Showing posts with label ഇടതുപക്ഷം. Show all posts
Showing posts with label ഇടതുപക്ഷം. Show all posts

27 December, 2010

സംവാദത്തിലെ പതിരും കതിരും

നയപരമായ, പ്രായോഗികപ്രസക്തിയുള്ള ചില സൈദ്ധാന്തിക വിഷയങ്ങളും ചരിത്രപരമായ സംഭവങ്ങളും സമീപസമയത്ത് മാധ്യമചര്‍ച്ചയ്ക്ക് അവസരമായി. സി കെ ചന്ദ്രപ്പന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായശേഷം, അദ്ദേഹം പറഞ്ഞതും അദ്ദേഹത്തിന്റെ പേരില്‍ വന്നതുമായ ചില വാര്‍ത്തകളും അഭിമുഖങ്ങളും, അതിന്മേലുള്ള മാധ്യമവ്യാഖ്യാനങ്ങളുമാണ് ചില ആശയസംവാദങ്ങള്‍ സൃഷ്ടിച്ചത്. പി കെ വി, വെളിയം ഭാര്‍ഗവന്‍ തുടങ്ങിയവരെപ്പോലെയല്ല, ചന്ദ്രപ്പനൊരു കോണ്‍ഗ്രസ് പക്ഷപാതിയാണെന്നും അതിനാല്‍, സിപിഐ-സിപിഐ എം ബന്ധം തകരാന്‍ പോകുകയാണെന്നുമാണ് ഒരുവിഭാഗം മാധ്യമവിശാരദന്മാര്‍ കനവു കണ്ടത്. പക്ഷേ, ആ കിനാവ് ചന്ദ്രപ്പന്‍തന്നെ പിന്നീട് പൊളിച്ചുകൊടുത്തു. കോണ്‍ഗ്രസില്ലാതെ ഇന്ത്യന്‍വിപ്ളവം നടക്കില്ലെന്ന് ചന്ദ്രപ്പന്‍ പറഞ്ഞതായി ഒരു പ്രമുഖവാരികയില്‍ വന്ന അഭിമുഖം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ശ്രദ്ധയില്‍ മാധ്യമപ്രവര്‍ത്തകര്‍ കൊണ്ടുവന്നപ്പോള്‍ ചന്ദ്രപ്പന്‍ അങ്ങനെ പറഞ്ഞിരിക്കാനിടയില്ലെന്നായിരുന്നു മറുപടി. ബഹുരാഷ്ട്രകുത്തകകളുടെ സ്വഭാവത്തില്‍ വളരുന്ന വന്‍കിട കുത്തകമുതലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ളതും നാടുവാഴിത്തത്തോട് സന്ധിചെയ്തതും സാമ്രാജ്യത്വത്തോടു ചങ്ങാത്തമുള്ളതുമായ ഇന്ത്യന്‍ഭരണകൂടത്തെ മാറ്റി തൊഴിലാളിവര്‍ഗത്തിന് മേല്‍ക്കൈയുള്ള ഭരണകൂടം സ്ഥാപിക്കാനുള്ള പോരാട്ടത്തില്‍ വന്‍കിട-കുത്തക മുതലാളിത്തത്തിന്റെ പാര്‍ടിയായ കോണ്‍ഗ്രസിനെ സഖ്യശക്തിയായി കാണാനാകില്ലെന്നും പിണറായി ചൂണ്ടിക്കാട്ടിയിരുന്നു.

പൊതുവില്‍ അതിനോട് യോജിക്കുന്ന അഭിപ്രായം ഒരാഴ്ചമുമ്പ് എസിവി അഭിമുഖത്തില്‍ ചന്ദ്രപ്പന്‍ വ്യക്തമാക്കി. കോണ്‍ഗ്രസുമായി കൂട്ടുകൂടി ഇന്ത്യന്‍ വിപ്ളവം നടത്താമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അങ്ങനെയൊരു അബദ്ധം താന്‍ പറയുമോയെന്ന് ആശ്ചര്യവും പ്രകടിപ്പിച്ചു. അപ്പോള്‍, ഇക്കാര്യത്തില്‍ പിണറായിയും ചന്ദ്രപ്പനും രണ്ടുതട്ടിലെന്ന് വ്യാഖ്യാനംമെനഞ്ഞ 'മാധ്യമശിരോമണി'കള്‍ വെട്ടിലായി. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ രണ്ടു കമ്യൂണിസ്റ്പാര്‍ടികളുടെ യോജിച്ച പ്രവര്‍ത്തനവും ഇടതുപക്ഷ-ജനാധിപത്യ മുന്നണിയുടെ പ്രസക്തിയും എസിവി അഭിമുഖത്തില്‍ ചന്ദ്രപ്പന്‍ ഊന്നിയതായി കണ്ടു. അത് കമ്യൂണിസ്റ്റ് ഐക്യം തകരുമെന്ന് സ്വപ്നം കണ്ട പിന്തിരിപ്പന്‍ മാധ്യമക്കാരെ നിരാശരാക്കുന്നതാണ്. നയവും അടവും കമ്യൂണിസ്റ്പാര്‍ടികള്‍ സ്വീകരിക്കുന്നത് കൂട്ടായ ചര്‍ച്ചയുടെയും പൊതുവായ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ്. അല്ലാതെ ഒരു നേതാവിന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടത്തിലല്ല. ഇവിടെ, ചന്ദ്രപ്പനെ ഒരുവിഭാഗം മാധ്യമങ്ങള്‍ കോണ്‍ഗ്രസ് പക്ഷപാതിയെന്ന് തെറ്റായ വിധത്തില്‍ ചിത്രീകരിച്ച് സ്വയം പ്രഹരം ഏറ്റുവാങ്ങുകയായിരുന്നു.

ഇതൊക്കെയാണെങ്കിലും, സിപിഐയും സിപിഐ എമ്മും രണ്ടുപാര്‍ടികളായതുകൊണ്ടുതന്നെ പലവിഷയങ്ങളിലും വ്യത്യസ്ത നിലപാട് എടുക്കാറുണ്ട്. പക്ഷേ, ഇന്ന് വിയോജിപ്പിന്റെ മേഖല കുറവും യോജിപ്പിന്റെ മേഖല കൂടുതലുമാണ്. വിയോജിപ്പുള്ള കാര്യങ്ങളില്‍ അത് പ്രകടിപ്പിക്കുകയും അത്തരം ആശയസമരങ്ങളിലൂടെ പലപ്പോഴും യോജിപ്പിലെത്തുകയും ചെയ്യാറുണ്ട്. ചില കാര്യങ്ങളില്‍ ഭിന്നിപ്പ് തുടരുകയുംചെയ്യും. 1957 ല്‍ ഒന്നാംകമ്യൂണിസ്റ്റ് മന്ത്രിസഭയെ നയിക്കേണ്ടതാരായിരുന്നു എന്നതിനെപ്പറ്റി ഒരു വാരികയിലെ ചന്ദ്രപ്പന്റെ അഭിമുഖപരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ചില മാധ്യമചര്‍ച്ചകളുണ്ടായി. ടി വി തോമസായിരുന്നു മുഖ്യമന്ത്രിയാകേണ്ടിയിരുന്നതെന്നും അന്ന് കേരളത്തില്‍ അറിയപ്പെടാതിരുന്ന ഇ എം എസ് മുഖ്യമന്ത്രിയായത് പാര്‍ടി സംസ്ഥാനസെക്രട്ടറി എം എന്‍ ഗോവിന്ദന്‍നായരുടെ നിലപാടുകൊണ്ടായിരുന്നുവെന്നും ഗൌരിയമ്മപ്രേമമാണ് ടി വിക്ക് വിനയായതെന്നും ചന്ദ്രപ്പന്‍ പറഞ്ഞതായുള്ള അഭിമുഖപരാമര്‍ശത്തെ കയറിപ്പിടിച്ചാണ് ചില തുടര്‍പ്രതികരണങ്ങള്‍ വന്നത്. ഇരു കമ്യൂണിസ്റ്റ് പാര്‍ടികളുടെയും യോജിപ്പിനപ്പുറം ലയനത്തെപ്പറ്റിവരെ സംസാരിക്കുന്ന ചന്ദ്രപ്പന്‍, ഇ എം എസോ ടി വി തോമസോ എന്ന തര്‍ക്കം ഇപ്പോള്‍ ഉന്നയിച്ചുവെന്ന് കരുതാനാകില്ല.

ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ 40-ാം വാര്‍ഷികത്തില്‍ ഒരു പ്രമുഖദിനപത്രം സമാന വിവാദമുണ്ടാക്കിയപ്പോള്‍ ഇതില്‍ കഴമ്പുണ്ടോയെന്ന് ഇ എം എസിനോട് ഈ ലേഖകന്‍ ആരാഞ്ഞിരുന്നു. 'അസംബന്ധം' എന്നാണ് ഇ എം എസ് പ്രതികരിച്ചത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപകരായ നാലുപേരില്‍ ഒരാളാണ് ഇ എം എസ്. 1943 ലും 1938-40 ലും കെപിസിസി സെക്രട്ടറി, 1934 മുതല്‍ 1940 വരെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, 1941 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി അംഗം, 1950 മുതല്‍ പൊളിറ്റ്ബ്യൂറോ അംഗം, 1953, 1954, 1955-56 വര്‍ഷങ്ങളില്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി - ഈ വിധം പദവികളില്‍ ഇരുന്ന നേതാവായിരുന്നു ഇ എം എസ്. അങ്ങനെയുള്ള മഹാവിപ്ളവകാരിയെപ്പറ്റി ചന്ദ്രപ്പന്‍ പറഞ്ഞതായി ഒരു വാരികയില്‍ വന്ന പരാമര്‍ശം, 1957 ല്‍ മുഖ്യമന്ത്രിയാകുംവരെ ഇ എം എസിനെ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും ഇ എം എസിന് എഴുത്തിലല്ലാതെ പാര്‍ടി പ്രവര്‍ത്തനവും സമരപ്രവര്‍ത്തനവും ഇല്ലായിരുന്നുവെന്നുമാണ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രവും പാര്‍ടിനേതൃത്വത്തില്‍ എത്തുന്നവരുടെ പ്രവര്‍ത്തനപാരമ്പര്യവും ശേഷിയും മനസിലാക്കാന്‍ കഴിയുന്ന ആരും ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍ ഇടയില്ലെന്നിരിക്കെ, പുന്നപ്ര-വയലാര്‍ സമരത്തിന്റെ തൊട്ടിലില്‍ പിറന്നുവീണ് കമ്യൂണിസ്റ്റ് വിപ്ളവകാരിയായി വളര്‍ന്ന ചന്ദ്രപ്പന്‍ ഇ എം എസിനെപ്പറ്റി ഇത്രയും തെറ്റായ വിലയിരുത്തല്‍ നടത്താന്‍ ഇടയില്ല. പൊളിറ്റ്ബ്യൂറോ അംഗം, ദേശീയ ആക്ടിങ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നേതാവ് സംഘടനാപരമായി ഒരു സംസ്ഥാന സെക്രട്ടറിയറ്റ് അംഗത്തേക്കാള്‍ കീഴെയാണോ?

1939 ല്‍ മദിരാശി അസംബ്ളി അംഗമായിരുന്നു ഇ എം എസ്. അന്നാണ് കാര്‍ഷിക ബില്ലിന്മേല്‍ വിയോജനക്കുറിപ്പെഴുതി ജന്മിത്വത്തിന് താക്കീതേകിയത്. അതിനുമുമ്പ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് 1932-33 കാലത്ത് വെല്ലൂര്‍ജയിലില്‍ ഒന്നരവര്‍ഷമാണ് കഴിഞ്ഞത്. പിന്നീടും ജയില്‍ജീവിതവും ഒളിവു ജീവിതവും നേരിട്ടു. ഇങ്ങനെയുള്ള ഒരു ജനകീയനേതാവ് എന്താണെന്ന് വിളംബരംചെയ്യുന്ന ഒരു തൂലികാചിത്രം ചിന്തകനും സാഹിത്യകാരനുമായ സി ജെ തോമസ് 1948 ല്‍ വരച്ചിട്ടിട്ടുണ്ട്.

'എങ്ങുനിന്നോ വന്ന ഒരു നമ്പൂതിരിയല്ല ഇ എം എസ്........ ഒരു വ്യക്തിയില്‍ അത്രമാത്രം പ്രതിഭ. അതുകൊണ്ടുതന്നെ നാളെ ഒന്നേകാല്‍കോടി മലയാളികളുടെ ഭാഗധേയം ശ്രീ. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ സുദൃഢകരങ്ങളിലാണ് സ്ഥിതിചെയ്യുക'- ഇ എം എസ് മുഖ്യമന്ത്രിയാകുന്നതിന് ഒരു പതിറ്റാണ്ട് മുമ്പ് സി ജെ കുറിച്ചു.

വടക്കുനിന്നുവന്ന ഏതോ ഒരു നമ്പൂതിരി തിരുവനന്തപുരത്തുവന്ന് പ്രസംഗിച്ചാല്‍ ഈ മണ്ണിളകില്ലെന്ന് തിരുവിതാംകൂറിലെ പ്രധാനമന്ത്രിയായിരുന്ന പട്ടം താണുപിള്ള പരിഹസിച്ചപ്പോള്‍ അതിന് മറുപടി നല്‍കിയത് എം എന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ്. ആ ചരിത്രമെല്ലാം വിസ്മരിച്ച് ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകേണ്ടിയിരുന്നത് ആരെന്നതിനെപ്പറ്റി അസംബന്ധചര്‍ച്ചകള്‍ സൃഷ്ടിക്കുന്നത് ചരിത്രനിഷേധവും ഒപ്പം കാലികരാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തലുമാണ്. കാല്‍നൂറ്റാണ്ടോളം ഒരുമിച്ച് ഒരു പാര്‍ടിയില്‍ പ്രവര്‍ത്തിച്ച ഇ എം എസും എമ്മെനും പിന്നീട് രണ്ടുപാര്‍ടിയിലായി. കുറച്ചുകാലം പരസ്പരം പോരടിക്കുന്ന രാഷ്ട്രീയനിലപാടുകളിലായി. എന്നാല്‍, 1979ന്റെ അവസാനം ഇടതുപക്ഷ-ജനാധിപത്യ രാഷ്ട്രീയം അംഗീകരിച്ചശേഷം രണ്ടുനേതാക്കളും കൂടുതല്‍ സ്നേഹത്തോടെയും കോണ്‍ഗ്രസ് നയിക്കുന്ന വലതുമുന്നണിയെ തറപറ്റിക്കാന്‍ സമര്‍ഥമായും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടതുപക്ഷ-ജനാധിപത്യമുന്നണി രാഷ്ട്രീയത്തില്‍ സിപിഐ എത്തിയശേഷം കേരളത്തില്‍ ആദ്യം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ (1980) എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് മത്സരിച്ച എം എന്‍ ഒരുലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെട്ടു. 1977 ല്‍ അറുപത്തിനാലായിരത്തിലധികം വോട്ടിന് ജയിച്ചിടത്താണ് അപ്രതീക്ഷിത തോല്‍വിയുണ്ടായത്. പക്ഷേ, തെരഞ്ഞെടുപ്പിലെ തോല്‍വി ശരിയായ രാഷ്ട്രീയനയത്തെ അപ്രസക്തമാക്കുന്നില്ലെന്ന് എം എന്‍ കണ്ടു. അതുപോലെ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യത്തില്‍ രണ്ടു കമ്യൂണിസ്റ്റ് പാര്‍ടികളുടെ യോജിച്ച പ്രവര്‍ത്തനവും ഇടതുപക്ഷ-ജനാധിപത്യ മുന്നണിയുടെ പ്രസക്തിയും ചന്ദ്രപ്പന്‍ അടിവരയിടുന്നുണ്ട്. പിന്തിരിപ്പന്‍ മാധ്യമകേമന്മാര്‍ അത് കാണുന്നില്ല. കമ്യൂണിസ്റ്റുകാര്‍ നയം രൂപീകരിക്കുന്നത് ലാഭനഷ്ടം നോക്കിയല്ല. തെരഞ്ഞെടുപ്പില്‍ ഒരിക്കലോ തുടര്‍ച്ചയായോ കമ്യൂണിസ്റ്റ് നേതൃമുന്നണിക്ക് തോല്‍വി സംഭവിച്ചാല്‍പ്പോലും അക്കാരണത്താല്‍മാത്രം ശരിയായ രാഷ്ട്രീയനയം ഉപേക്ഷിക്കില്ല. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പിന്നോട്ടടിയെ അതിജീവിക്കാനുള്ള കരുത്ത് മുന്നണിക്കും മുന്നണിയെ അംഗീകരിക്കാനുള്ള വിശ്വാസം ജനങ്ങള്‍ക്കുമുണ്ട്.

തുടര്‍ അഴിമതി കുംഭകോണങ്ങളും സാമ്പത്തികനയവും കാരണം കോണ്‍ഗ്രസ് ദേശീയമായി ഒറ്റപ്പെടുകയാണെന്നും ഇതടക്കമുള്ള സാഹചര്യങ്ങള്‍ കേരളത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ജനങ്ങള്‍ വീണ്ടും വിജയിപ്പിക്കുമെന്നുമുള്ള ചന്ദ്രപ്പന്റെ പ്രത്യാശാഭരിതമായ കാഴ്ചപ്പാട് എല്ലാ പുരോഗമനവാദികള്‍ക്കും ആവേശംപകരും. അഴിമതിക്കെതിരായ ഉറച്ചനിലപാടുകളെയും അംഗീകരിക്കും. പക്ഷേ, കമ്യൂണിസ്റ്റ് നേതാക്കളെ അഴിമതിക്കാരും പാര്‍ടിയെ മോശം കക്ഷിയുമായി ചിത്രീകരിക്കുന്ന പിന്തിരിപ്പന്‍ രാഷ്ട്രീയശക്തികളുടെയും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുടെയും പരിശ്രമങ്ങളെപ്പറ്റി ടിവി അഭിമുഖങ്ങളില്‍ മൌനം പാലിക്കുന്നത് വിരുദ്ധന്മാര്‍ ആയുധമാക്കുന്നുണ്ട്.

ഒന്നാം ഇ എം എസ് സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യമന്ത്രിയായിരുന്ന കെ സി ജോര്‍ജിനെ അരി കുംഭകോണത്തില്‍ ഉള്‍പ്പെടുത്തുകയും പാര്‍ടി സംസ്ഥാന സെക്രട്ടറിയായ എം എന്‍ ഗോവിന്ദന്‍നായര്‍ അഴിമതിപ്പണം പറ്റിയെന്നും മണിമാളിക കെട്ടിയെന്നും നിയമസഭയ്ക്കകത്തും പുറത്തും കോണ്‍ഗ്രസും കൂട്ടാളികളും ആക്ഷേപം ഉന്നയിക്കുകയും മാധ്യമങ്ങള്‍ അത് ആഘോഷിക്കുകയും ചെയ്തപ്പോള്‍അതിനുപിന്നിലെ ഗൂഢരാഷ്ട്രീയത്തെ മുഖ്യമന്ത്രി ഇ എം എസും കമ്യൂണിസ്റ്റ് പാര്‍ടിയും തുറന്നുകാട്ടി. കെ സി ജോര്‍ജിനെതിരായ ആക്ഷേപം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമീഷനെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെങ്കിലും മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയില്ല. ഒഴിവാക്കാമായിരുന്ന നഷ്ടം ആന്ധ്ര അരിയിടപാടില്‍ ഉണ്ടായെന്ന് കമീഷന്‍ വിലയിരുത്തിയപ്പോള്‍ അരിക്ഷാമത്തില്‍നിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍ പാര്‍ടിയും മന്ത്രിസഭയും തീരുമാനിച്ചപ്രകാരമാണ് ആന്ധ്രയില്‍നിന്ന് അരി ഇറക്കിയതെന്നും അതില്‍ മന്ത്രി തെറ്റുകാരനല്ലെന്നും കമീഷന്റെ കണ്ടെത്തല്‍ അംഗീകരിക്കുന്നില്ലെന്നുമുള്ള നിലപാടാണ് കമ്യൂണിസ്റ്റ് പാര്‍ടി സ്വീകരിച്ചത്. എല്‍ഡിഎഫിനെ കുഴിവെട്ടി മൂടാന്‍ പിക്കാസും മകോരിയുമായി നില്‍ക്കുന്ന പിന്തിരിപ്പന്‍ രാഷ്ട്രീയ-മാധ്യമ കൂട്ടുകെട്ടിനു മുന്നില്‍ കണ്ണടയ്ക്കാന്‍ പാടില്ല. അതാണ് കമ്യൂണിസ്റ്റുകാരോട് കാലഘട്ടം ആവശ്യപ്പെടുന്നത്.

ക്രൈസ്തവ സഭയും കമ്യൂണിസ്റ്റുകാരുമായുള്ള ബന്ധവും അതില്‍ സംവാദരീതിയെയും പറ്റിയുള്ള ചന്ദ്രപ്പന്റെ അഭിമുഖപരാമര്‍ശങ്ങളെ വ്യാഖ്യാനിച്ച് ചില
മാധ്യമങ്ങള്‍ തെറ്റായ സന്ദേശം പരത്തുന്നുണ്ട്.

*
ആര്‍ എസ് ബാബു കടപ്പാട്: ദേശാഭിമാനി

30 November, 2010

പൊലീസും ജനങ്ങളും

കേരളം കഴിഞ്ഞ രണ്ടുവര്‍ഷമായി നടപ്പാക്കുന്ന കമ്യൂണിറ്റി പൊലിസിങ് പദ്ധതിയുടെ വിജയം ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാനും വിവിധ രാജ്യങ്ങളിലെ സമാനപരീക്ഷണങ്ങളുടെ സദ്ഫലങ്ങള്‍ മനസ്സിലാക്കുന്നതിനുമുള്ള അവസരമായും ഗ്ളോബല്‍ കമ്യൂണിറ്റി കോൺക്ളേവ് മാറി. കേരള പൊലീസിന്റെ ആതിഥേയത്വത്തില്‍ നവംബര്‍ മൂന്നിനും നാലിനുമാണ് കൊച്ചിയില്‍ കോൺക്ളേവ് നടന്നത്. 42 രാജ്യത്തുനിന്നുള്ള നൂറോളം വിദേശ പ്രതിനിധികളടക്കം ഏകദേശം 130 പ്രതിനിധികളാണ് പങ്കെടുത്തത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഡിജിപിമാരും പ്രശസ്‌തരായ റിട്ടയേര്‍ഡ് ഡിജിപിമാരും സിബിഐ ഡയറക്‌ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സാന്നിധ്യവും ക്രിയാത്മകമായ ആശയങ്ങളുംകൊണ്ട് സമ്മേളനത്തെ സമ്പുഷ്‌ടമാക്കി.

നൂറ്റമ്പതിലധികം വര്‍ഷത്തെ കമ്യൂണിറ്റി പൊലീസിങ് ചരിത്രമുള്ള ഇംഗ്ളണ്ടുമുതല്‍ കമ്യൂണിറ്റി പൊലീസിങ്ങിനു വേരോട്ടമുള്ള അമേരിക്കയും ജപ്പാനും പോലെയുള്ള രാജ്യങ്ങളില്‍നിന്നും അടുത്ത കാലത്തുമാത്രം ഇത്തരം പദ്ധതി നടപ്പാക്കിയ ഇന്തോനേഷ്യയും ലബനനും പോലുള്ള രാജ്യങ്ങളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുത്തു. നാല്‍പ്പതോളം പ്രബന്ധം അവതരിപ്പിക്കപ്പെട്ടു.

ഏതാണ്ട് ഇരുനൂറിലധികം തരത്തിലുള്ള കമ്യൂണിറ്റി പൊലീസിങ് സമ്പ്രദായങ്ങള്‍ അമേരിക്കയില്‍മാത്രം നിലവിലുണ്ടെന്നാണ് ന്യൂ ഹാവന്‍ യൂണിവേഴ്സിറ്റിയില്‍നിന്നുള്ള പ്രൊഫസര്‍ റിച്ചാര്‍ഡ് വാര്‍ഡ് തന്റെ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍,ഈ സമ്പ്രദായങ്ങളുടെയെല്ലാം കാതല്‍ പൊതുജനസഹകരണം ഉറപ്പാക്കി പൊലീസിങ് ജോലി ചെയ്യാന്‍ പൊലീസുദ്യോഗസ്ഥരെ പ്രാപ്‌തരാക്കുക എന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സീനിയര്‍ പൊലീസ് ഉപദേശകനായ ഡേവിഡ് പര്‍ഡിയുടെ അഭിപ്രായം ഏറ്റവും ജൈവികമായി, മാറിവരുന്ന ഓരോ മാറ്റത്തോടും പ്രതികരിക്കാന്‍ കഴിയുന്നതിലാണ് ഏതൊരു കമ്യൂണിറ്റി പൊലീസിങ് സമ്പ്രദായത്തിന്റെയും വിജയം എന്നതാണ്.
ഇംഗ്ളണ്ടിലെ ഏറ്റവും വലിയ പൊലീസ് സേനയായ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് സേനയിലെ കമാന്‍ഡറായ ജിം വെബ്‌സ്‌റ്റര്‍ 1829ല്‍ റോബര്‍ട്ട് പീല്‍ തുടങ്ങിവച്ച കമ്യൂണിറ്റി പൊലീസിങ് ചരിത്രത്തിന്റെ പിന്മുറക്കാരായ ഇന്നത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ലണ്ടനില്‍ നേരിടുന്ന വെല്ലുവിളികളെ ചരിത്ര പശ്ചാത്തലത്തില്‍ വിശകലനംചെയ്‌തു. പൊലീസ് ജനങ്ങളാണ്, ജനങ്ങള്‍ പൊലീസും എന്ന റോബര്‍ട്ട് പീലിന്റെ കാഴ്ചപ്പാട് പ്രസക്തമാണ്. കമ്യൂണിറ്റി പൊലീസിങ് സമ്പ്രദായം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇക്കാര്യത്തില്‍ സാമ്പത്തികസഹായം നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോളണ്ടില്‍നിന്നുള്ള ഡോ. ആബില്‍ ഏമില്‍ ഡബ്ള്യൂ പ്ളൈവാസ്വസ്‌കി ഉള്‍പ്പെടെയുള്ള മറ്റു പല ഗവേഷകരും പൊലീസ് ഉദ്യോഗസ്ഥരും ഇതേ ആശങ്കയാണ് പങ്കുവച്ചത്. ജിം വെബ്‌സ്‌റ്ററിന്റെ നിരീക്ഷണത്തില്‍നിന്നു വളരെ വ്യത്യസ്‌തമായി കേരളത്തിലെ ജനമൈത്രി സുരക്ഷാ പദ്ധതി ഒരു സര്‍ക്കാര്‍ നയവും തീരുമാനവും ആണെന്നത് നമ്മുടെ എടുത്തു പറയത്തക്ക നേട്ടംതന്നെയാണ്. ജനമൈത്രി സുരക്ഷാപദ്ധതി നടപ്പാക്കാന്‍ പ്ളാന്‍ ഫണ്ട് ഉപയോഗിക്കുന്നു എന്നതും കേന്ദ്രസര്‍ക്കാരിന്റെ സഹായം ലഭിക്കുന്നു എന്നതും ഈ രംഗത്തെ ദീര്‍ഘവീക്ഷണത്തോടെയുള്ള മുന്നൊരുക്കത്തിന്റെ ഫലമാണ്.

അമേരിക്കയില്‍നിന്നുള്ള കോപ്പിന്‍ സ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ. മൈക്കല്‍ ബെര്‍ലിന്‍ തന്റെ പ്രബന്ധത്തില്‍ കംപ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ള കുറ്റകൃത്യ കണക്കുകളും കമ്യൂണിറ്റി പൊലീസിങ്ങും ചേര്‍ന്നുള്ള ഒരു പൊലീസിങ് സമ്പ്രദായമാണ് അഭികാമ്യമെന്ന് സമര്‍ഥിച്ചു. നമ്മുടെ ജനമൈത്രി പൊലീസിങ് പദ്ധതിയുടെ കാര്യത്തിലും കൃത്യമായ വിവരശേഖരണവും സൂക്ഷിപ്പും പിന്തുടരേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്.
വിയറ്റ്നാമിലെ പീപ്പിള്‍സ് പൊലീസ് അക്കാദമിയില്‍നിന്നു വന്ന ജനറല്‍ സുവാന്‍ ട്രുഗാന്‍, ന്യൂവാന്‍ വാന്‍ കാര്‍ഹ് എന്നിവര്‍ വിയറ്റ്നാം പൊലീസിന്റെ ഓരോ പ്രവര്‍ത്തനവും കമ്യൂണിറ്റി പൊലീസിങ് സംവിധാനത്തിലൂടെയാണ് നടപ്പാക്കുന്നതെന്ന് പറയുകയുണ്ടായി. ഇത് സര്‍ക്കാരിന്റെ രാഷ്‌ട്രീയനയംതന്നെയാണെന്നും കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകളില്‍ കമ്യൂണിറ്റി പൊലീസിങ്ങിന്റെ ആഭിമുഖ്യത്തിലുള്ള സന്നദ്ധ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. നമ്മുടെ നാട്ടില്‍ നടപ്പാക്കിയ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് പരിപാടിയുടെ വിജയം ഇത്തരുണത്തില്‍ സ്‌മരണീയമാണ്.
അനേകവര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം പരാജയമടഞ്ഞ മോഡലുകളെക്കുറിച്ചാണ് റോട്ടര്‍ ഡാമിലെ ഇറാസ്‌മസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എത്തിയ ഏരീ വാന്‍ സ്ളൂയിസ് പ്രതിപാദിച്ചത്. പൊലീസ് ഓഫീസര്‍മാര്‍ക്കും ജനങ്ങള്‍ക്കും കമ്യൂണിറ്റി പൊലീസിങ്ങിനെ സംബന്ധിച്ച ട്രെയിനിങ് ഇടയ്ക്കിടെ നല്‍കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. ഈ അഭിപ്രായം കേരളത്തിലെ പദ്ധതിയുടെ കാര്യത്തില്‍ വളരെ പ്രസക്തമാണെന്നാണ് എന്റെ വിശ്വാസം. ഈ നിലയ്ക്കുള്ള ചുവടുവയ്പ് എന്ന നിലയില്‍ കമ്യൂണിറ്റി പൊലീസിങ് അക്കാദമി സ്ഥാപിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ രൂപംനല്‍കും.

കേരളത്തിലും മറ്റു വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള അക്കാദമിക് ലോകം കേരളത്തിന്റെ ജനമൈത്രി സുരക്ഷാപദ്ധതിയെ വളരെ താല്‍പ്പര്യത്തോടെ നോക്കിക്കാണാനിടയായി എന്നതും സമ്മേളനത്തിലൂടെ നമ്മുടെ സംസ്ഥാനത്തിനുണ്ടായ ഏറ്റവും വലിയ നേട്ടമായി ഞാന്‍ കരുതുന്നു. ഇതിന്റെ തുടര്‍ച്ചയായി വിവിധ ഗവേഷണസ്ഥാപനങ്ങള്‍ നമ്മുടെ പദ്ധതി പഠിക്കുകയും അതില്‍നിന്ന് നമുക്ക് ഒട്ടേറെ വിലപ്പെട്ട നിര്‍ദേശങ്ങള്‍ ലഭിക്കുകയും ചെയ്യുമെന്നാണ് പ്രത്യാശ.

അസമില്‍ നടപ്പാക്കി വിജയിച്ച 'ആശ്വാസ്' പദ്ധതിയെക്കുറിച്ചാണ് അസം ഡിജിപി ശങ്കര്‍ ബറൂവ സംസാരിച്ചതെങ്കില്‍, തീവ്രവാദഭീഷണി നേരിടുന്ന സ്ഥലങ്ങളിലെ കമ്യൂണിറ്റി പൊലീസിങ്ങിനെപ്പറ്റിയാണ്, മുന്‍ എന്‍ഐഎ ഡയറക്‌ടറായ രാധാ വിനോദ് രാജു ജമ്മു കശ്മീരിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചത്. മതസ്‌പര്‍ധ നിലനില്‍ക്കുന്ന സ്ഥലങ്ങളിലെ കമ്യൂണിറ്റി പൊലീസിങ്ങിനെക്കുറിച്ച് നാഷണല്‍ പൊലീസ് അക്കാദമി ഡയറക്‌ടര്‍ വിനോദ് കുമാര്‍ പ്രബന്ധമവതരിപ്പിച്ചു. തീവ്രവാദഭീഷണി നിലനില്‍ക്കുന്നയിടങ്ങളിലെ കമ്യൂണിറ്റി പൊലീസിങ്ങിനെ സംബന്ധിച്ചാണ് പശ്ചിമ ബംഗാളിലെ കമ്യൂണിറ്റി പൊലീസിങ് നോഡല്‍ ഓഫീസര്‍ ഹര്‍മന്‍ പ്രീത് സിങ് സംസാരിച്ചത്. 30 ശതമാനം സ്‌ത്രീകള്‍ക്കു സംവരണമുള്ള മഹാരാഷ്‌ട്രാ പൊലീസിലെ സ്‌ത്രീ സൌഹൃദപദ്ധതികളെക്കുറിച്ച് പുണെ പൊലീസ് കമീഷണര്‍ മീരാ ബോര്‍വാര്‍കര്‍ പ്രബന്ധമവതരിപ്പിച്ചു. തമിഴ്‌നാട്ടിലെ ഫ്രണ്ട്സ് ഓഫ് പൊലീസ് പദ്ധതിയെക്കുറിച്ച് പ്രദീപ് ഫിലിപ്പ് സംസാരിച്ചു. ഇന്ത്യയിലെ ഏതാണ്ട് എല്ലാ കമ്യൂണിറ്റി പൊലീസിങ് സമ്പ്രദായങ്ങളും സമ്മേളനത്തില്‍ വിശകലനം ചെയ്യപ്പെട്ടു.

നമ്മുടെ ജനമൈത്രി സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളുള്‍പ്പെടെയുള്ള പൊതുജനങ്ങളും പൊലീസുദ്യോഗസ്ഥരുമടക്കം 85 പേര്‍ പങ്കെടുത്ത പ്രത്യേക സമ്മേളനം ഏറെ ആവേശത്തോടെയും അത്ഭുതത്തോടെയുമാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ വീക്ഷിച്ചത്. കേരളത്തിലെ പദ്ധതി വിശകലനംചെയ്‌ത മൂന്നു ഗവേഷകരും ഗവേഷണഫലങ്ങള്‍ വിവരിക്കാനായി സമ്മേളനത്തില്‍ പങ്കെടുത്തു. (ഡോ. സെലിന്‍, രാജഗിരി കോളേജ്, കൊച്ചി, ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ്, ഫാറുഖ് കോളേജ്, കോഴിക്കോട്, ഡോ. അലക്സാണ്ടര്‍, സെന്റ് ജോസ് കോളേജ്, അഞ്ചല്‍). പ്രാദേശികതലത്തില്‍ ജനങ്ങള്‍ മുന്‍കൈയെടുത്ത് പദ്ധതികള്‍ തീരുമാനിക്കുന്ന നമ്മുടെ സമ്പ്രദായം തെല്ലൊന്നുമല്ല 150 വര്‍ഷത്തെ കമ്യൂണിറ്റി പൊലീസിങ് ചരിത്രമുള്ള രാജ്യങ്ങളില്‍നിന്നുമെത്തിയ പ്രതിനിധികളെപ്പോലും അത്ഭുതപ്പെടുത്തിയത്. ഇതു നമ്മുടെ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഏറെ ഊര്‍ജം പകര്‍ന്നു. ജനങ്ങളുടെ സുരക്ഷ ലക്ഷ്യമാക്കിയുള്ള ജനമൈത്രി സുരക്ഷാ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ രാഷ്‌ട്രീയത്തിനതീതമായി നിലകൊണ്ട് പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ രാഷ്‌ട്രീയകക്ഷിഭേദമെന്യേ ജനപ്രതിനിധികള്‍ മത്സരിക്കുന്ന കേരളത്തിലെ കാഴ്ച കണ്ട് മറ്റു രാജ്യങ്ങളിലെയും മറ്റു സംസ്ഥാനങ്ങളിലെയും പ്രതിനിധികള്‍ അത്ഭുതപ്പെടുകയും ഇത് തങ്ങളുടെ സ്ഥലത്തും സാധ്യമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നെന്നു പറയുകയുംചെയ്‌തു. ഇരിങ്ങാലക്കുട എംഎല്‍എ തോമസ് ഉണ്യാടന്‍, കാഞ്ഞങ്ങാട് മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഖാലിദ്, പയ്യന്നൂര്‍ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജി ഡി നായര്‍ തുടങ്ങിയവര്‍ വ്യത്യസ്‌ത രാഷ്‌ട്രീയ നിലപാടുകള്‍ ഉള്ളവരാണെങ്കിലും പദ്ധതിയുടെ വിജയത്തിനുവേണ്ടി ഒട്ടേറെ കാര്യംചെയ്യുകയും സമ്മേളനത്തില്‍ പങ്കെടുക്കുകയുംചെയ്‌തത് തികഞ്ഞ അത്ഭുതത്തോടെയാണ് പ്രതിനിധികള്‍ വീക്ഷിച്ചത്.

ദേശീയ നിയമ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എന്‍ കെ ജയകുമാര്‍ അധ്യക്ഷത വഹിച്ച സെഷനില്‍ ഒട്ടേറെ സ്‌ത്രീ പ്രതിനിധികള്‍ പങ്കെടുത്തതും ബീറ്റ് ഓഫീസര്‍മാരുടെ, പ്രത്യേകിച്ച് വനിതാ പൊലീസുകാരുടെ ആത്മവിശ്വാസവും എടുത്തു പറയേണ്ട സവിശേഷതകളായി വിദേശ പ്രതിനിധികളും അരുണാചല്‍പ്രദേശ് ഡിജിപി കമല്‍ജിത് ഡിയോളും മറ്റും വിലയിരുത്തി. നമ്മുടെ ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കി പൊലീസ്-പൊതുജനബന്ധം ദൃഢമാക്കാനും കൂടുതല്‍ സുരക്ഷിതമായ കേരളം സൃഷ്‌ടിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കാനും കേരളത്തിനു കഴിയും. ക്രമസമാധാനത്തിലും സുരക്ഷയിലും ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനമെന്ന ഖ്യാതി തുടരാനും മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാകാനും കേരളത്തിന് ഇതുവഴി സാധിക്കും.

*****

കോടിയേരി ബാലകൃഷ്ണന്‍,

04 November, 2010

ഒഞ്ചിയത്ത് സംഭവിച്ചത്

കേരളത്തില്‍ യുഡിഎഫ് തരംഗം എന്നും ഇടതുപക്ഷത്തിന്റെ അടിത്തറയിളകി എന്നും ആഘോഷം നടത്തിയവര്‍ ഇനി ഒരു കോഴിക്കോട് വരാനുണ്ടെന്ന് മിണ്ടിയതേയില്ല. കോഴിക്കോട്ടെ ഫലം ഇപ്പോള്‍ പൂര്‍ണമായി വന്നിരിക്കുന്നു. കോര്‍പറേഷനിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തിന്റെ മൂന്നു തട്ടിലും എല്‍ഡിഎഫുതന്നെ. അടിത്തറയൊന്നും എവിടെയും ഇളകിയിട്ടില്ല. ഒഞ്ചിയത്ത് പാര്‍ടി തോറ്റുപോയി; അതുകൊണ്ട് തിരിച്ചടി എന്നാണ് പുതിയ വിശകലനം. ഒഞ്ചിയം വിപ്ളവത്തിന്റെ മണ്ണാണ്. അവിടെ സിപിഐ എം പരാജയപ്പെടുന്നത് കമ്യൂണിസ്റുകാരെ ദുഃഖിപ്പിക്കും. ഇത്തവണ ഗ്രാമപഞ്ചായത്ത് ഫലം വന്നപ്പോള്‍, സിപിഐ എമ്മിന് അവിടെ 18ല്‍ അഞ്ചു സീറ്റേ ഉള്ളൂ. എട്ടിടത്ത് പാര്‍ടി വിട്ടവരും പുറത്താക്കിയവരും ചേര്‍ന്നുണ്ടാക്കിയ റവലൂഷണറി പാര്‍ടിയാണ് ജയിച്ചത്. നാലിടത്ത് യുഡിഎഫ്. ആ പഞ്ചായത്തില്‍ ഒറ്റനോട്ടത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. റവല്യൂഷണറിക്ക് വിപ്ളവബോധത്തോടെ ഭരിക്കണമെങ്കില്‍ യുഡിഎഫിന്റെ പിന്തുണ വേണം. അതിനവര്‍ മടിച്ചു നില്‍ക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസിന്റെ വോട്ടുവാങ്ങിയാണ് അവര്‍ എട്ടിടത്ത് ജയിച്ചതും യുഡിഎഫിനെ നാലിടത്ത് ജയിപ്പിച്ചതും.

റവല്യൂഷണറി-യുഡിഎഫ് സഖ്യമാണ് ഒഞ്ചിയത്തെ ഫലം നിര്‍ണയിച്ചത് എന്നു തെളിയിക്കാന്‍ മറ്റെങ്ങും പോകേണ്ടതില്ല. ഒഞ്ചിയം പഞ്ചായത്തിന്റെ വോട്ടു കണക്കിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതി. 11 വാര്‍ഡില്‍ യുഡിഎഫിന് കിട്ടിയ വോട്ട് പൂജ്യമാണ്- അതില്‍ ഒരിടത്തും യുഡിഎഫിന് സ്ഥാനാര്‍ഥികളുണ്ടായിരുന്നില്ല. ഒരു വാര്‍ഡില്‍ റവല്യൂഷറിക്ക് പൂജ്യം. പഞ്ചായത്തിലെ ആകെ പോള്‍ചെയ്ത വോട്ടിന്റെ 40.95 ശതമാനമാണ് ഇടതുപക്ഷം നേടിയത്. ഒഞ്ചിയം പിടിച്ചടക്കി എന്ന് അവകാശപ്പെടുന്ന റവല്യൂഷണറിക്ക് 38.37 ശതമാനം (അതില്‍ യുഡിഎഫിന്റെ വിഹിതം എത്രയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.) യുഡിഎഫ് യഥാര്‍ഥ വിപ്ളവകാരികളുടെ സഹായത്തോടെ പിടിച്ച വോട്ട് 17.26 ശതമാനം.

ഏറാമല പഞ്ചായത്തിലെ പ്രസിഡന്റ് പദവി മുന്നണി മര്യാദയനുസരിച്ച് രണ്ടുവര്‍ഷത്തേക്ക് ജനതാദളിന് നല്‍കിയതില്‍ പ്രതിഷേധിച്ച് പാര്‍ടി വിട്ടവരാണ് 'റവല്യൂഷണറി' പാര്‍ടി ഉണ്ടാക്കിയത്. അവര്‍ ഏറ്റവുമാദ്യം കൂട്ടുപിടിച്ചത് ജനതാദള്‍ വീരന്‍വിഭാഗത്തെതന്നെ. ഒഞ്ചിയം മേഖലയിലെ നാല് പഞ്ചായത്തിലാണ് ഈ പുതിയ മുണ്ടന്‍ 'വിപ്ളവ'പ്പാര്‍ടി ഉള്ളത്. ആ നാലിടത്തും യുഡിഎഫുമായി തെരഞ്ഞെടുപ്പുധാരണ ഉണ്ടാക്കി. ഒഞ്ചിയം രക്തസാക്ഷികളുടെ മണ്ണില്‍ സിപിഐ എമ്മിനെ തകര്‍ക്കാന്‍ 11 സീറ്റില്‍ മുണ്ടന്‍ പാര്‍ടിക്ക് യുഡിഎഫിന്റെ പിന്തുണ. നാലു പഞ്ചായത്തില്‍ ചോറോട് എല്‍ഡിഎഫ് വിജയിച്ചു.

ജനതാദള്‍ കപട സോഷ്യലിസ്റുകളെന്നും അതിന്റെ മാടമ്പിത്തത്തിനും അഹന്തയ്ക്കുമെതിരെയാണ് പോരാട്ടമെന്നും പറഞ്ഞവര്‍ അതേ ജനതാദളിന്റെ മടിയിലിരുന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടു. രക്തസാക്ഷികളെയും വിപ്ളവമണ്ണിനെയും ഒറ്റിക്കൊടുത്തു. ഒഞ്ചിയത്തെ ധീരസഖാക്കള്‍ ഹൃദയരക്തം കൊടുത്തു വളര്‍ത്തിയ പ്രസ്ഥാനത്തെ പഞ്ചായത്തിന്റെ ഭരണമെന്ന 30 വെള്ളിക്കാശിനായി ഒറ്റിക്കൊടുത്ത വഞ്ചകര്‍ക്ക് ഇത് വിജയമല്ല- നാണംകെട്ട കച്ചവടത്തിലെ നാറുന്ന ലാഭംമാത്രം.
പണത്തിന്റെ കുത്തൊഴുക്കുണ്ടായ തെരഞ്ഞെടുപ്പാണ് ഒഞ്ചിയത്തേത്. വോട്ടു വാങ്ങല്‍ ഉറപ്പാക്കാന്‍ പ്രത്യേക രീതികള്‍ ഉപയോഗിക്കപ്പെട്ടു. യഥാര്‍ഥ 'റവല്യൂഷണറി' കച്ചവടം. അത് കമ്മ്യൂണിസ്റ്റുകാരുടേതല്ല, കാശുകൊടുത്ത് വോട്ടുവാങ്ങുന്ന അസ്സല്‍ കോണ്‍ഗ്രസ് രീതിയാണ്-ഒഞ്ചിയത്തുകാര്‍ക്ക് ഒട്ടും പരിചയമില്ലാത്തത്.

ഒഞ്ചിയം കൃത്യമായ ഒരു യാഥാര്‍ഥ്യം മുന്നോട്ടുവയ്ക്കുന്നു. സിപിഐ എമ്മിന് വിപ്ളവം പോരെന്നുപറയുന്നവര്‍ പ്രകടനപരമായി എത്രതന്നെ ആദര്‍ശപരിവേഷമുള്ളവരായാലും കമ്യൂണിസ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അച്ചാരം വാങ്ങുന്നവരാണെന്ന യാഥാര്‍ഥ്യം. ഏതുചെളിക്കുഴിയിലും അത്തരക്കാര്‍ നീന്തിത്തുടിക്കുമെന്ന സത്യം.തൃശൂര്‍ ജില്ലയിലെ തളിക്കുളത്ത് ഒരു 'വിപ്ളവ പാര്‍ടി' ജനിച്ചിരുന്നു. ആദ്യവട്ടം പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ അവര്‍ വിജയം കണ്ടു. അഞ്ചുകൊല്ലംകൊണ്ട് അസ്തമിച്ചു. ഇക്കുറി ആ പഞ്ചായത്ത് യുഡിഎഫിനാണ്.

ഷൊര്‍ണൂരിലെ ചിത്രം നോക്കൂ: അവിടെ മുനിസിപ്പാലിറ്റിയില്‍ ആകെ സീറ്റ് 36. യഥാര്‍ഥ ഇടതുപക്ഷമെന്ന് അവകാശപ്പെട്ട് സിപിഐ എമ്മിനെതിരെ പടനയിച്ച ഗ്രൂപ്പിന് കിട്ടിയത് ആറു സീറ്റ്. ആ രണ്ടുകൂട്ടരും ചേര്‍ന്നാലും മുനിസിപ്പാലിറ്റി ഭരിക്കാനാകില്ല. കൂട്ടിന് ബിജെപിയുടെ നാലു സീറ്റും വേണം. ഷൊര്‍ണൂരില്‍ സിപിഐ എമ്മിന്റെ തകര്‍ച്ച കാണാന്‍ ഒത്തുകൂടിയവര്‍ക്ക് കൈയും കണക്കുമില്ല. അവിടെ പക്ഷേ, പാര്‍ടി തകര്‍ന്നില്ല. എല്ലാ വിരുദ്ധ ശക്തികളെയും അണിനിരത്തി പാര്‍ടിയെ ഒന്ന് ഇരുത്താന്‍ കഴിഞ്ഞു- അത്രമാത്രം.

ഒഞ്ചിയവും തളിക്കുളവും ഷൊര്‍ണൂരും വരയ്ക്കുന്നത് ഒരേ ചിത്രമാണ്. ഏതു പ്രസ്ഥാനത്തെയും ചെളിവാരിയെറിയാനും താല്‍ക്കാലികമായി അവഹേളിക്കാനും ഒരളവ് ക്ഷീണിപ്പിക്കാനും ഇത്തരം ഗ്രൂപ്പുകള്‍ക്ക് കഴിയും. കമ്യൂണിസ്റ് പ്രസ്ഥാനത്തെക്കുറിച്ചാകുമ്പോള്‍, വിമതരോ വിഘടിതരോ കുലംകുത്തികളോ പറയുന്നതെന്തും കൊണ്ടാടാന്‍ വലതുപക്ഷം സദാ സന്നദ്ധമാകും. സകല സഹായവും നല്‍കും. മലപ്പുറം ജില്ലയിലാകെ ഒരേരീതിയിലുണ്ടായ തെരഞ്ഞെടുപ്പുഫലത്തെ
'അലി ഇഫക്ട്' ആക്കി മാറ്റുന്നതിന്റെ രസതന്ത്രവും അതുതന്നെ. ഒഞ്ചിയത്ത് തെരഞ്ഞെടുപ്പു ഫലം കാത്ത് വലിയ മാധ്യമപ്പടതന്നെ ഉണ്ടായിരുന്നു. എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടത് സിപിഐ എമ്മിനു ലഭിച്ച 'വന്‍ തിരിച്ചടി' ആയി അവര്‍ വ്യാഖ്യാനിച്ചു. ഒഞ്ചിയത്തിന്റെ തൊട്ടടുത്ത്, വീരന്‍ ജനതാദളിന്റെ മോസ്കോ എന്നറിയപ്പെടുന്ന വടകരയില്‍, ആ പാര്‍ടിക്കുണ്ടായ ദയനീയ പതനം പക്ഷേ മാധ്യമങ്ങള്‍ക്ക് ആഘോഷവിഷയമായില്ല. ഒഞ്ചിയത്ത്, പരസ്പരം സം'പൂജ്യന്‍'മാരായാണ് മുണ്ടന്‍ 'വിപ്ളവ'കക്ഷിയും യുഡിഎഫും വോട്ടു മറിച്ചത് എന്നതിനെക്കുറിച്ച് പരാമര്‍ശംപോലുമുണ്ടായില്ല.

മങ്കടയിലെ അലി പൊതുയോഗം വിളിച്ച് സിപിഐ എം വിടുന്നതായി പ്രഖ്യാപിച്ചപ്പോള്‍ വേദിയിലിരുന്ന് ആനന്ദാതിരേകത്താല്‍ പൊട്ടിച്ചിരിച്ചവരില്‍ കൂടുതല്‍ മുഴങ്ങിയത് ഒരു മുന്‍ കമ്യൂണിസ്റിന്റെ ചിരിയും കൈയടിയുമായിരുന്നു. 'മുന്‍ കമ്യൂണിസ്റു'കാരനെ കെട്ട മുട്ടയോടാണ് ഉപമിക്കാറുള്ളത്. ഇടതുപക്ഷം വലത്തോട്ടു നീങ്ങുന്നെന്നു വിലപിക്കുന്നവര്‍ വലതുവശത്തെ ചെളിക്കുഴിയില്‍ നീന്തിത്തുടിക്കുന്ന കാഴ്ച കൂടുതല്‍ വ്യക്തമാക്കി എന്നതും ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സവിശേഷതയാണ്. ഇടതുപക്ഷത്തിനെതിരായ സംഘടിത പ്രചാരണത്തിന് ഒളിഞ്ഞും തെളിഞ്ഞും ഇന്ധനം പകരുക എന്ന ദൌത്യം 'യഥാര്‍ഥ വിപ്ളവകാരികള്‍' ഭംഗിയായി നിറവേറ്റുന്നു. ഒഞ്ചിയത്തും ഷൊര്‍ണൂരിലുമുള്ള അത്തരക്കാര്‍ക്ക് ഏതു മാധ്യമ സഹായം കിട്ടിയാലും മൂടിവയ്ക്കാനാകാത്തതാണ് അവര്‍ വലതുപക്ഷവുമായുണ്ടാക്കിയ കൂട്ടുകെട്ടും പങ്കുവയ്ക്കലും. രണോത്സുകമായ, ത്യാഗസമ്പന്നമായ പാരമ്പര്യമുള്ള പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്തതിന്റെ അച്ചാരമാണ് അവര്‍ക്ക് ഇന്ന് യുഡിഎഫ് വച്ചുനീട്ടുന്ന നക്കാപ്പിച്ച പിന്തുണയും സഹായവും. അത്തരം കള്ളനാണയങ്ങളെ തുറന്നുകാട്ടാനും ശുദ്ധമനസ്സുകൊണ്ട്; തെറ്റിദ്ധരിക്കപ്പെട്ട് അവരുടെ വലയില്‍പ്പെട്ട സാധാരണ ജനങ്ങളെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തി തിരികെ കൊണ്ടുവരാനുമുള്ള അവസരമായി ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പു ഫലത്തെ മാറ്റാനാകും.

*****

പി എം മനോജ്