27 August, 2009

ഗഞ്ചാം-സൂറത്ത്-ഗഞ്ചാം-കേരളം

ഗഞ്ചാം-സൂറത്ത്-ഗഞ്ചാം-കേരളം

പ്രവാസികള്‍ ഏറുന്നു, പുതിയ ലക്ഷ്യസ്ഥാനങ്ങളും

അഹമ്മദാബാദ്-പുരി എക്സ്പ്രസ് ഇല്ലാത്ത ദിവസങ്ങളില്‍ ബെര്‍ഹാംപൂര്‍ റെയില്‍വേ സ്റ്റേഷന്‍ ആളൊഴിഞ്ഞ അവസ്ഥയിലായിരിക്കും. ഈ സ്റ്റേഷനില്‍ നിന്ന് മറ്റേത് ട്രെയിനില്‍ പോകുന്നവരേക്കാള്‍ അധികം യാത്രക്കാരുള്ളത് ഈ ട്രെയിനിലാണ് (അതും സൂറത്ത് വരെ).
"ഒറീസയിലെ ഏറ്റവും തിരക്കുള്ള 'തൊഴിലാളി-യാത്ര' റെയില്‍വേ സ്റ്റേഷനാണ് ഇത്'' ആര്‍ സി ബെഹ്റ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

അയാള്‍ ബെര്‍ഹാംപൂരിലെ സ്റ്റേഷന്‍ മാനേജരാണ്. ശരാശരി പ്രതിദിനം ഇവിടെനിന്ന് ഏഴായിരത്തോളം യാത്രക്കാരുണ്ടാകും. അതില്‍ ഏകദേശം 5500 പേരും റിസര്‍വ് ചെയ്യാത്ത യാത്രക്കാരാണ് - മഹാഭൂരിപക്ഷവും സൂറത്തിലും മുംബൈയിലും പണിക്ക് പോകുന്ന പ്രവാസി തൊഴിലാളികള്‍.

അഹമ്മദാബാദ് - പുരി എക്സ്പ്രസിലെ യാത്രക്കാരില്‍ ഏറെപ്പേരും സാധാരണയായി സൂറത്ത് വരെയുള്ളവരാണ്. ചുരുങ്ങിയത് ഓരോ മാസവും ആ നഗരത്തിലേക്ക് 25,000 ആളുകളെങ്കിലും പോകുന്നുണ്ട്. അതിനര്‍ഥം 'സാധാരണ' സമയങ്ങളില്‍ ഓരോ വര്‍ഷവും അവിടേക്ക് ഈ സ്റ്റേഷനില്‍ നിന്ന് മൂന്നുലക്ഷം യാത്രക്കാര്‍ പോകുന്നുണ്ടെന്നാണ്. അതാകട്ടെ സൂറത്തിലേക്ക് ആഴ്ചയില്‍ അഞ്ച് ട്രെയിനുകള്‍ മാത്രം ഉള്ളപ്പോഴുമാണ്. പ്രതിദിന സര്‍വീസ് തുടങ്ങണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ഇപ്പോള്‍ എന്തായാലും അത് സംഭവിക്കാന്‍ സാധ്യതയില്ല. പാശ്ചാത്യ രാജ്യങ്ങളിലുണ്ടായ സാമ്പത്തിക മാന്ദ്യം സൂറത്തില്‍ യന്ത്രത്തറി ഓപ്പറേറ്റര്‍മാരായി അവര്‍ പണിയെടുത്തിരുന്ന പല ടെക്സ്റ്റൈല്‍ മില്ലുകളെയും പ്രതികൂലമായി ബാധിച്ചു. വജ്രവ്യവസായത്തെയും അത് തകര്‍ത്തും. ഒറീസയില്‍ നിന്നുള്ള തൊഴിലാളികളില്‍ ഒരു ചെറിയ ശതമാനം പണിയെടുത്തിരുന്നത് ആ മേഖലയിലാണ്. അസംഖ്യം ആളുകള്‍ മടങ്ങിപ്പോരുന്നു. ഗഞ്ചാമിലെ പ്രധാന സ്റ്റേഷനായ ബെര്‍ഹാംപൂരില്‍ എത്തുമ്പോള്‍ തന്നെ അഹമ്മദാബാദ്-പുരി എക്സ്പ്രസ് കാലിയാകുന്നു.

"ഗഞ്ചാമില്‍ നിന്നുള്ള പ്രവാസികളെയും അവരുടെ വീടുകളെയും തമ്മില്‍ കൂട്ടിയിണക്കുന്നതിന്'' പ്രവര്‍ത്തിക്കുന്ന അരുണ എന്ന എന്‍ജിഒയുടെ "സേതു'' പ്രോജക്ട് കണ്ടെത്തിയത് "സൂറത്ത് ഷോക്'' കടുത്ത തിക്തഫലങ്ങള്‍ക്കിടയാക്കിയതായാണ്. "ഏതു സമയത്തും ഒട്ടേറെ ആളുകള്‍ വരുകയും പോകുകയും ചെയ്യുന്നുണ്ട്'' അരുണയിലെ ലോക് നാഥ് മിശ്ര പറയുന്നു; "എന്നാല്‍ ഇപ്പോള്‍ നാട്ടിലുള്ളവരുടെ എണ്ണം സാധാരണഗതിയിലുള്ളതിനേക്കാള്‍ ഏറെയാണ്. അമ്പതിനായിരത്തോളം പേര്‍ മടങ്ങിയെത്തിയതായാണ് ഞങ്ങളുടെ കണക്ക്. പഴയ തൊഴിലിലേക്ക് തിരിച്ചുപോകാന്‍ അവര്‍ക്ക് വലിയ പ്രയാസവുമാണ്.''

സൂറത്തിലെ ഒറിയ തൊഴിലാളികള്‍ക്കിടയില്‍ സര്‍വെ നടത്തിയ ഇതേ പ്രോജക്ട് കണ്ടെത്തിയത് "അവരില്‍ ആറു ലക്ഷത്തിലധികം പേര്‍ ആ നഗരത്തിലെ 92 ചേരികളിലായി കഴിയുന്നതായാണ്. അതില്‍ നാലു ലക്ഷത്തിലധികം പേര്‍ ഗഞ്ചാമില്‍ നിന്നുള്ളവരാണ്.'' മറ്റെവിടെയും എന്ന പോലെ നാട്ടിലെത്തുന്ന പ്രവാസികളെ പിന്തുടരുന്ന പ്രശ്നങ്ങളിലൊന്ന് എച്ച്ഐവി എയ്ഡ്സാണ്; അരുണ എന്ന എന്‍ജിഒ കേന്ദ്രീകരിച്ചിട്ടുള്ളത് ഇക്കാര്യത്തിലാണ്.

ബ്രിട്ടീഷ് കാലഘട്ടം മുതല്‍, പ്രത്യേകിച്ചും 1860-കളിലെ മഹാക്ഷാമത്തിനുശേഷം, വളരെയധികം ആളുകള്‍ പ്രവാസികളാകുന്ന ജില്ലയാണ് അത്. ഗഞ്ചാമിലെ പ്രവാസി തൊഴിലാളികളെ ഇന്ത്യയിലെ ഏതു പട്ടണത്തിലും കാണാന്‍ കഴിയും. എന്നാല്‍ കഴിഞ്ഞ രണ്ട് ദശകങ്ങളായി അവിടുത്തെ തൊഴില്‍ സേനയില്‍ ഭൂരിപക്ഷം പേരും സൂറത്തിലേക്കാണ് പോകുന്നത്. "ഞങ്ങളുടെ ആളുകള്‍ക്ക് വേണ്ടി അത് പണിയെടുത്തു.'' ആസ്ക ബ്ളോക്കിലെ കാമാഗഡ ഗ്രാമത്തിലെ സിമാചല്‍ ഗൌഡ ഇത് പറഞ്ഞ് ചിരിക്കുന്നു. ആ ഗ്രാമത്തില്‍ ഏകദേശം 500 കുടുംബങ്ങളുണ്ട്. 650 പ്രവാസികള്‍ ഉള്ളതായും കണക്കാക്കിയിരിക്കുന്നു.

"ദക്ഷിണ ഭാഗത്തേക്ക് പോകുന്നതില്‍ നിന്ന് വ്യത്യസ്തമായി സൂറത്തില്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. സൂറത്തില്‍ ഞങ്ങള്‍ക്ക് പ്രതിദിനം 250 രൂപ ലഭിക്കുകയും ചെയ്യും.'' ഗുജറാത്തിലെ തങ്ങളുടെ വരുമാനത്തെ അല്‍പ്പം പെരുപ്പിച്ചു പറയുന്ന ഒരു പ്രവണത പല തൊഴിലാളികളിലുമുണ്ട്. "ഞങ്ങളുടെ മുന്നില്‍ മേനി നടിക്കാനല്ല അത്'' ആ നാട്ടുകാരനായ ഒരാള്‍ പറഞ്ഞു - "അവരുടെ സ്ത്രീധന നിരക്ക് ഉയരാന്‍ വേണ്ടിയാണത്. അങ്ങനെയാകുമ്പോള്‍ 250 രൂപയെന്ന് അവര്‍ പറയുന്നതിന് അര്‍ഥം 200 രൂപ കിട്ടുമെന്നാണ്.'' എന്നിട്ടും, അവര്‍ക്കിടയിലെ നിരക്ഷരര്‍ക്ക് പോലും പ്രതിദിനം 170-180 രൂപ കിട്ടുന്നുണ്ട്. ഗഞ്ചാമില്‍ ഞങ്ങള്‍ അത്രയും തുക എവിടെ നിന്നു കിട്ടാനാണ്?'' അവര്‍ ചോദിക്കുന്നു.

ഈ വേവലാതിയാണ് ഇപ്പോള്‍ ഈ ജില്ലയെ പിടികൂടിയിരിക്കുന്നത്. പതിനായിരക്കണക്കിനാളുകള്‍ ഒറ്റയടിക്ക് സൂറത്ത് വിട്ടുപോന്നാല്‍ അവരെയെല്ലാം ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നത് എങ്ങനെ? ജില്ല കളക്ടര്‍ വി കാര്‍ത്തികേയ പാണ്ഡ്യന്‍ പ്രശ്നത്തിന്റെ ഗൌരവസ്വഭാവം തിരിച്ചറിയുന്ന ആളാണ്. ഒറീസയില്‍ എന്‍ആര്‍ഇജി സ്കീം നന്നായി നടപ്പാക്കിയ ജില്ലയെന്ന ഖ്യാതി ഗഞ്ചാം നേടിയത് കാര്‍ത്തികേയ പാണ്ഡ്യന്റെ നേതൃത്വത്തിലാണ്. "വിദഗ്ധ തൊഴിലാളികളെ ഇവിടെ ഉള്‍ക്കൊള്ളിക്കാന്‍ പ്രയാസമാണ്'' അദ്ദേഹം 'ദി ഹിന്ദു' വിനോട് പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അവരെ ഉള്‍ക്കൊള്ളിക്കാനാവില്ലെന്ന കാര്യം ഉറപ്പാണ് - ആ ജില്ലയിലെ 5 ലക്ഷം കുടുംബങ്ങളിലെ 1.5 ലക്ഷം പേരെ ആ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും.ഗ്രാമങ്ങളിലുള്ളവരും കളക്ടറുടെ അഭിപ്രായത്തോട് യോജിക്കുന്നു - "തിരികെ വരുന്ന പത്തോ പതിനഞ്ചോ ശതമാനത്തിലധികം പേര്‍ക്ക് കൃഷിയിലേക്ക് മടങ്ങാനാകുന്നില്ല'' സിമാചല്‍ ഗൌഡിന്റെ വാക്കുകളാണിത്, "നിരവധി വര്‍ഷങ്ങളോളം തുണിമില്ലുകളിലോ വജ്ര വ്യവസായത്തിലോ പണിയെടുത്ത ശേഷം, അങ്ങനെ എന്തെങ്കിലും പണി (കൃഷി) ചെയ്യാന്‍ അത്ര എളുപ്പം പറ്റില്ല.''

ആസന്നമായ തുറമുഖ വികസനവും ഇന്ത്യ-റഷ്യ ടൈറ്റാനിയം പ്രോജക്ടും നിരവധി വിദഗ്ധ തൊഴിലാളികളെ ഉള്‍ക്കൊള്ളിക്കാന്‍ സഹായകമാകും എന്നാണ് കളക്ടര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, എണ്ണത്തിലും തോതിലുമുള്ള പൊരുത്തക്കേടും അദ്ദേഹം കാണുന്നുണ്ട്. മടങ്ങിവരുന്ന പ്രവാസികള്‍ അനവധിയാണ്. എന്നിരുന്നാലും മടങ്ങിവരുന്നവരുടെ കയ്യില്‍ കുറെയെങ്കിലും പണം ഉണ്ടാകുമെന്നതിനാല്‍ അതുപയോഗിച്ച് ഭൂമി വാങ്ങുകയും കൃഷിയില്‍ നിക്ഷേപം വര്‍ധിക്കുകയും ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷ പുലര്‍ത്തുന്നു.

വലിയ തോതില്‍ ആളുകള്‍ മടങ്ങിവരുന്നത് മറ്റു ചില പ്രത്യാഘാതങ്ങളുമുണ്ടാക്കുന്നു. വളരെക്കാലമായി അടങ്ങിക്കിടന്നിരുന്ന പഴയ കുടിപ്പകകള്‍ കാരണമുള്ള ഏറ്റുമുട്ടലുകളാണ് ഇവയിലൊന്ന്. ചിലതരം കുറ്റകൃത്യങ്ങളിലെ വര്‍ധനവാണ് മറ്റൊന്ന്. കുടുംബ വഴക്കുകള്‍, മദ്യപാനാസക്തി, മറ്റു സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം വര്‍ധിച്ചിരിക്കുന്നു. ആളുകള്‍ തൊഴില്‍ രംഗത്തേക്ക് നാമമാത്രമായാണ് മടങ്ങുന്നത്. 'ഹിന്ദു' പ്രതിനിധി ഷിബുകുമാര്‍ ദാസ് ചൂണ്ടിക്കാണിച്ചതു പോലെ, "ഇവയെല്ലാം ഇപ്പോഴും ചെറിയ തോതിലേ ആയിട്ടുള്ളു. തെരഞ്ഞെടുപ്പ് വന്നത് നന്നായി. എല്ലാവര്‍ക്കും രണ്ടു മാസത്തോളം അങ്ങനെ തൊഴിലായി. അത് കഴിഞ്ഞതോടെ, ഏറ്റവും മോശപ്പെട്ട സ്ഥിതിയാണ് വരാന്‍ പോകുന്നത്.''

നിശ്ചയമായും പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ഉണ്ടാവും. "മറ്റു സംസ്ഥാനങ്ങളിലെ മറ്റു നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ഞങ്ങളില്‍ ഏറെപ്പേരും പോകുന്നത് ഇനി നിങ്ങള്‍ക്ക് കാണാനാവും.'' ലത്തിപാഡ ഗ്രാമത്തിലെ അച്യുതാനന്ദ ഗൌഡ പറയുന്നു. "പലരും ഇതിനകം തന്നെ പോയിക്കഴിഞ്ഞു. ഈ പ്രവണത ഇനിയും കൂടും.'' അവരുടെ ഗ്രാമത്തില്‍ നിന്നും ഇതിനകം തന്നെ ആളുകള്‍ പോയിട്ടുള്ള ഗുജറാത്തിന് പുറത്തുള്ള ചുരുങ്ങിയത് 20 നഗരങ്ങളുടെയെങ്കിലും പേരുകള്‍ അയാളും അയാളുടെ കൂട്ടുകാരും ഉരുവിട്ടുകൊണ്ടിരിക്കുന്നു. സൂറത്തിനെ സംബന്ധിച്ച് ഗൌഡ പറയുന്നു, "അത് അങ്ങനെ അവസാനിക്കില്ല. ആളുകള്‍ ഇനിയും അവിടെ തങ്ങളുടെ ഭാഗ്യപരീക്ഷണം നടത്തും; പക്ഷേ അത് തകരും.'' ഏതെങ്കിലും വിധത്തില്‍ കര കയറുമെന്ന് കരുതുന്ന ചിലരുണ്ട്. കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ ഉണ്ടായാല്‍ അപ്പോള്‍ ആണെന്നു മാത്രം.

ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന ആശ്ചര്യകരമായ ഒരു ലക്ഷ്യ സ്ഥാനം കേരളമാണ്. എന്നാല്‍ എന്തുകൊണ്ട് കേരളം? 'കാരണം', അവിടെ പോയിട്ടുള്ള ചിലര്‍ പറയുന്നു, "അവിടുത്തുകാര്‍ ചെയ്യാത്ത തൊഴിലവസരങ്ങള്‍ അവിടെയുണ്ട്; കുറഞ്ഞത് ഒരു ദിവസം 150 രൂപയെങ്കിലും ഞങ്ങള്‍ക്ക് ലഭിക്കും. അവിടെ എട്ടുമണിക്കൂര്‍ പണിയെടുത്താല്‍ മതി; അതിനുപുറമെ ഉച്ചഭക്ഷണത്തിന് ഒഴിവും ലഭിക്കും. സൂറത്തിലാണെങ്കില്‍ ഇടവേളകളില്ലാതെ 12 മണിക്കൂര്‍ പണിയെടുക്കണം. ഏകദേശം അതേ തുക തന്നെ (അതായത് 170-200 രൂപ) ഇവിടെ നിന്നും ഉണ്ടാക്കാം. കാരണം ഇവിടെ നിശ്ചയമായും രണ്ടുമണിക്കൂര്‍ ഓവര്‍ടൈം ലഭിക്കും. സൂറത്തിലാണെങ്കില്‍ അങ്ങനെയൊന്നും കിട്ടില്ല. കേരളത്തില്‍, കൃത്യമായ സമയനിഷ്ഠയുണ്ട്; ശമ്പളത്തോടെയുള്ള അവധിയുണ്ട്. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. (കാരണം, ഇവിടെ യൂണിയനുകള്‍ ശക്തമാണ്). സൂറത്തില്‍ ഞങ്ങളെ വെറും മലിനവസ്തുക്കളെ പോലെയാണ് കരുതിയിരുന്നത്.''

പണത്തിലുള്ള വ്യത്യാസം അതിവേഗം ചുരുങ്ങുകയാണ്. 14 വര്‍ഷം സൂറത്തില്‍ യന്ത്രത്തറികള്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ലാത്തിപ്പാഡയിലെ ദുമി ശ്യാം പറയുന്നു, "ഇപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും ആറ് തറികളാണ് കൈകാര്യം ചെയ്യേണ്ടത്; മുമ്പ് അത് നാലെണ്ണം മാത്രമായിരുന്നു. അതും ഞങ്ങളുടെ കൂലി കുറയ്ക്കുന്നതിനുള്ള ഒരു വഴിയാണ്.''

'മടങ്ങിയെത്തിയ' പലരും നാട്ടില്‍ തന്നെ പറ്റിക്കൂടാന്‍ താല്‍പ്പര്യമില്ലാത്തവരാണ്. അങ്ങനെ സംഭവിച്ചുപോകുമോ എന്ന് ചിലരെങ്കിലും ആശങ്കപ്പെടുന്നുമുണ്ട്. "ചില മാസങ്ങള്‍ക്കകം'' സൂറത്തിലേക്ക് തന്നെ മടങ്ങുന്നതിനെക്കുറിച്ചും പലരും പറയുന്നുണ്ട്. മറ്റു ചിലരാകട്ടെ മറ്റെവിടെയെങ്കിലും ഭാഗ്യപരീക്ഷണം നടത്താനാണ് നോക്കുന്നത്.

ലാത്തിപ്പാഡയിലെ പഴയ ഒരു ദോഷൈകദൃക്ക് പറഞ്ഞതു പോലെ, "അവിടെത്തന്നെ തങ്ങാന്‍ എന്താണുള്ളത്? മുലകുടി മാറിയപ്പോള്‍ തന്നെ ഈ നാട്ടിലേക്ക് കുടിയേറിയതാണ്. ഇനി, തലയില്‍ അവശേഷിക്കുന്ന മുടിയും നരക്കുന്നതുവരെ ഇവിടെ തന്നെ.''

*
പി സായ്നാഥ് എഴുതിയ More migrations, new destinations ലേഖനത്തിന്റെ പരിഭാഷ.

24 August, 2009

5 ഉല്‍പ്പന്നവും അയ്യായിരത്തിന്റെ വിലയും

5 ഉല്‍പ്പന്നവും അയ്യായിരത്തിന്റെ വിലയും

കാപ്പി, കുരുമുളക്, തേയില, നാളികേരം എന്നീ 'നാലുല്‍പ്പന്നങ്ങളു'ടെ കാര്യം ഊതിവീര്‍പ്പിച്ചാണ് ഇടതുപക്ഷം 'നാടാകെ വിവാദം' സൃഷ്ടിക്കുന്നതെന്നാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ലിസ്റ്റില്‍ ഞാന്‍ ഒരു ഉല്‍പ്പന്നവുംകൂടി ഉള്‍പ്പെടുത്തുകയാണ്- റബര്‍. ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിനോടുള്ള എന്റെ ചോദ്യം ഇതാണ്. ഈ അഞ്ച് ഉല്‍പ്പന്നത്തെ മാറ്റിനിര്‍ത്തിയാല്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ബാക്കി എന്തുണ്ട്? എന്തിന് 12,169 ഉല്‍പ്പന്നം? ഈ അഞ്ച് ഉല്‍പ്പന്നം മതിയല്ലോ കേരളത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കാന്‍. റബര്‍ നെഗറ്റീവ് ലിസ്റ്റിലാണ്. ആസിയന്‍ കരാറില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. അതുകൊണ്ട് നാലിനോടൊപ്പം റബറുംകൂടെ ചേര്‍ക്കുന്നത് ശരിയല്ലെന്നായിരിക്കും ഉമ്മന്‍ചാണ്ടിയുടെ പ്രഥമപ്രതികരണം. നെഗറ്റീവ് ലിസ്റ്റില്‍ 489 ഉല്‍പ്പന്നം ഉണ്ടെന്നതും അവയില്‍ 303 എണ്ണം കാര്‍ഷികോല്‍പ്പന്നംആണെന്നതും ശരിയാണ്. പയറുവര്‍ഗങ്ങള്‍, തക്കാളി, ഉരുളക്കിഴങ്ങ്, ക്യാരറ്റ്, മുളകുകള്‍, വെളുത്തുള്ളി, നിലക്കടല, ബീന്‍സ്, ഉള്ളി, കോളിഫ്ളവര്‍, മാമ്പഴം, നാരങ്ങ, മുന്തിരി, മുളകുപൊടി എന്നിങ്ങനെ നീളുന്ന കാര്‍ഷികോല്‍പ്പന്നങ്ങളില്‍ മറ്റു സംസ്ഥാനങ്ങളുടെ ഒട്ടെല്ലാ വിളകളുംപെടും. പക്ഷേ, കേരളത്തിനു മര്‍മപ്രധാനമായ കാപ്പി, തേയില, കുരുമുളക്, പാമോയില്‍ എന്നിവയെ ഉള്‍പ്പെടുത്താനായില്ലെന്നതു തന്നെയാണ് വിമര്‍ശം. നെഗറ്റീവ് ലിസ്റ്റില്‍ കാര്‍ഷിക സംസ്കരണ ഉല്‍പ്പന്നങ്ങളെന്ന നിലയില്‍ വൈന്‍, വിസ്കി, ബ്രാണ്ടി, റം, ജിന്‍, വോഡ്ക തുടങ്ങിയവയെപ്പോലും ഉള്‍പ്പെടുത്തിയിട്ടും കേരളത്തിലെ കൃഷിക്കാരെ അവഗണിച്ചതിനെക്കുറിച്ചാണ് പ്രതിഷേധം.

നെഗറ്റീവ് ലിസ്റ്റില്‍ റബര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനര്‍ഥം കേരളത്തിലെ റബര്‍കൃഷിക്കാരെ സംരക്ഷിക്കാന്‍ എന്തു നടപടിയും സ്വീകരിക്കാന്‍ അവകാശമുണ്ടായിരിക്കുമെന്നല്ല. 2007ലെ ചുങ്കനിരക്ക് കുറയ്ക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമല്ലെന്നു മാത്രമാണ്. അത് ഉയര്‍ത്താന്‍ അവകാശമില്ല. റബര്‍ഷീറ്റിന് 20 ശതമാനമായിരുന്നു 2007ലെ ചുങ്കനിരക്ക്. അത് ഇനി ഉയര്‍ത്താനാകില്ല. കേരളത്തിന്റെ ഇതുവരെയുള്ള യോജിച്ചുള്ള ഡിമാന്‍ഡ് എന്തായിരുന്നെന്ന് ഉമ്മന്‍ചാണ്ടിക്ക് ഓര്‍മയുണ്ടോ? കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച സ്വാമിനാഥന്‍കമീഷന്‍ മുന്നോട്ടുവച്ച നിര്‍ദേശമായിരുന്നു അത്. കെ എം മാണി ലോകവ്യാപാര കരാറിനെക്കുറിച്ച് വായതുറന്നാല്‍ ആദ്യം പറയുന്ന വാചകമാണ് ഇത്. 'റബറിനെ വ്യവസായ ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍നിന്നു കാര്‍ഷികോല്‍പ്പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം. വ്യവസായ ഉല്‍പ്പന്നമാണെന്നു കണക്കാക്കുന്നതുകൊണ്ടാണ് പരമാവധി ചുമത്താവുന്ന നികുതി 40 ശതമാനമായി ലോകവ്യാപാര കരാറില്‍ നിജപ്പെടുത്തിയിരിക്കുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് 300 ശതമാനംവരെ നികുതി ചുമത്താം. ദോഹവട്ട ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെടണമെന്ന് യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ വ്യത്യാസമില്ലാതെ കേന്ദ്രസര്‍ക്കാരിനോട് റബറിനു പരമാവധി ചുമത്താവുന്ന ചുങ്കനിരക്ക് 20 ശതമാനമായി ആസിയന്‍ കരാറിലൂടെ നിജപ്പെടുത്തുന്നത് ന്യായീകരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ഒരു ഉളുപ്പുമില്ല.

എന്തിനാണ് പരമാവധി ചുമത്താവുന്ന നികുതി (സാങ്കേതികഭാഷയില്‍ ഇതിനെ വിളിക്കുക ബൌണ്ട് റേറ്റെന്നാണ്), കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് 300 ശതമാനംവരെ ഉയര്‍ത്തി നിശ്ചയിക്കുന്നത്. പ്രായോഗികമായി മിക്കപ്പോഴും ഇതിനേക്കാള്‍ താഴെയായിരിക്കും യഥാര്‍ഥത്തില്‍ ചുമത്തുന്ന ചുങ്കനിരക്ക് (ഇതിനെയാണ് സാങ്കേതികഭാഷയില്‍ അപ്ളൈഡ് റേറ്റെന്നു പറയുന്നത്). പിന്നെയെന്താണ് ഉയര്‍ന്ന ബൌണ്ട്റേറ്റിന്റെ പ്രസക്തി? ഈ തിരിച്ചറിവ് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിനില്ല.

സ്വതന്ത്ര വ്യാപാരവിപണിയില്‍ വിദേശവിനിമയ നിരക്കില്‍ വലിയതോതിലുള്ള ചാഞ്ചാട്ടം സ്വാഭാവികമായി ഉണ്ടാകാറുണ്ട്. 10 വര്‍ഷംമുമ്പ് ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്ക് ഡോളറിന് 25 രൂപയായിരുന്നു. ഇന്ന് അത് ഡോളറിന് 50 രൂപയാണ്. രൂപയുടെ വിലയിടിയുമ്പോള്‍ നമ്മുടെ നാട്ടില്‍നിന്നുള്ള കയറ്റുമതി കൂടും. നേരത്തെ ഒരു ഡോളറുകൊണ്ട് 25 രൂപയുടെ ഇന്ത്യന്‍ ഉല്‍പ്പന്നംവാങ്ങാനേ വിദേശിക്ക് കഴിയുമായിരുന്നുള്ളൂ. ഇപ്പോള്‍ ഒരു ഡോളര്‍കൊണ്ട് 50 രൂപയുടെ ഉല്‍പ്പന്നം വാങ്ങാം. നമ്മുടെ കയറ്റുമതികൂടും. വിദേശവിനിമയ നിരക്കില്‍ ഏറ്റവും രൂക്ഷമായ ചാഞ്ചാട്ടം പ്രകടിപ്പിക്കുന്ന രാജ്യങ്ങളാണ് ആസിയന്‍ രാജ്യങ്ങള്‍. 1990കളിലെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഇവിടെ നാണയങ്ങളുടെ വിദേശവിനിമയനിരക്ക് പത്തിലൊന്നായി പൊടുന്നനെ താഴ്ന്നതോര്‍ക്കുക. വേണ്ട, കേവലം 20 ശതമാനം ഇടിവുണ്ടായാല്‍ മതി റബര്‍ ഷീറ്റിനുള്ള 20 ശതമാനം ചുങ്കസംരക്ഷണം മരീചികയാകും. ഇങ്ങനെയുള്ള സന്ദര്‍ഭത്തില്‍ തീരുവ ഉയര്‍ത്തി കാര്‍ഷികമേഖലയ്ക്ക് സംരക്ഷണം നല്‍കാനാണ് പരമാവധി ചുമത്താവുന്ന ചുങ്കനിരക്ക് പരമാവധി ഉയര്‍ത്തി നിശ്ചയിക്കണമെന്നു പറയുന്നത്. എന്നാല്‍, ഇവിടെ റബറിന്റെ ചുങ്കസംരക്ഷണം പരമാവധി 20 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇത് റബര്‍ കാര്‍ഷികമേഖലയില്‍ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്.

തീര്‍ന്നില്ല റബറിന്റെ പുരാണം.

ഒട്ടനവധി റബര്‍ ഉല്‍പ്പന്നം അടുത്ത അഞ്ചു വര്‍ഷത്തിനകം പൂര്‍ണമായും ചുങ്കവിമുക്തമാക്കേണ്ടിവരും. ഈ പട്ടികയില്‍ വിവിധയിനം ലാറ്റെക്സുകള്‍ റീക്ളെയിംസ് റബര്‍, കോമ്പൌണ്ടഡ് റബര്‍, ട്യൂബുകള്‍, പൈപ്പുകള്‍, കവേയര്‍ ബെല്‍റ്റുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു. ടയറിന്റെ തീരുവ പത്തുവര്‍ഷത്തിനകം അഞ്ചു ശതമാനമായി കുറയ്ക്കണം. ഇവയുടെ ഇറക്കുമതി ഉദാരവല്‍ക്കരണം കേരളത്തിലെ സ്വാഭാവിക റബറിന്റെ വിലയെ പ്രതികൂലമായി ബാധിക്കും.

പ്രതിപക്ഷനേതാവിന്റെ ഏറ്റവും പരിഹാസ്യമായ പരാമര്‍ശം കൂടുതല്‍ ഉല്‍പ്പന്നം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യത സംബന്ധിച്ചാണ്. 'ഉല്‍പ്പന്നങ്ങളുടെ വിപണിയിലെ പ്രകടനം വിലയിരുത്തി നെഗറ്റീവ് ലിസ്റ്റ് വര്‍ഷംതോറും പുതുക്കാം'. എന്തിനാണ് വര്‍ഷംതോറും പുതുക്കുന്നത്? പ്രതിപക്ഷനേതാവ് പറയുംപോലെ നമ്മുടെ വിളകള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കാനല്ല. നേര്‍വിപരീതമാണ് കരാറിലെ വ്യവസ്ഥ. നെഗറ്റീവ് ലിസ്റ്റിലെ ഉല്‍പ്പന്നങ്ങളെ പടിപടിയായി ഇതില്‍നിന്ന് ഒഴിവാക്കാന്‍വേണ്ടിയാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കരാറിലെ വാചകത്തിന്റെ കൃത്യമായ തര്‍ജമ ഇതാണ്. 'കമ്പോളപ്രവേശം മെച്ചപ്പെടുത്തുന്നതിനുവേണ്ടി നെഗറ്റീവ് ലിസ്റ്റിനെ വാര്‍ഷിക താരിഫ് അവലോകനത്തിനു വിധേയമാക്കേണ്ടതാണ്.' കമ്പോളപ്രവേശം അഥവാ മാര്‍ക്കറ്റ് ആക്സസ് എന്നാല്‍ ഇറക്കുമതി ഉദാരവല്‍ക്കരണത്തിനുള്ള സാങ്കേതിക സംജ്ഞയാണ്. പ്രതിപക്ഷനേതാവിന്റെ ദുര്‍വ്യാഖ്യാനങ്ങളുടെ ഒന്നാംതരം ഉദാഹരണമാണ് ഇത്.

അടുത്തതായി നാളികേരമെടുക്കാം

നാളികേര ഉല്‍പ്പന്നങ്ങള്‍ നെഗറ്റീവ് ലിസ്റ്റിലാണ്. പക്ഷേ, പാമോയില്‍ ഇതിനു പുറത്താണ്. പാമോയിലിനുമേല്‍ 2007ല്‍ ചുമത്തിയിരുന്ന ചുങ്കം 90 ശതമാനമായിരുന്നു. ഇത് 2019 ആകുമ്പോഴേക്കും 45 ശതമാനമായി താഴ്ത്തിയാല്‍ മതിയാകും. ഇതു നാളികേരത്തിനു സംരക്ഷണമാകുമെന്നാണ് വാദം. എന്നാല്‍, കരാര്‍പ്രകാരം പരമാവധി ചുമത്താവുന്ന ചുങ്കനിരക്കും യാഥാര്‍ഥ്യവും തമ്മിലുള്ള അകലം ഏറ്റവും വ്യക്തമാക്കുന്ന ഒരു ഉദാഹരണമാണ് പാമോയിലിന്റേത്. 90 ശതമാനം ചുങ്കം ചുമത്താന്‍ അനുവാദം ഇപ്പോഴുണ്ടെങ്കിലും ഇന്ത്യ പാമോയിലിന്റെ മേലുള്ള ചുങ്കമേ വേണ്ടെന്നു വച്ചിരിക്കുകയാണ്. തീര്‍ന്നില്ല, ഇറക്കുമതി ചെയ്യുന്ന പാമോയിലിന് കിലോക്ക് 15 രൂപ റേഷന്‍ സബ്സിഡിയായി അനുവദിച്ചിരിക്കുന്നു. നാട്ടിലുണ്ടാക്കുന്ന വെളിച്ചെണ്ണയ്ക്ക് ഈ ആനുകൂല്യം ഇല്ലെന്നു മാത്രമല്ല മറ്റു ഭക്ഷ്യ എണ്ണകള്‍ക്കൊന്നിനും ഇല്ലാത്ത എക്സൈസ് തീരുവ അടിച്ചേല്‍പ്പിച്ചിരിക്കുന്നു. മലേഷ്യന്‍ പാമോയില്‍ ലോബിക്കുള്ള നിര്‍ലജ്ജമായ വിടുപണിയല്ലേ ഇത്? വിലക്കയറ്റം പിടിച്ചുനിര്‍ത്താനാണ് സബ്സിഡി എങ്കില്‍ ഇത് വെളിച്ചെണ്ണയ്ക്കും ബാധകമല്ലേ? പാമോയിലിന്റെ അനിയന്ത്രിതമായ ഇറക്കുമതി കേരകൃഷിയെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്.

മത്തി, അയല, ചെമ്മീന്‍ തുടങ്ങിയവയെ നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതു ശരിതന്നെ. പക്ഷേ, ആവോലി, ചൂര തുടങ്ങിയ ഒട്ടേറെ മത്സ്യങ്ങള്‍ ചുങ്ക തീരുവ വെട്ടിക്കുറയ്ക്കലിനു വിധേയമാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരുകാര്യം സംസ്കരിച്ച മത്സ്യം ചുങ്ക തീരുവ പൂര്‍ണമായും ഒഴിവാക്കേണ്ട ലിസ്റ്റിലാണ് എന്നതാണ്. ഇതില്‍ മത്തിയും അയലയും ചെമ്മീനും എല്ലാം ഉള്‍പ്പെടും. സംസ്കരിച്ച (വെട്ടിവൃത്തിയാക്കി പായ്ക്കറ്റിലാക്കിയാലും മതി) രൂപത്തിലായിരിക്കും ഈ രംഗത്തെ ഇറക്കുമതി.

ആസിയന്‍ രാജ്യങ്ങളുമായാണ് കരാറെങ്കിലും മറ്റു രാജ്യങ്ങളില്‍നിന്ന് ആസിയന്‍ രാജ്യങ്ങള്‍വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാം. ഇത് ഒഴിവാക്കാന്‍ സാധാരണ, ഇന്ത്യ സ്വീകരിച്ചുവരാറുള്ള രണ്ടു മാര്‍ഗമുണ്ട്. ഒന്ന് പുറത്തുനിന്നുകൊണ്ടു വരുന്ന ചരക്കുകള്‍ ഇന്ത്യയിലേക്ക് കയറ്റുമതിചെയ്യുംമുമ്പ് 40 ശതമാനമെങ്കിലും മൂല്യവര്‍ധന കൈവരിച്ചിരിക്കണം. രണ്ട്, ഇതിന്റെ ഫലമായി ചരക്കിന്റെ സ്വഭാവത്തില്‍ മാറ്റംവരണം. അതായത് പുറത്തുനിന്ന് കൊണ്ടുവന്നപ്പോള്‍ ചരക്കിനുണ്ടായിരുന്ന കോഡ് പുതിയ ഒന്നായി മാറത്തക്ക മാറ്റങ്ങളുണ്ടായിരിക്കണം. ആസിയന്‍ കരാറിലെ രണ്ടമത്തെ നിബന്ധന ഉപേക്ഷിച്ചു. ആദ്യത്തേത് 35 ശതമാനമായി പരിമിതപ്പെടുത്തി. കയറ്റിറക്കുകൂലിയും അല്ലറചില്ലറ മാറ്റവും ലാഭവും കണക്കിലെടുത്താല്‍ മാത്രം മതി 35 ശതമാനം മൂല്യവര്‍ധനയുടെ പരിധികടക്കാന്‍. ശ്രീലങ്കവഴി ഏലവും കുരുമുളകും മറ്റും കേരളത്തിലേക്ക് വരുംപോലെ ആസിയന്‍ രാജ്യങ്ങള്‍വഴി പുറത്തുനിന്ന് ഉല്‍പ്പന്നം ഇറക്കുമതി ചെയ്യാനുള്ള സാധ്യത വളരെയേറെയാണ്.

ഒരുകാര്യംകൂടി പറയട്ടെ: ആസിയന്‍ കരാറിലെ നെഗറ്റീവ് ലിസ്റ്റും സെന്‍സിറ്റീവ് ലിസ്റ്റും കേവലം താല്‍ക്കാലികമാണ്. ലോകവ്യാപാര കരാറനുസരിച്ച് (ഗാട്ട് 1994ന്റെ 24-ാം വകുപ്പ്) സ്വതന്ത്രവ്യാപാരമേഖലയ്ക്ക് നിശ്ചിത കാലയളവിനുള്ളില്‍ എതാണ്ട് എല്ലാ ഉല്‍പ്പന്നത്തിലും സമ്പൂര്‍ണ സ്വതന്ത്രവ്യാപാരം ഏര്‍പ്പെടുത്തേണ്ടതുണ്ട്. നെഗറ്റീവ് ലിസ്റ്റും സെന്‍സിറ്റീവ് ലിസ്റ്റും തുടര്‍ച്ചയായി വെട്ടിക്കുറയ്ക്കണമെന്ന് സാരം. ഒരു ഉല്‍പ്പന്നവും ഇനി ഈ ലിസ്റ്റുകളിലേക്ക് കയറ്റാനാകില്ല. മറിച്ച് ഇവയിലിപ്പോഴുള്ള തീരുവയില്ലാതെ സാധാരണ ലിസ്റ്റിലേക്ക് പടിപടിയായി മാറ്റും. ഇന്ത്യ സര്‍ക്കാര്‍ ഇതിനൊക്കെ കൂട്ടുനില്‍ക്കുമോ? പരമാവധി ചുങ്കനിരക്കിനേക്കാള്‍ തീരുവ താഴ്ത്തുമോ? നെഗറ്റീവ് ലിസ്റ്റില്‍നിന്നു നാളെ കേരളത്തിന്റെ ഉല്‍പ്പന്നങ്ങളെ മറ്റു ലിസ്റ്റിലേക്ക് നീക്കുമോ? കേന്ദ്രസര്‍ക്കാര്‍ ഇത്തരം ദുഷ്ടത്തരം കാണിക്കുമോ? ഇവയൊക്കെ ന്യായമായ സംശയമാണ്.

കേന്ദ്രസര്‍ക്കാരിന് കേരളത്തോടുള്ള ഇഷ്ടാനിഷ്ടമല്ല പ്രശ്നം. കരാറിന്റെ അടിസ്ഥാന സ്വഭാവംതന്നെയാണ് പ്രശ്നം. ഈ കരാര്‍ ഇന്ത്യയുടെ മേലോ ആസിയന്‍ രാജ്യങ്ങളുടെ മേലോ ആരും അടിച്ചേല്‍പ്പിക്കുന്നതല്ല. ഇരുവരും സ്വമേധയാ ഏര്‍പ്പെടുന്നതാണ്. എന്നുവച്ചാല്‍ ഇരുവര്‍ക്കും ഈ കരാറുകൊണ്ട് നേട്ടങ്ങളുണ്ട്. ഇന്ത്യയുടെ നേട്ടമെന്താണ്? നമ്മുടെ നാണ്യവിളകള്‍ ആസിയന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യപ്പെടുമെന്ന് സ്വപ്നംപോലും കാണാനാവില്ല. പ്രതിപക്ഷനേതാവ് എഴുതിയതുപോലെ സേവന-നിക്ഷേപ മേഖലകളിലും ചില വ്യവസായ ഉല്‍പ്പന്നത്തിലുമാണ് ഇന്ത്യ നേട്ടം കൊയ്യാന്‍പോകുന്നത്. ഇത് ശരിയാണുതാനും. പക്ഷേ, ആസിയന്‍ രാജ്യങ്ങള്‍ക്ക് ഏതു മേഖലയിലാണ് നേട്ടം ഉണ്ടാകുക? അവരുടെ ലക്ഷ്യം ഇന്ത്യയിലേക്ക് കൂടുതല്‍ നാണ്യവിള കയറ്റുമതി ചെയ്യലാണ്. ഇതിനു കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് ഈ കരാറുകൊണ്ട് നേട്ടമില്ല. അതിനവര്‍ തയ്യാറാകുകയുമില്ല. പ്രതിപക്ഷനേതാവ് എന്തൊക്കെ സംരക്ഷണ ഉപാധികളെക്കുറിച്ച് വാചകമടിച്ചാലും ഈ അടിസ്ഥാന യാഥാര്‍ഥ്യം മാറാന്‍പോകുന്നില്ല.

ഇപ്പോള്‍ ചരക്കുകളുടെ വ്യാപാരകരാറേ ആയിട്ടുള്ളൂ. ഇനി സേവനവ്യാപാരവും നിക്ഷേപവും സംബന്ധിച്ച കരാറുകളിലേക്ക് നീങ്ങുമ്പോള്‍ ഇന്ത്യ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടിവരും. പാമോയിലിന്റെ ഇപ്പോഴത്തെ നില ചൂണ്ടുപലകയാണ്. ഇന്ത്യയിലെ സേവന-നിക്ഷേപരംഗങ്ങളിലെ കുത്തകകള്‍ക്കുവേണ്ടി കേരളത്തിലെ ലക്ഷക്കണക്കായ കൃഷിക്കാരെ കേന്ദ്രസര്‍ക്കാര്‍ ബലിയാടാക്കിയിരിക്കുകയാണ്. രാജ്യം എന്നുപറഞ്ഞാല്‍ കൃഷിക്കാരും കച്ചവടക്കാരുമുണ്ട്; മുതലാളിയും തൊഴിലാളിയുമുണ്ട്; വിവിധ സംസ്ഥാനങ്ങളുമുണ്ട്. ഈ കരാര്‍ മൊത്തത്തില്‍ എന്ത് നേട്ടമുണ്ടാക്കിയാലും കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും കേരള സംസ്ഥാനത്തിനും ദോഷമാണ്.

*
ഡോ. തോമസ് ഐസക് കടപ്പാട്: ദേശാഭിമാനി

22 August, 2009

ജിന്നയും ജസ്വന്തും പാകിസ്ഥാനും

ജിന്നയും ജസ്വന്തും പാകിസ്ഥാനും

പാകിസ്ഥാന്‍ രാഷ്ട്രപിതാവായ ഖ്വയ്ദി അസം മുഹമ്മദാലി ജിന്നയെ സ്വാതന്ത്ര്യത്തിന് എതിരായി ബ്രിട്ടീഷുകാരുടെ കരുവായി വര്‍ത്തിച്ച വര്‍ഗീയവാദിയും വിഭജനകാലത്തെ ഭീകരമായ രക്തച്ചൊരിച്ചിലുകളുടെ കാരണക്കാരനായും കരുതി വെറുത്ത ഒരു തലമുറയില്‍പ്പെട്ട സ്വാതന്ത്ര്യസമര പ്രവര്‍ത്തകനായിരുന്നു ഈ ലേഖകന്‍. 61 വര്‍ഷംമുമ്പ് നീണ്ടകാലം രോഗമൊന്നുമില്ലാതെ ആകസ്മികമായി ഭരണഭാരമേറ്റ് 12 മാസംപോലും തികയുന്നതിനുമുമ്പ് ജിന്ന നിര്യാതനായപ്പോള്‍ എന്റെ തലമുറയില്‍പ്പെട്ടവര്‍ക്ക് ഒരുതുള്ളി കണ്ണുനീര്‍പോലും പൊഴിക്കാന്‍ കഴിയുമായിരുന്നില്ല. അഞ്ചുവര്‍ഷംമുമ്പ് മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും അയോധ്യയിലെ ബാബറി മസ്ജിദ് ധ്വംസനകേസില്‍ പ്രതിയും ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കപ്പെട്ട ആളുമായ ലാല്‍ കിഷന്‍ അദ്വാനി പാകിസ്ഥാനും തന്റെ മൂലകുടുംബം സ്ഥിതിചെയ്തിരുന്ന സിന്ധും സന്ദര്‍ശിച്ചശേഷം നടത്തിയ പ്രസ്താവന അനേകരെ അമ്പരപ്പിക്കുകയും ബിജെപിയില്‍ ആഭ്യന്തരക്കുഴപ്പത്തിന് വഴിവയ്ക്കുകയും ചെയ്തു. ജിന്ന ഒരു വര്‍ഗീയവാദി എന്നതിനേക്കാള്‍ ഒരു മതനിരപേക്ഷവാദിയും ജനാധിപത്യവിശ്വാസിയുമായിരുന്നു എന്നാണ് അതുവരെ വ്യത്യസ്തമായ അഭിപ്രായം പുലര്‍ത്തിയിരുന്ന അദ്വാനിയുടെ പുതിയ വെളിപാട്. അന്ന് ചില സ്ഥാനമാറ്റങ്ങളിലൂടെ അദ്വാനിക്ക് ചെറിയ ശിക്ഷ നല്‍കുകയും പിന്നീട് പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്വമെന്ന ഉയര്‍ന്ന പദവി നല്‍കുകയും അദ്വാനി സ്ഥാനമൊഴിഞ്ഞ് പ്രസിഡന്റ് പദവിയിലേക്ക് യുപി നേതാവ് രാജ്നാഥ് സിങ്ങിനെ നിയോഗിക്കുകയുംചെയ്തു. എന്നാല്‍, ജസ്വന്ത് സിങ്ങിനെ അങ്ങനെ മൃദുവായി ശിക്ഷിച്ചെന്നുവരുത്തി പ്രശ്നം തീര്‍ക്കാന്‍ ബിജെപി തയ്യാറാകാത്തതിന്റെ പുറകില്‍ തത്വദീക്ഷയേക്കാള്‍ അവസരവാദവും ഗ്രൂപ്പ് മത്സരവും ആണെന്നു വ്യക്തം.

ജസ്വന്ത് സിങ്ങിന്റെ 'ജിന്ന- ഇന്ത്യ പാര്‍ട്ടീഷന്‍, ഇന്‍ഡിപെന്‍ഡന്‍സ്' (ജിന്ന- ഇന്ത്യാവിഭജനം, സ്വാതന്ത്ര്യം) എന്ന പുസ്തകം കഴിഞ്ഞ പതിനേഴിന് വൈകിട്ട് ഔപചാരികമായി പ്രകാശിപ്പിക്കുകയും 36 മണിക്കൂറിനകം പത്തൊമ്പതിന് രാവിലെ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അദ്ദേഹത്തെ പാര്‍ടിയില്‍നിന്ന് പുറത്താക്കുകയുംചെയ്തു. അതിവേഗം പുസ്തകം വായിച്ചുതീര്‍ക്കുന്നതില്‍ അതിവിദഗ്ധന്മാരാണ് ബിജെപി നേതാക്കളെന്ന് ഇതേക്കുറിച്ച് ജസ്വന്ത് സിങ് പരിഹസിക്കുകയുണ്ടായി. തനിക്ക് കുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ച് സമാധാനം പറയാന്‍ ആവശ്യപ്പെടുകപോലും ചെയ്യാതുള്ള ഈ നടപടിക്രമം ജനാധിപത്യകക്ഷികളില്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ജസ്വന്ത്സിങ് പരാതിപ്പെട്ടു. പാര്‍ലമെന്റിലെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി എന്ന ഉന്നതാധികാരസമിതിയുടെ അധ്യക്ഷന്‍കൂടിയായ ഈ മുന്‍ വിദേശമന്ത്രി ഇപ്രകാരം കൈക്കില കൂടാതെയുള്ള ഈ എടുത്തെറിയല്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ആര്‍എസ്എസ് പശ്ചാത്തലമോ പാര്‍ടിയിലെ ഗ്രൂപ്പ് വടംവലികളില്‍ വലിയ പിടിപാടോ ഇല്ലാതിരുന്നതിനാല്‍ ജസ്വന്ത്സിങ്ങിനെ പന്തുതട്ടുംപോലെ തട്ടിക്കളിക്കാന്‍ ബിജെപി നേതൃത്വത്തിന് വിഷമമുണ്ടായില്ല.

ജസ്വന്ത്സിങ്ങിന്റെ ബൌദ്ധികവും ഭരണപരവുമായ കഴിവ് കണക്കിലെടുത്ത് ബിജെപിയിലെ അധികാര കച്ചവടക്കാരുടെ തലയ്ക്കുമീതെ അടല്‍ ബിഹാരി വാജ്പേയി അദ്ദേഹത്തെ മന്ത്രിസഭയില്‍ ചേര്‍ക്കുകയാണ് ചെയ്തത്. മുന്‍ ബിജെപി പ്രസിഡന്റും മുഖ്യവക്താവുമായ വെങ്കയ്യ നായിഡുപോലും ഈ പുസ്തകത്തെച്ചൊല്ലി ജസ്വന്ത് സിങ്ങിനെ പുറത്താക്കാനിടയില്ലെന്നു പറഞ്ഞിരുന്നത് ശ്രദ്ധേയമാണ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി 'കേട്ടതുപാതി കേള്‍ക്കാത്തതുപാതി' എന്ന മട്ടില്‍ മണിക്കൂറുകള്‍ക്കകം തന്റെ സംസ്ഥാനത്ത് പുസ്തകം നിരോധിച്ച് പ്രശ്നം ഒഴിഞ്ഞുമാറാന്‍ കഴിയാത്തവിധം രൂക്ഷമാക്കി.

ആര്‍എസ്എസ് പാരമ്പര്യമില്ലാത്ത ജസ്വന്ത്സിങ്ങിന് പാര്‍ടിയില്‍ വേരുകളൊന്നുമില്ല. മറ്റൊരു പാരമ്പര്യത്തില്‍ ഉയര്‍ന്നുവന്ന സാധാരണ ഒരു ബൂര്‍ഷ്വാ ലിബറല്‍ രാഷ്ട്രീയപ്രവര്‍ത്തകനായ ജസ്വന്ത്സിങ് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വി സംബന്ധിച്ച് ചില ഉന്നതനേതാക്കളെ മനസ്സില്‍ കണ്ടുകൊണ്ട് നടത്തിയ പരാമര്‍ശങ്ങളിലും അദ്വാനിയുള്‍പ്പെടയുള്ളവര്‍ക്ക് പരിഭവമുണ്ടായിരുന്നു. ജസ്വന്തിന്റെ സ്വന്തം സംസ്ഥാനമായ രാജസ്ഥാനില്‍ ബിജെപി നേതൃത്വം നിര്‍ദേശിച്ച മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്ക് എതിരെ വസുന്ധര രാജെ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഒതുക്കുന്നത് ആവശ്യമായി നേതൃത്വം കരുതിയിരിക്കാം.

ഇന്ത്യാ വിഭജനത്തിനു കാരണക്കാരന്‍ ജിന്ന മാത്രമല്ലെന്നും എങ്ങനെയെങ്കിലും അധികാരത്തില്‍ പിടിച്ചുകയറാനുള്ള ധൃതിമൂലം മഹാത്മാഗാന്ധിയുടെ ഹിതങ്ങളെപ്പോലും അവഗണിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലും ജവാഹര്‍ലാല്‍ നെഹ്റുവും വിഭജനത്തിന്റെ ഉത്തരവാദികളില്‍പ്പെടുമെന്നും ജസ്വന്ത് എഴുതിയിട്ടുണ്ട്. ഇതില്‍ സര്‍ദാര്‍ പട്ടേലിനെക്കുറിച്ചുള്ള വിമര്‍ശനവും ജിന്നയെ സംബന്ധിച്ച ന്യായീകരണവും പാര്‍ടിയുടെ 'അടിസ്ഥാന വിശ്വാസപ്രമാണങ്ങള്‍'ക്ക് എതിരാണെന്നും പാര്‍ടി വക്താവ് അരു ജെയ്റ്റ്ലി പറയുകയുണ്ടായി. അനുകൂലികളും പ്രതികൂലികളും ആയ വ്യക്തികളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ എങ്ങനെയാണ് പ്രത്യയശാസ്ത്രത്തിന്റെയും അടിസ്ഥാന വിശ്വാസപ്രമാണത്തിന്റെയും രേഖകളില്‍ കടന്നുകൂടുക എന്ന് ജെയ്റ്റ്ലി വ്യക്തമാക്കിയില്ല. മുമ്പ് അദ്വാനി പാകിസ്ഥാനില്‍ ജിന്നയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം ജിന്നയെ പ്രകീര്‍ത്തിച്ചത് വിവാദമുയര്‍ത്തിയപ്പോള്‍ 2005 ജൂണ്‍ പത്തിന് അദ്വാനിയുടെ നിലപാടിനെ നിരാകരിച്ചുകൊണ്ടുള്ള പ്രമേയമാണ് 'അടിസ്ഥാനപ്രമാണം' എന്നായിരുന്നു ജെയ്റ്റ്ലിയുടെ ന്യായീകരണം. അത് ഒരു പ്രമേയംപോലുമായിരുന്നില്ലെന്നും ഒരു പ്രസ്താവന മാത്രമായിരുന്നെന്നും ജസ്വന്ത് തിരിച്ചടിച്ചു. സര്‍ദാര്‍ പട്ടേലാണ് ഗാന്ധിജിയുടെ വധത്തിനുശേഷം ആര്‍എസ്എസിനെ നിരോധിച്ചത് എന്ന വസ്തുതയും പട്ടേല്‍ആരാധകരെ ജസ്വന്ത് ഓര്‍മിപ്പിച്ചു. എന്നാല്‍, ഗാന്ധിജിയുടെ വധത്തിനുശേഷം ഗത്യന്തരമില്ലാതെ ആര്‍എസ്എസിനെ പട്ടേല്‍ നിരോധിച്ചെങ്കിലും കേസ് വിചാരണ അവസാനിക്കുന്നതിനുമുമ്പുതന്നെ ചില നിസ്സാര വ്യവസ്ഥകളോടെ നിരോധനം നീക്കാന്‍ നെഹ്റുവിനെ പ്രേരിപ്പിച്ചതും പട്ടേലായിരുന്നു എന്നത് ജസ്വന്ത് വിസ്മരിച്ചെങ്കിലും അദ്വാനിയും കൂട്ടരും ഇപ്പോഴും അത് കൃതാര്‍ഥതയോടെ ഓര്‍ക്കുന്നു. ഇതിനുപുറമെ ഗുജറാത്തിലെ മോഡിസര്‍ക്കാരിന് പിന്തുണ നല്‍കുന്നവരില്‍ ഒരു വലിയവിഭാഗം വല്ലഭായ് പട്ടേലിന്റെ സമുദായക്കാരാണെന്നതും ജസ്വന്തിന്റെ ബഹിര്‍ഗമനത്തിനു കാരണമായി.

മുഹമ്മദാലി ജിന്ന വൈരുധ്യങ്ങളുടെ ഒരു മൂര്‍ത്തീകരണമായിരുന്നു. 1930കള്‍ വരെ കോണ്‍ഗ്രസിനോടും സ്വാതന്ത്ര്യപ്രസ്ഥാനത്തിനോടും അനുഭാവം പുലര്‍ത്തുകയും മഹാത്മാഗാന്ധിയുടെ നിസ്സഹകരണപ്രസ്ഥാനം ആരംഭിക്കുന്നതിനുമുമ്പ് മുസ്ളിംലീഗും കോണ്‍ഗ്രസും ചേര്‍ന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഒത്തുതീര്‍പ്പ് ഉടമ്പടി ഒപ്പുവയ്ക്കുകയും ചെയ്തയാളാണ് ജിന്ന. മുസ്ളിങ്ങള്‍ക്ക് വലിയ സാന്നിധ്യമുള്ള യുപിയിലും ബിഹാറിലും മറ്റും ലീഗിന്റെ സഹകരണഹസ്തം 1937ല്‍ കോണ്‍ഗ്രസ് നിരസിച്ചതിനെത്തുടര്‍ന്നാണ് ജിന്ന മാറാന്‍ തുടങ്ങിയതും 1940ല്‍ ഇരുരാഷ്ട്രസിദ്ധാന്തം അവതരിപ്പിച്ച് ഇന്ത്യാവിഭജനത്തിന് പച്ചക്കൊടി കാട്ടിയതും. വ്യക്തിപരമായി ജിന്ന സാധാരണ കടുത്ത വിശ്വാസികളെപ്പോലെയുള്ള ഒരു മുസ്ളിമായിരുന്നില്ല. ഇസ്ളാംമത വിരുദ്ധമായ വീഞ്ഞും പന്നിയിറച്ചിയും (പ്രത്യേകിച്ചും പ്രാതലിന്റെ കൂടെയുള്ള ബേക്ക) അദ്ദേഹം നിഷിദ്ധമായി കരുതിയില്ല. അദ്ദേഹം വിവാഹം കഴിച്ചതും ഒരു ഹിന്ദുവിനെയാണ്. അവര്‍ നേരത്തെ മരിച്ചുപോയതുകൊണ്ട് സഹോദരി ഫാത്തിമയ്ക്കായിരുന്നു ആതിഥേയത്വത്തിന്റെയും ഗൃഹഭരണത്തിന്റെയും ചുമതല. ആഹാരരീതിയിലും ജീവിതശൈലിയിലും വസ്ത്രധാരണത്തിലും എല്ലാം പടിഞ്ഞാറന്‍ സമ്പ്രദായങ്ങള്‍ അനുവര്‍ത്തിച്ചിരുന്ന അതിപ്രഗത്ഭനായ ഈ അഭിഭാഷകന്‍ പാകിസ്ഥാന്‍ പ്രസ്ഥാനം ശക്തിപ്പെട്ടപ്പോള്‍ മാത്രമാണ് ചിലപ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കുവേണ്ടി തുര്‍ക്കി തൊപ്പിയും ഷെര്‍വാണിയും ധരിച്ചിരുന്നത്. പാകിസ്ഥാന്‍ രൂപീകരിക്കപ്പെട്ടശേഷം അവിടത്തെ പാര്‍ലമെന്റില്‍ ജിന്ന നടത്തിയ ഉദ്ഘാടനപ്രസംഗം മതനിരപേക്ഷതയുടെയും അവിടത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും സിഖുകാരും എല്ലാ പൌരാവകാശങ്ങളോടുംകൂടി സുരക്ഷിതരായി കഴിയാന്‍ വ്യവസ്ഥയുണ്ടെന്നും കഴിഞ്ഞുപോയ കലഹകാലങ്ങള്‍ വിസ്മരിക്കണമെന്നുമുള്ളതായിരുന്നു. ഈ പ്രസ്താവനയെ മുന്‍നിര്‍ത്തിയാണ് അദ്വാനിയും അദ്ദേഹത്തിന് മതനിരപേക്ഷ ഭരണാധികാരി എന്ന പട്ടം ചാര്‍ത്തിക്കൊടുത്തത്.

*
പി ഗോവിന്ദപ്പിള്ള

20 August, 2009

സ്വാശ്രയം

സ്വാശ്രയം

കൊപ്ര മൊതലാളി റപ്പായി അതിരാവിലെ ഖിന്നനായി അന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെട്ടു. ദൃശ്യം തല്‍സമയം കണ്ട തൊഴിലാളി വേലായുധങ്കുട്ടി മോഹാലസ്യത്തിന്റെ വക്കോളമെത്തി.

തന്റെ അന്നമാണ് വാടിയിരിക്കുന്നത്. അവകാശങ്ങള്‍ക്ക് വേണ്ടി പോരടിക്കുമ്പോഴും അന്നദാതാവിനോടുള്ള ആദരവ് ഉപബോധമനസ്സില്‍ കിടക്കുന്ന കാര്യം വേലായുധങ്കുട്ടിക്കറിയാമായിരുന്നു. ചരിത്രപരമായ ഒരു ഫ്യൂഡല്‍ അവശിഷ്ടം. കുടിയാന്റെ മനസ്സില്‍ ചേക്കേറിയ ജന്മിത്വത്തിന്റെ കൊക്കോപ്പുഴു.

ചോറു തരുന്ന ആരാണ് നന്ദി പ്രതീക്ഷിക്കാത്തത്? വാലാട്ടുന്നവന്‍ വളരും. അല്ലാത്തവന്‍ വലയും.

പൊതിച്ചു തള്ളിയ നാളികേരങ്ങള്‍ക്കിടയില്‍ നിന്നും, ചകിരിയും വിയര്‍പ്പും ചേര്‍ന്നൊരുക്കിയ രൂക്ഷഗന്ധത്തോടെ വേലായുധങ്കുട്ടി മൊതലാളിയോട് വികാരാധീനനായി ചോദിച്ചു.

"എന്തുപറ്റീ..?''

വിനയത്തിന്റെ അകത്ത് ഒരു വായ്പാ അപേക്ഷ ഒളിപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ റപ്പായി ഉത്തരം പറഞ്ഞില്ല. പകരം പണി തുടരാന്‍ ആംഗ്യം കൊണ്ട് ഉത്തരം നല്‍കി. കുശലപ്രശ്നത്തിനിടയില്‍ പതിനഞ്ചു നാളികേരം പൊതിക്കുന്ന സമയം അപഹരിക്കാനാണ് സ്മര്യപുരുഷന്റെ രഹസ്യ അജണ്ട എന്ന് റപ്പായിക്ക് മനസ്സിലായി.

എന്തെങ്കിലുമുണ്ടെങ്കില്‍ ഡ്രിങ്ക്സിന് പിരിയുമ്പോള്‍ ആകാമെന്ന് റപ്പായി തീരുമാനിച്ചു.

തന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടതില്‍ വേലായുധങ്കുട്ടിക്ക് നിരാശ വന്നു. നാളികേരത്തില്‍ നിന്ന് വന്ന വേലായുധങ്കുട്ടി നാളികേരത്തിലേക്ക് മടങ്ങി. പക പാരയില്‍ തീര്‍ത്തു.

"മൊതലാളിയാണത്രെ, മൊതലാളി. മുതലാളിത്വം പോലും മനുഷ്യമുഖമുള്ള മുതലാളിത്തമാകാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ എന്താണ് ഭാവിക്കുന്നത്?. ലോക മുതലാളിയുടെ മുന്നില്‍ റപ്പായി മൊതലാളി ആരാണ്? വെറും ഏഴാം കൂലി. ശരാശരി ഏഷ്യക്കാരന് ശരാശരി അമേരിക്കക്കാരന്റെ വരുമാനത്തിന് ഒപ്പമെത്തണമെങ്കില്‍ ഇനിയും നാല്‍പ്പത്തിയേഴുകൊല്ലം കഴിയണം. ഇന്ത്യക്കാരന്‍ എത്തണമെങ്കില്‍ നൂറ്റിയിരുപത്തിമൂന്ന് കൊല്ലം കഴിയണം.

എന്നിട്ടും കണ്ടില്ലേ അഹങ്കാരം!''

വേലായുധങ്കുട്ടി എല്ലാം കടിച്ചമര്‍ത്തി. തന്റെ കുശലാന്വേഷണം വ്യാജമല്ലെന്നറിയിക്കാന്‍ ചായക്ക് പിരിഞ്ഞപ്പോള്‍ വേലായുധങ്കുട്ടി റപ്പായിമൊതലാളിയുടെ സമീപമെത്തി.

ഉച്ചതിരിഞ്ഞ് വിസ്തരിക്കാമെന്ന് പറഞ്ഞ് ഇത്തവണയും റപ്പായി മൊതലാളി വേലായുധങ്കുട്ടിയെ മടക്കി.

തോറ്റില്ല, വേലായുധങ്കുട്ടി. തോറ്റ ചരിത്രം വേലായുധങ്കുട്ടി കേട്ടിട്ടുമില്ല. സത്യസന്ധത ബോദ്ധ്യമാക്കിയേ അടങ്ങൂ. അന്തിമ വിജയം സത്യത്തിനായിരിക്കും. അല്ലെങ്കിലും സത്യം ആസ്വദിക്കാനുള്ളതല്ല, തെളിയിക്കാനുള്ളതാണ്. നാളികേര മധ്യത്തില്‍ നിന്ന് വേലായുധങ്കുട്ടി ജ്വലിച്ചു.

ഉച്ചഭക്ഷണത്തിനു ശേഷമുള്ള സമയം സ്വല്‍പം മയങ്ങാനുള്ളതാണ്. പക്ഷെ വേലായുധങ്കുട്ടി അത് മൊതലാളിക്ക് വേണ്ടി മാറ്റി വെച്ചു. നീചമുതലാളിമാര്‍ കണ്ടുപഠിക്കട്ടെ. മനുഷ്യത്വമുള്ളവനാണ് തൊഴിലാളി എന്ന് തെളിയിച്ച് വേലായുധങ്കുട്ടി കഴിയുന്നത്ര നിരുദ്ധകണ്ഠനായി കാരണം തിരക്കി.

"ഇരിക്കെഡാ..''

വേലായുധങ്കുട്ടി ഇരിക്കാന്‍ മടിച്ചു. സമത്വത്തിനിടയിലെ അകലം വേലായുധങ്കുട്ടിക്ക് നന്നായി അറിയാം. മൊതലാളിയുടെ സ്നേഹം താല്‍ക്കാലികം.അതിന്റെ അടിത്തറ ലാഭം.

അതുകൊണ്ട് ഇരിക്കാതെ കഴിച്ചുകൂട്ടി.

റപ്പായി മൊതലാളി സമ്മതിച്ചില്ല.

"ഇരിക്കെഡാ..''

"വേണ്ട മൊതലാളീ നിന്നോളാം...നില്‍ക്കുമ്പോളാണാല്ലൊ മൊതലാളിക്ക് പറയാനുമൊരു സുഖം.''

"ഇതെന്റെ കാര്യോഡാ. നീയിരി. നിന്റെ കാര്യാവുമ്പോ ശ്രദ്ധിച്ചാ മതീഡാ..''

വേലായുധങ്കുട്ടി നാണം ഭാവിച്ച് ഇരുന്നു എന്ന് വരുത്തി.

"ഒറപ്പിച്ചിരിക്കഡാ..''

ഒറപ്പിച്ചു.

"ഡാ..ചെക്കന്റെ കാര്യാലോചിച്ചിട്ടാഡാ ഒരു സങ്കഡം''

സങ്കടോ. മൊതലാളിക്കോ?. ആഗോള മൂലധന വിപണിയില്‍ ഏത് മൊതലാളിയാണ് സങ്കടപ്പെട്ടിട്ടുള്ളത്?.

പശ്ചാത്തലത്തില്‍ ഇത്രയും ചിന്തിച്ച് വേലായുധങ്കുട്ടി ഒറ്റ വാചകത്തില്‍ പ്രതികരണമൊതുക്കി.

"എന്തുപറ്റീ ?''

"അവന്റെ കാര്യം നിനക്കറിഞ്ഞൂട്റാ ?''

റപ്പായിമൊതലാളിക്ക് അങ്ങനെയൊരബദ്ധം സംഭവിച്ചിട്ടുണ്ട്. കുരുത്തംകെട്ടവന്‍ എന്നാണ് അവന്റെ പര്യായം. റപ്പായിയുടെ ഉള്ളില്‍ തീ കോരിയിട്ട് അവന്‍ നാള്‍തോറും വളരുന്നു. ഇപ്പോള്‍ അവന്‍ താടിമീശരോമങ്ങളാല്‍ അലംകൃതനായി പൂര്‍വാധികം വഷളനാവുകയും ചെയ്തു.

"ചെക്കനെ എന്തചെയ്യാനാ മൊതലാളി ?. ബിസിനസ് അവനെ ഏല്‍പിക്ക് . യുവാക്കളുടെ കാലം വരട്ടെ. അവര്‍ക്ക് ആധുധീക ബിസിനസ് തന്ത്രങ്ങള്‍ അറിയാം.''

"നാളികേരത്തിന് എന്തൂട്ട് ആധുനീക തന്ത്രോണ്‍ടാ!. അത് അപ്പ്ളായാലും ഇപ്പ്ളായാലും എപ്പ്ളായാലും പൊളിക്കണ്‍ഡ്രാ?. ചെക്കന് കച്ചോഡം പറ്റൂല്ലഡാ. നിന്നെയൊക്കെ മെരുക്കണ്‍ഡ്രാ. ചെക്കന് അതിനൊരു ഡാവില്ലെഡാ.''

"എന്താണൊരു പോംവഴി?''

"വഴിയൊരെണ്ണം കണ്ടിട്ടെണ്ട്റ. നീ പോയി പണി തീര്‍ക്ക്. വൈകിട്ട് കാണാഡാ..''

ഇപ്പോള്‍ വേലായുധങ്കുട്ടിക്ക് റപ്പായി മൊതലാളിയോട് ബഹുമാനം തോന്നി. ദുര്‍ബല നിമിഷം എന്നൊന്ന് ആ ജീവിതത്തിലില്ല. ഏതുനിമിഷവും മറ്റുള്ളവരെ കര്‍മനിരതരാക്കാനുള്ള അനിതരസാധാരണമായ സിദ്ധിവിശേഷം!. അഹോ, ഭയങ്കരം!.

"എങ്കിലും മൊതലാളീ ആകാംക്ഷക്കൊരു താല്‍ക്കാലികശമനത്തിനെങ്കിലും പറയൂ. ക്ടാവിനെ തെളിക്കുന്ന വഴിയേത്?''

റപ്പായി മൊതലാളി ചിരിച്ചു.

"വഴീണ്ട്റാ, പണി നടക്കട്ട്റ''

പതിവ് അഞ്ചുമണിവരെ മറ്റ് സംവാദങ്ങള്‍ക്കൊന്നും റപ്പായി മൊതലാളി വശംവദനായില്ല. പണി കഴിഞ്ഞു, കുളി കഴിഞ്ഞ് ഈറനണിഞ്ഞ് വന്നപ്പോള്‍ റപ്പായിമൊതലാളി പറഞ്ഞു.

"വാഡാ..പുവ്വാഡാ..''

കക്ഷത്തില്‍ ഒരു സഞ്ചി. അതിലെന്താണെന്ന് ചോദിക്കാന്‍ പ്രേക്ഷകന്‍ എന്ന നിലക്ക് വേലായുധങ്കുട്ടിക്ക് കൊതി വന്നു. റപ്പായി മൊതലാളിയുടെ പദസമ്പത്ത് ഭയന്ന് ചോദ്യം ചോദിക്കാതെ വിഴുങ്ങി.

"ക്ടാവിന്റെ വഴിയേതെന്ന് പറഞ്ഞില്ല.''" ഡാ..ഏതായാലും ദൈവം തമ്പ്രാന്റെ കൃപകൊണ്ട് അവന് ബുത്തീം ബോതോം കിട്ടീല്ല. എന്നാ പിന്നെ അവനെ പടിപ്പിച്ചേക്കാഡാ..അതല്ലേ നല്ലത്..''

വേലായുധങ്കുട്ടി ആ നിര്‍ദേശം കയ്യടിച്ച് സഹര്‍ഷം സ്വാഗതം ചെയ്തു.

"ഏതു പണിക്കും റിസ്കുണ്ട് മൊതലാളി, വിദ്യാഭ്യാസത്തിനൊഴികെ. മൊതലാളിയെ തന്നെ നോക്കു. നാലു ക്ളാസ് പടിച്ചെങ്കി മൊതലാളിയുടെ സ്ഥിതി എന്തായിരുന്നേനെ. എത്രമാത്രം അധഃപതിക്കുമായിരുന്നു. ഇത്രമാത്രം ഉന്നതിയിലെത്താന്‍ മൊതലാളിയെ സഹായിച്ചത് ആ നിരക്ഷരത്വമല്ലെ?. ഇനി വേണ്ടത് സ്റ്റാറ്റസാണ്. മൊതലാളിയുടെ നിരക്ഷരത്വം ചെക്കന്റെ സാക്ഷരത്വം കൊണ്ട് മാറ്റാം.

"കേക്കാന്‍ രസോണ്ടല്ലാഡാ. പറയ്ഡാ..''

"വര്‍ഷം തോറും ഇന്ത്യയില്‍ നിന്ന് എത്ര എഞ്ചിനീയര്‍മാരാണ് പുറത്തിറങ്ങുന്നതെന്ന് മൊതലാളിക്ക് അറിയാമോ?''

"പറയ്ഡാ..''

"മൂന്നരലക്ഷം..''

"ഇതില്‍ കൊള്ളാവുന്ന എത്രെണ്ണോണ്ട്റാ?''

"അതാണ് സങ്കടം. നൂറ്റിക്ക് ഇരുപത്തഞ്ച്''

"കണക്കെവ്ടന്നാഡാ..?''

"മക്കെന്‍സി ഗ്ളോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്''

"അവര് നാളികേരം എടുക്കോഡാ..''

"മൊതലാളീ, ഞാനൊന്ന് ചിരിച്ചോട്ടെ..''

"ചിരിക്കണ്ട്റാ. പറയ്ഡാ. എനിക്ക് വിദ്യാബ്യാസോണ്ടാവ്ട്ട്റ.''

"അമേരിക്കയില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ എഴുപതിനായിരം. അതില്‍ കൊള്ളാവുന്നത് നൂറ്റിക്ക് എണ്‍പത്തിയൊന്ന്''

"മതീഡാ..എറങ്ങാഡാ..''

"മൊതലാളീ ഇത് പള്ളിമേടയല്ലെ. ഞാനെന്തിന് ഇവ്ടെ എറങ്ങണം?. എനിക്ക് മതം മാറാന്‍ താല്‍പര്യമില്ല.''

"നീ മാറണ്ട്റ. ഇവ്ടെറങ്ങഡാ. ഇവ്ടയാഡാ കന്നാലീ എടപാട്.''

റപ്പായിയും, വേലായുധങ്കുട്ടിയും പള്ളിമേടയിലിറങ്ങി. അച്ചന്‍ ഇരുവര്‍ക്കും സ്തുതി പറഞ്ഞു.

റപ്പായി ചോദിച്ചു.

"അച്ചോ..കച്ചോടം തീര്‍ന്നോ?''

"ഇല്ല മകനെ..തുടരുന്നു.''

"ഇപ്പ എങ്ങനേണ്ട് അച്ചോ?''

"കര്‍ത്താവിന്റെ അനുഗ്രഹം കൊണ്ട് കുഴപ്പമില്ല. മകനെ നിനക്കെന്താണ് വേണ്ടത്?''

"റെയ്റ്റൊക്കെ എന്താണച്ചോ?''

"ഡിമാന്റ് കൂടുമ്പോള്‍ റേറ്റ് കൂടുമെന്ന് റപ്പായിക്കറിയാമല്ലൊ?''

"വേദപൊസ്തകത്തീ അങ്ങനെയൊണ്ടോ അച്ചോ?.''

വേലായുധങ്കുട്ടി ചെവിയില്‍ തിരുത്തി.

"അത് ബൈബിളല്ല. ഇക്കണോമിക്സാ?''

"രണ്ടും രണ്ടാ?''

" അതെ രണ്ടാ..''

"റപ്പായി നിനക്കെന്താ വേണ്ടത്?''

"ക്ടാവിനെ ഡാക്ടറാക്കണം''

"അപ്പോ മെഡിസിനാണ് വേണ്ടത്. അല്ലെ?''

"ന്ത് കുന്തായാലും ക്ടാവ് ആ കൊഴലൊന്ന് കഴുത്തിലിടണം.''

"മെഡിസിന് ഇപ്പോള്‍ മുപ്പത്തഞ്ച് ലക്ഷമാവും''

"അത് മതിയോ അച്ചോ..?''

റപ്പായി സഞ്ചി തുറന്ന് നിദ്ര പൂകിയ കറന്‍സി കെട്ടുകളെ തൊട്ടുണര്‍ത്തി.

"മകന് പ്ളസ് ടൂവിന് എത്ര മാര്‍ക്കൊണ്ട് റപ്പായി.''

അച്ചന്റെ ആ ചോദ്യം റപ്പായിക്ക് മനസ്സിലായില്ല. വേലായുധങ്കുട്ടിയോട് ചോദിച്ചു

"എന്തൂട്ട്റാ ആ പറഞ്ഞത്?''

"അതൊരു വിദ്യാഭ്യാസ യോഗ്യതയാണ് മൊതലാളി''

"മ്മട ക്ടാവ് അത് പാസ്സായ്ട്ട്ണ്ട്റാ?''

"ഇല്ല മൊതലാളീ''

റപ്പായി അച്ചനോട് പറഞ്ഞു.

"അച്ചോ അതിനും കൂടി എത്രയാവൂന്ന് പറഞ്ഞേ..''

റപ്പായി വീണ്ടും സഞ്ചി തുറന്നു.

*
എം എം പൌലോസ്

13 August, 2009

പട്ടിണിയുടെ ഇരകൾ

പട്ടിണിയുടെ ഇരകൾ
മാനവ ചരിത്രത്തിൽ ഇതാദ്യമായാണ്‌ ലോകവ്യാപകമായി നൂറുകോടിയിലേറെ ആളുകൾ (102 കോടി) പോഷകാഹാര ദാരിദ്ര്യം അനുഭവിക്കുന്നത്‌. ഇപ്പോൾ ഇത്‌ കഴിഞ്ഞ വർഷത്തേക്കാൾ 10 കോടി അധികമാണ്‌ - മൊത്തം മനുഷ്യവംശത്തിൽ ഏകദേശം ആറിൽ ഒരാൾ.
അടിയന്തിരമായും ശാശ്വത പരിഹാരത്തിന്‌ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, 2015 ആകുമ്പോൾ പട്ടിണി കിടക്കുന്നവരുടെ എണ്ണം പകുതിയായി കുറയ്ക്കണമെന്ന, 42 കോടിയിൽ അധികമാകാതിരിക്കണമെന്ന ലോക ഭക്ഷ്യ ഉച്ചകോടിയുടെ ലക്ഷ്യം നിറവേറ്റാനാവില്ല.
ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടനയുടെ പട്ടിണിയെ സംബന്ധിച്ച ഏറ്റവും ഒടുവിലത്തെ കണക്കുകൾ വെളിപ്പെടുത്തുന്നത്‌ കഴിഞ്ഞ പത്തു വർഷത്തിലേറെയായി സാക്ഷ്യം വഹിക്കുന്ന ആശങ്കാകുലമായ പ്രവണത കൂടുതൽ വഷളായി വരുന്നതായാണ്‌. 2009-ൽ ഭക്ഷ്യ സുരക്ഷയില്ലായ്മയിലുണ്ടായ വർധനവ്‌ പട്ടിണിയുടെ മൂലകാരണത്തെ തന്നെ അതിവേഗവും ഫലപ്രദമായും ഇല്ലായ്മ ചെയ്യണമെന്ന വസ്തുത അടിവരയിട്ട്‌ ഉറപ്പിക്കുന്നതാണ്‌.

ആഗോള സാമ്പത്തിക പ്രതിസന്ധി മുഖ്യകാരണം

ഭക്ഷണ-ഇന്ധന പ്രതിസന്ധികളെ തുടർന്നും അവയെ മറികടന്നും വന്ന ഇപ്പോഴത്തെ ആഗോള സാമ്പത്തിക തളർച്ചയാണ്‌ ഇപ്പോൾ ലോകത്ത്‌ പട്ടിണി കുത്തനെ കൂടിയതിന്റെ മുഖ്യകാരണം. ദരിദ്ര ജനവിഭാഗങ്ങളുടെ വരുമാനവും തൊഴിൽ സാധ്യതകളും അതുമൂലം കുറഞ്ഞു! അത്‌ അവരുടെ ഭക്ഷ്യലഭ്യതയിൽ ഗണ്യമായ കുറവുണ്ടാക്കി.

പോഷകാഹാരക്കുറവിലെ വർധനവ്‌ അന്താരാഷ്ട്ര ഭക്ഷ്യലഭ്യത പരിമിതമായതിന്റെ ഫലമായുണ്ടായതല്ല. എഫ്‌എഒ-യുടെ ഭക്ഷ്യ അവലോകന റിപ്പോർട്ടിലെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്‌ 2009-ൽ ഭക്ഷ്യധാന്യ ഉൽപ്പാദനം പ്രബലമാണെന്നാണ്‌. കഴിഞ്ഞ വർഷത്തെ 228.7 കോടി ടൺ എന്ന റിക്കാർഡ്‌ ഉൽപ്പാദനത്തിൽ നേരിയ കുറവേ ഈ വർഷം ഉണ്ടായിട്ടുള്ളു.

വരുമാനം കുറഞ്ഞതുകൊണ്ട്‌ ഭക്ഷ്യസാധനങ്ങൾ വാങ്ങാനുള്ള ശേഷി കുറഞ്ഞിരിക്കുകയാണ്‌ - പ്രത്യേകിച്ച്‌ ആഭ്യന്തര വിപണിയിലെ വിലകൾ ഗണ്യമായി ഉയർന്ന സ്ഥലങ്ങളിൽ. 2008 മധ്യത്തിലെ ഏറ്റവും ഉയർന്ന നിലയിൽ നിന്നും ലോക ഭക്ഷ്യവിലകൾ കുറച്ച്‌ താഴ്‌ന്നിട്ടുണ്ടെങ്കിലും ചരിത്രപരമായ മാനദണ്ഡപ്രകാരം അതിപ്പോഴും വളരെ അധികം തന്നെയാണ്‌. 2008 അവസാനം, പ്രധാന ഭക്ഷ്യസാധനങ്ങളുടെ ആഭ്യന്തര വില രണ്ടുവർഷം മുമ്പിലത്തെ വിലയേക്കാൾ ശരാശരി 24 ശതമാനം അധികമാണ്‌. പ്രധാനപ്പെട്ട കുറെയേറെ ഭക്ഷ്യവസ്തുക്കളുടെ സ്ഥിതി ഇതാണെന്നാണ്‌ കാണുന്നത്‌.

സാമ്പത്തിക പ്രതിസന്ധി മൂലം വരുമാനത്തിൽ കുറവുണ്ടായതും ഭക്ഷ്യസാധനങ്ങളുടെ വില വർധിച്ചിരിക്കുന്നതും ഒരേ സമയത്തായത്‌ ലോകത്തെ ഏറ്റവും കഷ്ടതയനുഭവിക്കുന്ന ജനങ്ങൾക്ക്‌ ഇരട്ട വിപത്തായി മാറിയിരിക്കുകയാണ്‌.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്‌ എന്താണ്‌?

പല വിധത്തിലും ചരിത്രപരമായി അഭൂതപൂർവമായതാണ്‌ ഇപ്പോഴത്തെ പ്രതിസന്ധി. ഒന്നാമതായി, അത്‌ ആഗോള ഭക്ഷ്യസുരക്ഷാ പ്രതിസന്ധിയെ തുടർന്നാണ്‌ ഉണ്ടായത്‌. ഭക്ഷ്യപ്രതിസന്ധിയുടെ ഫലമായി 2006-2008 കാലഘട്ടത്തിൽ ദശലക്ഷക്കണക്കായ ദരിദ്ര ജനവിഭാഗങ്ങൾക്ക്‌ കയ്യെത്താത്ത വിധം ഉയരത്തിൽ പ്രധാന ഭക്ഷ്യസാധനങ്ങളുടെ വില കുത്തനെ കുതിച്ചുയർന്നു. ആയതിനാൽ സാധാരണയായി സാമ്പത്തിക ആഘാതങ്ങളിൽ നിന്ന്‌ രക്ഷ നേടുന്നതിന്‌ കുടുംബങ്ങൾ സ്വീകരിക്കുന്ന സംവിധാനങ്ങളെല്ലാം അതീവ ദുർബലമായി.

രണ്ടാമതായി, ഈ പ്രതിസന്ധി ലോകത്തിന്റെ നാനാഭാഗങ്ങളിലും ഒരേ സമയത്താണ്‌ ബാധിച്ചതു. ഒരു പ്രത്യേക രാജ്യത്തെയോ ഒരു മേഖലയിലെ പല രാജ്യങ്ങളെയോ സാമ്പത്തിക പ്രതിസന്ധി ബാധിക്കുമ്പോൾ സർക്കാരുകൾക്ക്‌, നാണയ മൂല്യശോഷണം, വായ്പ വാങ്ങൽ എന്നിങ്ങനെയുള്ള ഉപാധികളെ ആശ്രയിക്കാനാവും, അഥവാ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളെ നേരിടുന്നതിന്‌ ഔദ്യോഗിക സഹായം വലിയ തോതിൽ ഉപയോഗിക്കാനാവും. ആഗോള പ്രതിസന്ധിയുടെ കാര്യത്തിൽ ഇത്തരം ഉപാധികളെ ആശ്രയിക്കാനുള്ള സാധ്യത പരിമിതമാണ്‌.

മൂന്നാമതായി, ധനപരമായും വ്യാപാരപരമായും ലോക സമ്പട്‌ ഘടനയുമായി കൂടുതൽ ഉദ്ഗ്രഥിക്കപ്പെട്ടിട്ടുള്ള വികസ്വര രാജ്യങ്ങൾക്ക്‌ അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങൾ വളരെ ഏറെ ബാധകമാകും. പ്രതിസന്ധിയുടെ ഫലമായി ആഗോള ചോദനത്തിലോ ലഭ്യതയിലോ കുറവുണ്ടാകുന്നതോ വായ്പാ ലഭ്യതയിൽ നിയന്ത്രണമുണ്ടാകുന്നതോ വികസ്വര രാജ്യങ്ങളിൽ അതിവേഗം പ്രത്യാഘാതങ്ങളുണ്ടാക്കും.

വികസ്വര രാജ്യങ്ങളെബാധിച്ചതെങ്ങനെ?

ആഗോള സാമ്പത്തിക തകർച്ച വികസ്വര രാജ്യങ്ങളെ ധനപരമായും വ്യാപാരപരമായും പ്രതികൂലമായി ബാധിച്ചു; അവയുടെ മൊത്തം സാമ്പത്തിക വളർച്ചയിലും ഭക്ഷ്യസുരക്ഷയിലും അത്‌ പ്രതികൂല പ്രത്യാഘാതമുണ്ടാക്കി. അതിന്റെ പ്രധാന വ്യാപന വഴികൾ താഴെപ്പറയുന്നവയാണ്‌.

വിദേശ പ്രത്യക്ഷ നിക്ഷേപം

ഐഎംഎഫിന്റെ കണക്കുകൾ പ്രകാരം, വികസ്വര രാജ്യങ്ങളിലേക്ക്‌ പോകുന്ന വിദേശ നിക്ഷേപം 2009-ൽ 32 ശതമാനം കുറയും. നിക്ഷേപം ഏരെയും ഖാനനം, വ്യവസായം, സേവനം എന്നീ മേഖലകളിലാണെങ്കിലും കാർഷിക മേഖലയേയും അത്‌ ദോഷകരമായി ബാധിക്കും. തൊഴിലവസരങ്ങൾ കുറയുന്നത്‌ സമ്പട്‌ ഘടനയിലാകെ അലയടിക്കും; എന്തെങ്കിലും ഒരു തൊഴിൽ കണ്ടെത്താൻ കഴിയാത്തവർ ഗ്രാമീണ മേഖലയിലേക്ക്‌ മടങ്ങാൻ നിർബന്ധിതരാകും.

പണംകൈമാറ്റം

വികസ്വരരാജ്യങ്ങളിലേക്ക്‌ പ്രവാസികളിൽ നിന്നുള്ള പണം വരവ്‌ 2009-ൽ ഏകദേശം 5 ശതമാനം മുതൽ 8 ശതമാനം വരെ കുറയുമെന്നാണ്‌ ലോകബാങ്ക്‌ പ്രതീക്ഷിക്കുന്നത്‌. മുമ്പ്‌ പണം കൈമാറ്റത്തിൽ 20 ശതമാനത്തോളം പ്രതിവർഷ വളർച്ച ഉണ്ടായിരുന്നതാണ്‌. വികസ്വര രാജ്യങ്ങൾക്ക്‌ അത്‌ സുപ്രധാന മൂലധനസ്രോതസ്സായിരുന്നു. ഉദാഹരണത്തിന്‌ വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ അവ മൊത്തം സാമ്പത്തിക വരുമാനത്തിന്റെ ആറ്‌ ശതമാനത്തെ പ്രതിനിധീകരിക്കുന്നു. എന്തിനധികം, സാധാരണയായി ആഘാതങ്ങളെ ചെറുക്കാൻ പര്യാപ്തമായിരുന്നു പണം കൈമാറ്റം. അവ സ്വീകരിക്കുന്ന രാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ അവ വർധിക്കാറു പോലുമുണ്ട്‌. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ ആഗോള മാനങ്ങൾ കാരണം ഇപ്രാവശ്യം ഈ പണം വരവിന്റെ പ്രതിചാക്രിക പ്രതിഫലനം (Countercyclical effect) സംഭവിക്കാനിടയില്ല.

ഔദ്യോഗിക വികസന സഹായം

2008-ൽ ആഗോളതലത്തിൽ തന്നെ ഗണ്യമായി വർധിച്ച വിദേശ സഹായമായിരുന്നു പല ദരിദ്ര രാജ്യങ്ങളിലേക്കുമുള്ള മൂലധന പ്രവാഹത്തിന്റെ മുഖ്യ സ്രോതസ്സ്‌. എന്നാൽ ആഗോള സാമ്പത്തിക തകർച്ച പണം കടം കൊടുക്കുന്ന രാജ്യങ്ങളുടെ ബജറ്റിനെയും ബാധിച്ചതിനാൽ 71 അതിദരിദ്ര രാജ്യങ്ങൾക്കുള്ള ഔദ്യോഗിക വികസന സഹായം ഏകദേശം 25 സതമാനം കുറയുമെന്നാണ്‌ ഐഎംഎഫ്‌ പ്രതീക്ഷിക്കുന്നത്‌.

ധനവിപണികൾ

പ്രതിസന്ധി രൂപപ്പെട്ടതോടെ, സ്വകാര്യ പൊതു സ്രോതസ്സുകളിൽ നിന്നുള്ള വിദേശ വായ്പക്ക്‌ വേണ്ടി വികസ്വര രാജ്യങ്ങൾ കൂടുതൽ തുക ചെലവഴിക്കേണ്ടതായി വരും. ഇതിനകം തന്നെ വികസ്വര രാജ്യങ്ങൾക്കുള്ള വായ്പാ തുകയുടെ റിസ്ക്‌ പ്രീമിയം ഒരു ശതമാനത്തിന്റെ ... ഒന്നോളം വർധിച്ചിട്ടുണ്ട്‌. പല കാര്യങ്ങളിലും, ബാങ്കുകൾ തങ്ങളുടെ പണപരമായ കരുതലുകൾ കുറഞ്ഞതിനാൽ എല്ലാ ബാങ്കുകളിൽ നിന്നും വായ്പ ലഭ്യമല്ല; ഏറ്റവും വിശ്വസ്തരായ ഇടപാടുകാർക്ക്‌ മാത്രമേ ബാങ്കുകൾ വായ്പ അനുവദിക്കാറുള്ളു.

അന്താരാഷ്ട്ര വ്യാപാരം

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി വ്യാപാര വലിപ്പം 5 ശതമാനത്തിനും (ഐഏംഎഫ്‌ കണക്ക്‌ പ്രകാരം) 9 ശതമാനത്തിനും (ഡബ്ല്യുടിഒ കണക്ക്‌ പ്രകാരം) ഇടയ്ക്ക്‌ ഇടിയുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. അതോടൊപ്പം തന്നെ വികസ്വര രാജ്യഹ്ങ്ങളുടെ കയറ്റുമതി ഉൽപ്പന്നങ്ങളുടെ വിലകളും 2009-ൽ കുറയുമെന്ന്‌ കണക്കാക്കപ്പെടുന്നു. കയറ്റുമതി വിലകളിലെ വീഴ്ച വികസ്വര രാജ്യങ്ങൾക്കായിരിക്കും അധികം ഉണ്ടാകുന്നത്‌ എന്നാണ്‌ ഐഎംഎഫ്‌ പ്രതീക്ഷിക്കുന്നത്‌. വിദേശ നാണയത്തിനുള്ള തങ്ങളുടെ മുഖ്യഉറവിടമായി കയറ്റുമതിയെ ആശ്രയിക്കുന്ന സമ്പട്‌ ഘടനകൾക്ക്‌ ഇത്‌ പ്രത്യേകിച്ചും ദോഷകരമായിരിക്കും.

അന്താരാഷ്ട്ര മൂലധന പ്രവാഹം കുറയൽ, വായ്പാ വ്യവസ്ഥകൾ കർക്കശമാകൽ, പണം കൈമാറ്റം കുറയൽ, കയറ്റുമതി അവസരങ്ങൾ കുറയൽ എന്നീ വികസ്വര രാജ്യങ്ങളിൽ നിക്ഷേപം വെട്ടിക്കുറയ്ക്കപ്പെടുന്നതിനും വളർച്ചാ സാധ്യതകൾ കുറയുന്നതിനും ഇടവരുത്തുന്നു. നിക്ഷേപം വർധിപ്പിക്കുന്നതിന്‌ സമൂർത്തമായ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ, ഇത്‌ പ്രത്യേകിച്ചും ദരിദ്രരാഷ്ട്രങ്ങൾക്കുമേൽ, ആഗോള മാന്ദ്യത്തിന്റെ അലകൾ ഒടുങ്ങിക്കഴിഞ്ഞാലും, ദീർഘകാലം നിലനിൽക്കുന്ന പ്രതികൂല പ്രത്യാഘാതങ്ങൾക്ക്‌ ഇടവരുത്തും.

ഏതു മേഖലകളെയാണ്‌ രൂക്ഷമായി ബാധിച്ചതു?

പട്ടിണി വർധിച്ചുവരുന്നത്‌ ആഗോള പ്രതിഭാസമാണ്‌. വാസ്തവത്തിൽ, ലോകത്തിന്റെ എല്ലാ മേഖലകളെയും ഭക്ഷ്യ സുരക്ഷ ഇല്ലായ്മയിലെ വർധനവ്‌ ബാധിച്ചിരിക്കുകയാണ്‌.

- ലോകത്ത്‌ ഏറ്റവും അധികം ജനങ്ങൾ അധിവസിക്കുന്ന ഏഷ്യാ-പസഫിക്‌ മേഖലയിലാണ്‌ പട്ടിണി കിടക്കുന്ന ആളുകൾ ഏറെയുള്ളത്‌ (64.2 കോടി)
- ഉത്തരാഫ്രിക്കയിലും പൂർവ ആഫ്രിക്കയിലുമാണ്‌ വികസ്വര രാജ്യങ്ങളിൽ പട്ടിണി കിടക്കുന്നവർ ഏറ്റവും അധികം വർധിക്കുന്നത്‌ (+13.5%).
- ലാറ്റിനമേരിക്കയും കരീബിയയുമാണ്‌ അടുത്ത കാലത്തായി അഭിവൃദ്ധിപ്പെടുന്നതിന്റെ സൂചന കാണിക്കുന്ന, ഗണ്യമായ വർധനവ്‌ കാണിക്കുന്ന ഒരേയൊരു മേഖല (+12.8%).
- വികസിത രാജ്യങ്ങളിൽ പോലും, പോഷകാഹാര ദാരിദ്ര്യം വർധിച്ചുവരുന്ന ഒരു പ്രശ്നമാണ്‌.

പ്രതിസന്ധിയെ ദരിദ്രർ എങ്ങനെ നേരിടുന്നു?

വർധിച്ചുവരുന്ന തൊഴിലില്ലായ്മയേയും കുറയുന്ന കൂലിയേയും ചെയ്യുന്ന ജോലികൾക്ക്‌ ആവശ്യക്കാർ കുറയുന്നതിനെയും അഭിമുഖീകരിക്കുന്ന കുടുംബങ്ങൾ മറ്റു പ്രദേശങ്ങളിലേക്ക്‌ കുടിയേറ്റം നടത്തിയും കന്നുകാലികളെപ്പോലുള്ള ആസ്തികൾ വിറ്റഴിക്കൽ, പണം കടം വാങ്ങൽ അഥവാ പുതിയ തരം സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവ കൊണ്ടാണ്‌ തങ്ങളുടെ വരുമാനം നിലനിർത്തുന്നത്‌. സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായാണ്‌ സ്ത്രീകൾ കൂടുതലായി തൊഴിൽ സേനയിൽ അണി ചേരുന്നത്‌ എന്നാണ്‌ സാർവദേശീയ അനുഭവം വ്യക്തമാക്കുന്നത്‌. അതേപോലെ തന്നെ കുട്ടികളും കൂലിവേല ചെയ്യാൻ നിർബന്ധിതരായിരിക്കുന്നു.

സർവോപരി, കുടുംബങ്ങൾ തങ്ങളുടെ ചെലവഴിക്കൽ രീതികളിൽ മാറ്റം വരുത്തുകയും ഭക്ഷ്യസാധനങ്ങളെയും മറ്റ്‌ അവശ്യവസ്തുക്കളെയും അപേക്ഷിച്ച്‌ ആഡംബര സാധനങ്ങൾക്കായി പണം ചെലവാക്കുന്നത്‌ കുറയ്ക്കുകയും ചെയ്തു. ഭക്ഷണത്തിനായി ചെലവാക്കുന്ന പണം തന്നെ ധാന്യങ്ങൾ പോലെയുള്ള താരതമ്യേന വില കുറഞ്ഞതും കലോറി അധികമുള്ളതും ഊർജദായകവുമായ ഭക്ഷണസാധനങ്ങൾ ഉപയോഗിക്കുന്നു; അതേസമയം, ഇറച്ചി, പാൽ ഉൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിങ്ങനെയുള്ള പോഷകസമൃദ്ധവും പ്രോട്ടീനുകൾ അധികമുള്ളതുമായ വില കൂടിയ ഭക്ഷണസാധനങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നു. അങ്ങനെ സ്വീകാര്യമായ സംവിധാനങ്ങൾ അനഭിലഷണീയവുമായ ഒത്തുതീർപ്പുകൾ അടങ്ങിയതായിരിക്കും. ഉദാഹരണത്തിന്‌ പണിയെടുക്കുന്ന ദരിദ്രരായ അമ്മമാർ സ്വന്തം ആരോഗ്യമോ കുട്ടികളുടെ ആരോഗ്യമോ നോക്കുന്നത്‌ താരതമ്യേന കുറയുന്നു; പ്രവാസം സമൂഹത്തിലെ പരസ്പര ബന്ധത്തെ ദുർബലമാക്കും; കുട്ടികളെ സ്കൂളിൽ അയക്കുന്നത്‌ ഒഴിവാക്കുന്നതു മൂലം ദീർഘകാലാടിസ്ഥാനത്തിലുള്ള മാനുഷിക മൂലധനം ഇല്ലാതാക്കുന്നു; ആസ്തികൾ വിറ്റഴിക്കുന്നത്‌ ഭൗതികവും ധനപരവുമായ വിഭവശേഖരം കുറയാൻ ഇടയാക്കുന്നു, അവ അനായാസം തിരിച്ചുപിടിക്കാനുമാവില്ല; പോഷക സമ്പന്നമായ ഭക്ഷണത്തിന്‌ പകരം പോഷകാംശം കുറഞ്ഞ ഭക്ഷണം കഴിക്കുന്നതും കുറച്ചുമാത്രം കഴിക്കുന്നതും പോഷക ദാരിദ്ര്യത്തിന്‌ ഇടയാക്കുന്നു; അത്‌ തൊഴിലാളികളുടെ ഉൽപ്പാദനക്ഷമതയെ ബാധിക്കുന്നു; കുട്ടികളുടെ ബുദ്ധിവളർച്ച കുറയാൻ ഇടയാക്കുന്നു.

പണം കൈമാറ്റം, കയറ്റുമതി, വിദേശ പ്രത്യക്ഷ നിക്ഷേപം എന്നിവയിലെ കുറവും സാമ്പത്തിക പ്രതിസന്ധിയുടെ മറ്റ്‌ പ്രത്യാഘാതങ്ങളും നേരിടുന്നതിന്‌ ജനങ്ങൾ സ്വീകരിക്കുന്ന നാനാമാർഗങ്ങളെ കുറിച്ച്‌ ലോക ഭക്ഷ്യപദ്ധതി (World Food Programme - WFP) നടത്തിയ പഠനത്തിൽ ചിത്രീകരിച്ചിട്ടുണ്ട്‌.

സ്വാഭാവികമായും ഏറ്റവുമധികം ദരിദ്രരായ കുടുംബങ്ങളെയാണ്‌ ബജറ്റ്‌ നിയന്ത്രണങ്ങൾ ഏറ്റവും അധികം പ്രതികൂലമായി ബാധിക്കുന്നത്‌. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിലെ ഭൂരഹിതരയെഉം പട്ടണങ്ങളിലെ ദരിദ്രരെയുമാണ്‌ ഈ പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്‌. അവർക്ക്‌ കൃഷിയെ ആശ്രയിച്ച്‌ നിലനിൽക്കാൻ കഴിയാത്തത്താണ്‌ അതിന്‌ കാരണം. പ്രതിസന്ധി ദോഷകരമായി ബാധിക്കുന്ന മറ്റൊരു വിഭാഗം സ്ത്രീകളുടെ നേതൃത്വത്തിലുള്ള കുടുംബങ്ങളാണ്‌; കുടുംബത്തിനുള്ളിലെ ജോലികൾ കാരണം (ഉദാ: കുട്ടികളെ വളർത്തൽ, വൃദ്ധരെ സംരക്ഷിക്കൽ, ഇന്ധനം ശേഖരിക്കൽ) വരുമാനം ഉണ്ടാക്കുന്ന ജോലികൾ ചെയ്യാൻ അവർക്ക്‌ അധികസമയം ലഭിക്കാറില്ല.

പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ പട്ടണങ്ങളിലാണ്‌ ഏറ്റവും ശക്തമായിരിക്കുന്നതെങ്കിലും, ഗ്രാമപ്രദേശങ്ങളെയും അത്‌ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. നഗരപ്രദേശങ്ങളിൽ നിന്ന്‌ തിരിച്ചുള്ള കുടിയേറ്റം ലഭ്യമായ തൊഴിലവസരങ്ങൾക്ക്‌ വേണ്ടിയുള്ള പിടിവലി ശക്തമാക്കുന്നു; കുടുംബങ്ങളുടെ പരിമിതമായ വരുമാനത്തെ പിന്നെയും കുറയ്ക്കുന്നു.

നയപരമായ മറുപടി എന്താണ്‌?

2006-2008-ലെ ഭക്ഷ്യ-ഇന്ധന പ്രതിസന്ധികളും അതേ തുടർന്നുവന്ന ധന-സാമ്പത്തിക തകർച്ചകളും ജനങ്ങളുടെ ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കിയിരിക്കുകയാണ്‌. ദുരിതം നിറഞ്ഞ ഈ സാഹചര്യം കൂടുതൽ വഷളാകാതിരിക്കാൻ ഈ ജനങ്ങൾക്ക്‌ അടിയന്തിര സഹായം എത്തിക്കേണ്ടതുണ്ട്‌.

എന്നാൽ, ഈ പ്രതിസന്ധി ഉണ്ടാകുന്നതിന്‌ മുമ്പുതന്നെ പോഷകാഹാര ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയായിരുന്നു. അത്‌ വെളിപ്പെടുത്തുന്നത്‌ ഇപ്പോഴത്തെ ഭക്ഷ്യവ്യവസ്ഥിതിയുടെ ദൗർബല്യത്തെയാണ്‌. അതിൽ എത്രയും വേഗം ഘടനാപരമായ മാറ്റം വരുത്തേണ്ടതാണ്‌.

ഹ്രസ്വകാലത്തേക്ക്, സുരക്ഷാവലകളും സാമൂഹിക സംരക്ഷണ പരിപാടികളും ഏറ്റവും അത്യാവശ്യമായിട്ടുള്ളവര്‍ക്ക് ലഭ്യമാകത്തക്ക വിധം സൃഷ്ടിക്കേണ്ടതോ അഭിവൃദ്ധിപ്പെടുത്തേണ്ടതോ ഉണ്ട്. അതിനോടൊപ്പം തന്നെ, ചെറുകിട കര്‍ഷകര്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള വിത്തുകള്‍, രാസവളം, കാര്‍ഷികോപകരണങ്ങള്‍ എന്നിങ്ങനെയുള്ള ആവശ്യം വേണ്ട ഉല്‍പ്പാദനോപാധികളും സാങ്കേതിക വിദ്യയും ലഭ്യമാക്കണം. ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ അത് അവരെ പ്രാപ്തരാക്കും. ഇത് നഗരങ്ങളിലെയും നാട്ടിന്‍പുറങ്ങളിലെയും ദരിദ്രരായ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കും.

മധ്യ-ദീര്‍ഘകാലങ്ങളിലേക്ക്, പട്ടിണിയുടെ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഘടനാപരമായ പരിഹാരം സ്ഥിതി ചെയ്യുന്നത് ഭക്ഷ്യകമ്മിയുള്ള വരുമാനം കുറഞ്ഞ രാജ്യങ്ങളില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിലാണ്. ഈ രാജ്യങ്ങള്‍ക്ക് അവശ്യം വേണ്ട സാങ്കേതികവും ധനപരവുമായ സഹായങ്ങളും കാര്‍ഷിക മേഖലയിലെ ഉല്‍പ്പാദന വര്‍ധനവിന് ഉപകരിക്കുന്നതും പ്രതിസന്ധിയില്‍ നിന്ന് കര കയറുന്നതിന് പറ്റിയതുമായ നയപരമായ നിര്‍ദേശങ്ങളും നല്‍കേണ്ടതാണ്. ദൃഢവും ഫലപ്രദവുമായ നയങ്ങളും നിയന്ത്രണാധികാരമുള്ള സ്ഥാപന സംവിധാനങ്ങളും കാര്‍ഷിക മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കത്തക്ക വിധമുള്ള കാര്യക്ഷമമായ വിപണി പശ്ചാത്തല സൌകര്യങ്ങളുമാണ് പരമപ്രധാനം. ഭക്ഷ്യ-കാര്‍ഷിക ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ക്കു വേണ്ട നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണ്. കരുത്തുറ്റ കാര്‍ഷിക വ്യവസ്ഥകളും ശക്തമായ ആഗോള ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളും ഉണ്ടാകുന്നില്ലെങ്കില്‍, പല രാജ്യങ്ങള്‍ക്കും ആവശ്യത്തിന് അനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും തങ്ങള്‍ക്കാവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും വേണ്ട വിദേശനാണയം കണ്ടെത്താനും ഏറെ പണിപ്പെടേണ്ടതായി വരും.
"കാര്യങ്ങള്‍ മുറ പോലെ നടക്കട്ടെ'' എന്ന സമീപനം പോഷകാഹാര ദാരിദ്ര്യം വേണ്ടത്ര കുറയ്ക്കാന്‍ പര്യാപ്തമായതല്ല. അവര്‍ക്ക് പട്ടിണിയില്‍ നിന്ന് കരകയറണമെന്നുണ്ടെങ്കില്‍, ജനങ്ങള്‍ക്ക് ആധുനിക ഉല്‍പ്പാദനോപാധികളും മറ്റ് വിഭവങ്ങളും ലഭ്യമാക്കേണ്ടതാണ് - മികച്ച ഗ്രാമീണ പശ്ചാത്തല സൌകര്യങ്ങള്‍, അന്താരാഷ്ട്ര, ദേശീയ, പ്രാദേശിക തലങ്ങളില്‍ വേണ്ടത്ര സ്ഥാപനങ്ങളുടെയും മികച്ച ഭരണനിര്‍വഹണത്തിന്റെയും സഹായം ആവശ്യമാണ്. "പുതിയ'' സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നത് കഴിഞ്ഞകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം; കൂടുതല്‍ സുതാര്യതയും വിശ്വാസ്യതയും ദരിദ്രരുടെ ശാക്തീകരണവും അവരെ ബാധിക്കുന്ന കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് അവരുടെ പങ്കാളിത്തവും ഉറപ്പാക്കേണ്ടതാണ്. ദേശീയ തലത്തില്‍ ഭക്ഷ്യാവകാശ നിര്‍വഹണത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കേണ്ടത് ഈ ദിശയിലുള്ള സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ്.

കൃഷിയെ ഉള്‍പ്പെടുത്തല്‍

ലോക സുരക്ഷിതത്വത്തിനും സമാധാനത്തിനും ഭീഷണിയായ ആഗോള ഭക്ഷ്യപ്രതിസന്ധി ഭക്ഷ്യസുരക്ഷയെയും കൃഷിയെയും കാര്യപരിപാടിയിലെ മുഖ്യ ഇനമായി ഉള്‍പ്പെടുത്താന്‍ നയ ആവിഷ്കര്‍ത്താക്കളെ പ്രേരിപ്പിച്ചു. ലോക വിപണിയില്‍ ഭക്ഷ്യസാധന വിലകള്‍ ക്രമേണ കുറയാന്‍ തുടങ്ങിയതോടെയും ആഗോള ധന-സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിലും, തങ്ങളുടെ ജനങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കാന്‍ പാടുപെടുന്ന ദരിദ്രരാജ്യങ്ങളുടെ കഷ്ടപ്പാടുകളില്‍ നിന്നും ശ്രദ്ധ തിരിയാന്‍ ഇടയുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യത്തെ കൈകാര്യം ചെയ്യുന്നതില്‍ ഏര്‍പ്പെടുന്നതിനോടൊപ്പം തന്നെ, നൂറു കോടിയിലേറെ വരുന്ന പട്ടിണി കിടക്കുന്ന ജനങ്ങളോടുള്ള ബാധ്യത അന്താരാഷ്ട്ര സമൂഹം മറക്കാന്‍ പാടില്ല.

സാമ്പത്തിക പ്രതിസന്ധി കാര്‍ഷിക രംഗത്തെ പൊതുനിക്ഷേപം ഗണ്യമായി കുറയുന്നതിന് ഇടയാക്കിയിരിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും വിനാശകരമായി വര്‍ധിക്കുന്നതിന് ഇത് കാരണമായിരിക്കുകയാണ്. പ്രത്യേകിച്ചും ഈ കാലഘട്ടത്തില്‍ കൃഷിയെ സഹായിക്കുന്നത് ഒരു കാരണവശാലും കുറയ്ക്കാന്‍ പാടില്ലെന്ന് മാത്രമല്ല, നിശ്ചയമായും വര്‍ധിപ്പിക്കുകയാണ് വേണ്ടത് എന്നാണ് മുന്‍കാല അനുഭവങ്ങളും പ്രായോഗിക പഠനങ്ങളും നമ്മോട് പറയുന്നത്. വളര്‍ന്നുവരുന്ന കാര്‍ഷികേതര സമ്പദ് ഘടനയ്ക്കും ഫലപ്രദമായ സുരക്ഷാ സംവിധാനങ്ങള്‍ക്കും സാമൂഹിക സംരക്ഷണ പരിപാടികള്‍ക്കും ഒപ്പം ആരോഗ്യകരമായ കാര്‍ഷിക മേഖലയും ഉണ്ടെങ്കില്‍ മാത്രമേ, അന്താരാഷ്ട്ര ലക്ഷ്യങ്ങള്‍ക്കനുസരിച്ച് ഭക്ഷ്യ സുരക്ഷാ രാഹിത്യവും ദാരിദ്ര്യവും ഫലപ്രദമായും ശാശ്വതമായും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സാധിക്കുകയുള്ളു.
കടപ്പാട്:

09 August, 2009

പ്രതിസന്ധിയുടെ നേട്ടം കൊയ്യുന്നത് വൻബാങ്കുകള്‍

പ്രതിസന്ധിയുടെ നേട്ടം കൊയ്യുന്നത് വൻബാങ്കുകള്‍

24 മാസങ്ങൾക്ക്‌ മുമ്പാണ്‌ കുഴപ്പങ്ങൾ ആരംഭിച്ചതു. എന്നിരുന്നാലും ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഉറവിടങ്ങളെ കുറിച്ചുള്ള തര്‍ക്കങ്ങൾ ഇന്നും തുടരുകയാണ്‌. തിരിച്ചടവ്‌ ശേഷി നോക്കാതെ ഭവനവായ്പകൾ നൽകിയതോ (Sub-Prime lending), വായ്പാ സംവിധാനത്തിൽ മൊത്തത്തിൽ വന്ന നിയന്ത്രണമില്ലായ്മോ വായ്പകളുടെ നിലവാരം നിർണയിക്കുന്ന ഏജൻസികളുടെ (Rating Agency) സംശയകരമായ പ്രവര്‍ത്തനമോ ആയിരുന്നില്ല കുഴപ്പങ്ങൾ ആരംഭിക്കുന്നതിനുള്ള കാരണങ്ങൾ. വൻബാങ്കുകളുടെ വഴിവിട്ട പ്രവർത്തനങ്ങളും അതിന്‌ ഒത്താശ ചെയ്തുകൊടുത്ത ഫെഡറൽ റിസർവിന്റെ നയങ്ങളുമാണ്‌ യഥാർത്ഥത്തിൽ പ്രതിസന്ധി സൃഷ്ടിച്ചതു. ഫെഡറൽ റിസർവിന്റെ കൃത്രിമമായി സൃഷ്ടിച്ച താഴ്‌ന്ന പലിശനിരക്ക്‌ ഊഹക്കച്ചവടത്തിന്‌ വലിയൊരു ഉത്തേജകമായിത്തീർന്നു. നിയന്ത്രണങ്ങൾ ഒന്നൊന്നായി എടുത്തു കളഞ്ഞതാകട്ടെ മതിയായ മൂലധനമില്ലാതെ സഹസ്രകോടി ഡോളറുകൾ വായ്പയായി നൽകുന്നതിന്‌ ധനകാര്യ സ്ഥാപനങ്ങൾക്ക്‌ പൂർണസ്വാതന്ത്ര്യം നൽകുകയും ചെയ്തു. 2007 ജൂലൈ മാസം Bear Stearn-ന്റെ രണ്ട്‌ ഹെഡ്ജ്‌ ഫണ്ടുകൾ നിക്ഷേപകർക്ക്‌ തുക തിരിച്ചുനൽകുന്നതിൽ വീഴ്ച വരുത്തിയതോടെ യാതൊരു നിയന്ത്രണവുമില്ലാതെ വായ്പകൾ നൽകുന്നത്‌ വ്യാപകമാക്കി വൻലാഭം കൊയ്യുന്ന പ്രക്രിയക്ക്‌ തിരിച്ചടിയുണ്ടാകുകയും അത്‌ സാമ്പത്തിക മേഖലയെ ആകെത്തന്നെ പതനത്തിലേക്ക്‌ തള്ളിവിടുകയുമുണ്ടായി.

ചോദന (demand) ത്തിനും ലഭ്യത (supply) ക്കും തമ്മിലുള്ള പൊരുത്തമില്ലായ്മയെ പരാമർശിക്കുന്ന മാന്ദ്യമായി (recession) ഇപ്പോഴത്തെ മുരടിപ്പിനെ കാണുന്നത്‌ കൃത്യതയില്ലാത്ത ഒരു വിലയിരുത്തലായിരിക്കും. അമേരിക്കയിലെ വൻ ധനകാര്യ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനങ്ങൾ കാരണം രാജ്യം സഹസ്രമായി ഡോളറുകളുടെ ഒരു വൻകുഴിയിൽ ചെന്ന്‌ പതിച്ചിരിക്കുന്നു എന്നതാണ്‌ വാസ്തവം. സാമ്പത്തിക സംവിധാനങ്ങളെ ബാങ്കുകൾ തകർത്തെറിഞ്ഞതിനെ തുടർന്ന്‌ രാജ്യം മുരടിപ്പിൽ ചെന്നുപെട്ടിരിക്കുകയാണ്‌.

പ്രതിസന്ധിക്ക്‌ മുഖ്യകാരണമായ "സാമ്പത്തിക നവീകരണ പ്രവർത്തനങ്ങളെ" (financial innovations) പരിരക്ഷിക്കുന്നതിനു വേണ്ടി ഇപ്പോൾ ബാങ്കുകൾ അമേരിക്കൻ കോൺഗ്രസിനുമേൽ സമ്മർദം ചെലുത്തുകയാണ്‌. ഈ നവീകരണ പ്രവർത്തനങ്ങളിലൂടെ ബാങ്കുകൾ ലക്ഷ്യമിടുന്നത്‌ ഡെറിവേറ്റീവ്സ്‌ പോലുള്ള സാമ്പത്തിക ഉപകരണങ്ങളിലൂടെയും സെക്യൂരിറ്റൈസേഷൻ (Securitisation) പോലുള്ള സാമ്പത്തിക പ്രക്രിയകളിലൂടെയും ആവശ്യത്തിന്‌ കരുതൽ ധനം കൈവശം വയ്ക്കണമെന്ന നിബന്ധനയിൽ നിന്നും ഒഴിഞ്ഞുമാറുന്നതിനാണ്‌. വളരെ കുറച്ചുമാത്രം മൂലധനം ഇറക്കിക്കൊണ്ട്‌ വൻലാഭം കൊയ്യുന്നതിനെ മറയിടുന്നതിനുള്ള ഉപാധികളായാണ്‌ ബാങ്കുകൾ ഡെറിവേറ്റിവുകളെയും സെക്യൂരിറ്റൈസേഷനേയും ഉപയോഗിക്കുന്നത്‌. അമേരിക്കൻ കോൺഗ്രസ്‌ ഈ കള്ളക്കളി മനസ്സിലാക്കുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ ബാങ്കുകൾ മറ്റൊരു സാമ്പത്തിക കുമിള സൃഷ്ടിക്കുകയും അതിലൂടെ സമ്പട്‌ ഘടനയെ വീണ്ടുമൊരു ദുരന്തത്തിൽ കൊണ്ടെത്തിക്കുകയും ചെയ്യും.
ധനകാര്യ സ്ഥാപനങ്ങളുടെ അപകടകരമായ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിൽ വിദഗ്ധനായ ക്രിസ്റ്റഫർ വാലൻ ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട അമേരിക്കൻ സേനറ്റിന്റെ ഒരു കമ്മിറ്റിക്കു മുമ്പാകെ ഡെറിവേറ്റിവുകളുടെ ഇടപാടുകളിലൂടെ ജെ.പി. മോർഗാൻ, ഗോൾഡ്മാൻ സാച്സ്‌ തുടങ്ങിയ ഭീമൻ സ്ഥാപനങ്ങൾ കൊള്ളലാഭമാണ്‌ കൊയ്യുന്നതെന്നും ഇത്‌ ഒരുവിഭാഗം ധനകാര്യ സ്ഥാപനങ്ങൾക്ക്‌ നികുതി ഇളവോ സബ്സിഡിയോ നൽകുന്നതിന്‌ തുല്യമാണെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. "ഇത്തരം വൻധനകാര്യ സ്ഥാപനങ്ങൾ കാലാകാലഹ്ങ്ങളിൽ വരുത്തിവയ്ക്കുന്ന നഷ്ടത്തിൽ നിന്ന്‌ സാധാരണ നികുതിദായകരെ സംരക്ഷിക്കേണ്ട അധികാരികൾ ഈ സ്ഥാപനങ്ങളുടെ സ്വാധീനവലയത്തിലാണ്‌. അതുകൊണ്ട്‌ ഈ സ്ഥാപനങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന്‌ അധികാരികൾക്ക്‌ കഴിയുന്നില്ല. സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്ന ഏജൻസികളുടെ, പ്രത്യേകിച്ച്‌ ഫെഡറൽ റിസർവിന്റെ, കാഴ്ചപ്പാടുകൾ ജെ.പി. മോർഗാൻ പോലുള്ള വൻസ്ഥാപനങ്ങളുടെ കാഴ്ചപ്പാടുകളിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. ഇക്കാരണത്താൽ ഇത്തരം ഏജൻസികളുടെ അഭിപ്രായങ്ങൾ അമേരിക്കൻ സേനറ്റ്‌ പരിഗണനയ്ക്ക്‌ എടുക്കുവാൻ പാടില്ല" എന്നും വാലൻ സേനറ്റ്‌ കമ്മിറ്റിയെ ധരിപ്പിക്കുകയുണ്ടായി.

അമേരിക്കയിലെ വൻകിട ബാങ്കുകളാണ്‌ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതു. എന്നാൽ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ മറവിൽ അവയ്ക്കു തന്നെയാണ്‌ അമേരിക്കൻ ഭരണകൂടം കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത്‌. അവയ്ക്കിനി ഇടപാടുകളിലെ അപകടത്തെക്കുറിച്ച്‌ ഭയക്കേണ്ടതില്ല. കാരണം എന്തു വില കൊടുത്തും അവയെ സംരക്ഷിക്കുമെന്ന ഉറപ്പ്‌ അമേരിക്കൻ ഭരണകൂടം നൽകിയിരിക്കുകയാണ്‌. തെറ്റായ ഇടപാടുകൾ നടത്തി നഷ്ടത്തിലാകുന്ന ബാങ്കുകളെ രക്ഷിക്കാൻ വിനിയോഗിക്കുന്ന തുക രാജ്യത്തിന്റെ നന്മയ്ക്കായി സർക്കാർ ചെലവ്‌ ചെയ്യുന്നതിന്‌ സമമാണ്‌ എന്ന ചിന്താഗതിയാണ്‌ ഫെഡറൽ റിസർവ്വ്‌ വച്ചുപുലർത്തുന്നത്‌.

*
മൈക്ക്‌ വിറ്റ്നി

08 August, 2009

കര്‍ണനാകാന്‍ മോഹിച്ചു രാവണനെ സ്നേഹിച്ചു

കര്‍ണനാകാന്‍ മോഹിച്ചു രാവണനെ സ്നേഹിച്ചു

പെറ്റമ്മപോലും വേദനയായി മാറിയ കര്‍ണന്‍ യുദ്ധഭൂമിയില്‍ അനുഭവിച്ച നൊമ്പരത്തിന്റെ ആഴം അരങ്ങില്‍ സാക്ഷാല്‍ക്കരിക്കാനുള്ള ആഗ്രഹം ബാക്കിയാക്കിയാണ് മുരളി യാത്രയായത്. കര്‍ണനായി മുരളി വേഷമിടുന്ന 'മൃത്യുഞ്ജയന്‍' എന്ന നാടകത്തിന്റെ റിഹേഴ്സല്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നു. കര്‍ണനെ കാണാന്‍ അമ്മ കുന്തി കുരുക്ഷേത്രയുദ്ധമുഖത്ത് എത്തുന്ന അന്ത്യനിമിഷമാണ് നാടകത്തിന്റെ പ്രമേയം. മുരളിതന്നെയാണ് ഇതിന്റെ രചനയും നിര്‍വഹിച്ചത്. കെപിഎസി ലളിതയാണ് കുന്തിയുടെ വേഷത്തില്‍. സ്വയം സൃഷ്ടിച്ച വിപത്തുകള്‍ വിനാശമായി മാറുന്ന രാവണന്റെ വൈചിത്ര്യമാര്‍ന്ന മാനസികഭാവങ്ങളും ഒപ്പം വിവിധ കഥാപാത്രങ്ങളെ ഒറ്റയ്ക്ക് വേദിയിലെത്തിച്ച ലങ്കാലക്ഷ്മിയുടെ അഭിനയത്തുടര്‍ച്ചയാണ് മൃത്യുഞ്ജയനിലൂടെ മുരളി ആഗ്രഹിച്ചത്. സിനിമയില്‍ താന്‍ വേഷമിട്ട കഥാപാത്രങ്ങളെ മുരളി ഏറെ സ്നേഹിച്ചിരുന്നില്ലെങ്കിലും സി എന്‍ ശ്രീകണ്ഠന്‍നായര്‍ എഴുതിയ ലങ്കാലക്ഷ്മിയിലെ രാവണന്‍ മുരളിയുടെ ഇഷ്ടകഥാപാത്രമായിരുന്നു. ഭാവാഭിനയത്തിന്റെയും വേഷപ്പകര്‍ച്ചയുടെയും അഭിനയരസതന്ത്രം അറിഞ്ഞ് കഠിനപ്രയത്നത്തിലൂടെ വേദിയില്‍ അനശ്വരമാക്കിയ രാവണനാണ് തന്റെ മികച്ച കഥാപാത്രമെന്ന് സംശയമില്ലാതെ അദ്ദേഹം പറഞ്ഞിരുന്നു. പ്രമോദ് പയ്യന്നൂരിന്റെ സംവിധാന നിയന്ത്രണത്തിലാണ് മൃത്യുഞ്ജയന്‍ ഒരുക്കിയിരുന്നത്. ലങ്കാലക്ഷ്മിയില്‍ രാവണന്റെ പരപ്പും ആഴവും മുരളിയിലെ നടന്‍ കണ്ടെത്തിയിരുന്നു.

1983ല്‍ നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹമാണ് ലങ്കാലക്ഷ്മി ആദ്യം അവതരിപ്പിച്ചത്. പിന്നീട് 2002ല്‍ ഏകാഭിനയത്തിലൂടെ ലങ്കാലക്ഷ്മി വീണ്ടും അവതരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ മുരളിയുടെ വേവലാതി സുഹൃത്തുക്കള്‍ ഓര്‍മിക്കുന്നു. സംഘമായി നാടകം അവതരിപ്പിക്കുക പ്രായോഗികമായിരുന്നില്ല. പിന്നീട് സി എന്നിന്റെ ലങ്കാലക്ഷ്മിയില്‍ ഒറ്റ കഥാപാത്രംമാത്രം വരുന്ന ഏകപാത്ര രചന മുരളിതന്നെ നിര്‍വഹിച്ചു. രാവണന്റെ കാലദോഷമായ നക്ഷത്രത്തെക്കുറിച്ചുള്ള പ്രസിദ്ധമായ ശ്ളോകം തേടിപ്പോയത് അരങ്ങിന്റെ പൂര്‍ണതയ്ക്ക് അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് മാതൃകയാണ്. ശ്ളോകത്തെക്കുറിച്ച് കവി അയ്യപ്പപ്പണിക്കരോട് ചോദിച്ചപ്പോള്‍ മാര്‍ഗി സതിക്ക് അറിയാമെന്നു പറഞ്ഞു. അവരില്‍നിന്ന് പഠിച്ച് നാടകത്തിന്റെ ആദ്യഭാഗത്ത് ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടിയാട്ടത്തിന്റെയും കഥകളിയുടെയും പരോക്ഷമായ സ്വാധീനം അരങ്ങിലെ രാവണനിലുണ്ട്. മുരളിക്ക് ഇതിന് തുണയായത് ചെറുപ്പത്തിലേ അഭ്യസിച്ച കളരിമുറകളായിരുന്നു. ഏകാഭിനയത്തില്‍ പല വേഷങ്ങളിലേക്കുമുള്ള കായപ്രവേശം. അതിന്റെ ദുര്‍ഘടതകള്‍. കുംഭകര്‍ണന്റെ വേഷത്തെയും പ്രവൃത്തിയെയും കുറിച്ച് കൃത്യമായ രൂപനിഷ്ട സാധ്യമല്ലായിരുന്നപ്പോള്‍ പ്രത്യേകമായി തയ്യാറാക്കിയ അരങ്ങുപകരണം സഹായത്തിനെത്തി. ഭീകരതയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ആരായിരുന്നാലും ആത്യന്തികനാശമാണ് ഫലമെന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന രാവണന്റെ ആദ്യ അവതരണം തിരുവന്തപുരത്തെ പ്രേക്ഷകര്‍ക്ക് അനുഭവക്കൂട്ടത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്.

നാടകം അഭിനയവും സിനിമ ജീവിതമാര്‍ഗവുമെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. അധ്യാപകനും എന്നും ആത്മസുഹൃത്തുമായിരുന്ന അലിയാരാണ് ഒരിക്കല്‍ പ്രൊഫ. നരേന്ദ്രപ്രസാദിനെ മുരളിക്ക് പരിചയപ്പെടുത്തിയത്. പില്‍ക്കാലത്ത് പോസ്റല്‍ അക്കൌണ്ട്സ് ഓഫീസിനു മുകളില്‍ നരേന്ദപ്രസാദ് നാട്യഗൃഹം തുടങ്ങിയപ്പോള്‍ മുരളിയും ഒപ്പമുണ്ടായിരുന്നു. നാട്യഗൃഹം അവതരിപ്പിച്ച സൌപര്‍ണിക, മൃഗശാലക്കഥ എന്നീ നാടകങ്ങളില്‍ മുരളി വേഷമിട്ടു. നാടൃഗൃഹമാണ് മുരളിയുടെ അഭിനയാവേശത്തിന് കരുത്തായത്. അഭിനയത്തിന്റെ അര്‍ഥതലങ്ങളിലേക്ക് ആവേശകരമായ യാത്ര. സിനിമിയിലെത്തിയിട്ടും അരങ്ങ് കൈവിട്ടില്ല. നാടകക്കളരി എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ഗള്‍ഫില്‍ ആരംഭിച്ച കൂത്തമ്പലത്തിന്റെ സാരഥിയായിരുന്നു മുരളി. പിന്നീട് തിരുവനന്തപുരത്ത് സമാനമായ വേദിയൊരുക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലായിരുന്നു. ഇതിനായി അരുവിക്കരക്കടുത്ത് സ്ഥലവും കണ്ടെത്തിയിരുന്നു. പ്രശാന്ത സുന്ദരമായ നാടകഭവനമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.

(സജീവ് പാഴൂര്‍)

തിരിച്ചറിവിന്റെ അരങ്ങും രാഷ്ട്രീയവും

ജീവിതയാഥാര്‍ഥ്യങ്ങളുടെ തിരിച്ചറിവ് ഉള്‍ക്കൊണ്ട് വളര്‍ന്ന മുരളിയുടെ മനസ്സിനും ഉലയില്‍ കാച്ചിയ ഇരുമ്പിന്റെ ദൃഢതയാണ്. അതുകൊണ്ടുതന്നെ മനസ്സില്‍ സൂക്ഷിക്കാന്‍ കറുത്ത അനുഭവങ്ങള്‍ തനിക്കൊന്നും ബാക്കിയില്ലെന്ന് മുരളി പറയുമായിരുന്നു. എനിക്കെന്തെങ്കിലും പറയണമെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അത് അപ്പോള്‍ത്തന്നെ പറഞ്ഞിട്ടുണ്ട്- ശത്രുക്കളെ കുറിച്ച് ചോദിച്ചാല്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. കമ്യൂണിസ്റ്റ് രാഷ്ട്രീയം ചെറുപ്പംമുതല്‍ തന്നെ സ്വാധീനിച്ചതായി മുരളി വ്യക്തമാക്കിയിട്ടുണ്ട്. മധ്യതിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അതിശക്തമായ സ്വാധീനമുണ്ടായിരുന്ന പ്രദേശമായിരുന്നു മുരളിയുടെ ജന്മനാടായ വെളിയം. കോട്ടാത്തല സുരേന്ദ്രനെ പോലെയുള്ള കമ്യൂണിസ്റ്റ് ധീരന്മാരുടെ നാട്. മുരളിയുടെ അമ്മാവന്മാരായ നാഗപ്പന്‍പിള്ളയും രാഘവന്‍പിള്ളയും സര്‍വീസ് സംഘടനാപ്രവര്‍ത്തകരാണ്. അതും മുരളിയെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമായി. തെരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ എന്നും ഇടതുപക്ഷസാരഥികള്‍ക്കായി മുരളി സജീവമായി രംഗത്തിറങ്ങിയിരുന്നു. സിപിഐ എം സ്ഥാനാര്‍ഥിയായി അദ്ദേഹം തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍നിന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സാംസ്കാരിക-കലാ രംഗത്തുള്ളവരുടെ നിറസാന്നിധ്യം സാമൂഹ്യ ഉന്നതിക്ക് വലിയ ഗുണമാകുമെന്ന് അദ്ദേഹം പറയുമായിരുന്നു. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ തന്നെ ശ്രവിക്കാന്‍ ജനങ്ങള്‍ തടിച്ചുകൂടിയ അനുഭവങ്ങള്‍ മുരളി പലപ്പോഴും മറ്റുള്ളവരുമായി പങ്കുവയ്ക്കാറുണ്ട്.

ലോകത്തിന്റെ വിവിധയിടങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള മുരളിക്ക് പ്രിയപ്പെട്ട നാട് റഷ്യയായിരുന്നു. കമ്യൂണിസ്റ്റ് റഷ്യയെക്കുറിച്ചും തകര്‍ച്ചയ്ക്ക് ശേഷമുള്ള റഷ്യയെക്കുറിച്ചും മുരളി എഴുതിയിട്ടുണ്ട്. പഴയ റഷ്യയുടെ ഔന്നത്യവും ഇന്നത്തെ റഷ്യയുടെ ദുരന്തവും അദ്ദേഹം സ്പസീബ എന്ന ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്. 'സ്പസീബ' എന്ന റഷ്യന്‍ വാക്കിന്റെ അര്‍ഥം നന്ദി എന്നാണ്. വ്യാഴപ്പൊരുള്‍ എന്ന ലേഖനപരമ്പര പുസ്തകമാക്കിയിട്ടുണ്ട്. ഇതിന് കാര്‍ട്ടൂണിസ്റ്റ് ശിവറാം അവാര്‍ഡ് ലഭിച്ചു. അഭിനേതാവും ആശാന്‍ കവിതയും എന്ന പുസ്തകത്തിന് നാടകവുമായി ബന്ധപ്പെട്ട മികച്ച ഗ്രന്ഥത്തിനുള്ള സംഗീതനാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അഭിനയത്തിന്റെ രസതന്ത്രം, മുരളി മുതല്‍ മുരളി വരെ എന്നതിന് പുറമെ എഡ്വേര്‍ഡ് ആല്‍ബിയുടെ സൂ സ്റ്റോറി, പുകയില ഉപയോഗത്തിന്റെ മാരകഫലങ്ങള്‍, കടക്കാര്‍, (മലയാള വിവര്‍ത്തനം) തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ലോകനാടകവേദിയെ കുറിച്ച് അരങ്ങേറ്റം വഴികള്‍, വഴികാട്ടികള്‍ എന്ന മികച്ച രചനയും നിര്‍വഹിച്ചു. ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങളിലായിരുന്നു അദ്ദേഹം.

അയ്യപ്പന്‍ പറഞ്ഞു, മുരളി താരമായി

തിരുവനന്തപുരത്ത് രാമനിലയം ലോഡ്ജിലേക്ക് കവി അയ്യപ്പന്‍ അന്ന് സായാഹ്നത്തില്‍ തിരക്കിട്ട് എത്തിയതിന് കാരണമുണ്ടായിരുന്നു. അയ്യപ്പന്റെ രണ്ട് സുഹൃത്തുക്കള്‍, ഡോ. കൊച്ചുനാരായണനും ഡോ. ശ്രീനിയും സിനിമ നിര്‍മിക്കുന്നു. മുരളിക്ക് അഭിനയിക്കാന്‍ അവസരവുമായാണ് അയ്യപ്പന്റെ വരവ്. നക്സല്‍ബാരി അപചയത്തിന്റെ കഥയായിരുന്നു അത്. ഭരത് ഗോപി സംവിധാനം ചെയ്ത ചിത്രത്തിന് ഞാറ്റടി എന്ന് പേരിട്ടു. മുരളി ഈ ചിത്രത്തിലൂടെ സിനിമാനടനായെങ്കിലും ചിത്രം വെളിച്ചം കണ്ടില്ല. അഭിനയത്തിന്റെ ഓര്‍മകളിലേക്കുള്ള മടക്കത്തില്‍ അയ്യപ്പന് എപ്പോഴും മുരളി ഇടം കൊടുത്തിരുന്നു. താരപദവിയോടെ ചലച്ചിത്രോത്സവ വേദികളില്‍ അതിഥിയായും ആതിഥേയനായും എത്തുന്ന മുരളിയെ കാണുമ്പോള്‍ അട്ടഹാസത്തോടെ തിയറ്ററിന് പുറത്തുള്ള അയ്യപ്പന്‍ കുതിച്ചെത്തും. ഉച്ചത്തില്‍ സംസാരിക്കുന്ന അവര്‍ക്കിടയിലേക്ക് ആരെങ്കിലും എത്തിയാല്‍ അയ്യപ്പന്റെ വിധം മാറും. ഇത് ഞങ്ങളുടെ കാര്യം എന്ന നിലപാടിലാകും അയ്യപ്പന്‍. തിരുവനന്തപുരത്ത് രാമനിലയം ലോഡ്ജിലായിരുന്നു മുരളി ഉള്‍പ്പെട്ട വലിയൊരു സംഘത്തിന്റെ ആദ്യകാലതാവളം. യൂണിവേഴ്സിറ്റിയില്‍ ജോലി കിട്ടിയശേഷം മുരളി താമസിച്ചിരുന്നത് വിജെഎം ലോഡ്ജിലായിരുന്നു. അയ്യപ്പന് ലോഡ്ജിലേക്ക് എപ്പോള്‍ വേണമെങ്കിലും കടന്നുവരാം. കവിതയില്‍ അയ്യപ്പന്റെ സുവര്‍ണകാലമെന്ന് മറ്റുള്ളവര്‍ വിശേഷിപ്പിക്കുന്ന ഈ ഘട്ടത്തില്‍ എഴുതിത്തുടങ്ങുന്നവര്‍ക്ക് അയ്യപ്പന്‍ നല്‍കിയിരുന്ന പിന്തുണ മുരളിതന്നെ പലപ്പോഴും അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

നാടകോത്സവത്തിന്റെ സൂത്രധാരന്‍

അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ശില്‍പ്പി അരങ്ങൊഴിഞ്ഞത് ആഫ്രിക്കന്‍ നാടകോത്സവത്തിന് വേദിയുണര്‍ത്താതെ. തൃശൂരില്‍ സംഗീത നാടക അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര നാടകോത്സവം അക്കാദമി ചെയര്‍മാന്‍കൂടിയായ നടന്‍ മുരളിയുടെ നാടകവീക്ഷണത്തില്‍ ഉരുത്തിരിഞ്ഞതാണ്. പത്ത് ദിവസത്തെ തെക്കനേഷ്യന്‍ നാടകങ്ങളുടെ അവതരണവേദി സാംസ്കാരികനഗരി ദര്‍ശിച്ച പങ്കാളത്തത്തിലും അവതരണത്തിലും ശ്രദ്ധേയമായിരുന്നു. അടുത്തവര്‍ഷം ആഫ്രിക്കന്‍ നാടകോത്സവം തൃശൂരില്‍ നടത്തുമെന്ന് മുരളി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നാടകോത്സവത്തിനുശേഷം സിനിമാ ഷൂട്ടിങ്ങിന്റെ തിരക്കിലേക്കു പോയ വിഖ്യാത നടന്‍ അക്കാദമി ആസ്ഥാനത്തേക്ക് ഇനി മടങ്ങിയെത്തില്ല. നാടകോത്സവത്തിന്റെ സമാപനദിവസം ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. "എനിക്ക് ഏറെ അഭിമാനവും ആഹ്ളാദവുമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും ജനങ്ങളുടെയും സഹകരണത്തോടെ കൂടുതല്‍ വിപുലമായ കലാസാംസ്കാരികമേളകള്‍ അക്കാദമിക്ക് സംഘടിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'' നാടകോത്സവത്തിന്റെ ഉദ്ഘാടനംമുതല്‍ സമാപനംവരെ മുരളിയുടെ സാന്നിധ്യം സജീവമായിരുന്നു. മുരളി നടത്തിയ പ്രസംഗങ്ങളും ചര്‍ച്ചകളും അദ്ദേഹത്തിന്റെ അഗാധമായ നാടകസാഹിത്യജ്ഞാനത്തിന്റെ നിദര്‍ശനങ്ങളായിരുന്നു. നിരവധി സാംസ്കാരിക സംഗീത പരിപാടികള്‍ മുരളിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് നടപ്പാക്കാനായി.
(വി എം രാധാകൃഷ്ണന്‍)

പൌരുഷത്തിന്റെ ചലച്ചിത്രരൂപം

മലയാള സിനിമയില്‍ ചങ്കുറപ്പുള്ള കഥാപാത്രങ്ങള്‍ക്ക് രൂപംകൊടുക്കുമ്പോള്‍ എഴുത്തുകാരന്റെ മനസ്സില്‍ തെളിയുന്ന നായക സങ്കല്‍പ്പം മുരളിയുടേതായിരുന്നു. ഉള്ളില്‍ സ്നേഹം സൂക്ഷിക്കുന്ന പരുക്കന്‍ കഥാപാത്രങ്ങള്‍ക്ക് അഭിനയത്തിന്റെ പാഠഭേദങ്ങള്‍ പകര്‍ന്ന് മുരളി അവിസ്മരണീയമാക്കിയത് ഒട്ടേറെ വേഷം. അരങ്ങിന്റെ ശീലത്തില്‍നിന്ന് വെള്ളിത്തിരയിലേക്ക് കടന്നപ്പോള്‍ മാധ്യമത്തിന്റെ മാറ്റം അതിവേഗം സ്വായത്തമാക്കിയാണ് മുരളി ആധിപത്യം സ്ഥാപിച്ചത്.

ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടിയിലെ ക്ഷുഭിത യൌവന കഥാപാത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. ഈ ചിത്രം തിയറ്ററില്‍ എത്തിയില്ല. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മീനമാസത്തിലെ സൂര്യനിലൂടെ പിന്നീട് കരുത്തുറ്റ നടനെ കേരളം കണ്ടെത്തി. കയ്യൂര്‍ രക്തസാക്ഷിത്വത്തിന്റെ ത്രസിപ്പിക്കുന്ന ജീവിതാഖ്യാനമായ ഈ സിനിമ മുരളിയുടെ ജീവിതത്തിന്റെ ഗതി മാറ്റി. ഇവിടെനിന്നു പഞ്ചാഗ്നി എന്ന ഹിറ്റ് ചിത്രത്തിലേക്കാണ് എത്തിയത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തിനൊപ്പം തിളങ്ങി. മുരളിക്കുവേണ്ടി അതുല്യമായ കഥാപാത്രങ്ങള്‍ ഏറെ സൃഷ്ടിക്കപ്പെട്ടത് അടുത്തിടെ അന്തരിച്ച ലോഹിതദാസിന്റെയും ഒപ്പം ടി എ റസാഖിന്റെയും രചനാവൈഭവത്തിലൂടെയാണ്. ലോഹിതദാസിന്റെ തിരക്കഥയില്‍ ജോര്‍ജ് കിത്തു സംവിധാനം ചെയ്ത ആധാരം മുരളി എന്ന നടനിലെ പ്രതിഭയെ വെളിപ്പെടുത്തി. കരുത്തിന്റെയും ആണത്തത്തിന്റെയും പ്രതീകമായ കഥാപാത്രങ്ങള്‍ മുരളിയുടെ കൈയില്‍ സുരക്ഷിതമെന്ന് ഈ ചിത്രം ഉറപ്പിച്ചു. ഭരതന്റെയും പത്മരാജന്റെയും അസാന്നിധ്യം മുരളിയുടെ നല്ല വേഷങ്ങളെ നഷ്ടമാക്കിയെന്നു വേണം കരുതാന്‍. ഭരതന്‍ സംവിധാനം ചെയ്ത 'വെങ്കല'ത്തിലെയും 'ചമയ'ത്തിലെയും വേഷങ്ങള്‍ ഇതിന് അടിത്തറയിടുന്നു. വേണു നാഗവള്ളി സംവിധാനം ചെയ്ത കിഴക്കുണരും പക്ഷി, ലാല്‍സലാം, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയ ചിത്രങ്ങളില്‍ മുരളിയുടെ വേഷം അനശ്വരമായിരുന്നു. കമലിന്റെ ഭൂമിഗീതം, ഗ്രാമഫോണ്‍ തുടങ്ങിയ ചിത്രങ്ങള്‍ വേറെ. നവാഗതനായ പ്രിയനന്ദനന്റെ 'നെയ്ത്തുകാരനി'ല്‍ അപ്പമേസ്തിരി എന്ന കഥാപാത്രത്തിലൂടെ മുരളി നേടിയത് ദേശീയ പുരസ്കാരമായിരുന്നു. ചരിത്രവും കാലഘട്ടവും സമ്മേളിക്കുന്ന ഈ കഥാപാത്രത്തിനായി ഭാഷയിലും ശരീരഭാഷയിലും വരുത്തിയ മാറ്റങ്ങള്‍ അനുപമമായിരുന്നു. പ്രിയനന്ദനന്റെ പുലിജന്മത്തിലും മുരളി നായകനായി. നന്മയും ക്രൂരതയും നിറയുന്ന നിരവധി വേഷം മുരളിയുടെ അഭിനയമികവില്‍ കച്ചവട ചിത്രങ്ങളിലും വിജയംകണ്ടു. 'പത്ര'ത്തിലെ പത്രാധിപരുടെ വേഷം ഉദാഹരണം.

ദേശീയതലത്തില്‍ ഇപ്പോള്‍ ശ്രദ്ധനേടിയ മധു കൈതപ്രത്തിന്റെ 'ഏകാന്ത'ത്തില്‍ തിലകനുമായി മത്സരിച്ചുള്ള അഭിനയമാണ് മുരളി കാഴ്ചവച്ചത്. രാജസേനന്‍ സംവിധാനംചെയ്ത 'ഭാര്യ ഒന്ന് മക്കള്‍ മൂന്ന്' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കരാര്‍ ചെയ്തിരുന്നെങ്കിലും പിന്മാറി. അരനാഴിക നേരത്തിലെ കുഞ്ഞോനാച്ചനായി ടെലിവിഷന്‍ പരമ്പരയിലും വേഷമിട്ടു. അശോക് ആര്‍ നാഥിന്റെ 'ഏകാദശി' എന്ന ചിത്രത്തില്‍ ഒരു സീന്‍ അഭിനയിക്കാന്‍ ബാക്കിവച്ചാണ് മുരളി വിടപറഞ്ഞത്. തമിഴിലും തെലുങ്കിലും താരപദവി നേടിയ മുരളി കരുണാനിധിയുടെ മകന്‍ സ്റ്റാലിന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു. അഭിനയസാധ്യത ഏറെയുള്ള അഭിഭാഷകവേഷമാണ് ചിത്രത്തില്‍. വിദേശത്തായിരുന്നു ഏറെയും ചിത്രീകരണം. മലയാളത്തിനൊപ്പം അന്യഭാഷാചിത്രങ്ങള്‍ക്കും കരുത്തുറ്റ നടന്റെ അസാന്നിധ്യമാണ് മരണം നല്‍കുന്ന ബാക്കിപത്രം. ലോഹിതദാസ്, രാജന്‍ പി ദേവ്, പിന്നാലെ മുരളിയും... വേര്‍പാടുകളുടെ നടുക്കത്തിലാണ് ചലച്ചിത്രലോകം.

*
കടപ്പാട്: ദേശാഭിമാനി

06 August, 2009

ഇന്‍ഡോ-ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാറും കേരളവും

ഇന്‍ഡോ-ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാറും കേരളവും
മന്‍മോഹന്‍സിങ് വിശ്രമിക്കുന്നില്ല. അദ്ദേഹം ഇന്ത്യയെ 'രക്ഷിക്കാന്‍' കരാറുകളുടെ വല നെയ്തുകൂട്ടുകയാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹത്തിന്റെ ആഗ്രഹപ്പട്ടികയിലെ എല്ലാ കരാറുകളും തല്‍സംബന്ധിയായ പരിഷ്കാരങ്ങളും നടപ്പിലാക്കാന്‍ കഴിയുകയുണ്ടായില്ല. ഇടതുപക്ഷം വഴിമുടക്കിയതായിരുന്നു കാരണം. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, മൂലധനകമ്പോളം തുടങ്ങി പല തന്ത്രപ്രധാനമേഖലകളിലും അദ്ദേഹത്തിന് താന്‍ ആസൂത്രണംചെയ്ത പരിഷ്കാര നടപടികള്‍ മരവിപ്പിച്ചുനിര്‍ത്തേണ്ടിവന്നു. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, മൂലധനവിപണി എന്നീ മേഖലകളില്‍ അദ്ദേഹത്തിന്റെ റോഡ്മാപ്പ് (യാത്രാഭൂപടം) അനുസരിച്ചുള്ള പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ രണ്ടായിരത്തി എട്ടാമണ്ടില്‍ ആരംഭിച്ചതും ഇപ്പോഴും തുടരുന്നതുമായ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കത്തില്‍തന്നെ ഇന്ത്യയുടെ 'രക്ഷ' ഉറപ്പാക്കാനാകുമായിരുന്നു! ഇടതുപക്ഷവും, റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയുടെ പഴഞ്ചന്‍ നേതൃത്വവുമാണ് അതിന് അനുവദിക്കാതിരുന്നത്! ആണവക്കരാറിന്റെ കാര്യത്തില്‍ പക്ഷേ അദ്ദേഹം വിട്ടുവീഴ്ചയ്ക്ക് കൂട്ടാക്കിയില്ല. മന്ത്രിസഭയുടെ ഭാവിപോലും തൃണവല്‍ഗണിച്ചുകൊണ്ട് അമേരിക്കയുമായി കരാറില്‍ ഏര്‍പ്പെട്ടു. ആണവക്കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയെ രക്ഷിക്കാന്‍ തയ്യാറാക്കിയ കുടുക്കുകള്‍ ഓരോന്നും മുറുകിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ തന്ത്രപ്രധാനമായ മേഖലകളില്‍ കടന്നുവന്ന് പരിശോധന നടത്താന്‍ അമേരിക്കയ്ക്ക് അധികാരം നല്‍കുന്ന ഏറ്റവും പുതിയ കരാര്‍ ഹിലാരി ക്ളിന്റന്റെ സന്ദര്‍ശനവേളയില്‍ ഒപ്പിട്ടത് 'രക്ഷാബന്ധന്‍' മുറുകുന്നതിന്റെ തെളിവാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനനാളുകളില്‍ ലോകവ്യാപാരസംഘടനയുടെ പ്രതിസന്ധിയില്‍പെട്ട ദോഹാറൌണ്ടുചര്‍ച്ചകളെ പുനരുജ്ജീവിപ്പിക്കുന്നതിനും അന്തിമകരാര്‍ തയ്യാറാക്കുന്നതിനും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നേരിട്ട് ഇടപെട്ട് ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സാര്‍വ്വദേശീയ കാരണങ്ങളാല്‍ ദോഹാറൌണ്ട് ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതിനും കരാറുണ്ടാക്കുന്നതിനും കഴിഞ്ഞില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ വിവിധ രാജ്യങ്ങളുമായി ഒറ്റയ്ക്കൊറ്റയ്ക്കോ ആസിയാന്‍പോലുള്ള പ്രാദേശിക രാഷ്ട്ര സമൂഹങ്ങളുമായോ സ്വതന്ത്ര വ്യാപാരക്കരാറില്‍ ഏര്‍പ്പെടുന്നതിനും ശ്രമം നടന്നിരുന്നു. തായ്ലാന്റ്, സിംഗപ്പൂര്‍, മലേഷ്യ, ഇന്‍ഡോനേഷ്യ തുടങ്ങിയ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളുടെ സ്വതന്ത്ര വ്യാപാരമേഖലയായ ആസിയാനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറിന്റെ വിശദാംശങ്ങള്‍പോലും തെരഞ്ഞെടുപ്പിനും വളരെ മുമ്പുതന്നെ തയ്യാറായിരുന്നു എന്നതാണ് വാസ്തവം. തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങള്‍ എങ്ങനെയെടുക്കും എന്ന ഭയം കാരണമായിരിക്കണം ഇന്തോ-ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ കാര്‍പറ്റിനുകീഴില്‍ ഒളിപ്പിച്ചുവെയ്ക്കാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിക്കപ്പെടുകയാണുണ്ടായത്.

തെരഞ്ഞെടുപ്പിന്റെ കടമ്പ കടന്നുകിട്ടിയതോടെ മറച്ചുവെയ്ക്കപ്പെട്ടിരുന്ന തന്റെ വിശ്വരൂപം മന്‍മോഹന്‍സിങ് പുറത്തുകാണിച്ചു തുടങ്ങിയിരിക്കുയാണ്. വരാനിരിക്കുന്ന വലിയ വിപത്തുകളുടെ നാന്ദി മാത്രമാണ് ഇന്തോ-ആസിയാന്‍ കരാര്‍.

എന്താണ് സ്വതന്ത്ര വ്യാപാരക്കരാര്‍?

സ്വതന്ത്രവ്യാപാരക്കരാര്‍ എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? സ്വതന്ത്രവ്യാപാരക്കരാറില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ അവ തമ്മില്‍തമ്മിലുള്ള വ്യാപാരം നിയന്ത്രണമുക്തമാക്കാനും സര്‍വ്വതന്ത്ര സ്വതന്ത്രമാക്കാനും, പരസ്പരം സമ്മതിച്ച് കരാറില്‍ ഏര്‍പ്പെടുകയാണ് ചെയ്യുന്നത്. പരസ്പരമുള്ള വ്യാപാരം പൂര്‍ണമായും സ്വതന്ത്രമാവുന്നത് ഒറ്റയടിക്ക് ആയിക്കൊള്ളണമെന്നില്ല. ഒരു നിശ്ചിത കാലയളവിനുള്ളില്‍ ഘട്ടംഘട്ടമായി സ്വതന്ത്ര വ്യാപാരമേഖല സ്ഥാപിച്ചെടുത്താല്‍ മതിയാവും. പക്ഷേ, നിലവിലുള്ള സാര്‍വദേശീയ നിയമങ്ങള്‍ വിശേഷിച്ചും ലോക വ്യാപാര സംഘടനയുടെ ആര്‍ട്ടിക്കിള്‍ ഇരുപത്തിനാല് ഒരു കാര്യം അനുശാസിക്കുന്നുണ്ട്. ഒരു നിശ്ചിതകാലയളവിനുള്ളില്‍ സ്വതന്ത്ര വ്യാപാരമേഖലയ്ക്കുള്ളില്‍ ബാധകമായിട്ടുള്ള എല്ലാ വ്യാപാര പ്രതിബന്ധങ്ങളും നീക്കംചെയ്തിരിക്കണം. സ്വതന്ത്ര വ്യാപാരമേഖല ഉണ്ടാക്കാന്‍ പുറപ്പെട്ട് പാതിവഴിക്ക് നില്‍ക്കാന്‍ പാടില്ല. സ്വതന്ത്രവ്യാപാരമേഖല ഉണ്ടാക്കാന്‍ പുറപ്പെടുന്നവര്‍ കാലാവധിക്കുള്ളില്‍ പരസ്പരമുള്ള വ്യാപാരത്തിനുമേലുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കംചെയ്തിരിക്കണം. ഇത്തരമൊരു സ്വതന്ത്രവ്യാപാരമേഖലയാണ് ഇന്ത്യയ്ക്കും ആസിയാന്‍ രാജ്യങ്ങള്‍ക്കുമിടയില്‍ രൂപപ്പെടാന്‍ പോകുന്നത്.

ജനങ്ങളെ അറിയിക്കാത്ത കരാര്‍

കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി പറയപ്പെടുന്ന ഇന്‍ഡോ-ആസിയാന്‍ കരാറിന്റെ വിശദാംശങ്ങള്‍ ജനങ്ങള്‍ക്കോ ഇന്ത്യന്‍ പാര്‍ലമെന്റിനുപോലുമോ ഇന്നുവരെ ലഭ്യമായിട്ടില്ല. സ്വതന്ത്രവ്യാപാരമേഖല രൂപീകരിക്കുന്നതിനുള്ള കരാറാണ് ഒപ്പിടാന്‍പോകുന്നത് എന്നത് മാത്രമെ പുറത്ത് അറിയുന്നുള്ളു. കരാര്‍ ഇന്ത്യയിലെ, വിശേഷിച്ചും കേരളത്തിലെ കൃഷി-അനുബന്ധമേഖലകളെ സാരമായി ബാധിക്കും എന്നുപറയാന്‍ അറിഞ്ഞിടത്തോളം വിവരംതന്നെ ധാരാളമാണ്. കരാര്‍ ഒറ്റയടിക്കല്ല മറിച്ച് ഘട്ടംഘട്ടമായാണ് നടപ്പിലാക്കുക; നമുക്ക് പ്രത്യേകം താല്‍പര്യമുള്ള ഉല്‍പന്നങ്ങളെ നെഗറ്റീവ് പട്ടികയില്‍പ്പെടുത്തി സ്വതന്ത്രവ്യാപാരം കടന്നുവരുന്ന പ്രക്രിയയെ താമസിപ്പിക്കാം തുടങ്ങിയ കാര്യങ്ങളാണ് വലിയ ആശ്വാസമായി പറയുന്നത്. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു ചര്‍ച്ചനടത്തിയ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിക്ക് അങ്ങനെ ഒരു ഉറപ്പുകിട്ടിയിട്ടുണ്ടത്രെ. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു എന്നു പറയുന്ന കരാറിന്റെ കോപ്പി പാര്‍ലമെന്റോ, സംസ്ഥാന സര്‍ക്കാരുകളോ കണ്ടിട്ടില്ല.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് കരാറിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല. ഉമ്മന്‍ചാണ്ടിക്ക് കരാറിന്റെ കോപ്പി ലഭ്യമായോ എന്ന ചോദ്യം പ്രസക്തമാണ്. ജൂലൈ 8-ാം തീയതി രാജ്യസഭയില്‍ 448-ാം നമ്പര്‍ ചോദ്യത്തിന് മറുപടിയായി കരാര്‍ സംബന്ധിച്ച കൂടിയാലോചനകള്‍ പൂര്‍ത്തിയായി എന്ന് ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഈ കരാര്‍ എന്തുകൊണ്ട് ജനങ്ങള്‍ക്ക് ലഭ്യമാകുന്നില്ല. കരാറിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന കര്‍ഷകര്‍ക്കെങ്കിലും വിശദാംശങ്ങള്‍ അറിയാനുള്ള അവകാശം ലഭ്യമാക്കേണ്ടതല്ലേ? കാര്യങ്ങള്‍ പരസ്യമായാല്‍ കരാറുമായി മുന്നോട്ടുപോകാന്‍ കഴിയാതെവന്നാലോ എന്ന ഭയമായിരിക്കണം കേന്ദ്ര സര്‍ക്കാരിനെ ഭരിക്കുന്നത്.

കരാറിന്റെ വിശദാംശങ്ങള്‍ അറിയാതെതന്നെ ഒരു കാര്യം തീര്‍ത്തുപറയാനാവും. ഇന്ത്യയും ആസിയാനിലെ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ ഒരോന്നായി നീക്കംചെയ്യപ്പെടും. ഒരു നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ ഇന്ത്യന്‍ വിപണിയും ആസിയാന്‍ വിപണിയും ഒരു പൊതുവിപണിയായി മാറും. ആസിയാന്‍ രാജ്യങ്ങളില്‍നിന്നും എന്തും ഒരു തടസ്സവുമില്ലാതെ ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യാനാവും. തിരിച്ച് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ആസിയാന്‍ വിപണിയിലേക്കും പ്രതിബന്ധങ്ങള്‍ ഇല്ലാതെ കടന്നുചെല്ലാനാവും. ഇന്ത്യയിലേക്കുള്ള ഇറക്കുമതി പ്രതിബന്ധങ്ങള്‍ എത്ര ഘട്ടമായി എത്ര സമയത്തിനുള്ളിലാണ് പൂര്‍ണമായും ഒഴിവാക്കുക; ഏതെല്ലാം ഉല്‍പന്നങ്ങളുടെ കാര്യത്തിലാണ് കൂടുതല്‍ സാവകാശം കിട്ടുക തുടങ്ങിയ കാര്യങ്ങളാണ് അറിയാന്‍ ബാക്കിയുള്ളത്. ചില കാര്യങ്ങളില്‍ വരാന്‍പോകുന്ന വിപത്തിനെ കുറച്ചു വൈകിക്കാന്‍ കഴിഞ്ഞേക്കും എന്നതുമാത്രമാണ് ആശ്വാസം.

സ്വതന്ത്രവ്യാപാരത്തെ എന്തിന് ഭയക്കണം?

സ്വതന്ത്ര വ്യാപാരത്തെ എന്തിന് ഭയക്കണം എന്നു ചോദിക്കുന്നവരുണ്ട്. ഉല്‍പാദനക്ഷമത വര്‍ധിപ്പിച്ചു, മത്സരക്ഷമത ഉയര്‍ത്തി ആഭ്യന്തരവിപണിയിലും പുറംവിപണിയിലും എതിരാളിയെ തോല്‍പിച്ചു മുന്നേറാനുള്ള ധൈര്യമല്ലേ നമ്മള്‍ പ്രദര്‍ശിപ്പിക്കേണ്ടത്? മത്സരത്തെ ഭയന്ന് എത്രനാള്‍ ഒളിച്ചു നടക്കാനാവും തുടങ്ങിയ ചോദ്യങ്ങള്‍ സംഗതമാണ്. പക്ഷേ, ഈ ചോദ്യങ്ങളൊന്നും സാമ്പത്തികശാസ്ത്ര ചരിത്രത്തില്‍ ആദ്യമായല്ല ഉയര്‍ത്തപ്പെടുന്നത് എന്നുകൂടി ഓര്‍ക്കണം. സ്വതന്ത്ര കമ്പോളവും സ്വതന്ത്രവ്യാപാരവും ആര്‍ക്കും, ഏതവസരത്തിലും ഏറ്റവും സ്വീകാര്യവും ഉത്തമവുമായ വഴിയാണ് എന്ന മട്ടിലുള്ള ചിന്താഗതി വളര്‍ന്നുവന്നത് നിയോലിബറല്‍ നയങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതോടുകൂടിയാണ്. ലോകബാങ്ക്, നാണയനിധി തുടങ്ങിയ സാമ്രാജ്യത്വ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഒരുതരം കമ്പോളമൌലികവാദമാണ് ലോകമാകെ വിപുലമായ സന്നാഹങ്ങളുടെ സഹായത്തോടെ പ്രചരിപ്പിക്കപ്പെട്ടത്. കമ്പോളം തെറ്റുകള്‍ക്കും വീഴ്ചകള്‍ക്കും അതീതമാണ് എന്ന ഈ പ്രചാരണത്തിന് ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രത്തിന്റെപോലും പിന്‍ബലമില്ല എന്നതാണ് വാസ്തവം. നവ ഉദാരവത്കരണവാദത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറ വളരെ ദുര്‍ബലമാണ് എന്ന വസ്തുത ആഗോള ധനകാര്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വ്യക്തമാക്കപ്പെട്ടു. കമ്പോളത്തെ നിയന്ത്രണരഹിതമായി പ്രവര്‍ത്തിക്കാന്‍ വിട്ടതാണ് ആഗോള ധനകാര്യത്തകര്‍ച്ചയുടെ കാരണം എന്ന് ഇന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. ധനകാര്യമേഖലയുടെമേല്‍ ഭരണകൂട നിയന്ത്രണം പുന:സ്ഥാപിക്കുന്ന തിരക്കിലാണല്ലോ ഇന്ന് ലോകരാഷ്ട്രങ്ങള്‍ എല്ലാംതന്നെ.

സ്വതന്ത്രവ്യാപാരവും തുറന്ന കമ്പോളവും അമ്പേ പരാജയപ്പെടും എന്ന് ഉറപ്പുള്ള മറ്റൊരു മേഖലയാണ് കൃഷിയും, അനുബന്ധമേഖലകളും. കൃഷിയെ സ്വതന്ത്രവ്യാപാരത്തിന് വിട്ടുകൊടുക്കാന്‍ അമേരിക്കയും, യൂറോപ്യന്‍ രാജ്യങ്ങളും, ജപ്പാനും മറ്റും വിസമമതിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ഈ വികസിതരാജ്യങ്ങളില്‍ കൃഷി-അനുബന്ധമേഖലകള്‍ ഇന്നും ഏറെ സംരക്ഷിതമായി തുടരുന്നു എന്ന കാര്യം ആരും നിഷേധിക്കുന്നില്ലല്ലോ.

യുദ്ധാനന്തര ലോക സാമ്പത്തികക്രമത്തിന് രൂപംകൊടുത്ത 1944ലെ ബ്രട്ടന്‍വുഡ്സ് സമ്മേളനത്തില്‍പോലും കൃഷിയെ സ്വതന്ത്രവ്യാപാരനിയമങ്ങള്‍ക്ക് വിധേയമാക്കാന്‍ പാടില്ല എന്ന ധാരണയുണ്ടായിരുന്നു. ബ്രട്ടന്‍വുഡ്സ് സമ്മേളനം ലോകബാങ്ക് സാര്‍വ്വദേശീയ നാണയനിധി എന്നീ സ്ഥാപനങ്ങളോടൊപ്പം ഒരു ലോക വ്യാപാരസംഘടനയ്ക്കുകൂടി (ഐടിഒ) ജന്മംനല്‍കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് 1948ല്‍ ഹവാനയില്‍വെച്ചു ചേര്‍ന്ന സമ്മേളനം ലോകവ്യാപാരസംഘടനയ്ക്കുവേണ്ടി തയ്യാറാക്കിയ ഹവാനാ ചാര്‍ട്ടറും കാര്‍ഷികമേഖലയെ സ്വതന്ത്ര വ്യാപാരനിയമങ്ങളുടെ പരിധിയില്‍പെടുത്തേണ്ടതില്ല എന്ന് വ്യക്തമാക്കിയിരുന്നു. ബൂര്‍ഷ്വാ സാമ്പത്തികശാസ്ത്രത്തിലെ അഗ്രഗണ്യന്മാരായ ജോണ്‍മൈനാഡ് കെയ്ന്‍സടക്കമുള്ളവര്‍ കൃഷി-അനുബന്ധമേഖലകളുടെ കാര്യത്തില്‍ വേറിട്ട സമീപനം വേണം എന്ന് ശഠിച്ചതിനെത്തുടര്‍ന്നാണ് ഇത്തരമൊരു സമീപനം ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ചത്. തുടര്‍ന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടുകൂടിത്തന്നെ കാര്‍ഷികോല്‍പന്നങ്ങളുടെ ലോകവ്യാപാരത്തെ നിയന്ത്രിക്കുന്നതിനും, വിലകളില്‍ സ്ഥിരത ഉറപ്പാക്കുന്നതിനും വിവിധ സംവിധാനങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. റബര്‍, കാപ്പി, കൊക്കൊ തുടങ്ങിയ കാര്‍ഷികോല്‍പന്നങ്ങളുടെ ആഗോളവ്യാപാരത്തെ നിയന്ത്രിക്കുന്നതിനും വിലകള്‍ ക്രമീകരിക്കുന്നതിനും സാര്‍വദേശീയ ഉല്‍പന്നക്കരാറുകള്‍ (ഇന്റര്‍നാഷണല്‍ കമ്മോഡിറ്റി എഗ്രിമെന്റുകള്‍) ഉണ്ടായതിന്റെ കാരണവും വ്യത്യസ്തമല്ല. കൃഷിയുടെ കാര്യത്തില്‍ കമ്പോളത്തിനുണ്ട് എന്ന് ഏതാണ്ട് എല്ലാവരും സമ്മതിക്കുന്ന ഇതേ പരിമിതിതന്നെയാണ് പാശ്ചാത്യരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ അവരുടെ കാര്‍ഷികമേഖലയ്ക്കു നല്‍കുന്ന സംരക്ഷണത്തിന്റെ രഹസ്യവും.

സ്വതന്ത്രവ്യാപാരവും കൃഷിയും തമ്മില്‍ പൊരുത്തപ്പെടില്ല എന്ന് മേല്‍പറഞ്ഞ വസ്തുതയാണ് ഡബ്ള്യുടിഒ ചര്‍ച്ചകളിലും, ഇന്‍ഡോ-ആസിയാന്‍ കരാറിലും വിസ്മരിക്കപ്പെടുന്നത്. കാര്‍ഷികോല്‍പന്നങ്ങളുടെ ആഭ്യന്തരവിപണിയിലും, സാര്‍വ്വദേശീയ വിപണിയിലും സര്‍ക്കാരോ അന്താരാഷ്ട്ര സമൂഹമോ ഇടപെടേണ്ടതില്ല എന്ന നവലിബറല്‍ സമീപനമാണ് അംഗീകരിക്കപ്പെടുന്നത്. വിലകള്‍ തീരുമാനിക്കുന്നതിനുള്ള സ്വാതന്ത്യ്രം പൂര്‍ണ്ണമായും കമ്പോളത്തിന് വിട്ടുകൊടുക്കണം എന്ന ആശയമാണ് മന്‍മോഹന്‍സിങ്ങിന്റെ ആദര്‍ശം. ആ ആദര്‍ശലോകത്തേക്കുള്ള യാത്ര വേണമെങ്കില്‍ അല്‍പം സാവകാശത്തില്‍ ആക്കിത്തരാം എന്നതാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.

കാര്‍ഷികമേഖലയുടെ കാര്യത്തില്‍ മന്‍മോഹന്‍സിങ്ങിന്റെ ആദര്‍ശലോകത്തിന് മുഖ്യധാരാ സാമ്പത്തികശാസ്ത്രത്തിന്റെപോലും പിന്‍തുണയില്ല എന്നതും, പാശ്ചാത്യ വികസിതരാജ്യങ്ങള്‍ അവരുടെ കാര്‍ഷികമേഖലയില്‍ മന്‍മോഹന്‍സിങ്ങിന്റെ ആദര്‍ശം നടപ്പിലാക്കാന്‍ ഒരുകാലത്തും തയ്യാറായിട്ടില്ല എന്നതുമാണ് ഇവിടെ ആവര്‍ത്തിച്ച് ഉറപ്പിച്ച് വ്യക്തമാക്കേണ്ട കാര്യം.

കാര്‍ഷിക അഭിവൃദ്ധിയും സ്വതന്ത്രവ്യാപാരവും ഒരുമിച്ചുപോകില്ല എന്ന് പറയുന്നതിന്റെ കാരണം സ്ഥലപരിമിതിമൂലം ഇവിടെ വിശദമായി പരിശോധിക്കാനാവില്ല. കമ്പോളം തീരുമാനിക്കുന്ന വിലകള്‍ എല്ലാവര്‍ക്കും ഗുണകരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കും എന്നതാണല്ലോ സ്വതന്ത്രകമ്പോളത്തിന് അനുകൂലമായ ഏറ്റവും പ്രധാനപ്പെട്ട വാദം. കെയ്ന്‍സ്, കാല്‍ഡോര്‍ തുടങ്ങിയ പ്രഗത്ഭമതികളായ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍പോലും പറയുന്നത് ഇത് കാര്‍ഷികമേഖലയെ സംബന്ധിച്ചിടത്തോളം ശരിയല്ല എന്നാണ്. കാര്‍ഷികോല്‍പന്നങ്ങളുടെ വിലകള്‍ നിശ്ചയിക്കാന്‍ കമ്പോളത്തിന് വിട്ടുകൊടുക്കുന്നത് കൃഷിക്കോ, കൃഷിക്കാര്‍ക്കോ, കാര്‍ഷികരാജ്യങ്ങള്‍ക്കോ, അന്താരാഷ്ട്ര സമൂഹത്തിനോ ഗുണകരമാവില്ല എന്നാണ് അവര്‍ വാദിച്ചു സമര്‍ത്ഥിച്ചിട്ടുള്ളത്. കമ്പോളശക്തികളെ അനിയന്ത്രിതമായി പ്രവര്‍ത്തിക്കാന്‍ വിടുമ്പോഴുണ്ടാകുന്ന വിലകളിലെ അമിതമായ കയറ്റിറക്കങ്ങള്‍ യഥാര്‍ത്ഥ കൃഷിക്കാര്‍ക്ക് താങ്ങാനാവില്ല എന്നതാണ് ഇതിന് ഒരു കാരണം.

കമ്പോള വിലകളിലെ അമിതമായ കയറ്റിറക്കങ്ങള്‍ കൃഷിയെയും, കൃഷിക്കാരേയും, നശിപ്പിക്കും എന്ന മുഖ്യധാരാ സാമ്പത്തികശാസ്ത്രത്തിന്റെ ഈ കാഴ്ചപ്പാട് ഇന്തോ-ആസിയാന്‍ കരാറിന്റെ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ മാത്രം മതി കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണ് എന്നത് വ്യക്തമാവാന്‍. അന്തര്‍ദേശീയവിപണിയില്‍ കാര്‍ഷികോല്‍പന്നങ്ങളുടെ വിലകള്‍ നേരിടുന്ന കയറ്റിറക്കങ്ങള്‍ വ്യാവസായിക ഉല്‍പന്നങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ് എന്നത് വസ്തുതയാണല്ലോ. വിലകള്‍ അമിതമായി ഉയരുകയും അതുപോലെതന്നെ നിലംപതിക്കുകയും ചെയ്യുന്ന ഈ പ്രവണത ഒരു ഉല്‍പാദനമേഖലയ്ക്കും താങ്ങാനാവില്ല. അസംഘടിതമായ ചെറുകിട കൃഷിക്കാരുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല എന്നു മാത്രം. സാര്‍വ്വദേശീയ വിപണിയില്‍ വിലകള്‍ കുത്തനെ ഇടിയുമ്പോള്‍ അതിനെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിച്ചു നേരിട്ടുകൊള്ളണം എന്നു പറയുന്നതാകട്ടെ ഏറ്റവും വലിയ ക്രൂരതയാണുതാനും. പുതിയ നൂറ്റാണ്ടിന്റെ ആരംഭവര്‍ഷങ്ങളില്‍ ഇതേ ആസിയാന്‍ രാജ്യങ്ങളില്‍ വലിയ നാണയത്തകര്‍ച്ച ഉണ്ടായപ്പോള്‍ റബര്‍, വെളിച്ചെണ്ണ, പാമോയില്‍ തുടങ്ങിയവയുടെ എല്ലാം വിലകള്‍ കുത്തനെ ഇടിഞ്ഞതും വയനാട്ടിലും മറ്റും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായതും ഇനിയും മറക്കാറായിട്ടില്ല. ആസിയാന്‍ രാജ്യങ്ങളില്‍ ഉല്‍പാദനക്ഷമതകൂടിയതുകൊണ്ടല്ല അവരുടെ ഉല്‍പന്നവിലകള്‍ കുത്തനെ കുറഞ്ഞത്. മറിച്ച് ആസിയാന്‍ നാണയങ്ങള്‍ക്ക് വമ്പിച്ച വിലയിടിവ് ഉണ്ടായതുകൊണ്ടാണ്. ആസിയാന്‍ രാജ്യങ്ങളിലെ ധനകാര്യമേഖലയിലെ നയവൈകല്യങ്ങളാണ് അന്ന് കേരളത്തിലെ കര്‍ഷകര്‍ക്ക് ഇരുട്ടടിയായത്. കേരളത്തില്‍ പെട്ടെന്ന് ഉല്‍പാദനക്ഷമത കുറഞ്ഞുപോയതായിരുന്നില്ല പ്രതിസന്ധിയുടെ കാരണം.

അന്തര്‍ദേശീയവിപണിയില്‍ ഉണ്ടാവുന്ന വിലകളുടെ കയറ്റിറക്കങ്ങളില്‍നിന്നും കൃഷിക്കാരെ സംരക്ഷിക്കേണ്ടതുണ്ടോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. അതിന് കഴിയണമെങ്കില്‍ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കത്തിന്റെമേല്‍ അതായത് വിദേശവ്യാപാരത്തിനുമേല്‍ നിയന്ത്രണം ഉണ്ടായേ മതിയാവൂ. ഒപ്പം ആഭ്യന്തരകമ്പോളത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഇടപെടുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും ആവശ്യമാണ്. ഡബ്ള്യുടിഒ ചര്‍ച്ചകളുടെ ഭാഗമായി നമുക്ക് വലിയ ഒരളവോളം നഷ്ടപ്പെട്ടത് കയറ്റിറക്കുമതികളെ നിയന്ത്രിക്കുന്നതിനുള്ള അധികാരമാണ്.

ഉറുഗ്വേറൌണ്ടിലും അതിനുശേഷവും നടന്ന വ്യാപാരചര്‍ച്ചകളുടെ ഫലമായും, ഇന്ത്യാഗവണ്‍മെന്റിന്റെ ഉദാരവത്കരണനയങ്ങളുടെ ഭാഗമായും ഇറക്കുമതി തീരുവകളില്‍ വലിയ കുറവാണ് വരുത്തിയിട്ടുള്ളത്. ആസിയാന്‍ കരാര്‍ നടപ്പിലാവുന്നതോടുകൂടി അവശേഷിക്കുന്ന ഇറക്കുമതി തീരുവകളുടെ പ്രസക്തികൂടി ഇല്ലാതാവും. ഡബ്ള്യുടിഒ കരാറിന്റെ ഭാഗമായി നമുക്ക് ഉയര്‍ന്ന ബൌണ്ട് റേറ്റുകള്‍ (ഇറക്കുമതി തീരുവയുടെ അംഗീകൃത ഉയര്‍ന്ന പരിധി) നിലനിര്‍ത്താന്‍ കഴിയും എന്ന അവകാശവാദത്തിന് ഇനി എന്തു പ്രസക്തിയാണുള്ളത്? ആസിയാന്‍ ഉടമ്പടിയുടെ ഭാഗമായി ഇറക്കുമതിതീരുവകള്‍ വെട്ടിക്കുറയ്ക്കാന്‍ സമ്മതിക്കുന്നതോടുകൂടി ഇനി ഡബ്ള്യുടിഒ ചര്‍ച്ചകളില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുന്നതിന് അര്‍ത്ഥമില്ലാതാവും. യഥാര്‍ത്ഥത്തില്‍ അതുതന്നെയാവണം മന്‍മോഹന്‍സിങ് ലക്ഷ്യംവെയ്ക്കുന്നതും.

ആസിയാന്‍ കരാറിന്റെ പേരിലാണെങ്കിലും, ഡബ്ള്യുടിഒ കരാറിന്റെ പേരിലാണെങ്കിലും ഇറക്കുമതി തീരുവകള്‍ വെട്ടിക്കുറയ്ക്കുന്നതോടുകൂടി അന്തര്‍ദേശീയ വിപണിയിലെ വിലകളുടെ കയറ്റിറക്കങ്ങള്‍ അപ്പോള്‍തന്നെ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. കടമ്മനിട്ടയുടെ ഭാഷയില്‍ പറഞ്ഞാല്‍ കൃഷിക്കാര്‍ക്ക് കാക്കക്കാലിന്റെ തണലുപോലും അവശേഷിക്കില്ല.

വിലകള്‍ ഇടിയുമ്പോള്‍ കൃഷിക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തുചെയ്യും എന്ന ചോദ്യമാണ് ഉത്തരംകിട്ടാതെ അവശേഷിക്കുന്നത്. കൃഷിയെ രക്ഷിക്കാന്‍ ഏറ്റവും ആദ്യം വേണ്ടത് ആദായകരമായ വില ഉറപ്പാക്കുകയാണ് എന്ന കാര്യം ഏവരും സമ്മതിക്കുന്നതാണ്. സ്വതന്ത്ര വ്യാപാരക്കരാറുകളിലൂടെ ഇറക്കുമതി നിയന്ത്രണങ്ങള്‍ നീക്കംചെയ്യുന്ന സര്‍ക്കാരിന് വിലസ്ഥിരത ഏര്‍പ്പെടുത്താന്‍ ഒരു പരിപാടിയുമില്ല എന്നതാണ് വാസ്തവം. ജീവനോപാധി നഷ്ടപ്പെട്ടു കടംകയറി നശിക്കുന്ന കൃഷിക്കാര്‍ക്ക് ആശ്വാസമായി വെച്ചുനീട്ടപ്പെടുന്നത് ദേശീയ തൊഴിലുറപ്പുപദ്ധതിയും, പൊതുമേഖലാ ബാങ്കുകളുടെ ചെലവില്‍ നടപ്പിലാക്കുന്ന കാര്‍ഷിക കടാശ്വാസ പരിപാടിയുമാണ്. അതെല്ലാം കേവലം ആശ്വാസ നടപടികള്‍ മാത്രമാണ്. സ്ഥായിയായ പരിഹാരം വിലസ്ഥിരതയാണ്; വിലസ്ഥിരത മാത്രമാണ്.

വിലസ്ഥിരത ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും എന്ന കപടവാഗ്ദാനംകൊണ്ട് കൃഷിക്കാരെ ഇനി വഞ്ചിക്കാനാവില്ല എന്നുകൂടി ഇവിടെ പറഞ്ഞുവെയ്ക്കേണ്ടതുണ്ട്. അന്തര്‍ദേശീയ വിപണിയേയും, ദേശീയ വിപണിയെയും വേര്‍തിരിക്കുന്നത്-അതായത് ദേശീയ സാമ്പത്തിക അതിര്‍ത്തിയെ നിര്‍വചിക്കുന്നത് - കയറ്റിറക്കുമതികളുടെമേലുള്ള നിയന്ത്രണങ്ങളാണ്. വ്യാപാര നിയന്ത്രണങ്ങള്‍ ഇല്ലാതായി കഴിഞ്ഞാല്‍ ദേശീയവിപണിയും അന്തര്‍ദേശീയ വിപണിയും ഫലത്തില്‍ ഒന്നാവും. ഇന്ത്യയിലോ, കേരളത്തിലോ മാത്രമായി വിലകള്‍ നിയന്ത്രിച്ചുനിര്‍ത്തുക തീര്‍ത്തും അസാധ്യമാവും. ഇവിടെ വിലകള്‍ ഉയര്‍ത്തിനിര്‍ത്തിയാല്‍ പുറത്തുനിന്നുള്ള ഇറക്കുമതിയുടെ കുത്തൊഴുക്കുണ്ടാവും! കൃഷിക്കാര്‍ക്ക് വിലസ്ഥിരത എന്ന മുദ്രാവാക്യം എന്നെന്നേക്കുമായി മറന്നേക്കാം എന്നാണ് മന്‍മോഹന്‍സിങ് രാഷ്ട്രത്തോടു പറയുന്നത്. ഉറുഗ്വേറൌണ്ട് ചര്‍ച്ചകള്‍ മുതല്‍ ആസിയാന്‍ കരാര്‍വരെയുള്ള നടപടികളിലൂടെ ഇക്കാര്യമാണ് അദ്ദേഹം നേടിയെടുത്തിരിക്കുന്നത്.

ഇന്ത്യന്‍ ഭരണകൂടത്തിന് നേതൃത്വംകൊടുക്കുന്ന വന്‍കിട മൂലധനശക്തികള്‍ ആസിയാന്‍ കരാറിന് അനുകൂലമായ തീരുമാനം എടുത്തുകഴിഞ്ഞു. തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ആസിയാന്‍ വിപണിയിലേക്ക് വ്യാപാര പ്രതിബന്ധങ്ങളുടെ തടസ്സമില്ലാതെ പ്രവേശിക്കാനാവും എന്നതാണ് അവരെ നയിക്കുന്ന പ്രലോഭനം. കൃഷിക്കാരേയും, ചെറുകിട വ്യവസായങ്ങളെയും, ചെറുകിട ഉല്‍പാദകരേയും ഈ കരാര്‍ പ്രതികൂലമായി ബാധിക്കും എന്നതൊന്നും ഭരണനേതൃത്വത്തെ അലട്ടും എന്ന് തോന്നുന്നില്ല. വിശേഷിച്ചും തെരഞ്ഞെടുപ്പുകള്‍ വിദൂരമായിരിക്കുന്ന സാഹചര്യത്തില്‍. അതുകൊണ്ട് അതിശക്തമായ ചെറുത്തുനില്‍പ് ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ മാത്രമേ ആസിയാന്‍ കരാറിന്റെ കാര്യത്തില്‍ ഒരു പുനരാലോചന ഉണ്ടാവാന്‍ സാധ്യതയുള്ളു. ജനകീയ സമ്മര്‍ദ്ദം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള അവസാന അവസരമാണ് ഇത്. കാര്‍ഷികവിളകളുടെ വിലസ്ഥിരതയ്ക്കും, തങ്ങളുടേതല്ലാത്ത കാരണങ്ങളാലുണ്ടാകുന്ന വിലത്തകര്‍ച്ചയുടെ നഷ്ടം നികത്തുന്നതിനും ആവശ്യമായ സംവിധാനങ്ങള്‍ ഉറപ്പുവരുത്താതെ അന്തര്‍ദേശീയ വ്യാപാര ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ മന്‍മോഹന്‍സിങ്ങിനെ അനുവദിക്കാന്‍ പാടില്ലാത്തതാണ്.

*
ഡോ. കെ എന്‍ ഹരിലാല്‍ ചിന്ത വാരിക

05 August, 2009

എന്റെ പ്രസ്ഥാനം അതിജീവിക്കും

എന്റെ പ്രസ്ഥാനം അതിജീവിക്കും

കോഴിക്കോടിന്റെ എല്ലാ നന്മകളിലും ഒരു പങ്ക് അവകാശപ്പെടാന്‍ കഴിയും സമരഭൂമികളിലെ നിത്യസാന്നിധ്യമായ ബീരാന്‍കോയക്ക്. ഹൃദയത്തോട് ചേര്‍ത്തുവച്ച ചെങ്കൊടിയുമായി പ്രകടനങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്ന എണ്‍പത്താറു വയസ്സു കഴിഞ്ഞ ഈ കൊമ്പന്‍ മീശക്കാരന്‍ ഇന്നും കോഴിക്കോടിന്റെ രണോത്സുകതയെ ഊഷ്‌മളമാക്കുന്നുണ്ട്. സമരം കുട്ടികളുടേതായാലും ഗസറ്റഡ് ജീവനക്കാരുടേതായാലും അതിന്റെ പരിസരത്തുണ്ടാവും ബീരാന്‍ക്ക. ജീവിതത്തില്‍ എത്ര സമരത്തില്‍ പങ്കെടുത്തെന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന് ഒരു രൂപവുമില്ല. എത്ര തവണ മര്‍ദനമേറ്റെന്ന് ചോദിച്ചാലും മറുപടിയില്ല.

അടിയന്തരാവസ്ഥയിലെ പേടിസ്വപ്‌നമായ പുലിക്കോടന്‍ നാരായണന്റെ ക്രൌര്യത്തിനുനേരെ ചെരുപ്പോങ്ങിയ ബീരാന്‍കോയയുടെ ചങ്കൂറ്റം ഇന്നും ചോര്‍ന്നുപോയിട്ടില്ല. ഓര്‍മകളുടെ വെളിച്ചം മങ്ങിയ ഊടുവഴികളിലൂടെ നടന്ന് അദ്ദേഹം സമരതീക്ഷ്‌ണമായ ഭൂതകാലം നമുക്കുമുന്നില്‍ തുറന്നിടുന്നു. എതിര്‍പ്പുകളെല്ലാം ചെറുത്തുതോല്‍പ്പിച്ച തന്റെ പ്രസ്ഥാനം വ്യക്തിഹത്യകളെയും അപവാദപ്രചാരണങ്ങളെയും നെറികേടുകളെയും അതിജീവിക്കുമെന്ന് അദ്ദേഹം പറയുന്നു.

അടിയന്തരാവസ്ഥക്കുശേഷമുള്ള കാലമാണത്. നാളും പക്കവുമൊന്നുമോര്‍മയില്ല. ആഭ്യന്തര മന്ത്രി കെ കരുണാകരന്‍ പറയുന്നമാതിരി ജയറാം പടിക്കലിന്റെയും പുലിക്കോടന്‍ നാരായണന്റെയും നായാട്ടായിരുന്നില്ലേ അതുവരെ. അതിന്റെ കടുപ്പം കുറഞ്ഞെന്ന് പറയാറായിട്ടുമില്ല. അടിയന്തരാവസ്ഥയിലെ ഒരു കേസുമായി ബന്ധപ്പെട്ട് പുലിക്കോടന്‍ നാരായണന്‍ കോഴിക്കോട് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാവാന്‍ എത്തുന്നുണ്ട് അന്ന്. രാജന്‍കേസായിരുന്നോ അത്? അതും ഓര്‍മിച്ചെടുക്കാനാവുന്നില്ല. ഞാനുമെത്തി അന്ന് കോടതിയില്‍. പുലിക്കോടനെ കണ്ടതും എനിക്ക് കലികയറി. ഇടതുകാലിലെ ചെരുപ്പൂരി ഞാന്‍ ഓടിച്ചെന്നു അടിക്കാനോങ്ങി. പുലിക്കോടന് അടുത്തുണ്ടായിരുന്ന മൊയ്‌തീന്‍കുഞ്ഞി എന്ന പൊലീസുകാരന്‍ 'ഇയ്യെന്താ ബീരാനേ കാട്ടുന്നത് ' എന്ന്ചോദിച്ച് പിടിച്ചില്ലായിരുന്നെങ്കില്‍ ആ നായിന്റെമോന്റെ ചെള്ളക്ക് അടയാളം വീണേനെ. അത്രക്ക് ദ്രോഹിച്ചിട്ടുണ്ട് അവന്‍ പാര്‍ടിക്കാരെ. എന്റെ കൊമ്പന്‍മീശയുടെ ഇടതുഭാഗം അല്‍പ്പം നീളം കുറവല്ലേ. അത് അവന്‍ കൈയില്‍ ചുറ്റി മേലോട്ട് വലിച്ചതാണ്. ലോക്കപ്പിലിട്ടും കുറേ തല്ലിയിട്ടുണ്ട്. അവന്‍ ഇപ്പോ ജീവിച്ചിരിപ്പുണ്ടോ, അതോ ചത്തോ?

പച്ചയില്‍ നിന്ന് ചുവപ്പന്‍ യൌവനത്തിലേക്ക്

എണ്‍പത്താറു വയസ്സായ എനിക്ക് അറുപത്തഞ്ച് വര്‍ഷത്തെ പാര്‍ടി പ്രവര്‍ത്തനത്തില്‍ ഇപ്പോഴാണ് വിശ്രമം കിട്ടുന്നത്. പുലിക്കോടനെ ചെരുപ്പൂരി തല്ലാനോങ്ങിയതൊക്കെ ഇന്നലെത്തെപ്പോലെ ഓര്‍മയുണ്ട്. പത്തുപതിനഞ്ചുവയസ്സില്‍ തുടങ്ങിയതാണ് ഈ ചെങ്കൊടി പിടിക്കാന്‍. ചെരുപ്പുണ്ടാക്കുന്ന പണിയായിരുന്നു വാപ്പ ഔക്കറിന്. ലീഗ് അനുഭാവി. ഞാനും ലീഗുകാരനായിരുന്നു. കോഴിക്കോട് പട്ടണത്തില്‍ രണ്ടാംഗേറ്റിനും റെയില്‍വേ സ്റ്റേഷനുമിടയ്ക്കുള്ള ചെമ്പോട്ടി തെരുവിലാണ് ഞങ്ങളുടെ വാടകവീട്. മഞ്ചേരി കുരിക്കന്മാരുടെ വീടാണത്. ഒന്നാം ക്ളാസുവരെയേ പഠിച്ചിട്ടുള്ളൂ. അല്‍പ്പം മുതിര്‍ന്നപ്പോള്‍ പണിക്കുപോവാന്‍ തുടങ്ങി. ആദ്യമൊക്കെ കൈറിക്ഷ വലിക്കുന്ന പണിയായിരുന്നു. അതിനും മുമ്പ് കുറെക്കാലം കുതിരവണ്ടി വലിച്ചിരുന്നു. കൈവണ്ടി വലിക്കുന്ന കാലത്ത് ഇടയ്ക്കിടെ നായനാരുടെ സവാരി കിട്ടും. റെയില്‍വെ സ്റ്റേഷനില്‍നിന്ന് ദേശാഭിമാനിയോട് ചേര്‍ന്നുള്ള ജില്ലാ കമ്മിറ്റി ആപ്പീസിലേക്കായിരിക്കും യാത്ര. ഒരിക്കല്‍ നായനാര്‍ ചോദിച്ചു, 'ഇയ്യെത്ര കാലായടോ ഇതും വലിച്ച് നടക്കുന്നത്?' ഇതല്ലാതെ വേറൊരു രക്ഷയുമില്ലെന്ന് ഞാന്‍ പറഞ്ഞു. അന്ന് നായനാര്‍ ഉറപ്പു തന്നതാണ് കൈവണ്ടിക്ക് പകരം മറ്റെന്തെങ്കിലും സംവിധാനം ഉണ്ടാക്കുമെന്ന്. കോഴിക്കോട്ട് പാര്‍ടി സെക്രട്ടറിയായും നായനാര്‍ കുറേക്കാലം ഉണ്ടായിരുന്നല്ലോ.

എന്തായാലും കൈവണ്ടി വലിക്കുന്നവരുടെ കഷ്ടപ്പാട് ഇല്ലാതാക്കിയത് മൂപ്പരാണ്. അന്ന് പാലക്കാട് നിന്നോ മറ്റോ എംഎല്‍എ ആയിരുന്നു എന്നാണോര്‍മ. നിയമസഭയില്‍ എന്തൊക്കെയോ പണിയയെടുത്തിട്ടാണ് കൈവണ്ടിക്കു പകരം സൈക്കിള്‍ റിക്ഷ വന്നത്. പിന്നെ അതും മാറി ഓട്ടോറിക്ഷയായി. വി പി ബീരാന്‍കോയ എന്ന ഞാന്‍ ഓട്ടോ ബീരാനായും മീശ ബീരാനായും പുതിയ കുട്ടികള്‍ക്ക് ബീരാന്‍ക്കയായും മാറി. എന്നെപ്പോലുള്ളവരുടെ കഷ്ടപ്പാട് കണ്ടിട്ടാണ് ഓട്ടോറിക്ഷ തുടങ്ങിയത്. സൈക്കിള്‍ റിക്ഷയുള്ളപ്പോഴും ഓട്ടോറിക്ഷയുള്ളപ്പോഴും വണ്ടി നിര്‍ത്തിയിടുക ദേശാഭിമാനിക്കടുത്താണ്. ഇഎംഎസും നായനാരും ഇമ്പിച്ചിബാവയുമൊക്കെ അന്ന് എന്റെ സൈക്കിള്‍ റിക്ഷയില്‍ കയറും. ഒരിക്കല്‍ പാര്‍ടി നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടക്കുന്ന കാലം. ഇവരെ കെ എസ് ആര്‍ ടി സി സ്റ്റേഷനില്‍ ഇറക്കണമായിരുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് അന്ന് നേതാക്കളെ സുരക്ഷിതമായി ലക്ഷ്യത്തിലെത്തിച്ചത്. നേതാക്കന്മാരെ എവിടെയെങ്കിലുമെത്തിച്ചാല്‍ പൈസ വാങ്ങാന്‍ ഞാന്‍ കൂട്ടാക്കാറില്ല. അവര്‍ നിര്‍ബന്ധിക്കും. ചിലപ്പോള്‍ ഭീഷണിപ്പെടുത്തും. പാര്‍ടിക്ക് ചെയ്യുന്ന ഒരു സഹായമായി റിക്ഷാസവാരിയെ കണ്ടാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞാല്‍ നായനാരൊക്കെ നല്ലോണം ചൂടാവും. പൈസ തന്നിട്ടേ ഇറങ്ങിപ്പോകൂ. ഇമ്പിച്ചിബാവയും കേളുഏട്ടനും സി എച്ച് കണാരനുമടക്കം പലരും കയറ്റത്തില്‍ സൈക്കിള്‍ റിക്ഷ ചവിട്ടുന്ന എന്റെ കഷ്ടപ്പാട് കണ്ട് വണ്ടിയില്‍ നിന്നിറങ്ങി റിക്ഷ തള്ളിത്തരുമായിരുന്നു. റെയില്‍വെ സ്റ്റേഷനില്‍ നേതാക്കള്‍ തീവണ്ടിയിറങ്ങിയാല്‍ എന്റെ വണ്ടിയിലേ കേറൂ.

കുറെക്കാലം മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകനായി നടന്നു. ലീഗ് രാഷ്ട്രീയം പ്രമാണിമാര്‍ക്കുള്ളതായിരുന്നു അന്നും. ലീഗിന്റെ പോക്ക് തെറ്റിലേക്കാണെന്ന് മനസ്സിലായപ്പോള്‍ മടുത്തു. വന്‍കിടക്കാരോടൊപ്പമായിരുന്നു അക്കാലത്തും ലീഗ് എന്ന പാര്‍ടി. അന്ന് ബാഫഖി തങ്ങളാണ് ലീഗ് നേതാവ്. അന്ന് സക്കാത്ത് കൊടുക്കുക മൂപ്പരാണ്. ഞങ്ങള്‍ക്കൊക്കെ രണ്ട് ഇരട്ട മുക്കാലാണ് കിട്ടുക. ഇരട്ടമുക്കാലിനു ശേഷം കുതിരമുക്കാലുവന്നു. രണ്ടിലുമുണ്ട് സ്വര്‍ണം. ബാഫഖി തങ്ങള്‍ എന്നെപ്പറ്റി എഴുതിയിട്ടുണ്ട്. അത് വായിച്ച് ഈയിടെ ഒരു രാത്രി അദ്ദേഹത്തിന്റെ മകന്‍ സെയ്‌ദ് അബ്‌ദുള്‍ ഖാദര്‍ ബാഫഖി എന്റെ വീട്ടില്‍ ഈ ചെളി മുഴുവന്‍ ചവിട്ടി വന്നിരുന്നു. വെറുതെ ലോഗ്യം പറയാന്‍. ബാഫഖിതങ്ങളുടെ കുടുംബത്തെയൊന്നും ഇപ്പോള്‍ ലീഗുകാര്‍ക്ക് കണ്ടുകൂട.

പത്തുപതിനഞ്ചു വയസ്സിലാണ് ചെങ്കൊടിയോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവരുടെ കഷ്ടപ്പാട് അറിയുന്നവരുടെ പാര്‍ടി അന്നും ഇന്നും കമ്യൂണിസ്റ്റ്പാര്‍ടി ആണ്. ഈ എണ്‍പത്താറാം വയസ്സിലും കൊടി പിടിച്ച് നടക്കുന്നത് ആ ബോധ്യം കൊണ്ടാണ്.

നക്സലൈറ്റ് നേതാവ് ഗ്രോവാസുവൊക്കെ എന്റെ കൂട്ടുകാരനാണ്. വാസുവുമായി ഇപ്പോഴും ലോഗ്യത്തിലാണ്. നക്സലൈറ്റ് ആയ ശേഷം ഗ്വാളിയര്‍ റയോണ്‍സ് സമരകാലത്ത് അവന്‍ നിരാഹാരം കിടക്കുമ്പോള്‍ ഞാന്‍ കാണാന്‍ പോകാറുണ്ട്. അവിടെപ്പോയി സലാം കൊടുക്കും, വര്‍ത്താനം പറയും. സുഹൃത്തായതുകൊണ്ടാണങ്ങനെ. അതില്‍ കുഴപ്പമില്ലല്ലോ. അപ്പോള്‍ നമ്മുടെ ആള്‍ക്കാര്‍ ചോദിക്കും ബീരാന്‍ക്ക നക്സലൈറ്റായോ എന്ന്. സ്റ്റേഡിയത്തിനടുത്ത് പൂതേരി ബില്‍ഡിങ്സിലെ മണ്ഡലം കമ്മിറ്റി ഓഫീസിലേക്ക് അന്നൊക്കെ ഒരു ഹാഫ് ട്രൌസറും ഷര്‍ട്ടുമിട്ടാണ് അവന്‍ വരുക. ആര്‍ എസ് എസ്സുകാര്‍ ശാഖക്ക് പോകുംപോലെ. പത്രം വായിക്കാന്‍ അറിയാത്ത എനിക്ക് വാസുവാണ് ദേശാഭിമാനി വായിച്ചു തരിക. വാസു ഇല്ലെങ്കില്‍ പനങ്ങാട്ട് ബാലനാണ് പത്രം വായിച്ചു തരിക. പാര്‍ടിയുടെ പരിപാടിയെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ഏകദേശധാരണയുണ്ടായത് അങ്ങനെയൊക്കെയാണ്. എനിക്കന്ന് അക്ഷരാഭ്യാസമില്ല. വായിക്കാനും എഴുതാനുമൊക്കെ പിന്നെ പഠിച്ചതാണ്. ഒന്നാം ക്ളാസില്‍ തന്നെ പഠനം അവസാനിച്ചിരുന്നു.

മര്‍ദനങ്ങളുടെ കാലം

കുറെക്കാലം പ്രവര്‍ത്തിച്ച ശേഷമാണ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായത്. അക്കാലത്തും എത്രയോ തവണ മര്‍ദനമേറ്റു. വരുമ്പോഴേക്കും മെമ്പര്‍ഷിപ്പ് കിട്ടില്ല കമ്യൂണിസ്റ്റ് പാര്‍ടിയില്‍. നമ്മുടെ പ്രവര്‍ത്തനം പഠിച്ച് നേതൃത്വത്തിന് ബോധ്യമായാലേ അംഗത്വം കിട്ടൂ. എനിക്ക് മെമ്പര്‍ഷിപ്പ് നല്‍കുന്നതിന് സാക്ഷിയായത് സെന്‍ട്രല്‍മാര്‍ക്കറ്റിലെ സഖാവ് ബി ഹസ്സനാണ്. കോഴിക്കോട് നടക്കുന്ന എല്ലാ സമരത്തിലും ഞാനുണ്ടാവും. വിദ്യാര്‍ഥികളുടെതായാലും ജീവനക്കാരുടേതായാലും സമരത്തെ സഹായിക്കാറുണ്ട്. അന്നൊക്കെ പലപ്പോഴും തല്ലും കിട്ടിയിട്ടുണ്ട്. ഞാന്‍ ജീവിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം പാര്‍ടിയാണ്. അടികിട്ടി തലക്കു പരിക്കേറ്റ എന്നെ ചികിത്സിച്ചത് പാര്‍ടിയാണ്. ആ ചികിത്സയില്ലായിരുന്നെങ്കില്‍ ഞാനിന്ന് മണ്ണിന്റെ ചോട്ടിലാണ്.

ഒരിക്കല്‍ പാര്‍ടിയുടെ പ്രകടനത്തെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. രണ്ടാം ഗേറ്റിനടുത്ത് പഴയ കൃഷ്ണദാസ് ഹോട്ടലിന്റെ മുന്നില്‍ വച്ച്. പോസ്റ്റാഫീസ് പിക്കറ്റിങ്ങിനെത്തിയതായിരുന്നു ഞങ്ങള്‍. കോണ്‍ഗ്രസുകാരനായ പരുത്തോളി വിജയനും, രണ്ടാം ഗേറ്റില്‍ കട നടത്തുന്ന മറ്റൊരാളും ചേര്‍ന്നാണ് അടിച്ചത്. മാതൃഭൂമിയുടെ മുന്നില്‍ നിന്ന് പ്രകടനമായാണ് അവര്‍ വന്നത്. അയാള്‍ പഴയ ആര്‍ എസ് എസ്സുകാരനാണ്. വണ്ണം കൂടിയ ചൂരല്‍ കൊണ്ടായിരുന്നു അടി. ചൂരല്‍ ഞാന്‍ പിടിച്ചു വാങ്ങി. അല്ലെങ്കില്‍ തല പൊട്ടിപ്പിളരുമായിരുന്നു. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍നിന്ന് മത്സ്യത്തൊഴിലാളികളായ സഖാക്കള്‍ എത്തി കോണ്‍ഗ്രസുകാരെ അടിച്ചോടിക്കുകയായിരുന്നു. അന്നത്തെ മര്‍ദനത്തിന്റെ ഓര്‍മക്ക് ആ ചൂരല്‍ ഞാന്‍ കുറെക്കാലം സൂക്ഷിച്ചിരുന്നു. വീടുമാറ്റത്തിനിടെ അത് എവിടെയോ നഷ്ടപ്പെട്ടു. കെ ടി സേതു എന്ന ഒരു സഖാവുണ്ടായിരുന്നു. പൊലീസ് ക്വാര്‍ടേഴ്‌സിനടുത്ത് പ്രസ് നടത്തുന്ന കെ ടി സുരേന്ദ്രന്റെ അനിയന്‍. പൊലീസിന്റെ അടികിട്ടി രക്തം ഛര്‍ദിച്ചാണ് മരിച്ചത്. ആജാനുബാഹുവായിരുന്നു സേതു. രണ്ടാളെയൊക്കെ എടുത്തെറിയാന്‍ ശേഷിയുള്ളവന്‍. അതൊക്കെ ഇപ്പോഴും ആലോചിക്കാന്‍ വയ്യ.

ചാത്തുണ്ണി മാഷെയും ദക്ഷിണാമൂര്‍ത്തി മാഷെയും പലവട്ടം ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചിട്ടുണ്ട്. എന്റെ വീടിനടുത്തുള്ള കോയട്ടിയുടെ വീട്ടിലാണ് ഇവരെ ഒളിപ്പിക്കാറ്. ബന്ദിന്റെയും സമരങ്ങളുടെയും തലേന്ന് കരുതല്‍ തടങ്കല്‍ എന്ന നിലയ്ക്ക് എന്നെ പലതവണ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വല്യങ്ങാടിയില്‍ അവശ്യസാധനങ്ങള്‍ പൂഴ്ത്തിവയ്‌ക്കുന്ന വ്യാപാരികള്‍ക്കെതിരെ നടത്തിയ സമരത്തിലും ഏറെ തല്ലുകൊണ്ടു. അരിക്ക് ക്ഷാമമുള്ള കാലത്ത് അരി പൂഴ്ത്തിവെച്ച കടകള്‍ നമ്മള്‍ കയ്യേറും. അരിയത്രയും ആവശ്യക്കാര്‍ക്ക് ന്യായവിലയ്ക്ക് വിതരണം ചെയ്ത് പണം കൃത്യമായി പീടിക ഉടമയെ ഏല്‍പ്പിക്കും. ഇങ്ങനെയുള്ള സമയത്ത് പലവട്ടം തല്ലുകൊണ്ടിട്ടുണ്ട്, പൊലീസിന്റെയും ഗുണ്ടകളുടെയും. പുലിക്കോടന്‍ മീശപിഴുതതും മുഖത്തടിച്ച് പല്ല് പോയതും ഇങ്ങനെയൊരു സമരത്തിലാണെന്നാണ് ഓര്‍മ.

ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഓര്‍മ

1957ല്‍ ഇഎംഎസ്സിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലേറിയ കാലം. എല്ലാ കമ്യൂണിസ്റ്റുകാര്‍ക്കും പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമായിരുന്നു. മുഖ്യമന്ത്രിയായി ആദ്യമായി ഇഎംഎസ് കോഴിക്കോട്ട് എത്തിയപ്പോള്‍ എത്രപേരായിരുന്നു സ്വീകരിക്കാന്‍. പാളയം മാര്‍ക്കറ്റില്‍ പോയി പൂവമ്പഴത്തിന്റെ രണ്ടു വലിയ കുലയുമായാണ് ഞാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ചെന്നത്. മാലയിടലും മുദ്രവാക്യം വിളിയും തലങ്ങും വിലങ്ങും വീശുന്ന ചെങ്കൊടികളും. പൂവമ്പഴം ഉരിയാന്‍ തുടങ്ങിയതേ ഓര്‍മയുള്ളൂ. പിന്നെ കൈയിലുള്ളത് കുലയുടെ തണ്ടു മാത്രം.

സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണ്‍ കോഴിക്കോട്ട് വന്നപ്പോഴും സ്വീകരിക്കാന്‍ ഞങ്ങള്‍ പോയിരുന്നു. ജെ പിയെ കോഴിക്കോട്ട് ഇറങ്ങാന്‍ സമ്മതിക്കില്ലെന്ന് കോണ്‍ഗ്രസുകാര്‍ അന്ന് ഭീഷണിപ്പെടുത്തിയിരുന്നു. നഗരത്തിലെ കമ്യൂണിസ്റ്റുകാരാണ് ജയപ്രകാശ് നാരായണന് കോഴിക്കോട്ട് സുരക്ഷിതമായി ഇറങ്ങാന്‍ സഹായം ചെയ്‌തുകൊടുത്തത്. ഞങ്ങള്‍ ജാഥയായി പോയി. എല്ലായിടത്തും ജെപിയുടെ പതാക കെട്ടി. റെയില്‍വെ സ്റ്റേഷനടുത്തുള്ള ഒരു പനയുടെ മുകളില്‍ കോണ്‍ഗ്രസുകാര്‍ ജെ പിക്ക് എതിരെ കരിങ്കൊടി കെട്ടിയിരുന്നു. അതൊക്കെ ഞങ്ങള്‍ അഴിച്ചു വലിച്ചെറിഞ്ഞു. ഞാന്‍ ഒരു വലിയ കൊടി പിടിച്ച് മുന്നിലുണ്ടായിരുന്നു ജെ പിയെ സ്വീകരിക്കാന്‍. എന്നായിരുന്നു അതെന്ന് ഓര്‍മിക്കാനാവുന്നില്ല. വല്ലാത്ത മങ്ങലാണ് ഓര്‍മകള്‍ക്ക്.

ഓര്‍മകളിലെ എ കെ ജി

എകെജിയുടെ പാളത്തൊപ്പി സമരമുണ്ടായിരുന്നല്ലോ. അന്ന് സമരക്കാര്‍ക്ക് ഭക്ഷണം എന്റെ വകയായിരുന്നു. ഞാന്‍ സൈക്കിള്‍ റിക്ഷയില്‍ കപ്പ വാങ്ങിക്കൊണ്ടുപോയാല്‍ ഭാര്യ മറിയക്കുട്ടി അത് നന്നായി വാട്ടി വറവിട്ട് തരും. ഓളും നല്ല സഖാവാ. പാവം മരിച്ചുപോയി. കമാലിയ ഹോട്ടലില്‍ നിന്നാണ് സമരക്കാര്‍ക്ക് ചായ. കമാലിയയുടെ മുതലാളി മൊയ്‌തീന്‍ കോയ പാര്‍ടിക്കാരനാണ്. അയാളുടെ അനിയന്‍ ഖാലിദ് ആണ് ചായ അടിക്കുക. പത്തു ചായ പറഞ്ഞാല്‍ പതിനഞ്ചു ചായ അടിക്കും. പൈസയൊക്കെ കൃത്യമായി കൊടുക്കും. ഖാദര്‍ മാഷ്, ഇ എം കാസ്‌മി എന്നിവരൊക്കെ സമരത്തെ സഹായിക്കാന്‍ എപ്പോഴുമുണ്ടാവും. എ കെ ജി നേതൃത്വം കൊടുത്ത അമരാവതി മിച്ചഭൂമി സമരത്തിന് ഞങ്ങള്‍ പോയിരുന്നു. എറണാകുളത്തേക്ക് തീവണ്ടിയിലാണ് പോയത്. കോഴിക്കോട്ടു നിന്ന് കുറെ കുട്ടികളുമുണ്ടായിരുന്നു. വളണ്ടിയര്‍മാരില്‍ പ്രധാനി പീറ്ററാണ്. ചെങ്കൊടി ജനാലിയിലൂടെ പുറത്തേക്കിട്ട് പിടിച്ചാല്‍ ആരും—ടിക്കറ്റെടുക്കേണ്ടെന്ന് പറഞ്ഞു. പരിചയമുള്ള ഒരു ടി ടി ഇ ഉണ്ടായിരുന്നു. മൂപ്പരോട് പറഞ്ഞു സ്‌ക്വാഡുകാരുടെ കൈയില്‍പ്പെടാതെ രക്ഷിക്കണമെന്ന്. ആ കംപാര്‍ട്മെന്റില്‍ കേറരുതെന്ന് സ്‌ക്വാഡുകാരോട് അയാള്‍ പറഞ്ഞിരുന്നു. പക്ഷേ എറണാകുളം വരെ പോണ്ട, പച്ചാളത്ത് ഇറങ്ങാനും മൂപ്പര് നിര്‍ദേശിച്ചു. റെയില്‍വെ ജീവനക്കാര്‍ക്ക് നമ്മള്‍ ചെയ്ത ഉപകാരങ്ങള്‍ക്ക് പകരമായിരുന്നു ഈ സഹായങ്ങള്‍. സ്റ്റേഷനില്‍ ജീവനക്കാര്‍ക്ക് വെള്ളമില്ലാത്തപ്പോള്‍ ഞങ്ങള്‍ റിക്ഷയില്‍ വെള്ളമെത്തിക്കാറുണ്ടായിരുന്നു. പച്ചാളത്ത് ഇറങ്ങി പ്രകടനമായാണ് ഞങ്ങള്‍ അമരാവതിയിലേക്ക് പോയത്. അവിടുന്ന് എകെജീനെ കണ്ടു. കോഴിക്കോട്ട്ന്ന് സഹായിക്കാന്‍ സഖാക്കളെത്തിയപ്പോള്‍ സമരക്കാര്‍ക്കും എകെജിക്കുമൊക്കെ ആവേശമായി.

ഓര്‍മകളിലെ ഇഎംഎസ്

ഇ എം എസ് മന്ത്രിസഭക്കെതിരെയുള്ള വിമോചനസമരം കോഴിക്കോട്ട് അത്ര കാര്യമായുണ്ടായിരുന്നില്ല. വിമോചന സമരത്തിനെതിരെ പാര്‍ടി ആഹ്വാനം ചെയ്‌ത പരിപാടികള്‍ വിജയിപ്പിക്കാന്‍ പട്ടണത്തിലെങ്ങും പാഞ്ഞുനടന്നിരുന്നു ഞാന്‍. ഇഎംഎസ് കോഴിക്കോട് റസ്റ്റ് ഹൌസില്‍ തങ്ങുമ്പോള്‍ ദേശാഭിമാനി പത്രം കൊണ്ടുകൊടുക്കാനുള്ള ചുമതല പലപ്പോഴും എനിക്കായിരുന്നു. പത്രം വൈകുമ്പോഴൊക്കെ മൂപ്പര്‍ക്ക് ടെന്‍ഷനാണ്. പത്രം കൊടുക്കുമ്പോള്‍ ചിരിച്ചോണ്ടു വാങ്ങും. മുഴുവന്‍ വായിക്കും. എനിക്ക് ചായ വരുത്തിച്ച് തന്ന ശേഷമേ തിരിച്ചയക്കാറുള്ളൂ. പാര്‍ടി ഓഫീസ് സെക്രട്ടറി ലോഹിതാക്ഷന്‍ ഇല്ലാത്തപ്പോഴാണ് ഞാന്‍ ഇഎംഎസിന് പത്രം കൊടുക്കാന്‍ പോകുക.

പിന്നീട് കുറേ കൊല്ലം കഴിഞ്ഞപ്പോള്‍ ഇഎംഎസ്സിനെ കാണാനൊരു പൂതി തോന്നി. പോകാനുറച്ച് ഒരിക്കല്‍ തീവണ്ടി കയറി, തിരുവനന്തപുരത്തേക്ക്. രാവിലത്തെ പരശുരാം എൿസ്‌പ്രസില്‍ തിരുവനന്തപുരത്തേക്ക് കയറി. ഷൊര്‍ണൂര്‍ ജംഗ്‌ഷനില്‍ ചായകുടിക്കാനിറങ്ങിയപ്പോള്‍ ചില ആളുകള്‍ കറുത്ത ബാഡ്‌ജ് കുത്തി ദുഃഖിതരായി നടക്കുന്നത് കണ്ടു. അവരിലൊരാളെ വിളിച്ചു ചോദിച്ചു, എന്താ കാര്യമെന്ന്. സഖാവ് ഇഎംഎസ് മരണപ്പെട്ടുവെന്ന അവര്‍ പറഞ്ഞത് ഞെട്ടലോടെയാണ് കേട്ടത്. നെഞ്ച് പൊട്ടുന്നതുപോലെ തോന്നി. തിരുവനന്തപുരം വരെ ഉള്ളു നീറിയുള്ള യാത്ര. വിജെടി ഹാളില്‍ ചെങ്കൊടിയില്‍ പുതപ്പിച്ച സഖാവിനെ അവസാനമായി ഒന്നു കണ്ടു. തൈക്കാട് ശ്‌മശാനത്തിലേക്കുള്ള വിലാപയാത്രയിലും പങ്കെടുത്തു.

ഓര്‍മകളിലെ നായനാര്‍

നായനാരുമായി അടുത്ത ബന്ധമായിരുന്നു. ദേശാഭിമാനിയില്‍ ആണല്ലോ. വണ്ടി വയ്‌ക്കാറ്. പത്രം കെട്ടി ഞാന്‍ പലയിടത്തും കൊണ്ടുപോയി. നായനാര്‍ ഡി സി ആപ്പീസില്‍ നിന്ന് ബോംബെ ഹോട്ടലില്‍ രാവിലെ ചായ കുടിക്കാന്‍ പോവും. അപ്പോ എന്നെയും കൂട്ടും. ഒരു മനുഷ്യനും ചായ വാങ്ങിക്കൊടുക്കാത്ത നായനാര്‍ എനിക്ക് ചായ വാങ്ങിത്തരും.

നായനാര്‍ മരിച്ചപ്പോഴും പയ്യാമ്പലം വരെ പോയി. അന്ന് കൈരളി ടിവിക്കാര്‍ എന്റെ പ്രതികരണം എടുത്തിരുന്നു. ദുഃഖം കാരണം ഒരു വാചകം പോലും മുഴുമുഴുപ്പിക്കാന്‍ എനിക്കന്ന് കഴിഞ്ഞില്ല. ഞങ്ങളെപ്പോലുള്ള പാവങ്ങളുടെ ജീവിതം മാറ്റിമറിച്ച മനുഷ്യന്മാരല്ലേ. അവര്‍ മരിച്ചാല്‍ പോവാതിരിക്കാന്‍ പറ്റുമോ. അതൊക്കെ ആലോചിക്കുമ്പോള്‍ ഇപ്പോഴും കരച്ചില്‍ വരും.

സിപിഐക്കാരുടെ കയ്യില്‍പ്പെടാതെ ദേശാഭിമാനി പിടിച്ചെടുക്കാന്‍ കെ പി ആറിന്റെ കൂടെ ഞാനുമുണ്ടായിരുന്നു. ദേശാഭിമാനിയുടെ മുന്‍ വാതിലില്‍ കൈവച്ച് കെ പി ആര്‍ ഒരു നില്‍പ്പാണ്. ഞങ്ങളൊക്കെ അടുത്തു നില്‍ക്കും. അത് കണ്ടാല്‍ പിടിച്ചെടുക്കാന്‍ വരുന്നവര്‍ മുഴുവന്‍ സ്ഥലം വിടും. കയറാന്‍ നോക്കുന്നവരോട് വിട്ടുപോകാന്‍ കെപിആര്‍ പറയും. എന്തൊരു കൊതുകായിരുന്നു അവിടെ. കെപിആര്‍ ഇല്ലെങ്കില്‍ അന്ന് നമുക്ക് പ്രസ് കിട്ടില്ല. അതൊക്കെ വല്യവല്യ കഥകളാണ്.

അടിയന്തരാവസ്ഥക്കാലം

അടിയന്തരാവസ്ഥക്കാലത്ത് മൂന്നുനാലു മാസം ജയിലിലായിരുന്നു. അന്നൊക്കെ എന്റെ കുടുംബത്തിന് ആവശ്യമായ സഹായം ചെയ്‌തുകൊടുത്തത് പാര്‍ടിക്കാരാണ്. അവരില്ലെങ്കില്‍ എന്റെ ഭാര്യയും മകനും പട്ടിണിയാകുമായിരുന്നു.

ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ രാമാനുജന്‍ എന്റെ അടുത്ത ചങ്ങാതിയാണ്. വീട്ടില്‍ ഇടയ്‌ക്ക് വരും, ഭക്ഷണം കഴിക്കാന്‍. അന്ന് മേശയൊന്നുമില്ല. നിലത്ത് പലകയിട്ടുവേണം ഭക്ഷണം കഴിക്കാന്‍. അടിയന്തരാവസ്ഥക്കുശേഷം ജയറാം പടിക്കലിന്റെയും പുലിക്കോടന്‍ നാരായണന്റെയും ഫോട്ടോ എടുക്കാന്‍ രാമാനുജനും ഞാനും കോഴിക്കോട് സബ് ജയിലില്‍ പോയി. രണ്ടുപേരും അന്ന് രാജന്‍ കേസില്‍ പ്രതികളാണ്. ജയില്‍ വളപ്പിലേക്ക് ആര്‍ക്കും പ്രവേശനമില്ല. പൊലീസ് ഓടിക്കും. ക്രൂരന്മാരായ ഈ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെയും പടമെടുക്കണമെന്ന് രാമാനുജന് വാശിയായി. ജയില്‍ വളപ്പിന്റെയും റോഡിന്റെയും മതിലിന് മുകളിലൂടെ പടമെടുക്കണം. ഒടുവില്‍ മാര്‍ഗം കണ്ടെത്തി. എന്റെ തോളില്‍ കയറി ഒരു കാല്‍ മതിലിലേക്ക് വച്ചാണ് പടമെടുത്തത്. ഇരുവരും മോറുപൊത്തി ജയിലില്‍ നിന്ന് ഇറങ്ങിവരുന്ന ഫോട്ടോ ദേശാഭിമാനിയില്‍ അച്ചടിച്ചുവന്നു.

മജിസ്‌ട്രേറ്റ് കോടതിയില്‍ ഇവരെ ഹാജരാക്കിയപ്പോള്‍ പാര്‍ടി പ്രവര്‍ത്തകര്‍ ജയറാംപടിക്കലിനും പുലിക്കോടനും എതിരെ മുദ്രാവാക്യം വിളിച്ചു. ഞങ്ങളെ പൊലീസ് പിടിച്ചു. കസബ എസ് ഐ മൊയ്‌തീന്‍ കുഞ്ഞി എന്നോട് ചോദിച്ചു: "എന്താ നിനക്ക് ഇയാളോട് ഇത്ര വിരോധം?'' ഞാന്‍ പറഞ്ഞു നാടിന് ദ്രോഹം ചെയ്‌തവരാണ് ഇവരെന്ന്.

ഇവിടെ എന്ത് ബന്ദ് നടന്നാലും എന്നെ അറസ്റ്റ് ചെയ്‌ത് തടങ്കലില്‍ വയ്‌ക്കും. അടിയന്തരാവസ്ഥക്കാലത്തും അല്ലാത്തപ്പോഴുമൊക്കെ. വീട്ടില്‍കയറിയാണ് പലപ്പോഴും അറസ്റ്റ്. സ്റ്റേഷനില്‍ നിന്ന് ഞങ്ങള്‍ മുദ്രാവാക്യം വിളിക്കും. തല്ലുകയൊന്നുമില്ല. കമീഷണറായി റിട്ടയര്‍ ചെയ്ത അബ്‌ദുള്‍ ഖാദര്‍ ഉണ്ടല്ലോ കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന മുഹമ്മദ് റിയാസിന്റെ ബാപ്പ. അയാള്‍ മാത്രമാണ് മനുഷ്യപ്പറ്റോടെ പെരുമാറിയത്. മൂപ്പര്‍ എന്നെ ലോക്കപ്പിലിടുകയൊന്നുമില്ല. സ്റ്റേഷനിലുള്ളില്‍ ഒരു ബഞ്ച് ഉണ്ട്. അതില്‍ കിടന്നോളാന്‍ പറയും. അപ്പോ ഞാന്‍ ചോദിക്കും. എന്നെ ഇവിടെ കൊണ്ടിട്ടിട്ട് ചായേം ചോറും തരാത്തതെന്താണെന്ന്. രാഷ്‌ട്രീയത്തടവുകാര്‍ക്ക് ലോക്കപ്പില്‍ കൃത്യമായി ‘ഭക്ഷണം കൊടുക്കാന്‍ വകുപ്പുണ്ട്. ബന്ദുദിവസം എവിടെപ്പോയാലാണ് ചായകിട്ടുകയെന്ന് ഒരിക്കല്‍ അദ്ദേഹം ചോദിച്ചു.— കോടതിവളപ്പില്‍ ചായപ്പീടികകളുള്ള കാര്യം ഞാന്‍ പറഞ്ഞു. ബന്ദിനു പോലും കോടതിവളപ്പിലെ ചായപ്പീടികകള്‍ അടപ്പിക്കാന്‍ ആരും ചെല്ലാറില്ല. അവിടന്ന് പൊലീസിനെ വിട്ട് ‘ഭക്ഷണം വരുത്തും. അബ്‌ദുള്‍ ഖാദര്‍ നല്ല പൊലീസുകാരനാണ്. വളരെ ഡീസന്റ്. ആരെയും അയാള്‍ ഉപദ്രവിച്ചതായി കേട്ടിട്ടില്ല.

രണ്ടാം ഗേറ്റില്‍ സഖാവ് ബാലന്‍ മുട്ടക്കച്ചവടം നടത്തിയിരുന്നു. അവിടെ സ്ഥിരമായി രണ്ട് പൊലീസുകാര്‍ വന്ന് മുട്ട തിന്നുമായിരുന്നു. പണം കൊടുക്കാറില്ല. പേടികൊണ്ട് ബാലന്‍ ചോദിച്ചില്ല എന്നതാണ് സത്യം. ഒരുത്തന്‍ ജോസ്, മറ്റവന്‍ പൊലീസുകാരന്‍ കുഞ്ഞബ്‌ദുള്ളയുടെ മകന്‍ ബഷീറ്. അവരെന്നും വന്ന് മുട്ടതിന്നു പോകും. ഒരിക്കല്‍ ബാലന് അസുഖമായപ്പോള്‍ ഞാന്‍ കടയിലിരുന്നു. പൊലീസുകാര്‍ പതിവുപോലെ വന്ന് മുട്ടതിന്നു. തിന്ന മുട്ടയുടെ പണം തരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. പൈസ തരാതെ പോവാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. അത് പൊലീസുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. പിടീംവലിയായി. പൈസ തരാതെ പോയി. ഞാന്‍ ജോസിന്റെ കീശയില്‍ നിന്ന് പത്തു രൂപയുടെ നോട്ട് എടുത്തു. അത് കേട്ടപ്പോള്‍ ബാലന് പേടിയായി. നീയെന്തിനാണ് കച്ചറ കൂടിയത് എന്ന് അവന്‍ ചോദിച്ചപ്പോള്‍ പേടിക്കാതിരിക്കാന്‍ ഞാന്‍ പറഞ്ഞു. നാളെ മുതല്‍ മുട്ട വില്‍ക്കാന്‍ പറ്റീലെങ്കിലോ എന്നായിരുന്നു ബാലന്റെ പേടി. ഞാന്‍ ഉണ്ട് എന്നും കൂടെയെന്ന് പറഞ്ഞ് ബാലന് ധൈര്യം കൊടുത്തു. എന്റെ നിര്‍ബന്ധത്തിനാണ് അവന്‍ പൊലീസില്‍ പരാതി നല്‍കിയത്. അബ്‌ദുള്‍ഖാദര്‍ അന്ന് സിഐ ആണ്. മൂപ്പര്‍ക്ക് പരാതി കൊടുത്തു. അയാളോട് എല്ലാ വിവരവും പറഞ്ഞു. മുട്ട തിന്ന പൊലീസുകാര്‍ അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. അവര്‍ ‘ഭീഷണിപ്പെടുത്താന്‍ നോക്കി. എന്റെ കൂടെയുണ്ടായിരുന്ന രണ്ട് സാക്ഷികള്‍ അപ്പോത്തന്നെ പോയി. പരാതി കൊടുത്തതിന് പിന്നാലെ രണ്ടു പൊലീസുകാരെയും സ്ഥലം മാറ്റി. എത്രയോ കൊല്ലം കഴിഞ്ഞാണ് അവര്‍ തിരിച്ച് കോഴിക്കോട്ടെത്തിയത്. നമ്മളോട് സഹകരിക്കുന്ന പൊലീസുകാരുമുണ്ട്. വടകരക്കാരന്‍ നമ്പ്യാരെപ്പോലെ സത്യസന്ധരായവര്‍.

കോഴിക്കോടന്‍ ഓട്ടോപ്പെരുമ

കോഴിക്കോട്ടെ ഓട്ടോ പ്രശസ്‌തമാണല്ലോ. ഞാനൊക്കെ ആദ്യത്തെ ഓട്ടോക്കാരില്‍പ്പെട്ടതാണ്. യാത്രക്കാര്‍ക്ക് എല്ലാ സഹായവും ചെയ്യാന്‍ അന്ന് ഞങ്ങള്‍ സന്നദ്ധരായിരുന്നു. പൈസയില്ലാത്തവരെയും അത്യാവശ്യത്തിന് കൊണ്ടുവിട്ടിരുന്നു. ഒരിക്കല്‍ ഒരു മൃതദേഹവും കൊണ്ടുപോയി. പേരാമ്പ്രക്ക്. പത്തുപതിനഞ്ച് വയസ്സുള്ള ഒരു കുട്ടിയുടെയുടെ മയ്യത്തായിരുന്നു. കോട്ടപ്പറമ്പ് ആശുപത്രിയില്‍ മരിച്ചതാണ്. ഞാന്‍ പാളയത്തൂടെ വണ്ടിയുമായി പോവുമ്പോള്‍ കരഞ്ഞുപിഴിഞ്ഞ് രണ്ടു പെണ്ണുങ്ങള്‍ കൈകാണിച്ചു. ഞാന്‍ വണ്ടി നിര്‍ത്തി. ആസ്പത്രീന്ന് മരിച്ച കുട്ടീന്റെ ബോഡി കൊണ്ടോവാന്‍ ഒറ്റ ഓട്ടോറിക്ഷയും വരുന്നില്ല. കയ്യില്‍ പൈസീല്ല എന്നവര്‍ തേങ്ങിക്കൊണ്ടു പറഞ്ഞു. യാത്രക്കാരെ കയറ്റുന്ന വണ്ടിയില്‍ ഡെഡ്‌ബോഡി കൊണ്ടുപോവാന്‍ പാടില്ല. എങ്കിലും ഞാന്‍ അവരോട് ബോഡി വണ്ടിയില്‍ കയറ്റാന്‍ പറഞ്ഞു. പൊലീസ് കാണാതെ ബോഡി പേരാമ്പ്രയില്‍ എത്തിക്കണം. നല്ല ഉയരമുള്ള കുട്ടിയാണ്. ശരീരം ആ പെണ്ണുങ്ങളുടെ മടിയില്‍ വച്ചപ്പോള്‍ കാല്‍ പുറത്ത്. ആസ്പത്രീന്ന് ഒരു പലക വാങ്ങി ശരീരം അതിനുമേല്‍ കിടത്തി. കാല് മടക്കി എന്റെ തോളിലേക്ക് വയ്ക്കാന്‍ പറഞ്ഞു. അവരങ്ങനെ ചെയ്തു. അഞ്ചു പൈസ കിട്ടാത്ത ഓട്ടമാണ്. പാര്‍ടി നേതാവും പഞ്ചായത്ത് പ്രസിഡണ്ടുമായ നാരായണന്‍ നായരുടെ വീടിനടുത്താണെന്ന് അവര്‍ പറഞ്ഞിരുന്നു. വഴിയില്‍ വച്ച് പൊലീസ് പിടിച്ചു. പാസഞ്ചറെ കയറ്റുന്ന വണ്ടിയില്‍ ജഡം കൊണ്ടുപോകുന്നത് എന്താണെന്നായി ചോദ്യം. മയ്യത്താണെന്ന് മനസ്സിലാക്കിയ ആരോ പൊലീസിനോട് പറഞ്ഞതായിരിക്കും. പൈസയില്ലാത്തതുകൊണ്ടാണ് ഓട്ടോയില്‍ പോകുന്നതെന്ന് ഞാന്‍ സഹായം ചെയ്യുകയാണെന്നും പൊലീസിനോട് ഉള്ള സത്യം മുഴുവന്‍ പറഞ്ഞു. അപ്പോള്‍— നാരായണന്‍ നായര്‍ അവിടെയുണ്ട്. പെട്രോള്‍ കയ്യില്‍ നിന്ന് പൈസയെടുത്ത് അടിച്ചാണ് അവിടെയെത്തിയത്. നാരായണന്‍ നായര്‍ പറഞ്ഞു, ഓട്ടോപൈസ അവിടുന്ന് പിരിച്ചുതരാമെന്ന്. പൈസ കിട്ടൂല്ലാന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ബോഡി വണ്ടില്‍ കേറ്റിയതെന്ന് ഞാന്‍ പറഞ്ഞു. അന്നൊക്കെ നാട്ടിന്‍പുറത്ത് ഓട്ടോ പുതുമയാണ്. തിരിച്ചുവരുമ്പോള്‍ ആരൊക്കെയോ കേറി. കോഴിക്കോട്ടെത്തുമ്പോഴേക്കും അമ്പതു രൂപ കിട്ടി. അന്നത് വല്യ പൈസയാണ്.

അതുകൂടാതെ പരിക്കേറ്റുകിടക്കുന്ന ഒരു മനുഷ്യനെ ആസ്പത്രിയിലെത്തിച്ചതിന് ലോക്കപ്പില്‍ കിടന്നിട്ടുണ്ട്. വയനാട് നടവയല്‍ സ്വദേശി ജോസഫ് ഓവര്‍ബ്രിഡ്‌ജിലിരുന്ന് ഛര്‍ദിക്കുന്നത് കണ്ട് ആസ്പത്രിയിലെത്തിച്ചു. വഴിയില്‍ വച്ച് ജോസഫ് മരിച്ചു. അയാളെ സഹായിച്ച ഞാന്‍ ലോക്കപ്പിലും. കേളുഏട്ടന്‍ ഇടപെട്ടാണ് പിന്നെ രക്ഷപ്പെട്ടത്.

കെ എം കുട്ടികൃഷ്‌ണനാണ് അന്ന് ഓട്ടോതൊഴിലാളി യൂണിയന്‍ നേതാവ്. ചെരുപ്പുണ്ടാക്കുന്ന കുഞ്ഞുണ്ണിയുടെ പീടികയാണ് നമ്മുടെ യൂണിയന്‍ ആപ്പീസ്. യാത്രക്കാരെ സഹായിക്കണമെന്നും മാന്യമായി പെരുമാറണമെന്നും യൂണിയന്‍ യോഗങ്ങളില്‍ ഞങ്ങള്‍ പറയുമായിരുന്നു.

ഏതോ ഒരു കേസില്‍ പൊലീസിനെ പേടിച്ച് കണ്ണംപറമ്പ് ശ്‌‌മശാനത്തില്‍ താമസിച്ചിട്ടുണ്ട്. ശ്‌മശാനം കാവല്‍ക്കാരന്‍ മമ്മു താമസിക്കുന്ന ഷെഡ്ഡിലാണ് താമസം. മമ്മു സഖാവാണ്. അന്ന് പൊലീസ് വരുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് തരാന്‍ ഒരു നായയുണ്ട്. ഒരു കൂറ്റന്‍ നായ. മമ്മു അതിനെ 'നായരേ' എന്നാണ് വിളിക്കുക. നാലഞ്ച് ദിവസം അങ്ങനെ താമസിച്ചു. പിന്നെ മമ്മു പറഞ്ഞു ഇനിയും താമസിക്കുന്നത് ആപത്താണ്. അവിടുന്ന് അഴിമുഖം വഴി കല്ലായിലും പിന്നെ പയ്യാനക്കലും എത്തി. അവിടെ പള്ളിയില്‍ കയറി. പുലര്‍ച്ചെ പേരിന് സുബഹ് നിസ്‌ക്കാരവും കഴിച്ച് മുട്ടായിക്കാരന്‍ വേലായുധന്‍ എന്ന സഖാവിന്റെ വീട്ടില്‍ പോയി. അവിടെ രണ്ടു ദിവസം തങ്ങി. പിന്നെയാണ് പറശ്ശിനിക്കടവിലേക്ക് പോയത്. കള്ളവണ്ടി കയറി കണ്ണൂരിലെത്തി. വളപട്ടണം വരെയെത്തി. പറശ്ശിനിക്കടവിലെത്തിയപ്പോള്‍ അക്കരെ കടക്കാന്‍ ബോട്ടിന് പൈസയില്ല. അപ്പോള്‍ ഒരു സഖാവിനെക്കണ്ടു. അന്നാട്ടുകാരന്‍. ദേശാഭിമാനിയില്‍ വച്ച് പരിചയമുണ്ട്. മൂപ്പരാണ് പൈസ തന്നത്. അമ്പതുര്‍പ്യ കയ്യില്‍വച്ചു തന്നു. ചെമ്മണ്ണിട്ട വഴിയിലൂടെ നടന്നു. അമ്പലത്തിലേക്ക് പോവാന്‍ വഴിക്കെത്തിയപ്പോള്‍ നായ്‌ക്കളെ കണ്ടു. മുത്തപ്പന്റെ വാഹനമാണല്ലോ നായ. അവറ്റക്കു പിന്നാലെ നടന്ന് നടന്ന് അമ്പലത്തിലെത്തി. അവിടെ ചെന്നപ്പോള്‍ ചായയും കള്ളുമുണ്ട്. കള്ളുവേണോ ചായവേണോ എന്ന് ചോദിച്ചു. കള്ളുകുടിക്കാറില്ല, ചായ തന്നാല്‍ മതിയെന്ന് പറഞ്ഞു. മുത്തപ്പന്റെ നിവേദ്യമായ കടലപ്പുഴുക്കും ചോറുമൊക്കെ കഴിച്ച് അവിടെത്തന്നെ കൂടി മൂന്നാലു ദിവസം. ഊണുകഴിക്കാന്‍ മടപ്പുരക്കല്‍ ചെന്നപ്പോള്‍ അവിടെയുണ്ട് ഇന്ത്യന്‍ കോഫി ഹൌസിലെ യൂണിയന്‍ നേതാവ് രാഘവന്‍. മൂപ്പരാണ് പറഞ്ഞത് കോഴിക്കോട്ടേക്ക് തിരിച്ചുപൊയ്‌ക്കൊള്ളാന്‍. അപ്പോഴേക്കും നേതാക്കളിടപെട്ട് ആ കേസെല്ലം പറഞ്ഞു തീര്‍ത്തിരുന്നു.

എനിക്കെല്ലാം പാര്‍ടിയാണ്. കമ്യൂണിസ്റ്റുകാരനായി ജീവിക്കുക എക്കാലവും ബുദ്ധിമുട്ടുള്ള കാര്യമാണ്. നാട്ടിലെ സ്ഥിതി നോക്കുമ്പോള്‍ കമ്യൂണിസ്റ്റുകാരന്‍ ആവാതിരിക്കാനുമാവില്ല. പാര്‍ടിക്കാരനായതുകൊണ്ടാണ് ജനങ്ങളെ എക്കാലവും സഹായിക്കാന്‍ കഴിഞ്ഞത്. വലിയ വലിയ ആള്‍ക്കാര്‍ ചങ്ങായിമാരായി. കോഴിക്കോട്ടെ പാര്‍ടിക്കാര്‍ക്കെല്ലാം എന്നെ നന്നായറിയാം. ഇപ്പോഴും പരിപാടികള്‍ക്കുപോവുന്നുണ്ട്. ആവതുള്ള കാലത്തെല്ലാം പോവുകയും ചെയ്യും.

ഇന്നിപ്പോ നേതാക്കന്മാര്‍ക്കെതിരെ എന്തൊക്കെ ആരോപണങ്ങളാണ് ശത്രുക്കള്‍ പറഞ്ഞു പരത്തുന്നത്. ഇതൊക്കെ നമ്മളെത്ര കണ്ടതാ. എകെജീനെപ്പറ്റി എന്തൊക്കെ തോന്ന്യസാ പറഞ്ഞു നടന്നത്. മരിക്കാന്‍ കിടക്കുമ്പോള്‍പോലും വെറുതെ വിട്ടോ. ഇഎംഎസിനെക്കൊണ്ടുപോലും കള്ളത്തരം പറഞ്ഞു. നായനാര്‍ക്ക് എതിരെയും പറഞ്ഞു എന്തൊക്കെയോ. കയ്യൂര്‍ സമരത്തില്‍ പങ്കെടുത്തില്ലെന്നും മറ്റും. ഇപ്പോദാ പിണറായിക്കെതിരെയും. ഇതൊന്നും നിലനിക്കൂലാ. അന്നൊക്കെ കള്ളത്തരം പറയുമ്പോള്‍ ഞങ്ങള്‍ കോണ്‍ഗ്രസുകാരുമായി കോര്‍ക്കും. കോടതിയില്‍ ചെന്നാല്‍ അപ്പോ പൊളിയും. സത്യസന്ധനായ മനുഷ്യനാണ്. പാര്‍ടി സെക്രട്ടറിയായതുകൊണ്ടാണ് പിണറായിക്കെതിരെ കള്ളത്തരം പറഞ്ഞു പരത്തുന്നത്. കമ്യൂണിസ്റ്റുകാരെപ്പറ്റി എന്തു തോന്ന്യാസവും പറയാമെന്നായിട്ടുണ്ട്. പക്ഷേ ഇതിനൊന്നും ആയുസ്സുണ്ടാവില്ല.

*

കേട്ടെഴുതിയത്: എന്‍ എസ് സജിത്, ദേശാഭിമാനി വാരിക