Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

25 June, 2009

ഒരു സ്ത്രീയും പറയാത്തത്

ഒരു സ്ത്രീയും പറയാത്തത്

സാധാരണമായ ഒന്നില്‍ നിന്ന് അസാധാരണമായ ഒന്നിലേക്ക് വളരുകയായിരുന്നു സൌമിനിടീച്ചറുടെ ആ സായാഹ്നം.

അടുപ്പത്തുകിടന്നു വെട്ടിത്തിളക്കുന്ന ഇറച്ചി ധൃതിയില്‍ ഇളക്കി മറിക്കുകയായിരുന്നു, ഏറെ നേരമായി അവര്‍. ഒരുതരം നിര്‍മ്മമമായ കണിശതയോടെ. മനസ്സ് തീര്‍ത്തും പിന്‍വലിച്ച്, എത്തേണ്ടിടത്ത് എത്തി മടങ്ങുന്ന ട്രപ്പീസുകളിക്കാരിയുടെ മെയ്‌വഴക്കത്തോടെ, അങ്ങനെ-

സൌമിനിടീച്ചറുടെ മനസ്സാവട്ടെ എത്ര വലിച്ചടച്ചാലും കൊളുത്തൂരി തുറന്നുപോകുന്ന ഒരു ജനാല പോലെ അന്നത്തെ മധ്യാഹ്നത്തിന്റെ ഓര്‍മയിലേക്കു തുറന്നുകൊണ്ടിരുന്നു.

അടുക്കളയില്‍ പുക മെല്ലെ നിറഞ്ഞുതുടങ്ങിയിരുന്നു. ഒപ്പം വെന്തു തുടങ്ങിയ ഇറച്ചിയുടെ കൊതിയൂറിക്കുന്ന മണവും.

സ്വീകരണമുറിയില്‍ നിന്നും സൌമിനിടീച്ചറുടെ ഭര്‍ത്താവ് ടെലിവിഷന്റെ ബഹളത്തിനു മുകളിലൂടെ വിളിച്ചുപറഞ്ഞു.

"സൌമിനി, ഇവിടെയും ഒന്നു മനസ്സുവെയ്ക്കണേ. വെറും വയറ്റിലാ ഞങ്ങളിവനെ കമിഴ്ത്തുന്നത്....'' അകമ്പടിയായി ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഉല്ലാസം പതഞ്ഞ ചിരി. ചില്ലുഗ്ളാസുകളുടെ അടക്കം പറച്ചില്‍. പുതിയ കുപ്പി തുറക്കുന്നതിന്റെ സീല്‍ക്കാരം.....

സൌമിനിടീച്ചര്‍ എല്ലാം കേട്ടു. എന്നിട്ടും കേട്ടില്ല എന്നു നടിച്ചു. അകത്തും പുറത്തും ഒരുപോലെ ശ്വാസംമുട്ടിക്കുന്ന ഒരു പുക. ജനാലയുടെ കൊളുത്ത് ഊര്‍ന്നുവീഴുന്നുവോ? മുഖം അമര്‍ത്തിത്തുടച്ച് സാരിത്തലപ്പ് എടുത്തുകുത്തി സൌമിനിടീച്ചര്‍ വാഷ്‌ബേസിന്റെ മുന്നില്‍ നിന്നു. വെള്ളം വാരിയെറിഞ്ഞു മുഖം ഉയര്‍ത്തിയപ്പോഴാകട്ടെ കണ്ണാടിയില്‍ സ്വന്തം പ്രതിച്ഛായ. ഇറ്റിറ്റുവീഴുന്ന വെള്ളവുമായി അവര്‍ നിശ്ചലയായി അങ്ങനെ നിന്നുപോയി.

അന്നത്തെ മധ്യാഹ്നം. ഉച്ചയ്ക്കുശേഷം അവധിയെടുത്തു സ്കൂളില്‍ നിന്നിറങ്ങുമ്പോള്‍ സൌമിനിടീച്ചറുടെ മനസ്സില്‍ ഭര്‍ത്താവിന്റെ സുഹൃത്തിനൊരുക്കേണ്ട വിഭവങ്ങള്‍, പലവ്യഞ്ജനങ്ങളുടെ ലിസ്റ്റ്, മകളുടെ പിറ്റേ ദിവസത്തെ പരീക്ഷ, കറന്റ് ബില്ലിന്റെ തുക എന്നിവയായിരുന്നു.

വിജനമായ നിരത്ത്. പൊടിപൊങ്ങുന്ന നിരത്തിലേക്ക് ചെരിഞ്ഞുവീഴുന്ന കമ്പിക്കാലുകളുടെ നിഴലുകള്‍. ഒന്നോ രണ്ടോ വാഹനങ്ങള്‍, മനസ്സിലോരോന്നു കൂട്ടിയും കിഴിച്ചും അങ്ങനെ സാവകാശം ഫുട്പാത്തിലൂടെ നടന്നുവരുമ്പോഴാണ് നിരത്തിന്റെ അറ്റത്ത് ആ മാരുതികാര്‍ പ്രത്യക്ഷപ്പെട്ടത്. സൌമിനിടീച്ചറുടെ അടുത്തെത്തിയപ്പോള്‍ അതു വേഗം കുറച്ചു. തെന്നിനിന്ന കണക്കുകൂട്ടലുകളില്‍നിന്നു തലയുയര്‍ത്തി സൌമിനിടീച്ചറും നിന്നു. കാറോടിച്ചിരുന്ന ചെറുപ്പക്കാരന്‍ തല പുറത്തേക്കിട്ടു. സൌമിനിടീച്ചറോട് അടക്കിയ സ്വരത്തില്‍ ചോദിച്ചു.

കൂടെ വരുന്നോടീ?

കൂടെയുള്ള ചെറുപ്പക്കാരുടെ ആര്‍പ്പുവിളിയിലും ചിരിയിലും ആഭാസകരമായ ഒരു കിതപ്പോടെ കാര്‍ മുന്നോട്ടുകുതിക്കുകയും ചെയ്തു.

ആകെ വിളര്‍ത്തു, പ്രജ്ഞ നശിച്ചവളെപ്പോലെ ടീച്ചര്‍ ഒരുമാത്ര നിന്നുപോയി.

ആ സ്തബ്ധത ഇപ്പോള്‍ കണ്ണാടിയില്‍ സ്വന്തം പ്രതിച്ഛായയെ സൂക്ഷ്മമായി അവലോകനം ചെയ്യവേ മാനം മുട്ടേ വളരുന്നതായി സൌമിനിടീച്ചര്‍ക്കു തോന്നി. പതിയിരുന്നു പറന്നുവന്ന് ആക്രമിക്കുന്ന കാക്കക്കൂട്ടം പോലെ ഒരു നൂറു ചോദ്യങ്ങള്‍ ടീച്ചറുടെ ഹൃദയത്തെ കൊത്തിവലിക്കുകയാണ്.

-ഉവ്വോ.തന്നെ കണ്ടാല്‍ 'അത്തരത്തിലൊരു പെണ്ണാണെന്നു തോന്നുമോ ഈശ്വരാ! ഞാനറിയാതെ തന്റെ നോട്ടത്തിലോ ഭാവത്തിലോ എന്തോ കലരുന്നുണ്ടോ?

മുഖം അമര്‍ത്തിത്തുടച്ച് സൌമിനിടീച്ചര്‍ വീണ്ടും സൂക്ഷിച്ചുനോക്കി.

നാല്‍പ്പതുകളുടെ പടവുകള്‍ കയറുന്ന ശരീരം. ചെവിക്കു മുകളിലായി പടരുന്ന നര. നെറ്റിയില്‍ സിന്ദൂരം. നെഞ്ചില്‍ താലി.

കണ്ണാടിക്കുള്ളിലെ സൌമിനി, സൌമിനിടീച്ചറോട് ചോദിക്കുകയാണ്.

-സന്യാസിയുടെ കാവിക്കും ട്രാഫിക് കോണ്‍സ്റ്റിളിന്റെ യൂണിഫോമിനും കിട്ടുന്ന പരിഗണന പോലും ഇവയ്ക്കൊന്നും ലഭിക്കാതെ പോകുന്നതെന്ത്?

സൌമിനിടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞുപോയി.

കാറിലെ ചെറുപ്പക്കാരെ പ്രൈമറിക്ളാസുകളില്‍ അക്ഷരം പഠിപ്പിച്ച സൌമിനിടീച്ചര്‍ തന്നെയാകാം. അവര്‍ പരിചയക്കാരുടെ മക്കളോ, മക്കളുടെ മക്കളോ ആയിരിക്കാം. എന്തിന്, സൌമിനിടീച്ചര്‍ക്ക് ഒരു മകനുണ്ടായിരുന്നെങ്കില്‍ ഇതേ പ്രായമായിരുന്നേനെ.......ആ ഞെട്ടിക്കുന്ന ചിന്തയിലൂടെ സന്ദര്‍ഭത്തിന്റെ ബീഭത്സസാധ്യതകള്‍ സൌമിനിടീച്ചര്‍ക്കു മുന്നില്‍ നിവരുകയായിരുന്നു; സൌമിനിടീച്ചര്‍ എരിയുകയായിരുന്നു.

"സൌമിനി, അടുപ്പത്ത് എന്തോ കിടന്നു കരിയുന്നുണ്ടല്ലോ.'' സൌമിനിടീച്ചറുടെ ഭര്‍ത്താവ് അക്ഷമയോടെ വിളിച്ചുപറഞ്ഞു. അടുക്കളയിലേക്കു ചെന്നു പ്ളേറ്റില്‍ ഇറച്ചി പകരുമ്പോള്‍ ക്ലോക്കില്‍ ആറടിക്കുന്നത് അവര്‍ ശ്രദ്ധിച്ചു. സ്വീകരണമുറിയില്‍ ടെലിവിഷനില്‍ ദ്രുതഗതിയിലുള്ള നൃത്തവും ഉച്ചത്തിലുള്ള സംഗീതവും തുടങ്ങിയിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുളളില്‍ കേരളത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചു സംസാരിക്കുയായിരുന്നു ഭര്‍ത്താവിന്റെ സുഹൃത്ത്. റബ്ബര്‍ കൃഷി, ആളോഹരി വരുമാനത്തിലെ വര്‍ധന, ടൂറിസ്റ്റുകളുടെ വരവ്, ഷെയര്‍ മാര്‍ക്കറ്റ്-പുരോഗതിയുടെ നൃത്തം ചവിട്ടി മുന്നേറുന്ന കണക്കുകള്‍.....

സൌമിനിടീച്ചര്‍ക്കു ഇടയ്ക്കുകയറി തടുത്ത് എന്തോ ഉറപ്പിച്ചും രൂക്ഷമായും പറയണമെന്നുണ്ടായിരുന്നു. ഒരു സ്ത്രീ മാത്രം അനുഭവിച്ച് സത്യമായറിയുന്ന ഒന്ന്. ഒരു സ്ത്രീ എല്ലായ്പ്പോഴും പക്ഷെ, പറയാതെ വിട്ടുകളയുന്ന ഒന്ന്-

സൌമിനിടീച്ചറുടെ ഭര്‍ത്താവ് ആവേശത്തോടെ പറയുകയായിരുന്നു."ഞങ്ങടെ ഡിസ്ട്രിക്ടില്‍ വന്നു നോക്ക് ഇഷ്ടാ-ഓരോ വീട്ടിലും മൂന്നും നാലും കാറുകളാ. നാടനൊന്നുമല്ല-അസ്സല്‍ വിദേശി.''

നിലത്തു ചിതറിക്കിടക്കുന്ന സിഗരറ്റിന്റെ ചാരം. ടീപ്പോയില്‍ നിറച്ച ഗ്ളാസിനടിയില്‍ അലക്ഷ്യമായി നിവര്‍ത്തിയിട്ട വര്‍ത്തമാനപ്പത്രത്തില്‍ എണ്‍പതു കഴിഞ്ഞ വൃദ്ധയുടെയും ഏഴുമാസം പോലും പ്രായമാകാത്ത കുഞ്ഞിന്റെയും ബലാത്സംഗവാര്‍ത്തകള്‍.....

സൌമിനിടീച്ചറുടെ ഉള്ളില്‍ കൊളുത്തൂരിയ കുറേ ജനാലകള്‍ കടപട ശബ്ദത്തോടെ തുറന്നടയുകയാണ്. പതിഞ്ഞ ശബ്ദത്തില്‍ അവര്‍ ഭര്‍ത്താവിനെ ഓര്‍മ്മിപ്പിക്കുന്നു-"നേരം ആറരയാകുന്നു, മോള്‍ കോളേജ് വിട്ട് എത്തിയില്ല''.

ഭര്‍ത്താവ് ഉറക്കെ ചിരിക്കുന്നു-"അവള്‍ വന്നോളും എന്റെ സൌമിനീ''-പിന്നെ സുഹൃത്തിനോടായി മുഴുമിപ്പിക്കുന്നത് ഇങ്ങനെയും-"ഇതാ ഇപ്പഴത്തെ സ്ത്രീകളുടെ കുഴപ്പം. സ്വാതന്ത്ര്യം കൊടുത്താലും കൊടുത്തില്ലെങ്കിലും പരാതി.''

ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കണ്ണുകള്‍ ടെലിവിഷനിലെ സുന്ദരിയുടെ വടിവുകളിലേക്ക് നിറച്ച ഗ്ളാസിന്റെ മറവുപറ്റി ഓടിയോടി ചെല്ലുന്നതു സൌമിനിടീച്ചര്‍ കണ്ടു.

ഓരോ പുരുഷനിലും അവസരം പാര്‍ത്തിരിക്കുന്ന ഒരു തെമ്മാടി വസിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ മരപ്പാലത്തിലൂടെ നടക്കുന്ന ഓരോ സ്ത്രീയുടെയും കാല്‍ക്കീഴില്‍ നിന്നു സുരക്ഷിതത്വത്തിന്റെ മരപ്പലക വലിക്കപ്പെടുന്നുവെന്നു സൌമിനിടീച്ചര്‍ അറിഞ്ഞു.

വിവശമായ മനസ്സോടെ ടീച്ചര്‍ മകളെയും കാത്ത് ഊണ്‍തളത്തിലെ ജനലിനരികിലായി ചെന്നുനിന്നു.

സൂര്യനസ്തമിച്ചതുപോലും അറിയാത്തവിധം ജീവിതം ആഘോഷിക്കുന്ന നഗരം.

കോളേജുവിട്ട് ഇനിയും എത്താത്ത മകള്‍ ഇപ്പോള്‍ സൌമിനിടീച്ചറുടെ മനസ്സില്‍ വല്ലാത്തൊരു വേവലാതിയായി വളരുകയാണ്. നിരത്തിലൊരു പെണ്‍കുട്ടിയെ നിരന്തരം ബെല്ലടിച്ചുകൊണ്ട് സൈക്കിളില്‍ അനുധാവനം ചെയ്യുന്നു-ഒരു ചെറുപ്പക്കാരന്‍. നിസ്സംഗരായി കടന്നുപോകുന്ന ജനം. ആ പെണ്‍കുട്ടി പാതിനടന്നും പാതി ഓടിയും കാഴ്ചക്കപ്പുറത്തു മറയവേ സൌമിനിടീച്ചറുടെ മനസ്സില്‍ ഭീതി ആളിപ്പടരുകയാണ്.

സ്വീകരണമുറിയില്‍ നിലയുറയ്ക്കാതെ തെന്നുന്ന സംഭാഷണശകലങ്ങള്‍, ടെലിവിഷനില്‍ 'കൂടുതല്‍ ശക്തി കൂടുതല്‍ സൌന്ദര്യം', 'കൂടുതല്‍ കൂടുതല്‍' എല്ലാം വാഗ്ദാനം ചെയ്യുന്ന പരസ്യപ്രളയം. പുറത്ത് ആഴം വര്‍ധിക്കുന്ന ഇരുട്ട്‌. അതില്‍ പരിചിതമായ ഓരോ അടയാളവും അപ്രത്യക്ഷമാകുന്നതു സൌമിനിടീച്ചര്‍ കണ്ടു.

ഇരുട്ടു വ്യാപിക്കുകയാണ്. അന്തരീക്ഷം മുഴുവനും ഇറച്ചിയുടെ ഗന്ധം തങ്ങി നില്‍ക്കുന്നതുപോലെ. സര്‍വവും കാമത്താല്‍ മലിനീകരിക്കപ്പെടുന്നതുപോലെ.

വേവലാതിയുടെ ഗേറ്റ് തുറന്ന് സൌമിനിടീച്ചര്‍ ഇപ്പോള്‍ തീര്‍ത്തും വിജനമായ നിരത്തിലേക്കിറങ്ങി. വിജനമായ നിരത്തിന്റെ ഒരറ്റത്തുനിന്ന് അശ്ലീലമായ പാരഡിപോലെ ചുവന്ന ഒരു മാരുതിക്കാര്‍ തെന്നിയൊഴുകി വരുന്നത് അവര്‍ കണ്ടു. അതു കടന്നുപോകവെ, അതില്‍ നിന്നുയരുന്ന പൊട്ടിച്ചിരികള്‍ക്കിടയില്‍ പിന്‍സീറ്റിലെ ചില്ലിലമര്‍ന്ന നിസ്സഹായമായ ഒരു നോട്ടം. -ഒരു മകളുടെ-ഏതോ മകളുടെ, എങ്കിലും ഒരു മകളുടെ -എന്നു തിരിച്ചറിഞ്ഞ ആ അമ്മയില്‍നിന്ന് ആകുലമായ ഒരു നിലവിളി ദിഗന്തങ്ങള്‍ ഭേദിച്ചുയരവേ.....

അടച്ചിട്ട വീടുകള്‍ക്കുള്ളില്‍ ഇരുന്ന്, ഒരു നിരത്തിലെ, ഒരു ദേശത്തിലെ, രാജ്യത്തിലെ, ജനം മുഴുവന്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരുന്നു.

(യാത്രക്കിടയിലെ അനുഭവങ്ങള്‍ മാത്രമല്ല, വഴിയിലൂടെ നടന്നുപോകുമ്പോള്‍ മക്കളുടെ പ്രായമുള്ളവരില്‍ നിന്നുപോലും കേള്‍ക്കേണ്ടിവരുന്ന കമന്റുകള്‍, അതുണ്ടാക്കുന്ന മാനസിക വ്യഥ- എന്നിവയെക്കുറിച്ചെല്ലാം പ്രശസ്ത എഴുത്തുകാരി അഷിതയുടെ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിച്ച കഥ ഈയവസരത്തില്‍ പ്രസിദ്ധീകരിക്കുന്നു. കടപ്പാട്: സ്ത്രീ സപ്ലിമെന്റ്)

23 June, 2009

ഗ്ലോബല്‍ ട്രീറ്റ്‌മെന്റ്

ഗ്ലോബല്‍ ട്രീറ്റ്‌മെന്റ്
ലൈംഗികത്തൊഴിലാളിയായ
പുഷ്‌പയുടെ കൈയില്‍ നിന്നും
കടം വാങ്ങിയ രൂപയും കൊണ്ടാണ്
കൊച്ചുകുമാരന്‍ ‘ക്‌ടാങ്ങലത്ത് ’നിന്നും
നഗരത്തിലെ ജനറല്‍ ആശുപത്രിയിലെ
ഡോക്‍ടറെ കാണാന്‍ പോയത്.
ആശുപത്രി ഏതോ സ്‌റ്റാര്‍
ഹോട്ടലിനെപ്പോലെ തോന്നിച്ചു.
പളപള മിന്നുന്ന ടൈലുകള്‍ പാകിയിരിക്കുന്നു.
രോഗികളെ വഴിതിരിച്ചു വിടാന്‍
ഇലക്‍ട്രോണിക് സൈന്‍ ബോര്‍ഡുകള്‍
ഭാഗ്യം, ഇംഗ്ലീഷ് കൂടാതെ
മലയാളത്തിലും
എഴുതിക്കാണിക്കുന്നുണ്ട്.

പുരുഷന്‍‌മാര്‍ക്കുള്ള വഴി
സ്‌ത്രീകള്‍ക്കുള്ള വഴി
എന്നിങ്ങനെ രണ്ട് ചൂണ്ടാണികള്‍
തെളിഞ്ഞു നില്‍ക്കുന്നു.
സംശയമേതുമില്ലാത്തതിനാല്‍
കൊച്ചുകുമാരന്‍
പുരുഷന്മാര്‍ക്കുള്ള
വഴിയേ നടന്നു.
കുറച്ചു നടന്നപ്പോള്‍
വീണ്ടും ചൂണ്ടാണി
കഴുത്തിനു മുകളില്‍ രോഗമുള്ളവര്‍ക്കുള്ള വഴി
കഴുത്തിനു താഴെ രോഗമുള്ളവര്‍ക്കുള്ള വഴി.
കൊച്ചുകുമാരന്
കഴുത്തിന് മുകളിലാണ് രോഗമെന്നതിനാല്‍
അയാള്‍ അതു വഴി നടന്നു.
കുറച്ചു കൂടി ചെന്നപ്പോള്‍
വീണ്ടും ചൂണ്ടാണി.
ഗുരുതരമായ രോഗമുള്ളവരുടെ വഴി
ഗുരുതരമല്ലാത്ത രോഗമുള്ളവരുടെ വഴി.
കൊച്ചുകുമാരന് രോഗം ഗുരുതരമായതിനാല്‍
ആ വഴിയേ നടന്നു.
പിന്നേയും ചൂണ്ടാണികള്‍.
പണമുള്ളവര്‍ക്കുള്ള വഴി
പണമില്ലാത്തവര്‍ക്കുള്ള വഴി.
അയാള്‍ക്ക് സന്തോഷമായി
പണമില്ല്ലാത്തവര്‍ക്ക് പ്രത്യേക വഴിയുണ്ടല്ലോ.
അയാള്‍ അതുവഴി
അതിവേഗം നടന്നു.
ഒരു മൈക്ക് അനൌണ്‍സ്‌മെന്റ് കേള്‍ക്കുന്നുണ്ട്.
‘ക്‌ടാങ്ങലത്തേക്കുള്ള’ ബസ്സ്
ചിത്തിര
ഉടനെ പുറപ്പെടുന്നതാണ്.
ഡെങ്കല്‍ സായിപ്പേ
ഇതെന്തൊരു മറിമായം
പ്രൈവറ്റ് ബസ്സ് സ്‌റ്റാന്റല്ലേയിത്.

*****

ആര്‍ എന്‍ ഹോമര്‍, കടപ്പാട് : യുവധാര

06 April, 2009

ദൈവം ഉറങ്ങുകയാണ്

ദൈവം ഉറങ്ങുകയാണ്

ദൈവമേ..നീ എവിടെയാണ്...?

ഇന്നലെയും നഗരത്തില്‍ ബോംബ് പൊട്ടി.

ദൈവാധീനം!

അത്യാഹിതം നിയന്ത്രണാതീതമായില്ല. പൊട്ടിക്കഴിഞ്ഞശേഷം സ്വയം നിര്‍വീര്യമായി ബോംബ് അതിന്റെ ദേശസ്‌നേഹം കാണിക്കുകയും ചെയ്‌തു. പ്രശ്‌നം ഗുരുതരവുമായില്ല. എണ്ണിത്തീര്‍ക്കാവുന്ന ശവങ്ങളേ ഉണ്ടായിരുന്നുള്ളു.

അക്കങ്ങള്‍ പെറുക്കിവെച്ച് മരണം കണക്കാക്കേണ്ടി വന്നില്ല എന്നുള്ളത് തന്നെ സംഭവത്തിന്റെ ലാളിത്യം വ്യക്തമാക്കുന്നു. മാത്രമല്ല, അതുകൊണ്ട് മരണത്തെക്കുറിച്ച് ഔദ്യോഗികവും അനൌദ്യോഗികവുമായ തര്‍ക്കങ്ങളും ഉണ്ടായില്ല.

കണക്കില്‍പ്പെടാതെ അന്ത്യകര്‍മങ്ങള്‍ക്ക് വിധേയമാകേണ്ടിവരുന്ന അപമാനത്തില്‍ നിന്ന് ജഡങ്ങള്‍ രക്ഷപ്പെടുകയും ചെയ്‌തു. പൊതുവെ ശാന്തവും,സമാധാനപരവും, രാഷ്‌ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കാത്തതുമായിരുന്നു ആ സ്‌ഫോടനം. ഒരു ചായക്കോപ്പയിലെ പൊട്ടിത്തെറി.

മരണം രണ്ടിലൊതുങ്ങിയത് ഇന്നത്തെ സാഹചര്യത്തില്‍ തീര്‍ത്തും നിലവാരമില്ലാത്തതായിപ്പോയി. ഒരാളെക്കൊന്നാല്‍ കൊല, പത്തുപേരെക്കൊന്നാല്‍ മനോരോഗി, നൂറുപേരെക്കൊന്നാല്‍ യുദ്ധം എന്നാണല്ലൊ കണക്ക്. അതുകൊണ്ട് ഈ ' രണ്ട് ' ഏതില്‍പ്പെടുത്തുമെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്കിടയില്‍ തര്‍ക്കമുണ്ട്. തര്‍ക്കം തീരുന്നതു വരെ ഇതില്‍ അഭിപ്രായം പറയാന്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവും.

എന്തായാലും മരിച്ച രണ്ടുപേര്‍ രണ്ടു മതത്തില്‍പെട്ടവരായത് നന്നായി. അതുകൊണ്ട് മാത്രം മതനിരപേക്ഷത 1- 1ല്‍ ശക്തമായ സമനില പാലിച്ചു. നമ്മുടെ ജനാധിപത്യ - മതനിരപേക്ഷ സങ്കല്‍പ്പം എത്ര ഭദ്രമാണെന്നതിന്റെ തെളിവാണ് ഈ 1-1. നാനാത്വത്തില്‍ ഏകത്വത്തിന്റെ നിദാനമായി ഈ 1-1.വൈവിധ്യം ബലഹീനതയല്ല, ശക്തി തന്നെയാണെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ 1-1. ഈശ്വര്‍ അള്ളാ തേരേ നാം എന്ന് ഈ 1-1ല്‍ ഉറച്ചുപാടാം. ദൈവം ഒന്നാണെന്നും മനുഷ്യര്‍ അതിനെ രാമനെന്നും അള്ളായെന്നും മാറിമാറി വിളിക്കുന്നതാണെന്നും ഈ 1-1 തെളിയിക്കുന്നു.

തെരുവില്‍ ചെരുപ്പ്കുത്തുന്ന പയ്യനും, വസ്ത്രം വില്‍ക്കുന്ന മധ്യവയസ്‌ക്കനുമാണ് മരിച്ചത്.

ചെരുപ്പ്കുത്തിയായ പയ്യന്‍ ഭാഗ്യവാനാണ്. അവന്‍ അനാഥന്‍. അവനെക്കുറിച്ച് അവനൊന്നും അറിയാത്തതിനാല്‍ സംതൃപ്‌തനുമായിരുന്നു. ഓര്‍ക്കാന്‍ ഒരു ബാല്യം പോലും ഇല്ല. ഭൂതകാലത്തിന്റെ ഭാരമില്ല. ഗൃഹാതുരത്വം പറഞ്ഞ് രസിക്കാനുള്ള വരുമാനവുമില്ല.

ഏകാകിയായ ദരിദ്രന്റെ അലസസുന്ദരമായ ജീവിതം!. അവന് ആമുഖം വേണ്ട. പരിചയപ്പെടുത്താന്‍ ഒരു സ്വാഗത പ്രാസംഗികനെ കൊണ്ടു നടക്കേണ്ട.

ഓര്‍മ വെച്ച നാള്‍ മുതല്‍ ഈ തെരുവിലുണ്ട്. വില്‍ക്കുന്നവരുടെയും വാങ്ങുന്നവരുടെയും തെരുവ്. ഇവിടെ വരുന്നത് സ്വപ്‌നങ്ങള്‍ ഉള്ളവര്‍ മാത്രമാണ്. പണത്തിന്റെ സ്വപ്‌നം!

ചവിട്ടിക്കടന്നുപോയവര്‍ എത്ര. ചവിട്ടുകൊണ്ടവര്‍ എത്ര. എന്നിട്ടും ആരും പിന്മാറുന്നില്ല. ആരും തോല്‍ക്കുന്നില്ല. ചിലര്‍ മറ്റുള്ളവരെ പെട്ടെന്ന് കടന്ന് പോകുന്നു എന്നു മാത്രം.

ഇതോന്നും അവന്‍ അറിഞ്ഞില്ല. അവന്‍ ചെരുപ്പുകളെ മാത്രം കാത്തിരിക്കുകയാണ്. ചെരുപ്പുകളെ മാത്രം. അവന്‍ ഒരിക്കലും മുഖമുയര്‍ത്താറില്ല. അതിന്റെ ആവശ്യമില്ല. അവന് ചെരുപ്പുകള്‍ മതി. ആരുടെ കാലിലാണ് അത് കിടക്കുന്നതെന്ന് അവനറിയേണ്ട. അവനെ ഈ തൊഴില്‍ പഠിപ്പിച്ചയാളും ആരെയും നോക്കാറില്ലായിരുന്നു. എങ്ങനെയാണ് അയാളുടെ അടുത്തെത്തിയതെന്ന് അവനറിയില്ല.

ഇതേ സ്ഥലത്ത് തന്നെയാണ് അയാളും ഇരുന്നത്. എങ്ങനെയോ അയാളുടെ അടുത്തെത്തി. അയാള്‍ക്ക് അവനോട് എന്തോ ഇഷ്‌ടം തോന്നി.

അയാള്‍ അവനോട് പേര് ചോദിച്ചു. അന്ന് അവന് പേരില്ലായിരുന്നു. അയാള്‍ ഒരു പേര് വിളിച്ചു. അങ്ങനെ ആദ്യമായി അവന് ഒരു പേരു കിട്ടി. അയാള്‍ മരിച്ചതോടെ അവന്‍ ആ പേരും ഉപേക്ഷിച്ചു. ഈ നഗരത്തില്‍ ജീവിക്കാന്‍ പേരു വേണ്ട.

അയാളും അവനെപ്പോലെ ആരുമില്ലാത്തവനായിരുന്നു. കറുത്ത് മെലിഞ്ഞ ഒരാള്‍. കറുത്ത തൊപ്പിയും, വെളുത്ത താടിയും.നെറ്റിയില്‍ തഴമ്പ്. മുഖം നിറയെ ചുളിവുകള്‍. കറുത്ത് ഉണങ്ങിയ ചുണ്ട്. വെളുത്ത് പിഞ്ഞിയ ജുബ്ബ. ആര്‍ക്കും ഇഷ്‌ടം തോന്നാത്ത രൂപം.

അയാള്‍ക്ക് അതിന്റെ ആവശ്യവുമില്ല. പക്ഷേ അവന്‍ മാത്രം ആ കണ്ണില്‍ കരുണ കണ്ടു. നെറ്റിയിലെ തഴമ്പ് ദയാപൂര്‍വം അവനെ നോക്കുന്നതായി തോന്നി.

കിട്ടുന്ന പണം ഈ തഴമ്പില്‍ തൊട്ടാണ് അയാള്‍ പെട്ടിയിലിട്ടത്. ഈ പണം അയാള്‍ക്ക് ദൈവം കൊടുക്കുന്നതായിരുന്നു. അതുകൊണ്ട് അവര്‍ ഭക്ഷണം കഴിച്ചു. പലപ്പോഴും രണ്ടു പേര്‍ക്ക് വിശപ്പ് തീരാനുള്ള പണം ഉണ്ടാവില്ല. ആ പട്ടിണി നിശ്ശബ്‌ദമായി പങ്കുവെച്ച് അവര്‍ ഉറങ്ങി, സ്വപ്‌നങ്ങളില്ലാതെ.

ഒരു ദിവസം പെട്ടെന്ന് അയാള്‍ മരിച്ചു.

സൂചിയും നൂലുമായി അയാള്‍ ഇരുന്ന ആ പഴയ പത്രത്തിന്റെ മീതെ ഒരു കാല്‍ കുന്തിച്ച് മുഖം മുട്ടുകാലില്‍ താങ്ങി അവനുമിരുന്നു; കാലുകള്‍ നീളുന്നതും കാത്ത്. അതാണ് അവന്റെ ചോറ്. എല്ലാ കാലുകളും അവന് ദൈവം തരുന്നതായിരുന്നു. ആ കാലുകളില്‍ അവന്‍ ഹിന്ദുവിനെയും മുസ്ലീമിനെയും ക്രിസ്‌ത്യാനിയെയും കണ്ടില്ല. അവന്‍ അതില്‍ ദൈവത്തെ കണ്ടു.

പണം നെറ്റിയില്‍ തൊട്ട് പെട്ടിയിലിട്ടു.

എന്നിട്ടും അവന്റെ ശരീരം ചിതറിത്തെറിച്ചു.

ദൈവമേ..നീ എവിടെയാണ്?

നീ എന്തുകൊണ്ട് അവന്റെ രക്ഷകനായില്ല ?

നീ ആരെയാണ് ഭയപ്പെടുന്നത്?

വസ്‌ത്ര വ്യാപാരി അനാഥനല്ല. അയാള്‍ക്ക് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്. രണ്ടുപേരും പഠിക്കുന്നു.

അയാള്‍ക്ക് സ്വപ്‌നങ്ങളുണ്ട്. അയാള്‍ക്ക് കിട്ടുന്ന ഓരോ നാണയവും ആ സ്വപ്‌നങ്ങളിലേക്കുള്ള യാത്രയാണ്. രാത്രിയില്‍ എല്ലാവരും ഉറങ്ങുമ്പോള്‍ അയാള്‍ തകരപ്പെട്ടി തുറന്ന് പണമെണ്ണുന്നു.

ഇനിയെത്ര ദൂരം?

മക്കളെ പഠിപ്പിച്ച് മിടുക്കികളാക്കണം. പിന്നെ അവര്‍ക്ക് നല്ല വിവാഹം. അവസാന കാലത്ത് സ്വസ്ഥമായി കഴിയാനുള്ള വസ്‌തുവകകള്‍.

കണക്ക് കൂട്ടിയാണ് അയാളുടെ ജീവിതം.

രാവിലെയും രാത്രിയും അയാള്‍ ഗണപതിക്കോവിലില്‍ പോകും. കണക്കുകള്‍ തെറ്റരുതേ എന്ന് പ്രാര്‍ഥിക്കും. ഒരു വിഹിതം ദൈവത്തിനും നല്‍കും.

വിവിധ തരം തുണികളെടുത്ത് അയാള്‍ വഴിയാത്രക്കാരെ വീശിക്കാണിച്ചു. ഉറക്കെയുറക്കെ വിളിച്ചുപറഞ്ഞു. ആളുകള്‍ തടിച്ചുകൂടി. ഓരോ തുണിക്കും അവര്‍ വിലപേശി. വിറ്റവര്‍ക്കും വാങ്ങിയവര്‍ക്കും മെച്ചം. നന്മനിറഞ്ഞ ലാഭം.

സ്‌നേഹത്തോടെയുള്ള പെരുമാറ്റം. സൌമ്യഭാവം. ആളുകള്‍ അയാളെത്തേടി എത്തി. ഇയാള്‍ ചതിക്കില്ലെന്ന് അവര്‍ പരസ്‌പരം പറഞ്ഞു. കുട്ടികള്‍ അയാളെ 'മാമാ' എന്ന് വിളിച്ചു. അവര്‍ക്ക് അയാളെ വലിയ ഇഷ്‌ടമായി. അയാള്‍ക്ക് ചുറ്റും തിരക്ക് കൂടി. അയാള്‍ കൂടുതല്‍ കൂടുതല്‍ തുണികള്‍ കൊണ്ടുവന്നു. വിവിധ നിറത്തിലുള്ള തുണികള്‍. എല്ലാം വിറ്റുപോയി.

അയാള്‍ക്ക് ലാഭം കൂടി.

ശബ്‌ദമുണ്ടാക്കാതെ അയാള്‍ സ്വന്തം സ്വപ്‌നത്തിലേക്ക് കൂടുതല്‍ അടുത്തു.

അയാള്‍ക്ക് ഒപ്പം ആ കുടുംബവും.

വെടിച്ചില്ലുകള്‍ അയാളുടെ നെഞ്ചും തകര്‍ത്തു.

സ്വപ്‌നങ്ങളുടെ സ്വകാര്യ സിംഹാസനം ഛിന്നഭിന്നമായി.

ഭാര്യയും മക്കളും ജഡത്തില്‍ കെട്ടിപ്പിടിച്ചു. ആ ജഡം എടുത്തുകൊണ്ടു പോയാല്‍ അവശേഷിക്കുന്നത് ശൂന്യതയാണ്. ശബ്‌ദമില്ലാത്ത, ചലനമില്ലാത്ത ശൂന്യത; ഒരിക്കലും അടയ്‌ക്കാത്ത ഒരു ശവപ്പെട്ടി പോലെ.

ആ ശവത്തില്‍ അവര്‍ മുറുക്കെമുറുക്കെപ്പിടിച്ചു. ആരൊക്കെയോ അവരുടെ കൈകള്‍ വിടുവിച്ചു. ശവം ചുടലയിലേക്കെടുത്തു. ചുടലത്തീ അണഞ്ഞിട്ടും വിലാപത്തിന്റെ നേര്‍ത്ത പുക ഉയര്‍ന്നുകൊണ്ടേയിരുന്നു.

ദൈവമേ, നീ എവിടെയാണ്?

നിന്നെ വിശ്വസിക്കുന്നവരില്‍ നിന്നു നീ എങ്ങോട്ടാണ് ഒളിച്ചോടുന്നത്?

നീ ആരെയാണ് ഭയക്കുന്നത്?

സ്‌കൂള്‍ ബസ്സില്‍നിന്നു തുള്ളിച്ചാടി അമ്മയുടെ അടുത്തേക്കോടിയ പിഞ്ചുകുഞ്ഞ് വെടിയേറ്റ് വീണതും നീ കണ്ടില്ല.

അന്നും അവള്‍ക്ക് അമ്മയോട് എന്തോ പറയാനുണ്ടായിരുന്നു.

നൂറില്‍ നൂറും കിട്ടിയെന്നോ, നൃത്തത്തില്‍ ഒന്നാമതായെന്നോ, പാട്ടില്‍ മിടുക്കിയായെന്നോ, ടീച്ചര്‍ ഉമ്മകൊടുത്തെന്നോ..മറ്റോ.

നീ അതിന് സമ്മതിച്ചില്ല.

അമ്മയുടെ മടിത്തട്ടില്‍ അവള്‍ രക്തം വാര്‍ന്ന് കിടന്നു.

എല്ലാ തുമ്പികളെയും കണ്ടു തീരുന്നതിന് മുമ്പ്, എല്ലാ പൂക്കളും വിടരുന്നതിനു മുമ്പ്, എല്ലാ നക്ഷത്രങ്ങളും ചിരിക്കുന്നതിനു മുമ്പ്, എല്ലാ കഥകളും കേട്ടു തീരുന്നതിന് മുമ്പ്...അവളെ അമ്മയുടെ മാറില്‍ നിന്നു പറിച്ചെടുക്കുകയാണ്.

അമ്മയുടെ മടിയില്‍ കിടന്ന് അവള്‍ കെഞ്ചി..

'അമ്മേ..എനിക്ക് ഉറക്കം വരുന്നപോലെ..'

അവള്‍ കണ്ണുകള്‍ ആവുന്നത്ര തുറക്കാന്‍ ശ്രമിച്ചു. ആവുന്നത്ര ശക്തിയില്‍ ശ്വസിക്കാന്‍ ശ്രമിച്ചു.

പക്ഷേ,

കൈകള്‍ തണുത്തുതുടങ്ങി, കാലുകള്‍ മരവിച്ചു തുടങ്ങി, കണ്ണുകള്‍ കൂമ്പിത്തുടങ്ങി.

ജീവന്റെ കൂട്ടില്‍ നിന്ന് ഒരു കിളിക്കുഞ്ഞ് താഴെ വീണു.

'പൊന്നുമോളേ..'

അമ്മയുടെ ഇടനെഞ്ചില്‍ നിന്ന് ഒരിടിവാള്‍ പാഞ്ഞു.

ദൈവമേ, നീ എവിടെയാണ്?

ഈ ശബ്‌ദവും നീ കേള്‍ക്കുന്നില്ലേ?

ഞങ്ങളുടെ സര്‍വശക്തനായ ദൈവം ഇപ്പോള്‍ അന്ധനും ബധിരനുമാണോ?

എവിടെ നിന്റെ വിശ്വരൂപം?

എവിടെ നിന്റെ ദിവ്യാല്‍ഭുതം?

എവിടെ നിന്റെ സംഹാരശക്തി?

ഞങ്ങളുടെ പൂജാപാത്രങ്ങളില്‍ ചോരവീഴുന്നത് നീ കാണുന്നില്ലേ?

വിശ്വസിക്കാന്‍ ഒരു കെട്ടുകഥയെങ്കിലും തന്ന് നീ ഞങ്ങളെ ഉപേക്ഷിച്ചുകൊള്ളു.

എങ്കിലും ഇത് ഞങ്ങളുടെ ബാഷ്‌പാഞ്‌ജലി.


****

എം എം പൌലോസ്
കടപ്പാട്.