07 March, 2009

കെണിയില്‍

കെണിയില്‍

ആണവോര്‍ജകരാറിന്റെ മറവില്‍ അമേരിക്ക ഒരുക്കിയ കെണിയില്‍ ഇന്ത്യ വീണു. അസമമായ ആണവനിര്‍വ്യാപന സംവിധാനത്തിന്റെ ഭാഗമായിക്കൊണ്ട് ഇന്ത്യ ആണവ വിതരണ സംഘത്തില്‍ (എന്‍എസ് ജി) നിന്ന് ഇളവ് നേടി. രാജ്യത്തിന്റെ പരമാധികാരം അടിയറവച്ച് അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധത്തിന് വഴിതുറന്നാണ് ഇളവ് ലഭിച്ചത്.

34 വര്‍ഷംമുമ്പ് പൊഖ്റാന്‍ സ്ഫോടനത്തോടെ അമേരിക്കതന്നെ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് അവര്‍ക്കു മുമ്പില്‍ വഴങ്ങി ഇന്ത്യ മറികടക്കുന്നത്. ഇളവ് പ്രഖ്യാപിച്ച ഉടന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ള്യു ബുഷിനെ ടെലിഫോണില്‍ വിളിച്ച് സന്തോഷം പ്രകടിപ്പിച്ചു.

മൂന്നു ദിവസം വിയന്നയില്‍ നടന്ന തലനാരിഴ കീറിയുള്ള ചര്‍ച്ചയ്ക്കുശേഷമാണ് ആണവ വ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ ഇന്ത്യയെ അനുവദിച്ചുള്ള ഇളവ് അംഗീകരിക്കാന്‍ 45 അംഗ എന്‍എസ് ജി തയ്യാറായത്. ആണവ നിര്‍വ്യാപനകരാര്‍ ഒപ്പിടാത്ത ഇന്ത്യക്ക് ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് അമേരിക്ക നല്‍കിയ മൂന്നാമത്തെ കരട് രേഖയാണ് ഏതാനും ഭേദഗതിയോടെ എന്‍എസ് ജി അംഗീകരിച്ചത്. ആഗസ്ത് 21നും 22നും കരടിനെതിരെ ശക്തമായ അഭിപ്രായം ഉയര്‍ന്നതിനെത്തുടര്‍ന്ന് മാറ്റം വരുത്തി രണ്ടാമത്തെ കരടാണ് വ്യാഴാഴ്ച യോഗത്തില്‍ വച്ചത്. അതിലും മാറ്റം വരുത്തിക്കൊണ്ടുള്ള കരടാണ് ഇപ്പോള്‍ അംഗീകരിച്ചത്.

ഇളവ് നല്‍കുന്നതിനെ എതിര്‍ക്കുന്ന അയര്‍ലന്‍ഡ്, ഓസ്ട്രിയ, ന്യൂസിലന്‍ഡ്, നോര്‍വെ, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യത്തിന്റെ എതിര്‍പ്പ് കുറയ്ക്കാനുള്ള ഭേദഗതിയാണ് അംഗീകരിച്ചതെന്ന് അറിയുന്നു. ഇന്ത്യ ഇനിയും ആണവപരീക്ഷണം നടത്തിയാല്‍ ഉടന്‍തന്നെ കരാറില്‍നിന്ന് പിന്മാറുക, ഇന്ത്യക്ക് ഏറെ ആവശ്യമായ സമ്പുഷ്ടീകരണ-പുനഃസംസ്കരണ സാങ്കേതികവിദ്യ നല്‍കാതിരിക്കുക, ഇറക്കുമതിചെയ്യുന്ന റിയാക്ടറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഇന്ധനംമാത്രം നല്‍കുക തുടങ്ങിയ നിബന്ധനയാണ് ഇളവ് നല്‍കാന്‍ ഇവര്‍ മുന്നോട്ടുവച്ചിട്ടുള്ളത്.

ഇന്ത്യയുമായുള്ള ആണവ വ്യാപാരത്തിനു മാത്രമായി അമേരിക്ക പാസാക്കിയ ഹൈഡ് ആക്ടിലെ വ്യവസ്ഥതന്നെയാണ് ഈ നിബന്ധനയെല്ലാം. എന്‍പിടി, സിടിബിടി, എംടിസിആര്‍ തുടങ്ങിയ കരാറില്‍ ഇന്ത്യ ഉടന്‍ ഒപ്പുവയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. യുദ്ധാവശ്യങ്ങള്‍ക്കുള്ള ആണവപദ്ധതി വ്യാപിപ്പിക്കാന്‍ ആണവ വ്യാപാര ഇളവ് ഇന്ത്യ പ്രയോജനപ്പെടുത്തിയേക്കാമെന്ന ആശങ്കയാണ് അവര്‍ പ്രകടിപ്പിച്ചത്. അതു തടയുന്ന വിധത്തില്‍ കരട് വ്യവസ്ഥകള്‍ വീണ്ടും പുതുക്കണമെന്നും ആണവ നിര്‍വ്യാപന ഉടമ്പടി വ്യവസ്ഥകളിലേക്ക് ഇന്ത്യയെ കൊണ്ടുവരാന്‍ ഇപ്പോള്‍ കിട്ടിയ സുവര്‍ണാവസരം ഉപയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ വഴിമുട്ടിയപ്പോള്‍ എതിര്‍പ്പുയര്‍ത്തുന്ന രാജ്യങ്ങളുടെ പ്രതിനിധികളുമായി വിദേശകാര്യ സെക്രട്ടറി ശിവശങ്കരമേനോന്‍ നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് തൊട്ടുപിന്നാലെയായിരുന്നു പ്രണബ് മുഖര്‍ജിയുടെ പരസ്യ പ്രസ്താവന.

മുഖര്‍ജിയുടെ പ്രസ്താവനയില്‍ നാളിതുവരെ ഇന്ത്യ തുടര്‍ന്നു വന്ന നയത്തില്‍ നിന്നുള്ള വ്യതിചലനം വളരെ പ്രകടമാണ്.

ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത ഇന്ത്യയെ ആണവ വ്യാപാരത്തിന് അനുവദിക്കുന്നതിനെ എതിര്‍ക്കുന്ന എന്‍.എസ്.ജി രാജ്യങ്ങളെ മയപ്പെടുത്താന്‍ അമേരിക്കന്‍ താല്‍പര്യപ്രകാരമാണ് വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി ഇതുസംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തിയത്. അണുപരീക്ഷണം നടത്താനുള്ള ഇന്ത്യയുടെ പരമാധികാരം ആണവ കരാറിന് വേണ്ടി അടിയറ വെക്കില്ലെന്ന് പാര്‍ലമെന്റിലും പുറത്തും ആവര്‍ത്തിച്ച കേന്ദ്രസര്‍ക്കാറാണ് ഭാവിയില്‍ ഇന്ത്യ ആണവപരീക്ഷണം നടത്തില്ലെന്ന് ആണവസാമഗ്രി ദാതാക്കളായ രാജ്യങ്ങള്‍ക്ക് ഉറപ്പുകൊടുത്തത്. അണുപരീക്ഷണത്തിന് ഇന്ത്യ സ്വയം ഏര്‍പ്പെടുത്തിയ നിരോധം തുടരുമെന്നാണ് വാഗ്ദാനം.

1988ല്‍ രാജീവ് ഗാന്ധി മുന്നോട്ടുവച്ച നിരായുധീകരണ സങ്കല്‍പ്പത്തെതന്നെ അട്ടിമറിക്കുന്നതാണ് ഇന്ത്യയുടെ നീക്കം. അന്തിമമായി അംഗീകരിച്ച ഇളവിന്റെ രൂപം എന്‍എസ് ജി പുറത്ത് വിട്ടിട്ടില്ല. എന്‍എസ് ജി അധ്യക്ഷന്‍ ജര്‍മനിയായതുകൊണ്ടുതന്നെ ജര്‍മനിയില്‍ പ്രസിദ്ധീകരിക്കുന്ന രേഖ ഇംഗ്ളീഷില്‍ പുറത്തു വന്നാലേ ചതിക്കുഴി എന്തെന്ന് മനസ്സിലാകൂ.

ഇന്ത്യക്ക് സ്വീകാര്യമല്ലാത്ത ഒന്നും അംഗീകരിക്കാതെയാണ് കരാറിലെത്തിയതെന്ന് വിയന്നയില്‍ ആണവോര്‍ജ കമീഷന്‍ ചെയര്‍മാന്‍ അനില്‍ കാകോദ്കര്‍ പറഞ്ഞു. ആണവപരീക്ഷണം നടത്താനുള്ള രാജ്യത്തിന്റെ നിയമപരമായ അവകാശം പൂര്‍ണമായും സംരക്ഷിച്ചുവെന്നും എന്‍.എസ്.ജിയില്‍ നിന്ന് പ്രത്യേക ഇളവ് നേടാന്‍ രാജ്യം യാതൊരു ബാധ്യതയും ഏറ്റെടുത്തിട്ടില്ലെന്നും ആണ് അദ്ദേഹം പറഞ്ഞത്. ആണവപരീക്ഷണത്തില്‍ ഇന്ത്യ സ്വമേധയാ പ്രഖ്യാപിച്ച മൊറട്ടോറിയത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, പുറമേക്ക് ഉപാധി ഇല്ലെങ്കില്‍ത്തന്നെ അമേരിക്കയുടെ ഹൈഡ് ആക്ടിനു വിധേയമായിട്ടേ ഇന്ത്യക്ക് നില്‍ക്കാനാകൂവെന്ന് ബുഷ് ഭരണകൂടംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്‍എസ് ജിയുടെ അംഗീകാരം ലഭിച്ചതോടെ അമേരിക്കയുമായുള്ള ആണവ സഹകരണ കരാര്‍ നടപ്പാക്കാനുള്ള പ്രധാന കടമ്പ കടന്നിരിക്കുകയാണ്. അമേരിക്കന്‍ കോണ്‍ഗ്രസ് 123 കരാറിന് അംഗീകാരം നല്‍കലാണ് അടുത്ത പടവ്. ഇന്ത്യന്‍ ആണവനിലയങ്ങള്‍ക്ക് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷാ സംവിധാനം നടപ്പാക്കാനുള്ള അഡീഷണല്‍ പ്രോട്ടോകോളില്‍ ഒപ്പുവയ്ക്കേണ്ടതുമുണ്ട്. 26 വരെയാണ് അമേരിക്കന്‍ കോണ്‍ഗ്രസ് സമ്മേളിക്കുന്നത്. 30 ദിവസംമുമ്പ് കരാറിന്റെ കോപ്പി അംഗങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നുണ്ടെങ്കിലും കരാറുകൊണ്ട് ഏറ്റവും ഗുണം അമേരിക്കയ്ക്കാണെന്നതിനാല്‍ അവര്‍ എന്ത് വില കൊടുത്തും അത് പാസാക്കിയെടുക്കാനാണ് സാധ്യത.

ആണവ ബിസിനസ് ലോബിയുടെ വിജയം


വിയന്നയില്‍ വിജയം കണ്ടത് അമേരിക്കയുടെ ആണവ ബിസിനസ് താല്‍പ്പര്യം. ആണവവിതരണ സംഘത്തിന്റെ (എന്‍എസ് ജി) അംഗീകാരം ലഭിച്ചാല്‍മാത്രമേ അമേരിക്കന്‍ ആണവ ബിസിനസ് ലോബിക്ക് ഇന്ത്യയുമായി വ്യാപാരം നടത്താനാകൂ. റഷ്യക്കും ഫ്രാന്‍സിനും ഇത്തരം തടസ്സങ്ങളില്ല. അതുകൊണ്ടാണ് ഇന്ത്യയുമായുള്ള ആണവകരാര്‍ എന്തുവിലകൊടുത്തും നടപ്പാക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ കഠിനാധ്വാനം ചെയ്യുന്നത്. ഇന്ത്യയുമായുള്ള കരാറിന് മൂന്ന് ലക്ഷ്യങ്ങളുണ്ടെന്ന് 2007ല്‍തന്നെ അമേരിക്കന്‍ വിദേശവകുപ്പിലെ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി നിക്കോളാസ് ബേണ്‍സ് പറഞ്ഞിരുന്നു. അതില്‍ ഏറ്റവും പ്രധാനം അമേരിക്കന്‍ ആണവ ബിസിനസിന് പുതുജീവന്‍ നല്‍കലാണ്.

1969ലെ ത്രീമൈല്‍ ഐലന്‍ഡ് ദുരന്തത്തിനുശേഷം തകര്‍ന്നടിഞ്ഞ അമേരിക്കന്‍ ആണവ ബിസിനസിന് പുതുജീവനേകാന്‍ 2005ല്‍ അമേരിക്കന്‍ പാര്‍ലമെന്റ് പ്രത്യേക നിയമംതന്നെ പാസാക്കി. രണ്ടു ദശാബ്ദമായി ഒരൊറ്റ റിയാക്ടറോ ആണവനിലയമോ ഉണ്ടാക്കാത്ത അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയുമായുള്ള ആണവവ്യാപാരം വളര്‍ച്ചയ്ക്ക് അത്യാവശ്യമായിരുന്നു. അതുകൊണ്ടാണ് എന്‍എസ് ജി ഇളവ് വൈകുന്നത് തങ്ങളുടെ ബിസിനസിനെ ദോഷമായി ബാധിക്കുമെന്ന് പെന്‍സില്‍വേനിയ കേന്ദ്രമായ വെസ്റ്റിംഗ്ങ്ഹൌസ് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ ലിപ്‌മാന്‍ കഴിഞ്ഞദിവസം പറഞ്ഞത്.

അഞ്ചുവര്‍ഷത്തിനകം ഇന്ത്യയില്‍നിന്ന് നാലുലക്ഷം കോടി രൂപയുടെ ആണവവ്യാപാരമാണ് അമേരിക്കയില്‍നിന്നടക്കമുള്ള പാശ്ചാത്യകമ്പനികള്‍ പ്രതീക്ഷിക്കുന്നത്. സെന്റര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ കണക്കാണിത്. ഇതില്‍ സിംഹഭാഗവും അമേരിക്കന്‍ കമ്പനികളായ വെസ്റ്റിങ് ഹൌസിനും ജനറല്‍ ഇലക്ട്രിക്കല്‍സിനുമാണ് ലഭിക്കുക. അമേരിക്കയുടെ നേതൃത്വത്തിലാണ് കരാര്‍ എന്നതുകൊണ്ടുതന്നെ റിയാക്ടര്‍ ബിസിനസിലെ വലിയ ഭാഗവും ഇവര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യ പ്രചരിപ്പിക്കുന്നതുപോലെ റഷ്യയിലെയോ ഫ്രാന്‍സിലെയോ കമ്പനികള്‍ക്കാകില്ല ലഭിക്കുക. ആയിരം മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള ഒരു റിയാക്ടറിന്റെ വില ഒരുലക്ഷം കോടിമുതല്‍ ഒന്നരലക്ഷം കോടിവരെയായിരിക്കും. രണ്ടു റിയാക്ടറുള്ള ആണവനിലയം സ്ഥാപിക്കാന്‍ എട്ടുലക്ഷം കോടി രൂപയെങ്കിലുമാകും. കരാര്‍ നടപ്പാകുന്നപക്ഷം ആദ്യം എട്ടു റിയാക്ടര്‍ വാങ്ങാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി പറയുന്നതുപോലെ 2020 ആകുമ്പോഴേക്കും 40,000 മെഗാവാട്ട് വൈദ്യുതി ആണവനിലയങ്ങളില്‍നിന്ന് ഉല്‍പ്പാദിപ്പിക്കണമെങ്കില്‍ മുപ്പതിലധികം റിയാക്ടറുകള്‍ ഇറക്കുമതിചെയ്യേണ്ടിവരും. ഇതിനുമാത്രം 30 ലക്ഷം കോടിമുതല്‍ 40 ലക്ഷം കോടിവരെ ചെലവാകും. ഒരു ആണവനിലയം സ്ഥാപിക്കാന്‍ ആറുമുതല്‍ എട്ടുവര്‍ഷംവരെ എടുക്കുകയും ചെയ്യും. അതായത് ആണവവൈദ്യുതി പെട്ടെന്നൊന്നും ഇന്ത്യക്ക് ലഭ്യമാകില്ലെന്ന് അര്‍ഥം.

സ്വാതന്ത്ര്യം അടിയറ വയ്ക്കുന്നു


ആണവരാഷ്ട്രങ്ങളുടെ വിവേചനപരമായ സമീപനത്തെ എന്നും ശക്തമായി എതിര്‍ത്ത രാജ്യമാണ് ഇന്ത്യ. വിവേചനപരമായ ആണവ നിര്‍വ്യാപനകരാറിലും (എന്‍പിടി) സമഗ്ര ആണവപരീക്ഷണ നിരോധനകരാറിലും (സിടിബിടി) ഒപ്പിടാന്‍ വിസമ്മതിച്ച് മൂന്നാംലോക രാജ്യങ്ങളുടെ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കിയ രാജ്യം. എന്നാല്‍, അമേരിക്കന്‍ സുഹൃത്തായ മന്‍മോഹന്‍സിങ്ങിന്റെ ഭരണകാലത്ത് ധീരമായ ആ നിലപാട് കൈയൊഴിഞ്ഞ് അമേരിക്കന്‍ നേതൃത്വത്തിലുള്ള ആണവസംഘടനയ്ക്ക് ഇന്ത്യ പൂര്‍ണമായി കീഴടങ്ങിയതിന്റെ ചിത്രമാണ് വിയന്നയില്‍ എന്‍എസ് ജി യോഗത്തില്‍നിന്ന് വന്നത്.

ഇന്ത്യയുടെ തന്ത്രപ്രധാന താല്‍പ്പര്യം ബലികഴിച്ചാണ് അമേരിക്കന്‍ 'ഔദാര്യത്താല്‍'മാത്രം എന്‍എസ് ജിയില്‍നിന്ന് ഇളവ് നേടിയത്. വിവേചനപരമെന്നതിനാല്‍ രാജ്യം ഇതുവരെ അംഗീകരിക്കാതിരുന്ന എന്‍പിടിയിലെയും സിടിബിടിയിലെയും വ്യവസ്ഥ ഒരുപരിധിവരെ അംഗീകരിച്ചാണ് എന്‍എസ് ജിയില്‍നിന്ന് ഇളവ് നേടിയത്. വെള്ളിയാഴ്ച വിദേശമന്ത്രി പ്രണബ് മുഖര്‍ജി നടത്തിയ പ്രസ്താവന ഈ കീഴടങ്ങലിന്റെ സാക്ഷ്യപത്രമാണ്. ആണവപരീക്ഷണത്തിന് സ്വയം ഏര്‍പ്പെടുത്തിയ മൊറട്ടോറിയം തുടരുമെന്നാണ് മുഖര്‍ജി ഉറപ്പ് നല്‍കിയത്. സമാധാന ആവശ്യത്തിന് ആണവപരീക്ഷണം നടത്താനുള്ള സ്വാതന്ത്ര്യം അടിയറവച്ചെന്നു ചുരുക്കം. പരീക്ഷണത്തിനുള്ള അവകാശം നിലനിര്‍ത്തിയിരുന്ന ഇന്ത്യ മൊറട്ടോറിയത്തിന്റെ മറവില്‍ ഇനി പരീക്ഷണം നടത്തില്ലെന്ന് ഉറപ്പുനല്‍കിയതോടെ ഫലത്തില്‍ സിടിബിടി ഒപ്പിട്ടതിനു തുല്യമായി.

ആണവരംഗത്ത് രാജ്യത്തിന്റെ സ്വതന്ത്ര, സ്വാശ്രയ ശ്രമം ഇനി അസാധ്യമാകും. ആണവ സാങ്കേതികവിദ്യയും ഉപകരണങ്ങളും മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കരുതെന്ന് വിലക്കുന്ന എന്‍പിടി അംഗീകരിക്കുന്നതിനു തുല്യമാണ് ഇത് സംബന്ധിച്ച ഉറപ്പ്. പ്രധാനമന്ത്രി പാര്‍ലമെന്റിനും രാജ്യത്തിനും നല്‍കിയ വാഗ്ദാനത്തിന് കടകവിരുദ്ധമാണ് ഈ കീഴടങ്ങല്‍. രണ്ടായിരത്തഞ്ച് ജൂണ്‍ 28ന് അമേരിക്കയുമായി ഒപ്പിട്ട പ്രതിരോധ ചട്ടക്കൂട് കരാര്‍മുതല്‍ തുടങ്ങിയ കീഴടങ്ങലാണ് ഇപ്പോള്‍ പൂര്‍ണമായത്. 1974ല്‍ പൊഖ്റാനില്‍ ആണവസ്‌ഫോടനം നടത്തിയതിന് ശിക്ഷയായി അമേരിക്കന്‍ നേതൃത്വത്തില്‍ ആണവവിതരണ രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഒറ്റപ്പെടുത്തല്‍ മാറ്റാനെന്ന പേരിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഇന്ത്യയുടെ സ്വതന്ത്രനിലപാട് അടിയറവച്ചത്.

മൂന്നുവര്‍ഷത്തിനിടെ അമേരിക്കയുമായി ഇരുപതോളം സംയുക്ത സൈനിക അഭ്യാസം ഇന്ത്യ നടത്തിക്കഴിഞ്ഞു. ബോയിങ് വിമാനക്കരാര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിനു കോടിരൂപയുടെ സൈനിക ഇടപാടിലും ഒപ്പിട്ടു. ഇന്ത്യയുടെ 14 റിയാക്ടര്‍ ഐഎഇഎയുടെ നിരീക്ഷണ സംവിധാനത്തിലാക്കി. 1974ലെ പൊഖ്റാന്‍ സ്ഫോടനത്തിന് ഇന്ത്യ ഉപയോഗിച്ച സൈറസ് എന്ന ഗവേഷണ റിയാക്ടര്‍ അടച്ചിടാമെന്ന് 2006 മാര്‍ച്ചിലെ വിഭജനപദ്ധതിയിലൂടെ ഇന്ത്യ അമേരിക്കയ്ക്ക് ഉറപ്പുനല്‍കി. ആണവരംഗത്തുള്ള ഗവേഷണത്തിന്് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. വീണ്ടും ഇന്ത്യ ആണവപരീക്ഷണം നടത്തിയാല്‍ അമേരിക്ക ആണവസഹകരണകരാറില്‍നിന്ന് പിന്‍വാങ്ങുകയും താരാപ്പുര്‍ അനുഭവം ആവര്‍ത്തിക്കുകയും ചെയ്യും. ആണവപരീക്ഷണം നടത്തിയതിനാണ് താരാപ്പുരിനുള്ള ഇന്ധനവിതരണം അമേരിക്ക നിര്‍ത്തിയത്.

ചരിത്രനേട്ടം: പ്രധാനമന്ത്രി

മറ്റു രാജ്യങ്ങളുമായി ആണവവ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ ഇന്ത്യക്ക് ആണവവിതരണ സംഘത്തില്‍നിന്ന് ഇളവ് ലഭിച്ചത് ചരിത്രപരമായ നേട്ടമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ സഹായിക്കുന്ന ഈ തീരുമാനം ദശാബ്ദങ്ങളായി ഇന്ത്യ ആണവരംഗത്ത് നേരിടുന്ന ഒറ്റപ്പെടല്‍ അവസാനിപ്പിക്കാന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയുടെ ആണവനിര്‍വ്യാപന റെക്കോഡിന് ലോകരാജ്യങ്ങള്‍ നല്‍കിയ അംഗീകാരംകൂടിയാണ് ഇതെന്നു പറഞ്ഞ പ്രധാനമന്ത്രി, അത്യന്താധുനിക ആണവസാങ്കേതികവിദ്യയുള്ള രാജ്യമാണ് ഇന്ത്യയെന്ന് അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. ചരിത്രപ്രധാന സംഭവമാണ്
എന്‍എസ് ജിയില്‍ നിന്ന് ലഭിച്ച ഇളവെന്ന് വിദേശമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. സ്വാഗതാര്‍ഹമായ നീക്കമാണ് ഇതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ മുഖര്‍ജി, അമേരിക്കന്‍ പ്രസിഡന്റ് ബുഷിനും വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസിനും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും പ്രത്യേകം നന്ദി പറഞ്ഞു. ഇന്ത്യയുടെ ആണവവ്യാപാരത്തിലും ഊര്‍ജരംഗത്തും പുതിയ അധ്യായത്തിന് തുടക്കംകുറിക്കുന്നതാണ് എന്‍ എസ് ജിയുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ വിജയം: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന് മാത്രമല്ല ഇന്ത്യക്ക് തന്നെ ലഭിച്ച മഹത്തായ വിജയമാണ് ഇളവുകളെന്ന് കോണ്‍ഗ്രസ് പാര്‍ടി വ്യക്തമാക്കി. 'ഇന്ത്യയെ സംബന്ധിച്ച് ചരിത്ര ദിവസമാണിത്. ചുകപ്പ് അക്ഷരത്തില്‍ എഴുതപ്പെടേണ്ട ദിവസം' കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. എന്‍എസ് ജിയില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞത് ഇന്ത്യയുടെ വിജയമാണെന്ന് എസി പി വക്താവ് ഡി പി ത്രിപാഠി പറഞ്ഞു. രാജ്യത്തിന് ലഭിച്ച മഹത്തായ വിജയമാണിതെന്ന് പറഞ്ഞ സമാജ്‌വാദി പാര്‍ടി ജനറല്‍ സെക്രട്ടറി അമര്‍സിങ്ങ് രാജ്യത്തിന്റെ വികസനത്തെ ഇത് സഹായിക്കുമെന്നും പറഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരം അടിയറവെക്കുന്നതാണ് കരാര്‍ എന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞു. ആണവപരീക്ഷണം നടത്താനുള്ള രാജ്യത്തിന്റെ അധികാരം പോലും അടിയറവെക്കപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്രാജ്യത്വത്തിന് വീണ്ടും വഴങ്ങി: യെച്ചൂരി

ആണവകരാര്‍ പ്രശ്നത്തില്‍ ഇന്ത്യ വീണ്ടും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് വഴങ്ങുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. എന്‍എസ് ജിയില്‍ ഇന്ത്യക്ക് ലഭിച്ച ഇളവിന്റെ പൂര്‍ണ രൂപം ലഭിക്കാതെ കൃത്യമായ അഭിപ്രായം പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം ചര്‍ച്ചചെയ്യാന്‍ പാര്‍ലമെന്റ് സമ്മേളനം ഉടന്‍ വിളിച്ച് ചേര്‍ക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഇന്ത്യയുടെ പ്രഖ്യാപിത നിലപാടനുസരിച്ചുള്ള വ്യക്തവും ഉപാധിയില്ലാത്തതുമായ ഇളവാണ് ലഭിച്ചതെന്ന് ഓസ്ട്രിയന്‍ വിദേശമന്ത്രാലയ വക്താവ് പീറ്റര്‍ ലോന്‍സ്കിയുടെ പ്രസ്താവന വ്യക്തമാക്കുന്നില്ല. സമവായത്തിലെത്താനായത് ആശ്വാസം നല്‍കുന്നതായി അദ്ദേഹം വിശേഷിപ്പിച്ചു. ഇത് വ്യക്തമാക്കുന്നത് ഓസ്ട്രിയയും മറ്റും മുന്നോട്ടുവച്ച ചില നിബന്ധനയ്ക്കെങ്കിലും ഇന്ത്യ വഴങ്ങിയെന്നാണ്. പിബി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.

രാജ്യത്തിന്റെ പരമാധികാരം അടിയറവയ്ക്കുകയാണ് യുപിഎ സര്‍ക്കാരെന്ന് സിപിഐ സെക്രട്ടറി ഡി രാജ കുറ്റപ്പെടുത്തി. ഇളവുസംബന്ധിച്ച സമ്പൂര്‍ണ പ്രതികരണം കരാറിന്റെ പൂര്‍ണ രൂപം ലഭിച്ചതിനുശേഷം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കീഴടങ്ങലിന്റെ നാള്‍വഴി


1968: ആണവനിര്‍വ്യാപനകരാര്‍ വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി ഒപ്പിടാന്‍ ഇന്ത്യ വിസമ്മതിച്ചു.
1974, മെയ് 18: ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണം.
1978, മാര്‍ച്ച് 10: അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ആണവ നിര്‍വ്യാപനനിയമം ഒപ്പിട്ടു. തുടര്‍ന്ന് ഇന്ത്യക്കുള്ള ആണവസഹായം നിര്‍ത്തലാക്കി.
1998, മെയ് 11-13: ഇന്ത്യ അഞ്ചു ഭൂഗര്‍ഭ ആണവപരീക്ഷണം നടത്തി.
2005, ജൂലൈ 18: അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ള്യു ബുഷും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ആണവകരാര്‍ സംബന്ധിച്ച ആദ്യപ്രഖ്യാപനം നടത്തി.
2005, ജൂണ്‍ 28: ഇന്ത്യ-അമേരിക്ക പ്രതിരോധ ചട്ടക്കൂട് കരാര്‍ ഒപ്പിട്ടു.
2006, മാര്‍ച്ച് 1: ബുഷിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനം. 2006, മാര്‍ച്ച് 3: ആണവസഹകരണം സംബന്ധിച്ച് ബുഷും മന്‍മോഹന്‍സിങ്ങും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.
2006, ജൂലൈ 26: അമേരിക്കന്‍ കോഗ്രസിലെ പ്രതിനിധി സഭ ഹൈഡ് ആക്ട് പാസാക്കി. ആണവനിര്‍വ്യാപനകരാറില്‍ ഒപ്പിടുന്നതില്‍നിന്ന് ഒഴിവ് നല്‍കി ഇന്ത്യയുമായുള്ള ആണവ സഹകരണം പ്രഖ്യാപിച്ചു.
2006, ജൂലൈ 28: ആണവകരാര്‍സംബന്ധിച്ച വിഷയം സമഗ്രമായ ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന് ഇടതുപാര്‍ടികള്‍ ആവശ്യപ്പെട്ടു.
2006, നവംബര്‍ 16: സമാധാന ആവശ്യത്തിനുള്ള ഇന്ത്യ-അമേരിക്ക കരാറും അമേരിക്കയുടെ അധികപ്രമാണം നടപ്പാക്കല്‍നിയമവും നടപ്പാക്കി.
2006, ഡിസംബര്‍ 18: ഹൈഡ് ആക്ടില്‍ ബുഷ് ഒപ്പിട്ടു.
2007,ആഗസ്ത് 3: 123 കരാര്‍ ഇരുരാജ്യവും പുറത്തുവിട്ടു.
2007,ആഗസ്ത് 13: മന്‍മോഹന്‍സിങ് പാര്‍ലമെന്റില്‍ കരാറിനെ ന്യായീകരിച്ച് പ്രസ്താവന നടത്തി.
2007,സെപ്തംബര്‍ 4: യുപിഎ-ഇടത് സമിതി യോഗം ചേര്‍ന്ന് ആണവകരാര്‍ ചര്‍ച്ചചെയ്തു.
2008, ഫെബ്രുവരി 25: കരാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍. ഇടതുപാര്‍ടികളുടെ മുന്നറിയിപ്പ്.
2008, മാര്‍ച്ച് 3: ആണവകരാറുമായി മുന്നോട്ടുപോയാല്‍ ഗുരുതര ഭവിഷ്യത്തെന്ന് ഇടതുപാര്‍ടികളുടെ മുന്നറിയിപ്പ്.
2008, മാര്‍ച്ച് 6: കരാറുമായി മുന്നോട്ടുപോകുന്ന കാര്യം മാര്‍ച്ച് 15നകം തീരുമാനിക്കണമെന്ന് ഇടത് അന്ത്യശാസനം.
2008, മാര്‍ച്ച് 7: കരാറുമായി മുന്നോട്ടുപോയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് അറിയിക്കുന്ന കത്ത് സിപിഐ എം പ്രധാനമന്ത്രിക്ക് നല്‍കി.
2008, മാര്‍ച്ച് 14: ആണവകരാറിന്റെ പേരില്‍ സര്‍ക്കാര്‍ വീഴുകയാണെങ്കില്‍ ഉത്തരവാദിത്തമില്ലെന്ന് ഇടതുപ്രഖ്യാപനം.
2008, ഏപ്രില്‍ 23: അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിനുമുമ്പ് 123 കരാര്‍ സംബന്ധിച്ച് സഭയുടെ വികാരം അറിയുമെന്ന് യുപിഎ സര്‍ക്കാര്‍.
2008, ജൂണ്‍ 17: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി സുരക്ഷാകരാറുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശമന്ത്രി പ്രണബ് മുഖര്‍ജി പ്രകാശ് കാരാട്ടിനെ സമീപിച്ചു.
2008, ജൂണ്‍ 30: കരാര്‍ നടപ്പാക്കുന്നതിനുമുമ്പേ സഭയെ അഭിമുഖീകരിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
2008, ജൂലൈ 8: ഇടതുപാര്‍ടികള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.
2008, ജൂലൈ 9: സുരക്ഷാകരാര്‍സംബന്ധിച്ച കരാറിന്റെ കരട് ഇന്ത്യ ആണവോര്‍ജ ഏജന്‍സി യോഗത്തില്‍ വിതരണം ചെയ്തു.
2008, ജൂലൈ 10: പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശ്വാസവോട്ട് തേടാന്‍ യോഗം വിളിച്ചു.
2008, ജൂലൈ 18: ആണവോര്‍ജ ഏജന്‍സിയുടെ ബോര്‍ഡ് ഗവേര്‍ണസിലും ചില ആണവവിതരണ രാജ്യങ്ങള്‍ക്കിടയിലും സുരക്ഷാ കരാര്‍സംബന്ധിച്ച വിശദീകരണം വിദേശകാര്യ സെക്രട്ടറി ശിവ്ശങ്കര്‍മേനോന്‍ നല്‍കി.
2008, ജൂലൈ 22: മന്‍മോഹന്‍ മന്ത്രിസഭ വിശ്വാസവോട്ട് നേടി.
2008, ആഗസ്ത് 1: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സുരക്ഷാകരാറിന് അംഗീകാരം നല്‍കി.
2008, ആഗസ്ത് 21-22: ഇന്ത്യക്ക് ഇളവ് നല്‍കുന്ന കാര്യം ആണവ വിതരണ രാജ്യങ്ങളുടെ യോഗത്തില്‍ തീരുമാനമാകാതെ പിരിഞ്ഞു.
2008, സെപ്തംബര്‍ 4-6: രണ്ടാംവട്ട ആണവവിതരണ രാജ്യങ്ങളുടെ യോഗത്തില്‍ അമേരിക്ക അവതരിപ്പിച്ച പുതുക്കിയ കരടുപ്രകാരം ഇന്ത്യക്ക് ഇളവ് നല്‍കാന്‍ തീരുമാനമായി.

*
അവലംബം: ദേശാഭിമാനി
കടപ്പാട്। വര്‍ക്കേഴ്സ് ഫോറം

No comments:

Post a Comment

Visit: http://sardram.blogspot.com