29 October, 2009

പഴശ്ശിരാജ-ജനപ്രിയതാ രൂപീകരണത്തിന്റെ സങ്കീര്‍ണയുക്തികള്‍

മലയാള സിനിമയുടെ മുന്‍കാല ചരിത്രത്തില്‍ ആലോചിച്ചിട്ടുപോലുമില്ലാത്ത അത്ര അധികം തുക നിര്‍മ്മാണത്തിനും വിതരണത്തിനും പരസ്യത്തിനും മറ്റുമായി ചിലവിട്ടുവെന്ന പ്രഖ്യാപനത്തോടെയാണ് കേരളവര്‍മ്മ പഴശ്ശിരാജ ഒക്ടോബര്‍ 16ന് പ്രദര്‍ശനമാരംഭിച്ചത്. ഇരുപത്തേഴ് കോടി രൂപ ചിലവായി എന്നാണ് അവകാശവാദങ്ങള്‍. അത് വിശ്വസിക്കുകയല്ലാതെ തല്‍ക്കാലം മറ്റ് നിര്‍വാഹമൊന്നുമില്ല. മലയാളത്തിനു പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ളീഷ്(സബ് ടൈറ്റില്‍ഡ്) എന്നീ ഭാഷകളിലും കേരളവര്‍മ്മ പഴശ്ശിരാജ തയ്യാറാക്കിയിട്ടുണ്ടെന്നാണ് പ്രചരിപ്പിച്ചിരുന്നതെങ്കിലും ആ മൊഴിമാറ്റപതിപ്പുകളുടെ പ്രദര്‍ശനം ആരംഭിക്കാനിരിക്കുന്നതേ ഉള്ളൂ. സിനിമയുടെ ഇതിവൃത്തം പ്രാഥമികമായി ബന്ധപ്പെടുന്നത് കേരളവുമായിട്ടാകയാല്‍ കേരളീയര്‍ ഈ ചിത്രത്തെ എപ്രകാരം സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മറ്റുള്ളിടത്തെ വിജയ-പരാജയങ്ങള്‍ എന്ന ധാരണയും പ്രബലമാണ്. വമ്പിച്ച മുതല്‍ മുടക്കോടെ തയ്യാറാക്കപ്പെടുന്ന തമിഴ്, ഹിന്ദി, ഇംഗ്ളീഷ് സിനിമകളുടെ കടന്നുകയറ്റത്തെതുടര്‍ന്ന് മലയാള സിനിമക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്ന ഭീതി കഴിഞ്ഞ കുറെക്കാലമായി വ്യാപകമായതിന്റെ പിന്നാലെയാണ് അത്തരം മുതല്‍മുടക്കുകളോട് കിടപിടിച്ചു കൊണ്ട് കേരളവര്‍മ്മ പഴശ്ശിരാജ പൂര്‍ത്തിയാക്കി പുറത്തു വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ ചിട്ടിക്കമ്പനി ഉടമയായ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാതാവെങ്കില്‍ മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരനും ജ്ഞാനപീഠജേതാവും തിരക്കഥാകൃത്തുമായ എം ടി വാസുദേവന്‍ നായര്‍ രചനയും പ്രമുഖ സംവിധായകന്‍ ഹരിഹരന്‍ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഛായാഗ്രാഹകന്‍ രാമനാഥ് ഷെട്ടിയും എഡിറ്റര്‍ ശ്രീകര്‍ പ്രസാദുമാണ്. ഓസ്കാര്‍ പുരസ്കാര ജേതാവായ റസൂല്‍ പൂക്കുട്ടി ശബ്ദ സംവിധാനം നിര്‍വഹിച്ച ആദ്യ തെന്നിന്ത്യന്‍ സിനിമ കൂടിയാണ് കേരളവര്‍മ്മ പഴശ്ശിരാജ. ഇളയരാജയാണ് സംഗീതസംവിധാനം.

ചിത്രത്തിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗവും യുദ്ധ-സംഘട്ടന രംഗങ്ങളാണ്. നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത് ഇവ പൂര്‍ത്തിയാക്കാന്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ സഹായം ഉപയോഗിച്ചിട്ടേ ഇല്ല എന്നാണ്. വയനാട്ടിലാണ് ചിത്രത്തിന്റെ നല്ലൊരു ഭാഗം ചിത്രീകരിച്ചിരിക്കുന്നത്. ആദിവാസി ജനവിഭാഗമായ കുറിച്യരുടെ സഹായത്തോടെ പഴശ്ശി രാജ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന ആഖ്യാനമാണ് കേരളവര്‍മ്മ പഴശ്ശിരാജ. ലിഖിതവും അല്ലാത്തതുമായ ചരിത്രവും അതിലെ നായകത്വങ്ങളും ആധുനിക ജനപ്രിയമാധ്യമമായ സിനിമയും തമ്മിലുള്ള അഭിമുഖീകരണത്തിനു വേണ്ടി തിരക്കഥാകൃത്തും സംവിധായകനും മറ്റ് സാങ്കേതിക വിദഗ്ദ്ധരും നടീനടന്മാരും പ്രകടിപ്പിച്ചിട്ടുള്ള അര്‍പ്പണ ബോധം സിനിമയില്‍ പ്രകടമാണ്. കേരള സര്‍ക്കാര്‍ ചിത്രത്തിന് വിനോദ നികുതിയിളവ് അനുവദിച്ചിട്ടുമുണ്ട്. പ്രസ്തുത ഇളവു മൂലം ടിക്കറ്റു കൂലിയില്‍ ഇളവുണ്ടായിരിക്കുന്നതല്ല, മറിച്ച് നികുതിയിനത്തില്‍ പിരിക്കുന്ന പണമടക്കം സിനിമാശാല ഉടമസ്ഥരും വിതരണക്കാരും ചേര്‍ന്ന് പങ്കിട്ടെടുക്കും(സാധാരണ അവസരത്തില്‍ വില്‍ക്കുന്ന ടിക്കറ്റുകളില്‍ നിന്ന് ലഭിക്കുന്ന മുഴുവനും നികുതി തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ അടക്കുന്നുണ്ടോ എന്നത് സംശയമാണ്. ആയതിനാല്‍ ഇപ്പോളനുവദിച്ച ഇളവിന്റെ ഗുണം മുതലാളിമാര്‍ക്ക് കാര്യമായ തോതില്‍ ലഭിക്കുമെന്ന് കരുതാനാവില്ല). ബ്രിട്ടീഷുകാര്‍ക്കു വേണ്ടി കര്‍ഷകരില്‍ നിന്നും ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കേണ്ട നികുതിപ്പണം പിരിച്ചെടുക്കാന്‍ വിസമ്മതിക്കുന്നതിലൂടെയാണ് പഴശ്ശിരാജ പ്രതിഷേധം ആരംഭിക്കുന്നത്. ആ വിസമ്മതത്തിന് അഭിവാദ്യമായി കേരള സര്‍ക്കാരിന്റെ തീരുമാനത്തെ കണക്കിലെടുക്കാം. മമ്മൂട്ടി പ്രൌഢോജ്വലമായി അവതരിപ്പിച്ചിരിക്കുന്ന പഴശ്ശിരാജയുടെ തീരുമാനത്തിനു വിരുദ്ധമായി അദ്ദേഹത്തിന്റെ അമ്മാമനായ വീരവര്‍മ്മ (തിലകന്‍) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വിധേയപ്പെടുകയും നികുതി പിരിച്ചേല്‍പ്പിക്കാമെന്ന് ഓലയെഴുതി കമ്പനി അധികൃതര്‍ക്കെത്തിക്കുകയും ചെയ്യുന്ന രംഗത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. അമ്മാമനോട് അദ്ദേഹത്തിന്റെ പ്രവൃത്തിയിലെ അപ്രീതി അറിയിക്കാനായി എത്തുന്ന രംഗത്തിലാണ് മമ്മൂട്ടിയുടെ രംഗപ്രവേശം. എന്നാല്‍ ഈ സീനിനു ശേഷം തിലകന്റെ കഥാപാത്രത്തിന് എന്തു സംഭവിച്ചു എന്നറിയില്ല. അതിനുപകരം തെലുങ്കു താരം സുമന്‍ അവതരിപ്പിക്കുന്ന പഴയം വീടന്‍ ചന്തുവാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ സഹായിക്കുന്ന നാട്ടുപ്രമാണിയായി നിറഞ്ഞു നില്‍ക്കുന്നത്.

സാധാരണ സൂപ്പര്‍ താരചിത്രങ്ങളില്‍ സൂപ്പര്‍ താരത്തിന്റെ ശരീരഭാഗങ്ങള്‍(മിക്കപ്പോഴും മുഖം) വെളിച്ചമധികമുള്ള പ്രതലത്തില്‍ എക്സ്ട്രീം ക്ളോസപ്പിലാണ് കടന്നുവരാറുള്ളതെങ്കില്‍, കേരളവര്‍മ്മ പഴശ്ശിരാജയില്‍ ഇരുട്ടില്‍ നിന്ന് ഇളം വെളിച്ചത്തിലേക്ക് ധാടിമോടികളില്ലാതെ മുഴുനീള മമ്മൂട്ടി കടന്നു വരുകയാണ് ചെയ്യുന്നത്. ആദ്യപ്രദര്‍ശനം മുതല്‍ക്കേ ദത്തശ്രദ്ധരായിരിക്കുന്ന ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തയ്യാറായിരിക്കുന്നതുകൊണ്ട് ആര്‍പ്പു വിളിയും കൈയടിയും ടിക്കറ്റുകഷണങ്ങളും പാന്‍പരാഗ് പൊതികളും തിരശ്ശീലയിലേക്ക് അമിട്ടു പോലെ പൊട്ടിച്ചിതറിയുയര്‍ന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാള സിനിമയുടെ ഗതി നിര്‍ണയിക്കുന്ന സൃഷ്ടിയാണോ കേരളവര്‍മ്മ പഴശ്ശിരാജ? ആഗോള സാമ്പത്തിക പ്രക്രിയയിലേക്ക് ഉദ്ഗ്രഥിക്കപ്പെട്ടുകഴിഞ്ഞ തമിഴ്, ഹിന്ദി സിനിമാവ്യവസായം പോലെ സാങ്കേതികവും സാമ്പത്തികവും ബ്രാന്റ് ഉല്‍പ്പന്നപരവുമായ തരത്തില്‍ വളര്‍ന്നു പന്തലിക്കാന്‍ മലയാള സിനിമക്ക് സാധിക്കുമോ? സിനിമ, മലയാളം, കേരളം, ചരിത്രം, സ്വാതന്ത്യസമരം എന്നീ പ്രതിഭാസങ്ങള്‍ കേരളവര്‍മ്മ പഴശ്ശിരാജയുടെ പശ്ചാത്തലത്തില്‍ ഭാവന ചെയ്യപ്പെടുകയും സങ്കല്‍പന-നിര്‍വഹണ-ആസ്വാദന തലങ്ങളില്‍ പരിചരിക്കപ്പെടുകയും ചെയ്യുന്നതെങ്ങനെ?

ബെന്‍ഹര്‍, ടെന്‍ കമാന്റ്മെന്റ്സ് പോലെയുള്ള ബൈബിളധിഷ്ഠിത ചിത്രങ്ങളുടെയും ഹോളിവുഡിലിറങ്ങിയ മറ്റു നാടോടിയുദ്ധ സിനിമകളുടെയും മാതൃകകളാണ് എം ടിയും ഹരിഹരനും പ്രയോജനപ്പെടുത്തിയിരിക്കുന്നത്. രാമു കാര്യാട്ടിനെ അതിശയിക്കുന്ന തരത്തില്‍ മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിലെ സംഘാടനപാടവം എടുത്തുപറയേണ്ടതാണ്. മലയാളത്തില്‍ നിന്ന് മമ്മൂട്ടി അടക്കമുള്ള ചില മികച്ച താരങ്ങളെയും തമിഴില്‍ നിന്ന് ശരത്കുമാര്‍, തെലുങ്കില്‍ നിന്ന് സുമന്‍ എന്നിങ്ങനെയുള്ളവരെയും ഉള്‍പ്പെടുത്തി സിനിമയുടെ വിപണനമൂല്യം ഉയര്‍ത്താനുള്ള ശ്രമവും ശ്രദ്ധേയമാണ്. വിപണിവിജയം ഉറപ്പിക്കുന്ന ഒരു അടിസ്ഥാനപദ്ധതിയാണ് കേരളവര്‍മ്മ പഴശ്ശിരാജയിലൂടെ ഉദ്ദേശിക്കപ്പെടുന്നത് എന്നത് വ്യക്തമാണ്. ഇരുപത്തേഴ് കോടി രൂപ ചെലവായി എന്ന തുടര്‍ച്ചയായ പ്രഖ്യാപനം തന്നെ ഊഹക്കച്ചവടാധിഷ്ഠിതമായ വില്‍പനമൂല്യത്തെ ഊതിപ്പെരുപ്പിക്കാനാണെന്നതാണ് വാസ്തവം. ചാനല്‍ അവകാശങ്ങള്‍, കേരളത്തിനു പുറത്തുള്ള ഔട്ട്റൈറ്റ് വില്‍പനകള്‍, ഡിവിഡി അവകാശം, ആഡിയോ വില്‍പന, ഇന്റര്‍നെറ്റ് അവകാശം, തിരക്കഥാ വില്‍പന എന്നിങ്ങനെ പലതരം വില്‍പനകള്‍ കേരള ബോക്സാപ്പീസ് വരുമാനം എന്ന അടിസ്ഥാനത്തിനു പുറത്ത് സിനിമയില്‍ ഇക്കാലത്ത് സാധ്യമാണ്. താരങ്ങളെ അവരുടെ വിപണിമൂല്യവും പ്രാദേശികമായ ജനപ്രിയതാനിലവാരങ്ങളും കണക്കിലെടുത്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്; അല്ലാതെ അവരുടെ നടനമികവു മാത്രം അടിസ്ഥാനപ്പെടുത്തിയല്ല.

നടികളുടെ അവതരണവും ഇതിന്റെ തുടര്‍ച്ചയാണ്. കനിഹ അവതരിപ്പിക്കുന്ന കൈതേരി മാക്കം എന്ന പഴശ്ശിരാജയുടെ ഭാര്യാകഥാപാത്രത്തെ ശ്രദ്ധിക്കുക. ലൈംഗികദരിദ്രരായ മലയാളികളെ മനസ്സില്‍ കണ്ടു കൊണ്ടാണ് ഈ നടി/കഥാപാത്രത്തിന്റെ വേഷവിധാനവും ശരീര ചലനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏതു കലാസൃഷ്ടിക്കും ചരിത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്താനാവില്ല എന്നിരിക്കെ (അങ്ങിനെ നീതി പുലര്‍ത്തേണ്ടതില്ല എന്നുമിരിക്കെ), പതിനെട്ടാം നൂറ്റാണ്ടിലെ വേഷവിധാനം എന്നവകാശപ്പെട്ടുകൊണ്ട് അവതരിപ്പിക്കപ്പെടുന്ന വേഷങ്ങളുടെ കൃത്യത ആലോചിച്ച് സംവിധായകനോ വസ്ത്രസംവിധായകനോ നടിയോ കാണിയോ വിമര്‍ശകനോ തല പുകക്കേണ്ടതില്ല. അപ്പോള്‍, ഇത്തരമൊരു 'പീരിയഡ് സിനിമ'യിലെ നടിയുടെ വേഷം തിരഞ്ഞെടുക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എന്തായിരിക്കും? തീര്‍ച്ചയായും ചരിത്രത്തോടും ഇതിവൃത്തത്തോടും നൂറു ശതമാനം നീതിയും പ്രതിബദ്ധതയും പുലര്‍ത്തുക എന്ന നിഷ്കളങ്കവും ബൌദ്ധികവുമായ ഉദ്ദേശ്യമായിരിക്കുകയില്ല അത് എന്നതുറപ്പാണ്. നേരത്തെ പറഞ്ഞതു പോലെ ലൈംഗികദരിദ്രരായ മലയാളി പുരുഷ കാണിക്ക് അല്‍പമെങ്കില്‍ അല്‍പസമയം കാമോത്തേജനവും ലിംഗോദ്ധാരണവും സാധ്യമാവുമെങ്കില്‍ അതു നടക്കട്ടെ എന്ന 'നിഷ്കളങ്കമായ' സാമര്‍ത്ഥ്യം മാത്രം.

ഒളിവില്‍ പാര്‍ക്കുന്ന നായകന്‍ പഴശ്ശിരാജ ചിറക്കലില്‍ പോയി വരുന്നതു വഴി കൈതേരിയിലെ തന്റെ വീട്ടിലും വരുമെന്നറിഞ്ഞ നായിക കുന്നത്തെ കൊന്നക്കും പൊന്‍മോതിരം ഇന്നേതോ തമ്പുരാന്‍ തന്നേപോയി എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ കുളിക്കടവില്‍ നിന്ന് കയറിവരുന്ന ദൃശ്യം ശ്രദ്ധിക്കുക. മുലക്കച്ചക്കുള്ളില്‍ നിന്ന് കുലുങ്ങുന്ന മുലകളുടെ തെളിച്ചമുള്ള ചലനദൃശ്യം മലയാളസിനിമയുടെ ഗതിനിര്‍ണായകസൃഷ്ടിയുടെ പുറകില്‍ അര്‍പ്പണം ചെയ്തവരുടെ ആണ്‍നോട്ട(മേല്‍ഗേസ്)ത്തിന്റെ ഉദാഹരണം മാത്രമാണ്. തിയറ്ററില്‍ ഈ സമയത്ത് ഉയരുന്ന ആരവങ്ങളുടെ ഗതിവിഗതികളും(സമൂഹത്തിന്റെ ആണ്‍നോട്ടം) മറ്റൊന്നല്ല സൂചിപ്പിക്കുന്നത്. കേരളവര്‍മ്മ പഴശ്ശിരാജയുടെ പ്രൊമോഷനുവേണ്ടി ടി വി ചാനലുകളില്‍(കുടുംബകത്തെ ആണ്‍നോട്ടം) വിതരണം ചെയ്തിട്ടുള്ളതും ആരാധകരാല്‍ അപ്ലോഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് യൂ ട്യൂബില്‍ ഏറ്റവുമധികം ഹിറ്റു കിട്ടുന്നതുമായ പാട്ടുദൃശ്യവും(ഒറ്റവ്യക്തിയുടെ ആണ്‍നോട്ടം) ഇതു തന്നെ.

ഹരിഹരനുമുമ്പ് മലയാള സിനിമയില്‍ സംഘാടനമിടുക്ക് കാണിച്ച രാമുകാര്യാട്ടും ഇതേ മാര്‍ഗം നന്നായി പ്രയോജനപ്പെടുത്തിയ ആളാണ്. ചെമ്മീനി(1966)ല്‍ കറുത്തമ്മ(ഷീല)യെ ആദ്യമായി അവതരിപ്പിക്കുമ്പോള്‍ ക്യാമറ മുകളില്‍ നിന്ന് അവളുടെ മാറിടത്തിനു മുകളിലായി തങ്ങിനില്‍ക്കുന്നു. ബ്ളൌസിനുമുകളിലായി രണ്ടു മുലകള്‍ക്കിടയിലെ വിടവ് വ്യക്തമാക്കിക്കൊണ്ടുള്ള ഷോട്ട് കാണിച്ചതിന്റെ ന്യായീകരണം തൊട്ടടുത്ത സംഭാഷണത്തിലാണുള്ളത്. പരീക്കുട്ടി മുതലാളി(മധു)യുടെ നോട്ടമാണത്. “എന്തൊരു നോട്ടം! എന്ന് കറുത്തമ്മ മധുരമായി പരിഭവിക്കുന്നു. തോട്ടിയുടെ കഥ ലിഖിത സാഹിത്യത്തിലാവിഷ്ക്കരിച്ചതിലൂടെ മലയാള സാഹിത്യത്തിന്റെ അസംസ്കൃത വസ്തു സംഭരണത്തില്‍ നിലനിന്നിരുന്ന വകതിരിവുകളെ അട്ടിമറിച്ച തകഴിയെപ്പോലുള്ള ഒരു അസാമാന്യ ‘പുരോഗമന’ സാഹിത്യ വ്യക്തിത്വം രചിച്ച ‘ചെമ്മീന്‍’ സിനിമയായപ്പോഴാണ് മുതലാളിത്തത്തിന്റെ നോട്ടത്തിന് കീഴ്പ്പെടുത്തപ്പെട്ടത് എന്നതാണ് ശ്രദ്ധേയം.

അപ്പോള്‍ രാജ്യസ്നേഹത്തിലധിഷ്ഠിതവും സ്വാതന്ത്ര്യബോധത്താല്‍ ജ്വലിച്ചു നില്‍ക്കുന്നതുമായ കേരളവര്‍മ്മ പഴശ്ശിരാജയില്‍ ഒരു സെക്കന്റു നേരം നടിയുടെ മുലകള്‍ കുലുങ്ങിയാല്‍ അത് എടുത്തു പറയുന്ന ദോഷൈകദൃക്കുകളുടെ വിമര്‍ശനബോധത്തെ നമുക്കവഗണിക്കാം; അതിനു പകരം ചരിത്രബോധവും രാജ്യസ്നേഹവും സ്വാതന്ത്ര്യാവബോധവും സ്വദേശാഭിമാനവും നഷ്ടപ്പെട്ട കേരളീയര്‍ക്കും മറ്റിന്ത്യക്കാര്‍ക്കും അത് പ്രദാനം ചെയ്യുന്നതിനായി, നടിയുടെ വസ്ത്രമൊരിത്തിരി സ്ഥാനചലനം വന്നുവെന്നും അവയവങ്ങള്‍ കുറച്ചൊന്ന് കുലുങ്ങിയെന്നും കരുതി സമാധാനിക്കാം/അഭിമാനിക്കാം. സ്ത്രീകള്‍ക്കും ചരിത്രനിര്‍മാണ പ്രക്രിയയില്‍ കുറച്ച് പങ്കു ലഭിക്കട്ടെ! പത്മപ്രിയ അവതരിപ്പിക്കുന്ന നീലി എന്ന കുറിച്യപ്പോരാളിക്ക് വെടിയേറ്റതിനെ തുടര്‍ന്ന് അവളുടെ പ്രതിശ്രുതവരനായ തലക്കല്‍ ചന്തു (മനോജ് കെ ജയന്‍) തന്റെ മടിയില്‍ കിടത്തി അവളുടെ വെടിയുണ്ട നീക്കം ചെയ്യുന്ന ദൃശ്യവും കാണികള്‍ ഇതേ ആണ്‍നോട്ടത്തിന് കീഴ്പ്പെടുത്തി. വലത്തേ തുടയിലാണ് വെടിയേല്‍ക്കുന്നത് എന്നതിനാലാണ് ഈ ആണ്‍നോട്ട സാധ്യത പ്രാവര്‍ത്തികമായത്. അക്രമങ്ങളും അനീതികളും നിറഞ്ഞ കക്ഷിരാഷ്ട്രീയ പരിസരത്തെ വിചാരണ ചെയ്യുന്ന ഈനാട് (ടി ദാമോദരന്‍, ഐ വി ശശി/1982) എന്ന ഹിറ്റു സിനിമയില്‍ നഗരത്തിനുള്ളിലെ ചേരിയില്‍ നടക്കുന്ന വ്യാജമദ്യദുരന്തത്തില്‍ മരണപ്പെടുന്ന സ്ത്രീ കഥാപാത്രത്തിന്റെ (സുരേഖ അഭിനയിക്കുന്നു) മുക്കാലും നഗ്നമായ ശരീരം ക്യാമറ ആര്‍ത്തിയോടെ ഒപ്പിയെടുത്തതും കാണികള്‍ ആനന്ദാവേശത്തോടെ സ്വീകരിച്ചതും പോലെ ശവഭോഗാത്മകമായ ഒരു കാഴ്ചാരീതി ഈ ദൃശ്യത്തിലും നിര്‍വഹിക്കപ്പെട്ടു.

രാജ്യസ്നേഹമെന്ന് കേരളസര്‍ക്കാര്‍ തീരുമാനമെടുത്ത് നിര്‍ണയിച്ച കേരളവര്‍മ്മ പഴശ്ശിരാജക്ക് യു/എ സര്‍ട്ടിഫിക്കറ്റ് (നിയന്ത്രണങ്ങളൊന്നുമില്ലാത്ത പൊതുപ്രദര്‍ശന ലൈസന്‍സ്, പക്ഷെ 12 വയസ്സില്‍ താഴെയുള്ളവര്‍ രക്ഷിതാക്കളുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചു മാത്രം കാണുക) നല്‍കാനാണ് ഫിലിം സര്‍ട്ടിഫിക്കേഷനായുള്ള കേന്ദ്ര ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത് എന്നത് ഈ രംഗങ്ങള്‍ കണക്കിലെടുത്തിട്ടാണോ അതോ യുദ്ധ-സംഘട്ടന രംഗങ്ങളിലുള്ള ചോരപ്പെയ്ത്ത് കണ്ടിട്ടാണോ എന്നറിയില്ല. സെന്‍സര്‍ഷിപ്പ് ധാര്‍മിക സദാചാരത്തെ സംബന്ധിച്ച അവസാന വാക്കായി പരിഷ്കൃത സമൂഹത്തിന് പരിഗണിക്കാനാവില്ല എന്നിരിക്കെ അത്തരമൊരു സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ല. പക്ഷെ, ഒരു കാര്യമുറപ്പാണ്. രാജ്യസ്നേഹമല്ല ഏതു വിഷയവുമാകട്ടെ ഇന്ത്യന്‍ സിനിമയില്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കണമെന്നുണ്ടെങ്കില്‍ ലൈംഗിക ചിത്രീകരണത്തെ സംബന്ധിച്ച ഔദ്യോഗികവും അനൌദ്യോഗികവുമായ വിചാരങ്ങളും ധാരണകളും നിബന്ധനകളും മാറ്റിയെഴുതിയേ മതിയാവൂ എന്നതാണത്.

മലയാളത്തിലിറങ്ങിയ മറ്റൊരു 'രാജ്യസ്നേഹ' സിനിമയായ കീര്‍ത്തിചക്ര(മേജര്‍ രവി/2006)യില്‍ കശ്മീരിലെ ഒരു വീട്ടിനകത്ത് കടന്നു കയറുന്ന മുസ്ളിം ഭീകരര്‍ അവിടത്തെ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന്റെ നീണ്ടു നില്‍ക്കുന്ന അതിസമീപ ദൃശ്യം വ്യക്തമായി കാണിച്ചതാണ് ആ ചിത്രത്തിന്റെ ജനപ്രിയതാഗ്രാഫ് ഉയര്‍ത്തിയത് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലൈംഗികതാ ചിത്രീകരണത്തെ സംബന്ധിച്ചുള്ള കപടസദാചാരവാദികളുടെ ധാരണകള്‍ മാറ്റിയെഴുതാന്‍ സാധിച്ചാല്‍, അതിനെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമക്കു ലഭ്യമാവുന്ന 'ലൈംഗികസ്വാതന്ത്ര്യ'ത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചതിനു ശേഷം കൂടുതല്‍ സുതാര്യവും മാന്യവുമായ രാജ്യസ്നേഹ സിനിമകള്‍ പുറത്തു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

മുന്‍കാലത്ത് ഇറങ്ങിയിട്ടുള്ള ചില ഇന്ത്യന്‍ 'രാജ്യസ്നേഹ' സിനിമകളായ ഗാന്ധി(റിച്ചാര്‍ഡ് അറ്റന്‍ബറോ/ഇംഗ്ളീഷ്/1982), കാലാപാനി(പ്രിയദര്‍ശന്‍/മലയാളം/1996) എന്നിവയില്‍ ബ്രിട്ടീഷുകാര്‍ക്കനുകൂലമായ ചില പരസ്യ/രഹസ്യ ട്വിസ്റ്റുകള്‍ ഉള്ളതു പോലെ കേരളവര്‍മ്മ പഴശ്ശിരാജയിലും ഏതാനും അവ്യക്തതകള്‍ ഒളിഞ്ഞും തെളിഞ്ഞുമിരിപ്പുണ്ട്. ഗാന്ധിജിയുടെ നേതൃത്വ ഗുണങ്ങളെയും മാഹാത്മ്യത്തെയും കണ്ടെത്തുകയും അംഗീകരിക്കുകയും വാഴ്ത്തുകയും ചെയ്ത വെള്ളക്കാരുടെ മഹാമനസ്കത ഉയര്‍ത്തിക്കാട്ടുന്നതിനാണ് റിച്ചാര്‍ഡ് അറ്റന്‍ബറോ തന്റെ സിനിമയില്‍ കാര്യമായി പ്രയത്നിക്കുന്നതെന്ന് പ്രശസ്ത ചലച്ചിത്ര ചിന്തകനായ രവീന്ദ്രന്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട് (സിനിമയുടെ രാഷ്ട്രീയം/ബോധി-1990 എന്ന പുസ്തകത്തിലെ ഗാന്ധി - അഥവാ സാമ്രാജ്യത്വത്തിന്റെ മഹാമനസ്കത എന്ന ലേഖനം കാണുക). കാലാപാനിയിലെ നായകനും പ്രതിനായകനും ഓരോ ബ്രിട്ടീഷ് അപരസ്വത്വങ്ങളെ പ്രത്യേകം സൃഷ്ടിച്ചെടുത്താണ് കൊളോണിയല്‍ ദാസ്യമനോഭാവം പ്രകടമാക്കിയത്. (സിനിമയും മലയാളിയുടെ ജീവിതവും/എന്‍ ബി എസ്-1998 എന്ന പുസ്തകത്തിലെ വൃഥാ സാഹസങ്ങള്‍ എന്ന ലേഖനം കാണുക). ഭാര്യയെ അവളുടെ വീടായ കൈതേരിയില്‍ താമസിപ്പിച്ച് ഒളിപ്പോരിനായി വയനാട്ടിലേക്ക് പോകുന്ന പഴശ്ശിരാജ, ബ്രിട്ടീഷുകാര്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറില്ല എന്നത് തനിക്കുറപ്പാണ് എന്നു പറയുന്നുണ്ട്. അതില്‍ നിന്ന് വ്യക്തമാകുന്നത്, ഇന്ത്യക്കാരായ മറ്റു ശത്രുക്കളില്‍ നിന്ന് അത്തരം മാന്യത പ്രതീക്ഷിക്കേണ്ട എന്നുമാണ്. ഇന്ത്യക്കാര്‍ ബ്രിട്ടീഷുകാരെ അപേക്ഷിച്ച് സംസ്കാരശൂന്യരാണ് എന്ന കൊളോണിയല്‍ ദാസ്യമനോഭാവം നായകകഥാപാത്രത്തിന്റെ സംഭാഷണത്തിലൂടെ പുറത്തുവരുകയാണിവിടെ. ചിത്രത്തിന്റെ അന്ത്യരംഗത്തില്‍ കൊലപ്പെടുത്തിയതിനു ശേഷം പഴശ്ശിരാജയുടെ മൃതദേഹത്തെ രാജാവിനു ചേര്‍ന്ന അന്തസ്സോടെ അഭിവാദ്യം ചെയ്ത് സംസ്ക്കരിക്കുന്നതിനായി കൊണ്ടുപോകുന്ന ദൃശ്യമാണുള്ളത്. അക്കാര്യത്തിലും ബ്രിട്ടീഷുകാര്‍ സംസ്കാര സമ്പന്നതയോടെ പെരുമാറി എന്നു വ്യക്തമാക്കാനുള്ള ഉദ്യമം വ്യക്തമാണ്. പഴശ്ശിരാജായുടെ മൃതശരീരം ഞാന്‍ സഞ്ചരിച്ച പല്ലക്കിലേക്ക് മാറ്റി എന്നും അടുത്ത ദിവസം പഴശ്ശിരാജയുടെ മൃതദേഹം, ശക്തമായ പട്ടാളക്കാവലോടെ മാനന്തവാടിക്കയച്ചു. മൃതശരീരത്തോടൊപ്പം അയച്ച ശിരസ്തദാര്‍ക്ക്, എല്ലാ ബ്രാഹ്മണരേയും വിളിച്ചു വരുത്തി ശവസംസ്ക്കാരം പാരമ്പര്യവിധിപ്രകാരം നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇങ്ങനെ ഒരു ബഹുമതിക്ക്, ഒരു പ്രഖ്യാപിത ലഹളത്തലവനാണെന്നിരിക്കിലും, രാജ്യത്തിലെ യഥാര്‍ത്ഥ നാടുവാഴികളില്‍ ഒരാളെന്ന നിലക്ക് അദ്ദേഹം സര്‍വ്വഥാ അര്‍ഹനാണെന്ന് എനിക്കു തോന്നി എന്നും, അന്നത്തെ അസിസ്റ്റന്റ് കലക്ടറായിരുന്ന ടി എച്ച് ബാബര്‍ 1805 ഡിസംബര്‍ 31-ാം തിയതി മലബാര്‍ പ്രവിശ്യയുടെ പ്രിന്‍സിപ്പല്‍ കലക്ടര്‍ക്ക് എഴുതിയ ദീര്‍ഘമായ കത്തില്‍ രേഖപ്പെടുത്തിയതിനെയാണ് (മലബാര്‍ മാന്വല്‍ - വില്യം ലോഗന്‍/വിവര്‍ത്തനം ടി വി കൃഷ്ണന്‍ - പേജ് 352/മാതൃഭൂമി ബുക്സ് 2007) തിരക്കഥാകൃത്ത് അവലംബിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. കൊല്ലപ്പെട്ട പഴശ്ശിരാജായുടെ മൃതദേഹം ഗാംഭീര്യത്തോടെ മുഖമുയര്‍ത്തി വെച്ച് പല്ലക്കില്‍ കൊണ്ടു പോകുന്ന അവസാന ദൃശ്യം താരനായകന്റെ മരണം എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ആരാധകരെ സമാശ്വസിപ്പിക്കുന്നതിന് കൂടി ഉതകുന്ന തരത്തില്‍ സമര്‍ത്ഥമായി വിഭാവനം ചെയ്ത ഒന്നാണെന്നതും എടുത്തു പറയണം.

പഴശ്ശിയെ കൊലപ്പെടുത്തിയതാണോ അതോ അദ്ദേഹം തോല്‍വി മനസ്സിലാക്കിയപ്പോള്‍ ആത്മഹത്യ ചെയ്തതാണോ എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കെ; ബ്രിട്ടീഷ് കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളതു പോലെ അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചതായി ചിത്രീകരിച്ചിരിക്കുകയാണ് സിനിമയില്‍. ബ്രിട്ടീഷുകാരുടെ കൈ കൊണ്ട് മരിക്കുന്നത് അപമാനമായി കരുതി അദ്ദേഹം തന്റെ വിരലിലെ വജ്രമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തുവെന്ന് ഐതിഹ്യസമാനമായ കഥകളില്‍ പ്രചരിച്ചു വരുന്നുമുണ്ട്. അദ്ദേഹത്തിന്റെ പടനായകനായിരുന്ന എടച്ചേന കുങ്കന്‍ (ശരത് കുമാര്‍) ഇപ്രകാരം ബ്രിട്ടീഷ് പട്ടാളത്താല്‍ വളയപ്പെട്ടപ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്ന കഠാര വയറ്റിലേക്ക് കുത്തിയിറക്കി ആത്മഹത്യ ചെയ്യുന്നത് സിനിമയില്‍ വിശദമാക്കിയിട്ടുമുണ്ടല്ലോ! ചരിത്രയാഥാര്‍ത്ഥ്യവും അതിനെ തുടര്‍ന്ന് കെട്ടിയുണ്ടാക്കി പ്രചരിപ്പിക്കപ്പെട്ട നാടോടിക്കഥകളുമാണ് പഴശ്ശിരാജായെ സംബന്ധിച്ച് കേരളത്തില്‍ നിലനിന്നു പോരുന്നത്. ഈ നാടോടിക്കഥകളിലെ വീരാപദാനങ്ങളെക്കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ആധുനിക നാടോടിക്കഥാഖ്യാനരൂപമായ ചലച്ചിത്രത്തിനും ഇഷ്ടവിഷയമായി പഴശ്ശിരാജായുടെ കഥ മാറുന്നത്. അങ്ങനെയായിരിക്കെ, അദ്ദേഹത്തിന്റെ മരണം ആത്മഹത്യയല്ല, ബ്രിട്ടീഷുകാരുടെ കൊല തന്നെയാണെന്ന് ഉറപ്പിക്കുന്നതിലൂടെ തിരക്കഥാകൃത്ത് വിനിമയം ചെയ്യുന്ന സന്ദേശമെന്താണെന്നത് അപനിര്‍മ്മിച്ചെടുക്കേണ്ട ഒന്നാണ്. പ്രത്യേകിച്ചും, ചന്തുവിനെ സംബന്ധിച്ച സാമാന്യവിശ്വാസത്തെ തകിടം മറിച്ച വ്യാഖ്യാനം വിശദമാക്കിയ ഒരു വടക്കന്‍ വീരഗാഥയുടെ സ്രഷ്ടാക്കളാണ് കേരളവര്‍മ്മ പഴശ്ശിരാജയുടേതും എന്ന ഓര്‍മ്മപ്പെടുത്തല്‍ സജീവമായിരിക്കെ.

നായക/പ്രതിനായക കഥാപാത്രങ്ങളെ സന്ദിഗ്ദ്ധതകള്‍ക്കൊന്നും ഇടം കൊടുക്കാതെ നന്മ/തിന്മ എന്ന വെള്ളം കടക്കാത്ത അറകളില്‍ സ്ഥിരീകരിക്കുന്ന മുഖ്യധാരാ സിനിമയുടെ നിര്‍വഹണരീതി മുച്ചൂടും പിന്തുടരുന്ന കേരളവര്‍മ്മ പഴശ്ശിരാജയില്‍ പക്ഷെ, തിന്മയുടെയും പ്രതിനായകത്വത്തിന്റെയും പക്ഷത്തുള്ള ബ്രിട്ടീഷുകാരില്‍ ഒരാളെ മാനുഷികതയുടെ വക്താവായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു വേണ്ടി ധാരാളം സമയം ചെലവഴിക്കുന്നുണ്ട്. അസിസ്റ്റന്റ് കലക്ടര്‍ ബാബരുടെ പ്രതിശ്രുത വധുവായെത്തുന്ന ഡോറ(ലിന്റ ആര്‍സെനിയോ)യെയാണിത്തരത്തില്‍ മനുഷ്യനന്മയുടെ വറ്റാത്ത ഉറവിടമായി മഹത്വവത്ക്കരിക്കുന്നത്. ഗാന്ധിയിലും കാലാപാനിയിലും ഇതേ പോലെ താരതമ്യേന നിസ്സാരരായ ബ്രിട്ടീഷ് കഥാപാത്രങ്ങളെ അമിതമായി മഹത്വവത്ക്കരിക്കുന്ന പ്രവണത ഉണ്ടായിരുന്നു.

സ്ത്രീ ശരീരപ്രദര്‍ശനത്തിലൂടെയും വിവാദങ്ങളെ ഭയന്നുള്ള ഒത്തുതീര്‍പ്പ്/വിധേയത്വ മനോഭാവത്തോടെയും രൂപീകരിച്ചെടുക്കുന്ന ജനപ്രിയത എന്ന പ്രതിഭാസത്തെ ഗുണപരമായ കാര്യങ്ങള്‍ക്കു വേണ്ടിയും വിനിയോഗിച്ചു എന്നതിലാണ് കേരളവര്‍മ്മ പഴശ്ശിരാജയുടെ മേന്മ നിലക്കൊള്ളുന്നത്. പഴശ്ശിരാജയെ മാപ്പിളവിരുദ്ധനായ ഒരു ഹിന്ദു രാജാവായും പോരാളിയായും ചരിത്രത്തില്‍ സ്ഥാനപ്പെടുത്താനുള്ള ഹിന്ദു വര്‍ഗീയ വാദികളുടെ ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത് ഭിന്നിപ്പിച്ചു ഭരിക്കുക, വര്‍ഗീയ വാദികളെ കൂട്ടാളികളാക്കി സാമ്രാജ്യത്വ വിരുദ്ധ സമരത്തെ തുരങ്കം വെക്കുക എന്നീ തന്ത്രങ്ങള്‍ പ്രയോഗിച്ച ബ്രിട്ടീഷുകാര്‍ തന്നെയാണ്. പഴശ്ശിരാജയെ സംബന്ധിച്ചുള്ള ബ്രിട്ടീഷ് ഔദ്യോഗിക ചരിത്രരചനയിലെ ഒരു പരാമര്‍ശം നോക്കുക:

1793 സെപ്തംബറില്‍ കൂടാളിയിലെ മാപ്പിളമാര്‍ ഒരു പള്ളി പുതുതായി പണിയാനോ പുതുക്കി പണിയാനോ പഴശ്ശിരാജയോട് അനുവാദം ചോദിച്ചു. തിരുമുല്‍ക്കാഴ്ച വെച്ചാല്‍ അതിനു സമ്മതിക്കാമെന്നായിരുന്നു രാജാവിന്റെ മറുപടി. കാഴ്ചപ്പണം കെട്ടാതെ മാപ്പിളമാര്‍ പള്ളി കെട്ടാന്‍ തുടങ്ങിയതറിഞ്ഞ്, മാപ്പിളത്തലവനെ (താലിബ് കുട്ടി അലി) തന്റെ മുമ്പാകെ ഹാജരാക്കാന്‍ കല്ല്യാടന്‍ ഏമാനനെ അഞ്ചു സായുധ ഭടന്മാരോടൊപ്പം പഴശ്ശിരാജ നിയോഗിച്ചയച്ചു. മാപ്പിളത്തലവന്‍ ഒഴിഞ്ഞു മാറാന്‍ നോക്കി. ഏമാനു അകമ്പടി സേവിച്ച ഭടന്മാരില്‍ ഒരാള്‍ മാപ്പിള തലവനെ കടന്നു പിടിച്ചു. ഇതോടെ കുട്ടിയാലി (തലവന്‍) തന്റെ വാള്‍ ഉറയില്‍ നിന്ന് വലിച്ചൂരി കല്ല്യാടന്‍ ഏമാനെ കൊല ചെയ്തു. കൊലയാളിയെ മറ്റു ഭടന്മാരും കൊന്നു. വിവരം അറിഞ്ഞ മാത്രയില്‍ ഒരു സായുധ സംഘത്തെ പഴശ്ശിരാജ കൂടാളിയിലെ മുഴുവന്‍ മാപ്പിളമാരെയും കൊന്നു കളയണമെന്ന നിര്‍ദ്ദേശത്തോടെ, പറഞ്ഞയച്ചു. സംഘം സംഭവസ്ഥലത്തേക്കു കുതിച്ച് ആറു മാപ്പിളമാരെ വധിച്ചു. (മലബാര്‍ മാന്വല്‍ - വില്യം ലോഗന്‍/വിവര്‍ത്തനം ടി വി കൃഷ്ണന്‍ - പേജ് 322,323/മാതൃഭൂമി ബുക്സ് 2007)

ഇത്തരം പരാമര്‍ശങ്ങളുടെ ശരിതെറ്റുകളിലേക്ക് കാര്യമായി പ്രവേശിച്ച് വിവാദങ്ങളുണ്ടാക്കാനോ പഴശ്ശിരാജയെ മുസ്ളിം വിരുദ്ധനാക്കാനോ തിരക്കഥാകൃത്തും സംവിധായകനും തുനിഞ്ഞിട്ടില്ല എന്നതാശ്വാസകരമാണ്. ഈ ആശ്വാസം അനുവദിക്കില്ല എന്ന ഭീഷണിയോടെയാണോ എന്നറിയില്ല, ഹിന്ദു തീവ്രവാദാശയക്കാര്‍ ഒരു ഘട്ടത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയുമുണ്ടായി. തൊപ്പിയോ വാളോ എന്ന കുപ്രസിദ്ധമായ ആഹ്വാനത്തോടെ മലബാര്‍ പിടിച്ചടക്കാന്‍ പടയോട്ടം നടത്തിയ മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്‍ വ്യാപകമായ മതപരിവര്‍ത്തനങ്ങളും കൊള്ളയും ക്ഷേത്രധ്വംസനങ്ങളും നടത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മലബാറില്‍ 'മൈസൂരിലെ സിംഹം' നടത്തിയത് കുത്തിക്കവര്‍ച്ചകളുടെ ഒരു തേര്‍വാഴ്ച തന്നെയായിരുന്നു. കേരളവര്‍മ്മ പഴശ്ശിരാജയടക്കമുള്ള വീരരായ ഹിന്ദു രാജാക്കന്മാരുടെയും പടയാളികളുടെയും സഹായത്തോടെയാണ് ഈസ്റ്റ് ഇന്ത്യാക്കമ്പനി ടിപ്പുവിനെ മലബാറില്‍ നിന്ന് തുരത്തിയോടിച്ചത്.(പഴശ്ശിരാജ-മൂല്യമില്ലാത്ത ജീവനുകള്‍, വിലനിര്‍ണയിക്കാനാവാത്ത സ്വാതന്ത്ര്യം എന്ന പേരില്‍ രാം വി എഴുതിയ നിരൂപണത്തില്‍ നിന്ന്/പാഷന്‍ ഫോര്‍ സിനിമ.കോം, ഒക്ടോബര്‍ 17,2009 )എന്ന തരത്തില്‍ പൊതുബോധത്തില്‍ ടിപ്പുവിനെതിരായ ബ്രിട്ടീഷുകാരുടെയും പഴശ്ശിയുടെയും ഐക്യമുന്നണിയെ സംബന്ധിച്ച ധാരണ നിലനില്‍ക്കുമ്പോഴാണ് ഇതേ നിരൂപകന്റെ വിശേഷണം കടം കൊണ്ടാല്‍ 'സുരക്ഷിതമാം വിധം സെക്കുലറാ'യ തരത്തില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ തിരക്കഥാകൃത്തിനും സംവിധായകനും സാധിച്ചത് എന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്.

ഒരിക്കല്‍ ബ്രിട്ടീഷ് കമ്പനിക്കുവേണ്ടി ടിപ്പുവിനോട് യുദ്ധം ചെയ്ത പഴശ്ശിരാജ പിന്നീട് ബ്രിട്ടീഷ് പട്ടാളത്തിന്റെ വേട്ടക്കു വിധേയനായപ്പോള്‍, ടിപ്പുവുമായി സന്ധിയിലേര്‍പ്പെടുകയും മൈസൂരില്‍ വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ കൂടിക്കാഴ്ചയുടെ ഐതിഹാസികമാനം ദൃശ്യവത്ക്കരിക്കാന്‍ സിനിമ തുനിയാത്തത് ദുരൂഹമാണ്. എന്നാല്‍, കവര്‍ച്ചക്കാരെന്ന് ബ്രിട്ടീഷുകാരാല്‍ വിശേഷിപ്പിക്കപ്പെട്ട് തടവിനും സ്വത്ത് കണ്ടെടുക്കലിനും വിധേയനായ ഉണ്ണിമൂത്ത മൂപ്പന്‍(ക്യാപ്റ്റന്‍ രാജു), അത്തന്‍ ഗുരുക്കള്‍ (മാമുക്കോയ) എന്നിവരുടെ സഹകരണം തേടുന്നതിന്റെ വിശദാംശങ്ങള്‍ ചിത്രീകരിച്ചിട്ടുമുണ്ട്. അത്രയും നല്ലത്. ആദിവാസി വിഭാഗമായ കുറിച്യപ്പോരാളികളെ തികഞ്ഞ ഗാംഭീര്യത്തോടെ കഥാപാത്രവത്ക്കരിച്ചതും പ്രശംസനീയമാണ്. സാധാരണ സിനിമകളില്‍ കാബറെ നൃത്തത്തിനു പകരം നഗ്നതാപ്രദര്‍ശനത്തിനായി ചേര്‍ക്കാറുള്ള 'കാട്ടുജാതി'ക്കാര്‍ക്കു പകരം വീറും പോരാളിത്തവും ബുദ്ധിയും വിവേകവുമുള്ള മനുഷ്യരായി ആദിവാസികളെ അവതരിപ്പിച്ചത് എം ടി യുടെ വിശാലവും മനുഷ്യസ്നേഹപരവുമായ സാമൂഹികബോധത്തിന്റെ നിദര്‍ശനമാണ്. ഒരു പക്ഷെ, മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദിവാസികഥാപാത്രങ്ങള്‍ക്ക് തികഞ്ഞ പ്രാധാന്യവും പ്രസക്തിയും നല്‍കിയതിന്റെ പേരിലായിരിക്കും കേരളവര്‍മ്മ പഴശ്ശിരാജ സ്ഥാനം പിടിക്കാന്‍ പോകുന്നത്.

*
ജി. പി. രാമചന്ദ്രന്‍
കടപ്പാട്: ദേശാഭിമാനി വാരിക, വര്‍ക്കേഴ്സ് ഫോറം

തുളുമ്പി വരാത്ത കരച്ചില്‍

കൂവാഗത്തെ ഹിജഡകളുടെ ഉത്സവത്തില്‍ പങ്കെടുക്കണമെന്ന് ജെറീനയാണ് പറഞ്ഞത്. 'ഒരു മലയാളി ഹിജഡയുടെ ആത്മകഥ' എന്ന പുസ്തകത്തോടെ പ്രസിദ്ധയായ ഹിജഡ. ഇന്ത്യയിലെ ഒട്ടുമിക്ക ഹിജഡകളും അന്നവിടെ ഉത്സവത്തിന് എത്തുമത്രേ. ഹിജഡകളെക്കുറിച്ച് പുസ്തകം എഴുതിയിട്ടും കൂവാഗംവരെ പോകാത്തതില്‍ അപാകം തോന്നിയിരുന്നു. ഇക്കാര്യം സുഹൃത്തും നിരൂപകനുമായ കെ പി രമേഷിനോട് സൂചിപ്പിച്ചപ്പോള്‍ രണ്ടുദിവസം കഴിഞ്ഞ് എന്നെ വിളിച്ച് പാലക്കാട്ടുനിന്ന് വില്ലുപുര (വിഴുപുരമെന്നും പറയും)ത്തേക്കും തിരിച്ച് ചെങ്കല്‍പേട്ടനിന്ന് പാലക്കാട്ടേക്കും ടിക്കറ്റ് റിസര്‍വ് ചെയ്തെന്നു പറഞ്ഞു.

കോയമ്പത്തൂര്‍ വിട്ട് ഏറെക്കഴിയുംമുമ്പേ കൂവാഗത്തേക്കു പോകുന്ന ഹിജഡകള്‍ ഓരോരോ സ്റേഷനില്‍നിന്നായി കയറിത്തുടങ്ങി. ഒത്തുചേരലിന്റെ ആഹ്ളാദത്തില്‍ തമാശപൊട്ടിച്ചും പാട്ടുപാടിയും. മിക്കവരും സാരിയിലും ബ്ളൌസിലുമാണ്. കുറച്ചുപേര്‍ ചുരിദാറിലും. ഇത്രയും സ്ത്രൈണമായ രൂപങ്ങളില്‍നിന്ന് കര്‍ണകഠോരമായ ശബ്ദം പുറപ്പെട്ടപ്പോള്‍ കുട്ടികള്‍ ഭയത്തോടും മുതിര്‍ന്നവര്‍ കൌതുകത്തോടും അവരുടെ ചേഷ്ടകള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പുലര്‍ച്ചെ മൂന്നോടെയാണ് ട്രെയിന്‍ വിഴുപുരത്തെത്തിയത്. ഇടത്തരം സ്റ്റേഷന്‍. ഞങ്ങളെത്തുമ്പോള്‍ അവിടം മങ്ങിയ ഇരുളിലാണ്. സിമന്റ് ബെഞ്ചുകളില്‍ മയങ്ങുന്ന കുറച്ചുപേര്‍. പുലര്‍കാല യാത്രികരും യാചകരും അവര്‍ക്കിടയില്‍. റോന്തുചുറ്റുന്ന രണ്ടുമൂന്ന് പൊലീസുകാരും ഏതാനും ചാവാലിപ്പട്ടികളുമായിരുന്നു ഉണര്‍ന്നിരിക്കുന്ന ജീവികള്‍.

യാത്ര ഒഴിവാക്കേണ്ടിവന്ന ജെറീന വിഴുപുരത്തെത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞുതന്നിരുന്നു. അതിലൊന്ന് കൂടുതല്‍ ഹിജഡകള്‍ തമ്പടിക്കുന്ന സെന്‍ട്രല്‍ ലോഡ്ജില്‍ താമസിക്കണം എന്നതായിരുന്നു. ശ്രീദേവി എന്ന ഹിജഡയുടെ കാമുകന്‍ മന്‍സൂര്‍ അലിഖാന്റേതാണ് ലോഡ്ജ്. എം വിനീഷ് സംവിധാനംചെയ്ത ഹിജഡകളെക്കുറിച്ചുള്ള 'ജെല്‍സ' ഡോക്യുമെന്ററിയുടെ ആദ്യപ്രദര്‍ശനത്തിന് കോഴിക്കോട്ടു വന്ന ശ്രീദേവിയെ പരിചയപ്പെട്ടിരുന്നു. സുന്ദരിയായ ശ്രീദേവി ജ്വല്ലറി മോഡലായി പ്രത്യക്ഷപ്പെട്ടതിനു ലഭിച്ച പ്രതിഫലം ഒന്നരലക്ഷം രൂപ പാവങ്ങളുടെ ക്ഷേമത്തിനു പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് സംഭാവന നല്‍കിയ ഹിജഡയാണ്. വിഴുപുരം റോഡിന്റെ ഇരുവശത്തും മൂന്നും നാലും നിലകളുള്ള കെട്ടിടങ്ങള്‍. ലോഡ്ജ് എന്നെഴുതിയ ബോര്‍ഡ് കാണുന്നിടത്തെല്ലാം കയറി. എവിടെയും ഒഴിവില്ല.

'പ്രഭു' ലോഡ്ജില്‍ മുറി കണ്ടെത്തുമ്പോള്‍ നാലുമണി കഴിഞ്ഞിരുന്നു. അതിന്റെ മുന്നിലെ അഞ്ചുനിലയുള്ള ലോഡ്ജിന്റെ ലോണില്‍ ഹിജഡകള്‍ കൂട്ടംകൂടി നില്‍ക്കുന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും എത്തുന്ന ആവശ്യക്കാരെയുംകൊണ്ട് ഇരുളിന്റെ ഇടംതേടി പോകുന്നതും കാണാം. മിക്കവരും മദ്യത്തിന്റെ വീര്യത്തില്‍ ഒച്ചവച്ചു സംസാരിക്കുകയാണ്. ചിലര്‍ റോഡിലിറങ്ങി നില്‍ക്കുന്നു. കൂവാഗത്തെ ഉത്സവത്തിനുമുമ്പേ അറവാണികള്‍ എത്തുമെന്നറിഞ്ഞ് ബസ്‌സ്റ്റാന്‍ഡിലും പരിസരത്തും ദല്ലാളുകള്‍ കറങ്ങുന്നുണ്ട്.

ആഘോഷം ആരംഭിക്കാന്‍ വൈകിട്ട് ആറുമണിയാകും. അതുവരെ എങ്ങനെ സമയം ചെലവഴിക്കാം എന്നതായിരുന്നു പ്രശ്നം. പോണ്ടിച്ചേരിയിലെ അരവിന്ദാശ്രമത്തില്‍ പോകാമെന്ന നിര്‍ദേശംവച്ചത് രമേഷാണ്. വിഴുപുരത്തുനിന്ന് ഒരുമണിക്കൂറേയുള്ളു അവിടേക്ക്. ബസ് കയറി ആശ്രമത്തിലും ബീച്ചിലും ടൌണിലുമൊക്കെ കറങ്ങി. തിരിച്ച് മുറിയിലെത്തി സെന്‍ട്രല്‍ ലോഡ്ജ് തേടിയിറങ്ങി. റിസപ്ഷനില്‍ ഉടമ മന്‍സൂറിനെ അന്വേഷിച്ചു. അവിടെ സംസാരിച്ചുനിന്ന 25 വയസ്സ് തോന്നിച്ച സുന്ദരന്‍ പറഞ്ഞു: 'നാന്‍ താന്‍ മന്‍സൂര്‍, എന്ന വേണം സൊല്ലുങ്കെ'. കുറച്ചുകൂടി പ്രായമുള്ള ഒരാളെയാണു പ്രതീക്ഷിച്ചത്. ശ്രീദേവിയുടെയും ജെറീനയുടെയും സുഹൃത്തുക്കളാണെന്നു’പറഞ്ഞപ്പോള്‍ അയാള്‍ക്ക് സന്തോഷം.

ബാംഗ്ളൂരില്‍ സെക്സ്‌വര്‍ക്ക് ചെയ്യുന്ന സേലത്തുകാരി മന്ത്ര എത്തിയിട്ടുണ്ടോ എന്നറിയാനായിരുന്നു താല്‍പ്പര്യം. തമ്പാക്കിന്റെയും ചാര്‍ സൌ ബീസിന്റെയും ഗന്ധം തങ്ങിനില്‍ക്കുന്ന, അസ്വസ്ഥത ഉണര്‍ത്തുന്ന അന്തരീക്ഷത്തിലൂടെ ഞങ്ങള്‍ ഒഴുകി.

മന്ത്രയുടെ മുറിയുടെ ബെല്ലമര്‍ത്തി. ആറടിയോളം ഉയരവും വേണ്ടതില്‍ കവിഞ്ഞ തടിയുമുള്ള ഭീമാകാരമായ രൂപം വാതില്‍ തുറന്നു. ‘"യാരത്?''

"മന്ത്ര ഇരിക്കാങ്കളാ'' ഞാന്‍ ചോദിച്ചു.

"ഇല്ലൈ, ഒറു ണിമിസ(നിമിഷം)ത്തുക്കുള്ളെ വന്തിടുവാങ്കെ. ഉള്ള വാങ്കെ''. അവര്‍ അകത്തേക്കു ക്ഷണിക്കുകയാണ്.

താഴെ കാത്തുനിന്നോളാം എന്നു പറഞ്ഞ് കോണിയിറങ്ങുമ്പോഴേക്കും എവിടെയോ പോയി മടങ്ങുകയായിരുന്ന മന്ത്ര ലോഡ്ജ് വരാന്തയിലെത്തിയിരുന്നു. ഞാന്‍ ഓര്‍മ പുതുക്കി. മന്ത്ര സുന്ദരിയും നല്ല പെരുമാറ്റക്കാരിയുമാണ്. രാത്രി സൌന്ദര്യമത്സരം നടക്കുന്ന ഹാളില്‍ കാണാമെന്നും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും പറഞ്ഞപ്പോള്‍ വിജയാശംസ നേര്‍ന്ന് ഞങ്ങള്‍ മടങ്ങി. അവിടെ അപ്പോള്‍ ഹിജഡകളുടെ ഘോഷയാത്ര ആരംഭിച്ചിരുന്നു. ടാബ്ളോകളും ഡപ്പാങ്കൂത്തും പുലികളിയും അകമ്പടിയുള്ള അത് അവിസ്മരണീയമായിരുന്നു.

രാത്രി ആഞ്ജനേയ മാര്യേജ് ഹാളിലെ സാംസ്കാരികസദസ്സിന്റെ വേദിയില്‍ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും. പ്രസംഗിക്കാന്‍ ഹിജഡകളുടെ പ്രതിനിധികളും. ഇരിപ്പിടം കിട്ടാതെ നൂറുകണക്കിന് ആളുകള്‍ വശങ്ങളില്‍. ഹാളില്‍ കയറാന്‍ കഴിയാതെ പുറത്ത് കൂടിനില്‍ക്കുന്നവരുടെ എണ്ണവും അസംഖ്യം. ചാനല്‍ ഫ്ളാഷുകള്‍ മിന്നിമറഞ്ഞു. ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടത്തില്‍ സുഹൃത്ത് അഭിജിത്തിനെയും കണ്ടു. കോഴിക്കോട്ട് ഹിജഡകളുടെ ഫോട്ടോ പ്രദര്‍ശനം (ഹിജ്റ) നടത്തിയിട്ടുണ്ട് അവന്‍. മലയാളികളെ അപേക്ഷിച്ച് ഹിജഡകളോട് കാരുണ്യപൂര്‍വമായ മനോഭാവമാണ് തമിഴ്ജനത പുലര്‍ത്തുന്നത്. അവര്‍ക്കായി തമിഴ്നാട് നിയമസഭ അനുവദിച്ച പല അവകാശങ്ങളും മന്ത്രി പ്രഖ്യാപിച്ചു. പുരുഷന്‍, സ്ത്രീ എന്നിവയ്ക്കു പുറമെ എല്ലാ അപേക്ഷകളിലും ട്രാന്‍സ്ജെന്‍ഡര്‍ എന്നൊരു കോളവും ഉണ്ടാവും. റേഷന്‍കാര്‍ഡിനും മറ്റും ഹിജഡകള്‍ക്കും അപേക്ഷിക്കാം. അവരെ 'അറുവാണി' എന്നു വിളിക്കാന്‍ പാടില്ല. പകരം 'തിരുനങ്കൈ' (ശ്രീമതി).

തീരുമാനം കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. പ്രസംഗശേഷം നപുംസക കലാകാരന്മാരുടെ പാട്ടും ഡാന്‍സും. പിന്നീട് സൌന്ദര്യമത്സരം. കാഷ്വല്‍, ഒഫീഷ്യല്‍, എഥനിക് വേഷങ്ങളെല്ലാം 'ക്യാറ്റ്വാക്കി'ലുണ്ടായിരുന്നു. പ്രതീക്ഷിച്ചപോലെ സേലം സുന്ദരി മന്ത്ര 'മിസ് കൂവാഗം 2008' ആയി തെരഞ്ഞെടുക്കപ്പെട്ടു.

രാത്രി വൈകിയാണ് ഞങ്ങള്‍ തിരിച്ചത്. റോഡിലും ഫുട്പാത്തിലും ബസ്സ്റാന്‍ഡിലും ഇരുള്‍മൂലകളിലും എല്ലാം ഹിജഡകള്‍. വഴിയില്‍ കുറച്ചുപേരെ പരിചയപ്പെട്ടു. ഡല്‍ഹിയില്‍ താമസിക്കുന്ന മലയാളിയായ പ്രേമ അവരിലൊരാള്‍. നാട്ടില്‍ ജീവിക്കാന്‍ കഴിയാത്തതിനാല്‍ വണ്ടികയറിയതാണ്. സെക്സും ബതായി (വിവാഹം, ഗൃഹപ്രവേശം, ഉദ്ഘാടനം, തറക്കല്ലിടല്‍, ജനനം തുടങ്ങിയ കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹിച്ച് ദക്ഷിണ വാങ്ങുന്ന ചടങ്ങ്)യും മാത്രമാണ് ജീവിതമാര്‍ഗം..

ഹിജഡകളുടെ മംഗല്യരാത്രി

ചിത്രാ പൌര്‍ണമി. ഹിജഡകളുടെ മംഗല്യരാത്രി. കൂവാഗത്തെ കൂത്താണ്ടവര്‍ കോവിലിലാണത്. വിഴുപുരത്തുനിന്ന് അരമണിക്കൂര്‍ ബസ് യാത്ര. ഓട്ടോയ്ക്ക് 300 രൂപ. വയലും കരിമ്പിന്‍തോട്ടങ്ങളും പുളിയും വേപ്പും മുള്‍മരങ്ങളും നിറഞ്ഞ ഉള്‍നാടന്‍ ഗ്രാമമാണ് കൂവാഗം. ഇരാവാനാ (കൂത്താണ്ടവര്‍ എന്നാണ് വിളിക്കുന്നത്)ണ് പ്രതിഷ്ഠ. അര്‍ജുനന് ഉലൂപി എന്ന നാഗസുന്ദരിയില്‍ ഉണ്ടായ പുത്രന്‍. പാണ്ഡവവിജയത്തിന് ഇരാവാനെ ബലികൊടുത്തു എന്ന് ഐതിഹ്യം. കൊല്ലപ്പെടുന്നതിന് തലേദിവസം അവസാന ആഗ്രഹം പറഞ്ഞു. ഒരുദിവസമെങ്കിലും ദാമ്പത്യജീവിതം നയിക്കണം. ഒരൊറ്റ ദിവസംകൊണ്ട് വിധവയാകാന്‍ ആരും തയ്യാറാകാത്തതിനാല്‍ വധുവിനെ കിട്ടിയില്ല. ഒടുവില്‍ ശ്രീകൃഷ്ണന്‍ മോഹിനിരൂപമെടുത്തെത്തി. ചിത്രാപൌര്‍ണമി നാളിലായിരുന്നു മാംഗല്യം. പിറ്റേദിവസം കൊല്ലപ്പെട്ടു. ഓരോ ഹിജഡയും തങ്ങള്‍ ഇരാവ വധുവാണെന്നു സങ്കല്‍പ്പിച്ച് മോഹിനിവേഷത്തില്‍ ക്ഷേത്രത്തിലെത്തുന്നു. ഇരാവാന്‍ തമിഴില്‍ അറവാന്‍. ഭാര്യ അറവാണിയും. പലതരം വേഷങ്ങള്‍ ധരിച്ചുവരുന്ന ഹിജഡകള്‍ സാരിയുടുത്ത് പൊട്ടുതൊട്ട് വര്‍ണവളകളണിഞ്ഞ് 'വധു'ക്കളായി ഇറങ്ങുന്നതു കാണാം. അറവാണികള്‍ക്ക് താലികെട്ടുന്നത് ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍. ആ രാത്രി ഹിജഡയോടൊപ്പം കഴിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും താലികെട്ടാം. മഞ്ഞക്കയറില്‍ കൊരുത്ത താലിയാണ്. സാമ്പത്തികസ്ഥിതിയനുസരിച്ച് ഉണക്കമഞ്ഞള്‍ (മഞ്ചക്കൊമ്പ്), വെള്ളി (വെള്ളിത്താലി), സ്വര്‍ണം തുടങ്ങിയവകൊണ്ട് ഉണ്ടാക്കിയവയും.

താലികെട്ടാന്‍ നീണ്ട ക്യൂ. പാതിരാത്രിയില്‍ താലികെട്ടുന്നതാണ് ഉത്തമം. ചിത്രാപൌര്‍ണമി സന്ധ്യമുതല്‍ ആദ്യരാത്രി അരങ്ങേറും. തമ്പാക്കും മദ്യവും വിഴുങ്ങി മദോന്മത്തരായി. ക്ഷേത്രത്തിനു മുന്നിലെ ആളിക്കത്തുന്ന കര്‍പ്പൂരവെളിച്ചത്തില്‍ തൊട്ടടുത്ത വയലേലകളും മരച്ചുവടുകളും കിടപ്പറയാകും. സൂര്യനുദിക്കുംവരെ നീളുന്ന ആദ്യരാത്രി! പിറ്റേദിവസം ഉച്ചവരെ മാത്രമേ ആഘോഷമുള്ളു. പിന്നെ കരച്ചിലിനുവേണ്ടി. (അന്ന് കൂത്താണ്ടവര്‍ കൊല്ലപ്പെടുകയാണല്ലോ). അത് വൈധവ്യത്തിന്റെ രോദനം. കരയാന്‍ ക്ഷേത്രത്തില്‍നിന്ന് അല്‍പ്പം അകലെ 'അളുവ്കൊള' (കരച്ചിലിന്റെ ഇടം)ത്തിലെത്തിയ ഹിജഡകളുടെ താലി മുഖ്യപുരോഹിതന്‍ പ്രത്യേകതരം കത്തികൊണ്ട് മുറിച്ചുമാറ്റും. സ്വര്‍ണം, വെള്ളി, ഉണക്കമഞ്ഞള്‍ താലികള്‍ തട്ടില്‍ നിക്ഷേപിക്കും. അവ ദേവസ്വത്തിന്. മഞ്ഞക്കയറുകള്‍ തൊട്ടടുത്ത ചെടിയില്‍ കോര്‍ത്തുവയ്ക്കും പൂജാരി. വിധവകളായ ഹിജഡകള്‍ പൊട്ടു മായ്ച്ച്, വളകള്‍ പൊട്ടിച്ച്, നെഞ്ചത്തടിച്ചും കെട്ടിപ്പിടിച്ചും പൊട്ടിക്കരയും.

സന്ധ്യ മയങ്ങുകയാണ്. നിറങ്ങള്‍ മായുന്നു. ഇരുള്‍ പരക്കുകയാണ്. എല്ലാ ഉന്മാദങ്ങളുടെയും അഗാധതയില്‍ ലിംഗപ്രതിസന്ധി നല്‍കുന്ന ആഴമേറിയ മുറിവില്‍നിന്നുയരുന്ന ആത്മരോദനങ്ങളുടെ, ദീനവിലാപങ്ങളുടെ അലയൊലികളില്‍ വയലേലകള്‍, മുള്‍മരങ്ങള്‍, വേപ്പുകള്‍, പുളിമരങ്ങള്‍ എല്ലാം വിഷാദമൂകം..

*
വിജയന്‍ കോടഞ്ചേരി കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്, വര്‍ക്കേഴ്സ് ഫോറം

02 October, 2009

സോഷ്യലിസവും ക്ഷേമവാദവും

സോഷ്യലിസവും ക്ഷേമവാദവും
ഉത്കൃഷ്ടമായ സമൂഹം കെട്ടിപ്പടുക്കുക മാത്രമല്ല സോഷ്യലിസം. എല്ലാവര്‍ക്കും തൊഴില്‍ (അല്ലെങ്കില്‍ ഒട്ടുമിക്കവര്‍ക്കും തൊഴിലും അതില്ലാത്തവര്‍ക്ക് തൊഴിലില്ലായ്മാവേതനവും) നല്‍കുക എന്നതു മാത്രമല്ല സോഷ്യലിസം. അത് ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കലും 'തൊട്ടിലില്‍ നിന്ന് ചുടലവരെ' അതിലെ പൌരന്മാരെ സംരക്ഷിക്കലും മാത്രമല്ല അത് സമത്വാധിഷ്ഠിത സമൂഹത്തിന്റെ ഉത്കൃഷ്ടമായ പരിപാലനം മാത്രമല്ല തീര്‍ച്ചയായും സോഷ്യലിസം ഇതെല്ലാമാണ്. അതേസമയം ഇതിനപ്പുറത്ത് മറ്റുചിലതുകൂടിയാണത്. ആന്റീഡ്യൂറിംഗില്‍, എംഗല്‍സ് ചൂണ്ടികാണിച്ചതുപോലെ, മനുഷ്യ സ്വാതന്ത്ര്യത്തെ സംബന്ധിച്ച പ്രശ്നം കൂടിയാണത്. തീര്‍ച്ചയായും, ജനങ്ങളുടെ പങ്ക്, ചരിത്രത്തിലെ വസ്തുക്കള്‍ എന്നതില്‍ നിന്ന്; ചരിത്രത്തിലെ വിഷയങ്ങളായി മാറുന്നതിന് മേല്‍പറഞ്ഞ സാമൂഹ്യ ഉപാധികള്‍, അതായത് പൂര്‍ണ്ണമായ തൊഴില്‍, ക്ഷേമരാഷ്ട്ര നടപടികള്‍, സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങളിലെ കുറവ്, സമത്വാധിഷ്ഠിത വ്യവസ്ഥ എന്നിവ അവശ്യ ഉപാധികള്‍ തന്നെയാണ്. പക്ഷേ അവയൊക്കെ ചേര്‍ന്നാലും, സ്വാതന്ത്ര്യം എന്ന സങ്കല്‍പത്തോടു തുല്യം നില്‍ക്കില്ല. അതുകൊണ്ടുതന്നെ അവ സോഷ്യലിസത്തിന്റെ അന്ത:സത്തയെ പൂര്‍ണ്ണമാക്കുന്നില്ല.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്‍ഭരായ ബൂര്‍ഷ്വാസാമ്പത്തിക ശാസ്ത്രജ്ഞനായ ജോണ്‍ മെയ്നാഡ് കെയ്ന്‍സിന്റെ രചനകള്‍, പരിശോധിച്ചാല്‍, മനുഷ്യത്വ പൂര്‍ണ്ണമായ സമൂഹം എന്ന സങ്കല്‍പവും, സോഷ്യലിസം എന്ന സങ്കല്‍പ്പവും തമ്മിലുളള അന്തരം കൃത്യമായി വെളിപ്പെടുന്നതുകാണാം. തൊഴിലാളി വര്‍ഗ്ഗത്തിന് തൊഴിലില്ലായ്മ വരുത്തിവെയ്ക്കുന്ന യാതനകളെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിരുന്ന കെയ്ന്‍സ്, ആ സ്ഥിതിവിശേഷത്തെ വെറുത്തിരുന്നു. ഈ യാതനയ്ക്കറുതി വരുത്തുന്നതിനായി, മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലെ ഡിമാന്റ് മാനേജ്മെന്റില്‍ (ബൂര്‍ഷ്വാ) ഭരണകൂടത്തിന്റെ ഇടപെടലിനുളള സിദ്ധാന്തപരമായ വഴിയൊരുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സൈദ്ധാന്തിക പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം തന്നെ. ഒരു ഉത്കൃഷ്ട സമൂഹത്തിന്റെ സൃഷ്ടിയില്‍ അദ്ദേഹം വികാരപരമായിത്തന്നെ പ്രതിബദ്ധനായിരുന്നു. ഒപ്പം, ഇത്തരത്തില്‍ പ്രതിബദ്ധരായിരിക്കുക എന്നത് സാമ്പത്തിക ശാസ്ത്രജ്ഞരുടെ കടമയാണ് എന്നുകൂടി അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ടുതന്നെ, സാമ്പത്തിക ശാസ്ത്രകാരന്മാരെ "സമൂഹത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാര്‍'' എന്നദ്ദേഹം വിശേഷിപ്പിച്ചു.

അതേസമയം, കെയ്ന്‍സ് തീര്‍ത്തും ഒരു സോഷ്യലിസ്റ്റ് വിരോധിയായിരുന്നു. എന്നുവച്ചാല്‍, വ്യക്തി സ്വാതന്ത്ര്യം നിഷേധിച്ച്, ഭരണകൂടത്തെ മഹത്വവല്‍ക്കരിക്കുന്ന വ്യവസ്ഥയായി സോഷ്യലിസത്തെ കാണുന്ന ബൂര്‍ഷ്വാ ബുദ്ധിജീവികള്‍ പറയുന്ന അര്‍ത്ഥത്തിലല്ല, മറിച്ച്, കുറേക്കൂടി മൌലികമായ അര്‍ത്ഥത്തില്‍ അദ്ദേഹവും സോഷ്യലിസത്തില്‍ വ്യക്തിസ്വാതന്ത്ര്യനിഷേധം കണ്ടിട്ടുണ്ടാവാം. എന്നാല്‍, സോഷ്യലിസത്തോടുളള അദ്ദേഹത്തിന്റെ എതിര്‍പ്പ് തികച്ചും അടിസ്ഥാനപരമായിരുന്നു. അത് ഈ വാക്കുകളില്‍ അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. "മത്സ്യത്തേക്കാള്‍ ചളി ഇഷ്ടപ്പെടുന്നു, ബൂര്‍ഷ്വാസിക്കും ബുദ്ധിജീവി വൃന്ദത്തിനും - പിശുക്കുകളൊക്കെ നിലനില്‍ക്കെത്തന്നെ ജീവിതത്തിന്റെ മേന്മയും, മനുഷ്യന്റെ എല്ലാ നേട്ടങ്ങളുടെയും വിത്തുകള്‍ വഹിക്കുന്നവര്‍ അവരാണെന്നിരിക്കെ - മേലെ, അപരിഷ്കൃതനായ തൊഴിലാളിയെ പ്രതിഷ്ഠിക്കുന്ന ഒരു വിശ്വാസ പ്രമാണത്തെ ഞാനെങ്ങനെ സ്വീകരിക്കും?..... മൂല്യങ്ങള്‍ അപ്പാടെ മാറ്റിമറിക്കുന്ന വിചിത്രവും ഭീകരവുമായ പരിവര്‍ത്തനം സംഭവിക്കാത്തിടത്തോളംകാലം, വിദ്യാസമ്പന്നനും മാന്യനും ബുദ്ധിമാനുമായ, പശ്ചിമ യൂറോപ്പിന്റെ ഒരു പുത്രന് തന്റെ വൈശിഷ്ട്യം ഇവിടെ കണ്ടെത്താന്‍ പ്രയാസമാണ്.'' (essays in persuasion) മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, കെയ്ന്‍സിന്റെ എതിര്‍പ്പ്, ജനങ്ങള്‍ ചരിത്രത്തിന്റെ വിഷയങ്ങളാകുന്നതിലായിരുന്നു. തീര്‍ച്ചയായും അദ്ദേഹത്തില്‍ ദീനാനുകമ്പ നിറഞ്ഞു തുളുമ്പിയിരുന്നു. പക്ഷേ തൊഴിലാളികളുടെ നേതൃത്വത്തില്‍ മനുഷ്യരെ, ചരിത്രത്തിലെ വസ്തുക്കള്‍ എന്നതില്‍ നിന്നും വിഷയങ്ങളാക്കി മാറ്റിത്തീര്‍ക്കുന്ന സ്വാതന്ത്ര്യം എന്ന ആശയത്തോട് അദ്ദേഹം പുറം തിരിഞ്ഞുനിന്നു.

ക്ഷേമവാദവും സോഷ്യലിസവും തികച്ചും വ്യത്യസ്തങ്ങളായ സങ്കല്‍പനങ്ങളാണെങ്കിലും, അവ തമ്മില്‍ വൈരുദ്ധ്യാത്മകമായ ഒരു ബന്ധമുണ്ട്. സ്വാഭാവികമായും ഇത് കെയ്ന്‍സ് കാണുന്നില്ല എന്നതുതന്നെയാണ്,അക്കിലസിന്റെ ഉപ്പൂറ്റി പോലെ, അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന്റെ പ്രധാന ദൌര്‍ബല്യവും. ബൂര്‍ഷ്വാസി എന്തുകൊണ്ടാണ് വിട്ടുവീഴ്ചയില്ലാതെ ക്ഷേമരാഷ്ട്രത്തെ എതിര്‍ക്കുന്നത് എന്നും എന്തുകൊണ്ട് സോഷ്യലിസ്റുകള്‍ ബൂര്‍ഷ്വാസമൂഹത്തിനകത്ത് ക്ഷേമരാഷ്ട്രത്തിനുവേണ്ടി ശക്തമായി പൊരുതണമെന്നും, ഈ വൈരുദ്ധ്യാത്മകത വിശദീകരിക്കുന്നുണ്ട്. ഈ വൈരുദ്ധ്യാത്മകത മൂലമാണ്, ക്ഷേമരാഷ്ട്രത്തിന്, ബൂര്‍ഷ്വാവ്യവസ്ഥയെ ദൃഢീകരിക്കാനും എക്കാലത്തേക്കും നിലനില്‍ക്കാനും അനുവദിക്കുന്ന ഒരു തരം "പാതിപണിതവീട്'' പോലെ ആകാന്‍ കഴിയാത്തത്. ബൂര്‍ഷ്വാ വ്യവസ്ഥ, എപ്പോഴും അതിനെ പിന്നാക്കം വലിക്കാന്‍ ശ്രമിക്കും. എന്നാല്‍ അതിനെ പ്രതിരോധിക്കുകയും മുന്നോട്ടുകൊണ്ടുപോവുകയും ആയിരിക്കണം എല്ലായ്പ്പോഴും സോഷ്യലിസ്റ്റുകളുടെ പരിശ്രമം.

പരിപുര്‍ണ്ണതൊഴിലും സാമൂഹ്യസുരക്ഷയും ആരോഗ്യരക്ഷയും വിദ്യാഭ്യാസവും പ്രദാനം ചെയ്യുന്നതിനായി, ഡിമാന്റ് മാനേജ്‌മെന്റിലുളള ഭരണകൂട ഇടപെടലും വരുമാനത്തിലും സ്വത്തിലും ഉളള അസമത്വം നിയന്ത്രിക്കുന്നതിനുളള ഉപാധിയായി നികുതി വ്യവസ്ഥയെ ഉപയോഗപ്പെടുത്തുന്ന നടപടിയും ഉള്‍കൊളളുന്ന ക്ഷേമരാഷ്ട്രത്തെ ബൂര്‍ഷ്വാസി എതിര്‍ക്കുന്നതിന് കാരണങ്ങള്‍ പലതാണ്. ഈ ബൂര്‍ഷ്വാ നൈതികതയെ, മൈക്കല്‍ കലേക്കി ഇങ്ങനെ പരിഹസിക്കുന്നുണ്ട്. "മറ്റ് സ്വകാര്യ സമ്പാദന മാര്‍ഗ്ഗങ്ങളില്ലാത്തിടത്തോളം നിങ്ങള്‍ നിങ്ങളുടെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് നിങ്ങളുടെ അപ്പം സമ്പാദിക്കണം'' എന്നാല്‍ അദ്ദേഹത്തിന്റെ പരിഹാസം മുതലാളിത്തത്തിന്റെ അടിസ്ഥാന നിലപാടിനു നേരെ തന്നെയായിരുന്നു. ഓരോരുത്തരുടെയും ശേഷിക്കനുസരിച്ച് പ്രതിഫലം നല്‍കുന്നു എന്നതുകൊണ്ടുതന്നെ പ്രതിഫലത്തിന്റെ വിതരണത്തില്‍ സ്വമേധയാ പ്രവര്‍ത്തിക്കുന്ന മുതലാളിത്ത വ്യവസ്ഥ "നീതിയുക്ത'മാണെന്ന തത്വത്തെയും അതില്‍ നിന്നുരുത്തിരിയുന്ന മറ്റൊരു തത്വമായ പ്രതിഫലത്തിന്റെ ഈ വിതരണത്തില്‍ ആരെങ്കിലും ഇടപെടുന്നത് അന്യായമാണെന്ന വാദത്തേയുമാണ് അദ്ദേഹം പരിഹസിച്ചത്. ആ നിലയില്‍ എല്ലാവര്‍ക്കും ചുരുങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിനുളള ഉത്തരവാദിത്വം സമൂഹം ഏറ്റെടുക്കുന്നത് ബൂര്‍ഷ്വാ വ്യവസ്ഥയുടെ നൈതികതയ്ക്ക് വിരുദ്ധവും "ന്യായരഹിത''വുമാണ് .

രണ്ടാമത്, കൃത്യമായും ഇക്കാരണത്താല്‍തന്നെ, ക്ഷേമവാദത്തെ സ്വീകരിക്കല്‍, ബൂര്‍ഷ്വാ വ്യവസ്ഥയിലുളള "അവിശ്വാസമായി കണക്കാക്കപ്പെട്ടു. ബൂര്‍ഷ്വാവ്യവസ്ഥയുടെ പ്രവര്‍ത്തനം ക്രൂരമായ ഫലങ്ങളുളവാക്കുന്നു എന്ന വാദം പൊതുവേ അംഗീകരിക്കപ്പെട്ടാല്‍, അതുമൂലം കീഴ്മേല്‍ മറിക്കപ്പെടുന്നത്, ബൂര്‍ഷ്വാവ്യവസ്ഥയുടെ സാമൂഹ്യമായ വിശ്വാസ്യതതന്നെയായിരിക്കും.

മൂന്നാമത്തെ കാരണമാണ് ഇവിടെ പ്രസക്തമാകുന്നത്.കൂലിവേലക്കാരുടെയും മറ്റ് തൊഴിലാളിവിഭാഗത്തിന്റെയും വിലപേശല്‍ശേഷി വര്‍ദ്ധിപ്പിക്കാന്‍ ക്ഷേമരാഷ്ട്ര നടപടികള്‍ സഹായിക്കുന്നുണ്ട്. ഏതാണ്ട് പൂര്‍ണ്ണമായും തൊഴില്‍ നല്‍കപ്പെടുന്നതും തൊഴിലില്ലായ്മ വേതനവും മറ്റ് സാമൂഹ്യസുരക്ഷാസംവിധാനങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമ്പദ്ഘടനയില്‍ തൊഴിലാളികള്‍ക്കുമേല്‍ മേലധികാരികള്‍ പ്രയോഗിക്കുന്ന 'പിരിച്ചുവിടല്‍' എന്ന ആയുധത്തിന് തീര്‍ച്ചയായും മൂര്‍ച്ച നഷ്ടപ്പെടും.

ചുരുക്കത്തില്‍ ക്ഷേമരാഷ്ട്ര നടപടികളിലൂടെ തൊഴിലാളികളുടെ ചെറുത്തുനില്‍പ്പ് ശക്തിപ്രാപിക്കുകയാണ് ചെയ്യുന്നത്. പ്രശസ്ത ബംഗാളി സാഹിത്യകാരന്‍ മണിക് ബന്ദോപാദ്ധ്യായ, "ഛിനിയേവായ്നിക്വാനോ'' (എന്തുകൊണ്ട് അവര്‍ തട്ടിയെടുത്ത് ഭക്ഷിച്ചില്ല) എന്ന കഥയില്‍ ഒരു ചോദ്യമുയര്‍ത്തുന്നുണ്ട്. 1934 ലെ ബംഗാള്‍ ക്ഷാമകാലത്ത് ഏതാനും വാര അകലെ ഭക്ഷണം കൊണ്ടു നിറഞ്ഞ റസ്റ്റോറന്റുകളും വീടുകളും ഉണ്ടായിരുന്നപ്പോള്‍, എന്തുകൊണ്ടാണ് ഭക്ഷണം കിട്ടാതെ നിരവധി മനുഷ്യര്‍ തെരുവുകളില്‍ മരിച്ചുവീണത്? എന്തുകൊണ്ടാണവര്‍ ഈ സ്ഥലങ്ങള്‍ കൈയേറി ഭക്ഷണം തട്ടിയെടുത്ത് തങ്ങളുടെ വിശപ്പകറ്റാനും ജീവന്‍ രക്ഷിക്കാനും തുനിയാത്തത്? ഭക്ഷണമില്ലാത്ത അവസ്ഥ ചെറുക്കാനുളള ഇച്ഛാശക്തിയെ കുറയ്ക്കുന്നു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. ഇതില്‍ യാഥാര്‍ത്ഥ്യമുണ്ട്. ചെറുത്തു നില്‍ക്കുവാനുളള ഇച്ഛ ശക്തമാകുന്നത്, തൊഴിലാളികള്‍ ഭൌതികമായി മെച്ചപ്പെടുമ്പോഴാണ്. ഈ ശക്തിപ്പെടുത്തലാണ് ക്ഷേമരാഷ്ട്ര നടപടികള്‍ നിര്‍വ്വഹിക്കുന്നത്.

ചെറുത്തുനില്‍പിന്റെ ഈ ശക്തിപ്പെടല്‍ തന്നെ, വസ്തുവില്‍ നിന്നും വിഷയത്തിലേക്കുളള പരിവര്‍ത്തനത്തിന്റെ ഒരു ഭാഗമാണ്. അതുകൊണ്ടുതന്നെ, ധാരണാപരമായി, ക്ഷേമവാദവും സോഷ്യലിസവും വ്യത്യസ്തമാണെങ്കിലും, അവ തമ്മില്‍ വൈരുദ്ധ്യാത്മകമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യത്വപരമാകുന്നു എന്നതുകൊണ്ടും തൊഴിലെടുക്കുന്നവര്‍ക്ക് ഗുണകരമായി മാറുന്നു എന്നതുകൊണ്ടും മാത്രമല്ല, മറിച്ച് ചെറുത്തുനില്‍പ്പിനുളള തൊഴിലാളികളുടെ ശേഷി വര്‍ദ്ധിപ്പിക്കുകയും അവരെ, വസ്തുവില്‍ നിന്ന് വിഷയത്തിലേക്കുളള മാറ്റത്തിന്റെ പ്രക്രിയയില്‍ സഹായിക്കുകയും ചെയ്യുന്നു എന്നുളളതുകൊണ്ട് കൂടി, സോഷ്യലിസ്റ്റുകള്‍ ക്ഷേമരാഷ്ട്രനടപടികളെ പിന്തുണയ്ക്കേണ്ടതുണ്ട്. അങ്ങനെ വര്‍ഗ്ഗ സമരത്തിന് മൂര്‍ച്ച കൂടുന്ന പ്രക്രിയയില്‍ സഹായിക്കേണ്ടതുണ്ട്. ഇതൊഴിവാക്കുന്നതിനുവേണ്ടി ജനങ്ങളെ എന്നും വസ്തുവിന്റെ ചങ്ങലയില്‍ തളച്ചിടുന്നതിനും അവരെ ദുര്‍ബലപ്പെടുത്തി അടിമപ്പെടുത്തി, ഭിന്നിപ്പിച്ച്, അണുപ്രായമാക്കി സ്വന്തം അനുഭവത്തിനപ്പുറം ചിന്തിക്കാന്‍ കഴിയാത്തവരാക്കി മാറ്റി, എല്ലാ ക്ഷേമ രാഷ്ട്ര നടപടികളും പിന്‍വലിക്കുന്നതിനും ബൂര്‍ഷ്വാസി ഒരു നിരന്തര സമരം തന്നെ നടത്തുന്നുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി ഇത്തരം നടപടികളുടെ സ്ഥാപനവല്‍ക്കരണം അംഗീകരിക്കേണ്ടിവരുന്നുണ്ടെങ്കിലും, ബൂര്‍ഷ്വാസിയുടെ ശ്രമം എല്ലായ്പ്പോഴും, അത് ഇല്ലായ്മ ചെയ്യാനാണ്.

ഇത് കാണാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ട്, ബൂര്‍ഷ്വാസിയുടെ ഭാഗത്തുനിന്നുളള സമ്മര്‍ദ്ദഫലമായുള്ള "കെയ്നീഷ്യന്‍'' ഡിമാന്റ് മാനേജ്മെന്റിന്റെ, വിശിഷ്ടാ സാമ്പത്തിക താല്‍പര്യങ്ങളുടെ പതനം ദീര്‍ഘദര്‍ശിത്വം ചെയ്യാന്‍ കഴിഞ്ഞില്ല എന്നതാണ് കെയ്ന്‍സിന്റെ സാമൂഹ്യ സിദ്ധാന്തത്തിന്റെ ദൌര്‍ബല്യം. കെയ്നീഷ്യന്‍ ഡിമാന്റ് മാനേജ്മെന്റിന്റെ പതനം അത് അവതരിപ്പിക്കപ്പെട്ട ഭരണവാഴ്ചയില്‍ സംഭവിച്ചില്ല എന്നത് വാസ്തവമാണ്. ഭരണകൂടം പരമോന്നതവും അതിന്റെ അധികാരാതിര്‍ത്തിയില്‍, ചരക്കുകളുടെയും ധനത്തിന്റെയും സ്വതന്ത്ര സഞ്ചാരം നിയന്ത്രിക്കപ്പെട്ടിരുന്നതുമായ ഒരു പരിസരത്തിലാണ് അത് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ അത് തകര്‍ന്നതാവട്ടെ, ധനത്തിന്റെ ആഗോളവല്‍ക്കരണം നിലനില്‍ക്കുന്ന, അതുകൊണ്ടുതന്നെ ചരക്കുകളുടെയും ധനത്തിന്റെയും സ്വതന്ത്രമായ ഒഴുക്ക് അനുവദിക്കപ്പെട്ടിട്ടുളള ഒരു വാഴ്ചയക്കകത്താണ്. എന്നാല്‍ ഈ മാറിയ പരിസരം, കെയ്നീഷ്യനിസത്തിലേക്കുളള ഒരു പിന്മടക്കത്തിനുളള ശേഷി മുതലാളിത്തത്തിനു പകര്‍ന്നു നല്‍കിയതേയുളളൂ. ഇങ്ങനെ ചെയ്യാന്‍ താല്‍പര്യപ്പെട്ടു എന്നുളളത്, ബൂര്‍ഷ്വാ വ്യവസ്ഥയ്ക്കകത്ത് ക്ഷേമവാദം ഉല്‍പാദിപ്പിക്കുന്ന, മറികടക്കാന്‍ കഴിയാത്ത വൈരുദ്ധ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് വര്‍ത്തമാനകാല ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ വലിയ പ്രസക്തിയുണ്ട്. ഇടതുപക്ഷ പിന്തുണയോടെയുളള യുപിഎ ഭരണകാലത്ത്, ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദഫലമായി, സര്‍ക്കാരിനകത്തുണ്ടായിരുന്ന നവലിബറല്‍ വ്യാഖ്യാതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ചും NREGS പോലെയുളള നിരവധി നടപടികള്‍ കൈക്കൊളളുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇതേ വ്യാഖ്യാതാക്കള്‍ തന്നെ, പില്‍ക്കാലത്ത്, ഈ നടപടികള്‍ക്ക് അവകാശവാദമുന്നയിച്ചു എന്നത് വിരോധാഭാസമാണ്. എന്നാല്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് അവകാശവാദം ഉന്നയിക്കുമ്പോഴും അവ കുറേശ്ശെയായി വെട്ടിചുരുക്കുകയാണവര്‍,(ജനങ്ങള്‍ക്ക്, ഭക്ഷണത്തിന്റെ ലഭ്യത കുറയ്ക്കുന്ന, ഭക്ഷ്യാവകാശനിയമം ഏറ്റവും ഒടുവിലത്തെ ഉദാഹരണം) വാസ്തവത്തില്‍, തങ്ങള്‍ തുടര്‍ന്നുവരുന്ന നഗ്നമായ ധനിക പക്ഷപാത നയങ്ങളെ മറച്ചുവയ്ക്കുന്നതിനുളള ഒരു ഇലമറമാത്രമായിട്ടാണ് അവരിതിനെ ഉപയോഗിക്കുന്നത്. സര്‍ക്കാരാവട്ടെ, ശതകോടീശ്വരന്മാരെ സൃഷ്ടിക്കുന്നതിന് ഓഹരികമ്പോളത്തെ ജ്വലിപ്പിച്ചു നിര്‍ത്തുന്നു. ഈ ശതകോടീശ്വരന്മാര്‍ക്ക്, '' വികസന''ത്തിന്റെ പേരില്‍ വീണ്ടും കനത്ത ഔദാര്യം നല്‍കുന്നു. ആരെങ്കിലും ഇതിനെ എതിര്‍ത്താലോ?'' നിങ്ങള്‍ക്കറിയില്ലേ? നമുക്കൊരു NREGS ഉണ്ടല്ലോ'' എന്ന മറുപടിയാണ്. ചുരുക്കിചുരുക്കി കൊണ്ടുവരികയാണെങ്കിലും ഈ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ധനികര്‍ക്ക് കൂടുതല്‍ സൌജന്യം അനുവദിക്കുന്നതിനുളള ഒരു ഒഴിവുകഴിവായി മാറുന്നു.

എന്നാല്‍ ഈ ക്ഷേമപ്രവര്‍ത്തനങ്ങളാവട്ടെ, സര്‍ക്കാരിന്റെ ഭാഗത്തുനിന്നുളള വലിയ സൌജന്യമായി കണക്കാക്കപ്പെടുന്നു. NREGS പോലെയുളള നിരവധി പദ്ധതികള്‍, പേരിനെങ്കിലും, അവകാശാടിസ്ഥാനമായിട്ടുളളതാണെങ്കിലും, പ്രയോഗത്തില്‍, അതിന്റെ ഫലം അതുനടപ്പാക്കുന്ന സര്‍ക്കാരിന്റെ വിവേചനാധികാരത്തെ ആശ്രയിച്ചു നിലകൊണ്ടിരുന്ന മുന്‍ പദ്ധതികളില്‍ നിന്നും ഒട്ടും ഭിന്നമല്ല. അതുകൊണ്ട്, പാവപ്പെട്ടവര്‍ക്കും തൊഴിലെടുക്കുന്നവര്‍ക്കും ഈ നടപടികള്‍ കുറച്ചൊക്കെ ആശ്വാസം പകരുമെങ്കിലും, അവ, വസ്തുക്കള്‍ എന്ന നിലയിലുളള ജനങ്ങളുടെ പങ്ക് ഉറപ്പിക്കുക തന്നെയാണ് ചെയ്യുന്നത്. ഭരണവര്‍ഗത്തോട് കൂറുപുലര്‍ത്തുന്ന ബുദ്ധിജീവികള്‍ക്കിടയില്‍, ഇപ്പോള്‍ വളര്‍ന്നുവന്നിട്ടുളള ആത്മപ്രശംസാവ്യവഹാരം, പ്രത്യേകിച്ചും NREGS പോലുളള പദ്ധതികളുടെ ഫലമായി കോണ്‍ഗ്രസ് പാര്‍ട്ടി നല്ല പ്രകടനം കാഴ്ചവച്ചുഎന്നു കരുതുന്ന തെരഞ്ഞെടുപ്പിനു ശേഷം, ജനങ്ങളുടെ ഈ വസ്തുവല്‍ക്കരണം കൊണ്ടു നിറഞ്ഞ ഒന്നാണ്.

ക്ഷേമരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ടുവരാന്‍ കഴിയുന്ന, ചെറുക്കുവാനുളള ജനങ്ങളുടെ ഇച്ഛാശക്തി ഉയര്‍ത്തുന്ന നടപടി, ഇടതുപക്ഷത്തിന്റെ ഇടപെടലിലൂടെ പ്രായോഗികമായി ഫലപ്രദമാക്കേണ്ടതുണ്ട്. കാരണം ജനതയുടെ വസ്തുവല്‍ക്കരണത്തെ മറികടക്കുക എന്നതുതന്നെയാണ് ഇടതുപക്ഷ പരിപാടി. അതുകൊണ്ട് NREGS പോലുളള ക്ഷേമരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്നു വ്യതിചലിക്കാനുളള ബൂര്‍ഷ്വാസിയുടെ എല്ലാ ശ്രമങ്ങളേയും തടഞ്ഞുകൊണ്ട്, അതിന്റെ നടപ്പാക്കലിനായി ഇടതുപക്ഷം ഫലപ്രദമായിത്തന്നെ ഇടപെടുകയും, അതേസമയം, ജനങ്ങളുടെ ചെറുത്തുനില്‍പ്പ് ശക്തിപ്പെടുത്തുകയും വര്‍ഗ്ഗസമരം രൂക്ഷമാക്കുകയും ചെയ്യുന്ന തരത്തില്‍, അത്തരം പദ്ധതികളില്‍ സഹജമായിത്തന്നെ അടങ്ങിയിട്ടുളളവസ്തുവല്‍ക്കരണത്തെ മറികടക്കുന്നതിനും, ആ പദ്ധതികള്‍ മുന്നോട്ടുവയ്ക്കുന്ന ഭൌതിക പിന്‍ബലത്തിന്റെ പരിസരം ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്.

ഇടതുപക്ഷം പൊരുതുന്നത് കേവലം ക്ഷേമവാദത്തിനുവേണ്ടിയല്ല, മറിച്ച്, സോഷ്യലിസത്തിനുവേണ്ടിയാണ്. സോഷ്യലിസവുമായി ക്ഷേമവാദം വൈരുദ്ധ്യാത്മകമായി ബദ്ധപ്പെട്ടിരിക്കുന്നു. പക്ഷേ ഉളളടക്കം ഗുണപരമായി വ്യത്യാസപ്പെട്ടിരിക്കുന്നു.

*
പ്രഭാത് പട്നായിക് എഴുതിയ Socialism and Welfarism എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.
പരിഭാഷ നിര്‍വഹിച്ചത് ശ്രീ. സി.ബി. വേണുഗോപാല്‍
കടപ്പാട്: വര്‍ക്കേഴ്സ് ഫോറം, പി.എ.ജി ബുള്ളറ്റിന്‍ ലക്കം 74