26 March, 2009

പരിധിവിടുന്ന നീതിപീഠം

പരിധിവിടുന്ന നീതിപീഠം

സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നെന്ന ഹൈക്കോടതി ജഡ്ജി വി രാംകുമാറിന്റെ പരാമര്‍ശം നീതിന്യായവ്യവസ്ഥയുടെ അതിരുകള്‍ ലംഘിക്കുന്നതാണ്. കേസുമായി ബന്ധമില്ലാത്ത കാര്യത്തില്‍ പരാമര്‍ശം നടത്തുന്നതിനു ജഡ്ജിക്ക് അധികാരമില്ല. സംസ്ഥാനത്തെ ക്രമസമാധാനനിലയെ സംബന്ധിച്ച് ഏതു വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം നിഗമനങ്ങളില്‍ എത്തുന്നത്?

കോടതി മുറിയിലിരിക്കുന്ന ജഡ്ജിക്ക് നാട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെ സംബന്ധിച്ചും ധാരണയുണ്ടാകില്ല. ജഡ്ജിമാര്‍ തങ്ങളുടെ മുമ്പിലെത്തുന്ന തെളിവുകളുടെയും വാദമുഖങ്ങളുടെയും അടിസ്ഥാനത്തിലാണ് നിഗമനങ്ങളില്‍ എത്തുന്നത്. വിചാരണവേളയില്‍ സത്യം വെളിച്ചത്തുകൊണ്ടുവരുന്നതിന് വാദത്തിനിടയില്‍ ചില ചോദ്യം ഉന്നയിക്കാറുണ്ട്. എന്നാല്‍, ഒരു ക്രിമിനല്‍ക്കേസില്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിനിടയില്‍ സംസ്ഥാനത്തെ ക്രമസമാധാനത്തെക്കുറിച്ച് എവിടെനിന്നാണ് വിവരം കിട്ടുന്നത്. സര്‍ക്കാരിന്റെ അഭിപ്രായം കേള്‍ക്കാതെ നിഗമനത്തില്‍ എത്തുന്നത് ഏകപക്ഷീയമായ പ്രവര്‍ത്തനവും പ്രാഥമികനീതിയുടെ നിഷേധവുമാണ്.

ഇതേ ജഡ്ജിതന്നെയാണ് കണ്ണൂരില്‍ ആകെ പ്രശ്നമാണെന്നും കേന്ദ്രസേനയെ വിന്യസിക്കണമെന്നും അതിനു ഗവര്‍ണര്‍ മുന്‍കൈ എടുക്കണമെന്നും മറ്റൊരു കേസില്‍ അഭിപ്രായപ്പെട്ടത്. ആ പരാമര്‍ശം പിന്നീട് ഡിവിഷന്‍ ബെഞ്ച് തിരുത്തി. എന്നാല്‍, ആദ്യത്തെ പരാമര്‍ശം ആഘോഷിച്ച് ഒന്നാംപേജില്‍ നിരത്തിയ പത്രങ്ങളും ചര്‍ച്ചകളും വിശകലനങ്ങളുമായി കൊഴുപ്പിച്ച ദൃശ്യമാധ്യമങ്ങളും ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം പാര്‍ശ്വവല്‍ക്കരിച്ചു. പരാമര്‍ശങ്ങള്‍ ദുരുപയോഗപ്പെടുത്തുന്ന രീതി, ഇതില്‍നിന്ന് പഠിക്കാതെയാണ് ജഡ്ജി വി രാംകുമാര്‍ വീണ്ടും അത്തരം രീതി തുടരുന്നത്.

പൊലീസ്‌മെഡല്‍ നല്‍കുന്നതിനെ സംബന്ധിച്ച് ആഭ്യന്തരമന്ത്രിയെ കുറ്റപ്പെടുത്തി പരാമര്‍ശം നടത്തിയതും ഇതേ ജഡ്ജിയായിരുന്നു. ഒരു ബന്ധവുമില്ലാത്ത കാര്യത്തില്‍ മറ്റൊരു കേസില്‍ ഇത്തരം പരാമര്‍ശം നടത്തുമ്പോള്‍ ഹൈക്കോടതിയെ സംബന്ധിച്ച് ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുകയാണ് ചെയ്യുന്നത്. മെഡല്‍ കിട്ടാന്‍ ശ്രമിച്ച് പരാജയപ്പെട്ടയാളോ ശുപാര്‍ശ നല്‍കി നിരാശപ്പെട്ടയാളോ നടത്തുന്ന പരാമര്‍ശംപോലെ ജഡ്ജിമാര്‍ അഭിപ്രായം പ്രകടിപ്പിക്കരുത്. കോടതിയില്‍ ഏതു ജഡ്ജിയാണ് പരാമര്‍ശം നടത്തിയതെന്ന് ജനം അന്വേഷിക്കില്ല. ഹൈക്കോടതിയുടെ പൊതു അഭിപ്രായമായി ജനം തെറ്റിദ്ധരിക്കുമെന്നതുകൊണ്ട് സ്വയം നിയന്ത്രിക്കാന്‍ ജഡ്ജിമാര്‍ തയ്യാറാകണം.

തലശേരി താലൂക്കില്‍ നടക്കുന്ന കാര്യങ്ങളെല്ലാം തലശേരി മണ്ഡലത്തിലാണെന്ന് ഹൈക്കോടതി ജഡ്ജി അജ്ഞതയില്‍നിന്ന് പറയുമ്പോള്‍ ആ സ്ഥാപനത്തെക്കുറിച്ച് ജനം എന്തു പറയും. കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കുറവായ ജില്ലയാണ് കണ്ണൂര്‍ എന്ന് വസ്തുതകള്‍ നിരത്തി അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ വാദിച്ചത് കോടതിക്കും ബോധ്യപ്പെട്ടതാണ്. ക്രമസമാധാനപരിപാലനത്തില്‍ കേരളം മികച്ച നിലയിലാണെന്ന് കേന്ദ്രസര്‍ക്കാരുള്‍പ്പെടെ നിരവധി ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തിയത് കാണാനുള്ള ക്ഷമ കാണിച്ചിരുന്നെങ്കില്‍ ഈ നിരീക്ഷണം നടത്തേണ്ടിവരില്ലായിരുന്നു.

കേസിന്റെ വിചാരണയ്ക്കിടയില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക് നിയമപരമായി സാധുതയില്ല. എന്നാല്‍, നീതിപീഠത്തിന്റെ പരാമര്‍ശങ്ങളെ കോടതിയുടെ വിധിയെന്ന മട്ടില്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുമെന്ന കാര്യം മറക്കരുത്. സര്‍ക്കാരിനുണ്ടാകുന്ന പോരായ്മകളും തെറ്റുകളും ചൂണ്ടിക്കാണിക്കാനും തിരുത്തിക്കാനും നിയമത്തിനകത്തുനിന്ന് ഹൈക്കോടതിക്ക് നിശ്ചിതമായ അധികാരമുണ്ട്. അത്തരം വിധികളെ ബഹുമാനിക്കുകയും പറ്റിയ തെറ്റ് തിരുത്തുകയും ചെയ്യുന്നതില്‍ ദുരഭിമാനമില്ലാത്ത സര്‍ക്കാരാണ് നാട് ഭരിക്കുന്നത്. എന്നാല്‍, എന്തും പറയാന്‍ തങ്ങള്‍ക്ക് അധികാരവും അവകാശവുമുണ്ടെന്ന മട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരസ്യമായി തുറന്നുകാട്ടേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.

കോടതിയില്‍നിന്ന് തെറ്റായ വിധിയോ പരാമര്‍ശമോ ഉണ്ടായാല്‍ അപ്പീല്‍ കൊടുത്തു തിരുത്തിക്കുക എന്ന നിയമപരമായ രീതിയാണ് സാധാരണ പിന്തുടരാറുള്ളത്. എന്നാല്‍, തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ നടത്തിയ പരാമര്‍ശം തിരുത്തിക്കാന്‍ അപ്പീല്‍ നല്‍കിയാല്‍ വിധി വരുമ്പോഴേക്കും തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കും. അതുകൊണ്ടുകൂടിയാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ശരിയായ രീതിയില്‍ പ്രതികരിച്ചത്.

തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തില്‍ പെരുമാറ്റച്ചട്ടം കോടതിക്കും ബാധകമാണെന്ന ആഭ്യന്തരമന്ത്രിയുടെ പ്രതികരണം പ്രസക്തമാണ്. രാഷ്ട്രീയമായി ജനങ്ങളെ സ്വാധീനിക്കുന്ന ഒരു നടപടിയും ഭരണഘടനാസ്ഥാപനങ്ങളില്‍നിന്ന് ഉണ്ടാകാന്‍ പാടില്ല. അത് കോടതിയും മനസ്സിലാക്കണം. യുഡിഎഫിന്റെ രാഷ്ട്രീയ പ്രചാരവേലയ്ക്ക് ആയുധമായി മാറുന്ന പരാമര്‍ശം ഇത്തരം സന്ദര്‍ഭത്തില്‍ വരുമ്പോള്‍ സ്വാഭാവികമായും ജനം അതില്‍ പക്ഷപാതിത്വം കാണും.

ജനാധിപത്യത്തിന്റെ ഏറ്റവും ഉന്നതമായ പ്രവര്‍ത്തനങ്ങളിലൊന്നായ തെരഞ്ഞെടുപ്പിനെ 'കളി'യായി കാണുന്ന ജഡ്ജിക്ക് ഭരണഘടനയുടെ കാവല്‍ക്കാരനാകാന്‍ കഴിയില്ല. ഭരണഘടന ഓരോ സ്ഥാപനങ്ങള്‍ക്കും അതിന്റേതായ അധികാരങ്ങള്‍ നിര്‍വചിച്ചിട്ടുണ്ട്. പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കുകയെന്ന ഉത്തരവാദിത്തം നിയമനിര്‍മാണസഭയ്ക്കും എക്സിക്യൂട്ടിവിനും നീതിന്യായവ്യവസ്ഥയ്ക്കുമുണ്ട്. ഭരണഘടന ഭേദഗതിചെയ്യുന്നതിനും ജഡ്ജിമാരെ ഇംപീച്ച് ചെയ്യുന്നതിനും അധികാരമുള്ള സംവിധാനത്തിലേക്കുള്ള തെരഞ്ഞെടുപ്പിനെ കളിയായി കാണുന്നത് പച്ചയ്ക്കു പറഞ്ഞാല്‍ ധിക്കാരമാണ്. നീതിപീഠത്തിന്റെ മഹനീയത സംരക്ഷിക്കുന്നതിന് ചീഫ് ജസ്റ്റിസ് സുവോമോട്ടയായി ഇടപെട്ട് അതിരുകടക്കുന്ന പരാമര്‍ശം റദ്ദാക്കുകയാണ് വേണ്ടത്.

1 comment:

  1. 2001 മെയ് - അന്ന് ജയിലിലായിരുന്നു മദനി. ഈ തെരഞ്ഞെടുപ്പില്‍ പി.ഡി.പി. എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിനു വേണ്ടി പരസ്യമായി പ്രചാരണത്തിനിറങ്ങിയിരുന്നു.

    ReplyDelete

Visit: http://sardram.blogspot.com