Showing posts with label ദര്‍ശനം. Show all posts
Showing posts with label ദര്‍ശനം. Show all posts

13 December, 2010

സ്‌ത്രീപക്ഷവിചാരം, ചുരുക്കത്തിൽ

ആണ്‍-പെണ്‍ തുല്യത, ലിംഗസമത്വം, പൊതുസമൂഹമെന്നു വ്യവഹരിക്കപ്പെടുന്ന ഘടന താത്വികമായെങ്കിലും അംഗീകരിക്കാന്‍ തയാറാവുന്ന ഒരു അനുരഞ്ജന കാലാവസ്ഥ:: അത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ സാമാന്യേന പുലരുന്നുണ്ടെന്ന നിരീക്ഷണത്തിനു പിന്തുണ വര്‍ധിക്കുന്നു. എന്നാല്‍ കാലങ്ങളായി, പല തലങ്ങളില്‍ നടന്ന ഫെമിനിസ്‌റ്റ് പോരാട്ടം വിജയശ്രീലാളിതമായെന്നു പ്രഖ്യാപിക്കാന്‍ വരട്ടെ. പെങ്ങമ്മാരേ, തോക്ക് താഴെവെക്കാന്‍ സമയമായിട്ടില്ല. തൊഴിലവസരങ്ങളില്‍, വേതന വ്യവസ്ഥയില്‍, സാമൂഹ്യ-രാഷ്‌ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളില്‍, സ്‌ത്രീ നേരിടേണ്ടിവന്നിരുന്ന വിവേചനം, അവഗണന, അകറ്റിനിര്‍ത്തല്‍, തന്ത്രപരമായ താഴ്ത്തിക്കെട്ടല്‍, ഒട്ടുമിക്ക പരിഷ്‌കൃത സമൂഹങ്ങളിലും ഏതാണ്ട് അവസാനിച്ചുവെന്നത് ശരിതന്നെ. പക്ഷേ സ്‌ത്രീയെ പുനര്‍നിര്‍വചിക്കാന്‍ പുരുഷന്‍ ഇനിയും സന്നദ്ധനായിട്ടില്ല എന്ന സത്യം അവശേഷിക്കുന്നു. രക്ഷാധികാരിയുടെ (Patron), സംരക്ഷകന്റെ (Protector), വഴികാട്ടിയുടെ (Guide) ചമയങ്ങള്‍ അഴിച്ചുവെക്കാന്‍ ആണിന് ഇപ്പോഴും മനസ്സുവരുന്നില്ല. മാത്രമല്ല, അമര്‍ത്തിപ്പിടിച്ച ഒരു ജന്‍ഡര്‍പുച്ഛം പുരുഷന്റെ ഇടപെടലുകളില്‍ പലപ്പോഴും നുരപൊട്ടുന്നുമുണ്ട്. മോളിക്കുട്ടി മാഡത്തിന്റെ സന്നിധിയില്‍ ഫയലുമായി നില്‍ക്കുന്ന ഓഫീസ് സൂപ്രണ്ട് ബലരാമമേനോക്കിയുടെ പ്രസന്നവദനം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അവിടെ ഒരു നേര്‍ത്ത ചിരിയുടെ ലാഞ്ഛനയുണ്ടാവും. Smirk (സ്‌മിര്‍ക്) എന്നാണ് അതിനെ ആംഗലത്തില്‍ പറയുക. അതില്‍ ഇതള്‍വിരിയുന്നത് പരിഹാസമത്രെ. ചെറുപ്പക്കാരിയായ പൊലീസ് മേധാവിയുടെ മുന്നില്‍ വടിപോലെ നീര്‍ന്നുനിന്നു സല്യൂട്ടടിക്കുന്ന ഉണ്ടവയറന്‍ ഹെഡ്‌കോണ്‍സ്‌റ്റബിള്‍ കുക്കുടം കുമാരന്റെ അധരപുടങ്ങളിലും ഈ ഹാസ്യഭാവത്തിന്റെ മിന്നായം കാണാം. ഉദരനിമിത്തം ഇവളുമാരെയൊക്കെ സലാംവയ്‌ക്കേണ്ടിവരുന്ന ആണിന്റെ ഗതികേട് എന്ന് ടിയാന്റെ ഉള്ളില്‍നിന്നു Male ego - ആണ്‍അഹന്ത- പിറുപിറുക്കുന്നത് നിപുണ ശ്രോത്രങ്ങള്‍ക്കു കേള്‍ക്കുകയുമാവാം.

ലിംഗസമത്വം, പെണ്‍ബിംബത്തിന്റെ പുനഃപ്രതിഷ്ഠ, നിയമനിര്‍മാണത്തിലൂടെമാത്രം സാധ്യമാവുന്ന സംഗതിയല്ല. ഇക്കാര്യം പല ഫെമിനിസ്‌റ്റ് സൈദ്ധാന്തികരും അടിവരയിട്ടു പറഞ്ഞതാണ്. അയേണ്‍ലേഡി എന്നു പുകള്‍പൊങ്ങിയ മാഗി മദാമ്മയും-സംശയിക്കേണ്ട, മാര്‍ഗററ്റ്താച്ചര്‍തന്നെ -ഇതേ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. ആണ്‍-പെണ്‍ മനോഭാവങ്ങളിലാണ് പൊളിച്ചെഴുത്തു നടക്കേണ്ടത്. സമീപനങ്ങളില്‍, കാഴ്‌ച്ചപ്പാടുകളില്‍ വിപ്ളവകരമായ പരിവര്‍ത്തനങ്ങളുണ്ടാകണം. ഈ മാറ്റങ്ങളുടെ കാറ്റിനു ചൂടുകൂടും. തൊലി പൊള്ളിയെന്നുവരും. പാരമ്പര്യത്തിന്റെ താടിക്കു തീപ്പിടിച്ചെന്നും വരും. ഏട്ടിലെ പശുവായി ലിംഗസമത്വം വര്‍ത്തിക്കുമ്പോള്‍ ഒരു അലോഹ്യവുമില്ല, പുരുഷാധീശ സമൂഹത്തിന്. ആ പശു പുല്ലുതിന്നാന്‍ തുടങ്ങുമ്പോഴാണ് ആണിന് അങ്കലാപ്പ്.

പെണ്‍ അവബോധത്തില്‍, വീക്ഷണത്തില്‍, അപഗ്രഥന രീതിശാസ്‌ത്രത്തില്‍, അടിമുടി ഉടച്ചുവാര്‍ക്കലുകളുണ്ടാകേണ്ടതിന്റെ അത്യാവശ്യത്തെക്കുറിച്ചാണ് സ്വത്വനിര്‍ണയത്തെ ഗൌരവമായി പരിഗണിച്ച പുരോഗമന സ്‌ത്രീപക്ഷം ആവര്‍ത്തിച്ചു പറഞ്ഞത്. മഹിളാമണികള്‍ അവിടെയുമിവിടെയും മന്ത്രിമാരായതുകൊണ്ടോ, പൊതുസ്ഥാപനങ്ങളുടെ തലപ്പത്തെത്തിയതുകൊണ്ടോ, വ്യവസായ സംരംഭകളായി വിജയഗാഥ രചിച്ചതുകൊണ്ടോ, ബഹിരാകാശയാനങ്ങളില്‍ ഇടം നേടിയതുകൊണ്ടോ, മീശക്കാരന്‍ കേശവനുമാത്രമായി സംവരണം ചെയ്യപ്പെട്ട കര്‍മരംഗങ്ങളില്‍ ഇടിച്ചുകയറിയതുകൊണ്ടോ സ്‌ത്രീവിമോചനം സംഭവിച്ചുകഴിഞ്ഞു എന്ന യുഫോറിയ- അത്യാഹ്ളാദം- അസ്ഥാനത്താണ്. അപകടകരവുമാണ്. ഈ താക്കീത് ഉദ്ബുദ്ധ ഫെമിനിസം കാലാകാലങ്ങളില്‍ നല്‍കിയിട്ടുണ്ട്. സ്‌ത്രീയുടെ റോളും പുരുഷന്റെ റോളും പ്രത്യേകമായി വ്യവസ്ഥപ്പെടുത്തുന്ന വഴക്കങ്ങളും അവയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ മാനസികഘടനയും മാറാതിരിക്കുന്ന കാലത്തോളം പെണ്‍മുക്തി എന്നത് സംഭവിക്കുകയില്ലെന്നു കോറാ കാപ്ളാന്‍ (Cora Kaplan) പറഞ്ഞതാണ് ശരി. ഉപരിപ്ളവമായ മാറ്റങ്ങളെ (Cosmetic Changes) പല വനിതാ കൂട്ടായ്‌മകളും വിപ്ളവപരമെന്നു തെറ്റായി വായിക്കുന്നു. ഈ മാറ്റങ്ങളില്‍ ഊറ്റംകൊള്ളുകയും ചെയ്യുന്നു.

വിവാഹം, കുടുംബം, ലൈംഗിക വേഴ്‌ച, അധ്വാനം, ഉല്പാദനം, വിനോദം തുടങ്ങിയ അതിപ്രധാനമായ ജീവിതവൃത്തികളിലെല്ലാംതന്നെ ആണും പെണ്ണും തുല്യപങ്കാളികള്‍ (equal partners) ആണെന്നും, പരസ്‌പര പൂരകങ്ങളായ മനുഷ്യഘടകങ്ങളാണെന്നും ഏംഗല്‍സ് നിരീക്ഷിക്കുകയുണ്ടായി. പ്രകൃതി ചിട്ടപ്പെടുത്തിയ ഈ തുല്യതയെ അംഗീകരിക്കാന്‍ ആണ്‍കോയ്‌മ വിസമ്മതിച്ചു. ഒരു യജമാന-ദാസി സങ്കല്പം പും-സ്‌ത്രീ ബന്ധങ്ങളില്‍ ആണ്‍ഗര്‍വ് അടിച്ചേല്പിക്കുകയും ചെയ്‌തു. സിമണ്‍ ദെ ബുവെ ചൂണ്ടിക്കാട്ടിയപോലെ സ്‌ത്രീ എന്ന സ്വത്വത്തെ പുരുഷമേധാവിത്വം ഒരു ഗര്‍ഭപാത്രമാക്കി (Womb)ച്ചുരുക്കി. ഈ പാത്രത്തില്‍ ബീജം (Seed) നിക്ഷേപിക്കാനുള്ള ദൈവദത്തമായ അവകാശം ആണിനുണ്ടെന്നു വരുത്തിത്തീര്‍ത്തു. ധ്വജവാഴ്‌ചയെ വാഴ്ത്തുന്ന മിത്തുകള്‍ സൃഷ്‌ടിച്ചു. സ്‌ത്രീ തീര്‍ത്തും അബലയാണ്, അതി ലോലയാണ്, പടര്‍ന്നുകയറാന്‍ മരം തേടുന്ന വള്ളിയാണ് എന്നു പെണ്ണിനെത്തന്നെ വിശ്വസിപ്പിച്ചു. ഒരാണ്‍തുണയില്ലെങ്കില്‍ തനിക്കു രക്ഷയില്ലെന്ന ധാരണ അവളില്‍ വളര്‍ത്തി.

Enslavement of the feminine gender-സ്‌ത്രീലിംഗത്തിന്റെ ദാസ്യവത്കരണം -എന്ന് ക്ളാരാ സെറ്റ്കിന്‍ കൃത്യമായി അടയാളപ്പെടുത്തിയ അവസ്ഥയുണ്ടല്ലോ, അത് ആസൂത്രിതവും അനുക്രമവുമായിരുന്നു. മതം, സദാചാരം, ദൈവഭയം, സല്‍ക്കീര്‍ത്തി, മാന്യത തുടങ്ങിയ സംഗതികളെയൊക്കെ സ്‌ത്രീയുടെ അടിമത്തവത്കരണത്തില്‍ പുരുഷന്‍ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. ചാരിത്രം (Chastity) എന്നാല്‍ പെണ്ണുമാത്രം പവിത്രമായി പരിരക്ഷിക്കേണ്ട ഒരു സ്വഭാവശുദ്ധി എന്ന വ്യാഖ്യാനം പ്രചരിച്ചു. ആണിനു നേരമ്പോക്കാകാം. ആര്‍ക്കുമതില്‍ പരാതിയില്ല. മറിയയെ കല്ലെറിയാനും വിശാലുവിന്റെ തല മുണ്ഡനം ചെയ്യാനുമൊക്കെ പുരുഷനിര്‍മിത സദാചാരച്ചിട്ടകളില്‍ വകുപ്പുണ്ടായിരുന്നു. എന്നാല്‍ അവരോട് സഹശയിച്ച വറതപ്പനും വേലുക്കുട്ടിമേനോനും ശിക്ഷയില്ല. ആണുങ്ങളായാല്‍ ചളിയില്‍ ചവിട്ടും; അടുത്തു കണ്ടവെള്ളത്തില്‍ കാല്‍ കഴുകുകയും ചെയ്യും. അത്രതന്നെ.

ഈ നെറികേടിന്, നീതിനിഷേധത്തിന്, സ്വത്വ ധ്വംസനത്തിന് എതിരായാണ് പെണ്‍കൂട്ടായ്‌മകള്‍ പട നടത്തിപ്പോന്നത്. ചില രാജ്യങ്ങളില്‍ അടിച്ചമര്‍ത്തപ്പെടുന്ന കീഴാള സമൂഹവുമായി സ്‌ത്രീ സംഘങ്ങള്‍ ഐക്യപ്പെടുകയും കൈകോര്‍ക്കുകയും ചെയ്‌തു. പ്രത്യയശാസ്‌ത്രപരമായ പ്രബുദ്ധത അവര്‍ ഉള്‍ക്കൊണ്ടു. സംഘം ചേരുക, ശക്തി നേടുക എന്ന ആഹ്വാനത്തിന് ആവേശകരമായ പിന്തുണയാണ് കിട്ടിയത്. വോട്ടവകാശവും ഭരണ സംവിധാനത്തില്‍ മോശമല്ലാത്ത പ്രാതിനിധ്യവും തരപ്പെട്ടാല്‍ തങ്ങളുടെ യുദ്ധം പാതി ജയിച്ചതായി കരുതാമെന്നായി ചില ലിബറല്‍ ഫെമിനിസ്‌റ്റുകള്‍. ഇവിടെയാണ് പിഴച്ചത്. ഏതാനും രാഷ്‌ട്രീയ സൌകര്യങ്ങള്‍ ചാര്‍ത്തിക്കിട്ടിയതുകൊണ്ട് സ്‌ത്രീമോചനം സഫലമാവുന്നില്ല.

ലിംഗസമത്വവും അവസര സമത്വവും ഭരണഘടനയുടെ തന്നെ ഭാഗമാക്കുകയും അവ കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്‌ത ആദ്യ രാഷ്‌ട്രം യുഎസ്എസ് ആര്‍ (Union of Soviet Socialist Republics) - അതായത് പഴയ സോവിയറ്റ് യൂണിയന്‍ - ആയിരുന്നു. ഒരു നിത്യചൂഷിത വര്‍ഗമെന്നനിലയില്‍ സ്‌ത്രീ സമൂഹത്തെ കാണുകയും പെണ്‍പ്രശ്‌നങ്ങളെ ശാസ്‌ത്രീയമായി അപഗ്രഥിക്കുകയും ചെയ്‌ത ഒരു മോചന തത്വശാസ്‌ത്രത്തിന്റെ ധീരമായ പരീക്ഷണശാലയായി മാറി സോവിയറ്റുനാട്. വിപ്ളവാചാര്യനായ ലെനിന്‍ സംവിധാനം ചെയ്‌ത സോഷ്യലിസ്‌റ്റ് സമൂഹക്രമത്തില്‍ സുപ്രധാനമായ സ്ഥാനവും സര്‍വതോമുഖമായ വളര്‍ച്ചയുമാണ് സ്‌ത്രീസമൂഹത്തിനു കൈവന്നത്. സോഷ്യലിസ്‌റ്റ് നവലോക നിര്‍മിതിയില്‍ അടങ്ങാത്ത ആത്മവീര്യത്തോടും അഗാധമായ അര്‍പ്പണബോധത്തോടും കൂടിയാണ് റഷ്യയിലെ പെണ്ണുങ്ങള്‍ പങ്കെടുത്തത്. അവര്‍ക്കുമുമ്പില്‍ ഒരു വാതിലും അടഞ്ഞുകിടന്നില്ല. ലിംഗപരമായ വിവേചനത്തിന്റെ എല്ലാ വരമ്പുകളും അവിടെ തകര്‍ക്കപ്പെട്ടു. സ്‌ത്രീയുടെ അധ്വാനത്തിന്റെ അന്തസ്സ് ആദരപൂര്‍വം അംഗീകരിക്കപ്പെട്ടു. വ്യഭിചാരമെന്നത് അക്ഷരാര്‍ഥത്തില്‍ അപ്രത്യക്ഷമായി. വിവാഹം, കുടുംബം, ഇണചേരല്‍ എന്നീ കാര്യങ്ങളിലൊക്കെ സോവിയറ്റ്സ്‌ത്രീക്ക് സമ്പൂര്‍ണമായ സ്വയം നിര്‍ണയാവകാശം സ്ഥാപിച്ചുകിട്ടി.

'വെല്‍ഫേര്‍ സ്‌റ്റേറ്റുകളെ'ന്ന് സ്വയം വിശേഷിപ്പിക്കുന്ന പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും സോവിയറ്റ് യൂണിയന്റെ സ്‌ത്രീശാക്തീകരണ പ്രയത്നങ്ങള്‍ മാതൃകയും പാഠപുസ്‌തകവുമായി. യു കെ, ഓസ്‌ട്രിയ, നോര്‍വെ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ബെല്‍ജിയം എന്നീ നാടുകളിലാണ് ആ വഴിക്കുള്ള നീക്കങ്ങളുണ്ടായത്. പക്ഷേ അവിടങ്ങളിലെല്ലാംതന്നെ 'കോസ്‌മെറ്റിക്' -തൊലിപ്പുറത്തുള്ളത്- എന്ന് വിളിക്കാവുന്ന ചായംപൂശലുകളേ നടന്നിട്ടുള്ളു. കാരണം ഈ നാടുകളെല്ലാം അടിസ്ഥാനപരമായി ക്യാപ്പിറ്റലിസ്‌റ്റ് വ്യവസ്ഥയുടെ വരുതിയിലാണ്. ആ വ്യവസ്ഥയാകട്ടെ പുരുഷാധിപത്യപരവും.

രണ്ടാം ലോകയുദ്ധം കത്തിയമര്‍ന്നപ്പോള്‍ പല രാഷ്‌ട്രീയ ഭൂപടങ്ങളും മാറ്റിവരയ്‌ക്കപ്പെടുന്ന അവസ്ഥയുണ്ടായി. കിഴക്കന്‍ യൂറോപ്പില്‍ ജനകീയ ജനാധിപത്യ സോഷ്യലിസ്‌റ്റ് ഭരണകൂടങ്ങള്‍ നിലവില്‍വന്നു: ഈസ്‌റ്റ് ജര്‍മനി, ഹംഗറി, പോളണ്ട്, ബള്‍ഗേറിയ, റൊമേനിയ, യുഗസ്ളോവിയ എന്നീ നാടുകളില്‍. അവിടെയൊക്കെ സ്‌ത്രീ സ്വാതന്ത്ര്യവും ലിംഗസമത്വവും പൂര്‍ണമായും അംഗീകരിക്കപ്പെട്ടു. വമ്പിച്ച വനിതാ മുന്നേറ്റത്തിനാണ് പൂര്‍വ യൂറോപ്പ് സാക്ഷ്യം വഹിച്ചത്. ലൈംഗിക വൈജാത്യമെന്നത് വെറും ജീവശാസ്‌ത്രപരമായ കാര്യമായി മാറി.

ലാറ്റിന്‍ അമേരിക്കന്‍ നാടുകളിലെ മര്‍ദിത വര്‍ഗപ്പോരാട്ടങ്ങളില്‍ പടച്ചട്ടയും തോക്കുമായി മുന്നിട്ടിറങ്ങിയവരാണ് അവിടത്തെ സ്‌ത്രീജനങ്ങള്‍: ക്യൂബയില്‍, ബൊളീവിയയില്‍, ചിലിയില്‍, നിക്കരാഗ്വയില്‍, ബ്രസീലില്‍, അര്‍ജന്റീനയില്‍, പെറുവില്‍, കൊളമ്പിയയില്‍, വെനിസുലയില്‍. ലാറ്റിന്‍ അമേരിക്കന്‍ ജനതയുടെ വിമോചന യുദ്ധങ്ങളില്‍ സ്‌ത്രീകള്‍ വഹിച്ച ഐതിഹാസികമായ പങ്കിനെ ചെഗുവേര മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. ക്യൂബയില്‍ സായുധ സോഷ്യലിസ്‌റ്റ് വിപ്ളവം വിജയകരമായി അവസാനിക്കുകയും ജനകീയ ഭരണകൂടം രൂപംകൊള്ളുകയും ചെയ്‌തപ്പോള്‍ ഫിദല്‍കാസ്‌ട്രോ ആദ്യം ചെയ്‌തത് എല്ലാ മേഖലകളിലും സ്‌ത്രീസമത്വം ഉറപ്പുവരുത്തുക എന്നതാണ്. അത് ഒരു 'ideological mandate’ - പ്രത്യയശാസ്‌ത്രപരമായ ആദേശം - ആണെന്ന് ഹവാനയില്‍ ചേര്‍ന്ന ജനപ്രതിനിധി സഭയില്‍ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്‌തു.

ദൂരപൌരസ്‌ത്യ ദേശങ്ങളില്‍ സ്‌ത്രീസ്വാതന്ത്ര്യനിഷേധം ഏറെ രൂക്ഷമായിരുന്നു, പ്രത്യേകിച്ച് പഴയ ചൈനയില്‍. പെണ്‍കുട്ടികളുടെ പാദങ്ങള്‍ വരിഞ്ഞുകെട്ടിവയ്‌ക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. ചെറിയ പാദങ്ങളാണ് ഭംഗി എന്ന പുരുഷ ധാരണയാണ് ഈ വഴക്കം സൃഷ്‌ടിച്ചത്. ഒരു ഭാര്യക്ക് നാല്പതു വയസ്സുകഴിഞ്ഞാല്‍ അവള്‍ സ്വന്തം ഭര്‍ത്താവിന് ചെറുപ്പക്കാരിയായ ഒരു കിടപ്പറക്കൂട്ടിനെ കണ്ടുപിടിച്ചു നല്‍കണമെന്ന ചിട്ടയും നിലനിന്നിരുന്നു (പേള്‍ എസ് ബെക്കിന്റെ വിശ്വവിഖ്യാതമായ 'ഗുഡ് എര്‍ത്ത്' എന്ന നോവലില്‍ ഇതു വിവരിക്കുന്നുണ്ട്). ഇന്ത്യയിലെന്നപോലെ പെണ്ണ് ആണിന്റെ ദാസി എന്ന സങ്കല്പം ചൈനയിലും നിലനിന്നിരുന്നു. പൊതുസമൂഹത്തില്‍ തിണ്ണ അനുവദിച്ചിരുന്നത് ഉപരിവര്‍ഗത്തിലെ പൊന്നും പണവുമുള്ള പെണ്ണുങ്ങള്‍ക്കു മാത്രമായിരുന്നു. ജനകീയ ചൈന പുലര്‍ന്നപ്പോഴാണ് പെണ്‍മുക്തി ഒരു യാഥാര്‍ഥ്യമായത്. ലിംഗപരമായ എല്ലാ വിവേചനങ്ങള്‍ക്കും ചെയര്‍മാന്‍ മാവോ വിരാമമിട്ടു. സോവിയറ്റ് റഷ്യയിലെന്നപോലെ പീപ്പിള്‍സ് ചൈനയിലും സ്‌ത്രീ-പുരുഷ തുല്യത എല്ലാ കര്‍മമുഖങ്ങളിലും നടപ്പായി. ആണിനും പെണ്ണിനും ഒരേ തൊഴില്‍ക്കുപ്പായം (Work gown) എന്ന മാവോയുടെ ആശയം തീര്‍ത്തും വിപ്ളവകരമായിരുന്നു.

വിയത്‌നാമിലുമുണ്ടായി ഗംഭീരമായ സ്‌ത്രീപക്ഷ മുന്നേറ്റം. ആദ്യം ഫ്രഞ്ച് കൊളോണിയല്‍ വാഴ്‌ചക്കെതിരായും പിന്നീട് തെക്കന്‍വിയറ്റ്നാമില്‍ താവളമടിച്ച അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായും സഖാവ് ഹോചിമിന്‍ നടത്തിയ നീണ്ട യുദ്ധവും പുളകകാരിയായ ചെറുത്തുനില്‍പ്പും ലോകചരിത്രത്തിന്റെ ചുവന്ന ഏടുകളാണ്. സ്‌ത്രീശക്തിയില്‍, സ്‌ത്രീ മോചനത്തില്‍ ഉറച്ചു വിശ്വസിച്ചിരുന്ന പടത്തലവനായിരുന്നു ഹോ. പാടത്തു പണിയെടുക്കുന്ന നാട്ടുപെണ്ണുങ്ങള്‍ക്കു അദ്ദേഹം തന്റെ പട്ടാളത്തില്‍ പ്രവേശനം നല്‍കി. പല തിളയ്‌ക്കുന്ന സമരമുഖങ്ങളിലും ആണ്‍പടയാളികളോടൊപ്പം പെണ്‍പുലികളുമുണ്ടായിരുന്നു. മോചിത വിയത്‌നാം കാഴ്‌ചവച്ചത് പെണ്‍നവോത്ഥാനത്തിന്റെ ആവേശകരമായ കഥയത്രെ.

സെക്‌സ് ബോംബുകളെ ഉത്പാദിപ്പിക്കുന്ന, പെണ്‍ശരീരത്തെ, സ്‌ത്രീസൌന്ദര്യത്തെ, സ്‌ത്രൈണചേഷ്‌ടകളെ, പല മട്ടില്‍ വിപണനവത്കരിക്കുകയും മലീമസമാക്കുകയും ചെയ്യുന്ന, പില്‍ക്കാല മുതലാളിത്ത വ്യവസ്ഥയുടെ അഥര്‍വ വേദാന്തത്തിന് മാന്യതയും സ്വീകാര്യതയും അതിഥിപീഠവും ഒരു പച്ചച്ചിരിയോടെ അനുവദിക്കുകയാണ് വര്‍ത്തമാന സമൂഹം ചെയ്യുന്നത്. സൌന്ദര്യറാണി മത്സരങ്ങളും ഫാഷന്‍ ഷോകളും അനാവരണത്തിന്റെ ആഭാസങ്ങളും നിത്യേനയെന്നോണം നടക്കുന്നു. ഇതിനെതിരായ സിംഹിക ഗര്‍ജനങ്ങള്‍ വളരെ വിരളമായേ കേള്‍ക്കുന്നുള്ളു. സ്‌ത്രീസംഘങ്ങള്‍തന്നെ പല സ്വത്വമലിനീകരണങ്ങളോടും സന്ധിചെയ്യുന്നു. പിന്നില്‍നിന്നു തോണ്ടുന്ന വഷളന്റെ വൃത്തികെട്ട മോന്തക്ക് മുഷ്‌ടി ചുരുട്ടിയടിക്കാന്‍ പണ്ടുണ്ടായിരുന്ന തന്റേടം ഇപ്പോള്‍ ചോര്‍ന്നുപോവുന്നുണ്ടോ എന്നു സംശയം. പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല. അത് മറക്കരുത്.

*****

വി സുകുമാരന്‍

04 June, 2010

സ്വത്വരാഷ്ട്രീയ വിവാദം

വാരികയില്‍ കോളമെഴുത്ത് തുടങ്ങിയതിനുശേഷം ഏറ്റവുമധികം പ്രതികരണങ്ങള്‍ വന്നത് സ്വത്വരാഷ്ട്രീയത്തെക്കുറിച്ച് എഴുതിയപ്പോഴാണ്. ലോകത്തിന്റെ പല ഭാഗത്തുനിന്നും മെയിലുകളും എസ്എംഎസുകളും വന്നു. കോളം വായിക്കപ്പെടുന്നുവെന്നതിനേക്കാളും ആഹ്ളാദം തോന്നിയത് പാര്‍ടിയുടെ നിലപാടിനുള്ള വര്‍ധിച്ച പിന്തുണയിലാണ്. മാധ്യമങ്ങളിലും കോളം ചര്‍ച്ചയായി. പതിവുപോലെ വിവാദത്തിനും ആശയക്കുഴപ്പത്തിനുമാണ് ഇത്തരം ചര്‍ച്ചകള്‍ ശ്രമിച്ചത്. ഡോ. പി കെ പോക്കറിനെതിരെ സിപിഐ എം എന്ന രീതിയിലാണ് മാധ്യമങ്ങള്‍ പ്രശ്നം അവതരിപ്പിച്ചത്. ഡോ. പികെ പോക്കര്‍ എന്ന വ്യക്തിക്കെതിരായ യുദ്ധപ്പുറപ്പാടായിരുന്നില്ല അത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പ്രചാരവേലക്ക് അദ്ദേഹം ചെയ്ത സംഭാവനകളെ നിഷേധിക്കുകയുമല്ല. പ്രത്യേകിച്ചും കപട ഇടതുപക്ഷ പ്രചാരവേലയെ തുറന്നുകാണിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് പ്രധാനമാണ്. എന്നാല്‍, അദ്ദേഹത്തിന്റെ ഒരു ലേഖനത്തിലെ കാഴ്ചപ്പാട് അങ്ങേയറ്റം അപകടകരവും മാര്‍ക്സിസത്തിന്റെ അടിസ്ഥാനസങ്കല്‍പ്പങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുമ്പോള്‍ അത് തുറന്നുകാണിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും സ്വത്വരാഷ്ട്രീയത്തെ തുറന്നുകാണിക്കുന്ന നിലപാട് പാര്‍ടി ശക്തമായി അവതരിപ്പിക്കുകയും പാര്‍ടി പാഠ്യപദ്ധതിയില്‍ തന്നെ അതു പ്രത്യേക വിഷയമാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇങ്ങനെ ചെയ്യേണ്ടത് ഒഴിവാക്കാനാവാത്ത ചുമതലയാണ്.

മൂര്‍ത്ത സാഹചര്യങ്ങളുടെ മൂര്‍ത്തമായ വിശകലനമാണ് മാര്‍ക്സിസത്തിന്റെ ജീവന്‍. മാര്‍ക്സിസ്റ്റ് വിശകലനരീതിയനുസരിച്ച് പ്രശ്നങ്ങളെ വിലയിരുത്തുമ്പോള്‍ തന്നെ പലപ്പോഴും വ്യത്യസ്ത നിലപാടുകളില്‍ എത്തിയെന്നുവരും. മൂര്‍ത്ത സാഹചര്യത്തെ വിലയിരുത്തുന്നതില്‍ പാളിച്ചകളുണ്ടായെന്നുവരും. കമ്യൂണിസ്റ്റ് പാര്‍ടി കൂട്ടായി ചര്‍ച്ച ചെയ്താണ് കൂടുതല്‍ ശരിയായ നിഗമനത്തിലേക്ക് എത്തുന്നത്. വിപ്ളവഘട്ടത്തിന്റെയും തന്ത്രത്തിന്റെയും കാര്യത്തില്‍വരെ വ്യത്യസ്ത നിലപാടുകള്‍ ഉണ്ടായെന്നുവരാം. അങ്ങനെയുള്ള ഉള്‍പ്പാര്‍ടി പ്രക്രിയയിലൂടെ കടന്നുപോയാണ് സിപിഐ എം ജനകീയ ജനാധിപത്യപരിപാടി അംഗീകരിക്കുന്നത്. പാര്‍ടി പരിപാടി കാലികമാക്കിയപ്പോഴും ഇതേ രീതി കാണാന്‍ കഴിയും. പാര്‍ടി ഒരു പ്രശ്നത്തില്‍ ഒരു നിലപാട് സ്വീകരിച്ചുകഴിഞ്ഞാല്‍ അതാണ് പാര്‍ടിയുടെ പൊതുവായ അഭിപ്രായം. പാര്‍ടി ബോധത്തിലേക്ക് തന്റെ ബോധത്തെ ഉയര്‍ത്തുകയെന്നത് ഒരു പാര്‍ടി അംഗത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനമാണ്.

സ്വത്വരാഷ്ട്രീയം വര്‍ഗ രാഷ്ട്രീയത്തിന് എതിരാണ്്. അതു വര്‍ഗസമരത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. എങ്കിലും സ്വത്വം ഒരു പ്രശ്നം തന്നെയല്ലേ എന്ന സംശയം ചില സുഹൃത്തുക്കള്‍ ഉന്നയിക്കുകയുണ്ടായി. സ്വത്വത്തെ പൂര്‍ണമായും അവഗണിക്കുന്ന വ്യതിയാനത്തെക്കുറിച്ച് കോളത്തില്‍ പ്രത്യേകം സൂചിപ്പിച്ചിരുന്നു. ദളിത് തൊഴിലാളി, തൊഴിലാളി എന്ന രീതിയിലുള്ള ചൂഷണം മാത്രമേ നേരിടുന്നുള്ളൂവെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതു അസംബന്ധമാണ്. സാമൂഹ്യമായ വിവേചനവും പ്രധാനമാണ്. എന്നാല്‍, ഇത് ദളിത് വിഭാഗത്തിനുമാത്രമേ മനസ്സിലാവുകയുള്ളൂ എന്നും സ്വത്വരാഷ്ട്രീയമാണ് ഇതു കൈകാര്യം ചെയ്യേണ്ടതെന്നും പറയുന്നത് തീര്‍ത്തും തെറ്റാണ്. ഈ പ്രശ്നത്തെ വര്‍ഗരാഷ്ട്രീയത്തിനു കീഴ്പ്പെടുത്തിയാണ് നേരിടേണ്ടത്. സാമൂഹ്യപ്രശ്നങ്ങളെ എങ്ങനെയാണ് വര്‍ഗരാഷ്ട്രീയത്തിനു കീഴ്പ്പെടുത്തി കൈകാര്യം ചെയ്യുന്നതെന്ന കാര്യം സിപിഐ എം പരിപാടി ശാസ്ത്രീയമായി അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു കോണ്‍ഗ്രസുകളുടെ രാഷ്ട്രീയപ്രമേയങ്ങളില്‍ ഇതിനു പ്രത്യേക ഇടം കിട്ടിയിട്ടുണ്ട്.

സ്വത്വരാഷ്ട്രീയക്കാര്‍ പ്രശ്നങ്ങളെ അങ്ങേയറ്റം വികലമായാണ് അവതരിപ്പിക്കുന്നത്. കേരളത്തില്‍ നിലനില്‍ക്കുന്നത് അര്‍ധഫ്യൂഡല്‍ സമ്പ്രദായമാണെന്നുപോലും ചിലര്‍ എഴുതുന്നുണ്ട്. ഒരു കാലത്ത് നക്സലുകാര്‍ ഉന്നയിച്ച വാദമാണത്. അര്‍ധഫ്യൂഡല്‍, അര്‍ധകൊളോണിയല്‍ രാജ്യമാണെന്ന അവരുടെ കാഴ്ചപ്പാടിനെ അന്നേ സിപിഐ എം തള്ളിക്കളഞ്ഞു. ഇന്ത്യയില്‍ നടപ്പിലാക്കുന്നത് മുതലാളിത്ത വികസനമാണ്. അതിനു നേതൃത്വം നല്‍കുന്നത് വന്‍കിട ബൂര്‍ഷ്വാസിയാണ്. ബൂര്‍ഷ്വാ-ഭൂപ്രഭു ഭരണത്തിന്റെ ഉപകരണമാണ് ഇന്ത്യന്‍ ഭരണകൂടം. മുതലാളിത്ത വികസനപാത നടപ്പിലാക്കുന്നുവെന്നതുകൊണ്ട് മുതലാളിത്ത കടമകള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് അര്‍ഥമില്ല. അതുകൊണ്ടാണ് സിപിഐ എം ജനകീയജനാധിപത്യവിപ്ളവം പരിപാടിയായി അംഗീകരിക്കുന്നത്. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. അത് കോളത്തിന്റെ പരിധിയില്‍ നില്‍ക്കില്ല. എന്നാല്‍, ഇതിനെ തെറ്റായി വ്യാഖ്യാനിച്ച്, സ്വത്വരാഷ്ട്രീയ ചിന്ത പേറുന്നവര്‍ പറയുന്നത് തൊഴിലാളി വര്‍ഗത്തിനു വിപ്ളവം നയിക്കാന്‍ കഴിയില്ലെന്നാണ്. അതിനു പറയുന്ന ന്യായങ്ങള്‍ അമ്പരപ്പിക്കും. തൊഴിലാളി എണ്ണത്തില്‍ കുറവാണ്, പ്രത്യയശാസ്ത്രബോധവും കമ്മിയാണ്. എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല വിപ്ളവം നയിക്കാന്‍ സംഘടിതതൊഴിലാളി വര്‍ഗത്തിനു കഴിയുമെന്ന് മാര്‍ക്സിസം കാണുന്നത്. മുതലാളിത്ത ഉല്‍പ്പാദനവ്യവസ്ഥയില്‍ തൊഴിലാളി ഉല്‍പ്പാദനത്തിന് അനിവാര്യമായ മുന്നുപാധിയാണ്. ഇതാണ് തൊഴിലാളിയെ നേതൃത്വസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന പ്രധാനഘടകം. അങ്ങേയറ്റം പിന്നോക്കം നിന്ന റഷ്യയില്‍ വിപ്ളവം നടന്നതിനെ ഇക്കൂട്ടര്‍ എങ്ങനെയാണ് കാണുന്നത്? വിപ്ളവത്തിന്റെ പ്രയോഗ പ്രതിസന്ധിയില്‍നിന്നാണ് സാമ്രാജ്യത്വത്തെ ശാസ്ത്രീയമായി ലെനിന്‍ വലിയിരുത്തുന്നതും വിപ്ളവതന്ത്രം ആവിഷ്കരിക്കുന്നതും. തൊഴിലാളിവര്‍ഗം നയിക്കുന്ന സോഷ്യലിസ്റ്റ് വിപ്ളവമാണ് ബോള്‍ഷേവിക് പാര്‍ടി നടപ്പിലാക്കിയത്. റഷ്യയിലെ സ്വത്വശക്തികളല്ല വിപ്ളവം നയിച്ചത്. വ്യത്യസ്ത സ്വത്വശക്തികളെ വര്‍ഗരാഷ്ട്രീയം കൊണ്ട് കോര്‍ത്തിണക്കുകയാണ് ചെയ്തത്. പ്രതിവിപ്ളവത്തിനുശേഷമുണ്ടായ ശിഥിലീകരണവും പ്രസക്തം.

കേരളത്തില്‍പോലും നിലനില്‍ക്കുന്നത് ജാതിവ്യവസ്ഥയുടെ ബോധമാണെന്നും അതുകൊണ്ട് പുതിയ രീതികള്‍ ആവശ്യമാണെന്നും ചിലര്‍ ശഠിക്കുന്നുണ്ട്. കേരളീയ സമൂഹത്തില്‍ ജാതീയത ചെലുത്തുന്ന സ്വാധീനത്തെ ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. എന്നാല്‍, അതാണ് എല്ലാത്തിനെയും നിര്‍ണയിക്കുന്നതെന്ന വാദം തെറ്റാണ്. മുതലാളിത്തവികസനപാത നടപ്പിലാക്കുന്ന രാജ്യത്ത് ജനതയുടെ ബോധം മുതലാളിത്തബോധമായി ഉടന്‍ പരിവര്‍ത്തനം ചെയ്യുമെന്ന് ആരും കരുതുന്നില്ല. അതറിയാന്‍ ഗ്രാംഷിയെപോലും കുട്ടുപിടിക്കേണ്ടതില്ല. മാര്‍ക്സിസത്തിന്റെ അടിസ്ഥാനതത്വങ്ങളെക്കുറിച്ചുള്ള ധാരണ മതി. എന്നാല്‍, കേരളീയ പൊതുബോധ നിര്‍മിതിയെ സ്വത്വത്തിനകത്തു മാത്രമായി തളിച്ചിടുന്നത് അങ്ങേയറ്റം അശാസ്ത്രീയമാണ്. അടിത്തറയെ നിര്‍ണയിക്കുന്ന പുതിയ നിരവധി ഘടകങ്ങളെ കേരളത്തില്‍ കണ്ടെത്താന്‍ കഴിയും. അതു മേല്‍ക്കൂരയെയും പതുക്കെപ്പതുക്കെ പുതുക്കിപ്പണിയാന്‍ തുടങ്ങും.

അടിത്തറയെ മാത്രം കാണുന്നവരെപ്പോലെതന്നെ മേല്‍ക്കൂരയെ മാത്രം കൈവെള്ളയില്‍ എടുത്തുവെച്ച് ലാളിക്കുന്നവരുമുണ്ട്. ദീര്‍ഘകാലമായി പണിയെടുക്കുന്നവരായി മാറിയ സവര്‍ണകുടുംബങ്ങളില്‍പ്പെട്ടവര്‍ക്ക് തൊഴിലാളിവര്‍ഗബോധത്തിലേക്ക് ഉയരാന്‍ കഴിയില്ലെന്നുവരെ അവര്‍ ശാഠ്യംപിടിക്കുന്നു. അവരില്‍ ഇപ്പോഴും നഷ്ടബോധം ഉണ്ടെന്നും അതാണ് അവരുടെ ചിന്തയെ നയിക്കുന്നതെന്നും വാദിക്കുന്നതിന്റെ മുന്‍ഗാമികളാണ് സവര്‍ണനായ ഇ എം എസിനു കമ്യൂണിസ്റ്റാകാന്‍ കഴിയുമോയെന്ന ചോദ്യം ഉയര്‍ത്തിയത്. കൂലിപ്പണിയെടുക്കുന്നതുകൊണ്ടോ സംഘടിത തൊഴിലിലേക്ക് മാറിയതുകൊണ്ടോ മാത്രം എല്ലാവരുടെയും ബോധം ഇടതുപക്ഷരാഷ്ട്രീയത്തിനു അനുസൃതമായി മാറുമെന്നതും തെറ്റാണ്. ഫ്യൂഡല്‍ബോധം പിന്തുടര്‍ന്നെന്നും വരാം. എന്നാല്‍, അതിനെ പൊതുവല്‍ക്കരണത്തിലേക്കു നയിക്കുന്ന ചിന്തയും അപകടകരമാണ്.

സ്വത്വരാഷ്ട്രീയത്തിന്റെ ദാര്‍ശനിക അടിത്തറ ഉത്തരാധുനികതയിലാണെങ്കിലും ആഗോളവല്‍ക്കരണകാലം ഇതിനു വളക്കൂറുള്ള മണ്ണൊരുക്കുന്നുണ്ട്. വിഭജിതമായ സമൂഹത്തെയാണ് ആഗോളമൂലധനം ആഗ്രഹിക്കുന്നത്. അത് വിപണിയുടെ വളര്‍ച്ചക്കുള്ള പരിസരം ഒരുക്കുന്നു. ഒപ്പം എതിര്‍പ്പിന്റെ ശക്തികളുടെ ഐക്യത്തെ ശിഥിലമാക്കുന്നു. ലോകത്തിന്റെ പലയിടങ്ങളിലും വംശീയതയും ഇന്ത്യയില്‍ വര്‍ഗീയതയും കേരളത്തില്‍ ജാതീയതയും ഈ കാലത്ത് ശക്തിപ്പെടുന്നതിന്റെ സമാനപരിസരം പ്രധാനമാണ്. വികാരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ ശാസ്ത്രീയമായി പ്രശ്നത്തെ സമീപിക്കാന്‍ ശ്രമിക്കുകയും ശരിയായ വര്‍ഗകാഴ്ചപ്പാടിലേക്ക് ഉയരുകയുമാണ് പ്രധാനം.
*
പി രാജീവ്

02 June, 2010

സ്വത്വരാഷ്ട്രീയം സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയായുധം

വര്‍ത്തമാനകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് സ്വത്വരാഷ്ട്രീയം. കമ്യൂണിസ്റ്റുകാര്‍ വര്‍ഗസമര കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യപ്രശ്നങ്ങളെ സമീപിക്കുന്നത്. സ്വത്വരാഷ്ട്രീയം ദേശീയവും ജാതീയവും ലിംഗപരവുമായ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യപ്രശ്നങ്ങളെ വീക്ഷിക്കുകയാണ് ചെയ്യുന്നത്. ലോകം വിവിധ സ്വത്വങ്ങളുടെ കൂടിച്ചേരലാണെന്നും അതില്‍ ഓരോന്നിന്റെയും പ്രശ്നങ്ങളെ പരിഹരിക്കുകയാണ് വേണ്ടത് എന്നും ഇവര്‍ പറയുന്നു. വര്‍ഗപരമായ കാഴ്ചപ്പാടുകളെയും സമഗ്രമായ രാഷ്ട്രീയ തത്വങ്ങളെയും ഇവര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ട് സോഷ്യലിസ്റ്റ്റ് വ്യവസ്ഥ സ്ഥാപിക്കുക എന്നത് ഇവരുടെ അജന്‍ഡയില്‍ ഉള്‍പ്പെടുന്നതല്ല.സ്വത്വരാഷ്ട്രീയം സ്വയംഭൂവായി പ്രത്യക്ഷപ്പെടുന്നതല്ല. അതിന് കൃത്യമായ സാമ്പത്തിക അടിത്തറയുണ്ട്. ധനമൂലധനത്തിന്റെ സ്വതന്ത്രമായ സഞ്ചാരമെന്ന സമീപനം എന്നതാണ് ആഗോളവല്‍ക്കരണത്തിന്റെ കാഴ്ചപ്പാട്. ഇതിനായി വിവരസാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള നൂതനമായ ശാസ്ത്ര-സാങ്കേതികരംഗത്തെ വികാസത്തെയും ഉപയോഗപ്പെടുത്തുകയാണ്. ലോകമുതലാളിത്തം ഇത്തരത്തില്‍ സാമ്രാജ്യത്വത്തിന്റെ പുതിയ തലത്തിലേക്ക് വികസിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് തിരിച്ചടിയേറ്റത്. ഈ ഘട്ടത്തില്‍ സോഷ്യലിസംതന്നെ കാലഹരണപ്പെട്ടുപോയി എന്ന പ്രചാരവേലയും ഉയര്‍ന്നുവന്നു. മുതലാളിത്തം ചരിത്രത്തിന്റെതന്നെ അവസാനമാണെന്നും കൊട്ടിഘോഷിക്കപ്പെട്ടു. പുതിയ സാഹചര്യത്തില്‍ സമഗ്ര സിദ്ധാന്തങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്നുമുള്ള പ്രചാരവേലയുണ്ടായി. ഉത്തരാധുനികത എന്നത് ഈ പശ്ചാത്തലത്തിലാണ് ശക്തിപ്രാപിക്കുന്നത്. ഈ ആശയത്തിന് എന്‍ജിഒകളെയും മാധ്യമങ്ങളുടെ സാധ്യതയെയും ഉപയോഗപ്പെടുത്തി ജനങ്ങളുടെ ഇടയില്‍ വലിയ പ്രചാരവേല സംഘടിപ്പിച്ചു. വര്‍ഗസമരം എന്നത് ഈ സാഹചര്യത്തില്‍ പ്രസക്തമല്ലെന്നും ഇനി അത്തരത്തിലുള്ള വിപ്ളവ സങ്കല്‍പ്പങ്ങളൊന്നും സാധ്യമല്ലെന്നുമുള്ള സൈദ്ധാന്തിക വ്യാഖ്യാനങ്ങളും ലോകത്താകമാനം പ്രത്യക്ഷപ്പെട്ടു.മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസമാണെന്ന കാഴ്ചപ്പാട് ദുര്‍ബലപ്പെട്ടതോടെ വംശീയ സ്വത്വങ്ങളുടെ പുനരുദ്ധാരണവും പുനരുജ്ജീവനവും ജനങ്ങള്‍ തമ്മിലുള്ള പുതിയ ഏറ്റുമുട്ടലിന് കളമൊരുക്കി. ഇതിന്റെ ഫലമായി രാജ്യങ്ങള്‍ ശിഥിലമാകുന്ന നിലയുണ്ടായി. യൂഗോസ്ളാവിയ തന്നെ പല രാഷ്ട്രങ്ങളായി പിരിഞ്ഞു. ഈ സ്ഥിതിവിശേഷം ഉണ്ടായത് അവിടങ്ങളില്‍ ഉയര്‍ന്നുവന്ന സ്വത്വരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ്. ഇങ്ങനെ ശിഥിലമായ രാജ്യങ്ങളില്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സ്ഥാപിക്കുന്നതിന് ആഗോളവല്‍ക്കരണ ശക്തികള്‍ക്ക് എളുപ്പമായി. ഇത്തരം അനുഭവങ്ങള്‍ വിവിധ സ്വത്വങ്ങളുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുക എന്നത് തങ്ങളുടെ അജന്‍ഡയാക്കി കൊണ്ടുനടക്കുന്നിടത്തേക്ക് സാമ്രാജ്യത്വത്തെ നയിച്ചു.ദാര്‍ശനികമായി സാമ്രാജ്യത്വ ആധിപത്യത്തെ പിന്തുണയ്ക്കുന്നവര്‍ സ്വത്വരാഷ്ട്രീയത്തെയും ഗാഢമായി പുണര്‍ന്നു. സാമുവല്‍ ഹണ്ടിങ്ടനെപ്പോലെയുള്ള തത്വചിന്തകര്‍ സ്വത്വരാഷ്ട്രീയത്തിന്റെ വരവിനെ സ്വാഗതംചെയ്യുന്നത് പുതിയ സാമൂഹ്യ മുന്നേറ്റങ്ങള്‍ എന്നു പറഞ്ഞുകൊണ്ടാണ്. ആഗോള രാഷ്ട്രീയം സാംസ്കാരിക വ്യത്യസ്തതകള്‍ക്ക് അനുരൂപമായി പുനര്‍രചിക്കപ്പെടുകയാണ് എന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. പ്രത്യയശാസ്ത്രത്തിന്റെ പരാജയത്തില്‍നിന്നാണ് സ്വത്വരാഷ്ട്രീയം വികസിക്കുന്നതെന്നും ഭാവിയെ നിര്‍ണയിക്കുന്ന പ്രധാനപ്പെട്ട ഘടകമായും ഈ സമീപനത്തെ അദ്ദേഹം കാണുന്നു. സമഗ്രമായ കാഴ്ചപ്പാടുകള്‍ക്ക് പകരമായി ശിഥിലമായ കാഴ്ചകളെ സ്ഥാപിക്കാനുള്ള സാമ്രാജ്യത്വ സൈദ്ധാന്തിക സമീപനം സ്വത്വരാഷ്ട്രീയം പുലര്‍ത്തുന്നു എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് ഇത്.ആധുനിക ചിന്താപദ്ധതികള്‍ പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ആരംഭിക്കുകയും പത്തൊമ്പതാം നൂറ്റാണ്ടില്‍ ദൃഢമായി നിലനില്‍ക്കുകയുംചെയ്തു. അവ പ്രധാനമായും സമഗ്രമായ കാഴ്ചപ്പാടുകളും സാര്‍വത്രികമായ മൂല്യങ്ങളും മുന്നോട്ടുവച്ചു. 'സര്‍വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍' എന്ന കാഴ്ചപ്പാട് ഉയര്‍ന്നുവരുന്ന തരത്തില്‍ ഇത്തരം ചിന്താഗതികള്‍ എത്തിച്ചേരുകയുംചെയ്തു. ഈ സമഗ്രതയെ തകര്‍ക്കുക എന്നതാണ് ഇതിനര്‍ഥം. ബൂര്‍ഷ്വാസി മുന്നോട്ടുവച്ച സമഗ്ര ധാരണകളെപ്പോലും തകര്‍ക്കുക എന്ന നിലയാണ് ഈ ആശയഗതിയില്‍ അടങ്ങിയിരിക്കുന്നത്.സ്വത്വബോധം മുന്‍കാലങ്ങളിലും ഉയര്‍ന്നുവന്നിട്ടുണ്ട്. ദേശീയവും വംശപരവുമായ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയ രാഷ്ട്രീയപാര്‍ടികളും പ്രസ്ഥാനങ്ങളും എന്ന നിലയിലായിരുന്നു ഇവ നിലകൊണ്ടിരുന്നത്. മതത്തിന്റെയും ദേശീയതയുടെയും പശ്ചാത്തലം ഇതിനുണ്ടായിരുന്നെങ്കിലും ഇതിനകത്ത് വ്യത്യസ്തമായ സമുദായങ്ങളെയും മതങ്ങളെയും ഉള്‍ക്കൊള്ളുന്ന നിലയും ഉണ്ടായിരുന്നു. പാകിസ്ഥാന്‍ രൂപീകരണത്തിനകത്തുപോലും വ്യത്യസ്തമായ നിരവധി സ്വത്വങ്ങളെ ഉള്‍ക്കൊണ്ടിരുന്നു എന്നു കാണാം. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഈ സ്വത്വസങ്കല്‍പ്പം വര്‍ഗമെന്ന സങ്കല്‍പ്പത്തെ നിഷേധിക്കുകയും ശകലീകൃതമായ സ്വത്വങ്ങള്‍ എന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഇതിലൂടെ ഉയര്‍ന്നുവരേണ്ട വര്‍ഗബോധത്തെ തടയുകയുംചെയ്യുന്നു.സ്വത്വരാഷ്ട്രീയം പ്രത്യേക സ്വത്വങ്ങള്‍ക്കു നേരെയുള്ള അടിച്ചമര്‍ത്തലുകളെ മുന്നോട്ടുവയ്ക്കുന്നുണ്ട്. അതിലൂടെ ആ ജനവിഭാഗങ്ങളുടെ അത്തരത്തിലുള്ള ബോധം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, ഇത് തികച്ചും പരിമിതമായ കാര്യമാണ്. വിശാല അര്‍ഥത്തില്‍ പിന്തിരിപ്പനുമാണ്. മുതലാളിത്ത ചൂഷണ സമ്പ്രദായത്തെ ചെറുത്തു തോല്‍പ്പിക്കുക എന്ന വിശാലമായ ലക്ഷ്യത്തില്‍നിന്ന് വിവിധ സ്വത്വവിഭാഗങ്ങളെ അടര്‍ത്തിമാറ്റുക എന്ന കാര്യമാണ് ഇതിലൂടെ ഫലത്തില്‍ സംഭവിക്കുന്നത്.ഈ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന മറ്റൊരു പ്രധാന പ്രശ്നം ഒരു പ്രത്യേക അടിച്ചമര്‍ത്തലിനെ മനസ്സിലാക്കാനും അനുഭവവേദ്യമാക്കാനും ആ സ്വത്വത്തില്‍പെട്ട ആളുകള്‍ക്കു മാത്രമേ കഴിയൂ എന്ന സിന്താദ്ധമാണ്. ഇതിന്റെ ഫലമായി അത്തരം പോരാട്ടങ്ങളില്‍ അണിചേരേണ്ട മറ്റു വിഭാഗങ്ങള്‍ ഒഴിവാക്കപ്പെടുന്നു. ഇതിലൂടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരായി ഉയര്‍ന്നുവരേണ്ട പൊതുവായ പോരാട്ടങ്ങളെ അത് ശിഥിലമാക്കുന്നു. വംശീയമര്‍ദനം അനുഭവിക്കുന്നവര്‍ക്കുമാത്രമേ ഇത്തരം മര്‍ദനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനാവൂ എന്നു പറഞ്ഞ് പൊതുപ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള സാധ്യതയെ തകര്‍ക്കുന്നു. ഇത്തരം ആശയം 1960 കളില്‍ അമേരിക്കയില്‍ നടന്നതുപോലുള്ള പൌരാവകാശപ്രസ്ഥാനം എന്ന നിലയിലുള്ള ജനാധിപത്യപരമായ മുന്നോട്ടുപോക്കിനെപ്പോലും തടസ്സപ്പെടുത്തുന്നു.സ്വത്വരാഷ്ട്രീയം വര്‍ഗത്തെത്തന്നെ ഒരു വിധത്തിലുള്ള സ്വത്വമായാണ് കാണുന്നത്. വര്‍ഗചൂഷണം എന്ന കാഴ്ചപ്പാടിനെ സ്വത്വരാഷ്ട്രീയം നിരാകരിക്കുന്നു. മുതലാളിത്തത്തിന്റെ കീഴിലുള്ള വര്‍ഗ ചൂഷണത്തിന്റെ അടിസ്ഥാനത്തെയും ഭരണവര്‍ഗങ്ങളുടെ നിയന്ത്രണത്തിലുള്ള വര്‍ഗവിഭജിത സമൂഹം എന്ന സങ്കല്‍പ്പത്തെയും അത് അംഗീകരിക്കുന്നില്ല. ചൂഷണം വസ്തുനിഷ്ഠ പ്രതിഭാസമായും ചൂഷണത്തെ സംബന്ധിച്ച ബോധത്തെ വ്യക്തിയുടെ ബോധനിലവാരത്തെ ആശ്രയിച്ചുള്ള ആത്മനിഷ്ഠതയുമായാണ് മാര്‍ക്സിസം കാണുന്നത്. സ്വത്വരാഷ്ട്രീയം അടിച്ചമര്‍ത്തലിനെതന്നെ അത് അനുഭവിക്കുന്ന വ്യക്തിയെ ആശ്രയിച്ചുള്ള ആത്മനിഷ്ഠ ഘടകമായായാണ് കാണുന്നത്.ഈ സമീപനത്തിലൂടെ തൊഴിലാളിവര്‍ഗത്തെ സ്ത്രീ എന്ന നിലയിലും പുരുഷനെന്ന നിലയിലും ദളിതരെന്ന നിലയിലും മറ്റ് ജാതിസ്വത്വങ്ങളുടെ അടിസ്ഥാനത്തിലും ഭാഷാദേശീയതയുടെ അടിസ്ഥാനത്തിലും വംശീയ ഉല്‍പ്പത്തിയുടെ അടിസ്ഥാനത്തിലും വീണ്ടും വേര്‍തിരിക്കേണ്ടിവരുന്നു. ഇത് അക്ഷരാര്‍ഥത്തില്‍ തൊഴിലാളിവര്‍ഗമെന്ന സങ്കല്‍പ്പത്തെതന്നെ നിഷേധിക്കലായിത്തീരുന്നു. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, തൊഴിലാളികള്‍ മറ്റു വര്‍ഗവിഭാഗങ്ങള്‍ എന്നിവ സംബന്ധിച്ച കാഴ്ചപ്പാടിന്റെ നിഷേധംതന്നെയായി ഇത് മാറുന്നു.ഈ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നത് വ്യക്തിഗതമായ പദവി മാറ്റം, വിഭവങ്ങളില്‍ തങ്ങളുടെ ഓഹരികള്‍ നേടുക എന്നിവയാണ്. മാത്രമല്ല, ചില വിഭാഗങ്ങള്‍ക്കിടയിലുള്ള പരിമിതമായ സഹകരണമോ കിടമത്സരമായോ ഇത് മാറുന്നു. അതുകൊണ്ടുതന്നെ ഇത് ഒരിക്കലും നിലവിലുള്ള വ്യവസ്ഥിതിക്ക് ഭീഷണി ഉയര്‍ത്തുന്നില്ല.അതുകൊണ്ടുതന്നെ ഭരണവര്‍ഗങ്ങള്‍ക്കും ആഗോളമൂലധന ശക്തികള്‍ക്കും ആശയപരമായി അനുയോജ്യമായ ഒന്നായി സ്വത്വരാഷ്ട്രീയം മാറുന്നു. അല്‍പ്പ വികസിത മുതലാളിത്ത രാഷ്ട്രങ്ങളില്‍ വിവിധ ജീവിത ശൈലികള്‍ മുന്നോട്ടുവച്ച് ഉപഭോഗസമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ അവയെ ഇത് പ്രോത്സാഹിപ്പിക്കുന്നു. എന്നിട്ട് ഇതിന് അനുയോജ്യമായ വ്യവഹാരമാതൃകകളും ചരക്കുകളും രൂപകല്‍പ്പനചെയ്ത് വിപണിയില്‍ ഇറക്കുകയുംചെയ്യുന്നു. ഇങ്ങനെ ശിഥിലീകൃതമായിത്തീരുന്ന ജനതയുടെ ഇടയിലേക്ക് നുഴഞ്ഞുകയറുന്നതിന് ആഗോളമുതലാളിത്തത്തെ സ്വത്വരാഷ്ട്രീയം സഹായിക്കുന്നു.ജനങ്ങളെ ഭിന്നിപ്പിക്കുകയും ഏറ്റുമുട്ടിക്കുകയുംചെയ്യുക എന്നതാണ് ബൂര്‍ഷ്വാവര്‍ഗത്തിന് താല്‍പ്പര്യമുള്ള കാര്യം. അതുകൊണ്ടുതന്നെ വര്‍ഗപ്രസ്ഥാനത്തെ നേരിടാനുള്ള ഒരായുധമായി അവര്‍ സ്വത്വരാഷ്ട്രീയത്തെ ഉപയോഗിക്കുന്നു. സ്വത്വബോധം സ്ഥാപിച്ചെടുക്കുന്നതുതന്നെ അതേ വ്യക്തിയുടെതന്നെ മറ്റു ഭാവങ്ങളെ നിഷേധിച്ചുകൊണ്ടാണ്. കറുത്ത തൊഴിലാളിയെ കറുത്തവന്‍ എന്ന നിലയില്‍ കാണുന്നു. തൊഴിലാളി എന്ന നിലയില്‍ പരിഗണിക്കുന്നില്ല. തൊഴിലാളിസ്ത്രീ അവരുടെ ലിംഗഭേദത്തിന്റെ അടിസ്ഥാനത്തില്‍ അറിയപ്പെടുന്നു. തൊഴിലാളി എന്ന ഭാഗം പരിഗണിക്കപ്പെടുന്നുമില്ല. ന്യൂനപക്ഷവിഭാഗത്തില്‍പെട്ട വിഭാഗങ്ങള്‍ തമ്മില്‍ സഖ്യമുണ്ടാക്കുക എന്നതില്‍ക്കവിഞ്ഞ് വ്യവസ്ഥയെ മാറ്റുന്നതിനുള്ള സമരങ്ങളിലേക്ക് ജനങ്ങളെ ആകെ ഐക്യപ്പെടുത്തുന്നതിലേക്ക് തടസ്സം നില്‍ക്കുന്ന സ്വത്വരാഷ്ട്രീയം ആഗോളമൂലധനശക്തികള്‍ക്ക് ഇന്ന് ഇഷ്ടവിഷയമാണ്. അത് പ്രോത്സാഹിപ്പിക്കുന്നത് ഏതെങ്കിലും വിഭാഗത്തെ കൈപിടിച്ചുയര്‍ത്താനല്ല ജനങ്ങളുടെ യോജിച്ച സമരത്തെയും വ്യവസ്ഥയെ തകര്‍ക്കാനുള്ള സമരമുന്നണിയെയും നിഷ്ക്രിയമാക്കാനോ ദുര്‍ബലമാക്കാനോ ആണ്.ബൂര്‍ഷ്വാ ഭരണത്തിന്‍കീഴില്‍ വിവിധ വിഭാഗങ്ങള്‍ അടിച്ചമര്‍ത്തല്‍ നേരിടുന്നുണ്ട് എന്നതും യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യത്തെ പരിഗണിക്കുന്നതിന് എല്ലാ ജനവിഭാഗങ്ങളുമായുള്ള വിശാലമായ ഐക്യമാണ് അനിവാര്യമായിട്ടുള്ളത്. എന്നാല്‍, ഈ അടിച്ചമര്‍ത്തലുകള്‍ക്ക് പൊതുവായ അടിസ്ഥാനമില്ലെന്ന് ഇവര്‍ പഠിപ്പിക്കുന്നു. അവരുടെ സ്വത്വവും അവര്‍ നേരിടുന്ന അടിച്ചമര്‍ത്തലുംമാത്രമാണ് യാഥാര്‍ഥ്യമെന്ന ബോധം ജനങ്ങളില്‍ കുത്തിവച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ് സ്വത്വരാഷ്ട്രീയം ചെയ്യുന്നത്.യഥാര്‍ഥത്തില്‍ ഇതില്‍ ഉന്നയിക്കുന്നതുപോലെ ചില പരിഷ്കാരങ്ങള്‍ നടപ്പാക്കിയതുകൊണ്ട് അടിച്ചമര്‍ത്തലുകള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. മുതലാളിത്ത വ്യവസ്ഥിതി മാറ്റമില്ലാതെ തുടരുന്നിടത്തോളം കാലം ചൂഷണത്തിന് അറുതിയാകുന്നില്ല എന്ന കാര്യം മൂടിവയ്ക്കുകയാണ് സ്വത്വരാഷ്ട്രീയം ചെയ്യുന്നത്. പല സന്നദ്ധസംഘടനകളിലൂടെയും എന്‍ജിഒകളിലൂടെയുമാണ് നവസാമൂഹ്യപ്രസ്ഥാനങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള എന്‍.ജി.ഒ സംഘടനകളും സന്നദ്ധസംഘടനകളും വേറിട്ട സ്വത്വത്തെ സംബന്ധിച്ച ബൂര്‍ഷ്വാ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള മാതൃകാപരമായ മാധ്യമങ്ങളായി നിലകൊള്ളുന്നുണ്ട് എന്നതും വസ്തുതയാണ്. ഇതിനെയും തിരിച്ചറിഞ്ഞുകൊണ്ടേ വര്‍ഗരാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാനാകൂ.സ്വത്വരാഷ്ട്രീയം ഇന്ത്യന്‍ സാഹചര്യത്തില്‍ഇന്ത്യയുടെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സ്വത്വരാഷ്ട്രീയം മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ളത് ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും വംശത്തിന്റെയും സമുദായത്തിന്റെയും ഒക്കെ അടിസ്ഥാനത്തിലാണ്. ഇതില്‍തന്നെ ജാതിയാണ് ഇത്തരം കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നതിന് ഏറെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ അടിസ്ഥാന സാമൂഹ്യഘടനയിലും വര്‍ഗ ചൂഷണത്തിലും മാറ്റം വരുത്തുന്നതിനുള്ള സമരവുമായി മുന്നോട്ടുപോകുന്നതിനോ ഐക്യപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് മറ്റ് ജനവിഭാഗങ്ങളുമായി കൂട്ടായ്മ ഉണ്ടാക്കുന്നതിനോ താല്‍പ്പര്യപ്പെടുന്നില്ല. സ്വത്വരാഷ്ട്രീയ കാഴ്ചപ്പാട് അടിച്ചമര്‍ത്തപ്പെടുന്ന ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമിടയില്‍ വ്യാപകമായി പ്രവര്‍ത്തിക്കുകയാണ്. സവര്‍ണ ജാതിവിഭാഗങ്ങളിലും ഇത്തരത്തിലുള്ള കാഴ്ചപ്പാടുകള്‍ ശക്തിപ്പെട്ടുവരികയാണ്.ബൂര്‍ഷ്വാ പാര്‍ടികള്‍ ഇത്തരം സ്വത്വങ്ങളെ ഉപയോഗിക്കുക എന്നത് ഒരു പ്രധാന പരിപാടിയായിത്തന്നെ മാറ്റിയിട്ടുണ്ട്. യുപിയില്‍ ബിജെപിയും സമാജ് വാദി പാര്‍ടിയും ഉള്‍പ്പെടെയുള്ളവര്‍ ജാതി, ഉപജാതി സമ്മേളനങ്ങള്‍ നടത്തുകയും അവയുമായി യോജിക്കുകയും ചെയ്യുന്നുണ്ട്. ജാതീയമായ ഇത്തരത്തിലുള്ള സ്വത്വബോധ വികാസം പട്ടികജാതി വിഭാഗക്കാരുടെ ഇടയില്‍ത്തന്നെ സംഘര്‍ഷം രൂപപ്പെടുത്തുന്നതിന് ഇടയായിട്ടുണ്ട്. ആന്ധ്രപ്രദേശിലെ മാല-മഡിഗ സംഘട്ടനം ഇതിനുദാഹരണമാണ്. ദളിത് ക്രിസ്ത്യാനികളുടെയും ദളിത് മുസ്ളിങ്ങളുടെയും കാര്യത്തിലും ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.സ്വത്വരാഷ്ട്രീയത്തിന്റെ അടിത്തറയായി മതത്തെ ഉപയോഗിക്കുന്ന പ്രവണതയും ഉയര്‍ന്നുവരുന്നുണ്ട്. ബിജെപി ഉപയോഗിക്കുന്ന സാംസ്കാരിക ദേശീയത എന്ന സങ്കല്‍പ്പം മതപരമായ സ്വത്വരാഷ്ട്രീയത്തിനുള്ള മറ മാത്രമാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിനും സ്വത്വരാഷ്ട്രീയം ഉപയോഗപ്പെടുത്തുന്നുണ്ട്. 1980കളില്‍ സ്വത്വരാഷ്ട്രീയത്തിന്റെ പുതിയ രൂപങ്ങള്‍ ഉയര്‍ന്നുവരുന്നതിന് ഉദാഹരണമാണ് വടക്ക്-കിഴക്കന്‍ പ്രദേശങ്ങള്‍. സങ്കുചിതമായ സ്വത്വ വംശീയവേദികള്‍ മാത്രമാണ് പൊതുവില്‍ ഇവിടെ നിലനില്‍ക്കുന്നത്. അതിനാല്‍ ഇവിടെ സംഘര്‍ഷം പതിവായിത്തീരുകയും ചെയ്യുന്നു. നാഗന്മാരും ദിമാസ വിഭാഗക്കാരും ബോഡോകളും കര്‍ബികളും അന്യോന്യം കുറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നു. ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭം നേപ്പാളി സ്വത്വവാദത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിലനില്‍ക്കുന്നത്. യഥാര്‍ഥത്തില്‍ സ്വത്വരാഷ്ട്രീയത്തിലൂടെ നേട്ടം കൊയ്യുന്നത് അതിലെ പെറ്റിബൂര്‍ഷ്വാ വിഭാഗമാണ്. അതിന്റെ സംഘടനാ അടിസ്ഥാനത്തിലൂടെയും വ്യവസ്ഥയ്ക്കകത്ത് കടന്നുകൂടി നേട്ടം കൊയ്യുന്നതും ഈ വിഭാഗമാണ്. സ്വത്വരാഷ്ട്രീയം വര്‍ഗപരമായ ചൂഷണത്തെയും ഒപ്പം സാമൂഹ്യമായ അടിച്ചമര്‍ത്തലിനെയും ഒന്നിച്ചെതിര്‍ക്കുന്നതിനുവേണ്ടി രൂപപ്പെടുന്ന പൊതുപ്രസ്ഥാനത്തെ ക്ഷീണിപ്പിക്കുകയും തകര്‍ക്കുകയുമാണ് ചെയ്യുന്നത്. ദളിത് സ്വത്വത്തിന്റെ പേരില്‍ കേരളത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള ഡിഎച്ച്ആര്‍എം പോലുള്ള സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇത്തരം രാഷ്ട്രീയത്തിന് ഉദാഹരണമാണ്. അവ സാമൂഹ്യ അവശതയ്ക്കെതിരായി ഉയര്‍ന്നുവരേണ്ട വിശാല മുന്നണിയെ ദുര്‍ബലപ്പെടുത്തുന്നു. ഭീകരവാദ സമീപനങ്ങളുമായി മുന്നോട്ടുപോവുക എന്ന പ്രവണത കേരളത്തിലും ഇത്തരം സംഘടനകള്‍ കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്.സമൂഹത്തില്‍ വര്‍ഗപരമായ ചൂഷണവും ഒപ്പം സാമൂഹ്യമായ അടിച്ചമര്‍ത്തലുകളും നിലനില്‍ക്കുന്നുണ്ട് എന്ന നിലപാടാണ് സിപിഐ എമ്മിന്റേത്. വര്‍ഗപരമായ ചൂഷണത്തിലൂടെ ഭരണവര്‍ഗങ്ങള്‍ മിച്ചം പിഴിഞ്ഞെടുക്കുന്നതിനോടൊപ്പം അവരുടെ മേധാവിത്വം നിലനിര്‍ത്തുന്നതിനായി വിവിധ രൂപത്തിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലിനെയും ഉപയോഗിക്കുന്നു. അതിനാല്‍ ചൂഷണത്തിനും അടിച്ചമര്‍ത്തലിനുമെതിരായുള്ള പോരാട്ടങ്ങള്‍ യോജിപ്പിച്ച് കൊണ്ടുപോവുക എന്നതാണ് പാര്‍ടിയുടെ നയം.സ്വത്വരാഷ്ട്രീയം തങ്ങളുടെ സാമ്പത്തിക മേധാവിത്വത്തെയും ചൂഷണത്തെയും എതിര്‍ക്കുന്നില്ല എന്നതുകൊണ്ട് അത്തരം രാഷ്ട്രീയവുമായി സന്ധി ചെയ്യുന്നതിനും അവര്‍ക്ക് ഇളവുകള്‍ കൊടുക്കുന്നതിനും ഭരണവര്‍ഗം തയ്യാറാകുന്നു. അത് അവരെ ശക്തിപ്പെടുത്തുന്നു. ഇതിന്റെ മറുവശമെന്നോണം സ്വത്വരാഷ്ട്രീയം തൊഴിലാളിവര്‍ഗത്തിന്റെ ഐക്യത്തെ തകര്‍ക്കുകയും വ്യവസ്ഥയ്ക്കെതിരായി വളര്‍ന്നുവരേണ്ട വിപുലമായ ഐക്യത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. നവലിബറല്‍ നയങ്ങളിലൂടെ ആഗോള ധനമുതലാളിത്തം നടത്തുന്ന ചൂഷണത്തെ കാണാത്ത സ്വത്വരാഷ്ട്രീയം ഇവര്‍ക്ക് പ്രിയപ്പെട്ടതായിത്തീരുന്നു. ഈ മേഖലയില്‍ പാര്‍ടി എടുക്കേണ്ട സമീപനത്തെ സംബന്ധിച്ച് 19-ാം പാര്‍ടി കോണ്‍ഗ്രസ് ജാതി സ്വത്വരാഷ്ട്രീയത്തെ വിശകലനം ചെയ്യുമ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്."ജാതിസ്വത്വത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ ധ്രുവീകരണം വളര്‍ന്നു വരുന്നതുമൂലം ഗുരുതരമായ ഒരു വെല്ലുവിളി ഇന്ന് ഉയര്‍ന്നുവരുന്നുണ്ട്. കൂടുതല്‍ കൂടുതല്‍ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികള്‍ ജാതി സ്വത്വത്തില്‍നിന്ന് നേട്ടമുണ്ടാക്കാനും ജാതികൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കാനും ശ്രമം നടത്തുകയാണ്. എല്ലാ സമുദായങ്ങളിലുംപെട്ട മര്‍ദിത വിഭാഗങ്ങളുടെ അതിവിശാലമായ വേദിയും ഇടതുപക്ഷജനാധിപത്യവേദിയും കെട്ടിപ്പടുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പാര്‍ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും ജാതി അടിസ്ഥാനത്തിലുള്ള ഈ അണിനിരത്തലുകള്‍ ഗൌരവമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ദളിതരുടെയും വിവിധ പിന്നോക്ക വിഭാഗങ്ങളുടെയും നിത്യജീവിതത്തിന്റെയും സാമൂഹിക അടിച്ചമര്‍ത്തലിന്റെയും പ്രശ്നങ്ങള്‍ പാര്‍ടി സമൂര്‍ത്തമായി ഏറ്റെടുക്കണം. വര്‍ഗപരമായ പ്രശ്നങ്ങളും സാമൂഹികമായ പ്രശ്നങ്ങളും ഒന്നിച്ച് ഏറ്റെടുക്കുന്നതുമൂലം ജാതിപരമായ ശിഥിലീകരണത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെ നമുക്ക് നേരിടാനാകും.''അതുകൊണ്ടുതന്നെ ജാതീയമായ അടിച്ചമര്‍ത്തല്‍ മാത്രമല്ല, ദളിതരും പിന്നോക്കക്കാരും അനുഭവിക്കുന്ന ജാതീയ വിവേചനം, ഗോത്രവര്‍ഗ ജനത അനുഭവിക്കുന്ന അടിച്ചമര്‍ത്തല്‍, ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന വിവേചനം ഇവയൊക്കെ പാര്‍ടി നേരിട്ട് ഏറ്റെടുക്കണം. ഇത്തരം പ്രശ്നങ്ങളെ വര്‍ഗസമരവുമായി കണ്ണിചേര്‍ക്കുക വഴി ജനാധിപത്യ പ്രസ്ഥാനത്തിന്റെ വിശാലവേദി രൂപപ്പെടുത്താനും അതുവഴി സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കാനുമുള്ള പശ്ചാത്തലവും ഇതിലൂടെ രൂപപ്പെടും. കേരളത്തില്‍ ആദിവാസി മേഖലയില്‍ രൂപപ്പെട്ടുവന്ന സ്വത്വരാഷ്ട്രീയത്തിന്റെ പ്രശ്നത്തെ അതിജീവിക്കുന്നതിന് എടുത്ത നടപടികള്‍ ശ്രദ്ധേയമാണ്. എകെഎസിന്റെ രൂപീകരണത്തിലൂടെ ഈ മേഖലയിലെ സ്വത്വരാഷ്ട്രീയക്കാരുടെ പിടി അയക്കുന്നതിനും അവരുടെ സവിശേഷ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിനും അവരെ പൊതുസമരത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനും കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യ അവശതകള്‍ ഏറ്റെടുക്കുന്നിടത്ത് സ്വത്വരാഷ്ട്രീയം പിറകോട്ടുപോകും എന്നതിന്റെ ഉദാഹരണമാണ് ഇത്.സ്വത്വരാഷ്ട്രീയം പ്രചരിപ്പിക്കുന്ന സംഘടനകളുടെ മുഖ്യോപാധിയായി എന്‍ജിഒകള്‍ മാറിയിട്ടുണ്ട്. പൊതു പ്രസ്ഥാനങ്ങളെ തകര്‍ത്തും ഇടതു പാര്‍ടികള്‍ അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് എതിര്‍പ്പ് വളര്‍ത്തിക്കൊണ്ടും ബഹുജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിച്ചും എന്‍ജിഒകള്‍ നടത്തുന്ന പ്രവര്‍ത്തനത്തെ ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഇതു സംബന്ധിച്ച് 19-ാം പാര്‍ടി കോണ്‍ഗ്രസ് എടുത്ത നിലപാട് പ്രസക്തമാണ്."വിദേശ സാമ്പത്തിക സഹായം പറ്റുന്ന എന്‍.ജി.ഒകളുടെ എണ്ണം നിരന്തരം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ എന്‍.ജി.ഒകളില്‍ പലതും രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെടുകയും ഇടതുപക്ഷ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. സംഘടിത ഇടതുപക്ഷത്തോടും വിശിഷ്യാ സി.പി.ഐ (എം) നോടുമുള്ള അവരുടെ പ്രത്യയശാസ്ത്രപരമായ എതിര്‍പ്പില്‍നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ഇത്തരത്തില്‍ സാമ്പത്തിക സഹായം കൈപ്പറ്റുന്ന സംഘടനകളുടെ സ്പോസര്‍മാര്‍ക്കിടയില്‍ സാമ്രാജ്യത്വ ഏജന്‍സികളുമുണ്ട്. ആര്‍.എസ്.എസിന്റെയും മറ്റ് മൌലികവാദ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി എന്‍.ജി.ഒകള്‍ വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം കൈപ്പറ്റുന്നവയാണ്. ചില തീവ്രഇടതുപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന പൌരാവകാശ-മനുഷ്യാവകാശ സംഘടനകള്‍ക്കും വിദേശ ബന്ധങ്ങളുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സാമൂഹിക പ്രസ്ഥാനങ്ങള്‍ (സോഷ്യല്‍ മൂവ്മെന്റ്) എന്ന് വിളിക്കപ്പെടുന്നവര്‍ക്കും എന്‍.ജി.ഒമാര്‍ക്കും വിദേശ സാമ്പത്തിക സഹായം ലഭിക്കുന്നത് നിരോധിക്കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തണം. വിദേശ സാമ്പത്തിക സഹായം ഉപയോഗിച്ച് ജനങ്ങളെ സംഘടിപ്പിക്കുന്ന എന്‍.ജി.ഒകളുടെ പങ്ക് തുറന്നു കാട്ടപ്പെടണം. ജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിക്കാന്‍ പരിശ്രമിക്കുകയും ഇടതുപക്ഷ വിരുദ്ധ നിലപാട് കൈക്കൊള്ളുകയും ചെയ്യുന്ന എന്‍.ജി.ഒകളുടെ പ്രവര്‍ത്തനത്തെ പാര്‍ടി എതിര്‍ക്കണം.''എന്നാല്‍, ഏതെങ്കിലും ഘട്ടങ്ങളില്‍ ഇവരുമായി യോജിച്ച് പ്രവര്‍ത്തിക്കേണ്ടിവന്നാല്‍ അവരുടെ വിഭാഗീയവും വിഘടനാത്മകവുമായ സമീപനം പൊതുവേദിയില്‍ ഉയര്‍ത്തപ്പെടരുത് എന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന നിലപാടും പാര്‍ടി കോഗ്രസ് മുന്നോട്ടുവച്ചിരുന്നു. നാം പൊതുവേദിയുമായി ബന്ധപ്പെടുമ്പോള്‍ ഇത്തരത്തിലുള്ള സമീപനങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല എന്ന് ചൂണ്ടിക്കാണിച്ചിരുന്നു.ഈ പശ്ചാത്തലത്തില്‍ രണ്ടു കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി, വര്‍ഗാടിസ്ഥാനത്തിലുള്ള പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനായി സാമ്പത്തിക വിഷയങ്ങള്‍മാത്രം ഏറ്റെടുത്ത് സാമൂഹ്യപ്രശ്നങ്ങള്‍ അവഗണിക്കുന്ന പ്രവണതയെ നാം നിരുത്സാഹപ്പെടുത്തണം. തൊഴിലാളിവര്‍ഗത്തില്‍പ്പെട്ട ചില വിഭാഗം അനുഭവിക്കുന്ന അടിച്ചമര്‍ത്തലും വിവേചനവും ഏറ്റെടുക്കാതെ തൊഴിലാളിവര്‍ഗ ഐക്യവും വര്‍ഗസമരവും മുന്നോട്ടുകൊണ്ടുപോകാനാവില്ല. അതോടൊപ്പംതന്നെ സ്വത്വരാഷ്ട്രീയത്തിന്റെ വാലായി അതിന്റെ പിറകില്‍ പോകുന്ന പ്രവണതയും ഒരിക്കലും ഉണ്ടാകാനും പാടില്ല. അതിനായി സ്വത്വരാഷ്ട്രീയത്തിന്റെ പരിമിതിയെ സംബന്ധിച്ച് ജനങ്ങളെ നിരന്തരം ബോധ്യപ്പെടുത്തേണ്ടതുണ്ട്.അതോടൊപ്പം ഇത്തരം ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിന് പ്രത്യേക വേദികളും സംഘങ്ങളും രൂപീകരിച്ച് അവരില്‍ എത്തുന്നതിനുള്ള നിലപാടും സ്വീകരിക്കേണ്ടതുണ്ട്. ആദിവാസി ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എകെഎസ് രൂപീകരിച്ചുകൊണ്ട് നടത്തിയ പ്രവര്‍ത്തനം ഈ രംഗത്ത് നമുക്ക് പുതിയ അനുഭവമാണ്. ആ മേഖലയിലെ സ്വത്വരാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനും വിശാലപ്രസ്ഥാനത്തിന്റെ ഭാഗമായി അവരെ അണിനിരത്താനും അവരുടെ ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഈ സമീപനം സഹായകമായി എന്ന് കാണാനാകും.സാമ്രാജ്യത്വത്തിന്റെ കടന്നുവരവ് പല വിധത്തിലാണ് രൂപപ്പെട്ടുവന്നുകൊണ്ടിരിക്കുന്നത്. മാരീചന്റെ പൊന്മാനിനെപ്പോലെ അത് ജനങ്ങളെ ആകര്‍ഷിച്ച് വര്‍ഗപരമായ കാഴ്ചപ്പാടില്‍നിന്ന് അകറ്റിക്കൊണ്ടുപോവുകയാണ്. സ്വത്വരാഷ്ട്രീയംതന്നെയാണ് വര്‍ഗസമരം എന്ന് കരുതിയിരിക്കുന്ന സൈദ്ധാന്തിക ദുര്‍ബലതയും സമൂഹത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ ദൌര്‍ബല്യത്തെ തിരുത്തിക്കൊണ്ട് വര്‍ഗസമര പാതയിലൂടെ മുന്നോട്ട് പോവുക എന്നത് പ്രധാനമാണ്. ആഗോള മൂലധനശക്തികള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ സ്വത്വരാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിനും നിര്‍ണ്ണായകസ്ഥാനമുണ്ട്.
*എം വി ഗോവിന്ദന്‍

23 March, 2010

സ്ളാവോയ് ഷീഷെക്കും നടന്‍ ശ്രീനിവാസനും തമ്മിലെന്ത് ?

മാര്‍ക്സിസത്തെ തന്റെ വിശകലനവൈഭവംകൊണ്ട് വിഭജിക്കുന്നതില്‍ സ്ളാവോയ് ഷീഷെക് വിജയിക്കുന്നിടത്താണ് അദ്ദേഹം ഒരു ചിന്തകനെന്ന നിലയില്‍ സാര്‍വലൌകികത നേടുന്നത്. മാര്‍ക്സിനെ 'ചരക്കുകളുടെ കവി' (Poet of Commodities) എന്നു പ്രകീര്‍ത്തിച്ചുകൊണ്ട് മാര്‍ക്സിസത്തെ അദ്ദേഹം പ്രധാനമായും ഒരു സാമ്പത്തിക സിദ്ധാന്തമാക്കി ചുരുക്കുന്നു. മാര്‍ക്സിന്റെ സാമ്പത്തിക സിദ്ധാന്തങ്ങളും (മിച്ചമൂല്യ സിദ്ധാന്തം, ചരക്ക് അഭിനിവേശം) ദര്‍ശനവും (വൈരുധ്യാത്മക ഭൌതികവാദം) വിഭിന്ന വഴികളിലൂടെ സഞ്ചരിച്ച് അവിഭക്തമായ ഒരു ലക്ഷ്യം കൈവരിക്കുന്നതിനെക്കുറിച്ച് ഫ്രെഡറിക് ജെയിംസണ്‍ നിരീക്ഷിക്കുന്നുണ്ട്. സാമ്പത്തിക സിദ്ധാന്തത്തില്‍ സാമൂഹികദര്‍ശനവും ദര്‍ശനത്തില്‍ വര്‍ഗസമരവീക്ഷണത്തെ സാധൂകരിക്കുന്ന വൈരുധ്യാത്മകതയും ലീനമായിരിക്കുന്നുവെന്ന യാഥാര്‍ഥ്യമാണ് ജെയിംസണ്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഷീഷെക്, മാര്‍ക്സിന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള ആനുഷംഗികമായ പരാമര്‍ശങ്ങളെ, ജ്ഞാനസിദ്ധാന്തപരമായി നിര്‍ധാരണം ചെയ്തുകൊണ്ട്, അവയുടെ സാമൂഹികശാസ്ത്രപരവും രാഷ്ട്രവ്യവഹാരപരവുമായ ഉള്ളടക്കങ്ങളെ നിരാകരിക്കുന്നു.

'For each new class which puts itself in the place of one ruling before it, is compelled, merely in order to carry through its aim, to represent its interest as the common interest of all the member of society, that is, expressed in ideal form: it has to give its ideas the form of universality and represent them as the only rational. universally valid ones.'.'

(The German Ideology, Marx, Engels)

പഴയ ഭരണകൂടങ്ങളെ പിന്‍തുടര്‍ന്നു വരുന്ന പുതിയ ഭരണകൂടങ്ങളോരോന്നും പഴയതിന്റെ പ്രത്യയശാസ്ത്രരൂപങ്ങളെ സാര്‍വജനീന സ്വഭാവമാര്‍ന്നതും ഏറ്റവും സയുക്തികവുമായ ആശയങ്ങളെന്ന നിലയില്‍ പിന്തുടരുന്നുവെന്നാണ് മാര്‍ക്സും എം ഗല്‍സും നിരീക്ഷിക്കുന്നത്. തൊഴിലാളിവര്‍ഗത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പ് ലോകത്തില്‍ നിലനിന്ന പ്രത്യയശാസ്ത്രരൂപങ്ങളെയാണ് മാര്‍ക്സും എംഗല്‍സും വിശകലന വിധേയമാക്കുന്നത്. യഥാര്‍ഥത്തില്‍ ഘടനാവാദിയായ അല്‍ത്തൂസറും ഘടനാനന്തര ചിന്തകനായ ജെയിംസണും മറ്റു മാര്‍ക്സിസ്റ്റ് ചിന്തകരായ ടെറി ഈഗിള്‍ട്ടണ്‍, അന്റോണിയോ ഗ്രാംഷി എന്നിവരും പ്രത്യയശാസ്ത്രത്തിനു നല്‍കിയ വിഭിന്ന രീതിയിലുള്ള ഭാഷ്യങ്ങള്‍ തമ്മില്‍ അടിസ്ഥാന വൈരുധ്യമില്ലെന്ന് മനസ്സിലാക്കാവുന്നതാണ്. യഥാര്‍ഥമായ ലോകത്തെ അയഥാര്‍ഥമായ ഒരു പ്രത്യയശാസ്ത്ര ഭ്രമകല്‍പ്പന (Unreal Ideological Fantasy) യായിട്ടാണ് ഷീഷെകും സ്വീകരിക്കുന്നത്. 'വിശ്വാസത്തിനു മുമ്പുള്ള വിശ്വാസം' (belief before belief - അല്‍ത്തൂസര്‍) എന്ന പരികല്‍പ്പനയില്‍ അടങ്ങിയിരിക്കുന്ന അബോധധാരണകളെ ഫ്രോയിഡിയന്‍ തലത്തില്‍നിന്നു വീക്ഷിക്കുന്ന ലകന്റെ കാഴ്ചപ്പാടും അടിസ്ഥാനപരമായി വൈരുധ്യമുള്ളതല്ല. വിശ്വാസത്തെ അന്ധമായും (irrational) അറിവിനെ സയുക്തികമായും വേര്‍തിരിക്കുന്ന യാന്ത്രികഭൌതികവാദത്തെ ശക്തമായി ആക്രമിക്കാന്‍ ഷീഷെക്, ലകനെ കൂട്ടുപിടിക്കുന്നുണ്ട്.

ഒരു നിര്‍ദിഷ്ട സമൂഹത്തില്‍ വ്യക്തികള്‍ തമ്മില്‍ നിലനിര്‍ത്തുന്ന ബന്ധങ്ങളിലെ നിഗൂഢാത്മകമായ ബന്ധങ്ങളെക്കുറിച്ച് മാര്‍ക്സ് വിശകലനം ചെയ്യുന്നുണ്ട്. മൂലധനം ഒന്നാം വോള്യത്തില്‍ (1867) ഒന്നാമധ്യായത്തില്‍ തന്നെ മാര്‍ ക്സ് എഴുതുന്നു;

"A commodity is therefore a mysterious thing, simply because in it the social character of men’s labour appears to them as an objective character stamped upon the product of that labour; because the relation of the producers to the sum total of their own labour is presented to them as a social relation existing not between themselves, but between the products of their labour. This is the reason the products of labour become commodities, social things whose qualities are at the same time perceptible and imperceptible by the senses ... It is only a definite social relation between men that assumes, in their eyes, the fantastic form of a relation between things.”

(ലിങ്ക് )

ക്ളാസിക്കല്‍ മുതലാളിത്തം ചരക്കുകള്‍ക്ക് നിഗൂഢവും പ്രഹേളികാത്മകവുമായ (mysterious and enigmatic) പരിവേഷം ആരോപിക്കുന്നു. ഫ്രോയ്ഡ് സ്വപ്നത്തെ വ്യാഖ്യാനിക്കുന്നതിനു മുമ്പ് (Interpretation of Dreams) സ്വപ്നമെന്നത് എത്രത്തോളം നിഗൂഢമായിരുന്നോ അതുപോലെയാണ് ചരക്കുകളെ സമൂഹം മനസ്സിലാക്കിയിരുന്നത്. മുതലാളിത്ത സമൂഹം ചരക്കുകളോട് അഭിനിവേശം പുലര്‍ത്തുന്നു. അതിന്റെ മൂല്യം നിര്‍ണയിക്കപ്പെടുന്നത് തൊഴിലാളികളുടെ അധ്വാനശക്തിയാല്‍ ആണെന്നുള്ള യാഥാര്‍ഥ്യം തിരിച്ചറിയപ്പെടുന്നില്ല. ചരക്കിന്റെ ഭൌതികപരതയെ നിഷേധിച്ച് അതിന് അഭൌമമായ ഒരു പരിവേഷം കല്‍പ്പിക്കപ്പെടുന്നു.

ഉദാഹരണമായി പണ (Money) ത്തെയെടുക്കാം. മുതലാളിത്ത സമൂഹത്തിലെ ഏറ്റവും 'ദിവ്യത്വമാര്‍ന്ന ചരക്കാണ്' (Sublime Commodity) പണം. അത് സാമൂഹികമായി വിനിമയം ചെയ്യപ്പെടേണ്ട ഒരു വസ്തുവാണെന്നും മറ്റേതു ചരക്കിനെപ്പോലെയും അത് തേയ്മാനം സംഭവിച്ചാല്‍ ഉപയോഗ ശൂന്യമാവുമെന്നും മാത്രമല്ല ഒരു നിശ്ചിതകാലഘട്ടം കഴിഞ്ഞാല്‍ ഒരു നിര്‍ദിഷ്ട നാണയം/കറന്‍സി കാലഹരണപ്പെടുമെന്നുമുള്ള ധാരണയല്ല സമൂഹത്തിനുള്ളത്. ഈ ഒരു അറിവ് ഉള്‍ക്കൊണ്ടു കഴിഞ്ഞാല്‍ പോലും അറിവിനതീതമായ ഒരു അറിവ്/ചിന്ത/അബോധധാരണ സമൂഹം നിലനിര്‍ത്തുന്നു. സിനിമയിലെ താരം ഒരു യഥാര്‍ഥ മനുഷ്യനാണെന്നും അയാളുടെ/അവളുടെ പ്രകടനം അഭിനയം മാത്രമാണെന്നും നമുക്ക് അറിയാമെങ്കിലും, നാം അവരെ ആരാധിക്കുന്നു (താരാരാധന). മുസ്ളിങ്ങളെല്ലാം തന്നെ മറ്റു ജനവിഭാഗങ്ങളെപ്പോലെയുള്ളവരാണെന്ന് നമുക്കറിയാമെങ്കിലും നാം അവരില്‍ 'ഭീകരത' ആരോപിക്കുന്നു. അല്ലെങ്കില്‍ ഭരണകൂടം/ഹിന്ദുത്വം ഭീകരത ആരോപിക്കുമ്പോള്‍ അതിനെ, 'അബോധപൂര്‍വ'മായി പിന്തുണയ്ക്കുന്നു. ഈ unconscious സമൂഹത്തിന്റെ രാഷ്ട്രീയ മനസ്സില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അമേരിക്കന്‍ മാര്‍ക്സിസ്റ്റ് ചിന്തകനായ ഫ്രെഡ്രിക് ജെയിംസണ്‍ തന്റെ Political Unconscious എന്ന പരികല്‍പ്പനയിലൂടെ വികസിപ്പിക്കുന്നുണ്ട്.

ഈ അവബോധത്തെ ഷീഷെ ക് ഇങ്ങനെ നിര്‍വചിക്കുന്നു. The form of thoughts whose ontological status is not that of thoughts.... ( The Sublime Object of Ideology Slavoj Zizek page: 19) പണം വെറും പണമാണെന്ന് നാം മനസ്സിലാക്കിയാല്‍ പോലും 'പണത്തിനുള്ളില്‍ മറ്റൊരു പണം' നാം കാണുന്നു. പണത്തിന്റെ 'പ്രതീകസംബന്ധമായ ക്രമം' (Symbolic Order) എന്നത് നമ്മുടെ ബോധമനസ്സിന് എളുപ്പത്തില്‍ മറികടക്കാവുന്നതല്ല. അത്രമേല്‍ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞതാണത്. മുതലാളിത്തവും താരാരാധനയും ആള്‍ദൈവ/ദൈവസങ്കല്‍പ്പവും സാധ്യമാക്കിത്തീര്‍ക്കുന്ന ഈ പ്രതീക വ്യവസ്ഥയാണ് പ്രത്യയശാസ്ത്രം എന്നത്. അത് കേവലം പ്രതീകവ്യവസ്ഥയല്ല. യഥാര്‍ഥവിഷയവും (Real Object) അറിവിന്റെ വിഷയവും (Object of Knowledge) തമ്മിലുള്ള വ്യത്യാസത്തെ വിശദീകരിച്ചുകൊണ്ട് അല്‍ത്തൂസര്‍ വെളിപ്പെടുത്തുന്നതും മറ്റൊന്നല്ല. എന്നാല്‍ ഘടനാവാദി (Structuralist) എന്ന് വിശേഷിപ്പിച്ചുകൊണ്ട് അല്‍ത്തൂസര്‍ വികസിപ്പിച്ച 'മാര്‍ക്സിയന്‍ പ്രത്യയശാസ്ത്ര' സങ്കല്‍പ്പനത്തെ നിഷേധിക്കുകയാണ് ഷീഷെക് ചെയ്യുന്നത്. ഒരു വസ്തുവിനെക്കുറിച്ച് നാം നിലനിര്‍ത്തുന്ന അമൂര്‍ത്ത ധാരണകള്‍ പ്രത്യയശാസ്ത്രത്തിനകത്താണ് പ്രവര്‍ത്തിക്കുന്നത്. ജ്ഞാനസിദ്ധാന്തപരമായ വിഭ്രമ (Epistemological Confusion ) ത്തിന്റെ പ്രകാശനമായ യഥാര്‍ഥ അമൂര്‍ത്തവല്‍ക്കരണം (Expression of Real Abstraction) ആണിതെന്ന് സോഹന്‍ റെഥല്‍ (Alfred Sohn-Rethel) സമര്‍ഥിക്കുന്നത്, ഷീഷെക് ഉദ്ധരിക്കുന്നുണ്ട്. ഷീഷെക് തന്റെ പാണ്ഡിത്യപരമായ ഭാഷയില്‍ ക്ളിഷ്ടമായി അവതരിപ്പിക്കുന്ന മാര്‍ക്സിസ്റ്റ് - ലകനിയന്‍ സിദ്ധാന്തങ്ങളുടെ ഉന്നം എന്താണ്? അത് വളരെ വ്യക്തമാണ്. വിശകലനാത്മക മാര്‍ക്സിസ (Analytical Marxism) ത്തിന്റെ ചുവടുപിടിച്ച്, ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഈ ചിന്തകന്‍ മാര്‍ക്സിന്റെ 'പ്രത്യയശാസ്ത്ര വിശകലനം' തെറ്റാണെന്ന് സ്ഥാപിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ പ്രകടമായും പ്രദാനം ചെയ്യുന്നത് 'ചരക്ക് അഭിനിവേശം' എന്ന സങ്കല്‍പ്പമാണ് ഇന്ന് നിലനില്‍ക്കുന്ന പ്രത്യയശാസ്ത്ര സങ്കല്‍പ്പനത്തിന്റെ അടിത്തറയെന്നതാണ്. ഷീഷെക് പറയുന്നു;

'Ideology is not simply a ‘false consciousness’, an illusory representation of reality, it is rather this reality itself which is already to be conceded as ideological' (പ്രത്യയശാസ്ത്രമെന്നത് കേവലം തെറ്റായബോധമോ യാഥാര്‍ഥ്യത്തിന്റെ മിഥ്യാപരമായ പ്രതിനിധാനമോ അല്ല. മറിച്ച് ഈ യാഥാര്‍ഥ്യം തന്നെ പ്രത്യയശാസ്ത്രപരമായ ഒന്നായി മനസ്സിലാക്കേണ്ടതാണ്.)

സ്ളാവോജ് ഷീഷെക് മാര്‍ക്സിസത്തിന്റെ ഏറ്റവും വികസിച്ച ചിന്താരൂപമായി കാണുന്നത് ലകന്റെ ആശയങ്ങളെയാണ്. ഹെഗലിന്റെ വൈരുധ്യവാദത്തെയും ലകാനിന്റെ ആശയങ്ങളെയും അന്ധമായി ആരാധിക്കുന്ന ഷീഷെക് യഥാര്‍ഥത്തില്‍ ആശയവാദത്തിന്റെ കെണിയില്‍പ്പെടുന്നത് അദ്ദേഹത്തിന് സ്വയം അറിയാന്‍ കഴിയാത്ത വിധം പ്രത്യയശാസ്ത്രം അദ്ദേഹത്തെ രൂപപ്പെടുത്തുന്നുണ്ട്.

ലകന്‍ യാഥാര്‍ഥ്യത്തെ നിര്‍വചിക്കുന്നത് കണ്ടാല്‍ ഇത് കൂടുതല്‍ സ്പഷ്ടമാവും. ലകന്‍ യാഥാര്‍ ഥ്യത്തെ കാണുന്നത് ഷീഷെക് വിവരിക്കുന്നു:

'This problem must be approached from the Lacanian thesis that it is only in the dream that we come close to the real awakening that is, to the Real of our desire. When Lacan say that the last support of what we call ‘reality’ is a fantasy.’’

ഫ്രോയ്ഡ് 'സ്വപ്നങ്ങളുടെ വ്യാഖ്യാനം'എന്ന കൃതിയില്‍ സ്വപ്നങ്ങള്‍ക്ക് നിദാനമായ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളെക്കുറിച്ചും അത്തരം വികാരങ്ങള്‍ക്ക് സ്വപ്നരൂപവല്‍ക്കരണത്തിലുള്ള പങ്കിനെക്കുറിച്ചും വിശദമാക്കുന്നുണ്ട്. ആശയവാദ സ്വാധീനത്തിലകപ്പെട്ട ലകന്‍, മാര്‍ക്സിയന്‍ പ്രപഞ്ചവീക്ഷണത്തെ ഫ്രോയ്ഡിയന്‍ പരികല്‍പ്പനകളുമായി അസാന്ദര്‍ഭികമായി സമീകരിക്കുകയാണ്.

പ്രത്യയശാസ്ത്രത്തെക്കുറിച്ച് ഘടനാപരമായ വിമര്‍ശനങ്ങള്‍ മാര്‍ക്സ് നടത്തുന്നില്ലെങ്കിലും ഷീഷെക് വിശദീകരിക്കുന്ന പ്രത്യയശാസ്ത്ര സങ്കല്പനങ്ങള്‍ക്ക് വൈരുധ്യാത്മകമായ മാനം നല്‍കുന്നത് മാര്‍ക്സ് ആണ്. എന്നാല്‍ തനിക്കുമുമ്പ് ലോകത്തില്‍ ദൃഢീകരിക്കപ്പെട്ട ആശയവാദത്തോടേറ്റുമുട്ടുന്നതിന്റെ അഭേദ്യഭാഗമായി മാര്‍ക്സ് ആശയങ്ങളെയും ഭൌതിക പ്രവര്‍ത്തനങ്ങളെയും അവിഭാജ്യമായി കണ്ടുകൊണ്ട് ഭൌതികപ്രവര്‍ത്തനങ്ങളുടെ പ്രാഥമികത്വവും പ്രാധാന്യവും സ്ഥാപിച്ചു. അതിനര്‍ഥം ഭൌതികപ്രവര്‍ത്തനങ്ങളുടെ കേവലമായ പ്രതിഫലനങ്ങളാണ് ആശയങ്ങള്‍ എന്നല്ല. ടെറി ഈഗിള്‍ടണ്‍ തന്റെ പ്രസിദ്ധമായ 'പ്രത്യയശാസ്ത്രം ഒരു മുഖവുര' (Ideology an introduction by Terry Eagleton) എന്ന ഗ്രന്ഥത്തില്‍ പറയുന്നു.

On the one hand, there is a general materialist thesis that ideas and the material activity are inseparably bound up together, as against the idealist tendency to isolate and privilege the former. On the other hand, there is the historical materialist argument that certain historically specific forms of consciousness become separated out from productive activity.(Page 74)

ഹെഗലിന്റെ പ്രസിദ്ധമായ 'ശാസ്ത്രത്തിന്റെ വിചിന്തനം' (The Science of Logic) എന്ന ഗ്രന്ഥത്തെ വിശകലനം ചെയ്തുകൊണ്ട്, ലെനിന്‍ നടത്തിയ പഠനത്തില്‍, അനിവാര്യതയെയും യാദൃച്ഛികതയെയും (Necessity and accidentality) വിശകലനം ചെയ്യുന്ന കാര്യത്തില്‍ ഹെഗല്‍, ഭൌതികവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ലെനിന്‍ പരാമര്‍ശിക്കുകയുണ്ടായി. മാര്‍ക്സോ, എംഗല്‍സോ, ലെനിനോ ഏതെങ്കിലും ഒരു ചിന്തകനെയോ ചിന്തയെയോ അതിന്റെ സമഗ്രതയില്‍ വിശകലനം ചെയ്യാതെ അന്ധമായി സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. ചരിത്രപരമായ ഭൌതികവാദത്തിന്റെ തലത്തില്‍ നിന്നു വിശകലനം ചെയ്യുമ്പോള്‍ ഭൌതികതയില്‍നിന്നു 'വേറിട്ടു' നില്‍ക്കുന്ന ചില ആശയങ്ങള്‍ക്ക് ഭൌതികതയെ രൂപപ്പെടുത്തുന്നതിലുള്ള പ്രാഥമികത്വവും പ്രാമുഖ്യവും മാര്‍ക്സ് മനസ്സിലാക്കിയിരിക്കുന്നുവെന്നാണ് ടെറി ഈഗിള്‍ടണ്‍ നിരീക്ഷിക്കുന്നത്. മാര്‍ക്സോ എംഗല്‍സോ ആശയങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും ഭൌതികങ്ങളുടെ കേവല പ്രതിഫലനങ്ങളായി കാണുന്ന വഷളന്‍ ഭൌതികവാദികളാ (Vulgar materialists) യിരുന്നില്ല. എന്നാല്‍ ഷീഷെക്, മാര്‍ക്സില്‍ കേവല യാന്ത്രികവാദം ആരോപിച്ച്, ഹെഗലിന്റെ തലതിരിഞ്ഞ പ്രപഞ്ചദര്‍ശനത്തിലേക്ക് മാര്‍ക്സിനെ വലിച്ചിഴയ്ക്കാന്‍ ലകന്‍ ഉന്നയിച്ച വൈരുധ്യവാദത്തിന്റെ ആവരണമിട്ട കടുത്ത ആശയവാദത്തെ ഉപയോഗപ്പെടുത്തുകയാണ്.

ഈഗിള്‍ടണ്‍ തുടരുന്നു:

'....as Marx and Engels in other mood well knew, is that not all ideology is idealist. Marx certainly regarded Hobbes, Condillac and Bentham as full blooded ideologists, yet all three are in some sense materialists.' (Ideology: An Introduction, page 78)

യാന്ത്രികഭൌതികവാദികളും വഷളന്‍ സാമ്പത്തികമാത്രവാദികളും വികലമാക്കിയ പ്രത്യയശാസ്ത്രസങ്കല്‍പ്പനമനുസരിച്ച്, പ്രത്യയശാസ്ത്രമെന്നാല്‍, 'തെറ്റായ ബോധ' (False consciousness) മാണ്. എന്നാല്‍ 'ജര്‍മന്‍ പ്രത്യയശാസ്ത്ര'ത്തില്‍ മാര്‍ക്സ്, പ്രത്യയശാസ്ത്രത്തെക്കുറിച്ച് പറയുന്നത് ഇവരാരുംതന്നെ കാണുന്നില്ല.

The ruling ideas are nothing more than the ideal expression of the dominant material relationships, the dominant material relationships grasped as ideas; ...

പ്രത്യയശാസ്ത്രതലത്തില്‍ നിലനില്‍ക്കുന്ന അധിനിവേശിതമായ ഭൌതികബന്ധങ്ങളുടെ പ്രകാശനത്തെയാണ് മാര്‍ക്സ് ഇവിടെ ഊന്നിപ്പറയുന്നത്. ഗ്രാംഷി തന്റെ 'ഹെജിമനിക് ഐഡിയോളജി' എന്ന സങ്കല്‍പ്പനം വികസിപ്പിക്കുന്നത് ഈ മാര്‍ക്സിയന്‍ പരികല്‍പ്പനയില്‍ നിന്നുകൊണ്ടാണ്.

വളരെ കൌശലപൂര്‍വം ഷീഷെക്, അന്റോണിയോ ഗ്രാംഷിയെ തന്റെ പ്രത്യയശാസ്ത്രസങ്കല്‍പ്പനങ്ങളില്‍ നിന്നൊഴിവാക്കിയതിന്റെ രഹസ്യം സ്പഷ്ടമാണല്ലോ. ഗ്രാംഷി പ്രത്യയശാസ്ത്രം എന്ന വാക്കിനുപകരം ഹെജിമനി എന്ന വാക്കാണുപയോഗിച്ചത്. ഇതനുസരിച്ച് മുതലാളിത്ത ഭരണകൂടം 'സമ്മതം' (consent) 'ബലപ്രയോഗം' (Coercion) എന്നീ മാര്‍ഗങ്ങളിലൂടെ ഒരു വിപുലമായ പൌരസമൂഹത്തെ രൂപപ്പെടുത്തി പ്രത്യയശാസ്ത്രത്തെ ശക്തവും സര്‍വവ്യാപിയുമായ അധിനിവേശ ഉപകരണമാക്കി മാറ്റുന്നു. പ്രത്യക്ഷമായ സൈനിക-മര്‍ദന നടപടികള്‍ക്കുപകരം കോടതികള്‍, നിയമങ്ങള്‍ തുങ്ങിയവയുടെ ഹിംസകള്‍ക്ക് സാധൂകരണം നല്‍കുന്നു. ഒരു വിഭാഗം സമ്പന്ന മധ്യവര്‍ഗത്തെ രൂപപ്പെടുത്തുന്നു. അനാഥാലയങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, ബോയ്സ്കൌട്ട് പ്രസ്ഥാനങ്ങള്‍, കുടുംബം, തുടങ്ങിയവയെയെല്ലാം വിപുലമായ മര്‍ദന പ്രത്യയശാസ്ത്ര ഉപകരണങ്ങളാക്കി മാറ്റുന്നു. കോടതികളെയും നിയമങ്ങളെയും ഉപയോഗിച്ച് ഭരണകൂടം നടത്തുന്ന 'ഹിംസയുടെ സാധൂകരണം' (Legitimating violence) ആണ് ഹെജിമനിക് ഐഡിയോളജി. ഇന്ന് ഇന്ത്യയില്‍ നടത്തുന്നത്. ഇങ്ങനെ രൂപപ്പെടുന്നതാണ് നിയമവാദം.

കോടതികള്‍ക്കും നിയമങ്ങള്‍ക്കും മുമ്പില്‍ വിശുദ്ധരാവുന്നവര്‍ക്കുമാത്രമേ മുതലാളിത്തത്തോട് ഏറ്റുമുട്ടാന്‍ ധാര്‍മികമായ അവകാശമുള്ളൂ. ഇതനുസരിച്ചാണ് മുതലാളിത്തത്തിനെതിരായ രാഷ്ട്രീയത്തെക്കാള്‍ 'അഴിമതിക്കെതിരായ രാഷ്ട്രീയം' എന്ന വ്യാജനിര്‍മിതിയുണ്ടാവുന്നത്. 'തീവ്രവാദ'ത്തെ സൃഷ്ടിച്ചും 'തീവ്രവാദ'ത്തെ എതിര്‍ത്തും ഭരണകൂടം 'ഹിംസയുടെ സാധൂകരണം' സ്ഥാപിക്കുന്നു. ഇങ്ങനെ സങ്കീര്‍ണമായ ബലതന്ത്രങ്ങളിലൂടെയാണ് ഭരണകൂടം ഹെജിമനി സ്ഥാപിക്കുന്നത്. ഇതിന്റെ പ്രാധാന്യം ലെനിന്‍ മുന്‍കൂട്ടി കണ്ടിരുന്നു. 1918-ല്‍ മോസ്കോയില്‍ നടന്ന ട്രേഡ് യൂണിയന്‍ സമ്മേളനത്തില്‍ ലെനിന്‍ നടത്തിയ പ്രസംഗത്തില്‍ ഇങ്ങനെപറഞ്ഞു.

'The whole difficulty of the Russian revolution is that it was much easier for the Russian revolutionary working class to start than it for the west European classes, but it is much more difficult for us to continue. It is more difficult to start a revolution in west European countries because there the revolutionary proletariat is opposed the higher thinking that come with culture, while the working class is in a state of cultural slavery.'' (Lenin collected works vol 27 page: 464)

തൊഴിലാളിവര്‍ഗം അഭിമുഖീകരിക്കുന്ന, 'സാംസ്കാരികാടിമത്ത' (cultural slavery)ത്തെക്കുറിച്ച് ലെനിനുണ്ടായിരുന്ന ഉത്തമബോധ്യം നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. മുതലാളിത്തം പ്രയോഗക്ഷമമാക്കുന്ന അധിനിവേശ പ്രത്യയശാസ്ത്രത്തിന്റെ സങ്കീര്‍ണരൂപങ്ങളെ അതിജീവിക്കുകയെന്നതാണ് വര്‍ത്തമാന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.

ഷീഷെക്, ഏറ്റെടുത്തിരിക്കുന്ന സൈദ്ധാന്തികയത്നത്തിന് അദ്ദേഹത്തിന് മാര്‍ഗദര്‍ശനം നല്‍കുന്നത് അഡോര്‍ണോയും ഹേബര്‍മാസുമാണ്. അബോ ധപരവും ബോധപരവുമായ ധാരണകളും ചിഹ്നങ്ങളും പ്രതീകങ്ങളും പ്രതിനിധാനങ്ങളും കൂടിക്കലര്‍ന്ന ആശയ സമുച്ചയങ്ങളും വിശ്വാസക്രമങ്ങളും പരസ്പര ബന്ധിതമായി പ്രവര്‍ത്തിക്കുന്ന വിപുലമായ ആശയമണ്ഡലത്തെയാണ് പ്രത്യയശാസ്ത്രം എന്നു പറയുന്നത്.

നമ്മുടെ സാംസ്കാരിക ലോകത്തെ 'നിഷ്ക്കളങ്ക കമ്യൂണിസ്റ്റു ബുദ്ധിജീവികള്‍' ക്കു പ്രിയങ്കരനായ ഷീഷെക്കിന്റെ ബൌദ്ധിക വ്യായാമത്തെക്കുറിച്ച് ലോകപ്രസിദ്ധ അമേരിക്കന്‍ മാര്‍ക്സിസ്റ്റ് ചിന്തകനായ ഫ്രെഡറിക് ജെയിംസണ്‍ പറയുന്നതു നോക്കാം.

..... These are lined up in what Eisenstein liked to call ‘a montage of attractions’, a kind of theoretical variety show, in which a series of ‘numbers’ succeed each other and hold the audience in rapt fascination. It is a wonderful show; the only drawback is that at the end the reader is perplexed as to the ideas that have been presented.’’ (First Impressions, Fredric Jameson)

എന്താണ് ജെയിംസണ്‍ പറയുന്നത്. ഷീഷെകിന്റേത് കേവലം സൈദ്ധാന്തിക ഷോ ആണ്. കാണികളെ പിടിച്ചു നിര്‍ത്തുന്ന ഒരു പ്രഭാഷകന്റെ വാചകക്കസര്‍ത്തി (verbosity)നുശേഷം ശൂന്യമാവുന്ന മനസ്സുപോലെ, ഷീഷെകിന്റെ വായനക്കാരും മിഴിച്ചുനില്‍ക്കും. കേരളത്തിലെ ചിന്താദരിദ്രരായ നിഷ്ക്കളങ്ക ബുദ്ധിജീവികള്‍ക്ക് ഷീഷെക് ഒരു ഹീറോ ആവുന്നതില്‍ അത്ഭുതമില്ല. ഷീഷെക്കിന്റെ പുസ്തകങ്ങള്‍ വായിച്ച് ഒന്നും മനസ്സിലാവാത്ത ഒരാള്‍ ഒരു വാരികയില്‍, ഷീഷെക്കിനെപ്പറ്റി കുറേ എഴുതിത്തീര്‍ന്നതിനുശേഷം സിനിമാനടന്‍ ശ്രീനിവാസനെക്കുറിച്ചും അദ്ദേഹത്തിന്റെ ഒരു സിനിമയെക്കുറിച്ചും ഔചിത്യമില്ലാതെ സംസാരിക്കുകയായിരുന്നു. വാരികയുടെ കവറില്‍ ഷീഷെകിനു പകരം ശ്രീനിവാസന്റെ പടമായിരുന്നു കൊടുത്തത്.

പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതപോലും ഒരു പ്രത്യയശാസ്ത്രപ്രശ്നമാവുന്നിടത്താണ് ഷീഷെക്കിന്റെ പ്രസക്തി. പല നിലയിലും ആശയവാദത്തിന്റെ വരട്ടുതത്വവാദം ഷീഷെക്കിനെ പിടികൂടിയിട്ടുണ്ടെങ്കിലും പാശ്ചാത്യ 'മാര്‍ക്സിസ്റ്റു'കള്‍ക്കിടയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുകയും പല പ്രസക്ത വിഷയങ്ങളെയും തുറന്ന് അഭിമുഖീകരിക്കുകയും ചെയ്യുന്ന അപൂര്‍വം ചിന്തകരില്‍ ഒരാളാണ് അദ്ദേഹം എന്നത് അവഗണിക്കാവുന്നതല്ല.

പ്രത്യയശാസ്ത്രം എന്ന വാക്ക് എംഗല്‍സിന്റെ കണ്ടുപിടിത്തമല്ല. ഫ്രഞ്ച് യുക്തിവാദിയായ ഡസ്റ്യൂട്ട് ഡി ട്രാസി (Destutt de Tracy) ആണ് ആശയങ്ങളുടെ ശാസ്ത്രം (Science of ideas) എന്ന അര്‍ഥത്തില്‍ ഇതാദ്യം പ്രയോഗിച്ചത്. ‘False consciousness’ എന്ന പ്രയോഗം എംഗല്‍സാണ് നടത്തിയത്, മാര്‍ക്സ് അല്ല. വൈരുധ്യാത്മക ഭൌതികവാദം കൈയൊഴിയുന്ന ഒരാള്‍ക്കും പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ ധാരണ രൂപപ്പെടുത്താന്‍ കഴിയില്ല. 'വിപരീതങ്ങള്‍ തമ്മിലുള്ള ഐക്യവും സമരവും' എന്ന സങ്കല്പനത്തേക്കാള്‍, 'വിപരീതങ്ങളുടെ പരസ്പരം തുളച്ചുകയറല്‍' (Interpenetration of Opposites) എന്ന എംഗല്‍സിന്റെ പരികല്‍പ്പനയാണ്, വൈരുധ്യാത്മകദര്‍ശനത്തെ ശരിയായി മനസ്സിലാക്കാന്‍ സഹായിക്കുക.

വൈരുധ്യങ്ങളുടെ പരസ്പരാശ്രിതത്വത്തെ സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ സഹായകമാണ് എംഗല്‍സിന്റെ ഈ പരികല്പന. വൈരുധ്യങ്ങള്‍ക്കിടയിലെ വൈരുധ്യത്തെ പ്രശ്നവല്‍ക്കരിക്കാന്‍ അതിന് കൂടുതല്‍ കഴിയും. യാന്ത്രികവാദത്തില്‍ നിന്നു മുക്തിനേടാന്‍ അതാണ് കൂടുതല്‍ സഹായകമാവുന്നത്. അതിനര്‍ഥം വിരുദ്ധശക്തികള്‍ തമ്മിലുള്ള ഐക്യവും സമരവും എന്ന ആശയം തെറ്റാണെന്നല്ല.

*
പി പി സത്യന്‍ ദേശാഭിമാനി വാരിക

13 March, 2010

എനിക്ക് വാക്കുകള്‍ ആയുധമാണ്

നമ്മുടെ രാജ്യം 1947 ല്‍ സ്വാതന്ത്ര്യം പ്രാപിച്ചു. എന്നാല്‍ ദളിതന് സ്വാതന്ത്ര്യം ലഭിച്ചില്ല. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചില്ല. നിരക്ഷരരായ ആദിവാസികള്‍ക്കും സ്വാതന്ത്ര്യം ലഭിച്ചില്ല. ഞങ്ങള്‍ ഇപ്പോഴും അടിമത്തത്തിലാണ് ജീവിക്കുന്നത്. ഈ രാജ്യത്തുനിന്ന് ഇംഗ്ളീഷുകാര്‍ ഒഴിഞ്ഞുപോയി. അങ്ങനെ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അടിമത്തം അവസാനിച്ചു. എന്നാല്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇവിടെ നിലനിന്നിരുന്ന ജാതിവ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നു. പൊളിറ്റിക്കല്‍ ഫ്രീഡം നമുക്ക് ലഭിച്ചു; സോഷ്യല്‍ ഫ്രീഡം നമുക്ക് ലഭിച്ചു. പകുതി സ്വാതന്ത്ര്യം നമുക്ക് ലഭിച്ചു, ബാക്കി പകുതി സ്വാതന്ത്ര്യം നമുക്ക് ലഭിക്കേണ്ടതുണ്ട്. അതിനു വേണ്ടിയാണ് നമ്മള്‍ പോരാടിക്കൊണ്ടിരിക്കുന്നത്.

ഇന്നും ഗ്രാമത്തില്‍ ദളിതന് അമ്പലത്തില്‍ പ്രവേശനമില്ല. ആലോചിക്കണം മനുഷ്യര്‍ ചന്ദ്രനിലേക്ക് യാത്രചെയ്യുകയാണ്. ദളിതന് കിണറ്റില്‍നിന്ന് വെള്ളമെടുക്കാന്‍ അനുവാദമില്ല. ഇതാണ് ഇവിടെ നിലനില്‍ക്കുന്ന യാഥാര്‍ഥ്യം. അടിമയെ അടിമത്തത്തെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുന്നതിനാണ് ദളിത് സാഹിത്യം എഴുതിക്കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിനു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വര്‍ണവ്യവസ്ഥയെ ഭാരതത്തിന്റെ ഭരണഘടന ഒറ്റദിവസംകൊണ്ട് അവസാനിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതി വെച്ചിട്ടുണ്ട,് നിയമത്തിന്റെ മുമ്പില്‍ എല്ലാവരും തുല്യരാണ്. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും നിയമത്തിന്റെ മുന്നില്‍ തുല്യരാണ്. ദളിതനാണെങ്കിലും സവര്‍ണനാണെങ്കിലും നിയമത്തിന്റെ മുന്നില്‍ തുല്യരാണ്. എല്ലാവര്‍ക്കും വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശവുമുണ്ട്. മുമ്പ് ഞങ്ങളുടെ മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതിനുവേണ്ടി വളരെ വലിയ പോരാട്ടങ്ങള്‍ നടത്തേണ്ടി വന്നിട്ടുണ്ട്. ദളിതര്‍ക്ക് വിദ്യാഭ്യാസത്തിന് അവകാശമുണ്ടായിരുന്നില്ല. ഒരേ ഒരു ജാതിക്കുമാത്രമേ വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ടായിരുന്നുള്ളു. ബ്രാഹ്മണര്‍ക്ക്. ബ്രാഹ്മണര്‍ക്ക് പഠിക്കാം, വളരാം, മറ്റുള്ളവരെ പഠിപ്പിക്കാം. ബാക്കിയുള്ളവര്‍ക്ക് എഴുതാനോ വായിക്കാനോ അവസരമുണ്ടായിരുന്നില്ല. നാം സ്വതന്ത്രരായപ്പോള്‍, ഭരണഘടന ഒരൊറ്റ പേനകൊണ്ട് എല്ലാവര്‍ക്കും സ്വാതന്ത്ര്യം, എല്ലാവര്‍ക്കും വളരാനുള്ള അധികാരം നല്‍കി. എല്ലാവര്‍ക്കും റോഡിലൂടെ നടക്കാം. എല്ലാവര്‍ക്കും ജോലിചെയ്യാനുള്ള അനുവാദം നല്‍കി. എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പോകാം . എല്ലാവര്‍ക്കും സ്വാതന്ത്ര്യം ലഭിച്ചു, നിയമപരമായി ലഭിച്ചു. എല്ലാവരും സ്വതന്ത്രരായി. പാരമ്പര്യമായി, ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇവിടെ നിലനില്ക്കുന്ന വര്‍ണവ്യവസ്ഥയെ തകര്‍ക്കാനുള്ള പരിശ്രമം സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം നടന്നു. വര്‍ണ വ്യവസ്ഥ ചുരുങ്ങാന്‍ തുടങ്ങി. വര്‍ണ വ്യവസ്ഥ നശിക്കാന്‍ തുടങ്ങി. ഞങ്ങള്‍ തൊട്ടുകൂടാത്തവരും സ്ത്രീകളും സ്കൂളില്‍ പോകാന്‍തുടങ്ങി. ആദിവാസികളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പഠിക്കാന്‍തുടങ്ങി.

സമൂഹത്തില്‍ ഒരു വിപ്ളവം നടന്നു. അന്നുവരെ പഠിക്കാന്‍ കഴിയാതിരുന്നവര്‍ പഠിക്കാന്‍ തുടങ്ങി. അന്നുവരെ സംസാരിക്കാന്‍ കഴിയാതിരുന്നവര്‍ സംസാരിക്കാന്‍ തുടങ്ങി. അന്നുവരെ നല്ല വസ്ത്രം ധരിക്കാതിരുന്നവര്‍ നല്ല വസ്ത്രം ധരിക്കാന്‍ തുടങ്ങി. അവര്‍ ചിന്തിക്കാന്‍ തുടങ്ങി, നമുക്ക് എന്തുകൊണ്ടാണ് ഇന്നുവരെ സ്കൂളില്‍ പോകാന്‍ കഴിയാതിരുന്നത്? നമ്മളെ എന്തുകൊണ്ട് ഇന്നുവരെ മനുഷ്യരായി പരിഗണിച്ചില്ല ? ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷവും നമ്മള്‍ സ്വതന്ത്രരായില്ല. ജനസംഖ്യ വര്‍ധിച്ചുവന്നു. അഴിമതിയും വര്‍ധിച്ചു വന്നു. തൊഴിലില്ലാത്തവര്‍വര്‍ധിച്ചു. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവന്നു. ദളിതര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവന്നു. ജനങ്ങളുടെ മനസ്സില്‍ പലതരം ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു. ഈ രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചു; എന്നിട്ടും സ്ത്രീകള്‍ക്കു നേരെ അതിക്രമം നടക്കുന്നതെന്താണ്? മഹിളകള്‍ ആക്രമിക്കപ്പെടുന്നു. ഇന്നും ദളിതര്‍ക്കു നേരെ അതിക്രമങ്ങള്‍ നടക്കുന്നതെന്താണ്? ഈ സ്വതന്ത്ര രാജ്യത്ത് എന്തുകൊണ്ട് ഞങ്ങള്‍ സ്വതന്ത്രരല്ല? ദളിത് കവികള്‍, ദളിത് കൃതികള്‍ വീണ്ടും വീണ്ടും ഈ ചോദ്യം ഉന്നയിക്കുന്നു. ദളിതര്‍ ചോദ്യം ഉന്നയിക്കുന്നു സ്വാതന്ത്ര്യം എന്തിന്റെ പേരാണ്? ഏതു കൃതിയുടെ പേരാണ്? ഞങ്ങള്‍ക്കത് ലഭ്യമല്ല; ഞങ്ങള്‍ അത് കാണുന്നില്ല. എവിടെയാണത് ഒളിച്ചിരിക്കുന്നത്? എവിടെയാണത് താമസിക്കുന്നത്? അതിന്റെ മേല്‍വിലാസം എന്താണ്? സ്വാതന്ത്ര്യം ഞങ്ങളുടെ കുടിലുകളില്‍ എന്തുകൊണ്ടാണ് വരാത്തത് ? സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് അമ്മയെപ്പോലെ തോന്നുന്നില്ല. സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് സഹോദരിയെപ്പോലെ തോന്നുന്നില്ല. സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് സുഹൃത്തിനെപ്പോലെ തോന്നുന്നില്ല. സ്വാതന്ത്ര്യം കോടീശ്വരന്മാരെപ്പോലെ കൊട്ടാരങ്ങളില്‍ താമസിക്കുകയാണ്. ഞങ്ങളുടെ അരികില്‍ ഈ സ്വാതന്ത്ര്യം വരുന്നില്ല. ഡോ. ബാബാ സാഹിബ് അംബേദ്ക്കറുടെ ചിന്തകളിലൂടെ, അദ്ദേഹത്തിന്റെ പോരാട്ടങ്ങളിലൂടെ , ഒരു പുതിയ ഉണര്‍വ് സമൂഹത്തില്‍ ഉടലെടുത്തു. ഞങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങി.

ഞങ്ങളുടെ ആദ്യത്തെ തലമുറ രാജ്യം സ്വാതന്ത്ര്യം നേടിയതിനു ശേഷം പഠിക്കാന്‍ തുടങ്ങി. ഏതൊക്കെ കൃതികളാണ് ഞങ്ങള്‍ പഠിക്കാന്‍ തുടങ്ങിയത്? മധ്യവര്‍ഗവും ബ്രാഹ്മണരും എഴുതിയ കൃതികളാണ് ഞങ്ങള്‍ക്ക് പഠിക്കാനായി ലഭിച്ചത്. നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്, സ്ത്രീകള്‍ക്ക് എന്താണ് പഠിക്കാനായി ലഭിച്ചത്? അത് കാല്‍പ്പനികമായിരുന്നു, അത് നുണയായിരുന്നു; അത് സത്യമായിരുന്നില്ല. അതാണ് ഞങ്ങള്‍ക്ക് പഠിക്കാനായി ലഭിച്ചത്. സിലബസില്‍ പലതും പഠിക്കാനുണ്ടായിരുന്നു. കാദംബരി, നോവലുകള്‍, നാടകങ്ങള്‍ എല്ലാം ഉണ്ടായിരുന്നു; എല്ലാം കളവായിരുന്നു. അതില്‍ ഞങ്ങളുടെ മുഖമുണ്ടായിരുന്നില്ല; ഞങ്ങളുടെ വിയര്‍പ്പുണ്ടായിരുന്നില്ല. ഞങ്ങളുടെ ദുഃഖമുണ്ടായിരുന്നില്ല. ഞങ്ങളുടെ വേദനയുണ്ടായിരുന്നില്ല. ഞങ്ങളുടെ ആവശ്യങ്ങളുണ്ടായിരുന്നില്ല. ഞങ്ങളുടേതായി ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ കാല്‍പ്പനികതയാണ് പഠിച്ചുകൊണ്ടിരുന്നത്. അവര്‍ പറഞ്ഞു നിങ്ങള്‍ വളരെ സുന്ദരമാണ്;നിങ്ങളുടെ മുഖം വളരെ മനോഹരമാണ്; കവി എഴുതി ഈശ്വരാ നിന്റെ ആകാശം എത്ര മനോഹരം നാലുപാടും ആനന്ദംകൊണ്ട് നിറഞ്ഞിരിക്കുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് കുടിക്കാന്‍ ദാഹജലം കിട്ടുന്നില്ല. പിന്നെ ആകാശം എങ്ങനെ സുന്ദരമാകും. വരള്‍ച്ച വന്ന് ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. സ്ത്രീയും പുരുഷനും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നു; ദളിതനും സവര്‍ണനും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതാണ് യാഥാര്‍ഥ വസ്തുത. ഈ യാഥാര്‍ഥ്യത്തെ കണ്ടുകൊണ്ട് കാല്‍പ്പനികതയെ ആശ്ളേഷിക്കുകയായിരുന്നു. എഴുത്ത് കാല്‍പ്പനികത വില്‍ക്കുകയായിരുന്നു. ആ കാല്‍പ്പനികതയായിരുന്നു ഞങ്ങള്‍ പഠിച്ചുകൊണ്ടിരുന്നത്. വൃത്തികെട്ട മാഗസിനുകള്‍ ഞങ്ങള്‍ വായിച്ചുകൊണ്ടിരുന്നു. അതില്‍ എഴുതിയതൊക്കെയും നുണയായിരുന്നു. നുണസാഹിത്യം പഠിച്ച് ഞങ്ങള്‍ ബി എ ക്കാരായി, എംഎ ക്കാരായി, എംഫില്‍കാരായി , പിഎച്ച്ഡിക്കാരായി. ഞങ്ങളെക്കുറിച്ച് എഴുതിയത് മുഴുവന്‍ കളവായിരുന്നു. ഈ സാഹിത്യത്തില്‍ ഞങ്ങളെ മനുഷ്യരായി ചിത്രീകരിച്ചിരുന്നില്ല. ഈ സാഹിത്യം ഞങ്ങളുടെ അല്ല. ഞങ്ങള്‍ കപട സാഹിത്യം പഠിക്കില്ല. ഞങ്ങള്‍ക്ക് ഇപ്പോള്‍ എഴുതേണ്ടതുണ്ട്; ഞങ്ങള്‍ എഴുതും.

ഞങ്ങള്‍ ഞങ്ങളെക്കുറിച്ച് എഴുതുമെന്ന് ദളിതര്‍ നിശ്ചയിച്ചു. അങ്ങനെ ദളിത് സാഹിത്യം ഉടലെടുത്തു. സ്ത്രീകള്‍ ചിന്തിച്ചു, ഇതുവരെ പുരുഷന്മാരാണ് ഞങ്ങളെക്കുറിച്ച് എഴുതിയത്. ഈ ലോകത്തില്‍ ഞങ്ങള്‍ അടിമകളാണ്. ഞങ്ങള്‍ക്ക് ഈ അടിമത്തത്തിനെതിരെ പോരാടേണ്ടതുണ്ട്. ഈ ചിന്ത സാഹിത്യത്തില്‍ ഉയര്‍ന്നുവന്നു. അടിമകള്‍ക്ക് അടിമത്തത്തില്‍നിന്ന് മോചനം നേടുന്നതിനുവേണ്ടി സാഹിത്യം എഴുതേണ്ടതുണ്ട്, അതുകൊണ്ടാണ് ഞങ്ങള്‍ എഴുതുന്നത്. സ്ത്രീ വിമര്‍ശനവും ദളിത് സാഹിത്യവും ഇന്ത്യന്‍ സാഹിത്യത്തില്‍ എന്തു കൊണ്ടാണ് ഉയര്‍ന്നു വരാത്തത്? സ്വാതന്ത്ര്യ അഭിവാഞ്ഛയാല്‍ ഈ സാഹിത്യം രചിക്കപ്പെട്ടു.

മനുഷ്യബന്ധത്തിന്റെ ആവശ്യകതയിലാണ് ദളിത് സാഹിത്യം എഴുതപ്പെട്ടത്; സ്ത്രീ സാഹിത്യം രൂപപ്പെട്ടത്. സ്ത്രീ വിമര്‍ശനമാണെങ്കിലും ദളിത് സാഹിത്യമാണെങ്കിലും അതിന്റെ ഒന്നാമത്തെ പടവ് വേദനയാണ്.

ഞങ്ങള്‍ക്ക് മനുഷ്യത്വം വേണം. ഞങ്ങള്‍ക്ക് പുതിയ അധികാരങ്ങള്‍ വേണം. ഈ ആശയത്തിന്റെ പുതിയ രൂപമാണ് ദളിത സാഹിത്യം . അത് വേദനയുടേതായിരുന്നു. അടിച്ചമര്‍ത്തപ്പെടലിന്റേയായിരുന്നു. ഇത് ഒരു ദിവസത്തെ വേദനയല്ല, ആയിരക്കണക്കിന് വര്‍ഷങ്ങളുടെ വേദനയാണ്. ഒരാളുടെ വേദനയല്ല, ആയിരക്കണക്കിനാളുകളുടെ വേദനയാണ്. ഈ വേദന സാഹിത്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സാഹിത്യത്തില്‍ ഈ വേദന എത്തിയപ്പോള്‍ എന്റെ ദുഃഖമായല്ല. ഞങ്ങളുടെ എല്ലാവരുടെയും വേദനയായി മാറി. ദളിതസാഹിത്യത്തിന്റെ പ്രത്യകത, അത് സമൂഹത്തിന്റെ സാഹിത്യമാണ്. അത് ഒരാളുടെ സാഹിത്യമല്ല. ഒരു സമൂഹത്തിന്റെ, അനേകരുടെ സാഹിത്യമാണ്. ദളിത് സാഹിത്യത്തില്‍ ഒരു മുഴുവന്‍ലോകമാണ് പ്രത്യക്ഷപ്പെടുക. ദളിത് സാഹിത്യം ഒരു വലിയ ഘോഷയാത്രയായാണ് കാണപ്പെടുക.

ദളിത് എഴുത്തുകാര്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ ആരും പ്രസിദ്ധീകരിച്ചിരുന്നില്ല. ഇവര്‍ എന്താണീ എഴുതുന്നത്. ഇത് നിലവാരമില്ലാത്ത സാഹിത്യമാണ്. ഇവന് എഴുതാനറിയില്ല. ആയിരക്കണക്കിനു വര്‍ഷങ്ങളോളം ഞങ്ങള്‍ എഴുതിയിരുന്നില്ല, ഞങ്ങള്‍ പഠിച്ചിരുന്നില്ല. ആദ്യമായി പഠിച്ചു. ഇപ്പോള്‍ കുറച്ചൊക്കെ എഴുതാന്‍ തുടങ്ങി. അപ്പോള്‍ അതിനെ വിമര്‍ശിക്കാന്‍ തുടങ്ങി. ഇത് ചീത്ത സാഹിത്യമാണ്. അവന് ഗ്രാമറു പോലും ശരിക്കറിയില്ല. നന്നായിട്ട് എഴുതാനറിയില്ല.

ഞങ്ങള്‍ എഴുതുന്ന സാഹിത്യം ശരിയായ സാഹിത്യം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് എഴുത്തുകാരനാവാം, താങ്കള്‍ക്ക് കവയിത്രിയാകാം, നിങ്ങള്‍ക്ക് എഴുതാന്‍ കഴിയും, നിങ്ങള്‍ക്കെല്ലാവര്‍ക്കും എഴുതാന്‍ കഴിയും എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇവിടെ ഇങ്ങനെ ഒരു ചിന്ത പ്രചരിക്കുന്നു. പ്രതിഭ ഈശ്വരന്റെ വരദാനമാണ്. ഈശ്വരന്‍ പ്രതിഭ തരുന്നു. അദ്ദേഹം നമ്മെ എഴുതാന്‍ പ്രേരിപ്പിക്കുന്നു.. ദേവദൂതന്‍ സ്വപ്നത്തില്‍ നമ്മുടെ അടുത്തുവന്ന് എഴുതൂ എന്ന് പ്രേരിപ്പിക്കുന്നു. ഞങ്ങള്‍ അന്നേ ചിന്തിക്കാന്‍ തുടങ്ങി ഇതൊരു ഗൂഢാലചനയാണ്, നിങ്ങള്‍ക്ക് എഴുതാന്‍ കഴിയില്ല. നിങ്ങള്‍ക്ക് എഴുതുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ല. നിങ്ങള്‍ക്ക് ഏതെങ്കിലും ഈശ്വരന്‍ പ്രതിഭ തന്നിട്ടുണ്ടോ ? ഇല്ല തന്നിട്ടില്ല. നിങ്ങള്‍ക്ക് എങ്ങനെയാണ് ഈശ്വരന്‍ പ്രതിഭ തരിക ? നിങ്ങളുടെ സ്വപ്നങ്ങളില്‍ ഈശ്വരന്‍ എപ്പോഴെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ ? നമ്മുടെ എഴുത്തുകാരും കവികളുമെല്ലാം സരസ്വതി മാതാവിന്റെ പുത്രന്മാരാണ്.

എല്ലാം നുണയാണ്. ഞാന്‍ ദളിത് എഴുത്തുകാരനാണ്: എനിക്ക് സരസ്വതിദേവിയുടെ അമ്പലത്തില്‍ പോകാനാവില്ല. പോകരുതെന്ന് വിലക്കുണ്ട്. പിന്നെ ഞാനെങ്ങനെ സരസ്വതിദേവിയുടെ പുത്രനാകും ? ഞാന്‍ സരസ്വതി ദേവിയുടെ പുത്രനല്ല. നമ്മളെല്ലാവരും മനുഷ്യരുടെ മക്കളാണ്. ആരാണോ മനുഷ്യര്‍, അവര്‍ക്കെഴുതാന്‍ കഴിയും അതിന് ഈശ്വരന്റെ അനുഗ്രഹത്തിന്റെ ആവശ്യമില്ല. ഈശ്വരനില്ല. ഈശ്വരനെ ഞങ്ങള്‍ അംഗീകരക്കുന്നില്ല. ഈശ്വരനെതിരായി ഞങ്ങള്‍ തിരസ്കാരമാരംഭിച്ചു. ഈശ്വരന്‍ സൃഷ്ടിച്ച എല്ലാ പവിത്ര രീതികളെയും ഞങ്ങള്‍ തിരസ്കരിച്ചു. ഞങ്ങള്‍ മനുസ്മൃതി കത്തിക്കാന്‍ തുടങ്ങി. എല്ലാ വേദങ്ങളെയും ഞങ്ങള്‍ തിരസ്കരിച്ചു. ഞങ്ങള്‍ ഭഗവദ് ഗീതയെ കപട സാഹിത്യം എന്ന് പ്രഖ്യാപിച്ചു. ഒരു പുതിയ ഉണര്‍വ് ഞങ്ങള്‍ക്ക് ലഭിച്ചു .

ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. ഞങ്ങളുടെ ഭാഷ. ഞങ്ങളുടെ ഭാഷയില്‍ വിപ്ളവമുണ്ട്. ഞങ്ങളുടെ ഭാഷയില്‍ തീവ്രതയുണ്ട്. ഞങ്ങളുടെ ഭാഷയില്‍ ആക്രമണ ശേഷിയുണ്ട്. ശൌര്യമുണ്ട്. ഞങ്ങളുടെ ഭാഷ സാധാരണ ജനങ്ങളുടെ ഭാഷയാണ്. അതില്‍ അലങ്കാരമില്ല, ബിംബമില്ല, സൌന്ദര്യമില്ല.

ഞങ്ങള്‍ ഞങ്ങളുടെ ഭാഷയില്‍ എഴുതാന്‍ തുടങ്ങി. നമ്മള്‍ മറ്റൊരാളോട് സംസാരിക്കുന്നതു പോലെ, നമ്മള്‍ പുറത്തു പോകുമ്പോള്‍ ഏതു ഭാഷയിലാണോ സംസാരിക്കുന്നത് ആഭാഷയില്‍. ഞങ്ങളുടെ പ്രേയസിമാര്‍ അലൌകിക സുന്ദരിമാരല്ല. ഞങ്ങളുടെ പ്രേയസി ഞങ്ങളുടെ സുഹൃത്താണ്, ഞങ്ങളുടെ കുടിലില്‍ താമസിക്കുന്നവളാണ്. ഞങ്ങളോട് സംസാരിക്കുന്നവളാണ്. ഞങ്ങളോടൊത്ത് ദു:ഖം പങ്കിടുന്നവളാണ്. ഞങ്ങളുടെ കൂടെ ഇരിക്കുന്നവള്‍. അവള്‍ ഞങ്ങള്‍ പറയുന്നതു പോലുള്ള തെറി പറയുന്നവളാണ്. ഞങ്ങളുടേതുപോലെ, മനുഷ്യരുടേതുപോലെ രണ്ടു കണ്ണുകളുള്ളവള്‍. അവള്‍ ഒരു ചന്ദ്രകാന്ത ദേവതയല്ല. ഞങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഞങ്ങള്‍ പോകുന്നിടത്തൊക്കെ പോരുന്നു. ഞങ്ങള്‍ക്ക് ചന്ദ്രബിംബമല്ല വേണ്ടത് സിംഹിയെയാണ്. ഞങ്ങള്‍ അങ്ങനെയുള്ള കവിതകള്‍ എഴുതാന്‍ തുടങ്ങി. എപ്പോഴെങ്കിലും ഏതെങ്കിലും അതിക്രമമോ അന്യായമോ നടന്നാല്‍ അവള്‍ ആദ്യം എത്തണം. ഏയ് ആരാണ് നീ, ഞങ്ങള്‍ക്കെതിരെ അതിക്രമം കാണിക്കുന്ന നീ ആരാണ്. നീ അനീതിയാണ് ചെയ്യുന്നത് -കൈയില്‍ പിടിക്കാനുള്ള ശക്തി സ്ത്രീകള്‍ക്കുണ്ടാകുമ്പോഴാണ്, കൈയില്‍ പിടിക്കാനുള്ള കരുത്ത് ദളിതരുടെ കൈകള്‍ക്കുണ്ടാകുമ്പോഴാണ്, ദളിത് സാഹിത്യത്തിന്റെ ആദ്യത്തെ ശബ്ദം നിര്‍മിക്കപ്പെടുക. സ്ത്രീ സാഹിത്യത്തിന്റെ ആദ്യത്തെ ശബ്ദം നിര്‍മിക്കപ്പെടുക.

എപ്പോള്‍ വരെ ഈ ഉണര്‍വ് നിങ്ങളുടെ മനസ്സില്‍ ഉണ്ടാവുന്നില്ല അപ്പോള്‍ വരെ നിങ്ങള്‍ കപടസാഹിത്യം വായിച്ചു കൊണ്ടിരിക്കും. ദളിത സാഹിത്യത്തില്‍ പുതിയ നായകന്‍ വന്നു. സാഹിത്യത്തില്‍ നായകനായിരുന്നു രാജാവ് . മഹാരാജാവ് സാഹിത്യത്തിന്റെ നായകനായിരുന്നു. പിന്നീട് മധ്യവര്‍ഗം സാഹിത്യത്തില്‍ നായകനായിരുന്നു.

സമ്പന്ന സൌകര്യങ്ങള്‍ എനിക്ക് ജീവിക്കാന്‍ ആവേശം പകരുന്നില്ല. തെരുവില്‍ ജീവിക്കുന്നവരില്‍നിന്നാണ് ഞാന്‍ ജീവിക്കാനുള്ള ഊര്‍ജം സംഭരിക്കുന്നത്. ദളിതരുടെ അനുഭവം പുതുതായിരുന്നു. ദളിതരുടെ ഭാഷ പുതുതായിരുന്നു. ദളിതരുടെ ഭൂമിക പുതുതായിരുന്നു. ദളിതന്റെ പ്രശ്നങ്ങള്‍ പുതുതായിരുന്നു. ദളിതന്‍ തന്റെ പ്രശ്നം, തന്റെ ചിന്തകള്‍ തന്നോട് ചെയ്യുന്ന അതിക്രമങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍, എഴുതാന്‍ തുടങ്ങി. അവന്റെ വാക്കുകള്‍ തീക്ഷ്ണമായിരുന്നു. അതിന് അടുക്കും ചിട്ടയുമുണ്ടായിരുന്നില്ല. സാഹിത്യത്തിന് അടുക്കും ചിട്ടയുമുണ്ടാവണമെന്നാണ് നിയമം. ഞങ്ങള്‍ക്ക് അടുക്കും ചിട്ടയുമുണ്ടായിരുന്നില്ല. ഇനി അടുക്കും ചിട്ടയും ഉണ്ടാക്കാനുമാവില്ല. എന്റെ കുടില്‍ കത്തിക്കുമ്പോള്‍ ഞാന്‍ എങ്ങനെ അടുക്കോടും ചിട്ടയോടുംകൂടെ പെരുമാറും. എന്റെ അമ്മയുടെയും സഹോദരിയുടെയും നേരെ അതിക്രമം നടക്കുമ്പോള്‍ എനിക്കെങ്ങനെ അടുക്കും ചിട്ടയുമുള്ളവനാകാന്‍ കഴിയും. ഞാന്‍ അലറിവിളിക്കും, ഞാന്‍ ആക്രോശിക്കും. ഞാന്‍ തെറിവിളിക്കും, ഞാന്‍ ആക്രമണോല്‍സുകനായി അവന്റെനേരെ ചാടിവീഴും. ഈ സാഹിത്യം അങ്ങനെയാണ്. നിങ്ങള്‍ക്കും സ്ത്രീ സാഹിത്യം എഴുതാം. എന്താ ഈ സ്ത്രീ സാഹിത്യം ? മൈലാഞ്ചി എങ്ങനെ ഇടാം , അടുക്കള എങ്ങനെ അലങ്കരിക്കാം . പാര്‍ലറില്‍ പോയി മുടി എങ്ങനെ വെട്ടാം. ഇത് ഞങ്ങളുടെ സാഹിത്യമല്ല.

ഞങ്ങളുടെ സാഹിത്യം ഇതാണ്. ഞങ്ങള്‍ മനുഷ്യരാണ്. ഞങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. ഞങ്ങള്‍ക്കും അധികാരം വേണം . മനുഷ്യരോടെന്ന പോലെ ഞങ്ങളോട് പെരുമാറണം. ഈ വക ചിന്തകളാണ് ദളിത് സാഹിത്യത്തില്‍ ഉയര്‍ന്നുവന്നത്, സ്ത്രീ സാഹിത്യത്തില്‍ ഉയര്‍ന്നു വന്നത്. സ്ത്രീ എഴുതുമ്പോള്‍ സ്ത്രീയുടെ പക്ഷത്ത് നിന്ന് എഴുതുന്നു. ദളിതന്‍ എഴുതുമ്പോള്‍ ദളിതന്റെ പക്ഷത്ത് നിന്ന് എഴുതുന്നു. സ്ത്രീക്കുനേരെയും ദളിതനുനേരെയും അതിക്രമം നടന്നു. അവര്‍ രണ്ടാംനിര പൌരന്മാരാണ്. അവരെ സമഭാവനയോടെ കണ്ടില്ല. സ്ത്രീ രണ്ടാംനിര പൌരയാണ്, പുരുഷന്‍ ഒന്നാംനിര പൌരനാണ്. സവര്‍ണര്‍ ഒന്നാംനിര പൌരന്മാരാണ്, ദളിതര്‍ രണ്ടാം നിരക്കാരും. എല്ലായ്പ്പോഴും അവരെ രണ്ടാംനിര പൌരന്മാരായി കണക്കാക്കിയിരുന്നു. രണ്ടാം നിരയില്‍ നിര്‍ത്തിപ്പോന്നിരിന്നു. ദളിത് സാഹിത്യവും സ്ത്രീ സാഹിത്യവും സമൂഹത്തോട് ചേര്‍ന്നുനില്‍ക്കുന്ന സാഹിത്യമാണ്. ദളിത് സാഹിത്യം മനുഷ്യനെ കേന്ദ്ര സ്ഥാനത്തു നിര്‍ത്തി എഴുതപ്പെടുന്ന സാഹിത്യമാണ്.

ഞാന്‍ ലോകത്തില്‍ താജ്മഹലിനെ സുന്ദരമായി കണക്കാക്കുന്നില്ല. ഈശ്വരനെ സുന്ദരമായി കണക്കാക്കുന്നില്ല. ഏതെങ്കിലും മതഗ്രന്ഥത്തെ പവിത്രമായി കണക്കാക്കുന്നില്ല. ലോകത്തില്‍ സുന്ദരമായത് മനുഷ്യനാണ്, പവിത്രമായത് മനുഷ്യനാണ്. മനുഷ്യനെ പവിത്രമായി കണക്കാക്കിക്കൊണ്ട്, മനുഷ്യനെ സുന്ദരമായി കണക്കാക്കിക്കൊണ്ട്, മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് ഞങ്ങള്‍ എഴുതുന്നു. ദളിത് സാഹിത്യത്തിന്റെ കേന്ദ്രം മാനവനാണ്. മാനവ മോചനത്തിനുവേണ്ടിയുള്ള സാഹിത്യമാണ് ദളിത് സാഹിത്യം. ദളിത് സാഹിത്യം മാനവ മുക്തിയുടെ വിപ്ളവമാണ്, മുദ്രാവാക്യമാണ്. എന്റെ വാക്കുകള്‍ വാക്കുകളല്ല, ഞാന്‍ എഴുതുന്ന വാക്കുകള്‍ കേവലം വാക്കുകളല്ല. ആയുധങ്ങളാണ്, ഈ വ്യവസ്ഥക്കെതിരെ എന്റെ വാക്കുകള്‍ ആയുധങ്ങളാണ്. ആയുധം എങ്ങനെയാണ് മുറിവേല്‍പ്പിക്കുന്നത്, ഈ വ്യവസ്ഥയുടെ കഴുത്തറക്കുന്നത്. ഈ വ്യവസ്ഥയെ നശിപ്പിക്കുന്നത്. ആ ജോലിയാണ് എന്റെ വാക്കുകള്‍ ചെയ്യുന്നത്.

ഞങ്ങള്‍ മനുഷ്യരാണ്, നിങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്ക് മനുഷ്യത്വം വേണം. ഞങ്ങള്‍ ആവശ്യപ്പെടും. മൂന്നാമത്തെ ഘട്ടം പോരാട്ടമാണ്. ഞങ്ങള്‍ പ്രഖ്യാപിച്ചു, ഞങ്ങള്‍ക്ക് ആരുടെയും ദയ വേണ്ട. ഞങ്ങള്‍ക്ക് ആരുടെയും ഭിക്ഷ വേണ്ട. ഞങ്ങള്‍ക്ക് ഞങ്ങളുടെ അവകാശം വേണം, ഞങ്ങളുടെ അധികാരം വേണം. ഈ ഭരണകൂടത്തില്‍ ഞങ്ങള്‍ക്ക് പങ്ക് വേണം. ഞങ്ങള്‍ക്ക് സമ്പത്ത് വേണം, ഞങ്ങള്‍ക്ക് അറിവ് വേണം. ഞങ്ങള്‍ക്ക് ജോലി വേണം. എല്ലാ മേഖലയിലും ഞങ്ങള്‍ക്ക് കടന്നു കയറാന്‍ കഴിയണം. അവിടെ ധാരാളം അവസരങ്ങളുണ്ട്. ഇതിനു വേണ്ടിയുള്ള പോരാട്ടം ഉണ്ടായി. ഞങ്ങള്‍ക്ക് ദയ വേണ്ട, ഞങ്ങള്‍ക്ക് പണം വേണം, ഞങ്ങള്‍ ജാതിവ്യവസ്ഥക്കെതിരെ പോരാടി. ഈശ്വരനെതിരെ പോരാടി. പാരമ്പര്യത്തിനെതിരെ പോരാടി, പാരമ്പര്യത്തെ തിരസ്കരിക്കാന്‍ തുടങ്ങി. പാരമ്പര്യം ഉപേക്ഷിച്ചു. പാരമ്പര്യം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. ആയിരക്കണക്കിനു വര്‍ഷങ്ങളുടെ നൈരന്തര്യമുള്ള ഈ പാരമ്പര്യം മഹത്തരമാണ്. ഇങ്ങനെ മഹത്തരമായ ഈ പാരമ്പര്യം വീട്ടില്‍ അമ്മയ്ക്കും പെങ്ങള്‍ക്കും തുല്യത നല്‍കുന്നില്ല. അങ്ങനെയുള്ള പാരമ്പര്യം എങ്ങനെയാണ് മഹത്തരമാകുന്നത്? ഈ പാരമ്പര്യം പശുവിനെ പരമ പവിത്രമായി കണക്കാക്കും, ദളിതനെ തൊട്ടുകൂടാത്തവനായി അകറ്റി നിര്‍ത്തുന്നു. ഈ പാരമ്പര്യം എങ്ങനെ പവിത്രമാവും?

നിങ്ങള്‍ ഇങ്ങനെ ശബ്ദമുയര്‍ത്തി സംസാരിച്ചാല്‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാവും. സമൂഹം നശിക്കും; സമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാവും. ഞാന്‍ പറയുന്നു- ഏതൊരു ശബ്ദമാണോ സ്വാതന്ത്ര്യത്തിനുവേണ്ടി ഉയരുന്നത്, ഏതൊരു ശബ്ദമാണോ ന്യായത്തിനുവേണ്ടി ഉയരുന്നത്, സാഹോദര്യത്തിനുവേണ്ടി ഉയരുന്നത് അത് സുന്ദരമാണ്. അതുകൊണ്ട് സംഘര്‍ഷമുണ്ടാവില്ല. ആരാണോ സംഘര്‍ഷമുണ്ടാക്കുന്നത് അവരാണ് ശരിക്കും ഈ ശബ്ദത്തെ എതിര്‍ക്കുന്നത് . ഞങ്ങളുടെ ശബ്ദം സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ഉയരുന്നത്, ഞങ്ങളുടെ ശബ്ദം സാഹോദര്യത്തിനു വേണ്ടിയാണ് ഉയരുന്നത്, ഞങ്ങളുടെ ശബ്ദം ന്യായത്തിനു വേണ്ടിയാണ് ഉയരുന്നത്. ഈ ശബ്ദത്തെ ആര്‍ക്കും അമര്‍ച്ചചെയ്യാന്‍ കഴിയില്ല. കാരണം ഈ ശബ്ദം ഭരണഘടന, ജനാധിപത്യം മോചിപ്പിച്ചതാണ്. ഇനി ഞങ്ങള്‍ സംസാരിക്കും, ഇനി ഞങ്ങള്‍ അധികാരം ആവശ്യപ്പെടും, ഇനി ആര്‍ക്കും ഞങ്ങളെ അമര്‍ച്ച ചെയ്യാന്‍ കഴിയില്ല. ഇനി ആര്‍ക്കും ഞങ്ങളെ ചവിട്ടിമെതിക്കാനാവില്ല. ഞങ്ങള്‍ ഞങ്ങളെ തിരിച്ചറിയാന്‍ തുടങ്ങി. ഞങ്ങള്‍ ഞങ്ങളുടെ ശരിയായ മതം സ്ഥാപിച്ചു.

അപ്പോള്‍ പറയാന്‍ തുടങ്ങി ഇവരെന്താണ് വേറിട്ടു നില്‍ക്കുന്നത്. വേറെ ഗ്രൂപ്പുണ്ടാ ക്കുന്നത് എന്താണ് ? വേറെ ഇരിക്കുന്നതെന്താണ് ? ഞാന്‍ പഠിക്കുന്ന കാലത്ത് എന്റെ ക്ളാസ്സില്‍ ഒന്നോ രണ്ടോ പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ക്ളാസ്സു നിറഞ്ഞു . രൂപം മാറി. നമ്മുടെ രാജ്യത്തിന്റെ ചിത്രം മാറി. ഒരു പുതിയ സാമൂഹിക ക്രമം വളര്‍ന്നുവന്നു. ഒരു പുതിയ വിപ്ളവം ഉണ്ടായി. എന്താണ് വിപ്ളവം .ഇതാണ് വിപ്ളവം. നമ്മള്‍ എത്ര പേര്‍ ഇവിടെയുണ്ട് ഇതാണ് വിപ്ളവം. അങ്ങനെ എണ്ണം വര്‍ധിക്കും, നമ്മുടെ ഭരണം വരും, നമ്മള്‍ ഭരണം കൈയിലെടുക്കും നമ്മള്‍ ന്യായം നടപ്പിലാക്കും, നമ്മള്‍ സ്വപ്നം നല്‍കും, ജീവിക്കാന്‍ വേണ്ടി ന്യായം നടപ്പിലാക്കും, നമ്മള്‍ അധികാരം നല്‍കും , നമ്മള്‍ ധനം നല്‍കും. അതിനുള്ള കരുത്ത് നമ്മുടെ കൈക്കുണ്ടാകുമ്പോള്‍ ദളിത് സാഹിത്യവും സ്ത്രീ സാഹിത്യവും എന്തിനുവേണ്ടിയാണോ എഴുതിയിരുന്നത് അതിന്റെ ദൌത്യം പൂര്‍ണമാവും. ആ സ്വപ്നം പൂര്‍ണമാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു. മെയിന്‍ സ്ട്രീമിലേക്കു വരൂ, എന്താണ് വേറിട്ട് നില്‍ക്കുന്നത്? ഞങ്ങളുടെ അധമധാര എന്താണിത് ? ഞങ്ങളാണ് മെയിന്‍ സ്ട്രീമില്‍, നിങ്ങളാണ് അധമ ധാരയില്‍. നിങ്ങളാണ് താഴ്ന്നവര്‍, നിങ്ങള്‍ എഴുതിയിരുന്നത് ഒരു ജാതിക്കുവേണ്ടി മാത്രമാണ്. കാല്‍പ്പനികമായിരുന്നു എഴുതിയിരുന്നത്. നിങ്ങള്‍ എല്ലാ മനുഷ്യര്‍ക്കുംവേണ്ടി എഴുതിയിയിരുന്നില്ല.എല്ലാവര്‍ക്കും അധികാരത്തിനു വേണ്ടി എഴുതിയിരുന്നില്ല. മഹാത്മാഗാന്ധി പറഞ്ഞു- ഭാരതമാതാവിന്റെ മുഖത്ത് ജാതിവ്യവസ്ഥയുടെ കളങ്കമുണ്ട്. ദളിത് സാഹിത്യം ആ കളങ്കം ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ദളിത് സാഹിത്യം ഭാരതമാതാവിനെ കൂടുതല്‍ സുന്ദരിയാക്കാന്‍ ആഗ്രഹിക്കുന്നു. ഈ സാഹിത്യം സൌന്ദര്യത്തിനുവേണ്ടി, ഈ രാജ്യത്തിന്റെ സൌന്ദര്യത്തിനു വേണ്ടി, ഈ രാജ്യത്തിലെ ജനതയുടെ സൌന്ദര്യത്തിനുവേണ്ടി എഴുതുന്നു. ഈ രാജ്യത്തിലെ സാധാരണക്കാരുടെ സൌന്ദര്യത്തിനു വേണ്ടി എഴുതുന്നു. സമത്വം സ്വാതന്ത്ര്യം, സാഹോദര്യം ഇതൊക്കെ ദളിത് സാഹിത്യത്തിന്റെ വേരുകളില്‍ ഉണ്ട്. മനുഷ്യന്റെ മോചനത്തിനുവേണ്ടി, മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി , മനുഷ്യന്റെ അധികാരത്തിനുവേണ്ടി, മനുഷ്യന്റെ ന്യായത്തിനുവേണ്ടി എഴുതപ്പെടുന്നതാണത്. ദളിത് സാഹിത്യത്തിന് ഒരു പുതിയ വീക്ഷണമുണ്ട്. എനിക്കു തോന്നുന്നു ദളിത് സാഹിത്യം ഭാരതീയ സാഹിത്യം എന്ന തലത്തില്‍ വളര്‍ന്നു. ഞാന്‍ മറാഠിയില്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളുടെ സാഹിത്യം ആരും പ്രസിദ്ധീകരിച്ചിരുന്നില്ല. അത് പീഡിതരുടെ സാഹിത്യമാണ്. ദുഃഖിതരുടെയും പീഡിതരുടെയും ദളിതരുടെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും സ്വപ്നങ്ങളില്‍ ഒരു പുത്തനുണര്‍വ് നല്‍കി. ഒരു പുതിയ തലം കൈവന്നു. ഇപ്പോള്‍ മാത്രമല്ല. അതിനെ ഭാരതീയ സാഹിത്യം എന്ന രീതിയില്‍ സ്വീകരിക്കപ്പെട്ടു. സര്‍വ കലാശാലകളില്‍ ദളിത് സാഹിത്യം പഠിപ്പിക്കുന്നു. അമേരിക്കയിലും യു കെയിലും ദളിത് സാഹിത്യം പഠിപ്പിക്കുന്നു. ലോകം മുഴുമന്‍ ദളിത് സാഹിത്യ വിപ്ളവം നടന്നു. ദളിത് സാഹിത്യം ഇത്ര വലിയ ഉന്മേഷത്തോടെ, വമ്പിച്ച തോതില്‍ മുന്നേറുന്നതില്‍ ഇവിടുത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ വളരെ വലിയ പങ്കാളിത്തമുണ്ട്. പുരോഗമന പ്രസ്ഥാനത്തിലെ എഴുത്തുകാരും വിമര്‍ശകന്മാരും ഇതിനെ സ്വാഗതം ചെയ്തില്ലായിരുന്നുവെങ്കില്‍ ഇതിന്റെ ഗതി ഇതാവുമായിരുന്നില്ല. പ്രേംചന്ദ് മുതല്‍ ശിവകുമാര്‍ മിശ്ര വരെയുള്ള മുഴുവന്‍ പുരോഗമന സാഹിത്യകാരന്മാരും എഴുത്തുകാരും ചിന്തകന്മാരും വിമര്‍ശകന്മാരും ദളിത് സാഹിത്യത്തിന് വളരാനുള്ള പരിസരം ഒരുക്കി. അങ്ങനെ ദളിത് സാഹിത്യം കൂടുതല്‍ ശക്തിയോടെ വളര്‍ന്നു വന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

*
ശരണ്‍കുമാര്‍ ലിംബാളെ

(കൊച്ചി സര്‍വകലാശാ‍ലയില്‍ 16-12-09ന് ദേശീയ ദളിത് സെമിനാറില്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍)
തയ്യാറാക്കിയത് ഡോ.എന്‍.എം.സണ്ണി. കടപ്പാട്: ദേശാഭിമാനി വാരിക

11 March, 2010

സ്ത്രീലോകത്തെ ദാര്‍ശനിക ദൌത്യം

"ഒരു ജനവിഭാഗം ഒന്നിച്ച് സുഘടിതമായി ചിന്തിക്കാനും യഥാര്‍ഥ വര്‍ത്തമാന ലോകത്തെക്കുറിച്ച് ഒരേപോലെ സമഗ്രമായി മനസ്സിലാക്കാനും തുടങ്ങുന്നത്, ഏതെങ്കിലുമൊരു ദാര്‍ശനികപ്രതിഭ കൊച്ചുബുദ്ധിജീവി സംഘങ്ങളുടെ മാത്രം സ്വത്തായിരിക്കുന്ന ഒരു സത്യം കണ്ടെത്തുന്നതിനേക്കാള്‍ എത്രയോ വലിയ ദാര്‍ശനിക സംഭവമാണ്.'

(അന്റോണിയോ ഗ്രാംഷി-ജയില്‍ രചനകള്‍‍)

അതെ, സ്ത്രീലോകത്തു വേണ്ടതും ഇത്തരമൊരു ദാര്‍ശനിക സംഭവമാണ്. ദാമ്പത്യം മുതല്‍ ആരോഗ്യരംഗം വരെ വ്യാപിച്ചുകിടക്കുന്ന പുരുഷമേധാവിത്വവും ബന്ധങ്ങളിലെ അസമത്വവും ഒക്കെ സാമൂഹ്യ ഉത്തരവാദിത്തങ്ങളായി ഏറ്റെടുക്കുമ്പോള്‍ മാത്രമേ സ്ത്രീലോകത്തെ പ്രശ്നങ്ങള്‍ ദാര്‍ശനിക സംഭവങ്ങളായി സ്വീകരിക്കപ്പെടുകയുള്ളൂ. അതാകട്ടെ വര്‍ഗയാഥാര്‍ഥ്യം കൈവിടാത്ത യാഥാര്‍ഥ സ്ത്രീമുന്നേറ്റത്തിനു തുടക്കം കുറിക്കുകയുംചെയ്യും. അത്തരമൊരു അവസ്ഥ ഇനിയും സംജാതമായിട്ടുണ്ടോയെന്ന അന്വേഷണം സാര്‍ഥകമാകുന്ന ചരിത്രസന്ധിയിലാണ് ഇന്നു നമ്മള്‍. കാരണം ലോകത്തൊട്ടാകെയുള്ള സ്ത്രീകള്‍ അവരുടെ മനുഷ്യാവകാശപ്പോരാട്ട സമരങ്ങളുടെ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട് സാര്‍വദേശീയ മഹിളാദിനം ആചരിക്കാനാരംഭിച്ചിട്ട് നൂറുവര്‍ഷം പൂര്‍ത്തിയാകുന്നു. 1910 മാര്‍ച്ച് എട്ടിനാണ് സാര്‍വദേശീയ മഹിളാദിനമായി ആചരിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവയ്ക്കപ്പെടുന്നത്. സോഷ്യലിസ്റ്റ് മഹിളാ പ്രസ്ഥാനത്തിന്റെ രണ്ടാം ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ ജര്‍മന്‍ കമ്യൂണിസ്റ്റ് നേതാവ് ക്ളാരാ സെത്കിന്‍ മുന്നോട്ടുവെച്ച നിര്‍ദേശം അന്നു അംഗീകരിക്കപ്പെടുകയായിരുന്നു. സ്ത്രീകള്‍ക്ക് വോട്ടവകാശവും തൊഴില്‍ സുരക്ഷയും നല്‍കുക, സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ളതായിരുന്നു ഈ ആദ്യ സമ്മേളനംതന്നെ. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം ജര്‍മനിയിലും ആസ്ട്രേലിയയിലും സാര്‍വദേശീയ വനിതാദിനം ആചരിക്കുകയുംചെയ്തു. ക്രമേണ വിവിധ രാജ്യങ്ങളിലെ സ്ത്രീമുന്നേറ്റ സംരംഭങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ലോകമഹായുദ്ധങ്ങളുടെ കാലത്ത് ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ വിലക്കയറ്റത്തിനെതിരെയും ഭക്ഷ്യസുരക്ഷക്കു വേണ്ടിയും മുറവിളി കൂട്ടുകയും പ്രക്ഷോഭരംഗത്തെത്തുകയുംചെയ്തു.

ഒക്ടോബര്‍ വിപ്ളവത്തിന്റെ ഭാഗമായി റഷ്യയിലെ സ്ത്രീകള്‍ക്ക് പുരുഷതുല്യമായ പൌരാവകാശങ്ങള്‍ ഉറപ്പാക്കപ്പെട്ടു. സാര്‍വദേശീയ മഹിളാദിനത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ 1960-ല്‍ 73 രാജ്യങ്ങള്‍ കോപ്പന്‍ ഹേഗനില്‍ ഒത്തുചേരുകയുണ്ടായി. ലോകമെങ്ങും പോരാടുന്ന സ്ത്രീകളുടെ ഐക്യപ്പെടലായിരുന്നു 1960-ലെ സാര്‍വദേശീയ മഹിളാദിനം. മറ്റേതൊരു കോളനിരാജ്യത്തിലുമെന്നപോലെ ഇന്ത്യയിലും സ്ത്രീമുന്നേറ്റാശയങ്ങളുടെ അബോധ പ്രേരണയായി യൂറോപ്പിലെയും അമേരിക്കയിലെയും ആദ്യകാല പ്രവര്‍ത്തനങ്ങള്‍ വര്‍ത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ആദ്യകാല വിമോചന സംരംഭങ്ങളുടെ മുദ്രാവാക്യങ്ങള്‍ സ്ത്രീസ്വാതന്ത്ര്യം, സ്ത്രീവിദ്യാഭ്യാസം എന്നിവ ആയിത്തീരുകയുംചെയ്തു. കോളോണിയല്‍ മൂല്യബോധം പാകപ്പെടുത്തിയ ഒരു സ്ത്രീത്വസങ്കല്‍പ്പത്തിനുവേണ്ടിയുള്ള വാദങ്ങള്‍ സ്ത്രീയും പുരുഷനും ഒന്നുപോലെ ഉയര്‍ത്തിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമുക്കു ഇന്ത്യാചരിത്രത്തില്‍ ഇക്കാലത്തു കണ്ടെത്താം. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ രൂപംകൊണ്ട സ്ത്രീകളുടെ സമാജങ്ങള്‍, ക്ളബ്ബുകള്‍, ലേഡീസ് സൊസൈറ്റികള്‍ എന്നിവയൊക്കെ ഈ മൂല്യബോധം തന്നെയാണ് പിന്‍പറ്റിയിരുന്നത്. 1910-ല്‍ സരളാദേവി ചൌധുരാനി സ്ഥാപിച്ച ഭാരത് സ്ത്രീ മഹാമണ്ഡലം, 1917-ല്‍ മദിരാശിയില്‍ സ്ഥാപിക്കപ്പെട്ട വിമന്‍സ് ഇന്ത്യന്‍ അസോസിയേഷനുമൊക്കെ ഈ പൊതുധാരയുടെ ഒരോ കണ്ണികള്‍ മാത്രം. ഈ പ്രസ്ഥാനങ്ങള്‍ക്കൊക്കെ വിദ്യാസമ്പന്നരായ പുരുഷന്മാരുടെ പിന്തുണയും ലഭിച്ചു. ഇന്ത്യയിലെ ആദ്യകാല സ്ത്രീപ്രസ്ഥാനങ്ങള്‍, സ്ത്രീകളുടെ സാമൂഹികപദവി മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ദേശീയ പ്രസ്ഥാനത്തിനായുള്ള സേവനങ്ങളും നിര്‍വഹിച്ചു എന്നവകാശപ്പെടുമ്പോഴും അവരുടെ പ്രവര്‍ത്തന മേഖലയില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന കീഴാള-ദരിദ്ര വിഭാഗ സ്ത്രീകള്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നത് ഒരു യാഥാര്‍ഥ്യം മാത്രം. അതുകൊണ്ടുതന്നെ ഈ സ്ത്രീപ്രസ്ഥാനങ്ങള്‍ക്ക് മധ്യവര്‍ഗ പ്രകൃതം തന്നെയാണുണ്ടായിരുന്നത്. വാസ്തവത്തില്‍ ഇരുപതുകളിലും നാല്‍പതുകളിലും ആരംഭിച്ച കാര്‍ഷിക സമരത്തിലാണ് അടിസ്ഥാനവര്‍ഗ സ്ത്രീപ്രശ്നങ്ങള്‍ക്കു പ്രവേശനം ലഭിക്കുന്നത്. ബംഗാളിലെ തേഭാഗ പ്രസ്ഥാനവും തെലങ്കാന കലാപവും വര്‍ളി ആദിവാസി കലാപവും ഒക്കെ നിര്‍ണായകമായ സ്ത്രീപങ്കാളിത്തമുള്ള സമരങ്ങളായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഇത്തരം ധീരമായ സമര പങ്കാളിത്തമൊന്നും ലിഖിത ചരിത്രത്തിലോ ആധികാരിക ചരിത്രത്തിലോ കേരള സ്ത്രീക്കു കല്‍പിച്ചനുവദിച്ചു കിട്ടിയിട്ടില്ലെങ്കിലും വാമൊഴി ചരിത്രത്തിലും ചരിത്രത്തിന്റെ വീണ്ടെടുപ്പുകളിലും ഇന്ന് കേരള സ്ത്രീയുടെ സഹനസമരങ്ങളും പോരാട്ടങ്ങളും അതിന്റെ സ്വകീയമായ സ്ഥാനപ്പെടുത്തല്‍ നിര്‍വഹിക്കപ്പെട്ടുവരികയാണ്. നാടുവാഴി ദുഷ്പ്രഭുത്വത്തിനും ജന്മിവ്യവസ്ഥയ്ക്കും കൊളോണിയലിസത്തിനുമെതിരെ ശബ്ദമുയര്‍ത്തിയ സ്ത്രീകള്‍ നിരവധിയാണെങ്കിലും അവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ നമ്മുടെ ചരിത്രത്താളുകളില്‍ സ്ഥാനംപിടിച്ചുള്ളൂ.

സ്വാതന്ത്ര്യത്തിനും സ്വയം നിര്‍ണയാവകാശത്തിനും വേണ്ടി പുരുഷനൊപ്പം അണിനിരന്ന ഒട്ടനവധി സ്ത്രീകളും കൂടിച്ചേര്‍ന്ന സമരങ്ങളും കലാപങ്ങളുമാണ് കേരള സമൂഹത്തിന്റെ പുരോഗതിക്കുള്ള ചാലകശക്തിയായി മാറിയത്. വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും വിശാലമായ ലോകം സ്ത്രീക്കു തുറന്നുകിട്ടി എന്ന അവകാശവാദം ഉന്നയിക്കുമ്പോഴും സ്ത്രീയെ സംബന്ധിച്ച ആദര്‍ശരൂപത്തെ വാര്‍പ്പുമാതൃകകളിലൊതുക്കാനാണ് എന്നും പൊതുസമൂഹം ശ്രമിക്കുന്നത്.

സാര്‍വദേശീയ മഹിളാദിനാചരണത്തിന്റെ നൂറ്റാണ്ടു പിന്നിടുന്ന ഒരു സാര്‍വദേശീയ സാഹചര്യത്തില്‍ മനുഷ്യജീവി എന്ന നിലയില്‍ കേരളത്തിലെന്നല്ല ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ സമാനമായ ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. കൂടാതെ ആഗോളീകരണത്തിന്റെ വര്‍ത്തമാന സാഹചര്യത്തില്‍ മൂന്നാം ലോകരാജ്യങ്ങളിലെ സ്ത്രീകള്‍ നേരിടുന്ന കടുത്ത യാഥാര്‍ഥ്യങ്ങള്‍ ഇതില്‍നിന്നും ഭിന്നവുമാണ്. പുരുഷന് ജീവിതത്തിന്റെ വിശാലമായ ലോകം തുറന്നുകിട്ടുകയും സ്ത്രീക്കതു നിഷേധിക്കപ്പെടുകയും ചെയ്യുന്ന അടിസ്ഥാന സാഹചര്യം ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ അനുഭവ യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യത്തെ വസ്തുതാപരമായി നേരിടുന്നതിനൊപ്പം ലോകമുതലാളിത്തത്തിന്റെ ചൂഷണമേറ്റുവാങ്ങുന്ന വര്‍ഗങ്ങളോടൊപ്പം അണിചേരാനും സ്ത്രീസമൂഹം സന്നദ്ധരാകേണ്ടതുണ്ട്. നൂറ്റാണ്ടുകളായി മലയാളിസമൂഹം അനുവര്‍ത്തിച്ചുപോരുന്ന ഫ്യൂഡല്‍ സദാചാരക്രമങ്ങളും കുടുംബബന്ധങ്ങളും ആചാര മര്യാദകളും ഒക്കെ ചേര്‍ന്ന് സംഘര്‍ഷഭരിതമാക്കുന്ന സ്ത്രീജീവിതത്തെ സാമൂഹ്യനീതിയുടെയും ജനാധിപത്യ മര്യാദയുടെയും അളവുകോലുകളിലൂടെ വിശകലനം ചെയ്യേണ്ടതുണ്ട്. സമൂഹത്തിന്റെ ഓരോ തട്ടിലും നിര്‍വഹിക്കപ്പെടുന്ന അലിഖിത പെരുമാറ്റച്ചട്ടങ്ങള്‍ക്കകത്തു വീര്‍പ്പുമുട്ടുന്ന വര്‍ത്തമാന സ്ത്രീജീവിതത്തെ അഭിസംബോധന ചെയ്യാതെ പുരോഗമന കേരളത്തിനു ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ കഴിയില്ല.

പുരുഷാധിപത്യ മൂല്യബോധവും ബൂര്‍ഷ്വാസമ്പദ്ഘടനയും ഒന്നിക്കുന്ന വര്‍ത്തമാന കേരളത്തിന്റെ പൊതുബോധത്തില്‍ രൂഢമൂലമായിരിക്കുന്ന ഒരു സ്ത്രീത്വ ബോധത്തെ പുനര്‍ നിര്‍മിക്കുകയും പുനര്‍ നിര്‍വചിക്കുകയും ചെയ്യേണ്ടതുണ്ട്. മതത്തിന്റെയും സംസ്കാരത്തിന്റെയും പ്രഛന്നരൂപ പ്രതിനിധാനങ്ങളായി വര്‍ത്തമാന കേരള സ്ത്രീ നിരന്തരം പരിവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അധീശപ്രത്യയ ശാസ്ത്രത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും കാവലാളായി അവള്‍ അനുനിമിഷം മാറിക്കൊണ്ടുമിരിക്കുന്നു. ഫാസിസത്തിന്റെയും വര്‍ഗീയതയുടെയും പുതിയ രൂപങ്ങള്‍ അവളെ ആശ്ളേഷിച്ചുകഴിഞ്ഞിരിക്കുന്നു. വാസ്തവത്തില്‍ സമകാല കേരളസ്ത്രീയുടെ ഈ ദുരവസ്ഥയെ നൈതിക ജാഗ്രതയോടെ നോക്കിക്കാണാനുള്ള ധൈഷണിക ഇച്ഛാശക്തിയാണ് ഇന്നു നമ്മള്‍ ആര്‍ജിക്കേണ്ടത്. മുതലാളിത്ത ആഗോളീകരണത്തിന്റെ വര്‍ത്തമാനകാലത്ത് ഏതു തരത്തിലുള്ള മര്‍ദനോപകരണങ്ങളെയും ചെറുത്തു തോല്‍പ്പിക്കാനുള്ള ഇച്ഛാശക്തിയും കര്‍മശേഷിയും ആര്‍ജിക്കുക എന്നതാണ് ഓരോ മലയാളിസ്ത്രീയുടെയും ആദ്യത്തെ കര്‍ത്തവ്യം.

*
എ ജി ഒലീന ദേശാഭിമാനി

19 June, 2009

ഗീതയുടെ നാനാര്‍ഥങ്ങള്‍

ഗീതയുടെ നാനാര്‍ഥങ്ങള്‍

"രാമായണവും ഭാരതവുമൊക്കെ എഴുതപ്പെട്ടത് അന്ന് നിലവിലിരുന്ന അനീതികളെ വിപ്ലവകരമായി ചെറുക്കാനായിരുന്നു എന്ന നേര് തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് ഇന്ത്യയിലെ ഇടതുപക്ഷത്തിന് പറ്റിയ ഒരു പ്രധാന അബദ്ധം'' -സി രാധാകൃഷ്ണന്‍.

ഒരു പ്രധാന അബദ്ധം എന്ന് പറയുമ്പോള്‍ വേറെയും അബദ്ധങ്ങള്‍ ഉണ്ടെന്ന സൂചനയുണ്ടോ?

"ശരിയായി വ്യാഖ്യാനിച്ച് മനസ്സിലാക്കിയാല്‍ ഗീത... മനുഷ്യന്റെ പുരോഗതിക്ക് ഒട്ടും എതിരല്ല'', തുടര്‍ന്നെഴുതുന്നു.

ഒരുപാട് വ്യാഖ്യാനങ്ങളുണ്ട് ഗീതയ്ക്ക്, മലയാളത്തില്‍ത്തന്നെ. ഈ വ്യാഖ്യാനങ്ങളൊന്നും ശരിയല്ലെന്നാണോ? ശരിയായത് വല്ലതുമുണ്ടോ?

ഇതിഹാസങ്ങളും ബ്രഹ്മസൂത്രവും ഗീതയും മറ്റും ചുട്ടുകരിക്കണമെന്ന് ആരാനും പറഞ്ഞോ? ഇത് പുസ്തകം ചുട്ടെരിക്കുന്ന കാലമായതുകൊണ്ട് തോന്നിയതായിരിക്കും. "ഭഗവത് ഗീത ഒരു വിമര്‍ശനപാഠം'' ചുട്ടെരിക്കാന്‍ പറഞ്ഞില്ലല്ലോ. ഇവയൊന്നും ചുട്ടെരിക്കണമെന്നല്ല ശരിക്ക് വായിച്ച് അര്‍ഥം ഗ്രഹിച്ച് വിലയിരുത്തണമെന്നുതന്നെയാണ് പക്ഷം. ഭക്ത്യാന്ധതയും മുന്‍വിധികളും മാറ്റിനിര്‍ത്തി വേണമെന്നുമാത്രം. അതെങ്ങനെ? "സംശയാത്മാ വിനശ്യതി'' (സംശയിക്കുന്നവന്‍ ഒടുങ്ങിപ്പോകും) എന്ന മന്ത്രച്ചരട് ഗീതാനുസന്ധായികള്‍ കെട്ടിയിട്ടുണ്ടാകുമല്ലോ.

ബ്രഹ്മസൂത്രങ്ങളും ഗീതയും എല്ലാം അറിവിന്റെയും സംസ്കാരത്തിന്റെയും പാഠങ്ങളാണെന്ന രാധാകൃഷ്ണന്റെ അഭിപ്രായം മാനിക്കുന്നു. അറിവ് അറിവുതന്നെയാണല്ലോ. "സര്‍വേലാഭാഃ സാഭിമാനാഃ എന്നും വിചാരിക്കാം.

'ശരിയാണ്, തല്പരകക്ഷികള്‍ ഇവയെല്ലാം ദുര്‍വ്യാഖ്യാനം ചെയ്ത് ദുരുപയോഗം ചെയ്തിട്ടുണ്ട്'' പ്രതികരണം സമ്മതിക്കുന്നു. ദുര്‍വ്യാഖ്യാനം ചെയ്ത ദുരുപയോഗങ്ങളാണ് ഇന്നും ശക്തം. നന്നായൊന്നു തട്ടിക്കുടഞ്ഞാല്‍ പോകുന്ന അഴുക്കും പൊടിയുമൊന്നുമല്ല പറ്റിപ്പിടിച്ചിട്ടുള്ളത്. കുളിപ്പിച്ച് കുളിപ്പിച്ചു കുട്ടിതന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്. മാത്രമല്ല ഇടതുപക്ഷം തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിച്ചാല്‍ അതിന്നും പഴിയുണ്ടാവും. വിവേകാനന്ദ ജയന്തി ഡി വൈ എഫ് ഐ കൊണ്ടാടിയപ്പോള്‍ അതിന്റെ പേരിലുണ്ടായ പുകില്‍ നാം കണ്ടതാണല്ലോ. ഗീതയെ അതിന്റെ യഥാര്‍ഥ സ്ഥിതിയില്‍ അറിഞ്ഞു വിലയിരുത്തണം. അതാണഭികാമ്യം.

'മഹത്വഭാരവത്വാഢ്യ'മായ ഭാരതത്തിലെ ഒരു ഉപപര്‍വമാണല്ലോ ഗീത. മഹാഭാരതത്തേക്കാളും ഈ ഉപപര്‍വത്തിന് എങ്ങനെ ഈ മഹത്വം കിട്ടി. പലരും ഗീത കാണുന്നതും ഉപയോഗിക്കുന്നതും പ്രത്യേകമായി രചിക്കപ്പെട്ട ഒരു വിശിഷ്ട ഗ്രന്ഥമെന്ന നിലയ്ക്കാണ്. മരംമറഞ്ഞ് കാടുകാണാത്ത അവസ്ഥ തന്നെ. ഗീതയ്ക്കുവേണ്ടിയാണ് മഹാഭാരതം രചിക്കപ്പെട്ടത് എന്ന് കണ്ടെത്തിയവര്‍പോലുമുണ്ട്. ഉറപ്പിച്ചു പറയാം: ഈ ഗീതാനുസന്ധാകളില്‍ ഭൂരിഭാഗവും മഹാഭാരതം കണ്ടവര്‍പോലുമല്ല. മേല്‍പ്പുരപൊളിച്ച് നടുത്തളത്തിലിറങ്ങുന്നവരാണ് ഏറെയും.

"വിശ്വത്തിന്റെ ഘടന വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് ഗീത ആത്മാവിനെക്കുറിച്ച് പറയുന്നത്..... ക്ഷരം, അക്ഷതം.. അക്ഷരാതീരം എന്നതാണ് പ്രപഞ്ചഘടന. ഇതുതന്നെയാണ് ഇപ്പോള്‍ സയന്‍സിന്റെ കാഴ്ചപ്പാടും,''രാധാകൃഷ്ണന്‍ പറയുന്നു. 'ഇപ്പോള്‍' എന്ന് പറയുമ്പോള്‍ മുമ്പ് അങ്ങനെ ആയിരുന്നില്ലെന്നാവും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗീത കണ്ടെത്തിയത് ഇപ്പോഴാണ് സയന്‍സ് കണ്ടെത്തുന്നത്. ദശാവതാരങ്ങളില്‍ പരിണാമസിദ്ധാന്തം കണ്ടെത്തിയ മിടുക്കന്മാരാണല്ലോ നാം.

ഗീത ആത്മാവിനെക്കുറിച്ചു പറയുന്നത് ബന്ധുമിത്രാദികളെ കൊന്നാലും അവര്‍ നശിക്കുന്നില്ല എന്നു സ്ഥാപിക്കാനാണ്. കൊന്നാലും കൊല്ലുന്നില്ല, ചത്താലും ചാകുന്നില്ല എന്നു സ്ഥാപിക്കാന്‍. പ്രഥമദൃഷ്ട്യാതന്നെ ഇത് സുവ്യക്തം. ശരീരം നാശമുള്ളതാണ്. അത് തടയാന്‍ ആര്‍ക്കും സാധ്യമല്ല. എന്നാല്‍ ശരീരത്തിലെ ആത്മാവിനെ ആര്‍ക്കും കൊല്ലാനാവില്ല. 'തസ്മാദ്യുദ്ധ്യസ്വ ഭാരത' (അതുകൊണ്ട് യുദ്ധം ചെയ്തോളൂ- 2ല്‍18)

"നായം ഹന്തി ന ഹന്യതേ'' ആത്മാവ് കൊല്ലുന്നില്ല, കൊല്ലപ്പെടുന്നില്ല. (2 ല്‍ -19) എത്ര ശരി. അങ്ങനെ കൊന്നു. ഉണ്ടെങ്കിലല്ലേ അത് നടക്കൂ. അല്ലെങ്കില്‍ ആത്മബോധം, തന്റേത് എന്ന ബോധം ഒരിക്കലും ലോകത്തുനിന്ന് പോകയില്ലല്ലോ. "ഗുരുക്കന്മാരുടെ രക്തംപുരണ്ട ഭോഗങ്ങളെ അനുഭവിക്കാനില്ല (2ല്‍-5) - "ഇരന്നു കഴിഞ്ഞോളാം. സ്വജനത്തെ കൊന്നിട്ട് എങ്ങനെ സുഖിക്കും'' (1ല്‍ 37) എന്നൊക്കെ പറഞ്ഞ് പരവശനായി "യത്ശ്രേയഃസ്യാന്നിശ്ചിതം ബ്രൂഹിതന്മേ'' (ശ്രേയസ്കരമായിട്ടുള്ളത് പറഞ്ഞുതരൂ) എന്ന് ആവശ്യപ്പെടുന്ന അര്‍ജുനനോടാണ് ആത്മാവിനെക്കുറിച്ചു പറയാന്‍ തുടങ്ങുന്നത്. അനുക്രമം വായിക്കുന്നവര്‍ക്ക് ഇതുബോധ്യപ്പെടും.

യുദ്ധവിരക്തനായ അര്‍ജുനനെ യുദ്ധോക്ത്യുക്തനാക്കാനാണ് ഈ ഉപദേശങ്ങള്‍. കൃഷ്ണനെത്തന്നെ ഈ ഉപദേശത്തിന് കൈകണ്ടതിലും കവിയുടെ ഔചിത്യദീക്ഷയുണ്ട്. കാപട്യങ്ങളെക്കൊണ്ട് ഒരുവിധം യുദ്ധം ജയിച്ചതില്‍പ്പിന്നെ ഭരണകാര്യങ്ങളിലെ ഉപദേശത്തിന് കൃഷ്ണനെ കണ്ടില്ല. ധര്‍മജന്‍ ശരശയ്യയില്‍ കിടക്കുന്ന പിതാമഹന്റെ അടുത്താണ് അതിന് പോകുന്നത്. ഇന്ദ്രന്റെ അവരജനാണത്രെ വിഷ്ണു. "ഉപേന്ദ്ര ഇന്ദ്രാവരജോ'' എന്ന് നിഘണ്ടു (വിഷ്ണുവിന്റെ അവതാരമാണ് കൃഷ്ണന്‍ എന്നാണല്ലോ വെപ്പ്) 'യുദ്ധസ്വവിഗതജ്വരഃ'' എന്നു പറയാന്‍ സര്‍വഥാ യോഗ്യന്‍.

താന്‍ വലിയ ഇന്ദ്രജാലക്കാരനാണ്, കൃഷ്ണന്‍ തന്നെ വിളിച്ചു പറയുന്നുണ്ട്:

" ദേവീഹ്യേഷാ ഗുണമയീ

മമ മായാ ദുരാത്യയാ (7-ല്‍ 14) (എന്റെ മായയെ ആര്‍ക്കും മറികടക്കാവതല്ല) ദ്യൂതം ഛലയതാമസ്മി' (വഞ്ചകര്‍ക്കിടയില്‍ ഞാന്‍ ചൂതാട്ടമാണ്-10ല്‍-36) . "മൌനം ചാസ്മി ഗുഹ്യാനാം'' 10-ല്‍ 38 (രഹസ്യങ്ങളില്‍ ഞാന്‍ മൌനമാണ്) . ഇതുകൊണ്ട് പ്രപഞ്ചത്തെ അളന്നെടുക്കാം എന്ന് മറ്റുള്ളവരില്‍ തെറ്റിദ്ധാരണ പരത്തുന്നതാണ് മായ.

ആത്മാവിന്റെ അനശ്വരതയെക്കുറിച്ചും വേദവാദരതന്മാരുടെ മൂഢതയെക്കുറിച്ചുമെല്ലാം പറഞ്ഞിട്ടും പടക്കിറങ്ങാന്‍ ധൈര്യം വരാത്ത സവ്യസാചിയെ "നീ ആരെ കൊല്ലാന്‍ മടിച്ചാണോ യുദ്ധത്തില്‍ ഇറങ്ങാത്തത് അവരെയെല്ലാം ഞാന്‍ തന്നെ ശരിപ്പെടുത്തിയിട്ടുണ്ട്. പൂപ്പറിക്കുംപോലെ കാര്യം നേടാം.'' അത്രയും ലഘൂകരിക്കപ്പെട്ടിരിക്കുന്നു നിന്റെ ഭാരം. അതുകൊണ്ട് "യുദ്ധസ്വജേതാസിരണേ''(11ല്‍, 33, 34). എന്നിട്ടും ഉദ്ബുദ്ധനാകുന്നില്ല എന്നായപ്പോഴാണ് പതിനെട്ടാമത്തെ അടവും കഴിഞ്ഞ് 'പൂഴിക്കടകന്‍' എടുക്കുന്നത്. 'വിശ്വരൂപദര്‍ശനം തന്റെ കൃതഹസ്തമായ ഇന്ദ്രജാലം. ഇതിലാണ് അര്‍ജുനന്‍ അടിപ്പെടുന്നത്. അര്‍ജുനന്‍ നിലവിളിച്ചുപോയി: "മമ മനഃ ഭയേന പ്രവ്യാഥിതം'' (എന്റെ മനസ്സ് ഭയാകുലമായിരിക്കുന്നു). "തദേവമേ ദര്‍ശയ ദേവ രൂപം'' ( ആ പഴരൂപം തന്നെ കാണിക്കൂ). "പ്രസീദ, ദേവേശ, ജഗന്നിവാസ'' (ദേവേശ ജഗന്നിവാസ പ്രസാദിക്കണേ). ഇതോടെ അര്‍ജുനന്‍ എങ്ങനെ വേണമെങ്കിലും വളയ്ക്കാനും തിരിക്കാനും പാകത്തിലായി. (ഗീത 11 ല്‍ 45)

"ഞാന്‍ പറയേണ്ടതൊക്കെ പറഞ്ഞു ഇനി ഇഷ്ടംപോലെ ചെയ്യ്'' എന്ന് പരിഭവംകൂടി പറഞ്ഞാണ് ഭഗവാന്‍ അവസാനിപ്പിക്കുന്നത് (18ല്‍ 63). ഒടുക്കം, പറയുംപോലെ ചെയ്തുകൊള്ളാം എന്ന് അര്‍ജുനന്‍ സമ്മതിക്കുന്നു (18 ല്‍ 74).

കൃഷ്ണന്റെ കരിമുകിലൊത്ത ചികുരഭാരത്തിലെ നിറന്നപീലികള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. അത് വെറുമൊരലങ്കാരം മാത്രമാണോ. കൃഷ്ണസങ്കല്പത്തിലെ ദുരകത്യയമായാ പ്രതീകം കൂടിയാണെന്ന് തിരിച്ചറിയണം. ഇന്ദ്രജാലക്കാര്‍ മായാജാലപ്രകടനത്തില്‍ ഉപയോഗിക്കാറുള്ളതാണ് പീലിക്കെട്ട്. നീലച്ചമയിലിന്റെ പീലികെട്ടുഴിഞ്ഞെന്നെ തൂണാക്കി മാറ്റിയല്ലോ' എന്ന പി ഭാസ്കരന്റെ സിനിമാഗാനം ഓര്‍മിക്കുന്നില്ലെ.

'ഞാനെന്നേ മര്‍ത്യനെന്നോര്‍പ്പൂ'' എന്ന് വാല്മീകിയുടെ രാമന്‍. എന്നാല്‍ കൃഷ്ണനോ, അവജാനന്തിമാം മൂഢാഃ മാനുഷീം തനുമാശ്രിതം (വിഡ്ഢികള്‍ ഞാന്‍ മനുഷ്യരൂപിയാണെന്ന് മനസ്സിലാക്കുന്നു) എന്ന്.

"യദ്രവ്യം ബാന്ധവാനാം വാ

മിത്രാണാം വാക്ഷയേ ഭവേത്

നാഹം തത് പ്രതിഗൃഹ്ണാമി

ഭക്ഷാന്‍ വിഷകൃതാനിവ'' (ബന്ധുക്കളെയും ചങ്ങാതിമാരെയും കൊന്നുകിട്ടുന്ന സ്വത്ത് ഞാനെടുക്കകയില്ല. വിഷം കലര്‍ന്ന ഭക്ഷണംപോലെ തള്ളുകതന്നെ ചെയ്യും) എന്ന് രാമന്‍. കൃഷ്ണനോ "ഗുരുക്കന്മാരെക്കൊന്ന് അവരുടെ രക്തം പുരണ്ട അര്‍ഥകാമഭോഗങ്ങള്‍ ഞാന്‍ അനുഭവിക്കയില്ല (രാമന്റെ അതേ അഭിപ്രായം) എന്നതിനൊപ്പം യുദ്ധവിയുക്തനായ പാര്‍ഥനോട്, "ദുഃഖിക്കേണ്ടാത്തവരെക്കുറിച്ചാണ് നീ ദുഃഖിക്കുന്നത്; ചത്തവരെക്കുറിച്ചും ചാകാത്തവരെക്കുറിച്ചും ആരാനും ദുഃഖിക്കുമോ (2ല്‍ 11 ) എന്നും പറഞ്ഞു പരിഹസിക്കുന്നു. മാത്രമോ "ജിത്വാവാ ഭോക്ഷ്യസേ മഹിം തസ്മാദുത്തിഷ്ഠ യുദ്ധായ കൃതനിശ്ചയഃ'' (ജയിച്ചാല്‍ രാജ്യസുഖം അനുഭവിക്കാം യുദ്ധം ചെയ്യണമെന്നുറച്ച് എഴുന്നേല്‍ക്കു'' (2ല്‍ 37) എന്ന് ഉത്സാഹിപ്പിക്കുകയും ചെയ്യുന്നു. യുദ്ധത്തിന്നിടിയില്‍ ഭീഷ്മരുമായി പിണങ്ങിക്കഴിയുന്ന കര്‍ണന്റെ അടുത്തുചെന്ന് രഹസ്യങ്ങളില്‍ മൌനിയായ കൃഷ്ണന്‍ കുന്തിയുടെ മൂത്ത പുത്രനെന്ന നിലയ്ക്ക് രാജാവാകാമെന്നും ആറാമനായി പാഞ്ചാലിയുമായി കിടക്ക പങ്കിടാമെന്നും ഞങ്ങളുടെ പക്ഷം ചേരൂ എന്നും പറഞ്ഞു.

കൃഷ്ണന് സത്യാസത്യങ്ങളോ ധര്‍മാധര്‍മങ്ങളോ ഇല്ല. എല്ലാം സാപേക്ഷികമാണ്.

"സത്യം ചൊല്ലരുതെന്നാകും

പൊളി ചൊല്ലേണ്ടാതായ്വരും

അനൃതം സത്യമാം; സത്യം

അനൃതം തന്നെയായിടും (ഭീഷ്മപര്‍വം, തമ്പുരാന്റെ തര്‍ജമ.) പ്രായോഗിക ജീവിതത്തിന്റെ സമൂര്‍ത്ത സിദ്ധാന്തമാണിത്. ഈ സിദ്ധാന്തക്കാരനേ തന്നെ മടിയിലിരുത്തി പോറ്റിവളര്‍ത്തിയ മുതുമുത്തച്ഛനെ കൊന്ന് രാജ്യം പിടിച്ചടക്കാന്‍ ചങ്ങാതിയെ ഉപദേശിക്കാനാവൂ.

"എന്ത് ദുരിതം ചെയ്തും അധികാരം കൈയിലൊതുക്കുക രാജകുമാരന്മാരുടെ സ്വഭാവമാണ്'' കാളിദാസന്‍ രഘുവംശത്തില്‍ പറയുന്നു. ഭാഗവതം തന്നെ പറയുന്നു:

"മാതരം പിതരം ഭ്രാതൃന്‍

സര്‍വാംശ്ച സുഹൃദസ്തഥാ

ഘ്നന്തിഹ്യസൃതൃപോലുബ്ധാഃ

രാജാനഃ പ്രായശോ ഭുവി''

അസംതൃപ്തരായ രാജാക്കള്‍ (ക്ഷത്രിയര്‍) അച്ഛനെയും അമ്മയെയും ചങ്ങാതിമാരെയും അധികാരത്തിനുവേണ്ടി കൊല്ലാന്‍ മടിക്കില്ല. ചരിത്രത്തിലും അനുഭവപാഠങ്ങളുണ്ടല്ലൊ. അപ്പോള്‍ ഗീതോപദേശത്തിനും സര്‍വഥാ യോഗ്യനായവനാണ് കൃഷ്ണന്‍. കൃഷ്ണഗാഥയാണ് ഗീതോപദേശം. എന്നാല്‍ ഗീതയില്‍ എങ്ങനെ ഭഗവാന്‍ പറ്റിപ്പിടിച്ചു. പൌരോഹിത്യമാണ് അതു ഒട്ടിച്ചുവിട്ടിരിക്കുക പടച്ചോന്‍ നേരിട്ട് പറഞ്ഞതാണെങ്കില്‍ അതിന്നു പിന്നെ അപ്പീലുമില്ല. ഗീത ഭീഷ്മപര്‍വത്തിലെ ഒരു ഉപപര്‍വമാണെങ്കില്‍, മഹാഭാരതം വ്യാസനിര്‍മിതമാണെങ്കില്‍, വ്യാസഗീതയെന്ന് പറയുന്നതല്ലെ ശരി. സഞ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് ഉപദേശിക്കുന്ന രീതിയിലാണ് അനുവാചകനറിയുന്നതെന്നും തിരിച്ചറിയണം. അപ്പോള്‍ 'സഞ്ജയഗീത'യെന്നും ആവാം. തികച്ചും ഭൌതികകാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഗീത. അതാണതിലെ അംഗി. "യുദ്ധം ചെയ്യുക'' എന്ന അംഗിയെ ചൂഴ്ന്നുനില്‍ക്കുന്ന പരിവാരങ്ങളാണ് (അംഗങ്ങള്‍) മറ്റൊക്കെ. ആത്മാവും യോഗങ്ങളുമൊക്കെ 'യുദ്ധസ്വ' എന്നതിന്റെ പരിപോഷകങ്ങള്‍ മാത്രം. പതിനെട്ട് അധ്യായങ്ങളിലായി ഏതാണ്ട് 40 ഓളം സന്ദര്‍ഭങ്ങളില്‍ യുദ്ധം ചെയ്യൂ എന്ന് ശബ്ദതഃ പറയുന്നുണ്ട് ഗീതയില്‍. പതിനെട്ടാമധ്യായത്തിന്റെ ഒടുവില്‍ യുദ്ധം ചെയ്യൂ എന്ന ഒന്നില്‍ കേന്ദ്രീകരിക്കുന്നതും ശ്രദ്ധേയം:

എന്റെ ഈ ഉപദേശം കേട്ടില്ലെങ്കില്‍ നീ നശിക്കും (15ല്‍.58) അഹമ്മതിവെച്ച് ഞാന്‍ യുദ്ധം ചെയ്യില്ല എന്നാണെങ്കില്‍ അത് വെറുതെ (18ല്‍-59). സ്വന്തം കര്‍മത്താല്‍ ബന്ധിക്കപ്പെട്ട നീ ഗത്യന്തരമില്ലാതെ അത് (യുദ്ധം) ചെയ്യേണ്ടിവരും (18ല്‍ 60).

കടന്നുപറഞ്ഞാല്‍ തികഞ്ഞ രാഷ്ട്രീയമാണ് ഗീതയിലുള്ളത്. ഗീതോപദേശം വേണ്ടിവന്ന സാഹചര്യം തന്നെ അതു വ്യക്തമാക്കുന്നു. അര്‍ജുനന്‍ നേരെ യുദ്ധത്തില്‍ പ്രവേശിക്കുകയും എതിരാളികളെക്കൊന്നുവീഴ്ത്തുകയും ചെയ്തിരുന്നെങ്കില്‍ ഗീതോപദേശത്തിന് പ്രസക്തിയേ ഇല്ലല്ലോ.

ക്ഷത്രിയരും ബ്രാഹ്മണരും (പുരോഹിതര്‍) ആണ് മഹാഭാരതത്തിന്റെ കാലത്ത് സമൂഹത്തെ നിയന്ത്രിച്ചിരുന്നത്. പഠിപ്പും വെടിപ്പുമെല്ലാം അവരിലാണ്. ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും അപദാനങ്ങളും കഥകളുമായി അതില്‍. അതുകൊണ്ട് കാലത്തിന്റെ പ്രതിബിംബമാണത്. ഭാരതാദികള്‍ അന്നത്തെ അനീതികളെ വിപ്ലവകരമായി ചെറുത്തു എന്നു സമ്മതിക്കാം. ഇന്നത്തെ അനീതികളെ ചെറുക്കാന്‍ അതു മതിയാകുമോ? ഉപയോഗിക്കണമെങ്കില്‍ അതിന്റെ അലകും പിടിയും മാറ്റേണ്ടിവരും.

ഇന്ദ്രിയങ്ങളെക്കൊണ്ടറിയില്ല ബുദ്ധിക്ക് ഗ്രഹിക്കാനാവും. എന്നാണ് ഗീത ആത്മാവിനെക്കുറിച്ചു പറയുന്നതൂ'' (ബുദ്ധിഗ്രാഹ്യം അതീന്ദ്രിയം). ഇതു ആത്മാവിനെക്കുറിച്ചുള്ളതല്ല. ആറാം അധ്യായത്തില്‍ (ധ്യാനയോഗം) 21 -ാം ശ്ലോകത്തിലാണ് ഇതുള്ളത്. യോഗയുക്തനെ (യോഗി) ആണ് അവിടെ പരാമര്‍ശിക്കുന്നത്.

"ഇന്ദ്രിയംകൊണ്ടറിയാത്തതും ബുദ്ധികൊണ്ട് അറിയാവുന്നതുമായ പരമാനന്ദത്തെ യോഗി അറിയുന്നു എന്നാണര്‍ഥം. "ജീവാത്മാക്കള്‍ക്ക് കണക്കു പുസ്തകമില്ല'' എന്ന് രാധാകൃഷ്ണന്‍. കണക്ക് പുസ്തകം ഉള്ളതുപോലെയാണ് ഗീതാശ്ലോകംകൊണ്ടു തോന്നുക. ജീര്‍ണശരീരം ഉപേക്ഷിച്ച് ആത്മാവ് പുതിയ ശരീരം തേടുന്നു, പഴന്തുണി കളഞ്ഞ് മനുഷ്യന്‍ പുതുതുണി ധരിക്കുംപോലെ എന്നുപറയുമ്പോള്‍ ഒരു കണക്ക് പുസ്തകം ഉള്ളതുപോലെ തോന്നിപ്പോകും. (സത്യമതല്ലായിരിക്കാം). എല്ലാം മുമ്പേ ഒരുക്കിവെച്ചപോലെ. ആത്മാവിന് ഗതി കിട്ടിയില്ല എന്ന് പറയുന്നത് കണക്ക് തെറ്റുമ്പോഴല്ലെ. "അതേ: ജീവിതലക്ഷ്യം ഈശ്വരസാക്ഷാത്കാരമാണ്.'' പ്രകൃതിയോടിണങ്ങി സ്വാഭാവികമായും സുഖമായും ജീവിക്കുക എന്ന് മാത്രമാണ് ഗീതയില്‍ ആ വാക്കിന്നര്‍ഥം. രാധാകൃഷ്ണന്റെ വ്യാഖ്യാനം കൊള്ളാം. ബ്രഹ്മസാക്ഷാത്കാരത്തെത്തന്നെയാണല്ലോ ഈശ്വരസാക്ഷാത്കാരം എന്നതുകൊണ്ടുദ്ദേശിച്ചത്. അങ്ങനെയെങ്കില്‍ നല്ല ബുദ്ധിയോടും മനസ്സോടും ഇന്ദ്രിയ നിഗ്രഹം ചെയ്ത് രാഗദ്വേഷങ്ങളില്ലാതെ ഒറ്റക്ക് അല്പാഹാരനായി. വാക്കുകള്‍ നിയന്ത്രിച്ച് ധ്യാനനിഷ്ഠനായി കാമക്രോധാദികളും ധനമോഹവും വെടിഞ്ഞ് ഒന്നിലും താല്പര്യമില്ലാതെ ഇരിക്കുന്നവനാണ് ഈശ്വര (ബ്രഹ്മ) സാക്ഷാത്കാരത്തിന് യോഗ്യനാകുന്നത് (18 ല്‍, 51, 52, 53) പ്രകൃതിയോടിണങ്ങി സാഭാവികമായും സുഖമായും ജീവിക്കലും മേല്‍പ്പറഞ്ഞതും ഒന്നാണോ?

"യജ്ഞം എന്ന വാക്കിന്ന് കര്‍മം എന്നാണത്രെ ഗീതയിലെ അര്‍ഥം. വേണമെങ്കില്‍ സ്വാഭാവിക കര്‍മം എന്നു പറയാം.''യജ്ഞം എന്നത് സ്വാഭാവിക കര്‍മം എന്ന നിലയ്ക്കല്ല ഗീതയില്‍. സ്വാഭാവികകര്‍മം ബന്ധകാരിയാണ്. ഫലകാംക്ഷയോടെയുള്ള കര്‍മമാണ് സ്വഭാവികകര്‍മം. യജ്ഞാര്‍ഥം സംഗരഹിതനായി കര്‍മം ചെയ്യാനാണ് ഗീത പറയുന്നത് (3ല്‍-9). ഈ യജ്ഞാഭാവത്തോടെയാണ് ജനങ്ങളെ സൃഷ്ടിച്ചിരിക്കുന്നതെന്നും ഗീത പറയുന്നു (3ല്‍-10) ഈ യജ്ഞംകൊണ്ടു ദേവന്മാരെ പൂജിച്ചാല്‍ ദേവന്മാര്‍ ഇങ്ങോട്ടും സഹായിക്കും എന്ന് പറയുമ്പോള്‍ (3 ല്‍ 11) സ്വാഭാവിക കര്‍മമല്ലെന്ന് വ്യക്തം.

"ചാതുര്‍വര്‍ണ്യത്തെ ഗീത അംഗീകരിക്കയല്ല നിഷേധിക്കുകയാണ''ത്രെ. "ചാതുര്‍വര്‍ണ്യം മയാസൃഷ്ടം'' എന്ന് ഭഗവാന്‍ വിളിച്ചുപറഞ്ഞിട്ടും രാധാകൃഷ്ണന്‍ അതിലെങ്ങനെ നിഷേധം കണ്ടെത്തുന്നു. അതിന്റെ കര്‍ത്താവാണെങ്കിലും ആ കര്‍ത്താവായറിയണമെന്ന് പറഞ്ഞതുകൊണ്ടാണോ (4ല്‍ 13)? സത്വരജസ്തമോ ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ് ചാതുര്‍വര്‍ണ്യസൃഷ്ടി. ബ്രഹ്മനെന്നും ക്ഷത്രനെന്നും വൈശ്യനെന്നും ശൂദ്രനെന്നും ഈശ്വരന്‍ ഉണ്ടാക്കിയെന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. നാലു ജാതിക്കും തൊഴില്‍ വിഭജനം കൂടി ചെയ്തുവെച്ചിട്ടുണ്ട് (18ല്‍ 41).

'ധര്‍മമെന്ന വാക്കും ശരിയായ അര്‍ഥത്തിലല്ല. വര്‍ണാശ്രമധര്‍മം എന്ന അര്‍ഥം ഗീതാകാരന്‍ ഉദ്ദേശിച്ചില്ല. സ്വഭാവേനയുള്ള കര്‍മമാണ് സ്വധര്‍മം.'' "ധര്‍മാദ്ധി യുദ്ധാത് ശ്രേയോന്യത് ക്ഷത്രിയസ്യനവിദ്യതേ'.' ക്ഷത്രിയജാതിയുടെ ധര്‍മമാണ് യുദ്ധം എന്നല്ലെ ഇവിടെ അര്‍ഥം. വര്‍ണധര്‍മം തന്നെയാണിത്.

പരമമായ അറിവാണ് ഈശ്വരന്‍ എന്നാണ് ഗീത പഠിപ്പിക്കുന്നത്. അതായത് ഈശ്വരന്‍ ജ്ഞാനസ്വരൂപനാണെന്ന് കുറ്റിപ്പുഴയുടെ 'വിചാരവിപ്ലവ'ത്തില്‍ ഈശ്വരന്റെ അസ്തിത്വത്തെക്കുറിച്ച് വാദപ്രതിവാദം നടത്തുന്ന ഒരു ഭാഗമുണ്ട്. വാദിച്ച് വാദിച്ച് ആസ്തികന്‍ ഈശ്വരന്‍ ജ്ഞാനസ്വരൂപനാണെന്ന് വാദിച്ചുനിര്‍ത്തി. അപ്പോള്‍ കുറ്റിപ്പുഴ പറഞ്ഞു: അതാണീശ്വരനെങ്കില്‍ ഞാനും ആസ്തികനാണെന്ന്. ജ്ഞാനസ്വരൂപനാണ് ഈശ്വരനെങ്കില്‍ ആരും അംഗീകരിക്കും.

ഗീതയിലെ ഈശ്വരന്‍ ആ ജ്ഞാനസ്വരൂപനല്ല. മുഖസ്തുതിയിലും പൂജകളിലും ഉപഹാരങ്ങളിലും ഭ്രമിക്കുന്ന ഈശ്വരനാണ്. പക്ഷേ, ക്ഷിപ്രപ്രസാദിയാണ്. നിസ്സാരമായ ഉപഹാരംകൊണ്ട് പ്രസാദിക്കും. പൊന്നുകൊണ്ട് തുലാഭാരവും ഒന്നും വേണ്ട. പത്ര, പുഷ്പം, ഫലം, തോയം തുടങ്ങിയ വിലകുറഞ്ഞ വസ്തുക്കള്‍ സമര്‍പ്പിച്ചാല്‍തന്നെ പ്രസാദിക്കും. ഭക്തിയോടെ നല്‍കണമെന്നേയുള്ളൂ. (9ല്‍ 267) എന്നാല്‍ മറ്റു ദൈവങ്ങളെ പൂജിക്കുന്നത് അത്ര ഇഷ്ടമല്ല. (9-ല്‍ 22,23). ഐതരേയത്തിലെ 'പ്രജ്ഞാനം ബ്രഹ്മ' എന്നതിനേക്കാളും ബൃഹദാരണ്യകത്തിലെ 'അഹം ബ്രഹ്മാസ്മി' എന്നതാണ് ഗീതക്ക് ചേര്‍ന്നത്.

നിരുത്സാഹകനായി അകര്‍മണ്യതയില്‍ ആപതിച്ച വ്യക്തിയെ ഉത്സാഹപ്പെടുത്തി കര്‍മനിരതനാക്കുന്ന ഉപദേശനിര്‍ദേശങ്ങളാണ് ഗീതയില്‍ ഉള്ളതെന്ന് ആരും സമ്മതിക്കും. തേരാളിയെത്തന്നെ ഉപദേശത്തിന് അവതരിപ്പിച്ചതും ഉചിതംതന്നെ. ഇടയില്‍ ഭഗവാന്‍ പറ്റിച്ചേര്‍ന്നതാണ് ഊര്‍ജം കെടുത്തിയത്.

കുരുക്ഷേത്രയുദ്ധത്തിന് മുമ്പ് വൈകാരിക സംഘര്‍ഷാത്മകമായ ഒരു രംഗം ആവിഷ്കരിച്ച് തത്വോപദേശം വഴി ആ വൈകാരികോഷ്മാവിനെ ശീതീകരിക്കുന്ന രീതിയിലുള്ള ഗീതോപദേശം ഭാവോന്മീലകമായ കാവ്യപശ്ചാത്തലം ഒരുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാവ്യാസ്വാദനജന്യമായ ഒരനുഭൂതി അനുവാചകന് ലഭിച്ചെന്ന് വരും. അവിടന്നും ഇവിടന്നും എടുത്ത് മുക്തമാക്കി ചൊല്ലി ആവേശംകൊള്ളാം. അറവുകാരനും കൊലപാതകിക്കും കരിഞ്ചന്തക്കാരനും വിപ്ലവകാരിക്കും തീവ്രവാദിക്കും പരമസാത്വികനും തങ്ങളുടെ ചെയ്തികള്‍ക്ക് ന്യായീകരണം കണ്ടെത്താം. എന്നാല്‍ ഏകകമായ ഒരനുക്രമ വായനയില്‍ പരസ്പരവിരുദ്ധവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ് ഗീത.

വര്‍ണവ്യവസ്ഥയനുസരിച്ച് തൊഴില്‍ വിഭജനവും ഭക്ഷണരീതിയും ഗീത പ്രഖ്യാപിക്കുന്നു. (18-ല്‍ 42, 43, 44) ഞാനാരുടെയും പാപം കൈയേല്‍ക്കില്ല എന്ന് പറഞ്ഞ ഭഗവാന്‍ (5ല്‍ 15) യുദ്ധം ചെയ്യുന്നതുകൊണ്ടുണ്ടാവുന്ന എല്ലാ പാപങ്ങളും ഏറ്റെടുത്തോളാം എന്നു പറയുന്നു. സ്വര്‍ഗകാമനയെ നിന്ദിക്കുന്ന ഗീത യുദ്ധത്തെ സ്വര്‍ഗത്തിലേക്ക് കടക്കാനുള്ള വഴിയായി കാണുന്നു. സ്ത്രീകളില്‍ കീര്‍ത്തിയും ഐശ്വര്യവും ഞാനാണെന്ന് പറഞ്ഞ് അവരെ പാപയോഗികള്‍ എന്ന് നിന്ദിക്കുന്നു. (ഭഗവാനില്‍ മയങ്ങിയവര്‍ക്ക് അതു നന്ദനമായും കാണാം.)

മഹാകവി അക്കിത്തം ഒരു യോഗത്തില്‍ പ്രസംഗിച്ചുകേട്ടിട്ടുണ്ട്. എന്നില്‍ ഭാവന ഉള്ളിടത്തോളം ഈശ്വരനുമുണ്ടാകും. ആ സ്വാത്വികന്‍ പറഞ്ഞതിനര്‍ഥം ഈശ്വരന്‍ (ഭഗവാന്‍) മനോഹരസങ്കല്പം തന്നെയാണെന്നല്ലെ. "ആയിരമായിരമാണ്ടുകള്‍ക്കപ്പുറം ആരോ വിരചിച്ച മുഗ്ധസങ്കല്പമേ'' എന്ന് ഭഗവാനെ അഭിസംബോധനചെയ്തതതും പ്രിയങ്കരനായ മറ്റൊരു കവിതന്നെ.

ഒരു നിലക്ക് ഗീത ഒരു കാവ്യമാണ്. മഹാഭാരതത്തിലെ സംഘര്‍ഷഭരിതമായ ഒരു രംഗത്തെ വിഭാവനം ചെയ്ത് ഉണ്ടാക്കിയ കാവ്യം. അര്‍ജുനന്റെ ഹൃദയദൌര്‍ബല്യം വിഭാവനം ചെയ്തതാവാം. ഇതിഹാസത്തിലെ ഇത്തരം സംഘര്‍ഷരംഗങ്ങളെ ഭാവന ചെയ്താണല്ലോ"വേണി സംഹാരവും'' "ഊരുഭംഗവും'' മറ്റും ഉണ്ടായത്. കാവ്യമാകുമ്പോള്‍ വ്യാഖ്യാനങ്ങളും ഉണ്ടാവും. ഗീതക്കിത്രയധികം വ്യാഖ്യാനങ്ങളുണ്ടായത് അതിന്റെ കാവ്യാത്മകതകൊണ്ടുതന്നെ. "കവിതാരസചാതുര്യം വ്യാഖ്യാതാവേത്തി'' എന്നാണല്ലോ. മേഘസന്ദേശത്തില്‍ പരമാത്മാവിനെ തേടിപ്പോകുന്ന ജീവാത്മാവിനെയാണ് ടാഗോര്‍ കണ്ടത്. സന്തപ്തനായ കാമുകന്റെ ബാഷ്പം ഘനീഭവിച്ചതാണ് കാളിദാസമേഘം എന്നാണ് മാരാര്‍ വിലയിരുത്തിയത്. രാസലീലയെ പരമാത്മാവും ജീവാത്മാക്കളുമായുള്ള കെട്ടിമറിയലായും നാം ഭാവന ചെയ്തിട്ടുണ്ട്. ഭാവനക്ക് എതിരില്ല അതിരുമില്ല.

ജനനത്തിനും മരണത്തിനും ഇടയിലുള്ളതാണ് വ്യക്തം (2 ല്‍ 28). അതായത് ജീവിതമാണ് സത്യം. 'ബ്രഹ്മസത്യം ജഗന്മിഥ്യ' എന്നതിന്റെ നിഷേധം കൂടിയതാണിത്. ഭൌതികവാദപരമായ സാംഖ്യദര്‍ശനത്തിലാണ് ഇത് വെളിച്ചമടിക്കുന്നത്. സാംഖ്യദര്‍ശനത്തെ വ്യക്തമായിത്തന്നെ ഗീത കടാക്ഷിക്കുന്നുണ്ട്. അര്‍ജുനാ നിനക്കുള്ള ഉപദേശം സാംഖ്യ ദര്‍ശനത്തിലേതാണ് (2ല്‍39). മുനികളില്‍ കപിലനാണെന്നും പറയുന്നുണ്ട്. ഈ ശരീരം തന്നെയാണ് ക്ഷേത്രം. എന്നതും ഭൌതികമാണ്.

ഒന്നാലോചിച്ചാല്‍ ഈ ആത്മാവ്തന്നെ ആരാണ്. ആത്മാ-സ്വഃ ഒന്നുതന്നെയല്ലെ. ആത്മാര്‍ഥവും സ്വാര്‍ഥവും തമ്മില്‍ അര്‍ഥവ്യത്യാസമൊന്നുമില്ല. പില്‍ക്കാലത്ത് ഒരര്‍ഥവ്യത്യാസം വന്നു എന്നത് നേര്, യോഗവും യോഗയും പോലെ. "മാമനുസ്മരയുദ്ധ്യ'. എന്നെ ഓര്‍ത്ത് (തന്നെത്തന്നെ ഓര്‍ത്ത്) യുദ്ധം ചെയ്യൂ എന്ന് വ്യാഖ്യാനിച്ചെടുക്കാം. 'മത്തപരതരം നാന്യത് കിഞ്ചിദസ്തി.' എന്നിലപ്പുറം ഒന്നുമില്ല. ഞാന്‍ ഉത്തമ പുരുഷന്‍ തന്നെയാണല്ലോ. ഡോ. കെ എന്‍ എഴുത്തച്ഛന്‍ ഗീതക്കൊരു ഭൌതിക വ്യാഖ്യാനം എഴുതിയത് ഓര്‍ത്തുപോകുന്നു. "അപ്പോള്‍ സര്‍വവുമുപേക്ഷിച്ചും ആത്മാവെ രക്ഷിക്കണം'' എന്നിടത്താണ് ഗീത എത്തുന്നത്. 'തള്ളക്കിട്ടൊരു തല്ലുവരുമ്പോള്‍ 'പിള്ളയെ എടുത്തു തടുക്കല്‍''തന്നെ. ഒരു വ്യക്തി ജീവിതവിജയത്തിന് ഗീതയെ ആശ്രയിക്കാം. വ്യക്തിയുടെ സ്വഭാവമോ കര്‍മമോ പരിഗണിക്കേണ്ടതില്ല. ആയുധങ്ങളില്‍ ഞാന്‍ വജ്രായുധമാണെന്ന് പറഞ്ഞതിന്റെ പൊരുള്‍ ഏത് വിധത്തില്‍ ആര്‍ക്കും ഇത് ഉപയോഗിക്കാമെന്നുതന്നെ. വജ്രം ശതകോടിയാണല്ലോ. അതാണ് വെടികൊണ്ട ഗാന്ധിയുടെ കക്ഷത്തും വെടിവെച്ച ഗോഡ്‌സെയുടെ കക്ഷത്തും ഗീത കാണാനായത്. ഗീത പ്രകാരം ഗോഡ്‌സെ ഗാന്ധിയെ കൊന്നിട്ടില്ല. ഗാന്ധി മരിച്ചിട്ടുമില്ല.

****

കുഞ്ഞനന്തന്‍നായര്‍ , കടപ്പാട് : ദേശാഭിമാനി വാരിക

16 February, 2009

മുതലാളിത്തപ്രതിസന്ധിയും സോഷ്യലിസ്റ്റ് ബദലും

പ്രൊഫസര്‍ പ്രഭാത് പട്നായിക്കുമായി ഒരു അഭിമുഖം.

ലോകമുതലാളിത്തപ്രതിസന്ധിയെ പൊതുവില്‍ സാമാന്യവത്ക്കരിച്ചുകൊണ്ടാണ് പലരും വിശദീകരിക്കുന്നത്. മുതലാളിത്ത പ്രതിസന്ധി അതിന്റെ അടിസ്ഥാന സ്വഭാവം നിലനിര്‍ത്തുമ്പോള്‍ തന്നെ സവിശേഷതകളും രൂപപ്പെടുത്തുന്നു എന്നാണല്ലോ?

1930 കളില്‍ സംഭവിച്ച പ്രതിസന്ധിയും ഇപ്പോഴത്തെ പ്രതിസന്ധിയും സദൃശമാണ്. ധനമേഖലയിലുണ്ടായ അപാരമായ കുത്തൊഴുക്കിനെത്തുടര്‍ന്നുവന്ന പ്രതിസന്ധിയാണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളത്.

1973 മുതല്‍ ഇതുവരെ സാമ്പത്തികപ്രതിസന്ധികളുടെ ഒരുപരമ്പര തന്നെയുണ്ടായി. എന്നാല്‍ ഇന്നത്തേതാണ് ഏറ്റവും വലിയപ്രതിസന്ധി. രണ്ടാംലോകമഹായുദ്ധത്തിന്റെയും 1973 ന്റെയും ഇടയില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളൊന്നും തന്നെ മുതലാളിത്തലോകത്തെ പിടിച്ചുകുലുക്കിയില്ല. കാരണം ഈ കാലയളവില്‍ കെയ്ന്‍ഷിയന്‍ തത്വങ്ങളാണ് മുതലാളിത്തലോകം പിന്‍തുടര്‍ന്നത്. അതായത് ഭരണകൂടം ഡിമാന്റ് സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്യുകയെന്ന തത്വം. ഇത് ധനനിയന്ത്രണപദ്ധതികളിലൂടെയാണ് ഭരണകൂടം നിര്‍വഹിക്കുന്നത്. അങ്ങനെ ഭരണകൂടം കൂടുതല്‍ ഡിമാന്റ് സൃഷ്ടിക്കുമ്പോള്‍ അത് സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രോത്സാഹനമാവുന്നു. എന്നാല്‍ ആഗോളീകരണ കാലഘട്ടത്തില്‍ കെയ്ന്‍ഷിയന്‍ മാനേജ്‌മെന്റ് എന്നത് പ്രയാസകരമായി മാറുന്നു. കാരണം ഭരണകൂടം എന്നത് ദേശ രാഷ്ട്രമാണ്. അത് ഇന്ത്യന്‍ സ്റ്റേറ്റ് ആയാലും ജര്‍മ്മന്‍ സ്റ്റേറ്റ് ആയാലും ഇംഗ്ലീഷ് സ്റ്റേറ്റ് ആയാലും അതെ. ആഗോളീകരണഘട്ടത്തില്‍ ദേശരാഷ്ട്രങ്ങള്‍ക്ക് സ്വന്തം ഇഷ്ടമനുസരിച്ച് നയങ്ങള്‍ രൂപവത്കരിക്കാന്‍ സാധ്യമല്ലാതായിത്തീരുന്നു. കാരണം ഫൈനാസ് ഗ്ലോബല്‍ ആണെങ്കിലും രാഷ്ട്രം ദേശീയമാണ്.

ആഗോളീകരണകാലഘട്ടത്തില്‍ സംഭവിക്കുന്നത് ഫൈനാന്‍സ് മൂലധനത്തിന്റെ ആഗോളീകരണമാണ്. അതായത് നവലിബറല്‍ നയങ്ങള്‍ പിന്തുടരുക. അതാണ് മുതലാളിത്ത രാഷ്ട്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ ഈ രീതിയിലുള്ള സാമ്പത്തികക്കുഴപ്പം മൂര്‍ച്ഛിക്കുമ്പോഴെല്ലാം ധനഭീമന്‍മാര്‍ക്ക് സഹായം നല്‍കാന്‍ ഭരണകൂടം തയ്യാറാവുന്നു. ധനഭീമന്മാരെ അമേരിക്കന്‍ സര്‍ക്കാര്‍ സഹായിക്കുമെന്നതിനാല്‍ അവര്‍ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുന്നു. അതായത് ഇന്ന് അമേരിക്കയില്‍ രൂപംകൊണ്ട പ്രതിസന്ധി, ഊഹവ്യാപാരത്തിന്റെ ഫലപരിണതിയാണ്. ഈ അഭുതപൂര്‍വമായ പ്രതിസന്ധി കുറെക്കാലം നീണ്ടുനില്‍ക്കുമെന്നും തന്നെയാണ് എന്റെ അഭിപ്രായം.

നവലിബറല്‍ നയങ്ങള്‍ ഉപേക്ഷിച്ച് ദേശരാഷ്ട്രങ്ങള്‍ ദേശസാല്‍ക്കരണത്തിന്റെയും ഗവണ്‍മെന്റ് നിയന്ത്രണത്തിന്റെയും മാതൃകകള്‍ സൃഷ്ടിക്കുന്നില്ലെങ്കില്‍ ഇന്നത്തെ പ്രതിസന്ധിയെ അതിജീവിക്കാന്‍ സാധ്യമല്ല. ധനഭീകരന്മാര്‍ രക്ഷപ്പെട്ടാലും രാഷ്ട്രങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി ഇല്ലാതാവുന്നില്ല. ഈ പ്രതിസന്ധിയില്‍ നിന്നും മുതലാളിത്തം എളുപ്പം കരകയറുമെന്ന് എനിക്ക് വിശ്വാസമില്ല. അതേസമയം മുതലാളിത്തം തകരുമെന്ന ആശയവും എനിക്കില്ല. മുതലാളിത്തം തകരണമെങ്കില്‍ നിങ്ങള്‍ പൊരുതണം. മുതലാളിത്തത്തോട് സമരം ചെയ്യണം. അതാണ് ലെനിന്‍ പറഞ്ഞത്. അങ്ങനെ പോരാട്ടങ്ങളിലൂടെ സോഷ്യലിസം സ്ഥാപിക്കണം. ഇന്നത്തെ സാമ്പത്തികനയങ്ങള്‍ പിന്തുടര്‍ന്നുകൊണ്ട് സ്വാഭാവികമായി സോഷ്യലിസം സ്ഥാപിക്കുക സാധ്യമല്ല.

മുതലാളിത്തപ്രതിസന്ധി യുദ്ധത്തിലേക്കു വഴിതെളിക്കുമെന്ന് ലെനിന്‍ നിരീക്ഷിച്ചിരുന്നു?

(ചിരി) ലെനിന്റെ കാലഘട്ടത്തില്‍ അത് പ്രസക്തമായിരുന്നു. ഇന്ന് യുദ്ധത്തിലേക്ക് ഈ പ്രതിസന്ധികള്‍ നയിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. എന്തിനാണ് സാമ്രാജ്യത്വം യുദ്ധനയം പിന്തുടരുന്നത്. മുതലാളിത്തത്തിന് രാഷ്ട്രങ്ങളെ വിഭജിക്കാനും കൊള്ളചെയ്യാനുമാണവര്‍ യുദ്ധം പിന്തുടര്‍ന്നത്. ഇന്നവര്‍ക്ക് സമാധാനപരമായി രാഷ്ട്രങ്ങളെ വിഭജിക്കാന്‍ കഴിയുന്നതുകൊണ്ട് എന്തിന് യുദ്ധം പിന്തുടരണം. ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കണം. മുതലാളിത്തവ്യവസ്ഥയെന്നു പറയുന്നത് സാമ്രാജ്യത്വവ്യവസ്ഥയെന്നുപറയുന്നത്, എല്ലാം ബോധപൂര്‍വ്വം ആസൂത്രണം ചെയ്യുന്ന ഒന്നല്ല. അത് വന്നു ചേരുന്നതാണ്. അതുകൊണ്ട് സാമ്രാജ്യത്വരാഷ്ട്രങ്ങളെയും ലോകത്തെയും യുദ്ധത്തിലേക്കു വഴിതെളിയിച്ച ആ പഴയ സാഹചര്യം ഇന്നു ലോകത്തുനിലനില്‍ക്കുന്നില്ല. എന്നാല്‍ ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വല്ലസംഘര്‍ഷങ്ങളുമുണ്ടായാല്‍ അമേരിക്ക അതില്‍ ഇടപെട്ടുകൊണ്ട് തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ സാധ്യതയുണ്ട്. ഇറാക്കിനെതിരായ അധിനിവേശയുദ്ധത്തിന്റെ പശ്ചാത്തലം പരിശോധിച്ചാല്‍ അത് വ്യക്തമാവും. പക്ഷേ, പഴയപോലെ സാമ്രാജ്യത്വത്തിന്റെ ആഭ്യന്തരവൈരുദ്ധ്യമെന്നനിലയില്‍ യുദ്ധം നടക്കാനുള്ള സാധ്യത ഇന്നില്ല എന്നാണ് ഞാന്‍ കരുതുന്നത്. അതേസമയം മൂന്നാം ലോകരാഷ്ട്രങ്ങളില്‍നിന്ന് അമേരിക്കക്കെതിരായ മുന്നേറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

ഇന്നത്തെ സാര്‍വദേശീയ പശ്ചാത്തലം അമേരിക്കയുടെ അധിനിവേശപദവിയെ ഏതുരീതിയിലാണുബാധിക്കുക? അമേരിക്കയ്ക്ക് ലോകപദവിയില്‍ വല്ല മാറ്റവും ഇത് സൃഷ്ടിക്കുന്നില്ലെങ്കില്‍ ഇതെങ്ങനെ മുതലാളിത്തത്തിന്റെ ഗുരുതരമായ പ്രതിസന്ധിയാവും. 30- കളിലെ പ്രതിസന്ധി ലോകരാഷ്ട്രങ്ങളുടെ ശാക്തികസന്തുലനത്തെ മാറ്റിമറിക്കാന്‍ സഹായിച്ചിരുന്നവല്ലോ?

ഇന്നത്തെ പ്രതിസന്ധി യു എസിന്റെ രാഷ്ട്രീയപദവിയെ ആ രീതിയില്‍ മാറ്റിയെടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ അമേരിക്കയുടെ പ്രതിസന്ധിയെന്നത് ആഗോളമുതലാളിത്ത പ്രതിസന്ധിയാകയാല്‍ അത് യൂറോപ്യന്‍ മുതലാളിത്തവ്യവസ്ഥയെ വിശേഷിച്ചും സ്വാധീനിക്കും. മുതലാളിത്തമെന്നത് പരസ്പരബന്ധിതമായ സമ്പദ്‌വ്യവസ്ഥയാണ്. എന്നാല്‍ അമേരിക്കയുടെ അധിനിവേശം ഇനിയും ലോകരാഷ്ട്രീയത്തില്‍ നിലനില്‍ക്കും. ഈ പ്രതിസന്ധി അമേരിക്കയുടെ പദവിയെ വല്ല രീതിയിലും ബാധിക്കുമെന്ന് എനിക്കുതോന്നുന്നില്ല. എന്നാല്‍ അമേരിക്കക്ക് ലോകത്ത് വലിയവെല്ലുവിളികള്‍ രൂപംകൊള്ളുമെന്നകാര്യത്തില്‍ സംശയമില്ല. ഹ്യൂഗോ ഷാവേസ് അമേരിക്കയ്ക്ക് ഒരു വെല്ലുവിളിയാണ്. ഇറാക്ക് അമേരിക്കയ്ക്കു വെല്ലുവിളിയായിരുന്നു.

ചൈന ഇന്ന് ലോകത്തിലെ ഒരു പ്രധാന ശക്തിയായി ഉയര്‍ന്നുവരുന്നുണ്ടല്ലോ?

തീര്‍ച്ചയായും ചൈന ലോകരാഷ്ട്രീയത്തില്‍ ഒരു പ്രധാനശക്തി തന്നെയാണ്. എന്നാല്‍ അമേരിക്കയുടെ രാഷ്ട്രീയപദവിയെ വെല്ലുവിളിക്കുന്ന ഒരു ശക്തിയായി മാറാന്‍ ചൈനക്ക് ഭാവിയില്‍ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. അമേരിക്കയും ചൈനയും തമ്മില്‍ ഒരു യുദ്ധത്തിന്റെ അനിവാര്യതയും ഞാന്‍ കാണുന്നില്ല.

മാര്‍ക്സിസത്തിന്റെ പുനര്‍ നിര്‍മ്മാണം.....

മാര്‍ക്സിസമെന്നത് ഒരു ശാസ്ത്രമാണെന്നാണ് ഞാന്‍ കരുതുന്നത്. അതൊരു മതല്ല. മാര്‍ക്സിസം ഒരു ശാസ്ത്രമാണെന്നു പറഞ്ഞാല്‍ അത് വികസിക്കുന്നതാണ് എന്നര്‍ത്ഥം. മതമെന്നത് ഒരു അടഞ്ഞവ്യവസ്ഥയാണ്. എന്താണോ അനാവൃതമായിട്ടുള്ളത്, അറിയപ്പെട്ടിട്ടുള്ളത് അതാണ് മതത്തിന്റെ അടിസ്ഥാനം. അതൊരിക്കലും പുതിയകാര്യങ്ങള്‍ അന്വേഷിക്കുന്നില്ല. എന്നാല്‍ മാര്‍ക്സിസം അതല്ല. അത് നവീനമായത് അന്വേഷിച്ചറിയാന്‍ ശ്രമിക്കുന്നു. ഇതൊരു വലിയ പ്രക്രിയയാണ്. ഈ പ്രക്രിയക്കിടയില്‍ തിരുത്തല്‍ വാദപരമായ കാര്യങ്ങള്‍ പറയും. തീവ്രഇടതുനിലപാടുകള്‍ ഉയര്‍ന്നുവരും. എന്നാല്‍ ഈ പ്രക്രിയകളുടെയെല്ലാം അനന്തരഫലമെന്നനിലയില്‍ മാര്‍ക്സിസം നവീനമായ തലത്തിലേക്കു വികസിക്കും. പുതിയകാര്യങ്ങള്‍ കണ്ടെത്തും. മാര്‍ക്സ് കണ്ട ലോകമല്ല ഇത്. നമ്മുട വിപണിവ്യവസ്ഥയും അതിന്റെ ബലതന്ത്രവും മാര്‍ക്സിന്റെ കാലത്തുനിലനിന്നതല്ല. ഫിനാന്‍സ് വ്യവസ്ഥയുടെ അഭൂതപൂര്‍വമായ ഒരു സമുച്ചയം തന്നെ ഇന്നു രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ ആന്തരസവിശേഷതകള്‍ വിശകലനം ചെയ്ത് മുന്നോട്ടുപോവാതെ മാര്‍ക്സിസത്തിന് വികസിക്കാനാവില്ല. ചുരുക്കിപ്പറഞ്ഞാല്‍ മാര്‍ക്സിസത്തിന്റെ അടിസ്ഥാനമെന്നത് അന്വേഷണാത്മകമായ ദര്‍ശനത്തിന്റെ ജ്ഞാനമണ്ഡലമായിരിക്കണം.

മുതലാളിത്തമെന്നത് ഒരു നൈസര്‍ഗ്ഗികമായ വ്യവസ്ഥയാണ്. അതൊരു ആസൂത്രിതവ്യവസ്ഥയല്ല. മുതലാളിത്തത്തെ നിങ്ങള്‍ക്ക് പരിഷ്ക്കരിക്കാനൊക്കുകയില്ല. കെയിന്‍സ് പറഞ്ഞത് മുതലാളിത്തത്തെ പരിഷ്ക്കരിക്കാമെന്നായിരുന്നു. എന്നാല്‍ അത് സാധ്യമല്ല. മുതലാളിത്തത്തെ പരിഷ്ക്കരിക്കാനുള്ള മുദ്രാവാക്യങ്ങള്‍ നമുക്കുയര്‍ത്താവുന്നതാണ്. അത് താല്‍കാലികമാണ്. എന്നാല്‍ പരിഷ്കൃതമായ ഒരു മുതലാളിത്തമെന്നത് അസംബന്ധമാണ്. പുതിയ സംഭവങ്ങള്‍ കണ്ടെത്താനുള്ള നിങ്ങളുടെ പരിശ്രമം ഉപേക്ഷിക്കുകയെന്നാല്‍ മാര്‍ക്സിസ്റുകള്‍ അവരുടെ കണ്ണുകള്‍ അടയ്ക്കുകയെന്നാണര്‍ത്ഥം. ചരിത്രപരമായ ലക്ഷ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കലാണത്. മുതലാളിത്തത്തിന്റെ അയുക്തികമായ ചൂഷണവ്യവസ്ഥയെയും അരാജകത്വത്തെയും നിഷ്ക്കാസനം ചെയ്ത് സോഷ്യലിസം സ്ഥാപിക്കുകയെന്നതാണ് മാര്‍ക്സിസ്റ്റുകളുടെ ലക്ഷ്യം മുതലാളിത്തം താനേ തകരുമെന്നും അത് സോഷ്യലിസത്തിനു വഴിതെളിയിക്കുമെന്നും കരുതരുത്. ലെനിന്‍ പറഞ്ഞതാണ്, യാതൊരുവിധ അസാധ്യതയുടെ സന്ദര്‍ഭങ്ങളും മുതലാളിത്തത്തിനില്ല. എന്നാല്‍ പുനര്‍നിര്‍മ്മാണമെന്നത് ഇതെല്ലാം തന്നെ തിരിച്ചറിഞ്ഞുകൊണ്ട് മുന്നോട്ടുപോവുകയെന്നതാണ്. അതിനു നാം തുറന്ന മനസ്സുള്ളവരാകണം. സാധ്യതകളെ തുറന്നുകാണണം.

ബാങ്കിംഗ് വ്യവസ്ഥ മുതലാളിത്തത്തെ പ്രതിസന്ധിയിലേക്കു നയിക്കുമെന്ന് മൂലധനത്തില്‍ മാര്‍ക്സ് ദീര്‍ഘദര്‍ശനം ചെയ്തിട്ടുണ്ടല്ലോ?

തീര്‍ച്ചയായും നിങ്ങള്‍ പറഞ്ഞതുശരിയാണ്. മുതലാളിത്തത്തിന്റെ ആന്തരികവൈരുധ്യങ്ങളെ അതിജീവിക്കുകയെന്നത് പ്രയാസമാണ്. മാര്‍ക്സിന്റെ നിരീക്ഷണങ്ങള്‍ ഇന്നു പ്രസക്തമാവുന്നതവിടെയാണ്. വസ്തുനിഷ്ഠസാഹചര്യങ്ങളെ മൂര്‍ത്തമായി പഠിക്കാതെ അതിനെ അഭിസംബോധന ചെയ്യാതെ. മാര്‍ക്സിസത്തിന്റെ പുനര്‍നിര്‍മ്മാണമെന്നത് അസാധ്യമാണ്.

ലെനിന്‍ നടത്തിയത് മാര്‍ക്സിസത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ ഏറ്റവും ശക്തമായ ഉദാഹരണമായിരുന്നു. എക്കാലവും ചരിത്രപരമായ ലക്ഷ്യങ്ങളെക്കുറിച്ച് നാം ജാഗ്രത നിലനിര്‍ത്തണം.

മാര്‍ക്സിസത്തിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ച് താങ്കള്‍ പറഞ്ഞുവല്ലൊ. ഇത് സാക്ഷാത്ക്കരിക്കാന്‍ നാം നടത്തേണ്ട മൂര്‍ത്തമായ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരിക്കണം?

തീര്‍ച്ചയായും അത് വളരെ പ്രധാനപ്പെട്ടകാര്യമാണ് സാമ്രാജ്യത്വഘട്ടത്തില്‍ ലെനിന്‍ എന്താണു ചെയ്തത്.

സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം എന്ന ഗ്രന്ഥത്തില്‍ ലെനിന്‍ മാര്‍ക്സിന്റെ കണ്ടെത്തലുകളെ വികസിപ്പിക്കുകയായിരുന്നു. ലെനിന്റെ കാലമാവുമ്പോഴേക്കും ചരിത്രമാകെ മാറിമറിയുകയായിരുന്നു. നിങ്ങള്‍ മാര്‍ക്സ് പറഞ്ഞതില്‍മാത്രം ഒതുങ്ങിനില്‍ക്കുകയല്ല വേണ്ടത്. ലെനിന്‍ മാര്‍ക്സ് പറഞ്ഞതില്‍ ഒതുങ്ങിനില്‍ക്കുകയായിരുന്നില്ല. നിങ്ങള്‍ മാര്‍ക്സിസത്തെ പടുത്തുയര്‍ത്തുകയാണ് വേണ്ടത്. അങ്ങനെ നിങ്ങള്‍ മാര്‍ക്സിസത്തെ ഭാവിയിലേക്ക് വികസിപ്പിക്കുന്നു. മാര്‍ക്സിസത്തിന്റെ പുനര്‍നിര്‍മ്മാണമെന്നുപറഞ്ഞാല്‍ അതാണ്. നമ്മുടെ ദാര്‍ശനിക പരിപ്രേക്ഷ്യത്തെത്തന്നെ പുനര്‍നിര്‍മ്മിക്കലാണ് മാര്‍ക്സിസത്തിന്റെ പുനര്‍നിര്‍മ്മാണമെന്നു പറയുന്നത്. ലോകത്തിലെ എല്ലാ കമ്യൂണിസ്റുപാര്‍ട്ടികളും പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ പരിപ്രേക്ഷ്യത്തെ നവീകരിക്കേണ്ടതുണ്ട്. അടവും തന്ത്രവും പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ നമുക്കു തെറ്റുകള്‍ സംഭവിക്കാം. എന്നാല്‍ തെറ്റുകള്‍ സംഭവിക്കുന്നുവെന്നതുകൊണ്ട് നാം നമ്മുടെ പുനര്‍നിര്‍മ്മാണപ്രക്രിയയില്‍ നിന്നും പിറകോട്ട് പോകരുത്.

പുതിയ ആഗോളപ്രതിസന്ധിയുടെ സാഹചര്യത്തില്‍ സോഷ്യലിസ്റ് ബദലിനുകൂടുതല്‍ പ്രസക്തി കൈവരുന്നുവെന്നുതോന്നുന്നു. ജനങ്ങള്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ ഉറ്റുനോക്കുന്ന ഒരു കാലഘട്ടം. താങ്കളുടെ നിരീക്ഷണമെങ്ങനെയാണ്?

നമ്മുടെ രാജ്യത്തും മൂന്നാംലോകരാഷ്ട്രങ്ങളിലാകെയും പുതിയ സാഹചര്യങ്ങള്‍ രൂപം കൊള്ളുകയാണ്. തൊഴിലാളി -കര്‍ഷകഐക്യം ഭാവിയില്‍ ശക്തിപ്പെടും. മുതലാളിത്തം എക്കാലവും ഏതുരാജ്യത്തും ചെയ്തുവന്ന ഒരുകാര്യമിതാണ്. ചെറുകിട സ്വത്തുടമസ്ഥരുടെ പിന്തുണ നേടിയെടുത്തുവെന്നുള്ളതാണ്. വിപ്ലവകാലഘട്ടത്തില്‍ ചൈനീസ് തൊഴിലാളിവര്‍ഗവും കര്‍ഷകവര്‍ഗവും തമ്മിലുള്ള ഐക്യം ശക്തമായിരുന്നു. എന്നാല്‍ പ്രതിവിപ്ലവകാലത്ത് മുതലാളിത്തശക്തികള്‍ മധ്യവര്‍ഗത്തിന്റെയും ചെറുകിടസ്വത്തുടമസ്ഥരുടെയും പിന്തുണയാര്‍ജ്ജിച്ചതോടെ, മുതലാളിത്തം അതിന്റെ ശക്തി ദീര്‍ഘകാലം നിര്‍ത്തുന്നതിലേക്കു നയിച്ചു. ഇന്ത്യയിലിന്ന് തൊഴിലാളിവര്‍ഗ-കര്‍ഷക ഐക്യം ശക്തിപ്പെടുത്തേണ്ട സാഹചര്യമാണ്. ചൈനയില്‍ കര്‍ഷകജനതക്കെതിരായ ഭീതി മധ്യവര്‍ഗത്തിനിടയില്‍ പടര്‍ത്തുന്നതില്‍ മുതലാളിത്തം വിജയിച്ചു. അപ്പോഴാണ് അവിടെ ബൂര്‍ഷ്വാസിക്ക് ആധിപത്യം നിലനിര്‍ത്താന്‍ സാധിച്ചത്. പാരീസ് കമ്യൂണിന്റെ തകര്‍ച്ചക്കും ഇതുതന്നെയായിരുന്നു കാരണം. ബൂര്‍ഷ്വാസിക്ക് പിന്തുണ ലഭിച്ചത് കര്‍ഷകരില്‍ നിന്നാണ്, ഫ്രഞ്ചുജനതയില്‍ നിന്നുമല്ല. ഫ്രാന്‍സില്‍ തൊഴിലാളി-കര്‍ഷകവര്‍ഗഐക്യം ശക്തിപ്പെടുകയുണ്ടായില്ല. ബോള്‍ഷെവിക്ക് വിപ്ലവവും ചൈനീസ് വിപ്ലവവും വിജയിക്കാന്‍ കാരണം അവിടങ്ങളിലെല്ലാം തൊഴിലാളിവര്‍ഗ-കര്‍ഷകഐക്യം ശക്തിപ്പെട്ടതുകൊണ്ടാണ്. ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യസമരത്തില്‍ അതിവിടെ ശക്തിപ്പെടുകയുണ്ടായില്ല. കൊളോണിയല്‍ വിരുദ്ധ ദേശീയ സമരത്തിന്റെ നേതൃത്വം ഇന്ത്യന്‍ ബൂര്‍ഷ്വാസിക്കായിരുന്നു. ഇന്ത്യയിലെ ഭൂപ്രഭൂവര്‍ഗത്തിന്റെയും ചെറുകിട സ്വത്തുടമസ്ഥരുടേയും പിന്തുണ ഇന്ത്യന്‍ ബൂര്‍ഷ്വാസിക്ക് ലഭ്യമായിരുന്നു. എനിക്കുതോന്നുന്നത്, ഇന്നത്തെ സാഹചര്യത്തില്‍ തൊഴിലാളിവര്‍ഗ-കര്‍ഷഐക്യവും ഇന്ത്യയില്‍ മുതലാളിത്തത്തിന്റെ പുതിയ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കര്‍ഷകജനതയെയായിരിക്കും. കര്‍ഷകജനതയുടെ ശാക്തീകരണം ആവശ്യപ്പെടുന്ന സാഹചര്യമാണിത്. അത്തരമൊരു പ്രവര്‍ത്തനം നടക്കുന്നത് തൊഴിലാളി-കര്‍ഷകവര്‍ഗഐക്യത്തിലൂടെയായിരിക്കണം. അത്തരം പ്രവര്‍ത്തനം നമ്മുടെ ആസന്നമായ ജനാധിപത്യവിപ്ലവത്തിന് കളമൊരുക്കും. നമ്മുടെ ആസന്നമായ ലക്ഷ്യം സോഷ്യലിസ്റ്റ് വിപ്ലവമല്ല, ജനാധിപത്യവിപ്ലവമാണ്. ജനാധിപത്യവിപ്ലവമാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ പാതവെട്ടിത്തുറക്കുന്നത്. സോഷ്യലിസം ഒരു സുപ്രഭാതത്തില്‍ പൊട്ടിവിടരുന്നതല്ല. അതിനുകളമൊരുക്കാന്‍ നമുക്കൊരു പാതവേണം. അതാണു ജനാധിപത്യവിപ്ലവം.

അതെ, സോഷ്യലിസമെന്നത് നമ്മുടെ മാക്സിമം അജണ്ടയാണ്, ജനാധിപത്യം മിനിമം പരിപാടിയും.

ശരിയാണ്. കാരണം നമുക്കൊരു പാതയില്ലാതെ സഞ്ചരിക്കാനാവില്ല. ഈ പാതയിലൂടെ നടന്നാലേ നമുക്കു സോഷ്യലിസത്തിലേക്കു പ്രവേശിക്കാനാവൂ. അത്തരമൊരു ലക്ഷ്യത്തിന് തൊഴിലാളി-കര്‍ഷകവര്‍ഗഐക്യം വളരെ പ്രധാനപ്പെട്ടതാണ്.

വിപ്ലവത്തിന്റെ ന്യൂക്ലിയസ് എന്നുപറയുന്നത്, തൊഴിലാളിവര്‍ഗസര്‍വാധിപത്യത്തിന്റെ ന്യൂക്ലിയസ് എന്നുപറയുന്നത് ഈ വര്‍ഗഐക്യമാണല്ലോ?

ശരിയാണ്. കാര്‍ഷികപ്രതിസന്ധി ഇന്ത്യന്‍ സാഹചര്യത്തില്‍ വളരെ പ്രധാനമാണ്. ഇന്നത്തെ കര്‍ഷകആത്മഹത്യ, 1930 കളിലെ പ്രതിസന്ധിയെ ഓര്‍മ്മപ്പെടുത്തുന്നു.

1930 കളില്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ അതു പ്രകടമായിരുന്നു. കര്‍ഷവര്‍ഗം കൊളോണിയല്‍ വിരുദ്ധ ദേശീയ സമരത്തില്‍ ശക്തമായി പങ്കുകൊണ്ടു. അവര്‍ ജനങ്ങളുടെ സമരവുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എനിക്കുതോന്നുന്നത് അത്തരമൊരു സാഹചര്യം ഇന്ത്യയിലിനിയും വരാന്‍ പോവുകയാണെന്നാണ്.

സമീപകാലത്തായി പുതിയ പ്രവണതകള്‍ ഉയര്‍ന്നുവരുന്നു. തൊഴിലാളിവര്‍ഗവും കര്‍ഷകവര്‍ഗവും തമ്മിലുള്ള വൈരുധ്യങ്ങളെന്ന നിലയില്‍ പ്രത്യക്ഷപ്പെടുന്ന പ്രവണതകള്‍ എങ്ങനെ വിലയിരുത്തുന്നു?

ഉണ്ട്. അത്തരം സാഹചര്യങ്ങളെ അതിജീവിക്കേണ്ടതുണ്ട്. സാമ്രാജ്യത്വം, ആഗോളീകരണം, നിയോലിബറലിസം, അത്തരം നയങ്ങള്‍ തുടരുന്ന ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസി എന്നീ ശക്തികള്‍ക്കെതിരായി തൊഴിലാളി-കര്‍ഷകഐക്യത്തില്‍ അധിഷ്ഠിതമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണം.

പാശ്ചാത്യധനശാസ്ത്രജ്ഞരില്‍ പലരുടേയും അഭിപ്രായത്തില്‍ ഇപ്പോഴത്തെ മുതലാളിത്തത്തിന്റെ പ്രതിസന്ധിയുടെ ആഘാതങ്ങള്‍ ഇന്ത്യയില്‍ താരതമ്യേന കുറവായിരിക്കുമെന്നാണല്ലോ?

ഇന്ത്യ വലിയൊരു പരിധിവരെ നിയോലിബറിലസത്തെ പ്രതിരോധിച്ചുവെന്നത് ശരിയാണ്. പക്ഷെ അത് ഇടതുപക്ഷ സമ്മര്‍ദ്ദംകൊണ്ടാണ്. ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ പ്രവര്‍ത്തനം കൊണ്ടല്ല. നിയോലിബറല്‍ നയങ്ങളെ എതിര്‍ത്ത ഇടതുപക്ഷനയമാണതിനു കാരണം. എന്നാല്‍ ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ വര്‍ഗഘടന ഇതില്‍ ഒരു പ്രധാന ഘടകമല്ലെ. അതല്ലെ ഇടതുപക്ഷസമ്മര്‍ദ്ദത്തെ പ്രയോഗക്ഷമമാക്കിയത്. ഇന്ത്യന്‍ ബൂര്‍ഷ്വാസി താരതമ്യേന മാനുഫാക്ചറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഘടകം അല്ല. ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ ദേശീയസ്വഭാവം ഒരു ഘടകമല്ല. അംബാനിയെപ്പോലുള്ള മുതലാളിമാര്‍ മാനുഫാക്ചറിംഗ് മേഖലയില്‍ മാത്രമല്ല, കാര്‍ വ്യവസായത്തില്‍ മാത്രമല്ല, ഊഹവ്യാപാരത്തിലെയും പ്രധാനകണ്ണിയാണ്.

താരതമ്യം ചെയ്യുമ്പോള്‍-

ഇന്ത്യന്‍ ബൂര്‍ഷ്വാസി ആഗോളധനമൂലധനത്തിലെ പ്രധാനകണ്ണിതന്നെയാണ്. പണ്ട് അവര്‍ കോബ്രഡോര്‍ (ദല്ലാള്‍) ബൂര്‍ഷ്വാസിയായിരുന്നു. അതേ അവസരത്തില്‍ മാനുഫാക്ചറിംഗ് മേഖലയില്‍ വ്യാപൃതരുമായിരുന്നു. കൊളോണിയല്‍ കാലഘട്ടത്തിലെ തൊഴില്‍വിഭജനഘടന അതായിരുന്നു. അന്ന് കൊളോണിയല്‍ വിരുദ്ധ സമരത്തില്‍ ഈ ദല്ലാള്‍ ബൂര്‍ഷ്വാസിപങ്കാളിയായിരുന്നു. എന്നാലിന്ന് അതല്ല സ്ഥിതി. ശരിയാണ് അവര്‍ മാനുഫാക്ചറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് ശരിയാണ്. പക്ഷെ, അവര്‍ ആഗോള ഊഹവ്യാപാരങ്ങളില്‍ കണ്ണികളാണ്.

ഇന്ത്യയില്‍ കര്‍ഷകരും തൊഴിലാളിവര്‍ഗവും തമ്മില്‍ഐക്യത്തേക്കാളേറെ വൈരുദ്ധ്യങ്ങളാണോ രൂപപ്പെടുന്നത്? ബംഗാളിന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എങ്ങനെ വിലയിരുത്താം?

കാരണം ഇന്നുകാണുന്ന മുതലാളിത്തവ്യവസായവത്ക്കരണത്തിന് കാര്യമായ തൊഴിവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നില്ല. മാനുഫാക്ചറിംഗ് മേഖലയില്‍ അവര്‍ക്ക് ആവശ്യത്തിന് പശ്ചാത്തലസൌകര്യങ്ങളില്ല. വ്യവസായവല്‍ക്കരണത്തിന്റെ മുന്നുപാധികളും ആവശ്യത്തിനില്ല. 1973 മുതല്‍ ഇന്നുവരെയുള്ള മുതലാളിത്ത വികസിതരീതികളും ഇപ്പോഴത്തെ രീതികളും നിങ്ങള്‍ പരിശോധിക്കുക. തൊഴില്‍ പുന:സൃഷ്ടിക്കുന്നതിന്റെ നിരക്ക് ആഗോളാടിസ്ഥാനത്തില്‍ കുറഞ്ഞുവരുന്നു. ഈയടുത്ത കാലത്ത് മുതലാളിത്തം പുനരുല്‍പ്പാദിപ്പിക്കുന്ന തൊഴിലവസരങ്ങള്‍ മൊത്തമെടുത്തു പരിശോധിച്ചാല്‍ അത് മനസ്സിലാവും.

വന്‍കിടവ്യവസായങ്ങള്‍ തുടങ്ങുന്നുണ്ടെങ്കിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാത്തതിനാല്‍ കര്‍ഷതജനത വ്യവസായവല്‍ക്കരണത്തെ എതിര്‍ക്കുന്നു. എന്നാല്‍ ഞാനൊരിക്കലും വ്യവസായവത്ക്കരണത്തെ എതിര്‍ക്കുന്നില്ല. തീര്‍ച്ചയായും നമുക്കു വ്യവസായങ്ങള്‍ വേണം. പ്രശ്നമിതാണ്. വ്യവസായങ്ങള്‍ കര്‍ഷകജനതയ്ക്ക് ഗുണകരമാവണം. അവര്‍ വ്യവസായവല്‍ക്കരണത്തിന്റെ ഭാഗമായി മാറണം. വ്യവസായങ്ങള്‍ പുതുതായി തുടങ്ങുമ്പോള്‍ അത് കര്‍ഷകര്‍ക്ക് ദ്രോഹകരമായി മാറരുത്. കര്‍ഷകര്‍ക്കനുകൂലമായ നിയമനിര്‍മ്മാണങ്ങള്‍ കേന്ദ്രഗവണ്‍മെന്റുതന്നെ നടപ്പാക്കണം. ഭൂമി നഷ്ടപ്പെടുന്നകര്‍ഷകര്‍ക്ക് നല്ല രീതിയിലുള്ള നഷ്ടപരിഹാരം ലഭ്യമാക്കണം. ഇന്നുമുതലാളിത്തം ചെയ്തുകൊണ്ടിരിക്കുന്നത് ഒരു സംസ്ഥാനസര്‍ക്കാരിനെ മറ്റു സര്‍ക്കാരുകള്‍ക്കെതിരെ തിരിച്ചുവിടുകയാണ്. ബംഗാള്‍, കര്‍ണാടക, ഗുജറാത്ത് എന്നിവയെയെല്ലാം പരസ്പരം ശത്രുക്കളാക്കുന്നു.

അപ്പോള്‍ നമ്മള്‍, ഇടതുപക്ഷസര്‍ക്കാരുകള്‍ക്ക് കൃത്യമായ ഒരു വ്യവസായനയം ഉണ്ടായിരിക്കണം. അത് ഇതരസംസ്ഥാനങ്ങളുടെ നയങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായിരിക്കണം. വന്‍കിട വ്യവസായികളെ വ്യവസായങ്ങള്‍ തുടങ്ങാന്‍ ക്ഷണിക്കുകയെന്നതില്‍ കവിഞ്ഞ് കൃത്യമായ നയം ഇടതുസര്‍ക്കാരുകള്‍ക്ക് ഉണ്ടായിരിക്കണം. മറ്റൊന്ന്, നാം കേന്ദ്രഗവണ്‍മെന്റിനോടാവശ്യപ്പെടേണ്ടത്. കര്‍ഷകര്‍ക്ക് അവരുടെ ഭൂമിയുടെ അടിസ്ഥാനത്തില്‍ ആരംഭിക്കാന്‍ പോവുന്ന കമ്പനിയില്‍ ഉടമസ്ഥാവകാശം ലഭ്യമാവുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടത്തണം. അതിനുവേണ്ടിയാണ് ഇടതുപക്ഷം പൊരുതേണ്ടത്. അത് കര്‍ഷകജനതയ്ക്ക് നീതി ലഭ്യമാക്കുന്നതായിരിക്കണം. അതുപോലെതന്നെ പൊതുമേഖലയിലും സഹകരണമേഖലയിലും വ്യവസായസ്ഥാപനങ്ങള്‍ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കണം. മുതലാളിത്ത വ്യവസായസ്ഥാപനങ്ങള്‍ക്ക് ആനുകൂല്യം നല്‍കുന്നതാവരുത് നമ്മുടെ നയം. മുതലാളിത്തമൂലധന ഒഴുക്കിന് നാം നിയന്ത്രണമേര്‍പ്പെടുത്തണം. മുതലാളിത്തമൂലധനത്തിന്റെ അധിനിവേശത്തിനെതിരായിരിക്കണം നമ്മുടെ നയം. അതുപോലെതന്നെ പൊതുമേഖലയിലും സഹകരണാടിസ്ഥാനത്തിലും വ്യവസായങ്ങള്‍ തുടങ്ങുന്നതിന് പ്രചോദനമാവണം ഇടതുനയം. ലോകത്ത് വന്‍കിട വ്യവസായങ്ങളില്‍ പ്രമുഖമായ പലതും തകര്‍ന്നുകഴിഞ്ഞു. നമ്മുടെ പത്രങ്ങളെല്ലാംതന്നെ സ്വകാര്യവ്യവസായസ്ഥാപനങ്ങളെയാണ് പിന്തുണയ്ക്കുന്നത്.

നമ്മുടെ രാജ്യത്തെ സഹകരണബാങ്കുകളെ ജനങ്ങല്‍ക്കുപകാരപ്രദമായി മാറ്റാന്‍ കഴിയാത്ത സാഹചര്യമുണ്ടല്ലോ. സഹകരണ പ്രസ്ഥാനങ്ങളും കര്‍ഷകരും തമ്മില്‍ വൈരുധ്യരഹിതമായ ബന്ധം സ്ഥാപിക്കപ്പെടേണ്ടതല്ലെ?

സഹകരണ പ്രസ്ഥാനങ്ങള്‍, തീര്‍ച്ചയായും കര്‍ഷകന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. അതിലേക്ക് ഞാന്‍ വരാം. അതിനുമുമ്പ് തൊഴിലാളികളും കര്‍ഷകരും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്നതിനെപ്പറ്റിയാണ് നാം ചിന്തിക്കേണ്ടത്.

തൊഴിലാളിവര്‍ഗ-കര്‍ഷഐക്യം നിലനിര്‍ത്താനും ശക്തിപ്പെടുത്താനും എന്താണ് വേണ്ടത്?

അതെ, ആ നിലക്കാണ് നാം ചിന്തിക്കേണ്ടത്. നിങ്ങള്‍പറഞ്ഞതുപോലെ തൊഴിലാളി-കര്‍ഷകഐക്യം അത് ശക്തിപ്പെടുത്തുകയെന്നതാണ് പ്രധാനം. എന്നാല്‍ നിങ്ങള്‍ നേരത്തെ പറഞ്ഞത് ഞാന്‍ തള്ളിക്കളയുന്നില്ല. കര്‍ഷകര്‍ക്ക് ഗുണകരമായിരിക്കണം സഹകരണബാങ്കുകള്‍. ഇന്ദിരാഗാന്ധി അതു ചെയ്തിട്ടുണ്ട്. കര്‍ഷകര്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചിട്ടുണ്ട്. തൊഴിലാളികള്‍, നമ്മള്‍ എല്ലാം തന്നെ മുതലാളിത്തലോകത്തിലാണ് ജീവിക്കുന്നത്. നമുക്ക് സെസ് വേണം. വ്യവസായം വേണം. അതിനുവേണ്ടി നിക്ഷേപങ്ങള്‍ വേണം. പക്ഷേ, തൊഴിലാളിവര്‍ഗത്തിന്റെ നിലപാട് അതാണ് പ്രധാനവിഷയം. അതിതാണ്. തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം, തൊഴിലിന്റെ കാര്യക്ഷമത വര്‍ദ്ധിക്കണം കൃഷിക്കാര്‍ക്ക് ഭൂമിനഷ്ടപ്പെടാന്‍ പാടില്ല. അവര്‍ കടക്കെണിയില്‍ വീഴാന്‍ പാടില്ല. ഭൂമി വില്‍പ്പനയും വാങ്ങലുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ഊഹവ്യാപാരമേഖല, തൊഴിലാളിവര്‍ഗ താല്‍പ്പര്യവുമായി പൊരുത്തപ്പെടുന്നതല്ല. അതുപോലെതന്നെ ഈമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എളുപ്പവഴിയായി, ഉപാധിയായി സെസ് മാറാന്‍ പാടില്ല.

*
പി പി സത്യന്‍, കടപ്പാട്: യുവധാര