Showing posts with label അനുസ്മരണം. Show all posts
Showing posts with label അനുസ്മരണം. Show all posts

08 March, 2013

സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച ഷാവേസ്

ഉപജാപകവൃന്ദത്തിന്റെയും സ്തുതിപാഠകരുടെയും പിന്‍ബലത്താല്‍ വിശുദ്ധരെന്ന് മേനി നടിച്ചിരുന്ന യാങ്കി മേധാവികളേയും അനുചര ഭരണാധികാരികളേയും മുഖത്തുനോക്കി പിശാചുക്കളും മൃഗതുല്യരും ചൂഷകരുമൊക്കെയാണെന്ന് വിളിച്ച അപൂര്‍വ്വം ഭരണാധികാരികളില്‍ ഒരാളായിരുന്നു അന്തരിച്ച വെനിസ്വേലന്‍ പ്രസിഡന്റ് ഹൂഗോഷാവേസ്. അന്താരാഷ്ട്ര വേദികളിലും ചിലപ്പോഴൊക്കെ അമേരിക്കന്‍ സാമ്രാജ്യത്തത്തിന്റെ വാതില്‍ പടിക്കലും അദേഹം അവരെ വെല്ലുവിളിച്ചു. നേരത്തേ അത് ലാറ്റിനമേരിക്കയില്‍ നിന്നു തന്നെ ഫിഡല്‍ കാസ്‌ട്രോവില്‍ നിന്നാണ് ലോകം കണ്ടത്. എന്നാല്‍ ഷാവേസ് കാസ്‌ട്രോവിനെക്കാള്‍ കരുത്തോടെയാണ് വെല്ലുവിളിക്കുന്നതെന്ന പ്രതീതിയാണുണ്ടായത്.പ്രസംഗങ്ങളിലും പ്രഭാഷണങ്ങളിലും സ്പാനിഷ് ഭാഷയുടെ ശക്തിയും സൗന്ദര്യവും ലോകം വീണ്ടും തിരിച്ചറിഞ്ഞു. 


'മുതലാളിത്തം ചെകുത്താന്മാരുടെയും ചൂഷണത്തിന്റെയും വഴിയാണ്. നിങ്ങള്‍ യേശുവിന്റെ കണ്ണുകളിലൂടെയാണ് കാര്യങ്ങള്‍ കാണുന്നതെങ്കില്‍, അദ്ദേഹമാണ് എന്റെ അഭിപ്രായത്തില്‍ ആദ്യത്തെ സോഷ്യലിസ്റ്റ്, സോഷ്യലിസം മാത്രമാണ് ഏക പോംവഴി' എന്ന് അധികാരത്തിലെത്തുന്നതിനു മുമ്പ് തന്നെ അദ്ദേഹം പ്രഖ്യാപിച്ചു. പിന്നീട് അധികാരത്തില്‍ എത്തിയപ്പോള്‍ സോഷ്യലിസ്റ്റ് ആശയങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് ബൊളീവേറിയന്‍ ഭരണത്തെ അദ്ദേഹം മുന്നോട്ടുകൊണ്ടുപോയത്. 

'ഇന്നലെ ഇവിടെ  ഒരു ചെകുത്താന്‍ വന്നിരുന്നു. അതിനാല്‍ തന്നെ ഇന്ന് ഇവിടെ സള്‍ഫറിന്റെ ഗന്ധമാണ്. ഞാന്‍ നില്‍ക്കുന്ന ഈ വേദിക്കും അതിന്റെ രൂക്ഷഗന്ധമാണ്. ബഹുമാന്യരായ വ്യക്തികളെ, ചെകുത്താനെന്ന് ഞാന്‍ വിളിക്കുന്ന അമേരിക്കയുടെ മാന്യനായ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇവിടെ വന്ന് ലോകം തന്റെ സ്വന്തമാണെന്ന തരത്തില്‍ സംസാരിച്ചു. സ്വന്തം ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും ലോകജനതയെ ചൂഷണം ചെയ്യാനും മറ്റുള്ള രാജ്യങ്ങളെ തങ്ങളുടെ കീഴില്‍ അടക്കി നിര്‍ത്താനും എന്തും ചെയ്യും അമേരിക്ക. എന്നാല്‍ അത് അനുവദിച്ചു നല്‍കാനാവില്ല. ലോകത്തെ ഏകാധിപതികളുടെ കീഴിലാക്കുന്നതിന് കൂട്ടുനില്‍ക്കാന്‍ ഒരിക്കലും കഴിയില്ല' എന്ന് യു എന്‍ ജനറല്‍ അസംബ്ലിയില്‍ ചെന്നു അദ്ദേഹം പ്രഖ്യാപിച്ചു. സാമ്രാജ്യത്വത്തോട് അത്രയും കടുത്ത ഭാഷയിലുള്ള താക്കീത് വളരെ അപൂര്‍വ്വമായിരുന്നു.

'നിങ്ങള്‍ ഒരു വഞ്ചകനാണെന്ന് ബുഷിന്റെ പിന്‍ഗാമിയായി വന്ന ഒബാമയോട് ഷാവേസ് പറഞ്ഞു.' 'ആഫ്രിക്കയിലെ നിരവധി സാധാരണക്കാര്‍ നിങ്ങളുടെ സ്ഥാനലബ്ധിയില്‍ ആഹ്ലാദിച്ചിരുന്നു, നിങ്ങളെ വിശ്വസിച്ചിരുന്നു. കാരണം നിങ്ങളുടെ തൊലിയുടെ കറുത്തനിറമായിരുന്നു; നിങ്ങളുടെ പിതാവ് ഒരു ആഫ്രിക്കകാരനായിരുന്നു. അവരോട് ചെന്ന് ചോദിക്കൂ, അപ്പോള്‍ പറയും നിങ്ങളൊരു വഞ്ചകനാണെന്ന്. നിങ്ങളൊരു ആഫ്രിക്കന്‍ വംശജനാണ്, എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ആ സമൂഹത്തിനു തന്നെ അപമാനമാണ്' എന്ന് 2011 ല്‍ ഒബാമയുടെ നിലപാടുകള്‍ കണ്ടറിഞ്ഞ് അദ്ദേഹത്തോട് ഷാവേസ് മറയില്ലാതെ വിളിച്ചുപറഞ്ഞു. യാങ്കിനേതൃത്വത്തോടുമാത്രമല്ല, അതിന് സഹവര്‍ത്തിത്തം പ്രഖ്യാപിച്ച ഭരണാധികാരികളോടും ഇതേ നയമാണ് അദ്ദേഹം സ്വീകരിച്ചത്. ടോണിബ്ലെയറിനെയും ഇതേഭാഷയില്‍ അദ്ദേഹം നേരിട്ടു. 

ഉപരോധവേളയില്‍ സദ്ദാം ഹുസൈനെ സന്ദര്‍ശിച്ചുകൊണ്ട് അമേരിക്കയെ അദ്ദേഹം ഞെട്ടിച്ചു. രാജ്യാന്തര നയതന്ത്ര ബന്ധങ്ങളില്‍ പാലിക്കേണ്ട മര്യാദകളുടെ പൊള്ളത്തരത്തെയാണ് അദ്ദേഹം വെല്ലുവിളിച്ചത്.

അമേരിക്ക കണ്ണുവെച്ച വെനിസ്വേലയിലെ എണ്ണപ്പാടങ്ങളേയും സ്വര്‍ണ്ണമേഖലയേയും കാത്തുസൂക്ഷിക്കുന്നതിന് അവയുടെ ദേശസാല്‍ക്കരണത്തിനാണ് അദ്ദേഹം നടപടികള്‍ കൈക്കൊണ്ടത്. സോഷ്യലിസ്റ്റ് ഭരണ നയങ്ങളിലൂടെ സാധാരണക്കാരന്റെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അത് അദ്ദേഹത്തെ സാധാരണക്കാരുടെ കണ്ണിലുണ്ണിയാക്കി മാറ്റി. മാറ്റത്തിന്റെ ആ കാറ്റ്, സോഷ്യലിസത്തിന്റെ സൗരഭ്യം, ബൊളീവിയന്‍ അതിര്‍ത്തി ഭേദിച്ച് ബ്രസീലിലും അര്‍ജന്റിനയിലുമൊക്കെ കൊടുങ്കാറ്റ് തീര്‍ത്തു. ധിക്കാരിയായ ആ ഭരണാധികാരിയെ സ്വേഛാധിപതിയായി ചിത്രീകരിക്കാനാണ് സാമ്രാജ്യത്വ ശക്തികള്‍ ശ്രമിച്ചത്. എന്നാല്‍ സാധാരണക്കാരന്റെ ജീവിതത്തിനൊപ്പം നിന്നുകൊണ്ട് ആ പ്രചരണത്തെ അദ്ദേഹം അവഗണിച്ചു. പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് തന്റെ കൊട്ടാരത്തെ കിടപ്പാടമായി നല്‍കിയ മറ്റേതൊരു ഭരണാധികാരിയുണ്ട്? 

സൈമണ്‍ ബൊളിവറും മാര്‍ക്‌സും എംഗല്‍സുമൊക്കെയായിരുന്നു ഷാവേസിന്റെ ചരിത്ര പുരുഷന്മാര്‍. വിപ്ലവ പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചുപോയ മാര്‍ക്‌സിയന്‍ പുസ്തകങ്ങള്‍ പഠനകാലത്ത് വായിച്ചതുവഴിയാണ് അദ്ദേഹം മാര്‍ക്‌സിസ്റ്റ് - സോഷ്യലിസ്റ്റ് ആശയങ്ങളിലെത്തുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിലും അധികാരത്തിലും ആ വഴിയിലൂടെ തന്നെ അവസാനം വരെ സഞ്ചരിച്ചു. ആ സോഷ്യലിസ്റ്റ് പാതയിലൂടെ സഞ്ചരിച്ച ഷാവേസിനെ സാധാരണ ജനം എത്ര സ്‌നേഹിച്ചിരുന്നു എന്ന് മനസ്സിലാക്കാന്‍, മരണവാര്‍ത്ത പുറത്തു വന്നതിനുശേഷം വേനിസ്വേലയില്‍ മാത്രമല്ല ലോകത്തിന്റെ പല നഗരങ്ങളിലും തടിച്ചു കൂടിയ ജനക്കൂട്ടം സാക്ഷ്യമായി. അതാണ് ഷാവേസിന്റെ  ജീവിതത്തെ അന്വര്‍ഥമാക്കുന്നത്.

*
അബ്ദുള്‍ ഗഫൂര്‍

02 May, 2011

ഹിന്ദുവിന് കുടിവെള്ളം കൊടുക്കുന്ന മുസല്‍മാന്‍

തെരഞ്ഞെടുപ്പു ദിവസം ഞാന്‍ ഊരു ചുറ്റുകയായിരുന്നു. എനിയ്ക്ക് വോട്ടില്ല എന്നതായിരുന്നു കാരണം. വോട്ട് ഡല്‍ഹിയിലായിപ്പോയതില്‍ ദുഃഖിച്ച ദിവസമായിരുന്നു അത്. വോട്ടുചെയ്യുക എന്നത് ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിയെ ജയിപ്പിക്കുക എന്നതു മാത്രമല്ല. അത് രാഷ്ട്രീയമായ തന്റെ നിലപാട് രേഖപ്പെടുത്തുക എന്നതുകൂടിയാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍മാത്രം ലഭിയ്ക്കുന്ന ഒരപൂര്‍വ സന്ദര്‍ഭം.

ഞാന്‍ പോയത് പയ്യന്നൂരിലായിരുന്നു. കൂടെ കൈരളി ചാനലിന്റെ ഗള്‍ഫ് അസോസിയേറ്റ് എഡിറ്റര്‍ ഇ എം അഷ്റഫുമുണ്ടായിരുന്നു. ലിപി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഒരേ ഒരു ജീവിതം എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് നിര്‍വഹിക്കുവാനായിരുന്നു ആ യാത്ര. ഒരേ ഒരു ജീവിതം സ്വാമി ആനന്ദതീര്‍ഥരുടെ ജീവചരിത്രമാണ്. തെരഞ്ഞെടുപ്പ് എന്ന ചരിത്രസന്ധിയില്‍ ഒരു മലയാളിയ്ക്ക് അനുസ്മരിക്കാന്‍ പറ്റിയ വിഷയം തന്നെയല്ലേ ഇത്?

ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത് അതിന്റെ പോരാട്ടങ്ങളുടെ ചരിത്രമാണ്. ഈ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതേയാക്കുമെന്ന കുപ്രചാരണം ചുറ്റും നടക്കുമ്പോഴെല്ലാം നമ്മുടെ നവോത്ഥാനങ്ങളുടെയും സാമൂഹ്യ വിപ്ലവങ്ങളുടെയും ചരിത്രത്തിലേക്ക് നിശ്ശബ്ദം തിരിഞ്ഞുനോക്കുകയാണ് ഞാന്‍ ചെയ്തത്. അങ്ങനെ അവസാനിക്കുന്നതല്ല പുരോഗമന പ്രസ്ഥാനം എന്ന് ആ തിരിഞ്ഞുനോട്ടങ്ങള്‍ പറയുന്നുണ്ടായിരുന്നു.

സ്വാമി ആനന്ദതീര്‍ഥരുടെ ആശ്രമത്തില്‍വച്ചായിരുന്നു ചടങ്ങ്. സാധാരണഗതിയില്‍ ഒരു ആശ്രമത്തില്‍ കാല്‍ സ്പര്‍ശിക്കുമ്പോള്‍ ആത്മശാന്തിയാണ് അനുഭവപ്പെടുക. എന്നാല്‍ ആനന്ദതീര്‍ഥരുടെ ആശ്രമത്തില്‍ കാല്‍ കുത്തുമ്പോള്‍ ചോര തിളയ്ക്കുകയാണ് ചെയ്യുന്നത്. ആശ്രമത്തെ ഒരു സമരഭൂവാക്കി മാറ്റിയ മഹദ് വ്യക്തിയാണ് ആനന്ദതീര്‍ത്ഥര്‍ അല്ലെങ്കില്‍ അനന്തഷേണായി. പുലയരെപ്പോലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിലെ അധഃകൃത വര്‍ഗങ്ങളുടെ വിമോചനത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത ആനന്ദതീര്‍ഥരെ, ശ്രീനാരായണഗുരുവിനെയോ അയ്യങ്കാളിയെയോ അറിയുന്നതുപോലെ നമുക്കറിയില്ലെന്നു തോന്നുന്നു.

കീഴ്ജാതിക്കാരുടെ ഉന്നമനത്തിനായി ഐതിഹാസികമായ സമരങ്ങള്‍ നയിച്ച പലരും കീഴ്ജാതിക്കാര്‍ തന്നെയായിരുന്നു. സവര്‍ണനായി ജന്മംകൊണ്ടിട്ടുംഅവര്‍ണരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്നത് കമ്യൂണിസ്റ്റു പാര്‍ടിയുടെ പാരമ്പര്യമാണ്. അങ്ങനെയൊരാളായിരുന്നല്ലോ ഇ എം എസ്. ആ പാരമ്പര്യത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഒരാളാണ് ആനന്ദതീര്‍ത്ഥര്‍. ഗൗഡ സാരസ്വത ബ്രാഹ്മണനായി ജനിച്ചിട്ടും ഹരിജനങ്ങള്‍ക്കു വേണ്ടി ത്യാഗപൂര്‍ണമായ ജീവിതം നയിക്കുകയാണ് അദ്ദേഹം ചെയ്തത്. എന്റെ ഗര്‍ഭത്തില്‍ ഇങ്ങനെ ഒരു പുലയച്ചെറുക്കന്‍ എങ്ങനെയുണ്ടായി എന്ന് അമ്മ ദേവി അമ്മാള്‍ അത്ഭുതപ്പെട്ടിരുന്നു. കാരണം അനന്തഷേണായി എപ്പോഴും കൂട്ടുകൂടി നടന്നത് പുലയച്ചെറുക്കരുമായായിരുന്നു.

അനന്തഷേണായിയുടെ ജ്യേഷ്ഠ സഹോദരന്മാരില്‍ ഒരാള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അറ്റകുറ്റ പ്പണികള്‍ക്ക് മേല്‍നോട്ടം വഹിച്ച എന്‍ജിനിയറായിരുന്നു. അനന്തഷേണായിക്കും അതുപോലൊരു വഴിയില്‍ സഞ്ചരിക്കാമായിരുന്നു. പക്ഷേ അദ്ദേഹം ചെറുപ്രായത്തില്‍തന്നെ യാത്ര പുറപ്പെട്ടത് മറ്റൊരു ദിശയിലേയ്ക്കായിരുന്നു. യാത്രകളിലൂടെയാണ് തന്റെ സമൂഹത്തെ അനന്തഷേണായി അറിഞ്ഞത്. ഗ്രാമപ്രദേശത്തുകൂടി ചുറ്റിനടക്കുമ്പോഴാണ് സവര്‍ണ ഹിന്ദുക്കളില്‍നിന്ന് ഹരിജനങ്ങള്‍ക്കനുഭവിക്കേണ്ടി വരുന്ന നിരവധി കഷ്ടപ്പാടുകള്‍ നേരിട്ടറിയാന്‍ കഴിഞ്ഞത്. ഹിന്ദുത്വത്തിന്റെ പേരില്‍ നടക്കുന്ന ഈ നീചകൃത്യങ്ങളെ ശാശ്വതമായി അവസാനിപ്പിക്കുന്നതിനുവേണ്ടി ഞാനെന്റെ ജീവിതം സമര്‍പ്പിക്കുന്നു-1941ല്‍ അദ്ദേഹം പറഞ്ഞു.

സ്വാഭാവികമായും ശ്രീനാരായണഗുരു ദര്‍ശനങ്ങളില്‍ ആനന്ദതീര്‍ഥര്‍ ആകൃഷ്ടനായി. ഗ്രന്ഥകാരന്റെ ഭാഷയില്‍ പറഞ്ഞാല്‍, പുഴ കടലില്‍ ചെന്നെത്തിയതുപോലെയായിരുന്നു ആനന്ദതീര്‍ഥര്‍ ഗുരുദേവനിലെത്തിയതും. എട്ടു പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഹരിജന്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആനന്ദതീര്‍ഥര്‍ ആരംഭിച്ച ശ്രീനാരായണ വിദ്യാലയത്തിലെ ഹരിജന്‍ വിദ്യാര്‍ഥികളുമായി ഞാന്‍ സംസാരിച്ചു. അവര്‍ ഞങ്ങള്‍ക്ക് ചുടുചായ ഉണ്ടാക്കിത്തന്നു. അതിഥികളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ആ ചായ മൊത്തിക്കുടിച്ചു. അപ്പോള്‍ ഞാനാലോചിച്ചുപോയി; അധഃകൃത വര്‍ഗത്തിന്റെ ജീവിതം ഇന്ന് എത്രമാത്രം മാറിയിരിക്കുന്നു. അവരുണ്ടാക്കിത്തന്ന ചായ കുടിച്ച ഞങ്ങള്‍ക്കിടയില്‍ സവര്‍ണരും അവര്‍ണരും മുസ്ലിങ്ങളും ഉണ്ടായിരുന്നു. ഞങ്ങളാരുടെയും മനസ്സില്‍ ജാതി മത ചിന്തകളുണ്ടായിരുന്നില്ല. പക്ഷേ ഒരുകാലത്ത് എങ്ങനെയായിരുന്നു കീഴ്ജാതിക്കാരുടെ ജീവിതം?

പശുക്കളെ അടിച്ചെന്നാല്‍ ഉടമസ്ഥന്‍ തടുത്തീടും
പുലയരെ അടിച്ചെന്നാല്‍ ഒരുവരില്ല.
റോട്ടിലെങ്ങാനും നടന്നാല്‍ ആട്ടുകൊള്ളും.
തോട്ടിലേയ്ക്കൊന്നിറങ്ങിയാല്‍ കല്ലേറുകൊള്ളും.

(സമസ്ത കൊച്ചി പുലയ മഹാസഭയുടെ പ്രഥമ വാര്‍ഷിക സമ്മേളനത്തില്‍ കേട്ടത്). അങ്ങനെയായിരുന്നു അന്ന് അവര്‍ ജീവിച്ചത്.

ആനന്ദതീര്‍ഥര്‍ സമാധിയായ കട്ടിലും അദ്ദേഹം ഉപയോഗിച്ച വസ്തുക്കളും സംരക്ഷിച്ചുവച്ചിട്ടുണ്ട്. അദ്ദേഹം തന്റെ നിരവധി യാത്രകളില്‍ കൂടെ കൊണ്ടുപോയ വിലകുറഞ്ഞ ചെറിയ ബാഗും ചെരിപ്പും അവിടെ കണ്ടു. ആ മുറിയില്‍ നിശ്ശബ്ദനായി നില്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു പിടച്ചില്‍ അറിഞ്ഞു. എന്തുകൊണ്ടാണ് ഇന്ന് നമുക്ക് വലിയ ജീവിതങ്ങള്‍ ജീവിക്കുവാന്‍ കഴിയാതെ പോകുന്നത്? എന്തുകൊണ്ടാണ് ആനന്ദതീര്‍ത്ഥരെപ്പോലെയോ അയ്യങ്കാളിയെ പ്പോലെയോ ഉള്ള വലിയ മനുഷ്യര്‍ നമ്മുടെ ഇടയില്‍ ഇല്ലാതിരിക്കുന്നത്? ഒരുപക്ഷേ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചെറിയ മനുഷ്യരുടെ നൂറ്റാണ്ടായിരിക്കാം. എങ്കിലെന്ത്? ചെറിയവനായാലും വലിയവനായാലും ശരി, ഉള്ളില്‍ നന്മയുണ്ടായാല്‍ മതി, അല്ലേ? ആനന്ദതീര്‍ത്ഥരുടെ മരണശയ്യയുടെ മുമ്പില്‍ നിന്നുകൊണ്ട് അങ്ങനെയൊക്കെ ഞാന്‍ ആലോചിച്ചുപോയി

ഇ എം അഷ്റഫിന്റെ പുസ്തകത്തില്‍നിന്നും ആശ്രമത്തിന്റെ പ്രസിഡന്റ് വസുമിത്രനില്‍നിന്നും സ്വാമി ആനന്ദതീര്‍ത്ഥരുടെ ജീവിതത്തെക്കുറിച്ച് കുറേ അറിവുകള്‍ പകര്‍ന്നുകിട്ടി. നേരത്തെ സ്വാമിജിയെക്കുറിച്ച് ഞാന്‍ കൈവരിച്ച അറിവുകളില്‍ ധാരാളം വിടവുകളുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം ചേര്‍ത്തുവച്ച് നോക്കിയപ്പോള്‍ ആനന്ദതീര്‍ഥരെ എനിയ്ക്ക് മനസ്സിലാകുന്നുണ്ട് എന്നുതോന്നി. ഇ എം എസ് തന്റെ കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന പാടങ്ങളും മറ്റു സ്വത്തുക്കളും ദാനം ചെയ്തതുപോലെ സ്വാമി ആനന്ദതീര്‍ഥരും സര്‍വവും ശ്രീനാരായണ വിദ്യാലയത്തിനുവേണ്ടി ദാനംചെയ്തു. ഒരു ജോടി കാവിവസ്ത്രം മാത്രമായിരുന്നു പിന്നീട് സ്വാമിജിയുടെ സ്വത്ത്.

സാരസ്വത ബ്രാഹ്മണനും വിദ്യാസമ്പന്നനും (മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് എംഎ ബിരുദം നേടിയത്) തറവാട്ടുകാരനും ധനികനുമായ അനന്തഷേണായി തന്റെ ജീവിതം മുഴുവന്‍ ഹരിജനങ്ങളുടെ ഉന്നമനത്തിനായി അര്‍പ്പണം ചെയ്തു. അതൊരു ദുര്‍ഘടമായ യാത്രയായിരുന്നു. ഹരിജനങ്ങളുടെ ക്ഷേത്രപ്രവേശന സ്വാതന്ത്ര്യത്തിനുവേണ്ടി തലശേരി ജഗന്നാഥ ക്ഷേത്രത്തിലും ഗുരുവായൂര്‍ ക്ഷേത്രത്തിലുമെല്ലാം അദ്ദേഹം സമരംചെയ്തു. ഹരിജനങ്ങള്‍ക്കു മാത്രമല്ല അഹിന്ദുക്കള്‍ക്കും ഹൈന്ദവ ആരാധനാലയങ്ങളില്‍ പ്രവേശനം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്റെ കുട്ടിക്കാലം മുതല്‍തന്നെ തലശേരി ജഗന്നാഥക്ഷേത്ര ഉത്സവത്തിന് മുസ്ലിങ്ങള്‍ വരുന്നത് ഞാന്‍ കണ്ടിരുന്നു. എന്നാല്‍ അത് സ്വാമി ആനന്ദതീര്‍ത്ഥരുടെ പരിശ്രമഫലമായിരുന്നു എന്ന് അന്നെനിയ്ക്ക് അറിയില്ലായിരുന്നു. കീഴ്ജാതിക്കാര്‍ക്കും മറ്റു പിന്നോക്ക വര്‍ഗക്കാര്‍ക്കും മാത്രമല്ല അഹിന്ദുക്കള്‍ക്കും ദൈവാരാധന നടത്തുവാനും വിദ്യാഭ്യാസം ചെയ്യുവാനുമുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടിയുള്ള പരിശ്രമങ്ങള്‍ ആനന്ദതീര്‍ഥര്‍ തുടര്‍ന്നപ്പോള്‍ അധിക്ഷേപങ്ങളും അവഹേളനങ്ങളും സ്വാമിജിയെ പിന്തുടര്‍ന്നു. പിന്നീട് അത് ശാരീരികമായ ആക്രമണങ്ങളായി മാറി. പലതവണ അദ്ദേഹത്തിന് മര്‍ദനമേറ്റു. 1957ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇ എം എസ് സ്വാമിജിയുടെ സുരക്ഷയ്ക്കായി ഒരു സ്ക്വാഡിനെ നിയമിച്ചിരുന്നു.

കീഴ്ജാതിക്കാര്‍ക്കുവേണ്ടിയാണ് ആനന്ദതീര്‍ഥര്‍ ജീവിച്ചതും മരിച്ചതും. എന്നിട്ട് കീഴ്ജാതിക്കാരില്‍നിന്നും അദ്ദേഹത്തിന് അവഹേളനം ഏല്‍ക്കേണ്ടിവരികയുണ്ടായി. സബര്‍മതിയിലേക്കുള്ള നീണ്ട കാല്‍നട യാത്രയ്ക്കിടയില്‍ രത്നഗിരിയില്‍വച്ച് അദ്ദേഹത്തിന് കഠിനമായ ദാഹം അനുഭവപ്പെട്ടു. അവിടെ കണ്ട ഹരിജന്‍കുടിലില്‍ കയറി സ്വാമിജി കുടിക്കാന്‍ വെള്ളം ചോദിച്ചു. അദ്ദേഹം സവര്‍ണനാണെന്ന് മനസ്സിലാക്കിയ ഹരിജന്‍ കുടുംബം വെള്ളം നിഷേധിച്ചു. തുടര്‍ന്ന് ഒരു സവര്‍ണന്റെ വീട്ടില്‍ ചെന്ന് വെള്ളം ചോദിച്ചു. ഹരിജന്റെ കുടിലില്‍നിന്ന് സ്വാമി ഇറങ്ങിവരുന്നതുകണ്ട സവര്‍ണ കുടുംബവും അദ്ദേഹത്തിന് കുടിവെള്ളം കൊടുത്തില്ല. ദാഹംകൊണ്ട് തൊണ്ടപൊട്ടിയ സ്വാമിയ്ക്ക് അവസാനം കുടിനീര്‍ നല്‍കിയത് ഒരു മുസ്ലിമായിരുന്നു.

എല്ലാ മുസ്ലിങ്ങളെയും തീവ്രവാദികളായി കാണുന്ന പ്രവണത നമ്മുടെ ഇടയില്‍ വളര്‍ന്നുവരികയാണ്. എന്നാല്‍ അയിത്തോച്ചാടനത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനുംവേണ്ടി സമരങ്ങളും സത്യഗ്രഹങ്ങളും ചെയ്ത ആനന്ദതീര്‍ഥര്‍ക്ക് ദാഹിച്ചപ്പോള്‍ കുടിവെള്ളം നല്‍കിയത് ഒരു മുസ്ലിമാണ്. മാത്രമല്ല, സവര്‍ണര്‍ സ്വാമിജിയെ മര്‍ദിച്ചവശനാക്കുമ്പോള്‍ അദ്ദേഹത്തിന്റെ രക്ഷയ്ക്കായി ഓടിയെത്തിയത് മുസ്ലിങ്ങളായിരുന്നു. ഇതൊക്കെ ഇന്നാരെങ്കിലും ഓര്‍ക്കുന്നുണ്ടോ? ഓര്‍ക്കണം. അതിന് ഇ എം അഷ്റഫിന്റെ പുസ്തകം സഹായിക്കും.

@@
എം മുകുന്ദന്‍, കടപ്പാട് :ദേശാഭിമാനി വാരിക

25 December, 2010

കെ കരുണാകരന്‍


കേരളരാഷ്ട്രീയത്തില്‍ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ച നേതാവാണ് മണ്‍മറയുന്നത്. ഏഴുപതിറ്റാണ്ടായി കേരളരാഷ്ട്രീയത്തില്‍ കരുണാകരനുണ്ട്, എന്നല്ല, കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖംതന്നെയായിരുന്നു പതിറ്റാണ്ടുകളോളം അദ്ദേഹം. കോണ്‍ഗ്രസിന്റെ രക്ഷകനായും ശത്രുവായും ഭരണാധികാരിയായും പ്രതിപക്ഷ നേതാവായും ആശ്രിതവത്സലനായും ഗ്രൂപ്പ് നേതാവായും വത്സലശിഷ്യന്മാരുടെ ലീഡറായും അവരാല്‍ത്തന്നെ തിരസ്കൃതനായും മര്‍ദകരായ പൊലീസ് ഉദ്യോഗസ്ഥരുടെ രക്ഷകനായും സ്വന്തം അനുയായികളാല്‍ വേട്ടയാടപ്പെടുന്നവനായും കരുണാകരന്‍ കേരളീയന്റെ മുന്നില്‍നിന്നു.

ജന്മംകൊണ്ട് കണ്ണൂര്‍ക്കാരനായ കരുണാകരന്റെ രാഷ്ട്രീയ പാഠശാല തൃശൂരിലെ സീതാറാം മില്ലായിരുന്നു. പത്തൊമ്പതാമത്തെ വയസ്സില്‍ (1936) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത അദ്ദേഹം തൃശൂരില്‍നിന്ന് പടിപടിയായാണ് സ്വാതന്ത്ര്യ സമരത്തിലേക്കും കോണ്‍ഗ്രസിന്റെ സമുന്നത നേതൃത്വത്തിലേക്കുയര്‍ന്നത്. 1969ല്‍ എം എസ് മന്ത്രിസഭ രാജിവച്ചതിനെത്തുടര്‍ന്ന് സി അച്യുതമേനോന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിച്ചതിന്റെ ബുദ്ധികേന്ദ്രം കരുണാകരനായിരുന്നു. അതോടെയാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കരുണാകരന്‍ എന്ന 'ലീഡര്‍' ഉദയംചെയ്തത്.

ആജ്ഞാശക്തിയും ചടുലവും അപ്രതീക്ഷിതവുമായ നീക്കങ്ങളുമാണ് രാഷ്ട്രീയത്തില്‍ എന്നും കരുണാകരനെ ശ്രദ്ധാകേന്ദ്രമാക്കിയത്. എതിരാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും അപ്രിയമായ കാര്യങ്ങള്‍ കൂസലില്ലാതെ നടപ്പാക്കുന്നതില്‍ കരുണാകരനിലെ ഭരണാധികാരി അറച്ചുനിന്നില്ല. അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്ന നേതാവായി അദ്ദേഹത്തെ മിത്രങ്ങളും ശത്രുക്കളും കണ്ടു. ഇന്ദിര ഗാന്ധിയായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും നേതാവ്. ഏറ്റവുമൊടുവില്‍ സ്വന്തം പാര്‍ടിയില്‍നിന്ന് പുറത്തുപോയി പുതിയ പാര്‍ടി രൂപീകരിച്ചപ്പോഴും ഇന്ദിരയുടെ പേരാണ് അതിന് നല്‍കിയത്- ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ്. കേരളത്തിലെ മറ്റു മുതിര്‍ന്ന നേതാക്കള്‍ മറുപക്ഷത്ത് നിലയുറപ്പിച്ചപ്പോഴും കരുണാകരന്‍ ഇന്ദിരയോടൊപ്പമായിരുന്നു.

ഒരുകാലത്ത് കരുണാകരന്‍തന്നെയായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ്. ഒറ്റ നേതാവിനു ചുറ്റും പാര്‍ടിയും മുന്നണിയും ഭരണവും കറങ്ങിയപ്പോള്‍ തീരുമാനങ്ങള്‍ ഏകപക്ഷീയമായി. പാര്‍ടി കമ്മിറ്റികള്‍ക്കു പകരം ചുറ്റുംനിന്ന ഏറ്റവും അടുപ്പമുള്ള കൂട്ടമായി ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൈകാര്യകര്‍ത്താക്കള്‍. അങ്ങനെ കരുണാകരനില്‍നിന്ന് ആവോളം ആനുകൂല്യം പറ്റിയവര്‍ അപകടഘട്ടത്തില്‍ അദ്ദേഹത്തെ കൈവിട്ട് ശത്രുപാളയത്തിലെത്തി. പാലൂട്ടി വളര്‍ത്തിയവര്‍ തിരിഞ്ഞുകൊത്താന്‍ തുടങ്ങിയപ്പോള്‍ നിസ്സംഗനായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. കെ മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കുകയായിരുന്നു ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കരുണാകരന്റെ വാക്കുകള്‍ക്ക് വിലകല്‍പ്പിച്ചില്ല.

ഇന്ദിര ഗാന്ധിയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ അഖിലേന്ത്യാ രാഷ്ട്രീയത്തിലെ അതികായനായി മാറിയ കരുണാകരന്‍ പില്‍ക്കാലത്ത് നരസിംഹറാവുവിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചതിന്റെ പ്രധാന കാരണക്കാരനുമായി. ദീര്‍ഘകാലം മുഖ്യമന്ത്രിയായും മന്ത്രിയായും പ്രതിപക്ഷനേതാവായും കേരളത്തിന്റെ വികസനത്തില്‍ കരുണാകരന്‍ ഒട്ടേറെ സംഭാവന നല്‍കിയിട്ടുണ്ട്. ഇന്നത്തെ ഐക്യജനാധിപത്യമുന്നണി സംവിധാനം രൂപീകരിക്കുന്നതില്‍ നായകത്വം കരുണാകരനായിരുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനകാലത്തിന്റെ സിംഹഭാഗവും കമ്യൂണിസ്റ് പാര്‍ടിയുടെ കടുത്ത ശത്രുവായിരുന്നു കരുണാകരന്‍. എതിര്‍പക്ഷ ബന്ധമാണ് കേരളത്തിലെ ഇടതുപക്ഷവുമായി അദ്ദേഹം നിലനിര്‍ത്തിപ്പോന്നതും. അഴിമതി ആരോപണങ്ങളും ഭരണത്തിലെ ജനവിരുദ്ധ നടപടികളുമുണ്ടായപ്പോഴൊക്കെ കര്‍ക്കശമായ എതിര്‍പ്പാണ് ഇടതുപക്ഷം ഉയര്‍ത്തിയത്. അടിയന്തരാവസ്ഥയിലെ മര്‍ദകവാഴ്ച കരുണാകരനോടുള്ള എതിര്‍പ്പിന് രൂക്ഷത കൂട്ടിയ ഒന്നാണ്. കക്കയം ക്യാമ്പില്‍ രാജനെ ഉരുട്ടിക്കൊന്ന കേസിന്റെ ഫലമായി കരുണാകരന് മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നു. നാലുതവണ മുഖ്യമന്ത്രിയായപ്പോഴും ഇടതുപക്ഷത്തോട് ഒരുതരത്തിലുമുള്ള മൃദുസമീപനം കാട്ടാന്‍ കരുണാകരന്‍ തയ്യാറായില്ല. എന്നാല്‍, അവസാനകാലത്ത്, അത്തരം ശത്രുതകള്‍ ഉപേക്ഷിച്ച് ഇടതുപക്ഷവുമായി സഹകരിച്ചു പോകണമെന്ന അഭിപ്രായം അദ്ദേഹം പരസ്യമായി മുന്നോട്ടുവച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് 2005ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്നത്.

സ്വാതന്ത്ര്യ സമരകാലംമുതല്‍ സേവിച്ച സംഘടന തന്നെയും അനുയായികളെയും ചവിട്ടിത്തേക്കുന്നതില്‍ ഖിന്നനായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യര്‍, ചാണക്യന്‍ എന്നിങ്ങനെ പലപേരുകളില്‍ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഔന്നത്യം എതിരാളിയുടെയും അനുയായിയുടെയും ആദരംനേടിയ ഒന്നാണ്. ഏതു പ്രസ്ഥാനത്തിനുവേണ്ടിയാണോ എക്കാലവും പ്രവര്‍ത്തിച്ചത്, അതില്‍നിന്ന് ദുരനുഭവങ്ങള്‍ തുടര്‍ച്ചയായുണ്ടായപ്പോള്‍ എതിരാളികളുടെ രാഷ്ട്രീയവും സമീപനവും ശരിയായ പാതയിലാണെന്ന് കരുണാകരന് തിരിച്ചറിയാന്‍ കഴിഞ്ഞു. കരുണാകരന്റെ വിയോഗത്തോടെ കോണ്‍ഗ്രസില്‍ ഇല്ലാതാകുന്നത്, യഥാര്‍ഥ കോണ്‍ഗ്രസിനെ അറിയാവുന്ന തലമുറയാണ്; ദേശീയ പ്രസ്ഥാനവുമായി ഇന്നത്തെ കോണ്‍ഗ്രസിന് അവശേഷിക്കുന്ന ബന്ധമാണ്. കേരളത്തില്‍ ഒമ്പതു സീറ്റുമായി പരാജയത്തിന്റെയും ഒറ്റപ്പെടലിന്റെയും കയ്പുനീര്‍ കുടിച്ച കോണ്‍ഗ്രസിനെ സംരക്ഷിച്ചതും വളര്‍ത്തിയതും കരുണാകരന്റെ നേതൃത്വത്തിലാണെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹത്തിനും അനുയായികള്‍ക്കും പക്ഷേ കോണ്‍ഗ്രസില്‍നിന്ന് കൃതഘ്നതയാണ് പകരം ലഭിച്ചത്. കരുണാകരനോടെ കോണ്‍ഗ്രസിലെ ഒരു യുഗത്തിന് അന്ത്യമാകുന്നെന്നു പറയുന്നത് അതിശയോക്തിയല്ല.

അസാധാരണ രാഷ്‌ട്രീയ വ്യക്തിത്വം : പിണറായി വിജയന്‍

ഇന്ത്യയിലെ കോൺ‌ഗ്രസ് രാഷ്‌ട്രീയത്തിലെ അതികായരില്‍ ഒരാളായിരുന്നു കെ കരുണാകരന്‍. തൂവെള്ള ഖദറും നിറചിരിയുമായാണ് സദാ കാണാറുള്ളത്. കേരളത്തിന്റെ സാമൂഹ്യവും രാഷ്‌ട്രീയവും ഭരണപരവുമായ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്. നാല് വ്യത്യസ്‌ത കാലഘട്ടങ്ങളുടെ ആകെത്തുകയാണ് അദ്ദേഹം. ഗാന്ധിയന്‍, നെഹ്റു, ഇന്ദിര- രാജീവ്, മന്‍മോഹന്‍- സോണിയ കാലഘട്ടങ്ങളുടെ. ഇതില്‍ ആദ്യത്തെ മൂന്നു ഘട്ടത്തിലും കമ്യൂണിസ്‌റ്റ്വിരുദ്ധ രാഷ്‌ട്രീയത്തിലായിരുന്നു. എന്നാല്‍, നാലാമത്തെ ഘട്ടത്തില്‍ തന്റെ കമ്യൂണിസ്‌റ്റ് വിരുദ്ധതയ്ക്ക് വലിയതോതില്‍ അയവ് വരുന്നതിന്റെ സൂചന നല്‍കി. ഇന്ത്യയുടെ രക്ഷയ്ക്ക് കമ്യൂണിസ്‌റ്റ് പ്രസ്ഥാനവുമായി കൈകോര്‍ത്തു നീങ്ങുന്നതാണ് നല്ലത് എന്ന അഭിപ്രായം പ്രകടിപ്പിക്കുന്നതിലേക്ക് അദ്ദേഹം മാറുകവരെ ചെയ്തു. മന്‍മോഹന്‍-സോണിയ കാലഘട്ടത്തോട് കലഹിച്ച കോൺ‌ഗ്രസ് നേതാവായിരുന്നെങ്കിലും ആദ്യവസാനം കോൺ‌ഗ്രസുകാരനായിത്തന്നെ തുടര്‍ന്നു.

കരുണാകരനുമായി അടുത്തും അകന്നും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള ഒരു കമ്യൂണിസ്‌റ്റുകാരനാണ് ഞാന്‍. അദ്ദേഹത്തില്‍ കണ്ട ഒരു സ്വഭാവം നിലപാടുകളിലെ വീറായിരുന്നു. ഏതെങ്കിലും കാര്യത്തില്‍ തീരുമാനമെടുത്താല്‍ വിട്ടുവീഴ്ച കാട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ കമ്യൂണിസ്‌റ്റ്വിരുദ്ധത കൊടിയടയാളമായി സ്വീകരിച്ച ഘട്ടത്തില്‍ മറ്റാരേക്കാളും വീറോടെ കമ്യൂണിസ്‌റ്റ്പ്രസ്ഥാനത്തെ തകര്‍ക്കുന്നതിന് യത്നിച്ചു. അടിയന്തരാവസ്ഥയിലടക്കം ഭരണനായകനായപ്പോള്‍ പൊലീസിനെ സാധാരണ ജനങ്ങള്‍ക്കും കമ്യൂണിസ്‌റ്റുകാര്‍ക്കുമെതിരെ നിര്‍ദയം ഉപയോഗിച്ചു.

കെ കരുണാകരനെ ഞാന്‍ അടുത്തറിയുന്നത് 1970ല്‍ എംഎല്‍എ ആയി നിയമസഭയില്‍ എത്തുമ്പോഴാണ്. സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭയില്‍ അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നു. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ സമീപനമായിരുന്നു അന്ന് പൊലീസില്‍നിന്ന് ഉണ്ടായത്. അക്കാലത്ത് സിപിഐ എമ്മിനോട് ശത്രുതാപരമായ നിലപാട് സ്വീകരിച്ചു എന്നുമാത്രമല്ല, പാര്‍ടിയുടെ പ്രവര്‍ത്തനം തടയുന്നതിന് അദ്ദേഹം പൊലീസിനെ കയറൂരിവിടുകയുംചെയ്തു. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ മൂന്ന് സ്ഥലത്ത് പൊലീസ് പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കുകയും സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുന്നതിന് കോൺ‌ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുകയുംചെയ്തു. ഇവിടത്തെ പൊലീസ്- കോൺ‌ഗ്രസ് അക്രമവാഴ്ച അന്വേഷിക്കാന്‍ തൃക്കടാരി പൊയിലില്‍ ചെന്ന് കൂത്തുപറമ്പിലേക്കു മടങ്ങുമ്പോള്‍ ഞങ്ങളുടെ നേര്‍ക്ക് ഒരാള്‍ വെടിവച്ചു. ഡ്രൈവറുടെ മനഃസാന്നിധ്യംകൊണ്ടാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. വെടിവച്ച സംഭവം തേച്ചുമാച്ചു കളയാന്‍ പൊലീസിനു വിഷമവുമുണ്ടായില്ല. ഇത്തരമൊരു സാഹചര്യമുണ്ടായത് ആഭ്യന്തരമന്ത്രിയുടെ കമ്യൂണിസ്‌റ്റ്വിരുദ്ധ രാഷ്‌ട്രീയം കടുത്തതാണെന്ന് പൊലീസിന് അറിയാവുന്നതുകൊണ്ടായിരുന്നു. പൊലീസിനെ ഇപ്രകാരം കെട്ടഴിച്ചുവിട്ടതിന്റെകൂടി ഭാഗമായിട്ടായിരുന്നു രാജന്‍സംഭവം ഉള്‍പ്പെടെയുള്ളവ ഉണ്ടായത്.

അടിയന്തരാവസ്ഥയില്‍ സിപിഐ എം പ്രവര്‍ത്തകരെ മിസാ തടവുകാരായി അറസ്‌റ്റ് ചെയ്ത കൂട്ടത്തില്‍ എനിക്കും കൂത്തുപറമ്പ് ലോക്കപ്പില്‍വച്ച് ക്രൂരമായ പൊലീസ് മര്‍ദനം ഏറ്റു. മര്‍ദനത്തെക്കുറിച്ച് ജയിലില്‍വച്ച് സര്‍ക്കാരിനു പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് നിയമസഭയില്‍ എനിക്കുണ്ടായ അനുഭവം വിവരിച്ചിട്ടും കുറ്റക്കാരായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ല. താന്‍ സ്വീകരിച്ചുവന്ന രാഷ്‌ട്രീയനിലപാട് അന്ധമായ കമ്യൂണിസ്‌റ്റ്വിരോധത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് കമ്യൂണിസ്‌റ്റ്വിരുദ്ധ രാഷ്‌ട്രീയത്തിന്റെ പാപ്പരത്തം ബോധ്യമായതായി അദ്ദേഹത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കി.

കേരളരാഷ്‌ട്രീയത്തില്‍ കെ കരുണാകരന്‍ നേതൃസ്ഥാനത്തേക്കെത്തിയത് രണ്ടാം എം എസ് മന്ത്രിസഭയുടെ കാലത്ത് കോൺ‌ഗ്രസ് പാര്‍ലമെന്ററി പാര്‍ടി നേതാവാകുന്നതുകൂടിയാണ്. കോൺ‌ഗ്രസിന്റെ നിര്‍ണായകഘട്ടത്തില്‍ കരുണാകരനില്‍ എത്തിയ നേതൃത്വം പിന്നീട് കേരളത്തിന്റെ ചരിത്രത്തില്‍ വിധിനിര്‍ണായകമായി. ഒരുവശത്ത് എം എസും മറുവശത്ത് കരുണാകരനും ഏറ്റുമുട്ടിയ രാഷ്‌ട്രീയപ്പോരാട്ടത്തിന്റെ ദശാബ്ദങ്ങള്‍ക്ക് തുടക്കംകുറിക്കുകയായിരുന്നു. നാലുതവണ മുഖ്യമന്ത്രിയായി. കോൺ‌ഗ്രസ് പ്രവര്‍ത്തകസമിതി അംഗം, പാര്‍ലമെന്റ് ബോര്‍ഡ് അംഗം, കേന്ദ്രമന്ത്രി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച കരുണാകരന്‍ കമ്യൂണിസ്‌റ്റ് വിരുദ്ധത തന്റെ പ്രഖ്യാപിത രാഷ്‌ട്രീയനിലപാടായി തുടര്‍ന്നപ്പോഴും ഒരുകാര്യത്തില്‍ ശ്രദ്ധിച്ചിരുന്നു. രാഷ്‌ട്രീയ എതിരാളികളെ വ്യക്തിഹത്യചെയ്യാന്‍ അദ്ദേഹം മുതിര്‍ന്നിരുന്നില്ല.

കെ ജി, നായനാര്‍ തുടങ്ങിയവര്‍ക്കെല്ലാം ജന്‍മം നല്‍കിയ കണ്ണൂരിന്റെ മണ്ണിലാണ് കരുണാകരനും പിറന്നത്. ചിത്രകലയിലെ അഭിരുചിയും എട്ടാംക്ളാസില്‍ പഠിക്കുമ്പോള്‍ കണ്ണില്‍ വെള്ളംനിറയുന്ന അസുഖം പിടിപെട്ടതിനാലുമാണ് തൃശൂരില്‍ ചിത്രരചന പഠിക്കാന്‍ എത്തിയതെന്ന് കരുണാകരന്‍തന്നെ പറഞ്ഞിട്ടുണ്ട്. വീടിന്റെ ചുവരില്‍ ഗാന്ധിയുടെയും നെഹ്റുവിന്റെയും ചിത്രങ്ങള്‍ കരികൊണ്ടു വരച്ചു. ചിത്രകാരനായിരുന്നെങ്കിലും ഒരു പരാജയമാകുമായിരുന്നില്ലെന്ന് അദ്ദേഹം എന്നോടു സൂചിപ്പിച്ചിട്ടുണ്ട്. അക്കാലത്ത് 500 രൂപവരെ കിട്ടുന്ന എണ്ണച്ഛായചിത്രങ്ങള്‍ വരച്ചിരുന്നു.
സ്വാതന്ത്ര്യസമരസേനാനി എന്ന നിലയില്‍ ജയില്‍വാസവും ഗാന്ധിയന്‍ശൈലിയിലെ ജീവിതവും സ്വാതന്ത്ര്യപൂര്‍വകാലത്ത് സ്വീകരിച്ചിരുന്നു. പിന്നീട് ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തകനായി. ഘട്ടത്തിലെല്ലാം തൊഴിലാളി- കര്‍ഷകാദി ബഹുജനങ്ങളെ ബൂര്‍ഷ്വ, ഭൂപ്രഭു വര്‍ഗങ്ങള്‍ക്കെതിരെ വിപ്ളവകരമായി സംഘടിപ്പിച്ച് മുന്നോട്ടുപോകുന്ന ശൈലിയായിരുന്നു കമ്യൂണിസ്‌റ്റ്പ്രസ്ഥാനം സ്വീകരിച്ചിരുന്നത്. ഇതിനെതിരായ നിലപാടായിരുന്നു കരുണാകരന്റേത്.
ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിലൂടെ രാഷ്‌ട്രീയത്തിലെത്തി മിക്കപ്പോഴും കോൺ‌ഗ്രസ് രാഷ്‌ട്രീയത്തില്‍ സമാനതകളില്ലാത്ത നേതാവായി പ്രവര്‍ത്തിച്ചിരുന്ന കരുണാകരന്റെ വേര്‍പാട് ദേശീയരാഷ്‌ട്രീയത്തിനും വിശിഷ്യ കേരളരാഷ്‌ട്രീയത്തിനും വലിയ നഷ്‌ടമാണ്. ഗ്രൂപ്പുരാഷ്‌ട്രീയം കോൺ‌ഗ്രസില്‍ പുത്തരിയല്ലെങ്കിലും അതിന് കേരളത്തില്‍ പുതിയ മാനം നല്‍കിയ നേതാവാണ്. ഗ്രൂപ്പ് വിവാദങ്ങളും വേര്‍തിരിവുകളും ഉയരുമ്പോഴും അവയ്ക്കു നടുവിലൂടെ തന്റെ രാഷ്‌ട്രീയലക്ഷ്യം നേടാനുള്ള അടവും തന്ത്രവും ആരിലും കൌതുകം ജനിപ്പിക്കുന്നതായിരുന്നു. ദേശീയ കോൺ‌ഗ്രസ് രാഷ്‌ട്രീയത്തിന് കേരളം നല്‍കിയ സമുന്നതനായ കോൺ‌ഗ്രസ് നേതാവിന്റെ വേര്‍പാടില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

ദീര്‍ഘവീക്ഷണമുള്ള നേതാവ് : കോടിയേരി ബാലകൃഷ്ണന്‍

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തന കാലഘട്ടത്തില്‍ത്തന്നെ എനിക്ക് കെ കരുണാകരനുമായി അടുത്ത് ഇടപഴകാന്‍ അവസരമുണ്ടായിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി ഞാന്‍ പ്രവര്‍ത്തിക്കുന്നന്നഘട്ടത്തില്‍ നിരവധിതവണ അദ്ദേഹത്തെ കാണുകയുണ്ടായി. 1982ല്‍ നിയമസഭാ സാമാജികനായതോടെയാണ് ഭരണാധികാരിയായ കരുണാകരനെ നിലയില്‍ല്‍അടുത്തറിയാന്‍ സാധിച്ചത്. അന്ന് അദ്ദേഹം മുഖ്യമന്ത്രിയാണ്. നിയമസഭയെ മുഖ്യമന്ത്രിയുടെ ഒട്ടേറെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കാനുള്ള വേദിയാക്കി ഞാന്‍ ഉപയോഗിച്ച സന്ദര്‍ഭങ്ങളില്‍പ്പോലും വ്യക്തിപരമായി അടുപ്പം നിലനിര്‍ത്താന്‍ കഴിയുംവിധം സൌഹാര്‍ദപരമായ സമീപനമാണ് അദ്ദേഹം കൈക്കൊണ്ടത്.

കേന്ദ്രം കേരളത്തിന്റെ അരിവിഹിതം വെട്ടിക്കുറച്ചതിനെതിരെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ല്‍ വമ്പിച്ച പ്രതിഷേധം അഴിച്ചുവിട്ടു. ഞങ്ങളില്‍ ചിലര്‍ സ്പീക്കറുടെ വേദിയിലേക്ക് കടന്നു കയറി. ഇതേത്തുടര്‍ന്ന് എം വി രാഘവനും കോലിയക്കോട് കൃഷ്ണന്‍നായര്‍ക്കുമൊപ്പം എന്നെയും സഭയില്‍ല്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. സസ്പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി കരുണാകരന്‍ സംസാരിക്കുമ്പോള്‍ തൊട്ടടുത്തുനിന്ന് ഞാന്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. കരുണാകരന്‍ അവതരിപ്പിച്ചുകൊണ്ടിരുന്നന്ന സസ്പെന്‍ഷന്‍ പ്രമേയം ഞങ്ങള്‍ല്‍ചിലരുടെ കൈകളിലേക്കെത്തി. സമയത്തും അക്ഷോഭ്യനായി നിന്ന് പ്രമേയത്തിനകത്തെ വാചകം മനസ്സില്‍ നിന്നുപറഞ്ഞ് പൂര്‍ത്തിയാക്കി പ്രമേയം അംഗീകരിപ്പിച്ച രംഗം അപൂര്‍വതയുള്ളതായിരുന്നു. പക്ഷേ, സംഭവത്തിനു ശേഷം പിന്നീടു കാണുമ്പോള്‍ വിദ്വേഷത്തിന്റെ ഒരു ലാഞ്ചനയും അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നില്ല.

ഉറച്ച കോൺ‌ഗ്രസുകാരനായിരുന്നു കരുണാകരന്‍. പട്ടം താണുപിള്ളയും കെ കേളപ്പനും സി കേശവനും പോലും കോൺ‌ഗ്രസിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ കോൺ‌ഗ്രസില്‍ല്‍ഉറച്ചു നിന്നന്നഅദ്ദേഹം ഡിഐസി രൂപീകരണഘട്ടത്തിലാണ് കോൺ‌ഗ്രസില്‍ല്‍നിന്നു വ്യത്യസ്‌തമായ രാഷ്‌ട്രീയം സ്വീകരിച്ചത്. ഘട്ടത്തില്‍ പലപ്പോഴും കരുണാകരനുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞ എനിക്ക് അദ്ദേഹത്തിന്റെ രാഷ്‌ട്രീയവീക്ഷണം ഏതെല്ലാം വിധത്തിലാണ് മാറിമറിഞ്ഞുകൊണ്ടിരുന്നതെന്നു മനസ്സിലാക്കാന്‍ സാധിച്ചു. കരുണാകരനില്‍ വന്ന മാറ്റം കാലഘട്ടത്തിലെ രാഷ്‌ട്രീയ സംഭവങ്ങളുമായി കൂട്ടി യോജിപ്പിച്ച് രാഷ്‌ട്രീയ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടണ്ട വസ്‌തുതയാണ്.

വളരെയധികം ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു കരുണാകരന്‍. 1982-87ല്‍ തലശേരി- മാഹി ബൈപാസ് റോഡ് നിര്‍മാണത്തിനുവേണ്ടി 45 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിനെതിരായി രൂപീകരിച്ച സര്‍വകക്ഷി കര്‍മസമിതിയുടെ പ്രതിനിധി സംഘത്തോടൊപ്പം മുഖ്യമന്ത്രിയെ കണ്ട എന്നോട് അദ്ദേഹം പറഞ്ഞ കാര്യം സന്ദര്‍ഭത്തിൽ ഓര്‍ക്കുകയാണ്. " 45 മീറ്ററിനെതിരായ പ്രക്ഷോഭത്തിനൊപ്പം യുവ എംഎല്‍എ ആയ ബാലകൃഷ്ണന്‍ പോകാതിരിക്കുന്നതാണ് നല്ലത്. സര്‍വകക്ഷി സംഘം ഇതുമായി നടന്നുകൊള്ളട്ടെ. പക്ഷേ, ബൈപാസ് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 45 മീറ്റര്‍ പോലും പോരാതെ വരും.''

കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നന്ന പ്രകൃതം അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ഒരു തീരുമാനം കൈക്കൊണ്ടാൽ അത് നടപ്പാക്കുന്നതിൽ എന്ത് പ്രത്യാഘാതമുണ്ടായാലും ഉറച്ചുനില്‍ക്കും. ഇതാണ് കെ കരുണാകരനെ വ്യത്യസ്‌തനായ രാഷ്‌ട്രീയനേതാവാക്കി മാറ്റിയത്. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റശേഷം ഞാന്‍ അദ്ദേഹത്തെ നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ട്. അപ്പോഴൊക്കെ കരുണാകരന്‍ നടത്തിയ അഭിപ്രായപ്രകടനം പലതും ഭരണപരമായ സമീപനങ്ങള്‍ കൈക്കൊള്ളുന്നതിന് എനിക്ക് മുതല്‍ക്കൂട്ടായിട്ടുണ്ട്. അദ്ദേഹം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത സന്ദര്‍ഭങ്ങളില്‍ല്‍പല കടുത്ത നിലപാടുകളും സ്വീകരിച്ച് വിമര്‍ശശരങ്ങള്‍ക്ക് വിധേയനായി. അത്തരം വിയോജിപ്പുള്ള വിഷയങ്ങള്‍ മാറ്റിനിര്‍ത്തിയാൽ അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയില്‍ല്‍നിന്നും ഭരണരംഗത്തുള്ളവര്‍ക്ക് പലതും പഠിക്കാന്‍ കഴിയും. ഒരു സന്ദര്‍ഭത്തിലും പതറിയിരുന്നില്ല.

ഇന്ത്യയിലെ വിവിധ പാര്‍ടികളിലെ ലീഡര്‍മാരെ കൊണ്ടു തന്നെ ലീഡര്‍ എന്നു വിളിപ്പിച്ച ഒരപൂര്‍വ ലീഡറാണ് കരുണാകരന്‍. തന്റെ പാര്‍ടിയിൽ ലീഡര്‍ പലതവണ അവഗണിക്കപ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കുപ്രസിദ്ധമായ വിമോചനസമരത്തിനുശേഷം 1960ല്‍ല്‍നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് 5 വര്‍ഷം കോൺ‌ഗ്രസിന്റെ മുഖ്യധാരയിൽ നിന്നും കരുണാകരനെ അകറ്റിനിര്‍ത്താന്‍ ശ്രമങ്ങളുണ്ടായി. പില്‍ക്കാലത്ത് ഡിഐസി രൂപീകരിച്ച് കരുണാകരന്‍ പുറത്തുവരേണ്ടണ്ടസാഹചര്യവും സൃഷ്‌ടിക്കപ്പെട്ടു.

എല്ലാ ജനാധിപത്യ അവകാശങ്ങളെയും ചവിട്ടി ഞെരിച്ച അടിയന്തരാവസ്ഥ ഇന്ദിര ഗാന്ധി പ്രഖ്യാപിച്ചപ്പോള്‍ തന്റെ ഇന്ദിരാഭക്തി ഉറക്കെ പ്രഖ്യാപിച്ചു നിലപാടെടുത്ത ആളാണ് അദ്ദേഹം. അപ്രതീക്ഷിതമായ ഒട്ടേറെ രാഷ്‌ട്രീയ ചുവടുവയ്പുകളിലൂടെ രാഷ്‌ട്രീയ നിരീക്ഷകരെ അദ്ദേഹം അമ്പരപ്പിച്ചു. പല ഘട്ടത്തിലും നിയമസഭയ്ക്കകത്തും പുറത്തും കരുണാകരന്റെ രാഷ്‌ട്രീയതന്ത്രങ്ങള്‍ കേരളം വിസ്മയത്തോടെ കണ്ടുനിന്നു. പ്രായോഗിക രാഷ്‌ട്രീയത്തിന്റെ എല്ലാ തന്ത്രവും പ്രയോഗിച്ച് പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിവുള്ള നേതാവിനെയാണ് കരുണാകരന്റെ വിയോഗത്തിലൂടെ കേരളത്തിനു നഷ്‌ടമായത്.

സോണിയ അവഗണിച്ച അതികായന്‍

കേരളത്തില്‍നിന്ന് ഡല്‍ഹിയിലെത്തി ദേശീയരാഷ്‌ട്രീയത്തില്‍ കിങ്മേക്കര്‍ എന്ന പേര് ലഭിച്ച അപൂര്‍വം നേതാക്കളില്‍ ഒരാളാണ് കെ കരുണാകരന്‍. ജവാഹര്‍ലാല്‍ നെഹ്റുമുതല്‍ രാജീവ്ഗാന്ധിവരെയുള്ള പ്രധാനമന്ത്രിമാരുമായും കോൺ‌ഗ്രസ് അധ്യക്ഷന്മാരുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തിയ നേതാവായിരുന്നു കരുണാകരന്‍. എന്നാല്‍, സോണിയ ഗാന്ധിയുടെ ഉദയത്തോടെ ഏറ്റവുമധികം അവഗണിക്കപ്പെട്ട നേതാവും അദ്ദേഹംതന്നെ.

ഇന്ദിര ഗാന്ധിയുടെ മരണശേഷമാണ് കെ കരുണാകരന്‍ ദേശീയരാഷ്‌ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ ആരംഭിച്ചത്. രാജീവ്ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ കരുണാകരന്‍ പല വിഷയങ്ങളിലും അദ്ദേഹത്തിന് താങ്ങാവുകയും ചെയ്തു. രാജീവ്ഗാന്ധിയുടെ മരണത്തിനുശേഷം കോൺ‌ഗ്രസിന് ചോദ്യം ചെയ്യപ്പെടാനാകാത്ത ഒരു നേതാവിന്റെ അഭാവം ഉണ്ടായിരുന്നു. ഘട്ടത്തിലാണ് കരുണാകരന്‍ എന്ന കുശാഗ്രബുദ്ധിയുള്ള രാഷ്‌ട്രീയക്കാരന്‍ ദേശീയരാഷ്‌ട്രീയത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്.

സോണിയ ഗാന്ധി നേതൃത്വമേറ്റെടുക്കാന്‍ തയ്യാറാകാതിരുന്നപ്പോള്‍ ആരാകണം പ്രധാനമന്ത്രി എന്ന കാര്യത്തില്‍ വലിയ ആശയക്കുഴപ്പമായിരുന്നു നിലനിന്നിരുന്നത്. നരസിംഹറാവുവും ശരദ് പവാറും തമ്മിലായിരുന്നു നേതൃസ്ഥാനത്തേക്ക് പ്രധാന മത്സരം. നരസിംഹറാവുവിനൊപ്പംനിന്ന് കരുക്കള്‍ നീക്കിയത് കരുണാകരനായിരുന്നു. മുംബൈയില്‍നിന്ന് മറാത്ത രാജാവിനെപ്പോലെ അധികാരത്തിന്റെ വാളുമായി കുതിരപ്പുറത്ത് പുറപ്പെട്ട ശരദ് പവാര്‍ ഡല്‍ഹിയിലെത്തി വാളും പരിചയും നരസിംഹറാവുവിനു മുമ്പില്‍ സമര്‍പ്പിച്ചപ്പോള്‍ (ആര്‍ കെ ലക്ഷ്മണന്റെ കാര്‍ട്ടൂൺ) അതിനു പിന്നില്‍ ചരടുവലി നടത്തിയത് കരുണാകരനായിരുന്നു എന്നത് പ്രസിദ്ധം. എന്നാല്‍, ഇതിനുള്ള പ്രതിഫലം റാവുവില്‍നിന്ന് കരുണാകരന് ലഭിച്ചില്ല. വ്യവസായമന്ത്രിപദം മാത്രമാണ് കരുണാകരന് ലഭിച്ചത്. പവാറാകട്ടെ പ്രതിരോധമന്ത്രിയായി. എന്നിട്ടും റാവുവിന് പ്രതിരോധനിര തീര്‍ക്കാന്‍ കരുണാകരന്‍ ഇറങ്ങിപ്പുറപ്പെടുന്ന കാഴ്ചയാണ് കണ്ടത്. റാവു സര്‍ക്കാര്‍ വിശ്വാസപ്രമേയത്തെ നേരിട്ടപ്പോള്‍ ജെഎംഎം നേതാക്കളെയും അജിത് സിങ്ങിനെയും മറ്റും കാണാന്‍ സൌത്ത് അവന്യൂവിലൂടെ തിരക്കിട്ടുപോകുന്ന കരുണാകരന്റെ വാര്‍ത്തകളും ചിത്രങ്ങളും അന്ന് ദേശീയമാധ്യമങ്ങളില്‍ സ്ഥാനംപിടിച്ചിരുന്നു.

ദേശീയരാഷ്‌ട്രീയത്തിലെ അതികായനായി കരുണാകരന്‍ മാറുകയാണെന്ന മാധ്യമവാര്‍ത്തകള്‍ വര്‍ധിച്ചതോടെ അദ്ദേഹത്തെ നരസിംഹറാവുവും അവഗണിക്കാന്‍ ആരംഭിച്ചു. പത്താം ജന്‍പഥിനെ കണ്ടില്ലെന്നു നടിച്ച് മുന്നോട്ടുപോയ നരസിംഹറാവുവുമായുള്ള ചങ്ങാത്തം കരുണാകരനെ സോണിയ ഗാന്ധിയില്‍നിന്ന് അകറ്റുകയുംചെയ്തു. സോണിയ ഗാന്ധി കോൺ‌ഗ്രസ് അധ്യക്ഷയായതോടെ കരുണാകരന്റെ കഷ്‌ടകാലം ആരംഭിച്ചു. തലമുതിര്‍ന്ന നേതാവായിട്ടും അദ്ദേഹത്തെ ആവര്‍ത്തിച്ച് അവഗണിക്കുകയായിരുന്നു സോണിയ. അര്‍ജുന്‍സിങ്, ജിതേന്ദ്രപ്രസാദ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാന്‍ സോണിയ പൊതുവെ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ഇതില്‍ കരുണാകരന്‍ തീര്‍ത്തും അസ്വസ്ഥനുമായിരുന്നു.

കൃഷ്ണമേനോന്‍ മാര്‍ഗിലെ ഒമ്പതാം നമ്പര്‍ വസതിയില്‍നിന്ന് സോണിയ ഗാന്ധിക്കെതിരെയുള്ള അമര്‍ഷത്തിന്റെ പുക ഉയര്‍ന്നുകൊണ്ടേയിരുന്നു. കാലത്ത് മലയാളം പത്രപ്രവര്‍ത്തകര്‍ ഒരൊറ്റ സായാഹ്നംപോലും കൃഷ്ണമേനോന്‍ മാര്‍ഗിലെ ഒമ്പതാം നമ്പര്‍ വസതിയില്‍ പോകാതിരുന്നിട്ടില്ല. നെഹ്റുവില്‍നിന്നും ഇന്ദിര ഗാന്ധിയില്‍നിന്നും രാജീവ്ഗാന്ധിയില്‍നിന്നും തനിക്ക് ലഭിച്ച സ്നേഹപൂര്‍വമായ പെരുമാറ്റത്തെക്കുറിച്ച് സായാഹ്നങ്ങളില്‍ കരുണാകരന്‍ അയവിറക്കാറുണ്ടായിരുന്നു. സോണിയ ഗാന്ധി പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം രക്ഷയില്ലെന്ന പരോക്ഷസൂചനകളും അദ്ദേഹം നല്‍കാറുണ്ടായിരുന്നു. ഇത്തരമൊരു സായാഹ്നത്തിലായിരുന്നു പണ്ട് അച്ഛന്‍ ആനപ്പുറത്തേറിയതുകൊണ്ട് മക്കള്‍ക്ക് തഴമ്പുണ്ടാകുമോ എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ച് സോണിയ ഗാന്ധിക്കെതിരെ പരസ്യമായി ആക്രമണം കരുണാകരന്‍ നടത്തിയത്. അത്രമാത്രം നീരസത്തോടെയായിരുന്നു സോണിയ കരുണാകരനോട് പെരുമാറിയിരുന്നത്. കരുണാകരനുമൊത്തുള്ള വേദിയില്‍ അദ്ദേഹത്തെ കണ്ടെന്നുനടിക്കാന്‍പോലും സോണിയ ഗാന്ധി തയ്യാറായിരുന്നില്ല.

കരുണാകരന്‍ കോൺ‌ഗ്രസ് വിട്ട് ഡെമോക്രാറ്റിക് ഇന്ദിര കോൺ‌ഗ്രസ് രൂപീകരിക്കുന്നതിനുള്ള കാരണംപോലും സോണിയ ഗാന്ധിയോടുള്ള നീരസമായിരുന്നു. ദിവസങ്ങളോളം കാത്തിരുന്നിട്ടും സോണിയ കരുണാകരന് കൂടിക്കാഴ്ച അനുവദിക്കാന്‍ തയ്യാറായില്ല. കേരളത്തില്‍ കരുണാകരവിഭാഗം ദുര്‍ബലമായെന്നും ആന്റണിവിഭാഗത്തിനാണ് ശക്തിയെന്നുമുള്ള നിഗമനത്തിലാണ് സോണിയ കൂടിക്കാഴ്ച അനുവദിക്കാതിരുന്നത്. അന്ന് സോണിയ ഗാന്ധി കരുണാകരനെ കണ്ടിരുന്നെങ്കില്‍ അദ്ദേഹം പാര്‍ടി വിട്ടുപോകില്ലായിരുന്നെന്ന് വിശ്വസിക്കുന്നവരാണ് അധികവും. പിന്നീട് കോൺ‌ഗ്രസിലേക്ക് തിരിച്ചുവന്നെങ്കിലും അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ സോണിയയും ഹൈക്കമാന്‍ഡും തയ്യാറായില്ല. ആരോഗ്യം മോശമായ കാലത്തുപോലും ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയെ നേരിട്ട് കണ്ട് മകന്‍ മുരളീധരനെ കോൺ‌ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, നേതൃത്വം തയ്യാറായില്ല. കരുണാകരന്‍ അന്ത്യശ്വാസംവലിക്കുന്നതുവരെയും സോണിയ ഗാന്ധിയും ഹൈക്കമാന്‍ഡും കരുണാകരന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ല.

- വി ബി പരമേശ്വരന്‍