Showing posts with label കുറിപ്പുകള്‍. Show all posts
Showing posts with label കുറിപ്പുകള്‍. Show all posts

23 May, 2011

ജനാധിപത്യത്തിനു മേല്‍ ഭൂതബാധകള്‍

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് ഈയടുത്ത് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിനെ തുടര്‍ന്ന് വിവിധ മാനങ്ങളിലും വീക്ഷണകോണുകളിലും അത് വിശകലനം ചെയ്യുകയാണ് മാധ്യമങ്ങളും രാഷ്ട്രീയ ചിന്തകരും. കേരളത്തിലും ബംഗാളിലും ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയാണ് മിക്കവാറും എല്ലാ വന്‍ മാധ്യമങ്ങളും സ്വതന്ത്ര ചിന്തകരും ഉദ്ഘോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്. ഭൂരിപക്ഷ വര്‍ഗീയ ഫാസിസത്തിനും, ആഗോള സാമ്രാജ്യത്വത്തിന്റെ യുദ്ധോത്സുകവും ആക്രാമകവുമായ രാഷ്ട്രീയ-സാമ്പത്തികനയങ്ങള്‍ക്കും എതിരായ മുന്നണി കെട്ടിപ്പടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഇന്ത്യന്‍ ഇടതു പക്ഷം. പാര്‍ലമെന്റിലും പുറത്തുമായി ഇടതു പക്ഷ രാഷ്ട്രീയ കക്ഷികളും ട്രേഡ് യൂണിയനുകളും കര്‍ഷകസംഘടനകളും സാംസ്ക്കാരിക-യുവജന-വിദ്യാര്‍ത്ഥി-മഹിളാ പ്രസ്ഥാനങ്ങളും നടത്തി വരുന്ന ബഹുമുഖപ്പോരാട്ടത്തെ തീരെ ചെറിയ അളവില്‍ പിന്നോട്ടടിപ്പിക്കാന്‍ ഈ പരാജയത്തിന് സാധിച്ചേക്കാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നയങ്ങളും പ്രയോഗപദ്ധതികളും രൂപപ്പെടുത്തുന്നതിലൂടെ അതിനെ മറികടക്കാവുന്നതേ ഉള്ളൂ. എന്നാല്‍; ഇടതുപക്ഷത്തിന്റെ പരാജയം, കോണ്‍ഗ്രസ് അടക്കമുള്ള വലതുപക്ഷ/മുതലാളിത്താനുകൂല സെക്കുലര്‍ ശക്തികള്‍ക്ക് പോലും പ്രയോജനപ്രദമായ രീതിയിലാണ് വിന്യസിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്നതെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. ഈ വിടവിലൂടെ വലതുപക്ഷ തീവ്ര/മൃദു ഹിന്ദുത്വ ശക്തികളും ജനാധിപത്യ വിരുദ്ധമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അരാജകവാദികളും രംഗം കയ്യടക്കാനുള്ള സാധ്യത തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള ശക്തികളുടെ കടന്നുവരവിനെ ചെറുക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനാണെങ്കിലും അത് തിരിച്ചറിഞ്ഞ് അവസരത്തിനൊത്തുയരാന്‍ ആ പാര്‍ടിക്കും അതിനെ നയിക്കുന്നവര്‍ക്കും സാധിക്കുമെന്ന് കരുതുന്നത്; സമീപകാല ചരിത്രമെങ്കിലും ഓര്‍മയുള്ളവര്‍ക്ക് കരണീയമായ കാര്യവുമല്ല.

കോടികളുടെ അഴിമതിയാണ് തമിഴ്നാട്ടിലെ തി മു ക സര്‍ക്കാരും പാര്‍ടിയും നടത്തിപ്പോന്നത്. ടു ജി സ്പെക്ട്രം അഴിമതി മാത്രമല്ല കരുണാനിധിയുടെ പാര്‍ടിയും കുടുംബവും നടത്തിയത്. തമിഴ് സിനിമയും ടെലിവിഷന്‍ ചാനലുകളും കേബിള്‍ ശൃംഖലയും ഡി ടി എച്ചും ഇതിനകം കരുണാനിധിയുടെ കുടുംബം സ്വന്തമാക്കുകയും കുത്തകവത്ക്കരിക്കുകയും ചെയ്തു കഴിഞ്ഞു. സണ്‍ പിക്ച്ചേഴ്സ് കലാനിധി മാരന്‍ വഴങ്കാത്ത (അവതരിപ്പിക്കാത്ത) സിനിമകള്‍ തമിഴിലിറങ്ങുന്നത് ചുരുക്കമാണ്. ഈ കുത്തകകളെ ചോദ്യം ചെയ്യുകയോ അനുസരിക്കാതിരിക്കുകയോ ചെയ്യുന്നവര്‍ അവരെത്ര വലിയവരായാലും ശരി പീഡിപ്പിക്കുന്ന പ്രവണതയും വ്യാപകമാണ്. ഇളയ ദളപതി എന്ന ഓമനപ്പേരിലറിയപ്പെടുന്ന വിജയ് എന്ന സൂപ്പര്‍ താരത്തിന്റെ കാവലന്‍ എന്ന ഹിറ്റ് സിനിമ തിയറ്ററുകളിലെത്താതിരിക്കാന്‍ സണ്‍/മാരന്‍/തി മു ക ശക്തികള്‍ എല്ലാ ശ്രമങ്ങളും നടത്തുകയുണ്ടായി. തമിഴ്നാട്ടിലെ ഒട്ടുമിക്ക സ്വാശ്രയ കോളേജുകളും സ്വകാര്യ സര്‍വകലാശാലകളും ജ്വല്ലറികളും പടുകൂറ്റന്‍ തുണിക്കടകളും ഇതേ കുടുംബത്തിന്റേതാണെന്ന ശ്രുതിയും പ്രബലമാണ്. (ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ ചിലപ്പോള്‍ പാടെ തെറ്റാവാനും സാധ്യതയുണ്ട്. കേരളത്തില്‍, ഏതാനും വര്‍ഷം മുമ്പ് ഏതു കെട്ടിടം കണ്ടാലും അത് മുരളീധരന്റേതാണെന്നായിരുന്നു ശ്രുതി. പിന്നീട്, അതെല്ലാം പി കെ കുഞ്ഞാലിക്കുട്ടിയുടേതായി. അതിനും ശേഷം എല്ലാ കെട്ടിടവും ആശുപത്രിയും സ്ഥലവും പിണറായിയുടേതാണെന്ന പ്രചാരണവും ശക്തമായിരുന്നു. അതുകൊണ്ട്; സ്വാശ്രയ വിദ്യാഭ്യാസമേഖല, ജ്വല്ലറികള്‍, തുണിക്കടകള്‍ എന്നിവയിലെ തിമുക/കരുണാനിധി പിടിമുറുക്കലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വെള്ളം കൂട്ടാതെ വിഴുങ്ങേണ്ടതില്ല!).

എന്താണെങ്കിലും തമിഴ് സ്വാഭിമാന പ്രസ്ഥാനത്തിന്റെയും നിരീശ്വരവാദ ആശയത്തിന്റെയും ബ്രാഹ്മണ/ഹിന്ദി/സംസ്കൃത വിരുദ്ധ മുന്നണിയുടെയും പിന്തുടര്‍ച്ചക്കാരെന്നവകാശപ്പെടുന്ന തി മു കക്ക് ചരിത്രത്തില്‍ കിട്ടാന്‍ പോകുന്ന സ്ഥാനം എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ വയ്യ. കരുണാനിധി സര്‍ക്കാര്‍ നടത്തി വന്ന ക്രൂരമായ ജനാധിപത്യ ധ്വംസനത്തിനെതിരായ ഉജ്വലമായ ജനവിധിയാണ് തമിഴ് ജനത നടത്തിയത്. ഡി എം ഡി കെയുടെയും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെ, ജയലളിതയും അ തി മു കയും നേടിയ വിജയം തമിഴ്നാട്ടിലെ ജനാധിപത്യ വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉതകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍, ആ പ്രതീക്ഷയെ തല്ലിക്കെടുത്തും വിധത്തില്‍ ഒരു വണ്ണം കൂടിയ പഞ്ചനക്ഷത്ര പൂക്കൂട, 'പരിസ്ഥിതി നാശം വരാത്ത' കനമുള്ള സുതാര്യ പ്ളാസ്റിക്ക് കടലാസില്‍ പൊതിഞ്ഞ് ജയലളിതക്ക് സമര്‍പ്പിക്കപ്പെടുന്നതും അവരത് നിറഞ്ഞ സന്തോഷത്തോടെ വാങ്ങുന്നതും ബ്ളാക്ക് ആന്റ് വൈറ്റിലാണെങ്കിലും തികഞ്ഞ വര്‍ണധാടിയോടെ ദ ഹിന്ദുവിന്റെ ഉള്‍പേജില്‍ മെയ് 17ന് ചൊവ്വാഴ്ച അച്ചടിച്ചു വന്നത്, സമാധാന/മതേതര/പുരോഗമന വാദികള്‍ക്ക് ഉള്‍ക്കിടിലത്തോടെയല്ലാതെ നോക്കാനാവില്ല. കാരണം, എം ജി ആര്‍/രജനീകാന്ത് സിനിമകളില്‍ കാണാറുള്ളതു പോലെ, ആ പഞ്ചനക്ഷത്ര പൂക്കൂട സ്വയമേവ അവതരിച്ച് ജയലളിതക്ക് സമര്‍പ്പിക്കപ്പെടുകയായിരുന്നില്ല. കറുത്തതോ മറ്റോ ആയ നിറത്തില്‍ വരിഞ്ഞു കെട്ടിയ ഒരു ചരടിന്റെ കൂട്ടത്താല്‍ തിരിച്ചറിയപ്പെടുന്ന ഒരു കൈത്തണ്ടയാണ് ആ പൂക്കൂട അമ്മക്ക് സമര്‍പ്പിക്കുന്നത്. ആ കൈത്തണ്ടക്ക് മുകളിലാകട്ടെ നരച്ച താടിയും കണ്ണടയും നരച്ച മുടിയും വാ തുറന്ന ചിരിയുമുള്ള ഒരു മുഖവുമുണ്ട്. അത് മറ്റാരുടേതുമല്ല, സാക്ഷാല്‍ നരേന്ദ്രമോഡിയുടേതു തന്നെ. വികസന രഥയാത്രയുടെയും ഒബാമയുടെ നന്ദി-മറുപടിക്കത്തിന്റെയും എല്ലാ തിരക്കുകളും മാറ്റി വെച്ച് മോഡി, പ്രത്യേക വിമാനം പിടിച്ച് ഗാന്ധി നഗറില്‍ നിന്ന് ചെന്നൈയില്‍ പറന്നെത്തുകയായിരുന്നു. തമിഴ്നാട് അസംബ്ളി ഫലം ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിക്കപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുമുണ്ടായി. ഇതു തന്നെ അത്തരമൊരു പ്രതിഫലനമാണല്ലോ! വോട്ടുബാങ്കുകളിലധിഷ്ഠിതമായ രാഷ്ട്രീയക്കാരുടെ ക്യാമ്പിനു പകരം, വികസനം മുഖ്യ അജണ്ടയായെടുത്ത് അതിനോട് പ്രതിജ്ഞാബദ്ധമായ ഒരു രാഷ്ട്രീയ സംസ്കാരം ഇന്ത്യയിലെ രാഷ്ട്രീയ രംഗത്തെ ദ്വിമുഖമാക്കിയിരിക്കുന്നുവെന്നാണ്, മോഡി എന്ന തത്വചിന്തകന്‍ തമിഴ്നാട് ഫലത്തെ വിശകലനം ചെയ്യുന്നത്. തന്റെ 'നല്ല സുഹൃത്തി'ന്റെ വിജയമാണ് ജയലളിതയുടെ വിജയത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നാണ് മോഡി ആഹ്ളാദിക്കുന്നത്. അഴിമതിക്കും കുടുംബവാഴ്ചക്കുമെതിരായി തമിഴ്നാട് ജനത പ്രതികരിച്ചിരിക്കുന്നുവെന്നും ഇത് രാജ്യത്താകെ ആവര്‍ത്തിക്കപ്പെടുമെന്നും അദ്ദേഹം പ്രവചിക്കുകയുണ്ടായി. കോണ്‍ഗ്രസിന്റെ അഴിമതിക്കൂടാരത്തിനും സോണിയ ഗാന്ധിയുടെ കുടുംബവാഴ്ചക്കും എതിരായി ഇന്ത്യയില്‍ ഉയര്‍ന്നു വരാന്‍ സാദ്ധ്യതയുള്ള ജനവികാരത്തെ മുതലെടുക്കാനുള്ള തന്ത്രമാണ് മോഡിയുടെ വാക്കുകളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്നതെന്ന് പറയേണ്ട ആവശ്യം തന്നെയില്ല.

സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദ്ധന്‍ ഈ നാണം കെട്ട ചടങ്ങില്‍ സാക്ഷിയായെത്തി എന്നത്, ഇന്ത്യന്‍ ഇടതു പക്ഷത്തെ ലജ്ജാകരമായ അവസ്ഥയിലെത്തിക്കുന്നു. 'എല്ലാവരും ഒരേ ഫീല്‍ഡിലുള്ളവരാണ്; പ്രത്യയശാസ്ത്രങ്ങള്‍ വ്യത്യാസപ്പെട്ടേക്കാം; രാഷ്ട്രീയ പരിപാടികള്‍ വ്യത്യാസപ്പെട്ടേക്കാം; മനുഷ്യരെന്ന നിലക്ക് അത് മര്യാദ മാത്രമാണ്.' ഏതായാലും ഒരു കാര്യം ഉറപ്പായി. കാര്യങ്ങള്‍ തുറന്നു പറയാന്‍ നിവൃത്തിയില്ലാത്തതു കൊണ്ട് മോഡി മുതല്‍ ബര്‍ദ്ധന്‍ വരെയുള്ളവര്‍ക്ക് കാവ്യാത്മകവും തത്വചിന്താപരവുമായ ഭാഷയില്‍ സംസാരിക്കേണ്ടി വന്നിരിക്കുന്നു. ഇന്ത്യയിലെ കവിതയുടെ കൂമ്പടഞ്ഞുവെന്ന് നിരീക്ഷിച്ച നിരൂപകരാരാണ്? അവരെ തിരുത്തുക.

മഞ്ചേശ്വരം, കാസറഗോഡ്, നേമം എന്നീ സീറ്റുകളില്‍ ബി ജെ പി പരാജയപ്പെട്ടത് യു ഡി എഫും എല്‍ ഡി എഫും ക്രോസ് വോട്ട് ചെയ്തിട്ടാണെന്നാണ്, മുഖ്യധാരാ മാധ്യമങ്ങളുടെ കണ്ടെത്തല്‍. അത് സത്യം തന്നെയാകട്ടെ. കാരണം, കേരള സംസ്ഥാനത്തിന്റെ രണ്ടറ്റത്തുമുള്ള സാധാരണക്കാരായ വോട്ടര്‍മാര്‍ക്ക് അവരുടെ പാര്‍ടി നേതാക്ക•ാരേക്കാള്‍ ചരിത്ര ബോധവും രാഷ്ട്രീയ വിവേകവും ജനാധിപത്യ ധാരണയുമുണ്ടെന്നു തന്നെയാണല്ലോ ഇത് തെളിയിക്കുന്നത്. ആ ക്രോസ് വോട്ട് ചെയ്ത വോട്ടര്‍മാരുടെ പേരില്‍ കേരളം അഭിമാനം കൊള്ളുന്നു. എന്നാല്‍, തങ്ങളെ ഇത്തരത്തില്‍ വളരെ കഷ്ടപ്പെട്ട് നിരാകരിക്കുന്ന കേരളീയരോട് നേര്‍ക്കു നേര്‍ അഭിമുഖീകരിക്കാനുള്ള പാകത ബി ജെ പി നേതൃത്വം കാണിക്കുന്നില്ല എന്നതിന്റെ തെളിവാണ്, യു ഡി എഫ് മന്ത്രിസഭാ രൂപീകരണത്തില്‍ അതിഗുരുതരമായ ഇടപെടല്‍ നടത്താനുള്ള അവരുടെ ശ്രമം തെളിയിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ദേശീയ പാര്‍ടി ഏറ്റെടുക്കണമെന്നുള്ള, മതേതര മുഖംമൂടിയണിഞ്ഞതെന്ന വിധത്തിലുള്ള ആഗ്രഹ പ്രകടനം കേരളത്തിന്റെ ജനാധിപത്യ-ഭരണ ചരിത്രത്തെ അങ്ങേയറ്റം അപഹസിക്കുന്നതും താഴ്ത്തിക്കെട്ടുന്നതുമാണ്. മുസ്ളിംലീഗിനോ കേരളാ കോണ്‍ഗ്രസിനോ വിദ്യാഭ്യാസവകുപ്പ് കൊടുത്താല്‍, അത് കേരള വിദ്യാഭ്യാസ വ്യവസ്ഥയെയും അതുവഴി കേരളസമൂഹത്തെയും തകര്‍ക്കുമെന്നാണല്ലോ ഈ ആവലാതിയുടെ കാതല്‍. ഇന്ത്യന്‍ ഭരണഘടനക്കും തെരഞ്ഞെടുപ്പു കമ്മീഷന്‍ ചട്ടങ്ങള്‍ക്കും കടകവിരുദ്ധമായ ഇത്തരമൊരു അഭിപ്രായം തീവ്ര-വലതുപക്ഷ-വര്‍ഗീയ ശക്തികള്‍ ഉന്നയിക്കുമ്പോള്‍ അത് ചെറുക്കുന്നതിനു പകരം അതിനെ ഒളിഞ്ഞും തെളിഞ്ഞും ഓമനിക്കുകയും താലോലിക്കുകയും ചെയ്യുന്ന രീതി, കപട ഇടതുപക്ഷക്കാരും മൃദു ഹിന്ദുത്വക്കാരും തുടങ്ങിക്കഴിഞ്ഞുവെന്ന അത്യന്തം ഹീനമായ വസ്തുതയും നാം കാണാതിരുന്നു കൂടാ. ഇടതു വലതു മുന്നണികളിലായി പല തവണ അധികാരത്തിലെത്തുകയും, പല വകുപ്പുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുള്ളവരാണ് മുസ്ളിംലീഗും കേരളാ കോണ്‍ഗ്രസും. അതിന്റെ ഭാഗമായി കേരളം അറബിക്കടലിലൊലിച്ചുപോയിട്ടൊന്നുമില്ല. ഇനിയൊട്ട് ഒലിച്ചു പോകാനും പോകുന്നില്ല. കഴിഞ്ഞതിനു മുമ്പത്തെ യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ്; ഇന്ത്യന്‍ ജനതയുടെ പിന്തുണ ഉണ്ടായിട്ടും, സോണിയാ ഗാന്ധിയുടെ ഇന്ത്യന്‍ പൌരത്വം ചോദ്യം ചെയ്യുകയും അവരുടെ പ്രധാനമന്ത്രി പ്രവേശം അസാധ്യമാക്കുകയും ചെയ്ത തരത്തിലുള്ള ഇടപെടലാണ് സംഘപരിവാര്‍ ശക്തികള്‍ നടത്തിയത്. ഈ അനുഭവമാണ്, കേരള രാഷ്ട്രീയത്തില്‍ കനത്ത തോതില്‍ നിരാകരണം ഏറ്റുവാങ്ങിയിട്ടും ഇടപെടാനും അതിതീവ്രമായ തരത്തില്‍ വര്‍ഗീയവത്ക്കരിക്കാനുമുള്ള ധൈര്യം അവര്‍ക്ക് പകര്‍ന്നു നല്‍കിയതെന്നു വേണം കരുതാന്‍. എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചു എന്ന വ്യാജ വാര്‍ത്തയുടെ പേരില്‍ ആഘോഷിക്കപ്പെട്ട കൂട്ട ഉണ്ണാവ്രതത്തില്‍ ബി ജെ പി നേതാക്കള്‍ക്ക് നിരങ്ങാന്‍ കഴിഞ്ഞതിന്റെ ആവേശം കൂടിയാണ് അവരെ യു ഡി എഫ് രാഷ്ട്രീയത്തെയും അതു വഴി കേരള രാഷ്ട്രീയത്തെയും പിടി കൂടാന്‍ പോകുന്ന ഭൂതബാധയായി പരകായപ്രവേശം നടത്താന്‍ പ്രേരിപ്പിക്കുന്നത് എന്നും കരുതാവുന്നതാണ്.

@@


ജി പി രാമചന്ദ്രന്‍

29 October, 2009

തുളുമ്പി വരാത്ത കരച്ചില്‍

കൂവാഗത്തെ ഹിജഡകളുടെ ഉത്സവത്തില്‍ പങ്കെടുക്കണമെന്ന് ജെറീനയാണ് പറഞ്ഞത്. 'ഒരു മലയാളി ഹിജഡയുടെ ആത്മകഥ' എന്ന പുസ്തകത്തോടെ പ്രസിദ്ധയായ ഹിജഡ. ഇന്ത്യയിലെ ഒട്ടുമിക്ക ഹിജഡകളും അന്നവിടെ ഉത്സവത്തിന് എത്തുമത്രേ. ഹിജഡകളെക്കുറിച്ച് പുസ്തകം എഴുതിയിട്ടും കൂവാഗംവരെ പോകാത്തതില്‍ അപാകം തോന്നിയിരുന്നു. ഇക്കാര്യം സുഹൃത്തും നിരൂപകനുമായ കെ പി രമേഷിനോട് സൂചിപ്പിച്ചപ്പോള്‍ രണ്ടുദിവസം കഴിഞ്ഞ് എന്നെ വിളിച്ച് പാലക്കാട്ടുനിന്ന് വില്ലുപുര (വിഴുപുരമെന്നും പറയും)ത്തേക്കും തിരിച്ച് ചെങ്കല്‍പേട്ടനിന്ന് പാലക്കാട്ടേക്കും ടിക്കറ്റ് റിസര്‍വ് ചെയ്തെന്നു പറഞ്ഞു.

കോയമ്പത്തൂര്‍ വിട്ട് ഏറെക്കഴിയുംമുമ്പേ കൂവാഗത്തേക്കു പോകുന്ന ഹിജഡകള്‍ ഓരോരോ സ്റേഷനില്‍നിന്നായി കയറിത്തുടങ്ങി. ഒത്തുചേരലിന്റെ ആഹ്ളാദത്തില്‍ തമാശപൊട്ടിച്ചും പാട്ടുപാടിയും. മിക്കവരും സാരിയിലും ബ്ളൌസിലുമാണ്. കുറച്ചുപേര്‍ ചുരിദാറിലും. ഇത്രയും സ്ത്രൈണമായ രൂപങ്ങളില്‍നിന്ന് കര്‍ണകഠോരമായ ശബ്ദം പുറപ്പെട്ടപ്പോള്‍ കുട്ടികള്‍ ഭയത്തോടും മുതിര്‍ന്നവര്‍ കൌതുകത്തോടും അവരുടെ ചേഷ്ടകള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പുലര്‍ച്ചെ മൂന്നോടെയാണ് ട്രെയിന്‍ വിഴുപുരത്തെത്തിയത്. ഇടത്തരം സ്റ്റേഷന്‍. ഞങ്ങളെത്തുമ്പോള്‍ അവിടം മങ്ങിയ ഇരുളിലാണ്. സിമന്റ് ബെഞ്ചുകളില്‍ മയങ്ങുന്ന കുറച്ചുപേര്‍. പുലര്‍കാല യാത്രികരും യാചകരും അവര്‍ക്കിടയില്‍. റോന്തുചുറ്റുന്ന രണ്ടുമൂന്ന് പൊലീസുകാരും ഏതാനും ചാവാലിപ്പട്ടികളുമായിരുന്നു ഉണര്‍ന്നിരിക്കുന്ന ജീവികള്‍.

യാത്ര ഒഴിവാക്കേണ്ടിവന്ന ജെറീന വിഴുപുരത്തെത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞുതന്നിരുന്നു. അതിലൊന്ന് കൂടുതല്‍ ഹിജഡകള്‍ തമ്പടിക്കുന്ന സെന്‍ട്രല്‍ ലോഡ്ജില്‍ താമസിക്കണം എന്നതായിരുന്നു. ശ്രീദേവി എന്ന ഹിജഡയുടെ കാമുകന്‍ മന്‍സൂര്‍ അലിഖാന്റേതാണ് ലോഡ്ജ്. എം വിനീഷ് സംവിധാനംചെയ്ത ഹിജഡകളെക്കുറിച്ചുള്ള 'ജെല്‍സ' ഡോക്യുമെന്ററിയുടെ ആദ്യപ്രദര്‍ശനത്തിന് കോഴിക്കോട്ടു വന്ന ശ്രീദേവിയെ പരിചയപ്പെട്ടിരുന്നു. സുന്ദരിയായ ശ്രീദേവി ജ്വല്ലറി മോഡലായി പ്രത്യക്ഷപ്പെട്ടതിനു ലഭിച്ച പ്രതിഫലം ഒന്നരലക്ഷം രൂപ പാവങ്ങളുടെ ക്ഷേമത്തിനു പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് സംഭാവന നല്‍കിയ ഹിജഡയാണ്. വിഴുപുരം റോഡിന്റെ ഇരുവശത്തും മൂന്നും നാലും നിലകളുള്ള കെട്ടിടങ്ങള്‍. ലോഡ്ജ് എന്നെഴുതിയ ബോര്‍ഡ് കാണുന്നിടത്തെല്ലാം കയറി. എവിടെയും ഒഴിവില്ല.

'പ്രഭു' ലോഡ്ജില്‍ മുറി കണ്ടെത്തുമ്പോള്‍ നാലുമണി കഴിഞ്ഞിരുന്നു. അതിന്റെ മുന്നിലെ അഞ്ചുനിലയുള്ള ലോഡ്ജിന്റെ ലോണില്‍ ഹിജഡകള്‍ കൂട്ടംകൂടി നില്‍ക്കുന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും എത്തുന്ന ആവശ്യക്കാരെയുംകൊണ്ട് ഇരുളിന്റെ ഇടംതേടി പോകുന്നതും കാണാം. മിക്കവരും മദ്യത്തിന്റെ വീര്യത്തില്‍ ഒച്ചവച്ചു സംസാരിക്കുകയാണ്. ചിലര്‍ റോഡിലിറങ്ങി നില്‍ക്കുന്നു. കൂവാഗത്തെ ഉത്സവത്തിനുമുമ്പേ അറവാണികള്‍ എത്തുമെന്നറിഞ്ഞ് ബസ്‌സ്റ്റാന്‍ഡിലും പരിസരത്തും ദല്ലാളുകള്‍ കറങ്ങുന്നുണ്ട്.

ആഘോഷം ആരംഭിക്കാന്‍ വൈകിട്ട് ആറുമണിയാകും. അതുവരെ എങ്ങനെ സമയം ചെലവഴിക്കാം എന്നതായിരുന്നു പ്രശ്നം. പോണ്ടിച്ചേരിയിലെ അരവിന്ദാശ്രമത്തില്‍ പോകാമെന്ന നിര്‍ദേശംവച്ചത് രമേഷാണ്. വിഴുപുരത്തുനിന്ന് ഒരുമണിക്കൂറേയുള്ളു അവിടേക്ക്. ബസ് കയറി ആശ്രമത്തിലും ബീച്ചിലും ടൌണിലുമൊക്കെ കറങ്ങി. തിരിച്ച് മുറിയിലെത്തി സെന്‍ട്രല്‍ ലോഡ്ജ് തേടിയിറങ്ങി. റിസപ്ഷനില്‍ ഉടമ മന്‍സൂറിനെ അന്വേഷിച്ചു. അവിടെ സംസാരിച്ചുനിന്ന 25 വയസ്സ് തോന്നിച്ച സുന്ദരന്‍ പറഞ്ഞു: 'നാന്‍ താന്‍ മന്‍സൂര്‍, എന്ന വേണം സൊല്ലുങ്കെ'. കുറച്ചുകൂടി പ്രായമുള്ള ഒരാളെയാണു പ്രതീക്ഷിച്ചത്. ശ്രീദേവിയുടെയും ജെറീനയുടെയും സുഹൃത്തുക്കളാണെന്നു’പറഞ്ഞപ്പോള്‍ അയാള്‍ക്ക് സന്തോഷം.

ബാംഗ്ളൂരില്‍ സെക്സ്‌വര്‍ക്ക് ചെയ്യുന്ന സേലത്തുകാരി മന്ത്ര എത്തിയിട്ടുണ്ടോ എന്നറിയാനായിരുന്നു താല്‍പ്പര്യം. തമ്പാക്കിന്റെയും ചാര്‍ സൌ ബീസിന്റെയും ഗന്ധം തങ്ങിനില്‍ക്കുന്ന, അസ്വസ്ഥത ഉണര്‍ത്തുന്ന അന്തരീക്ഷത്തിലൂടെ ഞങ്ങള്‍ ഒഴുകി.

മന്ത്രയുടെ മുറിയുടെ ബെല്ലമര്‍ത്തി. ആറടിയോളം ഉയരവും വേണ്ടതില്‍ കവിഞ്ഞ തടിയുമുള്ള ഭീമാകാരമായ രൂപം വാതില്‍ തുറന്നു. ‘"യാരത്?''

"മന്ത്ര ഇരിക്കാങ്കളാ'' ഞാന്‍ ചോദിച്ചു.

"ഇല്ലൈ, ഒറു ണിമിസ(നിമിഷം)ത്തുക്കുള്ളെ വന്തിടുവാങ്കെ. ഉള്ള വാങ്കെ''. അവര്‍ അകത്തേക്കു ക്ഷണിക്കുകയാണ്.

താഴെ കാത്തുനിന്നോളാം എന്നു പറഞ്ഞ് കോണിയിറങ്ങുമ്പോഴേക്കും എവിടെയോ പോയി മടങ്ങുകയായിരുന്ന മന്ത്ര ലോഡ്ജ് വരാന്തയിലെത്തിയിരുന്നു. ഞാന്‍ ഓര്‍മ പുതുക്കി. മന്ത്ര സുന്ദരിയും നല്ല പെരുമാറ്റക്കാരിയുമാണ്. രാത്രി സൌന്ദര്യമത്സരം നടക്കുന്ന ഹാളില്‍ കാണാമെന്നും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും പറഞ്ഞപ്പോള്‍ വിജയാശംസ നേര്‍ന്ന് ഞങ്ങള്‍ മടങ്ങി. അവിടെ അപ്പോള്‍ ഹിജഡകളുടെ ഘോഷയാത്ര ആരംഭിച്ചിരുന്നു. ടാബ്ളോകളും ഡപ്പാങ്കൂത്തും പുലികളിയും അകമ്പടിയുള്ള അത് അവിസ്മരണീയമായിരുന്നു.

രാത്രി ആഞ്ജനേയ മാര്യേജ് ഹാളിലെ സാംസ്കാരികസദസ്സിന്റെ വേദിയില്‍ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും. പ്രസംഗിക്കാന്‍ ഹിജഡകളുടെ പ്രതിനിധികളും. ഇരിപ്പിടം കിട്ടാതെ നൂറുകണക്കിന് ആളുകള്‍ വശങ്ങളില്‍. ഹാളില്‍ കയറാന്‍ കഴിയാതെ പുറത്ത് കൂടിനില്‍ക്കുന്നവരുടെ എണ്ണവും അസംഖ്യം. ചാനല്‍ ഫ്ളാഷുകള്‍ മിന്നിമറഞ്ഞു. ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടത്തില്‍ സുഹൃത്ത് അഭിജിത്തിനെയും കണ്ടു. കോഴിക്കോട്ട് ഹിജഡകളുടെ ഫോട്ടോ പ്രദര്‍ശനം (ഹിജ്റ) നടത്തിയിട്ടുണ്ട് അവന്‍. മലയാളികളെ അപേക്ഷിച്ച് ഹിജഡകളോട് കാരുണ്യപൂര്‍വമായ മനോഭാവമാണ് തമിഴ്ജനത പുലര്‍ത്തുന്നത്. അവര്‍ക്കായി തമിഴ്നാട് നിയമസഭ അനുവദിച്ച പല അവകാശങ്ങളും മന്ത്രി പ്രഖ്യാപിച്ചു. പുരുഷന്‍, സ്ത്രീ എന്നിവയ്ക്കു പുറമെ എല്ലാ അപേക്ഷകളിലും ട്രാന്‍സ്ജെന്‍ഡര്‍ എന്നൊരു കോളവും ഉണ്ടാവും. റേഷന്‍കാര്‍ഡിനും മറ്റും ഹിജഡകള്‍ക്കും അപേക്ഷിക്കാം. അവരെ 'അറുവാണി' എന്നു വിളിക്കാന്‍ പാടില്ല. പകരം 'തിരുനങ്കൈ' (ശ്രീമതി).

തീരുമാനം കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. പ്രസംഗശേഷം നപുംസക കലാകാരന്മാരുടെ പാട്ടും ഡാന്‍സും. പിന്നീട് സൌന്ദര്യമത്സരം. കാഷ്വല്‍, ഒഫീഷ്യല്‍, എഥനിക് വേഷങ്ങളെല്ലാം 'ക്യാറ്റ്വാക്കി'ലുണ്ടായിരുന്നു. പ്രതീക്ഷിച്ചപോലെ സേലം സുന്ദരി മന്ത്ര 'മിസ് കൂവാഗം 2008' ആയി തെരഞ്ഞെടുക്കപ്പെട്ടു.

രാത്രി വൈകിയാണ് ഞങ്ങള്‍ തിരിച്ചത്. റോഡിലും ഫുട്പാത്തിലും ബസ്സ്റാന്‍ഡിലും ഇരുള്‍മൂലകളിലും എല്ലാം ഹിജഡകള്‍. വഴിയില്‍ കുറച്ചുപേരെ പരിചയപ്പെട്ടു. ഡല്‍ഹിയില്‍ താമസിക്കുന്ന മലയാളിയായ പ്രേമ അവരിലൊരാള്‍. നാട്ടില്‍ ജീവിക്കാന്‍ കഴിയാത്തതിനാല്‍ വണ്ടികയറിയതാണ്. സെക്സും ബതായി (വിവാഹം, ഗൃഹപ്രവേശം, ഉദ്ഘാടനം, തറക്കല്ലിടല്‍, ജനനം തുടങ്ങിയ കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹിച്ച് ദക്ഷിണ വാങ്ങുന്ന ചടങ്ങ്)യും മാത്രമാണ് ജീവിതമാര്‍ഗം..

ഹിജഡകളുടെ മംഗല്യരാത്രി

ചിത്രാ പൌര്‍ണമി. ഹിജഡകളുടെ മംഗല്യരാത്രി. കൂവാഗത്തെ കൂത്താണ്ടവര്‍ കോവിലിലാണത്. വിഴുപുരത്തുനിന്ന് അരമണിക്കൂര്‍ ബസ് യാത്ര. ഓട്ടോയ്ക്ക് 300 രൂപ. വയലും കരിമ്പിന്‍തോട്ടങ്ങളും പുളിയും വേപ്പും മുള്‍മരങ്ങളും നിറഞ്ഞ ഉള്‍നാടന്‍ ഗ്രാമമാണ് കൂവാഗം. ഇരാവാനാ (കൂത്താണ്ടവര്‍ എന്നാണ് വിളിക്കുന്നത്)ണ് പ്രതിഷ്ഠ. അര്‍ജുനന് ഉലൂപി എന്ന നാഗസുന്ദരിയില്‍ ഉണ്ടായ പുത്രന്‍. പാണ്ഡവവിജയത്തിന് ഇരാവാനെ ബലികൊടുത്തു എന്ന് ഐതിഹ്യം. കൊല്ലപ്പെടുന്നതിന് തലേദിവസം അവസാന ആഗ്രഹം പറഞ്ഞു. ഒരുദിവസമെങ്കിലും ദാമ്പത്യജീവിതം നയിക്കണം. ഒരൊറ്റ ദിവസംകൊണ്ട് വിധവയാകാന്‍ ആരും തയ്യാറാകാത്തതിനാല്‍ വധുവിനെ കിട്ടിയില്ല. ഒടുവില്‍ ശ്രീകൃഷ്ണന്‍ മോഹിനിരൂപമെടുത്തെത്തി. ചിത്രാപൌര്‍ണമി നാളിലായിരുന്നു മാംഗല്യം. പിറ്റേദിവസം കൊല്ലപ്പെട്ടു. ഓരോ ഹിജഡയും തങ്ങള്‍ ഇരാവ വധുവാണെന്നു സങ്കല്‍പ്പിച്ച് മോഹിനിവേഷത്തില്‍ ക്ഷേത്രത്തിലെത്തുന്നു. ഇരാവാന്‍ തമിഴില്‍ അറവാന്‍. ഭാര്യ അറവാണിയും. പലതരം വേഷങ്ങള്‍ ധരിച്ചുവരുന്ന ഹിജഡകള്‍ സാരിയുടുത്ത് പൊട്ടുതൊട്ട് വര്‍ണവളകളണിഞ്ഞ് 'വധു'ക്കളായി ഇറങ്ങുന്നതു കാണാം. അറവാണികള്‍ക്ക് താലികെട്ടുന്നത് ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍. ആ രാത്രി ഹിജഡയോടൊപ്പം കഴിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും താലികെട്ടാം. മഞ്ഞക്കയറില്‍ കൊരുത്ത താലിയാണ്. സാമ്പത്തികസ്ഥിതിയനുസരിച്ച് ഉണക്കമഞ്ഞള്‍ (മഞ്ചക്കൊമ്പ്), വെള്ളി (വെള്ളിത്താലി), സ്വര്‍ണം തുടങ്ങിയവകൊണ്ട് ഉണ്ടാക്കിയവയും.

താലികെട്ടാന്‍ നീണ്ട ക്യൂ. പാതിരാത്രിയില്‍ താലികെട്ടുന്നതാണ് ഉത്തമം. ചിത്രാപൌര്‍ണമി സന്ധ്യമുതല്‍ ആദ്യരാത്രി അരങ്ങേറും. തമ്പാക്കും മദ്യവും വിഴുങ്ങി മദോന്മത്തരായി. ക്ഷേത്രത്തിനു മുന്നിലെ ആളിക്കത്തുന്ന കര്‍പ്പൂരവെളിച്ചത്തില്‍ തൊട്ടടുത്ത വയലേലകളും മരച്ചുവടുകളും കിടപ്പറയാകും. സൂര്യനുദിക്കുംവരെ നീളുന്ന ആദ്യരാത്രി! പിറ്റേദിവസം ഉച്ചവരെ മാത്രമേ ആഘോഷമുള്ളു. പിന്നെ കരച്ചിലിനുവേണ്ടി. (അന്ന് കൂത്താണ്ടവര്‍ കൊല്ലപ്പെടുകയാണല്ലോ). അത് വൈധവ്യത്തിന്റെ രോദനം. കരയാന്‍ ക്ഷേത്രത്തില്‍നിന്ന് അല്‍പ്പം അകലെ 'അളുവ്കൊള' (കരച്ചിലിന്റെ ഇടം)ത്തിലെത്തിയ ഹിജഡകളുടെ താലി മുഖ്യപുരോഹിതന്‍ പ്രത്യേകതരം കത്തികൊണ്ട് മുറിച്ചുമാറ്റും. സ്വര്‍ണം, വെള്ളി, ഉണക്കമഞ്ഞള്‍ താലികള്‍ തട്ടില്‍ നിക്ഷേപിക്കും. അവ ദേവസ്വത്തിന്. മഞ്ഞക്കയറുകള്‍ തൊട്ടടുത്ത ചെടിയില്‍ കോര്‍ത്തുവയ്ക്കും പൂജാരി. വിധവകളായ ഹിജഡകള്‍ പൊട്ടു മായ്ച്ച്, വളകള്‍ പൊട്ടിച്ച്, നെഞ്ചത്തടിച്ചും കെട്ടിപ്പിടിച്ചും പൊട്ടിക്കരയും.

സന്ധ്യ മയങ്ങുകയാണ്. നിറങ്ങള്‍ മായുന്നു. ഇരുള്‍ പരക്കുകയാണ്. എല്ലാ ഉന്മാദങ്ങളുടെയും അഗാധതയില്‍ ലിംഗപ്രതിസന്ധി നല്‍കുന്ന ആഴമേറിയ മുറിവില്‍നിന്നുയരുന്ന ആത്മരോദനങ്ങളുടെ, ദീനവിലാപങ്ങളുടെ അലയൊലികളില്‍ വയലേലകള്‍, മുള്‍മരങ്ങള്‍, വേപ്പുകള്‍, പുളിമരങ്ങള്‍ എല്ലാം വിഷാദമൂകം..

*
വിജയന്‍ കോടഞ്ചേരി കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്, വര്‍ക്കേഴ്സ് ഫോറം

12 March, 2009

ഉയർന്നുകൊണ്ടിരിക്കുന്ന വിവേചനത്തിന്റെ ഗ്രാഫ്

ഉയർന്നുകൊണ്ടിരിക്കുന്ന വിവേചനത്തിന്റെ ഗ്രാഫ്

പരസ്യങ്ങളുടെ വർണശബളമായ ലോകം ദൃശ്യമാധ്യമങ്ങളിലൂടെ ഇതൾ വിരിയുമ്പോൾ അവിടെ പൊട്ടിച്ചിരിക്കുകയും നന്നായി വേഷം ധരിക്കുകയും ഏറ്റവും പുതിയ മോഡൽകാറുകളോടിക്കുകയും ഏറ്റവും ആധുനിക വീട്ടുപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്ന സുന്ദരികളും സുന്ദരന്‍മാരുമായ സന്തുഷ്ടരായ മനുഷ്യരാണ്.

മൊബൈൽഫോണുകളുടെ അപാരസാധ്യതകളെക്കുറിച്ചും അത്ഭുതപ്പെടുത്തുന്ന കാര്യക്ഷമതയുള്ള കമ്പ്യൂട്ടറുകളെക്കുറിച്ചും ഒരിക്കലും പ്രായം തോന്നിക്കാതിരിക്കാന്‍ ഉപയോഗിക്കേണ്ട ക്രീമുകളെക്കുറിച്ചും പറഞ്ഞുകൊണ്ടേയിരിക്കുന്ന ഈ പരസ്യങ്ങളുടെ ഗുണഭോക്താക്കളാണ് ആഗോളകുത്തകകൾക്ക് പ്രിയങ്കരമായ ഇന്ത്യന്‍ മാർക്കറ്റിനെ നിലനിർത്തുന്നത്.

ആഗോളവത്കരണ സാമ്പത്തിക നയങ്ങൾ ഇന്ത്യയിൽ മാത്രമല്ല ലോകത്തെമ്പാടും ഉപഭോഗത്തിന്റെ കാര്യത്തിലുള്ള അസമത്വം വർദ്ധിപ്പിച്ചിരിക്കുന്നതായാണ് പഠനങ്ങൾ കാണിക്കുന്നത്. വേൾഡ് വാച്ച് എന്ന സംഘടന നടത്തിയ പഠനം അടിസ്ഥാനമാക്കിയത് ഓരോ രാജ്യത്തെയും ജനങ്ങളുടെ വാങ്ങൽകഴിവിൽ വന്നിട്ടുള്ള ഏറ്റക്കുറച്ചിലുകളെയാണ്. വാങ്ങാന്‍ കഴിവുള്ള ഗുണഭോക്താക്കളുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്; 12.2 കോടി ജനങ്ങൾ. സ്വാഭാവികമായും ഒന്നാം സ്ഥാനം അമേരിക്കയ്ക്കാണ്- 24.3 കോടി . രണ്ടാം സ്ഥാനത്ത് ചൈനയാണ് - 24 കോടി. സമ്പന്ന രാജ്യങ്ങളായ ജപ്പാന്‍, ജർമ്മനി, ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടൻ എന്നിവയ്ക്ക് മുന്നിലാണ് വാങ്ങൽകഴിവുള്ള ഗുണഭോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യ എന്നത് ഒരു പക്ഷെ അഭിമാനാർഹമായ കാര്യമായി ഇന്ത്യന്‍ ഭരണാധികാരികൾക്ക് തോന്നുന്നുണ്ടാകാം.

എന്നാൽ ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ 12 ശതമാനത്തിനു മാത്രമാണ് ആധുനിക കമ്പോളത്തെ ഉപയോഗിക്കാനാകുന്നത് എന്ന വസ്തുത ഭൂരിപക്ഷം നേരിടുന്ന ഇല്ലായ്മയിലേക്കാണ് വിരൽചൂണ്ടുന്നത്. അമേരിക്കയിൽ ജനസംഖ്യയുടെ 84 ശതമാനത്തിനും ജപ്പാനിൽ 95 ശതമാനത്തിനും വാങ്ങൽകഴിവുള്ളപ്പോൾ ഇന്ത്യയിൽ12 ശതമാനത്തിനും ചൈനയിൽ19 ശതമാനത്തിനും മാത്രമേ വാങ്ങൽകഴിവുള്ളൂ. എങ്കിലും എണ്ണം വെച്ചുനോക്കുമ്പോൾ ഇന്ത്യയും ചൈനയും ചേർന്നാൽ 36.2 കോടി ഉപഭോക്താക്കളെയാണ് സംഭാവന ചെയ്യുന്നത്. ഇതു തന്നെയാണ് വന്‍കിട കുത്തകകൾക്ക് ഇന്ത്യയും ചൈനയും ആകർഷണ കേന്ദങ്ങളാകുന്നതിന്റെ പ്രേരണ.

ഭക്ഷണത്തിന്റെ ഉപഭോഗത്തിലടക്കം പ്രകടമായ വിവേചനമാണ് ലോകത്ത് വിവിധരാജ്യങ്ങളിൽ അനുഭവപ്പെടുന്നത്. അമേരിക്കന്‍ ഐക്യനാടുകളുടെയും പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളുടെയും ആകെ ജനസംഖ്യ ലോകജനസംഖ്യയുടെ 12 ശതമാനമേ വരൂ. എന്നാൽലോകത്ത് സ്വകാര്യ ഉപഭോഗത്തിനായി ചെലവഴിക്കപ്പെടുന്ന ആകെ പണത്തിന്റെ 60 ശതമാനവും ഈ രണ്ടു ഭൂപ്രദേശങ്ങളിൽ നിന്നാണ്. തെക്കന്‍ ഏഷ്യയിലെയും സബ്‌ സഹാറന്‍ ആഫ്രിക്കയിലേയും ജനങ്ങൾ സ്വകാര്യ ഉപഭോഗത്തിനായി ആഗോളചെലവിന്റെ 3.2 ശതമാനം മാത്രമാണ് ചെലവഴിക്കുന്നത്.

ലോകത്തെ ഏറ്റവും ധനാഢ്യരായ 32 പേരുടെ സമ്പത്ത് തെക്കന്‍ ഏഷ്യയിലെ എല്ലാ രാജ്യങ്ങളുടെയും ആകെ ആഭ്യന്തര വരുമാനത്തേക്കാൾ അധികം വരും എന്ന ഒറ്റ കണക്കുമതി സാമ്പത്തിക അസമത്വത്തിന്റെ രൂക്ഷത മനസ്സിലാക്കാന്‍. ബഹുഭൂരിപക്ഷം സാധാരണക്കാർക്കും ഭക്ഷണം പോലും നിഷേധിക്കപ്പെടുന്ന സാമ്പത്തിക വിവേചനത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാനുളള ബോധപൂർവ്വമായ തീരുമാനമെടുക്കുകയാണ് ഭരണാധികാരികൾ ചെയ്യേണ്ടത്. സാധാരണക്കാരുടെ ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായകമായ ക്ഷേമപ്രവർത്തനങ്ങളും തൊഴിൽ സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാൽ ഇത്തരം പരിഹാര നടപടികൾ ഉണ്ടാകുന്നില്ലെന്ന വിലയിരുത്തലാണ് ഐക്യരാഷ്ട്രസഭ തന്നെ നടത്തിയത്.

ദാരിദ്രരാജ്യങ്ങളിൽ വരുമാനത്തിന്റെ മൂന്നിൽ രണ്ടും ഭക്ഷണത്തിനു വേണ്ടിയാണ് ചെലവഴിക്കപ്പെടുന്നത്. കൃഷിക്കാർക്ക് വരുമാനത്തിന്റെ ഭൂരിപക്ഷവും ഭക്ഷണത്തിനടക്കം വിനിയോഗിക്കേണ്ടിവരുന്നത് കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വന്‍ തോതിൽ പണമൊഴുക്കാന്‍ കഴിവുള്ള കാർഷിക മുതലാളിമാർക്കല്ലാതെ സാധാരണ കൃഷിക്കാർക്ക് കൃഷിയിൽപിടിച്ചു നിൽക്കാന്‍ പറ്റാത്ത സാഹചര്യമാണ് മിക്ക വികസ്വര രാജ്യങ്ങളിലും നിലനിൽക്കുന്നത്. ഭൂമിയുടെയും സമ്പത്തിന്റെയും കേന്ദീകരണം അവസാനിപ്പിക്കാന്‍ സഹായകരമായ ഭൂപരിഷ്കരണമടക്കമുള്ള നടപടികൾ സ്വീകരിക്കാതെ കൃഷിക്കാരെ സഹായിക്കാനാകില്ല എന്ന സത്യമാണ് ഇന്ത്യന്‍ ഭരണാധികാരികൾ അടക്കം അംഗീകരിക്കേണ്ടത്.

ഭക്ഷണം ആവശ്യത്തിലധികം ഉല്പാദിപ്പിക്കുമ്പോഴും അത് വിശക്കുന്നവന്റെ മുന്നിലെത്തിക്കാന്‍ തയ്യാറാകാത്ത ഭരണ നയങ്ങളാണ് അസമത്വങ്ങളെയും വിവേചനങ്ങളെയും രൂക്ഷമാക്കുന്നത്. പൊതു വിതരണ സംവിധാനം കാര്യക്ഷമമാക്കാന്‍ തയ്യാറാകാതെ സർക്കാരിന്റെ പക്കൽ അധികമുള്ള ഭക്ഷ്യ കരുതൽ ശേഖരത്തെക്കുറിച്ച് അവകാശവാദം ഉന്നയിക്കുന്നതിൽ എന്തർത്ഥമാണുള്ളത് !

ലക്ഷക്കണക്കിന് കൃഷിക്കാർ ആത്മഹത്യാമുനമ്പിലേക്ക് വലിച്ചെറിയപ്പെട്ട നാളുകളിലാണ് ബി.ജെ.പിയുടെ എന്‍ഡിഎ സർക്കാർ ഇന്ത്യ തിളങ്ങുന്നു എന്ന അവകാശ വാദവുമായി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അടുപ്പിൽ തീയെരിയാന്‍ വഴിയില്ലാതെ നട്ടം തിരിഞ്ഞിരുന്ന കോടിക്കണക്കിന് സാധാരണ ഇന്ത്യക്കാരന്റെ കണ്ണീർ കാണാന്‍ കൂട്ടാക്കാതിരുന്നതാണ് എന്‍ഡിഎ സഖ്യത്തിന് തെരഞ്ഞെടുപ്പിൽനേരിട്ട തോൽവിയുടെ പ്രധാന കാരണം എന്ന ചരിത്രപാഠം ബിജെപിക്കു മാത്രമല്ല, കോൺഗ്രസിനും ബാധകം തന്നെയാണ്. കോടീശ്വരന്മാരുടെ വർദ്ധിക്കുന്ന ആസ്തിയുടെയും എണ്ണത്തിന്റെയും ചിത്രം ചൂണ്ടിക്കാട്ടി ഇന്ത്യയുടെ വളർച്ച ആഘോഷിക്കുന്ന കോൺഗ്രസിനെ കാത്തിരിക്കുന്നതും കോടിക്കണക്കിന് സാധാരണക്കാരുടെ രോഷമാണ്.

*****

ഡോ. ടി.എന്‍.സീമ, കടപ്പാട് : സ്ത്രീ ശബ്‌ദം

09 March, 2009

സാര്‍വദേശീയ മഹിളാദിനം ഓർമ്മപ്പെടുത്തുന്നത്

സാര്‍വദേശീയ മഹിളാദിനം ഓർമ്മപ്പെടുത്തുന്നത്

പുരോഗമന മഹിളാപ്രസ്ഥാനങ്ങള്‍ക്ക് പോരാട്ടത്തിന്റെ ആവേശം പകരുന്ന ദിനമാണ് മാര്‍ച്ച് 8. സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന സ്‌ത്രീകള്‍ ലോകമെങ്ങും ഭരണാധികാരി വര്‍ഗത്തോട് 'ഞങ്ങളും മനുഷ്യരാണ്, തുല്യാവകാശം തന്നേതീരൂ' എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ദിനമാണ് സാര്‍വദേശീയ മഹിളാദിനം.

ഓരോ വര്‍ഷവും നിലവിലുളള സാമൂഹ്യസാഹചര്യത്തിലെ സ്‌ത്രീവിരുദ്ധതയ്‌ക്കെതിരെ പ്രതികരിച്ചുകൊണ്ടാണ് പുരോഗമനപ്രസ്ഥാനങ്ങള്‍ സാര്‍വദേശീയ വനിതാദിനം സാര്‍ഥകമാക്കുന്നത്. ഭക്ഷണത്തിനും സമാധാനത്തിനും വേണ്ടിയുളള പോരാട്ടങ്ങളാണ് പല വര്‍ഷങ്ങളിലും നടന്നിട്ടുളളത്. ഇത്തവണ ഐക്യരാഷ്‌ട്രസഭ നിര്‍ദേശിച്ച വിഷയവും ഏറെ പ്രസക്തമാണ്- 'അധിനിവേശത്തിനെതിരെ സ്‌ത്രീ പ്രതിരോധം'. സാമ്രാജ്യത്വ അധിനിവേശം ലോകജനതയെ പട്ടിണിയിലേക്കും അശാന്തിയിലേക്കും നയിക്കുമ്പോള്‍ ജനങ്ങളുടെ ചെറുത്തുനില്‍പ്പില്ലാതെ രക്ഷപ്പെടാന്‍ മറ്റ് പോംവഴികളില്ല.

മുതലാളിത്തം സൃഷ്‌ടിച്ച സാമ്പത്തികമാന്ദ്യം ഇന്ത്യന്‍ജനതയെ പിടിച്ചുലയ്‌ക്കുമ്പോള്‍ അതിനെതിരെ പോരാട്ടം ശക്തമാക്കുന്നതിനാണ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഈ വര്‍ഷത്തെ മാര്‍ച്ച് 8 വേദിയാക്കുന്നത്. പ്രധാനമായും മൂന്ന് വിഷയങ്ങളെ ആസ്പദമാക്കിയാണ് ഇത്തവണ മാര്‍ച്ച് 8ന്റെ പ്രചാരണപരിപാടി നടത്തുന്നത്.

(1) ഭക്ഷ്യസുരക്ഷിതത്വം സംബന്ധിച്ച പ്രശ്നങ്ങള്‍
(2) തൊഴില്‍ സുരക്ഷിതമാക്കി സ്‌ത്രീകളുടെ സാമ്പത്തികസുസ്ഥിരത ഉറപ്പാക്കുക
(3) ഭീകരതയ്‌ക്കും വര്‍ഗീയവാദത്തിനുമെതിരെ അണിചേരുക.

ഈ വിപത്തുകളെല്ലാം സാമ്രാജ്യത്വ അധിനിവേശത്തിന്റെ പരിണതഫലമായതിനാല്‍ ആത്യന്തികമായി സാമ്രാജ്യത്വവിരുദ്ധ പോരാട്ടമായി ദിനാചരണം മാറുന്നു. ലോകമാകെ പടരുന്ന മുതലാളിത്ത സംസ്‌ക്കാരവും ഉപഭോഗാര്‍ത്തിയും കേരളത്തെയും ഗ്രസിച്ചിരിക്കുകയാണ്. ലിംഗപരമായ കുറ്റകൃത്യങ്ങളും അതിക്രമങ്ങളും വര്‍ധിച്ചുവരികയാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ മുതലാളിത്ത ജീര്‍ണതയുടെ പുതിയ മുഖമാണ്. കൌമാരപ്രായത്തിലുളള കുട്ടികള്‍ എത്രമാത്രം അരക്ഷിതരാണെന്ന് അടുത്തയിടെ ഉണ്ടായ ആത്മഹത്യകളും റാഗിങ്ങും കൊലപാതകങ്ങളും തെളിയിക്കുന്നു. കുടുംബത്തില്‍പോലും സുരക്ഷിതത്വമില്ലാതായിരിക്കുന്നു. മുതലാളിത്തത്തിന്റെ ജീര്‍ണിച്ച തുരുത്തുകളായി, രാഷ്‌ട്രത്തിന്റെ പൊതുധാരയില്‍നിന്ന് വേറിട്ട യൂണിറ്റുകളായി കഴിയുന്ന കുടുംബങ്ങളെ പരിഷ്‌ക്കരിച്ചുകൊണ്ടല്ലാതെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയില്ല. അതിനാല്‍ സാര്‍വദേശീയ മഹിളാദിനം സാമൂഹ്യസാമ്പത്തികരാഷ്‌ട്രീയ മേഖലകളിലേക്ക് സ്‌ത്രീകളെ വന്‍തോതില്‍ അണിനിരത്താനുളള മുന്നൊരുക്കങ്ങളുടെ നാളായി മാറ്റാം. ആത്മഹത്യകളും ലിംഗപരമായ അതിക്രമങ്ങളും വിവേചനങ്ങളുമില്ലാത്ത ഒരു സമൂഹസൃഷ്‌ടിക്കായി നാം നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഒന്നുകൂടി കരുത്തു പകരാം.

*****

കെ കെ ശൈലജ

(അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖിക)

08 March, 2009

മാറ്റത്തിന്റെ നാന്ദി കുറിക്കുമോ?

മാറ്റത്തിന്റെ നാന്ദി കുറിക്കുമോ?

ഓരോ പുതുവര്‍ഷവേളയിലും പതിവുശൈലിയില്‍ ഉന്നയിക്കപ്പെടുന്ന ആഗ്രഹമോ, ആശംസയോ ആയിട്ടല്ല മേല്‍ ചോദ്യം പ്രസക്തമാകുന്നത് ; അന്യഥാ, 2008ന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഉയിര്‍കൊണ്ട ഗൌരവമേറിയ ചോദ്യമായിട്ടാണ്. മുതലാളിത്ത പ്രത്യയശാസ്‌ത്രത്തിന്റെ പതനം കണ്ടുകൊണ്ടാണ് പോയ വര്‍ഷം വിട പറഞ്ഞത്.

1990 കളില്‍ സോവിയറ്റ് യൂണിയന്റെയും, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും പതനങ്ങളെ സോഷ്യലിസ്‌റ്റ് വ്യവസ്ഥയുടെ പരാജയമെന്നും കമ്മ്യൂണിസത്തിന്റെ അന്ത്യമെന്നുമെല്ലാം കൊട്ടിഘോഷിച്ചതുപോലെ മുതലാളിത്തത്തിന്റെ പതനം കൊണ്ടാടാന്‍ ആഗോള മാധ്യമപ്പടയൊന്നുമുണ്ടായില്ല എന്നത് വാസ്‌തവം. മാത്രമല്ല, ഇപ്പോഴത്തെ ആഗോള സാമ്പത്തിക പ്രതിസന്ധി മുതലാളിത്തത്തിന്റെ പതനമല്ലെന്നും, മുതലാളിത്ത വ്യവസ്ഥ ഇതിനു മുമ്പും നിരവധി പ്രതിസന്ധികളെ അതിജീവിച്ചതുപോലെ ഈ പ്രതിസന്ധിയെയും അതിജീവിക്കുമെന്നുമുള്ള വാദങ്ങളുമായി മുതലാളിത്തത്തിന്റെ വക്താക്കള്‍ രംഗത്തുണ്ടുതാനും. എന്നാല്‍ അവരടക്കം ഏവരും അംഗീകരിക്കുന്ന ഒരു വസ്‌തുത “കമ്പോള മൌലികവാദത്തിന്റെ മരണം” ആണ് ഇത് എന്നതാണ്. കമ്പോളമൌലികവാദമാകട്ടെ മുതലാളിത്തത്തിന്റെ വര്‍ത്തമാനകാല പ്രയോഗരൂപമാണല്ലോ. താച്ചറിസം, റീഗണിസം, നവലിബറലിസമെന്നുമെല്ലാം അറിയപ്പെടുന്ന സാമ്പത്തികനയങ്ങള്‍ കമ്പോളമൌലികവാദത്തില്‍ അധിഷ്‌ഠിതവുമാണ്.

മഹാമാന്ദ്യം- II

1930 കളിലെ മഹാമാന്ദ്യത്തേക്കാള്‍ കടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി എന്ന് സാമ്പത്തികശാസ്‌ത്രജ്ഞരെല്ലാം ഒരേ സ്വരത്തില്‍ അംഗീകരിക്കുന്നു. “മഹാമാന്ദ്യം-രണ്ട് ” എന്ന പേരും വന്നു കഴിഞ്ഞു. ഈ മാന്ദ്യം 2009-2010 വരെ നീണ്ടു നില്‍ക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അതിനു ശേഷം കരകയറുമോ എന്ന കാര്യത്തില്‍ വ്യത്യസ്‌താഭിപ്രായങ്ങളാണ്. ലോകത്താകമാനം ഇതിന്റെ കെടുതികള്‍ അനുഭവപ്പെടുകയാണ്. ഉല്‍പാദന മേഖലകളാകെ മന്ദതയിലാണ്. ബാങ്കുകള്‍ വായ്‌പ കൊടുക്കുന്നില്ല. ബിസ്സിനസ്സുകാരും ഉപഭോക്താക്കളും പണമിറക്കുന്നില്ല. ആഗോള തലത്തില്‍ രണ്ടു കോടി തൊഴില്‍ നഷ്‌ടമാകുമെന്ന് ഐ.എല്‍.ഒ. തകര്‍ന്ന ധനകാര്യസ്ഥാപനങ്ങളേയും, വ്യവസായികളേയും ജാമ്യത്തിലെടുക്കാന്‍ ആഗോളതലത്തില്‍ 10 ലക്ഷം കോടി ഡോളറാണ് വിവിധ സര്‍ക്കാരുകള്‍ നികുതിപ്പണം ചിലവാക്കിയത്. ലീമാന്‍ ബ്രദേഴ്‌സ് മുതല്‍ വാഷിങ്ങ്ടണ്‍ മ്യൂച്വല്‍സ് വരെ 25 ബാങ്കുകളാണ് അമേരിക്കയില്‍ 2008ല്‍ മാത്രം തകര്‍ന്നത്. കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ അവിടെ 52 ബാങ്കുകളാണ് തകര്‍ന്നത് എന്നു കാണുമ്പോള്‍ 2008ലെ തകര്‍ച്ചയുടെ രൂക്ഷത വ്യക്തമാകും. ബ്രിട്ടനില്‍ എച്.ബി.ഒ.എസ്, സ്‌റ്റാന്റ് ചാര്‍ട്ട്, ബാര്‍ക്ളേയ്സ് തുടങ്ങിയ വമ്പന്‍മാരാണ് കൂപ്പുകുത്തിയത്.

രക്ഷാനടപടികള്‍ നയംമാറ്റത്തിലേക്ക് ?

ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണെവിടെയും. വികസിത രാജ്യങ്ങള്‍ ഇതുവരെ കൈക്കൊണ്ട നടപടികളുടെ ആകെത്തുക പരിശോധിച്ചാല്‍ “ സര്‍ക്കാര്‍ ഇടപെടല്‍ ” വ്യക്തമാകും. ബ്രിട്ടനില്‍ ദേശസാല്‍ക്കരണവും, ധനികര്‍ക്ക് നികുതിവര്‍ധനയും ദരിദ്രര്‍ക്ക് നികുതി ഇളവും നല്‍കി, ക്ഷേമ പദ്ധതികള്‍ വര്‍ധിപ്പിച്ച് ഗോര്‍ഡണ്‍ ബ്രൌണും ലേബര്‍ പാര്‍ട്ടിയും നഷ്‌ടപ്പെട്ട ജനപിന്തുണ തിരിച്ചു പിടിച്ചുകൊണ്ടിരി ക്കുന്നു എന്നാണ് വാര്‍ത്ത. അമേരിക്കയില്‍ 232 വര്‍ഷത്തെ ജനാധിപത്യ ചരിത്രത്തിലാദ്യമായി “സാമ്പത്തിക പ്രശ്‌നങ്ങള്‍” തെരഞ്ഞെടുപ്പു വിഷയമായി. ചരിത്രം സൃഷ്‌ടിച്ചുകൊണ്ട് ആഫ്രോ അമേരിക്കന്‍, ബരാക് ഒബാമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഫലപ്രഖ്യാപനം വന്ന രാത്രിയില്‍ ഒബാമ നടത്തിയ പ്രസംഗം ശ്രദ്ധേയമായി. “മെയിന്‍ സ്‌ട്രീറ്റുകള്‍ തകരുമ്പോള്‍ വാള്‍ സ്‌ട്രീറ്റുകള്‍ കെട്ടിപ്പൊക്കാനാവില്ല. സമ്പത്തിന്റെയൊ, ആയുധശേഷിയുടെയൊ അടിസ്ഥാനത്തിലല്ല, ജനാധിപത്യവും, സ്വാതന്ത്ര്യവും പ്രതീക്ഷയും ഉയര്‍ത്തുന്ന മഹത്തായ മാതൃകയിലാണ് അമേരിക്കയുടെ ശക്തിയെന്ന് ഈ രാത്രി വെളിപ്പെടുത്തുന്നു.”

അടുത്തയിടെ തന്റെ ആഴ്ച പ്രസംഗത്തില്‍ ഒബാമ പറഞ്ഞത് വളരെ വേഗത്തിലും ധീരതയോടും കൂടി നടപടിയെടുത്തില്ലെങ്കില്‍ തൊഴിലില്ലായ്മ നിരക്ക് രണ്ടക്കമായി ഉയരും എന്നാണ്. മഹാമാന്ദ്യത്തിനു സമാനമായ ഒരു സ്ഥിതിവിശേഷം ഇനി ഒരിക്കലുമുണ്ടാകില്ലെന്നും അഥവാ സംഭവിച്ചാല്‍ മാന്ദ്യം തടഞ്ഞുനിര്‍ത്താനുള്ള നടപടികള്‍ നിരവധിയാണെന്നും അഹങ്കരിച്ചിരുന്ന ചിക്കാഗോ യൂണിവേഴ്സിറ്റി പ്രൊഫസര്‍ റോബര്‍ട്ട് ലൂക്കാസിനെപ്പോലുള്ളവര്‍ അന്തം വിട്ടു നില്‍ക്കുകയാണ്.

മാന്ദ്യത്തെ നേരിടാന്‍ ബാങ്കുകള്‍ക്ക് പണലഭ്യത (liquidity) ഉറപ്പുവരുത്തിയാല്‍ മാത്രം മതിയെന്നു നിര്‍ദ്ദേശിച്ച മില്‍ട്ടണ്‍ ഫ്രീഡ്‌മാനെപ്പോലുള്ള സാമ്പത്തിക ശാസ്‌ത്രജ്ഞരെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ബര്‍ണാങ്കെ ഇപ്പോള്‍ പരിഹസിക്കുകയാണ്.“You are right, We did it.We are very sorry. But thanks to you, we won’t do it again” ബാങ്കുകള്‍ക്ക് വേണ്ടത്ര പണലഭ്യത ഉറപ്പുവരുത്തിയിട്ടും സമ്പദ്‌വ്യവസ്ഥ കരകയറാത്തതിലുള്ള പരിഹാസമാണ് ബര്‍ണാങ്കേയുടെ വാക്കുകളില്‍ നിഴലിക്കുന്നത്.

ലോകബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇന്ത്യക്കാരനായ വിനോദ് തോമസ്സിന്റെ നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. ധനപ്രതിസന്ധി സാമ്പത്തിക പ്രതിസന്ധിയായും, സാമൂഹ്യ-മാനുഷിക പ്രതിസന്ധിയായും വളരാതിരിക്കണമെങ്കില്‍ സത്വര നടപടികളാവശ്യമാണെന്ന് അദ്ദേഹം പറയുന്നു.ആ നടപടികള്‍ കേവലം ജി.ഡി.പി ലക്ഷ്യമിട്ടുള്ളതു മാത്രമായിക്കൂടാ എന്നും അദ്ദേഹം അടിവരയിടുന്നു. കെടുതികള്‍ അനുഭവിക്കുന്ന വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന, സാമൂഹ്യനീതി ഉറപ്പാക്കുന്ന നടപടികളാണാവശ്യം.

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ആൻഡ്രൂ ഗ്രഹാമിന്റെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്.

“Elsewhere competition can be a substitute for regulation. In Banking the opposite applies; the greater the competition, the greater the need for regulation and/or supervision.”...“If you are to avoid catastrophe when confidence evaporates, the only option is for the state to underpin the core financial institutions”


ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് പ്രത്യയശാസ്‌ത്ര പിടിവാശി ?

ആഗോളതലത്തിലെ ചിന്താധാരകളും നടപടികളും മേല്‍പ്പറഞ്ഞ രീതിയിലാണെങ്കില്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ ഇപ്പോള്‍ വലതുപക്ഷ പ്രത്യയശാസ്‌ത്ര പിടിവാശിയിലാണ്. ഇന്ത്യന്‍ ബാങ്കുകള്‍ തകരാതിരുന്നത് തൊഴിലാളികളുടെയും, ഇടതുപക്ഷത്തിന്റെയും നിരന്തരചെറുത്തുനില്‍പ്പ് മൂലമാണ് എന്ന യാഥാര്‍ത്ഥ്യം ബോധപൂര്‍വം വിസ്മരിച്ചുകൊണ്ട് നവലിബറല്‍ നയങ്ങളുടെയും, ഡീ-റെഗുലേഷന്റെയും മൂര്‍ത്തിമത്‌ഭാവമായ ചിക്കാഗോ പ്രൊഫസര്‍ രഘുറാം രാജനെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവായി നിയമിക്കുന്നു.

ഇന്‍ഷൂറന്‍സ് രംഗത്ത് വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള ബില്‍ അവതരിപ്പിച്ചും, പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണത്തിനു കോപ്പു കൂട്ടിയും, യു.പി.എ സര്‍ക്കാര്‍ കാലത്തിന്റെ ചുവരെഴുത്ത് കണ്ടില്ലെന്നു നടിക്കുന്നു. ഫെഡറല്‍ റിസര്‍വ്വ് സ്വീകരിക്കുന്ന അതേ പണനയങ്ങള്‍ നടപ്പാക്കിക്കൊണ്ട്, പലിശ നിരക്കു കുറച്ചുകൊണ്ട് മറ്റൊരു “കുമിള” സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യക്ക് ഇന്ത്യയുടേതായ പ്രത്യേക മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. ആഭ്യന്തര കമ്പോളം ലക്ഷ്യമിട്ടിട്ടുള്ള നടപടികളി ലൂടെ ആഗോള പ്രതിസന്ധി ഉയര്‍ത്തുന്ന വെല്ലുവിളികളെ അവസരമാക്കി മാറ്റണമെന്ന ഡോ. അര്‍ജ്ജുന്‍ സെന്‍ഗുപ്തയെപ്പോലുള്ളവരുടെയും, പ്രഭാത്പട്നായിക്കിനെപ്പോലുള്ളവരുടെയും അഭിപ്രായങ്ങള്‍ തിരസ്‌ക്കരിക്കുന്നു.

ജി.ഡി.പി യുടെ 31 ശതമാനം സംഭാവന ചെയ്യുന്ന 580 ലക്ഷം ചെറുകിട സംരംഭങ്ങള്‍ കൈത്തറി, കരകൌശലം, കയര്‍, ലെതര്‍, ഉടുപ്പുകള്‍, ഭക്ഷ്യസംസ്‌ക്കരണം എന്നീ മേഖലകളിലായി വ്യാപിച്ചു കിടക്കുന്നു. 1040 ലക്ഷം തൊഴിലാളികള്‍ പണിയെടുക്കുന്ന ഈ മേഖലയില്‍ ഒരു ശതമാനം വായ്‌പാ വര്‍ധനയുണ്ടായാല്‍ ഒരു കോടി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയും എന്നാണ് കണക്ക്. ഈ ഉല്‍പ്പന്നങ്ങളുടെ 90 ശതമാനവും ആഭ്യന്തര കമ്പോളത്തിലാണ് വിറ്റഴിക്കുന്നത്. സര്‍ക്കാര്‍ ഇവിടെ ശ്രദ്ധിക്കുന്നില്ല. മറുവശത്ത് അമേരിക്കയും, ഇസ്രായേലുമായുള്ള തന്ത്രപരമായ സഖ്യം ശക്തിപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ ജനതയെ കൂടുതല്‍ വിപത്തിലേക്ക് എറിഞ്ഞുകൊടുക്കുന്നു.

മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയാകട്ടെ ഇന്‍ഷൂറൻസ് ബില്‍ അവതരണ സമയത്ത് വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. വിദേശനയത്തില്‍ യു.പി.എയോട് പരമയോജിപ്പ്, സാമ്പത്തികപ്രതിസന്ധി അതിജീവിക്കാന്‍ ഇരു കൂട്ടര്‍ക്കും ഒരേ നയം. പ്രധാനമന്ത്രിയും, പ്രതിപക്ഷ നേതാവും ചര്‍ച്ച നടത്തുന്നത് സി.ഐ.എ യോടുമാത്രം. ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായി ഭരണപക്ഷവും, മുഖ്യ പ്രതിപക്ഷവും മാറുമ്പോള്‍, 2009ല്‍ ലോകമാകെ മാറ്റത്തിന്റെ നാന്ദി കുറിക്കുമ്പോള്‍ ഇന്ത്യക്കാരനു മുമ്പിലുള്ള മാര്‍ഗമേതാണ്?

ഒരാശ്വാസം മാത്രം- 2009- പുതിയ ജനവിധിയുടെ വര്‍ഷമാണ്. വളര്‍ച്ചയും, സാമൂഹ്യനീതിയും ഉറപ്പാക്കുന്ന ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, സ്വതന്ത്രമായ വിദേശനയമുള്ള, മതേതരമൂല്യങ്ങള്‍ കാത്തു സൂക്ഷിച്ച് ജനതയുടെ ഐക്യം ഉറപ്പാക്കുന്ന രാഷ്‌ട്രീയ ശക്തികള്‍ക്കു പിറകില്‍ ഇന്ത്യന്‍ ജനതയെ പരമാവധി അണിനിരത്താനുള്ള ശ്രമത്തിലാണ് 2009ല്‍ മാറ്റത്തിനു നാന്ദി കുറിക്കുന്ന ഇന്ത്യന്‍ തൊഴിലാളി വര്‍ഗം.

****

കടപ്പാട് : ബാങ്ക് വർക്കേഴ്‌സ് ഫോറം

സത്യത്തിന്റെ തെളിച്ചം

സത്യത്തിന്റെ തെളിച്ചം

ഇവിടെ ധാന്യങ്ങള്‍ പൊടിച്ചു കൊടുക്കപ്പെടും എന്ന കര്‍മണി പ്രയോഗം തെറ്റാണെന്ന് നന്നായറിഞ്ഞുകൊണ്ടുതന്നെയാണ് റിട്ടയറായ മലയാളം മുന്‍ഷി മില്ല് തുടങ്ങിയത്. മില്ലില്‍ നല്ല വരവ്. ഗോതമ്പ്, അരി, മല്ലി, മുളക് ലൊട്ടുലൊടുക്ക് ഇടിപൊടി നടത്തിയാല്‍ പെന്‍ഷന്‍ സംഖ്യ തൊടാതെതന്നെ മാഷ്‌ക്ക് നന്നായി കഴിഞ്ഞുകൂടാം എന്നുവന്നു. അതിനിടക്കാണ് ഇന്‍കം ടാൿസുകാര്‍ പിടിച്ചത്. വരവില്‍ കൂടുതല്‍ സമ്പാദ്യമുണ്ടോ എന്നറിയണം. കടലാസ് ശരിയാക്കാന്‍ ചാര്‍ടേര്‍ഡ് അക്കൌണ്ടന്റിനെ തിരഞ്ഞ് തിരഞ്ഞ് ശങ്ക തീര്‍ന്ന് ഒരാളെ കണ്ടെത്തിയപ്പോള്‍ അയാള്‍ക്ക് വേണം ബാങ്ക് സ്‌റ്റേറ്റ്മെന്റുകള്‍. ഓരോന്നും ഓരോന്നും അരിച്ചുപെറുക്കി ഗണിച്ചശേഷം കണക്കപ്പിള്ള പറഞ്ഞത് സ്‌റ്റേറ്റ്മെന്റില്‍ തകരാറ് ഉണ്ടെന്നാണ്.

ഭാര്യയുടെ സ്വത്ത് വിറ്റ് കിട്ടിയ കാശുകൂടി അതില്‍ നിക്ഷേപിച്ചതാണ് കാര്യം. എങ്കില്‍ അതിന്റെ രേഖവേണമെന്നായി കണക്കന്‍. അതാണ് കണക്കിന്റെ രീതിശാസ്‌ത്രം എന്ന് മാഷ്‌ക്കും മനസ്സിലായി. എല്ലാം ബ്ളാക്ക് ആന്‍ഡ് വൈറ്റായി വേണം. ഡബിള്‍ എന്‍ട്രിയുടെ വിശദാംശങ്ങള്‍ മാഷെ പഠിപ്പിച്ച സന്തോഷത്തിലായിരുന്നു നമ്മുടെ സി എക്കാരന്‍.

ഇതൊരു നാട്ടുനടപ്പാണ്. കണക്ക് കിറുകൃത്യമാവണം. ഇല്ലെങ്കില്‍ ലൈസന്‍സുതന്നെ തട്ടിപ്പോകും. പാവം ചാര്‍ടേര്‍ഡ് അക്കൌണ്ടന്റുമാര്‍. മാഷ്‌ക്ക് സഹതാപം തോന്നി.

എന്നാല്‍ മാഷ് ഇപ്പോള്‍ ചോദിക്കുന്നത് പിന്നെങ്ങനെ സത്യം കംപ്യൂട്ടേഴ്‌സില്‍ ഇത് സംഭവിച്ചു എന്നാണ്. ഒരു മുറി പീടികയില്‍ നിരത്തിവച്ച അലമാരക്കുമുന്നിലെ കറങ്ങുന്ന കസേരയില്‍ ഒറ്റക്കിരുന്ന് കണക്ക് നോക്കുന്ന ഒറ്റക്കണക്കനല്ല, എല്ലാത്തിനും കണക്കും കൈയുമുള്ള വന്‍കണക്കക്കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൌസാണല്ലോ സത്യത്തിന്റെ ഓഡിറ്റര്‍മാര്‍. എന്നാല്‍ മാഷുടെ സംശയം കമ്പനിക്കാര്യങ്ങളുടെ ഉള്ളറകള്‍ അറിയാവുന്നവര്‍ക്കാര്‍ക്കും ഒട്ടുംതന്നെ ഉണ്ടാവാന്‍ ഇടയില്ല. കണക്ക് വേറെ കമ്പനി വേറെ എന്നുതന്നെ.

ഓഡിറ്റര്‍മാര്‍ സാധാരണ കണക്ക് ശരിയാക്കി കൈയൊപ്പ് വയ്‌ക്കുന്നതിന് മുമ്പ് ബാങ്ക് അക്കൌണ്ടുകളുടെ വിശദവിവരങ്ങള്‍ പരിശോധിക്കാറുണ്ട്. ബാങ്ക് പാസ്‌ബുക്കുകളും സ്‌റ്റേറ്റ്മെന്റുകളും അരിച്ചുപെറുക്കാറുണ്ട്. വിശ്വോത്തര കണക്കപ്പിള്ളമാരായ പ്രൈസ് വാട്ടര്‍ ഹൌസ് എന്ന വന്‍കിട അക്കൌണ്ടിങ് സ്ഥാപനമാണ് സത്യത്തിന്റെ കണക്ക് പുസ്‌തകങ്ങള്‍ വിശദ പരിശോധനക്ക് വിധേയമാക്കിക്കൊണ്ട് തങ്ങള്‍ ആവശ്യപ്പെട്ട പുസ്‌തകങ്ങളും രേഖകളും യഥാസമയം നല്‍കുകയുണ്ടായി എന്ന ഒരു സര്‍ടിഫിക്കറ്റ് സഹിതം ഓഡിറ്റ് റിപ്പോര്‍ട് നല്‍കിയത്.

"ഞങ്ങളുടെ അറിവിലും വിശ്വാസത്തിലും പെട്ടിടത്തോളം ഓഡിറ്റിന് ആവശ്യമായ എല്ലാ വിവരങ്ങളും വിശദീകരണങ്ങളും ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. ഞങ്ങളുടെ അഭിപ്രായത്തില്‍, നിയമപ്രകാരം വയ്‌ക്കേണ്ടതായ എല്ലാ കണക്കുപുസ്‌തകങ്ങളും കമ്പനി സൂക്ഷിക്കുന്നുണ്ടെന്നാണ് പ്രസ്‌തുത പുസ്‌തകങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ബോധ്യമാകുന്നത്. ഈ റിപ്പോര്‍ടില്‍ കൈകാര്യം ചെയ്യപ്പെടുന്ന ബാലന്‍സ് ഷീറ്റും ലാഭനഷ്‌ടക്കണക്കും കാശൊഴുക്ക് കണക്കും (ക്യാഷ് ഫ്ളോ സ്‌റ്റേറ്റുമെന്റ്) കമ്പനിയുടെ കണക്കുപുസ്‌തകങ്ങളുമായി ഒത്തുപോകുന്നുണ്ട്.'' ഇതാണ് 2007 -08 ലെ ഓഡിറ്റ് റിപ്പോര്‍ടിലെ വാചകം.

അത്തരം പരിശോധനകളിലൊന്നും പെടാതെ 5040 കോടിരൂപയുടെ ബാങ്ക് ബാലന്‍സ് തിരിമറി പിന്നെ എങ്ങനെ എവിടെച്ചെന്ന് ഒളിച്ചു? അത്രയും ബാങ്ക്ബാലന്‍സ് താന്‍ പെരുപ്പിച്ച് കാണിക്കുകയായിരുന്നു എന്ന് രാമലിംഗരാജു വെട്ടിത്തുറന്ന് പറഞ്ഞില്ലായിരുന്നുവെങ്കില്‍, കള്ളക്കണക്കും വിശ്വസിച്ച് വീണ്ടും നിക്ഷേപകരും ഇടപാടുകാരും ജീവനക്കാരും കണ്ണുംപൂട്ടി കൂടുതല്‍ വലിയ തകര്‍ച്ചയിലേക്ക് ചെന്ന് ചാടുമായിരുന്നില്ലേ? ഇത്രയും വലിയ ഒരു സംഖ്യയെ സംബന്ധിച്ച ബാങ്ക് സ്‌റ്റേറ്റുമെന്റുകളുടെ കൃത്യത എന്തുകൊണ്ട് പരിശോധിക്കപ്പെട്ടില്ല? ഇങ്ങനെ ഒരു സംഖ്യ ഒറ്റക്കാശ് പലിശ കിട്ടാതെ വെറുതെ അക്കൌണ്ടില്‍ കിടക്കുന്നത് കണ്ടിട്ട് ഓഡിറ്റര്‍മാര്‍ക്ക് ഒന്നും തോന്നിയില്ലേ? ഇപ്പോള്‍ പുറത്തുവന്ന വിവരം ബാങ്ക് ഡെപ്പോസിറ്റ് രശീതികള്‍ വ്യാജമായി പടച്ചുണ്ടാക്കി ഓഡിറ്റര്‍മാരെ പറ്റിച്ചുവെന്നാണ്. അങ്ങനെ അത്ര എളുപ്പം പറ്റിക്കപ്പെടാവുന്നവരാണോ ഈ ഓഡിറ്റര്‍മാര്‍ എന്നു പറയുന്ന കണക്കപ്പിള്ളമാര്‍? ബാങ്ക് അക്കൌണ്ടിന്റെ നിജസ്ഥിതി അറിയാനായി അതതു ബാങ്കുകളിലേക്ക് കത്ത് അയച്ച് കാര്യം ശരിയാണെന്ന് ഉറപ്പുവരുന്ന ഒരേര്‍പ്പാടുണ്ട്. കണ്‍ഫര്‍മേഷന്‍ എന്നാണ് അതിന്റെ ഇംഗ്ളീഷ്. ഓഡിറ്റ് കമ്പനി വലുതാവുമ്പോള്‍ അതൊന്നും നോക്കേണ്ട എന്നാണോ? കാരണോര്‍ക്ക് അടുപ്പിലും നിര്‍വഹിക്കാം എന്നാണല്ലോ. പക്ഷേ, ഇതൊരു സത്യത്തിന്റെ മാത്രം കഥയല്ല.

ഓര്‍മയുണ്ടോ എന്‍റോണിനെ? ഊര്‍ജരംഗത്തെ അതികായന്‍ എന്നപേരില്‍ ഇന്ത്യയിലേക്ക് പട്ടും പരവതാനിയുമായി സ്വീകരിക്കപ്പെട്ട ഒരന്താരാഷ്‌ട്രഭീമന്‍. കേരളത്തില്‍ എന്‍റോണിന് പരവതാനി വിരിച്ചില്ല എന്നതിന്റെ പേരില്‍ എന്തെല്ലാം പുക്കാറാണ് അന്നിവിടെ അരങ്ങേറിയത് ! ധാബോളില്‍ താപനിലയം വന്നതോടെ നേടാനായ സൌഭാഗ്യങ്ങളെക്കുറിച്ച് എന്തെന്ത് പ്രചാരണ കോലാഹലങ്ങളാണ് അരങ്ങേറിയത്? എന്നാലിപ്പോള്‍ വെളിച്ചവും ഊര്‍ജവും കിട്ടുമെന്നു കരുതി വര്‍ഷങ്ങളോളം കാത്തിരുന്ന ധാബോളിന്റെ സമീപ പഞ്ചായത്തുകളിലെ ഗ്രാമവാസികള്‍ കുടിവെള്ളത്തിന് കേഴുകയാണ്. എന്‍റോണ്‍ പൊളിഞ്ഞതോടെ അനാഥമായ നിലയില്‍ കിടന്ന ധാബോള്‍ പ്ലാന്റിലെ നാഫ്‌താ ടാങ്കുകള്‍ പൊട്ടിയൊലിച്ച് സമീപപ്രദേശങ്ങളിലെ കിണറുകള്‍ മലിനമാക്കി ഗ്രാമീണരുടെ കുടിവെള്ളം മുട്ടിക്കുകയാണ്. അതോടൊപ്പം അതൊരു അക്കൌണ്ടിങ് സ്ഥാപനത്തിലെ ജീവനക്കാരുടെ കഞ്ഞികുടിയും മുട്ടിച്ചു. കള്ളക്കണക്കെഴുത്തിന് കൂട്ടുനിന്ന ആൻ‌ഡേഴ്‌സണ്‍ ആന്‍ഡ് കമ്പനി അടച്ചുപൂട്ടേണ്ടി വന്നു. 2002 ല്‍ ശിക്ഷിക്കപ്പെട്ടതോടെ, തങ്ങളുടെ ലൈസന്‍സ് തിരിച്ചേല്‍പ്പിച്ച് നിഷ്‌ക്രമിക്കുകയായിരുന്നു കമ്പനി. എന്‍റോണ്‍ കണക്കുകള്‍ നശിപ്പിച്ചതാണ് കേസ്. എന്നാല്‍ 2005 ല്‍ യു എസ് സുപ്രീംകോടതി ഈ ശിക്ഷ റദ്ദാക്കുകയാണ് ചെയ്തത്. ഇതിനകം കമ്പനിയുടെ അമേരിക്കന്‍ ഇടപാടുകള്‍ അത്രയും മറ്റു ഓഡിറ്റിങ് സ്ഥാപനങ്ങള്‍ക്ക് തൂക്കിവിറ്റുകഴിഞ്ഞിരുന്നു ആൻ‌ഡേഴ്‌സണ്‍.

സത്യത്തിന്റെ കള്ളക്കണക്കിന് കൂട്ടുനിന്നത് ഒരു വന്‍കമ്പനിയാണ്. നാടന്‍ കണക്കെഴുത്തുകാരേക്കാള്‍ ഏറെ കേമനാണ് മറുനാടന്‍ എന്നാണല്ലോ പ്രചാരണം. വിശ്വസ്‌തതയും ഏറും എന്നാണ് പഠിപ്പിക്കുന്നത്. സത്യത്തിന്റെ കണക്ക് തിരിമറിയില്‍ പ്രൈസ് വാട്ടര്‍ ഹൌസിന് പങ്കുണ്ടോ എന്നകാര്യം അന്വേഷിക്കുകയാണ് എന്നാണ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ചാര്‍ടേര്‍ഡ് അക്കൌണ്ടന്റസ് ഓഫ് ഇന്ത്യ പറയുന്നത്. മുമ്പ് അമേരിക്കയില്‍ പൊളിഞ്ഞ കെ മാര്‍ടിന്റെ കണക്ക് തിരിമറിയിലും പ്രൈസ് വാട്ടര്‍ ഹൌസായിരുന്നു ഓഡിറ്റര്‍ എന്നത് വേറെ കാര്യം. കൊട്ടിഘോഷിച്ച് കെട്ടിയെഴുന്നള്ളിക്കപ്പെട്ട നമ്മുടെ ഗ്ലോബല്‍ ട്രസ്‌റ്റ് ബാങ്ക് പൊട്ടിപ്പൊളിഞ്ഞപ്പോള്‍ അവിടെയും കണക്ക് നോക്കിയിരുന്നത് ഇതേ പ്രൈസ് വാട്ടര്‍ ഹൌസാണ്. ആ കേസില്‍ ഓഡിറ്റര്‍ കുറ്റക്കാരനാണോ എന്ന കാര്യം ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല. അത് ചെയ്യേണ്ടതും ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ചാര്‍ടേര്‍ഡ് അക്കൌണ്ടന്റസ് ഓഫ് ഇന്ത്യയാണല്ലോ.

ഇപ്പോഴും അതെ, ഈ പ്രൈസ് വാട്ടര്‍ ഹൌസ് എന്ന വന്‍കിട സ്ഥാപനത്തെ വെള്ളപൂശാനാണ് നമ്മുടെ നാടന്‍ കണക്കപ്പിള്ളമാരുടെ സംഘടിത ശ്രമം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോര്‍പ്പറേറ്റ് ഓഡിറ്റിങ് പരിഷ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ടി വി സോമനാഥ് ഐഎഎസ് ഹിന്ദുവില്‍ ഒരു ലേഖനം എഴുതിയിരുന്നു. തൊട്ടടുത്ത ദിവസം അതിനെ നഖശിഖാന്തം എതിര്‍ത്തുകൊണ്ടും അത് അനാവശ്യമാണെന്ന് സ്ഥാപിച്ചുകൊണ്ടും ലേഖനം എഴുതിയത് ഇതേ ഐസിഐയുടെ അന്നത്തെ പ്രസിഡണ്ടായിരുന്ന എന്‍ സി കൃഷ്‌ണനായിരുന്നു. വന്‍കിട മുതലാളിമാരുടെ വഴിവിട്ട പോക്കിനെ ചെറുതായെങ്കിലും തടസ്സപ്പെടുത്താനാവുംവിധം കണക്കു പരിശോധനാ രീതിയില്‍ മാറ്റം വരുത്തണമെന്ന് പറഞ്ഞപ്പോള്‍ അതിനെതിരെ കുരച്ചുചാടുന്നവരുടെ ഉദ്ദ്യേശം വ്യക്തം.

ആന്ധ്രാ മുഖ്യമന്ത്രിയുമായി രാമലിംഗരാജുവിനുള്ള അടുപ്പം നാട്ടില്‍ പാട്ടാണ്. ഹൈദരാബാദില്‍ മെട്രോ പണിയുന്നതിന്റെ കരാര്‍ സത്യം തിരിച്ചിട്ട (satyam-maytas) മെയ്താസിനു (രാമലിംഗരാജുവിന്റെ മക്കളുടെ സ്ഥാപനം) കൊടുക്കുന്നതില്‍ നേരിയ വിയോജിപ്പ് പ്രകടിപ്പിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വം ഇ ശ്രീധരനെ വിരട്ടിയ കഥയും അങ്ങാടിപ്പാട്ടാണ്. ഭരണ രാഷ്‌ട്രീയനേതൃത്വം ഇങ്ങനെ കോര്‍പ്പറേറ്റ് അധിപന്മാര്‍ക്ക് വഴങ്ങിയും വണങ്ങിയും നില്‍ക്കെ, പ്രൊഫഷണല്‍ നേതൃത്വവും അതേവഴിക്കുതന്നെ നീങ്ങിയാല്‍?

"ഇന്നേവരെ ആദരിക്കപ്പെടുകയും ഭയഭക്തിയോടെ വീക്ഷിക്കപ്പെടുകയും ചെയ്‌തുപോന്ന എല്ലാ തൊഴിലുകളുടെയും പരിവേഷം ബൂര്‍ഷ്വാസി ഉരിഞ്ഞുമാറ്റി. ഭിഷഗ്വരനെയും അഭിഭാഷകനെയും പുരോഹിതനെയും കവിയെയും ശാസ്‌ത്രജ്ഞരെയുമെല്ലാം അത് സ്വന്തം ശമ്പളം പറ്റുന്ന കൂലി വേലക്കാരനാക്കി മാറ്റി.'' കമ്യൂണിസ്റ് മാനിഫെസ്‌റ്റോയിലെ ഈ നിരീക്ഷണം കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്.

സര്‍ക്കാര്‍ ചെലവില്‍ സ്വകാര്യ സ്ഥാപനം

ഇനിയിപ്പോള്‍ അതിന്റെ ഒരു കുറവേ ഉള്ളൂ. സ്വതന്ത്ര ഡയറൿടര്‍മാര്‍ക്കായുള്ള ഒരു ഇൻസ്‌റ്റിറ്റ്യൂട്ട്. സത്യം കംപ്യൂട്ടേഴ്‌സിലെ തട്ടിപ്പ് പുറത്തായതോടെ, ഖാണ്ഡവദഹനത്തില്‍ കവി പറഞ്ഞതുപോലെ, കൂട്ടംകൂട്ടമായി നമ്മുടെ ഡയറൿടര്‍ ശിങ്കങ്ങള്‍ ചിന്നം വിളിച്ച് പായുകയാണ്- വാ തുറന്നലറുകയാണ്. തങ്ങളുടെ സ്വന്തം തൊലി പൊള്ളാതെ എങ്ങനെ രക്ഷപ്പെടാം എന്നാണ് ഓരോരുത്തന്റെയും നോട്ടം.

ടി ആര്‍ പ്രസാദിനെ ഓര്‍മയില്ലേ? മുന്‍ ക്യാബിനറ്റ് സെക്രട്ടറി. സത്യത്തിന്റെ ബോർഡിലെ സ്വതന്ത്ര ഡയറൿടറായിരുന്നു. നടുക്കടലില്‍ സത്യം മുങ്ങിക്കൊണ്ടിരിക്കെ മൂപ്പര്‍ ചാടി രക്ഷപ്പെട്ടു. അവിടെ നിന്നു മാത്രമല്ല. ടി വി എസ് മോട്ടോഴ്‌സ്, താജ് ജി വി കെ ഹോട്ടല്‍സ്, ജി എം ആര്‍ ഇന്‍ഫ്രാസ്‌ട്രൿചേഴ്‌സ് തുടങ്ങിയവയുടെ ബോർഡില്‍നിന്നു കിട്ടുന്ന ബത്തക്കാശും കിഴിയും വേണ്ടെന്നുവച്ചാണ് തടി സലാമത്താക്കിയത്.

ഇങ്ങനെ കൂട്ടംകൂട്ടമായി സ്വതന്ത്രഡയറൿടര്‍മാര്‍ രംഗംവിട്ടാല്‍ കമ്പനി നിയമം അനുശാസിക്കുന്ന ഈ കുലം വംശനാശം നേരിടുമല്ലോ. അതൊഴിവാക്കാനായാണ് ഒരാലോചന. ഇന്ത്യന്‍ ഇൻ‌സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടേഴ്സ്. ബംഗളൂരു ആസ്ഥാനമാക്കി ഇങ്ങനെയൊരു പുതുസ്ഥാപനം തന്നെ പടുത്തുയര്‍ത്താനാണ് ശ്രമം. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പരിഗണനക്കും സമ്മതത്തിനുമായി നിര്‍ദേശം സമര്‍പ്പിച്ചുകഴിഞ്ഞു. പി പി പി അടിസ്ഥാനത്തിലാണത്രെ സ്ഥാപനം നടത്തുക. പി പി പി എന്നാല്‍ പബ്ളിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ്, സര്‍ക്കാര്‍ ചെലവില്‍ സ്വകാര്യ സ്ഥാപനം എന്ന് മലയാളം.

സ്ഥാപനങ്ങളുടെ അഭാവമല്ല ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്ക് പിന്നില്‍. ചാര്‍ടേഡ് അക്കൌണ്ടന്റുമാര്‍ക്ക് പ്രൊഫഷണല്‍ സംഘടനയുണ്ട്. കമ്പനി സെക്രട്ടറിമാര്‍ക്ക് വേറെ. ഐ സി ഡബ്ള്യു എക്കാര്‍ക്ക് വേറെ. ഇന്‍ഷൂറന്‍സിന് ഇനിയും മറ്റൊന്ന്, ബാങ്കുകള്‍ക്ക് വേറൊന്നും. ഇതിനെയൊക്കെ നോക്കി നടത്താനായി ആഗോളാടിസ്ഥാനത്തില്‍ വന്‍ നോക്കിനടത്തിപ്പ് സംവിധാനങ്ങള്‍. ഇവയൊക്കെച്ചേര്‍ന്ന് കണ്ടുപിടിക്കുന്ന പുതിയ കണക്കെഴുത്തു രീതികള്‍, പുതിയ മാനദണ്ഡങ്ങള്‍, പുതിയ നിലവാരങ്ങള്‍, പുതിയ സുതാര്യത. ഫൈനാന്‍ഷ്യല്‍ സ്‌റ്റബിലിറ്റി ഫോറം 97 ലെ തെക്കു കിഴക്കനേഷ്യന്‍ പ്രതിസന്ധിക്ക് ശേഷം ഫാലിഫാൿസിലും കൊളോണിലും ചേര്‍ന്ന് ജി 7 രാജ്യങ്ങളുടെ ഉച്ചകോടിക്കു ശേഷം കണ്ടെത്തിയ പുതിയ സംഘടനാ സംവിധാനങ്ങള്‍ - ന്യൂ ഇന്റര്‍നാഷണല്‍ ഫൈനാന്‍ഷ്യല്‍ ആര്‍ക്കിടെൿചര്‍.

ഇതൊക്കെ നിലനില്‍ക്കെയാണ് ആൻ‌ഡേഴ്‌സണും പ്രൈസ് വാട്ടര്‍ ഹൌസും എന്‍റോണും സത്യവും എല്ലാം ചേര്‍ന്ന് സാധാരണ ഇടപാടുകാരെയും നിക്ഷേപകരെയും കുത്തിച്ചോര്‍ത്തുന്നത്. എന്നിട്ടിനിയും പ്രൊഫഷണല്‍ സ്ഥാപനം!


*****

എ കെ രമേശ്

( ബി ഇ എഫ് ഐ അഖിലേന്ത്യാ സെക്രട്ടറിയാണ് ലേഖകൻ)