21 March, 2009

പൊന്നാനിയുടെ പൊരുൾ

പൊന്നാനിയുടെ പൊരുൾ

കഴിഞ്ഞ ഒരാഴ്‌ചയിലേറെ പൊന്നാനിവിവാദം കേരളത്തിലെ തിരഞ്ഞെടുപ്പുരംഗത്തെ കൊഴുപ്പിച്ചു. 1971നു ശേഷം ഇടതുപക്ഷം ജയിച്ചിട്ടില്ലാത്ത ഒരു സീറ്റാണിത്‌. അതിനുവേണ്ടി മറ്റിടങ്ങളിലെ സാധ്യതയെപ്പോലും ബാധിക്കുന്ന രീതിയില്‍ എന്തിനായിരുന്നു തര്‍ക്കമെന്നാണ്‌ ഇടതുമുന്നണിയുടെ അഭ്യുദയകാംക്ഷികളില്‍ പലരുടെയും ന്യായമായ സംശയം. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പൊന്നാനി കേവലം ഒരു സീറ്റിന്റെ പ്രശ്‌നമല്ല. കേരളത്തിലെ രാഷ്‌ട്രീയബലാബലത്തില്‍ മാറ്റമുണ്ടാക്കുന്നതിനുവേണ്ടി പാര്‍ട്ടി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നയത്തിന്റെ പ്രയോഗരൂപമാണിത്‌.

കേരളത്തിലെ ഇടതുപക്ഷവളര്‍ച്ചയെ ചരിത്രപരമായി പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു ദൗര്‍ബല്യം മതന്യൂനപക്ഷങ്ങള്‍ക്കിടയിലെ സ്വാധീനക്കുറവാണ്‌. ഭൂമിക്കും കൂലിക്കും മറ്റ്‌ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള വര്‍ഗസമരം അടിസ്ഥാനവിഭാഗങ്ങളില്‍നിന്നുള്ള ഭൂരിപക്ഷം ആളുകളെ ഇടതുപക്ഷത്തേക്ക്‌ കൊണ്ടുവന്നു. ഈ സമരങ്ങളുടെ നേട്ടങ്ങളില്‍ തുല്യപങ്കാളികളാണെങ്കിലും മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇത്തരമൊരു രാഷ്‌ട്രീയ ചേരിതിരിവ്‌ ഇപ്പോഴും ദുര്‍ബലമാണ്‌.

ഈ സ്ഥിതിവിശേഷത്തിന്‌ പല കാരണങ്ങളുണ്ട്‌. ഒരു പ്രധാന കാരണം സംഘടിതമതങ്ങളിലെ യാഥാസ്ഥിതികത്വവും നിക്ഷിപ്‌തതാത്‌പര്യങ്ങളുമാണ്‌. അതോടൊപ്പം ഒരു മറുവശവുമുണ്ട്‌. ഈ സമുദായങ്ങളിലെ സവിശേഷമായ മതാന്തരീക്ഷത്തെ മനസ്സിലാക്കാതെ കേവലം യുക്തിവാദപരമായ സമീപനം ഇടതുപക്ഷം ചിലപ്പോള്‍ സ്വീകരിച്ചതും പ്രശ്‌നങ്ങളുണ്ടാക്കി. ഇടതുപക്ഷത്തിന്റെ ലക്ഷ്യം മതവിശ്വാസത്തെ ഇല്ലാതാക്കലല്ല. മതവിശ്വാസികളും അല്ലാത്തവരുമായ എല്ലാ അധ്വാനിക്കുന്നവരെയും സാമൂഹികവിപ്ലവത്തില്‍ അണിചേര്‍ക്കലാണ്‌. ഇതില്‍ സമീപകാലത്ത്‌ ശ്രദ്ധേയമായ വിജയം കൈവരിക്കുന്നതിന്‌ കഴിഞ്ഞിട്ടുണ്ട്‌. ഈ മാറ്റം കൂടുതല്‍ ദൃശ്യമാകുന്നത്‌ മുസ്‌ലിം സമുദായത്തിലാണ്‌.

ചരിത്രപരമായി മലബാറിലെ മുസ്‌ലിം സമുദായം കൈക്കൊണ്ടുപോന്ന തീവ്രമായ ബ്രിട്ടീഷ്‌വിരുദ്ധ - ജന്മിത്വ വിരുദ്ധ നിലപാട്‌ പത്തൊമ്പതാം നൂറ്റാണ്ടില്‍ ഒട്ടനവധി കലാപങ്ങള്‍ക്ക്‌ വഴിതെളിച്ചു. എന്നാല്‍ ഇവയെല്ലാംതന്നെ നിഷ്‌ഠുരമായി അടിച്ചമര്‍ത്തപ്പെട്ടു. ഈ തിരിച്ചടികളുടെ പ്രത്യാഘാതങ്ങളിലൊന്ന്‌ ബ്രിട്ടീഷ്‌ ഭരണത്തോടുള്ള പ്രതിഷേധസൂചകമായി പാശ്ചാത്യപ്രവണതകളെ ബഹിഷ്‌കരിച്ചതും സ്വയം ഉള്‍വലിഞ്ഞതുമായിരുന്നു. 1921ലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇതിനെ വര്‍ഗീയമായി ചിത്രീകരിക്കാനാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളില്‍ ചിലര്‍ തുനിഞ്ഞത്‌. എന്നാല്‍ ഇടതുപക്ഷം ഈ സമരങ്ങളുടെ ആഹ്വാനവും താക്കീതും മനസ്സിലാക്കി. ഈ ധാരണ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അബ്‌ദുറഹിമാന്‍ സാഹിബ്‌ കെ.പി.സി.സി. പ്രസിഡന്റാകുന്നതിലേക്ക്‌ നയിച്ചു.

എങ്കില്‍ത്തന്നെയും മുസ്‌ലിം സമുദായത്തിലെ കമ്യൂണിസ്റ്റ്‌ സ്വാധീനം താരതമ്യേന ദുര്‍ബലമായിരുന്നു. 1957ലെ തിരഞ്ഞെടുപ്പിൽ ഇന്നത്തെ മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ 21 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. മുസ്‌ലിങ്ങള്‍ക്ക്‌ 10 ശതമാനം പ്രത്യേക സംവരണം, മുസ്‌ലിം കുട്ടികള്‍ക്ക്‌ ഫീസാനുകൂല്യം, പള്ളികളും മദ്രസകളും നിര്‍മിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കംചെയ്യല്‍, പള്ളികള്‍ക്കുമുമ്പിലെ പ്രകോപനപരമായ ഘോഷയാത്രകള്‍ക്ക്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണം, അറബി പണ്ഡിറ്റുമാരെ ഫുള്‍ടൈം അധ്യാപകരാക്കല്‍ തുടങ്ങി കമ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ നടപ്പാക്കിയ ഒട്ടേറെ നടപടികള്‍ സമുദായത്തിന്റെ വലിയ അംഗീകാരം നേടി. മാപ്പിള ഔട്ട്‌റേജിയസ്‌ ആൿട് എന്ന മുസ്‌ലിം വിരുദ്ധ കരിനിയമം പിന്‍വലിച്ചതും ഇ.എം.എസ്‌. സര്‍ക്കാരായിരുന്നു.

വിമോചനസമരത്തിലൂടെ ലീഗ്‌ ഉയിര്‍ത്തെഴുന്നേറ്റുവെങ്കിലും 1960ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ മലപ്പുറം ജില്ലയില്‍ 33.3 ശതമാനം വോട്ട്‌ ലഭിച്ചു. ലീഗിനും കോണ്‍ഗ്രസ്സിനും ഏതാണ്ട്‌ ഒന്നരലക്ഷം വോട്ട്‌ വീതമാണ്‌ 1957ല്‍ ലഭിച്ചത്‌. ഇരുവരും പി.എസ്‌.പി.യും ഒന്നിച്ചപ്പോള്‍ 1960ല്‍ 16 ശതമാനം വോട്ടുമാത്രമാണ്‌ വര്‍ധിച്ചത്‌. എന്നാല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വോട്ടില്‍ 125 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. കമ്യൂണിസ്റ്റ്‌ വിരുദ്ധരുടെ വോട്ട്‌ ശതമാനം 75.8 ശതമാനത്തില്‍നിന്ന്‌ 65.5 ആയി കുറഞ്ഞു. വിമോചനസമരം മുസ്‌ലിം സമുദായത്തില്‍ കാര്യമായി ഏശിയില്ല.

കമ്യൂണിസ്റ്റ്‌വിരുദ്ധ മുന്നണിയെ പൊളിക്കുന്നതിനുവേണ്ടി 1965ലും 1967ലും ലീഗുമായി അടവുപരമായ ബന്ധം സി.പി.എം. സ്വീകരിച്ചു. നേട്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഈ അടവുലൈന്‍ ദീര്‍ഘനാളത്തെ ബന്ധമായി മാറിയത്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചു. തിരു-കൊച്ചിയിലേക്കും ലീഗിന്റെ സ്വാധീനം വര്‍ധിക്കുന്നതിന്‌ ഇതു കാരണമായി. മുസ്‌ലിം ജനവിഭാഗങ്ങളെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലേക്ക്‌ ആകര്‍ഷിക്കുന്നതിന്‌ ഇതു തടസ്സവുമായി. 1980കളുടെ മധ്യത്തോടെയാണ്‌ ഈ പാളിച്ച തിരുത്താനായത്‌.

മതന്യൂനപക്ഷ അവകാശ സംരക്ഷണം ഒരു മുഖ്യപ്രശ്‌നമായി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഇടതുപക്ഷത്തിന്റെ ദേശീയ രാഷ്‌ട്രീയനയവും പശ്ചിമേഷ്യയിലെ അമേരിക്കന്‍ അധിനിവേശത്തിനെതിരായുള്ള ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാടും 1990കളില്‍ മുസ്‌ലിം ജനസാമാന്യത്തിനിടയില്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയോടുള്ള ആഭിമുഖ്യം വളര്‍ത്തി. ലീഗുമായുള്ള രാഷ്‌ട്രീയബന്ധം പൂര്‍ണമായും വിച്ഛേദിച്ചെങ്കിലും മറ്റെല്ലാ മുസ്‌ലിം സാംസ്‌കാരിക സംഘടനകളോടും തുറന്ന മനസ്സോടെയുള്ള സംവാദം പുതിയ പാലങ്ങള്‍ പണിതു. ലീഗിന്റെ മധ്യസ്ഥത ഇല്ലെങ്കിലും മുസ്‌ലിങ്ങളുടെ യഥാര്‍ഥ താത്‌പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന്‌ ഉറപ്പായി. ഈ വളര്‍ച്ചയുടെ ഏറ്റവും വലിയ വിജയമായിരുന്നു 2004ലെ മഞ്ചേരി ലോക്‌സഭാ തിരഞ്ഞെടുപ്പു വിജയം.

കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ മലപ്പുറം ജില്ലയില്‍ 1960ല്‍ മൂന്നിലൊന്നു വോട്ടുമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത്‌ കണ്ടുവല്ലോ. ഇത്‌ ക്രമേണ 35-40 ശതമാനമായി ഉയര്‍ന്നു. 1977ല്‍ ലീഗിന്‌ 63 ശതമാനം വോട്ട്‌ ലഭിച്ചെങ്കില്‍ ഇത്‌ അനുക്രമമായി കുറഞ്ഞു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാകട്ടെ ലീഗിന്‌ മലപ്പുറം ജില്ലയില്‍ 45 ശതമാനം വോട്ടു മാത്രമാണ്‌ ലഭിച്ചത്‌. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അപേക്ഷിച്ച്‌ 1989ലും 1991 ലും 34 ശതമാന പോയന്റ്‌ വോട്ട്‌ ലീഗിന്‌ കൂടുതലായി ലഭിച്ചത്‌ പിന്നീട്‌ 10-16 ശതമാന പോയന്റായി ചുരുങ്ങി. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ വ്യത്യാസം 3.3 ശതമാന പോയന്റായി വീണ്ടും കുറഞ്ഞു. മഞ്ചേരി മണ്ഡലത്തില്‍ 47 ശതമാനം വോട്ടുലഭിച്ച ടി.കെ. ഹംസ വിജയിച്ചു. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ മങ്കടയില്‍ മാത്രമാണ്‌ ഇടതുപക്ഷം ജയിച്ചതെങ്കില്‍ 2006ലെ തിരഞ്ഞെടുപ്പില്‍ അഞ്ച്‌ മണ്ഡലങ്ങളില്‍ വിജയിച്ചു.

യഥാര്‍ഥത്തില്‍ മലപ്പുറം ജില്ലയിലെ വോട്ടിങ്‌ ശതമാനം എടുക്കുമ്പോള്‍ വളരെ ശ്രദ്ധേയമായ ഒരു പ്രവണത ദൃശ്യമാണ്‌. മുന്‍കാലത്ത്‌ 74-76 ശതമാനമായിരുന്ന പോളിങ്‌ 1980കളില്‍ തുടര്‍ച്ചയായി കുറഞ്ഞുവരുന്നതാണിത്‌. 1999ല്‍ 63.9 ശതമാനം വോട്ടുകള്‍ മാത്രമാണ്‌ പോള്‍ ചെയ്‌തിരുന്നത്‌. നല്ലൊരു ഭാഗം ലീഗ്‌ വിരുദ്ധ വോട്ടുകള്‍ ഫലപ്രദമായ മത്സരത്തിന്റെ അഭാവത്തില്‍ പോള്‍ ചെയ്യപ്പെടാതിരിക്കുന്ന പ്രതിഭാസത്തിലേക്കാണിത്‌ വിരല്‍ചൂണ്ടുന്നത്‌. 2004ല്‍ മഞ്ചേരിയിലെ പോളിങ്‌ ശതമാനം 71.9 ആയി ഉയര്‍ന്നു. അതേസമയം, പൊന്നാനിയിലേത്‌ 62.3 ശതമാനം മാത്രമായിരുന്നു.

ലീഗ്‌ വിരുദ്ധ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുന്ന ഇടതുപക്ഷസ്ഥാനാര്‍ഥിയുടെ വിജയസാധ്യതയാണ്‌ മുകളില്‍ സൂചിപ്പിച്ച ഇടതുപക്ഷ തിരഞ്ഞെടുപ്പു വിജയങ്ങള്‍ നല്‍കുന്ന പാഠം. ഇത്‌ ലീഗിനെ പരിഭ്രാന്തരാക്കി. എല്ലാ മുസ്‌ലിം മത സമുദായ സംഘടനകളെയും തങ്ങളുടെ രാഷ്‌ട്രീയ കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ്‌ ഈ സ്ഥിതിവിശേഷം നേരിടുന്നതിന്‌ ലീഗ്‌ സ്വീകരിച്ച അടവ്‌. കുഞ്ഞാലിക്കുട്ടിയുടെയും മറ്റും കാര്‍മികത്വത്തില്‍ പലവിധ കൂട്ടായ്‌മകള്‍ ഉയര്‍ന്നുവന്നു. മുസ്‌ലിം സമുദായത്തിന്റെ പൊതു രാഷ്‌ട്രീയവക്താവായി മാറുന്നതിനുള്ള ലീഗിന്റെ ശ്രമംകൂടിയായിരുന്നു ഇവ. ഒരു പരിധിവരെ ഇതു വിജയിച്ചുവെന്ന്‌ തോന്നിച്ചുവെങ്കിലും പൊന്നാനിയിലെ തിരഞ്ഞെടുപ്പുഗോദയില്‍ ഈ അടവ്‌ അടിപതറുന്ന കാഴ്‌ചയാണ്‌ നാമിപ്പോള്‍ കാണുന്നത്‌.

അലിഗഢ്‌ സര്‍വകലാശാലയില്‍നിന്ന്‌ ബിരുദാനന്തര ബിരുദവും കൊളോണിയല്‍ കാലഘട്ടത്തിലെ മാപ്പിള മുസ്‌ലിമുകളെ കുറിച്ചുള്ള പ്രബന്ധത്തിന്‌ കാലിക്കറ്റ്‌ സര്‍വകലാശാലയില്‍നിന്ന്‌ ഡോൿടറേറ്റ്‌ ബിരുദവും നേടിയ പണ്ഡിതനാണ്‌ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഡോ. ഹുസൈന്‍ രണ്ടത്താണി. ഡോ. രണ്ടത്താണിക്ക്‌ വിസ്‌മയകരമായ പിന്തുണയാണ്‌ വിവിധ മുസ്‌ലിം സംഘടനകളില്‍നിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ലീഗും എന്‍.ഡി.എഫും യു.ഡി.എഫും ഒരു വശത്തും ബി.ജെ.പി. ഒഴികെയുള്ള മറ്റു വിഭാഗക്കാര്‍ മറു ചേരിയിലും എന്ന നിലയിലേക്ക്‌ അതിവേഗത്തില്‍ പൊന്നാനിയുടെ രാഷ്‌ട്രീയചിത്രം മാറിക്കൊണ്ടിരിക്കുകയാണ്‌. 2004ല്‍ മഞ്ചേരിയിലുണ്ടായ വിജയം പൊന്നാനിയില്‍ ആവര്‍ത്തിക്കുന്നതോടെ മലപ്പുറത്തിന്റെ രാഷ്‌ട്രീയചിത്രത്തില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാകും.

പൊന്നാനിയില്‍ രൂപംകൊള്ളുന്ന ഈ ഇടതുപക്ഷ വിശാല ഐക്യം മലപ്പുറം മണ്ഡലത്തെയും സ്വാധീനിച്ചുകഴിഞ്ഞു. മഞ്ചേരി ജേതാവ്‌ ടി.കെ.ഹംസയുടെ മുന്നേറ്റം ലീഗിലെ ഇ.അഹമ്മദിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നു. ഇന്ത്യയുടെ അമേരിക്ക-ഇസ്രായേല്‍ പക്ഷപാത വിദേശനയത്തിന്റെ മാപ്പുസാക്ഷിയായി അധികാരത്തില്‍ കടിച്ചുതൂങ്ങിയതിനെതിരായ ജനവികാരം പ്രകടമാണ്‌. സദ്ദാം ഹുസൈന്റെ വധം ഇറാഖിന്റെ ആഭ്യന്തര കാര്യമാണ്‌ എന്നതായിരുന്നല്ലോ ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ സമീപനം. ഇസ്രായേലില്‍നിന്ന്‌ ഏറ്റവും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന രാജ്യമാണ്‌ ഇന്ത്യ. ഇസ്രായേല്‍ സൈനികമേധാവികള്‍ കശ്‌മീര്‍ സന്ദര്‍ശിക്കുന്നു, ഇസ്രായേലിന്റെ ചാര ഉപഗ്രഹം ഇന്ത്യ ഭ്രമണപഥത്തില്‍ എത്തിക്കുന്നു. ഇതിനെല്ലാം കൂട്ടുനിന്നതിന്‌ ലീഗ്‌ വിചാരണചെയ്യപ്പെടുകയാണ്‌.

പൊന്നാനിയിലെ തരംഗങ്ങള്‍ മലപ്പുറത്ത്‌ ഒതുങ്ങാന്‍ പോകുന്നില്ല. കേരളത്തിലുടനീളം, പ്രത്യേകിച്ചും മലബാറില്‍ പൊന്നാനിയുടെ അനുരണനങ്ങള്‍ തിരഞ്ഞെടുപ്പുഫലങ്ങളെ സ്വാധീനിക്കുന്ന ഒരു സുപ്രധാന ഘടകമായിരിക്കും.

***

ഡോ.ടി.എം.തോമസ്‌ ഐസക്‌,
കടപ്പാട് :
വര്‍ക്കേഴ്സ് ഫോറം, മാതൃഭൂമി

No comments:

Post a Comment

Visit: http://sardram.blogspot.com