Showing posts with label പ്രത്യയശാസ്ത്രം. Show all posts
Showing posts with label പ്രത്യയശാസ്ത്രം. Show all posts

19 January, 2011

മാര്‍ക്സിസവും ക്രിസ്തുമതവും

മാര്‍ക്സ് നാസ്തികനായിരുന്നു. മനുഷ്യനെ അകാരണമായി വേദനിപ്പിക്കുന്ന ദൈവത്തിനെതിരെയുള്ള പ്രൊമീത്യന്‍ കലാപമായിരുന്നു മാര്‍ക്സിന്റെ നാസ്തികത്വം. നിഷെ, ഫ്രോയ്ഡ് എന്നിവര്‍ക്കൊപ്പം മതത്തെ അദ്ദേഹം സംശയത്തോടെ വീക്ഷിച്ചു. ശാസ്ത്രീയമായ ഭൌതികവാദത്തില്‍ അധിഷ്ഠിതമായ തത്വശാസ്ത്രമാണ് മര്‍ദ്ദിതര്‍ക്കും പീഡിതര്‍ക്കുംവേണ്ടി അദ്ദേഹം അവതരിപ്പിച്ചത്. തിന്മയ്ക്കു പകരം നന്മയെന്ന ആശയം യേശു മുന്നോട്ടുവച്ചു. തിന്മയെ, ആവശ്യമെങ്കില്‍ അക്രമം പ്രയോഗിച്ചും, ഉന്മൂലനം ചെയ്യണമെന്ന നിലപാടായിരുന്നു മാര്‍ക്സിന്റേത്. വാള്‍ ഉറയിലിടാനായിരുന്നു യേശുവിന്റെ നിര്‍ദേശം. വാളിന്റെ പ്രയോഗസാധ്യതയെക്കുറിച്ചാണ് മാര്‍ക്സ് ആലോചിച്ചത്.

എന്നാല്‍, വിപ്ളവത്തിന്റെ പാതയില്‍ നാസ്തിക്യം അവശ്യം വേണ്ടതായ ആയുധമായി മാര്‍ക്സ് കണ്ടിട്ടില്ല. ഇന്റര്‍നാഷണലിലെ അംഗത്വത്തിന് ദൈവനിഷേധം ഉപാധിയാക്കാന്‍ ശ്രമിച്ച റഷ്യന്‍ വിപ്ളവകാരി ബക്കുനിനെ മാര്‍ക്സ് തടയുകയാണുണ്ടായത്. മതങ്ങളോടുള്ള മനോഭാവമെന്തെന്ന ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്ന എംഗല്‍സ് കത്തോലിക്കരെ പീഡിപ്പിക്കുന്ന ബിസ്മാര്‍ക്കിന്റെ നിയമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. മതത്തെ മാത്രമല്ല മതവിരുദ്ധതയേയും മാര്‍ക്സ് എതിര്‍ത്തു. ജനാധിപത്യക്രമത്തില്‍ അതിവേഗം സ്വീകാര്യമായിക്കൊണ്ടിരിക്കുന്ന മതനിരപേക്ഷതയോട് ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്ന സമീപനമായിരുന്നു ഇക്കാര്യത്തില്‍ മാര്‍ക്സിന്റേത്.

മതത്തെ വേദനയകറ്റുന്ന ലേപനമായി മാര്‍ക്സ് കണ്ടു. ചരിത്രപരമായ സന്ദര്‍ഭത്തില്‍നിന്ന് അനുചിതമായി ചുരണ്ടിയെടുത്ത കറുപ്പില്‍ മാര്‍ക്സിന്റെ ദര്‍ശനം അവ്യക്തമായി. വികലമാക്കപ്പെട്ട വിശകലനങ്ങളില്‍ കമ്യൂണിസം ദൈവനിഷേധമായി വ്യാഖ്യാനിക്കപ്പെട്ടു. അധ്വാനിക്കുന്നവര്‍ക്ക് യേശു വാഗ്ദാനം ചെയ്തത് സമാശ്വാസമാണ്. അധ്വാനിക്കുന്നവര്‍ക്ക് മാര്‍ക്സിന്റെ വാഗ്ദാനം വിമോചനമാണ്. സമാശ്വാസത്തിനപ്പുറമാണ് വിമോചനം. ദൈവരാജ്യത്തെക്കുറിച്ചല്ല, മനുഷ്യന്‍ ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ചാണ് മാര്‍ക്സ് ചിന്തിച്ചത്. രണ്ടും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാം; പക്ഷേ ശത്രുത ഉണ്ടാകേണ്ടതില്ല.

മതം മനുഷ്യന്റെ കറുപ്പാണെന്ന പ്രയോഗം മാര്‍ക്സിസത്തിനെതിരെയുള്ള പ്രചാരണത്തില്‍ മതവിശ്വാസികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കറുപ്പിനെക്കുറിച്ചുള്ള ധാരണ മാറുന്നതനുസരിച്ച് ഈ പ്രസ്താവനയുടെ അര്‍ത്ഥത്തിലും മാറ്റം വരുന്നു. തങ്ങളുടെ ദരിദ്രാവസ്ഥയ്ക്കും ദൈന്യതയ്ക്കും സാങ്കല്‍പികമായ സമാശ്വാസം കണ്ടെത്താനുള്ള മനുഷ്യവാസനയെയാണ് മാര്‍ക്സ് വിമര്‍ശിച്ചത്. ഓപിയം എന്നതിനു പകരം വാലിയം എന്ന പദമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇത്ര ആക്ഷേപം ഉണ്ടാകില്ലായിരുന്നു. മാര്‍ക്സിന്റെ കാലത്ത് കറുപ്പ് നിഷിദ്ധമായിരുന്നില്ല. ധനികര്‍ക്കുമാത്രം പ്രാപ്യമായ വസ്തുവായിരുന്നു അത്. അതിനു ശേഷിയില്ലാത്ത ദരിദ്രര്‍ സമാശ്വാസത്തിനുവേണ്ടി മതത്തെ ആശ്ളേഷിച്ചു. ധ്യാനാലയങ്ങളിലും അനുഷ്ഠാനവേദികളിലും ഭക്തര്‍ അനുഭവിക്കുന്ന അവാച്യമായ നിര്‍വൃതിയെന്തോ അതാണ് മാര്‍ക്സിന്റെ ഭാഷയിലെ കറുപ്പ്. ദൈവവിശ്വാസമോ ദൈവനിഷേധമോ നാസ്തികനായ മാര്‍ക്സിന്റെ ദര്‍ശനത്തെ സ്വാധീനിച്ചില്ല. ദൈവനിഷേധിയായ പ്രൊമിത്യൂസിനെ ദാര്‍ശനികതലത്തില്‍ വിശുദ്ധനായി സ്വീകരിച്ച മാര്‍ക്സ് ദൈവനിഷേധത്തിന്റെ അടിസ്ഥാനത്തിലല്ല ശാസ്ത്രീയ സോഷ്യലിസം രൂപപ്പെടുത്തിയത്.

ചരിത്രപരമായി മതവിരുദ്ധത ബോള്‍ഷെവിക് വിപ്ളവത്തിന്റെ അനുബന്ധമാണ്. കുരിശുയുദ്ധങ്ങളിലും ഹിറ്റ്ലറുടെ വിഷപ്പുരകളിലും മതത്തിന്റെ പേരില്‍ സംഭവിച്ചതിനേക്കാള്‍ എത്രയോ ലഘുവായിരുന്നു സോവിയറ്റ് യൂണിയനില്‍ ലെനിന്റെയും സ്റ്റാലിന്റെയും കാലത്ത് സംഭവിച്ചതായി പറയപ്പെടുന്ന അത്യാചാരങ്ങള്‍. അയര്‍ലണ്ടില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലുള്ള നിരന്തരയുദ്ധങ്ങളില്‍ ചൊരിഞ്ഞ അത്രയും ക്രൈസ്തവരക്തം സോവിയറ്റ് യൂണിയനില്‍ വീണിട്ടില്ല. മതനിരപേക്ഷ സമൂഹത്തില്‍ മതവിമുക്തമായി മാര്‍ക്സിസത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയും. ഇതുതന്നെയാണ് ഭരണഘടനയുടെ അനുശാസന. വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ മാര്‍ക്സിസ്റ്റ് പാര്‍ട്ടി മതത്തെ ആക്രമിക്കുന്നില്ല. മതാധിഷ്ഠിതമായ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ് ഇതരമതങ്ങള്‍ക്ക് ഇടം നല്‍കാത്തത്. പള്ളിയും പാര്‍ട്ടിയും അപഭ്രംശങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. പക്ഷേ ഇരുവരും പാവങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. ധനികന് സ്വര്‍ഗരാജ്യം നിഷേധിക്കുന്ന യേശുവും പാവങ്ങളുടെ സ്വര്‍ഗരാജ്യം ഈ ഭൂമിയില്‍ സ്ഥാപിതമാക്കാന്‍ യത്നിക്കുന്ന മാര്‍ക്സും വിരുദ്ധചേരികളില്‍ നില്‍ക്കേണ്ടവരല്ല. മൂലധനത്തിന്റെ ആധിപത്യത്തിനും വിപണിയുടെ സംസ്കാരത്തിനും കീഴ്പെടേണ്ടവരല്ല ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും. ദേവാലയത്തിലെ ക്രയവിക്രയക്കാര്‍ക്കും നാണയമാറ്റക്കാര്‍ക്കുമെതിരെ ചുഴറ്റപ്പെട്ട ചാട്ട ആത്മീയതയില്ലാത്ത ആധുനികമുതലാളിത്തത്തിനെതിരെ വീശുന്നതിനുള്ള ബാധ്യത സഭയ്ക്കുണ്ട്. നശിപ്പിക്കപ്പെട്ട ബാബിലോണ്‍ പങ്കിലമായ വിപണിയുടെ പ്രതീകമാണ്. ക്രിസ്തുമതത്തിന്റെ ബൂര്‍ഷ്വാവല്‍കരണത്തിനെതിരെ മാര്‍ക്സിസ്റ്റ്കാരും മാര്‍ക്സിസത്തിന്റെ ബൂര്‍ഷ്വാവല്‍കരണത്തിനെതിരെ ക്രൈസ്തവവിശ്വാസികളും യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. വിശ്വാസത്തെ മാറ്റിനിര്‍ത്തി വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാകുമ്പോള്‍ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന സമീപനമാണ് ക്രൈസ്തവസഭകള്‍ സ്വീകരിക്കേണ്ടത്.

അന്നന്നു വേണ്ടതായ ആഹാരത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനാണ് യേശു പഠിപ്പിച്ചത്. കൂട്ടായ പ്രാര്‍ത്ഥന സ്വന്തം ആഹാരത്തിനുവേണ്ടി മാത്രമുള്ളതല്ല. അധ്വാനം മാത്രം കൈമുതലായ മനുഷ്യന് ആഹാരം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് മാര്‍ക്സ് നിര്‍ദേശിച്ചത്. അപരന്റെ ആഹാരം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന തിരിച്ചറിവാണ് ഇരുവരും നല്‍കുന്നത്. പ്രാര്‍ത്ഥന പ്രവര്‍ത്തനത്തെ നിരാകരിക്കുന്നില്ല. വിശ്വാസിയുടെ പ്രാര്‍ത്ഥനയില്‍ വിപ്ളവമുണ്ട്. വിപ്ളവകാരിയുടെ പ്രവര്‍ത്തനത്തില്‍ ആത്മീയതയുണ്ട്. വിശ്വാസിയുടെ പ്രാര്‍ത്ഥനയും വിപ്ളവകാരിയുടെ ജീവിതവും അപരനുവേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് മദര്‍ തെരേസയുടെ പ്രാര്‍ത്ഥനയില്‍ വിപ്ളവകാരികള്‍ പങ്കുചേര്‍ന്നത്. അയല്‍ക്കാരനുവേണ്ടിയുള്ള സമര്‍പ്പണത്തില്‍ നിന്നാണ് രക്തസാക്ഷികള്‍ ഉണ്ടാകുന്നത്.

ലോകം ആത്യന്തികമായി ജനാധിപത്യത്തിന്റെ പരിപൂര്‍ണതയിലേക്കാണ് നീങ്ങുന്നത്. മൂലധനത്തിന്റെ ഉടമകളും പേഗനിസത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന മതതീവ്രതയും ചേര്‍ന്ന് ഹൈജാക് ചെയ്യുന്ന ജനാധിപത്യത്തിലല്ല ലോകത്തിന്റെ പ്രതീക്ഷ. വര്‍ഗസമരത്തിന്റെ ജയമുഹൂര്‍ത്തത്തില്‍ സ്ഥാപിതമാകുന്ന ജനാധിപത്യസ്വര്‍ഗത്തില്‍ സമാഗമിക്കേണ്ടവരാണ് മതവിശ്വാസികളും മാര്‍ക്സിസ്റ്റുകാരും. ആ യാത്രയില്‍ ദൈവനാമത്തിന്റെ സ്ഥാനത്തും അസ്ഥാനത്തുമുള്ള ഉരുവിടല്‍ അപ്രസക്തമാണ്. സ്വര്‍ഗത്തെക്കൊണ്ടും ഭൂമിയെക്കൊണ്ടും ആണയിടരുതെന്ന് സുവിശേഷം പറയുന്നു. അങ്ങനെയെങ്കില്‍ ദൈവനാമത്തിലെ പ്രതിജ്ഞയ്ക്ക് എന്തര്‍ത്ഥം? ദൈവനാമം ഉരുവിടുന്ന കപടനാട്യത്തെ വിശ്വാസമായി കാണുന്നത് അബദ്ധമാണ്. ദൈവനാമത്തില്‍ പ്രതിജ്ഞയെടുക്കുന്നില്ല എന്നതാണ് കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെയുള്ള ആക്ഷേപം. "നിങ്ങളുടെ വാക്ക് അതേ എന്നോ അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനില്‍നിന്നു വരുന്നു'' എന്ന് ബൈബിള്‍ പറയുന്നു. സെക്കുലര്‍ വ്യവസ്ഥയില്‍ ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നവര്‍ സ്വന്തം വാക്കിലാണ് വിശ്വാസം അര്‍പ്പിക്കേണ്ടത്. അതേ എന്നു പറയേണ്ടിടത്ത് അതേ എന്നും അല്ല എന്ന് പറയേണ്ടിടത്ത് അല്ല എന്നും പറയാന്‍ കഴിഞ്ഞാല്‍ പ്രത്യയശാസ്ത്രദു:ഖങ്ങള്‍ക്കും വിശ്വാസപരമായ പ്രതിസന്ധികള്‍ക്കും ശമനമുണ്ടാകും.

വിശ്വാസം സ്വകാര്യതയാണ്. പൊതുമണ്ഡലത്തില്‍ വിശ്വാസത്തെ പ്രതിഷ്ഠിക്കുമ്പോഴാണ് സംഘര്‍ഷമുണ്ടാകുന്നത്. എല്ലാ വിശ്വാസങ്ങള്‍ക്കും ഇടം നല്‍കാന്‍ മതനിരപേക്ഷമായ പൊതുസമൂഹം തയാറാണ്. അതുകൊണ്ടാണ് ദേശീയഗാനം ആലപിക്കാതിരിക്കാന്‍ യഹോവ സാക്ഷികള്‍ക്കും ശാബത്ത് കഴിഞ്ഞ് പരീക്ഷയെഴുതാന്‍ സെവന്‍ത് ഡേ അഡ്വെന്റിസ്റ്റുകള്‍ക്കും അനുവാദം നല്‍കുന്നത്. ഈ വിട്ടുവീഴ്ചകളെ നന്മയായി കാണാന്‍ വിശ്വാസികള്‍ക്ക് കഴിയണം. വിശ്വാസം മൌലികമാകുമ്പോള്‍ സമീപനം തീവ്രമാകുന്നു. ജനാധിപത്യത്തിന്റെ നിരാസമാണ് തീവ്രവാദം. മറ്റാര്‍ക്കും ഇടം നല്‍കാത്തവരാണ് തീവ്രവാദികള്‍. ജനാധിപത്യപരമായ പരിസരത്തിന്റെ സൃഷ്ടിക്കുവേണ്ടിയാണ് മതനിരപേക്ഷമായ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആ പ്രവര്‍ത്തനത്തെ മതവിരുദ്ധമായി വ്യാഖ്യാനിക്കുന്നതാണ് തെറ്റ്. ഭരണഘടനയുടെ കൃത്യമായ വായനയിലൂടെയാണ് മതസ്വാതന്ത്യ്രത്തിന്റെ അതിരുകള്‍ നിര്‍ണയിക്കപ്പെടേണ്ടത്. കോടതിയുടെ വിട്ടുവീഴ്ചകളെ ദുര്‍വ്യാഖ്യാനം ചെയ്തുണ്ടാക്കിയ അമിതസ്വാതന്ത്യ്രത്തിന്റെ ദുരുപയോഗമാണ് അന്തരീക്ഷത്തെ കലുഷമാക്കുന്നത്.

ഗത്സേമനിയില്‍ യേശുവിന്റെ ആജ്ഞയനുസരിച്ച് പത്രോസ് വാള്‍ ഉറയിലിട്ടു. പത്രോസിന്റെ സിംഹാസനം ആ വാളിന്റെ ഉടമയാണ്. സാമ്രാജ്യത്വത്തിന്റെ സേവകനെതിരെ ഉയര്‍ന്ന വാളാണത്. അത് എക്കാലവും ഉറയില്‍ സൂക്ഷിക്കാനുള്ളതല്ല. വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കുമെന്നറിയാത്തവരല്ല മാര്‍ക്സിസ്റ്റ്കാര്‍. അവരുടെ ജീവത്യാഗം അപരനുവേണ്ടിയുള്ളതാണ്. അപരനുവേണ്ടി ചിന്തപ്പെടുന്ന ചോരയില്‍ ഒരുമിക്കേണ്ടവരാണ് വിശ്വാസികളും വിപ്ളവകാരികളും. ഇതാണെന്റെ വിശ്വാസപ്രഖ്യാപനം; ഇതു തന്നെയാണെന്റെ വിപ്ളവസാക്ഷ്യം.

ഡോ. സെബാസ്റ്റ്യന്‍ പോള്‍ കടപ്പാട്: ചിന്ത വാരിക 14 ജനുവരി 2011

13 December, 2010

സ്‌ത്രീപക്ഷവിചാരം, ചുരുക്കത്തിൽ

ആണ്‍-പെണ്‍ തുല്യത, ലിംഗസമത്വം, പൊതുസമൂഹമെന്നു വ്യവഹരിക്കപ്പെടുന്ന ഘടന താത്വികമായെങ്കിലും അംഗീകരിക്കാന്‍ തയാറാവുന്ന ഒരു അനുരഞ്ജന കാലാവസ്ഥ:: അത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ സാമാന്യേന പുലരുന്നുണ്ടെന്ന നിരീക്ഷണത്തിനു പിന്തുണ വര്‍ധിക്കുന്നു. എന്നാല്‍ കാലങ്ങളായി, പല തലങ്ങളില്‍ നടന്ന ഫെമിനിസ്‌റ്റ് പോരാട്ടം വിജയശ്രീലാളിതമായെന്നു പ്രഖ്യാപിക്കാന്‍ വരട്ടെ. പെങ്ങമ്മാരേ, തോക്ക് താഴെവെക്കാന്‍ സമയമായിട്ടില്ല. തൊഴിലവസരങ്ങളില്‍, വേതന വ്യവസ്ഥയില്‍, സാമൂഹ്യ-രാഷ്‌ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളില്‍, സ്‌ത്രീ നേരിടേണ്ടിവന്നിരുന്ന വിവേചനം, അവഗണന, അകറ്റിനിര്‍ത്തല്‍, തന്ത്രപരമായ താഴ്ത്തിക്കെട്ടല്‍, ഒട്ടുമിക്ക പരിഷ്‌കൃത സമൂഹങ്ങളിലും ഏതാണ്ട് അവസാനിച്ചുവെന്നത് ശരിതന്നെ. പക്ഷേ സ്‌ത്രീയെ പുനര്‍നിര്‍വചിക്കാന്‍ പുരുഷന്‍ ഇനിയും സന്നദ്ധനായിട്ടില്ല എന്ന സത്യം അവശേഷിക്കുന്നു. രക്ഷാധികാരിയുടെ (Patron), സംരക്ഷകന്റെ (Protector), വഴികാട്ടിയുടെ (Guide) ചമയങ്ങള്‍ അഴിച്ചുവെക്കാന്‍ ആണിന് ഇപ്പോഴും മനസ്സുവരുന്നില്ല. മാത്രമല്ല, അമര്‍ത്തിപ്പിടിച്ച ഒരു ജന്‍ഡര്‍പുച്ഛം പുരുഷന്റെ ഇടപെടലുകളില്‍ പലപ്പോഴും നുരപൊട്ടുന്നുമുണ്ട്. മോളിക്കുട്ടി മാഡത്തിന്റെ സന്നിധിയില്‍ ഫയലുമായി നില്‍ക്കുന്ന ഓഫീസ് സൂപ്രണ്ട് ബലരാമമേനോക്കിയുടെ പ്രസന്നവദനം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അവിടെ ഒരു നേര്‍ത്ത ചിരിയുടെ ലാഞ്ഛനയുണ്ടാവും. Smirk (സ്‌മിര്‍ക്) എന്നാണ് അതിനെ ആംഗലത്തില്‍ പറയുക. അതില്‍ ഇതള്‍വിരിയുന്നത് പരിഹാസമത്രെ. ചെറുപ്പക്കാരിയായ പൊലീസ് മേധാവിയുടെ മുന്നില്‍ വടിപോലെ നീര്‍ന്നുനിന്നു സല്യൂട്ടടിക്കുന്ന ഉണ്ടവയറന്‍ ഹെഡ്‌കോണ്‍സ്‌റ്റബിള്‍ കുക്കുടം കുമാരന്റെ അധരപുടങ്ങളിലും ഈ ഹാസ്യഭാവത്തിന്റെ മിന്നായം കാണാം. ഉദരനിമിത്തം ഇവളുമാരെയൊക്കെ സലാംവയ്‌ക്കേണ്ടിവരുന്ന ആണിന്റെ ഗതികേട് എന്ന് ടിയാന്റെ ഉള്ളില്‍നിന്നു Male ego - ആണ്‍അഹന്ത- പിറുപിറുക്കുന്നത് നിപുണ ശ്രോത്രങ്ങള്‍ക്കു കേള്‍ക്കുകയുമാവാം.

ലിംഗസമത്വം, പെണ്‍ബിംബത്തിന്റെ പുനഃപ്രതിഷ്ഠ, നിയമനിര്‍മാണത്തിലൂടെമാത്രം സാധ്യമാവുന്ന സംഗതിയല്ല. ഇക്കാര്യം പല ഫെമിനിസ്‌റ്റ് സൈദ്ധാന്തികരും അടിവരയിട്ടു പറഞ്ഞതാണ്. അയേണ്‍ലേഡി എന്നു പുകള്‍പൊങ്ങിയ മാഗി മദാമ്മയും-സംശയിക്കേണ്ട, മാര്‍ഗററ്റ്താച്ചര്‍തന്നെ -ഇതേ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. ആണ്‍-പെണ്‍ മനോഭാവങ്ങളിലാണ് പൊളിച്ചെഴുത്തു നടക്കേണ്ടത്. സമീപനങ്ങളില്‍, കാഴ്‌ച്ചപ്പാടുകളില്‍ വിപ്ളവകരമായ പരിവര്‍ത്തനങ്ങളുണ്ടാകണം. ഈ മാറ്റങ്ങളുടെ കാറ്റിനു ചൂടുകൂടും. തൊലി പൊള്ളിയെന്നുവരും. പാരമ്പര്യത്തിന്റെ താടിക്കു തീപ്പിടിച്ചെന്നും വരും. ഏട്ടിലെ പശുവായി ലിംഗസമത്വം വര്‍ത്തിക്കുമ്പോള്‍ ഒരു അലോഹ്യവുമില്ല, പുരുഷാധീശ സമൂഹത്തിന്. ആ പശു പുല്ലുതിന്നാന്‍ തുടങ്ങുമ്പോഴാണ് ആണിന് അങ്കലാപ്പ്.

പെണ്‍ അവബോധത്തില്‍, വീക്ഷണത്തില്‍, അപഗ്രഥന രീതിശാസ്‌ത്രത്തില്‍, അടിമുടി ഉടച്ചുവാര്‍ക്കലുകളുണ്ടാകേണ്ടതിന്റെ അത്യാവശ്യത്തെക്കുറിച്ചാണ് സ്വത്വനിര്‍ണയത്തെ ഗൌരവമായി പരിഗണിച്ച പുരോഗമന സ്‌ത്രീപക്ഷം ആവര്‍ത്തിച്ചു പറഞ്ഞത്. മഹിളാമണികള്‍ അവിടെയുമിവിടെയും മന്ത്രിമാരായതുകൊണ്ടോ, പൊതുസ്ഥാപനങ്ങളുടെ തലപ്പത്തെത്തിയതുകൊണ്ടോ, വ്യവസായ സംരംഭകളായി വിജയഗാഥ രചിച്ചതുകൊണ്ടോ, ബഹിരാകാശയാനങ്ങളില്‍ ഇടം നേടിയതുകൊണ്ടോ, മീശക്കാരന്‍ കേശവനുമാത്രമായി സംവരണം ചെയ്യപ്പെട്ട കര്‍മരംഗങ്ങളില്‍ ഇടിച്ചുകയറിയതുകൊണ്ടോ സ്‌ത്രീവിമോചനം സംഭവിച്ചുകഴിഞ്ഞു എന്ന യുഫോറിയ- അത്യാഹ്ളാദം- അസ്ഥാനത്താണ്. അപകടകരവുമാണ്. ഈ താക്കീത് ഉദ്ബുദ്ധ ഫെമിനിസം കാലാകാലങ്ങളില്‍ നല്‍കിയിട്ടുണ്ട്. സ്‌ത്രീയുടെ റോളും പുരുഷന്റെ റോളും പ്രത്യേകമായി വ്യവസ്ഥപ്പെടുത്തുന്ന വഴക്കങ്ങളും അവയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ മാനസികഘടനയും മാറാതിരിക്കുന്ന കാലത്തോളം പെണ്‍മുക്തി എന്നത് സംഭവിക്കുകയില്ലെന്നു കോറാ കാപ്ളാന്‍ (Cora Kaplan) പറഞ്ഞതാണ് ശരി. ഉപരിപ്ളവമായ മാറ്റങ്ങളെ (Cosmetic Changes) പല വനിതാ കൂട്ടായ്‌മകളും വിപ്ളവപരമെന്നു തെറ്റായി വായിക്കുന്നു. ഈ മാറ്റങ്ങളില്‍ ഊറ്റംകൊള്ളുകയും ചെയ്യുന്നു.

വിവാഹം, കുടുംബം, ലൈംഗിക വേഴ്‌ച, അധ്വാനം, ഉല്പാദനം, വിനോദം തുടങ്ങിയ അതിപ്രധാനമായ ജീവിതവൃത്തികളിലെല്ലാംതന്നെ ആണും പെണ്ണും തുല്യപങ്കാളികള്‍ (equal partners) ആണെന്നും, പരസ്‌പര പൂരകങ്ങളായ മനുഷ്യഘടകങ്ങളാണെന്നും ഏംഗല്‍സ് നിരീക്ഷിക്കുകയുണ്ടായി. പ്രകൃതി ചിട്ടപ്പെടുത്തിയ ഈ തുല്യതയെ അംഗീകരിക്കാന്‍ ആണ്‍കോയ്‌മ വിസമ്മതിച്ചു. ഒരു യജമാന-ദാസി സങ്കല്പം പും-സ്‌ത്രീ ബന്ധങ്ങളില്‍ ആണ്‍ഗര്‍വ് അടിച്ചേല്പിക്കുകയും ചെയ്‌തു. സിമണ്‍ ദെ ബുവെ ചൂണ്ടിക്കാട്ടിയപോലെ സ്‌ത്രീ എന്ന സ്വത്വത്തെ പുരുഷമേധാവിത്വം ഒരു ഗര്‍ഭപാത്രമാക്കി (Womb)ച്ചുരുക്കി. ഈ പാത്രത്തില്‍ ബീജം (Seed) നിക്ഷേപിക്കാനുള്ള ദൈവദത്തമായ അവകാശം ആണിനുണ്ടെന്നു വരുത്തിത്തീര്‍ത്തു. ധ്വജവാഴ്‌ചയെ വാഴ്ത്തുന്ന മിത്തുകള്‍ സൃഷ്‌ടിച്ചു. സ്‌ത്രീ തീര്‍ത്തും അബലയാണ്, അതി ലോലയാണ്, പടര്‍ന്നുകയറാന്‍ മരം തേടുന്ന വള്ളിയാണ് എന്നു പെണ്ണിനെത്തന്നെ വിശ്വസിപ്പിച്ചു. ഒരാണ്‍തുണയില്ലെങ്കില്‍ തനിക്കു രക്ഷയില്ലെന്ന ധാരണ അവളില്‍ വളര്‍ത്തി.

Enslavement of the feminine gender-സ്‌ത്രീലിംഗത്തിന്റെ ദാസ്യവത്കരണം -എന്ന് ക്ളാരാ സെറ്റ്കിന്‍ കൃത്യമായി അടയാളപ്പെടുത്തിയ അവസ്ഥയുണ്ടല്ലോ, അത് ആസൂത്രിതവും അനുക്രമവുമായിരുന്നു. മതം, സദാചാരം, ദൈവഭയം, സല്‍ക്കീര്‍ത്തി, മാന്യത തുടങ്ങിയ സംഗതികളെയൊക്കെ സ്‌ത്രീയുടെ അടിമത്തവത്കരണത്തില്‍ പുരുഷന്‍ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. ചാരിത്രം (Chastity) എന്നാല്‍ പെണ്ണുമാത്രം പവിത്രമായി പരിരക്ഷിക്കേണ്ട ഒരു സ്വഭാവശുദ്ധി എന്ന വ്യാഖ്യാനം പ്രചരിച്ചു. ആണിനു നേരമ്പോക്കാകാം. ആര്‍ക്കുമതില്‍ പരാതിയില്ല. മറിയയെ കല്ലെറിയാനും വിശാലുവിന്റെ തല മുണ്ഡനം ചെയ്യാനുമൊക്കെ പുരുഷനിര്‍മിത സദാചാരച്ചിട്ടകളില്‍ വകുപ്പുണ്ടായിരുന്നു. എന്നാല്‍ അവരോട് സഹശയിച്ച വറതപ്പനും വേലുക്കുട്ടിമേനോനും ശിക്ഷയില്ല. ആണുങ്ങളായാല്‍ ചളിയില്‍ ചവിട്ടും; അടുത്തു കണ്ടവെള്ളത്തില്‍ കാല്‍ കഴുകുകയും ചെയ്യും. അത്രതന്നെ.

ഈ നെറികേടിന്, നീതിനിഷേധത്തിന്, സ്വത്വ ധ്വംസനത്തിന് എതിരായാണ് പെണ്‍കൂട്ടായ്‌മകള്‍ പട നടത്തിപ്പോന്നത്. ചില രാജ്യങ്ങളില്‍ അടിച്ചമര്‍ത്തപ്പെടുന്ന കീഴാള സമൂഹവുമായി സ്‌ത്രീ സംഘങ്ങള്‍ ഐക്യപ്പെടുകയും കൈകോര്‍ക്കുകയും ചെയ്‌തു. പ്രത്യയശാസ്‌ത്രപരമായ പ്രബുദ്ധത അവര്‍ ഉള്‍ക്കൊണ്ടു. സംഘം ചേരുക, ശക്തി നേടുക എന്ന ആഹ്വാനത്തിന് ആവേശകരമായ പിന്തുണയാണ് കിട്ടിയത്. വോട്ടവകാശവും ഭരണ സംവിധാനത്തില്‍ മോശമല്ലാത്ത പ്രാതിനിധ്യവും തരപ്പെട്ടാല്‍ തങ്ങളുടെ യുദ്ധം പാതി ജയിച്ചതായി കരുതാമെന്നായി ചില ലിബറല്‍ ഫെമിനിസ്‌റ്റുകള്‍. ഇവിടെയാണ് പിഴച്ചത്. ഏതാനും രാഷ്‌ട്രീയ സൌകര്യങ്ങള്‍ ചാര്‍ത്തിക്കിട്ടിയതുകൊണ്ട് സ്‌ത്രീമോചനം സഫലമാവുന്നില്ല.

ലിംഗസമത്വവും അവസര സമത്വവും ഭരണഘടനയുടെ തന്നെ ഭാഗമാക്കുകയും അവ കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്‌ത ആദ്യ രാഷ്‌ട്രം യുഎസ്എസ് ആര്‍ (Union of Soviet Socialist Republics) - അതായത് പഴയ സോവിയറ്റ് യൂണിയന്‍ - ആയിരുന്നു. ഒരു നിത്യചൂഷിത വര്‍ഗമെന്നനിലയില്‍ സ്‌ത്രീ സമൂഹത്തെ കാണുകയും പെണ്‍പ്രശ്‌നങ്ങളെ ശാസ്‌ത്രീയമായി അപഗ്രഥിക്കുകയും ചെയ്‌ത ഒരു മോചന തത്വശാസ്‌ത്രത്തിന്റെ ധീരമായ പരീക്ഷണശാലയായി മാറി സോവിയറ്റുനാട്. വിപ്ളവാചാര്യനായ ലെനിന്‍ സംവിധാനം ചെയ്‌ത സോഷ്യലിസ്‌റ്റ് സമൂഹക്രമത്തില്‍ സുപ്രധാനമായ സ്ഥാനവും സര്‍വതോമുഖമായ വളര്‍ച്ചയുമാണ് സ്‌ത്രീസമൂഹത്തിനു കൈവന്നത്. സോഷ്യലിസ്‌റ്റ് നവലോക നിര്‍മിതിയില്‍ അടങ്ങാത്ത ആത്മവീര്യത്തോടും അഗാധമായ അര്‍പ്പണബോധത്തോടും കൂടിയാണ് റഷ്യയിലെ പെണ്ണുങ്ങള്‍ പങ്കെടുത്തത്. അവര്‍ക്കുമുമ്പില്‍ ഒരു വാതിലും അടഞ്ഞുകിടന്നില്ല. ലിംഗപരമായ വിവേചനത്തിന്റെ എല്ലാ വരമ്പുകളും അവിടെ തകര്‍ക്കപ്പെട്ടു. സ്‌ത്രീയുടെ അധ്വാനത്തിന്റെ അന്തസ്സ് ആദരപൂര്‍വം അംഗീകരിക്കപ്പെട്ടു. വ്യഭിചാരമെന്നത് അക്ഷരാര്‍ഥത്തില്‍ അപ്രത്യക്ഷമായി. വിവാഹം, കുടുംബം, ഇണചേരല്‍ എന്നീ കാര്യങ്ങളിലൊക്കെ സോവിയറ്റ്സ്‌ത്രീക്ക് സമ്പൂര്‍ണമായ സ്വയം നിര്‍ണയാവകാശം സ്ഥാപിച്ചുകിട്ടി.

'വെല്‍ഫേര്‍ സ്‌റ്റേറ്റുകളെ'ന്ന് സ്വയം വിശേഷിപ്പിക്കുന്ന പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും സോവിയറ്റ് യൂണിയന്റെ സ്‌ത്രീശാക്തീകരണ പ്രയത്നങ്ങള്‍ മാതൃകയും പാഠപുസ്‌തകവുമായി. യു കെ, ഓസ്‌ട്രിയ, നോര്‍വെ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ബെല്‍ജിയം എന്നീ നാടുകളിലാണ് ആ വഴിക്കുള്ള നീക്കങ്ങളുണ്ടായത്. പക്ഷേ അവിടങ്ങളിലെല്ലാംതന്നെ 'കോസ്‌മെറ്റിക്' -തൊലിപ്പുറത്തുള്ളത്- എന്ന് വിളിക്കാവുന്ന ചായംപൂശലുകളേ നടന്നിട്ടുള്ളു. കാരണം ഈ നാടുകളെല്ലാം അടിസ്ഥാനപരമായി ക്യാപ്പിറ്റലിസ്‌റ്റ് വ്യവസ്ഥയുടെ വരുതിയിലാണ്. ആ വ്യവസ്ഥയാകട്ടെ പുരുഷാധിപത്യപരവും.

രണ്ടാം ലോകയുദ്ധം കത്തിയമര്‍ന്നപ്പോള്‍ പല രാഷ്‌ട്രീയ ഭൂപടങ്ങളും മാറ്റിവരയ്‌ക്കപ്പെടുന്ന അവസ്ഥയുണ്ടായി. കിഴക്കന്‍ യൂറോപ്പില്‍ ജനകീയ ജനാധിപത്യ സോഷ്യലിസ്‌റ്റ് ഭരണകൂടങ്ങള്‍ നിലവില്‍വന്നു: ഈസ്‌റ്റ് ജര്‍മനി, ഹംഗറി, പോളണ്ട്, ബള്‍ഗേറിയ, റൊമേനിയ, യുഗസ്ളോവിയ എന്നീ നാടുകളില്‍. അവിടെയൊക്കെ സ്‌ത്രീ സ്വാതന്ത്ര്യവും ലിംഗസമത്വവും പൂര്‍ണമായും അംഗീകരിക്കപ്പെട്ടു. വമ്പിച്ച വനിതാ മുന്നേറ്റത്തിനാണ് പൂര്‍വ യൂറോപ്പ് സാക്ഷ്യം വഹിച്ചത്. ലൈംഗിക വൈജാത്യമെന്നത് വെറും ജീവശാസ്‌ത്രപരമായ കാര്യമായി മാറി.

ലാറ്റിന്‍ അമേരിക്കന്‍ നാടുകളിലെ മര്‍ദിത വര്‍ഗപ്പോരാട്ടങ്ങളില്‍ പടച്ചട്ടയും തോക്കുമായി മുന്നിട്ടിറങ്ങിയവരാണ് അവിടത്തെ സ്‌ത്രീജനങ്ങള്‍: ക്യൂബയില്‍, ബൊളീവിയയില്‍, ചിലിയില്‍, നിക്കരാഗ്വയില്‍, ബ്രസീലില്‍, അര്‍ജന്റീനയില്‍, പെറുവില്‍, കൊളമ്പിയയില്‍, വെനിസുലയില്‍. ലാറ്റിന്‍ അമേരിക്കന്‍ ജനതയുടെ വിമോചന യുദ്ധങ്ങളില്‍ സ്‌ത്രീകള്‍ വഹിച്ച ഐതിഹാസികമായ പങ്കിനെ ചെഗുവേര മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. ക്യൂബയില്‍ സായുധ സോഷ്യലിസ്‌റ്റ് വിപ്ളവം വിജയകരമായി അവസാനിക്കുകയും ജനകീയ ഭരണകൂടം രൂപംകൊള്ളുകയും ചെയ്‌തപ്പോള്‍ ഫിദല്‍കാസ്‌ട്രോ ആദ്യം ചെയ്‌തത് എല്ലാ മേഖലകളിലും സ്‌ത്രീസമത്വം ഉറപ്പുവരുത്തുക എന്നതാണ്. അത് ഒരു 'ideological mandate’ - പ്രത്യയശാസ്‌ത്രപരമായ ആദേശം - ആണെന്ന് ഹവാനയില്‍ ചേര്‍ന്ന ജനപ്രതിനിധി സഭയില്‍ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്‌തു.

ദൂരപൌരസ്‌ത്യ ദേശങ്ങളില്‍ സ്‌ത്രീസ്വാതന്ത്ര്യനിഷേധം ഏറെ രൂക്ഷമായിരുന്നു, പ്രത്യേകിച്ച് പഴയ ചൈനയില്‍. പെണ്‍കുട്ടികളുടെ പാദങ്ങള്‍ വരിഞ്ഞുകെട്ടിവയ്‌ക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. ചെറിയ പാദങ്ങളാണ് ഭംഗി എന്ന പുരുഷ ധാരണയാണ് ഈ വഴക്കം സൃഷ്‌ടിച്ചത്. ഒരു ഭാര്യക്ക് നാല്പതു വയസ്സുകഴിഞ്ഞാല്‍ അവള്‍ സ്വന്തം ഭര്‍ത്താവിന് ചെറുപ്പക്കാരിയായ ഒരു കിടപ്പറക്കൂട്ടിനെ കണ്ടുപിടിച്ചു നല്‍കണമെന്ന ചിട്ടയും നിലനിന്നിരുന്നു (പേള്‍ എസ് ബെക്കിന്റെ വിശ്വവിഖ്യാതമായ 'ഗുഡ് എര്‍ത്ത്' എന്ന നോവലില്‍ ഇതു വിവരിക്കുന്നുണ്ട്). ഇന്ത്യയിലെന്നപോലെ പെണ്ണ് ആണിന്റെ ദാസി എന്ന സങ്കല്പം ചൈനയിലും നിലനിന്നിരുന്നു. പൊതുസമൂഹത്തില്‍ തിണ്ണ അനുവദിച്ചിരുന്നത് ഉപരിവര്‍ഗത്തിലെ പൊന്നും പണവുമുള്ള പെണ്ണുങ്ങള്‍ക്കു മാത്രമായിരുന്നു. ജനകീയ ചൈന പുലര്‍ന്നപ്പോഴാണ് പെണ്‍മുക്തി ഒരു യാഥാര്‍ഥ്യമായത്. ലിംഗപരമായ എല്ലാ വിവേചനങ്ങള്‍ക്കും ചെയര്‍മാന്‍ മാവോ വിരാമമിട്ടു. സോവിയറ്റ് റഷ്യയിലെന്നപോലെ പീപ്പിള്‍സ് ചൈനയിലും സ്‌ത്രീ-പുരുഷ തുല്യത എല്ലാ കര്‍മമുഖങ്ങളിലും നടപ്പായി. ആണിനും പെണ്ണിനും ഒരേ തൊഴില്‍ക്കുപ്പായം (Work gown) എന്ന മാവോയുടെ ആശയം തീര്‍ത്തും വിപ്ളവകരമായിരുന്നു.

വിയത്‌നാമിലുമുണ്ടായി ഗംഭീരമായ സ്‌ത്രീപക്ഷ മുന്നേറ്റം. ആദ്യം ഫ്രഞ്ച് കൊളോണിയല്‍ വാഴ്‌ചക്കെതിരായും പിന്നീട് തെക്കന്‍വിയറ്റ്നാമില്‍ താവളമടിച്ച അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായും സഖാവ് ഹോചിമിന്‍ നടത്തിയ നീണ്ട യുദ്ധവും പുളകകാരിയായ ചെറുത്തുനില്‍പ്പും ലോകചരിത്രത്തിന്റെ ചുവന്ന ഏടുകളാണ്. സ്‌ത്രീശക്തിയില്‍, സ്‌ത്രീ മോചനത്തില്‍ ഉറച്ചു വിശ്വസിച്ചിരുന്ന പടത്തലവനായിരുന്നു ഹോ. പാടത്തു പണിയെടുക്കുന്ന നാട്ടുപെണ്ണുങ്ങള്‍ക്കു അദ്ദേഹം തന്റെ പട്ടാളത്തില്‍ പ്രവേശനം നല്‍കി. പല തിളയ്‌ക്കുന്ന സമരമുഖങ്ങളിലും ആണ്‍പടയാളികളോടൊപ്പം പെണ്‍പുലികളുമുണ്ടായിരുന്നു. മോചിത വിയത്‌നാം കാഴ്‌ചവച്ചത് പെണ്‍നവോത്ഥാനത്തിന്റെ ആവേശകരമായ കഥയത്രെ.

സെക്‌സ് ബോംബുകളെ ഉത്പാദിപ്പിക്കുന്ന, പെണ്‍ശരീരത്തെ, സ്‌ത്രീസൌന്ദര്യത്തെ, സ്‌ത്രൈണചേഷ്‌ടകളെ, പല മട്ടില്‍ വിപണനവത്കരിക്കുകയും മലീമസമാക്കുകയും ചെയ്യുന്ന, പില്‍ക്കാല മുതലാളിത്ത വ്യവസ്ഥയുടെ അഥര്‍വ വേദാന്തത്തിന് മാന്യതയും സ്വീകാര്യതയും അതിഥിപീഠവും ഒരു പച്ചച്ചിരിയോടെ അനുവദിക്കുകയാണ് വര്‍ത്തമാന സമൂഹം ചെയ്യുന്നത്. സൌന്ദര്യറാണി മത്സരങ്ങളും ഫാഷന്‍ ഷോകളും അനാവരണത്തിന്റെ ആഭാസങ്ങളും നിത്യേനയെന്നോണം നടക്കുന്നു. ഇതിനെതിരായ സിംഹിക ഗര്‍ജനങ്ങള്‍ വളരെ വിരളമായേ കേള്‍ക്കുന്നുള്ളു. സ്‌ത്രീസംഘങ്ങള്‍തന്നെ പല സ്വത്വമലിനീകരണങ്ങളോടും സന്ധിചെയ്യുന്നു. പിന്നില്‍നിന്നു തോണ്ടുന്ന വഷളന്റെ വൃത്തികെട്ട മോന്തക്ക് മുഷ്‌ടി ചുരുട്ടിയടിക്കാന്‍ പണ്ടുണ്ടായിരുന്ന തന്റേടം ഇപ്പോള്‍ ചോര്‍ന്നുപോവുന്നുണ്ടോ എന്നു സംശയം. പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല. അത് മറക്കരുത്.

*****

വി സുകുമാരന്‍

11 December, 2010

ചൈനയില്‍ നിന്നും എന്ത് പഠിക്കാം?

ദാരിദ്ര്യം, ദരിദ്രരുടെ എണ്ണം എന്നിവ കൃത്യമായി നിര്‍വചിക്കാനോ തിട്ടപ്പെടുത്താനോ എളുപ്പമല്ല. ഇന്ത്യയില്‍ ഇതിന് ശ്രമം തുടങ്ങിയത് ഏതാണ്ട് 40-45 വര്‍ഷം മുമ്പാണ്. പ്രതിശീര്‍ഷ ഉപഭോഗ ചെലവ്, വരുമാനം, കലോറി ഉപഭോഗം എന്നിവ കണക്കിലെടുത്ത് ജനസംഖ്യയുടെ നിശ്ചിത ശതമാനം വരുന്നവര്‍ ദരിദ്രരാണെന്ന് സ്ഥിതി വിവരകണക്കുകള്‍ പുറത്തു വന്നു. ദാരിദ്ര്യ രേഖയ്ക്ക് നിര്‍വചനം ഉണ്ടായി. ആ രേഖയ്ക്ക് താഴേയും മുകളിലുമായി ജനസംഖ്യ വിഭജിക്കപ്പെട്ടു. ദാരിദ്ര്യം എന്ന വിഷയത്തിനെക്കുറിച്ച് സാമൂഹ്യ സാമ്പത്തിക ശാസ്ത്ര ഗവേഷകര്‍ അവരുടെ പഠനങ്ങളുമായി രംഗത്തുവന്നു. ഇതിന്റെയൊക്കെ വെളിച്ചത്തില്‍ ഭരണകൂടം ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി. പൊതു ഖജനാവില്‍ നിന്നും കോടികള്‍ അവയ്ക്കായി ചെലവഴിച്ചു. ഇതൊക്കെ ആയിട്ടും ഇന്ത്യയ്ക്ക് ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ വിജയം കണ്ടെത്താനായില്ല. അര്‍ജുന്‍സെന്‍ ഗുപ്ത തയ്യാറാക്കിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയില്‍ 77 ശതമാനം വരുന്നവര്‍ ശരാശരി 20 രൂപകൊണ്ട് ഒരു ദിവസം കഴിച്ചുകൂട്ടാന്‍ വിഷമിക്കുന്നവരാണ്. വേള്‍ഡ് ഹംഗര്‍ റിപ്പോര്‍ട്ടനുസരിച്ച് പട്ടിണികിടക്കുന്നവരുടെ എണ്ണവും ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്.

ദാരിദ്ര്യം എന്നത് മുതലാളിത്ത വ്യവസ്ഥിതിയുടെ മുഖമുദ്രയാണ്. അതെങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്ന് മാര്‍ക്‌സും ഏംഗല്‍സും വിവരിക്കുന്നുണ്ട്. ദാരിദ്ര്യം ഇല്ലാത്ത ഒരു വ്യവസ്ഥിതിയാണ് സോഷ്യലിസം ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ സോഷ്യലിസം പ്രിയമുള്ളതാകുന്നു. എന്നാല്‍ ശുദ്ധ സോഷ്യലിസ്റ്റ് വ്യവസ്ഥിതി ലോകത്ത് ഒരു രാജ്യത്തും നിലവില്‍ വന്നിട്ടില്ല എന്നു വേണം പറയാന്‍. എങ്കിലും കമ്മ്യൂണിസ്റ്റ് ചൈന അത്തരത്തിലുള്ള ഒരു ശുദ്ധ സോഷ്യലിസ്റ്റ് വ്യവസ്ഥിതി സ്ഥാപിക്കുമെന്ന് അവകാശപ്പെടുന്നു. അതിന് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിപണി സോഷ്യലിസവും അതിന്റെ അവിഭാജ്യ ഘടകമായ സാമ്പത്തിക പരിഷ്‌ക്കാരങ്ങളും ഉപകരിക്കുമെന്ന് ചൈനയുടെ ഭരണകൂടവും പാര്‍ട്ടിയും വിശ്വസിക്കുന്നു.

ചെയര്‍മാന്‍ മാവോയുടെ കാലത്ത് തന്നെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ചൈനയുടെ സാമൂഹ്യ ഘടനയ്ക്കും സംസ്‌കാരത്തിനും ജീവിത രീതിക്കും യോജിക്കുന്ന നടപടികള്‍ പാര്‍ട്ടിയുടെ നേതൃത്വ സഹായത്തോടെ ഭരണകൂടം തയ്യാറാക്കി. എന്നാല്‍ പില്‍ക്കാലത്തുണ്ടായ കള്‍ച്ചറല്‍ റവല്യൂഷന്‍ കാലത്ത് പ്രവര്‍ത്തനങ്ങള്‍ കുറച്ച് പിന്നോട്ടുപോയി. 1978 ആയതോടുകൂടി 250 ദശലക്ഷം ചൈനക്കാര്‍ കടുത്ത ദാരിദ്ര്യത്തെ മുഖാമുഖം കണ്ടിരുന്നു. 1978 നുശേഷമാണ് സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്ക് തുടക്കമായത്. ഉയര്‍ന്നതും വേഗതയിലുമുള്ള സാമ്പത്തിക വളര്‍ച്ച സൃഷ്ടിച്ചാലേ ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാകൂ എന്ന് ഭരണകൂടം വിശ്വസിച്ചു. ഇതിന് സാമൂഹ്യ ഉല്‍പാദനക്ഷമത ഉയര്‍ത്തണം. ഇതിനുള്ള പ്രത്യേക നടപടികളും തുടങ്ങി. 1980-2010 കാലത്ത് പ്രതിശീര്‍ഷ ജീവിതനിലവാരം എട്ടു മടങ്ങ് വര്‍ധിച്ചു. 1980 ല്‍ തന്നെ ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികള്‍ക്ക് ചൈന ചെലവിട്ടത് നാല് ബില്യണ്‍ യുവാനാണ്. തൊഴില്‍ സൃഷ്ടിക്കാനാണ് മുന്തിയ മുന്‍ഗണന നല്‍കിയത്. കൂടാതെ ഒമ്പത് വര്‍ഷത്തെ നിര്‍ബന്ധിത വിദ്യാഭ്യാസവും നടപ്പിലാക്കി. ആരോഗ്യ പരിരക്ഷയ്ക്കും, സാമൂഹ്യ പരിരക്ഷയ്ക്കും മുന്‍ഗണന നല്‍കി. ശരാശരി ചൈനാക്കാരന്റെ ആയുര്‍ദൈര്‍ഘ്യം 73 ആയി. 1978 നുശേഷം ശിശു മരണനിരക്ക് 56 ശതമാനം കണ്ട് കുറഞ്ഞ് 15.3 ല്‍ എത്തി. അതുപോലെതന്നെ മാതൃ മരണനിരക്കും കുത്തനെകുറഞ്ഞു.

ഇതൊക്കെയാണെങ്കിലും ചൈനയുടെ ചില പ്രദേശങ്ങളില്‍ ഈ മാറ്റങ്ങള്‍ ഉണ്ടായില്ല. ഈ പ്രദേശങ്ങളിലാണ് എത്‌നിക്ക് ന്യൂനപക്ഷങ്ങള്‍ ജീവിക്കുന്നത്. ടിബറ്റ് ഏറ്റവും നല്ല ഉദാഹരണമാണിത്. ഫ്യൂഡല്‍ ചൂഷണത്തിനും അടിമത്വത്തിനും ഇരയായിട്ടുള്ളവരാണ് ഈ ന്യൂനപക്ഷങ്ങള്‍ അധിവസിക്കുന്ന പ്രവിശ്യകള്‍ (പ്രദേശങ്ങള്‍). ഈ പ്രവിശ്യകളുടെ പ്രശ്‌നങ്ങള്‍ ചൈനീസ് ഭരണകൂടത്തിനും പാര്‍ട്ടിക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്.

ആഗോള സാമ്പത്തിക തകര്‍ച്ചയും മാന്ദ്യവും അമേരിക്കപോലുള്ള വന്‍കിട സമ്പന്ന രാജ്യങ്ങളെ അടിപ്പെടുത്തിയ അവസരത്തില്‍ ചൈനയില്‍ അതിന്റെ പ്രതിഫലനം ഉണ്ടായില്ല. വിപണി സോഷ്യലിസത്തിന്റെയും സാമ്പത്തിക പരിഷ്‌കാരങ്ങളുടേയും സോഷ്യലിസത്തിന്റേയും ഭാഗമായി സമ്പദ് വ്യവസ്ഥ തുറന്നിടുന്നതില്‍ ചൈന സംയമനവും വിവേചനവും കാട്ടിയതുകൊണ്ടാണ് ഈ വേറിട്ട അനുഭവം ഉണ്ടായത്. എന്നാല്‍ ദാരിദ്ര്യ നിര്‍മാര്‍ജന നടപടികള്‍ക്കുണ്ടായിരുന്ന ഉണര്‍വ് നഷ്ടപ്പെട്ടു. ഇതിന് പുറമേ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയുടെ ഫലമായി ഗ്രാമ-നഗര തലത്തിലെ അസന്തുലിതാവസ്ഥ രൂക്ഷമായതായി ഭരണകൂടം തന്നെ സമ്മതിച്ചു. ഗ്രാമതലത്തില്‍ നിന്നും നഗരപ്രദേശങ്ങളിലേയ്ക്കുള്ള കുടിയേറ്റം നിരുത്സാഹപ്പെടുത്താന്‍ നിയന്ത്രണ നടപടികളെടുക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമായി.

സമ്പദ് വ്യവസ്ഥ തുറന്നിടുന്നതില്‍ സംയമനവും വിവേചനവും ചൈന കാട്ടിയെന്ന് നേരത്തെ സൂചിപ്പിക്കുകയുണ്ടായി. തുറന്നിടലില്‍ ഏറ്റവും പ്രധാനം വിദേശ മൂലധന നിക്ഷേപം ഒഴുകിയെത്തുന്നതിനുള്ള നിയന്ത്രിത സ്വാതന്ത്ര്യമാണ്. ഏതൊക്കെ മേഖലകളിലാണ് വിദേശമൂലധന നിക്ഷേപം ചൈനയുടെ സമ്പദ് ഘടനയ്ക്ക് ആവശ്യം എന്ന് പാര്‍ട്ടിയും ഭരണകൂടവും തീരുമാനിക്കുന്നു. അതുമാത്രമേ അനുവദിക്കുകയുള്ളൂ. ഇന്ത്യയുടെ നയം ഇതില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. ഈയിടയ്ക്ക് വന്ന ഒരു റിപ്പോര്‍ട്ടനുസരിച്ച് ബോംബെയിലെ ഓഹരി കമ്പോളത്തിലെ ആകെ നിക്ഷേപത്തിന്റെ പകുതിയിലേറെ വിദേശ നിക്ഷേപ ഏജന്‍സികളുടെ കൈവശമാണ്. ചൈന ഡബ്ല്യു ടി ഒയിലും അംഗമായി ചേര്‍ന്നു. താരിഫുകള്‍ ശരാശരി പത്ത് ശതമാനമായി കുറഞ്ഞു. മാനുഫാക്ചറിംഗ് ചരക്കുകളുടെ കാര്യത്തില്‍ താരിഫ് അഞ്ച് ശതമാനമായി കുറഞ്ഞു. പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്) സ്ഥാപിക്കുന്നതിലും ചൈന ലോഭം കാണിച്ചില്ല. ഇതൊക്കെ ആയിട്ടും ദാരിദ്ര്യനിര്‍മാര്‍ജനം ചൈനയില്‍ അതിവേഗത്തില്‍ നടക്കുകയാണ്. ശരാശരി ചൈനക്കാരുടെ മുഖത്ത് ഇത് പ്രതിഫലിക്കുന്നുണ്ട്. പോഷകാഹാരം വസ്ത്രധാരണം, വിദ്യാഭ്യാസം, തൊഴില്‍ വൈദഗ്ധ്യം, ഉല്‍പാദന ക്ഷമത, ആരോഗ്യ പരിപാലനം എന്നീ ഓരോ ഘടകങ്ങളിലും കാര്യമായ മെച്ചം പ്രകടമാണ്. ഇത്തരത്തിലുള്ള ഒരു മാറ്റം, അല്ലെങ്കില്‍ മെച്ചം ഇന്ത്യയില്‍ കാണാനില്ല എന്നതാണ് നമ്മുടെ ദുഃഖം.

ചൈനയുടെ ഭൂനയം പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നു. എല്ലാ നാട്ടിലും വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് തര്‍ക്കവിഷയമാണ്. ചൈനയില്‍ ഗ്രാമപ്രദേശങ്ങളിലെ ഭൂമി, പ്രത്യേകിച്ചും കൃഷി യോഗ്യമായ ഭൂമി വില്‍ക്കാനോ, പണയപ്പെടുത്താനോ അവകാശമില്ല. മറിച്ച് നഗരഭൂമിയാണെങ്കില്‍ ഉടമയ്ക്ക് അത് വില്‍ക്കാനും പണയപ്പെടുത്താനും കൈമാറ്റം ചെയ്യാനും സ്വാതന്ത്ര്യമുണ്ട്. ഗ്രാമത്തിനും നഗരത്തിനും പരസ്പരം തൊട്ടുകിടക്കുന്ന ഭൂമിയുടെ കാര്യത്തില്‍ ഒരു പ്രത്യേകത ചൈനയിലുണ്ട്. അത്തരം ഭൂമിയുടെ ഉപയോഗിക്കാനുള്ള അവകാശം ചൈനയില്‍ ലേലം ചെയ്ത് കിട്ടുന്ന തുക സ്റ്റേറ്റിന്റെ ബജറ്റില്‍ പ്രത്യേക ഫണ്ടായി സൂക്ഷിക്കുന്നു. ഈ നടപടി വഴി ഭൂമിയുടെ പേരിലുണ്ടാകുന്ന ഊഹക്കച്ചവടം ഇല്ലാതാകുന്നു.

ചൈനയില്‍ ഫിസ്‌ക്കല്‍ പ്രസ്ഥാനം വളരെ വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ധാരാളം അവകാശങ്ങളും ചുമതലകളും കേന്ദ്ര ഭരണകൂടം നല്‍കിയിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അവരുടെ പ്രദേശത്തെ ജനങ്ങള്‍ക്ക് വേണ്ട പൊതുസേവനങ്ങളൊക്കെ അവ തന്നെ സംഭരിക്കുന്ന നികുതി വരുമാനം കൊണ്ട് നടത്തണമെന്നാണ് വ്യവസ്ഥ. ചൈനയില്‍ 50 ശതമാനത്തിലേറെ പൊതു ചെലവുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് നടത്തുക. സാമൂഹ്യ പരിരക്ഷ, നിയമ-ന്യായ നടപടികള്‍ തുടങ്ങി സ്ഥിതി വിവരക്കണക്ക് ശേഖരിക്കുന്നത് വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിലാണ് ചൈനയില്‍ നടക്കുന്നത്. ചൈനയിലെ പ്രവിശ്യകള്‍ക്കിടയില്‍ വികസനം, വരുമാന വിതരണം, തൊഴില്‍ സൃഷ്ടി എന്നിവയില്‍ കണ്ടുവരുന്ന അസമത്വവും അസന്തുലിതാവസ്ഥയും ദാരിദ്ര്യത്തിന്റെ നിലവാരത്തിലും കണ്ടുവരുന്നു. വളരെ സമ്പന്നമായ പ്രവിശ്യകളിലെ പ്രതിശീര്‍ഷ വരുമാനം താഴെക്കിടയിലുള്ള പ്രവിശ്യകളിലുള്ളതിനേക്കാള്‍ എട്ടിരട്ടിയാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഈ കടുത്ത അന്തരം തദ്ദേശ ഭരണകൂടങ്ങളുടെ പ്രവര്‍ത്തനത്തിന്റെ അസന്തുലിതാവസ്ഥയാണ് കാണിക്കുന്നത്. ഇതിന്റെ ഫലമായി ദരിദ്രരുടെ സംഖ്യയിലും പ്രവിശ്യകള്‍ക്കിടയില്‍ വലിയ അന്തരം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ചില പ്രവിശ്യകളിലെ ജനങ്ങള്‍ അസന്തുഷ്ടരാണ്. അത് കേന്ദ്ര ഭരണകൂടത്തിന് കടുത്ത തലവേദന സൃഷ്ടിക്കുന്നുമുണ്ട്.

ഏതായാലും സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച നയങ്ങള്‍, ദാരിദ്ര്യ നിര്‍മാര്‍ജന നയങ്ങള്‍ എന്നീ കാര്യങ്ങളില്‍ ചൈനയുടെ സമീപനം ഇന്ത്യ ശ്രദ്ധിച്ച് പഠിക്കേണ്ടതുണ്ട്. ഇന്ത്യയേക്കാളും പിന്നോക്കാവസ്ഥയിലായിരുന്ന ചൈന ഇന്ന് അമേരിക്ക പോലും ബഹുമാനിക്കുന്ന ഒന്നായി തീര്‍ന്നിരിക്കുന്നു. ഇതെങ്ങനെ ഉണ്ടായി എന്ന് ഇന്ത്യയും പഠിക്കേണ്ടതാണ്.

*****

പ്രഫ. കെ രാമചന്ദ്രന്‍ നായര്‍

27 November, 2010

വലതുമുന്നണിക്ക് പ്രത്യയശാസ്ത്രമില്ലേ?

കേരളത്തിലെ യുഡിഎഫിന് പ്രത്യയശാസ്ത്രത്തിന്റെ അഭാവമോ ദാരിദ്ര്യമോ ഉണ്ടെന്ന് ഡോ. എം ജി എസ് നാരായണന്‍ കണ്ടുപിടിച്ചിരിക്കുന്നു. നവംബര്‍ 16ലെ മലയാള മനോരമ ദിനപത്രത്തില്‍ "ജനാധിപത്യമുന്നണിക്കും വേണം ഒരു പ്രത്യയശാസ്ത്രം'' എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ലേഖനത്തിലാണ് ഈ ചരിത്ര അധ്യാപകന്‍ തന്റെ വിജ്ഞാന ദാരിദ്ര്യം വിളമ്പിയിരിക്കുന്നത്. താമര വിടര്‍ന്നിരുന്ന സന്ദര്‍ഭങ്ങളില്‍ കാവിയില്‍ അഭിരമിക്കുകയും അതിന്റെ ഭാഗമായി നേട്ടങ്ങള്‍ അനുഭവിക്കുകയും ചെയ്തിരുന്ന ഡോ. എം ജി എസ് നാരായണന് ഇപ്പോള്‍ ഹിന്ദു രാഷ്ട്രവാദത്തോട് പഴയ കമ്പം കാണുന്നില്ല. സെക്കുലറിസം മാനിക്കപ്പെടണമെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിനുണ്ടായ തിരിച്ചറിവ്. യുഡിഎഫ് നേതാക്കള്‍ക്ക് ബുദ്ധിയുണ്ടോ എന്ന നേരിയ സംശയം പോലുമില്ലാതെ മനോരമയുടെ താളുകളിലൂടെ എം ജി എസ് തന്റെ ചിന്താഭാരം ഒന്നൊന്നായി ഇറക്കിവെക്കുമ്പോള്‍ ഇപ്പോള്‍ സൌജന്യമാണെങ്കിലും ഭാവിയില്‍ എന്തു വിലയാണ് നല്‍കേണ്ടിവരുക എന്ന ആശങ്ക വലതുപക്ഷത്തെ ആസ്ഥാന ബുദ്ധിജീവികള്‍ക്കു തോന്നും. കാവിപക്ഷത്തിന് ഇനി ആരു ബുദ്ധി പകരുമെന്നേ കണ്ടറിയാനുള്ളൂ.

ഇടതുപക്ഷത്തെപ്പറ്റിയുള്ള അപവാദകഥകള്‍ക്കുമേലാണ് എം ജി എസിന്റെ പ്രത്യയശാസ്ത്ര ചിന്തകള്‍ ആരംഭിക്കുന്നത്. "ഇടതെന്ന് വിളിക്കപ്പെടുന്നവര്‍ അധികാരത്തിന്റെയും, സമ്പത്തിന്റെയും, സ്വാധീനത്തിന്റെയും കൊടിമുടിയില്‍ കയറിയെന്നും ഏറ്റവും വലിയ പണക്കാരും അഴിമതിക്കാരുമായി മാറിയെന്നും തീവ്രവാദികളുമായി കൂട്ടുകൂടി''യെന്നുമൊക്കെയാണ് ലേഖനത്തില്‍ പുലമ്പുന്നത്. ഇടതുപക്ഷം സര്‍ക്കാരിലും അല്ലാതെയുമായി കേരളത്തിനു ചെയ്ത അനവധി സേവനങ്ങളെ ഓര്‍മിക്കുകപോലും ചെയ്യാത്ത ഒരാള്‍ മലയാളിയാണോ? ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കേസുകള്‍ ഒന്നൊന്നായി പുറത്തുവരികയും കോണ്‍ഗ്രസിന്റെ പങ്ക് പല തവണ തുറന്നുകാട്ടപ്പെടുകയും ചെയ്യുമ്പോഴാണ് അഴിമതിയുടെ ആടയാഭരണങ്ങള്‍ ചാര്‍ത്തി ഇടതിനെ മോശമാക്കാന്‍ എം ജി എസ് ശ്രമിക്കുന്നത്. ചെറുകാര്‍ നിര്‍മാതാവായ രത്തന്‍ ടാറ്റയോട്, ആഭ്യന്തര വിമാന ഏജന്‍സി നടത്താന്‍ ലൈസന്‍സിന് ഒരു കേന്ദ്രമന്ത്രി 15 കോടി രൂപാ നേരിട്ട് കോഴ ചോദിച്ച വാര്‍ത്തയും ഇതേ തീയതിയിലെ മനോരമയിലുണ്ട്. താന്‍ പ്രത്യയശാസ്ത്രമുണ്ടാക്കാന്‍ നടക്കുന്ന കോണ്‍ഗ്രസ്സാണ് അഴിമതിയുടെ കൂടെന്ന് തിരിച്ചറിയാനാകാത്ത ഈ ബുദ്ധിജീവി, വലതുപക്ഷത്തിന്റെ അടിമയോ, തടവറയില്‍ കഴിയുന്ന വ്യക്തിയോ ആണെന്ന് വ്യക്തമാകുന്നു.

പാര്‍ലമെന്ററി ജനാധിപത്യം, സ്ത്രീവാദം, വ്യാവസായികാടിത്തറയുള്ള വികസനവാദം ഇവയൊന്നും ഇടതുപക്ഷത്തിന്റെ മനസ്സില്‍ പതിഞ്ഞിരുന്നില്ല എന്നാണ് മറ്റൊരു കണ്ടുപിടുത്തം. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് പാര്‍ലമെന്ററി ജനാധിപത്യത്തെ അട്ടിമറിച്ച ചരിത്രമുള്ള കോണ്‍ഗ്രസ്സിനെ ലേഖകന്‍ വിശുദ്ധയുടെ പരിവേഷമണിയിക്കുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം അന്‍പതു ശതമാനമാക്കി ഉയര്‍ത്തിയ ഇടതുപക്ഷത്തെയാണ് എം ജി എസ് സ്ത്രീവാദം പഠിപ്പിക്കുന്നത്.

"ഇപ്പോള്‍ തോറ്റു നിലംപതിച്ച കൂട്ടര്‍ക്ക് ഒരു പ്രത്യയശാസ്ത്രം ഉണ്ടായിരുന്നു എന്നും അതാണ് ഇടതുപക്ഷത്തിന്റെ കരുത്തായിരുന്നതെന്നും ഓര്‍മിപ്പിച്ചുകൊണ്ടാണ് വലതുപക്ഷ മുന്നണിക്ക് ഒരു മാനിഫെസ്റ്റോ എം ജി എസ് എഴുതുന്നത്. "മാര്‍ക്സിസ്റ്റുകളും മാവോയിസ്റ്റുകളും'' വിപ്ളവത്തിന്റെ പേരില്‍ ബലപ്രയോഗത്തെ സാധൂകരിക്കുന്നതായാണ് എം ജി എസ് ചിത്രീകരിക്കുന്നത്. ഇന്ത്യയിലെ മാവോയിസ്റ്റുകളുമായി ചൈനയിലെ മാവോ ചിന്തക്കോ മാര്‍ക്സിസത്തിനോ യാതൊരു ബന്ധവും സാമ്യവുമില്ല. ലോകചരിത്രത്തില്‍ വിപ്ളവത്തിന്റെ പേരില്‍ ആദ്യം ബലപ്രയോഗം നടത്തിയത് കമ്യൂണിസ്റ്റുകാരുമല്ല. 1789ലെ ഫ്രഞ്ചുവിപ്ളവം മാര്‍ക്സിസ്റ്റുകാരുടേതായിരുന്നില്ലല്ലോ. അതില്‍ ബലപ്രയോഗവും ഉണ്ടായിരുന്നു. ജനാധിപത്യത്തിന്റെ മൂലതത്വങ്ങള്‍ ജന്മംകൊണ്ടതവിടെനിന്നാണ്. സ്വാതന്ത്യ്രവും സമത്വവും സാഹോദര്യവും മുദ്രാവാക്യങ്ങളായുര്‍ന്നതവിടെ നിന്നാണ്. ഇതൊന്നുമറിയാത്ത എം ജി എസ് ഏതു കോളേജിലാണ് പഠിപ്പിച്ചത് എന്നല്ല പഠിച്ചത് എന്നാണ് മാലോകര്‍ക്ക് സംശയം. ഇറാക്കിലെ അമേരിക്കന്‍ അധിനിവേശത്തെ എതിര്‍ക്കാത്ത കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം ഏതു ഗാന്ധിയുടേതാണെന്നുകൂടി, ഗാന്ധിജിയെക്കുറിച്ച് എഴുതുന്ന എം ജി എസ് പറഞ്ഞുതരണം.

ജനാധിപത്യം എന്നാല്‍ എന്താണ് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടാണ് പ്രത്യയശാസ്ത്രത്തില്‍ സ്ഥാനം പിടിക്കേണ്ടതെന്ന് എം ജി എസ് ഉദ്ബോധിപ്പിക്കുന്നു. എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നതാണ് ആഹാരത്തിന്റെ മേഖലയിലെ ജനാധിപത്യം. എല്ലാവര്‍ക്കും വീട് ലഭിച്ചാല്‍ അത് പാര്‍പ്പിടമേഖലയിലെ ജനാധിപത്യമാണ്. വിദ്യാഭ്യാസവും, ആരോഗ്യവും തൊഴിലും എല്ലാവര്‍ക്കും ലഭിച്ചാലേ അത് പൂര്‍ണ്ണ ജനാധിപത്യമാകൂ. ഇതൊന്നും ഭരണകൂടത്തിന്റെ ചുമതലയല്ല എന്ന കൃത്യമായ വലതുപക്ഷ പ്രത്യയശാസ്ത്രമാണ് കോണ്‍ഗ്രസ്സിനുള്ളത്. 2001ലെ ആന്റണി സര്‍ക്കാര്‍ ആശുപത്രി തകര്‍ത്തതും, സ്കൂള്‍ പൂട്ടിയതും അതുകൊണ്ടാണ്. ഇന്നത്തെ സര്‍ക്കാര്‍ സ്കൂളും ആശുപത്രിയും പൊതുമേഖലാ സ്ഥാപനങ്ങളും നന്നാക്കിയതും, എല്ലാവര്‍ക്കും വീട് നല്‍കുന്നതും ജനാധിപത്യത്തിന്റെ ഇടതുപക്ഷ പ്രയോഗ മികവുകൊണ്ടാണ്. ഇതൊക്കെ തിരിച്ചറിയാത്ത 'നിഷ്കളങ്ക'നാണ് ഡോ. എം ജി എസ് നാരായണനെന്ന് കേരള ജനതയ്ക്ക് തെറ്റിദ്ധാരണയില്ലെങ്കിലും, കണ്ണടച്ചു പാലു കുടിക്കുന്ന പൂച്ചയുടെ ബുദ്ധി ഡോക്ടര്‍ പുറത്തെടുത്തത് ബാലിശമായി എന്നു പറയാതെ വയ്യ.

"പുതിയ പ്രത്യയശാസ്ത്രത്തിന്റെ മൂന്നാമത്തെ ഘടകം സാര്‍വ്വലൌകിക മതബോധമാണ്' എന്ന് ഡോ. എം ജി എസ് നിഷ്കര്‍ഷിക്കുന്നു. അങ്ങനെയൊരു സാധനമുണ്ടോ. "സാര്‍വ്വലൌകിക മതബോധം'' എന്നൊരു കാല്‍പനിക പദാവലിയില്‍ മതങ്ങള്‍ തമ്മില്‍ ആശയത്തിലും പ്രയോഗത്തിലുമുള്ള അന്തരങ്ങള്‍ മറച്ചുവെക്കാനാകില്ല. മതങ്ങള്‍ തമ്മിലുള്ള സഹകരണം പോലും അസാധ്യമാക്കുന്ന വാഷിംഗ്ടണ്‍ തിയറിപോലുള്ള പല പ്രത്യയശാസ്ത്രങ്ങള്‍ ഉറക്കെപ്പറയുന്ന ഒരു ലോകത്താണ് സങ്കീര്‍ണ്ണമായ മത പ്രശ്നത്തെ അതിലളിതവല്‍ക്കരണത്തിലൂടെ ലേഖകന്‍ പരിഹാരം കണ്ടെന്നു നടിക്കുന്നത്. ഹിന്ദുരാഷ്ട്രവാദവും ഇസ്ളാമിക രാഷ്ട്ര സങ്കല്‍പവും സിക്കു രാഷ്ട്രമോഹവും, ക്രൈസ്തവ ലോക ആധിപത്യവും തങ്ങളുടെ അജണ്ടകളായി രഹസ്യമല്ലാതെ സൂക്ഷിച്ചുവരുന്ന മതനേതൃത്വങ്ങള്‍ ലോകമാകമാനം ശക്തിപ്പെടുമ്പോള്‍ ഇവിടെ കേരളത്തിലേക്കു മാത്രമായി യുഡിഎഫിന് ഒരു പ്രത്യയശാസ്ത്രം നിര്‍മിക്കാനാകുമോ? ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ശ്രീ നാരായണഗുരു ദേവന്‍ പറഞ്ഞത് ആവര്‍ത്തിച്ച് ഒന്നുറക്കെ പറയാന്‍ തയ്യാറാകുന്ന എത്ര ഘടകകക്ഷികള്‍ യുഡിഎഫിലുണ്ട് എന്ന് അറിയാനെങ്കിലും എം ജി എസ് മിനക്കെടണമായിരുന്നു.

നാലാമത്തെ ഘടകം ശാസ്ത്രബോധമാണെന്ന് എഴുതുന്ന ലേഖകന്‍ ഇക്കാര്യത്തില്‍ ഇടതുപക്ഷം വളരെ പിന്നിലാണെന്ന് എഴുതുമ്പോഴാണ് അറിവില്ലായ്മ എത്രയേറെയാണെന്ന് പുറത്താകുന്നത്. യൂറി ഗഗാറിന്റെ സോവിയറ്റ് യൂണിയനെപ്പറ്റി മറക്കാം. ഗാങ്ഷുവില്‍ ചൈനീസ് വസന്തം നിറഞ്ഞാടുമ്പോള്‍ ശാസ്ത്രമേഖലയില്‍ ആ കമ്യൂണിസ്റ്റ് രാജ്യം നേടിയ നേട്ടങ്ങള്‍ കണ്‍തുറന്ന് ലോകം കാണുകയാണ്. അതിനുനടുവിലും, ഇടതുപക്ഷം ശാസ്ത്രവിരുദ്ധമാണെന്നൊക്കെ പറയുന്നവരോട് സഹതപിക്കുക. മുതലാളിത്ത ലോകത്ത് യുദ്ധമാണ്, സമാധാനമല്ല, ശാസ്ത്രത്തെ വളര്‍ത്തുകയെന്ന് അമേരിക്ക ആറ്റംബോംബ് കണ്ടുപിടിച്ചതില്‍നിന്നും ആര്‍ക്കുമറിയാവുന്ന സത്യമാണ്. ചൂഷണത്തിന്റെയും യുദ്ധത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും, പ്രത്യയശാസ്ത്രമാണ് യുഡിഎഫിനെ നയിക്കുന്നത്. അത് തുറന്നു പറയാന്‍ കോണ്‍ഗ്രസ്സിനോ, യുഡിഎഫിനോ ധൈര്യമില്ല. അതിനുപകരം ആളെപ്പറ്റിക്കാനാണ് ആം ആദ്മിയെന്നുമൊക്കെയുള്ള നാട്യങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നത്. ഇടതുപക്ഷത്തോട് മല്‍സരിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ തങ്ങളുടെ പ്രത്യയശാസ്ത്രമെന്തെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കട്ടെ. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴില്‍നയങ്ങള്‍ക്കെതിരെ പണിമുടക്കിനിറങ്ങിയ ഐഎന്‍ടിയുസിക്കാരോട് ചോദിച്ചാല്‍ വലതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രമെന്തെന്ന് എം ജി എസ്സിന് തിരിച്ചറിയാനാകും.

*
അഡ്വ. കെ അനില്‍കുമാര്‍ കടപ്പാട് : ചിന്ത വാരിക

03 November, 2010

ഒഞ്ചിയത്തെ യഥാർത്ഥ കമ്യൂണിസ്റ്റുകാർ

പിട‍ഞ്ഞുതീരുന്ന പ്രാണന്‍ അല്‍പനേരത്തേയ്ക്ക് പിടിച്ചു നിര്‍ത്തിയാണ് ചോരയില്‍ കൈമുക്കി സഖാവ് മണ്ടോടി കണ്ണന്‍ ലോക്കപ്പുമുറിയുടെ ചുവരില്‍ അരിവാളും ചുറ്റികയും വരച്ചത്. ആ രണധീരന്റെ സമരക്കരുത്തിന് മുന്നില്‍ ചൂളിച്ചുരുണ്ടത് കോണ്‍ഗ്രസിനും നെഹ്രുവിനും സിന്ദാബാദ് വിളിച്ചാല്‍ മോചിപ്പിക്കാമെന്ന പ്രലോഭനവും. ഓര്‍മ്മകളിലും ചരിത്രത്തിലും ഒഞ്ചിയത്തിന് അര്‍ത്ഥം ഒന്നേയുളളു. തലകുനിക്കാനറിയാത്ത, കീഴടക്കാനാവാത്ത ആത്മാഭിമാനം.

ചോരക്കറ ചുരണ്ടിനീക്കിയാല്‍ ഒഞ്ചിയത്തിന്റെ ചരിത്രത്തില്‍ വഞ്ചനയുടെ കറുപ്പും കാണാം. ചതിച്ചു കൊന്നതാണ് ഒഞ്ചിയം സഖാക്കളെ. അറസ്റ്റിലായ പുളിയില്‍ വീട്ടില്‍ ചോയിക്കാരണവരെയും മകന്‍ കണാരനെയും വിട്ടുതരാമെന്ന് വ്യാമോഹിപ്പിച്ച് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ ചെന്നാട്ടത്താഴ വയലിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു പോലീസും കോണ്‍ഗ്രസ് ഒറ്റുകാരും. മോചിപ്പിക്കപ്പെടുന്ന സഖാക്കളെ സ്വീകരിക്കാന്‍ വന്നവരെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് വെടിവെച്ചിട്ടു.

അധികാരത്തിന്റെ മുഷ്കിനു കീഴടങ്ങാന്‍ എന്നിട്ടും അഭിമാനമുളള ജനത തയ്യാറായില്ല. എട്ടുപേരെയും ഒരു കുഴിയില്‍ കുഴിച്ചുമൂടാമെന്ന പോലീസിന്റെ മോഹത്തെ അവര്‍ ചെറുത്തുതോല്പ്പിച്ചു. ഓരോരോരുത്തരെ ഓരോ സ്ഥലത്ത് മറവുചെയ്യണമെന്ന ആവശ്യത്തിന് മുന്നില്‍ സര്ക്കാരിന് കീഴടങ്ങേണ്ടി വന്നു.

ജന്മിത്തത്തെ വെല്ലുവിളിച്ച കുറ്റത്തിന്, മണ്ടോടി കണ്ണനെ തല്ലിക്കൊല്ലാനും അളവക്കല്‍ കൃഷ്ണനടക്കം എട്ടുപേരെ വെടിവെച്ചു കൊല്ലാനും പൊലീസിനെ നിയോഗിച്ചത് കോണ്‍ഗ്രസുകാരാണ്. തങ്ങളുടെ അധികാരത്തെ വെല്ലുവിളിക്കുന്നവരോട് നിറതോക്കുകള്‍ മറുപടി പറയും എന്ന് ഓര്‍മ്മിപ്പിക്കാന്‍ എട്ടുപേരെ ചുട്ടുതളളി. രണ്ടുപേരെ ഇടിച്ചുകൊന്നു.

ആ കോണ്‍ഗ്രസാണ് ഒറ്റുകാരുടെയും കുലംകുത്തികളുടെയും ചെലവില്‍ ഇന്ന് ആര്‍ത്ത് ചിരിക്കുന്നത്. കൂടെച്ചിരിക്കാന്‍ മനോരമയുണ്ട്, മാതൃഭൂമിയുണ്ട്, സകല ചാനല്‍ ചാവാലികളും പത്രച്ചട്ടമ്പികളുമുണ്ട്. കമ്മ്യൂണിസ്റ്റുകാരന്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ചു മരിക്കുമെന്ന് പ്രതിജ്ഞ ചെയ്തവര്‍, കമ്മ്യൂണിസത്തെ പ്രപഞ്ചത്തില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ വ്രതമെടുത്തവര്‍, ത്യാഗധനരായ ജനനേതാക്കളുടെ ജ്വലിക്കുന്ന ജീവിതത്തെ അപവാദങ്ങളില്‍ കുളിപ്പിച്ചവര്‍, ഒരേസ്വരത്തില്‍, ഒരേ താളത്തില്‍ ആര്‍ത്തുവിളിക്കുന്നു; "ഒഞ്ചിയത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടി".

ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തില്‍, കലര്‍പ്പില്ലാത്തൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പഞ്ചായത്തു ഭരിക്കാനിറങ്ങുമ്പോള്‍ വിഷക്കുപ്പി തപ്പുന്നില്ല, മനോരമയിലെ പുതിയ തലമുറ. പകരം, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയത്തിനും വളര്‍ച്ചയ്ക്കും മാമ്മുക്കുട്ടിച്ചായന്റെയും പരിവാരങ്ങളുടെയും സമ്പൂര്‍ണ സഹായം. അവര്‍ക്കെതിരെ നുണക്കഥകളില്ല. അപവാദപ്രചരണമില്ല. മനോരമ അണിയിച്ചൊരുക്കിയ വര്‍ണത്തേരിലേറി ടി പി ചന്ദ്രശേഖരനും സംഘവും കേരളം സമത്വസുന്ദര കമ്മ്യൂണിസ്റ്റ് ലോകമാക്കും.

ശരിയാണ്. ഒഞ്ചിയം പഞ്ചായത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തോറ്റു. 2005ല്‍ ആകെ 16 സീറ്റുകളുണ്ടായിരുന്ന സിപിഎമ്മിന് ഒഞ്ചിയത്ത് ഇപ്പോള്‍ 17ല്‍ വെറും അഞ്ച്. അന്ന് കിട്ടിയ 9128 വോട്ടുകളുടെ സ്ഥാനത്ത് ഇന്ന് ഇടതുമുന്നണി നേടിയത് വെറും 6632 വോട്ടുകള്‍. ശതമാനം 60 ല്‍ നിന്ന് 40 ആയി ഇടിഞ്ഞു താണു.

മറുവശത്തോ. മണ്ടോടി കണ്ണനെ ഇടിച്ചുകൊന്ന, എട്ടു ധീരസഖാക്കളെ ചതിച്ച് വെടിവെച്ച് വീഴ്ത്തിയ കോണ്‍ഗ്രസിന്റെ സഹായത്തോടെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ വീമ്പിളക്കുന്നു.

2005ല്‍ ഒരു സീറ്റും 5341 വോട്ടുകളുമായിരുന്നു ഒഞ്ചിയത്ത് യുഡിഎഫിന്റെ വിഹിതം. ഇന്നത് 4 സീറ്റുകളായി ഉയര്‍ന്നു. പക്ഷേ, വോട്ട് വിഹിതം 2796 ആയി ഇടിഞ്ഞു. 2005ല്‍ എല്ലാ സീറ്റിലും മത്സരിച്ച യുഡിഎഫിന് ഇന്ന് 11 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല. അതില്‍ എട്ടിടത്താണ് "കമ്മ്യൂണിസ്റ്റ് തനിത്തങ്കങ്ങള്‍" ജയിച്ചുകയറിയത്. സിപിഎമ്മും യുഡിഎഫും നേര്‍ക്കുനേര്‍ മത്സരിച്ച വാര്‍ഡുകളിലത്രയും "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍" വോട്ടുചെയ്തത് കൈപ്പത്തിയ്ക്ക്. ശേഷിച്ച വാര്‍ഡുകളില്‍ കൈപ്പത്തിക്കാരന്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക് '' വോട്ടുചെയ്തു.

സിപിഎമ്മുമായി നേര്‍ക്കുനേര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ശരാശരി 520 വോട്ടുകള്‍ നേടിയ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക്", കോണ്‍ഗ്രസ് ജയിച്ച മണ്ഡലങ്ങളില്‍ കിട്ടിയ വോട്ടുകള്‍ എത്രയെന്ന് കാണുക. ചെമ്മക്കുന്ന് - 76, വലിയ മാടക്കര - 23, കണ്ണുവയല്‍ - സ്ഥാനാര്ത്ഥിയില്ല, അറയ്ക്കല്‍ 191. കോണ്‍ഗ്രസിനോട് ഏറ്റുമുട്ടി സിപിഎം ജയിച്ച മാടക്കരയില്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക്" കിട്ടിയത് വെറും 32 വോട്ട്.

2005ല്‍ നിന്നും 2496 വോട്ടുകള്‍ സിപിഎമ്മിന് ഇക്കുറി കുറഞ്ഞു. കോണ്‍ഗ്രസിന് 2545 വോട്ടുകളും. കമ്മ്യൂണിസ്റ്റുകാരേക്കാള്‍ കൂടുതല്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരായത് കോണ്‍ഗ്രസുകാരാണെന്നര്‍ത്ഥം. 11 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെയെ നിര്‍ത്താതെ, 2545 വോട്ടുകള്‍ ദാനം ചെയ്ത് കോണ്‍ഗ്രസ് വിജയിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ് "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരെ". സിപിഎമ്മില്‍ നിന്ന് 20 ശതമാനം വോട്ടുചോര്‍ന്നപ്പോള്‍ 18 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് വക സംഭാവന.

സിപിഎമ്മിന് നഷ്ടപ്പെട്ട സീറ്റിനെയും വോട്ടിനെയും കുറിച്ച് വാചാലരാകുന്ന മാധ്യമങ്ങളൊന്നും "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി"യുടെ വോട്ടുവിഹിതത്തിന്‍റെ പകുതി കോണ്‍ഗ്രസുകാരന്റെ സംഭാവനയാണെന്ന് പറയുന്നതേയില്ല. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ഒഞ്ചിയത്തെ പകുതിയോളം കോണ്‍ഗ്രസുകാര്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റു"കാരായി രൂപം മാറിയത് നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞിട്ടേയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒറ്റികൊടുത്തവരും കോണ്‍ഗ്രസും ചേര്‍ന്ന് നേടിയതാണ് ഈ വിജയമെന്ന് വിളിച്ചുപറഞ്ഞാല്‍ ആരുടെ മുഖമാണ് നഷ്ടപ്പെടുന്നത് എന്ന് അവര്‍ക്ക് നിശ്ചയമുണ്ട്. ഒറ്റുകാരെക്കൊണ്ടുളള ആവശ്യങ്ങള്‍ തീര്‍ന്നിട്ടില്ല.

എന്നാല്‍ ഒഞ്ചിയത്തെ സാധാരണ ജനത ആ സത്യം തിരിച്ചറിയുകയാണ്. നുണ പറഞ്ഞും വഞ്ചിച്ചുമാണ് പ്രാണനെപ്പോലെ ചെങ്കൊടിയെ സ്നേഹിച്ച തങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തിയെടുത്തത് എന്നവര്‍ വേദനയോടെ ഉള്‍ക്കൊളളുന്നു. ആര്‍ത്തിരമ്പിയ വ്യാജപ്രചരണങ്ങളില്‍ കുടുങ്ങിപ്പോയവര്‍ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല, സഖാവ് മണ്ടോടി കണ്ണന്റെ കൊലയാളികളുമായി ഭരണമധുവിധു ആഘോഷിക്കാനാണ് "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരുടെ" ഈ പടപ്പുറപ്പാടെന്ന്. രക്തസാക്ഷികളുടെ പേരില്‍ ഒഴുക്കിയത് മുതലക്കണ്ണീരാണെന്നും അവരുടെ ചെലവില്‍ കുത്തിയൊഴുക്കിയ ആവേശം കൃത്രിമമാണെന്നും തിരിച്ചറിഞ്ഞ ഒരു ജനതയുടെ പ്രതികാരം ഒറ്റുകാരെ കാത്തിരിക്കുന്നുണ്ട്.

പഴയ ചതിയില്‍ ഒഞ്ചിയത്തെ സഖാക്കള്‍ക്ക് നഷ്ടപ്പെട്ടത് ജീവനായിരുന്നുവെങ്കില്‍, ഇന്ന് ഒരു തിരഞ്ഞെടുപ്പ് വിജയം. ചതി തിരിച്ചറിയുന്ന ജനത ഇന്നല്ലെങ്കില്‍ നാളെ ആ വിജയം അവരെ തിരികെ ഏല്‍പ്പിക്കുക തന്നെ ചെയ്യും. ഒറ്റുകാരില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ അവസാനനിമിഷം വരെ പോരാടിയ ഒഞ്ചിയത്തെ ധീരസഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍.

പൊളിച്ചെഴുത്ത് ബ്ലോഗില്‍ വന്ന ഒഞ്ചിയം സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍.... എന്ന പോസ്റ്റ് പുന: പ്രസിദ്ധീകരിക്കുന്നത്

11 August, 2010

സംഘപരിവാറിന്റെ മുഖം തന്നെയോ

പതിവുപോലെ മുസ്ളിംലീഗ് ദേശീയ നിര്‍വാഹകസമിതിയോഗം ആഗസ്‌ത് ഒന്നിന് യോഗംചേര്‍ന്ന് കേരള, പശ്ചിമബംഗാള്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തുന്ന പ്രമേയം പാസാക്കി പിരിഞ്ഞു. തീവ്രവാദത്തിന്റെ മറപിടിച്ച് മുസ്ളിംസമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കോൺഗ്രസ് നയിക്കുന്ന സംസ്ഥാന ഗവമെന്റുകളെക്കുറിച്ച് ഒരു വിമര്‍ശവും പ്രമേയത്തിലില്ല. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള മത തീവ്രവാദ ശക്തികളെക്കുറിച്ചും പരാമര്‍ശമില്ല.

മുഖ്യമന്ത്രി വി എസ് ജൂലൈ 25ന് ഡല്‍ഹിയില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരായി നടത്തിയ പ്രസ്‌താവനയെ ചൂണ്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് നടത്തുന്ന പ്രചാരണം ഇതിനോടു ചേര്‍ത്തുവായിക്കേണ്ടതാണ്. മുഖ്യമന്ത്രിയും സിപിഐ എമ്മും മുസ്ളിം ന്യൂനപക്ഷത്തിനെതിരാണ് എന്ന പ്രചാരണമാണ് സംഘടിതമായി ലീഗ് നേതാക്കള്‍ നടത്തുന്നത്. തന്റെ പ്രസ്‌താവനയുടെ ഉള്ളടക്കം എന്തായിരുന്നുവെന്ന് 26ന് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചതാണ്. പ്രസ്‌താവന മുസ്ളിങ്ങള്‍ക്കെതിരാണ് എന്ന വ്യാഖ്യാനം ദുരുപദിഷ്‌ടിതമാണ്; എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്‌ഡിപിഐ എന്നീ പേരുകളിലറിയപ്പെടുന്ന വിധ്വംസകപ്രസ്ഥാനങ്ങള്‍ നടത്തുന്ന ക്ളാസുകളെയും പ്രചാരണങ്ങളെയുംകുറിച്ച് ലഭ്യമായ വിവരങ്ങളാണ് സൂചിപ്പിച്ചത്- നിയമസഭയില്‍ മുഖ്യമന്ത്രി ഇങ്ങനെയാണ് വ്യക്തമാക്കിയത്.

അധ്യാപകന്റെ കൈവെട്ടിയ കേസുമായി ബന്ധപ്പെട്ട റെയ്‌ഡില്‍ ജനാധിപത്യസംവിധാനത്തിനു വിരുദ്ധവും ആ സംവിധാനത്തെ നിരാകരിക്കുന്നതുമായ രേഖകള്‍ പിടിച്ചെടുത്തിരുന്നു. ജനാധിപത്യവും ഇസ്ളാമും രണ്ടു വിരുദ്ധ ആദര്‍ശങ്ങളാണ്; ഇന്ത്യയില്‍ ഭൂരിപക്ഷവും അമുസ്ളിങ്ങളാണെന്നും ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് മാനിക്കപ്പെടുകയെന്നും പോപ്പുലര്‍ ഫ്രണ്ട് അതിന്റെ ലഘുലേഖകളിലും സിഡികളിലും വ്യക്തമാക്കുകയാണ്. അതുകൊണ്ട് മുസ്ളിങ്ങള്‍ക്ക് ഭൂരിപക്ഷത്തോടെ വിജയിച്ച് പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ഇന്ത്യക്കകത്ത് ഇസ്ളാമിക ഗവമെന്റിനെ കൊണ്ടുവരാന്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നുമാണ് ഈ പ്രചാരണസാമഗ്രികളിലെ പ്രതിപാദ്യം. അതിനുവേണ്ടി ഇസ്ളാമികമേധാവിത്വത്തിന് സ്വന്തം ജീവരക്തം നല്‍കി ശക്തിപ്പെടുത്തുന്ന കര്‍മോത്സുകരെയാണ് വേണ്ടത് എന്ന നിലയ്‌ക്ക് മുസ്ളിം ചെറുപ്പക്കാരെ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്ന ആശയങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടും അനുബന്ധസംഘടനകളും പ്രചരിപ്പിക്കുന്നത്.

ലഘുലേഖയില്‍ ഇതുമാത്രമല്ല, മുസ്ളിം ജനസംഖ്യ വര്‍ധിപ്പിക്കുന്നതിനുള്ള കര്‍മപരിപാടികളെക്കുറിച്ചും പോപ്പുലര്‍ഫ്രണ്ട് പ്രതിപാദിക്കുന്നുണ്ട്. ഇത് സംഘപരിവാറിന് സഹായകരമാക്കിത്തീര്‍ത്ത പ്രചാരവേലയാണ്. എന്തുകൊണ്ടെന്നാല്‍, ഇത്തരമൊരു പ്രചാരവേല ആദ്യം ജനങ്ങള്‍ക്കിടയില്‍ നടത്തിയത് സംഘപരിവാറിന്റെ ആളുകള്‍ തന്നെയാണ്. രാജ്യത്തെ മുസ്ളിം ന്യൂനപക്ഷം നാളെ ഭൂരിപക്ഷം ആകുമെന്ന ഭീതി പരത്താനാണ് സംഘപരിവാര്‍ ശ്രമിച്ചത്. അധികാരം പിടിച്ചെടുക്കാനുള്ള അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗമായി സംഘപരിവാര്‍ പ്രചരിപ്പിച്ച നുണകളിലൊന്നാണ് ഇന്ത്യയിലെ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും എന്ന പ്രചാരണം. അത് ഹിന്ദുക്കളില്‍ അന്യമതവിരോധം പരത്താനുള്ള ഗൂഢോദ്ദേശ്യത്തോടുകൂടിയാണ്. ഇതേ പ്രചാരണം പോപ്പുലര്‍ ഫ്രണ്ട് ഏറ്റെടുത്തതിന്റെ ഭാഗമായി മുസ്ളിം സമുദായത്തെത്തന്നെ പൊതുസമൂഹം സംശയത്തോടുകൂടി വീക്ഷിക്കുന്ന സ്ഥിതി ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെ പത്രസമ്മേളനത്തില്‍ സംസാരിച്ചത്.

മുസ്ളിം സമുദായത്തോട് സിപിഐ എം കൈക്കൊള്ളുന്ന സമീപനത്തെത്തന്നെ തെറ്റായി വ്യാഖ്യാനിക്കാനുള്ള പരിശ്രമമാണ് ഈ പ്രസ്‌താവനയെ മുന്‍നിര്‍ത്തി ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ജനറല്‍സെക്രട്ടറി കുഞ്ഞാലിക്കുട്ടി നടത്തിയത്. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള ലീഗിലെ നേതാക്കളാണ് മതതീവ്രവാദശക്തികളുടെ സംരക്ഷകര്‍ എന്ന യാഥാര്‍ഥ്യം പൊതുസമൂഹം തിരിച്ചറിഞ്ഞ വേളയിലാണ് ശ്രദ്ധ മറ്റൊരു വിധത്തില്‍ തിരിച്ചുവിടാമോ എന്ന പരിശ്രമം നടത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മലയാള മുഖപത്രം പിറ്റേദിവസം പ്രതിഷേധ പ്രസ്‌താവനകളുടെ കൂട്ടത്തില്‍ കുഞ്ഞാലിക്കുട്ടിയെയും പോപ്പുലര്‍ ഫ്രണ്ടിന്റെ മറ്റു നേതാക്കളുടെയും ചിത്രംവച്ച് ഒന്നാംപേജില്‍ വാര്‍ത്ത കൊടുത്തു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ ഇവരുടെയൊക്കെ ചിത്രം വച്ച് വി എസിന്റെ പ്രസ്‌താവനയ്ക്ക് ദുര്‍വ്യാഖ്യാനങ്ങളുമായി രംഗത്തുവരികയാണ് ആ പത്രം ചെയ്തത്.

മുസ്ളിം ന്യൂനപക്ഷത്തിനുമേല്‍ ശത്രുത വളര്‍ത്താന്‍ സംഘപരിവാര്‍ നടത്തിയ എല്ലാ പരിശ്രമങ്ങളെയും അതിശക്തമായാണ് കമ്യൂണിസ്‌റ്റുകാര്‍ എതിര്‍ത്തിട്ടുള്ളത്. ആര്‍എസ്എസ് നേരത്തെയും പോപ്പുലര്‍ ഫ്രണ്ട് ഇപ്പോഴും നടത്തുന്ന 'മുസ്ളിം ന്യൂനപക്ഷം ഭൂരിപക്ഷമാകുന്ന' വിദ്യയുടെ ഉള്ളുകള്ളി സമൂഹത്തിനുമുന്നില്‍ ആദ്യമായി തുറന്നുകാട്ടിയതും സിപിഐ എം നേതാക്കളാണ്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ സീതാറാം യെച്ചൂരിയുടെ 'കപട ഹിന്ദുത്വം തുറന്നു കാട്ടപ്പെടുന്നു' എന്ന ലേഖനത്തില്‍ ഇന്ത്യയിലെ ആര്‍എസ്എസ്, ബിജെപി, ബജ്രംഗ്ദള്‍ വിഭാഗം നടത്തുന്ന നുണപ്രചാരണങ്ങള്‍ തുറന്നുകാട്ടുന്നു. കാവിക്കുപ്പായക്കാര്‍ പ്രചരിപ്പിക്കുന്ന പന്ത്രണ്ടു നുണകള്‍ക്ക് മറുപടി പറയുകയാണ് യെച്ചൂരി ഈ ലേഖനത്തില്‍.

ഹിന്ദു ജനസംഖ്യയേക്കാള്‍ മുസ്ളിം ജനസംഖ്യ വര്‍ധിക്കുന്നു എന്നത് ഒന്നാന്തരം നുണയാണെന്ന് യെച്ചൂരി വിശദീകരിക്കുന്നു. 1961ലെയും 1981ലെയും സെന്‍സസ് റിപ്പോര്‍ട്ടുകള്‍ ബോധ്യപ്പെടുത്തുന്നത് മറ്റു സമുദായങ്ങളെ അപേക്ഷിച്ച് മുസ്ളിം ജനസംഖ്യയുടെ വര്‍ധനയില്‍ കുറവുണ്ടായി എന്നാണ്. മുസ്ളിം ജനസംഖ്യയുടെ വര്‍ധന 1961നും 81നും ഇടയില്‍ 0.7 ശതമാനം മാത്രമാണ്. അതുകൊണ്ടുതന്നെ കാവിക്കുപ്പായക്കാരുടെ പ്രചാരണം ജുഗുപ്‌സാവഹമാണ് എന്നും അദ്ദേഹം വിലയിരുത്തുകയുണ്ടായി. മുസ്ളിങ്ങള്‍ക്ക് നാലു ഭാര്യമാരുണ്ടെന്നും ഹിന്ദുക്കള്‍ക്ക് ഒന്നുമാത്രമാണുള്ളതെന്നും സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന നുണയ്‌ക്കും അദ്ദേഹം മറുപടി നല്‍കി. ഇന്ത്യാ രാജ്യത്ത് 25 ലക്ഷം മുസ്ളിംസ്‌ത്രീകള്‍ ഭര്‍തൃരഹിതരാണ്. 1961ലെ സെന്‍സസ് അനുസരിച്ച് ബഹുഭാര്യത്വം ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗവിഭാഗങ്ങളിലാണ്. 15-25 ശതമാനം.

1975 ലെ സ്ത്രീപദവി സംബന്ധിച്ച കമീഷന്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് 1941നും 1951നും ഇടയില്‍ മുസ്ളിം ബഹുഭാര്യാവിവാഹങ്ങള്‍ ഹിന്ദുക്കളേക്കാള്‍ 0.09 ശതമാനം കുറവാണെന്നാണ്. റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം പിന്നീടുള്ള കാലയളവുകളിലും ബഹുഭാര്യത്വം ഹിന്ദുക്കളേക്കാള്‍ മുസ്ളിങ്ങളില്‍ കുറവാണെന്നാണ്. കുടുംബാസൂത്രണവും മുസ്ളിങ്ങള്‍ തള്ളിക്കളയുന്നു എന്ന് സംഘപരിവാറിന്റെ സംഘടനകള്‍ പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് നടത്തിയിട്ടുള്ള അഖിലേന്ത്യാ സര്‍വേയില്‍ ഇതു വസ്‌തുതയല്ലെന്ന് ബോധ്യപ്പെടുകയുണ്ടായി. മുസ്ളിങ്ങള്‍ക്കിടയില്‍ കുടുംബാസൂത്രണ പരിപാടികള്‍ വര്‍ധിച്ചുവരുന്നതായാണ് ആ കണക്ക് വ്യക്തമാക്കുന്നത്. ഇങ്ങനെ സംഘപരിവാറിന്റെ നുണക്കഥകളെ പൊളിക്കുന്നതിനുവേണ്ടി തുടക്കംമുതലേ പ്രവര്‍ത്തിക്കുന്ന സിപിഐ എമ്മിനു നേരെയാണ് മുസ്ളിംലീഗ് ഇപ്പോള്‍ പ്രചാരണം അഴിച്ചുവിട്ടിട്ടുള്ളത്.

ഇന്ത്യയിലെ ഭാഷ-മത ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനാണ് ഇടതുപക്ഷം പിന്തുണ കൊടുത്ത യുപിഎ ഗവൺമെന്റ് 2004ല്‍ ജസ്‌റ്റിസ് രംഗനാഥ് മിശ്ര കമീഷനെ നിയോഗിച്ചത്. മത-ഭാഷാ ന്യൂനപക്ഷങ്ങളുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിനും അവരുടെ യഥാര്‍ഥ പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്നതിനുമാണ് ആ കമീഷനെ നിയോഗിച്ചത്. ആ കമീഷന്റെ റിപ്പോര്‍ട്ട് കേന്ദ്രഗവൺമെന്റിനു ലഭ്യമായിട്ട് മാസങ്ങളായി. പക്ഷേ, അതിനൊത്ത നടപടികള്‍ പല സംസ്ഥാന ഗവൺമെന്റുകളും കൈക്കൊണ്ടിട്ടില്ല.

2001ലെ സെന്‍സസ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ജസ്റിസ് രംഗനാഥ് മിശ്ര കമീഷന്‍ നിഗമനത്തിലെത്തിയത്. മുസ്ളിങ്ങള്‍ സാക്ഷരത, വിദ്യാഭ്യാസം, വ്യാവസായികമായ അഭിവൃദ്ധി, സാമ്പത്തികമായ പുരോഗതി എന്നിവ നേടുന്നതില്‍ വളരെയധികം പിന്നോക്കമാണെന്ന് കമീഷന്‍ വിലയിരുത്തി. അതിനു കാരണം, തക്കതായ സാങ്കേതികമികവോ വിദ്യാഭ്യാസമോ അവര്‍ക്കു ലഭിക്കാത്തതാണ്. മുസ്ളിം കേന്ദ്രീകൃതപ്രദേശങ്ങളില്‍ സംരംഭക പ്രോത്സാഹനത്തിനുവേണ്ടിയുള്ള ഒരു പദ്ധതിയും നടപ്പാക്കപ്പെടുന്നില്ല. മുസ്ളിം സമുദായത്തിന്റെ വഖഫ് സ്വത്തുക്കള്‍ യഥാവിധി കൈകാര്യം ചെയ്യാത്തതിന്റെ ഫലമായി അതുവഴിയുള്ള നേട്ടങ്ങളും മുസ്ളിം സമുദായത്തിന് ലഭിക്കുന്നില്ല. നെയ്ത്തു തൊഴിലടക്കമുള്ള കുടില്‍വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ഏറ്റവും പിന്നോക്കനിരയിലുള്ള സാങ്കേതികവിദ്യ കാരണം അയല്‍രാജ്യങ്ങളിലെ കൈത്തൊഴിലുകാര്‍ക്കു കിട്ടുന്ന വരുമാനത്തിന്റെ നാലയലത്തുപോലും എത്താന്‍ കഴിയുന്നില്ല. ഇങ്ങനെ കമീഷന്‍ ഇന്ത്യയിലെ മുസ്ളിം മതന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ പിന്നോക്കാവസ്ഥ പരിഗണിച്ചാണ് സര്‍ക്കാര്‍ ജോലികളിലും മറ്റു പൊതുമേഖലാസ്ഥാപനങ്ങളിലും മുസ്ളിം തുടങ്ങിയ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തത്. അത്തരം ശുപാര്‍ശകളെ പല സംസ്ഥാനങ്ങളും പൂഴ്ത്തിവച്ചു. സിപിഐ എം നയിക്കുന്ന പശ്ചിമബംഗാളിലെ ഇടതുപക്ഷ ഗവൺമെന്റാണ് ചരിത്രത്തിലാദ്യമായി മുസ്ളിം സമുദായത്തില്‍പ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കേരളത്തിന്റെ ഉദാഹരണമെടുത്താല്‍ സാമ്പത്തികമായി ഉയര്‍ന്നവര്‍ മുസ്ളിം സമുദായത്തില്‍ ഉണ്ടെങ്കിലും വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥ നിലനില്‍ക്കുന്നു. ആ പിന്നോക്കാവസ്ഥയെ കൃത്യമായി കണ്ടെത്തുന്നതിനാണ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായുള്ള കമ്മിറ്റിയെ നിയോഗിച്ചത്. രജീന്ദ്ര സച്ചാര്‍ കമീഷന്റെ ശുപാര്‍ശകള്‍ കേരളത്തില്‍ നടപ്പാക്കുന്നതിനെ സംബന്ധിച്ച് വിശദമായി മുസ്ളിം സാമുദായ സംഘടനകളുമായി ചര്‍ച്ച ചെയ്തു. കമ്മിറ്റി നല്‍കിയ ശുപാര്‍ശകളെത്തുടര്‍ന്നാണ് കേരളത്തിലെ എല്‍ഡിഎഫ് ഗവമെന്റ് ഫലപ്രദമായ ചില നടപടികള്‍ കൈക്കൊണ്ടിട്ടുള്ളത്.

അതിന്റെ ഭാഗമായി മുസ്ളിം കേന്ദ്രീകൃത പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഹജ്ജ് ഹൌസ് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മുസ്ളിം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സാധ്യമാക്കാനുള്ള കോച്ചിങ് സെന്ററുകള്‍ ആരംഭിച്ചു. മദ്രസ അധ്യാപകര്‍ അവഗണിക്കപ്പെട്ട വിഭാഗമായിരുന്നു. അവര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും കൊണ്ടുവന്നു. മുസ്ളിം ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യം പരിരക്ഷിക്കുന്നതിനുവേണ്ടി ഒരു ന്യൂനപക്ഷവകുപ്പുതന്നെ കേരളത്തില്‍ രൂപീകരിച്ചതും ഇടതുപക്ഷ ഗവമെന്റിന്റെ കാലത്താണ്. സെക്രട്ടറിയറ്റില്‍ മാത്രമല്ല കലക്ടറേറ്റുകളിലും ന്യൂനപക്ഷപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനം ഇന്നുണ്ട്.

ഇങ്ങനെയെല്ലാം ഇന്ത്യയിലെ മതനിരപേക്ഷതയുടെ രക്ഷകരായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിനെതിരെയാണ് മുസ്ലീം ലീഗുനെപ്പോലെയുള്ള പാർട്ടിയുടെ നേതാക്കൾ അപവാദപ്രചരണം നടത്തുന്നത്. മുസ്ലീം തീവ്രവാദികൾക്ക് സംരക്ഷണം കൊടുക്കുന്ന ലീഗിന്റെ ജനറൽ സെക്രട്ടറിയുടെ നിലപാടുകൾ പൊതുസമൂഹം മനസ്സിലാക്കിയപ്പോഴാണ് ഇത്തരത്തിലുള്ള കൊഞ്ഞനംകുത്തലുകൾ ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.


*****

പി ജയരാജന്‍,

24 July, 2010

പോപ്പുലര്‍ ഫ്രണ്ടും ഫ്രീഡം പരേഡും

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി പി എം ബിനുകുമാര്‍ സമ്പാദനവും പഠനവും നിര്‍വഹിച്ച ഗ്രന്ഥമാണ് 'തിരക്കഥയുടെ രീതിശാസ്‌ത്രം'. അതില്‍ തിരക്കഥാകൃത്തും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ ഒരു പ്രഭാഷണം ഉള്‍പ്പെടുത്തിയിട്ടുണ്ട്; 'തിരക്കഥ ഒരു വിശ്വാസിയുടെ കണ്ടെത്തല്‍' എന്ന ശീര്‍ഷകത്തില്‍. ജീവിതത്തില്‍നിന്നാണ് സിനിമ ഉണ്ടാകുന്നത് എന്ന വസ്‌തുതയ്‌ക്ക് ബലം പകരാനായി 'ഗര്‍ഷോം' എന്ന തന്റെ സിനിമയില്‍ കഥാനായകന്‍ ദൈവവുമായി സംസാരിക്കുന്ന രംഗം പി ടി ഉദാഹരിക്കുന്നു. അത് പി ടിക്ക് കിട്ടിയത് ജീവിതത്തില്‍നിന്നാണ്. അദ്ദേഹത്തിന്റെ നാട്ടിലെ ഒരു ഭ്രാന്തന്‍ സ്ഥിരമായി ഒറ്റക്കിരുന്ന് ദൈവത്തെ വിളിക്കാറുണ്ടായിരുന്നു. അതിങ്ങനെ;

ഭ്രാന്തന്‍: പടച്ചോനെ...പടച്ചോനെ...

ദൈവം: എന്താടാ നായിന്റെ മോനേ...

ഭ്രാന്തന്‍: ഒരു അയില, അത് മുറിച്ചാല്‍ എത്ര കഷണമാണ് ?

ദൈവം: മൂന്ന് കഷണമാണെന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ....

ഇതില്‍ ദൈവമായി പ്രതിവചിക്കുന്നതും ഭ്രാന്തന്‍ തന്നെ. പൂര്‍ണ വിരാമം, അര്‍ധവിരാമം, അങ്കുശം, ഭിത്തിക, കാകു, വലയം തുടങ്ങിയ ചിഹ്നങ്ങളുടെ ഉപയോഗരീതിയെക്കുറിച്ച് കുട്ടികള്‍ക്ക് പഠിക്കാനുണ്ട്. പരമാവധി ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതകളുള്ള ഒരു 'ഭാഷാമാതൃക'യായാണ് ഈ സംഭാഷണം ഇന്റേണല്‍ പരീക്ഷയ്‌ക്ക് ചോദ്യമായി ഉള്‍പ്പെടുത്തിയതെന്ന് ടി ജെ ജോസഫ് പറയുന്നു. പടച്ചോന്‍ എന്ന് വിളിക്കുന്നത് പൊതുവെ മുസ്ളിങ്ങളായതുകൊണ്ട് ഭ്രാന്തന്റെ സ്ഥാനത്ത് മുഹമ്മദ് എന്ന പേര് ചേര്‍ത്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അധ്യാപകന്റെ തികഞ്ഞ ഔചിത്യരാഹിത്യംകൊണ്ടോ വിവരക്കേടുകൊണ്ടോ അല്ലെങ്കില്‍ മനഃപൂര്‍വംതന്നെയോ കടന്നുവന്ന ഈ ചോദ്യത്തെപ്രതി സര്‍ക്കാരും സര്‍വകലാശാലയും അദ്ദേഹത്തിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചതിനു ശേഷമാണ്, എല്ലാം കെട്ടടങ്ങി എന്ന് ജനം ആശ്വസിച്ചുതുടങ്ങിയപ്പോഴാണ് ജൂലൈ നാലിന് എന്‍ഡിഎഫുകാര്‍ നടുറോട്ടില്‍ കിടത്തി ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. നാടിനെ നടുക്കിയ ഈ താലിബാന്‍ ശിക്ഷാമുറ എന്‍ഡിഎഫിന്റെ വിധ്വംസക സ്വഭാവത്തിന് ഒരിക്കല്‍കൂടി അടിവര ചാര്‍ത്തുന്നതായിരുന്നു.

എന്‍ഡിഎഫിനെക്കുറിച്ച് ഓരോ കേരളീയനും ചോദിക്കുന്ന ചില ചോദ്യങ്ങളും അവയ്‌ക്കുള്ള ഉത്തരങ്ങളുമാണ് താഴെ.

എന്താണ് എന്‍ഡിഎഫ്? അതിന്റെ പൂര്‍വ രൂപങ്ങള്‍ എന്തായിരുന്നു?

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ പലപാട് പേര് മാറ്റിയ ഇക്കൂട്ടര്‍ നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് എന്ന് പുറത്തും നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് എന്ന് അകത്തും അറിയപ്പെടുന്നു. 1980കളുടെ ആദ്യപാദത്തില്‍ 'ഇന്ത്യയുടെ മോചനം ഇസ്ളാമിലൂടെ' എന്ന് ഉദ്ഘോഷിച്ചു നടന്ന 'സിമി'യുടെ നേതൃനിരയിലും അവരുണ്ടായിരുന്നു. പിന്നീട് അവര്‍ 'കൈമ'യും (കോഴിക്കോട് യങ്മെന്‍ അസോസിയേഷന്‍) 'വൈമ' (വയനാട് യങ്മെന്‍ അസോസിയേഷന്‍)യും 'പൈമ'യും (പാലക്കാട് യങ്മെന്‍ അസോസിയേഷന്‍) ഉണ്ടാക്കി രംഗത്തു വന്നു. 1993ല്‍ എന്‍ഡിഎഫ് ആയി. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിലും എസ്‌ഡിപിഐ (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ)യിലും എത്തിനില്‍ക്കുന്നു.

എന്താണ് ഇവരുടെ പരിപാടി?

ഇരുളില്‍ അവര്‍ നായ്‌ക്കളുടെ ഗളഹസ്‌തം നടത്തും. അബദ്ധത്തില്‍ വാലും അരിഞ്ഞുവീഴ്ത്താറുണ്ട്. ഓടുന്ന ബൈക്കില്‍ 'താളാത്മകമായി' ബാലന്‍സ് ചെയ്‌താണ് ഇത്തരം അഭ്യാസങ്ങള്‍. ഫാസിസ്‌റ്റുകളെ ചെറുക്കാനാണത്രെ ഇത്തരം മൃഗയാവിനോദങ്ങള്‍! പട്ടാപ്പകലാകട്ടെ നടുറോഡില്‍ കിടത്തി മതനിന്ദ ആരോപിച്ച് മനുഷ്യരുടെ കൈപ്പത്തി ഛേദിക്കും. എന്നിട്ട് ആരാന്റെ വീട്ടുമുറ്റത്തേക്കെറിയും. അതും കഴിഞ്ഞ് പ്രഥമശുശ്രൂഷയ്‌ക്കായി ദന്തഡോക്ടറെ കാണും. ഇതൊക്കെ കണ്ടും കേട്ടും മറ്റേ ഫാസിസ്‌റ്റുകള്‍ ഊറിച്ചിരിക്കുകയാണ്. അവര്‍ക്ക് പരമാനന്ദംകൊണ്ട് ഇരിക്കാനും വയ്യ, നില്‍ക്കാനും വയ്യ എന്ന അവസ്ഥയാണ്. 'പ്രതിരോധം അപരാധമല്ല' എന്നായിരുന്നു കുറച്ചു മുമ്പ് പറഞ്ഞുനടന്നിരുന്നത്. ഇപ്പോള്‍ 'ആക്രമണം അപരാധമല്ല' എന്ന് തിരുത്തിയിരിക്കുന്നു.

"പ്രവാചകനിന്ദയ്‌ക്കാണ് കൈപ്പത്തി വെട്ടിമാറ്റിയത്. അത് അത്ര വലിയ സംഗതിയാക്കേണ്ടതില്ല'' എന്നാണ് ചാനലുകളായ ചാനലുകളിലെല്ലാം പേര്‍ത്തും പേര്‍ത്തും എന്‍ഡിഎഫ് വക്താക്കള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. ഇത് അക്രമിസംഘത്തെ പരസ്യമായി ന്യായീകരിക്കുന്ന നിലപാടല്ലേ?

ഭീകര പ്രവര്‍ത്തനത്തെ വെള്ളപൂശുന്ന ഈ വാചകക്കസര്‍ത്ത് കേരളീയരെ അക്ഷരാര്‍ഥത്തില്‍ സ്‌തബ്‌ധരാക്കിയിരിക്കുന്നു. ഇന്ത്യയുടെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും ജനാധിപത്യവും തങ്ങള്‍ അംഗീകരിക്കുന്നില്ല എന്നും തങ്ങള്‍ക്ക് അഹിതമായത് പ്രവര്‍ത്തിക്കുന്നവരെ സമാന്തര ശിക്ഷാവിധികളിലൂടെ നേരിടുമെന്നുമുള്ള ധിക്കാര പ്രഖ്യാപനമാണ് ഇത്. ഇങ്ങനെ വ്യത്യസ്‌ത സമുദായങ്ങളില്‍പെട്ട ഭീകരവാദികള്‍ തീരുമാനിച്ചാല്‍ നാട് കബന്ധങ്ങള്‍കൊണ്ട് നിറയും. മുഹമ്മദ്നബി തന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ക്കുപോലും മാപ്പുകൊടുത്ത മഹാനുഭാവനാണ്. നബിയുടെ യശസ്സും തേജസും പതിനാല് നൂറ്റാണ്ട് പിന്നിട്ടിട്ടും ഒളിമങ്ങാതെ നിലനില്‍ക്കുന്നത് ഇത്തരം ഗുണ്ടകളുടെയും ഊളന്മാരുടെയും 'ഹസ്‌തഛേദനയജ്ഞം' കൊണ്ടല്ല. യഥാര്‍ഥത്തില്‍ 'പ്രവാചകനിന്ദ'യില്‍ മനംനൊന്തൊന്നുമല്ല ഇവര്‍ ഈ കാട്ടാളകൃത്യം നടത്തിയത്. കേരളത്തിനും ഇന്ത്യക്കും പുറത്തുള്ള ഒരു ഓഡിയന്‍സിനുവേണ്ടിയാണ് ഈ നീചകൃത്യം നടത്തിയത്; ചില ബാഹ്യശക്തികളെ പ്രീതിപ്പെടുത്താന്‍. അത്തരം ബാഹ്യശക്തികളുടെ 'കാരുണ്യം'കൊണ്ടാണ് ഇന്നോവ കാറുകളില്‍ കറങ്ങിയും ശീതീകൃത സൌധങ്ങളില്‍ ഉറങ്ങിയും ഇവര്‍ സുഖലോലുപരായി കാലക്ഷേപം നടത്തുന്നത്. ഇടയ്‌ക്കൊരാളെ കാലപുരിക്കയച്ചില്ലെങ്കില്‍, വല്ലപ്പോഴും ആരുടെയെങ്കിലും കൈവെട്ടിയില്ലെങ്കില്‍ വിദേശത്തുനിന്നുള്ള ധനപ്രവാഹം നിലയ്‌ക്കും. മതത്തിന്റെ മറപിടിച്ച് നടത്തുന്ന തീവ്രവാദ ബിസിനസ് പൊളിയും. ഇന്നത്തെ പല പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും രണ്ട് പതിറ്റാണ്ടുമുമ്പ് എങ്ങനെ ജീവിച്ചിരുന്നു, ഇപ്പോള്‍ ഏതുവിധം ജീവിക്കുന്നു എന്നന്വേഷിച്ചാല്‍ കാര്യങ്ങളുടെ കിടപ്പ് ആര്‍ക്കും അനായാസം ബോധ്യമാകും.

ഇവര്‍ക്ക് ഈ നാടിന്റെ ഭരണഘടനയിലും നീതിന്യായക്രമത്തിലും എന്തുകൊണ്ടാണ് വിശ്വാസമില്ലാത്തത് ?

എങ്ങനെ വിശ്വാസമുണ്ടാകും? ഇക്കൂട്ടര്‍ അടവും തടവും പഠിച്ച പ്രത്യയശാസ്‌ത്രക്കളരി ജമാഅത്തെ ഇസ്ളാമിയുടേതാണ്. ജമാഅത്തിലോ അതിന്റെ ആദ്യകാല വിദ്യാര്‍ഥിവിഭാഗമായ 'സിമി'യിലോ പ്രവര്‍ത്തിച്ചവരാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പല നേതാക്കളും. ജമാഅത്തിന് ഇന്ത്യന്‍ ഭരണകൂടം 'താഗൂത്തി'യാണ് (പൈശാചികം / അനിസ്ളാമികം). മനുഷ്യര്‍ക്ക് സ്വയംഭരണാവകാശമുള്ള ഒരു ഭരണസംവിധാനത്തെയും ഇക്കൂട്ടര്‍ അംഗീകരിക്കുന്നില്ല.

ഇന്ത്യന്‍ ഭരണകൂടത്തെ അംഗീകരിക്കാത്ത, ജനാധിപത്യത്തെയും മതേതരത്വത്തെയും പരമപുച്‌ഛത്തോടെ വീക്ഷിക്കുന്ന ഇവര്‍ എന്തിനാണ് 'സ്വാതന്ത്ര്യദിനാഘോഷ'ത്തിന്റെ ഭാഗമായി ഫ്രീഡം പരേഡ് നടത്തുന്നത് ?

പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് ഒരു തരം മിമിക്രിയാണ്. രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍തന്നെ രാഷ്‌ട്രത്തെ കൊഞ്ഞനംകുത്തുന്ന അനുകരണാഭാസം. ഇന്ത്യന്‍ പട്ടാള റെജിമെന്റുകള്‍ ഡല്‍ഹിയില്‍ മാര്‍ച്ച് ചെയ്യുമ്പോള്‍ ഇവര്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട നഗരകേന്ദ്രങ്ങളില്‍ മാര്‍ച്ച് നടത്തുന്നു. ഇന്ത്യന്‍ പട്ടാളത്തോടോ ഇന്ത്യന്‍ ജനതയോടോ ഉള്ള ഐക്യദാര്‍ഢ്യമല്ല, പ്രത്യുത വൈരമാണ് ഫ്രീഡം പരേഡിന്റെ അന്തര്‍ധാര. ഫ്രീഡം പരേഡുകള്‍ സംഘടിപ്പിക്കപ്പെടുന്ന കാലസന്ധികളില്‍തന്നെയാണ് കശ്‌മീരിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിനായി മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്‌ത വാര്‍ത്ത കേരളീയര്‍ അമ്പരപ്പോടെ കേട്ടത്. ആര്‍ക്കും രണ്ടുരീതിയില്‍ ഒരാളെ എതിര്‍ക്കാം. ഒന്ന്, ഗൌരവത്തില്‍ നേര്‍ക്കുനേര്‍ കാര്യങ്ങള്‍ പറയാം. രണ്ട്, അയാളുടെ ചേഷ്‌ടകളും ഭിന്നഭാവങ്ങളും സംസാരരീതിയും ആക്ഷേപകരമായി അനുകരിച്ച് പരിഹാസപൂര്‍വം എതിര്‍ക്കാം. ഫ്രീഡം പരേഡ് വാസ്‌തവത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഒരു ആക്ഷേപഹാസ്യ കെട്ടുകാഴ്‌ചയാണ്. പാകിസ്ഥാനിലെ അര്‍ധസൈനിക പരേഡുമായാണ് അതിന് കൂടുതല്‍ സാമ്യം. ചാരനിറമുള്ള ഷര്‍ട്ട് പാക് അര്‍ധസൈന്യമാണ് ധരിക്കുന്നത്. വലതുകൈ നെഞ്ചോട് ചേര്‍ത്ത് ആദരം അര്‍പ്പിക്കുന്നതും പാക് സൈനികരീതിതന്നെ.

മുസ്ളിം ലീഗും എന്‍ഡിഎഫും തമ്മില്‍ എന്താണ് ? എന്‍ഡിഎഫിന്റെ വോട്ട് വേണ്ടെന്നു പറയാനുള്ള ധിക്കാരം തനിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. എന്താണ് ഇതിന്റെയൊക്കെ ഗുട്ടന്‍സ് ?

മുസ്ളിം ലീഗിന്റെ ചിറകിനടിയില്‍ വളര്‍ന്ന്, ഇപ്പോള്‍ മുസ്ളിം ലീഗിന് കുടവിരിച്ചു നില്‍ക്കുന്ന സംഘടിത സായുധ സംഘമായി എന്‍ഡിഎഫ് വളര്‍ന്നിരിക്കുന്നു. എന്‍ഡിഎഫുകാര്‍ ഉള്‍പ്പെട്ട പല കേസും പിന്‍വലിക്കാന്‍ യുഡിഎഫ് ഭരണകാലത്ത് അത്യുത്സാഹത്തോടെ മുന്നിട്ടിറങ്ങിയത് കുഞ്ഞാലിക്കുട്ടിയും അനുചരന്മാരുമാണ്. കുഞ്ഞാലിക്കുട്ടി സാഹിബിന് വോട്ടും നോട്ടുമാണ് പരമപ്രധാനം. ഉമ്മന്‍ചാണ്ടിക്കും മറ്റൊന്നല്ല. തീവ്രവാദത്തിനെതിരെ പകല്‍സമയം വഴിപാടുപോലെ മുസ്ളിം ലീഗ് വാചാടോപങ്ങള്‍ നടത്തും. പക്ഷേ, സന്ധ്യ മയങ്ങിയാല്‍ സഹശയനം അവരോടൊപ്പമാണ്. തീവ്രവാദ വിരുദ്ധ പ്രസ്‌താവങ്ങള്‍ ലീഗില്‍ വനരോദനങ്ങളായി കലാശിക്കുകയാണ് പതിവ്.

എന്‍ഡിഎഫ് എതിര്‍ക്കപ്പെടേണ്ട സംഘടനയാണ്. സംശയമില്ല. എന്നാല്‍ എങ്ങനെ?

ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും നല്‍കുന്ന സൌകര്യങ്ങള്‍ ഉപയോഗിച്ചും രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയുടെ പഴുതുകള്‍ മുതലെടുത്തുമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വ്യവസ്ഥയുടെ സൌകര്യങ്ങള്‍ ഉപയോഗിച്ച് ആ വ്യവസ്ഥയെത്തന്നെ തുരങ്കംവയ്‌ക്കുന്ന തുരപ്പന്‍ പരിപാടി. രണ്ടാമതായി, കണക്കററ വിദേശപണം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ വിദേശ ധനസ്രോതസ്സ് മുറിച്ചുമാറ്റിയാല്‍ തന്നെ എന്‍ഡിഎഫിന്റെ പാതിമുക്കാല്‍ കാറ്റും പോകും. അതിന് കൈമെയ് മറന്ന് ഉത്സാഹിക്കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരാണ്. മൂന്നാമതായി, ഇത്തരം തീവ്രവാദ സംഘടനകളുടെ കൂട്ടോ വോട്ടോ വേണ്ടെന്ന് പറയാനുള്ള ആര്‍ജവവും ദീര്‍ഘവീക്ഷണവും കൂസലില്ലായ്‌മയും മതേതര രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ടാകണം. അത് പക്ഷേ, ഉമ്മന്‍ചാണ്ടിയും യുഡിഎഫും പ്രദര്‍ശിപ്പിക്കുന്നില്ല. നാലാമതായി, തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി അടിച്ചമര്‍ത്തുന്നതോടൊപ്പം തീവ്രവാദ ആശയങ്ങള്‍ക്കെതിരെയുള്ള ഒരു പ്രത്യധീരവ്യവഹാരം വമ്പിച്ച ബോധവല്‍ക്കരണത്തിലൂടെ സമൂഹത്തില്‍ സൃഷ്‌ടിക്കണം. അതില്‍ നിര്‍ണായകമായ പങ്ക് വഹിക്കാനുള്ള പ്രത്യയശാസ്‌ത്ര ദാര്‍ഢ്യവും സംഘടനാശൃംഖലകളും രാഷ്‌ട്രീയ ഇച്‌ഛാശക്തിയുമുള്ളത് ഇടതുമതേതര പ്രസ്ഥാനങ്ങള്‍ക്കാണ്.


*****

എ എം ഷിനാസ്, കടപ്പാട് : ദേശാഭിമാനി

09 June, 2010

'ദൈവിക ജനാധിപത്യ'ത്തിന്റെ മോഹഭംഗങ്ങള്

"ഇസ്ളാമിക സമ്പ്രദായത്തിലുള്ള ഭരണകൂടത്തിന് പുതിയ വല്ല പേരും കൊടുക്കാമെങ്കില്‍ ദൈവികജനാധിപത്യം എന്നായിരിക്കും ഞാന്‍ നാമകരണം ചെയ്യുക. എന്തെന്നാല്‍ അതില്‍ ദൈവത്തിന്റെ ആധിപത്യത്തിനും മേല്‍ക്കോയ്മക്കും വിധേയമായിക്കൊണ്ടുള്ള ഒരു നിയന്ത്രിത ജനാധിപത്യം മുസ്ളിം ബഹുജനത്തിന് വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്.'' അബ്ദുല്‍ അഅ്ലാ മൌദൂദിയുടെ 'ഇസ്ളാമിന്റെ രാഷ്ട്രീയ സിദ്ധാന്തം' എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലഘു പുസ്തകത്തില്‍നിന്നുള്ള (ഐ പി എച്ച്) ഉദ്ധരണിയാണിത്. ദൈവിക ജനാധിപത്യം എന്നത് ജനകീയ ഇടപെടലുകളുടെ പരിമിതമായ സാധ്യതയാണ്. ഈ സാധ്യതപോലും മുസ്ളിങ്ങള്‍ക്കു മാത്രമായിരിക്കും. ജനാധിപത്യത്തെക്കുറിച്ചും ജനാധിപത്യ ഗവണ്‍മെന്റുകളെക്കുറിച്ചും മൌദൂദിയുടെ നിരീക്ഷണങ്ങളാണ് നയരൂപീകരണത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയെ ഏറ്റവും അധികം സ്വാധീനിച്ചിരുന്നത്. ജനാധിപത്യം, തെരഞ്ഞെടുപ്പ്, നിയമനിര്‍മാണം, പാര്‍ടി, നേതാവ് ഇതിനെക്കുറിച്ചൊക്കെ തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നു ജമാഅത്തെ ഇസ്ളാമി വെച്ചുപുലര്‍ത്തിയിരുന്നത്. സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവരുന്ന നേതാക്കന്മാരെക്കുറിച്ചുപോലും മൌദൂദിയുടെ നിരീക്ഷണം ഇങ്ങനെയാണ്: "ഒരു മനുഷ്യന് ഈ പ്രാധാന്യമൊക്കെ കല്‍പ്പിക്കപ്പെട്ടത് എന്തുകൊണ്ടാണ്? വെറുമൊരു മനുഷ്യനെ -അയാള്‍ പാര്‍ടിയുടെ പ്രാതിനിധ്യം വഹിക്കുന്നുണ്ടെങ്കിലും - ജനങ്ങളുടെ മസ്തിഷ്കങ്ങളിലും ആത്മാക്കളിലും പ്രതിഷ്ഠിക്കുക. അങ്ങനെ ആ വ്യക്തിത്വത്തിന്റെ മഹിമയും (കിബ്രിയാത്ത്), പ്രഭാവവും (ജബറൂത്) അവരുടെ രക്തത്തിലും നാഡീഞരമ്പുകളിലും സ്ഥലം പിടിപ്പിക്കുന്നതെന്തിനാണ്? ഇങ്ങനെതന്നെയാണ് മനുഷ്യന്‍ മനുഷ്യന്റെ ദൈവവും ഈശ്വരനുമായി എക്കാലത്തും രൂപാന്തരപ്പെട്ടത്.'' തെരഞ്ഞെടുപ്പുകളിലൂടെയാണെങ്കിലും മറ്റ് വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെയാണെങ്കിലും അധികാരസ്ഥാനത്തെത്തുന്ന മനുഷ്യനെ അംഗീകരിക്കുന്നതിന്റെ പരിധി എത്രത്തോളമായിരിക്കുമെന്നതിനെക്കുെറിച്ച് അതിന്റെ ചരിത്രത്തിലുടനീളം ആശയക്കുഴപ്പം പ്രകടിപ്പിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ളാമി. ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ സ്വീകരിക്കുന്നതുവരെ അതിലെ അംഗങ്ങള്‍ക്ക് നിഷിദ്ധമായിരുന്നു. ദൌര്‍ബല്യങ്ങള്‍ ഏറെയുണ്ടെങ്കിലും ഭാരതത്തിന്റെ ആത്മാവ് ഇവിടെ നിലനില്‍ക്കുന്ന ജനാധിപത്യമാണ്. ജനാധിപത്യ പ്രകിയയില്‍ പങ്കാളികളാവുന്നതില്‍നിന്നും അതിന്റെ അംഗങ്ങളെയും അനുയായികളെയും വിലക്കിയിരുന്ന ഒരു പൂര്‍വകാലവും ഇവര്‍ക്കുണ്ട്.

മൌദൂദിയുടെ നിരീക്ഷണങ്ങള്‍ തന്നെയാണ് ഇന്ത്യയില്‍ ജമാഅത്ത് സാഹിത്യങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഷൈക്ക് മുഹമ്മദ് കാരക്കുന്ന് എഴുതിയ 'രാഷ്ട്രീയ വിമോചനം' എന്ന ലേഖനത്തില്‍ (വിമോചനത്തിന്റെ പാത - ഐ പി എച്ച്) മൌദൂദിയുടെ വിശകലനങ്ങളെ കൂറേക്കൂടി ലളിതമായി സമര്‍ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്. "ദൈവത്തിന്റെ പരമാധികാരം അംഗീകരിക്കാത്ത എല്ലാ വ്യവസ്ഥകളിലും മനുഷ്യന്‍ മനുഷ്യന്റെ അടിമയായിരിക്കും. ചിലര്‍ നിയമനിര്‍മാതാക്കളും മറ്റുള്ളവര്‍ അവരുടെ ആജ്ഞാനുവര്‍ത്തികളും. നിയമനിര്‍മാണത്തിന്റെ പരമാധിപത്യം മനുഷ്യന് നല്‍കുന്ന ഏത് വ്യവസ്ഥയുടെയും അവസ്ഥ ഇതുതന്നെ''. "ജനാധിപത്യവ്യവസ്ഥയില്‍ പരമാധികാരം പാര്‍ലമെന്റിനായിരിക്കും. അഥവാ പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്. അവിടെയും (പാര്‍ലമെന്റില്‍) തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും ഇച്ഛകള്‍ക്കുമൊത്ത് നിയമം നിര്‍മിക്കപ്പെടുന്നു. ഫലത്തില്‍ രണ്ട് ഘടനയിലും മേധാവിത്വം മനുഷ്യേച്ഛയ്ക്കു തന്നെ.''

ജമാഅത്തെ ഇസ്ളാമിയുടെ 'ഇടതുപക്ഷ' രാഷ്ട്രീയം

ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി ഒരു രാഷ്ട്രീയ പാര്‍ടി രൂപീകരിക്കുമെന്നും അതിന്റെ മുന്നോടിയായി ഏതാനും മാസങ്ങള്‍ക്കകം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പ്രഖ്യാപിക്കുമ്പോള്‍, രൂപീകരണകാലം മുതല്‍ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന 'രാഷ്ട്രീയത്തെ' സംബന്ധിച്ച നിലപാടുകളില്‍ മാറ്റം വരുത്തിയിരിക്കുന്നുവെന്ന് വേണം അനുമാനിക്കാന്‍. നൂറുകണക്കിന് പ്രാദേശിക - ദേശീയ, മത-വര്‍ഗീയ പാര്‍ടികള്‍ നിലയുറപ്പിച്ചിട്ടുള്ള ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ജമാഅത്തെ ഇസ്ളാമികൂടി രംഗപ്രവേശം ചെയ്യുന്നതോടെ, അതില്‍നിന്ന് ഭിന്നമായി എന്തെങ്കിലും ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും മനസ്സിലാക്കുന്നതില്‍ തങ്ങള്‍ക്ക് പറ്റിയ ചരിത്രപരമായ പിശക് തുറന്നുസമ്മതിക്കാനുള്ള സാമാന്യമര്യാദ അവര്‍ പ്രകടിപ്പിക്കേണ്ടതായിരുന്നു. അതിന് മുതിരാതെ അധഃസ്ഥിത- അടിസ്ഥാന വര്‍ഗത്തിന്റെ മൌലിക പ്രശ്നങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഈ ഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ജനകീയ പ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചും അവരുയര്‍ത്തിയ മുദ്രാവാക്യങ്ങളുടെ ശബ്ദാനുകരണം നടത്തിയും കേരള രാഷ്ട്രീയത്തിലേക്ക് പിന്‍വാതില്‍ പ്രവേശം നടത്താന്‍ അവര്‍ നടത്തുന്ന പരിശ്രമങ്ങളാണ് ഇടതുപക്ഷ പ്രസ്ഥാനം തുറന്നു കാട്ടുന്നത്.

ജമാഅത്തെ ഇസ്ളാമിക്ക് എല്ലാ കാലത്തും രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് അതിന്റെ നേതൃത്വം ഇപ്പോള്‍ വിശദീകരിക്കുമ്പോള്‍ അതിന്റെ മുദ്രാവാക്യവും ഉള്ളടക്കവും എത്രത്തോളം മാറിയെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. കേരളത്തില്‍ ജനിച്ചുവീഴുന്ന ഏതൊരു കുഞ്ഞും ആദ്യം പഠിക്കുന്നത് 'ഇന്‍ക്വിലാബ് സിന്ദാബാദ്' ആയിരിക്കുമെന്ന് തെല്ല് പരിഹാസത്തോടെ ചിലരൊക്കെ പ്രചരിപ്പിക്കാറുണ്ട്. എന്തായാലും ജമാഅത്തെ ഇസ്ളാമിയുടെ മുദ്രാവാക്യങ്ങളില്‍ ഇതുണ്ടായിരുന്നില്ലെന്നാണ് നമ്മള്‍ മനസ്സിലാക്കുന്നത്. പക്ഷേ എസ് ഐ ഒ, സോളിഡാരിറ്റി എന്നീ സംഘടനകള്‍ കുറച്ചുകാലമായി ഇന്‍ക്വിലാബില്‍നിന്നാണ് തുടങ്ങുന്നത്. 'ഇന്‍ഖ്വിലാബ്' എന്ന അറബിപദത്തില്‍നിന്നാണ് ഇന്‍ക്വിലാബ് എന്ന പദം രൂപപ്പെട്ടതെന്നും അതുകൊണ്ടുതന്നെ ഇത് ജമാഅത്തെ ഇസ്ളാമിയുടെ വിദ്യാര്‍ഥി-യുവജന വിഭാഗങ്ങള്‍ക്ക് വിളിക്കാവുന്ന ഒരു രാഷ്ട്രീയമുദ്രാവാക്യമാണെന്നും വിശദീകരിക്കപ്പെടാറുണ്ട്. എന്നാല്‍ ആ മുദ്രാവാക്യം ഇന്ത്യയിലും കേരളത്തിലുമുണ്ടാക്കിയ പ്രക്ഷുബ്ധവും, വിപ്ളവോന്മുഖവുമായ ചരിത്രമുഹൂര്‍ത്തങ്ങളുടെ പങ്കുപറ്റാനുള്ള ശ്രമമായിട്ടായിരുന്നു ഇക്കൂട്ടര്‍ 'ഇന്‍ക്വിലാബ് സിന്ദാബാദ്' സ്വീകരിച്ചതെന്ന് ഇപ്പോള്‍ കുറേക്കൂടി വ്യക്തമായിരിക്കുന്നു. മുസ്ളിംലീഗ് കൈകാര്യംചെയ്യുന്ന സാമുദായിക രാഷ്ട്രീയം തങ്ങളുടെ അജന്‍ഡയിലില്ലെന്ന് ജമാഅത്തെ ഇസ്ളാമിയുടെ നേതൃത്വം അവകാശപ്പെടുമ്പോള്‍ കേരളത്തിലെ വര്‍ഗപരമായി സംഘടിപ്പിക്കപ്പെട്ട ബഹുജന പ്രസ്ഥാനങ്ങളുടെ ശിഥിലീകരണത്തിലൂടെ കരുത്താര്‍ജിക്കുകയാണ് തങ്ങളുടെ അജന്‍ഡയെന്ന് ജമാഅത്ത് നേതൃത്വം പറയാതെ പറയുകയാണ്.

കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്ളാമി ഇടതുപക്ഷത്തിനനുകൂലമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നത് എന്ന് സമ്മതിക്കുമ്പോള്‍തന്നെ പിന്തുണ നിരുപാധികമായിരുന്നുവെന്ന് കൂടി വ്യക്തമാണ്. വര്‍ഗീയ-ഫാസിസത്തിനും, സാമ്രാജ്യത്വത്തിനുമെതിരായ ഇടതുപക്ഷത്തിന്റെ സുദൃഢമായ നിലപാടുകള്‍ക്കുള്ള പിന്തുണയെന്നാണ് ജമാഅത്ത് നേതൃത്വം അതത് സമയങ്ങളില്‍ പ്രഖ്യാപിച്ചിരുന്നത്. വര്‍ഗീയതക്കും സാമ്രാജ്യത്വത്തിനുമെതിരായ നിലപാട് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ 'ഐഡന്റിറ്റി'യുടെ ഭാഗമാണെന്നിരിക്കെ ഇതിന്റെ പേരില്‍ ലഭിക്കുന്ന നിരുപാധിക വോട്ടുകള്‍ വേണ്ടെന്ന് വെക്കേണ്ട കാര്യമില്ല. പിന്തുണ പ്രഖ്യാപിക്കുമ്പോഴും ഇടതുപക്ഷത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ജമാഅത്തെ ഇസ്ളാമി മടിക്കാറില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ളിങ്ങളുടെ സംഘടിത ശക്തിയെ തകര്‍ക്കാന്‍ സിപിഐ എം ശ്രമിച്ചതുകൊണ്ടാണ് പൊന്നാനിയില്‍ യുഡിഎഫിന് വോട്ട് ചെയ്യുന്നതെന്ന് വിശദീകരിക്കപ്പെട്ടു. അതോടൊപ്പം വയനാട്ടില്‍ എം ഐ ഷാനവാസിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചതിലെ സാംഗത്യം മുസ്ളിങ്ങള്‍ കൂടുതല്‍ പാര്‍ലമെന്റിലെത്തണമെന്നതായിരുന്നു. എം ഐ ഷാനവാസിന്റെ മുഖ്യ എതിരാളി അഡ്വ. റഹ്മത്തുള്ളയായിരുന്നുവെന്ന് കൂടി ഓര്‍ക്കുക.

ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയനിലപാടുകള്‍ കേരളത്തില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നത് കിനാലൂരിന്റെ പശ്ചാത്തലത്തിലാണ്. കിനാലൂര്‍ നന്ദിഗ്രാമിന്റെ ആവര്‍ത്തനമാകുമായിരുന്നുവെന്നാണ് ജമാഅത്തെ ഇസ്ളാമി നേതൃത്വം കൊടുക്കുന്ന സമരക്കാരും യുഡിഎഫ് നേതാക്കളും പറയുന്നത്. കിനാലൂര്‍ സംഭവത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് നന്ദിഗ്രാമിന്റെ ശില്‍പ്പികള്‍തന്നെയായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. ജമാഅത്തെ ഇസ്ളാമി, യുഡിഎഫ്, എസ്ഡിപിഐ, ഏകോപന സമിതിക്കാര്‍, ഒടുവില്‍ സംഘപരിവാര്‍, പിന്നെ മാധ്യമങ്ങളും. കേരളത്തിലെ ഏതൊരു തെരുവിലും തൊഴിലിടങ്ങളിലും കണ്ടുമുട്ടുന്ന മനുഷ്യരില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനോ, അനുഭാവിയോ ഇല്ലാതിരിക്കില്ല. അവരുടെ പച്ചയായ ജീവിതത്തിന്റെ സത്യസന്ധതയും, സദാചാരബോധവും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ വിപുലപ്പെടുത്താന്‍ ഏറെ സഹായിച്ചിട്ടുണ്ട്. എന്നിട്ടും നന്ദിഗ്രാമിലെന്നപോലെ കിനാലൂരിലും ഒരുതരം അപസര്‍പ്പക കഥ മെനഞ്ഞുകൊണ്ടാണ് 'കിനാലൂര്‍സഖ്യം' മലയാളിക്ക് സഖാക്കളെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്. അതിന് മുന്നിട്ടിറങ്ങുന്നതാവട്ടെ എം ജി എസ് നാരായണനെപ്പോലുള്ള അറിയപ്പെടുന്ന ചരിത്രകാരന്മാര്‍! ഒരൊറ്റ ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കട്ടെ "കിനാലൂരില്‍ എത്തുമ്പോള്‍തന്നെ ഞങ്ങളെ എതിരേറ്റത് മുഴുക്കുടിയനായ ഒരു പാര്‍ടി പ്രവര്‍ത്തകന്‍. വല്ലാതെ അസഭ്യം പറഞ്ഞാണ് അയാള്‍ ഞങ്ങളെ വിട്ടത്. ഒരു മുന്‍വിധിയുമില്ലാതെയാണ് ഞങ്ങള്‍ വന്നത് എന്ന് എത്രപറഞ്ഞിട്ടും അയാള്‍ക്ക് മനസ്സിലായില്ല.'' (എം ജി എസ്: മാധ്യമം ദിനപത്രം മെയ് 19).

ഇടതുപക്ഷത്തിന്റെ 'നയവ്യതിയാന'ത്തില്‍ ഖിന്നരായി 'ബദല്‍ ഇടതുപക്ഷ' നിര്‍മിതി നടത്തിക്കൊണ്ടിരിക്കുന്ന സി ആര്‍ നീലകണ്ഠനെപ്പോലുള്ളവര്‍ കുറേക്കാലമായി ജമാഅത്തെ ഇസ്ളാമിക്ക് കൂട്ടായുണ്ട്. നേരത്തെതന്നെ ഇടതുപക്ഷമുദ്രാവാക്യങ്ങളുടെ ശബ്ദാനുകരണത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ജമാഅത്തിന്റെ സമരങ്ങളില്‍ 'ഇടതുപക്ഷ കെട്ടുകാഴ്ച'കളായി ഇവര്‍ അവതരിപ്പിക്കപ്പെടാറുണ്ട്.

സി ആര്‍ നീലകണ്ഠന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. "മുഖ്യധാരാ കക്ഷികള്‍ കൈയാഴിഞ്ഞ ഒട്ടനവധി ജനകീയ സമരങ്ങളെ സോളിഡാരിറ്റി പിന്താങ്ങുന്നുണ്ട്. ചെങ്ങറ,മൂലമ്പിള്ളി, പ്ളാച്ചിമട, ദേശീയപാത വികസനം, കരിമണല്‍ ഖനനം, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ സമരങ്ങളിലെല്ലാം അവരോടൊപ്പംനിന്ന ഒരാളാണ് ഞാന്‍'' (മാധ്യമം മെയ് 16) . മേല്‍ സൂചിപ്പിക്കപ്പെട്ട വിഷയങ്ങളില്‍ ഒരു ജനകീയ ഗവണ്‍മെന്റ് കൈക്കൊണ്ട നിലപാടുകളാണ് ആ ഗവണ്‍മെന്റിന്റെ വര്‍ഗസമീപനം നിര്‍ണയിക്കുന്നതെന്ന സാമാന്യതത്വമെങ്കിലും ഇവര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തത് ഇരുകൂട്ടരുടെയും പൊതുലക്ഷ്യം ഒന്നായതുകൊണ്ടാണ്. അത് കേരളത്തിലെ സംഘടിത ഇടതുപക്ഷ പ്രസ്ഥാനത്തെ തകര്‍ക്കുക എന്നത് മാത്രമാണ്. സമീപകാല സംഭവങ്ങള്‍ ഈ യാഥാര്‍ഥ്യം കൂടുതല്‍ തെളിമയോടെ വെളിച്ചത്തുകൊണ്ടുവരുന്നു. പ്രശ്നങ്ങളോട് ഇവരെടുക്കുന്ന അവസരവാദപരമായ നിലപാട് ഇവരുടെ ഇടതുപക്ഷ വിരുദ്ധമുഖം കൂടുതല്‍ വ്യക്തമാക്കപ്പെടുന്നു. വയനാട്ടിലെ ആദിവാസി ഭൂപ്രശ്നത്തില്‍ എം പി വീരേന്ദ്രകുമാര്‍ ഒരു പ്രധാന കണ്ണിയാണെന്ന് ജനം വിശ്വസിച്ചുതുടങ്ങിയതോടെ ഈ വിഷയം ഇപ്പോള്‍ ഇവരുടെ അജന്‍ഡയിലില്ല. സമീപകാലത്ത് പ്ളാച്ചിമടയിലെ സമരപ്പന്തല്‍ അടിച്ചുപൊളിച്ച അക്രമികള്‍സമരക്കാരെ കൈകാര്യം ചെയ്തപ്പോഴും ഈ 'അധഃസ്ഥിത' പ്രേമക്കാര്‍ അതിന്റെ ഏഴയലത്ത്പോലും പോയില്ല. സുനന്ദ പുഷ്കറിന്റെ വിയര്‍പ്പിന് മുപ്പതുകോടി വിലയിട്ടാല്‍ അത് അധികമാവില്ലെന്ന് സി ആര്‍ നീലകണ്ഠനെപ്പോലുള്ളവര്‍ ന്യായീകരിച്ചപ്പോള്‍ ഇവര്‍ ആര്‍ക്കുവേണ്ടി കുഴലൂത്തു നടത്തുന്നുവെന്ന് വ്യക്തമാണ്. നന്ദിഗ്രാമും സിംഗൂരും വല്ലാത്തൊരാവേശത്തോടെ ഇപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കുന്നവര്‍ക്ക് ഇന്ത്യയിലെ സാമാന്യ ജനങ്ങളുടെ ജീവന് മൊത്തവിലയിടുന്ന ആണവബാധ്യതാബില്ല് ഒരു ദില്ലികാര്യം മാത്രമാണ്.

കിനാലൂരിലെ നാലുവരിപ്പാതയിലൂടെ അനായാസം കേരളരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെത്താമെന്ന ജമാഅത്തെ ഇസ്ളാമിയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയേറ്റിരിക്കുന്നു. കോഴിക്കോട്ടുവെച്ച് രഹസ്യ കൂടിക്കാഴ്ച നടത്തിയ ലീഗ് നേതാക്കള്‍ തന്നെ ജമാഅത്തെ ഇസ്ളാമിയുടെ മതരാഷ്ട്രീയ വാദവും ലീഗിന്റെ നിലപാടും ഐക്യപ്പെടുന്ന പ്രശ്നമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. മതരാഷ്ട്രീയത്തിന്റെ മുഖം മറയ്ക്കാന്‍ വര്‍ഗരാഷ്ട്രീയത്തിന്റെ മൂടുപടമണിഞ്ഞ ജമാഅത്തെ ഇസ്ളാമി ഈ വിവാദത്തിലൂടെ സ്വയം നഗ്നരാക്കപ്പെട്ടിരിക്കുന്നു.

ഒരു മുദ്രാവാക്യവും അതിന്റെ കാവ്യഭംഗികൊണ്ടോ പ്രാസഗുണംകൊണ്ടോ ഒരു സമൂഹവും ഏറ്റെടുത്തിട്ടില്ല. ഒരു കൊടിയും അതിന്റെ നിറമഹിമകൊണ്ട് ഒരു ജനതയും നെഞ്ചോട് ചേര്‍ത്ത് പിടിച്ചിട്ടില്ല. നീതിനിഷേധത്തിന്റെ ഗര്‍ത്തങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നവര്‍ക്കുവേണ്ടി ആത്മാര്‍ഥ സമര്‍പ്പണം ചെയ്യപ്പെടുന്നവരുടെ കണ്ഠങ്ങളില്‍ നിന്നുയരുമ്പോഴേ മുദ്രാവാക്യങ്ങള്‍ അന്വര്‍ഥമാവുകയുള്ളൂ. വാക്കുകള്‍ക്കതീതമായ പോരാട്ടങ്ങളിലൂടെ കാലത്തെ അതിജീവിച്ച കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ജനഹൃദയങ്ങളില്‍നിന്നാട്ടിയിറക്കി ശുദ്ധികലശം നടത്താന്‍ ഒരു ബക്കറ്റ് വെള്ളവും ഒരു കുറ്റിച്ചൂലും ഒരുക്കിയവര്‍ക്ക് അത് സ്വയം തലയിലൊഴിച്ച് അപഹാസ്യരാവേണ്ടിവന്നത് കാലം അപൂര്‍വമായി മാത്രം വിധിക്കുന്ന സ്വാഭാവിക നീതിയല്ലാതെ മറ്റൊന്നുമല്ല.

ഇടതുപക്ഷ വായാടിത്തത്തിന്റെ പല്ലിന് ശൌര്യം കുറഞ്ഞിരിക്കുന്നു. അവസരവാദത്തിലൂടെ അവര്‍ പ്രതിലോമ രാഷ്ട്രീയക്കാരുടെയും മത രാഷ്ട്രീയക്കാരുടെയും വാലാണെന്ന് ഇടതുപക്ഷ സമൂഹം കൂടുതല്‍ അടുത്തറിയുന്നു. വ്യാവസായികമായി മരവിച്ചുപോയ കേരളത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രതിജ്ഞാബദ്ധത മന്ത്രി എളമരം കരീമിലൂടെ സത്യസന്ധമായി നിര്‍വഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ സാങ്കേതിക നൂലാമാലകള്‍പോലും വിവരാവകാശ നിയമത്തിലൂടെ പുറത്തുകൊണ്ടുവരുന്നവര്‍ക്ക് കിനാലൂരിലെ ഭൂമിയുടെ അവകാശികളെക്കുറിച്ച് അന്വേഷിക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണ്? കിനാലൂരിലെ നിര്‍ദിഷ്ട റോഡിന്റെ ഇരുഭാഗത്തും താമസിക്കുന്നവര്‍ക്കിടയില്‍ ഹിതപരിശോധന നടത്താമെന്ന ധനമന്ത്രിയുടെ നിര്‍ദേശം സ്വീകാര്യമാവാത്തതെന്തുകൊണ്ടാണ്? കേരളം മാറുന്നുവെന്ന യാഥാര്‍ഥ്യത്തിനുനേര്‍ക്ക് കണ്ണടയ്ക്കുന്നവരുടെ കണ്ണുകളില്‍ മാത്രമേ ഇരുട്ടുപരക്കുകയുള്ളൂ. ഈ മാറ്റം ക്രിയാത്മകമാണ്. നാലുവര്‍ഷം മുമ്പ് അടഞ്ഞുകിടന്നിരുന്ന മുപ്പതോളം പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ സംസ്ഥാന ഖജനാവിന് കോടികള്‍ ലാഭമുണ്ടാക്കിക്കൊടുത്തിരിക്കുന്നു. നമ്മുടെ തൊഴില്‍ സംസ്കാരത്തിന്റെ നന്മകളെ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ടും തിന്മകളെ വിട്ടുവീഴ്ചയില്ലാതെ നിരാകരിച്ചുകൊണ്ടും മുന്നോട്ടുപോവുന്ന ഈ രീതി കേരളീയ സമൂഹം സഹര്‍ഷം സ്വാഗതം ചെയ്യുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ടുതന്നെ ദൈവിക ജനാധിപത്യത്തിന്റെ സ്വപ്നകാമുകന്മാര്‍ക്ക് ഇത് മോഹഭംഗത്തിന്റെ അശുഭകാലമാവാനേ തരമുള്ളൂ.
*
അസീസ് തുവൂര്‍

സ്വത്വരാഷ്ട്രീയത്തിന്റെ വെല്ലുവിളി നേരിടുക

സ്വത്വരാഷ്ട്രീയം ലോകമാകെ വ്യാപിച്ചിരിക്കുന്നു. ഗോത്രം, ലിംഗം, ജാതി, മതം, വംശം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രത്യേക സ്വത്വത്തില്‍പ്പെടുന്ന ജനങ്ങള്‍ രാഷ്ട്രീയമായി അണിചേരുകയും പ്രവര്‍ത്തിക്കുകയും വേണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ളതാണ് സ്വത്വരാഷ്ട്രീയം. ഒരു പ്രത്യേക സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളും അടിച്ചമര്‍ത്തലുകളുമാണ് അവരുടെ കൂട്ടായ സ്വത്വബോധത്തിന് അടിസ്ഥാനമാവുന്നത്. ഈ കൂട്ടായ സ്വത്വബോധമാണ് സ്വത്വരാഷ്ട്രീയത്തെ പ്രവര്‍ത്തനക്ഷമമാക്കുന്നത്.

എവിടെയൊക്കെ സ്വത്വരാഷ്ട്രീയം കടന്നുവരുന്നുവോ അവിടെയൊക്കെ അത് വര്‍ഗാടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിനെതിരായി നില്‍ക്കുന്നു. സ്വത്വരാഷ്ട്രീയത്തിന്റെ താത്വികന്മാര്‍ അവകാശപ്പെടുന്നത് ഒരു സ്വത്വവിഭാഗം അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകള്‍ മനസ്സിലാക്കുവാന്‍ ആ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കു മാത്രമേ കഴിയൂ എന്നാണ്. ഈ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടത്തില്‍ മറ്റുള്ളവരെ ഭാഗഭാക്കാക്കുവാന്‍ കഴിയില്ല, കാരണം അവര്‍ക്ക് ആ അനുഭവമില്ല. അതിനാല്‍ ഈ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടത്തില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെടുന്നു. ഇത് അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരായ എല്ലാ പോരാട്ടങ്ങളെയും ഭിന്നിപ്പിക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്നു. ഒരു ഐക്യപ്പെട്ട പൊതുപ്രസ്ഥാനം രൂപപ്പെടുത്തിയെടുക്കാനുള്ള സാധ്യതയെ അത് ഒഴിവാക്കുന്നു. ഉദാഹരണത്തിന്, വര്‍ണ്ണവിവേചനം അനുഭവിക്കുന്നവര്‍ക്കു മാത്രമേ അതിനെതിരായി പോരാടാനാവൂ. 1960-കളില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ നടന്നതുപോലെ കറുത്തവര്‍ഗക്കാരും വെള്ളക്കാരായ പുരോഗമനേച്ഛുക്കളും യോജിച്ച് ഒരു പൊതു പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള സാധ്യതയെ അതൊഴിവാക്കുന്നു.

മുതലാളിത്തവും ഭരണവര്‍ഗങ്ങളും നടത്തുന്ന വര്‍ഗപരമായ ചൂഷണം എന്ന സങ്കല്‍പ്പനത്തെ സ്വത്വരാഷ്ട്രീയം തള്ളിക്കളയുന്നു. അവരെ സംബന്ധിച്ചിടത്തോളം വര്‍ഗമെന്നത് മറ്റു നിരവധി സ്വത്വങ്ങളില്‍ ഒന്നുമാത്രമാണ്.

ചൂഷണത്തെ ഒരു വസ്തുനിഷ്ഠ പ്രതിഭാസമായും ചൂഷണം ചെയ്യപ്പെടുന്നു എന്ന ബോധത്തെ അതനുഭവിക്കുന്ന വ്യക്തിയുടെ ആത്മനിഷ്ഠതയെ ആസ്പദമാക്കിയ ഒന്നായും കാണുന്ന മാര്‍ക്സിസത്തില്‍നിന്ന് വിഭിന്നമായി സ്വത്വരാഷ്ട്രീയം അടിച്ചമര്‍ത്തലിനെ അതനുഭവിക്കുന്ന വ്യക്തിയുടെ ആത്മനിഷ്ഠതയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒന്നായാണ് കാണുന്നത്.

സ്വത്വരാഷ്ട്രീയത്തിന്റെ മാനദണ്ഡമനുസരിച്ച് തൊഴിലാളിവര്‍ഗത്തിനെത്തന്നെ സ്ത്രീ-പുരുഷന്‍, ദളിത് അല്ലെങ്കില്‍ ജാതിസ്വത്വങ്ങള്‍, ഭാഷാ ദേശീയ ജനവിഭാഗങ്ങള്‍, നരവംശ വിഭാഗങ്ങള്‍ എന്നിങ്ങനെ അവ നിര്‍മ്മിക്കാനാവും. തൊഴിലാളിവര്‍ഗം, മറ്റു വര്‍ഗങ്ങളായ കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ മുതലായ വര്‍ഗ വിഭാഗങ്ങള്‍ എന്നതിന്റെ നിഷേധമാണ് ഇത് അര്‍ത്ഥമാക്കുന്നത്.

സ്വത്വരാഷ്ട്രീയം വളര്‍ന്നുവരുന്നതിന്റെ പശ്ചാത്തലം

സ്വത്വരാഷ്ട്രീയമെന്നത് ആപേക്ഷികമായി പറഞ്ഞാല്‍ ഈയടുത്തകാലത്ത് ഉയര്‍ന്നുവന്ന ഒരു പ്രതിഭാസമാണ്. 1970-കളുടെ ആദ്യംവരെ സ്വത്വരാഷ്ട്രീയമെന്ന സങ്കല്‍പ്പനം ഉണ്ടായിരുന്നില്ല. എണ്‍പതുകള്‍ മുതലാണ് സ്വത്വരാഷ്ട്രീയത്തിന് പ്രാമാണ്യത കൈവന്നത്. ധനമുതലാളിത്തം കത്തിച്ചുവിട്ട സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന് 1980-കളിലുണ്ടായ മുന്നേറ്റവും സോഷ്യലിസത്തിനുണ്ടായ തിരിച്ചടിയുമാണ് സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ചയ്ക്ക് പശ്ചാത്തലമായി പ്രവര്‍ത്തിച്ചത്. ആഗോളവല്‍ക്കരിക്കപ്പെട്ട ധനമൂലധനത്താല്‍ നിയന്ത്രിക്കപ്പെടുന്ന മുതലാളിത്തവും വിവര വിനിമയ സാങ്കേതികവിദ്യയില്‍ സാങ്കേതികവിദ്യ വരുത്തിയ മാറ്റങ്ങളും അതിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുമുണ്ടാക്കി. ആഗോളധനമൂലധനത്തിന്റെ ഈ ഘട്ടത്തോടൊപ്പം തന്നെയാണ് സോഷ്യലിസത്തിന് തിരിച്ചടിയേല്‍ക്കുകയും സോവിയറ്റ് യൂണിയന്‍ ശിഥിലീകരിക്കപ്പെടുകയും ചെയ്തത്. ചൂഷണത്തില്‍ നിന്നുള്ള മാനവരാശിയുടെ വിമോചനം എന്ന സാര്‍വ്വദേശീയ ലക്ഷ്യവും ചൂഷണത്തിനടിസ്ഥാനമായി വര്‍ത്തിക്കുന്ന മുതലാളിത്ത വ്യവസ്ഥക്കെതിരായി എല്ലാ വിഭാഗത്തിലുംപെട്ട അധ്വാനിക്കുന്ന ജനങ്ങളുടെ ഐക്യത്തിന് വേണ്ടി വാദിക്കുന്ന സിദ്ധാന്തവും ദുര്‍ബലപ്പെടുന്നതിലേക്ക് ഇത് നയിച്ചു.

സോഷ്യലിസത്തിനും സാര്‍വ്വത്രിക ലക്ഷ്യമായ സ്വാതന്ത്ര്യത്തിനും ഏറ്റ തിരിച്ചടി സങ്കുചിതവും വിഭാഗീയവുമായ സ്വത്വബോധത്തിന്റെയും പിന്തിരിപ്പന്‍ സങ്കുചിത ദേശീയവാദ ചിന്താഗതിയുടേയും വളര്‍ച്ചക്കിടയാക്കി. യൂഗോസ്ളാവിയയുടെ നാടകീയമായ തകര്‍ച്ചയില്‍ വംശീയ സ്വത്വരാഷ്ട്രീയത്തിന്റെയും ഭ്രാതൃഹത്യ പരമായ ഭിന്നിപ്പുകളുടെയും വളര്‍ച്ച കാണാവുന്നതാണ്. മുന്‍ സോവിയറ്റ് യൂണിയനില്‍ വിവിധ ദേശീയ ജനവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങളുണ്ടായി. ലോകമാകെ തന്നെ മൌലികവാദപരവും വിഭാഗീയവുമായ ചിന്താഗതികള്‍ വളര്‍ന്നുവരുന്നതിന് അത് ഇടയാക്കി. വിവിധങ്ങളായ സ്വത്വബോധങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ഭിന്നിക്കുന്നതിനെ ആഗോളധനമൂലധനം പ്രോത്സാഹിപ്പിച്ചു. ബഹുദേശീയസ്വഭാവമുള്ള രാഷ്ട്രങ്ങളുടെ ഭിന്നിപ്പും ചെറുരാജ്യങ്ങളുടെ ഉദയവും നടക്കുന്നതോടൊപ്പം തന്നെ ധനമൂലധനം അവരുടെ വിപണികളില്‍ നുഴഞ്ഞു കയറുകയും അതിന്റെ നിയന്ത്രണം കൈക്കലാക്കുകയും ചെയ്തു.

സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന് കീഴില്‍ മുതലാളിത്ത രാഷ്ട്രങ്ങള്‍ മിച്ചത്തിലും സാമ്പത്തിക വിഭവങ്ങളിലും പ്രാപ്യത നേടിയെടുക്കുന്നതിന് വേണ്ടി അവകാശവാദമുന്നയിച്ച് മത്സരിക്കുന്ന വിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഉല്പാദിപ്പിക്കപ്പെടുന്ന മിച്ചവും സാമ്പത്തിക വിഭവങ്ങളും പുരോഗമനപരമായി പുനര്‍ വിതരണം നടത്തണമെന്നാവശ്യപ്പെടുന്ന, സമുദായങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും അതീതമായ, സാര്‍വത്രികമായ ഐക്യദാര്‍ഢ്യത്തെ തടയുന്നതിന് ബഹുവിധവും വ്യത്യസ്തവുമായി മത്സരിക്കുന്ന വിഭാഗങ്ങള്‍ നിലനില്‍ക്കുന്നത് ഏതുവിധത്തില്‍ നോക്കിയാലും ഭരണവര്‍ഗങ്ങള്‍ക്ക് സൌകര്യപ്രദമാണ്. സ്വത്വരാഷ്ട്രീയം എങ്ങനെയാണ് ജനങ്ങളെ ഭിന്നിപ്പിക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്നതെന്ന് മനസ്സിലാക്കേണ്ടതാണ്. അത് വര്‍ഗപരമായ ഐക്യത്തിനെതിരായ നിഷേധാത്മകമായ ഇടപെടലായും ജനങ്ങളുടെ ഐക്യപ്രസ്ഥാനം രൂപപ്പെടുത്തുന്നതിനെതിരായ ഒരു കടമ്പയായും പ്രവര്‍ത്തിക്കുന്നു. അത് വര്‍ഗാടിസ്ഥാനത്തിലുള്ള പ്രസ്ഥാനത്തിനും രാഷ്ട്രീയത്തിനും എതിരായി ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ കൈകളിലെ ഒരു ഉപകരണമായി മാറുന്നു.

നേരത്തെ വിശദീകരിച്ചതുപോലെ സ്വത്വരാഷ്ട്രീയം സ്വാഭാവികമായിതന്നെ ഒരു സ്വത്വത്തെ 'മറ്റൊന്നില്‍' നിന്ന് വേര്‍തിരിക്കുകയും ഒഴിവാക്കി നിര്‍ത്തുകയും ചെയ്യുന്നു. 'മറ്റൊന്നില്‍' നിന്ന് വേറിട്ട് നില്‍ക്കുന്നതില്‍ നിന്നാണ് സ്വത്വം യഥാര്‍ത്ഥത്തില്‍ സ്ഥാപിക്കപ്പെടുന്നത്. വംശം, മതം, ജാതി അല്ലെങ്കില്‍ ലിംഗം എന്നിവയില്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതിനാല്‍ 'മറ്റൊന്നി'നെ ഒഴിവാക്കുകയും എപ്പോഴും എതിര്‍ക്കുകയും വേണം.

20-ാം നൂറ്റാണ്ടിന്റെ അവസാനത്തെ രണ്ടു ദശകങ്ങളിലാണ് പുതിയ ബൂര്‍ഷ്വാ തത്വശാസ്ത്ര പ്രവണതയായ 'ഉത്തരാധുനികത'യുടെ ഉയര്‍ച്ച ദൃശ്യമായത്. ഈ ഉത്തരാധുനിക കാഴ്ചപ്പാടാണ് സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ചയിലേക്ക് നയിച്ചത്. 18-ാം നൂറ്റാണ്ടില്‍ വളര്‍ന്നുവന്ന എല്ലാ പ്രബോധോദയമൂല്യങ്ങളെയും 'ഉത്തരാധുനികത' ചോദ്യം ചെയ്യുന്നു. വ്യക്തിസ്വാതന്ത്ര്യം, പുരോഗമനം, യുക്തിചിന്ത തുടങ്ങി എല്ലാ സാര്‍വ്വജനീന മൂല്യങ്ങളെയും വളര്‍ത്തിക്കൊണ്ടുവന്നത് പ്രബോധോദയഘട്ടമാണ്. 'സാര്‍വ്വജനീനമായ' എല്ലാ രാഷ്ട്രീയ സിദ്ധാന്തങ്ങളെയും ഉത്തരാധുനികത തള്ളിക്കളയുന്നു. സോഷ്യലിസം പോലുള്ള എല്ലാ സാര്‍വ്വജനീന സിദ്ധാന്തങ്ങളെയും അത് തള്ളിക്കളയുന്നു. ഒരു വ്യവസ്ഥയുടെ ഘടനയായി മുതലാളിത്തത്തെയോ സോഷ്യലിസത്തെയോ അംഗീകരിക്കുവാന്‍ ഉത്തരാധുനികത തയ്യാറാവുന്നില്ല. ചരിത്രപരമായ പുരോഗതി എന്ന സങ്കല്പനം തന്നെ നിലനില്‍ക്കുന്നില്ല എന്നും ചരിത്രത്തെ തന്നെ ആപേക്ഷികമായോ സാന്ദര്‍ഭികമായോ മാത്രമേ കാണാനാവൂ എന്നുമാണവരുടെ കാഴ്ചപ്പാട്.

ഉത്തരാധുനികത ആകെ അംഗീകരിക്കുന്നത് വ്യത്യസ്ത സ്വത്വങ്ങള്‍, വിഭിന്നതകള്‍, സംഘര്‍ഷങ്ങള്‍ എന്നിവയുടെ നിലനില്‍പ്പിനെ മാത്രമാണ്. അതിനാല്‍ ആകെ സാധ്യമായത്, ഒരു പ്രത്യേക സ്വത്വത്തിന്റെ ഭിന്നാംശങ്ങളെ അംഗീകരിക്കലും 'വ്യത്യസ്തതകള്‍' 'സ്വത്വങ്ങള്‍' എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രത്യേക സമരങ്ങളും സ്വയം ഭരണാവകാശമുള്ള സാമൂഹ്യപ്രസ്ഥാനങ്ങളും മാത്രമാണ്. ഈ മാര്‍ക്സിസ്റ് വിരുദ്ധ ബൂര്‍ഷ്വാതത്വശാസ്ത്ര കാഴ്ചപ്പാടാണ് സ്വത്വരാഷ്ട്രീയത്തിനെ പ്രോത്സാഹിപ്പിക്കുന്നത്.

വംശീയതയെയോ ലിംഗപരതയെയോ അടിസ്ഥാനമാക്കിയ ചിലതരം അടിച്ചമര്‍ത്തലുകള്‍ പരിഹരിക്കപ്പെടുകയോ പരിഷ്കാരങ്ങള്‍ വരുത്തുകയോ ചെയ്താല്‍ പോലും മുതലാളിത്ത വ്യവസ്ഥ കോട്ടം കൂടാതെ നിലനില്‍ക്കപ്പെടുന്നിടത്തോളം കാലം ചൂഷണം അവസാനിപ്പിക്കാനാവില്ല എന്ന വസ്തുത മറച്ചു വെക്കുകയാണ് സ്വത്വരാഷ്ട്രീയം വാസ്തവത്തില്‍ ചെയ്യുന്നത്. ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവം അംഗീകരിക്കാന്‍ സ്വത്വരാഷ്ട്രീയം തയ്യാറാകുന്നില്ല. ഭരണകൂടത്തെ നിഷ്പക്ഷവും സ്വയം ഭരണക്ഷമവുമായ ഒന്നായാണത് കാണുന്നത്.

സ്വത്വരാഷ്ട്രീയം പ്രവര്‍ത്തനരംഗത്ത് വരുന്നത് സര്‍ക്കാരിതര സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ഇപ്പോള്‍ പരിഷ്കാരപേരിട്ട് വിളിക്കുന്ന സിവില്‍ സമൂഹം എന്നിവയിലൂടെയാണ്. ഇതിനുംപുറമെ സ്വയംഭരണക്ഷമമെന്ന് വിളിക്കപ്പെടുന്ന സാമൂഹ്യപ്രസ്ഥാനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഇവയില്‍ തന്നെ പല സംഘടനകളേയും ഭരണകൂടവും പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് ഫണ്ട് ലഭിക്കുന്ന സംഘടനകളും പിന്തുണയ്ക്കുന്നു. വ്യത്യസ്തവും ഭിന്നാടിസ്ഥാനത്തിലുമുള്ള ഘടകങ്ങളായി പ്രവര്‍ത്തിക്കുന്ന അത്തരം എന്‍.ജി.ഒകളും സ്വയം സന്നദ്ധ സംഘടനകളും വ്യത്യസ്ത സ്വത്വങ്ങള്‍ എന്ന ബൂര്‍ഷ്വാ ആശയം പ്രചരിപ്പിക്കുന്നതിനുള്ള ഫലപ്രദമായ ഉപകരണങ്ങളായി പ്രവര്‍ത്തിക്കുന്നു.

സ്വത്വരാഷ്ട്രീയം ഇന്ത്യയില്‍

ജാതി, മതം, ഭാഷ, വംശം, സമുദായം എന്നിവ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള നിരവധി വ്യത്യസ്തതകള്‍ നിലനില്‍ക്കുന്ന ഒരു സമൂഹമാണ് ഇന്ത്യ. നമ്മുടെ സമൂഹത്തില്‍ നിരവധി തരത്തിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലുകളുണ്ട്. അതുകൊണ്ടുതന്നെ സ്വത്വരാഷ്ട്രീയത്തിന് വളരാന്‍ അനുകൂലമായ വളക്കൂറുള്ള മണ്ണാണ് ഇന്ത്യയിലുള്ളത്.

ജാതിയാണ് സ്വത്വരാഷ്ട്രീയം വളരുന്നതിന് അടിസ്ഥാനമായിട്ടുള്ള ഒരു സ്വത്വം. സമൂഹത്തില്‍ ജാതിപരമായ അടിച്ചമര്‍ത്തലും വിവേചനവും ഉള്ളതിനാല്‍ ഈ അടിച്ചമര്‍ത്തലിന് വിധേയരാകുന്ന ജാതികളിലും സമുദായങ്ങളിലുമുള്ളവരെ അവരുടെ സ്വത്വത്തിന്റേയും അവര്‍ അനുഭവിക്കേണ്ടി വരുന്ന അടിച്ചമര്‍ത്തലിന്റെയും അടിസ്ഥാനത്തില്‍ അണിനിരത്താന്‍ ശ്രമിക്കുന്നു. ഇത്തരത്തിലുള്ള ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സ്വത്വരാഷ്ട്രീയത്തിന്റെ ഒരു പൊതുവായ സ്വഭാവം വിവിധതരത്തിലുള്ള മറ്റു അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കേണ്ടി വരുന്ന ജാതികളെയോ സമുദായങ്ങളെയോ ഒഴിവാക്കി സംഘടനകളും പ്രസ്ഥാനങ്ങളും സംഘടിപ്പിക്കുവാനാണ് അവര്‍ ശ്രമിക്കുക എന്നതാണ്.

മറ്റു പിന്നോക്ക ജാതിക്കാര്‍ക്കിടയിലും പട്ടികജാതിക്കാര്‍ക്കിടയിലും തുടര്‍ന്നും ഭിന്നരൂപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഉപജാതികള്‍, വിഭാഗങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള സ്വത്വങ്ങള്‍ രൂപപ്പെടുത്തുകയും രാഷ്ട്രീയമായ അണിചേരലിന് കരുത്തു പകരുകയും ചെയ്യുന്നു. ബി.ജെ.പി, കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ടി, ബി.എസ്.പി എന്നിവ പോലുള്ള എല്ലാ ബൂര്‍ഷ്വാ-പെറ്റിബൂര്‍ഷ്വാ പാര്‍ടികളും ജാതി-ഉപജാതി സമ്മേളനങ്ങള്‍ നടത്തിക്കൊണ്ട് പിന്തുണയാര്‍ജ്ജിക്കുവാനുള്ള ശ്രമം നടത്തുന്നു.

മതപരമായ സ്വത്വമാണ് സ്വത്വരാഷ്ട്രീയത്തിന്റെ മറ്റൊരടിസ്ഥാനം. ന്യൂനപക്ഷ വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിനായി സ്വത്വരാഷ്ട്രീയം ഉപയോഗപ്പെടുത്തുന്നു. ഭൂരിപക്ഷ മതവിഭാഗത്തെ സംബന്ധിച്ചിടത്തോളം അവരുടെ രാഷ്ട്രീയ അണിചേരല്‍ നടത്തപ്പെടുന്നത് ദേശീയതയുടെ മറവിലാണ.് എന്നാല്‍ അതും ഒരു സ്വത്വരാഷ്ട്രീയം തന്നെയാണ്. ബി.ജെ.പി - ആര്‍.എസ്.എസ് ഇരട്ടകള്‍ അവരുടെ ഹിന്ദുത്വ വേദി നിലനിര്‍ത്തുന്നതിനായി ദളിതരും മറ്റുവിഭാഗങ്ങളില്‍പെടുന്നവരുമായ സ്വത്വബോധങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിനായി ശ്രമിക്കുന്നു.

മറ്റൊരു തരത്തിലുള്ള സ്വത്വരാഷ്ട്രീയം വ്യാപകമായിട്ടുള്ളത് തെക്കു കിഴക്കന്‍ മേഖലകളിലാണ്. അത് വംശീയമായ സ്വത്വരാഷ്ട്രീയത്തിന്റെ രൂപത്തിലാണ്. പുതിയ തരം വംശീയസ്വത്വങ്ങള്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ്. വിശാലമായ ഒരു കാഴ്ചപ്പാടില്ലാത്തതുമൂലം അത്തരത്തിലുള്ള സങ്കുചിത വംശീയ സ്വത്വങ്ങള്‍ മറ്റു വിഭാഗങ്ങളുമായി സംഘര്‍ഷത്തിലേക്കെത്തുന്നു. അവര്‍ ദിമാസകളോ നാഗന്മാരോ ബോഡോകളോ കര്‍ബികളോ ആവട്ടെ അന്യോന്യം എതിര്‍ക്കുകയും ഭ്രാതൃഹത്യാപരമായ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു.

വിഘടനവാദത്തിന്റെ അടിസ്ഥാനവും സ്വത്വരാഷ്ട്രീയമാണ്. ഈ പ്രക്രിയയുടെ ഭാഗമായാണ് വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ പ്രത്യേക സംസ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള അവകാശവാദങ്ങളും വേറിട്ടുപോകല്‍ വാദവുമൊക്കെ ഉയര്‍ന്നു വന്നത്. പശ്ചിമബംഗാളിലെ ഗൂര്‍ഖലാന്റ് പ്രക്ഷോഭം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് നേപ്പാളി സ്വത്വബോധത്തെയാണ്. ഈ സമുദായങ്ങളിലെ വിദ്യാസമ്പന്നരായ പെറ്റിബൂര്‍ഷ്വാ വിഭാഗമാണ് സ്വത്വരാഷ്ട്രീയത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. കൂടുതല്‍ ഉയര്‍ന്ന അന്തസ്സ് ആഗ്രഹിക്കുന്ന പെറ്റി ബൂര്‍ഷ്വാ വിഭാഗത്തിനെയാണ് അത്തരത്തിലുള്ള രാഷ്ട്രീയ അണിചേരലുകള്‍ സഹായിക്കുന്നത്. പലപ്പോഴും അവര്‍ വ്യവസ്ഥയിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെടുകയും അതിന്റെ ഭാഗമായി നേട്ടങ്ങള്‍ ഉണ്ടാക്കാനാവുകയും ചെയ്യുന്നു.

വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ അനുഭവങ്ങള്‍ കാണിക്കുന്നത് വംശീയമായ സ്വത്വരാഷ്ട്രീയത്തിന് വേരുകള്‍ ആഴ്ത്താനായാല്‍ ജനങ്ങളെ ഒരു പൊതുപ്രസ്ഥാനത്തില്‍ കൊണ്ടുവന്ന് ചൂഷണത്തിനും സാമൂഹ്യ അടിച്ചമര്‍ത്തലിനുമെതിരായ പോരാട്ടത്തില്‍ അണിനിരത്തുക എന്നത് ദുഷ്കരമായി മാറുമെന്നാണ്.

പാര്‍ടി നിലപാടും ഇടപെടലുകളും

സമൂഹത്തില്‍ വര്‍ഗപരമായ ചൂഷണവും സാമൂഹ്യമായ അടിച്ചമര്‍ത്തലും നിലനില്‍ക്കുന്നുണ്ടെന്ന തിരിച്ചറിവിനെ അടിസ്ഥാനപ്പെടുത്തിയുള്ള നിലപാടാണ് സി.പി.ഐ (എം) എടുത്തിരിക്കുന്നത്. നമ്മുടെ രാജ്യത്ത് നിലവിലുള്ള സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മുതലാളിത്തപരവും അര്‍ദ്ധഫ്യൂഡലുമായ വര്‍ഗചൂഷണം നിലനില്‍ക്കുന്നതോടൊപ്പം തന്നെ ജാതി, വംശം, ലിംഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെ വിവിധ രൂപങ്ങളും നിലനില്‍ക്കുന്നുണ്ട്. വര്‍ഗപരമായ ചൂഷണത്തിലൂടെ ഭരണവര്‍ഗങ്ങള്‍ മിച്ചം പിഴിഞ്ഞെടുക്കുന്നതോടൊപ്പം തന്നെ അവരുടെ മേധാവിത്വം നിലനിര്‍ത്തുന്നതിനായി വിവിധ രൂപത്തിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലുകളെയും ഉപയോഗിക്കുന്നു. അതിനാല്‍ ചൂഷണത്തിനും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായി ഉള്ള രണ്ടു തരത്തിലുള്ള പോരാട്ടങ്ങളും ഒരേ സമയം തന്നെ നടത്തേണ്ടതുണ്ട്.

അതുകൊണ്ടാണ് വര്‍ഗസമരം നടത്തുന്നതിന്റെ പ്രാധാന്യത്തിന് ഊന്നല്‍ കൊടുത്തതോടൊപ്പം തന്നെ ജാതി അടിസ്ഥാനത്തിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലിനും മറ്റ് അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായി ഉള്ള സമരം നടത്തേണ്ടതുണ്ടെന്നതിന് ഊന്നല്‍ നല്‍കിയത്.

ആഗോളധനമൂലധനത്തിന് മേല്‍ക്കൈ ലഭിക്കുകയും സാമ്രാജ്യത്വ ആഗോളവല്‍ക്കരണം രൂപപ്പെടുകയും ചെയ്തതോടെ ഭരണവര്‍ഗങ്ങള്‍തന്നെ സ്വത്വരാഷ്ട്രീയത്തെയും അവരുടെ പ്രസ്ഥാനങ്ങളെയും വന്‍തോതില്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്. അത്തരം പ്രസ്ഥാനങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളിലെ ഒരു വിഭാഗം പെറ്റി ബൂര്‍ഷ്വാസിയെ അധികാരഘടനയുടെ ഗോവണിപ്പടികളില്‍ കയറിപ്പറ്റുന്നതിന് സഹായിക്കുന്നു.

സ്വത്വരാഷ്ട്രയീത്തിന്റെയും അവ പെറ്റു വളര്‍ത്തുന്ന സങ്കുചിത പ്രസ്ഥാനങ്ങളുടെയും വൈവിധ്യത ഇന്ത്യയിലെ ഭരണവര്‍ഗത്തെ തെല്ലുപോലും അലോസരപ്പെടുത്തുന്നില്ല. സ്വത്വരാഷ്ട്രീയവുമായി ബന്ധം പുലര്‍ത്താനും അവര്‍ക്ക് സഹായങ്ങള്‍ നല്‍കാനുമാണ് അവര്‍ താല്‍പര്യം കാണിക്കുന്നത്. ഇതിന്റെ മറുവശമെന്നോണം സ്വത്വരാഷ്ട്രീയം തൊഴിലാളി വര്‍ഗത്തിന്റെ ഐക്യം തകര്‍ക്കുകയും വ്യവസ്ഥക്കെതിരായി വളര്‍ന്നു വരേണ്ട വിപുലമായ ജനകീയ ഐക്യത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. നവലിബറല്‍ ഭരണവ്യവസ്ഥയ്ക്കു കീഴില്‍ നടമാടുന്ന ഭീകരമായ അസമത്വത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിട്ടുകൊണ്ടാണ് അവര്‍ ഇത് നിര്‍വഹിക്കുന്നത്. അതോടൊപ്പം തന്നെ ആഗോളധനമൂലധനവും, വന്‍കിട കോര്‍പ്പറേറ്റ് മൂലധനവും അതിന്റെ ഉപകരണങ്ങളായ ലോകബാങ്ക് ഐ.എം.എഫ്, ഡബ്ളിയു.ടി.ഒ എന്നിവയും വന്‍കിട മുതലാളിത്തവും മൂലധനവാഴ്ചയ്ക്ക് അനുയോജ്യമായ വിധം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ കാണുന്നതിന് അവര്‍ തയ്യാറാവുന്നില്ല.

ജാതി സ്വത്വവാദരാഷ്ട്രീയത്തെക്കുറിച്ച് 19-ാം പാര്‍ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം താഴെ പറയും പ്രകാരം പറഞ്ഞിരുന്നു.

"ജാതി സ്വത്വത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ ധ്രുവീകരണം വളര്‍ന്നു വരുന്നതുമൂലം ഗുരുതരമായ ഒരു വെല്ലുവിളി ഇന്ന് ഉയര്‍ന്നുവരുന്നുണ്ട്. കൂടുതല്‍ കൂടുതല്‍ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികള്‍ ജാതി സ്വത്വത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനും ജാതികൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കാനും ശ്രമം നടത്തുകയാണ്. എല്ലാ സമുദായങ്ങളിലുംപെട്ട മര്‍ദ്ദിത വിഭാഗങ്ങളുടെ അതിവിശാലമായ വേദിയും ഇടതുപക്ഷജനാധിപത്യവേദിയും കെട്ടിപ്പടുക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന പാര്‍ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും ജാതി അടിസ്ഥാനത്തിലുള്ള ഈ അണിനിരത്തലുകള്‍ ഗൌരവമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ദളിതരുടെയും വിവിധ പിന്നോക്ക വിഭാഗങ്ങളുടെയും നിത്യജീവിതത്തിന്റെയും സാമൂഹിക അടിച്ചമര്‍ത്തലിന്റെയും പ്രശ്നങ്ങള്‍ പാര്‍ടി സമൂര്‍ത്തമായി ഏറ്റെടുക്കണം. വര്‍ഗപരമായ പ്രശ്നങ്ങളും സാമൂഹികമായ പ്രശ്നങ്ങളും ഒന്നിച്ച് ഏറ്റെടക്കുന്നതുമൂലം ജാതിപരമായ ശിഥിലീകരണത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെ നമുക്ക് നേരിടാനാകും.''

ജാതിയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സാമൂഹ്യ അടിച്ചമര്‍ത്തല്‍ എന്ന വിഷയത്തെ വര്‍ഗപ്രശ്നങ്ങളുമായി സംയോജിപ്പിക്കുന്നതില്‍ പാര്‍ടി എടുക്കേണ്ട നിലപാട് ഇതായിരിക്കണം.

പാര്‍ടി സാമൂഹ്യ പ്രശ്നങ്ങള്‍ നേരിട്ടുതന്നെ ഏറ്റെടുക്കണം. സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളുടെ മനോഗതികളുമായി താദാത്മ്യം പ്രാപിക്കുന്നതിനെകുറിച്ച് 18-ാം പാര്‍ടി കോണ്‍ഗ്രസ് പാര്‍ടിയോട് ആഹ്വാനം ചെയ്തിരുന്നു. ഇതില്‍ ഒരു ജനാധിപത്യപരമായ ഉള്ളടക്കമുണ്ട്. സ്ത്രീകള്‍ അനുഭവിച്ചു വരുന്ന ലിംഗപരമായ വിവേചനവും അടിച്ചമര്‍ത്തലും, ദളിതുകളും പിന്നോക്ക ജാതിക്കാരും അനുഭവിക്കുന്ന ജാതീയ വിവേചനം, ഗോത്രവര്‍ഗജനത അനുഭവിക്കുന്ന അടിച്ചമര്‍ത്തല്‍, ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന വിവേചനം ഇതൊക്കെ പാര്‍ടി തന്നെ നേരിട്ടേറ്റെടുക്കുകയും പോരാട്ടങ്ങള്‍ നടത്തുകയും വേണം.

സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും സാമൂഹ്യമായി അടിച്ചമര്‍ത്തലിന് വിധേയമാക്കപ്പെടുകയും ചെയ്യുന്ന സമുദായങ്ങളില്‍ നിന്നും ജനവിഭാഗങ്ങളില്‍ നിന്നുമാണ് സ്വത്വരാഷ്ട്രീയത്തിന് അനുകൂലമായ പ്രതികരണം ലഭ്യമാവുന്നത് എന്ന കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്. സ്വന്തം വാസസ്ഥലവും സംസ്കാരവും ജീവിതരീതികളും നാശവിധേയമായിക്കൊണ്ടിരിക്കുന്ന ഗോത്രസമുദായങ്ങളുടെ സ്വത്വബോധത്തിന്റെ പ്രശ്നം പ്രാധാന്യമര്‍ഹിക്കുന്നു. അതുകൊണ്ടാണ് പതിനെട്ടാം പാര്‍ടി കോണ്‍ഗ്രസ് ഇത്തരം സാമൂഹ്യപ്രശ്നങ്ങള്‍ പാര്‍ടി ഏറ്റെടുക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞത്.

അവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സമരങ്ങള്‍ എന്നിവയൊക്കെ വര്‍ഗസമരവുമായി കണ്ണി ചേര്‍ക്കുക വഴി ജനാധിപത്യപ്രസ്ഥാനത്തിന്റെ വിശാല വേദി രൂപപ്പെടുത്താനും അതുവഴി സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനും നമുക്ക് കഴിയും.

സര്‍ക്കാരിതര സംഘടനകള്‍ സ്വത്വരാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനുള്ള ഒരു മുഖ്യോപാധിയായി മാറിയിരിക്കുന്നു. പൊതുവായി ഉയര്‍ന്നു വരേണ്ട പൊതുപ്രസ്ഥാനങ്ങളെ സ്വയം ഭരണ സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് തകര്‍ത്തും ഇടതുപാര്‍ടികളടക്കമുള്ള രാഷ്ട്രീയ പാര്‍ടികളോട് എതിര്‍പ്പ് വളര്‍ത്തിക്കൊണ്ടുവന്ന് ബഹുജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിച്ചുമാണ് അവര്‍ ഈ ജോലി നിര്‍വഹിക്കുന്നത്.

അടിച്ചമര്‍ത്തപ്പെടുന്നവരും ന്യൂനപക്ഷക്കാരുമായ ജനവിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങളുടെ മുന്‍നിരയില്‍ വരുന്ന എന്‍.ജി.ഒകള്‍ വാസ്തവത്തില്‍ ചെയ്യുന്നത് സ്വത്വരാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയും പൊതുപ്രസ്ഥാനത്തില്‍ അണിനിരക്കുന്നതില്‍ നിന്ന് വിവിധ വിഭാഗം ജനങ്ങളെ അകറ്റി നിര്‍ത്തുകയുമാണ്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശധന സഹായം ലഭിക്കുന്ന നിരവധി എന്‍ജിഒകള്‍ സ്വത്വരാഷ്ട്രീയത്തിന്റെ പ്രചാരകരാണ്; എന്തുകൊണ്ടെന്നാല്‍ പാശ്ചാത്യ ഫണ്ടിങ്ങ് ഏജന്‍സികളും അന്തര്‍ദേശീയ സംഘടനകളും സ്വത്വരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുവാനാണ് ആഗ്രഹിക്കുന്നത്. ആര്‍.എസ്.എസും മറ്റ് അനവധി മൌലികവാദ സംഘടനകളും നടത്തി വരുന്ന എന്‍.ജി.ഒകള്‍ വിഭാഗീയമായ മതസ്വത്വരാഷ്ട്രീയത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. മാവോയിസ്റുകള്‍ അടക്കമുള്ള ചില തീവ്ര ഇടതുപക്ഷ സംഘടനകളും ഗോത്രവര്‍ഗക്കാരെയും ദളിതുകളെയും സ്ത്രീകളെയും മറ്റു വിഭാഗങ്ങളെയും അണിനിരത്തുന്നതിന്റെ പേരില്‍ സ്വത്വരാഷ്ട്രീയത്തിന്റെ വശീകരണത്തിന് വശംവദരായിത്തീരുന്നു. പൊതുപ്രസ്ഥാനത്തില്‍ നിന്ന് അവര്‍ സംഘടിപ്പിച്ചിട്ടുള്ള ആളുകളെ മാറ്റി നിര്‍ത്താനും മറ്റിതര വിഭാഗങ്ങളെ എതിര്‍ക്കാനും സ്വത്വരാഷ്ട്രീയം ഉപയോഗപ്പെടുത്തുന്ന എന്‍.ജി.ഒകളുടെ ശ്രമത്തെ നാം പ്രതിരോധിക്കേണ്ടതുണ്ട്.

സി.പി.ഐ (എം) നെ സംബന്ധിച്ചിടത്തോളം ചൂഷിതരോ അടിച്ചമര്‍ത്തപ്പെട്ടവരോ ആയ ഒരു ജനവിഭാഗത്തെ അവരുടെ പ്രത്യേകാവശ്യങ്ങളും പ്രത്യേക വേദിയും ഉപയോഗപ്പെടുത്തി നാം സംഘടിപ്പിക്കുന്നത് അത്തരം വിഭാഗങ്ങളെ പൊതുവായ പോരാട്ടത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനായിട്ടല്ല. വാസ്തവത്തില്‍ അടിച്ചമര്‍ത്തലിന്റേതായ പ്രത്യേക വിഷയങ്ങളില്‍ അവരുടെ ബോധനിലവാരത്തെ കണക്കിലെടുത്ത് അവരെ സംഘടിപ്പിക്കുന്നതിനും അവരെ വിപുലമായ ജനാധിപത്യപ്രസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റി തീര്‍ക്കുന്നതിനും ആയിട്ടാണ്. അവരുടെ പോരാട്ടങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന പ്രക്രിയക്കിടയില്‍ തന്നെ, ചൂഷിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ മുഴുവന്‍ വിഭാഗങ്ങളുടേയും യോജിച്ച പോരാട്ടത്തിലൂടെ നിലനില്‍ക്കുന്ന ചൂഷണാധിഷ്ഠിത സാമൂഹ്യ-സാമ്പത്തിക സംവിധാനവും രാഷ്ട്രീയവ്യവസ്ഥയും തകര്‍ത്തെറിഞ്ഞല്ലാതെ കൂടുതല്‍ ജനാധിപത്യപരവും നീതിപൂര്‍വകവുമായ ഒരു സമൂഹം നിര്‍മ്മിക്കാനാവില്ലെന്ന ബോധത്തിലേക്ക് അവരുടെ ബോധനിലവാരത്തെ ഉയര്‍ത്തുകയും ചെയ്യും.

എല്ലാ തരത്തിലുള്ള വിഭാഗീയവും സങ്കുചിതവുമായ സ്വത്വരാഷ്ട്രീയത്തിനെ എതിര്‍ക്കുന്നതിന് പാര്‍ടി, നേതൃത്വപരമായ പങ്ക് വഹിക്കുകയും സോഷ്യലിസ്റ് ലക്ഷ്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള ഒരു പൊതുജനാധിപത്യപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യും.

*
പ്രകാശ് കാരാട്ട്

03 June, 2010

സ്വത്വരാഷ്ട്രീയവും വര്‍ഗ സമരവും

സിപിഐ എം പ്രത്യയശാസ്ത്ര തര്‍ക്കത്തിലാണ് എന്ന് സ്ഥാപിക്കുവാന്‍ താല്പര്യമുള്ള ചിലര്‍ 'സ്വത്വരാഷ്ട്രീയ'ത്തെപ്പറ്റിയുള്ള സംവാദത്തെ കരുവാക്കാന്‍ സാധിക്കുമോ എന്നാണ് നോക്കുന്നത്. ഡോ. പി കെ പോക്കറെയും സുഹൃത്തുക്കളെയും സിപിഐ എം തള്ളിപ്പറഞ്ഞതിനുസമമാണ് ‘ദേശാഭിമാനി വാരികയില്‍ പി രാജീവ് എഴുതിയ ലേഖനം എന്നും വ്യാഖ്യാനം ഉണ്ടായി. സൈദ്ധാന്തിക സംവാദങ്ങളെപ്പറ്റിയുള്ള അജഞതയോ, പാര്‍ടിയെ ആക്രമിക്കാനുള്ള വ്യഗ്രതയോ ആണ് ഇത്തരം വ്യാഖ്യാനങ്ങള്‍ക്കു പിന്നില്‍. ഡോ. പോക്കര്‍ മികച്ച മാര്‍ക്സിസ്റ് പണ്ഡിതനും എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമാണ്. അതേസമയം ‘സ്വത്വരാഷ്ട്രീയത്തെപ്പറ്റിയുള്ള വിശദീകരണത്തില്‍ ചില കാര്യങ്ങള്‍ അവതരിപ്പിക്കുന്നകൂട്ടത്തില്‍ ചൂണ്ടിക്കാണിച്ചു തിരുത്തേണ്ട ചില പിശകുകളും അദ്ദേഹത്തിനു പറ്റി. ഇത്തരം കാര്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യുകയും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നത് സൈദ്ധാന്തിക പഠനത്തിന് അനുപേക്ഷണീയമാണ്.

ഓരോ വ്യക്തിക്കും ഒരു സ്വത്വമുണ്ട് എന്നതും പൊതുവായ ചില ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുപാടുപേര്‍ ചേര്‍ന്ന് പൊതു സ്വത്വം രൂപമെടുക്കുമെന്നതും തര്‍ക്കമുള്ള കാര്യമല്ല. ഇത്തരം സ്വത്വരൂപീകരണങ്ങള്‍ മനുഷ്യസമൂഹത്തിന്റെ പരിണാമത്തില്‍ സംഭവിച്ചിട്ടുണ്ട്. അത് തടയാന്‍ കഴിയില്ല; തടയേണ്ടതുമില്ല.

അടിച്ചമര്‍ത്തപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന സാമൂഹിക വിഭാഗങ്ങള്‍ ഇത്തരത്തില്‍ തങ്ങളുടെ പൊതു അവസ്ഥയെ മുന്‍നിര്‍ത്തി ഒത്തുകൂടി ഒരു പൊതുസ്വത്വബോധത്തിലേക്ക് വരുന്നത് സമൂഹത്തിന്റെ പുരോഗതിക്കിടക്ക് രൂപമെടുക്കുന്ന ഒരു പ്രവണതയാണ്. തുടക്കത്തില്‍ അത് അധീശ ശക്തികള്‍ക്കെതിരായ ഒരു ചുവടുവയ്പായിത്തന്നെ കണക്കാക്കാവുന്നതാണ്.

സ്വയം തിരിച്ചറിയാനും, അതിനെത്തുടര്‍ന്ന് താന്‍ ജീവിക്കുന്ന സമൂഹത്തിലെ അസമത്വങ്ങള്‍ തിരിച്ചറിയാനും തുടങ്ങുന്ന വ്യക്തിയുടെ ബോധമാണ് 'സ്വത്വബോധം'.എന്നാല്‍ അവിടെ തളച്ചിടപ്പെടാതെ കൂടുതല്‍ ഉയര്‍ന്ന വര്‍ഗബോധത്തിലേക്ക് അവള്‍/അവന്‍ വികസിക്കേണ്ടതുണ്ട് എന്നുള്ളതാണ് കാതലായ കാര്യം. തങ്ങളുടെ യഥാര്‍ഥ അവസ്ഥയെപ്പറ്റി യാതൊരു ബോധവുമില്ലാത്ത സ്ഥിതിയില്‍നിന്ന് ക്രമേണയുള്ള മുന്നോട്ടുപോക്കാണ് 'സ്വത്വബോധം'. അവിടെ നിന്നു പിന്നെയും മുന്നോട്ടു പോകാമെന്നിരിക്കെ, പോകേണ്ടതുണ്ടെന്നിരിക്കെ, അതിനു മുതിരാതിരിക്കുന്നത് പക്ഷേ തികച്ചും പ്രതിലോമപരമായി ഭവിക്കുന്നു.

ഇതുമാത്രമല്ല, എല്ലാതരം അടിച്ചമര്‍ത്തലുകളും ചൂഷണങ്ങളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വികസിക്കുന്ന വര്‍ഗസമരത്തെ ദുര്‍ബലപ്പെടുത്താനുള്ള തന്ത്രമായി സ്വത്വരാഷ്ട്രീയം’ ഉപയോഗിക്കപ്പെടുന്നു. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന പഴയ സാമ്രാജ്യത്വതന്ത്രവും ഭിന്നസ്വത്വങ്ങളെ ആസ്പദമാക്കിയുള്ള രാഷ്ട്രീയ ചേരിതിരിവുകള്‍ വളര്‍ത്തി ആക്രമിക്കുക, അധീശത്വം നിലനിര്‍ത്തുക എന്ന നവലിബറല്‍’ മുതലാളിത്തതന്ത്രവും നമുക്ക് തിരിച്ചറിയാന്‍ കഴിയണം (ദ ഹിന്ദു പത്രത്തില്‍ മെയ് 25-ന് പോള്‍ ക്രൂഗ്മാന്‍ എഴുതിയ ലേഖനം നോക്കുക).

സ്വത്വബോധത്തെ ആസ്പദമാക്കി രൂപംകൊള്ളുന്ന കൂട്ടായ്മയ്ക്ക് തുടക്കത്തില്‍ ചില ഘട്ടങ്ങളില്‍ പരിമിതികളോടെ പുരോഗമനപരമായ ഒരു സ്വഭാവം ഉണ്ടെന്നതിനപ്പുറം മറ്റൊരു സംഭാവനയും അതിന് നല്‍കാനില്ല എന്നാണോ അര്‍ഥമാക്കുന്നത്. അതെ എന്നാണ് ഉത്തരം. അതേ സമയം, ചില സന്ദര്‍ഭങ്ങളില്‍, യഥാര്‍ഥ തൊഴിലാളി വര്‍ഗ വിപ്ളവ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബഹുജന പ്രക്ഷോഭങ്ങളില്‍ പങ്കുകൊള്ളാനും സംഭാവന നല്‍കാനും ഇത്തരത്തില്‍പ്പെട്ട ചില സംഘടനകള്‍ക്ക്/കൂട്ടായ്മകള്‍ക്ക് സാധിച്ചു എന്നുവരാം. വര്‍ഗ സമരത്തിന്റെ പ്രാധാന്യം അടിവരയിട്ട് ഓര്‍മിപ്പിക്കുമ്പോള്‍ത്തന്നെ, സാമ്രാജ്യത്വ ആഗോളീകരണം, പരിസ്ഥിതി സംരക്ഷണം, സ്ത്രീ ശാക്തീകരണം, കീഴാളവര്‍ഗ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇത്തരം കൂട്ടായ്മകളുമായി വിശാലമായ സമരൈക്യം വളര്‍ത്തിയെടുക്കുവാനുള്ള സാധ്യത കരുതലോടെ അന്വേഷിക്കേണ്ടതാണ്.

സ്വത്വരാഷ്ട്രീയം’ സാമ്രാജ്യത്വത്തിന്റെ ഒരു ഉപകരണമായിത്തീര്‍ന്നിട്ടുണ്ടെങ്കിലും തുടക്കത്തില്‍ അത് അങ്ങനെ മാത്രമായിരുന്നു എന്ന് ആരോപിക്കാനാവില്ല. ഇന്നും താരതമ്യേന സ്വന്തം കാലില്‍ നില്ക്കുന്ന സ്വത്വരാഷ്ട്രീയ കൂട്ടായ്മകളുണ്ടാവാം. അവയുടെ ആത്യന്തിക സംഭാവന എന്തുതന്നെയായാലും ‘സ്വത്വരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ബലഹീനത അത് ആധുനിക സമൂഹം എങ്ങനെ വര്‍ഗവിഭജിതമായിരിക്കുന്നു എന്നു കാണാത്തതാണ്.

ഫ്യൂഡല്‍ സമൂഹത്തിന്റെ നഷ്ടാവശിഷ്ടങ്ങളില്‍ നിന്ന് മുളയെടുത്ത ഇന്നത്തെ ബൂര്‍ഷ്വാസമൂഹം വര്‍ഗവൈരങ്ങളെ ഇല്ലായ്മ ചെയ്തിട്ടില്ല. പഴയവയുടെ സ്ഥാനത്ത് പുതിയ വര്‍ഗങ്ങളെയും പുതിയ മര്‍ദനോപാധികളെയും പുതിയ സമരരൂപങ്ങളെയും പ്രതിഷ്ഠിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

എന്നാല്‍ നമ്മുടെ കാലഘട്ടത്തിന് - ബൂര്‍ഷ്വാസിയുടെ കാലഘട്ടത്തിന് - ഈയൊരു അനന്യസ്വഭാവമുണ്ട്; അത് വര്‍ഗവൈരങ്ങളെ കൂടുതല്‍ ലളിതമാക്കിയിരിക്കുന്നു. സമൂഹമാകെത്തന്നെ രണ്ട് ഗംഭീര ശത്രുപാളയങ്ങളായി, പരസ്പരം നേരിട്ട് അഭിമുഖമായി നില്ക്കുന്ന രണ്ടു വലിയ വര്‍ഗങ്ങളായി, കൂടുതല്‍ കൂടുതല്‍ പിളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബൂര്‍ഷ്വാസിയും തൊഴിലാളിവര്‍ഗവുമാണ് അവ.'

നൂറ്റി അറുപത്തിരണ്ടുവര്‍ഷം മുമ്പെഴുതിയ 'കമ്യൂണിസ്റ് മാനിഫെസ്റോ'യിലെ മേല്‍ക്കൊടുത്ത ആശയത്തിന് ഇന്ന് എന്തു പ്രസക്തി എന്നു ചോദിക്കുന്നവരും, ഇന്ത്യയിലെ സവിശേഷമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ സ്വാധീനത്തില്‍ തുടരുന്ന ജാതിവിഭജനത്തിന്റെ പ്രത്യേകതകള്‍ വര്‍ഗസമര സിദ്ധാന്തം കണക്കിലെടുക്കുന്നില്ല എന്ന് വാദിക്കുന്നവരുമുണ്ട്. സമീപകാലത്തെ ആഗോള സാമ്പത്തികപ്രതിസന്ധി കമ്യൂണിസ്റു മാനിഫെസ്റോയുടെ കലോചിതമായ വായന പുനരാരംഭിക്കുവാന്‍ ചിന്താലോകത്തെ പ്രേരിപ്പിച്ചിട്ടുണ്ട് എന്ന വസ്തുതയാണ് ആദ്യം ഓര്‍മിക്കേണ്ടത്. ദൌര്‍ബല്യങ്ങളും പോരായ്മയും തിരുത്തിയ സോഷ്യലിസ്റ്-കമ്യൂണിസ്റ് മുന്നേറ്റമാണ് മാനവരാശി നേരിടുന്ന ശാശ്വത പ്രശ്നങ്ങള്‍ക്കു പരിഹാരം; മുതലാളിത്തം ചരിത്രത്തിന്റെ അവസാനമല്ല എന്ന് ഇന്ന് അധികമധികം വിഭാഗങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. മുതലാളിത്തം അവസാനവാക്കല്ല എന്ന് ദലൈലാമ പോലും പറയുന്ന കാലമാണ് ഇത് എന്നതും കൂട്ടത്തില്‍ ഓര്‍ക്കാവുന്നതാണ്.

ഇന്ത്യയിലെ ജാതീയ വിഭജനംപോലുള്ള സവിശേഷ പ്രശ്നങ്ങള്‍ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ സൂക്ഷ്മമായ പഠനവും ശ്രദ്ധയും ആവശ്യപ്പെടുന്നു എന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്ക് അറുതികുറിക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വവും ആസൂത്രിതവുമായ ഇടപെടലുകളുടെ പ്രാധാന്യം സിപിഐ എം ഊന്നിപ്പറയുന്നുണ്ട്. അത്തരം ഇടപെടലുകള്‍ അടുത്തനാളുകളില്‍ തമിഴ്നാട്ടിലും മറ്റും പാര്‍ടിയുടെ ഭാഗത്തു നിന്ന് ഉണ്ടായത് ഓര്‍ക്കാവുന്നതാണ്.

കേവല ‘സ്വത്വരാഷ്ട്രീയബോധവും, വര്‍ഗബോധവും എപ്രകാരം ഒരു പ്രായോഗികപ്രശ്നത്തില്‍ യഥാക്രമം അശാസ്ത്രീയവും ശാസ്ത്രീയവുമായ നിലപാടുകളിലേക്ക് നയിക്കും എന്നതിന്റെ ഒരു ഉദാഹരണം പ്രസക്തമാണെന്നു തോന്നുന്നു. പിന്നോക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്കുള്ള തൊഴില്‍ സംവരണം പരിശോധിക്കാം. കുറെനാളത്തെ സംവരണ സമ്പ്രദായത്തിലൂടെ, അതിന്റെ ആനുകൂല്യം അനുഭവിച്ചുപോന്ന സമുദായങ്ങളില്‍ എടുത്തുപറയാവുന്ന നേട്ടമുണ്ടാക്കിയ ഒരു സമ്പന്ന വിഭാഗം രൂപംകൊണ്ട സാഹചര്യത്തെ എങ്ങനെ നേരിടുമെന്ന പ്രശ്നം പൊന്തിവന്നു. അതിനെപ്പറ്റി പരസ്പര വിരുദ്ധമായ വ്യത്യസ്ത സമീപനങ്ങള്‍ രൂപപ്പെടുകയുണ്ടായി. ഒന്ന് - സാമുദായിക സംവരണം നിര്‍ത്തലാക്കി സാമ്പത്തിക സംവരണം നടപ്പാക്കണം. രണ്ട് - ക്രീമിലെയറിനെ ഒഴിവാക്കി മറ്റുള്ളവര്‍ക്കായി സാമുദായിക സംവരണം പരിമിതപ്പെടുത്തണം. മൂന്ന് - സാമുദായിക സംവരണം അതേപടി തുടരണം. എന്നാല്‍ സിപിഐ എം മറ്റൊരു പരിഹാരമാണ് മുന്നോട്ടുവച്ചത്. തൊഴില്‍ സംവരണത്തിലൂടെ സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്ക് ശാശ്വതപരിഹാരം ഉണ്ടാക്കാനാവില്ല എങ്കിലും, നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അസമത്വങ്ങള്‍ക്ക് ഒരു ഭാഗിക പരിഹാരം എന്ന നിലയില്‍ സംവരണം തുടരണം. ഇതിലൂടെയും, സമൂഹത്തില്‍ പൊതുവെ ഉണ്ടായ സാമ്പത്തിക വളര്‍ച്ചയുടെ ഫലം പ്രയോജനപ്പെടുത്തിയും സംവരണാനുകൂല്യം ലഭിച്ച സമുദായങ്ങളില്‍ ഒരു സമ്പന്ന വിഭാഗം രൂപമെടുത്തിട്ടുണ്ട്. ഈ ക്രീമിലെയര്‍ ഒഴിവാക്കി, ദരിദ്ര വിഭാഗങ്ങള്‍ക്കായിരിക്കണം ഇനി സംവരണാനുകൂല്യം ആദ്യം നല്‍കേണ്ടത്. ആദ്യം അത്തരക്കാര്‍ക്ക് ആനുകൂല്യം നല്‍കിയതിനു ശേഷവും ഒഴിവുകള്‍ ഉണ്ടെങ്കില്‍ സംവരണ സമുദായത്തിലെ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്കും തൊഴില്‍ നല്‍കാവുന്നതാണ്. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസരംഗത്ത് നിശ്ചിത ശതമാനം സംവരണം നല്‍കണം. ഇതാണ് സിപിഐ എം മുന്നോട്ടുവെച്ച ശാസ്ത്രീയ പരിഹാരം.

ഇവിടെ വ്യക്തമാകുന്നത് തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന് സ്വത്വരാഷ്ട്രീയക്കാരില്‍നിന്ന് വ്യത്യസ്തമായി എങ്ങനെ ശരിയായ പരിഹാരം വികസിപ്പിച്ചെടുക്കാനാവുമെന്നാണ്.

പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീ പ്രാതിനിധ്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനം ശക്തിപ്പെടുമ്പോള്‍, സ്ത്രീസംവരണത്തിനുള്ളില്‍ അധഃസ്ഥിത സ്ത്രീ സംവരണംപോലുള്ള വിചിത്രമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രശ്നത്തെ സങ്കീര്‍ണമാക്കുന്ന സമീപനം സ്വത്വരാഷ്ട്രീയവാദികള്‍ ഉന്നയിക്കുന്നു.

എന്തെങ്കിലും വിവേചനമോ അടിച്ചമര്‍ത്തലോ അനുഭവിക്കുന്നവര്‍ സ്വയം തിരിച്ചറിയുകയും സംഘടിക്കുകയും പൊരുതുകയും അതിനെ നയിക്കുകയും ചെയ്യുന്നത് ആശാസ്യവും അഭികാമ്യവും ആവേശകരവുമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ആ സമരത്തില്‍ മറ്റെല്ലാ വിഭാഗങ്ങളില്‍നിന്നും ചൂഷക- അഭിജാത വര്‍ഗങ്ങളില്‍ നിന്നുപോലും ധാരാളം പേരെ അണിനിരത്താനാകണം എന്നതാണ് ശാസ്ത്രീയമായ സമീപനം. കേരളത്തിലും ഇന്ത്യയിലും ഇതിനുള്ള മികച്ച ഉദാഹരണങ്ങളാണ് ഇ എം എസ്, പി സുന്ദരയ്യ, ജ്യോതിബസു തുടങ്ങിയവര്‍. 'തൊഴിലാളിവര്‍ഗത്തിന്റെ ദത്തു പുത്രന്‍'' എന്നാണ് ഇ എം എസ് തന്നെ സ്വയം വിശേഷിപ്പിച്ചത്.

കമ്യൂണിസ്റ് മാനിഫെസ്റോയിലെ ഒരു കാഴ്ചപ്പാടിന്റെ പ്രായോഗിക രൂപമാണ് ഇത് എന്ന് ചൂണ്ടിക്കാട്ടാവുന്നതാണ്. "'.....വര്‍ഗസമരത്തിന്റെ നിര്‍ണായകഘട്ടം ആസന്നമാകുമ്പോള്‍, ഭരണവര്‍ഗത്തിനകത്ത് - വാസ്തവം പറഞ്ഞാല്‍, പഴയ സമൂഹത്തില്‍ അടിമുടി- നടക്കുന്ന ശിഥിലീകരണപ്രക്രിയ പ്രത്യക്ഷവും അതിരൂക്ഷവുമായി രൂപം കൈക്കൊള്ളുകയും, തല്‍ഫലമായി ആ വര്‍ഗത്തിലെ ഒരു ചെറിയ വിഭാഗം അതില്‍നിന്ന് സ്വയം വേര്‍പെട്ടുപോവുകയും, വിപ്ളവകാരിയായ വര്‍ഗത്തിന്റെ - ഭാവിയുടെ ഭാഗധേയം സ്വന്തം കൈകളില്‍ വഹിക്കുന്ന വര്‍ഗത്തിന്റെ - ഭാഗത്തുചേരുകയും ചെയ്യുന്നു. .....ചരിത്രപരമായ ഈ പ്രസ്ഥാനത്തെ ഒട്ടാകെ തത്വികമായി ഗ്രഹിക്കാന്‍ കഴിവുണ്ടാകത്തക്ക നിലയിലേക്ക് സ്വയം ഉയര്‍ന്നിട്ടുള്ള ബൂഷ്വാ പ്രത്യയശാസ്ത്രജ്ഞന്മാരില്‍ ഒരു വിഭാഗം - തൊഴിലാളിവര്‍ഗത്തിന്റെ ഭാഗത്തേക്കു പോകുന്നു.'' ഈ പ്രക്രിയ വിപ്ളവ പ്രസ്ഥാനത്തെ ബലഹീനമാക്കും, അതിന്റെ ഉള്ളടക്കത്തെ പ്രതികൂലമായി ബാധിക്കും എന്ന വികടവാദമാണ് പലപ്പോഴും ‘സ്വത്വരാഷ്ട്രീയക്കാര്‍ ഉന്നയിക്കുന്നത് എന്നും മറക്കാനാവില്ല.

എഴുപതുകളില്‍ അമേരിക്കയിലും യൂറോപ്പിലും ഉയര്‍ന്നുവന്ന സ്വത്വരാഷ്ട്രീയ വാദങ്ങളോട് വ്യത്യസ്ത രീതിയിലാണ് മാര്‍ക്സിസ്റ് പദാവലികളും വിശകലന രീതികളും ഉപയോഗിച്ചുകൊണ്ടുതന്നെ പലരും പ്രതികരിച്ചത്.

ഷാരൊണ്‍ സ്മിത്ത് 'സ്വത്വരാഷ്ട്രീയ'ത്തിന്റെ ബലഹീനതകള്‍ അക്കമിട്ട് വിശദീകരിച്ചതിനുശേഷം, ചൂഷിതരുടെ വിമോചനം സ്വത്വരാഷ്ട്രീയത്തിലൂടെ സാധ്യമല്ല എന്ന സത്യം വെട്ടിത്തുറന്നു പറയുന്നു. വര്‍ഗാടിസ്ഥാനത്തില്‍ വളര്‍ന്നുവരേണ്ട യോജിപ്പിനെ ബലഹീനമാക്കുകയാണ് ‘സ്വത്വരാഷ്ട്രീയം’ ചെയ്യുന്നത് എന്നതില്‍ സംശയമില്ല. എന്നാല്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിവിധ വിഭാഗങ്ങള്‍ തിരിച്ചറിവിന്റെ ആദ്യാക്ഷരങ്ങള്‍ ചിലപ്പോള്‍ ഇത്തരത്തില്‍പ്പെട്ട ചില പ്രസ്ഥാനങ്ങളിലൂടെ പഠിച്ചു എന്നുവരാം. അതേസമയം, അവര്‍ അവിടെനിന്നു വളര്‍ന്ന് യഥാര്‍ഥ വര്‍ഗപ്രസ്ഥാനത്തില്‍ ചെന്നുചേര്‍ന്നില്ലെങ്കില്‍ മോചനയത്നങ്ങള്‍ക്കെതിരെ അവര്‍ ദുരുപയോഗിക്കപ്പെടാമെന്ന ആപത്ത് ഒട്ടും കുറച്ചുകണ്ടുകൂട.
*
എം.എ. ബേബി