10 March, 2009

ചെഗുവേര മകള്‍ക്കയച്ച അവസാന കത്ത്.

ചെഗുവേര മകള്‍ക്കയച്ച അവസാന കത്ത്.


'പ്രിയമുള്ള ഹില്‍ഡീറ്റ,

ഇന്നെഴുതുന്ന ഈ കത്ത്‌ നിനക്ക്‌ കിട്ടുന്നത്‌ വളരെ കഴിഞ്ഞായരിക്കും. നിന്നെ ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്‌. നിന്റെ ഈ പിറന്നാളിന്റെ അന്ന് നീ സന്തുഷ്ടയായിരിക്കുമെന്ന് വിശ്വസിക്കുന്നു. നീ ഏതാണ്ടൊരു യുവതിയായിക്കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക്‌ ഒരു കൊച്ചുകുഞ്ഞിനോടെന്ന പോലെ അര്‍ത്ഥമില്ലാത്ത വാക്കുകള് എഴുതി അയയ്ക്കാന്‍ എനിക്കിപ്പോള്‍ സാധ്യമല്ലല്ലോ?

ഞാനിപ്പോള്‍ വളരെ അകലെയൊരിടത്താണെന്ന് നിനക്കറിയാമായിരിക്കുമല്ലോ? ഇനിയും വളരെക്കാലം നമ്മുടെ ശത്രുക്കള്‍ക്കെതിരായി കഴിയുന്നതെല്ലാം ചെയ്തുകൊണ്ട്‌ ഇവിടെ തന്നെ തങ്ങേണ്ടി വരികയും ചെയ്യും. ഇതില്‍ എന്റെ സംഭാവന അത്ര വലുതല്ലെങ്കിലും മോശവുമല്ല. നിനക്ക്‌ നിന്റച്ഛനെപ്പറ്റി എപ്പോഴും അഭിമാനിക്കാനേ വകയുണ്ടാവൂ. എനിക്ക്‌ നിന്നെപ്പറ്റിയെന്ന പോലെ.


നമ്മുടെ സമരം വളരെ ദീര്‍ഘമായ ഒന്നാണെന്നും, നീ വളര്‍ന്ന് വലുതായിക്കഴിഞ്ഞാലും അതിനായി നിനക്ക്‌ നിന്റേതായ സംഭാവന നല്‍കാനുണ്ടാകുമെന്നും ഓര്‍ത്തിരിക്കണം. അതുവരെയ്ക്ക്‌ നല്ലൊരു വിപ്ലവകാരിയാകാന്‍ നീ തയ്യാറെടുക്കണം. നിന്റെ ഈ പ്രായത്തില്‍ അതിന്നര്‍ത്ഥം നീ നല്ലപോലെ കഴിവിന്റെ പരമാവധി പഠിക്കുകയും നീതിക്കുവേണ്ടി എല്ലായ്പ്പോഴും ശബ്ദമുയര്‍ത്താന്‍ സന്നദ്ധതയായിരിക്കുകയും വേണമെന്നാണ്‌. കൂടാതെ, അമ്മ പറയുന്നതനുസരിക്കണം. നീ വലിയ ആളാണെന്ന് ഭാവിക്കാതിരിക്കുകയും വേണം. അതിന്‌ സമയം വരുന്നുണ്ട്‌.


സ്കൂളിലെ ഏറ്റവും നല്ല കുട്ടികളില്‍ ഒരാളാകാന്‍ നീ ശ്രമിക്കണം. നല്ലതെന്ന് പറയുന്നത്‌ ഏതര്‍ത്ഥത്തിലാണെന്നറിയാമല്ലോ? എല്ലാ കാര്യങ്ങളിലും മുന്നില്‍ നില്‍ക്കണം. പഠനത്തിലും വിപ്ലവത്തിനു പറ്റിയ തരത്തിലുള്ള പെരുമാറ്റത്തിലുമെല്ലാം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കാര്യ ഗൌരവത്തോടെ പണിയെടുക്കുകയും മാതൃഭൂമിയോടും വിപ്ലവത്തോടും കൂറു പുലര്‍ത്തുകയും, സഖാക്കളെപോലെ പെരുമാറുകയും മറ്റും മറ്റും വേണം. നിന്റെ പ്രായത്തില്‍ ഞാനങ്ങനെ ആയിരുന്നില്ല. പക്ഷേ, അപ്പോള്‍ ഞാന്‍ ജീവിച്ചിരുന്നത്‌ മനുഷ്യര്‍ പരസ്പരം ശത്രുക്കളെപ്പോലെ കടിപിടി കൂടിയിരുന്ന ഒരു സമൂഹത്തിലായിരുന്നുവെന്ന് ഓര്‍ക്കുമല്ലൊ. തികച്ചു വ്യത്യസ്തമായ മറ്റൊരു കാലഘട്ടത്തില്‍ ജീവിക്കാനുള്ള സൌഭാഗ്യം നിനക്ക്‌ കൈവന്നിട്ടുണ്ട്‌. അതു മറക്കാതെ നീ ജീവിക്കുകയും വേണം.

ഇടയ്ക്കിടയ്ക്ക്‌ കൊച്ചുങ്ങളുടെ കാര്യം ശ്രദ്ധിക്കുകയും ശരിക്കു പഠിക്കാനും പെരുമാറാനും അവരെ ഉപദേശിക്കുകയും ചെയ്യണം. അലൈഡീറ്റയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. ചേച്ചിയെന്ന നിലയ്ക്ക്‌ നിന്നോട്‌ അവള്‍ക്ക്‌ എന്ത്‌ ആരാധനാഭാവമാണുള്ളതെന്നറിയാമല്ലോ?

എന്നാല്‍ വല്യമ്മേ നിര്‍ത്തട്ടെ. ഒരിക്കല്‍ കൂടി ജന്മദിനാശംസകള്‍! എനിക്കുവേണ്ടി അമ്മയേയും ഗീനയേയും കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കുക. നമ്മുടെ വേര്‍പാടിന്റെ കാലമത്രയും ഓര്‍മ്മയിരിക്കത്തക്കവിധത്തില്‍ ഈ എഴുത്തിലൂടെ നിന്നെ ഒന്നു കെട്ടിപ്പിടിച്ചുമ്മ വയ്ക്കുവാന്‍ എന്നെയും അനുവദിക്കുക.


എന്ന് സ്വന്തം, അച്ഛന്‍

No comments:

Post a Comment

Visit: http://sardram.blogspot.com