Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

11 January, 2011

ഇറാനിയന്‍ ഭരണകൂടം ഈ പച്ച ഭൂതത്തെ പേടിക്കുന്നതെന്തിന്?

ഞെട്ടിക്കുന്ന ഭീകരവാര്‍ത്തകളാണ് ഇറാനില്‍ നിന്ന് പുറത്തു വരുന്നത്. വിഖ്യാത ചലച്ചിത്രകാരനായ ജാഫര്‍ പനാഹിയെ ആറു വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ജയിലിലടക്കുകയും അദ്ദേഹത്തിന് ഇരുപതു വര്‍ഷത്തേക്ക് സിനിമയെടുക്കാന്‍ പാടില്ല എന്ന് ഉത്തരവിടുകയും ചെയ്തിരിക്കുകയാണ് ഇറാനിയന്‍ ഭരണകൂടം. ഒരു സമൂഹജീവി എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ എല്ലാ അവകാശങ്ങളും എടുത്തുകളഞ്ഞിരിക്കുന്നു. സിനിമയെടുക്കുന്നതിനു മാത്രമല്ല; തിരക്കഥകളെഴുതുക, അഭിമുഖങ്ങള്‍ നല്‍കുക, വിദേശയാത്രകള്‍ ചെയ്യുക എന്നീ കാര്യങ്ങള്‍ക്കൊന്നും അദ്ദേഹത്തിന് അവകാശമില്ല. ഭരണകൂടത്തിനെതിരായ പ്രചാരണങ്ങള്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിട്ടുള്ള കുറ്റം. ഇറാനിയന്‍ ഭരണ/മത നേതൃത്വത്തിന് കലയോട് അസഹിഷ്ണുതാപൂര്‍ണമായ സമീപനമാണുള്ളത് എന്ന ഖൊമേനിക്കാലത്തെ പഴയ ആരോപണത്തെ വീണ്ടും ശരി വെക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് ഈ കുടില സംഭവം തെളിയിക്കുന്നു. ലോക പ്രശസ്തി നേടിയെടുത്ത ഇറാനിയന്‍ സിനിമയുടെ ദുരന്തവും ഒരു പക്ഷെ അവസാനവും കുറിച്ചേക്കാവുന്ന ഒരു ഭരണകൂട ഭീകരപ്രവൃത്തിയായിട്ടാണ് സ്വതന്ത്ര-ജനാധിപത്യ ലോകം ഈ സംഭവത്തെ കണക്കാക്കുന്നത്.

മഹത്തായ ചരിത്രമുള്ളതും വിപുലമായ പ്രേക്ഷക ശൃംഖലയെ ഇന്നും നിലനിര്‍ത്തിപ്പോരുന്നതുമായ അഭിവൃദ്ധിയുള്ള ഒരു സിനിമയാണ് ഇറാനിയന്‍ സിനിമ അഥവാ പേര്‍സ്യന്‍ സിനിമ. സ്വയം പര്യാപ്തമായ രീതിയില്‍ സ്വന്തം രാജ്യത്തും അയല്‍ രാജ്യങ്ങളിലുമായി വാണിജ്യ വിജയങ്ങള്‍ നേടുന്നവയ്ക്കു പുറമെ ലോകവ്യാപകമായി മേളകളിലൂടെ അവാര്‍ഡുകളും പ്രശംസകളും ഏറ്റു വാങ്ങുന്ന സൌന്ദര്യാത്മക സൃഷ്ടികള്‍ വരെ അനവധി സിനിമകള്‍ വര്‍ഷം തോറും ഇറാനില്‍ നിന്ന് പുറത്തിറങ്ങിക്കൊണ്ടേ ഇരിക്കുന്നുണ്ട്. ലോകത്തെമ്പാടും ഇറാനിയന്‍ സിനിമകള്‍ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇറാനിയന്‍ ചലച്ചിത്ര മേളകള്‍ തന്നെ സംഘടിപ്പിക്കപ്പെടുന്നുണ്ട്. 1990 കളോടെ ചൈനയെപ്പോലെ ചലച്ചിത്രക്കയറ്റുമതിയുടെ കാര്യത്തില്‍ ഇറാനും ശ്രദ്ധേയമായ പുരോഗതി നേടിക്കഴിഞ്ഞു. ചില നിരൂപകര്‍ ലോകത്തുള്ളതില്‍ വെച്ചേറ്റവും മികച്ച ദേശീയ സവിശേഷതകള്‍ നിലനിര്‍ത്തുന്ന കലാവ്യവസ്ഥകളിലൊന്നായി ഇറാനിയന്‍ സിനിമയെ പരിഗണിക്കുന്നുമുണ്ട്. മുന്‍ ദശകങ്ങളില്‍ സജീവമായിരുന്ന ഇറ്റാലിയന്‍ നിയോ റിയലിസം പോലെ സ്വന്തം സംസ്ക്കാരത്തെയും ഇതര സംസ്ക്കാരങ്ങളെയും ആഴത്തില്‍ സ്വാധീനിക്കാവുന്ന ഒരു ദിശാബോധം തന്നെ ഇറാനിയന്‍ സിനിമ രൂപീകരിച്ചതായിട്ടാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. വിഖ്യാത ജര്‍മന്‍ ചലച്ചിത്രകാരനായ വെര്‍ണര്‍ ഹെര്‍സോഗിനെപ്പോലുള്ളവര്‍ ലോകത്തെ ഏറ്റവും പ്രധാനമായ കലാസിനിമകളിലൊന്നായിട്ടാണ് ഇറാനിയന്‍ സിനിമയെ വിശേഷിപ്പിക്കുന്നത്. ഷാക്കെതിരെ 1979ല്‍ നടന്ന വിപ്ളവത്തോടെ പരിപൂര്‍ണമായി പരിവര്‍ത്തിതമായ ഇറാനിയന്‍ സാംസ്ക്കാരിക-രാഷ്ട്രീയ അവസ്ഥയുടെ സങ്കുലതകളും വൈവിധ്യങ്ങളും പ്രതിഫലിപ്പിക്കുന്ന ആധുനിക ഇറാനിയന്‍ സിനിമ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. സിനിമയുടെ ലോക ചരിത്രത്തില്‍ എക്കാലവും സ്ഥാനം പിടിക്കാവുന്ന നിരവധി സിനിമകളും മാസ്റര്‍മാരും ഇറാനില്‍ നിന്ന് ഇതിനെ തുടര്‍ന്ന് പുറത്തുവരുകയുണ്ടായി. വ്യത്യസ്തമായ ശൈലികള്‍, ഇതിവൃത്തങ്ങള്‍, സംവിധായകര്‍, ദേശ രാഷ്ട്ര സങ്കല്‍പത്തെക്കുറിച്ചുള്ള ആശയം, സാംസ്ക്കാരികമായി സവിശേഷമായ സന്ദര്‍ഭത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്നിവയിലൂടെയാണ് ഇറാനിയന്‍ സിനിമ ആരാലും ശ്രദ്ധിക്കപ്പെടുന്നത്.

1960കളിലാണ് ഇറാനിയന്‍ നവതരംഗ സിനിമകളുടെ കാലം ആരംഭിക്കുന്നത്. രാഷ്ട്രീയവും തത്വശാസ്ത്രപരവുമായ അര്‍ത്ഥ തലങ്ങളുണ്ടായിരിക്കെ തന്നെ കാവ്യാത്മകമായ ഒരു ആഖ്യാന രീതി ഈ ചിത്രങ്ങളില്‍ കാണാം. ഇവയുടെ ശക്തമായ സ്വാധീനത്തെ തുടര്‍ന്ന് പുതിയ ഇറാനിയന്‍ സിനിമ എന്ന സംജ്ഞയും പ്രയോഗത്തില്‍ വന്നു. അബ്ബാസ് ഖൈരസ്തമി, ജാഫര്‍ പനാഹി, മാജിദ് മജീദി, ബഹ്റാം ബെയസായ്, ദറിയൂസ് മെഹ്റൂജി, മൊഹ്സെന്‍ മഖ്മല്‍ബഫ്, ഖോസ്റോ സിനായ്, സൊഹ്റാബ് ഷാഹിസ് സാലെസ്സ്, പര്‍വീസ് കിമിയാവി, അമീര്‍ നദേരി, അബോല്‍ ഫാസി ജലീലി എന്നീ പേരുകള്‍ ഇറാനിയന്‍ നവതരംഗസിനിമകളിലൂടെ ലോകപ്രശസ്തമായിത്തീര്‍ന്നു. ആ കാലഘട്ടത്തിലെ ബുദ്ധിജീവി മണ്ഡലത്തിലും രാഷ്ട്രീയ മണ്ഡലത്തിലുമുണ്ടായ രാസപരിണാമങ്ങളെ തുടര്‍ന്നാണ് ചൈതന്യവത്തായ ഒരു ചലച്ചിത്രാഖ്യാന രീതി ഇറാന്‍ സ്വായത്തമാക്കിയത്. പുതിയ ഇറാനിയന്‍ സിനിമയെ ഉത്തരാധുനിക കലയുടെ ഉദാഹരണങ്ങളായി കണക്കു കൂട്ടുന്ന നിരൂപകരുമുണ്ട്. ഇറ്റാലിയന്‍ നിയോ റിയലിസത്തോട് ഒരു ചാര്‍ച്ച ഇറാനിയന്‍ സിനിമക്കുണ്ടെന്ന നിരീക്ഷണം പ്രബലമാണെങ്കിലും ഇറാനിയന്‍ സിനിമയുടെ സ്വത്വം പ്രത്യേകം രൂപീകൃതമായിട്ടുണ്ടെന്നാണ് വിദഗ്ദ്ധമതം.

നവതരംഗ സിനിമകള്‍ മാറ്റിയെഴുതിയ ചലച്ചിത്ര ഭാഷയെക്കുറിച്ച് റിയല്‍ ഫിക്ഷന്‍സ് എന്ന ലേഖനത്തില്‍ റോസ് ഈസ ഇപ്രകാരമെഴുതി. ഭാവനയും യാഥാര്‍ത്ഥ്യവും തമ്മിലുള്ളതും കഥാസിനിമയും ഡോക്കുമെന്ററിയും തമ്മിലുള്ളതുമായ അതിര്‍വരമ്പുകള്‍ മായ്ച്ചുകളഞ്ഞുകൊണ്ട് സാധാരണ മനുഷ്യരിലും ദൈനം ദിന ജീവിതത്തിലും കാവ്യാത്മക കാല്‍പനികത കണ്ടെത്താന്‍ കഴിഞ്ഞു എന്നതാണ് ഇറാനിയന്‍ സിനിമയുടെ വിജയം.
ചലച്ചിത്രകാരന്മാരുടെ വൈയക്തികവും ദേശീയവുമായ സ്വത്വബോധത്തില്‍ നിന്ന് ഉയിര്‍ക്കൊണ്ട ഈ പുതിയ മാനവികവും സൌന്ദര്യാത്മകവുമായ ചലച്ചിത്ര ഭാഷ ആഗോളീയതയുടെ ശാക്തേയതയെ മറികടന്നുകൊണ്ട് സ്വന്തം രാജ്യത്തു മാത്രമല്ല, ലോകവ്യാപകമായ പ്രേക്ഷക സമൂഹത്തിനോട് സര്‍ഗാത്മകമായി സംവദിക്കാന്‍ പ്രാപ്തി നേടിയിരിക്കുന്നു.
ക്ളോസപ്പ് - ഇറാനിയന്‍ സിനിമ, പാസ്റ്റ്, പ്രസന്റ്, ഫ്യൂച്ചര്‍ എന്ന ഗ്രന്ഥത്തില്‍ കൊളമ്പിയ സര്‍വകലാശാലയിലെ ഇറാനിയന്‍ പഠനങ്ങള്‍ക്കുള്ള വിഭാഗത്തിലെ പ്രൊഫസറായ ഹമീദ് ദബാഷി പറയുന്നത് ആധുനിക ഇറാനിയന്‍ സിനിമയും ദേശീയ സിനിമ എന്ന പ്രതിഭാസവും സാംസ്ക്കാരിക ആധുനികതയുടെ രൂപമായി വിശദീകരിക്കപ്പെടേണ്ടതുണ്ടെന്നാണ്. അനാദിയായ മനുഷ്യനെക്കുറിച്ചുള്ള ഖുര്‍ ആന്‍ വ്യാഖ്യാനത്തിനു പകരം ചരിത്രപരമായ സ്ഥലകാലനിബന്ധനകളില്‍ കൃത്യമായി സ്ഥാനപ്പെടുത്താവുന്ന തരം ആധുനിക മനുഷ്യനെ ദൃശ്യവത്ക്കരിക്കുന്നു എന്ന ഒറ്റ കാര്യം തന്നെ ആധുനികതയോട് ഇറാനിയന്‍ സമൂഹത്തെ ബന്ധിപ്പിക്കുന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറയുന്നു.

ഇറാനില്‍ സിനിമക്ക് ഇത്തരത്തില്‍ ആകര്‍ഷണീയമായ ഒട്ടനവധി അവസ്ഥകളുണ്ടെങ്കിലും വിപ്ളവത്തിനു മുമ്പും പിമ്പുമായി പല തരത്തില്‍ സജീവമായ സെന്‍സര്‍ഷിപ്പ് കടുത്ത നിബന്ധനകള്‍ അടിച്ചേല്‍പിച്ച് ചലച്ചിത്രകാര•ാരുടെ സ്വാതന്ത്ര്യത്തെ പ്രശ്നഭരിതമാക്കി. അതോടൊപ്പം, ഇറാനിയന്‍ സിനിമകളോട് ചില രാജ്യങ്ങളിലുള്ള വിദ്വേഷവും പഠനവിധേയമാക്കേണ്ടതുണ്ട്. പല ഇറാനിയന്‍ സിനിമകളും രാജ്യത്തിനകത്ത് പ്രദര്‍ശനം നിരോധിക്കപ്പെട്ടവയാണ്. ഇസ്ളാമിക വിപ്ളവത്തിനു ശേഷം സെന്‍സര്‍ഷിപ്പ് കൂടുതല്‍ ശക്തമായി. ജാഫര്‍ പനാഹിയുടെ എല്ലാ ചിത്രങ്ങളും രാജ്യത്തിനകത്ത് നിരോധിക്കപ്പെട്ടവയാണ്. വനിതകള്‍ ഫുട്ബാള്‍ കാണാന്‍ നടത്തുന്ന ശ്രമത്തെക്കുറിച്ചുള്ള ഓഫ്സൈഡ് (2006) എന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്.

എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ഇറാനിയന്‍ സിനിമ പൊതുജനസംസ്ക്കാരത്തില്‍ സൃഷ്ടിച്ച സ്വാധീനത്തിനു സമാനമായ ഒന്ന് അമ്പതുകള്‍ മുതല്‍ എഴുപതുകള്‍ വരെ ഇറാനിയന്‍ കവിത സൃഷ്ടിച്ച സ്വാധീനം മാത്രമേ ഉള്ളൂ എന്നാണ് ഹമീദ് ദബാഷി പറയുന്നത്. എന്നാല്‍ കവിതയേക്കാളേറെ, രാജ്യത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് ഇറാനിയന്‍ വംശജരെ ഒരേ സമയം അഭിസംബോധന ചെയ്തു എന്നതും അവരാല്‍ ആ ചിത്രങ്ങള്‍ സാമാന്യേന സ്വീകരിക്കപ്പെട്ടും എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അതുപോലെ തന്നെ പേര്‍സ്യന്‍ ഭാഷയോടുള്ള അപരിചിതത്വം കൊണ്ട് ലോകമെമ്പാടും വായിക്കപ്പെടാതിരുന്ന കവിതയില്‍ നിന്ന് വ്യത്യസ്തമായി ഇറാനിയന്‍ സിനിമ ലോകപ്രേക്ഷകസമൂഹം ആദരവോടെയും ആരാധനയോടെയും ഏറ്റുവാങ്ങി എന്നുള്ളതും എടുത്തു പറയേണ്ടതാണ്. സത്തയില്‍ വാചികമായ സാംസ്കാരിക അടിത്തറയുള്ള ഒരു സമൂഹം ദൃശ്യ സംസ്ക്കാരത്തിലേക്ക് പാകപ്പെടുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ കൂടിയായിരുന്നു ആ പതിറ്റാണ്ടുകളില്‍ കണ്ടത്. അങ്ങിനെ കഥകളിലൂടെയും കവിതകളിലൂടെയും ആവിഷ്കൃതമായിരുന്ന ഉത്ക്കണ്ഠകളും പ്രതീക്ഷകളും ആധുനികമായ ഒരു പൊതുസ്ഥലത്തെ രൂപീകരിച്ചെടുത്ത സിനിമയെന്ന മാധ്യമത്തിലൂടെ പ്രതിഫലിപ്പിക്കപ്പെട്ടു. പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം സിനിമക്കു പോകുക എന്നതു വിലക്കുകളെ ധിക്കരിക്കാനുള്ള നൈസര്‍ഗിക ചോദനയുടെ ഒരു ആവിഷ്ക്കാരം കൂടിയായിരുന്നു. ഷാ ഭരണകൂടം സിനിമയെ പ്രചാരണാവശ്യങ്ങള്‍ക്ക് ദുരുപയോഗപ്പെടുത്തിയിരുന്നു എന്നതുകൊണ്ട് ഇസ്ളാമിസ്റുകള്‍ സിനിമക്കെതിരായി അക്രമാസക്തമായ കലാപങ്ങള്‍ തന്നെ സംഘടിപ്പിച്ചിരുന്നു. നിരവധി സിനിമാശാലകള്‍ തീയിട്ടും ബോംബിട്ടും തകര്‍ത്തു. ഇക്കൂട്ടത്തില്‍ അബദാന്‍ നഗരത്തിലെ സിനിമാ റെക്സ് 1979ല്‍ അകത്തുള്ള പ്രേക്ഷകരെ പുറത്തുവിടാതെ തീയിട്ടതായിരുന്നു ഏറ്റവും ദാരുണമായ സംഭവം. നൂറുകണക്കിന് നിരപരാധികളാണ് സിനിമാ റെക്സില്‍ ചുട്ടു കൊല്ലപ്പെട്ടത്.
ഇസ്ളാമിക വിപ്ളവത്തിനു ശേഷം പുതിയ ഭരണകൂടം അധികാരത്തില്‍ വന്നതോടെ പ്രതിപക്ഷാവിഷ്ക്കാരത്തിനുള്ള ഒരു സ്ഥലമായി സിനിമാശാലകള്‍ പരിണമിക്കുന്നതിന് ഇസ്ളാമിസ്റുകളുടെ ഈ മനോഭാവവും ഒരു കാരണമായിട്ടുണ്ട്. നിയമത്തെ ഉല്ലംഘിക്കാനുള്ള ഒരു നിമിത്തവും സ്ഥലവുമെന്ന അതിയാഥാര്‍ത്ഥ്യമായി സിനിമാതിയറ്ററുകള്‍ മാറി ത്തീര്‍ന്നു. ഇരുട്ടില്‍ കൈ കോര്‍ക്കാനും ചുംബിക്കാനും ദേശീയഗാനം പാടുമ്പോള്‍ എഴുന്നേല്‍ക്കാതിരിക്കാനും ഉള്ള നിഷേധത്തിന്റെ ആഘോഷസ്ഥലമായി സിനിമാശാലകള്‍ കൊണ്ടാടപ്പെട്ടു. അസാധാരണമായ ഒരു നൂതനത്വം, ആകര്‍ഷണം, നിരോധത്തെ മറികടക്കല്‍, അപ്രതീക്ഷിതത്വം എല്ലാം കൂടിച്ചേര്‍ന്നതായിരുന്നു സിനിമ.

ലോകസിനിമയുടെ വൈവിധ്യങ്ങള്‍ കഴിഞ്ഞകാലത്ത് കാണുകയും ഗ്രഹിക്കുകയും അവയുടെ സ്വത്വ പ്രതിനിധാനങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്തതിന്റെ ഒരു മറുപടിയാണ് പില്‍ക്കാല ഇറാനിയന്‍ സിനിമ എന്നാണ് ഹമീദ് ദബാഷി നിര്‍വചിക്കുന്നത്. എന്താണോ തങ്ങള്‍ പണ്ട് കണ്ടത് അതിനെ തങ്ങളുടെ സാംസ്കാരിക വര്‍ണഛായയില്‍ മുക്കി ലോകത്തിനെ തിരിച്ചേല്‍പ്പിക്കുകയാണ് ഇറാന്‍ സിനിമ ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള സംഗീത സിനിമകള്‍, അമേരിക്കന്‍ വെസ്റേണ്‍ ഴാങ്റിലുള്ളവ, യൂറോപ്യന്‍ അവാങ് ഗാര്‍ദ്, സോവിയറ്റ് യൂണിയനില്‍ നിന്നു വന്ന സാമൂഹ്യ യഥാതഥ സിനിമകള്‍ എന്നിവയെല്ലാം കണ്ട് അപഗ്രഥിച്ചതിന്റെ ഒരു ഭൂതകാലത്തില്‍ നിന്നാണ് പുതിയ ഇറാനിയന്‍ സിനിമ ഉദയം കൊണ്ടത്. ഇസ്ളാമിക വിപ്ളവത്തിന്റെ മഹാഖ്യാനത്തിനുള്ളില്‍ മാത്രം ഇറാനിയന്‍ സംസ്ക്കാരത്തെ പരിമിതപ്പെടുത്തിയ പാശ്ചാത്യ വീക്ഷണത്തെ സിനിമകളിലൂടെ ആവിഷ്ക്കരിക്കുന്ന നൂതനവും വ്യത്യസ്തവുമായ ലാവണ്യം കൊണ്ട് അത്ഭുതപ്പെടുത്തുകയാണ് അത് ചെയ്തത്. ഒളിച്ചുവെക്കപ്പെട്ട ആഗ്രഹങ്ങളൊക്കെയും സിനിമകളിലൂടെ വെളിച്ചം കണ്ടു. രാഷ്ട്രീയവും മതാത്മകവുമായ സെന്‍സര്‍ഷിപ്പുകള്‍ക്കു ശേഷവും മാരിവില്ലിന്റെ സൌന്ദര്യം കൊണ്ട് മെനഞ്ഞ പകല്‍ക്കിനാവുകള്‍ ഇറാനിയന്‍ സിനിമക്ക് നെയ്തെടുക്കാനായി എന്നത് ശ്രദ്ധേയമാണ്.

കാനില്‍ പാം ദ ഓറും വെനീസ് മേളയില്‍ ഗോള്‍ഡന്‍ ലയണും ബെര്‍ലിനില്‍ സില്‍വര്‍ ബിയറും അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയ ജാഫര്‍ പനാഹിയെ പ്പോലൊരു ചലച്ചിത്രകാരനെ തടവിലിട്ടത് ലോകമാനവികതയെ തന്നെ തടവിലിട്ടതിന് തുല്യമാണ്. കുട്ടിക്കാലത്തേ സാഹിത്യ-കലാ വാസനകള്‍ പ്രകടിപ്പിച്ചിരുന്ന പനാഹി പില്‍ക്കാലത്ത് ഫോട്ടോഗ്രാഫിയും ഡോക്കുമെന്ററികളും എടുത്തുകൊണ്ടാണ് ചലച്ചിത്രകലയിലേക്ക് ആകൃഷ്ടനാകുന്നത്. 1980-1988 കാലത്തെ ഇറാന്‍ ഇറാഖ് യുദ്ധകാലത്ത് സൈനിക സര്‍വ്വീസിലുണ്ടായിരുന്ന പനാഹി ആ യുദ്ധത്തെക്കുറിച്ച് ഒരു ഡോക്കുമെന്ററി തയ്യാറാക്കിയിട്ടുണ്ട്. അബ്ബാസ് ഖൈരസ്തമിയുടെ ത്രൂ ദ ഒലീവ് ട്രീസിന്റെ സഹസംവിധായകനായിരുന്നു പനാഹി.


1995ല്‍ സംവിധാനം ചെയ്ത വൈറ്റ് ബലൂണ്‍ കാനില്‍ പാം ദ ഓര്‍ നേടി. ഖൈരസ്തമിയാണ് തിരക്കഥ രചിച്ചത്. ഏഴു വയസ്സുകാരിയായ റസിയയും അവളുടെ അമ്മയും നവവത്സരപ്പിറവിയുടെ തലേന്ന് തെഹ്റാന്‍ നഗരത്തിലെ മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തുകയായിരുന്നു. അവള്‍ക്ക് ഇഷ്ടപ്പെട്ട സ്വര്‍ണമത്സ്യത്തെ അമ്മ വാങ്ങിച്ചുകൊടുക്കുന്നില്ല. പിന്നീട് പണം കിട്ടിയെങ്കിലും അതു വാങ്ങാനുള്ള നെട്ടോട്ടത്തിനിടയില്‍ പണം നഷ്ടപ്പെടുന്നു. അത് തിരഞ്ഞുള്ള ഓട്ടമായി പിന്നെ. സിനിമ അവസാനിക്കുമ്പോള്‍ പ്രധാന കഥാപാത്രങ്ങളില്‍ പലരും അപ്രസക്തരാവുന്നു. പകരം പുതിയ കഥാപാത്രങ്ങളെ ഫോക്കസ് ചെയ്തുകൊണ്ടാണ് പനാഹി നമ്മെ അമ്പരപ്പിക്കുന്നത്. ഇസ്ളാമികഭരണകാലത്തെ സ്ത്രീ ജീവിതത്തെ സത്യസന്ധമായി ആവിഷ്ക്കരിക്കുന്ന ദ സര്‍ക്കിള്‍(2000) ആണ് പനാഹിയെ ലോകപ്രശസ്തനാക്കിയത്. അള്‍ട്രാസൌണ്ട് സ്കാനിംഗില്‍ കണ്ടത് ആണ്‍കുട്ടിയെ ആയിരുന്നുവെങ്കിലും സോള്‍മാസ് ഗോലാമി പ്രസവിക്കുന്നത് പെണ്‍കുട്ടിയെയാണ്. അവളുടെ അമ്മ തികച്ചും അസ്വസ്ഥയാകുന്നു. അവളെ ഭര്‍തൃഗൃഹക്കാര്‍ ഉപേക്ഷിച്ചേക്കുമോ എന്ന് ഭയന്ന്, മറ്റൊരു പെണ്‍കുട്ടിയെക്കൊണ്ട് ഭര്‍തൃസഹോദരന്മാരെ അമ്മാവാ എന്നു വിളിപ്പിക്കുകയാണ് അവര്‍. ഫോണ്‍ ബൂത്തിലുള്ളത് മൂന്നു പേരാണ്. അതില്‍ പാരിയുടെ കാര്യം കഷ്ടമാണ്. അവള്‍ ഗര്‍ഭിണിയാണ്; പക്ഷെ കുഞ്ഞിന്റെ അഛന്‍ വധിക്കപ്പെട്ടിരിക്കുന്നു. അവള്‍ക്ക് ഗര്‍ഭഛിദ്രം നടത്തണമെന്നുണ്ട്; പക്ഷെ അതിനുള്ള അപേക്ഷയില്‍ ഒപ്പിടാനുള്ള ആളാണ് മരണപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പല നിരാശാഭരിതരുടെ ദൂഷിത വൃത്തമായിട്ടാണ് സിനിമ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇറാനിലെ സ്ത്രീകള്‍ നേരിടുന്ന ദുരവസ്ഥകളാണ് ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതു തന്നെയാണ് യാഥാസ്ഥിതിക ഭരണകൂടത്തെ പ്രകോപനം കൊള്ളിക്കുന്നതും. ഒറ്റക്ക് യാത്ര ചെയ്യാനുള്ള സ്ത്രീകളുടെ ബുദ്ധിമുട്ട്, വസ്ത്ര ധാരണത്തിലെ നിബന്ധനകള്‍ എന്നിവ ഹൃദയസ്പര്‍ശകമായി ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. തെഹ്റാന്‍ നഗരക്കാഴ്ചകളില്‍, ദുരന്തവും സന്തോഷവും സമാന്തരമായിരിക്കുന്നത് പനാഹി ചിത്രീകരിക്കുന്നത് ചലച്ചിത്രകലയുടെ ആഖ്യാനരീതിയെ സമ്പുഷ്ടമാക്കുന്ന തരത്തിലാണ്. ഒരു ഭാഗത്ത്, ഒരു പെണ്‍കുട്ടി ഉപേക്ഷിക്കപ്പെടുമ്പോള്‍ തൊട്ടടുത്ത് ഒരു വിവാഹപാര്‍ടിയുടെ ആരവങ്ങളാണ്. ദ സര്‍ക്കിളിന് വെനീസില്‍ ഗോള്‍ഡന്‍ ലയണും സാന്‍ സെബാസ്റ്യനില്‍ മികച്ച ചിത്രത്തിനുള്ള ഫിപ്രെസ്കി പുരസ്കാരവും ലഭിച്ചു. ഈ ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുമ്പോള്‍ ന്യൂയോര്‍ക്കിലെ ജെ എഫ് കെ വിമാനത്താവളത്തില്‍ വെച്ച് പനാഹി തടഞ്ഞുവെക്കപ്പെടുകയുണ്ടായി. ഇറാനിലെ പൊതു ഫുട്ബാള്‍ സ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. ആവേശകരമായ ഒരു കളി കാണാന്‍ വേഷപ്രഛന്നരായി ഗാലറിയില്‍ കടന്നിരിക്കുന്ന പെണ്‍കുട്ടികളുടെ കഥയായ ഓഫ്സൈഡ്(2006) ഇറാനില്‍ നിരോധിക്കപ്പെട്ടു; ബെര്‍ലിനില്‍ സില്‍വര്‍ ബെയര്‍ നേടി. ക്രിമ്സണ്‍ ഗോള്‍ഡാണ് ജാഫര്‍ പനാഹിയുടെ പ്രസിദ്ധമായ മറ്റൊരു സിനിമ.


2009 ജൂലായില്‍ പനാഹി അറസ്റ്റ് ചെയ്യപ്പെട്ടതായി ഒരു ഇറാനിയന്‍ ബ്ളോഗര്‍ പുറം ലോകത്തെ അറിയിച്ചിരുന്നു. ബെര്‍ലിന്‍ മേളയില്‍ അതിഥിയായി പങ്കെടുത്ത് ഇറാനിയന്‍ സിനിമയുടെ വര്‍ത്തമാനകാല പരിതസ്ഥിതിയെക്കുറിച്ച് പ്രഭാഷണം നടത്താനിരിക്കുകയായിരുന്നു പനാഹി. അത് നടന്നില്ല. പിന്നീട് 2010 മാര്‍ച്ചില്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ 48 മണിക്കൂര്‍ കഴിഞ്ഞാണ് വിട്ടയച്ചത്. ലോകത്തെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ അറസ്റിനെ അപലപിച്ചിരുന്നു. തന്റെയും സഹപ്രവര്‍ത്തകരുടെയും തടവിനെ പനാഹി വിശേഷിപ്പിക്കുന്നത്, കലയെയും കലാകാരന്മാരെയും റാഞ്ചാനുള്ള ഇറാനിയന്‍ ഭരണകൂടത്തിന്റെ ശ്രമം എന്നാണ്. ഇറാനില്‍ അധിനിവേശം നടത്താനും ജനങ്ങളെ ബന്ദിയാക്കാനുമുള്ള അമേരിക്കയടക്കമുള്ള ഏതെങ്കിലും വൈദേശിക ശക്തികളുടെ ശ്രമങ്ങള്‍ക്കും താന്‍ എതിരാണെന്ന് ജാഫര്‍ പനാഹി അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. (ക്രിസ് വിസ്നീസ്ക്കി പനാഹിയുമായി നടത്തിയ അഭിമുഖം റിവേഴ്സ് ഷോട്ട് എന്ന വെബ്സൈറ്റില്‍ വായിക്കുക ). ഇറാനിലും പുറത്തും വേട്ടയാടപ്പെടുന്ന കലാകാരനായ ജാഫര്‍ പനാഹി സമകാലിക ലോകാവസ്ഥയുടെ കൃത്യമായ ഒരു നിദര്‍ശനം തന്നെയാണ്. ഇറാനകത്ത് യാഥാസ്ഥിതികത്വം ദൈനം ദിന ജീവിതത്തെ ദുസ്സഹവും പീഡാത്മകവുമാക്കുന്നു. ഈ യാഥാസ്ഥിതികത്വത്തിനെതിരായ പോരാട്ടത്തില്‍ അണി ചേര്‍ന്നാല്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമെന്ന ഭാവേന അമേരിക്കന്‍ സാമ്രാജ്യത്വം നിങ്ങളെ ഒരു ഭാഗത്ത് പ്രയോജനപ്പെടുത്തുകയും മറു ഭാഗത്ത് പീഡിപ്പിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിലേക്കുള്ള ദൂരം ഇനിയും താണ്ടേണ്ടതുണ്ടെന്നു തന്നെയാണ് ഈ ദുരന്തം തെളിയിക്കുന്നത്.

*

ജി പി രാമചന്ദ്രന്‍

09 January, 2011

ആത്മാവിനുള്ള ഭക്ഷണം

ഭക്ഷണവും നൃത്തവും ലൈംഗികതയും സംഗീതവും - ആര്‍ക്കാണ് പരാതി?

മൂന്നാം റീഷിന്റെ പദ്ധതികളോട് താരതമ്യം ചെയ്യാവുന്ന പദ്ധതികള്‍ തന്നെയാണ് ബുഷിന്റേതും. ഗ്വാണ്ടനാമോ അടക്കമുള്ള പീഡനപര്‍വ്വങ്ങളെ ന്യായീകരിക്കുന്ന തരം സിനിമകളെടുക്കാന്‍ പെന്റഗണ്‍ ഹോളിവുഡിനോട് ആവശ്യപ്പെടുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മൂന്നാം ലോകമഹായുദ്ധമാണ് ബുഷ് ഭരണകൂടം ലക്ഷ്യമിടുന്നത്. അവര്‍ ഫാസിസ്റുകള്‍ തന്നെയാണ്

- ഫത്തി അക്കിന്‍

ഒരു ടീഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍ ജര്‍മന്‍ പോലീസിന്റെ നിരീക്ഷണത്തിന്‍ കീഴിലായ വിവാദ ചലച്ചിത്രകാരനാണ് ഫത്തി അക്കിന്‍. ബുഷ് എന്ന പേരിലെ എസ്, നാസി സ്വസ്തിക രൂപത്തിലെഴുതിയ ടീഷര്‍ട്ടാണ് അക്കിന്‍ ധരിച്ചത്. കാഴ്ചയുടെയും ഫാഷന്റെയും രാഷ്ട്രീയ പ്രകോപനത്തെ യാഥാര്‍ത്ഥ്യവത്ക്കരിച്ച ജര്‍മന്‍-ടര്‍ക്കിഷ് സംവിധായകനായ അക്കിന്‍ പുതിയ കാലത്തെ സിനിമയുടെ പ്രതീകമായി കൊണ്ടാടപ്പെടുന്നു. ഗോവയിലെ പനാജിയില്‍ നടന്ന 41-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സാധാരണ പ്രതിനിധികള്‍ മുതല്‍ അനുരാഗ് കാശ്യപിനെപ്പോലെ, ബോളിവുഡിലെ കോടികള്‍ വാരുന്ന പുതുതലമുറ സംവിധായകരുടെ വരെ ആരാധനാപാത്രമായി മാറിക്കൊണ്ട്; അക്കിന്‍ തികഞ്ഞ ലാളിത്യത്തോടെയും ഫലിതങ്ങള്‍ നിറഞ്ഞ സംസാരത്തോടെയും മേളയെ കീഴടക്കി. മിരാമര്‍ ബീച്ചിലേക്കും ദോണ പൌളയിലേക്കും പോകുന്ന റോഡിനും മണ്ഡോവി നദിക്കും ഇടയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലായ മാരിയറ്റ് റിസോര്‍ടില്‍ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ഫിലിം ബസാറില്‍ തിരക്കഥാരചനയെ സംബന്ധിച്ച് സംസാരിക്കാനാണ് അക്കിനെത്തിയത്. അതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പുതിയ സിനിമയായ സോള്‍ കിച്ചന്‍(2009) ഐനോക്സ് സ്ക്രീന്‍ വണ്ണില്‍ പ്രത്യേകം പ്രദര്‍ശിപ്പിച്ചു. വെനീസില്‍ പ്രത്യേക ജൂറി പുരസ്കാരം നേടിയ ചിത്രമാണ് സോള്‍ കിച്ചന്‍. ബ്രിസ്ബേനിലും അഡലൈഡിലും സോള്‍ കിച്ചനായിരുന്നു ഉദ്ഘാടന ചിത്രം.

കഠിനമായ ആശയങ്ങള്‍ കൈകാര്യം ചെയ്ത ഹെഡ് ഓണ്‍, ദ എഡ്ജ് ഓഫ് ഹെവന്‍ എന്നീ ഗംഭീര സിനിമകള്‍ക്കു ശേഷം, ലളിത മാനസികാവസ്ഥയോടെ താന്‍ പൂര്‍ത്തിയാക്കിയ കോമഡിയാണ് സോള്‍ കിച്ചന്‍ എന്നാണ് ഫത്തി അക്കിന്‍ പറയുന്നത്. ഈ കോമഡി കണ്ട് പക്ഷെ കാണികള്‍ക്ക് അധികമൊന്നും ചിരിക്കാനാവില്ല എന്നതാണ് ഏറ്റവും വലിയ തമാശ. ആത്മാവിനുള്ള ഭക്ഷണം ലഭിക്കുന്ന റെസ്റോറന്റാണ്, ആത്മാവുള്ളതെന്നോ ആത്മാവിന്റേതെന്നോ പരിഭാഷപ്പെടുത്താവുന്ന അടുക്കള (അതുമല്ലെങ്കില്‍ അടുക്കളയുടെ ആത്മാവ് എന്നുമാവാം) എന്നു പേരുള്ള സോള്‍ കിച്ചന്‍. റെസ്റോറന്റിന്റെ ഉടമ കൂടിയായ പാചകക്കാരന്‍ തന്നെക്കാള്‍ മികവു കൂടിയ ഒരു പാചകക്കാരനെ നിയമിച്ച് സ്ഥിരം തീറ്റക്കാരെ വിഭ്രമിപ്പിക്കുന്നതാണ് ഒരര്‍ത്ഥത്തില്‍ ഈ സിനിമയുടെ കഥ എന്നു തോന്നാം. അഞ്ചേ അഞ്ചു ദിവസം കൊണ്ടാണ് താന്‍ ഇതിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്; പക്ഷെ അത് അഞ്ചു വര്‍ഷം മുമ്പായിരുന്നു എന്നാണ് അക്കിന്‍ പറഞ്ഞത്.

ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ ലക്ഷക്കണക്കിന് തുര്‍ക്കി വംശജരെയാണ് ഫത്തി അക്കിന്‍ പ്രതിനിധീകരിക്കുന്നത്. സാംസ്ക്കാരിക-മത-വംശീയ-രാഷ്ട്രീയ-ലൈംഗിക-സദാചാര മേഖലകളില്‍ ജര്‍മന്‍/തുര്‍ക്കിക്കാര്‍ അഭിമുഖീകരിക്കുന്ന ആശയക്കുഴപ്പങ്ങളും പ്രായോഗികപ്രശ്നങ്ങളും നിത്യ സംഘര്‍ഷങ്ങളുമാണ് അക്കിനെ പ്രകോപിപ്പിക്കുന്ന മുഖ്യ ഇതിവൃത്തം. സ്നേഹം, മരണം, പൈശാചികത എന്നീ മൂന്നു വിഷയങ്ങളെ അധികരിച്ചുള്ള ത്രയമാണ് അക്കിന്‍ വിഭാവനം ചെയ്തിട്ടുള്ളത്. വൈകാരികവും ആന്തരിക ചൈതന്യം കൊണ്ട് തേജോമയവുമായ ഹെഡ് ഓണ്‍, മെക്സിക്കന്‍ ചലച്ചിത്രകാരനായ അലെജാന്ദ്രോ ഗൊണ്‍സാലെസ് ഇനാറിത്തുവിന്റെ സങ്കീര്‍ണ ശൈലിയെ അതിശയിക്കുന്ന തരത്തിലെടുത്തതും അഭയാര്‍ത്ഥിപ്രശ്നത്തെ ഇതിവൃത്തമാക്കുന്നതുമായ എഡ്ജ് ഓഫ് ഹെവന്‍ എന്നീ സിനിമകള്‍ക്കു ശേഷമുള്ള മൂന്നാമത്തെ ചിത്രമായ ദ ഡെവിള്‍ തുടങ്ങുന്നതിനു മുമ്പുള്ള ഇടവേളയിലാണ് തമാശക്കു വേണ്ടി സോള്‍ കിച്ചന്‍ പൂര്‍ത്തീകരിച്ചതെന്നും അക്കിന്‍ പ്രദര്‍ശനത്തിനു തൊട്ടുമുമ്പുള്ള അവതരണത്തില്‍ പറയുകയുണ്ടായി.

ജര്‍മനിയിലെ രണ്ടാമത്തേതും യൂറോപ്യന്‍ യൂണിയനിലെ ഏഴാമത്തേതുമായ നഗരമായ ഹാംബര്‍ഗിലെ ബോഹീമിയന്‍ ഉപ സംസ്ക്കാരത്തിന്റെ രീതികളും വേരുകളുമാണ്, കാതടപ്പിക്കുന്നതും അവിശ്വസനീയവുമായ സംഗീത ശബ്ദ ബഹളങ്ങളുടെ പശ്ചാത്തലത്തിലൊരുക്കിയ ചടുല ദൃശ്യ സമന്വയങ്ങളോടെ അക്കിന്‍ അന്വേഷിക്കുന്നത്. കൌമാരകാലത്തും യൌവനത്തിന്റെ ആരംഭത്തിലും താന്‍ ജീവിച്ച അടി പൊളി ജീവിതത്തിനോടുള്ള പ്രേമലേഖനമാണ് ഈ ചിത്രമെന്നും അക്കിന്‍ വിശേഷിപ്പിക്കുന്നു. ഇതില്‍ കാണിക്കുന്നതു പോലുള്ള ഒരു റെസ്റോറണ്ടിലെ സ്ഥിരക്കാരനായിരുന്നു അക്കിന്‍. അഥവാ, ഹാംബര്‍ഗ് നഗരത്തിലെ വില്ലെംസ്ബര്‍ഗ് ഭാഗത്തുള്ള ആ റെസ്റോറണ്ടു തന്നെയല്ലേ സിനിമയിലും ചിത്രീകരിച്ചിരിക്കുന്നത്? സോള്‍ കിച്ചന്‍ ഒരേ സമയം ഒരു റെസ്റോറണ്ടും ഒരു മാനസികാവസ്ഥയുമാണ്. കസാന്‍ത്സാക്കീസ്, സോക്രട്ടീസ് എന്നിങ്ങനെയുള്ള ഞെട്ടിപ്പിക്കുന്ന പേരുകളാണ് കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഗ്രീക്ക് വംശജനും അഭയാര്‍ത്ഥിയുമായ സിനോസ് കസാന്‍ത്സാക്കീസ് ആണ് സോള്‍ കിച്ചന്റെ നടത്തിപ്പുകാരന്‍. ഏതോ പാണ്ടികശാല പോലെ തോന്നിപ്പിക്കുന്ന ഈ ഭക്ഷണശാലയില്‍ ബീറിന്റെയും സോസേജിന്റെയും ചൈനീസ് സ്വാദുവര്‍ദ്ധിനികളുടെയും മാത്രമല്ല; ഗ്രീസിന്റെയും വിയര്‍പ്പിന്റെയും ചോരയുടെയും ഗന്ധങ്ങളും നിറഞ്ഞതായി അനുഭവപ്പെടും. അവിടെ മധുരവും ചവര്‍പ്പും എരിവും കയ്പ്പും മാത്രമല്ല, രസങ്ങളായുള്ളത്; വേദനയും പ്രതികാരവും രതിയും നിയമലംഘനവും വംശവെറിയും എല്ലാം അവിടത്തെ രസങ്ങളാണ്. ജര്‍മനിയിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ തുര്‍ക്കിത്തലമുറക്കാരുടെ വികാരവിചാരങ്ങളാണ് ആത്മപരിഹാസങ്ങളെന്നോണം സിനിമയിലെ കോമഡിയെ നിര്‍മ്മിച്ചെടുക്കുന്നത്. കോമഡി എന്നത് വംശവെറിയും വൈരാഗ്യവും ആണെന്ന പരമമായ യാഥാര്‍ത്ഥ്യത്തെയാണ് അക്കിന്‍ നിസ്സാരമായ അവതരണരീതിയിലൂടെ വെളിപ്പെടുത്തുന്നത്.


ആരോഗ്യ പരിപാലനക്കാരുടെ നിര്‍ദേശങ്ങള്‍ക്ക് കടകവിരുദ്ധമായ ഭക്ഷണ ശൈലികളാണ് സോള്‍ കിച്ചനിലുണ്ടായിരുന്നത്. പരിസ്ഥിതിസംരക്ഷണവും സന്തുലിതാഹാര രീതിയും സവര്‍ണ-വരേണ്യ പശ്ചാത്തലത്തില്‍ മാത്രമേ യാഥാര്‍ത്ഥ്യവത്ക്കരിക്കാനാകൂ എന്ന് ലോകമെമ്പാടും തെളിയുന്നതായി സിനിമ സധൈര്യം തെളിയിക്കുന്നു. കക്കൂസിലുപയോഗിക്കുന്ന തരം ബക്കറ്റില്‍ നിന്നാണ് ബീറും വറുത്ത ഭക്ഷണപദാര്‍ത്ഥങ്ങളും ഉരുളക്കിഴങ്ങു സലാഡും വിളമ്പുന്നത്. സന്തോഷമാകട്ടെ അധികം നീണ്ടു നില്‍ക്കുന്നുമില്ല. നികുതി കുടിശ്ശികയുടെ പേരില്‍ സിനോസ് പീഡിപ്പിക്കപ്പെടുന്നു; അവന്റെ കാമുകി നദീന്‍ അവനെ വിട്ട് ചൈനയിലേക്ക് പോകുന്നു; ചൂടനും തല്ലിപ്പൊളിയുമായ സഹോദരന്‍ ഇല്ല്യാസ് പരോളിലിറങ്ങിയതിനെ തുടര്‍ന്ന് അവിടെ അഭയം തേടുന്നു; പ്രതിഭാശാലിയെങ്കിലും അക്രമോത്സുകനായി തോന്നിപ്പിക്കുന്ന പുതിയ പാചകക്കാരന്‍ അമേരിക്കന്‍ പാട്ടഭക്ഷണ(ജങ്ക്ഫുഡ്)ത്തിനു പകരം പരമ്പരാഗത ഭക്ഷണം നല്‍കി ഉപഭോക്താക്കളെ അകറ്റുന്നു; സിനോസിന്റെ നട്ടെല്ലിന്റെ ഡിസ്ക് ഇളകുന്നു; എല്ലാം പോരാഞ്ഞ് ആര്യവംശജനായ ഒരു റിയല്‍ എസ്റേറ്റ് മാഫിയക്കാരന്‍ റെസ്റോറണ്ടിന്റെ ടൈറ്റില്‍ തട്ടിയെടുക്കാനായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ കൂട്ടു പിടിച്ച് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു. പരസ്പര ബന്ധമില്ലാത്തതെന്നു തോന്നിപ്പിക്കുന്നതും അതേ സമയം അങ്ങേയറ്റം രാഷ്ട്രീയവുമായ കുഴപ്പങ്ങളാണ് ഇതിവൃത്തത്തെ ചുറ്റിവരിയുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ബോധ്യപ്പെടും. ആരും യാഥാര്‍ത്ഥ്യബോധത്തോടെ ചലിക്കുന്നവരല്ല; എല്ലാവരും കാരിക്കേച്ചറുകള്‍ എന്നിങ്ങനെ ദാര്‍ശനികലോകത്തെ കീഴ്മേല്‍ മറിച്ചിടുകയാണ് അക്കിന്‍.

നിലനില്‍ക്കുന്ന എല്ലാ മുന്‍വിധികളെയും നിരാകരിച്ചു കൊണ്ട്, പ്രണയം, സൌഹൃദം, വിശ്വാസം എന്നീ ഘടകങ്ങളെ കൂട്ടി യോജിപ്പിക്കുകയാണ് അക്കിന്‍ ചെയ്യുന്നത്. ചലച്ചിത്രപാചകത്തിലെ നൂതനത്വമുള്ളതും ഭ്രാന്തു പിടിച്ചതുമായ പരീക്ഷണക്കാരനായി ഫത്തി അക്കിന്‍ മാറുന്നത് ഈ അടിസ്ഥാന തീരുമാനം കൊണ്ടാണ്. ചൈതന്യവും ശക്തിയും ആകര്‍ഷണീയതയും സൌന്ദര്യവും നിറഞ്ഞു നില്‍ക്കുന്ന തന്റെ ശരീരവും ശരീരഭാഷയും പോലെ ത്തന്നെയാണ് അക്കിന്റെ സിനിമകളും. അധികം വേവിച്ച ഭക്ഷണം പോലെ അതിഭാവുകത്വം നിറഞ്ഞ സോള്‍ കിച്ചന്‍ പക്ഷെ കാണിയില്‍ അപ്രീതി ജനിപ്പിക്കുന്നില്ല; കാരണം, മാനവികതയും കാരുണ്യവുമാണ് സംവിധായകന്റെ ദിശാബോധത്തെ നിര്‍ണയിക്കുന്നത് എന്നത് തിരിച്ചറിയപ്പെടുന്നുണ്ടെന്നതു തന്നെ. ഐസ്‌ലി സഹോദരങ്ങള്‍, കൂള്‍ & ദ ഗാംഗ്, കര്‍ട്ടിസ് മേയ്‌ഫീല്‍ഡ്, തുടങ്ങി ബ്ളൂസും റെഗ്ഗെയും റോക്കും ഇലക്ട്രോണിക്സ് സംഗീതവും എല്ലാം കൂടിക്കുഴയുന്ന ചിത്രത്തിന്റെ ശബ്ദപഥം വിസ്മയകരമായ അനുഭൂതിയാണ് സൃഷ്ടിച്ചെടുക്കുന്നത്. കഥയും ഇതിവൃത്തവും എന്തുമാകട്ടെ, അതീവം ഹൃദ്യവും മത്തു പിടിപ്പിക്കുന്നതുമായ ഒരു ഡാന്‍സ് പാര്‍ടിയില്‍ പെട്ടു പോയതു പോലെ നിങ്ങള്‍ക്ക് സിനിമയില്‍ രസിച്ചിരിക്കുകയേ നിവൃത്തിയുള്ളൂ. കോമഡി കൊണ്ട് കദനകഥകള്‍ ആവിഷ്ക്കരിച്ച ചാര്‍ളി ചാപ്ളിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പിന്‍ഗാമി തന്നെയാണ് ഫത്തി അക്കിന്‍ എന്ന് സോള്‍ കിച്ചന്‍ തെളിയിക്കുന്നു.

വെള്ളത്തിനു മുകളിലൂടെ നടക്കാനുള്ള തരം വിഫലശ്രമങ്ങളാണ് മുഖ്യ കഥാപാത്രമായ സിനോസ് നടത്തുന്നത്. ഇതു പക്ഷെ ജര്‍മനിയില്‍ അധിവസിക്കുന്ന അനവധി ഇതര വംശജരുടെ നിത്യയാഥാര്‍ത്ഥ്യമാണു താനും. പല സംസ്ക്കാരങ്ങള്‍ കൂടിക്കലരുന്ന ആധുനിക യാഥാര്‍ത്ഥ്യത്തെ ആഘോഷിക്കുന്നതിലൂടെ, സവര്‍ണ വംശീയത ഉയര്‍ത്തിപ്പിടിക്കുന്ന നവനാസിസത്തെ ചെറുക്കുകയാണ് അക്കിന്‍ ചെയ്യുന്നത്. ജര്‍മന്‍കാരല്ലാത്തവര്‍ക്ക് ജര്‍മനിയിലെ ജീവിതം എന്നത് ഏറ്റവും വിഷമകരമായ ഒരു പോരാട്ടമാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിനെ ആവിഷ്ക്കരിക്കാന്‍ രൂപപ്പെട്ട നവ സിനിമാ ഭാവുകത്വത്തിന്റെ മൌനങ്ങളും വ്യസനങ്ങളും ഏകമാനമായ അസ്തിത്വ വ്യഥകളുമല്ല, അഭയാര്‍ത്ഥിത്വവും പ്രവാസവും ദാരിദ്യ്രവും വംശവെറിയും നേരിടുന്നവരുടെ ഭാവങ്ങളെന്ന് വ്യക്തമായി തെളിയിക്കുകയാണ് അക്കിന്‍ ചെയ്യുന്നത്. പ്രതി-യൂറോപ്യന്‍ സിനിമ എന്നു വിളിക്കാവുന്ന തരത്തിലുള്ള ത്രിമാനവും ബഹുമുഖവുമായ ചലനങ്ങളിലൂടെ ശബ്ദ-വര്‍ണ ബഹളങ്ങള്‍ സൃഷ്ടിക്കുന്ന അക്കിന്‍ കിഴക്കു നിന്നുള്ള മൌലികവാദാഹ്വാനങ്ങളെയും നിരാകരിക്കുന്നു. ഈ സിനിമയിലെ കഥാപാത്രങ്ങളിലൂടെ പ്രത്യക്ഷവത്ക്കരിക്കുന്ന യൂറോപ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് അവരുടെ ചുറ്റുപാടുകളുമായി അഗാധമായ ബന്ധമാണുള്ളത്; പക്ഷെ ഒരിക്കലും അവര്‍ക്കതില്‍ മുഴുവനര്‍ത്ഥത്തില്‍ ആശ്രയം ലഭ്യമാവുന്നുമില്ല. ആ ആശ്രയരാഹിത്യമാണ് അവരെ പരസ്പരം സംശയിപ്പിക്കുന്നതിലേക്കും അകറ്റുന്നതിലേക്കും നയിക്കുന്നത്. ദുരന്തത്തിന്റെ ശരീരത്തെ പൊതിയുന്ന ഉടുപ്പാണ് ഫത്തി അക്കിന്റെ തമാശകള്‍ എന്നതിനാലാണ് അത് ചിരിയന്ത്രമായി ഒടുങ്ങിപ്പോകാത്തത്. എല്ലാ തരത്തിലുമുള്ള സ്നേഹങ്ങള്‍ കൊണ്ടാണ് സോള്‍ കിച്ചന്‍ ഊഷ്മളമാകുന്നത്. കഥാപാത്രങ്ങള്‍ക്ക് റെസ്റോറണ്ടിനോടുള്ള സ്നേഹം; അക്കിനും സഹപ്രവര്‍ത്തകര്‍ക്കും കഥാപാത്രങ്ങളോടുള്ള സ്നേഹം; ആത്മാവിന് ശരീരത്തോടും തിരിച്ചുമുള്ള സ്നേഹം എന്നിങ്ങനെ പല തരത്തിലുള്ളതും വിചിത്രവുമായ സ്നേഹങ്ങള്‍ സോള്‍ കിച്ചനില്‍ നിന്ന് കണ്ടെടുക്കാനാകും. കൃത്യതയോടെ തുന്നിച്ചേര്‍ത്ത ഒരു പ്രഹസനമാണ് സോള്‍ കിച്ചന്‍. എത്ര മാത്രം വിസ്മയകരവും വിചിത്രവുമായ സ്വഭാവവിശേഷങ്ങളുള്ളവരാണ് മനുഷ്യരൊക്കെയും എന്ന യാഥാര്‍ത്ഥ്യമാണ് അക്കിനെ ഉത്സാഹഭരിതനാക്കുന്നത്. ഈ ഉത്സാഹമാണ് ദുരന്തങ്ങളുടെ പെരുമഴക്കിടയില്‍ നിന്നും മാനവികതയുടെ ആത്യന്തികമായ മൂല്യത്തെക്കുറിച്ച് വിഭാവനം ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.

*
ജി. പി. രാമചന്ദ്രന്‍ 

02 January, 2011

ബച്ചനെ ഒളിച്ചു കടത്തിയതാര്?

വിക്കിപ്പീഡിയ സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് ബി സി മൂവ്വായിരം ആണ്ടു മുതല്‍ കേരളത്തില്‍ സുഗന്ധദ്രവ്യങ്ങളുടെ കച്ചവടം നടക്കുന്നുണ്ട്. ഗ്രീക്കുകാരുമായും അറബികളുമായും മറ്റ് യൂറോപ്യന്മാരുമായും നൂറ്റാണ്ടുകള്‍ കച്ചവടം ചെയ്ത ബൃഹത്തായ പാരമ്പര്യമാണ് മലയാളികള്‍ക്കുള്ളതെന്നു സാരം. ലോകത്തെമ്പാടുമെന്നതു പോലെ, കേരളവും വ്യാപാരത്തിന്റെയും വ്യവസായത്തിന്റെയും പുതിയ മേഖലകളിലേക്ക് കടക്കുന്നത് സ്വാഭാവികം മാത്രമാണു താനും. കച്ചവടം എന്നത് ജനങ്ങളുടെ ജീവിതം നിലനിര്‍ത്തുന്ന ഒരു സാമ്പത്തിക പ്രക്രിയയും മനുഷ്യബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുന്ന ഒരു സാംസ്ക്കാരിക മേഖലയുമാണ്. ഉപഭോഗ സംസ്ക്കാരം സാധാരണക്കാരെയും മധ്യവര്‍ഗ്ഗക്കാരെയും കടക്കെണിയിലാഴ്ത്തും എന്ന സ്ഥിരം പല്ലവിയില്‍ ധാരാളം സത്യമുണ്ടായിരിക്കെ തന്നെ, വ്യാപാരമെന്നത് ആധുനിക സമൂഹത്തിന്റെ ജീവനാഡിയാണെന്ന വാസ്തവം നാം കണ്ണടച്ചില്ലാതാക്കാന്‍ ശ്രമിക്കേണ്ടതുമില്ല. ഈ സാഹചര്യത്തിലാണ്, വ്യാപാരം വര്‍ദ്ധിപ്പിക്കാനായി കേരള സര്‍ക്കാര്‍ ഊര്‍ജ്ജസ്വലതയോടെ സംഘടിപ്പിക്കുന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ പോലുള്ള സംരംഭങ്ങള്‍ സ്വാഗതത്തോടെയും ആവേശത്തോടെയും, വ്യാപാരസമൂഹവും ജനസാമാന്യവും സ്വീകരിക്കുന്നത്.

എന്നാല്‍, സാംസ്ക്കാരിക നിരീക്ഷകരെ ഉത്ക്കണ്ഠപ്പെടുത്തുന്നത് അതൊന്നുമല്ല. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സ്പോണ്‍സര്‍ഷിപ്പിലൂടെ, കേരളത്തിലെ മതേതര-സാമൂഹ്യ-സാംസ്ക്കാരിക ജീവിതത്തിന് കടുത്ത ഭീഷണി സൃഷ്ടിക്കുന്ന ഘടകങ്ങള്‍ കേരളത്തിന്റെ ദൃശ്യപ്രതലത്തില്‍ നിറയുന്നു എന്ന യാഥാര്‍ത്ഥ്യമാണ് അവരെ ആശങ്കാകുലരാക്കുന്നത്. കേരളം ഒരുവട്ടം നിഷ്ക്കരുണം തള്ളിക്കളഞ്ഞ ബച്ചന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ ഒളിച്ചുകടത്തപ്പെട്ടിരിക്കുകയാണ്. ഈ അസംബന്ധത്തിലൂടെ കേരളത്തിലെ തെരുവോരങ്ങളും പത്രത്താളുകളും അശ്ളീലമയമായിക്കഴിഞ്ഞു. കീര്‍ത്തി ചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ തുടങ്ങി; അമിത ദേശീയത, മുസ്ളിം വിരുദ്ധത, അക്രമോത്സുകത, കാക്കിയുടെ അപ്രമാദിത്വം, യുദ്ധരതി എന്നിങ്ങനെയുള്ള മാനുഷിക വിരുദ്ധമായ ഇതിവൃത്ത-ആഖ്യാന പ്രകടനങ്ങള്‍ വ്യാപകമായി കൊണ്ടാടപ്പെട്ടതിനെ തുടര്‍ന്നാണ്; ഈ ചിത്രങ്ങളില്‍ മേജര്‍ വേഷം അവതരിപ്പിച്ചു എന്ന പേരില്‍ മോഹന്‍ലാലിനെ പട്ടാള മേജറാക്കിയത്. ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ അസംബന്ധ നാടകമായിരുന്നു ഈ മേജര്‍ പദവി. അതിരിക്കട്ടെ. അതിനു തുല്യമായ വിധത്തില്‍ കേരളത്തില്‍ ഇപ്പോള്‍ ഇത്തരമൊരു അസംബന്ധകരമായ ദൃശ്യ വയറിളക്കം (വിഷ്വല്‍ ഡയറിയ) തുറന്നു വിടാന്‍ കേരള സര്‍ക്കാരിലെ ഏതു ഉദ്യോഗസ്ഥ ദുഷ്പ്രഭുവാണ് തുനിഞ്ഞിറങ്ങിയത് എന്നറിയില്ല.

സി പി ഐ (എം) കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശനമായ നിര്‍ദേശത്തെ തുടര്‍ന്ന് ഗുജറാത്ത് ബ്രാന്റ് അംബാസഡറായ അമിതാബ് ബച്ചനെ കേരളത്തിന്റെ ബ്രാന്റ് അംബാസഡറാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ ഒരിക്കല്‍ പുറകോട്ടു പോയതാണ്. കേരളത്തിലും പുറത്തുമുള്ള ജനാധിപത്യ വിശ്വാസികളും സ്വാതന്ത്ര്യവാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരും വലിയ ആശ്വാസമാണ് അന്നനുഭവിച്ചത്. ഗുജറാത്തിന്റെ ബ്രാന്റ് അംബാസഡറായി ഞെളിയുന്നതിലൂടെ നരേന്ദ്ര മോഡിയുടെ വംശഹത്യാവിനോദത്തിന് അംഗീകാരം നേടിക്കൊടുക്കാന്‍ തീരുമാനമെടുത്തതിനു തൊട്ടു പുറകെയാണ്, ബോളിവുഡിലെ ഒന്നാമനായി കണക്കാക്കപ്പെടുന്ന അമിതാബ് ബച്ചനെ കേരളത്തിന്റെയും ബ്രാന്റ് അംബാസഡറാക്കാന്‍ ചില ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് അന്ന് ക്ഷണിച്ചത്. ജനാധിപത്യ സംവിധാനത്തിനകത്തെ സംസ്ഥാന ഭരണം എന്നത് കേവലം സാങ്കേതികമായ ഗവര്‍ണന്‍സ് മാത്രമല്ലെന്നും അതെപ്പോഴും രാഷ്ട്രീയമായ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കും വിധേയമാണെന്നും നാം മറന്നു പോകാറുണ്ട്. അത്തരം മറവികള്‍ക്കെതിരായ ശക്തമായ പ്രഹരമായിരുന്നു അതിനെ തുടര്‍ന്ന് പാര്‍ടിയുടെ അഖിലേന്ത്യാ നേതൃത്വം സ്വീകരിച്ച നടപടിയിലൂടെ സാക്ഷാത്കൃതമായത്. നരേന്ദ്രമോഡിയെക്കുറിച്ച് അമിതാബ് ബച്ചന്‍ അദ്ദേഹത്തിന്റെ ബ്ളോഗില്‍ ഇപ്രകാരം എഴുതി:

അദ്ദേഹം(മോഡി) അടിസ്ഥാനാവശ്യങ്ങള്‍ മാത്രം നിറവേറ്റിക്കൊണ്ട് ലാളിത്യത്തോടെ ജീവിക്കുകയും, ഒരു സംസ്ഥാനത്തിന്റെ തലവനാണെന്ന് തോന്നിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. വികസനത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും അദ്ദേഹം സഹാനുഭൂതിയോടെയാണ് സംസാരിക്കുന്നത്. പുതിയ ആശയങ്ങളെയും ആദര്‍ശങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്യുന്നു. സാധാരണക്കാരന്‍(കോമണ്‍ മാന്‍) എന്ന അര്‍ത്ഥത്തിലാണ് താന്‍ സി എം ആകുന്നതെന്ന അദ്ദേഹത്തിന്റെ സ്ഥിരം വ്യാഖ്യാനം ആരും തെറ്റിദ്ധരിക്കേണ്ടതില്ല. എന്താണോ സംസാരിക്കുന്നത് അപ്രകാരം തന്നെ പ്രവര്‍ത്തിക്കുന്ന ഒരാളാണ് നരേന്ദ്രമോഡി.

ചരിത്രം മറന്നു പോകരുത്. 1970കളില്‍ ഇന്ദിരാഗാന്ധി സോഷ്യലിസവും ഇടതുപക്ഷച്ചായ്‌വും പ്രസംഗിച്ചുകൊണ്ട് കടുത്ത ജനാധിപത്യ ധ്വംസനത്തിനും പീഡനവാഴ്ചക്കും വഴിതുറന്നിട്ട അടിയന്തിരാവസ്ഥയിലെത്തിയ കാലം. ഇന്ദിരയുടെ മകന്‍ സഞ്ജയ് അമിതാധികാരത്തിന്റെയും നിഷ്ഠൂരമായ ബലപ്രയോഗത്തിന്റെയും ആള്‍രൂപമായിരുന്നു. ഈ ആള്‍രൂപത്തിന്, അമിതാബ് ബച്ചന്‍ എന്ന രോഷാകുലനായ യുവനായകന്‍ തന്റെ സിനിമകളിലൂടെ സാംസ്ക്കാരികന്യായീകരണം നിര്‍മ്മിച്ചെടുത്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യ ദര്‍ശിച്ച അതിഭീകരമായ ജനാധിപത്യവിരുദ്ധതയുടെയും ഉന്മൂലനസിദ്ധാന്തത്തിന്റെയും പ്രയോക്താവായ സഞ്ജയ് ഗാന്ധിയില്‍ നിന്ന്, അതേ സിദ്ധാന്തത്തിന്റെ അടുത്ത അവതാരം നരേന്ദ്ര മോഡിയിലേക്കുള്ള ഒരു പാലമായി അമിതാബ് ബച്ചനെ ചരിത്രം വിലയിരുത്തുമോ എന്നായിരുന്നു ഗുജറാത്ത് ബ്രാന്റ് അംബാസഡറായതിലൂടെ ജനാധിപത്യ വൃത്തങ്ങളില്‍ ചോദ്യമുയര്‍ന്നത്. ബച്ചനെ കേരളത്തിന്റെ ബ്രാന്റ് അംബാസഡറാക്കണോ എന്ന കാര്യത്തില്‍ കേരള സര്‍ക്കാരാണ് അന്തിമമായ തീരുമാനമെടുക്കുക എന്നിരിക്കിലും, നരേന്ദ്ര മോഡിയുടെ ഗുജറാത്തിന്റെ അതേ അംബാസഡറെ കേരളവും സ്വീകരിക്കില്ല എന്നാണ് ഞാന്‍ കരുതുന്നത് എന്നാണ് സി പി ഐ(എം) പോളിറ്റ് ബ്യൂറോ അംഗമായ സീതാറാം യച്ചൂരി പി ടി ഐ യോട് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് കേരളത്തിലെ ഭരണമുന്നണി നേതൃത്വം രാഷ്ട്രീയമായി ഉണര്‍ന്നെണീക്കുകയും ബച്ചനെ കേരളത്തിന്റെ പ്രതീകമാക്കുക എന്ന മൂഢാലോചന ഉപേക്ഷിക്കുകയും ചെയ്തു. രോഷാകുലനായ വൃദ്ധനായി ബച്ചന്‍ ഇതില്‍ തന്റെ അതൃപ്തി ലോകത്തെ അറിയിക്കുകയും ചെയ്തു. മാതൃഭൂമി, മനോരമ, ഉമ്മന്‍ ചാണ്ടി തുടങ്ങിയ 'ജനാധിപത്യ വാദികള്‍' ഇതില്‍ തുടര്‍ രോഷാകുലത പ്രകടിപ്പിക്കുകയും ചെയ്തു. ആ അദ്ധ്യായം അവിടെ അടഞ്ഞതാണ്. ഇപ്പോള്‍ ആ പണ്ടാരപ്പെട്ടി കുത്തിത്തുറന്ന് പുറത്തിട്ടതാരാണ്?

ടൂറിസത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബിഗ് ബിയെ, നടനില്‍ നിന്ന് കഥാപാത്രമാക്കി മാറ്റി കച്ചവടത്തിന്റെ പ്രതീകമായി ഒളിച്ചുകടത്തിയത് കേരളത്തെയും കേരളീയ ജനതയെയും അപമാനിക്കുന്നതിന് തുല്യമാണ്. ഒമ്പതു മാസങ്ങള്‍ കൊണ്ട് സംഭവിക്കുന്ന മറവികള്‍ക്കു മേലാണോ കേരളത്തിന്റെ സാമൂഹ്യ ബോധം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്? വഴിയോരങ്ങളിലെ കൂറ്റന്‍ ഹോര്‍ഡിംഗുകളിലും പത്രത്താളുകളിലെ നെടുങ്കന്‍ പരസ്യങ്ങളിലും നിവര്‍ന്നു നില്‍ക്കുന്നത് ബച്ചനാണെങ്കിലും ഉദ്ദേശിച്ചത് അതല്ല എന്ന് തോന്നിപ്പിക്കാന്‍ വേണ്ടി; മോഹന്‍ ലാലിന്റെ പടത്തിന്മേല്‍ മേജര്‍ മഹാദേവന്‍, കാണ്ഡഹാര്‍ എന്നും ബച്ചന്റെ പടത്തിന്മേല്‍ ലോകനാഥ് ശര്‍മ്മ, കാണ്ഡഹാര്‍ എന്നും ചെറുതായി എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. കൌണ്ടര്‍ മീഡിയയില്‍ സുദീപ് കെ എസ് എഴുതിയതു പോലെ സിഗരറ്റു പാക്കറ്റിന്മേല്‍ സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരം എന്നെഴുതിയതിന് തുല്യമായ അപഹാസ്യമായ മുന്നറിയിപ്പുകള്‍ മാത്രമാണിത്.

മാത്രമല്ല, രോഷാകുലനായ ബച്ചന്റെ കൂലി കൊടുക്കാതെയാണ് അദ്ദേഹത്തെ കഥാപാത്രമെന്നോണം ഇവിടെ അവതരിപ്പിച്ചിരിക്കുന്നതെന്നും മനസ്സിലാക്കാവുന്നതാണ്. കോടികള്‍ കൈക്കലാക്കിക്കൊണ്ടാണ്, ബച്ചനെപ്പോലൊരാള്‍ പരസ്യങ്ങളില്‍ മോഡലാവാറുള്ളത്. അത്തരമൊരാളെ മേജര്‍ രവിയുടെ സിനിമയില്‍ മുഖവും ശരീരവും കാണിച്ചു എന്നതിന്റെ പേരില്‍ കൂലി കൊടുക്കാതെ ചൂഷണം ചെയ്യുന്നത്, കേരളീയരുടെ അഭിമാനത്തിന് ഭൂഷണമാണെന്ന് കരുതുന്നില്ല. ബച്ചനെ മാത്രമല്ല, ഈ ഒളിച്ചു കടത്തല്‍ വഞ്ചിക്കുന്നത്. ആദര്‍ശത്തിന്റെ പേരില്‍ സിനിമാ പരസ്യങ്ങളും ലോട്ടറി പരസ്യങ്ങളും വേണ്ടെന്നു വെച്ച കുറെയധികം മാധ്യമങ്ങളെ - മാധ്യമം, സിറാജ്, തേജസ് - ഷോപ്പിംഗ് ഫെസ്റ്റിവല്‍ പരസ്യമെന്ന പേരില്‍ സിനിമാപരസ്യം അടിച്ചേല്‍പ്പിച്ചിരിക്കുകയാണിവിടെ. ആദര്‍ശത്തിനു മേല്‍ സാംസ്ക്കാരിക കള്ളക്കടത്തുകാരുടെ അധിനിവേശം എന്ന് ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്.

താരവ്യക്തിത്വത്തിന്റെ പ്രതിനിധാനം കഥാപാത്രത്തെക്കാള്‍ എത്രയോ വലുതാണെന്ന കാര്യം കച്ചവടസിനിമയുമായി പ്രാഥമിക പരിചയം ഉള്ളവര്‍ക്കു പോലും ബോധ്യപ്പെടുന്നതാണ്. കഥാപാത്രങ്ങളുടെ സ്വഭാവവൈശിഷ്ട്യങ്ങള്‍ താരനിര്‍മിതിക്ക് സഹായകമാണെന്നതു പോലെ തന്നെ താരത്തിന്റെ പ്രാഭവം കഥാപാത്രത്തിന്റെ വിശ്വാസ്യതക്കും പിന്‍ബലമേകുന്നു. ആരാധനയും പിന്തുണയും ഫാന്‍സ് അസോസിയേഷനുകളും മാധ്യമങ്ങളിലെ നിറം പിടിപ്പിച്ച അണിയറക്കഥകളും ചേര്‍ന്ന് താരത്തെ ദൈവതുല്യനാക്കാറുമുണ്ട്. തമിഴ് നാട്ടിലും മറ്റും താരങ്ങള്‍ക്ക് ക്ഷേത്രം വരെ പണിതതും മറ്റൊന്നും കൊണ്ടല്ല. കേരളത്തില്‍ അത്തരത്തിലൊന്നും സംഭവിക്കില്ല എന്നും അത്യാവശ്യത്തിന് ഔചിത്യബോധവും ചരിത്രജ്ഞാനവും ഉള്ളവരാണ് കേരളീയര്‍ എന്നുമാണ് ഇതുവരെയും കരുതിപ്പോന്നിരുന്നത്. എന്നാല്‍, താരങ്ങളുടെ പടുകൂറ്റന്‍ ഹോര്‍ഡിംഗുകള്‍ കെട്ടിയുയര്‍ത്തപ്പെടുമ്പോള്‍, നമ്മുടെ ജനാധിപത്യ-മത നിരപേക്ഷ ധാരണകള്‍ ഒലിച്ചുപോകുന്നു എന്നു വരുന്നത് ദയനീയം തന്നെയാണ്.

*
ജി പി രാമചന്ദ്രന്‍

23 December, 2010

സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളും

"If you believe, it will happen"

"പ്രബോധനം സിനിമയുടെ മരണമാണ്. അത് അഭിനിവേശത്തിനും പ്രണയത്തിനും നേരെതിരാണ്. സിനിമ പണ്ഡിതരുടെ കലയല്ല, മറിച്ച് നിരക്ഷരരുടേതാണ്.''

-വെര്‍ണര്‍ ഹെര്‍സോഗ്

പടിഞ്ഞാറന്‍ ജര്‍മന്‍ എംബസിയുടെ മദ്രാസിലെ ഓഫീസ് പണ്ട് ടൂറിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമായിരുന്നു. മലപ്പുറം രശ്മി ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തകനായിരുന്ന കാലത്ത് മലപ്പുറത്ത് ഞങ്ങളുടെ അഭ്യര്‍ഥനപ്രകാരം അവര്‍ സിനിമ പ്രദര്‍ശിപ്പിക്കാനായി വരികയുണ്ടായി. ഇറക്കുമതിചെയ്ത വാനും പ്രൊജക്ടറും ഞങ്ങളില്‍ അസൂയ ഉണര്‍ത്തി. അന്ന് ആദ്യം കാണിച്ച സിനിമ 'അഗ്വിറേ, ദി റാത്ത് ഓഫ് ഗോഡ്' ആയിരുന്നു. ജര്‍മനിയില്‍ നിര്‍മിച്ച 16 എം എം പ്രൊജക്ടറില്‍ പുതിയ, കേടുവരാത്ത പ്രിന്റ് പ്രദര്‍ശിപ്പിച്ച അന്ന് കുറേപ്പേര്‍ ഹെര്‍സോഗിന്റെ ആരാധകരായി. പിന്നീട് മദ്രാസില്‍നിന്ന് എംബസിയുടെ സിനിമയുമായി വന്നപ്പോഴൊക്കെ മറ്റു സിനിമകള്‍ക്കൊപ്പം അഗ്വിറേ ഞങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പിന്നീട് തരംകിട്ടുമ്പോഴെല്ലാം പൊതുപ്രദര്‍ശനങ്ങളിലും ആ സിനിമയെ ഉള്‍ക്കൊള്ളിച്ചു. കാരണം അഗ്വിറേ ദി റാത്ത് ഓഫ് ഗോഡ് നല്‍കുന്ന പ്രദര്‍ശനാനുഭവം അപൂര്‍വം സിനിമകള്‍ക്കേ ലഭിക്കാറുള്ളൂ. പിന്നീട് ബെര്‍ലിന്‍ മതില്‍ പൊളിയുകയും പടിഞ്ഞാറന്‍, കിഴക്കന്‍ ജര്‍മനികള്‍ ഒന്നാകുകയും ചെയ്തപ്പോള്‍ ജര്‍മനിക്കാര്‍ സന്തോഷിച്ചു. പക്ഷേ ഞങ്ങള്‍ ദുഃഖിച്ചു. കാരണം പുതിയ നയത്തിന്റെ ഭാഗമായി മദ്രാസിലെ ഓഫീസ് യാത്രകളും സിനിമാ പ്രദര്‍ശനവും നിര്‍ത്തിവെച്ചു. ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത വാനും പ്രൊജക്ടറും ഇനി മലപ്പുറത്ത് വരില്ല. അഗ്വിറേ പ്രദര്‍ശിപ്പിക്കുകയില്ല. ഡി വി ഡി വ്യാപകമായപ്പോള്‍ അഗ്വിറേ എന്നും കാണാമെന്നായി. ഹെര്‍സോഗും ക്ളോസ് കിന്‍സ്കിയും തമ്മിലുള്ള ബന്ധം പോലെയല്ലെങ്കിലും ഞങ്ങള്‍ക്ക് അഗ്വിറേയുമായി ആത്മബന്ധം വളര്‍ന്നിരുന്നു എന്നതാണ് സത്യം. പിന്നീട് ജര്‍മന്‍ എംബസിയും ഫിലിം സൊസൈറ്റി ഫെഡറേഷനും ചേര്‍ന്ന് നടത്തിയ ഹെര്‍സോഗ് ഫെസ്റ്റിവലില്‍ അഗ്വിറേയെ കൂടാതെ വൊയ്സെക്, ഫിറ്റ്സ് ഗെറാള്‍ഡോ എന്നിവയെല്ലാം പ്രദര്‍ശിപ്പിച്ചു. ഹെര്‍സോഗിനൊപ്പം ക്ളോസ് കിന്‍സ്കി എന്ന കിറുക്കന്‍ നടന്റെ മഹാപ്രകടനങ്ങള്‍ കണ്ടു.

ഒരു ഫിലിം സൊസൈറ്റി തുടങ്ങുമ്പോള്‍ ഉദ്ഘാടന ചിത്രമായി പണ്ട് ഞങ്ങള്‍ നിര്‍ദേശിക്കുക അഗ്വിറേ ആയിരുന്നു. അത് കണ്ടുകഴിയുന്നതോടെ ഒരാള്‍ സിനിമയുമായി പ്രണയത്തിലാകുമെന്നും പിന്നീട് അയാള്‍ക്ക്/അവള്‍ക്ക് ഒരിക്കലും അതില്‍നിന്ന് മോചനം സാധ്യമാവുകയില്ലെന്നും ഞങ്ങള്‍ വിശ്വസിച്ചു.

ജര്‍മനിയിലെ പുതിയ സിനിമയുടെ വക്താക്കളായ റെയ്നര്‍ ബര്‍നര്‍ ഫാസ്ബിന്ദര്‍, മാര്‍ഗററ്റ് വോണ്‍ ടൊറോത്ത, വോള്‍ക്കര്‍ പ്ളോന്‍ ഡ്രോഫ്, ഹാന്‍സ് ജര്‍ഗന്‍, സൈബര്‍ ബര്‍ഗ്, വിം വെന്റേഴ്സ് എന്നിവരോടൊപ്പമാണ് ഹെര്‍സോഗും സിനിമയിലെത്തുന്നത്. എന്നാല്‍ പ്രമേയസ്വീകരണത്തില്‍ എല്ലാവരില്‍നിന്നും വ്യത്യസ്തനായിരുന്നു ഹെര്‍സോഗ്. അസാധ്യമെന്ന് കരുതുന്ന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്ന നായകരാണ് ഹെര്‍സോഗിന്റെ സിനിമയില്‍. അവര്‍ ദുരൂഹവും അവ്യക്തവുമായ മേഖലയില്‍ മൌലിക പ്രതിഭയുള്ളവരോ പ്രകൃതിയുമായി മല്ലിട്ട് വിജയിക്കുന്നവരോ ആകും.

'ഞാനെന്താണോ, അതാണെന്റെ ചിത്രങ്ങള്‍' എന്ന് ഹെര്‍സോഗ് പറഞ്ഞിട്ടുണ്ട്. മ്യൂണിക്കിലാണ് ഹെര്‍സോഗ് ജനിച്ചത്. പിന്നീട് ആല്‍പ്സ് പര്‍വതനിരകള്‍ക്കടുത്തുള്ള ബവേറിയന്‍ ഗ്രാമമായ സച്ച്രംഗിലേക്ക് മാറിത്താമസിച്ചു. രണ്ടാം ലോകയുദ്ധത്തിനിടെ ബോംബിട്ട് നശിപ്പിക്കപ്പെട്ട ഭാഗത്തായിരുന്നു അവരുടെ വസതി. 12-ാംവയസ്സില്‍ ഹെര്‍സോഗും കുടുംബവും മ്യൂണിക്കില്‍ തിരിച്ചെത്തി, അവിടെവെച്ച് പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു. അതേവര്‍ഷം ക്ളാസില്‍ കുട്ടികളുടെ മുമ്പില്‍ പാട്ടുപാടാന്‍ നിര്‍ദേശിക്കപ്പെട്ട ഹെര്‍സോഗ് അത് ചെയ്യാത്തതിന്റെ പേരില്‍ സ്കൂളില്‍നിന്ന് പുറത്താക്കപ്പെടുന്നതിന്റെ വക്ക്വരെയെത്തി. ഈ ദേഷ്യം തീര്‍ക്കാന്‍ പിന്നീട് അയാള്‍ ആറുവര്‍ഷം ഒരു സംഗീതവും ശ്രവിച്ചില്ല. ഒരു ഉപകരണവും പഠിച്ചില്ല. മുതിര്‍ന്നതിന്ശേഷം ഒരു സംഗീതോപകരണം പഠിക്കാനായി 10 വര്‍ഷം ചെലവഴിക്കാന്‍ തയാറാണെന്ന് ഹെര്‍സോഗ് പറയുകയുണ്ടായി.14-ാം വയസ്സില്‍ എന്‍സൈക്ളോപീഡിയയിലെ സിനിമാ നിര്‍മാണത്തെക്കുറിച്ചുള്ള നിര്‍വചനത്തില്‍ ആകൃഷ്ടനായി. മ്യൂണിക് ഫിലിം സ്കൂളില്‍നിന്ന് ഒരു 35 എം എം ക്യാമറ മോഷ്ടിച്ച് സിനിമയെടുക്കാന്‍ ആരംഭിച്ചു. അതിനെക്കുറിച്ച് ഹെര്‍സോഗ് പറഞ്ഞത് 'അത് ഒരു കളവായി താന്‍ കരുതുന്നില്ലെന്നാണ്. അത് ഒരു അത്യാവശ്യമായിരുന്നു. ജോലിയെടുക്കാനുള്ള ഉപകരണം എന്ന നിലയില്‍ ക്യാമറ തന്റെ അടിസ്ഥാന അവകാശമായിരുന്നു'. മ്യൂണിക് യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയും തന്റെ സിനിമകള്‍ നിര്‍മിക്കാനായി 60 കളില്‍ ഒരു സ്റ്റീല്‍ഫാക്ടറിയില്‍ വെല്‍ഡറായി ജോലിനോക്കുകയും ചെയ്തു. 2006 ല്‍ ബിബിസിക്ക് ഒരു ഇന്റര്‍വ്യൂ നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ അജ്ഞാതനായ ഒരാള്‍ എയര്‍ റൈഫിള്‍കൊണ്ട് ഹെര്‍സോഗിന്നേരെ നിറയൊഴിച്ചു. അത് കാര്യപ്പെട്ട ഒരു തിരയല്ലെന്ന് പറഞ്ഞുകൊണ്ട് ഒന്നും സംഭവിക്കാത്തതുപോലെ ഇന്റര്‍വ്യൂ തുടര്‍ന്നു. പിന്നീട് മുറിവേറ്റ ഭാഗം ക്യാമറക്ക് നേരെ കാണിച്ചു.

ഇതൊക്കെയാണ് ഹെര്‍സോഗ്. ജര്‍മന്‍, അമേരിക്കന്‍ താരങ്ങളെ സിനിമയില്‍ ഉപയോഗിക്കുമ്പോഴും ഷൂട്ടിങ് ലൊക്കേഷനിനടുത്തുള്ള സാധാരണക്കാരെ അദ്ദേഹം സിനിമയിലഭിനയിപ്പിച്ചു. പ്രത്യേകിച്ചും ഡോക്യുമെന്ററികളില്‍. അഭിനയിച്ചും അല്ലാതെയും. അത്യാനന്ദകരമായ സത്യം എന്നാണ് ഹെര്‍സോഗ് അതിനെ വിശേഷിപ്പിക്കുന്നത്. ബെര്‍ലിന്‍, കാന്‍, വെനീസ്, സാന്‍ഫ്രാന്‍സിസ്കോ ഉള്‍പ്പെടെ എല്ലാ പ്രമുഖ ചലച്ചിത്രമേളകളിലും ഹെര്‍സോഗിന്റെ സിനിമകള്‍ പുരസ്കാരം നേടി. വെനീസ് ഫിലിംമേളയില്‍ ഒരു വര്‍ഷം രണ്ട് സിനിമകള്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയെന്ന അപൂര്‍വ ബഹുമതി ലഭിച്ചു. എന്നാല്‍ ഒരിക്കലും അവാര്‍ഡുകളില്‍ താല്‍പ്പര്യം ജനിച്ചില്ല.

വിചിത്രമായ ചില പ്രവൃത്തികളും ത്യാഗങ്ങളും വഴി സര്‍റിയലിസ്റ്റ് ചിത്രകാരനായ സാര്‍വദോര്‍ ദാലിയെപ്പോലും അതിശയിച്ചു. 'ഈവണ്‍ ഡ്വാര്‍ഫ്സ് സ്റ്റാര്‍ടഡ് അറ്റ് സ്മോള്‍' എന്ന സിനിമയില്‍ അഭിനയിച്ച കുള്ളന്മാരില്‍ ചിലര്‍ക്ക് അപകടം പിണഞ്ഞപ്പോള്‍ കൂടുതല്‍ അപായങ്ങളുണ്ടാകാതെ ഷൂട്ടിങ് പൂര്‍ത്തീകരിക്കാനായാല്‍ താന്‍ കള്ളിമുള്‍ച്ചെടികളില്‍ കിടന്നിഴയുമെന്ന് പ്രഖ്യാപിച്ചു. അങ്ങനെ ചെയ്തു. അകത്ത് കയറിക്കൂടുന്നതാണ് രക്ഷപ്പെടുന്നതിനേക്കാള്‍ ബുദ്ധിമുട്ടേറിയ പ്രവൃത്തിയെന്ന് ഇതേക്കുറിച്ച് ഹെര്‍സോഗ് പറയുകയുണ്ടായി. ഇറോള്‍ മോറിസ് എന്ന ഡോക്യുമെന്ററി സംവിധായകനെ വെല്ലുവിളിക്കാനും പ്രചോദിപ്പിക്കാനുമായി, അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന സിനിമ പൂര്‍ത്തിയാക്കിയാല്‍ തന്റെ ഷൂസ് തിന്നുമെന്ന് ഹെര്‍സോഗ് പ്രഖ്യാപിച്ചു. 'ഗെയ്റ്റ് ഓഫ് ഹെവന്‍' എന്ന പ്രസ്തുത ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനവേളയില്‍ ഹെര്‍സോഗ് തന്റെ വാക്ക് പാലിച്ചു. പരസ്യമായി ഷൂ സ്വയം പുഴുങ്ങുകയും തിന്നുകയും ചെയ്തു. ലെസ് ബാങ്ക് ഇത് ഡോക്യുമെന്ററിയായി പുറത്തിറക്കി. ഏതെങ്കിലും സംവിധായകര്‍ തങ്ങളുടെ പ്രോജക്ട് പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍ അവര്‍ക്ക് ഈ പ്രവൃത്തി ഒരു പ്രചോദനമാകട്ടെ എന്നും അദ്ദേഹം ചടങ്ങില്‍ പ്രത്യാശിച്ചു. 1974 ല്‍ ഗുരുതരമായ രോഗശയ്യയില്‍ കിടന്ന ജര്‍മന്‍ ചലച്ചിത്ര നിരൂപകമായ ലോട്ടി ഐസ്നറെ കാണാന്‍ മ്യൂണിക്കില്‍നിന്ന് പാരിസ്വരെ 600 മൈലുകള്‍ കൈയില്‍ കാശോ മാറ്റിയുടുക്കാന്‍ തുണിയോ ഇല്ലാതെ ഹെര്‍സോഗ് നടന്നുപോയി. ഹെര്‍സോഗ് കണ്ടു സംസാരിച്ചതിനുശേഷമാണ് ലോട്ടി അന്ത്യശ്വാസം വലിച്ചത്.

ഹെര്‍സോഗിന്റെ സിനിമയുടെ പ്രമേയങ്ങള്‍ യാഥാര്‍ഥ്യവും കഥയും കൂടിക്കലര്‍ന്നാണ് പലപ്പോഴും രൂപപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ നടന്മാര്‍ 'സാധാരണ'ക്കാരായിരുന്നില്ല. ജീവിതത്തിലും സിനിമയിലും അവര്‍ ഉന്മാദികളായിരുന്നു. ആമസോണ്‍ വനത്തിനുള്ളില്‍ അഗ്വിറേയുടെ ഷൂട്ടിങ്ങിനായി ക്ളോസ് കിന്‍സ്കി എത്തിയകാലത്ത് കിന്‍സ്കി ജര്‍മനിയിലെ താരവും ഹെര്‍സോഗ് താരതമ്യേന അപ്രശസ്തനുമായിരുന്നു. കാട്ടിനുള്ളിലെ പരിമിത സൌകര്യങ്ങളില്‍ തൃപ്തനാവാതെ കിന്‍സ്കി തിരിച്ചുപോകാനൊരുങ്ങിയപ്പോള്‍, തന്റെ തോക്കിനുള്ളില്‍ ഒമ്പത് തിരകളുണ്ടെന്നും അതില്‍ എട്ടെണ്ണം കിന്‍സ്കിക്കും ഒന്ന് തനിക്കുതന്നെയും ആണ് കരുതിയിരിക്കുന്നതെന്ന് ഹെര്‍സോഗ് ഭീഷണിപ്പെടുത്തി. തോക്കിന്‍മുനയിലെ കിന്‍സ്കിയുടെ പ്രകടനം പിന്നീട് അഭിനയത്തില്‍ ലോകസിനിമയിലെ ഉദാത്ത മാതൃകയും അതേസമയം മൌലികവുമായി വാഴ്ത്തപ്പെട്ടു. പിന്നീട് നാല് സിനിമകളില്‍ അഭിനയിച്ചപ്പോഴും സ്ഥിതിഗതികളില്‍ വലിയ പുരോഗതി ഉണ്ടായില്ലെന്ന് കിന്‍സ്കിയുടെ മരണശേഷം കിന്‍സ്കിയും താനുമായി ഉണ്ടായിരുന്ന വിചിത്ര ബന്ധത്തെക്കുറിച്ച് ഹെര്‍സോഗ് സംവിധാനംചെയ്ത "മൈ ഡിയര്‍ ഫ്രെന്‍ഡ്'എന്ന ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. ജനിച്ചത് മുതല്‍ 16 വര്‍ഷംവരെ ഒരു തടവറയില്‍ അടക്കപ്പെട്ടതിനാല്‍ നടക്കാനോ സംസാരിക്കാനോ കഴിയാതായിപ്പോയ ഒരു പയ്യന്റെ യഥാര്‍ഥജീവിതം 'ദി മിസ്റ്ററി ഓഫ് കാസ്പര്‍ ഹോസര്‍' എന്ന പേരില്‍ ചലച്ചിത്രമാക്കിയപ്പോള്‍ ഹെര്‍സോഗ് അതിലെ നായകനായി കണ്ടെത്തിയത് മാനസികരോഗിയും തെരുവ് പ്രകടനക്കാരനുമായ ബ്രൂണോ എഡിനെയാണ്. ഒരു ലൈംഗികത്തൊഴിലാളിയുടെ അവിഹിത സന്തതിയായ ബ്രൂണോ പിന്നീട് സ്ട്രോസെക് എന്ന സിനിമയിലും അഭിനയിച്ചു. 'ലാ സുഫ്രി' എന്ന അഗ്നിപര്‍വതം പൊട്ടിത്തെറിക്കാറായ നേരം അതിനു ചുറ്റുമുള്ള നഗരം വിജനമാക്കപ്പെട്ടപ്പോള്‍, ക്യാമറയുമായി ഹെര്‍സോഗ് അവിടേക്ക് പോകുകയും അവിടെ നിന്നൊഴിഞ്ഞ് പോകാന്‍ കൂട്ടാക്കാത്ത ഒരാളെ കണ്ടെത്തി അഭിമുഖം നടത്തുകയും ചെയ്തു. 'തങ്ങളുടെ ജീവിതത്തിന്റെ നിലവാരം മാറാന്‍ പോകുന്നില്ല എന്നതുകൊണ്ട് ജീവിതമാകട്ടെ, മരണമാകട്ടെ ഈ മണ്ണില്‍ ഉറച്ചുനിന്ന് സ്വീകരിക്കും' എന്നാണയാള്‍ പറയുന്നത്. ഹെര്‍സോഗ് അഗ്നിപര്‍വതത്തിലേക്കുള്ള തന്റെ യാത്രയെപ്പറ്റി പറയുന്നു. "മരണം എപ്പോഴും സംഭവിക്കാം. യാത്രക്കിടക്കോ സ്റ്റെയര്‍ കെയ്സില്‍നിന്നുള്ള വീഴ്ചയിലോ. അതിനെ സ്വീകരിക്കാന്‍ തയാറായിക്കഴിഞ്ഞാല്‍ അത് പ്രശ്നമാവുകയില്ല'' ഗ്ളാസ് നിര്‍മാണശാലയുടെ ഫോര്‍മാന്‍ മരിച്ചപ്പോള്‍ റൂബി ഗ്ളാസിന്റെ ഫോര്‍മുല അന്വേഷിച്ച് യാത്രയാകുന്നതിന്റെ കഥയാണ് 'ഹാര്‍ട് ഓഫ് ഗ്ളാസ്.' ഇതിലെ അഭിനേതാക്കളെല്ലാംതന്നെ ഹിപ്നോട്ടൈസ് ചെയ്യപ്പെട്ടവരെപ്പോലെയാണ് പെരുമാറുന്നത്. 'ഫിറ്റ്സ്ഗെറാള്‍ഡോ' ഒരു മലയ്ക്ക് മുകളിലൂടെ ഒരു കപ്പല്‍ വലിച്ചുകയറ്റുന്നതിന്റെ കഥയാണ്. മൂന്നുവര്‍ഷംകൊണ്ട് ആ സിനിമ നിര്‍മിച്ചതിനെക്കുറിച്ച് തന്നെ ഒരു ഡോക്യുമെന്ററി 'ബെര്‍ഡന്‍ ഓഫ് ഡ്രീംസ്' (സംവി ലെസ് ബ്ളാങ്ക്) പുറത്തുവന്നിട്ടുണ്ട്. ജോര്‍ജ് ബുക്ക്നറുടെ സുപ്രസിദ്ധ നാടകമായ വൊയ്സെകിന്റെ ചലച്ചിത്രഭാഷ്യം, ജര്‍മന്‍ എക്സ്പ്രഷനിസത്തിലെ ചക്രവര്‍ത്തിയായ മുര്‍നോയുടെ 'നൊസ്ഫെറാതു - എ സിംഫണി ഓഫ് ടെറര്‍' എന്ന സിനിമയുടെ റീമേക്ക് ആയ 'നൊസ്ഫെറാതു - ദി വാംപയര്‍' എന്നിവയൊക്കെ ലോകസിനിമയിലെ അത്ഭുതങ്ങളായി തന്നെയാണ് നിലനില്‍ക്കുന്നത്. നിരവധി ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ഓപ്പെറകളും ഹെര്‍സോഗ് സംവിധാനം ചെയ്തിട്ടുണ്ട്.

*
മധുജനാര്‍ദനന്‍ കടപ്പാട്: ദേശാഭിമാനി വാരിക

26 July, 2010

കൊച്ചു കേരളമല്ല; ഇമ്മിണി ബല്യ കേരളം

(കണക്കില്‍ ബിരുദം, നടനാവാന്‍ ആഗ്രഹം. 9 വര്‍ഷത്തെ പ്രവാസം. പിന്നീട് മലയാള നവ സിനിമകളില്‍ മൂന്നെണ്ണം നിര്‍മിച്ചു. പവിത്രന്റെ സിനിമയില്‍ നായകനായി. മൂന്നു സിനിമകള്‍ സംവിധാനം ചെയ്തു. 'അറിയപ്പെടാത്ത മലപ്പുറം' എന്ന ഡോക്യുമെന്ററിയും. എഴുപതുകളിലെ നവസിനിമയെ പിന്നീട് തള്ളിപ്പറഞ്ഞു. ഇതിനിടയില്‍ ഏഴ് വര്‍ഷം എം എല്‍ എ ആയി. കൈരളി ചാനലിന്റെ ഡയറക്ടര്‍ ആണ്. പ്രവാസലോകം എന്ന പരിപാടിയുടെ അവതാരകന്‍. മലയാളത്തിന്റെ മണ്ണില്‍നിന്ന് സിനിമ നിര്‍മിക്കുക എന്നതാണ് തന്റെ പരിപാടിഎന്ന് ആവര്‍ത്തിച്ചു പറയുന്നു. ഇസ്ളാമിനെക്കുറിച്ചും സെക്യൂലറിസത്തെക്കുറിച്ചും തന്റേതായ കാഴ്ചപ്പാടുകള്‍ ഉണ്ട്. അവയില്‍ ചിലതൊക്കെയാണ് പി ടി സംസാരിക്കുന്നത്.)

രാഷ്ട്രീയക്കാരിലെ സിനിമാക്കാരന്‍, സിനിമാക്കാരിലെ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന് പിടി.യെ വിശേഷിപ്പിച്ച് കേട്ടിട്ടുണ്ട്. ഈ ഒരു ഇമേജ്, രാഷ്ട്രീയത്തെ സര്‍ഗാത്മകമാക്കുക അഥവാ സിനിമയെ രാഷ്ട്രീയമാക്കുക എന്നീ നിലകളിലേക്ക് വികസിപ്പിക്കുവാന്‍ എങ്ങനെയാണ് ശ്രമിച്ചിട്ടുള്ളത്?

ിഞാന്‍ രണ്ടിലും അവിചാരിതമായി വന്ന ആളാണ്. പഠിക്കുന്ന കാലത്ത് അഭിനയിക്കാന്‍ താല്പര്യമുണ്ടായിരുന്നു. അല്ലാതെ സിനിമാ സംവിധായകനോ നിര്‍മാതാവോ ആകാന്‍ ഒരു സാധ്യതയും ഇല്ലായിരുന്നു. ഞാന്‍ വളര്‍ന്ന സാമ്പത്തിക ചുറ്റുപാടില്‍ ഒരു പടം നിര്‍മിക്കാന്‍ സാധ്യമാവാത്തതിനാല്‍ അത് എന്റെ സ്വപ്നമായിരുന്നില്ല. നടനാവുക എന്നത് എന്റെ ഒരാഗ്രഹമായിരുന്നു. അത് നടക്കില്ല എന്ന് മനസ്സിലായപ്പോള്‍ ഉപേക്ഷിക്കുകയും ചെയ്തു. പിന്നെ അവിചാരിതമായിട്ടാണ് ഞാന്‍ ചലച്ചിത്ര നിര്‍മാതാവാകുന്നത്. അതിന് പ്രധാന കാരണം കെആര്‍ മോഹനന്‍ എന്ന സുഹൃത്തായിരുന്നു. അദ്ദേഹത്തിന് ഒരു സിനിമാ സംവിധായകനാകാനുള്ള സാഹചര്യം ഒരുക്കുക എന്നതില്‍ കവിഞ്ഞ് അതില്‍ എനിക്ക് ഒരു പ്രശസ്തി ഞാന്‍ ഇച്ഛിച്ചിരുന്നില്ല. രാഷ്ട്രീയത്തിലും അങ്ങനെത്തന്നെ. ഞാന്‍ ഇടതുപക്ഷത്തിന്റെ ഒരു സഹയാത്രികനാണ്. തെരഞ്ഞെടുപ്പ് കാലത്ത് ചില സാംസ്കാരിക യോഗങ്ങളില്‍ പോയിട്ടുണ്ടെന്നല്ലാതെ സജീവ രാഷ്ട്രീയക്കാരനായിരുന്നില്ല. രാഷ്ട്രീയ അഭിപ്രായമൊക്കെ ഉണ്ടായിരുന്നു. സിപിഐഎമ്മിന്റെ അനുഭാവിയുമായിരുന്നു. എന്റെ ജീവിതത്തില്‍ ആദ്യം വന്നത് സിനിമയാണ്. ഞാന്‍ എന്താണോ ചെയ്യുന്നത്, അതില്‍ നൂറ് ശതമാനം ഉള്‍ചേരുന്നൊരു പ്രകൃതമാണെന്റേത്. അതില്‍ എന്റേതായിട്ടുള്ള അഭിപ്രായമുണ്ടാകും. മറ്റുള്ളവര്‍ പറയുന്നത് സ്വീകരിക്കാന്‍ എനിക്ക് സാധ്യമല്ല. എന്തുകൊണ്ടാണ് ഒരാള്‍ ഒരുകാര്യം പറയുന്നതെന്ന് ഞാന്‍ അന്വേഷിക്കും. അങ്ങനെയാണ് സമാന്തര സിനിമാ സ്കൂളില്‍ നിന്ന് ഞാന്‍ അകന്നകന്ന് പോകുന്നത്. എനിക്ക് ബോധ്യമല്ലാത്ത ഒരു സംഗതിയായി അത് മാറി. കൂടാതെ അതിന്റെ പിന്നില്‍ എനിക്ക് യോജിക്കാന്‍ പറ്റാത്ത രാഷ്ട്രീയവുമുണ്ടെന്ന് തോന്നി. അടിസ്ഥാനപരമായി സിനിമ എന്ന ഒരു മാധ്യമം നോക്കിക്കാണേണ്ടത് എന്റെ നാടും എന്റെ ജിവിതവും എനിക്ക് ചുറ്റുമുള്ള പ്രകൃതിയും എന്റെ ചരിത്രവുമാണ്. അത് സമാന്തര സിനിമയില്‍ പരിപൂര്‍ണമായി കാണാന്‍ കഴിയുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നി. സമാന്തര സിനിമ എന്ന, ലോകത്താകമാനം നില നില്ക്കുന്ന ആശയത്തെ എന്റെ മണ്ണിലേക്ക് പറിച്ചു നടുമ്പോള്‍ എന്റെ മണ്ണ്, എന്റെ ജീവിതം, എന്റെ ചിന്ത, എന്റെ പ്രണയം എന്നിവ നഷ്ടപ്പെടുന്നു എന്നെനിക്ക് തോന്നി. അതുകൊണ്ട് ആ ആശയം ഞാന്‍ ഉപേക്ഷിച്ചു. ഗര്‍ഷോമില്‍നിന്ന് ഞാനത് തുടങ്ങി, പരദേശിയിലെത്തുന്നതോടെ അത് പരിപൂര്‍ണമായി വിഛേദിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. എന്നെ സ്വാധീനിച്ച ചില അംശങ്ങള്‍ പരദേശിയിലുമുണ്ടാകാം. പക്ഷേ എന്റെ മനസ്സില്‍ ആ ശൈലി ഉപേക്ഷിക്കണം എന്ന വിചാരം ശക്തമായിട്ടുണ്ട്. വീരപുത്രനിലെത്തുന്നതോടെ അത് വലിയ രീതിയില്‍ തന്നെ ഉപേക്ഷിക്കപ്പെടുന്നതായി കാണാം. ഈ ഒരു മാറ്റം ഉണ്ടാകുന്നത്, ഞാന്‍ സഞ്ചരിച്ച വഴികളെ, ഞാന്‍ ഉള്‍ക്കൊണ്ട സിനിമയെ, എന്നെത്തന്നെ ഞാന്‍ ചോദ്യം ചെയ്തതുകൊണ്ടാണ്. അല്ലെങ്കില്‍ അതുണ്ടാവില്ലല്ലോ. എന്റേതായ ഒരു വഴിയുണ്ടാകുന്നു. അതിന് വിദേശവാസം സഹായിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാനുള്ള ഒരു മനസ്സില്‍ നിന്നു തന്നെയാണ് രാഷ്ട്രീയത്തില്‍ അവിചാരിതമായി വന്നപ്പോഴും അതില്‍ സജീവമാകുന്നത്. രാഷ്ട്രീയവും സിനിമയും കൂടി സങ്കലനം ചെയ്തപ്പോള്‍ അസാമാന്യമായ സാധ്യതകള്‍ എന്റെ മുന്നില്‍ വന്നുവെന്നതാണ് സത്യം. സിനിമക്കാര്‍ക്ക് പലതും കേട്ടുകേള്‍വിയാണ്. സ്വന്തം ജീവിതമല്ല. ഞാന്‍ മനുഷ്യരുടെ ജീവിതത്തില്‍ നിന്നു കൊണ്ട് ജിവിക്കുന്ന ഒരാളാണ്. അതാണ് രാഷ്ട്രീയം. മനുഷ്യന്റെ ജീവിതം കൈകാര്യം ചെയ്യലാണ് രാഷ്ട്രീയം. ആ മനുഷ്യന് വാസയോഗ്യമാകുന്ന ഭൂമിയുടെ സര്‍വ വ്യവഹാര മേഖലകളും രാഷ്ട്രീയമാണ്. പരിസ്ഥിതി ആയാലും പ്രകൃതി ആയാലും. ചിന്തകള്‍ ആയാലും. ഇത് നിങ്ങള്‍ക്ക് ഒരു പൊളിറ്റിക്കല്‍ ആക്റ്റിവിസ്റ് എന്ന നിലയില്‍ കുറെക്കൂടി സാധ്യതയോടുകൂടി അന്വേഷിക്കാന്‍ കഴിയും. നിങ്ങള്‍ ഈ മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗമാകും. നിങ്ങളുടെ അടുത്തേക്ക് സഹായം അന്വേഷിച്ച് വരുന്ന ആളുകളെ കണ്ടാല്‍ അവരെ കുറിച്ച് അന്വേഷിക്കാന്‍ നിങ്ങള്‍ക്ക് തോന്നുന്നു. ഈ ദ്വന്ദം എന്നെ മറ്റുള്ളവരില്‍ നിന്ന് വിഭിന്നനാക്കി എന്നത് മാത്രമല്ല എനിക്ക് കൂടുതല്‍ സാധ്യത ഉണ്ടായി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എത്ര കണ്ടു വിജയിച്ചു എന്നത് കാലമാണ് വിലയിരുത്തേണ്ടത്. എനിക്ക് തോന്നിയ അത്ഭുതകരമായൊരു സംഭവം പറയാം. ഗര്‍ഷോമിലെ ഒരു പാട്ടുണ്ട്. 'പറയാന്‍ മറന്ന പരിഭവങ്ങള്‍' റഫീക് അഹമ്മദ് എഴുതി ഹരിഹരന്‍ പാടിയത്. ആ പാട്ട് ആറ് കൊല്ലം കഴിഞ്ഞിട്ടാണ് ഹിറ്റാകുന്നത്. ഞാന്‍ അടുത്ത് പരിചയപ്പെട്ട മീഡിയയില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീ സുഹൃത്ത് വിളിച്ചിട്ട് അവര്‍ ഗര്‍ഷോം 12 പ്രാവശ്യം കണ്ടിട്ടുണ്ട് എന്ന് പറയുന്നു. 12 പ്രാവശ്യം കാണാന്‍ അവരെ പ്രേരിപ്പിച്ചതെന്താണ്? ആറോ, ഏഴോ പ്രാവശ്യം പരദേശി കണ്ടവര്‍ എന്നെ വിളിച്ചിട്ടുണ്ട്. ഗര്‍ഷോം ഇറങ്ങിയതിന് ശേഷം 10 വര്‍ഷം കഴിഞ്ഞിട്ട് ഒരാള്‍ അത് കണ്ടിട്ട് അയച്ച എസ്.എം എസ് ഞാന്‍ സേവ് ചെയ്തു വെച്ചിട്ടുണ്ട്. പലര്‍ക്കും ഞാനത് ഫോര്‍വേഡ് ചെയ്തു. ആ സിനിമ കണ്ടതിനുശേഷം ഉറങ്ങാന്‍ പറ്റാത്തതിനെ പറ്റിയും മറ്റുമാണ് മെസേജ്. അതാണ് അവാര്‍ഡ.് ഇത്തരത്തിലുള്ള വലിയ സാധ്യതകളെ ഈ രണ്ടു പ്രവര്‍ത്തനങ്ങളും കൂടി ഉണ്ടാക്കിത്തരുന്നു എന്നതാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തെ മഹത്തരമായാണ് ഞാന്‍ കാണുന്നത്.

ജനകീയമായ ഈ രാഷ്ട്രീയ പ്രവര്‍ത്തനം സിനിമയെക്കുറിച്ചുള്ള ധാരണകളെ മാറ്റിമറിച്ചു എന്നാണോ?

ിതീര്‍ച്ചയായും. അതില്‍ നിന്നാണ് പരദേശിയും മറ്റും ഞാന്‍ എടുക്കാന്‍ തീരുമാനിക്കുന്നത്. നേരത്തെ ആലോചിച്ച ഒരു സിനിമ മാറ്റിവെച്ചതിനു ശേഷമാണ് ഗര്‍ഷോം എടുക്കുന്നത്. പൊളിറ്റിക്കല്‍ ആക്റ്റിവിസത്തിന്റെ ഭാഗം തന്നെയാണ് പരദേശി. എന്തുകൊണ്ട് 60 വര്‍ഷമായിട്ടുള്ള ഈ പ്രവാസികളുടെ ജിവിതം ഇവിടുത്തെ ബുദ്ധി ജീവികള്‍ കാണിച്ചില്ല. ഇങ്ങനെ മനുഷ്യന്‍ ജിവിക്കുന്നത് തന്നെ നമ്മുടെ പല സിനിമാ പണ്ഡിതന്മാര്‍ക്കും അറിയില്ല. അങ്ങനെ അടഞ്ഞ ഒരു സമൂഹമായി, സ്വന്തം മണ്ണ് അന്വേഷിക്കാന്‍ വിമുഖത കാട്ടിയവരായി സമാന്തര സിനിമക്കാര്‍ മാറി എന്ന് പറഞ്ഞാല്‍ അവര്‍ക്കെന്ത് പറയാന്‍ പറ്റും? നിങ്ങളുടെ നാടിന്റെ ചരിത്രമെവിടെ സിനിമയില്‍! നിങ്ങളുടെ നാടിന്റെ പോരാട്ടമെവിടെ! പണ്ട് നമ്മളൊക്ക സ്കൂളിലെ നാടകം അഭിനയിക്കുന്നതുപോലെ രണ്ട് ആണും രണ്ടു പെണ്ണും എന്ന നിലയിലാണ് ആ സിനിമകള്‍. അതല്ലല്ലോ ജീവിതം. അതിന് ബുദ്ധിമുട്ടുണ്ട്. പൈസ ചെലവുണ്ട്. അതുകൊണ്ട് മീഡിയത്തെ ആ നിലയില്‍ കാണേണ്ടതുണ്ട്. മറ്റുള്ളവര്‍ അങ്ങനെ കാണുകയും അവരുടെ ജീവിതം നമ്മുടെ മുന്നിലേക്ക് എറിഞ്ഞു തരികയും നമ്മള്‍ വലിയ ആഹ്ളാദത്തോടെ അത് കാണാന്‍ പോവുകയും ചെയ്യുമ്പോള്‍ നമ്മുടെ ജീവിതം നമ്മള്‍ വളരെ ശുഷ്കിച്ച് വളരെ വിരസമാക്കി വരണ്ട രീതിയിലാണ് കാണിക്കുന്നത്. അത് പലപ്പോഴും ഏകമുഖമാണ്. ബഹുമുഖമല്ല. കേരളത്തിന്റെ ബഹുസ്വരമായ സമൂഹങ്ങള്‍ അവിടെ ഇല്ല.

മലയാളിയുടെ ജീവിതം മലയാള സിനിമയില്‍ എത്രത്തോളം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്? താങ്കളുടെ സിനിമകള്‍ അതിനാണോ ശ്രമിക്കുന്നത്?

ി ഗര്‍ഷോം പ്രവാസ ജീവിതത്തെക്കുറിച്ചുള്ള സിനിമയാണ്. പരദേശി നാടുവിട്ടു പോകുന്നവരെ കുറിച്ചുള്ള സിനിമയാണ്. അത് കൂടുതല്‍ പൊളിറ്റിക്കല്‍ ആണ്. എങ്ങനെയാണ് വിഭജനം കേരളത്തെ ബാധിച്ചത് എന്നതാണ് അതിലെ വിഷയം. മലയാളി ഇരുട്ടില്‍ തപ്പുകയാണ്. മലയാളിയുടെ ഏറ്റവും വലിയ പ്രശ്നം അവന്‍ വിചാരിക്കുന്നത് അവന് യാതൊരു തരത്തിലുള്ള സ്വത്വ ചരിത്രവുമില്ല എന്നതാണ്. മലയാളി എന്ന നിലയില്‍ അവന്‍ യുദ്ധം കണ്ടിട്ടുണ്ടോ? ബുദ്ധിജീവികള്‍ ചോദിക്കുന്നു. 'ഠ' വട്ടത്തില്‍ കിടന്നു കറങ്ങുന്ന മലയാളിയുണ്ടോ ലോകം കണ്ടിട്ട്? ചിന്ത കണ്ടിട്ട്? നാലര കോടിയോളം വരുന്ന ജനതയെയാണ് 'ട്ട' വട്ടം എന്ന് പറയുന്നത്. ഇറാഖില്‍ രണ്ടു കോടിയാണ് ജനസംഖ്യ. സൌദിയിലും രണ്ടു കോടിയാണ്. അവരെയൊന്നും ഇവര്‍ ഈ ഗണത്തില്‍ പെടുത്തി പറയുന്നില്ല. നൂറിലധികം രാഷ്ട്രങ്ങള്‍ കേരളത്തേക്കാള്‍ ജനസംഖ്യ കുറവുള്ളവരാണ്. 'കൊച്ചുകേരളം' എന്ന് പറഞ്ഞ് ഇവിടുത്തെ ബുദ്ധിജീവികള്‍ അവനവനെത്തന്നെ അധിക്ഷേപിക്കുകയാണ്. അവനവന്റെ ഭാഷയേയും സിനിമയേയും അധിക്ഷേപിക്കുന്നു. ഏറ്റവും അപകടകരമാണത്. ഇവിടെ കണക്കിന്റെ ഒരു പാരമ്പര്യമുണ്ട്. കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ്. 13, 14 നൂറ്റാണ്ടുകളില്‍ അത് നിലനിന്നിട്ടുണ്ട്. ക്രിസ്തുവിന് മുമ്പ് തന്നെ ഈജിപ്തുമായി അടുപ്പമുള്ള ഒരു പ്രദേശമാണ് ഇത്. സാംസ്കാരികമായും ചിന്താപരമായും അത്രയും സമ്പന്നമായ ഒരു ജനതയെ വളരെ ലളിതവത്ക്കരിച്ചുകൊണ്ട് പറയുന്നു. മലബാറിലെ ഓരോ വീട്ടില്‍നിന്നും ബ്രിട്ടീഷുകാരോട് പട പാരുതി മരിച്ചവരുണ്ട്. അത് നമ്മള്‍ സിനിമയാക്കിയില്ല. അത് ആരുടെ കുറ്റമാണ്? ഇപ്പറഞ്ഞ ധാരണതന്നെ തിരുത്തുന്ന ചിത്രമായിരുന്നു പരദേശി. അത് ലോകത്തിലെ എല്ലാ ജനതയേയും പോലെ വിഭജനത്തിന്റെ മുറിപ്പാടുകള്‍, അതിര്‍ത്തിയുടെ പ്രശ്നങ്ങള്‍ അനുഭവിച്ചവരെക്കുറിച്ചുള്ള സിനിമയാണ്. ആന്‍ഡമാന്‍ സ്കീം എന്നൊരു പദ്ധതി ഉണ്ടായിരുന്നു. മലബാര്‍ കലാപത്തിനു ശേഷം മലബാറിലെ മലയാളിയെ, പ്രത്യേകിച്ച് മുസ്ളീം സമുദായത്തില്‍ പെട്ടവരെ ആന്‍ഡമാനില്‍ കൊണ്ടുപോയി കുടിപാര്‍പ്പിക്കുന്ന പ്രവൃത്തി ആണത്. ഇവിടുത്തെ ജനസംഖ്യയില്‍ കുറവു വരുത്തുക എന്നതായിരുന്നു ബ്രിട്ടീഷുകാരന്റെ ഉദ്ദേശ്യം. പിന്നീട് തിരിച്ചുവരവില്ല. ആന്‍ഡമാനിലെ ഇന്നത്തെ വലിയൊരു സമൂഹം അങ്ങനെ പറിച്ചുനടപ്പെട്ടവരാണ്. ഇതൊന്നും നമുക്കറിയില്ല. അവരൊന്നും തന്നെ ഇത്തരം ചരിത്രങ്ങളെ കൃത്യമായി വിശകലനം ചെയ്തില്ല. പകരം കേരളത്തെ വളരെ ഉപരിപ്ളവമായി കാണുകയാണ് ചെയ്തത്.

ഇത് മലയാളി ബുദ്ധിജീവി എഴുത്തുകാരുടേയും സിനിമക്കാരുടേയും പ്രശ്നങ്ങളാണോ അതോ മലയാളിയുടെ പൊതുവേ ഉള്ള പരിമിതിയാണോ?

ി ഇവിടെ മലയാളി ബുദ്ധിജീവികളെത്തന്നെയാണ് ഞാന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. അവര്‍ ഒരു അടിമ രീതിയിലാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. അത് ഇടതുപക്ഷമായാലും വലതുപക്ഷമായാലും എം ഗോവിന്ദനായാലും...... ഈ ഒരു കാഴ്ചപ്പാട് വലിയ രീതിയില്‍ നമുക്ക് ദോഷം ചെയ്തിട്ടുണ്ട്. സ്വതന്ത്രമായ സിനിമകളോ അന്വേഷണങ്ങളോ ഉണ്ടായില്ല. നമ്മുടെ ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്ന സമൂഹങ്ങളെ അവര്‍ കാണാന്‍ ശ്രമിച്ചിട്ടില്ല.

ഈ അജ്ഞത നമ്മുടെ പാരമ്പര്യത്തെ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത്?

ി എനിക്ക് കഴിഞ്ഞമാസം വരെ ഹൈദ്രോസ്കുട്ടി മൂപ്പരെ അറിയുമായിരുന്നില്ല. എന്റെ വീട്ടില്‍ നിന്ന് ഒരു ഫര്‍ലോങ്ങില്ല അയാള്‍ താമസിച്ചിരുന്ന വീട്ടിലേക്ക്. അയാള്‍ ഗുരുവായൂര്‍ അമ്പലത്തിന്റെ കസ്റോഡിയനായിരുന്നു. ചാവക്കാട്ടെ ഗവര്‍ണ്ണര്‍ ആയിരുന്നു. ടിപ്പുവുമായി യുദ്ധം ചെയ്ത് മരിച്ച ആളാണ്. അയാളുടെ ഒരു ജാറം ഉണ്ട്. സാമൂതിരിയുടെ കുടുംബാംഗങ്ങള്‍ അതിനരികിലൂടെ പോകുമ്പോള്‍ ഇറങ്ങിനിന്ന് ആദരവോടുകൂടി അവിടെ കൂടിയ ആള്‍ക്കാര്‍ക്ക് പൈസ കൊടുത്ത് പല്ലക്കില്‍ കയറി പോകുമായിരുന്നു. അദ്ദേഹത്തിന്റെ അംഗരക്ഷകരായ അഞ്ചു കുടുംബങ്ങള്‍ ഈഴവസമുദായത്തിലെ പ്രമാണിമാരായിട്ടുള്ള ആളുകളായിരുന്നു. മേലേപ്പുര, കുങ്കൂര്, ചെഞ്ചേരി.... ഇങ്ങനെ വളരെ പ്രസിദ്ധമായ കുടുംബങ്ങള്‍. ഞാനും വി കെ ശ്രീരാമനും കൂടി ഈയിടെ മേലേപ്പുര കുടുംബത്തില്‍ പോയി. അതിസമ്പന്നരായ ജന്മിമാരാണ്. അവര്‍ പറയുന്നു, മണത്തല ജാറത്തില്‍ മകരം 15ന് മൂപ്പരുടെ ഉറൂസിന് കൊടിയുയര്‍ത്തുമ്പോള്‍ മേലേപ്പുര തറവാട്ടിലേക്ക് ഒരു സമ്മാനം കൊണ്ടുപോകും. അത് ഈ പള്ളിയില്‍നിന്ന് എത്താന്‍ വൈകിയാല്‍ ഇവര്‍ക്ക് പരിഭ്രമമാണ്. അതാണ് സെക്യുലറിസം. മേലേപ്പുരക്കാര്‍ പിതൃക്കള്‍ക്ക് വീത് (ആണ്ടുബലി) വെക്കാറുണ്ട്. അതില്‍ ഹൈദ്രോസ്കുട്ടി മൂപ്പര്‍ക്കും വെക്കാറുണ്ട്. ഇപ്പോള്‍ എവിടെയാണ് നമ്മള്‍? മണത്തല ഉറൂസ് ഇസ്ളാമികമല്ല എന്ന് പറയുന്ന ആളുകളുണ്ട്. പക്ഷെ ഇവിടെ വളരെ ശക്തമായ മതേതരത്വത്തിന്റെ വലിയ വേരുകള്‍ കാണാം. മതം ഉണ്ട് എന്ന് പറയുന്നവരും മതം ഇല്ല എന്ന് പറയുന്നവരും ഇതിനെതിരാണ്. ഇത് ബഹുസ്വരതയുടെ വിവിധ സമൂഹങ്ങള്‍ കൂടിച്ചേര്‍ത്ത് ജീവിച്ചതിന്റെ ഏറ്റവും വലിയ തെളിവാണ്. ഇത് ഇല്ല എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. പരസ്പരം കൊണ്ടും കൊടുത്തുമുള്ള ജീവിതമാണ്. ഇത് നിങ്ങളുടെ ജീവവായു ആണ്. അത് നടക്കട്ടെ എന്നാണെന്റെ അഭിപ്രായം. നേര്‍ച്ച നടക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല.

ഇസ്ളാം, ഹൈന്ദവത എന്നിവയെ പ്രതിനിധീകരിക്കുന്നവര്‍ ഇന്ന് എങ്ങനെയാണ് ഇതിനെ കാണുന്നത്?

ി അവര്‍ക്ക് താല്‍പ്പര്യം ഉണ്ടാകാന്‍ സാധ്യതയില്ല. ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ രൂപപ്പെട്ടുവന്നത് ഇവര്‍ പരസ്പരം സഹകരിച്ചു കൊണ്ട് ജീവിച്ചതിന്റെ ഒരടയാളമല്ലേ.

ഹൈദ്രോസ്കുട്ടി തങ്ങളില്‍നിന്ന് 21-ാം നൂറ്റാണ്ടിലേക്കുള്ള ദൂരം താങ്കള്‍ എങ്ങനെയാണ് അളക്കുന്നത്?

ി 19-ാം നൂറ്റാണ്ടിന്റെ അവസാനമാണ് അയാളുടെ കാലഘട്ടം. ഇങ്ങനെയൊരു നാടിന്റെ ചരിത്രംപോലും എനിക്കറിയില്ല. ആര്‍ക്കുമറിയില്ല. എം ഗംഗാധരന്‍ മാഷിനറിയില്ല. ഹുസൈന്‍ രണ്ടത്താണിക്കറിയില്ല. ഞാനും ബേബിജോണ്‍ സഖാവും കൂടി കോഴിക്കോട് നിന്നാണ് ഒരു പുസ്തകം തേടിപ്പിടിച്ചത്. ചേറ്റുവ അബ്ദുള്‍ ഖാദര്‍ എഴുതിയ ആ പുസ്തകത്തില്‍ നിരവധി രേഖകള്‍ ഉദ്ധരിച്ചിട്ടുണ്ട്. നമ്മുടെ മണ്ണ് എന്താണ് എന്ന് നമ്മള്‍ അജ്ഞരാണ്. പുറത്തു നിന്നു വരുന്ന കുറെ സാധനങ്ങള്‍ മനഃപാഠമാക്കി പ്രസംഗിക്കുകയാണ് നമ്മള്‍. നിങ്ങളുടെ കാലിനനുസരിച്ച് നിങ്ങള്‍ ചെരിപ്പുണ്ടാക്കുകയല്ല ചെയ്യുന്നത്. അവിടെ ഉണ്ടാക്കുന്ന ചെരിപ്പിനനുസരിച്ച് നിങ്ങളുടെ കാല് മുറിക്കുന്നു. അത് നിങ്ങളുടെ വിദ്യാഭ്യാസത്തില്‍, നിങ്ങളുടെ ചിന്തയില്‍, നിങ്ങളുടെ രാഷ്ട്രീയത്തില്‍ ഒക്കെ സ്വാധീനം ചെലുത്തുന്നുണ്ട്. നിങ്ങള്‍ സ്വാഭാവികമായി ഭീരുവായി മാറും. ഗള്‍ഫിലൊക്കെ ജോലിക്ക് പോകുന്നവരില്‍ കൂടുതല്‍ അടിമത്തം കാണുന്നത് നമ്മുടെ ആളുകളിലാണ്; ആഫ്രിക്കക്കാരിലേറെ. അത് അടിസ്ഥാനപരമായി നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെ പ്രശ്നമാണ്. നിങ്ങളിലെ നിര്‍ഭയനായ മനുഷ്യനെ അത്

വികസിപ്പിക്കുന്നില്ല. നിങ്ങളിലെ അടിമയെയാണ്. അത് പോഷിപ്പിക്കുന്നത്. നിങ്ങളുടെ സ്വാതന്ത്യ്രബോധത്തെ അത് വളര്‍ത്തുന്നില്ല. നിങ്ങള്‍ ഒരു ഇന്‍ഫീരിയര്‍ ജനതയാണെന്ന് വരുന്നു. ഇതൊക്കെ പറഞ്ഞാല്‍ തന്നെ നമ്മുടെ ആളുകള്‍ക്ക് വലിയ വിഷമമാണ്. നമ്മള്‍ക്ക് വിദ്യാഭ്യാസമില്ലേ? ഡോക്ടറേറ്റ് ഇല്ലേ? നമുക്ക് എല്ലാവരെകുറിച്ചും അറിവില്ലേ എന്ന് ചോദിക്കുന്നു. യൂറോപ്പില്‍ ഉണ്ടായ എല്ലാ സംഭവങ്ങളും നമ്മള്‍ എണ്ണി എണ്ണി പറയും. അവിടെയുള്ളവര്‍ എഴുതിയ ഓരോ പുസ്തകങ്ങളെക്കുറിച്ചും അറിയും. നിങ്ങള്‍ നിങ്ങളെപ്പറ്റി പഠിക്കാതെ മറ്റുള്ളവരെ പറ്റി പഠിക്കുന്നു. പണ്ടുകാലത്ത് ജന്മിയുടെ വീട്ടിലെ വിശേഷങ്ങളാണ് കുടിയാന്റെ വിശേഷങ്ങള്‍. കുട്ടി വന്നോ എന്നാല്‍ അവന്റെ കുട്ടി വന്നോ എന്നല്ല ജന്മിയുടെ വീട്ടിലെ കുട്ടി സ്കൂളില്‍നിന്ന് വന്നോ എന്നാണ്. ജന്മിയുടെ വീട്ടിലെ വിവാഹങ്ങള്‍, കുടുംബകലഹങ്ങള്‍, ഇതെല്ലാം അവനെ അലട്ടുന്നു. ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് കിടക്കുന്നത്. സ്വന്തം കാര്യത്തെക്കുറിച്ച് ഒരു ചിന്തയുമില്ല. ചില ദിവസം അവന്‍ പട്ടിണി ആയിരിക്കും. എന്നാല്‍ അതൊന്നുമല്ല അവന്റെ പ്രശ്നം. അവന്റെ പ്രശ്നം ജന്മിയുടെ വീട്ടിലെ പ്രശ്നമാണ്. അങ്ങനെയുള്ള ഒരു മനസ്സാണ് നമ്മുടേത്. ഇത് പറഞ്ഞാല്‍ ഇത് പി ടി പറയാന്‍ തുടങ്ങിയിട്ട് കുറേയായല്ലോ എന്ന് പറയും. ഞാനിത് മരിക്കുന്നത് വരെ പറയാന്‍ തീരുമാനിച്ച ഒരാളാണ്. ഞാന്‍ സഞ്ചരിച്ചു പോകുന്ന വഴിയില്‍ വളരെ കുറവ് ആളുകളേ ഉള്ളൂ. സിനിമ ആയാലും രാഷ്ട്രീയം ആയാലും. അതില്‍ എനിക്ക് ഖേദമില്ല. അത് അന്വേഷിക്കുമ്പോള്‍ നമുക്ക് നമ്മുടേതായ മണ്ണിന്റെ വഴി കിട്ടുന്നുണ്ട്. പ്രബോധനത്തിന്റെ വാര്‍ഷികപതിപ്പില്‍ ദീര്‍ഘമായ ഒരു അഭിമുഖം ഞാന്‍ കൊടുത്തിരുന്നു. അതില്‍ ഞാന്‍ പര്‍ദയെകുറിച്ച് പറയുന്നുണ്ട്. എന്റെ ഉമ്മ പര്‍ദ്ദ ഇട്ടിട്ടില്ല. ഉമ്മയുടെ ഉമ്മ പര്‍ദ്ദ ഇട്ടിട്ടില്ല. പര്‍ദ എന്ന വാക്കുപോലും അറബിക് അല്ല. അത് സൊരാഷ്ട്രിയന്‍ ആണ്. പേര്‍ഷ്യന്‍ പണ്ഡിറ്റ് നെഹ്രു അദ്ദേഹത്തിന്റെ വിശ്വചരിത്രാവലോകനത്തില്‍ പറയുന്നുണ്ട്. ഇന്ന് കാണുന്ന പര്‍ദ്ദ സമ്പ്രദായം നിലനിന്നിരുന്നത് രണ്ട് രാജ്യങ്ങളിലാണ്. ഒന്നു ബൈസാന്റിയന്‍ (കിഴക്കന്‍ റോമാ സാമ്രാജ്യം) രണ്ട് സൊരാഷ്ട്രിയന്‍- തീയിനെ ആരാധിക്കുന്ന ഇറാനിയന്‍, പാര്‍സിയന്‍ അല്ലാതെ അറേബ്യയിലല്ല. അറേബ്യയില്‍ അക്കാലത്ത് സ്ത്രീകള്‍ വ്യാപാരികളായിരുന്നു. അത്തരം ഒരു വ്യാപാരിയുടെ മാനേജര്‍ ആയിരുന്നു മുഹമ്മദ് നബി. അവരൊക്കെ ഇന്റര്‍നാഷണല്‍ ട്രേഡേഴ്സ് ആയിരുന്നു. പ്രവാചകന്‍ കച്ചവടത്തിനു പോയിരുന്ന ഡമാസ്കസിലെ ഒരു വീഥി ഇന്നുമുണ്ടെന്നാണ് എന്റെ ഒരു സുഹൃത്ത് പറഞ്ഞത്. ശാം എന്നാണ് ഡമാസ്കസിന് അന്ന് പറയുക. അത് മാത്രമല്ല ലോകത്തിലെ സ്ത്രീകള്‍ക്ക് പ്രവേശനമുള്ള ഏറ്റവും വലിയ ആരാധനാലയം മക്കയിലെ പള്ളിയാണ്. അങ്ങനെയുള്ള ഒരു സ്ഥലത്ത് നിന്നുണ്ടായ മതം ഇത്തരത്തിലൊരു നിലപാടിലേക്ക് വരുന്നതെങ്ങനെ? പിന്നീട് ഞാന്‍ അന്വേഷിക്കുമ്പോള്‍ മനസ്സിലാകുന്നത് ഇസ്ളാം ലോകത്തിന് എന്ത് നല്‍കി എന്നാണ്. അതില്‍ നിന്ന് വിഭിന്നമായി വളരെ സങ്കുചിതമായി ഒരു കര്‍മശാസ്ത്രത്തില്‍ അടിസ്ഥാനപ്പെടുത്തിയ ഒരു മതമാണ് കുരിശുയുദ്ധത്തിനു ശേഷമുള്ള ഇസ്ളാം എന്ന് കാണാന്‍ പറ്റും. കാരണം ശാസ്ത്രത്തെ അന്വേഷിക്കേണ്ടത് മനുഷ്യന്റെ ചുമതലയാണ് എന്ന് പറഞ്ഞ മതമാണ് ഇസ്ളാം. പ്രപഞ്ചം മുഴുവന്‍ സൃഷ്ടിയാണ് എന്ന് പറഞ്ഞത് ഇസ്ളാമാണ്. അത്തരത്തിലുള്ള പ്രപഞ്ചത്തെ വളരെ സൂക്ഷ്മമായി അന്വേഷിക്കാനും നിരീക്ഷിക്കാനും ചോദ്യം ചെയ്യാനും പരിവര്‍ത്തനോന്മുഖമാക്കാനും മനുഷ്യന് അവകാശമുണ്ടെന്ന് പറഞ്ഞ മതമാണ്. അങ്ങനെയാണ് നദികളെ ജലസേചനയോഗ്യമാക്കുന്ന രീതിയില്‍ അണക്കെട്ടുകള്‍ ഉണ്ടാക്കുന്നത്. സ്പെയിനില്‍ കൃഷിയുണ്ടായത് അങ്ങനെയത്രെ. (സ്പെയിന്‍

15-ാം നൂറ്റാണ്ടിന്റെ പകുതി വരെ ഇസ്ളാം ഭരണത്തിലായിരുന്നു.) അങ്ങനെയാണ് വൈദ്യശാസ്ത്രം വികസിച്ചത്. അങ്ങനെയാണ് ഫിസിക്സും, കെമിസ്ട്രിയും വികസിച്ചത്. കെമിസ്ട്രിയുടെ പിതാവ് എന്ന് പറയുന്നത് അല്‍ ഖബര്‍ ആണ് (ജാബിര്‍ ബില്‍ ഖയാം) അയാളാണ് നൈട്രിക് ആസിഡ്, ഹൈഡ്രോ ക്ളോറിക് ആസിഡ്, അക്വ റീജ്യ എന്നിവ കണ്ടുപിടിച്ചത്. അയാളുടെ ജീവിതത്തിലെ അന്തിമമായ അഭിലാഷം എങ്ങനെയാണ് ഭൂമിയില്‍ ജീവനെ ഉണ്ടാക്കാന്‍ പറ്റുക എന്നതായിരുന്നു. അതിലെത്തിച്ചേരാന്‍ വലിയ പരിശ്രമം നടത്തിയത്രേ. അത് എവിടെയും എത്തിയില്ലെന്നത് വേറെ കാര്യം. സാങ്കേതികതയിലൂടെ ജീവന്‍ സൃഷ്ടിക്കുക. അത് അദ്ദേഹം അന്വേഷിച്ചത് കെമിസ്ട്രിയിലൂടെയാണ്. അക്കത്തിലൂടെ അള്ളാഹുവിനെ അന്വേഷിക്കാനാണ് അല്‍ക്കവാരിസ്മി ഉസ്ബെക്കിസ്ഥാനില്‍ നിന്ന് ബാഗ്ദാദില്‍ എത്തിയത്. അന്ന് ബാഗ്ദാദിലെ യൂണിവേഴ്സിറ്റിയുടെ തലവന്‍ ക്രിസ്ത്യാനി ആയിരുന്നു. അവിടെ നിന്നാണ് അദ്ദേഹം അല്‍ ജബര്‍ മുക്കാബല എന്ന പുസ്തകം എഴുതിയത്. അതാണ് ആള്‍ജിബ്ര (അല്‍ഗോറിതം) - കംപ്യൂട്ടറിന്റെ അടിസ്ഥാനം. ഇതൊക്കെ നടന്നത് 19-ാം നൂറ്റാണ്ടിലാണെന്ന് ഓര്‍ക്കണം. ആ ഇസ്ളാം എങ്ങനെ ശാസ്ത്രത്തിനും സിനിമക്കും വായനക്കും എതിരാകും? ബാഗ്ദാദിലെ ഒരു വ്യക്തിയുടെ സ്വകാര്യ വായനശാലയിലെ പുസ്തകങ്ങള്‍ ചുമന്നുകൊണ്ടുപോകാന്‍ 400 ഒട്ടകങ്ങള്‍ വേണ്ടി വരുമെന്നതിനാല്‍ സ്ഥലം മാറ്റം അയാള്‍ വേണ്ടെന്നുവെച്ചു. ഇത് 2008 ല്‍ പുറത്തിറങ്ങിയ 'ലോസ്റ് ഹിസ്ററി'യില്‍ മൈക്കല്‍ മോര്‍ഗന്‍ പറയുന്നതാണ്; രേഖകള്‍ സഹിതം. ഇങ്ങനെ സഞ്ചരിക്കുകയും അന്വേഷിക്കുകയും ചെയ്ത ഒരു മതം എങ്ങനെയാണ് ഈ കോലത്തിലാകുന്നത്? ഇതെങ്ങനെ നമുക്ക് വിശ്വസിക്കാന്‍ പറ്റും? ഇതെങ്ങനെ മൊയ്ല്യാന്മാര്‍ക്ക് നിശ്ചയമില്ലാതെ പോയി? എന്തേ ഇതിവിടുത്തെ പണ്ഡിതന്മാര്‍ക്ക് അറിവില്ലാതെ പോയത്? അപ്പോള്‍ വേറൊരു ചോദ്യം വരുന്നു. ആധുനിക ലോകത്തിനും മാനവികതക്കും എന്താണ് ഇസ്ളാമിന്റെ സംഭാവന? ഈ പുസ്തകങ്ങളെല്ലാം വെളിച്ചം കാണുന്നത് 20-ാം നൂറ്റാണ്ടിലാണ്. 1020 ലെഴുതപ്പെട്ട ദി ഒപ്റ്റിക് ഇപ്പോള്‍ ലഭ്യമാണ്. ക്യാമറയെ കമൂറ ഒബ്സ്ക്യൂറ എന്ന് അതില്‍ വിശേഷിപ്പിക്കുന്നു. കെ കെ ചന്ദ്രനും മറ്റും അതിനെക്കുറിച്ച് പറയുന്നുണ്ട്. അത് ബസ്റയില്‍ ഇരുന്നാണ് എഴുതിയത്. ആഫ്രോ- ഏഷ്യന്‍ രാജ്യങ്ങളില്‍ വലിയ ചിന്തയും ദര്‍ശനവും ചരിത്രവും ഉണ്ടായിരുന്നുവെന്ന് മനസ്സിലാകുന്നു. അപ്പോള്‍ അതിലെ ഒരു പ്രധാന മതമെന്ന നിലയ്ക്ക് ഇസ്ളാം അതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നില്ല. അങ്ങോട്ട് നോക്കാന്‍ പാടില്ല, ഇങ്ങോട്ട് നോക്കാന്‍ പാടില്ല, സിനിമയെടുക്കാന്‍ പാടില്ല, കാഫറാക്കുക എന്നിവയൊക്കെ ഒരുപാട് തെറ്റായ ധാരണകളുടെ അടിസ്ഥാനത്തിലാണ് രൂപീകരിക്കപ്പെടുന്നത്. ഇത് തിരുത്താന്‍വേണ്ടി ആരെങ്കിലും ഇത് പഠിക്കാന്‍ ശ്രമിക്കുന്നുണ്ടോ - ഇല്ല. അപ്പോള്‍ ഒരു സമൂഹത്തെ നിങ്ങള്‍ക്ക് പഠിക്കാന്‍ താല്‍പര്യമില്ലെന്ന് വരുന്നു. അന്വേഷിക്കാന്‍ താല്‍പര്യമില്ല. അതുകൊണ്ട് ഇത്തരത്തിലുള്ള ഭീകരവാദങ്ങളൊക്കെ ഇവിടെ വരും. അത് സ്വാഭാവികമാണ്.

താങ്കളുടെ ആന്റി യൂറോ സെന്‍ട്രിക് ചിന്തകളുടെ ഉദ്ഭവം ഇതാണോ?

ി ഞാന്‍ ആന്റി യൂറോ സെന്‍ട്രിക് അല്ല. ഞാന്‍ മലയാളിയാണ്. അല്ലാതെ എനിക്ക് ആരോടും എതിര്‍പ്പൊന്നുമില്ല. മലയാളിയുടെ സ്വത്വത്തില്‍ നിന്നേ എനിക്ക് ലോകത്തെ നോക്കിക്കാണാനാകൂ. അല്ലെങ്കില്‍ എന്റെ നാടായ ഗുരുവായൂരില്‍ നിന്നേ എനിക്ക് ഈ ലോകത്തെ കാണാന്‍ കഴിയൂ. എന്റെ കാഴ്ചയുടെ പരിപ്രേക്ഷ്യം വികസിച്ചു വരുന്നത് ഈ മണ്ണില്‍ നിന്നാണ്. അല്ലാതെ ഞാന്‍ പാരീസിലോ ലണ്ടനിലോ നിന്നിട്ടല്ല ലോകത്തെ കാണുന്നത്. ഞാന്‍ കാണുന്ന ലോകമാണ് ഞാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഞാന്‍ ഒരാള്‍ക്കും എതിരല്ല. ഞാന്‍ കാണുന്ന ലോകത്തില്‍ ഞാന്‍ തെറ്റായി പഠിച്ച പലതുമുണ്ട്. അത് ഞാന്‍ സ്വയം തിരുത്തണം. എന്നിട്ട് എന്നെ നിര്‍ഭയനാക്കണം. ഞാന്‍ ജീവിക്കുന്ന സമൂഹത്തെ നിര്‍ഭയമാക്കിക്കൊണ്ട് അവര്‍ കേമപ്പെട്ട ഒരു ജനതയാണെന്ന് സ്ഥാപിച്ചുകൊടുക്കണം. ഈ ലോകത്തിന്റെ കേന്ദ്രബിന്ദുവായി ഈ ജനത ഉയര്‍ന്നു വരണം. അതാണെന്റെ ആഗ്രഹം. ചിന്തയില്‍, കലയില്‍, സിനിമയില്‍ ഒക്കെത്തന്നെ. അത് മറ്റുള്ളവരുടെ അനുകരണമല്ലാതെ, അവരുടെ സ്വന്തമായ ധിഷണകൊണ്ട്, അവര്‍ അന്വേഷിച്ചുണ്ടാക്കുന്ന ലോകം കൊണ്ട്, ചരിത്രംകൊണ്ട്, ചിന്തകൊണ്ട.് അവരുടെ പോരാട്ടമാണത്. അതിന് സാധ്യതയുള്ള ഒരു സമൂഹമാണ് നമ്മുടേത്. അവനെ വിദ്യാഭ്യാസം കൊണ്ടും സാംസ്കാരികമായ പ്രവര്‍ത്തനം കൊണ്ടും കീഴ്പ്പെടുത്താനാണ് ശ്രമിക്കുന്നത്. അല്ലാതെ അവനെ വികസിപ്പിക്കാനല്ല നമ്മള്‍ ശ്രമിച്ചിട്ടുള്ളത്. എന്നിട്ടും ഒന്നിച്ചു നില്ക്കാന്‍ കഴിയുന്നത്, മലയാളികളുടെ ജീനിലുള്ള അഭിമാനബോധം കൊണ്ടാണ്. ഇവിടെ മുസ്ളിമുണ്ട്, ഈഴവനുണ്ട്, നായരുണ്ട്, ക്രിസ്ത്യാനിയുണ്ട്, നമ്പൂതിരിയുണ്ട് ഇവരൊന്നും മോശപ്പെട്ടവരല്ല. ഇവിടുത്തെ സംഗീതം ആരുടേതാണ്? ദളിതന്റേതാണ്. സംഗീതത്തിന്റെ വ്യവഹാരമണ്ഡലത്തില്‍ ദളിതരാണ് കൂടുതലുള്ളത്. അത് മോശമാണോ? സമ്പന്നമാണ് കേരളം.

മലയാളസിനിമകളില്‍ മുസ്ളിം, ദളിത് ജീവിതങ്ങള്‍ വേണ്ട രീതിയില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടോ?

ി ഇവിടെ മുസ്ളിം സമുദായത്തെ സാംസ്കാരികമായി മാനിഫെസ്റ് ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് അവരുടെകൂടെ പോരായ്മയാണ്. അവരുടെ മതാധ്യക്ഷന്മാര്‍, മതസംഘടനകള്‍ എന്നിവര്‍ സാംസ്കാരിക പ്രവര്‍ത്തനത്തെ തള്ളിപ്പറയുന്നു. ആദ്യഘട്ടത്തില്‍ ഭാഷ പോലും പഠിക്കാന്‍ പാടില്ലെന്ന് പറഞ്ഞു. അപ്പോള്‍ ആ സമുദായംതന്നെ അവരെക്കുറിച്ചുള്ള സിനിമകള്‍ ഉണ്ടാക്കുന്നതില്‍നിന്ന് മാറിനില്‍ക്കുകയും ആ സമുദായത്തില്‍നിന്ന് വരുന്നവര്‍ക്ക് അത് ചെയ്യാന്‍ സ്വാതന്ത്യ്രമില്ലാതെ വരികയും ഭയക്കുകയും ചെയ്യുന്നു. ആരെങ്കിലും എടുത്താല്‍ അവര്‍ കുഴപ്പമുണ്ടാക്കും. സവര്‍ണരെപ്പറ്റി എടുത്താല്‍ അവര്‍ക്കൊരു ബേജാറുമില്ല. എന്നാല്‍ അവിടെപ്പോയി എടുത്താല്‍ പോരേ? മറ്റുള്ള മതത്തിലുള്ളവര്‍ മുസ്ളിം സമുദായത്തെ തൊട്ടു കഴിഞ്ഞാല്‍ പ്രശ്നമാകും. അതുകൊണ്ട് അവര്‍ ഒഴിവാകുന്നു. ഒരു ഉദാഹരണത്തിന് പരദേശി എന്ന സിനിമ ഞാനെടുക്കുന്നതിനു മുമ്പ് പലരും ശ്രമിച്ചതാണ്. ഭയന്നിട്ട് എടുക്കാതിരുന്നതാണ് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. 80കളുടെ അവസാനത്തില്‍ ഈ വിഷയത്തില്‍ ഒരു സ്ക്രിപ്റ്റുമായി ഒരാള്‍ തന്റെയടുത്ത് വന്നതായി രമേഷ് നാരായണന്‍ പറഞ്ഞിട്ടുണ്ട്. അവര്‍ ഭയന്നിട്ട് എടുത്തില്ല. ഇസ്ളാം മതത്തെ വിമര്‍ശിച്ചുകൊണ്ട് ആരെങ്കിലും സിനിമ ചെയ്താല്‍ അവന്‍ വിമര്‍ശിക്കപ്പെടും. അതില്‍ മുസ്ളിം സമുദായത്തിന് കൃത്യമായ പങ്കുണ്ട് എന്ന അഭിപ്രായമാണ് എനിക്കുള്ളത്. എന്തുകൊണ്ട് മുസ്ളിം ജീവിതം ചിത്രീകരിക്കുന്നില്ല എന്ന ചോദ്യം ഉന്നയിക്കുന്നവര്‍ ഇതോര്‍ക്കണം. അങ്ങനെ വന്ന് വന്ന് സിനിമയിലെ വ്യവഹാരജീവിതവും സാംസ്കാരിക മണ്ഡലവും ഏകമുഖമാണ് എന്ന ധാരണ പല ബുദ്ധിജീവികളിലും ഉണ്ടായി. അതുകൊണ്ടാണ് എന്നോട് ചോദിക്കുന്നത് എന്തുകൊണ്ട് പി ടി, മുസ്ളിം സിനിമ മാത്രം എടുക്കുന്നു എന്ന.് ഒരു സെക്യുലര്‍ സിനിമ എന്ന് ഞാന്‍ എടുക്കും എന്നാണോ നിങ്ങള്‍ ചോദിക്കുന്നതെന്ന് തിരിച്ചുചോദിക്കും. കെ ആര്‍, മോഹനനും അടൂര്‍ ഗോപാലകൃഷ്ണനും എടുക്കുന്നത് സെക്യുലര്‍ സിനിമയാണെന്നും അതിനാല്‍ അര്‍ഥമാകുന്നു. അത് ഈഴവ സിനിമയും നായര്‍ സിനിമയും ആയി മുദ്ര കുത്തപ്പെടുന്നില്ല. രണ്ടാമത് നമ്മുടെ കാഴ്ചപ്പാട് വളരെ ഋജു ആയിപ്പോയി എന്നതാണ്. അത് ഇടതുപക്ഷ ബുദ്ധിജീവികളായാലും വലതുപക്ഷ ബുദ്ധിജീവികളായാലും ശരി, ഈ വിഭാഗങ്ങളെ ശരിയായി അഭിസംബോധന ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിലെ ഒരു വലിയ പരാജയമാണ് അത്. 60 കളില്‍ വരെ വളരെ പ്രകടമായ രീതിയില്‍ ഒരു സന്തുലനം നടന്നിരുന്നു. നീലക്കുയില്‍, കലക്ടര്‍ മാലതി എന്നിവയിലൊക്കെ ദളിത് ജീവിതമുണ്ട്. പിന്നീട് അത് ഇല്ലാതായിപ്പോയി. ഈ സമുദായങ്ങള്‍ക്ക് ഉണ്ടായിരുന്ന തനത് ജീവിതം അപ്രത്യക്ഷമാകുകകയും സവര്‍ണ സമുദായമാണ് ഹിന്ദു ജീവിതം എന്ന് നമ്മുടെ സിനിമയിലും നാടകത്തിലും കാണിക്കുകയും ചെയ്തു. പൊതു ജീവിതം അതാണെന്ന് വന്നു. അതോടെ ഈ ജീവിതങ്ങള്‍ മുഴുവന്‍ പാര്‍ശ്വവത്കരിക്കപ്പെട്ടു. നമുക്ക് കിട്ടാവുന്ന ഒരു വലിയ സാംസ്കാരിക സമ്പത്ത് അങ്ങനെ അപ്രത്യക്ഷമാകുകയും ചെയ്തു.

ബുദ്ധിജീവികള്‍ക്ക് ഈ ബാധ്യതയില്‍നിന്ന് കൈകഴുകാന്‍ കഴിയുമോ?

ി ഞാന്‍ പറഞ്ഞ രീതിയിലുള്ള അക്കാദമിക് വിദ്യാഭ്യാസത്തിന്റെ, 70 കളില്‍ ഇന്ത്യയില്‍ ഉയര്‍ന്നു വന്ന തത്വചിന്തയുടെ ഒക്കെ ബാക്കിപത്രമാണത്. 70കളില്‍ ഉയര്‍ന്നു വന്ന ചിന്തകള്‍ ഒരു സാംസ്കാരിക അധിനിവേശത്തിനുള്ള ഒരുക്കങ്ങളായിരുന്നു. നമ്മള്‍ അത് സ്ഫോടനാത്മകമാണ് എന്നു പറയുമ്പോള്‍ തന്നെ. കൊളോണിയലിസവും സാമ്രാജ്യത്വവും എങ്ങനെ തിരിച്ചു കൊണ്ടുവരാം എന്നാണ് അതിനു പിന്നിലെ അജന്‍ഡ. അതിന് അവര്‍ ഉപയോഗിച്ചത് ഭാഷ, സംസ്കാരം, ചിന്ത എന്നീ മണ്ഡലങ്ങളാണ്. സായിപ്പ് ഇവിടെനിന്ന് പോയി, സായിപ്പിന്റെ ഭാഷ പോയില്ല. സായിപ്പിന്റെ ഭരണയന്ത്രം മാറിയില്ല. അതിനുള്ളില്‍ നിന്നിട്ടുള്ള നവീകരണമാണ് നടത്തിയത്. അല്ലാതെ നമ്മുടേതായ ഒന്നിനെക്കുറിച്ചും നാം ആലോചിച്ചില്ല. അവന്‍ എന്താണോ പറഞ്ഞത്, അതാണിപ്പോഴും പഠിപ്പിക്കുന്നത്. അവന്‍ മെഡിക്കല്‍ കോളേജില്‍ ഇന്‍ഡീജിനസ് മെഡിസിന്‍ പഠിപ്പിക്കാന്‍ പാടില്ല എന്ന് 1914 ല്‍ നിയമം എഴുതിവെച്ചു. ഇപ്പോഴും നമ്മുടെ മെഡിക്കല്‍ കോളേജുകളില്‍ അതുതന്നെയാണ് സിസ്റം. എന്തുകൊണ്ട് ഒരു കൊല്ലം നമ്മുടെ മരുന്ന് പഠിപ്പിച്ചു കൂടാ? നമ്മുടെ മരുന്നിന്റെ സാധ്യതകള്‍ പൂര്‍ണമായും തിരസ്കരിച്ചു. അല്ലെങ്കില്‍ നമ്മുടെ മെഡിസിന്‍ ഇന്ന് എവിടെ എത്തുമായിരുന്നു? എന്തുകൊണ്ട് നമ്മള്‍ അതാലോചിച്ചില്ല? ജനകീയാസൂത്രണം വരുന്നത് ഈ നാടിന്റെ ഭരണയന്ത്രം ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു. അതിനെ നമ്മള്‍ സെക്രട്ടേറിയറ്റുമായി ബന്ധിപ്പിച്ച് ആ രീതിതന്നെ കൊണ്ടുവരുന്ന കാഴ്ച നമ്മള്‍ കണ്ടു. ഈ സാംസ്കാരിക അധിനിവേശത്തിനായി ഉപയോഗിച്ചത് ഭാഷ, സാഹിത്യം, സിനിമ, നാടകം ഒക്കെതന്നെയാണ്. ഇവിടെയാണ് ഞാന്‍ വിയോജിക്കുന്നത്. എല്ലാം അതേപടി പകര്‍ത്തുന്നു. അപ്പോള്‍ നിങ്ങളുടെ ചരിത്രം, മണ്ണ്, അന്വേഷണങ്ങള്‍ ഇല്ലാതാകുന്നു. 80 കളില്‍ 90 കളില്‍ ബിജെപി ക്ക് വരാനുള്ള സാധ്യതയുടെ സ്നാപകയോഹന്നാനായിട്ട് 70 കള്‍ പ്രവര്‍ത്തിച്ചു എന്നതാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന് പാന്‍ ഇസ്ളാം ഇന്ത്യയില്‍ സഹായം ചെയ്തുകൊടുത്തു. എങ്ങനെ സഹായിച്ചു? സിനിമ, സാഹിത്യം, കവിത ഒക്കെ ഹറാമാണെന്ന് പറഞ്ഞുകൊണ്ട്. സംസ്കാരത്തെ ഏകമുഖമാക്കാന്‍ അവര്‍ ശ്രമിച്ചപ്പോള്‍ സാമ്രാജ്യത്വം പാന്‍ ഇസ്ളാമിസത്തേയും സവര്‍ണതയേയും യൂറോ സെന്‍ട്രിസത്തേയും ഒക്കെ ഉപയോഗിച്ചുകൊണ്ട് അവര്‍ക്ക് അടിമപ്പെടാവുന്ന ഒരു രീതി വളര്‍ത്തിയെടുക്കുകയാണ് ചെയ്തത്. അതില്‍ നമ്മള്‍ വീണുപോയി എന്നാണ് എനിക്ക് തോന്നുന്നത്. കേമപ്പെട്ട സിനിമ എന്നു പറഞ്ഞാല്‍ അവര്‍ ചെയ്യുന്നതുപോലെ ചെയ്യണം എന്നായി.

ഇത് സിനിമയില്‍ എന്താണ് സൃഷിടിച്ചത്?

ി നമ്മള്‍ പറയുന്ന ജനകീയ സിനിമ എന്നത് എത്ര ജനങ്ങള്‍ കണ്ടിട്ടുണ്ട്? നിങ്ങള്‍ ഈ പറയുന്ന സിനിമകള്‍ ഒരു തൊഴിലാളി സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കൂ. കീഴാളഭാഷയാണല്ലോ സിനിമ. അത് ഏറ്റവും താഴേ തട്ടിലേക്ക് കൂടി അഡ്രസ് ചെയ്യാന്‍ സാധ്യമായ മാധ്യമമാണ്. എന്തുകൊണ്ട് അവര്‍ക്കിത് മനസ്സിലാകുന്നില്ല? എന്തുകൊണ്ട് ജനഹൃദയത്തില്‍ അതിന് പ്രവേശനം ലഭിക്കുന്നില്ല? പിന്നെ, സിനിമ യഥാര്‍ഥമാണോ? കാഴ്ച തന്നെ യഥാര്‍ഥമാണോ? നമ്മുടെയൊക്കെ കാഴ്ച പ്രതിഫലനങ്ങള്‍ മാത്രമാണ്. നിങ്ങളുടെ കാഴ്ച തന്നെ ഒരു കാപട്യമാണ്. അത് ആപേക്ഷികമാണ്. നമ്മുടെ പേര്‍സ്പെക്റ്റീവ് വ്യത്യസ്തമാണ്. അതിനനുസരിച്ച് ലോകങ്ങള്‍ മാറുന്നു. ആകാശത്തില്‍നിന്നുള്ള കാഴ്ചയല്ല, ഭൂമിയില്‍നിന്നുള്ള കാഴ്ച. കാഴ്ച തന്നെ യഥാര്‍ഥമല്ലാത്തിടത്ത് സിനിമ റിയലാണെന്ന് പറയുന്നതിലെന്തു കാര്യം? പരദേശി കണ്ടിട്ട് പൊലീസ് അടിക്കുമോ എന്ന് ഒരു ബുദ്ധിജീവി ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു- ജാനു അന്നത്തെ പോലീസ് മന്ത്രിയായ എ കെ ആന്റണിയുമൊത്ത് കോലുകൊണ്ടടിച്ച് ഡാന്‍സ് ചെയ്യുന്നത് നമ്മള്‍ കണ്ടു. പോലീസ് അടിച്ചു വീര്‍ത്ത മുഖവുമായും ജാനുവിനെ നമ്മള്‍ കണ്ടു. കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ മന്ത്രി എന്ന് വിശേഷിക്കപ്പെട്ട ശിവദാസമേനോനെ പോലീസ് നടുറോഡിലിട്ടടിക്കുന്നത് നമ്മള്‍ കണ്ടു. പിണറായി വിജയന്‍ എംഎല്‍എ. ആയിരിക്കുമ്പോള്‍ അയാളെ രാത്രി പിടിച്ചുകൊണ്ടുപോയി 4 മണിവരെ തല്ലി, അയാളെ വീഴ്ത്താന്‍ പറ്റുമോ എന്ന് പോലീസ് നോക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലില്‍ ഇപ്പോഴും അതിന്റെ ദുര്യോഗങ്ങള്‍ ഉണ്ട്. പൊലീസ് തല്ലുമോ? എന്നോട് പൊലീസുകാരുതന്നെയാണ് പറഞ്ഞത്, പാക്പൌരന്മാര്‍ എന്ന് ആരോപിക്കപ്പെടുന്നവരോടുള്ള അവരുടെ പെരുമാറ്റം ഒട്ടും മാന്യമായിരിക്കില്ല എന്ന്. പരദേശിയില്‍ അഭിനയിച്ച അബുസലിം പൊലീസില്‍ ജോലിചെയ്യുമ്പോള്‍ ഒരാളെ പാക് അതിര്‍ത്തിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഉറങ്ങിയില്ല എന്നു പറഞ്ഞു. നിയമം കൈയാമം വെക്കണമെന്നാണെങ്കിലും മാനുഷിക പരിഗണന വെച്ച് അത് ചെയ്തില്ല. ഓടിയാല്‍ ആദ്യം അടിക്കുക എന്നതാണ് മുറ. സിനിമ എന്ന നിലയില്‍ മര്‍ദനം ഞാന്‍ കൂടുതല്‍ ചിത്രീകരിച്ചിട്ടുണ്ടാകും. കൂടുതല്‍ ഫലപ്രദമാക്കാന്‍ അങ്ങനെ ചെയ്തെന്നിരിക്കാം. അത് എന്റെ സ്വാതന്ത്യ്രമാണ്. എനിക്ക് ആ സിനിമക്ക് അവാര്‍ഡ് കിട്ടിയില്ല. അത് കിട്ടില്ലെന്ന് എനിക്കറിയാം. വീരപുത്രനും അവാര്‍ഡ് കിട്ടില്ല. അവാര്‍ഡ് ഒരു പ്രശ്നമല്ല. ഇവിടുത്തെ ചലച്ചിത്ര അക്കാദമിയുടേയും ഡല്‍ഹിയിലെ ഫിലിം ഫെസ്റിവല്‍ ഡയറക്റ്ററേറ്റിന്റെയും ആശയലോകം ഒന്നാണ്. ഇടതായാലും യുപിഎ ആയാലും ഒരേ ആശയലോകത്തിന്റെ പരിസരത്തു നിന്നാണ് സിനിമയെക്കുറിച്ച് ചിന്തിക്കുന്നത്. പക്ഷേ എനിക്ക് അങ്ങനെ ചിന്തിക്കാന്‍ പറ്റില്ല. അതിനാല്‍ എന്റെ സിനിമകള്‍ക്ക് പനോരമയില്‍ സെലക്ഷന്‍ കിട്ടില്ല. മറ്റൊരു തമാശ കമ്യൂണിസ്റ് പാര്‍ടിയുമായി ബന്ധമുള്ള ആള്‍ക്ക് സ്വതന്ത്രമായി നില്‍ക്കുന്നവര്‍ക്ക് കിട്ടുന്ന തരത്തിലുള്ള അംഗീകാരം കിട്ടില്ലെന്നതാണ.് ചിന്തകരില്‍ നിന്ന് കിട്ടില്ല. സ്വന്തം പാര്‍ടിയില്‍ നിന്നും കിട്ടില്ലെന്നതാണ്. കമ്യൂണിസ്റ് പാര്‍ടിയും 'സ്വതന്ത്ര'രെയാണ് അംഗീകരിക്കുക. അതുകൊണ്ട് 'നിഷ്പക്ഷര'ാകാനാണ് ബുദ്ധിജീവികളുടെ ശ്രമം. പ്രസ്ഥാനത്തില്‍ വന്നവരെ അധഃസ്ഥിതരായി കാണുന്നു.

70 കള്‍ എങ്ങനെ നമ്മുടെ കലയെ പിന്നോട്ടടിപ്പിച്ചു എന്നാണ് താങ്കള്‍ കരുതുന്നത്?

ി ഉദാരവത്കരണംപോലെയുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുന്നതിന് സാമ്രാജ്യത്വം ഉപയോഗിച്ചത് ഭാഷയേയും കലയേയുമാണ് എന്നു ഞാന്‍ പറഞ്ഞല്ലോ. 70 കള്‍ ഇവിടുത്തെ പോരാട്ടങ്ങള്‍ ഒന്നും തന്നെ പ്രതിപാദിച്ചില്ല. നിങ്ങള്‍ക്കെന്ത് അസ്തിത്വ ദുഃഖമാണ് പുതുതായി വന്നത്? അസ്തിത്വ ദുഃഖം എന്നും ഈ മണ്ണിലുണ്ട്. കുരിശു യുദ്ധത്തിനു ശേഷം വന്ന സായിപ്പിന് അസ്തിത്വ ദുഃഖം ഉണ്ടാകാന്‍ കാരണം രണ്ടാം ലോകമഹായുദ്ധമാണ്. യുദ്ധം കഴിഞ്ഞപ്പോള്‍ തന്തയില്ലാത്ത മക്കള്‍ ജനിച്ചു. അപ്പോള്‍ അവന് അസ്തിത്വദുഃഖമുണ്ടായി. ഇവിടുത്തെ പവിത്രന്റെ സിനിമയില്‍ എന്തിനാണ് അസ്തിത്വദുഃഖം? സായിപ്പിന് അവിടെ വ്യവസായവത്കരണം ഉണ്ടായിട്ടുണ്ട്. ഒരു ജനതയ്ക്ക് ഉണ്ടാകുന്ന അപഭ്രംശമോ ചിന്തകളോ അവന്റെ ജീവിതവും സാമ്പത്തിക അവസ്ഥയും ഉണ്ടാക്കുന്നതാണ്. അവിടെ ഉണ്ടായെന്ന് കരുതി ഇവിടെ ഉണ്ടാകേണ്ടതില്ല. അത് അനുകരിക്കാനുള്ള വ്യര്‍ഥശ്രമങ്ങള്‍. ബ്രെസ്സന്‍ 400 അടി ഷോട്ട് എടുത്താല്‍ നമ്മളും എടുക്കും 400 അടി ഷോട്ട്. എന്നിട്ട് പറയും അത് കണ്ടാല്‍ അവന്‍ ഞെട്ടുമെന്ന്. അവന്‍ ആരാണ് ? സായിപ്പ്. നമ്മളെയല്ല ഞെട്ടിക്കുന്നത്. മലയാളിക്ക് വേണ്ടിയല്ല സിനിമ എടുത്തത്. ഞാന്‍ സിനിമയെടുക്കുന്നത് സാധാരണ മലയാളികള്‍ക്ക് വേണ്ടിയാണ്. തൊഴിലാളികള്‍, കര്‍ഷകര്‍, വീട്ടമ്മമാര്‍, അവരിലേക്ക് സിനിമ എത്തിക്കുന്നതിനായി എനിക്ക് തോന്നുന്ന യുക്തിപൂര്‍വമായ ദൃശ്യഭാഷ ഞാന്‍ സ്വീകരിക്കും. അതില്‍ എനിക്ക് ഒരു ആശയക്കുഴപ്പവുമില്ല. അത് അവരിലേക്ക് പൂര്‍ണമായി എത്താന്‍ കഴിഞ്ഞില്ല എന്ന് വരികില്‍ അത് എന്റെ തെറ്റാണ്, പോരായ്മയാണ്, പരിമിതിയാണ്. പൂര്‍ണമായി എത്താന്‍ കഴിയില്ല എന്നതും ഉറപ്പാണ്. ഞാന്‍ മനുഷ്യനാണ്. മനുഷ്യന്‍ അപൂര്‍ണ്ണമായ സൃഷ്ടിയാണ്. ലോകത്തില്‍ ഒരു സൃഷ്ടിയും പൂര്‍ണമല്ല. അതുകൊണ്ടാണ് വീണ്ടും വീണ്ടും സൃഷ്ടിക്കേണ്ടി വരുന്നത്. നീ അപൂര്‍ണനായതിനാല്‍ പിന്നെ ഞാന്‍ നിന്നെയെന്തിന് അംഗീകരിക്കണമെന്ന് ബുദ്ധന്‍ ചോദിക്കുന്നുണ്ട്. പരദേശി ആളുകളിലേക്ക് വേണ്ടതുപോലെ എത്തിയില്ല എന്നതില്‍ നിന്നാണ് വീരപുത്രന്‍ വരുന്നത്. അതും പൂര്‍ണമായ ഒരു സൃഷ്ടിയായിക്കൊള്ളണമെന്നില്ല. എങ്കിലും കൂടുതല്‍ പേരിലെത്തിക്കാനാണ് എന്റെ ശ്രമം. എന്റെ മണ്ണുമായി ബന്ധപ്പെടുത്തി ഭാഷ എങ്ങനെ കൂടുതല്‍ വികസിപ്പിക്കാന്‍ പറ്റും എന്നാണ് ഞാന്‍ അന്വേഷിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള അനുഭവവും പ്രതിബദ്ധതയും അതുണ്ടാക്കിയ സൃഷ്ടിപരമായ സാധ്യതകളും ഞാന്‍ അതിനായി ഉപയോഗിക്കും.

പോപ്പുലര്‍ സിനിമ നമ്മുടെ ജീവിതപ്രശ്നങ്ങളേയും യാഥാര്‍ഥ്യങ്ങളേയും അഭിമുഖീകരിക്കുന്നുണ്ടോ?

ി സിനിമ ഒറ്റ രീതിയിലുള്ള സിനിമയല്ല. കവിത ഒറ്റ കവിതയല്ല. പാട്ട് ഒരേ ഒരു പാട്ടല്ല. എന്തിന് അവരെ മാത്രം വിമര്‍ശിക്കണം? 'ആര്‍ട് സിനിമ'കള്‍ ശരിയാണോ? ഓരോ ആളുകളും അവരവരുടെ സിനിമ ചെയ്യുന്നു. കെ ആര്‍ മോഹനന്‍ അയാളുടെ സിനിമയും അടൂര്‍ ഗോപാലകൃഷ്ണന്‍ അയാളുടെ സിനിമയും എടുക്കുന്നു. എന്റെ സിനിമ എന്റെ രീതിയില്‍ എടുക്കുന്നതിലെ വാദങ്ങളാണ് ഞാന്‍ നിരത്തിയത്. അവര്‍ക്കും അവരുടേതായ വാദങ്ങളുണ്ടാകാം. ഇവിടുത്തെ സിനിമയുടെ ഒരു പ്രധാന പ്രശ്നമായി എനിക്ക് തോന്നിയിട്ടുള്ളത് ഇവിടെ രണ്ടു സിനിമയും രണ്ടു കാലഘട്ടത്തില്‍ കിടക്കുകയാണ് എന്നാണ്. ഒന്ന് 70 കളില്‍, ഒന്ന് 80 കളില്‍. കമേഴ്സ്യല്‍ സിനിമ 80 കളിലാണ്. മാറിയ ലോകത്തിനനുസരിച്ച് അവയുടെ നിര്‍മാണവും സാങ്കേതികതയും വേണ്ട രീതിയില്‍ നവീകരിച്ചിട്ടില്ല. ഏറ്റവും പ്രധാന പ്രശ്നം മാര്‍ക്കറ്റിങ്ങിന്റേതാണ്. മറ്റ് ഭാഷകളിലുള്ളവരെല്ലാം അവരുടെ മാര്‍ക്കറ്റിങ്ങില്‍ ശ്രദ്ധിക്കുന്നു. ഉദാഹരണത്തിന് തമിഴ്. അതിന്റെ മാര്‍ക്കറ്റിങ് സാധ്യത മലയാളത്തിനുമുണ്ട്. കേരളത്തിലെ തിയേറ്ററുകളില്‍ പോവുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. കുടുംബങ്ങള്‍ക്ക് തിയേറ്ററില്‍ കയറാനേ കഴിയില്ല. കേരളത്തിലെ തിയേറ്ററുകള്‍ നവീകരിക്കാതെ നമ്മുടെ സിനിമക്ക് മോചനമില്ല. തമ്മില്‍ തല്ലുന്നതിനു പകരം അവര്‍ അതിന്റെ സാധ്യതകള്‍ അന്വേഷിക്കട്ടെ. ഇന്ന് എന്തിനാണ് വിനോദ നികുതി? ആദ്യകാലത്ത് സര്‍ക്കാരിന്റെ ഒരു വരുമാന മാര്‍ഗ്ഗമായിരുന്നു., ഇന്ന് സ്ക്വയര്‍ ഫീറ്റ് കണക്കാക്കി നികുതി ഏര്‍പ്പെടുത്തിയാല്‍ പൂട്ടിപ്പോകുന്ന തിയേറ്ററുകള്‍ക്ക് മോചനമാകും. സര്‍ക്കാരിന് ടാക്സ് ലഭിക്കും. ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സിനിമാ ഇന്‍ഡസ്ട്രീസും രക്ഷപ്പെടും. പുതിയ ചില പദ്ധതികള്‍ പാലോളിയും ബേബിയും കൂടി ആവിഷ്കരിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. വിശദാംശങ്ങള്‍ അറിയില്ല.

പുതിയ സിനിമയായ വീരപുത്രന്‍..... സ്വാതന്ത്യ്ര സമരത്തിലെ അനവധി നായകരില്‍നിന്ന് മുഹമ്മദ് അബ്ദുറഹിമാനെ എങ്ങനെയാണ് കണ്ടെടുക്കുന്നത്?

ി അതില്‍ എനിക്ക് വ്യക്തിപരമായ ചില താല്‍പര്യങ്ങളുണ്ട്. ഞാന്‍ വളരെ ചെറിയ കുട്ടിയായിരുന്ന കാലത്തെ പത്രത്തില്‍നിന്ന് വെട്ടിയെടുത്ത് ഫ്രെയിം ചെയ്തുവെച്ച ഒരു ഫോട്ടോ വീട്ടിലുണ്ടായിരുന്നു. ബാക്കിയെല്ലാം ആ വീട്ടിലെ ഗൃഹനാഥനായ എന്റെ അമ്മാവന്‍ ഉള്ള ഫോട്ടോകളായിരുന്നു. അദ്ദേഹം അല്‍അമീനിലെ ഒരു അന്തേവാസിയായിരുന്നു. മുഹമ്മദ് അബ്ദുറഹിമാന്‍ ജയിലില്‍ പോയപ്പോള്‍ ലീഗില്‍ പോയ ആളാണ് അയാള്‍. കുറെ ആള്‍ക്കാര്‍ ആ കാലത്ത് ലീഗില്‍ പോയിട്ടുണ്ട്. ചാലപ്പുറം ഗ്രൂപ്പ് അബ്ദുറഹിമാനെ വേണ്ടത്ര പരിഗണിച്ചില്ല എന്നുള്ള ആക്ഷേപത്തില്‍ നിന്നും മുസ്ളിം സമുദായത്തില്‍നിന്ന് നീതി കിട്ടണമെങ്കില്‍ ലീഗില്‍ ചേരണമെന്നുള്ള ശക്തമായ വാദത്തില്‍നിന്നുമാണ് അതുണ്ടായത്. എങ്കിലും അമ്മാവന് മുഹമ്മദ് അബ്ദുറഹിമാന്‍ എന്ന വ്യക്തിയോടുള്ള ആദരവും കടപ്പാടും ശക്തമായിരുന്നു. അതുകൊണ്ട് മുഹമ്മദ് അബ്ദുറഹിമാന്റെ ആ ഫോട്ടോ ഒരുപാടുകാലം വീട്ടിലുണ്ടായിരുന്നു.അന്നേ അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. പിന്നീട് അന്വേഷിച്ചപ്പോഴാണ് കേരളത്തിലെ എല്ലാ കവികളും അന്വേഷിച്ച ഒരു രാഷ്ട്രീയക്കാരനായിരുന്നു അബ്ദുറഹിമാന്‍ എന്ന് മനസ്സിലാക്കിയത്. വള്ളത്തോള്‍, വൈലോപ്പിള്ളി, അക്കിത്തം, ഇടശ്ശേരി, പി കുഞ്ഞിരാമന്‍ നായര്‍, പി ഭാസ്കരന്‍, ജി കുമാരപിള്ള, സച്ചിദാനന്ദന്‍... നിരവധി കവികള്‍ അദ്ദേഹത്തെക്കുറിച്ച് കവിതകളെഴുതി. കെ എ കൊടുങ്ങല്ലൂര്‍, എന്‍ പി മുഹമ്മദ്, എം റഷീദ്. തെരുവത്ത് രാമന്‍, മൊയ്തു മൌലവി, പി, മുഹമ്മദ് യൂസഫ്, ഏറ്റവും ചെറിയ തലമുറയില്‍ എന്‍ പി ചെക്കുട്ടി, എന്‍ പി ഹാഫിസ് മുഹമ്മദ് എന്നിവരെല്ലാം ജീവചരിത്രങ്ങള്‍ എഴുതി. രണ്ട് പിഎച്ച്ഡി തിസീസുകള്‍ അദ്ദേഹത്തെക്കുറിച്ചുണ്ട്. ഈ മനുഷ്യനെക്കുറിച്ച് ഒരുപാട് നാടന്‍ കഥകളുണ്ട്. അപസര്‍പ്പ കഥകളിലെ നായകനാണദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് എത്രയോ കത്തുകള്‍ എനിക്ക് വന്നിട്ടുണ്ട്. ഇതിലൊന്നും ജാതിയും മതവുമില്ല. ജസ്റിസ് ബാലസുബ്രഹ്മണ്യത്തിന്റെ ഭാര്യയുടെ അച്ഛന്‍ വിശ്വനാഥയ്യര്‍ എന്നെ വിളിച്ചിട്ട് നിങ്ങള്‍ ഒരു സിനിമ എടുക്കുന്നതില്‍ വളരെ സന്തോഷം എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പിതാവ് ജി എസ് വെങ്കിടാചലയ്യര്‍ മുഹമ്മദ് അബ്ദുറഹിമാന്റെ സുഹൃത്തായിരുന്നു. കേരള നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ അദ്ദേഹമാണ് ഇലക്ഷന്‍ പ്രചരണത്തിന് കാറ് കൊടുത്തത്. ജാതിക്കും മതത്തിനുമൊക്കെ അതീതമായ ഒരു ദുരന്തനായകനെ അനുസ്മരിപ്പിക്കുമ്പോള്‍ നമുക്ക് വല്ലാതെയൊന്നും പോകേണ്ടിവരില്ല. ഒരു പരാജയത്തെയാണ് പൊതുവെ കലാസൃഷ്ടിയാക്കുന്നത്. ഒരു വിജയത്തെ ആരും അങ്ങനെ അന്വേഷിച്ച് പോകാറില്ല. എന്തായാലും ഒരു ദുരന്തത്തെ ചിത്രീകരിക്കാനാണ് എനിക്കിഷ്ടം. 'മുഹമ്മദ് അബ്ദുറഹിമാന്‍ ഒരു പരാജയമായിരുന്നു, കൃത്യമായ പരാജയം' - എന്‍ പി മുഹമ്മദ്. സിനിമയുടെ ടൈറ്റില്‍ സീക്വന്‍സില്‍ ഒരു പയ്യന്‍ അതെഴുതുന്നുണ്ട്. ഇതേ പയ്യന്‍ പിന്നീട് എഴുതുന്നു. 'അബ്ദുറഹിമാന്‍ എന്നും ജ്വലിക്കുന്ന ഒരു വികാരമാണ്- മാനവരാശിക്ക്' ഈ ഗണത്തില്‍പെടുന്ന സിനിമക്ക് സാധ്യതയുള്ള അപൂര്‍വം ഒരാളാണ് മുഹമ്മദ് അബ്ദുറഹിമാന്‍. ഇത് ദുരന്തപര്യവസായിയായ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ഫിലിം ആയിരിക്കും. ഫിക്ഷന്‍. എ കെ ഒടയോത്ത് എന്ന, എന്‍ പി മുഹമ്മദിന്റെ സാങ്കല്‍പ്പിക കഥാപാത്രത്തെ ഞാന്‍ അതേപടി സിനിമയില്‍ ഉപയോഗിക്കുന്നു. അയാള്‍ ചരിത്രത്തിലില്ല. എല്ലാ കഥാപാത്രങ്ങളും ചെറുപ്പക്കാരാണ്. ഇ എം എസിന് 26 വയസ്സ്, വൈക്കം മുഹമ്മദ് ബഷീറിന് 30 ന് താഴെ, പി കൃഷ്ണപിള്ള ചെറുപ്പമാണ്, കെ എ കൊടുങ്ങല്ലൂരിന് 20 വയസ്സ്. നമ്മുടെ ദേശീയ പ്രസ്ഥാനത്തെ സിനിമയാക്കുമ്പോള്‍ അബ്ദുറഹിമാനെ തേടിച്ചെല്ലാന്‍ വലിയ ആലോചന വേണ്ടിവന്നില്ല. എന്നാണ് പറഞ്ഞു വന്നത്. 45-ാമത്തെ വയസ്സില്‍ മങ്ങിപ്പോയ ഒരു ജീവിതം. അദ്ദേഹം ജീവിതത്തില്‍ നുണ പറഞ്ഞിട്ടില്ല. കേളപ്പനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു സര്‍ക്കുലറിനെക്കുറിച്ച് കെപിസിസി സമ്മേളനത്തില്‍ അബ്ദുറഹിമാന്‍ പ്രസംഗിക്കുന്നത് ഒരു മുസല്‍മാനെന്ന നിലയില്‍ താന്‍ ജീവിതത്തില്‍ ഇതുവരെ നുണ പറഞ്ഞിട്ടില്ല എന്നാണ്. 'കേളപ്പനെ അവമതിക്കാനല്ല, നുണ പറയാന്‍ പറ്റാത്തതുകൊണ്ടാണ്'. ഇന്ത്യന്‍ സാഹചര്യത്തില്‍ മുഹമ്മദ് അബ്ദുറഹിമാന്‍, ഗാന്ധി, സുഭാഷ് ചന്ദ്രബോസ് ഒക്കെ ഉയര്‍ത്തുന്ന ഒരു സെക്യുലര്‍ ധാരയുണ്ട്. പണ്ഡിറ്റ് നെഹ്റു ഉയര്‍ത്തുന്ന ഒരു ധാരയുണ്ട്. ഇവര്‍ ഉയര്‍ത്തിയ സെക്യുലറിസം പൊതുജനത്തെ കൂടുതല്‍ ആകര്‍ഷിച്ചു. വിശ്വാസം ഇന്ത്യയുടെ ദാര്‍ശനികമായ ശക്തിയും അടിത്തറയുമാണ്. അതാണ് ഗാന്ധിയും മറ്റും ഉപയോഗിച്ചത്. അവര്‍ കൂടുതല്‍ പോപ്പുലര്‍ ആയതും അതുകൊണ്ടാവാം. ഇ എം എസിനെപ്പോലുള്ളവര്‍ ഇല്ല എന്നല്ല. എന്നാല്‍ ഇന്ത്യയുടെ മനസ്സ് വിശ്വാസത്തിന്റെ ഒരു തലത്തിലല്ലേ എന്ന് എനിക്ക് തോന്നുന്നു. സെക്യൂലറിസത്തെ നമ്മള്‍ നിര്‍വചിക്കുമ്പോഴും നോക്കിക്കാണുമ്പോഴും ഇവര്‍ ചിന്തിച്ച ഒരു രീതിയുണ്ട്. മതത്തിന്റെ നല്ല വശത്തെ സ്വാംശീകരിച്ചുകൊണ്ടാണ് ഇവര്‍ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ ഒരുക്കിയത്. അതിലെ വര്‍ഗീയവത്കരിക്കുന്ന അംശങ്ങള്‍ എടുത്തുകളഞ്ഞുകൊണ്ട്. നേരത്തെ പറഞ്ഞ രണ്ടു ധാരകള്‍ സംയോജിപ്പിക്കാന്‍ കഴിയുമോ എന്ന ഒരു അന്വേഷണം ആവശ്യമാണ്. കാരണം വളരെ ശക്തമായ രീതിയില്‍ ജാതി വ്യവസ്ഥയും മതവും ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്.

വീരപുത്രന്‍ ചരിത്രവുമായി ബന്ധപ്പെട്ട ഒരു പീരിയഡ് ഫിലിം ആണ്. ഇതിനെ വര്‍ത്തമാനവുമായി എങ്ങനെ ബന്ധിപ്പിക്കുന്നു?

ി കൃത്യമായ ഒരു കണക്ഷന്‍ ഭൂതകാലവും വര്‍ത്തമാനവുമായി ഇതിലുണ്ട്. അത് ഇപ്പോള്‍ പറയില്ല. തല്‍ക്കാലം സസ്പെന്‍സ് ആയി നില്‍ക്കട്ടേ.

ഈയിടെയുണ്ടായ ചോദ്യപേപ്പര്‍ വിവാദവുമായി താങ്കളെ ബന്ധപ്പെടുത്തി പറയുന്നത് കേള്‍ക്കുന്നു. അതിന്റെ വസ്തുതകള്‍ എന്താണ്?

ി തിരക്കഥയുടെ രീതിശാസ്ത്രം ഞാന്‍ എഴുതിയ പുസ്തകമല്ല. ഞാന്‍ ആ പുസ്തകം കണ്ടിട്ടില്ല. അതേക്കുറിച്ച് കേള്‍ക്കുന്നതു തന്നെ ഈ വിവാദം പൊട്ടിപ്പുറപ്പെട്ട ശേഷമാണ്. അതേക്കുറിച്ചന്വേഷിച്ചപ്പോള്‍ എന്റെ ഒരു പ്രസംഗം കേട്ടെഴുതിയുണ്ടാക്കിയ ലേഖനമാണെന്ന് മനസ്സിലായി. ഞാനെഴുന്നതുപോലെയുള്ള രൂപത്തിലാണ് അത്. കുറേ ലേഖനങ്ങള്‍ സമാഹരിച്ചാണ് ഈ പുസ്തകം തയാറാക്കിയിട്ടുള്ളത് . ഞാന്‍ വിദ്യാര്‍ഥികളുടെ തിരക്കഥാ ക്യാമ്പിലും മറ്റും സ്ഥിരമായി നടത്തുന്ന പ്രസംഗമാണത്.

ഗര്‍ഷോമിലെ ഒരു പ്രധാന ഘടകം, അതിലെ നായക കഥാപാത്രമായ നാസറുദ്ദീന്‍ പ്രതിസന്ധികളെ നേരിടുമ്പോള്‍ അയാള്‍ കാണുന്ന മൂന്നു കഥാപാത്രങ്ങളാണ്. ഗാന്ധി, ദൈവം, പിതാവ്. ഗാന്ധിയെയും പിതാവിനെയും എനിക്ക് നേരിട്ട് ദൃശ്യത്തില്‍ കൊണ്ടുവരാവുന്നതേയുള്ളൂ. എന്നാല്‍ മുസ്ളിം സമുദായത്തില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ വളരെ കുട്ടിക്കാലത്തുതന്നെ അരൂപിയായ ദൈവത്തെക്കുറിച്ചാണ് പഠിച്ചിട്ടുള്ളത്. അത് എങ്ങനെയാണ് ദൃശ്യവല്‍ക്കരിക്കുക എന്നത് ഒരു പ്രശ്നമായിരുന്നു. അപ്പോഴാണ് തന്റെ ഒരു സുഹൃത്ത്,പാവറട്ടി പ്രദേശത്ത് ഒരു ഭ്രാന്തനുണ്ടായിരുന്നു എന്നും അയാള്‍ ഒറ്റക്കിരുന്ന് ദൈവത്തെ വിളിക്കുകയും ദൈവത്തോട് സംസാരിക്കുകയും ചെയ്യുമായിരുന്നു എന്നും പറഞ്ഞത്. ചോദ്യകര്‍ത്താവായും ഉത്തരം പറയുന്ന ദൈവമായും ഭ്രാന്തന്‍ തന്നെ സംസാരിക്കുന്ന ഒരു രീതിയാണത്. ദൈവവുമായി സംസാരിക്കുന്ന ഒരു സ്വാമിയെയും എനിക്ക് അറിയാം. ഈ ഭ്രാന്തന്‍ സംസാരിച്ച കാര്യങ്ങള്‍ സുഹത്ത് പറഞ്ഞ അതേപടി ഞാന്‍ പറയുകയാണ് എന്റെ പ്രസംഗത്തില്‍ ചെയ്തത്. പടച്ചോനേ, പടച്ചോനേ എന്നു തുടങ്ങുന്ന ദൈവവുമായുള്ള വിവാദപരമായ സംഭാഷണം ഞാന്‍ നിരവധി പ്രസംഗങ്ങളില്‍ ഉദ്ധരിച്ചിട്ടുണ്ട്. ആ രൂപമാണ് ഞാന്‍ ഗര്‍ഷോമില്‍ ഉപയോഗിച്ചത്. നാസറുദ്ദീന്‍ ദൈവത്തോട് ചോദിക്കുന്നു, നീ എന്തിനാണ് ഞങ്ങളെ ഗള്‍ഫിലേക്കയച്ചത്? ദൈവം: അല്‍ അക്സ്പള്ളി യഹൂദവേദികളില്‍നിന്ന് മോചിപ്പിക്കാനല്ല, ആത്മബലം നഷ്ടപ്പെട്ട ഒരു ജനതയെ അത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മറ്റൊരു ജനതക്ക് ദൃഷ്ടാന്തമായി കാണിക്കാനാണ് (കൊളോണിയല്‍ ശക്തികള്‍ ആത്മബലം ചോര്‍ത്തിക്കളഞ്ഞ മലയാളിയെ അത് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അറബികള്‍ക്ക് ഉദാഹരണമായി കാണിക്കാനാണ് ) . ജാതിയും മതവും ഒന്നും രേഖപ്പെടുത്താത്ത ഈ ഭ്രാന്തനെയാണ് ജോസഫ് എന്ന അധ്യാപകന്‍ പരീക്ഷാ ചോദ്യപേപ്പറില്‍ മുഹമ്മദാക്കി മാറ്റിയത്. ഇത്രയും വലിയ ഒരു വര്‍ഗീയ ധ്രുവീകരണത്തിന് ഇത് കാരണമാകുമെന്ന് സ്വപ്നത്തില്‍പ്പോലും താന്‍ വിചാരിച്ചിട്ടില്ലെന്ന് അധ്യാപകന്‍ ആണയിടുന്നു. ഒരു കലാകാരനെന്ന നിലയില്‍ ഞാനത് വിശ്വസിക്കുന്നു. എന്തായാലും കേരളീയ സമൂഹം പ്രത്യേകിച്ച് മുസ്ളിം സമുദായം ഭീകരമായ ഒരു വിലയാണ് ഈ കൈവെട്ടലിനെത്തുടര്‍ന്ന് കൊടുത്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട് എന്നും ഞാന്‍ വിശ്വസിക്കുന്നു.

പി ടി കുഞ്ഞുമുഹമ്മദ്/മധുജനാര്‍ദനന്‍

05 June, 2010

പര്‍ദ ധരിച്ച പുരുഷന്മാര്‍

ഇസ്ളാം എന്ന സംഘടിത മതം കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക-വ്യക്തി ജീവിതങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിന് എത്രമാത്രം ഭീഷണിയാണ് സൃഷ്ടിക്കുന്നത് എന്ന് ആഖ്യാനം ചെയ്യുന്നതിനു വേണ്ടിയാണ് കുറച്ചു ചിരിയും കുറെ ചിന്തയും എന്ന വിശേഷണത്തോടെ സത്യന്‍ അന്തിക്കാട് കഥ തുടരുന്നു എന്ന പേരില്‍ തന്റെ അമ്പതാമത് സിനിമ പുറത്തിറക്കിയിരിക്കുന്നത്. കീ ബോര്‍ഡിസ്റായ ഷാനവാസ് അഹമ്മദും (ആസിഫ് അലി) മെഡിക്കല്‍ വിദ്യാര്‍ഥിനിയായ വിദ്യാലക്ഷ്മി നമ്പ്യാരും (മംമ്ത മോഹന്‍ദാസ്) പ്രണയവിവാഹം ചെയ്ത് ഒളിച്ചോടുന്നുണ്ടെങ്കിലും രണ്ടു പേരുടെയും വീട്ടുകാര്‍ പിടികൂടുന്നു (വിശ്വാസം അതല്ലേ എല്ലാം!). ലവ് ജിഹാദ് എന്നിതിനെ കളിയാക്കി ആരൊക്കെയോ പറയുന്നുണ്ട്. അതൊരു തമാശയായിട്ടാണവതരിപ്പിക്കുന്നതെന്ന് തോന്നിപ്പിക്കുന്നുവെങ്കിലും അത്തരമൊരു ദുരാരോപണത്തിന്റെ ചരിത്ര സന്ദര്‍ഭത്തെ പ്രശ്നവത്ക്കരിക്കാന്‍ രാഷ്ട്രീയ-സാമൂഹ്യ സന്ദര്‍ഭങ്ങളുടെ വിരോധിയായ (പോളണ്ടിലെന്തു സംഭവിച്ചുവെന്ന് മാത്രം ചോദിക്കരുത്) സന്ദേശം), ക്യൂബയുടെ പ്രസിഡന്റാരാണെന്നല്ല; ഒരു കിലോ അരിക്കെന്താണ് വില എന്നാണ് അന്വേഷിക്കേണ്ടത്(വിനോദയാത്ര), രാഷ്ട്രീയ പാര്‍ടികളുടെ ജാഥകളില്‍ പങ്കെടുക്കുന്നത് കൂലി മേടിച്ച് തരാതരംപോലെ കൂറുമാറുന്നവരാണ്(കഥ തുടരുന്നു)) സത്യന്‍ അന്തിക്കാട് പതിവുപോലെ തയ്യാറാകുന്നില്ല. ഷാനവാസ് നല്‍കുന്ന ഹേബിയസ് കോര്‍പ്പസ് ഹരജിയെതുടര്‍ന്ന് വിദ്യാലക്ഷ്മി കോടതിയില്‍ ഹാജരായി തനിക്ക് അദ്ദേഹത്തോടൊപ്പം പോകാനാണ് ഇഷ്ടം എന്നു തുറന്നു പറയുന്നതോടെയാണ് പ്രണയം സാക്ഷാത്കൃതമാകുന്നത്. തങ്ങളെ അനുസരിച്ചാല്‍ മതി, വിവാഹബന്ധത്തില്‍നിന്ന് പിന്മാറണം എന്ന രണ്ടു പേരുടെയും വീട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അവരത് അവഗണിച്ചു. സുഖമായും മാന്യമായും ജീവിക്കുകയും ലയ എന്ന മകളെ പ്രസവിച്ച് വളര്‍ത്തുകയും ചെയ്യുന്നതിനിടയിലാണ് ക്വട്ടേഷന്‍ സംഘം ആളു മാറി ഷാനവാസിനെ കൊല്ലുന്നത്.

അനാഥയും ദരിദ്രയുമാകുന്ന വിദ്യ യാദൃച്ഛികമായി കണ്ടുമുട്ടുന്ന പ്രേ(ജയറാം)മുമായി പരിചയത്തിലാകുകയും അയാള്‍, ദരിദ്രര്‍ തിങ്ങിത്താമസിക്കുന്ന തന്റെ കോളനിയില്‍ അവളെ സുരക്ഷിതമായി പാര്‍പ്പിക്കുകയും ചെയ്യുന്നു. അവിടെ വെച്ചാണ് അവള്‍ പ്രണയത്തിനുവേണ്ടി മെഡിക്കല്‍ വിദ്യാഭ്യാസം വഴിക്കുവെച്ച് നിര്‍ത്തിയവളാണെന്ന് എല്ലാവരും അറിയുന്നത്. അവര്‍ അവരുടെ തുഛമായ വരുമാനത്തില്‍നിന്ന് മിച്ചംപിടിക്കുന്ന പണംകൊണ്ട് അവളുടെ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നു. ഹൌസ് സര്‍ജന്‍സിക്കിടയില്‍വച്ച്, മരിച്ച ഷാനവാസിന്റെ ഉമ്മ അവരെ കണ്ടുമുട്ടുന്നു. സാധാരണ രീതിയില്‍ ഇത്തരമൊരു കഥാസന്ദര്‍ഭത്തില്‍ പ്രണയ വിരോധികളായിരുന്ന കുടുംബം/കുടുംബങ്ങള്‍ മക്കളെയും പേരമക്കളെയും സ്വീകരിക്കുന്ന ശുഭകഥാന്ത്യത്തിലേക്ക് വളരലാണ് മലയാള സിനിമയുടെ പതിവ്. എന്നാലതിവിടെ സാധ്യമല്ല, കാരണം കുട്ടിയുടെ പിതാവിന്റെ 'മുസ്ളിം കുടുംബ'മാണ് കുട്ടിയെ സംരക്ഷിക്കാനായി രംഗത്തുവരുന്നത് എന്നതുതന്നെ. മുസ്ളിം കുടുംബം കുട്ടിയെ ഏറ്റെടുക്കുന്നു എന്നതിന്റെ അര്‍ഥം തങ്ങളുടെ മതത്തിന്റെ അംഗസംഖ്യ കൂട്ടാനുള്ള എളുപ്പവഴി എന്നു മാത്രം വായിച്ചെടുക്കാന്‍ തക്കവണ്ണം 'മതനിരപേക്ഷ' ബോധമുള്ളവരാണ് പൊതുമലയാളി എന്ന് സത്യന്‍ അന്തിക്കാട് തിരിച്ചറിഞ്ഞിരിക്കുന്നു.

ഏതൊക്കെ തരത്തിലുള്ള നന്മയുടെ ഘടകങ്ങളെയാണ് മുസ്ളിം സമുദായം എന്ന കേരളത്തിലെ അന്യര്‍ പരാജയപ്പെടുത്താനും വിഴുങ്ങാനുമായി തയ്യാറായിരിക്കുന്നതെന്ന് നോക്കുക. ഭര്‍ത്താവിന്റെ അകാലികവും ദാരുണവുമായ മരണത്തിനുശേഷം ഒറ്റക്ക് ആരെയും കൂസാതെ ജീവിക്കാന്‍ തീരുമാനിച്ച നായികയുടെ സ്ത്രീശാക്തീകരണത്തെ മുസ്ളിം സമുദായം അതിനനുവദിക്കാതെ നശിപ്പിക്കുന്നു. പര്‍ദയില്‍ തങ്ങളുടെ സമുദായത്തിനകത്തുള്ള സ്ത്രീകളെ ഒതുക്കിയിടുകയും പാര്‍ലമെന്റില്‍ വനിതാബില്‍ പാസാക്കുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്ന മുസ്ളിം സമുദായം സ്ത്രീവിരുദ്ധമാണെന്ന് ആര്യാടന്‍ ഷൌക്കത്തിനെ പിന്തുടര്‍ന്നുകൊണ്ട് ആഖ്യാനം ചെയ്യുകയാണ് സത്യന്‍ അന്തിക്കാട്. അവളെ ഏറ്റെടുത്ത ദരിദ്രരുടെ കോളനിയില്‍ പേരിനുപോലും ഒരു മുസ്ളിം സമുദായക്കാരന്‍ ഇല്ല. അവിടെയുള്ള അമുസ്ളിം ദരിദ്രരില്‍ ചിലരെങ്കിലും ഒരു പക്ഷേ മലപ്പുറത്തു നടക്കുന്ന വര്‍ഗീയ ലഹളകളില്‍ പരിക്കു പറ്റുന്ന 'നിഷ്കളങ്കരാ'യ പൊലീസുകാരും അവരുടെ കുടുംബങ്ങളും ആയിക്കൂടെന്നുമില്ല(സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വിനോദയാത്ര എന്ന സിനിമയിലെ മുരളി അച്ഛനും മീരാ ജാസ്മിന്‍ മകളുമായുള്ള കുടുംബമെന്നതു പോലെ). ആദ്യ ഭര്‍ത്താവ് മരിക്കുകയും ആ ബന്ധത്തിലുണ്ടായ കുട്ടിയെ വളര്‍ത്താനുണ്ടാവുകയും ചെയ്യുമ്പോള്‍ വിധവകള്‍ പുനര്‍വിവാഹം ചെയ്യുന്നത്, മലയാള സിനിമ സാധാരണ രീതിയില്‍ അനുവദിക്കാറില്ല. കഥ തുടരുന്നുവിലും ആ മഹാ നിയമം ലംഘിക്കാന്‍ സംവിധായകന്‍ തയ്യാറാവുന്നില്ല. എന്നാലും, പ്രേമിന് അത്തരത്തിലൊരു മോഹം നല്‍കിക്കൊണ്ടാണ് വിദ്യാലക്ഷ്മി ഗള്‍ഫിലേക്ക് പോകുന്നത് എന്നത് ശ്രദ്ധേയമാണ്. അതായത് മലയാള സിനിമയുടെ വിധവാവിവാഹ നിരോധനം എന്ന മഹാഖ്യാനത്തെ അതിലംഘിക്കാന്‍ വരെ തുനിയുന്ന വിധത്തില്‍ പുരോഗമനപരമായ ഒരു പരിപ്രേക്ഷ്യമാണ് സത്യന്‍ അന്തിക്കാടിന് ഉള്ളത് എന്നതും, ആ 'പുരോഗമനപരത'യുടെ പര്യായമായിട്ടുതന്നെയാണ് പിന്തിരിപ്പന്മാരും അക്രമികളുമായ മുസ്ളിം സമുദായം അപഹസിക്കപ്പെടുന്നതെന്നതും കൂട്ടിവായിക്കേണ്ടതാണ്.

ദരിദ്രരുടെ കോളനിയിലെ ഐക്യബോധവും സദാചാരനിഷ്കര്‍ഷയും അസൂയാവഹവും മാതൃകാപരവുമാണ്. ദരിദ്രര്‍ അത്തരത്തില്‍ ധാര്‍മിക സദാചാരത്തിന്റെയും സത്യസന്ധതയുടെയും കാവലാളായിരിക്കുന്നതിന്റെ ഇതിവൃത്താഖ്യാനങ്ങള്‍ മുമ്പും മലയാള സിനിമയില്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍, ഇവിടെ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്ന മുസ്ളിം സമുദായാംഗം(ഷാനവാസിന്റെ ജ്യേഷ്ഠ സഹോദരനായ മാര്‍ബിള്‍ വ്യാപാരി) ആര്‍ദ്രതയില്ലാതെ നിരന്തരം പെരുമാറുന്നതും അയാളുടെ തിട്ടൂരങ്ങള്‍ തന്നെ, ആര്‍ദ്രത പുറമേക്ക് പ്രകടിപ്പിക്കുന്നവരെങ്കിലും സമുദായ പ്രചാരകര്‍ തന്നെയായ മുസ്ളിം സ്ത്രീകളും പിന്തുടരുന്നതും വിശദമാക്കപ്പെടുന്നതിനോട് താരതമ്യം ചെയ്തുകൊണ്ടാണ് കോളനിക്കാരുടെ മനോഭാവങ്ങള്‍ മഹത്വവത്ക്കരിക്കുന്നത്. ഇപ്പോള്‍ ഞാന്‍ മയത്തില്‍ പറയുകയാണ്, നീ കുട്ടിയെ വിട്ടുതരുന്നതാണ് നല്ലത്, പിന്നെ സമുദായം ഇടപെടും, കുണ്ടാമണ്ടിയാവും എന്ന് ജ്യേഷ്ഠഭാര്യ പറയുന്നത് നോക്കുക. അനാഥത്വംകൊണ്ടും ദാരിദ്യ്രംകൊണ്ടും ഒറ്റപ്പെട്ടവരായിട്ടും ഇടിഞ്ഞുപൊളിഞ്ഞ കോളനിയില്‍ പരിമിത സൌകര്യങ്ങളോടെ - കുടിവെള്ളം വല്ലപ്പോഴും ടാങ്കറില്‍, മേല്‍ക്കൂരയില്ലാത്ത കക്കൂസും കുളിമുറിയും, കൊതുകുകടി - ജീവിക്കുന്നവരായിട്ടും അവര്‍ പൊതുവെ പങ്കിടുന്ന വികാരങ്ങള്‍ മുസ്ളിം സമുദായത്തില്‍ പെട്ടവര്‍ക്ക് ഉള്‍ക്കൊള്ളാനാകില്ല എന്ന ധ്വനിയാണ് ചിത്രം ജനിപ്പിക്കുന്നത്.

തങ്ങളുടെ സമുദായത്തില്‍പെട്ട പുരുഷന്റെ ബീജത്തില്‍ നിന്നുണ്ടായ കുഞ്ഞായതിനാല്‍ ലയയെ തങ്ങള്‍ ഏറ്റെടുക്കുമെന്ന് മാര്‍ബിള്‍ വ്യാപാരിയായ ജ്യേഷ്ഠനടക്കം സമുദായ-കുടുംബ പ്രതിനിധികള്‍ ഒന്നാകെ ഭീഷണി മുഴക്കുന്നതിലൂടെ നായികയുടെ ഉറക്കവും സ്വൈരവും നഷ്ടമാകുന്നു. ഉറക്കത്തില്‍ അവള്‍ കണ്ട് ഞെട്ടിയെഴുന്നേല്‍ക്കുന്ന ദുസ്വപ്നം ഇപ്രകാരമായിരുന്നു. പര്‍ദയാണെന്നു തോന്നിപ്പിക്കുന്ന കറുത്ത ളോഹയണിഞ്ഞ് മുഖം മൂടിയും ആ മുഖംമൂടി തലക്കു മുകളിലേക്ക് പാറിപ്പറന്നും കുഞ്ഞിനെ ഓടിച്ചിട്ട് പിടിക്കുന്ന കുറെ മുസ്ളിം പുരുഷ'ഭീകര'ന്മാരെയാണ് അവളുടെ സ്വപ്നം ആഖ്യാനം ചെയ്യുന്നത്. ബുര്‍ഖ ധരിച്ച പുരുഷന്‍ വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്ന് 'കണ്ടെത്തി' അയാളെയും സഹയാത്രികനെയും പുണെ-ദില്ലി-കൊല്‍ക്കത്ത വിമാനത്തില്‍നിന്ന് പിടികൂടി എന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസമാണ് നാം വായിച്ചത്(മെയ് 5, 2010, കൊല്‍ക്കത്ത). പര്‍ദ ധരിച്ചത് പുരുഷയാത്രക്കാരനാണെന്ന് കണ്ടതോടെ പറന്നുയര്‍ന്ന സ്പൈസ് ജെറ്റ് വിമാനം കൊല്‍ക്കത്ത എയര്‍ പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. അവരെ സി ഐ എസ് എഫിന് കൈമാറി. കൂടുതല്‍ വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു എന്നാണ് റിപ്പോര്‍ട് അവസാനിപ്പിക്കുന്നതെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ പതിവുപോലെ ഈ വാര്‍ത്തയുടെ തുടര്‍ച്ചകളൊന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സാരി ധരിച്ച്, അല്ലെങ്കില്‍ ചുരിദാര്‍ ധരിച്ച് ഒരു പുരുഷന്‍ നിന്നാലും അയാളെ അറസ്റുചെയ്യാന്‍ വകുപ്പില്ലെന്നിരിക്കെ, പര്‍ദ ധരിച്ചത് പുരുഷനാണെങ്കില്‍തന്നെ അയാളെ ഏതു വകുപ്പോ വകുപ്പുപിരിവോ ഉപയോഗിച്ചാണ് അറസ്റ് ചെയ്യുക എന്നറിയില്ല. പുരുഷന്റെയും സ്ത്രീയുടെയും ഡ്രസ്സ് കോഡ് ഇന്ത്യന്‍ ഭരണഘടനയിലോ ഇന്ത്യന്‍ ശിക്ഷാനിയമത്തിലോ (ഐ പി സി) വ്യവസ്ഥ ചെയ്തിട്ടുണ്ടോ എന്നും നിശ്ചയമില്ല. കളമശേരി ബസ് കത്തിക്കല്‍ എന്ന കേരളം കണ്ട 'ഏറ്റവും വലിയ' ഭീകരാക്രമണത്തിലെ പ്രതി സൂഫിയാ മഅ്ദനിയെ ബുര്‍ഖ ധരിച്ച നിലയിലായിരുന്നു അറസ്റ് ചെയ്തത്. ആ ദിവസങ്ങളില്‍ ടെലിവിഷന്‍ ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും ചാകരയായിരുന്നു. എറണാകുളം സബ് ജയിലിനകത്ത് റിമാന്‍ഡില്‍ പാര്‍പ്പിക്കപ്പെട്ട സൂഫിയ ജയിലിന്റെ മതിലിനകത്ത് പ്രവേശിച്ചതിനു ശേഷമുള്ള ദൃശ്യങ്ങള്‍ അടുത്ത കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ കയറി നിന്നായിരുന്നു ചില ചാനലുകള്‍ ഉദ്വേഗപൂര്‍വം ചിത്രീകരിച്ചിരുന്നത്. പര്‍ദ എന്നത് ഭീകരര്‍ക്ക് ഒളിച്ചിരിക്കാനുള്ള ഒരു വേഷമാണെന്ന ധാരണ പൊതുബോധത്തിനകത്തേക്ക് നിര്‍മിച്ച് കയറ്റിവിടാന്‍ ഈ ദൃശ്യങ്ങള്‍ വ്യാപകമായും തുടര്‍ച്ചയായും ഉപയോഗപ്പെടുത്തപ്പെട്ടു. അതിന്റെ പശ്ചാത്തലത്തിലായിരിക്കണം, കഥ തുടരുന്നുവിലെ പേടിസ്വപ്നത്തെ ഇപ്രകാരം കാലികമായി വിഭാവനം ചെയ്തിരിക്കുന്നത്.

മുസ്ളിം പള്ളിയും പള്ളിപ്പറമ്പില്‍ മൃതദേഹം മറവുചെയ്യാനുള്ള സ്ഥലവും പര്‍ദയെന്നതുപോലെ ഭീകരമായി അനുഭവിപ്പിക്കാനുള്ള പരിശ്രമംകൊണ്ടും 'കഥ തുടരുക'യാണ് മലയാള സിനിമ. ക്വട്ടേഷന്‍ ഗുണ്ടകള്‍ ആളുമാറി വെട്ടിക്കൊലപ്പെടുത്തിയ ഷാനവാസിന്റെ മൃതദേഹം ആശുപത്രിയില്‍നിന്ന് മാര്‍ബിള്‍ വ്യാപാരിയും ധനികനും അതുകൊണ്ടുതന്നെ ചീത്തയാളുമായ ജ്യേഷ്ഠന്റെ നേതൃത്വത്തില്‍ മുസ്ളിം സമുദായം കൈവശപ്പെടുത്തുന്നു. തുര്‍ക്കിത്തൊപ്പി, വട്ടത്താടി തുടങ്ങിയ മലയാള സിനിമക്ക് പ്രിയങ്കരങ്ങളായ ടിപ്പിക്കല്‍ മുസ്ളിം വേഷങ്ങളണിഞ്ഞ നിരവധി പേര്‍ ചേര്‍ന്ന് ശവപ്പെട്ടി തോളത്തേന്തി പള്ളിപ്പറമ്പിലേക്ക് നടക്കുന്ന ദൃശ്യം സൂക്ഷ്മമായി ശ്രദ്ധിക്കുക. ക്യാമറ, ഈ യാത്ര മുകളില്‍ നിന്നാണ് ചിത്രീകരിക്കുന്നത്. മലയാള സിനിമകളില്‍ പതിവായ ടിപ്പിക്കല്‍ വേഷങ്ങളണിഞ്ഞ മുസ്ളിം സമുദായാംഗങ്ങളെ പരിഹാസ്യരായി തോന്നിപ്പിക്കുന്നതിന് ഈ മുകളില്‍നിന്നുള്ള ആംഗിള്‍ പ്രേരകമാകുന്നു. വലിയ പച്ചത്തുണികൊണ്ട് പുതച്ച മൃതദേഹ പേടകം പര്‍ദയെന്നതുപോലെ ഭീകരാശയങ്ങള്‍ക്ക് ഒളിച്ചിരിക്കാനുള്ള ഒന്നായി പരിണമിക്കുന്നു. പുറകില്‍ നിന്നുയരുന്നത് അല്ലാഹു അക്ബര്‍ എന്ന ഉച്ചത്തിലുള്ള മന്ത്രധ്വനികളാണ്. ഇതും പൊതുബോധത്തെ പേടിപ്പിക്കുന്നതിനാണ് ഉപയുക്തമാകുന്നത്. ആ ദൃശ്യത്തിലേക്കാണ്, ഷാനുവിനെ ഒരു നോക്കു കാണാനനുവദിക്കൂ എന്ന രോദനത്തോടെ വിദ്യ ഓടിയെത്തുന്നത്. അവളുടെ അഭ്യര്‍ഥന നിഷ്ക്കരുണം തള്ളിക്കളഞ്ഞുകൊണ്ട് പേടകവാഹകര്‍ നടന്നുനീങ്ങുന്നു. മുമ്പും, തങ്ങള്‍ക്കിഷ്ടമില്ലാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനു ശേഷം മരിച്ചുപോയ മകന്റെ മൃതദേഹം അവള്‍ക്കു കാണാനനുവാദമില്ലാതെ (മകള്‍ മരിക്കുമ്പോള്‍ ഭര്‍ത്താവ്/കാമുകനെ കാണാനനുവദിക്കാതെയും) കാര്‍ക്കശ്യം പ്രകടിപ്പിക്കുന്ന മാതാപിതാക്കളെ മലയാള സിനിമയില്‍ നാം കണ്ടുമുട്ടിയിട്ടുണ്ട്. എന്നാല്‍, ഇവിടെ കഥ വ്യത്യസ്തമാണ്. അത്തരത്തിലുള്ള പരമ്പരാഗത പ്രണയവിരോധികള്‍ മുസ്ളിങ്ങള്‍ കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമാകുന്നു എന്നാണ് ചിത്രം ധ്വനിപ്പിക്കുന്നതും വ്യാഖ്യാനിക്കുന്നതും.

മുന്‍ സിനിമകളില്‍ നാം കണ്ടതോ കണ്ടു മടുത്തതോ ആയ കഥാ സന്ദര്‍ഭങ്ങള്‍പോലും ഇത്തരത്തില്‍ പൊതുസമാധാനത്തിനുമേല്‍ മുസ്ളിം ആക്രമണം എന്ന മഹാഖ്യാനത്തിലേക്ക് പരിണമിപ്പിക്കുമ്പോള്‍ പുതുമയുള്ളതാവുന്നു എന്നാണ് സംവിധായകന്റെ നാട്യം. നായികയെ പഠനത്തിന് സഹായിക്കുന്ന ഓട്ടോറിക്ഷക്കാരനായ പ്രേമിന്റെ കഥാപാത്രത്തിന് ഓടയില്‍ നിന്നിലെ പപ്പുവിന്റെ ഗതിയാണുണ്ടാവുക എന്ന് മറ്റൊരു ഡ്രൈവര്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. കൈയില്‍ ചരടും നെറ്റിയില്‍ കുറിയും കൈനോട്ടവും നാഡീജ്യോതിഷവും പക്ഷിയുടെ ഫലം പറച്ചിലും എല്ലാമായി കുശാലായ ഈ ഹിന്ദു(പൊതുമലയാളി) കഥാപാത്രത്തിന് അത്തരമൊരു ദുര്‍ഗതി വരുത്തില്ല എന്ന് സംവിധായകന്‍ ഉറപ്പുനല്‍കുന്ന ശുഭാന്ത്യമാണ് കഥ തുടരുന്നു എന്നെഴുതിക്കാണിച്ച് നമ്മെ സന്തോഷിപ്പിക്കുന്നത്. മലയാള സിനിമയുടെ മറ്റൊരു റഫറന്‍സും ഈ ചിത്രത്തിലുണ്ട്. ആളൊന്നുക്ക് 250 രൂപയും ഒരു ബിരിയാണിയും ഒരു കുപ്പി മിനറല്‍ വാട്ടറും നല്‍കി രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ പ്രകടനങ്ങള്‍ക്ക് ആളെക്കൂട്ടുന്ന മാമുക്കോയയുടെ കഥാപാത്രം, ബോറടിച്ചിരിക്കുന്ന പ്രകടനത്തൊഴിലാളികള്‍ക്കു മുമ്പില്‍ വെക്കുന്ന വാഗ്ദാനം നോക്കുക. രണ്ടര മണിക്കൂര്‍ എസിയിലിരിക്കാം, ഇന്റര്‍വെല്ലിന് ഒരു ചായയും സമൂസയും, ഹോള്‍ഡ് ഓവറാവാനിരിക്കുന്ന പുതിയ മലയാള റിലീസ് സിനിമയുടെ ഫസ്റ് ഷോ കാണുക എന്ന സാഹസം മാത്രം ചെയ്താല്‍ മതി. എന്നാല്‍ 250 രൂപയും ബിരിയാണിയും മിനറല്‍ വാട്ടറുമില്ലെങ്കില്‍ തങ്ങളില്ല എന്ന് തൊഴിലാളികള്‍ പറയുന്നതോടെ, എങ്കില്‍ മലയാള സിനിമയുടെ ഗതി അധോഗതി തന്നെ എന്ന് മാമുക്കോയ വ്യാകുലപ്പെടുന്നു. ആവര്‍ത്തിക്കപ്പെടുന്ന ഇതിവൃത്ത/ആഖ്യാനങ്ങളിലൂടെ തകര്‍ന്നുപോകുന്ന മലയാള സിനിമയുടെ ഒരു റിക്കവറി കൂടിയാണ് താന്‍ നടത്തുന്നത് എന്നാണ് ഈ കഥാവളവിലൂടെ സംവിധായകന്‍ മേനിനടിക്കുന്നത്.

കേരളീയ മുസ്ളിം ജീവിതത്തിന്റെയും സമൂഹത്തിന്റെയും ചരിത്ര-വര്‍ത്തമാനങ്ങളെക്കുറിച്ച് നിശ്ചയമില്ലാതിരിക്കുകയും തെറ്റിദ്ധാരണകള്‍ വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന പൊതുബോധ മലയാളിയുടെ പാകപ്പെട്ട പ്രതിനിധിയായിട്ടാണ് സത്യന്‍ അന്തിക്കാട് വര്‍ഷത്തിലൊന്നെന്ന വണ്ണം സിനിമകള്‍ സങ്കല്‍പിച്ചും വിഭാവനം ചെയ്തും നിര്‍വഹിച്ചും മലയാളിയെ രസിപ്പിച്ചുപോരുന്നത്. മുസ്ളിമിനെ കോമാളിയാക്കിക്കൊണ്ടും, എതിര്‍ത്തുകൊണ്ടും പൈശാചികവത്ക്കരിക്കുക എന്ന അധിനിവേശ തന്ത്രത്തിന്റെ നിദര്‍ശനമാണ് ഈ പ്രതിനിധാനങ്ങള്‍ എന്നതുറപ്പ്. കഥകള്‍ വംശഹത്യയിലേക്ക് നീളുന്ന മഹാ വര്‍ത്തമാനമായി കേരളം മാറുകയും ചെയ്തേക്കാം.
*
ജി പി രാമചന്ദ്രന്‍, ദേശാഭിമാനി