Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

17 November, 2011

വശീകരണങ്ങളില്‍ നഷ്ടപ്പെട്ടുപോകാത്ത ആത്മാവ്

തമിഴ്നാടിന്റെ വിശാലമായ ഭൂപ്രദേശം ഇത്രത്തോളം കൃഷി ചെയ്യപ്പെടാതെ കിടക്കുമ്പോള്‍ ഗ്രാമവാസികള്‍ ചായക്കടകളിലും നിരത്തിന്റെ കവലകളിലും കൂട്ടംകൂടി ഇരുന്നു വെടിപറഞ്ഞു നേരം കളയുന്നത് തനിയ്ക്ക് ഒട്ടും സ്വീകാര്യമല്ല എന്നു തന്റെ മുഴങ്ങുന്ന ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ നാട്ടുകാര്‍ മടിയന്മാരല്ലെന്നും, അവര്‍ അങ്ങനെത്തന്നെയാകാന്‍ സര്‍ക്കാര്‍ തന്നെ അവരെ നിര്‍ബന്ധിക്കുന്നു എന്നും, ഞങ്ങളുടെ ഭൂഗര്‍ഭജലം കുഴിക്കുംതോറും ഞങ്ങളെ കൊഞ്ഞനംകുത്തി താഴേ ഇറങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഞാന്‍ വിശദീകരിച്ചു. 'ഇല്ല, ഇല്ല, ഇതില്‍ എനിയ്ക്കു നിങ്ങളോട് യോജിപ്പില്ല', ഇടയില്‍ കയറിപ്പറഞ്ഞു അദ്ദേഹം. 'നിങ്ങള്‍ അതിനോട് യോജിയ്ക്കേണ്ട. പക്ഷേ ഇതെന്റെ അഭിപ്രായമാണ്, ഇത് പറയാന്‍ എന്നെ അനുവദിയ്ക്കൂ' എന്നുപറഞ്ഞു ഞാന്‍ അദ്ദേഹത്തെ നോക്കിയപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ട് എന്റെ കൈപിടിച്ചു. ഇന്ത്യന്‍ സിനിമയുടെ മെഗാ സ്റ്റാറായ മമ്മൂട്ടിയോടാണ് ഞാന്‍ ഈ സംഭാഷണം നടത്തിക്കൊണ്ടിരുന്നത് എന്ന വസ്തുത ഇല്ലാതായി. ഈ രാജ്യത്തിനോട് സ്നേഹവും കൂറുമുള്ള രണ്ടു വ്യക്തികളുടെ ആത്മാര്‍ഥമായ സംഭാഷണമാണത് എന്നു ഞങ്ങള്‍ രണ്ടുപേര്‍ക്കും മനസ്സിലായി. അതിനായിട്ടുള്ള ഒരു എളിയ പാരിതോഷികമായിരുന്നു ഈ കൈകോര്‍ക്കല്‍ . അതിനുശേഷം ഞങ്ങളുടെ കൂടിക്കാഴ്ചകള്‍ക്കും സംഭാഷണങ്ങള്‍ക്കും വഴിവിട്ടുകൊണ്ട് ഞങ്ങളുടെ മനസ്സിന്റെ വാതിലുകള്‍ എന്നും തുറന്നുതന്നെ കിടന്നു. ഒരു ചിത്രീകരണത്തിനായി തിരുവണ്ണാമലയില്‍ നാല്പതോളം ദിവസം താമസിക്കാനിടയായ കാലത്ത് ഏതാണ്ട് എല്ലാ കാര്‍ യാത്രകളിലും ഞാന്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. കാര്‍ ഓടിച്ചുകൊണ്ട് സാഹിത്യം, കല, ചിത്രകല, ലോകസിനിമ, കൃഷി, രാഷ്ട്രീയം, മാര്‍ക്സിസ്റ്റ് ഭരണം, ബഷീര്‍ , തകഴി, എം ടി എന്നിങ്ങനെ പലതിനെയും കുറിച്ച് അദ്ദേഹം നടത്തിയ സംഭാഷണങ്ങള്‍ . ഇതില്‍ ഭൂരിഭാഗവും വിരുദ്ധമായ പ്രതികരണങ്ങളാല്‍ കയര്‍ത്തു, വീര്‍ത്തു, മൗനത്തിലെത്തിച്ചേര്‍ന്നു. എവിടെയെങ്കിലും കാര്‍ നിര്‍ത്തി, എന്റെ വാശിയേറിയ ആശയങ്ങളുടെ പേരില്‍ പെരുവഴിയില്‍ എന്നെ ഇറക്കിവിടുമോ എന്നു ഞാന്‍ ഭയന്നു. പക്ഷേ, അങ്ങനെയൊന്നും സംഭവിച്ചില്ല. മാത്രമല്ല, മമ്മൂട്ടി എന്ന ആ കലാകാരന്‍ എന്നെ അതിയായി സ്നേഹിച്ചിരുന്നു എന്ന സത്യം ഓരോ ആഴ്ചയും അദ്ദേഹം എനിയ്ക്കുവേണ്ടി തന്റെ വീട്ടില്‍നിന്നും കൊണ്ടുവന്ന മീന്‍കറിയുടെ പുത്തന്‍ സ്വാദിലൂടെ എനിയ്ക്ക് ബോധ്യമായി. ഞാന്‍ അന്നേരം വായിച്ചുകൊണ്ടിരുന്ന കാര്യങ്ങള്‍ ഓരോ ദിവസവും അദ്ദേഹവുമായി പങ്കിടുക എന്നതിന് പകരം അദ്ദേഹത്തോടു എന്തെങ്കിലും പറയുവാനായി ഞാന്‍ വായിക്കാന്‍ തുടങ്ങി. സംഗീതം ആസ്വദിക്കുന്നതുപോലെ സാഹിത്യം പറഞ്ഞുകേള്‍ക്കുന്ന ഏതൊരു കേള്‍വിക്കാരന്റെ വിശാലമായ മൗനവും, പറഞ്ഞുകൊണ്ടിരിക്കുന്ന മനസ്സിന്റെ അഗാധതലങ്ങളില്‍ തിരഞ്ഞ്, ഇനിയെന്തെങ്കിലും മിച്ചമുണ്ടോ എന്നന്വേഷിക്കും. അദ്ദേഹത്തിന്റെ ഭാവവും അങ്ങനെയായിരുന്നു തിരഞ്ഞത്. ഈ രീതിയിലുള്ള സൗഹൃദങ്ങള്‍ സാധാരണമായി സിനിമാ ചിത്രീകരണത്തിന്റെ അവസാന ദിവസങ്ങളില്‍ തീരാറാണ് പതിവ്. കാറില്‍ കയറിയശേഷം കൈവീശുന്നത് മാഞ്ഞുപോകുംവരെ. അയഥാര്‍ഥമായ കണ്ണുനീരോടെ നില്‍ക്കുന്ന ഒരു ആരാധകനും അഭിനേതാവിനും ഇടയിലുള്ള സൗഹൃദമല്ല ഞങ്ങളുടേതെന്ന് താമസിയാതെ മനസ്സിലായി. ചെന്നൈയിലെത്തി രണ്ടു മാസങ്ങള്‍ക്കുള്ളില്‍ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്കു ക്ഷണിച്ചു. ചെന്നൈയിലെ രാജാ അണ്ണാമലൈപുരത്തിലുള്ള ആ വീടിനെ വീടെന്നു വിശേഷിപ്പിക്കാമോ? വീട്ടുമുറ്റത്ത് എന്റെ കാല് പതിച്ച അടുത്ത നിമിഷത്തില്‍ ഇത് വീടിനും അതീതമായ ഏതോ വാക്കുകളാല്‍ നിര്‍മിക്കപ്പെട്ട ഒന്നാണെന്നു തോന്നി. കേരളത്തിലെ പരമ്പരാഗത ശൈലിയില്‍ മറുനാടന്‍ ഓടുകളാല്‍ ആവരണം ചെയ്യപ്പെട്ട ആ വീടിന്റെ ഓരോ ഇഞ്ചും ഒരു കരിനാഗത്തിന്റെ ഞെളിയുന്ന ശരീരത്തെ ഓര്‍മിപ്പിച്ചു. വേനല്‍മഴയില്‍ നനഞ്ഞ ഒരു കൊച്ചുകുട്ടിയുടെ ഉത്സാഹത്തോടെ അദ്ദേഹം എന്നെ ഓരോ മുറിയും കാണിച്ചുതന്നു. ഭംഗിയുള്ള വായനമുറിയും പുസ്തക ശേഖരവും ഹോം തിയറ്ററും ഞാനതുവരെ വേറെയെവിടെയും കണ്ടിട്ടില്ലാത്തവയായിരുന്നു. കേരളത്തില്‍നിന്ന് ലേലത്തില്‍ എടുത്തു കയറ്റിക്കൊണ്ടുവന്ന മരത്തടിയില്‍ മിനുക്കിയെടുത്ത വീടിന്റെ ഓരോ അംഗുലവും ഞാന്‍ എന്റെ കണ്ണുകളാല്‍ ഊറ്റിക്കുടിച്ചു. എന്റെ മനോഗതം മനസ്സിലാക്കി അദ്ദേഹം ഞൊടിയിടയില്‍ പറഞ്ഞു. 'വീടെന്നു പറഞ്ഞാല്‍ വെറുതെ ഭക്ഷണം കഴിച്ചു കിടന്നുറങ്ങുന്ന സ്ഥലം മാത്രമല്ല, ബവാ, അതിനൊക്കെയപ്പുറത്താണത്... സിനിമയെന്നത് എനിയ്ക്ക് ഒരു ജോലിക്കുപോയി വരുന്നതുപോലെയാണ്. പണി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന ഒരു സര്‍ക്കാരുദ്യോഗസ്ഥനെപ്പോലെയാണ് ഞാനും. പാര്‍ടി, ഡ്രിങ്ക്സ്, ഡാന്‍സ് ഇങ്ങനെയൊന്നുമില്ല. വായന കഴിഞ്ഞാല്‍ പിന്നെ കാര്‍ ഡ്രൈവിങ്. എത്ര ദൂരമാണെങ്കിലും ഞാന്‍ തന്നെ കാറോടിക്കും. വേഗത്തിനോട് എനിയ്ക്കെന്തോ ഒരു ഇഷ്ടമാണ്.....' ആ വേഗതയ്ക്ക് അദ്ദേഹം ഒരിയ്ക്കല്‍ കൊടുത്ത, അല്ല, വാങ്ങിയ വില എനിക്കോര്‍മ വന്നു. അര്‍ധരാത്രിയില്‍ കോഴിക്കോട്ടുനിന്നു മഞ്ചേരി വരുന്ന സംസ്ഥാനപാതയില്‍ കാര്‍ 100 സ്പീഡ് കടന്നു പറക്കുന്നു. അദ്ദേഹമാണ് ഓടിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും കത്തുന്ന വിളക്കുകള്‍ മിന്നാമിനുങ്ങുകളെപ്പോല്‍ കടന്നുപോകുന്നു. വാഹനത്തിന്റെ വേഗതയും ജീവിതത്തിന്റെ വേഗതയും ഏതെങ്കിലും ഒരിടത്തു നിന്നുപോകുന്നു; അല്ലെങ്കില്‍ അത്യാഹിതം സംഭവിക്കുന്നു. അദ്ദേഹം തീരെ പ്രതീക്ഷിക്കാതെ ഒരു വൃദ്ധന്‍ റോഡ് മുറിച്ചുകടന്നു തന്റെ വാഹനത്തിന്റെ മുന്നില്‍ വന്നുവീഴുന്നു. ആകെ ഞെട്ടി വെപ്രാളപ്പെട്ടു ബ്രേക്കിട്ടു. കാറില്‍ നിന്നും ഇറങ്ങിച്ചെന്ന് അയാളെ മെല്ലെ പൊക്കിയപ്പോള്‍ പരിക്കൊന്നുമില്ല. പതുക്കെ എഴുന്നേറ്റുനിന്ന് റോഡിന്റെ സൈഡിലേക്കുനോക്കുകയാണ് വൃദ്ധന്‍ . ഒരു പഴകിയ തുണിയുടെ ഭാണ്ഡംപോലെ ഒരു സ്ത്രീരൂപം വഴിയില്‍ കിടക്കുന്നു. അവള്‍ വേദനകൊണ്ടു ഞരങ്ങിമൂളുന്നതും വ്യക്തമായി കേള്‍ക്കുന്നു. ഞൊടിയിടയില്‍ സ്ഥിതിഗതി എന്താണെന്നു ഗ്രഹിക്കുന്നു ആ കലാകാരന്റെ മനസ്സ്. ആ സ്ത്രീയെ തന്റെ കാറിന്റെ പിന്‍സീറ്റില്‍ കയറ്റുന്നു. അവള്‍ക്കു തല ചായ്ക്കാന്‍ ആ വൃദ്ധന്റെ മടിയും. ചില നാഴികദൂരം പിന്നിട്ടപ്പോള്‍ മഞ്ചേരിയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ സമീപത്തെത്തി. ആസ്പത്രിയുടെ മുറ്റത്തെ ഗേറ്റിനടുത്തുള്ള വലിയ വേപ്പിന്റെ താഴെ വണ്ടി നിറുത്തി വൃദ്ധന്റെ കൂടെ താങ്ങിപ്പിടിച്ചുകൊണ്ട് അത്യാഹിത വിഭാഗത്തിലെത്തുന്നു. സര്‍ക്കാരാശുപത്രിയുടെ മങ്ങിയ വെളിച്ചം മമ്മൂട്ടിയുടെ താരപ്രഭയെ മറച്ചുകളഞ്ഞു. ആരും അദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല. ഒരു ചെറിയ സംതൃപ്തി മുഖത്ത് പ്രതിഫലിച്ചുകൊണ്ടു ആ വൃദ്ധന്‍ പുറത്തുവന്നു. അപ്പോഴാണ് സ്വമനസ്സാ അയാള്‍ അദ്ദേഹത്തെ സമീപിച്ചത്. മുഷിഞ്ഞ മുണ്ട് ചികഞ്ഞ് എന്തോ പുറത്തെടുത്തു. പൊടുന്നനവേ ഇദ്ദേഹത്തിന്റെ കൈപിടിച്ചു ചുക്കിച്ചുളിഞ്ഞ രണ്ടുരൂപയുടെ നോട്ടു തിരുകി ആ വൃദ്ധന്‍ . 'മോന്റെ പേരെന്താണ്?' 'മമ്മൂട്ടി'. 'അതെയോ, ശരി ഇത് കൈയില്‍ വച്ചോളൂ'. പേരുപറഞ്ഞിട്ടും തന്നെത്തിരിച്ചറിയാത്ത ആ വയോധികന്‍ തന്ന പണം അദ്ദേഹം ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ടത്രെ. പക്ഷേ അതു തന്റെ അതിവേഗതയ്ക്ക് കിട്ടിയ വിലയാണോ? അല്ലെങ്കില്‍ ആ പെണ്ണിനെ ചുമന്നുകൊണ്ടു വന്നതിനുള്ള കൂലിയാണോ എന്നു മാത്രമേ മനസ്സിലാകാത്തതുള്ളൂ എന്നുപറയുന്നു അദ്ദേഹം. എളിയ മനുഷ്യരുടെ വലിയ സ്നേഹം എന്നാണു നമുക്കെല്ലാം മനസ്സിലായിട്ടുള്ളത്. പൊതുപരിപാടികളില്‍ ഏറെയും പങ്കെടുക്കാറില്ല എന്ന അദ്ദേഹത്തിന്റെ തീരുമാനം സൗഹൃദത്തിന്റെ സങ്കീര്‍ണതയില്‍ വഴിമാറും. അങ്ങനെ ഒരു സന്ദര്‍ഭത്തിലാണ് സംവിധായകന്‍ തങ്കര്‍ ബച്ചന്റെ പുസ്തകപ്രകാശനച്ചടങ്ങിന് അദ്ദേഹം വന്നത്. ഞാനും ആ പരിപാടിയില്‍ ഏതോ ഒരു മൂലയില്‍ ഇരുന്നത് അദ്ദേഹം ശ്രദ്ധിച്ചിരിക്കാനിടയില്ല. ഹൈക്കു കവിതപോലെ ഒരു ചുരുങ്ങിയ പ്രഭാഷണം നടത്തി അദ്ദേഹം. 'ഞാന്‍ സുഹൃത്തുക്കളില്ലാത്തവനാണ്. സിനിമ, വായന, വീട്, ഇതല്ലാതെ വേറെയൊന്നിലും മനസ്സു പതിയുന്നില്ല. തമിഴ്നാട്ടില്‍ എന്റെ മനസ്സിനിണങ്ങിയ ഒരാത്മ സുഹൃത്തുണ്ട് എനിയ്ക്ക്. അങ്ങേര് ഇവിടെയില്ല. അങ്ങേരും അദ്ദേഹത്തെപ്പോലെ തിരുവണ്ണാമലയില്‍ വസിക്കുന്ന ഒരെഴുത്തുകാരനാണ്. പേര്, ബവാ ചെല്ലദുരൈ...' ഇതു കേട്ടപ്പോള്‍ ഈറനണിഞ്ഞ കണ്ണുമായി ഞാന്‍ ആ മനുഷ്യന്റെ സൗഹൃദത്തിന്റെ കരങ്ങള്‍ ദൂരത്തിരുന്നുകൊണ്ട് സ്പര്‍ശിക്കാന്‍ ശ്രമിച്ചു. 1996  എന്റെ ഓര്‍മയുടെ തീരത്ത് ഒതുങ്ങിനില്ക്കുന്ന വര്‍ഷമാണ്. പതിവുപോലെ തിരുവണ്ണാമലയില്‍ രണ്ടുദിവസത്തെ സാഹിത്യ സെമിനാര്‍ . കൂടാതെ മുരുകഭൂപതിയുടെ ഒരു ആധുനിക നാടകവുമുണ്ടായിരുന്നു. ഒരു സിനിമാ ചിത്രീകരണത്തിനായി ഇവിടെ വന്നു താമസിച്ചിരുന്ന മമ്മൂട്ടി എന്നെ അദ്ദേഹത്തിന്റെ റൂമിലേക്ക് ക്ഷണിച്ചുവരുത്തി. തനിയ്ക്ക് ഇന്നു വൈകിട്ട് നടക്കാനിരിക്കുന്ന സാഹിത്യസദസ്സിലും അതിനെത്തുടര്‍ന്നുള്ള നാടകത്തിലും ഒരു ആസ്വാദകനെന്ന നിലയില്‍ പങ്കെടുക്കാന്‍ താല്പര്യമുണ്ടെന്നറിയിച്ചു. ഒരു നിബന്ധന മാത്രം. തന്നോട് പ്രസംഗിക്കാന്‍ പറയരുത്. എന്നാല്‍ മാത്രമേ വരികയുള്ളൂ എന്നും പറഞ്ഞു. ഞാന്‍ ഒരു കൂസലുമില്ലാതെ, 'നിങ്ങള്‍ വിചാരിച്ചാലും അവിടെ പ്രസംഗിക്കാന്‍ പറ്റില്ല', എന്നു പറഞ്ഞു. ഞെട്ടലിന്റെ പച്ചഘട്ടത്തിലേക്ക് പോയ മെഗാസ്റ്റാര്‍ ആശ്ചര്യത്തോടെ ചോദിക്കുന്നു. 'എന്തേ? എന്തുകൊണ്ട്?' അതിനു ഞാന്‍ മറുപടി പറഞ്ഞു, 'കുറഞ്ഞപക്ഷം, ഞാന്‍ ഞങ്ങളുടെ നിര്‍വാഹക കമ്മിറ്റിയില്‍ മുന്‍കൂട്ടി സമ്മതം വാങ്ങണം, സാര്‍ . അതിനിപ്പോ സമയമില്ലല്ലോ..' വളരെ സന്തോഷത്തോടെ അദ്ദേഹം പുറപ്പെട്ട് എന്റെ കൂടെ പരിപാടി നടക്കുന്ന മുനിസിപ്പല്‍ ഗേള്‍സ് സ്കൂളിലേക്ക് വന്നു. വേദിയില്‍ എസ് രാമകൃഷ്ണന്‍ ആവേശത്തോടെ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. പെട്ടെന്നു മമ്മൂട്ടിയുടെ സാന്നിധ്യം കണ്ടറിഞ്ഞ സാഹിത്യാസ്വാദകര്‍ക്കിടയില്‍ ഒരു ചലനമുണ്ടായി. രാമകൃഷ്ണന്‍ തന്റെ പ്രഭാഷണം നിര്‍ത്തിവെച്ചുകൊണ്ടു പറഞ്ഞു. 'ഈ വ്യക്തിയുടെ സാന്നിധ്യം എന്റെ പ്രസംഗത്തെ ശിഥിലമാക്കുന്നു. തിരുവണ്ണാമലയിലെ സാഹിത്യാസ്വാദകര്‍ കാഴ്ചക്കാരല്ല കേള്‍വിക്കാരാണ് എന്നറിഞ്ഞാണ് ഞാനും കോണങ്കിയും ഇത്രയും ദൂരം യാത്ര ചെയ്ത് ഇവിടംവരെ വന്നത്. നിങ്ങള്‍ വെറും കാഴ്ചയുടെ ആളുകളാണെങ്കില്‍ കണ്ടുകൊണ്ടിരുന്നോളൂ. സംസാരിക്കാന്‍ എന്നെക്കൊണ്ടാവില്ല', എന്നുപറഞ്ഞു സദസ്സില്‍ , ഒരാളായിച്ചെന്നിരുന്നു. നിശ്ശബ്ദത മരണത്തെപ്പോലെ ആ സദസ്സെങ്ങും വ്യാപിച്ചു. പിന്നീട് രാമകൃഷ്ണന്‍ തന്റെ പ്രഭാഷണം ഒരു മണിക്കൂറോളം തുടര്‍ന്നു. അതിനുശേഷം നടന്ന മുരുക ഭൂപതിയുടെ 'ചരിത്രത്തിന്റെ അതീതമായ മ്യൂസിയം' എന്ന നാടകം കാണാന്‍ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു. ഇടയില്‍ ഒരു സിഗരറ്റ് പുകയ്ക്കാന്‍ കൂരിരുട്ടു വേണ്ടിവന്നു മമ്മൂട്ടിക്ക്. നാടകം ഭ്രമിപ്പിക്കുന്നതായിരുന്നെങ്കിലും അതിന്റെ കഠിനമായ ഭാഷ അദ്ദേഹത്തിനെ അകറ്റി നിര്‍ത്തി. 'ബവാ, എനിയ്ക്ക് ഈ നാടകസംഘവുമായി സ്വകാര്യമായി സംസാരിക്കണം', എന്നായി അങ്ങേര്. ആ സ്കൂളിലെ ഒരു ക്ലാസ്മുറിയിലെ 60 വാട്സിന്റെ മഞ്ഞ മള്‍ബ് ആ സംഭാഷണത്തിന് മതിയായിരുന്നു. അദ്ദേഹം പറഞ്ഞു, 'ഈ നാടകം വളരെ വ്യത്യസ്തമായ ഒന്നാണെന്ന് എനിയ്ക്ക് തോന്നുന്നു. ഇതിലെ കൊറിയോഗ്രാഫി ഞാന്‍ വേറെ എവിടെയും കണ്ടിട്ടില്ല. പക്ഷേ നിങ്ങള്‍ ഉപയോഗിച്ച ഭാഷ അല്പം കാഠിന്യമുള്ളതുമാണ്. അത് എനിയ്ക്ക് പോലും മനസ്സിലായില്ല'. മിതമായ, പക്ഷേ ശക്തമായ വാക്കുകളാല്‍ തന്റെ സംഭാഷണം തുടങ്ങുന്നു. 'എനിയ്ക്കുപോലും എന്നുപറഞ്ഞാല്‍ എന്താണ് സാര്‍ , ഉദ്ദേശിക്കുന്നത്? നിങ്ങളെന്താ അത്ര വലിയ ആളാണോ?' ഒരു യുവനടന്‍ ആരംഭകാല ബുദ്ധിജീവി ചമഞ്ഞ ധാര്‍ഷ്ട്യത്തോടെ വാക്കുകളില്‍ കൈയേറുന്നു. അദ്ദേഹത്തിന്റെ മുഖം തുടുക്കുന്നു. 'തീര്‍ച്ചയായും, തീര്‍ച്ചയായും ഞാന്‍ നിന്നേക്കാള്‍ വലിയ ആള് തന്നെയാ മോനെ. ഇന്നു നാടകരംഗത്ത് ലോകത്തിലെ ഏത് രാജ്യത്തില്‍ എന്ത് നടക്കുന്നു എന്ന് എനിയ്ക്കറിയാം. എന്റെ എല്ലാ തിരക്കുകള്‍ക്കിടയിലും ഞാന്‍ ദിവസേന വായിക്കുന്നുണ്ട്. നാടകരംഗത്ത്, സിനിമയില്‍ , ആര്‍ക്കിടെക്ചറില്‍ എന്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു. നടനെന്നുപറഞ്ഞു കേമറയ്ക്കു മുന്നില്‍ വെറുതെ ഡയലോഗ് പറഞ്ഞു പോകുന്ന ബൊമ്മയല്ല മോനേ, ഞാന്‍'. ആ ശബ്ദത്തിന്റെ തീവ്രത അവിടെയിരുന്ന ചെറിയ നാടകസംഘത്തെ സ്തംഭിപ്പിക്കുന്നു. ഉഷ്ണംകൊണ്ടു വീര്‍പ്പുമുട്ടിയ ആ മുറിയില്‍ അതീവ സൗഹൃദത്തോടെയും വാത്സല്യത്തോടെയും തന്റെ കോളേജ് പഠനകാല നാടകാനുഭവങ്ങളെ, ഒരു കര്‍ഷകന്‍ ശ്രാവണമാസത്തിലെ ഈര്‍പ്പമുള്ള നിലത്തില്‍ നെല്ലിന്‍ വിത്തുകള്‍ വിതക്കുന്നതുപോലെ അദ്ദേഹം വിതച്ചു. ഇതിനെതുടര്‍ന്നു കഴിഞ്ഞകൊല്ലം മഴ ചൊരിഞ്ഞുപെയ്ത ഒരു ഡിസംബര്‍ മാസത്തില്‍ 'കാഴ്ചപ്പാട്' എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു പ്രശംസയാര്‍ജിച്ച മമ്മൂട്ടിയുടെ ജീവിതാനുഭവങ്ങളെ എന്റെ സഹധര്‍മിണി ശൈലജ തമിഴില്‍ മൊഴിമാറ്റം ചെയ്തു. ആ കൈയെഴുത്തു പ്രതിയുടെ ആദ്യവായനക്കാരനാകാനുള്ള ഭാഗ്യം എനിയ്ക്കു ലഭിച്ചു. കുറച്ചുനാള്‍ ആ കൈയെഴുത്തു പ്രതിയുമായി ഞാന്‍ ശരിക്കും ജീവിച്ചു. അച്ചടി കഴിഞ്ഞു കൈയില്‍കിട്ടിയ ആദ്യത്തെ കോപ്പിയുംകൊണ്ട് അദ്ദേഹത്തെ ഫോണില്‍ വിളിച്ചു. എന്റെ ഉത്സാഹത്തില്‍ ഒട്ടും കുറവില്ലാതെ അദ്ദേഹവും എന്റെയൊപ്പം സന്തോഷിച്ചു. ഇന്ത്യന്‍ സിനിമാലോകം അതിന്റെ കിരീടത്തില്‍ പ്രതിഷ്ഠിച്ചുവച്ച് ആഘോഷിക്കുന്ന മമ്മൂട്ടി എന്ന ആ ചലച്ചിത്ര കലാകാരന്റെ മനസ്സ് തന്റെ എഴുത്തിന്റെപേരില്‍ അനുഭവിച്ച സന്തോഷവും അഭിമാനവുമായിരുന്നു അത്. അദ്ദേഹം പറഞ്ഞു, 'ഞാന്‍ ഇപ്പോ പോണ്ടിച്ചേരിയില്‍ ഷൂട്ടിങ്ങിലാണ്, ബവാ. ഇന്നലെ രാത്രി നിങ്ങളുടെ നാട്ടിലൂടെയായിരുന്നു യാത്ര. കാറു നിര്‍ത്തി നിന്നെ ഒന്നു വിളിക്കണമെന്നു വിചാരിച്ചു. സമയം നോക്കിയപ്പോ രാത്രി രണ്ടുമണിയായിരുന്നു. വേണ്ടെന്നുവച്ചു ഞാന്‍ ഇങ്ങുപോന്നു. ഇന്നു വൈകിട്ട് ഇങ്ങോട്ട് വരാനാകുമോ, ബവാ?' 'തീര്‍ച്ചയായും വരാം, സാര്‍'. അന്നു വൈകുന്നേരം തന്നെ കൈയില്‍ 'മൂന്നാംപിറ' എന്ന പുസ്തകവുമായി ചില സൃഹുത്തുക്കളെയും കൂട്ടി ഷൂട്ടിങ് നടക്കുന്ന സ്ഥലത്തെത്തി. ആ പുസ്തകത്തിനോട് ഏറെ താല്പര്യവും പ്രതീക്ഷയും കൊണ്ടിരുന്ന അദ്ദേഹത്തിന്റെ വികാരം ആ കണ്ണുകളില്‍ പ്രകടമായിരുന്നു. പുസ്തകം കൈയിലെടുത്ത് ഓരോ പുറവും മറിച്ചുനോക്കി,'ഐ ആം ഇല്ലിട്ടറേറ്റ്', എന്നുപറഞ്ഞു പുസ്തകം എന്റെ കൈയില്‍ തന്നിട്ടു പറഞ്ഞു, 'എനിയ്ക്കു തമിഴ് സംസാരിക്കാനറിയാം, വായിക്കാനറിയില്ല'. ചിത്രീകരണം നിര്‍ത്തി, അവിടെയുള്ള മൊത്തം പേരും ഞങ്ങളുടെ ചുറ്റും കൂടിനിന്നു. ആ സിനിമയുടെ സംവിധായകന്‍ എന്നെ കൊന്നുകളയാന്‍ ഭാവത്തില്‍ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. മമ്മൂട്ടിസാറോ ഒരു കുലുക്കവുമില്ലാതെ, 'വാ, ഇതിലെ ചില ഭാഗങ്ങള്‍ എനിയ്ക്കുവേണ്ടി നിനക്കു വായിച്ചു തരാമോ?' എന്നുചോദിച്ചു. ഞാന്‍ അത് വായിച്ചു കേള്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ആ ചിത്രീകരണസംഘം ആ ഗ്രന്ഥത്തിലെ സത്യസന്ധതയിലും അതിന്റെ തീവ്രതയിലും അലിഞ്ഞുപോയി. അദ്ദേഹം താനെഴുതിയ എഴുത്തിന്റെ വേറൊരു ഭാഷാന്തരീകരണത്തില്‍ അഭിമാനം പൂണ്ടു. മുഴുവനായി മൂന്നുഭാഗങ്ങള്‍ വായിച്ചുകേട്ടശേഷം എന്നെ നോക്കി ചോദിച്ചു. 'ബവാ, ഈ പുസ്തകത്തിന്റെ എല്ലാ പേജുകളിലും ഞാനല്ലേ വില്ലന്‍ , വൃത്തികെട്ടവന്‍ , ദയയില്ലാത്തവന്‍ , അഹങ്കാരി, അല്‍പന്‍ , എല്ലാം..' 'അതെ, സര്‍' 'പക്ഷെ സിനിമയില്‍ മാത്രം ഞാന്‍ ഉയര്‍ന്നവന്‍ , മേന്മയുള്ളവന്‍ , ഉന്നതന്‍ ... എന്തൊരു വിരോധാഭാസമാണ്, നിങ്ങള്‍ ശ്രദ്ധിച്ചോ?' തന്റെ ജീവിതത്തെ സത്യത്തിന് വളരെയടുത്തു കൊണ്ടുചെല്ലാന്‍ ശ്രമിക്കുന്ന ഒരു കലാകാരനില്‍നിന്നും ഞാന്‍ ഏറെ ദൂരത്ത് നില്‍ക്കുന്നതായി തോന്നിയ നിമിഷമായിരുന്നു അത്.
*ബവാ ചെല്ലദുരൈ

23 May, 2011

ജനാധിപത്യത്തിനു മേല്‍ ഭൂതബാധകള്‍

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് ഈയടുത്ത് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിനെ തുടര്‍ന്ന് വിവിധ മാനങ്ങളിലും വീക്ഷണകോണുകളിലും അത് വിശകലനം ചെയ്യുകയാണ് മാധ്യമങ്ങളും രാഷ്ട്രീയ ചിന്തകരും. കേരളത്തിലും ബംഗാളിലും ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയാണ് മിക്കവാറും എല്ലാ വന്‍ മാധ്യമങ്ങളും സ്വതന്ത്ര ചിന്തകരും ഉദ്ഘോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്. ഭൂരിപക്ഷ വര്‍ഗീയ ഫാസിസത്തിനും, ആഗോള സാമ്രാജ്യത്വത്തിന്റെ യുദ്ധോത്സുകവും ആക്രാമകവുമായ രാഷ്ട്രീയ-സാമ്പത്തികനയങ്ങള്‍ക്കും എതിരായ മുന്നണി കെട്ടിപ്പടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഇന്ത്യന്‍ ഇടതു പക്ഷം. പാര്‍ലമെന്റിലും പുറത്തുമായി ഇടതു പക്ഷ രാഷ്ട്രീയ കക്ഷികളും ട്രേഡ് യൂണിയനുകളും കര്‍ഷകസംഘടനകളും സാംസ്ക്കാരിക-യുവജന-വിദ്യാര്‍ത്ഥി-മഹിളാ പ്രസ്ഥാനങ്ങളും നടത്തി വരുന്ന ബഹുമുഖപ്പോരാട്ടത്തെ തീരെ ചെറിയ അളവില്‍ പിന്നോട്ടടിപ്പിക്കാന്‍ ഈ പരാജയത്തിന് സാധിച്ചേക്കാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നയങ്ങളും പ്രയോഗപദ്ധതികളും രൂപപ്പെടുത്തുന്നതിലൂടെ അതിനെ മറികടക്കാവുന്നതേ ഉള്ളൂ. എന്നാല്‍; ഇടതുപക്ഷത്തിന്റെ പരാജയം, കോണ്‍ഗ്രസ് അടക്കമുള്ള വലതുപക്ഷ/മുതലാളിത്താനുകൂല സെക്കുലര്‍ ശക്തികള്‍ക്ക് പോലും പ്രയോജനപ്രദമായ രീതിയിലാണ് വിന്യസിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്നതെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. ഈ വിടവിലൂടെ വലതുപക്ഷ തീവ്ര/മൃദു ഹിന്ദുത്വ ശക്തികളും ജനാധിപത്യ വിരുദ്ധമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അരാജകവാദികളും രംഗം കയ്യടക്കാനുള്ള സാധ്യത തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള ശക്തികളുടെ കടന്നുവരവിനെ ചെറുക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനാണെങ്കിലും അത് തിരിച്ചറിഞ്ഞ് അവസരത്തിനൊത്തുയരാന്‍ ആ പാര്‍ടിക്കും അതിനെ നയിക്കുന്നവര്‍ക്കും സാധിക്കുമെന്ന് കരുതുന്നത്; സമീപകാല ചരിത്രമെങ്കിലും ഓര്‍മയുള്ളവര്‍ക്ക് കരണീയമായ കാര്യവുമല്ല.

കോടികളുടെ അഴിമതിയാണ് തമിഴ്നാട്ടിലെ തി മു ക സര്‍ക്കാരും പാര്‍ടിയും നടത്തിപ്പോന്നത്. ടു ജി സ്പെക്ട്രം അഴിമതി മാത്രമല്ല കരുണാനിധിയുടെ പാര്‍ടിയും കുടുംബവും നടത്തിയത്. തമിഴ് സിനിമയും ടെലിവിഷന്‍ ചാനലുകളും കേബിള്‍ ശൃംഖലയും ഡി ടി എച്ചും ഇതിനകം കരുണാനിധിയുടെ കുടുംബം സ്വന്തമാക്കുകയും കുത്തകവത്ക്കരിക്കുകയും ചെയ്തു കഴിഞ്ഞു. സണ്‍ പിക്ച്ചേഴ്സ് കലാനിധി മാരന്‍ വഴങ്കാത്ത (അവതരിപ്പിക്കാത്ത) സിനിമകള്‍ തമിഴിലിറങ്ങുന്നത് ചുരുക്കമാണ്. ഈ കുത്തകകളെ ചോദ്യം ചെയ്യുകയോ അനുസരിക്കാതിരിക്കുകയോ ചെയ്യുന്നവര്‍ അവരെത്ര വലിയവരായാലും ശരി പീഡിപ്പിക്കുന്ന പ്രവണതയും വ്യാപകമാണ്. ഇളയ ദളപതി എന്ന ഓമനപ്പേരിലറിയപ്പെടുന്ന വിജയ് എന്ന സൂപ്പര്‍ താരത്തിന്റെ കാവലന്‍ എന്ന ഹിറ്റ് സിനിമ തിയറ്ററുകളിലെത്താതിരിക്കാന്‍ സണ്‍/മാരന്‍/തി മു ക ശക്തികള്‍ എല്ലാ ശ്രമങ്ങളും നടത്തുകയുണ്ടായി. തമിഴ്നാട്ടിലെ ഒട്ടുമിക്ക സ്വാശ്രയ കോളേജുകളും സ്വകാര്യ സര്‍വകലാശാലകളും ജ്വല്ലറികളും പടുകൂറ്റന്‍ തുണിക്കടകളും ഇതേ കുടുംബത്തിന്റേതാണെന്ന ശ്രുതിയും പ്രബലമാണ്. (ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ ചിലപ്പോള്‍ പാടെ തെറ്റാവാനും സാധ്യതയുണ്ട്. കേരളത്തില്‍, ഏതാനും വര്‍ഷം മുമ്പ് ഏതു കെട്ടിടം കണ്ടാലും അത് മുരളീധരന്റേതാണെന്നായിരുന്നു ശ്രുതി. പിന്നീട്, അതെല്ലാം പി കെ കുഞ്ഞാലിക്കുട്ടിയുടേതായി. അതിനും ശേഷം എല്ലാ കെട്ടിടവും ആശുപത്രിയും സ്ഥലവും പിണറായിയുടേതാണെന്ന പ്രചാരണവും ശക്തമായിരുന്നു. അതുകൊണ്ട്; സ്വാശ്രയ വിദ്യാഭ്യാസമേഖല, ജ്വല്ലറികള്‍, തുണിക്കടകള്‍ എന്നിവയിലെ തിമുക/കരുണാനിധി പിടിമുറുക്കലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വെള്ളം കൂട്ടാതെ വിഴുങ്ങേണ്ടതില്ല!).

എന്താണെങ്കിലും തമിഴ് സ്വാഭിമാന പ്രസ്ഥാനത്തിന്റെയും നിരീശ്വരവാദ ആശയത്തിന്റെയും ബ്രാഹ്മണ/ഹിന്ദി/സംസ്കൃത വിരുദ്ധ മുന്നണിയുടെയും പിന്തുടര്‍ച്ചക്കാരെന്നവകാശപ്പെടുന്ന തി മു കക്ക് ചരിത്രത്തില്‍ കിട്ടാന്‍ പോകുന്ന സ്ഥാനം എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ വയ്യ. കരുണാനിധി സര്‍ക്കാര്‍ നടത്തി വന്ന ക്രൂരമായ ജനാധിപത്യ ധ്വംസനത്തിനെതിരായ ഉജ്വലമായ ജനവിധിയാണ് തമിഴ് ജനത നടത്തിയത്. ഡി എം ഡി കെയുടെയും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെ, ജയലളിതയും അ തി മു കയും നേടിയ വിജയം തമിഴ്നാട്ടിലെ ജനാധിപത്യ വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉതകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍, ആ പ്രതീക്ഷയെ തല്ലിക്കെടുത്തും വിധത്തില്‍ ഒരു വണ്ണം കൂടിയ പഞ്ചനക്ഷത്ര പൂക്കൂട, 'പരിസ്ഥിതി നാശം വരാത്ത' കനമുള്ള സുതാര്യ പ്ളാസ്റിക്ക് കടലാസില്‍ പൊതിഞ്ഞ് ജയലളിതക്ക് സമര്‍പ്പിക്കപ്പെടുന്നതും അവരത് നിറഞ്ഞ സന്തോഷത്തോടെ വാങ്ങുന്നതും ബ്ളാക്ക് ആന്റ് വൈറ്റിലാണെങ്കിലും തികഞ്ഞ വര്‍ണധാടിയോടെ ദ ഹിന്ദുവിന്റെ ഉള്‍പേജില്‍ മെയ് 17ന് ചൊവ്വാഴ്ച അച്ചടിച്ചു വന്നത്, സമാധാന/മതേതര/പുരോഗമന വാദികള്‍ക്ക് ഉള്‍ക്കിടിലത്തോടെയല്ലാതെ നോക്കാനാവില്ല. കാരണം, എം ജി ആര്‍/രജനീകാന്ത് സിനിമകളില്‍ കാണാറുള്ളതു പോലെ, ആ പഞ്ചനക്ഷത്ര പൂക്കൂട സ്വയമേവ അവതരിച്ച് ജയലളിതക്ക് സമര്‍പ്പിക്കപ്പെടുകയായിരുന്നില്ല. കറുത്തതോ മറ്റോ ആയ നിറത്തില്‍ വരിഞ്ഞു കെട്ടിയ ഒരു ചരടിന്റെ കൂട്ടത്താല്‍ തിരിച്ചറിയപ്പെടുന്ന ഒരു കൈത്തണ്ടയാണ് ആ പൂക്കൂട അമ്മക്ക് സമര്‍പ്പിക്കുന്നത്. ആ കൈത്തണ്ടക്ക് മുകളിലാകട്ടെ നരച്ച താടിയും കണ്ണടയും നരച്ച മുടിയും വാ തുറന്ന ചിരിയുമുള്ള ഒരു മുഖവുമുണ്ട്. അത് മറ്റാരുടേതുമല്ല, സാക്ഷാല്‍ നരേന്ദ്രമോഡിയുടേതു തന്നെ. വികസന രഥയാത്രയുടെയും ഒബാമയുടെ നന്ദി-മറുപടിക്കത്തിന്റെയും എല്ലാ തിരക്കുകളും മാറ്റി വെച്ച് മോഡി, പ്രത്യേക വിമാനം പിടിച്ച് ഗാന്ധി നഗറില്‍ നിന്ന് ചെന്നൈയില്‍ പറന്നെത്തുകയായിരുന്നു. തമിഴ്നാട് അസംബ്ളി ഫലം ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിക്കപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുമുണ്ടായി. ഇതു തന്നെ അത്തരമൊരു പ്രതിഫലനമാണല്ലോ! വോട്ടുബാങ്കുകളിലധിഷ്ഠിതമായ രാഷ്ട്രീയക്കാരുടെ ക്യാമ്പിനു പകരം, വികസനം മുഖ്യ അജണ്ടയായെടുത്ത് അതിനോട് പ്രതിജ്ഞാബദ്ധമായ ഒരു രാഷ്ട്രീയ സംസ്കാരം ഇന്ത്യയിലെ രാഷ്ട്രീയ രംഗത്തെ ദ്വിമുഖമാക്കിയിരിക്കുന്നുവെന്നാണ്, മോഡി എന്ന തത്വചിന്തകന്‍ തമിഴ്നാട് ഫലത്തെ വിശകലനം ചെയ്യുന്നത്. തന്റെ 'നല്ല സുഹൃത്തി'ന്റെ വിജയമാണ് ജയലളിതയുടെ വിജയത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നാണ് മോഡി ആഹ്ളാദിക്കുന്നത്. അഴിമതിക്കും കുടുംബവാഴ്ചക്കുമെതിരായി തമിഴ്നാട് ജനത പ്രതികരിച്ചിരിക്കുന്നുവെന്നും ഇത് രാജ്യത്താകെ ആവര്‍ത്തിക്കപ്പെടുമെന്നും അദ്ദേഹം പ്രവചിക്കുകയുണ്ടായി. കോണ്‍ഗ്രസിന്റെ അഴിമതിക്കൂടാരത്തിനും സോണിയ ഗാന്ധിയുടെ കുടുംബവാഴ്ചക്കും എതിരായി ഇന്ത്യയില്‍ ഉയര്‍ന്നു വരാന്‍ സാദ്ധ്യതയുള്ള ജനവികാരത്തെ മുതലെടുക്കാനുള്ള തന്ത്രമാണ് മോഡിയുടെ വാക്കുകളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്നതെന്ന് പറയേണ്ട ആവശ്യം തന്നെയില്ല.

സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദ്ധന്‍ ഈ നാണം കെട്ട ചടങ്ങില്‍ സാക്ഷിയായെത്തി എന്നത്, ഇന്ത്യന്‍ ഇടതു പക്ഷത്തെ ലജ്ജാകരമായ അവസ്ഥയിലെത്തിക്കുന്നു. 'എല്ലാവരും ഒരേ ഫീല്‍ഡിലുള്ളവരാണ്; പ്രത്യയശാസ്ത്രങ്ങള്‍ വ്യത്യാസപ്പെട്ടേക്കാം; രാഷ്ട്രീയ പരിപാടികള്‍ വ്യത്യാസപ്പെട്ടേക്കാം; മനുഷ്യരെന്ന നിലക്ക് അത് മര്യാദ മാത്രമാണ്.' ഏതായാലും ഒരു കാര്യം ഉറപ്പായി. കാര്യങ്ങള്‍ തുറന്നു പറയാന്‍ നിവൃത്തിയില്ലാത്തതു കൊണ്ട് മോഡി മുതല്‍ ബര്‍ദ്ധന്‍ വരെയുള്ളവര്‍ക്ക് കാവ്യാത്മകവും തത്വചിന്താപരവുമായ ഭാഷയില്‍ സംസാരിക്കേണ്ടി വന്നിരിക്കുന്നു. ഇന്ത്യയിലെ കവിതയുടെ കൂമ്പടഞ്ഞുവെന്ന് നിരീക്ഷിച്ച നിരൂപകരാരാണ്? അവരെ തിരുത്തുക.

മഞ്ചേശ്വരം, കാസറഗോഡ്, നേമം എന്നീ സീറ്റുകളില്‍ ബി ജെ പി പരാജയപ്പെട്ടത് യു ഡി എഫും എല്‍ ഡി എഫും ക്രോസ് വോട്ട് ചെയ്തിട്ടാണെന്നാണ്, മുഖ്യധാരാ മാധ്യമങ്ങളുടെ കണ്ടെത്തല്‍. അത് സത്യം തന്നെയാകട്ടെ. കാരണം, കേരള സംസ്ഥാനത്തിന്റെ രണ്ടറ്റത്തുമുള്ള സാധാരണക്കാരായ വോട്ടര്‍മാര്‍ക്ക് അവരുടെ പാര്‍ടി നേതാക്ക•ാരേക്കാള്‍ ചരിത്ര ബോധവും രാഷ്ട്രീയ വിവേകവും ജനാധിപത്യ ധാരണയുമുണ്ടെന്നു തന്നെയാണല്ലോ ഇത് തെളിയിക്കുന്നത്. ആ ക്രോസ് വോട്ട് ചെയ്ത വോട്ടര്‍മാരുടെ പേരില്‍ കേരളം അഭിമാനം കൊള്ളുന്നു. എന്നാല്‍, തങ്ങളെ ഇത്തരത്തില്‍ വളരെ കഷ്ടപ്പെട്ട് നിരാകരിക്കുന്ന കേരളീയരോട് നേര്‍ക്കു നേര്‍ അഭിമുഖീകരിക്കാനുള്ള പാകത ബി ജെ പി നേതൃത്വം കാണിക്കുന്നില്ല എന്നതിന്റെ തെളിവാണ്, യു ഡി എഫ് മന്ത്രിസഭാ രൂപീകരണത്തില്‍ അതിഗുരുതരമായ ഇടപെടല്‍ നടത്താനുള്ള അവരുടെ ശ്രമം തെളിയിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ദേശീയ പാര്‍ടി ഏറ്റെടുക്കണമെന്നുള്ള, മതേതര മുഖംമൂടിയണിഞ്ഞതെന്ന വിധത്തിലുള്ള ആഗ്രഹ പ്രകടനം കേരളത്തിന്റെ ജനാധിപത്യ-ഭരണ ചരിത്രത്തെ അങ്ങേയറ്റം അപഹസിക്കുന്നതും താഴ്ത്തിക്കെട്ടുന്നതുമാണ്. മുസ്ളിംലീഗിനോ കേരളാ കോണ്‍ഗ്രസിനോ വിദ്യാഭ്യാസവകുപ്പ് കൊടുത്താല്‍, അത് കേരള വിദ്യാഭ്യാസ വ്യവസ്ഥയെയും അതുവഴി കേരളസമൂഹത്തെയും തകര്‍ക്കുമെന്നാണല്ലോ ഈ ആവലാതിയുടെ കാതല്‍. ഇന്ത്യന്‍ ഭരണഘടനക്കും തെരഞ്ഞെടുപ്പു കമ്മീഷന്‍ ചട്ടങ്ങള്‍ക്കും കടകവിരുദ്ധമായ ഇത്തരമൊരു അഭിപ്രായം തീവ്ര-വലതുപക്ഷ-വര്‍ഗീയ ശക്തികള്‍ ഉന്നയിക്കുമ്പോള്‍ അത് ചെറുക്കുന്നതിനു പകരം അതിനെ ഒളിഞ്ഞും തെളിഞ്ഞും ഓമനിക്കുകയും താലോലിക്കുകയും ചെയ്യുന്ന രീതി, കപട ഇടതുപക്ഷക്കാരും മൃദു ഹിന്ദുത്വക്കാരും തുടങ്ങിക്കഴിഞ്ഞുവെന്ന അത്യന്തം ഹീനമായ വസ്തുതയും നാം കാണാതിരുന്നു കൂടാ. ഇടതു വലതു മുന്നണികളിലായി പല തവണ അധികാരത്തിലെത്തുകയും, പല വകുപ്പുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുള്ളവരാണ് മുസ്ളിംലീഗും കേരളാ കോണ്‍ഗ്രസും. അതിന്റെ ഭാഗമായി കേരളം അറബിക്കടലിലൊലിച്ചുപോയിട്ടൊന്നുമില്ല. ഇനിയൊട്ട് ഒലിച്ചു പോകാനും പോകുന്നില്ല. കഴിഞ്ഞതിനു മുമ്പത്തെ യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ്; ഇന്ത്യന്‍ ജനതയുടെ പിന്തുണ ഉണ്ടായിട്ടും, സോണിയാ ഗാന്ധിയുടെ ഇന്ത്യന്‍ പൌരത്വം ചോദ്യം ചെയ്യുകയും അവരുടെ പ്രധാനമന്ത്രി പ്രവേശം അസാധ്യമാക്കുകയും ചെയ്ത തരത്തിലുള്ള ഇടപെടലാണ് സംഘപരിവാര്‍ ശക്തികള്‍ നടത്തിയത്. ഈ അനുഭവമാണ്, കേരള രാഷ്ട്രീയത്തില്‍ കനത്ത തോതില്‍ നിരാകരണം ഏറ്റുവാങ്ങിയിട്ടും ഇടപെടാനും അതിതീവ്രമായ തരത്തില്‍ വര്‍ഗീയവത്ക്കരിക്കാനുമുള്ള ധൈര്യം അവര്‍ക്ക് പകര്‍ന്നു നല്‍കിയതെന്നു വേണം കരുതാന്‍. എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചു എന്ന വ്യാജ വാര്‍ത്തയുടെ പേരില്‍ ആഘോഷിക്കപ്പെട്ട കൂട്ട ഉണ്ണാവ്രതത്തില്‍ ബി ജെ പി നേതാക്കള്‍ക്ക് നിരങ്ങാന്‍ കഴിഞ്ഞതിന്റെ ആവേശം കൂടിയാണ് അവരെ യു ഡി എഫ് രാഷ്ട്രീയത്തെയും അതു വഴി കേരള രാഷ്ട്രീയത്തെയും പിടി കൂടാന്‍ പോകുന്ന ഭൂതബാധയായി പരകായപ്രവേശം നടത്താന്‍ പ്രേരിപ്പിക്കുന്നത് എന്നും കരുതാവുന്നതാണ്.

@@


ജി പി രാമചന്ദ്രന്‍

24 January, 2011

സംസ്കാരം മാധ്യമം വികസനം

ഒരു സമൂഹത്തിന്റെ സംസ്കാരത്തിന്റെ സാരാംശം കണ്ടെത്താനാവുക, ആ കാലഘട്ടത്തിലെ ജനങ്ങള്‍ പരീക്ഷിച്ച ഭാഷയിലും കലകളിലും ആകുന്നു. കാരണം സാഹിത്യമടക്കമുള്ള എല്ലാ കലകളും അതത് കാലത്ത് പരമാവധി ആത്മപ്രകാശനത്തിനുള്ള സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് സാഹിത്യം. സാഹിത്യരചനയെ പ്രസാധന സംവിധാനവും വിതരണ വ്യവസ്ഥയുമാണ് നിയന്ത്രിക്കുന്നത്. രചനാസ്വാതന്ത്ര്യത്തിന് ഇന്ന് കുറവൊന്നുമില്ല. വ്യക്തമായി, ജനങ്ങളുടെ ഭാഷയില്‍ റെക്കോഡ് ചെയ്യപ്പെടുന്നതാണ് സൃഷ്ടിക്കപ്പെടുന്ന രചന. കേരളത്തിലെ എഴുത്തുകാരെ സംബന്ധിച്ച് പറയാവുന്ന മറ്റൊരു പ്രധാന പരാതി, അവര്‍ക്ക് കൃതികള്‍ വിറ്റഴിക്കാനുള്ള മാര്‍ക്കറ്റിന്റെ പരിമിത വൃത്തമാണ്. മലയാളികള്‍ ലോകമെങ്ങും വ്യാപിച്ചുകിടക്കുന്നുണ്ടെങ്കിലും സാഹിത്യം രചിക്കപ്പെടുന്നതും വ്യാപകമായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതും അവര്‍ ജീവിക്കുന്ന ജന്മനാട്ടിലാണ്. കേരളം ഭൂവിസ്തൃതി നന്നെ കുറഞ്ഞ ഒരു പ്രദേശമാണെന്നത് സത്യം.

മലയാളഭാഷ ലോകം മുഴുവനും വേര് പടര്‍ത്തിക്കഴിഞ്ഞു എന്നു ഘോഷിക്കുന്നതില്‍ വലിയ അര്‍ഥമില്ല. കാരണം ഏതു മറുനാട്ടിലും വിദേശത്തും അധിനിവേശത്തിനെത്തിയ മലയാളിയുടെ ആദ്യ തലമുറ മാത്രമാണ് മലയാളത്തെ പുണരുന്നത്. തുടര്‍ തലമുറ അതതു നാടിന്റെ ഭാഷ തനതാക്കുന്നു. മറുനാടന്‍ മലയാളികളെല്ലാംതന്നെ സഫലമായെഴുതുന്നത് ഇംഗ്ളീഷിലാണെന്നും ഓര്‍ക്കുക.

അങ്ങനെ വരുമ്പോള്‍ കേരളത്തില്‍ മലയാള ഭാഷയ്ക്ക് ചില പ്രത്യേക ദൌത്യമുണ്ട്. അത് മാതൃഭാഷയുടെ ദൌത്യമാണ്. എന്താണത്? വ്യാപകമായ ഗ്രന്ഥശാല ശൃംഖല നമ്മുടെ അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ്. ഇന്ത്യയിലെ മറ്റൊരു പ്രാദേശികഭാഷയ്ക്കും ഇതവകാശപ്പെടാനാവില്ല. അത്ഭുതകരമായിരിക്കുന്നത് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്, ഒരു കൊളോണിയല്‍ ഭാഷയെ ജനം വിദ്യാഭ്യാസത്തിനു മുറുകെപ്പിടിച്ചിരിക്കുന്ന സംസ്ഥാനത്തിലാണ് എന്നതാണ്.

എന്തുകൊണ്ട് മലയാളിക്ക് തമിഴനെപ്പോലെ മാതൃഭാഷയോട് പ്രതിപത്തിയില്ല എന്നത് വിദ്യാഭ്യാസത്തിന്റെ പൊതുസംഘാടകര്‍ ചിന്തിക്കേണ്ടതുണ്ട്. നമുക്കൊരു മാതൃഭാഷാ സര്‍വകലാശാലയില്ല. സംസ്കൃതത്തിനുവേണ്ടി ആരംഭിച്ച സര്‍വകലാശാലയില്‍പ്പോലും സംസ്കൃതവിദ്യാഭ്യാസം മറ്റു വിജ്ഞാനശാഖകള്‍ക്കു സമമായോ കീഴപ്പെട്ടോ കഴിഞ്ഞുകൂടുന്നു. ഭാഷ ഭാഷയ്ക്കു വേണ്ടിയല്ല. അതൊരു വ്യവഹാര മാര്‍ഗമാണെന്നും സംസ്കാരികത്തനിമയാണെന്നും ഇത് വെളിപ്പെടുത്തുന്നു.

മലയാളത്തിനുവേണ്ടി നിജപ്പെടുത്തുന്ന ഒരു സര്‍വകലാശാലയുടെ പ്രവര്‍ത്തനം എല്ലാ വിജ്ഞാനശാഖകളേയും മാതൃഭാഷാ മാധ്യമത്തിലാക്കണം എന്ന തീരുമാനം എടുക്കേണ്ടിവരും. എന്‍ വി കൃഷ്ണവാര്യരുടെ നേതൃത്വത്തില്‍ രൂപം പൂണ്ട് ആരംഭിച്ച ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് അതിന്റെ പ്രാരംഭമായി വിജ്ഞാനഗ്രന്ഥങ്ങള്‍ പല വിഭാഗത്തിലും ഉല്പാദിപ്പിക്കുകയോ ശില്പശാലകള്‍ വഴി തര്‍ജമ ചെയ്യുകയോ ഉണ്ടായി. ഇതു സഫലമായി മുന്നോട്ടു പോയില്ല. പോകാന്‍ അനുവദിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം.

ഭാഷാപോഷണത്തിന്റെ പേരില്‍ നടന്ന സംരംഭങ്ങളെല്ലാം തന്നെ, ഇങ്ങനെ പെട്ടെന്ന് വഴികളുടെ ചരമബിന്ദുവില്‍ച്ചെന്നു മുട്ടി നില്‍ക്കുന്നതു കാണാം.

ഭാഷ എന്നാല്‍ വിദ്യാഭ്യാസത്തിന്റെ ഔപചാരിക തലങ്ങളില്‍ മാത്രം വര്‍ത്തിക്കുന്ന ഒന്നല്ല. അതാരംഭിക്കുന്നത് നിത്യജീവിത വ്യവഹാരത്തിലാണ്. അതിനാല്‍ നിത്യജീവിതത്തിന്റെ ബൃഹത് മണ്ഡലമായ സമൂഹത്തിന്റെ വ്യവഹാരങ്ങളില്‍ ഭാഷ അടിസ്ഥാനപരമായ പങ്ക് വഹിക്കുന്നു. ഈ പങ്ക് അതത് കാലത്ത് അതതു സമൂഹത്തിലുണ്ടാക്കുന്ന സാംസ്കാരിക നിലവാരത്തെ കാര്യമായി ബാധിക്കുന്നു. ഒരു ഭാഷ ദുഷിക്കുന്നു എന്നത് സൂചിപ്പിക്കുന്നത് അത് കൈകാര്യം ചെയ്യുന്ന സമൂഹത്തിന്റെ സംസ്കാരത്തെ മലിനപ്പെടുത്തുന്നു എന്നു തന്നെയാണ്.

കേരളീയസംസ്കാരം ദുഷിക്കുന്നു എന്നു നാം സങ്കടപ്പെടുമ്പോള്‍ നമ്മുടെ ഇടയില്‍ കുടുംബബന്ധങ്ങളിലും വ്യക്തിസൌഹൃദങ്ങളിലും സമൂഹക്കൂട്ടായ്മയിലും ദുഷിപ്പ് കടന്നുകൂടി എന്നര്‍ഥം.

എന്താണ് ഈ ദുഷിപ്പ്. മനുഷ്യനില്‍ മനുഷ്യത്വം ഇല്ലാതാവുന്നു. സമസൃഷ്ടിസ്നേഹം കുറയുന്നു. പിറന്ന മണ്ണിനോടും ഭൂമിയോടും പ്രകൃതിയോടുമുള്ള നാഭീനാളബന്ധം നഷ്ടപ്പെടുന്നു. ആത്യന്തികമായി ജീവിതം ജീവിക്കാന്‍ വേണ്ടിയുള്ള ഒരു മത്സരക്കൂട്ടയോട്ടം ആയിത്തീരുന്നു. ഈ ഓട്ടത്തില്‍ വൃദ്ധര്‍, വികലാംഗര്‍, രോഗികള്‍, മറുനാട്ടുകാര്‍ എന്നിവരെല്ലാം പിന്തള്ളപ്പെടുന്നു. ഉള്ളവരും ഇല്ലാത്തവരും തമ്മില്‍ വിഭജിക്കപ്പെടുമ്പോള്‍ ഗോത്ര, ജാതി, മത, വര്‍ണവ്യത്യാസങ്ങളെല്ലാം വിസ്മരിക്കപ്പെടുന്നു. പണമാണ് ചക്രവര്‍ത്തി. അതില്ലാത്തവര്‍ നിസ്വര്‍. തൃഷ്ണ വര്‍ധിപ്പിക്കാന്‍ പുതിയ ഇനം സുഖഭോഗവസ്തുക്കള്‍ ഉല്പാദിപ്പിക്കപ്പെടും. ഒന്നുകൊണ്ടും തൃപ്തി നേടാനാകാതെ സമൂഹം നിരന്തരം അസ്വസ്ഥമാകും. എല്ലാ ബന്ധങ്ങളുടേയും പിരിമുറുകും. ലോകജീവിതം പലതരത്തില്‍ ശിഥിലമാകും.

ആഗോളവത്കരണകാലത്ത് ദേശീയത ചോദ്യം ചെയ്യപ്പെടും. അവകാശികള്‍ പലതരത്തില്‍ അവതരിക്കും. ഉദാഹരണത്തിന് ലോകത്തിലെ മഹാനദികളും പര്‍വതങ്ങളും പൌരാണിക ഈടുവയ്പ്പുകളും ആരുടേയും കുത്തകയല്ലെന്ന വാദം ഉയരും. അതിന്റെ തുടക്കത്തിലാണ് അമേരിക്ക ലോക പൊലീസ് ആവാന്‍ തുടങ്ങിയതും വിവിധ രാജ്യപ്രതിനിധികള്‍ മാര്‍ക്കറ്റ് തേടി ലോക നഗരങ്ങളിലും വനങ്ങളിലും മരുഭൂമികളില്‍പ്പോലും പല തരം പര്യവേഷണങ്ങള്‍ നടത്താന്‍ തുടങ്ങിയതും. സമുദ്രാന്തര ഗവേഷണങ്ങളും പുറംകടല്‍ മത്സ്യബന്ധനവും ഇങ്ങനെ സംഭവിക്കുന്നു.

ഈ പശ്ചാത്തലത്തില്‍ മാത്രമേ നമുക്ക് കേരളഭാഷ, സംസ്കാരങ്ങളുടെ പുരോഗതിയെക്കുറിച്ച് ചിന്തിക്കാനാവൂ. എന്താണ് വികസനം എന്നതിനെപ്പറ്റി ഒരു പുനരാലോചന നടത്താനാവൂ. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ മലയാളഭാഷ പുരോഗമിച്ചു എന്നു പറയാനാവുമോ? അച്ചടിക്കപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണം എത്രയോ മടങ്ങ് വര്‍ധിച്ച മാര്‍ക്കറ്റില്‍ പുസ്തകങ്ങള്‍ പലവിധം ലഭ്യമാകുന്നു. അതിനുവേണ്ടി വിപണിയില്‍ മറ്റേതുല്പന്നങ്ങളും പോലെ പുസ്തകങ്ങളും ആനുകാലികങ്ങളും പെരുകുന്നു. കേരളത്തില്‍ ഇന്നത്തെ വിപണി സമ്പന്നമായിരിക്കുന്നത് കാറുകള്‍, മണ്ണ്, മണല്‍, കെട്ടിടനിര്‍മാണസാമഗ്രികള്‍, കെട്ടിടങ്ങള്‍, പുസ്തകങ്ങള്‍, മരുന്നുഷാപ്പുകള്‍, ടെക്സ്റൈല്‍, പൊന്ന്, ഇരുമ്പ് എന്നിവയാലാണ്.

അടിസ്ഥാനവികാസം സാധാരണക്കാരന്റെ ജീവിതത്തില്‍ എത്രകണ്ട് ലഭ്യമാകുന്നു എന്നതാണ് ജനപ്രധാനമായ ഒരു രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തില്‍ പ്രധാനം. ഭൂമിക്ക് വില കൂടുന്തോറും ഇന്ത്യയില്‍ മുഴുവനും ഗ്രാമ-കാര്‍ഷിക പ്രദേശങ്ങളെ ഭൂമാഫിയ കൈവശപ്പെടുത്തുകയും ഈ ദേശങ്ങളില്‍നിന്ന് പുറന്തള്ളപ്പെടുന്ന വമ്പിച്ച ജനവിഭാഗം കൂടുതല്‍ നിരാശ്രയരാകുകയും അവരില്‍ ഭൂരിഭാഗവും സര്‍ക്കാരിന്റെ ദാക്ഷിണ്യത്തിലേയ്ക്ക് എറിയപ്പെടുകയും ചെയ്യുന്നു. സാധാരണക്കാരന്‍ അടിസ്ഥാന ആഹാരത്തിനുവേണ്ടി സബ് ഡിസൈഡഡ് വിപണിയെ ആശ്രയിക്കേണ്ടി വരുന്നു. ജോലിചെയ്യേണ്ട, വിലപിടിച്ച അനേകായിരം മണിക്കൂറുകള്‍ അങ്ങനെ റേഷന്‍ കടകള്‍ക്കു മുമ്പില്‍ ക്യൂവില്‍ നില്‍ക്കാന്‍ ചെലവാക്കുന്നു. വിശക്കുന്ന വയറിന്റെ എണ്ണം പെരുകുന്നതിനനുസരിച്ച് നമ്മള്‍ എന്തുത്പാദിപ്പിക്കുന്നു എന്ന ചോദ്യം ഇവിടെയാണാരംഭിക്കുന്നത്. കേരളത്തിലേയ്ക്ക് വരുന്ന ചരക്കുലോറികള്‍ ഒരു ദിവസം പണി മുടക്കുമ്പോള്‍ നമ്മുടെ വിപണിയില്‍ പരിഭ്രമം തിളയ്ക്കുന്നു. ജനം അസ്വസ്ഥരാകുന്നു. ആഹാരത്തിനു ഭേദപ്പെട്ട നിലവാരം കണ്ടെത്തിയ കേരളത്തിലെ മധ്യവര്‍ത്തിവര്‍ഗം പോലും ഈ ഉത്കണ്ഠയ്ക്ക് വിധേയമാകുന്നു. സ്റാര്‍ ഹോട്ടലുകളിലേയ്ക്ക് കപ്പ പ്പുഴുക്കിന് ക്ളാസ് കയറ്റം കിട്ടിയതുകൊണ്ടൊന്നും പരിഹരിക്കപ്പെടാവുന്നതല്ല നമ്മുടെ ഭക്ഷ്യപ്രതിസന്ധി. ഇന്ത്യ മുഴുവനും കാലാവസ്ഥമാറ്റത്തിനു വിധേയമാകുമ്പോള്‍ നമ്മുടെ ഭേദപ്പെട്ടിരുന്ന ഇന്ത്യന്‍ ഭക്ഷ്യോത്പന്ന വിപണിയും തകിടം മറിയുന്നു. നൂറുകോടിയിലധികം വരുന്ന ഇന്ത്യന്‍ വയറും അതിന്റെ ഒരു ഭാഗമായ കേരളത്തിന്റെ വിശപ്പും പ്രതിസന്ധിയിലേയ്ക്കു തന്നെയാണ് നീങ്ങുന്നത്. വികസിത ഗതാഗതവും പെരുകുന്ന വാഹനങ്ങളും ഈ പ്രതിസന്ധിയുടെ അടിത്തറയെ ഉറപ്പിക്കുകയില്ല.

കേരളത്തിന്റെ മണ്ണും ജലവും കുറെയെങ്കിലും ഇന്നും ഭക്ഷ്യോല്പാദനത്തിനു ലഭ്യമാകുന്നു. അല്ലെങ്കില്‍ അതിനുവിധേയമാക്കണം. ഭക്ഷ്യത്തെപ്പറ്റി ഇത്രയും പറയാന്‍ കാരണം, അന്നമുണ്ടെങ്കിലേ അക്ഷരം വിളയൂ എന്നതിനാലാണ്. വിദ്യാരംഗത്തും പാര്‍പ്പിടമേഖലയിലും നാം ഉണ്ടാക്കിയ പുരോഗതി ചീട്ടുകൊട്ടാരം പോലെ തകരാതിരിക്കണമെങ്കില്‍ ആഹാരസുരക്ഷിതത്വം നേടാനുള്ള തൊഴില്‍ വേണ്ടതുപോലെ വികസിക്കണം.

കേരളത്തിലേയ്ക്ക് തൊഴിലും അന്നവും തേടി കൂട്ടത്തോടെ ഓടിയെത്തുന്ന വലിയൊരു തൊഴില്‍ സേനയെ പോറ്റാനുള്ള ആഹാരം നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്. അവര്‍ കൂടെ കൊണ്ടുവരുന്ന ഇന്ത്യന്‍ ഭാഷകള്‍ നമ്മുടെ മാതൃഭാഷയുമായി ചേരുമ്പോള്‍ ഭാഷ സമ്പുഷ്ടമാക്കാനുള്ള സാധ്യത കാണുന്നുണ്ട്. മലയാളഭാഷയുടെ വികാസത്തിനു തടസ്സമായി നിന്ന പ്രധാന ഘടകങ്ങളിലൊന്ന് അതിനു സജീവവും നിരന്തരവുമായ സമ്പര്‍ക്കം മറ്റിന്ത്യന്‍ ഭാഷകളുമായി ഇല്ലാതിരുന്നതാണ്. ഗതാഗതവികസനം ഭാഷാവികസനത്തിനു പ്രോത്സാഹജനകമാണെന്ന് ഇന്ത്യന്‍ റെയില്‍വേ ഒരു നൂറ്റാണ്ടായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അത് തീര്‍ത്തും പരിമിതമാണ്.

ഇവിടെ നമ്മള്‍ വിദ്യാഭ്യാസവും സംസ്കാരവും തമ്മിലുള്ള സംബന്ധത്തെക്കുറിച്ചും ചിന്തിക്കണം. ഉന്നത വിദ്യാഭ്യാസം ഇംഗ്ളീഷിലൂടെ എന്നു തീരുമാനിക്കപ്പെട്ട സ്ഥിതിക്ക് അത് പ്രധാനമാണ്. മാതൃഭാഷയിലൂടെ ആകണമെന്ന് ഒരു ചിന്ത മുന്‍കാലത്ത് മുളച്ചുവന്നതിനെ നാം അപ്പാടെ നിരസിച്ചു. കാരണം വിജ്ഞാനം ഉല്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും മറു നാട്ടിലാണെന്ന, അതും പാശ്ചാത്യരാജ്യങ്ങളിലാണെന്ന ഒരു മുന്‍ധാരണയിലാണ് നാം എത്രയോ കാലമായി എത്തിചേര്‍ന്നിരിക്കുന്നത്. ഇന്ത്യ വിജ്ഞാനോത്പാദനത്തില്‍ പുറകിലായിരുന്നുവെന്നു നമ്മുടെ ശത്രുക്കള്‍പോലും പറയുകയില്ല. എന്നാല്‍ കേരളം വിദ്യാസമ്പന്നരുടെ നാടാണെന്ന് അഭിമാനിക്കുമ്പോഴും അതൊരു പൊങ്ങച്ചം മാത്രമാണെന്നു നാം അംഗീകരിക്കുന്നില്ല. ഇപ്പോള്‍ ഉപരി വിദ്യാഭ്യാസരംഗത്ത് നാം പിന്നിലാണ്.

ഡിഗ്രിയും ഗവേഷണ ബിരുദങ്ങളുമെല്ലാം ഇവിടെ ശൂന്യമായ അളവു പാത്രങ്ങള്‍ പോലെയാണ്. പ്രൊഫഷണല്‍ ബിരുദധാരികളില്‍പോലും മാര്‍ക്ക് വാങ്ങുന്ന യാന്ത്രികതയാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇവര്‍ നമ്മുടെ പൊങ്ങച്ച സംസ്കാരത്തിന്റെ കിരീടത്തിലെ തൂവലുകളാണെന്നു പറയാം. ജീവിതാനുഭവങ്ങളെ നേരിടുന്നതില്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസം നേടിയ കുട്ടികള്‍ പിറകിലാണ്. അതിനാലാണ് പ്രൊഫഷണല്‍ മേഖലയിലെ ആണും പെണ്ണും പലപ്പോഴും കുടുബ ബന്ധങ്ങളില്‍ തോറ്റുപോകുന്നത്. ഉന്നത വിദ്യാഭ്യാസം ഉന്നതമാനുഷികതയെ വളര്‍ത്തുന്നില്ല. നമ്മുടെ പിഎച്ച്ഡി ബിരുദത്തിന്റെ പൊള്ളത്തരമിന്ന് സാധാരണക്കാര്‍ക്കുപോലും തിരിച്ചറിയാവുന്നതാണ്.

ഇവിടെയാണ് മാതൃഭാഷയുടെ പ്രസക്തി. പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ പിറന്നു വീഴുന്നവയില്‍ ഒട്ടുമുക്കാലും വിപണിയില്‍ വിറ്റുപോകുന്നു എന്നത് സത്യം. വായന എത്ര കണ്ടു വളര്‍ന്നു എന്ന് ആലോചിക്കുമ്പോള്‍ പരാജയത്തില്‍ ചെന്നെത്തും. നമ്മുടെ സംസ്കാരത്തിന്റെ ഒരു ചിത്രം പുസ്തകങ്ങള്‍ തരുന്നു. എങ്ങനെ? വായിക്കപ്പെടാതിരിക്കുന്നതില്‍. ഗ്രന്ഥങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടുന്ന വായനശാലകളും ഗ്രന്ഥശാലകളും വായനക്കാരെ കാത്തുനില്‍പ്പുണ്ട് ഇന്നും. വൃദ്ധരും കുട്ടികളുമാണ് വായനക്കാര്‍. കുട്ടികളുടെ വായന ഒരു വാഗ്ദാനമാണ്. എന്നാല്‍ അവര്‍ക്ക് വേണ്ടത്ര പുസ്തകങ്ങള്‍ കടയില്‍ ഇല്ല. വൃദ്ധരുടെ വായന ഒരു പരിമിതിയാണ്. വായിക്കാത്ത ഒരു യുവജനതയാണ് ഇന്ന് കേരളത്തിലുള്ളത്. എഴുതുന്നത് അധികവും യുവാക്കളാണ്. എന്നാല്‍ അവര്‍ വായിക്കുന്നവരല്ല. വായന ആവശ്യമില്ലെന്നും എഴുതുന്നവര്‍ തന്നെ പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു കാലം! ഒരു നാട്! ഇതും നമ്മുടെ സംസ്കാരത്തിന്റെ വൈചിത്യ്രമാണ്.

സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ മീഡിയം മാതൃഭാഷയിലാക്കാത്തതിന്റെ ഫലം പ്രതിഫലിക്കുന്നത് നമ്മുടെ ഗവേഷണരംഗത്താണെന്നു പറയുമ്പോള്‍ അത്ഭുതം തോന്നാം. സത്യത്തില്‍ അതങ്ങനെയാണ്. ഒരു കാലത്ത് ഇന്ത്യയില്‍നിന്ന് ഗണിതത്തിലും സയന്‍സിലും ഭാഷാശാസ്ത്രത്തിലും അതിവിദഗ്ധരായ യുവാക്കളെ തങ്ങളുടെ ഗവേഷണാലയങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നു ലഭിച്ചിരുന്നു എന്ന് അമേരിക്കന്‍-യൂറോപ്യന്‍ സര്‍വകലാശാലകള്‍ പറയുന്നു. അങ്ങനെ പോയവരെല്ലാം അതതു രാജ്യങ്ങളിലെ പൌരത്വം സ്വീകരിച്ചു. കാരണം ഗവേഷണത്തിന്റെ കവാടങ്ങള്‍ ഇന്ത്യാരാജ്യത്ത് (കേരളത്തിലും) ഇന്നും പാതിയടഞ്ഞും ഇരുട്ടുകേറിയും ഇരിക്കുന്നു. സ്കൂള്‍ കാലത്താണ് കുട്ടികളുടെ ബുദ്ധിയുടെ കവാടങ്ങള്‍ തുറക്കേണ്ടത്. അപ്പോഴവര്‍ ഇംഗ്ളീഷിന്റെ പാതയില്‍ തപ്പിത്തടയുകയാണ്. യഥാര്‍ഥ വിദ്യയുടെ വെളിച്ചം ഏവരുടേയും വഴിയില്‍ വീഴുന്നത് വൈകിയാണ്. ഇത് പുതുതലമുറയുടെ ബൌദ്ധിക വളര്‍ച്ചയേയും പ്രതിഭയേയും സാരമായി ബാധിക്കുന്നുണ്ട്. ഇന്ന് വിദ്യാലയങ്ങളില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ കുറെ പുത്തനാണെങ്കിലും അത് ഫലിപ്പിക്കാനുള്ള സംവിധാനം അപര്യാപ്തമാണ്. ഇന്ത്യയിലെ കുട്ടികള്‍ മികച്ച ബുദ്ധിയും പ്രതിഭയും ഉള്ളവരാണെങ്കിലും അവരോളം മികച്ച പഠന സംവിധാനം നാം ഇനിയും ഉണ്ടാക്കിയിട്ടില്ല. മാതൃഭാഷയുടെ സ്റാറ്റസ് ഉയര്‍ത്തിയാലെ അത് വികസിക്കുകയുള്ളു. അപ്പോഴേ, അതൊരു ജ്ഞാനസമ്പാദന ഉപകരണവും സംസ്കാരപുരോഗതിയുടെ അടിത്തറയും ആവുകയുള്ളു.

ഇന്ത്യയ്ക്ക് ഇന്ത്യയുടെ സാഹിത്യരംഗം വികസിക്കുന്നില്ല. എന്നും മറ്റു നാട്ടിലേയ്ക്ക് പ്രചോദനത്തിനായി ഉറ്റുനോക്കുന്ന എഴുത്തുകാരാണ് ഇവിടെ പാതിയും ഉണ്ടായിരുന്നത്. ഇപ്പോഴും. ഇന്ത്യന്‍ ജീവിതം എന്തുകൊണ്ട് ഇന്ത്യയിലെ യുവ എഴുത്തുകാര്‍ക്ക് പ്രചോദനമാവുന്നില്ല? മേലേക്കിട ലോക സമ്മാനം വാങ്ങുന്ന ചില എഴുത്തുകാര്‍ ഇന്ത്യക്കാരാണ്. അവരാകട്ടെ ഇംഗ്ളീഷില്‍ എഴുതുന്നു. ഇന്ത്യന്‍ ഭാഷകളില്‍ ഇന്ത്യന്‍ ലിറ്ററേച്ചര്‍ പുറത്തുവരുന്നത് എണ്ണത്തില്‍ ധാരാളമുണ്ടെങ്കിലും ഒരു നൊബേല്‍ സമ്മാനം മേടിക്കാന്‍ മഹാകവി ടാഗോറിനുശേഷം ഇവിടെ ഇന്ത്യക്കാരുണ്ടായില്ല. സ്വന്തം ജീവിതം കീറിമുറിച്ച് വിശകലനം ചെയ്യാനും അതിസൂക്ഷ്മമായ തന്തുക്കള്‍ കണ്ടെടുക്കാനും ഇന്ത്യന്‍ ഭാഷയിലെഴുതുന്നവര്‍ക്ക് കഴിയുന്നില്ല. കാരണം അവര്‍ ഇന്ത്യയുടെ വികാരവും ചരിത്രവും ഉള്‍ക്കൊണ്ടതായി മാറി.?

*
പി വത്സല കടപ്പാട്: ദേശാഭിമാനി വാരിക 23 ജനുവരി 2011

09 January, 2011

മാമ്മന്‍ മാത്യുവിനോട് പറയാനുളളത്

(ലോട്ടറി വിവാദം - മറ്റൊരു ചൂതാട്ടം എന്ന പുസ്തകത്തിലെ ഒരധ്യായത്തില്‍ നിന്ന് - 2010 സെപ്തംബര്‍ 18ന് ദേശാഭിമാനി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം ഞങ്ങള്‍ ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു...)

'ധര്‍മ്മോസ്മദ് കുലദൈവതം' എന്ന ആപ്തവാക്യത്തെ 'ധര്‍മ്മത്തെ ഞാന്‍ സദാ കൊല ചെയ്തുകൊണ്ടിരിക്കുന്നു' എന്ന് ഏതോ സരസന്‍ വികെഎന്‍ ശൈലിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. സ്വന്തം തലക്കുറിയുടെ ഈ വ്യാഖ്യാനത്തെ ഒന്നാന്തരം 'ക്വാട്ടബിള്‍ ക്വാട്ടാ'ക്കി വളര്‍ത്തുകയാണ് മലയാള മനോരമ. തമസ്‌കരണം, വളച്ചൊടിക്കല്‍, വക്രീകരണം തുടങ്ങി പ്രചാരവേലയുടെ സകല അടവുകളും പയറ്റുന്നതാണ് ലോട്ടറി വിവാദം സംബന്ധിച്ച മനോരമ വാര്‍ത്തകള്‍.

അന്യസംസ്ഥാന ലോട്ടറി മാഫിയയുടെ നിയമലംഘനത്തെക്കുറിച്ച് ആറു വര്‍ഷത്തോളമായി കേന്ദ്രത്തിന് മുന്നില്‍ കെട്ടിക്കിടക്കുന്ന നിവേദനങ്ങളും ആവശ്യങ്ങളും പരിദേവനങ്ങളും കാണാതെയാണ് മലയാള മനോരമ ലോട്ടറി പരമ്പരയെഴുതിയത്. എ കെ ആന്റണിയുടെ കാലത്ത് ഉദ്യോഗസ്ഥ തലത്തില്‍ അയച്ച റിപ്പോര്‍ട്ടുകള്‍, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി നടത്തിയ ഓര്‍മ്മപ്പെടുത്തലുകള്‍, ഇവയൊന്നും പരമ്പരയെഴുത്തുകാര്‍ അറിഞ്ഞില്ല. നാലാം വകുപ്പ് ലംഘനത്തിനെതിരെ നടപടി സ്വീകരിക്കാനുളള അവകാശം കേന്ദ്രസര്‍ക്കാരിനാണ് എന്നു വ്യക്തമാക്കുന്ന എണ്ണമറ്റ കോടതിയുത്തരവുകള്‍ വായിച്ചു നോക്കാനും കോയമ്പത്തൂര്‍ - സിക്കിം റൂട്ടില്‍ സര്‍ക്കീട്ടിനിറങ്ങിയ മനോരമയിലെ അപസര്‍പ്പകര്‍ ശ്രമിച്ചില്ല. ഇവയൊക്കെ തമസ്‌കരിച്ച് അവര്‍ സംസ്ഥാന സര്‍ക്കാരിനോട് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.

വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കൈയില്‍ കിട്ടി ആഴ്ചകള്‍ക്കകകം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അത് കേന്ദ്രസര്‍ക്കാരിന് അയച്ചിട്ടും ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു എന്ന പച്ചക്കളളം മനോരമ അച്ചടിച്ചുവെച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന ലോട്ടറികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ വിവരം പരമ്പരയിലെങ്ങുമില്ല. അതിനെതിരെ സമര്‍പ്പിക്കപ്പെട്ട കേസില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് സൂചിപ്പിക്കുന്ന ഭാഗങ്ങളുടെ നേര്‍ക്ക് പരമ്പരയെഴുത്തുകാര്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാതിരിക്കുന്നത് ഖേദകരമാണെന്ന് തുറന്നടിക്കുന്ന സര്‍വകക്ഷി സംഘത്തിന്റെ നിവേദനത്തില്‍ ഉമ്മന്‍ചാണ്ടിയും ഒപ്പിട്ടുവെന്ന വസ്തുതയും മനോരമ തമസ്‌കരിച്ചു. യഥാസമയം കോടതിയിലും കേന്ദ്രസര്‍ക്കാരിനു മുന്നിലും ഹാജരാക്കിയ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചുവെന്ന് അച്ചടിക്കാന്‍ ഒരു മനസാക്ഷിക്കുത്തും മനോരമയ്ക്ക് ഉണ്ടായില്ല.

ഓര്‍ഡിനന്‍സ് വിവാദത്തിന്റെ തിരക്കഥ

''ഐസക് പ്രതിരോധത്തില്‍, ലോട്ടറി നികുതി ഓര്‍ഡിനന്‍സ് വെട്ടിയത് വിഎസ്, പാര്‍ട്ടി പിന്തുണച്ചില്ല, വിഎസും'' എന്ന അതിഭയങ്കര വെളിപ്പെടുത്തലുമായാണ് സെപ്തംബര്‍ 4ലെ മനോരമ പുറത്തിറങ്ങിയത്. സാധാരണ നറുക്കിന് ഏഴില്‍ നിന്ന് 25 ലക്ഷമായും ബംബറിന് 17 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമായും നികുതി ഉയര്‍ത്തുന്ന ഓര്‍ഡിനന്‍സിന്റെ ഫയലില്‍ മുഖ്യമന്ത്രി എഴുതിയ ഒരു കുറിപ്പിനെയാണ് മനോരമയിലെ ഭാവനാശാലി ഇങ്ങനെ വളച്ചൊടിച്ചത്. സിപിഐഎം അധികാരത്തിലിരിക്കുമ്പോള്‍ പാര്‍ട്ടി അറിയാതെ ഇത്തരമൊരു ഓര്‍ഡിനന്‍സിനെക്കുറിച്ച് ആലോചന നടക്കുമെന്ന് വിശ്വസിക്കുന്നവരെയാണോ മനോരമ രാഷ്ട്രീയ റിപ്പോര്‍ട്ടിംഗിന് നിയോഗിക്കുന്നത് എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. ഓരോ തവണ നികുതി അടയ്ക്കുമ്പോഴും കൂടുതല്‍ വിശദമായ സ്റ്റേറ്റ്‌മെന്റ് വേണമെന്നും നാലാം വകുപ്പ് ലംഘനമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് നിഷ്‌കര്‍ഷിക്കണമെന്നുമൊക്കെയുളള നിബന്ധനങ്ങള്‍ അടങ്ങുന്നതാണ് ഓര്‍ഡിനന്‍സ്.

നികുതി കൊടുക്കുന്നവര്‍ നാലാംവകുപ്പിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഒരു ഉപവകുപ്പ് കൂടി ചേര്‍ക്കണമെന്ന് ഓര്‍ഡിനന്‍സിനുളള ഫയലില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഫയല്‍ വന്നയുടനെ തന്നെ ഇതംഗീകരിച്ച് ഫയല്‍ നിയമവകുപ്പിന്റെ പരിശോധനയ്ക്ക് മുഖ്യമന്ത്രി വഴി തന്നെ അയയ്ക്കുകയും ചെയ്തു. ഈ നിര്‍ദ്ദേശത്തോടൊന്നും ആര്‍ക്കും ഒരെതിരഭിപ്രായവുമില്ല. മാത്രവുമല്ല നാലാം വകുപ്പ് നിബന്ധനകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ലോട്ടറി എന്നാണ് കേരളത്തിന്റെ നിയമത്തില്‍ പേപ്പര്‍ലോട്ടറിയെ നിര്‍വചിച്ചിരിക്കുന്നത് തന്നെ. വളരെ സ്പഷ്ടമായി നിയമത്തില്‍ എഴുതിയിരിക്കുന്ന കാര്യത്തെക്കുറിച്ച് ഒരു തര്‍ക്കവും ഉണ്ടാകേണ്ട കാര്യമില്ല.

ഒരു വിവാദത്തിനും അടിസ്ഥാനമില്ലാത്ത ഇക്കാര്യം വിവാദമാക്കി മാറ്റിയത് കേരള കൗമുദി കുടുംബത്തിലെ ഫ്‌ളാഷ് എന്ന ഉച്ചപ്പത്രത്തില്‍ ഇക്കഴിഞ്ഞ മൂന്നാം തീയതി പ്രത്യക്ഷപ്പെട്ട വാര്‍ത്തയാണ്. പ്ലാന്റ് ചെയ്യപ്പെട്ട ഈ വാര്‍ത്തയാണ് മനോരമയുടെ തലക്കെട്ടായത്. വിചിത്രമായ വാദങ്ങളാണ് വാര്‍ത്തയിലാകെ. ഓര്‍ഡിനന്‍സ് അതേപടി ഇറങ്ങിയിരുന്നെങ്കില്‍ അന്യസംസ്ഥാന ലോട്ടറിക്കാരില്‍ നിന്ന് നികുതി വാങ്ങേണ്ടി വരുമായിരുന്നത്രേ! മുഖ്യമന്ത്രിയുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ഈ ഗൂഢാലോചന തകര്‍ന്നുപോലും. ഇത്തരം വ്യാഖ്യാനങ്ങള്‍ പത്രത്തിന് നല്‍കുന്നത് ആരാണെന്ന് പത്രാധിപര്‍ അന്വേഷിക്കുന്നത് നന്ന്.

''വി എസ് ചേര്‍ത്ത വകുപ്പ് മുക്കാന്‍ മുമ്പും ശ്രമം. ഭേദഗതി വന്നാല്‍ ഗുണം സര്‍ക്കാര്‍ ലോട്ടറിയ്ക്ക്'' എന്നായി സെപ്തംബര്‍ അഞ്ചിന് മനോരമ. ''സിക്കിം ഭൂട്ടാന്‍ തടയപ്പെടും'' ഇതിന് ടിക്കര്‍ ബോക്‌സില്‍ വിശദീകരണവും.
കേന്ദ്രലോട്ടറി നിയമത്തിന്റെ നാലാം വകുപ്പിന്റെ ലംഘനമുണ്ടായാല്‍ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമില്ലെന്നും അതുകൊണ്ട് കേന്ദ്രം നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി എത്രയോ കത്തുകള്‍ മുഖ്യമന്ത്രി തന്നെ അയച്ചിട്ടുണ്ട്. സര്‍വകക്ഷി നിവേദനത്തിലും ഇക്കാര്യം അടിവരയിട്ട് ആവര്‍ത്തിക്കുന്നുണ്ട്. കണ്‍മുന്നില്‍ കിടക്കുന്ന ഇത്തരം രേഖകളൊക്കെ അവഗണിച്ചാണ് ഈ തിരുമണ്ടന്‍ വ്യാഖ്യാനം മനോരമ ഒന്നാംപേജില്‍ തട്ടിവിട്ടത്.
തങ്ങളുടെ വാര്‍ത്താ വിശകലനങ്ങളും വ്യാഖ്യാനങ്ങളും മണ്ടത്തരങ്ങളാകുന്നതില്‍ പത്രത്തിനോ അതെഴുതുന്ന ലേഖകര്‍ക്കോ നാണക്കേട് തോന്നുന്നില്ലെങ്കിലും ലോട്ടറി നിയമത്തെക്കുറിച്ച് സാമാന്യവിവരമുളളവരെ ലജ്ജിപ്പിക്കുന്നുണ്ട്. നിയമലംഘനത്തിനെതിരെ നടപടിയെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും അവകാശം ഉണ്ടെന്ന് വ്യാഖ്യാനിക്കാവുന്ന പഴുതുപോലും കേന്ദ്രനിയമത്തില്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന പുതിയ കേന്ദ്രലോട്ടറി ചട്ടങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് മനോരമയുടെ ഭാവനാവിലാസങ്ങള്‍. ആ ചട്ടങ്ങളെ കോടതിയില്‍ ചോദ്യം ചെയ്യുന്നത് വലിയൊരു പാതകമാണെന്നാണ് മനോരമയുടെ വ്യാഖ്യാനം.
ഈ ഓര്‍ഡിനന്‍സ് വിവാദ തിരക്കഥയുടെ അടുത്ത അങ്കമെന്തെന്ന് ഇപ്പോഴേ പറഞ്ഞേക്കാം. അന്യസംസ്ഥാന ലോട്ടറി ഏജന്റുമാര്‍ സെക്ഷന്‍ 4 ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് അവരുടെ നികുതി നിരസിച്ചതിനെതിരെ കോടതിയില്‍ കേസ് നിലവിലുണ്ട്. കേസിലെ വിധി സര്‍ക്കാരിന് എതിരായാല്‍, ഓര്‍ഡിനന്‍സ് വൈകിയതുകൊണ്ടാണ് അത്തരമൊരു വിധി വന്നതെന്ന് പ്രചരിപ്പിക്കാനുളള അരങ്ങൊരുക്കലാണ് ഇപ്പോഴത്തെ കഥകള്‍ (അങ്ങനെയൊരു വ്യാഖ്യാനവുമായി മാതൃഭൂമി ഇക്കഴിഞ്ഞ ദിവസം രംഗപ്രവേശം ചെയ്തിട്ടുണ്ട്). നടപടി ക്രമങ്ങള്‍ പാലിച്ച് ഓര്‍ഡിനന്‍സ് പുറത്തിറങ്ങാന്‍ സ്വാഭാവികമായും വേണ്ടി വരുന്ന കാലയളവിനെ, ബോധപൂര്‍വമായ വൈകിക്കലായി വ്യാഖ്യാനിക്കുന്ന തിരക്കഥയും അണിയറയില്‍ തയ്യാറായിട്ടുണ്ട്.

പത്രപ്രവര്‍ത്തനമെന്നാല്‍ ഉപജാപമാണെന്ന് കരുതുന്ന മാധ്യമപ്രവര്‍ത്തകരുടെ ഒരു തലമുറ നമ്മുടെ സംസ്ഥാനത്തുണ്ട്. വരദാചാരിയുടെ തല, കാണാതെ പോയ സെക്രട്ടറിയേറ്റ് ഫയലുകള്‍ തുടങ്ങിയ പച്ചക്കളളങ്ങള്‍ സൃഷ്ടിച്ച് ലാവ്‌ലിന്‍ കേസില്‍ പരമ്പരയെഴുതിയ 'പ്രഗത്ഭമതികള്‍' ഇന്നും മനോരമയിലുമുണ്ട്. പച്ചനുണകള്‍ ബൈലൈന്‍ സഹിതം പ്രസിദ്ധീകരിക്കാനുളള ഉളുപ്പില്ലായ്മ തെളിയിക്കുന്നത് ഒന്നേയുളളൂ, മടങ്ങിവരാനാവാത്ത വിധം, അധപതനത്തിന്റെ പാതാളത്തിലേക്ക് അവര്‍ താണു പോയിരിക്കുന്നു.

മനോരമയുടെ പുതിയ പത്രാധിപരോട്
ആദരണീയനായ ശ്രീ കെ എം മാത്യുവിന്റെ വിയോഗത്തെ തുടര്‍ന്ന് മനോരമയുടെ പത്രാധിപരായി ചുമതലയേറ്റ ശ്രീ മാമ്മാന്‍ മാത്യുവിനോട് ഒരുകാര്യം സൂചിപ്പിക്കട്ടെ.

''പ്രാര്‍ത്ഥനയോടെ പുനരര്‍പ്പണം'' എന്ന തലക്കെട്ടില്‍ ആഗസ്റ്റ് 19ന് പേരുവെച്ച് താങ്കളെഴുതിയ ആദ്യമുഖപ്രസംഗം വളരെ കൗതുകത്തോടെയാണ് ഞാന്‍ വായിച്ചത്. "നേര്‍വഴി കാട്ടണേ"യെന്ന പ്രാര്‍ത്ഥനയോടെയാണ് മുഖ്യപത്രാധിപസ്ഥാനം ഏറ്റെടുക്കുന്നതെന്ന് അതില്‍ താങ്കള്‍ അവകാശപ്പെടുന്നുണ്ട്. "പാവനമായ പത്രധര്‍മ്മത്തിന്റെ അടയാള മുദ്രകളോടൊപ്പം പാരമ്പര്യത്തിന്റെ സുകൃതങ്ങളും നൂറ്റാണ്ടു പിന്നിട്ട മനോരമയുടെ തായ്‌വേരിലുണ്ട്" എന്നുമുണ്ട്, അവകാശവാദം.

പാവനമായ പത്രധര്‍മ്മം പരിപാലിക്കുന്നതിനിടയില്‍ മനോരമയില്‍ നിന്ന് നേരിട്ട ഒരനുഭവം താങ്കളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ,

ലോട്ടറി പരമ്പരയില്‍ മനോരമ എന്നോട് ഒട്ടേറെ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പരമ്പരയുടെ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച പ്രതിപക്ഷ നേതാവിന്റെ ലേഖനത്തിലും ചോദ്യങ്ങളും വളച്ചൊടിക്കലുകളും അസത്യപ്രചരണവും വേണ്ടത്രയുണ്ടായിരുന്നു. ഇവയോട് പ്രതികരിച്ച് ഒരു ലേഖനം ഞാന്‍ മനോരമയ്ക്ക് അയച്ചുകൊടുത്തു. മനോരമയുടെ എഡിറ്റിംഗ് വൈഭവം പിറ്റേന്നു തന്നെ എനിക്ക് ബോധ്യപ്പെട്ടു. മര്‍മ്മപ്രധാനമായ ഉദ്ധരണികളത്രയും വെട്ടിക്കളഞ്ഞാണ് അവര്‍ എന്റെ മറുപടി പ്രസിദ്ധീകരിച്ചത്!

ലോട്ടറി നിയമലംഘനത്തിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി കേന്ദ്രത്തിന് എഴുതിയ രണ്ടു കത്തുകള്‍, കേരളത്തിലെ സര്‍വകക്ഷി നിവേദക സംഘം കേന്ദ്രത്തിന് നല്‍കിയ മെമ്മോറാണ്ടം, കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നല്‍കിയ നിര്‍ദ്ദേശം ഇവയില്‍ നിന്നെക്കെ എടുത്തു ചേര്‍ത്ത ഉദ്ധരണികളാണ് മുറിച്ചു മാറ്റിയത്.

മനോരമയുടെ അപവാദങ്ങളും പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങളും വസ്തുതാവിരുദ്ധ മാണെന്ന് തെളിയിക്കുന്ന ഉദ്ധരണികളായിരുന്നു അവ. എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്ന വസ്തുതകള്‍ക്ക് മേലാണ് താങ്കളുടെ പത്രം കത്രിക പ്രയോഗിച്ചത്. ആരോപണങ്ങള്‍ക്ക്് മറുപടി പറയാനുളള മൗലികാവകാശത്തെയാണ് മനോരമ ഹനിച്ചു കളഞ്ഞത്.

''സമര്‍പ്പിത പ്രയാണത്തില്‍ എനിക്കും എന്റെ സഹോദരങ്ങള്‍ക്കും കരുത്തുപകരാന്‍ മികവുറ്റ ഒരു പ്രൊഫഷണല്‍ ടീമിനെ സജ്ജമാക്കിയാണ് ഞങ്ങളുടെ പിതാവ് യാത്രയായത്'' എന്ന് മുഖപ്രസംഗത്തില്‍ താങ്കള്‍ ആശ്വസിക്കുന്നുണ്ട്. ആ ''പ്രൊഫഷണല്‍ ടീമിന്റെ'' അധാര്‍മ്മിക പ്രവര്‍ത്തനങ്ങളിലേയ്ക്കാണ് ഞാന്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. നിശ്ചയമായും ഏത് മാധ്യമത്തിനും അതിന്റേതായ രാഷ്ട്രീയമുണ്ടാകാം. അത് തുറന്നു പ്രകടിപ്പിക്കരുത് എന്ന് ഒരു ശാഠ്യവും എനിക്കില്ലതാനും. എന്നാല്‍ നിര്‍ലോഭം നുണകളെഴുതിയും വസ്തുതകള്‍ പാടെ തമസ്‌കരിച്ചും നടത്തുന്ന രാഷ്ട്രീയ പ്രചാരവേല, കഴിവല്ല, ദൗര്‍ബല്യമാണ് എന്നെങ്കിലും മാമ്മന്‍ മാത്യു തിരിച്ചറിയണം.
*
ഡോ. ടി. എം. തോമസ് ഐസക്

28 November, 2010

വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.

ആപ്പിള്‍ കമ്പ്യൂട്ടറിന്റെയും പിക്‌സാര്‍ ആനിമേഷന്‍ സ്റ്റുഡിയോവിന്റെയും CEO ആയ സ്റ്റീവ് ജോബ്‌സ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ആദ്യവര്‍ഷവിദ്യാര്‍ത്ഥികളോട് നടത്തിയ പ്രസംഗത്തിന്റെ മലയാളപരിഭാഷ ഇവിടെ. തോല്‍വികള്‍ ഏറ്റുവാങ്ങുന്നവനെ പുച്ഛത്തോടെ കാണുന്ന നമ്മുടെ സമൂഹത്തിന് മുന്നില്‍ ഒരു വലിയ ഉത്തരം ആയി സ്റ്റീവ് ജോബ്‌സിന്റെ ഹൃദയസ്​പര്‍ശിയായ ഈ വാക്കുകള്‍ നില്ക്കുന്നു.

''ലോകത്തിലെ ഏറ്റവും ഗംഭീരമായ ഒരു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ എനിക്ക് സന്ദര്‍ഭമൊരുക്കിയതിലൂടെ നിങ്ങളെന്നെ ആദരിച്ചിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

സത്യം പറഞ്ഞാല്‍ ഒരു കോളേജില്‍ നിന്നും ബിരുദമെടുത്തയാളല്ല ഞാന്‍.

നിങ്ങളോട് എന്റെ ജീവിതവുമായി ബന്ധപ്പെട്ട മൂന്നു കഥകള്‍ ഞാനിപ്പോള്‍ പറയാം. വലിയ കാര്യമൊന്നുമല്ലെങ്കിലും അതില്‍ എന്നിലെ ഞാന്‍ ഉണ്ട്, എന്നെ ഞാനാക്കിയ ഞാന്‍ ഉണ്ട്. അത് ഇവിടെ പറയട്ടെ.

ഞാന്‍ പഠിച്ചിരുന്ന റീഡ് കോളേജിലെ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതില്‍ നിന്ന് ആ കഥ തുടങ്ങുന്നു. എന്തിന് ഉപേക്ഷിച്ചു എന്ന് നിങ്ങളുടെ ഉള്ളിലെ ചോദ്യത്തിന് ഞാന്‍ ജനിക്കുന്നതിന് മുമ്പുള്ള ഒരു കാലമാണ് മറുപടി തരിക. ബിരുദവിദ്യാര്‍ത്ഥിനിയായിരിക്കവെയാണ് എന്റെ അമ്മ ഗര്‍ഭിണിയാവുന്നത്. ആരെങ്കിലും എന്നെ ദത്തെടുക്കുമോ എന്ന് അമ്മ അന്വേഷിച്ചു. കോളേജ് ബിരുദധാരിയായ ആരെങ്കിലും എന്നെ ദത്തെടുക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹവും നിര്‍ബന്ധവും. അമ്മയുടെ അന്വേഷണം സഫലമായി. ഞാന്‍ ജനിക്കും മുന്നേ തന്നെ എന്നെ ദത്തെടുക്കാന്‍ ഒരു അഡ്വക്കേറ്റും ഭാര്യയും തയ്യാറായി. എന്നാല്‍ ഞാന്‍ ഭൂമിയിലേക്ക് കാലനക്കിയപ്പോള്‍ തങ്ങള്‍ക്ക് പെണ്‍കുട്ടിയാണ് വേണ്ടതെന്ന് പറഞ്ഞ് ദത്തെടുക്കുന്നതില്‍ നിന്നും അവര്‍ പിന്മാറി. ദത്തെടുക്കല്‍വെയ്റ്റിങ്ങ് ലിസ്റ്റില്‍ അടുത്ത നമ്പറിലുണ്ടായിരുന്ന ഇപ്പോഴത്തെ എന്റെ മാതാപിതാക്കള്‍ എന്നെ സ്വീകരിച്ചു. എന്നെ ദത്തെടുത്ത പുരുഷന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തീകരിച്ചിട്ടില്ലെന്നും ഭാര്യ കോളേജില്‍ നിന്ന് ബിരുദമെടുത്തിട്ടില്ലെന്നും എന്റെ അമ്മ പിന്നീടാണ് മനസ്സിലാക്കുന്നത്. ഫൈനല്‍ എഗ്രിമെന്റില്‍ ഒപ്പിടാന്‍ അമ്മ തയ്യാറായില്ല. എന്നെ കോളേജിലയയ്ക്കുമെന്ന് ഉറപ്പ് നല്കിയതിന് ശേഷമാണ് അമ്മ ഒപ്പിട്ടതും എന്നെ കൈമാറിയതും.

ഇങ്ങനെ ഞാന്‍ തുടങ്ങുന്നു. പതിനേഴ് വര്‍ഷത്തിന് ശേഷം ഞാന്‍ കോളേജില്‍ പോവുക തന്നെയുണ്ടായി. അത് നിങ്ങള്‍ പഠിക്കുന്ന ഈ സ്റ്റാന്‍ഫോര്‍ഡിലേത് പോലെ ഏറെ ചെലവേറിയതായിരുന്നു. പാവങ്ങളായ എന്റെ മാതാപിതാക്കള്‍ അവരുടെ വരുമാനം മുഴുവനും എന്റെ കോളേജ് വിദ്യാഭ്യാസത്തിനായി ചെലവഴിക്കുകയായിരുന്നു. ആറ് മാസത്തിനകം എനിക്കതിലെ കഥയില്ലായ്മ ബോധ്യമായി. ഈ ജീവിതം കൊണ്ട് എന്താണ് ചെയ്യുകയെന്ന് എനിക്കറിയില്ലായിരുന്നു.കോളേജ് വിദ്യാഭ്യാസം കൃത്യമായ ഒരു വഴി തീര്‍ക്കുമെന്ന് എനിക്ക് തോന്നിയില്ല. അവരുടെ സമ്പാദ്യം മുഴുവന്‍ ഇങ്ങനെ ഇല്ലാതാക്കുന്നതിലും ഭേദം കലാലയജീവിതം ഉപേക്ഷിക്കുകയാണ് നല്ലതെന്ന് എനിക്ക് തോന്നി. സംഘര്‍ഷഭരിതമായിരുന്നെങ്കിലും ഞാന്‍ അങ്ങനെത്തന്നെ ചെയ്തു. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അത് എന്ന് എനിക്ക് മനസ്സിലാകുന്നു.

ഞാന്‍ ഒരു പഴഞ്ചന്‍ കാല്‍പ്പനികനായിരുന്നില്ല. കിടന്നുറങ്ങാന്‍ സ്വന്തമായി ഒരു മുറിയില്ലാത്തത് കാരണം ഞാന്‍ സുഹൃത്തുക്കളുടെ മുറികളില്‍ തറയില്‍ രാത്രിയെ ഉറക്കി. കൊക്കോകോളയുടെ ഒഴിഞ്ഞബോട്ടിലുകള്‍ ശേഖരിച്ച് തിരിച്ചേല്പ്പിച്ചാല്‍ ഒരോന്നിനും കിട്ടുന്ന അഞ്ച് സെന്റ് കൊണ്ട് ആഹാരം കഴിച്ചു. ഞായറാഴ്ച രാത്രികളില്‍ ഹരേ കൃഷ്ണഅമ്പലത്തില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന അന്നദാനത്തിനായി (രുചിപ്രദമായ) ഏഴു നാഴിക നടന്നുപോയി. അത്തരം അലച്ചിലുകള്‍ എനിക്കിഷ്ടമായിരുന്നു. ആ യാത്രകള്‍ക്കിടയില്‍ മനസ്സിലുയരുന്ന ജിജ്ഞാസകളില്‍ നിന്നും ഉള്‍തിളക്കത്തില്‍ നിന്നും ലഭിച്ച പുതിയകാര്യങ്ങള്‍ പിന്നീട് എനിക്ക് ഏറെ കൂട്ട് നിന്നു. ഒരുദാഹരണം പറയട്ടെ, അക്കാലത്ത് റീഡ് കോളേജില്‍ അക്ഷരമെഴുത്ത് പരിശീലിപ്പിക്കുന്ന ഒരു വിഭാഗം (കാലിഗ്രാഫി) ഉണ്ടായിരുന്നു. രാജ്യത്തെത്തന്നെ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന കാലിഗ്രാഫി ഇന്‍സ്റ്റ്യൂട്ടുകളിലൊന്നായിരുന്നൂ അത്. കാമ്പസിലെ മുഴുവന്‍ പോസ്റ്ററുകളും ചുമരെഴുത്തുകളും വാക്കുകളും വരികളും മനോഹരമായി കാലിഗ്രാഫ് ചെയ്യപ്പെട്ടിരുന്നു. എനിക്ക് കോളേജിലെ സാധാരണക്ലാസ്സുകളില്‍ കയറാന്‍ സാധിക്കാത്തത് കൊണ്ട് ആര്‍ക്കും പോകാവുന്ന കാലിഗ്രാഫിക്ലാസ്സില്‍ ഞാന്‍ ചേര്‍ന്നു.സെരീഫും സാന്‍സ് സെരീഫും അക്ഷരങ്ങളെക്കുറിച്ച് വിശദമായി ഞാന്‍ അവിടെ നിന്ന് പഠിച്ചു. വ്യത്യസ്തമായ അക്ഷരങ്ങളുടെ കോമ്പിനേഷനുകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, അതിലെ മനോഹാരിതകള്‍ ഒക്കെ എനിക്ക് അറിയാന്‍ കഴിഞ്ഞു. അവിടെ നിന്ന് അറിഞ്ഞ കാര്യങ്ങള്‍ എനിക്ക് ഏറെ രസകരവും പുതുമയാര്‍ന്നതുമായിരുന്നു. അതിന്റെ അടിസ്ഥാനപരമായ കലാസങ്കേതങ്ങള്‍ ശാസ്ത്രത്തിന് അപരിചിതമായിരുന്നു. കാലിഗ്രാഫി കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാവുമെന്ന് അന്ന് എനിക്ക് തോന്നിയിരുന്നില്ല. എന്നാല്‍ പത്ത് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ മക്കിന്‍ടോഷ് കംപ്യൂട്ടറിന് രൂപകല്‍പന നല്‍കുമ്പോള്‍ അന്ന് പഠിച്ചതൊക്കെ എനിക്ക് ഏറെ പ്രയോജനപ്രദമായി. മക്കിന്‍ടോഷില്‍ ഉപയോഗിച്ച വ്യത്യസ്തതയുള്ള അക്ഷരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കാരണം ആ കാലിഗ്രാഫി ക്ലാസ്സുകളായിരുന്നു. മനോഹരമായി ടൈപ്പോഗ്രാഫി ഉപയോഗിച്ച ആദ്യകമ്പ്യൂട്ടര്‍ ആയിരുന്നു ആപ്പിള്‍. ഞാന്‍ കോളേജ്‌വിദ്യാഭ്യാസം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ കാലിഗ്രാഫി എനിക്ക് കിട്ടുമായിരുന്നില്ല.

ഭാവിയെ നോക്കി ജീവിതത്തിന്റെ ജയപരാജയങ്ങള്‍ നിര്‍വചിക്കാനാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറെക്കാലത്തിന് ശേഷം തിരിഞ്ഞ് നോക്കുമ്പോഴാണ് നമ്മില്‍ തിരിച്ചറിവുകളുണ്ടാവുന്നത്.

ഇനി രണ്ടാമത്തെ കഥ(?) പറയാം. അത് കഥ പ്രണയത്തിന്റേയും നഷ്ടപ്പെടലിന്റേയുമാണ്.

ഞാന്‍ ഏറെ ഭാഗ്യവാനായിരുന്നു. എനിക്കിഷ്ടമുള്ളത് ചെയ്യാന്‍ ചെറുപ്പത്തില്‍ തന്നെ അവസരം ലഭിച്ചു.
ഇരുപത് വയസ്സായിരിക്കുമ്പോഴാണ്, ഞാനും വോസും കൂടി എന്റെ മാതാപിതാക്കളുടെ ഗ്യാരേജില്‍ ആപ്പിള്‍ തുടങ്ങുന്നത്. ഞങ്ങളുടെ കഠിനപരിശ്രമം, പത്ത് വര്‍ഷത്തിനുള്ളില്‍ ആപ്പിള്‍ 20 ലക്ഷം ഡോളറിന്റെ ആസ്തിയുള്ള 4000 ജോലിക്കാരുള്ള ഒരു വമ്പന്‍കമ്പനിയായി വളര്‍ന്നു. ഞങ്ങളുടെ വമ്പന്‍കണ്ടെത്തലായ മക്കിന്‍ടോഷ് പുറത്ത് വന്നത് എനിക്ക് 29 വയസ്സുള്ളപ്പോഴാണ്. ആ നേരം എന്നെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു.
നിങ്ങള്‍ സ്ഥാപിച്ച നിങ്ങളുടെ സ്വന്തം കമ്പനിയില്‍ നിന്ന് നിങ്ങളെ എങ്ങനെയാണ് പുറത്താക്കുക?

ആപ്പിള്‍ വളര്‍ന്നപ്പോള്‍ കമ്പനിയുടെ നടത്തിപ്പിന് എനിക്കൊപ്പം പ്രവൃത്തിക്കാനായി കാര്യക്ഷമനായ ഒരാളെ കൂടി ഞങ്ങള്‍ നിയമിച്ചു. ആദ്യത്തെ വര്‍ഷം പ്രശ്‌നമൊന്നുമുണ്ടായില്ല. എന്നാല്‍ പിന്നീട് ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാവുന്നു. തെറ്റിപ്പിരിയുന്നു. കമ്പനിയിലെ ഡയറക്ടര്‍മാര്‍ അയാളുടെ പക്ഷം ചേര്‍ന്ന് എന്നെ പിരിച്ചു വിടുന്നു.

അങ്ങനെ മുപ്പതാം വയസ്സില്‍ എനിക്കുണ്ടായിരുന്നതെല്ലാം എനിക്ക് നഷ്ടപ്പെട്ടു. ഞാന്‍ ആകെ തകര്‍ന്നുപോയി. എല്ലാത്തില്‍ നിന്നും ഒളിച്ചോടാന്‍ ഞാന്‍ അതിതീവ്രമായി ആഗ്രഹിച്ചു.മുന്‍തലമുറയിലെ വ്യവസായ സംരംഭകര്‍ക്കാകെ ഞാന്‍ അപമാനമുണ്ടാക്കിയെന്ന് എനിക്ക് അപകര്‍ഷത അനുഭവപ്പെട്ടു. മല്‍സരത്തില്‍ നിന്ന് തിരിഞ്ഞോടിയതായി എനിക്ക് തോന്നി. കുറച്ച് കാലത്തേക്ക് എന്ത് ചെയ്യണമെന്ന് എനിക്ക് യാതൊരു പിടിയുമില്ലായിരുന്നു.

പിന്നെപ്പിന്നെ ഇഷ്ടകാര്യങ്ങളിലേക്ക് ഞാന്‍ തിരിച്ചുവന്നു. വീണ്ടും ഒരങ്കത്തിന് ഞാന്‍ എന്നെ മുറുക്കിക്കെട്ടി.
ആപ്പിളില്‍ നിന്നുള്ള പുറത്താകല്‍ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. ഒരു വിജയിയുടെ അഹങ്കാരത്തിന്റെ സ്ഥാനത്ത് തുടക്കക്കാരന്റെ വിനയം കൈ വന്നത് പുതിയ വഴികളിലേക്ക് എന്നെ കൊണ്ട് പോയി.
പിന്നെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ നെക്സ്റ്റ്(Next) എന്ന ഒരു കമ്പനിയും പിക്‌സര്‍ (Pixar) എന്ന മറ്റൊരു കമ്പനിയും തുടങ്ങി. ആ കാലത്ത് ഞാന്‍ ലൗറിനേയില്‍ അനുരക്തനായി. അവളെന്റെ ജീവിതസഖിയായി.

ലോകത്തിലെ ഇദംപ്രഥമമായ കമ്പ്യൂട്ടര്‍ ആനിമേറ്റഡ് ഫിലിം 'ടോയ് സ്‌റ്റോറി' പിക്‌സര്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന ആനിമേഷന്‍ സ്റ്റുഡിയോ ആണത്.

സംഭവങ്ങള്‍ മാറിമറിയുന്നു. 'നെക്സ്റ്റ്' ആപ്പിള്‍ വാങ്ങുന്നു. ഞാന്‍ ആപ്പിളില്‍ തന്നെ തിരിച്ചെത്തുന്നു. നെക്സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ ഇന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണം. ഞാനും ലൗറിനേയും ഇപ്പോള്‍ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു.

ആപ്പിള്‍ എന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല എന്നെനിക്കുറപ്പുണ്ട്. ജീവിതം ചിലപ്പോള്‍ നമ്മുടെ തലയ്ക്കടിക്കുന്നു. ഒരിക്കലും വിശ്വാസം നഷ്ടപ്പെടരുത്. ഞാന്‍ മുന്നോട്ടു പോയത് എനിക്കിഷ്ടമായ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചതു കൊണ്ടാണ്. ഒരാള്‍ക്ക് എന്ത് ചെയ്യുന്നതിലാണ് താല്‍പ്പര്യം എന്ന് കണ്ടെത്തുന്നതിലും അതു ചെയ്യാന്‍ ശ്രമിക്കുന്നതുമാണ് പ്രധാനം.

നാം ചെയ്യുന്ന പ്രവൃത്തിയെ നമ്മുടെ കാമുകിയെപ്പോലെ തീവ്രമായിത്തന്നെ സ്‌നേഹിക്കണം.
നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്താണെന്ന് കണ്ടെത്തും വരെ ശ്രമിക്കുക. അന്വേഷിച്ചുകൊണ്ടിരിക്കുക. കണ്ടെത്തും വരെ അടങ്ങിയിരിക്കരുത്.

എന്റെ മൂന്നാമത്തെ കഥ മരണത്തെക്കുറിച്ചാണ്.

എനിക്ക് പതിനേഴ് വയസ്സുള്ളപ്പോള്‍ ഞാന്‍ ഒരുദ്ധരണി വായിക്കുകയുണ്ടായി. അത് ഏതാണ്ട് ഇതു പോലെയായിരുന്നു. 'ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും.'

കഴിഞ്ഞ 33 വര്‍ഷമായി ദിവസെന കണ്ണാടിയില്‍ നോക്കി ഞാന്‍ ചോദിക്കുന്ന ചോദ്യം ഇതാണ്:'ഇന്ന് എന്റെ ജീവിതത്തിന്റെ അവസാനദിവസമാണെങ്കില്‍ ഇന്ന് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ തന്നെയാണോ ഞാന്‍ ചെയ്യുക?' കുറേ ദിവസം തുടര്‍ച്ചയായി 'അല്ല' എന്ന ഉത്തരമാണ് ലഭിക്കുന്നതെങ്കില്‍ എനിക്ക് ഒരു മാറ്റം ആവശ്യമാണ്. മരണം അടുത്തിരിക്കുന്നു എന്ന ബോധമാണ് പല തിരഞ്ഞെടുപ്പുകളും നടത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത്. കാരണം മരണത്തിന് മുന്നില്‍ നിങ്ങളുടെ ഭയങ്ങളും ജയപരാജയങ്ങളും പ്രതീക്ഷകളും അഭിമാനവുമൊക്കെ അഴിഞ്ഞു വീഴുന്നു. മരണബോധമാണ് നഷ്ടബോധത്തിന്റെ കെണിയില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തുന്നത്, നിങ്ങള്‍ നഗ്‌നനായിക്കഴിഞ്ഞു, നിങ്ങളുടെ ഹൃദയത്തിന്റെ വഴികളെ ഇനി പിന്തുടരാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഒരു കൊല്ലം മുമ്പ് എനിക്ക് അര്‍ബ്ബുദമുണ്ടെന്ന് കണ്ടു പിടിച്ചു. പാന്‍ക്രിയാറ്റിക്ക്ക്യാന്‍സര്‍. പാന്‍ക്രിയാസ് എന്താണെന്ന് എനിക്കറിഞ്ഞ് കൂടായിരുന്നു. അത് ചികിത്സിച്ച് ഭേദപ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. എനിക്ക് ആറുമാസത്തെ ആയുസ്സ് മാത്രമേയുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞു. ഡോക്ടര്‍ എന്നോട് വീട്ടില്‍ പോയി കാര്യങ്ങളൊക്കെ നേരെയാക്കി തിരിച്ചുവരാന്‍ നിര്‍ദ്ദേശിച്ചു. മരണത്തിന് തയ്യാറെടുത്തു കൊള്ളൂ എന്നതിന് പകരമുള്ള ഡോക്ടര്‍മാരുടെ ഭാഷയാണത്. അതിനര്‍ത്ഥം ഭാവിയുടെ വഴിയില്‍ ഭാര്യയോടും മക്കളോടും നിങ്ങള്‍ പറയുവാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പറയുക എന്നാണ്. ഒരു തരത്തിലുള്ള വിടവാങ്ങല്‍ തന്നെ.

ഒരു ദിവസം മുഴുവനിരുന്ന് ഞാന്‍ എന്റെ രോഗവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചു.

വൈകുന്നേരം എന്നെ ബയോപ്‌സിക്ക് കൊണ്ടു പോയി. എന്‍ഡോസ്‌ക്കോപ്പ് തൊണ്ടയിലൂടെ കടത്തി വയറ്റിലൂടെ കുടലിലെത്തിച്ച് ഒരു സൂചി കൊണ്ട് പാന്‍ക്രിയാസിലെ മുഴയില്‍ നിന്നും കുറെ കോശങ്ങള്‍ എടുത്തു. എനിക്ക് ഉറങ്ങാനായി മരുന്ന് തന്നിരുന്നു. ഭാര്യ അടുത്തുണ്ടായിരുന്നു. എന്റെ കോശങ്ങള്‍ മൈക്രോസ്‌കോപ്പിലൂടെ പരിശോധിക്കുകയായിരുന്ന ഡോക്ടര്‍ കരയാന്‍ തുടങ്ങി. ശസ്ത്രക്രിയ കൊണ്ട് ഭേദപ്പെടുത്താവുന്ന അപൂര്‍വ്വതരം ക്യാന്‍സറാണ് അതെന്ന് കണ്ടെത്തിയതിന്റെ സന്തോഷക്കണ്ണീരായിരുന്നൂ അത്. എന്റെ ഓപ്പറേഷന്‍ നടന്നു. ഞാന്‍ രോഗവിമുക്തനായി. മരണം ഏറ്റവും അടുത്ത് വന്ന് നിന്ന സന്ദര്‍ഭമായിരുന്നു അത്. ഇത് പോലെ ഇനി കുറേ വര്‍ഷത്തേക്ക് മരണത്തെ അടുത്തറിയാനിടയില്ലയെന്ന് എനിക്ക് തോന്നുന്നു. അത് അതിജീവിച്ചതുകൊണ്ട് മരണം ജീവിതത്തിന്റെ ഉപയോഗപ്രദവും ബുദ്ധിപരവുമായ സങ്കല്‍പമാണെന്ന് എനിക്ക് നിങ്ങളോട് ഉറപ്പിച്ച് പറയാന്‍ കഴിയും.

ആരും മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും പെട്ടെന്ന് മരിച്ച് അവിടെയെത്താന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാലും മരണം നമ്മുടെ എല്ലാവരുടേയും അന്തിമവിധിയാണ്. അതില്‍ നിന്ന് ആരും രക്ഷപ്പെട്ടിട്ടില്ല,രക്ഷപ്പെടുകയുമില്ല. അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണം. ജീവിതത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാകുന്നൂ മരണം. അത് ജീവിതത്തിലെ മാറ്റത്തെ അടയാളപ്പെടുത്തുന്നു, പഴയത്തിനെ മാറ്റി പുതിയതിന് വഴിയൊരുക്കുന്നു. ഇപ്പോള്‍ പുതിയത് നിങ്ങളാണ്. എന്നാല്‍ കുറച്ച് കാലം കൊണ്ട് തന്നെ നിങ്ങള്‍ പഴയതാവും, പുതിയതിന് വഴിമാറികൊടുക്കേണ്ടി വരും. ഞാന്‍ അല്‍പം നാടകീയമായതില്‍ ഖേദിക്കുന്നു.എന്ന് വെച്ച് അത് സത്യമല്ലാതാകുന്നില്ല.

സമയം കുറച്ചേയുള്ളു. മറ്റുള്ളവരുടെ ജീവിതം ജീവിക്കാതെ സ്വന്തം ജീവിതം നേരായ രീതിയില്‍ ജീവിക്കുക. മറ്റുള്ളവരുടെ ചിന്തയുടെ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിക്കരുത്. അവരുടെ ശബ്ദപ്രളയത്തില്‍ നിങ്ങളുടെ ഉള്ളില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാതെ പോകരുത്.

ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗ് എന്നൊരു പ്രസിദ്ധീകരണമുണ്ടായിരുന്നൂ എന്റെ ചെറുപ്പകാലത്ത്. ഞാനടങ്ങുന്ന ചെറുപ്പത്തിന്റെ ബൈബിളായിരുന്നു അത്. സ്റ്റേവാര്‍ട്ട് ബ്രാന്‍ഡ് എന്നൊരു വലിയ മനുഷ്യന്‍ ജീവിതത്തെ കാവ്യാത്മകമായി അവതരിപ്പിച്ചുകൊണ്ട് മെന്‍ലോ പാര്‍ക്കില്‍ നിന്ന് ഇറക്കിയ പുസ്തകമായിരുന്നൂ അത്. കംപ്യൂട്ടറും ഡെസ്‌ക്ടോപ്പ് പബ്ലിഷിങ്ങും ഒന്നുമില്ലാത്ത 1960-കളുടെ അവസാനം, ടൈപ്പ് റൈറ്ററും കത്രികയും സിസ്സേഴ്‌സും പോളറോയ്ഡ് ക്യാമറയും മാത്രം ഉപയോഗിച്ച് പുറത്തിറക്കിയ കാറ്റലോഗ്. ഗൂഗിളിന്റെ പേരുപോലും കേള്‍ക്കാത്ത കാലത്ത് ഗൂഗിളിനെ പോലെ ചിട്ടയില്‍ ക്രോഡീകരിച്ച് പേപ്പര്‍ബാക്കില്‍ മുപ്പത്തഞ്ച് കൊല്ലം മുമ്പ് പുറത്തിറങ്ങിയിരുന്ന പുസ്തകം.

സ്റ്റേവാര്‍ട്ടും സുഹൃത്തുക്കളും ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ ഒരു പാട് ലക്കങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 1970-ന്റെ പകുതിയോടെ ഞങ്ങളെ വിഷമപ്പെടുത്തി, ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ അവസാന ലക്കമിറങ്ങി. ഞാന്‍ അന്ന് നിങ്ങളുടെ പ്രായമായിരുന്നു. അതിന്റെ പുറംചട്ടയില്‍ പ്രഭാതനേരത്തുള്ള ഒരു നാട്ടിന്‍പുറവഴിയുടെ മനോഹരമായ ചിത്രമാണ് കൊടുത്തിരുന്നത്.
താഴെ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു: വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.

അവസാനിപ്പിക്കുമ്പോള്‍ അവര്‍ക്ക് ഞങ്ങളോട് പറയാനുണ്ടായിരുന്നത് അതായിരുന്നു.

ഞാന്‍ സ്വയം ആഗ്രഹിക്കുന്നതും അതാണ്. പുതിയ കാര്യങ്ങള്‍ ആഗ്രഹിക്കുന്ന നിങ്ങളോടും എനിക്ക് അതേ പറയാനുള്ളു. വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.''


സ്റ്റീവ് ജോബ്‌സ് നടത്തിയ പ്രഭാഷണത്തിന്റെ ഇംഗ്ലീഷ് രൂപം

കടപ്പാട് : മാതൃഭൂമി

08 November, 2010

കന്യാചര്‍മ്മപരിശോധന

തെക്കേ ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ ഒരു ഗോത്രത്തില്‍ വിവാഹം കഴിക്കാന്‍ പുരുഷന്‍ വധുവിന്റെ കുടുംബത്തിനു് പ്രതിഫലം നല്‍കണം. അതു് പത്തോ പതിനൊന്നോ പശുക്കള്‍ വരെ ആവാം. വധുവിന്റെ വില വര്‍ദ്ധിപ്പിക്കുന്ന ഒരു പ്രധാനഘടകമാണു് അവളുടെ കന്യകാത്വം. കന്യകാത്വത്തിന്റെ വ്യക്തമായ ഒരു തെളിവു് ഊനം തട്ടാത്ത കന്യാചര്‍മ്മമാണെന്നതിനാല്‍ പെണ്‍കുട്ടികള്‍ അവരുടെ കന്യാചര്‍മ്മം പരിശോധിപ്പിച്ചു് സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാന്‍ ശ്രമിക്കുന്നു. ഇത്രയേറെ പശുക്കളെ സമ്പാദിക്കുക എന്നതു് അവരുടെയിടയിലെ ആണൊരുത്തനു് അത്ര എളുപ്പം സാധിക്കാവുന്ന ഒരു കാര്യമല്ല എന്നതിനാല്‍ വിവാഹവും പലപ്പോഴും താമസിച്ചേ നടത്താനാവൂ. അതിനാല്‍ ഒരു പെണ്‍കുട്ടി ‘കന്യകാത്വം-കം-കന്യാചര്‍മ്മ-യഥാസ്ഥാന-ഊനമില്ലായ്മ-സര്‍ട്ടിഫിക്കറ്റ്‌’ വാങ്ങി ട്രങ്കില്‍ സൂക്ഷിച്ചാലും, ഒരുത്തന്‍ ഒരുദശം പശുക്കളുമായി അവളെത്തേടി എത്തുമ്പോഴേക്കും ഏതാനും വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണു് കഴിഞ്ഞിരിക്കാമെന്നതും സാധാരണമാണു്. ഈ കാലഘട്ടത്തില്‍ കന്യാചര്‍മ്മത്തിനു് ഭംഗം സംഭവിച്ചുകൂടെന്നില്ലല്ലോ എന്ന ചോദ്യം അധികപ്രസംഗമാണു്. അധികപ്രസംഗം ആഫ്രിക്കക്കാരുടെ ഇടയില്‍ മര്യാദയല്ലാത്തതിനാല്‍ ഈ ചോദ്യം ആരും ചോദിക്കുന്ന പതിവില്ല. ആ ഒറ്റക്കാരണത്തിന്റെ പേരിലാണു് അവരുടെ ഇടയില്‍ കേരളത്തിലേതുപോലെ hymen restoration surgery എന്നൊരു ഏര്‍പ്പാടു് നിലവിലില്ലാത്തതു്. പരാതിയില്ലാത്തിടത്തു് കോടതി എന്തിനു്? പക്ഷേ, പരാതിയുള്ളിടത്തു് ജഡ്ജി നിഷ്പക്ഷനല്ലെങ്കില്‍ കോടതി ഉള്ളതിനേക്കാള്‍ ഭേദം ഇല്ലാത്തതുതന്നെയാവും! നീതിന്യായവ്യവസ്ഥ നിലനിര്‍ത്താന്‍ ജനങ്ങള്‍ നികുതിപ്പണം നല്‍കി നിയമജ്ഞരെ നിയമിക്കുന്നതു് അനീതി കൊയ്യാനാണെങ്കില്‍ അത്തരം ഒരേര്‍പ്പാടു് അസംബന്ധം എന്നേ വരൂ!

1. കന്യാചര്‍മ്മപരിശോധനക്കായി പെണ്‍കുട്ടികള്‍ ക്യൂ നില്‍ക്കുന്നു.

2. ഇതാണു് ഞങ്ങളുടെ നാട്ടുനടപ്പു്. എന്തിനു് എതിര്‍ക്കണം എന്നറിയില്ല. ഗോത്രത്തിന്റെ ചിട്ടകളെ എതിര്‍ക്കാന്‍ ഞങ്ങളാരു്?

3. കന്യാചര്‍മ്മ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ഒരു തെളിവാണു് നെറ്റിയിലെ വെളുത്ത അടയാളം.

4. ‘കന്യകാത്വം-കം-കന്യാചര്‍മ്മ-യഥാസ്ഥാന-ഊനമില്ലായ്മ-സര്‍ട്ടിഫിക്കറ്റ്‌’! കേരളത്തിലെ മണവാളന്റെ ബിരുദവും മണവാട്ടിയുടെ കുടുംബം നല്‍കേണ്ട സ്ത്രീധനവുമായി ഈ ഏര്‍പ്പാടിനു് സാമാന്യത്തിലധികമായ സാമ്യമുണ്ടു്. ഈ രണ്ടു് ഏര്‍പ്പാടുകളിലും ആണിനെയും പെണ്ണിനെയും സ്ഥാനം മാറ്റി പ്രതിഷ്ഠിക്കണം എന്നേയുള്ളു. രണ്ടു് ബിരുദങ്ങളുടെയും ഫാക്കള്‍ട്ടികള്‍ തമ്മില്‍ അല്ലറ ചില്ലറ വ്യത്യാസമുണ്ടാവാമെങ്കിലും അതത്ര കാര്യമാക്കേണ്ട കാര്യമല്ല. ഏതു് ഫാക്കള്‍ട്ടികളിലൊക്കെയാണു് തങ്ങള്‍ ബിരുദമെടുത്തിരിക്കുന്നതെന്നും, അവയുടെ ഒക്കെ അര്‍ത്ഥമെന്തെന്നും ഇക്കാലത്തു് മഹാപുരോഹിതന്മാര്‍ക്കുപോലും അറിയില്ല. പിന്നെയാണു് കേരളത്തിലെ സാദാ ബിരുദധാരികളും ആഫ്രിക്കയിലെ അക്ഷരാഭ്യാസമില്ലാത്ത മണവാട്ടികളും! കേരളമെന്താ ചോദിക്കാനും പറയാനും ആരുമില്ലാത്ത ബനാന റിപ്പബ്ലിക്കോ?
പശുക്കളുടെ എണ്ണം ഒപ്പിക്കുവാന്‍ പുരുഷന്മാര്‍ പട്ടണങ്ങളില്‍ എന്തെങ്കിലുമൊക്കെ ജോലിക്കു് പോകുന്നു. അവരില്‍ നല്ലൊരു പങ്കു് – എട്ടുപത്തു് പശുക്കളെ കൊടുത്താല്‍ ഭാവിയില്‍ കിട്ടുന്നതു് എന്താണെന്നു് മുന്‍കൂട്ടി അറിയാനാവാം – പലപ്പോഴും താരതമ്യേന പശുക്കളേക്കാള്‍ വിലക്കുറവുള്ള വേശ്യകളെ സമീപിക്കുന്നു. ‘വില തുച്ഛം, മണം മെച്ചം!’ ഒരു തോട്ടി വാങ്ങിയാല്‍ ഒരാന സൗജന്യം എന്നപോലെ ‘പത്തുരൂപ’ മുടക്കി ഏതിനെ എടുത്താലും, സൗജന്യമായി ലഭിക്കുന്ന AIDS-മായി അവന്‍ സ്വന്തം ഗ്രാമത്തിലെത്തി പെണ്ണുകെട്ടുമ്പോള്‍ പശുക്കളെ മാത്രമല്ല, എയ്ഡ്സും അവള്‍ക്കു് നല്‍കുന്നു. അവര്‍ രണ്ടുപേരും ഇഹലോകത്തോടു് വിടപറയുന്നതു് എന്നാണെന്നറിയാന്‍ പിന്നെ ദിവസങ്ങള്‍ എണ്ണിയാല്‍ മതി. ലൈംഗികരോഗങ്ങളെപ്പറ്റി സംസാരിക്കുന്നതു് അതുപോലുള്ള മനുഷ്യരുടെ ഇടയില്‍ റ്റബൂ ആയതിനാല്‍ ഈ പ്രശ്നത്തിന്റെ പരിഹാരവും അത്ര എളുപ്പമായ കാര്യമല്ല.
“പ്രകൃതിയിലുള്ള എല്ലാ വസ്തുക്കള്‍ക്കും ഓരോ നിയമം കര്‍ത്താവ്‌ കൊടുത്തിട്ടുണ്ട്‌.” ആ നിയമം അനുസരിച്ച്‌ ജീവിക്കുമ്പോള്‍ ചിലര്‍ AIDS പിടിച്ചു് ചാവുന്നു. ചിലരെ മനുഷ്യര്‍ ചുമ്മാ തല്ലിക്കൊല്ലുന്നു. ചിലര്‍ തല്ലിക്കൊന്നവരെ സംരക്ഷിക്കാന്‍ നോക്കുന്നു. അവരെ സംരക്ഷിക്കാന്‍ മറ്റുചിലര്‍ “വിധി വിധിയോ വിധി വിധി” എന്നു് വിളിച്ചുകൂവിക്കൊണ്ടു് കൊടിയോ, വടിയോ, കാവടിയോ, കൊട്ടുവടിയോ അല്ലെങ്കില്‍ കയ്യില്‍ കിട്ടുന്നതും, എടുത്താല്‍ പൊങ്ങുന്നതുമായ മറ്റേതെങ്കിലും വീട്ടുപകരണങ്ങളോ വലിച്ചുചുമന്നു് വട്ടത്തിലും നീളത്തിലും ച‍തുരത്തിലും നെട്ടോട്ടം ഓടുന്നു.

സീ കെ ബീ

11 August, 2010

സംഘപരിവാറിന്റെ മുഖം തന്നെയോ

പതിവുപോലെ മുസ്ളിംലീഗ് ദേശീയ നിര്‍വാഹകസമിതിയോഗം ആഗസ്‌ത് ഒന്നിന് യോഗംചേര്‍ന്ന് കേരള, പശ്ചിമബംഗാള്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തുന്ന പ്രമേയം പാസാക്കി പിരിഞ്ഞു. തീവ്രവാദത്തിന്റെ മറപിടിച്ച് മുസ്ളിംസമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കോൺഗ്രസ് നയിക്കുന്ന സംസ്ഥാന ഗവമെന്റുകളെക്കുറിച്ച് ഒരു വിമര്‍ശവും പ്രമേയത്തിലില്ല. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള മത തീവ്രവാദ ശക്തികളെക്കുറിച്ചും പരാമര്‍ശമില്ല.

മുഖ്യമന്ത്രി വി എസ് ജൂലൈ 25ന് ഡല്‍ഹിയില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരായി നടത്തിയ പ്രസ്‌താവനയെ ചൂണ്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് നടത്തുന്ന പ്രചാരണം ഇതിനോടു ചേര്‍ത്തുവായിക്കേണ്ടതാണ്. മുഖ്യമന്ത്രിയും സിപിഐ എമ്മും മുസ്ളിം ന്യൂനപക്ഷത്തിനെതിരാണ് എന്ന പ്രചാരണമാണ് സംഘടിതമായി ലീഗ് നേതാക്കള്‍ നടത്തുന്നത്. തന്റെ പ്രസ്‌താവനയുടെ ഉള്ളടക്കം എന്തായിരുന്നുവെന്ന് 26ന് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചതാണ്. പ്രസ്‌താവന മുസ്ളിങ്ങള്‍ക്കെതിരാണ് എന്ന വ്യാഖ്യാനം ദുരുപദിഷ്‌ടിതമാണ്; എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്‌ഡിപിഐ എന്നീ പേരുകളിലറിയപ്പെടുന്ന വിധ്വംസകപ്രസ്ഥാനങ്ങള്‍ നടത്തുന്ന ക്ളാസുകളെയും പ്രചാരണങ്ങളെയുംകുറിച്ച് ലഭ്യമായ വിവരങ്ങളാണ് സൂചിപ്പിച്ചത്- നിയമസഭയില്‍ മുഖ്യമന്ത്രി ഇങ്ങനെയാണ് വ്യക്തമാക്കിയത്.

അധ്യാപകന്റെ കൈവെട്ടിയ കേസുമായി ബന്ധപ്പെട്ട റെയ്‌ഡില്‍ ജനാധിപത്യസംവിധാനത്തിനു വിരുദ്ധവും ആ സംവിധാനത്തെ നിരാകരിക്കുന്നതുമായ രേഖകള്‍ പിടിച്ചെടുത്തിരുന്നു. ജനാധിപത്യവും ഇസ്ളാമും രണ്ടു വിരുദ്ധ ആദര്‍ശങ്ങളാണ്; ഇന്ത്യയില്‍ ഭൂരിപക്ഷവും അമുസ്ളിങ്ങളാണെന്നും ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് മാനിക്കപ്പെടുകയെന്നും പോപ്പുലര്‍ ഫ്രണ്ട് അതിന്റെ ലഘുലേഖകളിലും സിഡികളിലും വ്യക്തമാക്കുകയാണ്. അതുകൊണ്ട് മുസ്ളിങ്ങള്‍ക്ക് ഭൂരിപക്ഷത്തോടെ വിജയിച്ച് പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ഇന്ത്യക്കകത്ത് ഇസ്ളാമിക ഗവമെന്റിനെ കൊണ്ടുവരാന്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നുമാണ് ഈ പ്രചാരണസാമഗ്രികളിലെ പ്രതിപാദ്യം. അതിനുവേണ്ടി ഇസ്ളാമികമേധാവിത്വത്തിന് സ്വന്തം ജീവരക്തം നല്‍കി ശക്തിപ്പെടുത്തുന്ന കര്‍മോത്സുകരെയാണ് വേണ്ടത് എന്ന നിലയ്‌ക്ക് മുസ്ളിം ചെറുപ്പക്കാരെ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്ന ആശയങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടും അനുബന്ധസംഘടനകളും പ്രചരിപ്പിക്കുന്നത്.

ലഘുലേഖയില്‍ ഇതുമാത്രമല്ല, മുസ്ളിം ജനസംഖ്യ വര്‍ധിപ്പിക്കുന്നതിനുള്ള കര്‍മപരിപാടികളെക്കുറിച്ചും പോപ്പുലര്‍ഫ്രണ്ട് പ്രതിപാദിക്കുന്നുണ്ട്. ഇത് സംഘപരിവാറിന് സഹായകരമാക്കിത്തീര്‍ത്ത പ്രചാരവേലയാണ്. എന്തുകൊണ്ടെന്നാല്‍, ഇത്തരമൊരു പ്രചാരവേല ആദ്യം ജനങ്ങള്‍ക്കിടയില്‍ നടത്തിയത് സംഘപരിവാറിന്റെ ആളുകള്‍ തന്നെയാണ്. രാജ്യത്തെ മുസ്ളിം ന്യൂനപക്ഷം നാളെ ഭൂരിപക്ഷം ആകുമെന്ന ഭീതി പരത്താനാണ് സംഘപരിവാര്‍ ശ്രമിച്ചത്. അധികാരം പിടിച്ചെടുക്കാനുള്ള അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗമായി സംഘപരിവാര്‍ പ്രചരിപ്പിച്ച നുണകളിലൊന്നാണ് ഇന്ത്യയിലെ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും എന്ന പ്രചാരണം. അത് ഹിന്ദുക്കളില്‍ അന്യമതവിരോധം പരത്താനുള്ള ഗൂഢോദ്ദേശ്യത്തോടുകൂടിയാണ്. ഇതേ പ്രചാരണം പോപ്പുലര്‍ ഫ്രണ്ട് ഏറ്റെടുത്തതിന്റെ ഭാഗമായി മുസ്ളിം സമുദായത്തെത്തന്നെ പൊതുസമൂഹം സംശയത്തോടുകൂടി വീക്ഷിക്കുന്ന സ്ഥിതി ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെ പത്രസമ്മേളനത്തില്‍ സംസാരിച്ചത്.

മുസ്ളിം സമുദായത്തോട് സിപിഐ എം കൈക്കൊള്ളുന്ന സമീപനത്തെത്തന്നെ തെറ്റായി വ്യാഖ്യാനിക്കാനുള്ള പരിശ്രമമാണ് ഈ പ്രസ്‌താവനയെ മുന്‍നിര്‍ത്തി ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ജനറല്‍സെക്രട്ടറി കുഞ്ഞാലിക്കുട്ടി നടത്തിയത്. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള ലീഗിലെ നേതാക്കളാണ് മതതീവ്രവാദശക്തികളുടെ സംരക്ഷകര്‍ എന്ന യാഥാര്‍ഥ്യം പൊതുസമൂഹം തിരിച്ചറിഞ്ഞ വേളയിലാണ് ശ്രദ്ധ മറ്റൊരു വിധത്തില്‍ തിരിച്ചുവിടാമോ എന്ന പരിശ്രമം നടത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മലയാള മുഖപത്രം പിറ്റേദിവസം പ്രതിഷേധ പ്രസ്‌താവനകളുടെ കൂട്ടത്തില്‍ കുഞ്ഞാലിക്കുട്ടിയെയും പോപ്പുലര്‍ ഫ്രണ്ടിന്റെ മറ്റു നേതാക്കളുടെയും ചിത്രംവച്ച് ഒന്നാംപേജില്‍ വാര്‍ത്ത കൊടുത്തു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ ഇവരുടെയൊക്കെ ചിത്രം വച്ച് വി എസിന്റെ പ്രസ്‌താവനയ്ക്ക് ദുര്‍വ്യാഖ്യാനങ്ങളുമായി രംഗത്തുവരികയാണ് ആ പത്രം ചെയ്തത്.

മുസ്ളിം ന്യൂനപക്ഷത്തിനുമേല്‍ ശത്രുത വളര്‍ത്താന്‍ സംഘപരിവാര്‍ നടത്തിയ എല്ലാ പരിശ്രമങ്ങളെയും അതിശക്തമായാണ് കമ്യൂണിസ്‌റ്റുകാര്‍ എതിര്‍ത്തിട്ടുള്ളത്. ആര്‍എസ്എസ് നേരത്തെയും പോപ്പുലര്‍ ഫ്രണ്ട് ഇപ്പോഴും നടത്തുന്ന 'മുസ്ളിം ന്യൂനപക്ഷം ഭൂരിപക്ഷമാകുന്ന' വിദ്യയുടെ ഉള്ളുകള്ളി സമൂഹത്തിനുമുന്നില്‍ ആദ്യമായി തുറന്നുകാട്ടിയതും സിപിഐ എം നേതാക്കളാണ്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ സീതാറാം യെച്ചൂരിയുടെ 'കപട ഹിന്ദുത്വം തുറന്നു കാട്ടപ്പെടുന്നു' എന്ന ലേഖനത്തില്‍ ഇന്ത്യയിലെ ആര്‍എസ്എസ്, ബിജെപി, ബജ്രംഗ്ദള്‍ വിഭാഗം നടത്തുന്ന നുണപ്രചാരണങ്ങള്‍ തുറന്നുകാട്ടുന്നു. കാവിക്കുപ്പായക്കാര്‍ പ്രചരിപ്പിക്കുന്ന പന്ത്രണ്ടു നുണകള്‍ക്ക് മറുപടി പറയുകയാണ് യെച്ചൂരി ഈ ലേഖനത്തില്‍.

ഹിന്ദു ജനസംഖ്യയേക്കാള്‍ മുസ്ളിം ജനസംഖ്യ വര്‍ധിക്കുന്നു എന്നത് ഒന്നാന്തരം നുണയാണെന്ന് യെച്ചൂരി വിശദീകരിക്കുന്നു. 1961ലെയും 1981ലെയും സെന്‍സസ് റിപ്പോര്‍ട്ടുകള്‍ ബോധ്യപ്പെടുത്തുന്നത് മറ്റു സമുദായങ്ങളെ അപേക്ഷിച്ച് മുസ്ളിം ജനസംഖ്യയുടെ വര്‍ധനയില്‍ കുറവുണ്ടായി എന്നാണ്. മുസ്ളിം ജനസംഖ്യയുടെ വര്‍ധന 1961നും 81നും ഇടയില്‍ 0.7 ശതമാനം മാത്രമാണ്. അതുകൊണ്ടുതന്നെ കാവിക്കുപ്പായക്കാരുടെ പ്രചാരണം ജുഗുപ്‌സാവഹമാണ് എന്നും അദ്ദേഹം വിലയിരുത്തുകയുണ്ടായി. മുസ്ളിങ്ങള്‍ക്ക് നാലു ഭാര്യമാരുണ്ടെന്നും ഹിന്ദുക്കള്‍ക്ക് ഒന്നുമാത്രമാണുള്ളതെന്നും സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന നുണയ്‌ക്കും അദ്ദേഹം മറുപടി നല്‍കി. ഇന്ത്യാ രാജ്യത്ത് 25 ലക്ഷം മുസ്ളിംസ്‌ത്രീകള്‍ ഭര്‍തൃരഹിതരാണ്. 1961ലെ സെന്‍സസ് അനുസരിച്ച് ബഹുഭാര്യത്വം ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗവിഭാഗങ്ങളിലാണ്. 15-25 ശതമാനം.

1975 ലെ സ്ത്രീപദവി സംബന്ധിച്ച കമീഷന്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് 1941നും 1951നും ഇടയില്‍ മുസ്ളിം ബഹുഭാര്യാവിവാഹങ്ങള്‍ ഹിന്ദുക്കളേക്കാള്‍ 0.09 ശതമാനം കുറവാണെന്നാണ്. റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം പിന്നീടുള്ള കാലയളവുകളിലും ബഹുഭാര്യത്വം ഹിന്ദുക്കളേക്കാള്‍ മുസ്ളിങ്ങളില്‍ കുറവാണെന്നാണ്. കുടുംബാസൂത്രണവും മുസ്ളിങ്ങള്‍ തള്ളിക്കളയുന്നു എന്ന് സംഘപരിവാറിന്റെ സംഘടനകള്‍ പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് നടത്തിയിട്ടുള്ള അഖിലേന്ത്യാ സര്‍വേയില്‍ ഇതു വസ്‌തുതയല്ലെന്ന് ബോധ്യപ്പെടുകയുണ്ടായി. മുസ്ളിങ്ങള്‍ക്കിടയില്‍ കുടുംബാസൂത്രണ പരിപാടികള്‍ വര്‍ധിച്ചുവരുന്നതായാണ് ആ കണക്ക് വ്യക്തമാക്കുന്നത്. ഇങ്ങനെ സംഘപരിവാറിന്റെ നുണക്കഥകളെ പൊളിക്കുന്നതിനുവേണ്ടി തുടക്കംമുതലേ പ്രവര്‍ത്തിക്കുന്ന സിപിഐ എമ്മിനു നേരെയാണ് മുസ്ളിംലീഗ് ഇപ്പോള്‍ പ്രചാരണം അഴിച്ചുവിട്ടിട്ടുള്ളത്.

ഇന്ത്യയിലെ ഭാഷ-മത ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനാണ് ഇടതുപക്ഷം പിന്തുണ കൊടുത്ത യുപിഎ ഗവൺമെന്റ് 2004ല്‍ ജസ്‌റ്റിസ് രംഗനാഥ് മിശ്ര കമീഷനെ നിയോഗിച്ചത്. മത-ഭാഷാ ന്യൂനപക്ഷങ്ങളുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിനും അവരുടെ യഥാര്‍ഥ പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്നതിനുമാണ് ആ കമീഷനെ നിയോഗിച്ചത്. ആ കമീഷന്റെ റിപ്പോര്‍ട്ട് കേന്ദ്രഗവൺമെന്റിനു ലഭ്യമായിട്ട് മാസങ്ങളായി. പക്ഷേ, അതിനൊത്ത നടപടികള്‍ പല സംസ്ഥാന ഗവൺമെന്റുകളും കൈക്കൊണ്ടിട്ടില്ല.

2001ലെ സെന്‍സസ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ജസ്റിസ് രംഗനാഥ് മിശ്ര കമീഷന്‍ നിഗമനത്തിലെത്തിയത്. മുസ്ളിങ്ങള്‍ സാക്ഷരത, വിദ്യാഭ്യാസം, വ്യാവസായികമായ അഭിവൃദ്ധി, സാമ്പത്തികമായ പുരോഗതി എന്നിവ നേടുന്നതില്‍ വളരെയധികം പിന്നോക്കമാണെന്ന് കമീഷന്‍ വിലയിരുത്തി. അതിനു കാരണം, തക്കതായ സാങ്കേതികമികവോ വിദ്യാഭ്യാസമോ അവര്‍ക്കു ലഭിക്കാത്തതാണ്. മുസ്ളിം കേന്ദ്രീകൃതപ്രദേശങ്ങളില്‍ സംരംഭക പ്രോത്സാഹനത്തിനുവേണ്ടിയുള്ള ഒരു പദ്ധതിയും നടപ്പാക്കപ്പെടുന്നില്ല. മുസ്ളിം സമുദായത്തിന്റെ വഖഫ് സ്വത്തുക്കള്‍ യഥാവിധി കൈകാര്യം ചെയ്യാത്തതിന്റെ ഫലമായി അതുവഴിയുള്ള നേട്ടങ്ങളും മുസ്ളിം സമുദായത്തിന് ലഭിക്കുന്നില്ല. നെയ്ത്തു തൊഴിലടക്കമുള്ള കുടില്‍വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ഏറ്റവും പിന്നോക്കനിരയിലുള്ള സാങ്കേതികവിദ്യ കാരണം അയല്‍രാജ്യങ്ങളിലെ കൈത്തൊഴിലുകാര്‍ക്കു കിട്ടുന്ന വരുമാനത്തിന്റെ നാലയലത്തുപോലും എത്താന്‍ കഴിയുന്നില്ല. ഇങ്ങനെ കമീഷന്‍ ഇന്ത്യയിലെ മുസ്ളിം മതന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ പിന്നോക്കാവസ്ഥ പരിഗണിച്ചാണ് സര്‍ക്കാര്‍ ജോലികളിലും മറ്റു പൊതുമേഖലാസ്ഥാപനങ്ങളിലും മുസ്ളിം തുടങ്ങിയ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തത്. അത്തരം ശുപാര്‍ശകളെ പല സംസ്ഥാനങ്ങളും പൂഴ്ത്തിവച്ചു. സിപിഐ എം നയിക്കുന്ന പശ്ചിമബംഗാളിലെ ഇടതുപക്ഷ ഗവൺമെന്റാണ് ചരിത്രത്തിലാദ്യമായി മുസ്ളിം സമുദായത്തില്‍പ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കേരളത്തിന്റെ ഉദാഹരണമെടുത്താല്‍ സാമ്പത്തികമായി ഉയര്‍ന്നവര്‍ മുസ്ളിം സമുദായത്തില്‍ ഉണ്ടെങ്കിലും വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥ നിലനില്‍ക്കുന്നു. ആ പിന്നോക്കാവസ്ഥയെ കൃത്യമായി കണ്ടെത്തുന്നതിനാണ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായുള്ള കമ്മിറ്റിയെ നിയോഗിച്ചത്. രജീന്ദ്ര സച്ചാര്‍ കമീഷന്റെ ശുപാര്‍ശകള്‍ കേരളത്തില്‍ നടപ്പാക്കുന്നതിനെ സംബന്ധിച്ച് വിശദമായി മുസ്ളിം സാമുദായ സംഘടനകളുമായി ചര്‍ച്ച ചെയ്തു. കമ്മിറ്റി നല്‍കിയ ശുപാര്‍ശകളെത്തുടര്‍ന്നാണ് കേരളത്തിലെ എല്‍ഡിഎഫ് ഗവമെന്റ് ഫലപ്രദമായ ചില നടപടികള്‍ കൈക്കൊണ്ടിട്ടുള്ളത്.

അതിന്റെ ഭാഗമായി മുസ്ളിം കേന്ദ്രീകൃത പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഹജ്ജ് ഹൌസ് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മുസ്ളിം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സാധ്യമാക്കാനുള്ള കോച്ചിങ് സെന്ററുകള്‍ ആരംഭിച്ചു. മദ്രസ അധ്യാപകര്‍ അവഗണിക്കപ്പെട്ട വിഭാഗമായിരുന്നു. അവര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും കൊണ്ടുവന്നു. മുസ്ളിം ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യം പരിരക്ഷിക്കുന്നതിനുവേണ്ടി ഒരു ന്യൂനപക്ഷവകുപ്പുതന്നെ കേരളത്തില്‍ രൂപീകരിച്ചതും ഇടതുപക്ഷ ഗവമെന്റിന്റെ കാലത്താണ്. സെക്രട്ടറിയറ്റില്‍ മാത്രമല്ല കലക്ടറേറ്റുകളിലും ന്യൂനപക്ഷപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനം ഇന്നുണ്ട്.

ഇങ്ങനെയെല്ലാം ഇന്ത്യയിലെ മതനിരപേക്ഷതയുടെ രക്ഷകരായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിനെതിരെയാണ് മുസ്ലീം ലീഗുനെപ്പോലെയുള്ള പാർട്ടിയുടെ നേതാക്കൾ അപവാദപ്രചരണം നടത്തുന്നത്. മുസ്ലീം തീവ്രവാദികൾക്ക് സംരക്ഷണം കൊടുക്കുന്ന ലീഗിന്റെ ജനറൽ സെക്രട്ടറിയുടെ നിലപാടുകൾ പൊതുസമൂഹം മനസ്സിലാക്കിയപ്പോഴാണ് ഇത്തരത്തിലുള്ള കൊഞ്ഞനംകുത്തലുകൾ ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.


*****

പി ജയരാജന്‍,

16 June, 2010

സ്വയം കുഴിതോണ്ടുന്ന മുതലാളിത്തം

സ്വര്‍ണ മാനദണ്ഡത്തിന്‍കീഴില്‍ വിവിധ രാജ്യങ്ങളിലെ നാണയങ്ങളുടെ മൂല്യം സ്വര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതായത് ഈ നാണയങ്ങള്‍ തമ്മില്‍ തമ്മിലുള്ള കൈമാറ്റനിരക്ക് നിശ്ചിതമാണ് എന്നാണ് അതിനര്‍ഥം. അതുകൊണ്ട് കൈമാറ്റ നിരക്കിലുണ്ടാകുന്ന മാറ്റങ്ങള്‍, അസ്സല്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്താന്‍ കഴിയില്ല; അതുകാരണം ആഭ്യന്തര തൊഴില്‍ അവസരം വര്‍ധിപ്പിക്കുന്നതിനും ഉപയോഗപ്പെടുത്താന്‍ കഴിയില്ല. അതേ അവസരത്തില്‍ത്തന്നെ, "ഭദ്രമായ ധനകാര്യ വ്യവസ്ഥ'' എന്ന തത്വം നടപ്പാക്കാന്‍ ഗവണ്‍മെന്റുകള്‍ പ്രതിജ്ഞാബദ്ധവുമാണ്. മുപ്പതുകളിലെ മഹാമാന്ദ്യകാലംവരെ നിലനിന്ന ഒരു ബാധ്യതയായിരുന്നു അത്. ബജറ്റുകള്‍ സന്തുലിതമാക്കിത്തീര്‍ക്കാന്‍ അവ നിര്‍ബന്ധിക്കുന്നു എന്നാണ് അതിനര്‍ത്ഥം. ആഭ്യന്തരമായ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ധനപരമായ നടപടികളിലൂടെ സര്‍ക്കാര്‍ ഇടപെടുന്നതിനുള്ള സാധ്യത ഇല്ലാതാക്കുകയാണ് അതിന്റെ ഉദ്ദേശം.

ഉപഭോഗച്ചെലവ് സമ്പദ് വ്യവസ്ഥയിലെ പ്രവര്‍ത്തനനിലവാരത്തെ ആശ്രയിച്ചു നില്‍ക്കുന്നതിനാലും നിക്ഷേപച്ചെലവ് മുതലാളിമാരുടെ "വിശ്വാസത്തിന്റെ അവസ്ഥയെ'' ആശ്രയിച്ചുനില്‍ക്കുന്നതിനാലും പത്തൊമ്പതാം നൂററാണ്ടിന്റെ അവസാന കാലംതൊട്ട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലംവരെയുള്ള കാലഘട്ടത്തിലുടനീളം, ആഭ്യന്തര തൊഴില്‍ അവസരങ്ങള്‍ ബോധപൂര്‍വം വര്‍ധിപ്പിക്കുന്നതിനായി ഏതെങ്കിലും തരത്തിലുള്ള ആഭ്യന്തര സാമ്പത്തിക സംവിധാനങ്ങളെയും മുതലാളിത്തം ഉപയോഗപ്പെടുത്തുകയുണ്ടായില്ല. ജോണ്‍ മെയ്‌നാര്‍ഡ് കെയിന്‍സിന്റെ അഭിപ്രായത്തില്‍, വിദേശവിപണികള്‍ പിടിച്ചടക്കുന്നതിനായി മുതലാളിത്ത ശക്തികള്‍ തമ്മില്‍തമ്മില്‍ മത്സരാധിഷ്ഠിതമായ സമരം നടക്കുന്നതിനുള്ള പ്രധാന കാരണം ഇതായിരുന്നു; അവ തമ്മിലുള്ള യുദ്ധത്തിനും അതായിരുന്നു കാരണം.

എന്നാല്‍ ഇക്കാര്യത്തില്‍ കെയിന്‍സിന് തെറ്റുപറ്റി-അദ്ദേഹത്തിന്റെ സാമ്പത്തിക സിദ്ധാന്തത്തിന്റെ കാര്യത്തിലല്ല, മറിച്ച് അദ്ദേഹത്തിന് ലഭ്യമായ വസ്‌തുതകളുടെ കാര്യത്തില്‍. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലവും ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യകാലവും, മുതലാളിത്ത ചരിത്രത്തില്‍ താരതമ്യേന സമാധാനത്തിന്റെ കാലമായിരുന്നു. അതുകൊണ്ടാണ് വിപണിക്കുവേണ്ടിയുള്ള മത്സരാത്മകമായ സമരം പ്രായേണ ദൃശ്യമാകാതിരുന്നത്. അക്കാലത്തെ ഏറ്റവും പ്രമുഖ മുതലാളിത്ത ശക്തിയായിരുന്ന ബ്രിട്ടന് കൊളോണിയല്‍ വിപണികളില്‍ പ്രവേശിക്കുവാനുള്ള അവസരം ലഭിച്ചിരുന്നതും എതിരാളികളായ മുതലാളിത്ത ശക്തികളെ ബ്രിട്ടന്‍ തങ്ങളുടെ സ്വന്തം വിപണിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നതുമാണ് അതിന് ഇടയാക്കിയത്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ബ്രിട്ടന്‍ പ്രത്യക്ഷമായും മറ്റ് കൊളോണിയല്‍ ശക്തികള്‍ ബ്രിട്ടനിലൂടെ പരോക്ഷമായും കോളണികളിലെ വിപണികളില്‍ പ്രവേശിച്ചിരുന്നു എന്നര്‍ഥം. ഈ കോളണി രാജ്യങ്ങളില്‍ ഇന്ത്യക്ക് പ്രമുഖസ്ഥാനം ഉണ്ടായിരുന്നുതാനും. "സുദീര്‍ഘമായ പത്തൊമ്പതാം നൂറ്റാണ്ടിലെ'' (അതായത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യംതൊട്ട് ഒന്നാംലോക മഹായുദ്ധംവരെ) "സുദീര്‍ഘമായ കുതിപ്പി''നെ നിലനിര്‍ത്തുന്നതില്‍ സുപ്രധാനമായ പങ്ക് വഹിച്ചത്, വിപണി ലഭ്യതയാണ്.

എന്നാല്‍ സാമ്പത്തിക സിദ്ധാന്തത്തിന്റെ കാര്യത്തില്‍ കെയിന്‍സിന്റെ അഭിപ്രായം ശരിയായിരുന്നു. കോളണികളിലെ വിപണി നഷ്‌ടമായതിനെത്തുടര്‍ന്ന് മുതലാളിരാജ്യങ്ങളിലെ ആഭ്യന്തര തൊഴില്‍ അവസര വികസനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ അതുപോലും, "ഭദ്രമായ ഫിനാന്‍സും'' നിശ്ചിത കൈമാറ്റനിരക്കും കാരണം അവതാളത്തിലാകുമായിരുന്നു. അതുകാരണം സാമ്പത്തിക വികസനം തെല്ലിടനിലച്ചാല്‍പോലും തൊഴിലില്ലായ്‌മ വന്‍തോതില്‍ വര്‍ദ്ധിക്കുമായിരുന്നു.

അഗാധഗര്‍ത്തത്തിലേക്ക്

ചരിത്രത്തിലേക്കുള്ള ഈ തിരിഞ്ഞുനോട്ടം, കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് സഹായകമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്തേയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളിലേയും സാമ്പത്തിക പരിത:സ്ഥിതിയോട് സമാനതയുള്ളതാണ് ആനുകാലിക ലോക സമ്പദ് വ്യവസ്ഥ എന്ന അവസ്ഥ വന്നുചേര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് വിരോധാഭാസം. അതോടൊപ്പം രണ്ടു വസ്‌തുതകള്‍കൂടി കൂട്ടിച്ചേര്‍ക്കുകയും വേണം. ഒന്നാമത്, കൊളോണിയല്‍ വിപണികളുടെ സഹായം മുതലാളിത്ത ശക്തികള്‍ക്ക് പഴയപോലെ ഇന്ന് ലഭ്യമല്ല. കോളണികള്‍ നിയമപരമായി ഇല്ലാതായിത്തീരുന്നുവെന്നതു മാത്രമല്ല അതിനുകാരണം; മറിച്ച് അവയ്‌ക്ക് നല്‍കാന്‍ കഴിയുന്ന ആശ്വാസം, ആവശ്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണ് എന്നതാണ്. രണ്ടാമത് സാമ്പത്തിക വികസനത്തിന്റെ കാര്യത്തില്‍ പെട്ടെന്നുണ്ടാവുന്ന നിശ്ചലത (മുതലാളിത്ത ലോകത്തില്‍ അത് അനിവാര്യമായ പ്രതിസന്ധിയാണ്) യഥാര്‍ത്ഥത്തില്‍ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ ഈ പ്രതിസന്ധിയില്‍നിന്നും വളര്‍ന്നുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്‌മയില്‍നിന്നും സ്വയം പുറത്തുകടക്കുന്നതിനുള്ള വഴികളൊന്നും ഇന്ന് മുതലാളിത്തത്തിന്റെ പക്കലില്ലതാനും. ഏറെക്കവിഞ്ഞാല്‍ ഒരു പുതിയ "കുമിള'' ഉയര്‍ന്നുവന്നേക്കാം എന്ന് അവര്‍ക്ക് പ്രത്യാശിക്കാം; എന്നാല്‍ അതും ക്ഷണിക സ്വഭാവത്തോടുകൂടിയതായിരിക്കും.

ഒറ്റനോട്ടത്തില്‍ ഇത് അസാധാരണമായി തോന്നാം. കാരണം ആഭ്യന്തര സമ്പദ് വ്യവസ്ഥയിലെ ചോദനം കൈകാര്യംചെയ്യുന്നതിനായി സര്‍ക്കാര്‍ ഇടപെടണം എന്ന് നിര്‍ദ്ദേശിക്കുന്ന ഒരു പ്രതിസന്ധി പരിഹാരമാര്‍ഗം കെയിന്‍സ്, മുതലാളിത്തത്തിന് കാണിച്ചുകൊടുത്തതായിരുന്നുവല്ലോ. എന്നാല്‍ മുതലാളിത്ത വ്യവസ്ഥയ്‌ക്കുള്ളില്‍ സ്വമേധയാ ഉണ്ടാകുന്ന പ്രതിസന്ധിയുടെ പരിമാണത്തെ കെയിന്‍സ് കുറച്ചു കണ്ടു. വ്യവസ്ഥയ്‌ക്കുള്ളില്‍ സ്വമേധയാ പ്രതിസന്ധി ഉണ്ടാകുന്ന ഈ പ്രവണതയെ പുറത്തുള്ള ഒരു ശക്തിക്കും തടയാന്‍ കഴിയില്ല. അതിനാല്‍ ഇന്നത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, അത് വ്യവസ്ഥയെ കൂടുതല്‍ അഗാധമായ ഗര്‍ത്തത്തിലേക്ക്, ആത്മനാശത്തിലേക്ക്, തള്ളിവിടുന്നു. ഗ്രീസിലും യൂറോപ്പിലെ മറ്റ് തെക്കന്‍ രാജ്യങ്ങളിലും ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്, ഇതിന് തെളിവാണ്.

എന്നാല്‍ ആത്മനാശത്തിലേക്കുള്ള ഈ നീക്കം, വ്യവസ്ഥയുടെ സ്വാഭാവികവും യാന്ത്രികവുമായ തകര്‍ച്ചയിലേക്ക് വഴിവെയ്‌ക്കുകയില്ല എന്ന് വ്യക്തമാണ്. മുതലാളിത്തം തകരുകയില്ല. പ്രവര്‍ത്തനത്തിലൂടെ അതിനെ തൂത്തെറിയേണ്ടതുണ്ട്. അക്കാര്യത്തില്‍ ഇടതുപക്ഷത്തിനും മറ്റ് പുരോഗമനശക്തികള്‍ക്കും ഒരു പ്രമുഖ സ്ഥനം വഹിക്കാനുമുണ്ട്. എന്നാല്‍ ഇതിന് ലോകത്തെ ഇന്നത്തെ സ്ഥിതിയെക്കുറിച്ച്, പ്രത്യേകിച്ചും ലോക സമ്പദ് വ്യവസ്ഥയെക്കുറിച്ച്, വ്യക്തമായ ധാരണ ഉണ്ടാകേണ്ടതുണ്ട്.

കെയിന്‍സ് ആവിഷ്‌ക്കരിച്ച രണ്ട് വ്യവസ്ഥകള്‍ എങ്ങനെയാണ് ഇന്ന് നിറവേറ്റപ്പെടുന്നതെന്ന് നോക്കാം. അതില്‍ ഒന്നാമത്തേത് കൈമാറ്റനിരക്കിനെ സംബന്ധിച്ചതാണ്. ലോക സമ്പദ് വ്യവസ്ഥയിലെ പ്രധാന ശക്തികള്‍ക്കിടയില്‍, കൈമാറ്റനിരക്കിന്റെ കാര്യത്തില്‍ ഇന്ന് ഏറക്കുറെ ഒരു സ്ഥിരതയുണ്ടായിട്ടുണ്ട്-സര്‍ണ്ണ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ നിയമപരമായി ഉണ്ടാക്കപ്പെട്ട ഒരു സ്ഥിരതയല്ല അത്; മറിച്ച് നിരവധി പ്രായോഗിക കാരണങ്ങളാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒരു സ്ഥിരത ഉണ്ടായി വന്നതാണ്. ചൈനയുടെ നേതൃത്വത്തില്‍ "ഉയര്‍ന്നുവരുന്ന വിപണി സമ്പദ് വ്യവസ്ഥകള്‍'' ലോക സമ്പദ് വ്യവസ്ഥയില്‍ വളരെ ഉയര്‍ന്ന മത്സരം കാഴ്‌ചവെയ്‌ക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അതിന് രണ്ട് കാരണങ്ങളുണ്ട്. തൊഴിലാളികളുടെ കരുതല്‍സേന അവിടെ ഉയര്‍ന്ന അളവില്‍ ഉണ്ട് എന്നതിനാല്‍ ഈ രാജ്യങ്ങള്‍ക്ക് കുറഞ്ഞ കൂലിക്ക് ജോലിചെയ്യിക്കാന്‍ കഴിയുന്നു. രണ്ടാമത് ചില പ്രത്യേക മേഖലകളില്‍ അവര്‍ക്ക് ഉയര്‍ന്ന സാങ്കേതികവിദ്യയും കൈവശമുണ്ട്. അതുകൊണ്ട് അവര്‍ക്ക് തൊഴിലാളികളില്‍നിന്ന് ഉയര്‍ന്ന നിരക്കിലുള്ള ഉല്‍പാദനക്ഷമത നേടാന്‍ കഴിയുന്നു.

"ഉയര്‍ന്നുവരുന്ന വിപണി സമ്പദ് വ്യവസ്ഥകളുടെ'' ശക്തമായ മത്സരക്ഷമത കാരണം, മുതലാളിത്ത ലോകത്തിലെ മറ്റു ശക്തികള്‍ക്ക് വിദേശ വ്യാപാരത്തിന്റെ കാര്യത്തില്‍ വളരെ വലിയ അളവിലുള്ള കറന്റ് അക്കൌണ്ട് കമ്മിയാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ഉയര്‍ന്നുവരുന്ന വിപണി സമ്പദ് വ്യവസ്ഥകളുടെ നാണയങ്ങളെ അപേക്ഷിച്ച്, തങ്ങളുടെ നാണയങ്ങള്‍ക്ക് മൂല്യശോഷണം വരുത്താന്‍ പ്രധാന മുതലാളിത്ത രാജ്യങ്ങള്‍ക്ക് കഴിയുകയില്ല. കാരണം ലോകത്തിലെ സമ്പത്തില്‍ വളരെ വലിയ ഭാഗം അവരുടെ കയ്യിലാണ്. തങ്ങളുടെ നാണയങ്ങള്‍ക്ക് മൂല്യശോഷണം വരുത്തിയാല്‍ ലോകത്തിലെ സമ്പന്നരാഷ്‌ട്രങ്ങള്‍ക്ക് വളരെ വലിയ മൂലധന നഷ്‌ടം സംഭവിക്കും. അന്താരാഷ്‌ട്ര ധനമൂലധനത്തിന് അതുമൂലമുണ്ടാകുന്ന തകര്‍ച്ചയെക്കുറിച്ച് പറയേണ്ടതുമില്ലല്ലോ. യഥാര്‍ത്ഥത്തിലുള്ള മൂല്യശോഷണം പോയിട്ട്, മൂല്യശോഷണത്തെക്കുറിച്ചുള്ള ഭയംപോലും മുതലാളിത്ത ഫിനാന്‍സ് ലോകത്തില്‍ കടുത്ത അസ്ഥിരത സൃഷ്‌ടിക്കാന്‍ പര്യാപ്‌തമാണ്.

എന്നുതന്നെയല്ല, ജപ്പാന് (വളരെ വലിയ അളവില്‍ പൊതുകടം ഉണ്ടെങ്കിലും) വേണ്ടത്ര വിദേശ വിനിമയ കരുതല്‍ധനം കൈവശമുണ്ട്. ജര്‍മ്മനിക്കും വലിയ അളവിലുള്ള കറന്റ് അക്കൌണ്ട് മിച്ചമുണ്ട്. അമേരിക്കയുടെ നാണയമാകട്ടെ, സ്വര്‍ണത്തെപ്പോലെതന്നെ വിലപിടിച്ചതാണ് എന്നാണ് പരക്കെ കരുതപ്പെടുന്നത്. അതുകൊണ്ട് ലോകത്തെങ്ങും സ്വത്തു കൈവശംവെയ്‌ക്കുന്നതിനുള്ള വിശ്വസനീയമായ മാധ്യമമായി ഡോളര്‍ ഉപയോഗിക്കപ്പെട്ടുവരുന്നു. (അമേരിക്കയ്‌ക്ക് വളരെ വമ്പിച്ച അളവിലുള്ള കറന്റ് അക്കൌണ്ട് കമ്മിയുണ്ടെന്നത് മറ്റൊരു കാര്യം). അതുകൊണ്ട് അവയുടെ നാണയങ്ങള്‍ക്ക് സ്വമേധയാ മൂല്യശോഷണംവരുത്താനുള്ള സാധ്യതയൊന്നും ഉടനെ ഇല്ല.

ഏറ്റവും ദുര്‍ബലമായ യൂറോ മേഖല

അതുകൊണ്ട്, പ്രായോഗിക ആവശ്യങ്ങള്‍ കണക്കിലെടുത്താല്‍, നിരവധി കാരണങ്ങളാല്‍, നാമിന്ന് നിശ്ചിത വിനിമയ നിരക്കിന്റെ ലോകത്തിലാണ് ജീവിക്കുന്നതെന്ന് കാണാം. എന്നാല്‍ പ്രധാന ലോക സമ്പദ് വ്യവസ്ഥകള്‍ക്കിടയില്‍ യഥാര്‍ഥത്തില്‍ ഒരു നിശ്ചിത വിനിമയനിരക്കിന്റെ വാഴ്‌ച നിലനില്‍ക്കുന്നുണ്ടെങ്കില്‍ത്തന്നെയും, യൂറോമേഖലയ്‌ക്കുള്ളില്‍ നിയമപരമായിത്തന്നെ ഒരു നിശ്ചിത വിനിമയനിരക്കിന്റെ വാഴ്‌ചയും (ഒരൊറ്റ നാണയത്തിന്റെ വാഴ്‌ചതന്നെ) നിലനില്‍ക്കുന്നുണ്ട്. ലോകത്തിലെ പ്രമുഖനാണയങ്ങള്‍ ഉള്‍പ്പെട്ട, ഫലത്തില്‍ നിശ്ചിതമായ വിനിമയനിരക്കിന്റെ വാഴ്‌ച പ്രധാന ആഗോള അസന്തുലിതത്വവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്ന് നാം കണ്ടു. ഉയര്‍ന്നുവരുന്ന വിപണി സമ്പദ് വ്യവസ്ഥകള്‍ (ചൈന പ്രത്യേകിച്ചും) എല്ലാം കൂടിയെടുത്താല്‍, അവയ്‌ക്ക് വമ്പിച്ചതോതിലുള്ള കറന്റ് മിച്ചമാണുള്ളത്. അതേ അവസരത്തില്‍ ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ക്ക് (പ്രത്യേകിച്ചും അമേരിക്കയ്‌ക്ക്) അതിന് ആനുപാതികമായി കറന്റ് കമ്മിയുമുണ്ട്. നിയമപരമായി നിശ്ചിത വിനിമയനിരക്കുള്ള മേഖലയിലെ, അതായത് യൂറോ മേഖലയിലെ, മത്സരക്ഷമത കുറവുള്ള സമ്പദ് വ്യവസ്ഥകളുടെമേല്‍ ഈ അസന്തുലിതത്വം ഉണ്ടാക്കുന്ന ആഘാതം അതീവ തീവ്രമാണ്. യൂറോ മേഖലയില്‍ത്തന്നെ ജര്‍മ്മനി കൂടുതല്‍ ശക്തമായ മത്സരക്ഷമത കാണിക്കുന്നതിനാല്‍ (കാരണം അവിടത്തെ കൂലിവളര്‍ച്ചയുടെ നിരക്ക് താരതമ്യേന വളരെകുറവാണ്) യൂറോ മേഖലയിലെ മത്സരക്ഷമത കുറഞ്ഞ സമ്പദ് വ്യവസ്ഥകളുടെ ദുരിതങ്ങള്‍ വളരെ കൂടുതലാണ്. ലോക മുതലാളിത്ത സമ്പദ് വ്യവസ്ഥയ്‌ക്കുള്ളിലെ ഏറെ ദുര്‍ബലമായ, എളുപ്പത്തില്‍ പരിക്കേല്‍ക്കാവുന്ന മേഖലയാണത്.

ലോക വിപണിയില്‍ അവയുടെ മത്സരക്ഷമത താരതമ്യേന കുറവായതുകൊണ്ട്, മൊത്തം ചോദനത്തില്‍ വീഴ്‌ചയുണ്ടാകുമ്പോള്‍ അതിന്റെ പ്രതിസന്ധി വളരെ കടുത്തതായിരിക്കും. ഒറ്റ നാണയമുള്ള യൂറോ മേഖലയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ അവര്‍ക്ക് അവരുടെ നാണയത്തിന് മൂല്യശോഷണം വരുത്താന്‍ കഴിയില്ല. മാത്രമല്ല ധനപരമായ മാര്‍ഗ്ഗങ്ങളിലൂടെ ചോദനം വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാരിനെ ഉപയോഗപ്പെടുത്താനും അതുവഴി ആഭ്യന്തര പ്രവര്‍ത്തനങ്ങളും തൊഴില്‍ അവസരങ്ങളും വര്‍ധിപ്പിക്കാനും അവര്‍ക്ക് കഴിയുകയില്ല. സര്‍ക്കാരിന്റെ ധനപരമായ ഇടപെടലുകളിലൂടെ ചോദനം വര്‍ധിപ്പിക്കുന്നതുപോയിട്ട്, പ്രതിസന്ധികാരണം തങ്ങളുടെ ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ദുരിതങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനോ അതിനുവേണ്ടി സോഷ്യല്‍ ഡെമോക്രാറ്റിക് ഭരണങ്ങള്‍ ചെയ്യുന്നപോലെ "സാധാരണ നിലയി''ലുള്ള "സുരക്ഷാ'' നടപടികള്‍ കൈക്കൊള്ളുന്നതിനോ അവര്‍ക്ക് കഴിയുകയില്ല. കാരണം ഇത്തരം നടപടികളിലൂടെ ധനക്കമ്മി വര്‍ധിക്കുന്നത് ഫിനാന്‍സ് മൂലധനത്തിന് സ്വീകാര്യമായ മാര്‍ഗമല്ല. (മാസ്‌ട്രിച്ച് കരാറില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള 3 ശതമാനം ധനക്കമ്മി എന്ന പരിധിക്ക് യുക്തമായ വിധത്തില്‍ ഇളവ് അനുവദിക്കാമെന്നുവെച്ചാല്‍പോലും അതിന് കഴിയില്ല). ധനമൂലധനത്തിന്റെ മേധാവിത്വത്തിന്‍കീഴില്‍ ഈ രാജ്യങ്ങളിലെ അധ്വാനിക്കുന്ന ജനങ്ങള്‍ വമ്പിച്ച തൊഴിലില്ലായ്‌മയ്‌ക്കും സാമൂഹ്യ സുരക്ഷാച്ചെലവിലെ വെട്ടിക്കുറവിനും കൂലി വെട്ടിക്കുറവിനും വേതനം വെട്ടിക്കുറവിനും (ഇങ്ങനെയൊക്കെ ചെയ്‌താല്‍ ഈ സമ്പദ് വ്യവസ്ഥകള്‍ മത്സരക്ഷമമായിത്തീരും എന്നാണ് കരുതപ്പെടുന്നത്) പരോക്ഷ നികുതികളുടെ വര്‍ധനയ്‌ക്കും ഇരയായിത്തീരും. വസ്‌തുവിന്മേലുള്ള പ്രത്യേക നികുതികള്‍ അടക്കം സമ്പന്നരുടെമേല്‍ പ്രത്യക്ഷനികുതി ചുമത്തുന്നത്, അവരെ സംബന്ധിച്ചിടത്തോളം തികച്ചും അചിന്ത്യംതന്നെയാണ്. (വസ്‌തുവിന്മേലുള്ള പ്രത്യേക നികുതിയാണ് ഏറ്റവും യോജിച്ച നികുതി രൂപം എന്നാണ് മൈക്കേല്‍ കലേക്കിയുടെ അഭിപ്രായം).

എന്നാല്‍ വികസിത മുതലാളിത്ത ലോകത്തിലെ ദുര്‍ബലവും വേഗത്തില്‍ പരിക്കേല്‍ക്കാവുന്നതുമായ മേഖലയില്‍ (അതായത് തെക്കന്‍ യൂറോപ്പില്‍) ഉയര്‍ന്നുവരുന്ന പ്രതിസന്ധി, ആ മേഖലയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുകയില്ല; അതൊരു യൂറോപ്യന്‍ പ്രതിഭാസമായി മാത്രം ഒതുങ്ങിനില്‍ക്കുകയുമില്ല. യൂറോപ്പ് ഒരൊറ്റ നാണയമേഖലയായതുകൊണ്ട് വിനിമയനിരക്കില്‍ മൂല്യശോഷണം വരുത്താനുള്ള സാധ്യതയും ഇല്ല. "ഭദ്രമായ ധനകാര്യവ്യവസ്ഥ'' ഉപേക്ഷിക്കാനുള്ള സാധ്യതയും ഇല്ല. മുതലാളിത്ത ലോകത്തെ ഇപ്പോള്‍ ബാധിച്ചിട്ടുള്ള, കൂടുതല്‍ വ്യാപിക്കാന്‍ സാധ്യതയുള്ള പ്രശ്‌നത്തിന്റെ ദുസ്സൂചനയാണ് അവരുടെ പ്രതിസന്ധി നല്‍കുന്നത്.

സര്‍ക്കാരിന്റെ ഇടപെടലും ആഗോളവല്‍ക്കൃത ഫിനാന്‍സും

മൊത്തം ചോദനത്തിലുണ്ടായ കുറവ് നികത്തുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ജോണ്‍ മെയ്‌നാര്‍ഡ് കെയിന്‍സ് വാദിച്ചപ്പോള്‍ (അക്കാലത്ത് നിലവിലുണ്ടായിരുന്ന തൊഴിലില്ലായ്‌മയുടെ നിലവാരം ഏറെക്കാലം സഹിക്കാന്‍ ലോകത്തിന് കഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം) വിപണി വ്യവസ്ഥയുടെ പ്രവര്‍ത്തനംമൂലം സ്വകാര്യ പങ്കാളികളുടെ മേല്‍ കെട്ടിയേല്‍പ്പിക്കപ്പെടുന്ന, തടസ്സങ്ങളൊന്നുമില്ലാത്ത, ശരിക്കും പുറത്തുള്ള ഒരു "വസ്‌തു''വാണ് സര്‍ക്കാര്‍ എന്നാണ് അദ്ദേഹം കരുതിയിരുന്നത്. യാന്ത്രിക ഉത്തോലകത്തിന്റെ തത്വം അറിയാമായിരുന്ന ആര്‍ക്കിമെഡിസ് ഇങ്ങനെ പറയുകയുണ്ടായത്രെ: "എനിക്ക് നില്‍ക്കാനൊരു ഇടം തരൂ; എന്നാല്‍ ഞാന്‍ ഭൂമിയെ ഒരു ഉത്തോലകംകൊണ്ട് നീക്കിക്കാണിച്ചുതരാം''. കെയ്ന്‍സിന്റെ സങ്കല്‍പനത്തില്‍ സര്‍ക്കാര്‍ എന്നത്, ആര്‍ക്കിമെഡിസിന്റെ "നില്‍ക്കാനുള്ള ഇടം'' പോലെ എന്തോ ആണ്. അത് മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ പുറത്താണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് സര്‍ക്കാരിന് പോരായ്‌മകളെ തിരുത്താനും അതിനെ തത്വത്തില്‍ സ്ഥായിയാക്കിത്തീര്‍ക്കാനും കഴിയും. ചുരുക്കത്തില്‍ മുതലാളിത്ത വിപണി സമ്പദ് വ്യവസ്ഥയുടെ പുറത്താണ് അത് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.

കെയ്ന്‍സിന്റെ നിലപാടിനെതിരെ ഇടതുപക്ഷത്തുനിന്ന് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ മാതൃകാപരമായി ഊന്നിപ്പറഞ്ഞത്, ഭരണകൂടം എന്നത് സ്വയം ഭരണാധികാരമുള്ള അസ്‌തിത്വമല്ല, അതിന് വര്‍ഗസ്വഭാവമുണ്ട് എന്നാണ്. മുതലാളിത്ത സമ്പദ് വ്യവസ്ഥയെ സ്ഥിരീകരിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ഇടപെടലിന് അത് പരിധി നിശ്ചയിക്കും. (ഉദാഹരണത്തിന് പൂര്‍ണ്ണമായും യഥാര്‍ഥമായും ഉള്ള തൊഴില്‍ എല്ലാവര്‍ക്കും നല്‍കുന്നതിന് അതിന് കഴിയുകയില്ല. കാരണം തൊഴില്‍ സേനയുടെ ഒരു കരുതല്‍ ശേഖരമില്ലാതെ മുതലാളിത്ത സമ്പദ് വ്യവസ്ഥയ്‌ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. അച്ചടക്കം നിലനിര്‍ത്താന്‍ മാത്രം ഉതകുന്ന വിധത്തിലുള്ള കരുതല്‍ ശേഖരമല്ല, മറിച്ച് കൂലി താഴ്ത്തി നിര്‍ത്താന്‍ ഉതകുന്നവിധത്തില്‍ വലിയ അളവിലുള്ള കരുതല്‍ ശേഖരമാണ് വേണ്ടത്). സര്‍ക്കാരിന്റെ ഇടപെടലിന്റെ രീതിയേയും ഈ വര്‍ഗ്ഗ സ്വഭാവം സ്വാധീനിക്കുന്നതാണ്. (ഉദാഹരണത്തിന് സൈനികച്ചെലവ് വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇടപെടും.) ചുരുക്കത്തില്‍ മുതലാളിത്തത്തിന്‍കീഴില്‍ പൂര്‍ണ്ണമായ തൊഴില്‍ കൈവരിക്കാന്‍ കഴിയും എന്ന കെയ്ന്‍സിന്റെ ശുഭാപ്‌തിവിശ്വാസത്തെ വിമര്‍ശിച്ച ഇടതുപക്ഷക്കാര്‍പോലും, മുതലാളിത്ത വിപണി സമ്പദ് വ്യവസ്ഥയ്‌ക്കുപുറത്താണ് ഭരണകൂടം നിലയുറപ്പിച്ചിട്ടുള്ളത്, എല്ലാ വിപണി പങ്കാളികളുടേതില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു നിലപാടാണ് അതിനുള്ളത് എന്ന അദ്ദേഹത്തിന്റെ സങ്കല്‍പനത്തെ ഒരിക്കലും ചോദ്യംചെയ്തിട്ടില്ല.

പക്ഷേ, ധന മൂലധനത്തിന്റെ ആഗോളവല്‍ക്കരണത്തോടുകൂടി, ആ ധാരണകൂടി ഉപേക്ഷിക്കേണ്ടിവന്നു. മുതലാളിത്ത ലോകത്തിന്റെ നേതാവായ അമേരിക്കന്‍ ഐക്യനാടുകളൊഴിച്ച് മറ്റെല്ലാ രാജ്യങ്ങളുടെ കാര്യത്തിലും ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ ഈ ധാരണ ഉപേക്ഷിക്കേണ്ടിവരും എന്ന വസ്‌തുതപോലും അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ അതിനാവശ്യമായ വാദമുഖം താഴെ പറയുന്ന രീതിയിലാണ് മുന്നോട്ടുവെയ്ക്കപ്പെട്ടത്-ആഗോളവല്‍ക്കൃതമായ ധനമൂലധനത്തിന്റെ അഭിലാഷങ്ങള്‍ക്കും ചാപല്യങ്ങള്‍ക്കും എതിരായി ഒരു ദേശരാഷ്‌ട്രം എന്തെങ്കിലും പ്രവര്‍ത്തിക്കുകയാണെങ്കില്‍ ബന്ധപ്പെട്ട ആ രാഷ്‌ട്രത്തിന്റെ സമ്പദ് വ്യവസ്ഥയില്‍നിന്ന് മൂലധനം പുറത്തേക്ക് ഒഴുകിപ്പോകുന്നതിന് അത് കാരണമായിത്തീരും; അതിനാല്‍ ഈ ചാഞ്ചാട്ടങ്ങളുമായി ഒത്തുപോകാന്‍ ആ രാഷ്‌ട്രം നിര്‍ബന്ധിതമായിത്തീരുന്നു. കെയിന്‍സിന്റെ ഇടപെടല്‍വാദത്തെ അത് അസാധ്യമാക്കുന്നു. എന്നാല്‍ കെയ്ന്‍സിന്റെ ധാരണയ്‌ക്കെതിരായ വാദം ഇതിനേക്കാള്‍ ശക്തമാണ്.

രാഷ്‌ട്രത്തിന്റെ പരമാധികാരം നഷ്‌ടപ്പെടുന്നു

ഭരണകൂടവുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വരുമ്പോള്‍ ആ രാജ്യത്തില്‍നിന്ന് മൂലധനവുമായി പലായനം ചെയ്യുന്നതിലൂടെ മാത്രമല്ല ആഗോളവല്‍ക്കൃത ധനമൂലധനത്തിന് കെയ്ന്‍സിന്റെ ശൈലിയിലുള്ള സര്‍ക്കാര്‍ ഇടപെടലിനോട് കലഹിക്കാന്‍ കഴിയുന്നത്. അതിനേക്കാള്‍ മോശമായ കാര്യങ്ങള്‍ ധനമൂലധനത്തിന് ചെയ്യാന്‍ കഴിയും. വായ്‌പ വാങ്ങുന്നതില്‍നിന്ന് സര്‍ക്കാരിനെ തടയാനും അതിന് കഴിയും. രാഷ്‌ട്രത്തിനുള്ളില്‍ നിലനില്‍ക്കുന്ന 'വിശ്വാസ'ത്തെ അട്ടിമറിക്കാനും അതിന് കഴിയും. ക്രഡിറ്റ് റേറ്റിങ് ഏജന്‍സികളെ ഉപയോഗപ്പെടുത്തുക എന്ന ലളിതമായ ഉപായത്തിലൂടെ ഒരു രാഷ്‌ട്രത്തെ വായ്‌പ കൊടുക്കാന്‍ കൊള്ളാത്തതാണെന്ന് വരുത്തിത്തീര്‍ക്കാനും അതിന് കഴിയും. ('സബ്പ്രൈം' പ്രതിസന്ധിയിലൂടെ കുപ്രസിദ്ധമായിത്തീര്‍ന്ന അവ വീണ്ടും ബഹുമാന്യത തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്. പരമാധികാര രാഷ്‌ട്രങ്ങള്‍ എന്നു വിളിക്കാവുന്ന രാജ്യങ്ങളുടെ വിധി നിര്‍ണയിക്കുന്ന സര്‍വ്വശക്തരായ മധ്യസ്ഥന്മാരുടെ നിലയിലേക്ക് അവര്‍ വീണ്ടും തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്). മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 13 ശതമാനം ധനകമ്മിയുള്ള ഗ്രീസിനെ കടംകൊടുക്കാന്‍ കൊള്ളാത്ത രാജ്യമായി പ്രഖ്യാപിച്ചതിലെന്താണ് തെറ്റ് എന്ന് ശുദ്ധാത്മാക്കള്‍ കരുതുന്നുണ്ടാവാം. എന്നാല്‍ 6 ശതമാനം മാത്രം ധനക്കമ്മിയുള്ള എസ്ത്തോണിയക്കും അതേ വിധി വരുന്നതെങ്ങനെ എന്ന് വിശദീകരിക്കാന്‍ അവര്‍ പാടുപെടേണ്ടിവരും.

അതെന്തായാലും, ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ പ്രവര്‍ത്തനത്തിലെ ഔചിത്യമല്ല ഇവിടെ പരാമര്‍ശവിഷയം; ആഗോളവല്‍ക്കൃത ധനമൂലധനത്തിനെതിരായ ധാര്‍മ്മികമായ ആക്രമണവുമല്ല. ലളിതമായി പറഞ്ഞാല്‍ കാര്യം ഇതാണ്: പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ പൂര്‍ണമായും നടപ്പാക്കപ്പെട്ടുകഴിഞ്ഞ ഒരു രാജ്യത്ത്, രാഷ്‌ട്രത്തിന്റെ നിയന്ത്രണമില്ലാത്ത സ്വയംഭരണ സ്ഥാപനമായി കേന്ദ്രബാങ്ക് മാറിത്തീര്‍ന്ന ഒരു രാജ്യത്ത് (അല്ലെങ്കില്‍ ഗ്രീസിന്റെ കാര്യത്തിലെന്നപോലെ കേന്ദ്രബാങ്ക് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനുള്ളിലേക്ക് ചുമ്മാ അപ്രത്യക്ഷമായിത്തീര്‍ന്ന ഒരു രാജ്യത്ത് എന്നും പറയാം), സ്വന്തം ചെലവുകള്‍ നിര്‍വഹിക്കുന്നതിനുവേണ്ടി അന്താരാഷ്‌ട്ര ഫിനാന്‍ഷ്യല്‍ വിപണികളെ ആശ്രയിക്കേണ്ട അവസ്ഥ വന്ന ഒരു രാജ്യത്ത്, അതായത് ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് വിപണി വ്യവസ്ഥയ്‌ക്കുപുറത്ത് നില്‍ക്കുന്ന ഒരു വസ്‌തുവല്ല രാഷ്‌ട്രം എന്നു വന്നിരിക്കുന്നു. മറ്റ് വിപണി പങ്കാളികളില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല അതും എന്ന അവസ്ഥ വന്നിരിക്കുന്നു. രാഷ്‌ട്രം സ്വയം വിപണിയുടെ ഒരു ഭാഗമായി കഴിഞ്ഞതുകൊണ്ട്, വിപണിയുടെ വീഴ്‌ചകള്‍ തിരുത്താനുള്ള ശക്തി സാമൂഹ്യശാസ്‌ത്രപരമായി അതിനില്ല എന്നതോ പോകട്ടെ, സാങ്കല്‍പികമായിപ്പോലും അതിനുണ്ടാവുകയില്ല. പ്രതിസന്ധിയെക്കുറിച്ച് ശാസനാപൂര്‍വ്വം ജല്‍പ്പിക്കുന്ന ഏതൊരു സാധാരണ മുതലാളിത്ത പങ്കാളിക്കും കഴിയുന്നതിനേക്കാള്‍ അധികമൊന്നും വിപണിയുടെ തെറ്റുതിരുത്താന്‍ രാഷ്‌ട്രത്തിനും കഴിയുകയില്ല. കാരണം അത്തരം വിപണി പങ്കാളികളേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന പദവിയൊന്നും രാഷ്‌ട്രത്തിനുമില്ല. രാഷ്‌ട്രം വാങ്ങിച്ച വായ്‌പയെ വേണമെങ്കില്‍ "പരമാധികാരവായ്‌പ'' എന്ന് വിളിക്കാം, എന്നാല്‍ ഒരര്‍ഥത്തിലും അത് "പരമാധികാര രാഷ്‌ട്ര''മല്ല. ഈ യാഥാര്‍ത്ഥ്യം ഇന്ന് ഗ്രീക്കുകാര്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. ചുരുക്കത്തില്‍ ആര്‍ക്കിമീഡിസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ രാഷ്‌ട്രത്തിന് "നില്‍ക്കാനുള്ള ഇടം'' നഷ്‌ടപ്പെട്ടിരിക്കുകയാണ്. അവിടെനിന്നുകൊണ്ട് വേണമായിരുന്നല്ലോ വ്യവസ്ഥയെ നീക്കാന്‍!

ജനാധിപത്യത്തിന്റെ ശീര്‍ഷാസനം

രാഷ്‌ട്രത്തിന്റെ ഭാഗത്തുണ്ടായിരുന്ന "പരമാധികാരം'' നഷ്‌ടപ്പെട്ടത് ധനമൂലധനത്തിന്റെ ആഗോളവല്‍ക്കരണ പ്രക്രിയയുടെ മറുവശമാണ് എന്നതാണ് വസ്‌തുത. അതേ പ്രക്രിയയിലൂടെത്തന്നെ ധനമൂലധനം ഇതേ 'പരമാധികാര'ത്തിന് അവകാശം ഉന്നയിക്കുകയും ചെയ്യുന്നു. ഒരെണ്ണത്തിന് 'പരമാധികാരം' നഷ്‌ടപ്പെട്ടാല്‍, മറ്റൊരെണ്ണത്തിന് പുതിയ തരത്തിലുള്ള ഒരു പരമാധികാരം നേടാന്‍ കഴിയും എന്ന വസ്‌തുത പ്രകടമാണല്ലോ. അത് ആവര്‍ത്തിച്ച് വിശദമാക്കേണ്ടതില്ല. ജനാധിപത്യത്തിന്റെ പൂര്‍ണ്ണമായ തലകീഴ്‌മറിച്ചിലിന്റെ കാര്യവും അങ്ങനെതന്നെയാണ്. ജനാധിപത്യം എന്നതിനര്‍ഥം ജനങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ കഴിയുന്ന രാഷ്‌ട്രം എന്നാണ്; ജനങ്ങളോട് ഉത്തരം പറയാനുള്ള ബാധ്യതയുള്ള രാഷ്‌ട്രം എന്നാണ്; ജനങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കാനുള്ള സ്വന്തം കഴിവില്‍നിന്ന് തത്വത്തിലെങ്കിലും, സ്വന്തം നിയമസാധുത്വം ആര്‍ജിക്കുന്ന രാഷ്‌ട്രം എന്നാണ്. എന്നാല്‍ വിപണിയിലെ ഒരു പങ്കാളി മാത്രമായ രാഷ്‌ട്രം, ധനമൂലധന താല്‍പര്യങ്ങള്‍ക്കുമുമ്പില്‍ കണക്ക് ബോധ്യപ്പെടുത്താന്‍ സ്വയം ബാധ്യസ്ഥമായ ഒരു രാഷ്‌ട്രം, ധനമൂലധന താല്‍പര്യങ്ങളെ തൃപ്‌തിപ്പെടുത്തുന്നതിനായി ജനങ്ങളെ ഞെക്കിപ്പിഴിയാന്‍ തയ്യാറാവുന്ന ഒരു രാഷ്‌ട്രം (അതിന് ഇഷ്‌ടമുണ്ടെങ്കിലും ഇല്ലെങ്കിലും) ജനാധിപത്യത്തിന്റെ മൌലികമായ നിഷേധത്തെയാണ് പ്രതിനിധീകരിക്കുന്നത്.

രാഷ്‌ട്രത്തെ സംബന്ധിച്ചിടത്തോളം, ജനങ്ങളും ഫിനാന്‍സ് മൂലധനവും ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും സ്ഥലംമാറ്റിയപോലെയാണ് തോന്നുന്നത്. എല്ലാം തലകീഴ്‌മേല്‍ മറിഞ്ഞപോലെയാണ് തോന്നുന്നത്. ഏതാണോ നിയന്ത്രിക്കപ്പെടേണ്ടത്, അത് നിയന്ത്രണ ജോലി സ്വയം ഏറ്റെടുക്കുന്നു; മറ്റുള്ളവയുടെമേല്‍ നിയന്ത്രണം നിര്‍വഹിക്കേണ്ടതെന്ന് കരുതപ്പെടുന്ന രാഷ്‌ട്രം, അതിനുപകരം നിയന്ത്രിക്കപ്പെടുന്നു. ഗ്രീസ് തന്നെയാണ് നല്ല ഉദാഹരണം. ജനങ്ങളെ ഏതളവുവരെ ഞെക്കിപ്പിഴിയണം എന്ന്, ധനമൂലധനത്തിന്റെ തൃപ്‌തിക്കനുസരിച്ച് അവിടെ രാഷ്‌ട്രം നിശ്ചയിക്കുകയാണ്. ഇതൊക്കെ ചെയ്യുന്നതാകട്ടെ, ഏതെങ്കിലും അട്ടിമറിയിലൂടെയല്ല, പിന്നില്‍കൂടിയുള്ള ഗൂഢതന്ത്രങ്ങളിലൂടെയല്ല; അദൃശ്യമായ മായാജാലത്തിലൂടെയുമല്ല. പട്ടാപ്പകല്‍, തുറന്നനിലയ്‌ക്ക്, വ്യവസ്ഥയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെടേണ്ട തികച്ചും ന്യായയുക്തമായ ഒരു പ്രവൃത്തി എന്ന നിലയിലാണ് അത് ചെയ്യുന്നത്. അതേ അവസരത്തില്‍ അതിനെ എതിര്‍ക്കുന്നവരെയാകട്ടെ, യുക്തിഹീനരെന്നും അര്‍ഥശൂന്യരെന്നും വിവേകശൂന്യരെന്നും മറ്റും വിളിക്കുകയും ചെയ്യുന്നു. ധനമൂലധനത്തിന്റെ മേധാവിത്വത്തിന്റെ പരിവര്‍ത്തനം പൂര്‍ണമായിത്തീര്‍ന്നിരിക്കുകയാണ്.

നമ്മുടെ രാജ്യത്ത് ഈ പ്രക്രിയ പൂര്‍ണമായി നടപ്പാക്കുന്നതിനെ തടഞ്ഞ ഇടതുപക്ഷത്തിന്റെയും ട്രേഡ് യൂണിയനുകളുടെയും പുരോഗമനശക്തികളുടെയും ദൃഢമായ നിലപാടിനോട് നാം നന്ദിപറയേണ്ടിയിരിക്കുന്നു. എന്നാല്‍ പുത്തന്‍ ഉദാരവല്‍ക്കരണത്തിന്റെ ശക്തികള്‍ അവരുടെ ശ്രമം ഉപേക്ഷിച്ചിട്ടില്ല. അവരുടെ ഈ ശ്രമങ്ങള്‍ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നത് അന്താരാഷ്‌ട്ര ധനമൂലധനമാണ് എന്നതിനാല്‍ അതില്‍ വലിയ അത്ഭുതത്തിനും അവകാശമില്ല.

ഐഎംഎഫിലെ മുഖ്യസാമ്പത്തികവിദഗ്ധനായിരുന്ന രഘുറാം രാജന്‍ ചെയര്‍മാനായി ഒരു സാമ്പത്തിക പരിഷ്‌ക്കരണ കമ്മീഷനെ ആസൂത്രണക്കമ്മീഷന്‍ നിയമിക്കുകയുണ്ടായി. (ഇക്കാര്യത്തില്‍ ആസൂത്രണക്കമ്മീഷന് എന്താണ് കാര്യം എന്നത് ദുരൂഹതയായിത്തന്നെ അവശേഷിക്കുന്നു). ഇന്ത്യയിലെ ഗവണ്‍മെന്റ് ബോണ്ടുകളുടെ വിപണി അന്താരാഷ്‌ട്ര നിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കണം എന്നാണ് ആ കമ്മീഷന്‍ ഈയിടെ നടത്തിയ ഒരു ശുപാര്‍ശ. ഈ ശുപാര്‍ശ അംഗീകരിക്കപ്പെടുകയാണെങ്കില്‍ അന്താരാഷ്‌ട്ര ധനമൂലധനത്തിന്റെ ഇഷ്‌ടാനിഷ്‌ടങ്ങളോട് സംവേദനക്ഷമത കാണിക്കുന്ന ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ കയ്യിലെ വെറുമൊരു കളിപ്പാവയായി ഇന്ത്യാ ഗവണ്‍മെന്റും മാറും. ഈ നീക്കങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കേണ്ടതുണ്ട്.

സര്‍ക്കാരിന്റെ സഹായം അവസാനിപ്പിക്കല്‍

എന്നാല്‍ വെറുമൊരു വിപണി പങ്കാളിയായി രാഷ്‌ട്രം ചുരുക്കപ്പെടുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യാഘാതം, ഇതില്‍ നിന്നൊക്കെ വ്യത്യസ്‌തമായ മറ്റൊന്നാണ്. ലെ മാന്‍ ബ്രദേഴ്‌സിന്റെ തകര്‍ച്ചയോടെ മുതലാളിത്ത പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടപ്പോള്‍, ഏതാനും മുതലാളിത്ത രാജ്യങ്ങളില്‍ സര്‍ക്കാര്‍ ധനപരമായി ഇടപെട്ടതുമൂലം ഏറ്റവും മോശപ്പെട്ട അവസ്ഥ സംഭവിക്കുന്നത് തടയാന്‍ കഴിഞ്ഞു. തങ്ങളുടെ ധനവ്യവസ്ഥയെ രക്ഷിക്കുന്നതിനും തങ്ങളുടെ അതത് സമ്പദ് വ്യവസ്ഥകളില്‍ പ്രവര്‍ത്തനതലങ്ങള്‍ ഒരുക്കുന്നതിനും വേണ്ടി രാഷ്‌ട്രങ്ങള്‍ കൈക്കൊണ്ട നടപടികള്‍ കാരണം അവയ്‌ക്ക് വമ്പിച്ച ധനക്കമ്മി അനുഭവിക്കേണ്ടിവന്നു. അത്തരം സുരക്ഷാ പാക്കേജുകള്‍ക്ക് നീക്കിവെയ്ക്കേണ്ടിവന്ന മൊത്തം തുക അവയുടെ ബജറ്റുകളില്‍ വകയിരുത്തിയതിനേക്കാള്‍ എത്രയോ വലിയതായിരുന്നു. അത്തരം സുരക്ഷാ പാക്കേജുകളില്‍ എല്ലാ തരത്തിലുള്ള ഉറപ്പുകളും സഹായങ്ങളുംഉള്‍പ്പെട്ടിരുന്നതുകൊണ്ടാണത്. ഉദാഹരണത്തിന് ഫിനാന്‍ഷ്യല്‍ വ്യവസ്ഥകളുടെ രക്ഷയ്‌ക്കായി അമേരിക്ക തയ്യാറാക്കിയ പാക്കേജുകളുടെ മൊത്തം ചെലവ് 13 ലക്ഷം കോടി ഡോളര്‍ വരുമെന്ന് കണക്കാക്കപ്പെടുന്നു. ബജറ്റില്‍ നീക്കിവെച്ചതിനേക്കാള്‍ എത്രയോ ഭീമമായ തുകയാണത്. അതെന്തായാലും, ബജറ്റിലൂടെയുള്ളതായാലുംശരി, ബജറ്റിന് പുറത്തുള്ളതായാലും ശരി, സര്‍ക്കാര്‍ നല്‍കിയ സഹായംവഴി പ്രതിസന്ധിയുടെ വലിപ്പത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞു.

എന്നാല്‍ ഇന്നിപ്പോള്‍ നാം കാണുന്നത്, ഈ സര്‍ക്കാര്‍ സഹായത്തില്‍ ഒരു ഭാഗമെങ്കിലും ഒഴിവാക്കുന്നതിനുള്ള സംഘടിതമായ ശ്രമമാണ്. ധനപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉത്തേജനം പിന്‍വലിക്കുമ്പോള്‍ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കാതിരിക്കില്ല. സാമ്പത്തിക ഉത്തേജനം തുടര്‍ന്ന് നിലനിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍, സാമ്പത്തിക ഉത്തേജനം നിലനിര്‍ത്തുമ്പോള്‍ സര്‍ക്കാരിന്റെ വായ്‌പാ വിതരണ കഴിവ് ഇടിയുകയാണെങ്കില്‍, പണച്ചുരുക്ക നടപടികള്‍ അനിവാര്യമായിത്തീരും. അത്തരം നടപടികള്‍ക്ക് ചൂതാട്ട ഫലമാണുണ്ടാവുക. അത്തരം നടപടികള്‍ തെക്കന്‍ യൂറോപ്പിലോ ബ്രിട്ടനിലോ മറ്റോ ഏര്‍പ്പെടുത്തിയെന്നിരിക്കട്ടെ. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ തലത്തില്‍ മറ്റു ചില രാജ്യങ്ങളിലും അത് മാന്ദ്യത്തിന്റെ ഫലമുണ്ടാക്കും. അതാകട്ടെ, ഈ സമ്പദ് വ്യവസ്ഥകളില്‍ ധനക്കമ്മി ഉണ്ടാകുന്നതിനും ഇടവരുത്തും. അത്തരം മാന്ദ്യത്തിന്റെ ആഘാതങ്ങളെ ചെറുക്കുന്നതിന് അവയുടെ സമ്പദ് വ്യവസ്ഥകളെ ധനപരമായി ഉത്തേജിപ്പിക്കുന്നതിനുള്ള വ്യക്തമായ ശ്രമങ്ങള്‍ നടത്തുന്നില്ലെങ്കില്‍ കൂടി ഇങ്ങനെ സംഭവിക്കും. കാരണം മറ്റ് കാര്യങ്ങളില്‍ തുല്യമായ സ്ഥിതിയാണെങ്കില്‍ അവയുടെ നികുതി വരുമാനം ഇടിയും. ഇതിന്റെ ഫലമായി ഈ സമ്പദ് വ്യവസ്ഥകളുടെ വായ്‌പാ ലഭ്യ സാധ്യത വീണ്ടും ഇടിയും. ഇത്തരം വായ്പാ ലഭ്യ സാധ്യതയുടെ ഇടിവിന് അമേരിക്ക ഇപ്പോള്‍ വിധേയമല്ലെങ്കിലും, മുന്‍കൂട്ടി കാണാന്‍ കഴിയുന്ന ഭാവിയില്‍ അമേരിക്ക അതിനു വിധേയമാകുന്നതിനുള്ള സാധ്യതയില്ലെങ്കിലും, ധനക്കമ്മി കുറയ്‌ക്കുന്നതിന് അമേരിക്കന്‍ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം വര്‍ധിച്ചുവരുമ്പോള്‍, നിയന്ത്രിതമായി എന്ന് പ്രത്യക്ഷത്തില്‍ തോന്നപ്പെടുന്ന മുതലാളിത്ത പ്രതിസന്ധി വരും മാസങ്ങളില്‍ വീണ്ടും രൂക്ഷമായിത്തീരാനിടയുണ്ട്.

പ്രതിസന്ധി ഘട്ടത്തില്‍ മുതലാളിത്തത്തിന് താങ്ങുകൊടുത്ത് അതിനെ നിലനിര്‍ത്തിയിരുന്ന സാമ്പത്തിക പാക്കേജുകള്‍ പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍, മുതലാളിത്തത്തില്‍ അന്തര്‍ലീനമായിട്ടുള്ള സ്വയം തകര്‍ച്ചയിലേക്കുള്ള പ്രവണത കാണപ്പെടുന്നത് എന്തുകൊണ്ടാണ് ? മുതലാളിത്തം ആസൂത്രിതമായ ഒരു വ്യവസ്ഥയല്ല എന്ന വസ്‌തുതയിലാണ് ഭാഗികമായി അതിനുള്ള ഉത്തരം കിടക്കുന്നത്. മുതലാളിത്തത്തിന്റെ ചലനങ്ങള്‍ അതില്‍ അന്തര്‍ലീനമായിട്ടുള്ള പ്രവണതകളെയാണ് ആശ്രയിക്കുന്നത്. അതുമൂലം മുതലാളിത്തത്തിന് സ്വമേധയാ ഉള്ള യാദൃച്ഛികത്വം ലഭിക്കുന്നു. സ്വമേധയാ ഉള്ള ഈ യാദൃച്ഛികത്വമാകട്ടെ, മുതലാളിത്തത്തെ ആത്മനാശത്തിന്റെ മാര്‍ഗത്തിലേക്ക് തള്ളി വിട്ടേക്കാനും ഇടയുണ്ട്. "ഭദ്രമായ ഫിനാന്‍സ്'' എന്ന ആശയം ഉപേക്ഷിക്കുന്നതിനോട് അന്താരാഷ്‌ട്ര ധന മൂലധനത്തിനുള്ള എതിര്‍പ്പ്, ഈ യാദൃച്ഛികതയുടെ ഒരു ഭാഗമാണ്. (അത്തരം 'ഭദ്രമായ ഫിനാന്‍സ്' സമ്പദ് വ്യവസ്ഥയെ കൂടുതല്‍ അഗാധമായ പ്രതിസന്ധിയിലേക്ക് തള്ളിനീക്കാനുള്ള സാധ്യതയുണ്ടെങ്കിലും). ആഗോളവല്‍ക്കൃത ധനമൂലധനത്തിനുമേല്‍ തങ്ങളുടെ ആജ്ഞ അടിച്ചേല്‍പിക്കാന്‍ കഴിവുള്ള ഒരു ആഗോള മുതലാളിത്തരാഷ്‌ട്രം ഇന്നില്ല എന്ന വസ്‌തുതയിലാണ് നാം ഉന്നയിച്ച ചോദ്യത്തിനുള്ള ഉത്തരത്തിന്റെ മറ്റൊരു ഭാഗം കിടക്കുന്നത്. അത്തരമൊരു ആഗോള മുതലാളിത്ത രാഷ്‌ട്രത്തോട് ഏറ്റവും അടുത്തു കിടക്കുന്ന ബദല്‍ എന്ന നിലയില്‍ കണക്കാക്കാവുന്ന അമേരിക്കന്‍ ഐക്യ നാടുകളാകട്ടെ, വളരെയധികം കടബാധ്യതയുള്ള സമ്പദ് വ്യവസ്ഥയോടുകൂടിയതാണ്. വളരെ വമ്പിച്ച വാര്‍ഷിക കറന്റ് അക്കൌണ്ട് കമ്മിയോടുകൂടിയാണ് അത് നിലനില്‍ക്കുന്നത്. പഴയകാലത്ത് ബ്രിട്ടന്‍ ചെയ്തിരുന്നപോലെ, കോളണികളിലെ വിപണികള്‍ വെട്ടിപ്പിടിച്ചുകൊണ്ടും കോളണികളിലെ മിച്ചധനം തട്ടിയെടുത്തുകൊണ്ടും, ഇന്ന് ഈ കറന്റ് അക്കൌണ്ട് കമ്മി നികത്താന്‍ കഴിയുകയില്ല. അതുകൊണ്ടാണ് ലോക മുതലാളിത്തം താഴോട്ട് മുതലക്കൂപ്പ് കുത്തുമ്പോള്‍, ആ വീഴ്‌ചയെ താങ്ങിനിര്‍ത്തുന്നതിന് കഴിവുള്ള ഒരു ശക്തി ഇല്ലാതെ പോയത്.


******

പ്രഭാത് പട്നായിക്

13 June, 2010

ഭയം ഭരിക്കുന്നിടം

ഹൈദരാബാദ്.........

കുറ്റവിമുക്തരായാലും മുസ്ളിം ചെറുപ്പക്കാരെ പൊലീസ് വേട്ടയാടിക്കൊണ്ടിരിക്കുന്നു. മൂന്നുവര്‍ഷം മുമ്പ് നടന്ന മക്ക മസ്‌ജിദ് സ്‌ഫോടനത്തിനും ലുംബിനി പാര്‍ക്, ഗോകുല്‍ ചാട്ട് ഭണ്ഡാര്‍ ഇരട്ട സ്‌ഫോടനങ്ങള്‍ക്കുംശേഷം പിടിക്കപ്പെട്ട മുസ്ളിം ചെറുപ്പക്കാര്‍ കുറ്റവിമുക്തരായി ജയിലില്‍നിന്ന് പുറത്തുവന്നിട്ടും അവര്‍ക്കെതിരെ പൊലീസ് പീഡനം തുടരുന്നു. ഇവരുടെ യാത്രകള്‍പോലും പൊലീസ് നിരീക്ഷിക്കുന്നു. കഴിഞ്ഞ മാസം ഹൈദരാബാദ് പഴയ നഗരത്തിലെ മുസ്ളിം ഭൂരിപക്ഷ പ്രദേശമായ ഷാഅലി ഭണ്ഡയില്‍ അക്രമികള്‍ പൊലീസുകാരനെ വെടിവച്ചുകൊന്നതോടെയാണ് യുവാക്കളെ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നത്. പള്ളിയില്‍ സ്‌ഫോടനമുണ്ടായപ്പോള്‍ നിരപരാധികളായ മുസ്ളിം ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോകാനും പീഡിപ്പിക്കാനും ഉത്സാഹം കാട്ടിയ പൊലീസും കോണ്‍ഗ്രസ് സര്‍ക്കാരും പള്ളിയില്‍ ബോംബ് വച്ച ഹിന്ദു തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. 2007ലെ സ്‌ഫോടനത്തിന് ശേഷം നൂറുകണക്കിന് ചെറുപ്പക്കാരെ കള്ളക്കേസില്‍കുടുക്കി ജയിലിലടച്ചു. മസ്‌ജിദില്‍ ബോംബ് വച്ച തീവ്രവാദികളുമായുള്ള ബന്ധമാരോപിച്ചായിരുന്നു അറസ്റ്റ്. ബോംബ് സ്ഥാപിച്ചത് അഭിനവ് ഭാരത് എന്ന ഹിന്ദു തീവ്രവാദസംഘടനയുടെ പ്രവര്‍ത്തകരാണെന്നും രാജസ്ഥാനിലെ അജ്‌മീര്‍ ദര്‍ഗയിലും ഇതേ സംഘടനക്കാരാണ് സ്‌ഫോടനം നടത്തിയതെന്നുമുള്ള സിബിഐ വെളിപ്പെടുത്തല്‍ വന്നിട്ടും ഹൈദരാബാദിലെ മുസ്ളിം ചെറുപ്പക്കാര്‍ സഹിക്കുന്ന പൊലീസ് പീഡനത്തിന് അറുതിയായില്ല. നഗരത്തില്‍ എന്ത് അക്രമമുണ്ടായാലും തങ്ങളെ തന്നെയാണ് പൊലീസ് പിടിച്ചുകൊണ്ടുപോകുന്നതെന്ന് പേര് പുറത്തുപറയരുതെന്നും പടമെടുക്കരുതെന്നുമുള്ള അഭ്യര്‍ഥനയോടെ ഒരു ചെറുപ്പക്കാരന്‍ 'ദേശാഭിമാനി'യോട് പറഞ്ഞു.

ഒരു മാധ്യമത്തോടും വിവരങ്ങള്‍ പറയരുതെന്ന് പൊലീസ് ഇവര്‍ക്ക് പലയാവൃത്തി താക്കീത് നല്‍കിയിട്ടുണ്ട്. ജയില്‍മോചിതരായ ഈ ചെറുപ്പക്കാര്‍ പലരും ഓട്ടോറിക്ഷ ഓടിച്ചും കൂലിപ്പണി ചെയ്‌തുമാണ് ജീവിക്കുന്നത്. നേരത്തെ ജോലിചെയ്ത സ്വകാര്യസ്ഥാപനങ്ങളുടെ ഉടമകള്‍ ഇവരെ ഒഴിവാക്കി. പലരുടെയും പഠനം മുടങ്ങി. പൊലീസിന്റെ ദിവസങ്ങള്‍ നീണ്ട മൂന്നാംമുറയും നാര്‍കോ അനാലിസിസ് പരിശോധനയും ഈ ചെറുപ്പക്കാരെ മാറാരോഗികളാക്കി മാറ്റി. പൊലീസിനും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കും ലക്ഷങ്ങള്‍ കൈക്കൂലികൊടുക്കാന്‍ പ്രാപ്തിയുള്ള പലരും പീഡനമേല്‍ക്കാതെയും കേസില്‍ കുടുങ്ങാതെയും രക്ഷപ്പെട്ടിരുന്നു. കുറച്ച് ദിവസം മുമ്പ് ബൈക്കില്‍വന്ന് രണ്ട് അക്രമികള്‍ പൊലീസുകാരനെ വെടിവച്ചുകൊന്നതോടെ ഇവരുടെ ജീവിതം ദുസ്സഹമായി. യഥാര്‍ഥ പ്രതികളെ പിടിക്കാതെ പൊലീസ് വീണ്ടും ഇവരെ ത്തന്നെ വേട്ടയാടുന്നു.

ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ പഴയ നഗരത്തിലുണ്ടായ വര്‍ഗീയകലാപത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടപ്പോഴും മുസ്ളിം ചെറുപ്പക്കാരെ പൊലീസ് വേട്ടയാടി. അകാരണമായി ജയില്‍വാസമനുഭവിച്ചവര്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂരിഭാഗത്തിനും അത് ലഭിച്ചിട്ടില്ല. ഈ പ്രശ്‌നത്തില്‍ പൊലീസിന്റെയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും സമീപനം ആന്ധ്രപ്രദേശിലെ ന്യൂനപക്ഷവിഭാഗങ്ങളില്‍ സൃഷ്ടിച്ച അരക്ഷിതബോധവും ഭീതിയും വിവരണാതീതമാണെന്ന് കള്ളക്കേസ് ചുമത്തപ്പെട്ടവരുടെ നീതിക്കായി പ്രവര്‍ത്തിക്കുന്ന സിവില്‍ ലിബര്‍ട്ടീസ് മോണിറ്ററിങ് കമ്മിറ്റിയുടെ പ്രതിനിധി എസ് ക്യു മസൂദ് പറഞ്ഞു. ശാഹിദ് ബിലാല്‍ എന്ന തീവ്രവാദിയുടെ പേരുപറഞ്ഞ് മുസ്ളിംവേട്ട നടത്തിയപ്പോള്‍ സാധാരണ മുസ്ളിങ്ങള്‍ മാത്രമല്ല ഹൈദരാബാദില്‍ മുസ്ളിം നേതാക്കള്‍ പോലും നിശ്ശബ്ദരാകുകയായിരുന്നു. പൊലീസും ഹിന്ദു തീവ്രവാദികളും ഉള്‍പ്പെട്ട വന്‍ ഗൂഢാലോചനയുടെ ഫലമാണിത്-അദ്ദേഹം പറഞ്ഞു.

II

സെയ്‌ദാബാദിലെ സ്‌ത്രീകള്‍ പൊറുക്കില്ല; കോണ്‍ഗ്രസിനോടും പൊലീസിനോടും

യുവാക്കള്‍മാത്രമല്ല, വീട്ടമ്മമാരുള്‍പ്പെടെയുള്ള സ്‌ത്രീകള്‍ക്കും ഇവിടെ രക്ഷയില്ല. പൊലീസ് പീഡനത്തിനെതിരെ പ്രതികരിച്ച സ്‌ത്രീകളെ കേസില്‍ കുടുക്കി ജയിലിലടച്ചു. കാവിയെയും കാക്കിയെയും മാത്രമല്ല, കോണ്‍ഗ്രസുകാരെയും ഭയമാണ് ഷബിസ്‌തയ്ക്കും മിസ്‌ലുരൂബയ്ക്കും. കണ്‍മുന്നില്‍ സഹോദരനെ നഷ്ടമായവരാണിവര്‍. യുവാക്കളെ പീഡിപ്പിക്കുന്നതിനെതിരെ ഗല്ലിയിലെ സ്‌ത്രീകളെ കൂട്ടി ഹൈദരാബാദിലെ സെയ്‌ദാബാദ് പൊലീസ് സ്റ്റേഷനിലെത്തിയ 2008 മാര്‍ച്ച് അഞ്ചിലെ രാത്രി ഇവര്‍ക്ക് ഒരിക്കലും മറക്കാനാകില്ല. നിവേദനം നല്‍കാനെത്തിയ 29 സ്‌ത്രീകള്‍ ക്രൂരമായ ലാത്തിച്ചാര്‍ജിനിരയായി. ലാത്തിച്ചാര്‍ജിനുശേഷം ഇവരെ പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ പ്രതികളാക്കി. ചോദ്യംചെയ്യലിനിടയിലെ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍. വനിതാപൊലീസുകാരെ സാക്ഷിനിര്‍ത്തി പുരുഷപൊലീസുകാരുടെ ഭേദ്യം. തുടര്‍ന്ന് ആഴ്ചകള്‍ നീണ്ട ജയില്‍വാസം. ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരും പൊലീസും എങ്ങനെയാണ് സംഘപരിവാറിന്റെ കൈയിലെ പാവകളാകുന്നതെന്ന് ഷബിസ്‌തയെയും മിസ്‌ലുരൂബയെയുംപോലുള്ളവര്‍ അനുഭവിച്ച ദുരിതങ്ങളില്‍നിന്ന് വായിച്ചെടുക്കാം.

പൊലീസ് കമീഷണറുടെ ഓഫീസിനടുത്തുവച്ച് ഗുജറാത്ത് പൊലീസിലെ നരേന്ദ്ര അമീന്‍ (സൊഹ്റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇയാളിപ്പോള്‍ ജയിലിലാണ് ) എന്ന ഓഫീസറുടെ വെടിയേറ്റ് മരിച്ച മുജാഹിദ് സലിമിന്റെ സഹോദരികളാണ് ഇവര്‍. 2002 മുതലാണ് സെയ്‌ദാബാദിലെ മുസ്ളിങ്ങള്‍ പൊലീസിന്റെ നോട്ടപ്പുള്ളികളായത്. 2002ലെ ഗുജറാത്തിലെ വംശഹത്യക്കാലത്ത് ഗുജറാത്ത് പൊലീസ് ഈ തെരുവിലെ മൌലാന മുഹമ്മദ് നസീറുദീനെ ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തിയതോടെയാണ് സെയ്‌ദാബാദുകാരുടെ ദുര്യോഗം തുടങ്ങിയതെന്ന് മൊതാസിം ബില്ല 'ദേശാഭിമാനി'യോട് പറഞ്ഞു.

"സിമി ബന്ധമാരോപിച്ച് മൌലാനയെ 2004ല്‍ ഗുജറാത്ത് പൊലീസ് അറസ്റുചെയ്‌തു. ഗുജറാത്തിലെ ബിജെപി നേതാവും മന്ത്രിയുമായിരുന്ന ഹരി പാണ്ഡ്യയെ കൊലപ്പെടുത്തിയ കേസിലും നസീറുദീനെ ഉള്‍പ്പെടുത്തി. ജാമ്യം ലഭിച്ചശേഷം ഹൈദരാബാദിലെ കമീഷണര്‍ ഓഫീസില്‍ ഹാജര്‍ നല്‍കാന്‍ പോയ മൌലാനയെ ജ്യേഷ്ഠനും താനും മുജാഹിദ് സലിമും അനുഗമിച്ചിരുന്നു. ഒപ്പുവയ്ക്കാന്‍ ചെന്ന മൌലാനയെ അറസ്റുചെയ്യാന്‍ ഗുജറാത്ത് പൊലീസ് ഓഫീസര്‍മാര്‍ കാത്തുനിന്നിരുന്നു. നരേന്ദ്ര അമീന്‍ ഓഫീസര്‍ മൌലാനയെ അറസ്റുചെയ്യാനൊരുങ്ങി. ഇത് തടയാന്‍ ശ്രമിച്ച മുജാഹിദ് സലിമിനെ അമീന്‍ വെടിവച്ചുകൊന്നു. ഈ കേസില്‍ ദൃൿസാക്ഷിയായതോടെയാണ് തുടര്‍ച്ചയായി ദ്രോഹിക്കാന്‍ തുടങ്ങിയത്. 2008 മാര്‍ച്ച് അഞ്ചിന് വൈകിട്ട് ആറരയ്ക്ക് വാനില്‍ വന്ന ചിലര്‍ എന്നെ പിടിച്ചുകൊണ്ടുപോയി. ഗല്ലിയില്‍ വച്ചുതന്നെ കണ്ണുകെട്ടി. പിന്നെ അജ്ഞാത കേന്ദ്രത്തില്‍ കൊണ്ടുപോയി ദിവസങ്ങളോളം ശാരീരികവും മാനസികവുമായ പീഡനം''- മൊതാസിം പറഞ്ഞു.

മൊതാസിമിനെ പിടിച്ചുകൊണ്ടുപോയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്നപ്പോഴായിരുന്നു സ്‌ത്രീകള്‍ക്കെതിരെ ലാത്തിച്ചാര്‍ജും അറസ്റുമുണ്ടായത്. സാധാരണവേഷത്തില്‍ വന്നവരാണ് ആരാണെന്ന് അറിഞ്ഞിരുന്നില്ല. ഇക്കാര്യം അന്വേഷിക്കാനായിരുന്നു സ്‌ത്രീകള്‍ കൂട്ടത്തോടെ പൊലീസ് സ്റേഷനില്‍ ചെന്നത്. ഇതിനെയാണ് സ്റേഷന്‍ അക്രമമായി ചിത്രീകരിച്ച് പീഡനങ്ങള്‍ക്ക് തുടക്കമിട്ടത്.

III

ഫാം ഹൌസ് സെല്ലുകളില്‍ നിരപരാധികളുടെ വിലാപം

ഹൈദരാബാദിലെ ഫാം ഹൌസുകളിലും മറ്റു കേന്ദ്രങ്ങളിലും പൊലീസ് സജ്ജമാക്കിയ സെല്ലുകളില്‍ നടക്കുന്നത് ഇറാഖി തടവുകാരോട് അമേരിക്കന്‍ സേന കാണിക്കുന്ന ക്രൂരതയെയും വെല്ലുന്ന പീഡനം. നക്സലൈറ്റുകളെ ചോദ്യംചെയ്യാന്‍ സജ്ജമാക്കിയ സെല്ലുകളില്‍ ഇപ്പോള്‍ ഉയരുന്നത് മുസ്ളിം ചെറുപ്പക്കാരുടെ ദീനരോധനം. 2007ലെ മക്ക മസ്‌ജിദ് സ്‌ഫോടനത്തിനും ലുംബിനി പാര്‍ക്ക്, ഗോകുല്‍ ചാട്ട് ഭണ്ഡാര്‍ ഇരട്ട സ്‌ഫോടനങ്ങള്‍ക്കുംശേഷം പൊലീസ് പിടികൂടിയ നിരപരാധികളായ ചെറുപ്പക്കാര്‍ നഗരപ്രാന്തങ്ങളിലെ ഇത്തരം ഫാം ഹൌസുകളില്‍ പീഡിപ്പിക്കപ്പെട്ടു. മൂന്നാംമുറകളാണ് ഫാം ഹൌസുകളിലും മറ്റും നടക്കുന്നതെന്ന് സന്നദ്ധസംഘടനയായ ആന്ധ്രപ്രദേശ് സിവില്‍ ലിബര്‍ട്ടീസ് മോണിറ്ററിങ് കമ്മിറ്റി സെക്രട്ടറി ലത്തീഫ് ഖാന്‍ ദേശാഭിമാനിയോടു പറഞ്ഞു.

നഗരത്തിന് 40 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ഷംഷാബാദിലും ഗണ്ടിപേട്ടിലും നഗരപ്രാന്തങ്ങളിലെ വനമേഖലയിലെ ഫാംഹൌസുകളിലും ഇത്തരം സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു. നഗരത്തിലെ ജനവാസകേന്ദ്രങ്ങള്‍ക്കു നടുവില്‍പോലും രഹസ്യപീഡനകേന്ദ്രങ്ങളുണ്ട്. തീവ്രവാദികളെന്ന് മുദ്രകുത്തി കസ്റഡിയിലെടുക്കുന്ന ചെറുപ്പക്കാരെ ഇത്തരം കേന്ദ്രത്തില്‍ പീഡനങ്ങള്‍ക്ക് വിധേയമാക്കുന്നത് പതിവാണ്. അനധികൃത തടങ്കലില്‍ വച്ച് പിന്നീട് കോടതിയില്‍ ഹാജരാക്കും. കോടതിയോട് വീണ്ടും പൊലീസ് കസ്റഡിയില്‍ വിട്ടുതരാന്‍ ആവശ്യപ്പെടും. പിന്നെയാണ് ചോദ്യംചെയ്യല്‍. ദിവസങ്ങള്‍ നീണ്ട പീഡനങ്ങളേറ്റ ചെറുപ്പക്കാര്‍ ഏതു കുറ്റവും ഏല്‍ക്കാന്‍ നിര്‍ബന്ധിതരാകും. ഇത്തരം 'കുറ്റസമ്മതങ്ങള്‍' വീഡിയോയില്‍ റെക്കോഡ് ചെയ്ത് സിഡി പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കും. പത്രപ്രവര്‍ത്തകര്‍ അത് ആഘോഷമാക്കും. നഖങ്ങളില്‍ സൂചി കയറ്റുക, താടിരോമം പിഴുതെടുക്കുക, ലിംഗത്തിലും മലദ്വാരത്തിലുമുള്ള ഷോക്ക് തുടങ്ങിയ കാടന്‍ പ്രയോഗങ്ങള്‍ കൂടാതെ 'ജല ചികിത്സ' (വാട്ടര്‍ ട്രീറ്റ്മെന്റ്) എന്ന് പൊലീസുകാര്‍ വിളിക്കുന്ന ഇസ്രയേലി മുറയും പ്രയോഗിക്കുന്നതായി പീഡനമേറ്റ യുവാക്കള്‍ വെളിപ്പെടുത്തുന്നു. മേശമേല്‍ വരിഞ്ഞുകെട്ടി മുഖം കറുത്ത തുണികൊണ്ട് മൂടി വായയുടെ ഭാഗത്ത് ദ്വാരമുണ്ടാക്കി അതിലൂടെ വെള്ളം കുടിപ്പിക്കുന്ന ഏര്‍പ്പാടാണിത്. 20 ലിറ്റര്‍ വെള്ളമെങ്കിലും കുടിപ്പിക്കും. മരണം മുന്നില്‍ കാണുന്ന അവസ്ഥയില്‍ യുവാക്കള്‍ 'കുറ്റസമ്മത'ത്തിനു തയ്യാറാകും- ലത്തീഫ് ഖാന്‍ പറഞ്ഞു. ദിവസങ്ങള്‍ തുടര്‍ച്ചയായി പീഡിപ്പിച്ചിട്ടും മുറിവ് പുറത്തുകാണാത്ത വിധമാണ് പൊലീസ് കൈകാര്യം ചെയ്യുന്നതെന്ന് എട്ടുദിവസം കസ്റ്റഡിയിലും 100 ദിവസം ജയിലിലും കിടന്ന ഹാഷിമാബാദിലെ മുഹമ്മദ് റിയാസുദ്ദീന്‍ ഖാന്‍ പറഞ്ഞു. റിയാസുദ്ദീനെപ്പോലുള്ള നിരവധിപേരെ ഇവിടെ കണ്ടുമുട്ടാനായി. ഇവര്‍ക്കെല്ലാം പറയാനുള്ളത് പൊലീസിന്റെ പീഡനകഥകള്‍.

IV

ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആന്ധ്ര പൊലീസും

കേസ് അന്വേഷണത്തില്‍ ഗുജറാത്ത് പൊലീസിന്റെ വര്‍ഗീയവല്‍ക്കരണ മാതൃക ആന്ധ്രപൊലീസും കൈക്കൊള്ളുന്നു. ഗുജറാത്ത് പൊലീസിന്റെ തനിനിറം പുറത്തുകൊണ്ടുവന്ന കുപ്രസിദ്ധ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റമുട്ടല്‍ കൊലപാതകവും ഹൈദരാബാദിലെ മക്ക മസ്‌ജിദ് സ്‌ഫോടനവും തമ്മില്‍ ബന്ധമുണ്ടെന്ന് ഹൈദരാബാദിലെ മനുഷ്യാവകാശപ്രവര്‍ത്തകരും ജനാധിപത്യവിശ്വാസികളും വിശ്വസിക്കുന്നു. ഇരു സംസ്ഥാനങ്ങളിലെയും ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ വര്‍ഗീയത ആയുധമാക്കുന്നതിന്റെ ഉദാഹരണമാണ് ഈ സംഭവങ്ങള്‍. ഗുജറാത്തിലെ ബിജെപി സര്‍ക്കാരും ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരും തമ്മിലുള്ള ഗൂഢബന്ധവും ഇത് പുറത്തുകൊണ്ടുവന്നു. സൊഹ്റാബുദ്ദീന്‍ വധക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മുന്‍ ഡിഐജി വന്‍സാരയെയും ഇയാളെ സഹായിച്ച ആന്ധ്രപ്രദേശ് പൊലീസിലെ ഉന്നതരെക്കുറിച്ചുമുള്ള അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിയപ്പോഴാണ് സംഘപരിവാറിനെ കൂട്ടുപിടിച്ച് മക്ക മസ്‌ജിദ് സ്‌ഫോടനം സംഘടിപ്പിച്ചതെന്ന് പല സംഘടനകളും പറയുന്നു.

സൊഹ്റാബുദ്ദീന്‍ ഷെയ്‌ഖും ഭാര്യ കൌസര്‍ബിയും 2006ലാണ് കൊല്ലപ്പെട്ടത്. തീവ്രവാദബന്ധമുള്ള ഇയാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് പ്രചരിപ്പിച്ചത്. സൊഹ്റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍ സുപ്രീംകോടതി ചീഫ് ജസ്റിസിനെഴുതിയ കത്ത് പൊതുതാല്‍പ്പര്യഹര്‍ജിയായി പരിഗണിച്ച സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ആദ്യം സിഐഡിയും പിന്നെ സിബിഐയും അന്വേഷിച്ചു. സിബിഐ അന്വേഷണത്തില്‍ തെളിഞ്ഞ കാര്യങ്ങള്‍ ഇവയാണ്: സ്വന്തം ബിസിനസിനൊപ്പം മറ്റ് ബിസിനസുകാരെ ഭീഷണിപ്പെടുത്തി പണം സമ്പാദിച്ചിരുന്ന ആളായിരുന്നു സൊഹ്റാബുദ്ദീന്‍. ഭീകരബന്ധം ഉണ്ടായിരുന്നില്ല. രാജസ്ഥാനിലെ മാര്‍ബിള്‍ കച്ചവടക്കാരെയാണ് സൊഹ്റാബുദ്ദീന്‍ ഭീഷണിപ്പെടുത്തിയിരുന്നത്. ഇവരാണ് വന്‍സാരയെന്ന പൊലീസ് ഓഫീസര്‍ക്ക് സൊഹ്റാബുദ്ദീനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ഹൈദരാബാദിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുമായി വന്‍സാരയും സംഘവും ബന്ധപ്പെട്ടു. സൊഹ്റാബുദ്ദീനെയും ഭാര്യയെയും ഹൈദരാബാദിലേക്ക് ക്ഷണിച്ചുവരുത്തിയ പൊലീസ് ദമ്പതികളെ ടണ്ടോലഗ്രാമത്തില്‍ തടഞ്ഞ് അഹമ്മദാബാദിലേക്ക് കൊണ്ടുപോയി. സൊഹ്റാബുദ്ദീനെ വെടിവച്ചുകൊന്നു. കൌസര്‍ബിയെ ബലാത്സംഗംചെയ്ത് കൊന്നു. കേസിലെ സാക്ഷിയായ തുളസിറാം പ്രജാപതിയും ദുരൂഹമായി കൊല്ലപ്പെട്ടു. വന്‍സാര, നരേന്ദ്ര അമീന്‍ തുടങ്ങിയ ഗുജറാത്ത് ഐപിഎസ് ഉദ്യോഗസ്ഥരെ കൂടാതെ ആന്ധ്രപൊലീസിലെ രാജീവ് ത്രിവേദിയും രാമചന്ദ്രനും എസ് കെ ഷിന്‍ഡെയ്ക്കും കേസുമായി ബന്ധമുണ്ടെന്ന് വ്യക്തമായി.

ഇത് വാര്‍ത്തയാക്കിയ പത്രങ്ങള്‍ക്കെതിരെ ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസെടുത്തു. ഗുജറാത്ത് സര്‍ക്കാരുമായുള്ള ഗൂഢബന്ധം ന്യൂനപക്ഷങ്ങളില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വികാരം വളരാന്‍ ഇടയാക്കി. ഈ ഘട്ടത്തിലാണ് 2007 മാര്‍ച്ച് 18ന് മക്ക മസ്‌ജിദില്‍ സ്‌ഫോടനമുണ്ടായത്. ഹിന്ദുവര്‍ഗീയ ശക്തികളാണ് മക്ക മസ്‌ജിദ് സ്‌ഫോടനത്തിനും പിന്നിലെന്ന തങ്ങളുടെ വാദം ഇപ്പോഴെങ്കിലും സിബിഐയും കേന്ദ്ര ആഭ്യന്തരമന്ത്രിയും അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് മജ്‌ലിസ് ബച്ചാവോ തെഹ്രീക് എന്ന പാര്‍ടിയുടെ അധ്യക്ഷന്‍ അംജദുള്ള ഖാന്‍ പറഞ്ഞു.

V

കോണ്‍ഗ്രസ് സര്‍ക്കാരില്‍നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല

മിസ്രിഗഞ്ചിലെ കബര്‍സ്ഥാനില്‍ ഉറങ്ങുന്ന മകന്റെ വേര്‍പാടിനേക്കാള്‍ ഉസ്‌മാന്‍ ഷെറീഫിനെ അലട്ടുന്നത് അപമാനിതനാകുന്നതിന്റെ വേദനയാണ്. 2007 മെയ് 18ന് ഹൈദരാബാദിലെ മക്ക മസ്‌ജിദിനടുത്തുണ്ടായ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഉറ്റവര്‍ക്ക് സര്‍ക്കാര്‍ നല്‍കാമെന്നേറ്റ ജോലിപോലും ഉപേക്ഷിക്കേണ്ടിവന്നു. അപമാനം സഹിക്കവയ്യാതെയാണ് ഈ തീരുമാനമെടുത്തത്. തന്നെ സഹായിക്കാമെന്നേല്‍ക്കുകയും പിന്നെ കൈവിടുകയും ചെയ്ത കോണ്‍ഗ്രസിന്റെയും മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ളിമീന്‍ (എംഐഎം) എന്ന പ്രാദേശിക പാര്‍ടിയുടെയും നേതാക്കളോടുള്ള രോഷവും അദ്ദേഹത്തിന് മറച്ചുവെയ്ക്കാനാകുന്നില്ല.

എന്നാല്‍, പഴയ നഗരത്തിലെ മുഹമ്മദ് മെഹ്ബൂബിനും മുഹമ്മദ് അലീമിനും പറയാനുള്ളത് മറ്റൊരു കഥയാണ്. അത് സിപിഐ എം നേതൃത്വത്തില്‍ നടത്തിയ ഇടപെടലിന്റെ വിജയകഥകൂടിയാണ്. മൂന്നുവര്‍ഷംമുമ്പത്തെ സ്‌ഫോടനത്തില്‍ പതിനാറുകാരനായ മകന്‍ ഇര്‍ഫാന്‍ ഷെരീഫിനെ നഷ്ടപ്പെട്ട കഥയാണ് ഘൌസ് നഗറിലെ നവാബ് സാഹിബ് ഖുണ്ഡെയിലെ വീട്ടില്‍വച്ച് ഉസ്‌മാന്‍ ഷെറീഫ് 'ദേശാഭിമാനി'യുമായി പങ്കുവച്ചത്.

ചാര്‍മിനാര്‍ പരിസരത്ത് കൂട്ടുകാരോടൊപ്പം ഷോപ്പിങ്ങിനു പോയതായിരുന്നു ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിയായ ഇര്‍ഫാന്‍. വെള്ളിയാഴ്ച ജുമാ നിസ്കാരത്തിന് സമയമായപ്പോള്‍ തൊട്ടടുത്തുള്ള മക്ക മസ്‌ജിദില്‍ കയറി. അംഗശുദ്ധി(വുളു)ക്കുവേണ്ടിയുള്ള വെള്ളം കെട്ടിനിര്‍ത്തിയ കൊച്ചുകുളത്തിനു സമീപമായിരുന്നു ഇര്‍ഫാന് സ്ഥാനം ലഭിച്ചത്. തീവ്രശക്തിയോടെ ആര്‍ഡിഎക്സ് ബോംബ് പൊട്ടിയതും അവിടെതന്നെ. സ്‌ഫോടനത്തിന്റെ ശക്തിയില്‍ മുകളിലേക്ക് എടുത്തെറിയപ്പെട്ട ഇര്‍ഫാന് കഴുത്തിനാണ് മാരകമായ പരിക്കേറ്റത്. സ്‌ഫോടനത്തിന് തൊട്ടുപിന്നാലെയുണ്ടായ വെടിവയ്പിനിടെ ഇര്‍ഫാന്‍ അടക്കമുള്ളവരെ ആശുപത്രിയിലെത്തിക്കുന്നതില്‍ കാലതാമസം നേരിട്ടു. ആശുപത്രിയില്‍ എത്തിയിട്ടും ശരിയായ ചികിത്സ നിഷേധിക്കപ്പെട്ടു. രണ്ടാംദിവസം ആ കുരുന്നു ജീവന്‍ പൊലിഞ്ഞു. മിസ്രിഗഞ്ചില്‍ കബറടക്കം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലി ഉടന്‍ ലഭ്യമാക്കിത്തരാമെന്നു പറഞ്ഞുപോയ എംഐഎം, കോണ്‍ഗ്രസ് നേതാക്കളെ ഇതുവരെ കണ്ടിട്ടില്ല. ഇര്‍ഫാന്റെ ഇളയവന്‍ സല്‍മാന്‍ ഷെരീഫിന് ജോലി നല്‍കമണമെന്ന അഭ്യര്‍ഥന ഇല്ലാത്ത കാരണം പറഞ്ഞ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരാകരിക്കുകയാണെന്ന് ഉസ്‌മാന്‍ ഷെരീഫ് പറഞ്ഞു.

17 വയസ്സുള്ള സല്‍മാന് ജോലി നല്‍കാനാകില്ലെന്നാണ് സര്‍ക്കാര്‍നിലപാട്. ഈ നിലപാട് മാറ്റുന്നതിനായി മുട്ടാത്ത വാതിലുകളില്ല. പഴയ നഗരത്തിലെ മെഹ്ബൂബിന്റെ മകനും മുഹമ്മദ് അലീമിന്റെ സഹോദരനും മക്ക മസ്‌ജിദ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ ഇളയ സഹോദരങ്ങള്‍ക്ക് ജോലി ലഭിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചപ്പോൾ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ പി മധു നടത്തിയ ഇടപെടലാണ് ഇവര്‍ക്ക് തുണയായത്. 'എംഐഎം, കോണ്‍ഗ്രസ് നേതാക്കളൊന്നും തങ്ങളുടെ വിലാപം കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍ സിപിഐ എമ്മാണ് തങ്ങളെ രക്ഷിച്ചതെന്ന് ഇരുവരും ദേശാഭിമാനിയോട് പറഞ്ഞു. പ്രായം കുറഞ്ഞ കുട്ടികള്‍ക്ക് ജോലി ലഭിക്കാന്‍ പ്രത്യേക സര്‍ക്കാര്‍ ഉത്തരവ് ഇറക്കാന്‍ മുഖ്യമന്ത്രി റോസയ്യ നിര്‍ബന്ധിതനായത് മധുസാബ് കലഹിച്ചതുകൊണ്ടുമാത്രമാണ് '- മെഹ്ബൂബും അലീമും പറഞ്ഞു.

VI

മാറേണ്ടത് പൊലീസിന്റെയും സര്‍ക്കാരിന്റെയും മുന്‍വിധി

മൂന്നുവര്‍ഷംമുമ്പ് മക്ക മസ്‌ജിദില്‍ നടന്ന സ്‌ഫോടനത്തിനു പിന്നില്‍ ഹിന്ദുഭീകരവാദികളാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും സിബിഐയുടെയും വെളിപ്പെടുത്തല്‍ പുതിയ കാര്യമല്ലെന്നും സിപിഐ എം നേരത്തെ ഈ സംശയം മുന്നോട്ടുവച്ചിരുന്നെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ പെനുമെല്ലി മധു പറഞ്ഞു. പൊലീസ് അന്വേഷണം മുസ്ളിങ്ങളിലായിരുന്നു കേന്ദ്രീകരിച്ചത്. ഒന്നരവര്‍ഷം ഹൈദരാബാദ് പൊലീസ് അന്വേഷിച്ചിട്ടും മുസ്ളിങ്ങള്‍ക്കെതിരെ തെളിവ് കിട്ടാത്തതിനു കാരണവും ഇതുതന്നെയായിരുന്നു. രാജസ്ഥാനിലെ അജ്‌മീര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചില ഹിന്ദു തീവ്രവാദികളെ പിടികൂടിയതോടെയാണ് ഇക്കൂട്ടരാണ് മക്ക മസ്‌ജിദ് സ്‌ഫോടനവും നടത്തിയതെന്ന് വ്യക്തമായത്. മക്ക മസ്‌ജിദ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു, നിരപരാധികളെ പീഡിപ്പിക്കുന്നതിനെതിരെ സിപിഐ എം നടത്തിയ പ്രക്ഷോഭങ്ങളുടെ ചുക്കാന്‍ പിടിച്ച പി മധു.

എവിടെ സ്‌ഫോടനം നടന്നാലും അതിനു പിന്നില്‍ മുസ്ളിങ്ങളാണെന്ന മുന്‍വിധിയാണ് പൊലീസിനും സര്‍ക്കാരുകള്‍ക്കും. ആന്ധ്രപൊലീസും വ്യത്യസ്തമല്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിന് പൊലീസും സര്‍ക്കാരും തയ്യാറാകാതിരുന്നതാണ് കുറ്റവാളികളുടെ സ്വൈരവിഹാരത്തിനു കാരണം. മുന്‍വിധിയോടെ മുസ്ളിങ്ങളെ പീഡിപ്പിക്കുന്ന ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെയും പൊലീസിന്റെയും നയങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. ഒന്നരമാസംമുമ്പ് പഴയ നഗരത്തില്‍ വര്‍ഗീയകലാപമുണ്ടായപ്പോള്‍ അതിന്റെ കുറ്റവും മുസ്ളിങ്ങളുടെ ചുമലിലിടുകയായിരുന്നു. എന്നാല്‍, കലാപത്തിന് തൊട്ടുമുമ്പ് ശ്രീരാമനവമി നാളില്‍ സംഘപരിവാര്‍ നടത്തിയ പൊതുയോഗത്തില്‍ പ്രസംഗിച്ച നേതാക്കള്‍ മുസ്ളിങ്ങള്‍ക്കെതിരെ വിഷം തുപ്പുകയായിരുന്നു. അന്ന് ജനാധിപത്യവാദികള്‍ ഈ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് ഒന്നും ചെയ്തില്ല. ഇതിനു പിന്നാലെ ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതിലൂടെ പൊലീസിന്റെ പക്ഷപാതിത്വം വ്യക്തമാണ്.

മക്ക മസ്‌ജിദ് സ്‌ഫോടനത്തിനും ലുംബിനി പാര്‍ക്, ഗോകുല്‍ ചാട്ട് ഭണ്ഡാര്‍ ഇരട്ട സ്‌ഫോടനങ്ങള്‍ക്കുംശേഷം തീവ്രവാദ മുദ്രചാര്‍ത്തി മുസ്ളിങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ പ്രക്ഷോഭം നയിച്ചത് സിപിഐ എമ്മാണ്. പൊലീസ് കിരാതവാഴ്ചയ്ക്കെതിരെ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് നഗരത്തിലെ ഇന്ദിരാ പാര്‍ക്കില്‍ മൂന്നുദിവസം തുടര്‍ച്ചയായാണ് സമരം നടത്തിയത്. പീഡനത്തിനിരയായ ഡോ. ജുനൈദ് അടക്കമുള്ളവരെ സിപിഐ എം നേതാക്കള്‍ ജയിലില്‍ പോയി കണ്ടു. വൃഷണങ്ങളിലടക്കം ഷോക്കേല്‍പ്പിക്കപ്പെട്ട് അവശനിലയിലായിരുന്നു ജുനൈദും സഹതടവുകാരും. മോചിതരായവരെ വീണ്ടും ബോണ്ടിന്റെ പേരില്‍ പൊലീസ് പീഡിപ്പിച്ചപ്പോള്‍ പാര്‍ടിയാണ് ഇടപെട്ടത്. പൊലീസിനെതിരെ ജനവികാരം വളര്‍ത്തിയെടുക്കാന്‍ സിപിഐ എമ്മിന്റെ പ്രക്ഷോഭം ഏറെ സഹായകമായി. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ജോലി നല്‍കുന്നതിനും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഈ പ്രശ്നത്തിലും സിപിഐ എമ്മിന്റെ ഇടപെടല്‍ ഫലം കണ്ടു. രണ്ടു കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ മുഖ്യമന്ത്രിയില്‍നിന്ന് പ്രത്യേക ഉത്തരവ് നേടാന്‍ ഈ ഇടപെടലിലൂടെ സാധിച്ചു. ഇത്തരം ഇടപെടലുകള്‍ പഴയ നഗരത്തില്‍ സിപിഐ എമ്മിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മധു പറഞ്ഞു.

VII

പച്ചക്കൊടിയിലെ വെള്ള നക്ഷത്രം

ന്യൂനപക്ഷക്ഷേമത്തിന് സിപിഐ എം രൂപം നല്‍കിയ ആവാസ് എന്ന സംഘടന ഹൈദരാബാദിലെ ദരിദ്രമുസ്ളിങ്ങള്‍ക്ക് അഭയകേന്ദ്രമാവുന്നു. യാഥാസ്ഥിതിക മുസ്ളിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പഴയ നഗരത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥക്കെതിരെ എട്ടുവര്‍ഷമായി ആവാസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷവിഭാഗങ്ങളില്‍ കാര്യമായ ചലനം സൃഷ്ടിച്ചു. “'വികസനം, സുരക്ഷ, മതനിരപേക്ഷത' എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ആവാസിന്റെ പ്രവര്‍ത്തനവും മക്ക മസ്‌ജിദ് സ്‌ഫോടനത്തിന് ശേഷം നിരപരാധികളായ മുസ്ളിങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ സിപിഐ എം നേതൃത്വത്തില്‍ നടന്ന സമരങ്ങളും ഹൈദരാബാദിലെ മുസ്ളിങ്ങള്‍ക്കിടയില്‍ സിപിഐ എമ്മിനോടുള്ള ആഭിമുഖ്യം വര്‍ധിപ്പിച്ചു.
ഗുജറാത്ത് വംശഹത്യ നടന്ന 2002ലാണ് കര്‍ണൂലില്‍ ആവാസ് രൂപീകരിച്ചത്. പതിനായിരക്കണക്കിനാളുകള്‍ പങ്കെടുത്ത റാലിയിലാണ് ആവാസിന്റെ പിറവി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം എ ഗഫൂറാണ് ആവാസിന്റെ സംസ്ഥാന പ്രസിഡന്റ്. മുഹമ്മദ് ഖയാസുദീന്‍ ജനറല്‍ സെക്രട്ടറിയും. സംസ്ഥാന സമിതി കൂടാതെ ജില്ലാ കമ്മിറ്റികളും യൂണിറ്റ് കമ്മിറ്റികളുമുണ്ട്. അംഗങ്ങളെ ചേര്‍ക്കലൊന്നുമില്ല. വെള്ള നക്ഷത്രം ആലേഖനംചെയ്ത പച്ചക്കൊടിയുമായാണ് ആവാസ് പ്രവര്‍ത്തകര്‍ ന്യൂനപക്ഷവിഭാഗങ്ങളിലേക്ക് കടന്നുചെല്ലുന്നതെന്ന് ജനറല്‍ സെക്രട്ടറി ഖയാസുദീന്‍ 'ദേശാഭിമാനി'യോട് പറഞ്ഞു. കോണ്‍ഗ്രസില്‍നിന്നും തെലുങ്കുദേശത്തില്‍നിന്നും ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 10 ശതമാനം മുസ്ളിങ്ങളുടെ ക്ഷേമത്തിന് ആകെ ബജറ്റ് വിഹിതത്തിന്റെ 0.2 ശതമാനം മാത്രമേ നീക്കിവച്ചിട്ടുള്ളൂ. 70-80 ശതമാനം മുസ്ളിങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് .60 ശതമാനത്തില്‍ കൂടുതല്‍ പേര്‍ക്കും സ്വന്തമായി ഭൂമിയും കിടപ്പാടവുമില്ല.

ഹിന്ദു-മുസ്ളിം മതമൌലികവാദികളുടെ പ്രവര്‍ത്തനകേന്ദ്രമാണ് ഹൈദരാബാദിലെ പഴയ നഗരം. മുസ്ളിങ്ങളുടെ രാഷ്‌ട്രീയപാര്‍ടിയായ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ളിമീന്‍ (എംഐഎം) മുസ്ളിം പ്രമാണിമാരുടെ ചൊല്‍പ്പടിയിലാണ്. എംഐഎം ഗുണ്ടകളെ ചെറുത്താണ് ആവാസ് പ്രവര്‍ത്തനം തുടങ്ങിയത്. മുസ്ളിങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം, വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കല്‍, മുസ്ളിം സംവരണത്തിനുവേണ്ടിയുള്ള പ്രചാരണം, വഖഫ് സ്വത്തുക്കളിലും ഖബറിസ്ഥാനിലും നടക്കുന്ന കൈയേറ്റം തടയല്‍, നിരക്ഷരരും ദരിദ്രരുമായ മുസ്ളിങ്ങള്‍ക്ക് റേഷന്‍കാര്‍ഡ്, മറ്റ് രേഖകള്‍ എന്നിവ ലഭിക്കുന്നതിലുള്ള സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ആവാസ് ഏറ്റെടുത്തു. പണം പലിശയ്ക്ക് കൊടുക്കുന്ന മുസ്ളിം പ്രമാണിമാരുടെ ക്രൂരതക്കിരയായ സമീറ എന്ന പെണ്‍കുട്ടിയുടെ കേസ് ഏറ്റെടുത്തത് ആവാസിന് സ്വീകാര്യത വര്‍ധിപ്പിച്ചു. ബാപ്പ പലിശപ്പണം നല്‍കാത്തതിന്റെ പേരില്‍ പലിശക്കാര്‍ സമീറയെ പിടിച്ചുകൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കി ചാര്‍മിനാറിന് മുകളില്‍നിന്ന് താഴെയിട്ട് കൊല്ലുകയായിരുന്നു.

കൊലയാളികള്‍ കോണ്‍ഗ്രസിന്റെയും എംഐഎമ്മിന്റെയും പിന്തുണയോടെ നാടിളക്കി നടന്നപ്പോള്‍ ഇവരെ നിയമത്തിനു മുന്നില്‍കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത് ആവാസ് ആണ്. ആവാസ് പ്രവര്‍ത്തകര്‍ക്ക് പ്രമാണിമാരുടെ ആക്രമണം നേരിടേണ്ടിവന്നെങ്കിലും സമരം ശക്തമായതോടെ പ്രതിയെ പിടിക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി. ദരിദ്രരും നിരക്ഷരരുമായ മുസ്ളിങ്ങളെ സാമ്പത്തികമായും പെകുട്ടികളെ ലൈംഗികമായും ചൂഷണംചെയ്യുന്ന മന്ത്രവാദികള്‍ക്കും സിദ്ധന്മാര്‍ക്കുമെതിരെ പ്രചാരണം നടത്തുന്നതായി ആവാസിന്റെ ബഹാദൂര്‍ പുര സോൺ ഇന്‍ചാര്‍ജ് ഷെയ്‌ഖ് അബ്‌ദുള്‍ മുക്കറം പറഞ്ഞു.

*****

എന്‍ എസ് സജിത് തയ്യാറാക്കിയ പരമ്പര