന്റെ ഫലമായി ശക്തമായ പ്രതിഷേധമുയരുകയും അതേത്തുടര്‍ന്ന് അടുത്തവര്‍ഷം പുതിയ പാഠ്യപദ്ധതി നടപ്പാക്കുകയുമാണുണ്ടായത്. നിലവിലുണ്ടായിരുന്ന പാഠപുസ്തകസമിതികള്‍ പുനഃസംഘടിപ്പിക്കുകയും ഇന്ന് വിജയശതമാനത്തില്‍ പ്രതിഷേധിക്കുന്ന അധ്യാപകസംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തുകയും ചെയ്തു. അവര്‍ തയ്യാറാക്കിയ പാഠ്യപദ്ധതിയും മൂല്യനിര്‍ണയരീതിയുമനുസരിച്ച് 2002-03 മുതല്‍ 8, 9, 10 ക്ലാസുകളില്‍ പഠിച്ചവരാണ് 2005-06 വര്‍ഷങ്ങളില്‍ എസ്എസ്എല്‍സി പരീക്ഷയും 2007-08 വര്‍ഷങ്ങളില്‍ ഹയര്‍സെക്കന്ററി പരീക്ഷയും എഴുതിയത്. അവരുടെ വിജയശതമാനം വര്‍ധിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. വരും വര്‍ഷങ്ങളില്‍ ഇനിയും വര്‍ധിക്കുമെന്ന് പ്രവചിക്കാന്‍ ഒരു ജ്യോതിഷിയുടെയും സഹായമാവശ്യമില്ല.

വിമര്‍ശനമുന്നയിക്കുന്നവര്‍ ചെയ്യേണ്ട ഒരു കാര്യമുണ്ട്. ഏതെങ്കിലും ഹയര്‍സെക്കന്ററി സ്കൂള്‍ സന്ദര്‍ശിച്ച് അവിടെ നടക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചും വിദ്യാര്‍ഥികളുമായി സംവദിച്ചും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. പോരായ്മകളുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടിയാല്‍ പരിഹരിക്കാന്‍ അധികാരികളും അധ്യാപകരും തയ്യാറാകും. യാതൊരു പ്രതിഫലവും പറ്റാതെയും അനുവദനീയമായ യാത്രാപ്പടിപോലും കിട്ടാതെയുമാണ് കഴിഞ്ഞ അധ്യയനവര്‍ഷം ഹയര്‍സെക്കന്ററി അധ്യാപകര്‍ ക്ലസ്റ്റര്‍ പരിശീലന പരിപാടികളില്‍ പങ്കെടുത്തത്. ഇതെന്തിന് എന്ന് സംശയിച്ചുനിന്നവരും ഒന്നുരണ്ട് ക്ലസ്റ്റര്‍ യോഗങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിന്റെ ആവശ്യകത മനസ്സിലാക്കി സഹകരിച്ചുതുടങ്ങി.

ചലച്ചിത്രനിര്‍മാണത്തെക്കുറിച്ച് ഇംഗ്ലീഷ് പുസ്തകത്തിലുണ്ടായിരുന്ന ഒരു പാഠഭാഗം ശരിയാംവണ്ണം ഗ്രഹിക്കുന്നതിനുവേണ്ടി ഒരു ജില്ലയിലെ ഇംഗ്ലീഷ് അധ്യാപകന്‍ പ്രശസ്ത ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ക്ഷണിച്ചുകൊണ്ടുവന്ന് ക്ലാസെടുപ്പിച്ചു. ഒരു ദിവസം പൂര്‍ണമായി അദ്ദേഹം അവരോടൊത്ത് ചെലവഴിച്ചു. ഈ അനുഭവം ഉള്‍ക്കൊണ്ട അധ്യാപകര്‍ അവരുടെ ക്ലാസുകളെ ആഹ്ലാദകരമാക്കി. അതിന്റെ പ്രതിഫലനം പരീക്ഷാഫലത്തില്‍ ഉണ്ടാവുക സ്വാഭാവികം. ഇതേപോലെ എല്ലാ വിഷയങ്ങളിലും അധ്യാപകര്‍ പ്രവര്‍ത്തനാധിഷ്ഠിതമായ പാഠ്യപ്രവര്‍ത്തനാനുഭവങ്ങള്‍ സമ്പാദിക്കുന്നതിനായി വിദഗ്ദ്ധന്മാരുമായി ചര്‍ച്ച നടത്തുകയും അതിനനുസൃതമായി തങ്ങളുടെ ക്ലാസുകളെ ആഹ്ലാദകരമാക്കുകയും ചെയ്തു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയ മുഴുവന്‍പേരെയും അധിക്ഷേപിക്കുകയാണ് വിമര്‍ശകന്മാര്‍ ചെയ്യുന്നത്.

എന്താണ് നിലവാരം?

നിലവാരമില്ലാത്തവരെ വിജയിപ്പിക്കുകവഴി സമൂഹത്തിന് പരിഹരിക്കാനാവാത്ത ദ്രോഹം വരുത്തിവച്ചുവെന്നാണ് വിദ്യാഭ്യാസ വിചക്ഷണന്മാരായ ചിലര്‍ പരിതപിക്കുന്നത്. ഇവര്‍ പറയുന്ന നിലവാരം എന്താണ്? ആരാണ് അത് നിശ്ചയിച്ചത്? ഇവര്‍ വിദ്യാര്‍ഥികളായിരുന്നകാലത്ത് ഇവരുടെ നിലവാരമെന്തായിരുന്നുവെന്ന് ഒന്ന് സത്യസന്ധമായി ആത്മപരിശോധന നടത്തുക. അന്നത്തെ അധ്യാപനരീതിയും ഇന്നത്തെ രീതിയും തമ്മില്‍ താരതമ്യം ചെയ്യുക. എന്നിട്ടാവാം നിലവാരത്തെപ്പറ്റിയുള്ള സംവാദം.

പരീക്ഷയെന്ന അരിപ്പ സമ്പ്രദായത്തിന് പരമപ്രാധാന്യം നല്‍കുന്ന പഴയബോധനശാസ്ത്രത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരാണ് നിലവാരത്തെക്കുറിച്ച് വാചാലരാകുന്നത്. പഠിതാവിന്റെ ഓര്‍മയെയും രചനാവൈഭവത്തെയും മാത്രം പരിശോധിക്കുന്ന പരീക്ഷയെന്ന ഗുണനിയന്ത്രണയന്ത്രത്തിലൂടെ പരിക്കുകളില്ലാതെ കടന്നുവരുന്നവര്‍ക്കു മാത്രമേ നിലവാരമുണ്ടാകൂവെന്നാണ് ഇവരുടെ വിശ്വാസം. ആ സമ്പ്രദായത്തില്‍ രക്തസാക്ഷികളുടെ എണ്ണം കൂടും. ആ രക്തസാക്ഷികള്‍ക്കെന്തുപറ്റിയെന്ന് ഗുണാഢ്യന്മാര്‍ അന്വേഷിച്ചിട്ടുണ്ടോ?

കണക്ക് ക്ലാസില്‍ പൈതഗോറസ് തിയറം മനഃപാഠമാക്കി പരീക്ഷയെഴുതാന്‍ കഴിയാത്ത ഒരു സാധുവിദ്യാര്‍ഥി എസ്എസ്എല്‍സിക്ക് ദയനീയമായി പരാജയപ്പെട്ടു. പഠനമുപേക്ഷിച്ചു. പക്ഷെ അയാള്‍ പിന്നീട് വിദഗ്ദ്ധനായ ഒരു മരപ്പണിക്കാരനായിത്തീര്‍ന്നു. ഉത്തരവും കഴുക്കോലും വളയുമെല്ലാം നിലത്തുവച്ച് പണിചെയ്ത് ഒരു വെറ്റിലക്കനത്തിന്റെ വ്യത്യാസമില്ലാതെ ചുമരിനുമുകളില്‍വച്ച് അടിച്ചുറപ്പിച്ച് മേല്‍ക്കൂര നിര്‍മിക്കുന്നത് നമുക്ക് കാണാനാകും. അയാള്‍ പൈതഗോറസ് തിയറം പ്രയോഗിച്ച് കാണിച്ചുതരുന്നു. ഇയാളുടെ നിലവാരത്തെപ്പറ്റി ഗുണാഢ്യന്മാര്‍ക്ക് എന്താണ് പറയാനുള്ളത്?

ജന്മനാ വൈകല്യമുള്ളവരൊഴികെയുള്ള എല്ലാ കുട്ടികളും കഴിവുള്ളവരാണ്. അവരുടെ കഴിവുകളെ മനസ്സിലാക്കാന്‍ ആരും ശ്രമിക്കുന്നില്ല. ഇംഗ്ലീഷും ഗണിതവും രസതന്ത്രവും ഊര്‍ജ്ജതന്ത്രവും വച്ച് അവരുടെ നിലവാരത്തെ അളക്കാന്‍ ശ്രമിക്കുകയാണ് നിലവാരവാദികള്‍ ചെയ്യുന്നത്. കുറെപ്പേരെ യോഗ്യന്മാരും മറ്റുള്ളവരെ കഴിവില്ലാത്തവരുമായി ദയാശൂന്യമായി വിലയിരുത്തുകയാണ്. ഈ വിലയിരുത്തല്‍ ആത്മനിഷ്ഠമാണ്; കൂട്ടക്കുരുതിയാണ്. ആ നിലവാരനിര്‍ണയം പ്രൊക്രൂസ്റ്റസിന്റെ ശയ്യയാണ്. നീളം കുറഞ്ഞവനെ അടിച്ചുനീട്ടുകയും കൂടിയവനെ അരിഞ്ഞു വീഴ്ത്തുകയുമാണ്. അതവസാനിച്ചുപോയതിലുള്ള സങ്കടമാണ് നാം കേള്‍ക്കുന്നത്.

നൂറുമേനി

ജനിച്ചുവീഴുന്ന എല്ലാ ശിശുക്കളും ഒന്നാംക്ലാസിലെത്തുകയും ഒന്നാംക്ലാസില്‍ ചേരുന്ന മുഴുവന്‍പേരും പത്താംക്ലാസിലെത്തുകയും, പത്താംക്ലാസില്‍ പരീക്ഷയെഴുതുന്ന മുഴുവന്‍പേരും വിജയികളാവുകയും ചെയ്യുകയെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. തോല്‍ക്കാനിഷ്ടപ്പെടാത്തവരായിരിക്കണം പുതിയ തലമുറ. ആരുടെ മുമ്പിലും തോല്‍ക്കാത്തവരായിരിക്കണം കേരളത്തിലെ അടുത്ത തലമുറ. നൂറുമേനി കൊയ്യുകയെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അത് വിദ്യാഭ്യാസവകുപ്പിന്റെ മാത്രമല്ല. കേരളത്തിന്റെയാകെ ലക്ഷ്യമായിരിക്കണം.

-ശ്രീ വി. കാര്‍ത്തികേയന്‍ നായര്‍ കടപ്പാട്: ചിന്ത വാരിക

No comments:

Post a Comment

Visit: http://sardram.blogspot.com