15 March, 2009

ഒറീസയിലെ ഇടതുനിലപാട് അവസരവാദപരമോ?

ഒറീസയിലെ ഇടതുനിലപാട് അവസരവാദപരമോ?

ബിജെപിയുമായി മുമ്പ് ബന്ധപ്പെട്ടതിന്റെ പേരില്‍ ബിജു ജനതാദളുമായി ഇടതു പക്ഷം സഹകരിക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറയുന്നത്. കഴിയുന്നത്ര രാഷ്ട്രീയകക്ഷികളെ ബിജെപിക്കെതിരെ മതനിരപേക്ഷപക്ഷത്ത് ഉറപ്പിച്ചു നിര്‍ത്താന്‍ ശ്രമിക്കേണ്ട ഘട്ടത്തില്‍ വര്‍ഗീയശക്തികളെ വിട്ട് മതനിരപേക്ഷതയുടെ ഭാഗത്തു നിലകൊള്ളാന്‍ ശ്രമിക്കുന്ന ഒരു പ്രധാന രാഷ്ട്രീയ പാര്‍ടിയെ ഒറ്റപ്പെടുത്തണമെന്നു പറഞ്ഞാല്‍ അത് ആര്‍ക്കാണു ഗുണംചെയ്യുക; ബിജെപിക്കല്ലാതെ.

ബിജു ജനതാദള്‍ ഇടതുപക്ഷവുമായി സഹകരിക്കുന്നതില്‍ അസഹിഷ്ണുതയുള്ളത് ഉമ്മന്‍ചാണ്ടിക്കു മാത്രമല്ല. വിഎച്ച്പി നേതാവ് അശോക് സിംഗാളും ഇതേ അസഹിഷ്ണുത പ്രകടിപ്പിച്ചിരിക്കുന്നു. ബിജു ജനതാദളിനെയും നവീന്‍ പട്നായിക്കിനെയും ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഒറ്റപ്പെടുത്തണമെന്നാണ് അശോക് സിംഗാളും പറയുന്നത്. ഉമ്മന്‍ചാണ്ടിക്കും സിംഗാളിനും എന്തൊരു മനപ്പൊരുത്തം! ബിജെപിയുടെ വര്‍ഗീയ രാഷ്‌ട്രീയത്തെ ക്ഷീണിപ്പിക്കുംവിധം ബിജെഡി മതനിരപേക്ഷ നിലപാടെടുക്കുമ്പോള്‍ അശോക് സിംഗാള്‍ അസ്വസ്ഥനാകുന്നതു മനസ്സിലാക്കാം. ഉമ്മന്‍ചാണ്ടിക്ക് എന്തിനാണ് അതേ അസ്വസ്ഥത!

ഒറീസ വര്‍ഗീയാക്രമണത്തിന്റെ തീയിലെരിഞ്ഞ ഘട്ടത്തില്‍ അവിടത്തെ കത്തോലിക്കാസഭയും ബിഷപ്പുമാരും ആവശ്യപ്പെട്ടത് ബിജെഡി, ബിജെപിയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാണ്. ഇടതുപക്ഷവും അതാവശ്യപ്പെട്ടതാണ്. സഭയും ഇടതുപക്ഷവും ആവശ്യപ്പെട്ടതെന്തോ, അത് ബിജെഡി ചെയ്തു. അങ്ങനെയുള്ള ബിജെഡിയെ ഒറ്റപ്പെടുത്തിയാല്‍ ബിജെപി ആഗ്രഹിക്കുന്നതു നടക്കും.

അതിരിക്കട്ടെ, ബിജെഡിക്ക് ബിജെപിയുമായി ബന്ധമുണ്ടായിരുന്നുവെന്നേയുള്ളൂ. യഥാര്‍ഥത്തില്‍ ബിജെപിയും ശിവസേനയുമൊക്കെ ആയിരുന്നവരുണ്ട്. വര്‍ഗീയകലാപത്തില്‍ നേരിട്ടു പങ്കെടുത്തതിന് അന്വേഷണ കമീഷനുകളാല്‍ കുറ്റപ്പെടുത്തപ്പെട്ടവര്‍. അവരില്‍ പലരും ഇന്ന് ഉമ്മന്‍ചാണ്ടിയുടെ പാര്‍ടിയുടെ നേതാക്കളാണ്. വര്‍ഗീയകലാപം നയിച്ചവരെ സ്വന്തം പാര്‍ടിനേതാക്കളാക്കി മാറ്റിയ പാര്‍ടിയാണ് തന്റേത് എന്നത് ഉമ്മന്‍ചാണ്ടി മറന്നു പോയോ? എങ്കില്‍ ചിലതെങ്കിലും അദ്ദേഹത്തെ ഓര്‍മിപ്പിക്കാം.

1. ഗുജറാത്തില്‍ ഒരു ശങ്കര്‍ സിങ് വഗേലയുണ്ടായിരുന്നു. ബിജെപിയുടെ മുഖ്യമന്ത്രിയായിരുന്നു. ഗുജറാത്ത് കലാപം നയിച്ച വഗേല പിന്നീട് കോണ്‍ഗ്രസിന്റ സംസ്ഥാന അധ്യക്ഷനായി. മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ അംഗമായി. ഇപ്പോള്‍ ഗുജറാത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നു ഈ സംഘപരിവാര്‍ നേതാവ് !

2. മുംബൈ കലാപത്തില്‍ പങ്കുണ്ടെന്നു ശ്രീകൃഷ്ണാ കമീഷന്‍ കുറ്റപ്പെടുത്തിയതാണ് ശിവസേനാ നേതാവ് നാരായണ്‍ റാണെയെ. മുന്‍ മഹാരാഷ്‌ട്ര റവന്യൂമന്ത്രി. ഇന്ന് അദ്ദേഹം മഹാരാഷ്‌ട്രയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവാണ്. മഹാരാഷ്‌ട്രാ കാര്യങ്ങള്‍ വിലാസ് റാവു ദേശ്‌മുഖിനോടും അജയ് ചൌഹാനോടും മാത്രമല്ല, ഈ ശിവസേനക്കാരനോടും സോണിയ ഗാന്ധി ഇന്ന് ചര്‍ച്ചചെയ്യുന്നു. മഹാരാഷ്‌ട്രയിലെ പൊതുമരാമത്തുമന്ത്രികൂടിയാണ് ഇന്ന് നാരായണ്‍ റാണെ.

3. റാണെയോടൊപ്പം മറ്റൊരു ശിവസേനാ നേതാവുകൂടി ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസിന്റെ മഹാരാഷ്‌ട്രാ നേതാവായി നടപ്പുണ്ട്. സഞ്ജയ് നിരുപം. രാജ്യസഭയെ വര്‍ഗീയവിദ്വേഷത്തിന്റെ പ്രസംഗംകൊണ്ട് പ്രകമ്പനംകൊള്ളിച്ചിട്ടുള്ള നിരുപം ഇന്ന് മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവുകൂടിയാണ്.

4. ബിജെപിയുടെ ഗോവയിലെ മുന്‍ മുഖ്യമന്ത്രിയായിരുന്നു ദിഗംബര്‍ കാമത്ത്. ഇപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കളെയെല്ലാം മറികടന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഗോവ ഭരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ ബിജെപിയുടെ തലമുതിര്‍ന്ന നേതാവായിരുന്ന ഇദ്ദേഹം രഥയാത്രയിലടക്കം സജീവമായി പങ്കെടുത്തയാളാണ് !

5. മുംബൈ തെരുവുകളില്‍ വര്‍ഗീയകലാപത്തിന്റെ തീ പടര്‍ത്തിയ പത്തോളം ശിവസേനാ എംപിമാരുണ്ട്. ഇവരെല്ലാം ഇന്ന് ഉമ്മന്‍ചാണ്ടിയുടെ പാര്‍ടിയുടെ പ്രമുഖ നേതാക്കളായി മാറിയിരിക്കുന്നു മഹാരാഷ്ട്രയില്‍!

ഒറീസയില്‍ കലാപമുണ്ടായപ്പോള്‍ മുഖ്യമന്ത്രിയായിരുന്നയാളായതുകൊണ്ട് നവീന്‍ പട്നായിക്കിനെ ഒറ്റപ്പെടുത്തണമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. കലാപം നടത്തിയത് നവീന്‍ പട്നായിക്കിന്റെ പാര്‍ടിയാണെന്ന് അദ്ദേഹത്തിന് അഭിപ്രായമില്ല. എങ്കിലും അന്നു മുഖ്യമന്ത്രിയായിരുന്ന ആളല്ലേ എന്നാണു ചോദ്യം! ഈ മാനദണ്ഡപ്രകാരമാണെങ്കില്‍ ബാബ്റി മസ്‌ജിദ് തകര്‍ത്തത് സംഘപരിവാറാണെങ്കിലും അന്ന് പ്രധാനമന്ത്രിയായിരുന്നയാളല്ലേ നരസിംഹ റാവു. റാവുവുമായി സഹകരിക്കാന്‍ പാടില്ലെന്ന് ഉമ്മന്‍ചാണ്ടി അന്നു പറഞ്ഞോ?

വര്‍ഗീയകലാപം നടക്കുന്ന ഘട്ടത്തില്‍ അധികാരത്തിലുണ്ടായിരുന്ന കക്ഷിയുമായി സഹകരിക്കില്ല എന്നതാണു നിലപാടെങ്കില്‍ ഡിഎംകെയും പിഎംകെയും എങ്ങനെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളായി എന്നത് ഉമ്മന്‍ചാണ്ടി വിശദീകരിക്കേണ്ടതുണ്ട്. ഈ ഇരു പാര്‍ടിയും ഗുജറാത്ത് കലാപം നടന്ന ഘട്ടത്തില്‍ ബിജെപിയുടെ സഖ്യകക്ഷികളായിരുന്നു; എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമായിരുന്നു. നരേന്ദ്രമോഡിക്കെതിരെ ലോൿസഭയില്‍ വോട്ടിങ്ങോടുകൂടി ഒരു ചര്‍ച്ച വന്നപ്പോള്‍ മോഡിയെ അനുകൂലിച്ച് പ്രസംഗിച്ചവരാണ് ഡിഎംകെ, പിഎംകെ അംഗങ്ങള്‍. അവരുമായി കോണ്‍ഗ്രസ് സഹകരിക്കാന്‍ പിന്നീട് തീരുമാനിച്ചപ്പോള്‍, ഉമ്മന്‍ചാണ്ടിക്ക് എന്തുകൊണ്ട് ഈ ചിന്തകള്‍ ഉണ്ടാകാതെ പോയി?

പ്രശ്‌നം ലളിതമാണ്. ബിജെപിയെ ഒറ്റപ്പെടുത്തണോ വേണ്ടയോ? ഒറ്റപ്പെടുത്തണമെന്നു കരുതുന്നവര്‍ നവീന്‍ പട്നായിക്ക് അടക്കമുള്ള മതനിരപേക്ഷവാദികളുടെ കൂട്ടായ്‌മ ഉണ്ടാകണമെന്ന് ആഗ്രഹിക്കും. ബിജെപിയെ ഒറ്റപ്പെടുത്തരുതെന്ന് ആഗ്രഹിക്കുന്നവര്‍ ആ മതനിരപേക്ഷ കൂട്ടായ്‌മയില്‍ വിള്ളല്‍വീഴ്ത്താനും നവീന്‍ പട്നായിക്കിനെപ്പോലുള്ളവര്‍ തിരിച്ച് ബിജെപിയുടെ പക്ഷത്തേക്കു പോകുന്ന അവസ്ഥയുണ്ടാക്കാനും നോക്കും. ഉമ്മന്‍ചാണ്ടി ഏതു പക്ഷത്താണ്? അതാണ് പ്രസക്തമായ ചോദ്യം.

ബിജു ജനതാദള്‍ ബിജെപിയുമായി തുടര്‍ന്നും സഖ്യത്തിലിരിക്കണമായിരുന്നു എന്നാണോ ഉമ്മന്‍ചാണ്ടി ആഗ്രഹിക്കുന്നത്. ബിജെപിയുടെ സ്വാധീനത്തില്‍ത്തന്നെ ഒറീസഭരണം തുടരണമെന്നാണോ അദ്ദേഹം ആഗ്രഹിക്കുന്നത്. അങ്ങനെ ആഗ്രഹിക്കാത്ത മതനിരപേക്ഷവാദിയായ ഒരാളും ഒറീസയില്‍ ബിജെപി ബന്ധം ഉപേക്ഷിച്ച് ബിജു ജനതാദള്‍ മതനിരപേക്ഷ കക്ഷികളോടു സഹകരിക്കുന്നതിനെതിരെ അസ്വസ്ഥത പ്രകടിപ്പിക്കില്ല.

ബിജെപി ഒറ്റപ്പെടുകയും ദുര്‍ബലപ്പെടുകയും ചെയ്യുകയാണ്. ഒപ്പം ഇടതുപക്ഷ നേതൃത്വത്തിലുള്ള ബദല്‍ രാഷ്‌ട്രീയ സാധ്യത ശക്തിപ്പെടുകയുമാണ്. ആ പ്രക്രിയയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ബിജു ജനതാദളിന്റെ പുതിയ നിലപാട്. കഴിയുന്നത്ര രാഷ്‌ട്രീയപാര്‍ടികളെ ബിജെപിയുടെ വര്‍ഗീയരാഷ്‌ട്രീയത്തിന്റെ സ്വാധീനത്തില്‍നിന്നു വിടുവിച്ചെടുക്കാനാണ് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഉത്തരവാദിത്തമുള്ള ഏതു രാഷ്‌ട്രീയകക്ഷിയും ശ്രമിക്കേണ്ടത്. ഇടതുപക്ഷം അതാണു ചെയ്യുന്നതും.

ഒറീസഭരണത്തില്‍ ബിജെപിക്കു സ്വാധീനമില്ലാതാകുന്നതോടെ, സംഘപരിവാര്‍ നടത്തിയ വര്‍ഗീയ ആക്രമണങ്ങളിലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതിനു സഹായകമായ അന്തരീക്ഷം അവിടെയുണ്ടാകും. അഭയാര്‍ഥികള്‍ക്കു ക്യാമ്പുകളില്‍നിന്നു സ്വന്തം ഭവനങ്ങളിലേക്കു പോകാന്‍ കഴിയുന്ന അവസ്ഥയുണ്ടാകും. നിര്‍ഭയമായി ന്യൂനപക്ഷങ്ങള്‍ക്കു ജീവിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകും. ഇതെല്ലാമുണ്ടാകുന്നതിനുള്ള മുന്‍ ഉപാധി ബിജെപിക്ക് ഒറീസഭരണത്തിലുള്ള സ്വാധീനം ഇല്ലാതാവുക എന്നതാണ്. ആ വഴിക്കുള്ള ശ്രദ്ധേയമായ നടപടിയാണ് അനുഭവങ്ങളില്‍ നിന്നുകൂടി പാഠംപഠിച്ചുകൊണ്ട് ബിജു ജനതാദള്‍ കൈക്കൊണ്ടത്.

ഈ വിധത്തില്‍ മതനിരപേക്ഷമായ നിലപാട് ബിജു ജനതാദള്‍ കൈക്കൊള്ളുമ്പോള്‍, അവരുമായി മതനിരപേക്ഷ കക്ഷികള്‍ സഹകരിക്കരുതെന്നു പറയുന്നത് യഥാര്‍ഥത്തില്‍ ബിജെപിയെ സഹായിക്കുന്ന നിലപാടാണ്. തങ്ങളുമായുള്ള ബന്ധം വിടര്‍ത്തിയവരോട് ആരും സഹകരിക്കരുതെന്ന് ബിജെപി ആഗ്രഹിക്കുന്നു. ആ ആഗ്രഹമാണ് ഉമ്മന്‍ചാണ്ടിയുടെ പ്രസ്‌താവനയിലും പ്രതിഫലിച്ചു കാണുന്നത്. കഴിയുന്നത്ര മതനിരപേക്ഷകക്ഷികളെ ബിജെപിക്കെതിരെ അണിനിരത്തേണ്ട ഘട്ടത്തില്‍ ബിജെപിബന്ധം വിട്ടുവരുന്ന പ്രധാനപ്പെട്ട ഒരു മതനിരപേക്ഷ കക്ഷിയെ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍നിന്ന് ഒറ്റപ്പെടുത്തണമെന്നു പറയുന്നത് ഫലത്തില്‍ ബിജെപിയെ സഹായിക്കലാണ്.

നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദളുമായി ഇടതുപക്ഷം സഹകരിക്കുന്നതിനെ കാത്തലിക് ബിഷപ്‌സ് കൌണ്‍സില്‍ സ്വാഗതം ചെയ്തിരിക്കുന്നു. ന്യൂനപക്ഷങ്ങളുടെ രക്ഷ ഉറപ്പാക്കുന്ന രാഷ്‌ട്രീയ സംവിധാനം ഉണ്ടാകുന്നതിന് അതു സഹായകരമായിരിക്കുമെന്ന് ബിഷപ്‌സ് കൌണ്‍സില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിക്ക് അത് മനസ്സിലാകുന്നില്ല. കാരണം, ഇടതുപക്ഷ വിരോധത്തിന്റെ മഞ്ഞക്കണ്ണട വച്ചല്ലാതെ അദ്ദേഹത്തിന് ഒന്നും കാണാനാകുന്നില്ല.

****

പ്രഭാവര്‍മ,
കടപ്പാട് : ദേശാഭിമാനി,
വര്‍ക്കേഴ്സ് ഫോറം

No comments:

Post a Comment

Visit: http://sardram.blogspot.com