17 November, 2011
വശീകരണങ്ങളില്‍ നഷ്ടപ്പെട്ടുപോകാത്ത ആത്മാവ്
06 April, 2011
കെ ടിയുടെ നാടകപ്പന്തല്‍
ഈ അനൌണ്‍സ്മെന്റ്, ഒരു കണക്കിന്, കെ ടി സ്വയം ഒരുക്കുന്ന കെണിയാണ്. അല്ലെങ്കില്‍ അറിഞ്ഞുകൊണ്ടുതന്നെ തലവെച്ചുകൊടുക്കുന്ന ഒരുപരിപാടി. മദിരാശിയിലെ സിനിമാ ചര്‍ച്ചകള്‍ക്കിടയില്‍നിന്നോ, കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ക്യാമ്പില്‍നിന്നോ അവധി പറഞ്ഞ് സ്വന്തം നാടകസംഘത്തിന്റെ പുതിയ സീസണിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ നയിക്കാനായി കോഴിക്കോട്ടെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കടലാസിലേക്ക് പകര്‍ത്താന്‍ കെ ടിയുടെ മനസ്സില്‍ ഒന്നും തെളിഞ്ഞിട്ടുണ്ടാവില്ല. ഒന്നും ആയില്ലല്ലോ എന്ന ചിന്ത മനസ്സിനെ മഥിക്കുന്നുമുണ്ടാവും. മൂര്‍ത്തമായി ആകെ കൈവശമുള്ളത് നാടകത്തിന്റെ പേരുമാത്രമായിരിക്കും. പിന്നെ, ഒരുവേള, ആ പേരിന് പിന്നില്‍ കാണാനുണ്ടായിരുന്ന പ്രമേയത്തിന്റെ ഒരു അരണ്ട ചിത്രവും.
പരസ്യത്തിന്റെയോ വാര്‍ത്തയുടെയോ രൂപത്തിലുള്ള അറിയിപ്പോ ക്ഷണമോ കാത്തുനില്‍ക്കാതെ അതിനകം വന്നു തലയിട്ട ചില അടുത്ത സുഹൃത്തുക്കള്‍ മുഖേനയാവും ട്രൂപ്പിന്റെ സെക്രട്ടറി, കെ ടിയുടെ മുന്നില്‍ ആ ചോദ്യം എടുത്തിട്ടിരിക്കുക: "നമുക്ക് നാടകമൊന്ന് അനൌണ്‍സ് ചെയ്യണ്ടെ?'' കെ ടി ഒരുപക്ഷേ, കേള്‍ക്കാന്‍ കാത്തിരുന്ന ചോദ്യം, അഭ്യുദയകാംക്ഷികള്‍ക്ക് വഴിപ്പെട്ടെന്നോണം കെ ടി പ്രതികരിക്കും. "സെയ്തിനോടൊന്ന് പോളിനെ വിളിക്കാന്‍ പറയ്''. പോള്‍ കല്ലാനോടിനെ, അല്ലെങ്കില്‍ മദനനെ; ആര്‍ടിസ്റ്റിനെ വിളിപ്പിക്കുന്നത് നാടകത്തിന്റെ പേര് എഴുതിക്കാനാണ്. കലാസമിതികള്‍ക്കുള്ള നോട്ടീസിലും പോസ്റ്ററുകളിലും, നാടകവാനിന്റെ മുന്നില്‍ വെക്കുന്ന ബോര്‍ഡിലും, പിന്നെ പത്രപ്പരസ്യങ്ങളിലും എല്ലാം കലാപരമായി വിന്യസിച്ച അക്ഷരങ്ങളില്‍ നാടകത്തിന്റെ പേര് കാണണമെന്ന് കെ ടിക്ക് നിര്‍ബന്ധമുണ്ട്. പേരില്‍ വല്ല പോരായ്മയും തോന്നിയാല്‍, അവസാന നിമിഷമായാലും വേണ്ടിവന്നാല്‍ തലകുത്തിനിന്നും മാറ്റംവരുത്തി കുറ്റംതീര്‍ത്തേ ആര്‍ടിസ്റ്റിനെ ഏല്‍പ്പിക്കുന്ന പ്രശ്നവുമുള്ളൂ. കൃതികളുടെ പേരുകളില്‍ കെ ടിയെ വെല്ലാന്‍ അല്ലെങ്കില്‍ത്തന്നെ ആരുണ്ട്. വെളിച്ചം വിളക്കന്വേഷിക്കുന്നു, മനുഷ്യന്‍ കാരാഗൃഹത്തിലാണ്, കറവറ്റ പശു, ചിരിക്കുന്ന കത്തി, ഇത് ഭൂമിയാണ്, അച്ഛനും ബാപ്പയും, തുറക്കാത്തവാതില്‍, ദീപസ്തംഭം മഹാശ്ചര്യം...
കെ ടി തലവെച്ചു കൊടുത്തുകഴിഞ്ഞു. ഒരുപക്ഷേ, ഒരു കള്ളച്ചിരിയോടെ. ഒരു ആസന്നസ്വഭാവം വന്നില്ലെങ്കില്‍ കാര്യങ്ങള്‍ അനന്തമായി നീണ്ടുപോകാം. സുഹൃത്തുക്കളോടും പരിചയക്കാരോടും വര്‍ത്തമാനം പറഞ്ഞിരുന്ന് എത്ര നേരവും ചെലവഴിക്കാന്‍ കഴിയുന്ന പ്രകൃതം. കെ ടിയുടെ സരസവും വിജ്ഞാനപ്രദവുമായ സംഭാഷണവും അതില്‍ നിറഞ്ഞുതുളുമ്പുന്ന നര്‍മവും ഉടനീളമുള്ള പ്രസാദാത്മകതയും കേള്‍വിക്കാരുടെ-ആരാധകരുടെതന്നെ - ഒരു വലിയ വൃന്ദത്തെ ആ വ്യക്തിത്വത്തിന് ചുറ്റും സദാ സംവരണം ചെയ്തുവെച്ചിരുന്നു. ഹരിഹരന്റെ പുതിയ സിനിമയുടെ അടുത്ത ഷെഡ്യൂളിന്റെ ആലോചനകള്‍ക്കിടയില്‍നിന്നോ കാളിദാസ കലാകേന്ദ്രത്തിന്റെ പുതിയ നാടകത്തിന്റെ എഴുത്തുമേശക്കരികില്‍നിന്നോ സ്വന്തം ട്രൂപ്പിന്റെ നിശ്ശബ്ദമായ വിളികേട്ട് ഓടിയെത്തിയത് ഇതിനായിരുന്നോ എന്ന് അകത്തുനിന്നുതന്നെ ഉയരുന്ന ചോദ്യത്തിന് മുന്നില്‍നിന്നാണ് പണി തുടങ്ങിക്കൊള്ളാന്‍ കെ ടി സമ്മതിക്കുന്നത്; റിഹേഴ്സലിലോ അരങ്ങിലോ അല്ലാതെ തനിക്ക് മുന്നില്‍ നേരിട്ടുവന്ന് നില്‍ക്കുകപോലും ചെയ്യാത്ത സഹോദരന്‍കൂടിയായ കെ ടി സെയ്തിന് പച്ചക്കൊടി കാണിക്കുന്നത്.
ഉത്സവത്തിന്റെ വിളംബരം കേട്ട് അവരെത്തിത്തുടങ്ങുന്നു. കഴിഞ്ഞ സീസണില്‍ ട്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍, ഇടയ്ക്ക് ചില അസൌകര്യങ്ങളാലോ വല്ല പ്രലോഭനങ്ങള്‍ക്കും വശംവദരായോ മറ്റേതെങ്കിലും ട്രൂപ്പില്‍ ചേക്കേറിയെങ്കിലും പന്തിയല്ലെന്ന് കണ്ടു മടങ്ങിയവര്‍, പുതുതായി അവസരം അന്വേഷിക്കുന്നവര്‍, പിന്നെ പലവിധ ദൌത്യങ്ങള്‍ക്ക് ഉഴിഞ്ഞുവെക്കാന്‍ സന്നദ്ധരായി കുറ്റിയും പറിച്ച് ഇറങ്ങിപ്പുറപ്പെട്ട കെ ടിയുടെയും സഹോദരന്റെയും നിരവധിയായ ഒത്താശക്കാര്‍. കലാസാഹിത്യ രംഗങ്ങളിലെ പ്രഗത്ഭ മതികളും ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരും രാഷ്ട്രീയ - ടിയു സംഘടനകളുടെ നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വരെയുണ്ട് ഈ ഒത്താശക്കാരില്‍പ്പെടുന്നവരായി.
കെ ടിയുടെ കഥകളില്‍ ചിലത് നേരത്തെ വായിച്ചിരുന്നുവെങ്കിലും, 'മുടിനാരേഴായ് ചീന്തീട്ട്...'' പോലുള്ള പാട്ടുകളുടെ ഈരടികള്‍ കര്‍തൃത്വത്തെക്കുറിച്ചൊന്നും വേവലാതിപ്പെടാതെ, ഒരുവേള ഏതോ നാടന്‍പാട്ടിന്റെ ഭാഗമെന്നുപോലും നിനച്ച് മൂളിനടക്കാറുണ്ടായിരുന്നെങ്കിലും, തപാല്‍ വകുപ്പിനോട് വിടപറഞ്ഞ് നാടകംതന്നെ മുഴുനീള ജീവിതോപാധിയാക്കാന്‍ നിശ്ചയിച്ച് ഇറങ്ങിപ്പുറപ്പെട്ട പ്രതിബദ്ധനായ എഴുത്തുകാരന്റെ കര്‍മപദ്ധതികളെക്കുറിച്ചൊക്കെ പത്രത്തില്‍ വായിച്ചറിഞ്ഞിരുന്നെങ്കിലും, ആ നാടകങ്ങളും ഏറെ പറയപ്പെട്ടിരുന്ന റിഹേഴ്സല്‍ ക്യാമ്പുകളും പത്രപ്രവര്‍ത്തനജീവിതം തുടങ്ങുംവരെ എനിക്ക് കേട്ടുകേള്‍വി മാത്രമായിരുന്നു. 'തനിനിറ'ത്തില്‍ ജോലിയിലിരിക്കേ 1972ലാണ് കെ ടിയുടെ മരുമകന്‍ കൂടിയായ പ്രിയസുഹൃത്ത് പി എം താജിനൊപ്പം പ്രസിദ്ധമായ 'സ'കാര നാടകങ്ങളിലെ രണ്ടാമത്തേതായ 'സ്ഥിതി'യുടെ ആദ്യാവതരണം കോഴിക്കോട് ടൌണ്‍ഹാളില്‍ വെച്ച്കാണുന്നത്. 'തനിനിറ'ത്തില്‍ നാടകത്തെക്കുറിച്ച് ഒരു റിവ്യൂ എഴുതുകയുംചെയ്തു. ആ പരമ്പരയിലെ തുടര്‍ന്നുള്ള നാടകങ്ങള്‍ ഓരോന്നായി വര്‍ഷതോറും അവതരിപ്പിക്കപ്പെടുന്ന മുറയ്ക്ക് കാണുകയും ചിലതിനെക്കുറിച്ചൊക്കെ എഴുതുകയും ചെയ്തുവെങ്കിലും റിഹേഴ്സല്‍ ക്യാമ്പിലേക്ക് എത്തിപ്പെടാന്‍ പിന്നെയും സമയമെടുത്തു. പത്രപ്രവര്‍ത്തന ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പഠനം തുടരാന്‍ രണ്ടുവര്‍ഷം തിരുവനന്തപുരത്ത് തങ്ങേണ്ടിവന്നത് ഇതിന് ഒരു കാരണമായിരുന്നു. കെ ടിയെ വിശദമായി ഒന്നു കണ്ടു പരിചയപ്പെടാനുള്ള അവസരം കിട്ടാത്തതായിരുന്നു പ്രധാന പ്രശ്നം.
ഞാന്‍ കാണുന്ന കെ ടി വളരെ തിരക്കേറിയ ആളായിരുന്നു. സിനിമക്കാരും എഴുത്തുകാരും നടന്മാരും നേതാക്കളും അടങ്ങുന്ന സംഘങ്ങള്‍ക്ക് നടുവില്‍ തലയെടുത്തുനിന്ന വ്യക്തിത്വം. 'തനിനിറം' കോഴിക്കോട് എഡിഷന്റെ ഉദ്ഘാടന സപ്ളിമെന്റിലേക്ക് ലേഖനം ചോദിച്ചായിരുന്നു 1972ന്റെ ആദ്യപാദത്തില്‍ ഒരു ദിവസം രാവിലെ ആറാം ഗേറ്റിന്നടുത്ത് വാടകവീട്ടില്‍ കെ ടിയുടെ മുമ്പാകെ ഞാനാദ്യം പ്രത്യക്ഷപ്പെട്ടത്. ഉമ്മറത്ത് കുറച്ചുനേരം എന്നെ കാത്തിരുത്തി കെ ടി ലേഖനം പൂര്‍ത്തിയാക്കി കൈയില്‍ തന്നു. 'മുസ്ളിംലീഗ് എന്ന ആല്‍മരം'. കെ ടിയുടെ ആക്ഷേപഹാസ്യം തിരതല്ലുന്നൊരു ലേഖനമായിരുന്നു അത്. സി എച്ച് മുഹമ്മദ്കോയ കോഴിക്കോട് ടൌണ്‍ഹാളില്‍ തന്റെ അനുയായികളോട് നടത്തിയ ഒരു പ്രസംഗം മുന്‍നിര്‍ത്തി ആ രാഷ്ട്രീയകക്ഷിയുടെ കാപട്യം വായനക്കാരന് മുമ്പാകെ അവതരിപ്പിക്കുകയായിരുന്നു കെ ടി. സ്വതസിദ്ധമായ ശൈലിയില്‍ ഫലിതബിന്ദുക്കള്‍ കുത്തിനിറച്ച പ്രസംഗത്തിനിടയില്‍ സി എച്ച് മുഹമ്മദ്കോയ നടത്തിയ ആലങ്കാരികമായ ഒരു പ്രയോഗം ഉദ്ദിഷ്ട ആശയത്തിന്റെ കടകവിരുദ്ധമായ അര്‍ഥത്തിലാണ് വന്നുഭവിച്ചതെങ്കിലും ശ്രോതാക്കള്‍ കരഘോഷം മുഴക്കി അതേറ്റെടുക്കുകയായിരുന്നു. ആ കക്ഷിയുടെ വൈപരീത്യവും ഏതാനും പേരുടെ സ്വാര്‍ഥലാഭത്തിനായി ഒരു സമുദായത്തെയാകെ ബലികഴിക്കുന്നതിന്റെ കൊടിയ അധാര്‍മികതയുമായിരുന്നു ലേഖനത്തിന്റെ പ്രതിപാദ്യം. ആ കൂടിക്കാഴ്ചയില്‍ കെ ടിയുമായി വേറെ വിശേഷിച്ച് ആശയവിനിമയമൊന്നും നടന്നിരുന്നില്ല എന്നാണോര്‍മ. പി എം താജിനൊപ്പം റെയില്‍വെസ്റ്റേഷനില്‍ വെച്ചോ, താജിന്റെയോ, കെ ടിയുടെയോ വീട്ടില്‍ വെച്ചോ വര്‍ഷങ്ങളെടുത്തു നടന്ന കണ്ടുമുട്ടലുകളിലൂടെയാണ് കെ ടിയെ എനിക്ക് അടുത്തറിയാനിടയായത്. ആ നാടകക്യാമ്പില്‍ പ്രവേശനം ലഭിച്ചതും.
നിലമ്പൂര്‍ ആയിശ മുതല്‍ റംഗൂണ്‍ റഹ്മാന്‍ വരെയുള്ള എത്രയോ അഭിനേതാക്കള്‍ കെ ടിയുടെ റിഹേഴ്സല്‍ ക്യാമ്പിലെ സമ്പന്നമായ അനുഭവത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുന്നത് ഒന്നിലധികം തവണ കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സകാര നാടകങ്ങള്‍ക്ക്ശേഷം 'സംഗമം' വിട്ട് 'കലിംഗ'തിയറ്റേഴ്സ് തുടങ്ങിയപ്പോഴാണ് കെ ടിയുടെ നാടകപ്പന്തലിലേക്ക്, വീട്ടുമുറ്റത്തെ നാടകക്കളരിയിലേക്ക് ഒരു കാഴ്ചക്കാരനായി എനിക്ക് പ്രവേശം കിട്ടുന്നത്. കെ ടിയുടെ ശിക്ഷണത്തില്‍ വളര്‍ന്ന് പേരും പെരുമയും അത്യാവശ്യം വരുമാനവും നേടിയ നടീനടന്മാര്‍ പില്‍ക്കാലത്ത് വിവിധ വേദികളില്‍വെച്ച് തങ്ങളുടെ ഗുരുനാഥനെക്കുറിച്ച് പറഞ്ഞുകേള്‍ക്കാറായ വാക്കുകള്‍ എത്രയും അര്‍ഥവത്തെന്ന് ക്യാമ്പില്‍ അവരുടെ കൂടെയൊക്കെ ചെലവഴിക്കാന്‍ കഴിഞ്ഞ നാളുകളിലെ അനുഭവംവെച്ച് സാക്ഷ്യപ്പെടുത്താന്‍ കഴിയും. പീഡനസദൃശം തന്നെയായിരുന്നു കെ ടിയുടെ ശിക്ഷണം. അഭിനയം എന്ന വൃത്തിതന്നെ വിട്ട് വേറെ വല്ല ജോലിയും തേടിപ്പോയാലോ എന്ന് ഇവരില്‍ പലരും ഇടക്കെങ്കിലും ആലോചിച്ചുപോയിരിക്കണം. ഓരോ ചലനത്തിലും ഓരോ അംഗവിക്ഷേപത്തിലും ഓരോ ഭാവപ്രകടനത്തിലും ഓരോ ഉച്ചാരണത്തിലും സംവിധായകന്‍ അഭിനേതാക്കളെ അടിമുടി പിന്തുടര്‍ന്നു. ആവശ്യത്തിലേറെ മുന്‍കൂര്‍ സജ്ജീകരണം നല്‍കിയായിരുന്നു ഈ പിന്തുടരല്‍ എന്നതും, ഓരോ വീഴ്ചയില്‍നിന്ന് എഴുന്നേല്‍പ്പിക്കുമ്പോഴും ഈ ബാലപാഠങ്ങളെല്ലാം വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരുന്നു എന്നതും കെ ടിക്ക് നാടകനിര്‍മിതി കൊടിയ ആത്മപീഡനമാക്കിത്തീര്‍ക്കുകയുംചെയ്തു.
റിഹേഴ്സലും നാടകരചനയും മിക്കപ്പോഴും സമാന്തരമായാണ് പുരോഗമിച്ചിരുന്നത്. അടിയന്തരാവസ്ഥയില്‍ സ്വയം കൊണ്ടെത്തിച്ചു നിര്‍ത്തിയാണ് കെ ടി തന്റെ നാടകങ്ങള്‍ ഏറെയും എഴുതിച്ചെയ്തത്. സമ്മര്‍ദങ്ങള്‍ക്ക് മുന്നിലിരുന്നും റിഹേഴ്സലിനിടക്കുനിന്നുമായുള്ള എഴുത്ത് ഏകാഗ്രതയെ സ്വഭാവികമായും ബാധിക്കും. റിഹേഴ്സലിനിടക്ക് ഈ പഴുതുകള്‍ പലതും പ്രകടമാവും. ക്യാമ്പില്‍ കാണികളായുള്ളവര്‍, വലിയ കണ്ടുപിടുത്തംപോലെ, ഇതൊക്കെ ശ്രദ്ധയില്‍പ്പെടുത്തും. ഒട്ടും വൈമനസ്യമില്ലാതെ, എന്നു മാത്രമല്ല ഇരു കൈയും നീട്ടിക്കൊണ്ടുതന്നെ, കെ ടി അതെല്ലാം ചെവിക്കൊള്ളുകയും ആവശ്യമായ നിവൃത്തികള്‍ വരുത്തുകയും ചെയ്യും. ഇതിനല്ലെ നിങ്ങള്‍ ഇവിടെ ഇരിക്കുന്നത്; നിങ്ങളുടെ നാടകം കുറ്റമറ്റതാക്കിയാല്‍ നിങ്ങള്‍ക്ക് നന്ന് എന്നാണ് മട്ട്.
രചനക്കും റിഹേഴ്സലിനുമിടക്ക് സെറ്റിനെക്കുറിച്ചും മറ്റു അനുബന്ധ സജ്ജീകരണങ്ങളെക്കുറിച്ചുമെല്ലാം ചര്‍ച്ചയും വിവാദവും തകൃതിയായി നടക്കും. എല്ലാവര്‍ക്കും പറയാനിടമുണ്ട്. വെറുമൊരു തിരശ്ശീലമാത്രം പശ്ചാത്തലമാക്കി മുഴുനീള നാടകം വിജയകരമായവതരിപ്പിച്ച നാടകകാരനാണ്. പ്രൊഫഷണല്‍ വേദിയിലും വെറും നെയിംബോര്‍ഡും റെക്കാര്‍ഡും ഉപയോഗിച്ച് സ്ഥലവും കാലവും അവതരിപ്പിച്ച സംവിധായകന്‍. മാറുന്ന കാലത്തിന്റെ അഭിരുചിഭേദങ്ങള്‍ പ്രൊഫഷണല്‍ നാടകവേദിയുടെ പരിമിതികളില്‍ പരിഗണനാര്‍ഹമാകുന്നതെന്ന ചിന്തയ്ക്കും ഇടം കിട്ടാതെയല്ല. പാട്ട് വേണമെങ്കില്‍ മലയാള നാടകത്തിന് ധൈര്യമായി ആശ്രയിക്കാവുന്നത് അന്നും എന്നും ഒ എന്‍ വിതന്നെ എന്ന് കെ ടിക്ക് തിട്ടമുണ്ടായിരുന്നു. സ്വയം വിഖ്യാതമായ കുറേ നാടകഗാനങ്ങളുടെ രചയിതാവെങ്കിലും (സ്നേഹപൂര്‍വം കെ ടി മുഹമ്മദ് എന്ന പേരില്‍ ആ നാടകഗാനങ്ങള്‍ ഓഡിയോ കാസറ്റായി ഇറങ്ങിയിട്ടുണ്ട്).
റിഹേഴ്സലിനും എഴുത്തിനും അവതരണത്തെക്കുറിച്ചുള്ള മറ്റു ആലോചനകള്‍ക്കും ഇടയ്ക്ക് കാണികളുടെ ചെറുവൃന്ദങ്ങള്‍ നാടകപ്പന്തലിനപ്പുറം വീടിന്റെ വരാന്തയിലോ തിണ്ണയിലോ ഇരുന്ന് ആഗോളകാര്യങ്ങളില്‍ വാഗ്വാദങ്ങളില്‍ ഏര്‍പ്പടുന്നുണ്ടാവും. 'മുടി'വേണു എന്ന പേരില്‍ പരിചയക്കാര്‍ക്കിടയില്‍ അറിയപ്പെടുന്ന മികച്ച വായനക്കാരന്‍ കൂടിയായ നടന്റെ നേതൃത്വത്തില്‍ ഒരു കൂട്ടര്‍ 'ലാംഗ്വേജ് ആന്‍ഡ് സൈലന്‍സിനെക്കുറിച്ചും ജോര്‍ജ് സ്റ്റീനറെക്കുറിച്ചും സൂസന്‍ സൊന്റാഗിനെക്കുറിച്ചുമുള്ള ചര്‍ച്ചയിലാവും. കെ ടിയുടെ 'സ്ഥിതി' ആര്‍തര്‍ മില്ലറുടെ 'ഡെത്ത് ഓഫ് എ സ്റ്റേറ്റ്സ്മാന്‍' എന്ന കൃതിയുടെ പ്രതിധ്വനിയാണെന്ന് തര്‍ക്കിച്ചത് വേണുവായിരുന്നു. ഈ സംഘത്തില്‍ നിന്നകലെ വേറൊരു കൂട്ടര്‍ ആയിടെ കോഴിക്കോട്ട് നടന്ന എഫ് എഫ് സി (എന്‍എഫ്ഡിസിയുടെ മുന്‍ഗാമി) ചലച്ചിത്രോത്സവത്തിന്റെ ഹാങ്ഓവറിലാവും. ഇടക്ക് കെ ടിയും അവിടെയെങ്ങാനും കയറിച്ചെന്ന് അവരുടെ ചര്‍ച്ചകളില്‍ ഇടപെടും. ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച മണികൌളിന്റെയും കുമാര്‍ഷഹാനിയുടെയും ചലച്ചിത്രങ്ങളുടെ ഭാഷയോടുള്ള തന്റെ വിയോജിപ്പ് രേഖപ്പെടുത്തും. അവരുടെ സിനിമ കാലത്തിന്റെ വേഗം ഉള്‍ക്കൊള്ളുന്നില്ല എന്നും അതുകൊണ്ട്തന്നെ ജനങ്ങള്‍ സ്വീകരിക്കില്ല എന്നും കെ ടി ഉറച്ചുവിശ്വസിച്ചു. മലയാളത്തിലും 'സ്വയംവര'ത്തിന്റെയും 'കാഞ്ചന സീത'യുടെയും സ്വഭാവത്തോടും തന്റെ നിലപാട് അതുതന്നെയെന്ന് കെ ടി പ്രഖ്യാപിക്കും.
ദൂരദര്‍ശനിലെ ക്രിക്കറ്റും ഹിന്ദുവിലെ പദപ്രശ്നവും റിഹേഴ്സലിന്റെയും എഴുത്തിന്റെയും പിരിമുറുക്കത്തിനിടക്കും കെ ടിക്ക് ഒഴിവാക്കാന്‍ പറ്റുമായിരുന്നില്ല. ഒരുവേള അതില്‍നിന്ന് ഇടക്കൊരു വിടുതിയായിരുന്നു നിഷ്ഠവെച്ചുള്ള ആ പലായനം. ദിവസം മുഴുവന്‍ നീളുന്ന യാതനാപൂര്‍ണമായ അധ്വാനത്തിനുശേഷം ശരീരത്തിന്റെയും മനസ്സിന്റെയും സന്തുലിതാവസ്ഥ വീണ്ടെടുക്കാന്‍, അതിഥികളില്‍ രാത്രി വൈകിയും അവശേഷിക്കുന്നവരുമൊത്തുള്ള ഉപചാരംപോലെത്തന്നെ.
നാടകത്തിന്റെ ഡ്രസ്റിഹേഴ്സലിന് വളരെ അടുപ്പമുള്ള ഏതാനുംപേരെ പ്രത്യേകം വിളിച്ചുവരുത്തുമായിരുന്നു.എഴുത്തുകാരും കലാകാരന്മാരും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായ അവര്‍ക്ക് വല്ല നിര്‍ദേശങ്ങളും അവതരിപ്പിക്കാനുണ്ടെങ്കിലത് പ്രത്യേകം ഗൌനിക്കുകയും ചെയ്യും.
ഉദ്ഘാടന അവതരണം എന്നും കുട്ടികൃഷ്ണമാരാര്‍ ആദ്യമായൊരു നാടക നിരൂപണം നടത്താനിടയായ 'മനുഷ്യന്‍ കാരാഗൃഹത്തിലാണ്' (1951) അരങ്ങേറ്റം കുറിച്ച കോഴിക്കോട് ടൌണ്‍ഹാളില്‍ത്തന്നെ. നാടകം തുടങ്ങുന്ന സമയത്തിലും മറ്റുമുള്ള കെ ടിയുടെ നിഷ്ഠ പ്രസിദ്ധമാണ്. അഞ്ചു മിനിറ്റ് മുമ്പ് ആദ്യത്തെ ബെല്‍ മുഴങ്ങും. പിന്നെ നാടകകാരന്റെ ആമുഖഭാഷണം. കൃത്യം ഏഴുമണിക്ക് രണ്ടാമത്തെ ബെല്ലടിക്കും. ഇനി നാടകം.
ആദ്യാവതരണത്തിലെ കുറ്റംതീര്‍ത്ത് നാട്ടിലുടനീളമായുള്ള അവതരണ പര്യടനങ്ങള്‍ തുടങ്ങുകയായി. തുടക്കത്തില്‍ ഏതാനും വേദികളിലെങ്കിലും കെ ടി പുതിയ നാടകത്തെ പിന്തുടരും. ട്രൂപ്പിനൊപ്പം ഇത്തരം ചില യാത്രകളില്‍ കൂടാന്‍ കഴിഞ്ഞത് ഒരു നാടകസംഘത്തിന്റെ സംഘര്‍ഷത്തെക്കുറിച്ച് കുറെയൊക്കെ ധാരണ ലഭിക്കാന്‍ എനിക്ക് സഹായകമായിട്ടുണ്ട്. ആദ്യം പുറത്ത് ഒരു വേദിയിലേക്ക് യാത്രചെയ്യുമ്പോള്‍ സംഘാംഗങ്ങള്‍ അനുഭവിക്കുന്ന സംഘര്‍ഷം വിവരണാതീതമാണ്. വര്‍ഷങ്ങളുടെ നിരീക്ഷണത്തില്‍നിന്ന് ഈ സംഘര്‍ഷാവസ്ഥയുടെ പ്രത്യാഘാതത്തെക്കുറിച്ച് ബോധവാനായിക്കഴിഞ്ഞിട്ടുള്ള കെ ടി അവരെ സാധാരണ നിലയില്‍ പിടിച്ചുനിര്‍ത്താന്‍ കാണിക്കുന്ന ശ്രദ്ധ നമുക്ക് ജീവിതത്തില്‍ത്തന്നെ ഉള്‍ക്കാഴ്ച നല്‍കുന്നതാണ്. റിഹേഴ്സല്‍ ക്യാമ്പിലെ ശിക്ഷകന്റെ വേഷമെല്ലാം കെ ടി എങ്ങോ മാറ്റിവെച്ചു കഴിഞ്ഞിരിക്കും. ക്യാമ്പില്‍ത്തന്നെയും അതാത് സമയത്തെ കരണപ്രതികരണങ്ങള്‍ക്കപ്പുറം ആ ശിക്ഷകന്റെ നിലപാട് നീണ്ടുനില്‍ക്കാറുമില്ലല്ലോ. വേദിയില്‍ നാടകം നടന്നുകൊണ്ടിരിക്കുമ്പോള്‍ അഭിനേതാക്കളിലെന്നതിനേക്കാള്‍ കാണികളിലായിരിക്കും കെ ടിയുടെ കണ്ണ്. സ്റ്റേജിന്റെ ഉചിതമായൊരു ഭാഗത്തുനിന്ന് കാണികളെ ഓരോരുത്തരെയും, ഓരോരുത്തരെത്തന്നെ, നിരീക്ഷിക്കും. അതാ, അവിടെ ഒരാള്‍ ഒട്ടും പിടിതരാതെ നിന്ന് നാടകം കാണുന്നു. കെ ടി ആ മനുഷ്യനെ അടയാളപ്പെടുത്തിക്കഴിഞ്ഞു. മൂകമായ സദസ്സിനിടയില്‍ നിന്നതാ ഒരു പൂച്ച കരച്ചില്‍. ഒരിടത്തുനിന്നല്ല, അത് പടരുകയാണ്. കെ ടിക്കറിയാം ആ ഒറ്റയാന്‍ ഏതോ കടുത്ത അനുഭവത്തിന്റെ പുനരാവിഷ്കരണമാണിവിടെ കാണുന്നത്. പൂച്ചകരച്ചില്‍ ഉയരുന്നത് നാടകത്തിലെ ആ വൈകാരിക മുഹൂര്‍ത്തത്തിന്റെ തീക്ഷ്ണത താങ്ങാന്‍ കഴിയാത്ത കാണികളുടെ ഭാഗത്തുനിന്നാണ്. മറ്റുള്ളവരെല്ലാം ആര്‍ത്തുചിരിക്കുമ്പോഴും ഗൌരവം വിടാതെ അരങ്ങിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്ന ആള്‍ നാടകം കഴിഞ്ഞ ഉടന്‍ വേദിയിലെത്തി നാടകകൃത്തിനെയും അഭിനേതാക്കളെയും കണ്ട് കാര്യം തുറന്നുപറയുന്നു. ഇത് തന്റെ കഥ തന്നെയാണ്. ഞാനത് കണ്ണിമവെട്ടാതെ കണ്ടു. നന്ദി. നന്ദി. ഇങ്ങനെ എത്രയോ അനുഭവങ്ങള്‍ മടക്കയാത്രയില്‍ - മൂന്നും നാലും നാടകം കഴിഞ്ഞായിരിക്കും ചിലപ്പോള്‍ കോഴിക്കോട്ടേക്ക് മടക്കം-സംഘാംഗങ്ങളുമായി കെ ടി പങ്കുവെക്കും. ഒരു വേദിയില്‍നിന്ന് വേറൊരു വേദിയിലേക്കുള്ള യാത്രക്കിടയിലാണെങ്കിലും ഇത്തരം അനുഭവങ്ങള്‍ തങ്ങള്‍ കാണാത്ത തലങ്ങള്‍ തങ്ങളുടെ പാത്രാവിഷ്കാരത്തിന് ഉണ്ടെന്ന പാഠം പങ്കുവെക്കാന്‍ കെ ടി പ്രയോജനപ്പെടുത്തും. മടക്കയാത്ര സംഘാംഗങ്ങളുടെ സൌഭ്രാത്രം ഊട്ടിയുറപ്പിക്കാനുള്ള വേദികൂടിയായി ആ മനുഷ്യകഥാനുഗായി പ്രയോജനപ്പെടുത്തുന്നു. ഓരോരുത്തരെക്കൊണ്ടും പാട്ടുപാടിക്കാനും സാധാരണനിലയില്‍ വെളിപ്പെടുത്താത്ത മറ്റു കഴിവുകള്‍ പുറത്തെടുപ്പിക്കാനും ശ്രദ്ധവെക്കുന്നു. ഇതുപോലൊരു യാത്രയിലെ പാട്ടുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടക്കാണ് എസ് എം ജമീല്‍ എഴുതിയ 'ദുബായ് കത്തി'നെക്കുറിച്ചുള്ള കെ ടിയുടെ വാക്കുകള്‍ എന്റെ ശ്രദ്ധയാകര്‍ഷിച്ചത്. മലയാളത്തില്‍ ഇത്ര അര്‍ഥവത്തായ വിരഹ സന്ദേശകാവ്യം ഏതുണ്ട് എന്നാണ് ആ കത്തുപാട്ടിലെ ഓരോ വരിയും ഓരോ വാക്കും എടുത്തുകാണിച്ച് കെ ടി ചോദിച്ചത്. എല്ലാവരും ഈ യാത്രകളില്‍ പരസ്പരം ചിന്തകള്‍ പങ്കുവെച്ചു, വെവ്വേറെയും കൂട്ടായും. വെറുതെയല്ല കെ ടിയുടെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടീനടന്മാരുടെ ഒരു പുനരാവിഷ്കരണ പരിപാടിയെക്കുറിച്ച് കോഴിക്കോട്ട് ഈയിടെ അനുസ്മരണ സമിതി യോഗത്തില്‍ ആലോചന വന്നപ്പോള്‍ അവിടെ എത്തിയിരുന്നവരില്‍ കെ ടിയുടെ നാടകങ്ങളുമായി ബന്ധപ്പെട്ടിരുന്ന ഓരോരുത്തരും ഞാന്‍, ഞാന്‍ എന്ന് പറഞ്ഞ് തിക്കിത്തിരക്കി മുന്നോട്ടുവന്നത്.
'പരാജിതനായ എഴുത്തുകാരന്‍' എന്നാണ് അവസാനനാളുകളില്‍ പക്ഷേ കെ ടി സ്വയം വിലയിരുത്തിയത്. ഏതെങ്കിലും സുഹൃത്തുക്കളോടുള്ള സ്വകാര്യ സംഭാഷണത്തിലായിരുന്നില്ല ഈ ആത്മരോദനം. കടുകിട വിട്ടുവീഴ്ചയില്ലാതെ ഒരായുസ്സു മുഴുവന്‍ താന്‍ നയിച്ച സര്‍ഗസമരത്തിന്റെ സന്ദേശം സര്‍വാത്മനാ ഏറ്റെടുത്തുവെന്ന് തോന്നിപ്പിക്കുകയും തക്കംപാര്‍ത്ത് തനിനിറം കാട്ടുകയും ചെയ്ത സമൂഹത്തിന് മുമ്പാകെ പരസ്യമായിത്തന്നെയായിരുന്നു ആ ഉള്ളുലയ്ക്കുന്ന വിലാപം. ആരു ചെവികൊടുത്തു. കെ ടി കൂടി ഇല്ലായിരുന്നെങ്കില്‍ ഞങ്ങളുടെ സ്ഥിതി എന്താകുമായിരുന്നുവെന്ന് സാന്ത്വനപൂര്‍വം ആര് തിരിച്ചുചോദിച്ചു. 'പരാജിതനായ മനുഷ്യന്‍' എന്നുകൂടി സ്വയം വിലയിരുത്താന്‍ മലയാളത്തിലെ എക്കാലത്തെയും വലിയ മനഷ്യകഥാനുഗായികളിലൊരാളായ ആ പാവത്താനെ കോഴിക്കോട്ടെ പുതിയങ്ങാടിയിലെ 'സുരഭില'യില്‍ ഒറ്റക്കിട്ട് നാമെല്ലാം പുതിയ വിലാപകര്‍ ഇനി ആരുണ്ട് എന്ന് അപ്പുറത്തേക്ക് കണ്ണ് നട്ടിരുന്നുവല്ലോ.
13 March, 2010
ഹുസൈന് തിരിച്ചുവരാതാകുമ്പോള്‍
നാലഞ്ചു മാസം മുമ്പ് ഡല്‍ഹിയില്‍ ഒരു സായാഹ്നസദസ്സില്‍ വച്ച് കാണാന്‍ ഇടയായപ്പോള്‍ ഷംഷാദ് ഹുസൈന്‍ പറഞ്ഞു. വിശ്വപ്രശസ്തനായ തന്റെ പിതാവിന്റെ - എം എഫ് ഹുസൈന്റെ - നിഴലില്‍നിന്ന് ഒരിക്കലും പുറത്തുകടക്കാന്‍ പറ്റാതിരുന്ന, ചിത്രകാരന്‍ തന്നെയായ ഷംഷാദ് ഇത് പറയുമ്പോള്‍ ഒരു മകന്‍ അച്ഛനെപ്പറ്റി സംസാരിക്കുകയായിരുന്നു എന്ന് വ്യക്തമായിരുന്നു. ഉത്കണ്ഠ, സ്നേഹം എന്നീ വികാരങ്ങളാണ് ആ മുഖത്ത് മുഴുവന്‍ നിറഞ്ഞുനിന്നത്. ഷംഷാദ് പക്ഷേ എല്ലായ്പ്പോഴും ഇങ്ങനെ അല്ല സംസാരിച്ചുകൊണ്ടിരുന്നത്. ഒരു കലാകാരന്‍ എന്ന നിലയില്‍, ഒരു സാമൂഹികജീവി എന്ന നിലയില്‍ എം എഫ് ഹുസൈന് ഇന്ത്യക്ക് പുറത്തു കഴിയേണ്ടിവരുന്നതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ തലങ്ങള്‍ ഷംഷാദ് പലപ്പോഴും ചര്‍ച്ചാവിഷയമാക്കാറുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യ ആര്‍ട് സമ്മിറ്റില്‍നിന്ന് ഹുസൈന്റെ ചിത്രങ്ങള്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ ഷംഷാദ് പ്രതികരിച്ചത് കലാകാരനും സാമൂഹിക ജീവിയുമായാണ്. "ഇന്ത്യയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കലാകാരന്റെ ചിത്രങ്ങള്‍ ഇല്ലാതെ എന്ത് കലാ ഉച്ചകോടി?'' - എന്നാണ് അന്ന് ഷംഷാദ് ചോദിച്ചത്. നാലു വര്‍ഷമായി ഇന്ത്യയില്‍ കാലുകുത്താതെ എം എഫ് സാബിന് ജീവിക്കേണ്ടിവരുന്നതിന്റെ രാഷ്ട്രീയ വിവക്ഷകള്‍ നമ്മുടെ ജനാധിപത്യത്തിന്റെതന്നെ ശക്തിയും സാധുതയും ചോദ്യം ചെയ്യുന്നതാണെന്ന് എന്ന് ഷംഷാദ് പറയുമായിരുന്നു.
ഫെബ്രുവരി 24ന് ദി ഹിന്ദു ഗ്രൂപ്പിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എന്‍ റാമിന് അയച്ച കത്തിലൂടെ തനിക്ക് ഖത്തര്‍ പൌരത്വം സമ്മാനിക്കപ്പെട്ട കാര്യം എം എഫ് ഹുസൈന്‍ പ്രഖ്യാപിച്ചശേഷം ഷംഷാദുമായി സംസാരിക്കാന്‍ അവസരം കിട്ടിയിട്ടില്ല. പക്ഷേ ഒന്ന് തീര്‍ച്ച. മകന്‍ എന്ന നിലയിലോ കലാകാരന്‍ എന്ന നിലയിലോ സാമൂഹികജീവി എന്ന നിലയിലോ എം എഫ് ഹുസൈനെ നഷ്ടപ്പെടുന്നത് ഷംഷാദിന് സ്വീകാര്യമാവാന്‍ വഴിയില്ല. പക്ഷേ ഫെബ്രുവരി 24ന് ശേഷമുള്ള ദിവസങ്ങളില്‍ ഹുസൈന് ഖത്തര്‍ പൌരത്വം സമ്മാനിക്കപ്പെട്ടതിനെപ്പറ്റി മറ്റ് ചില പ്രതികരണങ്ങളും എന്നിലേക്ക് എത്തുകയുണ്ടായി. അവയില്‍ പലതും ഹുസൈന്‍ ഏറെ വര്‍ഷക്കാലം വിധേയനാവേണ്ടിവന്ന സ്വേഛാധികാര പ്രവണതകളുടെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം വെളിവാക്കുന്നതായിരുന്നു. "ഇനി ഏത് പടച്ചവനെപ്പറ്റിയാണ്, ഏത് ദൈവപുത്രനെയും പ്രവാചകനെയും പറ്റിയാണ് ഇവന്‍ വരയ്ക്കുന്നത് എന്ന് കാണണമല്ലോ.'' - ഏതാനും ദിവസങ്ങള്‍ക്കകം ഒരു സിനിമാനടി ഉള്‍പ്പെടുന്ന ഒരു സെക്സ് സ്റ്റിംഗ് വീഡിയോവില്‍ കഥാപാത്രമായി മാറിയ ഒരു യുവ സന്ന്യാസിയുടെ ശിഷ്യനും ബംഗളൂരുവിലെ ഐ ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവനുമായ ഒരു മധ്യവയസ്കന്‍ എസ് എം എസ് അയച്ചു."എത്തേണ്ട ഇടത്ത് എത്തിച്ചു.'' -ഹരിയാണയില്‍ നിന്നുള്ള, അത്രയൊന്നും പഠിക്കാത്ത, ചെറുപ്പകാലം മുതല്‍ ബജ്റംഗ്ദളും ഗുസ്തിയുമായി ഹിന്ദുത്വ രാഷ്ട്രീയത്തില്‍തന്നെ വളര്‍ന്നുവന്ന ഒരു വിശ്വഹിന്ദുപ്രവര്‍ത്തകന്‍ പറഞ്ഞു.
ഒറ്റനോട്ടത്തില്‍ വിദ്യാസമ്പന്നനായ ഐ ടി വിദഗ്ധനും, 'പഠിക്കാത്ത' വിശ്വഹിന്ദു പ്രവര്‍ത്തകനും പ്രകടിപ്പിക്കുന്നത് വ്യത്യസ്ത വികാരങ്ങളാണ്. ഐടി വിദഗ്ധന്റെ വാക്കുകളില്‍ ഒരു വ്രണിതഹൃദയന്റെ ഛായ ഉണ്ട്. വിശ്വഹിന്ദു പ്രവര്‍ത്തകന്‍ വിജയശ്രീലാളിതന്റെ ഭാവത്തിലാണ് സംസാരിക്കുന്നത്. പക്ഷേ യഥാര്‍ഥത്തില്‍ അവര്‍ രണ്ടുപേരും പറഞ്ഞുകൊണ്ടിരുന്നത് ഒരേ കാര്യമാണ് എന്ന് തിരിച്ചറിയാന്‍ പാഴൂര്‍പടി വരെ പോകേണ്ട കാര്യമില്ല. രണ്ടുപേരുടെയും പ്രശ്നം ഹുസൈന്‍ വരച്ച ചിത്രങ്ങളാണ്. തങ്ങളുടെ ഭാവുകത്വത്തിന് കീഴ്പ്പെട്ടു ജീവിച്ചുകൊള്ളണം എന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സങ്കല്‍പ്പനമാണ് അവരെ നിയന്ത്രിക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ സമൂഹത്തില്‍ ലീനമായ സ്വേഛാധികാരം ഉപയോഗിച്ച് കീഴ്പ്പെടുത്തും എന്നാണ് ഇരുവരും പറയുന്നത്.
1996ല്‍ ഹുസൈന്റെ സരസ്വതിയെ ചൊല്ലി ഹിന്ദുത്വ സംഘടനകള്‍ തുടങ്ങിയ പ്രതിഷേധ പരമ്പര മുതല്‍ തന്നെ ഈ സ്വേഛാധികാര പ്രയോഗഭീഷണി പ്രകടമായിരുന്നു. അതിന്റെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴത്തെ പ്രതികരണങ്ങളിലും കാണാനാവുന്നത്. ആത്യന്തികമായി ഇത് ചിത്രകലയെപ്പറ്റിയോ ഹുസൈന്‍ ചിത്രകലയെ ഉപയോഗിക്കുന്ന രീതിയെപ്പറ്റിയോ അല്ല. മറിച്ച് അധികാരത്തെപ്പറ്റിയാണ്, അതിന് വഴങ്ങി ജീവിക്കണം എല്ലാതരം ന്യൂനപക്ഷങ്ങളും എന്ന സങ്കല്പനത്തെപ്പറ്റിയാണ്.
ജീവിതത്തിന്റെ പല തലങ്ങളിലും ഹുസൈന് തന്നെ അത് അറിയാമായിരുന്നു. 1996ല്‍ അദ്ദേഹത്തിന്റെ സരസ്വതി നഗ്നയാണ് എന്ന് ആക്ഷേപിച്ചുകൊണ്ട് വിശ്വഹിന്ദു പരിഷത്തും മറ്റ് ഹിന്ദുത്വവാദികളും ആക്രമണപരമ്പരക്ക് തുടക്കമിട്ടപ്പോള്‍ ഒരു കൂടിക്കാഴ്ചയില്‍ ഞാന്‍ ചോദിക്കുകയുണ്ടായി. "എന്തിനാണ് ഇങ്ങനെ പ്രക്ഷോഭം സൃഷ്ടിക്കുന്ന രീതിയില്‍ വരയ്ക്കുന്നത്?'' മറുപടി ഇങ്ങനെയായിരുന്നു." വരയ്ക്കുമ്പോള്‍ എന്നിലുള്ള ഹുസൈന്‍ ആണ് അത് ചെയ്യുന്നത്. അല്ലാതെ പ്രക്ഷോഭം ഉണ്ടാക്കാന്‍വേണ്ടി ബോധപൂര്‍വം ചെയ്യുന്നതല്ല. അല്ലെങ്കിലും ഞാന്‍ പണ്ടെപ്പോഴോ വരച്ച ചിത്രം ഇപ്പോള്‍ പ്രശ്നമാകുന്നത് എങ്ങനെയാണ്? ഒരുപക്ഷേ, അതാണ് നിങ്ങളെപ്പോലുള്ള പത്രപ്രവര്‍ത്തകര്‍ ചോദിക്കേണ്ടത്.'' ഹുസൈന്‍ പറഞ്ഞത് ശരിയായിരുന്നു. 1976ല്‍ അദ്ദേഹം വരച്ച സരസ്വതി നഗ്നയാണ് എന്ന് ഹിന്ദുത്വ കൂട്ടകെട്ട് പെട്ടെന്ന് തിരിച്ചറിയുന്നത് ഇരുപത് വര്‍ഷം കഴിഞ്ഞായിരുന്നു. അതും മധ്യപ്രദേശിലെ ഹിന്ദുത്വ പ്രസിദ്ധീകരണമായ മീമാംസയില്‍ അത് പ്രസാധനം ചെയ്യപ്പെട്ടശേഷം. അപ്പോഴും അതിനുശേഷവും ഹുസൈനില്‍ സ്ഥിരമായി നിലനിന്നിരുന്ന ഒരു ബോധ്യം താന്‍ എന്തുതന്നെ ഒത്തുതീര്‍പ്പുണ്ടാക്കിയാലും സമൂഹത്തില്‍ ലീനമായ സ്വേഛാധികാരം പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെ ടാര്‍ഗെറ്റ് ചെയ്തുകൊണ്ടിരിക്കും എന്നുതന്നെയായിരുന്നു.
ഈ ബോധ്യം കാരണമോ എന്തോ തന്റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടാവരുത് എന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം അമിത ശ്രദ്ധ പുലര്‍ത്തുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത് ഏറ്റവും പ്രകടമായത് അദ്ദേഹത്തിന്റെ 1987 മുതല്‍ 1993 വരെയുള്ള രാജ്യസഭാ കാലാവധിയില്‍ തന്നെയാണ്. അയോധ്യയിലെ ഹിന്ദുത്വപ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട ആ കാലയളവില്‍ ആ വിഷയത്തെപ്പറ്റി ഒരിക്കലും പ്രൊ-ആക്ടീവ് ആയി എന്തെങ്കിലും പറയാന്‍ ഹുസൈന്‍ തയാറായില്ല. എന്നു മാത്രമല്ല അങ്ങോട്ട് എന്തെങ്കിലും ചോദിച്ചാലും മറുപടി ഒരു ചിരിയില്‍ ഒതുക്കുക ആയിരുന്നു പതിവ്. രാജ്യസഭയില്‍ ഒരു മൂലയില്‍ക്കൂടി ചിത്രം വരയ്ക്കുകയും ഒടുവില്‍ അതിനെ സന്‍സദ്നാമ എന്ന കൃതി ആയി പുറത്തിറക്കുകയുംചെയ്തു എന്നതായിരുന്നു ആ സാമാജികന്റെ ഏറ്റവും വലിയ നേട്ടം.
എങ്കിലും ഒരിക്കല്‍മാത്രം അദ്ദേഹത്തില്‍നിന്ന് വാചാലമായ ഒരു ഉത്തരം ലഭിച്ചത് ഓര്‍ക്കുന്നു. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലൂടെ നടന്ന് അദ്ദേഹം ലൈബ്രറിക്ക് മുന്നില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ കുറച്ചു പത്രക്കാര്‍ കൂടി പിടിച്ചതായിരുന്നു. പല വിഷയങ്ങളും അന്ന് അദ്ദേഹത്തോട് ചോദിച്ചു. എന്റെ ചോദ്യം ഇന്ത്യ വിഭജനകാലത്ത് എപ്പോഴെങ്കിലും പാകിസ്ഥാനിലും താമസിക്കാന്‍ ഇഛ തോന്നിയിരുന്നോ എന്നായിരുന്നു.
ഒരിക്കലും ഇല്ല എന്നു പതിവില്ലാത്ത ഒരു ഉറപ്പോടെ തറപ്പിച്ചുപറഞ്ഞ അദ്ദേഹം ഒരു ഏകമത രാജ്യത്ത് ജീവിക്കാന്‍ കലാകാരന്മാര്‍ക്ക് ആവുമോ എന്ന് തിരിച്ചു ചോദിക്കുകയുംചെയ്തു.
ഈ ചോദ്യോത്തരവേള എന്നിലേക്ക് തിരിച്ചെത്തുമ്പോള്‍ ഞാന്‍ അറിയുന്നു ഷംഷാദിനെപ്പോലെ എം എഫ്നും ഖത്തര്‍വാസം തീര്‍ത്തും സുഖകരമായ ഒരനുഭവമാവാന്‍ സാധ്യതയില്ല. പക്ഷേ നമ്മുടെ സാമൂഹിക സ്വേഛാധികാരം മറ്റെല്ലാ രാഷ്ട്രീയ -ജനാധിപത്യ സങ്കല്പനങ്ങളെയും മറികടന്നിരിക്കുന്നു.
1996ല്‍ ഹുസൈന്റെ വീട് ആദ്യമായി ആക്രമിക്കപ്പെട്ടപ്പോള്‍ കാര്‍ടൂണിസ്റ്റ് ഉണ്ണിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ കുറച്ചുപേര്‍ ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള രണ്ടു ലഘു പ്രതിഷേധ സിനിമകള്‍ ഉണ്ടാക്കി. ഡല്‍ഹിയിലും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും പല സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ചു. അത്തരമൊരു പ്രദര്‍ശനം കണ്ടശേഷം സമാജ്വാദി പാര്‍ടി നേതാവ് മുലായം സിങ് യാദവ് പറഞ്ഞത് ഇപ്പോഴും പ്രസക്തമായ ഒരു ഓര്‍മവാചകമായി തിരിച്ചെത്തുന്നു. "നഗ്നത ഹുസൈനോ ഹുസൈന്റെ ചിത്രങ്ങള്‍ക്കോ അല്ല. ചിലരുടെ അധികാര മോഹമാണ് നഗ്നമായിരിക്കുന്നത്.''
*
വെങ്കിടേശ് രാമകൃഷ്ണന്‍ കടപ്പാട്: ദേശാഭിമാനി വാരിക
08 August, 2009
കര്‍ണനാകാന്‍ മോഹിച്ചു രാവണനെ സ്നേഹിച്ചു
കര്‍ണനാകാന്‍ മോഹിച്ചു രാവണനെ സ്നേഹിച്ചു
പെറ്റമ്മപോലും വേദനയായി മാറിയ കര്‍ണന്‍ യുദ്ധഭൂമിയില്‍ അനുഭവിച്ച നൊമ്പരത്തിന്റെ ആഴം അരങ്ങില്‍ സാക്ഷാല്‍ക്കരിക്കാനുള്ള ആഗ്രഹം ബാക്കിയാക്കിയാണ് മുരളി യാത്രയായത്. കര്‍ണനായി മുരളി വേഷമിടുന്ന 'മൃത്യുഞ്ജയന്‍' എന്ന നാടകത്തിന്റെ റിഹേഴ്സല്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നു. കര്‍ണനെ കാണാന്‍ അമ്മ കുന്തി കുരുക്ഷേത്രയുദ്ധമുഖത്ത് എത്തുന്ന അന്ത്യനിമിഷമാണ് നാടകത്തിന്റെ പ്രമേയം. മുരളിതന്നെയാണ് ഇതിന്റെ രചനയും നിര്‍വഹിച്ചത്. കെപിഎസി ലളിതയാണ് കുന്തിയുടെ വേഷത്തില്‍. സ്വയം സൃഷ്ടിച്ച വിപത്തുകള്‍ വിനാശമായി മാറുന്ന രാവണന്റെ വൈചിത്ര്യമാര്‍ന്ന മാനസികഭാവങ്ങളും ഒപ്പം വിവിധ കഥാപാത്രങ്ങളെ ഒറ്റയ്ക്ക് വേദിയിലെത്തിച്ച ലങ്കാലക്ഷ്മിയുടെ അഭിനയത്തുടര്‍ച്ചയാണ് മൃത്യുഞ്ജയനിലൂടെ മുരളി ആഗ്രഹിച്ചത്. സിനിമയില്‍ താന്‍ വേഷമിട്ട കഥാപാത്രങ്ങളെ മുരളി ഏറെ സ്നേഹിച്ചിരുന്നില്ലെങ്കിലും സി എന്‍ ശ്രീകണ്ഠന്‍നായര്‍ എഴുതിയ ലങ്കാലക്ഷ്മിയിലെ രാവണന്‍ മുരളിയുടെ ഇഷ്ടകഥാപാത്രമായിരുന്നു. ഭാവാഭിനയത്തിന്റെയും വേഷപ്പകര്‍ച്ചയുടെയും അഭിനയരസതന്ത്രം അറിഞ്ഞ് കഠിനപ്രയത്നത്തിലൂടെ വേദിയില്‍ അനശ്വരമാക്കിയ രാവണനാണ് തന്റെ മികച്ച കഥാപാത്രമെന്ന് സംശയമില്ലാതെ അദ്ദേഹം പറഞ്ഞിരുന്നു. പ്രമോദ് പയ്യന്നൂരിന്റെ സംവിധാന നിയന്ത്രണത്തിലാണ് മൃത്യുഞ്ജയന്‍ ഒരുക്കിയിരുന്നത്. ലങ്കാലക്ഷ്മിയില്‍ രാവണന്റെ പരപ്പും ആഴവും മുരളിയിലെ നടന്‍ കണ്ടെത്തിയിരുന്നു.1983ല്‍ നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹമാണ് ലങ്കാലക്ഷ്മി ആദ്യം അവതരിപ്പിച്ചത്. പിന്നീട് 2002ല്‍ ഏകാഭിനയത്തിലൂടെ ലങ്കാലക്ഷ്മി വീണ്ടും അവതരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ മുരളിയുടെ വേവലാതി സുഹൃത്തുക്കള്‍ ഓര്‍മിക്കുന്നു. സംഘമായി നാടകം അവതരിപ്പിക്കുക പ്രായോഗികമായിരുന്നില്ല. പിന്നീട് സി എന്നിന്റെ ലങ്കാലക്ഷ്മിയില്‍ ഒറ്റ കഥാപാത്രംമാത്രം വരുന്ന ഏകപാത്ര രചന മുരളിതന്നെ നിര്‍വഹിച്ചു. രാവണന്റെ കാലദോഷമായ നക്ഷത്രത്തെക്കുറിച്ചുള്ള പ്രസിദ്ധമായ ശ്ളോകം തേടിപ്പോയത് അരങ്ങിന്റെ പൂര്‍ണതയ്ക്ക് അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് മാതൃകയാണ്. ശ്ളോകത്തെക്കുറിച്ച് കവി അയ്യപ്പപ്പണിക്കരോട് ചോദിച്ചപ്പോള്‍ മാര്‍ഗി സതിക്ക് അറിയാമെന്നു പറഞ്ഞു. അവരില്‍നിന്ന് പഠിച്ച് നാടകത്തിന്റെ ആദ്യഭാഗത്ത് ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടിയാട്ടത്തിന്റെയും കഥകളിയുടെയും പരോക്ഷമായ സ്വാധീനം അരങ്ങിലെ രാവണനിലുണ്ട്. മുരളിക്ക് ഇതിന് തുണയായത് ചെറുപ്പത്തിലേ അഭ്യസിച്ച കളരിമുറകളായിരുന്നു. ഏകാഭിനയത്തില്‍ പല വേഷങ്ങളിലേക്കുമുള്ള കായപ്രവേശം. അതിന്റെ ദുര്‍ഘടതകള്‍. കുംഭകര്‍ണന്റെ വേഷത്തെയും പ്രവൃത്തിയെയും കുറിച്ച് കൃത്യമായ രൂപനിഷ്ട സാധ്യമല്ലായിരുന്നപ്പോള്‍ പ്രത്യേകമായി തയ്യാറാക്കിയ അരങ്ങുപകരണം സഹായത്തിനെത്തി. ഭീകരതയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ആരായിരുന്നാലും ആത്യന്തികനാശമാണ് ഫലമെന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന രാവണന്റെ ആദ്യ അവതരണം തിരുവന്തപുരത്തെ പ്രേക്ഷകര്‍ക്ക് അനുഭവക്കൂട്ടത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്.
നാടകം അഭിനയവും സിനിമ ജീവിതമാര്‍ഗവുമെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. അധ്യാപകനും എന്നും ആത്മസുഹൃത്തുമായിരുന്ന അലിയാരാണ് ഒരിക്കല്‍ പ്രൊഫ. നരേന്ദ്രപ്രസാദിനെ മുരളിക്ക് പരിചയപ്പെടുത്തിയത്. പില്‍ക്കാലത്ത് പോസ്റല്‍ അക്കൌണ്ട്സ് ഓഫീസിനു മുകളില്‍ നരേന്ദപ്രസാദ് നാട്യഗൃഹം തുടങ്ങിയപ്പോള്‍ മുരളിയും ഒപ്പമുണ്ടായിരുന്നു. നാട്യഗൃഹം അവതരിപ്പിച്ച സൌപര്‍ണിക, മൃഗശാലക്കഥ എന്നീ നാടകങ്ങളില്‍ മുരളി വേഷമിട്ടു. നാടൃഗൃഹമാണ് മുരളിയുടെ അഭിനയാവേശത്തിന് കരുത്തായത്. അഭിനയത്തിന്റെ അര്‍ഥതലങ്ങളിലേക്ക് ആവേശകരമായ യാത്ര. സിനിമിയിലെത്തിയിട്ടും അരങ്ങ് കൈവിട്ടില്ല. നാടകക്കളരി എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ഗള്‍ഫില്‍ ആരംഭിച്ച കൂത്തമ്പലത്തിന്റെ സാരഥിയായിരുന്നു മുരളി. പിന്നീട് തിരുവനന്തപുരത്ത് സമാനമായ വേദിയൊരുക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലായിരുന്നു. ഇതിനായി അരുവിക്കരക്കടുത്ത് സ്ഥലവും കണ്ടെത്തിയിരുന്നു. പ്രശാന്ത സുന്ദരമായ നാടകഭവനമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.
(സജീവ് പാഴൂര്‍)
തിരിച്ചറിവിന്റെ അരങ്ങും രാഷ്ട്രീയവും
ജീവിതയാഥാര്‍ഥ്യങ്ങളുടെ തിരിച്ചറിവ് ഉള്‍ക്കൊണ്ട് വളര്‍ന്ന മുരളിയുടെ മനസ്സിനും ഉലയില്‍ കാച്ചിയ ഇരുമ്പിന്റെ ദൃഢതയാണ്. അതുകൊണ്ടുതന്നെ മനസ്സില്‍ സൂക്ഷിക്കാന്‍ കറുത്ത അനുഭവങ്ങള്‍ തനിക്കൊന്നും ബാക്കിയില്ലെന്ന് മുരളി പറയുമായിരുന്നു. എനിക്കെന്തെങ്കിലും പറയണമെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അത് അപ്പോള്‍ത്തന്നെ പറഞ്ഞിട്ടുണ്ട്- ശത്രുക്കളെ കുറിച്ച് ചോദിച്ചാല്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. കമ്യൂണിസ്റ്റ് രാഷ്ട്രീയം ചെറുപ്പംമുതല്‍ തന്നെ സ്വാധീനിച്ചതായി മുരളി വ്യക്തമാക്കിയിട്ടുണ്ട്. മധ്യതിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അതിശക്തമായ സ്വാധീനമുണ്ടായിരുന്ന പ്രദേശമായിരുന്നു മുരളിയുടെ ജന്മനാടായ വെളിയം. കോട്ടാത്തല സുരേന്ദ്രനെ പോലെയുള്ള കമ്യൂണിസ്റ്റ് ധീരന്മാരുടെ നാട്. മുരളിയുടെ അമ്മാവന്മാരായ നാഗപ്പന്‍പിള്ളയും രാഘവന്‍പിള്ളയും സര്‍വീസ് സംഘടനാപ്രവര്‍ത്തകരാണ്. അതും മുരളിയെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമായി. തെരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ എന്നും ഇടതുപക്ഷസാരഥികള്‍ക്കായി മുരളി സജീവമായി രംഗത്തിറങ്ങിയിരുന്നു. സിപിഐ എം സ്ഥാനാര്‍ഥിയായി അദ്ദേഹം തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍നിന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സാംസ്കാരിക-കലാ രംഗത്തുള്ളവരുടെ നിറസാന്നിധ്യം സാമൂഹ്യ ഉന്നതിക്ക് വലിയ ഗുണമാകുമെന്ന് അദ്ദേഹം പറയുമായിരുന്നു. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ തന്നെ ശ്രവിക്കാന്‍ ജനങ്ങള്‍ തടിച്ചുകൂടിയ അനുഭവങ്ങള്‍ മുരളി പലപ്പോഴും മറ്റുള്ളവരുമായി പങ്കുവയ്ക്കാറുണ്ട്.ലോകത്തിന്റെ വിവിധയിടങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള മുരളിക്ക് പ്രിയപ്പെട്ട നാട് റഷ്യയായിരുന്നു. കമ്യൂണിസ്റ്റ് റഷ്യയെക്കുറിച്ചും തകര്‍ച്ചയ്ക്ക് ശേഷമുള്ള റഷ്യയെക്കുറിച്ചും മുരളി എഴുതിയിട്ടുണ്ട്. പഴയ റഷ്യയുടെ ഔന്നത്യവും ഇന്നത്തെ റഷ്യയുടെ ദുരന്തവും അദ്ദേഹം സ്പസീബ എന്ന ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്. 'സ്പസീബ' എന്ന റഷ്യന്‍ വാക്കിന്റെ അര്‍ഥം നന്ദി എന്നാണ്. വ്യാഴപ്പൊരുള്‍ എന്ന ലേഖനപരമ്പര പുസ്തകമാക്കിയിട്ടുണ്ട്. ഇതിന് കാര്‍ട്ടൂണിസ്റ്റ് ശിവറാം അവാര്‍ഡ് ലഭിച്ചു. അഭിനേതാവും ആശാന്‍ കവിതയും എന്ന പുസ്തകത്തിന് നാടകവുമായി ബന്ധപ്പെട്ട മികച്ച ഗ്രന്ഥത്തിനുള്ള സംഗീതനാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അഭിനയത്തിന്റെ രസതന്ത്രം, മുരളി മുതല്‍ മുരളി വരെ എന്നതിന് പുറമെ എഡ്വേര്‍ഡ് ആല്‍ബിയുടെ സൂ സ്റ്റോറി, പുകയില ഉപയോഗത്തിന്റെ മാരകഫലങ്ങള്‍, കടക്കാര്‍, (മലയാള വിവര്‍ത്തനം) തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ലോകനാടകവേദിയെ കുറിച്ച് അരങ്ങേറ്റം വഴികള്‍, വഴികാട്ടികള്‍ എന്ന മികച്ച രചനയും നിര്‍വഹിച്ചു. ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങളിലായിരുന്നു അദ്ദേഹം.
അയ്യപ്പന്‍ പറഞ്ഞു, മുരളി താരമായി
തിരുവനന്തപുരത്ത് രാമനിലയം ലോഡ്ജിലേക്ക് കവി അയ്യപ്പന്‍ അന്ന് സായാഹ്നത്തില്‍ തിരക്കിട്ട് എത്തിയതിന് കാരണമുണ്ടായിരുന്നു. അയ്യപ്പന്റെ രണ്ട് സുഹൃത്തുക്കള്‍, ഡോ. കൊച്ചുനാരായണനും ഡോ. ശ്രീനിയും സിനിമ നിര്‍മിക്കുന്നു. മുരളിക്ക് അഭിനയിക്കാന്‍ അവസരവുമായാണ് അയ്യപ്പന്റെ വരവ്. നക്സല്‍ബാരി അപചയത്തിന്റെ കഥയായിരുന്നു അത്. ഭരത് ഗോപി സംവിധാനം ചെയ്ത ചിത്രത്തിന് ഞാറ്റടി എന്ന് പേരിട്ടു. മുരളി ഈ ചിത്രത്തിലൂടെ സിനിമാനടനായെങ്കിലും ചിത്രം വെളിച്ചം കണ്ടില്ല. അഭിനയത്തിന്റെ ഓര്‍മകളിലേക്കുള്ള മടക്കത്തില്‍ അയ്യപ്പന് എപ്പോഴും മുരളി ഇടം കൊടുത്തിരുന്നു. താരപദവിയോടെ ചലച്ചിത്രോത്സവ വേദികളില്‍ അതിഥിയായും ആതിഥേയനായും എത്തുന്ന മുരളിയെ കാണുമ്പോള്‍ അട്ടഹാസത്തോടെ തിയറ്ററിന് പുറത്തുള്ള അയ്യപ്പന്‍ കുതിച്ചെത്തും. ഉച്ചത്തില്‍ സംസാരിക്കുന്ന അവര്‍ക്കിടയിലേക്ക് ആരെങ്കിലും എത്തിയാല്‍ അയ്യപ്പന്റെ വിധം മാറും. ഇത് ഞങ്ങളുടെ കാര്യം എന്ന നിലപാടിലാകും അയ്യപ്പന്‍. തിരുവനന്തപുരത്ത് രാമനിലയം ലോഡ്ജിലായിരുന്നു മുരളി ഉള്‍പ്പെട്ട വലിയൊരു സംഘത്തിന്റെ ആദ്യകാലതാവളം. യൂണിവേഴ്സിറ്റിയില്‍ ജോലി കിട്ടിയശേഷം മുരളി താമസിച്ചിരുന്നത് വിജെഎം ലോഡ്ജിലായിരുന്നു. അയ്യപ്പന് ലോഡ്ജിലേക്ക് എപ്പോള്‍ വേണമെങ്കിലും കടന്നുവരാം. കവിതയില്‍ അയ്യപ്പന്റെ സുവര്‍ണകാലമെന്ന് മറ്റുള്ളവര്‍ വിശേഷിപ്പിക്കുന്ന ഈ ഘട്ടത്തില്‍ എഴുതിത്തുടങ്ങുന്നവര്‍ക്ക് അയ്യപ്പന്‍ നല്‍കിയിരുന്ന പിന്തുണ മുരളിതന്നെ പലപ്പോഴും അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
നാടകോത്സവത്തിന്റെ സൂത്രധാരന്‍
അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ശില്‍പ്പി അരങ്ങൊഴിഞ്ഞത് ആഫ്രിക്കന്‍ നാടകോത്സവത്തിന് വേദിയുണര്‍ത്താതെ. തൃശൂരില്‍ സംഗീത നാടക അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര നാടകോത്സവം അക്കാദമി ചെയര്‍മാന്‍കൂടിയായ നടന്‍ മുരളിയുടെ നാടകവീക്ഷണത്തില്‍ ഉരുത്തിരിഞ്ഞതാണ്. പത്ത് ദിവസത്തെ തെക്കനേഷ്യന്‍ നാടകങ്ങളുടെ അവതരണവേദി സാംസ്കാരികനഗരി ദര്‍ശിച്ച പങ്കാളത്തത്തിലും അവതരണത്തിലും ശ്രദ്ധേയമായിരുന്നു. അടുത്തവര്‍ഷം ആഫ്രിക്കന്‍ നാടകോത്സവം തൃശൂരില്‍ നടത്തുമെന്ന് മുരളി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നാടകോത്സവത്തിനുശേഷം സിനിമാ ഷൂട്ടിങ്ങിന്റെ തിരക്കിലേക്കു പോയ വിഖ്യാത നടന്‍ അക്കാദമി ആസ്ഥാനത്തേക്ക് ഇനി മടങ്ങിയെത്തില്ല. നാടകോത്സവത്തിന്റെ സമാപനദിവസം ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. "എനിക്ക് ഏറെ അഭിമാനവും ആഹ്ളാദവുമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും ജനങ്ങളുടെയും സഹകരണത്തോടെ കൂടുതല്‍ വിപുലമായ കലാസാംസ്കാരികമേളകള്‍ അക്കാദമിക്ക് സംഘടിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'' നാടകോത്സവത്തിന്റെ ഉദ്ഘാടനംമുതല്‍ സമാപനംവരെ മുരളിയുടെ സാന്നിധ്യം സജീവമായിരുന്നു. മുരളി നടത്തിയ പ്രസംഗങ്ങളും ചര്‍ച്ചകളും അദ്ദേഹത്തിന്റെ അഗാധമായ നാടകസാഹിത്യജ്ഞാനത്തിന്റെ നിദര്‍ശനങ്ങളായിരുന്നു. നിരവധി സാംസ്കാരിക സംഗീത പരിപാടികള്‍ മുരളിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് നടപ്പാക്കാനായി.
(വി എം രാധാകൃഷ്ണന്‍)
പൌരുഷത്തിന്റെ ചലച്ചിത്രരൂപം
മലയാള സിനിമയില്‍ ചങ്കുറപ്പുള്ള കഥാപാത്രങ്ങള്‍ക്ക് രൂപംകൊടുക്കുമ്പോള്‍ എഴുത്തുകാരന്റെ മനസ്സില്‍ തെളിയുന്ന നായക സങ്കല്‍പ്പം മുരളിയുടേതായിരുന്നു. ഉള്ളില്‍ സ്നേഹം സൂക്ഷിക്കുന്ന പരുക്കന്‍ കഥാപാത്രങ്ങള്‍ക്ക് അഭിനയത്തിന്റെ പാഠഭേദങ്ങള്‍ പകര്‍ന്ന് മുരളി അവിസ്മരണീയമാക്കിയത് ഒട്ടേറെ വേഷം. അരങ്ങിന്റെ ശീലത്തില്‍നിന്ന് വെള്ളിത്തിരയിലേക്ക് കടന്നപ്പോള്‍ മാധ്യമത്തിന്റെ മാറ്റം അതിവേഗം സ്വായത്തമാക്കിയാണ് മുരളി ആധിപത്യം സ്ഥാപിച്ചത്.
ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടിയിലെ ക്ഷുഭിത യൌവന കഥാപാത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. ഈ ചിത്രം തിയറ്ററില്‍ എത്തിയില്ല. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മീനമാസത്തിലെ സൂര്യനിലൂടെ പിന്നീട് കരുത്തുറ്റ നടനെ കേരളം കണ്ടെത്തി. കയ്യൂര്‍ രക്തസാക്ഷിത്വത്തിന്റെ ത്രസിപ്പിക്കുന്ന ജീവിതാഖ്യാനമായ ഈ സിനിമ മുരളിയുടെ ജീവിതത്തിന്റെ ഗതി മാറ്റി. ഇവിടെനിന്നു പഞ്ചാഗ്നി എന്ന ഹിറ്റ് ചിത്രത്തിലേക്കാണ് എത്തിയത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തിനൊപ്പം തിളങ്ങി. മുരളിക്കുവേണ്ടി അതുല്യമായ കഥാപാത്രങ്ങള്‍ ഏറെ സൃഷ്ടിക്കപ്പെട്ടത് അടുത്തിടെ അന്തരിച്ച ലോഹിതദാസിന്റെയും ഒപ്പം ടി എ റസാഖിന്റെയും രചനാവൈഭവത്തിലൂടെയാണ്. ലോഹിതദാസിന്റെ തിരക്കഥയില്‍ ജോര്‍ജ് കിത്തു സംവിധാനം ചെയ്ത ആധാരം മുരളി എന്ന നടനിലെ പ്രതിഭയെ വെളിപ്പെടുത്തി. കരുത്തിന്റെയും ആണത്തത്തിന്റെയും പ്രതീകമായ കഥാപാത്രങ്ങള്‍ മുരളിയുടെ കൈയില്‍ സുരക്ഷിതമെന്ന് ഈ ചിത്രം ഉറപ്പിച്ചു. ഭരതന്റെയും പത്മരാജന്റെയും അസാന്നിധ്യം മുരളിയുടെ നല്ല വേഷങ്ങളെ നഷ്ടമാക്കിയെന്നു വേണം കരുതാന്‍. ഭരതന്‍ സംവിധാനം ചെയ്ത 'വെങ്കല'ത്തിലെയും 'ചമയ'ത്തിലെയും വേഷങ്ങള്‍ ഇതിന് അടിത്തറയിടുന്നു. വേണു നാഗവള്ളി സംവിധാനം ചെയ്ത കിഴക്കുണരും പക്ഷി, ലാല്‍സലാം, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയ ചിത്രങ്ങളില്‍ മുരളിയുടെ വേഷം അനശ്വരമായിരുന്നു. കമലിന്റെ ഭൂമിഗീതം, ഗ്രാമഫോണ്‍ തുടങ്ങിയ ചിത്രങ്ങള്‍ വേറെ. നവാഗതനായ പ്രിയനന്ദനന്റെ 'നെയ്ത്തുകാരനി'ല്‍ അപ്പമേസ്തിരി എന്ന കഥാപാത്രത്തിലൂടെ മുരളി നേടിയത് ദേശീയ പുരസ്കാരമായിരുന്നു. ചരിത്രവും കാലഘട്ടവും സമ്മേളിക്കുന്ന ഈ കഥാപാത്രത്തിനായി ഭാഷയിലും ശരീരഭാഷയിലും വരുത്തിയ മാറ്റങ്ങള്‍ അനുപമമായിരുന്നു. പ്രിയനന്ദനന്റെ പുലിജന്മത്തിലും മുരളി നായകനായി. നന്മയും ക്രൂരതയും നിറയുന്ന നിരവധി വേഷം മുരളിയുടെ അഭിനയമികവില്‍ കച്ചവട ചിത്രങ്ങളിലും വിജയംകണ്ടു. 'പത്ര'ത്തിലെ പത്രാധിപരുടെ വേഷം ഉദാഹരണം.
ദേശീയതലത്തില്‍ ഇപ്പോള്‍ ശ്രദ്ധനേടിയ മധു കൈതപ്രത്തിന്റെ 'ഏകാന്ത'ത്തില്‍ തിലകനുമായി മത്സരിച്ചുള്ള അഭിനയമാണ് മുരളി കാഴ്ചവച്ചത്. രാജസേനന്‍ സംവിധാനംചെയ്ത 'ഭാര്യ ഒന്ന് മക്കള്‍ മൂന്ന്' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കരാര്‍ ചെയ്തിരുന്നെങ്കിലും പിന്മാറി. അരനാഴിക നേരത്തിലെ കുഞ്ഞോനാച്ചനായി ടെലിവിഷന്‍ പരമ്പരയിലും വേഷമിട്ടു. അശോക് ആര്‍ നാഥിന്റെ 'ഏകാദശി' എന്ന ചിത്രത്തില്‍ ഒരു സീന്‍ അഭിനയിക്കാന്‍ ബാക്കിവച്ചാണ് മുരളി വിടപറഞ്ഞത്. തമിഴിലും തെലുങ്കിലും താരപദവി നേടിയ മുരളി കരുണാനിധിയുടെ മകന്‍ സ്റ്റാലിന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു. അഭിനയസാധ്യത ഏറെയുള്ള അഭിഭാഷകവേഷമാണ് ചിത്രത്തില്‍. വിദേശത്തായിരുന്നു ഏറെയും ചിത്രീകരണം. മലയാളത്തിനൊപ്പം അന്യഭാഷാചിത്രങ്ങള്‍ക്കും കരുത്തുറ്റ നടന്റെ അസാന്നിധ്യമാണ് മരണം നല്‍കുന്ന ബാക്കിപത്രം. ലോഹിതദാസ്, രാജന്‍ പി ദേവ്, പിന്നാലെ മുരളിയും... വേര്‍പാടുകളുടെ നടുക്കത്തിലാണ് ചലച്ചിത്രലോകം.
*
കടപ്പാട്: ദേശാഭിമാനി
14 June, 2009
നര്‍മബോധമില്ലാത്ത കോമാളികള്‍ അരങ്ങ് കീഴടക്കുമ്പോള്‍
കോമഡി രംഗത്തെ ബ്രാന്റ് നാമമായ കെ.എസ്.പ്രസാദും സംഘവും അവതരിപ്പിച്ച ഡ്യൂട്ടി ഫ്രീ കോമഡിഷോ ഉയര്‍ത്തിയ ചെറിയ ചില ചിന്തകളെങ്കിലും ഉറക്കെ പറയാതിരിക്കാന്‍ കഴിയുന്നില്ല. നമ്മുടെ ആസ്വാദനത്തിന്റെ നിലവാരം എവിടേയ്ക്കാണ് പോവുന്നത്? നിരന്തരം ഉന്നയിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ചോദ്യം തന്നെയാണിത്.ശാസ്ത്രീയ സംഗീതം പോലെയുള്ള പരിപാടികളുടെ ആസ്വാദനത്തിന് കൃത്യമായ സംവേദനക്ഷമത ആവശ്യമായിരിക്കാം. എന്നാല്‍ മനോഹരമായ ഒരു ഗസല്‍ സന്ധ്യക്കും നല്ല ഒരു നാടകത്തിനും ആള്‍ക്കൂട്ടങ്ങള്‍ പോയിട്ട് ആളനക്കം പോലും കുറയുന്നതെന്തുകൊണ്ടാണ്? എന്നാല്‍ ഇതേ സമയം തന്നെ ഏതെങ്കിലും ചാനലിലെ റിയാലിറ്റി ഷോയിലെ ഏതെങ്കിലും താരത്തിന്റെ സാന്നിദ്ധ്യമുള്ള പരിപാടികള്‍ക്കും കോമഡി പരിപാടികള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ ഇരച്ചെത്തുന്നത് എന്തുകൊണ്ട് എന്ന് ഗൌരവമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.ഡ്യൂട്ടീ ഫ്രീ കോമഡി ഷോയില്‍ കോമഡി ഇല്ല എന്നാണ് ഏറ്റവും ലളിതമായ വസ്തുത. നമുക്കതിനെ ഒരു വിനോദ പരിപാടി എന്ന് വിളിക്കാം. പാട്ട്, നൃത്തം, വിവിധ കലാരൂപങ്ങളുടെ അവതരണം, പ്രച്ഛന്ന വേഷങ്ങള്‍ ഒക്കെയും കൃത്യമായ അളവുകളില്‍ ചേര്‍ത്ത്, ആധുനിക സമൂഹത്തിന് യോജിച്ച തരത്തില്‍ പാകപ്പെടുത്തി എടുത്ത ഒരു ചേരുവ.ഹര്‍ത്താലുകള്‍, ബന്ദ്, സമരം, പണിമുടക്കുകള്‍ എന്നിവയെ ആക്ഷേപഹാസ്യമായി വേദിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ആരുടെ മുഖത്ത് നോക്കിയാണ് പരിഹസിക്കുന്നത്? ഒരു പാട് ദുരിതങ്ങളില്‍ നിന്ന്, ചൂഷണങ്ങളില്‍ നിന്ന് മോചിപ്പിച്ച് കേരള ജനതയെ ഇന്നുകളിലേക്കെത്തിച്ച തൊഴിലാളി സംഘടനകളേയോ? സംഘടിത തൊഴിലാളി സംസ്ക്കാരത്തിന്റെ ഗുണഫലങ്ങള്‍ ഒട്ടേറെ അനുഭവിക്കുന്ന, നിരന്തരം പോരാട്ടങ്ങളില്‍ സജീവമായി ഇടപെടുന്ന, മുന്നില്‍ നില്ക്കുന്ന ഒരു വിഭാഗത്തിന്റെ മുന്നില്‍ നിന്നുകൊണ്ട് കാണിക്കുന്ന കൊഞ്ഞനം കുത്തലുകള്‍ ആരെയാണ് ഉന്നമിടുന്നത്? അടുത്ത തലമുറയിലേക്ക് അരാഷ്ട്രീയവാദങ്ങള്‍ നിറക്കാന്‍ ശ്രമിക്കുന്ന, ആധുനിക മുതലാളിത്തത്തിന്റേതുതന്നെയാണ് ഇത്തരം ചിന്തകള്‍. കാമ്പസുകളെ 'രാഷ്ട്രീയ വിമുക്തമാക്കി' മതവിഭാഗീയ ചിന്തകള്‍ക്കും, ഭീകരവാദത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കും, വിട്ടുകൊടുത്തു കൊണ്ടിരിക്കുന്ന സംസ്ക്കാരത്തിന്റെ മറ്റൊരു മുഖമല്ലേ ഇത്തരത്തിലുള്ള പരിപാടികളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്?നമ്മുടെ സംസ്ക്കാരത്തിന്റെ തന്നെ ചിഹ്നങ്ങളായി മാറിയ കലാരൂപങ്ങളെങ്കിലും, അതിന്റെ തനിമയില്‍ നിലനില്‍ക്കേണ്ടതുണ്ട്. മോഹിനിയാട്ടത്തിന്റെ ലാസ്യഭാവത്തിന്, ദ്രുത താളത്തിന്റെ ചടുലത നല്കുമ്പോള്‍, നഷ്ടമാവുന്നത്, അതിന്റെ വശ്യത മാത്രമല്ല. ആ കലാരൂപം കൂടിയാണ്. അര്‍ത്ഥമില്ലാത്ത ചടുലത നല്‍കുന്നത് വഴി ചെയ്യുന്നത്, ഇത്തരം ചടുലതകളില്‍ അഭിരമിക്കുന്ന, മതിമറക്കുന്ന ഒരു പുതിയ ജനവിഭാഗത്തിന്റെ രൂപീകരണം മാത്രമാണ്. അത്തരം വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുക എന്നത് മാത്രമാണിവിടെ സംഭവിക്കുന്നത്. ചാനലുകളിലെ റിയാലിറ്റി ഷോകളെ പരിഹസിച്ചു കൊണ്ട് മലയാളി മനസ്സുകളിലേക്ക് കടന്നു ചെല്ലാന്‍ ഇടക്കെങ്കിലും പ്രസാദ് ശ്രമിക്കുന്നുണ്ട്. അത്തരം പരിഹാസം നടത്തുന്ന സംഘം തന്നെ അവരുടെ സ്കിറ്റുകളില്‍ ഉപയോഗിക്കുന്ന ഭാഷ ആശാസ്യമാണോ? തമാശ സൃഷ്ടിക്കാനായി ഉപയോഗിക്കുന്ന വാക്കുകളുടെ 'വള്‍ഗാരിറ്റി' അരോചകം തന്നെ.ഈ ഒരു പരിപാടിയില്‍ മാത്രമല്ല, ഇത്തരം എല്ലാ കോമഡി പരിപാടികളും കോമഡി എന്നത് അശ്ളീലമെന്നതായി മാറിയിട്ടുണ്ട്. മൌലികമായ ചിന്തകളുടേയും, ആശയങ്ങളുടേയും ദാരിദ്ര്യം തന്നെയാണ് ഇത് വെളിപ്പെടുത്തുന്നത്. ശ്ളീലാശ്ളീലങ്ങള്‍, ആസ്വാദകമനസ്സുകള്‍ക്കനുസരിച്ച് മാറാം. പറയുന്ന രീതിക്കനുസരിച്ച് ഏത് അശ്ളീലവും ശ്ളീലവുമാകാം. എന്നാല്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ അശ്ളീലം- അശ്ളീലമായിത്തന്നെ പറഞ്ഞു കൊണ്ട്, അതാണ് യഥാര്‍ത്ഥ തമാശയെന്ന രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ ഒരു നുറുങ്ങു ചിരി പോലും ഉണരുന്നില്ല.ഒരേ സമയം പലരെ സ്നേഹിക്കുന്ന സ്ത്രീയെയും അവളെ ആത്മാര്‍ത്ഥമായി സ്നേഹിച്ച് വിവാഹം കഴിക്കാനാഗ്രഹിക്കുന്ന പുരുഷന്മാരേയും ചിത്രീകരിക്കുന്നതിലൂടെ ഉയര്‍ത്താന്‍ ശ്രമിക്കുന്ന നര്‍മ്മം എന്താണ്? സ്ത്രീയെ ഉപഭോഗ വസ്തുവായി മാത്രം കാണുന്ന മുതലാളിത്ത സംസ്ക്കാരത്തിന്റെ ചിന്തകള്‍ തന്നെയാണ് ഇവിടെയും ചിത്രീകരിക്കപ്പെടുന്നത്.ചിലപ്പോഴെങ്കിലും പഴയ ചാക്യാരുടെ വേഷം എടുത്തണിയുന്നുണ്ട് പ്രസാദും കൂട്ടുകാരും. രാഷ്ട്രീയ കോമാളിത്തരങ്ങളെ, ചാനലുകളിലെ ചില പരിപാടികളെ ഒക്കെ വിദൂഷകന്റെ സാമര്‍ത്ഥ്യത്തോടെ വിമര്‍ശിക്കുന്നുമുണ്ട്.അത്തരത്തിലുളള ചുരുക്കം ചില ഇനങ്ങള്‍ മാറ്റി നിറുത്തിയാല്‍, മറ്റെല്ലാം തന്നെ, പാട്ടിലും നൃത്തത്തിലും, ദ്രുതതാളങ്ങളിലും കെട്ടുകാഴ്ചകളുടെ മാസ്മരികതയിലും അലിഞ്ഞു തീര്‍ന്നു എന്നു തന്നെ പറയാം.എന്നാല്‍ കുറച്ചു വര്‍ഷത്തി നു മുമ്പ്, ഇതേ വേദിയില്‍ കെ. എസ്.പ്രസാദിന്റെ സംഘം അവതരിപ്പിച്ച പരിപാടികള്‍ നിലവാരം പുലര്‍ത്തിയിരുന്നു എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. പിന്നെന്തു കൊണ്ടാണ് ഇത്തരത്തിലൊരു മാറ്റം?ചാനലുകളിലെ മത്സരങ്ങള്‍ക്ക് പിന്നാലെ ഇത്തരം പരിപാടികളും മാറുകയാണോ? കെ.എസ്. പ്രസാദിന്റെ പരിപാടി മുന്‍നിറുത്തിയാണ് പറഞ്ഞതെങ്കിലും മറ്റു കോമഡി ഷോകളും ഇതില്‍ നിന്നും വ്യത്യസ്തമല്ല എന്നു മാത്രമല്ല, കൂടുതല്‍ മോശമാകാനുള്ള ഒരു മത്സരം തന്നെയാണ് നടക്കുന്നത്. കാരണം കാഴ്ചപ്പാടിന്റേതാണ് എന്നതാണ് വസ്തുത. ചാനലുകളിലായാലും ഇതൊക്കെത്തന്നെയാണ് ചിത്രീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. വേഷവിധാനങ്ങളിലൂടെയും, വാക്കുകള്‍ക്കിടയില്‍ കയറ്റി വെക്കുന്ന അശ്ളീലങ്ങളിലുമാണ് ഇന്ന് കോമഡി സൃഷ്ടിക്കപ്പെടുന്നത്.എന്നിട്ടും, ഇത്തരം പരിപാടികള്‍ക്കും യാഥാര്‍ത്ഥ്യം ഇല്ലാത്ത റിയാലിറ്റി ഷോകള്‍ക്കും ഒക്കെത്തന്നെയാണ് കാണികളുണ്ടാകുന്നത്. ഇത്തരം പരിപാടികളിലേക്ക് കാണികള്‍ ആകര്‍ഷിക്കപ്പെടുന്നത് എന്തു കൊണ്ടാണ് ? തിരക്കു പിടിച്ച സംഘര്‍ഷം നിറഞ്ഞ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഒന്നും ചിന്തിക്കാതെ കുറിച്ചു നേരമെങ്കിലും രക്ഷപ്പെടാനുളള ത്വരയാണോ ഇതിന്റെ പിന്നിലെ മാനസികാവസ്ഥ? അതോ, തനിക്കു ചുറ്റും എന്ത് തന്നെ നടന്നാലും അതൊന്നും തനിക്ക് ബാധകമാവുന്നില്ല എന്നു കരുതുന്ന, എന്ത് കിട്ടിയാലും അതിനെ കണ്ട് കടന്നു പോകാന്‍ കഴിയുന്ന തരത്തിലുള്ള പുതിയ 'സംസ്ക്കാര'രൂപീകരണത്തിന്റെ ഭാഗമോ?കുട്ടികളാണ് ഇന്ന് പല കുടുംബ തീരുമാനങ്ങളുടേയും കേന്ദ്ര സ്ഥാനത്ത് വരുന്നത്. അതുകൊണ്ടു തന്നെ കുട്ടികളെ ആകര്‍ഷിക്കുന്ന പരിപാടികളില്‍ മാത്രം ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നു. അര്‍ത്ഥമില്ലാത്ത ഇത്തരം പരിപാടികള്‍ സൃഷ്ടിക്കപ്പെടുന്നതും ഇതേ ലക്ഷ്യത്തോടെ തന്നെയാണ്. നമുക്കിത് വേണ്ട എന്നു പറയാന്‍ ആസ്വാദകര്‍ തയ്യാറല്ലെങ്കില്‍ ഇത്തരം പരിപാടികള്‍ കൂടുതല്‍ മോശമായിക്കൊണ്ടേയിരിക്കും. ഇവിടെയാണ്, നമ്മുടെ കുട്ടികളുടെ മനസ്സില്‍ അര്‍ത്ഥമില്ലാത്ത ദ്രുത താളങ്ങളും, വര്‍ണ്ണഭംഗികളും മാത്രം മതിയോ എന്ന ചോദ്യം പ്രസക്തമാകുന്നത്. അതിനുള്ള ഉത്തരം കണ്ടെത്തേണ്ടതും, തിരിച്ചറിയേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതും നമ്മള്‍ തന്നെയാണ്.
*നൈസ കാക്കൂര്‍
കടപ്പാട്: വര്‍ക്കേഴ്സ് ഫോറം
13 April, 2009
ഹിന്ദു വിഗ്രഹങ്ങളില്‍ വിക്ടോറിയന്‍ പെറ്റിക്കോട്ടുകള്‍ ധരിപ്പിക്കുമ്പോള്‍
ഹിന്ദു വിഗ്രഹങ്ങളില്‍ വിക്ടോറിയന്‍ പെറ്റിക്കോട്ടുകള്‍ ധരിപ്പിക്കുമ്പോള്‍
മനുഷ്യശരീര സൌന്ദര്യത്തോടുള്ള ഇച്ഛയുടെയും ലൈംഗികത്വരയുടെയും പ്രകടവും സൂചനാപരവുമായ ലക്ഷണങ്ങള്‍ പ്രാചീനമെന്നതു പോലെ മധ്യകാലത്തുമുള്ള ഇന്ത്യന്‍ കലയുടെ പ്രധാന പാരമ്പര്യമാണെന്നാണ് കലാനിരൂപകയായ ഡോ. അളകാ പാണ്ഡെ പറയുന്നത്. ഉദ്ധരിച്ചു നില്‍ക്കുന്ന പുരുഷലിംഗത്തെ പ്രപഞ്ചാധിപനായ ശിവനായി സങ്കല്‍പിച്ച് ആരാധിക്കുന്നതു തന്നെയാണിക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം. സിന്ധുനദീതടസംസ്കാര കാലത്തേതെന്നു കരുതാവുന്ന ശില്‍പങ്ങളിലൊന്നില്‍, ഒരു പുരുഷന്‍ പ്രത്യേകമായ ഒരു യോഗാസനത്തിലിരിക്കുന്നതു കാണാം. അയാളുടെ കാലുകള്‍ പിണച്ചു വച്ചിരിക്കുന്നത് ഉദ്ധരിച്ച അനാവൃത ലിംഗത്തിനു താഴെയായാണ്. അയാള്‍ക്ക് കാളയുടെ കൊമ്പുകളാണുള്ളത്. അയാള്‍ നാല് മൃഗങ്ങളാല്‍ ചുറ്റപ്പെട്ടിട്ടുമുണ്ട്. ഏറ്റവും പ്രാഥമികമായ ഒരു വ്യാഖ്യാനത്തില്‍ തന്നെ ഈ ശില്‍പം ലൈംഗിക സൌന്ദര്യാനുഭൂതിയെയാണ് പ്രതിനിധീകരിക്കുന്നതെന്ന് മനസ്സിലാക്കാം. ചില ഇന്തോളജിസ്റുകള്‍ വ്യാഖ്യാനിക്കുന്നതു പ്രകാരം, ഉദ്ധൃത ലിംഗമെന്നത് ജൈവചൈതന്യത്തിന്റെയും സര്‍ഗാത്മകതയുടെയും പ്രതീകവുമാണ്.
ആധുനിക കാലത്തു പോലും ഹിന്ദു മത വിശ്വാസികളാല്‍ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ഒരു വിഗ്രഹരൂപം, യോനിയില്‍ വിശ്രമിക്കുന്ന ശിവലിംഗത്തിന്റേതാണ്. ശിവ പാര്‍വതി സംയോഗത്തിന്റെ പ്രതീകമായ ഈ വിഗ്രഹരൂപം സ്ത്രീ പുരുഷ മൈഥുനം എന്നത് ദൈവികവും പവിത്രവുമായ ഒരു അനുഭൂതിയും നിര്‍വാണവുമായി പരിഗണിക്കപ്പെടുന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. ചില ശിവലിംഗങ്ങളാകട്ടെ, സാമ്പ്രദായികമായ സ്ത്രീ-പുരുഷ ലിംഗവ്യതിയാനത്തെ അംഗീകരിക്കുന്നതല്ല. അര്‍ധ നാരീശ്വരന്‍ എന്നാണല്ലോ ശിവന്റെ ഒരു പര്യായം തന്നെ. സ്ത്രീ പുരുഷ ലൈംഗിക ബന്ധമെന്നതുപോലെത്തന്നെ സ്വവര്‍ഗരതിയും ശാസ്ത്രീയമായി പ്രസക്തമാണെന്നത് ഈ ആവിഷ്ക്കാരത്തിലൂടെ ബോധ്യപ്പെടുന്നു.
ആസ്തികമെന്നതു പോലെ നാസ്തികവും, അദ്വൈതമെന്നതു പോലെ താന്ത്രികവും, ബുദ്ധമതവും ജൈനമതവുമെന്നതു പോലെ ബ്രാഹ്മണമതവും, എന്നു വേണ്ട വരേണ്യ-സവര്‍ണ ജാതികള്‍ മുതല്‍ ദളിതരും ആദിവാസികളും വരെ ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പാരമ്പര്യം അതിന്റെ എല്ലാ വൈവിധ്യങ്ങളിലും രതിയെ ഏറ്റവും ഉന്നതമായ സൌന്ദര്യാനുഭൂതിയായാണ് പരിഗണിക്കുന്നത്. ഇന്ത്യയിലെമ്പാടുമുള്ള ദൃശ്യ കലകളിലും പ്രകടനകലകളിലും രസമാണ് നിര്‍ണായകമായ ആസ്വാദന ഘടകം. ശൃംഗാരം അഥവാ കാമരസമാണ് ഇക്കൂട്ടത്തിലെ രസരാജന്‍. വിശുദ്ധവും വിമലവും സന്തോഷദായകവും പ്രേക്ഷണത്തിന് അനുയോജ്യവുമായ എന്തിനെയും ശൃംഗാരത്തോടാണ് താരതമ്യപ്പെടുത്തേണ്ടതെന്ന് നാട്യശാസ്ത്രകാരനായ ഭരതന്‍ പറയുന്നു. ആനന്ദത്തിന്റെ പരമകാഷ്ഠയാണ് ശൃംഗാരരസത്തിലൂടെ ലക്ഷ്യമാക്കേണ്ടതെന്ന് സമാരംഗനസൂത്രധാരയുടെ രചയിതാവായ ഭോജന്‍ പറയുന്നു.
ഏഴാം നൂറ്റാണ്ടു മുതല്‍, ശൃംഗാരരസവും രതിസൌന്ദര്യവും പ്രത്യക്ഷമായി ത്തന്നെ അനുഭവിക്കാവുന്ന ആഘോഷപ്രദാനവും ആഹ്ലാദായകവുമായ കലാവിഷ്ക്കാരങ്ങള്‍ ഇന്ത്യയിലെമ്പാടും നിറഞ്ഞു. ഖജൂരാഹോയിലെയും കൊണാര്‍ക്കിലെയും ക്ഷേത്ര ശില്‍പങ്ങളില്‍ രതിയുടെ നിറവുകളാണുള്ളതെങ്കില്‍, വാത്സ്യായന വിരചിതമായ കാമസൂത്രത്തില്‍ പ്രേമത്തിന്റെയും കാമകലയുടെയും ശാസ്ത്രീയവും സൌന്ദര്യാത്മകവുമായ അന്വേഷണങ്ങളാണുള്ളത്. ലോകത്തെമ്പാടും പ്രശസ്തിയാര്‍ജിച്ച കാമസൂത്രത്തെക്കൂടാതെ, കോകശാസ്ത്രം, അനംഗരംഗ, രസമഞ്ജരി എന്നീ കൃതികളും ലൈംഗികബന്ധത്തിന്റെ വൈവിധ്യവും, സൂക്ഷ്മവും സ്ഥൂലവുമായ സൌന്ദര്യാഹ്ലാദങ്ങളും വിവരിക്കുന്നു. കാമസൂത്രം യഥാര്‍ഥത്തില്‍ കാമകലയുടെ മാത്രം വിവരണമല്ല. സംസ്കൃതചിത്തനായ ഒരു മനുഷ്യന്‍ പുലര്‍ത്തേണ്ട സാമൂഹ്യമര്യാദകളെ അറുപത്തിനാലാക്കി എണ്ണി ക്രമപ്പെടുത്തുമ്പോള്‍ അക്കൂട്ടത്തില്‍ നിര്‍ബന്ധമായും നിര്‍വഹിച്ചിരിക്കേണ്ട ഒന്നായി മൈഥുനത്തെ സ്ഥാനപ്പെടുത്തുകയാണ് ചെയ്യുന്നത്.
സ്ത്രീ ശരീരത്തിന്റെ സൌന്ദര്യം മനോഹരമായി ആവിഷ്ക്കരിക്കുന്ന ഖജൂരാഹോയിലേതു പോലെ ഇന്ത്യയിലെമ്പാടുമുള്ള ക്ഷേത്രങ്ങളില്‍ ശില്‍പങ്ങളായും ചുമര്‍ചിത്രങ്ങളായും നഗ്ന മനുഷ്യരൂപങ്ങളും രതിയും ആവിഷ്ക്കരിക്കപ്പെട്ടു. ശ്രീകോവിലില്‍ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളുടെ അതേ പവിത്രത തന്നെയാണ് ക്ഷേത്രത്തിലെ മറ്റു ശില്‍പങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കല്‍പിക്കപ്പെട്ടിട്ടുള്ളത്. ക്ഷേത്രങ്ങള്‍ അക്കാലത്തെ പ്രധാന സാംസ്കാരിക-വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കൂടിയായിരുന്നതിനാല്‍ സമൂഹത്തിന് അത്യന്താപേക്ഷിതമായ ലൈംഗിക വിദ്യാഭ്യാസത്തിനുള്ള ഉപാധി കൂടിയായി ഈ കലാവിഷ്ക്കാരങ്ങള്‍ പ്രയോജനപ്പെടുത്തപ്പെട്ടു. ക്ഷേത്രങ്ങളുടെ വാസ്തു ശില്‍പ പ്രകൃതി സ്ത്രീ പുരുഷ ബന്ധത്തിന്റെ ഘടനയില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. വിഗ്രഹം സ്ഥിതി ചെയ്യുന്ന ശ്രീകോവില്‍ വരനും, ശ്രീകോവിലിന് അഭിമുഖമായുള്ള മണ്ഡപം വധുവുമായി സങ്കല്‍പിക്കപ്പെട്ടിരിക്കുന്നു. അവക്കു രണ്ടിനുമിടക്കുള്ള നടവഴിയാണ് സംഗമസ്ഥലം. ഈ സംഗമസ്ഥലത്തെ സന്ധിക്ഷേത്രമായാണ് അടയാളപ്പെടുത്തുന്നത്. ഇവക്കു ചുറ്റിലുമുള്ള ചുമരുകളിലും തൂണുകളിലും ഗോപുരങ്ങളിലുമാണ് ലൈംഗികബന്ധത്തിന്റെ നാനാരൂപങ്ങള്‍ ശില്‍പങ്ങളായും ചിത്രങ്ങളായും ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. സമ്പത്തിന്റെയും സ്നേഹസമ്പൂര്‍ത്തിയുടെയും പ്രതീകമായി ഇന്ത്യന്‍ ക്ഷേത്രകലയില്‍ ആരാധിക്കപ്പെടുന്നത് പരസ്പരം കെട്ടിപ്പുണര്‍ന്ന് മതിമറന്ന് നില്‍ക്കുന്ന സ്ത്രീപുരുഷരൂപത്തെയാണ്. ലൈംഗികത, ഉല്‍പാദനക്ഷമത, പ്രതീക്ഷ എന്നിവയുടെ പ്രതീകങ്ങള്‍ കൂടിയാണ് ഈ ആലിംഗനം. അത് സുരക്ഷിതത്വത്തെ ദ്യോതിപ്പിക്കുന്നു.
ക്ഷേത്രങ്ങള്‍ നടത്തിപ്പുകാരുടെ മാത്രം ഒരു ഒളി സങ്കേതമല്ല, മറിച്ച് സമൂഹത്തിന് മുഴുവന്‍ കടന്നു വരാനും ആരാധന നടത്താനും സമയം ചെലവഴിക്കാനുമുള്ള ഇടമാണ്. അതായത്, ഈ ശില്‍പങ്ങളും ചിത്രങ്ങളും സാമാന്യജനം കണ്ട് ആസ്വദിക്കണമെന്നു തന്നെയാണ് കരുതപ്പെട്ടിരുന്നത്. ജാതി വൈജാത്യങ്ങളാല്‍ ക്ഷേത്ര പ്രവേശനത്തിന് ആഗ്രഹിച്ചിരുന്നവരും ക്ഷേത്രാരാധനയെയും സൌന്ദര്യാനുഭൂതിയെയും എല്ലാവര്‍ക്കും പ്രാപ്യമാകണമെന്നാണ് താല്‍പര്യപ്പെട്ടിരുന്നത്.
ആഭരണങ്ങളായുപയോഗിക്കുന്ന വിവിധ മന്ത്രങ്ങള്‍, താലിയുടെ രൂപങ്ങള്‍, നാഗാരാധന, ആലിംഗനം ചെയ്തു നില്‍ക്കുന്ന രൂപങ്ങള്‍, പുരുഷ ലിംഗങ്ങള്‍ എന്നിങ്ങനെ ഹൈന്ദവാരാധനകളിലും ആചാരങ്ങളിലും രതിയുടെ താന്ത്രികത വിലയം ചെയ്യപ്പെട്ടിരിക്കുന്നതു കാണാം. രൂപഭംഗിയുള്ള പുരുഷ ലിംഗത്തിന്മേല്‍ ചുറ്റപ്പെട്ടിരിക്കുന്ന സര്‍പ്പങ്ങളെ ശില്‍പഭംഗിയോടെ പ്രത്യക്ഷീകരിക്കുന്ന ആദിമ കലാകാരന്‍ മുതല്‍, പാമ്പുകളെ രതിപ്രതീകമാക്കുന്ന ആധുനിക ചിത്രകാരനായ മനു പരേഖ് വരെയും സ്ത്രീ പുരുഷ ജനനേന്ദ്രിയങ്ങളുടെ പ്രകടമായ രൂപങ്ങള്‍ ശില്‍പവല്‍ക്കരിക്കുന്ന രണ്‍ബീര്‍ കലേക്ക വരെയും ഇന്ത്യന്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ച ദൃശ്യമാകുന്നതായി അളക പാണ്ഡേ സാക്ഷ്യപ്പെടുത്തുന്നു.
കലാനിരൂപണമോ ആരോഗ്യകരമായ കലാസ്വാദനമോ സ്വായത്തമാക്കിയിട്ടില്ലാത്ത ഇന്ത്യയിലെ കോടതികള്‍ ഇത്തരം കലാരൂപങ്ങളെ ഉടുപ്പണിയിപ്പിക്കുവാന്‍ തുടങ്ങിയാല്‍ അത് എവിടെച്ചെന്നു നില്‍ക്കും എന്നത് കേവലം കൌതുകകരമായ ഒരു ചോദ്യമല്ല. കാരണം, ഫാസിസത്തിന്റെ കാലത്ത്, അത് കോടിക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കാനുള്ള ലൈസന്‍സായി മാറിത്തീരും. മലമ്പുഴയില്‍ കാനായി കൊത്തിവെച്ച യക്ഷിക്കു മുതല്‍ എം എഫ് ഹുസൈന്റെ ചിത്രങ്ങള്‍ക്കു വരെ ഉടുപ്പു തയ്പിക്കുന്നവര്‍, നാളെ ഉടുപ്പണിയിപ്പിച്ചു വേണം കുട്ടികളെ പ്രസവിക്കാന്‍ എന്നും ഉത്തരവിട്ടു കൂടായ്കയില്ല. ശാസ്ത്രാന്വേഷികള്‍ക്ക് ഒരു മാര്‍ഗമിതാ. ഗര്‍ഭിണിയുടെ ഉദരം തുറന്ന് ശസ്ത്രക്രിയ ചെയ്ത് ഗര്‍ഭസ്ഥ ശിശുവിനെ അടിയുടുപ്പിടീച്ച് പ്രസവിപ്പിക്കുന്ന ഒരു വഴി കണ്ടു പിടിച്ചു തരിക. നമ്മുടെ സദാചാരം നീണാള്‍ വാഴട്ടെ.
സൌന്ദര്യത്തിന്റെ ജ്യാമിതീയ മാതൃകയാണ് നഗ്ന മനുഷ്യ ശരീരം. രാജസ്ഥാനി-പഹാഡി ചിത്രകലകളിലും ഈ താന്ത്രിക വ്യാഖ്യാനം വിലയം ചെയ്തു കിടക്കുന്നുണ്ട്. ഇന്ത്യന്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ലൈംഗിക സൌന്ദര്യാനുഭൂതി പതിനായിരം തരത്തില്‍ ആഖ്യാനം ചെയ്യപ്പെട്ടു കിടക്കുന്നു. രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയം സകല പ്രപഞ്ചങ്ങള്‍ക്കും അതീതമാണെന്ന കവിഭാവന ഭക്തര്‍ ആരാധനയോടെയും ആദരവോടെയും ഉള്‍ക്കൊള്ളുന്നു. ദേവാലയങ്ങള്‍, രാജസദസ്സുകള്‍, എന്നിവിടങ്ങളിലെ ശില്‍പങ്ങളിലും ചുമര്‍ചിത്രങ്ങളിലും മുതല്‍ നൃത്തവൈവിധ്യങ്ങളില്‍ വരെ ഈ അഗാധ പ്രണയം ആവിഷ്ക്കരിക്കപ്പെട്ടുവരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ജയദേവകവിയുടെ ഗീതാഗോവിന്ദം രാധാകൃഷ്ണ പ്രണയത്തെ കൊണ്ടാടുന്നു. ഇക്കാലത്തും ക്ഷേത്രസോപാനത്തില്‍ ഗീതാഗോവിന്ദം അഷ്ടപദി പാടുന്നത് കൃഷ്ണഭക്തര്‍ക്ക് ഏറെ പ്രിയമാണ്.
ഗീതാഗോവിന്ദത്തിലെ ഒരു വരി ഇപ്രകാരമാണ്: ഗോപീ പീന പയോധര മര്‍ദന ചഞ്ചല കരയുഗ ശാലി - ഗോപികമാരുടെ തടിച്ച മുലകള്‍ കശക്കിക്കൊണ്ടിരിക്കുന്ന ചഞ്ചലങ്ങളായ കൈകളുള്ളവന്‍ എന്നാണ് കൃഷ്ണന്‍ വാഴ്ത്തപ്പെടുന്നത്. വൃന്ദാവനത്തില്‍ ആടുകളെ മേയ്ച്ചു നടന്നിരുന്ന ആയിരക്കണക്കിന് ഗോപികമാരുടെ എല്ലാവരുടെയും കാമുകനായ കൃഷ്ണന്‍ എല്ലാവര്‍ക്കും ഒരേ സമയത്ത് ലൈംഗിക സംതൃപ്തി പ്രദാനം ചെയ്തിരുന്ന അത്ഭുതപുരുഷനാണ്. ആ അത്ഭുതമാണ് അദ്ദേഹത്തിന്റെ ദൈവികത തന്നെ. എല്ലാ സ്ത്രീകളിലും കാമപൂര്‍ത്തി കൈവരിക്കുന്നതിലൂടെ ഭൂമിക്ക് തന്നെ നവീനതയും ഭാവിയും കൈവരിക്കുന്ന ഒന്നാണ് കൃഷ്ണന്റെ പ്രവൃത്തി. എഫ് എന്‍ സൂസ, എം എഫ് ഹുസൈന്‍, ബെന്ദ്രേ, ജതിന്‍ ദാസ് എന്നീ ആധുനികരുടെ ചിത്രരചനകളില്‍ ഈ ശാരീരിക പ്രണയം തുടര്‍ച്ച പ്രാപിക്കുന്നതായി അളകാ പാണ്ഡേ അഭിപ്രായപ്പെടുന്നു.
മുഗള്‍ കാലഘട്ടം മുതല്‍ക്കാണ് ലൈംഗിക സൌന്ദര്യം ഇന്ത്യന്‍ കലയില്‍ പ്രകടമായി ആവിഷ്ക്കരിക്കുന്ന പ്രവണതക്ക് തിരിച്ചടി നേരിട്ടു തുടങ്ങിയത് എന്ന് അവരുടെ പഠനങ്ങള്‍ തെളിയിക്കുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ച്ചയെത്തുടര്‍ന്ന് ഇന്ത്യയെ സമൂലം അധിനിവേശപ്പെടുത്തിയ വിക്ടോറിയന്‍ ജ്ഞാനാധികാരപ്രക്രിയ കടുത്ത സദാചാര സങ്കല്‍പങ്ങളും വസ്ത്ര നിബന്ധനകളും അടിച്ചേല്‍പ്പിച്ചു. പിയാനോയുടെ കാലുകള്‍ വരെ വസ്ത്രം കൊണ്ട് മൂടാന്‍ തുടങ്ങിയത് ഇക്കാലത്താണ്. ഇന്ത്യന്‍ ലൈംഗിക സൌന്ദര്യകലയുടെ സൂര്യന്‍ വിക്ടോറിയന്‍ സദാചാര ബോധത്തിന്റെ ഇരുട്ടില്‍ അസ്തമിച്ചില്ലാതായി.
ദൃശ്യവും പ്രകടനപരവുമായ കലകളിലെന്നതു പോലെ മതപ്രോക്തവും സാഹിത്യപരവുമായ കലകളിലും ലയിച്ചുകിടക്കുന്ന ലൈംഗിക സൌന്ദര്യാനുഭൂതി ഒരു ജനസമുദായത്തിന്റെ ആരോഗ്യത്തെയാണ് പ്രതിനിധാനം ചെയ്തിരുന്നത്. ആര്‍ട് കണ്‍സേണ്‍സ് ഡോട്ട് കോമിനുവേണ്ടി കവിയും ചിത്രകാരിയുമായ കവിത ബാലകൃഷ്ണന്‍ നടത്തിയ ഒരു അഭിമുഖത്തില്‍ ദക്ഷിണേന്ത്യന്‍ കലാ ശേഖരണവിദഗ്ദയായ സാറ അബ്രഹാം പതിറ്റാണ്ടുകളായി തനിക്ക് അടുപ്പമുള്ള എം എഫ് ഹുസൈന്റെ രചനകളുടെ കൂടി പശ്ചാത്തലത്തില്‍ ഇപ്രകാരം പറയുന്നു.
'........ബി ജെ പിയും ആര്‍ എസ് എസുമാണ് അത് രാഷ്ട്രീയവല്‍ക്കരിക്കുന്നത്. മറ്റൊരു കാരണവും അതിനു പിന്നിലില്ല. അവരിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഹിന്ദു ദേവന്‍മാരുടെയും ദേവതമാരുടെയും ശരീരത്തിന്മേല്‍ വിക്ടോറിയന്‍ പെറ്റിക്കോട്ടുകള്‍ ധരിപ്പിക്കാന്‍ ശ്രമിക്കുക എന്ന മൂഢമായ പ്രവൃത്തിയാണ്. അവരുടെ സങ്കുചിതമായ നിലപാടുകള്‍ പരിഹാസ്യമാണ്. ഹിന്ദുയിസം എന്നത് എന്താണെന്നതിനെക്കുറിച്ച് ഇക്കൂട്ടര്‍ക്ക് ഒരു ധാരണയുമില്ല. രവിവര്‍മയുടെ കാലത്തിനു മുമ്പ് ഉടുപ്പണിഞ്ഞു നില്‍ക്കുന്ന ഏതെങ്കിലുമൊരു ദേവനെയോ ദേവിയെയോ നിങ്ങള്‍ക്ക് കാണിച്ചു തരാന്‍ കഴിയുമോ? പ്രാചീന ഇന്ത്യയില്‍ ലൈംഗികത എന്നത് വിലക്കപ്പെട്ട ഒരു വിഷയമായിരുന്നില്ല. മതം പോലെ തന്നെ സമഗ്രമായി ആരാധിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു നമുക്ക് ലൈംഗികത. ഇന്ത്യന്‍ മനസ്സിന് ശരീരം എന്നത് പുറന്തള്ളപ്പെടുന്ന ഒരു വസ്തുവല്ല. ശരീരത്തില്‍ ഭോഗേഛയെ മാത്രമല്ല നാം ദര്‍ശിക്കുന്നത്. ചിലര്‍ ഇത് ദുരുപയോഗം ചെയ്തിട്ടുണ്ടാവാം. പക്ഷേ, സ്ത്രീ പുരുഷ ശരീരങ്ങളെന്നത് ദൈവസൃഷ്ടിയാണെന്ന വിശാലമായ വിശ്വാസമാണ് നിലനില്‍ക്കുന്നത്. ശരീരത്തെ ഹിന്ദുയിസം സ്ഥാനപ്പെടുത്തുകയും ആഘോഷിക്കുകയും ചെയ്യുന്നു. നേരെ മറിച്ച് ഇസ്ലാം അതിനെ മൂടിവെക്കുകയാണ് ചെയ്യുന്നത്. ഒരു മതമെന്ന നിലക്ക് അത് കൂടുതല്‍ മാനസികവും ആത്മീയവുമായ തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇസ്ലാം തികച്ചും വ്യത്യസ്തമായ മറ്റൊരു തരത്തിലാണ് മനോഹരമായ മതമായി മാറുന്നത്. പക്ഷേ, മതങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ഒരു തരം സംഘര്‍ഷവും സംഘട്ടനവുമുണ്ടാകേണ്ട കാര്യമില്ല. ഗാന്ധിക്ക് ഇസ്ലാമുമായോ ഏതെങ്കിലും മതവുമായോ ഒരു സംഘര്‍ഷവുമുണ്ടായിരുന്നില്ല. ഇന്നത്തെ സങ്കുചിത മനസ്കരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. ശ്രദ്ധിക്കുക, ഹുസൈന്‍ ഹിന്ദുയിസത്തെയോ മറ്റേതെങ്കിലും മതത്തെയോ ഒരു നിലക്കും അപമാനിക്കുന്നില്ല. അദ്ദേഹം തികച്ചും മതവിശ്വാസിയാണ്, വളരെ നല്ല മനുഷ്യനാണ്, വിശാല ഹൃദയനാണ്, ഉദാരമനസ്കനും ചിന്തകനുമാണ്. അദ്ദേഹത്തെ ആക്രമിക്കുമ്പോള്‍ എന്താണ് ചെയ്യുന്നതെന്ന് അത് ചെയ്യുന്നവര്‍ക്കറിയില്ല'.
രാജാ രവിവര്‍മയും ശരീരത്തെ തുറന്നു കാണിക്കുന്നതില്‍ വിമുഖതയുള്ളയാളായിരുന്നില്ല. ശന്തനുവും മത്സ്യഗന്ധിയും, പന്തു കളിക്കുന്ന യുവതി, കടത്തു കാരനെ കാത്ത്, ഉറങ്ങുന്ന സ്ത്രീ, കുട്ടിക്ക് മുലകൊടുക്കുന്ന സ്ത്രീ (മിക്കവാറും രവിവര്‍മ ചിത്രങ്ങള്‍ മൈസൂരിലെ ശ്രീ ജയചാമരാജേന്ദ്ര ആര്‍ട് ഗ്യാലറിയിലാണുള്ളത്) എന്നീ ചിത്രങ്ങള്‍ കാണുക. പാര്‍വതീദേവി മകന്‍ ഗണേശന് വാത്സല്യത്തോടെ മുലകൊടുക്കുന്നതായുള്ള എം എഫ് ഹുസൈന്റെ ചിത്രം മാത്രം വിവാദമാകുന്നു! കര്‍ണാടകം, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പലയിടത്തും കാണാന്‍ കഴിയുന്ന ലജ്ജാഗൌരി എന്ന വിഗ്രഹ ശില്‍പം യോനിയെ പൂജിക്കുന്ന ഒരു ദേവതയാണ്. ഈ ദേവതയുടെ ഇരിപ്പും എം എഫ് ഹുസൈന്റെ വിവാദ രചനകളിലൊന്നായ മലമേലിരിക്കുന്ന ഹനുമാനും തമ്മിലുള്ള സാമ്യം പ്രകടമാണ്.
ഖജൂരാഹോയിലെ പാര്‍ശ്വനാഥ ക്ഷേത്രത്തില്‍ എ ഡി 950-970 കാലഘട്ടത്തിലേതെന്നു കരുതാവുന്ന പ്രമുഖമായ ശില്‍പത്തില്‍ ലക്ഷ്മീദേവിയെ പുണര്‍ന്നു നില്‍ക്കുന്ന വിഷ്ണുവിന്റെ രൂപമാണുള്ളത്. ലക്ഷ്മീദേവിയുടെ സ്തനങ്ങളിലൊന്നിലാണ് ഓമനത്തത്തോടെ വിഷ്ണുവിന്റെ കൈ വിശ്രമിക്കുന്നത്. ആനപ്പുറത്തിരിക്കുന്ന ലക്ഷ്മി എന്ന ഹുസൈന്റെ ചിത്രം ഈ പാരമ്പര്യമുള്ള ഒരു സംസ്ക്കാരത്തില്‍ എങ്ങനെയാണ് വിവാദമാകുന്നത്? കാളിയും ഭൈരവദേവനും സംയോജിച്ചിരിക്കുന്നതിന്റെ ചുമര്‍ചിത്രം നേപ്പാളില്‍ നിന്നു ശേഖരിച്ചത് ഇന്ത്യന്‍ മ്യൂസിയങ്ങളിലുണ്ട്. ശിവ പാര്‍വതിമാര്‍ അടുത്തടുത്തിരിക്കുന്ന ഹുസൈന്റെ ചിത്രം ഇതോടൊപ്പമോ മറ്റനവധി ശിവപാര്‍വതീ ശില്‍പങ്ങളോടോ താരതമ്യം ചെയ്യാവുന്നതാണ്. സരസ്വതി കൈകളില്‍ വീണയേന്തി ഇരട്ടത്താമരയിലിരിക്കുന്ന ശില്‍പങ്ങള്‍ സര്‍വസാധാരണമാണ്. അത്തരം ശില്‍പങ്ങളിലെ സരസ്വതിയുടെ മാറിടം അനാവൃതവുമാണ്. ഹുസൈന്റെ ചിത്രം മാത്രം വിവാദമാകുന്നു! പത്താം നൂറ്റാണ്ടിലെ ഖജൂരാഹോ ശില്‍പങ്ങളിലൊന്നില്‍ മൃഗരതിയിലേര്‍പ്പെടുന്ന മനുഷ്യരെക്കാണാം. എം എഫ് ഹുസൈന്‍ ഇതേ കാര്യം ചിത്രത്തില്‍ അമൂര്‍ത്തമായി ആവിഷ്ക്കരിച്ചപ്പോള്‍, മനുഷ്യ മര്യാദയുടെ പ്രാഥമികതലത്തെപ്പോലും അംഗീകരിക്കാത്തവനായി ത്തീര്‍ന്നു!
കാര്യങ്ങള്‍ എന്തുകൊണ്ടാണ് ഇപ്രകാരമായിത്തീര്‍ന്നത്? ഇന്ത്യന്‍ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ജനിച്ച എം എഫ് ഹുസൈന്‍ ഇസ്ലാം മതവിശ്വാസിയും നാമധാരിയും ആയതുകൊണ്ടാണ് സംഘപരിവാര്‍ ശക്തികള്‍ക്ക് അദ്ദേഹം ഹിന്ദു ദൈവങ്ങളെ ആവിഷ്ക്കരിക്കുന്നത് അസഹനീയമാകുന്നത്. ഏറ്റവും വലിയ തമാശ, സാംസ്കാരിക ദേശീയതയെക്കുറിച്ച് ഇക്കൂട്ടര്‍ തന്നെ ഉയര്‍ത്തിക്കാട്ടുന്ന പൊയ് മുഖം ഈ നിലപാടിലൂടെ പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു എന്നതാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ള എല്ലാവരും ഇന്ത്യക്കാരും ഹിന്ദുക്കള്‍ ആണെന്നും അതാണ് നമ്മുടെ സാംസ്കാരിക പാരമ്പര്യം എന്നുമാണ് ആര്‍ എസ് എസ് അവകാശപ്പെടുന്നത്. വൈദേശികമായ മതവിശ്വാസത്തില്‍ നിന്ന് പിന്തിരിഞ്ഞുവരാന്‍ ഇന്ത്യക്കാരായ അന്യ മതസ്ഥര്‍ക്ക് ഒരു അവസരം കൊടുക്കുന്നതു പോലെയാണ് അവരുടെ വാഗ്ദാനം കേട്ടാല്‍ തോന്നുക. അങ്ങനെയാണെങ്കില്‍ നൂറ്റാണ്ടുകളുടെ ഇന്ത്യന്‍ കലാ-ദൈവാരാധനാ പാരമ്പര്യത്തിന് തികച്ചും യോജിച്ച തരത്തിലും അവയെ നവീനമായ ഭാവുകത്വത്തോടെ പരിഷ്ക്കരിക്കുന്ന രൂപത്തിലുമുള്ള എം എഫ് ഹുസൈന്റെ വിഖ്യാത രചനകള്‍ അവര്‍ക്ക് എതിര്‍ത്തു തോല്‍പ്പിക്കാനുള്ള ഒരു യുദ്ധക്കളമായി മാറിയതെങ്ങനെ?
അത് തെളിയിക്കുന്നത്, ഓരോ കാലത്തും കൃത്യമായ ഒരു ഇരയെ, പീഡിപ്പിക്കുന്നതിനു വേണ്ടി അവര്‍ക്ക് ആവശ്യമുണ്ടെന്നു തന്നെയാണ്. അത്തരത്തില്‍ അവര്‍ക്ക് ലഭിച്ച ഇരകളിലൊന്നാണ് എം എഫ് ഹുസൈന്‍. എഴുപതുകളിലും അതിനു മുമ്പുമായി അദ്ദേഹം വരച്ച രചനകള്‍ രണ്ടും മൂന്നും പതിറ്റാണ്ടുകള്‍ക്കു ശേഷം വിവാദമായി പരിണമിക്കുന്നതെങ്ങനെ? അതിന് കലാപരമോ മതപരമോ സാംസ്കാരികമോ ആയ കാരണങ്ങളൊന്നുമില്ല. തികച്ചും രാഷ്ട്രീയമായ കാരണങ്ങളാണുള്ളത്. തൊണ്ണൂറുകളിലാണ് ഹിന്ദു-സവര്‍ണ തീവ്രവാദികള്‍ ഫാസിസ്റ്റ് പ്രവണതകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടു തന്നെ ശക്തമായ ജനപിന്തുണ തങ്ങള്‍ക്ക് ആര്‍ജിച്ചെടുക്കാന്‍ സാധിക്കുമെന്ന് ഇന്ത്യയില്‍ തെളിയിച്ചു തുടങ്ങിയത്.
ആരാണ് ഗുര്‍ണിക്ക വരച്ചത് എന്ന നാസി ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് പിക്കാസോ പറഞ്ഞ മറുപടി അത് നിങ്ങളാണ് വരച്ചത് എന്നായിരുന്നു. വ്യത്യസ്തമായ പശ്ചാത്തലത്തിലാണെങ്കിലും ഹുസൈന്റെ ചിത്രങ്ങളില്‍ അശ്ലീലം ദര്‍ശിക്കുന്നത് അത് വരച്ചയാളോ അതിന്റെ സൌന്ദര്യം ആസ്വദിക്കുന്ന കോടിക്കണക്കിന് ആളുകളോ അല്ല, സങ്കുചിത ഹൃദയമുള്ള ഏതാനും സംഘപരിവാര്‍ ഫാസിസ്റ്റുകളാണ്. അത്തരക്കാര്‍ക്ക് സംരക്ഷണവും പിന്തുണയുമേകാന്‍ കോടതി പോലുള്ള നിയമ സംവിധാനങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും രംഗത്തു വരുന്നു എന്നത് നാം ആര്‍ജിച്ചെടുത്ത സ്വാതന്ത്ര്യത്തെക്കുറിച്ചു തന്നെ സംശയം ജനിപ്പിക്കുന്നു. രാജാ രവിവര്‍മ പുരസ്കാരം എം എഫ് ഹുസൈന് നല്‍കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനു മുമ്പു തന്നെ, ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകനായ അരവിന്ദ് ശ്രീവാസ്തവ നല്‍കിയ കേസിനെ തുടര്‍ന്ന് ഹുസൈന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള ഒരു ഉത്തരവ് ഹരിദ്വാര്‍ മജിസ്ത്രേട്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്, മുംബൈ പൊലീസ് അദ്ദേഹത്തിന്റെ ഫ്ലാറ്റിന്റെ വാതിലിന്മേല്‍ സ്വത്തു പിടിച്ചെടുക്കല്‍ നോട്ടീസ് പശതേച്ച് ഒട്ടിച്ചു വെച്ചു. ഈ കേസ് സുപ്രീം കോടതി പിന്നീട് സ്റ്റേ ചെയ്തു.
1998 മെയ് ഒന്നാം തീയതി തെക്കേ മുംബൈയിലെ കഫ് പരേഡിലുള്ള ജോളി മേക്കര്‍ അപ്പാര്‍ടുമെന്റിലെ ഒന്നാം നിലയിലുള്ള ഹുസൈന്റെ ഫ്ലാറ്റും ഗ്യാലറിയും ബജ്രംഗ് ദള്‍ ഗുണ്ടകള്‍ അടിച്ചു തകര്‍ത്തു. അവരവിടെ എത്തുന്നതിനു തൊട്ടുമുമ്പ് അദ്ദേഹം ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഞാന്‍ ഒരു അഗ്നി പരീക്ഷയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നാണ് അന്ന് അദ്ദേഹം പ്രതീകാത്മകമായി ഫ്രണ്ട് ലൈന്‍ മാസികയോട് പ്രതികരിച്ചത്. ഒരു കലാ നിരൂപകനും ഒരു അഭിഭാഷകനും ഒരു വിശ്വഹിന്ദു പരിഷത്ത് പ്രതിനിധിയും അടങ്ങുന്ന മൂന്നംഗ പാനല്‍ തന്റെ മുഴുവന്‍ രചനകളും വിശദമായി പരിശോധിക്കട്ടെ എന്നും അവര്‍ ഏകകണ്ഠമായി തടയേണ്ടത് എന്നു കണ്ടെത്തുന്ന ഏതു രചനയും ഉടനടി നശിപ്പിക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂ എന്നും അദ്ദേഹം അന്നു തന്നെ തുറന്നു പറഞ്ഞിരുന്നു. ഇത്രമാത്രം സഹിഷ്ണുതയും വിധേയത്വവും പ്രകടിപ്പിച്ച ഒരാളെ പക്ഷേ വെറുതെ വിടാന്‍ ഫാസിസ്റ്റുകള്‍ തയ്യാറായില്ല. സമാധാനപരമായ ഒരു തീര്‍പ്പിലും അവര്‍ക്ക് താല്‍പര്യമില്ലല്ലോ. 1996 ഒക്ടോബര്‍ 11ന് അഹമ്മദാബാദിലെ ഹുസൈന്‍ ദോഷി ഗുഫയിലുള്ള ഹെര്‍വിറ്റ്സ് ഗ്യാലറിയില്‍ ബജ്രംഗ് ദള്‍ ഗുണ്ടകള്‍ കടന്നു കയറുകയും വിലപ്പെട്ട അനവധി കലാസൃഷ്ടികള്‍ നശിപ്പിക്കുകയും ചെയ്തു. നശിപ്പിച്ചവയുടെ കൂട്ടത്തില്‍, ഹുസൈന്‍ വരച്ച തുണിയിലുള്ള 23 ചിത്രങ്ങളും മറ്റ് 28 പെയിന്റിംഗുകളുമുണ്ടായിരുന്നു. ഹനുമാന്‍ സീരീസ്, അവസാനത്തെ അത്താഴം, മാധുരി ദീക്ഷിത് സീരീസ് എന്നിവ നശിപ്പിക്കപ്പെടുകയുണ്ടായി. ഈ ആക്രമണത്തെക്കുറിച്ച് മുല്‍ക്ക് രാജ് ആനന്ദ് എഴുതിയതിപ്രകാരമാണ്.
അശോക് സിംഗാളും അതേ ജനുസ്സിലുള്ള ഹിന്ദുത്വവാദികളും ഇന്ത്യയുടെ മഹത്തായതും രചനാത്മകമായതുമായ പാരമ്പര്യത്തെക്കുറിച്ചും ആധുനിക കാലത്തെ കലയിലുണ്ടായിട്ടുള്ള വിസ്മയകരമായ ഉണര്‍വിനെക്കുറിച്ചും ഒരു ധാരണയുമില്ലാത്തവരാണ്. അജ്ഞതയുടെയും സങ്കുചിതമായ വര്‍ഗീയ അജണ്ടകളുടെയും വെറുപ്പിന്റെയും പേരിലാണ് ഈ ഹിന്ദുത്വ നായകന്മാര്‍ അപലപനീയരായിത്തീരുന്നത്.
ആക്രമണങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഹുസൈന്‍ രാജ്യം തന്നെ വിട്ട് ഒളിച്ചോടി പോയിരിക്കുകയാണ്. ഇപ്പോള്‍ താന്‍ ഒരു അന്താരാഷ്ട്ര നാടോടി (ഇന്റര്‍നാഷണല്‍ ജിപ്സി) ആയിത്തീര്‍ന്നിരിക്കുന്നുവെന്നാണ് വേദനയോടെ തന്റെ അവസ്ഥയെ ഹുസൈന്‍ വിശദീകരിച്ചത്.
ഹുസൈന്റെ വീട്ടില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിച്ചുകൊണ്ട് ശിവസേന അധിപനായ ബാല്‍ താക്കറെ പറഞ്ഞത് ഇപ്രകാരമായിരുന്നു.
ഹുസൈന് ഹിന്ദുസ്ഥാനില്‍ കാലെടുത്തു കുത്താമെങ്കില്‍ നമുക്ക് എന്തുകൊണ്ട് അയാളുടെ വീട്ടില്‍ പ്രവേശിച്ചുകൂട?
ഹുസൈന്റെ തലയെടുക്കുന്നവര്‍ക്ക് പതിനൊന്നര ദശലക്ഷം ഡോളര്‍ സമ്മാനമായി കൊടുക്കുന്നതാണെന്ന് ഒരു ഭ്രാന്തന്‍ സംഘടന പ്രഖ്യാപിക്കുകയുമുണ്ടായി. ഇന്ത്യയുടെ ഈ മഹാനായ പുത്രന് ഇനി ഇന്ത്യയിലേക്ക് തിരിച്ചു വരാനാകുമോ എന്ന് സംശയമാണ്. അദ്ദേഹത്തിന് തിരിച്ചു കാലുകുത്താനാകാത്ത ഇന്ത്യ എത്രമാത്രം പവിത്രവും വിശുദ്ധവും സ്വതന്ത്രവുമാണെന്ന പ്രശ്നത്തിന് ഉത്തരം പറയേണ്ടത് ഓരോ ഇന്ത്യക്കാരനുമാണ്.
1915ലാണ് മക് ബുല്‍ ഫിദാ ഹുസൈന്‍ ജനിച്ചത്. ബറോഡയിലെ സ്കൂളില്‍ പഠിക്കവെ എട്ടോ ഒമ്പതോ വയസ്സുള്ളപ്പോള്‍, ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ അഗ്നി താന്‍ അനുഭവിച്ചതായി അദ്ദേഹം ഓര്‍മിക്കുന്നുണ്ട്. അദ്ദേഹം പഠിച്ചിരുന്ന സ്കൂളിന്റെ രക്ഷാധികാരിയായിരുന്നത് ഗാന്ധിയനായ അബ്ബാസ് ടയാബ് ജിയായിരുന്നു. മതാടിസ്ഥാനത്തിലുള്ള ഒരു സ്കൂളായിരുന്നു അതെങ്കിലും കുട്ടികള്‍ ഖാദി ധരിച്ചിരുന്നു; ഗാന്ധി ജയന്തി ആഘോഷിക്കപ്പെട്ടിരുന്നു. ഗാന്ധിജിയുടെ കൂറ്റന്‍ രേഖാചിത്രങ്ങള്‍ ക്ലാസ് മുറിയിലെ ബ്ലാക്ക് ബോര്‍ഡില്‍ താന്‍ വരച്ചിരുന്നതായി ഹുസൈന് ഓര്‍മയുണ്ട്. 1930ല്‍ ഇന്ത്യയില്‍ സംഘടിപ്പിക്കപ്പെട്ട പുരോഗമന കലാകാരന്മാരുടെ സംഘടനയില്‍ - പ്രോഗ്രസ്സീവ് ആര്‍ടിസ്റ്റ്സ് ഗ്രൂപ്പ് - 1947ലാണ് ചിത്രകാരന്മാരായ റാസയുടെയും സൂസയുടെയും കൂടെ എം എഫ് ഹുസൈന്‍ അംഗത്വമെടുക്കുന്നത്. മുല്‍ക്ക് രാജ് ആനന്ദിനെപ്പോലുള്ളവരുമായി സംഘടനയില്‍ യോജിച്ചു പ്രവര്‍ത്തിച്ച പാരമ്പര്യമാണദ്ദേഹത്തിന്റേത്. സൂസ വരച്ച നഗ്നറാണി പോലുള്ള പേടിപ്പിക്കുന്ന നഗ്നതയൊന്നും ഹുസൈന്‍ ഒരിക്കലും വരച്ചിട്ടില്ലെന്ന് ചിത്രകലാ നിരൂപകനായ വിജയകുമാര്‍ മേനോന്‍ സാക്ഷ്യപ്പെടുത്തുന്നു. റാസയും സൂസയും പാശ്ചാത്യലോകത്തേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നപ്പോള്‍ ഹുസൈന്‍ ഇന്ത്യാവിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് പോകാന്‍ കൂട്ടാക്കാതെ ഇന്ത്യയില്‍ തന്നെ തുടര്‍ന്ന് താമസിക്കുകയായിരുന്നു. ആ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീടൊരിക്കലും അദ്ദേഹം മനസ്താപപ്പെട്ടതായി അറിവില്ല. എന്നാല്‍, ഇന്ത്യയെ സങ്കുചിതവും ജനാധിപത്യരഹിതവുമായ (നിങ്ങളുടെ ജനാധിപത്യത്തോട് എനിക്ക് ഒരു മമതയുമില്ല -ബാല്‍ താക്കറെ) ഒരു അടഞ്ഞ ഭൂപ്രദേശമാക്കാന്‍ പാടുപെടുന്ന ഹിന്ദു ഭീകരന്മാരാല്‍ ആട്ടിയോടിക്കപ്പെട്ട ഹുസൈന്‍ ഇപ്പോള്‍ ഇന്ത്യയില്‍ കാലുകുത്താന്‍ പോലും ഭയക്കുകയാണ്.
ലോക പ്രശസ്തമായ അനവധി പെയിന്റിംഗുകള്‍ക്കു പുറമെ ഒരു ചലച്ചിത്രകാരന്‍ എന്ന നിലക്കും വ്യക്തിത്വം തെളിയിച്ച എം എഫ് ഹുസൈന്റെ ഒരു ചിത്രകാരന്റെ കണ്ണിലൂടെ (Through the eyes of a painter /1967) എന്ന ഡോക്കുമെന്ററി ബര്‍ലിന്‍ മേളയില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരത്തിനര്‍ഹമായി. 1966ല്‍ പത്മശ്രീയും 1973ല്‍ പത്മഭൂഷണും 1989ല്‍ പത്മവിഭൂഷണും നല്‍കി കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. രാജ്യസഭയിലും അദ്ദേഹം അംഗമായിരുന്നു. യഥാര്‍ഥത്തില്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരതരത്നം നല്‍കി അദ്ദേഹത്തേ ആദരിക്കുകയാണ് വേണ്ടത് എന്നഭിപ്രായപ്പെടുന്ന മാനവികവാദികളുടെ അഭിപ്രായമാണ് ഇപ്പോള്‍ പരിഗണിക്കേണ്ടത്. പ്രസിദ്ധ ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരനും മലയാളിയുമായ ശശി തരൂര്‍ ഈ വാദത്തെ പിന്തുണച്ചുകൊണ്ട് ഇപ്രകാരം അഭിപ്രായപ്പെട്ടു.
ആധുനിക ഇന്ത്യയിലെ മതേതരവാദത്തിന്റെ രൂപമാതൃകകള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങളുടെ ദൃഷ്ടാന്തമായിട്ടു വേണം ഹുസൈന്റെ ജീവിതവും കലാരചനകളും മനസ്സിലാക്കപ്പെടാന്‍. നമ്മളെ സംബന്ധിച്ചിടത്തോളം രാഷ്ട്രസങ്കല്‍പത്തിന്റെയും നിര്‍മാണപ്രക്രിയയുടെയും വ്യാഖ്യാനവും വെല്ലുവിളികളും എപ്രകാരമായിരിക്കുമെന്നും അത് നിശ്ചയിക്കുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മാതൃരാജ്യം കടന്നുപോരുന്ന സാംസ്കാരിക നവോത്ഥാന പ്രക്രിയക്ക് അദ്ദേഹം നല്‍കിയിട്ടുള്ള വിലമതിക്കാനാവാത്ത സംഭാവനകളുടെ കരുത്തും അര്‍പ്പണബോധവും കണക്കിലെടുക്കുമ്പോള്‍ ഇതാണ് അദ്ദേഹത്തെ പരമോന്നത ബഹുമതി നല്‍കി ആദരിക്കാനുള്ള യുക്തമായ സമയം എന്നു ബോധ്യപ്പെടും.
(ലേഖകന്‍: ശ്രീ. ജി.പി.രാമചന്ദ്രന്‍. കടപ്പാട്: ദേശാഭിമാനി & വര്ക്കേഴ്സ് ഫോറം)
റഫറന്‍സ്
1. An artist and a movement, Any great change in a nation's civilisation begins in the field of culture (Frontline Vol. 14 :: No. 16 :: Aug. 9-22, 1997)
2. COMMUNALISM -Assault on art by R. PADMANABHAN(Frontline Vol. 15 :: No. 10 :: May 09 - 22, 1998 )
3. Indian Erotic Art by Dr.Alka Pande,Consultant Art Advisor & Curator
Visual Arts Gallery India Habitat Centre Lodi Road New Delhi- 110003
4. Recent discussions in fourthestate google group, special thanks to Jayaprakash ND (jaypdsfഅറ്റ് gmail.com) and Kavitha Balakrishnan (meltingpots.kavitha അറ്റ് gmail.com)
5. Wikipedia, the free encyclopedia
6. ഹുസൈന്റെ കൈമുദ്രയില്‍ കാണുന്നത് - വിജയകുമാര്‍ മേനോന്‍ (ദേശാഭിമാനി വാരാന്തപ്പതിപ്പ് )
1. Eternal India - ഫ്രണ്ട്‌ലൈന്‍ ലേഖനം
18 February, 2009
മാന്ത്രികമായ വര്‍ണലോകം രചിച്ച മന്‍ജിത്ത് ബാവ ഓര്‍മയായി
മാന്ത്രികമായ വര്‍ണലോകം രചിച്ച മന്‍ജിത്ത് ബാവ ഓര്‍മയായി
നിറങ്ങളുടെ വ്യത്യസ്‌തമായ പുതുസന്നിവേശത്തിന്റെ സ്രഷ്‌ടാവ് എന്ന് മാത്രമല്ല ചിത്രകലയിലേക്ക് സൂഫി മിസ്റ്റിസവും ഇന്ത്യന്‍ മിത്തോളജിയും സംക്രമിപ്പിച്ച ചിത്രകാരന്‍ എന്ന നിലയില്‍ കൂടിയാണ് മന്‍ജിത്ത് ബാവ ആസ്വാദക മനസ്സില്‍ ഇടം തേടിയത്. ഒത്തിരി വര്‍ണക്കാഴ്‌ചകള്‍ ലോകത്തിന്റെ മുന്നില്‍ വെച്ച ഈ കലാകാരന്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി അബോധാവസ്ഥയിലായിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിന്റെ അവസാനം ആ ജീവന്‍ നിലച്ചു.
പഞ്ചാബിലെ കൊച്ചുപട്ടണമായ ദുരിയില്‍ 1941ല്‍ ജനിച്ച ബാവയ്‌ക്ക് കുട്ടിക്കാലത്ത് ഒരു ചിത്രകാരനാവാന്‍ വേണ്ട പ്രോത്സാഹനമൊന്നും ലഭിച്ചിരുന്നില്ല. ''ചിത്രകലയില്‍ നിന്ന് ജീവിക്കാനുള്ള വക കിട്ടില്ല'' -മകന്‍ ചിത്രങ്ങള്‍ വരച്ചുകൂട്ടുന്നത് കണ്ട് ബാവയുടെ അമ്മ പറഞ്ഞു. മകന്റെ ചിത്രങ്ങള്‍ കാണുമ്പോഴെല്ലാം അവനെ നിരുത്സാഹപ്പെടുത്താന്‍ അമ്മ പലതും പറഞ്ഞു. പക്ഷേ, ആ മകന്റെ ഒരു ചിത്രം പിന്നീട് അമേരിക്കയില്‍ വിറ്റുപോയത് 3.60 ലക്ഷം ഡോളറിനാണ് (ഏകദേശം ഒന്നരക്കോടി രൂപ).
1958ല്‍ എതിര്‍പ്പുകളെ അവഗണിച്ച് 17-ാം വയസ്സില്‍ ബാവ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ചേര്‍ന്നു. അവിടെ അബനി സെന്‍ എന്ന പ്രഗല്‌ഭനായ അധ്യാപകനാണ് ബാവയുടെ കഴിവ് കണ്ടറിഞ്ഞ് നിരന്തരം ചിത്രം വരയ്‌ക്കാന്‍ പ്രോത്സാഹിപ്പിച്ചത്.
ദിവസവും അമ്പതിലധികം ചിത്രങ്ങളാണ് അന്ന് ബാവ വരച്ചുകൂട്ടിയത്. അതില്‍ ബഹുഭൂരിപക്ഷവും ചവറ്റുകൊട്ടയിലേക്കാണ് പോയത്. മാസ്റ്റര്‍തിരഞ്ഞെടുത്തവ ചുരുക്കം. ഈ കഠിനാധ്വാനം ഭാവിയില്‍ മുഷിവറിയാതെ ജോലി ചെയ്യാന്‍ അദ്ദേഹത്തെ പ്രാപ്‌തനാക്കി. ''63ല്‍ ബിരുദം നേടി പുറത്തുവരുമ്പോള്‍ ബാവ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയിരുന്നു. അന്നുവരെ ചിത്രകാരന്മാര്‍ സഞ്ചരിച്ചിരുന്നതില്‍ നിന്നും വ്യത്യസ്‌തമായൊരു പാത.''
ജോലി തേടി 1964 ല്‍ ബാവ ലണ്ടനിലെത്തി. ഒരു സ്‌ക്രീന്‍ പ്രിന്റിങ് സ്ഥാപനത്തില്‍ ജോലിയും ഒപ്പം ലണ്ടന്‍ സ്‌കൂള്‍ ഓഫ് പ്രിന്റിങ്ങില്‍ നിന്ന് ഡിപ്ലോമ പഠനവും.
വിദേശവാസം എന്താണ് വരയേ്‌ക്കണ്ടത് എന്ന ചോദ്യത്തിനുത്തരം അദ്ദേഹത്തിന് നല്‍കി. പാശ്ചാത്യരീതിയിലുള്ള ചിത്രശൈലിയിലേക്കല്ല താന്‍ പോകേണ്ടത്. ഇന്ത്യയിലേക്ക് പുരാണങ്ങളിലേക്കും ഇതിഹാസങ്ങളിലേക്കും ഇറങ്ങിച്ചെല്ലുക. സിഖ് സൂഫി പാരമ്പര്യത്തിന്റെ അഗാധതലങ്ങള്‍ മനസ്സിലാക്കുക. അങ്ങനെ നാട്ടില്‍ തിരിച്ചെത്തി.
ഇങ്ങനെ ചെറുപ്പകാലത്ത് ഉണ്ടായിരുന്ന യാത്രാകമ്പവും തുടങ്ങി. സൈക്കിളിലും കാല്‍നടയായും ഒക്കെ മിക്ക സംസ്ഥാനങ്ങളിലും സഞ്ചരിച്ചു. എല്ലായിടത്തെയും ഗ്രാമീണ ജീവിതവും പ്രകൃതിയും മനുഷ്യനും പക്ഷികളുമെല്ലാം ചിത്രങ്ങളില്‍ നിറഞ്ഞു. പലയിടത്തും നിലത്ത് പേപ്പര്‍ വിരിച്ച് പ്രകൃതിയിയേയും മനുഷ്യനേയും വരച്ചു. വരയില്‍ അമൂര്‍ത്ത രൂപങ്ങളുടെ സ്വാധീനം വര്‍ധിച്ചപ്പോള്‍ പിന്നീട് മൂര്‍ത്തരൂപങ്ങളുടെ സങ്കലനത്തിലേക്ക് വരകളെ സന്നിവേശിപ്പിച്ചു. ''അബനിസെന്നിന്റെ ബാലപാഠങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ എന്റെ രചനകളില്‍ കാണുന്ന ഈ വ്യത്യസ്‌തയും ശൈലി വ്യതിരിക്‌തതയും കാണുമായിരുന്നില്ല''-ബാവ ഓര്‍ക്കുന്നു.
ബാവയുടെ കാന്‍വാസുകള്‍ സൂര്യകാന്തിയുടെ മഞ്ഞ, പാടങ്ങളുടെ പച്ചപ്പ്, സൂര്യന്റെ ചുവപ്പ്, മലനിരകളുടെ മുകളിലെ ആകാശത്തിന്റെ നീല എന്നിവയുടെ ചേതോഹരമായ സമ്മേളനമായിത്തീര്‍ന്നു. കടും നിറങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയായി. എന്നാല്‍, പിന്നീടത് ഏറെ പ്രചാരമുള്ള ശൈലിയായി മാറി. ലോകം മുഴുവന്‍ ഇത് സ്വീകരിക്കപ്പെടുന്ന കാഴ്‌ചയാണ് കണ്ടത്.
പന്നലാല്‍ ഘോഷില്‍ നിന്ന് ഓടക്കുഴല്‍ പഠിച്ച ബാവയുടെ ചിത്രങ്ങളില്‍ ഓടക്കുഴല്‍ ഒരുപ്രധാന ബിംബമായി കടന്നുവന്നു. ഉത്തരേന്ത്യന്‍ പ്രണയകാവ്യമായ ഹീര്‍ രാജയിലെ ഓടക്കുഴല്‍ വായിക്കുന്ന രാജയെ അദ്ദേഹം വരച്ചിട്ടുണ്ട്. കൂടാതെ ശിവന്‍, കാളി ഇവയുടെ സിമ്പോളിക് രൂപങ്ങളും ചിത്രങ്ങളില്‍ നിറഞ്ഞു നിന്നു. അവയെല്ലാം തന്റെ രാജ്യത്തിന്റെ 'ഐക്കണ്‍സ്' ആണെന്നായിരുന്നു ബാവയുടെ മറുപടി. ആകാശത്തിന് കടും ചുവപ്പ് നിറം നല്‍കിയ ചിത്രകാരനായിരുന്നു ബാവ.
ഓരോ ചിത്രകാരന്‍േറയും പാലറ്റിലെ ഓരോ നിറങ്ങള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ടാകുമെന്ന് ബാവ വിശ്വസിച്ചിരുന്നു.
ദേവപ്രകാശ്
കടപ്പാട്. മാതൃഭൂമി
16 February, 2009
ലോക സിനിമയിലെ പെണ്‍കരുത്ത് - സമീറാ മക്ബല്‍ ബഫ്
ഇറാനിയന്‍ സിനിമയെക്കുറിച്ചുള്ള സമീറയുടെ സ്വപ്നങ്ങളില്‍, ഇറാന്റെ സാംസ്കാരികചരിത്രവും വര്‍ത്തമാനകാല രാഷ്ട്രീയവും ഇഴചേര്‍ന്നിട്ടുണ്ട്. ഇസ്ലാമിക യാഥാസ്ഥിതികത്തോട് ഏറ്റുമുട്ടി, പുതുലോകക്രമത്തിനുവേണ്ടി പ്രയത്നിച്ച ഒരു പഴയകാലം മക്ബല്‍ ബഫിന്റെ കുടുംബത്തിനുണ്ട്. ഇസ്ലാമിക സാമ്രാജ്യത്വകാലത്തെ ആഡംബരത്തിനെതിരെ ഉയര്‍ന്നുവന്ന ധൈഷണികശബ്ദങ്ങള്‍ ശാസ്ത്രദര്‍ശനങ്ങളെ മാത്രമല്ല പ്രതിനിധീകരിച്ചത്; സിനിമയെക്കൂടിയായിരുന്നു. പഴയ ഇറാന്റെ പ്രക്ഷുബ്ധചരിത്രത്തെ ഈ സിനിമകള്‍ വിനിമയംചെയ്തു. മതനിയമത്തിനുകീഴെ വിനോദമെന്നത് വളരെയധികം പരിമിതികളെ വരച്ചുചേര്‍ത്തിരുന്നു. സ്ത്രീസ്വാതന്ത്ര്യമെന്നത് സ്വപ്നംമാത്രവും, അവര്‍ക്കിടയിലെ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടതുമായിരുന്നു. ഇറാനിയന്‍ ചലച്ചിത്രയുഗം കടപ്പെട്ടിരിക്കുന്ന മിര്‍സാ ഇബ്രാഹിംഖാന്‍ ബാഷയില്‍നിന്ന് ഇങ്ങേത്തലയ്ക്കലുള്ള സമീറാ മക്ബല്‍ ബഫില്‍ എത്തിനില്‍ക്കുമ്പോള്‍ ഇറാനിയന്‍ സിനിമ നേടിയ രാജ്യാന്തരപ്രശസ്തി നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ലോകത്തിന്റെ ഏത് കോണിലായാലും സിനിമ എന്ന ബഹുജനമാധ്യമം രാഷ്ട്രീയാധികാരത്തിന്റെയും ധനാധികാരത്തിന്റെയും കാരുണ്യത്തിനു മുന്നിലാണ് കഴിഞ്ഞുകൂടുന്നതെന്ന് ഒരിക്കല്‍ സമീറ പറഞ്ഞിട്ടുണ്ട്. ചോദ്യങ്ങള്‍ ചോദിക്കാത്ത ഒരു വിദ്യാഭ്യാസസമ്പ്രദായഘടനയെ തിരസ്കരിച്ചുകൊണ്ട് പതിനാലാംവയസ്സില്‍ സ്കൂളിന്റെ പടികളിറങ്ങുകയും, ചോദ്യങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നതിനുവേണ്ടി സിനിമയുടെ വിശാലലോകത്തേക്ക് കടന്നുവരികയും ചെയ്തതാണ് സമീറാ മക്ബല്‍ ബഫിന്റെ ജീവിതം.
സ്കൂള്‍ ജീവിതത്തോടു വിടപറഞ്ഞ് ആറുവര്‍ഷതിനുശേഷം 'ബ്ലാക്ക് ബോര്‍ഡ്' എന്ന ചിത്രവുമായി അവര്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിപ്പിച്ചു. ഇറാനിലെ ഖുര്‍ദിശ് അഭയാര്‍ഥികള്‍ വൈജ്ഞാനികമേഖലയിലും വിദ്യാഭ്യാസരംഗത്തും നേരിടുന്ന പ്രശ്നങ്ങളായിരുന്നു ഈ ചിത്രത്തിന്റെ ഇതിവൃത്തം. 2001ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ബ്ലാക്ക് ബോര്‍ഡ് ശ്രദ്ധിക്കപ്പെടുകയും സ്പെഷ്യല്‍ ജൂറി അവാര്‍ഡ് നേടുകയും ചെയ്തു. 20 വയസ്സുള്ള ഒരു മുസ്ലീം യുവതി മതത്തിന്റെ വേലിക്കെട്ടുകള്‍ക്കു പുറത്തുചാടി സിനിമ എന്ന മാധ്യമത്തെ ആയുധമാക്കിയതിനെ അംഗീകരിക്കല്‍ മാത്രമായിരുന്നില്ല അത്. ലോകത്തില്‍ത്തന്നെ ഇത്രയും ചെറുപ്പത്തിലെ സംവിധായകക്കുപ്പായമിട്ട യുവതിയെന്ന അംഗീകാരംകൂടിയായിരുന്നു അത്.രണ്ടാം ലോകമഹായുദ്ധാനന്തരം ലോകത്ത് സിനിമാനിര്‍മാണം പുതുവഴികള്‍ തേടുകയും അതിലൂടെ നവീനസിനിമയുടെ ആശയങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തിട്ടുണ്ട്. ആ കാറ്റ് ഇറാനിയന്‍ സിനിമയെയും പിടിച്ചുലച്ചു. ഫറോക്ക് ഗഫാറിയാലി (1958) ഇറാനിയന്‍ സാംസ്കാരികമണ്ഡലത്തെ സ്വാധീനിച്ചത് ചരിത്രത്തില്‍ നാം വായിക്കുന്നു. ആ ഒരു പൂര്‍വമാതൃക സമീറയില്‍ നാം കാണുന്നു. എട്ടാംവയസ്സില്‍ത്തന്നെ സിനിമയുടെ സാധ്യതകളെയാണ് അവര്‍ അന്വേഷിച്ചത്. അഭിനയത്തിലൂടെയായിരുന്നു അതിന്റെ തുടക്കം. പിതാവിന്റെ (മൊഹ്സന്‍ മക്ബല്‍ ബഫ്) ചിത്രമായ 'സൈക്ലിസ്റ്റി'ലായിരുന്നു തുടക്കം. ആ അഭിനയംകൊണ്ട് രണ്ടു കാര്യങ്ങള്‍ സമീറയ്ക്കു ബോധ്യമായി: അഭിനയമല്ല തന്റെ വഴിയെന്നും, സിനിമാനിര്‍മാണവും സംവിധാനവുമാണ് മേഖലയെന്നും. സംവിധാനത്തില്‍ ശ്രദ്ധയൂന്നി അങ്ങനെയവര്‍ ഉന്നത സിനിമാപഠനത്തിനു ചേര്‍ന്നു.
സിനിമ എന്ന കലയെത്തന്നെ അകറ്റിനിര്‍ത്തിയ ഒരു സമൂഹം എങ്ങനെയാണ് സ്ത്രീസമൂഹത്തെ സിനിമകളില്‍ കൊണ്ടുവരിക? ഇറാനിലെ സിനിമാപ്രവര്‍ത്തകരെ വേട്ടയാടിയിരുന്ന ഒരു സ്വത്വപ്രതിസന്ധിയായിരുന്നു ഇത്. സ്ത്രീരൂപങ്ങളെ സ്ക്രീനില്‍ കൊണ്ടുവരുന്നത് എല്ലാ അര്‍ഥത്തിലും വിലക്കപ്പെട്ട ഒരു സമൂഹം. ഇത്തരം നിയന്ത്രണങ്ങളെ മറികടന്ന് മൌലികമായ ദൃശ്യക്ഷമത സിനിമയില്‍ സൃഷ്ടിക്കുക എളുപ്പമായിരുന്നില്ല. സീനുകളെ ഉപേക്ഷിച്ചും, ബദല്‍ മാര്‍ഗങ്ങള്‍ തേടിയും പലരും ഇതിനെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും സിനിമയുടെ പൂര്‍ണതയെയും കലാമേന്മയെയും ഇത് ആഴത്തില്‍ ബാധിച്ചു. ഈയൊരു വേവലാതി സമീറയെയും വേട്ടയാടിയിരുന്നു.
ബൌദ്ധികവും സ്വത്വാത്മകവുമായ അന്വേഷണങ്ങളെ തൊണ്ണൂറുകളില്‍ ധീരമായാണ് സമീറാ മക്ബല്‍ ബഫ് നേരിട്ടത്. 1998ല്‍ ആപ്പിള്‍ എന്ന ചിത്രം സമീറ അണിയിച്ചൊരുക്കുന്നത് അതിന്റെ ഭാഗമായാണ്. പിന്നീട് നാം കാണുന്നത് ഇറാനിയന്‍ സിനിമാലോകത്ത് ധാരാളം സ്ത്രീ സംവിധായകപ്രതിഭകളുടെ അരങ്ങേറ്റമാണ്. ബക്ഷന്‍ ബാനിയെപ്പോലെയും മിലാനിയെപ്പോലെയുമുള്ള സംവിധായകര്‍ ലോകചലച്ചിത്രപ്രതിഭകളുടെ പട്ടികയിലേക്ക് കടന്നുവന്നു.ഒരു യഥാര്‍ഥ കഥയെ അടിസ്ഥാനപ്പെടുത്തിയാണ് സമീറ ആപ്പിള്‍ ഒരുക്കിയത്. 12 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുടെ കഥയാണിത്. സ്വന്തം ജന്മവീട്ടില്‍ അന്ധയായ അമ്മയാലും വൃദ്ധനായ അച്ഛനാലും തടവിലാക്കപ്പെട്ട രണ്ട് പെണ്‍കുട്ടികളാണ് ആപ്പിളില്‍ നിറഞ്ഞുനില്‍ക്കുന്നത്. കഥയും യാഥാര്‍ഥ്യവും വളരെ സമര്‍ഥമായി ഈ സിനിമയില്‍ ഇവര്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. ആപ്പിള്‍ എന്ന ചിത്രത്തിനു ലഭിച്ച ജനസമ്മതി വലുതായിരുന്നു. നൂറോളം മേളകളിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടത്. ചിത്രത്തോടൊപ്പം നൂറ്റിനാല്‍പ്പതില്‍പ്പരം രാജ്യങ്ങളില്‍ സമീറയുമെത്തി.
മലയാളസിനിമയില്‍ ജോണ്‍ അബ്രഹാം നടത്തിയ ധീരതയാര്‍ന്ന ചില പരീക്ഷണങ്ങള്‍ക്ക് തന്റെ പല ചിത്രങ്ങളിലും സമീറാ മക്ബല്‍ ബഫും തുനിഞ്ഞിട്ടുണ്ട്. നടന്മാരെ നേരത്തെ കണ്ടെത്താതെ, ഷൂട്ടിങ് ലൊക്കേഷനുകളില്‍വച്ച് കണ്ടെത്തുന്ന രീതിയും അതിസാഹസികമായിത്തന്നെ ലൊക്കേഷനുകളില്‍ എത്തിപ്പെടുന്നതും ഈ സംവിധായകയുടെ പൊതുരീതിയാണ്. ബ്ലാക്ക് ബോര്‍ഡിന്റെ ചിത്രീകരണവേളയില്‍ കുര്‍ദ് കേന്ദ്രിത മലകളില്‍ അനായാസേന കയറിപ്പോയ കഥകള്‍ അവര്‍തന്നെ പറഞ്ഞിട്ടുണ്ട്. സിനിമ എന്ന മാധ്യമത്തോടുള്ള ആത്മബന്ധങ്ങള്‍ അവരെ നവോത്ഥാന സിനിമാപ്രസ്ഥാനങ്ങളോടും ഇറ്റാലിയന്‍ നിയോ റിയലിസത്തോടും അടുപ്പിക്കുന്നതായിരുന്നു.സ്വന്തം ദേശത്തിന്റെ മത-രാഷ്ട്രീയ കെട്ടുകാഴ്ചകളെ മാത്രമല്ല, സമീറാ മക്ബല്‍ ബഫ് സിനിമയിലൂടെ ചോദ്യംചെയ്തത്. തീവ്രമതാന്ധതയുടെ ഇരുളടഞ്ഞ ഭൂമികയായ അഫ്ഗാനിന്റെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളിലേക്ക് തന്റെ ക്യാമറക്കണ്ണുകള്‍ തിരിച്ചുപിടിച്ചു. താലിബാന്റെ കടുത്ത വെല്ലുവിളികളും വിലക്കുകളും നിലനില്‍ക്കുമ്പോള്‍ത്തന്നെ ആ രാജ്യത്തുചെന്ന് അതേ മണ്ണില്‍വച്ച് സിനിമാചിത്രീകരണത്തിനുമുതിര്‍ന്ന സംവിധായകയുടെ ധീരതയാര്‍ന്ന കാല്‍വയ്പുകളും ലോകം കണ്ടു. നാറ്റോ സഖ്യം അഫ്ഗാനില്‍ നിലയുറപ്പിച്ച കാലത്താണ് 'അറ്റ് ഫൈവ് ഇന്‍ ദ ആഫ്റ്റര്‍നൂണ്‍' എന്ന ചിത്രം സമീറ ആദ്യമായി അവിടെ പൂര്‍ത്തീകരിക്കുന്നത്. ഇന്ത്യയില്‍നടന്ന അന്താരാഷ്ട്ര ഫിലിംമേളകളില്‍ ഈ ചിത്രം ഏഷ്യന്‍ വിഭാഗത്തില്‍ അവാര്‍ഡിനര്‍ഹമായി. കാനില്‍ സില്‍വര്‍ സ്ക്രീന്‍ പുരസ്കാരവും ഈ സിനിമയ്ക്കായിരുന്നു. സമീറയുടെ പുതിയ ചിത്രമായ 'രണ്ടു കാലുള്ള കുതിര'യും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്.
അടിച്ചമര്‍ത്തപ്പെട്ടവരുടെയും നിരാലംബരുടെയും കൂടെയായിരുന്നു സമീറാ മക്ബല്‍ ബഫിന്റെ അഭ്രക്കാഴ്ചകള്‍. പുരുഷകേന്ദ്രിത സാമൂഹികവ്യവസ്ഥയിലെ സ്ത്രീകളുടെ വേദനകളും മതരാഷ്ട്രീയത്തിന്റെ തിക്തഫലങ്ങളും തീവ്രവാദത്തിന്റെ കാരുണ്യമില്ലായ്മയുമെല്ലാം അവരുടെ സിനിമകളുടെ വിഷയമായി. സിനിമയ്ക്കുണ്ടായിരുന്ന വിലക്കുകളെ സര്‍ഗാത്മകതകൊണ്ട് നേരിട്ടതാണ് സമീറയെ വ്യത്യസ്തയാക്കുന്നത്. ഇരുപത്തെട്ടുവയസ്സുകൊണ്ട് ഒരു മുസ്ലീം സ്ത്രീ സംവിധായക സാമ്പ്രദായിക രീതിശാസ്ത്രങ്ങളെ മറികടന്നുകൊണ്ട് സിനിമയുടെ ചരിത്രത്തില്‍ തന്റേതായ ഒരിടം കണ്ടെത്തിയത് ഒരു നിയോഗമാവാം.*
അബ്ദുള്ള പേരാമ്പ്ര
സമീറ മക്ബല്‍ ബഫിന്റെ വെബ് സൈറ്റ്