Showing posts with label വിദ്യാഭ്യാസം. Show all posts
Showing posts with label വിദ്യാഭ്യാസം. Show all posts

06 September, 2011

പാഠപുസ്തകം പൗരോഹിത്യം കൈയേറുമ്പോള്‍

കേരളത്തിലിപ്പോള്‍ പാഠപുസ്തകവിവാദം പതിവായിക്കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ അധ്യയന വര്‍ഷങ്ങളില്‍ ഏഴാം ക്ലാസില്‍ പഠിപ്പിക്കുന്ന കേരള പാഠാവലി പരമ്പരയിലെ സാമൂഹ്യശാസ്ത്ര പുസ്തകമായിരുന്നു വിവാദമായത്. ഇപ്പോള്‍ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പഠനത്തിനായി എസ്സിഇആര്‍ടി തയ്യാറാക്കിയ സാമൂഹ്യശാസ്ത്ര പുസ്തകമാണ് വിവാദമായിരിക്കുന്നത്. കാത്തലിക് ബിഷപ്പ് കോണ്‍ഫ്രന്‍സും അതിന്റെ വക്താവായ ഫാദര്‍ സ്റ്റീഫന്‍ ആലത്തറയും പാഠപുസ്തകം നിരീശ്വരവാദവും കമ്യൂണിസവും പ്രചരിപ്പിക്കുന്നുവെന്ന പതിവ് പ്രചാരണം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പാപവിമോചനകര്‍മങ്ങളുടെയും ദൈവികാനുഷ്ഠാനങ്ങളുടെയും ആത്മീയ ഔന്നത്യത്തിലിരിക്കുന്നവരില്‍നിന്ന് ഒരിക്കലും വിശ്വാസിസമൂഹം പ്രതീക്ഷിക്കാത്ത അപവാദ പ്രചാരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. തീര്‍ത്തും സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇത്തരം വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നതെന്ന് ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു.

1957ലെ ഒന്നാം ക്ലാസ് പാഠപുസ്തകത്തിലെ "മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോയ കഥ" എന്ന പാഠത്തില്‍ കൊടുത്ത ചിത്രത്തിന് അന്നത്തെ പ്രതിപക്ഷ കക്ഷിയായ പി എസ് പിയുടെ നേതാക്കളായ പട്ടം താണുപിള്ളയുടെയും മറ്റും മുഖച്ഛായയുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രക്ഷോഭമുയര്‍ത്തിയത്. ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന കാലത്താണല്ലോ "റാകിപ്പറക്കുന്ന ചെമ്പരുന്ത്" വിവാദമായത്. കേശവദേവിന്റെ ഓടയില്‍നിന്ന് തുടങ്ങി കസാന്‍ദ് സാക്കിസിന്റെ "യേശുവിന്റെ അന്ത്യപ്രലോഭനം" എന്ന നോവലിനെ പരിചയപ്പെടുത്തുന്ന ലേഖനം വരെ വിവാദമാകുകയുണ്ടായി. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ "ആദാമും ദൈവവും" എന്ന കവിതക്കെതിരെയും പ്രതിലോമകരമായ ലക്ഷ്യങ്ങളോടെ വിവാദം ഉയര്‍ന്നുവരികയുണ്ടായി. "മതമില്ലാത്ത ജീവന്‍" വിവാദമാക്കിയവര്‍ യഥാര്‍ഥത്തില്‍ മതേതരമായ ജീവിതബന്ധങ്ങള്‍ അനുവദിക്കില്ലെന്ന മധ്യകാലിക യാഥാസ്ഥിതിക മൂല്യങ്ങളെയാണ് കേരളീയ സമൂഹത്തിലേക്ക് പുനരാനയിച്ചത്. സ്കൂളില്‍ കുട്ടിയെ ചേര്‍ക്കാനെത്തുന്ന മാതാപിതാക്കള്‍ കുട്ടിയുടെ ജാതിയും മതവും രേഖപ്പെടുത്തേണ്ടതില്ലെന്നും അവന്‍ വലുതാകുമ്പോള്‍ മതം വേണമെന്നുണ്ടെങ്കില്‍ ഇഷ്ടമുള്ള മതം സ്വീകരിച്ചുകൊള്ളട്ടെ എന്നും ഹെഡ്മാസ്റ്ററുടെ ചോദ്യത്തിന് മറുപടിയായി പറയുന്നതാണ് യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചത്.

ക്രിസ്ത്യന്‍ സഭയും മുസ്ലിം വര്‍ഗീയവാദികളും എന്‍എസ്എസ്സുമെല്ലാം മതമില്ലാത്ത ജീവനെതിരെ ഒന്നിച്ചണിനിരക്കുകയായിരുന്നല്ലോ. തെരുവുകളെ കലാപകലുഷിതമാക്കിയ ആ വിവാദം ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കെതിരായ യാഥാസ്ഥിതികശക്തികളുടെ ധൈഷണികമായൊരു കടന്നാക്രമണം കൂടിയായിരുന്നു. മതവിശ്വാസികളെപ്പോലെ ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും സ്വന്തം വിശ്വാസങ്ങളനുസരിച്ച് ജീവിക്കുവാന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും വെല്ലുവിളിച്ച യാഥാസ്ഥിതികതയുടെ പുനരുത്ഥാനമാണ് "മതമില്ലാത്ത ജീവ"നെതിരെയുള്ള കലാപത്തിലൂടെ പ്രകടമായത്. വിശ്വാസത്തെയും മതത്തെയും പോലെതന്നെ മതേതര ആശയങ്ങള്‍ക്ക് സമൂഹത്തില്‍ നിലനില്ക്കുവാനുള്ള അവകാശമുണ്ടെന്ന ഭരണഘടനാ വാഗ്ദാനത്തെ തന്നെയാണ് ഈ നവ മതയാഥാസ്ഥിതികര്‍ ചോദ്യം ചെയ്യുന്നത്. ദൈവശാസ്ത്രജ്ഞനായ യൂജിന്‍ പാറ്റേഴ്സണ്‍ മതത്തെ വിശ്വാസപരമായ ഭ്രാന്തായി മാറ്റുന്നതുവഴി ചരിത്രത്തില്‍ സംഭവിച്ച വിദ്വേഷത്തിന്റെയും പീഡനങ്ങളുടെയും രക്തപങ്കിലമായ അനവധി ഉദാഹരണങ്ങള്‍ എടുത്തുകാണിക്കുന്നുണ്ട്. മനുഷ്യന്റെ സാമൂഹ്യവികാസത്തിന്റെ ശൈശവ ഘട്ടങ്ങളില്‍ രൂപം കൊണ്ട മതം അതിന്റെ ചരിത്രപരമായ പരിമിതിക്കകത്തു നിന്നുകൊണ്ട് സാമൂഹ്യ പുരോഗതിക്ക് സഹായിച്ചിട്ടുണ്ട്. എല്ലാ മതങ്ങളുടെയും ആരംഭകാല ദര്‍ശനം മനുഷ്യസ്നേഹമായിരുന്നു. പ്രകൃതിയുടെ പ്രതികൂല പ്രതിഭാസങ്ങളെ അതിജീവിക്കുവാന്‍ മനുഷ്യന്‍ നടത്തുന്ന നിരന്തരമായ പോരാട്ടവും സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാനുള്ള ശ്രമങ്ങളുമാണ് യഥാര്‍ഥത്തില്‍ മതവിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും വളര്‍ച്ചക്കും വ്യാപനത്തിനും കാരണമായത്. പ്രപഞ്ചത്തിലെ നാനാ പ്രതിഭാസങ്ങളെ യുക്തിഭദ്രമായി വിശദീകരിക്കുവാന്‍ പ്രയാസപ്പെട്ടപ്പോഴാണ് മനുഷ്യന്‍ അവയ്ക്ക് ദിവ്യപരിവേഷം നല്‍കിയത്. നിഗൂഢവല്‍ക്കരിച്ചും അന്ധവിശ്വാസജടിലമായ വിശദീകരണങ്ങളിലൂടെയുമാണ് മതങ്ങള്‍ പ്രകൃതി പ്രതിഭാസങ്ങളെ വ്യാഖ്യാനിച്ചത്. തങ്ങള്‍ക്ക് അജ്ഞാതമായ ജീവിതത്തിന്റെ നശ്വരതയുടെ കാരണങ്ങളെ ദേവപ്രീതിക്കുള്ള ആചാരാനുഷ്ഠാനങ്ങളിലൂടെ അതിജീവിക്കുവാനാണ് മതവും ദൈവശാസ്ത്ര ഗ്രന്ഥങ്ങളും അനുശാസിച്ചത്. മതം എങ്ങനെയാണ് ചരിത്രത്തില്‍ അപകടകരമായ ഒരുപാട് സംഭവങ്ങളുടെ ഊര്‍ജസ്രോതസ്സായി പരിണമിച്ചതെന്ന് അന്വേഷിച്ച പല ദൈവശാസ്ത്രജ്ഞരും ഒരുപോലെ ചൂണ്ടിക്കാട്ടിയത് അത് അധികാരിവര്‍ഗ പ്രത്യയശാസ്ത്രമായി പരിണമിച്ചതോടെയാണെന്നാണ്. റോമാസാമ്രാജ്യത്തില്‍ നിലനിന്നിരുന്ന സാമൂഹ്യ ഉച്ചനീചത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ക്രിസ്തുമതം രംഗത്ത് വരുന്നത്. ദൈവരാജ്യത്തില്‍ അടിമയും ഉടമയുമില്ലെന്ന സമത്വത്തിന്റെ സുവിശേഷ പ്രചാരണവുമായിട്ടാണ് ക്രിസ്തു ജനമനസ്സുകളെ സ്വാധീനിച്ചത്.

ഭൂമിയില്‍ ദൈവനീതി യാഥാര്‍ഥ്യമാകുവാനുള്ള സുവിശേഷ ദൗത്യവുമായി അവതരിച്ച ക്രിസ്തുദേവനെ അധികാരിവര്‍ഗം കുരിശു മരണത്തിന് വിധിച്ചു. വിരോധാഭാസമെന്ന് തോന്നുംപോലെ റോമന്‍ ചക്രവര്‍ത്തി തന്നെ താമസിയാതെ ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. സമത്വത്തിന്റെ സുവിശേഷം പ്രചരിപ്പിച്ച ക്രിസ്തുവിന്റെ ദര്‍ശനങ്ങള്‍ ആധിപത്യശക്തികളുടെ പ്രത്യയശാസ്ത്ര ഉപകരണമായി പരിണമിച്ചു. സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനായി ജന്മംകൊണ്ട മതം ആധിപത്യവ്യവസ്ഥക്കെതിരായ എല്ലാ ജനകീയ ഉണര്‍വുകളെയും തടസ്സപ്പെടുത്തി. മതകുറ്റവിചാരണകളിലൂടെ എണ്ണമറ്റ മനുഷ്യരെ നിഷ്ഠുരമായി കൊലപ്പെടുത്തി. എല്ലാവിധ ശാസ്ത്രാന്വേഷണങ്ങളെയും മുളയിലേ നുള്ളാന്‍ ശ്രമിച്ചു. ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവ ചോദനയായിരുന്ന സ്വാതന്ത്ര്യവും സമത്വവും ലക്ഷ്യം വയ്ക്കുന്ന മാനുഷികമായൊരു ലോകത്തിനു വേണ്ടിയുള്ള ശ്രമവും ഇന്‍ക്വിസിഷന്റെ നിര്‍ദയമായ നടപടികളിലൂടെ ഞെരിച്ചമര്‍ത്തപ്പെട്ടു. പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠത്തിലെ "ആധുനികലോകത്തിന്റെ ഉദയ"മെന്ന പാഠഭാഗം ഈയൊരു ചരിത്രസന്ദര്‍ഭത്തെയാണ് അവതരിപ്പിക്കുന്നത്. ഈ പാഠഭാഗത്തിന്റെ ഉപശീര്‍ഷകമായി കൊടുത്തിരിക്കുന്ന നവോത്ഥാനത്തിലെ പരാമര്‍ശങ്ങളാണ് ദൈവനിന്ദയും മതവികാരങ്ങളുടെ വ്രണപ്പെടുത്തലുമായി ദുര്‍വ്യാഖ്യാനിച്ച് വിവാദം ഉയര്‍ത്തുന്നത്.

പാഠപുസ്തകം തയ്യാറാക്കിയ എസ്സിഇആര്‍ടിയുടെ സ്വന്തം ആവിഷ്കാരങ്ങളല്ല ഈ പാഠത്തിലെ നവോത്ഥാനത്തെക്കുറിച്ചുള്ള ഭാഗം. ചരിത്രത്തിന്റെ അസന്ദിഗ്ധങ്ങളായ സത്യങ്ങളാണവ. ചരിത്രത്തെ അതിന്റെ തത്വശാസ്ത്രപരമായ സത്തയില്‍ അപഗ്രഥിച്ചിട്ടുള്ള ജവഹര്‍ലാല്‍ നെഹ്റുവും എച്ച് ജി വെല്‍സുമെല്ലാം അവരുടെ വിഖ്യാതമായ ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചിട്ടുള്ള കാര്യങ്ങളുടെ സംഗ്രഹമാണീ പാഠഭാഗം. സങ്കുചിതമായ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നവര്‍ പാഠഭാഗത്തിനെതിരെ ആരോപണം ഉയര്‍ന്ന ഉടനെ പാഠഭാഗം പരിശോധിച്ച് തിരുത്തുകള്‍ നിര്‍ദേശിക്കുവാന്‍ കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്. എം ജി എസ് നാരായണനും ഡോ. ബാബുപോളും ഡോ. റെയ്മനും അടങ്ങുന്ന വിദഗ്ധസമിതി നെഹറുവിനെയും വെല്‍സിനെയും തിരുത്തുമോ? വിശ്വചരിത്രാവലോകനവും ലോകചരിത്ര സംഗ്രഹവും പോലുള്ള ചരിത്രകൃതികള്‍ക്ക് പാഠഭേദം ചമയ്ക്കുമോ? സ്കൂള്‍ സാമൂഹ്യശാസ്ത്ര പഠനം വേദപഠനമായി പരിമിതപ്പെടുത്തണമെന്ന് വാദിക്കുന്ന നവയാഥാസ്ഥിതികരായ ധൈഷണികരാണ് ഇന്ന് ജ്ഞാനോദയ മാനവികതക്കും നവോത്ഥാനാശയങ്ങള്‍ക്കും മരണം വിധിച്ചിരിക്കുന്നത്. 1959ല്‍ പ്രസിദ്ധീകൃതമായ റെയ്നോള്‍ഡ് നിബുവിന്റെ ദൈവശാസ്ത്ര സിദ്ധാന്തങ്ങളാണ് നവലിബറലിസം അതിന്റെ പ്രത്യയശാസ്ത്രമായി ആന്തരവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രങ്ങളുടെയും സാമ്രാജ്യങ്ങളുടെയും ഘടന എന്ന കൃതിയിലൂടെ റെയ്നോള്‍ഡ് നിബു സാമ്രാജ്യത്വ ഭരണകൂടങ്ങള്‍ക്ക് മതവും ദൈവവും ആവശ്യമാണെന്ന് വാദിക്കുകയായിരുന്നു. മധ്യകാലഘട്ടങ്ങളിലുണ്ടായ മൂന്നു സാമ്രാജ്യങ്ങളുടെ ചരിത്രം പരിശോധിച്ചുകൊണ്ടാണ് സാമ്രാജ്യങ്ങള്‍ക്ക് മതവും ദൈവവുമില്ലാതെ നിലനില്ക്കാനാവില്ലെന്ന് പ്രസ്താവിച്ചത്. അമേരിക്കയുടെ നവ അധിനിവേശ തന്ത്രങ്ങളില്‍ മതവും ദൈവവും പ്രത്യയശാസ്ത്ര പദ്ധതിയാവുന്നതാണ് നാം കാണുന്നത്. ഇതിനനുസൃതമായ ഒരു നവയാഥാസ്ഥിതിക ധൈഷണികധാര ആഗോളതലത്തില്‍തന്നെ വളര്‍ത്തിക്കൊണ്ടുവന്നിരിക്കുകയാണ്. ചിന്തയുടെയും പ്രയോഗത്തിന്റെയും വികാസപഥങ്ങളില്‍ മനുഷ്യസമൂഹം നൂറ്റാണ്ടുകളിലൂടെ ആര്‍ജിച്ചെടുത്ത എല്ലാ ദര്‍ശനങ്ങളെയും മാനവീയ മൂല്യങ്ങളെയും ചോദ്യം ചെയ്യുന്ന ഈ നവയാഥാസ്ഥിതിക ധൈഷണികധാര ആഗോള മൂലധന താല്പര്യങ്ങളോടൊപ്പം ഭീതിദമായ മാനങ്ങള്‍ കൈവരിച്ചിരിക്കുകയാണ്. സാമൂഹ്യനീതി, സമത്വം, ജ്ഞാനോത്സുകത തുടങ്ങി നവോത്ഥാനപരമായ എല്ലാറ്റിനോടുമുള്ള ആഭിമുഖ്യം ആദര്‍ശതലത്തില്‍പോലും അംഗീകരിച്ചു കൊടുത്തുകൂടായെന്നും ശഠിക്കുന്ന ഈ നവയാഥാസ്ഥിതികത "സംസ്കാര സംഘര്‍ഷ" സിദ്ധാന്തങ്ങളിലൂടെ ലോകത്തെ അമേരിക്കന്‍ മൂലധനാധിപത്യത്തില്‍ കൊണ്ടുവരുവാനുള്ള പ്രത്യയശാസ്ത്ര ദൗത്യമാണ് നിര്‍വഹിക്കുന്നത്.

മനുഷ്യനെ എല്ലാ അതിരുകള്‍ക്കുമപ്പുറം ഒന്നായി കാണുകയെന്ന ഏറ്റവും സാമാന്യമായ ധാരണപോലും വെല്ലുവിളിക്കപ്പെടുകയാണ്. നാമിന്നറിയുന്ന മാനവീയ സങ്കല്പങ്ങള്‍ ചരിത്രത്തില്‍ സ്ഥാപിതമായത് മധ്യകാല ദൈവനീതിയെയും അന്ധകാര യുഗത്തിന്റെ പാതകങ്ങളെയും ചോദ്യം ചെയ്ത നവോത്ഥാന മുന്നേറ്റങ്ങളിലൂടെയാണ്. നവോത്ഥാനം സൃഷ്ടിച്ച എല്ലാ ദര്‍ശനങ്ങളും യുക്തിയുടെയും കാര്യകാരണബന്ധത്തിന്റെയും അദമ്യമായ സ്വാതന്ത്ര്യവാഞ്ഛയുടെയും പ്രകാശനമായിരുന്നു. ഏകാന്തവും ദൈവസമാനവുമായ മാനുഷികതയെ അനിവാര്യമായ ഉല്പാദനബന്ധങ്ങളിലെ പരിവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ സ്വതന്ത്രവും നീതിബന്ധവുമായ സാമൂഹ്യനിര്‍മിതിക്കുള്ള ചിന്തയും പ്രയോഗവുമാക്കി വികസിപ്പിക്കുകയായിരുന്നു നവോത്ഥാനം. ശാസ്ത്രവും കണ്ടുപിടിത്തങ്ങളും അതിന്റെ ഫലമായ വ്യാവസായിക വിപ്ലവവും കൂടുതല്‍ ഉദാരവും സാര്‍വലൗകികവുമായ മാനവികതയെക്കുറിച്ചുള്ള സ്വപ്നങ്ങളും വീക്ഷണങ്ങളുമാണ് മുന്നോട്ട് കൊണ്ടുവന്നത്. പത്താം ക്ലാസിലെ സാമൂഹ്യ പാഠത്തിലെ "ആധുനിക ലോകത്തിന്റെ ഉദയം" ഈയൊരു ചരിത്ര സന്ദര്‍ഭത്തെ സംഗ്രഹിച്ചവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതില്‍ ദൈവത്തിന്റെയും മതപരമായ വികാരങ്ങളുടെ വ്രണപ്പെടലും ആരോപിക്കുന്നവര്‍ ചരിത്രത്തെ പിറകോട്ട് വലിക്കുവാന്‍ മിനക്കെടുന്നവരാണ്. പുതിയ സഹസ്രാബ്ദപ്പിറവിയില്‍ സഭ തന്നെ ലോകത്തോട് ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ച മഹാപാതകങ്ങളുടെ കെട്ടുപാടുകളില്‍നിന്ന് മുക്തി നേടാത്തവരാണ് ഇത്തരക്കാര്‍ . വിജ്ഞാന വിരോധത്തിന്റെ സഹസ്രാബ്ദങ്ങള്‍ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളില്‍ വിശ്വാസി സമൂഹത്തെ പിടിച്ചുനിര്‍ത്താന്‍ പാടുപെടുന്നവരാണവര്‍ . മനുഷ്യസമൂഹം നുണകളില്‍ ജീവിക്കുവാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്ന കാലം സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളെയും ക്രൂരമായ പീഡനങ്ങളെയും അവസാനിപ്പിച്ചുകൊണ്ടാണ് നവോത്ഥാനത്തിന്റെ പ്രകാശം പരന്നത്. മധ്യകാല യൂറോപ്പിനെ അടക്കി ഭരിച്ച കത്തോലിക്കാ സഭയെക്കുറിച്ച പാഠഭാഗത്തിലെ പരാമര്‍ശമാണ് മതവികാരങ്ങളെ വ്രണപ്പെടുത്തലായി കെസിബിസി വക്താവ് ആരോപിക്കുന്നത്. എല്ലാവിധ സത്യാന്വേഷണങ്ങളെയും ശാസ്ത്രബോധത്തെയും നിര്‍ദയമായി അടിച്ചമര്‍ത്തുകയും നിരോധിക്കുകയുമാണ് അക്കാലത്തെ സഭ ചെയ്തത്. കോപ്പര്‍നിക്കസിന്റെ പുസ്തകം സഭയുടെ നിരോധിത പുസ്തകങ്ങളുടെ പട്ടികയിലായിരുന്നു. യുക്തിരഹിതമായ വിശ്വാസങ്ങളെ വിമര്‍ശിക്കുന്ന എല്ലാത്തിനോടും സഭ കാണിച്ച അസഹിഷ്ണുതയും സംഹാരമനോഭാവവും ഭീകരമായിരുന്നു. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ശാസ്ത്രജ്ഞാനം വിദ്യാര്‍ഥികളില്‍ എത്താതിരിക്കുവാന്‍ ഏതന്‍സിലെ സ്കൂളുകള്‍ മുഴുവന്‍ അടപ്പിച്ച ചരിത്രമുണ്ട്. ഇത്തരം കിരാതമായ നടപടികളും വിജ്ഞാന വിരോധവും കണ്ടാണ് പ്രാചീന റോമില്‍ വിന്‍സ്റ്റാന്‍സ്പിയ വിദ്യാഭ്യാസത്തെ പള്ളിയുടെ നിയന്ത്രണത്തില്‍ നിന്ന് പൂര്‍ണമായും മുക്തമാക്കണമെന്ന് വാദിച്ചത്. പൗരോഹിത്യത്തിന്റെ ജ്ഞാനാധികാരത്തെയും ദൈവശാസ്ത്രത്തെയും ചോദ്യം ചെയ്ത ബ്രൂണോവിനെ മതകുറ്റവിചാരണക്ക് വിധേയമാക്കി പരസ്യമായി നഗരചത്വരത്തില്‍ ചുട്ടുകരിച്ചു കൊന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ പ്രപഞ്ചവീക്ഷണത്തെ തന്റെ ജ്യോതിശാസ്ത്ര പഠനങ്ങളിലൂടെ നിരാകരിച്ച കോപ്പര്‍ നിക്കസിനെ ജീവിതാവസാനംവരെ സഭ നിശ്ശബ്ദനാക്കി തടവിലിടുകയായിരുന്നല്ലോ. കോപ്പര്‍ നിക്കസിന്റെ ഭ്രമണസിദ്ധാന്തത്തെ ഗലീലിയോ തന്റെ കണ്ടുപിടിത്തങ്ങളിലൂടെ വികസിപ്പിച്ചു. ദൂരദര്‍ശിനിയുടെ കണ്ടുപിടിത്തത്തോടെ കോപ്പര്‍നിക്കസിന്റെ പ്രപഞ്ച പരികല്പനയെ സമര്‍ഥിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഗലീലിയോ മുന്നോട്ടുവച്ചു. വേദപുസ്തകത്തിലെ അസന്ദിഗ്ധങ്ങളായ സത്യത്തിന്റെ കുറ്റകരമായ നിഷേധമാണ് ഗലീലിയോവിന്റെ കണ്ടുപിടിത്തങ്ങളെന്ന് വിലയിരുത്തിയ സഭ അദ്ദേഹത്തെ കടുത്ത ശിക്ഷാവിധികള്‍ക്ക് വിധേയമാക്കി. വേദപുസ്തകത്തില്‍ പറയുംപോലെ ഭൂമി പരന്നതാണെന്ന് പറയിപ്പിക്കാനുള്ള ക്രൂരമായ പീഡനമുറകള്‍ക്ക് ഗലീലിയോ ഇരയായി. പൗരോഹിത്യവും മധ്യകാല ഭരണാധികാരികളും പരത്തി കിടത്തിയ ഭൂമിയെ ഗോളാകൃതിയിലാക്കുവാനും ദൈവസൃഷ്ടമായ അസന്തുലിതത്വങ്ങളെ പ്രകൃതി നിയമങ്ങള്‍കൊണ്ട് നിയന്ത്രിക്കപ്പെടുന്ന പ്രപഞ്ചവ്യവസ്ഥയുടെ നിയമങ്ങള്‍ കണ്ടെത്തിക്കൊണ്ട് മറികടക്കുവാനും അതുവഴി സര്‍വതോമുഖമായ പുരോഗതിക്ക് സാഹചര്യമൊരുക്കിയതും ജ്ഞാനോദയ ചിന്തകരാണ്. ഈ ഭൂമുഖത്തെ മനുഷ്യോന്മുഖമാക്കുവാന്‍ മധ്യകാലത്തിന്റെ അജ്ഞതയോടും അന്ധകാരത്തോടും പട വെട്ടിയവരാണ് ജ്ഞാനോദയ വിപ്ലവകാരികള്‍ . നവോത്ഥാനത്തിന്റെ ആവിര്‍ഭാവം മത നവീകരണത്തിനു വേണ്ടിയുള്ള ശ്രമങ്ങളിലൂടെയാണ് പൊട്ടിപ്പുറപ്പെടുന്നത്. യുക്തിരഹിതമായ വിശ്വാസവും കടന്നാക്രമണ ത്വരയും സഭയെ നയിച്ചിരുന്ന കാലത്താണ് സെന്റ് അഗസ്റ്റിന്‍ സഭക്കകത്ത് അനേകം ചെന്നായ്ക്കളും സഭക്ക് പുറത്ത് അനേകം ആളുകളുമുണ്ടെന്നു പറഞ്ഞത്. മധ്യകാലത്തെ പ്രമുഖ ചിന്തകരിലൊരാളായിരുന്ന അബിലാര്‍സ് മതശാസ്ത്രത്തെ യുക്തിചിന്തയുമായി സംയോജിപ്പിക്കണമെന്ന് വാദിക്കുകയും ഈ ദിശയില്‍ മതശാസ്ത്രത്തെ വികസിപ്പിക്കുകയും ചെയ്തു. ബൈബിളിലും പുരോഹിതന്മാരുടെ ഉപദേശങ്ങളിലുമടങ്ങിയ പരസ്പരവിരുദ്ധങ്ങളായ പ്രസ്താവനകളെ അദ്ദേഹത്തിന്റെ "സിക് അറ്റ് നോണ്‍" എന്ന കൃതിയിലൂടെ അനാവരണം ചെയ്തു. ജ്ഞാനാന്വേഷണങ്ങളോടുള്ള അസഹിഷ്ണുതയും സംഹാര മനോഭാവവുമല്ല ക്രൈസ്തവതയുടേതെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണംകൊണ്ടാണ് സത്യത്തെ കണ്ടുപിടിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനെക്കാള്‍ ശ്രേഷ്ഠമാണ് ബുദ്ധിശക്തിയുടെ അനുഗ്രഹംകൊണ്ടുള്ള ജ്ഞാനോദ്ദീപനം. ദൈവത്തെ പ്രീണിപ്പിക്കുവാന്‍ ഉത്തേജനം നല്‍കാനല്ല, ദിവ്യജ്ഞാനം നല്‍കി ലോകത്തെ പ്രകാശപൂര്‍ണമാക്കുവാനാണ് ക്രിസ്തു അവതരിച്ചതെന്നാണ് അബിലാര്‍ഡ് നിരീക്ഷിക്കുന്നത്. മറ്റൊരു മധ്യകാലപണ്ഡിതനായ തോമസ് അക്വിനാസ് യുക്തിയുടെ പിന്‍ബലത്തോടെ നേടുന്ന മതവിശ്വാസത്തിനു വേണ്ടിയാണ് വാദിച്ചത്. വിശ്വാസത്തിലൂടെ വെളിപ്പെട്ടതിന്റെയും യുക്തിയിലൂടെ സമര്‍ഥിക്കപ്പെട്ടതുമായ ഒരു മതവിശ്വാസത്തെക്കുറിച്ചാണ് അക്വിനാസ് അന്വേഷിച്ചത്. ധിഷണാപരമായ പുരോഗതിക്കാവശ്യമായ അറിയാനുള്ള ത്വരയും എല്ലാവിധ പ്രകൃതി പ്രതിഭാസങ്ങളെയും സാമൂഹ്യ വിഷയങ്ങളെയും ശുഭാപ്തി വിശ്വാസത്തോടെ അഭിമുഖീകരിക്കുന്ന ജിജ്ഞാസയുടെ വികാസവുമാണ് നവോത്ഥാനം സാധ്യമാക്കിയത്. നവോത്ഥാനത്തിന്റെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ കുരിശുയുദ്ധവും സമുദ്രപര്യടനങ്ങളുമെല്ലാം ഈ ധിഷണാപരമായ പ്രത്യുത്ഥാനത്തെ ഉത്തേജിപ്പിച്ചു. വര്‍ത്തമാനകാലത്തെ അറിയുന്നതിലുള്ള ആഗ്രഹത്തിലും ഭൂതകാലത്തെപ്പറ്റിയുള്ള താല്പര്യത്തിലുമാണ് ഈ പ്രത്യുത്ഥാനം പ്രത്യക്ഷപ്പെട്ടതെന്ന്" നവോത്ഥാനത്തിന്റെ കഥ" യില്‍ ഹഡ്സണ്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ ധിഷണാപരമായ പ്രത്യുത്ഥാനമാണ് പരമ്പരാഗതമായ സാമൂഹികാചാരങ്ങളെയും വിശ്വാസങ്ങളെയും അതിന്റെ പ്രത്യയശാസ്ത്ര അടിസ്ഥാനങ്ങളെയും വിമര്‍ശനപരമായ വിശകലനങ്ങള്‍ക്ക് പ്രേരണ നല്‍കിയത്.

പൗരാണിക കാലത്തെ അറിവിന്റെ അശാസ്ത്രീയതയും പരിപക്വതയില്ലായ്മയുമാണ് പ്രകൃത്യാതീതവാദങ്ങളിലും മരണാനന്തര ജീവിതത്തിലധിഷ്ഠിതമായ പല ക്രിസ്തീയ മതസിദ്ധാന്തങ്ങളിലും അടങ്ങിയിരിക്കുന്നതെന്ന് പില്‍ക്കാല സഭാമേധാവികള്‍ക്കുതന്നെ സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. ശാസ്ത്രം സത്യത്തെ കണ്ടെത്താനുള്ള വഴിയാണ്. ഫ്രാന്‍സിസ് ബേക്കണ്‍ ചൂണ്ടിക്കാട്ടിയത്: "ഇപ്പോള്‍ ശാസ്ത്രത്തിന്റെ ശരിയായ, ന്യായമായ ലക്ഷ്യം മറ്റൊന്നുമല്ല, പ്രകൃതിയുടെ രഹസ്യങ്ങളെ അനാവരണം ചെയ്യുകയാണ്". അതായത് എല്ലാ കണ്ടുപിടിത്തങ്ങളും ശാസ്ത്രജ്ഞാനവും കൊണ്ട് മനുഷ്യജീവിതത്തെ ധന്യമാക്കണമെന്നാണ് ബേക്കണ്‍ വ്യക്തമാക്കിയത്. മതാധികാരത്തിന്റെ ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ധര്‍മസംഹിതകളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് എല്ലാറ്റിനെയും ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ദെക്കാര്‍ത്ത് വിരല്‍ ചൂണ്ടിയത്. ബ്രൂണോ തന്റെ ശിക്ഷാവിധി കേട്ടപ്പോള്‍ പ്രതിവചിച്ചത് ഭയമാണ് മതപൗരോഹിത്യത്തെ ഭരിക്കുന്നതെന്നാണ്. ഫാദര്‍ സ്റ്റീഫന്‍ ആലത്തറയും കെസിബിസി മേധാവികളും ചരിത്രത്തെ പിറകോട്ട് വലിക്കുകയാണ്. നവോത്ഥാനത്തിന്റെ മഹാപാഠങ്ങള്‍ സാമൂഹ്യശാസ്ത്ര പാഠത്തില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ കേരളത്തിലിപ്പോള്‍ ഉയര്‍ന്നുവരുന്ന വിവാദങ്ങളുടെ ധൈഷണിക പരിസരം ജ്ഞാനോദയ മാനവികതയെയും നവോത്ഥാനാശയങ്ങളെയും നിരാകരിക്കുന്ന നവലിബറല്‍ മൂലധനത്തിന്റെ അധിനിവേശ താല്പര്യത്തില്‍നിന്ന് ഉയരുന്നതാണ്.
@@
കെ. ടി. കുഞ്ഞിക്കണ്ണന്‍

13 July, 2011

സ്‌കൂളുകളിലെ ഗീതാപഠനം: ആര്‍.എസ്.എസ് മഠത്തിന് 40 കോടി

ബംഗളൂരു: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഭഗവദ് ഗീത പഠിപ്പിക്കുന്നതിന് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള മഠത്തിന് ബി.ജെ.പി സര്‍ക്കാര്‍ അനുവദിച്ചത് 40 കോടി രൂപ. ആര്‍.എസ്.എസിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സിര്‍സി ആസ്ഥാനമായുള്ള മഠത്തിനാണ് സര്‍ക്കാര്‍ പണം അനുവദിച്ചത്. നിരവധി സ്‌കൂളുകള്‍ അടിസ്ഥാനസൗകര്യം പോലുമില്ലാതെ ദുരിതം അനുഭവിക്കുകയും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയും ചെയ്യുമ്പോഴാണ് മഠത്തിന് ഗീതാധ്യയനം നടത്തുന്നതിന് 40 കോടി ഗ്രാന്റ് നല്‍കിയത്.

സംസ്ഥാനത്ത് ഗീതാപഠനം നിര്‍ബന്ധമാക്കിയിട്ടില്ലെന്ന വിദ്യാഭ്യാസ മന്ത്രി വിശ്വേശ്വര ഹെഗ്‌ഡെ കെഗേരിയുടെ പ്രസ്താവന തെറ്റാണെന്നും തെളിഞ്ഞു. രണ്ടുവര്‍ഷം മുമ്പ് തന്നെ ഗീതാപഠനം നടപ്പാക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരുന്നു. 2009 സെപ്റ്റംബര്‍ 30ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച 74/2009 ഉത്തരവ് പ്രകാരം ഗീതാപഠനത്തിന് സൗകര്യം ഒരുക്കണമെന്നും വീഴ്ച വരുത്തരുതെന്നും നിര്‍ദേശിച്ചിരുന്നു. ശിബിരം നടത്തുന്നതിന് ജില്ല, താലൂക്ക് തലങ്ങളില്‍ കോഓഡിനേറ്ററെ നിയമിക്കണമെന്നും വ്യക്തമാക്കിയിരുന്നു. പ്രതിഷേധം ഭയന്ന് ഒന്നര വര്‍ഷത്തോളം ഈ ഉത്തരവ് നടപ്പാക്കിയില്ല. തുടര്‍ന്ന് ഈ അധ്യയനവര്‍ഷമാണ് പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്ക് കത്തയച്ചത്.
സ്‌കൂള്‍സമയം കഴിഞ്ഞശേഷം ഗീതാപഠനം നടത്താമെന്നും വിദ്യാര്‍ഥികളെ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കരുതെന്നും വിദ്യാഭ്യാസവകുപ്പ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മറികടന്ന് നിര്‍ബന്ധിത ഗീതാ പഠനം നടത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.
ഗീതാപഠനം നിര്‍ബന്ധമാക്കാനും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുമുള്ള സര്‍ക്കാറിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഗുജറാത്ത് മാതൃകയില്‍ കാവിവത്കരണശ്രമം ഊര്‍ജിതമാക്കിയതിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും രംഗത്തെത്തിയിട്ടുണ്ട്. ഇടതു സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ സമരവും നടക്കുന്നുണ്ട്. ഇതേതുടര്‍ന്ന് ചിക്‌ബെല്ലാപൂര്‍, കോലാര്‍ ജില്ലകളില്‍ സ്‌കൂളുകളില്‍ ഗീത പഠിപ്പിക്കാനാവില്ലെന്ന് അധികൃതര്‍ സര്‍ക്കാറിന് കത്തെഴുതുകയും ചെയ്തു.
ഭഗവദ്ഗീത പഠനത്തിനെതിരെ കോലാറില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പി. അംബരീഷിന് ചൊവ്വാഴ്ച ജാമ്യം ലഭിച്ചു.
ഗീത നിര്‍ബന്ധമാക്കാനുള്ള യെദിയൂരപ്പ സര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, മഹിളാ അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വ്യാഴാഴ്ച ബംഗളൂരുവില്‍ പ്രകടനവും ധര്‍ണയും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
@@
കടപ്പാട്: മാധ്യമം ദിനപത്രം.

12 July, 2011

വര്‍ഗീയത എന്ന ബാധ

ഇന്ത്യ എന്നത് പഴയ പേരാണ്. "എന്ത് ഇന്ത്യ" എന്ന ചോദ്യത്തിന്റെ ഉത്തരം അടങ്ങുന്ന ഒരു നീണ്ട പേരാണത്. ഭരണഘടന ആദ്യം നല്‍കിയ പേര് "സോവറിന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്" എന്നാണ്. ഇന്ത്യയുടെ വിശേഷം അത് പരമാധികാരമുള്ള ഒരു ജനാധിപത്യരാജ്യമാണ് എന്നതുമാത്രമല്ലെന്ന് ഊന്നി പറയാന്‍ ഏറെ വര്‍ഷം കഴിഞ്ഞ് (1976ല്‍ , 42-ാം ഭേദഗതി) പേര് ഇങ്ങനെ നീട്ടി- "സോവറിന്‍ സോഷ്യലിസ്റ്റ് സെക്കുലര്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്". രണ്ട് വിശേഷണങ്ങള്‍കൂടി- വളരെ പ്രധാനപ്പെട്ടവ, മതേതരവും സമത്വനിഷ്ഠവും. ജനാധിപത്യമാണ് പരമമായ അടിസ്ഥാന മൂല്യമെങ്കിലും അത് അപായപ്പെടുന്നത് സമത്വവും മതേതര സംസ്കാരവും രാജ്യത്ത് ക്ഷയിച്ചുവരുമ്പോഴായിരിക്കണം.

ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നു പറഞ്ഞാല്‍ ഈ ഗുണവിശേഷണങ്ങളെ സംരക്ഷിക്കലാണ്. നാം എന്നും കാവല്‍ നില്‍ക്കേണ്ടത് ഈ രണ്ട് സ്വഭാവങ്ങള്‍ നിലനിര്‍ത്താനാണ്. ഭരണഘടനയില്‍ എവിടെയെല്ലാം ജനങ്ങള്‍ക്കിടയില്‍ വികസിപ്പിക്കേണ്ട ധര്‍മങ്ങളെപ്പറ്റി പറയുമ്പോള്‍ സമത്വ, മതേതരത്വങ്ങളുടെ പ്രാധാന്യവും ഉറപ്പിച്ച് പ്രസ്താവിക്കുന്നതു കാണാം. ആമുഖത്തില്‍ നാല് നന്മകള്‍ പൗരന്മാര്‍ക്ക് സമ്പാദിച്ചുകൊടുക്കുകയാണ് ഭരണഘടനയുടെ ലക്ഷ്യമെന്നു പറഞ്ഞിരിക്കുന്നു- നീതി (സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം), സ്വാതന്ത്ര്യം (ചിന്ത, ആവിഷ്കാരം, വിശ്വാസം, മതം, ആരാധന), സമത്വം (നിലയുടെയും അവസരത്തിന്റെയും), സാഹോദര്യം (വ്യക്തിയുടെ അന്തസ്സും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്താന്‍), നീതി സമത്വം എന്ന ആദര്‍ശങ്ങള്‍ എല്ലാ രംഗത്തും സ്ഥിതിസമത്വം ഉറപ്പിക്കുന്നു.

സ്വാതന്ത്ര്യം, സാഹോദര്യം എന്നിവകൊണ്ട് അനൈക്യത്തെയും വര്‍ഗീയതയെയും ചെറുക്കാന്‍ പ്രേരണ ചെലുത്തുന്നു. നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ ഭരണഘടനയുടെ ഈ അടിത്തറയുടെ തത്വങ്ങള്‍ വേണ്ടപ്പോള്‍ വേണ്ടത്ര ഓര്‍ക്കുന്നില്ല. വലിയൊരു മറവി അവരെ പിടികൂടിയിരിക്കുന്നു. അവരുടെ ഓര്‍മയെ ബലപ്പെടുത്താന്‍ കുറച്ചുകൂടി വിവരിക്കട്ടെ, ഭരണഘടന ന്യൂനപക്ഷം എന്നും വെറും ന്യൂനപക്ഷം എന്നും പറയുന്നത് അവരുടെ അവശത പരിഹരിക്കാന്‍വേണ്ടി മാത്രമാണ്. മൗലികാവകാശ അധ്യായത്തില്‍ മനുഷ്യരെ വേര്‍തിരിക്കുന്ന ഒന്നിന്റെ പേരിലും (മതം, ജാതി, ലിംഗം, ജനനസ്ഥലം) ഒരു പൗരനും എതിരായ വിവേചനം ഉണ്ടാകില്ല എന്ന് ഉറപ്പിച്ചിരിക്കുന്നു. അവസരസമത്വവും അതുപോലെ. നേരത്തെ ഇതൊക്കെ നിഷേധിക്കപ്പെട്ടവര്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കാമെന്നല്ലാതെ നീതിയുടെ മുന്നില്‍ ആര്‍ക്കും വ്യത്യാസമില്ല.

അഭിപ്രായസ്വാതന്ത്ര്യവും അങ്ങനെതന്നെ. ഒരു മതത്തിനും മേല്‍ക്കൈ ഇല്ല. ന്യൂനപക്ഷങ്ങള്‍ എന്ന് പറയുന്നത് പ്രധാനമായും ഭാഷയുടെയോ ലിപിയുടെയോ ഭിന്നതമൂലം ചെറിയ പാരമ്പര്യങ്ങളുള്ള ചെറിയ സമൂഹങ്ങളാണ്. അവിടെ പാരമ്പര്യ സുരക്ഷയാണ് ലക്ഷ്യം. കേരളത്തില്‍ ഹിന്ദുക്കള്‍ ഏറ്റവും കൂടുതലാണ്; പക്ഷേ, ഭരണഘടന വിവക്ഷിക്കുന്ന ചെറിയ ന്യൂനപക്ഷങ്ങളല്ല മുസ്ലിങ്ങളും ക്രൈസ്തവരും. ഈ പഴയ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് ധനപരമായ ഉച്ചനീചത്വങ്ങളില്ലാത്തതും പൊതുജനങ്ങള്‍ക്ക് ഗുണം നല്‍കുന്നതുമായ ഒരു നവ സമൂഹവ്യവസ്ഥയുടെ ഉദയമാണ് രാഷ്ട്രലക്ഷ്യം. നിര്‍ണായകതത്വങ്ങളുടെ അധ്യായം ആ ലക്ഷ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു. ഇക്കഥയൊന്നും ഓര്‍ക്കാതെ നമ്മള്‍ ഈ ന്യൂനപക്ഷം ന്യൂനപക്ഷം എന്നുപറഞ്ഞ് രാഷ്ട്രീയത്തില്‍വരെ മതവര്‍ഗീയത കോട്ടകെട്ടി നില്‍ക്കുന്നു. ന്യൂനപക്ഷം പോയി, ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കളും ന്യൂനപക്ഷ വര്‍ഗീയതയെ ശത്രുവായി കണ്ട് രാഷ്ട്രീയ കക്ഷിയുടെ രൂപത്തില്‍ പ്രവര്‍ത്തിക്കുന്നു. മുമ്പ് ഹിന്ദു മഹാസഭ എന്ന പേരില്‍ മതമുദ്രചാര്‍ത്തിയ കക്ഷി അത് വിലപ്പോകില്ല എന്ന് മനസ്സിലാക്കി ആര്‍എസ്എസ്, ശിവസേന, ബിജെപി എന്നൊക്കെ നാമാന്തരങ്ങള്‍ സ്വയം വരിച്ച് പ്രവര്‍ത്തിക്കുന്നു.

ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഹൈന്ദവ വര്‍ഗീയതതന്നെ. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും നമ്മുടെ പൗരന്മാരായി കണക്കാക്കാന്‍പോലും അവര്‍ക്ക് പ്രയാസമുണ്ട്. മറ്റു ചില കക്ഷികള്‍ മതജാതി നാമങ്ങള്‍ ഒഴിവാക്കാതെ ഇന്നും നിലനില്‍ക്കുന്നത് അത്ഭുതകരമാണ്. നമ്മുടെ രാഷ്ട്രീയത്തിലെ അരാചകത്വത്തിന്റെ ചൂണ്ടുപലകയാണ് ഈ അവസ്ഥ. ദ്രാവിഡ എന്ന പേര്‍ ചേര്‍ത്ത് ഒന്നുരണ്ട് കഴകങ്ങള്‍ , അകാലിദള്‍ എന്ന പേരില്‍ ഒരു കക്ഷി, മുസ്ലിംലീഗ് എന്നിവ വര്‍ഗീയ നാമധാരികളാണ്. മുസ്ലിംലീഗിന് കേരളത്തില്‍ ഒരു ജില്ലയിലാണ് ശക്തി. അത് അവര്‍ സമര്‍ഥമായി കരുനീക്കി കളിക്കുന്നു. ഇത്തവണ വന്‍ വിജയമാണ്. വിജയഹേതു അവരുടെ ശക്തി എന്നതിനേക്കാള്‍ അവരെ കൂട്ടുപിടിച്ച കോണ്‍ഗ്രസിന്റെ അശക്തിയാണ്. വര്‍ഗീയത മരിച്ചു എന്ന അര്‍ഥത്തില്‍ ലീഗിനെ നെഹ്റു ചത്ത കുതിര എന്ന് വിളിച്ചു. അതു കേട്ട കോണ്‍ഗ്രസുകാര്‍ (അല്ല, കേള്‍ക്കുന്ന കോണ്‍ഗ്രസുകാരോ) എത്രയോ കാലമായി ഈ വാഹനത്തിലാണ് യാത്ര. രാഷ്ട്രീയത്തെ നിയന്ത്രിക്കേണ്ട മൂല്യങ്ങളെ കോണ്‍ഗ്രസ് മറന്നു എന്ന് ചുരുക്കം. കേരളത്തില്‍ അധികാരമോഹം കയറിയ കോണ്‍ഗ്രസ് ഏത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നു മനസ്സിലാക്കിയ ലീഗ് നേതൃത്വം ഓരോ മര്‍മത്തിലും അമര്‍ത്തി വേദനിപ്പിച്ച് കോണ്‍ഗ്രസിനെക്കൊണ്ട് സമ്മതിപ്പിച്ച് കാര്യം നേടുന്ന കാഴ്ച വളരെ രസകരംതന്നെ.20 അംഗ മന്ത്രിസഭയില്‍ അഞ്ച് മന്ത്രിമാര്‍ വേണമെന്ന വാദംതന്നെ കോണ്‍ഗ്രസിന്റെ അന്തസ്സിനെയും അഭിമാനത്തെയും തങ്ങള്‍ക്ക് വിലയില്ലെന്ന ലീഗിന്റെ ധാര്‍ഷ്ട്യത്തിന്റെ പ്രകടനമാണ്. വിദ്യാഭ്യാസവകുപ്പുതന്നെ തങ്ങള്‍ക്ക് വേണമെന്ന ലീഗിന്റെ വാശി എത്ര തവണയായി എതിര്‍പ്പില്ലാതെ വിജയിച്ചരുളുന്നു. മുസ്ലിം ലീഗില്‍ ഒരു വിദ്യാഭ്യാസ വിദഗ്ധന്‍ ഇപ്പോഴില്ല. സി എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസ വിദഗ്ധന്‍ ആയതുകൊണ്ടല്ല സമര്‍ഥനായതുകൊണ്ടാണ് ആ വകുപ്പില്‍ വിജയം നേടിയത്. ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രിയുടെ പരിചയക്കുറവിന്റെയും കഴിവുകേടിന്റെയും ദുഷ്ഫലങ്ങള്‍ കേരളീയര്‍ അനുഭവിക്കേണ്ടിവന്നത്, ഇക്കാര്യം തക്കസമയത്ത് ചൂണ്ടിക്കാട്ടി തിരുത്താന്‍ കോണ്‍ഗ്രസിന് കഴിയാതെ പോയതാണ്. അദ്ദേഹത്തിന്റെ പരിചയ ദാരിദ്ര്യവും മറ്റും കൊണ്ടാണ്, വള്ളത്തോള്‍ കേരളീയ അഭിനയകലകളുടെ ഉദ്ധരണത്തിന് സ്ഥാപിച്ച കലാമണ്ഡലത്തില്‍ ഒരു വാസ്തുവിദ്യക്കാരന്‍ വിസി ആയത്. എങ്ങനെ ഇത് ക്യാബിനറ്റിലൂടെ മാറ്റംകൂടാതെ കടന്നുപോയി എന്ന് ഓര്‍ക്കുമ്പോള്‍ വര്‍ഗീയകക്ഷിയുടെ ശക്തി എത്രമാത്രമുണ്ടെന്ന് ഊഹിക്കാന്‍ കഴിയും. പുതിയ മന്ത്രി പഴയ ഒരു നല്ല മന്ത്രിയുടെ മകനായതുമൂലം വിദ്യാഭ്യാസമന്ത്രി പദവിക്ക് യോഗ്യനാകുന്നില്ല.

എംഎ ബിരുദമുണ്ടെന്ന് ഗൗരവമായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നു. ഇക്കാലത്ത് വഴിയാത്രക്കാരില്‍ ബിരുദാനന്തരബിരുദക്കാര്‍ ധാരാളമുണ്ടെന്നുവച്ച് അവരെയെല്ലാം കേരളത്തില്‍ വിദ്യാഭ്യാസമന്ത്രിയാക്കാവുന്നവരാണ് എന്ന വാദം പരിഹാസ്യമാണ്. വിദ്യാഭ്യാസവകുപ്പ് ഒരു നവാഗതന്റെ താവളമാക്കരുത്. ഇതൊക്കെ ചൂണ്ടിക്കാണിച്ചുകൂടെന്ന് വന്നിരിക്കുന്നു. ഇതിനിടെ ഞാന്‍ ഈ ദോഷങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വര്‍ഗീയത എന്ന കല്ലാണ് എന്റെ നേരെ എടുത്തെറിയപ്പെട്ടത്. നഗ്നയായി ഒരു സ്ത്രീ നടക്കുമ്പോര്‍ , നഗ്നത മറയ്ക്കാന്‍ മറ്റൊരു സ്ത്രീ തന്റെ രണ്ടാംമുണ്ട് വേണമോ എന്ന് അന്വേഷിച്ചപ്പോള്‍ , "തനിക്ക് നാണമില്ലേ, രണ്ടാംമുണ്ടില്ലാതെ മാറ് കാട്ടി നടക്കാന്‍" എന്നാണ് പൂര്‍ണനഗ്നയുടെ ധീരമായ മറുപടി. ഇവരുടെ വര്‍ഗീയാരോപണം ഇതിന് കിടയായി കിടക്കട്ടെ. വര്‍ഗീയത ചീത്തയാണെന്നെങ്കിലും സമ്മതിച്ചല്ലോ! മതവര്‍ഗീയതയുടെ വിനാശത്തിന് ഏറ്റവും കൂടുതല്‍ മുന്നോട്ടുവരേണ്ടത് കോണ്‍ഗ്രസാണ്. മുസ്ലിംലീഗിനെ എന്ന് അവര്‍ ഉപേക്ഷിക്കുന്നുവോ അന്ന് കേരളത്തില്‍ മതവര്‍ഗീയതയുടെ മൂലക്കല്ല് ഇളകും. അവരെ ഇടതുപക്ഷം സ്വീകരിക്കാത്ത കാലത്തോളം ത്രിശങ്കുസ്വര്‍ഗത്തില്‍ ഉരുണ്ടുകളിക്കുകയേ നിവൃത്തിയുള്ളൂ. കോണ്‍ഗ്രസ് നിര്‍ണായക തീരുമാനം എടുക്കാന്‍ ചരിത്രത്തിന്റെ മുമ്പില്‍ നിയോഗം ഉള്ള കക്ഷിയാണ്. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ- "ചത്ത കുതിര" എന്ന ആ പ്രയോഗത്തെ- "ഓര്‍ക്കുക വല്ലപ്പോഴും"!

@@
സുകുമാര്‍ അഴീക്കോട്

10 July, 2011

സ്വാശ്രയ വിദ്യാഭ്യാസം: ചരിത്രവും വര്‍ത്തമാനവും

കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖല അനിശ്ചിതത്വങ്ങളുടെയും സംഘര്‍ഷങ്ങളുടെയും അഴിയാക്കുരുക്കിലകപ്പെട്ടിരിക്കുകയാണ്. യു ഡി എഫ് ഭരണത്തിന്റെ അനുകൂല സാഹചര്യങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി സ്വാശ്രയ കോളജ് മാനേജ്മെന്റുകള്‍ പരമാവധി കഴുത്തറുപ്പന്‍ നയങ്ങളുമായി മുന്നോട്ടുപോകുന്നു. ഷൈലോക്കിയന്‍ മനോഭാവത്തോടെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ ആടിത്തിമിര്‍ക്കുമ്പോള്‍ അവര്‍ക്കു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുകയാണ് സംസ്ഥാനത്തെ ഭരണനേത്യത്വം മെഡിക്കല്‍ രംഗത്തെ എംബിബിഎസിന്റെ കാര്യത്തിലും പിജി കോഴ്സിന്റെ കാര്യത്തിലും സര്‍ക്കാരിന് സീറ്റുണ്ടോ, ഫീസെത്രയാണ് എന്നൊന്നും ഒരു തിട്ടവും ഇപ്പോഴത്തെ സര്‍ക്കാരിനില്ല. മാനേജ്മെന്റുകളുടെ സീറ്റിന്റെ കാര്യത്തിലും അവരീടാക്കുന്ന ഫീസിന്റെ കാര്യത്തിലുമെല്ലാം സര്‍ക്കാരിനെ ഗ്രസിച്ചിരിക്കുന്നത് ഇതേ അജ്ഞതയാണ്. വിദ്യാര്‍ത്ഥികളുടെയും പൊതുസമൂഹത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി സ്വാശ്രയ മാനേജ്മെന്റുകളുടെ ഏകപക്ഷീയ നിലപാടുകള്‍ക്കും ലാഭക്കൊതിക്കും ചൂട്ടുപിടിക്കുന്ന സമീപനമായിരുന്നു യുഡിഎഫ് ഗവണ്‍മെന്റിന്റെ മുഖമുദ്ര. ഏ കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നേത്യത്വത്തിലുണ്ടായിരുന്ന 200106 ലെ യു ഡി എഫ് ഗവണ്‍മെന്റ് കാട്ടിയ ഇത്തരം നിരുത്തരവാദപരമായ സമീപനത്തിന്റെ തനി ആവര്‍ത്തനമാണ് ഇപ്പോഴും കാണുന്നത്. ആന്റണിയും പിന്നീട് വന്ന ഉമ്മന്‍ചാണ്ടിയുമാകട്ടെ സ്വാശ്രയ കോളജുകളില്‍ മാനേജ്മെന്റിനും സര്‍ക്കാരിനും 50:50 എന്ന അനുപാതം യാഥാര്‍ത്ഥ്യമാക്കാന്‍ ഒന്നും ചെയ്യാതെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും മാനേജ്മെന്റുകള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. കൊള്ളക്കോഴയും താങ്ങാനാവാത്ത ഫീസും അടിച്ചേല്‍പ്പിച്ച് മാനേജ്മെന്റുകള്‍ ഇവിടെ സൈ്വര്യവിഹാരം നടത്തുകയും ചെയ്തു. ഇങ്ങനെ 'രണ്ട് സ്വാശ്രയ കോളജ് സമം ഒരു ഗവണ്‍മെന്റ് കോളജ്' എന്ന ആന്റണിയുടെ പ്രഖ്യാപനം ഏട്ടിലെ പശുവായി മാറിയ സാഹചര്യത്തിലായിരുന്നു 2006 മെയില്‍ എല്‍ ഡി എഫ് ഗവണ്‍മെന്റ് അധികാരത്തിലെത്തിയത്. സ്വാശ്രയ വിദ്യാഭ്യാസ നിയമം ആ ഗവണ്‍മെന്റാകട്ടെ, അധികാരമേറ്റയുടന്‍ തന്നെ പരമപ്രാധാന്യം നല്‍കി ഒരു സ്വാശ്രയ വിദ്യാഭ്യാസ നിയമം കൊണ്ടുവന്നു. 2006 മെയ് 18ന് അധികാരമേറ്റ എല്‍ ഡി എഫ് ഗവണ്‍മെന്റിന് ഇച്ഛാശക്തിയോടെ നടത്തിയ ഇടപെടലുകളുടെ ഫലമായി വെറും ഒന്നര മാസത്തിനുള്ളില്‍ തന്നെ(ജൂണ്‍ 30) നിയമം പാസ്സാക്കിയെടുക്കാന്‍ കഴിഞ്ഞു. പ്രൊഫഷണല്‍ കോളജുകളിലെ പ്രവേശനം സമയബന്ധിതമായിത്തന്നെ നടക്കണമെന്ന നിര്‍ബന്ധം ആ ഗവണ്‍മെന്റിനുണ്ടായിരുന്നതുകൊണ്ട് ജൂണ്‍ 30 ന് രാത്രി രണ്ടു മണിവരെ നീണ്ടുനിന്ന നിയമസഭാ സമ്മേളനത്തിലാണ് നിയമം പാസ്സാക്കിയത്. മെറിറ്റും സാമൂഹ്യനീതിയും കണക്കിലെടുത്തും ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയും സംവരണതത്വങ്ങള്‍ പാലിച്ചും മാനേജ്മെന്റുകളെ കടിഞ്ഞാണിട്ടും ആയിരുന്നു ആ നിയമത്തിന് രൂപം നല്‍കിയത്. പ്രവേശനം നല്‍കുന്നതും ഫീസ് ഈടാക്കുന്നതുമടക്കമുള്ള നടപടിക്രമങ്ങള്‍ നിയമവിധേയമായും സുതാര്യമായുമാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള കര്‍ശന വ്യവസ്ഥകളും നിയമത്തിന്റെ ഭാഗമായിരുന്നു. പിന്നോക്കദളിത് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സ്കോളര്‍ഷിപ്പടക്കമുള്ള ആനുകൂല്യങ്ങളും നിയമത്തില്‍ ഉറപ്പാക്കിയിരുന്നു. ഇതിന്റെയെല്ലാം ഫലമായി 2006ല്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള നാല് കോളേജുകളിലൊഴികെയുള്ള മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസില്‍(12,500 രൂപ) പ്രവേശനം നല്‍കി. കോഴ്സ് പൂര്‍ത്തിയാക്കുന്നതുവരെ ഈ കുട്ടികള്‍ സര്‍ക്കാര്‍ ഫീസില്‍ പഠിക്കുകയും ചെയ്തു. ഇതിനൊപ്പം സംസ്ഥാനത്തെ 60 സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളിലും 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമുണ്ടായി. എന്നാല്‍ ലാഭക്കൊതിയന്മാരായ സ്വാശ്രയ മാനേജ്മെന്റുകളുടെ ഹര്‍ജികളില്‍ കോടതി ഇടപെടുകയും അവര്‍ക്ക് അനുകൂലമായ വിധികള്‍ പുറപ്പെടുവിക്കുകയും ചെയ്തു. നിയമത്തില്‍ നിഷ്കര്‍ഷിക്കുന്നതിനനുസരിച്ച് രൂപീകരിച്ച ജസ്റ്റീസ് പി എ മുഹമ്മദ് കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് മാത്രമേ വാങ്ങാവൂ എന്ന നിബന്ധനയും കോടതിയുടെ പല വിധികളിലൂടെയും അട്ടിമറിക്കപ്പെട്ടു. ഇതിന്റെയെല്ലാം ഫലമായി നിയമം പൂര്‍ണമായ സ്പിരിറ്റില്‍ നടപ്പാക്കാനായില്ല. എങ്കില്‍പ്പോലും സ്വാശ്രയ മാനേജ്മെന്റുകളുമായി ഒറ്റയ്ക്കും കൂട്ടായുമൊക്കെ ആവര്‍ത്തിച്ച് ചര്‍ച്ചകള്‍ നടത്തി സമവായം ഉണ്ടാക്കുകയും പ്രൊഫഷണല്‍ കോഴ്സുകളിലെ പ്രവേശനത്തിന് മെറിറ്റും സാമൂഹ്യനീതിയും പരമാവധി ഉറപ്പാക്കുകയും ചെയ്തു. വീണ്ടും യുഡിഎഫ് ഗവണ്‍മെന്റ്, ധിക്കാരത്തോടെ സ്വാശ്രയമാനേജ്മെന്റ് പക്ഷേ വീണ്ടും യുഡിഎഫ് ഗവണ്‍മെന്റ് വന്നതോടെ കാര്യങ്ങളാകെ താളം തെറ്റി. തങ്ങള്‍ ആഗ്രഹിക്കുന്ന ഏതുരീതിയിലും പ്രൊഫഷണല്‍ കോഴ്സുകളിലേക്ക് പ്രവേശനം നടത്താമെന്നും എത്ര ഉയര്‍ന്ന ഫീസും വാങ്ങാമെന്നും സ്വാശ്രയമാനേജ്മെന്റുകള്‍ തീരുമാനിച്ചു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ , ത്യശൂരിലെ അമല, ജൂബിലി, തിരുവല്ല പുഷ്പഗിരി എന്നീ കോളജുകള്‍ ധിക്കാരപൂര്‍വം തോന്നിയപോലെ ഫീസ് വാങ്ങി. സാധാരണക്കാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ദശലക്ഷങ്ങളുടെ കോഴയ്ക്കു പുറമേയാണ് ലക്ഷങ്ങളുടെ ഫീസും നിശ്ചയിച്ചത്. ഇതൊന്നും പോരാഞ്ഞ്, നിയമമനുസരിച്ച് സര്‍ക്കാരിന് നല്‍കേണ്ട 50 ശതമാനം പി ജി സീറ്റിലും ഉയര്‍ന്ന ഫീസും കോഴയും വാങ്ങി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളും പൊതുസമൂഹവും എന്തു പറഞ്ഞാലും തങ്ങള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ കഴിയുന്ന എന്തും ചെയ്യുമെന്ന് ഓരോ നടപടിയിലൂടെയും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം കൊള്ളയ്ക്കെതിരെ നിയമപരമായ നടപടികളെടുക്കാന്‍ ബാധ്യതപ്പെട്ട ഗവണ്‍മെന്റാകട്ടെ അതിനൊന്നും തയ്യാറാകാതെ കുറ്റകരമായ മൗനംകൊണ്ട് സ്വാശ്രയമാനേജ്മെന്റുകളുടെ കൊള്ളയ്ക്ക് കുടപിടിക്കുകയും ചെയ്യുന്നു. പ്രശ്നം പരിഹരിക്കാന്‍ സമയമില്ലെന്നാണ്ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ 2006ല്‍ ഇതേ സമയപരിധിക്കുള്ളിലാണ് പ്രശ്നം പരിഹരിച്ചതെന്ന് ഓര്‍ക്കണം. പിജി സീറ്റിന്റെ കാര്യത്തില്‍ മാത്രമല്ല, എംബിബിഎസ് പ്രവേശനത്തിലും തങ്ങള്‍ ആഗ്രിക്കുന്ന രീതിയില്‍ത്തന്നെ നടപടികള്‍ കൊണ്ടുപോകുമെന്നാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലും മറ്റ് ബഹുഭൂരിപക്ഷം സ്വാശ്രയമാനേജ്മെന്റുകളും പറയുന്നത്. സംസ്ഥാനത്തെ 11 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലായി 1100 സീറ്റുകളാണുള്ളത്. ഇതില്‍ 50 ശതമാനം (550) സീറ്റ് സര്‍ക്കാരിന് വിട്ടുനല്‍കേണ്ടതാണ്. ഇതില്‍ നിന്നാണ് പട്ടികജാതിപട്ടികവര്‍ഗക്കാരടക്കമുള്ള ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സംവരണമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്. എന്നാല്‍ ഇപ്പോള്‍ സ്വാശ്രയമാനേജ്മെന്റുകള്‍ കോടതിയിലടക്കം ആവശ്യപ്പെടുന്നത് മുഴുവന്‍ സീറ്റിലും 3.50 ലക്ഷം രൂപ നിരക്കില്‍ ഫീസ് ഈടാക്കാന്‍ അനുവദിക്കണമെന്നാണ്. അങ്ങനെയാണെങ്കില്‍ 50 ശതമാനം സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുക്കാമെന്നാണ്. ഒപ്പം മാനേജ്മെന്റിന് അവകാശപ്പെട്ട 50 ശതമാനം സീറ്റിലേക്ക് പ്രവേശനപരീക്ഷ നടത്താനുള്ള അവകാശം മാനേജ്മെന്റുകള്‍ക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കോഴ വാങ്ങുന്നതും അതിന്റെ നിരക്കുമൊന്നും പരസ്യപ്പെടുത്താത്തതുകൊണ്ട് അതേപ്പറ്റി കൂടുതല്‍ കാര്യങ്ങളൊന്നും പറയുന്നില്ല. ലക്കും ലഗാനുമില്ലാത്ത തലവരി സ്വാശ്രയകോളജുകളുടെ ആരംഭകാലത്ത് 2025 ലക്ഷം രൂപയായിരുന്നു എംബിബിഎസ് പ്രവേശനത്തിന് കോഴയായി വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോളത് 5060 ലക്ഷം വരെയായിട്ടുണ്ട്. ഇങ്ങനെ നല്‍കുന്ന കോഴപ്പണത്തിന് സ്വാശ്രയമാനേജ്മെന്റുകള്‍ രസീത് നല്‍കാറുമില്ല. രസീത് നല്‍കാതെ വാങ്ങുന്ന പണമായതുകൊണ്ട് മാനേജ്മെന്റുകള്‍ ഈ പണത്തിന്റെ കണക്ക് സൂക്ഷിക്കുകയില്ലല്ലോ. അതുകൊണ്ടുതന്നെ ഈ പണം മുഴുവന്‍ കണക്കില്‍പ്പെടാത്ത കള്ളപ്പണമായി മാറുകയാണ് ചെയ്യുന്നത്. 100 സീറ്റുള്ള സ്വാശ്രയകോളജില്‍ 50 സീറ്റില്‍ ഇങ്ങനെ കോഴ വാങ്ങുമ്പോള്‍ കള്ളപ്പണമായി മാറുന്ന കോടികള്‍ എത്രയാണെന്ന് ഊഹിച്ചുനോക്കുക. സാധാരണക്കാര്‍ക്കെന്നല്ല, നിയമവിധേയമായ വരുമാനം മാത്രമുള്ളവര്‍ക്കാര്‍ക്കും തന്നെ ഇത്രയും ഭീമമായ തുക കോഴ നല്‍കി മക്കളെ പഠിപ്പിക്കാന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ ഇത്ര വലിയ തുക കണക്കില്‍പ്പെടുത്താതെ നല്‍കി പ്രവേശനം നേടുന്നവരും ഇത് നേരായ മാര്‍ഗത്തില്‍ ഉണ്ടാക്കുന്ന പണമാകാനിടയില്ല. ചുരുക്കത്തില്‍ സ്വാശ്രയപ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളിലെയും പണമിടപാടുകളില്‍ മാറിമറിയുന്നത് കള്ളപ്പണത്തിന്റെ മടിശ്ശീലകളാണ്. എന്നാല്‍ സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ തര്‍ക്കവിതര്‍ക്കങ്ങള്‍ ആടിത്തിമിര്‍ക്കുമ്പോഴൊന്നും ഈ കള്ളപ്പണത്തിന്റെ സൈ്വര്യവിഹാരം ചര്‍ച്ചകളില്‍പ്പോലും വരാറില്ലെന്നതാണ് സത്യം. മാനേജ്മെന്റ് ക്വാട്ടയില്‍ ഇങ്ങനെ പ്രവേശനം തരപ്പെടുത്തുന്നവരുടെയും ഇത്തരം മാനേജ്മെന്റുകളുടെയും ധനസ്ഥിതിയെപ്പറ്റി ഗൗരവതരമായ അന്വേഷണം ബന്ധപ്പെട്ട ഏജന്‍സികള്‍ നടത്താന്‍ തയ്യാറായാല്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും പുറത്തുവരിക. പൊരുത്തമില്ലാത്ത ഫീസ് നിര്‍ദേശം അമ്പത് ശതമാനം സീറ്റ് സര്‍ക്കാരിന് വിട്ടുനല്‍കുന്നതിന് മാനേജ്മെന്റ് അസോസിയേഷനുകള്‍ വയ്ക്കുന്ന ഉപാധി മുഴുവന്‍ സീറ്റിലും ഒരേ ഫീസ് നിരക്ക് ഏര്‍പ്പെടുത്തണമെന്നാണ്. എംബിബിഎസിന് അവര്‍ ആവശ്യപ്പെടുന്ന വാര്‍ഷികഫീസാകട്ടെ 3.50 ലക്ഷം രൂപയും. ഏറ്റവും ഉയര്‍ന്ന മാര്‍ക്കുള്ള വിദ്യാര്‍ത്ഥിപോലും പ്രവേശനം ലഭിക്കുന്നത് സ്വാശ്രയകോളജിലാണെങ്കില്‍ ഈ ഉയര്‍ന്ന ഫീസ് നല്‍കണമെന്നു സാരം. ട്യൂഷന്‍ ഫീസായാണ് 3.50 ലക്ഷം രൂപ നല്‍കേണ്ടിവരുന്നതെങ്കിലും ഹോസ്റ്റല്‍ , പുസ്തകം, അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് ചെലവാക്കേണ്ടി വരുന്ന പണം കൂടി കണക്കുകൂട്ടടുമ്പോള്‍ മൂന്നര ലക്ഷമെന്നത് നാലരയോ അഞ്ചോ ലക്ഷമായി ഉയര്‍ന്നെന്നു വരും. കല്‍പ്പിത സര്‍വകലാശാലാ പദവിയുള്ള അമ്യത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാകട്ടെ 5.50 ലക്ഷമാണ് ഫീസ്. അതായത് പ്രതിമാസം ശരാശരി 35,00040,000 രൂപയെങ്കിലും മുടക്കിയാലേ ഏറ്റവും മിടുക്കനായ കുട്ടിക്കുപോലും സ്വാശ്രയമെഡിക്കല്‍കോളജില്‍ പഠിക്കാന്‍ കഴിയൂ എന്നര്‍ത്ഥം. സ്വന്തം മക്കളെ മാസം 40,000 രൂപകണ്ട് ചെലവഴിച്ച് പഠിപ്പിക്കാന്‍ കഴിയുന്ന എത്ര മാതാപിതാക്കള്‍ കേരളത്തിലുണ്ടാകും? ചുരുക്കത്തില്‍ ഈ ഫീസ് അനുവദിക്കപ്പെട്ടാല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തുനിന്ന് സാധാരണക്കാരുടെ മക്കള്‍ പൂര്‍ണമായി ആട്ടിയോടിക്കപ്പെടുന്ന സ്ഥിതിയായിരിക്കും ഉണ്ടാവുക. എന്നുമാത്രമല്ല, അവിടം സമൂഹത്തിലെ ചെറുന്യൂനപക്ഷം വരുന്ന അതിസമ്പന്നര്‍ക്കു മാത്രമായി തീറെഴുതി കൊടുക്കുന്ന അവസ്ഥയും സംജാതമാകും. ഇത് വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യവല്‍ക്കരണത്തിന്റെയും സാര്‍വത്രികവല്‍ക്കരണത്തിന്റെയും ഗുണവശങ്ങളെയാകെ അപഹരിക്കുകയും ചെയ്യും. പ്രവേശന പരീക്ഷയും അട്ടിമറിക്കപ്പെടുന്നു യാഥാര്‍ത്ഥ്യബോധമില്ലാത്ത കോഴയും ഫീസും വാങ്ങി ഉന്നതവിദ്യാഭ്യാസമേഖല ലാഭക്കൊയ്ത്തിനുള്ള അരങ്ങാക്കി മാറ്റുമ്പോഴും സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് കഴിയാതിരുന്ന കാര്യം സ്വന്തമായി പ്രവേശനപരീക്ഷ നടത്തുകയെന്നതായിരുന്നു. ഏറ്റവും പുതിയ സുപ്രീംകോടതി വിധിയിലൂടെ അവര്‍ക്ക്് ഇഷ്ടംപോലെ പ്രവേശന പരീക്ഷ നടത്താന്‍ കഴിയുന്ന അവസരം കൈവന്നിരിക്കുകയാണ്. മാനേജ്മെന്റിന് അവകാശപ്പെട്ട 50 ശതമാനം സീറ്റില്‍ അവര്‍ക്കു തന്നെ പരീക്ഷ നടത്തി കുട്ടികളെ പ്രവേശിപ്പിക്കാമെന്നര്‍ത്ഥം. ഈ 50 ശതമാനം സീറ്റിലും കോഴപ്പണത്തിന്റെ കനം നോക്കിയാണ് പ്രവേശനം നടത്തുന്നതെന്നിരിക്കെ മാനേജ്മെന്റുകള്‍ സ്വന്തമായി നടത്തുന്ന പ്രവേശനപരീക്ഷയുടെ നിലവാരം ഊഹിക്കാവുന്നതേയുള്ളൂ. 2001ലെ ആന്റണി ഗവണ്‍മെന്റിന്റെ കാലത്ത് പൊതുപ്രവേശന പരീക്ഷയില്‍ 10 ശതമാനത്തില്‍ താഴെ മാത്രം മാര്‍ക്ക് വാങ്ങിയ കുട്ടിയെപ്പോലും 40 ലക്ഷത്തിന്റെ കോഴയുടെ പിന്‍ബലത്തില്‍ തിരുവല്ല പുഷ്പഗിരി കോളജില്‍ പ്രവേശനം നല്‍കിയതു സംബന്ധിച്ച് വിവാദങ്ങളുയര്‍ന്നതാണ്. ഇപ്പോള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ അഞ്ച് സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളില്‍ യോഗ്യതാമാര്‍ക്കില്ലാത്ത കുട്ടികളെ പ്രവേശിപ്പിച്ചതായി സി എ ജി തന്നെ കണ്ടെത്തിയതായി വന്ന വാര്‍ത്ത ഇതുമായി കൂട്ടി വായിക്കേണ്ടതാണ്. അതായത് നാടിന്റെ ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളുടെ ദിശ നിര്‍ണയിക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ ചുമതലപ്പെട്ട പ്രൊഫഷണല്‍ മേഖല കാശിന്റെ തിണ്ണമിടുക്കു മാത്രം കൈമുതലായ മണ്ടന്മാരെക്കൊണ്ടു നിറയ്ക്കുകയായിരിക്കും ചെയ്യുക. ചുരുക്കത്തില്‍ നാടിന്റെ ഭാവി തലമുറയോടുതന്നെ ചെയ്യുന്ന മഹാഅപരാധമായി ഇത് മാറാന്‍ പോവുകയാണ്. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സ്വന്തം മുദ്രാവാക്യങ്ങള്‍ കാറ്റില്‍ പറത്തുന്നു ഒരു നീതിബോധവുമില്ലാത്ത തരത്തില്‍ കോഴയും ഫീസും വാങ്ങുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകള്‍ സത്യത്തില്‍ അവരുടെ തന്നെ പ്രഖ്യാപിത മുദ്രാവാക്യങ്ങളും നിലപാടുകളുമാണ് മറക്കുകയും മറയ്ക്കുകയും ചെയ്യുന്നത്. കൗണ്‍സിലിന്റെ കീഴിലുള്ള നാല് മെഡിക്കല്‍ കോളജ് മാനേജ്മെന്റുകളും ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ടതാണ്. ഇവരെല്ലാവരും കത്തോലിക്കാ ബിഷപ്പുമാരുടെ അഖിലേന്ത്യാ സംഘടനയായ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ(സി ബി സി ഐ)യുടെ കീഴിലുള്ളവരുമാണ്. രാജ്യത്തെ 212 ബിഷപ്പുമാരുള്‍പ്പെടുന്ന സി ബി സി ഐയില്‍ അംഗങ്ങളാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകളെ നിയന്ത്രിക്കുന്ന കേരളത്തിലെ 29 ഇടവകകള്‍ . ഇവരെല്ലാവരും ചേര്‍ന്ന് രൂപം നല്‍കിയ ഒരു അഖിലേന്ത്യാ കത്തോലിക്കാ വിദ്യാഭ്യാസ നയമുണ്ട്. 2006 ഏപ്രിലില്‍ ബംഗളൂരുവില്‍ ചേര്‍ന്ന സി ബി സി ഐ ജനറല്‍ബോഡി യോഗത്തില്‍ രൂപം നല്‍കിയ ഈ നയം വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള സി ബി സി ഐ യുടെ സ്റ്റാന്റിങ് കമ്മിറ്റി 2007 ഏപ്രിലില്‍ അംഗീകരിക്കുകയും ചെയ്തതാണ്. ഇതനുസരിച്ചായിരിക്കണം സി ബി സി ഐ യുടെ കീഴിലുള്ള ഓരോ വിദ്യാഭ്യാസ സ്ഥാപനവും നടപടികള്‍ നീക്കേണ്ടതെന്ന് നയരേഖയുടെ ആമുഖത്തില്‍ അന്നത്തെ പ്രസിഡന്റും റാഞ്ചി ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ ടോപ്പോ അഭ്യര്‍ത്ഥിക്കുന്നുമുണ്ട്. ഈ നയത്തിന്റെ പൂര്‍ണമായ രൂപം സി ബി സി ഐ യുടെ സൈറ്റില്‍ ഇപ്പോഴും ലഭ്യമാണ്്. ഈ വിദ്യാഭ്യാസനയത്തിന്റെ തലവാചകം 'കത്തോലിക്കാ വിദ്യാഭ്യാസവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കാര്യത്തില്‍ സഭയുടെ ഉത്കണ്ഠയും' എന്നതാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക്, പ്രത്യേകിച്ച് ദളിതരടക്കമുള്ള പാവപ്പെട്ടവര്‍ക്ക്, ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയെന്നതാണ് തങ്ങളുടെ ദൗത്യമെന്നും പറയുന്നുണ്ട്. മാനേജ്മെന്റ് നയം എന്ന പേരിലുള്ള അധ്യായത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള വിഭവ സമാഹരണം നടത്തുന്നത് ധാര്‍മികമായ മാര്‍ഗങ്ങളിലൂടെയായിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. വിദ്യാഭ്യാസനയത്തിന്റെ എട്ടാം അധ്യായത്തിന്റെ മൂന്നാം ഖണ്ഡികയില്‍ മറ്റൊരു ശ്രദ്ധേയമായ കാര്യം പറയുന്നുണ്ട്: 'വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കാനുള്ള എല്ലാ ശ്രമങ്ങളേയും ഞങ്ങള്‍ അപലപിക്കുന്നു. വിശേഷിച്ച്, ഞങ്ങള്‍ തലവരിപ്പണം വാങ്ങില്ല.' ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് നേത്യത്വം കൊടുക്കുന്ന അഭിവന്ദ്യരായ ബിഷപ്പുമാരടക്കം തുല്യം ചാര്‍ത്തി പ്രഖ്യാപിച്ച നയരേഖയിലെ പ്രസക്തഭാഗങ്ങളാണ് മേലുദ്ധരിച്ചത്. നയരേഖയിലെ വചനങ്ങള്‍ ഇങ്ങനെ പ്രകാശം ചൊരിഞ്ഞു നില്‍ക്കുമ്പോഴും ബിഷപ്പുതിരുമേനിമാരുടെ കോളജുകളില്‍ നടമാടുന്ന കോഴയും കൊള്ളഫീസുമടക്കമുള്ള കാര്യങ്ങള്‍ ഏത് പാര്‍ശ്വവല്‍ക്യതര്‍ക്കു വേണ്ടിയാണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത അവര്‍ക്കു തന്നെയാണ്. പോരാട്ടങ്ങളിലൂടെ വളര്‍ന്ന വിദ്യാഭ്യാസം ആറ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് വരേണ്യവര്‍ഗക്കാരുടെ കുത്തകയായിരുന്ന വിദ്യാഭ്യാസ മേഖലയില്‍ പണിയെടുക്കുന്നവന്റേയും പാവപ്പെട്ടവന്റേയും മക്കള്‍ക്ക് പ്രവേശനം ലഭിക്കാന്‍ ഒത്തിരി പോരാട്ടങ്ങള്‍ നടന്ന മണ്ണാണിത്. എണ്ണമറ്റയാളുകളുടെ ചോരയും പ്രാണനും അതിനായി ബലി കൊടുക്കേണ്ടി വന്നിട്ടുമുണ്ട്. ചിറയിന്‍കീഴില്‍ സവര്‍ണജാതിക്കാരായ കുട്ടികള്‍ മാത്രം പഠിച്ചിരുന്ന പ്രൈമറി സ്കൂളില്‍ ഈഴവരായ കുട്ടികളെ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് നായര്‍ കുട്ടികള്‍ സ്കൂളില്‍ വരാതായ സംഭവം ശ്രീനാരായണഗുരുതന്നെ പറഞ്ഞിട്ടുണ്ട്. ഇതേ സ്കൂളില്‍ ഗുരു തന്നെ മുന്‍കൈയെടുത്ത് പുലയസമുദായത്തില്‍പ്പെട്ട കുട്ടികളെ ചേര്‍ത്തപ്പോള്‍ അതുവരെ അവിടെയുണ്ടായിരുന്ന ഈഴവക്കുട്ടികള്‍ പഠനം നിര്‍ത്തി പോയ കഥയും ഗുരു വര്‍ണിക്കുന്നുണ്ട്. ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി അയ്യങ്കാളി സ്വന്തമായി വിദ്യാലയം ആരംഭിച്ച കഥയും കേരളത്തിന്റെ ചരിത്രത്തിലുണ്ട്. ഇങ്ങനെയുള്ള വിവേചനങ്ങള്‍ ആടിത്തിമിര്‍ത്തിരുന്ന സാഹചര്യത്തില്‍ നിന്ന് ഏത് ജാതിയിലും ഏത് സമുദായശ്രേണിയിലും പെട്ടവര്‍ക്ക് തുല്യതയോടെ ഒരേ ബഞ്ചിലിരുന്ന് പഠിക്കാന്‍ അവസരമൊരുക്കിയത് 1957 ലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റും അത് കൊണ്ടുവന്ന വിദ്യാഭ്യാസ നയവുമാണെന്നത് ചരിത്രത്തിന്റെ ഭാഗമാണ്. വിദ്യാഭ്യാസത്തെ ജനാധിപത്യവല്‍ക്കരിക്കുകയും സാര്‍വത്രികമാക്കുകയും ചെയ്തുവെന്നു മാത്രമല്ല, എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസവും പിന്നീട് പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസവും സൗജന്യമാക്കിയത് യഥാക്രമം '57ലെയും '67 ലെയും ഇ എം എസ് ഗവണ്‍മെന്റുകളുമായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മേഖലകളില്‍ വളര്‍ന്നുവന്ന പോരാട്ടങ്ങളും തുടര്‍ന്നുണ്ടായ വിദ്യാഭ്യാസ പുരോഗതിയുമൊക്കെ കേരളത്തില്‍ മാത്രമല്ല, രാജ്യത്തിന് വെളിയില്‍പ്പോലും രോമാഞ്ചത്തോടെ ഓര്‍ക്കുന്ന കാര്യമാണ്. ഇതെല്ലാം വീണ്ടും അട്ടിമറിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയെ വരേണ്യവര്‍ഗ താല്‍പ്പര്യങ്ങള്‍ക്കും വരേണ്യവര്‍ഗ അഭിരുചികള്‍ക്കും മേഞ്ഞുനടക്കാനുള്ള വേദിയാക്കി മാറ്റുകയാണ് ഷൈലക്കിയന്‍ ചിന്ത ഹ്യദയത്തില്‍ കുടിയിരുത്തുന്ന സ്വാശ്രയ മാനേജ്മെന്റുകള്‍ ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍ അതിന് എല്ലാവിധ ഒത്താശകളും ചെയ്യുന്ന യു ഡി എഫ് ഗവണ്‍മെന്റും വാരിപ്പുണരുന്നു എന്നതാണ് സ്വാശ്രയമേഖലയിലെ നീതികേടു കളെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്നുവരേണ്ടത്.
@@
കെ വി സുധാകരന്‍

27 June, 2011

വിദ്യാഭ്യാസം വ്യാപാരികള്‍ക്ക് വിട്ടുകൊടുക്കേണ്ടതല്ല

ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഉടന്‍ തന്നെ വിദ്യാഭ്യാസ രംഗത്ത് എന്തായിരിക്കും സമീപനം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയതലത്തില്‍ നടപ്പാക്കി വരുന്ന നവ ലിബറല്‍ നയങ്ങള്‍ എത്രയും പെട്ടെന്ന് സംസ്ഥാനത്ത് നടപ്പാക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെയും മുഖ്യമ്രന്ത്രിയുടെയും പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്്. പൊതുവിദ്യാഭ്യാസം നടത്തിക്കൊണ്ടുപോകാന്‍ പൊതുഖജനാവിനെ മാത്രം ആശ്രയിച്ച് കഴിയില്ലെന്നും കോര്‍പ്പറേറ്റുകളെയും സ്വകാര്യസംരംഭകരെയും പ്രോത്സാഹിപ്പിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞുകഴിഞ്ഞു. ഈ പ്രഖ്യാപനം നടപ്പാക്കാനുള്ള തീരുമാനങ്ങള്‍ ധ്രുതഗതിയില്‍ എടുക്കുകയും ചെയ്തു. ഇതിന്റെ ആദ്യപടിയാണ് സംസ്ഥാനത്ത് സി.ബി.എസ്.ഇ സ്കീമില്‍ സ്കൂളുകള്‍ തുടങ്ങാന്‍ എന്‍ .ഒ.സി നല്‍കാനുള്ള തീരുമാനം. ഈ തീരുമാനം വന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ പത്രങ്ങളില്‍ വന്ന പരസ്യം പ്രശ്നത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നു. എററോണ്‍ എഡുക്കേഷണല്‍ ലിമിറ്റഡ് എന്ന സ്ഥാപനം സംസ്ഥാനത്തെ 34 കേന്ദ്രങ്ങളില്‍ സി.ബി.എസ്.ഇ സ്കൂളുകള്‍ തുടങ്ങാന്‍ ഭൂ ഉടമകളെ ക്ഷണിച്ചുകൊണ്ടുള്ള പത്രപ്പരസ്യം ഒരു പ്രമുഖ പത്രത്തില്‍ ജൂണ്‍ 11 ന് നല്‍കിയിട്ടുണ്ട്. സാധാരണഗതിയില്‍ പെട്രോള്‍ ബങ്കുകള്‍ തുടങ്ങാനാണ് ഈ വിധമുള്ള പരസ്യങ്ങള്‍ കാണാറ് പതിവ്. വിദ്യാഭ്യാസത്തെ മറ്റേതൊരു ചരക്കിനെയും പോലെ ഒരു ചരക്കാക്കി മാറ്റാന്‍ കച്ചവടശക്തികള്‍ എന്നും ശ്രമിച്ചുപോന്നിരുന്നു. മാറിയ സാഹചര്യത്തില്‍ അവര്‍ക്ക് എത്രമാത്രം സ്വാധീനം വിദ്യാഭ്യാസരംഗത്തെ നയരൂപീകരണ സംവിധാനങ്ങളില്‍ ചെലുത്താന്‍ കഴിയുമെന്നതിന്റെ പ്രത്യേകം ഉദാഹരണങ്ങളാണ് ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. കൂടാതെ സ്വകാര്യ  പൊതു സംരംഭങ്ങള്‍ എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പല കോര്‍പ്പറേറ്റുകളും മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നു എന്നും കേള്‍ക്കുന്നു. കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മധ്യവര്‍ഗ്ഗ സമൂഹം എന്ത് പ്രതിബന്ധങ്ങളെയും തരണം ചെയ്തുകൊണ്ട് കച്ചവടതാല്പര്യത്തിന് പിറകെ വിദ്യാഭ്യാസകാര്യങ്ങളില്‍ അണിനിരക്കുമെന്ന് കച്ചവടശക്തികള്‍ കണക്കുകൂട്ടുന്നു. അവര്‍ക്ക് ഈ വിധത്തില്‍ കണക്കുകൂട്ടുന്നതിന് സഹായകമായ പ്രവണതകള്‍ കേരള സമൂഹത്തില്‍ കാണുന്നുമുണ്ട് എന്നതും ഒരു വസ്തുതയാണ്. എല്ലാവര്‍ക്കും സാധിതമായ തരത്തില്‍ എങ്ങനെ കേരളീയവിദ്യാഭ്യാസം മാറി എന്നത് വീണ്ടും വീണ്ടും നോക്കിക്കൊണ്ടുമാത്രമേ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ആവശ്യകത ഉള്‍ക്കൊണ്ട് കൊണ്ട് പ്രസ്തുതശ്രമത്തിന്റെ ഭാഗമായി മാറാന്‍ കഴിയൂ. പ്രതിശീര്‍ഷവരുമാനത്തില്‍ പിന്നിലായിട്ടും ലോകത്തിലെ വികസിതരാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിതഗുണതാ സൂചകങ്ങള്‍ നേടിയെടുത്ത കേരളത്തിന്റെ വികസനാനുഭവങ്ങള്‍ ലോകതലത്തില്‍ തന്നെ സംവദിക്കപ്പെടുകയും ആഴത്തിലുള്ള പഠനത്തിന് വിധേയമാകുകയും ചെയ്യപ്പെടുന്നു. ഇതിന്റെ അടിസ്ഥാനകാരണമായി എല്ലാവരും നിരീക്ഷിക്കുന്ന ഒന്നാണ് കേരളത്തിലെ അതിശക്തമായ പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യസംവിധാനവും. ചൂഷണത്തിനെതിരായ വൈവിധ്യമാര്‍ന്ന പോരാട്ടങ്ങളുടെ നീക്കിബാക്കിയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസശൃംഖല എന്ന് കേരളീയ വികസന ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. കേരളസംസ്ഥാന രൂപീകരണത്തിന് മുമ്പുതന്നെ പ്രാഥമിക വിദ്യാലയങ്ങളുടെ ശക്തമായ ശൃംഖല സംസ്ഥാനത്ത് വളര്‍ന്നിരുന്നു. സ്വകാര്യവ്യക്തികളും, സംഘടനകളും പ്രാഥമിക വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ അതിനിര്‍ണ്ണായക പങ്കുവഹിച്ചു. ഇങ്ങനെ വികസിച്ചുവന്ന വിദ്യാഭ്യാസ സംവിധാനങ്ങളില്‍ പ്രകടമായി വന്ന ദൗര്‍ബല്യങ്ങള്‍ അഭിമുഖീകരിക്കാനും സാമൂഹിക നിയന്ത്രണം ഉറപ്പാക്കാനും സഹായകമായതായിരുന്നു 1957 ല്‍ ഇ.എം.എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായി വന്ന പ്രൊഫ. മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസബില്ല്.സ്വകാര്യ താല്പര്യങ്ങള്‍ക്ക് എത്രമാത്രം ശക്തമായി കേരളത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് അനന്തരസംഭവവികാസങ്ങള്‍ തെളിയിച്ചു. എന്നിരുന്നാലും വിദ്യാഭ്യാസരംഗത്ത് അതിശക്തമായ സാമൂഹികനിയന്ത്രണം കൊണ്ടുവന്നതിന് അടിത്തറയായത് പ്രസ്തുത വിദ്യാഭ്യാസബില്ല് തന്നെയാണ് എന്ന് കാണാം. അന്നു വരെ പലവിധ ചൂഷണങ്ങളുടെയും കേന്ദ്രമായ വിദ്യാലയങ്ങളുടെ സ്വഭാവത്തില്‍ തന്നെ മാറ്റങ്ങള്‍ വന്നു. പൊതുകാര്യത്തിനായി സ്വകാര്യനിക്ഷേപത്തെ സമൂഹത്തിന്റെ നിയന്ത്രണത്തോടെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന് നല്ല ഉദാഹരമാണ് സംസ്ഥാനത്തെ വിദ്യാഭ്യാസസംവിധാനം. കേരളസംസ്ഥാന രൂപീകരണത്തിന് ശേഷം സെക്കന്ററി, ഹയര്‍സെക്കന്ററി മേഖലകളില്‍ വ്യാപനമുണ്ടായി. സ്വകാര്യസംരംഭകരും ഈ വ്യാപനത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. അധ്യാപക നിയമനത്തിലും മറ്റും അനഭിലഷണീയമായ ചില പ്രവണതകള്‍ കാണുന്നു എന്നതൊഴിച്ചാല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളെയും എയ്ഡഡ് വിദ്യാലയങ്ങളെയും വേര്‍തിരിച്ചു കാണാന്‍ സംസ്ഥാനത്തിന് കഴിയുമായിരുന്നില്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ എന്ന വേര്‍തിരിവ് ഒന്നും പ്രകടമല്ല. (ഭിന്ന സ്വഭാവമുള്ള അപൂര്‍വ്വം എയ്ഡഡ് വിദ്യാലയങ്ങളെ കാണാതെയല്ല ഇത് സൂചിപ്പിക്കുന്നത്). പൊതുവിദ്യാഭ്യാസ വ്യാപനത്തില്‍ സര്‍ക്കാര്‍ മേഖലയെ എന്നും ശക്തിപ്പെടുത്താനുള്ള നയങ്ങള്‍ ഇടതുപക്ഷശക്തികള്‍ അധികാരത്തില്‍ വന്ന ഘട്ടത്തിലാണ് എന്ന് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. വലതുപക്ഷശക്തികള്‍ പലവിധസ്വാധീനങ്ങള്‍ക്കും വിധേയമായി എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുകയുണ്ടായി. എന്നാല്‍ അണ്‍  എയ്ഡഡ് മേഖലയെ എന്നും പ്രോത്സാഹിപ്പിച്ചിരുന്നത് വലതുപക്ഷശക്തികള്‍ അധികാരത്തില്‍ വന്ന ഘട്ടത്തിലാണ്. വിദ്യാഭ്യാസവ്യാപനത്തില്‍ എങ്ങനെയാണ് ഇടതുപക്ഷം ഇടപെട്ടത് എന്ന് താഴെ കൊടുത്തിരിക്കുന്ന പട്ടിക വ്യക്തമാക്കും. 200611 കാലഘട്ടത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി വ്യാപനത്തിന് വളരെ പ്രാധാന്യം നല്‍കി. 2008 ല്‍ 32 സര്‍ക്കാര്‍ ഹൈസ്ക്കൂളുകള്‍ ഹയര്‍സെക്കന്ററിയാക്കി. കൂടാതെ 294 അധിക ബാച്ചുകള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ തുടങ്ങി. കൂടാതെ 13 ഹൈസ്കൂളുകളെ വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയാക്കി മാറ്റി. കൂടാതെ 100 അധികബാച്ചുകള്‍ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ ആരംഭിച്ചു. 2010 ല്‍ 24 സര്‍ക്കാര്‍ ഹൈസ്കുളും 153 എയ്ഡഡ് ഹൈസ്കൂളുകളുമടക്കം 177 സ്കൂളുകളെ ഹയര്‍സെക്കന്ററിയായി ഉയര്‍ത്തി. കൂടാതെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴിലുള്ള മുഴുവന്‍ മോഡല്‍ റസിഡന്‍ഷ്യല്‍ , ഏകലവ്യ, ആശ്രമം സ്കൂളുകളെ 12ാം ക്ലാസ്സ് സ്കൂളുകളാക്കി മാറ്റി. 14 സ്കൂളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. യു.ഡി.എഫ് ഭരണത്തിന്റെ വിവിധഘട്ടങ്ങളില്‍ അനുവദിച്ച അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഏറെയും അനുവദിച്ചത് 1990 കളില്‍ ആരംഭിച്ച ആഗോളവത്കരണ നയങ്ങളുടെ ഭാഗമായാണ്. 1991-1996 കാലഘട്ടത്തില്‍ 182 അണ്‍ എയ്ഡഡ് വിദ്യാലയങ്ങളും 2001-2006 കാലഘട്ടത്തില്‍ 356 അണ്‍ എയ്ഡഡ് വിദ്യായങ്ങളും ആണ് അനുവദിച്ചത്. ഈ നയങ്ങളുടെ തുടര്‍ച്ചയായാണ് വീണ്ടും അധികാരത്തില്‍ വന്നയുടന്‍ സമയം ഒട്ടും തന്നെ പാഴാക്കാതെ വിദ്യാഭ്യാസത്തെ അതും പൊതുവിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കാനുള്ള പ്രവര്‍ത്തനപരിപാടി പ്രഖ്യാപിച്ച് നടപ്പാക്കുന്നത്. ഇങ്ങനെ മുന്നോട്ടുപോകുന്ന ഘട്ടത്തില്‍ ദേശീയാടിസ്ഥാനത്തില്‍ യു.പി.എ. സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളും മറ്റും പരിഗണിക്കപ്പെടുന്നുപോലുമില്ല എന്നതാണ് ഏറ്റവും കൗതുകകരം. 2010 ഏപ്രില്‍ മുതല്‍ നടപ്പാക്കപ്പെട്ട വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പേര് തന്നെ &ഹറൂൗീ;'സൗജന്യവും സാര്‍വ്വത്രികവുമായ വിദ്യാഭ്യാസത്തിനായുള്ള നിയമം' എന്നാണ്. ഇപ്പോള്‍ കേരളത്തില്‍ അനുവാദം നല്‍കുന്ന സി.ബി.എസ്.ഇ സ്കൂളുകള്‍ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം പ്രദാനം ചെയ്യുമോ? ദേശിയാടിസ്ഥാനത്തില്‍ ജനപ്രിയമായ നിയമങ്ങള്‍ പ്രചരണപരതയ്ക്കായി കൊണ്ടു വരിക. സംസ്ഥാനത്ത് പണമുള്ളവന് പഠിക്കാന്‍ സഹായകമാകുംവിധം ഫീസ് നല്‍കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുക, അതും സൗജന്യമായി പഠിക്കാന്‍ കഴിയുന്ന പൊതുവിദ്യാലയങ്ങളെ ഇല്ലാതാക്കിക്കൊണ്ട്. ഇതിലെ വൈരുദ്ധ്യം എങ്ങിനെയാണ് വിശദീകരിക്കാന്‍ കഴിയുക. വിദ്യാഭ്യാസ അവകാശ നിയമം വഴി 6 മുതല്‍ 14 വരെയുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം 'സ്റ്റേറ്റിന്റെ' കടമയാണ്. അയല്‍പക്കങ്ങളില്‍ മൂന്ന് വര്‍ഷത്തിനകം പഠിക്കാന്‍ ആവശ്യമായ വിദ്യാലയങ്ങള്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ ഉണ്ടാക്കണം എന്ന് വിദ്യാഭ്യാസ അവകാശ നിയമം നിഷ്കര്‍ഷിക്കുമ്പോഴാണ് ഈ നിയമം കൊണ്ടുവന്ന ദേശീയ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി തന്നെ നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ വിദ്യാഭ്യാസം എന്നാല്‍ പണം കൊടുത്ത് വാങ്ങേണ്ടുന്ന ഒരു ചരക്കാക്കി മാറ്റുന്നതും. കേരളത്തിലെ മധ്യവര്‍ഗ്ഗ രക്ഷിതാക്കളുടെ പിന്തുണ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നുണ്ടാകും. പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളെക്കാള്‍ മത്സരാധിഷ്ഠിത ക്രമത്തിന് അനുയോജ്യമായ പരിശീലനത്തിന് എല്ലാവര്‍ക്കും എത്തിച്ചേരാന്‍ കഴിയാത്ത സാമ്പത്തികം എന്ന അരിപ്പ കടന്നു വന്നവര്‍ക്ക് മാത്രം പ്രാപ്യമായ വിദ്യാലയങ്ങള്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്ന ഒരുപറ്റം രക്ഷിതാക്കളുണ്ട്. അവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നുമുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ ഉയര്‍ത്തുന്ന പൊലിമയില്‍ വിദ്യാഭ്യാസ മനഃശാസ്ത്രമോ, ആധുനിക വിദ്യാഭ്യാസ ചിന്തകളോ, മുന്നോട്ടു വരുന്ന ശാസ്ത്രീയധാരണകള്‍ ഉള്‍ക്കൊള്ളാനോ, ഉള്‍ക്കൊണ്ടാല്‍ തന്നെ പാലിക്കാനോ കഴിയാതെ വരുന്നവരെയാണ് കച്ചവട ശക്തികള്‍ ലക്ഷ്യം വയ്ക്കുന്നത്. ഈ ശാസ്ത്രീയ ധാരണകളെക്കുറിച്ചുള്ള അജ്ഞതയോ, പൊങ്ങച്ചമോ ആണ് മലയാളം പഠിക്കേണ്ടതില്ല എന്നതിലേക്കുവരെ മലയാളിയെ നയിക്കുന്നത്. സാമൂഹികമായുണ്ടാകുന്ന ഇത്തരം ദൗര്‍ബല്യങ്ങളെ നന്നായി പ്രയോജനപ്പെടുത്താന്‍ കച്ചവടശക്തികള്‍ക്കറിയാം. അവര്‍ക്ക് സഹായം ചെയ്തുകൊടുക്കുകയാണ് ഭരണാധികാരികള്‍ . യു.പി.എ സര്‍ക്കാര്‍ മുന്നോട്ടുവച്ച ദേശീയ പാഠ്യപദ്ധതി 2005, സംസ്ഥാന പാഠ്യപദ്ധതികളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. മാതൃഭാഷയാകണം കഴിയാവുന്നതും ബോധനമാധ്യമം എന്നതാണ് വിദ്യാഭ്യാസ അവകാശ നിയമം സൂചിപ്പിക്കുന്നത്. ദേശീയ സര്‍ക്കാറിന്റെ ഈ കാഴ്ചപ്പാടിനെയാണ് കച്ചവടശക്തികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പുച്ഛിച്ച് തള്ളുന്നത്. ഇനി സി.ബി.എസ്.ഇ. സ്കൂളുകളുടെ അവസ്ഥ തന്നെയെടുക്കാം. ജനസംഖ്യാനുപാതികമായി എടുക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ സ്ക്കൂളുകള്‍ കേരളത്തിലാണെന്ന് കാണാം. 16 കോടി ജനങ്ങള്‍ വസിക്കുന്ന ഉത്തര്‍പ്രദേശില്‍ 859 സി.ബി.എസ്.ഇ. സ്കൂളുകള്‍ മാത്രമെയുള്ളൂ. കേരളത്തെക്കാള്‍ ജനസംഖ്യയുള്ള ആന്ധ്രാപ്രദേശില്‍ 262, തമിഴ്നാടില്‍ 214, മധ്യപ്രദേശില്‍ 323, ബീഹാറില്‍ 239, പശ്ചിമ ബംഗാളില്‍ 143, മഹാരാഷ്ട്രയില്‍ 196, കര്‍ണാടകയില്‍ 230 എന്നിങ്ങനെ സ്കൂളുകളുള്ളപ്പോള്‍ 3 കോടി ജനങ്ങള്‍ മാത്രം വസിക്കുന്ന കേരളത്തില്‍ ഇപ്പോള്‍തന്നെ 774 സി.ബി.എസ്.ഇ. സ്കൂളുകള്‍ ഉണ്ട്. കൂടാതെ 100 ഐ.സി.എസ്.ഇ. സ്കൂളുകളും ഉണ്ട്. ജനസംഖ്യാവര്‍ദ്ധനവിലെ പ്രവണതകള്‍ മൂലവും, മറ്റു പല കാരണങ്ങളാലും പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. 199495 ല്‍ 1.90 ലക്ഷം അധ്യാപകര്‍ ഉണ്ടായിരുന്നു. 200203 ല്‍ അത് 1.76 ലക്ഷം ആയി കുറഞ്ഞു. 200910 ല്‍ 1.72 ലക്ഷം ആയും കുറഞ്ഞു. വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറയുന്നത് ഡിവിഷനുകള്‍ കുറയാനിടയാക്കുകയും അത് അധ്യാപകരുടെ തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 15 വര്‍ഷങ്ങളായി ഏതാണ്ട് 28000 ലധികം അധ്യാപക തസ്തികകള്‍ ഇല്ലാതായിട്ടുണ്ട്. തൊഴിലിന്റെ കാര്യത്തില്‍ ഏറ്റവും അരക്ഷിതമായ സമൂഹമായി അധ്യാപകര്‍ മാറിക്കൊണ്ടിരിക്കുകയാണ്. അരക്ഷിതമായ ഒരു തൊഴില്‍ അന്തരീക്ഷത്തില്‍ മെച്ചപ്പെട്ട അധ്യാപനം എന്നത് എത്രമാത്രം പ്രതീക്ഷിക്കാന്‍ കഴിയും. വിദ്യാഭ്യാസകാര്യത്തില്‍ സംസ്ഥാനം നേടിയെടുത്ത മുന്‍കൈ നിലനിര്‍ത്താനും മുന്നോട്ടുകൊണ്ടുപോകാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ട സര്‍ക്കാര്‍ തന്നെയാണ് പൊതുവിദ്യാഭ്യാസ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നത് എന്നതാണ് ഏറെ ഖേദകരം. യാതൊരുവിധ അക്കാദമികമായ നീതികരണവും ഇക്കാര്യത്തിനില്ല എന്നതും വ്യക്തമാണ്. ഹയര്‍സെക്കന്ററിവരെയുള്ള വിദ്യാഭ്യാസത്തിന് വികസിതരാജ്യങ്ങളടക്കം പാലിക്കുന്ന വിദ്യാഭ്യാസപരമായ ദര്‍ശനങ്ങളും നിലപാടുകളും ഉണ്ട്. കുട്ടി ജീവിക്കുന്ന ചുറ്റുപാടിനെ കൂടി ഉള്‍ക്കൊണ്ട് മാനവരാശി കണ്ടെത്തിയ സാര്‍വ്വത്രിക അറിവുകളെ കുട്ടികള്‍ക്ക് അനുഭവവേദ്യമാക്കാനും അതുവഴി പ്രസ്തുത അറിവുകള്‍ സ്വാംശീകരിക്കാനുള്ള അന്തരീക്ഷം പ്രദാനം ചെയ്യുകയാണ് സ്കൂള്‍ വിദ്യാഭ്യാസഘട്ടത്തില്‍ ചെയ്യുന്നത്. അതില്‍ നിന്നെല്ലാമുള്ള പിന്നോക്കം പോക്കാണ് കച്ചവടശക്തികള്‍ക്ക് വഴങ്ങിക്കൊണ്ടുള്ള പുതിയ നയത്തിലൂടെ ചെയ്യുന്നത്. ഇതില്‍ ബലികൊടുക്കപ്പെടുന്നത് വിദ്യാഭ്യാസം ആണ്. കേരളം നേടിയെടുത്ത സാര്‍വ്വത്രികവും സൗജന്യവുമായ സ്കൂള്‍ വിദ്യാഭ്യാസം എന്ന പൊതുകാഴ്ചപ്പാടില്‍ നിന്നും പിന്‍തിരിഞ്ഞ് നടക്കണമോ എന്ന് ഉറക്കെ ചോദിക്കേണ്ട ഘട്ടമാണിത്. വേണ്ട എന്നാണ് ഉത്തരമെങ്കില്‍ അതിനാവശ്യമായ സാമൂഹിക അന്തരീക്ഷവും സാമൂഹിക സമ്മര്‍ദ്ദവും കേരളീയ സമൂഹത്തില്‍ വളര്‍ന്നു വരണം. അതിനാവശ്യമായ ചിന്തകളുടെയും പ്രവര്‍ത്തനങ്ങളുടെയും കാഹളം സംസ്ഥാനത്ത് ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. ഈ പ്രത്യാശ കേവലമായുണ്ടാകുന്നതല്ല കേരളീയ സമൂഹവികാസചരിത്രം നല്‍കുന്ന പാഠങ്ങളില്‍ നിന്ന് ഉണ്ടാകുന്നതാണ്.
@@

സി. രാമകൃഷ്ണന്‍

06 January, 2011

വേണം മലയാള സര്‍വകലാശാല

മലയാള സര്‍വകലാശാലയ്ക്ക് വേണ്ടിയുള്ള ആവശ്യം ഉന്നയിക്കപ്പെട്ടിട്ട് കാലമേറെയായി. പക്ഷേ, അധികാരികളുടെ കാതുകളില്‍ അത് ഇന്നുവരെ ചെന്നെത്തിയിട്ടില്ല. കേരളത്തില്‍ മലയാളത്തിന്റെ നില ഏറ്റവും ശോചനീയമാണ്. നമ്മുടെ വിദ്യാഭ്യാസത്തില്‍ മലയാളത്തിന് നീക്കിവെച്ചിരിക്കുന്ന രണ്ടാംകിട പദവിയും ഔദ്യോഗികരംഗത്തും മറ്റും അതിന് കല്പിക്കുന്ന പാതിത്യവും ഇക്കാര്യം വ്യക്തമാക്കുന്നു. മലയാളിക്ക് മലയാളം ശരിയായി സ്വാംശീകരിക്കാനുള്ള അവസരം പോലും നിഷേധിക്കുന്ന മട്ടിലാണ് ഉത്തരവാദപ്പെട്ടവര്‍ അതിനോട് അനുവര്‍ത്തിച്ചുവരുന്ന ചിറ്റമ്മനയം. ഇതിന് മാറ്റംവരുത്താവുന്ന ഒരു ശ്രമവും ഒരിടത്തും നടക്കുന്നില്ല. മലയാളത്തിനുവേണ്ടി ഒരു സര്‍വകലാശാല സ്ഥാപിതമായാല്‍ ഈ ദുരവസ്ഥയ്ക്ക് നല്ല പരിഹാരമാകും. സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും അഭിമാനവും വിശ്വാസവുമുള്ള സമൂഹങ്ങള്‍ ചെയ്തിട്ടുള്ളത് അതാണ്.
മലയാള സര്‍വകലാശാലയ്‌ക്കെതിരെ രണ്ട് വാദങ്ങളാണ് ചിലര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അതിലൊന്ന്, മലയാളം നമ്മുടെ മാതൃഭാഷയല്ലേ, അതിന് ഒരു സര്‍വകലാശാല വേണമോ എന്നതാണ്. എന്നാല്‍, ഇത് ഒട്ടും ശരിയല്ല എന്നാണല്ലോ മുകളില്‍ വിവരിച്ച വസ്തുതകള്‍ ബോധ്യമാക്കുന്നത്.
മറ്റൊന്ന്, ഒരു വിഷയത്തിന് മാത്രമായി ഒരു സര്‍വകലാശാല ആവശ്യമുണ്ടോ എന്നതാണ്. ഇത് മലയാള സര്‍വകലാശാല എന്ന പേര് മലയാളം എന്ന വിഷയത്തെമാത്രം പ്രതിനിധാനം ചെയ്യുന്നു എന്ന തെറ്റിദ്ധാരണയില്‍നിന്ന് ഉണ്ടാകുന്നതാണ്. മലയാള സര്‍വകലാശാലയുടെ വിവക്ഷിതം, അത് കേവലം മലയാളഭാഷയ്ക്കും സാഹിത്യത്തിനും വേണ്ടിയുള്ളതല്ല; മലയാളിയുടെ ജീവിതത്തോടുബന്ധപ്പെട്ട സകലജ്ഞാനമണ്ഡലങ്ങളെയും ഉള്‍ക്കൊള്ളുന്ന നിരവധി പഠനഗവേഷണാദി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസകേന്ദ്രം എന്നതാണ്. മലയാളിയുടെ ജീവിതത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയുമായി ചേര്‍ന്നുനില്‍ക്കുന്നതായി എന്തൊക്കെയുണ്ടോ അവയെല്ലാം അവിടെ നടക്കുന്ന ഗവേഷണങ്ങളില്‍ ഉണ്ടായിരിക്കണം. അങ്ങനെയാകുമ്പോള്‍ നമ്മുടെ ചരിത്രവും ശാസ്ത്രവും സംസ്‌കാരവും ദര്‍ശനവും മാത്രമല്ല, ആധുനികവിജ്ഞാനങ്ങള്‍ പോലും മലയാളത്തില്‍ പഠിക്കാനും പഠിപ്പിക്കാനുമുള്ള സൗകര്യം സൃഷ്ടിക്കപ്പെടും. അതായത്, ഭാഷയ്ക്കും സാഹിത്യത്തിനും അപ്പുറം ശാസ്ത്രസാങ്കേതികവിദ്യകള്‍ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുംവിധമുള്ള മലയാളത്തിന്റെ വികസനമായിരിക്കും മലയാള സര്‍വകലാശാല നിര്‍വഹിക്കുന്ന സാമൂഹികോത്തരവാദിത്വം. ഇത് മലയാളിയുടെ ആത്മവിശ്വാസവും പൈതൃകത്തോടുള്ള പ്രതിജ്ഞാബദ്ധതയും വര്‍ധിപ്പിക്കുമെന്നുറപ്പാണ്.
''മലയാളത്തിനുവേണ്ടി ഒരു സര്‍വകലാശാലയോ'' എന്ന സന്ദേഹം ഇനിയും തീരാത്തവരോട് ഒരുകാര്യം കൂടി പറഞ്ഞോട്ടെ. ലോകത്ത് ഇത്തരം ഏകവിഷയാധിഷ്ഠിത സര്‍വകലാശാലകള്‍ നൂറുകണക്കിനുണ്ട്. ഉദാഹരണങ്ങള്‍ നിരത്തുന്നില്ല. അവയില്‍ പലതും നമ്മുടേതിനെക്കാള്‍ വികാസവും പുരോഗതിയും കൈവരിച്ച നാടുകളിലാണ് ഏറെക്കാലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മാതൃഭാഷാ സര്‍വകലാശാലകളാകട്ടെ, നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍ത്തന്നെ നാലെണ്ണമുണ്ട്. തഞ്ചാവൂരിലെ തമിഴ് സര്‍വകലാശാല, ഹൈദരാബാദിലെ തെലുങ്കു സര്‍വകലാശാല, ഹംപിയിലെ കന്നഡ സര്‍വകലാശാല, കുപ്പത്തെ ദ്രവീഡിയന്‍ സര്‍വകലാശാല എന്നിവയാണവ. ദക്ഷിണേന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് മാതൃഭാഷാസര്‍വകലാശാല ഇല്ലാത്തത്.
എന്തിന് മറ്റുസ്ഥലങ്ങളിലേക്കു നോക്കണം? കേരളത്തില്‍ത്തന്നെയുണ്ടല്ലോ എത്രയോ ഏകവിഷയാധിഷ്ഠിത സര്‍വകലാശാലകള്‍. കാര്‍ഷിക സര്‍വകലാശാല, നിയമ സര്‍വകലാശാല, മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, വെറ്ററിനറി യൂണിവേഴ്‌സിറ്റി, ഫിഷറീസ് യൂണിവേഴ്‌സിറ്റി, സഹകരണ സര്‍വകലാശാല ഇവയൊക്കെ കേരളത്തില്‍ത്തന്നെയല്ലേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അഥവാ പ്രവര്‍ത്തനം തുടങ്ങാന്‍ പോകുന്നത്? എങ്കില്‍, നമ്മുടെ സ്വന്തം സംസ്‌കാരത്തിനും ഭാഷാസാഹിത്യങ്ങള്‍ക്കും വേണ്ടിയുള്ള മലയാള സര്‍വകലാശാല സ്ഥാപിക്കുന്നതില്‍ മാത്രം എന്തു തടസ്സമാണുള്ളത്?
മുകളില്‍പ്പറഞ്ഞ സര്‍വകലാശാലകളൊക്കെ കേരളത്തിന്റെ അഭിമാനവും മുതല്‍ക്കൂട്ടുമാണെന്നതില്‍ സംശയമില്ല. എന്നാല്‍, ഇവയിലേതെങ്കിലും ഒന്ന് ഇവിടെ സ്ഥാപിതമായില്ല എന്നതുകൊണ്ട് എന്ത് കോട്ടമാണ് മലയാളിയുടെ ജീവിതത്തില്‍ സംഭവിക്കുമായിരുന്നത്? എന്നുതന്നെയല്ല, ഇവയില്‍ പലതും ലോകത്തെവിടെ വേണമെങ്കിലും തുടങ്ങാവുന്നതും അവയുടെ പ്രയോജനം നമുക്കുകൂടി അനുഭവിക്കാവുന്നതുമല്ലേയുള്ളൂ?
എന്നാല്‍, ഇങ്ങനെയാണോ മലയാള സര്‍വകലാശാലയുടെ കാര്യം? കേരളത്തിന്റെ മണ്ണിലല്ലാതെ മറ്റൊരിടത്തും മലയാള സര്‍വകലാശാല സ്ഥാപിക്കാനാവുകയില്ലല്ലോ. എന്നിട്ടും എന്തേ ഈ മണ്ണില്‍ മലയാള സര്‍വകലാശാല മാത്രം സ്ഥാപിക്കാന്‍ തയ്യാറാകാതിരിക്കുന്നത്?
ഇവിടെയാണ് മലയാളിയുടെ ഇരട്ടത്താപ്പ് വ്യക്തമാകുന്നത്. മിഥ്യകളില്‍ അഭിരമിക്കുകയും തനതായതിനോടൊക്കെ തികഞ്ഞ അവജ്ഞ പുലര്‍ത്തുകയുമാണല്ലോ മലയാളിയുടെ ശീലം. ഇതിനിടയില്‍ സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് നാമൊട്ടറിയുകയുമില്ല.
ഇപ്പോള്‍ ക്ലാസിക്കല്‍പദവി ലഭിക്കുന്നതിനുവേണ്ടി മലയാളത്തിന്റെ പഴക്കത്തെയും മറ്റു സമ്പത്തുകളെയും കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണല്ലോ. അത് പല പുതിയ കണ്ടെത്തലുകളിലേക്കും നമ്മെ കൊണ്ടെത്തിച്ചിട്ടുണ്ട്. മലയാളത്തിന്റെ പഴക്കം നാം വിചാരിച്ചതുപോലെ ആറോ ഏഴോ നൂറ്റാണ്ടല്ല, അതിന്റെ ഇരട്ടിയിലധികമാണ്. അതായത്, കന്നഡത്തിന് ഏറെ പുറകിലുമല്ല, ഏതാണ്ടു തെലുങ്കിനൊപ്പവുമാണ് മലയാളം സ്വതന്ത്രഭാഷയാകാന്‍ തുടങ്ങിയത്. പക്ഷേ, ആ ഭാഷകള്‍ക്ക് അവിടത്തെ ജനങ്ങളും ഭരണകൂടങ്ങളും നല്‍കിക്കൊണ്ടിരിക്കുന്ന സ്‌നേഹപരിചരണങ്ങളുടെ ഒരംശം പോലും കേരളത്തില്‍ മലയാളത്തിനു കിട്ടുന്നില്ലല്ലോ. ആ ഭാഷകളൊക്കെ ഇതിനകം ക്ലാസിക്കല്‍പദവിയും അനുബന്ധനേട്ടങ്ങളും സ്വന്തമാക്കിക്കഴിഞ്ഞിരിക്കുന്നു. മാതൃഭാഷാഭിവൃദ്ധിക്കുവേണ്ടിയുള്ള നിരന്തരശ്രമങ്ങളിലൂടെയും മാതൃഭാഷാ സര്‍വകലാശാലകളിലെ ഗവേഷണപഠനങ്ങളിലൂടെയുമാണ് അവ ഈ നേട്ടങ്ങളൊക്കെ കൈവരിച്ചത്.നമ്മുടെ വരുംതലമുറകള്‍ സ്വന്തം ചരിത്രവും പാരമ്പര്യവും സംസ്‌കാരവുമൊക്കെ ശരിയായി ഉള്‍ക്കൊണ്ടുവേണം വളരേണ്ടത്. അതിന് സ്‌കൂള്‍വിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിലും മലയാളത്തിന് അവകാശപ്പെട്ട ഒന്നാംസ്ഥാനം ലഭിച്ചേ മതിയാവൂ. അതിലേറെ, നമ്മുടെ സാംസ്‌കാരികചൈതന്യത്തിന്റെ ഫലപ്രദമായ വിനിമയം നടക്കുകയും വേണം. അതിന് ഉത്കൃഷ്ടമായ ലക്ഷ്യധര്‍മങ്ങളും ഉന്നതനിലവാരമുള്ള മലയാള സര്‍വകലാശാല അനിവാര്യമാണ്.
മറ്റെല്ലാ സങ്കുചിത താത്പര്യങ്ങളും വെടിഞ്ഞ് മലയാളികള്‍ ഒറ്റക്കെട്ടായി മലയാള സര്‍വകലാശാലയ്ക്കുവേണ്ടി അണിനിരക്കണം. സര്‍ക്കാര്‍ ഈ ജനഹിതം മനസ്സിലാക്കി ആ ചരിത്രനിയോഗം പൂര്‍ത്തീകരിക്കുകയും വേണം. കാരണം, മലയാളിയുടെ ഭാവിയെ നിര്‍ണയിക്കുന്ന മഹാദൗത്യമായിരിക്കും അതു നിറവേറ്റുക.
*
ഡോ. എ.എം. ഉണ്ണികൃഷ്ണന്‍

17 June, 2009

ലോക മുതലാളിത്ത പ്രതിസന്ധിയും വര്‍ദ്ധിച്ചുവരുന്ന വംശീയ ആക്രമണങ്ങളും

ലോക മുതലാളിത്ത പ്രതിസന്ധിയും വര്‍ദ്ധിച്ചുവരുന്ന വംശീയ ആക്രമണങ്ങളും

ആസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ ശക്തിയായി തുടരുകയാണ്. സ്വാഭാവികമായും ഇത് ഇന്ത്യയില്‍ അതീവ ഉത്ക്കണ്ഠയ്ക്കും ദു:ഖത്തിനും ഇടവരുത്തിയിട്ടുണ്ട്. ആസ്ട്രേലിയയില്‍, പ്രത്യേകിച്ച് മെല്‍ബോണില്‍, വംശീയ അതിക്രമങ്ങള്‍ക്ക് ഇരയായവരോടാണ് നമ്മുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടത്. ആസ്ട്രേലിയന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും ശരിയായ ഉറപ്പുകള്‍തന്നെയാണ് നല്‍കുന്നത്; പക്ഷേ വംശീയ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ജനാധിപത്യ സിവില്‍ സമൂഹത്തിന്റെ ഇച്ഛാശക്തിതന്നെ വിജയിക്കും എന്നു മാത്രമെ പ്രതീക്ഷിക്കാനാവൂ.

ആകര്‍ഷകമായ വിദ്യാഭ്യാസ അവസരങ്ങള്‍ പ്രദാനംചെയ്യുന്ന ഇടമാണ് അതെന്ന് ആസ്ട്രേലിയതന്നെയാണ് കൊണ്ടുപിടിച്ച് പ്രചാരണം നടത്തുന്നത്. ഇതിന്റെ ഫലമായി ഇപ്പോള്‍ ഏകദേശം ഒരു ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അവിടെ പഠിക്കുന്നത്. ആസ്ട്രേലിയയിലെ മൊത്തം വിദ്യാര്‍ത്ഥി സമൂഹത്തിന്റെ 18 ശതമാനമാണിത്. അവര്‍ ആസ്ട്രേലിയയുടെ ജിഡിപിക്ക് പ്രതിവര്‍ഷം 200 കോടി ആസ്ട്രേലിയന്‍ ഡോളറാണ് (7500 കോടി രൂപ) നല്‍കുന്നത്.

പ്രവാസം വംശീയ അതിക്രമങ്ങള്‍ക്കിടവരുത്തുമെന്നത് സര്‍വസാധാരണമാണ്. അതിന്റെ തദ്ദേശീയ രൂപഭേദം നമുക്ക് ഇവിടെത്തന്നെ കാണാന്‍ കഴിയും-അടുത്തകാലത്ത് മുംബൈ അതിന് സാക്ഷ്യം വഹിച്ചതാണ്. ഇതേ വികാരപ്രകടനംതന്നെ അതിനുമുമ്പ് നാം വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും കണ്ടതാണ്. അപ്പത്തിന്റെ വിഹിതം എത്രത്തോളം ലഭിക്കുന്നു എന്നതുമായി ബന്ധപ്പെട്ടാണ് വിദ്വേഷം ഉണ്ടാകുന്നത് എന്നു പറയാം. 'തദ്ദേശവാസികള്‍'ക്ക് കൂടുതല്‍ കിട്ടണമെന്ന ആവശ്യമാണ് പ്രവാസികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കാരണമാകുന്നത്. തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്ക് വംശീയതയെ ഉപയോഗിക്കുന്ന ശിവസേനയെപ്പോലെയുള്ള ചിലര്‍ ഇതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു.

ആസ്ട്രേലിയയിലെ വംശീയ ദുര്‍നടപടികളുടെ വിവരങ്ങള്‍ 1990കളുടെ തുടക്കംമുതല്‍തന്നെ ഹോളിവുഡ് പോലും ചിത്രീകരിച്ചിട്ടുണ്ട്. "ആസ്ത്രേലിയന്‍ സര്‍വ്വകലാശാലകള്‍ ആസ്ട്രേലിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക്'' എന്ന മുദ്രാവാക്യം ഉയര്‍ത്തി 2004ല്‍തന്നെ തീക്ഷ്ണമായ ഒരു വംശീയ പ്രചാരണം അഴിച്ചുവിട്ടിരുന്നു. കഴിഞ്ഞ 12 മാസത്തിനിടയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ 70 ആക്രമണങ്ങള്‍ നടന്നിരുന്നു. അതിന്റെ രക്തപങ്കിലമായ വിശദാംശങ്ങള്‍ ആവര്‍ത്തിക്കുന്നില്ല.

എന്നാല്‍ ഇത്തരം ആക്രമണങ്ങളുണ്ടാകുന്നതിന്റെ കാരണം വംശീയവാദം മാത്രമാണെന്ന് ആരോപിക്കുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിന്റേതായ ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ മരം കാണുകയും കാട് കാണാതിരിക്കുകയും ചെയ്യുന്നതിന് തുല്യമാണ്. വംശീയ അതിക്രമങ്ങള്‍ കൂടുതല്‍ ആഴമേറിയ അസ്വസ്ഥതകളുടെ ബഹിര്‍പ്രകടനമാണ്. 2008 ജനുവരിക്കും 2009 ജനുവരിക്കും ഇടയില്‍ ആസ്ട്രേലിയയുടെ ജിഡിപി വളര്‍ച്ചാനിരക്ക് 4.2 ശതമാനത്തില്‍നിന്ന് 0.3 ശതമാനമായി കുത്തനെ ഇടിഞ്ഞു. ഏറ്റവും ഒടുവിലത്തെ പാദം കമ്പനികളുടെ ലാഭം 7.2 ശതമാനത്തോളം കുറയുന്നതിനും സാക്ഷ്യം വഹിച്ചു. ബിസിനസ് നിക്ഷേപം ഏകദേശം 9 ശതമാനത്തിലേക്ക് തലകുത്തി വീണു. അതിനും പുറമെ, ഈ വര്‍ഷം ആസ്ട്രേലിയ ദര്‍ശിച്ചത് ഏറ്റവും കടുത്ത വരള്‍ച്ചയുമാണ്. ഇതിന്റെ ഫലമായി, തൊഴിലില്ലായ്മ 2008 ഫെബ്രുവരിയില്‍ 3.9 ശതമാനമായിരുന്നത് 2009 ഏപ്രിലില്‍ 5.4 ശതമാനമായി ഉയര്‍ന്നു. സമ്പദ്ഘടന മാന്ദ്യാവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണെന്ന് ഇതാദ്യമായി ആസ്ട്രേലിയന്‍ പ്രധാനമന്ത്രി പ്രസ്താവിച്ചിരിക്കുന്നു. ആസ്ട്രേലിയയിലെ ലേബര്‍ ഗവണ്‍മെന്റ് 990 കോടി ആസ്ട്രേലിയന്‍ ഡോളര്‍ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് നേരിട്ട് നല്‍കിയിട്ടും (അസാധാരണമായത്ര വലിയ തുകയാണിത്) അതുകൊണ്ടൊന്നും പരിഹാരമാകാതെ അവിടത്തെ ജനങ്ങള്‍ ഉപജീവനത്തിന് വകകാണാതെ വലയുകയാണ്.

ലോകത്തെ വാഹന നിര്‍മ്മാതാക്കളില്‍ നായകനായ ഒരു നൂറ്റാണ്ട് പഴക്കമുള്ള ജനറല്‍ മോട്ടേഴ്സ് പാപ്പരായതായി പ്രഖ്യാപിച്ചത് നല്‍കുന്ന സൂചന ആഗോള സാമ്പത്തികമാന്ദ്യം കൂടുതല്‍ വഷളാകുന്നതായാണ്. "ലോക ഉല്‍പാദനത്തില്‍ ഇതേവരെ ഉണ്ടായിട്ടില്ലാത്തത്ര വലിയ തകര്‍ച്ചയ്ക്ക്'' ഇതാദ്യമായി 2009 സാക്ഷ്യം വഹിക്കും എന്നാണ് ലോകബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞുകൊണ്ടിരിക്കുന്ന അപ്പത്തിന്റെ പങ്കുപറ്റാന്‍ വിവിധ ജനവിഭാഗങ്ങള്‍ നടത്തുന്ന പിടിവലിയെത്തുടര്‍ന്ന് ഉയര്‍ന്നുവരുന്ന സാമൂഹിക സംഘര്‍ഷങ്ങളുടെ സ്വഭാവമനുസരിച്ചായിരിക്കും വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഈ മാന്ദ്യത്തെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് നിശ്ചയിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയുള്ള രക്ഷാപദ്ധതികള്‍ക്കൊപ്പം വലിയതോതിലുള്ള പൊതുനിക്ഷേപം നടത്താതിരിക്കാനാവില്ല. അത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം ആഭ്യന്തര ചോദനം വര്‍ദ്ധിപ്പിക്കുമെന്നതും പ്രധാനമാണ്. ആഭ്യന്തര ചോദനം വര്‍ദ്ധിക്കുന്നതാണ് സമ്പദ്ഘടനയ്ക്ക് ഏറെ ആവശ്യമായ ഉത്തേജനം പ്രദാനംചെയ്യുന്നത്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നത് ലാഭത്തെക്കാള്‍ ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം; ഒരിക്കലും നേരെമറിച്ചാകരുത്.

എന്നാല്‍ ഇതിന് കഴിഞ്ഞ പതിറ്റാണ്ടുകളിലെ നവലിബറല്‍ ആഗോളവല്‍ക്കരണത്തിന്റെ പാത അവസാനിച്ചു കഴിഞ്ഞതായി അംഗീകരിക്കേണ്ടത് ആവശ്യമായിരിക്കുന്നു. എന്നാല്‍, കോര്‍പ്പറേറ്റ് ഇന്ത്യ ഇപ്പോഴും പഴയ മാനസികാവസ്ഥയില്‍തന്നെ തുടരുകയാണ്. തങ്ങളുടെ ആഗോള മഹാപുരോഹിതന്മാരുടെ തകര്‍ച്ചയും പാപ്പരീകരണവുമൊന്നും അവര്‍ കണക്കിലെടുക്കുന്നതേയില്ല. പരിഷ്കരണങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. പ്രത്യേകിച്ചും യുപിഎ സര്‍ക്കാരിന് ഇടതുപക്ഷത്തിന്റെ പിന്തുണ ആവശ്യമില്ലാത്ത സാഹചര്യത്തില്‍ പെന്‍ഷന്‍ ഫണ്ടുകളുടെ സ്വകാര്യവല്‍ക്കരണം, ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശനിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തല്‍, ഇന്ത്യന്‍ സ്വകാര്യബാങ്കുകളെ വിദേശ ബാങ്കുകള്‍ക്ക് ഏറ്റെടുക്കാന്‍ അനുവാദം നല്‍കുന്ന ബാങ്കിങ് പരിഷ്കരണം എന്നിവപോലുള്ള അനിയന്ത്രിതമായ ധനമേഖലാ പരിഷ്കരണങ്ങള്‍ നടപ്പാക്കുന്നതില്‍നിന്ന് മുന്‍ ഗവണ്‍മെന്റിനെ ഇടതുപക്ഷം പിന്തിരിപ്പിച്ചതിനാലാണ് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഇപ്പോഴത്തേതിനെക്കാള്‍ വലിയ തകര്‍ച്ച ഉണ്ടാകാതെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്.

ഇതും ചരിത്രത്തില്‍ പഠിക്കേണ്ടത് ആവശ്യമാണ്. 1930കളിലെ മഹാമാന്ദ്യംമൂലമുണ്ടായ തകര്‍ച്ചയെ വിവിധ മുതലാളിത്ത രാജ്യങ്ങള്‍ വ്യത്യസ്തവിധങ്ങളിലാണ് കൈകാര്യംചെയ്തത്.

ഇതില്‍ ഒരു വഴി ഫാസിസത്തിന്റെ ഉദയത്തിന് അടിത്തറപാകി. 1935ല്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലില്‍ ജോര്‍ജി ദിമിത്രോവ് ചെയ്ത പ്രസംഗത്തില്‍ ഇങ്ങനെ അടിവരയിട്ട് വ്യക്തമാക്കിയിരിക്കുന്നു. "ഓരോ രാജ്യത്തിന്റെയും സവിശേഷതകള്‍ക്കനുസരിച്ച് ഫാസിസം ജനങ്ങളെ ഇളക്കിവിടാനുള്ള അതിന്റെ തന്ത്രത്തിന് രൂപം നല്‍കുന്നു. പെറ്റി ബൂര്‍ഷ്വാ വിഭാഗമാകെയും തൊഴിലാളിവര്‍ഗത്തിന്റെ ഒരു വിഭാഗംപോലും തൊഴിലില്ലായ്മയും സുരക്ഷിതത്വമില്ലായ്മയും സ്വന്തം നിലനില്‍പിനെത്തന്നെ അപകടപ്പെടുത്തിയിരിക്കുകയാണെന്ന നിരാശാബോധത്തിന് അടിപ്പെട്ട് ഫാസിസത്തിന്റെ സാമൂഹികവും സങ്കുചിതവുമായ കലഹങ്ങളുടെ ഇരകളായി തീരുന്നു. തുടര്‍ന്ന് അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു. പഴയ ബൂര്‍ഷ്വാ പാര്‍ടികളെ കൈവെടിഞ്ഞ നിരാശരായ ബഹുജനങ്ങള്‍ക്കിടയിലേക്ക് ബൂര്‍ഷ്വാസിയുടെ ഏറ്റവും പിന്തിരിപ്പന്‍ വിഭാഗങ്ങളുടെ താല്‍പര്യാനുസരണം ഫാസിസം നുഴഞ്ഞുകയറുന്നു. ബൂര്‍ഷ്വാ സര്‍ക്കാരിനുനേരെ അവര്‍ നടത്തുന്ന രൂക്ഷമായ ആക്രമണവും പഴയ ബൂര്‍ഷ്വാ പാര്‍ടികളോടുള്ള അവരുടെ വിട്ടുവീഴ്ചയില്ലാത്ത സമീപനവും കൊണ്ട് അവര്‍ ബഹുജനങ്ങളെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നു''.

പ്രതിസന്ധിമൂലമുണ്ടായ വലിയ തോതിലുള്ള തൊഴിലില്ലായ്മ സൃഷ്ടിച്ചത് വലിയൊരു പടയെത്തന്നെയാണ്. ഈ തൊഴിലില്ലാപ്പടയെയാണ് ഫാസിസ്റ്റുകള്‍ തങ്ങളുടെ കലാപങ്ങളില്‍ അണിനിരത്തി ഹിറ്റ്ലര്‍ക്ക് അധികാരത്തിലെത്താന്‍ വഴിയൊരുക്കിയത്. നാസി ഫാസിസം വംശീയവാദത്തിന്റെ-ആര്യന്‍ മേധാവിത്വം-ഏറ്റവും തീവ്രമായ പ്രകടരൂപമാണ്. അതിന്റെ ഭീകരമായ അനന്തരഫലങ്ങളായ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളും രണ്ടാം ലോകയുദ്ധവും നമ്മെ ഇപ്പോഴും വേട്ടയാടുകയാണ്. ഒരുപക്ഷേ, ഫാസിസ്റ്റ് യുദ്ധയന്ത്രം കെട്ടിപ്പടുത്തതായിരിക്കും ആ കാലഘട്ടത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉത്തേജനം. ആയതിനാല്‍, സാമ്പത്തിക ഉത്തേജനം നല്‍കുന്നതിന്റെ മാത്രമല്ല പ്രശ്നം. എന്തുതരത്തില്‍പ്പെട്ട സാമ്പത്തിക ഉത്തേജനമായിരിക്കും നല്‍കുന്നത് എന്നതാണ് പ്രശ്നം. അതൊരിക്കലും സ്വേച്ഛാധിപത്യത്തെയും ഫാസിസ്റ്റ് പ്രവണതകളെയും ശക്തിപ്പെടുത്തുന്നതായിരിക്കരുത്.

മുതലാളിത്ത സാമ്പത്തികമാന്ദ്യത്തെ നേരിടുന്നതിനുള്ള ഇത്തരം മാര്‍ഗങ്ങള്‍ തടയപ്പെടും എന്ന് ഉറപ്പുവരുത്തുന്ന വിധത്തില്‍ ജനകീയ സമ്മര്‍ദ്ദം പടര്‍ന്നുവരണം. സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തല സൌകര്യങ്ങള്‍ കെട്ടിപ്പടുക്കാനും ശക്തിപ്പെടുത്താനുംവേണ്ടി പൊതുനിക്ഷേപത്തില്‍ വലിയൊരു കുതിച്ചുചാട്ടത്തിന്റെ പാതയിലേക്ക് നീങ്ങാന്‍ ജനകീയ സമ്മര്‍ദ്ദത്തിലൂടെ നിര്‍ബന്ധിതരാകും. വംശീയ അതിക്രമങ്ങള്‍പോലെയുള്ള ജനാധിപത്യവിരുദ്ധവും പൌരബോധത്തിന് നിരക്കാത്തതും ഹീനവുമായ സര്‍വപരിശ്രമങ്ങളും നടത്തുകയും ചെയ്യും. അതേസമയംതന്നെ, അധികാരികളുടെ നിര്‍ണായകമായ കരുതല്‍ നടപടികളുടെ അടിസ്ഥാനത്തില്‍ അതിനെ പ്രതിരോധിക്കാനുമാകും.

***

സീതാറാം യെച്ചൂരി

കടപ്പാട്: വര്‍ക്കേഴ്സ് ഫോറം

13 March, 2009

വിജയശതമാനം വര്‍ധിച്ചുകൂടെ?

വിജയശതമാനം വര്‍ധിച്ചുകൂടെ?

എസ്എസ്എല്‍സിയുടെയും പ്ലസ്‌ടുവിന്റെയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ വിജയശതമാനം വര്‍ധിച്ചതായി കണ്ടതില്‍ ചിലര്‍ അസന്തുഷ്ടിയും രോഷവും പ്രകടിപ്പിച്ചിരിക്കുന്നു. രാഷ്ട്രീയകക്ഷികളും അധ്യാപക- വിദ്യാര്‍ഥിസംഘടനകളും പ്രതിഷേധത്തിന് ആക്കംകൂട്ടുന്നു. വിദ്യാഭ്യാസ വിദഗ്ദ്ധന്മാരെന്ന നിലയില്‍ പേരെടുത്ത ചിലരും പ്രതിഷേധിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ഊതിവീര്‍പ്പിച്ച വിജയമാണിതെന്നാണ് ആക്ഷേപം. വിജയശതമാനം ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയനേട്ടംകൊയ്യാനുള്ള നീചമായ നീക്കമാണ് സര്‍ക്കാരിന്റേതെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ബോധപൂര്‍വവും കരുതിക്കൂട്ടിയുമുള്ള ഒരു നീക്കത്തിന്റെ സൃഷ്ടിയാണ് ഊതിപ്പെരുപ്പിച്ച ഈ വിജയമത്രെ! എന്തൊക്കെയാണത്? മനഃപൂര്‍വം സിലബസ്സിനു പുറത്തുനിന്നും ചോദ്യം ചോദിക്കുന്നു; തെറ്റായ ചോദ്യം ചോദിക്കുന്നു; ചോദ്യം ശരിയാണെങ്കിലും ഉത്തരം തെറ്റായിക്കൊടുക്കുന്നു (ചേരുംപടി ചേര്‍ത്തെഴുതുക, ശരിയുത്തരം കണ്ടെത്തുക - എന്നിവ) മൂല്യനിര്‍ണയസമയത്ത് മേല്‍പറഞ്ഞ ചോദ്യങ്ങളുടെ നമ്പര്‍ ഉത്തരക്കടലാസില്‍ എഴുതിയാല്‍ മുഴുവന്‍ മാര്‍ക്കും കൊടുക്കാന്‍ നിര്‍ദേശിക്കുന്നു. നിരന്തരമൂല്യനിര്‍ണയത്തിന് മുഴുവന്‍ മാര്‍ക്കോ, ഏറ്റവും ഉയര്‍ന്ന മാര്‍ക്കോ പഠിതാവിന് കൊടുക്കുന്നു. ഇത്തരം മാര്‍ഗങ്ങളിലൂടെയാണ് വിജയശതമാനം വര്‍ധിപ്പിച്ചത് എന്നാണ് ആരോപണം.

ഈ ആരോപണമുന്നയിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്. ഇവര്‍ വിദ്യാര്‍ഥികളായിരുന്നകാലത്ത് തോല്‍ക്കാന്‍ ആഗ്രഹിക്കുകയോ, തോല്‍ക്കുന്നതില്‍ ആഹ്ലാദിക്കുകയോ ചെയ്തിരുന്നോ? അതോ ഇവരെല്ലാം വിദ്യാര്‍ഥികളായിരിക്കുമ്പോള്‍ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയവരായിരുന്നോ? (ഇവരുടെയെല്ലാം സഹപാഠികള്‍ ഇവിടെയൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന കാര്യം ഓര്‍ക്കുക) സ്വന്തം മക്കള്‍ പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ഈ വിമര്‍ശകര്‍ അതില്‍ ആഹ്ലാദിക്കുമോ? ഇല്ലായെന്നാണ് മറുപടിയെങ്കില്‍ മറ്റുള്ളവരുടെ മക്കള്‍ പരാജയപ്പെടുന്നതിലും ആഹ്ലാദിക്കാതിരിക്കുക. ദൈവവിശ്വാസികള്‍ തിരുവചനം ഉരുവിടുക: "നിങ്ങള്‍ നിങ്ങളോടു ചെയ്യാനിഷ്ടപ്പെടാത്തത് മറ്റുള്ളവരോടും ചെയ്യാതിരിക്കുക''.

വിജയശതമാനം കുറഞ്ഞാലും ഇക്കൂട്ടര്‍ക്ക് സങ്കടമാവും. അത് വിദ്യാഭ്യാസമന്ത്രിയുടെയും വകുപ്പിന്റെയും പരാജയമാണെന്നായിരിക്കും വിമര്‍ശിക്കുന്നത്. വിജയശതമാനം കൂടിയാലും കുറഞ്ഞാലും ഒരേപോലെ ദുഃഖിക്കുന്ന ഇക്കൂട്ടര്‍ വിദ്യഭ്യാസത്തിന്റെ അവിഭാജ്യഘടകങ്ങളായ പഠന-ബോധന-മൂല്യനിര്‍ണയരീതികളില്‍ വന്ന സമഗ്രമായ മാറ്റത്തെപ്പറ്റി അജ്ഞരാണെന്ന കാര്യം വ്യക്തമാണ്. തങ്ങളുടെ അജ്ഞത അവര്‍ വെളിപ്പെടുത്തിയതില്‍ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സന്തോഷമുണ്ട്. എന്നാല്‍ ചില അധ്യാപകസംഘടനാനേതാക്കള്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും മുമ്പില്‍ അവര്‍ അപഹാസ്യരായിത്തീര്‍ന്നിരിക്കുകയാണ്. അവരുടെകൂടി അദ്ധ്വാനഫലമായിട്ടാണ് വിജയശതമാനം വര്‍ധിച്ചത് എന്ന കാര്യം അവരെന്തിനാണ് നിഷേധിക്കുന്നത്. അവര്‍ പഠിതാക്കളെ നല്ലവണ്ണം പരിശീലിപ്പിച്ചതുകൊണ്ടാണോ വിജയികളുടെ എണ്ണം കൂടിയത്, അതോ പഠിപ്പിക്കാതിരുന്നതുകൊണ്ടാണോ? മലര്‍ന്നുകിടന്ന് മേല്‍പ്പോട്ട് തുപ്പിയാല്‍ എവിടെയാണ് വീഴുക?

എന്തുകൊണ്ട് വര്‍ദ്ധന?

ഒരു പതിറ്റാണ്ടിലേറെക്കാലമായി കേരളത്തില്‍ നടന്നുവരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് കഴിഞ്ഞവര്‍ഷം മുതല്‍ ഉണ്ടായ വിജയശതമാനത്തിലെ വര്‍ദ്ധന എന്നതാണ് വസ്തുത. ഇത് ഇടതുമുന്നണി സര്‍ക്കാരിന്റെ മാത്രം നേട്ടമായി ആരും ഇവിടെ അവകാശപ്പെടുന്നില്ല. 1991 മുതല്‍ 1996വരെ അധികാരത്തിലിരുന്ന യുഡിഎഫ് മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ. ഇ ടി മുഹമ്മദ്ബഷീറിന്റെകാലത്ത് മലപ്പുറം, കാസറഗോഡ്, തിരുവനന്തപുരം ജില്ലകളില്‍ ആരംഭിച്ച എം.എല്‍.എല്‍ (മിനിമം ലവല്‍ ഓഫ് ലേണിങ്) പദ്ധതിയോടെയാണ് ദിശാമാറ്റത്തിന് തുടക്കമായത്. പിന്നീട് അധികാരത്തില്‍വന്ന നായനാര്‍ മന്ത്രിസഭയുടെകാലത്ത് ഡിപിഇപി എന്ന പേരില്‍ തുടക്കംകുറിച്ചതും പുതിയ പാഠ്യപദ്ധതി എന്ന പേരില്‍ സമഗ്രതലസ്പര്‍ശിയായി നടപ്പാക്കിയതുമായ പരിഷ്കാരങ്ങളുടെ ഫലമാണ് ഈ വര്‍ഷത്തെ പരീക്ഷാഫലത്തില്‍ പ്രതിഫലിക്കുന്നത്. 1997-98 അധ്യയനവര്‍ഷത്തില്‍ ഒന്നാംക്ലാസില്‍ ചേര്‍ന്ന വിദ്യാര്‍ഥികളാണ് ഇപ്പോള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയികളായിത്തീര്‍ന്നിരിക്കുന്നത്. പഠന-ബോധന-മൂല്യനിര്‍ണയരീതികളില്‍ സമഗ്രമായ മാറ്റം വരുത്തുകയും കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ആ രീതിശാസ്ത്രം പരിശീലിച്ചുവരികയും ചെയ്ത പഠിതാക്കളാണ് ഇക്കുറി എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. കഴിഞ്ഞ ഒരു വര്‍ഷത്തെ മാത്രം പരിശീലനത്തിന്റെ അടിസ്ഥാനത്തിലല്ല പഠിതാക്കള്‍ പരീക്ഷയെഴുതിയത്. പഠിതാക്കളോടൊപ്പം സഞ്ചരിച്ച അധ്യാപകരും രക്ഷിതാക്കളും പഠനപ്രക്രിയയില്‍ അവരെ സഹായിച്ചിട്ടുണ്ട്. അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ ദത്തശ്രദ്ധരായിരുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, അധ്യാപക-രക്ഷാകര്‍തൃസമിതികള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ശതമാനവര്‍ധന. ഇത്തരം പ്രവര്‍ത്തനങ്ങളൊന്നും കാണാതിരിക്കുകയും വിജയശതമാന വര്‍ധന കൃത്രിമ സൃഷ്ടിയാണെന്ന് പുലമ്പുകയും ചെയ്യുന്നവര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട മുഴുവന്‍പേരെയും അവഹേളിക്കുകയാണ് ചെയ്യുന്നത്.

വിജയശതമാനം വര്‍ധിപ്പിക്കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങള്‍, അച്ചടി-ശ്രാവ്യ-ദൃശ്യമാധ്യമങ്ങള്‍, വഹിച്ച പങ്ക് നിസ്തുലമാണ്. പ്രധാനപ്പെട്ട എല്ലാ ദിനപത്രങ്ങളും പഠിതാക്കളെ സഹായിക്കുന്നതിനായി ഓരോ വിഷയത്തിലുമുള്ള മാതൃകാചോദ്യങ്ങളും അവയുടെ ഉത്തരസൂചികകളും തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും വിദഗ്ദ്ധന്മാരെക്കൊണ്ട് എങ്ങനെ ഉത്തരമെഴുതണമെന്ന് അപഗ്രഥനാത്മകരീതിയില്‍ ലേഖനങ്ങളെഴുതിക്കുകയും ചെയ്തു. റേഡിയോയും ചാനലുകളും ഇതേരീതിയില്‍ പഠിതാക്കളെ സഹായിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ശതമാനവര്‍ധനയില്‍ അവക്കുള്ള പങ്ക് ആര്‍ക്കാണ് നിഷേധിക്കാനാവുക?

ഓരോ ക്ലാസിലെയും പാഠപുസ്തകങ്ങള്‍ മാറുന്നതിനനുസരിച്ച് പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള അധ്യാപകസഹായികളും വിഭവങ്ങളും (Teacher's Handbook & Source Book) തയ്യാറാക്കി അതിന്റെയടിസ്ഥാനത്തില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കാറുണ്ട്. പഠിതാവിനെ നിരന്തര മൂല്യനിര്‍ണയത്തിന് വിധേയനാക്കുന്നതുപോലെതന്നെ അധ്യാപകരെ നിരന്തര പരിശീലനത്തിനും വിധേയരാക്കുകയുണ്ടായി. ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരില്‍ ബഹുഭൂരിപക്ഷത്തിനും മൂന്നുവര്‍ഷത്തെ പരിശീലനം. 8, 9, 10 ക്ലാസുകളിലെ പാഠപുസ്തകം നവീകരിച്ചതിന്റെ ഫലമായാണ് അതുണ്ടായത്. കഴിഞ്ഞ അധ്യയനവര്‍ഷം നടത്തിയ ക്ലസ്റ്റര്‍ പരിശീലന പരിപാടികള്‍ അധ്യാപക ശാക്തീകരണത്തിനുവേണ്ടിയുള്ളതായിരുന്നു. ക്ലസ്റ്റര്‍ പരിശീലനം അനാവശ്യമെന്ന് ആരും പറഞ്ഞില്ല. അത് ശനിയാഴ്ചകളില്‍ പാടില്ലെന്നുമാത്രമാണ് അധ്യാപകസംഘടനകള്‍ പറഞ്ഞത്. കോടിക്കണക്കിന് രൂപയാണ് ഈയാവശ്യങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ ചെലവാക്കിയത്. ഇക്കാര്യത്തില്‍ ഇടതു-വലതുമുന്നണി സര്‍ക്കാരുകള്‍ തമ്മില്‍ വ്യത്യാസമുണ്ടായിരുന്നില്ല. ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടുള്ളതാണ് ശതമാനവര്‍ധനയെന്ന കാര്യം ആര്‍ക്കാണ് നിഷേധിക്കാനാവുക?

ത്രിമൂര്‍ത്തികള്‍

പുതിയ പാഠ്യപദ്ധതിയനുസരിച്ച് പഠിതാവും അധ്യാപകനും രക്ഷിതാവുമടങ്ങുന്ന ത്രിമൂര്‍ത്തികള്‍ക്ക് പഠനത്തില്‍ തുല്യ ഉത്തരവാദിത്വമാണുള്ളത്. പഴയബോധനശാസ്ത്രമനുസരിച്ച് സര്‍വജ്ഞനായ ഗുരുവിന്റെ വിജ്ഞാനദാനവും പാഠപുസ്തകമെന്ന വേദപുസ്തകവും മാത്രമായിരുന്നു പഠിതാവിന്റെ ആശ്രയം. എന്നാല്‍ പുതിയ പാഠ്യപദ്ധതി വിദ്യാര്‍ഥികേന്ദ്രീകൃതവും പ്രവര്‍ത്തനാധിഷ്ഠിതവും പ്രക്രിയാബന്ധിതവുമാണ്. ഇതില്‍ ഗുരുവും പാഠപുസ്തകങ്ങളും പഠിതാവിനെ സഹായിക്കുന്ന പല ഉപകരണങ്ങളില്‍ ചിലതുമാത്രം. വിജ്ഞാനസമ്പാദനത്തിന് നിരവധി മാര്‍ഗങ്ങളും സ്രോതസ്സുകളുമുണ്ടെന്ന് പഠിതാവിനെ ബോധ്യപ്പെടുത്തിക്കൊടുക്കുന്നവരാണ് അധ്യാപകരും രക്ഷിതാക്കളും. ജ്ഞാനസമ്പാദനവും ജ്ഞാനനിര്‍മിതിയും ഒരേസമയം നടക്കുന്നു. സഹപഠനവും സഹകരണപഠനവും നടക്കുന്നു. ജ്ഞാനനിര്‍മിതിയില്‍ പഠിതാവ് നേരിട്ടു പങ്കെടുക്കുന്നതിനാല്‍ അതൊരിക്കലും നഷ്ടമാവുന്നില്ല. ഒരു ദശാബ്ദക്കാലമായി പഠിതാവ് ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. അതിന്റെ പ്രതിഫലനമാണ് ഈ വര്‍ഷത്തെ പരീക്ഷാഫലത്തില്‍ ദര്‍ശിക്കാനാവുന്നത്.

വായിക്കുന്നതിന്റെ 10%വും കേള്‍ക്കുന്നതിന്റെ 20%വും കാണുന്നതിന്റെ 30%വും കാണുകയും കേള്‍ക്കുകയും ചെയ്യുന്നതിന്റെ 50%വും പറയുകയും എഴുതുകയും ചെയ്യുന്നതിന്റെ 70%വും ചര്‍ച്ചചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ 90%വും ഓര്‍ക്കാന്‍ കഴിയുമെന്നാണ് ബോധനത്തിന്റെ രീതിശാസ്ത്രത്തെപ്പറ്റി ഒരു പണ്ഡിതന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പ്രവര്‍ത്തനാധിഷ്ഠിതവും പ്രക്രിയാബന്ധിതവുമായ പുതിയ പഠനരീതി പഠിതാക്കളുടെ സമഗ്രശേഷികളെയും ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നു. ലേഖനങ്ങള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍, പഠനയാത്രകള്‍, ശേഖരണങ്ങള്‍, നിരീക്ഷണം, പരീക്ഷണം എന്നിത്യാദി പ്രക്രിയകളിലൂടെ കടന്നുവരുന്ന പഠിതാവിന് പരാജയം അന്യമാണ്.

പുതിയ രീതിശാസ്ത്രം നടപ്പാക്കിയപ്പോള്‍ അതിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചവരില്‍ ഏറെയും അധ്യാപകരും രക്ഷിതാക്കളുമാണ്. ഇക്കൂട്ടരുടെ വ്യക്തിത്വവും വിദ്യാഭ്യാസ സങ്കല്‍പവും രൂപപ്പെട്ടത് അവര്‍ പഠിതാക്കളായിരുന്നകാലത്ത് ലഭിച്ച പഠന-ബോധനരീതിയുടെ അടിസ്ഥാനത്തിലാണ്. ഉറച്ചുപോയ ശീലങ്ങളും വിശ്വാസങ്ങളും മാറ്റിയെടുക്കുന്നതിന് ബോധപൂര്‍വമായ ശ്രമം ഉണ്ടാവണം. പഴയതിനെ ഉച്ചാടനം ചെയ്ത് പുതിയതിനെ സ്വീകരിക്കാന്‍ സമൂഹത്തിനെ തയ്യാറാക്കേണ്ടതുണ്ട്. ഇന്ന് കേരളീയര്‍ വാനോളം പുകഴ്ത്തുന്ന സാമൂഹ്യനവോത്ഥാനത്തോടും അതിന്റെ നേതാക്കളോടും അന്നത്തെ സമൂഹത്തിലെ പ്രമാണിമാരുടെ മനോഭാവവും സമീപനവുമെന്തായിരുന്നു? ജനാധിപത്യത്തോട് രാജഭക്തന്മാരുടെ സമീപനമെന്തായിരുന്നു? അതുതന്നെയാണ് പുതിയ പാഠ്യപദ്ധതിയോട് ആദ്യകാലത്തുണ്ടായ സമീപനം. നിരന്തരമായ പരിശീലനത്തിലൂടെയും പ്രചരണത്തിലൂടെയും അധ്യാപകരും രക്ഷിതാക്കളും പുതിയ പാഠ്യപദ്ധതിയുടെ പ്രവര്‍ത്തകരും പ്രചാരകരുമായിത്തീര്‍ന്നു.

പുതിയ പാഠ്യപദ്ധതിയനുസരിച്ച് അധ്യാപകനോടൊപ്പം പഠിതാവിനെ സഹായിക്കാന്‍ രക്ഷകര്‍ത്താവുമുണ്ട്. ഓരോ രക്ഷകര്‍ത്താവിനും തന്റെ മക്കളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഏതു സ്കൂളില്‍ പഠിപ്പിക്കണമെന്നും എന്തുതരം വിദ്യാഭ്യാസം നല്‍കണമെന്നും എന്താക്കിത്തീര്‍ക്കണമെന്നും ശിശു ജനിക്കുമ്പോള്‍തന്നെ രക്ഷകര്‍ത്താവ് തീരുമാനമെടുക്കുന്നു. അതിനനുസരിച്ച് മക്കള്‍ക്കാവശ്യമായതെന്തും സമ്പാദിച്ചു നല്‍കുന്നു. അങ്ങനെ മക്കളുടെ പഠനകാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധചെലുത്തുന്നു. അതിലേക്കായി നാട്ടിന്‍പുറത്തുനിന്നും നഗരത്തിലേക്ക് താമസംമാറ്റുന്നു. ജോലിയുള്ളവരാണെങ്കില്‍ അവധിയെടുക്കുന്നു. ക്ലാസ് പരീക്ഷകള്‍ക്കും ടേംപരീക്ഷകള്‍ക്കും മക്കള്‍ക്ക് നല്ല മാര്‍ക്ക് കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. അധ്യാപകരുമായി നിരന്തരം ബന്ധപ്പെടുന്നു. കുട്ടിക്ക് മാര്‍ക്ക് കുറഞ്ഞാല്‍ അതെന്തുകൊണ്ടെന്ന് അന്വേഷിക്കുന്നു. സ്കൂളിലും വീട്ടിലും കുട്ടിയെ സഹായിക്കാന്‍ രക്ഷിതാവ് സന്നദ്ധനാണ്. ഇത്തരത്തില്‍ രക്ഷകര്‍ത്താവിന്റെ ഇടപെടലും സഹകരണവും വിദ്യാര്‍ഥിയുടെ നിലവാരം അനുകൂലമാക്കിത്തീര്‍ത്തു. പഠനസമയത്തിനുശേഷം സായാഹ്നങ്ങളില്‍ സ്കൂളില്‍ അധ്യാപകര്‍ ക്ലാസെടുക്കുന്നു. അവര്‍ക്ക് സഹായികളായും മക്കള്‍ക്ക് തുണയായും രക്ഷിതാക്കളിരിക്കുന്നു. ഈ അധ്യയനം ചിലപ്പോള്‍ പാതിരാവരെ നീളുന്നു. അതിനുശേഷം മക്കളുമായി രക്ഷിതാക്കള്‍ വീടുകളിലേക്കു മടങ്ങുന്നു.

ഇത് നഗരക്കാഴ്ചയല്ല. നാട്ടിന്‍പുറത്താണ്. ഇടുക്കിപോലുള്ള ഗതാഗതസൌകര്യം കുറഞ്ഞ പ്രദേശിങ്ങളിലാണിത് സംഭവിക്കുന്നത്. അതിന്റെകൂടി പ്രതിഫലനമാണ് പരീക്ഷാഫലത്തില്‍ ദര്‍ശിച്ചത്. ഹൃദയശൂന്യന്മാര്‍ക്കു മാത്രമേ അതിനെ നിഷേധിക്കാനും അവഹേളിക്കാനും കഴിയുകയുള്ളൂ.

പ്ലസ് ടു ഫലം

ഹയര്‍സെക്കണ്ടറി പരീക്ഷാഫലത്തിലും ഗണ്യമായ വര്‍ധനയുണ്ടായി. കഴിഞ്ഞവര്‍ഷം അത് 72.3% വും ഇക്കുറി 81.05% വും ആണ്. ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ വര്‍ധന വളരെ നേരിയതാണ് - 2007ല്‍ 42.01%വും 2008ല്‍ 42.84%വും. റഗുലര്‍ വിദ്യാര്‍ഥികളും ഓപ്പണ്‍സ്കൂള്‍ വിദ്യാര്‍ഥികളും തമ്മിലുള്ള വിജയശതമാനത്തിന്റെ അന്തരം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മുന്‍ഖണ്ഡികകളില്‍ പ്രതിപാദിച്ച പഠന-ബോധന-മൂല്യനിര്‍ണയരീതി അതേപോലെ നടപ്പാക്കാന്‍ ഓപ്പണ്‍സ്കൂള്‍ സമ്പ്രദായത്തില്‍ പ്രായോഗികമായി ഒരുപാട് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഫലത്തില്‍ ഈ അന്തരമുണ്ടായത്.
പുതിയ പാഠ്യപദ്ധതിയനുസരിച്ച് 2005ലാണ് എസ്എസ്എല്‍സി പരീക്ഷ നടത്തിയത്. അതില്‍ വിജയികളായവരാണ് 2007ല്‍ ഹയര്‍സെക്കന്ററി പരീക്ഷയെഴുതിയത്. അതായത് 2002-03 അധ്യയനവര്‍ഷത്തില്‍ 8-ാം ക്ലാസില്‍ പഠിച്ചവരാണ് 2005ല്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. 2001ല്‍ അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ അതിന് മുമ്പ് തുടങ്ങിവച്ചിരുന്ന പുതിയ പാഠ്യപദ്ധതി നടപ്പാക്കാന്‍ കൂട്ടാക്കിയില്ല. 2001-02 അധ്യയനവര്‍ഷത്തില്‍ 8-ാം ക്ലാസില്‍ നടപ്പാക്കേണ്ടിയിരുന്ന പാഠ്യപദ്ധതി പരിഷ്കരണം മാറ്റിവച്ചതിന്റെ ഫലമായി ശക്തമായ പ്രതിഷേധമുയരുകയും അതേത്തുടര്‍ന്ന് അടുത്തവര്‍ഷം പുതിയ പാഠ്യപദ്ധതി നടപ്പാക്കുകയുമാണുണ്ടായത്. നിലവിലുണ്ടായിരുന്ന പാഠപുസ്തകസമിതികള്‍ പുനഃസംഘടിപ്പിക്കുകയും ഇന്ന് വിജയശതമാനത്തില്‍ പ്രതിഷേധിക്കുന്ന അധ്യാപകസംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തുകയും ചെയ്തു. അവര്‍ തയ്യാറാക്കിയ പാഠ്യപദ്ധതിയും മൂല്യനിര്‍ണയരീതിയുമനുസരിച്ച് 2002-03 മുതല്‍ 8, 9, 10 ക്ലാസുകളില്‍ പഠിച്ചവരാണ് 2005-06 വര്‍ഷങ്ങളില്‍ എസ്എസ്എല്‍സി പരീക്ഷയും 2007-08 വര്‍ഷങ്ങളില്‍ ഹയര്‍സെക്കന്ററി പരീക്ഷയും എഴുതിയത്. അവരുടെ വിജയശതമാനം വര്‍ധിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. വരും വര്‍ഷങ്ങളില്‍ ഇനിയും വര്‍ധിക്കുമെന്ന് പ്രവചിക്കാന്‍ ഒരു ജ്യോതിഷിയുടെയും സഹായമാവശ്യമില്ല.

വിമര്‍ശനമുന്നയിക്കുന്നവര്‍ ചെയ്യേണ്ട ഒരു കാര്യമുണ്ട്. ഏതെങ്കിലും ഹയര്‍സെക്കന്ററി സ്കൂള്‍ സന്ദര്‍ശിച്ച് അവിടെ നടക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചും വിദ്യാര്‍ഥികളുമായി സംവദിച്ചും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. പോരായ്മകളുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടിയാല്‍ പരിഹരിക്കാന്‍ അധികാരികളും അധ്യാപകരും തയ്യാറാകും. യാതൊരു പ്രതിഫലവും പറ്റാതെയും അനുവദനീയമായ യാത്രാപ്പടിപോലും കിട്ടാതെയുമാണ് കഴിഞ്ഞ അധ്യയനവര്‍ഷം ഹയര്‍സെക്കന്ററി അധ്യാപകര്‍ ക്ലസ്റ്റര്‍ പരിശീലന പരിപാടികളില്‍ പങ്കെടുത്തത്. ഇതെന്തിന് എന്ന് സംശയിച്ചുനിന്നവരും ഒന്നുരണ്ട് ക്ലസ്റ്റര്‍ യോഗങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിന്റെ ആവശ്യകത മനസ്സിലാക്കി സഹകരിച്ചുതുടങ്ങി.

ചലച്ചിത്രനിര്‍മാണത്തെക്കുറിച്ച് ഇംഗ്ലീഷ് പുസ്തകത്തിലുണ്ടായിരുന്ന ഒരു പാഠഭാഗം ശരിയാംവണ്ണം ഗ്രഹിക്കുന്നതിനുവേണ്ടി ഒരു ജില്ലയിലെ ഇംഗ്ലീഷ് അധ്യാപകന്‍ പ്രശസ്ത ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ക്ഷണിച്ചുകൊണ്ടുവന്ന് ക്ലാസെടുപ്പിച്ചു. ഒരു ദിവസം പൂര്‍ണമായി അദ്ദേഹം അവരോടൊത്ത് ചെലവഴിച്ചു. ഈ അനുഭവം ഉള്‍ക്കൊണ്ട അധ്യാപകര്‍ അവരുടെ ക്ലാസുകളെ ആഹ്ലാദകരമാക്കി. അതിന്റെ പ്രതിഫലനം പരീക്ഷാഫലത്തില്‍ ഉണ്ടാവുക സ്വാഭാവികം. ഇതേപോലെ എല്ലാ വിഷയങ്ങളിലും അധ്യാപകര്‍ പ്രവര്‍ത്തനാധിഷ്ഠിതമായ പാഠ്യപ്രവര്‍ത്തനാനുഭവങ്ങള്‍ സമ്പാദിക്കുന്നതിനായി വിദഗ്ദ്ധന്മാരുമായി ചര്‍ച്ച നടത്തുകയും അതിനനുസൃതമായി തങ്ങളുടെ ക്ലാസുകളെ ആഹ്ലാദകരമാക്കുകയും ചെയ്തു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയ മുഴുവന്‍പേരെയും അധിക്ഷേപിക്കുകയാണ് വിമര്‍ശകന്മാര്‍ ചെയ്യുന്നത്.

എന്താണ് നിലവാരം?

നിലവാരമില്ലാത്തവരെ വിജയിപ്പിക്കുകവഴി സമൂഹത്തിന് പരിഹരിക്കാനാവാത്ത ദ്രോഹം വരുത്തിവച്ചുവെന്നാണ് വിദ്യാഭ്യാസ വിചക്ഷണന്മാരായ ചിലര്‍ പരിതപിക്കുന്നത്. ഇവര്‍ പറയുന്ന നിലവാരം എന്താണ്? ആരാണ് അത് നിശ്ചയിച്ചത്? ഇവര്‍ വിദ്യാര്‍ഥികളായിരുന്നകാലത്ത് ഇവരുടെ നിലവാരമെന്തായിരുന്നുവെന്ന് ഒന്ന് സത്യസന്ധമായി ആത്മപരിശോധന നടത്തുക. അന്നത്തെ അധ്യാപനരീതിയും ഇന്നത്തെ രീതിയും തമ്മില്‍ താരതമ്യം ചെയ്യുക. എന്നിട്ടാവാം നിലവാരത്തെപ്പറ്റിയുള്ള സംവാദം.

പരീക്ഷയെന്ന അരിപ്പ സമ്പ്രദായത്തിന് പരമപ്രാധാന്യം നല്‍കുന്ന പഴയബോധനശാസ്ത്രത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരാണ് നിലവാരത്തെക്കുറിച്ച് വാചാലരാകുന്നത്. പഠിതാവിന്റെ ഓര്‍മയെയും രചനാവൈഭവത്തെയും മാത്രം പരിശോധിക്കുന്ന പരീക്ഷയെന്ന ഗുണനിയന്ത്രണയന്ത്രത്തിലൂടെ പരിക്കുകളില്ലാതെ കടന്നുവരുന്നവര്‍ക്കു മാത്രമേ നിലവാരമുണ്ടാകൂവെന്നാണ് ഇവരുടെ വിശ്വാസം. ആ സമ്പ്രദായത്തില്‍ രക്തസാക്ഷികളുടെ എണ്ണം കൂടും. ആ രക്തസാക്ഷികള്‍ക്കെന്തുപറ്റിയെന്ന് ഗുണാഢ്യന്മാര്‍ അന്വേഷിച്ചിട്ടുണ്ടോ?

കണക്ക് ക്ലാസില്‍ പൈതഗോറസ് തിയറം മനഃപാഠമാക്കി പരീക്ഷയെഴുതാന്‍ കഴിയാത്ത ഒരു സാധുവിദ്യാര്‍ഥി എസ്എസ്എല്‍സിക്ക് ദയനീയമായി പരാജയപ്പെട്ടു. പഠനമുപേക്ഷിച്ചു. പക്ഷെ അയാള്‍ പിന്നീട് വിദഗ്ദ്ധനായ ഒരു മരപ്പണിക്കാരനായിത്തീര്‍ന്നു. ഉത്തരവും കഴുക്കോലും വളയുമെല്ലാം നിലത്തുവച്ച് പണിചെയ്ത് ഒരു വെറ്റിലക്കനത്തിന്റെ വ്യത്യാസമില്ലാതെ ചുമരിനുമുകളില്‍വച്ച് അടിച്ചുറപ്പിച്ച് മേല്‍ക്കൂര നിര്‍മിക്കുന്നത് നമുക്ക് കാണാനാകും. അയാള്‍ പൈതഗോറസ് തിയറം പ്രയോഗിച്ച് കാണിച്ചുതരുന്നു. ഇയാളുടെ നിലവാരത്തെപ്പറ്റി ഗുണാഢ്യന്മാര്‍ക്ക് എന്താണ് പറയാനുള്ളത്?

ജന്മനാ വൈകല്യമുള്ളവരൊഴികെയുള്ള എല്ലാ കുട്ടികളും കഴിവുള്ളവരാണ്. അവരുടെ കഴിവുകളെ മനസ്സിലാക്കാന്‍ ആരും ശ്രമിക്കുന്നില്ല. ഇംഗ്ലീഷും ഗണിതവും രസതന്ത്രവും ഊര്‍ജ്ജതന്ത്രവും വച്ച് അവരുടെ നിലവാരത്തെ അളക്കാന്‍ ശ്രമിക്കുകയാണ് നിലവാരവാദികള്‍ ചെയ്യുന്നത്. കുറെപ്പേരെ യോഗ്യന്മാരും മറ്റുള്ളവരെ കഴിവില്ലാത്തവരുമായി ദയാശൂന്യമായി വിലയിരുത്തുകയാണ്. ഈ വിലയിരുത്തല്‍ ആത്മനിഷ്ഠമാണ്; കൂട്ടക്കുരുതിയാണ്. ആ നിലവാരനിര്‍ണയം പ്രൊക്രൂസ്റ്റസിന്റെ ശയ്യയാണ്. നീളം കുറഞ്ഞവനെ അടിച്ചുനീട്ടുകയും കൂടിയവനെ അരിഞ്ഞു വീഴ്ത്തുകയുമാണ്. അതവസാനിച്ചുപോയതിലുള്ള സങ്കടമാണ് നാം കേള്‍ക്കുന്നത്.

നൂറുമേനി

ജനിച്ചുവീഴുന്ന എല്ലാ ശിശുക്കളും ഒന്നാംക്ലാസിലെത്തുകയും ഒന്നാംക്ലാസില്‍ ചേരുന്ന മുഴുവന്‍പേരും പത്താംക്ലാസിലെത്തുകയും, പത്താംക്ലാസില്‍ പരീക്ഷയെഴുതുന്ന മുഴുവന്‍പേരും വിജയികളാവുകയും ചെയ്യുകയെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. തോല്‍ക്കാനിഷ്ടപ്പെടാത്തവരായിരിക്കണം പുതിയ തലമുറ. ആരുടെ മുമ്പിലും തോല്‍ക്കാത്തവരായിരിക്കണം കേരളത്തിലെ അടുത്ത തലമുറ. നൂറുമേനി കൊയ്യുകയെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അത് വിദ്യാഭ്യാസവകുപ്പിന്റെ മാത്രമല്ല. കേരളത്തിന്റെയാകെ ലക്ഷ്യമായിരിക്കണം.

-ശ്രീ വി. കാര്‍ത്തികേയന്‍ നായര്‍ കടപ്പാട്: ചിന്ത വാരിക

11 March, 2009

ഉന്നത വിദ്യാഭ്യാസ നയം: മെക്കാളെ മുതല്‍ പെട്രോഡ വരെ

ഉന്നത വിദ്യാഭ്യാസ നയം: മെക്കാളെ മുതല്‍ പെട്രോഡ വരെ

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായ പ്രധാനപുരോഗതി, വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണത്തിലുണ്ടായ വളര്‍ച്ചയാണ്. കൂടുതല്‍ ആളുകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങളുണ്ടായി. 1994 ആയപ്പോഴേക്കും ഇന്ത്യയില്‍ 218 സര്‍വകലാശാലകളും 35 കല്‍പ്പിത സര്‍വകലാശാലകളും സ്ഥാപിക്കപ്പെട്ടിരുന്നു.

എന്നാല്‍ എണ്ണത്തിലുണ്ടായ ഈ വളര്‍ച്ച ഗുണത്തിലുണ്ടായില്ലെന്ന വിമര്‍ശനം ശക്തമായി. വിദ്യാഭ്യാസവും തൊഴില്‍ മേഖലയും തമ്മിലുള്ള പൊരുത്തക്കേട്, രാഷ്ട്രപുരോഗതിക്ക് മുതല്‍ക്കൂട്ടാവാത്ത പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ഉന്നതവിദ്യാഭ്യാസം ഗുണപരമായി നിരവധി വെല്ലുവിളികള്‍ നേരിട്ടു. ഈ ഘട്ടത്തിലാണ് ദേശീയ വിദ്യാഭ്യാസനയം രൂപപ്പെട്ടത്.

ദേശീയ വിദ്യാഭ്യാസം എന്ന ആശയത്തിന്, സ്വാതന്ത്ര്യസമരപ്രസ്ഥാനത്തോളം പഴക്കമുണ്ട്. ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച വിദ്യാഭ്യാസസമ്പ്രദായത്തെ 'ദേശീയ വിദ്യാഭ്യാസ'ത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്ന വെല്ലുവിളിയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ഭരണാധികാരികള്‍ക്ക് ഏറ്റെടുക്കേണ്ടിവന്നത്. 1948 ജനുവരിയില്‍ നടന്ന അഖിലേന്ത്യാ വിദ്യാഭ്യാസ സമ്മേളനത്തെ അഭിസംബോധന ചെയ്ത് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു ഇപ്രകാരം പറഞ്ഞു:

"നിലവിലുള്ള വ്യവസ്ഥിതിയില്‍ അല്‍പ്പസ്വല്‍പ്പം വ്യതിയാനങ്ങള്‍ വരുത്തി, തുടര്‍ന്നുകൊണ്ടുപോകാനാണ് നാളിതുവരെയുള്ള ഉന്നതവിദ്യാഭ്യാസ സമ്മേളനങ്ങള്‍ ശ്രമിച്ചതെങ്കില്‍, ഇനിയുള്ള നാളുകളില്‍ അത് അപര്യാപ്തമായിരിക്കും. വലിയ മാറ്റം നടന്നു കഴിഞ്ഞിരിക്കുന്നു. ഈ മാറ്റം വിദ്യാഭ്യാസ മേഖലയിലും പ്രതിഫലിക്കണം. ഇതിനായി വിപ്ലവാത്മകമായ ഇടപെടല്‍തന്നെ വേണ്ടിവരും.''

എന്നാല്‍ ഇന്ത്യയിലെ ബൂര്‍ഷ്വാഭരണ കൂടത്തിന് ഇത്തരത്തിലൂടെ വിപ്ലവാത്മക പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കാനായില്ല. ഇവിടെയുളള ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗത്തിന്റെ മൂലധന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവരായിരുന്നു കോണ്‍ഗ്രസുകാര്‍.

1985 ലെ പുതിയ വിദ്യാഭ്യാസ നയം

1968 ലെ ദേശീയ വിദ്യാഭ്യാസനയത്തെ പുനഃപരിശോധിക്കാനും കാലോചിതമായി പരിഷ്കരിക്കാനും നടത്തിയ ശ്രമത്തിന്റെ ഫലമാണ് 1985 ലെ 'പുതിയ വിദ്യാഭ്യാസനയം' ജാതി, വര്‍ഗ, വര്‍ണ, ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനുള്ള തുല്യഅവസരം സൃഷ്ടിക്കുന്നതിനാണ് പുത്തന്‍ വിദ്യാഭ്യാസ നയം ഊന്നല്‍ നല്‍കിയത്. 15- 35 പ്രായക്കാര്‍ക്കിടയിലുള്ള നിരക്ഷരത സമ്പൂര്‍ണമായി തുടച്ചുനീക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ക്ക് പുത്തന്‍ വിദ്യാഭ്യാസനയം ഊന്നല്‍ നല്‍കിയിരുന്നു. നവ സാക്ഷരരെ രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ പങ്കാളികളാക്കേണ്ടതിന്റെ പ്രാധാന്യം ഈ വിദ്യാഭ്യാസ നയത്തില്‍ പരാമര്‍ശിച്ചിരുന്നു.

14 വയസ്സുവരെയുള്ള മുഴുവന്‍ കുട്ടികളെയും സ്കൂളുകളിലേക്ക് ആകര്‍ഷിക്കണമെന്നും അധ്യയനത്തില്‍ തുടരാന്‍ പ്രേരിപ്പിക്കണമെന്നും പുത്തന്‍ വിദ്യാഭ്യാസനയം നിഷ്കര്‍ഷിക്കുന്നുണ്ട്. സാര്‍വത്രിക പ്രൈമറി വിദ്യാഭ്യാസം എന്ന ലക്ഷ്യത്തില്‍ എത്രയും പെട്ടന്ന് എത്തിച്ചേരാനുള്ള നിര്‍ദേശങ്ങളാണ് പുതിയ വിദ്യാഭ്യാസനയത്തിന്റെ പ്രധാന ഉള്ളടക്കം. ഹയര്‍ സെക്കന്ററി തലത്തിലെ വിദ്യാഭ്യാസം പ്രധാനമായും തൊഴിലധിഷ്ഠിതമായിരിക്കണമെന്നും 1995 ആകുമ്പോഴേക്കും ഹയര്‍ സെക്കന്ററി തലത്തില്‍ 25% കോഴ്സുകള്‍ ഇതിനനുയോജ്യമായ വിധം പുന:സംവിധാനം ചെയ്യണമെന്നുമുള്ള നിര്‍ദേശം പുതിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമാണ്.

രാജ്യത്തെ 150 ലേറെ സര്‍വകലാശാലകളെയും 5000 ത്തോളം കോളേജുകളേയും നാശത്തില്‍ നിന്ന് രക്ഷിക്കാനുള്ള അടിയന്തര ശ്രമങ്ങള്‍ക്ക് എന്‍ ഇ പി ആഹ്വാനം ചെയ്യുന്നു. 'അഫിലിയേറ്റഡ് കോളേജുകള്‍' എന്ന അമിതഭാരത്തില്‍നിന്ന് സര്‍വകലാശാലകളെ മുക്തമാക്കി, ഘട്ടം ഘട്ടമായി അവയെ ആട്ടോണമസ് കോളേജുകളാക്കി മാറ്റണമെന്ന നിര്‍ദേശവും എന്‍ ഇ പിയിലുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഗവേഷണത്തിനുള്ള പ്രാധാന്യം തീരെ കുറഞ്ഞിരിക്കുന്നുവെന്നും ഈ സ്ഥിതി മാറി ഗവേഷണത്തിനര്‍ഹമായ ഊന്നല്‍ നല്‍കണമെന്നുമുള്ളതാണ് മറ്റൊരു നിര്‍ദേശം. ഗവേഷണത്തിനായി സ്വയം ഭരണസംവിധാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ദേശീയ സ്ഥാപനങ്ങള്‍ തുറക്കുക, ഓപ്പണ്‍ യൂണിവേഴ്സിറ്റികള്‍, റൂറല്‍ യൂണിവേഴ്സിറ്റികള്‍ എന്നിവയനുസരിച്ച് പിന്നോക്കമേഖലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, സാങ്കേതികവിദ്യ, മാനേജ്‌മെന്റ് എന്നിവയില്‍ പരിശീലനം നല്‍കുന്ന കോഴ്സുകള്‍ക്ക് രൂപം നല്‍കുക എന്നിങ്ങനെ എന്‍ ഇ പിയില്‍ നിരവധി നിര്‍ദേശങ്ങള്‍ കാണാം.

സാംസ്കാരികമായ കാഴ്ചപ്പാടുകള്‍, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, ഭാഷകള്‍, പുസ്തകങ്ങള്‍, ലൈബ്രറികള്‍, വിദ്യാഭ്യാസ മേഖലയില്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം, വിദ്യാഭ്യാസവും പരിസ്ഥിതി സംരക്ഷണവും, ശാസ്ത്ര ഗണിത ബോധനം, കായികവിദ്യാഭ്യാസം, സമഗ്രമൂല്യനിര്‍ണയനം എന്നിങ്ങനെ നിരവധിവിഷയങ്ങള്‍ ഈ രേഖയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. 1976 ലാണ് വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റില്‍ ഉള്‍പ്പെടുത്തിയത്. വിദ്യാഭ്യാസപ്രക്രിയയില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പുവരുത്താനുള്ള നരവധി നിര്‍ദേശങ്ങള്‍ എന്‍ ഇ പി രേഖയില്‍ക്കാണാം. വിദ്യാഭ്യാസത്തിനാവശ്യമായ വിഭവം കണ്ടെത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തില്‍, ഗുണഭോക്താക്കളില്‍നിന്ന് ധനസമാഹരണം നടത്തുന്നതിനെക്കുറിച്ചും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്ന ഫീസ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും എന്‍ ഇ പിയില്‍ സൂചനയുണ്ട്.

1968 ലെ ദേശീയവിദ്യാഭ്യാസരേഖയുടെ തുടര്‍ച്ചയായാണ് 1985 ലെ പുത്തന്‍ വിദ്യാഭ്യാസനയം രൂപം കൊണ്ടത്. 1991 ല്‍ അധികാരത്തില്‍ വന്ന നരസിംഹറാവു സര്‍ക്കാര്‍ 85 ലെ എന്‍ ഇ പി സമഗ്രമായി പരിശോധിക്കാന്‍ തീരുമാനിച്ചു. ആചാര്യ രാമമൂര്‍ത്തി കമ്മിറ്റിയെ ഇതിനായി നിയോഗിക്കുകയും ചെയ്തു. എന്‍ ഇ പിയുടെ ഭാഗമായി, രാജ്യത്തെ വിവിധ ഗ്രാമങ്ങളില്‍ സ്ഥാപിച്ച 'നവോദയവിദ്യാലയ'ങ്ങള്‍ ഒരു പറ്റം വരേണ്യരെ സൃഷ്ടിക്കാന്‍ മാത്രമേ ഉതകൂ എന്ന കാഴ്ചപ്പാടാണ് രാമമൂര്‍ത്തി കമ്മിറ്റി മുന്നോട്ട് വെച്ചത്. ശൈശവ വിദ്യാഭ്യാസമേഖലയില്‍ ഇടപെടാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കണമെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കേണ്ട അധികാരവികേന്ദ്രീകരണത്തിനാണ് രാമമൂര്‍ത്തി കമീഷന്‍ മുഖ്യമായും ഊന്നല്‍ നല്‍കിയത്. തൊഴിലധിഷ്ഠിതവിദ്യാഭ്യാസം, സാര്‍വത്രിക വിദ്യാഭ്യാസം, വിദ്യാഭ്യാസ മേഖലയിലെ അധികാര വികേന്ദ്രീകരണം എന്നീ മൂന്ന് മേഖലകളിലാണ് കമീഷന്‍ പ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.

വിദ്യാഭ്യാസത്തിലെ ജനപങ്കാളിത്തം ഇതര വകുപ്പുകളുമായി വിദ്യാഭ്യാസവകുപ്പിനെ ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യം എന്നിവയെക്കുറിച്ചെല്ലാം കമീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശങ്ങളുണ്ട്. എന്നാല്‍ ഉന്നതവിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളൊന്നും രാമമൂര്‍ത്തി കമീഷന്‍ പങ്കുവെക്കുന്നില്ല. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന് യോജ്യമായ ഒരു ഘടന നിര്‍ദേശിച്ചതുമാത്രമാണ് ഈ മേഖലയിലെ കമീഷന്റെ സംഭാവന.

ദേശീയ വിജ്ഞാന കമീഷന്‍

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ ഗവണ്‍മെന്റ്, ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് അധികാരത്തില്‍ വന്നത്. വിദ്യാഭ്യാസ മേഖലയില്‍ ബി ജെ പി തുടങ്ങിവെച്ച 'കാവിവല്‍ക്കരണം' അവസാനിപ്പിച്ച്, അതിന്റെ സെക്കുലര്‍ ഉള്ളടക്കം വീണ്ടെടുക്കുക, സാമൂഹ്യമായി ഭ്രഷ്ടരാക്കപ്പെട്ട ജനവിഭാഗങ്ങളെ വിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കളാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളാണ് യു പി എ ഗവണ്‍മെന്റിന്റെ മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലും യു പി എ ഗവണ്‍മെന്റ് പരാജയപ്പെടുകയാണുണ്ടായത്. മാത്രമല്ല വിദ്യാഭ്യാസ മേഖലയെ ഒരു വലിയ കമ്പോളമാക്കിമാറ്റാനുള്ള ശ്രമങ്ങള്‍ക്ക് യു പി എ ഗവണ്‍മെന്റ് ഗതിവേഗം നല്‍കി. സാം പെട്രോഡയുടെ നേതൃത്വത്തില്‍ നിയമിക്കപ്പെട്ട 'ദേശീയ വിജ്ഞാന കമീഷനും' അതിന്റെ നിര്‍ദേശങ്ങളും ഇതാണ് തെളിയിക്കുന്നത്. സാം പെട്രോഡയെ കൂടാതെ ഡോ. ആഗോയ് ഗാംഗുലി, ഡോ. പി ബലറാം, ഡോ. ദീപക് നക്വാര്‍, ഡോ. ജയതിഘോഷ്,
ശ്രീ നന്ദന്‍ നീലകനി, ഡോ. സുജാത റാംദുരൈ എന്നിവരും ഈ സമിതിയിലുണ്ട്. കമീഷന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നുകഴിഞ്ഞു. അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിദ്യാഭ്യാസമേഖലയിലെ വിവിധ സമിതികളും സമൂഹത്തിലെ നാനാതുറകളിലുള്ളവരും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ട് അന്തിമരൂപത്തിലെത്തിയിട്ടില്ലെങ്കിലും, സമിതിയുടെ നിര്‍ദേശങ്ങള്‍ സമൂഹത്തിലെ ഏതുവിഭാഗത്തെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന കാര്യം ഇതിനകം വെളിപ്പെട്ട് കഴിഞ്ഞു.

ദേശീയ വിജ്ഞാന കമീഷന്റെ നിര്‍ദേശങ്ങള്‍ പ്രധാനമായും അഞ്ച് മേഖലകളിലായാണ് ക്രോഡീകരിച്ചിരിക്കുന്നത്.

1. പ്രാപ്യത 2. സങ്കല്‍പ്പനങ്ങള്‍ 3. സൃഷ്ടി 4. പ്രയോഗക്ഷമത 5. സേവനം

ഈ മേഖലകളുടെ സമഗ്രമാ യ വികസനത്തിലൂടെ മാത്രമേ, രാജ്യത്തെ വിജ്ഞാനസമൂഹമാക്കി പരിവര്‍ത്തിപ്പിക്കാന്‍ കഴിയൂ. വികസിച്ചുവരുന്ന വിജ്ഞാനസമൂഹവും അതുമായി ബന്ധപ്പെട്ട അവസരങ്ങളും പുതിയ ചില വെല്ലിവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്. രാഷ്ട്രത്തിന്റെഭാവി മുഖ്യമായും വിജ്ഞാനത്തിന്റെ തുടര്‍ച്ചയായ ഉല്‍പ്പാദനത്തെയും പ്രയോഗത്തെയും ആശ്രയിച്ചിരിക്കും. കമീഷന്റെ മുഖ്യശുപാര്‍ശകളെ താഴെക്കാണും വിധം ക്രോഡീകരിക്കാം.

1. വിജ്ഞാനവുമായി ബന്ധപ്പെട്ട് 21 ാം നൂറ്റാണ്ടില്‍ വളര്‍ന്നുവരുന്ന വെല്ലിവിളികളെ നേരിടാനും ഇക്കാര്യത്തില്‍ സമൂഹത്തിന്റെ മത്സരശേഷി വര്‍ധിപ്പിക്കാനും കഴിയണം.

2. ശാസ്ത്രസാങ്കേതിക മണ്ഡലങ്ങളിലെ വിജ്ഞാനോല്‍പ്പാദനം ത്വരിതപ്പെടുത്തുക.

3. ബൌദ്ധികസ്വത്തവകാശം സംരക്ഷിക്കാന്‍ കഴിയും വിധം വിജ്ഞാനോല്‍പ്പാദനം നടത്തുന്ന സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് സംവിധാനം കാര്യക്ഷമമാക്കുക.

4. കൃഷിയിലും വ്യവസായത്തിലും വിജ്ഞാനത്തിന്റെ പ്രയോഗം ഉറപ്പുവരുത്തുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക.

5. ഗവണ്‍മെന്റിനെ സുതാര്യവും കാര്യക്ഷമവും പൌരന്മാരോടുള്ള ബാധ്യത നിറവേറ്റുന്നതുമായ ഒരു സംവിധാനമാക്കി മാറ്റാന്‍ വിജ്ഞാനശേഷി പ്രയോഗിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുക. വിജ്ഞാനത്തിന്റെ വ്യാപകമായ പങ്കുവെപ്പിലൂടെ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന നേട്ടം പരമാവധിയാക്കാനുള്ള ശ്രമത്തെ പ്രോല്‍സാഹിപ്പിക്കുക.

എന്താണ് വിജ്ഞാനം?

ദേശീയ വിജ്ഞാന കമീഷന്റെ നിര്‍ദേശങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതിന് മുമ്പ് 'വിജ്ഞാനം' എന്ന വാക്കിന് ആഗോളവല്‍ക്കരണ കാലത്ത് കൈവന്നിട്ടുള്ള സവിശേഷമായ അര്‍ഥമെന്താണെന്ന് ആലോചിക്കേണ്ടതുണ്ട്. വിവരസാങ്കേതിക വിദ്യയുടെ ഘട്ടത്തിലാണ് 'വിജ്ഞാനം' എന്ന വാക്ക് സവിശേഷമായ അര്‍ഥത്തോടെ പ്രയോഗിക്കാനാരംഭിച്ചത്. അധ്യാപകന്റെ സഹായമില്ലാതെതന്നെ വിദ്യാര്‍ഥിക്കാവശ്യമുള്ള 'ജ്ഞാനം' വിവരസാങ്കേതികവിദ്യയിലൂടെ ലഭ്യമാവുന്നു എന്നതാണ് ഇതിന്റെ സവിശേഷതയായി ഗണിക്കുന്നത്. എന്നാല്‍ വിജ്ഞാനത്തിന്റെ അളവറ്റതെന്ന് പറയുന്ന ഈ ലഭ്യത സമൂഹത്തിലെ കീഴാളജനതയ്ക്ക് ബാധകമാണെന്ന് ആരും കരുതേണ്ട. 'വിജ്ഞാനം' വിവരസാങ്കേതിക വിദ്യയിലൂടെ പണം കൊടുത്തു വാങ്ങാന്‍ കഴിവുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അല്ലാത്തവര്‍ക്ക് അതിന്റെ പൊട്ടും പൊടിയും മാത്രമേ ഇന്റര്‍നെറ്റ് വഴി ലഭ്യമാകൂ. ഇവിടെ വിജ്ഞാനം സ്വാതന്ത്ര്യത്തിലേക്ക് കുതിക്കാനുള്ള ഇന്ധനമായിത്തീരുന്നില്ല. മറിച്ച്, വില്‍ക്കുകയും വാങ്ങുകയും ചെയ്യാന്‍ കഴിയുന്ന ഒരു ചരക്കായി അത് സ്വയം നിര്‍വചിക്കുന്നു. 'വിജ്ഞാനം' 'വിലപ്പെട്ട' ഒന്നായിത്തീര്‍ന്നതോടെ അതിന്റെ മോഷണവും അധോലോകക്കൈമാറ്റവും വ്യാപകമായിട്ടുണ്ട്. ബൌദ്ധികസ്വത്തവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചയും മറ്റും ഈ സന്ദര്‍ഭത്തിലാണ് പ്രസക്തമാകുന്നത്. ആദിവാസികളുടെയും മറ്റ് ദേശവാസികളുടേയും പരമ്പരാഗതമായ അറിവ് കട്ടെടുത്ത്, വലിയ വിലയ്ക്ക് 'മാര്‍ക്കറ്റ്' ചെയ്യുന്ന വ്യവസായം ഇന്ന് വ്യാപകമാണ്. അറിവിന്റെ കേന്ദ്രീകരണം ദേശരാഷ്‌ട്രങ്ങളെ ദുര്‍ബലപ്പെടുത്തന്നതിലേക്ക് നയിച്ചിരിക്കുന്നു. എല്ലാ വിജ്ഞാനവും മനുഷ്യനെയും പ്രകൃതിയെയും ചൂഷണം ചെയ്ത് ലാഭം വര്‍ധിപ്പിക്കാനുള്ള മുതലാളിത്തത്തിന്റെ ഉപാധികളായിത്തീര്‍ന്നിട്ടുണ്ട്.

മികച്ച പ്രകടനമെന്ന മിഥ്യ

സര്‍വകലാശാലകളെ, താരതമ്യം ചെയ്യുകയും അതിനനുസരിച്ച് ഗ്രേഡ് ചെയ്യുകയും ചെയ്യുന്ന സമ്പ്രദായം ആഗോളതലത്തില്‍ത്തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സര്‍വകലാശാലകളെ പലനിലവാരങ്ങളില്‍ ക്രമീകരിക്കുന്നതിന്റെ അടിസ്ഥാനമിതാണ്. അധ്യാപകര്‍ അറിവും സിദ്ധികളും നല്‍കുന്നവരും വിദ്യാര്‍ഥികള്‍ അത് പണം കൊടുത്തു സമ്പാദിക്കുന്നവരുമാണെന്ന കാഴ്ചപ്പാടാണ് പലപ്പോഴും ക്രെഡിറ്റ് സമ്പ്രദായത്തിന്റെ പേരില്‍ നടപ്പാക്കപ്പെടുന്നത്. വിദ്യാര്‍ഥികള്‍ വലിയ ശമ്പളം പറ്റുന്ന സോഫ്റ്റ് വെയര്‍ കമ്പനികളിലോ മാനേജ്‌മെന്റ് സ്ഥാപനങ്ങളിലോ കയറിപ്പറ്റുന്നതിനനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിലവാരം ഉയര്‍ന്നതായി പരിഗണിക്കപ്പെട്ടു. ഇത്തരത്തില്‍ നോക്കിയാല്‍ ഇന്ത്യയിലെ സര്‍വകലാശാലകളില്‍ വളരെ കുറച്ചെണ്ണം മാത്രമേ നിലവാരമുള്ളതായി പരിഗണിക്കപ്പെടുന്നുള്ളൂ.

ഇതിനുബദലായ ഒരു വിദ്യാഭ്യാസ ദര്‍ശനത്തിന്റെ സാധ്യതപോലും എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നുള്ളത് പ്രശ്നത്തിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു. 'അധ്യാപകരും വിദ്യാര്‍ഥികളും ഒരു സമൂഹത്തിലെ ജനങ്ങളുടെ താല്‍പ്പര്യത്തിനുവേണ്ടി ഏര്‍പ്പെട്ടിരിക്കുന്ന ഒരു പ്രവര്‍ത്തനമായി വിദ്യാഭ്യാസത്തെ കാണാന്‍ കഴിയണമെന്ന് പ്രഭാത് പട്നായിക്ക് സൂചിപ്പിക്കുന്നുണ്ട്. "അടിസ്ഥാനപരമായി ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആശയങ്ങളുടെ കളിത്തൊട്ടിലാണ്. ഏതു സമൂഹവും ഒരു കൂട്ടം സംശയങ്ങളിലാണ് അതിജീവിക്കുന്നത്. ഈ ആശയങ്ങള്‍ അടിസ്ഥാനപരമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളിലാണ്. ഈ ആശയങ്ങള്‍ അനിവാര്യമാകുന്നത് ഒമ്പതുശതമാനവും പത്തുശതമാനവും വളര്‍ച്ചാനിരക്ക് ഉണ്ടാകാന്‍ മാത്രമല്ല, ജനങ്ങളുടെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ഈ ആശയങ്ങള്‍ അനിവാര്യമാണ് എന്നതാണ് കാര്യം.''

കൊളോണിയല്‍ കാലഘട്ടത്തില്‍ത്തന്നെ ഇന്ത്യന്‍ സര്‍വകലാശാലകളില്‍നിന്ന് രൂപപ്പെട്ട 'സ്വതന്ത്ര്യം' എന്ന ആശയം, ഇന്ത്യ എന്ന രാഷ്‌ട്രത്തിന്റെ രൂപീകരണത്തില്‍ വലിയ പങ്കുവഹിക്കുകയുണ്ടായതായും പട്നായിക്ക് സൂചിപ്പിക്കുന്നുണ്ട്. ഇത്തരം ആശയങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും അത് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും അവരെ കൂടുതല്‍ മെച്ചപ്പെട്ട ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായി ഒരുക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെയാണ് ഗ്രാംഷി 'ജൈവബുദ്ധി ജീവികള്‍' എന്ന് വിളിക്കുന്നത്. സാമൂഹ്യ പുരോഗതിയിലേക്ക് നയിക്കുന്ന നിര്‍മാണാത്മകദൌത്യം ഏറ്റെടുക്കുന്നതിനുപകരം, ആഗോളതകള്‍ക്ക് ചൂഷണം ചെയ്യാന്‍ കഴിയുന്ന മനുഷ്യവിഭവത്തെ സൃഷ്ടിക്കലാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് വരുന്നത് ഇരുണ്ട ഭാവിയുടെ സൂചനയായിത്തന്നെ കാണണം.

പ്രായോഗികതലത്തില്‍, വിജ്ഞാനത്തിന് പൊതുവായ ഒരര്‍ത്ഥമല്ല വിദ്യാഭ്യാസനയങ്ങളില്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസനയങ്ങള്‍ ഓരോ സന്ദര്‍ഭത്തിലും ചില പ്രത്യേകതരം വിജ്ഞാനത്തെ മാത്രം സ്വീകരിക്കുകയും മറ്റുള്ളവയെ നിരാകരിക്കുകയും ചെയ്യുന്നു. അതായത് ദേശീയ വിജ്ഞാന കമീഷന്‍ സൂചിപ്പിക്കുന്നതുപോലുള്ള അമൂര്‍ത്തവും നിഷ്പക്ഷവുമായ ഒരു വിജ്ഞാനമില്ല. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുഗുണമല്ലാത്ത വിജ്ഞാനത്തെ പാഠ്യപദ്ധതിക്ക് പുറത്തുനിര്‍ത്താന്‍ ഭരണവര്‍ഗം എല്ലായ്പോഴും ശ്രമിച്ചിട്ടുണ്ട്. അതിന്റെ സാധൂകരണമായാണ് വിദ്യാഭ്യാസനയങ്ങളും കമീഷന്‍ റിപ്പോര്‍ട്ടുകളും രൂപപ്പെടുന്നത്. സാമ്പത്തികമായും സാമൂഹികമായും അടിച്ചമര്‍ത്തപ്പെട്ടവരില്‍ സാമ്പത്തികാഭിവൃദ്ധി, സാമൂഹികമുന്നേറ്റം, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ എന്നിവയുടെ സ്വപ്നം ഉണര്‍ത്തിക്കൊണ്ട് വിജ്ഞാനത്തിന്റെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്ന തന്ത്രമാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്.

വിജ്ഞാനമേഖലകള്‍ തമ്മിലുള്ള കൃത്രിമമായ വിഭജനം, സാമൂഹ്യപ്രശ്നങ്ങളില്‍നിന്ന് അവര്‍ക്ക് കല്‍പ്പിക്കപ്പെടുന്ന അകലം എന്നിവയിലെല്ലാം വര്‍ഗതാല്‍പ്പര്യം ഒളിഞ്ഞിരിപ്പുണ്ട്. പഠിച്ചിട്ട് കാര്യമുള്ള കോഴ്സുകള്‍, കാര്യമില്ലാത്ത കോഴ്സുകള്‍ എന്ന വേര്‍തിരിവിലുമുണ്ട് ഈ വര്‍ഗപരമായ ഉള്ളടക്കം. കരിയറിസത്തിന് ദേശീയ വിജ്ഞാനക്കമീഷന്‍ നല്‍കുന്ന അമിതപ്രധാന്യം, ഈ വര്‍ഗതാല്‍പ്പര്യത്തെ മറനീക്കിക്കാണിക്കുന്നുണ്ട്. ഇംഗ്ളീഷ് ഭാഷാപഠനവും കമ്പ്യൂട്ടര്‍ പരിശീലനവും വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ നിന്നുതന്നെ തുടങ്ങണമെന്ന പെട്രോഡയുടെ നിര്‍ദേശം തൊഴില്‍ സമ്പാദിക്കാന്‍ മാത്രമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതും അതുവഴി, തൊഴിലെന്ന പ്രലോഭനത്തിലൂടെ സമൂഹത്തിലെ കീഴാളവര്‍ഗത്തിന്റെ സമരോല്‍സുകതയെ തകര്‍ക്കുന്നതുമാണ്. "തൊഴിലധിഷ്ഠിത മനോഭാവം എത്രത്തോളം കൂടുന്നോ, അത്രത്തോളം ഒരു വിദ്യാര്‍ഥിയുടെ സമരോത്സുകത കുറഞ്ഞിരിക്കുമെന്ന'' ചാള്‍സ് സില്‍ബര്‍മാന്റെ നിരീക്ഷണം ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാണ്.

മുതലാളിത്ത സമൂഹത്തില്‍, ശാസ്ത്രം "അധ്വാനത്തില്‍നിന്ന് വ്യതിരിക്തവും മൂലധനത്തെ സേവിക്കാന്‍ നിര്‍ബന്ധിതവുമായ ഒരുല്‍പ്പാദനശക്തിയായി മാറുന്നു.'' എന്ന് മാര്‍ക്സ് നിരീക്ഷിക്കുന്നുണ്ട്.

"കുത്തകമുതലാളിത്തത്തിന്റെ ഘട്ടത്തില്‍ ശാസ്ത്രീയഗവേഷണം മുമ്പെന്നത്തേക്കാളുമേറെ സുസംഘടിതമായിരിക്കും. പക്ഷെ അതിന്റെ ലക്ഷ്യം സ്വകാര്യലാഭമായിരിക്കും. അതിന്റെ സേവനങ്ങള്‍ ഭൂരിഭാഗവും ഉപയോഗിക്കപ്പെടുന്നത് , യുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും. പ്രകൃതിശാസ്ത്രജ്ഞര്‍ക്ക് നല്‍കുന്ന പരിശീലനം വളരെ കൂടുതല്‍ വിഭാഗീകരിക്കപ്പെടുന്നതുമൂലം അവര്‍ക്ക് പ്രകൃതിശാസ്ത്രത്തെക്കുറിച്ച് മൊത്തത്തിലുള്ള സൈദ്ധാന്തികജ്ഞാനം ആര്‍ജിക്കാന്‍ കഴിയാതെ വരുന്നു. മാത്രവുമല്ല, മനുഷ്യസമൂഹ പഠനത്തെക്കുറിച്ച് യാതൊരു പരിശീലനവും അവര്‍ക്ക് ലഭിക്കുന്നുമില്ല. മറുവശത്ത് സാമൂഹ്യപഠനവും ചരിത്രപഠനവും പരസ്പരം വേര്‍തിരിഞ്ഞ് നില്‍ക്കുന്നു. രണ്ടും പ്രകൃതിശാസ്ത്രങ്ങളില്‍ നിന്ന് വേര്‍പെട്ടിരിക്കുന്നു. ബൂര്‍ഷ്വാ വിദ്യാഭ്യാസ വ്യവസ്ഥയില്‍ പ്രകൃതിയെ കുറിച്ചുള്ള പഠനവും മനുഷ്യനെക്കുറിച്ചുള്ള പഠനവും തമ്മില്‍ നിലനില്‍ക്കുന്ന ഈ വൈരുധ്യം, ശാസ്ത്രത്തെ ഒരുല്‍പ്പാദനശക്തിയായി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മൂലധനവും അധ്വാനവും തമ്മിലുള്ള ബന്ധത്തിന്റെ യഥാര്‍ഥരൂപം മറച്ചുവെക്കേണ്ടതിന്റെ ആവശ്യകതയും തമ്മില്‍ ബൂര്‍ഷ്വാ മനഃസാക്ഷിക്കുള്ളില്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ പ്രതിഫലനമാണ്''. ബ്രിട്ടീഷ് മാര്‍ക്സിസ്റ്റായ ജോര്‍ജ് തോംസന്റെ ഈ നിരീക്ഷണം കരിയറിസത്തിന്റെ സൈദ്ധാന്തിക മാതൃകയിലേക്കാണ് വെളിച്ചം വീശുന്നത്.

ചെലവുകുറഞ്ഞ അധ്വാനശക്തി, സ്വകാര്യമുതലാളിമാരുടെ ആവശ്യങ്ങള്‍ക്കായി ഉല്‍പ്പാദിച്ചു നല്‍കുന്ന സ്ഥാപനങ്ങളായി സര്‍വകലാശാലകള്‍ ഇന്ന് അധ:പതിച്ചിരിക്കുന്നു. ഇതുമൂലം മുമ്പൊരിക്കലുമില്ലാതിരുന്ന തരത്തില്‍ വിദ്യാഭ്യാസം തൊഴില്‍മേഖലയുടെ നിയന്ത്രണത്തിന് കീഴിലായിരിക്കുന്നു. വിപണിയില്‍ കൈമാറ്റമൂല്യമുള്ള വിജ്ഞാനത്തിന് പ്രാധാന്യം നല്‍കുന്ന പാഠ്യപദ്ധതി നയങ്ങള്‍ വിദ്യാഭ്യാസത്തെ കൂടുതല്‍ കൂടുതല്‍ സ്വാധീനിച്ചുവരുന്നു. മാനേജ്‌മെന്റ് തന്ത്രങ്ങള്‍ എന്ന പേരില്‍ ഏകാധിപത്യപ്രവണതകള്‍ വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നുണ്ട്. Human Resource Management, Time Management എന്നിങ്ങനെയുള്ള നിരവധി പ്രവണതകള്‍ പാഠ്യപദ്ധതിയിലേക്കും അധ്യാപക പരിശീലനങ്ങളിലേക്കും കടന്നുവന്നിരിക്കുന്നു. വിദ്യാഭ്യാസത്തെ കേവലം തൊഴില്‍ പരിശീലനമായി തരംതാഴ്ത്തിയിരിക്കുന്നു. സമൂഹത്തിന്റെ ഭാവിയെക്കുറിച്ച് ഒരുല്‍ക്കണ്ഠയും പുലര്‍ത്താത്ത ഉപകരണാത്മകയുക്തിയാണ് ഇവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് പകരമായി പ്രമാണികയുക്തിയുടെ പിന്‍ബലമുള്ള വിമര്‍ശനാത്മകചിന്ത രൂപപ്പെട്ട് വരേണ്ടതുണ്ട്. ചോദ്യം ചെയ്യാനും ആധിപത്യത്തെ വെല്ലുവിളിക്കാനും വിദ്യാര്‍ഥികളെ തയ്യാറെടുപ്പിക്കുന്ന ഒരു വിദ്യാഭ്യാസപദ്ധതിയാണ് വിമര്‍ശനാത്മ ബോധനശാസ്ത്രം. അതിന്റെ സാധ്യതകളിലേക്ക് സമൂഹത്തെ നയിക്കാനുള്ള ബാധ്യതയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇടത് ബുദ്ധിജീവികള്‍ ഏറ്റെടുക്കേണ്ടത്.

ദേശീയ വിജ്ഞാന കമീഷന്റെ പ്രവര്‍ത്തനത്തിലെ ഏകാധിപത്യ പ്രവണതകള്‍ ഇതിനകം തന്നെ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. കമ്മിറ്റി അംഗങ്ങളുമായിപ്പോലും വേണ്ടത്ര ചര്‍ച്ച ചെയ്യാതെ തീര്‍ത്തും അലസമായിത്തയ്യാറാക്കിയ കുറിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന പരാതി വ്യാപകമാണ്. ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസമേഖലയ ആഴത്തില്‍ പഠിക്കാനുള്ള ഒരു ശ്രമവും കമീഷന്‍ നടത്തിയതായിക്കാണുന്നില്ല. ഉന്നത വിദ്യാഭ്യാസമേഖലയെ സ്വകാര്യവല്‍ക്കരിക്കാനും സ്വകാര്യ, വിദേശ യൂണിവേഴ്സിറ്റികള്‍ക്ക് ഇന്ത്യയില്‍ അവസരമൊരുക്കാനും അതുവഴി ഗവണ്‍മെന്റിന്റെ പങ്കാളിത്തം പൂര്‍ണമായി നിരാകരിക്കാനുമുള്ള നിര്‍ദേശങ്ങളാണ് കമീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. വേണ്ടത്ര തെളിവുകളോ യുക്തിപൂര്‍ണമായ പിന്തുണയോ ഇല്ലാതെയാണ് പല നിര്‍ദേശങ്ങളും മുമ്പോട്ട് വെക്കപ്പെട്ടിട്ടുള്ളത്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് 2015 ആകുമ്പോഴേക്കും ഇന്ത്യയില്‍ 1500 സര്‍വകലാശാലകള്‍ വേണ്ടി വരുമെന്ന കണ്ടുപിടിത്തം! ചരിത്രപരമായി വസ്തുതകളെ കാണുന്ന രീതിതന്നെ കമീഷന്‍ കയ്യൊഴിഞ്ഞിരിക്കുന്നതുകൊണ്ട്, വസ്തുനിഷ്ഠമായ ഒരു പ്രശ്നത്തെപ്പോലും കണ്ടെത്താന്‍ കഴിയാതെ പോയി. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ ജെ ബി ജി തിലക് "ചരിത്ര നിരപേക്ഷമായ റിപ്പോര്‍ട്ട്'' എന്നു തന്നെയാണ് ദേശീയ വിജ്ഞാനകമീഷന്റെ റിപ്പോര്‍ട്ടിനെ വിലയിരുത്തിയിട്ടുള്ളത്.

ഇതിനുമുമ്പുണ്ടായിട്ടുള്ള വിദ്യാഭ്യാസകമീഷനുകളുടെ നിര്‍ദേശങ്ങളെക്കുറിച്ച് പരാമര്‍ശിക്കാന്‍പോലും ഈ റിപ്പോര്‍ട്ടില്‍ ഇടം കണ്ടെത്തിയിട്ടില്ല. 1985- 86 ആകുമ്പോഴേക്കും ദേശീയവരുമാനത്തിന്റെ 6% വിദ്യാഭ്യാസത്തിന് വേണ്ടി നീക്കിവെക്കണമെന്നും ഗവണ്‍മെന്റിന്റെ ശക്തമായ ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകണമെന്നുമുള്ള കോത്താരി കമീഷന്റെ ശുപാര്‍ശയെ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് പറയാനെങ്കിലും പെട്രോഡ കമീഷന് ബാധ്യതയുണ്ട്. സര്‍വകലാശാലകള്‍ പുതിയ ആശയങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനും സര്‍ഗാത്മകമാകാനുമുള്ള ശേഷി നേടേണ്ടതുണ്ട് എന്ന നിര്‍ദേശം എത്രയോ കാലമായി നിലനില്‍ക്കുന്നതാണ്. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഇപ്പോഴും ഇന്ത്യയിലെ സര്‍വകലാശാലകള്‍ക്ക് കഴിയുന്നില്ലെന്നതാണ് വാസ്തവം. ഇതിനുള്ള കാരണങ്ങള്‍ പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നിതിന് പകരം നിലവിലുള്ള സര്‍വകലാശാലാ ചട്ടങ്ങളില്‍ വേണ്ടത്ര അയവുവരുത്താനും 'പരിഷ്കാര'ങ്ങള്‍ വരുത്താനുമാണ് കമീഷന്റെ ശുപാര്‍ശ.

യൂണിവേഴ്സിറ്റികള്‍ 'രാഷ്ട്രീയവല്‍ക്കരിക്ക'പ്പെടുന്നതിനെക്കുറിച്ച് കമീഷന്‍ വലിയ ആധി പുലര്‍ത്തുന്നുണ്ട്. യൂണിവേഴ്സിറ്റികളുടെ മോശപ്പെട്ട പ്രവര്‍ത്തനത്തിന് കാരണമായി പെട്രോഡ കണ്ടെത്തുന്നത് വിദ്യാര്‍ഥികളുടെയും അധ്യാപകരുടേയും രാഷ്ട്രീയപ്രവര്‍ത്തനവും സെനറ്റ്, സിന്‍ഡിക്കേറ്റ് തുടങ്ങിയ ഭരണസമിതികളുടെ ഇടപെടലുമാണ്. ഇതെല്ലാം നിയന്ത്രിക്കണമെന്നും സര്‍വകലാശാലകള്‍ വലിപ്പത്തില്‍ ചെറുതായിരിക്കണമെന്നുമാണ് കമീഷന്റെ നിര്‍ദേശം. വിദ്യാര്‍ഥികളുടെയും സര്‍വകലാശാലാ ജീവനക്കാരുടെയും താല്‍പ്പര്യങ്ങള്‍ ഹനിക്കുന്ന ജനാധിപത്യവിരുദ്ധമായ ഇത്തരം നിര്‍ദേശങ്ങള്‍ക്കെതിരെ പൊതുജനവികാരം രൂപപ്പെടേണ്ടതുണ്ട്.

അധ്യാപകരുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഗവേഷണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുമുള്ള നിരവധി നിര്‍ദേശങ്ങള്‍ യു ജി സി തന്നെ മുന്നോട്ടുവെച്ചിട്ടുണ്ട്. അതിനെക്കുറിച്ചുള്ള പരാമര്‍ശം പോലും റിപ്പോര്‍ട്ടില്‍ ഇല്ല. മൂല്യനിര്‍ണയം പൂര്‍ണമായും അധ്യാപകന്റെ അധികാരപരിധിയില്‍ കൊണ്ടുവരണമെന്നും വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണമെന്നും വാദിക്കുന്ന പെട്രോഡ, ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് വ്യക്തം.

ഇന്ത്യയില്‍ 1500 സര്‍വകലാശാലകള്‍ ഉണ്ടാവണമെന്ന് പറയുമ്പോള്‍, ഇവയുടെ സാമ്പത്തിക സ്രോതസ്സെന്താണെന്ന ചോദ്യമുയരും. പെട്രോഡയുടെ ഉത്തരം ഋജുവും സരളവുമാണ്. സ്വകാര്യവല്‍ക്കരണം! വ്യവസായികള്‍ക്കാവശ്യമായ മാനവവിഭവമാണ് സര്‍വകലാശാലകള്‍ ഒരുക്കേണ്ടതെന്നും അതിനുപറ്റിയ കോഴ്സുകള്‍ സ്വാശ്രയമേഖലയില്‍ നടത്തണമെന്നുമാണ് നിര്‍ദേശം. വിദേശസര്‍വകലാശാലകളെ യഥേഷ്ടം ഇന്ത്യയിലേക്കാകര്‍ഷിച്ച്, അവയുമായുള്ള മല്‍സരത്തില്‍ പിന്തള്ളപ്പെടുന്ന ഇന്ത്യയിലെ സര്‍വകലാശാലകള്‍ "ലാഭകരമല്ലാത്ത''തിന്റെ പേരില്‍ അടച്ചുപൂട്ടുക. ഇത്തരം നീക്കങ്ങള്‍ക്കെതിരെയുള്ള രാഷ്ട്രീയസമരങ്ങളെ നിയമത്തിലൂടെയും അടിച്ചമര്‍ത്തലിലൂടെയും ഇല്ലാതാക്കുക. ദേശീയവിജ്ഞാനകമീഷന്‍ റിപ്പോര്‍ട്ടിന്റെ സാരാംശമിതാണ്. തങ്ങളുടെ നിര്‍ദേശങ്ങള്‍ക്കുള്ള ന്യായമായി കമീഷന്‍ പലപ്പോഴും ഉദ്ധരിക്കുന്നത്, സുപ്രീം കോടതി വിധികളെയാണ്. ഫീസ് വര്‍ധിപ്പിക്കുന്നതിനും വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കുന്നതിനുമുള്ള പിന്‍ബലവും കോടതി വിധികള്‍ തന്നെ.

ദേശീയ വരുമാനത്തിന്റെ 4% മാത്രമേ കേന്ദ്രഗവണ്‍മെന്റ് ഇപ്പോള്‍ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നുള്ളൂ. 3.7% മാത്രം ഇതിനായി നീക്കിവെച്ചിരുന്ന എന്‍ ഡി എ സര്‍ക്കാരിനേക്കാള്‍ മെച്ചപ്പെട്ടതാണ് ഈ തുക എങ്കിലും യു പി എ യുടെ 'പൊതുമിനിമം' പരിപാടിയില്‍ നിര്‍ദേശിച്ച 6% ഈ വകുപ്പില്‍ വകയിരുത്താന്‍ ഇതുവരെയായും ഗവണ്‍മെന്റിന് കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കേന്ദ്രഗവണ്‍മെന്റിന്റെ ഈ സമീപനം. 'വിദ്യാഭ്യാസത്തിനുള്ള അവകാശം' എന്നത് ഭരണഘടന പ്രദാനം ചെയ്യുന്ന മൌലികാവകാശങ്ങളിലൊന്നാണെങ്കിലും ഈ അവകാശ സംരക്ഷണത്തിനാവശ്യമായ നിയമനിര്‍മാണം രാജ്യത്ത് നടന്നിട്ടില്ല. വിദ്യാഭ്യാസ മേഖലയിലേക്ക് കച്ചവടം ലക്ഷ്യമാക്കി കടന്നവര്‍ക്ക് ഈ നിയമനിര്‍മാണം തടസ്സമാകുമെന്നതുകൊണ്ടാണ് അത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ തയ്യാറാകാത്തത്. പതിനൊന്നാം പദ്ധതിയില്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള നിര്‍ദേശമുണ്ട്, എന്നാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് 'യൂസര്‍ ഫീ' ഈടാക്കാനാണ് ഗവണ്‍മെന്റിന്റെ നീക്കം. ഇത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 100% നേരിട്ടുള്ള വിദേശനിക്ഷേപം (എഫ് ഡി ഐ) സ്വീകരിക്കാനും ഗവണ്‍മെന്റ് പരിപാടിയിട്ടിട്ടുണ്ട്. ലോകവ്യാപാര സംഘടനയുടെ ഗാട്ട് നിര്‍ദേശങ്ങളിലൊന്നാണിത്. ദേശീയ വിജ്ഞാന കമീഷന്റെ ചെയര്‍മാനായി സാംപെട്രോഡ അവതരിച്ചതെന്തുകൊണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.

സബ്സിഡികളെക്കുറിച്ചുള്ള 1997 ലെ ധനകാര്യമന്ത്രിയുടെ കുറിപ്പ്, അതിനെത്തുടര്‍ന്ന് അതേവര്‍ഷം ഒക്ടോബറില്‍ മാനവശേഷി വികസനമന്ത്രാലയത്തിനായി ഡോ. എം എം ജോഷി അവതരിപ്പിച്ച കുറിപ്പ്, ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് 1998 ലെ യുണസ്കോ പ്രമേയം എന്നിവയിലെല്ലാം സ്വകാര്യവല്‍ക്കരണത്തെക്കുറിച്ചുള്ള സൂചനകള്‍ ഉണ്ടായിരുന്നു. അതേസമയം സ്വകാര്യവല്‍ക്കരണം നടത്തുമ്പോള്‍ത്തന്നെ കച്ചവടതാല്‍പ്പര്യങ്ങള്‍ക്ക് മൂക്കുകയറിടണമെന്ന പരാമര്‍ശവും അതിലുണ്ടായിരുന്നു. എന്നാല്‍ കച്ചവടതാല്‍പ്പര്യമില്ലാത്ത സ്വകാര്യവല്‍ക്കരണം എന്നത് ഒരു തികഞ്ഞ മിഥ്യാ സങ്കല്‍പ്പമാണെന്ന് ഇപ്പോള്‍ ബോധ്യമായി. 2002 മാര്‍ച്ച് മാസത്തില്‍ പുറത്തുവന്ന അംബാനി ബിര്‍ള റിപ്പോര്‍ട്ട്, ഉന്നതവിദ്യാഭ്യാസമേഖലയിലെ സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നിവക്ക് പൂര്‍ണപിന്തുണ നല്‍കുന്ന ഒന്നായിരുന്നു. അതിന്റെ പിന്തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ ദേശീയ വിജ്ഞാന കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.

അജിത്ത് ജോഗി സര്‍ക്കാരിന്റെ കാലത്ത് ഛത്തീസ്ഘട്ടില്‍ 120 ഒറ്റമുറി സര്‍വകലാശാലകള്‍ ആരംഭിച്ചതിനെതിരെ സാമൂഹ്യപ്രവര്‍ത്തകനായ പ്രൊ. യശ്പാല്‍ കോടതിയെസമീപിച്ചതും അവ അടച്ചുപൂട്ടാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്. എന്നാല്‍ സ്വാശ്രയകോളേജുകളും സ്വയംഭരണ കോളേജുകളും രാജ്യത്തെമ്പാടും കൂണുകള്‍പോലെ മുളച്ചുപൊന്തുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇവക്കുള്ള നീതീകരണമായി വരും കാലങ്ങള്‍ ദേശീയ വിജ്ഞാനകമീഷന്‍ റിപ്പോര്‍ട്ട് പ്രവര്‍ത്തിച്ചേക്കാം. അതുകൊണ്ടുതന്നെ ജനാധിപത്യവാദികള്‍ പെട്രോഡ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്തു വരേണ്ടതുണ്ട്.

*
അനില്‍ ചേലേമ്പ്ര, കടപ്പാട്: യുവധാര