24 March, 2009

സെന്‍സെക്സിനു പിന്നില്‍ എന്ത്?

സെന്‍സെക്സിനു പിന്നില്‍ എന്ത്?

ഓഹരി വിലസൂചികയുടെകുതിപ്പുനോക്കി, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ എന്തോ മഹാത്ഭുതം സംഭവിക്കുകയാണെന്നു കരുതുന്നവര്‍ കുറവല്ല. കോണ്‍ഗ്രസുകാര്‍ക്കാകട്ടെ ഓഹരിസൂചിക ഉറപ്പായും രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ അടയാളംതന്നെ. എന്നാല്‍, ഇന്ത്യയിലെ ജനങ്ങളില്‍ 45.7 കോടിക്കുമാത്രമേ എന്തെങ്കിലും തൊഴിലുള്ളൂവെന്നും, അവരില്‍ 93 ശതമാനവും അതായത് 39.49 കോടിയും അസംഘടിതമേഖലയിലാണെന്നും,അതില്‍ 77 ശതമാനത്തിന്റെ (30.48 കോടി ആളുകളുടെ) പ്രതിദിനവരുമാനം 20 രൂപയില്‍ താഴെയാണെന്നും അറിയുമ്പോള്‍ ജനങ്ങളുടെ യഥാര്‍ഥ ജീവിതാവസ്ഥയും ഓഹരിക്കമ്പോളത്തിലെ കുതിച്ചുച്ചാട്ടവും തമ്മില്‍ കടലും കടലാടിയും തമ്മിലെ ബന്ധമേ ഉള്ളൂവെന്ന് നാം മനസ്സിലാക്കുന്നു. ജനസംഖ്യയില്‍ 28 ശതമാനം ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്നും, പ്രതിദിനം ലഭിക്കുന്ന ആളോഹരി ഭക്ഷ്യോര്‍ജം 2004-05ല്‍ അതിനുമുമ്പുള്ള ഏഴുവര്‍ഷത്തിലേതിനേക്കാള്‍ 160 കലോറി കുറഞ്ഞെന്നും മൂന്നു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളില്‍ 46 ശതമാനത്തിന് നിശ്ചിത തൂക്കമില്ലെന്നും 80 ശതമാനത്തിന് മഞ്ഞപിത്തരോഗമുണ്ടെന്നും അറിയുമ്പോള്‍ നമ്മുടെ ധാരണ കുറെക്കൂടി പ്രബലപ്പെടുന്നു.

ഓഹരിവിലസൂചിക ഉയരുന്നത് എന്തുകൊണ്ട്?

ബഹുഭൂരിപക്ഷവും ദാരിദ്ര്യത്തിലും രോഗാവസ്ഥയിലും തുടരുമ്പോഴും ഓഹരിവിലസൂചിക ഉയരുന്നത് എന്തുകൊണ്ടെന്ന ചോദ്യം വളരെ പ്രസക്തമാണ്.

രാജ്യത്തെ 23 ഓഹരിവിപണികളില്‍ ഏറ്റവുമധികം വ്യാപാരം നടക്കുന്നത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചി (ബിഎസ്ഇ) ലാണ്. പ്രമുഖങ്ങളായ 30 കമ്പനികളുടെ ഓഹരിവിലകളെ ആസ്പദമാക്കി ഉണ്ടാക്കുന്നതാണ് ബിഎസ്ഇ സെന്‍സിറ്റീവ് ഇന്‍ഡക്സ് അഥവാ ചുരുക്കരൂപത്തില്‍ സെന്‍സെക്സ്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 13,000 ആയിരുന്ന സെന്‍സെക്സാണ് ഇപ്പോള്‍ 19,000 ആയി ഉയര്‍ന്നത്.

വന്‍കിട കമ്പനികള്‍ അധികലാഭം കൊയ്യുമ്പോള്‍ ഓഹരികളിന്മേലുള്ള ലാഭവിഹിതം വര്‍ധിക്കും. അത്തരം ഓഹരികള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടാകും. ഓഹരിവിലകള്‍ ഉയരുകയുംചെയ്യും. വിലകള്‍ ഇനിയും ഉയരുമെന്നു പ്രതീക്ഷിച്ച് കൂടുതല്‍ ഇടപാടുകാര്‍ ഓഹരികള്‍ വാങ്ങും. വിലകള്‍ വീണ്ടും ഉയരും. ഇടപാടുകാരുടെ ലാഭം പെരുകും. ഓഹരികളില്‍ നിക്ഷേപിക്കുന്നത് പ്രധാനമായും ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് , ബാങ്കിങ്ങ് കമ്പനികള്‍ തുടങ്ങിയ വിദേശനിക്ഷേപക സ്ഥാപനങ്ങളാണ്. അത്തരം സ്ഥാപനങ്ങളുടെയും അവ നടത്തുന്ന ഇടപാടുകളുടെയും തോത് ക്രമംവിട്ട് ഉയരുകയാണ്.

വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ എണ്ണം ഒരു വര്‍ഷംകൊണ്ട് 813ല്‍ നിന്ന് 1642 ആയി ഉയര്‍ന്നു. അവര്‍ക്കുവേണ്ടി നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ ഇടപാടുകാരുടെ കണക്കുകള്‍ വേറെയാണ്. ഇന്ത്യന്‍ ഓഹരിവിപണി അക്ഷരാര്‍ഥത്തില്‍ വിദേശമൂലധനസ്രാവുകളുടെ നീന്തല്‍ക്കുളംതന്നെ. അവര്‍ യഥേഷ്ടം ഇന്ത്യന്‍ കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നു, വില്‍ക്കുന്നു, കണക്കില്ലാത്ത ലാഭം വാരിക്കൂട്ടുന്നു. 1992നുശേഷം 61 ബില്യന്‍ ഡോളറിന്റെവിദേശ ഓഹരിനിക്ഷേപം നടത്തപ്പെട്ടു. ഈ വര്‍ഷം ഒക്ടോബര്‍ 10വരെ 16 ബില്യന്‍ ഡോളറിന്റെ നിക്ഷേപം ഒഴുകിയെത്തി. സെപ്തംബറില്‍ മാത്രം നടത്തിയ നിക്ഷേപം 2.73 ബില്യന്‍ ഡോളറാണ്. വിദേശനിക്ഷേപത്തിന്റെ ഭീമമായ കുത്തൊഴുക്കിനാണ് ഇന്ത്യന്‍ ഓഹരിക്കമ്പോളം സാക്ഷ്യം വഹിക്കുന്നത്. ഓഹരി വിലസൂചികയുടെ കുതിച്ചുച്ചാട്ടത്തിനു കാരണം വിദേശനിക്ഷേപകരുടെ ഈ പേക്കൂത്താണ്. അല്ലാതെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പുരോഗതിയല്ല.

ഓഹരിവ്യപാരം ഒരു ചൂതാട്ടമാണ്. വില ഉയരുമെന്നു പ്രതീക്ഷിച്ച് വാങ്ങുക; ഉയരുമ്പോള്‍ വില്‍ക്കുക. ഇതാണ് ഓഹരിവ്യാപാരം. കോടികളുടെ ഇടപാടുനടത്തുന്ന വന്‍നിക്ഷേപകര്‍ക്ക് ഓഹരിവിലയിലെ നാമമാത്ര വര്‍ധനപോലും കോടിക്കണക്കിനു രൂപയുടെ ലാഭം കൈവരുത്തും.

ലാഭസാധ്യതയുണ്ടെങ്കിലേ നിക്ഷേപം നടക്കൂ. ഇല്ലെങ്കില്‍ നിക്ഷേപം തിരിച്ചൊഴുകും. ഓഹരിവിലകള്‍ ഇടിയും. ഓഹരിക്കമ്പോളം തകരും. നീര്‍ക്കുമിളയെ ചൂണ്ടി മഹാമേരു എന്നുപറയുകയാണ്. ഏഷ്യന്‍ കടുവകളായി വിശേഷിപ്പിക്കപ്പെട്ട തായ് ലണ്ട്, ഇന്തോനേഷ്യ, തെക്കന്‍ കൊറിയ തുടങ്ങിയവയുടെ സമ്പദ് വ്യവസ്ഥ ഞൊടിയിടയില്‍ തകര്‍ന്നത് വിദേശമൂലധനത്തിന്റെ പിന്മാറ്റംമൂലമാണെന്നതാണ് ചരിത്രവസ്തുത.

ഇന്ത്യയിലെ കുത്തക കമ്പനികള്‍ വളര്‍ച്ചയുടെ പാതയിലാണ്. അവയുടെ ആസ്തിയും വിറ്റുവരവും ലാഭവും വര്‍ധിക്കുകയാണ്. സ്വാഭാവികമായും അവയുടെ ഓഹരികള്‍ക്കും പ്രിയമേറുന്നു. അമേരിക്കയിലെ 'ഫോര്‍ബസ്' മാഗസിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ 40 കുത്തക വ്യവസായകുടുംബങ്ങളുടെ ആസ്തി 2006ല്‍ 106 ബില്യന്‍ ഡോളറായി രുന്നത് 2007ല്‍ 170 ബില്യന്‍ ഡോളറായി വളര്‍ന്നു. ഇതില്‍ 112 ബില്യന്‍ ഡോളറും ഏറ്റവും മുകള്‍ത്തട്ടിലെ 10 വ്യവസായകുടുംബങ്ങളുടെ ആസ്തിയാണ്. 33.3 ബില്യന്‍ ഡോളറോടെ റിലയന്‍സാണ് മുമ്പില്‍. അതീവസമ്പന്നരുടെ സ്വത്ത് വീണ്ടും വര്‍ധിച്ചതാണ് ഇന്ത്യയുടെ പ്രത്യേകത എന്ന് 'ഫോര്‍ബസ്' മാഗസിന്‍ അടിവരയിടുന്നു.

ഇന്ത്യന്‍ സമൂഹത്തിലെ ഇടത്തരം വരുമാനക്കാരുടെ എണ്ണപ്പെരുപ്പവും സര്‍ക്കാരിന്റെ ഉദാരസമീപനവും പണപ്പെരുപ്പവും കുത്തകകളുടെ വളര്‍ച്ചയ്ക്ക് കളമൊരുക്കി. വന്‍കിടക്കാര്‍ തടിച്ചുകൊഴുക്കുമ്പോഴും അസംഘടിതമേഖലയിലെ 64 ശതമാനംവരുന്ന കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കഷ്ടസ്ഥിതി അയവില്ലാതെ തുടരുന്നു. സമൂഹത്തില്‍ വളര്‍ന്നുവരുന്ന സാമ്പത്തികാസമത്വത്തിന്റെ ചിഹ്നംകൂടിയാണ് സെന്‍സെക്സിന്റെ വര്‍ദ്ധന.

അമേരിക്കയിലെ സെന്‍ട്രല്‍ ബാങ്ക് അരശതമാനംകണ്ട് പലിശനിരക്ക് താഴ്ത്തിയതാണ് ഇന്ത്യയിലെ ഓഹരിനിക്ഷേപം ഉയരാന്‍ മറ്റൊരു കാരണം. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ തളര്‍ച്ചയില്‍നിന്ന് കൈപിടിച്ച് ഉയര്‍ത്താനാണ് പലിശനിരക്ക് താഴ്ത്തിയത്. പലിശനിരക്ക് കുറഞ്ഞപ്പോള്‍ കൂടുതല്‍ വായ്പ ലഭ്യമായി. ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ ആദായകരമാണ് ഓഹരികളിലെ നിക്ഷേപമെന്നും വന്നു. രണ്ടും ചേര്‍ന്ന് ഇന്ത്യയിലേക്കുള്ള വിദേശമൂലധനപ്രവാഹം സുഗമമായി. ചുരുക്കത്തില്‍ രാജ്യത്തെ കുത്തക വ്യവസായകുടുംബങ്ങളുടെ വളര്‍ച്ചയും ആഗോളമൂലധനത്തിന്റെ കുത്തൊഴുക്കും സൃഷ്ടിച്ചതാണ് സെന്‍സെക്സിലെ കുതിച്ചുച്ചാട്ടം. രാജ്യപുരോഗതിയുടെ ചിഹ്നമല്ല അത്.

(ലേഖകന്‍: പ്രൊഫ. കെ എന്‍ ഗംഗാധരന്‍. കടപ്പാട്‌: ദേശാഭിമാനി ദിനപ്പത്രം)

ഓര്‍മ്മകളുണ്ടായിരിക്കണം...

ഓര്‍മ്മകളുണ്ടായിരിക്കണം...

ചരിത്രത്തിലെ സംഭവങ്ങള്‍, തീയതികള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ ഒറ്റക്കൊറ്റക്കെടുത്താല്‍ ലഭിക്കുന്ന അര്‍ത്ഥമായിരിക്കില്ല ചില പ്രത്യേക സാഹചര്യങ്ങളില്‍ അവ ചേരും‌പടി ചേര്‍ത്ത് വെച്ച് വായിച്ചാല്‍ നമുക്ക് കിട്ടുക...അഥവാ നാം ഒരിക്കലും ചിന്തിക്കാനിടയില്ലാത്ത ചില തലങ്ങളിലേക്ക് അവ പലപ്പോഴുംനമ്മെ കൊണ്ടെത്തിക്കും.

അങ്ങ് കൊളംബിയയില്‍ ജനിച്ചു ജീവിച്ച ഒരു കത്തോലിക്കാ പാതിരിയുടെ കഥ ഓര്‍ത്തുകൊണ്ട് തുടങ്ങിയാല്‍ ആര്‍ക്കും വലിയ വിഷമമില്ലാതെ പറഞ്ഞുതീര്‍ക്കാമെന്നുതോന്നുന്നു. ഫാദര്‍ കാമിലോ തോറെയെന്നാണ് ആ പുരോഹിതന്റെ പേര്.

'ഐക്യമുന്നണി' എന്ന പത്രത്തില്‍ കമ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഫാദര്‍ കാമിലോ പറയുന്നു.

"ഒരു സാമൂഹ്യശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ എനിക്ക് കമ്യൂണിസ്റ്റ് വിരുദ്ധനാകാന്‍ വയ്യ..... ക്രിസ്ത്യാനി എന്ന നിലയില്‍ എനിക്ക് കമ്യൂണിസ്റ്റ് വിരുദ്ധനാകാന്‍ വയ്യ....ഒരു പുരോഹിതന്‍ എന്നനിലയില്‍ എനിക്ക് കമ്യൂണിസ്റ്റ് വിരുദ്ധനാകാന്‍ വയ്യ..... ഒരു ലക്ഷ്യത്തിന്റെ സാക്ഷാല്‍ക്കാരത്തിനുവേണ്ടി അവരോടുചേര്‍ന്ന് പടവെട്ടാന്‍ ഞാന്‍ തയ്യാറാണ്.''

തന്റെ വിശ്വാസങ്ങള്‍ക്കുവേണ്ടി വെടിയുണ്ടകളേറ്റ് അന്ത്യശ്വാസം വലിക്കുംവരെ ക്രിസ്തുവിലും ക്രൈസ്തവ ദര്‍ശനത്തിലും മുറുകെപ്പിടിച്ച ആ പുരോഹിതന്‍, "ദൈവത്തെയും മാമോനെയും ഒരേസമയം സേവിക്കാനാവില്ല'' എന്നുദ്ഘോഷിച്ച് വിപ്ലവാവേശത്തോടെ പാവപ്പെട്ടവന്റെ മോചനത്തിനായി പോരാടിയ ധീരനായിരുന്നു.

അബ്രഹാം ലിങ്കണ്‍ പ്രസിഡന്റാകുംമുമ്പ് പ്രൊട്ടസ്റ്റന്റു വൈദികനായ പീറ്റര്‍ കാര്‍ട്റൈറ്റുമായി അമേരിക്കന്‍ പ്രതിനിധിസഭയിലേക്ക് മത്സരിച്ചിരുന്നു.

"നിരീശ്വരവാദി,യേശുവിനെ ജാരസന്തതിയെന്നു വിളിച്ചവന്‍'' എന്നൊക്കെയാണ് അന്ന് എതിരാളികള്‍ ലിങ്കനെ വിശേഷിപ്പിച്ചത്. "എബി ഒരിക്കലും ക്രൈസ്തവ സഭയില്‍ ചേര്‍ന്നിട്ടില്ല'' എന്ന് ലിങ്കന്റെ ഭാര്യ മേരി എഴുതിയിട്ടുണ്ട്. എന്നാല്‍, മരണശേഷം അബ്രഹാം ലിങ്കന്‍ നല്ല ക്രിസ്ത്യാനിയായിരുന്നു എന്നു സ്ഥാപിക്കാനാണ് അമേരിക്കയിലെ പിതാക്കന്മാര്‍ ശ്രമിച്ചത്. ലിങ്കന്‍ ഒരു ഫോട്ടോ ആല്‍ബം നോക്കിയിരിക്കുന്ന ചിത്രത്തിന് "മകന് ബൈബിള്‍ വായിച്ചുകൊടുക്കുന്ന പ്രസിഡന്റ്''എന്ന വ്യാജ അടിക്കുറിപ്പ് കൊടുത്ത് അദ്ദേഹത്തെ 'വിശ്വാസി'യാക്കാനുള്ള ശ്രമങ്ങളുമുണ്ടായി. ജീവിച്ചിരിക്കുമ്പോള്‍ ലിങ്കനെതിരെ കലി തുള്ളിയ പുരോഹിത വര്‍ഗം, മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തെ സഭാപുത്രനാക്കാന്‍ വ്യാജരേഖകള്‍ ചമച്ചു-'ബിക്സ്ബി കത്തി'ന്റെ രൂപത്തിലും മറ്റും.

ബ്രിട്ടനില്‍ നാലുതവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിച്ച ക്രൈസ്തവനായിരുന്നു ബ്രാഡ്‌ലോ. അഞ്ചാം തവണ ജയിച്ചപ്പോള്‍, അദ്ദേഹത്തെ ദൃഢപ്രതിജ്ഞയെടുക്കാന്‍ അനുവദിക്കുകയാണുണ്ടായത്. ആ ബ്രാഡ്‌ലോ മരണമടഞ്ഞപ്പോള്‍ ക്ഷണിക്കാതെ തന്നെ പുരോഹിതര്‍ എത്തി. ബ്രാഡ്‌ലോ ഒരു ദൈവമനുഷ്യനായതുകൊണ്ടാണ് തങ്ങള്‍ വന്നതെന്ന്, ജീവിതകാലം മുഴുവന്‍ അദ്ദേഹത്തെ വേട്ടയാടിയ പുരോഹിതര്‍ ഒരു സങ്കോചവുമില്ലാതെ പറഞ്ഞു.

വിശ്വവിഖ്യാതനായ ലിയോ ടോള്‍സ്റ്റോയ് മരണമടഞ്ഞപ്പോള്‍ സഭാപരമായ ശവസംസ്കാരം നിഷേധിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൃഷിയിടത്തിലാണ് മൃതദേഹം മറവുചെയ്തത്. ആ കൃഷിയിടം സര്‍ക്കാര്‍ ഏറ്റെടുത്ത് ടോള്‍സ്റ്റോയി കുടുംബത്തെ കടഭാരത്തില്‍ ‍നിന്ന് രക്ഷിക്കാനുള്ള ശ്രമം തടഞ്ഞത് ഏതാനും പുരോഹിതരാണ്.

ക്രിസ്റ്റ്യാനിറ്റി ചര്‍ച്ച്യാനിറ്റിയായും ക്രിസ്ത്യാനികള്‍ കുരിശുകാരാ(ക്രോസ്റ്റ്യന്‍സ്)യും അധഃപതിച്ചുവെന്നു നിര്‍ഭയം പറഞ്ഞയാളാണ് ബര്‍ണാഡ് ഷാ. തൊണ്ണൂറ്റഞ്ചാം വയസ്സില്‍ മരണക്കിടക്കയിലായിരുന്ന ഷായ്ക്കരികെ അനുവാദമില്ലാതെ പള്ളിവികാരി കടന്നുചെന്നു. അന്ത്യകൂദാശ നല്‍കിയതായി പ്രഖ്യാപിച്ചു. എന്നാല്‍, ഷാ നേരത്തെ എഴുതിവച്ചിരുന്നു, തന്റെ ജഡം ദഹിപ്പിച്ച് അതിന്റെ ചാരം തോട്ടത്തിലെ ചെടികള്‍ക്ക് വളമാക്കണമെന്ന്. കൂദാശാപ്രഹസനം ആ വില്‍പ്പത്രത്തിനുമുന്നില്‍ പരിഹാസ്യമായി.

ക്രിസ്തുവിന്റെ മനുഷ്യസ്നേഹം സഭ പിന്തുടരുന്നുണ്ടോ എന്ന ചോദ്യം ഇന്നും ഇന്നലെയുമല്ല തുടങ്ങിയത്. രോഗശാന്തിക്കായി പ്രാര്‍ഥിക്കാനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാനും തീര്‍ഥാടനം നടത്താനും വിശ്വാസികളെ ഉപദേശിക്കുന്ന അച്ചന്മാരും മെത്രാന്മാരും തങ്ങള്‍ക്കു രോഗംവരുമ്പോള്‍ ഡോക്ടര്‍മാരെ കാണുന്നതെന്തിനെന്ന് ഡോ. പി പി ആന്റണി ചോദിച്ചിട്ടുണ്ട്. വിശ്വാസികളുടെ മനസ്സില്‍ ദൈവത്തെയും സൃഷ്ടിയെയും കുറിച്ച് ചിന്താക്കുഴപ്പമുണ്ടാക്കുന്ന 'ചെകുത്താന്‍മന്ത്ര'മായിരുന്നു ലണ്ടനിലെ ആര്‍ച്ച്ബിഷപ്പ് ഡേവിഡ്‌സണിന്റെ ദൃഷ്ടിയില്‍ ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം.

കൃത്രിമ കാരണമുണ്ടാക്കി തന്നെ കോളേജില്‍നിന്ന് പിരിച്ചുവിടാന്‍ ശ്രമിച്ച മെത്രാനെതിരെ എം പി പോള്‍ കേസുകൊടുത്തു. അതിന്റെ പേരില്‍ പോളിനെ മഹറോന്‍ ചൊല്ലണമെന്ന് (സഭാ ഭ്രഷ്ടനാക്കണമെന്ന്) സഭാനേതൃത്വം ശഠിച്ചപ്പോള്‍ 'മഹറോന്‍ ഇത്ര തരംതാണതാണെങ്കില്‍-ചീപ്പാണെങ്കില്‍- ഒന്നല്ല, ഒരുഡസന്‍ തവണ അത് വാങ്ങിച്ചോളാ'മെന്നാണ് പോള്‍ അന്ന് മറുപടി നല്‍കിയത്. മരണക്കിടക്കയില്‍ പോളിന് രോഗീലേപനവും അന്ത്യകൂദാശയും നല്‍കാന്‍ ശ്രമമുണ്ടായി. മരണം മുന്നില്‍ വന്നുനിന്നപ്പോഴും പോള്‍ ഉറച്ചുതന്നെ നിന്നു. തിരുവനന്തപുരത്തെ പാറ്റൂര്‍ പള്ളി സെമിത്തേരിക്കടുത്ത തെമ്മാടിക്കുഴിയാണ് പോളിന് സഭ നല്‍കിയ ശിക്ഷ.

മനുഷ്യന്‍ ദൈവത്തെ സൃഷ്ടിച്ചു എന്നു പറഞ്ഞയാളാണ് വോള്‍ട്ടയര്‍. ചരിത്രത്തിലെ ആദ്യത്തെ പുരോഹിതന്‍ ആദ്യത്തെ തെമ്മാടി ആയിരുന്നുവെന്നും അയാള്‍ വിഡ്ഢിത്തം നിറഞ്ഞ മതത്തെ വിവരമില്ലാത്തവന്റെ മുന്നിലവതരിപ്പിച്ച് വിജയമുണ്ടാക്കുകയായിരുന്നുവെന്നാണ് വോള്‍ട്ടയര്‍ പറഞ്ഞത്. ആ വോള്‍ട്ടയര്‍ ഫ്രാന്‍സില്‍ യാത്രചെയ്യവെ രോഗം മൂര്‍ച്ഛിച്ച് കിടക്കയിലായി. കൂദാശ നല്‍കാന്‍ വൈദികര്‍ വന്നു. നിങ്ങള്‍ ആരില്‍നിന്നുവന്നു എന്നായിരുന്നു വോള്‍ട്ടയറിന്റെ ചോദ്യം. ദൈവത്തിങ്കല്‍നിന്ന് എന്നു മറുപടിയുണ്ടായപ്പോള്‍ "തെളിവെന്ത്'' എന്ന് മറുചോദ്യം. ഉത്തരമുണ്ടായില്ല. കൂദാശയും കുര്‍ബാനയുമില്ലാതെ വോള്‍ട്ടയര്‍ മരണമടഞ്ഞു. പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യാനാവില്ലെന്നായി പുരോഹിതര്‍.

വോള്‍ട്ടയറിന്റെ വിലാപയാത്രയില്‍ ലക്ഷം പേരുണ്ടായിരുന്നു. അതു കാണാന്‍ നിരത്തുവക്കില്‍ ആറുലക്ഷംപേരുണ്ടായിരുന്നു. ഫ്രഞ്ചുവിപ്ളവം നടന്നശേഷം വന്ന ഗവണ്‍മെന്റ് 1791ല്‍ വോള്‍ട്ടയറിന്റെ അസ്ഥി ആഘോഷപൂര്‍വം പാരീസിലെത്തിച്ച് സംസ്കരിച്ചു. പള്ളി പൊറുത്തില്ല. 1815ല്‍ 'സ്വന്തം' ഭരണം വന്നപ്പോള്‍ ആ അസ്ഥിക്കഷണങ്ങള്‍ പാരീസില്‍നിന്ന് പെറുക്കിയെടുത്ത് നഗരത്തിനു പുറത്തുകൊണ്ടുപോയി കുഴിച്ചിട്ട് പ്രതികാരം ചെയ്തു.

എല്ലാം ഒന്നു ചേര്‍ത്ത് വായിച്ചപ്പോള്‍ ഒരു ഇത് തോന്നുന്നില്ലേ? നാം ഇപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതുമൊന്നും ചരിത്രത്തില്‍ ആദ്യത്തേതായിരിക്കണമെന്നില്ല എന്ന തോന്നല്‍? അത് ഒരു ഇളനീര്‍ കുഴമ്പിന്റെ സുഖം നല്‍കുന്നില്ലേ.....

(അവലംബം: ശതമന്യു, ദേശാഭിമാനി)

23 March, 2009

കത്തുന്നത് സാമ്രാജ്യത്വത്തിന്റെ ആയുധപ്പുരകള്‍

കത്തുന്നത് സാമ്രാജ്യത്വത്തിന്റെ ആയുധപ്പുരകള്‍

മുതലാളിത്തമതാപൊട്ടിപ്പൊളിയുന്നു..
സാമ്രാജ്യത്വ നായകനതാ നിന്നു ചിണുങ്ങുന്നു.
ലോകപൊലീസിന്റെ ചന്തിപൊള്ളുന്നു
അതതാ, നിന്നു ചിണുങ്ങുന്നു.
ഇറാഖില്‍ കുട്ടികളെ ചുട്ടുകൊന്നിട്ട്
അമ്മി ചാടിക്കടന്ന് വീരസ്യം കാട്ടിയ
ലോകപൊലീസതാ നിന്നു കത്തുന്നു.
അഫ്‌ഗാനിസ്ഥാനിലെ ജനപദങ്ങളാകെ
ഉഴുതുമറിച്ചശേഷം തീയിട്ടു രസിച്ച
യാങ്കിയതാ മേലാകെപ്പൊള്ളി
ഉടുവസ്‌ത്രമുരിഞ്ഞെറിഞ്ഞ് നെട്ടോട്ടമോടുന്നു.

തകരുന്നത് ലേഹ് മാനല്ല,
ചീയുന്നത് മുതലാളിത്തമാണ്
അതതാ കെട്ടു ചീയുന്നു.
ലോകത്തനേകകോടികള്‍ക്ക്
തീരാദുരിതം വിതച്ച മുതലാളിത്തത്തിന്റെ നാശം
ഹായ് ! അതെത്ര ആശ്വാസകരമായിരിക്കും!

യുദ്ധങ്ങള്‍, വറുതികള്‍, കൂട്ടക്കൊലകള്‍
പൂഴ്ത്തിവെപ്പുകള്‍, തട്ടിപ്പുകള്‍, കൊള്ളലാഭം
ഇതാ കഴുത്തറുപ്പന്‍ വ്യവസ്ഥ
അതിന്റെ തന്നെ തലയറക്കുന്നു.
ലാഭം, കൂടുതല്‍ ലാഭം, അതിലും ലാഭം
അതിന്റെ തത്വശാസ്ത്രമാണ് കിടന്നു പിടയുന്നത്.
തകരുന്നത് ഫാനി മെയും ഫ്രെഡ്‌ഡി മാക്കുമല്ല
ചീയുന്നത് മുതലാളിത്തമാണ്.

നോക്കൂ, മാസങ്ങളായി തകര്‍ന്നടിയുകയാണ്
ഓരോന്നോരോന്നായി ബാങ്കുകള്‍.
അമേരിക്കയില്‍, ഇംഗ്ളണ്ടില്‍,
ഫ്രാന്‍സില്‍, യൂറോപ്പിലാകെ
മുതലാളിത്തലോകമാകെ ആടിയുലയുന്നു.
കമ്പോളമൌലികതാവാദമതാ
മൂക്കുകുത്തി വീഴുന്നു.
ആരാന്റെ മണ്ണിലെ വിഭവവും
ലോകമാകെയുള്ള അധ്വാനശക്തിയും
യഥേഷ്‌ടം ചൂഷണം ചെയ്തു ചീര്‍ത്തുവന്ന
മുതലാളിത്തമാണ്, അതിന്റെ പരമോന്നതരൂപമാണ്
അളിഞ്ഞുകിടന്ന് ഊര്‍ധശ്വാസം വലിക്കുന്നത്.

സാമ്രാജ്യത്വത്തിന്റെ ആയുധപ്പുരകളിലാണ്
തീപിടിത്തം.
മഹാമാന്ദ്യത്തിന്റെ ശീതക്കാറ്റാണ്
വീശിയടിക്കുന്നത്.
സ്വതന്ത്രകമ്പോളത്തിന്റെ അപ്പോസ്തലന്മാര്‍
തലയില്‍ മുണ്ടിട്ട് നാണം മറയ്ക്കുകയാണ്.



















ഇന്നലെ ചിദംബരം പറഞ്ഞതുകേട്ടോ?
പ്രതിസന്ധി ഇന്ത്യന്‍ ബാങ്കുകളെ ബാധിക്കില്ലത്രെ.
കാരണമല്ലേ ഹരകരം?
അവക്ക് നല്ല റഗുലേഷനുണ്ടത്രെ!
ഉള്ള റഗുലേഷനത്രയും ഉള്ള കണ്‍ട്രോളുകളത്രയും
വേണ്ടെന്നു വെക്കണമെന്നു ശഠിച്ച സുന്ദരക്കുട്ടപ്പന്മാര്‍
മുഖം കരിവാളിക്കുമെന്നു കാണുമ്പോള്‍
നിയന്ത്രണങ്ങളുടെ തൂവാല പൊക്കി
മോന്ത മറയ്‌ക്കുന്നത് കാണാനെന്തു ചേല് !

ഓര്‍മയുണ്ടോ ഇവരുടെ ജല്പനങ്ങള്‍?
കണ്‍ട്രോള്‍ വേണ്ട, റെഗുലേഷന്‍ വേണ്ട,
ലൈസന്‍സ് രാജ് വേണ്ടേ വേണ്ട;
കമ്പോള സൌഹൃദ സമീപനം.
പച്ച മലയാളത്തില്‍ ചന്തച്ചങ്ങാത്തം.
വന്നു വന്നെവിടെ വരെയായെന്നോ?
ഫോറിന്‍ എക്സ്ചേഞ്ച് റെഗുലേഷന്‍ ആക്ട്
പാര്‍ലമെന്റ് പാസ്സാക്കിയ നിയമമാണ്.
എന്നാല്‍ അതില്‍ ' റെഗുലേഷനു'ണ്ട്,
സായ്പിന് റെഗുലേഷന്‍ ഇഷ്ടമല്ല.
ആകയാല്‍ നമ്മളത് മാറ്റിത്തീര്‍ത്തു.
നിയമത്തിന്റെ പേരുമാറ്റി
റെഗുലേഷന്‍ വേണ്ടെന്നുവച്ചു.
പുതുപേര് ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ട് !
കേള്‍ക്കാനെന്ത് സുഖം?

പഴയൊരുദ്യോഗപ്പേരാണ് സി സി ഐ ആന്‍ഡ് ഇ
ചീഫ് കണ്‍ട്രോളര്‍ ഓഫ് ഇംപോര്‍ട്സ് & എക്സ്പോര്‍ട്സ്.
കണ്‍ട്രോള്‍ സായ്പിനിഷ്ടമല്ല.
ആ പേരുതന്നെ നാം മാറ്റി.
ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്
അതായി പുതിയ പേര് !

റെഗുലേഷനെ,
കണ്‍ട്രോളിനെ,
ലൈസന്‍സിനെ
കളിയാക്കിപ്പോന്ന ചിദംബരവും കൂട്ടരുമിതാ
കണ്‍ട്രോള്‍ രാജിന് സ്തുതി പാടുന്നു!
ഹരകരമല്ലാതെ മറ്റെന്താണിത്?

എന്നാല്‍ ഇതിവിടെ മാത്രമല്ല
ബുഷ് നിന്ന് വിയര്‍ക്കുമ്പോള്‍
അയാളുടെ ഫെഡറല്‍ റിസര്‍വ് ചെയ്യുന്നതെന്താ?
സര്‍വസ്വതന്ത്രമായ കമ്പോളത്തില്‍
സര്‍ക്കാറിടപെടരുതെന്ന്
വീണ്ടും വീണ്ടും നമ്മെ പഠിപ്പിക്കുന്നവര്‍
സ്വന്തം നാട്ടില്‍ ചെയ്യുന്നതെന്താ?
ദേശസാല്‍ക്കരണം !

ദേശസാല്‍ക്കരിച്ച നമ്മുടെ ബാങ്കുകളെ
സ്വകാര്യവല്‍ക്കരിക്കണമെന്നു പറയുന്നവര്‍
അത്യാര്‍ത്തി മൂത്ത സ്വകാര്യബാങ്കുകള്‍
തവിടുപൊടി തരിപ്പണമാകുമ്പോള്‍
അവസാന രക്ഷക്കായ് കണ്ടെത്തുന്നത്
ബാങ്ക് ദേശസാല്‍ക്കരണമാണത്രെ.

പത്രത്തില്‍ ടാറ്റാ-എഐജിയുടെ പരസ്യം കണ്ടോ?
നിക്ഷേപകരെ ആശ്വസിപ്പിക്കാനായി ടാറ്റ പറയുകയാണ്:
വിഷമിക്കേണ്ട,
എ ഐ ജിയുടെ പങ്ക് വെറും 26 ശതമാനം മാത്രം!
ആ ഇരുപത്താറ് 49 ആക്കുമെന്നാണ്
വിശ്വാസവോട്ടു വിലക്കെടുത്തതിന്റെ പിറ്റേന്ന്
പളനിയപ്പന്‍ ചിദംബരം പറഞ്ഞത്.
വിദേശ നിക്ഷേപം കൂട്ടുമെന്ന് !
മിസ്‌റ്റര്‍ മന്‍മോഹന്‍,
ടാറ്റാ-എ ഐ ജിയില്‍
എ ഐ ജിയുടെ പങ്ക്
74 ശതമാനമായിരുന്നെങ്കില്‍ ?

കമ്പോളം സ്വയം തിരുത്തുമോ
അതോ നിക്ഷേപകരെ കമ്പോളം തുരത്തുമോ?
ഇന്ത്യന്‍ സ്വകാര്യ ബാങ്കുകളില്‍
വിദേശികള്‍ക്ക് 74 ശതമാനം ഷെയറാവാം.
എന്നാലൊരു രക്ഷ
അവര്‍ക്ക് വോട്ടവകാശം വെറും പത്തു ശതമാനം.
എന്നാലതു മാറ്റി
പൂര്‍ണ വോട്ടവകാശം കൊടുക്കാനുള്ള ബില്ല്
അടുപ്പത്തു വച്ചു തീപൂട്ടുകയാണ് ചിദംബരം.
അതാണ് ബാങ്കിങ് റഗുലേഷന്‍ ആക്‍ട് ഭേദഗതി.
കേന്ദ്രസര്‍ക്കാറിന് വര്‍ഷാവര്‍ഷം
ലാഭവിഹിതമായി
അനേകകോടികള്‍ എത്തിച്ചു കൊടുക്കുന്ന
പൊതുമേഖലാ ബാങ്കുകളുടെ ഷെയറുകള്‍
സ്വകാര്യമുതലാളിമാര്‍ക്ക് വിറ്റശേഷം
ഇപ്പോള്‍ പറയുന്നത്
അവരുടെ വോട്ടവകാശം കൂട്ടണമെന്നാണ് !

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുക,
സ്വകാര്യവല്‍ക്കരിച്ച് വിദേശവല്‍ക്കരിക്കുക,
അതിനായിരുന്നു നീക്കം.
അതിതിനകം നടന്നിരുന്നെങ്കില്‍
സ്വകാര്യ വിദേശ ബാങ്കുകള്‍
നമ്മുടെ ബാങ്കുകളെ വിഴുങ്ങിയിരുന്നെങ്കില്‍
നിക്ഷേപകന്റെ നഷ്ടം നികത്താന്‍
എത്ര റിസര്‍വ് ബാങ്ക് റിസര്‍വുകളുടെ
കെട്ടുതാലി തൂക്കിവിറ്റാലാവും,
എക്‍സ് ഗവര്‍ണര്‍ മന്‍മോഹന്‍ജീ!

എന്താണീ തകര്‍ച്ചകള്‍ നല്‍കുന്ന സൂചനകള്‍?
എന്താണ് നാമിതില്‍ നിന്നറിയേണ്ടത് ?
ഇത് വ്യവസ്ഥയുടെ തകര്‍ച്ചയാണ്
മാനവരാശിക്ക് തീരാദുരിതങ്ങളും
യുദ്ധങ്ങളും പട്ടിണിയും
സമ്മാനിച്ച മുതലാളിത്തം
അതിന്റെ സഹജ ദൌര്‍ബല്യത്താല്‍
വീണടിഞ്ഞു തകരുകയാണ്.
ലാഭം കൂടുന്നതിനനുസരിച്ച്
കൂടുതല്‍ കൂടുതല്‍ ലാഭം നോക്കിപ്പോവുന്ന മൂലധനം
ഇപ്പോഴിതാ സ്വയം കെട്ടിത്തൂങ്ങിച്ചാവുന്നു.
മൂലധനത്തിന് ദേശസ്നേഹമില്ല,
ലാഭം കൂടുന്നെങ്കില്‍ അത് കെട്ടിത്തൂങ്ങും.

നമ്മുടേത് മുട്ടത്തോടിന്മേലൂടെയുള്ള
നടത്തമാണ്.
യഥാര്‍ഥ സമ്പദ് വ്യവസ്ഥയുമായി
ബന്ധമില്ലാത്ത മട്ടില്‍
ധനമേഖല ഊതിപ്പെരുപ്പിക്കുകയാണ്.
മൂലധനമാകെ
അങ്ങോട്ടു കുത്തിയൊഴുകുകയാണ്.
ഉല്‍പാദന മേഖലയിലെ മൂലധനമാകെ
ഊഹക്കച്ചവടത്തിലേക്ക് തിരിയുകയാണ്.
ധനക്കമ്പോളത്തിലേക്ക് കുത്തിയൊഴുകുകയാണ്.
അങ്ങനെയാണ്
നാണയച്ചന്തകള്‍ പെരുകിയത്.
നാണയം തന്നെ ചന്തയിലെത്തുന്നു.
അതിന്റെ കൈമാറ്റത്തില്‍ കോടികള്‍ മറിയുന്നു.
അതിന്റെ കയറ്റിറക്കങ്ങള്‍ വഴി
സഹസ്രകോടികള്‍ കീശയിലാക്കുന്നു.
ഇതാണ് ഫിനാന്‍സ് മൂലധനത്തിന്റെ
പെരുമാറ്റ രീതി.
അതങ്ങനെ
പതഞ്ഞു പതഞ്ഞു പൊങ്ങുകയാണ്.
ഇത്തിരിയിത്തിരിയായി
ഇറ്റിറ്റു കിട്ടുന്നതും കാത്ത്
നമ്മുടെ കമ്പോള വാദികള്‍ പിറകേ കൂടുന്നു.

നോക്കൂ,
എന്താണ് യഥാര്‍ഥത്തില്‍
അമേരിക്കയില്‍ സംഭവിക്കുന്നത്?
സ്ഥിതി ഗുരുതരമാണ്,
നില പരുങ്ങലിലാണ്.
'ധൂര്‍ത്തന്റെ ഒഴിയാറായ മടിശ്ശീല'പോലെ
അതിതാ പാപ്പരായിക്കഴിഞ്ഞിരിക്കുന്നു.
ആരാന്റെ
കാശിലാണമേരിക്ക ജീവിക്കുന്നത്.
ആയുധപ്പുരകള്‍കാട്ടി കണ്ണുരുട്ടിയും
വെറുതേയടിക്കുന്ന ഡോളറിനെ
ലോകനാണയമാക്കി പ്രചരിപ്പിച്ചും
സ്വന്തം പ്രാരബ്‌ധം മറച്ചു പോന്ന ഈ കടല്‍ക്കിഴവന്‍
ഇതാ വടിയും കുത്തി
പൊതാപ്പൊത്തോന്ന് വീഴുന്നു.

തകര്‍ച്ചയാണ്,
മാന്ദ്യമാണ്.
അത് മറച്ചു വെക്കാന്‍ നെട്ടോട്ടമാണ്.
ബൈ ഫോര്‍ അമേരിക്കാ
എന്നാണ് ഒരു പ്രസിഡന്റ് അഭ്യര്‍ഥിച്ചത്.
കൈയില്‍ കാശില്ലെങ്കിലും വാങ്ങിച്ചോളാന്‍
കാശില്ലെങ്കിലെന്താ,
ക്രെഡിറ്റ് കാര്‍ഡ് മതീ എന്ന്.
അങ്ങനെയങ്ങനെ വാങ്ങിച്ച് വാങ്ങിച്ച്
കടം പിടിച്ചു പിടിച്ചു
ദരിദ്രമായ ഒരു നാടാണ്,
അവിടുത്തെ നാട്ടുകാരാണ്,
കടക്കെണിയില്‍ പെട്ട
സ്വന്തം നാടിനെ രക്ഷിക്കാനായി
വാങ്ങിക്കൂട്ടിയത്.
എന്നിട്ടും പോണില്ല ചോണനുറുമ്പ്
എന്നായപ്പോഴോ?

അപ്പോഴാണ് പുതിയൊരിനം:
കടം വാങ്ങി വീടുവെച്ചോ,
വീടുവെച്ചാലോ?
കുറച്ചാള്‍ക്ക് പണി കിട്ടും
കമ്പിയുമിരുമ്പും സിമന്റുമൊക്കെ
കുറേശ്ശയായി ചെലവായിക്കിട്ടും.
അവിടെയൊരനക്കമുണ്ടാവും.

കടംവാങ്ങി വീടുവെച്ചു,
കടം തിരിച്ചടക്കാനാവുന്നവനും
ആവാത്തവനും.
ക്രയശേഷി കുറഞ്ഞാല്‍
എങ്ങനെ തിരിച്ചടക്കും?
തിരിച്ചടക്കാഞ്ഞാല്‍
പിന്നെ ബാങ്കെന്തു ചെയ്യും?
വീടുകള്‍ തൂക്കിവില്‍ക്കാന്‍ നോക്കും.
അങ്ങനെ വന്നാല്‍ ഭവന മാര്‍ക്കറ്റോ?
വിലയിടിഞ്ഞ് നാശകോശമാവും.
അങ്ങനെയങ്ങനെ വീടിനു വിലകുറഞ്ഞാലോ?
പണം കൊടുത്ത ബാങ്ക് പൂട്ടേണ്ടിവരും.
പക്ഷേ ഭൂപണയ ബാങ്കുകള്‍ വിരുതന്മാരാണ്.
അവരാ വീടും വെച്ചൊരു പണി ഒപ്പിച്ചു.
വീടിന്റെ ഈടില്‍ കടപ്പത്രമുണ്ടാക്കി.
ആ കടപ്പത്രത്തില്‍ ചെന്ന്
കൈയിട്ട് വാരി വമ്പന്‍ ലാഭം കൊയ്യാനായി
കൊമ്പന്മാരായ ബാങ്കുകളാകെ പാഞ്ഞു.
പെട്ടന്നാണ് തിരിച്ചടി വന്നത്.
മോര്‍ട്ഗേജ് ബാക്ക്ഡ് സെക്യൂരിറ്റികള്‍
കൈയിലുള്ള ബാങ്കുകള്‍
ഇതെവിടെക്കൊണ്ടുചെന്ന് വില്‍ക്കും?

ആര്‍ക്കുവേണമീ കടപ്പത്രം?
ആര്‍ക്കുവേണമീ ലേല വീടുകള്‍?
ബാങ്കായ ബാങ്കുകളൊക്കെ
കുത്തുപാളയെടുത്തു.
കള്ളക്കണക്കെഴുതി നാട്ടാരെയും
മറുനാടുകളെയും പറ്റിച്ച
പഴയ എന്‍റോണിനെപ്പോലെ
തട്ടിപ്പും വെട്ടിപ്പും നടത്തിയവര്‍
കോടികള്‍ വിഴുങ്ങി ഏമ്പക്കമിട്ടപ്പോള്‍
ലോകത്താകെ
ബാങ്കുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞു.
എന്നിട്ടുമെന്നിട്ടുമെന്തേ
ഇന്ത്യയില്‍ ബാങ്കുകള്‍ തകര്‍ന്നില്ല?
കാരണം വേറൊന്നല്ല.
ഇവിടെ നിയന്ത്രണങ്ങള്‍
നിലവിലുണ്ടായിരുന്നു.
ആ നിയന്ത്രണങ്ങള്‍
എടുത്തു കളയാനായിരുന്നു നീക്കം.
അതു പറ്റില്ലെന്ന് ഇടതുപക്ഷം,
അത് പറ്റില്ലെന്ന് തൊഴിലാളികള്‍.
മുഖാമുഖം നിന്നെതിരിടുകയായിരുന്നു
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി.
ഇടതുപക്ഷത്തെ കൂടാതെ
നിലനില്‍പ്പില്ലാത്തതുകൊണ്ട്
ബില്ലുകളൊന്നും പാസ്സാക്കാനായില്ല
എന്നാല്‍
വിശ്വാസം വിലകൊടുത്തു വാങ്ങിയശേഷം
പളനിയപ്പന്‍ ചിദംബരം ചെട്ടിയാര്‍
പച്ചക്ക് വെട്ടിത്തുറന്നു ബോധ്യപ്പെടുത്തി,
താന്‍ ആരുടെ ദാസനാണെന്ന് !
ബാങ്കിങ്, ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ ബില്ലുകള്‍
ഉടനെ പാസ്സാക്കിയെടുക്കുമെന്ന് വീമ്പടി.

എന്നാല്‍
ഏവരെയും ഞെട്ടിച്ചുകൊണ്ടാണ്
അവരുടെ'സ്വര്‍ഗരാജ്യ'ത്തില്‍
നരകം പൊട്ടിയൊലിച്ചത്.
അതിന്റെ ചലം വീണുപൊള്ളുന്ന മുഖവും പൊത്തി
ചിദംബരം നീറ്റലകറ്റുകയാണ്.
ഒന്നോര്‍ത്തുനോക്കൂ , മന്ത്രിപുംഗവന്‍
ഇന്ത്യന്‍ ബാങ്കുകളില്‍
ലേഹ്‌മാന്‍ ബ്രദേര്‍സിന്
നിങ്ങളാഗ്രഹിച്ചതിന്‍ പടി ഷെയറുകള്‍ നല്‍കുകയും
കാര്യങ്ങള്‍ അവരാഗ്രഹിച്ചതിന്‍പടി
നടക്കുകയും ചെയ്തിരുന്നെങ്കില്‍
എത്ര ദശലക്ഷം ഇന്ത്യക്കാരായിരുന്നു,
പാവപ്പെട്ട നിക്ഷേപകരായിരുന്നു,
കുത്തുപാളയെടുത്ത്
ലേഹ്‌മാനെ പ്രാകുന്നുണ്ടാവുക?

ആരാണീ ലേഹ്‌മാന്‍?
ഒന്നും രണ്ടും ലോകമഹായുദ്ധവും
മഹാമാന്ദ്യവും
ഡോട്ട് കോം ബബിളും
സിലിക്കണ്‍വാലിയിലെ ശീതക്കാറ്റും
എല്ലാം അതിജീവിച്ച മഹാമല്ലന്‍!
ആന പാറുന്ന കാറ്റിലെന്താട് ?

മഹാ മാന്ദ്യത്തിന്റെ ശീതക്കാറ്റില്‍
സ്വന്തം നാട്ടിലെ ബാങ്കിങ്ങിനെയും
സമ്പദ് വ്യവസ്ഥയെത്തന്നെയും
സംരക്ഷിക്കാനായി
എത്ര ശതകോടികളാണവര്‍
ഒഴുക്കിക്കൊണ്ടിരിക്കുന്നത് !

ഇന്ത്യന്‍ ബാങ്കുകള്‍
ഇന്ന് പൊട്ടാതെ പൊളിയാതെ നില്‍ക്കുന്നെങ്കില്‍
ആര്‍ക്കാണതില്‍ അഭിമാനിക്കാനാവുക?
ഇതിനെത്തടുത്ത ബാങ്ക് ജീവനക്കാരും
അവരെത്തുണച്ച ഇടതുപക്ഷവും തന്നെ.
ആര്‍ക്കും വിലയ്ക്കെടുക്കാനാവുന്ന
ഒരു വലതുപക്ഷമുള്ളൊരു നാട്ടില്‍
നാടിനെയും നാട്ടാരെയും സംരക്ഷിച്ചു നിര്‍ത്താന്‍
സ്വയം ഒരു പരിചയും വാളുമാവാന്‍
ബാധ്യതപ്പെട്ട ഇടതുപക്ഷം
അതിന്റെ കടമ നിറവേറ്റുകതന്നെ ചെയ്തു.
അന്നങ്ങനെ ചെയ്തതുകൊണ്ട് മാത്രമാണ്
ഒരു മഹാദുരന്തത്തില്‍ നിന്ന് നാം രക്ഷപ്പെട്ടത്.

കഥ തീരുന്നില്ല,
കളി തീരുന്നില്ല.
കമ്പോള മൌലികതാവാദികള്‍
ഒരുങ്ങിപ്പുറപ്പെട്ടുതന്നെയാണ് നില്‍പ്പ്.
അവരെത്തളയ്ക്കാന്‍,
ജനതയെ രക്ഷിക്കാന്‍
ഇനിയും പോരാട്ടങ്ങളേറെ വേണ്ടിവരും.
ഇന്ത്യയുടെ ഭാവി
ഇടതുപക്ഷത്തിലാണെന്ന്
വീണ്ടും കാലം നമ്മെ പഠിപ്പിക്കുകയാണ്.
പക്ഷേ ഒന്നുണ്ട്
വ്യക്തമായും അറിയേണ്ടത്,
പറയേണ്ടത് :
തകരുന്നത് മുതലാളിത്തമാണ് ;
അതിന്റെ ആസുരമുഖമാണ് വികൃതമാകുന്നത്.
സോഷ്യലിസം,
സോഷ്യലിസം മാത്രമാണ് ബദല്‍.
അതേ
ഇതൊരു സൂചനയാണ്.
ഇതൊരു മുന്നറിയിപ്പാണ്
ഈ തകര്‍ച്ച ഒരു വ്യവസ്ഥയുടേതാണ്.

*****

ഏ കെ രമേശ്, കടപ്പാട്: ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം

കക്ഷിരാഷ്‌ട്രീയത്തില്‍ കൈയും തലയും കടത്തുന്ന മെത്രാന്മാര്‍

കക്ഷിരാഷ്‌ട്രീയത്തില്‍ കൈയും തലയും കടത്തുന്ന മെത്രാന്മാര്‍

ക്രൈസ്‌തവ മെത്രാന്മാര്‍ക്കു കക്ഷിരാഷ്‌ട്രീയത്തില്‍ എത്രത്തോളം തലയിടാം? കേരളത്തില്‍ എക്കാലവും ഇതു വലിയ ചര്‍ച്ചാവിഷയമാണ്‌. ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥികളുടെ നിര്‍ണയത്തില്‍ വരെ മെത്രാന്മാര്‍ തലയിടുന്ന സ്‌ഥിതിയില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ഇതിനെതിരേ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ശക്‌തമായിത്തന്നെ ശബ്‌ദമുയര്‍ത്തിയിരിക്കുന്നു എന്നതുപുതിയ സംഭവവികാസമാണ്‌.

രാഷ്‌ട്രീയകാര്യങ്ങള്‍, സാമൂഹികപ്രശ്‌നങ്ങള്‍, സാമുദായിക ബന്ധങ്ങള്‍ തുടങ്ങിയ ഗൗരവമുള്ള വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ വ്യക്‌തമാക്കിക്കൊണ്ടു സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ മേലധ്യക്ഷനായ കര്‍ദ്ദിനാള്‍ മാര്‍ വിതയത്തില്‍ പുറത്തിറക്കിയിരിക്കുന്ന 'സ്‌ട്രെയിറ്റ്‌ ഫ്രം ദി ഹാര്‍ട്ട് ‌' എന്ന പുസ്‌തകത്തില്‍ തന്റെ അഭിപ്രായങ്ങള്‍ അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നു എന്നു മാത്രമല്ല അതിന്റെ പ്രകാശനവേളയില്‍ ഇക്കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട്‌ അദ്ദേഹം തുറന്നു പറയുകയും ചെയ്‌തു. ആര്‍ക്കെങ്കിലും വേണ്ടി മെത്രാന്മാര്‍ സഭാവിശ്വാസികളോടു വോട്ട്‌ ചോദിക്കുന്നതിനേക്കാള്‍ വലിയ തെറ്റാണു സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ മെത്രാന്മാര്‍ ഇടപെടുന്നതെന്നാണു കര്‍ദ്ദിനാള്‍ പറഞ്ഞത്‌. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റി സെക്രട്ടറിമാരില്‍ ഒരാളായ ടോം വടക്കനെ സ്‌ഥാനാര്‍ഥിയാക്കണമെന്നു തൃശൂര്‍ മെത്രാന്‍ പരസ്യമായി ആവശ്യപ്പെട്ടതിനെ പരാമര്‍ശിച്ചു തന്നെയാണു കര്‍ദ്ദിനാള്‍ ഈ അഭിപ്രായപ്രകടനം നടത്തിയതും.

പാര്‍ലമെന്റ്‌ സ്‌ഥാനാര്‍ഥിയാവാന്‍ പത്തിലേ റെ ബിഷപ്പുമാരുടെ ഒപ്പു ശേഖരിച്ചു തന്നെ സമീപിച്ച ഒരാള്‍ തന്റേയും പിന്തുണ ആവശ്യപ്പെട്ടുവെന്നും സഭയുടെ നിയമങ്ങള്‍ക്ക്‌ എതിരായതുകൊണ്ടു താനതു നിരസിച്ചു എന്നും കര്‍ദ്ദിനാള്‍ മാര്‍ വിതയത്തില്‍ തന്റെ പുസ്‌തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. തീര്‍ച്ചയായും വളരെ ഗൗരവമുളള വിഷയത്തിലേക്കാണു കര്‍ദ്ദിനാള്‍ വിരല്‍ ചൂണ്ടിയിരിക്കുന്നത്‌. കാരണം കത്തോലിക്കാ മെത്രാന്മാര്‍ മാത്രമല്ല മറ്റു ക്രൈസ്‌തവ സഭകളിലെ മെത്രാന്മാരും രാഷ്‌ട്രീയകാര്യങ്ങളില്‍ നടത്തുന്ന അനാരോഗ്യകരമായ കൈകടത്തല്‍ ഇപ്പോള്‍ അസഹ്യമാംവിധം വളര്‍ന്നിരിക്കുന്നു എന്നതു ഒരു യാഥാര്‍ഥ്യമാണ്‌.

ഇതിനു മുമ്പൊരിക്കലും സംഭവിക്കാത്തവിധം വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ പ്രവേശനത്തിനും അധ്യാപക നിയമനത്തിനും ഷൈലോക്കുകളെപ്പോലെ സഭാ മേലധികാരികള്‍ കോഴപ്പണവും കൈക്കൂലിയും വാങ്ങിക്കുന്നതു വഴി കേരളത്തിലെ ക്രൈസ്‌തവസഭയുടെ മുഖം വികൃതമായിരിക്കുകയാണ്‌.

മൂന്നു നൂറ്റാണ്ടു കാലത്തോളം വിദ്യാഭ്യാസരംഗത്തു നടത്തിയ നിസ്വാര്‍ഥ സേവനങ്ങള്‍ വഴി കേരളീയ സമൂഹത്തിന്റെ ആദരവും ചരിത്രത്തിന്റെ അംഗീകാരവും നേടിയെടുത്ത ക്രൈസ്‌തവസഭകള്‍ അതെല്ലാം പണത്തോടുള്ള അത്യാര്‍ത്തി മൂലം കഴിഞ്ഞ നാലഞ്ചുവര്‍ഷത്തിനുള്ളില്‍ തല്ലിയുടയ്‌ക്കുകയാണുണ്ടായത്‌. എന്നുമാത്രമല്ല പള്ളികളുടെ സ്വത്തുതര്‍ക്കത്തെച്ചൊല്ലിയും മറ്റും അള്‍ത്താരയ്‌ക്കു മുമ്പില്‍ പോലും വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ മാരകായുധം കൊണ്ട്‌ ഏറ്റുമുട്ടുന്ന രംഗങ്ങള്‍ പലതവണ കേരളം കണ്ടപ്പോള്‍ ഗുണ്ടാസംഘങ്ങളുടെ നിലവാരത്തിലേക്ക്‌ ആ വിശ്വാസസമൂഹം അധഃപതിക്കുകയും ചെയ്‌തു. സ്വന്തം സഭയെ നീതിബോധത്തിന്റേയും പരസ്‌പര സ്‌നേഹത്തിന്റെയും നേര്‍വഴിക്ക്‌ കൊണ്ടുവരാന്‍ കഴിയാത്ത അവസ്‌ഥയില്‍ സഭാമേധാവികളുടെ രാഷ്‌ട്രീയ കൈകടത്തലിനെ തുറന്നപലപിക്കാന്‍ കര്‍ദ്ദിനാള്‍ നിര്‍ബന്ധിതനായി എന്നതാണു സംഭവിച്ചിരിക്കുന്നത്‌.

മെത്രാന്മാരുടെയും മറ്റും ഇടപെടല്‍ ഇല്ലെങ്കിലും ക്രൈസ്‌തവര്‍ക്ക്‌ അര്‍ഹവും അനര്‍ഹവുമായ സ്‌ഥാനങ്ങള്‍ ലഭ്യമാകുന്ന ഒന്നാണ്‌ ഇന്ത്യയിലെ മതേതര ജനാധിപത്യമെന്നു മെത്രാന്മാര്‍ ആദ്യം മനസിലാക്കണം. ഭൂതക്കണ്ണാടി വച്ചു നോക്കിയാല്‍ മാത്രം ക്രൈസ്‌തവരെ കാണാന്‍ കഴിയുന്ന ആന്‌ധ്രാപ്രദേശില്‍ മുഖ്യമന്ത്രിയായ രാജശേഖര റെഡ്‌ഡി ക്രൈസ്‌തവനാണ്‌. ഛത്തീസ്‌ഗഡ്‌ പോലെയുള്ള ഒരു ഹൈന്ദവ സംസ്‌ഥാനത്ത്‌ മുഖ്യമന്ത്രിയായി വന്ന അജിത്‌ ജോഗിയും ക്രൈസ്‌തവനാണ്‌. നമ്മുടെ തൊട്ടടുത്ത കര്‍ണാടകയില്‍ ടി. ജോണും കെ.ജെ. ജോര്‍ജും ജെ. അലക്‌സാണ്ടറും മന്ത്രിമാരായത്‌ ആ മതേതരത്വത്തിന്റെ മഹത്വമാണ്‌.

പക്ഷേ, കേരളത്തിലെ മെത്രാന്മാര്‍ക്കാവശ്യം അതൊന്നുമല്ല. തങ്ങളുടെ കക്ഷത്തിലൊതുങ്ങുന്നതും തങ്ങളുടെ ചോറ്റുപട്ടാളത്തില്‍ ചേരാന്‍ മാത്രം യോഗ്യതയുള്ളവരുമായവരെ പാര്‍ലമെന്റ്‌ അംഗങ്ങളാക്കാനാണു വ്യഗ്രത. ഭരണഘടനയെപ്പറ്റിയും രാജ്യത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളെപ്പറ്റിയും സാങ്കേതിക കാര്യങ്ങളെപ്പറ്റിയും പാണ്ഡിത്യമുള്ളവരാണു പാര്‍ലമെന്റ്‌ അംഗങ്ങളും മറ്റുമാകേണ്ടത്‌. അവര്‍ ഏതു മതവിഭാഗത്തില്‍ പെട്ടവരുമാകട്ടെ തങ്ങളുടെ സമുദായത്തിനു ബലമുള്ള മണ്ഡലങ്ങളില്‍ നിന്നു തങ്ങള്‍ പറയുന്ന സമുദായാംഗങ്ങളെ മാത്രമേ സ്‌ഥാനാര്‍ഥികളാക്കാന്‍ പാടുള്ളൂവെന്നു ശഠിക്കുന്ന മെത്രാന്മാരും സമുദായ നേതാക്കളും ഒരുവിധത്തില്‍ പറഞ്ഞാല്‍ ജനദ്രോഹമാണു ചെയ്യുന്നത്‌. ഇവരുടെ വാദമുഖം അംഗീകരിച്ചാല്‍ മുസ്ലീമായ എ.പി.ജെ. അബ്‌ദുള്‍കലാമിനെക്കാള്‍ പ്രഗത്ഭനായ ഒരു ശാസ്‌ത്രജ്‌ഞന്‍ കോട്ടയം മണ്ഡലത്തില്‍ നിന്നു ലോക്‌സഭയിലേക്കു മത്സരിക്കാന്‍ സഭാമേധാവികള്‍ സമ്മതിക്കുമോ? എറണാകുളത്ത്‌ ഡോ. അമര്‍ത്യ സെന്നിനേക്കാള്‍ പ്രഗത്ഭനായ ഒരു സാമ്പത്തിക വിദഗ്‌ദ്ധന്‍ ജനിക്കുന്നതു കൊങ്കിണി വിഭാഗത്തിലാണെങ്കില്‍ അദ്ദേഹത്തെ പാര്‍ലമെന്റിലയയ്‌ക്കാന്‍ സഭാനേതാക്കളോ ഭൂരിപക്ഷ സമുദായ നേതാക്കളോ സമ്മതിക്കുമോ?

ഇന്ത്യയിലെ ഏറ്റവും ചെറിയ ന്യൂനപക്ഷമായ പാഴ്‌സി വിഭാഗത്തില്‍നിന്നു ഫിറോസ്‌ ഗാന്ധിക്കും എം.ആര്‍. മസാനിക്കും പിലു മോഡിക്കും ലോക്‌സഭയിലെത്താന്‍ കഴിഞ്ഞത്‌ ഇന്ത്യന്‍ സോഷ്യലിസത്തിന്റെ മഹത്വമാണ്‌. മെത്രാന്മാരും എന്‍.എസ്‌.എസ്‌.,
എസ്‌.എന്‍.ഡി.പി. നേതാക്കളും അവകാശപ്പെടുന്ന അര്‍ഹത സമുദായത്തിന്റെ ബലമാണെങ്കില്‍ ഈ പാഴ്‌സി നേതാക്കള്‍ക്കു പഞ്ചായത്തില്‍ പോലും ജയിക്കാന്‍ കഴിയുമായിരുന്നോ? തീര്‍ത്തും സങ്കുചിതമായ മതജാതി ചിന്തകളിലേക്കാണോ ക്രൈസ്‌തവ സഭാ മേധാവികള്‍ കേരളീയരെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത്‌?

കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ധീരമായി കാര്യകാര്യങ്ങള്‍ പറഞ്ഞതുകൊണ്ടു കേരളത്തിലെ ക്രൈസ്‌തവ സഭാ മേധാവികളുടെ കാഴ്‌ചപ്പാടില്‍ ഒരു മാറ്റവുമുണ്ടാകുമെന്നു വിശ്വസിക്കുന്നയാളല്ല ഞാന്‍. കര്‍ദ്ദിനാളിനു പോലും അങ്ങനെയൊരു വിശ്വാസമുണ്ടെന്ന്‌ എനിക്കു തോന്നുന്നില്ല. കാരണം വിദ്യാര്‍ഥികളുടെ പ്രവേശന കാര്യത്തിലും അധ്യാപകരുടെ നിയമന കാര്യത്തിലും കൈക്കൂലിയും ലക്ഷങ്ങളുടെ കോഴയും വാങ്ങുന്ന ക്രൈസ്‌തവ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ഹീനമായ നടപടിയെ തുറന്ന്‌ അപലപിച്ചുകൊണ്ട്‌ കഴിഞ്ഞവര്‍ഷം ഇടയലേഖനം പ്രസിദ്ധീകരിച്ച സഭാ മേധാവിയാണു കര്‍ദ്ദിനാള്‍ വിതയത്തില്‍.

സ്‌കൂള്‍ പ്രവേശന കാര്യത്തിലും അധ്യാപക നിയമന കാര്യത്തിലും എത്ര മിടുക്കുണ്ടെങ്കിലും അധ്വാനിക്കുകയും ഭാരം ചുമക്കുകയും ചെയ്യുന്ന ദരിദ്ര ക്രിസ്‌ത്യാനിയുടെ മക്കള്‍ ചവിട്ടിമെതിക്കപ്പെടുകയാണെന്ന്‌ എല്ലാവരെയും പോലെ കര്‍ദ്ദിനാളിനും അറിയാം. കത്തോലിക്കാ സ്‌ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കു ലക്ഷങ്ങള്‍ കോഴ വാങ്ങിയവരോട്‌ ആ രൂപ തിരികെ നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടെങ്കിലും അതു പ്രാവര്‍ത്തികമായില്ലെന്നു കര്‍ദ്ദിനാള്‍ തന്റെ പുസ്‌തകത്തില്‍ തുറന്നു സമ്മതിച്ചിട്ടുണ്ട്‌. ഈ രീതി തുടര്‍ന്നാല്‍ അധികാരികളെ വിവരമറിയിച്ച്‌ കോഴ വാങ്ങുന്നവരെ അറസ്‌റ്റുചെയ്യിച്ച്‌ ജയിലില്‍ അടയ്‌ക്കേണ്ടി വരുമെന്നും കര്‍ദ്ദിനാള്‍ തന്റെ പുസ്‌തകത്തില്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

ഗള്‍ഫ്‌ മേഖലയിലെ കടുത്ത സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന്‌ അവിടെനിന്ന്‌ ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ്‌ ഈ വര്‍ഷം കേരളത്തിലേക്കു മടങ്ങാന്‍ പോകുന്നത്‌. ഇവരില്‍ നിന്നു കേരളത്തിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ കോഴയുടെ കൊയ്‌ത്തായിരിക്കും നടത്തുകയെന്നു കര്‍ദ്ദിനാളിനും അറിയാമെന്നു തോന്നുന്നു.

തന്റെ അതിരൂപതയുടെ കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ കോഴയുടെ കാര്യത്തില്‍പോലും കര്‍ദ്ദിനാള്‍ വിതയത്തില്‍ നിസഹായനായിപ്പോകുന്നു എന്നതാണു വേദനാജനകമായ കാര്യം. എറണാകുളം അതിരൂപതയുടെ കീഴിലുള്ള ഞാറയ്‌ക്കല്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍ നടന്ന കാര്യങ്ങള്‍തന്നെ ഉദാഹരണമാണ്‌. പള്ളിയോടു തൊട്ടുള്ള വളപ്പില്‍ കര്‍മ്മലീത്താ സന്യാസികള്‍ നടത്തിവന്ന ലിറ്റില്‍ഫ്‌ളവര്‍ ഹൈസ്‌കൂള്‍ പള്ളിവികാരി പിടിച്ചെടുത്ത്‌ ലക്ഷക്കണക്കിനു രൂപയാണ്‌ നിയമനത്തിനു കോഴവാങ്ങിയത്‌. അതിനെ എതിര്‍ത്ത്‌ സ്‌കൂളിനു മേല്‍ അവകാശം ഉന്നയിച്ച്‌ അതിനു സര്‍ക്കാരിന്റെ അംഗീകാരം നേടിയ കന്യാസ്‌ത്രീമാരെ വികാരിയുടെ അറിവോടെ സാമൂഹികവിരുദ്ധര്‍ ആക്രമിച്ച്‌ പരുക്കേല്‍പ്പിച്ച്‌ ആശുപത്രിയിലാക്കുകയാണുണ്ടായത്‌. ഇപ്പോള്‍ സാമൂഹികവിരുദ്ധരുടെ സഹായത്തോടെ ആ സന്യാസിനി സമൂഹത്തെ അവിടെനിന്നോടിച്ച്‌ സ്‌കൂള്‍ വീണ്ടും കൈയടക്കാനുള്ള ഇടവക ഭരണാധികാരികളുടെ നികൃഷ്‌ടമായ നീക്കത്തിനു മുന്നില്‍ കര്‍ദ്ദിനാള്‍ മാര്‍വിതയത്തില്‍ നിസഹായനായി നില്‍ക്കുന്ന കാഴ്‌ചയാണു സമൂഹം കാണുന്നത്‌. ഇത്തരം നടപടികളില്‍ ക്രൈസ്‌തവതയുടെ അംശം ആര്‍ക്കെങ്കിലും കാണാന്‍ കഴിയുമോ?

രാഷ്‌ട്രീയത്തില്‍ കൈ മാത്രമല്ല തലവരെ കടത്താന്‍ വെപ്രാളം കാണിക്കുന്ന ക്രൈസ്‌തവ മതമേലധ്യക്ഷന്മാര്‍ ആദ്യം ചെയ്യേണ്ടതു കേരളത്തില്‍ അനുദിനം വികൃതമായിക്കൊണ്ടിരിക്കുന്ന സഭയുടെ മുഖം രക്ഷിക്കാനാണ്‌. ക്രിസ്‌തു കാണിച്ച മാര്‍ഗം നീതിയുടേതാണെങ്കില്‍ നീതിയുടെ മാര്‍ഗത്തിലേക്കു സഭയേയും വിശ്വാസികളേയും കൊണ്ടുവരുന്ന തീവ്രയത്നത്തിലാണു സഭാനേതാക്കള്‍ ഇപ്പോള്‍ ഏര്‍പ്പെടേണ്ടതെന്നാണ്‌ എനിക്കു തോന്നുന്നത്‌.

***

കെ. എം. റോയ് , കടപ്പാട് : മംഗളം, വര്‍ക്കേഴ്സ് ഫോറം

ഒരു ജൈ‌സാള്‍‍‌മീര്‍ യാത്രയുടെ ഓര്‍മ്മയ്ക്ക്

ഒരു ജൈ‌സാള്‍‍‌മീര്‍ യാത്രയുടെ ഓര്‍മ്മയ്ക്ക്

അന്ന് രാവിലെ 11വരെ രാജസ്ഥാനിലെ ജോദ്പുര്‍ നഗരത്തില്‍ ബിജെപിയുടെ വഴിതടയല്‍ സമരമായിരുന്നു. ഒരുസംഘം ബിജെപി പ്രവര്‍ത്തകര്‍ ഞങ്ങളുടെ കാര്‍ തടഞ്ഞപ്പോള്‍ ക്യാമറമാന്‍ ജയേഷ് ക്യാമറയെടുത്ത് പുറത്തേക്ക് കാണിച്ചു.

'ഞങ്ങള്‍ നിങ്ങളുടെ രാമസേതു സമരം റിപ്പോര്‍ട്ട്ചെയ്യാന്‍ ഡല്‍ഹിയില്‍നിന്നും എത്തിയ ചാനലുകാരാണ്. മറ്റു സ്ഥലങ്ങളിലെയും സമരദൃശ്യങ്ങള്‍ പകര്‍ത്തണം. ഞങ്ങളെ പോകാന്‍ അനുവദിച്ചാലും'.

ജയേഷിന്റെ 'ദൃശ്യമാധ്യമ തട്ടിപ്പ് ' മനസ്സിലാവാതിരുന്ന ജനക്കൂട്ടം വഴിയിലെ തടസ്സങ്ങള്‍ നീക്കി. വൈകിട്ട് ടിവിയില്‍ കാണാനാകുമെന്ന പ്രതീക്ഷയോടെ ക്യാമറയുടെ മുന്നില്‍വന്ന് ആഹ്ലാദത്തോടെ വിളിച്ചുപറഞ്ഞു. ' ജയ് ശ്രീറാം... ജയ് രാമസേതു...'

ജനക്കൂട്ടം സന്തോഷത്തോടെ ജോദ്പുരില്‍നിന്നും ഞങ്ങളെ യാത്രയാക്കി. ജോദ്പുരിലെ മനുഷ്യാവകാശപ്രവര്‍ത്തകനായ ഹിന്ദുസിങ് സോസ ഏര്‍പ്പാടാക്കിയ റായ് ചന്ദ് എന്ന ദളിത് യുവാവാണ് ഞങ്ങളുടെ വഴികാട്ടി. ജോദ്പുരിലെ സമരങ്ങളെക്കുറിച്ച് റായ് ചന്ദ് ഇങ്ങനെ വിവരിച്ചു.

'രാവിലെ നമ്മള്‍ കണ്ട ജനക്കൂട്ടത്തെ ശ്രദ്ധിച്ചോ? അവരില്‍ ദളിതരല്ലാത്തവരായി നാലോ അഞ്ചോ ആളുകള്‍മാത്രമേ ഉള്ളൂ. സമരംചെയ്യാനും വഴിതടയാനും കല്ലെറിയാനുമെല്ലാം എല്ലാവര്‍ക്കും ദളിതരെവേണം. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും നാടുഭരിക്കാനും കട്ടുമുടിക്കാനുമെല്ലാം സവര്‍ണരെയും...'

രാജസ്ഥാനിലെ മരുപ്രദേശങ്ങളുടെ മുക്കും മൂലയും പരിചയമുള്ള ഒരാള്‍ എന്ന വിശേഷണത്തോടെയായിരുന്നു ഹിന്ദുസിങ് സോസ റായ് ചന്ദിനെ പരിചയപ്പെടുത്തിയിരുന്നത്. ആദിവാസി ഗോത്രവിഭാഗമായ ഭീല്‍സമുദായത്തിലെ വിരലിലെണ്ണാവുന്ന അഭ്യസ്തവിദ്യരില്‍ ഒരാളാണ് റായ് ചന്ദ് . ടൂറിസ്റ്റുകളുടെ സ്വപ്നഭൂമിയായ ബിക്കാനീറാണ് റായ് ചന്ദിന്റെ സ്വദേശം. പണ്ട് ജൈസാള്‍മീറിലെ ഭൂപ്രഭുക്കള്‍ ഭീല്‍സമുദായക്കാരെ കൂട്ടത്തോടെ മരുഭൂമിയുടെ അപ്പുറത്തേക്ക് ആട്ടിയോടിച്ചത്രെ. സംഭവം നടന്നത് സ്വാതന്ത്ര്യത്തിനുമുമ്പ്.

അന്ന് ഇന്ത്യ-പാക് അതിര്‍ത്തി ഇല്ല. ഗത്യന്തരമില്ലാതെ റായ് ചന്ദിന്റെ പൂര്‍വികര്‍ പാകിസ്ഥാനിലെ സിന്ധ് ബിരാനി ഗ്രാമത്തിലേക്ക് കുടിയേറി. റായ് ചന്ദ് ജനിച്ചതും വളര്‍ന്നതുമെല്ലാം പാകിസ്ഥാനിലാണ്. പാകിസ്ഥാനിലെ മുസ്ലിം സമുദായക്കാരുമായി അന്നെല്ലാം നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ഇന്ത്യ-പാക് യുദ്ധവേളകളില്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും അവര്‍ അവിടെത്തന്നെ ജീവിതം തുടര്‍ന്നു. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെയാണ് സ്ഥിതിഗതികള്‍ തകിടംമറിഞ്ഞത്. ഭീലുകള്‍ കൂട്ടത്തോടെ ആക്രമിക്കപ്പെട്ടപ്പോള്‍ റായ് ചന്ദിന്റെ കുടുംബം അതിര്‍ത്തികടന്ന് ഇന്ത്യയിലെത്തി. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് സര്‍ക്കാര്‍ റായ് ചന്ദിനും കുടുംബത്തിനും ഇന്ത്യന്‍ പൌരത്വംനല്‍കി.

'പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ക്കുനേരെ വിവേചനമുണ്ട്. എന്നാല്‍ ദളിതരോട് പ്രത്യേകമായി വിവേചനം ഉണ്ടായിരുന്നില്ല. ഏത് മുസ്ലിം പ്രമാണിയുടെ വീട്ടില്‍പ്പോയാലും അവര്‍ ബ്രാഹ്മണനെയും രജപുത്രനെയും ഭീലിനെയും മീണയെയും മെഗ് വാറിനെയും കുംദാറിനെയും സ്വീകരിച്ച് കസേരയിലിരുത്തും. വെള്ളവും ചായയും ഭക്ഷണവും തരും. ഇവിടെയോ? ജൈസാള്‍മീരില്‍ ബ്രാഹ്മണരും രജപുത്രരും ഞങ്ങളെ അവരുടെ വീടുകളില്‍ കയറ്റില്ല. അഥവാ കയറ്റിയാലോ ഞങ്ങള്‍ തറയിലിരിക്കണം എന്നതാണ് എഴുതപ്പെടാത്ത നിയമം'.

റോഡിന്റെ ഇരുവശത്തെയും പച്ചപ്പുല്ലുകള്‍ കുറഞ്ഞുകൊണ്ടിരുന്നു. താപനില ഉയര്‍ന്നു. മണലാരണ്യത്തിലൂടെ വാഹനം ചീറിപ്പാഞ്ഞു. ചെറുപട്ടണമായ പൊഖ്റാനിലെത്തിയപ്പോള്‍ റായ് ചന്ദ് ഒരു ഉള്‍വഴി കാണിച്ചുതന്നുകൊണ്ട് പറഞ്ഞു.

'ഈ വഴിയിലൂടെ കുറച്ചുദൂരം യാത്ര ചെയ്താല്‍ അണുപരീക്ഷണം നടത്തിയ സ്ഥലത്തെത്താം'.

അണുപരീക്ഷണം നടന്ന സ്ഥലം കാണാനുള്ള വ്യഗ്രതയോടെ ഞങ്ങള്‍ തല പുറത്തേക്കിട്ടു.

'അണുപരീക്ഷണം നടന്നതിന്റെ തലേനാള്‍ ഒരാള്‍ ഇവിടത്തെ ഒരു തട്ടുകടയില്‍വന്ന് ചായ കുടിച്ചത്രെ. എങ്ങനെ ശാസ്ത്രീയമായി ചായയുണ്ടാക്കുമെന്നതിനെക്കുറിച്ച് തട്ടുകടക്കാരനെ ഉപദേശിച്ചു. അടുത്ത ദിവസം വൈകിട്ട് എല്ലാവരും അദ്ദേഹത്തെ ടിവിയില്‍ കണ്ടു. തൊട്ടടുത്തനാള്‍ പത്രത്തിലും. ആരാണ് അയാള്‍?'

ഒട്ടും ആലോചിക്കേണ്ടിവന്നില്ല. ' മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാം'

പൊഖ്റാനില്‍നിന്നും ഉള്‍ഗ്രാമങ്ങളിലേക്ക് വല്ലപ്പോഴുമൊക്കെയേ ബസ് ഉള്ളു. ബസുകളുടെ അകത്തുള്ളതിനേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ മുകളിലാണ്. ചില ബസുകളുടെ അകത്ത് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പക്ഷേ, മുകള്‍ഭാഗത്ത് ജനങ്ങള്‍ തിക്കിത്തിരക്കി ഇരിക്കുന്നു. ഇതെന്തുലോകം?

റായ്‌ചന്ദ് വിശദീകരിച്ചു.

' അകത്തുള്ളവരെയും മുകളിലുള്ളവരെയും സൂക്ഷിച്ചു നോക്കൂ. അകത്ത് ബ്രാഹ്മണരും രജപുത്രരും ജാട്ടും. പുറത്ത് ഭീലും മീണയും മെഗ് വാറും കുംഭാറും. ഏറെക്കാലം ബസുകളുടെ അകത്തിരിക്കാന്‍ ദളിതര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. കാലം കുറേ കഴിഞ്ഞപ്പോള്‍ അകത്തിരിക്കാമെന്നായി. പക്ഷേ, സവര്‍ണര്‍ വന്നാല്‍ സീറ്റുകളില്‍നിന്ന് എഴുന്നേറ്റു കൊടുക്കണം. എന്നാല്‍ അകത്തെ യാത്രയേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം പ്രകൃതിയുമായി സല്ലപിച്ചുകൊണ്ടുള്ള പുറംയാത്രകളാണ്. '

ഒട്ടകങ്ങളെയും, മുഖംമറച്ച് തലയില്‍ കുടങ്ങളും കൈകാലുകളില്‍ കുപ്പിവളകളുടെ കിലുകിലുക്കങ്ങളുമായി കിലോമീറ്ററുകള്‍ താണ്ടിവരുന്ന രാജസ്ഥാന്‍ സ്ത്രീകളെയും തലപ്പാവുധരിച്ച പാവകളി സംഘങ്ങളേയുമെല്ലാം പിറകോട്ടാക്കി വാഹനം മരുപ്പച്ചകളിലൂടെ ചീറിപ്പാഞ്ഞു. ഭൂമിയുടെ നിറംമാറുന്നു. കല്ലിനും മണ്ണിനും കൊട്ടാരത്തിനും കുടിലിനുമെല്ലാം സ്വര്‍ണനിറം. ഇരുവശത്തും കാറ്റില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കാറ്റാടിയാത്രങ്ങള്‍. റോഡുനിറയെ സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകള്‍.

'നമ്മള്‍ ജൈസാള്‍മീരില്‍ എത്തിയിരിക്കുന്നു'.

സ്വര്‍ണനിറമുള്ള ജൈസാള്‍മീര്‍ വളരുകയാണ്. ആകാശത്തോളം. പണ്ടെല്ലാം അവധിക്കാലം ആസ്വദിക്കാനായി ഡല്‍ഹിയിലെത്തിയിരുന്ന വിദേശികള്‍ക്ക് താല്‍പ്പര്യം ഹിമാലയന്‍ ഹില്‍‍സ്റ്റേഷനുകളായ സിംലയോടും കുളുവിനോടും മണാലിയോടുമെല്ലാമായിരുന്നു. ഇപ്പോള്‍ എല്ലാവരും മരുഭൂമിയുടെ സൌന്ദര്യം ആസ്വദിക്കാനായി ജൈസാള്‍മീരിലാണ് എത്തുന്നത്. വര്‍ഷാന്ത്യവും വര്‍ഷാദ്യവും പുതുവല്‍സരം ആഘോഷിക്കാനായി എത്തുന്ന സന്ദര്‍ശകരുടെ തിരക്കുമൂലം ജൈസാള്‍മീരില്‍ സൂചി കുത്താന്‍ ഇടമുണ്ടാകില്ല.

ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കണ്ടുമുട്ടിയ ഒരു മലയാളി ബിഎസ്എഫ് ജവാനുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയൊരാളെ റായ്‌ചന്ദ് പരിചയപ്പെടുത്തിയത്. ' ഇത് കിഷോര്‍കുമാര്‍. ഞങ്ങളുടെ ജാതിയില്‍പ്പെട്ടവനാണ്. ഇവിടെ ഒരു കടയില്‍ തൊഴിലെടുക്കുന്നു. ഈ പ്രദേശത്തെ എല്ലാ ക്ഷേത്രങ്ങളെക്കുറിച്ചും കിഷോര്‍കുമാറിന് നന്നായി അറിയാം. ഇനി ഇവനാണ് നമ്മുടെ സാരഥി'.

കിഷോര്‍കുമാര്‍ വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരുന്നു. ഡ്രൈവര്‍ക്ക് വഴി പറഞ്ഞുകൊടുത്തു.

ഇവിടെനിന്നും 30 കിലോമീറ്റര്‍ അകലെയാണ് കാളിഡുങ്കര്‍ഭായ് ക്ഷേത്രം. ഏറെ ശക്തിയുള്ള ദേവിയാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് നിര്‍മിച്ചതാണ് ക്ഷേത്രം. ഇപ്പോള്‍ ബ്രാഹ്മണരും രജപുത്രരുമടങ്ങിയ ഒരു സമിതിയാണ് ക്ഷേത്രം ഭരിക്കുന്നത്. ക്ഷേത്രത്തിനകത്തേക്ക് ദളിതര്‍ക്കും പിന്നോക്കക്കാര്‍ക്കും പ്രവേശനമില്ല.

വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കാറ്റാടിയന്ത്രങ്ങളോട് ചേര്‍ന്നുള്ള പാതകളിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. മരുഭൂമിയിലെ നിമ്‌നോന്നതങ്ങള്‍ കയറിയിറങ്ങി. അകലെയതാ മണല്‍ത്തട്ടിന് മുകളില്‍ ഒരു ചെറിയ ക്ഷേത്രം.

' ക്ഷേത്രം ചെറുതാണ്. പക്ഷേ, ജൈസാള്‍മീര്‍ ജില്ലയില്‍ കാളിഡുങ്കര്‍ഭായിക്ക് നിരവധി വിശ്വാസികളുണ്ട്. ഉച്ചസമയമായതിനാല്‍ ഇപ്പോള്‍ തിരക്കുണ്ടാവില്ല. അവിടെ കാണുന്നവരോടൊന്നും ക്ഷേത്രത്തിലെ ചാതുര്‍വര്‍ണ്യം റിപ്പോര്‍ട്ട്ചെയ്യാന്‍ വന്നതാണെന്ന് പറയരുത്. പറഞ്ഞാല്‍ നിങ്ങള്‍ക്കുമാത്രമല്ല ഞങ്ങള്‍ക്കും അടികിട്ടും'.

കിഷോര്‍കുമാര്‍ പറഞ്ഞതുപോലെ ക്ഷേത്രത്തിനകത്ത് തിരക്ക് നന്നേ കുറവായിരുന്നു. ക്യാമറയും മൈക്കുമായി ചെന്ന ഞങ്ങളെ പണ്ഡിറ്റ്ജി നീച്‌വന്‍ ജോഷി സ്വീകരിച്ചു.

ഞങ്ങള്‍ കേരളത്തില്‍നിന്നും വരുന്നവരാണ്. രാജസ്ഥാനിലെ ദേവീക്ഷേത്രങ്ങളെക്കുറിച്ച് പ്രോഗ്രാം നിര്‍മിക്കുകയാണ് ഉദ്ദേശം. പണ്ഡിറ്റ്ജി മനസ്സു തുറന്നു ചിരിച്ചു.

'കാളിഡുങ്കര്‍ഭായ് ക്ഷേത്രത്തെ ഒഴിവാക്കിക്കൊണ്ട് ആര്‍ക്കെങ്കിലും രാജസ്ഥാനിലെ ക്ഷേത്രങ്ങളെക്കുറിച്ച് എന്തെങ്കിലും പറയാന്‍ സാധിക്കുമോ? അത്രയ്ക്ക് ശക്തിയും തേജസ്സും ഉള്ളതല്ലേ ഈ ദേവിക്ക്. അകത്തേക്കൊന്നു സൂക്ഷിച്ചുനോക്കൂ. എത്ര ഐശ്വര്യവതിയാണ്...'

രണ്ടു യുവാക്കള്‍ ക്ഷേത്രത്തിനകത്ത് കടന്നു. അവര്‍ ദേവിയെ ആരാധിക്കുകയാണ്. ക്ഷേത്രത്തിനുപുറത്തായി നാലഞ്ചുപേര്‍ നില്‍ക്കുന്നുണ്ട്. അവര്‍ ദളിതരാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. രാജസ്ഥാനിലെ ക്ഷേത്രങ്ങളില്‍ പൂജാരിക്ക് മാത്രമല്ല ഭക്തര്‍ക്കും വിഗ്രഹത്തിനടുത്തിരുന്ന് പൂജിക്കുകയും പ്രാര്‍ഥിക്കുകയും ആരാധിക്കുകയുംചെയ്യാം. എന്നാല്‍ ഇതെല്ലാം സവര്‍ണജാതിക്കാര്‍ക്ക് മാത്രമുള്ള പ്രാര്‍ഥനാരീതികളാണ്. ക്ഷേത്രത്തിനു തൊട്ടുമുന്നില്‍ നിലത്ത് കല്ലുകൊണ്ട് ഒരു വിഗ്രഹം സ്ഥാപിച്ചിട്ടുണ്ട്. ഇത് അവര്‍ണര്‍ക്കായുള്ള കാളിഡുങ്കര്‍ഭായിയുടെ 'ഡ്യൂപ്ളിക്കേറ്റ്' വിഗ്രഹം‘. ഈ വിഗ്രഹത്തിന് മുന്നിലിരുന്ന് എത്രനേരം വേണമെങ്കിലും അവര്‍ണര്‍ക്ക് പ്രാര്‍ഥിക്കാം.

പണ്ഡിറ്റ്ജി അദ്ദേഹത്തിന്റെ സമീപത്ത് ഞങ്ങളെ പിടിച്ചിരുത്തി. പിന്നെ ക്ഷേത്രത്തിന്റെ ഐതിഹ്യം വിവരിച്ചു.

'ഒരുകാലത്ത് ഈ മരുഭൂമി നിറയെ ഭൂതങ്ങളായിരുന്നു. ഭൂതങ്ങള്‍ മനുഷ്യരെ പിടിക്കും. കഴുത്തുപിടിച്ച് ഞെരിക്കും. ചോരകുടിക്കും. കൂട്ടത്തോടെ നിഗ്രഹിക്കും. ഭൂതങ്ങളെ പേടിച്ച് ജനങ്ങള്‍ കൂട്ടത്തോടെ മരുഭൂമിയില്‍ തപസ്സനുഷ്ഠിച്ചു. നാല്പത്തിഒന്നാം ദിവസം ദേവി പ്രത്യക്ഷപ്പെട്ടു. ദേവി പറഞ്ഞു: ഞാന്‍ കാളിഡുങ്കര്‍ഭായി... ഇനി ആരും ഭൂതങ്ങളെ പേടിക്കേണ്ട. ഞാനിരിക്കുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിയണം. എന്നെ പൂജിക്കണം. നിങ്ങളെ ഭൂതങ്ങളില്‍നിന്നും ഞാന്‍ രക്ഷിക്കാം. അങ്ങനെ ഈ സ്ഥലത്ത് അന്നത്തെ ജൈസാള്‍മീര്‍ മഹാരാജാവ് പണിത ക്ഷേത്രമാണ് ഇത് '.

പണ്ഡിറ്റ്ജി തുടര്‍ന്നു.

'അകത്ത് ബ്രാഹ്മണര്‍, രജപുത്രര്‍ തുടങ്ങിയ ഉയര്‍ന്ന ജാതിക്കാര്‍ക്ക് പ്രാര്‍ഥിക്കാം. താഴ്ന്നജാതിക്കാര്‍ക്ക് പുറത്ത് നിലത്തിരുന്ന് പ്രാര്‍ഥിക്കാം'. ഇതെല്ലാം ദേവിയുടെ കല്‍പ്പനകളാണ്. എല്ലാം ഞങ്ങള്‍ അനുസരിക്കുന്നുവെന്നുമാത്രം'.

അഭ്യസ്തവിദ്യനായ ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ സമീപത്തെത്തി. ദീപക് കെലിയ എന്ന രജപുത്ര യുവാവ് . ബികോം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. കെലിയക്ക് ഞങ്ങളുടെ ഉദ്ദേശം എന്താണെന്ന് മനസ്സിലായി. അവന്‍ തറപ്പിച്ചുപറഞ്ഞു.

' ജനറല്‍ വിഭാഗങ്ങള്‍ക്ക് അകത്തിരിക്കാം. എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങള്‍ക്ക് പുറത്തിരിക്കാം.'

ആ ചെറുപ്പക്കാരന്‍ ആവര്‍ത്തിച്ചു. ' ജനറല്‍ വിഭാഗങ്ങള്‍ അകത്ത്. എസ് സി, എസ് ടിയും ഒബിസിയും പുറത്ത് '

കാളീഡുങ്കര്‍ഭായ് ക്ഷേത്രത്തില്‍ മാത്രമല്ല, ജൈസാള്‍മീറിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലേയും അവസ്ഥ ഇതുതന്നെയാണ്. എല്ലാ ദേവീ ദേവന്മാര്‍ക്കും ഉജ്വലമായ ഐതിഹ്യകഥകളുണ്ട്. അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ദേവീദേവന്മാരുടെ വലംകൈകള്‍ ബ്രാഹ്മണരും ക്ഷത്രിയരുമായിരിക്കും. ഐതിഹ്യങ്ങളിലെ വില്ലന്മാര്‍ ദളിതരും.

ക്ഷേത്രത്തില്‍നിന്നുമുള്ള മടക്കയാത്രക്കിടെ കിഷോര്‍കുമാര്‍ ഭീല്‍ ജാതിക്കാരുടെ കഥനകഥകള്‍ വിവരിച്ചു.

'ഈ പ്രദേശത്തെ ജനസംഖ്യയിലെ 35 ശതമാനത്തോളം ഞങ്ങളാണ്. എങ്കിലും ഞങ്ങള്‍ ഇത്തരം അനീതികളെ ചോദ്യംചെയ്യാറില്ല. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ ഉടനെ രജപുത്രര്‍ അവരെ തേടി ഗ്രാമത്തിലെത്തും. പ്രശ്നത്തിന്റെ ഗൌരവമനുസരിച്ച് ശിക്ഷവിധിക്കും. തല്ലിക്കൊല്ലാനും അവര്‍ക്ക് ഒരു മടിയുമില്ല. പൊലീസ് സ്റ്റേഷനില്‍ പോയാല്‍ പൊലീസുകാരെല്ലാം രജപുത്രരായിരിക്കും. പരാതികൊടുത്താല്‍ വാദി പ്രതിയാകും. ഞങ്ങള്‍ ഇപ്പോള്‍ ആരോടും പരാതി പറയാറില്ല'.

കിഷോര്‍കുമാറിനോട് യാത്രപറഞ്ഞ് മടങ്ങുന്നതിനിടെ ഞങ്ങള്‍ റോഡരികില്‍ ഒരു പ്രകടനം കണ്ടു. രാമസേതു പ്രശ്നത്തിലുള്ള പ്രകടനം. റായ് ചന്ദ് തല പുറത്തിട്ടു.

'നിങ്ങള്‍ നോക്കൂ. ആ പ്രകടനത്തിലെ ഏറെക്കുറെ എല്ലാവരും ദളിതരാണ്. ഇതിനുമാത്രമേ ഇവര്‍ക്ക് ഞങ്ങളെ വേണ്ടു...'

ഞങ്ങള്‍ സ്വര്‍ണനിറമുള്ള നഗരത്തോട് വിടപറഞ്ഞു. വാഹനം കാറ്റാടിയന്ത്രങ്ങള്‍ക്കു ചുവട്ടിലൂടെ ജോദ്പുര്‍ ലക്ഷ്യമിട്ട് ചീറിപ്പാഞ്ഞു.

(ലേഖകന്‍: ശ്രീ.കെ.രാജേന്ദ്രന്‍. കടപ്പാട്: ദേശാഭിമാനി)

22 March, 2009

ചെ: വിശ്വവിമോചനത്തിന്റെ പ്രതീകം

ചെ: വിശ്വവിമോചനത്തിന്റെ പ്രതീകം

ബൊളീവിയയില്‍ ജനാധിപത്യ സര്‍ക്കാരിനെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ അട്ടിമറിച്ച് അധികാരത്തില്‍ വന്ന സൈനിക സ്വേച്ഛാധിപതി ബാരിയന്റോസിന്റെ കിരാത വാഴ്ചക്കെതിരായ ഗറില്ലാപ്പോരാട്ടത്തിനിടയില്‍ പിടിക്കപ്പെട്ട ചെയെ അമേരിക്കയുടെ കൂലിപ്പട്ടാളം വെടിവെച്ചു കൊല്ലുകയാണുണ്ടായത്. ആ അനശ്വര വിപ്ലവതേജസ്സിന്റെ സ്മരണ പോലും സാമ്രാജ്യത്വത്തിന്റേയും അതിന്റെ പിണിയാളുകളുടേയും ഉറക്കം കെടുത്തുന്നതായിരുന്നു. ആ വീരവിപ്ലവകാരിയുടെ ശവശരീരത്തെപ്പോലും അവര്‍ വെറുതെ വിട്ടില്ല. ഭീരുക്കളായ സൈനികഭരണകൂടം കൊല്ലപ്പെട്ട ചെയുടെ ഒരു കൈ വെട്ടി മാറ്റിയശേഷം അജ്ഞാതമായ ഒരിടത്ത് പരമരഹസ്യമായി കുഴിച്ചിടുകയാണുണ്ടായത്.

1928 ജൂണ്‍ 14ന് അര്‍ജന്റീനയിലെ റൊസാരിയോ എന്ന സ്ഥലത്ത് ഒരിടത്തരം കുടുംബത്തില്‍ ഏണെസ്റ്റോ ഗുവേര ദെ ലാസെര്‍ന ജനിച്ചു. പിതാവ് ഏണെസ്റ്റോ ഗുവെര ലിഞ്ച്. മാതാവ് സീലിയ ദെ ലാ സെര്‍ന. കുട്ടിക്കാലം മുതല്‍ ബൊളീവിയന്‍ കാട്ടിലെ അന്ത്യനാളുകള്‍ വരെ ആസ്ത്മ രോഗം അദ്ദേഹത്തെ വിടാതെ പിടികൂടിയിരുന്നു. ചരിത്രത്തിലും സാഹിത്യത്തിലും അതീവ തല്‍പരനായിരുന്ന ഗുവേര 1948ല്‍ ബ്യൂണസ് അയേഴ്സ് സര്‍വകലാശാലയില്‍ വൈദ്യശാസ്ത്ര പഠനത്തിനു ചേര്‍ന്നു.

സഞ്ചാരകുതുകിയായിരുന്ന ഗുവേര വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിയായിരിക്കെ 1950ല്‍ മോട്ടോര്‍ ഘടിപ്പിച്ച ഒരു സൈക്കിളില്‍ അര്‍ജന്റീനയുടെ വടക്കന്‍ മേഖലയിലാകെ ചുറ്റിക്കറങ്ങി(ഏകദേസം 4500 കിലോമീറ്റര്‍ ദൂരം). വീണ്ടും 1951 ഡിസംബറില്‍ തന്റെ സുഹൃത്ത് ആല്‍ബെര്‍ടൊയുമൊത്ത് ഒരു മോട്ടോര്‍ സൈക്കിളില്‍ ദക്ഷിണ അമേരിക്കയുടെ തെക്കെയറ്റത്തുള്ള ബ്യൂണസ് അയേഴ്സില്‍ നിന്നും തുടങ്ങി വടക്കെ അറ്റത്ത് കാരക്കാസ് വരെ സാഹസികമായ യാത്ര നടത്തി. എട്ടുമാസത്തിനുശേഷം 1952 ആഗസ്റ്റില്‍ തിരിച്ചെത്തി. ആ യാത്രയുടെ വിവരണമാണ് പില്‍ക്കാലത്ത് പ്രസിദ്ധമായ 'മോട്ടോര്‍ സൈക്കിള്‍ ഡയറി'യില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്.

1953ല്‍ വൈദ്യശാസ്ത്ര ബിരുദം നേടിയ അദ്ദേഹം രോഗചികില്‍സയേക്കാള്‍ ലോകത്തെ അറിയാനും മാറ്റിമറിക്കാനുമുള്ള അദമ്യമായ ആഗ്രഹവുമായി വീണ്ടും ലാറ്റിന്‍ അമേരിക്കന്‍ പര്യടനം ആരംഭിച്ചു. ഈ യാത്രക്കിടയില്‍ 1953ലെ ബൊളീവിയന്‍ വിപ്ലവത്തിന് അദ്ദേഹം സാക്ഷ്യം വഹിച്ചു. 1954ല്‍ ഗ്വാട്ടിമാലയിലെ ജേക്കബ് അര്‍ബന്‍സിന്റെ ജനാധിപത്യ സര്‍ക്കാരിനെ അമേരിക്കന്‍ പിന്തുണയോടെ പട്ടാളം അട്ടിമറിക്കുമ്പോള്‍ ഗുവേര അവിടെ ഉണ്ടായിരുന്നു. ഗ്വാട്ടിമാലയില്‍ വെച്ച് യുവ ക്യൂബന്‍ വിപ്ലവകാരിയായ അന്തോണിയോ ലോപ്പെസിനെ പരിചയപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഗ്വാട്ടിമാലയില്‍ നിന്ന് അദ്ദേഹം അക്കാലത്തെ ലാറ്റിന്‍ അമേരിക്കന്‍ വിപ്ലവകാരികളുടെ സങ്കേതമായിരുന്ന മെക്സിക്കോയിലേക്ക് പോകാന്‍ ഇടയാക്കിയത് ഈ പരിചയപ്പെടലായിരുന്നു.

നിരന്തരമുള്ള യാത്രകളിലൂടെ യുവാവായ ഏണെസ്റ്റോ ലാറ്റിനമേരിക്കയിലെ കൊടിയ ദാരിദ്ര്യത്തിന്റെ രൂക്ഷമായ മുഖം കണ്ടു. വിവിധ ആദിമജനവിഭാഗങ്ങളും തൊഴിലാളികളും അനുഭവിക്കുന്ന ദുരിതങ്ങളും തൊഴിലാളികളുടെ ചോരയൂറ്റിക്കുടിച്ച് തടിച്ചുകൊഴുക്കുന്ന അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകളുടെ കൊള്ളകളും സൈനിക സ്വേച്ഛാധിപതികളുടെ തേര്‍വാഴ്ചകളൂം മുഖാമുഖം കണ്ട ഏണെസ്റ്റോയിലെ വിപ്ലവകാരി ഉണര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ഈ ദുരിതങ്ങള്‍ക്കെല്ലാം പിന്നിലുള്ള യഥാര്‍ത്ഥ വില്ലന്‍ അമേരിക്കന്‍ സാമ്രാജ്യത്വമാണെന്ന് തിരിച്ചറിയാന്‍ അഗാധമായ ചരിത്രബോധവും ഗ്വാട്ടിമാലയിലെ അട്ടിമറിയും അദ്ദേഹത്തെ സഹായിച്ചു. രണ്ടാം ലാറ്റിന്‍ അമേരിക്കന്‍ യാത്രയെക്കുറിച്ച് ''വീണ്ടും യാത്ര'' എന്ന കൃതിയില്‍ അദ്ദേഹം വിവരിക്കുന്നു.

മെക്സിക്കോയില്‍ വെച്ചാണ് ചരിത്രത്തില്‍ ഇടം നേടിയ ആ കൂടിക്കാഴ്ച നടന്നത്. ക്യൂബയില്‍ അമേരിക്കന്‍ പിന്തുണയോടെ 1933 മുതല്‍ ഭരണം നടത്തിയിരുന്ന ഫുള്‍ജന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തിനെതിരെ സായുധസമരത്തിന് എതിരെ സായുധ സമരത്തിന് തയ്യാറെടുക്കുകയായിരുന്നു കാസ്ട്രോയും സഹപോരാളികളും. മെക്സിക്കോയില്‍ വെച്ച് ക്യൂബന്‍ വിപ്ലവകാരികളാണ് അദ്ദേഹത്തിന്‍ 'ചെ' എന്ന ഓമനപ്പേര് നല്‍കിയത്. യഥാര്‍ത്ഥത്തില്‍ അര്‍ജന്റീനക്കാരെ പൊതുവെ കളിയാക്കിവിളിക്കുന്ന ആ പേര് പില്‍ക്കാലത്ത് ഏണെസ്റ്റോ സ്വയം സ്വീകരിക്കുകയും ചെയ്തു. മെക്സിക്കന്‍ വാസത്തിനിടയിലാണ് അദ്ദേഹം പെറുവിയന്‍ വിപ്ലകാരിയായിരുന്ന ഹിള്‍ഡ ഗാഡിയയെ വിവാഹം കഴിച്ചത്. ആ ബന്ധത്തില്‍ പിറന്ന പുത്രിയാണ് ഹില്‍ഡിത്ത.

ക്യൂബന്‍ ഗറില്ലാ പോരാളികളുടെ സംഘത്തില്‍ ഒരു ഡോക്ടര്‍ എന്ന നിലയില്‍ ചെയും ചേര്‍ന്നു. 1956 നവംബറില്‍ 'ഗ്രാന്മ' എന്ന നൌകയില്‍ ഫിദെല്‍ കാസ്ട്രോയും റൌള്‍ കാസ്ട്രോയും ചെയും ഉള്‍പ്പെടെ 82 വിപ്ലവകാരികള്‍ മെക്സിക്കോയില്‍ നിന്നും ക്യൂബയിലേക്ക് തിരിച്ചു. ബാറ്റിസ്റ്റയുടെ ദുര്‍ഭരണത്തിനെതിരെ പൊതുപണിമുടക്കുകളൂം പ്രതിഷേധ സമരങ്ങളും ആഞ്ഞടിക്കുന്ന കാലമായിരുന്നു അത്. കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ലവകാരികള്‍ സെയ്രാമെയ് സ്ട്രാ പര്‍വതനിര കേന്ദ്രീകരിച്ച് ഗറില്ലാ പോരാട്ടം ആരംഭിച്ചു. ഡോക്ടര്‍ എന്ന നിലയില്‍ സംഘത്തില്‍ ചേര്‍ന്ന ചെ തന്റെ സൈനിക മികവ് പ്രകടിപ്പിച്ച് 1957 ജൂലായില്‍ ഗറില്ലാ സൈന്യത്തില്‍ ഒരു മേഖലയുടെ മേധാവിയായി ഉയര്‍ത്തപ്പെട്ടു. മദ്ധ്യക്യൂബയില്‍ ബാറ്റിസ്റ്റ സേനയുടെ മുട്ടുമടക്കിച്ച നിര്‍ണ്ണായകമായ പല പോരാട്ടങ്ങള്‍ക്കും ചെ നായകത്വം വഹിച്ചു.

1959 ജനുവരി 1ന് ബാറ്റിസ്റ്റയെ ക്യൂബയില്‍ നിന്നും തുരത്തിയോടിച്ച് ഹവാനയില്‍ അധികാരം സ്ഥാപിച്ച കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ലവകാരികള്‍ യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കനത്ത ആഘാതം ഏല്‍പ്പിക്കുകയാണുണ്ടായത്. വിപ്ലവ വിജയത്തെത്തുടര്‍ന്ന് ചെയെ ക്യൂബന്‍ പൌരനായി അംഗീകരിക്കുകയും കാര്‍ഷിക പരിഷ്കരണത്തിന്റെ ചുമതല നല്‍കുകയും ചെയ്തു. 1959 നവംബറില്‍ അദ്ദേഹത്തെ ക്യൂബന്‍ നാഷണല്‍ ബാങ്കിന്റെ പ്രസിഡന്റായും നിയോഗിച്ചു. ക്യൂബന്‍ വിപ്ലവകാലത്ത് തന്റെ സഹപ്രവര്‍ത്തകയായിരുന്ന അലീദ മാര്‍ച്ചിനെ അദ്ദേഹം ഇക്കാലത്ത് വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ നാലു മക്കളുണ്ട്.

ക്യൂബന്‍ വിപ്ലവസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സോവിയറ്റ് യൂണിയനും ചൈനയും കിഴക്കന്‍ ജര്‍മ്മനിയും ചെക്കോസ്ലോവാക്യയും വടക്കന്‍ കൊറിയയും സന്ദര്‍ശിച്ച ചെ, ആ രാജ്യങ്ങളുമായെല്ലാം നിരവധി വ്യാപാരക്കരാറുകളില്‍ ഒപ്പുവെച്ചു. 1961ല്‍ അദ്ദേഹം ക്യൂബയുടെ വ്യവസായമന്ത്രിയായി നിയോഗിക്കപ്പെട്ടു. 1961 ആഗസ്തില്‍ ഉറുഗ്വേയില്‍ ചേര്‍ന്ന അമേരിക്കന്‍ രാഷ്ട്രസംഘടനാ സമ്മേളനത്തില്‍ ക്യൂബന്‍ പ്രതിനിധി സംഘത്തലവനായി പങ്കെടുത്ത ചെ അമേരിക്കന്‍ പ്രസിഡന്റ് കെന്നഡിയുടെ സഖ്യനിര്‍ദ്ദേശത്തെ നിരാകരിച്ചു. 1962ല്‍ വീണ്ടും സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച അദ്ദേഹം തുടര്‍ന്ന് അള്‍ജീരിയയും മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളും സന്ദര്‍ശിച്ചു. 1964ല്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ ക്യൂബയെ പ്രതിനിധീകരിച്ച് സംസാരിച്ചതും ചെ ആയിരുന്നു.ക്യൂബന്‍ വിപ്ലവത്തെക്കുറിച്ച്, സോഷ്യലിസ്റ്റ് നിര്‍മാണത്തെക്കുറിച്ച്, ഗറില്ലാ യുദ്ധമുറയെ സംബന്ധിച്ചെല്ലാം ഗ്രന്ഥരചന നടത്തുകയും ചെയ്തു. ഇക്കാലത്ത്, വിദ്യാഭ്യാസകാലം മുതല്‍ മാര്‍ക്സിസ്റ്റ് ക്ലാസിക്കുകളുമായി പരിചിതനായിരുന്നു ചെ. കാസ്ട്രോയുടെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ട ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

1965 മാര്‍ച്ചില്‍ ക്യൂബയോട് യാത്രപറഞ്ഞുപിരിഞ്ഞ അദ്ദേഹം പാട്രിസ് ലുമുംബ സ്ഥാപിച്ച കോംഗോയിലെ വിപ്ലവ പ്രസ്ഥാനത്തെ സഹായിക്കാന്‍ രൂപീകരിക്കപ്പെട്ട അന്താരാഷ്ട്ര സംഘത്തിന് നേതൃത്വം കൊടുത്ത് കോംഗോയിലെത്തി. ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് കെട്ടുകെട്ടേണ്ടി വന്ന അമേരിക്കന്‍ സാമ്രാജ്യത്വം ആഫ്രിക്കയെയായിരിക്കും തുടര്‍ന്ന് താവളമാക്കുകയെന്ന് ദീര്‍ഘദര്‍ശനം ചെയ്ത ആ വിപ്ലവ പ്രതിഭ, ആഫ്രിക്കന്‍ വിപ്ലവം വിജയിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് തികഞ്ഞ ബോധവാനായിരുന്നു.

ആറുമാസക്കാലത്തെ കോംഗോ ദൌത്യത്തെ തുടര്‍ന്ന് രഹസ്യമായി ഹവാനയില്‍ എത്തി കാസ്ട്രൊയേയും സഖാക്കളെയും സന്ദര്‍ശിച്ചശേഷം ബൊളീവിയയില്‍ പുതിയ ദൌത്യം ഏറ്റെടുക്കുകയായിരുന്നു. 1966 നവംബറില്‍ ബൊളീവിയയില്‍ ഒളിച്ചുകടന്ന ചെ, ഒരു ചെറിയ ഗറില്ലാസംഘം സംഘടിപ്പിച്ച് ബൊളീവിയന്‍ കാടുകളില്‍ സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ പോരാടി. പതിനൊന്നു മാസത്തെ ക്ലേശകരമായ പോരാട്ടത്തിനൊടുവില്‍ പട്ടാളത്തിന്റെ പിടിയില്‍ അകപ്പെടുകയായിരുന്നു അദ്ദേഹം.

'നമ്മുടെ കാലത്തെ ഏറ്റവും സമ്പൂര്‍ണ്ണനായ മനുഷ്യന്‍' എന്ന് ഴാങ്ങ് പോള്‍ സാര്‍ത്രും 'ഇരുപതാം നൂറ്റാണ്ടിന്റെ ആരാധനാമൂര്‍ത്തി' എന്ന് ടൈംസ് വാരികയും വിശേഷിപ്പിച്ച 'ചെ' സാമ്രാജ്യത്വത്തിനും സൈനിക സ്വേച്ഛാധിപത്യങ്ങള്‍ക്കും എതിരായ പോരാട്ടവേദികളിലെല്ലാം നിത്യപ്രചോദനമായിരിക്കുന്നു.

മുപ്പത്തിഒന്‍പതാം വയസ്സില്‍ ആ വിശ്വവിപ്ലവകാരിയെ ചതിയില്‍പ്പെടുത്തി വധിക്കുകയും അദ്ദേഹത്തിന്റെ ശവശരീരത്തെ ഛിന്നഭിന്നമാക്കി കുഴിച്ചുമൂടുകയും ചെയ്ത സാമ്രാജ്യത്വത്തിന്റെ കിങ്കരന്മാര്‍ക്ക് അദ്ദേഹത്തിന്റെ വിപ്ലവചേതനയെ നശിപ്പിക്കാനായില്ല.

അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ ലാറ്റിന്‍ അമേരിക്കയില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. പുതിയ ഇടതുപക്ഷ ലാറ്റിന്‍ അമേരിക്ക, സാമ്രാജ്യത്വത്തിനെതിരായ നെടുങ്കോട്ടയായി മാറുന്ന ലാറ്റിന്‍ അമേരിക്ക, ആ വിശ്വ വിപ്ലവകാരിയുടെ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമാണ്. ഇന്ന് ക്യൂബയും കാസ്ട്രോയും ഒറ്റയ്ക്കല്ല. വെനിസ്വേലയില്‍, ഇക്വഡോറില്‍ എല്ലാം സാമ്രാജ്യത്വം വെല്ലുവിളി നേരിടുന്നു. ചെയുടെ വിപ്ലവ പൈതൃകം ഏറ്റെടുത്ത് ഹ്യൂഗോ ഷാവേസ് പുതിയ ചെറുത്തു നില്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നു.

ലാറ്റിന്‍ അമേരിക്കയില്‍ സൈനികസ്വേച്ഛാധിപത്യങ്ങള്‍ ജനമുന്നേറ്റത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും പ്രതിവിപ്ലവത്തിന്റെ വിത്തും വിതച്ച് തക്കം പാര്‍ത്തിരിക്കുകയാണ് സാമ്രാജ്യത്വം. സാമ്രാജ്യത്വത്തിന്റെ അട്ടിമറികള്‍ക്കെതിരെ പോരാടുന്ന ജനങ്ങള്‍ക്ക് അനശ്വരനായ ചെയുടെ സ്മരണ എന്നെന്നും ഒരു വിപ്ലവായുധമായിരിക്കും.

(ലേഖകന്‍: ശ്രീ. ജി. വിജയകുമാര്‍, കടപ്പാട്. വര്ക്കേഴ്സ് ഫോറം)

ന്യൂനപക്ഷ പീഡന വാര്‍ത്തകളുടെ തനിമുഖം

ന്യൂനപക്ഷ പീഡന വാര്‍ത്തകളുടെ തനിമുഖം

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്‍പ്, വളര്‍ച്ച എന്നിവ സംബന്ധിച്ച് എപ്പോഴും വ്യഥിതചിത്തനാണ് റിട്ടയേര്‍ഡ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പൌവത്തില്‍. ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ വിചാരങ്ങള്‍ക്ക് പ്രസക്തി ഏറെയാണുതാനും. 2009 ഫെബ്രുവരി 20 ന് ദീപിക എഡിറ്റ്പേജില്‍ 'ന്യൂനപക്ഷ പീഡനം കേരള മോഡല്‍' എന്നൊരു ലേഖനം അദ്ദേഹത്തിന്റേതായി കാണാനിടയായി. ചരിത്രാരംഭം മുതല്‍ ഇന്നോളം ക്രിസ്‌ത്യാനികള്‍ അനുഭവിച്ചുപോരുന്ന പീഡനങ്ങളുടെ കേരളീയ മുഖമാണ് പ്രസ്‌തുത ലേഖനത്തില്‍ അനാവരണംചെയ്യുന്നത്. ക്രൈസ്‌തവരെ കുറ്റവാളികളെന്നു മുദ്രകുത്തി കാരാഗൃഹത്തിലടയ്‌ക്കുകയും വധിക്കുകയും ചെയ്‌ത നീറോ, സ്റ്റാലിന്‍മാരുടെ തുടര്‍ച്ചക്കാരാണ് കേരളത്തില്‍ ന്യൂനപക്ഷ സംരക്ഷകരെന്ന് മേനി നടിക്കുന്നവര്‍-ഇടതുപക്ഷക്കാര്‍ എന്നതില്‍ അദ്ദേഹത്തിനു സന്ദേഹമില്ല.

ആകെ ഒരേ ഒരു ആശ്വാസം മത്രം: കേരളം ഇന്ത്യാ മഹാരാജ്യത്തിന്റെ ഭാഗമാണ്. ഇവിടെ ശക്തമായ ഒരു ജനാധിപത്യ വ്യവസ്ഥിതിയും ഭരണഘടനയുമുണ്ട്. ക്രൈസ്‌തവരുടെ നിലനില്‍പിന്റെ ആധാരശിലകളായി ആര്‍ച്ച് ബിഷപ്പ് കാണുന്നത് ഈ രണ്ടു ഘടകങ്ങളെയാണ്. തന്റെ സമുദായത്തില്‍ കാനോന്‍ നിയമം അടിച്ചേല്‍പിച്ച് സാമാന്യജനതയുടെ എല്ലാ ജനാധിപത്യാവകാശങ്ങളെയും നിഹനിക്കുന്നതിന് നേതൃത്വംകൊടുത്ത ഒരാള്‍ ജനാധിപത്യത്തെപ്പറ്റി ആകുലചിത്തനാകുന്നത് ചേലുള്ള കാഴ്‌ച തന്നെ. കേരള സര്‍ക്കാരിനെയും കമ്യൂണിസ്റ്റ്പാര്‍ടിയെയുമാണ് ആര്‍ച്ച്ബിഷപ്പ് പ്രതിക്കൂട്ടില്‍നിര്‍ത്തുന്നതെന്ന് വ്യക്തമാണല്ലോ.

സ്വാശ്രയ വിദ്യാഭ്യാസമേഖലയാണ് ന്യൂനപക്ഷ പീഡനത്തിന്റെ ആദ്യരംഗമായി അദ്ദേഹം എടുത്തുകാട്ടുന്നത്. സ്വാശ്രയ വിദ്യാഭ്യാസകച്ചവടം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തിടുക്കപ്പെട്ടു നിയമം കൊണ്ടുവന്നത് ഗുരുതരമായ തെറ്റായിപ്പോയി. ലോകത്തൊരിടത്തുമില്ലാത്ത 50-50 ശതമാനം വിദ്യാര്‍ത്ഥി പ്രവേശന സംവരണം പീഡനത്തിന്റെ വേറൊരു ഉദാഹരണം. 'സ്വാശ്രയരംഗത്തു വന്നിട്ടുള്ള ക്രൈസ്‌തവ മാനേജ്‌മെന്റുകളെ ഓരോന്നായി വേര്‍തിരിച്ചു പീഡിപ്പിക്കുന്ന രീതി തുടങ്ങിയിരിക്കയാണ്. സെനറ്റും സിന്‍ഡിക്കേറ്റുമെല്ലാം കൈയിലൊതുക്കിയും തങ്ങളുടെ വരുതിക്കു നില്‍ക്കുന്ന കമ്മീഷനെ മേല്‍നോട്ടമേല്‍പിച്ചുമെല്ലാം നിരന്തരമായി വിദ്യാഭ്യാസവകുപ്പ് കലാലയങ്ങളെ ശല്യംചെയ്യുകയാണ് (ഖണ്ഡിക 6).

തൃശൂര്‍ അമല, ജൂബിലി മെഡിക്കല്‍കോളേജുകള്‍ ഇരിങ്ങാലക്കുട എന്‍ജിനീയറിംഗ് കോളേജ് എന്നിവയ്‌ക്കെതിരെ യൂണിവേഴ്‌സിറ്റി കൈക്കൊണ്ട ചില നിലപാടുകളുടെ പശ്ചാത്തലം സൂചിപ്പിച്ചുകൊണ്ടാണ് ആര്‍ച്ച്ബിഷപ്പിന്റെ ഈ ദൃശ സാമാന്യവല്‍ക്കരണ ചിന്തകള്‍ മുന്നേറുന്നത്. കോടതിവിധി മാത്രമാണ് ഇന്ന് ആശ്രയിക്കാവുന്ന ഒരേയൊരു സങ്കേതം. പക്ഷേ അത് നടപ്പാക്കാന്‍ ഇടതനുകൂല ഭരണക്കാര്‍ കൂട്ടാക്കുകയില്ല. "കോടതിയലക്ഷ്യവിധി വന്നാലും തങ്ങള്‍ക്കൊന്നും വരാനില്ല. ഇതുപലതും നമ്മള്‍ കണ്ടതാണ്'' എന്നു ഭരണക്കാര്‍തന്നെ പറഞ്ഞതായാണ് ജനസംസാരം. കോടതി ഞങ്ങള്‍ക്കു പുല്ലാണ് എന്നു പറഞ്ഞ മുദ്രാവാക്യം ഈയവസരത്തില്‍ സ്‌മരണീയമാണ് (ഖണ്ഡിക 7). ഈ സംസാരത്തിനും മുദ്രാവാക്യത്തിനും കാതോര്‍ക്കുന്ന ആത്മീയ പിതാവാണ് ഈ ആര്‍ച്ച്ബിഷപ് എന്നറിയുന്നത് കൌതുകകരമാണ്.

ക്രൈസ്‌തവ കോളേജുകളോടുള്ള അനീതി അദ്ദേഹം ധാരാളമായി അവതരിപ്പിക്കുന്നു. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി പരിശീലിക്കാന്‍ സമ്മതിക്കില്ല എന്നതുവരെ എത്തുന്നു ആ വിവേചന സമീപനങ്ങള്‍. സ്വാശ്രയ കോളേജുകള്‍ ക്രൈസ്‌തവ ധര്‍മ്മ സംസ്ഥാപനത്തിന്റെ പ്രഥമ വേദികളാകയാലാവാം അവയെപ്പറ്റി ആദ്യം പറഞ്ഞത്. തുടര്‍ന്ന് എയ്‌ഡഡ് കോളേജുകളുടെ ദുരവസ്ഥകളിലേക്കു കടക്കുന്നു. 'ന്യായമായ കാരണങ്ങള്‍കൊണ്ട് അധ്യാപകര്‍ക്കെതിരായി ശിക്ഷണനടപടികള്‍ നടത്തിയാല്‍ കലാലയങ്ങളെ പോര്‍ക്കളമാക്കുന്നു. സെന്റ് ആല്‍ബര്‍ട്സ് കോളേജ് സംഭവം ഇതിനൊരുദാഹരണമാണ്. അതിന്റെപേരില്‍ കോളേജ് പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും നാശനഷ്‌ടങ്ങള്‍ വരുത്തുകയും ചെയ്‌തല്ലോ' (ഖണ്ഡിക 10).. തുടര്‍ന്നും ഒട്ടേറെ പീഡന ദുരിതങ്ങള്‍ അവതരിപ്പിക്കുന്നുണ്ട് അദ്ദേഹം.

ഇപ്പറഞ്ഞവയിലെല്ലാം സത്യം എത്രയുണ്ട് ? പാവപ്പെട്ട ഒരു സാധാരണ കത്തോലിക്കന് ഇത്തരം പിതൃവചനങ്ങള്‍ വേദപ്രമാണങ്ങള്‍പോലെ പരമപ്രധാനമാണ്. ക്രിസ്‌തുമത ധ്വംസനത്തിനെതിരെ പോര്‍ക്കളത്തിലിറങ്ങാന്‍ അവനു യാതൊരു വിമുഖതയുമുണ്ടാവില്ല. വീണ്ടെടുക്കപ്പെട്ട പത്രത്താളുകളിലെ ഉദീരണങ്ങള്‍ക്ക് രണശോഭയേറുന്നുമുണ്ട്. സെന്റ് ആല്‍ബര്‍ട്സ് കോളേജില്‍ സംഭവിച്ചതെന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

2005-06 അധ്യയന വര്‍ഷത്തിലാണ് സെന്റ് ആല്‍ബര്‍ട്സില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. കോളേജിന്റെ പ്രവര്‍ത്തനസമയം രാവിലെ 8 മുതല്‍ 1.30 വരെയാക്കുവാന്‍ അധികൃതര്‍ തീരുമാനിച്ചു. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഭാഗത്തുനിന്ന് എതിരഭിപ്രായങ്ങളുണ്ടായി. കോളേജിന്റെ അടിസ്ഥാന സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി അന്യസര്‍വകലാശാലകളുടെ കോഴ്‌സുകള്‍ നടത്തുന്നതിനുവേണ്ടിയായിരുന്നു ഈ സമയമാറ്റം. ഇഷ്‌ടം പോലെ ഫീസ് പിരിക്കാനും ലാഭം കൊയ്യാനും പറ്റിയ കോഴ്‌സുകള്‍ എക്കാലത്തും മാനേജ്‌മെന്റുകള്‍ക്ക് ഇഷ്‌ട വിഭവങ്ങളാണല്ലോ. ആല്‍ബര്‍ട്സില്‍ വിദ്യാര്‍ത്ഥി, അധ്യാപക സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കപ്പെട്ടു. സര്‍വ്വകലാശാലയുടെ വിദ്യാര്‍ത്ഥി പ്രവേശനനിയമത്തിന് വിരുദ്ധമായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനംനടത്തി. യൂണിവേഴ്‌സിറ്റി/സര്‍ക്കാര്‍ നിയമങ്ങളും ബോധപൂര്‍വം ലംഘിക്കുന്നതിനാണിപ്രകാരം ചെയ്‌തത്. യുജിസി, ഗവണ്‍മെന്റ് സഹായങ്ങള്‍ കാലാകാലങ്ങളില്‍ സ്വീകരിച്ചു പണിത കെട്ടിടങ്ങളില്‍ ചിലത് (ഹോസ്റ്റല്‍) ഷോപ്പിംഗ് കോംപ്ളൿസാക്കി. മുകളിലത്തെ നില ലോഡ്‌ജാക്കി മാറ്റി. ആഡിറ്റോറിയത്തിനു പുതിയ മതില്‍ വന്നു. കോളേജില്‍നിന്നു വേര്‍പെടുത്തപ്പെട്ട് അതൊരു കല്യാണമണ്ഡപമാക്കി മാറ്റി. കനത്ത വാടക ലഭിക്കുന്ന ഒരു സംവിധാനം നിലവില്‍ വന്നു. ന്യൂനപക്ഷാവകാശത്തിന്റെ വിജയവൈജയന്തി വാനില്‍ പറന്നുതുടങ്ങി. സര്‍ക്കാരില്‍നിന്ന് പാട്ടത്തിനേറ്റുണ്ടാക്കിയ കളിസ്ഥലം മറുപാട്ടത്തിന് കൊടുത്തു.

എം വി ജോസ് എന്ന ലൈബ്രേറിയനെ പിരിച്ചുവിട്ടു: ഉച്ചകഴിഞ്ഞുള്ള സമയത്തു പഠിക്കാന്‍ വന്ന ഓഫ് ക്യാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കു പുസ്‌തകം കൊടുത്തില്ല എന്നതായിരുന്നു കാരണം. മൂന്നുകുട്ടികള്‍ ഇക്കാര്യത്തില്‍ പരാതി പറഞ്ഞുവെന്നു ചൂണ്ടിക്കാട്ടി ജോസിനെ സസ്‌പെന്റ് ചെയ്‌തു. എം വി ബന്നി (മലയാളം വാരിക)യുടെ സഹോദരനായിപ്പോയി ജോസ് എന്നതാണ് പ്രശ്‌നം. ബന്നി പലപ്പോഴും സ്വതന്ത്രമായി പ്രതികരിക്കുകയും എഴുതുകയും ചെയ്യുന്നയാളാണ്. ഫാ. തേലക്കാട്ടും ചക്യാത്തു ബിഷപ്പും മധ്യസ്ഥന്മാരായി. ഒരു ക്ഷമായാചനം എഴുതിതന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാം എന്ന് മാനേജര്‍ ഉറപ്പുകൊടുത്തു. അപ്രകാരമൊരു ക്ഷമായാചനമുണ്ടായി. അതു രേഖയായി കുറ്റവാളിയാക്കി മുദ്രകുത്തി ജോസിനെ പിരിച്ചുവിട്ടു.

സമയമാറ്റത്തിനെതിരെ പ്രകടനം നടത്തിയ 42 വിദ്യാര്‍ത്ഥികളെ കോളേജില്‍നിന്ന് പുറത്താക്കി. എം ആര്‍ റജിമോന്‍ എന്ന വിദ്യാര്‍ത്ഥിയുടെ പീഡനം ഇവയില്‍നിന്നെല്ലാം വ്യത്യസ്‌തമായി നില്‍ക്കുന്നു. ചേര്‍ത്തല എഴുപുന്ന സ്വദേശിയാണ് ദളിത് ക്രിസ്‌ത്യാനിയായ റജിമോന്‍. പത്രവിതരണത്തിലൂടെ ലഭിക്കുന്ന വരുമാനംകൊണ്ട് പഠിക്കാന്‍ വന്നു. സമയമാറ്റം അവന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. അവന്റെ ജോലി ഇല്ലാതായി. സമയമാറ്റത്തിനെതിരെ അയാള്‍ കേസുകൊടുത്തു. നടപടിയെടുക്കാന്‍ യൂണിവേഴ്‌സിറ്റിക്കു ഹൈക്കോടതി ഉത്തരവ്. ഏകഛത്രാധിപതിയായ മാനേജര്‍ക്കെതിരെ കേസുകൊടുത്തതിന് റജിമോനെ സസ്‌പെൻഡ് ചെയ്‌തു 5 മാസം. പരീക്ഷയ്‌ക്കു ചേരാന്‍വേണ്ട ഹാജരില്ലാത്തതിനാല്‍ കണ്‍ഡൊണേഷന് അപേക്ഷിച്ചു. അപേക്ഷ കോളേജ് ആഫീസില്‍നിന്ന് പോയില്ല. വീണ്ടും കോടതി ശരണം. പരീക്ഷ എഴുതാന്‍ അനുവാദം ലഭിച്ചു. ഫൈനൽ ഇയര്‍ ഡിഗ്രി ക്ളാസിലേക്ക് പക്ഷേ പ്രവേശനം നിഷേധിച്ചു. കേരളത്തിലെ ഒരു കോളേജിലും കേട്ടുകേഴ്വിപോലുമില്ലാത്ത കാര്യം. മൂന്നാംവട്ടം കോടതിയിലേക്ക്. അങ്ങനെ ആഗസ്റ്റില്‍ പ്രവേശനം. ഇന്റേണല്‍ അസസ്‌മെന്റില്‍ തോല്‍പിച്ച് പരീക്ഷ എഴുതിക്കാതെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു ഒരു ദളിത് ക്രിസ്‌ത്യാനി.

ഒരുപക്ഷേ അയാള്‍ രക്ഷപ്പെടുമായിരുന്നു; മലയാളം അധ്യാപകനായ സെബാസ്റ്റ്യന്‍ കാട്ടടിക്കെതിരായി മാനേജ്‌മെന്റ് ആവശ്യപ്പെട്ടപ്രകാരം ചിലത് എഴുതിക്കൊടുത്തിരുന്നെങ്കില്‍. ആരാണീ സെബാസ്‌ത്യന്‍ കാട്ടടി? 1982 മുതല്‍ സെന്റ് ആല്‍ബര്‍ട്സ് കോളേജില്‍ മലയാളം അധ്യാപകന്‍. ചങ്ങനാശ്ശേരി സെന്റ് ബെർൿമാന്‍സ് കോളേജിന്റെ മുഖവാരത്തിനെതിര്‍വശത്താണിയാളുടെ വീട്. വീട്ടുമുറ്റത്തെ കോളേജില്‍ പഠിച്ചു. വലതുപക്ഷ വിദ്യാര്‍ത്ഥി സഖ്യത്തില്‍ മത്സരിച്ച് കോളേജ് യൂണിയന്‍ ചെയര്‍മാനായി. മലയാളം എം എ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് (1980) സെബാസ്‌ത്യന്‍ മധ്യതിരുവിതാംകൂറിലെ കോളേജുകളില്‍ ആദ്യമായി എസ്‌ബിയില്‍ സാഹിത്യ ശില്‍പശാല സംഘടിപ്പിച്ചു. കോരളത്തിലെ ആദ്യത്തെ ക്യാമ്പസ് ഫിലിം ഡയറക്ടര്‍മാരിലൊരാളായി. കോളേജില്‍ വിദ്യാര്‍ഥികളുടെ ഇഷ്ട അധ്യാപകനായി. അഭിപ്രായങ്ങള്‍ നിര്‍ഭയം പറഞ്ഞിരുന്ന സെബാസ്‌ത്യന്‍ 2005 മുതല്‍ മാനേജ്‌മെന്റിന്റെ തലവേദനയായി മാറുക സ്വാഭാവികം മാത്രം. ഇടതുപക്ഷ അധ്യാപക സംഘടനയായ എകെപിസിടിഎ പ്രവര്‍ത്തകന്‍ ജില്ലാ പ്രസിഡണ്ടും സെനറ്റ് മെമ്പറുമൊക്കെയായി വളര്‍ന്നു. ഒരിക്കലും കമ്യൂണിസ്റ്റ്പാര്‍ടിയില്‍ ഒരു കാന്‍ഡിഡേറ്റ് മെമ്പര്‍പോലുമായിരുന്നില്ല കാട്ടടി സാര്‍.

മാനേജ്‌മെന്റിന്റെ തോന്ന്യാസങ്ങളെ തനിക്ക് അര്‍ഹമായ വേദികളില്‍ ജനാധിപത്യരീതിയില്‍ ചോദ്യംചെയ്യുക എന്ന 'തെറ്റാ'ണ് സെബാസ്‌ത്യന്റെ ഭാഗത്തുനിന്നുണ്ടായത്. നാല്‍പത്തിരണ്ടു വിദ്യാര്‍ത്ഥികളെയും ലൈബ്രേറിയനെയും ഹോമിച്ച മാനേജ്‌മെന്റിന്റെ അവസാനത്തെ ഇരയായിരുന്നു കാട്ടടിസാര്‍. 2005 ജൂണ്‍ 14 അദ്ദേഹത്തെ ഒന്നാംവട്ടം സസ്‌പെൻ‌ഡ് ചെയ്‌തു. സമയമാറ്റം സ്റ്റാഫ് കൌണ്‍സിലില്‍ ചോദ്യംചെയ്‌തതാണ് പ്രശ്‌നമായത്. വിദ്യാര്‍ത്ഥികളെ കലാപത്തിന് പ്രേരിപ്പിച്ചു എന്നതായിരുന്നു പ്രധാന കുറ്റമായി ആരോപിക്കപ്പെട്ടത്. എറണാകുളത്തെ സാമൂഹിക സാംസ്‌ക്കാരിക നേതാക്കളില്‍ പലരുടെയും ഇടപെടലിനെതുടര്‍ന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെട്ടു. എകെപിസിടിഎ സംഘടന 22 ദിവസം ധര്‍ണ നടത്തുകയും ചെയ്‌തു.

2008 ഫെബ്രുവരി 8ന് അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ കൃത്രിമംകാട്ടി എന്ന് ആരോപിച്ച് കാട്ടടിസാറിനെ രണ്ടാംവട്ടം
സസ്‌പെൻഡ് ചെയ്‌തു. എം ജി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍വരെ ഈ നടപടി ശരിയല്ല പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും മാനേജ്‌മെന്റ് പുല്ലുവിലപോലും കല്‍പിച്ചില്ല. എകെപിസിടിഎ 99 ദിവസം ധര്‍ണയും സത്യഗ്രഹവും നടത്തി. എല്ലാ മധ്യസ്ഥ ശ്രമങ്ങളെയും തൃണവല്‍ഗണിച്ച് 2009 ജനുവരി 20ന് സെബാസ്‌ത്യന്‍ കെ ആന്റണിയെ കോളേജില്‍നിന്ന് ഡിസ്‌മിസ് ചെയ്‌തു. ഇതില്‍ പ്രതിഷേധിച്ച് പിറ്റേന്ന് ഉച്ചവരെ കോളേജ് ഗേറ്റിനുമുമ്പില്‍ ധര്‍ണ നടന്നു. കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്നെത്തിയ അധ്യാപകരുടെ പ്രതിഷേധം അവിടെ അലയടിച്ചു.

ഉച്ചയ്ക്ക് ഒരു മണിക്ക് ധര്‍ണ അവസാനിച്ചതിനുശേഷം അവിടെ അരങ്ങേറിയ ഒരു നാടകംകൂടി കണ്ടെങ്കിലേ ന്യൂനപക്ഷ മാനേജ്‌മെന്റിന്റെ ക്രൈസ്‌തവധര്‍മ്മ പ്രകടനം പൂര്‍ണമാവൂ. കോളേജ് മതിലിനോടുചേര്‍ന്ന് നടപ്പാതയിലൂടെ വിദ്യാര്‍ത്ഥികളെപ്പോലെ തോന്നിച്ച പത്തുപന്ത്രണ്ടുപേര്‍ സെന്റ് ആല്‍ബര്‍ട്സിന്റെ ജഴ്‌സിയണിഞ്ഞ് ഒരു പഴഞ്ചന്‍ ട്രോഫി പൊക്കിപ്പിടിച്ച് ചെണ്ടകൊട്ടി പടക്കംപൊട്ടിച്ച് അട്ടഹസിച്ച് വിജയ മുദ്രാവാക്യങ്ങളുമായികടന്നുപോയി. ഇതാണ് സെന്റ് ആല്‍ബര്‍ട്സ് മാനേജ്‌മെന്റിന്റെ മനസ്സ്. 2005-2006 അധ്യയനവര്‍ഷംമുതല്‍ നാളിതുവരെ പ്രസ്‌തുത കോളേജിന് ഏതെങ്കിലും തരത്തില്‍ ഒരു ചില്ലിക്കാശിന്റെ നഷ്‌ടം പോലും പ്രതിഷേധക്കാരില്‍നിന്നോ സമരക്കാരില്‍നിന്നോ ഉണ്ടായിട്ടില്ല. അത്തരത്തില്‍ ഒരു വ്യാജ പരാതിപോലും നല്‍കാന്‍ ആല്‍ബര്‍ട്ട്സ് അധികാരികള്‍ക്കു കഴിഞ്ഞിട്ടില്ല. എന്നിട്ടും ആര്‍ച്ച്ബിഷപ് പൌവത്തില്‍ പറയുന്നു കോളേജിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും നാശനഷ്‌ടങ്ങള്‍ വരുത്തുകയും ചെയ്‌തു എന്ന്.

ഇതാണ് സ്ഥിതി. 11-03-09 ന് ദീപിക എഡിറ്റ്പേജില്‍ എൿസ് ആര്‍ച്ച് ബിഷപ്പിന്റെ പുതിയ വെളിപാടുകള്‍ വായിക്കാം. കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ആത്മകഥാപരമായ അഭിമുഖ സംഭാഷണങ്ങളും പൌവത്തില്‍ കണ്ടെത്തലുകളുമായി ചേര്‍ത്തുവെച്ചു വായിക്കണം. അവയ്‌ക്കിടയില്‍ എവിടെയോ ക്രൈസ്‌തവധര്‍മ്മത്തിന്റെ മൃദുലവും സാന്ത്വനസ്‌പര്‍ശിയുമായ ഒരു ജീവിതമുഖം കണ്ടെത്താനാവും. യുഡിഎഫ് നേതാക്കള്‍ക്കുപോലും അപ്രാപ്യമായ പകയുടെയും വിദ്വേഷത്തിന്റെയും അന്ധതലത്തിലാണ് മാര്‍ പൌവത്തില്‍ നിലകൊള്ളുന്നതെന്ന് ബോധപ്പെടുകയും ചെയ്യും.

ക്രിസ്‌ത്യാനികളുടെ മുഖപത്രമെന്ന് സ്വയം ലേബലൊട്ടിച്ച് അച്ചടിച്ചുവരുന്ന ദീപിക കഴിഞ്ഞ അരനൂറ്റാണ്ടായി ഏകപക്ഷീയവും അതിസങ്കുചിതവുമായ രാഷ്‌ട്രീയ നിലപാടുകളാണ് സ്വീകരിച്ചുപോന്നിട്ടുള്ളത്. ആ പത്രസ്ഥാപനത്തിന്റെ ജീര്‍ണതയ്‌ക്കും തകര്‍ച്ചയ്‌ക്കും കാരണമായത് ഉടമസ്ഥന്മാരുടെ കാലാകാലങ്ങളിലുള്ള പക്ഷപാതപരമായ നിലപാടുകളും അസഹിഷ്‌ണുതകളുമാണ്. ചരിത്രത്തിനും പാരമ്പര്യത്തിനും മാറ്റമുണ്ടാകുന്നില്ല എന്ന് അതിന്റെ ദൈനംദിന മുഖങ്ങള്‍ വെളിവാക്കിക്കൊണ്ടിരിക്കുന്നു.

11-03-09 ലെ മലയാള ദിനപത്രങ്ങളിലെല്ലാം മാര്‍ വിതയത്തിലിന്റെ ആശയഗതികള്‍ അച്ചടിച്ചുവന്നിട്ടുണ്ട്. അദ്ദേഹം കമ്യൂണിസ്റ്റ്പാര്‍ടി സമീപനങ്ങളെ ചിലേടങ്ങളില്‍ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും പൊതുവില്‍ അനുകൂല നിലപാടാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തം. മനോരമപോലും അങ്ങനെ പറയുന്നു. ഇ എം എസിന്റെ ഭൂപരിഷ്‌ക്കരണ നിയമം ചൂഷണരഹിതമായ സാമൂഹികാവസ്ഥയ്‌ക്ക് സഹായകമായി ഭവിച്ചുവെന്നു പറയുന്ന കര്‍ദ്ദിനാള്‍ മെത്രാന്മാരും സഭാധികാരികളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും രാഷ്‌ട്രീയത്തിലും നേരിട്ട് ഇടപെടുന്നതു ശരിയല്ല എന്ന് വ്യക്തമാക്കുന്നു. ഇതൊന്നും ദീപിക വാര്‍ത്തയിലില്ല. പൌവത്തില്‍ സിദ്ധാന്താനുസൃതമായി അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന്റെ യൂപത്തിലാണ് വസ്‌തുതകള്‍ കെട്ടപ്പെട്ടിരിക്കുന്നത്. ബിജു ജനതാദള്‍ ബിജെപി സഖ്യം ഉപേക്ഷിച്ചതിനെപ്പറ്റിയുള്ള ദീപിക വാര്‍ത്തകളും ആര്‍ച്ച് ബിഷപ്പ് പൌവത്തില്‍ വക ഉദീരണങ്ങളും ഒരേ ദിശയില്‍ ഉള്ളവതന്നെ. ആര്‍ച്ച് ബിഷപ് ചീനാത്തും കെസിബിസിയും ഒന്നും അവര്‍ക്കു പ്രശ്‌നമല്ല. ക്രിസ്‌തുവിശ്വാസത്തിന്റെ മൊത്ത ചില്ലറ വ്യവഹാരാധിപത്യം ഏറ്റെടുത്തിരിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും തിരിച്ചറിയാന്‍ സാമാന്യജനത്തിന് വലിയ ക്ലേശമൊന്നും വേണ്ടിവരില്ല; അതാണ് കേരള ചരിത്രം.

****

മാത്യു ജെ മുട്ടത്ത് ,
കടപ്പാട് :
വര്‍ക്കേഴ്സ് ഫോറം, ചിന്ത

രാമസേതു - വിശ്വാസം, ചരിത്രം, രാഷ്ട്രീയം

രാമസേതു - വിശ്വാസം, ചരിത്രം, രാഷ്ട്രീയം

"സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് രാമന്‍ ജനിച്ച സ്ഥലം എവിടെയാണെന്ന് കണിശമായി ചൂണ്ടിക്കാണിക്കുക സാധ്യമല്ല. പക്ഷേ ക്ഷേത്രം നിര്‍മിക്കപ്പെടുകയും കാലാകാലങ്ങളില്‍ പുനര്‍നിര്‍മിക്കപ്പെടുകയും വിക്രമാദിത്യ സാമ്രാജ്യകാലംവരെ നിലനില്‍ക്കുകയും ചെയ്തിരുന്നു.''

(വാജ്‌പേയി,1987 മെയ് 17-ന് ഹിന്ദുസ്ഥാന്‍ ടൈംസ്.)

ഈ പ്രസ്താവന 'അയോധ്യപ്രശ്ന'ത്തെ ആസ്പദിച്ചുള്ള പ്രതികരണമായിരുന്നു. രാമന്‍ ജനിച്ചത് എവിടെയെന്ന് പറയാന്‍ വയ്യെങ്കിലും അയോധ്യയില്‍ രാമക്ഷേത്രം നിലനിന്നിരുന്നു എന്ന് വാദിക്കുവാനാണ് വാജ്‌പേയി അന്ന് ശ്രമിച്ചത്.

എന്താണ് സേതു സമുദ്രം ഷിപ്പിങ്ങ് ചാനല്‍ പ്രോജക്ട്?

ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്ന് ബംഗാള്‍ ഉള്‍ക്കടലിലേക്ക് കപ്പല്‍ ഗതാഗതം സാധ്യമാക്കാനുള്ള പദ്ധതിയാണ് സേതുസമുദ്രം ഷിപ്പ് ചാനല്‍ പ്രോജക്ട് (എസ്എസ്സിപി) . നിലവില്‍ ശ്രീലങ്കയെ മുഴുവന്‍ ചുറ്റിമാത്രമേ യാത്ര സാധ്യമാകൂ. 424 നോട്ടിക്കല്‍ മൈലും 36 മണിക്കൂറും ലാഭിക്കുന്ന ഈ പദ്ധതിക്ക് 1860ല്‍ ബ്രിട്ടീഷ് നാവിക കമാന്‍ഡറായ എ ഡി ടെയ് ലറുടെ കാലംമുതല്‍ ശ്രമം നടന്നുവരികയാണ്. എന്നാല്‍, വാജ് പേയി നേതൃത്വംനല്‍കിയ എന്‍ഡിഎ ഗവണ്‍മെന്റിന്റെ കാലത്താണ് ഇത് യാഥാര്‍ഥ്യമായത്. 1998 സെപ്തംബറില്‍ ചെന്നൈയില്‍ നടന്ന എംഡിഎംകെയുടെ റാലിയില്‍വച്ചാണ് വാജ് പേയി ഈ പദ്ധതി ആദ്യമായി പ്രഖ്യാപിക്കുന്നത്.

എന്നാല്‍, ഏതുവഴിയാണ് സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ അന്നത്തെ ഉപരിതല ഗതാഗത മന്ത്രിയായിരുന്ന ബിജെപിനേതാവ് അരുണ്‍ ജെയ് റ്റ്ലിയാണ് വിശദമായ സാധ്യതാപഠനത്തിനും പരിസ്ഥിതി പ്രത്യാഘാത പഠനത്തിനും ഉത്തരവിട്ടത്. (2001 മാര്‍ച്ച് 9ന്).

ഇതനുസരിച്ച് അന്നത്തെ ഷിപ്പിങ് മന്ത്രിയായ വി പി ഗോയലാണ് തൂത്തിക്കോറിന്‍ പോര്‍ട്ട്ട്രസ്റ്റ് മുഖേന ദേശീയപരിസ്ഥിതി എന്‍ജിനിയറിങ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിനോട് പഠനം നടത്താന്‍ ആവശ്യപ്പെട്ടത്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷിപ്പിങ് സഹമന്ത്രിയും ബിജെപി നേതാവുമായ തിരുനാവക്കരശര്‍ വിളിച്ചുചേര്‍ത്ത റിവ്യൂ യോഗത്തില്‍വച്ചാണ് രാമസേതു അഥവാ ആദംപാലം മുറിച്ചുകൊണ്ടുള്ള പാതയ്ക്ക് അംഗീകാരം നല്‍കിയത്. തുടര്‍ന്ന് മന്ത്രി വി പി ഗോയല്‍ ചാനലിന്റെ ആഴം 9-10 മീറ്ററായി നിജപ്പെടുത്തി. (14 മീറ്റര്‍ വരെ വേണമെന്നായിരുന്നു തിരുനാവുക്കരശരുടെ ശുപാര്‍ശ). പദ്ധതി നടപ്പാക്കാന്‍ ഒരു പ്രത്യേക സമിതിയെയും ചുമതലപ്പെടുത്തി. ആദം പാലം മുറിച്ചുകൊണ്ട് പാമ്പന്‍ ദ്വീപിന്റെ കിഴക്കുവശത്തുകൂടിയായിരിക്കും ചാനല്‍ എന്ന് 2003 സെപ്തംബര്‍ 29ന് രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രി ശത്രുഘ്നന്‍ സിന്‍ഹ ഒരിക്കല്‍കൂടി വ്യക്തമാക്കി. ഇതില്‍നിന്ന് വ്യക്തമാകുന്നത് യുപിഎ ഗവണ്‍മെന്റ് നടപ്പിലാക്കാന്‍ പോകുന്ന പദ്ധതി പൂര്‍ണമായും എന്‍ഡിഎ ഗവണ്‍മെന്റ് അംഗീകരിച്ചിരുന്നതാണെന്നാണ്.

ഇപ്പോള്‍ എതിര്‍ക്കുന്നതെന്തുകൊണ്ട്?

വാനരസേന നിര്‍മിച്ചതെന്ന് സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന രാമസേതു മുറിച്ച് ചാനല്‍ നിര്‍മിക്കാന്‍ ബിജെപി നേതാക്കള്‍തന്നെയാണ് തീരുമാനിച്ചത് എന്നിരിക്കെ ഇപ്പോള്‍ അവര്‍ നടത്തുന്ന ആക്രോശങ്ങള്‍ക്കുമുന്നില്‍ യുപിഎ ഗവണ്‍മെന്റ് കീഴടങ്ങിയത് എന്തിന് ? രാമേശ്വരത്തുനിന്ന് വടക്ക്-പടിഞ്ഞാറന്‍ ശ്രീലങ്കയിലെ തലൈമന്നാര്‍വരെ പാക്ക് ഉള്‍ക്കടലില്‍ ഉള്ള 30 കിലോമീറ്റര്‍ മണല്‍ക്കൂനപാത മനുഷ്യനിര്‍മിതമാണെന്ന സംഘപരിവാറിന്റെ അവകാശവാദത്തെ എതിര്‍സത്യവാങ്മൂലം നല്‍കിയ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും (എഎസ് ഐ) നിഷേധിക്കുന്നു. (എഎസ് ഐ പഠനത്തിന് ഉത്തരവിട്ടത് അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന ഉമാഭാരതിയായിരുന്നു). എന്നിട്ടും സത്യവാങ്മൂലം പൂര്‍ണമായും പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ചെയ്തത്. മാത്രമല്ല, രാമസേതു മുറിച്ചുകൊണ്ടുള്ള പാതയ്ക്ക് പകരം മാര്‍ഗം കണ്ടെത്തുമെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

ആദിമജനതയുടെ ചരിത്രം സംബന്ധിച്ച്, 'തൂലിക പബ്ളിഷേഴ്സ്' പ്രസിദ്ധീകരിച്ച പുസ്തക പരമ്പരയിലെ ഒന്നാം വോള്യത്തില്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് എഴുതിയ ചില വസ്തുതകള്‍ ഈ സന്ദര്‍ഭത്തില്‍ പരിഗണനാര്‍ഹമാണ്.

നമ്മുടെ ഗ്രഹത്തില്‍ കാലങ്ങളായി സംഭവിച്ച ഭൂഭാഗങ്ങളുടെ (Land Mass) ചലനങ്ങളെ ഫലകചലന സിദ്ധാന്തത്തിന്റെ (Plate Techtonics) സഹായത്തോടെ കൃത്യമായി അടയാളപ്പെടുത്താന്‍ സാധിക്കുംവിധം ജിയോളജിക്കല്‍ പഠനങ്ങളും ശാസ്ത്രീയാന്വേഷണങ്ങളും ഇന്ന് മുന്നേറിയിട്ടുണ്ട്. ഭൂമിയുടെ ജിയോളജിക്കല്‍ ആയ കാലഗണനകളും ആ കാലഗണനകള്‍ക്ക് തത്തുല്യമായ കാലത്തുണ്ടായ ജൈവ ആവാസത്തിലെ മാറ്റങ്ങളും കൃത്യമായി ഗണിച്ചെടുക്കുകവഴി ചരിത്രാതീതകാലത്തിന്റെ വിശകലനം ഇന്ന് കുറേക്കൂടി വസ്തുനിഷ്ഠമായിത്തീര്‍ന്നിട്ടുണ്ട്.

400 കോടിയോളം വര്‍ഷങ്ങള്‍ പിന്നോട്ടേക്ക് നമ്മുടെ പഠനം എത്തിയിരിക്കുന്നു. ഈ നീണ്ട കാലയളവിനെ വ്യത്യസ്ത യുഗങ്ങളായി (Eons, Eras, Epochs) എന്നിങ്ങനെ ശാസ്ത്രീയമായി തരംതിരിക്കാനും ശാസ്ത്രത്തിനായിട്ടുണ്ട്. മാത്രമല്ല, ഓരോ യുഗത്തിലും ഉണ്ടായ ഭൌതികമാറ്റങ്ങളെ മാപ്പിംഗ് ചെയ്യാനും സാധിച്ചിരിക്കുന്നു. ഈ പഠനങ്ങള്‍ പ്രകാരം "ലോകത്തിലാകമാനമെന്നപോലെ ഇന്ത്യയിലും ഓരോ ഹിമയുഗത്തിലും (lce age) ഉണ്ടാകുന്ന ഹിമവല്‍ക്കരണ പ്രക്രിയയുടെ (Glaciation) ഫലമായി കടലിന്റെ ജലനിരപ്പില്‍ വലിയ താഴ്ചയുണ്ടായതായി കാണാം. വടക്കുപടിഞ്ഞാറന്‍ യൂറോപ്പിലും വടക്കന്‍ അമേരിക്കയിലും ജലത്തിന്റെ ഭീമമായ ഒരുഭാഗം ഐസ് പാളികളായി ഉറച്ചുപോയതിന്റെ പരിണതഫലമായിട്ടാണ് ജലനിരപ്പിന്റെ ഈ താഴ്ചയുണ്ടായത്. അവസാന ഹിമയുഗത്തില്‍ കടല്‍നിരപ്പ് ഇന്നത്തേതിനേക്കാള്‍ 100 മീറ്റര്‍ മുതല്‍ 150 മീറ്റര്‍വരെ താഴ്ന്നിട്ടുണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഈ കടല്‍പിന്‍മാറ്റത്തിന്റെ ഫലമായി കച്ച് കടലിടുക്കും (Gulf of Kutch) കാംബേ കടലിടുക്കും (Gulf of Cambay) കരഭൂമിയുടെ വിശാലമായ തിട്ടുകളായി മാറി; ആദംപാലത്തിന്റെ ചുറ്റുമുള്ള വിശാലമായ ഒരു ബെല്‍റ്റിനാല്‍ തെക്കെ ഇന്ത്യയും ശ്രീലങ്കയും ബന്ധിക്കപ്പെട്ടു; വടക്ക് മധ്യത്തിലും തെക്കുമുള്ള ആന്‍ഡമാന്‍ ദ്വീപുകള്‍ ഒരൊറ്റ ദ്വീപായി മാറി''.

ആഗോള താപനം (Global Warming) മൂലം ഇതിന് വിപരീതമായി വലിയ ഭാഗം കരപ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിപ്പോകുന്നതിനെക്കുറിച്ച് ഇന്ന് നാം ചര്‍ച്ചചെയ്യുമ്പോള്‍ മുകളില്‍ പറഞ്ഞ ശാസ്തീയ പ്രമാണങ്ങളെക്കുറിച്ച് വലിയ അത്ഭുതം തോന്നേണ്ടതില്ല. എന്നാല്‍ ഓരോ വിഷയത്തെയും വര്‍ഗീയവല്‍ക്കരിക്കുന്നതില്‍ മാത്രം ദത്തശ്രദ്ധരായ ബിജെപിക്കാര്‍, മിത്തോളജിയാണ് ചരിത്രമെന്ന് ഉറപ്പിച്ചെടുക്കാന്‍ മതവിശ്വാസത്തെ ആശ്രയിക്കുകയാണ്.

ആണവ കരാര്‍ പ്രശ്നത്തില്‍ തെരഞ്ഞെടുപ്പിനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ബിജെപി സേതുസമുദ്രം പദ്ധതിയെ എതിര്‍ക്കുന്നത്. പുരാണ കഥാപാത്രമായ രാമന്‍ ഒരിക്കല്‍ക്കൂടി ഹൈന്ദവ വോട്ട് നേടാന്‍ തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വവും അദ്വാനിയും. അയോധ്യ രാമന്റെ ജന്മസ്ഥലമാണെന്ന് പറഞ്ഞാണ് അവിടത്തെ ബാബറി മസ്ജിദ് തകര്‍ത്ത് ബിജെപി അധികാരമേറിയത്. ഇപ്പോള്‍ രാമന്റെ പേരിലുള്ള പാലം രക്ഷിക്കാനെന്നുപറഞ്ഞാണ് അവര്‍ തെരുവിലിറങ്ങിയിട്ടുള്ളത്. ഈ ശക്തികളുടെ വിശ്വാസ്യത തകര്‍ക്കുന്നതിനുപകരം അതിനു ബലംനല്‍കുന്ന രീതിയിലാണ് യുപിഎ സര്‍ക്കാര്‍ സെപ്തംബര്‍ 12ന്റെ എതിര്‍ സത്യവാങ്മൂലം പൂര്‍ണമായും പിന്‍വലിച്ചത്. ഇതോടെ തങ്ങള്‍ പറഞ്ഞത് ശരിയാണെന്ന് വാദിക്കാന്‍ ബിജെപിക്ക് അവസരം ലഭിച്ചു.

ആണവ കരാറിനെ ബിജെപിക്ക് പ്രതിപക്ഷത്തിരുന്നുകൊണ്ട് തുണയ്ക്കാനാവില്ല. അതേ സമയം ആഗോളമൂലധനസേവ ചെയ്യാതിരിക്കാനും അവര്‍ക്കാവില്ല. അപ്പോള്‍ അവര്‍ക്കൊരു പുതിയ പ്രശ്നം വേണം. അത് ജനമനസ്സിനെ സ്വാധീനിക്കുന്ന മതപരതയുള്ളതും അതോടൊപ്പം 'ആണവ കരാര്‍' എന്ന യഥാര്‍ഥ പ്രശ്നത്തില്‍നിന്ന് ജനമസസ്സിനെ പിന്തിരിപ്പിക്കാന്‍ പോന്നതും, ആ വഴിക്ക് ആണവ കരാര്‍ നടപ്പാക്കുന്നതിന് മന്‍മോഹന്‍സര്‍ക്കാരിന് പരോക്ഷ പിന്തുണ നല്‍കാന്‍ പ്രാപ്തമായതുമായിരിക്കണം. അത്തരമൊരു പ്രശ്നമേയുള്ളൂ; അതാണ് രാമസേതു‍.

രാമന്‍ പണിത പാലം തകര്‍ക്കരുത് എന്ന വാദം ബിജെപിക്ക് ഉയര്‍ത്താന്‍ കഴിയണമെങ്കില്‍ പാലം രാമന്‍ ഉണ്ടാക്കിയതല്ലെന്നും അങ്ങനെ പാലം പണിയാവുന്ന വിധത്തിലൊരു രാമന്‍ ജീവിച്ചിരുന്നില്ലെന്നും പറയണം. എന്നാലേ മതവികാരം വ്രണപ്പെടൂ. അങ്ങനെ മതവികാരത്തെ വ്രണപ്പെടുത്തുവാനുള്ള ഒരു പ്രസ്താവനയാണ് രാമസേതു പ്രശ്നത്തില്‍ നല്‍കിയ ആദ്യത്തെ സത്യവാങ്മൂലത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ വകുപ്പ് വഴി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. അത് ബി ജെപി ഏറ്റെടുത്തതോടെ, തൊഗാഡിയ 'രാമസേതു ദക്ഷിണേന്ത്യയിലെ അയോധ്യയാകും' എന്ന് പ്രഖ്യാപിച്ചതോടെ, കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം പിന്‍വലിച്ച് മറ്റൊന്ന് തയാറാക്കി സമര്‍പ്പിച്ചു.

സത്യവാങ്മൂലമെന്നാല്‍ തോന്നുമ്പോള്‍ തിരുത്താവുന്ന കുറെ വാക്കുകളാണെന്ന ലജ്ജാകരമായ ഒരു അര്‍ഥം ഇതോടെ കീഴ്വഴക്കമായിത്തീര്‍ന്നു. രാമന്റെ ചരിത്രപരത'യെക്കുറിച്ചുള്ള അസ്ഥാനത്തുള്ള പ്രസ്താവനയിലൂടെ മതവികാരം ഇളക്കിവിടുവാന്‍ ബിജെപിക്ക് ഒന്നാം സത്യവാങ്മൂലത്തിലൂടെ വഴിതുറന്നുകൊടുക്കുകയും തുടര്‍ന്ന് തങ്ങളുടെ കപട മതേതരത നിലനിര്‍ത്താന്‍ രണ്ടാം സത്യവാങ്മൂലത്തിലൂടെ ശ്രമിക്കുകയും ചെയ്യുന്ന മന്‍മോഹന്‍ സര്‍ക്കാരിന്റെ നടപടികളിലെ ഇരട്ടത്താപ്പ് കണ്ടറിയാനുള്ള പ്രബുദ്ധത രാമനെപ്രതി വികാരംകൊള്ളുന്ന ഓരോ ഹിന്ദുവിനും ഉണ്ടാവണം.

രാമന്‍ ചരിത്ര പുരുഷനോ?

വിശ്വാസപരമെന്നതിലപ്പുറം രാമസേതുവും രാമനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? രാമന്റെ ചരിത്രപരതക്ക് വല്ല തെളിവുമുണ്ടോ?

രാമായണകഥയിലൂടെയാണല്ലോ രാമനെ ഏവരും അറിയുന്നത്. രാമായണകഥയുടെ ഉല്പത്തിവികാസപരിണാമങ്ങള്‍, അതിനാല്‍, നമ്മുടെ ചര്‍ച്ചക്ക് വിഷയമാക്കേണ്ടതുണ്ട്.

രാമായണം പോലെ ഇത്രയേറെ പ്രചാരം നേടിയതും രൂപഭേദം പൂണ്ടതുമായ മറ്റൊരു കഥ ഇല്ലെന്നാണ് തോന്നുന്നത്. ഏഷ്യയിലെ വിവിധരാജ്യങ്ങളില്‍ രാമായണം വ്യത്യസ്തരൂപങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. നാടോടിക്കഥകളായും ജനകീയ കലാരൂപങ്ങളായും ലിഖിതകാവ്യ-നാടകങ്ങളായും ഇന്നും അത് അവിടങ്ങളിലെല്ലാം നിലനില്‍ക്കുന്നു. ജാതി-മത-വര്‍ഗ-പ്രദേശാതീതമാണ് ഈ പ്രചാരമെന്നത് ശ്രദ്ധേയമത്രേ.

ഏഷ്യയില്‍ പരസ്പരം ബന്ധപ്പെടുകയോ കൂട്ടമായി കുടിയേറ്റം നടത്തുകയോ ചെയ്ത ജനവിഭാഗങ്ങളിലാണ് രാമായണത്തിന്റെ വിവിധരൂപങ്ങള്‍ മുഖ്യമായും നിലനിന്നുപോരുന്നത്. ഫിലിപ്പൈന്‍സ്, തായ് ലന്‍ഡ്, ഇന്‍ഡോചൈന, തിബത്ത്, മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ പല ഭാഷകളിലും രാമായണം കാവ്യത്തിന്റെയും നാടോടിക്കഥകളുടെയും രൂപത്തില്‍ കാണപ്പെടുന്നു.

രാമനെയും ലക്ഷ്മണനെയും സീതയെയും മറ്റും ഈ വിവിധരാജ്യങ്ങളിലെ ജനങ്ങള്‍ താന്താങ്ങളുടെ നാട്ടുകാരായാണ് കാണുന്നത്. രാമകഥയുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളും ഈ ഓരോ നാട്ടിലുമുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും പല പ്രദേശങ്ങളും രാമനോടും സീതയോടും ഹനുമാനോടും മറ്റും ബന്ധപ്പെട്ടവയാണ്. കേരളത്തിലും ഇതിന് എത്രയോ ഉദാഹരണങ്ങള്‍ കാണാം. അയോധ്യയും ലങ്കയും മറ്റും മുന്‍പറഞ്ഞ പല ഏഷ്യന്‍ രാജ്യങ്ങളിലുമുണ്ട്. രാമസേതുവുമുണ്ടാവാം. പേരുകളില്‍ ചെറിയ വ്യത്യാസങ്ങള്‍ കണ്ടേക്കാമെന്നേ ഉള്ളൂ.

ബൌദ്ധര്‍ക്കും ജൈനര്‍ക്കും മുസ്ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും രാമായണമുണ്ട്. ഓരോന്നിലും കഥയും കഥാപാത്രങ്ങളും വളരെ വ്യത്യസ്തമാണ്. രാവണന്‍ നായകനായി വരുന്നതും രാമന് അനേകം ഭാര്യമാരുണ്ടെന്നു വര്‍ണിക്കുന്നതും രാമനും സീതയും സഹോദരീസഹോദരന്മാരായി ചിത്രീകരിക്കപ്പെട്ടതും രാമരാവണയുദ്ധം ഒഴിവാക്കപ്പെട്ടതുമായ രാമായണങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ഇപ്രകാരം ആധികാരികത അവകാശപ്പെടുന്ന ആയിരക്കണക്കിന് രാമായണങ്ങള്‍ ഇന്ത്യക്കകത്തും പുറത്തും ജനങ്ങള്‍ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നു.

ഇന്ത്യയില്‍ ഏതാണ്ട് ക്രി. മു. 6-5 നൂറ്റാണ്ടുകളില്‍ത്തന്നെ നാടോടിരൂപത്തില്‍ പ്രചരിച്ച രാമകഥ തന്റെ കാവ്യത്തിനു വിഷയമാക്കുകയാണ് ക്രി. മു. മൂന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ ജീവിച്ചുവെന്നു കരുതാവുന്ന വാല്മീകി ചെയ്തത്. ക്രി. പി. 2-3 നൂറ്റാണ്ടുകള്‍ വരെ ഈ രാമായണത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടെന്നു വിചാരിക്കണം. ചുരുക്കത്തില്‍ ആദികാവ്യമെന്നു പ്രസിദ്ധമായ സംസ്കൃതത്തിലെ വാല്മീകിരാമായണം പോലും ഒരര്‍ഥത്തില്‍ അനേകകര്‍ത്തൃകമാണെന്നു കാണാം.

അതിലെ നായകനായ രാമന്‍ വര്‍ണാശ്രമപരിപാലകനായ രാജാവായാണ് പൊതുവില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഈശ്വരനോ ഈശ്വരാവതാരമോ ആയിട്ടല്ല. അത്തരം സൂചനകള്‍ ചുരുക്കം ചിലേടങ്ങളില്‍ ഇല്ലായ്കയില്ലെങ്കിലും. അവ പില്‍ക്കാലത്ത് വൈഷ്ണവമതത്തിന്റെ ആവിര്‍ഭാവത്തോടെ കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്ന കാര്യത്തില്‍ സുപ്രസിദ്ധ രാമായണപണ്ഡിതര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. പില്‍ക്കാലത്ത് പല കൂട്ടിച്ചേര്‍ക്കലുകള്‍ക്കും വിധേയമായിട്ടും വാല്മീകിരാമായണത്തില്‍ നായകനായ രാമനെപ്പറ്റി ശ്രീരാമനെന്ന് ഒരിടത്തുപോലും പരാമര്‍ശം കാണുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മനുഷ്യനായാണ് രാമനെ കവി കാണുന്നതെന്നതിന് ശക്തമായൊരു തെളിവായി ഇതിനെ ചൂണ്ടിക്കാട്ടാവുന്നതാണ്. സ്ത്രീക്കും ശൂദ്രനും സ്വാതന്ത്ര്യം നിഷേധിച്ച അക്കാലത്തെ നിയമവ്യവസ്ഥയായ വര്‍ണാശ്രമധര്‍മം പരിപാലിക്കുക എന്ന കര്‍ത്തവ്യം നിറവേറ്റുന്നതിന്റെ ഭാഗമായി രാമനെന്ന രാജാവ് ചെയ്ത സീതാപരിത്യാഗവും ശൂദ്രതപസ്വിയായ ശംബൂകന്റെ വധവും മാതൃകാപരമായി വാഴ്ത്തപ്പെടുകയുണ്ടായി.

കാളിദാസന്‍ (ക്രി. പി. നാലാം നൂറ്റാണ്ട്) രഘുവംശത്തില്‍ ദിലീപന്‍, രഘു, അജന്‍, ദശരഥന്‍, രാമന്‍, കുശന്‍ മുതലായ സൂര്യവംശരാജാക്കന്മാരുടെ ചരിതങ്ങളാണ് വിവരിക്കുന്നത്. രാമന്‍ വിഷ്ണുവിന്റെ അവതാരമാണ് എന്ന് അദ്ദേഹം പറയുന്നുണ്ട്. പക്ഷേ, ക്ഷേത്രങ്ങളില്‍ വിഗ്രഹമായി പ്രതിഷ്ഠിച്ച് ആരാധിക്കപ്പെടുന്ന ഒരീശ്വരന്റെ പദവിയിലേക്ക് അപ്പോഴും രാമന്‍ ഉയര്‍ത്തപ്പെട്ടിരുന്നില്ല. എങ്കില്‍, കാളിദാസന്‍ തന്റെ കാവ്യത്തില്‍ ഏറ്റവും ഉന്നതമായ സ്ഥാനം അദ്ദേഹത്തിന് നല്‍കുമായിരുന്നു. കാവ്യനാമം പോലും (രഘുവംശം; രാമവംശം എന്നല്ല) വെളിപ്പെടുത്തുന്നത് രാമന്റെ സര്‍വാതിശായിയായ മഹത്വമല്ലല്ലോ. വാല്മീകിരാമായണത്തിന്റെ അന്തഃസത്തക്കനുസൃതമായി രാമന്റെ സല്‍ക്കര്‍മ്മങ്ങളെ അഭിനന്ദനാത്മകമായെന്നപോലെ ദുശ്ചെയ്തികളെ വിമര്‍ശനാത്മകമായും വര്‍ണിക്കുകയാണ് അദ്ദേഹം ചെയ്തത്. ഉത്തരരാമചരിതമെന്ന നാടകത്തിന്റെ കര്‍ത്താവായ ഭവഭൂതിയും (എട്ടാം നൂറ്റാണ്ട്) ഈ രീതിതന്നെയാണ് അനുവര്‍ത്തിച്ചത്.

ദക്ഷിണേന്ത്യയില്‍ ഏകദേശം ആറാം നൂറ്റാണ്ടോടെ വളര്‍ന്നുവന്ന വൈഷ്ണവഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായി കൃഷ്ണഭക്തിയെന്നപോലെ രാമഭക്തിയും പ്രസ്ഥാനരൂപം കൈക്കൊണ്ടുതുടങ്ങി. അങ്ങനെ പന്ത്രണ്ടാം നൂറ്റാണ്ടില്‍ തമിഴില്‍ കമ്പരാമായണം വരുന്നു. രാമന്‍ മനുഷ്യരൂപം ധരിച്ച ഈശ്വരന്‍ തന്നെയാണിവിടെ. പിന്നീട് രണ്ടുമൂന്നു നൂറ്റാണ്ടുകള്‍ പിന്നിടുന്നതോടെ കൃഷ്ണഭക്തിപ്രസ്ഥാനത്തോടൊപ്പം രാമഭക്തിപ്രസ്ഥാനവും ഇന്ത്യയിലെങ്ങും ശക്തമായ സ്വാധീനം ചെലുത്തുകയായി. ഇക്കാലത്താണ് സംസ്കൃതത്തില്‍ അധ്യാത്മരാമായണം രചിക്കപ്പെടുന്നത്. വാല്മീകിരാമായണം അധ്യാത്മമല്ലെന്നതുകൊണ്ടാണല്ലോ അധ്യാത്മരാമായണം പുതുതായി എഴുതേണ്ടിവന്നത്.

മധ്യകാലഭക്തിപ്രസ്ഥാനകാലത്ത് ഇന്ത്യയിലെ എല്ലാ പ്രാദേശികഭാഷകളിലും പുറത്തിറങ്ങിയ രാമായണങ്ങള്‍ സംസ്കൃതത്തിലെ ഈ അധ്യാത്മരാമായണത്തിന്റെ വിവര്‍ത്തനങ്ങളോ സ്വതന്ത്രമായ ആശയാനുവാദങ്ങളോ ആണ്. തുളസീദാസരാമായണം (രാമചരിതമാനസം), തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട് മുതലായ ഈ ഭക്തിരാമായണങ്ങളെയാണ് രാമായണമെന്നു പറയുമ്പോള്‍ ഇന്ത്യക്കാര്‍ പൊതുവില്‍ ഇപ്പോള്‍ മനസ്സിലാക്കുന്നത്. അവയിലെ രാമനാകട്ടെ ഹിന്ദുമതത്തിലെ ബഹുദൈവവിശ്വാസികള്‍ ഈശ്വരനായി ആരാധിക്കുന്ന മഹാവിഷ്ണുവിന്റെ അവതാരപുരുഷന്മാരില്‍ പ്രമുഖനുമാകുന്നു. ഈ ഭക്തിരാമായണങ്ങളുടെ രചനയോടെയാണ് രാമന്‍ മനുഷ്യനല്ല, സാക്ഷാല്‍ മഹാവിഷ്ണുവിന്റെ അവതാരമാണ്, ഈശ്വരനാണ്, ക്ഷേത്രങ്ങളില്‍ വിഗ്രഹമായി പ്രതിഷ്ഠിച്ച് ആരാധിക്കപ്പെടുന്ന ദേവനാണ് എന്ന വിശ്വാസം ഭാരതീയജനസാമാന്യത്തിന്റെ ഹൃദയങ്ങളില്‍ രൂഢമൂലമാകുന്നത്.

ഭൂമിയില്‍ ധര്‍മം സംസ്ഥാപിക്കുന്നതിനും അതിനെ വിശുദ്ധമായി സംരക്ഷിക്കുന്നതിനുമായി ഓരോ യുഗത്തിലും ദൈവാവതാരം സംഭവിക്കുമെന്ന് മഹാഭാരതത്തില്‍ പറയുന്നുണ്ട്. ഇപ്പോഴത്തെ യുഗത്തിന്റെ അവസാനത്തില്‍ കല്‍ക്കിയെന്ന പത്താമത്തെ അവതാരമായി ദൈവം പ്രത്യക്ഷപ്പെടുമെന്ന് കരുതപ്പെടുന്നു.ഈ പശ്ചാത്തലത്തില്‍ ദശാവതാരം എന്ന മിത്തിന് നല്‍കിയിട്ടുള്ള താഴെ പറയുന്ന വ്യാഖ്യാനം ശ്രദ്ധേയമാണെന്നു തോന്നുന്നു.

“ആദ്യത്തെ അവതാരം മത്സ്യത്തിന്റെ രൂപത്തിലാണ്. ആദ്യജീവന്‍ ഉത്ഭവിച്ചത് ജലത്തിലാണെന്ന് ശാസ്ത്രം ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാമത്തേത് ആമയുടെ രൂപത്തിലാണ്; വെള്ളത്തിലും കരയിലും ജീവിക്കാന്‍ കഴിയുന്ന ഉഭയജീവിതമാണതിനുള്ളത്. ജലത്തില്‍നിന്നും ജീവന്റെ കരയിലേക്കുള്ള നീക്കത്തെയാണീ ഘട്ടം സൂചിപ്പിക്കുന്നത്. അടുത്തതായുള്ള നരസിംഹാവതാരം മൃഗത്തില്‍നിന്നു മാനവനിലേക്കുള്ള വികാസത്തെ കുറിക്കുന്നു. തുടര്‍ന്നുവന്ന വാമനാവതാരം കുറിയ രൂപത്തിലുള്ള മനുഷ്യന്റെ പരിണാമത്തെയാണ് പ്രതീകവല്‍ക്കരിക്കുന്നത. മഴു ആയുധമായി സ്വീകരിച്ച പരശുരാമനാണ് തുടര്‍ന്നു വരുന്നത്. കാട് വെട്ടിത്തെളിച്ച് മനുഷ്യസമൂഹം പാര്‍പ്പുറപ്പിക്കുന്ന ഘട്ടമാണത്. അടുത്ത അവതാരമായ രാമന്‍ അമ്പും വില്ലും അണിഞ്ഞ അവതാരമാണ്. ശത്രുക്കളെ ദൂരെനിന്നും ആക്രമിച്ച് തന്റെ വാസസ്ഥലം സംരക്ഷിക്കാന്‍ മനുഷ്യന്‍ കഴിവാര്‍ജിച്ചതിനെ രാമന്‍ സൂചിപ്പിക്കുന്നു. ബലരാമന്‍ കലപ്പയുമായാണ് വരുന്നത്. കാര്‍ഷികസമ്പദ്വ്യവസ്ഥയിലേക്ക് മനുഷ്യ നാഗരികത പരിണമിച്ചതിന്റെ സൂചനയായി ഇതിനെ കാണാം. കൃഷ്ണന്‍ പ്രതിനിധീകരിക്കുന്നത് പശുവിനെ വളര്‍ത്താന്‍ തുടങ്ങിയ, ക്ഷീരസമ്പദ്വ്യവസ്ഥ വികാസം പ്രാപിച്ച, കുറെക്കൂടി നവീകരിക്കപ്പെട്ട നാഗരികതയെയാണ്. ഇനിയും വരാനുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കല്‍ക്കി അവതാരം കുതിരപ്പുറത്ത് സഞ്ചരിക്കുന്നവിധത്തില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് കുതിരയെ ഇണക്കിയെടുത്തതിനെയാവണം സൂചിപ്പിക്കുന്നത്.

ഇപ്രകാരം ആര്യന്മാര്‍ കുതിരയെ ഉപയോഗിച്ച് ദേശാന്തരങ്ങളില്‍ സഞ്ചാരം നടത്തുന്നതുവരെയുള്ള മനുഷ്യജീവിത പരിണാമത്തിന്റെയും മാനവ സാംസ്കാരിക മുന്നേറ്റത്തിന്റെയും ശ്രദ്ധേയമായ അവതരണമായി ദശാവതാരസങ്കല്പത്തെ വായിച്ചെടുക്കാനാവും.വിശ്വാസകാര്യങ്ങളില്‍ സംഘര്‍ഷങ്ങളിലേക്ക് പ്രവേശിക്കാതെതന്നെ ദശാവതാരത്തിന്റെ ഭൌതികവാദപരമായ ഒരു വ്യാഖ്യാനം സാധ്യമാണെന്നത് വളരെ ശ്രദ്ധേയമായ സംഗതിയാണ് “.

രാമക്ഷേത്രങ്ങള്‍ ഇന്ത്യയുടെ നാനാഭാഗങ്ങളിലും, വിശേഷിച്ച് ഉത്തരേന്ത്യയില്‍, വ്യാപകമായി ഉയര്‍ന്നു തുടങ്ങിയത് മുകളില്‍ പറഞ്ഞപോലെ രാമഭക്തിപ്രസ്ഥാനത്തിന്റെ ശീതളച്ഛായയിലത്രേ. വൃന്ദാവനത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള കൃഷ്ണഭക്തിസാഹിത്യമെന്നപോലെ അയോധ്യയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള രാമഭക്തിസാഹിത്യത്തിന് തുളസീദാസരാമായണം തുടക്കം കുറിച്ചു. രാമലീല തുടങ്ങിയ ജനകീയകലകള്‍ക്ക് പ്രചോദനം നല്‍കിയതും ഇതുതന്നെ. കൊത്തുപണികളിലും ശില്പങ്ങളിലും രാമകഥ വന്‍തോതില്‍ പ്രത്യക്ഷപ്പെട്ടതും എടുത്തുപറയണം.

എങ്കിലും രാമക്ഷേത്രങ്ങള്‍ കൃഷ്ണക്ഷേത്രങ്ങളോളം വ്യാപകമായില്ല. വൈഷ്ണവമതത്തിന്റെ മുഖ്യശക്തികേന്ദ്രം കൃഷ്ണനായിരുന്നു. എന്നാല്‍ മധ്യകാലഭാരതത്തില്‍ പടര്‍ന്നുപന്തലിച്ച ഭക്തിസങ്കല്പത്തിന്റെ ഭാഗമായി മുന്‍പൊരിക്കലുമില്ലാത്ത വിധം രാമഭക്തി പ്രചരിച്ചു. ദല്‍ഹി സുല്‍ത്താനേറ്റിന്റെയും മുഗള്‍ സാമ്രാജ്യത്തിന്റെയും കാലഘട്ടത്തില്‍ ഇസ്ലാം മതത്തിന്റെ ദൈവസങ്കല്പത്തിനു സമാന്തരമായി ഉയര്‍ത്തിപ്പിടിക്കാനുണ്ടായത് രാമരാജ്യസങ്കല്പമായിരുന്നു. അല്ലാഹുവിന്റെ രാജ്യവും രാമരാജ്യവും ഒരുപോലെ കണക്കാക്കി വാഴ്ത്തപ്പെട്ടു. ഈ സങ്കല്പത്തെ അതിന്റെ അത്യുന്നതിയിലേക്ക് എത്തിച്ചത് തുളസീദാസനായിരുന്നു.

വര്‍ണാശ്രമധര്‍മത്തിനപ്പുറത്ത് സര്‍വശക്തനായ ദൈവത്തിന്റെ മുമ്പിലുള്ള സമ്പൂര്‍ണമായ സമര്‍പ്പണത്തിന്റെ സങ്കല്പമാണ് ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത്. നാടുവാഴിത്തത്തിന്റെ ആദ്യഘട്ടത്തിലുള്ള സാമൂഹ്യക്രമത്തിനുമപ്പുറം സര്‍വശക്തരായ ചക്രവര്‍ത്തിമാരുടെയും നാടുവാഴികളുടെയും കീഴില്‍ ഞെരിഞ്ഞമരുന്ന ജനവിഭാഗങ്ങളെയാണ് പുതിയ ഭക്തിസങ്കല്പം ആകര്‍ഷിച്ചത്. അധര്‍മത്തിന്റെ പ്രതീകമായ രാവണനെ സംഹരിച്ച് സീതയെ വീണ്ടെടുത്ത് ധര്‍മത്തെ രക്ഷിച്ച രാമന്‍ ജനരക്ഷകനായി ആരാധിക്കപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ല. രാമനെന്ന മിത്ത് മധ്യകാല സാമൂഹ്യയാഥാര്‍ഥ്യങ്ങളുടെ പ്രതീകമായാണ് നിലകൊണ്ടത്.

ഭാരതീയസംസ്കാരത്തിന്റെ വളര്‍ച്ചയില്‍ രാമകഥ അനിഷേധ്യമായ പങ്കുവഹിച്ചിട്ടുണ്ട്. എങ്കിലും ഇന്നു ചിലര്‍ അവകാശപ്പെടുന്നതുപോലെ രാമനിലുള്ള വിശ്വാസവും ഭക്തിയും അതിന്റെ ശാശ്വതമായ ഘടകമായിരുന്നില്ല. ഇന്ത്യന്‍ സമൂഹത്തിന്റെ പരിണാമവികാസങ്ങളുടെ വിവിധഘട്ടങ്ങളില്‍ രാമകഥയിലും രാമായണത്തിന്റെ സാമൂഹ്യപ്രസക്തിയിലും നിരന്തരമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. രാമനെന്ന മിത്തിന്റെ, ദൈവത്തിന്റെ, വളര്‍ച്ച ഫ്യൂഡല്‍ ബന്ധങ്ങള്‍ വളര്‍ന്നുവന്ന മധ്യകാലത്ത് ക്രി. പി. 4-5 ശതകങ്ങള്‍ക്കുശേഷമാണ്. ചിലര്‍ അവകാശപ്പെടുന്ന വിശ്വാസത്തിന്റെ പ്രാബല്യം ഭാരതീയസംസ്കാരത്തിന്റെ പൊതുരൂപമായിരുന്നില്ല. പിന്നെയോ, മധ്യകാല സമൂഹക്രമത്തിന്റെ ഉല്പന്നമായിരുന്നു അത്.

രാമഭക്തിയെ സൃഷ്ടിച്ച സാമൂഹ്യവ്യവസ്ഥ മാഞ്ഞുമറഞ്ഞുപോയ്ക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പുതിയ സാമൂഹ്യക്രമവും സാമൂഹ്യസംഘര്‍ഷങ്ങളും വളര്‍ന്നുവരികയാണ്. അതുകൊണ്ട് രാമഭക്തിയുടെ സാമൂഹ്യപ്രസക്തി ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. എന്നാല്‍ പരമ്പരാഗത സാംസ്കാരികരൂപങ്ങളുടെ നിലനില്പും സ്വാധീനവും, ജനങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയും ചേര്‍ന്ന് പുതിയ രൂപങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും മറവില്‍ പുതിയ സംഘടിതമതരാഷ്ട്രീയം ഇന്ത്യയില്‍ വളര്‍ന്നുവരികയുണ്ടായി.

ജര്‍മന്‍ ഫാഷിസം സ്വന്തം രാഷ്ട്രീയമേല്‍ക്കോയ്മ സ്ഥാപിക്കാന്‍ ആര്യവംശാഭിമാനത്തെ ഉപയോഗപ്പെടുത്തിയപോലെ, ഇന്ത്യന്‍ വര്‍ഗീയഫാസിസം നമ്മുടെ സാംസ്കാരികപൈതൃകത്തെയും മിത്തുകളെയും സ്വദേശിസങ്കല്പത്തെയും മറ്റും ജനങ്ങളെ സംഘടിപ്പിക്കാനുള്ള മാര്‍ഗങ്ങളായി ഉപയോഗിച്ചുവരികയാണ്. ഭക്തിയും വിശ്വാസവും അധികാരം നേടിയെടുക്കാനുള്ള സംഘടിത മതരാഷ്ട്രീയത്തിനുവേണ്ടി ചാവാനും കൊല്ലാനും ആളുകളെ സന്നദ്ധരാക്കുന്ന മുദ്രാവാക്യങ്ങളായിരിക്കുന്നു. ജര്‍മന്‍ ഫാഷിസം ജൂതവിരോധവും ‘ജീവിക്കാനുള്ള സ്ഥലവും ജനങ്ങളെ ആവേശം കൊള്ളിക്കാന്‍ ഉപയോഗിച്ചുവെങ്കില്‍, മുസ്ലീം വിരോധവും ക്ഷേത്രസംരക്ഷണവുമാണ് ഇന്ത്യന്‍ വര്‍ഗീയഫാഷിസത്തിന്റെ മുഖ്യായുധങ്ങള്‍.

ഇപ്രകാരം രാമകഥയുടെ ഉല്പത്തി-വികാസ-പരിണാമങ്ങള്‍ പരിശോധിക്കുമ്പോള്‍ ഏഷ്യയിലെമ്പാടും പ്രചരിച്ച നാടോടിക്കഥകളില്‍ ജനകീയനായ വീരഗോത്രനായകനായും വാല്മീകിരാമായണത്തിലും സംസ്കൃതപാരമ്പര്യത്തിലെ മറ്റു ആദ്യകാല കാവ്യ-നാടകാദികളിലും വര്‍ണാശ്രമ ധര്‍മപരിപാലകനായ രാജാവായും മധ്യകാല ഭക്തിപ്രസ്ഥാനകാലത്ത് വീണ്ടും ജനകീയമായി വിപുലമായ തോതില്‍ ആരാധിക്കപ്പെടുന്ന ദൈവമായും പ്രത്യക്ഷപ്പെടുന്ന, വിവിധ രാജ്യങ്ങളുമായും വിവിധ മതങ്ങളുമായും ബന്ധപ്പെട്ടുനില്‍ക്കുന്ന വ്യക്തിത്വത്തോടുകൂടിയ, ഒരു സാങ്കല്പികകഥാപാത്രമാണ് രാമന്‍ എന്നു വ്യക്തമാകും.

നമ്മുടെ ഓണത്തെയും മാവേലിയെയും സംബന്ധിച്ചുള്ള ജനകീയൈതിഹ്യങ്ങളും ഇതുപോലെ ലോകത്തിന്റെ പല ഭാഗങ്ങളിലും നിലവിലുള്ളത് നമുക്കറിയാമല്ലോ. രാമായണത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സ്ഥലങ്ങളെക്കുറിച്ചും വസ്തുനിഷ്ഠമായ, കൃത്യമായ, തെളിവുകളൊന്നുമില്ല. അയോധ്യയും ലങ്കയും എവിടെയെന്നുപോലും നിഷ് കൃഷ്ടമായി നിര്‍ണയിക്കാന്‍ ഇന്നോളം കഴിഞ്ഞിട്ടില്ല. ആ നിലക്ക് രാമസേതുവിനെച്ചൊല്ലി ഇന്നു നടക്കുന്ന കോലാഹലങ്ങള്‍ക്കൊന്നും വസ്തുനിഷ്ഠമായ ഒരു അടിസ്ഥാനവുമില്ലെന്നു സ്പഷ്ടമത്രേ.

ചരിത്രവും വിശ്വാസവും ഇന്നിന്റെ യാഥാര്‍ത്ഥ്യവും

ഒരേ പൊതുഇടം ഒന്നിച്ചു കൈയാളാന്‍ നിര്‍ബന്ധിതമാക്കപ്പെട്ടുകൊണ്ട് സമകാലിക ഇന്ത്യയില്‍ വിശ്വാസവും ചരിത്രവും ഒരിക്കല്‍ കൂടി സംഘര്‍ഷത്തിലെത്തിയിരിക്കുകയാണ്. രണ്ടും പൊരുത്തപ്പെടാനാവാത്തതും സംയോജിപ്പിക്കാനാവാത്തതുമാണെന്ന് അംഗീകരിച്ചാല്‍ ഫലത്തില്‍ ഏറ്റുമുട്ടലുണ്ടാകേണ്ടതില്ല. ചരിത്രവും വിശ്വാസവും പരസ്പരം സ്വതന്ത്രമാണ്. അവയുടെ പ്രമേയവും അന്വേഷണരീതിയും തത്വങ്ങളും വ്യത്യസ്തവുമാണ്. അതുകൊണ്ട് തന്നെ പരസ്പരം കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നതിനു പകരം വ്യത്യസ്തത അംഗീകരിക്കുകയും അകലം പാലിക്കുകയുമായിരിക്കും നല്ലത്.

ചരിത്രകാരന്‍ വ്യക്തിയുടെയോ സ്ഥലത്തിന്റെയോ സംഭവത്തിന്റെയോ ചരിത്രപരതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തെളിവ് ആവശ്യമാണ്. ഏകമോ നിരവധിയോ ആയ തെളിവുകള്‍. അവയുടെ നിലനില്‍പ് തെളിയിക്കുന്ന ഈ തെളിവുകള്‍ കാലത്തെയും സ്ഥലത്തെയും സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുമായിരിക്കും. അയോധ്യയും ലങ്കയും വാല്‍മീകി രാമായണത്തിലെ രണ്ട് പ്രധാനസ്ഥലങ്ങളാണ്. അവ എവിടെയാണെന്ന പണ്ഡിതമതം വ്യത്യസ്തവുമാണ്.

ഉദാഹരണത്തിന് ലങ്ക എവിടെയാണെന്നതു സംബന്ധിച്ച് പോയ നൂറ്റാണ്ടില്‍ ഇന്ത്യന്‍ പണ്ഡിതര്‍ തര്‍ക്കത്തിലായിരുന്നു. അത് ഇപ്പോഴും കൃത്യമായി നിര്‍ണയിക്കപ്പെടാതെ അവശേഷിക്കുന്നു. ചിലര്‍ അത് വിന്ധ്യനില്‍ (അമര്‍ഖണ്ഡക്കിലോ, ഛോട്ടാനാഗ് പൂരിലോ) ആണെന്നും മറ്റുള്ളവര്‍ അത് മഹാനദി പതനപ്രദേശത്താണെന്നുമാണ് നിര്‍ണയിച്ചത്. വര്‍ത്തമാനകാല ശ്രീലങ്കയുമായി ബന്ധപ്പെടുത്തിയുള്ള നിര്‍ണയം തര്‍ക്കവിഷയവുമാണ്. മൌര്യകാലഘട്ടത്തിലെയും മൌര്യാനന്തര കാലഘട്ടത്തിലെയും ഇന്ത്യന്‍, ഗ്രീക്ക്, ലാറ്റിന്‍ സൂചനകള്‍ പ്രകാരം സിലോണിന്റെ ഏറ്റവും ആദ്യകാല നാമം തമ്രപര്‍ണ്ണി എന്നായിരുന്നു. അശോകന്‍ ക്രിസ്തുവിനു മുന്‍പ് മൂന്നാം ശതകത്തിലുള്ള തന്റെ ഒരു ശാസനത്തില്‍ തമ്രപര്‍ണി അതിര്‍ത്തിയായി സൂചിപ്പിക്കുന്നു. പിന്നീട് വളരെ കൂടുതലായി ഉപയോഗിച്ച പേര് സിംഹളയെന്നോ, സിംഹള-ദ്വിപയെന്നോ (ഗ്രീക്കില്‍ സിലം അല്ലെങ്കില്‍ സ്യെല്‍ദിപ് എന്നും) ആയിരുന്നു. ഇത് കാണിക്കുന്നത് ലങ്ക എന്ന പേര് ക്രിസ്തുവിന് ശേഷമുള്ള നൂറ്റാണ്ടിലാണ് സ്വീകരിച്ചത് എന്നാണ്.

ഇത് ചരിത്രകാരന്‍മാരെ കുഴക്കുകയാണ്. വാല്‍മീകി സിലോണ്‍ ആണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിന്റെ രചനാവേളയില്‍ ഈ ദ്വീപ് അറിയപ്പെട്ടിരുന്നപോലെ തമ്രപര്‍ണിയെന്നോ സിംഹള എന്നോ ആകുമായിരുന്നു ഉപയോഗിക്കുക. ഉപയോഗിച്ച പേര് ലങ്ക എന്നാണെന്നതിനാലും അത് അപ്പോള്‍ സിലോണിന്റെ പേരായിരുന്നില്ലെന്നതിനാലും ഒരുപക്ഷേ അദ്ദേഹം ഉദ്ദേശിച്ച ലങ്ക മറ്റ് എവിടെയെങ്കിലുമായിരിക്കും സ്ഥിതിചെയ്യുന്നത്. രാമസേതുവിന്റെ സ്ഥാനം പുനഃപരിശോധിക്കപ്പെടേണ്ടിവരും. ഈ വിഷയത്തില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന പണ്ഡിതന്‍മാര്‍ രാമസേതു മധ്യഇന്ത്യയിലെ ചെറു ജലപ്പരപ്പിലെവിടെയോ ആകാനാണിടയെന്നും അത് പാക്ക് കടലിടുക്കില്‍ ആവില്ലെന്നുമാണ് അഭിപ്രായപ്പെടുന്നത്. എല്ലാ രാമകഥകളിലും സേതു പരാമര്‍ശിക്കപ്പെടുന്നുമില്ല. നേരെ മറിച്ച് ഗ്രന്ഥത്തിലെ ലങ്ക സിലോണിനെയാണ് സൂചിപ്പിക്കുന്നതെങ്കില്‍ വാല്‍മീകിയുടെ കാവ്യരചന ദ്വീപ് ലങ്ക എന്നറിയപ്പെട്ട പിന്നീടുള്ള വേളയിലാണ് നടന്നതെന്നുവേണം നിര്‍ണയിക്കാന്‍. ക്രിസ്തുവിന് മുമ്പുള്ള നൂറ്റാണ്ടുകളില്‍ വിശാലമായ കടലിനു കുറുകെ പാലം പണിയുന്നതിനുള്ള സാങ്കേതിക സാധ്യതയുടെ പ്രശ്നവും, ഇത്തരം എല്ലാ അനിശ്ചിതത്വങ്ങള്‍ക്കും പുറമെയുണ്ട്.

മനുഷ്യനിര്‍മിതമല്ലാതെ പ്രാകൃതികമായ ഭൂപരിണാമത്താല്‍ സൃഷ്ടിക്കപ്പെട്ടതായാലും രാമസേതു സാംസ്കാരിക പൈതൃകമാണെന്നും അക്കാരണത്താല്‍ നശിപ്പിക്കാന്‍ പാടില്ലാത്തതാണെന്നുമാണ് പറയപ്പെടുന്നത്. ഒരാശയം പൈതൃകമായിത്തീര്‍ന്നിരിക്കുകയാണോ? നിലവിലില്ലാത്ത മനുഷ്യനിര്‍മിത ഘടനയ്ക്കായുള്ള അന്വേഷണം ഒരു ഫാന്റസിയുടെ ഭാവനയുടെ ഉത്തുംഗതയെ അപഹരിക്കുകയും നാടോടി സംസ്കൃതിയുടെ അടരുകളെ നിഷേധിക്കുകയുമാണ്. ഇതിനേക്കാള്‍ കൂടുതല്‍ ഉചിതം കടലിടുക്കിലെ ഭൂഗര്‍ഭ രൂപീകരണത്തെ പ്രകൃതി പൈതൃകങ്ങളായി അംഗീകരിക്കുകയും സംരക്ഷിക്കുകയുമാണ്. ഭൂതലത്തില്‍ കാണുന്നവയോളം തന്നെ ഇത്തരം കടല്‍ പാര്‍ക്കുകളും നമ്മുടെ പാരിസ്ഥിതിക ഭാവിക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന വസ്തുത നാം ഗൌനിക്കുന്നില്ല.

വ്യത്യസ്ത ആഖ്യാനങ്ങളിലെല്ലാം രാമന്‍ കേന്ദ്ര കഥാപാത്രമാകുന്നത് ചരിത്രപരതയ്ക്ക് തെളിവാകുന്നില്ല. ഈ പാഠഭേദങ്ങള്‍ അവ ചെയ്യുന്നതു പോലെ പരസ്പരം വിരുദ്ധമായാല്‍, ഒരു ഭാഷ്യം മാത്രമാണ് സത്യം എന്ന് വിശ്വസിക്കുന്നവര്‍ക്കത് പ്രശ്നം സൃഷ്ടിച്ചേക്കാം. എന്നാല്‍ ബഹുവിധ പാഠഭേദങ്ങളും ഭാഷ്യങ്ങളും, ചരിത്രപരവും താരതമ്യ പഠന സംബന്ധവുമായ താല്‍പര്യത്തെ സമ്പുഷ്ടമാക്കുന്നു, ഓരോന്നും ഭൂതകാല ചരിത്രാന്വേഷണങ്ങളെ എത്രമാത്രം യാഥാര്‍ഥ്യത്തിലേക്ക് അടുപ്പിക്കുന്നു എന്ന വിലയിരുത്തലിന്റെ കാര്യത്തില്‍.

ബുദ്ധ, ജൈന വ്യാഖ്യാന കാലങ്ങളാണ് വാല്‍മീകിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന രണ്ട് കാലഘട്ടങ്ങള്‍. 'ദശരഥ ജാതക'യിലെ ബുദ്ധ ഭാഷ്യം വാല്‍മീകിയില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്. ഇതില്‍ രാമന്‍ വാരണാസി രാജാവിന്റെ മകനാണ്. ഹിമാലയത്തിലേക്കാണ് നാട് കടത്തപ്പെടുന്നത്. രാവണന്റെ സീതാപഹരണവും ഇതിലില്ല.

ജൈന പാഠാന്തരങ്ങളില്‍ ഏറ്റവും ആദ്യത്തേതായ, ക്രിസ്തുവിന് ശേഷമുള്ള നൂറ്റാണ്ടിലേതെന്ന് കരുതുന്ന വിമലാസൂരിയുടെ പത്മചരിതം അതിനുമുന്‍പത്തെ എല്ലാ പാഠഭേദങ്ങളില്‍ നിന്നും വിരുദ്ധമാണ്. സംഭവിച്ചത് എന്തെന്ന് കൃത്യമായി അവതരിപ്പിക്കുന്നുവെന്ന് പറയപ്പെടുന്ന ഇതിലും വാല്‍മീകിയുടെ വിവരണത്തിലേതിനേക്കാള്‍ സാരമായ വ്യത്യാസമാണുള്ളത്. ഇതില്‍ രാവണനൊരു രാക്ഷസനായ പ്രതിപുരുഷനല്ല. ഒരു മാനവിക പ്രതിനായകനാണ്. ജൈനമതത്തിന്റെ അടിസ്ഥാന സങ്കല്‍പത്തിന്റെ ചട്ടക്കൂട്ടിലാണ് ഇത് കഥ അവതരിപ്പിക്കുന്നതും.

വാല്‍മീകിയുടെ ഭാഷ്യത്തില്‍ വിശ്വസിക്കുന്നയാള്‍ ഇതര ഭാഷ്യങ്ങള്‍ വ്യത്യസ്തങ്ങളാകയാല്‍ അവയെ എതിര്‍ക്കുകയോ തള്ളിക്കളയുകയോ ചെയ്തേക്കാം. എന്നാല്‍ ചരിത്രകാരന് വ്യത്യസ്തമായ പാഠഭേദങ്ങളുടെ അമ്പരപ്പിക്കുന്നത്ര വിപുലമായ എണ്ണത്തിലല്ല താല്പര്യം. ഇവയില്‍ പ്രധാന വ്യത്യാസങ്ങള്‍ അവതരിപ്പിക്കപ്പെട്ടത് എന്തു കൊണ്ട് എന്നതിലാണ്.

ചരിത്ര വ്യക്തിത്വങ്ങളും വിശ്വാസ സംഹിതകളുടെ സ്ഥാപകരുമായി അറിയപ്പെടുന്ന ബുദ്ധന്‍, യേശുക്രിസ്തു, മുഹമ്മദ് എന്നിവരുടെ ജീവചരിത്രത്തില്‍ ഇതു സംഭവിക്കുന്നില്ല. ഇവരുടെ ചരിത്രങ്ങള്‍ ഏക കഥാരേഖ പാലിക്കുകയും ജീവിതത്തെക്കുറിച്ചുള്ള 'ഔദ്യോഗിക' ആഖ്യാനങ്ങള്‍ അവ ദൃഢീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കേവലാഖ്യാനങ്ങളാല്‍ മാത്രമല്ല, വിഭിന്നമായ അനുബന്ധങ്ങള്‍ കൊണ്ടും ഉറവിടങ്ങളാലും അവരുടെ നിലനില്‍പ് രേഖപ്പെടുത്തപ്പെടുന്നു. ഉദാഹരണത്തിന് ബുദ്ധന്റെ ചരിത്രപരത മറ്റ് കാര്യങ്ങള്‍ക്കൊപ്പം സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്. ബുദ്ധന്റെ മരണത്തിന് രണ്ട് നൂറ്റാണ്ടിനു ശേഷം ലുമ്പിനി സന്ദര്‍ശിച്ച അശോക ചക്രവര്‍ത്തി അവിടം ബുദ്ധന്റെ ജന്മസ്ഥലമെന്ന് ഓര്‍മപ്പെടുത്തുന്ന ഫലകം സ്ഥാപിച്ചിട്ടുണ്ട്. ശിലാശാസനമായി ഇത് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

ചരിത്രകാരന്‍ വിശ്വാസത്തിന്റെ സാധുതയെകുറിച്ച് പ്രഖ്യാപനം നടത്തേണ്ടതില്ല. എന്നാല്‍ നിശ്ചിത സ്ഥലത്തും സമയത്തും ഒരു പ്രത്യേക വിശ്വാസം പിന്തുണ നേടുന്നത് എന്ത് കൊണ്ടെന്ന് ചരിത്രത്തിന്റെ പിന്തുണയോടെ ചരിത്രകാരന് വിശദീകരിക്കാന്‍ ശ്രമിക്കാം. നമ്മുടെ പൈതൃകം നിരന്തരമായി സമ്പുഷ്ടമാക്കപ്പെടുന്നുവെന്ന് - വിശ്വാസികളാല്‍ മാത്രമല്ല അവയോട് കലഹിക്കുന്നവരാലും- നമുക്ക് സ്വയം ഓര്‍മപ്പെടുത്തേണ്ടതുണ്ട്.

ദശലക്ഷങ്ങള്‍ക്ക് -മതപരമായ അര്‍ഥത്തില്‍- ശക്തമായ വിശ്വാസം ഉണ്ടെങ്കില്‍ രാഷ്ട്രീയ പടയൊരുക്കം നടത്തിയും കൂറ്റന്‍ പ്രകടനങ്ങളിലൂടെയും നിരപരാധികളെ കൊന്നൊടുക്കിയും അത് സംരക്ഷിക്കേണ്ട ആവശ്യമില്ല. വിശ്വാസത്തിന് കോട്ടം തട്ടാതിരിക്കാന്‍ പുരാവസ്തുവിനെയോ, ചരിത്രത്തെയോ ഒന്നും വലിച്ചിഴക്കേണ്ടതുമില്ല. വിശ്വാസത്തിന്, ചരിത്രത്തെയും പുരാവസ്തുവിനെയും പോലെ സ്വന്തം ഇടവും ധര്‍മവും ഉണ്ട്. ഇവയുടെ ഇടവും ധര്‍മവും അന്യോന്യം ഭിന്നവുമാണ്.

കടലിടുക്കിന്റെ അടിത്തട്ടില്‍ രൂപം കൊണ്ട ഭൂഘടനയുടെ ഒരു ഭാഗം നീക്കുന്നത് ദശലക്ഷങ്ങളുടെ വിശ്വാസത്തെ ഹനിക്കുമെന്ന് പറയുന്നത് വിശ്വാസത്തോടും നീതിപുലര്‍ത്തുന്നതല്ല. ഒരു ആരാധനാമൂര്‍ത്തി നിര്‍മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന സമുദ്രതല ഭൂഘടനയുടെ പിന്തുണ ആവശ്യമാകും വിധം അത്രയ്ക്കു ദുര്‍ബലമാണോ വിശ്വാസം ? തെരഞ്ഞെടുപ്പ് വിജയത്തിന് വിശ്വാസത്തെ രാഷ്ട്രീയപ്രശ്നമാക്കുന്നത് തീര്‍ച്ചയായും വിശ്വാസത്തെ തന്നെയല്ലേ കയ്യേറ്റം ചെയ്യുന്നത്?

രാമനു സംഭവിക്കുന്നത്

ഏത് നിലയ്ക്ക് പഠിച്ചാലും ശ്രീരാമനെ ചരിത്രപുരുഷനാക്കുന്നതിനുള്ള എന്തെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ പ്രയാസമാണ്. ഇക്കാര്യം ഗണനീയരായ ചരിത്രകാരന്മാര്‍ മാത്രമല്ല എ ബി വാജ് പേയി അടക്കമുള്ളവരും സമ്മതിച്ചിട്ടുള്ള വസ്തുതയുമാണ്.

1987 മെയ് 17-ന് ഹിന്ദുസ്ഥാന്‍ ടൈംസില്‍വന്ന പ്രസ്താവനയില്‍ വാജ് പേയി പറഞ്ഞു.

"സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് രാമന്‍ ജനിച്ച സ്ഥലം എവിടെയാണെന്ന് കണിശമായി ചൂണ്ടിക്കാണിക്കുക സാധ്യമല്ല. പക്ഷേ ക്ഷേത്രം നിര്‍മിക്കപ്പെടുകയും കാലാകാലങ്ങളില്‍ പുനര്‍നിര്‍മിക്കപ്പെടുകയും വിക്രമാദിത്യ സാമ്രാജ്യകാലംവരെ നിലനില്‍ക്കുകയും ചെയ്തിരുന്നു.''

ഈ പ്രസ്താവന 'അയോധ്യപ്രശ്ന'ത്തെ ആസ്പദിച്ചുള്ള പ്രതികരണമായിരുന്നു. രാമന്‍ ജനിച്ചത് എവിടെയെന്ന് പറയാന്‍ വയ്യെങ്കിലും അയോധ്യയില്‍ രാമക്ഷേത്രം നിലനിന്നിരുന്നു എന്ന് വാദിക്കുവാനാണ് വാജ് പേയി അന്ന് ശ്രമിച്ചത്. പക്ഷേ വാജ് പേയിയുടെ ഭരണകാലത്ത് അയോധ്യയില്‍ നടത്തിയ ഉത്ഖനനങ്ങള്‍ അയോധ്യയിലെ പ്രശ്നഭൂമിയില്‍ ക്ഷേത്രമുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതിന് പര്യാപ്തമായ ഒരു വസ്തുതയും പുറത്തുകൊണ്ടുവന്നില്ല. ഇങ്ങനെ രാമന്റെ ചരിത്രപരത തെളിയിക്കാന്‍ അയോധ്യപ്രശ്നത്തോടനുബന്ധിച്ചു നടന്ന പഠന-മനനങ്ങളിലൊന്നും ഒരിക്കല്‍പോലും കഴിയാതെ വരികയും അതുകൊണ്ട് ശ്രീരാമന്‍ ചരിത്രവിഷയമല്ല വിശ്വാസ പ്രശ്നമാണ് എന്ന് സിദ്ധാന്തിച്ച് തടിയൂരുകയും ചെയ്ത ബിജെപിയും വിഎച്ച്പിയും മറ്റും 'രാമന്‍ ചരിത്രപുരുഷനല്ല' എന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേക്കാരുടെ പ്രസ്താവനയെ തിരുത്തിക്കാന്‍ മുറവിളി കൂട്ടിയത് രാമഭക്തികൊണ്ട് എന്നതിനേക്കാള്‍ അമേരിക്കന്‍ ഭക്തികൊണ്ടാണെന്നാണ് ആണവക്കരാര്‍ പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ ചിന്തിച്ചപ്പോള്‍ വ്യക്തമാവുന്നത്.

എങ്കിലും ഒരുകാലത്ത് വിഎച്ച്പിയും മറ്റും അപ്രസക്തമായി കരുതിയ രാമന്റെ 'ചരിത്രപരത' യെപ്പറ്റി ഇപ്പോള്‍ പ്രവീണ്‍തൊഗാഡിയ വാചാലനാവുന്നതിന്റെ ന്യായാന്യായങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. അമേരിക്കന്‍ സാറ്റലൈറ്റ് ചിത്രങ്ങളുടെ വെളിച്ചത്തില്‍ രാമേശ്വരം മുതല്‍ ലങ്കവരെ വ്യക്തമായൊരു മണല്‍ത്തിട്ട കാണുന്നുണ്ടെന്നും അത് രാമസേതു ആണെന്നുമാണ് തൊഗാഡിയ വാദിക്കുന്നത്. അത് നിറച്ച് തോഡിയമാണെന്നും അദ്ദേഹം പറയുന്നു. ആ രാസസമ്പത്ത് നാമാവശേഷമാക്കുന്ന പാലം പണി നടന്നുകൂടെന്നാണ് വാദം. അപ്പോള്‍ ഉയര്‍ന്നുവരുന്ന ആദ്യത്തെ പ്രശ്നം വിഎച്ച് പി മുറവിളി കൂട്ടുന്നത് രാമസേതു സംരക്ഷിക്കാനാണോ അതോ ഇന്ത്യന്‍ കടല്‍ത്തീരത്തെ തോഡിയം സംരക്ഷിക്കാനാണോ എന്നാണ്? തോഡിയം സംരക്ഷിക്കാനാണെങ്കില്‍ രാമന്റെ പേര് പറയേണ്ട ആവശ്യമില്ല-അല്ലാതെതന്നെ ജനങ്ങള്‍ക്ക് അക്കാര്യം ബോധ്യപ്പെടുത്താന്‍ അമേരിക്കന്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ വഴിക്കുള്ള തെളിവുകളെ ഉപയോഗപ്പെടുത്തുവാന്‍ പറ്റുമല്ലോ-എന്തുകൊണ്ട് അങ്ങനെ ചെയ്യാതെ പ്രശ്നത്തെ രാമനുമായി ബന്ധപ്പെടുത്തുന്നു?

ഇനി, സാറ്റലൈറ്റ് കണ്ടെത്തി എന്ന് പറയുന്ന ചിത്രങ്ങള്‍ രാമസേതുവിന്റെതാണെങ്കില്‍ അത് എന്തായാലും ശ്രീരാമന്‍ ഒറ്റക്ക് പണിതതായിരിക്കാനിടയില്ല. ആണെന്ന് പറയുന്ന പക്ഷം 'രാമായണ'ത്തിലെ കുരങ്ങപ്പടയുടെ പ്രാധാന്യം ഇല്ലാതാവും. ഹനുമാനും സുഗ്രീവനും നളനും അംഗദനും ജാംബവാനും ഒക്കെ അപ്രസക്തരാവും. അല്ല, ഇവരുടെയൊക്ക സഹായത്തോടെയാണ് ശ്രീരാമന്‍ ലങ്കയിലേക്ക് പാലം പണിഞ്ഞത് എങ്കില്‍ കുരങ്ങന്മാര്‍ പാലം പണിയുമോ എന്നൊരു ചോദ്യമുണ്ട്. അവര്‍ പാലം പണിയുവാന്‍ കഴിവുള്ളവരാണെങ്കില്‍ എന്തുകൊണ്ടവര്‍ ഇപ്പോള്‍ പാലം പണിയുന്നില്ല എന്ന് വിശദീകരിക്കാന്‍ തൊഗാഡിയ ബാധ്യസ്ഥനാണ്. രാമന്റെ കൂടെയുണ്ടായിരുന്ന ഹനുമാന്‍ ഉള്‍പ്പെടെയുള്ളവര്‍ കുരങ്ങന്മാരായിരുന്നില്ല എന്ന് വാദിച്ചാല്‍ പ്രശ്നം തീരില്ല. എന്തെന്നാല്‍ പിന്നെന്തിന് നിങ്ങള്‍ ഹനുമാനെ കുരങ്ങനാക്കി ചിത്രീകരിക്കുന്ന ശില്പചിത്രങ്ങളുണ്ടാക്കി ആരാധന ചെയ്യുകയും ചെയ്യിക്കുകയും ചെയ്യുന്നു എന്ന ചോദ്യത്തിന് വിഎച്ച്പി മറുപടി പറയേണ്ടിവരും.

ഇത്തരം യുക്തിയുക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തപ്പെടുമ്പോഴൊക്കെ "ശ്രീരാമന്‍ ഹിന്ദുക്കളുടെ വിശ്വാസവിഷയ'മാണെന്ന് പറഞ്ഞു തടിയൂരുകയാണ് വിഎച്ച്പിയുടെ രീതി. ഇന്ത്യയില്‍ ശ്രീരാമഭാവന വളര്‍ത്തുകയും അതിനെ വിശ്വാസമാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്തിട്ടുള്ളത് 1925-ല്‍ ഉണ്ടായ ആര്‍എസ്എസോ അതിന്റെ ഒരു പരിവാര്‍ മാത്രമായ വിഎച്ച്പിയോ ആണോ? അല്ലെന്നതാണ് യാഥാര്‍ഥ്യം.

വിഎച്ച്പി നടത്തിയ ശിലാപൂജകളിലൂടെയല്ല മറിച്ച് വാല്മീകി, കാളിദാസന്‍, ഭവഭൂതി, തുളസിദാസന്‍, കമ്പര്‍, എഴുത്തച്ഛന്‍ മുതലായ പ്രതിഭാശാലികള്‍ തീര്‍ത്ത 'അക്ഷരക്ഷേത്ര'ങ്ങളിലൂടെയാണ് ശ്രീരാമന്‍ ജനഹൃദയങ്ങള്‍ക്ക് പൂജാര്‍ഹനായിത്തീര്‍ന്നത്. അതിനാല്‍ രാമന് ഇന്ത്യന്‍ ജനമനസ്സില്‍ നിലനില്‍ക്കാന്‍ പ്രതിഭാശാലികളുടെ അക്ഷരക്ഷേത്രങ്ങള്‍ മതി; വര്‍ഗീയവാദികളുടെ ശിലാക്ഷേത്രങ്ങള്‍ വേണ്ടതില്ല. ഈ ചരിത്രസത്യം തിരിച്ചറിഞ്ഞുകൊണ്ട് വിശ്വാസികള്‍ അവരുടെ രാമനെ വര്‍ഗീയവാദികളില്‍നിന്ന് വിമോചിപ്പിക്കാന്‍ സാഹിത്യ- സാംസ്കാരിക പ്രവര്‍ത്തകരുടെയും ഭാഷാസ്നേഹികളുടെയും ഒപ്പം നിന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. വാല്മീകിയുടെ നരോത്തമനായ രാമനെ ഹിന്ദുത്വത്തിന്റെ ദൈവമാക്കുകയും അങ്ങനെ വര്‍ഗീയവത്കരിക്കുകയുമാണ് വിഎച്ച്പി ചെയ്തുവരുന്നതെന്ന് തിരിച്ചറിയുന്നവര്‍ക്ക് മാത്രമേ വാല്മീകി മുതല്‍ എഴുത്തച്ഛന്‍ വരെയുള്ളവരുടെ സര്‍ഗ തപസ്യ പ്രതിഷ്ഠിച്ച സാഹിത്യക്ഷേത്രത്തിലെ ശ്രീരാമനെ വീണ്ടെടുക്കാനാവൂ.

നമുക്ക് ചെയ്യാവുന്നത്

വിശ്വാസം ഒരാളുടെ വൈയക്തികമായ തെരഞ്ഞെടുപ്പിന്റെ പ്രശ്നമാണ്. ആ അവകാശത്തെ തീര്‍ച്ചയായും ഒരു ജനാധിപത്യവ്യവസ്ഥ ജാഗ്രതയോടെ സംരക്ഷിക്കേണ്ടതാണ്. ഇവിടെ നാം ചര്‍ച്ചചെയ്യുന്നത് മതവിശ്വാസം സംബന്ധിച്ച കാര്യങ്ങളല്ല; ചരിത്രാന്വേഷണത്തിന്റെയും യാഥാര്‍ഥ്യത്തിന്റെയും കാര്യങ്ങളാണ്. മതവിശ്വാസാവകാശത്തെ സംരക്ഷിക്കുന്നതോടൊപ്പം ഇന്ത്യന്‍ ഭരണഘടന, ശാസ്ത്രീയബോധത്തെയും അന്വേഷണത്തെയും പ്രോത്സാഹിപ്പിക്കേണ്ടതിനെക്കുറിച്ചും പറയുന്നുണ്ട്. ഇവയിലൊന്നിന്റെ പേരില്‍ മറ്റേത് എതിര്‍ക്കപ്പെട്ടുകൂടാ.

മതവിശ്വാസം അതിന്റെ സത്തായ രൂപത്തില്‍ തീര്‍ച്ചയായും സത്യാന്വേഷണത്തെ പ്രോത്സാഹിപ്പിക്കണം; സത്യത്തെ തിരിച്ചറിയാനുള്ള കഴിവാര്‍ജിക്കാന്‍ സഹായിക്കുകയും വേണം. ഇന്ത്യയെപ്പോലെ വളരെ പുരാതനമായ ഒരു നാഗരിക അവബോധം ചൈനക്കുമുണ്ട്. ചൈനയുടെ പ്രാചീന ചിന്ത നമ്മോട് പറയുന്നത് 'നൂറു പൂക്കള്‍ വിരിയട്ടെ, ഒരായിരം ചിന്തകള്‍ പരസ്പരം തര്‍ക്കത്തിലേര്‍പ്പെടട്ടെ, അപ്പോഴാണ് ഒരുപാടു വസ്തുതകളില്‍നിന്ന് സത്യം വെളിപ്പെട്ടുവരുന്നത്' എന്നാണ്. സത്യമെന്നത് ഒരു വസ്തുതയാകുമ്പോള്‍ തന്നെ എല്ലാ വസ്തുതകളും പൂര്‍ണ സത്യങ്ങളാവുന്നില്ലെന്നറിയണം. ഇതാണ് തത്വചിന്തയും ദൈവശാസ്ത്രവും തമ്മിലുള്ള അന്തരം. മതവിശ്വാസം പുത്തന്‍ ആശയങ്ങളെ ഉത്തേജിപ്പിക്കുകയും ശാസ്ത്രീയാന്വേഷണത്തെ പ്രോത്സാഹിപ്പിക്കുകയും വേണം. അല്ലാതെ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കുമായി വര്‍ഗീയ വികാരം ആളിക്കത്തിക്കുന്ന ഒന്നായി ചുരുങ്ങിപ്പോവരുത്.

രാമന്‍ ദൈവമാണെന്ന ഒരു വിശ്വാസം വിവിധ ഹിന്ദുജനവിഭാഗങ്ങള്‍ക്കിടയില്‍ നൂറ്റാണ്ടുകളായി രൂഢമൂലമായി നിലനില്‍ക്കുന്നുണ്ടെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു യാഥാര്‍ഥ്യമാണ്. മറിച്ച്, രാമന്‍ കേവലം കവിഭാവനാസൃഷ്ടിയാണെന്ന അഭിപ്രായം വെച്ചുപുലര്‍ത്തുന്ന ഹിന്ദുക്കളുള്‍പ്പെടെ ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇന്ത്യയിലുണ്ടെന്നതും അവഗണിക്കാനാവാത്ത വസ്തുതയാകുന്നു. ഒരു ജനാധിപത്യ മതനിരപേക്ഷരാഷ്ട്രത്തില്‍ ഈ രണ്ടിനും - വിശ്വാസത്തിനും മറിച്ചുള്ള അഭിപ്രായത്തിനും - ഒരുപോലെ വില കല്പിക്കേണ്ടതുണ്ട്. ഈ രണ്ടിനെയും സങ്കുചിതരാഷ്ട്രീയലക്ഷ്യങ്ങള്‍ സാധിക്കുന്നതിനുവേണ്ടി ഉപയോഗിക്കാന്‍ ആരെയും അനുവദിച്ചുകൂട.

രാമന്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്നതോ അദ്ദേഹത്തിന്റെ കല്‍പന പ്രകാരം പാലം പണിതോ, ചിറ രൂപപ്പെട്ടോ എന്നതുമല്ല യഥാര്‍ഥ പ്രശ്നം. വ്യത്യസ്തവും നിര്‍ണായകവുമായ മറ്റ് ഒരു കൂട്ടം ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്. വിശ്വാസമോ, പുരാവസ്തുവോ അല്ല, ബുദ്ധിയും വൈഭവവുമാണ് ഇവ ആവശ്യപ്പെടുന്നത്. വിശ്വാസത്തിന്റെ പേരില്‍ ബോധപൂര്‍വം വഴിമാറ്റപ്പെട്ട ചോദ്യങ്ങള്‍. ഭൂഗര്‍ഭ പരിണാമങ്ങള്‍ ഭാഗികമായെങ്കിലും നീക്കുന്നത് ക്രമേണ പാരിസ്ഥിതിക ദ്രോഹമേല്‍പിക്കുമോ? ദക്ഷിണേന്ത്യന്‍ തീരങ്ങളെയോ ശ്രീലങ്കയെയോ ആഘാതങ്ങള്‍ക്ക് തുറന്നിടുമോ? ഭാവിയില്‍ സുനാമിക്ക് വഴിയൊരുക്കുമോ? ആസൂത്രണത്തിലൂടെ ഇത്തരം സാധ്യതകള്‍ ഒഴിവാക്കാനാകുമോ?

വാര്‍ത്താ വിനിമയത്തിലും വാണിജ്യത്തിലും ഈ പദ്ധതി വഴി ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങള്‍ എന്തായിരിക്കും? ഈ നേട്ടങ്ങള്‍ പ്രാദേശിക സമൂഹങ്ങളില്‍ എത്തുമോ? എങ്കില്‍ എങ്ങനെ? ബഹുരാഷ്ട്ര കുത്തകകളും അവയുടെ ഇന്ത്യന്‍ പങ്കാളികളും ഇതില്‍ എന്തു വേഷമാണ് കളിക്കുക എന്നും സസൂക്ഷ്മം ഓരോരുത്തരും അറിയേണ്ടതും തുല്യ പ്രാധാന്യമുള്ളതുമാണ്. അതി ബൃഹത്തായ ഇത്തരമൊരു പദ്ധതിക്ക് വ്യത്യസ്ത ഘട്ടങ്ങളില്‍ പണം മുടക്കുന്നതും നിയന്ത്രിക്കുന്നതും ആര് ? ഈ വിശദാംശങ്ങള്‍ സുതാര്യമായാലേ ഇപ്പോള്‍ തിളച്ചുമറിയുന്ന ഭൂഗര്‍ഭ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംശയരഹിതമായ സൂചന നമുക്കു ലഭിക്കൂ. ഇവയാണ് ഈ സന്ദര്‍ഭത്തില്‍ പൊതുഇടം പിടിക്കേണ്ടതും ഈ പദ്ധതിയെക്കുറിച്ച് ഉന്നയിക്കപ്പെടേണ്ടതുമായ പ്രസക്തമായ ചോദ്യങ്ങള്‍.

(അവലംബം: റൊമില ഥാപ്പര്‍, സീതാറാം യച്ചൂരി, സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി, എന്‍ വി പി ഉണിത്തിരി , വി ബി പരമേശ്വരന്‍ എന്നിവരുടെ ലേഖനങ്ങള്‍)