Showing posts with label പോരാട്ടം. Show all posts
Showing posts with label പോരാട്ടം. Show all posts

16 November, 2011

ജനാധിപത്യാവകാശം നിഷേധിക്കപ്പെടുമ്പോള്‍

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ എം വി ജയരാജനെ ഹൈക്കോടതി ജയിലിലടച്ചിരിക്കുന്നു. കോടതിയലക്ഷ്യ പ്രസ്താവനയ്ക്ക് കൊടുക്കാവുന്ന പരമാവധി ശിക്ഷ പ്രഖ്യാപിക്കുകയും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാവകാശം അനുവദിക്കാതെ ഉടനടി വിധി നടപ്പാക്കുകയും ചെയ്തിരിക്കുന്നു. കിരീത് പരേഖ് കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞ് നിരന്തരവിലക്കയറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ തിരികൊളുത്തിയത് 2010 ജൂണിലാണ്. അന്ന് അതിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയ ഹര്‍ത്താലിന്റെ ഭാഗമായി ചെയ്ത പ്രസംഗത്തിന്റെ പേരിലാണ് കേരള ഹൈക്കോടതി ജയരാജനെതിരെ സ്വന്തം നിലയ്ക്ക് കോടതിയലക്ഷ്യ കേസെടുത്തത്. പാതയോരത്തെ പ്രകടനങ്ങളും യോഗങ്ങളും നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് വന്നതിന്റെ അടുത്ത ദിവസമാണ് പെട്രോള്‍ വില കുത്തനെ വര്‍ധിപ്പിച്ചതും അതിനെതിരെ ഹര്‍ത്താലുകളുള്‍പ്പെടെയുള്ള വമ്പിച്ച ജനകീയരോഷം ഉയര്‍ന്നുവന്നതും. പാതയോരത്ത് പ്രകടനവും പൊതുയോഗവും നിഷേധിക്കുന്നത് പൗരാവകാശ ധ്വംസനമാണെന്നും ഭരണകൂടത്തിന്റെ ദുര്‍നയങ്ങള്‍ അസഹനീയമാകുമ്പോള്‍ അത്തരം നിരോധനങ്ങള്‍ സ്വാഭാവികമായിത്തന്നെ ലംഘിക്കപ്പെടുമെന്നുമാണ് ജയരാജന്‍ പ്രസംഗിച്ചത്. ആ പ്രസംഗത്തില്‍ കോടതിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശമുണ്ടെന്ന് പറഞ്ഞാണ് കേസെടുത്തതും ശിക്ഷിച്ചതും.



2010 ജൂണില്‍ കേസ് തുടങ്ങിയത് പെട്രോള്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തിലാണെങ്കില്‍ 2011ല്‍ കേസില്‍ വിധിയും ശിക്ഷയും വന്നത് പെട്രോളിന് പന്ത്രണ്ടാം തവണയും വില കൂട്ടി ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കടുത്ത പ്രഹരമേല്‍പ്പിച്ച സാഹചര്യത്തിലാണ്. പാതയോരത്ത് പ്രകടനങ്ങളും യോഗങ്ങളും നിയന്ത്രണവിധേയമായി, അനുമതിയോടെ നടത്തുന്നതിനനുകൂലമായി കേരള നിയമസഭ ഐകകണ്ഠ്യേന നിയമം കൊണ്ടുവന്നു. ആ നിയമം ഹൈക്കോടതി മരവിപ്പിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. ഒരു ജനാധിപത്യ സമൂഹത്തില്‍ ജീവിത ദുരിതങ്ങള്‍ക്കറുതി വരുത്തുന്നതിന് ജനങ്ങള്‍ ബഹുമുഖ സമരങ്ങള്‍ നടത്തുക സ്വാഭാവികമാണ്. നിയമനിര്‍മാണത്തിലൂടെയും ജുഡീഷ്യല്‍ , എക്സിക്യൂട്ടീവ് നടപടികളിലൂടെയും മാത്രമാണ് നാട് മുന്നോട്ടുപോകുന്നത് എന്ന് തെറ്റിദ്ധരിക്കുന്നവര്‍ ഈ കാലഘട്ടത്തിലും കണ്ടേക്കാം. എന്നാല്‍ , നാടിന്റെ പുരോഗതിക്ക് അടിസ്ഥാനം അധ്വാനവും അധ്വാനിക്കുന്നവരുടെ ജീവിതസമരങ്ങളുമാണ്. പ്രതിഷേധിക്കാനും സമരംചെയ്യാനുമുള്ള അവകാശനിഷേധം എന്നാല്‍ അത് അടിയന്തരാവസ്ഥാ മോഡലാണ്. എന്നാല്‍ , സമരങ്ങളും യോഗങ്ങളുമെല്ലാം മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടാകരുത്. അതിനാണ് നിയന്ത്രണങ്ങള്‍ . നിരോധനമല്ല, നിയന്ത്രണമാണ് ആവശ്യം.

പ്രതിഷേധിക്കാനും സമരംചെയ്യാനുമുള്ള അവകാശങ്ങള്‍ക്ക് മേല്‍ വിലങ്ങുവീഴുന്ന ഇക്കാലത്ത് എന്താണിവിടെ നടക്കുന്നത്. രൂപയുടെ വിനിമയമൂല്യത്തിലെ ഇടിവ് എന്ന് പറഞ്ഞ് പെട്രോളിന് 1.82 രൂപയാണ് കഴിഞ്ഞയാഴ്ച കൂട്ടിയത്. ഇതേകാരണം പറഞ്ഞ് സെപ്തംബറില്‍ വര്‍ധിപ്പിച്ചത് 3.14 രൂപ. അതിനുമുമ്പ് മെയ്മാസം അഞ്ചു രൂപയുടെ വര്‍ധന. പെട്രോളിന് വില കൂടുമ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഓട്ടോടാക്സി ചാര്‍ജ് വന്‍തോതില്‍ വര്‍ധിക്കുന്നു. മെയ് മാസം ഡീസലിന് കൂടി വില വര്‍ധിപ്പിച്ചപ്പോള്‍ സ്വാഭാവികമായും ബസ് ചാര്‍ജ് ഗണ്യമായി വര്‍ധിച്ചു. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 43 രൂപയായിരുന്ന പെട്രോള്‍ വില ഇന്ന് 71 രൂപ കടന്നിരിക്കുകയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതാണ് എണ്ണ വിലകൂട്ടുന്നതിന് ഇതേവരെ ന്യായം പറഞ്ഞതെങ്കില്‍ ഇപ്പോള്‍ രൂപയുടെ വിനിമയമൂല്യത്തിലെ ഇടിവാണ് പറയുന്നത്. വാസ്തവത്തില്‍ കേന്ദ്രസര്‍ക്കാരും റിലയന്‍സുള്‍പ്പെടെയുള്ള എണ്ണക്കമ്പനികളും ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണ്. എണ്ണക്കമ്പനികള്‍ വന്‍ നഷ്ടത്തിലാണെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവയ്ക്കുകയാണ്. രാജ്യത്തെ മൂന്ന് വന്‍ പൊതുമേഖലാ എണ്ണക്കമ്പനികളും കഴിഞ്ഞ വര്‍ഷം നല്ല ലാഭത്തിലായിരുന്നുവെന്നതും ഓഹരി ഉടമകള്‍ക്ക് കഴിഞ്ഞ വര്‍ഷം വര്‍ധിച്ചതോതില്‍ ഡിവിഡന്റ് നല്‍കിയെന്നതും അവര്‍ മറച്ചുവയ്ക്കുകയാണ്.



മുരളി ദേവ്റയാണ് ദീര്‍ഘകാലം പെട്രോളിയം മന്ത്രാലയം കൈയാളിയത്. ഗോദാവരി തീരത്ത് റിലയന്‍സ് കമ്പനിയുടെ ഗ്യാസ് ഖനനവും വിപണനവുമായി ബന്ധപ്പെട്ട ഇടപാടില്‍ ആ കമ്പനിക്ക് പതിനായിരക്കണക്കിന് കോടി രൂപയുടെ അനധികൃത നേട്ടമുണ്ടാക്കികൊടുത്തത് ദേവ്റയും കേന്ദ്രസര്‍ക്കാരുമാണെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. റിലയന്‍സിന് ലാഭമുണ്ടാക്കിക്കൊടുക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളെ നഷ്ടത്തിലേക്ക് പിടിച്ചുതള്ളാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഈ കൊടുംഅഴിമതി തെളിഞ്ഞപ്പോള്‍ മുരളി ദേവ്റയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ യുപിഎ നിര്‍ബന്ധിതമായി. എന്നാല്‍ , അത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായിരുന്നുവെന്ന് ദേവ്റയുടെ മകനെ കേന്ദ്ര മന്ത്രിസഭയിലെടുത്തതോടെ വ്യക്തമായി. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അടിക്കടി വില വര്‍ധിപ്പിക്കുന്നതിന് പിന്നില്‍ രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന വന്‍ അഴിമതിയുണ്ട്. രണ്ട് അംബാനിമാരും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന ഗൂഢാലോചന അതിന് പിന്നിലുണ്ട്. അതോടൊപ്പംതന്നെ കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യവും. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ പകുതിയിലേറെയും കേന്ദ്രസംസ്ഥാന നികുതികളാണ്. അതായത് യഥാര്‍ഥ വിലയുടെ 107 ശതമാനത്തോളം നികുതിയും ചേര്‍ത്ത വിലയാണ് ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്നത്. വര്‍ധിച്ച വിലയുടെ നികുതി വഴി കിട്ടുന്ന അധികവരുമാനം വേണ്ടെന്നുവച്ച് ജനങ്ങളെ സഹായിക്കുന്നുവെന്നവകാശപ്പെടുന്ന കേരളത്തിലെ യുഡിഎഫ് ഭരണം വാസ്തവത്തില്‍ കേന്ദ്രനയത്തെ വെള്ളപൂശുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് രാഷ്ട്രീയമായി അവര്‍ ആവശ്യപ്പെടുന്നില്ല. നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നപ്പോള്‍ വിലനിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് യുഡിഎഫും ഒഴുക്കന്‍മട്ടില്‍ ആവശ്യപ്പെട്ടുവെന്നുമാത്രം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കേന്ദ്ര പ്രത്യക്ഷപരോക്ഷ നികുതികള്‍ വന്‍തോതില്‍ കുറയ്ക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നില്ല. വിലക്കയറ്റത്തെ ന്യായീകരിക്കുന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നയങ്ങളെ പാടിപ്പുകഴ്ത്താനാണ് ഇവിടുത്തെ യുഡിഎഫുകാര്‍ തുനിയുന്നത്.



എണ്ണ വിലക്കയറ്റവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും രാജ്യപുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും ലക്ഷണമാണെന്നാണ് മന്‍മോഹന്‍ സിങ് പ്രസ്താവിച്ചത്. ഇനി പട്ടിണിയും പട്ടിണിമരണങ്ങളുംകൂടി പുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും ലക്ഷണമാണെന്ന് ഇതേ പ്രധാനമന്ത്രി പറയില്ലെന്ന് ആരുകണ്ടു. അമേരിക്കയെ നോക്കി പകര്‍ത്താന്‍ ശ്രമിക്കുന്ന, അമേരിക്കന്‍ പരിശീലനം സിദ്ധിച്ച വിദഗ്ധനാണല്ലോ നമ്മുടെ പ്രധാനമന്ത്രി. സ്വന്തം രാജ്യത്തെ പതിനാറ് ശതമാനം ജനങ്ങളെ പട്ടിണിയിലേക്കും ആറിലൊന്നുപേരെ തൊഴില്ലില്ലായ്മയിലേക്കും തള്ളിവിട്ട അമേരിക്കന്‍ സാമ്രാജ്യത്വ ഭരണത്തിന്റെ ദുര്‍നയങ്ങള്‍ ഇവിടേക്കും ഇറക്കുമതിചെയ്യാനാണ് മന്‍മോഹന്‍ സിങ്ങിന്റെ ശ്രമം. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇനിയും ഉടനെതന്നെ വില വര്‍ധിപ്പിക്കുമെന്നും ഡീസലിന്റെ വില നിയന്ത്രണം എടുത്തുകളയുമെന്നും പാചകവാതകത്തിന്റെ സബ്സിഡിയും സിലിണ്ടറുകളുടെ എണ്ണവും കുറയ്ക്കുമെന്നുമെല്ലാം പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടവര്‍തന്നെ ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കുന്നുണ്ട്.



ജനങ്ങളെ കടുത്ത ദുരിതത്തിലേക്കും പട്ടിണിയിലേക്കും തള്ളിയിടുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നര്‍ഥം. ഈ നയങ്ങളെ പിന്‍പറ്റി ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരാകട്ടെ എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. സംസ്ഥാനത്ത് വിലക്കയറ്റവും ജീവിതച്ചെലവും അതിരൂക്ഷമായിരിക്കുന്നു. ബസ്, ഓട്ടോ ടാക്സി, വൈദ്യുതി നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിച്ചു. പച്ചക്കറിക്കും പാലിനും ഭക്ഷ്യധാന്യങ്ങള്‍ക്കും അഭൂതപൂര്‍വമായ വിലക്കയറ്റമാണ്. ഹോട്ടല്‍ ഭക്ഷണവിലയും വര്‍ധിച്ചു. ഇങ്ങനെ ജനജീവിതം അതീവ ദുസ്സഹമായിരിക്കുമ്പോള്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെറുവിരലനക്കുന്നില്ല. വിപണിയില്‍ ഇടപെട്ട് സബ്സിഡി നല്‍കി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒന്നുംചെയ്യുന്നില്ല. കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ചയും കടക്കെണിയും കാരണമുള്ള കര്‍ഷക ആത്മഹത്യ വീണ്ടും ഉണ്ടായിരിക്കുന്നു. വയനാട്ടില്‍ മൂന്ന് കര്‍ഷകരാണ് ഒരാഴ്ചയ്ക്കിടെ ജീവിതം അവസാനിപ്പിച്ചത്. ഇറക്കുമതി ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിക്കുകയും അതുമൂലം ഇവിടുത്തെ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍തോതില്‍ വിലയിടിയുകയുമാണ്. വളത്തിന്റെ സബ്സിഡി വെട്ടിക്കുറച്ചത് വഴി വളംവില വന്‍തോതില്‍ വര്‍ധിച്ചു. കൃഷിച്ചെലവ് വര്‍ധിക്കുകയും ഉല്‍പ്പന്നവില കുറയുകയും ചെയ്യുന്നത് കൃഷിക്കാരെ കടക്കെണിയിലാക്കുകയാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍നയങ്ങളാണ് കാര്‍ഷിക മേഖലയെ വീണ്ടും ഇരുളിലാഴ്ത്തിയത്. ഇത്തരമൊരു സാഹചര്യത്തില്‍ വിവിധ ജനവിഭാഗങ്ങളുടെ പ്രതിഷേധ സമരങ്ങള്‍ പൊട്ടിപ്പുറപ്പെടുക സ്വാഭാവികമാണ്. അതിനുള്ള ജനാധിപത്യാവകാശം നിഷേധിക്കപ്പെടുന്നതിനെതിരെ ബഹുജനാഭിപ്രായം ശക്തമായി ഉയര്‍ന്നുവരേണ്ടതുണ്ട്.
വി. എസ്. അച്യുതാനന്ദന്‍

05 January, 2011

സാമ്പത്തിക മാന്ദ്യവും സ്‌ത്രീ തൊഴിലാളികളും

ലോകത്ത് സ്‌ത്രീകളുടെ ജീവിത അവസ്ഥയില്‍ സമീപകാലത്ത് ഏറ്റവും അധികം ആഘാതമുണ്ടാക്കിയ ദുരന്തമാണ് ആഗോളസാമ്പത്തിക പ്രതിസന്ധിയെന്ന് സംശയരഹിതമായി പറയാം. ദരിദ്രരാജ്യങ്ങളില്‍ മാത്രമല്ല, താരതമ്യേന മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയും ജീവിതഗുണനിലവാരവും അവകാശപ്പെട്ടിരുന്ന പല യൂറോപ്യന്‍ രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് തൊഴില്‍രംഗത്തും സാമൂഹ്യക്ഷേമരംഗത്തും ഉണ്ടായ മാറ്റങ്ങള്‍ പുരുഷന്മാരേക്കാള്‍ സ്‌ത്രീകളുടെ ജീവിതത്തിലാണ് പ്രതിസന്ധികള്‍ സൃഷ്‌ടിച്ചിരിക്കുന്നത്.

തൊഴിലില്ലായ്‌മയും കൂലിവെട്ടിക്കുറയ്‌ക്കലും ദാരിദ്ര്യത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. പല രാജ്യങ്ങളും ക്ഷേമപദ്ധതികള്‍ വെട്ടിച്ചുരുക്കിയത് കുടുംബങ്ങളെയാണ് ബാധിച്ചിരിക്കുന്നത്. കുട്ടികളെ തനിച്ചു വളര്‍ത്തേണ്ടി വരുന്ന രക്ഷിതാക്കളില്‍ മൂന്നിലൊന്നും പരമദരിദ്രരാണ്. ഇവരിലാകട്ടെ 80-90 ശതമാനം സ്‌ത്രീകളാണ്. സാമ്പത്തികപ്രതിസന്ധി സ്‌ത്രീജീവിതത്തില്‍ സൃഷ്‌ടിച്ചിരിക്കുന്ന ദുരന്തങ്ങള്‍ സങ്കീര്‍ണമാണെന്ന് യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ നിന്നുള്ള വാര്‍ത്തകളും അടിവരയിടുന്നു.

സാമ്പത്തികപ്രതിസന്ധിയുടെയും ഉത്പാദനമാന്ദ്യത്തിന്റെയും ആഘാതം ഏറ്റവുമൊടുവില്‍ ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തിനില്‍ക്കുകയാണ് സ്‌പെയിനില്‍. നിലവിലുള്ള തൊഴിലാളികളെ പിരിച്ചുവിട്ടും തൊഴില്‍ സമയം കൂട്ടിയും കൂലിയും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചും സാമ്പത്തികപ്രതിസന്ധിയെ അതിജീവിക്കാനുള്ള സ്വകാര്യമേഖലയുടെയും സര്‍ക്കാരിന്റെയും പരിശ്രമങ്ങള്‍ക്കെതിരെ തൊഴിലാളി പ്രക്ഷോഭമാണ് സ്‌പെയിനില്‍ നടക്കുന്നത്.

സാധാരണഗതിയില്‍ മുതലാളിത്ത വ്യവസ്ഥതിയില്‍ നാം കാണുന്നത് തൊഴില്‍ കമ്പോളം വികസിക്കുമ്പോള്‍ സ്‌ത്രീകള്‍ കൂടുതലായി തൊഴിലിലേക്ക് കടന്നു വരികയും മാന്ദ്യകാലത്ത് വീടുകളിലേക്ക് (വീട് കേന്ദ്രമാക്കിയുള്ള കുടില്‍ വ്യവസായത്തില്‍ പോലും പലപ്പോഴും കൂലിയില്ലാതെ സ്‌ത്രീകള്‍ പണിയെടുക്കുന്നു) അഥവാ കൂലിയില്ലാപ്പണികളിലേക്ക് സ്‌ത്രീകള്‍ തിരിച്ചുപോകുന്നതുമാണ്. സ്‌പെയിനില്‍ പരമ്പരാഗതമായി കണ്ടുവന്നിരുന്നതും ഈ പ്രവണതയാണ്. എന്നാല്‍ ആഗോളവത്കരണകാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ഈ പ്രവണതയ്‌ക്ക് മാറ്റം വന്നിരിക്കുന്നു. സ്‌ത്രീകളേക്കാള്‍ അധികം ഇപ്പോള്‍ സ്‌പെയിനില്‍ തൊഴില്‍ നഷ്‌ടപ്പെട്ടിരിക്കുന്നത് പുരുഷന്മാര്‍ക്കാണ്. കാരണം സാമ്പത്തികപ്രതിസന്ധി ഏറ്റവുമധികം ബാധിച്ച ഉത്പാദന നിര്‍മ്മാണ പ്രവര്‍ത്തനമേഖലയിലാണ് പുരുഷത്തൊഴിലാളികള്‍ കേന്ദ്രീകരിച്ചിരുന്നത്. സ്‌ത്രീകളാകട്ടെ ആരോഗ്യം, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, മറ്റ് സേവനങ്ങള്‍ തുടങ്ങിയ താരതമ്യേ പുതിയ പ്രതിസന്ധി കുറച്ചു മാത്രം ബാധിച്ച മേഖലകളിലും. ഇതിന്റെ ഫലമായി സ്‌പെയിനില്‍ ഇപ്പോള്‍ സ്‌ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്‌മ നിരക്ക് (23%) പുരുഷന്മാരേക്കാള്‍ (27%) കുറവാണ്. എന്നാല്‍ തൊഴില്‍ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ഇപ്പോഴും പുരുഷന്മാരാണ് (55.6%) സ്‌ത്രീകളേക്കാള്‍ മുന്നില്‍ (41.7%).

സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും സ്‌പെയിനില്‍ (മറ്റ് പല രാജ്യങ്ങളിലും) സ്‌ത്രീകളുടെ തൊഴിലവസരങ്ങള്‍ കുറയുകയല്ല കൂടുകയാണ് ചെയ്തത് എന്നത് നേട്ടമായി ചിലര്‍ അവകാശപ്പെടുന്നുണ്ട്. വാസ്‌തവത്തില്‍ സേവനമേഖലയിലെ സ്‌ത്രീതൊഴിലാളികളുടെ കേന്ദ്രീകരണം എന്ന (Feminisation of labour force) ആഗോളവത്കരണ സാമ്പത്തികക്രമത്തിലെ പ്രതിഭാസം സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് പല രാജ്യങ്ങളിലും നാടകീയമായി വര്‍ദ്ധിച്ചു എന്നത് ചൂഷണത്തിന്റെ സങ്കീര്‍ണതയെയാണ് വെളിപ്പെടുത്തുന്നത്. ഉത്പാദന-നിര്‍മ്മാണമേഖലകളില്‍ പുരുഷന്മാര്‍ക്ക് തൊഴില്‍ നഷ്‌ടപ്പെട്ടപ്പോള്‍ കുടുംബം പുലര്‍ത്താന്‍ എത്ര കുറഞ്ഞ കൂലിക്കും പണിയെടുക്കാന്‍ തയ്യാറാകുന്ന സ്‌ത്രീകളെയാണ് പ്രതിസന്ധിയുടെ കാലത്ത് മുതലാളിത്തത്തിന് ആവശ്യം. അനാരോഗ്യകരവും വിവേചനപരവുമായ തൊഴിലുകളിലേക്ക് സ്‌ത്രീകള്‍ കേന്ദ്രീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നത് ശാക്തീകരണമായല്ല തികഞ്ഞ ചൂഷണമായാണ് കാണേണ്ടത്. കുടുംബത്തിന്റെ ചുമതല കൂടുതലായി സ്‌ത്രീകള്‍ ഏറ്റെടുക്കേണ്ടി വരുന്നു. സ്‌പെയിനില്‍ സംഭവിക്കുന്നതും ഇതേ പ്രതിഭാസമാണ്. ഇത് സ്‌പെയിനിലെ തൊഴില്‍മേഖലയില്‍ നിലനിന്നിരുന്ന ലിംഗവിവേചനത്തെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

ഏകാധിപതിയായിരുന്ന ജനറല്‍ ഫ്രാങ്കോയുടെ ഭരണത്തിനു ശേഷം 1975 മുതല്‍ സ്‌ത്രീകള്‍ക്കനുകൂലമായ നിയമനിര്‍മ്മാണമാവശ്യപ്പെട്ടുകൊണ്ട് സ്‌ത്രീസംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് സ്‌പെയിനിന്റെ ഭരണഘടനയില്‍ ലിംഗതുല്യത എഴുതിച്ചേര്‍ത്തത്. അതിനുശേഷവും വര്‍ഷങ്ങള്‍ നീണ്ടു നിന്ന സമരങ്ങളെത്തുടര്‍ന്ന് 2007 ലാണ് തൊഴിലെടുക്കുന്ന സ്‌ത്രീകള്‍ക്ക് തുല്യവേതനമടക്കമുള്ള അവകാശങ്ങളും സവിശേഷ പരിഗണനകളും (ഉദാ. പ്രസവാവധി) ഉറപ്പാക്കുന്ന നിയമം നടപ്പാക്കുന്നത്. എന്നാല്‍ ഇതൊന്നും തന്നെ തൊഴിലുടമകളുടെ അനിവാര്യചുമതലകളായി അനുശാസിച്ചിട്ടില്ലാത്തതുകൊണ്ട് നിയമത്തില്‍ വാഗ്ദാനം ചെയ്യുന്ന ലിംഗതുല്യത സ്‌ത്രീത്തൊഴിലാളികള്‍ക്ക് നിഷേധിക്കപ്പെട്ട സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. സാമ്പത്തിക മാന്ദ്യമാകട്ടെ സ്‌ത്രീത്തൊഴിലാളികള്‍ക്ക് തുല്യ അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാകുന്ന എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്താനുള്ള മറയായിട്ടാണ് സ്‌പെയിനില്‍ തൊഴിലുടമകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.

സ്‌പ്പെയിനുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ തുല്യ ജോലിക്കു തുല്യവേതനമെന്നത് അംഗീകരിക്കുകയും 1975 ല്‍ കൂലിയിലെ ലിംഗവിവേചനം തടയാന്‍ നിയമം കൊണ്ടുവരികയും ചെയ്തതാണ്. എന്നാല്‍ 35 വര്‍ഷങ്ങള്‍ക്കുശേഷവും യൂറോപ്പില്‍ സ്‌ത്രീത്തൊഴിലാളികള്‍ക്ക് പുരുഷന്മാര്‍ക്ക് കിട്ടുന്ന കൂലിയുടെ ശരാശരി 80 ശതമാനം മാത്രമേ കിട്ടുന്നുള്ളൂ.
സ്‌ത്രീശാക്തീകരണത്തിലൂടെ അവര്‍ സ്വയം ആര്‍ജ്ജിക്കേണ്ട അതിജീവനശേഷിയെക്കുറിച്ച് വാചാലമാകുന്നവര്‍ ഇത്തരം പ്രതിസന്ധികളില്‍ സര്‍ക്കാര്‍ ചെയ്യേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയാണ്. സ്വകാര്യമേഖലയുടെ ദയാദാക്ഷിണ്യത്തിലേക്ക് സ്‌ത്രീകളടക്കമുള്ള തൊഴിലാളികളെ വലിച്ചെറിയുന്നത് സര്‍ക്കാരിന്റെ നിരുത്തരവാദിത്തമാണെന്ന് സ്‌പെയിനില്‍ പ്രതിഷേധക്കാര്‍ വിളിച്ചുപറയുന്നു. സാമ്പത്തിക പ്രതിസന്ധി താത്കാലിക പ്രതിഭാസം മാത്രമാണെന്നും ആഗോളസാമ്പത്തികമാന്ദ്യം പരിഹരിക്കപ്പെട്ടുകഴിഞ്ഞുവെന്നും അങ്ങനെ മുതലാളിത്തം അജയ്യമാണെന്നും വരുത്തിത്തീര്‍ക്കാന്‍ വലിയ പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഓരോ രാജ്യത്തിന്റെയും കുടുംബത്തിന്റെയും സ്‌ത്രീജീവിതത്തിന്റെയും താളം തെറ്റിക്കുന്ന പ്രഹരമാണ് എന്ന് സ്‌പെയിനിന്റെ അനുഭവം ആവര്‍ത്തിക്കുന്നു.


****


ടി എൻ സീമ

28 December, 2010

മാപ്പിള കര്‍ഷക കലാപങ്ങള്‍ ദേശീയതക്കും മുമ്പേ

"ഇന്ത്യയിലെ കുലീന ചരിത്ര പാരമ്പര്യം' (elitist historiography) കര്‍ഷക സമരങ്ങളോട് ഒരു താല്‍പ്പര്യവും പുലര്‍ത്തിയിരുന്നില്ല. അത്തരം രചനകളില്‍ ഏതെങ്കിലും കര്‍ഷകസമരങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ തന്നെ അവ കര്‍ഷക ബോധ (peasant consciousness) ത്തിന് ബാഹ്യമായ സംഭവങ്ങളായാണ് പരാമര്‍ശിക്കപ്പെട്ടത്. പരപ്രേരണകൂടാതെ (spontaneous) രൂപപ്പെടുന്ന അത്തരം പ്രതിരോധങ്ങള്‍ കുലീന വ്യവഹാരങ്ങളില്‍നിന്നും തിരസ്കരിക്കപ്പെട്ടു. പരപ്രേരണ കൂടാതെ എന്ന കാരണത്താല്‍ മാത്രമാണ് ഇത്തരം ചെറുത്തുനില്‍പ്പുകള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്താതെപോയത്. വ്യക്തിപ്രഭാവമുള്ള നേതാക്കളുടെ ഇടപെടലുകളിലൂടെയോ പരിഷ്കൃതമായ സംഘടനകളിലൂടെയോ മാത്രം സാധ്യമാകുന്ന ഒരു കാര്യമായാണ് കര്‍ഷകരുടെ ധ്രുവീകരണം (polarisation of peasantry) കുലീന ചരിത്രത്തില്‍ വ്യവഹരിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ബൂര്‍ഷ്വാ ദേശീയ ചരിത്ര പാരമ്പര്യത്തിന് കര്‍ഷകപ്രസ്ഥാനങ്ങളെ വിശദീകരിക്കുന്നതിനായി മഹാത്മാഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ആഗമനംവരെ കാത്തിരിക്കേണ്ടിവന്നു. ആയതിനാല്‍ ഒന്നാം ലോകയുദ്ധംവരെ നടന്ന ഇത്തരം പ്രധാന സംഭവങ്ങളെല്ലാം തന്നെ സ്വാതന്ത്ര്യ സമരത്തിന്റെ പ്രാഗ്ചരിത്ര (prehistory) മായാണ് ചിത്രീകരിക്കപ്പെട്ടത്.'' കീഴാള ചരിത്രരചനയുടെ (subaltern historiography) സ്ഥാപകനായ രണജിത് ഗുഹ കര്‍ഷക സമരങ്ങളോട് ഇന്ത്യയിലെ ചരിത്രരചനാപാരമ്പര്യം പുലര്‍ത്തിയ നിസ്സംഗതയെക്കുറിച്ച് സൂചിപ്പിക്കുന്ന ഏതാനും വരികളാണ് മുകളില്‍ ഉദ്ധരിച്ചത്.

ദേശീയ പ്രസ്ഥാനത്തിന് മുമ്പ് ഇന്ത്യന്‍ ജനത നടത്തിയ കൊളോണിയല്‍ വിരുദ്ധ സമരങ്ങളിലേക്ക് വെളിച്ചം വീശുന്നതില്‍ കീഴാള പഠനങ്ങള്‍ വഹിച്ച പങ്ക് അവഗണിക്കാവുന്നതല്ല, എന്നാല്‍ അതിന്റെ പൂര്‍ണ അവകാശം അവര്‍ക്ക് മാത്രമണെന്ന അര്‍ഥവുമില്ല. 18-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 19-ാം നൂറ്റാണ്ടിലുമായി മലബാറില്‍ നടന്ന മാപ്പിള കര്‍ഷക പ്രതിരോധസംരംഭങ്ങളുടെ സ്വാഭവത്തെക്കുറിച്ചുള്ള ഒരാലോചന എന്ന നിലയിലാണ് ഈ കുറിപ്പ് തയ്യാറാക്കപ്പെട്ടിരിക്കുന്നുത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങള്‍ നേതൃത്വം നല്‍കിയ പ്രതിരോധ പദ്ധതികളുമായി എത്രത്തോളം സമാനതയുണ്ടെന്നും മലബാര്‍ മാപ്പിള കലാപങ്ങള്‍ എത്രത്തോളം കീഴാളപരമായിരുന്നുവെന്നും, രണജിത് ഗുഹയുടെ സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ അന്വേഷിക്കുന്നതിനാണ് ഇവിടെ ശ്രമിക്കുന്നത്.

കാത്ലീന്‍ ഗഫ് (1976), ആര്‍ എ ഹാര്‍ഗ്രേവ് (1977) ഡി എന്‍ ധനാഗരെ (1977), സ്റ്റീന്‍ എഫ് ഡേല്‍ (1980) കോണ്‍റാഡ് വുഡ് (1987), കെ എന്‍ പണിക്കര്‍ (1989), എം ഗംഗാധരന്‍ എന്നീ ചരിത്രകാരന്മാരെല്ലാംതന്നെ മലബാറിലെ മാപ്പിള കര്‍ഷകകലാപങ്ങളുടെ വിവിധ വശങ്ങള്‍ പഠന വിധേയമാക്കിയിട്ടുണ്ടെങ്കിലും 1921 ന് മുമ്പ് നടന്ന ചെറുത്തുനില്‍പ്പുകള്‍ പൊതുസമൂഹത്തില്‍ വേണ്ടത്ര ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. ദേശീയതക്കും ദേശീയ പ്രസ്ഥാനത്തിനും ഏറെ മുമ്പുനടന്ന ഈ സമരങ്ങള്‍ കേരളചരിത്രത്തില്‍ സമാനതകളില്ലാത്ത സമരങ്ങളാണ്.

അനീതിക്കും അടിച്ചമര്‍ത്തലിനുമെതിരായി നടത്തിയ ചെറുത്തുനില്‍പ്പിന്റെ ഒരു മഹത്തായ പാരമ്പര്യം മാപ്പിളമാര്‍ക്ക് അവകാശപ്പെടാനുണ്ട്. ബാര്‍ബോസ നിരീക്ഷിക്കുന്നതുപോലെ "പതിനാറാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ധര്‍മടത്തിന് വടക്കുള്ള മാപ്പിളമാര്‍ തങ്ങള്‍ക്ക് അപകടകരമാവുന്ന എന്തിനെതിരെയും നേരിട്ടെതിര്‍ക്കുക പതിവായിരുന്നു. മാത്രമല്ല, അവരെ നിയന്ത്രണവിധേയമാക്കാന്‍ രാജാവായ കോലത്തിരിക്ക് ഭീഷണിപ്പെടുത്തുകയോ അനുനയിപ്പിക്കുകയോ വേണ്ടിയിരുന്നു.''

ഇതിന് സമാനമായി 'തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍' എന്ന കൃതിയുടെ കര്‍ത്താവുകൂടിയായ ഷെയ്ഖ് സെയ്നുദ്ദീന്‍ മഖ്ദൂം (16ാം നൂറ്റാണ്ട്) മാപ്പിളമാര്‍ക്കെതിരെ അക്രമം നടത്തുന്ന പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പട നയിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. 15,16 നൂറ്റാണ്ടുകളിലായി രചിക്കപ്പെട്ട വലിയൊരു അധിനിവേശ വിരുദ്ധസാഹിത്യശേഖരംതന്നെ കേരള മുസ്ളിംകള്‍ക്ക് സ്വന്തമായുണ്ട്. 16-ാം നൂറ്റാണ്ടില്‍ കണ്ണൂരിലെ മമ്മാലികള്‍ എന്ന രാജവംശം (ആലിരാജ) തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വ്യാപിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. 18-ാം നൂറ്റാണ്ടില്‍ ടിപ്പുസുല്‍ത്താന്‍ നടപ്പാക്കിയ കര്‍ശനമായ നികുതിനയങ്ങളോട് മഞ്ചേരിയിലെ അത്തന്‍ഗുരുക്കള്‍ കലാപമുയര്‍ത്തിയിരുന്നു. (1786). മലപ്പുറത്തെ നാടുവാഴിയായിരുന്ന പറനമ്പിക്കെതിരെയും മുസ്ളിംകള്‍ പടനയിച്ചിരുന്നു. (ഈ യുദ്ധത്തില്‍ മരിച്ച ശുഹദാക്കളെ സ്മരിക്കുന്നതാണ് മലപ്പുറം നേര്‍ച്ച). ടിപ്പുവിനെതിരെ കുടകന്മാരും സാമൂതിരി കോവിലകത്തെ രവിവര്‍മയും നടത്തിയ ചെറുത്തുനില്‍പ്പുകളില്‍ (1788) മാപ്പിളമാര്‍ അകമഴിഞ്ഞു സഹായിച്ചിരുന്നതായി കാണാം.

പഴശ്ശി സമരങ്ങളിലും മാപ്പിളമാര്‍ സജീവപങ്കാളിത്തം വഹിച്ചിരുന്നു. ഇത് വേണ്ടത്ര പഠിക്കപ്പെടാത്ത ഒരു മേഖലയാണ്. ചാലാടി തങ്ങള്‍, എലമ്പിലാശ്ശേരി ഉണ്ണിമൂത്തമൂപ്പന്‍, അത്തന്‍ഗുരുക്കള്‍, ചെമ്പന്‍ പോക്കര്‍ എന്നീ ആദ്യകാല റിബലുകള്‍ പഴശ്ശി രാജാവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ ചാലാടിതങ്ങള്‍ ഒഴികെയുള്ളവര്‍ ഏറനാട്, വള്ളുവനാട് മേഖലകളില്‍ ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിച്ചു. ബ്രിട്ടീഷ് സ്വാധീനം ശക്തമാകുന്നതിന് തൊട്ടുമുമ്പും പിമ്പുമുള്ള വര്‍ഷങ്ങളില്‍ ഉണ്ണിമൂത്തമൂപ്പന്‍ കിഴക്കന്‍ വള്ളുവനാട്ടില്‍ തന്റെ പൂര്‍ണ അധികാരം അവകാശപ്പെട്ടിരുന്നു. തന്റെ പേരില്‍ 'നകാര'മടിക്കുകയും പള്ളിയില്‍ പ്രാര്‍ഥനകള്‍ നടത്തുകയും ചെയ്തിരുന്നു. (എം ഗംഗാധരന്‍: മാപ്പിളപഠനങ്ങള്‍, പു. 49)

1792 മുതല്‍ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാറിനെ 1800ല്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമാക്കുന്നതായി കാണാം. ഭരണസൌകര്യം എന്ന കാരണമായിരുന്നു ഔദ്യോഗിക വിശദീകരണമെങ്കിലും പഴശ്ശിരാജയുടെയും മാപ്പിളറിബലുകളുടെയും കലാപങ്ങളായിരുന്നു യഥാര്‍ഥ കാരണം. 1805ല്‍ പഴശ്ശിയുടെ ഭീഷണി അവസാനിക്കുകയും ക്രമസമാധാനം 'നിയന്ത്രണവിധേയമാക്കുകയും' ചെയ്തതോടെ ബ്രിട്ടീഷുകാര്‍ പുതിയ നികുതിവ്യവസ്ഥ നടപ്പാക്കാന്‍ തുടങ്ങി. കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഈ നിയമങ്ങള്‍ വിനാശകരമായിരുന്നു. തെക്കന്‍ മലബാറില്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ദാരിദ്ര്യവും പട്ടിണിയും മൂര്‍ച്ഛിക്കുന്നതിന് ഈ പുതിയ നികുതിനയം കാരണമായി.

വില്യം ലോഗനെ സംബന്ധിച്ചിടത്തോളം കര്‍ഷകരുടെ ദാരിദ്ര്യത്തിന് കാരണം കൊളോണിയല്‍ കാര്‍ഷിക വ്യവസ്ഥയായിരുന്നു. അത് അവര്‍ക്ക് പാട്ടക്കാലാവധിയുടെ നിശ്ചിതത്വവും ന്യായമായ പാട്ടവും കുടിയാന് സുഗമമായി ഭൂമി ലഭിക്കുന്നതും നിഷേധിച്ചു. ചെറുകിടക്കാരനായ പാട്ടക്കുടിയാന്മാര്‍ ദരിദ്രവല്‍ക്കരിക്കപ്പെട്ടു; അഥവാ അവര്‍ക്ക് ഉല്‍പ്പാദന ഉപാധികള്‍ നഷ്ടമായി. ഭൂമിയും മതവിശ്വാസവും സ്വത്വവും മാപ്പിളമാര്‍ക്ക് മുമ്പില്‍ വെല്ലുവിളിയായി മാറുകയായിരുന്നു.

ഇത്തരമൊരു സാമൂഹ്യ- സാമ്പത്തിക പശ്ചാത്തലത്തെ കൊളോണിയല്‍ വിരുദ്ധ സമരജ്വാലയാക്കാന്‍ ശ്രമിച്ച ബൌദ്ധിക സ്രോതസ്സുകളായിരുന്നു വെളിയംകോട് ഉമര്‍ ഖാളിയും മമ്പുറം തങ്ങന്മാരും. ഉമര്‍ഖാളി ബ്രിട്ടീഷ് നികുതി വ്യവസ്ഥക്കെതിരായി ഒരു ഫത്വ തന്നെ പുറപ്പെടുവിക്കുകയുണ്ടായി. നികുതി നിഷേധം നടത്താനുള്ള ഒരാഹ്വാനമായിരുന്നു അത്. 'സെയ്ഫുല്‍ ബതര്‍' എന്ന കൃതിയുടെ കാര്‍ത്താവായ സയിദ് അലവി തങ്ങള്‍ അന്ത്യംവരെയും ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യാന്‍ ആഹ്വാനംചെയ്തു. 1801 ലും 1817ലുമായി നടന്ന ആദ്യകാല കലാപങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലുകളുണ്ടായതായി സംശയിക്കപ്പെടുന്നു. ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ 'മതഭ്രാന്തന്‍' (religious fanatic) എന്ന് മുദ്രകുത്തി.

സയ്യിദ് ഫസല്‍ തങ്ങള്‍ ജാതീയതയുടെ ഉച്ചനീചത്വങ്ങളെ കടുത്തഭാഷയില്‍ വിമര്‍ശിച്ചിരുന്നു. മുസ്ളിംകളുള്‍പ്പെടെ താഴ്ന്ന ജാതിക്കാര്‍ നായന്മാരെയും മറ്റും ആദരസൂചകമായി 'നിങ്ങള്‍ ' എന്നു വിളിക്കരുതെന്നും 'നീ' എന്ന് മാത്രമേ സംബോധന ചെയ്യാവൂ എന്നും ഉദ്ബോധിപ്പിച്ചു.

കലാപകാരികളുടെ പ്രചോദന കേന്ദ്രങ്ങളായ ബുദ്ധിജീവികളെ ഇല്ലായ്മ ചെയ്യുകയെന്നത് ബ്രിട്ടീഷുകാരുടെ ആവശ്യവുമായിരുന്നു. മമ്പുറം തങ്ങന്മാരെ ബ്രിട്ടീഷുകാര്‍ നാടുകടത്തുന്നത് ഇത്തരമൊരു പശ്ചാത്തലത്തിലാണ്. പക്ഷേ ഇതിനെല്ലാം ബ്രിട്ടീഷുകാര്‍ വലിയ വില നല്‍കേണ്ടിവന്നു. മലബാര്‍ മജിസ്ട്രേറ്റും കലക്ടറുമായിരുന്ന എച്ച് വി കൊണോലി കോഴിക്കോട്ട് തന്റെ ബംഗ്ളാവില്‍വെച്ച് വെട്ടേറ്റ് മരിക്കുകയുണ്ടായി (1855). മമ്പുറം തങ്ങളെ നാടുകടത്തിയതിന്റെ സൂത്രധാരന്‍ കൊണോലിയാണെന്ന വിശ്വാസത്തിലാണ് കലാപകാരികള്‍ അദ്ദേഹത്തെ വധിച്ചത്. അതേപോലെ പിന്നീട് മലബാര്‍ കലക്ടറായിരുന്ന ഇന്നസും (1915) ആക്രമിക്കപ്പെട്ടു.

1840ല്‍ കൊണോലി നിരീക്ഷിച്ചതുപോലെ 'നാം മലബാറില്‍ രാഷ്ട്രീയമായ മേല്‍ക്കൈ നേടിയെടുത്തതു മുതല്‍ കലാപമില്ലാത്ത ഒരൊറ്റ വര്‍ഷവും കടന്നുപോയിട്ടില്ല.' ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം കലാപങ്ങളെല്ലാം കേവലം വഴക്കാളികളുടെ ലഹള മാത്രമായിരുന്നില്ല; മറിച്ച് രാജ്ഞിയുടെ അധീനതയിലുള്ള ഒരു രാജ്യത്തും നടക്കാത്തത്ര നിഷ്ഠുരമായ ആക്രമമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്ന കലാപങ്ങളുടെ ഒരു പ്രധാന സവിശേഷത അത് പൂര്‍ണമായും ചൂഷിതരായ ജന്മിമാരെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നതും അന്ത്യംവരെ പോരാടി രക്തസാക്ഷിത്വം വരിക്കുക എന്നതുമായിരുന്നു.

കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാനായി ബ്രിട്ടീഷ് അധികാരികള്‍ നിയോഗിച്ച ടി എല്‍ സ്ട്രേന്‍ജിന്റെ റിപ്പോര്‍ട് (1852) പ്രകാരം 1836 ല്‍ പന്തല്ലൂരിലാണ് ആദ്യത്തെ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതില്‍ ഒരു ഹിന്ദു ജ്യോത്സ്യന്‍ കുത്തേറ്റുമരിക്കുകയും മറ്റു മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. 1836 മുതല്‍ 1919 വരെയുള്ള 31 പ്രധാന കലാപങ്ങളില്‍ 336 പേരാണ് കൊല്ലപ്പെട്ടത്. ആക്രമിക്കപ്പെട്ടവര്‍ (എല്ലാവരും മരിച്ചിട്ടില്ല) 78 പേരും മരണപ്പെട്ടു. കലാപങ്ങളെ വിശദമായ പഠനത്തിന് വിധേയമാക്കിയ സ്ട്രേന്‍ജ് കണ്ടെത്തിയ വസ്തുത, കലാപങ്ങള്‍ക്ക് പ്രധാന കാരണമായി വര്‍ത്തിച്ചത് മാപ്പിളമാരുടെ മതഭ്രാന്തായിരുന്നുവെന്നാണ്. ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ് കലാപത്തിന്റെ തീച്ചൂളയിലേക്കെടുത്തു ചാടിയതെങ്കിലും ബ്രിട്ടീഷുകാര്‍ കൂട്ടമായിട്ട് പിഴ ചുമത്തുകയും തുറങ്കിലടയ്ക്കുകയും ചെയ്തിരുന്നു. (1854ലെ Mappila outrages Act പ്രകാരം)

മാപ്പിളമാരുടെ മതവികാരങ്ങളും സ്വത്വ പ്രതിസന്ധിയും കലാപങ്ങളുടെ പ്രധാന കാരണമായിരുന്നെങ്കിലും അവ വര്‍ഗീയമായിരുന്നില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. കലാപകാരികള്‍ ഹിന്ദുക്കളായ ജന്മിമാരെ ആക്രമിച്ചു എന്നത് വസ്തുതയാണ്. അങ്ങനെ ചെയ്തത് അവര്‍ ഹിന്ദുക്കളായതുകൊണ്ടല്ല, മറിച്ച് ചൂഷകരായ ജന്മിമാരോ അവരുടെ സഹായികളോ ആയതുകൊണ്ടാണ്. മറ്റൊരു പ്രധാനകാര്യം കലാപകാരികള്‍ മറ്റുള്ള ഹിന്ദു വിഭാഗങ്ങളെ വിശിഷ്യാ കീഴ്ജാതിയില്‍പെട്ടവരെ ആക്രമിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിരുന്നില്ല എന്നതാണ്. കലാപ പ്രദേശങ്ങളിലെ കര്‍ഷക സമുദായങ്ങള്‍ മാത്രമായിരുന്നു പങ്കെടുത്തുകൊണ്ടിരുന്നത്.

1849 ല്‍ മഞ്ചേരിയില്‍ നടന്ന ഒരു കലാപത്തില്‍ പങ്കെടുത്തവരുടെ പട്ടിക പരിശോധിച്ചാല്‍ കലാപകാരികളുടെ സാമൂഹ്യഘടന മനസ്സിലാക്കാവുന്നതാണ്. മഞ്ചേരി അത്തന്‍ മോയന്‍ ഗുരുക്കള്‍ നയിച്ച പ്രസ്തുത കലാപത്തില്‍ 65 മാപ്പിളമാരാണ് പങ്കെടുത്തത്. ഇതില്‍ 9 കുടിയാന്മാര്‍, 33 തൊഴിലാളികള്‍, ഒരു തങ്ങള്‍, ദരിദ്രനാക്കപ്പെട്ട ഒരു കുടിയാന്റെ(മാപ്പിള) രണ്ട് മക്കള്‍, കരിയുണ്ടാക്കുന്ന രണ്ടുപേര്‍, ഒരു തട്ടാന്‍, ഒരു ക്ഷുരകന്‍, ഒരു കുഷ്ഠരോഗി എന്നിവരും തിരിച്ചറിയപ്പെടാത്ത 14 പേരുമായിരുന്നു. (K K N Kurup, 'The Early Mappila Uprising' in the Legacy of Islam in Kerala , 2006, P.63) കലാപങ്ങളില്‍ ഒരേ വര്‍ഗഘടനയില്‍പ്പെട്ടവരാണ് പങ്കെടുത്തത് എന്നും ഇതില്‍ ദരിദ്രരായിരുന്നു ഭൂരിഭാഗം പേരുമെന്നതും കലാപങ്ങളുടെ പ്രത്യേകതയാണ്.

'കീഴാള പഠന'ങ്ങളുടെ സ്ഥാപക എഡിറ്ററായ രണജിത് ഗുഹ കീഴാളരുടെ പ്രതിരോധ ബോധത്തെ അടയാളപ്പെടുത്തുകയും നിര്‍വചിക്കുകയും ചെയ്തത് നിഷേധം (negation) സന്ദിഗ്ധത (ambiguity) ഐക്യദാര്‍ഢ്യം (Solidarity), ദേശപരത (territoriality)എന്നീ സവിശേഷതകളുടെ അടിസ്ഥാനത്തിലാണ്. കീഴാളവിഭാഗങ്ങളെ അവരുടെതന്നെ ചരിത്രത്തിന്റെ കര്‍ത്താക്കളായി മനസ്സിലാക്കുന്നതിന്റെ ഭാഗമായി കീഴാള ചരിത്രകാരന്മാര്‍ കലാപങ്ങള്‍ക്ക് കേന്ദ്രസ്ഥാനമാണ് കല്‍പ്പിച്ചുനല്‍കുന്നത്. എന്നാല്‍ കലാപത്തിലൂടെ മാത്രമല്ല കര്‍ഷകന്‍ തന്റെ സ്വത്വത്തെക്കുറിച്ച് ബോധവാനാകുന്നതെന്നും ഗുഹ പ്രസ്താവിക്കുന്നു.

കീഴാള ചരിത്രകാരന്മാരെ സംബന്ധിച്ചിടത്തോളം നിഷേധം എന്നാല്‍ ഗ്രാംഷിയുടെ ആശയമായ ഋണാത്മകബോധമാണ് (negative consciousness). നിഷേധങ്ങളുടെ ഒരു പരമ്പരയിലൂടെ മാത്രമേ അടിയാളവര്‍ഗങ്ങള്‍ക്ക് സ്വയം ബോധം നേടാന്‍ സാധിക്കുകയുള്ളൂ. കൊളോണിയല്‍ കാലഘട്ടത്തിലെ കലാപങ്ങളെ സ്വഭാവവല്‍ക്കരിക്കുന്ന നിഷേധങ്ങള്‍ രണ്ട് തത്വങ്ങളിലധിഷ്ഠിതമായിരുന്നുവെന്ന് ഗുഹ വാദിക്കുന്നു. വിവേചനം എന്നു വിളിക്കപ്പെടുന്ന ആദ്യത്തേത് ചില പ്രത്യേക ലക്ഷ്യങ്ങള്‍ ഉന്നംവെച്ച് (ജന്മികളിലേക്കും മറ്റും) നടത്തുന്ന അക്രമങ്ങളിലൂടെയാണ് പ്രകടമാവുന്നത്. ഇത്തരം ആക്രമണങ്ങളുടെ മാതൃകകള്‍ (patterns) വ്യക്തമാക്കുന്ന പ്രധാന കാര്യം കലാപകാരികള്‍ക്ക് ഒന്നോ രണ്ടോ പ്രധാന ശത്രുക്കളെ മാത്രമാണ് നേരിടേണ്ടിയിരുന്നത് എന്നതാണ്. നിഷേധത്തിന്റെ രണ്ടാമത്തെ പ്രരൂപം അധികാരരൂപങ്ങളെയും അതിന്റെ ചിഹ്നങ്ങളെയും നശിപ്പിക്കുന്നതിനോ അവ കൈയടക്കുന്നതിനോ നടത്തുന്ന ശ്രമങ്ങളാണ്.

ഗുഹയെ സംബന്ധിച്ചിടത്തോളം നിഷേധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രൂപം ഫ്യൂഡല്‍ അഥവാ അര്‍ധഫ്യൂഡല്‍ സമൂഹങ്ങളിലെ അധികാരിവര്‍ഗത്തെ കീഴാള വിഭാഗം അഭിസംബോധന ചെയ്യുന്ന ബഹുമാന സൂചകങ്ങളായ അഭിവാദ്യരൂപങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ആ വര്‍ഗത്തോട് നടത്തുന്ന വെല്ലുവിളിയാണ്. മലബാറിലെ മാപ്പിള കര്‍ഷക കലാപങ്ങളില്‍ ഇത്തരം നിഷേധങ്ങളുടെ ഒട്ടേറെ ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. മലബാറിലെ മാപ്പിളമാരെ കലാപത്തിന് പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി മമ്പുറം ഫസല്‍ തങ്ങള്‍ 1852ല്‍ തന്റെ അനുയായികള്‍ക്കായി നിര്‍ദേശങ്ങളുടെ പരമ്പരതന്നെ പുറത്തിറക്കുകയുണ്ടായി. അതിലൊന്ന്, തന്റെ അനുയായികള്‍ അവരുടെ ജന്മിമാരെ ആദരസൂചകമായി 'നിങ്ങള്‍' എന്ന് വിളിക്കുന്നത് നിര്‍ത്തണമെന്നതായിരുന്നു. ബംഗാളില്‍ കലാപം നടത്തിയ കര്‍ഷകരും സമാനമായ നിഷേധരൂപങ്ങള്‍ പിന്തുടര്‍ന്നതായി ഗുഹ രേഖപ്പെടുത്തുന്നുണ്ട്.

ക്ഷേത്രധ്വംസനവും വിഗ്രഹഭഞ്ജനവുമായിരുന്നു മുണ്ടാ (ഗോത്രവര്‍ഗം) കലാപത്തിലെ നിഷേധത്തിന്റെ സ്വഭാവം. മലബാറില്‍ ബ്രാഹ്മണരുടെ അധികാരം, അവരുടെ ഭൂസ്വത്തിലുള്ള കുത്തകാവകാശത്തില്‍നിന്നുമാത്രം രൂപംകൊണ്ടതായിരുന്നില്ല, ക്ഷേത്രങ്ങളുടെ ഊരാളന്മാരെന്നനിലയിലുള്ള അവരുടെ പദവികൊണ്ടുകൂടിയാണ്. പത്തൊമ്പതാം നൂറ്റാണ്ടിലുടനീളം നടന്ന മാപ്പിള കലാപങ്ങളിലെ ക്ഷേത്ര ധ്വംസനം ഇത്തരത്തിലുള്ള നിഷേധരൂപമായാണ് കാണേണ്ടത്. കൂടാതെ, ബ്രിട്ടീഷ് നികുതി വ്യവസ്ഥക്കെതിരായ ഉമര്‍ഖാളിയുടെ ഫത്വയും ബ്രിട്ടീഷ് ഭരണത്തിനെതിരെ യുദ്ധംചെയ്യാനുള്ള സയ്യിദ് അലവി തങ്ങളുടെ ആഹ്വാനവുമെല്ലാം നിഷേധത്തിന്റെ രൂപങ്ങള്‍ തന്നെ.

'സന്ദിഗ്ധത' എന്ന ആശയത്തിലൂടെ അര്‍ഥമാക്കുന്നത് കലാപത്തെക്കുറിച്ച് പൊതുവില്‍ നിലനില്‍ക്കുന്ന ധാരണയാണ്. കലാപം ഒരു ക്രിമിനല്‍ കുറ്റം ആണെന്ന ധാരണ പരക്കെ നിലനിന്നിരുന്നു. തീര്‍ച്ചയായും കര്‍ഷക കലാപങ്ങള്‍ കൊള്ള, കൊള്ളിവെയ്പ്, കൊലപാതകങ്ങള്‍ എന്നീ കുറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പക്ഷേ ഇവയെല്ലാം സാധാരണ ക്രിമിനല്‍ കുറ്റങ്ങളായാണ് പരിഗണിക്കപ്പെട്ടത്. ബംഗാളില്‍ 1854 ല്‍ നടന്ന കൊള്ളകളെല്ലാം കൊള്ളപ്പലിശക്കാരെ ഉന്നംവെച്ചായിരുന്നു. മാപ്പിള കലാപകാരികളും സമാനമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ഭൂനികുതിയുമായി ബന്ധപ്പെട്ട രേഖകളും പണം പലിശക്ക്കൊടുക്കുന്നവരുടെ രേഖകളും നശിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ക്രിമിനല്‍ കുറ്റത്തിന്റെ ഈ ഘടകം ഒരു പ്രത്യേകതരം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനിടയാക്കി. ടി എല്‍ സ്ട്രേന്‍ജ് തന്റെ റിപ്പോര്‍ടില്‍ മാപ്പിള കലാപങ്ങളെ കര്‍ഷക പ്രതിരോധം എന്നതിന്പകരം വര്‍ഗീയ കലാപം എന്ന് രേഖപ്പെടുത്തുക വഴി ഈ ആശയക്കുഴപ്പത്തെ ശക്തമാക്കുകയായിരുന്നു.

കലാപങ്ങളുടെ മറ്റൊരു പ്രധാന വശമായിരുന്ന ഐക്യദാര്‍ഢ്യം മലബാര്‍ കര്‍ഷക കലാപങ്ങളുടെ ശക്തിയായിരുന്നു. ജന്മിമാര്‍ക്കെതിരെ വര്‍ധിച്ചുവന്ന മാപ്പിള കലാപങ്ങളും (1836 മുതല്‍ 1854 വരെയുള്ള 18 വര്‍ഷത്തിനുള്ളില്‍ 24 കലാപങ്ങള്‍) അവയുടെ പ്രകടമായ മതകീയ/സാമുദായിക സ്വഭാവവും പള്ളിയുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതിനും (1831ല്‍ 637 പള്ളികള്‍; 1851ല്‍ 1808 പള്ളികള്‍ സ്ഥാപിച്ചു), അത്രയൊന്നും പ്രബലമല്ലാതിരുന്ന തങ്ങള്‍മാരുടെ സമൂഹത്തിന്റെ കേന്ദ്ര സ്ഥാനത്തേക്ക് വരുന്നതിനും കാരണമായി. പള്ളികളുടെയും തങ്ങള്‍മാരുടെയും ഈ മാധ്യസ്ഥത്തിന്റെ അനന്തര ഫലമായി ദരിദ്രമാപ്പിളമാരും താരതമ്യേന സമ്പന്നരായ സ്വമതക്കാരും തമ്മില്‍ ഒരു ഐക്യപ്പെടല്‍ സാധ്യമായി. 1873 ല്‍ നടന്ന പബ്ന കലാപത്തിലും മുസ്ളിംകള്‍ സമാനമായ ഒരു ഐക്യദാര്‍ഢ്യം രൂപീകരിച്ചിരുന്നു.

കര്‍ഷക കലാപങ്ങളുടെ മറ്റൊരു പ്രധാനവശം ദൃശ്യ-ശ്രാവ്യ ഉപകരണങ്ങളിലൂടെയുള്ള ആശയ വിനിമയമാണ്. ഇന്ത്യയിലെ വിവിധ കീഴാള വിഭാഗങ്ങള്‍ ഡ്രം, ഓടക്കുഴല്‍, കൊമ്പ് എന്നീ ഉപകരണങ്ങളിലൂടെയും അമ്പ്, ചപ്പാത്തി സാല്‍ ചെടിയുടെ കൊമ്പുകള്‍ എന്നിവ ഉപയോഗിച്ചും ആശയങ്ങള്‍ കൈമാറി. ഊഹാപോഹങ്ങളും (rumours) കലാപത്തിന്റെ വാര്‍ത്തയെത്തിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. ഗുഹയുടെ അഭിപ്രായത്തില്‍ മലബാര്‍ കര്‍ഷകകലാപങ്ങളിലെ 'ഒരുക്കങ്ങള്‍' (preparations) തന്നെ ഒരു ആശയവിനിമയ രീതിയായിരുന്നു. കലാപകാരികളുടെ പടയൊരുക്കത്തെക്കുറിച്ച് കോണ്‍റാഡ് വുഡ് നല്‍കുന്ന വിവരണം ഇങ്ങനെ നീളുന്നു. "കലാപത്തിന് സജ്ജനായ ഒരു വ്യക്തി വെള്ള വസ്ത്രം ധരിക്കുകയും ഭാര്യയെ വിവാഹമോചനം നടത്തുകയും ചെയ്യുന്നു; താന്‍ ആരോടെങ്കിലും അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കുന്നു; തന്റെ പ്രവര്‍ത്തനത്തില്‍ വിജയം കാംക്ഷിച്ച് ഒരു തങ്ങളുടെയോ പുരോഹിതന്റെയോ അനുഗ്രഹം തേടിപ്പോകുന്നു. പോര്‍വിളിയായി കലാപകാരികള്‍ 'തക്ബീര്‍' (അല്ലാഹു അക്ബര്‍) മുഴക്കുകയും മുമ്പുനടന്ന കലാപങ്ങളെ ഓര്‍മിപ്പിക്കുന്ന പാട്ടുകള്‍ പാടുകയും ചെയ്തിരുന്നു.'' പൊലീസുമായോ സൈന്യവുമായോ ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിക്കുന്നത് മാപ്പിളമാരുടെ വീര്യവും ഊര്‍ജവും വര്‍ധിപ്പിക്കുന്നതിനുള്ള രൂപകങ്ങളായി മാറ്റുകയായിരുന്നു.

19-ാം നൂറ്റാണ്ടിലെ കലാപകാലത്ത് മാപ്പിളമാര്‍ ഒരു പ്രത്യേക ജനുസില്‍പ്പെട്ട പാട്ടുകള്‍ -പടപ്പാട്ടുകള്‍ കെട്ടിപ്പാടുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മലപ്പുറം പടപ്പാട്ട്, ചേറൂര്‍ പടപ്പാട്ട് തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. കലാപകാരികളെ സ്തുതിക്കലും യുദ്ധവിവരണവുമായിരുന്നു ഇവയുടെ ഉള്ളടക്കം. ഇത്തരം പാട്ടുകള്‍ 1921 ലെ മലബാര്‍ കലാപത്തെ സ്വാധീനിച്ചിരുന്നു.

ഒരു പ്രത്യേക ഭൂമിശാസ്ത്ര പരിധിക്കകത്ത് ഒതുങ്ങി നില്‍ക്കുക (territoriality) എന്ന കര്‍ഷകകലാപത്തിന്റെ പൊതുസ്വഭാവം മാപ്പിള കര്‍ഷക കലാപങ്ങളുടെ കാര്യത്തിലും കാണാവുന്നതാണ്. ഗുഹ അഭിപ്രായപ്പെടുന്നതുപോലെ ഒരു കര്‍ഷക കലാപം സാധാരണയായി ഒരു പ്രത്യേക പ്രദേശത്തിന് പുറത്തേക്ക് വ്യാപിക്കാറില്ല. ഒരു ദേശം സവിശേഷമായ ഒരു സാംസ്കാരിക ഭൂമിശാസ്ത്രസൂചകം കൂടിയാണെന്ന കാരണത്താലാവാം, മാപ്പിള കര്‍ഷകകലാപങ്ങള്‍ ദക്ഷിണ മലബാറില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുകയായിരുന്നു.

കര്‍ഷക കലാപങ്ങള്‍ പൊതുവെ അക്രത്തിലൂടെയാണ് അതിന്റെ സ്വരൂപം (identity)സ്ഥാപിച്ചെടുക്കുന്നത്. അവ പൊതുവായതും കൂട്ടായതും നശീകരണാത്മകവുമാണ്. ഇന്ത്യയിലെ മറ്റേതൊരു കര്‍ഷക കലാപംപോലെയും മാപ്പിള കലാപങ്ങള്‍ നശീകരണാത്മകമായി മാറി. 1875 ല്‍ പുണെയിലെയും അഹമ്മദ് നഗറിലെയും കുന്‍ബികള്‍ (kunbis) മാര്‍വാഡി പലിശക്കാരുടെ ബോണ്ടുകള്‍, കടകള്‍, വീടുകള്‍, കാലിത്തീറ്റകള്‍ എന്നിവ കലാപങ്ങള്‍ക്കിടെ അഗ്നിക്കിരയാക്കിയത് ഉദാഹരണമാണ്. മാപ്പിളമാര്‍ കലാപത്തിനിടെ ജന്മിമാരുടെ വീടുകളും ക്ഷേത്രങ്ങളും മറ്റും നശിപ്പിച്ചത് സമാനമായ സംഭവങ്ങളാണ്.

*
എം പി മുജീബു റഹ്മാന്‍

03 November, 2010

ഒഞ്ചിയത്തെ യഥാർത്ഥ കമ്യൂണിസ്റ്റുകാർ

പിട‍ഞ്ഞുതീരുന്ന പ്രാണന്‍ അല്‍പനേരത്തേയ്ക്ക് പിടിച്ചു നിര്‍ത്തിയാണ് ചോരയില്‍ കൈമുക്കി സഖാവ് മണ്ടോടി കണ്ണന്‍ ലോക്കപ്പുമുറിയുടെ ചുവരില്‍ അരിവാളും ചുറ്റികയും വരച്ചത്. ആ രണധീരന്റെ സമരക്കരുത്തിന് മുന്നില്‍ ചൂളിച്ചുരുണ്ടത് കോണ്‍ഗ്രസിനും നെഹ്രുവിനും സിന്ദാബാദ് വിളിച്ചാല്‍ മോചിപ്പിക്കാമെന്ന പ്രലോഭനവും. ഓര്‍മ്മകളിലും ചരിത്രത്തിലും ഒഞ്ചിയത്തിന് അര്‍ത്ഥം ഒന്നേയുളളു. തലകുനിക്കാനറിയാത്ത, കീഴടക്കാനാവാത്ത ആത്മാഭിമാനം.

ചോരക്കറ ചുരണ്ടിനീക്കിയാല്‍ ഒഞ്ചിയത്തിന്റെ ചരിത്രത്തില്‍ വഞ്ചനയുടെ കറുപ്പും കാണാം. ചതിച്ചു കൊന്നതാണ് ഒഞ്ചിയം സഖാക്കളെ. അറസ്റ്റിലായ പുളിയില്‍ വീട്ടില്‍ ചോയിക്കാരണവരെയും മകന്‍ കണാരനെയും വിട്ടുതരാമെന്ന് വ്യാമോഹിപ്പിച്ച് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ ചെന്നാട്ടത്താഴ വയലിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു പോലീസും കോണ്‍ഗ്രസ് ഒറ്റുകാരും. മോചിപ്പിക്കപ്പെടുന്ന സഖാക്കളെ സ്വീകരിക്കാന്‍ വന്നവരെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് വെടിവെച്ചിട്ടു.

അധികാരത്തിന്റെ മുഷ്കിനു കീഴടങ്ങാന്‍ എന്നിട്ടും അഭിമാനമുളള ജനത തയ്യാറായില്ല. എട്ടുപേരെയും ഒരു കുഴിയില്‍ കുഴിച്ചുമൂടാമെന്ന പോലീസിന്റെ മോഹത്തെ അവര്‍ ചെറുത്തുതോല്പ്പിച്ചു. ഓരോരോരുത്തരെ ഓരോ സ്ഥലത്ത് മറവുചെയ്യണമെന്ന ആവശ്യത്തിന് മുന്നില്‍ സര്ക്കാരിന് കീഴടങ്ങേണ്ടി വന്നു.

ജന്മിത്തത്തെ വെല്ലുവിളിച്ച കുറ്റത്തിന്, മണ്ടോടി കണ്ണനെ തല്ലിക്കൊല്ലാനും അളവക്കല്‍ കൃഷ്ണനടക്കം എട്ടുപേരെ വെടിവെച്ചു കൊല്ലാനും പൊലീസിനെ നിയോഗിച്ചത് കോണ്‍ഗ്രസുകാരാണ്. തങ്ങളുടെ അധികാരത്തെ വെല്ലുവിളിക്കുന്നവരോട് നിറതോക്കുകള്‍ മറുപടി പറയും എന്ന് ഓര്‍മ്മിപ്പിക്കാന്‍ എട്ടുപേരെ ചുട്ടുതളളി. രണ്ടുപേരെ ഇടിച്ചുകൊന്നു.

ആ കോണ്‍ഗ്രസാണ് ഒറ്റുകാരുടെയും കുലംകുത്തികളുടെയും ചെലവില്‍ ഇന്ന് ആര്‍ത്ത് ചിരിക്കുന്നത്. കൂടെച്ചിരിക്കാന്‍ മനോരമയുണ്ട്, മാതൃഭൂമിയുണ്ട്, സകല ചാനല്‍ ചാവാലികളും പത്രച്ചട്ടമ്പികളുമുണ്ട്. കമ്മ്യൂണിസ്റ്റുകാരന്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ചു മരിക്കുമെന്ന് പ്രതിജ്ഞ ചെയ്തവര്‍, കമ്മ്യൂണിസത്തെ പ്രപഞ്ചത്തില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ വ്രതമെടുത്തവര്‍, ത്യാഗധനരായ ജനനേതാക്കളുടെ ജ്വലിക്കുന്ന ജീവിതത്തെ അപവാദങ്ങളില്‍ കുളിപ്പിച്ചവര്‍, ഒരേസ്വരത്തില്‍, ഒരേ താളത്തില്‍ ആര്‍ത്തുവിളിക്കുന്നു; "ഒഞ്ചിയത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടി".

ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തില്‍, കലര്‍പ്പില്ലാത്തൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പഞ്ചായത്തു ഭരിക്കാനിറങ്ങുമ്പോള്‍ വിഷക്കുപ്പി തപ്പുന്നില്ല, മനോരമയിലെ പുതിയ തലമുറ. പകരം, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയത്തിനും വളര്‍ച്ചയ്ക്കും മാമ്മുക്കുട്ടിച്ചായന്റെയും പരിവാരങ്ങളുടെയും സമ്പൂര്‍ണ സഹായം. അവര്‍ക്കെതിരെ നുണക്കഥകളില്ല. അപവാദപ്രചരണമില്ല. മനോരമ അണിയിച്ചൊരുക്കിയ വര്‍ണത്തേരിലേറി ടി പി ചന്ദ്രശേഖരനും സംഘവും കേരളം സമത്വസുന്ദര കമ്മ്യൂണിസ്റ്റ് ലോകമാക്കും.

ശരിയാണ്. ഒഞ്ചിയം പഞ്ചായത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തോറ്റു. 2005ല്‍ ആകെ 16 സീറ്റുകളുണ്ടായിരുന്ന സിപിഎമ്മിന് ഒഞ്ചിയത്ത് ഇപ്പോള്‍ 17ല്‍ വെറും അഞ്ച്. അന്ന് കിട്ടിയ 9128 വോട്ടുകളുടെ സ്ഥാനത്ത് ഇന്ന് ഇടതുമുന്നണി നേടിയത് വെറും 6632 വോട്ടുകള്‍. ശതമാനം 60 ല്‍ നിന്ന് 40 ആയി ഇടിഞ്ഞു താണു.

മറുവശത്തോ. മണ്ടോടി കണ്ണനെ ഇടിച്ചുകൊന്ന, എട്ടു ധീരസഖാക്കളെ ചതിച്ച് വെടിവെച്ച് വീഴ്ത്തിയ കോണ്‍ഗ്രസിന്റെ സഹായത്തോടെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ വീമ്പിളക്കുന്നു.

2005ല്‍ ഒരു സീറ്റും 5341 വോട്ടുകളുമായിരുന്നു ഒഞ്ചിയത്ത് യുഡിഎഫിന്റെ വിഹിതം. ഇന്നത് 4 സീറ്റുകളായി ഉയര്‍ന്നു. പക്ഷേ, വോട്ട് വിഹിതം 2796 ആയി ഇടിഞ്ഞു. 2005ല്‍ എല്ലാ സീറ്റിലും മത്സരിച്ച യുഡിഎഫിന് ഇന്ന് 11 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല. അതില്‍ എട്ടിടത്താണ് "കമ്മ്യൂണിസ്റ്റ് തനിത്തങ്കങ്ങള്‍" ജയിച്ചുകയറിയത്. സിപിഎമ്മും യുഡിഎഫും നേര്‍ക്കുനേര്‍ മത്സരിച്ച വാര്‍ഡുകളിലത്രയും "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍" വോട്ടുചെയ്തത് കൈപ്പത്തിയ്ക്ക്. ശേഷിച്ച വാര്‍ഡുകളില്‍ കൈപ്പത്തിക്കാരന്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക് '' വോട്ടുചെയ്തു.

സിപിഎമ്മുമായി നേര്‍ക്കുനേര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ശരാശരി 520 വോട്ടുകള്‍ നേടിയ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക്", കോണ്‍ഗ്രസ് ജയിച്ച മണ്ഡലങ്ങളില്‍ കിട്ടിയ വോട്ടുകള്‍ എത്രയെന്ന് കാണുക. ചെമ്മക്കുന്ന് - 76, വലിയ മാടക്കര - 23, കണ്ണുവയല്‍ - സ്ഥാനാര്ത്ഥിയില്ല, അറയ്ക്കല്‍ 191. കോണ്‍ഗ്രസിനോട് ഏറ്റുമുട്ടി സിപിഎം ജയിച്ച മാടക്കരയില്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക്" കിട്ടിയത് വെറും 32 വോട്ട്.

2005ല്‍ നിന്നും 2496 വോട്ടുകള്‍ സിപിഎമ്മിന് ഇക്കുറി കുറഞ്ഞു. കോണ്‍ഗ്രസിന് 2545 വോട്ടുകളും. കമ്മ്യൂണിസ്റ്റുകാരേക്കാള്‍ കൂടുതല്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരായത് കോണ്‍ഗ്രസുകാരാണെന്നര്‍ത്ഥം. 11 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെയെ നിര്‍ത്താതെ, 2545 വോട്ടുകള്‍ ദാനം ചെയ്ത് കോണ്‍ഗ്രസ് വിജയിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ് "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരെ". സിപിഎമ്മില്‍ നിന്ന് 20 ശതമാനം വോട്ടുചോര്‍ന്നപ്പോള്‍ 18 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് വക സംഭാവന.

സിപിഎമ്മിന് നഷ്ടപ്പെട്ട സീറ്റിനെയും വോട്ടിനെയും കുറിച്ച് വാചാലരാകുന്ന മാധ്യമങ്ങളൊന്നും "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി"യുടെ വോട്ടുവിഹിതത്തിന്‍റെ പകുതി കോണ്‍ഗ്രസുകാരന്റെ സംഭാവനയാണെന്ന് പറയുന്നതേയില്ല. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ഒഞ്ചിയത്തെ പകുതിയോളം കോണ്‍ഗ്രസുകാര്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റു"കാരായി രൂപം മാറിയത് നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞിട്ടേയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒറ്റികൊടുത്തവരും കോണ്‍ഗ്രസും ചേര്‍ന്ന് നേടിയതാണ് ഈ വിജയമെന്ന് വിളിച്ചുപറഞ്ഞാല്‍ ആരുടെ മുഖമാണ് നഷ്ടപ്പെടുന്നത് എന്ന് അവര്‍ക്ക് നിശ്ചയമുണ്ട്. ഒറ്റുകാരെക്കൊണ്ടുളള ആവശ്യങ്ങള്‍ തീര്‍ന്നിട്ടില്ല.

എന്നാല്‍ ഒഞ്ചിയത്തെ സാധാരണ ജനത ആ സത്യം തിരിച്ചറിയുകയാണ്. നുണ പറഞ്ഞും വഞ്ചിച്ചുമാണ് പ്രാണനെപ്പോലെ ചെങ്കൊടിയെ സ്നേഹിച്ച തങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തിയെടുത്തത് എന്നവര്‍ വേദനയോടെ ഉള്‍ക്കൊളളുന്നു. ആര്‍ത്തിരമ്പിയ വ്യാജപ്രചരണങ്ങളില്‍ കുടുങ്ങിപ്പോയവര്‍ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല, സഖാവ് മണ്ടോടി കണ്ണന്റെ കൊലയാളികളുമായി ഭരണമധുവിധു ആഘോഷിക്കാനാണ് "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരുടെ" ഈ പടപ്പുറപ്പാടെന്ന്. രക്തസാക്ഷികളുടെ പേരില്‍ ഒഴുക്കിയത് മുതലക്കണ്ണീരാണെന്നും അവരുടെ ചെലവില്‍ കുത്തിയൊഴുക്കിയ ആവേശം കൃത്രിമമാണെന്നും തിരിച്ചറിഞ്ഞ ഒരു ജനതയുടെ പ്രതികാരം ഒറ്റുകാരെ കാത്തിരിക്കുന്നുണ്ട്.

പഴയ ചതിയില്‍ ഒഞ്ചിയത്തെ സഖാക്കള്‍ക്ക് നഷ്ടപ്പെട്ടത് ജീവനായിരുന്നുവെങ്കില്‍, ഇന്ന് ഒരു തിരഞ്ഞെടുപ്പ് വിജയം. ചതി തിരിച്ചറിയുന്ന ജനത ഇന്നല്ലെങ്കില്‍ നാളെ ആ വിജയം അവരെ തിരികെ ഏല്‍പ്പിക്കുക തന്നെ ചെയ്യും. ഒറ്റുകാരില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ അവസാനനിമിഷം വരെ പോരാടിയ ഒഞ്ചിയത്തെ ധീരസഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍.

പൊളിച്ചെഴുത്ത് ബ്ലോഗില്‍ വന്ന ഒഞ്ചിയം സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍.... എന്ന പോസ്റ്റ് പുന: പ്രസിദ്ധീകരിക്കുന്നത്

09 June, 2010

ലോകം ഗാസയായി മാറുമ്പോള്



ലോകസമാധാനത്തിനും മാനവികതക്കും ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തപ്പെടുന്നത് ഇസ്രാഈലില്‍ നിന്നാണെന്ന് തെളിയിക്കുന്ന നടുക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. സയണിസ്റ്റ് ഭരണകൂട ഭീകരതയാല്‍ വളയപ്പെട്ട ഗാസ ചീന്തില്‍ പതിനഞ്ചു ലക്ഷം ജനങ്ങളാണ് അധിവസിക്കുന്നത്. അതില്‍ പത്തു ലക്ഷത്തോളം പേരും ഫലസ്തീനില്‍ നിന്ന് ഓടിപ്പോന്നവരാണ്. സുന്നി മുസ്ളിങ്ങളാണ് കൂടുതലും. അവര്‍ക്കു നേരെ എല്ലായ്പോഴും ബോംബുകള്‍ വര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു. അവര്‍ക്ക് വേണ്ടത്ര ഭക്ഷണമോ ശുദ്ധജലമോ ഔഷധങ്ങളോ ചികിത്സയോ വിദ്യാഭ്യാസമോ തൊഴിലോ വരുമാനമോ ലഭിക്കുന്നില്ല. ആധുനിക ലോകത്തിനു മുമ്പില്‍ ഏറ്റവും വലിയ ചോദ്യചിഹ്നമായി നിലക്കൊള്ളുന്ന ഒരു തുറന്ന ജയിലാണ് ഗാസ ചീന്ത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പരോക്ഷവും പ്രത്യക്ഷവുമായ സഹായത്തോടെ, ഫലസ്തീനിനെ സമ്മര്‍ദ്ദത്തിലും വരുതിയിലും യുദ്ധഭീഷണിയിലും കീഴ്പ്പെടുത്തി വെച്ചിരിക്കുന്ന ഇസ്രാഈലിന്റെ നടപടികള്‍ക്കെതിരെ ഫലപ്രദമായി ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് ഐക്യരാഷ്ട്ര സഭ പോലും. ഗാസയിലെ ജനങ്ങള്‍ക്ക് ഔഷധങ്ങളും ഭക്ഷണവും മറ്റ് അത്യാവശ്യ സഹായവസ്തുക്കളുമായി പോകുകയായിരുന്ന കപ്പല്‍ വ്യൂഹത്തെ(ഫ്ളോട്ടില) അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തികള്‍ക്കകത്തു വെച്ച് ഇസ്രാഈല്‍ നിഷ്ഠൂരമായി ആക്രമിക്കുകയും സമാധാന നോബല്‍ സമ്മാന ജേതാവ് മൈറീഡ് മഗ്യൂറെയടക്കമുള്ള സമാധാനപ്രവര്‍ത്തകരെ പരിക്കേല്‍പിക്കുകയും പത്തിലധികം പേരെ കൊന്നൊടുക്കുകയും ചെയ്തിരിക്കുന്നു. ആറു കപ്പലുകളിലായി 37 രാജ്യങ്ങളില്‍ നിന്നുള്ള 663 സമാധാന പ്രവര്‍ത്തകരാണ് പതിനായിരം ടണ്‍ സഹായവസ്തുക്കളുമായി ഗാസയിലേക്ക് പോയിക്കൊണ്ടിരുന്നത്. അഷ്ദോദ് തുറമുഖത്തെത്തി ഇസ്രാഈലിന്റെ കര്‍ശന പരിശോധനകള്‍ക്കു ശേഷം മാത്രമേ മുന്നോട്ടു പോകാവൂ എന്ന സയണിസ്റ്റ് ആജ്ഞ ലംഘിച്ചതിനെ തുടര്‍ന്നാണ് ചരിത്രത്തില്‍ തന്നെ കേട്ടു കേള്‍വിയില്ലാത്ത വിധത്തിലുള്ള അക്രമപ്രവൃത്തിയിലേക്ക് ഇസ്രാഈല്‍ സൈന്യം നീങ്ങിയത്.

ലോകരാജ്യങ്ങളില്‍ ഭൂരിഭാഗവും ഈ നിഷ്ഠൂരതയെ അപലപിച്ചും പ്രതിഷേധിച്ചും രംഗത്തു വന്നപ്പോള്‍ അമേരിക്കന്‍ ഐക്യ നാടുകള്‍ രണ്ടു ദിവസത്തോളം മൌനം പാലിച്ചുകൊണ്ട് ഇസ്രാഈലിനെ പിന്തുണക്കുകയാണ് ചെയ്തത്. ബാരക്ക് ഹുസൈന്‍ ഒബാമ എന്ന ആഫ്രോ ഏഷ്യന്‍ വംശജനും അര്‍ദ്ധ മുസ്ളിമുമായ പ്രസിഡണ്ട് അവരോധിതനായതോടെ അമേരിക്കയുടെ സാമ്രാജ്യത്വ-അക്രമ മനോഭാവത്തില്‍ മാറ്റം വന്നേക്കുമെന്ന് കരുതിയിരുന്നവരെ ഇരുത്തി ചിന്തിപ്പിക്കുന്ന കാര്യമായി ഈ മൌനം അഥവാ സമ്മതം മാറുമോയെന്ന് കാത്തിരുന്നു കാണാം. ഒബാമ മുസ്ളിങ്ങളോട് സംസാരിക്കുന്നു എന്ന പേരില്‍ കയ്റോ മുതല്‍ തൃശ്ശൂര്‍ വരെ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നുകളില്‍ വിളമ്പിയ കോഴിക്കാലുകള്‍ കടിച്ചു വലിച്ചവര്‍ ഉപേക്ഷിച്ച എല്ലിന്‍ കഷണങ്ങളെങ്കിലും ഗാസയിലെ കുട്ടികള്‍ക്ക് എത്തിക്കാന്‍ ഒബാമ നോക്കികള്‍ തയ്യാറാകുമോ എന്നാണ് മനുഷ്യസ്നേഹികള്‍ക്ക് ചോദിക്കാനുള്ളത്. ഇന്ത്യന്‍ മനോഭാവവും നിരാശാജനകമായിരുന്നു. സമയബദ്ധവും നിഷ്പക്ഷവും ആധികാരികവും സുതാര്യവുമായ ഒരന്വേഷണം അതും അന്താരാഷ്ട്ര നിലവാരത്തിലുള്ളത് നടത്തി കുറ്റക്കാരെ ഉചിതമായ വിധത്തില്‍ ശിക്ഷിക്കണമെന്നാണ് ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ഈ മനുഷ്യവിരുദ്ധ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്.

2006ലെ തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം ഹമാസാണ് ഗാസയിലെ ഭരണം നടത്തി വരുന്നത്. ഹമാസിനോട് പ്രഖ്യാപിത യുദ്ധത്തിലാണ് തങ്ങള്‍ എന്നാണ് ഇസ്രാഈല്‍ പറയുന്നത്. അവരുടെ സഖ്യ ശക്തിയായ ഈജിപ്ത് ഗാസയുമായുള്ള അതിര്‍ത്തിയില്‍ ഉരുക്കു കൊണ്ടുള്ള കൂറ്റന്‍ മതില്‍ കെട്ടി വരുകയാണ്. ഇപ്പോഴുണ്ടായ ആക്രമണത്തെ ഈജിപ്തും നാസ സഖ്യത്തിലെ ഏക മുസ്ളിം രാജ്യമായ തുര്‍ക്കിയും ശക്തമായ ഭാഷയിലാണ് അപലപിച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. ഇറ്റലിയും നിക്കരാഗ്വയും അയര്‍ലണ്ടും ഉള്‍പ്പെടെ വലുതും ചെറുതുമായ ലോകരാജ്യങ്ങള്‍ ഇസ്രാഈലിനെ അപലപിക്കാന്‍ മുന്നിട്ടിറങ്ങി എന്നത് നിസ്സാര കാര്യമല്ല. പതിനെട്ടു മാസങ്ങള്‍ക്കു മുമ്പ്, ഗാസയിലെ ജനങ്ങള്‍ക്കു മേല്‍ ഇസ്രാഈല്‍ നടത്തിയ കുടിലമായ ആക്രമണത്തില്‍ 1400 പേരാണ് മരിച്ചുവീണത്(ഓപ്പറേഷന്‍ കാസ്റ്റ് ലീഡ്). അന്ന് ആഗോള തലത്തില്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ഫലസ്തീനിനോട് ഐക്യദാര്‍ഢ്യം വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. എന്നാല്‍, ലോകരാജ്യങ്ങളിലെ ഭരണാധികാരികളും സര്‍ക്കാരുകളും ഔദ്യോഗിക കാര്യങ്ങളുമായി ഫലത്തില്‍ നിശ്ശബ്ദത പുലര്‍ത്തിപ്പോരുകയായിരുന്നു ഇത്ര നാളും. അതിലൊരു മാറ്റം, മെഡിറ്ററേനിയനിലെ ആക്രമണത്തെ തുടര്‍ന്നുണ്ടായിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ സംഗതി. ഇസ്രാഈല്‍ വര്‍ഷിച്ച വെള്ള ഫോസ്ഫറസ് ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ തൊലികള്‍ പൊള്ളിച്ചുകൊണ്ടേ ഇരുന്നപ്പോള്‍, യൂറോപ്യന്‍ യൂണിയനിലെ പല ഭരണാധികാരികളും ജെറുസലേം സന്ദര്‍ശിച്ച് ഇസ്രാഈലിന്റെ ഔദ്യോഗിക വിരുന്നുണ്ണുകയായിരുന്നു. ഇപ്പോള്‍, യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കു നേരെ വരെ വെടിയുതിര്‍ക്കാന്‍ സയണിസ്റ് വേട്ടപ്പട്ടി(അതോ പേപ്പട്ടിയോ?) സന്നദ്ധമായിരിക്കുന്നു. ഇനിയും, സ്വരക്ഷക്കായുള്ള വെടിയും വേട്ടയും ഭ്രാന്തുമായി, ഇസ്രാഈല്‍ അധിനിവേശങ്ങളെ ന്യായീകരിക്കാന്‍ യൂറോപ്പിനും ലോകരാജ്യങ്ങള്‍ക്കും സാധ്യമാവുമോ? കാസ്റ്റ് ലീഡിനു ശേഷം ഇത്രയും നാള്‍ ഒരൊറ്റ രാജ്യവും ചികിത്സാ സഹായങ്ങള്‍ ഗാസയിലെത്തിച്ചിരുന്നില്ല എന്നോര്‍ക്കുക.

ലോക മാനവരാശി ഇപ്പോഴെന്താണ് ചെയ്യേണ്ടത് എന്നതിന് മെയ് 31 ആക്രമണത്തിനിടയില്‍, മാവി മാര്‍മര എന്ന തുര്‍ക്കി കപ്പലില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട പ്രസിദ്ധ സ്വീഡിഷ് എഴുത്തുകാരനായ ഹെന്നിംഗ് മാങ്കെല്‍ പറഞ്ഞതു തന്നെയാണ് ഉത്തരം. ദക്ഷിണാഫ്രിക്കയിലെ വര്‍ണ വെറിയന്‍ ഭരണകൂടത്തിനെതിരെ നാം പ്രയോഗിച്ച അതേ തന്ത്രങ്ങള്‍ ഇസ്രാഈലിനെതിരെയും നടത്തണം. ഉപരോധങ്ങളല്ലാതെ മറ്റൊരു പോംവഴിയുമില്ല. ഫ്രീഡം ഫ്ളോട്ടില അത്തരം മാനുഷികൈക്യത്തിന്റെ ഉത്തമ നിദര്‍ശനമായിരുന്നു. നമ്മുടെ കാലത്ത് ജീവിച്ചിരിക്കുന്ന നിസ്സഹായരായ മനുഷ്യരെ ക്രൂരതക്കും ഒറ്റപ്പെടുത്തലിനും സര്‍ക്കാരുകളുടെ സ്വാര്‍ത്ഥതകള്‍ക്കും വിധേയമാക്കി ഇല്ലാതാക്കുന്ന മനോഭാവത്തോടുള്ള അഹിംസയിലധിഷ്ഠിതമായ ഉജ്വലമായ ചെറുത്തുനില്‍പായിരുന്നു ആ കപ്പല്‍ വ്യൂഹം. വെറുതെയല്ല, ഇസ്രാഈലിനെ അത് വല്ലാതെ പ്രകോപിപ്പിച്ചത്. ഗാസയിലെ നിസ്സഹായരായ പതിനഞ്ചു ലക്ഷം ജനങ്ങളെ തുറന്ന ജയിലിലിട്ട് വംശഹത്യയിലേക്ക് നയിച്ചിരുന്ന ഇസ്രാഈല്‍, ഇപ്പോള്‍ വിവിധ ഭൂഖണ്ഡങ്ങളിലെ മുപ്പതിലധികം രാജ്യങ്ങളിലെ നൂറു കണക്കിന് മനുഷ്യാവകാശപ്രവര്‍ത്തകരെയാണ് ആക്രമിച്ചിരിക്കുന്നത്. അതായത്, സയണിസ്റ് ഭരണകൂട ഭീകരര്‍ ലോകത്തെ തന്നെയാണ് ആക്രമിച്ചിരിക്കുന്നത്. അതുകൊണ്ടാണ്, അലി അബുനിമാഹിനെപ്പോലുള്ള നിരീക്ഷകര്‍, ഈ ദിവസം ലോകം ഗാസയായി മാറി എന്നു വ്യാഖ്യാനിച്ചത്.

ഇസ്രാഈലിനും അവരെ സംരക്ഷിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനുമെതിരായ വിപുലമായ ജനകീയ ഐക്യമുന്നണി ലോകവ്യാപകമായി കെട്ടിപ്പടുക്കുക എന്നതാണ് അടിയന്തിരമായി നിര്‍വഹിക്കേണ്ട കര്‍ത്തവ്യം. ദിവസേന ഏഴു ദശലക്ഷം ഡോളര്‍ വിലക്കുള്ള ആയുധക്കൂമ്പാരങ്ങളാണ് അമേരിക്ക ഇസ്രാഈലിന് കൊടുത്തുകൊണ്ടിരിക്കുന്നത്. 118 അംഗരാഷ്ട്രങ്ങളുള്ള ചേരി ചേരാ പ്രസ്ഥാനം, 56 അംഗങ്ങളുള്ള ഇസ്ളാമിക് കോണ്‍ഫറന്‍സ് സംഘടന, 22 രാജ്യങ്ങളുള്ള അറബ് ലീഗ്, എന്നീ രാഷ്ട്ര മുന്നണികളെ നോക്കുകുത്തികളാക്കിക്കൊണ്ട് അമേരിക്കയും ഇസ്രാഈലും ലോകത്തെ തങ്ങളുടെ തോക്കിന്‍ മുനയില്‍ പേടിപ്പിച്ചു നിര്‍ത്തിയിരിക്കുന്നു എന്നതാണ് വാസ്തവം.

ജൂണ്‍ ഒന്നാം തീയതി ഉഗാണ്ടയിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി റിവ്യൂ സമ്മേളന വേദിയില്‍ ഒത്തു ചേര്‍ന്ന മുപ്പതോളം എന്‍ ജി ഒ കള്‍ സംയുക്തമായി അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ വെച്ചിരിക്കുന്ന അടിയന്തിരാവശ്യങ്ങള്‍ നടപ്പിലാക്കാന്‍ സമരങ്ങളും സമ്മര്‍ദ്ദങ്ങളും ഐക്യദാര്‍ഢ്യങ്ങളും ഇടവേളകളില്ലാതെ നടത്തുക എന്നതു മാത്രമാണ് നമുക്കു മുമ്പിലുമുള്ള പോംവഴി. അവരുടെ സംയുക്ത പ്രസ്താവനയിലെ പ്രധാന നിര്‍ദേശങ്ങളിവയാണ്: നിയമവിരുദ്ധമായി അടച്ചിട്ട ഗാസ ചീന്ത് തുറന്നിടുകയും ലോകവുമായുള്ള ബന്ധം പുനസ്ഥാപിക്കുകയും ചെയ്യുക; അധിനിവേശ ഫലസ്തീന്‍ പ്രവിശ്യകളിലെ പരിതസ്ഥിതികളെക്കുറിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ വിശദമായ പരിശോധന നടത്തുക; ഇസ്രാഈല്‍ നടത്തുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള തുടര്‍ച്ചയായ ക്രിമിനല്‍ നിയമലംഘനങ്ങള്‍ എന്തുകൊണ്ട് ശിക്ഷിക്കപ്പെടാതെ പോകുന്നു എന്ന പ്രശ്നം ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സിലിനു മുമ്പാകെ സെക്രട്ടറി ജനറല്‍ തന്നെ വിശദീകരിക്കുകയും ആഗോള നിയമങ്ങള്‍ പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക; ഇതു പ്രകാരം യു എന്‍ സുരക്ഷാ കൌണ്‍സില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക്(ഐ സി സി) കേസ് റഫര്‍ ചെയ്യുക; ഇതിനെ തുടര്‍ന്ന് ഐ സി സിയിലെ അംഗരാഷ്ട്രങ്ങള്‍ നയതന്ത്രപരവും നിയമനിര്‍വഹണപരവുമായ നീക്കങ്ങളിലൂടെ അധിനിവേശ ഫലസ്തീന്‍ പ്രവിശ്യകളില്‍ നിയമവും നീതിയും മനുഷ്യാവകാശങ്ങളും നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുക; മനുഷ്യാവകാശങ്ങള്‍ക്കായുള്ള യു എന്‍ ഹൈക്കമ്മീഷണര്‍ ഗാസ ചീന്തില്‍ അടിയന്തിര സന്ദര്‍ശനം നടത്തുക; അന്താരാഷ്ട്ര നീതി നിര്‍വഹണ/അന്വേഷണ സംവിധാനങ്ങളോട് ഇസ്രാഈല്‍ പരിപൂര്‍ണമായി സഹകരിക്കേണ്ടതാണ്.

ഈ ആവശ്യങ്ങള്‍ അസാധ്യവും പരുക്കനുമായി തോന്നിപ്പിക്കാമെങ്കിലും അവക്കു വേണ്ടി പൊരുതിയില്ലെങ്കില്‍ ഫലസ്തീനിലെ കുട്ടികളും സ്ത്രീകളും രോഗികളും വൃദ്ധരുമടക്കമുള്ള മുഴുവന്‍ ജനങ്ങളുടെയും കുരുതിയുടെ മുകളില്‍ കെട്ടിപ്പടുക്കപ്പെട്ട ഒന്നായിരിക്കും ലോകത്തിന്റെ വര്‍ത്തമാനവും ഭാവിയും എന്നതുറപ്പാണ്.
*
ജി. പി. രാമചന്ദ്രന്‍

08 June, 2010

അനീതി

ഭോപാല്‍: വിഷവാതകം ശ്വസിച്ച് ആയിരങ്ങള്‍ പിടഞ്ഞുമരിച്ചതിന് ഉത്തരവാദികളായ ഏഴുപ്രതികള്‍ക്ക് കോടതി രണ്ടു വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഭോപ്പാല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ വിധി കാല്‍നൂറ്റാണ്ടിനുശേഷവും വിഷവാതകചോര്‍ചയുടെ ദുരിതംപേറുന്ന ഭോപ്പാല്‍ ജനതയെയും അവര്‍ക്കായി പതിറ്റാണ്ടുകള്‍ കോടതി കയറിയ മനുഷ്യാവകാശ പ്രവര്‍ത്തകരെയും തീര്‍ത്തും നിരാശരാക്കി.

ലോകത്തുണ്ടായ ഏറ്റവും വലിയ വ്യാവസായികദുരന്തമായി കരുതുന്ന ഭോപാലിലെ വിഷവാതകചോര്‍ചയെ തുടര്‍ന്ന് ഇരുപതിനായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 എ (അശ്രദ്ധമൂലം മരണത്തിനിടയാക്കുക), 304 രണ്ട് (കൊലപാതകത്തിന് തുല്യമല്ലാത്ത ശിക്ഷാര്‍ഹമായ നരഹത്യ), 336, 337, 338 (കുറ്റകരമായ അശ്രദ്ധ) എന്നീ വകുപ്പുകള്‍ മാത്രമാണ് കൂട്ടക്കുരുതിക്ക് ഇടയാക്കിയവര്‍ക്കെതിരെ ചുമത്തിയത്. കേസിലെ ഒന്നാം പ്രതിയും അമേരിക്കയിലെ യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്‍ ചെയര്‍മാനുമായ വാറന്‍ ആന്‍ഡേഴ്സനെതിരെ വിധിയില്‍ പരാമര്‍ശമൊന്നുമില്ല. വിചാരണയ്ക്കിടെ അമേരിക്കയിലേക്കുകടന്ന ഇയാളെ കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് സാധിച്ചില്ല.

23 വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് മോഹന്‍ പി തിവാരിയാണ് വിധി പറഞ്ഞത്. യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡ് (യുസിഐഎല്‍) മുന്‍ ചെയര്‍മാന്‍ കേശുബ് മഹിന്ദ്ര, യുസിഐഎല്‍ മുന്‍ എംഡി വിജയ് ഗോഖലെ, മുന്‍ വൈസ് പ്രസിഡന്റ് കിഷോര്‍ കാംദര്‍, വര്‍ക്സ് മാനേജര്‍ ജെ എന്‍ മുകുന്ദ്, പ്രൊഡക്ഷന്‍ മാനേജര്‍ എസ് പി ചൌധരി, പ്ളാന്റ് സൂപ്രണ്ട് കെ വി ഷെട്ടി, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് എസ് ഐ ഖുറേഷി എന്നിവരെയാണ് ശിക്ഷിച്ചത്. യൂണിയന്‍ കാര്‍ബൈഡിന്റെ അമേരിക്കയിലെ മാതൃസ്ഥാപനവും അതിന്റെ ഏഷ്യന്‍ ശാഖയായ ഹോങ്കോങ് യുസിസിയും വിധിയില്‍ പരാമര്‍ശിക്കപ്പെട്ടില്ല. യൂണിയന്‍ കാര്‍ബൈഡിന്റെ ഇന്ത്യന്‍ കമ്പനിക്ക് വെറും അഞ്ചുലക്ഷം രൂപ പിഴ ചുമത്തി. വിവിധ വകുപ്പുകളിലായി 1750 രൂപയും പിഴ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ വാര്‍ധക്യത്തിലെത്തിയവരാണെന്നും ഹൃദ്രോഗം അടക്കമുള്ള അസുഖങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നവരാണെന്നും അതിനാല്‍ ഇവര്‍ക്കെതിരെ ഐപിസി 304 പ്രകാരം ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന മനഃപൂര്‍വമുള്ള നരഹത്യ എന്ന കുറ്റം ചുമത്താനാകില്ലെന്നും ജഡ്ജി പറഞ്ഞു. ശിക്ഷ പ്രഖ്യാപിച്ചയുടന്‍ ജാമ്യാപേക്ഷ നല്‍കിയ പ്രതികള്‍ക്ക് 25,000 കെട്ടിവച്ച് ജാമ്യം നല്‍കി. വിധിക്കെതിരെ ഹര്‍ജി നല്‍കാന്‍ പ്രതികള്‍ക്ക് 30 ദിവസം അനുവദിച്ചു.

നിറഞ്ഞ കോടതിമുറിയെ സാക്ഷിനിര്‍ത്തിയാണ് 93 പേജ് വരുന്ന വിധിന്യായം വായിച്ചത്. കോടതിക്ക് ചുറ്റും കനത്ത സുരക്ഷഏര്‍പ്പെടുത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരെയും ദുരന്തബാധിതരുടെ അഭിഭാഷകരില്‍ ചിലരെയും കോടതിയിലേക്ക് കടത്തിവിട്ടില്ല. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ദുരന്തത്തിനിരയായവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ വ്യക്തമാക്കി. ശിക്ഷ ചെറുതായിപ്പോയെന്നും ഏറെ വൈകിയെന്നും ഇവര്‍ പറഞ്ഞു. വിധിയില്‍ പ്രതിഷേധിച്ച് ദുരന്തത്തിനിരയായവരും ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളും പ്രകടനം നടത്തി. ആന്‍ഡേഴ്സണെതിരെയാണ് ഇവര്‍ കടുത്ത മുദ്രാവാക്യം ഉയര്‍ത്തിയത്. നീതി കുഴിച്ചുമൂടിയെന്നാണ് കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്ലി പ്രതികരിച്ചത്. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും കാറ്റില്‍പറത്താന്‍ കുത്തകസ്ഥാപനങ്ങള്‍ക്ക് പ്രേരണയാകുന്നതാണ് കോടതിവിധിയെന്ന് സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു. കുറ്റക്കാരായ വിദേശികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതില്‍ സിബിഐ പരാജയപ്പെട്ടതായി സിപിഐ നേതാവ് ഡി രാജ പറഞ്ഞു. വിധി വേദനാജനകം എന്നാണ് ബിജെപി പ്രതികരിച്ചത്. ഈ വിധിയുടെ പശ്ചാത്തലത്തില്‍ ആണവബാധ്യതാ ബില്ലിലെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

നിയമം പ്രതികളുടെ വഴിയില്‍

ജനതയുടെ ജീവിക്കാനുള്ള അവകാശംപോലും കരിച്ചുകളഞ്ഞ ഭോപാല്‍ദുരന്തത്തിന്റെ തീവ്രത അല്‍പ്പംപോലും പ്രതിഫലിപ്പിക്കാത്തതാണ് കോടതിവിധി. ലോക വ്യവസായചരിത്രത്തിലെ ഏറ്റവും കൊടിയ ദുരന്തത്തെ വെറുമൊരു അപകടക്കേസെന്നപോലെയാണ് അന്വേഷണ ഏജന്‍സിയും നിയമപീഠവും കൈകാര്യംചെയ്തത്. രണ്ടുവര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ടു പ്രതികളും ഒരുദിവസംപോലും അഴിയെണ്ണാതെ ജാമ്യം നേടിയപ്പോള്‍ പരിഹാസ്യമായത് ജനാധിപത്യരാജ്യത്തിന്റെ നിയമസംവിധാനം.

അമേരിക്കന്‍ കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം നേടിയെടുക്കുന്നതിലും ഇന്ത്യ പരാജയപ്പെട്ടു. യൂണിയന്‍ കാര്‍ബൈഡില്‍നിന്ന് 330 കോടി ഡോളര്‍ 1985ല്‍ അമേരിക്കന്‍ കോടതിയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 1989ല്‍ കോടതിക്കുപുറത്ത് ഉണ്ടാക്കിയ ധാരണപ്രകാരം 47 കോടി ഡോളര്‍ നല്‍കാമെന്ന് യൂണിയന്‍ കാര്‍ബൈഡ് സമ്മതിച്ചു. 1992ല്‍ ഈ തുകയില്‍ ഒരുഭാഗം ദുരന്തബാധിതര്‍ക്ക് വിതരണംചെയ്തു. ബാക്കി ബാധ്യത ഏറ്റെടുക്കാന്‍ 2001ല്‍ കമ്പനി വിസമ്മതിച്ചു. ചില്ലിക്കാശുപോലും നഷ്ടപരിഹാരം ലഭിക്കാത്തവര്‍ ഏറെയാണ്. ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം ലഭിച്ചത് മുന്‍ മധ്യപ്രദേശ് ഹെല്‍ത്ത് ഡയറക്ടര്‍ യോഗിരാജ് ശര്‍മയ്ക്കാണ്. ദുരന്തത്തിന് മൂന്നുമാസത്തിനുശേഷം ജനിച്ച കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ച മുരടിച്ചതിന്റെ 'പ്രതിഫല'മായിരുന്നു ഇത്. ദുരന്തത്തെതുടര്‍ന്ന് നടക്കാനുള്ള ശേഷിപോലും നഷ്ടപ്പെട്ട നഫീസ അലി രോഗം ചുമലിലേറ്റി അധികൃതരോട് പൊരുതി നേടിയത് വെറും 25,000 രൂപ. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച നഫീസ അലി അടുത്തിടെയാണ് മരിച്ചത്. വാതകചോര്‍ച്ചയ്ക്ക് മൂന്നുവര്‍ഷത്തിനുശേഷം ജനിച്ച ലീലാ ബായിയുടെ കുഞ്ഞിന് ശാരീരിക-മാനസിക വളര്‍ച്ച ഉണ്ടായിരുന്നില്ല. എന്നാല്‍, അപകടത്തിനുശേഷം ജനിച്ചതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നായിരുന്നു കോടതിവിധി.
(വിജേഷ് ചൂടല്‍)

ഈ വിധി ഇരകളുടെ വേദന അറിയാതെ

രാജ്യത്തെ നീതിന്യായവ്യവസ്ഥയെത്തന്നെ പരിഹാസ്യമാക്കുന്ന ഭോപാല്‍ വാതകദുരന്ത കേസ് വിധിക്കെതിരെ പ്രതിഷേധം വ്യാപകം. ദുരന്തത്തിന്റെ തീവ്രത തിരിച്ചറിയാതെയും ദുരന്തത്തിന് ഇരയായവരുടെ വേദന പരിഗണിക്കാതെയും ഉള്ളതാണ് വിധിയെന്ന് വിമര്‍ശമുയര്‍ന്നു. ദുരന്തത്തിനു ശേഷം കടുത്ത അവഗണന നേരിട്ട ഒരു ജനതയുടെ അവസാന പ്രതീക്ഷയായിരുന്നു കോടതി. എന്നാല്‍, സാധാരണക്കാരന്റെ കണ്ണീര്‍ തുടയ്ക്കുന്നതിനു പകരം, കേസില്‍ ഉള്‍പ്പെട്ട വന്‍കിടക്കാര്‍ക്ക് രക്ഷയുടെ പഴുതുകള്‍ ഒരുക്കുന്ന രീതിയിലാണ് നിയമപാലകര്‍ പ്രവര്‍ത്തിച്ചത്. വേണ്ടത്ര തെളിവ് ശേഖരിക്കുന്നതില്‍ സിബിഐ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചതെന്ന് ഭോപാല്‍ ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗ് സംഘാടന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു.
ബഹുരാഷ്ട്ര കുത്തകകള്‍ക്ക് നമ്മുടെ രാജ്യത്തു വന്ന് ധൈര്യമായി കൊലയും മലിനീകരണവും നടത്താമെന്നും ഒരു ശിക്ഷയും ലഭിക്കില്ലെന്നുമുള്ള സന്ദേശമാണ് വിധിയെന്ന് ഭോപാല്‍ ഗ്രൂപ്പ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ആക്ഷന്‍ പ്രവര്‍ത്തക രചന ദിംഗ്ര പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനു നേരെയും കടുത്ത പ്രതിഷേധം അലയടിക്കുകയാണ്. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഇനി ലോകത്തിനു മുന്നില്‍ ഏതു മുഖമാണ് കാണിക്കുകയെന്ന് ചോദ്യം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണ ഏജന്‍സിയും പ്രോസിക്യൂട്ടര്‍മാരും അനാസ്ഥ കാട്ടിയെന്നും ജഡ്ജിമാര്‍ 'റെക്കോഡിങ് യന്ത്രം' പോലെയാണ് പ്രവര്‍ത്തിച്ചതെന്നും പ്രമുഖ അഭിഭാഷകന്‍ കെ ടിഎസ് തുള്‍സി പറഞ്ഞു. കേട്ടതു മാത്രം കണക്കിലെടുക്കുന്നതിനു പകരം കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിടാന്‍ കോടതി തയ്യാറാകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറഞ്ഞു. നീതിക്കായി അവസാന ശ്വാസംവരെ പൊരുതുമെന്ന് ഭോപാലില്‍നിന്നുള്ള സാമൂഹ്യപ്രവര്‍ത്തക റഷീദാ ബീവി പറഞ്ഞു. ആന്‍ഡേഴ്സനെ അമേരിക്കയില്‍നിന്നു വിട്ടുകിട്ടുന്നതിന് സമ്മര്‍ദം ചെലുത്താതിരുന്ന പ്രധാനമന്ത്രിയുടേത് കുറ്റകരമായ അനാസ്ഥയാണെന്ന് ദുരന്തത്തിന് ഇരയായവരുടെ അഭിഭാഷക സാധ്ന പഥക് പറഞ്ഞു. വിദേശ മൂലധനം വരുന്നത് കുറയുമെന്നു ഭയന്നാണ് സര്‍ക്കാര്‍ ഈ കേസില്‍ ശക്തമായ നടപടികള്‍ക്ക് മുതിരാതിരുന്നത്. കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള സമ്മര്‍ദം കാരണം പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്ന തെളിവുകള്‍ സമ്പാദിക്കാന്‍ സിബിഐക്കായില്ല.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ആണവ ബാധ്യത ബില്ലും സമാനമായ പ്രശ്നമാണ് ഉയര്‍ത്തുന്നത്. ആണവദുരന്തം ഉണ്ടായാല്‍ ആണവ വിതരണക്കാരും നിര്‍മാതാക്കളുമായ സ്വകാര്യ കമ്പനികള്‍ക്ക് ഒരു ബാധ്യതയുമില്ലെന്നും ആണവനിലയത്തിന്റെ നടത്തിപ്പുകാര്‍ ഈ ബാധ്യത വഹിക്കണമെന്നുമാണ് ഈ ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇടതുപാര്‍ടികളടക്കമുള്ള പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെ കഴിഞ്ഞ മാസം ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ നഷ്ടപരിഹാരം 500 കോടി രൂപയായി നിജപ്പെടുത്തിയിട്ടുമുണ്ട്.

ഇനിയും കുടുങ്ങാതെ ആന്‍ഡേഴ്സണ്‍

ഭോപാല്‍ വാതകദുരന്തക്കേസില്‍ ഇനിയും നിയമത്തിനു കീഴടങ്ങാതെ വാറന്‍ ആന്‍ഡേഴ്സണ്‍. ഇന്ത്യയുടെ നിയമസംവിധാനത്തെ പുച്ഛിച്ച് ഇയാള്‍ അമേരിക്കയില്‍ വാഴുന്നു. ഇപ്പോള്‍ 90 വയസ്സോളം പ്രായമുള്ള ആന്‍ഡേഴ്സണ്‍ ഭോപാല്‍ വാതകദുരന്തം ഉണ്ടായപ്പോള്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മേധാവിയായിരുന്നു. ദുരന്തത്തെത്തുടര്‍ന്ന് 1984 ഡിസംബര്‍ നാലിന് അറസ്റ്റ് ചെയ്ത ആന്‍ഡേഴ്സണെ മധ്യപ്രദേശ് പൊലീസ് ജാമ്യത്തില്‍ വിട്ടു. പിന്നീടൊരിക്കലും ഇയാളെ നീതിപീഠത്തിനുമുന്നില്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായില്ല. സിബിഐ ഫയല്‍ചെയ്ത കേസില്‍ 12 പ്രതികളുടെ കൂട്ടത്തില്‍ ആന്‍ഡേഴ്സന്റെയും പേരുണ്ടായിരുന്നു. കോടതിയുടെ സമന്‍സിന് മറുപടിപോലും നല്‍കാത്ത ആന്‍ഡേഴ്സണെ 1992ല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇതോടെ ആന്‍ഡേഴ്സണെതിരായ കേസുകള്‍ ഭോപാല്‍ ദുരന്തക്കേസില്‍നിന്ന് വേര്‍പെടുത്തി. ദുരന്തബാധിതരുടെ സംഘടന കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് 2009 ജൂലൈയില്‍ ആന്‍ഡേഴ്സണെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എന്നാല്‍, ആന്‍ഡേഴ്സണെ അമേരിക്കയില്‍നിന്ന് വിട്ടുകിട്ടുന്ന കാര്യത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്താന്‍ കേന്ദ്രസര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. 19 വര്‍ഷത്തിനുശേഷം 2003 മെയിലാണ് ആന്‍ഡേഴ്സണെ വിട്ടുതരണമെന്ന് കേന്ദ്രസര്‍ക്കാര്‍ അമേരിക്കയോട് ഔദ്യോഗികമായി അഭ്യര്‍ഥിച്ചത്. തൊട്ടടുത്തവര്‍ഷം അമേരിക്ക ഈ അപേക്ഷ നിരസിച്ചു. അതോടെ കേന്ദ്രസര്‍ക്കാര്‍ പിന്മാറി.

ഭോപാലില്‍ ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് ആന്‍ഡേഴ്സണ് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. പരീക്ഷണം നടത്തി മേന്മ ഉറപ്പുവരുത്താത്ത സാങ്കേതികവിദ്യ ഭോപാലിലേക്ക് അയക്കാന്‍ 1973ല്‍ അനുമതി നല്‍കിയത് ആന്‍ഡേഴ്സണാണ്. അപകടകരമായ രീതിയിലാണ് യന്ത്രസംവിധാനങ്ങളുടെ നിര്‍മാണമെന്നും തികച്ചും സുരക്ഷിതമല്ലാത്ത മേഖലയിലാണ് അത് സ്ഥാപിക്കാന്‍ പോകുന്നതെന്നും ഇയാള്‍ക്ക് ബോധ്യമുണ്ടായിരുന്നു. ചെറിയ പാകപ്പിഴ പറ്റിയാല്‍ ഉണ്ടാകുന്ന ദുരന്തത്തിന്റെ വ്യാപ്തിയെപ്പറ്റി ബോധ്യമുണ്ടായിട്ടും യൂണിയന്‍ കാര്‍ബൈഡ് കമ്പനി പദ്ധതിയുമായി മുന്നോട്ടുപോയി. സുരക്ഷാസംവിധാനങ്ങളോ വാതകചോര്‍ച്ചയുണ്ടായാല്‍ തടയാനുള്ള സജ്ജീകരണങ്ങളോ ഒരുക്കാന്‍പോലും അവര്‍ തയ്യാറായില്ല. ചെലവുകുറയ്ക്കലിന്റെ ഭാഗമായി അത്തരം സംവിധാനം ഒഴിവാക്കാനാണ് ആന്‍ഡേഴ്സ നിര്‍ദേശിച്ചത്.

പോരാട്ടം തുടരും ഡി രഘുനാഥ്

ഭോപാല്‍ വാതകദുരന്ത കേസില്‍ കാല്‍നൂറ്റാണ്ടിനുശേഷമാണ് എട്ടുപേരെ കുറ്റക്കാരായി വിധിച്ച് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ വിധി വന്നിരിക്കുന്നത്. ഇരുപതിനായിരത്തിലേറെപേര്‍ മരിച്ച ഭോപാല്‍ദുരന്തം ലോകം കണ്ട ഏറ്റവും വലിയ വ്യാവസായികദുരന്തമാണ്. ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് വിധിയെന്നമട്ടില്‍ ചില ദേശീയമാധ്യമങ്ങള്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ ആര്‍ക്കാവും. ദുരന്തമുണ്ടായ ശേഷമുള്ള വിവിധ സംഭവവികാസങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിമാത്രമേ ഇപ്പോഴത്തെ വിധിയെ കാണാനാകൂ. നീതിനിഷേധത്തിനുതുല്യമാണ് വൈകിയെത്തുന്ന നീതിയെന്ന ചൊല്ലിന് അടിവരയിടുന്നതാണ് ഭോപാല്‍ദുരന്തത്തിനുശേഷം അരങ്ങേറിയ സംഭവങ്ങളും ഇപ്പോഴത്തെ വിധിയും.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനും ഇന്ത്യയിലെ വ്യവസായപ്രമുഖരില്‍ മുന്‍നിരക്കാരനുമായ കേശബ് മഹീന്ദ്രയടക്കം യൂണിയന്‍ കാര്‍ബൈഡിലെ എട്ടു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. 5000 രൂപ പിഴയും രണ്ടുവര്‍ഷം തടവുമാണ് ഇവര്‍ക്ക് കിട്ടുന്ന പരമാവധി ശിക്ഷ. പ്രതികള്‍ക്കെതിരെ ചുമത്തിയ ബോധപൂര്‍വമായ നരഹത്യാകുറ്റം ഉയര്‍ന്ന കോടതി നേരത്തെ ഒഴിവാക്കിയിരുന്നു എന്നത് ഏറെ നിര്‍ഭാഗ്യകരമാണ്. ഗുരുതരമായ ഈ കുറ്റം ഒഴിവാക്കിയതോടെ വെറുമൊരു റോഡപകടത്തിനുതുല്യമായ വിധത്തിലേക്ക് ഈ വ്യാവസായികദുരന്തത്തിലെ കോടതിനടപടി മാറുകയായിരുന്നു.

ഭോപാലില്‍ ആവശ്യമായ സുരക്ഷാസന്നാഹങ്ങളില്ലെന്ന വസ്തുത അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷനും അവരുടെ ഇന്ത്യന്‍ പതിപ്പായ യുസിഐഎല്ലിനും നേരത്തെതന്നെ അറിയാമായിരുന്നു. അമേരിക്കയിലെ വിര്‍ജീനിയയിലുള്ള യൂണിയന്‍ കാര്‍ബൈഡ് പ്ളാന്റില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാസംവിധാനങ്ങളൊന്നും ഭോപാലില്‍ സ്ഥാപിച്ചിരുന്നില്ല. സുരക്ഷാ ഉപകരണങ്ങളില്‍ പലതും നിലവാരം കുറഞ്ഞതും വേണ്ടവിധം പ്രവര്‍ത്തിക്കാത്തതുമായിരുന്നു. മാത്രമല്ല ചെലവ് കുറച്ച് ലാഭം കൂട്ടുകയെന്ന ലക്ഷ്യത്തോടെ പല സുരക്ഷാസംവിധാനവും മാനദണ്ഡങ്ങളും ഒഴിവാക്കുകയും ചെയ്തു. ഈ വീഴ്ചയൊന്നും അശ്രദ്ധകൊണ്ടല്ലെന്ന് വ്യക്തമാണ്. സുരക്ഷാകാര്യങ്ങളില്‍ വന്ന വീഴ്ച യൂണിയന്‍ കാര്‍ബൈഡിന്റെ തലപ്പത്തുള്ളവര്‍ അറിഞ്ഞുതന്നെ സംഭവിച്ചതാണ്. അമിതലാഭത്തിനുവേണ്ടിയുള്ള വ്യക്തമായ ഗൂഢാലോചനയാണ് ശിക്ഷാര്‍ഹമായ നരഹത്യയിലേക്ക് കാര്യമെത്തിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇപ്പോഴത്തെ വിധിയെ എങ്ങനെയാണ് നീതിനടപ്പാക്കലായി ഭോപാലിലെ ജനങ്ങള്‍ക്കും രാജ്യത്തിനും കാണാനാവുക.

ദുരന്തസമയത്ത് യൂണിയന്‍ കാര്‍ബൈഡിന്റെ അധ്യക്ഷനായ അമേരിക്കന്‍ പൌരന്‍ വാറന്‍ ആന്‍ഡേഴ്സനാണ് ഒന്നാംപ്രതി. എന്നാല്‍, വിധിയിലെവിടെയും ഇയാള്‍ കടന്നുവരുന്നില്ല. യൂണിയന്‍ കാര്‍ബൈഡിന്റെ അമേരിക്കയിലെ മാതൃസ്ഥാപനവും അതിന്റെ ഏഷ്യന്‍ ശാഖയായ ഹോങ്കോങ് യുസിസിയും വിധിയില്‍ പരാമര്‍ശിക്കപ്പെടുന്നില്ല. ആന്‍ഡേഴ്സനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയില്‍നിന്ന് ആന്‍ഡേഴ്സനെ കൈമാറി കിട്ടുന്നതിന് ഗൌരവമായ നടപടി സ്വീകരിച്ചില്ല. ആന്‍ഡേഴ്സനെ നീതിക്കുമുന്നില്‍ എത്തിക്കാമെന്ന വാഗ്ദാനം അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

ഇന്ത്യയുമായുള്ള തന്ത്രപരപങ്കാളിത്തം നിലനിര്‍ത്തുന്നതിനായി ഇന്ത്യയെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായി അമേരിക്ക പ്രകീര്‍ത്തിക്കാറുണ്ട്. എന്നാല്‍, ഇന്ത്യയുടെ നീതിന്യായസംവിധാനത്തെ അമേരിക്ക പരിഗണിക്കാറുണ്ടോ? അതോ അമേരിക്കക്കാരും ബഹുരാഷ്ട്രകുത്തകകളുമൊക്കെ ഇന്ത്യയുടെ നിയമസംവിധാനത്തിന് അപ്പുറമാണെന്നുണ്ടോ? ഒരു കേസിനുവേണ്ടി കോര്‍പറേറ്റ് ബന്ധങ്ങള്‍ അട്ടിമറിക്കേണ്ടെന്ന നിലപാട് ഇന്ത്യയും അമേരിക്കയും സൌകര്യപൂര്‍വം സ്വീകരിച്ചു എന്നതാണ് യാഥാര്‍ഥ്യം. എന്ത് സംഭവിച്ചാലും കോര്‍പറേറ്റ് ബന്ധങ്ങള്‍ക്ക് കേടൊന്നും വരരുത്. ഇന്ത്യയെ എപ്പോഴും നിക്ഷേപസൌഹൃദരാഷ്ട്രമായി വിലയിരുത്തണം. പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ഭീതിയൊന്നും കൂടാതെ കുത്തകകള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം നീങ്ങാന്‍ സൌകര്യമൊരുക്കണം- ഇതൊക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നയം.

തങ്ങള്‍ എന്തു ഗുരുതരമായ കുറ്റംചെയ്താലും എളുപ്പത്തില്‍ രക്ഷപ്പെടാനാകുമെന്ന ബോധ്യം ബഹുരാഷ്ട്രകുത്തകകള്‍ക്കും ഇന്ത്യന്‍ കുത്തകകള്‍ക്കുമുണ്ട്. കോര്‍പറേറ്റുകളും സര്‍ക്കാരിനുള്ളിലെ അവരുടെ അനുകൂലികളും ഭോപാലും ഡല്‍ഹിയും ഭരിച്ച പ്രധാന രാഷ്ട്രീയപാര്‍ടികളും ഭോപാല്‍ദുരന്തത്തെയും അതിന്റെ ഭാഗമായുള്ള ജനകീയപ്രസ്ഥാനത്തെയും നാണക്കേടായാണ് കണ്ടിരുന്നത്. കച്ചവടം തടസ്സംകൂടാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ദുരന്തപ്രശ്നങ്ങള്‍ വേഗം കുഴിച്ചുമൂടണമെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. എന്തായാലും ഭോപാല്‍ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാനായി നടത്തിയ നീണ്ട നിയമയുദ്ധത്തില്‍ പങ്കെടുത്തവര്‍ ഇപ്പോഴത്തെ വിധിയെ പോരാട്ടത്തിന്റെ അവസാനമായല്ല, അതിന്റെ ഒരു ഘട്ടംമാത്രമായാണ് കാണുന്നത്.

'ശിക്ഷ പോരാ; ഫാക്ടറിയുടെ അനാസ്ഥ കോടതി കണ്ടില്ല'

ഭോപാല്‍ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണവും മരിച്ചപോലെ ജീവിതം തള്ളിനീക്കുന്നവരുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ ഇത് ശിക്ഷയേയല്ലെന്ന് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച വിദഗ്ധസംഘത്തില്‍ അംഗമായിരുന്ന തിരുവനന്തപുരം സ്വദേശി ഡോ. സി എസ് പത്മനാഭ അയ്യര്‍. "ഈ ശിക്ഷ തീര്‍ത്തും അപര്യാപ്തമാണ്''- കോടതിവിധിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച പത്മനാഭ അയ്യര്‍ ദേശാഭിമാനിയോട് പറഞ്ഞു.

"യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സനെ വിചാരണക്കിടയില്‍ ഒരുതവണപോലും കോടതിക്കുമുന്നില്‍ കൊണ്ടുവരാന്‍ ഇന്ത്യാ ഗവമെന്റിന് കഴിഞ്ഞില്ല. ഇപ്പോഴും ശിക്ഷ വിധിച്ചിട്ടുള്ളത് ഏതാനും ഉദ്യോഗസ്ഥര്‍ക്കുമാത്രം.''

"വെള്ളത്തില്‍ തുണിമുക്കി അത് മൂക്കിലും വായിലും അമര്‍ത്തിപ്പിടിച്ചാല്‍ ഈ വിഷവാതകം ശ്വസിക്കാതിരിക്കാം. എന്നാല്‍, ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുന്നത് വിഷവാതകമാണെന്നോ അത് ശ്വസിക്കാതിരിക്കാന്‍ ഈ മുന്‍കരുതല്‍ എടുക്കാമെന്നോ ഫാക്ടറി അധികൃതര്‍ സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ല. ഫാക്ടറിക്കകത്ത് വിഷവാതകം ശ്വസിച്ച് ഒരാള്‍മാത്രമാണ് മരിച്ചത്. മരിച്ചവരും പ്രത്യാഘാതം അനുഭവിച്ചവരും ഫാക്ടറിക്ക് വെളിയിലുള്ളവരാണ്.''

"വാതകം റഫ്രിജറേറ്റുചെയ്ത് സൂക്ഷിക്കാനുള്ള സംവിധാനവും അവിടെ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. വെര്‍ജീനിയയില്‍ വാതകം സൂക്ഷിക്കാന്‍ അഞ്ചു ടണ്‍ മാത്രം ശേഷിയുള്ള ടാങ്കുകളാണ് കമ്പനി നിര്‍മിച്ചിരുന്നതെങ്കില്‍, ഇവിടെ സാമ്പത്തികലാഭം കണക്കിലെടുത്ത് 50 ടണ്‍ ശേഷിയുള്ള ടാങ്കാണ് നിര്‍മിച്ചത്.''

"കാര്‍ബൈഡ് ഫാക്ടറിയുടെ അനാസ്ഥ കൃത്യമായി ചൂണ്ടിക്കാട്ടിയാണ് രണ്ടുവര്‍ഷത്തിനുശേഷം 1986ല്‍ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കോടതി പരിഗണിച്ചിട്ടില്ല. എന്തായാലും വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കണം. ദുരന്തത്തിന് ഇരയായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ലഭിക്കണം''- അദ്ദേഹം വ്യക്തമാക്കി.

ഭോപാല്‍ദുരന്തസമയത്ത് പത്മനാഭ അയ്യര്‍ മുംബൈയില്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ മെറ്റീരിയല്‍ സര്‍ട്ടിഫിക്കേഷന്‍ വിഭാഗം തലവനായിരുന്നു. ദുരന്തത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച 15 അംഗ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും സിഎസ്ഐആറില്‍നിന്നുള്ളവരായതിനാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. തുടര്‍ന്നാണ് ഇദ്ദേഹത്തെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.
(ടി എന്‍ സീന)

നിയമവ്യവസ്ഥയെ അപഹാസ്യമാക്കുന്നു: സിഐടിയു

ഭോപാലിലെ വാതകദുരന്തത്തില്‍ കുറ്റക്കാരായ എല്ലാവര്‍ക്കും ശിക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സിഐടിയു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കണം. രാജ്യത്തെ ഭരണ- നിയമവ്യവസ്ഥയെ അപഹാസ്യമാക്കി മാറ്റുന്നതാണ് വിധി. യൂണിയന്‍ കാര്‍ബൈഡ് എന്ന അമേരിക്കന്‍ കമ്പനി ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരെ നടത്തിയ ഗുരുതരമായ കുറ്റം സുപ്രീംകോടതിയടക്കം വിവിധ കോടതികള്‍ തുടക്കംമുതല്‍ ലഘൂകരിക്കുകയായിരുന്നു. കേസിലെ എല്ലാ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കാറ്റില്‍പറത്താന്‍ കുത്തകസ്ഥാപനങ്ങള്‍ക്ക് പ്രേരണയാകുന്നതാണ് കോടതിവിധി. ആണവബാധ്യതാ ബില്ലിന്റെ കാര്യത്തിലെന്നപോലെ അമേരിക്കയുമായുള്ള തന്ത്രപര 'ഇടപെടല്‍' കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നാല്‍ ഇത്തരത്തിലുള്ള അപകടം ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളാനാകില്ലെന്നും സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു.

*
കടപ്പാട്: ദേശാഭിമാനി

05 June, 2010

ചുരുക്കിപ്പറഞ്ഞാല്‍

ആണ്‍-പെണ്‍ തുല്യത, ലിംഗസമത്വം, പൊതുസമൂഹമെന്നു വ്യവഹരിക്കപ്പെടുന്ന ഘടന താത്വികമായെങ്കിലും അംഗീകരിക്കാന്‍ തയാറാവുന്ന ഒരു അനുരഞ്ജന കാലാവസ്ഥ:: അത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ സാമാന്യേന പുലരുന്നുണ്ടെന്ന നിരീക്ഷണത്തിനു പിന്തുണ വര്‍ധിക്കുന്നു. എന്നാല്‍ കാലങ്ങളായി, പല തലങ്ങളില്‍ നടന്ന ഫെമിനിസ്റ്റ് പോരാട്ടം വിജയശ്രീലാളിതമായെന്നു പ്രഖ്യാപിക്കാന്‍ വരട്ടെ. പെങ്ങമ്മാരേ, തോക്ക് താഴെവെക്കാന്‍ സമയമായിട്ടില്ല. തൊഴിലവസരങ്ങളില്‍, വേതന വ്യവസ്ഥയില്‍, സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളില്‍, സ്ത്രീ നേരിടേണ്ടിവന്നിരുന്ന വിവേചനം, അവഗണന, അകറ്റിനിര്‍ത്തല്‍, തന്ത്രപരമായ താഴ്ത്തിക്കെട്ടല്‍, ഒട്ടുമിക്ക പരിഷ്കൃത സമൂഹങ്ങളിലും ഏതാണ്ട് അവസാനിച്ചുവെന്നത് ശരിതന്നെ. പക്ഷേ സ്ത്രീയെ പുനര്‍നിര്‍വചിക്കാന്‍ പുരുഷന്‍ ഇനിയും സന്നദ്ധനായിട്ടില്ല എന്ന സത്യം അവശേഷിക്കുന്നു. രക്ഷാധികാരിയുടെ, സംരക്ഷകന്റെ , വഴികാട്ടിയുടെ ചമയങ്ങള്‍ അഴിച്ചുവെക്കാന്‍ ആണിന് ഇപ്പോഴും മനസ്സുവരുന്നില്ല. മാത്രമല്ല, അമര്‍ത്തിപ്പിടിച്ച ഒരു ജന്‍ഡര്‍പുച്ഛം പുരുഷന്റെ ഇടപെടലുകളില്‍ പലപ്പോഴും നുരപൊട്ടുന്നുമുണ്ട്. മോളിക്കുട്ടി മാഡത്തിന്റെ സന്നിധിയില്‍ ഫയലുമായി നില്‍ക്കുന്ന ഓഫീസ് സൂപ്രണ്ട് ബലരാമമേനോക്കിയുടെ പ്രസന്നവദനം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അവിടെ ഒരു നേര്‍ത്ത ചിരിയുടെ ലാഞ്ഛനയുണ്ടാവും. ടാശൃസ (സ്മിര്‍ക്) എന്നാണ് അതിനെ ആംഗലത്തില്‍ പറയുക. അതില്‍ ഇതള്‍വിരിയുന്നത് പരിഹാസമത്രെ. ചെറുപ്പക്കാരിയായ പൊലീസ് മേധാവിയുടെ മുന്നില്‍ വടിപോലെ നീര്‍ന്നുനിന്നു സല്യൂട്ടടിക്കുന്ന ഉണ്ടവയറന്‍ ഹെഡ്കോണ്‍സ്റ്റബിള്‍ കുക്കുടം കുമാരന്റെ അധരപുടങ്ങളിലും ഈ ഹാസ്യഭാവത്തിന്റെ മിന്നായം കാണാം. ഉദരനിമിത്തം ഇവളുമാരെയൊക്കെ സലാംവയ്ക്കേണ്ടിവരുന്ന ആണിന്റെ ഗതികേട് എന്ന് ടിയാന്റെ ഉള്ളില്‍നിന്നു ങമഹല ലഴീ - ആണ്‍അഹന്ത- പിറുപിറുക്കുന്നത് നിപുണ ശ്രോത്രങ്ങള്‍ക്കു കേള്‍ക്കുകയുമാവാം.

ലിംഗസമത്വം, പെണ്‍ബിംബത്തിന്റെ പുനഃപ്രതിഷ്ഠ, നിയമനിര്‍മാണത്തിലൂടെമാത്രം സാധ്യമാവുന്ന സംഗതിയല്ല. ഇക്കാര്യം പല ഫെമിനിസ്റ്റ് സൈദ്ധാന്തികരും അടിവരയിട്ടു പറഞ്ഞതാണ്. അയേണ്‍ലേഡി എന്നു പുകള്‍പൊങ്ങിയ മാഗി മദാമ്മയും-സംശയിക്കേണ്ട, മാര്‍ഗററ്റ്താച്ചര്‍തന്നെ -ഇതേ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. ആണ്‍-പെണ്‍ മനോഭാവങ്ങളിലാണ് പൊളിച്ചെഴുത്തു നടക്കേണ്ടത്. സമീപനങ്ങളില്‍, കാഴ്ച്ചപ്പാടുകളില്‍ വിപ്ളവകരമായ പരിവര്‍ത്തനങ്ങളുണ്ടാകണം. ഈ മാറ്റങ്ങളുടെ കാറ്റിനു ചൂടുകൂടും. തൊലി പൊള്ളിയെന്നുവരും. പാരമ്പര്യത്തിന്റെ താടിക്കു തീപ്പിടിച്ചെന്നും വരും. ഏട്ടിലെ പശുവായി ലിംഗസമത്വം വര്‍ത്തിക്കുമ്പോള്‍ ഒരു അലോഹ്യവുമില്ല, പുരുഷാധീശ സമൂഹത്തിന് ആ പശു പുല്ലുതിന്നാന്‍ തുടങ്ങുമ്പോഴാണ് ആണിന് അങ്കലാപ്പ്.

പെണ്‍ അവബോധത്തില്‍, വീക്ഷണത്തില്‍, അപഗ്രഥന രീതിശാസ്ത്രത്തില്‍, അടിമുടി ഉടച്ചുവാര്‍ക്കലുകളുണ്ടാകേണ്ടതിന്റെ അത്യാവശ്യത്തെക്കുറിച്ചാണ് സ്വത്വനിര്‍ണയത്തെ ഗൌരവമായി പരിഗണിച്ച പുരോഗമന സ്ത്രീപക്ഷം ആവര്‍ത്തിച്ചു പറഞ്ഞത്. മഹിളാമണികള്‍ അവിടെയുമിവിടെയും മന്ത്രിമാരായതുകൊണ്ടോ, പൊതുസ്ഥാപനങ്ങളുടെ തലപ്പത്തെത്തിയതുകൊണ്ടോ, വ്യവസായ സംരംഭകളായി വിജയഗാഥ രചിച്ചതുകൊണ്ടോ, ബഹിരാകാശയാനങ്ങളില്‍ ഇടം നേടിയതുകൊണ്ടോ, മീശക്കാരന്‍ കേശവനുമാത്രമായി സംവരണം ചെയ്യപ്പെട്ട കര്‍മരംഗങ്ങളില്‍ ഇടിച്ചുകയറിയതുകൊണ്ടോ സ്ത്രീവിമോചനം സംഭവിച്ചുകഴിഞ്ഞു എന്ന യുഫോറിയ- അത്യാഹ്ളാദം- അസ്ഥാനത്താണ്. അപകടകരവുമാണ്. ഈ താക്കീത് ഉദ്ബുദ്ധ ഫെമിനിസം കാലാകാലങ്ങളില്‍ നല്‍കിയിട്ടുണ്ട്. സ്ത്രീയുടെ റോളും പുരുഷന്റെ റോളും പ്രത്യേകമായി വ്യവസ്ഥപ്പെടുത്തുന്ന വഴക്കങ്ങളും അവയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ മാനസികഘടനയും മാറാതിരിക്കുന്ന കാലത്തോളം പെണ്‍മുക്തി എന്നത് സംഭവിക്കുകയില്ലെന്നു കോറാ കാപ്ളാന്‍ (രീൃമ ഗമുഹമി) പറഞ്ഞതാണ് ശരി. ഉപരിപ്ളവമായ മാറ്റങ്ങളെ പല വനിതാ കൂട്ടായ്മകളും വിപ്ളവപരമെന്നു തെറ്റായി വായിക്കുന്നു. ഈ മാറ്റങ്ങളില്‍ ഊറ്റംകൊള്ളുകയും ചെയ്യുന്നു.

വിവാഹം, കുടുംബം, ലൈംഗിക വേഴ്ച, അധ്വാനം, ഉല്പാദനം, വിനോദം തുടങ്ങിയ അതിപ്രധാനമായ ജീവിതവൃത്തികളിലെല്ലാംതന്നെ ആണും പെണ്ണും തുല്യപങ്കാളികള്‍ ആണെന്നും, പരസ്പര പൂരകങ്ങളായ മനുഷ്യഘടകങ്ങളാണെന്നും ഏംഗല്‍സ് നിരീക്ഷിക്കുകയുണ്ടായി. പ്രകൃതി ചിട്ടപ്പെടുത്തിയ ഈ തുല്യതയെ അംഗീകരിക്കാന്‍ ആണ്‍കോയ്മ വിസമ്മതിച്ചു. ഒരു യജമാന-ദാസി സങ്കല്പം പും-സ്ത്രീ ബന്ധങ്ങളില്‍ ആണ്‍ഗര്‍വ് അടിച്ചേല്പിക്കുകയും ചെയ്തു. സിമണ്‍ ദെ ബുവെ ചൂണ്ടിക്കാട്ടിയപോലെ സ്ത്രീ എന്ന സ്വത്വത്തെ പുരുഷമേധാവിത്വം ഒരു ഗര്‍ഭപാത്രമാക്കി (ണീായ)ച്ചുരുക്കി. ഈ പാത്രത്തില്‍ ബീജം (ടലലറ) നിക്ഷേപിക്കാനുള്ള ദൈവദത്തമായ അവകാശം ആണിനുണ്ടെന്നു വരുത്തിത്തീര്‍ത്തു. ധ്വജവാഴ്ചയെ വാഴ്ത്തുന്ന മിത്തുകള്‍ സൃഷ്ടിച്ചു. സ്ത്രീ തീര്‍ത്തും അബലയാണ്, അതി ലോലയാണ്, പടര്‍ന്നുകയറാന്‍ മരം തേടുന്ന വള്ളിയാണ് എന്നു പെണ്ണിനെത്തന്നെ വിശ്വസിപ്പിച്ചു. ഒരാണ്‍തുണയില്ലെങ്കില്‍ തനിക്കു രക്ഷയില്ലെന്ന ധാരണ അവളില്‍ വളര്‍ത്തി.

സ്ത്രീലിംഗത്തിന്റെ ദാസ്യവത്കരണം -എന്ന് ക്ളാരാ സെറ്റ്കിന്‍ കൃത്യമായി അടയാളപ്പെടുത്തിയ അവസ്ഥയുണ്ടല്ലോ, അത് ആസൂത്രിതവും അനുക്രമവുമായിരുന്നു. മതം, സദാചാരം, ദൈവഭയം, സല്‍ക്കീര്‍ത്തി, മാന്യത തുടങ്ങിയ സംഗതികളെയൊക്കെ സ്ത്രീയുടെ അടിമത്തവത്കരണത്തില്‍ പുരുഷന്‍ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. ചാരിത്രം (ഇവമശെേ്യ) എന്നാല്‍ പെണ്ണുമാത്രം പവിത്രമായി പരിരക്ഷിക്കേണ്ട ഒരു സ്വഭാവശുദ്ധി എന്ന വ്യാഖ്യാനം പ്രചരിച്ചു. ആണിനു നേരമ്പോക്കാകാം. ആര്‍ക്കുമതില്‍ പരാതിയില്ല. മറിയയെ കല്ലെറിയാനും വിശാലുവിന്റെ തല മുണ്ഡനം ചെയ്യാനുമൊക്കെ പുരുഷനിര്‍മിത സദാചാരച്ചിട്ടകളില്‍ വകുപ്പുണ്ടായിരുന്നു. എന്നാല്‍ അവരോട് സഹശയിച്ച വറതപ്പനും വേലുക്കുട്ടിമേനോനും ശിക്ഷയില്ല. ആണുങ്ങളായാല്‍ ചളിയില്‍ ചവിട്ടും; അടുത്തു കണ്ടവെള്ളത്തില്‍ കാല്‍ കഴുകുകയും ചെയ്യും. അത്രതന്നെ.

ഈ നെറികേടിന്, നീതിനിഷേധത്തിന്, സ്വത്വ ധ്വംസനത്തിന് എതിരായാണ് പെണ്‍കൂട്ടായ്മകള്‍ പട നടത്തിപ്പോന്നത്. ചില രാജ്യങ്ങളില്‍ അടിച്ചമര്‍ത്തപ്പെടുന്ന കീഴാള സമൂഹവുമായി സ്ത്രീ സംഘങ്ങള്‍ ഐക്യപ്പെടുകയും കൈകോര്‍ക്കുകയും ചെയ്തു. പ്രത്യയശാസ്ത്രപരമായ പ്രബുദ്ധത അവര്‍ ഉള്‍ക്കൊണ്ടു. സംഘം ചേരുക, ശക്തി നേടുക എന്ന ആഹ്വാനത്തിന് ആവേശകരമായ പിന്തുണയാണ് കിട്ടിയത്. വോട്ടവകാശവും ഭരണ സംവിധാനത്തില്‍ മോശമല്ലാത്ത പ്രാതിനിധ്യവും തരപ്പെട്ടാല്‍ തങ്ങളുടെ യുദ്ധം പാതി ജയിച്ചതായി കരുതാമെന്നായി ചില ലിബറല്‍ ഫെമിനിസ്റ്റുകള്‍. ഇവിടെയാണ് പിഴച്ചത്. ഏതാനും രാഷ്ട്രീയ സൌകര്യങ്ങള്‍ ചാര്‍ത്തിക്കിട്ടിയതുകൊണ്ട് സ്ത്രീമോചനം സഫലമാവുന്നില്ല.

ലിംഗസമത്വവും അവസര സമത്വവും ഭരണഘടനയുടെ തന്നെ ഭാഗമാക്കുകയും അവ കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്ത ആദ്യ രാഷ്ട്രം യുഎസ്എസ് ആര്‍ (ഡിശീി ീള ട്ീശല ടീരശമഹശ ഞലുൌയഹശര) - അതായത് പഴയ സോവിയറ്റ് യൂണിയന്‍ - ആയിരുന്നു. ഒരു നിത്യചൂഷിത വര്‍ഗമെന്നനിലയില്‍ സ്ത്രീ സമൂഹത്തെ കാണുകയും പെണ്‍പ്രശ്നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും ചെയ്ത ഒരു മോചന തത്വശാസ്ത്രത്തിന്റെ ധീരമായ പരീക്ഷണശാലയായി മാറി സോവിയറ്റുനാട്. വിപ്ളവാചാര്യനായ ലെനിന്‍ സംവിധാനം ചെയ്ത സോഷ്യലിസ്റ്റ് സമൂഹക്രമത്തില്‍ സുപ്രധാനമായ സ്ഥാനവും സര്‍വതോമുഖമായ വളര്‍ച്ചയുമാണ് സ്ത്രീസമൂഹത്തിനു കൈവന്നത്. സോഷ്യലിസ്റ്റ് നവലോക നിര്‍മിതിയില്‍ അടങ്ങാത്ത ആത്മവീര്യത്തോടും അഗാധമായ അര്‍പ്പണബോധത്തോടും കൂടിയാണ് റഷ്യയിലെ പെണ്ണുങ്ങള്‍ പങ്കെടുത്തത്. അവര്‍ക്കുമുമ്പില്‍ ഒരു വാതിലും അടഞ്ഞുകിടന്നില്ല. ലിംഗപരമായ വിവേചനത്തിന്റെ എല്ലാ വരമ്പുകളും അവിടെ തകര്‍ക്കപ്പെട്ടു. സ്ത്രീയുടെ അധ്വാനത്തിന്റെ അന്തസ്സ് ആദരപൂര്‍വം അംഗീകരിക്കപ്പെട്ടു. വ്യഭിചാരമെന്നത് അക്ഷരാര്‍ഥത്തില്‍ അപ്രത്യക്ഷമായി. വിവാഹം, കുടുംബം, ഇണചേരല്‍ എന്നീ കാര്യങ്ങളിലൊക്കെ സോവിയറ്റ്സ്ത്രീക്ക് സമ്പൂര്‍ണമായ സ്വയം നിര്‍ണയാവകാശം സ്ഥാപിച്ചുകിട്ടി.

'വെല്‍ഫേര്‍ സ്റ്റേറ്റുകളെ'ന്ന് സ്വയം വിശേഷിപ്പിക്കുന്ന പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും സോവിയറ്റ് യൂണിയന്റെ സ്ത്രീശാക്തീകരണ പ്രയത്നങ്ങള്‍ മാതൃകയും പാഠപുസ്തകവുമായി. യു കെ, ഓസ്ട്രിയ, നോര്‍വെ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ബെല്‍ജിയം എന്നീ നാടുകളിലാണ് ആ വഴിക്കുള്ള നീക്കങ്ങളുണ്ടായത്. പക്ഷേ അവിടങ്ങളിലെല്ലാംതന്നെ 'കോസ്മെറ്റിക്' -തൊലിപ്പുറത്തുള്ളത്- എന്ന് വിളിക്കാവുന്ന ചായംപൂശലുകളേ നടന്നിട്ടുള്ളു. കാരണം ഈ നാടുകളെല്ലാം അടിസ്ഥാനപരമായി ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥയുടെ വരുതിയിലാണ്. ആ വ്യവസ്ഥയാകട്ടെ പുരുഷാധിപത്യപരവും.

രണ്ടാം ലോകയുദ്ധം കത്തിയമര്‍ന്നപ്പോള്‍ പല രാഷ്ട്രീയ ഭൂപടങ്ങളും മാറ്റിവരയ്ക്കപ്പെടുന്ന അവസ്ഥയുണ്ടായി. കിഴക്കന്‍ യൂറോപ്പില്‍ ജനകീയ ജനാധിപത്യ സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ നിലവില്‍വന്നു: ഈസ്റ്റ് ജര്‍മനി, ഹംഗറി, പോളണ്ട്, ബള്‍ഗേറിയ, റൊമേനിയ, യുഗസ്ളോവിയ എന്നീ നാടുകളില്‍. അവിടെയൊക്കെ സ്ത്രീ സ്വാതന്ത്യ്രവും ലിംഗസമത്വവും പൂര്‍ണമായും അംഗീകരിക്കപ്പെട്ടു. വമ്പിച്ച വനിതാ മുന്നേറ്റത്തിനാണ് പൂര്‍വ യൂറോപ്പ് സാക്ഷ്യം വഹിച്ചത്. ലൈംഗിക വൈജാത്യമെന്നത് വെറും ജീവശാസ്ത്രപരമായ കാര്യമായി മാറി.

ലാറ്റിന്‍ അമേരിക്കന്‍ നാടുകളിലെ മര്‍ദിത വര്‍ഗപ്പോരാട്ടങ്ങളില്‍ പടച്ചട്ടയും തോക്കുമായി മുന്നിട്ടിറങ്ങിയവരാണ് അവിടത്തെ സ്ത്രീജനങ്ങള്‍: ക്യൂബയില്‍, ബൊളീവിയയില്‍, ചിലിയില്‍, നിക്കരാഗ്വയില്‍, ബ്രസീലില്‍, അര്‍ജന്റീനയില്‍, പെറുവില്‍, കൊളമ്പിയയില്‍, വെനിസുലയില്‍. ലാറ്റിന്‍ അമേരിക്കന്‍ ജനതയുടെ വിമോചന യുദ്ധങ്ങളില്‍ സ്ത്രീകള്‍ വഹിച്ച ഐതിഹാസികമായ പങ്കിനെ ചെഗുവേര മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. ക്യൂബയില്‍ സായുധ സോഷ്യലിസ്റ്റ് വിപ്ളവം വിജയകരമായി അവസാനിക്കുകയും ജനകീയ ഭരണകൂടം രൂപംകൊള്ളുകയും ചെയ്തപ്പോള്‍ ഫിദല്‍കാസ്ട്രോ ആദ്യം ചെയ്തത് എല്ലാ മേഖലകളിലും സ്ത്രീസമത്വം ഉറപ്പുവരുത്തുക എന്നതാണ്. അത് ഒരു 'ശറലീഹീഴശരമഹ ാമിറമലേ'- പ്രത്യയശാസ്ത്രപരമായ ആദേശം - ആണെന്ന് ഹവാനയില്‍ ചേര്‍ന്ന ജനപ്രതിനിധി സഭയില്‍ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

ദൂരപൌരസ്ത്യ ദേശങ്ങളില്‍ സ്ത്രീസ്വാതന്ത്യ്രനിഷേധം ഏറെ രൂക്ഷമായിരുന്നു, പ്രത്യേകിച്ച് പഴയ ചൈനയില്‍. പെണ്‍കുട്ടികളുടെ പാദങ്ങള്‍ വരിഞ്ഞുകെട്ടിവയ്ക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. ചെറിയ പാദങ്ങളാണ് ഭംഗി എന്ന പുരുഷ ധാരണയാണ് ഈ വഴക്കം സൃഷ്ടിച്ചത്. ഒരു ഭാര്യക്ക് നാല്പതു വയസ്സുകഴിഞ്ഞാല്‍ അവള്‍ സ്വന്തം ഭര്‍ത്താവിന് ചെറുപ്പക്കാരിയായ ഒരു കിടപ്പറക്കൂട്ടിനെ കണ്ടുപിടിച്ചു നല്‍കണമെന്ന ചിട്ടയും നിലനിന്നിരുന്നു (പേള്‍ എസ് ബെക്കിന്റെ വിശ്വവിഖ്യാതമായ 'ഗുഡ് എര്‍ത്ത്' എന്ന നോവലില്‍ ഇതു വിവരിക്കുന്നുണ്ട്). ഇന്ത്യയിലെന്നപോലെ പെണ്ണ് ആണിന്റെ ദാസി എന്ന സങ്കല്പം ചൈനയിലും നിലനിന്നിരുന്നു. പൊതുസമൂഹത്തില്‍ തിണ്ണ അനുവദിച്ചിരുന്നത് ഉപരിവര്‍ഗത്തിലെ പൊന്നും പണവുമുള്ള പെണ്ണുങ്ങള്‍ക്കു മാത്രമായിരുന്നു. ജനകീയ ചൈന പുലര്‍ന്നപ്പോഴാണ് പെണ്‍മുക്തി ഒരു യാഥാര്‍ഥ്യമായത്. ലിംഗപരമായ എല്ലാ വിവേചനങ്ങള്‍ക്കും ചെയര്‍മാന്‍ മാവോ വിരാമമിട്ടു. സോവിയറ്റ് റഷ്യയിലെന്നപോലെ പീപ്പിള്‍സ് ചൈനയിലും സ്ത്രീ-പുരുഷ തുല്യത എല്ലാ കര്‍മമുഖങ്ങളിലും നടപ്പായി. ആണിനും പെണ്ണിനും ഒരേ തൊഴില്‍ക്കുപ്പായം (ണീൃസ ഴീിം) എന്ന മാവോയുടെ ആശയം തീര്‍ത്തും വിപ്ളവകരമായിരുന്നു.

വിയത്നാമിലുമുണ്ടായി ഗംഭീരമായ സ്ത്രീപക്ഷ മുന്നേറ്റം. ആദ്യം ഫ്രഞ്ച് കൊളോണിയല്‍ വാഴ്ചക്കെതിരായും പിന്നീട് തെക്കന്‍വിയറ്റ്നാമില്‍ താവളമടിച്ച അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായും സഖാവ് ഹോചിമിന്‍ നടത്തിയ നീണ്ട യുദ്ധവും പുളകകാരിയായ ചെറുത്തുനില്‍പ്പും ലോകചരിത്രത്തിന്റെ ചുവന്ന ഏടുകളാണ്. സ്ത്രീശക്തിയില്‍, സ്ത്രീ മോചനത്തില്‍ ഉറച്ചു വിശ്വസിച്ചിരുന്ന പടത്തലവനായിരുന്നു ഹോ. പാടത്തു പണിയെടുക്കുന്ന നാട്ടുപെണ്ണുങ്ങള്‍ക്കു അദ്ദേഹം തന്റെ പട്ടാളത്തില്‍ പ്രവേശനം നല്‍കി. പല തിളയ്ക്കുന്ന സമരമുഖങ്ങളിലും ആണ്‍പടയാളികളോടൊപ്പം പെണ്‍പുലികളുമുണ്ടായിരുന്നു. മോചിത വിയത്നാം കാഴ്ചവച്ചത് പെണ്‍നവോത്ഥാനത്തിന്റെ ആവേശകരമായ കഥയത്രെ.

സെക്സ്ബോംബുകളെ ഉത്പാദിപ്പിക്കുന്ന, പെണ്‍ശരീരത്തെ, സ്ത്രീസൌന്ദര്യത്തെ, സ്ത്രൈണചേഷ്ടകളെ, പല മട്ടില്‍ വിപണനവത്കരിക്കുകയും മലീമസമാക്കുകയും ചെയ്യുന്ന, പില്‍ക്കാല മുതലാളിത്ത വ്യവസ്ഥയുടെ അഥര്‍വ വേദാന്തത്തിന് മാന്യതയും സ്വീകാര്യതയും അതിഥിപീഠവും ഒരു പച്ചച്ചിരിയോടെ അനുവദിക്കുകയാണ് വര്‍ത്തമാന സമൂഹം ചെയ്യുന്നത്. സൌന്ദര്യറാണി മത്സരങ്ങളും ഫാഷന്‍ ഷോകളും അനാവരണത്തിന്റെ ആഭാസങ്ങളും നിത്യേനയെന്നോണം നടക്കുന്നു. ഇതിനെതിരായ സിംഹിക ഗര്‍ജനങ്ങള്‍ വളരെ വിരളമായേ കേള്‍ക്കുന്നുള്ളു. സ്ത്രീസംഘങ്ങള്‍തന്നെ പല സ്വത്വമലിനീകരണങ്ങളോടും സന്ധിചെയ്യുന്നു. പിന്നില്‍നിന്നു തോണ്ടുന്ന വഷളന്റെ വൃത്തികെട്ട മോന്തക്ക് മുഷ്ടി ചുരുട്ടിയടിക്കാന്‍ പണ്ടുണ്ടായിരുന്ന തന്റേടം ഇപ്പോള്‍ ചോര്‍ന്നുപോവുന്നുണ്ടോ എന്നു സംശയം. പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല. അത് മറക്കരുത്.
*
വി സുകുമാരന്‍

02 May, 2010

ചെങ്കൊടി പാറും ചെറുകല്ലായി, മാഹി വിമോചന സമരങ്ങള്‍

എം മുകുന്ദന്റെ മയ്യഴിക്ക് ഒമ്പത് ചതുരശ്ര കിലോമീറ്റര്‍ വിസ്താരമേയൂള്ളു. എങ്കിലും പോണ്ടിച്ചേരി സര്‍ക്കാറിലെ ഒരു മന്ത്രിയും ഒരു ഡെപ്യൂട്ടി സ്പീക്കറും ഈ ദേശത്തന്നുനിന്നാണ്. പുതുച്ചേരി ആഭ്യന്തര മന്ത്രി ഇ വത്സരാജും ഡെപ്യൂട്ടി സ്പീക്കര്‍ എ വി ശ്രീധരനുമാണ് വര്‍ഷങ്ങളായി ഈ സ്ഥാനത്തുള്ളത്. ഇരുവരും കോണ്‍ഗ്രസുകാര്‍.

മയ്യഴി, പള്ളൂര്‍ നിയോജകമണ്ഡലങ്ങളിലായി പരന്നുകിടക്കുന്ന ഈ പ്രദേശം ഒരു കേന്ദ്ര ഭരണ പ്രദേശംകൂടിയാണ്. സത്യത്തില്‍ കേരളത്തിലെ ഒരു പഞ്ചായത്തോളം വലിപ്പം മാത്രമേ ഈ രണ്ടു മണ്ഡലങ്ങള്‍ക്കും കാണൂ. വടക്കെ മലബാറില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലക്കിടയില്‍ മദ്യത്തിന്റെ മണമുള്ള മയ്യഴി നീണ്ട ഇരുന്നൂറ്റിമുപ്പത്തിമൂന്നു വര്‍ഷം ഫ്രഞ്ച് അധിനിവേശത്തില്‍ കഴിയുകയായിരുന്നു. കറുത്ത മുത്തുതേടി വന്ന ഫ്രഞ്ചുകാര്‍ അറബിക്കടലോരത്തെ ഈ കൊച്ചു ഗ്രാമത്തെ എളുപ്പത്തില്‍ സ്വന്തമാക്കി, അവര്‍ ക്രമേണ നാടിന്റെ ഭരണാധികാരികളായി. നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തില്‍നിന്നും 1954 ജൂലൈ 16-നാണ് ഫ്രഞ്ച് സാമ്രാജ്യത്വം എന്നന്നേക്കുമായി മാഹിയില്‍നിന്നും കെട്ടുകെട്ടിയത്. അതുവരെ സ്വതന്ത്ര ഇന്ത്യക്കകത്ത് ഇത് ഫ്രഞ്ചധീന പ്രദേശമായിത്തന്നെ നിലനിന്നു. ഉജ്വലമായ ജനകീയ മുന്നേറ്റത്തിലൂടെയാണ് മാഹിയുടെ വിമോചന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമായത്. ഈ പോരാട്ടത്തില്‍ കമ്യൂണിസ്റ്റു പാര്‍ടിയുടെ പങ്ക് നിര്‍ണായകവും അതേസമയം ത്യാഗഭരിതവുമാണ്.

ബ്രിട്ടീഷധിനിവേശത്തില്‍നിന്ന് ഇന്ത്യ മോചിതമായിട്ടും ഇന്ത്യക്കകത്ത് ഫ്രഞ്ച്, പോര്‍ച്ചുഗീസ് നാട്ടുരാജ്യാധിപത്യങ്ങള്‍ സ്വതന്ത്രമായിത്തന്നെ നിലകൊള്ളുന്നത് ദേശാഭിമാനികളെ സംബന്ധിച്ച് ഒരു വെല്ലുവിളിയായിതന്നെ കണ്ടു. 1950 ജനുവരി 26-ഓടെ ഇന്ത്യ പൂര്‍ണ സ്വാതന്ത്ര്യത്തിന്റെ പദവിയിലേക്ക് ഉയരുകയും ചെയ്തു. മാത്രമല്ല 1952 ജനുവരിയില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലാകമാനം ആദ്യ തെരഞ്ഞെടുപ്പും നടന്നു. എന്നിട്ടും ഫ്രഞ്ച് അടിമത്തത്തില്‍ പോണ്ടിച്ചേരി, യാനം, കാരയ്ക്കല്‍, മാഹി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പുതുച്ചേരി അസ്വാതന്ത്ര്യത്തിന്റെയും അടിമത്തത്തിന്റെയും നുകവും പേറി നിലനിന്നു. വിമോചന സ്വപ്നങ്ങള്‍ തദ്ദേശിയരില്‍ ഉടലെടുക്കാന്‍ ഇത് കാരണമായി. സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും ഒടുങ്ങാത്ത ദാഹമായി അത് മാറാന്‍ പിന്നെ അധികകാലം വേണ്ടിവന്നില്ല. ഫ്രഞ്ചധീന പ്രദേശങ്ങളില്‍ മാത്രമല്ല സ്വതന്ത്ര ഇന്ത്യന്‍ ജനതയിലും ഈ മോഹം ശക്തമായി. കോണ്‍ഗ്രസുകാരും സോഷ്യലിസ്റ്റുകാരും യോജിച്ച പ്രസ്ഥാനം കെട്ടിപ്പടുക്കുവാന്‍ മുമ്പോട്ടുവന്നു. ഇങ്ങനെ രൂപംകൊണ്ട 'ജനസഭ' മാഹി വിമോചനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിച്ചു.

ഇതേ സമയം തന്നെയാണ് ഫ്രഞ്ച് ഇന്ത്യയുടെ പരിപൂര്‍ണ സ്വാതന്ത്ര്യം അടിയന്തരാവശ്യമാണെന്ന് ഫ്രഞ്ച് കമ്യൂണിസ്റ്റു പാര്‍ടി പ്രഖ്യാപിച്ചത്. മഹാജനസഭയുടെ പ്രഖ്യാപിത ലക്ഷ്യത്തിന് അത് ഒരു പുതിയ ദിശാബോധം നല്‍കി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്ന 1947 ആഗസ്ത് 15ന് തന്നെ ഫ്രഞ്ചുകാരും ഇന്ത്യ വിടണം-ഇതായിരുന്നു ഫ്രഞ്ച് കമ്യൂണിസ്റ്റു പാര്‍ടിയുടെ ഉറച്ച നിലപാട്. ഫ്രഞ്ച് ഇന്ത്യന്‍ അസംബ്ളിയില്‍ കമ്യൂണിസ്റ്റംഗങ്ങള്‍ ഇക്കാര്യം ഉന്നയിച്ചുകൊണ്ട് സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അവസരമൊരുക്കി. എന്നാല്‍ മഹാജന സഭാംഗങ്ങള്‍ അസംബ്ളിയില്‍ ഇത്തരം ചര്‍ച്ചകള്‍ വരുമ്പോള്‍ ബോധപൂര്‍വം വിട്ടുനിന്നു. 1948 ഒക്ടോബര്‍ 21-ന് മഹാജനസഭക്കാര്‍ നടത്തിയ അതിക്രമങ്ങള്‍ ഇതിന് നല്ല തെളിവാണ്. അവര്‍ മാഹിയിലെയും പള്ളൂരിലെയും സര്‍ക്കാര്‍ ഓഫീസുകള്‍ കൈയേറി രേഖകള്‍തീയിട്ടു. പൊലീസുകാരെ ബന്ദികളാക്കി. പിന്നീട് മഹാജന സഭക്കാര്‍ മാഹിയിലെയും നാലുതറയിലെയും കമ്യൂണിസ്റ്റു പാര്‍ടിക്കുനേരെ തിരിഞ്ഞു. പാര്‍ടിക്കാരെ കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയി സമീപത്തുള്ള ഇന്ത്യന്‍ യൂണിയന്‍ പ്രദേശത്ത് തടവിലാക്കി. ശരിക്കും കമ്യൂണിസ്റ്റ് വേട്ടതന്നെ . തുടര്‍ന്ന് മഹാജന സഭക്കാര്‍ മാഹി ഭരണാധികാരം പിടിച്ചടക്കിയതായി പ്രഖ്യാപിച്ചു.

രാഷ്ട്രീയവും ജനാധിപത്യപരവുമായ എല്ലാ മൂല്യങ്ങളും കാറ്റില്‍പ്പറത്തി സംഘടിപ്പിച്ച ഈ സമരംജനങ്ങള്‍ക്കിടയിലും ഭരണാധികാരികള്‍ക്കിടയിലും എതിര്‍പ്പിന് ഇടയാക്കി. മഹാജന സഭക്കാര്‍ ജനങ്ങളില്‍നിന്നും ഒറ്റപ്പെട്ടു. അതുകൊണ്ടുതന്നെ അവര്‍ ഉണ്ടാക്കിയ താല്‍ക്കാലിക മന്ത്രിസഭക്ക് കേവലം നാല് ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. മാഹിയുടെ അധികാരം പിടിച്ചെടുത്തെന്ന വാര്‍ത്തയെ തുടര്‍ന്ന് പോണ്ടിച്ചേരി സര്‍ക്കാര്‍ ഒരു പടക്കപ്പല്‍ മാഹി തീരത്തേക്കയച്ചു. അതില്‍നിന്നും ഒരു ബോട്ടില്‍ പന്ത്രണ്ടോളം സായുധ പട്ടാളക്കാര്‍ മാഹിയിലേക്ക് മാര്‍ച്ച് ചെയ്തു. മഹാജന സഭക്കാര്‍ ഉയര്‍ത്തിയ ദേശീയ പതാക പട്ടാളക്കാര്‍ വലിച്ചു താഴ്ത്തി. പകരം ഫ്രഞ്ചു പതാക ഉയര്‍ത്തി. ഈ സമയം മഹാജന സഭക്കാര്‍ യാതൊരു ചെറുത്തുനില്പിന് തയ്യാറായില്ല എന്നു മാത്രമല്ല പട്ടാളക്കാരുടെ തൊപ്പി കണ്ടതോടെ മഹാജന സഭക്കാരുടെ മാഹി സര്‍ക്കാര്‍ ചിതറി. നേതാക്കള്‍ പലരും ഫ്രഞ്ചതിര്‍ത്തിയും കടന്ന് ഇന്ത്യയില്‍ അഭയം തേടി.

1954 ആയതോടെ മാഹിയില്‍ പുതിയൊരു രാഷ്ട്രീയ കാലാവസ്ഥ സംജാതമായി. മയ്യഴിയുടെ വിമോചനം നീട്ടിവെക്കാന്‍ വയ്യാത്തവിധം അത് സജീവ വിഷയമായി മാറി. ശരിയായ നിലപാടുമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റു പാര്‍ടി കൂടുതല്‍ കരുത്തു നേടി. ദേശാഭിമാനികളെയും വിമോചന ശക്തികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു പുത്തന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് രൂപം കൊടുക്കാന്‍ പാര്‍ടി മുമ്പോട്ടു വന്നു. ഇതിന്റെ ഭാഗമായി കമ്യൂണിസ്റ്റു പാര്‍ടിയും മഹാജനസഭയുമായി യോജിച്ച് സ്വാതന്ത്ര്യ സമര മുന്നണിക്ക് തുടക്കമിട്ടു. സി എച്ച് കണാരന്‍, എം കെ കേളു, വാഴയില്‍ ഗോപി, പി വി കുഞ്ഞിരാമന്‍, പി വി കുട്ടി, കോട്ടായി കണാരന്‍മേസ്ത്രി, കെ മാധവന്‍, കുനിയില്‍ കൃഷ്ണന്‍ തുടങ്ങിയ കമ്യൂണിസ്റ്റു നേതാക്കള്‍ മയ്യഴിയിലും പരിസരങ്ങളിലും ക്യാമ്പുചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഫ്രഞ്ച് അധീനത്തിലുള്ള മാഹിയുടെ ഭാഗമായ ചെറുകല്ലായിയെ വിമോചനത്തിന്റെ തന്ത്രപ്രധാനമായ കേന്ദ്രമായി ഇവര്‍ കണ്ടു. മാഹി പുഴയും കടന്ന് കണ്ണൂരിന്റെ അതിര്‍ത്തിയോടു ചേര്‍ന്നുനില്‍ക്കുന്ന ഒരു ചെറുകുന്നിന്‍പ്രദേശമാണ് ചെറുകല്ലായി. പടുമരങ്ങളും കശുമാവും നിറഞ്ഞ ഈ കുന്നിന്‍പുറത്തുനിന്ന് നോക്കിയാല്‍ മയ്യഴിയുടെസൂക്ഷ്മ ചലനങ്ങള്‍ കാണാം. കുന്നിറങ്ങിയാല്‍ മൂന്നു ഭാഗവും കേരളം. എല്ലാംകൊണ്ടും സുരക്ഷിതം. അതുകൊണ്ടുതനെ ചെറുകല്ലായി മോചിപ്പിക്കുക ആദ്യ ലക്ഷ്യമായി വിമോചന പോരാളികള്‍ അടയാളപ്പെടുത്തി. മോചന പദ്ധതിക്ക് അന്തിമരൂപം നല്‍കാന്‍ ചെറുകല്ലായിക്ക് സമീപത്തുള്ള കേരളത്തിലെ മൂഴിക്കരയില്‍ സമ്മേളനം വിളിച്ചുചേര്‍ത്തു. എകെജിയുള്‍പ്പെടെയുള്ള സമുന്നത നേതാക്കള്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ആവേശം കത്തിനില്‍ക്കുന്ന ആ സമ്മേളനം- മയ്യഴിയുടെ വിമോചനം കമ്യൂണിസ്റ്റുപാര്‍ടിയുടെ അടിയന്തര ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു. മാഹിക്കും നാലുതറക്കുമിടയിലുള്ള ചെറുകല്ലായിയുടെ വിമോചനപ്പോരാട്ടങ്ങള്‍ ഇതോടെ പാര്‍ടി ഏറ്റെടുത്തു.

ഇതേസമയം മഹാജനസഭയുടെ നിലപാടുകള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ തീരുമാനത്തിന് സഹായകമായിരുന്നില്ല. അവരുടെ ഉദ്ദേശശുദ്ധിയിലും ആത്മാര്‍ഥതയിലും പാര്‍ടിക്ക് വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പാര്‍ടി തനിച്ചുതന്നെ സമരഭൂമിയില്‍ അടിപതറാതെ ചെറുകല്ലായിയുടെ മക്കളുടെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ സന്നദ്ധമായി. അവര്‍ ചെങ്കൊടി കൈയിലേന്തി. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ പോണ്ടിച്ചേരിയില്‍നിന്നും തമിഴ് പൊലീസുകാരെ വന്‍തോതില്‍ ചെറുകല്ലായിയില്‍ കൊണ്ടുവന്നിറക്കി. സായുധരായ തമിഴ് ശിപ്പായിമാരുടെ ഉരുക്കുമുഷ്ടിയില്‍ ഈ പ്രദേശം ഞെരിഞ്ഞമര്‍ന്നു. ഇതുകൊണ്ടൊന്നും പോരാളികള്‍ മുട്ടുമടക്കിയില്ല. മയ്യഴിയുടെ ദൈനംദിനാവശ്യങ്ങള്‍ക്ക് കേരളാതിര്‍ത്തിയിലുള്ള വ്യാപാര സ്ഥാപനങ്ങളെയാണ് ആശ്രയിക്കാറ് പതിവ്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ ഉപരോധമേര്‍പ്പെടുത്തി. ഫലത്തില്‍ ഇന്ത്യയും ഫ്രഞ്ച് അധീന പ്രദേശമായ മാഹിയും തമ്മിലുള്ള ബന്ധം മുറിഞ്ഞു.

സമരം ശക്തിപ്പെട്ടു. 1954 ഏപ്രില്‍ 26-ാം തിയ്യതി അര്‍ധരാത്രി മയ്യഴിയുടെ പടിഞ്ഞാറന്‍ ചെരിവിലൂടെ ചെങ്കൊടിയേന്തിയ മുപ്പതോളം പോരാളികള്‍ ചെറുകല്ലായിലേക്ക് നീങ്ങി. ശിപ്പായി ക്യാമ്പ് പിടിച്ചടക്കുകയായിരുന്നു ലക്ഷ്യം. തലശേരിയിലെ വയലളം, കോടിയേരി, ഗോപാലപ്പേട്ട തുടങ്ങിയ പ്രദേശങ്ങളിലെ ചെറുപ്പക്കാരാണ് സ്വന്തം ജീവന്‍ ബലികഴിച്ചും ആയുധപ്പുര പിടിച്ചടക്കാന്‍ തയ്യാറായി മുന്നോട്ടു നീങ്ങിയത്. കൊടും രാത്രിയില്‍ കുറ്റിക്കാടും കുന്നും അഗാധ ഗര്‍ത്തങ്ങളും നിറഞ്ഞ വഴികളിലൂടെ അവര്‍ ക്യാമ്പ് വളഞ്ഞു. ഈ സമയം സമര സഖാവും മുന്‍ പട്ടാള ഉദ്യോഗസ്ഥനുമായ കെ കെ ജി അടിയോടി സായുധ പൊലീസിന്റെ കൈയില്‍നിന്നും തോക്ക് പിടിച്ചെടുക്കാന്‍ ശ്രമിച്ചു. അതോടെ അവിടം യുദ്ധക്കളമായി മാറി. ചുകപ്പന്‍ ചെറുപ്പക്കാര്‍ക്ക് നേരെ പൊലീസുകാര്‍ വെടിയുതിര്‍ത്തു. അടിയോടിയെ തോക്കിന്റെ ചട്ടകൊണ്ട് ക്രൂരമായി തല്ലി. ബോധമറ്റുവീണ അടിയോടിയെ സമരഭടന്മാര്‍ താങ്ങിയെടുത്തു തലശേരി ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കിയ കാരണം അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. വെടിയൊച്ചയും കൂട്ട നിലവിളിയും ബഹളവും കൂരിരുട്ടില്‍ ചെറുകല്ലായി കുന്നിന്‍പുറത്ത് വലിയ പ്രതിധ്വനിയായി പരന്നു. ഉശിരനായ പോരാളി പി പി അനന്തന് വെടിയേറ്റു. അനന്തനെയുംകൊണ്ട് സമര ഭടന്മാര്‍ അതിസാഹസികമായി തലശേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഓടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നിട്ടും ആത്മവീര്യം ചോരാതെ പോരാളികള്‍ കൂടുതല്‍ സമരോത്സുകരായി. എന്നാല്‍ സായുധ ശിപ്പായിമാരാകട്ടെ, ഭയവിഹ്വലരായി ആത്മരക്ഷാര്‍ഥം ക്യാമ്പ് ഉപേക്ഷിച്ചു തൊട്ടടുത്തുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. പോകുംവഴിയില്‍ ശിപ്പായിമാര്‍ സമര സഖാക്കളിലൊരാളായ എം അച്യുതനെ നിറയൊഴിച്ചുകൊന്നു. ശരീരം അവര്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. എന്നിട്ടും വിമോചനപ്പോരാളികള്‍ സമരപഥങ്ങളില്‍ അടിപതറാതെ മുന്നേറി. അങ്ങനെ പ്രതിരോധത്തിന്റെയും ചെറുത്തുനില്പിന്റെയും ഉജ്വല ചരിതം രചിച്ചുകൊണ്ട് 1954 ഏപ്രില്‍ 27-ാം തിയ്യതി വൈകുന്നേരം നാലു മണിയോടെ ചെറുകല്ലായിയുടെ നെഞ്ചില്‍ വിമോചനപതാക പാറിക്കളിച്ചു. ചെറുകല്ലായിയെ മോചിപ്പിച്ചു. വിലപ്പെട്ട രണ്ടു ജീവന്‍ കൊടുത്തിട്ടാണ് ചെറുകല്ലായിയുടെ മോചനം യാഥാര്‍ഥ്യമായത്. സഖാക്കള്‍ അനന്തനും അച്യുതനും ചെറുകല്ലായ് രക്തസാക്ഷികളെന്ന പേരില്‍ വിപ്ളവകാരികളുടെ സിരകളില്‍ സമരവീര്യം പ്രവഹിപ്പിച്ചുകൊണ്ട് ഇന്നും നിലനില്‍ക്കുന്നു. കമ്യൂണിസ്റ്റു പാര്‍ടി തലശേരി ഫര്‍ക്കാ കമ്മിറ്റി അംഗവും ബീഡിത്തൊഴിലാളി യൂണിയന്‍ നേതാവുമായ പി പി അനന്തന്‍ ഇങ്ങയില്‍പീടിക സ്വദേശിയായിരുന്നു. 1949-ലെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ പാര്‍ടി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. രക്തസാക്ഷിയാവുമ്പോള്‍ സഖാവിന്റെ പ്രായം 34 വയസ്. രക്തസാക്ഷി അച്യുതനാകട്ടെ പാര്‍ടിയുടെ നിശബ്ദ പോരാളിയായിരുന്നു. ഗോപാലന്റെയും യശോദയുടെയും മൂത്ത മകനായ അച്ചുതന്‍ ഗോപാലപ്പേട്ടയിലെ ബീഡിത്തൊഴിലാളിയായിരുന്നു. 38-ാമത്തെ വയസിലാണ് സഖാവിന്റെ രക്തസാക്ഷിത്വം.

അങ്ങനെ ചെറുകല്ലായിയുടെ മോചനം സാക്ഷാല്‍ക്കരിച്ചതോടെ മാഹിയുടെ സ്വാതന്ത്ര്യ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ വെച്ചു. മാഹി വിമോചനമെന്ന ലക്ഷ്യത്തോടെ കൂട്ടായ സമരം ശക്തിപ്പെടുത്താന്‍ കമ്യൂണിസ്റ്റുപാര്‍ടി തീരുമാനിച്ചു. മഹാജന സഭയുമായി സഖ്യമുണ്ടാക്കാന്‍ പാര്‍ടിതന്നെ മുന്‍കൈ എടുത്തു. ഇതിന് തടസമായി വന്നത് സഭയുടെ നേതാവായ ഐ കെ കുമാരന്‍മാസ്റ്ററായിരുന്നു.ചെറുകല്ലായി വിമോചനത്തിനു ശേഷം പാര്‍ടിയും മഹാജന സഭയും സംയുക്തമായി ഒരു ഓഫീസ് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഫ്രഞ്ച് ചാരന്മാരെന്ന് മുദ്രകുത്തി നിരവധി നിരപരാധികളെ മഹാജന സഭക്കാര്‍ പിടിച്ചുകൊണ്ടുവന്നു മര്‍ദിച്ച് അവശരാക്കിയ ശേഷം ഇവരെ ഈ ഓഫീസിലേക്ക് തള്ളുന്ന രീതിയെ പാര്‍ടി അംഗീകരിച്ചില്ല. മാഹിയുടെ സമ്പൂര്‍ണ സ്വാതന്ത്ര്യത്തിന് നിലകൊള്ളുക എന്ന മുഖ്യധാരയില്‍നിന്ന് പലപ്പോഴും വ്യതിചലിക്കുന്ന പ്രവണത കുമാരന്‍മാസ്റ്റരും അവരുടെ സഭയും കാണിക്കുന്നതായും പാര്‍ടിക്ക് ബോധ്യപ്പെട്ടു. ഇതോടെ കമ്യൂണിസ്റ്റു പാര്‍ടി സ്വന്തം കൊടിക്കു കീഴില്‍ മുഴുവന്‍ ജനങ്ങളെയും അണിനിരത്തി കരുത്തുറ്റ സ്വാതന്ത്യ പ്രസ്ഥാനമായി മുമ്പോട്ട് പോവാന്‍ തീരുമാനമെടുത്തു. ചെറുകല്ലായി ഓഫീസില്‍ അകാരണമായി തടങ്കലില്‍ വെച്ച മുഴുവനാളുകളെയും കമ്യൂണിസ്റ്റു പാര്‍ടി മോചിപ്പിച്ചു. തുടര്‍ന്ന് 'നാലുതറ'യില്‍ ക്യാമ്പ് ചെയ്ത പട്ടാളക്കാരെയും പൊലീസുകാരെയും മാഹിയിലേക്ക് തുരത്തിയോടിച്ചു. അടുത്ത ഘട്ടമായി മാഹി വിമോചനത്തിനുള്ള അന്തിമ പോരാട്ടത്തിന് പാര്‍ടി സജ്ജമായി. മാഹിയുടെ ചുറ്റുമുള്ള കേരളാതിര്‍ത്തികളില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിച്ച്, പോരാട്ടങ്ങള്‍ക്ക് ചൂട് പകരാന്‍ ആവേശകരമായ ആഹ്വാനങ്ങള്‍ മുഴക്കിക്കൊണ്ടിരുന്നു. ഇതുകണ്ട് മഹാജന സഭക്കാര്‍ക്ക് വെപ്രാളമായി. അവര്‍ മുഖം രക്ഷിക്കാന്‍ കമ്യൂണിസ്റ്റുകാരെ മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു വിമോചന ജാഥ തട്ടിക്കൂട്ടാന്‍ ശ്രമിച്ചു.

ഈ സമര പ്രഹസനത്തെ ജനങ്ങള്‍ സ്വീകരിച്ചില്ല. മറിച്ച് ജനം മുഴുവന്‍ പാര്‍ടിയോടൊപ്പമാണെന്ന് തെളിയുന്ന സ്ഥിതിയാണ് വന്നുചേര്‍ന്നത്. പോരാട്ടത്തിന് ജനങ്ങള്‍ പാര്‍ടിയോടൊപ്പം ഒഴുകി. 1954 ജൂലൈ 14-ാം തിയ്യതി മാഹി വിമോചനത്തിന് വേണ്ടിയുള്ള അന്തിമ പോരാട്ടത്തിന് ജനങ്ങളെ സജ്ജമാക്കി. മാഹിയുടെ അതിര്‍ത്തിഗ്രാമങ്ങളില്‍നിന്നും നിരവധി സഖാക്കള്‍ ചെറുജാഥയായി നീങ്ങി ഇവരോടൊപ്പം കണ്ണിചേര്‍ന്നു. സമരോത്സുകരായ ഇവര്‍ മാഹിയിലേക്ക് ഇരച്ചുകയറി. ഫ്രഞ്ച് ഭരണകൂടം ഈ ജനമുന്നേറ്റത്തില്‍ പകച്ചുനിന്നു. പ്രതിരോധിക്കാന്‍ കഴിയാത്തവണ്ണം അവര്‍ കരുത്തരായിരുന്നു. സ്വന്തം മണ്ണു തിരിച്ചേല്‍പ്പിക്കാന്‍ സമരസന്നദ്ധരായി വന്നവരുടെ നിശ്ചയദാര്‍ഢ്യം കണ്ട് ഫ്രഞ്ച് ഭരണാധികാരികള്‍ അധികാരം വിട്ടിറങ്ങാന്‍ തയ്യാറായി. അങ്ങനെ 1954 ജൂലൈ 16-ന് മാഹിയുടെ ഭരണം മാഹിക്കാര്‍ക്കുതന്നെ തിരിച്ചുകിട്ടി. അഥവാ മാഹി സ്വതന്ത്രമായി. ഇന്ത്യയുടെ ദേശീയ പതാക മയ്യഴിയുടെ ഭരണ സിരാകേന്ദ്രത്തിനു മുകളില്‍ പാറിപ്പറന്നു.

മാഹി വിമോചന സമരഭൂമികയില്‍ ത്യാഗത്തിന്റെയും സഹനത്തിന്റെയും മുദ്ര പതിപ്പിച്ചവര്‍ നിരവധിയാണ്. അവര്‍ക്കിടയില്‍ ഉസ്മാന്‍മാസ്റ്ററുടെയും എന്‍ സി കണ്ണന്റെയും പേര് വേറിട്ടുനില്‍ക്കുന്നു. ഫ്രഞ്ചുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യവുമായി ദേശീയ പതാകയും പിടിച്ച് മുന്നേറിയ ഉസ്മാന്‍ മാസ്റ്ററെയും കണ്ണനെയും പൊലീസും വാടകഗുണ്ടകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തിന്റെ ആഘാതത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ഉസ്മാന്‍മാസ്റ്റര്‍ ഏതാനും ദിവസത്തിനു ശേഷം അന്ത്യശ്വാസം വലിച്ചു.

മാഹി വിമോചനത്തെ എളുപ്പമാക്കിയ ഒരാഗോള സാഹചര്യവും ശ്രദ്ധേയമാണ്. മാഹിയിലേക്ക് പടക്കപ്പലയക്കാന്‍ ഐക്യരാഷ്ട്ര സഭയില്‍ ഫ്രഞ്ച് ഭരണകൂടം അക്കാലത്ത് ഒരു പ്രമേയം കൊണ്ടുവന്നു. എന്നാല്‍ സോവിയറ്റ്യൂണിയന്‍ വീറ്റോ ഉപയോഗിച്ച് ആ പ്രമേയ അവതരണ ശ്രമം പരാജയപ്പെടുത്തി. ഫ്രഞ്ച് സാമ്രാജ്യത്വത്തിന്റെ ആത്മവീര്യത്തെ തകര്‍ത്ത് വിയത്നാമിലെ ഫ്രഞ്ച്കോളണിയായ 'ദിന്‍ബിന്‍' മോചിപ്പിക്കപ്പെട്ടതും മാഹി വിമോചനപ്പോരാട്ടത്തിന് സഹായകമായി.

1954 ജൂലൈ 16 മാഹിയെ സംബന്ധിച്ച്, സ്വന്തം നാടിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കാന്‍ അവകാശം ലഭിച്ച നിര്‍ണായക ദിവസമാണ്. ഇതിനു വേണ്ടിയുള്ള ത്യാഗനിര്‍ഭരമായ പോരാട്ടത്തില്‍ കമ്യൂണിസ്റ്റു പാര്‍ടിയുടെ പങ്ക് ദേശീയവും സാര്‍വദേശീയവുമായ ഒരു തലത്തില്‍നിന്ന് നോക്കുമ്പോള്‍, ഉജ്വലവും ആദര്‍ശാത്മകവുമാണെന്ന് കാണാം. ഇക്കാരണങ്ങളാല്‍ മാഹി വിമോചനവും കമ്യൂണിസ്റ്റു പാര്‍ടിയും തമ്മിലുള്ള നാഭീനാള ബന്ധം ആര്‍ക്കും മുറിച്ചുമാറ്റാന്‍ കഴിയില്ല.

*
മുകുന്ദന്‍ മഠത്തില്‍ കടപ്പാട്: ദേശാഭിമാനി വാരിക

18 March, 2010

തെക്കന്‍ മലബാറിലെ പാരീസ് കമ്യൂണ്‍

തൊള്ളായിരത്തി ഇരുപത്തി ഒന്നിലെ മലബാര്‍ കലാപം സ്വാതന്ത്ര്യ സമരമായി അംഗീകരിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും മടിച്ചുനിന്ന കാലത്ത് കലാപത്തെ വാഴ്ത്തിക്കൊണ്ട് സഖാവ് എ കെ ഗോപാലന്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ പ്രസംഗം(1946 ആഗസ്ത് 25) അദ്ദേഹത്തിന്റെ അറസ്റ്റില്‍ കലാശിക്കുകയും അദ്ദേഹം വിചാരണ നേരിടുകയും ചെയ്തു. പ്രസംഗം ബ്രിട്ടീഷ് രഹസ്യ കേന്ദ്രങ്ങള്‍ രേഖപ്പെടുത്തുകയും അന്നത്തെ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ കോപ്പി കോഴിക്കോട് പുരാരേഖാ കേന്ദ്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

കോഴിക്കോട് ആര്‍കൈവ്സില്‍ മലബാര്‍ സമരം സംബന്ധിച്ചുള്ള രേഖകള്‍ പരതുമ്പോഴാണ് ഈ രേഖ കൈയില്‍ തടയുന്നത്. തിരൂരങ്ങാടി പി എസ് എം ഒ കോളജിലെ ഡോ.മായിന്‍കുട്ടിയാണ് രേഖയുടെ പകര്‍പ്പെടുത്തത്. മാപ്പിള സമര നേതാവ് ആലി മുസ്ലിയാരെക്കുറിച്ചുള്ള കുറിപ്പുകള്‍ തയാറാക്കാന്‍ അന്നത്തെ കോടതി രേഖകള്‍ ചികഞ്ഞെടുക്കുന്നതിനിടെയാണ് രേഖ ലഭിച്ചത്. സ്വാതന്ത്ര്യ സമര സേനാനികളുടെ ഫയലിലാണ് ഈ രേഖയുള്ളത്. ഇതില്‍ പ്രസംഗത്തെക്കുറിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച നോട്ടുകളും, വിചാരണയില്‍ എ കെ ജി കൊടുക്കുന്ന മറുപടിയും എ കെ ജിക്ക് നല്കുന്ന ശിക്ഷയും പ്രതിപാദിക്കുന്നുണ്ട്.

1940കളില്‍ മുസ്ലിം ലീഗിന്റെ പാക്കിസ്ഥാന്‍ പ്രക്ഷോഭം ശക്തിപ്പെട്ട കാലത്ത് ബ്രിട്ടീഷുകാരുടെ അനുഭാവം ലഭിക്കാന്‍ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളെക്കുറിച്ചൊക്കെ മൌനം പാലിക്കുകയായിരുന്നു മുസ്ലിം ലീഗ്. അതുകൊണ്ട് ലീഗിന്റെ അജണ്ടയില്‍ മലബാര്‍ കലാപം വിഷയമായിരുന്നില്ല. കോണ്‍ഗ്രസാവട്ടെ, മലബാര്‍ സമരത്തെ വര്‍ഗീയമെന്ന് പറഞ്ഞ് അവഗണിക്കുകയും ചെയ്തു. ഈ നയമാണ് എ കെ ജിയെപ്പോലുള്ള കമ്യൂണിസ്റ്റ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. പെരിന്തല്‍മണ്ണയിലെ യോഗത്തില്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും സാമ്രാജ്യത്വ നയങ്ങളെ എ കെ ജി നിശിതമായ വിമര്‍ശിച്ചു. ഇതിന്റെ പേരിലാണ് അദ്ദേഹം ജയിലിലടക്കപ്പെടുന്നത്. എന്നാല്‍ ജയിലില്‍ നിന്ന് എ കെ ജി സമര്‍ഥമായി രക്ഷപ്പെടുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം വീണ്ടും അറസ്റ്റ് ചെയ്തു.

എ കെ ജിയുടെ പ്രസംഗം പൂര്‍ണ രൂപത്തില്‍ ഇവിടെ രേഖപ്പെടുത്തുകയാണ്:

"ഇരുപത്തഞ്ച് വര്‍ഷം മുമ്പ് നമ്മുടെ പാവപ്പെട്ട സമൂഹത്തില്‍നിന്ന് ഒരു സാധാരണ മുസ്ലിമായ ആലി മുസ്ലിയാര്‍ ബ്രിട്ടീഷ് ഭരണത്തിനും, അനീതിക്കും, അടിമത്തത്തിനും എതിരെ കേരളത്തില്‍ ഒരു മഹാ സമരം നടത്തി. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്ന്വേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ആര്‍ക്കെങ്കിലും ശക്തമായ സമരം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, നിശ്ചയദാര്‍ഢ്യവും ധൈര്യവും ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് ധൈര്യശാലികളും പാവപ്പെട്ടവരുമായ ഈ മുസ്ലിം കര്‍ഷകര്‍ക്കാണ്. അവര്‍ വെള്ളപ്പട്ടാളത്തിന്റെ തോക്കുകളെയും പീരങ്കികളെയും ധൈര്യപൂര്‍വം എതിരിട്ടു. അതൊക്കെ അവര്‍ പുല്‍ക്കൊടിയായി കണ്ടു. നമ്മുടെ ഈ മാപ്പിള സഹോദരന്‍മാരെ എങ്ങനെയാണ് നിങ്ങള്‍ക്ക് മറക്കാനാകുക?
ആലി മുസ്ലിയാരുടേയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയുടേയും കീഴിലുള്ള നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ പൂക്കോട്ടൂരില്‍വച്ച് വെള്ളപ്പട്ടാളത്തെ ശക്തമായി നേരിട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്വ സര്‍ക്കാരിന് തോക്കും പീരങ്കിയും വിമാനവും കപ്പലുമുണ്ടായിരുന്നു. അവര്‍ക്കെന്തൊക്കെ ഉണ്ടായിരുന്നാലും ധീരരായ നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ യുദ്ധം ചെയ്യാന്‍ ധൈര്യപൂര്‍വം തയ്യാറായി. യുദ്ധത്തിനുള്ള ധൈര്യവും ശക്തിയും തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞുകൊണ്ട് നിരായുധരായ മുസ്ലിം സുഹൃത്തുക്കള്‍ തുറന്ന യുദ്ധം നടത്തുകയും മലബാറിന്റെ രണ്ട് താലൂക്കുകളില്‍ മൂന്ന് മാസത്തോളം അവര്‍ ഭരിക്കുകയും ചെയ്തു. അവര്‍ ആ പ്രദേശങ്ങളില്‍നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പുറത്താക്കുകയും സാധാരണ കര്‍ഷകരും തൊഴിലാളി സുഹൃത്തുക്കളും അവിടെ ഭരണം നടത്തുകയും ചെയ്തു. 'ക്വിറ്റ് ഇന്ത്യാ' പ്രമേയം 1921ല്‍ മുന്ന് മാസത്തോളം നടപ്പാക്കിക്കൊണ്ട് നേരത്തേതന്നെ അവര്‍ മാതൃക കാണിച്ചിട്ടുണ്ട്. ആലി മുസ്ല്യാരാണ് അത് ചെയ്തത്.

രണ്ട് താലൂക്കുകളിലെ ജനങ്ങള്‍ ഒരുമിച്ചാല്‍ മാത്രം മതി, അവരെ അടിച്ചമര്‍ത്താന്‍ ഗൂര്‍ക്കാ പട്ടാളവും വെള്ളപ്പട്ടാളവും പോലീസും ഉദ്യോഗസ്ഥന്‍മാരും ഒന്നിച്ച് നിന്നാല്‍ പോലും സാധ്യമല്ലെന്ന് അവര്‍ തെളിയിച്ചു. നമ്മുടെ ഐക്യം നമുക്ക് വേണ്ടത്ര ശക്തി തരുന്നു. തോക്കും വിമാനവും കുന്തവുമില്ലാതെയാണ് ആലി മുസ്ലിയാര്‍ മൂന്ന് മാസം ഭരിച്ചത്. ഇതോര്‍മിക്കാതെ ഒരു സ്വാതന്ത്ര്യസമരം നടത്താന്‍ നമ്മള്‍ യോഗ്യരല്ല. അതിന്റെ ഗുണങ്ങള്‍ ചിന്തിക്കാനുള്ള ശക്തിയില്ലാതെ സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തിയുള്ള സമരം നടത്താന്‍ നമുക്കാവില്ല. അതുകൊണ്ടാണ് അഭിമാനത്തോടെ ഇരുപത്തൊന്നിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കുന്നതും സംസാരിക്കുന്നതും. നിങ്ങളാരാകട്ടെ, ഹിന്ദുവോ മുസ്ലിമോ ആകട്ടെ, നിങ്ങള്‍ സാമ്രാജ്യത്വ വിരുദ്ധനാണെങ്കില്‍, അനര്‍ഹമായ ഈ ബ്രിട്ടീഷ് ഭരണം അവസാനിക്കണമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ ഇരുപത്തൊന്നില്‍ ഈ രാജ്യത്തെ ദേശഭക്തരായ യുവാക്കള്‍ ചെയ്ത ധീര സമരത്തിന്റെ പാഠമുള്‍ക്കൊള്ളണം. ആ സമരത്തിന്റെ സാഹചര്യങ്ങള്‍ പഠിക്കാതെ നിങ്ങള്‍ക്ക് പ്രത്യക്ഷ നടപടിക്കള്‍ തുടരാനാവില്ല. ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കാനുമാവില്ല. അതുകൊണ്ടാണ് ഇരുപത്തൊന്നിന്റെ നല്ല പാഠങ്ങള്‍ പഠിക്കണമെന്ന് നാം പറയുന്നത്.

അക്കാലത്ത് ഇന്നാട്ടിലെ മാപ്പിള സുഹൃത്തുക്കള്‍ ബി എ ക്കാരായിരുന്നില്ല. അവര്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസവുമുണ്ടായിരുന്നില്ല. അവര്‍ക്ക് ഖാന്‍ ബഹാദൂര്‍ പട്ടമുണ്ടായിരുന്നില്ല. പക്ഷേ അവരില്‍ ശക്തന്‍മാരുണ്ടായിരുന്നു. അന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അവര്‍ പ്രസംഗിക്കുകയായിരുന്നില്ല; പക്ഷേ അവര്‍ തോക്കുകളെ നേരിട്ടു, പീരങ്കികളെ നേരിട്ടു; ഉദ്യോഗസ്ഥന്‍മാരെ നേരിട്ടു. മനുഷ്യശക്തിക്ക് മുമ്പില്‍ തോക്കും ആയുധങ്ങളും പുല്‍ക്കൊടിയാണെന്ന് അവര്‍ തെളിയിച്ചു. മൂന്ന് മാസം അവര്‍ക്ക് ഭരിക്കാന്‍ കഴിഞ്ഞു. ഇതാര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ? ഇത് സ്മരിക്കപ്പെടേണ്ടതല്ലേ? ആഗസ്ത് വിപ്ളവത്തെ പാടിപ്പുകഴ്ത്തുന്ന കോണ്‍ഗ്രസ് സുഹൃത്തുക്കളോട് ഇതാണ് എനിക്ക് ചോദിക്കാനുള്ളത്. നമുക്കിതാണ് പറയാനുള്ളത്; ആഗസ്ത് പതിനാറിന് മുസ്ലിം ലീഗ് നടത്തിയ പ്രത്യക്ഷ നടപടി (കോണ്‍ഗ്രസിനെതിരെ മുസ്ലിം ലീഗ് നടത്തിയ പ്രത്യക്ഷ നടപടി ദിനം) യഥാര്‍ഥ നടപടിയാകണമെങ്കില്‍ മുസ്ലിം നേതാക്കള്‍ അത് ബ്രിട്ടീഷ് ഭരണത്തിനെതിരെയാണ് നടത്തേണ്ടത്. ഇരുപത്തൊന്നിലെ സമരത്തിന്റെ പാഠം അവര്‍ നന്നായി പഠിക്കണം. അതായിരുന്നു നേരായ സമരം. പ്രത്യക്ഷ നടപടി കേരളത്തില്‍ ഇരുപത്തൊന്നില്‍തന്നെ നടന്നു. അത് മറക്കരുത്. ഓരോ വര്‍ഷത്തിലും ഇരുപത്തൊന്നിലെ സമരത്തിന്റെ ഓര്‍മ പുതുക്കണം. സ്വാതന്ത്ര്യത്തിനുവേണ്ടി ഈ സ്ഥലത്തെ ജനങ്ങള്‍, നമ്മുടെ മുസ്ലിം സഹോദരന്‍മാര്‍ ജന്മികള്‍ക്കെതിരെ നടത്തിയ സമരത്തിന്റെ വില ആയിരങ്ങളോ കോടിയോ അല്ല; ആ സമരത്തില്‍ സംഭവിച്ച വാഗണ്‍ ട്രാജഡി മറക്കാന്‍ കഴിയുമെന്നോ?

അതുകൊണ്ടാണ് ഇരുപത്തൊന്നാണ് ആചരിക്കേണ്ടത് എന്ന് ഞാന്‍ പറയുന്നത്. ഇരുപത്തൊന്നില്‍ നമ്മുടെ ജനങ്ങള്‍ ഒരു പ്രത്യക്ഷ നടപടി കൈക്കൊണ്ടു. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സായുധ സമരം. ജനങ്ങളുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുന്നതിന്, ജന്‍മിമാരില്‍നിന്നും ഈ നാട്ടിലെ പാവപ്പെട്ടവരെ സംരക്ഷിക്കുന്നതിന്, ജന്മിമാരുടെയും ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള സമരം. ഇരുപത്തൊന്നിലെ സായുധ സമരത്തെക്കുറിച്ച് പറയുമ്പോള്‍ അഹിംസക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന കോണ്‍ഗ്രസ് സുഹൃത്തുക്കളോട് ഞാന്‍ ചോദിക്കട്ടേ, എന്തായിരുന്നു ആഗസ്ത് വിപ്ളവം? അത് വയര്‍ലെസ് കമ്പി മുറിക്കലും റെയില്‍ തകര്‍ക്കലുമായിരുന്നില്ലേ? അതുപോലെ ഉദ്യേഗസ്ഥരുടെ അതിക്രമത്തേയും ചെറുത്തു. അവരില്‍ പലരും മരിച്ചു. അത് അഹിംസയാണോ? പണ്ഡിറ്റ് നെഹ്റു പോലും പറയും നാം ആഗസ്ത് വിപ്ളവം ഓര്‍ക്കണമെന്ന്? ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയുള്ള സമരമായി ആഗസത് വിപ്ളവത്തെ കോണ്‍ഗ്രസ് ഗണിക്കുന്നുവെങ്കില്‍ എന്തുകൊണ്ട് ഇരുപത്തൊന്നിലെ കലാപത്തെ പാര്‍ടി അതുപോലെ സ്മരിക്കുന്നില്ല? ആ സമരത്തെ മാപ്പിള കലാപം. മലബാര്‍ കലാപം എന്നൊക്കെ പറയുവാന്‍ ചില കാരണങ്ങളൊക്കെയുണ്ട്. ആയിരക്കണക്കിന് മുസ്ലിങ്ങള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി മരിക്കാന്‍ തയ്യാറായപ്പോള്‍ മുസ്ലിം വിരുദ്ധ ചിന്തയുള്ളവര്‍ അങ്ങനേയങ്ങ് പറയാന്‍ തുടങ്ങിയതാണ്.

അന്നത്തെ ഖിലാഫത് ഗവണ്‍മെന്റ് പാവപ്പെട്ടവരുടെ ഗവണ്‍മെന്റായിരുന്നു. അത് കര്‍ഷകരുടെയും തൊഴിലാളികളുടെയും ഗവണ്‍മെന്റായിരുന്നു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ക്യാമ്പിലുണ്ടായിരുന്നവര്‍ കര്‍ഷകരായിരുന്നു. നാട്ടില്‍ പണമുള്ളവരുണ്ടായിരുന്നു. കുത്തക മുതലാളിമാരുണ്ടായിരുന്നു. എന്നിട്ടും ആരാണ് ഭരണം നടത്തിയത്? ഒരു പാവം വണ്ടിക്കാരന്‍ കുഞ്ഞഹമ്മദാജി. ഒരു പരീക്ഷയും പാസാകാത്തവന്‍. പക്ഷേ, അദ്ദേഹമായിരുന്നു ജനങ്ങളുടെ നേതാവ്. പാവപ്പെട്ടവരുടേയും നേതാവ്. ബിഎയും എം എയും ഉള്ള ഉദ്യോസസ്ഥര്‍ അദ്ദേഹത്തെ സല്യൂട്ട് ചെയ്തു. അദ്ദേഹം അവര്‍ക്ക് കല്പനകള്‍ നല്കി. കൈക്കൂലി വാങ്ങുന്ന ഒരു ഉദ്യോഗസ്ഥനും അവിടെ ഉണ്ടായിരുന്നില്ല. പാവപ്പെട്ടവര്‍ക്ക് സംരക്ഷണം ലഭിച്ചു. ജഡ്ജുമാര്‍ ഹിന്ദുവായാലും മുസ്ലിമായാലും നിഷ്പക്ഷമായി വിധി പറഞ്ഞു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ഗവണ്‍മെന്റില്‍നിന്ന് ജാതി മത ചിന്തകള്‍ക്കതീതമായി പാവപ്പെട്ടവര്‍ക്ക് സംരക്ഷണം കിട്ടിയെന്നതിന് ഉദാഹരണങ്ങളുണ്ട്. അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു: 'നിങ്ങള്‍ വിദ്യാഭ്യാസമുള്ളവരാണ്. കൈക്കൂലി വാങ്ങുന്നവരുമാണ്. പക്ഷേ എന്റെ ഗവണ്‍മെന്റില്‍ ബ്രിട്ടീഷ് രീതിയിലുള്ള ഭരണം മാത്രം പോരാ. നിങ്ങള്‍ക്ക് കൈക്കൂലി വാങ്ങാനാവില്ല. രാജ്യം ഭരിക്കുന്നത് വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദാജിയാണ്, അതിനാല്‍ പാവപ്പെട്ടവര്‍ സംരക്ഷിക്കപ്പെടണം'. നമ്മള്‍ വര്‍ഗീയ കലാപം ഉണ്ടാക്കുന്നുവെന്നാണ് പറയുന്നത്. നമ്മള്‍ കലാപമുണ്ടാക്കുന്നുവെന്ന് പറയുന്നത് ശരി തന്നെ. പക്ഷേ അത് വര്‍ഗീയമല്ല. പിന്നെ ആര്‍ക്കെതിരേയുള്ള കലാപം? ഉപയോഗ ശൂന്യമായ ബ്രിട്ടീഷ് ഭരണത്തിനെതിരേയുള്ള കലാപം. തങ്ങളുടെ കൈകകളില്‍ തോക്കും വാളുമുണ്ടെന്ന് കരുതി വാഗണ്‍ ട്രാജഡിയില്‍ പാവപ്പെട്ട മുസ്ലിങ്ങളെ കൊന്ന ഭരണത്തിനെതിരെയാണ് നാം ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത്. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ ഇവിടെ കഴുത്തറുക്കില്ല. ബുദ്ധിയുള്ളവരും ദേശാഭിമാനമുള്ളവരും മതത്തിന്റെപേരില്‍ കലാപമുണ്ടാക്കില്ല.

ഇവിടന്നങ്ങോട്ട് അഹിംസയുടെ ഒരു സിദ്ധാന്തവും വിലപ്പോവില്ല. അതിക്രമം ഏത് ഭാഗത്ത് നിന്നായാലും, പൊലീസിന്റെ ഭാഗത്ത് നിന്നാവട്ടെ, ജന്‍മിയുടെയോ മുതലാളിയുടെയോ ഭാഗത്ത് നിന്നാവട്ടെ, അതിനെ എതിര്‍ക്കണമെന്ന് ജനങ്ങള്‍ തീരുമാനിച്ചാല്‍ അത് വളരെ വേഗം ഈ രാജ്യത്ത് നടക്കുകതന്നെ ചെയ്യും. അതുവഴി സൌകര്യപ്രദമായി ജീവിക്കാനും കഴിയും. അതുകൊണ്ട് ഞാന്‍ ഇരുപത്തൊന്നിനെ പരാമര്‍ശിക്കുമ്പോള്‍ അതിന്റെ വാര്‍ഷികം ആചരിക്കാന്‍ പറയുമ്പോള്‍ പൂക്കോട്ടൂര്‍ ദിനം എന്ന് പറയുമ്പോള്‍ തൊള്ളായിരത്തി ഇരുപത്തൊന്നിലെ നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ക്ക് നിങ്ങള്‍ സിന്ദാബാദ് വിളിക്കുക. ജന്‍മിമാരുടേയും ഉദ്യോഗസ്ഥന്‍മാരുടേയും അതിക്രമങ്ങള്‍ക്കെതിരെ, അനീതിക്കെതിരെ തോക്കുകളുടെയും പീരങ്കികളുടെയും മുമ്പില്‍ രാജ്യത്തിന് മോചനത്തിനുവേണ്ടി മരിക്കാന്‍ തയ്യാറായ മാപ്പിളമാരുടെ സ്മരണ സജീവമാക്കാത്തവരാരാണ്? ഈ നാട്ടിലെ നിരവധി ചെറുപ്പക്കാര്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പട്ടാളത്തിന്റെ മുന്നില്‍ മാറ് കാണിച്ചു. ഇതുവരെ ഞാനും നിങ്ങളും അത്തരം ഒരു കൃത്യം ചെയ്തിട്ടില്ല. നമ്മള്‍ പ്രസംഗിച്ചു, ജയില്‍വാസമനുഭവിച്ചു, അപ്പോഴേക്കും ധീരരാണെന്ന് നാം അവകാശപ്പെടുകയായി. തോക്കും പീരങ്കിയും തീ തുപ്പുമ്പോള്‍ അവയ്ക്കെതിരെ നിരായുധരായി മാര്‍ച്ച് ചെയ്യാനും അവ പിടിച്ചെടുക്കാനും എതിര്‍ത്ത് തോല്പിക്കാനും എത്ര പേരുണ്ടാകുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? വളരെ കുറച്ച് പേര്‍ മാത്രം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി, പൊലീസിന്റെയും ജന്‍മിമാരുടെയും അതിക്രമങ്ങളവസാനിപ്പിക്കുന്നതിനുവേണ്ടി ധീരന്‍മാര്‍ സാമ്രാജ്യത്വ വിരുദ്ധ യുദ്ധം നടത്തിയപ്പോള്‍ അതായിരുന്നു ശരിയായ സമരം. അതിന്റെ സ്മരണ നാം നില നിറുത്തുക. ഇത് ഞാന്‍ നൂറ് പ്രവശ്യം പറയും. അതിന്റെ പേരില്‍ തൂക്കിലേറ്റിയാലും നമ്മളത് പറയണം. ദേശാഭിമാനികളെന്ന് വിളിക്കാന്‍ ആര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങ്കില്‍ ആരെങ്കിലും യഥാര്‍ഥ യുദ്ധം നടത്തിയിട്ടുണ്ടെങ്കില്‍, അസാമാന്യമായ ധൈര്യത്തോടെ ഈ രാജ്യത്തിന് വേണ്ടി ആരെങ്കിലും യുദ്ധം ചെയ്തിട്ടുണ്ടെങ്കില്‍ ആ ദേശാഭിമാനികള്‍ നമ്മുടെ മാപ്പിള സഹോദരന്‍മാരാണ്. അതേക്കുറിച്ച് ഒരു സംശയവുമില്ല. ഇതേക്കുറിച്ച് ചിന്തിക്കാത്ത കോണ്‍ഗ്രസുകാര്‍ ദേശാഭിമാനികളല്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുള്ള മാര്‍ഗത്തില്‍ നിരവധി നല്ല മക്കള്‍ തോക്കിനെ നേരിട്ട് വീരമ്യത്യു വരിച്ചു. അവരെ ഓര്‍ക്കുവിന്‍. ആ നന്മ സ്വീകരിക്കാന്‍ ശ്രമിക്കണം. തെറ്റായ വശങ്ങള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. കമ്യൂണിസ്റ്റുകാരുടെ അഭ്യര്‍ഥനകളില്‍ കലാപം ലക്ഷ്യമാക്കുന്നില്ല. പണ്ഡിറ്റ് നെഹ്റുവാണ് കലാപം ഇളക്കിവിടുന്നത്. അദ്ദേഹം ലീഗുകാരോട് പറഞ്ഞു: ഒന്നുകില്‍ നിങ്ങള്‍ അല്ലെങ്കില്‍ ഞങ്ങള്‍! ഞങ്ങളല്ല കലാപത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നത്. അത് കോണ്‍ഗ്രസിന്റേയും ലീഗിന്റേയും നേതാക്കളാണ്. അവര്‍ക്കാണതില്‍ താല്പര്യം. ഞങ്ങള്‍ക്കല്ല. കമ്യൂണിസ്റ്റുകളില്‍ ജന്മിയോ, മുതലാളിയോ സമ്പന്നനോ ഇല്ല. ലീഗില്‍ മുതലാളിമാരും ജന്‍മിമാരും ഉണ്ട്. കോണ്‍ഗ്രസിലുമുണ്ട്. കോഴിക്കോട്ട് ബാദ്ഷാ സാഹിബ് നിരവധി മുസ്ലിം കുടിയാന്മാരെ വീടുകളില്‍നിന്ന് പുറത്താക്കി. മുതലാളി എപ്പോഴും മുതലാളി തന്നെയാണ്. അവര്‍ സാമുവല്‍ ആറോണോ, സത്താര്‍ സേഠുവോ ആകട്ടെ, ഹിന്ദുവോ മുസ്ലിമോ ആകട്ടെ, കോണ്‍ഗ്രസോ മുസ്ലിം ലീഗോ ആകട്ടെ. മുതലാളിമാരുടെ ലക്ഷ്യം ഈ രാജ്യത്തെ ഹിന്ദുവോ മുസ്ലിമോ ആയ പാവപ്പെട്ടവരുടെ ഊര്‍ജം പിഴിഞ്ഞെടുക്കുകയും ഏറ്റവും കുറഞ്ഞ കൂലി കൊടുത്ത് അവരെ പട്ടിണിക്കിടലുമാണ്. കോണ്‍ഗ്രസ് -ലീഗ് മുതലാളിമാരും കോണ്‍ഗ്രസ് -ലീഗ് ജന്മിമാരും പാവപ്പെട്ട മുസ്ലിം ഹിന്ദു ജനങ്ങളെ ഭിന്നിപ്പിച്ച് ബ്രിട്ടീഷ് മുതലാളിമാര്‍ക്കുവേണ്ടി തങ്ങളുടെ സ്വാര്‍ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. ജനങ്ങളെ ചൂഷണം ചെയ്യാനുള്ള അവകാശം ബ്രിട്ടീഷുകാര്‍ക്ക് മാത്രമല്ല, തങ്ങള്‍ക്ക് കൂടി വേണമെന്നാണ് ഇവരാവശ്യപ്പെടുന്നത്. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ആരെങ്കിലും സാമ്രാജ്യത്വ വിരുദ്ധ യുദ്ധം നടത്തിയിട്ടുണ്ടെങ്കില്‍, ആരെങ്കിലും പ്രത്യക്ഷ നടപടി സമരം നടത്തിയിട്ടുണ്ടെങ്കില്‍ അത് ഇരുപത്തൊന്നിലെ നമ്മുടെ മാപ്പിള സുഹൃത്തുക്കള്‍ മാത്രമാണ്.

ഇരുപത്തി ഒന്നിലേയും നാല്പത്തി ആറിലേയും സ്ഥിതിഗതികള്‍കൂടി നിങ്ങള്‍ മനസ്സിലാക്കുക. ഇരുപത്തൊന്നില്‍ ഒന്നാം ലോക യുദ്ധത്തെ തുടര്‍ന്ന് രാജ്യം വളരെ ദയനീയാവസ്ഥയിലായിരുന്നു. അന്ന് ബുദ്ധിമുട്ടായിരുന്നു. വേണ്ടത്ര അരി ഉണ്ടായിരുന്നില്ല. വസ്ത്രങ്ങള്‍ കിട്ടാനില്ല. പോരാത്തതിന് ഖിലാഫത്ത് പ്രസ്ഥാനവും തുടങ്ങിയിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും ഒറ്റക്കെട്ടായിരുന്നു. കഴിഞ്ഞ എട്ടു മാസമായി അല്ലെങ്കല്‍ ഒരു വര്‍ഷമായി രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇന്ത്യന്‍ നേവിയിലെ ഇന്ത്യക്കാര്‍ മാപ്പിളമാര്‍ മാത്രമല്ല; എല്ലാവരും ഒരു ദിവസം രാവിലെ അവരുടെ കപ്പലുകളില്‍നിന്ന് യൂണിയന്‍ പതാക അഴിച്ച് വച്ച് പകരം, കോണ്‍ഗ്രസിന്റേയും ലീഗിന്റേയും പതാക കള്‍ നാട്ടി. എന്നിട്ട് ബ്രിട്ടീഷുകാരോട് പറഞ്ഞു: നിങ്ങള്‍ ഇന്ത്യ വിട്ട് പോകണം. വെള്ളക്കാര്‍ക്ക് കൊടുക്കുന്ന അതേ ശമ്പളം ഞങ്ങള്‍ക്കും നല്‍കണം. അത് പറഞ്ഞുകൊണ്ടാണ് അവര്‍ പ്രത്യക്ഷ നടപടി സമരം നടത്തുന്നത്. നിങ്ങള്‍ ഒന്നു മനസ്സിലാക്കണം: ബ്രിട്ടീഷ് പട്ടാളവുംകൂടി നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പണിമുടക്കുന്നുണ്ട്. എംഎസ്പി പണിമുടക്കി. ഇരുപത്തൊന്ന് രൂപക്ക് നാടൊട്ടുക്കും പോയി ജനങ്ങളെ വെടി വയ്ക്കാനും തല്ലാനും തങ്ങള്‍ക്കാവില്ലെന്ന് പറഞ്ഞാണ് അവര്‍ പണി മുടക്കിയത്. പണിമുടക്കിയ 2000 എം എസ് പിക്കാരെ ഗവണ്‍മെന്റ് പിരിച്ച് വിട്ടു. തിരുനല്‍വേലിയിലെ റിസര്‍വ് പൊലീസ് പണി മുടക്കിയെന്ന് മിനിയാന്നത്തെപത്രത്തില്‍ കണ്ടു. അപ്രകാരം പൊലീസ് പണിമുടക്കി. തപാല്‍ ഉദ്യോസസ്ഥര്‍ പണിമുടക്കി. പത്ത് ലക്ഷംവരുന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു ഞങ്ങളും പണി മുടക്കുകയാണെന്ന്. അപ്പോള്‍ ഗവണ്‍മെന്റ് പറയുന്നു, ഒത്തുതീര്‍പ്പ് വേണമെന്ന്. ഇപ്പോള്‍ കോട്ടും ടൈയുമിട്ട നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മദ്രാസില്‍ സിന്ദാബാദ് വിളിച്ച് നടക്കുകയാണ്. യൂറോപ്യന്‍ കലക്ടറൊഴികെയുള്ള ഉദ്യോഗസ്ഥന്‍മാരും, ഇരുനൂറും മുന്നൂറും ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരും പോലീസും എം എസ്പിയും ഒക്കെ പണി മുടക്കാന്‍ തയ്യാറായിരിക്കുന്നു. എന്തുകൊണ്ട്? പണിമുടക്ക് കലാപമാണോ? വിശപ്പിന്റെ ഉച്ചത്തിലുള്ള വിളി ഇനിയും സഹിക്കാനാവില്ല. പട്ടിണിക്കാരുടെ വയറ്റില്‍ കലാപമാരംഭിച്ചരിക്കുന്നു. ഈ സമരങ്ങളൊക്കെയും വിശപ്പ്മൂലം ഭ്രാന്തരായ ജനങ്ങളുടേതാണ്. ഇതല്ലാതെ വേറൊരു കലാപം ഇവിടെയില്ല.


നമ്മളെന്തിനാണ് അടിച്ചമര്‍ത്തപ്പെടുന്നത്? അവര്‍ നമ്മെ അറസറ്റ് ചെയ്യുന്നു. നമ്മള്‍ മര്‍ദിക്കപ്പെടുന്നു. നിത്യവും കരിഞ്ചന്ത നടക്കുന്നു. അതിനാകട്ടെ ശിക്ഷിക്കപ്പെടുന്നുമില്ല. നമ്മള്‍ കരിഞ്ചന്തക്കാരെ പിടിച്ച് കൊടുത്തു. എന്നിട്ടെന്താ, അവര്‍ നമ്മളോട് പ്രതികാരം ചെയ്യുന്നു. കരിഞ്ചന്തക്കാരെ തൂക്കിക്കൊല്ലണമെന്നാണ് നെഹ്റു പറയുന്നത്. അത്രക്കൊന്നും നമ്മള്‍ ആവശ്യപ്പെടുന്നില്ല. അവര്‍ക്ക് എന്തെങ്കിലും ശിക്ഷ കൊടുത്തുകൂടേ? നാലു കോടി രൂപക്കുള്ള വസ്ത്രം കരിഞ്ചന്ത നടത്തിയതിന് അളഗപ്പ ചെട്ടിയാരെ പിടിച്ചു. അയാളെ ശിക്ഷിച്ചോ? പിന്നെന്തിനാണിവിടെ ഗവണ്‍മെന്റ്? ജന്‍മിമാരേയും മുതലാളിമാരേയും ശിക്ഷിക്കണം. അക്കാര്യത്തില്‍ ഗവണ്‍മെന്റ് ആരെയും പേടിക്കരുത്. റയില്‍വേ തൊഴിലാളികള്‍ പണി മുടക്കി. അവരെ നേരിടാന്‍ പൊലീസിനേയും എംഎസ്പിയേയും അയക്കരുതായിരുന്നു. ഒരു യൂറോപ്യന്‍ മുതലാളിയെ സഹായിക്കാന്‍ പൊലീസിനെ അയക്കരുത്. അതിനുള്ള ശക്തിയും തന്റേടവും ഗവണ്‍മെന്റിന് വേണം. നന്മ ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ പോട്ടെ, നിങ്ങള്‍ക്ക് തിന്മ ചെയ്യാതെങ്കിലും ഇരുന്നു കൂടേ? ഇതാണ് കോണ്‍ഗ്രസിനോടുള്ള ഞങ്ങളുടെ ഒരേയൊരു അപേക്ഷ രാജ്യ ദ്രോഹികളെന്നാണ് നിങ്ങള്‍ ഞങ്ങളെ വിളിക്കുന്നത്. ഞങ്ങള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ പങ്കെടുത്തിരുന്നില്ലേ? പക്ഷേ, ഇന്ന് ഞങ്ങള്‍ കോണ്‍ഗ്രസിലില്ല. ഇന്ന് മുത്തയ്യ ചെട്ടിയാര്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയാണ്. ചെട്ടിയാര്‍ രാജ്യം ഭരിച്ചാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്? കരിഞ്ചന്ത! സരോജിനി നയിഡു പ്രസംഗിച്ച യോഗത്തില്‍ ആനപ്പുറത്തിരുന്നുകൊണ്ടാണ് ബോബിളി രാജാവ് വന്നത്. ഇന്നദ്ദേഹം കോണ്‍ഗ്രസിന്റെ പ്രതിനിധിയാണ്. കോണ്‍സ്രഗസിന് ഞങ്ങളെ ആവശ്യമില്ല.

ഈ വര്‍ഷം സ്വാതന്ത്ര്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ഒരുക്കത്തിലാണ് രാജ്യം. അതിന് കോണ്‍ഗ്രസും ലീഗും മുന്നിട്ടിറങ്ങണം. പക്ഷേ ഈ പാര്‍ടികള്‍ പരസ്പരം ശത്രുതയിലാണ്. കോണ്‍ഗ്രസ് പകലാണെന്ന് പറയുമ്പോള്‍ അല്ല, രാത്രിയാണെന്ന് ലീഗ് പറയും. നിങ്ങള്‍ ഒന്നിക്കണം. നിങ്ങള്‍ ഈ രാജ്യക്കാരല്ലേ? വെള്ളക്കാര്‍ക്കെതിരെ നിങ്ങള്‍ക്കൊന്നിച്ചുകൂടേ? കോണ്‍ഗ്രസും ലീഗും ഈ രാജ്യക്കാരാണ്. എന്തുകൊണ്ട് അവര്‍ക്ക് ഒന്നിച്ച്കൂടാ? രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി മരണംവരിച്ച ഇരുപത്തൊന്നിലെ സഹോദരന്‍മാരെ നിങ്ങള്‍ ആദരിക്കണം. രാജ്യത്തിന്റെ മോചനത്തിനുവേണ്ടി ജീവന്‍ നല്കിയ അവര്‍ ധീരരാണെന്ന് നിങ്ങള്‍ പ്രഖ്യാപിക്കണം. നിങ്ങള്‍ ഈ രാജ്യത്തെ സ്നേഹിക്കുന്നുണ്ടോ? നിങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശത്രുവാണോ? എങ്കില്‍ അന്ന് യുദ്ധം ചെയ്തവരെ ആദരിക്കുക. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയെ നിങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല. മൂന്ന് മാസം അദ്ദേഹം ഈ നാട് ഭരിച്ചു. ബ്രിട്ടീഷുകാര്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും മൂന്ന് മാസത്തേക്ക് ഒറ്റ യൂറോപ്യനും അങ്ങോട്ട് പോയില്ല. എങ്ങനെ ഭരിക്കണമെന്ന് ഹാജിയാര്‍ക്ക് അറിയാമായിരുന്നു. കൈക്കൂലി വാങ്ങാതെയും ജനങ്ങളെ പീഡിപ്പിക്കാതെയുമാണ് ഭരിക്കേണ്ടതെന്ന് അദ്ദേഹത്തിനറിയാം. ഗവണ്‍മെന്റ് ജനങ്ങളുടെ നന്മക്ക് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ലീഗും ഇത് മനസ്സിലാക്കണം. അന്നത്തെ പാഠം പഠിക്കണം. ബ്രിട്ടീഷ് ഗവണ്‍മെന്റ് നമ്മുടെ പൊതു ശത്രുവാണ്. കോണ്‍ഗ്രസും ലീഗും തമ്മില്‍ തല്ലരുത്. കല്‍ക്കത്ത നമുക്കൊരു പാഠമാണ്. തങ്ങള്‍ ഗവണ്‍മെന്റിനെതിരെയാണെന്ന് പറഞ്ഞുകൊണ്ട് അവിടെ ഹിന്ദുവും മുസ്ലിമും തമ്മില്‍ പരസ്പരം കലഹിച്ചു. ഇതിന്റെ നഷ്ടം അഞ്ചു കോടി രൂപയാണെന്നാണ് കണക്ക്. നിരവധി ജനങ്ങള്‍ മരിച്ചുവെന്ന് പറയപ്പെടുന്നു. കോണ്‍ഗ്രസുകാര്‍ക്കും ലീഗുകാര്‍ക്കും റോഡിലിറങ്ങി നടക്കാന്‍ കഴിയില്ല. വെള്ളപ്പട്ടാളം സിഗരറ്റ് പുകച്ചുകൊണ്ട് റോഡിലൂടെ നടക്കുകയാണ്. ശവശരീരങ്ങളില്‍ ചവിട്ടിയാണ് ബ്രിട്ടീഷുകാര്‍ കല്‍ക്കത്തയുടെ തെരുവുകളില്‍ നടക്കുന്നത്. കോണ്‍ഗ്രസും ലീഗും ഈ പാഠം പഠിക്കുമോ?

എന്തിനാണ് ജനങ്ങള്‍ പണിമുടക്കുന്നത്? കമ്യൂണിസ്റ്റുകാര്‍ക്ക് വേണ്ടിയാണോ മുന്നൂറ് രൂപ ശമ്പളം പറ്റുന്ന വ്യക്തികള്‍ പണിമുടക്കുന്നത്? ആളുകള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയാതായിരിക്കുന്നു. ഇവിടെ ഉള്ളവനും ഇല്ലാത്തവനുമുണ്ട്. മുതലാളിയും തൊഴിലാളിയുമുണ്ട്, ജന്മിയും കര്‍ഷകനുമുണ്ട്. അതിന്റെ ഫലമാണ് പണിമുടക്ക്. ജീവിക്കാനുള്ള കൂലി ജനങ്ങള്‍ക്ക് കിട്ടുന്നില്ല. അത് തരണമെന്ന് അവര്‍ നിര്‍ബന്ധിക്കുന്നു. ജനങ്ങളേ, നിങ്ങള്‍ നേതാക്കളോട് പറയുക: "നേതാക്കളേ, നിങ്ങളോട് ഞങ്ങള്‍ക്ക് നല്ല ബഹുമാനമാണ്. പക്ഷേ നിങ്ങള്‍ ഒന്നിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ ഒന്നിക്കും. പാവപ്പെട്ട തൊഴിലാളിയും കര്‍ഷകനും ഒന്നിക്കും. ഈ നാട്ടിലെ ജനങ്ങള്‍ ഒന്നിക്കും. രാജ്യത്തെ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കും.'' ഇതാണ് നിങ്ങള്‍ പറയേണ്ടത്. അല്ലാത്തപക്ഷം സാമ്രാജ്യത്വവിരുദ്ധ സമരം പരസ്പരം നാശം കൊയ്യുന്ന സമരമായി മാറും. സ്വാതന്ത്ര്യം ലഭിക്കുന്നകാര്യത്തില്‍ നമ്മള്‍ പരാജയപ്പെടും. ഇവിടെ തൊഴിലില്ലായ്മ വരും. ഭക്ഷണക്ഷാമം വരും. നമുക്കൊന്നും ലഭിക്കില്ല. ഇതാണ് ഇരുപത്തൊന്നിന്റെ പാഠം.
ഇപ്പോഴുള്ള റെയില്‍വേ പണിമുടക്ക് പ്രത്യക്ഷ നടപടിയാണ്. അടിക്ക് പകരം അടി കൊടുക്കണം. ആയുധമെടുക്കണമെങ്കില്‍ ആയുധമെടുക്കണം. ഇനിയങ്ങോട്ട് സത്യാഗ്രഹംകൊണ്ട് മാത്രം ഒന്നും നേടില്ല. കോണ്‍ഗ്രസിന്റെയും ഗാന്ധിജിയുടെയും സത്യാഗ്രഹം കൊണ്ട് എന്ത് നേടിയെന്ന് നിങ്ങള്‍ കണ്ടില്ലേ?

നമ്മള്‍ സംഘടിതമായി സമരം ചെയ്യണം. ഇരുപത്തൊന്നിലേതുപോലുള്ള സായുധസമരം. ഹിംസ ആവശ്യമെങ്കില്‍ അതുതന്നെ വേണം. അതിന് തയ്യാറുള്ളവര്‍ മുന്നോട്ട് വരട്ടെ. ബ്രിട്ടീഷ് ഗവണ്‍മെന്റ് അക്രമം പ്രവര്‍ത്തിക്കുന്നു. എങ്കില്‍ എന്തുകൊണ്ട് നമുക്കും അതായിക്കൂടാ? എനിക്ക് അഹിംസയില്‍ ഒരു വിശ്വാസവുമില്ല. അതില്‍ ആര്‍ക്കെങ്കിലും വിശ്വാസമുണ്ടെങ്കില്‍ ആ മാര്‍ഗം സ്വീകരിച്ചോട്ടെ. ഇരുപത്തൊന്നിലെ സമരമാണ് നമുക്ക് പാഠം. എങ്കിലെ ബ്രിട്ടീഷ് ഗവണ്‍മെന്റ് മുട്ടുമടക്കുകയുള്ളൂ. കുഞ്ഞഹമ്മദാജി രണ്ട് താലൂക്കുകള്‍ മൂന്ന് മാസം ഭരിച്ചില്ലേ? മുസ്ലിം കര്‍ഷകര്‍ രാജ്യം ഭരിച്ചു. രാജ്യം ഭരിക്കാന്‍ ബി എക്കാരനെ ആവശ്യമില്ല. കര്‍ഷകന്റെ ഭരണമാണ് വരുന്നത്.

ഇരുപത്തൊന്നിലെ സംഘടിത സമരമാണ് പ്രത്യക്ഷ സമരം. അക്കാര്യത്തില്‍ നാം സ്വയം അഭിനന്ദിക്കുകയാണ്. അത്തരം സമരത്തിലൂടെ മാത്രമേ നമുക്ക് സ്വാതന്ത്ര്യം നേടാനാകൂ. സമരം സാമുദായികമാകാതിരിക്കാന്‍ നാം വളരെ ശ്രമിക്കണം. സമരം സംഘടിതമാണെങ്കില്‍ കല്‍ക്കത്തയില്‍ സംഭവിച്ചത് പോലെ സംഭവിക്കില്ല. അങ്ങനെ സംഭവിക്കാതിരിക്കാന്‍ കോണ്‍ഗ്രസും ലീഗും ജനങ്ങളെ ഉപദേശിക്കണം. ഈ അവസ്ഥയിലെ വസ്തുതകള്‍ അവര്‍ക്ക് വിവരിച്ച് കൊടുക്കണം. എനിക്ക് കൂടുതലൊന്നും പറയാനില്ല. ഈ സമ്മേളനത്തിന്റെ ലക്ഷ്യം ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ച് തന്നു. അതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ദേശാഭിമാനിയുടെ കോളങ്ങളിലുണ്ട്. അതിന്റെ കോപ്പികള്‍ വാങ്ങിക്കൊണ്ട് ജനങ്ങള്‍ കാര്യങ്ങള്‍ അറിയണം. സാമുദായിക കലാപങ്ങളുണ്ടാക്കുക ഞങ്ങളുടെ ലക്ഷ്യമല്ല. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച മാപ്പിള സഹോദരന്‍മാരെ സ്മരിക്കണമെന്ന് രാജ്യത്തിലെ മുഴുവന്‍ ജനങ്ങളോടും ഞാന്‍ ഉപദേശിക്കുന്നു.''

ഈ പ്രസംഗത്തിന്റെ പേരില്‍ എ കെ ജിയെ ജയിലിലടച്ചു. സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വതന്ത്ര ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയച്ചപ്പോള്‍ എ കെ ജിക്കെതിരേയുള്ള കേസ് നിലനിറുത്തുകയും അദ്ദേഹത്തെ ജയിലില്‍തന്നെ വയ്ക്കുകയും കേസ് തുടര്‍ന്ന് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനെതിരെ 1947 സെപ്തംബര്‍ രണ്ടിന് എ കെ ജി നല്കിയ ഹര്‍ജിയില്‍ ഗവണ്‍മെന്റ് നടപടിയെ ചോദ്യംചെയ്തു. വെള്ളക്കാരന്റെ ഗവണ്‍മെന്റും സ്വതന്ത്ര ഇന്ത്യ ഗവണ്‍മെന്റും തമ്മിലെന്ത് വ്യത്യാസമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. "വെള്ളക്കാരന്‍ കോണ്‍ഗ്രസുകാരുടെ നേരെ ഉപയോഗിച്ച അതേ വെറുക്കപ്പെട്ട വൃത്തികെട്ട വകുപ്പുകള്‍തന്നെ എന്റെ നേരെ ഉപയോഗിക്കുന്നതുകൊണ്ടും എന്നെ ശിക്ഷിക്കുന്നതുകൊണ്ടും നാട്ടില്‍ കുഴപ്പം വര്‍ധിക്കുവാനിടയാക്കുകയാണെന്ന് ഈ കേസിനനുമതി നല്കിയ ഗവര്‍ണരുടെ ആഗ്രഹത്തിന് സമ്മതം മൂളിയ കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ താക്കീത് ചെയ്യുവാന്‍ ഞാനാഗ്രഹിക്കുന്നു'' എന്ന് എ കെ ജി ഹരജിയില്‍ ആവര്‍ത്തിച്ചു. "1921ല്‍ ഖിലാഫത് കാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരായി ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നായി യോജിച്ച്നിന്ന് ആയുധമെടുത്ത് സമരം ചെയ്ത മാപ്പിളമാരുടെ ത്യാഗവും ധീരതയും അഭിനന്ദനീയമാണെന്നും, 1921ലെ മലബാര്‍ ലഹളയിലെ നല്ല ഭാഗങ്ങളെ സ്വീകരിക്കാനാഹ്വാനം നല്കുകയും അതിന്റെ ചീത്ത വശങ്ങളെ സൂക്ഷിക്കണമെന്ന് താക്കീത് ചെയ്യുകയും ചെയ്തിട്ടുള്ളത് കുറ്റകരമാണെങ്കില്‍ ഞാന്‍ കുറ്റക്കാരനാണ്.''(എ കെ ജിയുടെ സ്റ്റേറ്റ്മെന്റ്)
*
ഡോ. ഹുസൈന്‍ രണ്ടത്താണി കടപ്പാട്: ദേശാഭിമാനി വാരിക