Showing posts with label അസംഘടിതമേഖല. Show all posts
Showing posts with label അസംഘടിതമേഖല. Show all posts

29 June, 2009

നിര്‍മ്മാണമേഖല – ഈ നൂറ്റാണ്ടിലെ അടിമക്കച്ചവടച്ചന്ത

നിര്‍മ്മാണമേഖല – ഈ നൂറ്റാണ്ടിലെ അടിമക്കച്ചവടച്ചന്ത

കേരളത്തിലെ കെട്ടിടനിര്‍മ്മാണ മേഖലയില്‍ സമീപകാലത്തുണ്ടായ ദാരുണമായ അപകടമരണങ്ങള്‍ തൊഴില്‍ മേഖലയിലെ അരക്ഷിതാവസ്ഥയെ വെളിപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ അന്യ സംസ്ഥാനക്കാരായ ഏഴു് കുടിയേറ്റ കരാര്‍ തൊഴിലാളികള്‍ അപകടമരണത്തിനിരയായി. ബംഗാള്‍, ഒറീസ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളാണു് അപകടത്തില്‍പെട്ടതു്. ബോംബെ മോഡല്‍ വികസനത്തിലേക്കു് കുതിച്ചുചാട്ടം നടത്തുന്ന എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവ മാത്രമാണിതു്. മരിച്ച തൊഴിലാളികളുടെ കുടുംബത്തിനു് പരമാവധി എഴുപത്തയ്യായിരം രൂപ നഷ്ടപരിഹാരം നല്‍കി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള സൌമനസ്യം കാണിക്കാതെ, പൊതു ശ്മശാനത്തില്‍ അടക്കം ചെയ്യുന്ന അവസ്ഥയാണു് നിലവിലുള്ളതു്. നഷ്ടപരിഹാരത്തുക പലപ്പോഴും മരിച്ചവരുടെ കുടുംബത്തിനു് ലഭിക്കാറില്ല. ഇടനിലക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ് എന്നീ വിഭാഗങ്ങള്‍ കൃത്രിമരേഖ ചമച്ചു് നഷ്ടപരിഹാരത്തുക തട്ടിയെടുക്കുന്നതു് അപൂര്‍വ്വ സംഭവമല്ല. കുടിയേറ്റ തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തിലുള്ള രാജ്യത്തെ നിയമങ്ങള്‍ അപ്രസക്തമാക്കിക്കൊണ്ടുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍മ്മാണ മേഖലയില്‍ പണമിറക്കിയ നിര്‍മ്മാണ കമ്പനികള്‍ക്കും റിയല്‍ എസ്റ്റേറ്റ്, ലാന്റ് ബാങ്ക് മാഫിയകള്‍ക്കും പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നതു് സംസ്ഥാന ഭരണകൂടം, തൊഴില്‍ വകുപ്പു്, നിര്‍മ്മാണ മേഖലയിലെ പ്രബല ട്രേഡ് യൂണിയനുകള്‍ എന്നീ വിഭാഗങ്ങളാണു്. സ്വന്തം നാടും വീടും വിട്ടു് അന്യ സംസ്ഥാനങ്ങളില്‍ ഉപജീവനം നടത്താനായി എത്തിച്ചേരുന്ന തൊഴിലാളി, തൊഴില്‍ മേഖലയില്‍ പാലിക്കേണ്ട നിയമങ്ങളും സുരക്ഷാ ഉപാധികളും പാലിക്കാത്ത കരാറുകാരന്റെയും കെട്ടിട ഉടമയുടെയും കീഴില്‍ തൊഴിലിലേര്‍പ്പെട്ടിരിക്കേ അപകട മരണത്തില്‍പെട്ടാല്‍ ദുരിതാശ്വാസം എന്ന നിലയില്‍ 15,000 രൂപ നല്‍കി സ്വന്തം ഉത്തരവാദിത്വത്തില്‍നിന്നു് സര്‍ക്കാര്‍ നിഷ്ക്രമിക്കുന്നു. ഉടമകളാകട്ടെ തൊഴിലാളി കുടുംബത്തിനു് നല്‍കേണ്ട നഷ്ടപരിഹാരത്തുകയുടെ ചെറിയൊരംശം പോലീസ്, തൊഴില്‍ വകുപ്പു് ഉദ്യോഗസ്ഥര്‍ക്കു് ആനുപാതികമായി നല്‍കി കേസ് ഒതുക്കിത്തീര്‍ക്കുന്നു.

ലംഘിക്കപ്പെടുന്ന നിയമങ്ങള്‍

തൊഴിലാളികളെ നിയോഗിക്കുന്ന കോണ്‍ട്രാക്ടര്‍ (ഇടനിലക്കാരന്‍) ലൈസന്‍സ് എടുക്കുകയും ലൈസന്‍സ് പ്രകാരമുള്ള തൊഴിലാളികള്‍ക്കു് സ്ഥിരം തൊഴിലാളികള്‍ക്കു് നല്‍കുന്ന സേവന-വേതന വ്യവസ്ഥ, തൊഴില്‍ സമയ ക്ലിപ്തത, കാന്റീന്‍, പാര്‍പ്പിടം, മെഡിക്കല്‍ ട്രീറ്റ്മെന്റ്, ഓവര്‍ടൈം അലവന്‍സ്, അറ്റന്‍ഡന്‍സ് രജിസ്റ്റര്‍, തൊഴിലാളികളുടെ ലിസ്റ്റ്, കുടിവെള്ളം, സുരക്ഷാ ഉപകരണങ്ങള്‍ (ഹെല്‍മറ്റ്, ഗംബൂട്ട്, ഗ്ലൌസ്), ഫസ്റ്റ് എയ്ഡ് ബോക്സ്, യൂണിഫോം എന്നിവ ഉറപ്പുവരുത്തേണ്ടതുണ്ടു്. എന്നാല്‍ ഒരു കമ്പനിയും ഇതു് പാലിക്കാറില്ല. ലൈസന്‍സ് ഉള്ളവര്‍ പതിന്മടങ്ങു് തൊഴിലാളികളെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചു് അടിമസമാനമായ സാഹചര്യങ്ങളില്‍ തോഴിലിലേര്‍പ്പെടുത്തുന്നു. സംഘടിത മേഖലയുടെ തകര്‍ച്ചയ്ക്കു് വഴിയൊരുക്കിയ ആഗോളീകരണം സൃഷ്ടിച്ച വികേന്ദ്രീകരണ പ്രക്രിയ, വന്‍കിട പൊതുമേഖല, സ്വകാര്യ മേഖല വ്യവസായങ്ങളുടെ തകര്‍ച്ച, അടച്ചുപൂട്ടല്‍, കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ച, ദേശീയ അന്തര്‍ദേശീയ അഗ്രി ബിസിനസ് കുത്തകകളുടെ തള്ളിക്കയറ്റം സൃഷ്ടിച്ച തൊഴില്‍ രാഹിത്യം, കുറഞ്ഞ കൂലി നിരക്കു്, കൃഷി ഭൂമിയുടെ കുത്തകവല്‍ക്കരണം, കൃഷിഭൂമി റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിനു് പരിവര്‍ത്തനപ്പെടുത്തല്‍, മറ്റാവശ്യങ്ങള്‍ക്കു് വിനിയോഗിക്കല്‍ എന്നിവമൂലം കാര്‍ഷിക മേഖലയില്‍നിന്നു് പുറന്തള്ളപ്പെടുന്ന തൊഴിലാളികള്‍ പുതിയ തൊഴില്‍ മേഖലയായ നിര്‍മ്മാണ രംഗത്തേക്കു് പ്രവേശിക്കാന്‍ നിര്‍ബന്ധിതമാകുന്നു. സ്വന്തം കായികാദ്ധ്വാനം വിറ്റ് ജീവസന്ധാരണം നിര്‍വഹിക്കാന്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ നിര്‍ബന്ധിക്കപ്പെടുന്ന തൊഴിലാളികള്‍ക്കു് കൂടുതല്‍ ഉയര്‍ന്ന സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമില്ലെന്ന പരിഗണനയും അന്യ സംസ്ഥാന തൊഴിലാളികളെ വ്യാമോഹിപ്പിക്കുന്ന ഘടകമാണു്. പരമ്പരാഗത വ്യവസായങ്ങളെ ഉച്ചാടനം ചെയ്ത അന്തര്‍ദേശീയ കുത്തകകളുടെ സമഗ്രാധിപത്യം, മത്സ്യബന്ധന മേഖലയിലേയ്ക്കുള്ള തൊഴിലാളി പ്രവാഹത്തില്‍ ഗതിവേഗം വര്‍ദ്ധിപ്പിച്ചു. വിദഗ്ദ്ധ-അവിദഗ്ദ്ധ തൊഴിലാളികളുടെ അപര്യാപ്തത, മറ്റു് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന വേതനനിരക്കു് എന്നിവ അന്യ സംസ്ഥാനതൊഴിലാളികളുടെ നിയന്ത്രണാതീതമായ കടന്നുവരവിനു് വഴിയൊരുക്കി.

തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ ഉദാരവല്‍ക്കരണം മൂലധനശക്തികള്‍ക്കു് നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം നല്‍കി. കേന്ദ്ര കൃഷി വകുപ്പു് മന്ത്രി ശരത് പവാര്‍ ‘കൃഷിത്തൊഴില്‍ മുഖ്യ ജീവിത ഉപാധിയാക്കുന്ന പാരമ്പര്യ രീതി ഉപേക്ഷിച്ചു് കര്‍ഷകരും തൊഴിലാളികളും മറ്റു് തൊഴില്‍ മേഖലകള്‍ കണ്ടെത്തണമെന്നാഹ്വാനം ചെയ്തതു് രാജ്യത്തു് വികാസംപ്രാപിക്കുന്ന നിര്‍മ്മാണ മേഖലയെ മുന്നില്‍ കണ്ടുകൊണ്ടാവാം.

ഒറീസാ തൊഴിലാളികളുടെ ദുരന്തം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

അടിക്കടിയുണ്ടായ നാലു് അപകടമരണത്തിനു് തൊട്ടുപിന്നാലെയാണു് എറണാകുളം ബോട്ടു് ജെട്ടിക്കു് സമീപം തൊഴിലാളികളെ താമസിപ്പിച്ചിരുന്ന തൊഴിലുടമയുടെ ജീര്‍ണിച്ചുപഴകിയ കെട്ടിടം തകര്‍ന്നുവീണു് രണ്ടു് ഒറീസാ തൊഴിലാളികള്‍ മരിക്കാനിടയായതു്. കൊച്ചിന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയതു പ്രകാരം പൊളിച്ചുമാറ്റുന്നതിനുവേണ്ടി ഹോട്ടല്‍ കച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിച്ച കെട്ടിടത്തിലാണു് 50 ഒറീസാ തൊഴിലാളികളെ പാര്‍പ്പിച്ചിരുന്നതു്. 16 നില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകാറായതുകൊണ്ടു് 20 തൊഴിലാളികള്‍ മടങ്ങിപ്പോയതുമൂലം വന്‍ ദുരന്തം ഒഴിവായി. മഴയില്‍ കുതിര്‍ന്നു് നിപതിച്ച കെട്ടിടത്തിലുണ്ടായിരുന്ന 28 ഒറീസാ തൊഴിലാളികളാണു് അപകടത്തില്‍പ്പെട്ടതു്. അപകടത്തിനിരയായവരുടെ ബന്ധുക്കള്‍ അവരെ സഹായിക്കണമെന്നാവശ്യപ്പെട്ടു് ടിയുസിഐ ഓഫീസില്‍ എത്തി യൂണിയന്‍ നേതൃത്വത്തെ വിഷയത്തില്‍ ഇടപെടാന്‍ ചുമതലപ്പെടുത്തിയതു പ്രകാരം ജില്ലാ കളക്ടര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവര്‍ക്കു് ടിയുസിഐ പരാതി നല്‍കി. മരിച്ച തൊഴിലാളി കുടുംബങ്ങള്‍ക്കു് 10 ലക്ഷവും, കാല്‍ നഷ്ടപ്പെട്ട തൊഴിലാളിക്കു് 5 ലക്ഷം രൂപയും നല്‍കുക, മരണത്തിനുത്തരവാദിയായ ഉടമയ്ക്കെതിരെ കൊലക്കുറ്റത്തിനു് കേസെടുക്കുക, ജില്ലയിലെ മുഴുവന്‍ നിര്‍മ്മാണകമ്പനികളിലെയും തൊഴിലാളികള്‍, കൂടിയേറ്റ തൊഴിലാളികള്‍, തൊഴില്‍ സാഹചര്യം എന്നിവയെ സംബന്ധിച്ചു് സമഗ്രമായ അന്വേഷണം, നടപടി എന്നിവ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണു് ഉന്നയിച്ചിരുന്നതു്. യൂണിയന്റെ പരാതിയെത്തുടര്‍ന്നു് ഉടമകള്‍ ഒന്നര ലക്ഷം വീതം നഷ്ടപരിഹാരം നല്‍കുമെന്നു് അറിയിച്ചു് കളക്ടര്‍ മുഖാന്തിരം പത്രക്കുറിപ്പിറക്കി. ഇതംഗീകരിക്കാനാവില്ലെന്നു് അറിയിച്ചതു പ്രകാരം ചര്‍ച്ച ചെയ്തു പ്രശ്നം ഒത്തുതീര്‍പ്പാക്കുന്നതിനു് കളക്ടര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി.

തുടര്‍ന്നു് ആര്‍ഡിഒ, എഡിഎം, ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവര്‍ യൂണിയന്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്തു് നഷ്ടപരിഹാരത്തെ സംബന്ധിച്ചു് ഒത്തുതീര്‍പ്പിലെത്തിച്ചു. വര്‍ക്ക്മെന്‍ കോമ്പന്‍സേഷന്‍ ആക്ട് അനുസരിച്ചു് കേസ് നടത്തിയാല്‍ വര്‍ഷങ്ങള്‍ നീളും എന്നതിനാലും അര്‍ഹതപ്പെട്ട കുടുംബത്തിനു് നഷ്ടപരിഹാരം ലഭിക്കില്ലെന്ന മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണു് ഉഭയകക്ഷി സമ്മതപ്രകാരം ചര്‍ച്ചചെയ്തു് നഷ്ടപരിഹാരം നല്‍കണമന്നു് ടിയുസിഐ ആവശ്യപ്പെട്ടതു്. എന്നാല്‍ ഒത്തുതീര്‍പ്പു് വ്യവസ്ഥ ആദ്യം അംഗീകരിച്ച ഉടമകള്‍ പിന്നീടു് വ്യവസ്ഥ അംഗീകരിക്കുന്നില്ല എന്നറിയിച്ചു.

മരണമടഞ്ഞ തൊഴിലാളി കുടുംബത്തിനു് 3 ലക്ഷം രൂപയും കാല്‍ നഷ്ടപ്പെട്ട തൊഴിലാളിക്കു് മൂന്നര ലക്ഷം രൂപപ്രകാരം നഷ്ടപരിഹാരം നല്‍കാന്‍ ഉടമ അംഗീകരിച്ചു. എന്നാല്‍ പത്തു് നിമിറ്റിനകം ഒത്തുതീര്‍പ്പു് വ്യവസ്ഥകള്‍ അംഗീകരിക്കുന്നില്ല എന്നും കേസ് നടത്തി നഷ്ടപരിഹാരം വാങ്ങിയാല്‍ മതിയെന്നും ഉടമകള്‍ അറിയിച്ചു. നഷ്ടപരിഹാരത്തെ സംബന്ധിച്ചു് തീരുമാനിച്ചിട്ടു് പോസ്റ്റ്മാര്‍ട്ടം നടത്തിയാല്‍ മതിയെന്നു് ബന്ധുക്കള്‍ ആവശ്യപ്പെട്ടതു പ്രകാരം വൈകീട്ടു് നാലു മണിവരെ നിരന്തരമായി ഡിഎല്‍ഒ ഇടപെട്ടു് ഉടമകളോടു് വാക്കു് പാലിക്കണമെന്നാവശ്യപ്പെട്ടെങ്കിലും അവര്‍ പിന്‍മാറിയതു് ബാഹ്യ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു.

ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യാകുടുംബമായ ചാക്കോള ഇത്തരമൊരു ഒത്തുതീര്‍പ്പുണ്ടാക്കിയാല്‍ നിര്‍മ്മാണ മേഖലയില്‍ അരാജകത്വം സൃഷ്ടിക്കപ്പെടും. ഇനിയുണ്ടാകുന്ന അപകടമരണങ്ങള്‍ക്കു് കൂടുതല്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും എന്നതിനാല്‍ ഒത്തുതീര്‍പ്പു് അംഗീകരിക്കരുതെന്നാണു് ലഭിച്ച നിര്‍ദ്ദേശം. ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകാഭിപ്രായവും ഇതായിരുന്നു. ഈ മേഖലയിലെ കുത്തകകളായ സിഐടിയു, ഐഎന്‍ടിയുസി എന്നീ പ്രബല ട്രേഡ് യൂണിയനുകള്‍, ബില്‍ഡേഴ്സ് അസ്സോസിയേഷന്‍, ചേംബര്‍ ഓഫ് കോമേഴ്സ്, കോണ്‍ട്രാക്ടേഴ്സ് എന്നീ സംഘടനകളുടെ വിദഗ്ദ്ധോപദേശം, സമ്മര്‍ദം എന്നിവയുടെ ഫലമായിട്ടാണു് ചാക്കോള ഒത്തുതീര്‍പ്പു് വ്യവസ്ഥയില്‍നിന്നു് പിന്മാറിയതു്. തുടര്‍ന്നു് ഉന്നതതലങ്ങളില്‍നിന്നു് പോലീസിനു് ലഭിച്ച നിര്‍ദ്ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയില്ലാതെ പോസ്റ്റ്മോര്‍ട്ടം നടത്തി. മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തില്ലെങ്കില്‍ അനാഥപ്രേതമായി പരിഗണിച്ചു് പോലീസ് ശവം അടക്കംചെയ്യുമെന്നു് ഭീഷണിപ്പെടുത്തി. തുടര്‍ന്നു് ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുത്തു് നൂറുകണക്കിനു് തഴിലാളികളുമായി ടിയുസിഐയുടെ നേതൃത്വത്തില്‍ ചാക്കോളയുടെ വീട്ടിലേക്കു് മാര്‍ച്ച് നടത്തി.

മാര്‍ച്ച് ആരംഭിക്കുന്നതിനു മുമ്പു് ഡല്‍ഹിയിലായിരുന്ന ജില്ലാ കളക്ടര്‍, ഉന്നത പോലീസുദ്യോഗസ്ഥര്‍ എന്നിവരെ വിവരമറിയിക്കുകയും ഒത്തുതീര്‍പ്പു് വ്യവസ്ഥ പാലിക്കാന്‍ ഇനിയും സമയമുണ്ടെന്നു് അറിയിച്ചിട്ടും ‘നിങ്ങള്‍ മാര്‍ച്ച് നടത്തിയാല്‍ ശവത്തെ അവഹേളിച്ചു എന്ന വകുപ്പു് ചുമത്തി കേസ് എടുക്കും എന്നായിരുന്നു പോലീസിന്റെ മറുപടി. മാര്‍ച്ച് നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നു് പറഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യാന്‍ സന്നദ്ധമാകാതെ തൊഴിലാളികളെ മര്‍ദ്ദിച്ചു് സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തുകയായിരുന്നു. ശവമഞ്ചം വഹിച്ച സ്വന്തം പിതാവിനെയും സഹോദരനെയും മര്‍ദ്ദിച്ചു് മൃതദേഹത്തെ താഴെയിടാന്‍ വേണ്ടി ശ്രമിച്ച എസ്ഐക്കു് തൊഴിലാളിവര്‍ഗ്ഗത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പിന്മാറേണ്ടിവന്നു. തുടര്‍ന്നു് ഓടിനടന്നു് തൊഴിലാളികളെ മര്‍ദ്ദിച്ച സമയത്തു് നിങ്ങള്‍ മര്‍ദ്ദിക്കരുതു്, അറസ്റ്റ് ചെയ്യാം എന്നു് ടിയുസിഐ സംസ്ഥാന സെക്രട്ടറി എസ്ഐയോടു് ആവശ്യപ്പെട്ടപ്പോള്‍ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു് മര്‍ദ്ദിക്കാന്‍ തുടങ്ങി. എതിര്‍ത്തതുമൂലം ഫ്ലയിംഗ് സ്ക്വാഡിന്റെ വാഹനത്തില്‍ ചാരിനിര്‍ത്തി മര്‍ദ്ദിക്കാന്‍ പോലീസുകാര്‍ക്കു് നിര്‍ദ്ദേശം കൊടുക്കുകയായിരുന്നു. ട്രേഡ് യൂണിയന്‍ നേതാക്കളെ മര്‍ദ്ദിച്ചു് അറസ്റ്റ് ചെയ്ത പോലീസ് നേതാക്കളെ കസ്റ്റഡിയില്‍ വെക്കുകയും തുടര്‍ന്നു് തൊഴിലാളികളെ ലാത്തിച്ചാര്‍ജ് ചെയ്തു് ഓടിച്ചതുമൂലം അര മണിക്കൂറോളം മൃതദേഹം അനാഥമായി റോഡില്‍ കിടന്നു. ഈ സമയത്താണു് പോലീസിനു് അബദ്ധം മനസ്സിലായതു്. തുടര്‍ന്നു് പോലീസ് മൃതദേഹം ആംബുലന്‍സ് വരുത്തി അതിലേക്കു് കയറ്റി. (ആംബുലന്‍സ് ഏര്‍പ്പാടു് ചെയ്തു് കൊടുത്തതു് സിപിഐക്കാര്‍). തല്ലിയോടിച്ച തൊഴിലാളികളെയും അറസ്റ്റ് ചെയ്തു് സ്റ്റേഷനില്‍ കൊണ്ടുപോയ തൊഴിലാളികളെയും മൃതദേഹത്തിനടുത്തെത്തിച്ചു് പൊതു ശ്മശാനത്തിലേയ്ക്കു് കൊണ്ടുപോയി. സംസ്ക്കരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി. തങ്ങളുടെ അനുമതിയില്ലാതെ മൃതദേഹം മറവുചെയ്യാന്‍ പോലീസിനു് അധികാരമില്ലെന്നും നേതാക്കന്മാരെ കൊണ്ടുവരാതെ സംസ്ക്കാരം നടത്തില്ലെന്നും പ്രഖ്യാപിച്ചു് തൊഴിലാളികളും ബന്ധുക്കളും ശ്മശാനത്തില്‍ കുത്തിയിരിപ്പു് നടത്തി. ഈ സമയത്തു് ചാക്കോളായുടെ കങ്കാണിമാര്‍ രംഗത്തെത്തി തൊഴിലാളികളെ ഉടമയ്ക്കനുകൂലമായി അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ടിയുസിഐയുടെ ലേബല്‍ വ്യാജമായുപയോഗിച്ചു് മുതലാളിമാര്‍ക്കു് അനുകൂലമായി തൊഴിലാളികളെ കൂട്ടിക്കൊടുക്കുകയും യൂണിയനുകള്‍ തകര്‍ക്കുകയും ചെയ്യുന്ന വിപ്ലവ കുപ്പായമിട്ട ഒരു വനിതാ അഡ്വക്കേറ്റും അക്കൂട്ടത്തിലുണ്ടായിരുന്നു. കെട്ടിടം തകര്‍ന്നുവീണ ദിവസം തൊഴിലാളികളുടെ മുന്നില്‍നിന്നു് ടിവിയില്‍ അഭിനയിച്ച വനിതാ നേതാവിന്റെ തനിനിറം മനസ്സിലാക്കിയ ഒറീസാ തൊഴിലാളികള്‍ അവരെ ആട്ടിയോടിച്ചു. രാവിലെ മുതല്‍ ഈ സമയം വരെ നിങ്ങളെ ഫോണില്‍ വിളിച്ചിട്ടും നിങ്ങള്‍ ഫോണ്‍ എടുത്തില്ലല്ലോ, ഇപ്പോള്‍ നിങ്ങള്‍ മുതലാളിയ്ക്കു വേണ്ടി വന്നിരിക്കുകയാണോ? നിങ്ങളെ ഇവിടെ ആവശ്യമില്ല എന്നുപറഞ്ഞു് തിരിച്ചയച്ചതിനുശേഷം രാത്രി ഒമ്പതരയ്ക്കു് ഒത്തുതീര്‍പ്പു് വ്യവസ്ഥ പാലിക്കുമെന്നു് അസി.കമ്മീഷണര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണു് ശവസംസ്ക്കാരം നടന്നതു്. പോലീസ് കസ്റ്റഡിയിലായിരുന്ന നേതാക്കളെ രാത്രി പന്ത്രണ്ടരയ്ക്കു് ജാമ്യത്തില്‍ വിട്ടയച്ചു. നേതൃത്വത്തെ അറസ്റ്റ് ചെയ്താല്‍ അന്യ സംസ്ഥാനക്കാരായ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും പ്രലോഭിപ്പിച്ചും സ്വന്തം നിയന്ത്രണത്തിലാക്കാമെന്ന ഗൂഢതന്ത്രത്തിന്റെ ഭാഗമായി സ്റ്റേറ്റ് നടപ്പിലാക്കിയ ഓപ്പറേഷന്റെ ഭാഗമായിരുന്നു അറസ്റ്റും ലാത്തിച്ചാര്‍ജും. എന്നാല്‍ ഭരണകൂടതന്ത്രത്തെ സ്വന്തം നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രം തൊഴിലാളികള്‍ നേരിട്ടപ്പോള്‍ വെളിവായതു് തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി എന്നു് സ്വയം വിശേഷിപ്പിക്കുന്ന സിപിഐ(എം)ന്റെ കാപട്യമാണു്. പരസ്യങ്ങള്‍വഴി കോടികള്‍ സമ്പാദിക്കുന്ന സമൂഹത്തിനു് ഒരു നേട്ടവുമുണ്ടാക്കാത്ത ക്രിക്കറ്റ് കളിക്കാരനു് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മുഖ്യമന്ത്രി ദാരുണമായി കെട്ടിടം തകര്‍ന്നുമരിച്ച തൊഴിലാളി കുടുംബങ്ങള്‍ക്കു് നല്‍കിയ ദുരിതാശ്വാസം പതിനയ്യായിരം രൂപ. ഒറീസയില്‍ നിന്നുള്ള തൊഴിലാളികളെ പോലീസിനെ ഉപയോഗിച്ചു് ഭീഷണിപ്പെടുത്തി നാട്ടിലേക്കു് മടക്കിവിടാനുള്ള വ്യഗ്രതയിലായിരുന്നു കെട്ടിടമുടമകള്‍.

സിപിഎംന്റെ വര്‍ഗ്ഗപക്ഷപാതിത്വം

കഴിഞ്ഞ മുപ്പതു വര്‍ഷമായി സിപിഐ(എം) നയിക്കുന്ന ഇടതുഭരണത്തിന്‍കീഴിലുള്ള പശ്ചിമ ബംഗാളില്‍ നിന്നുള്ള ഏകദേശം മുപ്പതിനായിരത്തിലധികം തൊഴിലാളികള്‍ എറണാകുളം ജില്ലയില്‍ മാത്രം വിവിധ സൈറ്റുകളില്‍ തൊഴിലെടുക്കുന്നു. ബംഗാളിലെ ദാരിദ്ര്യം 20 മുതല്‍ 80 വരെയുള്ള കുറഞ്ഞ കൂലി നിരക്കു് എന്നിവയാണു് 80 രൂപ മുതല്‍ 120 രൂപ വരെ കൂലി ലഭിക്കുന്ന വിദഗ്ദ്ധ തൊഴിലാളികളും 30 രൂപമുതല്‍ 60 രൂപവരെ കൂലി ലഭിക്കുന്ന അവിദഗ്ദ്ധ തൊഴിലാളികള്‍ 60 മുതല്‍ 80 രൂപവരെ കൂലിനിരക്കിലും 80 രൂപ മുതല്‍ 150 രൂപ വരെ നിരക്കിലും കരാര്‍ തൊഴിലില്‍ ഏര്‍പ്പെടുന്നതു്. കരാറുകാരന്‍ 20 മുതല്‍ 30 രൂപവരെ കമ്മീഷനീടാക്കും. തുടര്‍ച്ചയായി പണി ലഭിക്കുമെന്ന ഒറ്റ കാരണത്താലാണു് കേരളത്തിലെ കണ്‍സ്ട്രക്ഷന്‍ മേഖലയിലേയ്ക്കു് ബംഗാള്‍ ഉള്‍പ്പടെയുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്നു് വ്യാപകമായ കുടിയേറ്റമുണ്ടാകുന്നതു്. ഒറീസയിലെ ദാരിദ്ര്യാവസ്ഥമൂലം ജില്ലയില്‍ ഏഴായിരത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്നു. തമിഴ്നാടു്, കര്‍ണാടക, ആന്ധ്ര, രാജസ്ഥാന്‍, ബീഹാര്‍ സംസ്ഥാനങ്ങളില്‍നിന്നായി മുപ്പതിനായിരത്തിലധികം തൊഴിലാളികളുണ്ടു്. അറുപതിനായിരത്തില്‍പരം അന്യ സംസ്ഥാന തൊഴിലാളികള്‍ തൊഴില്‍ ചെയ്യുന്ന എറണാകുളത്തു് തൊഴില്‍ വകുപ്പില്‍ ലൈസന്‍സുള്ള നാല്പതോളം കരാറുകാര്‍ പതിനായിരം തൊഴിലാളികളെ മാത്രമാണു് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതു്. 50 പേരില്‍ കൂടുതലുള്ള കരാറുകാര്‍ സാനിട്ടേഷന്‍, താമസം, കാന്റീന്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിയമ വ്യവസ്ഥ അവഗണിക്കുമ്പോള്‍ സംസ്ഥാന ഭരണം നിര്‍വഹിക്കുന്ന എല്‍ഡിഎഫ്, കങ്കാണിമാരുടെ പക്ഷത്തു് നിലയുറപ്പിച്ചു് ഇതിനെതിരായി പ്രവര്‍ത്തിക്കുന്നവരെ പോലീസിനെ ഉപയോഗിച്ചു് മര്‍ദ്ദിച്ചൊതുക്കാമെന്നു് വ്യാമോഹിക്കുന്നു. ഇരുപതിനായിരം തൊഴിലാളികളെവരെ കരാര്‍ തൊഴില്‍ വ്യവസായത്തിലേര്‍പ്പെട്ടിട്ടുള്ള കരാറുകാര്‍ കേരളത്തിലുണ്ടു്. ഇരുപതു രൂപവെച്ചു് കമ്മീഷന്‍ പിടിക്കുന്ന കരാറുകാരന്റെ പ്രതിദിന വരുമാനം നാലു ലക്ഷം രൂപയാണു്. ഇതിന്റെ ഒരു വിഹിതം പോലീസ്, തൊഴില്‍ വകുപ്പു് ഉദ്യോഗസ്ഥര്‍ക്കു് നല്‍കുന്നു. കുടിയേറ്റ കരാര്‍ തൊഴിലാളികള്‍ക്കു് ലഭിക്കേണ്ട നിയപരമായ പരിരക്ഷ മുന്‍ യുഡിഎഫ് ഭരണത്തില്‍ എന്നതുപോലെ എല്‍ഡിഎഫ് ഭരണത്തിലും അപ്രസക്തമാകുന്നതിന്റെ പിന്നിലെ സാമ്പത്തിക ശക്തികളുടെ ഇടപെടല്‍ എത്രമാത്രം ഗൌരവതരമാണെന്നു് ഇതില്‍നിന്നു് വ്യക്തമാകും. അന്യസംസ്ഥാനങ്ങളിലെ പിന്നോക്കാവസ്ഥയില്‍ പട്ടിണിയും ആത്മഹത്യയും ജീവിതത്തിന്റെ ഭാഗമായ ഗ്രാമങ്ങളെ അപ്പാടെ ദത്തെടുത്താണു് കേരളത്തില്‍ കങ്കാണിമാര്‍ എത്തിക്കുന്നതു്. ഇഷ്ടികക്കളം മുതല്‍ കെട്ടിടനിര്‍മ്മാണം വരെയുള്ള വിവിധ നിര്‍മ്മാണ മേഖലകളില്‍ ഈ തൊഴിലാളികളെ വിശ്രമിക്കാന്‍പോലും അനുവദിക്കാതെ തൊഴില്‍ ചെയ്യിക്കുന്നതില്‍നിന്നു് ലഭിക്കുന്ന മിച്ചമൂല്യമാണു് സംസ്ഥാനത്തെ വന്‍കിട നിര്‍മ്മാതാക്കളുടെ മൂലധനമായി രൂപാന്തരപ്പെടുന്നതു്. ഇപ്രകാരം തൊഴിലാളിയുടെ രക്തത്തില്‍നിന്നുല്‍ഭവിക്കുന്ന ലാഭമാണു് ശോഭ ഡെവലപ്പേഴ്സിന്റെ പി.എന്‍.സി. മേനോനെപ്പോലുള്ളവര്‍ക്കു് ആറുകോടി മുടക്കി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണ്ണ തുലാഭാരം നടത്താന്‍ പ്രാപ്തനാക്കുന്നതു്. പഞ്ചനക്ഷത്ര പള്ളികളും അരമനകളും പാര്‍ട്ടി ഓഫീസുകളും ഉയരുന്നതു് ഇതേ രക്തത്തിന്റെ വിഹിതത്തില്‍നിന്നാണു്. പത്തു് മാസം മുന്‍പ് തിരുവനന്തപുരത്തു് സെക്രട്ടറിയറ്റിനു് സമീപത്തു് പൂഞ്ച് ലോയ്ഡ് കമ്പനിയില്‍ തൊഴില്‍ ചെയ്തിരുന്ന രണ്ടു് തൊഴിലാളികള്‍ പട്ടിണികിടന്നു് മരിച്ചു. പകര്‍ച്ചവ്യാധികള്‍ മറ്റു് തൊഴിലാളികളെ വേട്ടയാടുകയും ചെയ്തു. 250 പേര്‍ക്കു് ലൈസന്‍സുള്ള കമ്പനി ആയിരക്കണക്കിനു് തൊഴിലാളികളെ നിയമവിരുദ്ധമായി ഉപയോഗിച്ചിട്ടും സര്‍ക്കാര്‍ സ്വീകരിച്ച നടപടി കമ്പനിയെ സംരക്ഷിക്കുംവിധമായിരുന്നു. മുന്‍കൂര്‍ പണം നല്‍കി ഇറക്കുമതി ചെയ്യുന്ന ഒരു ചരക്കായി കുടിയേറ്റ തൊഴിലാളികളെ കരാറുകാര്‍ ഉപയോഗപ്പെടുത്തുന്നു.

കരാര്‍ അടിമപ്പണിക്കെതിരായ നിയമങ്ങള്‍

നൂറ്റാണ്ടുകളായി വിവിധ രാജ്യങ്ങളില്‍ നിലനിന്നിരുന്ന അടിമത്വം, കരാര്‍ തൊഴില്‍ എന്നിവ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭം വരെ ഇതൊരു സാധാരണ പ്രവൃത്തി എന്നതിലപ്പുറം പരിഗണിച്ചിരുന്നില്ല. കോളനി ഭരണകാലത്തു് വടക്കേ അമേരിക്കയില്‍ വ്യാപകമായി കോണ്‍ട്രാക്ട് ലേബര്‍ സമ്പ്രദായമാണു് നിലനിന്നിരുന്നതു്. ബ്രിട്ടനില്‍നിന്നുള്ള ദരിദ്രവാസിയായ സ്ത്രീ-പുരുഷ തൊഴിലാളികളെയാണു് ഇതിനായുപയോഗിച്ചിരുന്നതു്. കുറ്റംചുമത്തപ്പെട്ട ക്രിമിനലുകളെ നിശ്ചിത കാലയളവില്‍ കഠിന ജോലികള്‍ ചെയ്യിക്കുക, തൊഴിലില്ലാത്തവരെ അപ്രന്റീസുകള്‍ ആയി നിയോഗിക്കുക, തൊഴില്‍ അഭ്യസിക്കുന്നവരെ ദീര്‍ഘകാലം ശിഷ്യരായി ഉപയോഗിക്കുക എന്നീ പ്രകാരമായിരുന്നു വിദേശ രാജ്യങ്ങളിലെ കരാര്‍ തൊഴിലിന്റെ പ്രാരംഭം. ഇന്ത്യയിലും ചൈനയിലും ‘കൂലി’ എന്നറിയപ്പെട്ട കരാര്‍ തൊഴില്‍ സമ്പ്രദായത്തിന്റെ ഉപജ്ഞാതാക്കള്‍ ബ്രിട്ടീഷ് സാമ്രാജ്യമായിരുന്നു. കുടിയേറ്റ തൊഴിലാളികളെയാണു് കരാര്‍ തൊഴിലാളികളായി ഉപയോഗിക്കാന്‍ തുടങ്ങിയതു്. 1951-ല്‍ മെക്സിക്കോയില്‍ നിന്നുള്ള തൊഴിലാളികളെ കാര്‍ഷികമേഖലയില്‍ ജോലി ചെയ്യുന്നതിനായി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ കരാറടിസ്ഥാനത്തില്‍ നിയോഗിക്കാനുള്ള നിര്‍ദേശമാണു് നിയമപരമായ ആദ്യകാല കോണ്‍ട്രാക്ട് വര്‍ക്ക്. 18-ആം നൂറ്റാണ്ടിന്റെ അവസാനം കോണ്‍വാലീസ് പ്രഭു തന്റെ മുന്‍ഗാമികളെ ഉദ്ധരിച്ചുകൊണ്ടു് വ്യാഖ്യാനിച്ചതു് ഏറ്റവും വൃത്തികെട്ട ‘തൊഴില്‍ സമ്പ്രദായം’ എന്നാണു്.

കരാര്‍ തൊഴില്‍ സമ്പ്രദായം അടിമ തൊഴില്‍ കച്ചവടത്തിന്റെ തുടര്‍ച്ചയാണു്. ബ്രിട്ടീഷ് ഇന്ത്യയിലെ പ്ലാന്റേഷന്‍ തൊഴിലാളികള്‍ കോളനി രാജ്യമായ ചൈനയിലും അര്‍ദ്ധ കോളനിരാജ്യങ്ങളിലും നിലനിന്നിരുന്ന ഈ തൊഴില്‍ സമ്പ്രദായം അമേരിക്കയിലെ അടിമ വ്യവസ്ഥയ്ക്കു് സമാനമായിരുന്നു. എബ്രഹാം ലിങ്കണ്‍ അടിമത്വം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചെങ്കിലും വിവിധ രൂപങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും തുടരുന്ന കൂലി അടിമത്തൊഴില്‍ സമ്പ്രദായത്തിന്റെ വകഭേദങ്ങളാണു് ഇന്ത്യയില്‍ നിലനില്‍ക്കുന്നതു്. കാര്‍ഷിക സേവന മേഖലകളില്‍ വ്യാപകമായി തൊഴിലാളികളുടെ അദ്ധ്വാനശേഷിയെ ഉപയോഗിക്കുന്നതു് ഈ വ്യവസ്ഥ പ്രകാരമാണു്.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഈ തൊഴില്‍ ചൂഷണത്തിനെതിരെ ഉയര്‍ന്നുവന്ന പൊതുജനാഭിപ്രായത്തെത്തുടര്‍ന്നു് ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയോഗിച്ച റോയല്‍ കമ്മീഷന്‍ കരാര്‍ തൊഴില്‍ റിക്രൂട്ട്മെന്റു്, തൊഴില്‍ ഇടനിലക്കാര്‍, കരാര്‍ തൊഴില്‍ എന്നിവ അവസാനിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തു. ബോംബെ ടെക്സ്റ്റയില്‍ ലേബര്‍ എന്‍ക്വയറി കമ്മിറ്റി ബോംബെ, ഷോലാപൂര്‍ എന്നിവിടങ്ങളിലെ ടെക്സ്റ്റയില്‍ മില്ലുകളിലേക്കു് നടത്തുന്ന കരാര്‍ തൊഴില്‍ നിയമനത്തില്‍, പ്രത്യേകിച്ചു് ബദലി തൊഴിലാളി നിയമനത്തിനു് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു് ആവശ്യപ്പെട്ടു. ഈ തൊഴിലാളികള്‍ക്കുമേല്‍ മില്ലുടമയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.

കോണ്‍ട്രാക്ടറുടെ കടുത്ത ചൂഷണത്തിലധിഷ്ഠിതമായ ഈ തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കണമെന്നും മാനേജ്മെന്റ് മില്ലിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലേക്കു് നേരിട്ടു് തൊഴിലാളികളെ നിയമിക്കുകയും ശമ്പളം നല്‍കുകയും ചെയ്യുന്നതു് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. കരാര്‍ തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ട ബോംബെ, ബീഹാര്‍ കമ്മറ്റികള്‍ കരാര്‍ തൊഴില്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ കോണ്‍ട്രാക്ട് ലേബര്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം വഴി വ്യവസ്ഥകള്‍ക്കു് വിധേയമാക്കണം എന്നാവശ്യപ്പെട്ടു. പ്ലാനിംഗ് കമ്മീഷന്റെ രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ കരാര്‍ തൊഴില്‍ നിയമങ്ങളില്‍ തൊഴില്‍ സുരക്ഷിതത്വം വ്യവസ്ഥ ചെയ്യണമെന്നു് നിര്‍ദ്ദേശിച്ചിരുന്നു.

പ്രധാന നിര്‍ദ്ദേശങ്ങള്‍

1. വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന കരാര്‍ തൊഴിലിന്റെ പ്രശ്നങ്ങളെ സംബന്ധിച്ചു് സാങ്കേതിക പഠനം നടത്തുക.
2. കരാര്‍ തൊഴില്‍ നിരോധിക്കാനുള്ള സാദ്ധ്യത കണ്ടെത്തുക.
3. വേതനം, മറ്റാനുകൂല്യങ്ങള്‍ എന്നിവ കൃത്യമായി നല്‍കുന്നതിനു് ഏതൊക്കെ മേഖലകള്‍ കരാറുകാരനും ഉടമയയ്ക്കും നല്‍കണമെന്നു് നിശ്ചയിക്കുക.
4. സ്ഥിരമായ തൊഴിലവസരം നല്‍കി കരാര്‍ തൊഴിലാളിയെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിക്കുക. കരാര്‍ തൊഴില്‍ പൂര്‍ണ്ണമായി നിരോധിക്കുന്നതിനുള്ള നിയമം രൂപപ്പെടുത്തുക.
5. സാധാരണ തൊഴിലാളിക്കു് ലഭിക്കുന്ന ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കു് ലഭ്യമാക്കുക.
6. സാദ്ധ്യമായ മേഖലകളില്‍ ദിവസക്കൂലി അവസാനിപ്പിച്ചു് സ്ഥിരവേതനം നല്‍കുക.

ദേശീയ ലേബണ്‍ കമ്മീഷന്റെ 1969ലെ ഒന്നാമതു് റിപ്പോര്‍ട്ടില്‍ കരാര്‍ തൊഴില്‍ മുതലാളിവര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ളതാണെന്നും വ്യക്തമാക്കിയിട്ടുണ്ടു്. അതിനാല്‍ കരാര്‍ തൊഴില്‍ സമ്പ്രദായം നിരോധിക്കണം എന്നു് ആവശ്യപ്പെട്ടു. വീറ്റ്ലി കമ്മീഷന്‍ മുതല്‍ മറ്റനേകം കമ്മീഷനുകളുടെ ഫലമായി കരാര്‍ തൊഴിലാളിയെ, 1948-ലെ ഫാക്ടറീസ് ആക്ട്, 1951-ലെ പ്ലാന്റേഷന്‍ ആക്ട്, 1952-ലെ മൈന്‍സ് ആക്ട് എന്നിവയുടെ കീഴിലുള്ള ‘തൊഴിലാളി’ എന്ന വകുപ്പില്‍ ഉള്‍ക്കൊള്ളിച്ചു. 1948-ലെ ഇഎസ്ഐ ആക്ടിലെ ‘ഇമ്മീഡിയറ്റ് എംപ്ലോയര്‍’ എന്ന വകുപ്പില്‍പ്പെടുത്തി കരാര്‍ തൊഴിലാളിക്കു് ആരോഗ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ നിയമപരമാക്കി. പ്രധാന തുറമുഖങ്ങളില്‍ ജോലിചെയ്തിരുന്ന കരാര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു് ‘ദി ഡോക്ക് വര്‍ക്കേഴ്സ് റഗുലേഷന്‍ ഓഫ് എംപ്ലോയ്മെന്റ് ആക്ട്’ എന്ന നിയമം പാസ്സാക്കി. 1948ലെ ‘ഇന്‍ഡസ്ട്രിയല്‍ കമ്മിറ്റി ഓണ്‍ കോള്‍ മൈന്‍സ്’ന്റെ ശുപാര്‍ശ പ്രകാരം റെയില്‍വേയില്‍ കരാര്‍ തൊഴില്‍ വ്യവസ്ഥ നിരോധിച്ചു. 1948-ലെ മിനിമം വേജസ് നിയമം, 1946-ലെ ബോംബെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ആക്ട് മൂതലായ നിയമങ്ങള്‍, കരാര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവയാണു്. കാലാനുസൃതമായി ഒട്ടേറെ ഭേദഗതികള്‍ വന്നിട്ടുണ്ടു്. ആഗോളീകരണത്തോടെ നടപ്പിലാക്കിയ ഘടനാക്രമീകരണം തൊഴില്‍ മേഖലയില്‍ വരുത്തിയ നിയമഭേദഗതികള്‍, ആധുനിക സമൂഹം നിയമപരമായി നിരോധിച്ച അടിമ വ്യാപാരത്തിന്റെ തലത്തിലേയ്ക്കു് തൊഴിലാളി വര്‍ഗ്ഗത്തെ കരാര്‍ തൊഴിലാളികളാക്കി പരിവര്‍ത്തനപ്പെടുത്തുന്നു.

സി.പി.ഐ (എം.എല്‍) മുഖപത്രമായ സഖാവില്‍ പ്രസിദ്ധീകരിച്ചതു്.

കടപ്പാട്: ചക്കാത്തു വായന

14 March, 2009

കുട്ടിത്തൊഴിലാളികളും മനുഷ്യരാണ്

കുട്ടിത്തൊഴിലാളികളും മനുഷ്യരാണ്

ചോര നീരാക്കി അധ്വാനിക്കുന്നത് വലിയവരുടെ മാത്രം സവിശേഷതയല്ല. കളിച്ചു നടക്കേണ്ട പ്രായത്തില്‍ കുരുന്നുകൈകളില്‍ പണിയായുധങ്ങളുമായി വിയര്‍പ്പൊഴുക്കുന്ന കുരുന്നുകളും നമ്മുടെ നാട്ടില്‍ ഏറെയുണ്ട്. പലപ്പോഴും അവര്‍ക്ക് പ്രതിഫലം നാനാവിധത്തിലുള്ള പീഡനങ്ങളാണെന്നു മാത്രം. ലോകാരോഗ്യസംഘടനയും ലോകതൊഴില്‍ സംഘടനയുമൊക്കെ രക്ഷക്കെത്തിയതോടെയാണ് ബാലവേല നിയമവിരുദ്ധമാക്കണമെന്ന അവബോധം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ശക്തിപ്പെട്ടത്. കാശ്മീരിലെ തണുപ്പിനെ ചെറുക്കാന്‍ തുന്നിയെടുക്കുന്ന കമ്പിളിയുടുപ്പുകളും ജയ്‌പൂരില്‍ കയറ്റുമതിക്കായി പിറന്നുവീഴുന്ന നിറമേറിയ പരവതാനികളുമൊക്കെ രൂപപ്പെടുത്തുന്ന കുരുന്നുവിരലുകള്‍ക്ക് തെല്ലൊരാശ്വാസമായി ബാലവേല നിരോധനനിയമം. ശിവകാശിയിലെ തീപ്പെട്ടിനിര്‍മ്മാണവും പടക്കനിര്‍മ്മാണവും കുട്ടിത്തൊഴിലാളികളുടെ കണ്ണീരില്‍ നിന്നു മുതലെടുക്കുന്നതു താല്‍ക്കാലികമായി നിലച്ചു. പക്ഷേ, വലിയവീടുകളിലെ എച്ചില്‍പാത്രങ്ങളും ഹോട്ടലുകളിലെ പിന്നാമ്പുറങ്ങളും കുട്ടിത്തൊഴിലാളികളുടെ നിശ്വാസങ്ങളേറ്റ് ഇപ്പോഴും പൊള്ളുന്നുണ്ട്. ചട്ടുകം പഴുപ്പിച്ച് ദേഹത്തു വെയ്ക്കുന്നതും സിഗരറ്റ് കത്തിച്ച് പൊള്ളിക്കുന്നതും ലൈംഗികപീഡനങ്ങളേല്‍പ്പിക്കുന്നതും മാനസിക പീഡനത്തിനിരയാക്കുന്നതുമൊക്കെ കുട്ടിത്തൊഴിലാളികള്‍ക്കുമേല്‍ ഇപ്പോഴും തുടരുന്നു.

ഇന്ത്യയില്‍ ബാലവേല നിരോധിച്ച് നിയമം പ്രാബല്യത്തില്‍ വന്ന ശേഷം കുട്ടികള്‍ എത്രത്തോളം സുരക്ഷിതരാണ് എന്നന്വേഷിക്കാന്‍ സാമൂഹ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും താല്‍പ്പര്യം കാണിക്കാറുണ്ട്. കേരളംപോലെ സാക്ഷരതയിലും സാമൂഹ്യസുരക്ഷിതത്വത്തിലും ആരോഗ്യപരിപാലനത്തിലും വര്‍ധിച്ച ശ്രദ്ധ നല്‍കുന്ന പ്രദേശങ്ങളില്‍പോലും കുട്ടികളോടുള്ള പെരുമാറ്റം തൃപ്തികരമല്ല.

തമിഴ്‌നാട്, ഒറീസ്സ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദാരിദ്ര്യവും സാമൂഹ്യസംഘര്‍ഷങ്ങളും കുട്ടികളുടെ ജീവിതത്തെയും ബാധിക്കുക പതിവാണ്. കുഞ്ഞുങ്ങളെ വേലക്കയച്ച് കിട്ടുന്ന തുച്ഛമായ തുകപോലും അവിടങ്ങളിലെ ദരിദ്രരുടെ ജീവിതത്തെ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്.

കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക താല്‍പ്പര്യം പുലര്‍ത്തുന്ന മാതാപിതാക്കളുള്ള പ്രദേശമാണ് കേരളം എന്നാണ് പൊതുധാരണ. ഇടത്തരക്കാര്‍ക്ക് മേധാവിത്വമുള്ള നമ്മുടെ സാമൂഹ്യാവസ്ഥയില്‍ പുറമേ നിന്നു നോക്കുമ്പോള്‍ കുട്ടികളുടെ നില വളരെ മെച്ചമാണ്. താരതമ്യേന നല്ല ഭക്ഷണവും നല്ല വസ്ത്രങ്ങളും മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമൊക്കെ ഇടത്തരം കുടുംബങ്ങളില്‍ കുട്ടികളെ കാത്തിരിക്കുന്നു. വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും വസ്ത്രത്തിനുമൊക്കെ നന്നായി പണം മുടക്കുന്ന ഇടത്തരക്കാര്‍ കുട്ടികളെ ഭാവിയിലേക്കുള്ള നിക്ഷേപമായാണ് പരിഗണിക്കുന്നത്. സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ഒരു തലവേദന വന്നാല്‍ ഉത്കണ്ഠ പെരുത്ത് ഓടിനടക്കുന്ന അമ്മമാരും അച്ഛന്‍മാരും നിരവധിയാണ് കേരളത്തില്‍. കളിക്കോപ്പു വ്യവസായം മുതല്‍ വിദ്യാഭ്യാസവ്യവസായം വരെ തഴച്ചുവളരുന്നത് ഇത്തരം ഉത്കണ്ഠാഭരിതരായ മാതാപിതാക്കളുടെ ചെലവിലാണ്.

തങ്ങള്‍ക്കു പല കാരണങ്ങളാല്‍ നഷ്ടമായ സാമൂഹ്യപദവിയും സാമ്പത്തികസുരക്ഷയും തൊഴില്‍മേന്മയുമൊക്കെ മക്കളിലൂടെ നേടിയെടുക്കാന്‍ നെട്ടോട്ടമോടുന്ന മലയാളിമാതാപിതാക്കള്‍ എല്ലാകുട്ടികളോടും കാരുണ്യമുള്ളവരാണോ? സ്വന്തം മക്കള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിതസൌകര്യങ്ങളും അനുഭവിക്കണമെന്നാശിക്കുമ്പോള്‍ സമൂഹത്തിലെ എല്ലാ കുട്ടികള്‍ക്കും അത്തരമൊരു നില വേണമെന്ന് ചിന്തിക്കുന്നുണ്ടോ എന്ന് സംശയമാണ്. വളരെ കുറച്ചുപേര്‍ മാത്രമേ എല്ലാ കുട്ടികളുടെയും വികാസത്തെ സ്വപ്നം കാണുന്നുള്ളൂ. ബഹുഭൂരിപക്ഷവും സ്വന്തം കുഞ്ഞുങ്ങളെ മാത്രം പൊന്‍കുഞ്ഞായി കാണുന്നവരാണ് എന്നതാണ് വസ്തുത.

കേരളത്തിലും ബാലവേല പലമണ്ഡലങ്ങളിലും സജീവമായി നിലനില്‍ക്കുന്നുണ്ട്. ഹോട്ടലുകളിലും വീടുകളിലും ജോലിചെയ്യാനെത്തുന്നവരില്‍ കുട്ടികള്‍ ഏറെയുണ്ട്. നിര്‍മ്മാണത്തൊഴില്‍, നെയ്ത്ത്, പടക്കനിര്‍മ്മാണം, ഇഷ്ടികക്കളം, ആട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍, ചെറുകിടഫാക്ടറികള്‍ തുടങ്ങിയ മേഖലകളിലെ കുട്ടികളുടെ തൊഴില്‍സാധ്യത ബാലവേല നിരോധന നിയമത്തിന്റെ വരവോടെ കുറഞ്ഞിട്ടുണ്ട്. എങ്കിലും പിന്നോക്ക ജില്ലകളിലും തമിഴ്‌നാടിന്റെയും കര്‍ണാടകത്തിന്റെയും അതിര്‍ത്തിജില്ലകളിലുമൊക്കെ ബാലവേല നിര്‍ബാധം തുടരുന്നുണ്ട്. ആദിവാസി വിഭാഗങ്ങളിലെ കുട്ടികള്‍ ഇപ്പോഴും ബാലവേല തള്ളിക്കളയാനാവാത്ത ജീവിതചുറ്റുപാടുകളിലാണുള്ളത്. മത്സ്യത്തൊഴിലാളിമേഖലയിലും സ്ഥിതി വ്യത്യസ്തമല്ല.
അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കുട്ടികള്‍ക്കൊപ്പം പിന്നോക്കം നില്‍ക്കുന്ന ജീവിതാവസ്ഥകളില്‍ നിന്നെത്തുന്ന മലയാളിക്കുട്ടികളും ഹോട്ടല്‍ത്തൊഴിലാളികളായും വീട്ടുവേലക്കാരായും നിര്‍മ്മാണത്തൊഴിലാളികളായും വിയര്‍പ്പൊഴുക്കുന്നു. ഇവരോടുള്ള തൊഴില്‍ദാതാക്കളുടെ പെരുമാറ്റം അങ്ങേയറ്റം മോശമാണ്. പലവിധത്തിലുള്ള പീഡനങ്ങളും കുട്ടികള്‍ക്കുമേല്‍ മുതിര്‍ന്നവര്‍ അടിച്ചേല്‍പ്പിക്കുന്നു. ചീത്തവിളിയും മര്‍ദ്ദനവും ഭക്ഷണം നിഷേധിക്കലുമൊക്കെ സര്‍വസാധാരണമാണ്. സംസ്കാരസമ്പന്നരും കാരുണ്യവാന്മാരുമായി പുറംലോകത്തു പ്രത്യക്ഷപ്പെടുന്നവര്‍ തന്നെയാണ് വീട്ടുവേലക്കാരായ കുട്ടികളെ പീഡിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നത്. സ്വന്തം മക്കളെ മെച്ചപ്പെട്ട പൌരന്മാരാക്കാന്‍ ധനവും സമയവും ശ്രദ്ധാപൂര്‍വ്വം ചെലവഴിക്കുന്ന സ്നേഹനിധികളായ മാതാപിതാക്കള്‍ കുട്ടിത്തൊഴിലാളികളെ ശത്രുക്കളായി കാണുന്നത് എന്തുകൊണ്ടാണ്?

തന്റെ മക്കളുടെ ഉടുപ്പിലും നടപ്പിലും ആരോഗ്യസംരക്ഷണത്തിലും അതീവശ്രദ്ധാലുക്കളാകുന്ന മാതാപിതാക്കള്‍ തന്നെ വീട്ടുവേലക്കാരായ കുട്ടികളോട് വിദ്വേഷത്തോടെ പെരുമാറുന്നതിലെ മനശ്ശാസ്ത്രം അന്വേഷണവിധേയമാക്കേണ്ടതുണ്ട്. ഏറ്റവുമധികം പീഡനവും അപമാനവും സഹിക്കേണ്ടിവരുന്ന കുട്ടിത്തൊഴിലാളികളില്‍ നിന്നാണ് പിന്നീട് സാമൂഹ്യവിരുദ്ധരും കുറ്റവാളികളും ഗുണ്ടാനേതാക്കളുമൊക്കെ വളര്‍ന്നുവരുന്നത്. ചെറുപ്പത്തില്‍ ഏല്‍ക്കേണ്ടിവരുന്ന മുറിവുകളാണ് അവരുടെ മനസ്സിനെ നിഷേധാത്മകനിലപാടിലേക്കു നയിക്കുന്നത്. ബാലവേലയില്‍ നിന്ന് നിരാലംബരായ കുഞ്ഞുങ്ങളെ മോചിപ്പിച്ച് അവര്‍ക്ക് ആരോഗ്യകരമായി വളരാനുള്ള ചുറ്റുപാട് സൃഷ്ടിക്കുകയാണ് ആവശ്യം. ഭക്ഷണം പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങിയവ ഉറപ്പുവരുത്തി അവരെ മെച്ചപ്പെട്ട നിലവാരത്തില്‍ വളര്‍ത്തിയെടുക്കാനുള്ള അവസരം സമൂഹം ഉറപ്പുനല്‍കേണ്ടതുണ്ട്. ദുരിതമനുഭവിക്കുന്നവരും ഒറ്റപ്പെട്ടവരും സാമൂഹ്യമായി പിന്തള്ളപ്പെട്ടവരും അവഗണിക്കപ്പെടുന്ന പശ്ചാത്തലം ആരോഗ്യകരമായ സാമൂഹനിര്‍മ്മിതിക്ക് സഹായകരമല്ല.

(ലേഖിക: മീര എസ് നായര്‍, കടപ്പാട്: ദേശാഭിമാനി, സ്ത്രീ സപ്ലിമെന്റ്)

21 February, 2009

കർഷകന് രക്ഷയില്ല; പദ്ധതികളും

മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന്‌ രോഷം ജ്വലിച്ച പ്രതികരണ പരമ്പരകള്‍ക്കിടയില്‍, ഒരു പക്ഷേ, അതിലേറെ ഭീകരമായ ദുരന്തം പാടെ മുങ്ങിപ്പോയി. മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന രാജ്യത്തെ ഉന്നതകുലജാതരെപ്പോലും പിടിച്ചു കുലുക്കുമായിരുന്ന ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയ്‌ക്ക്‌ ഇലക്‌ട്രോണിക്‌ മാധ്യമങ്ങള്‍ 'ബ്രേക്കിങ്‌ ന്യൂസി'ന്റെ വിലപോലും കൽപിച്ചില്ല. 2007-ല്‍ രാജ്യത്ത്‌ 16,632 കര്‍ഷകരാണ്‌ ജീവനൊടുക്കിയത്‌. അവരുടെ പട്ടികയില്‍ മഹാരാഷ്‌ട്ര ഒന്നാമത്‌. ആ വാര്‍ത്തയാണ്‌ പാടെ പിന്തള്ളപ്പെട്ടത്‌.

കാരണം സുവ്യക്തമാണ്‌. കര്‍ഷകര്‍ ‘താജ്‌ എന്റെ രണ്ടാം വീട് ’ സമീപനക്കാരായ ഉന്നതരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നില്ല.

ഗ്രാമപ്രദേശങ്ങളില്‍ മരണപരമ്പരയുടെ നൃത്തം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കടക്കെണിയും അപമാനഭാരവും മൂലം 1997 മുതല്‍ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം 1,82,936 ആണെന്ന്‌ ദേശീയ ക്രൈം റെക്കോഡ്‌ ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. അതിനിടയിലും സാമ്പത്തിക രക്ഷാപദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലുള്ള ആവേശത്തിലാണ്‌ സര്‍ക്കാര്‍. കഴിഞ്ഞ സപ്‌തംബര്‍ മുതല്‍ 10,000 കോടിയുടെ രക്ഷാപദ്ധതികളാണ്‌ കേന്ദ്രം അനുവദിച്ചത്‌. മറ്റൊരു സാമ്പത്തിക ഉത്തേജക പാക്കേജുകൂടി അണിയറയില്‍ ഒരുങ്ങുകയാണ്‌.

പിഴവുകള്‍ വരുത്തിയ മേഖലകള്‍ക്കു മാത്രമാണ്‌ ഇതുവരെ രക്ഷാപദ്ധതി പ്രഖ്യാപിച്ചത്‌. 20 ലക്ഷം രൂപവരെയുള്ള ഭവനവായ്‌പകള്‍ക്കു പലിശ ഇളവ്‌ അനുവദിച്ചത്‌ അത്തരം തെറ്റായ സാമ്പത്തിക സാഹസികതകള്‍ക്ക്‌ ഒരുദാഹരണം. ഭവനവായ്‌പയുടെ പലിശ കുറച്ച്‌ ആവശ്യകത കൂട്ടുമ്പോള്‍ അത്‌ തിരിച്ചടയ്‌ക്കപ്പെടുമെന്നതിന്‌ ഉറപ്പൊന്നുമില്ല. പ്രതിമാസം 25,000 രൂപ വരെ തിരിച്ചടയ്‌ക്കാന്‍ കഴിയുന്നവര്‍ക്കായി സര്‍ക്കാറെന്തിനു രക്ഷാപദ്ധതികളെക്കുറിച്ച്‌ ആലോചിക്കണം? സമൂഹത്തെ കൊള്ളയടിക്കുന്ന വസ്‌തുവ്യാപാര മേഖലയ്‌ക്കായി എന്തിനു രക്ഷാപദ്ധതി പ്രഖ്യാപിക്കണം? മഹാനഗരങ്ങളില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഫ്‌ളാറ്റ്‌ വിലയില്‍ 450 ശതമാനമാണ്‌ വര്‍ധന ഉണ്ടായത്‌. എന്തുകൊണ്ട്‌ വസ്‌തുവില അതിന്റെ യഥാര്‍ഥ മൂല്യത്തിലേക്ക്‌ താഴാന്‍ അനുവദിച്ചുകൂടാ? അതുവഴി വില സാധാരണക്കാരനു താങ്ങാവുന്ന നിലയിലായാല്‍ കൂടുതല്‍പ്പേര്‍ ഭവനനിര്‍മാണ മേഖലയില്‍ നിക്ഷേപിക്കാന്‍ തയ്യാറാവില്ലേ?

സാമ്പത്തിക ഉത്തേജനം വേണമെങ്കില്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്കു പണലഭ്യത ഉറപ്പാക്കണം. അങ്ങനെയാണ്‌ നമ്മളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്‌. റിസര്‍വ്‌ ബാങ്ക്‌ അതിവേഗം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. റിപ്പോ നിരക്ക്‌ കുറച്ചു; കരുതല്‍ ധനാനുപാതത്തിന്റെ നിരക്കിലും കുറവു വരുത്തി. ബാങ്കുകള്‍ക്കു പ്രത്യേക വായ്‌പാസൗകര്യം അനുവദിച്ചു. അങ്ങനെ ഒട്ടേറെ നടപടികളാണ്‌ വന്നത്‌. കഴിഞ്ഞ സപ്‌തംബര്‍ പകുതി തൊട്ട്‌ മൂന്നു ലക്ഷം കോടി രൂപയാണ്‌ റിസര്‍വ്‌ ബാങ്ക്‌ രാജ്യത്തെ ബാങ്കിങ്‌ മേഖലയിലേക്ക്‌ ഒഴുക്കിയത്‌. എന്തുസംഭവിച്ചുവെന്ന്‌ നോക്കുക. ആ പണം സുരക്ഷിതമായി ബാങ്കുകള്‍ റിസര്‍വ്‌ ബാങ്കില്‍ തിരികെ നിക്ഷേപിച്ചു. ഡിസംബര്‍ ഒന്നിനും എട്ടിനും ഇടയിലെ എട്ടു ദിവസത്തിനുള്ളില്‍ ബാങ്കുകള്‍ 3.27 ലക്ഷം കോടി രൂപയാണ്‌ റിസര്‍വ്‌ ബാങ്കില്‍ നിക്ഷേപിച്ചത്‌. അതും വെറും ആറു ശതമാനം നാമമാത്രമായ പലിശയ്‌ക്ക്‌. ആ പലിശ വൈകാതെ അഞ്ചു ശതമാനമായി കുറയുകയും ചെയ്‌തു.

ഉത്തേജക പാക്കേജുകള്‍ സാമ്പത്തിക മാന്ദ്യത്തെ ഒരു പരിധിവരെ തടഞ്ഞു നിര്‍ത്തിയേക്കാം. എന്നാല്‍ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട്‌ വിവിധ ലോബി ഗ്രൂപ്പുകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ്‌ ഇത്തരം നടപടികളെന്ന്‌ വ്യക്തം. ഉദാഹരണത്തിന്‌ കയറ്റുമതിക്കാര്‍ക്ക്‌ ഉത്തേജക പാക്കേജിന്റെ 'ഉത്തേജനം' രണ്ടുതവണയാണ്‌ ലഭിച്ചത്‌. രൂപയും ഡോളറും തമ്മിലുള്ള വിനിമയ മൂല്യം 37-ലെത്തിയപ്പോള്‍ വസ്‌ത്ര കയറ്റുമതിക്കാര്‍ പിന്തുണവേണമെന്ന്‌ മുറവിളി തുടങ്ങി. സര്‍ക്കാര്‍ ഉടനെ തന്നെ 1700 കോടി രൂപയോളം സഹായമായി ഒഴുക്കി. ഇപ്പോള്‍ വിനിമയ നിരക്ക്‌ വീണ്ടും 50-നോടടുക്കുന്നു, വസ്‌ത്ര വ്യവസായത്തിനു വീണ്ടും നേട്ടങ്ങളുടെകാലം.

പരുത്തി വസ്‌ത്ര നിര്‍മാതാക്കളും കയറ്റുമതിക്കാരും പുതിയ രക്ഷാപദ്ധതിക്കായി മുറവിളി കൂട്ടുന്നുണ്ട്‌. അന്താരാഷ്‌ട്ര വിലയും താങ്ങുവിലയും തമ്മിലുള്ള അന്തരം നികത്തണമെന്നാണ്‌ അവരുടെ ആവശ്യം. കയറ്റുമതിയില്‍ 95 ശതമാനം ഇടിവുണ്ടായെന്നും ഈ സാഹചര്യത്തില്‍ രക്ഷാപദ്ധതി അനിവാര്യമാണെന്നും അവര്‍ പറയുന്നു. എന്നാല്‍ പരുത്തിക്കര്‍ഷകരെ സഹായിക്കണമെന്ന്‌ ഈ വ്യവസായികള്‍ ഒരിക്കല്‍പ്പോലും ആവശ്യപ്പെടുന്നില്ല.

വിനാശത്തിന്റെയും മാന്ദ്യത്തിന്റെയും പരമ്പരകള്‍ക്കിടയില്‍ ഒരിക്കല്‍പ്പോലും കാര്യമായ പരിഗണന ലഭിക്കാത്തത്‌ കാര്‍ഷിക മേഖലയ്‌ക്കു മാത്രമാണ്‌. ഇന്ത്യ തിളങ്ങുമ്പോഴും മുങ്ങുമ്പോഴുമെല്ലാം സമ്പദ്‌വ്യവസ്ഥയുടെ യഥാര്‍ഥ നട്ടെല്ല്‌ കാര്‍ഷിക മേഖലതന്നെയായിരുന്നു. കാര്‍ഷിക മേഖലയോടുള്ള പൂര്‍ണ ഉദാസീനതയും അവഗണനയും കര്‍ഷകരെ ആത്മഹത്യയിലേക്ക്‌ നയിക്കുന്നു. ഒട്ടേറെപ്പേര്‍ കാര്‍ഷികവൃത്തി ഉപേക്ഷിക്കുന്നു. എന്നിട്ടും കാര്‍ഷികമേഖലയ്‌ക്ക്‌ വ്യവസായത്തെപ്പോലെ വന്‍ തകര്‍ച്ച നേരിടേണ്ടിവന്നിട്ടില്ല. ബലംപ്രയോഗിച്ച്‌ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നയങ്ങളും ഭീമന്‍ കമ്പനികള്‍ക്ക്‌ ഏറ്റെടുക്കാന്‍ സഹായങ്ങള്‍ ചെയ്യുന്നതുമൊക്കെ കാര്‍ഷികമേഖലയുടെ മരണത്തിനു കാരണമാകും. ലോകബാങ്കിന്റെ കുറിപ്പടിയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ സംസാരിക്കുന്നതു തന്നെ ഗ്രാമങ്ങളില്‍നിന്ന്‌ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നിനെക്കുറിച്ചാണ്‌.

രാജ്യത്തെ ജനസംഖ്യയില്‍ 60 ശതമാനമാണ്‌ കാര്‍ഷിക മേഖലയുമായി നേരിട്ട്‌ ബന്ധപ്പെട്ടു കഴിയുന്നത്‌. ഭൂരഹിതരായ 20 കോടിയോളം തൊഴിലാളികളും കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നു. ഈ സാഹചര്യത്തില്‍ സമ്പദ്‌മേഖലയ്‌ക്ക്‌ യഥാര്‍ഥ ഉത്തേജനം വേണമെങ്കില്‍ ശ്രദ്ധ കാര്‍ഷിക മേഖലയിലേക്ക്‌ തിരിഞ്ഞേ മതിയാകൂ. ഇതു പറയുമ്പോള്‍ ട്രാൿടര്‍ വ്യവസായത്തിനും ഭക്ഷ്യ സംസ്‌കരണ മേഖലയ്‌ക്കും ധനരക്ഷാപദ്ധതി വേണമെന്നല്ല അര്‍ഥം. അതു വിപരീതഫലമേ ഉണ്ടാക്കുകയുള്ളൂ. കാര്‍ഷിക മേഖലയുടെ പേരില്‍ നിലവില്‍ അനുവദിക്കുന്ന സബ്‌സിഡികള്‍ ഉത്‌പന്ന വിതരണക്കാര്‍ക്കാണ്‌ പ്രയോജനപ്പെടുന്നത്‌. വിത്ത്‌ ഉത്‌പാദകരും കീടനാശിനി, വളം കമ്പനികളും ട്രാൿടര്‍ നിര്‍മാതാക്കളുമൊക്കെ നേട്ടം കൊയ്യുന്നു.

കാര്‍ഷിക മേഖലയ്‌ക്ക്‌ ഉണര്‍വേകാന്‍ വിപ്ലവകരമായ മാറ്റമാണ്‌ അനിവാര്യമായിരിക്കുന്നത്‌. കൃഷിയെ പുനരുജ്ജീവിപ്പിക്കാനുള്ള പാക്കേജിനു രൂപം നല്‌കണം. ഊഷര ഭൂമികളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കണം. 1.20 ലക്ഷം കോടിയുടെ വളം സബ്‌സിഡി കര്‍ഷകര്‍ക്കു നേരിട്ടു വിതരണം ചെയ്യണം. അതു സ്വാഭാവിക കൃഷിമാര്‍ഗത്തിലേക്ക്‌ തിരിയണമോയെന്ന്‌ തീരുമാനിക്കാന്‍ കര്‍ഷകനു സഹായകമാകും. അന്തിമായി കര്‍ഷകക്ഷേമത്തില്‍ ശ്രദ്ധയൂന്നുവാന്‍ പാക്കേജില്‍ നടപടിവേണം. പ്രത്യക്ഷ വരുമാന പിന്തുണയെന്ന തത്ത്വത്തിലൂന്നി പ്രതിമാസ സ്ഥിര വരുമാനമാണ്‌ പ്രതിസന്ധിയിലായ കാര്‍ഷികമേഖലയ്‌ക്ക്‌ ഇന്നാവശ്യം.

ദേശീയ തൊഴിലുറപ്പു പദ്ധതിയെ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ്‌ മറ്റൊന്ന്‌. പ്രതിവര്‍ഷം 100 തൊഴില്‍ ദിനങ്ങളും പ്രതിദിനം ഏറ്റവും കുറഞ്ഞത്‌ 60 രൂപ കൂലിയും വാഗ്‌ദാനം ചെയ്യുന്ന പദ്ധതിയാണിത്‌. 100 തൊഴില്‍ദിനങ്ങളെന്ന പരിധി എടുത്തുകളയുകയാണ്‌ അടിയന്തരമായി ചെയ്യേണ്ടത്‌. ഗ്രാമീണ തൊഴിലാളികള്‍ക്കും 365 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം; സംഘടിത മേഖലയിലെന്നപോലെ. അസംഘടിതമേഖലകളിലെ സംരംഭങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ 57000 കോടി രൂപയുടെ ഉത്തേജക പദ്ധതി ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌. ദേശീയ തൊഴിലുറപ്പു പദ്ധതിയിലെ തൊഴില്‍ദിനങ്ങള്‍ 365 ദിവസങ്ങളാക്കി ഉയര്‍ത്താന്‍ അതു വിനിയോഗിക്കാം.

ഇതിനു പുറമേ കാര്‍ഷിക മേഖലയ്‌ക്ക്‌ ഒരു ലക്ഷം കോടി രൂപയുടെ സഹായമെങ്കിലും പ്രഖ്യാപിക്കണം. വളം സബ്‌സിഡിയുടെ ഒരു ഭാഗം ഇതിലുള്‍പ്പെടുത്താവുന്നതാണ്‌. അതു കര്‍ഷകര്‍ക്ക്‌ സ്ഥിരവരുമാനം ഏര്‍പ്പെടുത്താന്‍ വിനിയോഗിക്കാം. ആവശ്യകത ഉയര്‍ത്താനും സമ്പദ്‌വ്യവസ്ഥ ഊര്‍ജസ്വലമാകാനും അതു സഹായകരമാകും.
ദേശീയ തൊഴിലുറപ്പു പദ്ധതിയെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെടുത്താനും അടിയന്തര നടപടി വേണം. സമഗ്ര വളര്‍ച്ചയ്‌ക്കു സ്വീകരിക്കേണ്ട നടപടികളാണ്‌ മുകളില്‍ പറഞ്ഞത്‌. ആ വളര്‍ച്ച മുംബൈ താജ്‌ രാജ്യത്തിന്റെ അഭിമാന പ്രതീകമാണെന്ന്‌ വാഴ്‌ത്തുന്നവര്‍ക്കു മാത്രമായി പരിമിതപ്പെടില്ല.