ഒരു ചെറിയ പുസ്തകമാണ് പ്രൊഫ. വി സുകുമാരന്റെ 'മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രംനവ സിദ്ധാന്തങ്ങള്‍!' പതിനാലധ്യായങ്ങള്‍-പക്ഷേ എല്ലാംകൂടി എണ്‍പതു പുറം വരുന്നില്ല. ബ്രെഹ്ത്, ഗ്രാംഷി, ഫ്രെഡറിക് ജെയിംസണ്‍, റെയ്‌മണ്ട് വില്യംസ്, ഫ്രാങ്ക്ഫര്‍ട് ബുദ്ധിജീവികള്‍ (ഹോര്‍കൈമര്‍, അഡോര്‍നോ, വാള്‍ടര്‍ ബെഞ്ചമിന്‍, ഹെര്‍ബര്‍ട് മാര്‍ക്യൂസ്), ട്രോട്സ്‌കി, ഗയൊക് ല്യൂക്കാച്ച്, ലൂയി അള്‍ത്തൂസര്‍, ടെറി ഈഗിള്‍ടണ്‍, ല്യൂഷന്‍ ഗോൾഡ്‌മന്‍, ല്യോത്യാദ്, പിയെ മാഷ്റെ, മിഷേല്‍ ഫൂക്കോ, നീത്ഷേ, എഡ്വേഡ് സെയ്‌ദ്, ഗായത്രി ചക്രവര്‍ത്തി സ്പിവാക് തുടങ്ങിയ മാര്‍ക്സിസ്റ്റുകാരും അല്ലാത്തവരുമായ സൈദ്ധാന്തികരുടെ നിലപാടുകള്‍ പരിചയപ്പെടുത്തുക എന്നതാണ് ഇവിടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. മാര്‍ക്സിസ്റ്റുകാരല്ലാത്തവരുടെ നിലപാടുകളോട് മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രം എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് വ്യക്തമാക്കാനാണ് നീത്ഷേ, ല്യോത്യാദ്, ഫൂക്കോ മുതലായവരെ ഇതില്‍ കൊണ്ടുവരുന്നത്. രണ്ടുവിധത്തിലുള്ള സിദ്ധാന്തപംക്തികളിലും പ്രൊഫ. സുകുമാരന് നല്ല പിടിയുണ്ട്. അദ്ദേഹം മലയാളത്തിലെ ചില എഴുത്തുകാരെ മുന്‍നിര്‍ത്തി നടത്തുന്ന ഒരു വിമര്‍ശനം നോക്കിയാലും ഇക്കാര്യം അറിയാന്‍ കഴിയും.
ഉത്തരാധുനികതയെപ്പറ്റിയുള്ള "മാര്‍ക്സിസം, പോസ്റ്റ് മോഡേണിസം'' എന്ന പതിമൂന്നാമധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്: "കാലംചെയ്ത ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരഘട്ടത്തില്‍ പൊങ്ങിവന്ന ഒരു പ്രതിഭാസമാണ് പോസ്റ്റ് മോഡേണിസം. നമ്മുടെ നാട്ടില്‍ അതിന്റെ നാവേറുപാടുന്ന പല പുള്ളുവന്മാര്‍ക്കും സംഗതിയെന്താണെന്ന് വലിയ നിശ്ചയമില്ല. അഞ്ജനമെന്നത് ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും എന്ന് പണ്ടാരോ പറഞ്ഞില്ലേ? അതുതന്നെ സ്ഥിതി.'' ഇതിന്റെ അര്‍ഥം താന്‍ ഈ കൂട്ടത്തിലല്ല എന്നാണല്ലോ. അത് ശരിയുമാണ്. അതിനാല്‍ വിശദമായ വിവരണത്തിനും അപഗ്രഥനത്തിനും സ്ഥലമെടുക്കാതിരിക്കുമ്പോഴും മര്‍മത്തില്‍ തൊടാനും സ്വാഭിപ്രയം, കേരളത്തിന്റെ സൈദ്ധാന്തിക സര്‍ഗാത്മകാന്തരീക്ഷംകൂടി മനസ്സില്‍ വച്ചുകൊണ്ട് തുറന്നുപറയാനും പ്രൊഫ. സുകുമാരന് കഴിയുന്നു.
ഈ പുസ്തകം അവതരിപ്പിക്കുന്ന പല സൈദ്ധാന്തികരും രവീന്ദ്രന്‍ എഡിറ്റ് ചെയ്ത 'കലാവിമര്‍ശം മാര്‍ക്സിസ്റ്റ് മാനദണ്ഡ'ത്തില്‍ (1983) വന്നിട്ടുണ്ട്. ഈ സമാഹാരത്തില്‍ പി ഗോവിന്ദപ്പിള്ളയെഴുതിയ നീണ്ട പഠനം എടുത്തുപറയണം. പി ജിയുടെ 'മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്‌ത്രം: ഉത്ഭവവും വളര്‍ച്ചയും' എന്ന പുസ്തകത്തിലും ഇവരില്‍ മിക്കവരെയും സന്ധിക്കാം. സച്ചിദാനന്ദനും ടി കെ രാമചന്ദ്രനും പി പി രവീന്ദ്രനും സി ബി സുധാകരനും മറ്റും എഴുതിയ പല പഠനലേഖനങ്ങളിലും ഇവര്‍ വന്നിട്ടുണ്ട്. ചിലരെപ്പറ്റി - ബ്രെഹ്ത്, ഗ്രാംഷി, അല്‍തൂസര്‍, ഫുക്കോ, നീത്ഷെ - ഒറ്റയൊറ്റ പുസ്തകങ്ങള്‍ തന്നെ വന്നിരിക്കുന്നു. എങ്കിലും ഇങ്ങനെയൊരു പുസ്തകം പ്രസക്തമാണ്. എന്തെന്നാല്‍, മാര്‍ക്സിസത്തിന്റെ പ്രസക്തിയെക്കുറിച്ച് ആഗോളതലത്തില്‍ത്തന്നെ സംശയമുണ്ടാക്കാന്‍ മാത്രമല്ല, മാര്‍ക്സിസം പരാജയപ്പെട്ടുവെന്ന് തിട്ടമായി പറയാനും പുതുമുതലാളിത്തം തിടുക്കം കാട്ടുന്ന സന്ദര്‍ഭമാണിത്.
സംസ്കാരത്തിന്റെ മണ്ഡലത്തെ കേവല വിനോദത്തിന്റെയും പ്രച്ഛന്ന വാണിജ്യത്തിന്റെയും ഇടമായി പുനര്‍നിര്‍വചിച്ച് അതിന്റെ വിമോചനമൂല്യത്തെ ദുര്‍ബലപ്പെടുത്താനും തുടര്‍ച്ചയായ ശ്രമം നടക്കുന്നു- വലിയൊരളവില്‍ ഈ ശ്രമം വിജയിക്കുന്നുമുണ്ട്. മാര്‍ക്സിസത്തെ പ്രയോഗത്തില്‍നിന്നകറ്റി ശുദ്ധപണ്ഡിതന്മാര്‍ക്ക് സാഹ്ളാദം ഇടപെടാവുന്ന 'മറ്റൊരു' (another) ദര്‍ശന പദ്ധതി മാത്രമായി - മാര്‍ക്സോളജി (Marxology)യായി - കാണിക്കാനുള്ള ശ്രമവും മുറയ്ക്ക് നടക്കുന്നു. വര്‍ഗസമരം തീക്ഷ്ണമാവുകയും ചൂഷണത്തിന്റെ സൂക്ഷ്മ-സ്ഥൂല പ്രവര്‍ത്തനങ്ങള്‍ ശക്തമാവുകയും ചെയ്യുന്ന കാര്യം മാത്രം മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചുവയ്ക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രത്തിന്റെ പുതിയ വഴികളെപ്പറ്റി ഒരു പുസ്തകം കൂടിയുണ്ടാവുന്നതിനെ സ്വാഗതം ചെയ്യാതെ തരമില്ല.
മാര്‍ക്സിസം ഒരു തുറന്ന ആശയപദ്ധതിയാണെന്ന സമീപനമാണ് ഈ പുസ്തകം സാമാന്യമായി മുന്നോട്ടുവയ്ക്കുന്നത്. പ്രായോഗികമായ വര്‍ഗസമരം, വൈരുധ്യാത്മക ഭൌതികവാദം, ചരിത്രപരത എന്നിവയിലുള്ള വിശ്വാസമാണ് ലോകമെങ്ങുമുള്ള മാര്‍ക്സിയന്‍ ദാര്‍ശനികരെ ഒന്നിപ്പിക്കുന്നത്. അതിനപ്പുറം താന്താങ്ങളുടെ ദേശ-കാലസ്ഥിതികളോട് പ്രതികരിച്ചുകൊണ്ട്, അല്ലെങ്കില്‍ ദേശകാലങ്ങളെ തങ്ങള്‍ മനസ്സിലാക്കുന്നതിന്റെ സ്വഭാവമനുസരിച്ച് വിമോചനത്തിന്റെ സ്വപ്നം മുന്‍നിര്‍ത്തി വിവരണ- വിശദീകരണ- വിശകലന യത്നങ്ങളില്‍ മുഴുകുകയാണ് അവര്‍ എന്നാണ് ഈ പുസ്തകത്തിലൂടെ വായനക്കാര്‍ അറിയുന്നത്. ഇത്തരം പുസ്തകങ്ങള്‍, ഇപ്പറഞ്ഞ പലമയുടെ സാന്നിധ്യത്തെ സാവേശം അംഗീകരിച്ചുകൊണ്ട് ഈ സിദ്ധാന്തങ്ങള്‍ പൊതുവായി പങ്കുവയ്ക്കുന്ന രാഷ്‌ട്രീയത്തെ വിളംബരം ചെയ്യുകയാണ്.
മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രം ഒരു നിലയിലും ഒരു ന്യൂനീകരണ നീക്കമല്ല -അത് ചലനാത്മകമാണ് എന്ന് യുക്തിപൂര്‍വം വെളിവാക്കാന്‍ ഈ പുസ്തകത്തിന് കഴിയുന്നു. കേരളത്തെ സംബന്ധിച്ചേടത്തോളം ഇങ്ങനെയൊരു സമാഹാരത്തിന്റെ പ്രാധാന്യം ഇതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചചെയ്യേണ്ടത്. റിലയിസത്തെ ശുദ്ധവര്‍ഗ മാതൃകകളുടെ പോര്‍ക്കളമായി സങ്കല്‍പ്പിക്കുകവഴി, സാഹിത്യപ്രകാശനത്തിന്റെ മറ്റ് സാധ്യതകളില്‍നിന്ന് മുഖം തിരിക്കുക മാത്രമല്ല, റിയലിസത്തിന്റെതന്നെ ഉയര്‍ന്ന രൂപങ്ങളില്‍ ശ്രദ്ധപതിപ്പിക്കാതിരിക്കുകയും ചെയ്തു എന്നൊരു അവസ്ഥ, ആരുടെയും ബോധപൂര്‍വമായ പ്രവര്‍ത്തനം കൊണ്ടല്ലെങ്കിലും, ഇവിടെ ഉണ്ടായിപ്പോയിട്ടുണ്ട്. നമ്മുടെ നാട്ടുവഴക്കങ്ങളിലും ക്ളാസിക്കല്‍ പാരമ്പര്യത്തിലും പൊതുവായുള്ള റിയലിസ്റ്റേതര ആഖ്യാനത്തുറകള്‍ കാലോചിതമല്ലെന്ന ധാരണ ഇങ്ങനെ ഇവിടെ പരക്കുകയുണ്ടായി. സോവിയറ്റ് യൂണിയന്റെ ഇതു സംബന്ധിച്ച ഔദ്യോഗിക നിലപാടിനെ ഒറ്റ ശരിയായി കണ്ട്, സ്വീകരിച്ചതില്‍നിന്നുണ്ടായ തെറ്റാണിത്.
റിയാലിറ്റിയെ അവതരിപ്പിക്കുന്നതെന്തും റിയലിസമായി കാണണമെന്ന കേസരി എ ബാലകൃഷ്ണപിള്ളയുടെ തിളങ്ങുന്ന പ്രസ്താവം ഇവിടെ വിലമതിക്കപ്പെട്ടില്ല. 'രാഷ്‌ട്രീയാധുനികത' എന്ന് സച്ചിദാനന്ദന്‍ പേരിടുന്ന നവയാനങ്ങളെയെല്ലാം ഏതാണ്ട് സംശയത്തോടെയാണ് വീക്ഷിച്ചത്. അതിനാല്‍ റിയലിസ്റ്റേതര സോഷ്യലിസ്റ്റ് കലയുടെ പല മഹാരൂപങ്ങളെയും ബ്രെഹ്തിനെ, പികാസോയെ...-കേരളത്തിലവതരിപ്പിച്ചത് മാര്‍ക്സിസ്റ്റുകാരല്ല, ആശയവാദാധുനികതയുടെ ആശാന്മാരാണ് എന്ന ദുരന്തം സംഭവിച്ചു. ഇത് വായനയുടെ അനുഭവത്തിലും സ്വാധീനം ചെലുത്തി. സോഷ്യലിസ്റ്റ് റിയലിസത്തിന്റെ പ്രാഥമിക രൂപങ്ങളില്‍ മാത്രമാണ് ഏറെ വായനക്കാരും പരിചയം നേടിയത്. ആഖ്യാനത്തിന്റെ മറ്റു സാധ്യതകള്‍ അവതരിപ്പിക്കപ്പെട്ടാല്‍ അത് ദുരൂഹമാവുന്നു എന്ന പരാതി ഉയരുന്നത് പതിവായി. അങ്ങനെ നിരാശ ബാധിച്ച പലരും ഒന്നുകില്‍ വായനയില്‍നിന്ന് പതുക്കെപ്പതുക്കെ പിന്‍വാങ്ങി-അല്ലെങ്കില്‍ ഈ തക്കം മുതലാക്കാന്‍ തങ്ങളെ തേടിയെത്തിയ ജനപ്രിയ പൈങ്കിളികള്‍ക്ക് കൂടൊരുക്കി. പുതിയ കലയുടെ ആവേശകരമായ പലമയില്‍നിന്ന് വലിയൊരു വിഭാഗം വായനക്കാര്‍ കൂട്ടത്തോടെ മാറ്റിപ്പാര്‍പ്പിക്കപ്പെട്ടു. സാഹിത്യാനുഭവം വഴി വികസിക്കേണ്ട ലോകബോധത്തിന്റെയും സമരബോധത്തിന്റെയും വളര്‍ച്ച തടസ്സം നേരിട്ടു. സമൂഹത്തിന്റെ പൊതുമാധ്യമമായി, സാക്ഷരതയുടെ വര്‍ധനവിനൊത്ത്, സാഹിത്യം മാറണമെന്ന നവോത്ഥാനവേളയിലെ വലിയ സ്വപ്നം വിണ്ടുകീറി; സാഹിത്യം ഫിസിക്സും കെമിസ്ട്രിയുംപോലെ ന്യൂനപക്ഷത്തിന്റെ പ്രവര്‍ത്തനയിടമാവുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. ഇതിലുള്ള ക്രിയാത്മകമായ പ്രതിഷേധമാണ് പ്രൊഫ. സുകുമാരന്റെ പുസ്തകത്തിന്റെ ആധാരശ്രുതി.
"റിയലിസം വര്‍ഗപരമായ താല്‍പ്പര്യങ്ങളെയും അനുഭവങ്ങളെയും അതിശയിക്കുന്നുവെന്ന് എംഗല്‍സ് വാദിച്ചു'' എന്ന് അല്‍ത്തൂസറെക്കുറിച്ചുള്ള അധ്യായത്തില്‍ വായിക്കാം. വെട്ടിച്ചുരുക്കലിനെതിരായ സമരമാണ് കല എന്ന, യഥാര്‍ഥ വൈരുധ്യങ്ങളുടെ നാടകീയ പാഠമാണത് എന്ന, സമീപനത്തിന്റെ പ്രചാരണം ഇത്തരം സന്ദര്‍ഭങ്ങള്‍ വിന്യസിക്കുന്നതിലൂടെ ഈ പുസ്തകത്തില്‍ ഫലപ്രദമായി നടക്കുന്നുണ്ട്. "... ചില ആശയങ്ങള്‍, മൂല്യങ്ങള്‍, വികാരങ്ങള്‍ (എന്നിവ) സാഹിത്യത്തില്‍ കൂടി മാത്രമേ നമുക്ക് ലഭ്യമാകൂ'' എന്ന ഈഗിള്‍ടണിന്റെ സുപ്രധാനമായ വാക്യം ഇതില്‍ ഉദ്ധരിക്കുന്നുമുണ്ട്. സാഹിത്യത്തെ വര്‍ഗസമരത്തില്‍ രണ്ടാം നിരയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെയെന്നപോലെ യാന്ത്രികമായ പ്രതിഫലനസിദ്ധാന്തത്തിനുമെതിരെയുള്ള ചുവടുവയ്പ്പായി ഇതിനെ കാണണം.
പ്രൊഫ. സുകുമാരന്റെ പുസ്തകം സാകല്യേന മുന്നോട്ടുവെക്കുന്ന മറ്റൊരു പ്രതീതി സംവാദത്തിന്റേതാണ്. മാര്‍ക്സിയന്‍ സൈദ്ധാന്തികര്‍ ആദരണീയരായിത്തീരുന്നത്, അവര്‍ പല കാര്യങ്ങളിലും സ്വാഭിപ്രായങ്ങളുടെ കരുത്ത് തെളിയിച്ചതുകൊണ്ടാണെന്ന് ഇവിടെ സൂചിപ്പിക്കുന്നുണ്ട്. ഒരു തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല, ഇടമുറിയാത്ത അന്വേഷണങ്ങളുടെ ഊര്‍ജത്തിലാണ് അവര്‍ പ്രവര്‍ത്തിച്ചത്. മുന്‍വിധികളില്ലാത്ത, ധൈഷണിക സ്വാതന്ത്ര്യത്തിന്റേതായ ഈ സമീപനം പ്രൊഫ. സുകുമാരനും സഗൌരവം കൈയേല്‍ക്കുന്നുണ്ട്. "പോസ്റ്റ് മോഡേണിസത്തോടുള്ള അദ്ദേഹത്തിന്റെ സമീപനത്തില്‍ മാര്‍ദവം കൂടിപ്പോയില്ലേ എന്ന സംശയത്തിന് തീര്‍ച്ചയായും അടിസ്ഥാനമുണ്ട്'' (ഫ്രെഡറിക് ജെയിംസണിനെപ്പറ്റി), "അദ്ദേഹത്തിന്റെ വാദങ്ങളില്‍ ചിലത് വിവാദപരവും വിമര്‍ശനം ക്ഷണിച്ചുവരുത്തുന്നതുമാണെങ്കിലും ഈ ജര്‍മന്‍ചിന്തകന്റെ ബുദ്ധിപരമായ സത്യസന്ധത, പ്രത്യയശാസ്‌ത്ര പ്രതിബദ്ധത, ചോദ്യം ചെയ്യപ്പെടുന്നില്ല'' (വാള്‍ടര്‍ ബെഞ്ചമിനെപ്പറ്റി), "ഒരു റിവിഷണിസ്റ്റ് മാര്‍ക്സിസമാണ് ഈ സൈദ്ധാന്തികന്‍ പ്രത്യയശാസ്ത്രപരമായ ആലോചനകളിലൂടെ അവതരിപ്പിക്കുന്നത് എന്ന വിമര്‍ശനം അടിസ്ഥാനരഹിതമല്ല'' (അല്‍ത്തൂസറിനെപ്പറ്റി) തുടങ്ങിയ 'കമന്‍ഡുകള്‍' ഇതിന്റെ സൂചനകളാണ്. വിമര്‍ശനരഹിതമായി ഒന്നിനെയും അംഗീകരിക്കരുത് എന്ന, വൈരുധ്യാത്മകതയുടെ സംസ്‌ക്കാരത്തിന്റെ നിര്‍വഹണമാണ് ഇത്തരം വിയോജനവാക്യങ്ങളില്‍ തെളിയുന്നത്.
ഇന്ത്യയില്‍നിന്നുള്ള ആരും ഈ പുസ്തകത്തില്‍ വന്നിട്ടില്ല. ഗായത്രി ചക്രവര്‍ത്തി സ്പിവാക്കിനെക്കുറിച്ച് പറയുന്നുണ്ട്- അവര്‍ കൊല്‍ക്കത്തക്കാരിയാണെങ്കിലും മഹാശ്വേതാദേവിയുടെ ചെറുകഥയെപ്പറ്റി എഴുതിയിട്ടുണ്ടെങ്കിലും വിദേശത്താണ് താമസം. കമ്യൂണിസ്റ്റ് കക്ഷികള്‍ ഇന്ന് ഭരണത്തിലുള്ള ചൈന, ക്യൂബ, വിയത്‌നാം എന്നിവിടങ്ങളില്‍ നിന്നും മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രത്തിന്റെ തെഴുപ്പുകള്‍ ഉണ്ടാകുന്നതായി ഗ്രന്ഥകാരന് നിരീക്ഷിക്കാനാവുന്നില്ല. ഇത് വ്യക്തിപരമായ പരിമിതികൊണ്ടാണെന്ന് പറയാന്‍ പറ്റില്ല. അമേരിക്ക, ഇംഗ്ളണ്ട് തുടങ്ങിയ മുതലാളിത്തരാജ്യങ്ങളില്‍നിന്ന് വരുന്നയളവില്‍ സൌന്ദര്യശാസ്‌ത്ര ചര്‍ച്ചകള്‍ ഇന്നാടുകളില്‍ നടക്കുന്നില്ലേ? ഭരണകൂടത്തിന്റെ സ്വഭാവം ഇതിന് കാരണമാണോ? ഇത്തരം ചോദ്യങ്ങള്‍ ഈ പുസ്തകം സ്വയമറിയാതെ ഉണര്‍ത്തുന്നുണ്ട്. ഒപ്പം ഇ എം എസ്സിന്റെയും മറ്റും സാഹിത്യസംഭാവനകളെ സൂക്ഷ്‌മവിശകലനം ചെയ്‌ത് അതില്‍ ഈ പുസ്‌തകത്തില്‍ പറയുന്നവരുടെ നിലവാരത്തിലും ഗൌരവത്തിലും ഉള്ള മൌലിക പ്രാധാന്യമുള്ള കാര്യങ്ങള്‍ -ജാതീയതയുടെ മാധ്യസ്ഥ്യമുള്ള ഒരു നാട്ടിലെ സാഹിത്യത്തെക്കുറിച്ചുള്ള ഭൌതികവാദ വിചാരങ്ങള്‍പോലുള്ളവ - ഇല്ലേ എന്ന അന്വേഷണം നടക്കാത്തതിന്റെ സങ്കടവും ഈ പുസ്തകം ചില വായനക്കാരിലെങ്കിലും ഉണ്ടാക്കുന്നുണ്ട്.
ടോം ബോട്ടോ മോറിന്റെ പ്രശസ്തമായ നിഘണ്ടുവില്‍- A Dictionary of Marxist Thought 'ഹിന്ദുയിസം' എന്ന ശീര്‍ഷകം വിശദീകരിക്കപ്പെടുമ്പോള്‍ കേരളമടക്കമുള്ള തെക്കേയിന്ത്യ ബ്രാഹ്മിണിസത്തെ സ്വീകരിച്ചതിന്റെ വ്യത്യസ്ത രീതിയെക്കുറിച്ച് ഇ എം എസ് പറയുന്നത് ചുരുക്കിച്ചേര്‍ക്കുന്നുണ്ട്. (വി ജി കിയര്‍നെനാണ് ഈ കുറിപ്പെഴുതിയത്) 'This region adopted Brahmanism, but preserved various features of its own old social practices, and unlike northern India, was moving during the middle ages towards a feudal species of private ownership of the land. In the course of this transition an extensive polemical literature was thrown up in support of the dominant class and its religious ideology; one objective was the eliminaiotn of Budhism ' എന്നാണീ കുറിപ്പ്. ഭൂബന്ധങ്ങളുടെ ചരിത്രത്തെ സാഹിത്യവായനക്കായും മറിച്ചും പ്രയോജനപ്പെടുത്തുകയും അങ്ങനെ സാഹിത്യാപഗ്രഥനത്തിന് ഇരട്ടയുദ്ധയോഗം സാധ്യമാക്കുകയും അതുവഴി സാഹിത്യഭാവുകത്വത്തെയെന്നപോലെ പരമ്പരാഗതമായ ആധിപത്യരൂപങ്ങള്‍ക്കെതിരെയുള്ള വര്‍ഗസമരത്തെയും ത്വരിപ്പിക്കുകയും ചെയ്ത പാരായണങ്ങളായി ഇ എം എസ്സിന്റെ കണ്ടെത്തലുകളെ അവതരിപ്പിച്ചുകൂടെ? ഗുണനിലവാരത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് പണ്ഡിതന്മാരുടെ തന്നെ സങ്കല്‍പ്പം മെച്ചപ്പെടേണ്ടതുണ്ടെന്നുറപ്പാണ്. ഇ എം എസ്സിനെപ്പോലെയൊരാള്‍ക്കായി പ്രൊഫ. സുകുമാരന്റേതുപോലുള്ള ഒരു പുസ്തകത്തില്‍ ഒരാഖ്യാനം സാധ്യമാക്കാനാവാത്തത് സര്‍വകലാശാലാ വൃത്തങ്ങളിലെ വരേണ്യതയെ ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ യാഥാര്‍ഥ്യത്തിന് കീഴ്പ്പെടുത്തിക്കാണാനുള്ള സന്നദ്ധതക്കുറവുകൊണ്ടാകാം എന്നും തോന്നുന്നു.
മറ്റൊരു കാര്യം പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ഈ പുസ്തകം ഒരു പ്രവേശകം എന്ന നിലയിലാണ് തയാര്‍ ചെയ്തിരിക്കുന്നത്. വിശാലമായ വായനയിലേക്ക് പ്രചോദിപ്പിക്കുന്ന ഒരു പുസ്തകം ലളിതമായിരിക്കണമെന്ന് പ്രൊഫ. സുകുമാരന് നന്നായറിയാം. അതേ സമയം അത് ബാലിശമായ സരളതയാവരുതുതാനും. രണ്ടും നേടാന്‍ നല്ല സന്തുലനശേഷി വേണം. അത് ഗ്രന്ഥകാരനുണ്ട്. ഇംഗ്ളീഷ് പുസ്തകങ്ങളില്‍ കാണുന്ന വാക്യങ്ങളെയപ്പടി, മലയാളത്തിന്റെ മട്ടുനോക്കാതെ, ബലം പിടിച്ച് വിവര്‍ത്തനം ചെയ്യുന്നതിലെ വൈരസ്യം ഒഴിവാക്കിയിരിക്കുന്നു. പകരം അവ സ്വാംശീകരിച്ച് സ്വന്തം നിലയില്‍ അവതരിപ്പിക്കാനാണ് ശ്രമം. അതുകാരണം ഈ പുസ്തകം വായനക്കാരോട് പെട്ടെന്നടുക്കും.
ഇത് ഒരു വിജ്ഞാനകോശം കൂടിയാണ്. ഓരോ അധ്യായത്തിലും നിരവധി എഴുത്തുകാരെക്കുറിച്ച് പറയുന്നുണ്ട്. ഓരോരുത്തരുടെയും പേര് ആദ്യം വരുമ്പോള്‍ത്തന്നെ വലയങ്ങള്‍ക്കുള്ളില്‍ ചെറിയൊരു പരിചയക്കുറിപ്പ് നല്‍കിയിരിക്കുന്നു. ഇംഗ്ളീഷ് പദങ്ങള്‍ അങ്ങനെത്തന്നെ നല്‍കുന്നരീതിയാണ് പൊതുവേ സ്വീകരിച്ചിരിക്കുന്നത്. വേണ്ടപ്പോള്‍ അവയ്ക്ക് കഴിവതും കണിശമായ, തെറ്റിദ്ധാരണ പരത്താത്ത തര്‍ജമയും നല്‍കുന്നുണ്ട്. അനൌപചാരികമാണ്, നാടന്‍മട്ടിലുള്ളതാണ്, പ്രകടനപരമല്ലാത്തതാണ് എഴുത്ത്. ഫെമിനിസത്തെക്കുറിച്ചുള്ള അധ്യായം തുടങ്ങുന്നതിങ്ങനെ: "ആദിസമൂഹങ്ങളില്‍ അമ്മവാഴ്ചയായിരുന്നു. ഇക്കാര്യം എംഗല്‍സ് വിശദമായി വ്യാഖ്യാനിച്ചിട്ടുണ്ട്. പിന്നീട് തറവാടിന്റെ താക്കോല്‍ക്കൂട്ടം കാളിയമ്മയുടെ കൈയില്‍നിന്നും കോന്തുണ്ണ്യാര് സൂത്രത്തില്‍ കരസ്ഥമാക്കുകയാണുണ്ടായത്.'' പണ്ഡിതന്റെ സഹൃദയത്വത്തിന് നല്ല തെളിവ്. ഒരു വിമര്‍ശനമുള്ളത് സ്വാധീനം എന്നയര്‍ഥത്തില്‍ ആഘാതം ന്ന് പറയുന്നതിലാണ്. ചിലേടത്തൊക്കെ ഇങ്ങനെയുണ്ട്- "ല്യൂക്കാച്ചിന്റെ ആഘാതം അതിശക്തമായിരുന്നു'' എന്നൊക്കെ.
****
ഇ പി രാജഗോപാലന്‍
കടപ്പാട്: വര്‍ക്കേഴ്സ് ഫോറം
Showing posts with label പുസ്‌തക നിരൂപണം. Show all posts
Showing posts with label പുസ്‌തക നിരൂപണം. Show all posts
11 May, 2010
18 June, 2009
ഒരു വാള്‍ തരിക, ഓടക്കുഴലും കിരീടവും തിരിച്ചെടുക്കുക
ഒരു വാള്‍ തരിക, ഓടക്കുഴലും കിരീടവും തിരിച്ചെടുക്കുക
പരേതനായ കവി പി. ഉദയഭാനുവിനെപ്പറ്റികുങ്കുമവര്ണം തീയ്‌ക്ക് പകരം നില്‍ക്കുന്നു;
അവസാനം നമ്മളെയെല്ലാം തിന്നൊടുക്കുന്ന തീയ്‌ക്ക് പകരം,
നമ്മള്‍ സ്വപ്‌നം കാണുന്ന ഒരിക്കലും കാണുകയില്ലാത്ത,
പരിശുദ്ധിക്ക് പകരം വെളുപ്പ് നില്‍ക്കുന്നു.
പാവങ്ങള്‍ക്കുകൂടി ഒരിടം കണ്ടെത്താവുന്ന
സ്വര്‍ഗത്തിലെ പുല്‍മേടുകള്‍ക്കുപകരമായി പച്ച നിലകൊള്ളുന്നു.
നടുവിലെ ചലനമറ്റ ചക്രം നിലകൊള്ളുന്നത്
മനുഷ്യ ഹസ്‌തങ്ങളാല്‍ തടവിലാക്കപ്പെട്ട,
കാലത്തിന് പകരമല്ലാതെന്തിനാണ്? ....
പാവം പതാക,
പ്രിയപ്പെട്ട പതാക,
ആകാശങ്ങളെ ഉപേക്ഷിച്ച് ഊര്‍ന്നു വീണ്
നിന്റെ നാണക്കേടുകള്‍
ഈ മണ്ണില്‍ ഒളിപ്പിക്കാന്‍
അവിടെ കിടന്ന് ചീഞ്ഞളിയാന്‍,
സമയമായിരിക്കുന്നു.
വിശപ്പുകൊണ്ടു കുഴിച്ചുമൂടപ്പെട്ട
ആ കുഞ്ഞുങ്ങളെപ്പോലെ ചീഞ്ഞളിയാന്‍....
(ദേശീയ പതാക- കമലാദാസ്)
"ഇക്കവിത നീ തന്നെ എഴുതിയല്ലേ ഭാനു, മാധവിക്കുട്ടിയുടെപേരില്‍. സത്യം പറയ്, ഈ കവിത നിന്റെതല്ലേ?'' -
വടകരക്കും മാഹിക്കുമിടയിലെ ഏതോ ഒരു വീട്ടില്‍വെച്ച് ആ ടീച്ചര്‍ ഈ ചോദ്യം
പി ഉദയഭാനുവിനോടാണ് ചോദിച്ചത്. അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങള്‍. വലിയ ആവേശത്തോടെ ഞങ്ങളെല്ലാം ചേര്‍ന്നിറക്കുന്ന 'യെനാന്‍' എന്ന മാസികയുടെ ആദ്യ ലക്കം തുന്നിക്കെട്ടി ന്യൂസ് സ്റ്റാന്‍ഡിലെത്തിക്കാന്‍ ധൃതിയില്‍ പണിയെടുക്കുകയാണ് മടപ്പള്ളി കോളേജ് വിദ്യാര്‍ഥികളും ഞാനും. അതിനിടയിലാണ് മാസികയിലെ മാധവിക്കുട്ടിയുടെ രാഷ്‌ട്രീയ കവിത ടീച്ചര്‍ കണ്ടുപിടിക്കുന്നത് ഞങ്ങളോടൊപ്പം ഈ പണിയെല്ലാമെടുക്കാനും ഇടക്ക് ഞങ്ങള്‍ക്ക് ചായയുണ്ടാക്കിത്തരാനും സന്മനസ്സ് കാണിച്ച ടീച്ചര്‍ക്കുറപ്പാണ് മാധവിക്കുട്ടി ഇതുപോലൊരു കവിത എഴുതില്ലെന്ന് !
കേരളത്തിലെ മറ്റുപല കോളേജുകളുടെ എന്നപോലെ മടപ്പള്ളി കോളേജിന്റെയും ക്ഷുബ്‌ധകാലമായിരുന്നു അത്. എഴുപതുകള്‍ ആരംഭിക്കുകയായിരുന്നു. ഉദയഭാനുവും കൂട്ടരും കോളേജില്‍നിന്ന് 'മൂന്നാംലോകം' എന്നൊരു കൈയഴുത്തു മാസിക ഇറക്കുന്നുണ്ടായിരുന്നു. പ്രധാനമായും ആഫ്രിക്കന്‍- ലാറ്റിനമേരിക്കന്‍ കവിതകളുടെ വിവര്‍ത്തനങ്ങള്‍. ബി എക്ക് ചരിത്രത്തിന് പഠിക്കുന്ന അക്കാലം മുതലേ പുതിയ പുസ്‌തകങ്ങള്‍ വായിക്കാനും അവ പരിചയപ്പെടുത്താനും അവയില്‍ ചിലവ വിവര്‍ത്തനം ചെയ്യാനും ഉത്സുകനായിരുന്നു ഉദയഭാനു. അങ്ങനെയാണ് മാധവിക്കുട്ടി മലയാളത്തില്‍ രാഷ്‌ട്രീയകവിയുമായി അവതരിപ്പിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ആസ്‌പത്രിയില്‍ അബോധാവസ്ഥയില്‍ കിടക്കുമ്പോഴാണ് ഉദയഭാനു വായിച്ച ഏറ്റവുമൊടുവിലത്തെ പുസ്‌തകത്തിന്റെ റിവ്യൂ അച്ചടിച്ചുവരുന്നത്. തേജസിന്റെ വാരാന്ത്യപ്പതിപ്പില്‍ 'വെള്ളക്കടുവയെക്കുറിച്ച് ബുക്കര്‍ സമ്മാനം നേടിയ നോവലിനെക്കുറിച്ച്.
ധാരാളം വിവര്‍ത്തനങ്ങളും പുസ്‌തകാവതരണങ്ങളും നടത്തുക മാത്രമല്ല ഉദയഭാനു ചെയ്‌തിട്ടുള്ളത്. അയാള്‍ മികച്ചൊരു കവിയുമായിരുന്നു. അടഞ്ഞ വാതില്‍, സഹാറ എന്നീ സമാഹാരങ്ങള്‍ കൂടാതെ പ്രസിദ്ധീകരിക്കാത്തതും പ്രസിദ്ധീകരിച്ചതുമായ കവിതകളും. എം ടി വാസുദേവന്‍ നായര്‍ , സച്ചിദാനന്ദന്‍, വി സി ശ്രീജന്‍ എന്നിവരാണ് കവിതാ സമാഹാരങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. തന്റെ അവതാരിക സച്ചിദാനന്ദന്‍ ഇങ്ങനെ തുടങ്ങുന്നു:
എഴുപതുകളില്‍ മലയാള കവിതയില്‍ ഒരു പുതിയ തലമുറ രംഗത്തെത്തുകയുണ്ടായി; തീവ്രമായ രാഷ്‌ട്രീയബോധം, നവീനമായൊരു നൈതിക ജാഗ്രത, കാല്പനികരുടെതില്‍നിന്ന് വ്യത്യസ്‌തമായ ഒരു സൌന്ദര്യബോധം. ഇവയായിരുന്നു ഈ തലമുറയുടെ സവിശേഷതകള്‍. അറുപതുകളില്‍ തന്നെ പ്രതിഷ്ഠനേടിയ ചില കവികളും ഇക്കാലത്തെ കവിതയുടെ രാസപരിണാമത്തെ ത്വരിപ്പിച്ചുവെന്നത് ചരിത്രവസ്‌തുതയാണ്. എഴുപതുകളില്‍ എഴുതിത്തുടങ്ങിയവരില്‍ ചിലര്‍ അന്നത്തെ രാഷ്‌ട്രീയോര്‍ജം ക്ഷയിച്ചതോടെ നിശ്ശബ്‌ദരായി. എന്നാല്‍ പ്രാഥമികമായും ഊര്‍ജം കവിതയുടെ നിത്യചൈതന്യത്തില്‍ നിന്നുതന്നെ സ്വീകരിച്ചിരുന്ന കവികള്‍- 'രാഷ്‌ട്രീയം കേന്ദ്രസ്ഥാനത്ത് എന്നതിനു പകരം 'കവിത കേന്ദ്രസ്ഥാനത്ത് എന്ന് വിശ്വസിച്ചിരുന്നവര്‍- തുടര്‍ന്നും അതിജീവിക്കുകയും മാറിയ കാലത്തെ ഉള്‍ക്കൊണ്ട് വളരുകയും ചെയ്തു. അത്തരമൊരു കവിയാണ് പി ഉദയഭാനു.
ഒരു തോക്കിലെ ഉണ്ടയുടെ വലുപ്പംപോലുമില്ലല്ലോ നിനക്ക് ?. നീയൊക്കെയാണോടാ പൊലീസ് സ്റ്റേഷനാക്രമിച്ച് തോക്ക് തട്ടിയെടുത്ത് സായുധവിപ്ലവം നടത്തി ഇന്ത്യയെ മോചിപ്പിക്കാന്‍ പോകുന്നത് ?- അന്നത്തെ കുപ്രസിദ്ധനായ പൊലീസ് ഇന്‍സ്‌പെക്‍ടര്‍ ജനറല്‍ ജയറാം പടിക്കലിന്റെ പരിഹാസത്തിന് നല്‍കിയ മറുപടിയാണ് ഉദയഭാനുവിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കരുതല്‍ തടങ്കല്‍ തടവുകാരനായെത്തിച്ചത്. കീഴടങ്ങുകയില്ല, ഒരധികാരത്തിനും, ഒരടിയന്തരാവസ്ഥക്കും എന്ന രാഷ്‌ട്രീയ ഇച്ഛാശക്തിയാണ് അതിജീവനത്തിന്റെ ഭാഗമായി ഞങ്ങളില്‍ ചിലരെക്കൊണ്ട് കവിത എഴുതിച്ചത്. തടവറക്ക് പുറത്ത് 'സ്വതന്ത്രരായ' കവികളോട് ഞങ്ങളിങ്ങനെ പറയാന്‍ ശ്രമിച്ചു:
നിങ്ങള്‍ ഭൌതികമായി സ്വതന്ത്രര്‍,
എന്നാല്‍ ആത്മീയമായി തടവില്‍.
ഞങ്ങളോ?
ഭൌതികമായി തടവില്‍
ആത്മീയമായി സ്വതന്ത്രരും.
കണ്ണൂര്‍, വിയ്യൂര്‍, തിരുവനന്തപുരം ജയിലുകളിലെ ചെറുപ്പക്കാരായ കവികളുടെ അടിയന്തരാവസ്ഥാക്കവിതകള്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഉടനെ ഞാന്‍ എഡിറ്റ്ചെയ്ത് പ്രസിദ്ധീകരിച്ചപ്പോള്‍ (തടവറക്കവിതകള്‍) ഉദയഭാനു ആയിരുന്നു അവതാരികാകാരന്‍. ഉദയഭാനുവിന്റെയും എന്റെയുമായിരുന്നു ആ സമാഹാരത്തിലെ പകുതിയോളം കവിതകള്‍..
എനിക്കൊരുവാള്‍ തരികെ
ഓടക്കുഴലും കിരീടവും തിരിച്ചെടുക്കുക
എന്ന ഉദയഭാനുവിന്റെ വരികളോടെയാണ് ഞങ്ങള്‍ എഴുത്തുകാരുടെ തലമുറ കവിതയെഴുതിത്തുടങ്ങിയത്. കാല്‍നൂറ്റാണ്ടുകളുടെ യാഥാര്‍ഥ്യം ഉദയഭാനുവിന്റെ തന്നെ മറ്റൊരു ഈരടിയിലാണ് ഞങ്ങളെഴുതിയത്.
എനിക്കൊരു നിദ്രതരിക
പേക്കിനാവുകളും വിഷക്കോപ്പയും തിരിച്ചെടുക്കുക.
ഇതിന്നിടിയിലും കവി കാത്തിരിക്കുക തന്നെയാണ്.
എല്ലാ വാതിലുകളും മലര്‍ക്കെത്തുറന്ന്
കവി കാത്തിരിക്കുന്നു
ആസുരമായ ക്രൌര്യത്തോടെ
വര്‍ത്തമാനം ഇരുളുമ്പോള്‍
സിരകളില്‍ മുള്ളുമുളയ്‌ക്കുമ്പോള്‍
ഒഴിഞ്ഞ കുമ്പിളുമായി കവി കാത്തിരിക്കുന്നു....
കവി അറിയുന്നതും സ്വപ്‌നം കാണുന്നതും തേങ്ങുന്നതും സാന്ത്വനംകൊള്ളുന്നതും ഊമയും ബധിരനും അന്ധനുമാകുന്നതും ആവിഷ്‌ക്കരിക്കുന്ന 'ചോദ്യങ്ങള്‍' എന്ന കവിത അവസാനിക്കുന്നതിങ്ങനെ:
ചോദ്യങ്ങള്‍ക്ക് കൊക്കു മുളയ്‌ക്കുന്നു
ചോദ്യങ്ങള്‍ക്ക് ചിറകു മുളയ്‌ക്കുന്നു
ചോദ്യങ്ങള്‍ക്ക് നഖം വളരുന്നു
കവിയുടെ ആകാശത്തില്‍ അവ വട്ടമിട്ടു പറക്കുന്നു.
അടിയന്തരാവസ്ഥ കഴിഞ്ഞ് ജയില്‍മോചിതനായപ്പോള്‍ ഞങ്ങളാദ്യം ചെയ്തത് തൃശൂരില്‍നിന്ന് 'പ്രേരണ' എന്ന പേരില്‍ ഒരു ചെറുമാസിക ആരംഭിക്കയായിരുന്നു. പിന്നീട് ജനകീയ സാംസ്‌ക്കാരികവേദിയുടെ മുഖപ്രസിദ്ധീകരണമായി മാറിയ ആ മാസികയുടെ ആദ്യത്തെ പത്രാധിപര്‍ ഉദയഭാനുവായിരുന്നു. അവിടെനിന്നാണയാള്‍ ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി പോകുന്നത്. തുറന്ന രാഷ്‌ട്രീയ- സാംസ്‌ക്കാരികപ്രവര്‍ത്തനങ്ങള്‍ പിന്നീട് തുടരാനായില്ല എങ്കിലും കവിതഎഴുത്തും വിവര്‍ത്തനവും പുസ്‌തകാവതരണങ്ങളും തുടര്‍ന്നുകൊണ്ടേയിരുന്നു. അവസാനത്തെ കവിതകളിലൊന്നവസാനിക്കുന്നതിങ്ങനെ:
എന്തേ തിരിനാളമാളുന്നു,
ചേങ്കില വല്ലാതെ വല്ലാതെ ആര്‍ത്തു മുഴങ്ങുന്നു!
ഇരുമ്പും ഉരുക്കും ചേര്‍ത്ത് കുഴച്ച വെറും വരണ്ട കവിതകളായിരുന്നില്ല എന്നാല്‍ ഞങ്ങള്‍ എഴുതിക്കൊണ്ടിരുന്നത്. ഉദയഭാനുവിന്റെ മറ്റൊരു കവിത ഇങ്ങനെ:
ഓരോ തവണയും
നീണ്ട ഒരു വിരഹത്തിനൊടുവില്‍
നിന്നെ ചുംബിക്കുമ്പോള്‍
ചുകന്ന തപാല്‍പെട്ടിയില്‍
ധൃതിയില്‍ ഒരു പ്രണയലേഖനം
നിക്ഷേപിക്കുകയാണ്
ഞാനെന്ന്
എനിക്ക് തോന്നും....
കാറ്റുപോകുംപോല്‍ മെല്ലെ
പോകയാണയാള്‍
കൈയിലെന്നെയും തൂക്കി
ശാന്ത ഗംഭീരം
ഭാരരഹിതം
എന്ന് അവസാനവരികളെഴുതിവെച്ച് പ്രിയ സുഹൃത്ത് ഇക്കഴിഞ്ഞ ദിവസം യാത്രയായി
****
സിവിക് ചന്ദ്രന്‍, കടപ്പാട് : ദേശാഭിമാനി വാരിക
23 March, 2009
കക്ഷിരാഷ്‌ട്രീയത്തില്‍ കൈയും തലയും കടത്തുന്ന മെത്രാന്മാര്‍
കക്ഷിരാഷ്‌ട്രീയത്തില്‍ കൈയും തലയും കടത്തുന്ന മെത്രാന്മാര്‍
ക്രൈസ്‌തവ മെത്രാന്മാര്‍ക്കു കക്ഷിരാഷ്‌ട്രീയത്തില്‍ എത്രത്തോളം തലയിടാം? കേരളത്തില്‍ എക്കാലവും ഇതു വലിയ ചര്‍ച്ചാവിഷയമാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥികളുടെ നിര്‍ണയത്തില്‍ വരെ മെത്രാന്മാര്‍ തലയിടുന്ന സ്‌ഥിതിയില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ഇതിനെതിരേ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ശക്‌തമായിത്തന്നെ ശബ്‌ദമുയര്‍ത്തിയിരിക്കുന്നു എന്നതുപുതിയ സംഭവവികാസമാണ്.രാഷ്‌ട്രീയകാര്യങ്ങള്‍, സാമൂഹികപ്രശ്‌നങ്ങള്‍, സാമുദായിക ബന്ധങ്ങള്‍ തുടങ്ങിയ ഗൗരവമുള്ള വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ വ്യക്‌തമാക്കിക്കൊണ്ടു സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ മേലധ്യക്ഷനായ കര്‍ദ്ദിനാള്‍ മാര്‍ വിതയത്തില്‍ പുറത്തിറക്കിയിരിക്കുന്ന 'സ്‌ട്രെയിറ്റ് ഫ്രം ദി ഹാര്‍ട്ട് ' എന്ന പുസ്‌തകത്തില്‍ തന്റെ അഭിപ്രായങ്ങള്‍ അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നു എന്നു മാത്രമല്ല അതിന്റെ പ്രകാശനവേളയില്‍ ഇക്കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം തുറന്നു പറയുകയും ചെയ്‌തു. ആര്‍ക്കെങ്കിലും വേണ്ടി മെത്രാന്മാര്‍ സഭാവിശ്വാസികളോടു വോട്ട് ചോദിക്കുന്നതിനേക്കാള്‍ വലിയ തെറ്റാണു സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ മെത്രാന്മാര്‍ ഇടപെടുന്നതെന്നാണു കര്‍ദ്ദിനാള്‍ പറഞ്ഞത്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിമാരില്‍ ഒരാളായ ടോം വടക്കനെ സ്‌ഥാനാര്‍ഥിയാക്കണമെന്നു തൃശൂര്‍ മെത്രാന്‍ പരസ്യമായി ആവശ്യപ്പെട്ടതിനെ പരാമര്‍ശിച്ചു തന്നെയാണു കര്‍ദ്ദിനാള്‍ ഈ അഭിപ്രായപ്രകടനം നടത്തിയതും.
പാര്‍ലമെന്റ് സ്‌ഥാനാര്‍ഥിയാവാന്‍ പത്തിലേ റെ ബിഷപ്പുമാരുടെ ഒപ്പു ശേഖരിച്ചു തന്നെ സമീപിച്ച ഒരാള്‍ തന്റേയും പിന്തുണ ആവശ്യപ്പെട്ടുവെന്നും സഭയുടെ നിയമങ്ങള്‍ക്ക് എതിരായതുകൊണ്ടു താനതു നിരസിച്ചു എന്നും കര്‍ദ്ദിനാള്‍ മാര്‍ വിതയത്തില്‍ തന്റെ പുസ്‌തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തീര്‍ച്ചയായും വളരെ ഗൗരവമുളള വിഷയത്തിലേക്കാണു കര്‍ദ്ദിനാള്‍ വിരല്‍ ചൂണ്ടിയിരിക്കുന്നത്. കാരണം കത്തോലിക്കാ മെത്രാന്മാര്‍ മാത്രമല്ല മറ്റു ക്രൈസ്‌തവ സഭകളിലെ മെത്രാന്മാരും രാഷ്‌ട്രീയകാര്യങ്ങളില്‍ നടത്തുന്ന അനാരോഗ്യകരമായ കൈകടത്തല്‍ ഇപ്പോള്‍ അസഹ്യമാംവിധം വളര്‍ന്നിരിക്കുന്നു എന്നതു ഒരു യാഥാര്‍ഥ്യമാണ്.
ഇതിനു മുമ്പൊരിക്കലും സംഭവിക്കാത്തവിധം വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ പ്രവേശനത്തിനും അധ്യാപക നിയമനത്തിനും ഷൈലോക്കുകളെപ്പോലെ സഭാ മേലധികാരികള്‍ കോഴപ്പണവും കൈക്കൂലിയും വാങ്ങിക്കുന്നതു വഴി കേരളത്തിലെ ക്രൈസ്‌തവസഭയുടെ മുഖം വികൃതമായിരിക്കുകയാണ്.
മൂന്നു നൂറ്റാണ്ടു കാലത്തോളം വിദ്യാഭ്യാസരംഗത്തു നടത്തിയ നിസ്വാര്‍ഥ സേവനങ്ങള്‍ വഴി കേരളീയ സമൂഹത്തിന്റെ ആദരവും ചരിത്രത്തിന്റെ അംഗീകാരവും നേടിയെടുത്ത ക്രൈസ്‌തവസഭകള്‍ അതെല്ലാം പണത്തോടുള്ള അത്യാര്‍ത്തി മൂലം കഴിഞ്ഞ നാലഞ്ചുവര്‍ഷത്തിനുള്ളില്‍ തല്ലിയുടയ്‌ക്കുകയാണുണ്ടായത്. എന്നുമാത്രമല്ല പള്ളികളുടെ സ്വത്തുതര്‍ക്കത്തെച്ചൊല്ലിയും മറ്റും അള്‍ത്താരയ്‌ക്കു മുമ്പില്‍ പോലും വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ മാരകായുധം കൊണ്ട് ഏറ്റുമുട്ടുന്ന രംഗങ്ങള്‍ പലതവണ കേരളം കണ്ടപ്പോള്‍ ഗുണ്ടാസംഘങ്ങളുടെ നിലവാരത്തിലേക്ക് ആ വിശ്വാസസമൂഹം അധഃപതിക്കുകയും ചെയ്‌തു. സ്വന്തം സഭയെ നീതിബോധത്തിന്റേയും പരസ്‌പര സ്‌നേഹത്തിന്റെയും നേര്‍വഴിക്ക് കൊണ്ടുവരാന്‍ കഴിയാത്ത അവസ്‌ഥയില്‍ സഭാമേധാവികളുടെ രാഷ്‌ട്രീയ കൈകടത്തലിനെ തുറന്നപലപിക്കാന്‍ കര്‍ദ്ദിനാള്‍ നിര്‍ബന്ധിതനായി എന്നതാണു സംഭവിച്ചിരിക്കുന്നത്.
മെത്രാന്മാരുടെയും മറ്റും ഇടപെടല്‍ ഇല്ലെങ്കിലും ക്രൈസ്‌തവര്‍ക്ക് അര്‍ഹവും അനര്‍ഹവുമായ സ്‌ഥാനങ്ങള്‍ ലഭ്യമാകുന്ന ഒന്നാണ് ഇന്ത്യയിലെ മതേതര ജനാധിപത്യമെന്നു മെത്രാന്മാര്‍ ആദ്യം മനസിലാക്കണം. ഭൂതക്കണ്ണാടി വച്ചു നോക്കിയാല്‍ മാത്രം ക്രൈസ്‌തവരെ കാണാന്‍ കഴിയുന്ന ആന്‌ധ്രാപ്രദേശില്‍ മുഖ്യമന്ത്രിയായ രാജശേഖര റെഡ്‌ഡി ക്രൈസ്‌തവനാണ്. ഛത്തീസ്‌ഗഡ് പോലെയുള്ള ഒരു ഹൈന്ദവ സംസ്‌ഥാനത്ത് മുഖ്യമന്ത്രിയായി വന്ന അജിത് ജോഗിയും ക്രൈസ്‌തവനാണ്. നമ്മുടെ തൊട്ടടുത്ത കര്‍ണാടകയില്‍ ടി. ജോണും കെ.ജെ. ജോര്‍ജും ജെ. അലക്‌സാണ്ടറും മന്ത്രിമാരായത് ആ മതേതരത്വത്തിന്റെ മഹത്വമാണ്.
പക്ഷേ, കേരളത്തിലെ മെത്രാന്മാര്‍ക്കാവശ്യം അതൊന്നുമല്ല. തങ്ങളുടെ കക്ഷത്തിലൊതുങ്ങുന്നതും തങ്ങളുടെ ചോറ്റുപട്ടാളത്തില്‍ ചേരാന്‍ മാത്രം യോഗ്യതയുള്ളവരുമായവരെ പാര്‍ലമെന്റ് അംഗങ്ങളാക്കാനാണു വ്യഗ്രത. ഭരണഘടനയെപ്പറ്റിയും രാജ്യത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളെപ്പറ്റിയും സാങ്കേതിക കാര്യങ്ങളെപ്പറ്റിയും പാണ്ഡിത്യമുള്ളവരാണു പാര്‍ലമെന്റ് അംഗങ്ങളും മറ്റുമാകേണ്ടത്. അവര്‍ ഏതു മതവിഭാഗത്തില്‍ പെട്ടവരുമാകട്ടെ തങ്ങളുടെ സമുദായത്തിനു ബലമുള്ള മണ്ഡലങ്ങളില്‍ നിന്നു തങ്ങള്‍ പറയുന്ന സമുദായാംഗങ്ങളെ മാത്രമേ സ്‌ഥാനാര്‍ഥികളാക്കാന്‍ പാടുള്ളൂവെന്നു ശഠിക്കുന്ന മെത്രാന്മാരും സമുദായ നേതാക്കളും ഒരുവിധത്തില്‍ പറഞ്ഞാല്‍ ജനദ്രോഹമാണു ചെയ്യുന്നത്. ഇവരുടെ വാദമുഖം അംഗീകരിച്ചാല്‍ മുസ്ലീമായ എ.പി.ജെ. അബ്‌ദുള്‍കലാമിനെക്കാള്‍ പ്രഗത്ഭനായ ഒരു ശാസ്‌ത്രജ്‌ഞന്‍ കോട്ടയം മണ്ഡലത്തില്‍ നിന്നു ലോക്‌സഭയിലേക്കു മത്സരിക്കാന്‍ സഭാമേധാവികള്‍ സമ്മതിക്കുമോ? എറണാകുളത്ത് ഡോ. അമര്‍ത്യ സെന്നിനേക്കാള്‍ പ്രഗത്ഭനായ ഒരു സാമ്പത്തിക വിദഗ്‌ദ്ധന്‍ ജനിക്കുന്നതു കൊങ്കിണി വിഭാഗത്തിലാണെങ്കില്‍ അദ്ദേഹത്തെ പാര്‍ലമെന്റിലയയ്‌ക്കാന്‍ സഭാനേതാക്കളോ ഭൂരിപക്ഷ സമുദായ നേതാക്കളോ സമ്മതിക്കുമോ?
ഇന്ത്യയിലെ ഏറ്റവും ചെറിയ ന്യൂനപക്ഷമായ പാഴ്‌സി വിഭാഗത്തില്‍നിന്നു ഫിറോസ് ഗാന്ധിക്കും എം.ആര്‍. മസാനിക്കും പിലു മോഡിക്കും ലോക്‌സഭയിലെത്താന്‍ കഴിഞ്ഞത് ഇന്ത്യന്‍ സോഷ്യലിസത്തിന്റെ മഹത്വമാണ്. മെത്രാന്മാരും എന്‍.എസ്.എസ്.,
എസ്.എന്‍.ഡി.പി. നേതാക്കളും അവകാശപ്പെടുന്ന അര്‍ഹത സമുദായത്തിന്റെ ബലമാണെങ്കില്‍ ഈ പാഴ്‌സി നേതാക്കള്‍ക്കു പഞ്ചായത്തില്‍ പോലും ജയിക്കാന്‍ കഴിയുമായിരുന്നോ? തീര്‍ത്തും സങ്കുചിതമായ മതജാതി ചിന്തകളിലേക്കാണോ ക്രൈസ്‌തവ സഭാ മേധാവികള്‍ കേരളീയരെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത്?
കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ധീരമായി കാര്യകാര്യങ്ങള്‍ പറഞ്ഞതുകൊണ്ടു കേരളത്തിലെ ക്രൈസ്‌തവ സഭാ മേധാവികളുടെ കാഴ്‌ചപ്പാടില്‍ ഒരു മാറ്റവുമുണ്ടാകുമെന്നു വിശ്വസിക്കുന്നയാളല്ല ഞാന്‍. കര്‍ദ്ദിനാളിനു പോലും അങ്ങനെയൊരു വിശ്വാസമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. കാരണം വിദ്യാര്‍ഥികളുടെ പ്രവേശന കാര്യത്തിലും അധ്യാപകരുടെ നിയമന കാര്യത്തിലും കൈക്കൂലിയും ലക്ഷങ്ങളുടെ കോഴയും വാങ്ങുന്ന ക്രൈസ്‌തവ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ഹീനമായ നടപടിയെ തുറന്ന് അപലപിച്ചുകൊണ്ട് കഴിഞ്ഞവര്‍ഷം ഇടയലേഖനം പ്രസിദ്ധീകരിച്ച സഭാ മേധാവിയാണു കര്‍ദ്ദിനാള്‍ വിതയത്തില്‍.
സ്‌കൂള്‍ പ്രവേശന കാര്യത്തിലും അധ്യാപക നിയമന കാര്യത്തിലും എത്ര മിടുക്കുണ്ടെങ്കിലും അധ്വാനിക്കുകയും ഭാരം ചുമക്കുകയും ചെയ്യുന്ന ദരിദ്ര ക്രിസ്‌ത്യാനിയുടെ മക്കള്‍ ചവിട്ടിമെതിക്കപ്പെടുകയാണെന്ന് എല്ലാവരെയും പോലെ കര്‍ദ്ദിനാളിനും അറിയാം. കത്തോലിക്കാ സ്‌ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കു ലക്ഷങ്ങള്‍ കോഴ വാങ്ങിയവരോട് ആ രൂപ തിരികെ നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടെങ്കിലും അതു പ്രാവര്‍ത്തികമായില്ലെന്നു കര്‍ദ്ദിനാള്‍ തന്റെ പുസ്‌തകത്തില്‍ തുറന്നു സമ്മതിച്ചിട്ടുണ്ട്. ഈ രീതി തുടര്‍ന്നാല്‍ അധികാരികളെ വിവരമറിയിച്ച് കോഴ വാങ്ങുന്നവരെ അറസ്‌റ്റുചെയ്യിച്ച് ജയിലില്‍ അടയ്‌ക്കേണ്ടി വരുമെന്നും കര്‍ദ്ദിനാള്‍ തന്റെ പുസ്‌തകത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഗള്‍ഫ് മേഖലയിലെ കടുത്ത സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് അവിടെനിന്ന് ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് ഈ വര്‍ഷം കേരളത്തിലേക്കു മടങ്ങാന്‍ പോകുന്നത്. ഇവരില്‍ നിന്നു കേരളത്തിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ കോഴയുടെ കൊയ്‌ത്തായിരിക്കും നടത്തുകയെന്നു കര്‍ദ്ദിനാളിനും അറിയാമെന്നു തോന്നുന്നു.
തന്റെ അതിരൂപതയുടെ കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ കോഴയുടെ കാര്യത്തില്‍പോലും കര്‍ദ്ദിനാള്‍ വിതയത്തില്‍ നിസഹായനായിപ്പോകുന്നു എന്നതാണു വേദനാജനകമായ കാര്യം. എറണാകുളം അതിരൂപതയുടെ കീഴിലുള്ള ഞാറയ്‌ക്കല്‍ സെന്റ് മേരീസ് പള്ളിയില്‍ നടന്ന കാര്യങ്ങള്‍തന്നെ ഉദാഹരണമാണ്. പള്ളിയോടു തൊട്ടുള്ള വളപ്പില്‍ കര്‍മ്മലീത്താ സന്യാസികള്‍ നടത്തിവന്ന ലിറ്റില്‍ഫ്‌ളവര്‍ ഹൈസ്‌കൂള്‍ പള്ളിവികാരി പിടിച്ചെടുത്ത് ലക്ഷക്കണക്കിനു രൂപയാണ് നിയമനത്തിനു കോഴവാങ്ങിയത്. അതിനെ എതിര്‍ത്ത് സ്‌കൂളിനു മേല്‍ അവകാശം ഉന്നയിച്ച് അതിനു സര്‍ക്കാരിന്റെ അംഗീകാരം നേടിയ കന്യാസ്‌ത്രീമാരെ വികാരിയുടെ അറിവോടെ സാമൂഹികവിരുദ്ധര്‍ ആക്രമിച്ച് പരുക്കേല്‍പ്പിച്ച് ആശുപത്രിയിലാക്കുകയാണുണ്ടായത്. ഇപ്പോള്‍ സാമൂഹികവിരുദ്ധരുടെ സഹായത്തോടെ ആ സന്യാസിനി സമൂഹത്തെ അവിടെനിന്നോടിച്ച് സ്‌കൂള്‍ വീണ്ടും കൈയടക്കാനുള്ള ഇടവക ഭരണാധികാരികളുടെ നികൃഷ്‌ടമായ നീക്കത്തിനു മുന്നില്‍ കര്‍ദ്ദിനാള്‍ മാര്‍വിതയത്തില്‍ നിസഹായനായി നില്‍ക്കുന്ന കാഴ്‌ചയാണു സമൂഹം കാണുന്നത്. ഇത്തരം നടപടികളില്‍ ക്രൈസ്‌തവതയുടെ അംശം ആര്‍ക്കെങ്കിലും കാണാന്‍ കഴിയുമോ?
രാഷ്‌ട്രീയത്തില്‍ കൈ മാത്രമല്ല തലവരെ കടത്താന്‍ വെപ്രാളം കാണിക്കുന്ന ക്രൈസ്‌തവ മതമേലധ്യക്ഷന്മാര്‍ ആദ്യം ചെയ്യേണ്ടതു കേരളത്തില്‍ അനുദിനം വികൃതമായിക്കൊണ്ടിരിക്കുന്ന സഭയുടെ മുഖം രക്ഷിക്കാനാണ്. ക്രിസ്‌തു കാണിച്ച മാര്‍ഗം നീതിയുടേതാണെങ്കില്‍ നീതിയുടെ മാര്‍ഗത്തിലേക്കു സഭയേയും വിശ്വാസികളേയും കൊണ്ടുവരുന്ന തീവ്രയത്നത്തിലാണു സഭാനേതാക്കള്‍ ഇപ്പോള്‍ ഏര്‍പ്പെടേണ്ടതെന്നാണ് എനിക്കു തോന്നുന്നത്.
***
കെ. എം. റോയ് , കടപ്പാട് : മംഗളം, വര്‍ക്കേഴ്സ് ഫോറം
21 February, 2009
മാധ്യമങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍
മാധ്യമവിചാരം എന്നുവച്ചാല്‍ മാധ്യമങ്ങളില്‍ പലതിനെയുംപറ്റി വരുന്ന വിചാരം എന്നല്ലാതെ, മാധ്യമങ്ങളെപ്പറ്റിയുള്ള വിചാരം എന്ന അര്‍ഥവും ആകാമല്ലോ. ഇത് തെളിയിച്ചത് എട്ടുകൊല്ലം മുമ്പ് ഡോ. സെബാസ്റ്റ്യന്‍പോള്‍ കൈരളി ടിവിയില്‍ ആരംഭിച്ച പത്ര പരിശോധനയാണ്. ശ്രോതാക്കളുടെ സന്തോഷ വിദ്വേഷാദരങ്ങള്‍ നേടിയ ആ പരിപാടിക്ക് ശാശ്വതരൂപം നല്‍കുന്ന 'മാധ്യമവിചാരം' എന്ന പുസ്തകം വായനക്കാര്‍ നന്നായി അറിയട്ടെ എന്ന് കരുതിയാണ് ഈ പംക്തിയില്‍ പുസ്തകവിചാരം നടത്തുന്നത്.
ഇങ്ങനെ ഒരു നിരൂപണം എഴുതണമെന്ന ഉദ്ദേശ്യത്തോടെയല്ല ഞാനീ പുസ്തകം കൈയിലെടുത്തത്. ഒന്ന് മറിച്ചുനോക്കിയപ്പോള്‍ മുഴുവന്‍ വായിക്കണമെന്നും മുഴുവന്‍ വായിച്ചപ്പോള്‍ ഒന്നുകൂടി വായിക്കണമെന്നും അങ്ങനെ വായിച്ചപ്പോള്‍ ചില ഭാഗങ്ങള്‍ അടയാളപ്പെടുത്തണമെന്നും കുറിപ്പുകള്‍ എടുക്കണമെന്നും കുറിച്ചെടുത്തപ്പോള്‍ നിരൂപണമെഴുതണമെന്നും എന്നെ അനുക്രമം മുന്നോട്ട് തള്ളിത്തള്ളി ക്കൊണ്ടുപോയ ഒരു ഗ്രന്ഥമാണിത്. അടയാളപ്പെടുത്തുന്നതിലേ അബദ്ധം പിണഞ്ഞുള്ളൂ. ഓര്‍മിക്കേണ്ട ഭാഗങ്ങള്‍ അടയാളപ്പെടുത്തിവന്നപ്പോള്‍ ഏതാണ്ട് മിക്ക പുറങ്ങളിലും പേന വ്യാപരിപ്പിക്കേണ്ടിവന്നു; ഓര്‍ക്കണമെന്നില്ലാത്ത ഭാഗങ്ങള്‍ അടയാളപ്പെടുത്തിയാല്‍ മതിയായിരുന്നു.
പത്രപ്രവര്‍ത്തനത്തെപ്പറ്റി ഏറെക്കുറെ സമഗ്രമായ അറിവ് ഈ പുസ്തകം നല്‍കുന്നു. ഇക്കാലത്ത് രാഷ്ട്രീയ-സാമൂഹിക-പത്രപ്രവര്‍ത്തകരുടെ സാമാന്യമായ സാക്ഷരതയ്ക്ക് അടിത്തറയിടുന്നതും തങ്ങള്‍ക്ക് അറിയാമെന്നു തോന്നുന്നതും യഥാര്‍ഥത്തില്‍ അറിഞ്ഞുകൂടാത്തതുമായ ഒരു നൂറുകൂട്ടം കാര്യങ്ങള്‍ ഈ പ്രതിവാര വിചാരത്തിനിടയില്‍ ഗ്രന്ഥകാരന്‍ (അല്ല പ്രഭാഷകനോ?) എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്.
മഞ്ഞപ്പത്രം എന്താണെന്ന് അറിയാമെന്ന ധാരണയില്‍ ആ വാക്ക് പ്രയോഗിക്കുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യുന്നവരാണ് പലരും. ഒരു വിഷയത്തില്‍ അങ്ങേയറ്റത്തെ പാണ്ഡിത്യം പ്രകടിപ്പിക്കുന്ന എഴുത്തിനെ സര്‍വ വിജ്ഞാനസ്പര്‍ശി (എന്‍സൈക്ളോപീഡിയ) എന്നാണല്ലോ പറയാറ്. എന്നാല്‍, എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്കയില്‍നിന്ന് മഞ്ഞപ്പത്രത്തെപ്പറ്റി ലഭ്യമാകുന്നതിലേറെ അറിവ് നിങ്ങള്‍ക്ക് 'മാധ്യമവിചാര'ത്തില്‍നിന്ന് ലഭിക്കും. ഈ വിജ്ഞാനമെല്ലാം ഗ്രന്ഥകാരന്‍ വിളമ്പിവച്ചത് വെറുതെയല്ലെന്നോര്‍ക്കണം- 'മാതൃഭൂമി' മഞ്ഞപ്പത്രമാണെന്ന ഒരാക്ഷേപം ചര്‍ച്ചാവിഷയമായപ്പോഴാണ് ഇതൊക്കെ അദ്ദേഹം സരസമായി അവതരിപ്പിച്ചത്. ആ വിജ്ഞാനം വായനക്കാരനെ പീഡിപ്പിക്കുന്നില്ല, രസിപ്പിക്കുന്നേയുള്ളൂ.
'ഹിന്ദുസ്ഥാന്‍ ടൈംസി' നെപ്പറ്റിയും പത്രാധിപര്‍ ദേവദാസ് ഗാന്ധിയെയും പറ്റി സെബാസ്റ്റ്യന്‍പോളിന് പറയേണ്ടിവന്നത്, ഇന്ദിരാഗാന്ധി ആ പത്രത്തില്‍ ഖുഷ്വന്ത്സിങ്ങിനെ കയറ്റിവച്ചതിനെപ്പറ്റി വിമര്‍ശിക്കുന്നേടത്താണ്. ആ പത്രത്തെപ്പറ്റി പറഞ്ഞ ചുരുക്കം വാക്കുകളില്‍നിന്ന് അതിനെക്കുറിച്ച് ഏറെക്കുറെ സമഗ്രവും ആധികാരികവുമായ വിവരങ്ങള്‍ ആര്‍ജിക്കാം. ഈ പത്രം പഞ്ചാബി പത്രമായിട്ടാണ് തുടങ്ങിയത് എന്ന് എനിക്കറിയാമായിരുന്നില്ല. അതുപോലെ 'ഹിന്ദു'വില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന പി സായ്നാഥിനെപ്പറ്റി അദ്ദേഹത്തിന്റെ മനോഹരങ്ങളായ ലേഖനങ്ങള്‍ വായിക്കുന്നവര്‍ക്ക് കുറെയൊക്കെ അറിയാമെങ്കിലും അദ്ദേഹം മുന്‍ രാഷ്ട്രപതി വി വി ഗിരിയുടെ പൌത്രനാണെന്ന കാര്യം പലര്‍ക്കും അജ്ഞാതമായിരുന്നു.
മര്‍ഡോക്, നൂറാബി (നൂറ് ആബിയല്ല, പത്ര പ്രവര്‍ത്തകനാണ്),പുലിറ്റ്സര്‍, ബിബിസി, കേബിള്‍ ടിവി തുടങ്ങി എത്രയോ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയുംപറ്റി മറ്റ് പലേടത്തുനിന്നും കിട്ടാവുന്നതിലേറെ പ്രാമാണികവും വസ്തുനിഷ്ഠവുമായ വിവരം ഈ പുസ്തകത്തിന്റെ ആഖ്യാന വിമര്‍ശങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്ക് പെറുക്കിയെടുക്കാവുന്നതാണ്. കോപ്പിറൈറ്റ്, എംബെഡഡ് റിപ്പോര്‍ട്ടിങ് (പിണറായി പ്രചരിപ്പിച്ച വാക്ക്), കേബിള്‍ ടിവി, സ്റ്റിങ് ഓപ്പറേഷന്‍, സബ്‌ജുഡിസ്, കോടതിയലക്ഷ്യം, പത്രദിനം തുടങ്ങി പത്രപ്രവര്‍ത്തകരും മറ്റുള്ളവരും ഏറെ ശ്രദ്ധിക്കേണ്ട എത്രയോ സംഗതികളുടെ വിശദമായ വിവരണവും ഈ ഗ്രന്ഥത്തില്‍ നിരവധിയുണ്ട്.
വാക്കുകളുടെ പ്രഥമാക്ഷരങ്ങള്‍ ചേര്‍ത്തുകൊണ്ട് സൃഷ്ടിക്കപ്പെടുന്ന ഒരുപാട് പുതിയ കൃത്രിമശബ്ദങ്ങള്‍ (Acronymഎന്ന് ഇംഗ്ളീഷില്‍) ഇപ്പോള്‍ പ്രചാരത്തില്‍ വന്നുകഴിഞ്ഞു - പത്രപ്രവര്‍ത്തനത്തില്‍ വിശേഷിച്ചും. പണ്ടത്തെ ഇത്തരം വാക്കുകള്‍ എല്ലാവര്‍ക്കും അറിയാം - എംഎ, യുഎന്‍ഒ, ഐഎംഎഫ് തുടങ്ങി പലതും. എന്നാല്‍, ഇപ്പോള്‍ പ്രയോഗത്തില്‍ ധാരാളമുണ്ടെങ്കിലും എന്താണിവ എന്നറിയാതെ ഈ വാക്കുകള്‍ ഉപയോഗിക്കേണ്ട ഗതികേടിലാണ് മിക്ക അഭ്യസ്തവിദ്യരും. ഉദാഹരണത്തിന്, മൂന്നാര്‍ വിക്രമം ആരംഭിച്ചപ്പോള്‍ വന്നവനാണ് ജെസിബി. എന്തെന്ന് ആര്‍ക്കും വലിയ പിടിത്തമില്ല. എഫ്എം റേഡിയോ ഒരുപാട് ഇന്ന് വന്നുകഴിഞ്ഞു. എന്താണ് എഫ്, എന്താണ് എം? സിഡി എന്താണ്? ഈ പുസ്തകത്തില്‍ ഈ സംക്ഷിപ്തപദങ്ങളുടെ പൂര്‍ണരൂപം മാത്രമല്ല, പഠിക്കേണ്ട വസ്തുക്കളും വ്യക്തമാക്കപ്പെട്ടുകാണാം. എഫ്എം 'ഫ്രീക്വന്‍സി മോഡുലേഷന്‍' ആണെന്നുമാത്രം ഇവിടെ ചൂണ്ടിക്കാട്ടുന്നു.
പലര്‍ക്കും അറിഞ്ഞുകൂടാത്ത എത്രയെത്ര ജ്ഞാനശകലങ്ങളാണ് ഈ പുസ്തകത്തിന്റെ താളുകളില്‍, ഒരു കുബേരന്റെ ധാരാളിത്തത്തോടെ, വാരിവിതറിയിരിക്കുന്നത്. ജയപ്രകാശ് നാരായണന്‍ പ്രസംഗിക്കുമ്പോള്‍ ദൂരദര്‍ശന്‍ ഒരു തമാശചിത്രം പ്രദര്‍ശിപ്പിച്ചു എന്ന് എത്രപേര്‍ക്കറിയും? പ്രക്ഷേപണമാതൃകയായ ബിബിസി ക്രമക്കേട് കാട്ടിയതിന് പിഴയൊടുക്കേണ്ടിവന്നുവത്രേ. ഇന്ത്യക്കാരുടെ ആദര്‍ശപുരുഷന്‍ ആരാണെന്ന് ഒരു പത്രം നടത്തിയ പഠനത്തില്‍ രാഹുല്‍ഗാന്ധി നേടിയത് പൂജ്യം വോട്ടാണ് എന്ന് നിങ്ങള്‍ അറിയാനിടയില്ല.
ഇനി വേറൊരു വശം കാണിക്കാം. ഈ പുസ്തകത്തിലെ ഉദ്ധരണങ്ങള്‍ വളരെ രസകരവും മറക്കാനാവാത്തതും മിക്ക വായനക്കാര്‍ക്കും പുതുമ കലര്‍ന്നതുമാണ്. വാര്‍ത്തയെന്ത് എന്നതിന് വളരെ വിഖ്യാതങ്ങളായ പല നിര്‍വചനങ്ങളുമുണ്ട്. എന്നാല്‍, ഇതിലെ ഒരു നിര്‍വചനം ഇവിടെ ഉദ്ധരിക്കട്ടെ-'അച്ചടിക്കണമെന്ന് ഏതോ ഒരാള്‍ ആഗ്രഹിക്കാത്ത എന്തോ ആണ് വാര്‍ത്ത' .മറ്റൊന്ന് : 'ആനകളോടൊപ്പം ശയിക്കുന്ന റിപ്പോര്‍ട്ടര്‍ സര്‍ക്കസ് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കില്‍ ഒരു കുഴപ്പവുമില്ല'. യുദ്ധരംഗത്ത് യുദ്ധമില്ലെന്ന് അറിയിച്ച റിപ്പോര്‍ട്ടര്‍ക്ക് പത്രാധിപര്‍ നല്‍കിയ മറുപടി ഇതായിരുന്നു - 'താങ്കള്‍ ചിത്രങ്ങള്‍ നല്‍കിയാല്‍, ഞാന്‍ യുദ്ധം നല്‍കിക്കൊള്ളാം' ഈ ഗ്രന്ഥകാരന്റെ ചിന്താമേന്മ മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ വാക്യങ്ങളേക്കാള്‍ സഹായിക്കുക മര്‍മപ്രാധാന്യമുള്ള സന്ദര്‍ഭങ്ങളില്‍ ഉദ്ധരിക്കപ്പെട്ട ഇത്തരം വാക്യങ്ങളായിരിക്കും.
അദ്ദേഹത്തിന്റെ സ്വന്തം വാക്യങ്ങള്‍ക്ക് പോരായ്‌മയുണ്ടെന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. നല്ല രചനാവൈഭവമുള്ള ഗ്രന്ഥകാരന്‍ തെരഞ്ഞെടുത്ത് ഉദ്ധരിക്കുന്ന വാക്യങ്ങള്‍ക്ക് ഔചിത്യംകൊണ്ടും വിചാരഗരിമകൊണ്ടും ഗുണം ഏറിയിരിക്കുമല്ലോ. സെബാസ്റ്റ്യന്‍പോളിന്റെ രചന പൊതുവെ അനലംകൃതവും പ്രസക്തവും ലളിതവും ഋജുവും വസ്തുനിഷ്ഠവും യുക്തിഭരിതവും ഇതൊക്കെക്കൊണ്ട് ഹൃദ്യവുമാണ്.
പ്രബന്ധവ്യാപിയായ നേരിയ നര്‍മംകൊണ്ടും ഗ്രന്ഥമാകെ തെളിഞ്ഞുനില്‍ക്കുന്നു. രസിക്കാവുന്ന ചില പ്രയോഗങ്ങള്‍ ഇതാ -'വിവേകാനന്ദ ശകാരത്തിന് വിധേയമായ അന്ധകാരയുഗം', 'ഇല്ലിക്കുന്നിലെ കല്ലച്ചില്‍നിന്ന് ഇന്റര്‍നെറ്റിന്റെ മായികലോകത്തിലേക്കുള്ള വളര്‍ച്ച', 'മലയാളികളുടെ പ്രാര്‍ഥനാനിരതമായ സന്ധ്യകളെ ചാനലുകള്‍ ശബ്ദായമാനമാക്കി', 'ഓണം ഓണപ്പതിപ്പുകളുടെ കാലം' എന്നിവ മനസ്സില്‍ ഏറെക്കാലം രസം കലര്‍ത്തി നില്‍ക്കും.
ഈ ഗ്രന്ഥത്തിന്റെ കാതല്‍ ഇതൊന്നുമല്ല, ഉള്ളടക്കത്തിന്റെ വിശിഷ്ടതയാണ്. 'മാധ്യമവിചാരം' എന്നതിന്റെ വിവക്ഷ 'മലയാളമാധ്യമങ്ങളുടെ ആഴ്ചതോറുമുള്ള പ്രവര്‍ത്തനങ്ങളുടെ വിചാരണ' എന്നാണെങ്കിലും, ഇന്ത്യയിലെയും വിദേശങ്ങളിലെയും മാധ്യമങ്ങളുടെ സുവിശാലമായ ലോകത്തിന്റെ സ്പന്ദനങ്ങള്‍ വളരെയേറെ ഉള്‍ക്കൊണ്ടിട്ടുള്ള ഒരു കൃതിയാണ് ഇത്. ആനുഷംഗികമായി വന്നുകൂടുന്ന പരാമര്‍ശങ്ങളല്ല ഇവ, ബോധപൂര്‍വം ഇവയെ ഊടും പാവുമാക്കി നെയ്തെടുത്തിരിക്കുകയാണ്. പത്രപ്രവര്‍ത്തനത്തിന്റെയും യാന്ത്രിക സംപ്രേഷണത്തിന്റെയും ആഗോളവിസ്‌തൃതിയിലെ വാര്‍ത്താസംഭവങ്ങളുടെ പര്‍വങ്ങളെയും സര്‍ഗങ്ങളെയും കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ അപൂര്‍വമായ ഒരു രചനയാണ് ഇത്. സംഭവങ്ങള്‍ പലപ്പോഴും ചെറുകഥകളായി മാറുകയും ഒടുവില്‍ എല്ലാംകൂടെ ഒരു ഇതിഹാസംപോലെ വിചിത്രാഖ്യാനശബളമാക്കപ്പെട്ടതുമാണ് ഈ ഗ്രന്ഥം.
രണ്ട് കാര്യങ്ങൾ മറക്കാന്‍ പത്രപ്രവര്‍ത്തകരെ ഒട്ടും അനുവദിക്കാത്ത ഒരു ആദര്‍ശസ്വഭാവക്കാരനാണ് സെബാസ്റ്റ്യന്‍പോള്‍. പത്രപ്രവര്‍ത്തനത്തിന്റെ ഉന്നം വാര്‍ത്താപ്രേഷണത്തിലൂടെ ചരിത്രഗതി മനസ്സിലാക്കാന്‍ വ്യക്തികളെയും മാനവസംസ്കാരത്തെ നിലനിര്‍ത്തുന്നതിന് സമൂഹത്തെയും സഹായിക്കുക എന്നതാണെന്ന് മറക്കാന്‍ തന്റെ കൂട്ടുകാരെ ഗ്രന്ഥകാരന്‍ സമ്മതിക്കില്ല. അതുപോലെ, പഴയ സംഭവങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ വിസ്‌മരിക്കാനും അനുവദിക്കില്ല. ഈ മാനദണ്ഡങ്ങള്‍കൊണ്ട് അളന്ന് പോരായ്‌മ കണ്ടാല്‍ ന്യൂയോര്‍ക്ക്ടൈംസായാലും ബിബിസിയായാലും ഹിന്ദുവായാലും മാതൃഭൂമിയായാലും മലയാള മനോരമയായാലും സെബാസ്റ്റ്യന്‍പോള്‍ വിമര്‍ശിക്കും, കണക്കിന് (കണക്ക് വിട്ടല്ല!) കളിയാക്കുകയും ചെയ്യും. 'ദേശാഭിമാനി'യെയും വേണ്ടിവന്നാല്‍ വിമര്‍ശിക്കും. ഗ്രന്ഥകാരന് 'പ്രിയങ്കരന്‍' ആയ വെനിസ്വേലയിലെ ഷാവേസ് വിമര്‍ശത്തിന്റെ പേരില്‍ ഒരു ടെലിവിഷന്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയ നടപടിയെ അദ്ദേഹം എതിര്‍ക്കാന്‍ മടിച്ചില്ല. ഇതുസംബന്ധിച്ച് ഗ്രന്ഥകാരന്റെ നിലപാട് ഒട്ടും അയവില്ലാത്തതാണ്. 'സ്വാതന്ത്ര്യം എന്നത് അതില്‍ത്തന്നെ ഒരവസ്ഥയാണ് ' എന്നദ്ദേഹം വിശ്വസിക്കുന്നു.
പുതിയത് സ്വീകരിക്കാന്‍ ആഹ്വാനംചെയ്യുന്ന ഈ കൃതി പഴയ അനുഭവങ്ങള്‍ വിസ്‌മരിക്കാതിരിക്കാന്‍ നിര്‍ബന്ധിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തെപ്പറ്റി പറയുമ്പോള്‍ 'ദാസ് മുന്‍ഷിക്ക് സഹിക്കാന്‍ കഴിയാത്തതെല്ലാം ദാസ് മുന്‍ഷി നിരോധിക്കും' എന്നദ്ദേഹം ഓര്‍ത്തുപറയുന്നു. പാകിസ്ഥാനില്‍ മാധ്യമനിരോധനത്തിന് നിര്‍മിച്ച 'മീഡിയ റഗുലേറ്ററി ആൿട് ' പട്ടാള സര്‍ക്കാര്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായ സംഭവം അദ്ദേഹം ഓര്‍മിപ്പിക്കും. ഇന്ത്യയില്‍ പത്രങ്ങളില്‍ വിദേശനിക്ഷേപവും സ്വാധീനതയും ആകാം എന്ന പുതുനയം, വിദേശികള്‍ക്ക് ഇവിടെ പത്രം നടത്താനോ അതിനായി മൂലധനമിറക്കാനോ പാടില്ലെന്ന് നെഹ്റു 1955ല്‍ രൂപം നല്‍കിയ പത്രനയത്തിന് എതിരാണെന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു.
നാം കാട്ടിയ അല്‍പ്പത്തരങ്ങളെ മറക്കാനോ മറയ്‌ക്കാനോ അദ്ദേഹം അനുവദിക്കില്ല. ലോൿസഭയില്‍ ഒരക്ഷരം ഉരിയാടാതെ കഴിഞ്ഞുകൂടിയ രാഹുല്‍ഗാന്ധിയെ മികച്ച പാര്‍ലമെന്റേറിയനായി 'ഇന്ത്യ ടുഡേ' തെരഞ്ഞെടുത്തത് അത്തരത്തില്‍പ്പെട്ട ഒന്നാണ്. (സഭയില്‍ മാന്യനായി പെരുമാറിയതിനാകാം ബഹുമതി!) അമേരിക്കയിലെ മുന്‍ അംബാസഡര്‍ നടത്തിയ കുപ്രസിദ്ധമായ 'ഹെഡ്‌ലെസ് ചിക്കന്‍' പ്രയോഗത്തിന് ഒരു മലയാളപത്രം 'നിലാവത്തെ കോഴിത്തല' എന്ന തര്‍ജമ നല്‍കിയതുവരെ മാധ്യമവിചാരക്കാരന്റെ ഗൃദ്ധ്രനേത്രങ്ങള്‍ വിട്ടുകളഞ്ഞിട്ടില്ല. പത്രത്തിന്റെ പേര് ഞാന്‍ വിട്ടെങ്കിലും ഗ്രന്ഥകാരന്‍ ഒഴിവാക്കിയിട്ടില്ല.
എന്റെ മനസ്സില്‍ ഇപ്പോഴും മുഴങ്ങിനില്‍ക്കുന്ന രണ്ട് അസാധാരണങ്ങളായ ചോദ്യങ്ങള്‍ ഈ പുസ്തകത്തില്‍ ഉന്നയിച്ചിട്ടുണ്ട് -പത്രപ്രവര്‍ത്തകര്‍ എന്നും ഓര്‍ക്കേണ്ടവ!
1-തന്റെ പ്രസംഗങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങളെ ഉദ്ദേശിച്ച് ഒരു സെനറ്റര്‍ ഇങ്ങനെ പറഞ്ഞുവത്രേ: 'പുതിയ സുവിശേഷം രചിച്ച മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നിവരുടെ സ്ഥാനത്ത് ഇന്നത്തെ റിപ്പോര്‍ട്ടര്‍മാര്‍ ആയിരുന്നെങ്കില്‍ ക്രിസ്തുമതം എന്താകുമായിരുന്നു?'
2. ഗ്രന്ഥകാരന്‍ സ്വയം ഉന്നയിച്ച ഒരു ചോദ്യവും ശ്രദ്ധേയമാണ്. ദണ്ഡി കടപ്പുറത്തുനിന്ന് ഗാന്ധിജി ഉപ്പ് ഉണ്ടാക്കിയത് ഇന്നായിരുന്നെങ്കില്‍, നമ്മുടെ മാധ്യമങ്ങള്‍ എപ്രകാരം അത് റിപ്പോര്‍ട്ട് ചെയ്യുമായിരുന്നുവെന്ന് ആലോചിക്കുന്നത് കൌതുകകരമായിരിക്കും' സംശയമില്ല!
ഒടുവില്‍ പുസ്തകത്തിന്റെ പേരിനെപ്പറ്റി 'പിലാത്തോസ് എഴുതിയത് എഴുതി' എന്ന പത്രക്കാരുടെ മനോഭാവം തിരുത്താനാണ് പുസ്തകം എഴുതിയതെങ്കില്‍ ഈ തലക്കെട്ട് മതിയാവില്ല. ഗ്രന്ഥകാരന്റെ ആശയമാണ് ശീര്‍ഷകം പ്രതിഫലിപ്പിക്കേണ്ടത് എന്നാണ് ഞാന്‍ ധരിച്ചുവച്ചിട്ടുള്ളത്. അതിന് 'മാധ്യമവിചാരം' എന്ന പേരു പോര.
*****
സുകുമാര്‍ അഴീക്കോട്, കടപ്പാട്: ദേശാഭിമാനി

17 February, 2009
ചങ്ങമ്പുഴയെച്ചൊല്ലി ചിന്താക്കുഴപ്പമോ?
കവിത എന്ന സര്‍ഗവ്യായാമം തന്നെ സമൂഹത്തിന് അപ്രസക്തമായിരിക്കെ, ഇന്നലെകളില്‍ ഉച്ചസ്ഥായികളില്‍ പാടിയ പല വാനമ്പാടികളും വിസ്‌മൃതമായിട്ടുണ്ടാവാം. എന്നാല്‍ മലയാളികളെ "മദിരോത്സവലഹരിയില്‍ ആറാടിച്ചുകൊണ്ടിരിക്കേ അകാലത്തില്‍ പൊലിഞ്ഞുപോയ ആ സ്വരസാര്‍വഭൌമനെ'' അത്രവേഗം മറക്കാനാകുമോ? രമണനും മനസ്വിനിയും യവനികയും തിലോത്തമയും വാഴക്കുലയും ഒന്നും അത്രവേഗം മലയാളിക്ക് മറക്കാനാവില്ല.
മലയാളത്തില്‍ ഭാവഗാനങ്ങള്‍ക്കൊരു കവിയുണ്ടെങ്കില്‍ അതു ചങ്ങമ്പുഴയാണെന്ന് പില്‍ക്കാലത്ത് പലരും കൊണ്ടാടുകയുണ്ടായി. തുടക്കത്തില്‍ ചങ്ങമ്പുഴയെ കടിച്ചുകീറിയ പക്ഷമാണത്. പോസ്റ്റ്മോര്‍ട്ടം ചെയ്ത് ദോഷങ്ങള്‍ കണ്ടുപിടിച്ച് കുറ്റവിചാരണ നടത്തിപ്പോന്നവരാണ് ചങ്ങമ്പുഴയെ 'റൊമാന്റിക് അനാര്‍ക്കി'യായി മാത്രം വിലയിരുത്തിയത്.
നിഷേധിയും ധിക്കാരിയും വിപ്ലവകാരിയുമായ കവിതന്നെയായിരുന്നു ചങ്ങമ്പുഴ. പുരോഗമനവാദികള്‍ ചങ്ങമ്പുഴയെ ഇക്കവലകളില്‍തന്നെ തിരഞ്ഞുകണ്ടെത്തണം. ആ കവിയുടെ 'റബല്‍'സ്വഭാവം പൊറുക്കാനാവാത്തവര്‍, അനുസരണക്കേടും കലഹസ്വഭാവവും പൊറുക്കാതെ ആദ്യമേ ഞെക്കിക്കൊല്ലാന്‍ ശ്രമിച്ചവര്‍ ജനമനസ്സുകളില്‍ ആ കവിക്ക് കിട്ടിയ അംഗീകാരം കണ്ട് അടവുമാറ്റി നക്കിക്കൊല്ലാന്‍ തുടങ്ങി എന്നാണ് ഭാവഗായകന്‍ മാത്രമാണ് ചങ്ങമ്പുഴ എന്ന വിലയിരുത്തലില്‍ക്കൂടി പ്രകടമാക്കുന്നത്.
ചങ്ങമ്പുഴയുടെ റബല്‍ സ്വഭാവത്തിന് ശാസ്‌ത്രീയതയും സ്‌ഥൈര്യവും അക്കാലത്ത് അത്ര തെളിഞ്ഞില്ലായിരിക്കാം. ഇടതുപക്ഷത്തിനുതന്നെ അക്കാലത്ത് അത്രയൊന്നും പ്രത്യയശാസ്‌ത്രസ്‌ഥൈര്യം കൈവന്നിരുന്നില്ലെന്ന് മറക്കാമോ? ഒന്നാമത് കവിയും രണ്ടാമത് വിപ്ലവകാരിയുമാകുന്ന കവികളുണ്ട്. മറിച്ച് ഒന്നാമത് വിപ്ലവകാരിയും രണ്ടാമത് കവിയുമാകുന്നവരും ഉണ്ട്. രണ്ടും തുല്യനിലയിലുള്ളവരെയും കണ്ടേക്കാം. ചങ്ങമ്പുഴ ഇതില്‍ ഒന്നാമത്തെ ഇനത്തില്‍ പെടുന്നു.
വാഴക്കുലയെ മാത്രം മുന്‍നിര്‍ത്തി ചങ്ങമ്പുഴയിലെ വിപ്ലവബോധത്തെ കണ്ടാല്‍പ്പോര. അത് ഒരു കാഴ്‌ചക്കുല മാത്രം.
"കുങ്കുമപ്പൊട്ടു തൊടുന്നൊരക്കൈകളില്‍
ചെങ്കൊടിയേന്തുന്ന മങ്കമാ''രെ ചങ്ങമ്പുഴക്ക് മുമ്പ് ഏത് കവി എഴുതിയിട്ടുണ്ട് ?
"ഈ വര്‍ഷകാളിമ തീരും വെളിച്ചങ്ങള്‍
പൂവിടും ഞാനതില്‍ വിശ്വസിപ്പൂ'' എന്ന് വരാനിരിക്കുന്ന വെളിച്ചത്തെ ഉദ്ഭാവന ചെയ്തവരാരുണ്ട് ?
"അറിയാനിനിയുലകില്‍ നമുക്കുള്ളതെന്തെന്നോ
പറയാം ഞാന്‍; അരിവാളിന്‍ തത്വശാസ്ത്രം.''
ഇങ്ങനെ പച്ചയായി അരിവാളിന്‍ തത്വശാസ്ത്രകീര്‍ത്തനം നടത്തിയ കവി വേറെ ആര് ?
"ഉണ്ണാനുഴറിടാതീ മണ്ണിനെ പൂജിച്ച്
വിണ്ണിവിടെ നിര്‍മിക്കും മര്‍ത്യര്‍മാത്രം
അതിനായിട്ടുള്ളതാണറിയുവിന്‍ നിങ്ങളീ-
യരിവാളിന്‍ പൊരുള്‍നിറയും തത്വശാസ്ത്രം
അഴകേലും വയലറ്റ് മഷിയാലല്ലെരിതീയില്‍
എഴുതുന്നു നിങ്ങള്‍തന്‍ ഗര്‍ജനം ഞാന്‍
പൊട്ടിച്ചെറിയുവിന്‍ നിങ്ങളിന്നാ നിങ്ങള്‍
നട്ടെല്ലുവളച്ചൊരാ'യജ്ഞസൂത്രം.' ''
"വിത്തേശരെ നിങ്ങള്‍ കേള്‍പ്പീലെ തെല്ലുമാ-
വിപ്ലവത്തിന്റെ മണിമുഴക്കം.''
നിര്‍മതത്തിന്റെ മടിത്തട്ടില്‍ നിര്‍വൃതിയോടെ ഇരിക്കാം, വിപ്ലവത്തോണിയിലേറി ആ പുഷ്പവാടിയില്‍ ചെന്നു കേറാം എന്നൊക്കെ വിളിച്ചുപറഞ്ഞ കവിയെ എവിടെ തിരയണം?
"സന്തതം നിന്‍നെറ്റിത്തടത്തില്‍നിന്നും
ഉതിരുമാ സ്വേദകണികകളില്‍
നിഴലിച്ചുകാണ്‍മൂ നാളത്തെ ലോകം
നീ വസിച്ചീടുമാദര്‍ശലോകം.''
"കവിതതന്‍ ചില്ലില്‍ തെളിഞ്ഞുകാണും
കമനീയലോകമല്ലീയുലകം
കലഹസങ്കേതമിതിലിറങ്ങാന്‍
കവചം ശരിക്കണിഞ്ഞിട്ടുവേണം''
"യന്ത്രശാലപ്പുകച്ചാര്‍ത്തിലൂടെന്‍-
കുന്തളാവലി കണ്ടുവോ നിങ്ങള്‍
എന്തധര്‍മവും തച്ചുതകര്‍ക്കും
എന്റെ ദോര്‍ബലം കണ്ടുവോ നിങ്ങള്‍
എന്റെ നാടെന്റെ നാടെന്റെ നാടെ-
ന്നെന്റെ ഗായത്രി കേട്ടുവോ നിങ്ങള്‍''
ഇത്തരം വിപ്ലവത്തീപ്പൊരി ചിതറും ശീലുകള്‍ മലയാളത്തില്‍ മുമ്പ് കേട്ടിട്ടുണ്ടോ ?
"ജടയുടെ സംസ്കാരപ്പനയോലക്കെട്ടുകള്‍
ചിതയിലെടുത്തെറിയൂ''
രണ്ട് തുട്ട് നല്‍കിയാല്‍ ചുണ്ടത്തു ചിരിവരുത്തുന്ന തെണ്ടിയല്ലെ ദൈവം, പള്ളിയിലും അമ്പലത്തിലും ദൈവമില്ല, കള്ളങ്ങള്‍ നിങ്ങളുടെ കണ്ണ് കെട്ടിയിരിക്കയാണ്. കൈക്കൂലികിട്ടാതെ അനുഗ്രഹിക്കാന്‍ തയാറാവാത്ത ദൈവം എന്തുദൈവമാണ്. ധനികന്റെ കുട്ടിക്ക് പാലും നിസ്വന്റെ കുട്ടിക്ക് ഉമിനീരും എന്നത് ഈശ്വരേച്ഛയല്ല. ആണെങ്കില്‍ ആ ഈശ്വരനെ ചവിട്ടിപ്പുറത്താക്കണം -ഇത്രയും വിപ്ലവോജ്വലമായ ആഹ്വാനങ്ങള്‍ ഏത് മുഖത്തുനിന്ന് അക്കാലത്തോ പില്‍ക്കാലത്തോ മലയാളഭാഷ കേട്ടിട്ടുണ്ട് !
ഇത്തരം ഉഴുതുമറിക്കല്‍ കണ്ടാകാം 'ഫാസിസ്റ്റ് മുദ്ര' പതിഞ്ഞത്. സംസ്‌ക്കാരമേഖലകളിലും രാഷ്‌ട്രീയ ക്ഷേത്രങ്ങളിലും ഉല്‍പ്പതിഷ്ണുത്വത്തിന്റെ ബീജാധാനത്തിന് പശ്ചാത്തലമൊരുങ്ങുകയാണുണ്ടായതെന്ന് തിരിച്ചറിയാതെ പോയതുകൊണ്ടാണ് ചങ്ങമ്പുഴയെ എവിടെ തിരയണമെന്ന് നട്ടംതിരിയേണ്ടിവരുന്നത്. ടോള്‍സ്റ്റോയിയെ റഷ്യന്‍ വിപ്ലവത്തിന്റെ കണ്ണാടിയായിക്കണ്ട ലെനിനെ മറന്ന മാര്‍ക്‍സിസമായിരുന്നു സാഹിത്യരംഗത്ത് അന്ന്. കവിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ 'ചലിതജലബിംബിതമായ നേര്‍ശാഖിയില്‍ വളവധികമുണ്ടെന്ന് തോന്നുന്ന' അവസ്ഥയായിരുന്നു. നുകവും തോളിലേന്തി കാളക്ക് പിമ്പേ പോകുന്ന സുകൃതസ്വരൂപങ്ങളെ സ്‌മരിക്കുകയും നമിക്കുകയും ചെയ്‌തുപോന്ന ആ കവി ഇരുളൊക്കെയും പോവുമോ, തെരുവിലെ ഞരക്കങ്ങള്‍ നിലയ്‌ക്കുമോ, സമത്വം കിളിര്‍ക്കുമോ എന്ന തികഞ്ഞ ഉല്‍ക്കണ്ഠയിലായിരുന്നു. അനാഥരായ് കിടപ്പാടവും ആഹാരവുമില്ലാതെ ചരിത്രവീഥിയില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ടവരുടെ കൂടെയായിരുന്നു ചങ്ങമ്പുഴ. ഇവരുടെ മോചനമായിരുന്നു ആ ഭാവനയുടെ ലക്ഷ്യം.
"പാടത്തെച്ചൂടില്‍ വിയര്‍ത്തൊലിച്ച്
വാടിത്തളര്‍ന്ന കവിള്‍ത്തടങ്ങള്‍
വാരിവിതറുമവയിലെന്നും
ഞാനെന്റെ സങ്കല്പ ചുംബനങ്ങള്‍''
പാടത്തു വിയര്‍ത്തൊലിച്ച് വയറെരിഞ്ഞു നില്‍ക്കുന്ന അവര്‍ വരിവരിയായി, കടലിലെക്കൊടുംതിരപ്പടര്‍പ്പുപോലെ, ഇരമ്പിപ്പായുന്ന ഇടിവാള്‍ച്ചീളുപോലെ വരികയാണ്. ആരാണവര്‍? വകചോദിക്കുന്നത് വകവയ്‌ക്കാതെ നില്‍ക്കുന്നവരെ വകതിരിവിലേക്ക് നയിക്കുന്നവര്‍ തന്നെ. പുരോഗതിയുടെ നാല്‍ക്കവലകളില്‍ വിപ്ലവയാത്രാനിയന്ത്രണ വേലയിലേര്‍പ്പെടുന്ന ആ നേതൃത്വത്തെ നാം തിരഞ്ഞുനടക്കുന്നു എന്നിട്ടും.
മത്തടിക്കുന്ന നരച്ച മതങ്ങള്‍ തന്‍ മസ്തകം തച്ചുടച്ച് അരിവാളെടുത്തു വിശപ്പിന്റെ പോരിന്ന് അണിനിരക്കാന്‍ സഖാക്കളെ ആഹ്വാനംചെയ്ത റഷ്യയിലെ 'അവിരാമ സമരത്തിരയടിയില്‍' ഇഴുകിച്ചേരാന്‍ മുക്തകണ്ഠം വിളിച്ചുപറഞ്ഞ കവിയെ വേറെയെങ്ങും തിരയേണ്ടതില്ല.
'വിപ്ലവത്തിന്റെ വെണ്‍മഴുവാലാ-
വിത്തഗര്‍വവിഷദ്രുമം വെട്ടി
സല്‍സമത്വസനാതനോദ്യാനം' സജ്ജമാക്കാന്‍ ഉദ്യമിക്കാന്‍ വെമ്പി കവി നമ്മുടെ കൂടെത്തന്നെയുണ്ട്.
ഉയിരേകി തൊഴിലാളികളി-
ലുണര്‍വേകി കാറല്‍മാര്‍ക്സ്
മാര്‍ക്സിനെ മാനിക്കാന്‍ തുയിലുണരാന്‍ പാടിയ കവിയെ എവിടെ തിരഞ്ഞാല്‍ കിട്ടും?
"പുരോഗമനസാഹിത്യം കമ്യൂ. കക്ഷിയുടെ സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കാനുള്ള പ്രസ്ഥാനമാണെന്ന് പലരും പരിഹാസപൂര്‍വം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതുതന്നെയാണ് അതിന്റെ ഉദ്ദേശ്യമെന്ന് വിചാരിക്കുക. അതുകൊണ്ട് എന്താണൊരു തകരാറ് ? ഉറച്ച സ്വരത്തില്‍ അത്യുച്ചത്തില്‍ വിളിച്ചുപറയുക. അതേ, പുരോഗമന സാഹിത്യം കമ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ കളരിയാണ്. അഭിമാനപൂര്‍വം ആ സിദ്ധാന്തത്തെ പ്രചരിപ്പിക്കുന്ന സാഹിത്യമാണ് '' (ചങ്ങമ്പുഴ, സഹിത്യചിന്തകള്‍). പുരോഗമനപക്ഷത്തുനിന്ന് ഇത്രയും വീറോടെ തുറന്നടിച്ച കവിയുണ്ടോ മലയാളത്തില്‍?
1945 ല്‍ അഖിലകേരള പുരോഗമന സാഹിത്യസംഘത്തിന്റെ വാര്‍ഷികത്തിന് അധ്യക്ഷനായി ക്ഷണിക്കപ്പെട്ട ചങ്ങമ്പുഴ ആ സംഘടനയുടെ അധ്യക്ഷസ്ഥാനം തന്നെ ഏല്‍ക്കുകയുണ്ടായി. പില്‍ക്കാലത്ത് വൈലോപ്പിള്ളി ചെയ്തതുപോലെ. എന്നാല്‍, യാഥാസ്ഥിതികത്വത്തിന്റെയും മതത്തിന്റെയും മദമത്തവിത്തപ്രതാപത്തിന്റെയും മണ്ടയ്‌ക്ക് തരിപ്പേറ്റുമാറ് മേടിയത് വൈലോപ്പിള്ളിയേക്കാളും ചങ്ങമ്പുഴയായിരുന്നു എന്നത് സാഹിത്യ ചരിത്രം.
കോട്ടയത്തുനടന്ന പുരോഗമനസാഹിത്യ സമ്മേളനത്തില്‍ ചങ്ങമ്പുഴ ചെയ്ത അധ്യക്ഷപ്രസംഗത്തിന്റെ ഉശിരുംവീറും മലയാളസാഹിത്യചരിത്രം വായിക്കുന്നവര്‍ക്ക് ഇന്നും അനുഭവപ്പെടും. സാഹിത്യകാരന് സമൂഹത്തോടുള്ള കടപ്പാട്, ഉത്തരവാദിത്വം ഇവയെല്ലാം ഊന്നിക്കൊണ്ടായിരുന്നു അത്.
"രാജാക്കന്മാരും പ്രഭുക്കളും സമുദായത്തിലെ ഉയര്‍ന്ന പദവിയുള്ളവരും കൈകാര്യം ചെയ്ത് സൂക്ഷിച്ചിരുന്ന ഒന്നായിരുന്നു നമ്മുടെ സാഹിത്യം. വിശ്രമാവസവരങ്ങളിലെ വിനോദത്തിന് മാത്രമാണ് അതുപയോഗിക്കപ്പെട്ടത്. ഒരിക്കല്‍ പോലും അത് ജനകീയപക്ഷത്തുനിന്നില്ല. നമ്മുടെ സാഹിത്യം 'യമകാലങ്കാര'ങ്ങളുടെ ഗുസ്‌തിപിടിത്തത്തിന്ന് പാണ്ഡിത്യത്തിന്റെ ഗോദയിലിറങ്ങി. അടിയുറച്ചുപോയതും സ്വേഛാധികാരത്താല്‍ കെട്ടിപ്പടുത്തതും മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിന് തികച്ചും വിരുദ്ധവും സാന്മാര്‍ഗിക നീതിധര്‍മങ്ങളെ കൊഞ്ഞനംകുത്തുന്നതുമായ ജീര്‍ണിച്ച സാമൂഹ്യഘടനയെ അടിച്ചുടച്ച് തല്‍സ്‌ഥാനത്ത് സുദൃഢവും സാഹോദര്യത്തില്‍ അധിഷ്ഠിതവുമായ ഒരു നൂതന സംവിധാനം സ്ഥാപിതമായാലേ ഭാവി മനുഷ്യന് പ്രതീക്ഷക്ക് വകയുള്ളൂ'' (സാഹിത്യചിന്തകള്‍).
തീര്‍ച്ചയായും ഇതൊരു വൈകാരികപ്രലപനമല്ല.
"ഇംഗ്ലീഷുകാരെ കുറേ ശകാരിച്ച് മഹാത്മാഗാന്ധിയുടെ തൃപ്പാദങ്ങളില്‍ കുറേ കൂപ്പുകൈമൊട്ടുകളും ഖദര്‍, ചര്‍ക്ക,അഹിംസ, സ്വാതന്ത്ര്യം, ഭാരതമാത എന്നിങ്ങനെ ഒഴിച്ചുകൂടാത്ത ചില പദങ്ങളും ഹാ! ആഹാ! എന്ന് തുടങ്ങിയ ചില വ്യാക്ഷേപകങ്ങളും കൂട്ടിക്കുഴച്ച് പല രൂപത്തിലുള്ള കാകളിയുടെ വളയംചാടിച്ച് ഉല്ലേഖോത്പ്രേക്ഷാദികളുടെ ഞാണില്‍കയറ്റി കസര്‍ത്തുകാണിക്കുന്നതാണ് ദേശീയകവിതയെങ്കില്‍ സമ്മതിച്ചു നമുക്ക് പെരുത്തുപെരുത്ത് ദേശീയകവിതകളുണ്ട്.'' (സാഹിത്യചിന്തകള്‍)
"അഞ്ചുമക്കളുടെ മൃതശരീരം മുന്നില്‍ കിടക്കേ ഉല്ലേഖത്തില്‍ കരയുന്ന അമ്മയെ നമ്മുടെ സാഹിത്യത്തിലേ ക്കാണൂ'' എന്ന് കൂടിയാവുമ്പോള്‍ "അനൌചിത്യാദൂതേനാന്യത് രസഭംഗസ്യ കാരണം'' എന്ന കലാമര്‍മത്തെക്കൂടി കവി കടാക്ഷിക്കുന്നു.
ചങ്ങമ്പുഴക്കവിതക്ക് ഊര്‍ജം പകര്‍ന്ന വിഷയങ്ങളില്‍ പ്രധാനമാണ് പുരോഗതിയെ മുന്‍നിര്‍ത്തിയുള്ള ഈ വിപ്ലവ ത്വര. അനാചാരങ്ങള്‍, തൊഴിലാളി മുതലാളി ബന്ധങ്ങള്‍, ധനികദരിദ്രഭേദങ്ങള്‍, അവശരുടെ ദീനരോദനങ്ങള്‍, ധനാഢ്യതയുടെ ധാര്‍ഷ്‌ട്യം ഇതെല്ലാം ഈ കവിയുടെ രോഷത്തിന് ഇരയായിട്ടുണ്ട്. വിപ്ലവാംശം കുറവാണെന്നുവച്ച് നാം 'മാര്‍ജിനി'ല്‍ നിര്‍ത്തിയ 'വാഴക്കുല' കേരളത്തിലെ സാംസ്‌ക്കാരികസാഹിത്യമണ്ഡലത്തില്‍ ഉണ്ടാക്കിയ വിപ്ലവം ചെറുതൊന്നുമല്ല. പുലക്കുടിലില്‍നിന്നുയര്‍ന്ന അലമുറയന്വേഷിച്ച് ചെന്ന കവി ഞാലിപ്പൂവനും ചുമന്ന് ജന്മിയോടൊപ്പം പോകുന്ന പുലയനെ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് വാഴക്കുല എഴുതിയതെന്ന് കേട്ടിട്ടുണ്ട്. വാഴക്കുല അനുഭവപ്പകര്‍പ്പുതന്നെ. ദളിത് മോചനത്തിന്റെയും പ്രന്തവത്കൃത ജനസമൂഹത്തിന്റെയും പീഡനകഥ ഒന്നാമതായി മലയാളി ശരിക്കു കേട്ടത് വാഴക്കുലയില്‍നിന്നല്ലേ.
നടക്കേണ്ടുന്ന വിപ്ലവത്തിന്റെ അഗ്നിജ്വാലകള്‍ വാഴക്കുലയില്‍ അന്തര്‍ലീനമായിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളീയ സാംസ്‌ക്കാരിക നവോത്ഥാനത്തിന്റെയും വിപ്ലവപ്രസ്ഥാനത്തിന്റെയും തെളിഞ്ഞ കണ്ണാടിയാണത്. ജന്മിത്വത്തിന്നെതിരെ 'ഊരുക വാള്‍' എന്ന് പറയാത്തതാണോ അതിലെ വിപ്ലവരാഹിത്യം? കവിത വായനക്കാരില്‍ ആഗിരണം ചെയ്യുന്ന അവബോധങ്ങളെ - രാസപ്രക്രിയകളെ -തിരിച്ചറിയായ്‌മയാണത്. ഏതോ കിനാവിലെ സ്വര്‍ഗം നുണഞ്ഞ് തപംചെയ്യുന്ന കേരള മനഃസാക്ഷിയെ കുലുക്കിവിളിച്ചുണര്‍ത്തിയ പുരോഗമന വിപ്ലവ പ്രസ്ഥാനത്തിന്റെ ശബ്ദം തന്നെയാണതില്‍. വയറെരിയുന്നവര്‍ സമരകാഹളം മുഴക്കി കടലിലെ കൊടുംതിരപ്പടര്‍പ്പുപോലെ, ഇരമ്പിപ്പായുന്ന ഇടിവാള്‍ച്ചീറുപോലെ വകചോദിപ്പോരെ വകവയ്‌ക്കാത്തവരെ വകതിരിവിന്‍ വഴിയില്‍ ഇറക്കിക്കൊണ്ടുവരുന്നതുതന്നെയാണ് വാഴക്കുല.
മാടമുറ്റത്തെ വാഴക്കുല ജന്മിമാരുടെ ആള്‍ക്കാര്‍ വെട്ടിക്കൊണ്ടുപോവുക അക്കാലത്തെ ഒരു സാധാരണ സംഭവം. അതില്‍ ഊന്നിനിന്ന് ഭ്രഷ്‌ടലോകത്തിന്റെ ആശനിരാശകളുടെ സത്യത്തിലേക്ക് അനുവാചകനെ വിളിച്ചുകൊണ്ടുപോയത് വാഴക്കുലയാണ്. കഥാകാരരാണ് അത് അത്രക്ക് പ്രചരിപ്പിച്ചത് എന്ന് അതിനെ മാറ്റി നിര്‍ത്തരുത്. കാഥികര്‍ക്ക് അത് അത്രക്ക് പ്രയോജനപ്പെട്ടു എന്ന് പറയുന്നതാണ് ശരി.
പുരോഗനസാഹിത്യത്തെക്കുറിച്ചും വിപ്ലവ പ്രസ്ഥാനത്തെക്കുറിച്ചും പുച്‌ഛവും പരിഹാസവും വച്ചുപുലര്‍ത്തിയ തനി യാഥാസ്ഥിതിക വീക്ഷണമുള്ള എം ആര്‍ നായരുടെ ചങ്ങമ്പുഴക്കവിതാവിമര്‍ശത്തെ കൊണ്ടാടിക്കൊണ്ട് ചങ്ങമ്പുഴയെ തിരയാന്‍ നോക്കുന്നത് അത്ഭുതമായി തോന്നുന്നു.
"താരഹാരമിരുളാം കചംവിധു-
സ്‌മേരവക്‍ത്രമിവപൂണ്ട രാത്രിയെ
പാരമംബരമൊഴിഞ്ഞുകാണവേ
കൈരവങ്ങള്‍ മിഴിപൊത്തി ലജ്ജയാല്‍''
(സാഹിത്യനികഷം) എന്ന ഈ ഒറ്റ ഉമാകേരളശ്ലോകം മതി ഉള്ളൂരിനെ മഹാകവിയാക്കാന്‍ എന്ന് പറഞ്ഞ ആളാണ് എം ആര്‍ നായര്‍. 'സംജയ'ന്റെ വിമര്‍ശംനേരംപോക്കായി തള്ളാം. എന്നാല്‍ എം ആര്‍ നായരെ അങ്ങനെ തള്ളാനാവില്ല. അദ്ദേഹത്തിന്റെ രമണനിരീക്ഷണം ശ്രദ്ധിക്കാം: "അനുഭവങ്ങളായ വിസന്ധികളാല്‍ ആ രചന പലേടത്തും അസുഖകരങ്ങളായിട്ടുണ്ട്: പ്രശാന്ത രമണീയമായ പരിശുദ്ധപരിസരങ്ങള്‍ക്ക് കേവലം അപരിചിതവും മൃഗീയമെന്ന് വിളിക്കുന്ന മൃഗങ്ങള്‍ക്ക് അപമാനകരവും ആയ പൈശാചികവികാരങ്ങളെ അസഹ്യമായവിധത്തില്‍ വൈരൂപ്യപ്പെടുത്തിയിട്ടുണ്ട് . കാവ്യകാരന്‍ സ്വീകരിച്ചിരിക്കുന്നത് ഗ്രീക്കുകവികളും ഇംഗ്ലീഷുകവികളും ഉപയോഗിച്ച് അതിന്റെ കൃത്രിമത്വം ഹേതുവായി മനംമടുത്തുവലിച്ചെറിഞ്ഞ ഒരു കാവ്യസങ്കേതമാണുള്ളതെന്നത് ആ പുതുമയുടെ ആകര്‍ഷകത്വം നശിപ്പിക്കുന്നുണ്ട്.'' വിമര്‍ശത്തിനുവേണ്ടിയുള്ള വിമര്‍ശമാണിതെന്ന് സുവ്യക്തം.
"ആരിസ്സഖാക്കള്‍ നാടെങ്ങും
പ്രസംഗിച്ചുനടപ്പവര്‍
ഉത്തമാംഗം മനുഷ്യന്നു
വയറെന്നു ശഠിപ്പവര്‍'' എന്ന് കമ്യൂണിസ്റ്റുകാരെ പരിഹസിച്ച 'സംജയ'നാണ് ഈ എം ആര്‍ നായര്‍. കവിതക്ക് ചങ്ങമ്പുഴ നല്‍കിയ ജനകീയഭാവവും കവിയുടെ റബല്‍സ്വഭാവവുമാണ് എം ആര്‍ നായരെ പ്രകോപിപ്പിച്ചത്. എം ആര്‍ നായരുടെ ചേലില്‍ ചങ്ങമ്പുഴയെ എതിര്‍ത്തുപോന്നവരെല്ലാം പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ ജനപ്രീതികണ്ട് മലയാളത്തില്‍ ഭാവഗാനങ്ങള്‍ക്കൊരു കവിയുണ്ടെങ്കില്‍ അത് ചങ്ങമ്പുഴയാണെന്ന് ഉദ്ഘോഷിച്ചു. ജീവിച്ചിരുന്നെങ്കില്‍ എം ആര്‍ നായരും കൂട്ടത്തില്‍ കൂടുമായിരുന്നു എന്നതില്‍ സംശയമുണ്ടോ? ചങ്ങമ്പുഴയെപ്പോലെ അദ്ദേഹവും അല്പായുസ്സായി. "കാവ്യം യശസേ അര്‍ഥകൃതേ' എന്ന് പണ്ടുള്ളവര്‍ പറഞ്ഞത് അന്നും ഇന്നും എന്നും ഒരു സത്യമാണ്. സാഹിത്യകാരന്മാരെ വിലയിരുത്തുമ്പോള്‍ ഇത് ഒര്‍മിക്കാതെ പോകുന്നതാണ് പിന്നെ അവരെ തിരഞ്ഞുകണ്ടുപിടിക്കേണ്ട അവസ്ഥയില്‍ എത്തിക്കുന്നത്.
*****
കുഞ്ഞനന്തന്‍ നായര്‍ , കടപ്പാട് : ദേശാഭിമാനി വാരിക

Subscribe to:
Posts (Atom)