27 March, 2009

ദേവപ്രശ്നവും ചുരിദാറും

ദേവപ്രശ്നവും ചുരിദാറും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ദേവപ്രശ്നം അസുഖകരമായ പല വിവാദങ്ങള്‍ക്കും ഇടയാക്കിയേക്കും എന്നതിനുള്ള സൂചനകള്‍ ദേവപ്രശ്നത്തില്‍ ‘കണ്ട‘ കാര്യങ്ങളിലും അതിനെത്തുടര്‍ന്നുണ്ടായിട്ടുള്ള പ്രസ്താവനകളിലും അഭിപ്രായങ്ങളിലും പ്രകടമാണ്.

1990ന് ശേഷം നടന്ന ഈ ദേവപ്രശ്നത്തില്‍ ‘കണ്ട’ ഏറ്റവും പ്രധാനപ്പെട്ട കാര്യം “നാലാംഭാവചിന്തയില്‍ ലക്ഷണപ്രകാരം അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം ദേവന് തൃപ്തികരമായിക്കാണുന്നില്ല” എന്നതായിരിക്കാമെന്നു തോന്നുന്നു. കുറേയേറെ ചര്‍ച്ചകളുടേയും അഭിപ്രായ സമന്വയങ്ങളുടേയുമൊക്കെ ആവശ്യം ഇനിയും ഇക്കാര്യത്തില്‍ വേണമെന്നുള്ളതുകൊണ്ടു തന്നെ തല്‍ക്കാലം ഇതത്ര ശ്രദ്ധിക്കപ്പെട്ടതായി തോന്നുന്നില്ല. യേശുദാസിനെ ഗുരുവായൂരമ്പലത്തില്‍ പ്രവേശിപ്പിക്കണം എന്ന് കുറച്ചുകാലം മുന്‍പുണ്ടായ ആവശ്യങ്ങള്‍ക്ക് ഒരു മറുപടിയാണോ ഈ കണ്ടെത്തല്‍ എന്ന സംശയവും ഇതുണര്‍ത്താതിരിക്കുന്നില്ല.

ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത് “ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നത് ദേവന് ഹിതകരമല്ലെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞതാണ്.” ഏതാണ്ട് മൂന്നുമാസംമുമ്പാണ് ദേവസ്വം അധികൃതര്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശനം അനുവദിച്ചത്. അത് ഗുരുവായൂരപ്പന് ഇഷ്ടമല്ല എന്ന് ‘കണ്ടത്’ അനുകൂലമായും പ്രതികൂലമായുള്ള അഭിപ്രായങ്ങള്‍ ഇപ്പോള്‍ത്തന്നെ ഉണ്ടായിട്ടുണ്ട്.

കേരള ബ്രാഹ്മണ സഭ "അപ്പവേ നാന്‍ സൊന്നേന്‍" എന്ന മട്ടില്‍ ചുരിദാറിനെതിരെ അഭിപ്രായവുമായി വന്നിട്ടുണ്ട്. സാമൂഹിക സംഘടനകളുമായുള്ള ചര്‍ച്ചയില്‍ ദേവഹിതം അറിഞ്ഞേ മാറ്റാവൂ എന്ന് തങ്ങള്‍ പറഞ്ഞിരുന്നതായും അത് ഇപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അവര്‍ പറയുന്നു. ദേവപ്രശ്നത്തിനിടെ ഗുരുവായൂരില്‍ സദസ്സില്‍ സന്നിഹിതനായിരുന്ന മുന്‍‌മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഭഗവാന്റെ ഇഷ്ടമാണ് നടപ്പിലാക്കേണ്ടതെന്ന് പറഞ്ഞതായി മാധ്യമം പറയുന്നു. ചുരിദാര്‍ വേണ്ട എന്ന അഭിപ്രായങ്ങള്‍ കൂടുതലായി വന്നു തുടങ്ങിയിട്ടില്ല എന്നു തോന്നുന്നു. വരുമായിരിക്കും.

ദേവപ്രശ്നത്തിലെ ചുരിദാര്‍ കണ്ടെത്തലിനെതിരെ ആദ്യം ആഞ്ഞടിച്ചത് സുകുമാര്‍ അഴീക്കോടാണ്.

സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ദേവന് ഹിതമല്ലെന്ന് അഷ്ടമംഗലപ്രശ്നത്തില്‍ ജ്യോതിഷികളുടെ കല്പന ഭാരതീയ സംസ്കാരത്തിനെതിരായ കൊഞ്ഞനം കുത്തലാണെന്നും, അസംബന്ധത്തിന്റെ കൊടിയേറ്റവും വിഡ്ഢിത്തത്തിന്റെ അരങ്ങേറ്റവുമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനസ്സിന് അതീതമാണ് ദൈവം എന്നിരിക്കെ ദൈവത്തിന്റെ മനസ്സ് കവടി നിരത്തി പറയുന്നത് ഏത് ശാസ്ത്രപ്രകാരമാണെന്ന് ഇവര്‍ പറയണം. ഇത്തരം ജ്യോതിഷികളെ അറസ്റ്റുചെയ്ത് നിയമം നടപ്പിലാക്കിയാലേ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാവൂ എന്നദ്ദേഹം “പൌരോഹിത്യവും വ്യക്തിസ്വാതന്ത്ര്യവും“ എന്ന വിഷയത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചു നടന്ന സെമിനാറില്‍ തുറന്നടിച്ചു.

സുകുമാര്‍ അഴീക്കോട് പറഞ്ഞതിന്റെ പിറകേയാണ് തികച്ചും ശ്രദ്ധേയമായ ചില അഭിപ്രായങ്ങളുമായി എണ്‍പതിലെത്തിനില്‍ക്കുന്ന ഒരമ്മൂമ്മ രംഗത്ത് വന്നത്.

'അമ്പലത്തില്‍ പരിശുദ്ധിയോടെയും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ചും വരണമെന്ന് പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവും. അതിനുപകരം, അമ്പലത്തിന് മുന്നില്‍ വാടകയ്ക്ക് കിട്ടുന്ന, ആരെല്ലാമോ മാറിയുടുത്ത, എന്നോ അലക്കിയ മുണ്ടുടുത്ത് വരാം; മാന്യമായ ചുരിദാര്‍ ധരിക്കാന്‍ പാടില്ല എന്ന് പറയുന്നതില്‍ എന്തര്‍ഥം?'പഴയതില്‍നിന്ന് മാറില്ലെന്ന ബ്രാഹ്മണ്യത്തിന്റെ കടുംപിടിത്തമാണിത്- ഇതിന് ദൈവത്തെ കൂട്ടുപിടിക്കുകയാണ്. ദൈവകോപം ഇവര്‍ക്കെതിരെയാണുണ്ടാവുക'

മനകളിലെ അകത്തളങ്ങളില്‍ കുളിയും തേവാരവും പൂജകളുമായി കഴിയാന്‍ വിധിക്കപ്പെട്ട അന്തര്‍ജനങ്ങളുടെ കഥ- 'നഷ്ടബോധങ്ങളില്ലാതെ'- കറന്റ് ബുക്സിലൂടെ പുറംലോകത്തെ അറിയിച്ച ദേവകി നിലയങ്ങോടാണ് ഇത് പറഞ്ഞത്.

ബ്രാഹ്മണ്യത്തിന്റെ കനത്ത വേലിക്കെട്ടുകളില്‍ ജീവിച്ച്, ഒടുവില്‍ ഭര്‍ത്താവിന്റെ തണലില്‍ അതെല്ലാം പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചവരാണിവര്‍. പൊന്നാനിയിലെ പകരാവൂര്‍മനയില്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വതി അന്തര്‍ജനത്തിന്റെയും ആറാമത്തെ മകള്‍.

'ആര്യാ പള്ളം, പാര്‍വതി നെന്മിനിമംഗലം, എന്റെ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ ഭാര്യ പാര്‍വതി നിലയങ്ങോട് തുടങ്ങിയവരാണ് മാറ് മറയ്ക്കാനുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 'ഉമ്മച്ചി' എന്ന് വിളിച്ച് പ്രമാണിമാര്‍ അവരെ കളിയാക്കി. മുഖത്തേക്ക് തുപ്പി. ആര്യേടത്തിയേയും ഭര്‍ത്താവിനേയും അപഹസിച്ച് കവിതകള്‍വരെ എഴുതിയുണ്ടാക്കി പ്രചരിപ്പിച്ചു. സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു പ്രമാണിമാരുടെ നിലപാട്. അതിന്റെ മറ്റൊരു പതിപ്പാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലും ജ്യോത്സ്യന്മാര്‍ കാണിച്ചത്. ഇതിനെതിരെ വിശ്വാസികളും പെണ്‍കുട്ടികളും മുന്നോട്ട് വരണം'

'സ്ത്രീകള്‍ മാറ് മറയ്ക്കാന്‍ പാടില്ലെന്നായിരുന്നു പണ്ട് നമ്പൂതിരി പ്രമാണിമാരുടെ കല്‍പ്പന. ആര്യാ പള്ളവും പാര്‍വതിയേടത്തിയും മറ്റും അതിനെതിരെ പോരാടിയതിനാലാണ് എനിക്കൊക്കെ മാറ് മറയ്ക്കാന്‍ കഴിഞ്ഞത്. മാറ് മറയ്ക്കാതെയും ഒറ്റമുണ്ട് പുതച്ചും ജാക്കറ്റും സാരിയും ധരിച്ചുമെല്ലാം ഞങ്ങളുടെ തലമുറക്കാര്‍ അമ്പലത്തില്‍ പോയിട്ടുണ്ട്. വസ്ത്രരീതി മാറി എന്നതുകൊണ്ട് ഇതുവരെയും ആര്‍ക്കും ദൈവകോപം ഉണ്ടായിട്ടില്ല. ഇപ്പോള്‍, മാന്യവും സൌകര്യവുമുള്ള ചുരിദാര്‍ ധരിച്ചാല്‍ ദൈവകോപമുണ്ടാകുമെന്നാണ് ചില ജോത്സ്യന്മാരുടെ പ്രവചനം. ഇത് പെണ്ണുങ്ങളെ പേടിപ്പിക്കാനാണ്. പുതിയ തലമുറ ഇതുകേട്ട് പിന്മാറരുത്'.

പഴയകാലം നല്ലവണ്ണം ഓര്‍മ്മയുള്ള, അതിന്റെ നേരിട്ടുള്ള ജീവിതാനുനുഭവങ്ങളുള്ള ഈ അമ്മൂമ്മയുടെ വാക്കുകള്‍ക്ക് ആത്മാര്‍ത്ഥതയുടെ, സത്യസന്ധമായ രോഷത്തിന്റെ സ്പര്‍ശമുണ്ട്. ഇവരുടെ അഭിപ്രായങ്ങളെ അനുകൂലിക്കാം, എതിര്‍ക്കാം, പക്ഷെ അവഗണിക്കുക ബുദ്ധിമുട്ടായിരിക്കും എന്നത് തീര്‍ച്ച.

വ്യാസന്റെ കൃഷ്ണനാണോ സാമൂതിരിയുടെ കൃഷ്ണനാണോ ഗുരുവായൂരിലുള്ളത് എന്ന്‌ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെ ചോദിക്കുന്നു. ചുരിദാര്‍ പ്രശ്നത്തിലൂടെ പുറത്തുവന്നിരിക്കുന്നത് ഭഗവാന്റെ നിലപാടാണോ അതോ മതരംഗത്തേക്കു കാലോചിതമായ പരിഷ്കാരബോധങ്ങളോടെ ജനാധിപത്യശക്തികള്‍ പ്രവേശിക്കുന്നത് തടയുന്നിനുള്ള തല്‍പ്പരകക്ഷികളുടെ നികൃഷ്ട താല്‍പ്പര്യങ്ങളാണോ എന്നത് യഥാര്‍ഥഭക്തന്മാര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നദ്ദേഹം പറയുമ്പോള്‍ അതിന് തികച്ചും രസകരമായ ചില നിരീക്ഷണങ്ങളുടെ പിന്‍‌ബലമുണ്ട്.

സ്ത്രീകള്‍ മാറുമറയ്ക്കരുതെന്നും നായരില്‍ താഴ്ന്ന ജാതിയില്‍ പിറന്നോര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്നുമായിരുന്നു 75 വര്‍ഷംമുമ്പത്തെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സംബന്ധമായ കീഴാചാരം. ഇതിനു കാലോചിതമായ മാറ്റം വന്നപ്പോള്‍ ഉണ്ടാകാത്ത അപ്രിയം ഭഗവാന് ഇപ്പോള്‍ എന്തുകൊണ്ട് പൊടുന്നനെ ഉണ്ടാകുന്നു?“ എന്നദ്ദേഹം ചോദിക്കുമ്പോള്‍ ചിന്തിക്കാതിരിക്കാനാവില്ല.

അദ്ദേഹം വീണ്ടും നിരീക്ഷിക്കുന്നു....

വര്‍ഷങ്ങള്‍ക്കുമുമ്പ് ഭഗവാന്റെ നവരത്നമാല കളവുപോയത് എങ്ങനെ, ആരൊക്കെയാണ് അതിനുപിന്നിലുള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒരു മാര്‍ഗദര്‍ശനവും നല്‍കാന്‍ ഇന്നോളം കഴിഞ്ഞിട്ടില്ലാത്ത ജ്യോതിഷികളും തന്ത്രിമാരും പരിവാരങ്ങളും ഭഗവാന് സ്ത്രീകള്‍ ചുരിദാര്‍ ധരിച്ചു തൊഴാന്‍ വരുന്നതില്‍ തികഞ്ഞ അതൃപ്തിയാണുള്ളതെന്ന് കണിശതയോടെ പറയുന്നതിലെ വൈരുദ്ധ്യം അവഗണിക്കാന്‍ വയ്യ “.

ഇക്കഴിഞ്ഞ ദേവപ്രശ്നത്തില്‍ ഗുരുവായൂരപ്പന്റെ തിരുവാഭരണത്തെക്കുറിച്ച് തെളിഞ്ഞത് “നഷ്ടപ്പെട്ട മൂന്ന് തിരുവാഭരണങ്ങളും വെള്ളി ഉരുളിയും തിരിച്ചുലഭിക്കുവാന്‍ ലക്ഷണം കാണുന്നില്ല“ എന്നാണത്രേ. ‘പോയത് പോട്ടെ’ എന്ന ഗുരുവായൂരപ്പനും ചിന്തിച്ചു തുടങ്ങിയോ? എന്തായാലും ഇപ്പോള്‍ ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള ഒരു തിടമ്പ് നഷ്ട്രപ്പെടുവാന്‍ സാധ്യതയുള്ളതായി ദേവപ്രശ്നത്തില്‍ ‘തെളിഞ്ഞിട്ടുണ്ട്’. മറ്റു രണ്ടെണ്ണം ശ്രീകോവിലിനകത്തായതുകൊണ്ട് കുഴപ്പമില്ലെന്നു തോന്നുന്നു. അതിനെക്കുറിച്ചൊന്നും പറയുന്നില്ല.

ഏത് കൃഷ്ണനാണ് ഗുരുവായൂരിലുള്ളത് എന്ന ചോദ്യത്തിന് സ്വാമി ശക്തിബോധി തന്നെ ചില ഉത്തരങ്ങള്‍ പങ്കു വെക്കുന്നുണ്ട്.

ഭഗവാന്‍ കൃഷ്ണനെക്കുറിച്ചു ചിന്തിക്കുന്നവര്‍ക്ക് കീഴ്വഴക്കങ്ങളില്‍ മാറ്റം വരുത്തുന്നതില്‍ ഭഗവാന് അതൃപ്തിയുണ്ടെന്ന ജ്യോതിഷികളുടെ കണ്ടെത്തല്‍ അങ്ങേയറ്റത്തെ ഭഗവത് നിന്ദയാണെന്നു പറയാതിരിക്കാനാകില്ല. കാരണം, ഗുരുവായൂരില്‍ ആരാധിക്കപ്പെടുന്നത് ഗീതാഗുരുകൂടിയായ വ്യാസകൃഷ്ണനാണെങ്കില്‍ അദ്ദേഹത്തിനു കീഴ്വഴക്കങ്ങള്‍ ലംഘിക്കുന്നതില്‍ താല്‍പ്പര്യമുണ്ടാകാതിരിക്കാനല്ല മറിച്ച് താല്‍പ്പര്യമുണ്ടാകാനാണ് സാധ്യത. 'ഗുരുഹത്യ അരുത്' എന്ന കീഴ്വഴക്കത്തെ ലംഘിക്കാന്‍ അര്‍ജുനനെ ഭഗവദ്ഗീതയില്‍ ഉപദേശിക്കുന്ന കൃഷ്ണന്‍, ഇന്ദ്രയജ്ഞം എന്ന കീഴ്വഴക്കത്തിനുപകരം ഗോവര്‍ധനത്തെ പൂജിക്കാന്‍ ഗോപന്മാരെ ഉപദേശിക്കുന്ന കൃഷ്ണന്‍, കീഴ്വഴക്കത്തെ അപ്പാടെ നിലനിര്‍ത്തുന്നതിലല്ല മറിച്ച് കാലോചിതമായി മാറ്റുന്നതിലാണ് താല്‍പ്പര്യം കണ്ടെത്തുക എന്ന് തീര്‍ത്തും പറയാം. ഇങ്ങനെയുള്ള വ്യാസകൃഷ്ണനാണ് ഗുരുവായൂരിലെയും ആരാധ്യദേവനെങ്കില്‍ കീഴ്വഴക്കങ്ങള്‍ക്ക് മാറ്റംവരുമ്പോള്‍ ആഹ്ളാദിക്കാനേ ഇടയുള്ളൂ. മാത്രമല്ല, ഭക്തമഹിളകള്‍ക്ക് പ്രിയപ്പെട്ട ഒരു വസ്ത്രവിശേഷത്തെ അപ്രിയമായി കരുതാവുന്നവിധം ഭക്തവാത്സല്യരാഹിത്യം ഭക്തപ്രിയനും ഗോപികാവല്ലഭനുമായ ഭഗവാനുണ്ടാകുമെന്നു പറയുന്നതും ഭഗവത്ദോഷമാണ്. മറ്റൊരു രീതിയില്‍ നോക്കിയാലും ചുരിദാര്‍ വിരോധം ഭഗവാനുണ്ടാകാന്‍ പ്രയാസമാണ്. പാളത്താറുടുത്ത് ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്നതില്‍ അപ്രിയമില്ലാത്ത ഭഗവാന് പാളത്താറിന്റെ കൂട്ടിത്തുന്നിയ രൂപം മാത്രമായ ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ വരുന്നതില്‍ രോഷംതോന്നുമെന്നു പറയുന്നത് അന്യായമാണ്.“

ഗുരുവായൂരിലുള്ളത് സാമൂതിരി രാജാവിന്റെ കുടുംബദേവത മാത്രമായ കൃഷ്ണനാണെങ്കില്‍ ജാതി-മത-സങ്കുചിതാചാര കാര്‍ക്കശ്യങ്ങള്‍, പഴഞ്ചന്‍ രാജാക്കന്മാര്‍ക്കെന്നപോലെ ആ ദേവതയ്ക്കും ഉണ്ടായിരിക്കും. മറിച്ച് ഗുരുവായൂരിലുള്ളത് ഭഗവദ്ഗീതയിലും 'നാരായണീയ'ത്തിലും ഒക്കെ പറയുന്ന വിധത്തിലുള്ള സര്‍വാന്തര്‍യാമിയായ ബ്രഹ്മചൈതന്യത്തിന്റെ പ്രത്യക്ഷ പുരുഷാകാരമാണെങ്കില്‍ അവിടുത്തേക്ക് ഒന്നും അഹിതമായിരിക്കാനിടയില്ല.“

എത് കൃഷ്ണന്‍ എന്ന ചോദ്യം ദേവപ്രശ്നത്തിന്റെ ഭാഗമല്ലാതിരുന്നതുകൊണ്ട് അതില്‍ നിന്നൊരുത്തരം ഇക്കാര്യത്തില്‍ ലഭിച്ചിട്ടില്ല.

ക്ഷേത്ര നടത്തിപ്പ്, പൂജാക്രമങ്ങള്‍, നിവേദ്യാതി ഉത്സവാഘോഷങ്ങള്‍ എന്നിവക്കൊക്കെ വിധി തന്ത്രസമുച്ചയം പോലുള്ള പ്രാമാണിക ഗ്രന്ഥങ്ങളാണെന്നും അവയിലൊന്നും തന്നെ ഭക്തരുടെ വേഷത്തെക്കുറിച്ച് പറയുന്നില്ലെന്നും ദേവന്റെ ഹിതാഹിതങ്ങളെപ്പറ്റി അന്വേഷിക്കുന്ന ദേവപ്രശ്നാനുഷ്ഠാനഗ്രന്ഥങ്ങളിലൊന്നും വസ്ത്രത്തെക്കുറിച്ചൊന്നും പറയുന്നില്ലെന്നും നവംബര്‍ 11ലെ മാതൃഭൂമിയിലെ വായനക്കാരുടെ കത്തുകളില്‍ മോഹന്‍ കെ. വേദകുമാര്‍ എന്ന വായനക്കാരന്‍ എഴുതുന്നു. പൂര്‍വാചാരങ്ങള്‍ അതേപടി നിലനിര്‍ത്തുകയാണെങ്കില്‍ ശങ്കരാചാര്യരുടെ കാലത്തുള്ള വസ്ത്രം ധരിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എന്തായാലും “വിശ്വാസത്തെ ജനാധിപത്യവല്‍ക്കരിക്കാന്‍ ബഹുജനങ്ങള്‍ക്കൊപ്പംനിന്നുകൊണ്ട് കാലോചിതമാറ്റങ്ങള്‍ക്ക് ശ്രമിക്കുമ്പോള്‍ അതിനെ ചെറുക്കാന്‍ ജനങ്ങളെ കിട്ടാത്തതുകൊണ്ട് 'ദേവപ്രശ്നം'പോലുള്ള മാമൂല്‍രീതികളെ അവലംബിച്ച് മുന്നോട്ടുവരുന്നത് തികച്ചും ദുരുപദിഷ്ടവും നികൃഷ്ടവുമാണ്“ എന്ന സ്വാമിയുടെ വിലയിരുത്തല്‍ തികച്ചും പ്രസക്തമാണെന്നു തന്നെ പറയാം.

കൂട്ടത്തില്‍ വായിച്ചത്

“പ്രശ്നം നടക്കുന്ന ദിവസങ്ങളില്‍ത്തന്നെ മരണംപോലുള്ള ദുര്‍നിമിത്തങ്ങള്‍ ക്ഷേത്രസന്നിധിയില്‍ ഉണ്ടാകാമെന്ന് ജ്യോതിഷികള്‍ സൂചിപ്പിച്ച് മൂന്നു മണിക്കൂര്‍ പിന്നിട്ടില്ല, മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഒരു യുവതിയെ വിഷം കഴിച്ച് അവശയായനിലയില്‍ കണ്ടെത്തി. ഇത് ഭക്തരെ അമ്പരപ്പിച്ചു.“

( മാതൃഭൂമി നവംബര്‍ 1)

തിടപ്പള്ളിയില്‍ ഭഗവാന്‍ എത്തുന്നുണ്ടെന്നും അവിടെ വിളക്കുവെക്കണമെന്നും ദേവപ്രശ്നത്തില്‍ കണ്ടതിനെത്തുടര്‍ന്ന് വിളക്ക് വെച്ച് തുടങ്ങി.

(മാതൃഭൂമി നവംബര്‍ 5)

(കടപ്പാട്. വര്ക്കേഴ്സ് ഫോറം, അവലംബം: മാതൃഭൂമി, ദേശാഭിമാനി,മംഗളം, മാധ്യമം ദിനപ്പത്രങ്ങളിലെ വാര്‍ത്തകള്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ "വ്യാസകൃഷ്ണനോ സാമൂതിരിയുടെ കൃഷ്ണനോ?" എന്ന ലേഖനം. ചിത്രങ്ങള്‍ക്ക് കടപ്പാട്: മാതൃഭൂമി, ഹിന്ദു, പുഴ.കോം)

No comments:

Post a Comment

Visit: http://sardram.blogspot.com