Showing posts with label ദാരിദ്ര്യം. Show all posts
Showing posts with label ദാരിദ്ര്യം. Show all posts

03 November, 2012

കുഞ്ഞിപ്പെണ്ണേ, നിന്നെക്കാണാന്‍

ലയാളിയുടെ ശ്രവ്യബോധത്തില്‍ വെള്ളിടിവീഴ്ത്തിയ നാടന്‍പാട്ടാണ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ രചിച്ച 'നിന്നെക്കാണാന്‍' അല്ലെങ്കില്‍ 'കുഞ്ഞിപ്പെണ്ണ്' എന്ന രചന. വിവാഹക്കമ്പോളത്തില്‍ വില്‍പ്പനച്ചരക്കാകുന്ന മലയാളി ദരിദ്രപെണ്‍കൊടിയുടെ നീറിയുറയുന്ന ജീവിത ചിത്രീകരണമാണ് കുഞ്ഞിപ്പെണ്ണ്. നവോത്ഥാനപ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും കെട്ടിപ്പടുത്ത കേരളത്തില്‍ സ്ത്രീധന സമ്പ്രദായവും ആര്‍ഭാട വിവാഹാഘോഷവും തുടരുന്നത് പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ടതാണ്. സ്ത്രീതന്നെ ധനമായിരിക്കെ വിവാഹക്കമ്പോളത്തില്‍ സ്വര്‍ണവും പണവും ആധിപത്യം പുലര്‍ത്തുന്നതിന്റെ നൃശംസത തിരിച്ചറിയപ്പെടേണ്ടതാണ്.    

    "നിന്നെക്കാണാന്‍ എന്നേക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ എന്നിട്ടെന്തേ നിന്നെക്കാണാന്‍ ഇന്നുവരെ വന്നില്ലാരും!

    എന്ന പൊള്ളുന്ന ചോദ്യം ഓരോ മലയാളി പൗരനോടുമുള്ള അവന്റെ മനഃസാക്ഷിയോടുള്ള വെല്ലുവിളിയാണ്. ചന്തമുണ്ടായിട്ടും എന്തേ വിവാഹംചെയ്യാന്‍ ഒരു യുവാവും വരുന്നില്ല എന്ന ചോദ്യം.    

    "കാതിലൊരു മിന്നുമില്ല
    കഴുത്തിലാണേല്‍ അലക്കുമില്ല.
    കയ്യിലെന്നാല്‍ വളയുമില്ല,
    കാലിലാണേല്‍ കൊലുസുമില്ല.
    

    എന്നാലെന്തേ കുഞ്ഞിപ്പെണ്ണേ നിന്നെ കാണാന്‍ ചന്തം തോന്നും. എന്നിട്ടെന്തേ നിന്നെ കെട്ടാന്‍ ഇന്നുവരെ വന്നിലാരും! കാതില്‍ മിന്നോ, കഴുത്തില്‍ അലുക്കോ, കൈയില്‍ വളയോ, കാലില്‍ കൊലുസോ ഇല്ലെങ്കിലും നിന്നെക്കാണാന്‍ ചന്തമുണ്ടല്ലോ. എന്നിട്ടെന്തേ നിന്നെ കാണാന്‍, കെട്ടാന്‍ ആരും വരാത്തതെന്തേ എന്ന ഹൃദയം പിളര്‍ക്കുന്ന ചോദ്യം ഒരു മിന്നല്‍പ്പിണരായി സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുണര്‍ത്തുന്നു. ഇവിടെ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്ന കവി വര്‍ത്തമാനകാല മനുഷ്യാവസ്ഥയെ തന്റെ രചനയിലൂടെ സ്ത്രീപക്ഷത്ത് നിലകൊള്ളുന്നുണ്ട്.
  

    "തങ്കംപോലെ മനസ്സുണ്ടല്ലോ
    തളിരുപോലെ മിനുപ്പുണ്ടല്ലോ.
    എന്നിട്ടെന്തേ കുഞ്ഞിപ്പെണ്ണേ
    നിന്നെ കെട്ടാന്‍ വന്നില്ലല്ലോ!
  
    തങ്കംപോലെ മനസ്സുണ്ടായിട്ടും തളിരുപോലെ മിനുപ്പുണ്ടായിട്ടും നിന്നെ കെട്ടാന്‍ ആരും വന്നില്ലല്ലോ എന്ന ആശങ്ക പങ്കുവയ്ക്കുന്നുണ്ട് കവി.
  
    "എന്നെ കാണാന്‍ വന്നോരുക്ക്
    പൊന്നുവേണം പണവും വേണം
    പുരയാണെങ്കില്‍ മേഞ്ഞതല്ല.
    പുരയിടവും ബോധിച്ചില്ല!  

    എന്നെ കാണാന്‍ വരുന്നോര്‍ക്ക് പൊന്നും പണവും വേണം. അല്ലാതെ പെണ്ണിനെ അല്ല ആവശ്യമെന്ന് യുവതിയുടെ ആത്മഗതത്തിലൂടെ കവി അടിവരയിടുന്നു. ഈ നാടോടിപ്പാട്ട് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. "ആണൊരുത്തന്‍ ആശ തോന്നി എന്നെ കാണാന്‍ വരുമൊരിക്കല്‍ ഇല്ലേലെന്തേ നല്ലപെണ്ണേ അരിവാളുണ്ട് ഏന്‍ കഴിയും! തന്നെ വേള്‍ക്കാന്‍ ആണൊരുത്തന്‍ വന്നില്ലേലും ഏന് അരിവാളുണ്ട്. ഏന്‍ അതുകൊണ്ട് കഴിയും എന്ന ധീരോദാത്തമായ പ്രഖ്യാപനം ഒരു കീഴാളപക്ഷ, സ്ത്രീപക്ഷ രചനയിലൂടെ എല്ലുറപ്പുള്ള കാവ്യഭാഷയും പോരാട്ടവീറും പങ്കുവയ്ക്കുന്നു ഈ രചനയിലൂടെ.
@    എം സി പോള്‍.

21 April, 2011

ദാരിദ്ര്യ നിര്‍മാര്‍ജനം : കേന്ദ്രത്തിന് ആത്മാര്‍ഥതയില്ല- സുപ്രീംകോടതി


ന്യൂഡല്‍ഹി: ദാരിദ്യ്രനിര്‍മാര്‍ജന നടപടികളില്‍ കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്തുന്നതിന് ആസൂത്രണ കമീഷനും കേന്ദ്രസര്‍ക്കാരും സ്വീകരിക്കുന്ന മാനദണ്ഡങ്ങളെയും കോടതി വിമര്‍ശിച്ചു. സമ്പന്നരുടേതും ദരിദ്രരുടേതുമായി രണ്ട് ഇന്ത്യ സൃഷ്ടിക്കരുതെന്ന് ജസ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, ദീപക് വര്‍മ എന്നിവരുള്‍പ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു. പൊതുവിതരണസംവിധാനത്തിലെ അപാകം ചോദ്യംചെയ്ത പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. രാജ്യത്ത് പട്ടിണി വര്‍ധിക്കുമ്പോള്‍ 36 ശതമാനം പേര്‍ മാത്രമാണ് ദാരിദ്യ്രരേഖയ്ക്ക് താഴെയെന്ന ആസൂത്രണ കമീഷന്റെ കണ്ടെത്തല്‍ ആശ്ചര്യകരമാണ്. വിവിധ സംസ്ഥാനങ്ങളിലെ ആളോഹരി വരുമാനത്തില്‍ വ്യത്യാസങ്ങള്‍ ഉള്ള സാഹചര്യത്തില്‍ പൊതുമാനദണ്ഡം എങ്ങനെ സ്വീകരിക്കും. രാജ്യം വികസിക്കുന്നുവെന്ന് അവകാശപ്പെടുമ്പോള്‍ത്തന്നെയാണ് പലയിടത്തും പട്ടിണിമരണം സംഭവിക്കുന്നത്.

പോഷകാഹാരക്കുറവ് പൂര്‍ണമായും തുടച്ചുനീക്കണം- സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനോട് കോടതി നിര്‍ദേശിച്ചു. ബിപിഎല്‍ വിഭാഗത്തെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദീകരിച്ച് രണ്ടാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ആസൂത്രണ കമീഷനോട് കോടതി ആവശ്യപ്പെട്ടു. പട്ടിണി ഇല്ലാതാക്കാന്‍ കൂടുതല്‍ ഭക്ഷ്യധാന്യം എന്തുകൊണ്ടാണ് വിതരണം ചെയ്യാത്തതെന്ന് കേന്ദ്രത്തോട് കോടതി ആരാഞ്ഞു. വന്‍വിളവ് പ്രതീക്ഷിക്കുമ്പോഴും 150 ദരിദ്രജില്ലകള്‍ക്ക് 10 ദശലക്ഷം ട ഭക്ഷ്യധാന്യം അധികമായി നല്‍കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ മടിക്കുന്നത്. ഗോഡൌണുകള്‍ നിറയുന്നത് സന്തോഷകരമാണ്. എന്നാല്‍, ഇതുകൊണ്ട് ജനങ്ങള്‍ക്ക് ഉപകാരമില്ലെങ്കില്‍ എന്ത് ഫലം? 1991ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ആസൂത്രണകമീഷന്‍ ദരിദ്രരെ നിശ്ചയിക്കുന്നത്. കോഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍പോലും ഇതിനെ ചോദ്യംചെയ്തിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ 20 രൂപയും ഗ്രാമങ്ങളില്‍ 11 രൂപയുമാണ് ദരിദ്രരെ നിശ്ചയിക്കുന്ന വരുമാനപരിധി.