30 November, 2010

പൊലീസും ജനങ്ങളും

കേരളം കഴിഞ്ഞ രണ്ടുവര്‍ഷമായി നടപ്പാക്കുന്ന കമ്യൂണിറ്റി പൊലിസിങ് പദ്ധതിയുടെ വിജയം ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാനും വിവിധ രാജ്യങ്ങളിലെ സമാനപരീക്ഷണങ്ങളുടെ സദ്ഫലങ്ങള്‍ മനസ്സിലാക്കുന്നതിനുമുള്ള അവസരമായും ഗ്ളോബല്‍ കമ്യൂണിറ്റി കോൺക്ളേവ് മാറി. കേരള പൊലീസിന്റെ ആതിഥേയത്വത്തില്‍ നവംബര്‍ മൂന്നിനും നാലിനുമാണ് കൊച്ചിയില്‍ കോൺക്ളേവ് നടന്നത്. 42 രാജ്യത്തുനിന്നുള്ള നൂറോളം വിദേശ പ്രതിനിധികളടക്കം ഏകദേശം 130 പ്രതിനിധികളാണ് പങ്കെടുത്തത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഡിജിപിമാരും പ്രശസ്‌തരായ റിട്ടയേര്‍ഡ് ഡിജിപിമാരും സിബിഐ ഡയറക്‌ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സാന്നിധ്യവും ക്രിയാത്മകമായ ആശയങ്ങളുംകൊണ്ട് സമ്മേളനത്തെ സമ്പുഷ്‌ടമാക്കി.

നൂറ്റമ്പതിലധികം വര്‍ഷത്തെ കമ്യൂണിറ്റി പൊലീസിങ് ചരിത്രമുള്ള ഇംഗ്ളണ്ടുമുതല്‍ കമ്യൂണിറ്റി പൊലീസിങ്ങിനു വേരോട്ടമുള്ള അമേരിക്കയും ജപ്പാനും പോലെയുള്ള രാജ്യങ്ങളില്‍നിന്നും അടുത്ത കാലത്തുമാത്രം ഇത്തരം പദ്ധതി നടപ്പാക്കിയ ഇന്തോനേഷ്യയും ലബനനും പോലുള്ള രാജ്യങ്ങളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുത്തു. നാല്‍പ്പതോളം പ്രബന്ധം അവതരിപ്പിക്കപ്പെട്ടു.

ഏതാണ്ട് ഇരുനൂറിലധികം തരത്തിലുള്ള കമ്യൂണിറ്റി പൊലീസിങ് സമ്പ്രദായങ്ങള്‍ അമേരിക്കയില്‍മാത്രം നിലവിലുണ്ടെന്നാണ് ന്യൂ ഹാവന്‍ യൂണിവേഴ്സിറ്റിയില്‍നിന്നുള്ള പ്രൊഫസര്‍ റിച്ചാര്‍ഡ് വാര്‍ഡ് തന്റെ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍,ഈ സമ്പ്രദായങ്ങളുടെയെല്ലാം കാതല്‍ പൊതുജനസഹകരണം ഉറപ്പാക്കി പൊലീസിങ് ജോലി ചെയ്യാന്‍ പൊലീസുദ്യോഗസ്ഥരെ പ്രാപ്‌തരാക്കുക എന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സീനിയര്‍ പൊലീസ് ഉപദേശകനായ ഡേവിഡ് പര്‍ഡിയുടെ അഭിപ്രായം ഏറ്റവും ജൈവികമായി, മാറിവരുന്ന ഓരോ മാറ്റത്തോടും പ്രതികരിക്കാന്‍ കഴിയുന്നതിലാണ് ഏതൊരു കമ്യൂണിറ്റി പൊലീസിങ് സമ്പ്രദായത്തിന്റെയും വിജയം എന്നതാണ്.
ഇംഗ്ളണ്ടിലെ ഏറ്റവും വലിയ പൊലീസ് സേനയായ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് സേനയിലെ കമാന്‍ഡറായ ജിം വെബ്‌സ്‌റ്റര്‍ 1829ല്‍ റോബര്‍ട്ട് പീല്‍ തുടങ്ങിവച്ച കമ്യൂണിറ്റി പൊലീസിങ് ചരിത്രത്തിന്റെ പിന്മുറക്കാരായ ഇന്നത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ലണ്ടനില്‍ നേരിടുന്ന വെല്ലുവിളികളെ ചരിത്ര പശ്ചാത്തലത്തില്‍ വിശകലനംചെയ്‌തു. പൊലീസ് ജനങ്ങളാണ്, ജനങ്ങള്‍ പൊലീസും എന്ന റോബര്‍ട്ട് പീലിന്റെ കാഴ്ചപ്പാട് പ്രസക്തമാണ്. കമ്യൂണിറ്റി പൊലീസിങ് സമ്പ്രദായം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇക്കാര്യത്തില്‍ സാമ്പത്തികസഹായം നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോളണ്ടില്‍നിന്നുള്ള ഡോ. ആബില്‍ ഏമില്‍ ഡബ്ള്യൂ പ്ളൈവാസ്വസ്‌കി ഉള്‍പ്പെടെയുള്ള മറ്റു പല ഗവേഷകരും പൊലീസ് ഉദ്യോഗസ്ഥരും ഇതേ ആശങ്കയാണ് പങ്കുവച്ചത്. ജിം വെബ്‌സ്‌റ്ററിന്റെ നിരീക്ഷണത്തില്‍നിന്നു വളരെ വ്യത്യസ്‌തമായി കേരളത്തിലെ ജനമൈത്രി സുരക്ഷാ പദ്ധതി ഒരു സര്‍ക്കാര്‍ നയവും തീരുമാനവും ആണെന്നത് നമ്മുടെ എടുത്തു പറയത്തക്ക നേട്ടംതന്നെയാണ്. ജനമൈത്രി സുരക്ഷാപദ്ധതി നടപ്പാക്കാന്‍ പ്ളാന്‍ ഫണ്ട് ഉപയോഗിക്കുന്നു എന്നതും കേന്ദ്രസര്‍ക്കാരിന്റെ സഹായം ലഭിക്കുന്നു എന്നതും ഈ രംഗത്തെ ദീര്‍ഘവീക്ഷണത്തോടെയുള്ള മുന്നൊരുക്കത്തിന്റെ ഫലമാണ്.

അമേരിക്കയില്‍നിന്നുള്ള കോപ്പിന്‍ സ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ. മൈക്കല്‍ ബെര്‍ലിന്‍ തന്റെ പ്രബന്ധത്തില്‍ കംപ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ള കുറ്റകൃത്യ കണക്കുകളും കമ്യൂണിറ്റി പൊലീസിങ്ങും ചേര്‍ന്നുള്ള ഒരു പൊലീസിങ് സമ്പ്രദായമാണ് അഭികാമ്യമെന്ന് സമര്‍ഥിച്ചു. നമ്മുടെ ജനമൈത്രി പൊലീസിങ് പദ്ധതിയുടെ കാര്യത്തിലും കൃത്യമായ വിവരശേഖരണവും സൂക്ഷിപ്പും പിന്തുടരേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്.
വിയറ്റ്നാമിലെ പീപ്പിള്‍സ് പൊലീസ് അക്കാദമിയില്‍നിന്നു വന്ന ജനറല്‍ സുവാന്‍ ട്രുഗാന്‍, ന്യൂവാന്‍ വാന്‍ കാര്‍ഹ് എന്നിവര്‍ വിയറ്റ്നാം പൊലീസിന്റെ ഓരോ പ്രവര്‍ത്തനവും കമ്യൂണിറ്റി പൊലീസിങ് സംവിധാനത്തിലൂടെയാണ് നടപ്പാക്കുന്നതെന്ന് പറയുകയുണ്ടായി. ഇത് സര്‍ക്കാരിന്റെ രാഷ്‌ട്രീയനയംതന്നെയാണെന്നും കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകളില്‍ കമ്യൂണിറ്റി പൊലീസിങ്ങിന്റെ ആഭിമുഖ്യത്തിലുള്ള സന്നദ്ധ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. നമ്മുടെ നാട്ടില്‍ നടപ്പാക്കിയ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് പരിപാടിയുടെ വിജയം ഇത്തരുണത്തില്‍ സ്‌മരണീയമാണ്.
അനേകവര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം പരാജയമടഞ്ഞ മോഡലുകളെക്കുറിച്ചാണ് റോട്ടര്‍ ഡാമിലെ ഇറാസ്‌മസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എത്തിയ ഏരീ വാന്‍ സ്ളൂയിസ് പ്രതിപാദിച്ചത്. പൊലീസ് ഓഫീസര്‍മാര്‍ക്കും ജനങ്ങള്‍ക്കും കമ്യൂണിറ്റി പൊലീസിങ്ങിനെ സംബന്ധിച്ച ട്രെയിനിങ് ഇടയ്ക്കിടെ നല്‍കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. ഈ അഭിപ്രായം കേരളത്തിലെ പദ്ധതിയുടെ കാര്യത്തില്‍ വളരെ പ്രസക്തമാണെന്നാണ് എന്റെ വിശ്വാസം. ഈ നിലയ്ക്കുള്ള ചുവടുവയ്പ് എന്ന നിലയില്‍ കമ്യൂണിറ്റി പൊലീസിങ് അക്കാദമി സ്ഥാപിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ രൂപംനല്‍കും.

കേരളത്തിലും മറ്റു വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള അക്കാദമിക് ലോകം കേരളത്തിന്റെ ജനമൈത്രി സുരക്ഷാപദ്ധതിയെ വളരെ താല്‍പ്പര്യത്തോടെ നോക്കിക്കാണാനിടയായി എന്നതും സമ്മേളനത്തിലൂടെ നമ്മുടെ സംസ്ഥാനത്തിനുണ്ടായ ഏറ്റവും വലിയ നേട്ടമായി ഞാന്‍ കരുതുന്നു. ഇതിന്റെ തുടര്‍ച്ചയായി വിവിധ ഗവേഷണസ്ഥാപനങ്ങള്‍ നമ്മുടെ പദ്ധതി പഠിക്കുകയും അതില്‍നിന്ന് നമുക്ക് ഒട്ടേറെ വിലപ്പെട്ട നിര്‍ദേശങ്ങള്‍ ലഭിക്കുകയും ചെയ്യുമെന്നാണ് പ്രത്യാശ.

അസമില്‍ നടപ്പാക്കി വിജയിച്ച 'ആശ്വാസ്' പദ്ധതിയെക്കുറിച്ചാണ് അസം ഡിജിപി ശങ്കര്‍ ബറൂവ സംസാരിച്ചതെങ്കില്‍, തീവ്രവാദഭീഷണി നേരിടുന്ന സ്ഥലങ്ങളിലെ കമ്യൂണിറ്റി പൊലീസിങ്ങിനെപ്പറ്റിയാണ്, മുന്‍ എന്‍ഐഎ ഡയറക്‌ടറായ രാധാ വിനോദ് രാജു ജമ്മു കശ്മീരിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചത്. മതസ്‌പര്‍ധ നിലനില്‍ക്കുന്ന സ്ഥലങ്ങളിലെ കമ്യൂണിറ്റി പൊലീസിങ്ങിനെക്കുറിച്ച് നാഷണല്‍ പൊലീസ് അക്കാദമി ഡയറക്‌ടര്‍ വിനോദ് കുമാര്‍ പ്രബന്ധമവതരിപ്പിച്ചു. തീവ്രവാദഭീഷണി നിലനില്‍ക്കുന്നയിടങ്ങളിലെ കമ്യൂണിറ്റി പൊലീസിങ്ങിനെ സംബന്ധിച്ചാണ് പശ്ചിമ ബംഗാളിലെ കമ്യൂണിറ്റി പൊലീസിങ് നോഡല്‍ ഓഫീസര്‍ ഹര്‍മന്‍ പ്രീത് സിങ് സംസാരിച്ചത്. 30 ശതമാനം സ്‌ത്രീകള്‍ക്കു സംവരണമുള്ള മഹാരാഷ്‌ട്രാ പൊലീസിലെ സ്‌ത്രീ സൌഹൃദപദ്ധതികളെക്കുറിച്ച് പുണെ പൊലീസ് കമീഷണര്‍ മീരാ ബോര്‍വാര്‍കര്‍ പ്രബന്ധമവതരിപ്പിച്ചു. തമിഴ്‌നാട്ടിലെ ഫ്രണ്ട്സ് ഓഫ് പൊലീസ് പദ്ധതിയെക്കുറിച്ച് പ്രദീപ് ഫിലിപ്പ് സംസാരിച്ചു. ഇന്ത്യയിലെ ഏതാണ്ട് എല്ലാ കമ്യൂണിറ്റി പൊലീസിങ് സമ്പ്രദായങ്ങളും സമ്മേളനത്തില്‍ വിശകലനം ചെയ്യപ്പെട്ടു.

നമ്മുടെ ജനമൈത്രി സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളുള്‍പ്പെടെയുള്ള പൊതുജനങ്ങളും പൊലീസുദ്യോഗസ്ഥരുമടക്കം 85 പേര്‍ പങ്കെടുത്ത പ്രത്യേക സമ്മേളനം ഏറെ ആവേശത്തോടെയും അത്ഭുതത്തോടെയുമാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ വീക്ഷിച്ചത്. കേരളത്തിലെ പദ്ധതി വിശകലനംചെയ്‌ത മൂന്നു ഗവേഷകരും ഗവേഷണഫലങ്ങള്‍ വിവരിക്കാനായി സമ്മേളനത്തില്‍ പങ്കെടുത്തു. (ഡോ. സെലിന്‍, രാജഗിരി കോളേജ്, കൊച്ചി, ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ്, ഫാറുഖ് കോളേജ്, കോഴിക്കോട്, ഡോ. അലക്സാണ്ടര്‍, സെന്റ് ജോസ് കോളേജ്, അഞ്ചല്‍). പ്രാദേശികതലത്തില്‍ ജനങ്ങള്‍ മുന്‍കൈയെടുത്ത് പദ്ധതികള്‍ തീരുമാനിക്കുന്ന നമ്മുടെ സമ്പ്രദായം തെല്ലൊന്നുമല്ല 150 വര്‍ഷത്തെ കമ്യൂണിറ്റി പൊലീസിങ് ചരിത്രമുള്ള രാജ്യങ്ങളില്‍നിന്നുമെത്തിയ പ്രതിനിധികളെപ്പോലും അത്ഭുതപ്പെടുത്തിയത്. ഇതു നമ്മുടെ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഏറെ ഊര്‍ജം പകര്‍ന്നു. ജനങ്ങളുടെ സുരക്ഷ ലക്ഷ്യമാക്കിയുള്ള ജനമൈത്രി സുരക്ഷാ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ രാഷ്‌ട്രീയത്തിനതീതമായി നിലകൊണ്ട് പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ രാഷ്‌ട്രീയകക്ഷിഭേദമെന്യേ ജനപ്രതിനിധികള്‍ മത്സരിക്കുന്ന കേരളത്തിലെ കാഴ്ച കണ്ട് മറ്റു രാജ്യങ്ങളിലെയും മറ്റു സംസ്ഥാനങ്ങളിലെയും പ്രതിനിധികള്‍ അത്ഭുതപ്പെടുകയും ഇത് തങ്ങളുടെ സ്ഥലത്തും സാധ്യമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നെന്നു പറയുകയുംചെയ്‌തു. ഇരിങ്ങാലക്കുട എംഎല്‍എ തോമസ് ഉണ്യാടന്‍, കാഞ്ഞങ്ങാട് മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഖാലിദ്, പയ്യന്നൂര്‍ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജി ഡി നായര്‍ തുടങ്ങിയവര്‍ വ്യത്യസ്‌ത രാഷ്‌ട്രീയ നിലപാടുകള്‍ ഉള്ളവരാണെങ്കിലും പദ്ധതിയുടെ വിജയത്തിനുവേണ്ടി ഒട്ടേറെ കാര്യംചെയ്യുകയും സമ്മേളനത്തില്‍ പങ്കെടുക്കുകയുംചെയ്‌തത് തികഞ്ഞ അത്ഭുതത്തോടെയാണ് പ്രതിനിധികള്‍ വീക്ഷിച്ചത്.

ദേശീയ നിയമ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എന്‍ കെ ജയകുമാര്‍ അധ്യക്ഷത വഹിച്ച സെഷനില്‍ ഒട്ടേറെ സ്‌ത്രീ പ്രതിനിധികള്‍ പങ്കെടുത്തതും ബീറ്റ് ഓഫീസര്‍മാരുടെ, പ്രത്യേകിച്ച് വനിതാ പൊലീസുകാരുടെ ആത്മവിശ്വാസവും എടുത്തു പറയേണ്ട സവിശേഷതകളായി വിദേശ പ്രതിനിധികളും അരുണാചല്‍പ്രദേശ് ഡിജിപി കമല്‍ജിത് ഡിയോളും മറ്റും വിലയിരുത്തി. നമ്മുടെ ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കി പൊലീസ്-പൊതുജനബന്ധം ദൃഢമാക്കാനും കൂടുതല്‍ സുരക്ഷിതമായ കേരളം സൃഷ്‌ടിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കാനും കേരളത്തിനു കഴിയും. ക്രമസമാധാനത്തിലും സുരക്ഷയിലും ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനമെന്ന ഖ്യാതി തുടരാനും മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാകാനും കേരളത്തിന് ഇതുവഴി സാധിക്കും.

*****

കോടിയേരി ബാലകൃഷ്ണന്‍,

29 November, 2010

ജി - 20 മാറി ജി - 2 ഉണ്ടാകുമോ?

രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ആഗോള ക്രമത്തിലെ രാഷ്ട്രീയ-സാമ്പത്തിക സാമൂഹ്യ ബന്ധങ്ങളില്‍ സമൂല മാറ്റമുണ്ടാകണമെന്ന് ലോക നേതാക്കള്‍ ആഗ്രഹിച്ചു. തുടര്‍ന്ന് ആഗോള ക്രമത്തിന് പലതരത്തിലുമുള്ള പുനസ്സംഘടന നിര്‍ദ്ദേശിക്കപ്പെട്ടു. എന്നാല്‍ അവസാനം എത്തി നിന്നത് ഐക്യരാഷ്ട്രസഭയിലാണ്. പൊതുസഭയും സെക്യൂരിറ്റി കൗണ്‍സിലും നിലവില്‍ വന്നു. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണം നാലഞ്ച് സമ്പന്ന രാജ്യങ്ങളുടെ കൈയില്‍ തന്നെ നിലനിന്നു. രാഷ്ട്രീയ-സാമ്പത്തിക ശക്തിയായി വളര്‍ന്ന ഇന്ത്യയെ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരയംഗമാക്കി അംഗീകരിക്കാന്‍ സമ്പന്ന രാജ്യങ്ങള്‍ ഇപ്പോഴും തയ്യാറല്ല.

ഐക്യരാഷ്ട്രസഭയോടൊപ്പം 1944 ല്‍ നിലവില്‍ വന്നതാണ് ബ്രിട്ടന്‍ വുഡ്‌സ് ഇരട്ടകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഐ എം എഫും ലോക ബാങ്കും. വിദേശ വ്യാപാരത്തിലെ അടച്ചുബാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാമ്പത്തിക ബന്ധങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും ലക്ഷ്യമിട്ട ഐ എം എഫിന് ഇപ്പോഴും വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. സാമ്പത്തിക -സാമൂഹ്യ വികസനത്തിനാവശ്യമായ ഹ്രസ്വ ദീര്‍ഘകാല വായ്പകള്‍ നല്‍കുന്ന ലോക ബാങ്കിനും അതിന്റെ ആത്യന്തിക ലക്ഷ്യങ്ങള്‍ നേടാനായിട്ടില്ലെന്ന് ഇതുവരെയുള്ള അനുഭവം തെളിയിക്കുന്നു. ഈ രണ്ട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് വേണ്ട സഹായങ്ങളും നടപടികളും നല്‍കാന്‍ സമ്പന്ന രാജ്യങ്ങള്‍ വിമുഖത കാണിക്കുന്നുവെന്നാണ് പരാതി. പ്രത്യേകിച്ചും വികസ്വര രാജ്യങ്ങളുടേത്. ചുരുക്കത്തില്‍ ഐക്യരാഷ്ട്ര സഭ, ഐ എം എഫ്, ലോകബാങ്ക് എന്നീ സ്ഥാപനങ്ങളുടെ പുനഃസംഘടന വികസ്വര രാജ്യങ്ങള്‍ ആവശ്യപ്പെടുന്നു.

ലോകമഹായുദ്ധാനന്തര കാലഘട്ടത്തില്‍ വ്യാപാര ബന്ധങ്ങളെ സ്വാധീനിക്കുന്ന താരിഫ് ബന്ധങ്ങളെക്കുറിച്ച് ചില തീരുമാനങ്ങള്‍ ഉണ്ടായി. നീതിയുക്തമായ വ്യാപാരവും വികസനവും ഉറപ്പാക്കാന്‍ നിയന്ത്രിത വ്യാപാരത്തേക്കാളും സ്വതന്ത്ര വ്യാപാരമാണ് എന്ന വാദം ശക്തമായി. എന്നാലിത് ഉടനെ നടപ്പാക്കുന്നതിനെ ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍, മൂന്നാം ലോകരാജ്യങ്ങള്‍ എതിര്‍ത്തു. 1994 ല്‍ ഗാട്ട് കരാര്‍ ഉണ്ടായപ്പോള്‍ തങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം വേണമെന്നവര്‍ ശഠിച്ചു. ഇന്ത്യയും മറ്റും ജി-77 എന്ന പ്രത്യേക ഗ്രൂപ്പിന് രൂപം നല്‍കി താരിഫ് ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തതിന്റെ ഫലമായി സമ്പന്ന രാജ്യങ്ങളില്‍ നിന്നും പ്രത്യേക ആനുകൂല്യങ്ങള്‍ നേടിയെടുത്തു. എന്നാലതിനെ നിരുത്സാഹപ്പെടുത്താനും വികസ്വര രാജ്യങ്ങളെ തളച്ചിടാനും വേണ്ടിയാണ് സമ്പന്ന രാജ്യങ്ങള്‍ ഡബ്ല്യൂ ടി ഓ കരാര്‍ ഉണ്ടാക്കിയത്. അതനുസരിച്ച് സമയബന്ധിതമായി എല്ലാ അംഗങ്ങളും സ്വതന്ത്ര വ്യാപാര ക്രമം അംഗീകരിക്കണമെന്ന ആശയം ശക്തമായി. ഈയവസ്ഥയില്‍ ജി-77 നിര്‍ജ്ജീവമായി. മൂന്നാം ലോകരാജ്യങ്ങളുടെ മുന്നണിയില്‍ നിന്ന് നേതൃത്വം നല്‍കിയിരുന്ന ഇന്ത്യയെ തങ്ങളുടെ വശത്തേയ്ക്ക് മാറ്റാന്‍ സമ്പന്ന രാജ്യങ്ങള്‍ നിരന്തരം ശ്രമം തുടങ്ങി. ഇന്ത്യയുടെ വികസന മുന്നേറ്റത്തെ അവര്‍ വാനോളം പുകഴ്ത്തി. ഇന്ത്യയുടെ വിപണിയുടെ വലുപ്പം അവരെ ആകര്‍ഷിച്ചു. ഇന്ത്യയിലെ മനുഷ്യ സമ്പത്തും സാങ്കേതിക വിദ്യയിലുള്ള കൈക്കരുത്തും തങ്ങള്‍ക്ക് ഉപകരിക്കുമെന്ന് അവര്‍ മനസ്സിലാക്കി. ഒരു വശത്ത് അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ചൈനയെ ഒതുക്കണമെങ്കില്‍ ഇന്ത്യയെ തങ്ങളുടെ കൂടെ നിര്‍ത്തണമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. അതിന്റെ കൂടിയുണ്ടായ ഫലമാണ് ഇന്ത്യയെ ജി-20 ലേയ്ക്ക് ആകര്‍ഷിച്ച നടപടി. ഇന്ന് സമ്പന്ന രാജ്യങ്ങളുടെ വേദിയായി അറിയപ്പെടുന്ന ജി-20 ല്‍ ഇന്ത്യ അംഗമായിരിക്കുന്നു. ഇതിന്റെ ഫലമായി ഇന്ത്യ ദരിദ്ര രാജ്യങ്ങളുടെ, വികസ്വര രാജ്യങ്ങളുടെ, മൂന്നാം ലോക രാജ്യങ്ങളുടെ കൂടെ ഇനിയുണ്ടായിരിക്കുകയില്ലെന്ന സൂചന ശക്തമായി. ആഗോള ക്രമത്തിലെ ബലപരീക്ഷണങ്ങള്‍ തുടരുകയാണ്.

ഇക്കഴിഞ്ഞയാഴ്ചയാണ് ജി 20 ന്റെ സിയോള്‍ (കൊറിയ) സമ്മേളനം അവസാനിച്ചത്. ജി-20 സമ്മേളനത്തില്‍ കാര്യമായ തീരുമാനങ്ങള്‍ ഉണ്ടായില്ല. ഏഷ്യന്‍ ധനകാര്യ പ്രതിസന്ധി ഉണ്ടായ അവസരത്തിലാണ് ജി-20 1999 ല്‍ നിലവില്‍ വന്നത്. ഫൈനാന്‍ഷ്യല്‍ വിപണിയില്‍ സ്ഥിരത സൃഷ്ടിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതിന് അന്താരാഷ്ട്ര സഹകരണം അത്യന്താപേക്ഷിതമാണ്. ത്വരിത വികസനത്തിന് വേണ്ട നയങ്ങളില്‍ പ്രധാനം മൂലധനമാണ്. ഫൈനാന്‍ഷ്യല്‍ സ്റ്റബിലിറ്റി ബോര്‍ഡ് സ്ഥാപിച്ചാല്‍ ഫൈനാന്‍ഷ്യല്‍ വിപണിയില്‍ ചാഞ്ചാട്ടങ്ങള്‍ കുറയ്ക്കാന്‍ പറ്റും. ജി-20 നെ രാഷ്ട്രീയ സാമ്പത്തിക സഹകരണത്തിനാവശ്യമായ ഒരു വേദിയായി മാറ്റാനാണ് തീരുമാനം.

എന്നാല്‍ ഈയവസരത്തില്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ആഗോളക്രമത്തില്‍ സമ്പന്ന രാജ്യങ്ങളുടെയും മറ്റ് കൂട്ടുകെട്ടുകളും ഇന്ന് നിലവിലുണ്ട്. ഉദാഹരണത്തിന് യൂറോപ്യന്‍ യൂണിയന്‍, ജി-8, ജി-4 എന്നീ ഗ്രൂപ്പുകള്‍. ഇന്ന് നടക്കുന്ന ആഗോളതല ചര്‍ച്ചകളില്‍ ഭാവിയില്‍ ഏത് ദിശയിലേയ്ക്കാണ് ആഗോളക്രമത്തിലെ രാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങള്‍ നീങ്ങുന്നതെന്ന ചില സൂചനകള്‍ വന്നിട്ടുണ്ട്.

ഒരുകാലത്ത് അമേരിക്കയുടെ എതിര്‍പക്ഷത്തായിരുന്നു സോവിയറ്റ് യൂണിയന്‍. അമേരിക്കയുടെ പിറകില്‍ സ്വതന്ത്ര ജനാധിപത്യ രാജ്യങ്ങള്‍, പ്രത്യേകിച്ചും സമ്പന്ന രാജ്യങ്ങള്‍ അണിനിരന്നു. സോവിയറ്റ് യൂണിയന്റെ പിറകില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ മുറുകെ പിടിച്ച രാജ്യങ്ങളും അണിനിരന്നു. എന്നാല്‍ ഇവയ്ക്ക് രണ്ടും വ്യത്യസ്തമായി കൊളോണിയല്‍ ബന്ധനങ്ങളില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ആഫ്രോ ഏഷ്യന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിലകൊണ്ടു. മാര്‍ഷല്‍ ടിറ്റോ, സുക്കാര്‍ണോ, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരാണ് ഈ മൂന്നാംലോക സംഘത്തിന് രൂപം നല്‍കിയത്. എന്നാലിന്ന് മേല്‍സൂചിപ്പിച്ച മൂന്ന് സംഘങ്ങളും പ്രവര്‍ത്തനത്തിലില്ല. സോവിയറ്റ് യൂണിയന്‍ പെരിസ്‌ട്രോയിക്ക, ഗ്ലാസ്‌നോസ്റ്റ് എന്നൊക്കെപ്പറഞ്ഞ് വിപണി സമ്പ്രദായത്തോട് അടുത്തു. സാമ്പത്തിക പുനസംഘടനയും പരിഷ്‌ക്കാരങ്ങളും നടപ്പിലാക്കി. ഇതേസമയത്ത് ചൈന സോഷ്യലിസ്റ്റ് പാതയില്‍ നിന്നും അധികം വ്യതിചലിക്കാതെ വിപണി സമ്പ്രദായത്തില്‍ അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥ സ്വീകരിച്ചുകഴിഞ്ഞു. കഴിഞ്ഞ ഇരുപത് വര്‍ഷക്കാലം കൊണ്ട് അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ചയാണ് ചൈന കൈവരിച്ചത്. ചൈനയുടെ ചില സാമ്പത്തിക-വ്യാപാര നയങ്ങള്‍ അമേരിക്കയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ഉദാഹരണത്തിന് ചൈനയുടെ കറന്‍സി മൂല്യം ചൈനയ്ക്ക് അനുകൂലമാക്കിവെച്ച്, ലോക കയറ്റുമതി വിപണി അത് കൈയ്യടക്കിയിരിക്കുകയാണ്. ചൈനയുടെ വ്യാപാരമിച്ചം അതിഭീമമാണ്. അതേ സമയത്ത് അത്രയും തന്നെ ഭീമമാണ് അമേരിക്കയുടെ വ്യാപാര കമ്മിയും. ആഗോളക്രമത്തില്‍ അമേരിക്കയും ചൈനയും നടത്തുന്ന നയങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ആഘാതം ഇന്ത്യയും അനുഭവിക്കുന്നുണ്ട്.

അമേരിക്കയില്‍ ഒരു വിഭാഗം ചിന്തകര്‍, അമേരിക്ക ചൈനയുമായി കൂടുതല്‍ സൗഹൃദം സൃഷ്ടിക്കണമെന്ന് വാദിക്കുന്നു. അതിന്റെ തുടക്കമായി ജി-20 ന് പകരം ജി-2 എന്ന സംഘത്തിന് രൂപം നല്‍കാന്‍ ഒബാമയുടെ മേല്‍ സമ്മര്‍ദമുണ്ട്. അമേരിക്കയും ചൈനയും ഒന്നുചേര്‍ന്ന് ജി -2 ഉണ്ടാകുമോ? രണ്ട് രാജ്യങ്ങളും പരസ്പരം പലവിധ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും. ആഗോളക്രമം, ആഗോള വിപണി എന്നിവ രണ്ടായി വീതിച്ച് എടുക്കാനാണ് ജി-2 മുന്‍ഗണന നല്‍കുക.

ഇത് ഇന്ത്യയെ എങ്ങനെ ബാധിക്കും? ഒരു വശത്ത് ''മള്‍ട്ടിലാറ്ററലിസം'' അന്താരാഷ്ട്ര സഹകരണം എന്നൊക്കെ ഉറക്കെ ഉദ്‌ഘോഷിക്കുന്ന സമയത്ത് തന്നെ, സ്വാര്‍ഥതാല്‍പര്യത്തിന് വേണ്ടി ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സമ്പ്രദായം നിരുത്സാഹപ്പെടുത്തേണ്ടതാണ്. ജി-2 ഉണ്ടാകുന്നതിന് മുമ്പ് നാം ജാഗരൂകരാകേണ്ടതുണ്ട്.

*
പ്രഫ. കെ രാമചന്ദ്രന്‍ നായര്‍ കടപ്പാട്: ജനയുഗം ദിനപത്രം

ഒബാമ വെള്ളത്തില്‍ എഴുതുന്നു!

ഈ ലേഖനത്തിന്റെ തലവാചകം എഴുതിക്കഴിഞ്ഞപ്പോഴാണ് ഇക്കാലത്ത് മലയാളി പെട്ടെന്ന് തെറ്റിദ്ധരിക്കുന്ന ഒരു മോശം അര്‍ഥസൂചന അതിനുണ്ടല്ലോ എന്ന് എനിക്ക് തിരിച്ചറിവുണ്ടായത്. കുടികൂടിവരുന്ന ഈ നാട്ടില്‍ 'വെള്ളത്തില്‍' എന്നുപറഞ്ഞാല്‍ ഉടനെ തെറ്റിദ്ധരിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഇവിടെ വന്ന് ലഹരിയില്‍പ്പെട്ടു എന്നൊന്നും ദയവായി അര്‍ഥം ഉണ്ടാക്കരുത്. 'വെള്ളത്തില്‍ എഴുതുക' എന്നത് മനോഹരമായ മലയാളശൈലികളില്‍ ഒന്നാണ്. സംസ്കൃതത്തില്‍ 'ജലരേഖ' എന്ന് സമാനമായ പ്രയോഗമുണ്ട്. ഇംഗ്ളീഷില്‍ അങ്ങനെ ഒരു ശൈലി ഇല്ലെന്ന് തോന്നുന്നു. എഴുതിയത് അപ്പോള്‍ത്തന്നെ മാഞ്ഞുപോകുന്നുവെന്നാണ് ഇതിന്റെ വ്യംഗ്യം.

രാഷ്ട്രത്തലവന്മാര്‍ വിദേശസന്ദര്‍ശനം നടത്തുമ്പോള്‍, രാഷ്ട്രീയ നേതാക്കളുടെ പതിവുരീതിയിലും കൂടുതല്‍ കൂട്ടിപ്പറയുന്നത് മനസിലാക്കാം. കേള്‍ക്കുന്നവരെ നല്ലപോലെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശ്യമേയുള്ളൂ. അത്തരത്തിലുള്ള അത്യുക്തിക്ക് നല്ലൊരു 'മാര്‍ജിന്‍' കൊടുത്താലും ബറാക് ഒബാമ ഇന്ത്യയില്‍ചെയ്ത നയപ്രസ്താവനാരൂപത്തിലുള്ള പ്രസംഗങ്ങളില്‍ പറഞ്ഞ പല കാര്യങ്ങളും പറഞ്ഞ ഉടനെ അസത്യമാണെന്ന് തെളിഞ്ഞുപോയി. ജലരേഖയുടെ ആയുസ്സുപോലും പല പ്രസ്താവനകള്‍ക്കും ഉണ്ടായില്ല.

ഉദാഹരണത്തിന്, ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം കൊടുക്കുന്നതിനെപ്പറ്റി ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സംയുക്തസഭയില്‍ പ്രസിഡന്റ് ചെയ്ത പ്രഭാഷണം ഒന്നുമതി. സെക്യൂരിറ്റി കൌണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരമായ അംഗത്വം ലഭിക്കും എന്ന് പറഞ്ഞുതീരുംമുമ്പേ വമ്പിച്ച കരഘോഷവും ആഹ്ളാദപ്രകടനവും ഉണ്ടായെന്ന് പത്രങ്ങള്‍ എടുത്തെഴുതിക്കണ്ടു. പ്രഥമശ്രവണത്തില്‍ ആ പ്രസ്താവന കേള്‍വിക്കാരുടെ ആഗ്രഹം പൂര്‍ണമായും സഫലമാക്കുമെന്ന ഒരു പ്രതീതിയാണ് ഉളവാക്കിയത്. അത് സ്വാഭാവികമാകയാലാണ് സദസ്യര്‍ അത്രമേല്‍ ആഹ്ളാദം പ്രകടിപ്പിച്ചത്. ഗാന്ധിജി ഉണ്ടായിരുന്നില്ലെങ്കില്‍ താന്‍ അമേരിക്കയില്‍ പ്രസിഡന്റാവില്ലായിരുന്നു എന്ന വാചകത്തിനുപോലും ഇത്ര കൈയടി ലഭിച്ചില്ലത്രേ.

പക്ഷേ, ഇത്രയൊന്നും തകൃതി കൂട്ടത്തക്കവണ്ണം ആ പ്രസ്താവനയില്‍ യാഥാര്‍ഥ്യത്തിന്റെ ഒരംശംപോലും ഉണ്ടായിരുന്നില്ല. അത് ഒരു വസ്തുതയെ ഉറപ്പിച്ചതല്ല, ഒരു ആഗ്രഹപ്രകടനം മാത്രമായിരുന്നു. ഐക്യരാഷ്ട്രസഭ കുറേക്കൂടി സംസ്കൃതമായിവരുമ്പോള്‍ (ൃലളശിലറ എന്നാണ് ഇംഗ്ളീഷ് വാക്ക്) ഇന്ത്യ സ്ഥിരാംഗമാകുമെന്ന നിലവരും എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ഥം? പാശ്ചാത്യദേശങ്ങള്‍ക്ക് മുന്‍കൈയുള്ള ഒരു സഭയിലെ അംഗരാഷ്ട്രങ്ങള്‍ക്ക് മനഃപരിവര്‍ത്തനം വരണമത്രേ! എപ്പോള്‍? 'നീലസൂര്യന്‍ ഉദിക്കുമ്പോള്‍' എന്ന ശൈലി ഒബാമയ്ക്ക് മനസിലാകുമല്ലോ. ഒബാമ പറഞ്ഞതില്‍ എന്തെങ്കിലും ആത്മാര്‍ഥതയുള്ളതായി ആര്‍ക്കും തോന്നുകയില്ല. സ്ഥിരാംഗം ആകാന്‍ നൂറുകണക്കിന് അംഗങ്ങളുടെ സമ്മതി വേണം. ഈ ആഗ്രഹം പ്രകടിപ്പിച്ച പ്രസിഡന്റിന്റെ ആയുഷ്കാലത്തില്‍ അത് നടപ്പില്ല. അത്രമാത്രം അപ്രായോഗികവും സാങ്കല്‍പ്പികവുമായ ഒരു 'ആകാശകുസുമം' ഉയര്‍ത്തിക്കാട്ടുകയാണ് ഒബാമ ചെയ്തത്. ഇത് അദ്ദേഹത്തിന്റെ വാഗ്മിത്വത്തിന്റെ സാമര്‍ഥ്യമാണെന്ന് പറഞ്ഞേക്കാം. സന്ദര്‍ഭമനുസരിച്ച് പറയേണ്ടത് പറയേണ്ടതുപോലെ വെടിപ്പായി പറയലാണ് വാഗ്മിത്വം-'മിതം ച സാരായ വചഃ' എന്ന പഴയ പ്രമാണം എത്രയോ ശരി. ഇത് രണ്ടാംകിട രാഷ്ട്രീയനേതാവിന്റെ സത്യസന്ധതയില്ലാത്ത വചനകൌശലം മാത്രം.

ഹൃദയം സംസ്കരിക്കപ്പെട്ടാല്‍ എന്ന് പ്രസിഡന്റ് പറഞ്ഞല്ലോ. രണ്ടു ഭൂഖണ്ഡങ്ങള്‍ (ആഫ്രിക്കയും ലാറ്റിനമേരിക്കയും) രക്ഷാസമിതിയില്‍ കാല് കുത്താതെ ഇത്രകാലമായല്ലോ. ഹൃദയമുണ്ടെങ്കില്‍ കറുത്ത വന്‍കരയോടും ദരിദ്രരാഷ്ട്രങ്ങളോടും ദാസന്മാരെന്ന മട്ടിലുള്ള പെരുമാറ്റം തുടരാന്‍ പാടുണ്ടോ? ചൈന സ്ഥിരാംഗത്വം നേടിയത് അവരുടെ സ്വന്തം ശക്തിയും സ്വാധീനവും കൊണ്ടാണ്. അവര്‍ക്ക് ആവശ്യമായ വോട്ട് ലഭിച്ചത് ഈ ആത്മബലംമൂലമാണ്. സൌജന്യംമൂലമല്ല. ചൈനയോളം വിശ്വസംസ്കാരവേദിയില്‍ പ്രാചീനതയും ബഹുമാന്യതയും നേടിയ ഇന്ത്യയിലെ ഇന്നത്തെ നേതാക്കള്‍ ഈ വിഷയത്തില്‍ ചൈനയെ കണ്ടു പഠിക്കണം. പണത്തിനും സഹായത്തിനും വേണ്ടി പിച്ചപ്പാത്രം എടുക്കുന്നതുപോലെ അന്താരാഷ്ട്രീയമായ അവകാശങ്ങളും ഭിക്ഷയായി കിട്ടുമെന്ന് കരുതി നടക്കുന്ന ഇവര്‍ നെഹ്റു പാരമ്പര്യമുള്ള നേതാക്കളാണോ? ഏതോ വാമനവര്‍ഗം ഭരണം സ്വന്തമാക്കിയിരിക്കയാണ്.

രക്ഷാസമിതി പ്രവേശനത്തെപ്പറ്റി ഇവിടെ ഇത്രത്തോളം വിശകലനം ചെയ്തത്, നമ്മുടെ നേതൃമ്മന്യന്മാരില്‍നിന്ന് ധീരമായ പ്രതികരണം ഉണ്ടായില്ലെന്നതോ പോകട്ടെ, പ്രഭാഷണ നൈപുണിയില്‍ ഒബാമയാണോ പത്നി മിഷേല്‍ ആണോ മേലേ എന്ന് തുടങ്ങിയ ഉപവിഷയങ്ങളിലേക്ക് നമ്മുടെ പത്രങ്ങളും ചാനലുകളുംപോലും വഴിതെറ്റിപ്പോയിരിക്കുന്നു. പ്രധാന വിഷയത്തെ നേരിടാന്‍ ഭയപ്പെടുന്നവര്‍ ഉപവിഷയങ്ങളെ പ്രധാനമാക്കിക്കളയും. ഒബാമയെ വിട്ട് മിസിസ് ഒബാമയുടെ നായികാസ്ഥാനത്തെപ്പറ്റി എഴുതിക്കൂട്ടിയ പത്രങ്ങള്‍ക്ക് കാഴ്ച മങ്ങിയിരിക്കുന്നു. വളരെ കരുതിക്കൂട്ടിയാണ് പാര്‍ലമെന്റംഗങ്ങളോട് ഒരു പൊള്ളയായ വാഗ്ദാനം നടത്തി കൈയടി നേടിയത്.

കൈയടിച്ച പാര്‍ലമെന്റംഗങ്ങളെക്കുറിച്ച് അത്ഭുതം തോന്നുന്നു. ഒബാമയുടെ വാക്കുകള്‍ ശ്രദ്ധിച്ചുകേട്ട ഒരു സദസ്സാണെങ്കില്‍, ആ വാക്യം കേട്ട് ആഘോഷം ഉയര്‍ത്താന്‍ പാടില്ലായിരുന്നു. ഐക്യരാഷ്ട്രസഭയ്ക്ക് മനഃപരിവര്‍ത്തനം വന്നാല്‍ എന്നുപറഞ്ഞതിന്റെ സാരം എന്താണ്? 'ഇപ്പോഴൊന്നും സെക്യൂരിറ്റി കൌണ്‍സിലില്‍ അംഗമാകാമെന്ന് സ്വപ്നം കാണേണ്ട; അതൊക്കെ ഞങ്ങളുടെ മനസ്സുപോലെയിരിക്കും' എന്ന് പച്ചയായി പറഞ്ഞിട്ടുവേണമോ അതാണ് ഒബാമയുടെ ഉദ്ദേശ്യം എന്ന് മനസ്സിലാക്കാന്‍? നമ്മുടെ പാര്‍ലമെന്റംഗങ്ങളെപ്പറ്റി വളരെ ഉയര്‍ന്ന മതിപ്പ് പ്രസിഡന്റില്‍ ഈ പ്രതികരണം വഴി സൃഷ്ടിക്കാന്‍ കഴിഞ്ഞിരിക്കുമെന്ന് കരുതുന്നവരുണ്ടെങ്കില്‍ അവരെ നമസ്കരിക്കുന്നു.

പ്രസിഡന്റിന്റെ പാകിസ്ഥാന്‍ പക്ഷപാതവും എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചിട്ടും മുറിഞ്ഞ ചൂണ്ടുവിരല്‍പോലെ മൂടിവയ്ക്കാനാവാതെ എറിച്ചുനിന്നു. ഇന്ത്യയില്‍ എവിടെചെയ്ത പ്രസംഗങ്ങളിലും പാകിസ്ഥാന്‍ തീവ്രവാദിരാജ്യമല്ലെങ്കില്‍പ്പോലും തീവ്രവാദികളെ സംരക്ഷിച്ചുവരുന്ന രാജ്യമാണെന്നതിന്റെ അടുത്തെത്തണമെന്ന ഒരു ചിന്തപോലും തന്നില്‍നിന്ന് പുറത്തുചാടാതിരിക്കാന്‍ ഒബാമ വേണ്ടവണ്ണം ശ്രദ്ധിച്ചിരുന്നു. ലഷ്കര്‍ ഇ തോയ്ബ, ജയിഷ് എ മുഹമ്മദ് തുടങ്ങി നിണവേഷങ്ങളായ തീവ്രസംഘടനകള്‍ പാകിസ്ഥാന്റെ ചില പോക്കറ്റുകളില്‍ നിര്‍ബാധം വിലസുന്നുണ്ടെന്ന് അമേരിക്കയൊഴികെ എല്ലാവര്‍ക്കും അറിയാം. എന്നിട്ടും അമേരിക്കയെയും പാകിസ്ഥാനെയും ഒരേ നാട്ടില്‍വച്ച് കാണുന്ന ആ പഴയ അമേരിക്കന്‍തന്ത്രം ഈ പുതുപ്രസിഡന്റും ഉപേക്ഷിച്ചില്ല.

പക്ഷേ, ഈ സമര്‍ഥനായ നേതാവ് അപ്രതീക്ഷിതമായി ഒരു കെണിയില്‍പ്പെട്ടുപോയി. ജനപ്രിയങ്കരന്‍ എന്ന തന്റെ പ്രതിച്ഛായ വളര്‍ത്താന്‍ ടൈ കെട്ടാതെ, കുപ്പായത്തിന്റെ കൈനീട്ടിയിട്ട്, കുട്ടികളോടൊത്ത് തുറന്ന് സംസാരിക്കുക എന്ന ഒബാമയുടെ പരിപാടി അല്‍പ്പമൊന്ന് താളം പിഴച്ചു. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍ വിദ്യാര്‍ഥിസംഗമം നടക്കുമ്പോള്‍ ഒരു കുട്ടി (അഫ്രിന്‍ ഇറാനി) എഴുന്നേറ്റ് ഒരു ചോദ്യം ഒബാമയോട് നേരെ ചോദിച്ചു- 'എന്തുകൊണ്ടാണ് അമേരിക്ക ഒരിക്കലും പാകിസ്ഥാനെ കുറ്റപ്പെടുത്താതെ ആ രാജ്യത്തോട് ഇഷ്ടത്തില്‍ കഴിയുന്നത്' എന്ന്. ഉത്തരം പറയാന്‍ ഒരു നിമിഷം ശങ്കിച്ചുനിന്നുപോയി ഒബാമ. എന്നിട്ട് പറഞ്ഞത് ഒരു ഒഴികഴിവുപറച്ചില്‍ മാത്രമായിരുന്നു, നേരെയുള്ള മറുപടിയായിരുന്നില്ല. പാകിസ്ഥാനെ നേര്‍വഴിക്ക് കൊണ്ടുവരേണ്ടത് ഇന്ത്യയുടെ കടമയാണെന്നാണ് അദ്ദേഹം വാദിച്ചത്. അമേരിക്കയുടേതാണ് ശരിക്കും ഈ കടമ. അത് ഇന്ത്യയുടേതാണെന്ന് പറയണമെങ്കില്‍ കറുത്തവനായാലും അമേരിക്കന്‍ എന്ന സ്വഭാവം അതിനേക്കാള്‍ പ്രബലമായിരിക്കണമല്ലോ. രണ്ട് രാജ്യങ്ങള്‍ സംഘര്‍ഷത്തില്‍ കഴിയുമ്പോള്‍ മധ്യസ്ഥരായി വരുന്നവരുടെ കടമയാണ് അവരെ കലഹത്തിന്റെ വഴിയില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. കലഹിക്കുന്ന ഒരു കക്ഷിക്ക് എതിര്‍കക്ഷിയെ ശക്തിപ്പെടുത്തുക എന്ന ചുമതലകൂടിയുണ്ടെന്ന് ഒബാമ പറയുന്നതുവരെ ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു.

നവംബര്‍ ഏഴിനായിരുന്നു ഈ സെന്റ് സേവ്യേഴ്സ് കോളേജ് സംഗമം. തലേന്ന് താജില്‍ ചെയ്ത പ്രസംഗത്തില്‍ പാകിസ്ഥാന്‍ എന്ന പേരുപോലും ഉച്ചരിച്ചിരുന്നില്ല അദ്ദേഹം. കോളേജില്‍ മിടുക്കനായ ഒരു വിദ്യാര്‍ഥി മര്‍മപ്രധാനമായ ഈ ചോദ്യം ചോദിക്കാന്‍ ധൈര്യം കാട്ടിയപ്പോള്‍, ആ കുട്ടിയെ ബഹുമാനിക്കാന്‍ തോന്നിപ്പോകുന്നു. അവന്റെ ഒരു പടംപോലും പത്രങ്ങളില്‍ കണ്ടില്ല. ഇവര്‍ ആരോടൊപ്പമാണ്? ഇവര്‍ക്ക് പാര്‍ലമെന്റംഗങ്ങളേക്കാള്‍ ഈ വിദ്യാര്‍ഥി ഇന്ത്യയുടെ അഭിമാനത്തെ കാത്തു എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ അത് ഇങ്ങനെയല്ല പ്രദര്‍ശിപ്പിക്കേണ്ടത്.

അടുത്തയാഴ്ചയോ മറ്റോ പ്രസിഡന്റ് ഇസ്ളാമാബാദ് സന്ദര്‍ശിക്കുന്നുണ്ട്. അന്ന് അദ്ദേഹം എന്തുപറയുമെന്ന് കേള്‍ക്കാന്‍ നമുക്ക് കാത്തിരിക്കാം. ഒബാമയെ വിലയിരുത്തുന്നത് പൂര്‍ത്തിയാക്കാന്‍ അതുകൂടി കേള്‍ക്കണം.

ഇന്ത്യക്ക് ലഭിക്കേണ്ടതിനെപ്പറ്റി പറഞ്ഞതാണ് വെള്ളത്തിലെഴുത്തായി മാഞ്ഞുപോയത്. അമേരിക്കയുടെ കാര്യം ഒട്ടും മായാത്ത മട്ടില്‍ അദ്ദേഹം കരിങ്കല്ലില്‍ത്തന്നെ എഴുതി. അദ്ദേഹം ഇന്തോനേഷ്യ സന്ദര്‍ശനത്തിനായി ജക്കാര്‍ത്തയിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന്റെ കീശയില്‍ 200 കോടി ഡോളറിന്റെ കച്ചവടക്കരാറും അമ്പതിനായിരം തൊഴില്‍ വാഗ്ദാനവും സുരക്ഷിതമായി കിടപ്പുണ്ടായിരുന്നു. നമ്മുടെ ഭരണാധികാരികളും മാധ്യമങ്ങളും ഒബാമയുടെ പ്രഭാഷണമഹിമയില്‍ മതിമറന്ന് സന്തോഷിച്ചുകഴിയുന്നു!

*
സുകുമാര്‍ അഴീക്കോട് കടപ്പാട്: ദേശാഭിമാനി ദിനപത്രം 28-11-2010

28 November, 2010

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുക - ഏറ്റവും പ്രധാന രാഷ്‌ട്രീയ ദൌത്യം

കേരള ധനകാര്യമന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമിറ്റി അംഗവുമായ ഡോ.ടി.എം. തോമസ് ഐസക്കുമായി തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം 2010 നവംബര്‍ 2ന് ആര്‍. രാം‌കുമാര്‍ നടത്തിയ അഭിമുഖം.

രാംകുമാര്‍: 2010ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? 2009 ലെ ഫലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇടതുപക്ഷത്തിനു നേട്ടവും 2005ലെ ഫലവുമായി തട്ടിക്കുമ്പോള്‍ കോട്ടവും ഉണ്ടായി എന്നൊരു വാദമുണ്ടല്ലോ...

തോമസ് ഐസക് : ഞാന്‍ ആ പ്രസ്‌താവനയോട് പൂര്‍ണ്ണമായും യോജിക്കുന്നു. 2005മായി താരതമ്യം ചെയ്യുമ്പോള്‍ ഇടത് ജനാധിപത്യമുന്നണിക്ക് വലിയൊരു തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. 2005ല്‍ ഞങ്ങള്‍ക്ക് മൊത്തം പോള്‍ ചെയ്‌ത വോട്ടിന്റെ 49.2 ശതമാനം ലഭിച്ചിരുന്നു. 2010ല്‍ അത് 42.3 ശതമാനത്തിലേക്ക് താണിരിക്കുന്നു- 6.9 വോട്ടിന്റെ കുറവ്. 2005ല്‍ ഞങ്ങളുടെ കൂടെ കെ. മുരളീധരന്‍ നേതൃത്വത്തിലുള്ള, കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോയവരുടെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ്(ഡി.ഐ.സി) ഉണ്ടായിരുന്നു. അവര്‍ ആ തെരഞ്ഞെടുപ്പില്‍ 4.7 ശതമാനത്തോളം വോട്ടുകള്‍ നേടിയിരുന്നു. ആ ഗ്രൂപ്പ് ഇപ്പോള്‍ ഞങ്ങളോടൊപ്പമില്ല. അതിനു പുറമെ, മറ്റു ചില രാഷ്‌ട്രീയകക്ഷികളും 2005നും 2010നും ഇടക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ നിന്നും വിട്ടുപോയിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍ - ഇവര്‍ 2005ല്‍ 0.4 ശതമാനം വോട്ട് നേടിയിരുന്നു.), കേരള കോണ്‍ഗ്രസ് (ജോസഫ് ഗ്രൂപ്പ് - ഇവര്‍ക്ക് 2005ല്‍ 1.8 ശതമാനം വോട്ട് ലഭിച്ചിരുന്നു), ജനതാദള്‍ ( 2005ല്‍ ഇവര്‍ 2.4 ശതമാനം വോട്ട് നേടി) എന്നിവരൊക്കെയാണ് വിട്ടുപോയ മറ്റു കക്ഷികള്‍. ഇവര്‍ക്കെല്ലാം കൂടി ഏതാണ്ട് 9 ശതമാനം വോട്ട് 2005ല്‍ ലഭിച്ചിരുന്നു. ഇത്തവണ ഈ കക്ഷികള്‍ എല്ലാമോ, അല്ലെങ്കില്‍ ഈ കക്ഷികളിലെ ഭൂരിഭാഗവുമോ യു.ഡി.എഫുമായി സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. അതുകൊണ്ട് 2005 മായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു എന്നത് ആശ്ചര്യജനകമല്ല.

2005ല്‍ സംസ്ഥാനത്തെ എല്ലാ തലത്തിലുമുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ബഹുഭൂരിപക്ഷവും ഇടതുപക്ഷം നേടിയിരുന്നു. അത് തീര്‍ച്ചയായും കേരളത്തെ സംബന്ധിച്ച് അസാധാ‍രണമായ ഫലം ആയിരുന്നു. കേരളത്തില്‍ വിവിധ മുന്നണികള്‍ തമ്മിലുള്ള ബലാബലം ഏതെങ്കിലും ഒരു മുന്നണിക്ക് മൃഗീയമായ ഭൂരിപക്ഷം ലഭിക്കുന്ന തരത്തിലുള്ള ഒന്നല്ല. അതുകൊണ്ട് തന്നെ തിരിച്ചടി ഞങ്ങള്‍ക്ക് അത്ര അപരിചിതമല്ല. 2000ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് തിരിച്ചടി ഉണ്ടായപ്പോൾ, ഞങ്ങള്‍ക്ക് 42.6 ശതമാനം വോട്ട് നേടാനേ കഴിഞ്ഞിരുന്നുള്ളൂ.

എങ്കിലും 2009ലെ ലോകസഭാ തെരഞ്ഞെടുപ്പ് ഫലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തീര്‍ച്ചയായും പുരോഗതി ഉണ്ടായിട്ടുണ്ട്. വോട്ട് ഷെയര്‍ നോക്കിയാല്‍ ഞങ്ങള്‍ക്ക് 0.4 ശതമാനം നേട്ടം ഉണ്ടായിട്ടുണ്ട്. പക്ഷേ, ലഭിച്ച വോട്ടിന്റെ കാര്യത്തില്‍ സ്ഥിതി കുറച്ച് കൂടി മെച്ചമാണ്. 2009ല്‍ ഞങ്ങള്‍ക്ക് 67.2 ലക്ഷം വോട്ടുകളാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ 2010ല്‍ ഞങ്ങള്‍ക്ക് ഏതാണ്ട് 77.8 ലക്ഷം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. 10.6 ലക്ഷം വോട്ടിന്റെ വര്‍ദ്ധന. കണ്ണൂരിലും ആലപ്പുഴയിലും യു.ഡി.എഫിനു യഥാര്‍ത്ഥത്തില്‍ 2009ല്‍ ലഭിച്ചതിനേക്കാള്‍ കുറവ് വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്.

ഇപ്പോള്‍ യു.ഡി.എഫിനു എല്‍.ഡി.എഫിനേക്കാള്‍ 3 ശതമാനം വോട്ടുകള്‍ മാത്രമേ അധികമായുള്ളൂ. ഏതാണ്ട് 7 ലക്ഷം വോട്ടിന്റെ വ്യത്യാസം. കേരളത്തില്‍ നിലവിലുള്ള ശാക്തികസന്തുലനം വെച്ച് നോക്കുമ്പോള്‍ തികച്ചും സാധാരണ കാര്യമാണിത്.

രാംകുമാര്‍: 2010ലെ ഫലത്തില്‍ താങ്കള്‍ ഏതെങ്കിലും തരത്തിലുള്ള പാറ്റേണ്‍ കാണുന്നുണ്ടോ? പാറ്റേണ്‍ എന്ന് പറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത് ഭൂമിശാസ്‌ത്രപരമായും വിവിധ വർഗാടിസ്ഥാനത്തിലും ഏതെങ്കിലും പാറ്റേൺ ദൃശ്യമാകുന്നുണ്ടോ എന്നാണ്.

തോമസ് ഐസക്: ഉവ്വ്. വര്‍ഗാടിസ്ഥാനത്തില്‍ പറഞ്ഞാല്‍, ഉപരിവര്‍ഗ ക്രിസ്‌ത്യന്‍ വോട്ടുകള്‍ എല്‍.ഡി.എഫില്‍ നിന്ന് അകന്നിട്ടുണ്ട്. പക്ഷേ, ഇതൊരിക്കലും മുഴുവന്‍ ക്രിസ്‌ത്യന്‍ സമുദായവോട്ടുകള്‍ക്കും ബാധകമായ ഷിഫ്‌റ്റ് ആയി കാണരുത്. കേരളത്തിന്റെ തീരദേശമേഖലയില്‍ എല്‍.ഡി.എഫിനു നിര്‍ണ്ണായകമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഈ പ്രദേശങ്ങളിലാണ് പാവപ്പെട്ട ക്രിസ്‌ത്യന്‍ സമുദായാംഗങ്ങള്‍, പ്രത്യേകിച്ചും മുക്കുവര്‍, താമസിക്കുന്നത്. എല്‍.ഡി.എഫിനെതിരെ വോട്ടു ചെയ്യുവാനുള്ള പള്ളിയുടെ ആഹ്വാനത്തിന് ഇവര്‍ ചെവി കൊടുത്തിട്ടില്ല. അടിസ്ഥാനപരമായി, ഞങ്ങള്‍ കാണുന്നത് മദ്ധ്യതിരുവിതാംകൂറിലെയും ഹൈറേഞ്ച് മേഖലയിലെയും ക്രിസ്‌ത്യന്‍ സമുദായത്തിലെ ചിലര്‍ യു.ഡി.എഫിനു അനുകൂലമായി വോട്ട് ചെയ്‌തു എന്നാണ്.

കേരളത്തില്‍ ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങള്‍ - പാവപ്പെട്ടവര്‍; എക്കാലവും ഇടതുപക്ഷത്തിനു വോട്ട് ചെയ്‌തിട്ടുണ്ട്. ആ ഒരു അടിത്തറക്ക് ഈ തെരഞ്ഞെടുപ്പുകളില്‍ ഒന്നിലും കുലുക്കമുണ്ടായിട്ടില്ല. ഇടതുപക്ഷത്തിനു 42.3 ശതമാനം വോട്ട് കിട്ടി എന്ന വസ്‌തുത ഇടതുപക്ഷത്തിന്റെ ബഹുജനാടിത്തറ ഭദ്രമാണെന്നതിന്റെ സൂചനയാണ്.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മധ്യവര്‍ഗ വോട്ടുകളില്‍ ഇടതുപക്ഷത്തിനെതിരായി വന്ന ഒരു വ്യതിയാനമാണ്. അത് തീര്‍ച്ചയായും സംഭവിച്ചിട്ടുണ്ട്. ഇടതുപക്ഷം പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ട ഒരു വിഷയമാണ് അത്. രണ്ട് ഘടകങ്ങള്‍ ഇതിനു കാരണമായിട്ടുണ്ട്. ഒന്ന്, മതന്യൂനപക്ഷത്തിലെ ഉപരിവര്‍ഗം ഇടതുപക്ഷത്തു നിന്നും നിര്‍ണ്ണായകമായ രീതിയില്‍ അകന്നത്. മധ്യവര്‍ഗത്തിലെ ഒരു വിഭാഗവും അവരെ പിന്‍‌പറ്റി. രണ്ടാമതായി, കേരളത്തിലെ വളര്‍ന്നു വരുന്ന ഈ വിഭാഗത്തിന്റെ യഥാർത്ഥ ആവലാതികളെ ശരിയാംവണ്ണം അഭിസംബോധന ചെയ്യുവാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇടതുപക്ഷം ഒരു ആത്മപരിശോധന നടത്തേണ്ടതുണ്ട്.

രാംകുമാര്‍: ഇതായിരുന്നു തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അറിവായ ശേഷം ആവര്‍ത്തിച്ചു കേട്ട ഒരു കാര്യം; ഇടതുപക്ഷത്തിനു ദരിദ്ര ജനവിഭാഗത്തിന്റെ മിക്കവാറും ആവലാതികള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും മധ്യവര്‍ഗത്തിന്മേലുള്ള അതിന്റെ സ്വാധീനം നഷ്‌ടപ്പെട്ടു. തൊഴിലുകള്‍ സൃഷ്‌ടിക്കൽ‍, അടിസ്ഥാനസൌകര്യവികസനം, റോഡുകളുടെ സ്ഥിതി എന്നിവയുടെ ഒക്കെ പ്രശ്‌നമായി ഇത് അവതരിപ്പിക്കപ്പെട്ടു. പൊതുവില്‍ പറഞ്ഞാല്‍, പുതിയ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിലുള്ള പരാജയം അത്ര നിസ്സാരമായി കാണുവാന്‍ മധ്യവര്‍ഗം തയ്യാറായില്ല. താങ്കള്‍ ഇതിനോട് യോജിക്കുമോ?

തോമസ് ഐസക്. ഇത് ഭാഗികമായി ശരിയാണ്. ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാര്‍ കേരളത്തിലെ സാമൂഹികസുരക്ഷാ സംവിധാനത്തെയും ക്ഷേമപരിപാടികളെയും നല്ല രീതിയില്‍ വിപുലീകരിച്ചിട്ടുണ്ട്. ഇതിനു ദരിദ്ര ജനവിഭാഗങ്ങളുടെ ഇടയില്‍ വ്യാപകമായ അംഗീകാ‍രവുമുണ്ട്. എന്നാൽ, മറ്റു വിഭാഗങ്ങളുടെ കാര്യമോ? നമുക്കത് പരിശോധിക്കാം. ഇത് വിശദമാക്കുന്നതിനായി ഞാന്‍ രണ്ട് കാര്യങ്ങള്‍ പറയാം. ഒന്ന്, കൂടുതല്‍ മെച്ചപ്പെട്ട അടിസ്ഥാനസൌകര്യം ഒരുക്കേണ്ടതിന്റെ ആവശ്യകത. രണ്ട്, “ഉയര്‍ന്ന ഗുണനിലവാരമുള്ള” തൊഴിലുകള്‍ സൃഷ്‌ടിക്കുന്ന പുത്തന്‍ വളര്‍ച്ചാമേഖലകളുടെ വികാസം. അടിസ്ഥാനസൌകര്യ വികസനത്തിന്റെ കാര്യത്തിൽ‍, വളരെയേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അവയുടെ ഫലം കാണുവാന്‍ സമയം എടുക്കും. കുടിവെള്ളവിതരണത്തിനായുള്ള മേജര്‍ പ്രോജക്‌ടുകളും പൂര്‍ത്തീകരണത്തിന്റെ പാതയിലാണ്.

റോഡുകളുടെ അവസ്ഥയില്‍ നിലവാരത്തകര്‍ച്ച സംഭവിച്ചിട്ടുണ്ട്. പക്ഷേ ഇത് കുറെക്കാലമായുള്ള ഒരു പ്രതിസന്ധി ആണ്. ഇക്കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ കേരളത്തിലെ വാഹനഗതാഗതത്തിന്റെ സ്വഭാവവും സമ്മര്‍ദ്ദവും നാടകീയമായ രീതിയില്‍ മാറിയിട്ടുണ്ട്. ഒരു കിലോമീറ്ററില്‍ ഇത്രവാഹനങ്ങള്‍ എന്നത് വര്‍ദ്ധിച്ചിട്ടുണ്ട്. നിര്‍മ്മാണസാമഗ്രികളും കയറ്റുമതി വസ്‌തുക്കളും വഹിക്കുന്ന വമ്പന്‍ ട്രക്കുകളുടെ സഞ്ചാരവും - ഗ്രാമീണ റോഡുകളില്‍ പോലും - കുത്തനെ വര്‍ദ്ധിച്ചിട്ടുണ്ട്. പ്രാദേശിക, ജില്ലാ റോഡുകളുടെ നിലവാരം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള ഒരു വാഹനഗതാഗത സാന്ദ്രതയെ ഉള്‍ക്കൊള്ളുവാന്‍ അവ പര്യാപ്‌തമല്ല. ഇത് ഈ റോഡുകളുടെ സ്ഥിതി മോശമാക്കിയിട്ടുണ്ട്. ഞങ്ങള്‍ റോഡുകളുടെ റിപ്പയറിനും സംരക്ഷണത്തിനുമായി വലിയൊരു പദ്ധതിയ്‌ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഈ സ്ഥിതിഗതിയില്‍ നിന്ന് പുറത്തുകടക്കുവാന്‍ നാം കുറച്ച് സമയമെടുക്കും. കാരണം റോഡ് നിര്‍മ്മാണത്തിനായി കേരളം പുത്തൻ സാങ്കേതികവിദ്യ സാംശീകരിക്കേണ്ടതുണ്ട്. അതിനു വലിയ തോതിലുള്ള നിക്ഷേപം ആവശ്യമാണ്. അതിനാൽ ഈ പരിവര്‍ത്തനം പൂര്‍ത്തിയാകുവാന്‍ കുറച്ച് വര്‍ഷങ്ങള്‍ എടുക്കും.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഞാനൊരു കാര്യം സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. വമ്പൻ പ്രോജക്റ്റുകളെ ഒഴിച്ചു നിറുത്തിയാലും, സംസ്ഥാന ബജറ്റില്‍ നിന്നുള്ള നിക്ഷേപം - കുടിവെള്ളത്തിനും പൊതുമരാമത്തിനും ആയുള്ള മൊത്തം ചിലവ്- സാധാരണഗതിയില്‍ പ്രതിവര്‍ഷം ശരാശരി 500 കോടി രൂപയോളമാണെങ്കിലും, കഴിഞ്ഞ വര്‍ഷം, ഞങ്ങളുടെ ഫിസ്കല്‍ സ്റ്റിമുലസ് പാക്കേജിന്റെ ഭാഗമായി 6000-7000 കോടി രൂപയുടെ പൊതുമരാമത്ത് പണികള്‍ക്കുള്ള ഭരണപരമായ അനുമതി നല്‍കി. ഇത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഇതിനു മുന്‍പുണ്ടായിട്ടില്ലാത്ത ഒന്നാണ്. ഈ നിക്ഷേപത്തിന്റെയും അതിന്റെ മൾട്ടിപ്ലൈയിംഗ് എഫക്‌റ്റും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ അടുത്തു തന്നെ കാണാന്‍ കഴിയും.

ഞങ്ങള്‍ (മധ്യവര്‍ഗത്തിന്റെ) ഇത്തരം ആവലാതികള്‍ പരിഹരിക്കുവാനും ശ്രമിക്കുന്നുണ്ട്. റോഡുകളും അടിസ്ഥാനസൌകര്യവും മെച്ചപ്പടുവാന്‍ പോകുകയാണ്. ഇക്കൊല്ലം കേരളത്തില്‍ ശക്തമായ കാലവര്‍ഷം ഉണ്ടായി. മഴ കുറഞ്ഞ് തുടങ്ങിയിട്ടേ ഉള്ളൂ. മഴ തീരുന്നതുവരെയും ഒരു തരത്തിലുള്ള റിപ്പയറിംഗും സാധ്യമായിരുന്നില്ല. വരുന്ന കുറച്ച് മാസങ്ങള്‍ക്കുള്ളിൽ തീര്‍ച്ചയായും ഇക്കാര്യത്തില്‍ നല്ല വ്യത്യാസം ദൃശ്യമാകും.

പുത്തന്‍ വളര്‍ച്ചാ മേഖലകളില്‍ നിലവാരമുള്ള തൊഴിലുകൾസൃഷ്‌ടിക്കുന്നതിന്റെ കാര്യത്തിലും‍, പുരോഗതി ഉണ്ടായിട്ടുണ്ട്. എന്നാൽ, വിവരസാങ്കേതികമേഖലയുടെയും മറ്റു ചില high-value മേഖലകളുടെയും കാര്യത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാന്‍ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഇതെങ്ങനെ സംഭവിച്ചു, എന്തുകൊണ്ട് സംഭവിച്ചു എന്നതിനെപ്പറ്റി ഗൌരവകരമായ ഒരു ആത്മപരിശോധന നടത്തുവാന്‍ പോകുകയാണ്. നിയമസഭാ തെരെഞ്ഞെടുപ്പിനു മുന്‍പ് തന്നെ ഇക്കാര്യത്തില്‍ ഖണ്ഡിതമായൊരു നയം ഞങ്ങള്‍ രൂപീകരിക്കും.

രാംകുമാര്‍: മറ്റൊരു സാമാന്യ ധാരണയെക്കുറിച്ച് ചോദിച്ചോട്ടെ. വികസനേതര ഘടകങ്ങൾ തെരെഞ്ഞെടുപ്പിൽ മുൻ‌കൈ നേടുന്നതിനെക്കുറിച്ചാണത്. ധാരാളം വികസന നേട്ടങ്ങൾ കരസ്ഥമാക്കിയ, അതിനു വ്യാപകമായ അംഗീകാരവും പ്രശംസയുമൊക്കെ ലഭിച്ച ഒട്ടേറെ പഞ്ചായത്തുകളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പരാജയപ്പെട്ടത് പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. പാലക്കാട് ജില്ലയിലെ ഇലപ്പുള്ളി പഞ്ചായത്ത് തന്നെ ഉദാഹരണം. അതിനാൽ ഒരു ചോദ്യം ഉയരുന്നുണ്ട്, തെരെഞ്ഞെടുപ്പ് വിജയത്തിൽ വികസനത്തിന് എന്തെങ്കിലും സാംഗത്യമുണ്ടോ?

തോമസ് ഐസക് .നോക്കൂ, 1996 ൽ നടപ്പിലാക്കിയ അധികാരവികേന്ദ്രീകരണത്തെത്തുടർന്ന് പഞ്ചായത്തുകൾക്ക് ഇന്ന് വിപുലമായ അധികാരങ്ങളാണുള്ളത്. അതിനാൽ തന്നെ, പഞ്ചായത്തുകളിലും ഭരിക്കുന്ന മുന്നണിയ്‌ക്കെതിരായ മനോഭവം ( ആന്റി ഇൻ‌കുംബൻസി ഫാൿറ്റർ) പ്രകടമാകാനുള്ള സാധ്യതയുണ്ട്. സദ്‌ഭരണവും മികച്ച പ്രകടനവും ഒക്കെ ഭരണസമിതികളെ വിലയിരുത്തുമ്പോൾ മുഖ്യ മാനദണ്ഡങ്ങൾ ആകുന്നുണ്ട്. നല്ല ഭരണം കാഴ്‌ച വയ്‌ക്കുന്നതിലും, ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതിലും നിങ്ങൾ പരാജയപ്പെടുകയാണെങ്കിൽ, അതിന് തീർച്ചയായും കനത്ത വില കൊടുക്കേണ്ടി വരും.

എന്നാൽ സീറ്റുകൾ നഷ്‌ടപ്പെട്ടതിന് കാരണം അതു മാത്രമല്ല. എത്ര മെച്ചപ്പെട്ട ഭരണം കാഴ്‌ച വച്ചാലും ശക്തമായ രാഷ്‌ട്രീയ ഘടകങ്ങൾക്ക് പ്രാദേശിക സന്തുലിതാവസ്ഥയെ തകിടം മറിക്കാൻ കഴിയും എന്നത് നാം വിസ്‌മരിച്ചുകൂടാ. താങ്കൾ ഇലപ്പുള്ളി പഞ്ചായത്തിനെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ? അവിടെ നമ്മെ തോൽ‌പ്പിക്കുവാൻ കോൺഗ്രസ്സും ബിജെപിയും ധാരണയിലെത്തുകയായിരുന്നു. ഇത് ഇലപ്പുള്ളിയിൽ മാത്രം അരങ്ങേറിയ ഒറ്റപ്പെട്ട ഒരു സംഭവം അല്ല. തൃശൂർ ജില്ലയിലെ വല്ലച്ചിറ പഞ്ചായത്തിന്റെയോ കണ്ണാടിയ്‌ക്കൽ പഞ്ചായത്തിന്റെയോ കാര്യം പരിശോധിയ്‌ക്കൂ. വല്ലച്ചിറയിൽ കോൺഗ്രസ്സും ബി ജെ പിയും ഒരു പൊതു ചിഹ്നത്തിലാണ് മത്സരിച്ചത്, മാങ്ങ. മറ്റു ചില പഞ്ചായത്തുകളിൽ ആപ്പിൾ ആയിരുന്നു പൊതു ചിഹ്‌നം. സാമാന്യമായി പറയുകയാണെങ്കിൽ, ബി ജെ പി തങ്ങളുടെ വോട്ടുകൾ വലിയ തോതിൽ തന്നെ കോൺഗ്രസ്സിനു കൈമാറുകയായിരുന്നു. കോൺഗ്രസ്സാവട്ടെ, പ്രത്യുപകാരമെന്നോണം, ബി ജെ പിയ്‌ക്ക് താൽ‌പ്പര്യമുള്ള അവിടെയും ഇവിടെയുമുള്ള തിരഞ്ഞെടുക്കപ്പെട്ട ഏതാനും സീറ്റുകളിൽ, സഹായിക്കുകയായിരുന്നു.അതിനാൽ തന്നെ 2005 ൽ ബി ജെ പി യ്‌ക്ക് കിട്ടിയ വോട്ടുമായി താരതമ്യം ചെയ്‌താൽ 2010 ൽ കിട്ടിയ വോട്ട് കുറവാണെന്ന് കാണാം. വോട്ട് ഇപ്രകാരം കുറയുമ്പോൾ തന്നെ കൂടുതൽ പ്രദേശങ്ങളിൽ നിന്ന് ബി ജെ പി ജയിച്ചതായി ( ജോഗ്രാഫിക്കൽ സ്‌പ്രെഡ് വർദ്ധിച്ചതായി) കാണാം. വളരെ നല്ല പ്രകടനം കാഴ്‌ച വച്ചിട്ടും ചില പഞ്ചായത്തുകൾ നമുക്ക് നഷ്‌ടമായത് കോൺഗ്രസ്സും ബി ജെ പി യും തമ്മിലുണ്ടാക്കിയ ഈ ധാരണ മൂലമാണെന്ന് കാണാൻ കഴിയും.

മെച്ചപ്പെട്ട ഭരണം കാഴ്‌ച വച്ചിട്ടും മറ്റു ചിലപഞ്ചായത്തുകളിൽ നാം പരാജയപ്പെട്ടു. ഇത്തരം പ്രദേശങ്ങളിലെ പരാജയ കാരണം സംസ്ഥാനത്തെ സി‌പിഐ എമ്മിനകത്ത് ചില പ്രദേശങ്ങളിൽ ഇന്നും നിലനിൽക്കുന്ന വിഭാഗീയതയാണോ എന്ന് നാം സ്വയം വിമർശനപരമായി പരിശോധിക്കേണ്ടിയിരിക്കുന്നു. ചില പ്രദേശങ്ങളിലെയെങ്കിലും പരാജയത്തിന് ഈ ഘടകവും ഒരു കാരണമായിട്ടുണ്ടാവാം.

രാംകുമാര്‍: വിഭാഗീയതയെക്കുറിച്ച് താങ്കൾ പറഞ്ഞുവല്ലോ? പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ചാണോ അതോ ഈയിടെ പാർട്ടിയിൽ നിന്നും പുറത്തായ ചില വ്യക്തികളെക്കുറിച്ചാണോ താങ്കൾ ഉദ്ദേശിക്കുന്നത്? ഞാനുദ്ദേശിക്കുന്നത് ഒഞ്ചിയം , ഷൊറണൂർ തുടങ്ങിയവയെക്കുറിച്ചാണോ താങ്കളുടെ പരാമർശം എന്നാണ്.

തോമസ് ഐസക് .ഞാൻ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. ഒഞ്ചിയം , ഷൊറണൂർ പ്രദേശങ്ങളിൽ നിന്ന് ഈയിടെ പാർട്ടി വിട്ടവരുടെ സ്വാധീനത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം വളരെ ഏറെ ഊതിപ്പെരുപ്പിച്ചതാണ്. കേരളത്തിൽ., ഈ അടുത്ത കാലത്ത് തന്നെ, ഇവരേക്കാൾ വലിയ നേതാക്കൾ പാർട്ടി വിട്ടു പോയിട്ടുണ്ട്. എം വി രാഘവനും ഗൌരി അമ്മയുമൊക്കെ അങ്ങനെ പാർട്ടി വിട്ടവരാണ്. ഇപ്പോൾ പാർട്ടി വിട്ടവരേക്കാൾ ജനകീയാദരവും അംഗീകാരവും ഒക്കെ നേടിയവരായിരുന്നു അവർ. പാർട്ടിയെ പിളർത്തിയവർക്ക് അവരുടെ ശക്തികേന്ദ്രങ്ങളിൽ‌പ്പോലും നമ്മെ തോൽ‌പ്പിക്കാനായിട്ടില്ല. പാർട്ടി വിട്ട വ്യക്തികളുടെ സ്വാധീനം വളരെ പരിമിതമാണെന്നു കാണാം.

എന്നാൽ പാർട്ടിക്കുള്ളിൽ വിഭാഗീയതയുടെ പ്രവണതകൾ ഇപ്പോഴും നിലനിൽക്കുണ്ട്. പാർലമെന്ററി വ്യതിയാനമാണ് പാർട്ടിക്കുള്ളിലെ ഇത്തരം വിഭാഗീയതയുടെ മൂല കാരണമെന്ന് നാം കണ്ടെത്തിയതാണ്. തെറ്റു തിരുത്തൽ നടപടികളിലൂടെ തുടർന്നും അഭിസംബോധന ചെയ്യേണ്ട ഒരു മുഖ്യ വ്യതിയാനമാണ് ഇപ്പോഴും പാർലമെന്ററി വ്യാമോഹം. ഇതു മൂലം, ജനഹിതമോ സ്ഥാനാർത്ഥികളുടെ സ്വഭാവ ഗുണമോ ഒന്നു പരിഗണിക്കപ്പെടാതെ, അർഹതയില്ലാത്ത പലരും പലയിടങ്ങളിലും സ്ഥാനാർത്ഥി ലിസ്‌റ്റിൽ കടന്നു കൂടി. തെറ്റു തിരുത്തൽ കാമ്പയിനിൽ ഇത്തരം കാര്യങ്ങളും ഞങ്ങൾ നിശിതമായി പരിശോധിക്കും. എത്രയും പെട്ടെന്ന് തന്നെ ഈ പരിശോധന തുടങ്ങുന്നതാണ്.

രാംകുമാര്‍: തെറ്റു തിരുത്തൽ രേഖയിലെ നിർദ്ദേശങ്ങൾ എന്തുമാത്രം നടപ്പിലായിട്ടുണ്ട്?

തോമസ് ഐസക് . സംസ്ഥാന കമ്മിയുടെ നിലവാരത്തിൽ സ്വയം വിമർശനവിമർശനവും വിലയിരുത്തലും പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്. നവ്മ്പർ 5, 6, 7 തീയതികളിൽ ഈ രേഖയുടെ വെളിച്ചത്തിൽ എല്ലാ ജില്ലാക്കമ്മിറ്റികമ്മിറ്റികളും നിശിതമായ ആത്മപരിശോധന നടത്തുകയാണ്. അതായത്, തെറ്റുതിരുത്തൽ പ്രക്രിയ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ തുടങ്ങുകയാണ്.

രാംകുമാര്‍: രണ്ടു കോണുകളിൽ നിന്ന് ഇടതു പക്ഷത്തിനെതിരെ ഒറ്റക്കെട്ടായ കടുത്ത ആക്രമണമുണ്ടായി എന്നത് വളരെ വ്യക്തമാണ്: അതിലൊന്ന് വർഗീയ ശക്തികളിൽ നിന്നായിരുന്നുവെങ്കിൽ മറ്റേത് മുഖ്യധാരാ മാധ്യമങ്ങളിൽ നിന്നയിരുന്നു. ഇതിനെക്കുറിച്ച് താങ്കൾ എന്തു പറയുന്നു?

തോമസ് ഐസക് . ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരായ ശക്തികളെല്ലാം ഒന്നിക്കുന്ന കാഴ്‌ചയാണ് നാം കണ്ടത്. ഞാൻ നേരത്തെ സൂചിപ്പിച്ച പോലെ, ഒന്നാമതായി, ചില രാഷ്‌ട്രീയ പാർട്ടികൾ എൽ ഡി എഫ് വിട്ടു പോയി. രണ്ടാമതായി സഭ ഇടതു ജനാധിപത്യമുന്നണിയ്‌ക്കെതിരായി പരസ്യമായ ഒരു സമീപനം കൈക്കൊണ്ടു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യ നിയന്ത്രണം കൊണ്ടുവരാൻ ലക്ഷ്യമിട്ട് സർക്കാർ കൈക്കൊണ്ട ചില നടപടികളാണ് സഭയുടെ ഈ സമീപനത്തിന്റെ അടിസ്ഥാനം. മദ്ധ്യ കേരളത്തിലും ഹൈറേഞ്ച് മേഖലയിലെ കുടിയേറ്റ കർഷകർക്കിടയിലും ഇടതുപക്ഷത്തിനെതിരെ പള്ളി വളരെ സജീവമായി പ്രചാരണങ്ങൾ നടത്തി

മുസ്ലീം സമുദായത്തിനിടയിൽ കമ്യൂണിസ്‌റ്റുകാർക്കെതിരായ വികാരം ക്രിസ്‌ത്യാനികളുടെ ഇടയിലുണ്ടായ പോലെ ശക്താമായിരുന്നില്ല. എങ്കിലും, മുസ്ലീം സമുദായത്തിലെയും ഉന്നത വർഗം ഇടതുപക്ഷത്തിൽ നിന്നും അകന്നുപോയതായി കാണാം. ജമാ അത്തും , എസ്‌ഡിപിഐ യും മറ്റു വർഗീയ ഗ്രൂപ്പുകളുമെല്ലാം പരസ്യമായിത്തന്നെ ഇടതുപക്ഷത്തിനെതിരായ നിലപാടാണ് എടുത്തത്. അങ്ങനെ, ഇടതുപക്ഷത്തിനെതിരെ വർഗീയ ശക്തികളുടെ, അതിൽ ഭൂരിപക്ഷ വർഗീയ ശക്തികളും ന്യൂന പക്ഷ വർഗീയ ശക്തികളും ഉൾപ്പെടും, സംയുക്തമായ കടന്നാക്രമണമാണുണ്ടായത് എന്നു കാണാം.

തൊടുപുഴയിൽ എസ് ഡി പി ഐ പ്രവർത്തകർ പ്രൊഫസറുടെ കൈ വെട്ടിയ കേസിൽ കുറ്റാരോപിതനായ ശ്രീ അനസ് എന്ന ഒരാൾ ജയിലിൽ കിടന്നുകൊണ്ട് തെരെഞ്ഞെടുപ്പിൽ ജയിച്ചിട്ടുണ്ട്. അയാൾ എറണാകുളം ജില്ലയിലെ വാഴക്കുളം ബ്ലോക്കിൽ വഞ്ചിനാട് ഡിഷനിൽ എസ് ഡി പി ഐ സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. ശ്രദ്ധിയ്‌ക്കൂ...ഈ ഡിവിഷനു കീഴിൽ വരുന്ന 8 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും യൂ ഡി എഫ് ആണ് ജയിച്ചത് . എൽ ഡി എഫ് ജയിച്ച ഏക വാർഡിലാകട്ടെ ഭൂരിപക്ഷം കേവലം 3 വോട്ട് മാത്രമായിരുന്നു. എന്നാൽ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള മത്സരം വന്നപ്പോൾ കാര്യങ്ങൾ വ്യത്യസ്‌തമാകുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് വാർഡുകളിലെല്ലാം കൂടി യൂ ഡി എഫ് 4309 വോട്ടുകൾ നേടിയിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യത്തിൽ അത് 2089 ആയി കുറഞ്ഞു. എന്നാൽ എസ് ഡി പി ഐ സ്ഥാനാർത്ഥിയുടെ വോട്ട് 3992 ആയി ഉയർന്നു. കോൺഗ്രസ്സും എസ് ഡി പി ഐ യും തമ്മിൽ കച്ചവടം നടന്നു എന്ന കാര്യം വ്യക്തമാണ്. എസ് ഡി പി ഐ പഞ്ചായത്തു വാർഡുകളിൽ കോൺഗ്രസ്സിനു വോട്ടു ചെയ്‌തു, കോൺഗ്രസ് ബ്ലോക്ക് ഡിവിഷനിൽ എസ് ഡി പി ഐ യ്‌ക്ക് വോട്ടുകൾ നൽകി. ഇപ്രകാരം ഇടതുപക്ഷത്തിനെതിരായ കൂട്ടുമുന്നണീ വളരെ ആസൂത്രിതമായിരുന്നു, ശക്തവും.

ഇതൊക്കെയാണെങ്കിലും നാം 2009 ലെ സ്ഥിതിയിൽ നിന്നും ഏറെ മുന്നേറിയിട്ടുണ്ട്.

രാംകുമാര്‍: ന്യൂനപക്ഷ രാഷ്‌ട്രീയത്തെക്കുറിച്ച് കേരളത്തിലെ ഇടതുപക്ഷത്തിന്റെ നിലപാട് ചുരുക്കത്തില്‍ വിശദമാക്കാമോ?അതായത്, ന്യൂനപക്ഷങ്ങളുടെ സ്വത്വത്തെ ആധാരമാക്കിയുള്ള വിവിധ സംഘടനാ രൂപങ്ങളോടുള്ള സിപി‌ഐ എം നയം വ്യക്തമാക്കാമോ?

തോമസ് ഐസക് . നോക്കൂ, കഴിഞ്ഞ രണ്ടു ദശാബ്‌ദത്തിനിടയില്‍ സി പി എമ്മിനു ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള പിന്തുണ ക്രമമായി വര്‍ദ്ധിച്ചു വരികയായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയിൽ ഞങ്ങൾക്ക് സ്വാധീനം വളരെ കുറവായിരുന്നു, എന്നാലത് മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറം പോലുള്ള സ്ഥലങ്ങളില്‍ പോലും വര്‍ദ്ധിച്ചിട്ടുണ്ട്. മൂന്നു കാരണങ്ങളാലാണിത് സംഭവിച്ചത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കല്‍, മദ്രസ ജീവനാക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി നടപ്പാക്കല്‍ തുടങ്ങി മുസ്ലീം സമൂഹത്തിന്റെ വളരെ പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ഇടതു പക്ഷം പ്രത്യേകം ശ്രദ്ധ കാണിച്ചു എന്നതാണ് ഒന്നാമത്തെ കാരണം . രണ്ടാമത്തെ കാരണം ദേശീയ തലത്തില്‍ ഇടതുപക്ഷം ബി ജെ പി യോട് സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. മൂന്നാമതായി, അന്താരാഷ്‌ട്ര തലത്തിൽ സാമ്രാജ്യത്വത്തോടെടുക്കുന്ന കര്‍ക്കശമായ നിലപാടുകൾ മുസ്ലീം സമൂഹത്തിന്റെ അംഗീകാരം നേടിത്തന്നിട്ടുണ്ട്, വിശേഷിച്ചും ഈ സമൂഹത്തെ ലക്ഷ്യമാക്കി സാമ്രാജ്യത്വം കൈക്കൊള്ളുന്ന നയസമീപനങ്ങൾ പരിഗണിക്കുമ്പോൾ. കേരളത്തിനു പശ്ചിമേഷ്യയുമായുള്ള ശക്തമായ ബന്ധം വച്ചു നോക്കുമ്പോള്‍ ഇടതുപക്ഷം പിന്തുടരുന്ന സാമ്രാജ്യത്വ വിരുദ്ധ നയങ്ങളുടെ പ്രസക്തിയേറുകയാണ്.

എന്നാല്‍ ഈ മാറ്റം 2009 ലെ ലോകസഭാ തിരഞ്ഞെടുപ്പോടെ നിന്നുപോയി. ബിജെപിയുടെ ഭീഷണി കാര്യമായി കുറഞ്ഞു പോയതും കോണ്‍ഗ്രസും മുസ്ലീം സമൂഹവുമായുണ്ടായിരുന്ന ബന്ധത്തില്‍ വന്ന പുരോഗതിയുമാണ് അതിനു കാരണം. ഇതേ സമയത്തു തന്നെയാണു കേരളത്തിലെ മുസ്ലീം സമൂഹത്തില്‍ വളര്‍ന്നു വന്നുകൊണ്ടിരുന്ന തീവ്രവാദത്തിനെതിരെയും, ഇടതുപക്ഷത്തെ നിരന്തരം ആക്രമിച്ചു കൊണ്ടിരുന്ന ജമാ അത്തെ ഇസ്ലാമിക്കെതിരെയും ഇടതുപക്ഷം നിലപാട് കർക്കശമാക്കിയത്. എന്നാല്‍ ഈ സമീപനത്തെ മുസ്ലീങ്ങള്‍ക്കെതിരെയുള്ള ഇടതുപക്ഷത്തിന്റെ നിലപാടാണെന്ന് ചിത്രീകരിക്കുന്നതില്‍ ചില നിക്ഷിപ്‌ത താല്പര്യക്കാർ വിജയിച്ചു.

ഇങ്ങനെയൊക്കെയാണെങ്കിലും കേരള മുഴുവന്‍ ഇടതു പക്ഷത്തിനെതിരായി ഒരു ഏകീകരണം മുസ്ലീം സമൂഹത്തിനിടയില്‍ 2010 ല്‍ ഉണ്ടായിട്ടില്ല. മുസ്ലീം ഭൂ‍രിപക്ഷമുള്ള വളരെയധികം പ്രദേശങ്ങളിലും പഞ്ചായത്തുകളിലും ഇടതു പക്ഷം വിജയിച്ചിട്ടുണ്ട്. കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തുനിന്നുമുള്ള ഫലങ്ങള്‍ എടുക്കുക. കോഴിക്കോട്ടെ വടകരയിലും കൊയിലാണ്ടിയിലും, തിരുവനന്തപുരത്തെ ബീമാപള്ളിയിലും മുസ്ലീങ്ങള്‍ ആവേശത്തോടെ ഇടതു പക്ഷത്തിനു വോട്ടു ചെയ്‌തു.അതു കൊണ്ട്, മധ്യതിരുവിതാകൂറിലെ ക്രിസ്‌ത്യന്‍ സമൂഹത്തിനിടയിലുണ്ടായ പോലെ മുസ്ലീങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തിനെതിരായ ഏകീകരണം ഉണ്ടായിട്ടില്ല.

രാംകുമാര്‍: മാധ്യമങ്ങള്‍ ?

തീര്‍ച്ചയായും. കേരളത്തിലെ വോട്ടിംഗ് രീതിയെ മാധ്യമങ്ങള്‍ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. എല്ലാ മുഖ്യാധാരാമാധ്യമങ്ങളും ഇപ്പോള്‍ ഇടതു പക്ഷത്തിനെതിരെ സംഘം ചേര്‍ന്നിരിക്കുന്നു. ഇപ്പോള്‍ ഏതാണ്ട് അഞ്ച് 24*7 വാര്‍ത്താചാനലുകൾ ഉൾപ്പെടെ 16-17 ചാനലുകള്‍ നമുക്കുണ്ട്. മൂന്നു പുതിയ ചാനലുകള്‍ രജിസ്‌ട്രേഷനായി അപേക്ഷിച്ചിരിക്കുന്നു.ഏതാണ്ട് 20 ലക്ഷം കോപ്പികള്‍ ദിവസേന അടിക്കുന്ന രണ്ടു പ്രധാനപ്പെട്ട കമ്യൂണിസ്റ്റ് വിരുദ്ധ പത്രങ്ങള്‍ - മലയാള മനോരമയും മാതൃഭൂമിയും- ഈ സംസ്ഥാനത്തുണ്ട്. എത്രമാത്രം അപവാദമാണ് അവര്‍ നിത്യേനെ ഇടതു പക്ഷത്തിനെതിരെ അടിച്ചിറക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം. അതുകൊണ്ട് തന്നെ, തിരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന്റെ ഒരു പ്രധാനപ്പെട്ട സഖ്യകക്ഷികളാണു മാധ്യമങ്ങൾ‍.

ആയതിനാൽ, (1) മാധ്യമ സാക്ഷരതാ പരിപാടികള്‍ (2) പകരം വയ്‌ക്കാവുന്ന മറ്റു മാധ്യമ രൂപങ്ങള്‍ (3) മുഖ്യധാരാ മാധ്യമങ്ങളില്‍ തന്നെയുള്ള ഇടപെടലുകള്‍ എന്നീ മൂന്നു കാര്യങ്ങള്‍ക്കായുള്ള അന്വേഷണങ്ങൾക്ക് ഇടതു പക്ഷം നിര്‍ബന്ധിതമായിരിക്കുന്നു. ഈ അടുത്തകാലത്ത് ഞാനും കൂടി ചേര്‍ന്നെഴുതിയ ഒരു പുസ്‌തകത്തില്‍ , എസ് എന്‍ സി ലാവ്‌ലിന്‍ കേസ്, ആസിയാന്‍ കരാര്‍, വികേന്ദ്രീകരണം എന്നീ മൂന്നു വിഷയങ്ങളില്‍ മാധ്യമങ്ങള്‍ എടുത്ത നിലപാടുകളെ പഠന വിധേയമാക്കിയിട്ടുണ്ട്. ഈ മൂന്നുകാര്യങ്ങളിലും മാധ്യമ പ്രചാരണങ്ങളെ വസ്‌തു നിഷ്ഠമായി പരിശോധിച്ചതില്‍ നിന്നും അത് ചോംസ്‌കി മുന്നോട്ടു വച്ച “ പ്രൊപ്പഗൻഡ മോഡലു”മായി ഒത്തു പോകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.അതുകൊണ്ട് മാധ്യമങ്ങളെ ഗൌരവബുദ്ധിയോടെ വിമര്‍ശന വിധേയമാക്കാൻ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്.

രാംകുമാര്‍: ഇവിടെ നിന്നും 2011 ലെ തിരഞ്ഞെടുപ്പിലേക്കുള്ള പാതയില്‍ ഇടതു പക്ഷത്തിന്റെ മുന്നോട്ട് പോക്ക് എങ്ങനെയായിരിക്കും എന്നാണു താങ്കള്‍ കരുതുന്നത് ? വിശേഷിച്ച് എന്തെങ്കിലും?

തോമസ് ഐസക് . തെറ്റുതിരുത്തല്‍ പൂര്‍ത്തീകരിക്കലും രേഖ നടപ്പാക്കലുമാണ് ഏറ്റവും പ്രഥമവും അടിയന്തിരവുമായ ശ്രദ്ധ അർഹിക്കുന്നത്. പാര്‍ട്ടിക്കുള്ളിൽ ഐക്യം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.ഏറ്റവും പ്രധാനപ്പെട്ട രാഷ്‌ട്രീയ ദൌത്യം അതാണ്. രണ്ടാമതായി, എന്തുകൊണ്ടാണു ചില ന്യൂനപക്ഷ വിഭാഗങ്ങള്‍ എതിരായി വോട്ട് ചെയ്‌തതെന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്താനും പരിഹാര നടപടികള്‍ കൈക്കൊള്ളാനും ആഗ്രഹിക്കുന്നു. മൂന്നാമതായി, ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ മാത്രമല്ല, മെച്ചപ്പെട്ട തൊഴിവസരങ്ങൾ സൃഷ്‌ടിക്കുന്നതിലും അടിസ്ഥാന സൌകര്യ വികസനക്കാര്യങ്ങളിലും ഒക്കെയുള്ള ഇടതു പക്ഷത്തിന്റെ വികസന നിലപാടുകള്‍ അസന്ദിഗ്ദ്ധമായി പ്രസ്‌താവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.കേരള പഠനവുമാ‍യി ബന്ധപ്പെട്ട മൂന്നാം അന്തര്‍ദേശീ‍യ കോണ്‍ഗ്രസ് 2011 ജനുവരി ആദ്യവാരം നടക്കുന്നുണ്ട് .അവസാനമായി, കഴിഞ്ഞ ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ച പല നടപടികളും പൂര്‍ണ്ണമായും നടപ്പിലായിക്കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ അത് പൂര്‍ത്തീകരിക്കും.റോഡ് റിപ്പയറിംഗ് അടിയന്തിരമായി ചെയ്യേണ്ടതുണ്ട്.കൂടാത അവസാന ബഡ്‌ജറ്റ് അടുത്ത വര്‍ഷം വരുന്നുണ്ട്, അതില്‍ എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് കാണാവുന്നതാണ്.

രാംകുമാര്‍: 2011 ലെ ഫലത്തെപ്പറ്റി പ്രതീക്ഷയുണ്ടോ താങ്കള്‍ക്ക് ?

തീര്‍ച്ചയായും.ഞാന്‍ പറഞ്ഞപോലെ രണ്ടു മുന്നണികളും തമ്മിലുള്ള വോട്ടിന്റെ വ്യത്യാസം വെറും 3 ശതമാനം മാത്രമാണ്. കാര്യങ്ങള്‍ ക്രമപ്പെടുത്തുന്നതിലൂടെ ഈ വിടവ് ഇടതു പക്ഷത്തിനു നികത്താവുന്നതേയുള്ളൂ. കൂടാത ഇടതുപക്ഷത്തെക്കുറിച്ച് ന്യൂനപക്ഷങ്ങള്‍ക്കുള്ള തെറ്റിദ്ധാരണ പരിഹരിക്കുന്നതിലൂടെയും യു ഡി എഫും വര്‍ഗീയ ശക്തികളും തമ്മിലുള്ള ബന്ധം തുറന്നു കാട്ടുന്നതിലൂടെയും ഇത് സാധിക്കും..എനിക്ക് പ്രതീക്ഷയുണ്ട്.

വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.

ആപ്പിള്‍ കമ്പ്യൂട്ടറിന്റെയും പിക്‌സാര്‍ ആനിമേഷന്‍ സ്റ്റുഡിയോവിന്റെയും CEO ആയ സ്റ്റീവ് ജോബ്‌സ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ആദ്യവര്‍ഷവിദ്യാര്‍ത്ഥികളോട് നടത്തിയ പ്രസംഗത്തിന്റെ മലയാളപരിഭാഷ ഇവിടെ. തോല്‍വികള്‍ ഏറ്റുവാങ്ങുന്നവനെ പുച്ഛത്തോടെ കാണുന്ന നമ്മുടെ സമൂഹത്തിന് മുന്നില്‍ ഒരു വലിയ ഉത്തരം ആയി സ്റ്റീവ് ജോബ്‌സിന്റെ ഹൃദയസ്​പര്‍ശിയായ ഈ വാക്കുകള്‍ നില്ക്കുന്നു.

''ലോകത്തിലെ ഏറ്റവും ഗംഭീരമായ ഒരു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ എനിക്ക് സന്ദര്‍ഭമൊരുക്കിയതിലൂടെ നിങ്ങളെന്നെ ആദരിച്ചിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

സത്യം പറഞ്ഞാല്‍ ഒരു കോളേജില്‍ നിന്നും ബിരുദമെടുത്തയാളല്ല ഞാന്‍.

നിങ്ങളോട് എന്റെ ജീവിതവുമായി ബന്ധപ്പെട്ട മൂന്നു കഥകള്‍ ഞാനിപ്പോള്‍ പറയാം. വലിയ കാര്യമൊന്നുമല്ലെങ്കിലും അതില്‍ എന്നിലെ ഞാന്‍ ഉണ്ട്, എന്നെ ഞാനാക്കിയ ഞാന്‍ ഉണ്ട്. അത് ഇവിടെ പറയട്ടെ.

ഞാന്‍ പഠിച്ചിരുന്ന റീഡ് കോളേജിലെ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതില്‍ നിന്ന് ആ കഥ തുടങ്ങുന്നു. എന്തിന് ഉപേക്ഷിച്ചു എന്ന് നിങ്ങളുടെ ഉള്ളിലെ ചോദ്യത്തിന് ഞാന്‍ ജനിക്കുന്നതിന് മുമ്പുള്ള ഒരു കാലമാണ് മറുപടി തരിക. ബിരുദവിദ്യാര്‍ത്ഥിനിയായിരിക്കവെയാണ് എന്റെ അമ്മ ഗര്‍ഭിണിയാവുന്നത്. ആരെങ്കിലും എന്നെ ദത്തെടുക്കുമോ എന്ന് അമ്മ അന്വേഷിച്ചു. കോളേജ് ബിരുദധാരിയായ ആരെങ്കിലും എന്നെ ദത്തെടുക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹവും നിര്‍ബന്ധവും. അമ്മയുടെ അന്വേഷണം സഫലമായി. ഞാന്‍ ജനിക്കും മുന്നേ തന്നെ എന്നെ ദത്തെടുക്കാന്‍ ഒരു അഡ്വക്കേറ്റും ഭാര്യയും തയ്യാറായി. എന്നാല്‍ ഞാന്‍ ഭൂമിയിലേക്ക് കാലനക്കിയപ്പോള്‍ തങ്ങള്‍ക്ക് പെണ്‍കുട്ടിയാണ് വേണ്ടതെന്ന് പറഞ്ഞ് ദത്തെടുക്കുന്നതില്‍ നിന്നും അവര്‍ പിന്മാറി. ദത്തെടുക്കല്‍വെയ്റ്റിങ്ങ് ലിസ്റ്റില്‍ അടുത്ത നമ്പറിലുണ്ടായിരുന്ന ഇപ്പോഴത്തെ എന്റെ മാതാപിതാക്കള്‍ എന്നെ സ്വീകരിച്ചു. എന്നെ ദത്തെടുത്ത പുരുഷന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തീകരിച്ചിട്ടില്ലെന്നും ഭാര്യ കോളേജില്‍ നിന്ന് ബിരുദമെടുത്തിട്ടില്ലെന്നും എന്റെ അമ്മ പിന്നീടാണ് മനസ്സിലാക്കുന്നത്. ഫൈനല്‍ എഗ്രിമെന്റില്‍ ഒപ്പിടാന്‍ അമ്മ തയ്യാറായില്ല. എന്നെ കോളേജിലയയ്ക്കുമെന്ന് ഉറപ്പ് നല്കിയതിന് ശേഷമാണ് അമ്മ ഒപ്പിട്ടതും എന്നെ കൈമാറിയതും.

ഇങ്ങനെ ഞാന്‍ തുടങ്ങുന്നു. പതിനേഴ് വര്‍ഷത്തിന് ശേഷം ഞാന്‍ കോളേജില്‍ പോവുക തന്നെയുണ്ടായി. അത് നിങ്ങള്‍ പഠിക്കുന്ന ഈ സ്റ്റാന്‍ഫോര്‍ഡിലേത് പോലെ ഏറെ ചെലവേറിയതായിരുന്നു. പാവങ്ങളായ എന്റെ മാതാപിതാക്കള്‍ അവരുടെ വരുമാനം മുഴുവനും എന്റെ കോളേജ് വിദ്യാഭ്യാസത്തിനായി ചെലവഴിക്കുകയായിരുന്നു. ആറ് മാസത്തിനകം എനിക്കതിലെ കഥയില്ലായ്മ ബോധ്യമായി. ഈ ജീവിതം കൊണ്ട് എന്താണ് ചെയ്യുകയെന്ന് എനിക്കറിയില്ലായിരുന്നു.കോളേജ് വിദ്യാഭ്യാസം കൃത്യമായ ഒരു വഴി തീര്‍ക്കുമെന്ന് എനിക്ക് തോന്നിയില്ല. അവരുടെ സമ്പാദ്യം മുഴുവന്‍ ഇങ്ങനെ ഇല്ലാതാക്കുന്നതിലും ഭേദം കലാലയജീവിതം ഉപേക്ഷിക്കുകയാണ് നല്ലതെന്ന് എനിക്ക് തോന്നി. സംഘര്‍ഷഭരിതമായിരുന്നെങ്കിലും ഞാന്‍ അങ്ങനെത്തന്നെ ചെയ്തു. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അത് എന്ന് എനിക്ക് മനസ്സിലാകുന്നു.

ഞാന്‍ ഒരു പഴഞ്ചന്‍ കാല്‍പ്പനികനായിരുന്നില്ല. കിടന്നുറങ്ങാന്‍ സ്വന്തമായി ഒരു മുറിയില്ലാത്തത് കാരണം ഞാന്‍ സുഹൃത്തുക്കളുടെ മുറികളില്‍ തറയില്‍ രാത്രിയെ ഉറക്കി. കൊക്കോകോളയുടെ ഒഴിഞ്ഞബോട്ടിലുകള്‍ ശേഖരിച്ച് തിരിച്ചേല്പ്പിച്ചാല്‍ ഒരോന്നിനും കിട്ടുന്ന അഞ്ച് സെന്റ് കൊണ്ട് ആഹാരം കഴിച്ചു. ഞായറാഴ്ച രാത്രികളില്‍ ഹരേ കൃഷ്ണഅമ്പലത്തില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന അന്നദാനത്തിനായി (രുചിപ്രദമായ) ഏഴു നാഴിക നടന്നുപോയി. അത്തരം അലച്ചിലുകള്‍ എനിക്കിഷ്ടമായിരുന്നു. ആ യാത്രകള്‍ക്കിടയില്‍ മനസ്സിലുയരുന്ന ജിജ്ഞാസകളില്‍ നിന്നും ഉള്‍തിളക്കത്തില്‍ നിന്നും ലഭിച്ച പുതിയകാര്യങ്ങള്‍ പിന്നീട് എനിക്ക് ഏറെ കൂട്ട് നിന്നു. ഒരുദാഹരണം പറയട്ടെ, അക്കാലത്ത് റീഡ് കോളേജില്‍ അക്ഷരമെഴുത്ത് പരിശീലിപ്പിക്കുന്ന ഒരു വിഭാഗം (കാലിഗ്രാഫി) ഉണ്ടായിരുന്നു. രാജ്യത്തെത്തന്നെ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന കാലിഗ്രാഫി ഇന്‍സ്റ്റ്യൂട്ടുകളിലൊന്നായിരുന്നൂ അത്. കാമ്പസിലെ മുഴുവന്‍ പോസ്റ്ററുകളും ചുമരെഴുത്തുകളും വാക്കുകളും വരികളും മനോഹരമായി കാലിഗ്രാഫ് ചെയ്യപ്പെട്ടിരുന്നു. എനിക്ക് കോളേജിലെ സാധാരണക്ലാസ്സുകളില്‍ കയറാന്‍ സാധിക്കാത്തത് കൊണ്ട് ആര്‍ക്കും പോകാവുന്ന കാലിഗ്രാഫിക്ലാസ്സില്‍ ഞാന്‍ ചേര്‍ന്നു.സെരീഫും സാന്‍സ് സെരീഫും അക്ഷരങ്ങളെക്കുറിച്ച് വിശദമായി ഞാന്‍ അവിടെ നിന്ന് പഠിച്ചു. വ്യത്യസ്തമായ അക്ഷരങ്ങളുടെ കോമ്പിനേഷനുകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, അതിലെ മനോഹാരിതകള്‍ ഒക്കെ എനിക്ക് അറിയാന്‍ കഴിഞ്ഞു. അവിടെ നിന്ന് അറിഞ്ഞ കാര്യങ്ങള്‍ എനിക്ക് ഏറെ രസകരവും പുതുമയാര്‍ന്നതുമായിരുന്നു. അതിന്റെ അടിസ്ഥാനപരമായ കലാസങ്കേതങ്ങള്‍ ശാസ്ത്രത്തിന് അപരിചിതമായിരുന്നു. കാലിഗ്രാഫി കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാവുമെന്ന് അന്ന് എനിക്ക് തോന്നിയിരുന്നില്ല. എന്നാല്‍ പത്ത് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ മക്കിന്‍ടോഷ് കംപ്യൂട്ടറിന് രൂപകല്‍പന നല്‍കുമ്പോള്‍ അന്ന് പഠിച്ചതൊക്കെ എനിക്ക് ഏറെ പ്രയോജനപ്രദമായി. മക്കിന്‍ടോഷില്‍ ഉപയോഗിച്ച വ്യത്യസ്തതയുള്ള അക്ഷരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കാരണം ആ കാലിഗ്രാഫി ക്ലാസ്സുകളായിരുന്നു. മനോഹരമായി ടൈപ്പോഗ്രാഫി ഉപയോഗിച്ച ആദ്യകമ്പ്യൂട്ടര്‍ ആയിരുന്നു ആപ്പിള്‍. ഞാന്‍ കോളേജ്‌വിദ്യാഭ്യാസം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ കാലിഗ്രാഫി എനിക്ക് കിട്ടുമായിരുന്നില്ല.

ഭാവിയെ നോക്കി ജീവിതത്തിന്റെ ജയപരാജയങ്ങള്‍ നിര്‍വചിക്കാനാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറെക്കാലത്തിന് ശേഷം തിരിഞ്ഞ് നോക്കുമ്പോഴാണ് നമ്മില്‍ തിരിച്ചറിവുകളുണ്ടാവുന്നത്.

ഇനി രണ്ടാമത്തെ കഥ(?) പറയാം. അത് കഥ പ്രണയത്തിന്റേയും നഷ്ടപ്പെടലിന്റേയുമാണ്.

ഞാന്‍ ഏറെ ഭാഗ്യവാനായിരുന്നു. എനിക്കിഷ്ടമുള്ളത് ചെയ്യാന്‍ ചെറുപ്പത്തില്‍ തന്നെ അവസരം ലഭിച്ചു.
ഇരുപത് വയസ്സായിരിക്കുമ്പോഴാണ്, ഞാനും വോസും കൂടി എന്റെ മാതാപിതാക്കളുടെ ഗ്യാരേജില്‍ ആപ്പിള്‍ തുടങ്ങുന്നത്. ഞങ്ങളുടെ കഠിനപരിശ്രമം, പത്ത് വര്‍ഷത്തിനുള്ളില്‍ ആപ്പിള്‍ 20 ലക്ഷം ഡോളറിന്റെ ആസ്തിയുള്ള 4000 ജോലിക്കാരുള്ള ഒരു വമ്പന്‍കമ്പനിയായി വളര്‍ന്നു. ഞങ്ങളുടെ വമ്പന്‍കണ്ടെത്തലായ മക്കിന്‍ടോഷ് പുറത്ത് വന്നത് എനിക്ക് 29 വയസ്സുള്ളപ്പോഴാണ്. ആ നേരം എന്നെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു.
നിങ്ങള്‍ സ്ഥാപിച്ച നിങ്ങളുടെ സ്വന്തം കമ്പനിയില്‍ നിന്ന് നിങ്ങളെ എങ്ങനെയാണ് പുറത്താക്കുക?

ആപ്പിള്‍ വളര്‍ന്നപ്പോള്‍ കമ്പനിയുടെ നടത്തിപ്പിന് എനിക്കൊപ്പം പ്രവൃത്തിക്കാനായി കാര്യക്ഷമനായ ഒരാളെ കൂടി ഞങ്ങള്‍ നിയമിച്ചു. ആദ്യത്തെ വര്‍ഷം പ്രശ്‌നമൊന്നുമുണ്ടായില്ല. എന്നാല്‍ പിന്നീട് ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാവുന്നു. തെറ്റിപ്പിരിയുന്നു. കമ്പനിയിലെ ഡയറക്ടര്‍മാര്‍ അയാളുടെ പക്ഷം ചേര്‍ന്ന് എന്നെ പിരിച്ചു വിടുന്നു.

അങ്ങനെ മുപ്പതാം വയസ്സില്‍ എനിക്കുണ്ടായിരുന്നതെല്ലാം എനിക്ക് നഷ്ടപ്പെട്ടു. ഞാന്‍ ആകെ തകര്‍ന്നുപോയി. എല്ലാത്തില്‍ നിന്നും ഒളിച്ചോടാന്‍ ഞാന്‍ അതിതീവ്രമായി ആഗ്രഹിച്ചു.മുന്‍തലമുറയിലെ വ്യവസായ സംരംഭകര്‍ക്കാകെ ഞാന്‍ അപമാനമുണ്ടാക്കിയെന്ന് എനിക്ക് അപകര്‍ഷത അനുഭവപ്പെട്ടു. മല്‍സരത്തില്‍ നിന്ന് തിരിഞ്ഞോടിയതായി എനിക്ക് തോന്നി. കുറച്ച് കാലത്തേക്ക് എന്ത് ചെയ്യണമെന്ന് എനിക്ക് യാതൊരു പിടിയുമില്ലായിരുന്നു.

പിന്നെപ്പിന്നെ ഇഷ്ടകാര്യങ്ങളിലേക്ക് ഞാന്‍ തിരിച്ചുവന്നു. വീണ്ടും ഒരങ്കത്തിന് ഞാന്‍ എന്നെ മുറുക്കിക്കെട്ടി.
ആപ്പിളില്‍ നിന്നുള്ള പുറത്താകല്‍ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. ഒരു വിജയിയുടെ അഹങ്കാരത്തിന്റെ സ്ഥാനത്ത് തുടക്കക്കാരന്റെ വിനയം കൈ വന്നത് പുതിയ വഴികളിലേക്ക് എന്നെ കൊണ്ട് പോയി.
പിന്നെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ നെക്സ്റ്റ്(Next) എന്ന ഒരു കമ്പനിയും പിക്‌സര്‍ (Pixar) എന്ന മറ്റൊരു കമ്പനിയും തുടങ്ങി. ആ കാലത്ത് ഞാന്‍ ലൗറിനേയില്‍ അനുരക്തനായി. അവളെന്റെ ജീവിതസഖിയായി.

ലോകത്തിലെ ഇദംപ്രഥമമായ കമ്പ്യൂട്ടര്‍ ആനിമേറ്റഡ് ഫിലിം 'ടോയ് സ്‌റ്റോറി' പിക്‌സര്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന ആനിമേഷന്‍ സ്റ്റുഡിയോ ആണത്.

സംഭവങ്ങള്‍ മാറിമറിയുന്നു. 'നെക്സ്റ്റ്' ആപ്പിള്‍ വാങ്ങുന്നു. ഞാന്‍ ആപ്പിളില്‍ തന്നെ തിരിച്ചെത്തുന്നു. നെക്സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ ഇന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണം. ഞാനും ലൗറിനേയും ഇപ്പോള്‍ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു.

ആപ്പിള്‍ എന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല എന്നെനിക്കുറപ്പുണ്ട്. ജീവിതം ചിലപ്പോള്‍ നമ്മുടെ തലയ്ക്കടിക്കുന്നു. ഒരിക്കലും വിശ്വാസം നഷ്ടപ്പെടരുത്. ഞാന്‍ മുന്നോട്ടു പോയത് എനിക്കിഷ്ടമായ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചതു കൊണ്ടാണ്. ഒരാള്‍ക്ക് എന്ത് ചെയ്യുന്നതിലാണ് താല്‍പ്പര്യം എന്ന് കണ്ടെത്തുന്നതിലും അതു ചെയ്യാന്‍ ശ്രമിക്കുന്നതുമാണ് പ്രധാനം.

നാം ചെയ്യുന്ന പ്രവൃത്തിയെ നമ്മുടെ കാമുകിയെപ്പോലെ തീവ്രമായിത്തന്നെ സ്‌നേഹിക്കണം.
നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്താണെന്ന് കണ്ടെത്തും വരെ ശ്രമിക്കുക. അന്വേഷിച്ചുകൊണ്ടിരിക്കുക. കണ്ടെത്തും വരെ അടങ്ങിയിരിക്കരുത്.

എന്റെ മൂന്നാമത്തെ കഥ മരണത്തെക്കുറിച്ചാണ്.

എനിക്ക് പതിനേഴ് വയസ്സുള്ളപ്പോള്‍ ഞാന്‍ ഒരുദ്ധരണി വായിക്കുകയുണ്ടായി. അത് ഏതാണ്ട് ഇതു പോലെയായിരുന്നു. 'ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും.'

കഴിഞ്ഞ 33 വര്‍ഷമായി ദിവസെന കണ്ണാടിയില്‍ നോക്കി ഞാന്‍ ചോദിക്കുന്ന ചോദ്യം ഇതാണ്:'ഇന്ന് എന്റെ ജീവിതത്തിന്റെ അവസാനദിവസമാണെങ്കില്‍ ഇന്ന് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ തന്നെയാണോ ഞാന്‍ ചെയ്യുക?' കുറേ ദിവസം തുടര്‍ച്ചയായി 'അല്ല' എന്ന ഉത്തരമാണ് ലഭിക്കുന്നതെങ്കില്‍ എനിക്ക് ഒരു മാറ്റം ആവശ്യമാണ്. മരണം അടുത്തിരിക്കുന്നു എന്ന ബോധമാണ് പല തിരഞ്ഞെടുപ്പുകളും നടത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത്. കാരണം മരണത്തിന് മുന്നില്‍ നിങ്ങളുടെ ഭയങ്ങളും ജയപരാജയങ്ങളും പ്രതീക്ഷകളും അഭിമാനവുമൊക്കെ അഴിഞ്ഞു വീഴുന്നു. മരണബോധമാണ് നഷ്ടബോധത്തിന്റെ കെണിയില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തുന്നത്, നിങ്ങള്‍ നഗ്‌നനായിക്കഴിഞ്ഞു, നിങ്ങളുടെ ഹൃദയത്തിന്റെ വഴികളെ ഇനി പിന്തുടരാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഒരു കൊല്ലം മുമ്പ് എനിക്ക് അര്‍ബ്ബുദമുണ്ടെന്ന് കണ്ടു പിടിച്ചു. പാന്‍ക്രിയാറ്റിക്ക്ക്യാന്‍സര്‍. പാന്‍ക്രിയാസ് എന്താണെന്ന് എനിക്കറിഞ്ഞ് കൂടായിരുന്നു. അത് ചികിത്സിച്ച് ഭേദപ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. എനിക്ക് ആറുമാസത്തെ ആയുസ്സ് മാത്രമേയുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞു. ഡോക്ടര്‍ എന്നോട് വീട്ടില്‍ പോയി കാര്യങ്ങളൊക്കെ നേരെയാക്കി തിരിച്ചുവരാന്‍ നിര്‍ദ്ദേശിച്ചു. മരണത്തിന് തയ്യാറെടുത്തു കൊള്ളൂ എന്നതിന് പകരമുള്ള ഡോക്ടര്‍മാരുടെ ഭാഷയാണത്. അതിനര്‍ത്ഥം ഭാവിയുടെ വഴിയില്‍ ഭാര്യയോടും മക്കളോടും നിങ്ങള്‍ പറയുവാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പറയുക എന്നാണ്. ഒരു തരത്തിലുള്ള വിടവാങ്ങല്‍ തന്നെ.

ഒരു ദിവസം മുഴുവനിരുന്ന് ഞാന്‍ എന്റെ രോഗവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചു.

വൈകുന്നേരം എന്നെ ബയോപ്‌സിക്ക് കൊണ്ടു പോയി. എന്‍ഡോസ്‌ക്കോപ്പ് തൊണ്ടയിലൂടെ കടത്തി വയറ്റിലൂടെ കുടലിലെത്തിച്ച് ഒരു സൂചി കൊണ്ട് പാന്‍ക്രിയാസിലെ മുഴയില്‍ നിന്നും കുറെ കോശങ്ങള്‍ എടുത്തു. എനിക്ക് ഉറങ്ങാനായി മരുന്ന് തന്നിരുന്നു. ഭാര്യ അടുത്തുണ്ടായിരുന്നു. എന്റെ കോശങ്ങള്‍ മൈക്രോസ്‌കോപ്പിലൂടെ പരിശോധിക്കുകയായിരുന്ന ഡോക്ടര്‍ കരയാന്‍ തുടങ്ങി. ശസ്ത്രക്രിയ കൊണ്ട് ഭേദപ്പെടുത്താവുന്ന അപൂര്‍വ്വതരം ക്യാന്‍സറാണ് അതെന്ന് കണ്ടെത്തിയതിന്റെ സന്തോഷക്കണ്ണീരായിരുന്നൂ അത്. എന്റെ ഓപ്പറേഷന്‍ നടന്നു. ഞാന്‍ രോഗവിമുക്തനായി. മരണം ഏറ്റവും അടുത്ത് വന്ന് നിന്ന സന്ദര്‍ഭമായിരുന്നു അത്. ഇത് പോലെ ഇനി കുറേ വര്‍ഷത്തേക്ക് മരണത്തെ അടുത്തറിയാനിടയില്ലയെന്ന് എനിക്ക് തോന്നുന്നു. അത് അതിജീവിച്ചതുകൊണ്ട് മരണം ജീവിതത്തിന്റെ ഉപയോഗപ്രദവും ബുദ്ധിപരവുമായ സങ്കല്‍പമാണെന്ന് എനിക്ക് നിങ്ങളോട് ഉറപ്പിച്ച് പറയാന്‍ കഴിയും.

ആരും മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും പെട്ടെന്ന് മരിച്ച് അവിടെയെത്താന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാലും മരണം നമ്മുടെ എല്ലാവരുടേയും അന്തിമവിധിയാണ്. അതില്‍ നിന്ന് ആരും രക്ഷപ്പെട്ടിട്ടില്ല,രക്ഷപ്പെടുകയുമില്ല. അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണം. ജീവിതത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാകുന്നൂ മരണം. അത് ജീവിതത്തിലെ മാറ്റത്തെ അടയാളപ്പെടുത്തുന്നു, പഴയത്തിനെ മാറ്റി പുതിയതിന് വഴിയൊരുക്കുന്നു. ഇപ്പോള്‍ പുതിയത് നിങ്ങളാണ്. എന്നാല്‍ കുറച്ച് കാലം കൊണ്ട് തന്നെ നിങ്ങള്‍ പഴയതാവും, പുതിയതിന് വഴിമാറികൊടുക്കേണ്ടി വരും. ഞാന്‍ അല്‍പം നാടകീയമായതില്‍ ഖേദിക്കുന്നു.എന്ന് വെച്ച് അത് സത്യമല്ലാതാകുന്നില്ല.

സമയം കുറച്ചേയുള്ളു. മറ്റുള്ളവരുടെ ജീവിതം ജീവിക്കാതെ സ്വന്തം ജീവിതം നേരായ രീതിയില്‍ ജീവിക്കുക. മറ്റുള്ളവരുടെ ചിന്തയുടെ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിക്കരുത്. അവരുടെ ശബ്ദപ്രളയത്തില്‍ നിങ്ങളുടെ ഉള്ളില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാതെ പോകരുത്.

ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗ് എന്നൊരു പ്രസിദ്ധീകരണമുണ്ടായിരുന്നൂ എന്റെ ചെറുപ്പകാലത്ത്. ഞാനടങ്ങുന്ന ചെറുപ്പത്തിന്റെ ബൈബിളായിരുന്നു അത്. സ്റ്റേവാര്‍ട്ട് ബ്രാന്‍ഡ് എന്നൊരു വലിയ മനുഷ്യന്‍ ജീവിതത്തെ കാവ്യാത്മകമായി അവതരിപ്പിച്ചുകൊണ്ട് മെന്‍ലോ പാര്‍ക്കില്‍ നിന്ന് ഇറക്കിയ പുസ്തകമായിരുന്നൂ അത്. കംപ്യൂട്ടറും ഡെസ്‌ക്ടോപ്പ് പബ്ലിഷിങ്ങും ഒന്നുമില്ലാത്ത 1960-കളുടെ അവസാനം, ടൈപ്പ് റൈറ്ററും കത്രികയും സിസ്സേഴ്‌സും പോളറോയ്ഡ് ക്യാമറയും മാത്രം ഉപയോഗിച്ച് പുറത്തിറക്കിയ കാറ്റലോഗ്. ഗൂഗിളിന്റെ പേരുപോലും കേള്‍ക്കാത്ത കാലത്ത് ഗൂഗിളിനെ പോലെ ചിട്ടയില്‍ ക്രോഡീകരിച്ച് പേപ്പര്‍ബാക്കില്‍ മുപ്പത്തഞ്ച് കൊല്ലം മുമ്പ് പുറത്തിറങ്ങിയിരുന്ന പുസ്തകം.

സ്റ്റേവാര്‍ട്ടും സുഹൃത്തുക്കളും ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ ഒരു പാട് ലക്കങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 1970-ന്റെ പകുതിയോടെ ഞങ്ങളെ വിഷമപ്പെടുത്തി, ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ അവസാന ലക്കമിറങ്ങി. ഞാന്‍ അന്ന് നിങ്ങളുടെ പ്രായമായിരുന്നു. അതിന്റെ പുറംചട്ടയില്‍ പ്രഭാതനേരത്തുള്ള ഒരു നാട്ടിന്‍പുറവഴിയുടെ മനോഹരമായ ചിത്രമാണ് കൊടുത്തിരുന്നത്.
താഴെ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു: വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.

അവസാനിപ്പിക്കുമ്പോള്‍ അവര്‍ക്ക് ഞങ്ങളോട് പറയാനുണ്ടായിരുന്നത് അതായിരുന്നു.

ഞാന്‍ സ്വയം ആഗ്രഹിക്കുന്നതും അതാണ്. പുതിയ കാര്യങ്ങള്‍ ആഗ്രഹിക്കുന്ന നിങ്ങളോടും എനിക്ക് അതേ പറയാനുള്ളു. വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.''


സ്റ്റീവ് ജോബ്‌സ് നടത്തിയ പ്രഭാഷണത്തിന്റെ ഇംഗ്ലീഷ് രൂപം

കടപ്പാട് : മാതൃഭൂമി

കുതിരക്കച്ചവടത്തിന്റെ നവ നാടകങ്ങള്‍

സാംസ്‌കാരിക പുരോഗതി ഇല്ലാത്തൊരു രാജ്യത്ത് ജനാധിപത്യം വിജയിക്കാനുള്ള സാധ്യത തീരെ വിരളമാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയം ഇതിന്റെ ഉത്തമദൃഷ്ടാന്തമാണെന്ന തോന്നല്‍ ചില സമീപകാല സംഭവവികാസങ്ങള്‍ ബലപ്പെടുത്തുന്നു. നമ്മുടെ രാഷ്ട്രീയം ജനങ്ങളുടെ ജീവിത യാഥാര്‍ഥ്യങ്ങളെ സ്പര്‍ശിക്കാതെ, കുതിരക്കച്ചവടത്തെയും രാഷ്ട്രീയ മുതലാളിത്തത്തെയും വട്ടം ചുറ്റിപോകുന്ന സ്ഥിതിയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. അത് വര്‍ധിച്ച തോതില്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുകയും അതൊരു വ്യവസായമായിത്തന്നെ പരിണമിച്ചുകൊണ്ടുമിരിക്കുന്നു. രാഷ്ട്രീയം=വ്യവസായം, വ്യവസായം=രാഷ്ട്രീയം. ഇതാണ് ഉരുത്തിരിയുന്ന സമവാക്യം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, പല വഴിവാണിഭങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് രാഷ്ട്രീയം. കര്‍ണാടകയില്‍ അടുത്തകാലത്ത് അരങ്ങ് തകര്‍ത്ത രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്രയും പറഞ്ഞത്.

രാഷ്ട്രീയത്തില്‍ പകല്‍ എന്ത് നടക്കുന്നു എന്നതിനേക്കാള്‍ പ്രധാനം രാത്രിയില്‍ എന്ത് നടക്കുന്നു എന്നതാണ്, പ്രത്യേകിച്ച് അതില്‍നിന്ന് ധാര്‍മ്മികതയുടെ അംശങ്ങള്‍ വാര്‍ന്നു പോകുകകൂടി ചെയ്താല്‍. കുതിരക്കച്ചവടവും കൊടുക്കല്‍ വാങ്ങലും വിലപേശലും നടക്കുന്നത് എപ്പോഴും ഇരുട്ടിന്റെ മറവിലാണ്. പുരാതന റോമാ സാമ്രാജ്യത്തില്‍ നിലനിന്നിരുന്ന അടിമ കച്ചവടം പോലെയാണ് എം എല്‍ എ മാരുടെ കച്ചവടം കര്‍ണാടകത്തില്‍ യദ്യൂരപ്പ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കച്ചവടത്തില്‍ ഒരു നിയമസഭാ സാമാജികന്റെ വില എന്താണെന്ന് അറിയില്ല. എന്നാല്‍ ഒന്ന് വ്യക്തമാണ്. അവര്‍ എന്തിനും ഉപയോഗിക്കാവുന്ന തടിക്കഷണങ്ങളായി തരംതാണിരിക്കുന്നു.
ഗര്‍ഭധാരണത്തിന്റെ കാര്യത്തില്‍ അല്‍പം ഗര്‍ഭംധരിക്കാനാവില്ലെന്ന് പറയാറുണ്ട്. അതുപോലെതന്നെയാണ് രാഷ്ട്രീയത്തിലെ കുതിരക്കച്ചവടത്തിന്റെ കാര്യവും. കച്ചവടം തുടങ്ങിക്കഴിഞ്ഞാല്‍ അത് സര്‍വ്വവും മറന്ന് മുടിയഴിച്ചാടും. ബലൂണ്‍പോലെ വീര്‍ത്ത് വികൃതമാവും. ഭാരതീയ ജനതാപാര്‍ട്ടി (ബി ജെ പി) കര്‍ണാടകത്തില്‍ നടത്തിയ 'എം എല്‍ എ' കച്ചവടം ഇതിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്.

ടൈമൂര്‍ ചക്രവര്‍ത്തിയെക്കുറിച്ച് ചരിത്രകാരന്‍മാര്‍ പറയുന്നൊരു കാര്യമുണ്ട്. അദ്ദേഹം തന്റെ ദിനങ്ങളെ രണ്ടായി പകുത്ത് വയ്ക്കുമായിരുന്നത്രെ. ആദ്യപകുതി ശത്രുക്കളെ വകവരുത്താനും രണ്ടാം പകുതി കലാപരിപാടികള്‍ ആസ്വദിക്കുവാനും അദ്ദേഹം ഉപയോഗിച്ചിരുന്നു. ഏതാണ്ട് ഇതിന് സമാനമാണ് കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയുടെ ദിനങ്ങളും - ആദ്യപകുതിയില്‍ കുതിരക്കച്ചവടവും ശേഷിച്ച സമയത്ത് അധികാരത്തിന്റെ ആസ്വാദനവും. ഈ വിധം ദിനങ്ങളെ പകുത്ത് വച്ചതുമൂലമാണ് അദ്ദേഹത്തിന് ഇത്രയും നാള്‍ ഭരിക്കാനായതും ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാനായതും. 2008 ലെ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് മൂന്ന് അംഗങ്ങള്‍ കുറവുണ്ടായിരുന്ന ബി ജെ പിയ്ക്ക് (111/225) ആറ് സ്വതന്ത്രന്മാരെ ചാക്കിട്ട് പിടിച്ച് സ്വന്തം അംഗബലം 117 ലേയ്ക്ക് (സ്പീക്കറെ കൂടാതെ) ഉയര്‍ത്താനായത് ഈ മാര്‍ഗം സ്വീകരിച്ചുകൊണ്ടാണ്.
എന്നാല്‍ യദ്യൂരപ്പയ്ക്ക് കാലിടറിയത് കഴിഞ്ഞമാസം മന്ത്രിസഭ പുനഃസംഘടിപ്പിക്കുവാന്‍ തീരുമാനിച്ചപ്പോഴാണ്. ക്യാബിനറ്റില്‍ നിന്ന് രണ്ടുപേരെ ഒഴിവാക്കാനും ആറുപേരെ പുതിയതായി ഉള്‍പ്പെടുത്താനുമായിരുന്നു നീക്കം. ഇതിനെ തുടര്‍ന്ന്, പക്ഷേ, പതിനാല് ബി ജെ പി എം എല്‍ എ മാരും അഞ്ച് സ്വതന്ത്രരുമടക്കം പത്തൊമ്പത്‌പേര്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുകയും ഇക്കാര്യം ഗവര്‍ണറെ എഴുതി അറിയിക്കുകയും ചെയ്തു. ഇവിടം മുതലാണ് കുതിരക്കച്ചവടത്തിന്റെ രണ്ടാം ഭാഗം അരങ്ങേറുന്നത്. ഇതോടെ മുഖ്യമന്ത്രി യദ്യൂരപ്പയും ജനതാദള്‍ (എസ്) നേതാവ് കുമാരസ്വാമിയും കത്തിവേഷത്തില്‍ രംഗപ്രവേശം ചെയ്തു.

കത്തിവേഷം അണിഞ്ഞാല്‍ എന്തുംചെയ്യാം എന്നാണ് പ്രമാണം. ഇവിടെയും അത് അസ്ഥാനത്തായില്ല. പിന്തുണ പിന്‍വലിച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് കത്തെഴുതിയ എം എല്‍ എ മാരുടെ സസ്‌പെന്‍ഷന്‍; ഇവരെയും കൊണ്ട് ചെന്നെയിലേയ്ക്കും കൊച്ചിയിലേയ്ക്കും മുംബൈയിലേയ്ക്കും ഗോവയിലേയ്ക്കും കുമാരസ്വാമി നടത്തിയ തീര്‍ഥയാത്രകള്‍; ഇത്രയുമൊക്കെ പണവും വിയര്‍പ്പും ഒഴുക്കിയിട്ടും യദ്യൂരപ്പ ഏതാനും റിബലുകളെ സര്‍ക്കാര്‍ പക്ഷത്തേയ്ക്ക് തിരികെ കൊണ്ടുവന്നത്; മറ്റു ചിലരെ രാജി വയ്പിച്ചത്; ഒക്‌ടോബര്‍ പതിനൊന്നിന് വിശ്വാസവോട്ടെടുപ്പ് നടത്തുമെന്ന പ്രഖ്യാപനം വന്നതോടെ ഓരോ കക്ഷിയും

'തങ്ങളുടെ കൂടെയുള്ള' എം എല്‍ എ മാരെ പഞ്ചനക്ഷത്ര ഹോട്ടലുകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചത്; 11 ന് അസംബ്ലിയ്ക്ക് അകത്തും പുറത്തും നടന്ന കയ്യാംകളി - ഇങ്ങനെ ഒന്നിനുപുറകെ ഒന്നായി ഓരോ സീനും നാടകത്തിലെന്നപോലെ, അരങ്ങ് വാണു.

ഇതിനിടയില്‍ വളരെ രസകരമായൊരു സംഭവവും നടന്നു. ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ യദ്യൂരപ്പയും കുമാരസ്വാമിയും ഒരുമിച്ച് തമ്പടിച്ച് എം എല്‍ എ മാരെ (റിബലുകള്‍) ചാക്കിടാന്‍ ശ്രമിച്ചു! ഈ വിധം പഞ്ചനക്ഷത്ര ആഘോഷങ്ങള്‍ക്കും വിമാനയാത്രകള്‍ക്കും തടവലിനും പിഴിച്ചിലിനും പണം ആരു മുടക്കി എന്നത് ആലോചനാമൃതമാണ്. സ്വന്തം പണമാണെന്ന് രാഷ്ട്രീയ കക്ഷികള്‍ പറയുന്നുണ്ടെങ്കിലും എല്ലാവര്‍ക്കും അറിയാവുന്ന പരസ്യമായൊരു രഹസ്യമുണ്ട്. വ്യവസായ ഗ്രൂപ്പുകളും ഖനിമാഫിയകളുമാണ് ഇതിലെ മുതല്‍മുടക്കുകാര്‍. ഇവിടെയാണ് വ്യവസായം രാഷ്ട്രീയവും രാഷ്ട്രീയം വ്യവസായവുമായി പരിണമിക്കുന്നത്. മരണം ബനാറസിന്റെ ഹൃദയത്തില്‍ ഉണ്ടെന്നുപറയുംപോലെയാണ് പണം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഹൃദയത്തില്‍ ഉള്ളത്. ഒരര്‍ഥത്തില്‍ ഇന്ത്യയില്‍ പണത്തിന്റെ സമ്മതിദാനാവകാശമാണ് നടക്കുന്നത്.

കര്‍ണാടകയിലെ ഈ രാഷ്ട്രീയ നാടകത്തില്‍ സംസ്ഥാന ഗവര്‍ണറും അദ്ദേഹത്തിന്റേതായ സംഭാവന നല്‍കി എന്നതാണ് മറ്റൊരുവസ്തുത. ഒക്‌ടോബര്‍ പതിനൊന്നിനാണല്ലോ ആദ്യത്തെ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. അന്ന് നടന്ന കയ്യാംകളിയുടെയും ബഹളത്തിന്റെയും പശ്ചാത്തലത്തില്‍ അദ്ദേഹം പ്രസിഡന്റുഭരണത്തിന് ശുപാര്‍ശചെയ്തു. ഇതില്‍ കുഴപ്പമൊന്നും ഇല്ലെങ്കിലും തുടര്‍ന്നുണ്ടായ രണ്ട് നടപടികള്‍ അങ്ങേയറ്റം വിവാദപരമായി. രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശചെയ്തതിനു തൊട്ടുപുറകെ, തന്റെ ഭാഗം ന്യായീകരിക്കാനായി പത്രസമ്മേളനം വിളിച്ചു ചേര്‍ത്തതാണ് ഇതില്‍ ആദ്യത്തേത്. ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാവണം ഈ വിധം ഒന്ന് നടക്കുന്നത്. ഇതിനേക്കാള്‍ വിവാദപരമായ തീരുമാനമാണ് രണ്ടാമത്തേത്. രാഷ്ട്രപതി ഭരണത്തിനുള്ള ശൂപാര്‍ശ പിന്‍വലിക്കുകയും രണ്ടാമതൊരു വിശ്വാസ വോട്ടിന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത ഒന്നാണ്. ഒരുവേള ബി ജെ പി സര്‍ക്കാരിനെ രക്ഷിച്ചത് ഗവര്‍ണറുടെ ഈ തീരുമാനമാണെന്ന് പറയേണ്ടിയിരിക്കുന്നു.

ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ വിഡ്ഢികളാക്കുന്ന ഇത്തരം ചെയ്തികള്‍ നമ്മുടെ ജനാധിപത്യത്തിന്റെ മുഖമുദ്രയായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറെ കഷ്ടം. ഇത് ഏതെങ്കിലും ഒരു കക്ഷിയുടെ അക്കൗണ്ടില്‍ കുറിച്ചിടാനുമാവില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പൈതൃകം ബി ജെ പിയെ പോലെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അനുകരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. മുഖ്യമന്ത്രി യദ്യൂരപ്പ പറഞ്ഞതുപോലെ, ''കോണ്‍ഗ്രസ് കഴിഞ്ഞ ആറ് പതിറ്റാണ്ടുകാലമായി ചെയ്തുപോരുന്നത് ഞങ്ങളും ചെയ്യുന്നു എന്നേയുള്ളൂ. കൂടുതല്‍ കാര്യക്ഷമതയോടെ ചെയ്യുന്നു, അത്രമാത്രം''. മനുഷ്യന്റെ ഓര്‍മയ്ക്ക് മറവിയുടെ ശക്തമായൊരു ബിന്ദു ഉള്ളതുകൊണ്ട്, ഈ വിധം അഴിമതിയുടെ മെതിയടികള്‍ ചലിപ്പിച്ചുകൊണ്ട് പാര്‍ട്ടികള്‍ക്ക് നടക്കാനാവുന്നു, ഒന്നും നടന്നില്ലെന്ന മട്ടില്‍ വീണ്ടും ജനങ്ങളെ സമീപിക്കാനാവുന്നു. ഒരഭിമുഖത്തില്‍ യദ്യൂരപ്പ പറഞ്ഞത് ശ്രദ്ധിക്കുക, ''ഒക്‌ടോബര്‍ പതിനൊന്നിന് അസംബ്ലിയില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്ക് ഞാന്‍ കര്‍ണാടകയിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു.'' ഇതോടെ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം എല്ലാ വൃത്തികേടിന്റെയും പ്രായശ്ചിത്തമായി. അറുപത് വര്‍ഷത്തെ ജനാധിപത്യം നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത് ഇത്തരം പാഴ്‌വാക്കുകളുടെ പാലാഴിയിലാണ്.

നിയമനിര്‍മാണാധികാരം പിഴയ്ക്കുന്നിടത്ത് രാജ്യത്തിന്റെ തകര്‍ച്ച ആരംഭിക്കുമെന്നാണ് ഫ്രഞ്ച് തത്വചിന്തകന്‍ മൊണ്‍ടെസ്‌ക്യു പറഞ്ഞത്. ഇതിനെ അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് കര്‍ണാടകയിലെ സംഭവ വികാസങ്ങള്‍. ജനങ്ങള്‍ ദാരിദ്ര്യത്തിന്റെ കൊടുമുടി കയറുമ്പോള്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ ബാങ്ക് ബാലന്‍സ് സ്വിസ് ബാങ്കുകളില്‍ കൊടുമുടി സൃഷ്ടിക്കുന്നു. ആകെയുള്ള 607 ജില്ലകളില്‍ 160 ഉം നക്‌സലൈറ്റ് പ്രസ്ഥാനം പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നു എന്ന് നമ്മുടെ പ്രധാനമന്ത്രി തന്നെ പറയുന്നു. ജനങ്ങളെ മറന്നുകൊണ്ടുള്ള വികസനവും അവരെ കൊഞ്ഞണം കുത്തുന്ന രാഷ്ട്രീയക്കാരുടെ ഇത്തരം പ്രവര്‍ത്തനങ്ങളും ഇതിന് വെടിമരുന്ന് ഇട്ടില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളു.

*
ഡോ. ജെ പ്രഭാഷ് കടപ്പാട്: ജനയുഗം 10-11-2010

27 November, 2010

ആത്മ മിത്രങ്ങളായ ഇന്ത്യയും ഇസ്രായേലും

കേന്ദ്ര സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഫെബ്രുവരി 19-ാം തീയതി ഇസ്രായേല്‍ സന്ദര്‍ശനവേളയില്‍ ഇന്ത്യ - ഇസ്രായേല്‍ ബന്ധത്തെ വിശേഷിപ്പിച്ചത്, "രണ്ട് ആത്മാക്കള്‍ (two souls) തമ്മിലുള്ള ബന്ധ''മെന്നാണ്. ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാസംവിധാനങ്ങള്‍ അത്യാധുനികമാണെന്നും "നിങ്ങളുടെ അനുഭവങ്ങള്‍ ഞങ്ങള്‍ക്കു പ്രയോജനപ്പെടുമെന്നും'', സിന്ധ്യ പ്രസ്താവിച്ചു. "ശക്തമായ മൌലിക പ്രമാണങ്ങളെ അടിസ്ഥാനമാക്കി നാം സുഹൃദ് രാജ്യങ്ങളും തന്ത്രപര പങ്കാളികളുമാണ്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഭീകരതയുടെ അപകടത്തെ നേരിടാന്‍ നാം പൂര്‍ണമായി സഹകരിക്കണം''.

കേന്ദ്രമന്ത്രിയും ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസുമായി നടന്ന സംഭാഷണവേളയില്‍ പെരസ് പറഞ്ഞു, "ഇന്ത്യയുടെ സുരക്ഷ ഇസ്രായേലിന് അതിന്റെ സ്വന്തം സുരക്ഷയെപ്പോലെ പ്രാധാന്യം അര്‍ഹിക്കുന്നു''.

ഇസ്രായേലിന്റെ രൂപീകരണത്തെ ഐക്യരാഷ്ട്ര സമിതിയില്‍ എതിര്‍ത്ത ഇന്ത്യ, ഇസ്രായേലുമായി 1948 മുതല്‍ 1992 വരെ നയതന്ത്രബന്ധമില്ലാതിരുന്ന ഇന്ത്യ, എപ്പോഴാണ്, എങ്ങനെയാണ് ഇസ്രായേലിന്റെ ആത്മ സുഹൃത്തും, ഏറ്റവും വലിയ ആയുധ വ്യാപാര പങ്കാളിയുമായത്? ഇതിന് ഉത്തരം അന്വേഷിക്കുമ്പോഴാണ് ഇന്ത്യയുടെ വിദേശനയത്തിലുണ്ടായ മൌലികമായ മാറ്റം നാം മനസ്സിലാക്കുന്നത്. ഇസ്രായേലുമായി പ്രതിരോധ, സൈനിക, ഇന്റലിജന്‍സ്, സുരക്ഷാതലങ്ങളില്‍ ശക്തമായ ബന്ധങ്ങള്‍ ഉണ്ടാക്കിയത് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റാണ്. ഇതുണ്ടായത് അമേരിക്കയുമായുള്ള ബന്ധത്തിന്റെ ചട്ടക്കൂടിലായിരുന്നു. എന്‍ഡിഎ സര്‍ക്കാരാണല്ലോ ഇന്ത്യയെ അമേരിക്കയുടെ വിനീത വിധേയനാക്കിയത്.

വിദേശനയത്തില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ നയം തുടര്‍ന്ന യുപിഎ സര്‍ക്കാര്‍ ഇന്ത്യയെ അമേരിക്കയുടെ മുമ്പില്‍ കൂടുതല്‍ വിനീത വിധേയനാക്കുകയായിരുന്നു.

2003ല്‍ അമേരിക്ക ഇറാഖില്‍ ആക്രമണം നടത്തി രണ്ടുമാസം കഴിയുന്നതിനുമുമ്പ് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍ഡിഎ സര്‍ക്കാര്‍) ബ്രജേഷ് മിശ്ര ഇന്ത്യ - യുഎസ് - ഇസ്രായേല്‍ സഖ്യത്തിന് ആഹ്വാനം ചെയ്തു. അമേരിക്കന്‍ ജൂത കമ്മിറ്റി (American Jewish Committee) യുടെ വാര്‍ഷിക വിരുന്നില്‍ ചെയ്ത പ്രസംഗത്തിലായിരുന്നു മിശ്രയുടെ ആഹ്വാനം. സെപ്തംബര്‍ പതിനൊന്നിനെ തുടര്‍ന്നുണ്ടായ ഭീകരവാദവിരുദ്ധ യുദ്ധത്തിന്റെ അനുകൂല കാലാവസ്ഥ, ഇന്ത്യയും ഇസ്രായേലുമായുള്ള സുരക്ഷാബന്ധത്തെ, ഇന്ത്യ - അമേരിക്ക തന്ത്രപരപങ്കാളിത്തത്തിന്റെ ചട്ടക്കൂടില്‍ തന്നെ ഒരു തന്ത്രപര സഖ്യമായി വളര്‍ത്തിയെടുക്കുകയായിരുന്നു.

1998ല്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്, ഇന്ത്യ - ഇസ്രായേല്‍ ബന്ധങ്ങളില്‍ സമൂല പരിവര്‍ത്തനം ഉണ്ടായത്. സംഘപരിവാറിനോടൊപ്പം, ബിജെപിയും അതിനുമുമ്പ് ജനസംഘവും, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അറബി രാഷ്ട്രങ്ങള്‍ക്ക് അനുകൂലമായ വിദേശനയം സ്വീകരിച്ചിരുന്നതിനെ വിമര്‍ശിച്ചിരുന്നു. 2000ല്‍ ആഭ്യന്തരമന്ത്രി എല്‍ കെ അദ്വാനിയും, വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗും ഇസ്രായേല്‍ സന്ദര്‍ശിച്ചു. അവരുടെ പ്രസ്താവനകള്‍ പ്രത്യയശാസ്ത്രപരമായി അവര്‍ ഇസ്രായേലിനെ പിന്താങ്ങുന്നതായി വ്യക്തമാക്കി.

"2001 സെപ്തംബര്‍ 11ലെ ആക്രമണങ്ങള്‍ക്കുശേഷം, ഭീകരവാദവിരുദ്ധ യുദ്ധത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വാഷിംഗ്ടണുള്ള സഖ്യകക്ഷികള്‍ ഇസ്രായേലും ഇന്ത്യയും ടര്‍ക്കിയും മാത്രമാണ്''എന്ന്, വോള്‍സ്ട്രീറ്റ് ജേര്‍ണല്‍ (Wall Street Journal) പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറഞ്ഞിരുന്നു. ടര്‍ക്കി ജനാധിപത്യത്തിലേക്ക് നീങ്ങിയത്, അമേരിക്കയുടെ നയവിദഗ്ധര്‍ക്ക് കടുത്ത നിരാശയുണ്ടാക്കിയപ്പോള്‍, ഇസ്രായേലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഖ്യത്തെ കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിച്ചത്, ഇറാഖിനെ ആക്രമിക്കണമെന്ന് ബുഷ് ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയ അതേ ശക്തികള്‍ തന്നെയായിരുന്നു.

ഇസ്രായേല്‍ - ഇന്ത്യ സഖ്യത്തെ ഇസ്രായേലി പരിപ്രേക്ഷ്യത്തില്‍ എങ്ങനെ കാണണമെന്ന് വെളിവാക്കുന്നതായിരുന്നു, 2003 ഫെബ്രുവരി 28-ാം തീയതി 'ജറുശലേം പോസ്റ്റ്' ദിനപത്രത്തില്‍ പ്രൊഫ. മാര്‍ട്ടിന്‍ ഷെര്‍മാന്‍ എഴുതിയ ലേഖനം. "ഇന്ത്യയും ഇസ്രായേലും സുശക്തമായ ഒരു തന്ത്രപരസഖ്യം വാര്‍ത്തെടുക്കുന്നു''വെന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. "സമുദ്രാധിഷ്ഠിത പ്രതിരോധ കഴിവ് വികസിപ്പിക്കാന്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നതിനാല്‍ ഇന്ത്യയുമായുള്ള സഖ്യം പ്രാധാന്യമര്‍ഹിക്കുന്നു. ഇസ്രായേലിന്റെ ഭൂപ്രദേശത്തിന്റെ പരിമിതി കണക്കിലെടുക്കുന്ന സുരക്ഷാനേതൃത്വം സമുദ്രാധിഷ്ഠിത പ്രതിരോധത്തിന്റെ നിര്‍ണായക പ്രാധാന്യത്തെപ്പറ്റി വര്‍ദ്ധമാനമായ ബോദ്ധ്യമുള്ളവരാണ്. ഈ പ്രദേശത്തുള്ള മറ്റു രാജ്യങ്ങള്‍ ആധുനിക ആയുധങ്ങള്‍ സ്വായത്തമാക്കുന്നതോടെ, കരയിലെ സൈനികസംവിധാനത്തിന്റെ ബലഹീനത വര്‍ദ്ധിക്കുന്നു. അതുകൊണ്ട് ഇസ്രായേലിന്റെ പ്രതിരോധവീക്ഷണത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് അതീവ പ്രാധാന്യം കല്‍പിക്കപ്പെടുന്നു. സമുദ്രത്തിലുള്ള പ്രതിരോധ സൌകര്യങ്ങള്‍ക്ക് ഇന്ത്യയുടെ നാവികസേനയുമായുള്ള സഹകരണം നിര്‍ണ്ണായകമാണ്'', ഷെര്‍മാന്‍ എഴുതി.

2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അത് ഇസ്രായേലുമായുള്ള പ്രതിരോധ, ഇന്റലിജന്‍സ് ബന്ധങ്ങള്‍ തുടരുകയും, ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് വ്യക്തമായിരുന്നു. പലസ്തീനെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ പിന്തുണയെപ്പറ്റിയുള്ള പ്രസ്താവനകള്‍ കൂടുതല്‍ ഉച്ചത്തിലും, കൂടുതല്‍ തവണയും യുപിഎ ഗവണ്‍മെന്റ് ആവര്‍ത്തിക്കുന്നതായി തോന്നി. യാസര്‍ അറഫാത്ത് ജീവിച്ചിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തിനു പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസിനു ബാദ്ധ്യതയുണ്ടെന്ന വീക്ഷണഗതിയുമായി ബന്ധപ്പെട്ടായിരുന്നു പലസ്തീനുള്ള പിന്തുണയുടെ പ്രകടനം. പക്ഷേ, ഇന്ത്യയുടെ ഇസ്രായേല്‍ ബന്ധം പലസ്തീന്‍ താല്‍പര്യങ്ങള്‍ക്കു ഹാനികരണമാണെന്ന് അംഗീകരിക്കാന്‍ യുപിഎ ഗവണ്‍മെന്റും തയ്യാറായില്ല.

യുപിഎ ഗവണ്‍മെന്റിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ, പ്രതിരോധ മന്ത്രി പ്രണബ് മുഖര്‍ജി, ഇസ്രായേലുമായുള്ള വര്‍ദ്ധമാനമായ പ്രതിരോധബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കുമെന്ന് വ്യക്തമാക്കി. "നമുക്ക് വിഭിന്ന അഭിപ്രായങ്ങളുണ്ടാകാം. പക്ഷേ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ നമുക്ക് ഏകാഭിപ്രായമാണ്''. ബിജെപിയുടെ പ്രത്യയശാസ്ത്രമൂശയില്‍ വാര്‍ത്തെടുത്ത ഇന്ത്യ - ഇസ്രായേല്‍ ബന്ധത്തിലെ പ്രതിമാനങ്ങളെല്ലാം പുതിയ ഭരണാധികാരികള്‍ക്കു സ്വീകാര്യമായിരുന്നു.

ഇന്ത്യ - ഇസ്രായേല്‍ ബന്ധ കാര്യങ്ങളില്‍ വിദഗ്ദ്ധനായ പി ആര്‍ കുമാരസ്വാമി എഴുതി: (Asia Time Online, March 11, 2005) "ഏതാനും ആഴ്ചകളിലെ ആകാംക്ഷയ്ക്കും, അനിശ്ചിതത്തിനുംശേഷം, ഇന്ത്യ - ഇസ്രായേല്‍ ബന്ധം വീണ്ടും നേര്‍പാതയിലാണെന്നു തോന്നുന്നു. അടുത്തയിട വര്‍ദ്ധമാനമായ സമ്പര്‍ക്കങ്ങള്‍, മുമ്പ് അധികാരത്തിലിരുന്ന വലതുപക്ഷ ഗവണ്‍മെന്റിന്റെ ഇസ്രായേല്‍ പക്ഷ നയങ്ങളെ അന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നെങ്കിലും, ഇസ്രായേലുമായുള്ള പുതിയ ബന്ധം തുടരുന്നതിന്റെ ആവശ്യകത ഇന്ന് കോണ്‍ഗ്രസ് കക്ഷി അംഗീകരിക്കുന്നുവെന്ന് തെളിയിക്കുന്നു. ഇന്ത്യയുടെ മദ്ധ്യപൂര്‍വേഷ്യന്‍ നയത്തിലുള്ള സ്ഥാനത്തെപ്പറ്റി ന്യൂഡല്‍ഹിയില്‍ എന്തെങ്കിലും സംശയങ്ങള്‍ അവശേഷിച്ചിരുന്നെങ്കില്‍, പലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിന്റെ നവംബര്‍ മാസത്തെ മരണം അവയെയെല്ലാം ദൂരീകരിച്ചതായി തോന്നുന്നു. ദീര്‍ഘകാലമായി അറഫാത്തുമായി (പലസ്തീന്‍ പ്രശ്നത്തില്‍) താദാത്മ്യം പ്രാപിച്ചിരുന്നെങ്കില്‍, അദ്ദേഹത്തിന്റെ മരണം ഇന്ത്യയെ, പ്രത്യേകിച്ചും കോണ്‍ഗ്രസ് കക്ഷിയെ, പരമ്പരാഗത ബന്ധങ്ങള്‍ തുടരാതെ വിശാലമായ മദ്ധ്യപൂര്‍വദേശത്തെ നോക്കി കാണാന്‍ സഹായിച്ചു''. ഇന്ത്യയുടെ ഇസ്രായേല്‍ ബന്ധത്തെ പിന്താങ്ങുന്ന ഒരു നിരീക്ഷണമാണിത്.

അറഫാത്തിന്റെ മരണം കഴിഞ്ഞ് ഇസ്രായേലുമായുള്ള ബന്ധങ്ങളില്‍ പുതിയ ഒരു മുന്നേറ്റമുണ്ടാക്കാന്‍ യുപിഎ ഗവണ്‍മെന്റ് ശ്രമിച്ചുവെന്നത് അനിഷേധ്യമാണ്. സ്വരത്തിലും, പദപ്രയോഗങ്ങളിലും വ്യത്യാസങ്ങള്‍ കണ്ടുവെങ്കിലും, യഥാര്‍ത്ഥത്തില്‍ പലസ്തീന്‍ പ്രശ്നത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ നിന്നിടത്തുനിന്ന് യുപിഎ സര്‍ക്കാര്‍ ഒട്ടും മുന്നോട്ടുപോയില്ല. പലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണ വര്‍ദ്ധിപ്പിച്ചുവെന്നതിന് തെളിവൊന്നുമില്ല. പലസ്തീന്‍ പ്രശ്നത്തെപ്പറ്റി പുതിയ അവതരണശൈലി ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. ആയുധവ്യാപാരത്തിലൂടെ ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്ന ഇസ്രായേലിന്റെ യുദ്ധസമ്പദ്ക്രമം പലസ്തീന്‍ ജനതയുടെ താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വസ്തുത അംഗീകരിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറല്ല.

"ഇസ്രായേലാണ് ഇന്ത്യക്ക് ഏറ്റവും അധികം ആയുധങ്ങള്‍ നല്‍കുന്ന രാജ്യം'' - 2009 ഫെബ്രുവരി 15-ാം തീയതിയിലെ 'ജറുശലേം പോസ്റ്റ്' പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ടാണിത്. അതുവരെ ഈ പദവി റഷ്യക്കായിരുന്നു. റഷ്യയില്‍ നിന്നായിരുന്നു ഇന്ത്യ ഏറ്റവും അധികം ആയുധങ്ങള്‍ വാങ്ങിയിരുന്നത്. "ഇന്ത്യയും ഇസ്രായേലും തമ്മില്‍ ഏറ്റവും അടുത്ത സഹകരണമാണുള്ള''തെന്നും, "ഇസ്രായേലിന്റെ ആയുധ സംവിധാനങ്ങളെയും, ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ ഞങ്ങള്‍ക്കുള്ള അനുഭവങ്ങളെയും ഇന്ത്യക്കാര്‍ ബഹുമാനിക്കുന്നു''വെന്നും ഒരു ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്‍ പ്രസ്താവിച്ചതായി "പോസ്റ്റ്'' റിപ്പോര്‍ട്ടു ചെയ്തു.

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി പറയുമ്പോള്‍, അടിവരയിടേണ്ടത് പ്രതിരോധബന്ധങ്ങള്‍ക്കാണ്. ആയുധ ഇറക്കുമതി, ആയുധ വ്യവസായ സഹകരണം, സൈനിക സാങ്കേതികവിദ്യ, ഇന്റലിജന്‍സ് എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ആയുധ വ്യവസായമാണ് ഇസ്രായേലിന്റെ ഏറ്റവും വലിയ വ്യവസായം. ആയുധവ്യാപാരമാണ് ഇസ്രായേലിന്റെ സമ്പദ്ക്രമത്തിന്റെ നട്ടെല്ല്. കയറ്റുമതിയില്‍ മൂന്നിലൊന്നോളം വരും ആയുധ കയറ്റുമതി.

ഇസ്രായേലിനെ ഒരു വലിയ സൈനികശക്തിയായി നിലനിര്‍ത്തുന്നതിലും ആ രാജ്യത്തിന്റെ സൈനിക സമ്പദ്ക്രമത്തെ നിലനിര്‍ത്തുന്നതിലും, വളര്‍ത്തുന്നതിലും, അമേരിക്കയും ബ്രിട്ടനും കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ഇന്ത്യക്കാണെന്ന് പാശ്ചാത്യ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയില്‍നിന്ന് ഇസ്രായേലിന് ലഭിക്കുന്ന വാര്‍ഷിക സൈനിക സഹായം 350 കോടി ഡോളറാണ്; ഏകദേശം 17500 കോടി രൂപ. ഇന്ത്യ ഇസ്രായേലില്‍ നിന്നു വാങ്ങുന്ന ആയുധങ്ങളുടെ വിലയുടെ വാര്‍ഷിക ശരാശരി 150 കോടി ഡോളറാണ്; 7500 കോടി രൂപ.

ഇസ്രായേലിന്റെ ആയുധ ഉല്‍പാദനത്തിന്റെ മൂന്നിലൊന്നു മാത്രമേ ഇസ്രായേലി സൈന്യത്തിന് ആവശ്യമുള്ളൂ. ബാക്കിയുള്ള മൂന്നില്‍ രണ്ടില്‍ ഗണ്യമായ ഭാഗം ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിലേക്കാണ്. ഇസ്രായേലിന്റെ ആയുധ വ്യവസായം ആയുധ കയറ്റുമതിയെ ആശ്രയിച്ചിരിക്കുന്നു. ഇസ്രായേലിന്റെ ആയുധ വ്യവസായത്തിന്റെ നിലനില്‍പും വളര്‍ച്ചയും ഉറപ്പാക്കുന്നത് ഇന്ത്യയാണ്. അതുകൊണ്ടാണ് പലസ്തീന്‍കാര്‍ക്കെതിരെ ഉപയോഗിക്കുന്ന ആയുധങ്ങള്‍ക്ക് ഇന്ത്യ സബ്സിഡി നല്‍കുന്നുവെന്ന് പറയുന്നത് ശരിയാവുന്നത്. കാര്‍ഗില്‍ യുദ്ധകാലം മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യ 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ ഇറക്കുമതി ചെയ്തു. (45000 കോടി രൂപ). ഇസ്രായേലിന്റെ സൈനിക സമ്പദ്ക്രമം വളര്‍ത്തുന്നതില്‍ ഇന്ത്യയുടെ പങ്ക് ഇതു വെളിവാക്കുന്നു.

ഇസ്രായേലിന്റെ പ്രതിരോധ കയറ്റുമതിയുടെ ചുമതലയുള്ള 'സബിറ്റി'ന്റെ മേധാവി യഹൂദ് ഷാഹി ഒരു ഇന്ത്യന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധങ്ങള്‍ക്ക് ഇസ്രായേല്‍ എത്രമാത്രം പ്രാധാന്യം നല്‍കുന്നുവെന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി. ആയുധവ്യാപാരം, ഗവേഷണ വികസന പദ്ധതികള്‍, മിസൈല്‍ സംവിധാനങ്ങള്‍, സംയുക്ത സംരംഭങ്ങള്‍ എന്നിവയെല്ലാം എടുത്തു പറഞ്ഞ ഷാഹി, ഇന്ത്യയുമായി ഇസ്രായേലിന് സവിശേഷമായ ഒരു പ്രതിരോധ ബന്ധമാണുള്ളതെന്ന് വ്യക്തമാക്കി. അടുത്തയിടെ സംയുക്ത ആയുധ ഉല്‍പ്പാദനത്തിലേക്ക് അത് തിരിഞ്ഞിരിക്കുകയാണ്. ഒട്ടനവധി പദ്ധതികള്‍ ഉണ്ട്.

ഇസ്രായേലുമായി ഇന്ത്യയ്ക്കുള്ള പ്രതിരോധ ഇടപാടുകളൊന്നും സുതാര്യമല്ല. പലതും രഹസ്യകരാറുകളുടെ അടിസ്ഥാനത്തിലാണ്. മിക്കപ്പോഴും ഇസ്രായേലി മാധ്യമങ്ങളില്‍ നിന്നാണ് ഇതേപ്പറ്റിയൊക്കെയുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.

2009 ഏപ്രിലില്‍ ഉണ്ടാക്കിയ മിസൈല്‍ കരാര്‍ ഇതിന് ഉദാഹരണമാണ്. ഇന്ത്യാ ഗവണ്‍മെന്റും ഇസ്രായേലിലെ ആയുധ കമ്പനിയായ "ഇസ്രായേലി ഏറോസ്പേസ്'' (ഐഎഐ) യാണ് കരാറുണ്ടാക്കിയത്. 7500 കോടി രൂപയുടെ ഇടപാടാണ് ഇത്. ഇവിടെ എടുത്തുപറയേണ്ട കാര്യം ഐഎഐ എന്ന കമ്പനി ഇസ്രായേലിലും ഇന്ത്യയിലും അഴിമതി അന്വേഷണത്തിന് വിധേയമാണെന്നുള്ളതാണ്. ഈ ഇടപാടില്‍ ഇന്ത്യ ഒപ്പിട്ടത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പി (2009)നു രണ്ടു ദിവസം മുമ്പായിരുന്നു. ഇത് രഹസ്യമായി സൂക്ഷിക്കാനാണ് ഇന്ത്യാ ഗവണ്‍മെന്റ് ശ്രമിച്ചത്. ഇസ്രായേലില്‍ തന്നെ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഐഎഐ തന്നെ വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.

ഐഎഐ അന്വേഷണ വിധേയമായിരിക്കുന്നിടത്തോളം കാലം, ആ കമ്പനിയുമായി കരാറുകളുണ്ടാക്കരുതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശത്തെ അവഗണിച്ചായിരുന്നു ഈ ഇടപാട്. തെരഞ്ഞെടുപ്പുകാലത്ത് ഇതേപറ്റിയുണ്ടായ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിക്ക് കഴിഞ്ഞില്ല. ഈ കരാറിന്റെ ഫലമായി രണ്ട് ഇടനിലക്കാര്‍ക്ക് 9% കമ്മീഷന്‍ ലഭിച്ചുവെന്നും, അവരുടെ പേരുകള്‍ സുധീര്‍ ചൌധരി, സുരേഷ് നന്ദ എന്നാണെന്നും ഇസ്രയേലി പത്രമായ 'ഹാരട്സ്' വെളിപ്പെടുത്തി. ഗവണ്‍മെന്റ് നേരിട്ടു നടത്തുന്ന ഇടപാടുകളില്‍ കമ്മീഷന്‍ പാടില്ല എന്ന നിബന്ധനയും ഇവിടെ ലംഘിക്കപ്പെട്ടു.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സഹകരണത്തിന് പുതിയ ഒരു മേഖലയുണ്ട്: ബഹിരാകാശം. 2008 ജൂണ്‍ മൂന്നാം വാരത്തില്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ഇസ്രായേലിന്റെ ഒരു ചാര ഉപഗ്രഹം വിക്ഷേപിച്ചു. ഇന്ത്യയുടെ ആധുനിക ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാണിജ്യപരമായ ഒരു കരാറാണെന്നായിരുന്നു ഐഎസ്ആര്‍ഒയുടെ വിശദീകരണം. ഇസ്രായേലി മാധ്യമങ്ങളാണ് ഇതിന്റെ തന്ത്രപരപ്രാധാന്യം എടുത്തുകാട്ടിയത്. അങ്ങനെ ഇന്ത്യ വിക്ഷേപിച്ച ഇസ്രായേലിന്റെ ടെക്സാര്‍ ഉപഗ്രഹം ഇന്ത്യ - ഇസ്രായേല്‍ ബന്ധത്തില്‍ ഒരു പുതിയ ഘട്ടത്തിന്റെ ആരംഭം കുറിച്ചു. 'ഇന്റലിജന്‍സ്' ശേഖരിക്കുന്നതില്‍ ഇസ്രായേലിന്റെ കഴിവു വളരെ വര്‍ദ്ധിപ്പിച്ചു; പ്രത്യേകിച്ചും ഇറാനെപ്പറ്റിയുള്ള ടെക്സാറിന്റെ തന്ത്രപര, പ്രതിരോധ പ്രാധാന്യത്തെപ്പറ്റി ഇന്ത്യാ ഗവണ്‍മെന്റ് മൌനം പാലിച്ചു.

2009 ഏപ്രില്‍ 20-ാം തീയതി ഐഎസ്ആര്‍ഒ വേറൊരു ഇസ്രായേലി നിര്‍മ്മിത ഉപഗ്രഹം വിക്ഷേപിച്ചു. ഈ ഉപഗ്രഹം ഇന്ത്യക്കുവേണ്ടിയായിരുന്നു. അതായത് ഇന്ത്യ ഇസ്രായേലില്‍നിന്ന് ഒരു ഉപഗ്രഹം വാങ്ങുകയായിരുന്നു. ഈ ഉപഗ്രഹത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തെപ്പറ്റി ഐഎസ്ആര്‍ഒ ഒന്നും പറഞ്ഞില്ല. ഇസ്രായേലി മാധ്യമങ്ങളാണ് അത് റഡാര്‍ പ്രതിബിംബങ്ങളെടുക്കാന്‍ കഴിവുള്ള ചാരഉപഗ്രഹമാണെന്ന് വെളിപ്പെടുത്തിയത്. 2008 നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണമായിരുന്നു ഇന്ത്യയുടെ ഈ പുതിയ സുരക്ഷാ സംവിധാനത്തിന്റെ പശ്ചാത്തലം.

ഇസ്രായേലുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണംപോലെയോ; അതിനേക്കാള്‍ രൂക്ഷമായ വിധത്തിലോ വിമര്‍ശിക്കേണ്ടതാണ് പ്രതിഭീകരതയുടെ പേരിലുള്ള സഹകരണം. കാരണം ഇത് അടിസ്ഥാനപരമായ ചില പ്രശ്നങ്ങള്‍ ഉന്നയിക്കുന്നു.

ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് കേന്ദ്രമന്ത്രി സിന്ധ്യ ടെല്‍ അവീവില്‍ ചെയ്ത പ്രസ്താവനയെ പരാമര്‍ശിച്ചിരുന്നല്ലോ. ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളെ പ്രശംസിച്ച മന്ത്രി, "ഭീകരതയുടെ അപകടത്തെ നേരിടാന്‍ നാം, ഇന്ത്യാ - ഇസ്രായേല്‍ പൂര്‍ണമായി സഹകരിക്കണമെന്ന്'' പറഞ്ഞു. എന്‍ഡിഎ ഗവണ്‍മെന്റില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രജേഷ് മിശ്ര ഇന്ത്യാ - ഇസ്രായേല്‍ - യുഎസ് സഖ്യത്തിന് ആഹ്വാനം നല്‍കിയത് ഈ മൂന്നു രാജ്യങ്ങളും ഭീകരതയെന്ന പൊതുശത്രുവിനെ നേരിടുന്നുവെന്ന് പറഞ്ഞാണ്. പലസ്തീന്‍കാരുടെ ചെറുത്തുനില്‍പിനെയാണ് ഭീകരവാദം എന്ന് ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്. ഇതിനെതിരെ എന്തു നടപടിയും സ്വീകരിക്കാനുള്ള ലൈസന്‍സായി 'ഭീകരതാവിരുദ്ധയുദ്ധ''ത്തെ ഇസ്രായേല്‍ ഉപയോഗിച്ചു. ഇതിനുള്ള സംവിധാനത്തെയാണോ ഇന്ത്യ പ്രശംസിക്കുന്നത്? ഇസ്രായേലിന്റെ ഈ 'അനുഭവ'മാണോ ഇന്ത്യ പാഠമാക്കുന്നത്?

ഇസ്രായേലിന്റെ ഭീകരവാദ വ്യാഖ്യാനത്തെ എന്‍ഡിഎ ഗവണ്‍മെന്റ് അംഗീകരിച്ചത് യുപിഎ ഗവണ്‍മെന്റുകളും തുടരുകയാണ്. അന്നത്തെ ഇസ്രായേലി വിദേശകാര്യ മന്ത്രി ഷിമോണ്‍ പെരസിന്റെ 2002 ജനുവരിയിലെ ന്യൂഡല്‍ഹി സന്ദര്‍ശനം ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരബന്ധം ഉറപ്പാക്കാനുള്ള അവസരമായിത്തീര്‍ന്നു. പെരസിന്റെ സംഘത്തിലുണ്ടായിരുന്ന ഒരു ഉന്നത ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു: 'ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തില്‍ നാം ഒരേ പാളയത്തിലാണ്. അതനുസരിച്ച് നമ്മുടെ ബന്ധം വളര്‍ത്തിയെടുക്കണം'.

പെരസിന്റെ സന്ദര്‍ശന സമയത്ത് ഇന്ത്യയുടെ വിദേശകാര്യ വക്താവ് പ്രസ്താവിച്ചു: 'അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തില്‍നിന്ന് വളരെ നാളായി ക്ളേശം അനുഭവിക്കുന്ന, ഭീകരവാദത്തെ നേരിടുന്നതിലുള്ള ഇസ്രായേലിന്റെ അനുഭവത്തില്‍നിന്ന് പഠിക്കുന്നത്, ഇന്ത്യ കൂടുതല്‍ കൂടുതല്‍ പ്രയോജനകരമായി കാണുന്നു'. പലസ്തീന്‍ വിമോചനസമരത്തെ അതിര്‍ത്തി കടന്നുള്ള ഭീകരവാദമായി കരുതിയ നമ്മുടെ വിദേശകാര്യമന്ത്രാലയത്തിന്റെ വാസ്തവവിരുദ്ധവും അധാര്‍മികവുമായ നിലപാട് പ്രകാശിപ്പിക്കുകയായിരുന്നു വക്താവ്.

ഇന്ത്യയും ഇസ്രായേലുമായുള്ള ബന്ധത്തെപ്പറ്റി പലസ്തീന്‍കാര്‍ക്ക് എതിര്‍പ്പൊന്നുമില്ലെന്ന് ഇന്ത്യാ ഗവണ്‍മെന്റ് ആവര്‍ത്തിച്ച് അവകാശപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ പലസ്തീന്‍ ജനതയുടെ വീക്ഷണം പരിശോധിക്കേണ്ടതുണ്ട്. 2003 മാര്‍ച്ചില്‍ ന്യൂഡല്‍ഹിയില്‍ എത്തിയ പലസ്തീന്‍ വിദേശകാര്യ മന്ത്രി നബില്‍ ഷാത്ത് 'ദി ഹിന്ദു' വിനു നല്‍കിയ അഭിമുഖത്തില്‍ (മാര്‍ച്ച് 24) പലസ്തീന്റെ നിലപാട് വ്യക്തമാക്കി. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ന്യൂഡല്‍ഹിക്കും, ടെല്‍ അവീവിനും, വാഷിംഗ്ടണുമിടയ്ക്കും ഏകോപിപ്പിക്കുവാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുമായി ഷാത്ത് വിയോജിപ്പ് പ്രകടിപ്പിച്ചു. "നിങ്ങളുടെ ചില മന്ത്രിമാരുടെ നിലപാട്അതാണെന്ന് എനിക്ക് അറിയാം.... പലസ്തീന്‍ ചെറുത്തുനില്‍പ്പ് മുഴുവന്‍ ഭീകരവാദമാണെന്ന് തോന്നിപ്പിക്കാനാണ് ഇസ്രായേലിന്റെ ശ്രമം. ആ നിലപാടുമായി യോജിക്കുന്നത് നിങ്ങളെ പലസ്തീന്‍ വിരുദ്ധ നിലപാടിലെത്തിക്കുന്നു;'' ഷാത്ത് പ്രസ്താവിച്ചു, ഷാത്തിന്റെ സന്ദര്‍ശനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ന്യൂഡല്‍ഹിയില്‍ എത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന് ചുവന്ന പരവതാനി വിരിച്ച ഇന്ത്യാ ഗവണ്‍മെന്റ് "അറഫാത്താണ് ഞങ്ങളുടെ ബിന്‍ലാദന്‍''എന്ന പ്രഖ്യാപനത്തെ പരോക്ഷമായെങ്കിലും അംഗീകരിക്കുകയായിരുന്നു.

യുപിഎ ഗവണ്‍മെന്റ് ഭീകരവാദത്തെപ്പറ്റിയുള്ള ഇസ്രായേല്‍ വ്യാഖ്യാനത്തിലും എന്‍ഡിഎ സര്‍ക്കാരിനെ പിന്തുടര്‍ന്നു. പലസ്തീന്റെ പുതിയ പ്രസിഡന്റ് മഹമൂദ് അബ്ബാസ് 2005 മേയ് മാസത്തില്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ പശ്ചിമേഷ്യന്‍ നയത്തില്‍ ഒരു പുതിയ തുടക്കത്തിന് ആഗ്രഹമോ, ആലോചനയോ ഇല്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമായി. പുതിയ പലസ്തീന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനുവേണ്ട പ്രാധാന്യം നല്‍കാതിരുന്നതും, അതില്‍ കാര്യമായ താല്‍പര്യമൊന്നും ഗവണ്‍മെന്റ് പ്രകടിപ്പിക്കാതിരുന്നതും "പലസ്തീന്‍ ജനതയുടെ അവകാശത്തിലുള്ള താല്‍പര്യക്കുറവുകൊണ്ടാണെങ്കില്‍ അത് അക്ഷന്ത്യവുമാണ്, "ദി ഹിന്ദു'' മുഖപ്രസംഗത്തിലെഴുതി. അക്രമം അവസാനിപ്പിക്കണമെന്ന ആഹ്വാനം തികച്ചും അപര്യാപ്തമാണെന്ന് ദിനപത്രം ചൂണ്ടിക്കാണിച്ചു. പലസ്തീന്‍കാരുടെ ചെറുത്തുനില്‍പിനെ ഇസ്രായേലിന്റെ സൈനിക നടപടികളുമായി തുലനം ചെയ്യുന്നുവെന്ന ധാരണയാണ് ഗവണ്‍മെന്റിന്റെ പ്രസ്താവന നല്‍കിയത്. പ്രസ്താവനയില്‍ പ്രശ്നത്തിന്റെ പ്രാഥമിക കാരണമായ "ഇസ്രായേലി അധിനിവേശത്തിന്റെ അപലപനം ഉള്‍പ്പെടുത്തേണ്ടിയിരുന്നു; 'ദി ഹിന്ദു' ചൂണ്ടിക്കാണിച്ചു.

ഭീകരവാദത്തെപ്പറ്റിയുള്ള ഇസ്രായേലിന്റെ വ്യാഖ്യാനം ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിക്കുന്നതും, ഇസ്രായേലിന്റെ യുദ്ധ സമ്പദ്ക്രമത്തെ പലസ്തീന്‍ താല്‍പര്യങ്ങളെ ദോഷകരമായി ബാധിക്കുന്ന വിധത്തില്‍ ഇന്ത്യ പിന്താങ്ങുന്നതും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്.

*
ഡോ. നൈനാന്‍ കോശി കടപ്പാട്: ചിന്ത വാരിക 26-11-2010

വലതുമുന്നണിക്ക് പ്രത്യയശാസ്ത്രമില്ലേ?

കേരളത്തിലെ യുഡിഎഫിന് പ്രത്യയശാസ്ത്രത്തിന്റെ അഭാവമോ ദാരിദ്ര്യമോ ഉണ്ടെന്ന് ഡോ. എം ജി എസ് നാരായണന്‍ കണ്ടുപിടിച്ചിരിക്കുന്നു. നവംബര്‍ 16ലെ മലയാള മനോരമ ദിനപത്രത്തില്‍ "ജനാധിപത്യമുന്നണിക്കും വേണം ഒരു പ്രത്യയശാസ്ത്രം'' എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ലേഖനത്തിലാണ് ഈ ചരിത്ര അധ്യാപകന്‍ തന്റെ വിജ്ഞാന ദാരിദ്ര്യം വിളമ്പിയിരിക്കുന്നത്. താമര വിടര്‍ന്നിരുന്ന സന്ദര്‍ഭങ്ങളില്‍ കാവിയില്‍ അഭിരമിക്കുകയും അതിന്റെ ഭാഗമായി നേട്ടങ്ങള്‍ അനുഭവിക്കുകയും ചെയ്തിരുന്ന ഡോ. എം ജി എസ് നാരായണന് ഇപ്പോള്‍ ഹിന്ദു രാഷ്ട്രവാദത്തോട് പഴയ കമ്പം കാണുന്നില്ല. സെക്കുലറിസം മാനിക്കപ്പെടണമെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിനുണ്ടായ തിരിച്ചറിവ്. യുഡിഎഫ് നേതാക്കള്‍ക്ക് ബുദ്ധിയുണ്ടോ എന്ന നേരിയ സംശയം പോലുമില്ലാതെ മനോരമയുടെ താളുകളിലൂടെ എം ജി എസ് തന്റെ ചിന്താഭാരം ഒന്നൊന്നായി ഇറക്കിവെക്കുമ്പോള്‍ ഇപ്പോള്‍ സൌജന്യമാണെങ്കിലും ഭാവിയില്‍ എന്തു വിലയാണ് നല്‍കേണ്ടിവരുക എന്ന ആശങ്ക വലതുപക്ഷത്തെ ആസ്ഥാന ബുദ്ധിജീവികള്‍ക്കു തോന്നും. കാവിപക്ഷത്തിന് ഇനി ആരു ബുദ്ധി പകരുമെന്നേ കണ്ടറിയാനുള്ളൂ.

ഇടതുപക്ഷത്തെപ്പറ്റിയുള്ള അപവാദകഥകള്‍ക്കുമേലാണ് എം ജി എസിന്റെ പ്രത്യയശാസ്ത്ര ചിന്തകള്‍ ആരംഭിക്കുന്നത്. "ഇടതെന്ന് വിളിക്കപ്പെടുന്നവര്‍ അധികാരത്തിന്റെയും, സമ്പത്തിന്റെയും, സ്വാധീനത്തിന്റെയും കൊടിമുടിയില്‍ കയറിയെന്നും ഏറ്റവും വലിയ പണക്കാരും അഴിമതിക്കാരുമായി മാറിയെന്നും തീവ്രവാദികളുമായി കൂട്ടുകൂടി''യെന്നുമൊക്കെയാണ് ലേഖനത്തില്‍ പുലമ്പുന്നത്. ഇടതുപക്ഷം സര്‍ക്കാരിലും അല്ലാതെയുമായി കേരളത്തിനു ചെയ്ത അനവധി സേവനങ്ങളെ ഓര്‍മിക്കുകപോലും ചെയ്യാത്ത ഒരാള്‍ മലയാളിയാണോ? ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കേസുകള്‍ ഒന്നൊന്നായി പുറത്തുവരികയും കോണ്‍ഗ്രസിന്റെ പങ്ക് പല തവണ തുറന്നുകാട്ടപ്പെടുകയും ചെയ്യുമ്പോഴാണ് അഴിമതിയുടെ ആടയാഭരണങ്ങള്‍ ചാര്‍ത്തി ഇടതിനെ മോശമാക്കാന്‍ എം ജി എസ് ശ്രമിക്കുന്നത്. ചെറുകാര്‍ നിര്‍മാതാവായ രത്തന്‍ ടാറ്റയോട്, ആഭ്യന്തര വിമാന ഏജന്‍സി നടത്താന്‍ ലൈസന്‍സിന് ഒരു കേന്ദ്രമന്ത്രി 15 കോടി രൂപാ നേരിട്ട് കോഴ ചോദിച്ച വാര്‍ത്തയും ഇതേ തീയതിയിലെ മനോരമയിലുണ്ട്. താന്‍ പ്രത്യയശാസ്ത്രമുണ്ടാക്കാന്‍ നടക്കുന്ന കോണ്‍ഗ്രസ്സാണ് അഴിമതിയുടെ കൂടെന്ന് തിരിച്ചറിയാനാകാത്ത ഈ ബുദ്ധിജീവി, വലതുപക്ഷത്തിന്റെ അടിമയോ, തടവറയില്‍ കഴിയുന്ന വ്യക്തിയോ ആണെന്ന് വ്യക്തമാകുന്നു.

പാര്‍ലമെന്ററി ജനാധിപത്യം, സ്ത്രീവാദം, വ്യാവസായികാടിത്തറയുള്ള വികസനവാദം ഇവയൊന്നും ഇടതുപക്ഷത്തിന്റെ മനസ്സില്‍ പതിഞ്ഞിരുന്നില്ല എന്നാണ് മറ്റൊരു കണ്ടുപിടുത്തം. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് പാര്‍ലമെന്ററി ജനാധിപത്യത്തെ അട്ടിമറിച്ച ചരിത്രമുള്ള കോണ്‍ഗ്രസ്സിനെ ലേഖകന്‍ വിശുദ്ധയുടെ പരിവേഷമണിയിക്കുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം അന്‍പതു ശതമാനമാക്കി ഉയര്‍ത്തിയ ഇടതുപക്ഷത്തെയാണ് എം ജി എസ് സ്ത്രീവാദം പഠിപ്പിക്കുന്നത്.

"ഇപ്പോള്‍ തോറ്റു നിലംപതിച്ച കൂട്ടര്‍ക്ക് ഒരു പ്രത്യയശാസ്ത്രം ഉണ്ടായിരുന്നു എന്നും അതാണ് ഇടതുപക്ഷത്തിന്റെ കരുത്തായിരുന്നതെന്നും ഓര്‍മിപ്പിച്ചുകൊണ്ടാണ് വലതുപക്ഷ മുന്നണിക്ക് ഒരു മാനിഫെസ്റ്റോ എം ജി എസ് എഴുതുന്നത്. "മാര്‍ക്സിസ്റ്റുകളും മാവോയിസ്റ്റുകളും'' വിപ്ളവത്തിന്റെ പേരില്‍ ബലപ്രയോഗത്തെ സാധൂകരിക്കുന്നതായാണ് എം ജി എസ് ചിത്രീകരിക്കുന്നത്. ഇന്ത്യയിലെ മാവോയിസ്റ്റുകളുമായി ചൈനയിലെ മാവോ ചിന്തക്കോ മാര്‍ക്സിസത്തിനോ യാതൊരു ബന്ധവും സാമ്യവുമില്ല. ലോകചരിത്രത്തില്‍ വിപ്ളവത്തിന്റെ പേരില്‍ ആദ്യം ബലപ്രയോഗം നടത്തിയത് കമ്യൂണിസ്റ്റുകാരുമല്ല. 1789ലെ ഫ്രഞ്ചുവിപ്ളവം മാര്‍ക്സിസ്റ്റുകാരുടേതായിരുന്നില്ലല്ലോ. അതില്‍ ബലപ്രയോഗവും ഉണ്ടായിരുന്നു. ജനാധിപത്യത്തിന്റെ മൂലതത്വങ്ങള്‍ ജന്മംകൊണ്ടതവിടെനിന്നാണ്. സ്വാതന്ത്യ്രവും സമത്വവും സാഹോദര്യവും മുദ്രാവാക്യങ്ങളായുര്‍ന്നതവിടെ നിന്നാണ്. ഇതൊന്നുമറിയാത്ത എം ജി എസ് ഏതു കോളേജിലാണ് പഠിപ്പിച്ചത് എന്നല്ല പഠിച്ചത് എന്നാണ് മാലോകര്‍ക്ക് സംശയം. ഇറാക്കിലെ അമേരിക്കന്‍ അധിനിവേശത്തെ എതിര്‍ക്കാത്ത കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം ഏതു ഗാന്ധിയുടേതാണെന്നുകൂടി, ഗാന്ധിജിയെക്കുറിച്ച് എഴുതുന്ന എം ജി എസ് പറഞ്ഞുതരണം.

ജനാധിപത്യം എന്നാല്‍ എന്താണ് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടാണ് പ്രത്യയശാസ്ത്രത്തില്‍ സ്ഥാനം പിടിക്കേണ്ടതെന്ന് എം ജി എസ് ഉദ്ബോധിപ്പിക്കുന്നു. എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നതാണ് ആഹാരത്തിന്റെ മേഖലയിലെ ജനാധിപത്യം. എല്ലാവര്‍ക്കും വീട് ലഭിച്ചാല്‍ അത് പാര്‍പ്പിടമേഖലയിലെ ജനാധിപത്യമാണ്. വിദ്യാഭ്യാസവും, ആരോഗ്യവും തൊഴിലും എല്ലാവര്‍ക്കും ലഭിച്ചാലേ അത് പൂര്‍ണ്ണ ജനാധിപത്യമാകൂ. ഇതൊന്നും ഭരണകൂടത്തിന്റെ ചുമതലയല്ല എന്ന കൃത്യമായ വലതുപക്ഷ പ്രത്യയശാസ്ത്രമാണ് കോണ്‍ഗ്രസ്സിനുള്ളത്. 2001ലെ ആന്റണി സര്‍ക്കാര്‍ ആശുപത്രി തകര്‍ത്തതും, സ്കൂള്‍ പൂട്ടിയതും അതുകൊണ്ടാണ്. ഇന്നത്തെ സര്‍ക്കാര്‍ സ്കൂളും ആശുപത്രിയും പൊതുമേഖലാ സ്ഥാപനങ്ങളും നന്നാക്കിയതും, എല്ലാവര്‍ക്കും വീട് നല്‍കുന്നതും ജനാധിപത്യത്തിന്റെ ഇടതുപക്ഷ പ്രയോഗ മികവുകൊണ്ടാണ്. ഇതൊക്കെ തിരിച്ചറിയാത്ത 'നിഷ്കളങ്ക'നാണ് ഡോ. എം ജി എസ് നാരായണനെന്ന് കേരള ജനതയ്ക്ക് തെറ്റിദ്ധാരണയില്ലെങ്കിലും, കണ്ണടച്ചു പാലു കുടിക്കുന്ന പൂച്ചയുടെ ബുദ്ധി ഡോക്ടര്‍ പുറത്തെടുത്തത് ബാലിശമായി എന്നു പറയാതെ വയ്യ.

"പുതിയ പ്രത്യയശാസ്ത്രത്തിന്റെ മൂന്നാമത്തെ ഘടകം സാര്‍വ്വലൌകിക മതബോധമാണ്' എന്ന് ഡോ. എം ജി എസ് നിഷ്കര്‍ഷിക്കുന്നു. അങ്ങനെയൊരു സാധനമുണ്ടോ. "സാര്‍വ്വലൌകിക മതബോധം'' എന്നൊരു കാല്‍പനിക പദാവലിയില്‍ മതങ്ങള്‍ തമ്മില്‍ ആശയത്തിലും പ്രയോഗത്തിലുമുള്ള അന്തരങ്ങള്‍ മറച്ചുവെക്കാനാകില്ല. മതങ്ങള്‍ തമ്മിലുള്ള സഹകരണം പോലും അസാധ്യമാക്കുന്ന വാഷിംഗ്ടണ്‍ തിയറിപോലുള്ള പല പ്രത്യയശാസ്ത്രങ്ങള്‍ ഉറക്കെപ്പറയുന്ന ഒരു ലോകത്താണ് സങ്കീര്‍ണ്ണമായ മത പ്രശ്നത്തെ അതിലളിതവല്‍ക്കരണത്തിലൂടെ ലേഖകന്‍ പരിഹാരം കണ്ടെന്നു നടിക്കുന്നത്. ഹിന്ദുരാഷ്ട്രവാദവും ഇസ്ളാമിക രാഷ്ട്ര സങ്കല്‍പവും സിക്കു രാഷ്ട്രമോഹവും, ക്രൈസ്തവ ലോക ആധിപത്യവും തങ്ങളുടെ അജണ്ടകളായി രഹസ്യമല്ലാതെ സൂക്ഷിച്ചുവരുന്ന മതനേതൃത്വങ്ങള്‍ ലോകമാകമാനം ശക്തിപ്പെടുമ്പോള്‍ ഇവിടെ കേരളത്തിലേക്കു മാത്രമായി യുഡിഎഫിന് ഒരു പ്രത്യയശാസ്ത്രം നിര്‍മിക്കാനാകുമോ? ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ശ്രീ നാരായണഗുരു ദേവന്‍ പറഞ്ഞത് ആവര്‍ത്തിച്ച് ഒന്നുറക്കെ പറയാന്‍ തയ്യാറാകുന്ന എത്ര ഘടകകക്ഷികള്‍ യുഡിഎഫിലുണ്ട് എന്ന് അറിയാനെങ്കിലും എം ജി എസ് മിനക്കെടണമായിരുന്നു.

നാലാമത്തെ ഘടകം ശാസ്ത്രബോധമാണെന്ന് എഴുതുന്ന ലേഖകന്‍ ഇക്കാര്യത്തില്‍ ഇടതുപക്ഷം വളരെ പിന്നിലാണെന്ന് എഴുതുമ്പോഴാണ് അറിവില്ലായ്മ എത്രയേറെയാണെന്ന് പുറത്താകുന്നത്. യൂറി ഗഗാറിന്റെ സോവിയറ്റ് യൂണിയനെപ്പറ്റി മറക്കാം. ഗാങ്ഷുവില്‍ ചൈനീസ് വസന്തം നിറഞ്ഞാടുമ്പോള്‍ ശാസ്ത്രമേഖലയില്‍ ആ കമ്യൂണിസ്റ്റ് രാജ്യം നേടിയ നേട്ടങ്ങള്‍ കണ്‍തുറന്ന് ലോകം കാണുകയാണ്. അതിനുനടുവിലും, ഇടതുപക്ഷം ശാസ്ത്രവിരുദ്ധമാണെന്നൊക്കെ പറയുന്നവരോട് സഹതപിക്കുക. മുതലാളിത്ത ലോകത്ത് യുദ്ധമാണ്, സമാധാനമല്ല, ശാസ്ത്രത്തെ വളര്‍ത്തുകയെന്ന് അമേരിക്ക ആറ്റംബോംബ് കണ്ടുപിടിച്ചതില്‍നിന്നും ആര്‍ക്കുമറിയാവുന്ന സത്യമാണ്. ചൂഷണത്തിന്റെയും യുദ്ധത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും, പ്രത്യയശാസ്ത്രമാണ് യുഡിഎഫിനെ നയിക്കുന്നത്. അത് തുറന്നു പറയാന്‍ കോണ്‍ഗ്രസ്സിനോ, യുഡിഎഫിനോ ധൈര്യമില്ല. അതിനുപകരം ആളെപ്പറ്റിക്കാനാണ് ആം ആദ്മിയെന്നുമൊക്കെയുള്ള നാട്യങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നത്. ഇടതുപക്ഷത്തോട് മല്‍സരിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ തങ്ങളുടെ പ്രത്യയശാസ്ത്രമെന്തെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കട്ടെ. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴില്‍നയങ്ങള്‍ക്കെതിരെ പണിമുടക്കിനിറങ്ങിയ ഐഎന്‍ടിയുസിക്കാരോട് ചോദിച്ചാല്‍ വലതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രമെന്തെന്ന് എം ജി എസ്സിന് തിരിച്ചറിയാനാകും.

*
അഡ്വ. കെ അനില്‍കുമാര്‍ കടപ്പാട് : ചിന്ത വാരിക

24 November, 2010

രണ്ടാം തലമുറയുടെ 'ഓപണ്‍' മാധ്യമക്കാഴ്ചകള്‍

രണ്ടാം തലമുറയുടെ   'ഓപണ്‍'  മാധ്യമക്കാഴ്ചകള്‍

ബോഫോഴ്‌സ് കോഴ ഇടപാടിന്റെ ഉള്ളറകള്‍ തുരന്നെടുത്ത 'ഇന്ത്യന്‍ എക്‌സ്പ്രസ്' പത്രവും അരുണ്‍ ഷൂരി, ചിത്രാ സുബ്രഹ്മണ്യം കൂട്ടുകെട്ടും ഇന്ത്യന്‍ മനസ്സില്‍ സൃഷ്ടിച്ച ആന്ദോളനം ചെറുതല്ല.

അടിയന്തരാവസ്ഥയില്‍ പാലിച്ച വിധേയത്വത്തിന്റെയും കുറ്റകരമായ നിസ്സംഗതയുടെയും കളങ്കം മാറ്റിയെഴുതാന്‍ ഇന്ത്യന്‍ മാധ്യമലോകം നടത്തിയ ബോധപൂര്‍വമായ നീക്കംകൂടിയായിരുന്നു അത്. ഫോര്‍ത്ത് എസ്‌റ്റേറ്റില്‍ ഒരു തിരിച്ചൊഴുക്കിന്റെ ശുഭാദ്യമായി അതിനെ പലരും നോക്കിക്കണ്ടു.

എന്നാല്‍, രാജീവ് ഗാന്ധിയുടെ ഉപജാപകവൃന്ദത്തില്‍ ഇടംകണ്ടെത്താന്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച പത്രാധിപര്‍ എം.ജെ. അക്ബര്‍ ഉളുപ്പില്ലാതെ മത്സരിക്കുന്നതാണ് നാം പിന്നെ കണ്ടത്. തന്റെ മാധ്യമ കളസം ഊരിവെച്ച അരുണ്‍ ഷൂരി വലതുപക്ഷ രാഷ്ട്രീയത്തിന്റെ സാധ്യതകളിലേക്ക് ഇറങ്ങിനില്‍ക്കുന്നതും വൈകാതെ കണ്ടു. ഒടുവില്‍ മന്ത്രിയായി പൊതുമേഖലാ ഓഹരികള്‍ മുച്ചൂടും മറിച്ചുവിറ്റ് ബി.ജെ.പിയെപ്പോലും കടത്തിവെട്ടിയ ഷൂരിനടനവും മറ്റൊരു ദുരന്തക്കാഴ്ചയായി. 'ഹിന്ദു'വിന്റെ മികച്ച ലേഖകന്‍ ഹരീഷ് ഖരെക്ക് പ്രധാനമന്ത്രിയുടെ ഓഫിസില്‍ മാധ്യമ ഉപദേശപട്ടം കെട്ടിയാടാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതായും വന്നില്ല.

ഇത് ഒരു വശം. കൂലിത്തല്ലും തലോടലും നടത്തി ഭരിക്കുന്നവന്റെ ഇംഗിതം നടപ്പാക്കി ഒരു വിഭാഗം പട്ടും വളയും നേടിയപ്പോള്‍ മറുഭാഗം പക്ഷേ, തളര്‍ന്നില്ല. അവര്‍ ദൗത്യത്തില്‍ ഉറച്ചുനിന്നു. മാധ്യമപ്രവര്‍ത്തനം എന്നത് ഭരിക്കുന്നവന്റെ വിടുപണിയല്ലെന്ന് ഫീല്‍ഡിലും ഡസ്‌ക്കിലും വാര്‍ത്തകളുടെ ലോകത്തിരുന്ന് ഓരോ ഘട്ടത്തിലും അവര്‍ തെളിയിച്ചു.

ഇന്ത്യന്‍ മാധ്യമലോകത്തിന്റെ ശക്തി ദൗര്‍ബല്യമായിരുന്നു എന്നും ഈ രണ്ട് ധാരകള്‍. വെറും നാലഞ്ചു വര്‍ഷത്തെ 'പത്രപ്രവര്‍ത്തനം'കൊണ്ട് പേരും പെരുമക്കും പുറമെ കോടികളുടെ ബാങ്ക് ബാലന്‍സും ഭൂസ്വത്തുക്കളും സ്വന്തമാക്കിയ ഒരു കൂട്ടര്‍. പതിറ്റാണ്ടുകള്‍ ദല്‍ഹിയില്‍ കഴിഞ്ഞിട്ടും സ്വന്തം കുഞ്ഞിന്റെ ഹോസ്പിറ്റല്‍ ബില്ലടക്കാന്‍ സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍ കൈനീട്ടേണ്ടി വരുന്ന എരപ്പാളി ഗണത്തില്‍പെടുന്ന മറ്റൊരു കൂട്ടര്‍. പണ്ടു മുതലേ ദല്‍ഹിയില്‍ ഈ രണ്ടു കൂട്ടരെയും കാണുന്നു. അടിക്കടി വിദേശയാത്രകള്‍ നടത്തിയും അധികാരകേന്ദ്രങ്ങളുടെ സല്‍ക്കാരങ്ങളില്‍ സ്ഥിരം ക്ഷണിതാക്കളായും പെരുമ കാണിക്കുന്ന സ്വന്തം വര്‍ഗത്തെ നോക്കി നിവൃത്തിയില്ലാതെയാകാം സി.പി. രാമചന്ദ്രന് ഇങ്ങനെ കുറിക്കേണ്ടി വന്നതും: 'ഇവിടെ ദല്‍ഹിയില്‍ തങ്ങളുടെ വിരല്‍ത്തുമ്പിലാണ് എല്ലാം നടക്കുന്നതെന്ന് ഇവര്‍ അഹങ്കരിക്കുന്നു... സം ഓഫ് ദെം ആര്‍ വെരി അഗ്ലി ഫെലോസ്.'

ആ വരേണ്യവര്‍ഗത്തിന്റെ പുത്തന്‍ 'തിരു'ശേഷിപ്പുകളില്‍ രണ്ടു പേരുടെ മുഖംമൂടിയാണിപ്പോള്‍ അഴിഞ്ഞു വീണിരിക്കുന്നത്. 2ജി സ്‌പെക്ട്രം ഇടപാടിന്റെ മറ്റൊരു വഴിത്തിരിവ്. അധികാരത്തിന്റെ ഇടനിലക്കാര്‍ മാത്രമല്ല, കോര്‍പറേറ്റുകളുടെ കൂട്ടിക്കൊടുപ്പുകാരായും മാറാന്‍ മടിയില്ലെന്ന് അവര്‍ തെളിയിച്ചു. കൂട്ടുകച്ചവടത്തിന്റെയും അശ്ലീല മാധ്യമപ്രവര്‍ത്തനത്തിന്റെയും ആ ലൈവ് രേഖയാണിപ്പോള്‍ 'ഓപണ്‍' മാഗസിനിലൂടെ പുറത്തു വന്നിരിക്കുന്നത്. പകല്‍ കോര്‍പറേറ്റുകള്‍ക്കുള്ള ദാസ്യവേല. രാത്രി പ്രൈംടൈമുകളില്‍ ഇന്ത്യന്‍ നൈതികതയെക്കുറിച്ചും ധാര്‍മികതയെക്കുറിച്ചും മധ്യവര്‍ഗ മനസ്സിനെ ആവേശംകൊള്ളിക്കുമാറ് ചോദ്യങ്ങളുന്നയിക്കുക. ദേശീയതയുടെ സൂക്ഷിപ്പുകാരായുള്ള സ്വയം വാഴ്ത്തല്‍ വേറെയും. കോഴിക്കോട്ടെ നിറവേദിയില്‍ വിളിച്ചു വരുത്തി ലക്ഷം രൂപയുടെ അവാര്‍ഡ് നല്‍കി ഇവരെ നാം ആദരിക്കും.

കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ മുഖംമിനുക്കികളായ പി.ആര്‍ സ്ഥാപന നടത്തിപ്പുകാര്‍ക്കൊപ്പം ചേര്‍ന്നുനിന്ന് ടെലിഫോണ്‍ ഡീലുകള്‍ ഉറപ്പിക്കുന്നതുമാണ് ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തനം എന്നിവര്‍ തെളിയിക്കുകയായിരുന്നു. നീര റാഡിയ എന്ന കോര്‍പറേറ്റ് ഇടനിലക്കാരി ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍സാങ്‌വി, എന്‍.ഡി.ടി.വി ഗ്രൂപ്പ് എഡിറ്റര്‍ ബര്‍ഖദത്ത് എന്നീ രണ്ട് നവീന ഐക്കണുകളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ അസ്സല്‍ പകര്‍പ്പാണ് 2ജി സ്‌പെക്ട്രം ഇടപാടിനത്തിലെ ഇന്ത്യ കണ്ട പുതിയ പകര്‍ന്നാട്ടം.

നീര റാഡിയയുടെ ബന്ധങ്ങളുടെ വ്യാപ്തി അന്വേഷിച്ചിറങ്ങിയ ആദായ നികുതി വകുപ്പിന്റെ ചൂണ്ടയില്‍ കുടുങ്ങിയത് മുന്‍ മന്ത്രി രാജ മാത്രമല്ല, മാധ്യമപ്രവര്‍ത്തകരായ ബര്‍ഖ ദത്തും വീര്‍സാങ്‌വിയും ഉള്‍പ്പെടെ നിരവധി വന്‍ മത്സ്യങ്ങളും. 2009 മേയ് പതിനൊന്നിനും ജൂലൈ പതിനൊന്നിനും ഇടക്കായിരുന്നു ഫോണ്‍ ചോര്‍ത്തല്‍. തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകള്‍ കനിമൊഴിയുടെ അഭീഷ്ടപ്രകാരം കേന്ദ്ര മന്ത്രിസഭയില്‍ ടെലികോം വകുപ്പ് ഡി.എം.കെക്ക് ഉറപ്പിക്കാന്‍ നടന്ന ആ ഡീലിന്റെ ചെറിയൊരു സാമ്പിള്‍ സംഭാഷണം ഇങ്ങനെ:

നീര റാഡിയ: 'കനിമൊഴി പറയുന്നത്, ഗുലാം നബി ആസാദിനെപ്പോലുള്ള ഉത്തരവാദപ്പെട്ട ആരെങ്കിലും ഇതില്‍ ഇടപെടണം എന്നാണ്.'

ബര്‍ഖ ദത്ത്: 'അതെ, അതെ, അതെ'

റാഡിയ: 'ശരി. സംസാരിച്ചാല്‍ കോണ്‍ഗ്രസില്‍ നിന്ന് സന്ദേശം ലഭിച്ചതായി അവര്‍ക്ക്(കനിമൊഴി) പിതാവിനോട് പറയാമായിരുന്നു'

ബര്‍ഖ ദത്ത്: '~ീക് ഹെ. അതൊരു പ്രശ്‌നമല്ല. ഞാന്‍ ഗുലാം നബി ആസാദുമായി സംസാരിക്കാം. ഇപ്പോള്‍ ഞാന്‍ റേസ്‌കോഴ്‌സ് റസിഡന്‍സിലാണ്(പ്രധാനമന്ത്രിയുടെ ഓഫിസ്). ഇവിടെനിന്നു പുറത്തു വന്നാലുടന്‍ ആസാദുമായി ഞാന്‍ സംസാരിക്കാം.'

അപ്പുറത്ത് ആഹ്ലാദം. അടുത്ത കാള്‍ പോകുന്നത് രാജയിലേക്ക്. ടെലികോം വിവാദ നായകന്‍ സാക്ഷാല്‍ എ. രാജ തന്നെ. അതുകൂടി കേള്‍ക്കൂ:

റാഡിയ: 'ഹലോ.'

രാജ: 'ഞാന്‍ രാജ.'

റാഡിയ: 'ഹൈ. ബര്‍ഖ ദത്തില്‍നിന്ന് ഇപ്പോള്‍ എനിക്കൊരു സന്ദേശം ലഭിച്ചു.'

രാജ: 'വ്ഹാ.'

റാഡിയ: 'ബര്‍ഖദത്ത്.'

രാജ: 'അവള്‍ എന്തു പറഞ്ഞു?'

റാഡിയ: 'അവള്‍ പറഞ്ഞു... പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഇന്നു രാത്രി അവര്‍ വാര്‍ത്ത പിന്തുടരും. സോണിയഗാന്ധി അവിടെ ചെന്ന വിവരം എന്നെ അറിയിച്ചതും ബര്‍ഖയാണ്. പ്രധാനമന്ത്രിക്ക് താങ്കളോട് നീരസമില്ലെന്നും അവള്‍ പറഞ്ഞു. പക്ഷേ, ബാലുവിനോട് എന്തോ ഇഷ്ടക്കേടുണ്ട്.'

രാജ: 'പക്ഷേ, ലീഡറുമായി അദ്ദേഹം ഇക്കാര്യം സംസാരിക്കണം...'

റാഡിയ: 'അതെ, അതെ. അദ്ദേഹം ലീഡറുമായി സംസാരിക്കുകതന്നെ വേണം...'

രാജ: 'രാവിലെതന്നെ അതു സംസാരിക്കണം. എന്തിന്, ആവശ്യമില്ലാതെ കോണ്‍ഗ്രസ്... ബന്ധം മുറിക്കുകയാണ്...'

റാഡിയ: 'അതല്ല. പിന്നെയുള്ള ചോദ്യം അഴഗിരിയാണ്. അല്ലേ?'

രാജ: 'അതെ.'

റാഡിയ: 'അഴഗിരിയുടെ ആളുകള്‍ ചോദിക്കുകയാണ്, മുതിര്‍ന്ന നേതാവായിരിക്കെ, മാരന് ഇനി എന്തിനാണ് കാബിനറ്റ് പദവിയെന്ന്...'

രാജക്കുവേണ്ടി ടെലികോം മന്ത്രാലയം ഒപ്പിക്കാന്‍ ബര്‍ഖ വിയര്‍ക്കുമ്പോള്‍ വീര്‍സാങ്‌വിയെ റാഡിയ ഉപയോഗിക്കുന്നത് എതിര്‍ കോര്‍പറേറ്റ് ഗ്രൂപ്പിനുവേണ്ടി അനില്‍ അംബാനിയെ നാറ്റിക്കാനായിരുന്നു. 'ഹിന്ദുസ്ഥാന്‍ ടൈംസി'ന്റെ ഞായറാഴ്ച കോളത്തില്‍ വാതക വിലനിര്‍ണയ വിവാദവുമായി ബന്ധപ്പെട്ട് അനില്‍ അംബാനിക്ക് അനുകൂല വിധി പുറപ്പെടുവിച്ച മുംബൈ ഹൈകോടതി തീരുമാനത്തിനെതിരെ എഴുതണമെന്ന് നീര റാഡിയ വീര്‍സാങ്‌വിയോട് ആവശ്യപ്പെടുന്നു.

ദേശീയ താല്‍പര്യത്തിന് എതിരാണെന്ന മട്ടില്‍ കോളം വരണമെന്നാണ് റാഡിയയുടെ അപേക്ഷ. അതിലൂടെ പ്രധാനമന്ത്രിക്കിട്ടൊരു കിഴുക്ക് കൊടുക്കാനും റാഡിയ പറയുന്നു. എല്ലാം അപ്പടി ശരിവെക്കുകയാണ് നമ്മുടെ ധീരവീര വീര്‍സാങ്‌വി.

ആള്‍ മാന്യനാണ്. ഞായറാഴ്ച കോളത്തില്‍ റാഡിയ ടെലിഫോണില്‍ എന്തു പറഞ്ഞോ അതത്രയും വീര്‍സാങ്‌വി എഴുതിപ്പിടിപ്പിച്ചു. 'പതിറ്റാണ്ടുകളായി നാം അഴിമതിയുടെ മാരകഫലം അനുഭവിക്കുന്നു. എന്നാല്‍, അപൂര്‍വ വിഭവങ്ങള്‍ വിറ്റുതുലക്കാനുള്ള നീക്കത്തില്‍ നമുക്ക് നിര്‍വികാരത പാടില്ല. വിലപിടിച്ച വിഭവങ്ങളുടെ അപകടം പ്രധാനമന്ത്രി തിരിച്ചറിയണം.' ജേണലിസം എങ്ങനെ സ്‌റ്റെനോഗ്രഫിയിലേക്ക് തരംതാഴുന്നു എന്നറിയാന്‍ ഈ ശബ്ദരേഖയേക്കാള്‍ നല്ലൊരു ഉദാഹരണം വേറെ കാണില്ല. (സംഭാഷണങ്ങള്‍ ---.-----------്വ---.--- ല്‍ കേള്‍ക്കാം)

പുതുകാലത്ത് എല്ലാവരും ചേര്‍ന്ന് ഫോര്‍ത്ത് എസ്‌റ്റേറ്റിന്റെ ആണിക്കല്ലിളക്കാന്‍ മത്സരിക്കുകയാണ്. 'പെയ്ഡ് ന്യൂസ്' പത്രമുതലാളിമാരുടെ അടിയറവും താല്‍പര്യവുമായിരുന്നു പുറത്തുകൊണ്ടു വന്നതെങ്കില്‍ ഇവിടെ മാധ്യമപ്രവര്‍ത്തകര്‍തന്നെയാണ് കൂട്ടുകച്ചവടക്കാരുടെ റോള്‍ അടിച്ചു തകര്‍ക്കുന്നത്. കോര്‍പറേറ്റ് കാലത്ത് അവരുടെ സന്ദേശങ്ങള്‍ കൈമാറാന്‍ വിനീത ഹംസങ്ങളുടെ നീണ്ട നിരതന്നെയുണ്ട് ഇന്ദ്രപ്രസ്ഥത്തില്‍.

രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പവും അധികാര ഉപശാലകളിലെ വിദഗ്ധരുമായുള്ള ചാര്‍ച്ചയും മാധ്യമപ്രവര്‍ത്തകന്റെ മാര്‍ക്കറ്റ് വില പെട്ടെന്നാണ് ഉയര്‍ത്തിയത്. മറുപക്ഷം ചോദിക്കുന്നതും ന്യായം. എല്ലാവരുമായുള്ള അടുപ്പം ഒരു മാധ്യമപ്രവര്‍ത്തകന് വേണ്ടതല്ലേ? വാര്‍ത്തക്ക് അത് ഗുണം ചെയ്യില്ലേ? സമ്മതിക്കുന്നു. പക്ഷേ, ഒരു മറുചോദ്യം: അവര്‍ക്ക് ഡീലുകളൊപ്പിക്കുന്നതും അതിന്റെ പങ്കുപറ്റുന്നതും മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗംതന്നെയോ?

മാധ്യമസ്ഥാപനങ്ങളെ കോര്‍പറേറ്റുകള്‍ ഹൈജാക് ചെയ്യുന്നതിന്റെ ഉപോല്‍പന്നംകൂടിയാണിത്. എഡിറ്ററുടെ വിവരക്കേടും തിരുമോന്തയും എട്ടു കോളത്തില്‍ കുറയാതെ നിത്യം പത്രത്തില്‍ കൊടുക്കുന്നതാണ് ജേണലിസ്റ്റ് മിടുക്കിന്റെ ആകത്തുകയെന്ന് കരുതുന്ന പുത്തന്‍കൂറ്റുകാരില്‍നിന്ന് ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ശമ്പളം തരുന്ന മുതലാളി നടത്തുന്ന സര്‍വമാന ബിസിനസുകളുടെയും താല്‍പര്യങ്ങള്‍ക്കുവേണ്ടി ഓടുന്നതും തന്റെ ദൗത്യമാണെന്ന് പലരും ഉറപ്പിക്കുന്നു. പുറംചൊറിയലിന്റെയും വൃത്തികെട്ട വാഴ്ത്തിപ്പാടലിന്റെയും എച്ചില്‍ സായുജ്യമാണ് ഇവര്‍ക്ക് മാധ്യമപ്രവര്‍ത്തനം.

എഡിറ്റര്‍ എന്നത് പേരിനുപോലും ഇല്ലാതെ വന്നതോടെ പരസ്യാവരണം അണിയിച്ച് എന്തും പുറത്തിറക്കാമെന്നും അതിന് പത്രം എന്നു പേരിടാമെന്നും തെളിയിച്ചതാണ് ഈ നൂറ്റാണ്ടിന്റെ മാധ്യമദുരന്തം. അതുകൊണ്ട് കാറ്ററിഞ്ഞ് പാറ്റുന്നതില്‍ ആത്മരതിയടയുകയാണ് ഭൂരിഭാഗവും.

കോര്‍പറേറ്റ് ലോബിയുടെ ഇത്തരം ഉപകരണങ്ങള്‍ പി.ഐ.ബി ലോഞ്ച് മുതല്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ വരെ പിടിമുറുക്കിയിരിക്കുകയാണ്. മാധ്യമവര്‍ഗത്തിന്റെ ദാസ്യമനോഭാവം സ്വാനുഭവത്തില്‍ ബോധ്യപ്പെട്ടതുകൊണ്ടാകും സ്‌പെക്ട്രം ഇടപാടിനെതിരെ എഴുതിയ മലയാളി മാധ്യമപ്രവര്‍ത്തകനെ വിളിച്ചുവരുത്തി ഒരുളുപ്പും കൂടാതെ കാല്‍കുലേറ്റര്‍ കൈയിലെടുത്ത് രാജ ഇങ്ങനെ പറഞ്ഞത്: 'ഇരുപത് കൊല്ലംകൊണ്ട് നിനക്ക് കിട്ടാന്‍ പോകുന്ന ശമ്പളത്തെ പിന്നെയും ഇരുപതുകൊണ്ട് ഗുണിച്ചു നോക്കൂ. തിരുവനന്തപുരത്തോ മുംബൈയിലോ ദല്‍ഹിയിലോ എവിടെ വേണേലും ആഡംബര ഫഌറ്റിന്റെ താക്കോല്‍ വാങ്ങിച്ചോ. തരം പോലെ ചീറിപ്പായാന്‍ നല്ലൊരു കാറും ഇതാ പിടിച്ചോ. അതും പോരേല്‍ നീയും എഡിറ്ററും പറ, ഇനി ഞാന്‍ എന്തു വേണമെന്ന്...'

2ജി സ്‌പെക്ട്രംകൊണ്ട് പല ഗുണങ്ങളുമുണ്ടായി. മനസ്സില്‍ ആരാധിച്ച നിരവധി വിഗ്രഹങ്ങളാണ് പെരുവഴിയില്‍ വീണുടഞ്ഞത്. സ്റ്റുഡിയോക്കുള്ളിലെ ലാവണ്യശീതളിമ വിട്ട് പലരുടെയും തല്‍സ്വരൂപങ്ങള്‍ പുറത്തുവന്നു. ഭരണനിര്‍വഹണവും നീതിന്യായ സംവിധാനങ്ങളും വരെ ദുഷിച്ചപ്പോഴും ആരോ കരുതിയിരുന്നു, ഫോര്‍ത്ത് എസ്‌റ്റേറ്റ് അത്രപെട്ടെന്നൊന്നും മലിനമാകില്ലെന്ന്.

ഹര്‍ഷദ് മേത്തയുടെ കുംഭകോണത്തെക്കുറിച്ച് ജെ.പി.സി അന്വേഷിച്ചപ്പോള്‍ കണ്ടതാണ് പല കിടിലന്‍ മാധ്യമപ്രവര്‍ത്തകരുടെ പേരിലുമുള്ള ഇക്വിറ്റി ട്രാന്‍സ്ഫറുകള്‍. രാജയോ റാണിയോ ആരു കേന്ദ്രമന്ത്രിയാകണം എന്ന കാര്യം ഇവര്‍ ഏറ്റെടുക്കും. സ്വന്തം പദവി ദുരുപയോഗം ചെയ്യുന്നവനെ നേരിടാന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കോ മറ്റു വാച്ച്‌ഡോഗുകള്‍ക്കോ പാങ്ങില്ലാത്ത കാലത്തോളം ഇതൊക്കെ തുടരും.

സര്‍ക്കാര്‍ ഭവനങ്ങളുടെ വീതംവെപ്പില്‍ തുടങ്ങി പഞ്ചനക്ഷത്ര ഹോട്ടലുകളുടെയും വിദേശ സര്‍വകലാശാലകളുടെയും ഉപദേശക ബോര്‍ഡുകളില്‍ വരെ സ്ഥിരം ഇരിപ്പിടം ലഭിക്കുന്ന 'മുതിര്‍ന്ന' മാധ്യമപ്രവര്‍ത്തകര്‍ ഏതൊക്കെ ഡീലുകളുടെ ബാക്കിപത്രമാകും കൊണ്ടാടുന്നത്?

*എം.സി.എ. നാസര്‍