03 August, 2014

ഗാസ


"അത്യാധുനിക പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഗാസയിലെ അഭയാര്‍ഥികേന്ദ്രങ്ങളും സ്കൂളുകളും പള്ളികളും ചേരികളും ഇസ്രയേല്‍ ആക്രമിക്കുന്നത്. തിരിച്ചടിക്കാന്‍ സൈന്യമോ ആയുധങ്ങളോ സന്നാഹങ്ങളോ ഒന്നുമില്ലാത്ത ജനതയ്ക്കുനേരെയാണ് അതിക്രമം. എന്നിട്ടതിനെ യുദ്ധമെന്ന് വിളിക്കുന്നു. ഇത് യുദ്ധമല്ല, കൂട്ടക്കൊലയാണ്"
 
-- നോം ചോംസ്കി

ഇമാദ് ഇല്‍വന്‍ എന്ന ഏഴുവയസ്സുകാരന്‍ ഉമ്മയുടെ മടിത്തട്ടില്‍ നിശ്ചലനായി കിടന്നു. പൊതിഞ്ഞിരുന്ന തുണിക്കെട്ടും പിന്നിട്ട് അവന്റെ ചോര ഒഴുകിയെത്തിക്കൊണ്ടിരുന്നു. എങ്കിലും ആ ഉമ്മ, അല്ല, കുറെ ഉമ്മമാര്‍ അവനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു; ഒരിക്കലും ഉണരില്ലെന്ന് അറിഞ്ഞിട്ടും. മണിക്കൂറുകള്‍ക്കുമുമ്പുമാത്രമാണ് മറ്റൊരു മകന്റെ മൃതദേഹം ആ ഉമ്മയുടെ മടിത്തട്ടില്‍നിന്ന് കബറിടത്തിലേക്ക് മറഞ്ഞത്. 

* വടക്കന്‍ ഗാസയിലെ പള്ളികളിലൊന്നില്‍ ഒരുക്കിയ കുഴിമാടത്തിനുമുന്നില്‍ ഹിഷാം അബു തന്റെ മകളെ മാറോടടക്കി നിന്നു. അവളുടെ കവിളില്‍ ഒരു ചുംബനം. അവസാന ചുംബനം. ചുറ്റും നിന്നവര്‍ തേങ്ങലടക്കാന്‍ പാടുപെട്ടു. ആ കൊച്ചുകബറിടത്തില്‍ മകളുടെ ചേതനയറ്റ ശരീരത്തിനൊപ്പം തന്റെ തകര്‍ന്ന ഹൃദയംകൂടിയാണ് ആ അച്ഛന്‍ കുഴിച്ചുമൂടുന്നത്.

* ബെയ്ത് ഹാനൂണിലെ തെരുവിലൂടെ കുറെ മനുഷ്യര്‍. സങ്കടവും രോഷവും സഹിക്കാനാകാതെ പലരും ഉച്ചത്തില്‍ നിലവിളിക്കുന്നു. നോഹ മിസ്ലിയ എന്ന ഒരു വയസ്സുകാരിയുടെ മൃതദേഹം മറ്റാര്‍ക്കും കൈമാറാന്‍ പിതാവ് ഒരുക്കമല്ല. അവളുടെ മുറിവേറ്റ മുഖത്ത് നോക്കി ഇടയ്ക്കിടെ അയാള്‍ പൊട്ടിക്കരഞ്ഞു. "എന്റെ കുഞ്ഞ് എന്ത് തെറ്റുചെയ്തു?" ചേതനയറ്റ മകളുടെ കുഞ്ഞുശരീരം ആകാശത്തേക്കുയര്‍ത്തി ആ പിതാവ് ചോദിച്ചു. ഇല്ല, ലോകത്തിന് ഉത്തരമില്ല.

* ബെയ്ത് ലഹിയയിലെ തെരുവില്‍ തീഗോളം വന്നുവീണത് പെട്ടെന്നാണ്്. മണ്ണടിഞ്ഞ നിരവധി ജീവനുകള്‍ക്കിടയില്‍ ഒരു മൂന്നുവയസ്സുകാരിയും. അച്ഛന്‍ നല്‍കിയ കാശുമായി തൊട്ടടുത്ത കടയില്‍ മിഠായി വാങ്ങാനിറങ്ങിയതായിരുന്നു അവള്‍. പിടഞ്ഞുവീഴുമ്പോഴും ആ കുഞ്ഞുകൈയില്‍ മുറുകെപ്പിടിച്ചിരുന്നു ഏറെ കൊതിച്ച മിഠായിക്കുള്ള നാണയത്തുട്ട്.

* ഖാന്‍ യൂനിസിലെ ട്രക്കുകള്‍ നിറയെ സ്ത്രീകളും കുട്ടികളും. തിങ്ങിഞെരുങ്ങിയ ട്രക്കുകളില്‍നിന്ന് കുഞ്ഞുതലകള്‍മാത്രം പുറത്തേക്ക്. അവര്‍ പോവുകയാണ്. ബോംബുകള്‍ വീഴാത്ത ഏതെങ്കിലുമൊരിടം തേടി. മുതിര്‍ന്നവര്‍ക്കറിയാം, ആ ചെറുതുണ്ട് ഭൂമിയില്‍ അങ്ങനെയൊരിടം ഉണ്ടാകില്ലെന്ന്. എങ്കിലും കുഞ്ഞുകണ്ണുകളില്‍ പ്രതീക്ഷയുണ്ട്. ഗാസ മെഡിറ്ററേനിയന്‍ തീരത്ത് 40 കിലോമീറ്റര്‍ നീളവും ശരാശരി എട്ടു കിലോമീറ്റര്‍ വീതിയുമുള്ള ഈ മണ്‍ചീന്തില്‍നിന്ന് ഇത്തരത്തില്‍ ഒരായിരം ദൃശ്യങ്ങള്‍ വരച്ചുകാട്ടാനാകും.

ഭൗമോപരിതലത്തില്‍ ഏറ്റവും ജനനിബിഡമായ പ്രദേശങ്ങളിലൊന്നാണ് ഗാസ. ഏറ്റവുമധികം ദുരിതം പെയ്തിറങ്ങുന്നതും ഇവിടെത്തന്നെ. പേമാരിയോ ഭൂകമ്പമോ അല്ല. ആ വിനാശകാരിക്ക് പേര് ഇസ്രയേല്‍. ഇസ്രയേലിന്റെ പീരങ്കിവെടിയേറ്റാണ് ഇമാദും നോഹയുമെല്ലാം പിടഞ്ഞുവീണത്. ഹിറ്റ്ലറാല്‍ വേട്ടയാടപ്പെട്ട ജൂതന്മാരുടെ രാഷ്ട്രം നാസിഭീകരതയ്ക്കും അപ്പുറം തേടുകയാണ് പലസ്തീന്റെ മണ്ണില്‍. നാസികള്‍ ജൂതരോട് ചെയ്തതുതന്നെ ജൂതര്‍ പലസ്തീന്‍ ജനതയോട് ചെയ്യുന്നത് കാണുന്നതാണ് തന്റെ ഏറ്റവും വലിയ ദുഃഖമെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞിട്ടുണ്ട്. ഇത് എഴുതുമ്പോള്‍ ഗാസയിലെ ഇസ്രയേലി കടന്നാക്രമണത്തിന്റെ പുതിയ പതിപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 800 പിന്നിട്ടു. ഇതില്‍ ഇരുനൂറിലേറെയും പിഞ്ചുകുഞ്ഞുങ്ങള്‍. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥികേന്ദ്രത്തില്‍പ്പോലും ബോംബിടുന്നു സയണിസ്റ്റ് യുദ്ധവെറി. 'ഓപറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ്' എന്ന് പേരിട്ട ആക്രമണം രണ്ടാഴ്ച പിന്നിട്ടപ്പോള്‍ യുഎന്‍ കേന്ദ്രങ്ങളില്‍ അഭയംതേടിയത് ഒന്നരലക്ഷത്തോളംപേര്‍.

*****

പതിനെട്ടുലക്ഷത്തിലേറെയാണ് ഗാസയിലെ ജനസംഖ്യ. ഇതില്‍ പകുതിയോളവും കുട്ടികള്‍. ലോകത്ത് ഇങ്ങനെയൊരു സ്റ്റാറ്റിസ്റ്റിക്സ് മറ്റെവിടെയും ഉണ്ടാകില്ല. ഇസ്രയേലി ആക്രമണത്തിന് സ്ത്രീകളും കുട്ടികളും അബദ്ധത്തില്‍ ഇരയാവുകയല്ല. ബോധപൂര്‍വം കുരുന്നുകളെ കൊന്നൊടുക്കുകയാണ്. ഇസ്രയേലി വനിതാ എംപി അയലെത് ഷാക്കിദ് ഇക്കാര്യം വ്യക്തമാക്കി "എല്ലാ പലസ്തീന്‍കാരുടെയും അമ്മമാരെയും കൊന്നൊടുക്കണം. അവരാണ് കുഞ്ഞുപാമ്പുകളെ പെറ്റുതള്ളുന്നത്. അവരുടെ വീടുകള്‍ തകര്‍ക്കണം. എല്ലാ പലസ്തീന്‍കാരും നമ്മുടെ ശത്രുക്കളാണ്. അവരുടെ രക്തം നമ്മുടെ കൈകളില്‍ പുരളുകതന്നെ വേണം" അയലെത് പറഞ്ഞു. ഗാസയുടെ വിണ്ണും മണ്ണും വീട്ടില്‍നിന്ന് ഒരു വഴിക്കിറങ്ങുമ്പോള്‍ മുത്തച്ഛന്മാര്‍ ഇപ്പോഴും കിഴക്കും പടിഞ്ഞാറും ഒന്നു മലര്‍ന്ന് നോക്കാറുണ്ട് എങ്ങാനും മഴയ്ക്ക് സാധ്യതയുണ്ടോ. ഗാസയിലെ തിങ്ങിഞെരുങ്ങിയ ചെറുവീടുകളില്‍നിന്ന് ഇറങ്ങുംമുമ്പും മുത്തച്ഛന്മാര്‍മുതല്‍ പേരക്കുട്ടികള്‍വരെ ആകാശത്ത് പരതാറുണ്ട് ഒരു തീപ്പറവയുടെ കൊള്ളിയാന്‍ മിന്നുന്നുവോ? കാത് കൂര്‍പ്പിക്കാറുണ്ട് ഒരു യന്ത്രക്കാക്കയുടെ പോര്‍വിളി മുഴങ്ങുന്നുവോ? ശ്വാസം ഒന്നുള്ളിലേക്ക് എടുക്കാറുണ്ട് അകലെനിന്നെങ്ങാനും വെടിമരുന്നിന്റെ ഗന്ധം പരക്കുന്നുവോ?

നമ്മുടെ കുഞ്ഞുങ്ങള്‍ വല്ലപ്പോഴും മാനത്തേക്ക് നോക്കാറ് അമ്പിളിമാമനെ കാണാനാണ്. അല്ലെങ്കില്‍, ഒരു മഴവില്ലിന്റെയോ മേഘക്കീറിന്റെയോ മനോഹാരിത തേടി. ഗാസയിലെ കുട്ടികള്‍ സദാസമയവും മാനംനോക്കികളാണ്. അമ്പിളിയെയോ മഴവില്ലിനെയോ മേഘങ്ങളെയോ തേടിയല്ല അവരുടെ കുഞ്ഞുകൃഷ്ണമണികള്‍ ആകാശത്ത് ഓടിക്കളിക്കുന്നത്. തീതുപ്പുന്ന ചിറകുകളും രാക്ഷസന്റെ മുരള്‍ച്ചയുമായി ആ പറവയെത്തുന്നുവോ? കുഞ്ഞിക്കണ്ണുകള്‍ മാനത്ത് പരതുക അതാകും. വല്ലപ്പോഴുമല്ല, എല്ലായ്പോഴും അവര്‍ മാനം നോക്കിക്കൊണ്ടേയിരിക്കുന്നു. ഇസ്രയേലിന്റെ പോര്‍വിമാനങ്ങള്‍ പറന്നെത്തുന്നത് സമാനതകളില്ലാത്ത ക്രൂരതയുടെ ചിറകുമായാണ്. ആഹ്ലാദത്തിന്റെ നിറമല്ല ഗാസയുടെ ആകാശത്തിന്. അതിന് ഭീതിയുടെ കറുപ്പാണ്. മരണത്തിന്റെ നിറമില്ലായ്മയാണ്. വല്ലപ്പോഴുമെത്തുന്ന നീലിമയും പ്രശാന്തിയുടെ നിറമല്ല. അടുത്ത ദുരിതമഴയ്ക്കായി കാര്‍മേഘം മൂടാനുള്ള ഇടവേളമാത്രം. അങ്ങകലെ ഇസ്രയേലി കുന്നുകളിലിരുന്ന് ഗാസയുടെ ആകാശത്ത് വിരിയുന്ന തീപ്പൂക്കള്‍ കണ്ട് കരിമരുന്നുപ്രയോഗത്തിന്റെ ആവേശത്തോടെ ആര്‍പ്പുവിളിക്കുന്നവരുണ്ട്. പക്ഷേ, ഹൃദയമുള്ള ഒരു മനുഷ്യനും ആ ദൃശ്യങ്ങള്‍ ആസ്വദിക്കാനാകില്ല. പോര്‍വിമാനങ്ങള്‍ തീതുപ്പുന്ന ഗാസയുടെ ആകാശസൗന്ദര്യത്തെക്കുറിച്ച് ഒരു കവിക്കും എഴുതിക്കൂട്ടാനാകില്ല.

ഗാസയുടെ മണ്ണില്‍ ഏറെയുണ്ടാവുക എന്താണ്? സംശയിക്കേണ്ട. ഇസ്രയേല്‍ ചൊരിഞ്ഞ ബോംബുകളുടെ ശേഷിപ്പുകള്‍തന്നെ. ഒരുപക്ഷേ, ഗാസയില്‍ പൂക്കളേക്കാള്‍ കൂടുതല്‍ ബോംബുകളാണ്. മണ്‍വെട്ടിയുടെ നാല് വെട്ടില്‍ ഒരെണ്ണം ബോംബിന്‍ചീളില്‍ തറയ്ക്കാതിരിക്കില്ല. പതിറ്റാണ്ടുകളായി ഇസ്രയേല്‍ ചൊരിയുന്ന ബോംബുകളും മിസൈലുകളും പിളര്‍ക്കാത്ത ഒരിടവുമില്ല ഗാസയുടെ മണ്ണില്‍.

ഗാസയിലെ ജീവിതം

ഇസ്രയേലിന്റെ തോക്കിന്‍കുഴലിനുകീഴില്‍ ദുരിതങ്ങളോടുള്ള പോരാട്ടമാണ് ഗാസയിലെ ജീവിതം. പലസ്തീന്റെ ശൈശവം പിച്ചവയ്ക്കുന്നതും ബാല്യം ഓടിക്കളിക്കുന്നതും ഭീതിയുടെ നിഴലില്‍. വേദനയും കണ്ണീരും രോഷവും പ്രതിഷേധവുമെല്ലാം ചുറ്റും വളയപ്പെട്ട വലിയൊരു തടവറയില്‍. ആരും എപ്പോഴും വീണുപോയേക്കാം.

കുടുംബം പോറ്റാന്‍ തെരുവില്‍ വിയര്‍ക്കുന്ന ആണുങ്ങള്‍ക്കും തകര്‍ന്നടിഞ്ഞ സ്കൂളിന്റെ തകരാത്ത മൂലയില്‍ അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടുന്ന കുഞ്ഞുമക്കള്‍ക്കുമുള്ള പ്രാര്‍ഥനയാണ് ഗാസയിലെ പെണ്ണ്. ഇറങ്ങിപ്പോയാല്‍ തിരികെയെത്തുമെന്ന് ഒരുറപ്പുമില്ലാത്ത ജീവിതങ്ങള്‍ക്കായി വീട്ടകങ്ങളിലെ കാത്തിരിപ്പ്. മുറ്റത്തുനിന്ന് പെറുക്കിക്കൂട്ടിയ ബോംബിന്‍കൂടുകളില്‍ വളര്‍ന്ന പൂക്കളാല്‍ മകന്റെ കുഴിമാടത്തിന് അരികൊരുക്കുന്നത് അവളുടെ പ്രതിഷേധം.

ചിതറിത്തെറിച്ച മകളുടെ മൃതദേഹത്തിനുമുന്നില്‍ കരയാന്‍ മറന്നുപോയ ഒരു വിതുമ്പല്‍, മുറിവേറ്റ മക്കളെ തോളിലേറ്റി ആശുപത്രിയിലേക്കോടുന്ന നിലവിളി, ഭാര്യയുടെ വിങ്ങലിനും പെങ്ങളുടെ തേങ്ങലിനും മക്കളുടെ പേക്കിനാവിനും താങ്ങാകാന്‍ ഒരിടം... ഇതൊക്കെയാണ് ഗാസയിലെ ആണ്‍ജീവിതം.

. *****

ഗാസയിലെ വരുംതലമുറയുടെയും മാനസികാരോഗ്യത്തെ തകര്‍ക്കാന്‍കൂടി ലക്ഷ്യമിട്ടാണ് അമേരിക്കയുടെ അനുഗ്രഹാശിസ്സുകളോടെയുള്ള ഇസ്രയേലിന്റെ കൂട്ടക്കൊല. അമേരിക്കന്‍ സര്‍ക്കാരിനെത്തന്നെ നിയന്ത്രിക്കുന്നത് ജൂതലോബിയാണെന്ന് ബോധ്യമാകും ബറാക് ഒബാമയുടെ ഇസ്രയേലി വിധേയത്വം കണ്ടാല്‍. ലോകരാഷ്ട്രങ്ങളുടെ ശക്തമായ വികാരം മാനിച്ച് ഇസ്രയേലിനെതിരെ യുദ്ധക്കുറ്റം ചുമത്തേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭയ്ക്ക് പറയേണ്ടിവന്നു. ജൂലൈ 23ന് ജനീവയില്‍ ചേര്‍ന്ന യുഎന്‍ മനുഷ്യാവകാശസമിതിയില്‍ ഇസ്രയേലിനെ ശക്തമായി ന്യായീകരിച്ച ഏകരാജ്യം അമേരിക്കയാണ്. 47 അംഗ സമിതിയില്‍ 29 രാജ്യങ്ങള്‍ ഇസ്രയേലി ആക്രമണം അന്വേഷിക്കണമെന്ന പ്രമേയത്തെ പിന്തുണച്ചപ്പോള്‍, 17 യൂറോപ്യന്‍ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ശിഖണ്ഡികളായി. വിശ്വസമാധാനപാലകരെന്ന് സ്വയം മേനിനടിക്കുന്ന അമേരിക്കമാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തത്.

*****

കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് തെറ്റാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ നൂറുകണക്കിന് പ്രകടനങ്ങള്‍ നടത്തേണ്ടിവരുമ്പോഴാണ് മനുഷ്യത്വം മരിച്ചതായി നമുക്ക് ബോധ്യപ്പെടുക. നിങ്ങള്‍ ഇത്രയൊക്കെ ചെയ്തിട്ടും ഞങ്ങള്‍ ഇവിടെ ജീവിച്ചിരിക്കുന്നു എന്ന പ്രഖ്യാപനംതന്നെയാണ് സയണിസ്റ്റ് ഭീകരതയ്ക്കെതിരായ ഗാസയുടെ പ്രതിഷേധം. പാശ്ചാത്യലോകത്തിന്റെ തന്ത്രപരമായ നിഷ്പക്ഷതയ്ക്കും നിസ്സംഗതയ്ക്കുമുള്ള ചെകിട്ടത്തടിയുമാകുന്നു ഗാസയില്‍ ശേഷിക്കുന്ന ഓരോജീവനും. അതിലൊന്ന് നമ്മുടെ ഭരണാധികാരികളുടെ ചെകിട്ടിലും വീഴുന്നു.
--വിജേഷ് ചൂടല്‍