Showing posts with label ക്യൂബ. Show all posts
Showing posts with label ക്യൂബ. Show all posts

26 March, 2009

ചെ - ഇതിഹാസമായ ഒരു ചിത്രവും ഫോട്ടോഗ്രാഫറും

ചെ - ഇതിഹാസമായ ഒരു ചിത്രവും ഫോട്ടോഗ്രാഫറും

ലോകത്താകമാനമുള്ള ജനങ്ങള്‍ക്ക് ഇത്രയേറെ പരിചയമുള്ള, കൂടുതല്‍ അടുത്തറിയപ്പെട്ട ഒരു സാര്‍വദേശീയ ചിത്രം വേറെയുണ്ടാവില്ല. ചെ എന്ന ബൊളീവിയന്‍ വിപ്ലവകാരിയുടെ അനിര്‍വചനീയമായ വികാര സമ്പുഷ്ടമായ ഈ “Guerrillero Heroico“(1960) എന്ന ചിത്രം പോലെ.

എത്രയധികം കോപ്പികള്‍ പ്രിന്റ് ചെയ്തിട്ടുണ്ടാവും, എത്രയധികം ടീ ഷര്‍ട്ടുകളിലും ബാനറുകളിലും ഇത് അച്ചടിച്ചു വന്നിട്ടുണ്ടാവും എന്നത് കണക്കാക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്. ലോകത്തെ വിപ്ലവമുന്നേറ്റങ്ങള്‍ക്ക്, പുരോഗമന പോരാട്ടങ്ങള്‍ക്ക്, സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍ക്ക് എല്ലാം ഈ ചിത്രം മേല്‍വിലാസവും അടിക്കുറിപ്പും ആവശ്യമില്ലാത്ത വികാരമായി ഉപയോഗിക്കുകയാണ്. അത് ആ പോരാളിയുടെ ആശയങ്ങളുടെ ഔന്നത്യത്തിന്റെ മാറ്റ് കൂട്ടുകയാണ്; കൂടുതല്‍... കൂടുതല്‍.

ആ ഫോട്ടോയുടെ ചരിത്രവും അതിനു പിന്നിലെ ഫോട്ടോഗ്രാഫറെയും അധികമാരും അറിയുന്നില്ല. ചെ രക്തസാക്ഷിത്വത്തിന്റെ 40 വര്‍ഷം പിന്നിടുമ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ആ ചെറിയ ചരിത്രം ഒന്നു മറിച്ചു നോക്കാം.

ആ ചിത്രം ക്യാമറയില്‍ പകര്‍ത്തിയതിലൂടെ മറ്റൊരു ഇതിഹാസമായി വളര്‍ന്നത് ആ ക്യാമറക്കു പിന്നില്‍ വിരല്‍ ചലിപ്പിച്ച ഫോട്ടോ ഗ്രാഫര്‍ കൂടിയാണ്.

വിപ്ലവാശയങ്ങളുടെ സഹചാരിയും പ്രവര്‍ത്തകനുമായിരുന്ന ക്യൂബന്‍ ന്യൂസ് പേപ്പറിന്റെ ഫോട്ടോഗ്രാഫറും പിന്നീട് വിപ്ലവക്യൂബയുടെ നായകന്‍ കാസ്ട്രോയുടെ സ്വകാര്യ ഫോട്ടോഗ്രാഫറും ആയിരുന്ന ആല്‍ബര്‍ട്ടോ കോര്‍ദ (Alberto Diez Gutierrez - Alberto Korda) ആണ് ആ ചിത്രമെടുത്തത്.

ക്യൂബന്‍ ന്യൂസിനുവേണ്ടി വിപ്ലവക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ വെച്ചാണ് കോര്‍ദ ആ ചിത്രമെടുത്തത്. 2001 ല്‍ തന്റെ എഴുപത്തി രണ്ടാം വയസ്സില്‍ കോര്‍ദ മരണപ്പെടുംവരെ ആ ചിത്രമെടുത്ത ക്യാമറയും നെഗറ്റീവുകളും കോര്‍ദ സൂക്ഷിച്ചിരുന്നു.

1959 ലെ ക്യൂബന്‍ വിപ്ലവത്തിന്റെ പ്രധാനികളില്‍ ഒരാളും കാസ്ട്രോയുടെ സഹചാരിയുമായിരുന്ന ചെ ഗുവേര 1967 ഒക്ടോബറില്‍ ബൊളീവിയല്‍ വെച്ച് പട്ടാളക്കാരുടെ വെടിയേറ്റ് ധീര രക്തസാക്ഷിത്വം വരിച്ചതിനുശേഷം ഇറ്റലിയിലാണ് ഈ ചിത്രം ആദ്യം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

1960 മാര്‍ച്ച് 5 ന്റെ സായാഹ്നത്തില്‍ ഒരു പ്രസംഗവേദിയിലേക്ക് നടന്നുവന്ന ചെ അനിര്‍വചനീയമായ വികാരങ്ങളോടെ, എന്നാല്‍ വിപ്ലവ ചങ്കൂറ്റത്തോടെ ജനക്കൂട്ടത്തെ വീക്ഷിക്കുന്നതു കണ്ടപ്പോള്‍ കോര്‍ദക്ക് പെട്ടെന്ന് ക്യാമറയില്‍ പകര്‍ത്താന്‍ തോന്നുകയായിരുന്നു. നിമിഷങ്ങള്‍ക്കകം 'രണ്ട് ഷോട്ട്', ഉടന്‍ ചെ മടങ്ങുകയും ചെയ്തു.

ആ ചിത്രം കൂടുതല്‍ പേര്‍ കാണാതെ നീണ്ട ഏഴു വര്‍ഷക്കാലം കോര്‍ദ യുടെ സ്വീകരണമുറിയുടെ ചുവരില്‍ വിശ്രമിച്ചു. കാസ്ട്രോയുടെയും ഫ്രഞ്ച് എഴുത്തുകാരനായ സാര്‍ത്രിന്റെയും സൈമണ്‍ ബൊളീവറുടെയും ഫോട്ടോകള്‍ പ്രചരിക്കുന്ന കാലം. ആരാലും ആവശ്യപ്പെടാതെ ചെയുടെ ആ ഫോട്ടോഗ്രാഫ് ഫോട്ടോഗ്രാഫറുടെ കൈയ്യില്‍ തന്നെ സുരക്ഷിതമായി ഇരുന്നു ഒരു ഇറ്റാലിയന്‍ പത്രപ്രവര്‍ത്തക സുഹൃത്ത് (Giangiacomo Feltrinelli) കാണും വരെ. പടം ആവശ്യപ്പെട്ട സുഹൃത്തിന് കോര്‍ദ സൌജന്യമായി നല്‍കുകയായിരുന്നു.

ചെ യുടെ രക്തസാക്ഷിത്വത്തിനു ശേഷം ഇറ്റലിയിലെ ചുവരുകളില്‍ നിറഞ്ഞ പോസ്ററുകളില്‍, ആ ചിത്രം നിറഞ്ഞു നിന്നു. തുടര്‍ന്ന് വളരെ വേഗം ലോകത്താകമാനം ചിത്രത്തിന് വന്‍ പ്രചാരമാണ് ലഭിച്ചത്. ഒരു പോരാളിക്ക് നല്‍കാന്‍ കഴിയുന്ന വലിയ ആദരവുകളിലൊന്നായി അത് പ്രിന്റുകളില്‍ നിന്നും പ്രിന്റുകളിലേക്കും ചുവരുകളില്‍ നിന്നു ചുവരുകളിലേക്കും പടരുകയായി. അങ്ങനെ ഒരു ഫോട്ടോഗ്രാഫും ഫോട്ടോഗ്രാഫറും ഇതിഹാസമായി വളര്‍ന്നു.

അമേരിക്കയിലെ തന്നെ Mary Land Institute of Arts ഈ ഫോട്ടോഗ്രാഫിനെ (Guerrillero Heroico) വിശേഷിപ്പിച്ചിരിക്കുന്നത് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫോട്ടോഗ്രാഫും ഇരുപതാം നൂറ്റാണ്ടിന്റെ അടയാളവുമാണിത് എന്നാണ്.

ആ ചിത്രത്തിന്റെ സാമ്രാജ്യവിരുദ്ധ മുഖവും പോരാട്ടവീര്യവും ഒട്ടും ചോര്‍ന്നു പോകാതെ ലോകത്താകമാനം ഉപയോഗിക്കപ്പെടുന്നതില്‍ കോര്‍ദ സന്തോഷിച്ചിരുന്നു. എന്നാല്‍ ആ സാമ്രാജ്യ വിരുദ്ധ പോരാളിയെ ഒരു കുത്തക കമ്പനി തങ്ങളുടെ മദ്യത്തിന്റെ പരസ്യത്തിന് ഉപയോഗിച്ചതിനെതിരെ നിയമയുദ്ധം നടത്തി മുട്ടുമടക്കിക്കാനും ചെയുടെ പാരമ്പര്യവും ഔന്ന്യത്യവും സംരക്ഷിക്കുവാനും ആ ഫോട്ടോഗ്രാഫര്‍ക്കു കഴിഞ്ഞു. വളരെ ശ്രദ്ധിക്കപ്പെട്ട നിയമയുദ്ധം നടത്തിയാണ് വിശ്വപ്രസിദ്ധമായ ആ ഫോട്ടോഗ്രാഫിന്റെ പകര്‍പ്പവകാശം കോര്‍ദ സ്വന്തമാക്കിയത്.

സാമ്രാജ്യവിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പടയാളിയായിരുന്ന ചെയുടെ ചിത്രം ബ്രിട്ടനിലെ UK foods and beverage ഉത്പാദിപ്പിക്കുന്ന Smirnoff Vodka എന്ന മദ്യത്തിന്റെ പ്രചരണ പരസ്യത്തിന് ഉപയോഗിച്ചതാണ് നിയമ യുദ്ധത്തിന് കോര്‍ദയെ പ്രേരിപ്പിച്ചത്. തന്റെ എഴുപത്തി ഒന്നാം വയസ്സില്‍ വാദ്ധക്യത്തെ കൂസാതെ അദേഹം നിയമ പോരാട്ടത്തിലൂടെ തന്റെ ഫോട്ടോഗ്രാഫിന്റെ ഔന്നിത്യം സംരക്ഷിക്കുകയായിരുന്നു. ലണ്ടന്‍ കോടതിയില്‍ നടന്ന കേസില്‍ ആ ഫോട്ടോഗ്രാഫിന്റെ ചരിത്രപരവും പുരോഗമനപരവുമായ എല്ലാ പ്രാധാന്യവും സംരക്ഷിക്കാനാണ് കോര്‍ദ ശ്രമിച്ചത്. മദ്യപിക്കാത്ത, മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാത്ത ചെ എന്ന വിപ്ലവകാരിയുടെ പടം ഇത്തരം പരസ്യത്തില്‍ ഉപയോഗിക്കുന്നത് ആ വ്യക്തിയോടു ചെയ്യുന്ന അവമതിപ്പും കടന്നാക്രമണവും ആണെന്ന് കോര്‍ദ വാദിച്ചു. ഒരു സാമ്രാജ്യ വിരുദ്ധ പോരാളിയുടെ പടം ഇത്തരത്തില്‍ ഉപയോഗിക്കുന്നതിലെ വൈരുദ്ധ്യം ലോകമനഃസാക്ഷിക്കു മുന്നില്‍ കൊണ്ടുവരാന്‍ കോര്‍ദക്ക് കഴിഞ്ഞു.

നീണ്ട നിയമയുദ്ധത്തിന്റെ പരാജയം മണത്തറിഞ്ഞ ബ്രിട്ടീഷ് പരസ്യ ഏജന്‍സി Lowe Lintas, കോടതിക്കു പുറത്ത് വച്ച് കോര്‍ദയുമായി അനുരജ്ഞനമുണ്ടാക്കി കേസ് അവസാനിപ്പിക്കുകയായിരുന്നു. ഒത്തു തീര്‍പ്പു പ്രകാരം പരസ്യത്തില്‍ നിന്നും ചെയുടെ പടം ഒഴിവാക്കുകയും കോര്‍ദക്ക് 50,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. നഷ്ടപരിഹാരമായി ലഭിച്ച തുക കോര്‍ദ ക്യൂബയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തു.

2001 ല്‍ എഴുപത്തി രണ്ടാം വയസ്സില്‍ പാരീസില്‍ തന്റെ ഫോട്ടോകളുടെ പ്രദര്‍ശന വേദിയില്‍ വച്ച് ഹൃദയാഘാതം മൂലം മരണപ്പെടുംവരെ കോര്‍ദ ക്യൂബന്‍ സാംസ്കാരിക മുന്നേറ്റങ്ങളിലെ നായകനായിരുന്നു. ക്യൂബന്‍ ന്യൂസിലെ ഫോട്ടോഗ്രാഫര്‍ ജോലിക്കു ശേഷം കാസ്ട്രോയുടെ സ്വകാര്യ ഫോട്ടോഗ്രാഫറായും ജോലി നോക്കിയ കോര്‍ദ ക്യൂബന്‍ സംസ്കാരത്തിനും ഫോട്ടോഗ്രാഫിക്കും വലിയ സംഭാവനകള്‍ നല്‍കിയ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു.

തന്റെ ഒറ്റ ‘ഷോട്ടി’ലൂടെ ലോക പ്രശസ്തനാവുക എന്ന അനിതര സാധാരണമായ നേട്ടം കൈവരിച്ച ഒരു ഫോട്ടോഗ്രാഫര്‍ ആയിരുന്നു കോര്‍ദ. ചെ ഏത് ആശയങ്ങള്‍ക്കുവേണ്ടിയാണോ രക്തസാക്ഷിത്വം വരിച്ചത് ആ ആശയങ്ങളുടെ ഭാഗമായി തന്റെ ചിത്രം ആര്‍ക്കും ഉപയോഗിക്കാമെന്നും ആ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകള്‍ നിലനിര്‍ത്താന്‍ സാമൂഹ്യനീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ചെയുടെ സാന്നിധ്യം കരുത്ത് പകരണമെന്നും ചിത്രത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയ കോര്‍ദ ആഗ്രഹിച്ചിരുന്നു.


ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ പ്രസിദ്ധമായ നിരവധി ഫ്രെയിമുകള്‍ കോര്‍ദ തന്റെ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട് കടല്‍ത്തീരത്തെ വഴിവിളക്കിനു സമീപം ഇരുന്ന് അനുയായികളോട് സംസാരിക്കുന്ന കാസ്ട്രോ, ഏണസ്റോ ഹെമ്മിംഗ്വെയോടും ചെയോടും ഒപ്പം മീന്‍ പിടിക്കുന്ന കാസ്ട്രോയുടെ ചിത്രം, വിജയശ്രീലാളിതരായി മടങ്ങിവരുന്ന ക്യൂബന്‍ വിപ്ലവകാരികളുടെ ചിത്രം എന്നിവ കോര്‍ദയുടെ ക്യാമറകണ്ണുകളില്‍ നിന്ന് ലോകത്തിന് പകര്‍ന്നു കിട്ടിയ മാസ്റര്‍പീസുകളാണ്.

ചെഗുവേരയുടെ രക്തസാക്ഷിത്വത്തിന്റെ നാല്പത്തി രണ്ടാം വാര്‍ഷികത്തില്‍ ലോകം ആ ധീര വിപ്ലവകാരിയെ കാണുന്നത് പ്രധാനമായും ഈ ഫോട്ടോഗ്രാഫറുടെ ഫ്രെയിമിലൂടെയാണ്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ തനിക്കു നേരെ തോക്കു ചൂണ്ടിയ പട്ടാളക്കാരനോട് ചെ പറഞ്ഞ “Shoot.....coward..you are going to kill a man” എന്ന വാക്കുകളില്‍ നിറഞ്ഞുനിന്ന ധൈര്യവും ലക്ഷ്യബോധവും ആ ചിത്രത്തിലൂടെ നാം അനുഭവിക്കുകയാണ് നാല്‍പതിലേറെ വര്‍ഷങ്ങളായി ഒരിക്കലും പുതുമ നഷ്ടപ്പെടാതെ...

(ലേഖകന്‍: ശ്രീ ബി.ജയകുമാര്‍. കടപ്പാട്: യുവധാര)
കടപ്പാട്. വര്ക്കേഴ്സ് ഫോറം

20 March, 2009

ക്യൂബ - കെട്ടുകഥകള്‍ക്കപ്പുറം ഒരു നേര്‍സാക്ഷ്യം

ക്യൂബ - കെട്ടുകഥകള്‍ക്കപ്പുറം ഒരു നേര്‍സാക്ഷ്യം

മഞ്ഞവെളിച്ചത്തില്‍ മുങ്ങിനില്‍ക്കുന്ന, അംബരചുംബികളായ കെട്ടിടങ്ങള്‍ നിറഞ്ഞ ദുബായിലെ നഗരകാന്താരത്തില്‍ പകച്ചുപോയ മുകുന്ദനോട് ക്യൂബയില്‍ ഇതുപോലൊരു കെട്ടിടമുണ്ടോ? എന്ന പരിഹാസം നിറഞ്ഞ ചോദ്യം ചോദിക്കുന്ന രംഗമുണ്ട് അറബിക്കഥയില്‍. ആ ചോദ്യത്തിനു മുന്നില്‍ ഉത്തരം മുട്ടി നിരായുധനായി നില്‍ക്കുന്ന മന്ദബുദ്ധിയായ മാതൃകാ കമ്യൂണിസ്റ്റ് മുകുന്ദന്റെ നിസ്സഹായതയില്‍ നിറഞ്ഞുനില്‍ക്കുന്നത് കമ്യൂണിസ്റ്റുകാരോടുള്ള പരിഹാസം മാത്രമല്ല വികസനം സംബന്ധിച്ച ജനവിരുദ്ധ വീക്ഷണം കൂടിയാണ്.

മൂലധനാധിപത്യത്തിന്റെയും വിപണി വിസ്മയങ്ങളുടേയും നഗരക്കാഴ്ചകളാണ് വികസനത്തെ അടയാളപ്പെടുത്തുന്നത് എന്ന അമാനവികമായ വീക്ഷണമാണത്. അടിച്ചമര്‍ത്തലും ചൂഷണവുമില്ലാത്ത ഒരു ജീവിത വ്യവസ്ഥയും അന്തസ്സും ആത്മാഭിമാനവുമുള്ള മനുഷ്യരുമാണ് വികസനത്തിന്റെ യഥാര്‍ഥ ചിത്രമെന്ന് ക്യൂബ നമ്മെ ഓര്‍മ്മിപ്പിക്കും. ക്യൂബന്‍ യാഥാര്‍ഥ്യങ്ങളെ നേരില്‍ കാണാന്‍ ആറു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അവസരം ലഭിച്ചപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ മുടിച്ചു ഭരിച്ച നാടിനെക്കുറിച്ചുള്ള കെട്ടുകഥകളുടെ പൊള്ളത്തരം ഒരിക്കല്‍ കൂടി ബോധ്യമായി.

ലണ്ടന്‍ വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിനൊടുവില്‍ മോസ്കോ വഴി ഹവാനയിലെത്തിയത് ജൂലൈ 27 ന് പുലര്‍ച്ചെയാണ്. ക്യൂബയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള യുവജന ബ്രിഗേഡില്‍ അംഗമായിട്ടായിരുന്നു യാത്ര. ഞാനും ശ്രീരാമകൃഷ്ണനും സ്വരാജുമായിരുന്നു പത്തംഗ ഇന്ത്യന്‍ സംഘത്തിലെ മലയാളികള്‍. മറ്റെല്ലാവരും ഹവാനയിലെത്തിയ ശേഷമാണ് വിസ പ്രശ്നത്തില്‍ കുരുങ്ങിയ ഞങ്ങള്‍ അവിടെയെത്തുന്നത്. ജൂലൈ 26 ന്റെ മൊന്‍കാഡോ ആക്രമണ വാര്‍ഷിക പരിപാടികളില്‍ പങ്കെടുക്കാനാവാത്തതും റൌള്‍ കാസ്ട്രോയുടെ പ്രസംഗം ശ്രദ്ധിക്കാനാവാത്തതുമായിരുന്നു അതുകൊണ്ടുണ്ടായ നഷ്ടങ്ങള്‍. ആറുവര്‍ഷം മുമ്പ് ഫിദലിന്റെ അഞ്ചുമണിക്കൂര്‍ നീണ്ട പെരുമഴ പോലുള്ള പ്രസംഗത്തിന്റെ ഓര്‍മകളില്‍ മുഴുകിയാണ് ആ ഖേദം തീര്‍ത്തത്.

ഞങ്ങള്‍ ഹവാന നഗരത്തില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്രക്കുശേഷം ജൂലിയോ ആന്റോണിയോ മേ സ്മാരക ഇന്റര്‍നാഷണല്‍ ക്യാമ്പിലെത്തുമ്പോള്‍ അവിടെ അമേരിക്ക, കാനഡ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളുണ്ട്. ഞങ്ങളെത്തിയതിന്റെ തൊട്ടടുത്ത ദിവസം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വന്‍ സംഘവുമെത്തി. ബൊളീവിയ, വെനിസ്വേല, ഇന്‍ഡോര്‍, കൊളംബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുള്‍പ്പെട്ട ഈ സംഘത്തിന്റെ വരവോടെയാണ് ക്യാമ്പ് അക്ഷരാര്‍ഥത്തില്‍ ഉണര്‍ന്നത്. പാട്ടും നൃത്തവും മുദ്രാവാക്യം വിളികളും കളിയും കാര്യവുമെല്ലാമായി ലാറ്റിനമോരിക്ക ക്യാമ്പ് കീഴടക്കി. പാടാനും നൃത്തം ചെയ്യാനുമറിയാത്ത, സദാ ഗൌരവക്കാരായി ഇരിക്കുന്ന ഇന്ത്യക്കാരെ കാണുമ്പോള്‍ അവര്‍ക്ക് അതിശയമാണ്. അവരുടെയെല്ലാം ഭാഷ സ്പാനിഷ് ആണ്. ഇംഗ്ലീഷറിയുന്നത് വളരെ ചുരുക്കം പേര്‍ക്ക്, അതും കഷ്ടി. ലോകത്ത് ഇംഗ്ലീഷുകൊണ്ട് പ്രയോജനമില്ലാത്ത നിരവധി രാജ്യങ്ങളുണ്ടെന്ന് വ്യക്തമായ സന്ദര്‍ഭം. പക്ഷേ ഭാഷ ആശയവിനിമയത്തിനും ഐക്യദാര്‍ഢ്യത്തിനും സൌഹൃദങ്ങള്‍ക്കും ഒരു തടസ്സമായതേയില്ല.

ചര്‍ച്ചകള്‍, സെമിനാറുകള്‍, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലെ ആശുപത്രി, സ്കൂള്‍, യങ്ങ് കമ്യൂണിസ്ററ് ലീഗ് ആസ്ഥാനം എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തനം, കലാ സാംസ്കാരിക പരിപാടികള്‍ എന്നിവയെല്ലാം കൊണ്ട് സമ്പന്നമായിരുന്നു പതിനൊന്ന് ദിവസത്തെ പര്യടനം. പാശ്ചാത്യ മാധ്യമങ്ങളിലും കമ്യൂണിസ്റ് വിരുദ്ധ പ്രചാരണങ്ങളിലും മറച്ചുവെക്കപ്പെട്ട ക്യൂബന്‍ യാഥാര്‍ഥ്യങ്ങളെ നേരിട്ടരിയാനുള്ള അവസരമായി പര്യടനം മാറി.

ചെകുത്താനും കടലിനുമിടയില്‍

അമേരിക്കയില്‍ നിന്ന് പറന്നുയരുന്ന ഒരു പോര്‍ വിമാനത്തിന് ഹവാനയില്‍ ബോംബ് വര്‍ഷിക്കാന്‍ ഏഴ് മിനിറ്റ് സമയം മാത്രമേ വേണ്ടൂ. അറ്റ്ലാന്റിക് സമുദ്രത്തിലും കരീബിയന്‍ കടലിനും മദ്ധ്യേ , അവയാല്‍ വലയം ചെയ്യപ്പെട്ട് കിടക്കുന്ന ക്യൂബ അക്ഷരാര്‍ഥത്തില്‍ ചെകുത്താനും കടലിനുമിടക്കാണ്. ചെകുത്താനെ ചെറുത്തു തുടങ്ങിയിട്ട് ഏതാണ്ട് അരനൂറ്റാണ്ടാവാറായി. ഇതിനിടയില്‍ ഫിദലിന്റെ ജീവനെടുക്കാന്‍ മാത്രം 638 ശ്രമങ്ങള്‍. അദ്ദേഹം സഞ്ചരിക്കേണ്ടിയിരുന്ന വിമാനം ബോംബ് വെച്ച് തകര്‍ത്തതുള്‍പ്പെടെ നിരവധി ഭീകര പ്രവര്‍ത്തനങ്ങളും ഇക്കാലയളവിലുണ്ടായി.

1959 ല്‍ വിപ്ളവം വിജയിച്ച ശേഷം 61 മുതല്‍ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും ക്യൂബയുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചു. അന്നുവരെ തുടങ്ങിയ ക്രൂരവും മനുഷ്യത്വവിരുദ്ധവുമായ സാമ്പത്തിക ഉപരോധം ഇന്നും അയവില്ലാതെ തുടരുന്നു. ഒരു ജനതയെ മുഴുവന്‍ പട്ടിണിക്കിട്ടും ശ്വാസം മുട്ടിച്ചും ഇല്ലാതാക്കാനുള്ള ശ്രമം. മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങുന്നതിനു പോലും ഉപരോധമുണ്ടായി.

ജോര്‍ജ് ബുഷ് അധികാരത്തില്‍ വന്നതോടെ ഉപരോധം കൂടുതല്‍ ശക്തമാക്കി. ക്ലിന്റന്റെ കാലത്ത് അമേരിക്കക്കാര്‍ക്ക് ക്യൂബയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നത് ബുഷ് നിരോധിച്ചു. അക്കാദമിക് സഹകരണവും വെട്ടിക്കുറച്ചു. അമേരിക്കയില്‍ .ജോലി ചെയ്യുന്ന ക്യൂബക്കാര്‍ക്ക് നാട്ടിലേക്ക് പണമയക്കുന്നതിനുമുണ്ട് കടും നിയന്ത്രണങ്ങള്‍. ഉപരോധം ലംഘിച്ച് ക്യൂബയുമായി വ്യാപാരത്തിലേര്‍പ്പെടുന്ന കമ്പനികളേയും കപ്പലുകളേയും യു എസ് കരിമ്പട്ടികയില്‍പ്പെടുത്തും. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കടുത്ത സാമ്പത്തിക ഉപരോധവും കൂടിയായപ്പോള്‍ ക്യൂബ വിവരിക്കാനാവാത്ത പ്രതിസന്ധി നേരിട്ടു. 1991 മുതല്‍ 2000 വരെ ഈ സ്ഥിതി നിലനിന്നു. ഇത് അറിയപ്പെടുന്നത് പ്രത്യേക കാലയളവ് എന്നാണ്. ഈ കാലയളവില്‍ ക്യൂബന്‍ ഉല്‍പന്നങ്ങളുടെ ആഗോളവിപണിയുടെ 85% വും നഷ്ടമായി. ആ ദുഷ്കര കാലത്തെ അതിജീവിച്ച് ക്യൂബ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

പ്രതിവര്‍ഷം 59 ദശലക്ഷം ഡോളറാണ് ബുഷ് ഭരണകൂടം ക്യൂബക്കെതിരായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കുമാത്രം ചെലവഴിക്കുന്നത്. പ്രതിമാസം 2000 മണിക്കൂര്‍ ടെലിവിഷന്‍ സംപ്രേഷണവും 1200 മണിക്കൂര്‍ റേഡിയോ പ്രക്ഷേപണവുമാണ് ക്യൂബാ വിരുദ്ധ പ്രചരണത്തിനായി അമേരിക്ക നടത്തുന്നത്. ഹവാന നഗരഹൃദയത്തില്‍, ജോസ്‌മാര്‍ട്ടി ചത്വരത്തിനു മുന്നിലുള്ള അമേരിക്കന്‍ ഇന്‍സ്റ്റന്റ് സെക്ഷന്‍ ഓഫീസില്‍ (ക്ലിന്റന്‍ ആരംഭിച്ചത്) സ്ഥാപിച്ചിട്ടുള്ള പടുകൂറ്റന്‍ ഇലക്ട്രോണിക്സ് വാര്‍ത്താബോര്‍ഡ് ക്യൂബ വിരുദ്ധ വാര്‍ത്തകള്‍ ഇരുപത്തിനാല് മണിക്കൂറും പ്രദര്‍ശിച്ചിരിക്കുന്നതു കാണാം. ഈ അമേരിക്കന്‍ ഓഫീസിനു മുന്നില്‍ നൂറുകണക്കിന് വന്‍ കരിങ്കൊടികള്‍ കൊണ്ട് മറച്ചാണ് ക്യൂബ ഇത് നേരിടുന്നത്. ബുഷ് പ്രഖ്യാപിച്ചിട്ടുള്ളതുപോലെ അമേരിക്ക ലക്ഷ്യം വെക്കുന്നത് വാഴ്ചാ മാറ്റമാണ്. അതിന് തങ്ങള്‍ക്കിഷ്ടമില്ലാത്ത സോഷ്യലിസ്റ് വ്യവസ്ഥയുടെ അട്ടിമറി എന്നുതന്നെയാണര്‍ഥം. ഈ ലക്ഷ്യത്തിനുവേണ്ടി മിയാമിയില്‍ ഒരു ക്യൂബാ വിരുദ്ധ മാഫിയയെത്തന്നെ ബുഷും സഹോദരന്‍ ജെബ് ബുഷും ചേര്‍ന്ന് പോറ്റി വളര്‍ത്തുന്നുണ്ട്.

ഈ മാഫിയയുടെ ഭീകരപ്രവര്‍ത്തന പദ്ധതികളെക്കുറിച്ച് അമേരിക്കന്‍ ഭരണകൂടത്തിന് വിവരങ്ങള്‍ നല്‍കിയതിന്റെ പേരിലാണ് ധീരന്മാരായ അഞ്ച് ക്യൂബന്‍ ദേശാഭിമാനികളെ അമേരിക്ക ഒമ്പതുവര്‍ഷമായി തടവിലിട്ടിരിക്കുന്നത്. തടവറയില്‍ കഴിയുന്ന ആ ധീരന്മാരുടെ മാതാപിതാക്കളും സഹോദരന്മാരുമായുള്ള ഞങ്ങളുടെ കൂടിക്കാഴ്ച ഹൃദയസ്പര്‍ശിയായിരുന്നു. രാജ്യത്തിനുവേണ്ടി കല്‍ത്തുറുങ്കില്‍ കഴിയുന്ന ധീരരായ മക്കളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്ന അവരുടെ നിശ്ചയദാര്‍ഢ്യം പകര്‍ന്ന ആവേശം വിവരണാതീതമാണ്. വായിച്ചു കേട്ടിട്ടുള്ള വീരമാതാക്കള്‍ കണ്‍മുന്നില്‍ നിന്ന് സംസാരിച്ചപ്പോള്‍ വിശ്വസിക്കാനാവാത്ത അനുഭവമായിത്തീര്‍ന്നു.

വീണ്ടെടുപ്പിന്റെ നാളുകള്‍

ഉപരോധത്തേയും ഉപജാപങ്ങളേയും അതിജീവിക്കാന്‍ അനുനിമിഷം പൊരുതുന്ന ക്യൂബക്കിത് വീണ്ടെടുപ്പിന്റെ കാലമാണ്. എന്നാല്‍ പ്രത്യേക കാലയളവിലെ പ്രതിസന്ധിയുടെ തീവ്രതമൂലം ഈ വളര്‍ച്ചാ നിരക്കിന്റെ നേട്ടം പൂര്‍ണമായും അനുഭവഭേദ്യമായിട്ടില്ല. ദേശീയ വരുമാനത്തിന്റെ മുഖ്യ പങ്കും സേവന മേഖലയില്‍ നിന്നും ടൂറിസം ഒരു പ്രധാന വരുമാന സ്രോതസ്സാണ്. ലോകത്തെ ഏറ്റവും മനോഹരമായ ബീച്ചുകളുള്ള നാടാണ് ക്യൂബ. ക്യൂബയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ് കേന്ദ്രങ്ങളിലൊന്നായ വരദേരോയില്‍ ഞങ്ങള്‍ പോവുകയുണ്ടായി.

ഹവാനയില്‍ നിന്ന് റോഡ് മാര്‍ഗം നാല് മണിക്കൂര്‍ യാത്ര ചെയ്യണം അവിടേക്ക്. അത്‌ലാന്റിക് സമുദ്രത്തിന്റെ ആഴം വളരെ കുറഞ്ഞതും തിര തീരെയില്ലാത്തതുമായ ഈ തീരം സഞ്ചാരികളുടെ പറുദീസയാണ്. ഇവിടെ വന്നാല്‍ അത്‌ലാന്റിക്കിലൊന്ന് നീന്തിക്കുളിക്കാതെ ആരും പോകില്ല. ആയിരക്കണക്കിന് സഞ്ചാരികളാണ് പ്രതിദിനം ഇവിടെ വന്നെത്തുന്നത്. ക്യൂബയുടെ പച്ചപ്പ് നിറഞ്ഞ മനോഹരമായ ഭൂപ്രകൃതിയും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. റോഡിനിരുവവും നിറഞ്ഞു നില്‍ക്കുന്ന പനയും തെങ്ങും മറ്റ് വൃക്ഷങ്ങളും കേരളം പോലെത്തന്നെ തോന്നിപ്പിക്കുന്ന കരിമ്പിന്‍ തോട്ടങ്ങളും ഓറഞ്ച് തോട്ടങ്ങളും ധാരാളം. കപ്പയും വാഴയും മാവും കൂടിയാകുമ്പോള്‍ ഭൂഗോളത്തിന്റെ മറുഭാഗത്താണ് എത്തിയിരിക്കുന്നതെന്ന വിചാരം ഒട്ടും ഉണ്ടാവില്ല. മനോഹരമായി വെട്ടിയൊതുരക്കിയ ചെടികളും തണല്‍ മരങ്ങളും തീര്‍ക്കുന്ന ഹരിതാഭയ്ക്ക് നടുവിലൂടെയുള്ള വിശാലവും വൃത്തിയുള്ളതുമായ വീതികള്‍ ഒരു ദൃശ്യചാരുത തന്നെയാണ്.

തലസ്ഥാനമായ ഹവാന നഗരത്തിനുപോലും ഗ്രാമീണമായ ഒരു സ്വച്ഛതയും ശീതളിമയമുണ്ട്. പ്രകൃതി സൌന്ദര്യം നല്‍കുന്ന ദൃശ്യാനുഭവത്തോടൊപ്പം തികഞ്ഞ സമാധാന അന്തരീക്ഷം നല്‍കുന്ന സുരക്ഷിതത്വ ബോധം കൂടിയാണ് സഞ്ചാരികളുടെ സ്വര്‍ഗമായി ക്യൂബ മാറാന്‍ കാരണം. ടൂറിസത്തിന്റെ ഈ വന്‍ വളര്‍ച്ച ക്യൂബ ഗണ്യമായ വിദേശനാണ്യം (ഡോളറില്‍ നിന്ന് ക്യൂബ യൂറോയിലേക്ക് വിനിമയം മാറ്റുകയുണ്ടായി) നേടിക്കൊടുക്കുന്നുണ്ട്.

വിവരസാങ്കേതിക വിദ്യം, ജൈവ സാങ്കേതിക വിദ്യ തുടങ്ങിയ നവ സാമ്പത്തിക മേഖലകളിലും ക്യൂബ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സോഫ്‌റ്റ്വെയര്‍ വികസന രംഗത്ത് ആഗോളതലത്തില്‍ മുഖ്യശക്തിയായി വളരാനുള്ള ക്യൂബയുടെ പരിശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. പ്രതിവര്‍ഷം 30,000 ഐ ടി ബിരുദധാരികളെയാണ് ക്യൂബ സൃഷ്ടിക്കുന്നത്. ജൈവ സാങ്കേതികവിദ്യയില്‍ (Biotechnolocy)ഇപ്പോള്‍ തന്നെ ക്യൂബ ഗണനീയമായ ഒരു ശക്തിയാണ്. ഈ പുരോഗതി ഉപയോഗിച്ച് ഒട്ടേറെ അപൂര്‍വമായ ജീവന്‍ രക്ഷാ ഔഷധങ്ങള്‍, വിശേഷിച്ച് ക്യാന്‍സര്‍ പ്രതിരോധ മരുന്നുകള്‍ അവര്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഈ മരുന്നുകള്‍ ഇറക്കുമതി ചെയ്യാനായി ചില അമേരിക്കന്‍ കമ്പനികള്‍ പോലും തയ്യാറായി വന്നിട്ടുണ്ട്. ക്യൂബയുടെ ദേശീയ വരുമാനത്തില്‍ പ്രധാനപ്പെട്ട ഒരു പങ്കാണ് ജൈവ സാങ്കേതികവിദ്യാ മേഖല നല്‍കുന്നത്.

തങ്ങളിതിനെ ലാഭകരമായ ഒരു വ്യവസായമായിട്ടല്ല കാണുന്നതെന്നും എന്നിട്ടും അത് പ്രധാനപ്പെട്ട വരുമാന സ്രോതസ്സായിത്തീര്‍ന്നത് ആ രംഗത്തെ വളര്‍ച്ചയേയാണ് കാണിക്കുന്നതെന്നും യങ്ങ് കമ്യൂണിസ്റ് ലീഗിന്റെ അന്താരാഷ്ട്ര വിഭാഗം മേധാവി ഏര്‍ണെസ്റോ പറയുന്നു. പഞ്ചസാര, പുകയില എന്നിവയും ക്യൂബയുടെ മുഖ്യ കയറ്റുമതി ഉല്‍പ്പന്നങ്ങളാണ്. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ദര്‍‍, അധ്യാപകര്‍ തുടങ്ങി മനുഷ്യ വിഭവശേഷിയുടെ കയറ്റുമതിയും ക്യൂബക്ക് വരുമാനം നേടിക്കൊടുക്കുന്ന പ്രധാന സ്രോതസ്സാണ്.

ഊര്‍ജ ഉല്‍പ്പാദനമാണ് ക്യൂബ ഊന്നല്‍ നല്‍കുന്ന ഒരു പ്രധാന മേഖല. വെനിസ്വേല പോലുള്ള ലാറ്റിനമേരിക്കയിലെ സുഹൃദ് രാജ്യങ്ങല്‍ ക്യൂബക്ക് പെട്രോളിയം നല്‍കുന്നുണ്ട്. ക്യൂബ വിലയായി പകരം നല്‍കുന്നത് മനുഷ്യവിഭവ ശേഷിയുടെ സേവനമാണ്. 2006 ക്യൂബയില്‍ ഊര്‍ജം വിപ്ളവ വര്‍ഷമായാണ് ആചരിച്ചത്. ഊര്‍ജം പാഴാക്കുന്നത് വിപ്ലവത്തെ പരാജയപ്പെടുത്തുന്നു എന്ന് ക്യൂബ വിശ്വസിക്കുന്നു.

സോവിയറ്റ് മാതൃകയിലുള്ള നിരവധി വന്‍കിട താപ വൈദ്യുത നിലയങ്ങള്‍ ക്യൂബയിലുണ്ട്. നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച്, എണ്ണയെ ആശ്രയിച്ചുകൊണ്ടുള്ള നിരവധി ചെറുകിട ഊര്‍ജപദ്ധതികളും ആരംഭിച്ചിട്ടുണ്ട്. എല്ലാ പ്രവിശ്യകളിലും ഊര്‍ജനിലയങ്ങളുണ്ട്. പ്രകൃതിവാതക ഉല്‍പ്പാദനത്തിനുള്ള പദ്ധതികളും പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ ശ്രമങ്ങളുടെ ഫലമായി പവര്‍കട്ട് പൂര്‍ണമായും ഒഴിവാക്കാനായി. 91 - 2000 കാലയളവില്‍ 12 മണിക്കൂര്‍ വരെ പവര്‍കട്ടുണ്ടായിരുന്ന സ്ഥിതിയില്‍ നിന്നാണ് ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്.

വിദേശ മൂലധനവും സ്വകാര്യ സ്വത്തും

ആഗോളവല്‍ക്കരണം സൃഷ്ടിച്ച വസ്തുനിഷ്ഠ സാഹചര്യങ്ങളോടും വിദേശ മൂലധനത്തോടുമുള്ള കമ്യൂണിസ്റ്റുകാരുടെ നിലപാടിനെച്ചൊല്ലി ഏറെ ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്ത് ക്യൂബയുടെ അനുഭവം പ്രസക്തമാണ്. ക്യൂബന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയുടെ വിദേശകാര്യ വിഭാഗം മേധാവി സ: ഫെര്‍ണാണ്ടോ റെമൈറോസുമായി നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരം ഏറെ ശ്രദ്ധേയമായി.

ലോകത്തിനു നേരെ വാതിലും കൊട്ടിയടച്ച് ജീവിക്കാനാവില്ല എന്നു ജീവിതം ഞങ്ങളെ പഠിപ്പിച്ചു. ഞങ്ങള്‍ ജീവിക്കുന്നത് ഒരു മുതലാളിത്ത ലോകത്താണ് എന്ന യാഥാര്‍ഥ്യം കണക്കിലെടുക്കാതിരിക്കാനാവില്ല അദ്ദേഹം പറയുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കും നവലിബറല്‍ നയങ്ങള്‍ ലോകമാകെ ഗതിവേഗമാര്‍ജിച്ചതിനും ശേഷം 96 ല്‍ ക്യൂബാ വിദേശ നിക്ഷേപം സംബന്ധിച്ച ഒരു ദേശീയ നിയമം അംഗീകരിക്കുകയുണ്ടായി. ആ നിയമത്തെ ആസ്പദമാക്കിയാണ് വിദേശമൂലധനത്തോടുള്ള ക്യൂബയുടെ സമീപനം. അതനുസരിച്ച് നാല് മേഖലകളിലൊഴികെ മറ്റെല്ലാ മേഖലകളിലും 100% വരെ വിദേശ നിക്ഷേപം അനുവദിക്കുന്നതില്‍ തടസ്സമില്ല. വിദ്യാഭ്യാസം, ആരോഗ്യരക്ഷ, പ്രതിരോധം, സാമൂഹ്യ സുരക്ഷ എന്നിവയാണ് വിദേശ നിക്ഷേപം അനുവദനീയമല്ലാത്ത മേഖലകള്‍. ഇതിനര്‍ഥം രാജ്യരക്ഷക്ക് ഭീഷണി സൃഷ്ടിക്കുകയും തങ്ങള്‍ കൈവരിച്ച വമ്പിച്ച സാമൂഹ്യ പുരോഗതിയെ മൂലധനത്തിന്റെ ലാഭക്കൊതിക്ക് വിധേയമാക്കുകയും ചെയ്യാതിരിക്കാനുള്ള മുന്‍കരുതലും ജാഗ്രതയും പുലര്‍ത്തിക്കൊണ്ടാണ് വിദേശനിക്ഷേപം അനുവദിക്കുന്നത് എന്നതാണ്.

വിദേശനിക്ഷേപം അനുവദിക്കുന്ന മേഖലകളിലാവട്ടെ വിവേചനരഹിതമായിട്ടല്ല അത് ചെയ്യുന്നത്. മൂന്നു ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഉതകുന്നതാണെങ്കില്‍ മാത്രമേ ആ നിക്ഷേപം അനുവദിക്കുകയുള്ളൂ. ക്യൂബക്ക് വിപണി, ആധുനിക സാങ്കേതിക വിദ്യ, സാമ്പത്തിക വിഭവങ്ങള്‍ എന്നിവ പ്രദാനം ചെയ്യുക എന്നതാണ് ആ ലക്ഷ്യങ്ങള്‍. ഈ ലക്ഷ്യങ്ങള്‍ അനുസരിച്ച് വിദേശനിക്ഷേപത്തെ നിയന്ത്രിക്കാന്‍ ഒരു ഇന്‍സ്റ്റിട്യൂട്ട് പ്രവര്‍ത്തിക്കുന്നു. വിദേശ മൂലധനത്തോടനുബന്ധമായ എതിര്‍പ്പ് പ്രകടിപ്പിക്കാതെ അതിനെ ആഭ്യന്തര സമ്പദ് വ്യവസ്ഥയേയും സോഷ്യലിസത്തേയും ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

ഈ വ്യവസ്ഥയില്‍ നിരവധി സംയുക്ത സംരംഭങ്ങളില്‍ നാട്ടിലും വിദേശത്തും ക്യൂബ ഏര്‍പ്പെട്ടിട്ടുണ്ട്. ടൂറിസം രംഗത്തുമാത്രം ആയിരത്തിലേറെ ഇത്തരം സംരംഭങ്ങളുണ്ട്. ജൈവസാങ്കേതിക വിദ്യാ മേഖലയില്‍ ബാംഗ്ലൂരില്‍ ഇത്തരമൌരു സംയുക്ത സംരംഭത്തില്‍ 49% ക്യൂബന്‍ ഓഹരി പങ്കാളിത്തമുണ്ട്. ഇതേ പങ്കാളി (കിരണ്‍ മജുംദാര്‍) യുമായുള്ള ക്യൂബയിലെ സംരംഭത്തില്‍ ക്യൂബന്‍ ഓഹരി 49% വും പങ്കാളിയുടേത് 51% വുമാണ്. മെക്സിക്കന്‍ ഉള്‍ക്കടലിലെ എണ്ണ പര്യവേക്ഷണമുള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ ക്യൂബ വിദേശനിക്ഷേപം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്. കാനഡ, ജര്‍മനി, പ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളെല്ലാം ക്യൂബയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

ബംഗാളിനെയും കേരളത്തെയും മുന്‍നിര്‍ത്തി കമ്യൂണിസ്റുകാര്‍ മൂലധനത്തോട് സന്ധി ചെയ്യുന്നു എന്ന് ആക്ഷേപിക്കുന്നവര്‍ സോഷ്യലിസ്റ് ക്യൂബയുടെ അനുഭവങ്ങള്‍ കണ്‍തുറന്നു കാണണം. ക്യൂബയിലായാലും ഇവിടെയായാലും കമ്യൂണിസ്റുകാര്‍ മൂലധനത്തിനു മുന്നില്‍ കിഴടങ്ങുകയല്ല നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളില്‍ ഇടപെട്ട് അതിനോട് പ്രതികരിക്കുകയാണ് ചെയ്യുന്നത്. ക്യൂബയില്‍ പണത്തിന്റെ രൂപത്തില്‍ സ്വകാര്യ സ്വത്ത് കൈവശം വെക്കാം. അതിനുപുറമേ 65 ഹെക്ടര്‍വരെ ഭൂമിയും, വീടും വാഹനങ്ങളും സ്വന്തമായി ഉടമസ്ഥാവകാശത്തോടെ കൈവശം വെക്കാം. ക്യൂബന്‍ കമ്യൂണിസ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും ദീര്‍ഘകാലം ഇന്ത്യന്‍ എംബസിയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ളയാളുമായ സ: അബലാദോ ചോദിക്കുന്നത് വിദര്‍ഭയിലെ കര്‍ഷകന് 65 ഹെക്ടര്‍ ഭൂമി സ്വന്തമായി ലഭിച്ചാല്‍ എന്തായിരിക്കും സ്ഥിതി എന്നാണ്.

ക്യൂബയെന്നാല്‍ ലോകത്തുനിന്നാകെ ഒറ്റപ്പെട്ട് ഇരുമ്പുമറയാല്‍ കവചിതവും അവികസിതവുമായ ഒരു തുരുത്ത് എന്ന കെട്ടുകഥകളാണിവിടെ തകര്‍ന്നുവീഴുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളില്‍ അവര്‍ കൈവരിച്ച നേട്ടങ്ങള്‍ അയല്‍പക്കത്തെ മുതലാളിത്ത സ്വര്‍ഗത്തേക്കാള്‍ മികച്ചതാണ് എന്നത് അതിശയോക്തിയോ സ്ഥിതിവിവരകണക്കുകളിലെ അക്കങ്ങളോ അല്ല. മറിച്ച് ക്യൂബയില്‍ ഞങ്ങള്‍ക്കു മുമ്പില്‍ അനാവരണം ചെയ്യപ്പെട്ട പച്ചപ്പരമാര്‍ത്ഥം മാത്രമാണത്.

സോഷ്യലിസം മനുഷ്യന്റെ ശേഷികളുടെ വികാസത്തിനുള്ള അവസരങ്ങള്‍ ഒരുക്കുന്നതിന്റെ നീതിയുക്തമായ ഒരു സമൂഹം പ്രവര്‍ത്തിക്കുന്നത് എങ്ങിനെ എന്നതിന്റെ നേര്‍ക്കാഴ്ചകള്‍ക്കാണ് ക്യൂബയില്‍ ഞങ്ങള്‍ സാക്ഷ്യം വഹിച്ചത്.

ശ്രീ.എം.ബി.രാജേഷ്, യുവധാര

16 March, 2009

ക്യൂബ: ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം

ക്യൂബ: ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം

ലോകമെമ്പാടുമുള്ള വിപ്ലവകാരികളുടെ സ്വപ്‌നങ്ങളിലെ രക്തനക്ഷത്രമായ കൊച്ചുക്യൂബ ചുവന്നിട്ട് 50 സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. 1953 ജുലായ് 26 ന് മോണ്‍കാഡാ ബാരക്ക് ആക്രമണത്തോടെ ആരംഭിച്ച ക്യൂബന്‍ വിപ്ലവം 1959 ലാണ് അവസാനിക്കുന്നത്. 1959 ജനുവരി 8 ന് ഫിദല്‍ കാസ്‌ട്രോയും സംഘവും ഹവാനയിലെത്തിച്ചേര്‍ന്നതോടെ ക്യൂബന്‍ വിപ്ലവം വിജയം കണ്ടു. തുടര്‍ന്ന് വിപ്ലവ ഗവണ്‍മെന്റിന്റെ നേതൃത്വം ഏറ്റെടുത്ത ഫിദല്‍ കാസ്‌ട്രോ ക്യൂബയുടെ പ്രസിഡന്റ്, കമ്യൂണിസ്‌റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി, സര്‍വ്വ സൈന്യാധിപന്‍ എന്നീ ചുമതലകള്‍ വഹിച്ചുകൊണ്ട് ഏറ്റവുമധികകാലം ജനപിന്തുണ നിലനിര്‍ത്തിക്കൊണ്ട് തുടര്‍ച്ചയായി അധികാരത്തിലിരുന്ന അപൂര്‍വ്വം ഭരണാധികാരികളിലൊരാളായി ലോകചരിത്രത്തില്‍ ഇടം നേടി. കുടല്‍ സംബന്ധമായ അസുഖങ്ങള്‍മൂലം ശസ്‌‌ത്രക്രിയയ്‌ക്കു വിധേയനായതിനെത്തുടര്‍ന്ന് 2006 ജൂലായ് മുതല്‍ അദ്ദേഹം ഭരണപരമായ ചുമതലകളില്‍ നിന്നും മാറി നിൽക്കുകയാണ്.

അമേരിക്കന്‍ പിന്തുണയോടെ ക്യൂബയെ അടക്കി ഭരിച്ച ക്രൂരനും അഴിമതിവീരനുമായ ഫുല്‍ജന്‍സിയോ ബാറ്റിസ്‌റ്റയുടെ പാവഗണ്‍മെന്റിനെതിരെ ഗറില്ലായുദ്ധം സംഘടിപ്പിച്ചുകൊണ്ടാണ് ഫിദലും സഖാക്കളും ക്യൂബന്‍ രാഷ്‌ട്രീയത്തിലേക്ക് കടന്നുവന്നത്. ഫിദല്‍കാസ്‌ട്രോ, ആമ്പേല്‍ സാന്റാമറിയ, ഫിദലിന്റെ അനുജന്‍ റൌള്‍ കാസ്‌ട്രോ എന്നിവരടങ്ങിയ ഗറില്ലാ ഗ്രൂപ്പ് ബാറ്റിസ്‌റ്റ ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ 1953 ജൂലായ് 26 ന് മോണ്‍കാഡബാരക്ക് ആക്രമിച്ചു. മെച്ചപ്പെട്ട പരിശീലനമോ ആയുധങ്ങളോ ഇല്ലാതിരുന്ന വിപ്ലവകാരികള്‍ പരാജയപ്പെട്ടു. ആബേല്‍ സാന്റാമറിയ അടക്കം അഞ്ചുപേര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. പിടിക്കപ്പെട്ടവരില്‍ 56 പേര്‍ കൊടിയ പീഡനങ്ങളെത്തുടര്‍ന്ന് കൊല്ലപ്പെട്ടു. വിചാരണവേളയില്‍ നാലുമണിക്കൂര്‍ തുടര്‍ച്ചയായി തന്റെ വാദമുഖങ്ങള്‍ അവതരിപ്പിച്ച് ഫിദല്‍ ജഡ്‌ജിമാരെ അമ്പരിപ്പിച്ചു. നിങ്ങള്‍ക്കെന്നെ ശിക്ഷിക്കാം പക്ഷെ ചരിത്രം എനിക്കു മാപ്പുനല്‍കും'' എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഫിദല്‍ തന്റെ വാദം അവസാനിപ്പിച്ചത്. വിചാരണ പൂര്‍ത്തിയാക്കി ഫിദലിനെ 15 വര്‍ഷവും റൌള്‍കാസ്‌ട്രോവിനെ 13 വര്‍ഷവും കഠിന തടവിന് ശിക്ഷിച്ചു.

ബാറ്റിസ്‌റ്റയ്‌ക്കെതിരെ സമരം ചെയ്‌തതിന്റെ പേരില്‍ തുറുങ്കിലടക്കപ്പെട്ട നൂറുകണക്കിന് രാഷ്‌ട്രീയത്തടവുകാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ശക്തമായ ബഹുജനസമ്മര്‍ദ്ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് 1955 ല്‍ കാസ്‌ട്രോ സഹോദരന്‍മാര്‍ ജയില്‍മോചിതരായി. മെൿസിക്കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്യൂബന്‍ വിപ്ലവകാരികളോടൊപ്പം ചേരാന്‍ കാസ്‌ട്രോ സഹോദരന്‍മാര്‍ മെൿസികോയിലെത്തി. അവിടെവച്ചാണ് 'വിപ്ളവകാരികളുടെ രാജകുമാരന്‍' ചെ ഗുവേരയെ കണ്ടുമുട്ടുന്നത്. ഇവരുടെ വിപ്ലവ സൌഹൃദം വിമോചന പോരാളികള്‍ക്ക് ഉത്തമമാതൃകയായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.

1956 നവംബര്‍ 1 ന് ഗ്രാന്‍മ എന്ന കപ്പലില്‍ മെൿസിക്കോയില്‍ നിന്ന് പുറപ്പെട്ട വിപ്ലവകാരികള്‍ 1956 ഡിസംബര്‍ 2 ന് ക്യൂബയിലെത്തിയതോടെ വിപ്ലവത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. ബാറ്റിസ്‌റ്റയുടെ സൈന്യത്തിന്റെ ആക്രമണത്തെത്തുടര്‍ന്ന് വിപ്ലവസംഘം ചിതറിക്കപ്പെട്ടു. ആക്രമണത്തെ അതിജീവിച്ച ഫിദല്‍ കാസ്‌ട്രോ, റൌല്‍കാസ്‌ട്രോ, ചെഗുവേര, കാമിലോ സിയന്‍ഫ്യൂഗോസ് എന്നിവര്‍ സിയറമീസ്‌ട്രാ പര്‍വ്വതനിരകളിലേക്ക് പിന്‍വാങ്ങി തുടര്‍ച്ചയായി ഗറില്ലായുദ്ധം സംഘടിപ്പിച്ചു. ഇതോടൊപ്പം 'വിപ്ലവ ഡയറൿടറേറ്റ്' എന്ന പേരില്‍ ഒരു സംഘം സായുധരായ വിദ്യാര്‍ത്ഥികള്‍ 1957 മാര്‍ച്ച് 13ന് ബാറ്റിസ്‌റ്റയുടെ കൊട്ടാരം ആക്രമിച്ചു. ഇവരുടെ നേതാവ് ജോസ് അന്തോണിയോ ഷെവേറിയ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടു. പ്രസ്‌തുത ആക്രമണം ആത്മഹ്യാപരമായ നടപടിയായിരുന്നു. ഇതേത്തുടര്‍ന്ന് ഈ സംഘത്തിലെ വിപ്ലവകാരികള്‍ ഫിദലിന്റെ സംഘത്തില്‍ അണിചേര്‍ന്നു.

സിയറാ മീസ്‌ട്രാ പര്‍വ്വത പ്രദേശത്തും സമീപഗ്രാമങ്ങളിലും ആധിപത്യമുറപ്പിച്ചശേഷം ഫിദലും സംഘവും നഗരങ്ങളിലേക്ക് മാര്‍ച്ചു ചെയ്തു. ചെഗുവേരയും കാമിലോ സിയന്‍ഫ്യൂഗോസും ചേര്‍ന്ന് സാന്റാമരിയ പ്രവിശ്യ പിടിച്ചെടുത്തു. 'ഓപ്പറേഷന്‍ വെറാനോ' എന്ന പേരില്‍ വിപ്ലവകാരികള്‍ക്കെതിരെ ബാറ്റിസ്‌റ്റ നടത്തിയ സൈനിക നീക്കം പരാജയപ്പെട്ടു. 1959 ജനുവരി 2 ന് ഫിദലും സംഘവും സാന്റിയാഗോ ഡി ക്യൂബ പിടിച്ചെടുത്തു. ഇതേ ദിവസം തന്നെ ചെയും സംഘവും ഹവാന പിടിച്ചെടുത്തു.

ഉറ്റ സഖാവായ ചെഗുവേരയോടൊപ്പം നിരവധി സായുധപോരാട്ടങ്ങള്‍ക്ക് ഫിദല്‍ കാസ്‌ട്രോ നേതൃത്വം നല്‍കി. മാർൿസിസ്‌റ്റ് ലെനിനിസ്‌റ്റ് ചിന്തയും പ്രയോഗപദ്ധതിയും ഫിദല്‍-ചെഗുവേരാ സഖ്യത്തിന്റെ സമരമാര്‍ഗ്ഗത്തിന് ആശയപരമായ അടിത്തറ നല്‍കി. എന്നാല്‍ ജനകീയ ജനാധിപത്യവിപ്ലവമെന്ന' കാഴ്ചപ്പാടിന്റെ സ്ഥാനത്ത് ഗറില്ലാ പോരാട്ടത്തിലൂടെ അധികാരം പിടിച്ചെടുക്കുക എന്ന തന്ത്രമാണ് ഫിദലും ചെഗുവേരയും സ്വീകരിച്ചത്. അമേരിക്കയുടെ സാമ്പത്തിക സൈനിക രാഷ്‌ട്രീയാധിപത്യത്തിന്‍ കീഴില്‍ ഭരണം നടത്തിയിരുന്ന ബാറ്റിസ്‌റ്റയുടെ സാമന്ത ഭരണകൂടത്തിനെതിരെ ലാറ്റിനമേരിക്കയുടെ വിമോചകന്‍ സൈമണ്‍ ബൊളിവറുടെ സമരതന്ത്രവും കമ്യൂണിസ്‌റ്റ് വിപ്ലവ തന്ത്രവും സംയോജിപ്പിച്ച് ഒരു പുതിയ സമരമാര്‍ഗ്ഗം രൂപപ്പെടുത്തുകയായിരുന്നു ഫിദലും സഖാക്കളും.

ബാറ്റിസ്‌റ്റയെ പുറത്താക്കിയ 1959 ലെ വിമോചന ഗറില്ലാ യുദ്ധത്തില്‍ ഔദ്യോഗിക ക്യൂബന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി പങ്കെടുത്തിരുന്നില്ല. എങ്കിലും അധികാരം പിടിച്ചെടുത്തതിനുശേഷം മാർ‌ൿസിസം- ലെനിനിസം അംഗീകരിക്കുന്ന വിവിധ വിപ്ലവ ഗ്രൂപ്പുകളെ കൂട്ടിച്ചേര്‍ത്ത് 1961 ജൂലൈ മാസത്തില്‍ ഫിദല്‍ 'സംയോജിത വിപ്ലവ സംഘട' (ഐ ആര്‍ ഒ) രൂപീകരിച്ചു. ബ്ലോസ് റോക നേതൃത്വം നല്‍കുന്ന പീപ്പിള്‍സ് സോഷ്യലിസ്‌റ്റ് പാര്‍ട്ടി (പഴയ കമ്യൂണിസ്‌റ്റ് പാര്‍ട്ടി) ഫെയര്‍ ചോമണ്‍ നയിക്കുന്ന വിപ്ലവ ഡയറൿടറേറ്റ്, ഫിദല്‍ നേതൃത്വം നല്‍കുന്ന '26 ജൂലായ് വിപ്ലവപ്രസ്ഥാനം' എന്നിവയാണ് ലയിച്ചു ചേര്‍ന്നത്,. 1962 ഒൿടോബര്‍ 3 ന് പ്രസ്‌തുത പാര്‍ട്ടി കമ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ക്യൂബ' യായിത്തീര്‍ന്നു. ഫിദല്‍ കാസ്‌ട്രോ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ പ്രഥമ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

സോഷ്യലിസ്‌റ്റ് പാതയില്‍ ക്യൂബയില്‍ മുന്നേറ്റം അത്ഭുതാവഹമായിരുന്നു. അമേരിക്കയുടെ മൂക്കിനുതാഴെ ഒരു 'കമ്യൂണിസ്‌റ്റ് തുരുത്ത് ' അവരുടെ ധാർഷ്‌ട്യത്തിനും അഹങ്കാരത്തിനും നേരെയുള്ള ചോദ്യചിഹ്നമായിരുന്നു. അതുകൊണ്ടുതന്നെ 1959 ല്‍ തുടങ്ങി ഇന്നുവരെ ക്യൂബയ്‌ക്കെതിരെ അമേരിക്കന്‍ ഉപരോധം തുടര്‍ന്നുവരികയാണ്. ലോകത്തെമ്പാടുമുള്ള കമ്യൂണിസ്‌റ്റുകാരും ജനാധിപത്യവാദികളും മനുഷ്യാവകാശപ്രവര്‍ത്തകരും ലിബറല്‍ ചിന്താഗതിക്കാരും ബുദ്ധിജീവികളുമൊക്കെ ഒന്നടങ്കം എതിര്‍ത്തിട്ടും ക്യൂബയെ 'ശ്വാസംമുട്ടിച്ചുകൊല്ലുക' എന്ന കാടന്‍ തന്ത്രത്തില്‍ നിന്നും പിന്തിരിയാന്‍ അമേരിക്ക തയ്യാറായിട്ടില്ല.

ലോകത്തിലെ ഏറ്റവും വലിയ സൈനിക സാമ്പത്തിക ശക്തിയായ അമേരിക്കയുടെ ഒളിയുദ്ധത്തേയും നേരിട്ടുള്ള ആക്രമണങ്ങളേയും ക്യൂബ അതിജീവിച്ചു എന്നത് കഴിഞ്ഞ നൂറ്റാണ്ടിലെ അത്ഭുതങ്ങളിലൊന്നാണ്. ക്യൂബന്‍ വിപ്ലവത്തെ തകര്‍ക്കാന്‍ അമേരിക്കന്‍ സി ഐ എ പരിശീലിപ്പിച്ചയച്ച വിമതരുടെ സംഘത്തെ ക്യൂബന്‍ സൈന്യം പരാജയപ്പെടുത്തി. 'ബേ ഓഫ് പിഗ്‌സ് ആക്രമണം' എന്ന പേരിലറിയപ്പെട്ട പ്രസ്‌തുത യുദ്ധം 'സാഗരഭീകരതയുടെ' ആദ്യകാല മാതൃകയാണ്. സി ഐ എ പരിശീലിപ്പിച്ച വിമതര്‍ കടല്‍മാര്‍ഗ്ഗം ക്യൂബയിലെത്തി വിപ്ലവ ഗവണ്‍മെന്റിനെ അട്ടിമറിക്കാനാണ് ശ്രമിച്ചത്. മുംബൈ ഭീകര ആക്രമണത്തില്‍ പാക്കിസ്ഥാന്റെ സ്ഥാനമാണ് ബേ ഓഫ് പിഗ്‌സ് യുദ്ധത്തില്‍ അമേരിക്ക വഹിച്ചത്. ഭീകരവാദികളുടെ സാഗരഭീകരതയും സാമ്രാജ്യത്വസംഭാവനയാണെന്ന കാര്യം ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. 1962 ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കപ്പെട്ടതോടെ അമേരിക്കയില്‍ നിന്നുള്ള സൈനിക ഇടപെടലിന്റെ സാധ്യതകള്‍ ഇല്ലാതായി. തുടര്‍ന്ന് സോവിയറ്റ് യൂണിയന്റെ കലവറയില്ലാത്ത സഹായങ്ങളുടെ ബലത്തില്‍ അമേരിക്കന്‍ സാമ്പത്തിക ഉപരോധത്തെ മറികടക്കാന്‍ ക്യൂബയ്‌ക്ക് കഴിഞ്ഞു.

ക്യൂബന്‍ ജനതയെ മുഴുവന്‍ വിശ്വാസത്തിലെടുത്തുകൊണ്ടും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തിയുമാണ് ക്യൂബന്‍ സോഷ്യലിസ്‌റ്റ് നിര്‍മ്മാണ പ്രക്രിയ നടത്തിയത്. സ്‌കൂള്‍ തല വിദ്യാഭ്യാസം എല്ലാവര്‍ക്കും സൌജന്യമായി നല്‍കാന്‍ സ്‌റ്റേറ്റിന് കഴിഞ്ഞു. വികസിത രാജ്യങ്ങളുടേതിനുതുല്യമായ നിലവാരത്തിലുള്ള പൊതുജനാരോഗ്യസംവിധാനം ഏര്‍പ്പെടുത്താന്‍ ക്യൂബയ്‌ക്ക് സാധിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് സ്വയം പര്യാപ്‌തത നേടാനും എല്ലാവര്‍ക്കും ചുരുങ്ങിയ ചെലവില്‍ ചികിത്സ നല്‍കുവാനും കഴിയുന്നുണ്ട്. പ്രകൃതി ക്ഷോഭങ്ങളെ നേരിടാന്‍ ഫലപ്രദമായ സംവിധാനങ്ങളാണ് ക്യൂബയ്‌ക്കുള്ളത്. 2005 ലെ കത്രിനകൊടുങ്കാറ്റില്‍ അമേരിക്കന്‍ ദുരന്ത നിവാരണസംവിധാനങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ക്യൂബയുടെ മനേജ്‌മെന്റ് സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിച്ച് ലോകത്തിന്റെ കൈയ്യടി നേടി. ദാരിദ്ര്യം വലിയൊരളവുവരെ ഇല്ലാതാക്കാനും കാര്‍ഷിക മേഖലയില്‍ വന്‍ ഉത്പാദന വളര്‍ച്ച നേടാനും ക്യൂബയ്‌ക്ക് കഴിഞ്ഞു. അമേരിക്കയുടെ എണ്ണ ഉപരോധത്തെ സൈക്കിള്‍ ഉപയോഗിച്ച് മറികടന്ന ക്യൂബന്‍ ജനതയുടെ രാഷ്‌ട്രീയ ഇച്ഛാശക്തി ശ്രദ്ധേയമാണ്. കായികരംഗത്ത് വന്‍ മുന്നേറ്റങ്ങളുണ്ടാക്കാന്‍ ക്യൂബയ്‌ക്ക് കഴിയുന്നുണ്ട്.

പരിമിതമായ പ്രകൃതി വിഭവങ്ങളും സാങ്കേതികവിദ്യയും കൈമുതലായുള്ള ഒരു കോടിയോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കൊച്ചുക്യൂബ സാമൂഹ്യസുരക്ഷാരംഗത്തും സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തിലും മറ്റ് മൂന്നാം ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അസൂയാവഹമായ നേട്ടങ്ങളാണ് കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ കൈവരിച്ചത്. ക്യൂബയുടെ ഏറ്റവും വലിയ നേട്ടം സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്‌റ്റ് ബ്ളോക്കിന്റെയും തകര്‍ച്ചയ്‌ക്കു ശേഷവും സോഷ്യലിസ്‌റ്റ് വ്യവസ്ഥ' നിലനിര്‍ത്താനും സാമ്പത്തിക പുരോഗതി നേടാനും കഴിഞ്ഞു എന്നതാണ്. ആപത്ഘട്ടത്തില്‍ ക്യൂബന്‍ ജനതയെ ഒറ്റക്കെട്ടായി അണിനിരത്താന്‍ ഫിദലിനും കമ്യൂണിസ്‌റ്റ് പാര്‍ട്ടിക്കും കഴിഞ്ഞതാണ് ഈ നേട്ടത്തിന്റെ കാരണം. "ലോകം എത്രമാത്രം വലത്തോട്ടുപോകുന്നുവോ അത്രമാത്രം ഞാന്‍ ഇടത്തോട്ടു പോകും'' എന്ന് പ്രഖ്യാപിച്ചുകൊണ്ട് സോഷ്യലിസത്തില്‍ അടിയുറച്ചുനില്‍ക്കാന്‍ ഫിദലിനു കഴിഞ്ഞു.

റഷ്യയും ചൈനയുമടക്കം നിശബ്‌ദത പാലിച്ചപ്പോഴും അമേരിക്കയുടെ അധിനിവേശങ്ങളെ തുറന്നെതിര്‍ക്കാനും ക്യൂബ തയ്യാറായി. അമേരിക്കയുടെ സമഗ്രാധിപത്യത്തിന്റെയും ഏകധ്രുവ ലോകത്തിന്റെയും സമകാലീന പശ്ചാത്തലത്തില്‍ മധ്യഅമേരിക്കയും ലാറ്റിനമേരിക്കയും ചുവക്കുന്നത് ക്യൂബയില്‍ നിന്ന് പ്രസരിക്കുന്ന രക്തകിരണങ്ങളേറ്റാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ശക്തനായ എതിരാളി ഹ്യൂഗോ ഷാവേസിന്റെ ആശയങ്ങളുടെ ഉറവിടം ഫിദല്‍കാസ്‌ട്രോയാണ്. കാസ്‌ട്രോ-ഷാവേസ് സഖ്യമാണ് തെക്കെ അമേരിക്കയില്‍ നടക്കുന്ന 'ഇടതുപക്ഷ' വിപ്ലവങ്ങളുടെ മുഖ്യചാലകശക്തി. ഫിദലിന്റെ വ്യക്തിപ്രഭാവവും നിശ്ചയദാര്‍ഢ്യവും രാഷ്‌ട്രീയ ഇച്ഛാശക്തിയും മധ്യ തെക്കെ അമേരിക്കയില്‍ ലക്ഷക്കണക്കിനാളുകളെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലേക്ക് നയിക്കുകയാണ്. ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ജനകീയ വിപ്ലവങ്ങളുടെ പ്രഭവകേന്ദ്രമായി ഫിദലും ക്യൂബയും മാറിയിരിക്കുന്നുവെന്നത് അത്ഭുതകരമാണ്.

ഏതാനും വിപ്ലവകാരികള്‍ ചേര്‍ന്ന് നടത്തിയ ഒരു വിജയകരമായ അട്ടിമറിയായിരുന്നു 1959 ലെ ക്യൂബന്‍ വിപ്ലവം. എന്നാല്‍ അധികാരം പിടിച്ചെടുത്തതിനുശേഷം മാർൿസിസ്‌റ്റ് - ലെനിനിസ്‌റ്റ് പാത സ്വീകരിച്ച് വിപ്ലവത്തെ ജനകീയവത്ക്കരിച്ചതാണ് ക്യൂബയുടെ വിജയരഹസ്യം. ക്യൂബയിലെ കത്തോലിക്കാ വിശ്വാസികളടക്കമുള്ള ബഹുഭൂരിപക്ഷത്തിന്റെ പിന്തുണയാര്‍ജ്ജിക്കാനും ബഹുജനങ്ങളെ സോഷ്യലിസ്‌റ്റ് രാഷ്‌ട്ര നിര്‍മ്മാണപ്രക്രിയയില്‍ പങ്കുചേര്‍ക്കാനും കഴിഞ്ഞതിലൂടെ ആന്തരീകമായി ശക്തിപ്പെടുത്താനും വികസനലക്ഷ്യങ്ങള്‍ ഒരു വലിയ അളവോളം പൂര്‍ത്തീകരിക്കുവാനും ക്യൂബയ്‌ക്ക്കഴിഞ്ഞു. നേതൃത്വത്തിന്റെ പ്രത്യയശാസ്‌ത്ര പ്രതിബദ്ധതയും രാഷ്‌ട്രീയ ഇച്ഛാശക്തിയും, ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടുള്ള വികസന പദ്ധതികളും ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്പ്പിനും ജനതകളുടെ മോചനത്തിന് ചാലകശക്തിയാകുന്നതിന്റെയും ഉത്തമോദാഹരണമാണ് ക്യൂബന്‍ മാതൃക.

*
ഡോ: പി ജെ വിന്‍സെന്റ്. കടപ്പാട്: യുവധാര

കടപ്പാട്. വര്‍ക്കേഴ്സ് ഫോറം


അധിക വായനയ്ക്ക്
50TH ANNIVERSARY OF THE TRIUMPH OF THE REVOLUTION

16 February, 2009

ക്യൂബ - സ്വയം നിര്‍മ്മിക്കുന്ന ഒരു ജനത

ഒരു മൂന്നാം ലോകരാജ്യമായ ക്യൂബയുടെ സാമൂഹ്യപുരോഗതി വിസ്മയകരവും പല കാര്യങ്ങളിലും അയല്‍പക്കക്കാരായ അമേരിക്കയെപ്പോലും വെല്ലുവിളിക്കുന്നതുമാണ്. യു എന്‍ ഡി പി യുടെ മനുഷ്യ വികസന റിപ്പോര്‍ട്ട് (2006)ലെ കണക്കുകള്‍ ഇതിനുദാഹരണമാണ്. ക്യൂബയുടെ ഏറ്റവും ഉജ്ജ്വലമായ നേട്ടം ആരോഗ്യമേഖലയിലാണ്. ഒരുലക്ഷം പേര്‍ക്ക് 591 ഡോക്ടര്‍മാരാണ് ക്യൂബയിലുള്ളത്. അമേരിക്കയില്‍ ഇതിന്റെ പകുതിയേയുള്ളൂ. ഒരു ലക്ഷത്തിന് 256 മാത്രം.

ജനനസമയത്ത് ഭാരക്കുറവുള്ള കുട്ടികള്‍ ക്യൂബയില്‍ 100-ന് 6 ആണെങ്കില്‍ അമേരിക്കയില്‍ ഇത് 8 ആണ്. ക്യൂബയിലെ ആയൂര്‍ദൈര്‍ഘ്യം അമേരിക്കയ്ക്കൊപ്പമാണ് , 77.3. ശിശുമരണനിരക്ക് ക്യൂബയില്‍ ആയിരത്തിന് 5.3 ആണെങ്കില്‍ അമേരിക്കയില്‍ 7 ആണ്. ഈ നേട്ടങ്ങളൊന്നും യാദൃശ്ചികമല്ല. സാമൂഹ്യമേഖലകള്‍ക്ക് ക്യൂബ നല്‍കുന്ന ഊന്നലും പരിഗണനയുമാണ് ഈ പുരോഗതിക്ക് നിദാനം. ആഗോളവല്‍കരണ കാലത്ത് ഈ മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്ന പ്രവണതയാണ് ഇന്ത്യയടക്കമുള്ള മുതലാളിത്ത രാജ്യങ്ങളിലെല്ലാം കാണുന്നത്. എന്നാല്‍ ക്യൂബയില്‍ സ്ഥിതി അതല്ല. വിദ്യാഭ്യാസരംഗത്ത് ദേശീയ വരുമാനത്തിന്റെ 9.7%വും ആരോഗ്യമേഖലയില്‍ 6.3%വും ക്യൂബ ചെലവഴിക്കുന്നു. ഇന്ത്യയില്‍ വിദ്യാഭ്യാസത്തിന് ദേശീയ വരുമാനത്തിന്റെ 6% നീക്കിവെക്കണമെന്ന കോത്താരി കമ്മീഷന്‍ ശുപാര്‍ശ നാലുപതിറ്റാണ്ടിനുശേഷവും നടപ്പായിട്ടില്ല എന്നോര്‍ക്കണം.

പോളിക്ലിനിക്

ഹവാനയ്ക്കടുത്തുള്ള കെയ്‌മിറ്റോ മുനിസിപ്പിലാറ്റിയിലെ ഒരു പോളിക്ലിനിക് ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. സാമൂഹ്യ പുരോഗതിയില്‍, വിശേഷിച്ച് ജനകീയാരോഗ്യരംഗത്ത് ലോകശ്രദ്ധ നേടിയ മുന്നേറ്റം കൈവരിച്ച കേരളത്തില്‍ നിന്നെത്തിയ ഞങ്ങള്‍ക്ക് അതൊരു അപൂര്‍വ അനുഭവമായി മാറി. നമ്മുടെ ഒരു പ്രൈമറി ഹെല്‍ത്ത് സെന്ററിന് സമാനമായ ഈ പോളിക്ലിനിക് പക്ഷേ സൌകര്യങ്ങളുടെ കാര്യത്തില്‍ സങ്കല്പിക്കാനാവാത്തത്ര മുന്നിലാണ്. 13 ഡോക്ടര്‍മാരും 67 നഴ് സുമാരുമുള്ള ഇവിടെ കാര്‍ഡിയോളജി, ദന്തല്‍, പീഡിയാട്രിക് , സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളും അത്യാധുനിക ലാബറട്ടറി, അള്‍ട്രാസൌണ്ട് സ് കാന്‍, എക്സ് റേ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഏറെ ആകര്‍ഷകമായി തോന്നിയത് ആശുപത്രിയുടേയും മരുന്നിന്റേയും മടുപ്പിക്കുന്ന ഗന്ധമോ അന്തരീക്ഷമോ അവിടെ തീരെയില്ല എന്നതാണ്. വിശാലമായ കോമ്പൌണ്ടിനകത്ത് മനോഹരമായ ഉദ്യാനങ്ങളും പുല്‍ത്തകിടികളും ഒരുക്കിയിരിക്കുന്നു. ധാരാളം ശുദ്ധവായുവും വെളിച്ചവുമുള്ള വളരെ സ്വച്ഛവും ഹൃദ്യവുമായ അന്തരീക്ഷം.

30,000 പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ 600 പോളിക്ലിനിക്കുകള്‍ രാജ്യത്താകെയുണ്ട്. ഓരോ പോളിക്ളിനിക്കില്‍ നിന്നും 10 മിനിറ്റിനകം എത്താവുന്ന ദൂരത്തില്‍ ആശുപത്രികളുമുണ്ട്. പ്രതിദിനം 55-65 പേര്‍ പോളിക്ലിനിക്കുകള്‍ സന്ദര്‍ശിക്കാറുണ്ട്. കൂടുതല്‍ വിദഗ്ദ്ധചികിത്സ ആവശ്യമായവരെ ആശുപത്രികളിലേക്ക് മാറ്റും. പോളിക്ലിനിക്കുകളില്‍ സാധാരണഗതിയില്‍ 24 മണിക്കൂറില്‍ കൂടുതല്‍ ആരെയും കിടത്തി ചികിത്സിക്കാറില്ല. ഓരോ പോളിക്ലിനിക്കിനോടും അനുബന്ധിച്ച് ലഹരിവിമുക്ത ചികിത്സാര്‍ഥം പുനരധിവാസകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. പോളിക്ലിനിക്കുകളിലും ആശുപത്രികളിലും ചികിത്സ പൂര്‍ണമായും സൌജന്യമാണ്. ഇതിനുപുറമെ ഓരോ 50 വീടുകളടങ്ങുന്ന അയല്‍ക്കൂട്ടത്തിനും ഓരോ ഡോക്ടറുടെ സേവനം ലഭ്യമാണ്. ഓരോ വീട്ടിലും ആഴ്ചയില്‍ ഒരിക്കല്‍ ഡോക്ടര്‍ നേരിട്ടെത്തി പരിശോധിക്കുന്നു ! ആരോഗ്യരംഗത്തെ മികവില്‍ കൊച്ചുക്യൂബ അമേരിക്കയെപ്പോലും പിന്നിലാക്കുന്നതിന്റെ രഹസ്യം അങ്ങേയറ്റം കാര്യക്ഷമവും പരിപൂര്‍ണമായും സൌജന്യവുമായ ഈ ത്രിതല സംവിധാനമാണ്.

ഫിദലിന്റെ കൈ

ആരോഗ്യരംഗത്തെ തങ്ങളുടെ വമ്പിച്ച നേട്ടങ്ങള്‍ മറ്റ് മൂന്നാം ലോകരാജ്യങ്ങളുമായി പങ്കുവെയ്ക്കുകയും അതിന്റെ പ്രയോജനം അവിടത്തെ പാവപ്പെട്ടവര്‍ക്കുകൂടി ലഭ്യമാക്കുകയും ചെയ്യുന്ന ക്യൂബയുടെ മാതൃക അനുപമമാണ്. മൂന്നാം ലോകത്തോടുള്ള ക്യൂബയുടെ ഐക്യദാര്‍ഢ്യത്തിന്റെ ഉജ്ജ്വല പ്രതീകമാണ് ഹവാന നഗരത്തില്‍നിന്ന് അല്പമകലെ കരീബിയന്‍ കടല്‍തീരത്തായി സ്ഥിതിചെയ്യുന്ന ലാറ്റിനമേരിക്കന്‍ സ്കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് എന്ന മഹത് സ്ഥാപനം. ലോകത്തെ ഏതൊരു പ്രമുഖ മെഡിക്കല്‍ യൂണിവേഴ്സിറ്റിയോടും കിടപിടിക്കുന്ന അത്യുന്നത നിലവാരം പുലര്‍ത്തുന്ന സ്ഥാപനമാണിത്. 2000ത്തില്‍ ഞാന്‍ അവിടെ സന്ദര്‍ശിച്ചിരുന്നു. ഇരുപത്തിയഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള 15,000ത്തോളം വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നുണ്ട്. പഠനം പൂര്‍ത്തിയാക്കിയ 3000ത്തോളം വിദേശ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങും ഞങ്ങളുടെ സന്ദര്‍ശന പരിപാടിയുടെ ഭാഗമായിരുന്നു. എന്നാല്‍, യാത്ര വൈകിയതുമൂലം ഈ പരിപാടിയും ഞങ്ങള്‍ക്ക് നഷ്ടമായി.

ഈ സ്ഥാപനത്തില്‍ പഠിക്കുന്നവരില്‍ ഏതാണ്ടെല്ലാ ലാറ്റിനമേരിക്കന്‍, കരീബിയന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളുണ്ട്. അവികസിതമായ ആഫ്രിക്കന്‍ രാജ്യങ്ങളിലെ മിടുക്കരായ കുട്ടികള്‍ക്കും ഈ സ്ഥാപനം ആശ്രയമാകുന്നു. ഇവിടെയും പഠനം പരിപൂര്‍ണമായി സൌജന്യമാണ്. ഇതിനു പുറമെ ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അതാത് രാജ്യങ്ങളുടെ അഭ്യര്‍ഥനപ്രകാരം സേവനം നടത്തുന്ന ആയിരക്കണക്കിന് ക്യൂബന്‍ ഡോക്ടര്‍മാര്‍ ഐക്യദാര്‍ഢ്യത്തിന്റെ അംബാസഡര്‍മാരാണ്.

ഭൂകമ്പമുണ്ടായ പാക്കിസ്ഥാനിലും സുനാമി കൊടിയ ദുരന്തം വിതച്ച ശ്രീലങ്കയിലും വരെ നൂറുകണക്കിന് ഡോക്ടര്‍മാര്‍ അടങ്ങുന്ന ക്യൂബന്‍ മെഡിക്കല്‍ സംഘം പറന്നെത്തി എന്നത് ദുരിതമനുഭവിക്കുന്ന മനുഷ്യരോടുള്ള അനുകമ്പയ്ക്കും ഐക്യപ്പെടലിനും ഭൂമിശാസ്ത്രപരമായ അകലം പ്രശ്നമല്ല എന്നു തെളിയിച്ചു. അമേരിക്കന്‍ തീരങ്ങളില്‍ കത്രീന ചുഴലിക്കാറ്റ് നാശം വിതയ്ക്കുകയും ന്യൂ ഓര്‍ലിയന്‍സിലെ പാവപ്പെട്ടവരും കറുത്തവരും കൂട്ടത്തോടെ മരിക്കുകയും ഒറ്റപ്പെടുകയും ചെയ്തപ്പോള്‍ അവരെ സഹായിക്കാന്‍ മെഡിക്കല്‍ സംഘത്തെ അയയ്ക്കാനുള്ള സന്നദ്ധത ഫിദല്‍ അമേരിക്കയെ അറിയിക്കുകയുണ്ടായി.

അമേരിക്കന്‍ ഭരണകൂടത്തിന്റെ ദ്രോഹനടപടികള്‍ക്ക് നിരന്തരം ഇരയാകുമ്പോഴും അവിടുത്തെ മനുഷ്യരെ സഹായിക്കാനുള്ള വാഗ്ദാനത്തിലൂടെ വിപ്ലവത്തിന്റെ മാനവികമായ മുഖവും ധാര്‍മികമായ കരുത്തുമാണ് ഫിദല്‍ പ്രകടിപ്പിച്ചത്. എന്നാല്‍ ദുരഭിമാനികളായ ബുഷ് ഭരണകൂടം ആ വാഗ്ദാനം നിരസിക്കുകയായിരുന്നു. ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പുണ്ടായിട്ടും ന്യൂ ഓര്‍ലിയന്‍സില്‍ വന്‍നാശം സംഭവിച്ചതിനു കാരണമായത് അമേരിക്കന്‍ ഭരണകൂടത്തിന്റെ പരാജയവും പാവപ്പെട്ടവരോടുള്ള കുറ്റകരമായ ഉദാസീനതയുമാണെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നുവരികയുണ്ടായി. അമേരിക്കയ്ക്ക് വലിയ നാണക്കേട് വരുത്തിവെച്ച സംഭവമായിരുന്നു അത്. അതേസമയം ക്യൂബന്‍ തീരത്ത് ചുഴലിക്കാറ്റ് ആഞ്ഞടിച്ചെങ്കിലും കാര്യക്ഷമമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതിലൂടെ ഒരു മനുഷ്യജീവന്‍പോലും നഷ്ടപ്പെടാന്‍ ഇടയായില്ല എന്നത് രണ്ടു രാജ്യങ്ങളും വ്യവസ്ഥകളും തമ്മിലുള്ള അന്തരത്തിന്റെ തെളിവായി. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അമേരിക്കയുടെ പൊളിവചനങ്ങള്‍ക്കുള്ള മുഖമടച്ച പ്രഹരം കൂടിയായി ഈ സംഭവങ്ങള്‍.

ലഹരി വിമുക്തിക്കുവേണ്ടിയുള്ള ചികിത്സയ്ക്ക് ഏറെ പ്രശസ്തമാണ് ക്യൂബ. അതിനുള്ള നിരവധി ചികിത്സാ-പുനരധിവാസ കേന്ദ്രങ്ങള്‍ പോളിക്ലിനിക്കുകള്‍ക്ക് അനുബന്ധമായും പ്രത്യേകമായും പ്രവര്‍ത്തിക്കുന്നു. വളരെ ഫലപ്രദവും കാര്യക്ഷമവുമായ ഇവിടുത്തെ ചികിത്സ ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുള്ളതാണ്. ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മയക്കുമരുന്നിന്റെയും മരണത്തിന്റെയും അഗാധഗര്‍ത്തങ്ങളില്‍നിന്ന് ജീവിതത്തിന്റെ കോര്‍ട്ടിലേക്ക് അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയത് ക്യൂബയിലെ ചികിത്സയിലൂടെയായിരുന്നു. മരണക്കയത്തില്‍ നിന്ന് മയക്കുമരുന്നിന്റെയും കടുത്ത ഹൃദ്രോഗത്തിന്റെയും കെണികളൊന്നൊന്നായി മറികടന്ന് മുന്നേറാന്‍ മറഡോണക്ക് തുണയായത് ദൈവത്തിന്റെ കൈ ആയിരുന്നില്ല. മഹാനായ ഫിദലിന്റെ കൈ ആയിരുന്നു. ഫിദല്‍ നേരിട്ട് താല്പര്യമെടുത്താണ് മരണാസന്നനായിരുന്ന മറഡോണയെ ഹവാനയിലെത്തിച്ച് ചികിത്സയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നത്. ആദ്യമായി ഫിദലിനെ നേരിട്ട് കാണുകയും ഹസ്തദാനം നടത്തുകയും ചെയ്ത നിമിഷത്തിലെ അനിര്‍വചനീയമായ അനുഭൂതിയെക്കുറിച്ചുള്ള മാറഡോണയുടെ മനോഹരമായ ഒറ്റവാചകം ഇങ്ങനെ.

എനിക്ക് അദ്ദേഹത്തെ തൊട്ടപ്പോള്‍ ആകാശത്തെ കൈനീട്ടിതൊടുന്നതുപോലെ തോന്നി.

മാറഡോണക്കു മാത്രമല്ല ലോകത്തെമ്പാടുമുള്ള നിന്ദിതരും പീഡിതരുമായ ജനകോടികള്‍ക്കാകെ ഫിദല്‍ ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്ന വിപ്ലവകാരിയാണ്. മറഡോണയെപ്പോലെ ലാറ്റിനമേരിക്കയിലെ ലക്ഷക്കണക്കിന് മനുഷ്യരുടെ ഇടനെഞ്ചില്‍ അനശ്വരനായ ചെയോടൊപ്പം ഫിദലിന്റെ രൂപവും പച്ചകുത്തിയിരിക്കുന്നത് വെറുതെയല്ല.

അറിവിന്റെ ഉദ്യാനത്തില്‍

കെയ് മിറ്റോയിലെ തന്നെ ഒരു സീനിയര്‍ സെക്കന്‍ഡറി സ്കൂളും ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. പ്രമുഖ വിപ്ലവകാരി റാമോണ്‍ ലോപെസ് പിനായുടെ പേരിലുള്ള സ്കൂള്‍ ഒരു പൂങ്കാവനം പോലെ തോന്നിച്ചു. ജൂലായ്, ആഗസ്റ്റ് മാസം ക്യൂബയിലെ അവധിക്കാലമായതിനാല്‍ സ്കൂള്‍ അടഞ്ഞുകിടക്കുകയായിരുന്നു. സ്കൂളും പരിസരവും അവിടുത്തെ സൌകര്യങ്ങളും കണ്ടുമനസ്സിലാക്കാനായി. ക്ലാസ് മുറികളും പഠനസംവിധാനങ്ങളും അത്യാധുനികമാണ്. കമ്പ്യൂട്ടറും ടിവി.യും എല്ലാ ക്ലാസ് മുറികളിലുമുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങളുടെ സഹായത്തോടെയാണ് അധ്യയനം. അധ്യാപക-വിദ്യാര്‍ഥി അനുപാതമാകട്ടെ 1:15 മാത്രമാണ്.

രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് സ്കൂള്‍ പ്രവൃത്തിസമയം. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം സര്‍ക്കാര്‍ ലഭ്യമാക്കും. അതിനാവശ്യമായ അടുക്കളയും ജോലിക്കാരും സ്കൂളുകളില്‍ തയ്യാര്‍. ഞങ്ങള്‍ സന്ദര്‍ശനം നടത്തിയ സ്കൂളില്‍ 575 വിദ്യാര്‍ഥികളാണുള്ളത്. മികച്ച ലാബറട്ടറിയും വര്‍ക്കുഷോപ്പും അവിടെയുണ്ട്. ധാരാളം ചെടികളും പൂക്കളുമെല്ലാമായി സ്കൂളിന്റെ മുറ്റത്ത് മനോഹരമായ ഒരു ഉദ്യാനം ഒരുക്കിയിരിക്കുന്നു. വൃത്തിയുള്ള വരാന്തകളില്‍ നിറയെ പൂച്ചെടികള്‍ വേറെയും. മനോഹരമായ ചുമര്‍ചിത്രങ്ങളില്‍ നാടിന്റെ ചരിത്രവും വിപ്ലവകാരികളുടെ ജീവിതവും ചിത്രീകരിച്ചിരിക്കുന്നു. ഫുട്ബോള്‍, വോളിബോള്‍, ബാസ്കറ്റ് ബോള്‍ കോര്‍ട്ടുകളും മികച്ച രീതിയില്‍ ഒരുക്കിയിരിക്കുന്നു. സിലബസില്‍ പ്രഥമ ശുശ്രൂഷ മുതല്‍ രാജ്യരക്ഷവരെ ഉള്‍പ്പെടും എന്ന് ഞങ്ങളോടൊപ്പമുണ്ടായിരുന്ന ദ്വിഭാഷി ഒഡാലിസ് വിശദീകരിച്ചുതന്നു. വിദ്യാഭ്യാസം ഏതുതലം വരെയും തീര്‍ത്തും സൌജന്യമാണ്. ഫീസില്ലെന്നു മാത്രമല്ല, എല്ലാ പഠനോപകരണങ്ങളും സര്‍ക്കാര്‍ സൌജന്യമായി നല്‍കുകയും ചെയ്യുന്നു.

ക്യൂബയില്‍ 122 സ്കൂളുകളില്‍ ഓരോ വിദ്യാര്‍ഥി മാത്രമാണുള്ളത്. 1068 സ്കൂളുകളില്‍ 6-8 വിദ്യാര്‍ഥികളും 1032 സ്കൂളുകള്‍ 8-10 വിദ്യാര്‍ഥികളും പഠിക്കുന്നവയായുണ്ട്. ഇവിടങ്ങളിലെല്ലാം മേല്‍പ്പറഞ്ഞ സൌകര്യങ്ങളുമുണ്ട്. ഒരു വിദ്യാര്‍ഥി മാത്രമേയുള്ളുവെങ്കിലും വിദ്യാലയം തുറന്നിരിക്കും. ലാഭനഷ്ടക്കണക്കു നോക്കി സ്കൂള്‍ പൂട്ടുന്ന ഏര്‍പ്പാട് അവിടെയില്ല എന്നര്‍ഥം.

ക്യൂബയിലെ 169 മുനിസിപ്പാലിറ്റികളിലും സര്‍വകലാശാലകളുണ്ട്. വിദ്യാര്‍ഥികളെ യൂണിവേഴ്സിറ്റിയിലേക്ക് എത്തിക്കുക എന്നതല്ല യൂണിവേഴ്സിറ്റിയെ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ആര്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശവും അവസരവും നിഷേധിക്കപ്പെടില്ല എന്ന് ക്യൂബ ഉറപ്പുവരുത്തുന്നു. വിദ്യാഭ്യാസം ഭരണകൂടത്തിന്റെ പരമപ്രധാന ഉത്തരവാദിത്തമായി തുടരുന്നു. വിദേശനിക്ഷേപം വിദ്യാഭ്യാസരംഗത്ത് തീര്‍ത്തും അസ്വീകാര്യമാണ് എന്നറിയുക. . ഒരു വികസിത രാജ്യത്ത് ചുരുങ്ങിയത് 20% പേരെങ്കിലും ഉന്നതവിദ്യാഭ്യാസം നേടണമെന്നാണ് വിദഗ്ദാഭിപ്രായം. ഇതിന്റെ ഇരട്ടിയിലേറെപ്പേര്‍ക്ക് മൂന്നാം ലോകരാജ്യമായ ക്യൂബയില്‍ ഉന്നത വിദ്യാഭ്യാസം പ്രാപ്യമായിരിക്കുന്നു. ഇന്ത്യയില്‍ ഇത് കേവലം 6-7% മാത്രമാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങളില്‍ മറ്റൊന്നു കൂടി ക്യൂബ സാക്ഷാത്കരിച്ചിരിക്കുന്നു എന്നര്‍ഥം.

ജനാധിപത്യം കേവലമായ വോട്ടവകാശത്തിലും ഭൂരിപക്ഷത്തിലും അധിഷ്ഠിതമായ ഔപചാരിക ജനാധിപത്യത്തിന്റെ പരിമിതികളെ മറികടക്കുന്ന അഗാധമായ സോഷ്യലിസ്റ് ജനാധിപത്യത്തിന്റെ പ്രവര്‍ത്തനം ക്യൂബയില്‍ കാണാം. ജനകീയ അധികാരമാണ് ക്യൂബന്‍ ജനാധിപത്യത്തിന്റെ കാതല്‍.

ദേശീയ അസംബ്ലിയിലേയ്ക്കുള്ള തങ്ങളുടെ പ്രതിനിധികളെ നാലുവര്‍ഷത്തിലൊരിക്കല്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നു. രഹസ്യ ബാലറ്റ് വഴിയാണ് തെരഞ്ഞെടുപ്പ്. ഏറ്റവും ശ്രദ്ധേയമായ കാര്യം സ്ഥാനാര്‍ഥികളെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍ദേശിക്കാറില്ല എന്നതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലേബലില്‍ ആര്‍ക്കും മത്സരിക്കാനാവില്ല. പാര്‍ട്ടിയംഗമല്ലാത്തവര്‍ക്കും മത്സരിക്കാം. പാര്‍ട്ടിയും തെരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ല എന്നര്‍ത്ഥം. 16 വയസ്സ് പൂര്‍ത്തിയായവര്‍ക്കെല്ലാം തെരഞ്ഞെടുക്കാനും തെരഞ്ഞെടുക്കപ്പെടാനും അര്‍ഹതയുണ്ടായിരിക്കും. ഇപ്പോഴത്തെ ദേശീയ അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിന്റെ വയസ്സ് 18 ആണ് ! മാനസികനില തെറ്റിയവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കും മത്സരിക്കാന്‍ അവകാശമില്ല.

തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുകയുമില്ല. അവര്‍ ജോലി ചെയ്യുന്നിടത്തുനിന്നു മാത്രമേ ശമ്പളം ലഭിക്കൂ. ജനപ്രതിനിധി എന്ന നിലയില്‍ പ്രത്യേകം ശമ്പളമില്ല. ദേശീയ അസംബ്ലിയില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ എല്ലാ വിഭാഗത്തിനും പ്രാതിനിധ്യമുണ്ടായിരിക്കും. 50% വോട്ട് ലഭിക്കുന്നവര്‍ മാത്രമേ വിജയിക്കുകയുള്ളൂ. ഫിദല്‍ കാസ്ട്രോയും ഈ വിധത്തില്‍ വേണം ദേശീയ അസംബ്ലിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടാന്‍. തെരഞ്ഞെടുപ്പു നിയന്ത്രിക്കാന്‍ പോലീസോ പട്ടാളമോരംഗത്തുണ്ടാവില്ല. വിദേശ നയതന്ത്രജ്ഞരുള്‍പ്പെടെയുള്ള നിരീക്ഷകരെ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ അനുവദിക്കുകയും ചെയ്യും.

ദേശീയ അസംബ്ലി അംഗങ്ങളില്‍ 37% വനിതകളാണ്. രണ്ടരവര്‍ഷം കൂടുമ്പോള്‍ മുനിസിപ്പാലിറ്റികളിലേക്കും തെരഞ്ഞെടുപ്പു നടക്കും. ഇതിനു താഴെ ഓരോ അയല്‍ക്കൂട്ട അടിസ്ഥാനത്തിലും വിപ്ലവസംരക്ഷണ സമിതികള്‍ പ്രവര്‍ത്തിക്കുന്നു. 14 വയസ്സു തികഞ്ഞ ആര്‍ക്കും ഇതില്‍ അംഗമാകാം. ഈ സമിതികള്‍ തദ്ദേശസ്ഥാപനങ്ങളെന്ന പോലെ പ്രവര്‍ത്തിക്കുന്നു. അതാത് അയല്‍ക്കൂട്ടങ്ങളിലെ വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ഗതാഗതം തുടങ്ങിയ കാര്യങ്ങളുടെ മേല്‍നോട്ടവും മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ നിയമവിരുദ്ധ-വിപ്ലവ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയലും ഈ സമിതികളുടെ ചുമതലയാണ്.

ഒമ്പത് ലക്ഷം അംഗങ്ങളുള്ള ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ഇടപെടുന്നില്ല എന്ന് നാം കണ്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാഴ്ചപ്പാടുകള്‍ പാര്‍ലിമെന്റിന്റെ അംഗീകാരത്തിന് വിധേയമായാണ് നടപ്പിലാക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകളും നയങ്ങളും ജനങ്ങള്‍ക്കുമേല്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്നില്ല. പാര്‍ട്ടി അംഗങ്ങളും അല്ലാത്തവരുമടങ്ങിയ പാര്‍ലിമെന്റിനാണ് പരമാധികാരം. അതായത് ജനങ്ങളാണ് പരമാധികാരികള്‍. മതവിശ്വാസികള്‍ പാര്‍ട്ടി അംഗമാകാന്‍ പാടില്ല എന്ന മുന്‍വ്യവസ്ഥ ഉപേക്ഷിച്ചത് ശ്രദ്ധേയമായ ഒരു മാറ്റമാണ്. ഇപ്പോള്‍ മതവിശ്വാസികള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകാം. മതത്തെയും വിശ്വാസത്തേയും സംബന്ധിച്ച വൈരുദ്ധ്യാത്മക ഭൌതികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള നിലപാടാണിത് എന്നുകാണാം.

ചൂഷണവിമുക്തമായ സമൂഹസൃഷ്ടിക്കായുള്ള പോരാട്ടത്തില്‍ വിശ്വാസികളെക്കൂടി അണിനിരത്താന്‍ സഹായിക്കുന്ന സമീപനം കമ്യൂണിസ്റ്റുകാര്‍ സ്വീകരിക്കുന്നതിന് ഉദാഹരണമാണിത്. ക്യൂബയിലെ സോഷ്യലിസ്റ്റ് വ്യവസ്ഥയും വിപ്ലവനേതൃത്വമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയും എത്രമാത്രം ജനാധിപത്യപരമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കാണാനാവും. ക്യൂബയിലെ ജനാധിപത്യത്തിന്റെ കരുത്ത് വ്യക്തമാക്കുന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളിലാകെയുമുള്ള സ്ത്രീകളുടെ ഉയര്‍ന്ന പങ്കാളിത്തവും പദവിയും. വാഹനങ്ങളിലെ ഡ്രൈവര്‍ ജോലി മുതല്‍ പാര്‍ട്ടി നേതൃത്വത്തിലും ശാസ്ത്രസമൂഹത്തിലും വരെ സ്ത്രീകള്‍ക്ക് ഗണ്യമായ പങ്കാളിത്തമാണുള്ളത്. സ്ത്രീപുരുഷ തുല്യത യാഥാര്‍ഥ്യമായിത്തീര്‍ന്ന ഒരു സമൂഹമായി ക്യൂബ മാറിയിരിക്കുന്നു.

സോഷ്യലിസ്റ്റ് നിര്‍മിതിയുടെ പ്രശ്നങ്ങള്‍

ക്യൂബയിലെ വിപ്ലവ പ്രക്രിയയും സോഷ്യലിസ്റ്റ് നിര്‍മാണവും തീര്‍ത്തും കുറ്റമറ്റതാണെന്ന് അവര്‍ അവകാശപ്പെടുന്നില്ല. സോഷ്യലിസ്റ്റ് നിര്‍മാണത്തെക്കുറിച്ചുള്ള അഗാധമായ ജ്ഞാനത്തിന്റെ കുറവ് തങ്ങള്‍ക്കുണ്ടെന്ന് ക്യൂബ വിനയപൂര്‍വം സമ്മതിക്കുന്നു. മറ്റേതെങ്കിലുമൊരു സോഷ്യലിസ്റ്റ് മാതൃക അതേപടി പകര്‍ത്തുകയല്ല ആവശ്യമെന്നും അവര്‍ തിരിച്ചറിയുന്നു. സാമ്രാജ്യത്വത്തിന്റെ പിളര്‍ന്ന വായയ്ക്കു മുമ്പില്‍ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന്റെ പ്രശ്നങ്ങള്‍ നിരവധിയാണ്. ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ഏറെക്കുറെ ലഭ്യമാക്കാന്‍ അവര്‍ക്കായിരിക്കുന്നു. തൊഴിലില്ലായ്മാ നിരക്ക് 1.9% മാത്രമാണ്. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ എത്രയോ നിസ്സാരം.

കാര്‍ഷിക-വ്യാവസായിക വളര്‍ച്ച ഇനിയും കൈവരിക്കേണ്ട പ്രധാന ലക്ഷ്യമാണ്. വിശേഷിച്ച് ഭക്ഷ്യധാന്യ ഇറക്കുമതിയോടുള്ള ആശ്രിതത്വം കുറയ്ക്കുക എന്നത്. ടൂറിസം വന്‍തോതില്‍ വിദേശനാണ്യം കൊണ്ടുവരുന്നതോടൊപ്പം വ്യഭിചാരം പോലുള്ള അനഭിലഷണീയ പ്രവണതകളെക്കൂടി കൊണ്ടുവരുന്നുണ്ട്. ഇത് നിയന്ത്രിക്കാനും പടിപടിയായി തീര്‍ത്തും ഇല്ലാതാക്കാനുമുള്ള ശ്രമം ജാഗ്രതയോടെ നടത്തേണ്ടതുണ്ട്. ഗതാഗത പ്രശ്നം വളരെ രൂക്ഷമാണ്. അടിയന്തിര നടപടികള്‍ ഇത് നേരിടാന്‍ ആവശ്യമാണ്. പാര്‍പ്പിട പ്രശ്നം പരിഹരിക്കാന്‍ സ്റ്റേറ്റ് മുന്‍ഗണന നല്‍കുന്നു. 2007 ല്‍ മാത്രം ഒരു ലക്ഷം ഭവനങ്ങള്‍ നിര്‍മിക്കാനാണ് ലക്ഷ്യം. ഊര്‍ജരംഗത്തെ മുന്നേറ്റം നിലനിര്‍ത്താനും കൂടുതല്‍ ശക്തിപ്പെടുത്താനും കഴിഞ്ഞാല്‍ മാത്രമേ കാര്‍ഷിക-വ്യാവസായിക വളര്‍ച്ച എന്ന ലക്ഷ്യം കൈവരിക്കാനാകൂ.

അമേരിക്കന്‍ ഉപരോധത്തെ അതിജീവിച്ചുകൊണ്ടുവേണം ഈ വെല്ലുവിളികള്‍ നേരിടാന്‍. സോവിയറ്റ് യൂണിയനെ അമിതമായി ആശ്രയിച്ചതിന്റെ ദൌര്‍ബല്യങ്ങള്‍ പരിഹരിക്കുന്ന വിധത്തില്‍ സ്വാശ്രിതമായ ഒരു സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള അതീവ ശ്രമകരമായ ദൌത്യത്തിലാണ് ഇന്ന് ക്യൂബ ഏര്‍പ്പെട്ടിട്ടുള്ളത്.

ജനങ്ങളുടെ പ്രത്യയശാസ്ത്ര ജാഗ്രതയും രാഷ്ട്രീയനിലവാരവും ഉയര്‍ത്തുക എന്നതും സോഷ്യലിസ്റ്റ് നിര്‍മാണത്തിന്റെ മുഖ്യകടമയാണ്. അപൂര്‍വമെങ്കിലും അസാധാരണമല്ലാത്ത സാന്നിധ്യമുള്ള കരിഞ്ചന്തയും അഴിമതിയും കാര്യക്ഷമതാ രാഹിത്യവും ചെറുക്കുന്നതിന് അടിയന്തിര പരിഗണനയാണ് നല്‍കുന്നത്. ഇത് ചെറുക്കാന്‍ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലവാരം ഉയര്‍ത്തുന്നതിലൂടെ മാത്രമേ സാധ്യമാകൂ. വിപ്ലവത്തിന്റെ അനുഭവങ്ങളില്ലാത്ത പുതിയ തലമുറയില്‍ വര്‍ധിക്കുന്ന ഉപഭോഗതൃഷ്ണയുടെ സ്വാധീനം ചെറുക്കാനും ഇതാവശ്യമാണ്. ഉന്നതവിദ്യാഭ്യാസം നേടിയ യുവതലമുറ കാര്‍ഷികവൃത്തിയോട് വിമുഖത പുലര്‍ത്തുന്നതുള്‍പ്പെടെയുള്ള സാമൂഹ്യപ്രശ്നങ്ങളെ ശരിയായി തിരിച്ചറിയാന്‍ ക്യൂബയിലെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ് പാര്‍ട്ടിയും യങ്ങ് കമ്യൂണിസ്റ് ലീഗും ഈ പ്രശ്നങ്ങളെ ശരിയായിത്തന്നെ അഭിസംബോധന ചെയ്യുന്നുണ്ട്.

Nobody can kill me

ചെയുടെ രണസ്മൃതികളുടെയും ഫിദലിന്റെ അനുപമമായ ദീര്‍ഘവീക്ഷണത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര ദാര്‍ഢ്യത്തിന്റെയും പിന്‍ബലത്തില്‍ ചൂഷണരഹിതമായ ജീവിതവ്യവസ്ഥ സ്വയം നിര്‍മ്മിക്കുന്ന ഒരു ജനതയുടെ ഇതിഹാസമാണ് ക്യൂബയില്‍ കാണാനായത്. ക്യൂബ ഒരു കൊച്ചുദ്വീപാണ്. ഭൂമിശാസ്ത്രപരമായി മാത്രമല്ല; തിരയടങ്ങാത്ത കടലിനും ചോരക്കൊതിപൂണ്ട സാമ്രാജ്യത്വ ദുരയുടെ കലിയടങ്ങാത്ത ക്രൂരതകള്‍ക്കും നടുവില്‍ പൊരുതിനില്‍ക്കുന്ന മനുഷ്യന്റെ അപാരമായ ഇച്ഛാശക്തിയുടെ ദ്വീപ്. അസാധാരണമായ ഈ നാടിന്റെയും ജനതയുടെയും താരതമ്യങ്ങളില്ലാത്ത നേതാവാണ് ഫിദല്‍.

സ്വന്തം ചാരത്തില്‍ നിന്നുയര്‍ന്ന ഫീനിക്സ് പക്ഷിയെപ്പോലെ മരണക്കിടക്കയില്‍ നിന്നും സിംഹഗര്‍ജനവുമായി പോര്‍മുഖങ്ങളിലേക്ക് തിരിച്ചെത്തിയ ആരേയും അത്ഭുതപ്പെടുത്തുന്ന പോരാളി. വര്‍ഷങ്ങള്‍ക്കുശേഷം തന്നെത്തേടിവന്ന മുന്‍ കാമുകി സി ഐ. എ യുടെ വാടകക്കൊലയാളിയാണെന്ന് മനസ്സിലാക്കി സ്വന്തം പിസ്റള്‍ നീട്ടി വെടിവെയ്ക്കാന്‍ പറഞ്ഞുവത്രേ ഫിദല്‍. ഡിസ്കവറി ചാനല്‍ അടുത്ത ദിവസം സംപ്രേഷണം ചെയ്ത ഒരു പരിപാടിയില്‍ കാസ്ട്രോയുടെ മുന്‍കാമുകിയായ മൌറീഷ്യാ ലോറന്‍സ് ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്. പിസ്റ്റള്‍ കയ്യില്‍പിടിച്ച് അമ്പരന്നു നിന്ന തന്നോട് ഫിദല്‍ ശാന്തനായി, ഉറച്ച സ്വരത്തില്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നുവെന്ന് മൌറീഷ്യ - Nobody can kill me. ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത ഒരു ജനതയുടെ, അതിന്റെ ഇച്ഛാശക്തിയുടെ, അതുണര്‍ത്തിയ വിപ്ലവത്തിന്റെ പ്രതീകമാണ് താനെന്നായിരിക്കും ആ വാക്കുകളിലൂടെ ഫിദല്‍ ഉദ്ദേശിച്ചിരിക്കുക. ഹവാനയിലെ ജോസെമാര്‍ട്ടി വിമാനത്താവളത്തില്‍നിന്ന് യാത്രയാക്കാനെത്തിയ ഒഡാലിസിനോട് കൈവീശി യാത്രപറയുമ്പോള്‍ ഫിദല്‍ പ്രകടിപ്പിച്ച അതിജീവനത്തിന്റെ ദൃഢവിശ്വാസം ഞങ്ങളുടെ ഹൃദയത്തില്‍ പകരാന്‍ ക്യൂബയില്‍ ജീവിച്ച ദിനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.

ലേഖകന്‍: ശ്രീ.എം.ബി.രാജേഷ്. കടപ്പാട്: യുവധാര
ഈ യാത്രാവിവരണത്തിന്റെ ഒന്നാം ഭാഗം - ക്യൂബ കെട്ടുകഥകള്‍ക്കപ്പുറം ഒരു നേര്‍സാക്ഷ്യം