Showing posts with label സ്മരണ. Show all posts
Showing posts with label സ്മരണ. Show all posts

25 March, 2013

ഹ്യൂഗോ ഷാവേസും 21ആം നൂറ്റാണ്ടിലെ സോഷ്യലിസവും


ഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്ത് ലോകരാഷ്ട്രീയത്തില്‍ വേറിട്ട ശബ്ദമായി ഉയര്‍ന്നുനിന്ന, സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയായ ഹ്യൂഗോ ഷാവേസ് ഓര്‍മയായി. എന്നും ദരിദ്രപക്ഷത്തിെന്‍റ വക്താവായിരുന്ന ഷാവേസിന് സോഷ്യലിസ്റ്റാവുകയെന്നത് അനിവാര്യതയായിരുന്നു. 20ാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളില്‍നിന്ന് വേറിട്ട പരീക്ഷണങ്ങള്‍ക്കാണ് അദ്ദേഹത്തിെന്‍റ നേതൃത്വത്തില്‍ വെനസ്വേല സാക്ഷ്യംവഹിച്ചത്. സോവിയറ്റ് യൂണിയെന്‍റ പതനത്തോടുകൂടി സോഷ്യലിസത്തിന് അന്ത്യം കുറിച്ചിരിക്കുന്നുവെന്നും മുതലാളിത്തത്തിനു കീഴടങ്ങുകയല്ലാതെ, നവഉദാരവല്‍ക്കരണം നടപ്പാക്കുകയല്ലാതെ ലോകത്തിനുമുന്നില്‍ മറ്റൊരു പോംവഴിയുമില്ലെന്ന പ്രചരണം കൊണ്ടുപിടിച്ച് നടന്നിരുന്ന വേളയിലായിരുന്നു 1998ല്‍ ഷാവേസ് തിരഞ്ഞെടുപ്പിലൂടെ വെനസ്വേലയില്‍ അധികാരത്തില്‍ എത്തിയത്. നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായി വെനസ്വേലയിലെ ജനങ്ങള്‍ നടത്തിയ പോരാട്ടമാണ് ഷാവേസ് അധികാരത്തില്‍ വരുന്നതിനിടയാക്കിയത്.

ചരിത്ര പശ്ചാത്തലം

1989 അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത് ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസത്തിെന്‍റ തകര്‍ച്ചയുടെ വര്‍ഷമായാണ്; ബെര്‍ലിന്‍ മതിലിെന്‍റ പതനത്തിെന്‍റ വര്‍ഷമായാണ്. എന്നാല്‍ മുഖ്യധാരാ ചരിത്രകാരന്മാരും മാധ്യമങ്ങളും മൂടിവെയ്ക്കുന്ന ഒരു മറുവശം കൂടി 1989 എന്ന വര്‍ഷത്തിനുണ്ട്. നവലിബറല്‍ നയങ്ങളുടെ പരീക്ഷണശാലയായ ലാറ്റിന്‍ അമേരിക്കയില്‍ ആ നയങ്ങള്‍ക്കെതിരായ ജനങ്ങളുടെ ചെറുത്തുനില്‍പിെന്‍റയും കലാപത്തിെന്‍റയും തുടക്കം കുറിക്കുന്ന വര്‍ഷം കൂടിയാണത്; ആ ജനകീയ പോരാട്ടങ്ങളിലൂടെ ഉയര്‍ന്നുവന്ന രാഷ്ട്രീയ അന്തരീക്ഷമാണ് പിന്നീട് 21ാം നൂറ്റാണ്ടിലെ സോഷ്യലിസം എന്ന സങ്കല്‍പനത്തിെന്‍റ ഉരുവംകൊള്ളലിന് ഇടയാക്കിയത്.

1988ല്‍ വെനസ്വേലയില്‍ ഡെമോക്രാറ്റിക് ആക്ഷന്‍ പാര്‍ടിയുടെ (ഡിഎ) പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ച കാര്‍ലോസ് ആന്ദ്രേ പെരെസ് തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനം താന്‍ അധികാരത്തില്‍ എത്തുന്നതോടെ ഐഎംഎഫ് കുറിപ്പടി പ്രകാരം രാജ്യത്ത് നടപ്പാക്കിവരുന്ന സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്തുമെന്നായിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ആ നയങ്ങളില്‍നിന്ന് പിന്തിരിഞ്ഞില്ലെന്ന് മാത്രമല്ല, അമേരിക്കയുടെയും ഐഎംഎഫിെന്‍റയും നിര്‍ദേശം ശിരസ്സാവഹിച്ച് ചെലവ് ചുരുക്കല്‍ പരിപാടികള്‍ എന്ന പേരില്‍ ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പിക്കുകയുമുണ്ടായി.

പത്തുവര്‍ഷത്തിലേറെയായി വെനസ്വേലയിലെ സര്‍ക്കാര്‍ ഐഎംഎഫുമായുള്ള വായ്പാ കരാര്‍ പ്രകാരം നടപ്പാക്കിവരുന്ന സാമ്പത്തിക നയങ്ങള്‍  ഐഎംഎഫ് സ്വേച്ഛാധിപത്യം എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്  കാരണം പൊറുതിമുട്ടിയിരുന്ന ജനങ്ങള്‍ക്ക് പുതിയ ചെലവ് ചുരുക്കല്‍ പരിപാടികള്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. 1989 ഫെബ്രുവരി 27ന് ബസ് ചാര്‍ജ് വര്‍ധനയ്ക്കെതിരെ കാരക്കാസിലെ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ തുടക്കംകുറിച്ച ജനകീയ കലാപം അതിവേഗം രാജ്യമാകെ പടര്‍ന്നു പിടിക്കുകയാണുണ്ടായത്. ബസ്സുകള്‍ തകര്‍ത്തും അഗ്നിക്കിരയാക്കിയും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കൊള്ളയടിച്ചും ദരിദ്രരായ ജനസഞ്ചയം അതിസമ്പന്നര്‍ക്ക് സുഖസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അഭിരമിച്ചിരുന്ന ഭരണവ്യവസ്ഥയ്ക്കെതിരായ തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയാണുണ്ടായത്. കാരക്കസൊ എന്നറിയപ്പെടുന്ന ആ കലാപം ഭരണകൂടത്തിെന്‍റ സമസ്ത ശക്തിയും പ്രയോഗിച്ച് അടിച്ചമര്‍ത്തപ്പെട്ടെങ്കിലും, മൂവായിരത്തിലേറെ ജനങ്ങള്‍ കൊല്ലപ്പെട്ട ആ വന്‍ജനമുന്നേറ്റം ഭാവിയിലെ വലിയ രാഷ്ട്രീയ വഴിത്തിരിവിന് വഴിമരുന്നിടുകയാണുണ്ടായത്. 1958ല്‍ ജനറല്‍ പെരെസ് ജിമെനസിെന്‍റ പട്ടാളഭരണം അവസാനിപ്പിക്കുന്നതിനിടയാക്കിയ ജനകീയ പ്രക്ഷോഭത്തിനുശേഷം നടന്ന ഏറ്റവും വലിയ, ഒരുപക്ഷേ അതിലും വലിയ, ജനമുന്നേറ്റത്തിനായിരുന്നു

1989ല്‍ നവലിബറല്‍ നയങ്ങള്‍ക്കെതിരെ വെനസ്വേല സാക്ഷ്യംവഹിച്ചത്. ഷാവേസിെന്‍റ ജീവചരിത്രകാരനും 'ദ ഗാര്‍ഡിയന്‍' പത്രത്തിെന്‍റ ലാറ്റിന്‍ അമേരിക്കന്‍ ലേഖകനുമായ റിച്ചാര്‍ഡ് ഗോട്ട് കാരക്കസൊ കലാപത്തെക്കുറിച്ച് പ്രസ്താവിക്കുന്നത്, "വെനസ്വേലയിലെ പഴയ ഭരണത്തിെന്‍റ അന്ത്യത്തിെന്‍റ ആരംഭം" എന്നാണ്. വെനസ്വേലയിലെ സൈന്യത്തില്‍ കേണലായി ജോലി നോക്കിയിരുന്ന ഹ്യൂഗോ ഷാവേസിെന്‍റ നേതൃത്വത്തില്‍ ഇടതുപക്ഷക്കാരായ ഒരു സംഘം യുവസൈനികര്‍ ലാറ്റിന്‍ അമേരിക്കന്‍ വിമോചന നായകനായിരുന്ന സൈമണ്‍ ബൊളിവറുടെ 200ാം ജന്മവാര്‍ഷികത്തെ സൂചിപ്പിച്ചുകൊണ്ട് 1982ല്‍ തന്നെ ബൊളിവേറിയന്‍ വിപ്ലവ പ്രസ്ഥാനം 200 (എംബിആര്‍  200) എന്ന ഒരു രഹസ്യ സംഘടനയ്ക്ക് സൈന്യത്തിനുള്ളില്‍ രൂപം നല്‍കിയിരുന്നു. കാരക്കാസ് കലാപത്തെ ചോരയില്‍ മുക്കിയതില്‍ അസ്വസ്ഥരായ ("വംശഹത്യ"യായിരുന്നു അത് എന്നാണ് ഷാവേസ് പില്‍ക്കാലത്ത് വിശേഷിപ്പിച്ചത്) ഷാവേസും സംഘവും "ഓപ്പറേഷന്‍ സമോറ" (ലാറ്റിന്‍ അമേരിക്കന്‍ വിമോചന പോരാട്ടത്തില്‍ ബൊളിവറുടെ സഹപ്രവര്‍ത്തകനായിരുന്നു എസെക്വിയേല്‍ സമോറ) എന്ന പേരില്‍ കാര്‍ലോസ് ആന്ദ്രേ പെരസിെന്‍റ സര്‍ക്കാരിനെതിരെ ഒരു സൈനിക അട്ടിമറിക്കുള്ള ആലോചന തുടങ്ങി. സൈനിക നടപടി തുടങ്ങുമ്പോള്‍ തന്നെ പുറത്ത് ബഹുജന പ്രക്ഷോഭവും ആരംഭിക്കാന്‍ ഇടതുപക്ഷ പാര്‍ടികളുമായി രഹസ്യധാരണയുമുണ്ടാക്കിയിരുന്നു.

എന്നാല്‍ ആസൂത്രണത്തിലെ പാളിച്ചകളും പുറത്തുള്ള പ്രസ്ഥാനവുമായി ശരിയായ ഏകോപനം ഇല്ലാതിരുന്നതുംമൂലം 1992 ഫെബ്രുവരി 4ന് നടന്ന സൈനിക കലാപം പരാജയപ്പെട്ടു; ഷാവേസും സംഘവും അറസ്റ്റു ചെയ്യപ്പെട്ടു. ആ വര്‍ഷം തന്നെ നവംബറില്‍ ഷാവേസിെന്‍റ സുഹൃത്തുക്കള്‍ വീണ്ടും ഒരു അട്ടിമറി നീക്കം കൂടി നടത്തിയെങ്കിലും അതും പരാജയപ്പെടുകയുണ്ടായി. 1994ല്‍ തെന്‍റ തിരഞ്ഞെടുപ്പ് വാഗ്ദാനപ്രകാരം പ്രസിഡന്‍റ് റാഫേല്‍ കാല്‍ഡെറ ഹ്യൂഗോ ഷാവേസിനെയും സഹപ്രവര്‍ത്തകരെയും ജയില്‍ മോചിതരാക്കി. ജയില്‍ മോചിതനായ ഷാവേസ് ക്യൂബയിലെത്തി ഫിദെല്‍ കാസ്ട്രോയുമായി നടത്തിയ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് വെനസ്വേലയില്‍ തിരിച്ചെത്തി ഫിഫ്ത്ത് റിപ്പബ്ലിക്കന്‍ മൂവ്മെന്‍റ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നല്‍കി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആ കാലത്തുതന്നെ സൈന്യത്തില്‍ തെന്‍റ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ഫ്രാന്‍സിസ്കൊ കാര്‍ദിനാസ് സോഷ്യലിസ്റ്റ് പാര്‍ടി (റാഡിക്കല്‍ കാസ് എന്നായിരുന്നു പാര്‍ടിയുടെ പേര്) സ്ഥാനാര്‍ത്ഥിയായി 1995 ഡിസംബറില്‍ സുലിയ സംസ്ഥാന ഗവര്‍ണര്‍ സ്ഥാനത്തേക്ക് മല്‍സരിച്ച് ജയിക്കുകയുമുണ്ടായി. (ചില പത്രങ്ങളില്‍ ഷാവേസ് സുലിയ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു എന്നു വന്ന വാര്‍ത്ത ശരിയല്ല).

1998 ഡിസംബറില്‍ നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഹ്യൂഗോ ഷാവേസ് പാട്രിയോട്ടിക് പോള്‍ എന്ന ഇടതുപക്ഷമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുകയും വിജയിക്കുകയും ചെയ്തു. ഫിഫ്ത്ത് റിപ്പബ്ലിക്കന്‍ മൂവ്മെന്‍റിനെ കൂടാതെ വെനസ്വേലന്‍ കമ്യൂണിസ്റ്റ് പാര്‍ടി, സോഷ്യലിസത്തിനായുള്ള പ്രസ്ഥാനം എന്നിവ ഉള്‍പ്പെടെ 8 പാര്‍ടികള്‍ അടങ്ങിയതായിരുന്നു ആ മുന്നണി. 1992ലെ പരാജയപ്പെട്ട സൈനിക കലാപത്തെത്തുടര്‍ന്ന് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടിയ ഷാവേസ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതുതന്നെ വലതുപക്ഷ രാഷ്ട്രീയ പാര്‍ടികളില്‍ അങ്കലാപ്പ് സൃഷ്ടിച്ചു. മുഖ്യ ഭരണവര്‍ഗ കക്ഷികളായ ആക്ഷന്‍ ഡെമോക്രാറ്റിക്കയും കോപ്പെയും ഷാവേസ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ പ്രാപ്തിയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കായി പരക്കം പായാന്‍ തുടങ്ങി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വന്ന മുന്‍ സൗന്ദര്യറാണിയും കാരക്കാസ് മേയറുമായ ഐറീന്‍ സയസിനെ പിന്താങ്ങാന്‍ കോപ്പെ പാര്‍ടി തീരുമാനിച്ചു. ജനപിന്തുണയാര്‍ജിക്കാന്‍ ഐറീനെ നിര്‍ത്തിയതുകൊണ്ടും പറ്റില്ലെന്ന് കണ്ട കോപ്പെ നേതൃത്വം പ്രചാരണത്തിനിടയില്‍ തന്നെ തങ്ങളുടെ പിന്തുണ ഹെന്‍റിക് സലാസ് റോമര്‍ എന്ന മറ്റൊരു വലതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് നല്‍കി. തങ്ങളുടെ പഴയൊരു പടക്കുതിരയായ ലൂയി അല്‍ഫാരോ ഉസേറോയെത്തന്നെ രംഗത്തിറക്കിയ ആക്ഷന്‍ ഡെമോക്രാറ്റിക്കും ഒടുവില്‍ സലാസ് റോമര്‍ക്കു പിന്നില്‍ എത്തി. അങ്ങനെ ഹെന്‍റിക് സലാസ് റോമര്‍ വലതുപക്ഷത്തിെന്‍റയാകെ സംയുക്ത സ്ഥാനാര്‍ത്ഥിയായി മാറി. അതേ വരെ ഭരണ  പ്രതിപക്ഷ വിഭാഗങ്ങളായി മാറി മാറി പ്രവര്‍ത്തിച്ചിരുന്ന എഡിയും കോപ്പെയും ഒരേ നുകത്തിന്‍കീഴില്‍ എത്തപ്പെട്ടത് ആദ്യമായാണ്, മൂലധനശക്തികളുടെയും അമേരിക്കയുടെയും ശക്തമായ ഇടപെടലും അതിനുപിന്നില്‍ ഉണ്ടായിരുന്നു.

എന്നാല്‍ 1998 ഡിസംബര്‍ 6ന് നടന്ന തിരഞ്ഞെടുപ്പില്‍ ഈ വലതുപക്ഷ കൂട്ടുകെട്ടിനെ പറ്റെ പരാജയപ്പെടുത്തിയാണ് 56.2 ശതമാനം വോട്ട് നേടി ഹ്യൂഗോ ഷാവേസ് വിജയം വരിച്ചത്. അങ്ങനെ ഷാവേസ് അധികാരത്തിലെത്തുന്നത് നവലിബറല്‍ നയങ്ങള്‍ക്കെതിരെ വെനസ്വേലയില്‍ ഉയര്‍ന്നുവന്ന ജനകീയ പ്രതിഷേധത്തിെന്‍റയും പ്രക്ഷോഭത്തിെന്‍റയും തുടര്‍ച്ചയായാണ്. മാറി മാറി അധികാരത്തിലിരുന്ന മുഖ്യ ഭരണവര്‍ഗ പാര്‍ടികളോടുള്ള ജനങ്ങളുടെ വെറുപ്പും അസംതൃപ്തിയും കൂടി പ്രതിഫലിപ്പിക്കുന്നതായിരുന്നു ഷാവേസിനനുകൂലമായ ജനവിധി.

ഷാവേസിെന്‍റ പരിഷ്കരണങ്ങള്‍

1998 ഡിസംബറിനുശേഷം 2012 ഡിസംബര്‍ വരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഷാവേസ്, ഷാവേസിെന്‍റ കക്ഷി തുടര്‍ച്ചയായി ജയിക്കുകയായിരുന്നു. ഷാവേസിെന്‍റ മരണവൃത്താന്തം അറിഞ്ഞ് വെനസ്വേലയിലെ തെരുവുകളില്‍ പൊട്ടിക്കരയുന്ന, വാവിട്ടു നിലവിളിക്കുന്ന ജനലക്ഷങ്ങളെയാണ് ലോകം കണ്ടത്. ഈ ജനപിന്തുണയുടെ അടിസ്ഥാന കാരണം എന്ത്? 2007ല്‍ ചെസാ ബൗദിന്‍ എന്ന പത്രപ്രവര്‍ത്തകെന്‍റ ചോദ്യത്തിന് ജോസ് എന്ന ഒരു തയ്യല്‍ തൊഴിലാളി പറഞ്ഞ മറുപടി ശ്രദ്ധേയമാണ്: "ആദ്യം ഞങ്ങള്‍ ഷാവേസിന് വോട്ട് ചെയ്തത് അദ്ദേഹം എഡി, കോപെ എന്നീ കക്ഷികളുടെ സ്ഥാനാര്‍ത്ഥി അല്ലാതിരുന്നതുകൊണ്ടാണ്. പക്ഷേ, പിന്നീട് ഞങ്ങള്‍ അദ്ദേഹത്തിന് വോട്ട് ചെയ്തത് അദ്ദേഹത്തിെന്‍റ ഭരണം ഞങ്ങളുടെ നിത്യജീവിതത്തില്‍ മാറ്റം വരുത്തിയതുകൊണ്ടാണ്. അദ്ദേഹം ആരംഭിച്ച മിഷന്‍ റോബിന്‍സണിലൂടെ ഞാന്‍ എഴുതാനും വായിക്കാനും പഠിച്ചു. അദ്ദേഹം ഞങ്ങളുടെ കുടിലുകളിലേക്ക് ഡോക്ടര്‍മാരെ എത്തിച്ചു. ഞങ്ങളുടെ കൂലി കൊണ്ട് ഞങ്ങള്‍ക്കാവശ്യമായ ഭക്ഷണം കിട്ടുമെന്ന അവസ്ഥയുണ്ടാക്കി. ഇനിയും ഒരുപാട് നേടാനുണ്ട്. അതിനായി പോരാടാനുള്ള ശുഭപ്രതീക്ഷ ഷാവേസ് ഞങ്ങള്‍ക്ക് നല്‍കുന്നു".

അധികാരത്തിലേറിയതുമുതല്‍ ദാരിദ്ര്യവും അസമത്വവും അവസാനിപ്പിക്കുന്നതിനായി ഷാവേസ് നടപ്പാക്കിവരുന്ന കര്‍മ പദ്ധതികളാണ് അദ്ദേഹത്തിെന്‍റ ജനപിന്തുണ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയ ശക്തിസ്രോതസ്സ്, അതുതന്നെയാണ് എതിരാളികളെ പ്രകോപിപ്പിക്കുന്നതും. അധികാരത്തില്‍ എത്തിയ ഉടന്‍ നടപ്പിലാക്കിയ പദ്ധതികളില്‍ ഒന്ന് ദാരിദ്ര്യനിര്‍മാര്‍ജ്ജനം ലക്ഷ്യമാക്കിയുള്ള പ്ലാന്‍ ബൊളിവര്‍ 2000 ആണ്. കാരക്കാസൊ കൂട്ടക്കൊലയുടെ 10ാം വാര്‍ഷികാചരണത്തിെന്‍റ ഭാഗമായി 1999 ഫെബ്രുവരി 27നാണ് ഇത് ആരംഭിച്ചത്. 11.3 കോടി ഡോളര്‍ ഇതിനായി നീക്കിവെച്ചു. 70,000 സൈനികോദ്യോഗസ്ഥരെ ഈ പദ്ധതിയുടെ ഭാഗമായി രാജ്യത്താകെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ നിയോഗിച്ചു. റോഡുകളുടെയും ആശുപത്രികളുടെയും അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുക, സൗജന്യചികില്‍സയും വാക്സിനേഷനുകളും നല്‍കുക, കുറഞ്ഞ വിലയ്ക്ക് ഭക്ഷണസാധനങ്ങള്‍ ജനങ്ങള്‍ക്കെത്തിക്കുക എന്നിവയായിരുന്നു ഇവരുടെ ദൗത്യം. ഇതിനെക്കുറിച്ച് ഷാവേസ് പറഞ്ഞത്, "10 വര്‍ഷത്തിനുമുമ്പ് സൈന്യം ജനങ്ങളെ കൊന്നൊടുക്കുന്നതിനാണ് തെരുവിലിറങ്ങിയത്. ഇപ്പോള്‍ ജനങ്ങളെ സേവിക്കാനാണ്, അവരുടെ സുഹൃത്തുക്കളായാണ് പട്ടാളക്കാര്‍ ജനങ്ങള്‍ക്കിടയില്‍ എത്തുന്നത്" എന്നാണ്.

2001 ഡിസംബറില്‍ ഷാവേസ് പുതിയ ഭരണഘടനാ വ്യവസ്ഥ പ്രകാരം 49 നിയമങ്ങള്‍ തയ്യാറാക്കി പാര്‍ലമെന്‍റിെന്‍റ അംഗീകാരം നേടി. അതില്‍ ഏറ്റവും പ്രധാനം വെനസ്വേലയുടെ വരുമാനത്തിെന്‍റ മുഖ്യസ്രോതസ്സായ പെട്രോളിയം വ്യവസായത്തിനു ചുക്കാന്‍ പിടിക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനിയുടെ പുനഃസംഘടന ലക്ഷ്യമാക്കിയുള്ളതാണ്. അതോടൊപ്പം പെട്രോളിയം മേഖലയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ബഹുരാഷ്ട്ര കുത്തക എണ്ണക്കമ്പനികളുടെ ചൂഷണത്തിന് അറുതിവരുത്തുകയും പെട്രോളിയം വ്യവസായം ദേശസാല്‍ക്കരിക്കാന്‍ നടപടി തുടങ്ങുകയും ചെയ്തു. അതുവരെ എണ്ണ ഉല്‍പാദനത്തില്‍നിന്നുണ്ടാകുന്ന ലാഭമാകെ സമ്പന്നര്‍ കയ്യടക്കുകയായിരുന്നു. പുതിയ നിയമം വന്നതോടെ അതില്‍ മാറ്റം വരുകയും പെട്രോളിയം വ്യവസായത്തില്‍നിന്നുള്ള ലാഭമാകെ പ്രസിഡന്‍റിെന്‍റ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരികയും അതാകെ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ക്കായി ചെലവഴിക്കാന്‍ വ്യവസ്ഥയുണ്ടാക്കുകയും ചെയ്തു.

പെട്രോളിയം വ്യവസായത്തില്‍നിന്ന് ലഭിക്കുന്ന ലാഭം ഉപയോഗിച്ച് നിരവധി 'മിഷനുകള്‍'ക്ക് രൂപം നല്‍കി. അതിലൊന്നാണ് 'മിഷന്‍ മെര്‍ക്കല്‍'. പ്രാദേശികമായി കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ സബ്സിഡി നല്‍കി ഏറ്റെടുക്കുന്ന കാര്‍ഷിക കമ്പോളങ്ങളുടെയും നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങള്‍ക്കെത്തിക്കാന്‍ നൂറുക്കണക്കിന് ചെറുകിട സൂപ്പര്‍മാര്‍ക്കറ്റുകളുടെയും വിപുലമായ ശൃംഖല ഈ മിഷന്‍ പ്രകാരം രാജ്യത്തുടനീളം കെട്ടിപ്പടുത്തിരിക്കുന്നു. ഇതിലൂടെ സാധാരണ കര്‍ഷകര്‍ക്ക് വിദേശ വിപണിയുമായുള്ള മല്‍സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നു. മാത്രമല്ല, ജനങ്ങളുടെയാകെ ജീവിതനിലവാരം മെച്ചപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. 2004നുശേഷം വെനസ്വേലയിലെ യഥാര്‍ത്ഥ പ്രതിശീര്‍ഷ ജിഡിപിയില്‍ 24 ശതമാനം വളര്‍ച്ച കൈവരിച്ചു. ഷാവേസ് അധികാരത്തില്‍ വരുന്നതിനു മുമ്പുള്ള 20 വര്‍ഷവും പ്രതിശീര്‍ഷ ജിഡിപിയില്‍ തുടര്‍ച്ചയായി ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. വിദേശ പൊതുകടം വെനസ്വേലയ്ക്ക് ജിഡിപിയുടെ 28 ശതമാനം മാത്രമേയുള്ളൂ  അതിന് നല്‍കേണ്ട പലിശയാകട്ടെ ജിഡിപിയുടെ 2 ശതമാനം മാത്രവും. തൊഴിലില്ലായ്മ ഷാവേസ് അധികാരത്തിലെത്തിയ 1998ലേതിനെക്കാള്‍ ഗണ്യമായി കുറവാണിപ്പോള്‍  2003ല്‍ 20 ശതമാനമായിരുന്നത് 2012ല്‍ 7 ശതമാനമായി താണു. കടുത്ത ദാരിദ്ര്യം (ഋഃേൃലാല ജീ്ലൃേ്യ) 25 ശതമാനമായിരുന്നത് 10 വര്‍ഷം പിന്നിട്ടപ്പോള്‍ 7 ശതമാനമായി കുറഞ്ഞു. ആകെയുള്ള ദാരിദ്ര്യം (ഛ്ലൃമഹഹ ജീ്ലൃേ്യ) 1998ല്‍ 60 ശതമാനമായിരുന്നത് 2008ല്‍ 25 ശതമാനമായി കുറഞ്ഞു. 90 ശതമാനത്തിലധികം വെനസ്വേലക്കാരും ചരിത്രത്തില്‍ ആദ്യമായി മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത് ഇപ്പോള്‍ ആദ്യമായാണ്.

മറ്റു മിഷനുകളില്‍ പലതും ജനങ്ങളുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നീ മേഖലകളില്‍ നടപ്പാക്കുന്നവയാണ്. അവയില്‍ ഒന്നാണ് മിഷന്‍ റോബിന്‍സണ്‍. ദരിദ്രര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ അവര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം (ഭാഷ, കണക്ക്, ചരിത്രം എന്നിവയില്‍ പ്രാഥമികമായ അറിവും എഴുതാനും വായിക്കാനുമുള്ള കഴിവും) നല്‍കുന്നതിനായി നൂറുകണക്കിന് വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതാണ് ഈ മിഷന്‍. അതേപോലെ മിഷന്‍ റിബാസും മിഷന്‍ സക്കറും സെക്കന്‍ഡറി വിദ്യാഭ്യാസവും സര്‍വകലാശാല വിദ്യാഭ്യാസവും സൗജന്യമായി നല്‍കുന്നതിനുള്ള ജനകീയ പദ്ധതികളാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പൊതുപണം വിനിയോഗിച്ച് 22 സര്‍വകലാശാലകള്‍ സ്ഥാപിച്ചു. അധ്യാപകരുടെ എണ്ണം 65000 ആയിരുന്നത് 3,50,000 ആയി വര്‍ധിച്ചു. നിരക്ഷരത നിര്‍മാര്‍ജനം ചെയ്യപ്പെട്ടു.

ആരോഗ്യ പരിപാലനരംഗത്തെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തന പരിപാടിയാണ് മിഷന്‍ ബാരിയോ അദേന്ദ്രോ. പ്രാഥമികാരോഗ്യ പ്രവര്‍ത്തനങ്ങളും രോഗപ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതാണ് അത്. പ്രധാനമായും അയല്‍ക്കൂട്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ് അതിെന്‍റ പ്രവര്‍ത്തനം. മിഷന്‍ മിലാഗ്രോ എന്ന പദ്ധതിയുടെ കീഴില്‍ കൂടുതല്‍ മികവുറ്റ സാങ്കേതിക സംവിധാനങ്ങളോടു കൂടിയതും നഗരപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുമായ ആശുപത്രികളുടെ ഒരു ശൃംഖല തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനമായ കാരക്കാസില്‍ തന്നെ ഈ പദ്ധതിക്കുകീഴില്‍ നൂറിലധികം ക്ലിനിക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ രാജ്യത്തിെന്‍റ വിവിധ കേന്ദ്രങ്ങളിലായി അഞ്ഞൂറിലധികം ക്ലിനിക്കുകളും പ്രവര്‍ത്തിച്ചുവരുന്നു.

@ജി. വിജയകുമാര്‍

06 April, 2011

കെ ടിയുടെ നാടകപ്പന്തല്‍

കെ ടിയുടെ പുതിയ നാടകത്തിന്റെ അനൌണ്‍സ്മെന്റ് ഒരു ഉത്സവവിളംബരത്തിന്റെ ഫലം ചെയ്തിരുന്നു. ദിനപ്പത്രങ്ങളിലും ആനുകാലികങ്ങളിലും സ്ഥാനം പിടിച്ചിരിക്കും, 'അണിയറയില്‍ അണിഞ്ഞൊരുങ്ങുന്ന' നാടകത്തെക്കുറിച്ചുള്ള പൊടിപ്പും തൊങ്ങലും വെച്ച വാര്‍ത്ത. ചിലതില്‍ കെ ടി മുഹമ്മദ് എന്ന നാടക (കലാപ) കാരനുമായുള്ള അഭിമുഖങ്ങളും മറ്റും അതും കാണും. രണ്ടുമൂന്ന് പ്രമുഖ പത്രങ്ങളിലെങ്കിലും നാടകത്തിന്റെ പരസ്യവും. കെ ടി സ്ഥലത്തുണ്ട് എന്ന അറിയിപ്പ്, അല്ലെങ്കില്‍, ആഴ്ചകളും ചിലപ്പോള്‍ മാസങ്ങള്‍ തന്നെയും നീളുന്ന റിഹേഴ്സല്‍ ക്യാമ്പിലേക്കുള്ള സ്വകാര്യമായ ക്ഷണക്കത്ത് - ടെലഫോണ്‍ ഇത്ര സാര്‍വത്രികമല്ലാതിരുന്ന അക്കാലത്ത് വേണ്ടപ്പെട്ടവര്‍ അതൊക്കെ ഇതില്‍നിന്ന് വായിച്ചെടുത്തിരുന്നു.

    ഈ അനൌണ്‍സ്മെന്റ്, ഒരു കണക്കിന്, കെ ടി സ്വയം ഒരുക്കുന്ന കെണിയാണ്. അല്ലെങ്കില്‍ അറിഞ്ഞുകൊണ്ടുതന്നെ തലവെച്ചുകൊടുക്കുന്ന ഒരുപരിപാടി. മദിരാശിയിലെ സിനിമാ ചര്‍ച്ചകള്‍ക്കിടയില്‍നിന്നോ, കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ക്യാമ്പില്‍നിന്നോ അവധി പറഞ്ഞ് സ്വന്തം നാടകസംഘത്തിന്റെ പുതിയ സീസണിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ നയിക്കാനായി കോഴിക്കോട്ടെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കടലാസിലേക്ക് പകര്‍ത്താന്‍ കെ ടിയുടെ മനസ്സില്‍ ഒന്നും തെളിഞ്ഞിട്ടുണ്ടാവില്ല. ഒന്നും ആയില്ലല്ലോ എന്ന ചിന്ത മനസ്സിനെ മഥിക്കുന്നുമുണ്ടാവും. മൂര്‍ത്തമായി ആകെ കൈവശമുള്ളത് നാടകത്തിന്റെ പേരുമാത്രമായിരിക്കും. പിന്നെ, ഒരുവേള, ആ പേരിന് പിന്നില്‍ കാണാനുണ്ടായിരുന്ന പ്രമേയത്തിന്റെ ഒരു അരണ്ട ചിത്രവും.

    പരസ്യത്തിന്റെയോ വാര്‍ത്തയുടെയോ രൂപത്തിലുള്ള അറിയിപ്പോ ക്ഷണമോ കാത്തുനില്‍ക്കാതെ അതിനകം വന്നു തലയിട്ട ചില അടുത്ത സുഹൃത്തുക്കള്‍ മുഖേനയാവും ട്രൂപ്പിന്റെ സെക്രട്ടറി, കെ ടിയുടെ മുന്നില്‍ ആ ചോദ്യം എടുത്തിട്ടിരിക്കുക: "നമുക്ക് നാടകമൊന്ന് അനൌണ്‍സ് ചെയ്യണ്ടെ?'' കെ ടി ഒരുപക്ഷേ, കേള്‍ക്കാന്‍ കാത്തിരുന്ന ചോദ്യം, അഭ്യുദയകാംക്ഷികള്‍ക്ക് വഴിപ്പെട്ടെന്നോണം കെ ടി പ്രതികരിക്കും. "സെയ്തിനോടൊന്ന് പോളിനെ വിളിക്കാന്‍ പറയ്''. പോള്‍ കല്ലാനോടിനെ, അല്ലെങ്കില്‍ മദനനെ; ആര്‍ടിസ്റ്റിനെ വിളിപ്പിക്കുന്നത് നാടകത്തിന്റെ പേര് എഴുതിക്കാനാണ്. കലാസമിതികള്‍ക്കുള്ള നോട്ടീസിലും പോസ്റ്ററുകളിലും, നാടകവാനിന്റെ മുന്നില്‍ വെക്കുന്ന ബോര്‍ഡിലും, പിന്നെ പത്രപ്പരസ്യങ്ങളിലും എല്ലാം കലാപരമായി വിന്യസിച്ച അക്ഷരങ്ങളില്‍ നാടകത്തിന്റെ പേര് കാണണമെന്ന് കെ ടിക്ക് നിര്‍ബന്ധമുണ്ട്. പേരില്‍ വല്ല പോരായ്മയും തോന്നിയാല്‍, അവസാന നിമിഷമായാലും വേണ്ടിവന്നാല്‍ തലകുത്തിനിന്നും മാറ്റംവരുത്തി കുറ്റംതീര്‍ത്തേ ആര്‍ടിസ്റ്റിനെ ഏല്‍പ്പിക്കുന്ന പ്രശ്നവുമുള്ളൂ. കൃതികളുടെ പേരുകളില്‍ കെ ടിയെ വെല്ലാന്‍ അല്ലെങ്കില്‍ത്തന്നെ ആരുണ്ട്. വെളിച്ചം വിളക്കന്വേഷിക്കുന്നു, മനുഷ്യന്‍ കാരാഗൃഹത്തിലാണ്, കറവറ്റ പശു, ചിരിക്കുന്ന കത്തി, ഇത് ഭൂമിയാണ്, അച്ഛനും ബാപ്പയും, തുറക്കാത്തവാതില്‍, ദീപസ്തംഭം  മഹാശ്ചര്യം...

    കെ ടി തലവെച്ചു കൊടുത്തുകഴിഞ്ഞു. ഒരുപക്ഷേ, ഒരു കള്ളച്ചിരിയോടെ. ഒരു ആസന്നസ്വഭാവം വന്നില്ലെങ്കില്‍ കാര്യങ്ങള്‍ അനന്തമായി നീണ്ടുപോകാം. സുഹൃത്തുക്കളോടും പരിചയക്കാരോടും വര്‍ത്തമാനം പറഞ്ഞിരുന്ന് എത്ര നേരവും ചെലവഴിക്കാന്‍ കഴിയുന്ന പ്രകൃതം. കെ ടിയുടെ സരസവും വിജ്ഞാനപ്രദവുമായ സംഭാഷണവും അതില്‍ നിറഞ്ഞുതുളുമ്പുന്ന നര്‍മവും ഉടനീളമുള്ള പ്രസാദാത്മകതയും കേള്‍വിക്കാരുടെ-ആരാധകരുടെതന്നെ - ഒരു വലിയ വൃന്ദത്തെ ആ വ്യക്തിത്വത്തിന് ചുറ്റും സദാ സംവരണം ചെയ്തുവെച്ചിരുന്നു. ഹരിഹരന്റെ പുതിയ സിനിമയുടെ അടുത്ത ഷെഡ്യൂളിന്റെ ആലോചനകള്‍ക്കിടയില്‍നിന്നോ കാളിദാസ കലാകേന്ദ്രത്തിന്റെ പുതിയ നാടകത്തിന്റെ എഴുത്തുമേശക്കരികില്‍നിന്നോ സ്വന്തം ട്രൂപ്പിന്റെ നിശ്ശബ്ദമായ വിളികേട്ട് ഓടിയെത്തിയത് ഇതിനായിരുന്നോ എന്ന് അകത്തുനിന്നുതന്നെ ഉയരുന്ന ചോദ്യത്തിന് മുന്നില്‍നിന്നാണ് പണി തുടങ്ങിക്കൊള്ളാന്‍ കെ ടി സമ്മതിക്കുന്നത്; റിഹേഴ്സലിലോ അരങ്ങിലോ അല്ലാതെ തനിക്ക് മുന്നില്‍ നേരിട്ടുവന്ന് നില്‍ക്കുകപോലും ചെയ്യാത്ത സഹോദരന്‍കൂടിയായ കെ ടി സെയ്തിന് പച്ചക്കൊടി കാണിക്കുന്നത്.

    ഉത്സവത്തിന്റെ വിളംബരം കേട്ട് അവരെത്തിത്തുടങ്ങുന്നു. കഴിഞ്ഞ സീസണില്‍ ട്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍, ഇടയ്ക്ക് ചില അസൌകര്യങ്ങളാലോ വല്ല പ്രലോഭനങ്ങള്‍ക്കും വശംവദരായോ മറ്റേതെങ്കിലും ട്രൂപ്പില്‍ ചേക്കേറിയെങ്കിലും പന്തിയല്ലെന്ന് കണ്ടു മടങ്ങിയവര്‍, പുതുതായി അവസരം അന്വേഷിക്കുന്നവര്‍, പിന്നെ പലവിധ ദൌത്യങ്ങള്‍ക്ക് ഉഴിഞ്ഞുവെക്കാന്‍ സന്നദ്ധരായി കുറ്റിയും പറിച്ച് ഇറങ്ങിപ്പുറപ്പെട്ട കെ ടിയുടെയും സഹോദരന്റെയും നിരവധിയായ ഒത്താശക്കാര്‍. കലാസാഹിത്യ രംഗങ്ങളിലെ പ്രഗത്ഭ മതികളും ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരും രാഷ്ട്രീയ - ടിയു സംഘടനകളുടെ നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വരെയുണ്ട് ഈ ഒത്താശക്കാരില്‍പ്പെടുന്നവരായി.

    കെ ടിയുടെ കഥകളില്‍ ചിലത് നേരത്തെ വായിച്ചിരുന്നുവെങ്കിലും, 'മുടിനാരേഴായ് ചീന്തീട്ട്...'' പോലുള്ള പാട്ടുകളുടെ ഈരടികള്‍ കര്‍തൃത്വത്തെക്കുറിച്ചൊന്നും വേവലാതിപ്പെടാതെ, ഒരുവേള ഏതോ നാടന്‍പാട്ടിന്റെ ഭാഗമെന്നുപോലും നിനച്ച് മൂളിനടക്കാറുണ്ടായിരുന്നെങ്കിലും, തപാല്‍ വകുപ്പിനോട് വിടപറഞ്ഞ് നാടകംതന്നെ മുഴുനീള ജീവിതോപാധിയാക്കാന്‍ നിശ്ചയിച്ച് ഇറങ്ങിപ്പുറപ്പെട്ട പ്രതിബദ്ധനായ എഴുത്തുകാരന്റെ കര്‍മപദ്ധതികളെക്കുറിച്ചൊക്കെ പത്രത്തില്‍ വായിച്ചറിഞ്ഞിരുന്നെങ്കിലും, ആ നാടകങ്ങളും ഏറെ പറയപ്പെട്ടിരുന്ന റിഹേഴ്സല്‍ ക്യാമ്പുകളും പത്രപ്രവര്‍ത്തനജീവിതം തുടങ്ങുംവരെ എനിക്ക് കേട്ടുകേള്‍വി മാത്രമായിരുന്നു.  'തനിനിറ'ത്തില്‍ ജോലിയിലിരിക്കേ 1972ലാണ് കെ ടിയുടെ മരുമകന്‍ കൂടിയായ പ്രിയസുഹൃത്ത് പി എം താജിനൊപ്പം പ്രസിദ്ധമായ 'സ'കാര നാടകങ്ങളിലെ രണ്ടാമത്തേതായ 'സ്ഥിതി'യുടെ ആദ്യാവതരണം കോഴിക്കോട് ടൌണ്‍ഹാളില്‍ വെച്ച്കാണുന്നത്. 'തനിനിറ'ത്തില്‍ നാടകത്തെക്കുറിച്ച് ഒരു റിവ്യൂ എഴുതുകയുംചെയ്തു. ആ പരമ്പരയിലെ തുടര്‍ന്നുള്ള നാടകങ്ങള്‍ ഓരോന്നായി വര്‍ഷതോറും അവതരിപ്പിക്കപ്പെടുന്ന മുറയ്ക്ക് കാണുകയും ചിലതിനെക്കുറിച്ചൊക്കെ എഴുതുകയും ചെയ്തുവെങ്കിലും റിഹേഴ്സല്‍ ക്യാമ്പിലേക്ക് എത്തിപ്പെടാന്‍ പിന്നെയും സമയമെടുത്തു. പത്രപ്രവര്‍ത്തന ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പഠനം തുടരാന്‍ രണ്ടുവര്‍ഷം തിരുവനന്തപുരത്ത് തങ്ങേണ്ടിവന്നത് ഇതിന് ഒരു കാരണമായിരുന്നു. കെ ടിയെ വിശദമായി ഒന്നു കണ്ടു പരിചയപ്പെടാനുള്ള അവസരം കിട്ടാത്തതായിരുന്നു പ്രധാന പ്രശ്നം.

    ഞാന്‍ കാണുന്ന കെ ടി വളരെ തിരക്കേറിയ ആളായിരുന്നു. സിനിമക്കാരും എഴുത്തുകാരും നടന്മാരും നേതാക്കളും അടങ്ങുന്ന സംഘങ്ങള്‍ക്ക് നടുവില്‍ തലയെടുത്തുനിന്ന വ്യക്തിത്വം. 'തനിനിറം' കോഴിക്കോട് എഡിഷന്റെ ഉദ്ഘാടന സപ്ളിമെന്റിലേക്ക് ലേഖനം ചോദിച്ചായിരുന്നു 1972ന്റെ ആദ്യപാദത്തില്‍ ഒരു ദിവസം രാവിലെ ആറാം ഗേറ്റിന്നടുത്ത് വാടകവീട്ടില്‍ കെ ടിയുടെ മുമ്പാകെ ഞാനാദ്യം പ്രത്യക്ഷപ്പെട്ടത്. ഉമ്മറത്ത് കുറച്ചുനേരം എന്നെ കാത്തിരുത്തി കെ ടി ലേഖനം പൂര്‍ത്തിയാക്കി കൈയില്‍ തന്നു. 'മുസ്ളിംലീഗ് എന്ന ആല്‍മരം'. കെ ടിയുടെ ആക്ഷേപഹാസ്യം തിരതല്ലുന്നൊരു ലേഖനമായിരുന്നു അത്. സി എച്ച് മുഹമ്മദ്കോയ കോഴിക്കോട് ടൌണ്‍ഹാളില്‍ തന്റെ അനുയായികളോട് നടത്തിയ ഒരു പ്രസംഗം മുന്‍നിര്‍ത്തി ആ രാഷ്ട്രീയകക്ഷിയുടെ കാപട്യം വായനക്കാരന് മുമ്പാകെ അവതരിപ്പിക്കുകയായിരുന്നു കെ ടി. സ്വതസിദ്ധമായ ശൈലിയില്‍ ഫലിതബിന്ദുക്കള്‍ കുത്തിനിറച്ച പ്രസംഗത്തിനിടയില്‍ സി എച്ച് മുഹമ്മദ്കോയ നടത്തിയ ആലങ്കാരികമായ ഒരു പ്രയോഗം ഉദ്ദിഷ്ട ആശയത്തിന്റെ കടകവിരുദ്ധമായ അര്‍ഥത്തിലാണ് വന്നുഭവിച്ചതെങ്കിലും ശ്രോതാക്കള്‍ കരഘോഷം മുഴക്കി അതേറ്റെടുക്കുകയായിരുന്നു. ആ കക്ഷിയുടെ വൈപരീത്യവും ഏതാനും പേരുടെ സ്വാര്‍ഥലാഭത്തിനായി ഒരു സമുദായത്തെയാകെ ബലികഴിക്കുന്നതിന്റെ കൊടിയ അധാര്‍മികതയുമായിരുന്നു ലേഖനത്തിന്റെ പ്രതിപാദ്യം. ആ കൂടിക്കാഴ്ചയില്‍ കെ ടിയുമായി വേറെ വിശേഷിച്ച് ആശയവിനിമയമൊന്നും നടന്നിരുന്നില്ല എന്നാണോര്‍മ. പി എം താജിനൊപ്പം റെയില്‍വെസ്റ്റേഷനില്‍ വെച്ചോ, താജിന്റെയോ, കെ ടിയുടെയോ വീട്ടില്‍ വെച്ചോ   വര്‍ഷങ്ങളെടുത്തു നടന്ന കണ്ടുമുട്ടലുകളിലൂടെയാണ് കെ ടിയെ എനിക്ക് അടുത്തറിയാനിടയായത്. ആ നാടകക്യാമ്പില്‍ പ്രവേശനം ലഭിച്ചതും.

    നിലമ്പൂര്‍ ആയിശ മുതല്‍ റംഗൂണ്‍ റഹ്മാന്‍ വരെയുള്ള എത്രയോ അഭിനേതാക്കള്‍ കെ ടിയുടെ റിഹേഴ്സല്‍ ക്യാമ്പിലെ സമ്പന്നമായ അനുഭവത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുന്നത് ഒന്നിലധികം തവണ കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സകാര നാടകങ്ങള്‍ക്ക്ശേഷം 'സംഗമം' വിട്ട് 'കലിംഗ'തിയറ്റേഴ്സ് തുടങ്ങിയപ്പോഴാണ് കെ ടിയുടെ നാടകപ്പന്തലിലേക്ക്, വീട്ടുമുറ്റത്തെ നാടകക്കളരിയിലേക്ക് ഒരു കാഴ്ചക്കാരനായി എനിക്ക് പ്രവേശം കിട്ടുന്നത്. കെ ടിയുടെ ശിക്ഷണത്തില്‍ വളര്‍ന്ന് പേരും പെരുമയും അത്യാവശ്യം വരുമാനവും നേടിയ നടീനടന്മാര്‍ പില്‍ക്കാലത്ത് വിവിധ വേദികളില്‍വെച്ച് തങ്ങളുടെ ഗുരുനാഥനെക്കുറിച്ച് പറഞ്ഞുകേള്‍ക്കാറായ വാക്കുകള്‍ എത്രയും അര്‍ഥവത്തെന്ന് ക്യാമ്പില്‍ അവരുടെ കൂടെയൊക്കെ ചെലവഴിക്കാന്‍ കഴിഞ്ഞ നാളുകളിലെ അനുഭവംവെച്ച് സാക്ഷ്യപ്പെടുത്താന്‍ കഴിയും. പീഡനസദൃശം തന്നെയായിരുന്നു കെ ടിയുടെ ശിക്ഷണം. അഭിനയം എന്ന വൃത്തിതന്നെ വിട്ട് വേറെ വല്ല ജോലിയും തേടിപ്പോയാലോ എന്ന് ഇവരില്‍ പലരും ഇടക്കെങ്കിലും ആലോചിച്ചുപോയിരിക്കണം. ഓരോ ചലനത്തിലും ഓരോ അംഗവിക്ഷേപത്തിലും ഓരോ ഭാവപ്രകടനത്തിലും ഓരോ ഉച്ചാരണത്തിലും സംവിധായകന്‍ അഭിനേതാക്കളെ അടിമുടി പിന്തുടര്‍ന്നു. ആവശ്യത്തിലേറെ മുന്‍കൂര്‍ സജ്ജീകരണം നല്‍കിയായിരുന്നു ഈ പിന്തുടരല്‍ എന്നതും, ഓരോ വീഴ്ചയില്‍നിന്ന് എഴുന്നേല്‍പ്പിക്കുമ്പോഴും ഈ ബാലപാഠങ്ങളെല്ലാം വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരുന്നു എന്നതും കെ ടിക്ക് നാടകനിര്‍മിതി കൊടിയ ആത്മപീഡനമാക്കിത്തീര്‍ക്കുകയുംചെയ്തു.

    റിഹേഴ്സലും നാടകരചനയും മിക്കപ്പോഴും സമാന്തരമായാണ് പുരോഗമിച്ചിരുന്നത്. അടിയന്തരാവസ്ഥയില്‍ സ്വയം കൊണ്ടെത്തിച്ചു നിര്‍ത്തിയാണ് കെ ടി തന്റെ നാടകങ്ങള്‍ ഏറെയും എഴുതിച്ചെയ്തത്. സമ്മര്‍ദങ്ങള്‍ക്ക് മുന്നിലിരുന്നും റിഹേഴ്സലിനിടക്കുനിന്നുമായുള്ള എഴുത്ത് ഏകാഗ്രതയെ സ്വഭാവികമായും ബാധിക്കും. റിഹേഴ്സലിനിടക്ക് ഈ പഴുതുകള്‍ പലതും പ്രകടമാവും. ക്യാമ്പില്‍ കാണികളായുള്ളവര്‍, വലിയ കണ്ടുപിടുത്തംപോലെ, ഇതൊക്കെ ശ്രദ്ധയില്‍പ്പെടുത്തും. ഒട്ടും വൈമനസ്യമില്ലാതെ, എന്നു മാത്രമല്ല ഇരു കൈയും നീട്ടിക്കൊണ്ടുതന്നെ, കെ ടി അതെല്ലാം ചെവിക്കൊള്ളുകയും ആവശ്യമായ നിവൃത്തികള്‍ വരുത്തുകയും ചെയ്യും. ഇതിനല്ലെ നിങ്ങള്‍ ഇവിടെ ഇരിക്കുന്നത്; നിങ്ങളുടെ നാടകം കുറ്റമറ്റതാക്കിയാല്‍ നിങ്ങള്‍ക്ക് നന്ന് എന്നാണ് മട്ട്.

    രചനക്കും റിഹേഴ്സലിനുമിടക്ക് സെറ്റിനെക്കുറിച്ചും മറ്റു അനുബന്ധ സജ്ജീകരണങ്ങളെക്കുറിച്ചുമെല്ലാം ചര്‍ച്ചയും വിവാദവും തകൃതിയായി നടക്കും. എല്ലാവര്‍ക്കും പറയാനിടമുണ്ട്. വെറുമൊരു തിരശ്ശീലമാത്രം പശ്ചാത്തലമാക്കി മുഴുനീള നാടകം വിജയകരമായവതരിപ്പിച്ച നാടകകാരനാണ്. പ്രൊഫഷണല്‍ വേദിയിലും വെറും നെയിംബോര്‍ഡും റെക്കാര്‍ഡും ഉപയോഗിച്ച് സ്ഥലവും കാലവും അവതരിപ്പിച്ച സംവിധായകന്‍. മാറുന്ന കാലത്തിന്റെ അഭിരുചിഭേദങ്ങള്‍ പ്രൊഫഷണല്‍ നാടകവേദിയുടെ പരിമിതികളില്‍ പരിഗണനാര്‍ഹമാകുന്നതെന്ന ചിന്തയ്ക്കും ഇടം കിട്ടാതെയല്ല. പാട്ട് വേണമെങ്കില്‍ മലയാള നാടകത്തിന് ധൈര്യമായി ആശ്രയിക്കാവുന്നത് അന്നും എന്നും ഒ എന്‍ വിതന്നെ എന്ന് കെ ടിക്ക് തിട്ടമുണ്ടായിരുന്നു. സ്വയം വിഖ്യാതമായ കുറേ നാടകഗാനങ്ങളുടെ രചയിതാവെങ്കിലും (സ്നേഹപൂര്‍വം കെ ടി മുഹമ്മദ് എന്ന പേരില്‍ ആ നാടകഗാനങ്ങള്‍ ഓഡിയോ കാസറ്റായി ഇറങ്ങിയിട്ടുണ്ട്).

    റിഹേഴ്സലിനും എഴുത്തിനും അവതരണത്തെക്കുറിച്ചുള്ള മറ്റു ആലോചനകള്‍ക്കും ഇടയ്ക്ക് കാണികളുടെ ചെറുവൃന്ദങ്ങള്‍ നാടകപ്പന്തലിനപ്പുറം വീടിന്റെ വരാന്തയിലോ തിണ്ണയിലോ ഇരുന്ന് ആഗോളകാര്യങ്ങളില്‍ വാഗ്വാദങ്ങളില്‍ ഏര്‍പ്പടുന്നുണ്ടാവും. 'മുടി'വേണു എന്ന പേരില്‍ പരിചയക്കാര്‍ക്കിടയില്‍ അറിയപ്പെടുന്ന മികച്ച വായനക്കാരന്‍ കൂടിയായ നടന്റെ നേതൃത്വത്തില്‍ ഒരു കൂട്ടര്‍ 'ലാംഗ്വേജ് ആന്‍ഡ് സൈലന്‍സിനെക്കുറിച്ചും ജോര്‍ജ് സ്റ്റീനറെക്കുറിച്ചും സൂസന്‍ സൊന്റാഗിനെക്കുറിച്ചുമുള്ള ചര്‍ച്ചയിലാവും. കെ ടിയുടെ 'സ്ഥിതി' ആര്‍തര്‍ മില്ലറുടെ 'ഡെത്ത് ഓഫ് എ സ്റ്റേറ്റ്സ്മാന്‍' എന്ന കൃതിയുടെ പ്രതിധ്വനിയാണെന്ന് തര്‍ക്കിച്ചത് വേണുവായിരുന്നു. ഈ സംഘത്തില്‍ നിന്നകലെ വേറൊരു കൂട്ടര്‍ ആയിടെ കോഴിക്കോട്ട് നടന്ന എഫ് എഫ് സി (എന്‍എഫ്ഡിസിയുടെ മുന്‍ഗാമി) ചലച്ചിത്രോത്സവത്തിന്റെ ഹാങ്ഓവറിലാവും. ഇടക്ക് കെ ടിയും അവിടെയെങ്ങാനും കയറിച്ചെന്ന് അവരുടെ ചര്‍ച്ചകളില്‍ ഇടപെടും. ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച മണികൌളിന്റെയും കുമാര്‍ഷഹാനിയുടെയും ചലച്ചിത്രങ്ങളുടെ ഭാഷയോടുള്ള തന്റെ വിയോജിപ്പ് രേഖപ്പെടുത്തും. അവരുടെ സിനിമ കാലത്തിന്റെ വേഗം ഉള്‍ക്കൊള്ളുന്നില്ല എന്നും അതുകൊണ്ട്തന്നെ ജനങ്ങള്‍ സ്വീകരിക്കില്ല എന്നും കെ ടി ഉറച്ചുവിശ്വസിച്ചു. മലയാളത്തിലും 'സ്വയംവര'ത്തിന്റെയും 'കാഞ്ചന സീത'യുടെയും സ്വഭാവത്തോടും തന്റെ നിലപാട് അതുതന്നെയെന്ന് കെ ടി പ്രഖ്യാപിക്കും.

    ദൂരദര്‍ശനിലെ ക്രിക്കറ്റും ഹിന്ദുവിലെ പദപ്രശ്നവും റിഹേഴ്സലിന്റെയും എഴുത്തിന്റെയും പിരിമുറുക്കത്തിനിടക്കും കെ ടിക്ക് ഒഴിവാക്കാന്‍ പറ്റുമായിരുന്നില്ല. ഒരുവേള അതില്‍നിന്ന് ഇടക്കൊരു വിടുതിയായിരുന്നു നിഷ്ഠവെച്ചുള്ള ആ പലായനം. ദിവസം മുഴുവന്‍ നീളുന്ന യാതനാപൂര്‍ണമായ അധ്വാനത്തിനുശേഷം ശരീരത്തിന്റെയും മനസ്സിന്റെയും സന്തുലിതാവസ്ഥ വീണ്ടെടുക്കാന്‍, അതിഥികളില്‍ രാത്രി വൈകിയും അവശേഷിക്കുന്നവരുമൊത്തുള്ള ഉപചാരംപോലെത്തന്നെ.

    നാടകത്തിന്റെ ഡ്രസ്റിഹേഴ്സലിന് വളരെ അടുപ്പമുള്ള ഏതാനുംപേരെ പ്രത്യേകം വിളിച്ചുവരുത്തുമായിരുന്നു.എഴുത്തുകാരും കലാകാരന്മാരും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായ അവര്‍ക്ക് വല്ല നിര്‍ദേശങ്ങളും അവതരിപ്പിക്കാനുണ്ടെങ്കിലത് പ്രത്യേകം ഗൌനിക്കുകയും ചെയ്യും.

    ഉദ്ഘാടന അവതരണം എന്നും കുട്ടികൃഷ്ണമാരാര്‍ ആദ്യമായൊരു നാടക നിരൂപണം നടത്താനിടയായ 'മനുഷ്യന്‍ കാരാഗൃഹത്തിലാണ്' (1951) അരങ്ങേറ്റം കുറിച്ച കോഴിക്കോട് ടൌണ്‍ഹാളില്‍ത്തന്നെ. നാടകം തുടങ്ങുന്ന സമയത്തിലും മറ്റുമുള്ള കെ ടിയുടെ നിഷ്ഠ പ്രസിദ്ധമാണ്. അഞ്ചു മിനിറ്റ് മുമ്പ് ആദ്യത്തെ ബെല്‍ മുഴങ്ങും. പിന്നെ നാടകകാരന്റെ ആമുഖഭാഷണം. കൃത്യം ഏഴുമണിക്ക് രണ്ടാമത്തെ ബെല്ലടിക്കും. ഇനി നാടകം.

    ആദ്യാവതരണത്തിലെ കുറ്റംതീര്‍ത്ത് നാട്ടിലുടനീളമായുള്ള അവതരണ പര്യടനങ്ങള്‍ തുടങ്ങുകയായി. തുടക്കത്തില്‍ ഏതാനും വേദികളിലെങ്കിലും കെ ടി പുതിയ നാടകത്തെ പിന്തുടരും. ട്രൂപ്പിനൊപ്പം ഇത്തരം ചില യാത്രകളില്‍ കൂടാന്‍ കഴിഞ്ഞത് ഒരു നാടകസംഘത്തിന്റെ സംഘര്‍ഷത്തെക്കുറിച്ച് കുറെയൊക്കെ ധാരണ ലഭിക്കാന്‍ എനിക്ക് സഹായകമായിട്ടുണ്ട്. ആദ്യം പുറത്ത് ഒരു വേദിയിലേക്ക് യാത്രചെയ്യുമ്പോള്‍ സംഘാംഗങ്ങള്‍ അനുഭവിക്കുന്ന സംഘര്‍ഷം വിവരണാതീതമാണ്. വര്‍ഷങ്ങളുടെ നിരീക്ഷണത്തില്‍നിന്ന് ഈ സംഘര്‍ഷാവസ്ഥയുടെ പ്രത്യാഘാതത്തെക്കുറിച്ച് ബോധവാനായിക്കഴിഞ്ഞിട്ടുള്ള കെ ടി അവരെ സാധാരണ നിലയില്‍ പിടിച്ചുനിര്‍ത്താന്‍ കാണിക്കുന്ന ശ്രദ്ധ നമുക്ക് ജീവിതത്തില്‍ത്തന്നെ ഉള്‍ക്കാഴ്ച നല്‍കുന്നതാണ്. റിഹേഴ്സല്‍ ക്യാമ്പിലെ ശിക്ഷകന്റെ വേഷമെല്ലാം കെ ടി എങ്ങോ മാറ്റിവെച്ചു കഴിഞ്ഞിരിക്കും. ക്യാമ്പില്‍ത്തന്നെയും അതാത് സമയത്തെ കരണപ്രതികരണങ്ങള്‍ക്കപ്പുറം ആ ശിക്ഷകന്റെ നിലപാട് നീണ്ടുനില്‍ക്കാറുമില്ലല്ലോ. വേദിയില്‍ നാടകം നടന്നുകൊണ്ടിരിക്കുമ്പോള്‍ അഭിനേതാക്കളിലെന്നതിനേക്കാള്‍ കാണികളിലായിരിക്കും കെ ടിയുടെ കണ്ണ്. സ്റ്റേജിന്റെ ഉചിതമായൊരു ഭാഗത്തുനിന്ന് കാണികളെ ഓരോരുത്തരെയും, ഓരോരുത്തരെത്തന്നെ, നിരീക്ഷിക്കും. അതാ, അവിടെ ഒരാള്‍ ഒട്ടും പിടിതരാതെ നിന്ന് നാടകം കാണുന്നു. കെ ടി ആ മനുഷ്യനെ അടയാളപ്പെടുത്തിക്കഴിഞ്ഞു. മൂകമായ സദസ്സിനിടയില്‍ നിന്നതാ ഒരു പൂച്ച കരച്ചില്‍. ഒരിടത്തുനിന്നല്ല, അത് പടരുകയാണ്. കെ ടിക്കറിയാം ആ ഒറ്റയാന്‍ ഏതോ കടുത്ത അനുഭവത്തിന്റെ പുനരാവിഷ്കരണമാണിവിടെ കാണുന്നത്. പൂച്ചകരച്ചില്‍ ഉയരുന്നത് നാടകത്തിലെ ആ വൈകാരിക മുഹൂര്‍ത്തത്തിന്റെ തീക്ഷ്ണത താങ്ങാന്‍ കഴിയാത്ത കാണികളുടെ ഭാഗത്തുനിന്നാണ്. മറ്റുള്ളവരെല്ലാം ആര്‍ത്തുചിരിക്കുമ്പോഴും ഗൌരവം വിടാതെ അരങ്ങിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്ന ആള്‍ നാടകം കഴിഞ്ഞ ഉടന്‍ വേദിയിലെത്തി നാടകകൃത്തിനെയും അഭിനേതാക്കളെയും കണ്ട് കാര്യം തുറന്നുപറയുന്നു. ഇത് തന്റെ കഥ തന്നെയാണ്. ഞാനത് കണ്ണിമവെട്ടാതെ കണ്ടു. നന്ദി. നന്ദി. ഇങ്ങനെ എത്രയോ അനുഭവങ്ങള്‍ മടക്കയാത്രയില്‍ - മൂന്നും നാലും നാടകം കഴിഞ്ഞായിരിക്കും ചിലപ്പോള്‍ കോഴിക്കോട്ടേക്ക് മടക്കം-സംഘാംഗങ്ങളുമായി കെ ടി പങ്കുവെക്കും. ഒരു വേദിയില്‍നിന്ന് വേറൊരു വേദിയിലേക്കുള്ള യാത്രക്കിടയിലാണെങ്കിലും ഇത്തരം അനുഭവങ്ങള്‍ തങ്ങള്‍ കാണാത്ത തലങ്ങള്‍ തങ്ങളുടെ പാത്രാവിഷ്കാരത്തിന് ഉണ്ടെന്ന പാഠം പങ്കുവെക്കാന്‍ കെ ടി പ്രയോജനപ്പെടുത്തും. മടക്കയാത്ര സംഘാംഗങ്ങളുടെ സൌഭ്രാത്രം ഊട്ടിയുറപ്പിക്കാനുള്ള വേദികൂടിയായി ആ മനുഷ്യകഥാനുഗായി പ്രയോജനപ്പെടുത്തുന്നു. ഓരോരുത്തരെക്കൊണ്ടും പാട്ടുപാടിക്കാനും സാധാരണനിലയില്‍ വെളിപ്പെടുത്താത്ത മറ്റു കഴിവുകള്‍ പുറത്തെടുപ്പിക്കാനും ശ്രദ്ധവെക്കുന്നു. ഇതുപോലൊരു യാത്രയിലെ പാട്ടുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടക്കാണ് എസ് എം ജമീല്‍ എഴുതിയ 'ദുബായ് കത്തി'നെക്കുറിച്ചുള്ള കെ ടിയുടെ വാക്കുകള്‍ എന്റെ ശ്രദ്ധയാകര്‍ഷിച്ചത്. മലയാളത്തില്‍ ഇത്ര അര്‍ഥവത്തായ വിരഹ സന്ദേശകാവ്യം ഏതുണ്ട് എന്നാണ് ആ കത്തുപാട്ടിലെ ഓരോ വരിയും ഓരോ വാക്കും എടുത്തുകാണിച്ച് കെ ടി ചോദിച്ചത്. എല്ലാവരും ഈ യാത്രകളില്‍ പരസ്പരം ചിന്തകള്‍ പങ്കുവെച്ചു, വെവ്വേറെയും കൂട്ടായും. വെറുതെയല്ല കെ ടിയുടെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടീനടന്മാരുടെ ഒരു പുനരാവിഷ്കരണ പരിപാടിയെക്കുറിച്ച് കോഴിക്കോട്ട് ഈയിടെ അനുസ്മരണ സമിതി യോഗത്തില്‍ ആലോചന വന്നപ്പോള്‍ അവിടെ എത്തിയിരുന്നവരില്‍ കെ ടിയുടെ നാടകങ്ങളുമായി ബന്ധപ്പെട്ടിരുന്ന ഓരോരുത്തരും ഞാന്‍, ഞാന്‍ എന്ന് പറഞ്ഞ് തിക്കിത്തിരക്കി മുന്നോട്ടുവന്നത്.

    'പരാജിതനായ എഴുത്തുകാരന്‍' എന്നാണ് അവസാനനാളുകളില്‍ പക്ഷേ കെ ടി സ്വയം വിലയിരുത്തിയത്. ഏതെങ്കിലും സുഹൃത്തുക്കളോടുള്ള സ്വകാര്യ സംഭാഷണത്തിലായിരുന്നില്ല ഈ ആത്മരോദനം. കടുകിട വിട്ടുവീഴ്ചയില്ലാതെ ഒരായുസ്സു മുഴുവന്‍ താന്‍ നയിച്ച സര്‍ഗസമരത്തിന്റെ സന്ദേശം സര്‍വാത്മനാ ഏറ്റെടുത്തുവെന്ന് തോന്നിപ്പിക്കുകയും തക്കംപാര്‍ത്ത് തനിനിറം കാട്ടുകയും ചെയ്ത സമൂഹത്തിന് മുമ്പാകെ പരസ്യമായിത്തന്നെയായിരുന്നു ആ ഉള്ളുലയ്ക്കുന്ന വിലാപം. ആരു ചെവികൊടുത്തു. കെ ടി കൂടി ഇല്ലായിരുന്നെങ്കില്‍ ഞങ്ങളുടെ സ്ഥിതി എന്താകുമായിരുന്നുവെന്ന് സാന്ത്വനപൂര്‍വം ആര് തിരിച്ചുചോദിച്ചു. 'പരാജിതനായ മനുഷ്യന്‍' എന്നുകൂടി സ്വയം വിലയിരുത്താന്‍ മലയാളത്തിലെ എക്കാലത്തെയും വലിയ മനഷ്യകഥാനുഗായികളിലൊരാളായ ആ പാവത്താനെ കോഴിക്കോട്ടെ പുതിയങ്ങാടിയിലെ 'സുരഭില'യില്‍ ഒറ്റക്കിട്ട് നാമെല്ലാം പുതിയ വിലാപകര്‍ ഇനി ആരുണ്ട് എന്ന് അപ്പുറത്തേക്ക് കണ്ണ് നട്ടിരുന്നുവല്ലോ.
@@
കോയമുഹമ്മദ്

03 June, 2010

അനുഭവങ്ങളുടെ കഥാകാരന്‍


മലയാളിയെ മതിയാവോളം ഊട്ടിയിട്ടാണ് കോവിലന്‍ കടന്നുപോകുന്നത്. കോവിലന്‍ കഥ പറയുകയായിരുന്നില്ല- മനുഷ്യന്റെ പച്ചയായ ജീവിതം അതിന്റെ എല്ലാ തീവ്രതയോടെയും തുറന്നുകാട്ടുകയായിരുന്നു. കോള്‍പാടവും ഹിമാലയവും ഗുരുവായൂരിന്റെ ഗ്രാമഭംഗിയും പരുക്കന്‍ പട്ടാളബാരക്കും ഒരുപോലെ കോവിലന്‍ വരച്ചു- ആ സചേതന ചിത്രങ്ങള്‍ക്ക് സ്വന്തം ജീവിതത്തില്‍നിന്ന് ശ്വാസംപകര്‍ന്നുനല്‍കി. പട്ടാളകഥകളിലൂടെ മലയാളഭാഷയ്ക്കും സാഹിത്യത്തിനും പുതിയ അനുഭവമാണദ്ദേഹം പകര്‍ന്നത്. മലയാള സാഹിത്യത്തിന്റെ രൂപഭാവം മാറ്റിയെഴുതിയ അതുല്യനായ കഥാകാരനെയാണ് നഷ്ടമാകുന്നത്. തുളച്ചുകയറുന്ന; വിസ്മയിപ്പിക്കുന്ന; ഇഴയടുപ്പമുള്ള ഭാഷയിലൂടെ അദ്ദേഹം സ്വന്തം അനുഭവലോകം അവതരിപ്പിച്ചു. മനുഷ്യന്‍ നേരിടുന്ന അസ്തിത്വ പ്രശ്നങ്ങളും ആത്മസംഘര്‍ഷങ്ങളും സവിശേഷരീതിയില്‍ അദ്ദേഹം ആവിഷ്കരിച്ചു. ഹിമാലയംമുതല്‍ സ്വന്തം നാടായ കണ്ടാണിശേരിവരെ അദ്ദേഹത്തിന്റെ കഥകള്‍ക്ക് പശ്ചാത്തലമായി. അനുഭവങ്ങളുടെ തീച്ചൂളയില്‍ ഉരുകിത്തെളിഞ്ഞതാണ് ആ തൂലികയില്‍നിന്ന് ഊര്‍ന്നുവീണ ഓരോ വാക്കും. കോവിലന്‍ തന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ കഥകളും നോവലുകളുമായി പാകപ്പെടുത്തുകയായിരുന്നെന്ന് സംശയമില്ലാതെ പറയാം. ദാരിദ്യ്രവും കഷ്ടപ്പാടും ശ്വാസം മുട്ടിക്കുന്ന ഗാര്‍ഹിക പശ്ചാത്തലത്തില്‍നിന്നാണ് അദ്ദേഹത്തിന്റെ വരവ്. ചെറുപ്പത്തിലേ ഭഗത്സിങ്ങിന്റെ ആരാധകനായിരുന്ന കോവിലന്‍ 19-ാമത്തെ വയസ്സില്‍ ക്ളാസ് ബഹിഷ്കരിച്ച് സ്വാതന്ത്യ്രസമരത്തില്‍ സജീവമായി. പിന്നീട് പട്ടാളത്തില്‍ ചേര്‍ന്നു. ഇന്ത്യന്‍ പട്ടാളക്കാരോട് നിലനിന്ന വിവേചനത്തില്‍ പ്രതിഷേധിച്ച കോവിലന്‍ നാവികസമരത്തിലും പങ്കാളിയായി. പിന്നീട് അവിടെനിന്ന് പിരിച്ചുവിടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തി സ്വകാര്യമായി പഠിച്ച് എസ്എസ്എല്‍സി പാസായി. തൃശൂര്‍ രാമവര്‍മപുരം അധ്യാപക പരിശീലനകേന്ദ്രത്തില്‍ പ്രവേശനത്തിന് ശ്രമിച്ചെങ്കിലും നടക്കാതെ പോയി. അധ്യാപകനാകാനും കലാശാലാ ബിരുദമെടുക്കാനും കഴിയാതെ പോയത് സ്വകാര്യ ദുഃഖമായി ജീവിതാന്ത്യംവരെ കോവിലന്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്നു. സൈനിക ജീവിതാനുഭവങ്ങള്‍ അക്ഷരങ്ങളിലേക്ക് പകര്‍ത്താന്‍ സ്വന്തം പേര് അപകടമാകുമെന്നു കരുതിയാണ് കോവിലന്‍ എന്ന തൂലികാ നാമം സ്വീകരിച്ചത്. പാവറട്ടി സംസ്കൃതകോളേജില്‍ അധ്യാപകനായിരുന്ന ചെറുകാടുമായുള്ള ബന്ധം കോവിലന്റെ രാഷ്ട്രീയബോധത്തിന് ദിശാബോധം നല്‍കി. ഗുരു- ശിഷ്യബന്ധത്തിന്റെ ഔപചാരികതകള്‍ക്കപ്പുറത്തേക്ക് വളര്‍ന്ന ആ ബന്ധം അദ്ദേഹത്തെ കമ്യൂണിസ്റ് പ്രസ്ഥാനവുമായി അടുപ്പിച്ചു. ശക്തമായ ഇടതുപക്ഷ പശ്ചാത്തലമുള്ള പ്രദേശമായിരുന്നു കോവിലന്റെ തട്ടകമായ കണ്ടാണശേരി. അക്കാലത്ത് നടന്ന ചെത്തുതൊഴിലാളികളുടെ സമരത്തില്‍ പങ്കെടുത്ത കോവിലന്‍ പൊതുയോഗങ്ങളില്‍ പ്രാസംഗികനായി. ചാവക്കാട് ഫര്‍ക്കയില്‍ വിദ്യാര്‍ഥി ഫെഡറേഷന്‍ രൂപീകരിക്കുന്നതിലും കോവിലന്‍ പങ്കാളിയായി. സത്യം ആരുടെ മുന്നിലും വെട്ടിത്തുറന്നു പറയുന്നതിന് ഒരിക്കലും അദ്ദേഹം മടിച്ചിട്ടില്ല. കവി രാവുണ്ണി ദേശാഭിമാനി വാരാന്തപ്പതിപ്പിനുവേണ്ടി നടത്തിയ ഒരഭിമുഖത്തില്‍ കേരളത്തിലെ സാമൂഹ്യജീവിതത്തില്‍ കമ്യൂണിസ്റ് പാര്‍ടി ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കോവിലന്‍ ഇങ്ങനെ പറഞ്ഞു: "കമ്യൂണിസ്റ് പാര്‍ടിയാണ് ഇവിടെ എല്ലാം ഉണ്ടാക്കിയത്. മറ്റാരും ഇവിടെ ഒന്നും ഉണ്ടാക്കിയിട്ടില്ല. ശ്രീനാരായണഗുരു സാംസ്കാരികമായ മാറ്റമാണ് ഉണ്ടാക്കിയത്. കമ്യൂണിസ്റ് പാര്‍ടി സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവുമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇത് ആരുടെ മുമ്പിലും ഞാന്‍ പറയും. കമ്യൂണിസ്റ് അനുഭാവികളായ നിങ്ങളെ സന്തോഷിപ്പിക്കാനല്ല ഞാനിത് പറയുന്നത്. കേരളീയജീവിതത്തെ മുഴുവന്‍ രൂപപ്പെടുത്തിയത് കമ്യൂണിസ്റ് പാര്‍ടിയാണ്. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചത് കമ്യൂണിസ്റുകാരായിരുന്നു. രാഷ്ട്രീയമായി ജനങ്ങളെ സംഘടിപ്പിക്കുമ്പോഴാണ് സമൂഹത്തില്‍ മാറ്റം ഉണ്ടാകുന്നത്. ആ മാറ്റം കമ്യൂണിസ്റുകാരാണ് ഉണ്ടാക്കിയത്. പലരും ഇതിന്റെ പേരില്‍ കാട്ടിക്കൂട്ടുന്നത് ആഭാസമാണ്.'' സ്വനുഭവത്തിന്റെ കരുത്തില്‍ പട്ടാള അനുഭവം പരുക്കന്‍ ശൈലിയില്‍ അവതരിപ്പിച്ച എ മൈനസ് ബി, ഹിമാലയം, ഏഴാമെടങ്ങള്‍, താഴ്വരകള്‍, ബോര്‍ഡൌട്ട് തുടങ്ങിയ നോവലുകളും പട്ടാളകഥകളും മലയാളി അനുവാചകലോകം ഇരുകൈയും നീട്ടി ഏറ്റുവാങ്ങി. എങ്കിലും ജന്മനാടിന്റെ പശ്ചത്തലത്തില്‍ രചിച്ച തട്ടകം, തോറ്റങ്ങള്‍ എന്നിവയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. എഴുത്തച്ഛന്‍ പുരസ്കാരവും രണ്ടുതവണ കേരള സാഹിത്യ അക്കാദമി പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. വയലാര്‍ അവാര്‍ഡ്, ബഷീര്‍ പുരസ്കാരം, മുട്ടത്തുവര്‍ക്കി പുരസ്കാരം എന്നിവ അടക്കം നിരവധി മറ്റു പുരസ്കാരങ്ങളും ലഭിച്ചു. മലയാള സാഹിത്യലോകത്തിന് എന്നും മുതല്‍ക്കൂട്ടായ ഒട്ടേറെ രചനകള്‍ അവശേഷിപ്പിച്ചാണ് കോവിലന്‍ തട്ടകമൊഴിയുന്നത്. ആ മഹാകഥാകാരന്റെ ഓര്‍മയ്ക്കുമുന്നില്‍ ഞങ്ങള്‍ ശിരസ്സുനമിക്കുന്നു.

26 March, 2009

ചെ - ഇതിഹാസമായ ഒരു ചിത്രവും ഫോട്ടോഗ്രാഫറും

ചെ - ഇതിഹാസമായ ഒരു ചിത്രവും ഫോട്ടോഗ്രാഫറും

ലോകത്താകമാനമുള്ള ജനങ്ങള്‍ക്ക് ഇത്രയേറെ പരിചയമുള്ള, കൂടുതല്‍ അടുത്തറിയപ്പെട്ട ഒരു സാര്‍വദേശീയ ചിത്രം വേറെയുണ്ടാവില്ല. ചെ എന്ന ബൊളീവിയന്‍ വിപ്ലവകാരിയുടെ അനിര്‍വചനീയമായ വികാര സമ്പുഷ്ടമായ ഈ “Guerrillero Heroico“(1960) എന്ന ചിത്രം പോലെ.

എത്രയധികം കോപ്പികള്‍ പ്രിന്റ് ചെയ്തിട്ടുണ്ടാവും, എത്രയധികം ടീ ഷര്‍ട്ടുകളിലും ബാനറുകളിലും ഇത് അച്ചടിച്ചു വന്നിട്ടുണ്ടാവും എന്നത് കണക്കാക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്. ലോകത്തെ വിപ്ലവമുന്നേറ്റങ്ങള്‍ക്ക്, പുരോഗമന പോരാട്ടങ്ങള്‍ക്ക്, സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍ക്ക് എല്ലാം ഈ ചിത്രം മേല്‍വിലാസവും അടിക്കുറിപ്പും ആവശ്യമില്ലാത്ത വികാരമായി ഉപയോഗിക്കുകയാണ്. അത് ആ പോരാളിയുടെ ആശയങ്ങളുടെ ഔന്നത്യത്തിന്റെ മാറ്റ് കൂട്ടുകയാണ്; കൂടുതല്‍... കൂടുതല്‍.

ആ ഫോട്ടോയുടെ ചരിത്രവും അതിനു പിന്നിലെ ഫോട്ടോഗ്രാഫറെയും അധികമാരും അറിയുന്നില്ല. ചെ രക്തസാക്ഷിത്വത്തിന്റെ 40 വര്‍ഷം പിന്നിടുമ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ആ ചെറിയ ചരിത്രം ഒന്നു മറിച്ചു നോക്കാം.

ആ ചിത്രം ക്യാമറയില്‍ പകര്‍ത്തിയതിലൂടെ മറ്റൊരു ഇതിഹാസമായി വളര്‍ന്നത് ആ ക്യാമറക്കു പിന്നില്‍ വിരല്‍ ചലിപ്പിച്ച ഫോട്ടോ ഗ്രാഫര്‍ കൂടിയാണ്.

വിപ്ലവാശയങ്ങളുടെ സഹചാരിയും പ്രവര്‍ത്തകനുമായിരുന്ന ക്യൂബന്‍ ന്യൂസ് പേപ്പറിന്റെ ഫോട്ടോഗ്രാഫറും പിന്നീട് വിപ്ലവക്യൂബയുടെ നായകന്‍ കാസ്ട്രോയുടെ സ്വകാര്യ ഫോട്ടോഗ്രാഫറും ആയിരുന്ന ആല്‍ബര്‍ട്ടോ കോര്‍ദ (Alberto Diez Gutierrez - Alberto Korda) ആണ് ആ ചിത്രമെടുത്തത്.

ക്യൂബന്‍ ന്യൂസിനുവേണ്ടി വിപ്ലവക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ വെച്ചാണ് കോര്‍ദ ആ ചിത്രമെടുത്തത്. 2001 ല്‍ തന്റെ എഴുപത്തി രണ്ടാം വയസ്സില്‍ കോര്‍ദ മരണപ്പെടുംവരെ ആ ചിത്രമെടുത്ത ക്യാമറയും നെഗറ്റീവുകളും കോര്‍ദ സൂക്ഷിച്ചിരുന്നു.

1959 ലെ ക്യൂബന്‍ വിപ്ലവത്തിന്റെ പ്രധാനികളില്‍ ഒരാളും കാസ്ട്രോയുടെ സഹചാരിയുമായിരുന്ന ചെ ഗുവേര 1967 ഒക്ടോബറില്‍ ബൊളീവിയല്‍ വെച്ച് പട്ടാളക്കാരുടെ വെടിയേറ്റ് ധീര രക്തസാക്ഷിത്വം വരിച്ചതിനുശേഷം ഇറ്റലിയിലാണ് ഈ ചിത്രം ആദ്യം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

1960 മാര്‍ച്ച് 5 ന്റെ സായാഹ്നത്തില്‍ ഒരു പ്രസംഗവേദിയിലേക്ക് നടന്നുവന്ന ചെ അനിര്‍വചനീയമായ വികാരങ്ങളോടെ, എന്നാല്‍ വിപ്ലവ ചങ്കൂറ്റത്തോടെ ജനക്കൂട്ടത്തെ വീക്ഷിക്കുന്നതു കണ്ടപ്പോള്‍ കോര്‍ദക്ക് പെട്ടെന്ന് ക്യാമറയില്‍ പകര്‍ത്താന്‍ തോന്നുകയായിരുന്നു. നിമിഷങ്ങള്‍ക്കകം 'രണ്ട് ഷോട്ട്', ഉടന്‍ ചെ മടങ്ങുകയും ചെയ്തു.

ആ ചിത്രം കൂടുതല്‍ പേര്‍ കാണാതെ നീണ്ട ഏഴു വര്‍ഷക്കാലം കോര്‍ദ യുടെ സ്വീകരണമുറിയുടെ ചുവരില്‍ വിശ്രമിച്ചു. കാസ്ട്രോയുടെയും ഫ്രഞ്ച് എഴുത്തുകാരനായ സാര്‍ത്രിന്റെയും സൈമണ്‍ ബൊളീവറുടെയും ഫോട്ടോകള്‍ പ്രചരിക്കുന്ന കാലം. ആരാലും ആവശ്യപ്പെടാതെ ചെയുടെ ആ ഫോട്ടോഗ്രാഫ് ഫോട്ടോഗ്രാഫറുടെ കൈയ്യില്‍ തന്നെ സുരക്ഷിതമായി ഇരുന്നു ഒരു ഇറ്റാലിയന്‍ പത്രപ്രവര്‍ത്തക സുഹൃത്ത് (Giangiacomo Feltrinelli) കാണും വരെ. പടം ആവശ്യപ്പെട്ട സുഹൃത്തിന് കോര്‍ദ സൌജന്യമായി നല്‍കുകയായിരുന്നു.

ചെ യുടെ രക്തസാക്ഷിത്വത്തിനു ശേഷം ഇറ്റലിയിലെ ചുവരുകളില്‍ നിറഞ്ഞ പോസ്ററുകളില്‍, ആ ചിത്രം നിറഞ്ഞു നിന്നു. തുടര്‍ന്ന് വളരെ വേഗം ലോകത്താകമാനം ചിത്രത്തിന് വന്‍ പ്രചാരമാണ് ലഭിച്ചത്. ഒരു പോരാളിക്ക് നല്‍കാന്‍ കഴിയുന്ന വലിയ ആദരവുകളിലൊന്നായി അത് പ്രിന്റുകളില്‍ നിന്നും പ്രിന്റുകളിലേക്കും ചുവരുകളില്‍ നിന്നു ചുവരുകളിലേക്കും പടരുകയായി. അങ്ങനെ ഒരു ഫോട്ടോഗ്രാഫും ഫോട്ടോഗ്രാഫറും ഇതിഹാസമായി വളര്‍ന്നു.

അമേരിക്കയിലെ തന്നെ Mary Land Institute of Arts ഈ ഫോട്ടോഗ്രാഫിനെ (Guerrillero Heroico) വിശേഷിപ്പിച്ചിരിക്കുന്നത് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫോട്ടോഗ്രാഫും ഇരുപതാം നൂറ്റാണ്ടിന്റെ അടയാളവുമാണിത് എന്നാണ്.

ആ ചിത്രത്തിന്റെ സാമ്രാജ്യവിരുദ്ധ മുഖവും പോരാട്ടവീര്യവും ഒട്ടും ചോര്‍ന്നു പോകാതെ ലോകത്താകമാനം ഉപയോഗിക്കപ്പെടുന്നതില്‍ കോര്‍ദ സന്തോഷിച്ചിരുന്നു. എന്നാല്‍ ആ സാമ്രാജ്യ വിരുദ്ധ പോരാളിയെ ഒരു കുത്തക കമ്പനി തങ്ങളുടെ മദ്യത്തിന്റെ പരസ്യത്തിന് ഉപയോഗിച്ചതിനെതിരെ നിയമയുദ്ധം നടത്തി മുട്ടുമടക്കിക്കാനും ചെയുടെ പാരമ്പര്യവും ഔന്ന്യത്യവും സംരക്ഷിക്കുവാനും ആ ഫോട്ടോഗ്രാഫര്‍ക്കു കഴിഞ്ഞു. വളരെ ശ്രദ്ധിക്കപ്പെട്ട നിയമയുദ്ധം നടത്തിയാണ് വിശ്വപ്രസിദ്ധമായ ആ ഫോട്ടോഗ്രാഫിന്റെ പകര്‍പ്പവകാശം കോര്‍ദ സ്വന്തമാക്കിയത്.

സാമ്രാജ്യവിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പടയാളിയായിരുന്ന ചെയുടെ ചിത്രം ബ്രിട്ടനിലെ UK foods and beverage ഉത്പാദിപ്പിക്കുന്ന Smirnoff Vodka എന്ന മദ്യത്തിന്റെ പ്രചരണ പരസ്യത്തിന് ഉപയോഗിച്ചതാണ് നിയമ യുദ്ധത്തിന് കോര്‍ദയെ പ്രേരിപ്പിച്ചത്. തന്റെ എഴുപത്തി ഒന്നാം വയസ്സില്‍ വാദ്ധക്യത്തെ കൂസാതെ അദേഹം നിയമ പോരാട്ടത്തിലൂടെ തന്റെ ഫോട്ടോഗ്രാഫിന്റെ ഔന്നിത്യം സംരക്ഷിക്കുകയായിരുന്നു. ലണ്ടന്‍ കോടതിയില്‍ നടന്ന കേസില്‍ ആ ഫോട്ടോഗ്രാഫിന്റെ ചരിത്രപരവും പുരോഗമനപരവുമായ എല്ലാ പ്രാധാന്യവും സംരക്ഷിക്കാനാണ് കോര്‍ദ ശ്രമിച്ചത്. മദ്യപിക്കാത്ത, മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാത്ത ചെ എന്ന വിപ്ലവകാരിയുടെ പടം ഇത്തരം പരസ്യത്തില്‍ ഉപയോഗിക്കുന്നത് ആ വ്യക്തിയോടു ചെയ്യുന്ന അവമതിപ്പും കടന്നാക്രമണവും ആണെന്ന് കോര്‍ദ വാദിച്ചു. ഒരു സാമ്രാജ്യ വിരുദ്ധ പോരാളിയുടെ പടം ഇത്തരത്തില്‍ ഉപയോഗിക്കുന്നതിലെ വൈരുദ്ധ്യം ലോകമനഃസാക്ഷിക്കു മുന്നില്‍ കൊണ്ടുവരാന്‍ കോര്‍ദക്ക് കഴിഞ്ഞു.

നീണ്ട നിയമയുദ്ധത്തിന്റെ പരാജയം മണത്തറിഞ്ഞ ബ്രിട്ടീഷ് പരസ്യ ഏജന്‍സി Lowe Lintas, കോടതിക്കു പുറത്ത് വച്ച് കോര്‍ദയുമായി അനുരജ്ഞനമുണ്ടാക്കി കേസ് അവസാനിപ്പിക്കുകയായിരുന്നു. ഒത്തു തീര്‍പ്പു പ്രകാരം പരസ്യത്തില്‍ നിന്നും ചെയുടെ പടം ഒഴിവാക്കുകയും കോര്‍ദക്ക് 50,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. നഷ്ടപരിഹാരമായി ലഭിച്ച തുക കോര്‍ദ ക്യൂബയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തു.

2001 ല്‍ എഴുപത്തി രണ്ടാം വയസ്സില്‍ പാരീസില്‍ തന്റെ ഫോട്ടോകളുടെ പ്രദര്‍ശന വേദിയില്‍ വച്ച് ഹൃദയാഘാതം മൂലം മരണപ്പെടുംവരെ കോര്‍ദ ക്യൂബന്‍ സാംസ്കാരിക മുന്നേറ്റങ്ങളിലെ നായകനായിരുന്നു. ക്യൂബന്‍ ന്യൂസിലെ ഫോട്ടോഗ്രാഫര്‍ ജോലിക്കു ശേഷം കാസ്ട്രോയുടെ സ്വകാര്യ ഫോട്ടോഗ്രാഫറായും ജോലി നോക്കിയ കോര്‍ദ ക്യൂബന്‍ സംസ്കാരത്തിനും ഫോട്ടോഗ്രാഫിക്കും വലിയ സംഭാവനകള്‍ നല്‍കിയ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു.

തന്റെ ഒറ്റ ‘ഷോട്ടി’ലൂടെ ലോക പ്രശസ്തനാവുക എന്ന അനിതര സാധാരണമായ നേട്ടം കൈവരിച്ച ഒരു ഫോട്ടോഗ്രാഫര്‍ ആയിരുന്നു കോര്‍ദ. ചെ ഏത് ആശയങ്ങള്‍ക്കുവേണ്ടിയാണോ രക്തസാക്ഷിത്വം വരിച്ചത് ആ ആശയങ്ങളുടെ ഭാഗമായി തന്റെ ചിത്രം ആര്‍ക്കും ഉപയോഗിക്കാമെന്നും ആ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകള്‍ നിലനിര്‍ത്താന്‍ സാമൂഹ്യനീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ചെയുടെ സാന്നിധ്യം കരുത്ത് പകരണമെന്നും ചിത്രത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയ കോര്‍ദ ആഗ്രഹിച്ചിരുന്നു.


ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ പ്രസിദ്ധമായ നിരവധി ഫ്രെയിമുകള്‍ കോര്‍ദ തന്റെ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട് കടല്‍ത്തീരത്തെ വഴിവിളക്കിനു സമീപം ഇരുന്ന് അനുയായികളോട് സംസാരിക്കുന്ന കാസ്ട്രോ, ഏണസ്റോ ഹെമ്മിംഗ്വെയോടും ചെയോടും ഒപ്പം മീന്‍ പിടിക്കുന്ന കാസ്ട്രോയുടെ ചിത്രം, വിജയശ്രീലാളിതരായി മടങ്ങിവരുന്ന ക്യൂബന്‍ വിപ്ലവകാരികളുടെ ചിത്രം എന്നിവ കോര്‍ദയുടെ ക്യാമറകണ്ണുകളില്‍ നിന്ന് ലോകത്തിന് പകര്‍ന്നു കിട്ടിയ മാസ്റര്‍പീസുകളാണ്.

ചെഗുവേരയുടെ രക്തസാക്ഷിത്വത്തിന്റെ നാല്പത്തി രണ്ടാം വാര്‍ഷികത്തില്‍ ലോകം ആ ധീര വിപ്ലവകാരിയെ കാണുന്നത് പ്രധാനമായും ഈ ഫോട്ടോഗ്രാഫറുടെ ഫ്രെയിമിലൂടെയാണ്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ തനിക്കു നേരെ തോക്കു ചൂണ്ടിയ പട്ടാളക്കാരനോട് ചെ പറഞ്ഞ “Shoot.....coward..you are going to kill a man” എന്ന വാക്കുകളില്‍ നിറഞ്ഞുനിന്ന ധൈര്യവും ലക്ഷ്യബോധവും ആ ചിത്രത്തിലൂടെ നാം അനുഭവിക്കുകയാണ് നാല്‍പതിലേറെ വര്‍ഷങ്ങളായി ഒരിക്കലും പുതുമ നഷ്ടപ്പെടാതെ...

(ലേഖകന്‍: ശ്രീ ബി.ജയകുമാര്‍. കടപ്പാട്: യുവധാര)
കടപ്പാട്. വര്ക്കേഴ്സ് ഫോറം

22 March, 2009

ചെ: വിശ്വവിമോചനത്തിന്റെ പ്രതീകം

ചെ: വിശ്വവിമോചനത്തിന്റെ പ്രതീകം

ബൊളീവിയയില്‍ ജനാധിപത്യ സര്‍ക്കാരിനെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ അട്ടിമറിച്ച് അധികാരത്തില്‍ വന്ന സൈനിക സ്വേച്ഛാധിപതി ബാരിയന്റോസിന്റെ കിരാത വാഴ്ചക്കെതിരായ ഗറില്ലാപ്പോരാട്ടത്തിനിടയില്‍ പിടിക്കപ്പെട്ട ചെയെ അമേരിക്കയുടെ കൂലിപ്പട്ടാളം വെടിവെച്ചു കൊല്ലുകയാണുണ്ടായത്. ആ അനശ്വര വിപ്ലവതേജസ്സിന്റെ സ്മരണ പോലും സാമ്രാജ്യത്വത്തിന്റേയും അതിന്റെ പിണിയാളുകളുടേയും ഉറക്കം കെടുത്തുന്നതായിരുന്നു. ആ വീരവിപ്ലവകാരിയുടെ ശവശരീരത്തെപ്പോലും അവര്‍ വെറുതെ വിട്ടില്ല. ഭീരുക്കളായ സൈനികഭരണകൂടം കൊല്ലപ്പെട്ട ചെയുടെ ഒരു കൈ വെട്ടി മാറ്റിയശേഷം അജ്ഞാതമായ ഒരിടത്ത് പരമരഹസ്യമായി കുഴിച്ചിടുകയാണുണ്ടായത്.

1928 ജൂണ്‍ 14ന് അര്‍ജന്റീനയിലെ റൊസാരിയോ എന്ന സ്ഥലത്ത് ഒരിടത്തരം കുടുംബത്തില്‍ ഏണെസ്റ്റോ ഗുവേര ദെ ലാസെര്‍ന ജനിച്ചു. പിതാവ് ഏണെസ്റ്റോ ഗുവെര ലിഞ്ച്. മാതാവ് സീലിയ ദെ ലാ സെര്‍ന. കുട്ടിക്കാലം മുതല്‍ ബൊളീവിയന്‍ കാട്ടിലെ അന്ത്യനാളുകള്‍ വരെ ആസ്ത്മ രോഗം അദ്ദേഹത്തെ വിടാതെ പിടികൂടിയിരുന്നു. ചരിത്രത്തിലും സാഹിത്യത്തിലും അതീവ തല്‍പരനായിരുന്ന ഗുവേര 1948ല്‍ ബ്യൂണസ് അയേഴ്സ് സര്‍വകലാശാലയില്‍ വൈദ്യശാസ്ത്ര പഠനത്തിനു ചേര്‍ന്നു.

സഞ്ചാരകുതുകിയായിരുന്ന ഗുവേര വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിയായിരിക്കെ 1950ല്‍ മോട്ടോര്‍ ഘടിപ്പിച്ച ഒരു സൈക്കിളില്‍ അര്‍ജന്റീനയുടെ വടക്കന്‍ മേഖലയിലാകെ ചുറ്റിക്കറങ്ങി(ഏകദേസം 4500 കിലോമീറ്റര്‍ ദൂരം). വീണ്ടും 1951 ഡിസംബറില്‍ തന്റെ സുഹൃത്ത് ആല്‍ബെര്‍ടൊയുമൊത്ത് ഒരു മോട്ടോര്‍ സൈക്കിളില്‍ ദക്ഷിണ അമേരിക്കയുടെ തെക്കെയറ്റത്തുള്ള ബ്യൂണസ് അയേഴ്സില്‍ നിന്നും തുടങ്ങി വടക്കെ അറ്റത്ത് കാരക്കാസ് വരെ സാഹസികമായ യാത്ര നടത്തി. എട്ടുമാസത്തിനുശേഷം 1952 ആഗസ്റ്റില്‍ തിരിച്ചെത്തി. ആ യാത്രയുടെ വിവരണമാണ് പില്‍ക്കാലത്ത് പ്രസിദ്ധമായ 'മോട്ടോര്‍ സൈക്കിള്‍ ഡയറി'യില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്.

1953ല്‍ വൈദ്യശാസ്ത്ര ബിരുദം നേടിയ അദ്ദേഹം രോഗചികില്‍സയേക്കാള്‍ ലോകത്തെ അറിയാനും മാറ്റിമറിക്കാനുമുള്ള അദമ്യമായ ആഗ്രഹവുമായി വീണ്ടും ലാറ്റിന്‍ അമേരിക്കന്‍ പര്യടനം ആരംഭിച്ചു. ഈ യാത്രക്കിടയില്‍ 1953ലെ ബൊളീവിയന്‍ വിപ്ലവത്തിന് അദ്ദേഹം സാക്ഷ്യം വഹിച്ചു. 1954ല്‍ ഗ്വാട്ടിമാലയിലെ ജേക്കബ് അര്‍ബന്‍സിന്റെ ജനാധിപത്യ സര്‍ക്കാരിനെ അമേരിക്കന്‍ പിന്തുണയോടെ പട്ടാളം അട്ടിമറിക്കുമ്പോള്‍ ഗുവേര അവിടെ ഉണ്ടായിരുന്നു. ഗ്വാട്ടിമാലയില്‍ വെച്ച് യുവ ക്യൂബന്‍ വിപ്ലവകാരിയായ അന്തോണിയോ ലോപ്പെസിനെ പരിചയപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഗ്വാട്ടിമാലയില്‍ നിന്ന് അദ്ദേഹം അക്കാലത്തെ ലാറ്റിന്‍ അമേരിക്കന്‍ വിപ്ലവകാരികളുടെ സങ്കേതമായിരുന്ന മെക്സിക്കോയിലേക്ക് പോകാന്‍ ഇടയാക്കിയത് ഈ പരിചയപ്പെടലായിരുന്നു.

നിരന്തരമുള്ള യാത്രകളിലൂടെ യുവാവായ ഏണെസ്റ്റോ ലാറ്റിനമേരിക്കയിലെ കൊടിയ ദാരിദ്ര്യത്തിന്റെ രൂക്ഷമായ മുഖം കണ്ടു. വിവിധ ആദിമജനവിഭാഗങ്ങളും തൊഴിലാളികളും അനുഭവിക്കുന്ന ദുരിതങ്ങളും തൊഴിലാളികളുടെ ചോരയൂറ്റിക്കുടിച്ച് തടിച്ചുകൊഴുക്കുന്ന അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകളുടെ കൊള്ളകളും സൈനിക സ്വേച്ഛാധിപതികളുടെ തേര്‍വാഴ്ചകളൂം മുഖാമുഖം കണ്ട ഏണെസ്റ്റോയിലെ വിപ്ലവകാരി ഉണര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ഈ ദുരിതങ്ങള്‍ക്കെല്ലാം പിന്നിലുള്ള യഥാര്‍ത്ഥ വില്ലന്‍ അമേരിക്കന്‍ സാമ്രാജ്യത്വമാണെന്ന് തിരിച്ചറിയാന്‍ അഗാധമായ ചരിത്രബോധവും ഗ്വാട്ടിമാലയിലെ അട്ടിമറിയും അദ്ദേഹത്തെ സഹായിച്ചു. രണ്ടാം ലാറ്റിന്‍ അമേരിക്കന്‍ യാത്രയെക്കുറിച്ച് ''വീണ്ടും യാത്ര'' എന്ന കൃതിയില്‍ അദ്ദേഹം വിവരിക്കുന്നു.

മെക്സിക്കോയില്‍ വെച്ചാണ് ചരിത്രത്തില്‍ ഇടം നേടിയ ആ കൂടിക്കാഴ്ച നടന്നത്. ക്യൂബയില്‍ അമേരിക്കന്‍ പിന്തുണയോടെ 1933 മുതല്‍ ഭരണം നടത്തിയിരുന്ന ഫുള്‍ജന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തിനെതിരെ സായുധസമരത്തിന് എതിരെ സായുധ സമരത്തിന് തയ്യാറെടുക്കുകയായിരുന്നു കാസ്ട്രോയും സഹപോരാളികളും. മെക്സിക്കോയില്‍ വെച്ച് ക്യൂബന്‍ വിപ്ലവകാരികളാണ് അദ്ദേഹത്തിന്‍ 'ചെ' എന്ന ഓമനപ്പേര് നല്‍കിയത്. യഥാര്‍ത്ഥത്തില്‍ അര്‍ജന്റീനക്കാരെ പൊതുവെ കളിയാക്കിവിളിക്കുന്ന ആ പേര് പില്‍ക്കാലത്ത് ഏണെസ്റ്റോ സ്വയം സ്വീകരിക്കുകയും ചെയ്തു. മെക്സിക്കന്‍ വാസത്തിനിടയിലാണ് അദ്ദേഹം പെറുവിയന്‍ വിപ്ലകാരിയായിരുന്ന ഹിള്‍ഡ ഗാഡിയയെ വിവാഹം കഴിച്ചത്. ആ ബന്ധത്തില്‍ പിറന്ന പുത്രിയാണ് ഹില്‍ഡിത്ത.

ക്യൂബന്‍ ഗറില്ലാ പോരാളികളുടെ സംഘത്തില്‍ ഒരു ഡോക്ടര്‍ എന്ന നിലയില്‍ ചെയും ചേര്‍ന്നു. 1956 നവംബറില്‍ 'ഗ്രാന്മ' എന്ന നൌകയില്‍ ഫിദെല്‍ കാസ്ട്രോയും റൌള്‍ കാസ്ട്രോയും ചെയും ഉള്‍പ്പെടെ 82 വിപ്ലവകാരികള്‍ മെക്സിക്കോയില്‍ നിന്നും ക്യൂബയിലേക്ക് തിരിച്ചു. ബാറ്റിസ്റ്റയുടെ ദുര്‍ഭരണത്തിനെതിരെ പൊതുപണിമുടക്കുകളൂം പ്രതിഷേധ സമരങ്ങളും ആഞ്ഞടിക്കുന്ന കാലമായിരുന്നു അത്. കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ലവകാരികള്‍ സെയ്രാമെയ് സ്ട്രാ പര്‍വതനിര കേന്ദ്രീകരിച്ച് ഗറില്ലാ പോരാട്ടം ആരംഭിച്ചു. ഡോക്ടര്‍ എന്ന നിലയില്‍ സംഘത്തില്‍ ചേര്‍ന്ന ചെ തന്റെ സൈനിക മികവ് പ്രകടിപ്പിച്ച് 1957 ജൂലായില്‍ ഗറില്ലാ സൈന്യത്തില്‍ ഒരു മേഖലയുടെ മേധാവിയായി ഉയര്‍ത്തപ്പെട്ടു. മദ്ധ്യക്യൂബയില്‍ ബാറ്റിസ്റ്റ സേനയുടെ മുട്ടുമടക്കിച്ച നിര്‍ണ്ണായകമായ പല പോരാട്ടങ്ങള്‍ക്കും ചെ നായകത്വം വഹിച്ചു.

1959 ജനുവരി 1ന് ബാറ്റിസ്റ്റയെ ക്യൂബയില്‍ നിന്നും തുരത്തിയോടിച്ച് ഹവാനയില്‍ അധികാരം സ്ഥാപിച്ച കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ലവകാരികള്‍ യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കനത്ത ആഘാതം ഏല്‍പ്പിക്കുകയാണുണ്ടായത്. വിപ്ലവ വിജയത്തെത്തുടര്‍ന്ന് ചെയെ ക്യൂബന്‍ പൌരനായി അംഗീകരിക്കുകയും കാര്‍ഷിക പരിഷ്കരണത്തിന്റെ ചുമതല നല്‍കുകയും ചെയ്തു. 1959 നവംബറില്‍ അദ്ദേഹത്തെ ക്യൂബന്‍ നാഷണല്‍ ബാങ്കിന്റെ പ്രസിഡന്റായും നിയോഗിച്ചു. ക്യൂബന്‍ വിപ്ലവകാലത്ത് തന്റെ സഹപ്രവര്‍ത്തകയായിരുന്ന അലീദ മാര്‍ച്ചിനെ അദ്ദേഹം ഇക്കാലത്ത് വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ നാലു മക്കളുണ്ട്.

ക്യൂബന്‍ വിപ്ലവസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സോവിയറ്റ് യൂണിയനും ചൈനയും കിഴക്കന്‍ ജര്‍മ്മനിയും ചെക്കോസ്ലോവാക്യയും വടക്കന്‍ കൊറിയയും സന്ദര്‍ശിച്ച ചെ, ആ രാജ്യങ്ങളുമായെല്ലാം നിരവധി വ്യാപാരക്കരാറുകളില്‍ ഒപ്പുവെച്ചു. 1961ല്‍ അദ്ദേഹം ക്യൂബയുടെ വ്യവസായമന്ത്രിയായി നിയോഗിക്കപ്പെട്ടു. 1961 ആഗസ്തില്‍ ഉറുഗ്വേയില്‍ ചേര്‍ന്ന അമേരിക്കന്‍ രാഷ്ട്രസംഘടനാ സമ്മേളനത്തില്‍ ക്യൂബന്‍ പ്രതിനിധി സംഘത്തലവനായി പങ്കെടുത്ത ചെ അമേരിക്കന്‍ പ്രസിഡന്റ് കെന്നഡിയുടെ സഖ്യനിര്‍ദ്ദേശത്തെ നിരാകരിച്ചു. 1962ല്‍ വീണ്ടും സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച അദ്ദേഹം തുടര്‍ന്ന് അള്‍ജീരിയയും മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളും സന്ദര്‍ശിച്ചു. 1964ല്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ ക്യൂബയെ പ്രതിനിധീകരിച്ച് സംസാരിച്ചതും ചെ ആയിരുന്നു.ക്യൂബന്‍ വിപ്ലവത്തെക്കുറിച്ച്, സോഷ്യലിസ്റ്റ് നിര്‍മാണത്തെക്കുറിച്ച്, ഗറില്ലാ യുദ്ധമുറയെ സംബന്ധിച്ചെല്ലാം ഗ്രന്ഥരചന നടത്തുകയും ചെയ്തു. ഇക്കാലത്ത്, വിദ്യാഭ്യാസകാലം മുതല്‍ മാര്‍ക്സിസ്റ്റ് ക്ലാസിക്കുകളുമായി പരിചിതനായിരുന്നു ചെ. കാസ്ട്രോയുടെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ട ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

1965 മാര്‍ച്ചില്‍ ക്യൂബയോട് യാത്രപറഞ്ഞുപിരിഞ്ഞ അദ്ദേഹം പാട്രിസ് ലുമുംബ സ്ഥാപിച്ച കോംഗോയിലെ വിപ്ലവ പ്രസ്ഥാനത്തെ സഹായിക്കാന്‍ രൂപീകരിക്കപ്പെട്ട അന്താരാഷ്ട്ര സംഘത്തിന് നേതൃത്വം കൊടുത്ത് കോംഗോയിലെത്തി. ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് കെട്ടുകെട്ടേണ്ടി വന്ന അമേരിക്കന്‍ സാമ്രാജ്യത്വം ആഫ്രിക്കയെയായിരിക്കും തുടര്‍ന്ന് താവളമാക്കുകയെന്ന് ദീര്‍ഘദര്‍ശനം ചെയ്ത ആ വിപ്ലവ പ്രതിഭ, ആഫ്രിക്കന്‍ വിപ്ലവം വിജയിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് തികഞ്ഞ ബോധവാനായിരുന്നു.

ആറുമാസക്കാലത്തെ കോംഗോ ദൌത്യത്തെ തുടര്‍ന്ന് രഹസ്യമായി ഹവാനയില്‍ എത്തി കാസ്ട്രൊയേയും സഖാക്കളെയും സന്ദര്‍ശിച്ചശേഷം ബൊളീവിയയില്‍ പുതിയ ദൌത്യം ഏറ്റെടുക്കുകയായിരുന്നു. 1966 നവംബറില്‍ ബൊളീവിയയില്‍ ഒളിച്ചുകടന്ന ചെ, ഒരു ചെറിയ ഗറില്ലാസംഘം സംഘടിപ്പിച്ച് ബൊളീവിയന്‍ കാടുകളില്‍ സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ പോരാടി. പതിനൊന്നു മാസത്തെ ക്ലേശകരമായ പോരാട്ടത്തിനൊടുവില്‍ പട്ടാളത്തിന്റെ പിടിയില്‍ അകപ്പെടുകയായിരുന്നു അദ്ദേഹം.

'നമ്മുടെ കാലത്തെ ഏറ്റവും സമ്പൂര്‍ണ്ണനായ മനുഷ്യന്‍' എന്ന് ഴാങ്ങ് പോള്‍ സാര്‍ത്രും 'ഇരുപതാം നൂറ്റാണ്ടിന്റെ ആരാധനാമൂര്‍ത്തി' എന്ന് ടൈംസ് വാരികയും വിശേഷിപ്പിച്ച 'ചെ' സാമ്രാജ്യത്വത്തിനും സൈനിക സ്വേച്ഛാധിപത്യങ്ങള്‍ക്കും എതിരായ പോരാട്ടവേദികളിലെല്ലാം നിത്യപ്രചോദനമായിരിക്കുന്നു.

മുപ്പത്തിഒന്‍പതാം വയസ്സില്‍ ആ വിശ്വവിപ്ലവകാരിയെ ചതിയില്‍പ്പെടുത്തി വധിക്കുകയും അദ്ദേഹത്തിന്റെ ശവശരീരത്തെ ഛിന്നഭിന്നമാക്കി കുഴിച്ചുമൂടുകയും ചെയ്ത സാമ്രാജ്യത്വത്തിന്റെ കിങ്കരന്മാര്‍ക്ക് അദ്ദേഹത്തിന്റെ വിപ്ലവചേതനയെ നശിപ്പിക്കാനായില്ല.

അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ ലാറ്റിന്‍ അമേരിക്കയില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. പുതിയ ഇടതുപക്ഷ ലാറ്റിന്‍ അമേരിക്ക, സാമ്രാജ്യത്വത്തിനെതിരായ നെടുങ്കോട്ടയായി മാറുന്ന ലാറ്റിന്‍ അമേരിക്ക, ആ വിശ്വ വിപ്ലവകാരിയുടെ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമാണ്. ഇന്ന് ക്യൂബയും കാസ്ട്രോയും ഒറ്റയ്ക്കല്ല. വെനിസ്വേലയില്‍, ഇക്വഡോറില്‍ എല്ലാം സാമ്രാജ്യത്വം വെല്ലുവിളി നേരിടുന്നു. ചെയുടെ വിപ്ലവ പൈതൃകം ഏറ്റെടുത്ത് ഹ്യൂഗോ ഷാവേസ് പുതിയ ചെറുത്തു നില്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നു.

ലാറ്റിന്‍ അമേരിക്കയില്‍ സൈനികസ്വേച്ഛാധിപത്യങ്ങള്‍ ജനമുന്നേറ്റത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും പ്രതിവിപ്ലവത്തിന്റെ വിത്തും വിതച്ച് തക്കം പാര്‍ത്തിരിക്കുകയാണ് സാമ്രാജ്യത്വം. സാമ്രാജ്യത്വത്തിന്റെ അട്ടിമറികള്‍ക്കെതിരെ പോരാടുന്ന ജനങ്ങള്‍ക്ക് അനശ്വരനായ ചെയുടെ സ്മരണ എന്നെന്നും ഒരു വിപ്ലവായുധമായിരിക്കും.

(ലേഖകന്‍: ശ്രീ. ജി. വിജയകുമാര്‍, കടപ്പാട്. വര്ക്കേഴ്സ് ഫോറം)

21 March, 2009

അന്നത്തെ വാസന്തരാവ്

അന്നത്തെ വാസന്തരാവ്



1973 ഒക്ടോബര്‍, തീയതി ഓര്‍മയില്ല. ഞാനന്ന് മദിരാശിയിലായിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യമായി ഭാര്യവീട്ടില്‍ പോയതാണ്. ഭാര്യാ പിതാവ് പി എ സെയ്ദ്. മാപ്പിളപ്പാട്ട് രചയിതാവായിരുന്നു. മദിരാശിയില്‍ വലിയൊരു സുഹൃദ്‌വൃന്ദത്തിനുടമയുമായിരുന്നു. അന്ന് രാവിലെ അദ്ദേഹം പറഞ്ഞു.

'ബാബുരാജ് സ്ഥലത്തുണ്ട്. നമുക്ക് കാണാന്‍ പോകണം'.

എനിക്ക് ഏറെ സന്തോഷമായി. ബാബുരാജ് അന്ന് മലയാളിമനസ്സുകളെ മുഴുവന്‍ വിലക്കെടുത്തിരുന്ന കാലമാണ്. ആ പ്രതിഭാധനനെ അടുത്തുനിന്ന് കാണുക മഹാഭാഗ്യമാണെന്ന് ഞാന്‍ കരുതി. ഒരു പുതുസന്ദര്‍ശകനായ എന്നെ എങ്ങനെയായിരിക്കും സ്വീകരിക്കുക എന്ന കാര്യത്തില്‍ അല്‍പ്പം ആശങ്കയും ഉണ്ടായിരുന്നു.

രാവിലെ ഒമ്പതുമണിയായിട്ടുണ്ടാകും. ഞങ്ങള്‍ ഒരു ചെറിയ ലോഡ്ജിലെത്തി. ഒരറ്റത്തെ മുറി. വാതില്‍ ചാരിയിട്ടിരിക്കുന്നു. ബാപ്പച്ചി ആധികാരികതയോടെ വാതില്‍ തള്ളിത്തുറന്നു. ഇരുട്ട് ഉറക്കം വിട്ടിട്ടില്ലാത്ത ആ കൊച്ചുമുറിയിലെ ചെറിയ ചെറിയ കട്ടിലില്‍ ഒരാള്‍ കൂര്‍ക്കംവലിച്ചുറങ്ങുന്നു. താഴെ വിരിയില്‍ സ്ഥൂലിച്ച മറ്റൊരാള്‍ കമിഴ്ന്നുകിടക്കുന്നു. അരികില്‍ ഹാര്‍മോണിയവും തബലയും. ബാപ്പച്ചി കട്ടിലില്‍ കിടക്കുന്ന ആളെ കുലുക്കിവിളിച്ചു.

'നിങ്ങള്‍ ഇതുവരെ എണീറ്റില്ലേ?'

അദ്ദേഹം ഉറക്കമുണര്‍ന്ന് മിഴിച്ചുനോക്കി. പുതുമുഖമായ എനിക്കൊരു ചെറുചിരിയെറിഞ്ഞു.

'മരുമകനാണ്, നിഷാത്തിന്റെ ഭര്‍ത്താവ്'‘.

ചിരി നന്നായി വിരിഞ്ഞു. എഴുന്നേറ്റ് കൈതന്ന് എന്നെ കട്ടിലില്‍ ഇരുത്തി. എന്നിട്ട് കിടന്നുറങ്ങുന്ന ആളെ കുലുക്കിവിളിച്ചു.

'എടാ മജീദേ, എണിറ്റേ... ഇതാരാ വന്നിരിക്കണേന്ന് നോക്ക്യേ...'

ബാബുരാജ്! വലിയ ആ മനുഷ്യന്‍ ഇത്ര എളിയവനോ? ഞാന്‍ സ്തബ്ധനായി അദ്ദേഹത്തിന്റെ മുഖത്തു തന്നെ നോക്കിയിരുന്നു.

പിന്നെ വര്‍ത്തമാനം... ചായ... വര്‍ത്തമാനം. വീട്ടുകാര്യങ്ങള്‍, നാട്ടുകാര്യങ്ങള്‍, രാഷ്ട്രീയം, സിനിമ, സംഗീതം....

അങ്ങനെ ഒന്നു രണ്ടു മണിക്കൂര്‍ പോയതറിഞ്ഞില്ല. യാത്രപറഞ്ഞിറങ്ങുമ്പോള്‍ ബാബുരാജ് വിളിച്ചുപറഞ്ഞു.

'മോനെ, പോകുന്നതിനുമുമ്പ് ഇനിയും കാണണം'.

അന്നത്തെ സന്ധ്യ. ഞാന്‍ വന്നതറിഞ്ഞ് നാട്ടുകാരായ ചില സുഹൃത്തുക്കള്‍ വീട്ടില്‍ വന്നിട്ടുണ്ട്. നുങ്കംപക്കത്തേയും ആയിരംവിളക്കിലെയും മറ്റും ബന്ധുവീട്ടുകാരും എത്തിയിരിക്കുന്നു. വര്‍ത്തമാനങ്ങള്‍ക്കും പൊട്ടിച്ചിരികള്‍ക്കും ഇടയില്‍ പെട്ടെന്നൊരു നിശ്ശബ്ദത. നീളന്‍ ജുബ്ബയും മേലെ ഷാളും ഇട്ട കറുത്ത മനുഷ്യന്‍ പടികടന്നു വരുന്നു. കൂടെ ചെറുപ്പക്കാരനായ ഒരു സുമുഖനും.

അതേ, ആ വസന്തസംഗീതം ഒരു മുന്നറിയിപ്പുമില്ലാതെ ഞങ്ങളിലേക്ക് എത്തിയിരിക്കുന്നു.

ബാബുരാജ്!കൂടെയുള്ളത് യുവഗായകന്‍ സീറോ ബാബു. 'ഓപ്പണ്‍സീറോ' എന്ന പഴയ ഹൈപിച്ച് ഗാനക്കാരന്‍. ആ പാട്ടിന് ശേഷമാണ് അദ്ദേഹത്തിന്റെ പേരിനുമുമ്പില്‍ സീറോവന്നതത്രെ.

വന്നപാടെ ബാബുരാജ് പറഞ്ഞു.

'എനിക്ക് കഞ്ഞി മതി. നല്ല ചൂടുള്ള കഞ്ഞീം ചമ്മന്തീം...'

പിന്നെ വര്‍ത്തമാനം. നുറുങ്ങുതമാശകള്‍. വര്‍ത്തമാനം ഏറെയും സംഗീതത്തെപ്പറ്റി. ഈണം ചിട്ടപ്പെടുത്തുന്നതിനെപ്പറ്റി. നേരം ഇരുട്ടി. വിളക്കുകള്‍ തെളിഞ്ഞു.

ബാബുരാജിന്റെ നിര്‍ദേശം. 'ഇനി നമുക്ക് നിലത്തിരിക്കാം'.

എല്ലാവരും പായവിരിച്ച് നിലത്തിരുന്നു. അപ്പോഴേക്കും അവിടെ ചെറിയൊരു സദസ്സ് രൂപംകൊണ്ടിരുന്നു.

'മോനെ, ആ പെട്ടിയിങ്ങെടുക്ക്'.

വീട്ടിലെ ഹാര്‍മോണിയം ബാബുരാജിന്റെ മുന്നില്‍. ആ നീണ്ട വിരലുകള്‍ ശ്രുതിക്കട്ടകളില്‍ അങ്ങോട്ടുമിങ്ങോട്ടും ഒഴുകാന്‍ തുടങ്ങി. സ്വരങ്ങളുടെ ആയിരം നിശാഗന്ധികള്‍ ഒരുമിച്ചുവിരിഞ്ഞു. ബാബുരാജ് 'പെട്ടി'യില്‍ തൊട്ടാല്‍ എന്നും അങ്ങനെയായിരുന്നല്ലോ. ആര്‍ദ്രതയുടെ തെളിനീരില്‍ പൊന്നലകളായി ആ അനശ്വരഗാനം ഒഴുകി.

'താമസമെന്തേ വരുവാന്‍.....'

പാട്ടുതീര്‍ന്നപ്പോള്‍ പിന്നെ അത് ജന്മംകൊണ്ടതിന്റെ വിശദീകരണം. തുടര്‍ന്ന് സീറോബാബുവിനോട് പാടാന്‍ നിര്‍ദേശം. ബാബു ഹൈപിച്ചില്‍ത്തന്നെ തുടങ്ങി.

'ഏഴാം ബഹറിന്റെയക്കരെയക്കെരെ ഒരൂക്കന്‍ കോട്ട...'

അത് കഴിഞ്ഞ് ബാബുരാജ് സദസ്സിനെനോക്കി ചോദിച്ചു.

'മക്കളേ, നിങ്ങളാരെങ്കിലും പാട്വോ...'

പാടാന്‍ താല്‍പ്പര്യമുള്ളവര്‍ മടിച്ചുനിന്നു. അവരെ അദ്ദേഹം പ്രോല്‍സാഹിപ്പിച്ചു. ചിലരൊക്കെ പാടി. ആ അനുഗ്രഹീത വിരലുകള്‍ അവര്‍ക്കുവേണ്ടിയും ശ്രുതിയിട്ടു...'

തളിരിട്ട കിനാക്കളും, സുറുമയെഴുതിയ മിഴികളും, പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്തും, കണ്ണുതുറക്കാത്ത ദൈവങ്ങളും അന്നു ഞങ്ങള്‍ക്കായി ആ സംഗീത മനീഷിയില്‍നിന്നും ഒഴുകിയെത്തി. പുള്ളുകളുറങ്ങീട്ടും പൂങ്കോഴി കൂവിയിട്ടും അദ്ദേഹം ഞങ്ങളോടൊപ്പമിരുന്നു പാടി.

അതാണ് ബാബുരാജ്...!

സ്വന്തം മോതിരംപോലും പണയം വച്ച് കൂട്ടുകാര്‍ക്ക് വിരുന്നൊരുക്കുന്ന സുഹൃത്ത്. ചോദിക്കുന്ന തുക മുന്‍കൂര്‍ കൊടുത്ത് കരാര്‍ ഉറപ്പിക്കാന്‍ ചെല്ലുന്ന പ്രൊഡ്യൂസറോട് 'ഒരമ്പത് രൂപ എടുക്കാനുണ്ടാകുമോ' എന്ന ശങ്കയോടെ ചോദിക്കുന്ന മഹാ വിനീതന്‍. മാലോകര്‍ക്കെല്ലാം അദ്ദേഹത്തിന്റെ സംഗീതമാണ് വലുത്. അടുത്തിടപഴകിയിട്ടുള്ളവര്‍ക്ക് സംഗീതംപോലെതന്നെ അനുഭവവേദ്യമാണ് തെളിനീരുറവപോലെയുള്ള ആ മനുഷ്യസ്നേഹവും. വിശപ്പടക്കാന്‍ തെരുവിലും റെയില്‍വേ പ്ലാറ്റ്ഫോമിലും വയറ്റത്തടിച്ചു പാട്ടുപാടിനടന്ന മുഹമ്മദ് സബീര്‍ എന്ന ബാലന്‍ 'മാനംമുട്ടുന്ന' ബാബുരാജായി വളര്‍ന്നത് സര്‍ഗ്ഗസംഗീതത്തോടൊപ്പം താളലയമാര്‍ന്ന ആ സ്നേഹരാഗവും വിനീതചാരുതയുംകൊണ്ടുകൂടിയാണ്.

സംഗീതം നൈമിഷികമായ വെറും ശബ്ദഘോഷങ്ങളായി മാറിക്കഴിഞ്ഞ ഇന്നും നല്ല പാട്ടുകള്‍ക്കുവേണ്ടി സംഗീതപ്രേമികള്‍ ബാബുരാജിന്റെ ഗാനങ്ങള്‍ തേടിപ്പോകുന്നു. അതിനിയും തുടരുകതന്നെ ചെയ്യും.

സ്നേഹധനനായ പാട്ടുകാരാ, ആരുപറഞ്ഞു താങ്കള്‍ മരിച്ചെന്ന്...

(ലേഖകന്‍: ഖാദര്‍ പട്ടേപ്പാടം - കടപ്പാട്‌ ദേശാഭിമാനി)

ഏര്‍നെസ്റ്റോ ചെ ഗുവേര,അനശ്വര വിപ്ലവകാരി

ഏര്‍നെസ്റ്റോ ചെ ഗുവേര,അനശ്വര വിപ്ലവകാരി


അമാനുഷപ്രഭാവനായ വിപ്ളവകാരിയെന്ന് വിശേഷിപ്പിക്കാമോ ചെ ഗുവേരയെ? അങ്ങനെയായാല്‍ അത് വികാരവിവശമായ ഒരു വിലയിരുത്തലാകുമോ? അര്‍ജന്റീനയില്‍ ജനിച്ച് ലാറ്റിനമേരിക്ക മുഴുവന്‍ യാത്രചെയ്ത് തുടര്‍ന്ന് മെക്സിക്കോയിലെത്തി പരിശീലനംനേടി ക്യൂബയില്‍ വിപ്ളവംനയിക്കാന്‍പോയി, വിപ്ളവംജയിപ്പിച്ച് മന്ത്രിയും അംബാസഡറുമായി ലോകപൌരനായി തിളങ്ങി, ലോകമാകെ സഞ്ചരിച്ച് വീണ്ടും ക്യൂബയിലെത്തി വിപ്ളവത്തിന്റെ വിളികേട്ട് ഒളിവില്‍പ്പോയി ബൊളീവിയന്‍ കാടുകളില്‍ ഗറില്ലായുദ്ധം നയിച്ച് ബൊളീവിയയില്‍ യാങ്കി ഭടന്മാരുടെ വേട്ടയില്‍ 39 ാം വയസ്സില്‍ എരിഞ്ഞടങ്ങിയ ഏര്‍നെസ്റ്റോ ചെ ഗുവേരയുടെ ജീവിതം നാം പിന്നെ എങ്ങനെയാണ് വിശേഷിപ്പിക്കുക?




1967 ഒക്ടോബര്‍ 8 പുലര്‍കാലം. സ്ഥലം: കൂബ്രാദാ ദല്‍ച്യൂറോ.അമേരിക്കന്‍ സിഐഎ നയിക്കുന്ന ബൊളീവിയന്‍ പട്ടാളത്താല്‍ വേട്ടയാടപ്പെട്ട് ക്യൂബയുമായും തന്റെ ഗറില്ലാസ്ക്വാഡുമായും ബന്ധമറ്റ്, മരുന്നും ഭക്ഷണവുമില്ലാതെ മുഷിഞ്ഞുനാറിയ വേഷത്തില്‍ ക്ഷീണിച്ചുവിളറി പരിക്ഷീണനായ ചെയും ഒരു ഡസന്‍ ഗറില്ലകളും ഒറ്റുകാരായ കൃഷിക്കാരുടെ സഹായത്തോടെ വളയപ്പെട്ടു. ജന്മനാ കടുത്ത ആസ്ത്്മ രോഗിയായ ചെ ഗുവേരയ്ക്ക് തണുപ്പും കാറ്റും മഞ്ഞുംമൂലം രോഗം അസഹ്യമായിരുന്നു... വേട്ടയാടലിനിടയില്‍ ആസ്ത്മയ്ക്കുള്ള മരുന്നും ഇന്‍ഹേലറുകളും നഷ്ടപ്പെട്ടു. പലപ്പോഴും ബോധം നഷ്ടപ്പെടുന്ന അവസ്ഥ. അദ്ദേഹം അത് ബൊളീവിയന്‍ ഡയറിയില്‍ എഴുതിയിട്ടുണ്ട്.
ചെയുടെ ദുര്‍ബലമായ ഗറില്ലാസംഘത്തെ വലയംചെയ്തത് പുതുതായി പരിശീലനംനേടിയ ബൊളീവിയന്‍ ആര്‍മി റേഞ്ചര്‍മാര്‍. അവരെ നയിക്കുന്നത് നല്ല ഉയരമുള്ള യുവാവായ ഗാമിര പ്രാദോ സാല്‍മന്‍. വെറും 300 മീറ്റര്‍ നീളവും 50 മീറ്റര്‍ വീതിയും മാത്രമുള്ള കുറ്റിച്ചെടികള്‍ക്കിടയിലാണ് വളയപ്പെട്ടത്. ഏറ്റുമുട്ടലല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് മനസ്സിലാക്കിയ ചെ ഗറില്ലകളെ മൂന്നു ഗ്രൂപ്പായിതിരിച്ച് യുദ്ധത്തിന് തയ്യാറാകാന്‍ ഓര്‍ഡര്‍ നല്‍കി. പ്രക്ഷുബ്ധമായ മണിക്കൂറുകള്‍ ഇഴഞ്ഞുനീങ്ങി...

ഒടുവില്‍ പതിയിരുന്ന ഗറില്ലകളെ മുഖാമുഖംകണ്ട് സൈന്യം വെടിവയ്പാരംഭിച്ചു. വിപ്ളവകാരികള്‍ ഓരോന്നായി വീണുതുടങ്ങി. ചെ അദ്ദേഹത്തിന്റെ എം-2 കര്‍ബൈന്‍ ഉപയോഗിച്ച് വെടിവയ്പാരംഭിച്ചു. ബൊളീവിയന്‍ സൈന്യത്തിന്റെ വെടിയേറ്റ് അദ്ദേഹത്തിന്റെ തോക്ക് തകര്‍ന്നു. അതോടെ അദ്ദേഹം നിരായുധനായി. അടുത്ത ബുള്ളറ്റ് ചെയുടെ തുടയ്ക്കുകൊണ്ടു. അടുത്തത് അദ്ദേഹത്തിന്റെ തൊപ്പിക്ക്. തൊട്ടുടുത്തുണ്ടായ വില്ലി ചെയുടെ സഹായത്തിനെത്തി. ഈ നിമിഷം പാഞ്ഞെത്തിയ പട്ടാള ഓഫീസര്‍ ബെര്‍ണാഡിനോ ചെയുടെ നെഞ്ചിനുനേരെ തോക്കുചൂണ്ടി. പിന്നീട് അയാള്‍ അവകാശപ്പെട്ടതിങ്ങനെയാണ്- ചെ ഗുവേര പറഞ്ഞു 'വെടിവയ്ക്കരുത്. ഞാന്‍ ചെ ഗുവേര. മരിച്ച എന്നെക്കാള്‍ നിങ്ങള്‍ക്കു വിലപിടിപ്പുള്ളത് ജീവിച്ചിരിക്കുന്ന എന്നെയാണ്'. രണ്ടുപേരെയും പിടിച്ചതോടെ ക്യാപ്റ്റന്‍ പ്രോഡോ എത്തി. നേരത്തെ അമേരിക്ക നടത്തിയ പിഗ് ഉള്‍ക്കടല്‍ അധിനിവേശകാലത്ത് ചെവിക്കേറ്റ പരിക്ക് കണ്ടുപിടിച്ച് ചെ ഗുവേരതന്നെയെന്ന് ഉറപ്പുവരുത്തി. ഉടന്‍ ചെയുടെ കൈകള്‍ ബന്ധിച്ചു. സൈനികകേന്ദ്രമായ വല്ലെഗ്രാന്‍ഡെയിലേക്ക് സന്ദേശംനല്‍കി. ഈ സമയം അവശേഷിക്കുന്ന ഗറില്ലകള്‍ പോരാടുകയായിരുന്നു.
വൈകിട്ട് 3.15ന് ലെഫ്. കേണല്‍ സെലിക് എത്തി. വിപ്ളവകാരികള്‍ കസ്റ്റഡിയിലായതിനെ പരാമര്‍ശിച്ചുകൊണ്ടുള്ള സംഭാഷണം തന്റെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ ഇങ്ങനെ എഴുതി. 'ഞാന്‍ ചെ ഗുവേരയോട് പറഞ്ഞു. ഞങ്ങളുടെ സൈന്യം നിങ്ങള്‍ കരുതുന്നതുപോലെയല്ല. ചെയുടെ മറുപടി ഇങ്ങനെയായിരുന്നു. എനിക്ക് പരിക്കേല്‍ക്കുകയും എന്റെ ബാരല്‍ വെടികൊണ്ട് തകരുകയുംചെയ്തനിലയ്ക്ക് ഇതല്ലാതെ മറ്റുപോംവഴിയില്ല. ക്വബ്രാഡയില്‍ പോരാട്ടംതുടര്‍ന്നുകൊണ്ടിരിക്കെ ചെയെയും ബില്ലിയെയും ലാ ഹിഗ്വേരയിലേക്കുകൊണ്ടുപോയി. അപ്പോഴേക്കും ക്യാപ്റ്റന്‍ പ്രാദോയും അദ്ദേഹത്തിന്റെ കമാന്‍ഡിങ് ഓഫീസര്‍ മേജര്‍ ഹിഗ്വല്‍ അയോറോയുമെത്തി. ഇടതുകാല്‍ വെടിയേറ്റുതകര്‍ന്നതിനാല്‍ വലതുകാലിലൂന്നിയാണ് ചെ നടന്നത്. രണ്ടു പട്ടാളക്കാര്‍ സഹായിച്ചു. അപ്പോഴേക്കും മരണമടഞ്ഞ രണ്ടു ഗറില്ലകളുടെ മൃതദേഹം കൃഷിക്കാര്‍ കൊണ്ടുവന്നു. സന്ധ്യയായതോടെ ലാ ഹിഗ്വേരയിലെ മണ്‍ഭിത്തികൊണ്ടു നിര്‍മിച്ച സ്കൂള്‍കെട്ടിടത്തിലെ വൃത്തിഹീനമായ തറയില്‍ വെടിയേറ്റുമരിച്ച വിപ്ളവകാരികളായ അന്റോണിയോയുടെയും അര്‍തോറോയുടെയും ഇടയില്‍ ചെ ഗുവേരയെ കിടത്തി. തൊട്ടടുത്ത മുറിയില്‍ വില്ലിയെ തടവിലാക്കി'.
യാങ്കിപ്പടയുടെ വെടിയേറ്റു മരിച്ച ചെ ഗുവേരയുടെ ശരീരം ഹിഗ്വേരയിലെ സ്കൂള്‍ കെട്ടിടത്തില്‍ കിടത്തിയിരിക്കുന്നു
ഇരുട്ടായതോടെ മറ്റു ഗറില്ലകള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ നിര്‍ത്തി. ചെയെ മോചിപ്പിക്കാന്‍ അവര്‍ വരുമെന്നു ഭയന്ന് കനത്ത കാവലാണ് ഏര്‍പ്പെടുത്തിയത്. അടുത്ത കല്‍പ്പനയ്ക്കുവേണ്ടി പട്ടാള ആസ്ഥാനത്തേക്ക് സന്ദേശംനല്‍കി കാത്തിരുന്ന അവര്‍ ചെയുമായി സംഭാഷണത്തിലേര്‍പ്പെട്ടു. 45 മിനിറ്റ് നീണ്ട സംഭാഷണം സെലിക്ക് ഇങ്ങനെ രേഖപ്പെടുത്തി.
'കമാന്‍ഡന്റ്, താങ്കള്‍ കുറച്ചു വിഷാദവാനായി കാണുന്നു? എന്താണിങ്ങനെ? ചെ പറഞ്ഞു. ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു. എല്ലാം കഴിഞ്ഞു. അതുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ കാണേണ്ടിവന്നത്.
ഞാന്‍ ചോദിച്ചു, എന്തുകൊണ്ടാണ് നിങ്ങള്‍ വിദേശികളായ ഗറില്ലകള്‍ ബൊളീവിയയില്‍ ആക്രമണത്തിന് വന്നത്?
അന്റോണിയോയുടെയും ഔര്‍തോറോയുടെയും മൃതദേഹം നോക്കിയിട്ട് ചെ പറഞ്ഞു- കേണല്‍ നോക്കൂ... ഈ കുട്ടികള്‍ക്ക് ആവശ്യമായതെന്തും അവര്‍ക്ക് ക്യൂബയില്‍ ലഭിക്കും. എന്നിട്ടാണവര്‍ ഇവിടെ പട്ടിയെപ്പോലെ മരിക്കാന്‍ വന്നത്.
താങ്കള്‍ ക്യൂബക്കാരനാണോ അര്‍ജന്റീനക്കാരനാണോ. എന്ന എന്റ ചോദ്യത്തിന് ഞാന്‍ ക്യൂബക്കാരനും, അര്‍ജന്റീനക്കാരനും, ബൊളീവിയക്കാരനും, പെറുവിയനും, ഇക്വഡോറുകാരനുമാണ്- ഇതായിരുന്നു ചെയുടെ മറുപടി'.

1967 ഒക്ടോബര്‍ 9 രാവിലെ 6.15
കേണല്‍ ജോവാക്വിം സെന്റനോയെയും സിഐഎ ഏജന്റ് ഫെലിക്സ് റോഡ്രിഗ്വസിനെയും വഹിച്ചുകൊണ്ട് ഒരു ഹെലികോപ്റ്റര്‍ ലാ ഹിഗ്വേറയിലെത്തി. ഫെലിക്സ് റാമോസ് എന്നറിയപ്പെട്ട റോഡ്രിഗ്സ് ഓര്‍ക്കുന്നു- പഴകിദ്രവിച്ച ഒരു കീറത്തുണിപോലെയാണ് ചെ ഗുവേര കിടന്നത്. 11 മണിയായപ്പോള്‍ ചെ ഗുവേരയോടു സംസാരിക്കാന്‍ റോഡ്രിഗ്വസ് അനുവാദംചോദിച്ചു. തന്റെ സാന്നിധ്യത്തില്‍മാത്രം സംഭാഷണമാകാമെന്ന് സെലിക്ക് പറഞ്ഞു. റോഡ്രിഗ്വസിന്റെ സംഭാഷണം മുഴുവന്‍ ക്യൂബന്‍ ബൊളീവിയന്‍ വിപ്ളവങ്ങള്‍ക്കെതിരായിരുന്നു. മുറിയില്‍ കിടന്ന റോഡ്രിഗ്വസിനോട് ചെ പറഞ്ഞു. 'എന്നെ ചോദ്യംചെയ്യുകയൊന്നും വേണ്ട. നമുക്ക് സംഭാഷണമാകാം'. ചെയുടെ അഭിമാനപൂര്‍വമുള്ള നിഷേധമനോഭാവം സെലിക് എടുത്തുപറയുന്നു. ഒടുവില്‍ ചെ റോഡ്രിഗ്വസിനോട് ചോദിച്ചു: നിങ്ങള്‍ ബൊളീവിയനല്ല, ക്യൂബക്കാരനോ പ്യൂര്‍ട്ടോറിക്കക്കാരനോ? ക്യൂബക്കാരനായ അമേരിക്കന്‍ ഇന്റലിജന്‍സ്- റോഡ്രിഗ്വസ് പറഞ്ഞു. ചെ 'ഹാ' എന്ന് ചിരിക്കുകമാത്രംചെയ്തു.
പകല്‍ 12.30ന് ലാപാസിലുള്ള ബൊളീവിയന്‍ ഹൈക്കമാന്‍ഡിന്റെ ഓര്‍ഡര്‍ കേഡര്‍ ബെന്റിനോ അനായോയ്ക്ക് എത്തി. ഓര്‍ഡര്‍ സെലികിന് കൈമാറി. അത് ചെയെ വധിക്കാനുള്ള ആജ്ഞയായിരുന്നു. മേജര്‍ അയോറോയായിരുന്നു ഈ ദൌത്യം നടപ്പാക്കേണ്ടത്. ഉടന്‍തന്നെ സെലിക്കും സെന്റിനോയും പിടിച്ചെടുത്ത രേഖകളുമായി ഹെലികോപ്റ്ററില്‍ മടങ്ങി. റോഡ്രിഗ്വസ് രേഖപ്പെടുത്തിയത് ഇപ്രകാരമാണ് 'അമേരിക്കയ്ക്ക് ചെ ഗുവേരയെ ജീവനോടെ വേണമായിരുന്നു. പക്ഷേ, ബൊളീവിയന്‍ പ്രസിഡന്റ് ബരിയന്തേസ് നേരിട്ട് വധിക്കാന്‍ ഓര്‍ഡര്‍ നല്‍കുകയായിരുന്നു'. വധിച്ചില്ലെങ്കില്‍ പണ്ട് ഫിദല്‍ കാസ്ട്രോയെ ബാത്തിസ്ത്ത വിട്ടയച്ചതുപോലെ സംഭവിക്കുമോ എന്ന തോന്നലുമുണ്ടായി.
തുടര്‍ന്ന് തടവിലാക്കപ്പെട്ടിരുന്ന വില്ലിയെ അവര്‍ വെടിവച്ചുകൊന്നു; രക്ഷപ്പെടാന്‍ ശ്രമിച്ചെന്നപേരില്‍. തുടര്‍ന്ന് ചെയോടൊപ്പംനിന്ന് റോഡ്രിഗ്വസ് ഒരു ഫോട്ടോയെടുത്തു. റോഡ്രിഗ്വസ് ഓര്‍ക്കുന്നു. 'ഒരു വന്യമൃഗം നില്‍ക്കുന്നതുപോലെ ക്ഷീണിച്ച മുഖം കുനിച്ച് കൈകള്‍ മുന്നോട്ടിട്ട് ചെ നിന്നു. തുടര്‍ന്ന് വീണ്ടും സംഭാഷണമാരംഭിച്ചു. ഇതിനിടയില്‍ വീണ്ടും അടുത്ത മുറിയില്‍ വെടിപൊട്ടി. അത് ചെയുടെ സഹപ്രവര്‍ത്തകന്‍ ചിനോ ചാങ് ആയിരുന്നു. വെടിയൊച്ചകേട്ട ചെ സംഭാഷണംനിര്‍ത്തി. പിന്നെ യാതൊന്നും മിണ്ടിയില്ല. അദ്ദേഹത്തിന്റെ മുഖം ദുഃഖംകൊണ്ട് നിറഞ്ഞു. ചെ അദ്ദേഹത്തിന്റെ തല ഇടത്തോട്ടും വലത്തോട്ടും ആട്ടിക്കൊണ്ടിരുന്നു. ചെയ്ക്ക് അദ്ദേഹത്തിന്റെ വിധിയും ഉറപ്പായിക്കഴിഞ്ഞപോലെ'. പക്ഷേ, ഒരുമണിവരെ റോഡ്രിഗ്വസ് അക്കാര്യം പറഞ്ഞില്ല- ചെയെ ഉടന്‍ വധിക്കാന്‍പോകുന്ന കാര്യം.
ഉടന്‍ ഒരു സ്കൂള്‍ അധ്യാപിക ഓടി അങ്ങോട്ടുവന്നു. എപ്പോഴാണ് ഇദ്ദേഹത്തെ കൊല്ലുന്നതെന്ന് ചോദിച്ചു. നിനക്കറിഞ്ഞിട്ടെന്താണ് കാര്യമെന്ന് റോഡ്രിഗ്വസ് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു. ചെ ഗുവേര ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന് റേഡിയോ പ്രക്ഷേപണംചെയ്തുകൊണ്ടിരിക്കയാണ്. തുടര്‍ന്ന് ചെയുടെ മുറിയിലേക്ക് കടന്ന റോഡ്രിഗ്വസ് ക്ഷമാപണസ്വരത്തില്‍ പറഞ്ഞു തുടങ്ങിയപ്പോഴേക്കും എല്ലാ മനസ്സിലാക്കിയ ചെ പറഞ്ഞു 'ഇങ്ങനെയാവുന്നതാണ് നല്ലത്, ഞാന്‍ ഒരിക്കലും ജീവനോടെ പിടിക്കപ്പെടരുത്'. അവസാനമായി എന്തെങ്കിലും സന്ദേശം കുടുംബത്തിന് നല്‍കാനുണ്ടോ എന്നു ചോദിച്ചപ്പോള്‍ ചെ പറഞ്ഞു. 'ഫിദലിനോട് പറയുക അദ്ദേഹം വിജയകരമായ ഒരു അമേരിക്കന്‍ വിപ്ളവം കാണാന്‍പോകുന്നെന്ന്. എന്റെ ഭാര്യയോട് പറയുക പുനര്‍വിവാഹം കഴിച്ച് സന്തോഷവതിയായിരിക്കാന്‍'.
അതിനുശേഷം റോഡ്രിഗ്വസ് ചെയെ ആശ്ളേഷിക്കാന്‍ അടുത്തുചെന്നു. റോഡ്രിഗ്വസ് പറയുന്നു. 'എന്നെ സംബന്ധിച്ചിടത്തോളം അടക്കാനാകാത്ത ഏറ്റവും വികാരനിര്‍ഭരമായ നിമിഷമായിരുന്നു അത്. ഞാനൊരിക്കലും അദ്ദേഹത്തെ വെറുത്തില്ല. അദ്ദേഹം ധീരതയോടെയും അഭിമാനത്തോടെയും മരണത്തെ നേരിട്ടു'.
റോഡ്രിഗ്വസ് മുറിവിട്ടുപോയി. തുടര്‍ന്ന് ആ ദൌത്യം സ്വയമേറ്റെടുത്ത മരിയേ ടെറാന്‍ എന്ന പരുക്കനായ സര്‍ജന്റ് ഊഴംകാത്തുനിന്നപോലെ മുറിയിലേക്ക് വന്നു. റോഡ്രിഗ്വസ് പറയുന്നു. 'ചെയുടെ കഴുത്തിന് താഴെയെ വെടിവയ്ക്കാവൂ. മുഖത്ത് പാടില്ലെന്ന് പറഞ്ഞിരുന്നു. ഞാന്‍ കുന്നിന്‍മുകളിലേക്ക് നടന്നു. താമസിയാതെ വെടിയൊച്ച കേട്ടു. ഞാന്‍ വാച്ചുനോക്കി... സമയം പകല്‍ 1.10'.
ആ ദൌത്യം നിര്‍വഹിച്ച മരിയോടെറാന്റെ വിശദീകരണം- ഞാന്‍ മുറിയില്‍ പ്രവേശിച്ചപ്പോള്‍ ചെ ഗുവേര പറഞ്ഞു. 'നീ വന്നത് എന്നെ കൊല്ലാനാണെന്നറിയാം. വെടിവയ്ക്കെടാ ഭീരൂ. നീ ഒരു വെറും മനുഷ്യനെയാണ് കൊല്ലുന്നതെന്നോര്‍ക്കുക'. ഞാന്‍ കാഞ്ചിവലിച്ചു, ചെയുടെ കൈയും കാലും തകര്‍ന്നു. തറയില്‍ കുഴഞ്ഞുവീണ ചെ അദ്ദേഹത്തിന്റെ കൈത്തണ്ടയില്‍ കടിച്ചുപിടിക്കാന്‍ ശ്രമിച്ചു; കരച്ചില്‍ പുറത്തുവരാതിരിക്കാന്‍. അടുത്ത ബുള്ളറ്റ് പാഞ്ഞു. ചെയുടെ നെഞ്ചുതകര്‍ന്ന് ശ്വാസകോശം രക്തംകൊണ്ടു നിറഞ്ഞു...
സി. എന്‍. മോഹനന്‍, കടപ്പാട്. ജനശക്തി ന്യൂസ്

18 March, 2009

ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വം നമ്മോടാവശ്യപ്പെടുന്നത്

ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വം നമ്മോടാവശ്യപ്പെടുന്നത്

ഇരുപത്തിമൂന്നാമത്തെ വയസ്സില്‍, തൂക്കിലേറ്റപ്പെടുന്നതിനു തൊട്ടുമുന്‍പ് ആര്‍ക്കെങ്കിലും പുഞ്ചിരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ഷഹീദ് ഭഗത് സിങ്ങിനു മാത്രമാവും.

1907 സെപ്തംബര്‍ 27 ന് ലയല്‍‌പൂരിലെ ബങ്ക ഗ്രാ‍മത്തില്‍ മാതാ വിദ്യാവതിയുടേയും സര്‍ദാര്‍ കിഷന്‍ സിങ്ങിന്റേയും മകനായി ഭഗത് സിങ്ങ് ജനിച്ചു. അച്ഛനു പുറമെ അമ്മാവന്‍ സര്‍ദാര്‍ അജിത് സിങ്ങും സ്വാതന്ത്രസമരപ്പോരാളികളായിരുന്നത് കൊണ്ട് ഭഗത് സിങ്ങും ദേശസ്നേഹം നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷത്തിലാണ് വളര്‍ന്നത്. ചെനാബ് കനാല്‍ കോളനി ബില്ലിനെതിരായി കര്‍ഷകരെ സംഘടിപ്പിക്കുവാന്‍ സയ്യദ് ഹൈദര്‍ റാസയുമൊത്ത് ഇന്ത്യന്‍ പാട്രിയറ്റ്സ് അസോസിയേഷന്‍ എന്ന സംഘം രൂപീകരിച്ച ആളാണ് അമ്മാവന്‍ അജിത് സിങ്ങ്. ഭാരത് മാതാ സൊസൈറ്റി എന്ന രഹസ്യ സംഘടനക്കും ഇദ്ദേഹം രൂപം നല്‍കി.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വേരോടെ പിഴുതെറിയുന്നത് ചെറുപ്രായത്തില്‍ത്തന്നെ ഭഗത് സിങ്ങ് സ്വപ്നം കണ്ടിരുന്നു. “പാടങ്ങളില്‍ തോക്കുകള്‍ പൂക്കുന്നത്” ഈ നിര്‍ഭയനായ പോരാളിയുടെ ചിന്തകളില്‍ ചെറുപ്പത്തിലേ ഉണ്ടായിരുന്നു. അങ്ങിനെയെങ്കില്‍ ബ്രിട്ടീഷുകാരുമായി പോരാടാന്‍ എളുപ്പമായിരിക്കുമല്ലോ. ഭാരതീയര്‍ ഇത്രയധികം പേര്‍ ഉണ്ടായിട്ടും എന്തുകൊണ്ട് വിരലിലെണ്ണാവുന്ന അതിക്രമികളെ തുരത്താന്‍ കഴിയുന്നില്ല, എന്നായിരുന്നു ഭഗത് സിങ്ങിന്റെ ചിന്ത.

വിപ്ലവാഗ്നിയുടെ കനല്‍കോരി ജ്വലിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക് ഭഗത് സിങ്ങ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് കേവലം 18 വയസ്സു മാത്രം പ്രായമായ കര്‍ത്താര്‍സിങ് സാരാഭായിയുടെ രക്തസാക്ഷിത്വമായിരുന്നു. ഒന്നാം ലാഹോര്‍ ഗൂഢാലോചന കേസിലെ പ്രതിയാക്കിയാണ് ഭരണകൂടം ഈ ബാലനെ തൂക്കിലേറ്റിയത്. വധശിക്ഷക്കു വിധിച്ച ന്യായാധിപന്‍ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു.

'ഇവന്‍ ഒരിളം പൈതലാണെങ്കിലും കുറ്റവാളികളില്‍വെച്ച് ഏറ്റവും വലിയ അപകടകാരിയാണ്. ആകയാല്‍ ഇവനോട് തെല്ലും ദാക്ഷിണ്യമില്ല'.

ന്യായാധിപന്റെ മുഖത്തുനോക്കി ആ കൊച്ചു വിപ്ളവകാരി പറഞ്ഞു.

'നിങ്ങളുടെ അടിമയായി കഴിയുന്നതിനെക്കാള്‍ അഭികാമ്യം എനിക്കീ കൊലക്കയറില്‍ ജീവന്‍ വെടിയുന്നതാണ്. എനിക്കൊരു പുനര്‍ജനി സാധ്യമാകുമെന്നു സങ്കല്‍പ്പിച്ചാല്‍ ഞാന്‍ ഇനിയും അടര്‍ക്കളത്തിലിറങ്ങും'.

കര്‍ത്താറിന്റെ ഈ വാക്കുകള്‍ ഭഗത് സിങ്ങിന്റെ ബാല മനസ്സില്‍ ശിലാഫലകം പോലെ കൊത്തിവെക്കപ്പെട്ടു. തന്റെ രാഷ്ട്രീയ ഗുരുവായി കര്‍ത്താറിനെ മനസ്സില്‍ പ്രതിഷ്ഠിച്ചു. പിന്നീട് ഭഗത് സിങ്ങ് തന്നെ ഇങ്ങനെ പറഞ്ഞു.

'കൊടുങ്കാറ്റില്‍ നിന്ന് കൊളുത്തിയ അഗ്നിപര്‍വതം കണക്കെ ജ്വലിച്ച ആ സംഭവം, സ്വപ്നം കാണുന്ന എന്റെ മനസ്സിലെ സമരഖഡ്‌ഗത്തെ ഉണര്‍ത്താന്‍ ശ്രമിച്ചു'.

1919 ഏപ്രില്‍ 13ന് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോള്‍ ഭഗത്തിനു 12 വയസ്സ്. ലാഹോറിലെ പ്രൈമറി വിദ്യാലയത്തില്‍ പഠിക്കുമ്പോഴാണ് ക്ലാസ് മുറിയില്‍വെച്ച്, ലോകത്തെ ഞെട്ടിച്ച സാമ്രാജ്യത്വ കൂട്ടക്കൊലയുടെ വിവരം കാതില്‍ തുളച്ചു കയറിയത്. ഭഗത് സിങ്ങിന്റെ മനസ്സ് രോഷവും സങ്കടവും കൊണ്ട് വിജൃംഭിതമായി. രണ്ട് മുന്നുദിവസം ക്ലാസില്‍ പോകാനേ കഴിഞ്ഞില്ല. പിന്നീട് ഏകാന്തപഥികനായി ആ സമര ഭൂവിലേക്ക് ഭഗത് നടന്നുപോയി. രക്തസാക്ഷികളുടെ ചോരവീണ് പുണ്യമായ മണ്ണില്‍ ചുംബിച്ചു. എന്നിട്ട് ആ മണ്ണില്‍ നിന്നും ഒരുപിടി എടുത്ത് സ്ഫടിക കുപ്പിയില്‍ നിറച്ചു. പിന്നെ കണ്ണടച്ച് ഇപ്രകാരം പ്രതിജ്ഞയെടുത്തു.

'മാതൃഭൂമിക്കായി ബലിയര്‍പ്പിച്ച നിങ്ങളുടെ മഹായജ്ഞം പൂര്‍ത്തിയാക്കാന്‍ ഉശിരോടെ ഞാന്‍ ശ്രമിക്കും. ലക്ഷ്യം നേടാനായില്ലെങ്കില്‍ എന്റെ ജീവനും സസന്തോഷം ബലിയര്‍പ്പിക്കും'.

പഠനത്തോടൊപ്പം രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കും ആ ബാലന്‍ ആകൃഷ്ടനായി. ഗാന്ധിയന്‍ ആദര്‍ശങ്ങളോട് ഭഗത്തിന് തീരെ പ്രതിപത്തി തോന്നിയില്ല. അതിനുള്ള കാരണങ്ങളില്‍ ഒന്ന്, ഇന്ത്യയിലാകെ കൊടുങ്കാറ്റായി ആഞ്ഞടിച്ച നിസ്സഹകരണ സമരം മഹാത്മജി പൊടുന്നനെ ഉപേക്ഷിച്ചതുതന്നെ. 1922 ഫെബ്രുവരി 5 -ലെ ചൌരി ചൌരാ സംഭവം ഇതിനൊരു നിമിത്തമായി എടുത്താണ് സമരാഗ്നിയില്‍ മഹാത്മജി വെള്ളമൊഴിച്ചതെന്നും, ഗാന്ധിയന്‍ മുറ ഇന്ത്യയുടെ മോചനത്തിന് അഭികാമ്യമല്ലെന്നും ഭഗത് സിങ്ങ് ഉറച്ചു വിശ്വസിച്ചു. ഒപ്പം റഷ്യയിലെ മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അലയും, മാര്‍ക്സിസം ലെനിനിസത്തിന്റെ ബാലപാഠവും ഭഗത് സിങിനെ വിപ്ലവപാതയിലേക്ക് നയിച്ചു.

ഈ സന്ദേശമാണ് ഭഗത് സിങ്ങിനെയും സഖാക്കളെയും ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ (HRA) എന്ന വിപ്ലവ സംഘടനക്ക് ജന്മം നല്‍കാനും, വടക്കെ ഇന്ത്യയിലാകെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ പുതിയ ദിശയിലേക്ക് തിരിച്ചുവിടാനും സഹായിച്ചത്. 'HRA'യുടെ വ്യാപനം പൊതുവെ ഗാന്ധിയന്‍ മാര്‍ഗത്തില്‍ വിരക്തിപൂണ്ട ഇന്ത്യന്‍ യുവത്വത്തെ ഹഠാദാകര്‍ഷിച്ചു. ഭഗത് സിങ്ങിന്റെ തീക്ഷ്ണമായ ബുദ്ധിശക്തിയും പാണ്ഡിത്യവും, തന്റേടവും, ആത്മാര്‍ഥതയും, വിവിധ ഭാഷാകളിലുള്ള പ്രാവീണ്യവും, കര്‍മൌത്സുക്യവും, സാഹിത്യ രചനയിലെ നൈപുണ്യവുമെല്ലാം അദ്ദേഹത്തെ ഇന്ത്യയിലെ അറിയപ്പെടുന്ന വിപ്ലവകാരികളില്‍ ഒരാളാക്കി മാറ്റിക്കഴിഞ്ഞിരുന്നു.

'HRA'യുടെ പ്രവര്‍ത്തനത്തെ വല്ലാതെ പിടിച്ചുലച്ച സംഭവമായിരുന്നു 'കക്കോരി ഗൂഢാലോചനക്കേസ്‘. കോണ്‍പൂര്‍ ആസ്ഥാനമാക്കി റാം പ്രസാദ് ബിസ്മിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഒരു വിപ്ലവ ഗ്രൂപ്പ്, തങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള ധനം കണ്ടെത്താന്‍, തീവണ്ടിയില്‍ കൊണ്ടുപോവുകയായിരുന്ന സര്‍ക്കാര്‍ പണപ്പെട്ടി കൊള്ളയടിച്ച സംഭവമാണ് 'കക്കോരി ഗൂഢാലോചന' കേസ്. ഈ കേസിന്റെ മറവില്‍ നിരപരാധികളായ പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത്, 'HRA' യെ തകര്‍ക്കുക കൂടിയായിരുന്നു സാമ്രാജ്യത്വ ലക്ഷ്യം. ബിസ്മിലിനും നാല് പ്രവര്‍ത്തകര്‍ക്കും വധശിക്ഷ നല്‍കുകയും 'HRA'യുടെ നിരവധി നേതാക്കള്‍ തുറുങ്കിലടക്കപ്പെടുകയും ചെയ്തതോടെ കടുത്ത പ്രതിസന്ധിയെ സംഘടനക്ക് നേരിടേണ്ടിവന്നു. എന്നാല്‍ ഒളിവില്‍നിന്നുകൊണ്ട് ഭഗത് സിങ്ങ് നിരോധിക്കപ്പെട്ട 'HRA'ക്കു പകരം 'നൌജവാന്‍ ഭാരത് സഭ'യെന്ന പുതിയ സംഘടനക്ക് ജന്മം നല്‍കി. മതസൌഹാര്‍ദം, പന്തിഭോജനം തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രാജ്യത്തിനു രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമ്പത്തിക സ്വാതന്ത്ര്യം കൂടി കൈവരണമെന്നും, തൊഴിലാളികളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ ഒരു സോഷ്യലിസ്റ്റ് ഭരണകൂടം ഉണ്ടാവണമെന്നും സഭയുടെ പരിപാടിയില്‍ നിര്‍ദേശിച്ചു. റാം കിഷന്‍ പ്രസിഡന്റും ഭഗത് സിങ്ങ് സെക്രട്ടറിയുമായ സഭ വിവിധ സംസ്ഥാനങ്ങളില്‍ ശക്തി കേന്ദ്രമായി വളര്‍ന്നു.

എന്നാല്‍ ഭഗത് സിങ്ങിനെ ഭരണകൂടം അറസ്റ്റ് ചെയ്ത് രണ്ടുവര്‍ഷം ജയിലിലടച്ചു. ജയിലില്‍വെച്ചും പോരാട്ടം തുടരുകയായിരുന്നു ആ വിപ്ലവകാരി. 80 ദിവസം നീണ്ടുനിന്ന നിരാഹാരം ലോകശ്രദ്ധ പിടിച്ചു പറ്റി. ഭഗത് സിങ്ങിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യയാകെ മുറവിളികൂട്ടി. ഒടുവില്‍ ദേശീയ നേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.

രണ്ട് വര്‍ഷത്തെ കാരാഗൃഹവാസത്തിനുശേഷം ജയില്‍ മോചിതനായ ഭഗത് വര്‍ധിതവീര്യത്തോടെ കര്‍മരംഗത്തിറങ്ങി. മന്ദീഭവിച്ച 'HRA‘യെ പുനഃസംഘടിപ്പിക്കാന്‍ 1929 സെപ്തംബര്‍ 8,9 തീയതികളില്‍ കാണ്‍പൂരില്‍ സമ്മേളിച്ചു. ഭഗത് സിങ്ങ്, രാജഗുരു, സുഖദേവ്, യശ്‌പാല്‍, ഭഗവതീചരന്‍ വോറ, സുശീലാദേവി തുടങ്ങി 60 പ്രമുഖ നേതാക്കള്‍ പങ്കെടുത്ത സമ്മേളനം ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് അസോസിയേഷന്‍ എന്ന പുതിയ സംഘടനക്ക് രൂപം കൊടുത്തു. ' (HSRA) വിപ്ലവപ്രവര്‍ത്തനം ഊര്‍ജിതമാക്കി. നിരോധിക്കപ്പെട്ട HSRA യുടെ പ്രവര്‍ത്തകര്‍ ഒളിവില്‍ പ്രവര്‍ത്തിച്ചു.

ഭഗത് സിങ്ങിന്റെയും സഖാക്കളുടെയും ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായിരുന്നു കോണ്‍ഗ്രസ് നേതാവായ ലാലാ ലജ് പത് റായിയുടെ കൊലപാതകം. ഇന്ത്യയില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട ഭരണ പരിഷ്കാരത്തെക്കുറിച്ച് പഠിക്കാന്‍ ബ്രിട്ടന്‍ നിയോഗിച്ച സൈമണ്‍ കമീഷനെ ബഹിഷ്കരിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്നു. കമീഷന്‍ എത്തുന്നേടത്തെല്ലാം 'ഗോ ബേക്ക്' വിളിച്ച് മടക്കി അയക്കുകയായിരുന്നു സമരമുറ. 1928 ഒക്ടോബര്‍ 30ന് ലാഹോറിലെ റെയില്‍വെ സ്റ്റേഷനിലെത്തിയ കമീഷനെതിരെ പ്രതിഷേധിച്ചപ്പോഴാണ് വന്ദ്യവയോധികനായ ലാലാജിയെ പൊലീസ് തിരഞ്ഞുപിടിച്ച് മര്‍ദിച്ചത്. ഭഗത് സിങ്ങടക്കം പ്രതിരോധനിര സൃഷ്ടിച്ചെങ്കിലും ലാലാജി മര്‍ദനത്തിനു വിധേയനായി നവംബര്‍ 17 ന് അന്ത്യശ്വാസം വലിച്ചു.

ഭാരതത്തെയാകെ കണ്ണീരിലാഴ്ത്തിയ ഈ സംഭവത്തിനു പ്രതികാരം ചെയ്യാന്‍ 'രക്തത്തിനു പകരം രക്തം' എന്ന മുദ്രാവാക്യമുയര്‍ത്തി സമരം നടത്താന്‍ ഭഗത് സിങ്ങും സഖാക്കളും പദ്ധതിയിട്ടു. ദിവസങ്ങള്‍ക്കകം സാന്റേഴ്സ് എന്ന പൊലീസുദ്യോഗസ്ഥനെ വധിച്ചുകൊണ്ടായിരുന്നു തങ്ങളുടെ പ്രതികാരാഗ്നി അടക്കിയത്. ഭഗത് ഒരു കൊലക്കേസില്‍ കൂടി പ്രതിയായി.

നിസ്സഹകരണ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയോടെ നിര്‍ജീവമായ കോണ്‍ഗ്രസ് ഗാന്ധിജിയുടെ വ്യക്തിപ്രഭാവത്തില്‍ വീണ്ടും സജീവമാകാന്‍ തുടങ്ങി. മറുഭാഗത്ത്' HSRA' യുടെ കൊടിക്കീഴില്‍ വിപ്ലവപ്രസ്ഥാനവും ശക്തിപ്പെട്ടു. ആളിപ്പടരുന്ന ജനകീയ പ്രക്ഷോഭത്തെ നേരിടാന്‍ ബ്രിട്ടീഷ് ഭരണകൂടം ശക്തമായ നിയമം കൊണ്ടുവന്നു. പൊതുരക്ഷാബില്‍, പത്രനിയന്ത്രണ ബില്‍, തൊഴില്‍ തര്‍ക്കബില്‍ എന്നിവയായിരുന്നു അത്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ HSRAതീരുമാനിച്ചു. നിയമനിര്‍മാണ സഭയില്‍ ബോംബെറിഞ്ഞ് പ്രതിഷേധിക്കുകയും ആവശ്യങ്ങളടങ്ങിയ ലഘുലേഖ രക്തലിപികളാല്‍ എഴുതി വിതരണം ചെയ്യുകയും രക്ഷപ്പെടാതെ അറസ്റ്റ് വരിക്കുകയും ചെയ്യാന്‍ തീരുമാനമെടുത്ത് ദൌത്യത്തിന്റെ ചുമതല ധീരന്മാരായ ഭഗത് സിങ്ങിനെയും ബടുകേശ്വര്‍ ഭത്തിനെയും ഏല്‍പ്പിച്ചു.

1929 ഏപ്രില്‍ 8 ന് നിയമനിര്‍മാണ സഭ ചേരുമ്പോഴേക്കും ഏറെ സാഹസികമായ പ്രവര്‍ത്തനത്തിലൂടെ ബോംബും ലഘുലേഖയുമായി സമ്മേളന ഗാലറിയില്‍ ഹാജരായി. മോത്തിലാല്‍ നെഹ്റുവിന്റെ പാസാണ് സംഘടിപ്പിച്ചത്. ബില്‍ അവതരിപ്പിക്കാനുള്ള പ്രഖ്യാപനം സഭാധ്യക്ഷനായ വിക്തല്‍ ഭായ് പട്ടേല്‍ പുറപ്പെടുവിക്കുന്ന മാത്രയില്‍ വിജനമായ തറയിലേക്ക് ഭഗത് സിങ്ങ് ബോംബ് വലിച്ചെറിഞ്ഞു. വന്‍ സ്ഫോടനത്തില്‍ സഭാംഗങ്ങള്‍ ഞെട്ടിവിറച്ചു. 'ഇങ്ക്വിലാബ് സിന്ദാബാദ്' വിളികള്‍കൊണ്ട് ഹാള്‍ മുഖരിതമായി. പുകപടലംകൊണ്ട് പരിസരം മൂടപ്പെട്ടു. ആത്മരക്ഷാര്‍ഥം പലരും പലവഴിക്ക് കുതിച്ചു.

നിര്‍ഭയരായി, തങ്ങളെ ഏല്പിച്ച ദൌത്യം നിര്‍വഹിച്ച ആത്മസംതൃപ്തിയോടെ രണ്ട് വിപ്ലവകാരികളും സഭാതലത്തില്‍തന്നെ ഇരിപ്പുറപ്പിച്ചു. ഏറെ സമയത്തിനുശേഷം ഭയപ്പാടോടെ അറച്ചറച്ച് കടന്നുവന്ന സുരക്ഷാ ഭടന്മാര്‍ക്കു മുമ്പില്‍ കരങ്ങള്‍ നീട്ടി സുസ്മേരവദനരായി അറസ്റ്റ് വരിച്ചു. വാര്‍ത്ത ബ്രിട്ടീഷ് കൊട്ടാരത്തെ ഞെട്ടിച്ചു. രാജ്യമാകെ ഭഗത് സിങ്ങിന്റെ ധീരനടപടി ചര്‍ച്ചാവിഷയമായി.

1929 നാണ് ബോംബ് കേസ് വിചാരണ ആരംഭിച്ചത്. ആസഫലിയും ഭാര്യ അരുണാ ആസഫലിയുമാണ് ഭഗത് സിങ്ങിനുവേണ്ടി കേസ് വാദിച്ചത്. കോടതിയില്‍ എത്തുമ്പോഴെല്ലാം സഖാക്കള്‍ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഭരണകൂടത്തിന്റെ ഓരോ വാദങ്ങളെയും ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യേച്ഛയുടെയും ആത്മാവിഷ്കാരത്തിന്റെയും ഭാഷയില്‍ പ്രതിരോധിച്ചു. തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ച പ്രസ്താവനകള്‍ വായിച്ചു. ഇന്ത്യന്‍ വിപ്ളവ ചരിത്രത്തിലെ അമൂല്യ രേഖയാണ് ഈ പ്രസ്താവനകള്‍. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പിഴുതെറിയുന്നതിനു പുറകെ ഒരു സോഷ്യലിസ്റ്റ് ഭാരതീയ സമൂഹത്തിന്റെ നിര്‍മ്മാണം ആവശ്യമാണെന്നും അതിന് രാഷ്ട്രീയാധികാരം തൊഴിലാളി വര്‍ഗം പിടിച്ചെടുക്കണമെന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.. 1929 ജൂണ്‍ 6ന് അസംബ്ലി ബോംബ് കേസുമായി ബന്ധപ്പെട്ടിറക്കിയ പ്രസ്താവനയില്‍ ഭഗത് സിങ്ങും ബി.കെ. ദത്തും വിപ്ലവത്തെക്കുറിച്ചുള്ള തങ്ങളുടെ ധാരണകള്‍ പ്രഖ്യാപിച്ചു.

ഒടുവില്‍, പ്രതീക്ഷിച്ചതു പോലെതന്നെ ആ ധീരവിപ്ലവകാരികളെ വധശിക്ഷക്കു വിധിച്ചു. രാജ്യം ഇളകിമറിഞ്ഞു. ജീവന്‍ രക്ഷിക്കാന്‍ നിയമസഹായ സമിതി രൂപീകരിച്ചു. ഇതിനോട് പ്രതികരിച്ച് ഭഗത് സിങ്ങ് പറഞ്ഞു.

'ബ്രിട്ടീഷ് ഭരണത്തിന് ഞങ്ങളുടെ ജീവനാണ് ആവശ്യം, സമിതിക്ക് ലഭിച്ച പണംകൊണ്ട് തടവുകാര്‍ക്ക് പുസ്തകം വാങ്ങുകയും കുടുംബത്തെ സംരക്ഷിക്കുകയും ചെയ്യുക'.

മരണത്തിന്റെ നിമിഷങ്ങള്‍ അടുക്കുന്തോറും ഭഗത് സിങ്ങ് ഏറെ സന്തോഷവാനായിരുന്നു. ഭഗത് സിങ്ങിനെ ഈ ഘട്ടത്തില്‍ സന്ദര്‍ശിച്ച ജവാഹര്‍ലാല്‍ നെഹ്റു തന്റെ ആത്മകഥയില്‍ വിവരിക്കുന്നതിങ്ങനെയാണ്.

'ആകര്‍ഷകവും പ്രജ്ഞാശക്തി ദ്യോതിപ്പിക്കുന്നതുമായ ആ മുഖം പ്രശാന്തവും സൌമ്യവുമായിരുന്നു. ക്രോധത്തിന്റെ ഒരു ലാഞ്ഛന പോലും അവിടെ നിഴലിച്ചില്ല. അദ്ദേഹത്തിന്റെ പെരുമാറ്റവും സംസാരവും മാന്യമായ നിലയിലായിരുന്നു.'

തടവറയില്‍ കഴിയവെ സഹപ്രവര്‍ത്തകനായ ബടുകേശ്വര്‍ ദത്തിനയച്ച കത്തില്‍ ഭഗത് സിങ്ങ് ഇങ്ങനെ രേഖപ്പെടുത്തി.

'ഞാന്‍ സന്തോഷപൂര്‍വം കൊലമരത്തിലേറും. വിപ്ലവകാരികള്‍ എത്രമാത്രം ധീരതയോടെയാണ് തങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കുന്നതെന്ന് ലോകത്തിനു കാണിച്ചുകൊടുക്കും'.

ശിക്ഷ നടപ്പാക്കുന്നതിനിടയിലെ ഏതാനും മാസത്തെ ഇടവേളകള്‍ ഭഗത് സിങ്ങ് പുസ്തക വായനയുടെ ലഹരിയിലായിരുന്നു. വായിച്ചും എഴുതിയും അവശേഷിച്ച ദിവസങ്ങള്‍ ഉല്ലാസപൂര്‍വം ചെലവഴിച്ചു. ഇതിനിടയില്‍ ജീവന്‍ ബലികഴിച്ചെങ്കിലും ജയിലില്‍നിന്നും മോചിപ്പിക്കാമെന്ന് വിപ്ലവകാരികളായ സുഹൃത്തുക്കള്‍ ഭഗത്തിനോട് കുറിപ്പു മുഖേന അറിയിച്ചു. അവര്‍ക്ക് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

'പാര്‍ടിയും അതിന്റെ മഹത്തായ ത്യാഗങ്ങളും എന്നെ ഏറ്റവും ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. ജീവിച്ചിരുന്നാല്‍ അത് നിലനിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. ധീരതയോടെ മന്ദഹാസവുമായി തൂക്കിലേറിയാല്‍ ഭാരതത്തിലെ അമ്മമാര്‍ എന്നെ മാതൃകയാക്കാന്‍ തങ്ങളുടെ സന്താനങ്ങളെ പ്രേരിപ്പിച്ചു കൊള്ളും. ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാനെന്ന് സ്വയം കരുതുന്നു'.

1931 മാര്‍ച്ച് 23 നാണ് ഭഗത് സിങ്ങ് രക്തസാക്ഷിത്വം വരിച്ചത്. രാത്രി 7 മണിക്കാണ് സമയമായ വിവരം മജിസ്ട്രേട്ട് അറിയിച്ചത്. അപ്പോള്‍ ആ വിപ്ലവകാരി ലെനിന്റെ ‘ഭരണകൂടവും വിപ്ലവവും‘ എന്ന പുസ്തകം ആര്‍ത്തിയോടെ വായിക്കുകയായിരുന്നു. കുറച്ച് പേജുകള്‍മാത്രം അവശേഷിക്കുന്നു. ഏതാനും മിനുട്ട് ക്ഷമിക്കണമെന്നും ഇതൊന്നു വായിച്ച് തീര്‍ത്തോട്ടെ എന്നുമുള്ള ഭഗത് സിങ്ങിന്റെ അഭ്യര്‍ഥന മജിസ്ട്രേട്ടിനെ അത്ഭുതസ്തബ്ധനാക്കി. വായിച്ചു തീര്‍ത്ത് പുസ്തകം മടക്കിവെച്ച് പുഞ്ചിരി തൂകി അദ്ദേഹം മജിസ്ട്രേട്ടിനോട് പറഞ്ഞു.

'മിസ്റ്റര്‍ മജിസ്ട്രേട്ട്, ഭാരതത്തിന്റെ വീരപുത്രന്മാര്‍ എത്രമാത്രം ധീരതയോടെയാണ് തങ്ങളുടെ ഉന്നതാദര്‍ശങ്ങള്‍ക്കുവേണ്ടി കഴുമരത്തെ സ്വീകരിക്കുന്നതെന്ന് നേരിട്ട് കാണാന്‍ പോകുന്ന നിങ്ങള്‍ ഭാഗ്യവാന്‍ തന്നെ!'

യുദ്ധത്തടവുകാര്‍ എന്ന നിലയില്‍ തങ്ങളെ വെടിവെച്ചുകൊല്ലണമെന്ന് ഭഗത് സിങ്ങും കൂട്ടുകാരും ആവശ്യപ്പെട്ടെങ്കിലും അത് അനുവദിക്കപ്പെട്ടില്ല.

ഭഗത് സിങ്ങും സുഖദേവും രാജ് ഗുരുവും ഇരുവശങ്ങളിലുമായി തോളില്‍ കൈയിട്ട് മുദ്രാവാക്യം മുഴക്കി കഴുമരത്തിന്റെ തട്ടിലേക്ക് നടന്നടുത്തു. കൊലക്കയര്‍ കഴുത്തിലണിയിക്കാന്‍ ആരാച്ചാരെ അനുവദിച്ചില്ല. സ്വയം കഴുത്തിലണിഞ്ഞ് ആവേശ ഭരിതരായി ഉച്ചൈസ്തരം ഉല്‍ഘോഷിച്ചു.

"ഭാരത് മാതാകീ ജെയ്... ഇന്‍ക്വിലാബ് സിന്ദാബാദ്.''

ഭാരതം ഒന്നടങ്കം ഈ നിമിഷത്തില്‍ വിറങ്ങലിച്ചു നിന്നു.

രക്തസാക്ഷികളുടെ ജഡത്തെപ്പോലും ബ്രിട്ടീഷ് ഭരണകൂടം നിന്ദിച്ചു. മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് പാതിവെന്ത മൃതദേഹം നദിയിലൊഴുക്കിയാണ് പ്രതികാരം തീര്‍ത്തത്. എന്നാല്‍ വിവരമറിഞ്ഞ ജനാവലി ഒന്നടങ്കം കുതിച്ചെത്തി നദിയില്‍നിന്നും ഭൌതിക ശരീരം വീണ്ടെടുത്ത് ഭക്ത്യാദരപൂര്‍വം സംസ്കരിച്ചു. വിപ്ലവകാരികളുടെ ഭൌതിക ശരീരത്തെ നശിപ്പിക്കാം. എന്നാല്‍ അവര്‍ ഉയര്‍ത്തിവിട്ട ആശയത്തിന്റെ പ്രസരണത്തെ തടുക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ലെന്ന സന്ദേശം ഭഗത് സിങ്ങ് ലോകത്തിന് നല്‍കുന്നു.

ഭഗത് സിംഗിന്റെ വിപ്ലവ സങ്കല്പങ്ങള്‍

കൊളോണിയല്‍ വിരുദ്ധ സമരങ്ങളില്‍ ജീവത്യാഗം ചെയ്ത ഇന്ത്യന്‍ ധീരരക്തസാക്ഷികളില്‍ അപൂര്‍വ വ്യക്തിത്വത്തിനുടമയായിരുന്നു ഭഗത് സിങ്ങ്. അദ്ദേഹം അടിമുടി വിപ്ലവകാരിയായിരുന്നു. ഗാ‍ന്ധിയന്‍ സമരമാര്‍ഗ്ഗങ്ങളില്‍ അസംതൃപ്തരായി വിപ്ലവകരമായ ബദലുകള്‍ അന്വേഷിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരുടെ പ്രതിനിധിയായിരുന്നു അദ്ദേഹം. യൂറോപ്യന്‍ വിപ്ലവ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള പഠനം അദ്ദേഹത്തെ അനാര്‍ക്കിസത്തിലേക്കും പിന്നീട് കമ്യൂണിസത്തിലേക്കും ആകര്‍ഷിച്ചു. സവധാനം അദ്ദേഹം ഒരു തികഞ്ഞ നീരീശ്വരവാദിയും, സോഷ്യലിസ്റ്റും കമ്യൂണിസ്റ്റും ആയിത്തീര്‍ന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പിഴുതെറിയുന്നതിനു പുറകെ ഒരു സോഷ്യലിസ്റ്റ് ഭാരതീയ സമൂഹത്തിന്റെ നിര്‍മ്മാണവും ആവശ്യമാണെന്നും അതിന് രാഷ്ട്രീയാധികാരം തൊഴിലാളി വര്‍ഗം പിടിച്ചെടുക്കണമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. 1929 ജൂണ്‍ 6ന് അസംബ്ലി ബോംബ് കേസുമായി ബന്ധപ്പെട്ടിറക്കിയ പ്രസ്താവനയില്‍ ഭഗത് സിങ്ങും ബി.കെ. ദത്തും വിപ്ലവത്തെക്കുറിച്ചുള്ള തങ്ങളുടെ ധാരണകള്‍ പ്രഖ്യാപിച്ചു.

“വിപ്ലവം എന്നത് കൊണ്ട് ഞങ്ങളുദ്ദേശിക്കുന്നത് അനീതിയില്‍ അധിഷ്ഠിതമായ ഇന്നത്തെ വ്യവസ്ഥ മാറണം എന്നാണ്. സമൂഹത്തിലെ ഏറ്റവും അവശ്യമായ ഘടകങ്ങളാണെങ്കില്‍പ്പോലും ഉല്പാദകരും തൊഴിലാളികളും ചൂഷകരാല്‍ കൊള്ളയടിക്കപ്പെടുകയും പ്രാഥമികമായ അവകാശങ്ങള്‍പ്പോലും നിഷേധിക്കപ്പെട്ടവരാകുകയും ചെയ്യുകയാണ്. എല്ലാവര്‍ക്കും വേണ്ടി ചോളം വിതക്കുന്ന കൃഷിക്കാരന്‍ അവന്റെ കുടുംബവുമൊത്ത് പട്ടിണി കിടക്കുകയാണ്; ലോകത്തിനുവേണ്ടി തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്ന നെയ്ത്തുകാരന് അവന്റെയും അവന്റെ കുട്ടികളുടേയും നഗ്നത് മറക്കുവാനുള്ളതു പോലും ലഭിക്കുന്നില്ല; രാജകീയ പ്രൌഡിയുള്ള കൊട്ടാരങ്ങള്‍ നിമ്മിക്കുന്ന കല്‍‌പ്പണിക്കാരനും, കൊല്ലനും, ആശാരിയും ചേരികളിലാണ് ജീവിക്കുന്നത്. തങ്ങളുടെ ഇച്ഛക്കനുസരിച്ച് കോടികള്‍ ധൂര്‍ത്തടിക്കുന്ന മുതലാളിമാരും ചൂഷകരും സമൂഹത്തിലെ ഇത്തിള്‍ക്കണ്ണികളാണ്.''

“സമൂലമായ മാറ്റം” ആവശ്യമാണെന്നും “ സോഷ്യലിസം അടിസ്ഥാനമാക്കി സമൂഹത്തെ പുന:സ്സംഘടിപ്പിക്കുക“ എന്നത് ഓരോരുത്തരുടേയും കര്‍ത്തവ്യമാണെന്നും അവര്‍ വാദിച്ചു. ഇതിനായി തൊഴിലാളിവര്‍ഗത്തിന്റേതായ ഒരു സര്‍വാധിപത്യം ആവശ്യമാണെന്ന് അവര്‍ വിശ്വസിച്ചു. ( ഭഗത് സിങ്ങിന്റെ തിരഞ്ഞെടുത്ത കൃതികള്‍, പേജ് 74-75, എഡിറ്റര്‍: ശിവ വര്‍മ്മ)

1930 ജനുവരി 21ന് ലാഹോര്‍ ഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് അവര്‍ പുറത്തിറക്കിയ ലഘുലേഖകളും അവരുടെ പ്രവര്‍ത്തനങ്ങളും കമ്മ്യൂണിസ്റ്റ് നിലപാടുകളിലേക്ക് ഭഗത് സിങ്ങും കൂട്ടുകാരും എത്തിയിരുന്നു എന്നതിനു തെളിവാണ്. ചുവന്ന ഒരു സ്കാര്‍ഫും ധരിച്ചുകൊണ്ടാണ് അവര്‍ കോടതിയില്‍ എത്തിയത്. മജിസ്ട്രേറ്റ് തന്റെ ഇരിപ്പിടത്തില്‍ ആസനസ്ഥനായ ഉടന്‍ തന്നെ ‘ സോഷലിസ്റ്റ് വിപ്ലവം നീണാള്‍ വാഴട്ടെ‘, ‘ ജനകീയത നീണാല്‍ വാഴട്ടെ‘, ‘ലെനിന്റെ നാമം ഒരിക്കലും മരിക്കുകയില്ല‘, ‘സാമ്രാജ്യത്വം തുലയട്ടെ‘ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. തുടര്‍ന്ന് ഭഗത് സിങ്ങ് താഴെപ്പറയുന്ന രീതിയിലുള്ള ഒരു പ്രസ്താവന വായിക്കുകയും അത് മൂന്നാം ഇന്റര്‍നാഷണലിനു അയച്ചുകൊടുക്കണമെന്ന് മജിസ്ട്രേട്ടിനോട് ആവശ്യപ്പെടുകയും ചെയ്തു.

'‘ ലെനിന്‍ ദിനത്തില്‍, ലെനിന്റെ ആശയങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ അറിയിക്കുന്നു. റഷ്യയില്‍ നടന്നു കൊണ്ടിരിക്കുന്ന മഹത്തായ പരീക്ഷണത്തിന് ഞങ്ങള്‍ എല്ലാ വിജയവും നേരുന്നു. അഖില ലോക തൊഴിലാളി പ്രസ്ഥാനങ്ങളോടുള്ള പിന്‍‌തുണ ഞങ്ങള്‍ അറിയിക്കുന്നു. തൊഴിലാളിവര്‍ഗം വിജയിക്കുക തന്നെ ചെയ്യും. മുതലാളിത്തം തുലയും. സാമ്രാജ്യത്വത്തിന് അന്ത്യം’. (പേജ് 82)

പക്ഷെ, അക്കാലത്തെ യുവജനതക്കിടയില്‍ പ്രബലമായിരുന്ന വ്യക്തിയധിഷ്ഠിത ഭീകരവാദത്തിന് ഭഗത് സിങ്ങ് എതിരായിരുന്നു എന്നു മാത്രമല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ജനങ്ങളെ സംഘടിപ്പിക്കേണ്ടതിനെക്കുറിച്ച് ബോധവാനുമായിരുന്നു. തൊഴിലാളികളേയും കര്‍ഷകരേയും പാര്‍ട്ടി സംഘടിപ്പിക്കണമെന്ന് തന്റെ അവസാന രചനകളില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ചെറിയ ചെറിയ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി തൊഴിലാളി സംഘടനകള്‍ നടത്തുന്ന സമരങ്ങളാണ് , രാഷ്ട്രീയാധികാരം പിടിച്ചടക്കുന്നതിനുള്ള അന്തിമ പോരാട്ടത്തിനായി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും, ഈ കടമക്കു പുറമെ സൈനികരേയും സംഘടിപ്പിക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.

“ ഒരിക്കലും ഞാനൊരു ഭീകരവാദിയല്ല; എന്റെ വിപ്ലവപ്രവര്‍ത്തനത്തിന്റെ ആദ്യകാലത്തെ ചില പ്രവര്‍ത്തനങ്ങളൊഴിച്ചാല്‍ ഒരിക്കലും ആയിരുന്നിട്ടുമില്ല. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ ചരിത്രം നോക്കിയാല്‍ ആര്‍ക്കും ഇത് വ്യക്തമാകും. ഒരു വലിയ മുന്നേറ്റത്തിന്റെ സൈനിക വിഭാഗവുമായി താദാത്മ്യം പ്രാപിക്കുക എന്ന ലക്ഷ്യം മുന്‍‌നിര്‍ത്തിയായിരുന്നു ഞങ്ങളുടെ ഓരോ പ്രവര്‍ത്തനവും. ആര്‍ക്കെങ്കിലും എന്നെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അവര്‍ അത് തിരുത്തട്ടെ. ബോംബുകളും തോക്കുകളും ഉപയോഗമില്ല്ലാത്തവയാണെന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല; മറിച്ചാണ് താനും. പക്ഷെ, വെറുതെ എറിയുന്ന ബോബുകള്‍ ഉപയോഗശൂന്യമാണെന്നു മാത്രമല്ല ദോഷകരം കൂടിയാണ് എന്ന് ഞാനിതില്‍ക്കൂടി അര്‍ത്ഥമാക്കുന്നുണ്ട്. പാര്‍ട്ടിയുടെ സൈനിക വിഭാഗം തങ്ങളുടെ അധീനതയിലുള്ള എല്ലാ യുദ്ധ സാമഗ്രികളും അടിയന്തിരഘട്ടത്തില്‍ ഉപയോഗപ്പെടുന്ന തരത്തില്‍ തയ്യാറാക്കി വെക്കണം. ഇത് പാര്‍ട്ടിയുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിനു ഒരു താങ്ങായിരിക്കണം എന്നു മാത്രമല്ല അതൊരിക്കലും ഒറ്റപ്പെട്ട പ്രവര്‍ത്തനമാകരുത്, ആകുവാന്‍ സാധ്യവുമല്ല.”

ഭഗത് സിങ്ങിന്റെ ജീവിതത്തിലെ ഏകലക്ഷ്യം ബ്രിട്ടീഷ് അടിമത്തത്തില്‍ നിന്നും സ്വന്തം നാടിനെ മോചിപ്പിക്കുക എന്നതായിരുന്നു. തന്നാലാവുന്നതെല്ലാം ഇതിനായി ചെയ്ത ഭഗത് സിങ്ങ് അവസാനം തൂക്കുമരത്തിലേക്ക് നയിക്കപ്പെട്ടപ്പോള്‍, പ്രത്യാഘാതങ്ങള്‍ കൂസാതെ തന്റെ ആശയങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനായതില്‍ സംതൃപ്തനായിരുന്നു അദ്ദേഹം. നാടിനുവേണ്ടി കൂടുതല്‍ ചെയ്യുവാന്‍ കഴിഞ്ഞില്ലല്ലോ എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ദു:ഖം.

ഇരുപതാം നൂറ്റാണ്ട് ഇന്ത്യക്കു സംഭാവന ചെയ്ത ആ ധീരവിപ്ലവകാരിയുടെ നൂറാം ജന്മദിനം 2007 സെപ്തംബര്‍ 27 നായിരുന്നു. ആ വിപ്ലവ ജ്യോതിസ്സിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന പുനര്‍കോളനിവല്‍ക്കരണ ശ്രമങ്ങളെ ചെറുത്ത്തോല്‍പ്പിക്കേണ്ടത് മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടേയും കടമയാണ്.

(കടപ്പാട്‌: മലപ്പട്ടം പ്രഭാകരന്‍, ദേശാഭിമാനി വാരിക)

14 March, 2009

നീയുറങ്ങുമ്പോഴും നിന്‍ വാക്കുറങ്ങാതിരിക്കുന്നു...

നീയുറങ്ങുമ്പോഴും നിന്‍ വാക്കുറങ്ങാതിരിക്കുന്നു...

ഇന്ന് മാര്‍ക്സിന്റെ നൂറ്റിഇരുപത്തഞ്ചാം ചരമവാര്‍ഷികദിനമാണ്. ജര്‍മനിയിലെ ട്രയര്‍ എന്ന ചെറുനഗരത്തില്‍ 1818 മെയ് അഞ്ചിന് സംസ്കൃതചിത്തനും അഭിഭാഷകനുമായിരുന്ന ഹെന്റിക് മാര്‍ക്സിന്റെയും ഹെന്റിക്കാപ്രെസ് ബര്‍ഗിന്റെയും ഒമ്പതു മക്കളില്‍ ഒരാളായി കാള്‍ മാര്‍ക്സ് ജനിച്ചു. 1883 മാര്‍ച്ച് പതിനാലിന് നിര്യാതനായി. ബാല്യകാലസഖി ജെന്നിവെസ്റ്റ് ഫെലിനായിരുന്നു ഭാര്യ. മാര്‍ക്സിനു മുമ്പുതന്നെ അവര്‍ നിര്യാതയായി. മാര്‍ക്സിന്റെ രണ്ട് പെണ്‍മക്കളായ ജെന്നിയും ലോറയും അച്ഛന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു. ജെന്നിയുടെ ഇംഗ്ളീഷുകാരനായ ഭര്‍ത്താവ് ഡോ. എഡ്വേര്‍ഡ് ഒവലിങ്ങും ലോറയുടെ ഫ്രഞ്ചുകാരനായ ഭര്‍ത്താവ് പോള്‍ ലെഫാര്‍ഗും മാര്‍ക്സിസ്റ്റ് വിപ്ലവകാരികളായിരുന്നു.

മാര്‍ക്സ് സാമാന്യം ഭേദപ്പെട്ട ഇടത്തരം കുടുംബത്തിലും ഭാര്യ ജെന്നി ഉയര്‍ന്ന സമ്പന്നകുടുംബത്തിലുമാണ് ജനിച്ച് വളര്‍ന്നതെങ്കിലും അവര്‍ക്ക് കിട്ടിയ കുടുംബസ്വത്തെല്ലാം പ്രക്ഷുബ്ദമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നശിച്ചു പോകുകയും അധികാരി വൃന്ദത്താല്‍ വേട്ടയാടപ്പെട്ട് പലനാടുകളിലും അവസാനം ലണ്ടനിലും തീരെ ദരിദ്രാവസ്ഥയില്‍ എത്തിച്ചേരുകയുംചെയ്തു. അദ്ദേഹത്തിന്റെ ആണ്‍കുട്ടികള്‍ പോഷകാഹാരക്കുറവും ചികിത്സയ്ക്കുള്ള പണം ഇല്ലായ്മയും കാരണം ശൈശവത്തില്‍ മൃതിയടഞ്ഞു. ഒരു വ്യവസായകുടുംബത്തില്‍ ജനിച്ച ഫ്രെഡറിക് എംഗല്‍സിന്റെ (1820- 1895) കൂടെക്കൂടെയുള്ള ധനസഹായംമാത്രമാണ് മാര്‍ക്സിന്റെ കുടുംബത്തെ പട്ടിണിയില്‍നിന്ന് രക്ഷിച്ചതും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിനും ഗ്രന്ഥരചനകള്‍ക്കും തുണയായി വര്‍ത്തിച്ചതും.

വ്യക്തിപരമായി സ്നേഹവും ധനസഹായവും മാത്രമല്ല എംഗല്‍സ് മാര്‍ക്സിന് നല്‍കിയത്. മാര്‍ക്സിന്റെ കരുത്തനായ സഹകാരിയും മാര്‍ക്സിസം വികസിപ്പിക്കുന്നതില്‍ മിക്കവാറും തുല്യമെന്ന് പറയാവുന്ന താത്വിക സംഭാവനയും എംഗല്‍സ് നല്‍കി. പത്തൊമ്പതാം നൂറ്റാണ്ട് ശാസ്ത്രം, സാഹിത്യം, കല, ദര്‍ശനം, രാഷ്ട്രമീമാംസ തുടങ്ങിയ രംഗങ്ങളില്‍ അതികായന്മാരെ സൃഷ്ടിച്ച ഒരു കാലയളവാണ്- ഇമ്മാനുവല്‍ കാന്റ്, ഹെഗല്‍, ഷോപ്പനോവര്‍ തുടങ്ങിയ ദാര്‍ശനികര്‍. ഡാല്‍ട്ടന്‍, ഫാരഡേ, ഹംഫ്രി ഡേവി, ഡാര്‍വിന്‍, ഹക്സിലി തുടങ്ങിയ ശാസ്ത്രജ്ഞര്‍. മെറ്റര്‍ ലിങ്ക്, റസ്സല്‍, ഗ്ളാഡ്സ്റ്റണ്‍ സ്പെന്‍സര്‍ തുടങ്ങിയ പ്രഗത്ഭരായ തന്ത്രജ്ഞരും മീമാംസകരും. ഇവരില്‍ ഒരു ഡാര്‍വിനെയോ ഫാരഡെയേയോ ഇന്ന് സ്മരിക്കുന്നവര്‍ ഉണ്ടാവാം. പക്ഷേ, അന്ന് താരതമ്യേന അവരോളം ഒന്നും പ്രശസ്തനല്ലാതിരുന്ന മാര്‍ക്സും എംഗല്‍സും ഇന്ന് ഏഴ് ഭൂഖണ്ഡങ്ങളിലും ഐക്യരാഷ്ട്രസഭയിലെ 192 അംഗങ്ങളുള്‍പ്പെടെ ഇരുനൂറോളം രാജ്യങ്ങളിലും സാധാരണക്കാര്‍പോലും അറിഞ്ഞാദരിക്കുന്ന പേരുകളാണ്.

1917ലെ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവവും തുടര്‍ന്ന് കിഴക്കന്‍ യൂറോപ്പിലും ചൈനയിലും ലാറ്റിനമേരിക്കയിലും മറ്റും നടന്ന സോഷ്യലിസ്റ്റ് പരിവര്‍ത്തനങ്ങളും മാര്‍ക്സിസത്തിന്റെയും അതിന്റെ കാലോചിതമായി പരിഷ്കരിക്കപ്പെട്ട മാര്‍ക്സിസം- ലെനിനിസത്തിന്റെയും പ്രശസ്തി ഉച്ചകോടിയിലെത്തിച്ചു. എന്നാല്‍, 1990-91ലെ സോവിയറ്റ് തകര്‍ച്ച ആ പ്രശസ്തിക്ക് മങ്ങലേല്‍പ്പിച്ചു. സോവിയറ്റ് തകര്‍ച്ചയ്ക്കുശേഷം പതിനേഴ് വര്‍ഷം പിന്നിടുന്ന ഈ സന്ദര്‍ഭത്തില്‍ ചിത്രമാകെ മാറിമാറി വരുകയും മാര്‍ക്സിസം ലെനിനിസത്തിന് ഒരു പുത്തനുണര്‍വ് അനുഭവപ്പെടുകയും ചെയ്തതായി ആഗോളതലത്തിലുള്ള രാഷ്ട്രീയ സാമ്പത്തിക സംഭവവികാസങ്ങളും വൈജ്ഞാനിക രംഗത്തെ പുത്തന്‍ കാഴ്ചപ്പാടുകളും തെളിയിക്കുന്നു. സോവിയറ്റ് തകര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെ സാമ്രാജ്യത്വ പ്രചാരക പ്രക്ഷേപണ സ്ഥാപനമായ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ ആഗോളതലത്തിലുള്ള ഒരു വോട്ടെടുപ്പില്‍ തെളിഞ്ഞ വസ്തുത പലരെയും അമ്പരപ്പിച്ചു. ഇരുപതാംനൂറ്റാണ്ടിലും തുടര്‍ന്നും ഏറ്റവും കൂടുതല്‍ സ്വാധീനശക്തി ചെലുത്തിയതും ചെലുത്തിക്കൊണ്ടിരിക്കുന്നതുമായ പത്തൊമ്പതാം നൂറ്റാണ്ടിലെ ചിന്തകന്‍ ആര് എന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് മാര്‍ക്സിന്റെ പേരിനായിരുന്നു എന്നതാണ് പലരെയും അമ്പരപ്പിച്ചത്.

ടെലിഫോണും ടെലിവിഷനും വിമാനവും കമ്പ്യൂട്ടറും ബഹിരാകാശയാത്രയും ഒന്നും മാര്‍ക്സിനോ എംഗല്‍സിനോ പരിചിതമായിരുന്നില്ല. പക്ഷേ, അത്ഭുതകരമായ ഈ ശാസ്ത്ര-സാങ്കേതിക മുന്നേറ്റം നടത്തുന്ന മുതലാളിത്ത സാമ്രാജ്യത്വവ്യവസ്ഥ അവര്‍ക്ക് പരിചിതമായിരുന്നു, എന്നു മാത്രമല്ല മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും അനിവാര്യമായ വൈരുധ്യങ്ങളും അവ സൃഷ്ടിക്കുന്ന പ്രതിസന്ധികളും ഭൂരിപക്ഷം ജനങ്ങള്‍ക്ക് അവ സമ്മാനിക്കുന്ന ദാരിദ്ര്യാതീത ദുരിതങ്ങളും മാര്‍ക്സിസം- ലെനിനിസം കണ്ടറിയുകയും പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയുംചെയ്തു.

പഴയ കൊളോണിയല്‍ വ്യവസ്ഥ നിര്‍മാര്‍ജനം ചെയ്യപ്പെട്ടതിന്റെ സ്ഥാനത്ത് അപ്രത്യക്ഷ സാമ്രാജ്യത്വം സ്ഥാപിക്കാനുള്ള അടവാണ് ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും മറ്റും. ആഗോളവല്‍ക്കരണത്തിന്റെ സൈനികപ്രയോഗമാണ് ഇറാഖിലും മറ്റും നടക്കുന്ന അധിനിവേശയുദ്ധം. ഇവക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രത്യയശാസ്ത്ര ആയുധമാണ് മാര്‍ക്സിസം ലെനിനിസം.

തീര്‍ച്ചയായും പത്തൊമ്പതാം നൂറ്റാണ്ടില്‍ ആചാര്യന്മാര്‍ കണ്ടിരുന്നുവെങ്കിലും ഊന്നല്‍ വേണ്ടത്ര നല്‍കാതിരുന്ന പരിസ്ഥിതി സംരക്ഷണം, ജനാധിപത്യപുരോഗതി, സ്ത്രീവിമോചനത്തിന്റെ പുതിയ മാനങ്ങള്‍ മുതലായവ ഇപ്പോള്‍ കൂടുതല്‍ പ്രസക്തമായിട്ടുണ്ട്. ഈ പ്രശ്നങ്ങളും സോവിയറ്റ് തകര്‍ച്ചയ്ക്കുശേഷം ഉയര്‍ന്നുവന്ന പുതിയ സാഹചര്യങ്ങളും അനിവാര്യമാക്കുന്ന കൂട്ടിച്ചേര്‍ക്കലുകളും പരിഷ്കാരങ്ങളും തിരുത്തലുകളും മാര്‍ക്സിസത്തില്‍ വന്നുകൊണ്ടിരിക്കുന്നു. ലെനിനിസംകൂടി ഉള്‍ക്കൊണ്ട് മാര്‍ക്സിസം- ലെനിനിസം ആയതുപോലെ മൌ സെ ദൊങ,് ഹോചിമിന്‍, ഫിദല്‍ കാസ്ട്രോ, ചെ ഗുവേര, അന്തോണിയോ ഗ്രാംഷി തുടങ്ങിയവരുടെ സംഭാവനകളും മാര്‍ക്സിസത്തെ കൂടുതല്‍ സമ്പന്നമാക്കിക്കൊണ്ടിരിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ട് ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും ബൂര്‍ഷ്വ ധനശാസ്ത്രത്തിനോ രാഷ്ട്രമീമാംസയ്ക്കോ മറുപടിയില്ല. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും പുതിയ സാഹചര്യങ്ങള്‍ക്ക് അനുഗുണമായവിധത്തില്‍ ഓരോ രാജ്യത്തിന്റെയും സവിശേഷതകള്‍കൂടി കൂട്ടിയിണക്കിയാണ് ഇന്നത്തെ മാര്‍ക്സിസ്റ്റ് ചിന്താപ്രപഞ്ചം രൂപംകൊണ്ടിട്ടുള്ളത്.

ലാറ്റിനമേരിക്കയിലെ ഒരു ഡസനോളം രാഷ്ട്രങ്ങള്‍ ഇടതുപക്ഷത്തേക്ക് നീങ്ങുകയും ആഗോളവല്‍ക്കരണത്തെയും അധിനിവേശയുദ്ധത്തെയും ദാരിദ്ര്യവ്യാപനത്തെയും നിരാകരിക്കുന്നതിന്റെ പ്രത്യയശാസ്ത്ര ഊര്‍ജം മാര്‍ക്സിസത്തില്‍നിന്നാണ് ലഭിക്കുന്നത്. സമീപനത്തിലും നിഗമനങ്ങളിലും മറ്റും വ്യത്യാസം ഉണ്ടാകാമെങ്കിലും വിവിധ മാര്‍ക്സിസ്റ്റ്-കമ്യൂണിസ്റ്റ്- സോഷ്യലിസ്റ്റ് - ജനാധിപത്യ വിഭാഗങ്ങളുടെ മുന്നണികളാണ് ഇന്ന് ലാറ്റിനമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഏഷ്യയിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വെല്ലുവിളികളെയും ആഗോളവല്‍ക്കരണത്തെയും തിരസ്കരിച്ച് അധികാരത്തിലെത്തിക്കൊണ്ടിരിക്കുന്നത്.

ഇപ്രകാരം പുതിയ വെല്ലുവിളികള്‍ നേരിടാനും കാലോചിതമായി വികസിക്കാനുമുള്ള കഴിവാണ് മാര്‍ക്സിസത്തെ മരണമില്ലാത്ത സിദ്ധാന്തവും പ്രയോഗവുമായി മാറ്റുന്നത്. സോഷ്യലിസം സ്ഥാപിച്ചതിനുശേഷം മാത്രമല്ല അതിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ക്കൂടി മാനവജീവിതത്തിന്റെ നാനാവിധ ദുരിതങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക എന്നതും മാര്‍ക്സിസത്തിന്റെ രാഷ്ട്രീയശൈലിയാണ്. മാര്‍ക്സിനും മാര്‍ക്സിസത്തിനും മരണമില്ല എന്ന് ചരിത്രത്തിന്റെയും യുക്തിയുടെയും അനുഭവത്തിന്റെയും പിന്‍ബലത്തോടെ പ്രഖ്യാപിക്കാന്‍ കഴിയുന്നതും അതുകൊണ്ടുതന്നെ. മാര്‍ക്സിന്റെ നൂറാം ചരമവാര്‍ഷികവേളയില്‍ ഒ എന്‍ വി പാടിയത് ഇന്നും അന്വര്‍ഥം.

"ശവകുടീരത്തില്‍ നീ ഉറങ്ങുമ്പോഴും ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു''.

- പി.ഗോവിന്ദപ്പിള്ള. കടപ്പാട്: ദേശാഭിമാനി

നീയുറങ്ങുമ്പോഴും നിന്‍ വാക്കുറങ്ങാതിരിക്കുന്നു...

നീയുറങ്ങുമ്പോഴും നിന്‍ വാക്കുറങ്ങാതിരിക്കുന്നു...

ഇന്ന് മാര്‍ക്സിന്റെ നൂറ്റിഇരുപത്തഞ്ചാം ചരമവാര്‍ഷികദിനമാണ്. ജര്‍മനിയിലെ ട്രയര്‍ എന്ന ചെറുനഗരത്തില്‍ 1818 മെയ് അഞ്ചിന് സംസ്കൃതചിത്തനും അഭിഭാഷകനുമായിരുന്ന ഹെന്റിക് മാര്‍ക്സിന്റെയും ഹെന്റിക്കാപ്രെസ് ബര്‍ഗിന്റെയും ഒമ്പതു മക്കളില്‍ ഒരാളായി കാള്‍ മാര്‍ക്സ് ജനിച്ചു. 1883 മാര്‍ച്ച് പതിനാലിന് നിര്യാതനായി. ബാല്യകാലസഖി ജെന്നിവെസ്റ്റ് ഫെലിനായിരുന്നു ഭാര്യ. മാര്‍ക്സിനു മുമ്പുതന്നെ അവര്‍ നിര്യാതയായി. മാര്‍ക്സിന്റെ രണ്ട് പെണ്‍മക്കളായ ജെന്നിയും ലോറയും അച്ഛന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു. ജെന്നിയുടെ ഇംഗ്ളീഷുകാരനായ ഭര്‍ത്താവ് ഡോ. എഡ്വേര്‍ഡ് ഒവലിങ്ങും ലോറയുടെ ഫ്രഞ്ചുകാരനായ ഭര്‍ത്താവ് പോള്‍ ലെഫാര്‍ഗും മാര്‍ക്സിസ്റ്റ് വിപ്ലവകാരികളായിരുന്നു.

മാര്‍ക്സ് സാമാന്യം ഭേദപ്പെട്ട ഇടത്തരം കുടുംബത്തിലും ഭാര്യ ജെന്നി ഉയര്‍ന്ന സമ്പന്നകുടുംബത്തിലുമാണ് ജനിച്ച് വളര്‍ന്നതെങ്കിലും അവര്‍ക്ക് കിട്ടിയ കുടുംബസ്വത്തെല്ലാം പ്രക്ഷുബ്ദമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നശിച്ചു പോകുകയും അധികാരി വൃന്ദത്താല്‍ വേട്ടയാടപ്പെട്ട് പലനാടുകളിലും അവസാനം ലണ്ടനിലും തീരെ ദരിദ്രാവസ്ഥയില്‍ എത്തിച്ചേരുകയുംചെയ്തു. അദ്ദേഹത്തിന്റെ ആണ്‍കുട്ടികള്‍ പോഷകാഹാരക്കുറവും ചികിത്സയ്ക്കുള്ള പണം ഇല്ലായ്മയും കാരണം ശൈശവത്തില്‍ മൃതിയടഞ്ഞു. ഒരു വ്യവസായകുടുംബത്തില്‍ ജനിച്ച ഫ്രെഡറിക് എംഗല്‍സിന്റെ (1820- 1895) കൂടെക്കൂടെയുള്ള ധനസഹായംമാത്രമാണ് മാര്‍ക്സിന്റെ കുടുംബത്തെ പട്ടിണിയില്‍നിന്ന് രക്ഷിച്ചതും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിനും ഗ്രന്ഥരചനകള്‍ക്കും തുണയായി വര്‍ത്തിച്ചതും.

വ്യക്തിപരമായി സ്നേഹവും ധനസഹായവും മാത്രമല്ല എംഗല്‍സ് മാര്‍ക്സിന് നല്‍കിയത്. മാര്‍ക്സിന്റെ കരുത്തനായ സഹകാരിയും മാര്‍ക്സിസം വികസിപ്പിക്കുന്നതില്‍ മിക്കവാറും തുല്യമെന്ന് പറയാവുന്ന താത്വിക സംഭാവനയും എംഗല്‍സ് നല്‍കി. പത്തൊമ്പതാം നൂറ്റാണ്ട് ശാസ്ത്രം, സാഹിത്യം, കല, ദര്‍ശനം, രാഷ്ട്രമീമാംസ തുടങ്ങിയ രംഗങ്ങളില്‍ അതികായന്മാരെ സൃഷ്ടിച്ച ഒരു കാലയളവാണ്- ഇമ്മാനുവല്‍ കാന്റ്, ഹെഗല്‍, ഷോപ്പനോവര്‍ തുടങ്ങിയ ദാര്‍ശനികര്‍. ഡാല്‍ട്ടന്‍, ഫാരഡേ, ഹംഫ്രി ഡേവി, ഡാര്‍വിന്‍, ഹക്സിലി തുടങ്ങിയ ശാസ്ത്രജ്ഞര്‍. മെറ്റര്‍ ലിങ്ക്, റസ്സല്‍, ഗ്ളാഡ്സ്റ്റണ്‍ സ്പെന്‍സര്‍ തുടങ്ങിയ പ്രഗത്ഭരായ തന്ത്രജ്ഞരും മീമാംസകരും. ഇവരില്‍ ഒരു ഡാര്‍വിനെയോ ഫാരഡെയേയോ ഇന്ന് സ്മരിക്കുന്നവര്‍ ഉണ്ടാവാം. പക്ഷേ, അന്ന് താരതമ്യേന അവരോളം ഒന്നും പ്രശസ്തനല്ലാതിരുന്ന മാര്‍ക്സും എംഗല്‍സും ഇന്ന് ഏഴ് ഭൂഖണ്ഡങ്ങളിലും ഐക്യരാഷ്ട്രസഭയിലെ 192 അംഗങ്ങളുള്‍പ്പെടെ ഇരുനൂറോളം രാജ്യങ്ങളിലും സാധാരണക്കാര്‍പോലും അറിഞ്ഞാദരിക്കുന്ന പേരുകളാണ്.

1917ലെ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവവും തുടര്‍ന്ന് കിഴക്കന്‍ യൂറോപ്പിലും ചൈനയിലും ലാറ്റിനമേരിക്കയിലും മറ്റും നടന്ന സോഷ്യലിസ്റ്റ് പരിവര്‍ത്തനങ്ങളും മാര്‍ക്സിസത്തിന്റെയും അതിന്റെ കാലോചിതമായി പരിഷ്കരിക്കപ്പെട്ട മാര്‍ക്സിസം- ലെനിനിസത്തിന്റെയും പ്രശസ്തി ഉച്ചകോടിയിലെത്തിച്ചു. എന്നാല്‍, 1990-91ലെ സോവിയറ്റ് തകര്‍ച്ച ആ പ്രശസ്തിക്ക് മങ്ങലേല്‍പ്പിച്ചു. സോവിയറ്റ് തകര്‍ച്ചയ്ക്കുശേഷം പതിനേഴ് വര്‍ഷം പിന്നിടുന്ന ഈ സന്ദര്‍ഭത്തില്‍ ചിത്രമാകെ മാറിമാറി വരുകയും മാര്‍ക്സിസം ലെനിനിസത്തിന് ഒരു പുത്തനുണര്‍വ് അനുഭവപ്പെടുകയും ചെയ്തതായി ആഗോളതലത്തിലുള്ള രാഷ്ട്രീയ സാമ്പത്തിക സംഭവവികാസങ്ങളും വൈജ്ഞാനിക രംഗത്തെ പുത്തന്‍ കാഴ്ചപ്പാടുകളും തെളിയിക്കുന്നു. സോവിയറ്റ് തകര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെ സാമ്രാജ്യത്വ പ്രചാരക പ്രക്ഷേപണ സ്ഥാപനമായ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ ആഗോളതലത്തിലുള്ള ഒരു വോട്ടെടുപ്പില്‍ തെളിഞ്ഞ വസ്തുത പലരെയും അമ്പരപ്പിച്ചു. ഇരുപതാംനൂറ്റാണ്ടിലും തുടര്‍ന്നും ഏറ്റവും കൂടുതല്‍ സ്വാധീനശക്തി ചെലുത്തിയതും ചെലുത്തിക്കൊണ്ടിരിക്കുന്നതുമായ പത്തൊമ്പതാം നൂറ്റാണ്ടിലെ ചിന്തകന്‍ ആര് എന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് മാര്‍ക്സിന്റെ പേരിനായിരുന്നു എന്നതാണ് പലരെയും അമ്പരപ്പിച്ചത്.

ടെലിഫോണും ടെലിവിഷനും വിമാനവും കമ്പ്യൂട്ടറും ബഹിരാകാശയാത്രയും ഒന്നും മാര്‍ക്സിനോ എംഗല്‍സിനോ പരിചിതമായിരുന്നില്ല. പക്ഷേ, അത്ഭുതകരമായ ഈ ശാസ്ത്ര-സാങ്കേതിക മുന്നേറ്റം നടത്തുന്ന മുതലാളിത്ത സാമ്രാജ്യത്വവ്യവസ്ഥ അവര്‍ക്ക് പരിചിതമായിരുന്നു, എന്നു മാത്രമല്ല മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും അനിവാര്യമായ വൈരുധ്യങ്ങളും അവ സൃഷ്ടിക്കുന്ന പ്രതിസന്ധികളും ഭൂരിപക്ഷം ജനങ്ങള്‍ക്ക് അവ സമ്മാനിക്കുന്ന ദാരിദ്ര്യാതീത ദുരിതങ്ങളും മാര്‍ക്സിസം- ലെനിനിസം കണ്ടറിയുകയും പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയുംചെയ്തു.

പഴയ കൊളോണിയല്‍ വ്യവസ്ഥ നിര്‍മാര്‍ജനം ചെയ്യപ്പെട്ടതിന്റെ സ്ഥാനത്ത് അപ്രത്യക്ഷ സാമ്രാജ്യത്വം സ്ഥാപിക്കാനുള്ള അടവാണ് ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും മറ്റും. ആഗോളവല്‍ക്കരണത്തിന്റെ സൈനികപ്രയോഗമാണ് ഇറാഖിലും മറ്റും നടക്കുന്ന അധിനിവേശയുദ്ധം. ഇവക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രത്യയശാസ്ത്ര ആയുധമാണ് മാര്‍ക്സിസം ലെനിനിസം.

തീര്‍ച്ചയായും പത്തൊമ്പതാം നൂറ്റാണ്ടില്‍ ആചാര്യന്മാര്‍ കണ്ടിരുന്നുവെങ്കിലും ഊന്നല്‍ വേണ്ടത്ര നല്‍കാതിരുന്ന പരിസ്ഥിതി സംരക്ഷണം, ജനാധിപത്യപുരോഗതി, സ്ത്രീവിമോചനത്തിന്റെ പുതിയ മാനങ്ങള്‍ മുതലായവ ഇപ്പോള്‍ കൂടുതല്‍ പ്രസക്തമായിട്ടുണ്ട്. ഈ പ്രശ്നങ്ങളും സോവിയറ്റ് തകര്‍ച്ചയ്ക്കുശേഷം ഉയര്‍ന്നുവന്ന പുതിയ സാഹചര്യങ്ങളും അനിവാര്യമാക്കുന്ന കൂട്ടിച്ചേര്‍ക്കലുകളും പരിഷ്കാരങ്ങളും തിരുത്തലുകളും മാര്‍ക്സിസത്തില്‍ വന്നുകൊണ്ടിരിക്കുന്നു. ലെനിനിസംകൂടി ഉള്‍ക്കൊണ്ട് മാര്‍ക്സിസം- ലെനിനിസം ആയതുപോലെ മൌ സെ ദൊങ,് ഹോചിമിന്‍, ഫിദല്‍ കാസ്ട്രോ, ചെ ഗുവേര, അന്തോണിയോ ഗ്രാംഷി തുടങ്ങിയവരുടെ സംഭാവനകളും മാര്‍ക്സിസത്തെ കൂടുതല്‍ സമ്പന്നമാക്കിക്കൊണ്ടിരിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ട് ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും ബൂര്‍ഷ്വ ധനശാസ്ത്രത്തിനോ രാഷ്ട്രമീമാംസയ്ക്കോ മറുപടിയില്ല. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും പുതിയ സാഹചര്യങ്ങള്‍ക്ക് അനുഗുണമായവിധത്തില്‍ ഓരോ രാജ്യത്തിന്റെയും സവിശേഷതകള്‍കൂടി കൂട്ടിയിണക്കിയാണ് ഇന്നത്തെ മാര്‍ക്സിസ്റ്റ് ചിന്താപ്രപഞ്ചം രൂപംകൊണ്ടിട്ടുള്ളത്.

ലാറ്റിനമേരിക്കയിലെ ഒരു ഡസനോളം രാഷ്ട്രങ്ങള്‍ ഇടതുപക്ഷത്തേക്ക് നീങ്ങുകയും ആഗോളവല്‍ക്കരണത്തെയും അധിനിവേശയുദ്ധത്തെയും ദാരിദ്ര്യവ്യാപനത്തെയും നിരാകരിക്കുന്നതിന്റെ പ്രത്യയശാസ്ത്ര ഊര്‍ജം മാര്‍ക്സിസത്തില്‍നിന്നാണ് ലഭിക്കുന്നത്. സമീപനത്തിലും നിഗമനങ്ങളിലും മറ്റും വ്യത്യാസം ഉണ്ടാകാമെങ്കിലും വിവിധ മാര്‍ക്സിസ്റ്റ്-കമ്യൂണിസ്റ്റ്- സോഷ്യലിസ്റ്റ് - ജനാധിപത്യ വിഭാഗങ്ങളുടെ മുന്നണികളാണ് ഇന്ന് ലാറ്റിനമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഏഷ്യയിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വെല്ലുവിളികളെയും ആഗോളവല്‍ക്കരണത്തെയും തിരസ്കരിച്ച് അധികാരത്തിലെത്തിക്കൊണ്ടിരിക്കുന്നത്.

ഇപ്രകാരം പുതിയ വെല്ലുവിളികള്‍ നേരിടാനും കാലോചിതമായി വികസിക്കാനുമുള്ള കഴിവാണ് മാര്‍ക്സിസത്തെ മരണമില്ലാത്ത സിദ്ധാന്തവും പ്രയോഗവുമായി മാറ്റുന്നത്. സോഷ്യലിസം സ്ഥാപിച്ചതിനുശേഷം മാത്രമല്ല അതിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ക്കൂടി മാനവജീവിതത്തിന്റെ നാനാവിധ ദുരിതങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക എന്നതും മാര്‍ക്സിസത്തിന്റെ രാഷ്ട്രീയശൈലിയാണ്. മാര്‍ക്സിനും മാര്‍ക്സിസത്തിനും മരണമില്ല എന്ന് ചരിത്രത്തിന്റെയും യുക്തിയുടെയും അനുഭവത്തിന്റെയും പിന്‍ബലത്തോടെ പ്രഖ്യാപിക്കാന്‍ കഴിയുന്നതും അതുകൊണ്ടുതന്നെ. മാര്‍ക്സിന്റെ നൂറാം ചരമവാര്‍ഷികവേളയില്‍ ഒ എന്‍ വി പാടിയത് ഇന്നും അന്വര്‍ഥം.

"ശവകുടീരത്തില്‍ നീ ഉറങ്ങുമ്പോഴും ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു''.

- പി.ഗോവിന്ദപ്പിള്ള. കടപ്പാട്: ദേശാഭിമാനി