09 March, 2009

യേശു പൊതുപ്രവര്‍ത്തകരോടാവശ്യപ്പെടുന്നത്

യേശു പൊതുപ്രവര്‍ത്തകരോടാവശ്യപ്പെടുന്നത്

യേശുവിന്റെ മനുഷ്യാവതാരം ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ കേന്ദ്രസത്യമാണ്. ദൈവം മനുഷ്യനായി അവതരിച്ച ദിവസത്തിന്റെ ഓര്‍മയും ആഘോഷവുമാണ് ക്രിസ്ത്യാനികളുടെ ക്രിസ്മസ്. എന്നാല്‍ ബിസി 6നും എഡി 30നും ഇടയില്‍ നസ്രത്തില്‍ ജീവിച്ചിരുന്ന ആശാരിപ്പണിക്കാരനായ ആ യഹൂദയുവാവ് സ്വയം വിശേഷിപ്പിച്ചത് മനുഷ്യപുത്രന്‍ എന്നായിരുന്നു. ഹീബ്രു ഭാഷയിലും അരമായ ഭാഷയിലും ഈ പ്രയോഗത്തിന് മനുഷ്യന്‍ എന്നാണ് അര്‍ഥം.

മനുഷ്യപുത്രനായ യേശു മനുഷ്യഭാവനയെ ഉദ്ദീപിപ്പിക്കുകയും ചിന്തയെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന സവിശേഷതയുള്ള ചരിത്രപുരുഷനാണ്. മനുഷ്യനായ യേശുവിനെ ഞാന്‍ ഇഷ്ടപ്പെടുന്നു; സ്നേഹിക്കുന്നു; ആരാധിക്കുന്നു; അനുകരിക്കുന്നു. മൂന്നു വര്‍ഷംമാത്രം നീണ്ടുനിന്ന യേശുവിന്റെ പൊതുജീവിതം പൊതുപ്രവര്‍ത്തകര്‍ക്ക് ഉത്തമമായ മാതൃകയാണ്.

ഹേറോദേസ് രാജാവിന്റെ കാലത്ത് യൂദയായിലെ ബേത്‌ലഹെമില്‍ യേശു ജനിച്ചതായി ബൈബിള്‍ പറയുന്നു. നസ്രത്തിന് 11 കിലോമീറ്റര്‍ അകലെയാണ് ബേത്‌ലഹെം. നസ്രത്തില്‍ ജീവിച്ചിരുന്ന ജോസഫും മേരിയും അഗസ്റ്റസ് സീസറിന്റെ കല്‍പ്പനയനുസരിച്ചാണ് സ്വന്തം നഗരമായ ബേത്‌ലഹെമില്‍ പേരെഴുതിക്കാനായി എത്തിയത്. ഭാര്യ പൂര്‍ണഗര്‍ഭിണിയാണെന്നത് പൌരബോധത്തില്‍നിന്ന് വ്യതിചലിക്കുന്നതിനുള്ള കാരണമായി ജോസഫ് കണ്ടില്ല. നസ്രത്തില്‍ സ്വന്തം വീട്ടില്‍ നടക്കേണ്ടിയിരുന്ന പ്രസവം സത്രത്തില്‍ സ്ഥലം ലഭിക്കാതിരുന്നതിനാല്‍ ബേത്‌ലഹെമിലെ തൊഴുത്തില്‍ നടന്നു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള യാത്രയും കാത്തുനില്‍പ്പും അസൌകര്യമായി കരുതുന്നവര്‍ക്ക് ജോസഫിന്റെ പ്രവൃത്തി മാതൃകയാകണം.

യേശുവിന്റെ പൊതുപ്രവര്‍ത്തനം അധികാരത്തിനുവേണ്ടിയുള്ളതായിരുന്നില്ല. എന്നാല്‍ ഇന്ന് ഞങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ ചെയ്യുന്നതെല്ലാം അന്ന് അദ്ദേഹം ചെയ്തിരുന്നു. കാനായിലെ വിവാഹവിരുന്നില്‍ സജീവമായി പങ്കെടുക്കുകയും സക്കേവൂസിന്റെ ഭവനം സന്ദര്‍ശിക്കുകയും ചുങ്കക്കാരോടും പാപികളോടും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ലാസറിന്റെ മരണമറിഞ്ഞ് സഹോദരിമാരെ സമാശ്വസിപ്പിക്കാനെത്തുകയും ചെയ്ത യേശു രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ സാമൂഹികസ്വഭാവത്തിന് ഉത്തമദൃഷ്ടാന്തമായി. അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും സമാശ്വാസത്തിന്റെ വാഗ്ദാനത്തോടെ സ്വന്തം സവിധത്തിലേക്കു ക്ഷണിച്ച യേശു രാഷ്ട്രീയപ്രവര്‍ത്തകര്‍ ഏതു പക്ഷത്തു നില്‍ക്കണമെന്ന വ്യക്തമായ നിര്‍ദേശമാണ് നല്‍കിയത്.

കപടനാട്യത്തിനെതിരെ ആത്മാര്‍ഥതയുടെ സന്ദേശമാണ് യേശുവിന്റെ സുവിശേഷം. മത്തായിയുടെ സുവിശേഷത്തിലെ അധ്യായം 23 ഏതു പൊതുപ്രവര്‍ത്തകനും സഗൌരവം വായിച്ചിരിക്കേണ്ടതാണ്. നിയമത്തോടും രാഷ്ട്രീയാധികാരത്തോടും വിധേയത്വം ഉപദേശിക്കുന്ന സുവിശേഷം നേതാക്കന്മാരുടെ പ്രവൃത്തികള്‍ അനുകരണീയമാവില്ലെന്ന മുന്നറിയിപ്പ് ജനങ്ങള്‍ക്കു നല്‍കുന്നു. മോശയുടെ സിംഹാസനത്തിലിരുന്ന് കല്‍പ്പനകള്‍ പുറപ്പെടുവിക്കുന്ന നിയമജ്ഞരെക്കുറിച്ചും ഫരിസേയരെക്കുറിച്ചും യേശു പറഞ്ഞതെല്ലാം ഇന്നത്തെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ബാധകമാണ്. അവര്‍ പറയുന്നു, പ്രവര്‍ത്തിക്കുന്നില്ല. അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വച്ചുകൊടുക്കുന്നു; സഹായത്തിന് ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകുന്നില്ല. മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടിയാണ് അവര്‍ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്. അവര്‍ തങ്ങളുടെ നെറ്റിപ്പട്ടങ്ങള്‍ക്ക് വീതിയും വസ്ത്രത്തിന്റെ തൊങ്ങലുകള്‍ക്ക് നീളവും കൂട്ടുന്നു. വിരുന്നുകളില്‍ പ്രമുഖ സ്ഥാനവും സിനഗോഗുകളില്‍ പ്രധാന പീഠവും നഗരവീഥികളില്‍ അഭിവാദനവും ഇഷ്ടപ്പെടുന്നു. റബ്ബീ എന്ന് സംബോധന ചെയ്യപ്പെടാനും ആഗ്രഹിക്കുന്നു.

റബ്ബി എന്നത് ലീഡര്‍ എന്ന് തിരുത്തി വായിച്ചാല്‍ മേല്‍വാക്യങ്ങളുടെ പൊരുള്‍ വ്യക്തമാകും.

പീലാത്തോസിന്റെ ഭാര്യ യേശുവിനെ നീതിമാന്‍ എന്നാണ് വിശേഷിപ്പിച്ചത്. നീതിയെ മുന്‍നിര്‍ത്തിയുള്ള പ്രബോധനമാണ് യേശു നടത്തിയത്. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ക്ക് സംതൃപ്തിയും നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ക്ക് സ്വര്‍ഗരാജ്യവും മലമുകളിലെ പ്രഭാഷണത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ടു. യേശുവിന്റെ നീതിയില്‍ സാമൂഹികനീതിക്ക് സുപ്രധാനമായ സ്ഥാനമുണ്ട്. മുന്തിരിത്തോട്ടത്തിലെ ജോലിക്ക് ദിനാന്ത്യത്തില്‍ വിളിക്കപ്പെട്ടവര്‍ക്കും ദിനാരംഭത്തില്‍ വിളിക്കപ്പെട്ടവര്‍ക്കൊപ്പം വേതനം നല്‍കിയ ഉടമസ്ഥനെപ്പോലെ പിന്നില്‍ നില്‍ക്കുന്നവരെ മുന്നിലെത്തിക്കുന്നതിനുള്ള ദൌത്യവും വിവേചനാധികാരവും രാഷ്ട്രീയനേതൃത്വത്തിന് സുവിശേഷം നല്‍കുന്നുണ്ട്. സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന ആശംസയോടെയാണ് ക്രിസ്മസ് ആഘോഷിക്കപ്പെടുന്നത്. ബേത്‌ലഹെമിലെ ആശംസയും അതുതന്നെയായിരുന്നു. സമാധാനപ്രിയര്‍ക്കുള്ള അനുഗ്രഹം മലയിലെ പ്രസംഗത്തില്‍ പ്രഖ്യാപിക്കുന്നു.

കേവലന്മാരായ 12 പേര്‍ക്കൊപ്പം സാധാരണജനങ്ങള്‍ക്കിടയിലാണ് യേശു പ്രവര്‍ത്തിച്ചത്. ജനങ്ങളുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചുകൊണ്ട് സംസാരിക്കുന്നതെങ്ങനെയെന്ന് യേശു ഓരോ രാഷ്ട്രീയനേതാവിനെയും പഠിപ്പിക്കുന്നു. ജനങ്ങള്‍ക്ക് മനസ്സിലാകുംവിധം അവന്‍ വചനം പ്രസംഗിച്ചു എന്നാണ് സുവിശേഷം പറയുന്നത്. അതേസമയം ശിഷ്യന്മാര്‍ക്ക് എല്ലാം രഹസ്യമായി വിശദീകരിച്ചുകൊടുക്കുകയും ചെയ്തിരുന്നു. സഹപ്രവര്‍ത്തകരോടുള്ള നേതാവിന്റെ ഉത്തരവാദിത്തമാണ് ഇവിടെ പ്രകടമാകുന്നത്. രാഷ്ട്രീയരംഗത്ത് ഈ ഉത്തരവാദിത്തത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.

ജനക്കൂട്ടത്തെ യേശു കൈകാര്യം ചെയ്തിരുന്ന രീതിയും അനുകരണീയമാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ തന്റെ വസ്ത്രാഞ്ചലത്തില്‍ സ്പര്‍ശിച്ച സ്ത്രീയോടും ബേത്സഥായിലെ കുളക്കരയില്‍ തളര്‍ന്നുകിടന്നിരുന്ന നിസ്സഹായനോടും അദ്ദേഹം പ്രതികരിച്ചതെങ്ങനെയെന്നു നോക്കുക. നേതാവ് സദാ സേവനസന്നദ്ധനായിരിക്കണം. അതാകട്ടെ അനുകമ്പയാല്‍ ആര്‍ദ്രമായിരിക്കണം. ഇതാണ് യേശു നല്‍കുന്ന മാതൃക. അത്തരം സേവനത്തിനുള്ള പ്രതിഫലം ജനനിന്ദയാണെന്നും സുവിശേഷം പറയുന്നു. ജറുസലെം വീഥിയിലെ വരവേല്‍പ്പിനു പിന്നാലെ റോമന്‍ പ്രത്തോറിയത്തിലെ ആരവവും തന്നെത്തേടിയെത്തുമെന്ന് നേതാവ് അറിഞ്ഞിരിക്കണം. ഈന്തപ്പനയോലകള്‍ വീശുന്ന ജനം രഹസ്യമായി ഒരു മുള്‍ക്കിരീടവും മെനയുന്നുണ്ട്.

സമാധാനത്തിന്റെ രാജകുമാരന്‍ എന്നാണ് യേശുവിനെ വിശേഷിപ്പിക്കുന്നത്. ഭൂമിയില്‍ സമാധാനം നല്‍കാനല്ല, ഭിന്നത നല്‍കാനാണ് താന്‍ വന്നത് എന്ന് അര്‍ഥശങ്കയില്ലാതെ പറഞ്ഞ യേശു വാളില്ലാത്തവന്‍ സ്വന്തം കുപ്പായം വിറ്റ് വാള്‍ വാങ്ങട്ടെ എന്നാണ് നിര്‍ദേശിക്കുന്നത്. ഗത്സേമനിയില്‍ യേശുവിനെ സംരക്ഷിക്കാന്‍ വാളൂരിയപ്പോള്‍ വാള്‍ ഉറയിലിടുകയെന്ന ഉപദേശം മാത്രമാണുണ്ടായത്. വാള്‍ ദൂരെക്കളയാന്‍ യേശു ആജ്ഞാപിച്ചില്ല. ദേവാലയത്തില്‍ കച്ചവടം നടത്തിയവരെ ചാട്ടകൊണ്ടടിച്ചാണ് യേശു പുറത്താക്കിയത്.

റോമാ സാമ്രാജ്യം യേശുവിനെ ഭയന്നു. അടിമത്തത്തില്‍നിന്ന് യഹൂദരെ മോചിപ്പിക്കാനെത്തിയ വിപ്ലവകാരിയായി അവര്‍ ആ യുവാവിനെ കണ്ടു. സാമ്രാജ്യത്വത്തിന് ദാസ്യവൃത്തി നടത്തിയിരുന്ന പൌരോഹിത്യവും അവനെ ഭയന്നു. ഇരുവരും ചേര്‍ന്ന് കാല്‍വരിയില്‍ അവനുവേണ്ടി കുരിശുകളുയര്‍ത്തി. പിന്നീട് സാമ്രാജ്യത്വവും പൌരോഹിത്യവും ചേര്‍ന്ന് അവനെ സ്വന്തമാക്കി. മര്‍ദിതര്‍ക്കും ചൂഷിതര്‍ക്കുംവേണ്ടി എഴുതപ്പെട്ട പ്രത്യയശാസ്ത്രങ്ങള്‍ സുവിശേഷത്തോടൊപ്പം ചേര്‍ത്തു വായിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പുരോഹിതന്മാരുടെ ചാട്ടവാറുകള്‍ ഉയരുന്നു. ദേവാലയങ്ങള്‍ വീണ്ടും കവര്‍ച്ചക്കാരുടെ ഗുഹകളാകുന്നു.

ഏലി, ഏലി, ല്മാ സബക്‍ഥാനി (എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു!)

കാല്‍വരിയിലെ നിലവിളി നൂറ്റാണ്ടുകള്‍ക്കുശേഷവും നാം കേള്‍ക്കുന്നു.

(ലേഖകന്‍: ശ്രീ. സെബാസ്റ്റ്യന്‍ പോള്‍ എം.പി. കടപ്പാട്: ദേശാഭിമാനി)

No comments:

Post a Comment

Visit: http://sardram.blogspot.com