23 March, 2009

കക്ഷിരാഷ്‌ട്രീയത്തില്‍ കൈയും തലയും കടത്തുന്ന മെത്രാന്മാര്‍

കക്ഷിരാഷ്‌ട്രീയത്തില്‍ കൈയും തലയും കടത്തുന്ന മെത്രാന്മാര്‍

ക്രൈസ്‌തവ മെത്രാന്മാര്‍ക്കു കക്ഷിരാഷ്‌ട്രീയത്തില്‍ എത്രത്തോളം തലയിടാം? കേരളത്തില്‍ എക്കാലവും ഇതു വലിയ ചര്‍ച്ചാവിഷയമാണ്‌. ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥികളുടെ നിര്‍ണയത്തില്‍ വരെ മെത്രാന്മാര്‍ തലയിടുന്ന സ്‌ഥിതിയില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ഇതിനെതിരേ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ശക്‌തമായിത്തന്നെ ശബ്‌ദമുയര്‍ത്തിയിരിക്കുന്നു എന്നതുപുതിയ സംഭവവികാസമാണ്‌.

രാഷ്‌ട്രീയകാര്യങ്ങള്‍, സാമൂഹികപ്രശ്‌നങ്ങള്‍, സാമുദായിക ബന്ധങ്ങള്‍ തുടങ്ങിയ ഗൗരവമുള്ള വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ വ്യക്‌തമാക്കിക്കൊണ്ടു സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ മേലധ്യക്ഷനായ കര്‍ദ്ദിനാള്‍ മാര്‍ വിതയത്തില്‍ പുറത്തിറക്കിയിരിക്കുന്ന 'സ്‌ട്രെയിറ്റ്‌ ഫ്രം ദി ഹാര്‍ട്ട് ‌' എന്ന പുസ്‌തകത്തില്‍ തന്റെ അഭിപ്രായങ്ങള്‍ അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നു എന്നു മാത്രമല്ല അതിന്റെ പ്രകാശനവേളയില്‍ ഇക്കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട്‌ അദ്ദേഹം തുറന്നു പറയുകയും ചെയ്‌തു. ആര്‍ക്കെങ്കിലും വേണ്ടി മെത്രാന്മാര്‍ സഭാവിശ്വാസികളോടു വോട്ട്‌ ചോദിക്കുന്നതിനേക്കാള്‍ വലിയ തെറ്റാണു സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ മെത്രാന്മാര്‍ ഇടപെടുന്നതെന്നാണു കര്‍ദ്ദിനാള്‍ പറഞ്ഞത്‌. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റി സെക്രട്ടറിമാരില്‍ ഒരാളായ ടോം വടക്കനെ സ്‌ഥാനാര്‍ഥിയാക്കണമെന്നു തൃശൂര്‍ മെത്രാന്‍ പരസ്യമായി ആവശ്യപ്പെട്ടതിനെ പരാമര്‍ശിച്ചു തന്നെയാണു കര്‍ദ്ദിനാള്‍ ഈ അഭിപ്രായപ്രകടനം നടത്തിയതും.

പാര്‍ലമെന്റ്‌ സ്‌ഥാനാര്‍ഥിയാവാന്‍ പത്തിലേ റെ ബിഷപ്പുമാരുടെ ഒപ്പു ശേഖരിച്ചു തന്നെ സമീപിച്ച ഒരാള്‍ തന്റേയും പിന്തുണ ആവശ്യപ്പെട്ടുവെന്നും സഭയുടെ നിയമങ്ങള്‍ക്ക്‌ എതിരായതുകൊണ്ടു താനതു നിരസിച്ചു എന്നും കര്‍ദ്ദിനാള്‍ മാര്‍ വിതയത്തില്‍ തന്റെ പുസ്‌തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. തീര്‍ച്ചയായും വളരെ ഗൗരവമുളള വിഷയത്തിലേക്കാണു കര്‍ദ്ദിനാള്‍ വിരല്‍ ചൂണ്ടിയിരിക്കുന്നത്‌. കാരണം കത്തോലിക്കാ മെത്രാന്മാര്‍ മാത്രമല്ല മറ്റു ക്രൈസ്‌തവ സഭകളിലെ മെത്രാന്മാരും രാഷ്‌ട്രീയകാര്യങ്ങളില്‍ നടത്തുന്ന അനാരോഗ്യകരമായ കൈകടത്തല്‍ ഇപ്പോള്‍ അസഹ്യമാംവിധം വളര്‍ന്നിരിക്കുന്നു എന്നതു ഒരു യാഥാര്‍ഥ്യമാണ്‌.

ഇതിനു മുമ്പൊരിക്കലും സംഭവിക്കാത്തവിധം വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ പ്രവേശനത്തിനും അധ്യാപക നിയമനത്തിനും ഷൈലോക്കുകളെപ്പോലെ സഭാ മേലധികാരികള്‍ കോഴപ്പണവും കൈക്കൂലിയും വാങ്ങിക്കുന്നതു വഴി കേരളത്തിലെ ക്രൈസ്‌തവസഭയുടെ മുഖം വികൃതമായിരിക്കുകയാണ്‌.

മൂന്നു നൂറ്റാണ്ടു കാലത്തോളം വിദ്യാഭ്യാസരംഗത്തു നടത്തിയ നിസ്വാര്‍ഥ സേവനങ്ങള്‍ വഴി കേരളീയ സമൂഹത്തിന്റെ ആദരവും ചരിത്രത്തിന്റെ അംഗീകാരവും നേടിയെടുത്ത ക്രൈസ്‌തവസഭകള്‍ അതെല്ലാം പണത്തോടുള്ള അത്യാര്‍ത്തി മൂലം കഴിഞ്ഞ നാലഞ്ചുവര്‍ഷത്തിനുള്ളില്‍ തല്ലിയുടയ്‌ക്കുകയാണുണ്ടായത്‌. എന്നുമാത്രമല്ല പള്ളികളുടെ സ്വത്തുതര്‍ക്കത്തെച്ചൊല്ലിയും മറ്റും അള്‍ത്താരയ്‌ക്കു മുമ്പില്‍ പോലും വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ മാരകായുധം കൊണ്ട്‌ ഏറ്റുമുട്ടുന്ന രംഗങ്ങള്‍ പലതവണ കേരളം കണ്ടപ്പോള്‍ ഗുണ്ടാസംഘങ്ങളുടെ നിലവാരത്തിലേക്ക്‌ ആ വിശ്വാസസമൂഹം അധഃപതിക്കുകയും ചെയ്‌തു. സ്വന്തം സഭയെ നീതിബോധത്തിന്റേയും പരസ്‌പര സ്‌നേഹത്തിന്റെയും നേര്‍വഴിക്ക്‌ കൊണ്ടുവരാന്‍ കഴിയാത്ത അവസ്‌ഥയില്‍ സഭാമേധാവികളുടെ രാഷ്‌ട്രീയ കൈകടത്തലിനെ തുറന്നപലപിക്കാന്‍ കര്‍ദ്ദിനാള്‍ നിര്‍ബന്ധിതനായി എന്നതാണു സംഭവിച്ചിരിക്കുന്നത്‌.

മെത്രാന്മാരുടെയും മറ്റും ഇടപെടല്‍ ഇല്ലെങ്കിലും ക്രൈസ്‌തവര്‍ക്ക്‌ അര്‍ഹവും അനര്‍ഹവുമായ സ്‌ഥാനങ്ങള്‍ ലഭ്യമാകുന്ന ഒന്നാണ്‌ ഇന്ത്യയിലെ മതേതര ജനാധിപത്യമെന്നു മെത്രാന്മാര്‍ ആദ്യം മനസിലാക്കണം. ഭൂതക്കണ്ണാടി വച്ചു നോക്കിയാല്‍ മാത്രം ക്രൈസ്‌തവരെ കാണാന്‍ കഴിയുന്ന ആന്‌ധ്രാപ്രദേശില്‍ മുഖ്യമന്ത്രിയായ രാജശേഖര റെഡ്‌ഡി ക്രൈസ്‌തവനാണ്‌. ഛത്തീസ്‌ഗഡ്‌ പോലെയുള്ള ഒരു ഹൈന്ദവ സംസ്‌ഥാനത്ത്‌ മുഖ്യമന്ത്രിയായി വന്ന അജിത്‌ ജോഗിയും ക്രൈസ്‌തവനാണ്‌. നമ്മുടെ തൊട്ടടുത്ത കര്‍ണാടകയില്‍ ടി. ജോണും കെ.ജെ. ജോര്‍ജും ജെ. അലക്‌സാണ്ടറും മന്ത്രിമാരായത്‌ ആ മതേതരത്വത്തിന്റെ മഹത്വമാണ്‌.

പക്ഷേ, കേരളത്തിലെ മെത്രാന്മാര്‍ക്കാവശ്യം അതൊന്നുമല്ല. തങ്ങളുടെ കക്ഷത്തിലൊതുങ്ങുന്നതും തങ്ങളുടെ ചോറ്റുപട്ടാളത്തില്‍ ചേരാന്‍ മാത്രം യോഗ്യതയുള്ളവരുമായവരെ പാര്‍ലമെന്റ്‌ അംഗങ്ങളാക്കാനാണു വ്യഗ്രത. ഭരണഘടനയെപ്പറ്റിയും രാജ്യത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളെപ്പറ്റിയും സാങ്കേതിക കാര്യങ്ങളെപ്പറ്റിയും പാണ്ഡിത്യമുള്ളവരാണു പാര്‍ലമെന്റ്‌ അംഗങ്ങളും മറ്റുമാകേണ്ടത്‌. അവര്‍ ഏതു മതവിഭാഗത്തില്‍ പെട്ടവരുമാകട്ടെ തങ്ങളുടെ സമുദായത്തിനു ബലമുള്ള മണ്ഡലങ്ങളില്‍ നിന്നു തങ്ങള്‍ പറയുന്ന സമുദായാംഗങ്ങളെ മാത്രമേ സ്‌ഥാനാര്‍ഥികളാക്കാന്‍ പാടുള്ളൂവെന്നു ശഠിക്കുന്ന മെത്രാന്മാരും സമുദായ നേതാക്കളും ഒരുവിധത്തില്‍ പറഞ്ഞാല്‍ ജനദ്രോഹമാണു ചെയ്യുന്നത്‌. ഇവരുടെ വാദമുഖം അംഗീകരിച്ചാല്‍ മുസ്ലീമായ എ.പി.ജെ. അബ്‌ദുള്‍കലാമിനെക്കാള്‍ പ്രഗത്ഭനായ ഒരു ശാസ്‌ത്രജ്‌ഞന്‍ കോട്ടയം മണ്ഡലത്തില്‍ നിന്നു ലോക്‌സഭയിലേക്കു മത്സരിക്കാന്‍ സഭാമേധാവികള്‍ സമ്മതിക്കുമോ? എറണാകുളത്ത്‌ ഡോ. അമര്‍ത്യ സെന്നിനേക്കാള്‍ പ്രഗത്ഭനായ ഒരു സാമ്പത്തിക വിദഗ്‌ദ്ധന്‍ ജനിക്കുന്നതു കൊങ്കിണി വിഭാഗത്തിലാണെങ്കില്‍ അദ്ദേഹത്തെ പാര്‍ലമെന്റിലയയ്‌ക്കാന്‍ സഭാനേതാക്കളോ ഭൂരിപക്ഷ സമുദായ നേതാക്കളോ സമ്മതിക്കുമോ?

ഇന്ത്യയിലെ ഏറ്റവും ചെറിയ ന്യൂനപക്ഷമായ പാഴ്‌സി വിഭാഗത്തില്‍നിന്നു ഫിറോസ്‌ ഗാന്ധിക്കും എം.ആര്‍. മസാനിക്കും പിലു മോഡിക്കും ലോക്‌സഭയിലെത്താന്‍ കഴിഞ്ഞത്‌ ഇന്ത്യന്‍ സോഷ്യലിസത്തിന്റെ മഹത്വമാണ്‌. മെത്രാന്മാരും എന്‍.എസ്‌.എസ്‌.,
എസ്‌.എന്‍.ഡി.പി. നേതാക്കളും അവകാശപ്പെടുന്ന അര്‍ഹത സമുദായത്തിന്റെ ബലമാണെങ്കില്‍ ഈ പാഴ്‌സി നേതാക്കള്‍ക്കു പഞ്ചായത്തില്‍ പോലും ജയിക്കാന്‍ കഴിയുമായിരുന്നോ? തീര്‍ത്തും സങ്കുചിതമായ മതജാതി ചിന്തകളിലേക്കാണോ ക്രൈസ്‌തവ സഭാ മേധാവികള്‍ കേരളീയരെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത്‌?

കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ധീരമായി കാര്യകാര്യങ്ങള്‍ പറഞ്ഞതുകൊണ്ടു കേരളത്തിലെ ക്രൈസ്‌തവ സഭാ മേധാവികളുടെ കാഴ്‌ചപ്പാടില്‍ ഒരു മാറ്റവുമുണ്ടാകുമെന്നു വിശ്വസിക്കുന്നയാളല്ല ഞാന്‍. കര്‍ദ്ദിനാളിനു പോലും അങ്ങനെയൊരു വിശ്വാസമുണ്ടെന്ന്‌ എനിക്കു തോന്നുന്നില്ല. കാരണം വിദ്യാര്‍ഥികളുടെ പ്രവേശന കാര്യത്തിലും അധ്യാപകരുടെ നിയമന കാര്യത്തിലും കൈക്കൂലിയും ലക്ഷങ്ങളുടെ കോഴയും വാങ്ങുന്ന ക്രൈസ്‌തവ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ഹീനമായ നടപടിയെ തുറന്ന്‌ അപലപിച്ചുകൊണ്ട്‌ കഴിഞ്ഞവര്‍ഷം ഇടയലേഖനം പ്രസിദ്ധീകരിച്ച സഭാ മേധാവിയാണു കര്‍ദ്ദിനാള്‍ വിതയത്തില്‍.

സ്‌കൂള്‍ പ്രവേശന കാര്യത്തിലും അധ്യാപക നിയമന കാര്യത്തിലും എത്ര മിടുക്കുണ്ടെങ്കിലും അധ്വാനിക്കുകയും ഭാരം ചുമക്കുകയും ചെയ്യുന്ന ദരിദ്ര ക്രിസ്‌ത്യാനിയുടെ മക്കള്‍ ചവിട്ടിമെതിക്കപ്പെടുകയാണെന്ന്‌ എല്ലാവരെയും പോലെ കര്‍ദ്ദിനാളിനും അറിയാം. കത്തോലിക്കാ സ്‌ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കു ലക്ഷങ്ങള്‍ കോഴ വാങ്ങിയവരോട്‌ ആ രൂപ തിരികെ നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടെങ്കിലും അതു പ്രാവര്‍ത്തികമായില്ലെന്നു കര്‍ദ്ദിനാള്‍ തന്റെ പുസ്‌തകത്തില്‍ തുറന്നു സമ്മതിച്ചിട്ടുണ്ട്‌. ഈ രീതി തുടര്‍ന്നാല്‍ അധികാരികളെ വിവരമറിയിച്ച്‌ കോഴ വാങ്ങുന്നവരെ അറസ്‌റ്റുചെയ്യിച്ച്‌ ജയിലില്‍ അടയ്‌ക്കേണ്ടി വരുമെന്നും കര്‍ദ്ദിനാള്‍ തന്റെ പുസ്‌തകത്തില്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

ഗള്‍ഫ്‌ മേഖലയിലെ കടുത്ത സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന്‌ അവിടെനിന്ന്‌ ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ്‌ ഈ വര്‍ഷം കേരളത്തിലേക്കു മടങ്ങാന്‍ പോകുന്നത്‌. ഇവരില്‍ നിന്നു കേരളത്തിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ കോഴയുടെ കൊയ്‌ത്തായിരിക്കും നടത്തുകയെന്നു കര്‍ദ്ദിനാളിനും അറിയാമെന്നു തോന്നുന്നു.

തന്റെ അതിരൂപതയുടെ കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ കോഴയുടെ കാര്യത്തില്‍പോലും കര്‍ദ്ദിനാള്‍ വിതയത്തില്‍ നിസഹായനായിപ്പോകുന്നു എന്നതാണു വേദനാജനകമായ കാര്യം. എറണാകുളം അതിരൂപതയുടെ കീഴിലുള്ള ഞാറയ്‌ക്കല്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍ നടന്ന കാര്യങ്ങള്‍തന്നെ ഉദാഹരണമാണ്‌. പള്ളിയോടു തൊട്ടുള്ള വളപ്പില്‍ കര്‍മ്മലീത്താ സന്യാസികള്‍ നടത്തിവന്ന ലിറ്റില്‍ഫ്‌ളവര്‍ ഹൈസ്‌കൂള്‍ പള്ളിവികാരി പിടിച്ചെടുത്ത്‌ ലക്ഷക്കണക്കിനു രൂപയാണ്‌ നിയമനത്തിനു കോഴവാങ്ങിയത്‌. അതിനെ എതിര്‍ത്ത്‌ സ്‌കൂളിനു മേല്‍ അവകാശം ഉന്നയിച്ച്‌ അതിനു സര്‍ക്കാരിന്റെ അംഗീകാരം നേടിയ കന്യാസ്‌ത്രീമാരെ വികാരിയുടെ അറിവോടെ സാമൂഹികവിരുദ്ധര്‍ ആക്രമിച്ച്‌ പരുക്കേല്‍പ്പിച്ച്‌ ആശുപത്രിയിലാക്കുകയാണുണ്ടായത്‌. ഇപ്പോള്‍ സാമൂഹികവിരുദ്ധരുടെ സഹായത്തോടെ ആ സന്യാസിനി സമൂഹത്തെ അവിടെനിന്നോടിച്ച്‌ സ്‌കൂള്‍ വീണ്ടും കൈയടക്കാനുള്ള ഇടവക ഭരണാധികാരികളുടെ നികൃഷ്‌ടമായ നീക്കത്തിനു മുന്നില്‍ കര്‍ദ്ദിനാള്‍ മാര്‍വിതയത്തില്‍ നിസഹായനായി നില്‍ക്കുന്ന കാഴ്‌ചയാണു സമൂഹം കാണുന്നത്‌. ഇത്തരം നടപടികളില്‍ ക്രൈസ്‌തവതയുടെ അംശം ആര്‍ക്കെങ്കിലും കാണാന്‍ കഴിയുമോ?

രാഷ്‌ട്രീയത്തില്‍ കൈ മാത്രമല്ല തലവരെ കടത്താന്‍ വെപ്രാളം കാണിക്കുന്ന ക്രൈസ്‌തവ മതമേലധ്യക്ഷന്മാര്‍ ആദ്യം ചെയ്യേണ്ടതു കേരളത്തില്‍ അനുദിനം വികൃതമായിക്കൊണ്ടിരിക്കുന്ന സഭയുടെ മുഖം രക്ഷിക്കാനാണ്‌. ക്രിസ്‌തു കാണിച്ച മാര്‍ഗം നീതിയുടേതാണെങ്കില്‍ നീതിയുടെ മാര്‍ഗത്തിലേക്കു സഭയേയും വിശ്വാസികളേയും കൊണ്ടുവരുന്ന തീവ്രയത്നത്തിലാണു സഭാനേതാക്കള്‍ ഇപ്പോള്‍ ഏര്‍പ്പെടേണ്ടതെന്നാണ്‌ എനിക്കു തോന്നുന്നത്‌.

***

കെ. എം. റോയ് , കടപ്പാട് : മംഗളം, വര്‍ക്കേഴ്സ് ഫോറം

No comments:

Post a Comment

Visit: http://sardram.blogspot.com