Showing posts with label പാലസ്തീന്‍. Show all posts
Showing posts with label പാലസ്തീന്‍. Show all posts

03 August, 2014

ഗാസ


"അത്യാധുനിക പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഗാസയിലെ അഭയാര്‍ഥികേന്ദ്രങ്ങളും സ്കൂളുകളും പള്ളികളും ചേരികളും ഇസ്രയേല്‍ ആക്രമിക്കുന്നത്. തിരിച്ചടിക്കാന്‍ സൈന്യമോ ആയുധങ്ങളോ സന്നാഹങ്ങളോ ഒന്നുമില്ലാത്ത ജനതയ്ക്കുനേരെയാണ് അതിക്രമം. എന്നിട്ടതിനെ യുദ്ധമെന്ന് വിളിക്കുന്നു. ഇത് യുദ്ധമല്ല, കൂട്ടക്കൊലയാണ്"
 
-- നോം ചോംസ്കി

ഇമാദ് ഇല്‍വന്‍ എന്ന ഏഴുവയസ്സുകാരന്‍ ഉമ്മയുടെ മടിത്തട്ടില്‍ നിശ്ചലനായി കിടന്നു. പൊതിഞ്ഞിരുന്ന തുണിക്കെട്ടും പിന്നിട്ട് അവന്റെ ചോര ഒഴുകിയെത്തിക്കൊണ്ടിരുന്നു. എങ്കിലും ആ ഉമ്മ, അല്ല, കുറെ ഉമ്മമാര്‍ അവനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു; ഒരിക്കലും ഉണരില്ലെന്ന് അറിഞ്ഞിട്ടും. മണിക്കൂറുകള്‍ക്കുമുമ്പുമാത്രമാണ് മറ്റൊരു മകന്റെ മൃതദേഹം ആ ഉമ്മയുടെ മടിത്തട്ടില്‍നിന്ന് കബറിടത്തിലേക്ക് മറഞ്ഞത്. 

* വടക്കന്‍ ഗാസയിലെ പള്ളികളിലൊന്നില്‍ ഒരുക്കിയ കുഴിമാടത്തിനുമുന്നില്‍ ഹിഷാം അബു തന്റെ മകളെ മാറോടടക്കി നിന്നു. അവളുടെ കവിളില്‍ ഒരു ചുംബനം. അവസാന ചുംബനം. ചുറ്റും നിന്നവര്‍ തേങ്ങലടക്കാന്‍ പാടുപെട്ടു. ആ കൊച്ചുകബറിടത്തില്‍ മകളുടെ ചേതനയറ്റ ശരീരത്തിനൊപ്പം തന്റെ തകര്‍ന്ന ഹൃദയംകൂടിയാണ് ആ അച്ഛന്‍ കുഴിച്ചുമൂടുന്നത്.

* ബെയ്ത് ഹാനൂണിലെ തെരുവിലൂടെ കുറെ മനുഷ്യര്‍. സങ്കടവും രോഷവും സഹിക്കാനാകാതെ പലരും ഉച്ചത്തില്‍ നിലവിളിക്കുന്നു. നോഹ മിസ്ലിയ എന്ന ഒരു വയസ്സുകാരിയുടെ മൃതദേഹം മറ്റാര്‍ക്കും കൈമാറാന്‍ പിതാവ് ഒരുക്കമല്ല. അവളുടെ മുറിവേറ്റ മുഖത്ത് നോക്കി ഇടയ്ക്കിടെ അയാള്‍ പൊട്ടിക്കരഞ്ഞു. "എന്റെ കുഞ്ഞ് എന്ത് തെറ്റുചെയ്തു?" ചേതനയറ്റ മകളുടെ കുഞ്ഞുശരീരം ആകാശത്തേക്കുയര്‍ത്തി ആ പിതാവ് ചോദിച്ചു. ഇല്ല, ലോകത്തിന് ഉത്തരമില്ല.

* ബെയ്ത് ലഹിയയിലെ തെരുവില്‍ തീഗോളം വന്നുവീണത് പെട്ടെന്നാണ്്. മണ്ണടിഞ്ഞ നിരവധി ജീവനുകള്‍ക്കിടയില്‍ ഒരു മൂന്നുവയസ്സുകാരിയും. അച്ഛന്‍ നല്‍കിയ കാശുമായി തൊട്ടടുത്ത കടയില്‍ മിഠായി വാങ്ങാനിറങ്ങിയതായിരുന്നു അവള്‍. പിടഞ്ഞുവീഴുമ്പോഴും ആ കുഞ്ഞുകൈയില്‍ മുറുകെപ്പിടിച്ചിരുന്നു ഏറെ കൊതിച്ച മിഠായിക്കുള്ള നാണയത്തുട്ട്.

* ഖാന്‍ യൂനിസിലെ ട്രക്കുകള്‍ നിറയെ സ്ത്രീകളും കുട്ടികളും. തിങ്ങിഞെരുങ്ങിയ ട്രക്കുകളില്‍നിന്ന് കുഞ്ഞുതലകള്‍മാത്രം പുറത്തേക്ക്. അവര്‍ പോവുകയാണ്. ബോംബുകള്‍ വീഴാത്ത ഏതെങ്കിലുമൊരിടം തേടി. മുതിര്‍ന്നവര്‍ക്കറിയാം, ആ ചെറുതുണ്ട് ഭൂമിയില്‍ അങ്ങനെയൊരിടം ഉണ്ടാകില്ലെന്ന്. എങ്കിലും കുഞ്ഞുകണ്ണുകളില്‍ പ്രതീക്ഷയുണ്ട്. ഗാസ മെഡിറ്ററേനിയന്‍ തീരത്ത് 40 കിലോമീറ്റര്‍ നീളവും ശരാശരി എട്ടു കിലോമീറ്റര്‍ വീതിയുമുള്ള ഈ മണ്‍ചീന്തില്‍നിന്ന് ഇത്തരത്തില്‍ ഒരായിരം ദൃശ്യങ്ങള്‍ വരച്ചുകാട്ടാനാകും.

ഭൗമോപരിതലത്തില്‍ ഏറ്റവും ജനനിബിഡമായ പ്രദേശങ്ങളിലൊന്നാണ് ഗാസ. ഏറ്റവുമധികം ദുരിതം പെയ്തിറങ്ങുന്നതും ഇവിടെത്തന്നെ. പേമാരിയോ ഭൂകമ്പമോ അല്ല. ആ വിനാശകാരിക്ക് പേര് ഇസ്രയേല്‍. ഇസ്രയേലിന്റെ പീരങ്കിവെടിയേറ്റാണ് ഇമാദും നോഹയുമെല്ലാം പിടഞ്ഞുവീണത്. ഹിറ്റ്ലറാല്‍ വേട്ടയാടപ്പെട്ട ജൂതന്മാരുടെ രാഷ്ട്രം നാസിഭീകരതയ്ക്കും അപ്പുറം തേടുകയാണ് പലസ്തീന്റെ മണ്ണില്‍. നാസികള്‍ ജൂതരോട് ചെയ്തതുതന്നെ ജൂതര്‍ പലസ്തീന്‍ ജനതയോട് ചെയ്യുന്നത് കാണുന്നതാണ് തന്റെ ഏറ്റവും വലിയ ദുഃഖമെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞിട്ടുണ്ട്. ഇത് എഴുതുമ്പോള്‍ ഗാസയിലെ ഇസ്രയേലി കടന്നാക്രമണത്തിന്റെ പുതിയ പതിപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 800 പിന്നിട്ടു. ഇതില്‍ ഇരുനൂറിലേറെയും പിഞ്ചുകുഞ്ഞുങ്ങള്‍. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥികേന്ദ്രത്തില്‍പ്പോലും ബോംബിടുന്നു സയണിസ്റ്റ് യുദ്ധവെറി. 'ഓപറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ്' എന്ന് പേരിട്ട ആക്രമണം രണ്ടാഴ്ച പിന്നിട്ടപ്പോള്‍ യുഎന്‍ കേന്ദ്രങ്ങളില്‍ അഭയംതേടിയത് ഒന്നരലക്ഷത്തോളംപേര്‍.

*****

പതിനെട്ടുലക്ഷത്തിലേറെയാണ് ഗാസയിലെ ജനസംഖ്യ. ഇതില്‍ പകുതിയോളവും കുട്ടികള്‍. ലോകത്ത് ഇങ്ങനെയൊരു സ്റ്റാറ്റിസ്റ്റിക്സ് മറ്റെവിടെയും ഉണ്ടാകില്ല. ഇസ്രയേലി ആക്രമണത്തിന് സ്ത്രീകളും കുട്ടികളും അബദ്ധത്തില്‍ ഇരയാവുകയല്ല. ബോധപൂര്‍വം കുരുന്നുകളെ കൊന്നൊടുക്കുകയാണ്. ഇസ്രയേലി വനിതാ എംപി അയലെത് ഷാക്കിദ് ഇക്കാര്യം വ്യക്തമാക്കി "എല്ലാ പലസ്തീന്‍കാരുടെയും അമ്മമാരെയും കൊന്നൊടുക്കണം. അവരാണ് കുഞ്ഞുപാമ്പുകളെ പെറ്റുതള്ളുന്നത്. അവരുടെ വീടുകള്‍ തകര്‍ക്കണം. എല്ലാ പലസ്തീന്‍കാരും നമ്മുടെ ശത്രുക്കളാണ്. അവരുടെ രക്തം നമ്മുടെ കൈകളില്‍ പുരളുകതന്നെ വേണം" അയലെത് പറഞ്ഞു. ഗാസയുടെ വിണ്ണും മണ്ണും വീട്ടില്‍നിന്ന് ഒരു വഴിക്കിറങ്ങുമ്പോള്‍ മുത്തച്ഛന്മാര്‍ ഇപ്പോഴും കിഴക്കും പടിഞ്ഞാറും ഒന്നു മലര്‍ന്ന് നോക്കാറുണ്ട് എങ്ങാനും മഴയ്ക്ക് സാധ്യതയുണ്ടോ. ഗാസയിലെ തിങ്ങിഞെരുങ്ങിയ ചെറുവീടുകളില്‍നിന്ന് ഇറങ്ങുംമുമ്പും മുത്തച്ഛന്മാര്‍മുതല്‍ പേരക്കുട്ടികള്‍വരെ ആകാശത്ത് പരതാറുണ്ട് ഒരു തീപ്പറവയുടെ കൊള്ളിയാന്‍ മിന്നുന്നുവോ? കാത് കൂര്‍പ്പിക്കാറുണ്ട് ഒരു യന്ത്രക്കാക്കയുടെ പോര്‍വിളി മുഴങ്ങുന്നുവോ? ശ്വാസം ഒന്നുള്ളിലേക്ക് എടുക്കാറുണ്ട് അകലെനിന്നെങ്ങാനും വെടിമരുന്നിന്റെ ഗന്ധം പരക്കുന്നുവോ?

നമ്മുടെ കുഞ്ഞുങ്ങള്‍ വല്ലപ്പോഴും മാനത്തേക്ക് നോക്കാറ് അമ്പിളിമാമനെ കാണാനാണ്. അല്ലെങ്കില്‍, ഒരു മഴവില്ലിന്റെയോ മേഘക്കീറിന്റെയോ മനോഹാരിത തേടി. ഗാസയിലെ കുട്ടികള്‍ സദാസമയവും മാനംനോക്കികളാണ്. അമ്പിളിയെയോ മഴവില്ലിനെയോ മേഘങ്ങളെയോ തേടിയല്ല അവരുടെ കുഞ്ഞുകൃഷ്ണമണികള്‍ ആകാശത്ത് ഓടിക്കളിക്കുന്നത്. തീതുപ്പുന്ന ചിറകുകളും രാക്ഷസന്റെ മുരള്‍ച്ചയുമായി ആ പറവയെത്തുന്നുവോ? കുഞ്ഞിക്കണ്ണുകള്‍ മാനത്ത് പരതുക അതാകും. വല്ലപ്പോഴുമല്ല, എല്ലായ്പോഴും അവര്‍ മാനം നോക്കിക്കൊണ്ടേയിരിക്കുന്നു. ഇസ്രയേലിന്റെ പോര്‍വിമാനങ്ങള്‍ പറന്നെത്തുന്നത് സമാനതകളില്ലാത്ത ക്രൂരതയുടെ ചിറകുമായാണ്. ആഹ്ലാദത്തിന്റെ നിറമല്ല ഗാസയുടെ ആകാശത്തിന്. അതിന് ഭീതിയുടെ കറുപ്പാണ്. മരണത്തിന്റെ നിറമില്ലായ്മയാണ്. വല്ലപ്പോഴുമെത്തുന്ന നീലിമയും പ്രശാന്തിയുടെ നിറമല്ല. അടുത്ത ദുരിതമഴയ്ക്കായി കാര്‍മേഘം മൂടാനുള്ള ഇടവേളമാത്രം. അങ്ങകലെ ഇസ്രയേലി കുന്നുകളിലിരുന്ന് ഗാസയുടെ ആകാശത്ത് വിരിയുന്ന തീപ്പൂക്കള്‍ കണ്ട് കരിമരുന്നുപ്രയോഗത്തിന്റെ ആവേശത്തോടെ ആര്‍പ്പുവിളിക്കുന്നവരുണ്ട്. പക്ഷേ, ഹൃദയമുള്ള ഒരു മനുഷ്യനും ആ ദൃശ്യങ്ങള്‍ ആസ്വദിക്കാനാകില്ല. പോര്‍വിമാനങ്ങള്‍ തീതുപ്പുന്ന ഗാസയുടെ ആകാശസൗന്ദര്യത്തെക്കുറിച്ച് ഒരു കവിക്കും എഴുതിക്കൂട്ടാനാകില്ല.

ഗാസയുടെ മണ്ണില്‍ ഏറെയുണ്ടാവുക എന്താണ്? സംശയിക്കേണ്ട. ഇസ്രയേല്‍ ചൊരിഞ്ഞ ബോംബുകളുടെ ശേഷിപ്പുകള്‍തന്നെ. ഒരുപക്ഷേ, ഗാസയില്‍ പൂക്കളേക്കാള്‍ കൂടുതല്‍ ബോംബുകളാണ്. മണ്‍വെട്ടിയുടെ നാല് വെട്ടില്‍ ഒരെണ്ണം ബോംബിന്‍ചീളില്‍ തറയ്ക്കാതിരിക്കില്ല. പതിറ്റാണ്ടുകളായി ഇസ്രയേല്‍ ചൊരിയുന്ന ബോംബുകളും മിസൈലുകളും പിളര്‍ക്കാത്ത ഒരിടവുമില്ല ഗാസയുടെ മണ്ണില്‍.

ഗാസയിലെ ജീവിതം

ഇസ്രയേലിന്റെ തോക്കിന്‍കുഴലിനുകീഴില്‍ ദുരിതങ്ങളോടുള്ള പോരാട്ടമാണ് ഗാസയിലെ ജീവിതം. പലസ്തീന്റെ ശൈശവം പിച്ചവയ്ക്കുന്നതും ബാല്യം ഓടിക്കളിക്കുന്നതും ഭീതിയുടെ നിഴലില്‍. വേദനയും കണ്ണീരും രോഷവും പ്രതിഷേധവുമെല്ലാം ചുറ്റും വളയപ്പെട്ട വലിയൊരു തടവറയില്‍. ആരും എപ്പോഴും വീണുപോയേക്കാം.

കുടുംബം പോറ്റാന്‍ തെരുവില്‍ വിയര്‍ക്കുന്ന ആണുങ്ങള്‍ക്കും തകര്‍ന്നടിഞ്ഞ സ്കൂളിന്റെ തകരാത്ത മൂലയില്‍ അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടുന്ന കുഞ്ഞുമക്കള്‍ക്കുമുള്ള പ്രാര്‍ഥനയാണ് ഗാസയിലെ പെണ്ണ്. ഇറങ്ങിപ്പോയാല്‍ തിരികെയെത്തുമെന്ന് ഒരുറപ്പുമില്ലാത്ത ജീവിതങ്ങള്‍ക്കായി വീട്ടകങ്ങളിലെ കാത്തിരിപ്പ്. മുറ്റത്തുനിന്ന് പെറുക്കിക്കൂട്ടിയ ബോംബിന്‍കൂടുകളില്‍ വളര്‍ന്ന പൂക്കളാല്‍ മകന്റെ കുഴിമാടത്തിന് അരികൊരുക്കുന്നത് അവളുടെ പ്രതിഷേധം.

ചിതറിത്തെറിച്ച മകളുടെ മൃതദേഹത്തിനുമുന്നില്‍ കരയാന്‍ മറന്നുപോയ ഒരു വിതുമ്പല്‍, മുറിവേറ്റ മക്കളെ തോളിലേറ്റി ആശുപത്രിയിലേക്കോടുന്ന നിലവിളി, ഭാര്യയുടെ വിങ്ങലിനും പെങ്ങളുടെ തേങ്ങലിനും മക്കളുടെ പേക്കിനാവിനും താങ്ങാകാന്‍ ഒരിടം... ഇതൊക്കെയാണ് ഗാസയിലെ ആണ്‍ജീവിതം.

. *****

ഗാസയിലെ വരുംതലമുറയുടെയും മാനസികാരോഗ്യത്തെ തകര്‍ക്കാന്‍കൂടി ലക്ഷ്യമിട്ടാണ് അമേരിക്കയുടെ അനുഗ്രഹാശിസ്സുകളോടെയുള്ള ഇസ്രയേലിന്റെ കൂട്ടക്കൊല. അമേരിക്കന്‍ സര്‍ക്കാരിനെത്തന്നെ നിയന്ത്രിക്കുന്നത് ജൂതലോബിയാണെന്ന് ബോധ്യമാകും ബറാക് ഒബാമയുടെ ഇസ്രയേലി വിധേയത്വം കണ്ടാല്‍. ലോകരാഷ്ട്രങ്ങളുടെ ശക്തമായ വികാരം മാനിച്ച് ഇസ്രയേലിനെതിരെ യുദ്ധക്കുറ്റം ചുമത്തേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭയ്ക്ക് പറയേണ്ടിവന്നു. ജൂലൈ 23ന് ജനീവയില്‍ ചേര്‍ന്ന യുഎന്‍ മനുഷ്യാവകാശസമിതിയില്‍ ഇസ്രയേലിനെ ശക്തമായി ന്യായീകരിച്ച ഏകരാജ്യം അമേരിക്കയാണ്. 47 അംഗ സമിതിയില്‍ 29 രാജ്യങ്ങള്‍ ഇസ്രയേലി ആക്രമണം അന്വേഷിക്കണമെന്ന പ്രമേയത്തെ പിന്തുണച്ചപ്പോള്‍, 17 യൂറോപ്യന്‍ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ശിഖണ്ഡികളായി. വിശ്വസമാധാനപാലകരെന്ന് സ്വയം മേനിനടിക്കുന്ന അമേരിക്കമാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തത്.

*****

കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് തെറ്റാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ നൂറുകണക്കിന് പ്രകടനങ്ങള്‍ നടത്തേണ്ടിവരുമ്പോഴാണ് മനുഷ്യത്വം മരിച്ചതായി നമുക്ക് ബോധ്യപ്പെടുക. നിങ്ങള്‍ ഇത്രയൊക്കെ ചെയ്തിട്ടും ഞങ്ങള്‍ ഇവിടെ ജീവിച്ചിരിക്കുന്നു എന്ന പ്രഖ്യാപനംതന്നെയാണ് സയണിസ്റ്റ് ഭീകരതയ്ക്കെതിരായ ഗാസയുടെ പ്രതിഷേധം. പാശ്ചാത്യലോകത്തിന്റെ തന്ത്രപരമായ നിഷ്പക്ഷതയ്ക്കും നിസ്സംഗതയ്ക്കുമുള്ള ചെകിട്ടത്തടിയുമാകുന്നു ഗാസയില്‍ ശേഷിക്കുന്ന ഓരോജീവനും. അതിലൊന്ന് നമ്മുടെ ഭരണാധികാരികളുടെ ചെകിട്ടിലും വീഴുന്നു.
--വിജേഷ് ചൂടല്‍

09 June, 2010

ലോകം ഗാസയായി മാറുമ്പോള്



ലോകസമാധാനത്തിനും മാനവികതക്കും ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തപ്പെടുന്നത് ഇസ്രാഈലില്‍ നിന്നാണെന്ന് തെളിയിക്കുന്ന നടുക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. സയണിസ്റ്റ് ഭരണകൂട ഭീകരതയാല്‍ വളയപ്പെട്ട ഗാസ ചീന്തില്‍ പതിനഞ്ചു ലക്ഷം ജനങ്ങളാണ് അധിവസിക്കുന്നത്. അതില്‍ പത്തു ലക്ഷത്തോളം പേരും ഫലസ്തീനില്‍ നിന്ന് ഓടിപ്പോന്നവരാണ്. സുന്നി മുസ്ളിങ്ങളാണ് കൂടുതലും. അവര്‍ക്കു നേരെ എല്ലായ്പോഴും ബോംബുകള്‍ വര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു. അവര്‍ക്ക് വേണ്ടത്ര ഭക്ഷണമോ ശുദ്ധജലമോ ഔഷധങ്ങളോ ചികിത്സയോ വിദ്യാഭ്യാസമോ തൊഴിലോ വരുമാനമോ ലഭിക്കുന്നില്ല. ആധുനിക ലോകത്തിനു മുമ്പില്‍ ഏറ്റവും വലിയ ചോദ്യചിഹ്നമായി നിലക്കൊള്ളുന്ന ഒരു തുറന്ന ജയിലാണ് ഗാസ ചീന്ത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പരോക്ഷവും പ്രത്യക്ഷവുമായ സഹായത്തോടെ, ഫലസ്തീനിനെ സമ്മര്‍ദ്ദത്തിലും വരുതിയിലും യുദ്ധഭീഷണിയിലും കീഴ്പ്പെടുത്തി വെച്ചിരിക്കുന്ന ഇസ്രാഈലിന്റെ നടപടികള്‍ക്കെതിരെ ഫലപ്രദമായി ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് ഐക്യരാഷ്ട്ര സഭ പോലും. ഗാസയിലെ ജനങ്ങള്‍ക്ക് ഔഷധങ്ങളും ഭക്ഷണവും മറ്റ് അത്യാവശ്യ സഹായവസ്തുക്കളുമായി പോകുകയായിരുന്ന കപ്പല്‍ വ്യൂഹത്തെ(ഫ്ളോട്ടില) അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തികള്‍ക്കകത്തു വെച്ച് ഇസ്രാഈല്‍ നിഷ്ഠൂരമായി ആക്രമിക്കുകയും സമാധാന നോബല്‍ സമ്മാന ജേതാവ് മൈറീഡ് മഗ്യൂറെയടക്കമുള്ള സമാധാനപ്രവര്‍ത്തകരെ പരിക്കേല്‍പിക്കുകയും പത്തിലധികം പേരെ കൊന്നൊടുക്കുകയും ചെയ്തിരിക്കുന്നു. ആറു കപ്പലുകളിലായി 37 രാജ്യങ്ങളില്‍ നിന്നുള്ള 663 സമാധാന പ്രവര്‍ത്തകരാണ് പതിനായിരം ടണ്‍ സഹായവസ്തുക്കളുമായി ഗാസയിലേക്ക് പോയിക്കൊണ്ടിരുന്നത്. അഷ്ദോദ് തുറമുഖത്തെത്തി ഇസ്രാഈലിന്റെ കര്‍ശന പരിശോധനകള്‍ക്കു ശേഷം മാത്രമേ മുന്നോട്ടു പോകാവൂ എന്ന സയണിസ്റ്റ് ആജ്ഞ ലംഘിച്ചതിനെ തുടര്‍ന്നാണ് ചരിത്രത്തില്‍ തന്നെ കേട്ടു കേള്‍വിയില്ലാത്ത വിധത്തിലുള്ള അക്രമപ്രവൃത്തിയിലേക്ക് ഇസ്രാഈല്‍ സൈന്യം നീങ്ങിയത്.

ലോകരാജ്യങ്ങളില്‍ ഭൂരിഭാഗവും ഈ നിഷ്ഠൂരതയെ അപലപിച്ചും പ്രതിഷേധിച്ചും രംഗത്തു വന്നപ്പോള്‍ അമേരിക്കന്‍ ഐക്യ നാടുകള്‍ രണ്ടു ദിവസത്തോളം മൌനം പാലിച്ചുകൊണ്ട് ഇസ്രാഈലിനെ പിന്തുണക്കുകയാണ് ചെയ്തത്. ബാരക്ക് ഹുസൈന്‍ ഒബാമ എന്ന ആഫ്രോ ഏഷ്യന്‍ വംശജനും അര്‍ദ്ധ മുസ്ളിമുമായ പ്രസിഡണ്ട് അവരോധിതനായതോടെ അമേരിക്കയുടെ സാമ്രാജ്യത്വ-അക്രമ മനോഭാവത്തില്‍ മാറ്റം വന്നേക്കുമെന്ന് കരുതിയിരുന്നവരെ ഇരുത്തി ചിന്തിപ്പിക്കുന്ന കാര്യമായി ഈ മൌനം അഥവാ സമ്മതം മാറുമോയെന്ന് കാത്തിരുന്നു കാണാം. ഒബാമ മുസ്ളിങ്ങളോട് സംസാരിക്കുന്നു എന്ന പേരില്‍ കയ്റോ മുതല്‍ തൃശ്ശൂര്‍ വരെ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നുകളില്‍ വിളമ്പിയ കോഴിക്കാലുകള്‍ കടിച്ചു വലിച്ചവര്‍ ഉപേക്ഷിച്ച എല്ലിന്‍ കഷണങ്ങളെങ്കിലും ഗാസയിലെ കുട്ടികള്‍ക്ക് എത്തിക്കാന്‍ ഒബാമ നോക്കികള്‍ തയ്യാറാകുമോ എന്നാണ് മനുഷ്യസ്നേഹികള്‍ക്ക് ചോദിക്കാനുള്ളത്. ഇന്ത്യന്‍ മനോഭാവവും നിരാശാജനകമായിരുന്നു. സമയബദ്ധവും നിഷ്പക്ഷവും ആധികാരികവും സുതാര്യവുമായ ഒരന്വേഷണം അതും അന്താരാഷ്ട്ര നിലവാരത്തിലുള്ളത് നടത്തി കുറ്റക്കാരെ ഉചിതമായ വിധത്തില്‍ ശിക്ഷിക്കണമെന്നാണ് ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ഈ മനുഷ്യവിരുദ്ധ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്.

2006ലെ തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം ഹമാസാണ് ഗാസയിലെ ഭരണം നടത്തി വരുന്നത്. ഹമാസിനോട് പ്രഖ്യാപിത യുദ്ധത്തിലാണ് തങ്ങള്‍ എന്നാണ് ഇസ്രാഈല്‍ പറയുന്നത്. അവരുടെ സഖ്യ ശക്തിയായ ഈജിപ്ത് ഗാസയുമായുള്ള അതിര്‍ത്തിയില്‍ ഉരുക്കു കൊണ്ടുള്ള കൂറ്റന്‍ മതില്‍ കെട്ടി വരുകയാണ്. ഇപ്പോഴുണ്ടായ ആക്രമണത്തെ ഈജിപ്തും നാസ സഖ്യത്തിലെ ഏക മുസ്ളിം രാജ്യമായ തുര്‍ക്കിയും ശക്തമായ ഭാഷയിലാണ് അപലപിച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. ഇറ്റലിയും നിക്കരാഗ്വയും അയര്‍ലണ്ടും ഉള്‍പ്പെടെ വലുതും ചെറുതുമായ ലോകരാജ്യങ്ങള്‍ ഇസ്രാഈലിനെ അപലപിക്കാന്‍ മുന്നിട്ടിറങ്ങി എന്നത് നിസ്സാര കാര്യമല്ല. പതിനെട്ടു മാസങ്ങള്‍ക്കു മുമ്പ്, ഗാസയിലെ ജനങ്ങള്‍ക്കു മേല്‍ ഇസ്രാഈല്‍ നടത്തിയ കുടിലമായ ആക്രമണത്തില്‍ 1400 പേരാണ് മരിച്ചുവീണത്(ഓപ്പറേഷന്‍ കാസ്റ്റ് ലീഡ്). അന്ന് ആഗോള തലത്തില്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ഫലസ്തീനിനോട് ഐക്യദാര്‍ഢ്യം വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. എന്നാല്‍, ലോകരാജ്യങ്ങളിലെ ഭരണാധികാരികളും സര്‍ക്കാരുകളും ഔദ്യോഗിക കാര്യങ്ങളുമായി ഫലത്തില്‍ നിശ്ശബ്ദത പുലര്‍ത്തിപ്പോരുകയായിരുന്നു ഇത്ര നാളും. അതിലൊരു മാറ്റം, മെഡിറ്ററേനിയനിലെ ആക്രമണത്തെ തുടര്‍ന്നുണ്ടായിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ സംഗതി. ഇസ്രാഈല്‍ വര്‍ഷിച്ച വെള്ള ഫോസ്ഫറസ് ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ തൊലികള്‍ പൊള്ളിച്ചുകൊണ്ടേ ഇരുന്നപ്പോള്‍, യൂറോപ്യന്‍ യൂണിയനിലെ പല ഭരണാധികാരികളും ജെറുസലേം സന്ദര്‍ശിച്ച് ഇസ്രാഈലിന്റെ ഔദ്യോഗിക വിരുന്നുണ്ണുകയായിരുന്നു. ഇപ്പോള്‍, യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കു നേരെ വരെ വെടിയുതിര്‍ക്കാന്‍ സയണിസ്റ് വേട്ടപ്പട്ടി(അതോ പേപ്പട്ടിയോ?) സന്നദ്ധമായിരിക്കുന്നു. ഇനിയും, സ്വരക്ഷക്കായുള്ള വെടിയും വേട്ടയും ഭ്രാന്തുമായി, ഇസ്രാഈല്‍ അധിനിവേശങ്ങളെ ന്യായീകരിക്കാന്‍ യൂറോപ്പിനും ലോകരാജ്യങ്ങള്‍ക്കും സാധ്യമാവുമോ? കാസ്റ്റ് ലീഡിനു ശേഷം ഇത്രയും നാള്‍ ഒരൊറ്റ രാജ്യവും ചികിത്സാ സഹായങ്ങള്‍ ഗാസയിലെത്തിച്ചിരുന്നില്ല എന്നോര്‍ക്കുക.

ലോക മാനവരാശി ഇപ്പോഴെന്താണ് ചെയ്യേണ്ടത് എന്നതിന് മെയ് 31 ആക്രമണത്തിനിടയില്‍, മാവി മാര്‍മര എന്ന തുര്‍ക്കി കപ്പലില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട പ്രസിദ്ധ സ്വീഡിഷ് എഴുത്തുകാരനായ ഹെന്നിംഗ് മാങ്കെല്‍ പറഞ്ഞതു തന്നെയാണ് ഉത്തരം. ദക്ഷിണാഫ്രിക്കയിലെ വര്‍ണ വെറിയന്‍ ഭരണകൂടത്തിനെതിരെ നാം പ്രയോഗിച്ച അതേ തന്ത്രങ്ങള്‍ ഇസ്രാഈലിനെതിരെയും നടത്തണം. ഉപരോധങ്ങളല്ലാതെ മറ്റൊരു പോംവഴിയുമില്ല. ഫ്രീഡം ഫ്ളോട്ടില അത്തരം മാനുഷികൈക്യത്തിന്റെ ഉത്തമ നിദര്‍ശനമായിരുന്നു. നമ്മുടെ കാലത്ത് ജീവിച്ചിരിക്കുന്ന നിസ്സഹായരായ മനുഷ്യരെ ക്രൂരതക്കും ഒറ്റപ്പെടുത്തലിനും സര്‍ക്കാരുകളുടെ സ്വാര്‍ത്ഥതകള്‍ക്കും വിധേയമാക്കി ഇല്ലാതാക്കുന്ന മനോഭാവത്തോടുള്ള അഹിംസയിലധിഷ്ഠിതമായ ഉജ്വലമായ ചെറുത്തുനില്‍പായിരുന്നു ആ കപ്പല്‍ വ്യൂഹം. വെറുതെയല്ല, ഇസ്രാഈലിനെ അത് വല്ലാതെ പ്രകോപിപ്പിച്ചത്. ഗാസയിലെ നിസ്സഹായരായ പതിനഞ്ചു ലക്ഷം ജനങ്ങളെ തുറന്ന ജയിലിലിട്ട് വംശഹത്യയിലേക്ക് നയിച്ചിരുന്ന ഇസ്രാഈല്‍, ഇപ്പോള്‍ വിവിധ ഭൂഖണ്ഡങ്ങളിലെ മുപ്പതിലധികം രാജ്യങ്ങളിലെ നൂറു കണക്കിന് മനുഷ്യാവകാശപ്രവര്‍ത്തകരെയാണ് ആക്രമിച്ചിരിക്കുന്നത്. അതായത്, സയണിസ്റ് ഭരണകൂട ഭീകരര്‍ ലോകത്തെ തന്നെയാണ് ആക്രമിച്ചിരിക്കുന്നത്. അതുകൊണ്ടാണ്, അലി അബുനിമാഹിനെപ്പോലുള്ള നിരീക്ഷകര്‍, ഈ ദിവസം ലോകം ഗാസയായി മാറി എന്നു വ്യാഖ്യാനിച്ചത്.

ഇസ്രാഈലിനും അവരെ സംരക്ഷിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനുമെതിരായ വിപുലമായ ജനകീയ ഐക്യമുന്നണി ലോകവ്യാപകമായി കെട്ടിപ്പടുക്കുക എന്നതാണ് അടിയന്തിരമായി നിര്‍വഹിക്കേണ്ട കര്‍ത്തവ്യം. ദിവസേന ഏഴു ദശലക്ഷം ഡോളര്‍ വിലക്കുള്ള ആയുധക്കൂമ്പാരങ്ങളാണ് അമേരിക്ക ഇസ്രാഈലിന് കൊടുത്തുകൊണ്ടിരിക്കുന്നത്. 118 അംഗരാഷ്ട്രങ്ങളുള്ള ചേരി ചേരാ പ്രസ്ഥാനം, 56 അംഗങ്ങളുള്ള ഇസ്ളാമിക് കോണ്‍ഫറന്‍സ് സംഘടന, 22 രാജ്യങ്ങളുള്ള അറബ് ലീഗ്, എന്നീ രാഷ്ട്ര മുന്നണികളെ നോക്കുകുത്തികളാക്കിക്കൊണ്ട് അമേരിക്കയും ഇസ്രാഈലും ലോകത്തെ തങ്ങളുടെ തോക്കിന്‍ മുനയില്‍ പേടിപ്പിച്ചു നിര്‍ത്തിയിരിക്കുന്നു എന്നതാണ് വാസ്തവം.

ജൂണ്‍ ഒന്നാം തീയതി ഉഗാണ്ടയിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി റിവ്യൂ സമ്മേളന വേദിയില്‍ ഒത്തു ചേര്‍ന്ന മുപ്പതോളം എന്‍ ജി ഒ കള്‍ സംയുക്തമായി അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ വെച്ചിരിക്കുന്ന അടിയന്തിരാവശ്യങ്ങള്‍ നടപ്പിലാക്കാന്‍ സമരങ്ങളും സമ്മര്‍ദ്ദങ്ങളും ഐക്യദാര്‍ഢ്യങ്ങളും ഇടവേളകളില്ലാതെ നടത്തുക എന്നതു മാത്രമാണ് നമുക്കു മുമ്പിലുമുള്ള പോംവഴി. അവരുടെ സംയുക്ത പ്രസ്താവനയിലെ പ്രധാന നിര്‍ദേശങ്ങളിവയാണ്: നിയമവിരുദ്ധമായി അടച്ചിട്ട ഗാസ ചീന്ത് തുറന്നിടുകയും ലോകവുമായുള്ള ബന്ധം പുനസ്ഥാപിക്കുകയും ചെയ്യുക; അധിനിവേശ ഫലസ്തീന്‍ പ്രവിശ്യകളിലെ പരിതസ്ഥിതികളെക്കുറിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ വിശദമായ പരിശോധന നടത്തുക; ഇസ്രാഈല്‍ നടത്തുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള തുടര്‍ച്ചയായ ക്രിമിനല്‍ നിയമലംഘനങ്ങള്‍ എന്തുകൊണ്ട് ശിക്ഷിക്കപ്പെടാതെ പോകുന്നു എന്ന പ്രശ്നം ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സിലിനു മുമ്പാകെ സെക്രട്ടറി ജനറല്‍ തന്നെ വിശദീകരിക്കുകയും ആഗോള നിയമങ്ങള്‍ പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക; ഇതു പ്രകാരം യു എന്‍ സുരക്ഷാ കൌണ്‍സില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക്(ഐ സി സി) കേസ് റഫര്‍ ചെയ്യുക; ഇതിനെ തുടര്‍ന്ന് ഐ സി സിയിലെ അംഗരാഷ്ട്രങ്ങള്‍ നയതന്ത്രപരവും നിയമനിര്‍വഹണപരവുമായ നീക്കങ്ങളിലൂടെ അധിനിവേശ ഫലസ്തീന്‍ പ്രവിശ്യകളില്‍ നിയമവും നീതിയും മനുഷ്യാവകാശങ്ങളും നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുക; മനുഷ്യാവകാശങ്ങള്‍ക്കായുള്ള യു എന്‍ ഹൈക്കമ്മീഷണര്‍ ഗാസ ചീന്തില്‍ അടിയന്തിര സന്ദര്‍ശനം നടത്തുക; അന്താരാഷ്ട്ര നീതി നിര്‍വഹണ/അന്വേഷണ സംവിധാനങ്ങളോട് ഇസ്രാഈല്‍ പരിപൂര്‍ണമായി സഹകരിക്കേണ്ടതാണ്.

ഈ ആവശ്യങ്ങള്‍ അസാധ്യവും പരുക്കനുമായി തോന്നിപ്പിക്കാമെങ്കിലും അവക്കു വേണ്ടി പൊരുതിയില്ലെങ്കില്‍ ഫലസ്തീനിലെ കുട്ടികളും സ്ത്രീകളും രോഗികളും വൃദ്ധരുമടക്കമുള്ള മുഴുവന്‍ ജനങ്ങളുടെയും കുരുതിയുടെ മുകളില്‍ കെട്ടിപ്പടുക്കപ്പെട്ട ഒന്നായിരിക്കും ലോകത്തിന്റെ വര്‍ത്തമാനവും ഭാവിയും എന്നതുറപ്പാണ്.
*
ജി. പി. രാമചന്ദ്രന്‍

03 June, 2010

ഇസ്രയേലിന്റെ പൈശാചികമായ ആക്രമണം

ഇസ്രയേലിന്റെ ഉപരോധംമൂലം ഭക്ഷ്യവസ്തുക്കളും ഔഷധവും മറ്റ് അവശ്യവസ്തുക്കളും ലഭിക്കാതെ പട്ടിണികിടന്ന് വലയുന്ന പലസ്തീന്‍ജനതയെ സഹായിക്കുന്നതിനായി 10,000 ട ദുരിതാശ്വാസ സാമഗ്രികളുമായി ഗാസയിലേക്ക് പോയ കപ്പല്‍വ്യൂഹത്തെ ആക്രമിച്ച് 20 നിരപരാധികളെ കൊലപ്പെടുത്തിയ ഇസ്രയേലിന്റെ പൈശാചികനടപടിയെ അപലപിക്കാന്‍ വാക്കുകള്‍ക്ക് മൂര്‍ച്ചപോരാ. എഴുനൂറോളം ജീവകാരുണ്യപ്രവര്‍ത്തകരാണ് കപ്പലുകളിലുണ്ടായിരുന്നത്. യാത്രികരില്‍ ഒരു നോബല്‍സമ്മാനജേതാവും യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളും മറ്റു നിരവധി പ്രമുഖ വ്യക്തികളും ഉണ്ടായിരുന്നു. ഗാസയില്‍നിന്ന് 65 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര സമുദ്രപാതയിലാണ് ആക്രമണം നടന്നത്. കപ്പലിലെ യാത്രക്കാരില്‍നിന്ന് പ്രകോപനപരമായ ഒരു നടപടിയും ഉണ്ടായിരുന്നില്ല. പലസ്തീന്‍ജനതയോട് സഹതാപം കാണിക്കുന്നവരാണെന്ന ഏകകാരണത്താല്‍ ഇസ്രയേല്‍സേന കല്‍പ്പിച്ചുകൂട്ടി വെടിയുതിര്‍ക്കുകയായിരുന്നു. അമ്പതിലധികംപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം മനുഷ്യസ്നേഹികളെയാകമാനം ക്ഷുഭിതരാക്കിയിരിക്കയാണ്. ഇസ്രയേല്‍ പലസ്തീന്‍ജനതയ്ക്കെതിരെ ആക്രമണം നടത്തുന്നത് ആദ്യത്തെ സംഭവമല്ല. നിരവധി വര്‍ഷങ്ങളായി ആക്രമണം തുടരുകയാണ്. കഴിഞ്ഞവര്‍ഷമാണ് ഗാസയിലെ ജനങ്ങള്‍ക്കെതിരെ ആക്രമണം സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അന്താരാഷ്ട്രസമൂഹം ഇസ്രയേലിന്റെ ആക്രമണങ്ങളെ തള്ളിപ്പറയാനിടയായി. എന്നാല്‍, അമേരിക്കന്‍ ഐക്യനാടുകളിലെ ഭരണാധികാരികള്‍ ഇസ്രയേലിനെ ആക്രമണത്തിന് പ്രേരിപ്പിക്കുകയാണ് ചെയ്തത്. ഇസ്രയേലി ഭരണാധികാരികള്‍ അമേരിക്കയുടെ പാവയാണെന്ന വസ്തുത ലോകമാകെ അറിയുന്നതാണ്. ഇസ്രയേലിന്റെ ശക്തി അമേരിക്കയുടെ ശക്തിയാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് സ്വന്തം നിലയില്‍ ചെയ്യാന്‍ മടിയുള്ള ക്രൂരകൃത്യം ഇസ്രയേലിനെക്കൊണ്ടാണ് ചെയ്യിക്കാറുള്ളത്. ഒബാമ അമേരിക്കയുടെ പ്രസിഡന്റായി അധികാരമേറ്റതോടെ സമീപനത്തില്‍ മാറ്റംവരുമെന്ന് സമാധാനപ്രേമികളും മനുഷ്യസ്നേഹികളുമായ ചിലരെങ്കിലും പ്രതീക്ഷിച്ചുകാണും. എന്നാല്‍, ഇസ്രയേലിനെ ആക്രമണത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കാന്‍ അമേരിക്കന്‍ ഭരണാധികാരികള്‍ തയ്യാറില്ലെന്നതാണ് വസ്തുത. ലോക പൊതുജനാഭിപ്രായം ശക്തിയോടെ ഉയര്‍ന്നുവരുമ്പോള്‍ താല്‍ക്കാലികാശ്വാസത്തിനായി ചിലപ്പോള്‍ അമേരിക്കന്‍ ഭരണാധികാരികള്‍ അധര സേവനംകൊണ്ട് തൃപ്തിപ്പെടുന്നതാണ് കാണുന്നത്. പലസ്തീന്‍ജനതയുടെ ദുരിതവും കഷ്ടപ്പാടും അനുനിമിഷം വര്‍ധിച്ചുവരികയുമാണ്. സ്വന്തമായി ഒരു രാഷ്ട്രം എന്ന പലസ്തീന്‍ജനതയുടെ ചിരകാലസ്വപ്നം ചക്രവാളംപോലെ അടുക്കുംതോറും അകന്നകന്ന് പോകുന്നതാണ് നാം കാണുന്നത്. ഇസ്രയേലിന്റെ ഏറ്റവും ഒടുവിലത്തെ ക്രൂരമായ ആക്രമണത്തെ നിരവധി രാഷ്ട്രങ്ങള്‍ അപലപിക്കാന്‍ തയ്യാറായത് ആശ്വാസകരമാണ്. ആക്രമണം നടന്ന ഉടനെ ഇസ്താംബൂള്‍, അങ്കാറ, അമ്മാന്‍ തുടങ്ങിയ മുസ്ളിംരാഷ്ട്ര തലസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് ജനങ്ങള്‍ ഇസ്രയേല്‍വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി തെരുവിലിറങ്ങി അടങ്ങാത്ത അമര്‍ഷം പ്രകടിപ്പിച്ചത് ശ്രദ്ധേയമാണ്. ഇസ്രയേലിന്റെ അടുത്ത സുഹൃദ് രാജ്യങ്ങളായ തുര്‍ക്കി, ഈജിപ്ത് എന്നിവിടങ്ങളിലെ ഭരണാധികാരികളും സംഭവത്തെ അപലപിക്കാന്‍ തയ്യാറായത് ശുഭസൂചകമാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും പ്രതിഷേധം ആളിക്കത്താന്‍ തുടങ്ങിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂ, ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്‍കോസി, ജര്‍മന്‍ ചാന്‍സലര്‍ അഞ്ജല മര്‍ക്കല്‍, റഷ്യന്‍ പ്രസിഡന്റ് എന്നിവരെല്ലാം ഇസ്രയേലിന്റെ മനുഷ്യത്വരഹിതമായ ആക്രമണത്തെ ശക്തിയായ ഭാഷയില്‍ അധിക്ഷേപിച്ചിട്ടുണ്ട്. പല രാജ്യങ്ങളും ഇസ്രയേലില്‍നിന്ന് അംബാസഡര്‍മാരെ തിരിച്ചുവിളിക്കാനും തയ്യാറായിട്ടുണ്ട്. ഈ വിധത്തില്‍ വിവിധ രാജ്യങ്ങളുടെ പ്രതികരണം വന്നുകൊണ്ടിരിക്കുമ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നും ബുദ്ധന്റെയും അശോകന്റെയും ഗാന്ധിജിയുടെയും നാടെന്നും അഭിമാനിക്കുന്ന ഇന്ത്യയുടെ പ്രതികരണം കാണാനിടയായില്ലെന്നത് ലജ്ജാകരമാണ്. ഇന്ത്യന്‍ ഭരണാധികാരികളുടെ സാമ്രാജ്യത്വപാദസേവ ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് ഉടന്‍ പ്രതികരണമില്ലാതെപോയത്. ഇസ്രയേലില്‍നിന്ന് ഏറ്റവുമധികം ആയുധം വാങ്ങിക്കൂട്ടുന്ന രാജ്യമാണ് ഇന്ത്യ. ഗാസയിലെ നിരപരാധികളെ പട്ടിണിക്കിട്ട് കൊല്ലാന്‍ ഇന്ത്യ നല്‍കുന്ന പണവും ഉപയോഗപ്പെടുത്തുന്നു. മുമ്പ് ഇസ്രയേലുമായി ഇന്ത്യക്ക് തന്ത്രബന്ധമില്ലായിരുന്നു. ഇറാനുമായി നല്ല ബന്ധമുണ്ടായിരുന്നു. എന്നാല്‍, അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇറാനെതിരെ ഇന്ത്യ വോട്ടുചെയ്തതെന്ന് വ്യക്തം. ഇറാനില്‍നിന്ന് പ്രകൃതിവാതകം വാങ്ങാനുള്ള ശ്രമം ഫലത്തില്‍ ഉപേക്ഷിച്ചത് അമേരിക്കയുടെ ഭീഷണിമൂലമാണെന്നത് പരക്കെ അറിയപ്പെടുന്ന സത്യമാണ്. അതുകൊണ്ടുതന്നെയാണ് ഇസ്രയേല്‍ ആക്രമണത്തെ കേന്ദ്രസര്‍ക്കാര്‍ പരസ്യമായി അപലപിക്കണമെന്ന് സിപിഐ എമ്മിന് ആവശ്യപ്പെടേണ്ടിവന്നത്. ഗാസയ്ക്കെതിരെയുള്ള അനധികൃത ഉപരോധം പിന്‍വലിക്കുന്നതിന് ഐക്യരാഷ്ട്രസഭയിലെ ചേരിചേരാ രാഷ്ട്രങ്ങളുമായി ചേര്‍ന്ന് ഇസ്രയേലിനുമേല്‍ സമ്മര്‍ദംചെലുത്താന്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടത്. ഇന്ത്യയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ഈ നടപടി സഹായിക്കും. ജവാഹര്‍ലാല്‍ നെഹ്റുവിന്റെയും വി കെ കൃഷ്ണമേനോന്റെയും കാലത്തെ വിദേശനയം ആരും ഓര്‍ത്തുപോകും. ഐക്യരാഷ്ട്രസഭയില്‍ കൃഷ്ണമേനോന്‍ നടത്തിയ സുദീര്‍ഘവും ഐതിഹാസികവുമായ പ്രസംഗം ഇന്നും ജനമനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ടാകും. സാമ്രാജ്യവിരുദ്ധ പാരമ്പര്യത്തിന്റെ മഹത്തായ പതാക കോഗ്രസ് ഭരണാധികാരികള്‍ വലിച്ചെറിഞ്ഞത് ഇന്ത്യക്ക് അപമാനമാണ്. നഷ്ടപ്പെട്ടത് വീണ്ടെടുക്കാനുള്ള അവസരമാണിത്. ലോകജനതയില്‍നിന്ന് ഇസ്രയേല്‍ ഒറ്റപ്പെടുകയാണ്. ഇസ്രയേലിന് പ്രോത്സാഹനവും പ്രചോദനവും പിന്തുണയും നല്‍കുന്ന അമേരിക്കന്‍ ഐക്യനാടുകളുടെയും ഗതി അതുതന്നെയാണ്. ഈ അവസരത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും പുനര്‍വിചിന്തനത്തിന് തയ്യാറാകണം. ജീവകാരുണ്യപ്രവര്‍ത്തകര്‍ക്കുനേരെയുള്ള ഇസ്രയേലിന്റെ പൈശാചികമായ ആക്രമണത്തെ കടുത്തഭാഷയില്‍ അപലപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഇസ്രയേലില്‍നിന്ന് ഇന്ത്യയുടെ അംബാസഡറെ തിരിച്ചുവിളിക്കുകയും വേണം. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പദവി ഉയര്‍ത്തിപ്പിടിക്കാന്‍ അതുമാത്രമാണ് പോംവഴി.
*
കടപ്പാട്: ദേശാഭിമാനി

16 February, 2009

ഞാന്‍ എന്റേതല്ല

"അവര്‍ അവന്റെ വായില്‍
ചങ്ങലകൊണ്ടു തൊങ്ങല്‍വെച്ചു.
കൈകള്‍ മരിച്ചവരുടെ പാറമേല്‍ കൂട്ടിക്കെട്ടി
എന്നിട്ടവര്‍ പറഞ്ഞു: നീ കൊലയാളിയാണ്.

അവരവന്റെ തീറ്റിയും ഉടുപ്പും കൊടിയും തട്ടിപ്പറിച്ചു,
അവനെ മരിച്ചവരുടെ കിണറ്റിലെറിഞ്ഞു
എന്നിട്ടവര്‍ പറഞ്ഞു: നീ കള്ളനാണ്

അവരവനെ എല്ലാ തുറമുഖങ്ങളില്‍നിന്നും പുറത്താക്കി,
അവന്റെ യുവപ്രണയിനിയെ തട്ടിക്കൊണ്ടുപോയി
എന്നിട്ടവര്‍ പറഞ്ഞു: നീ അഭയാര്‍ഥിയാണ്.''

2003 ല്‍ ഫ്രാന്‍സിലെ 'ലാ റോഷേല്‍' പട്ടണത്തില്‍വെച്ചു പലസ്തീന്‍ കവി മഹമൂദ് ദാര്‍വീഷിനെ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ ഞാനോര്‍ത്തത് ഈ കാവ്യശകലമായിരുന്നു. 'പ്രാങ്തോംപ് ദ് പോയെറ്റ് (കവികളുടെ വസന്തം) എന്ന ഫ്രഞ്ച് കാവ്യവസന്തോത്സവത്തില്‍ അഞ്ചു നഗരങ്ങളില്‍ കവിത വായിക്കാന്‍ ക്ഷണിക്കപ്പെട്ടവരായിരുന്നു ഞങ്ങള്‍. അദ്ദേഹത്തിന്റെ പല കവിതകളും ഞാന്‍ വായിച്ചിട്ടുണ്ടെന്നും ചിലതു പരിഭാഷ ചെയ്തിട്ടുണ്ടെന്നും കേരളത്തില്‍ അദ്ദേഹത്തിന് ആരാധകരുണ്ടെന്നും പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു സന്തോഷമായി. ദാര്‍വീഷ് നന്നായി ഇംഗ്ളീഷ് സംസാരിച്ചിരുന്നു, അതിലും നന്നായി ഫ്രഞ്ചും. വികാരവത്തായിരുന്നു അദ്ദേഹത്തിന്റെ കവിതവായന. ഏറെയും മുക്തഛന്ദസ്സില്‍; പാടാവുന്നവയും ചിലത്. പല അറബി സംഗീതജ്ഞരും ദാര്‍വീഷിന്റെ ഒലീവും തുളസിയും മണക്കുന്ന കവിതകള്‍ക്കു സംഗീതം നല്‍കിയിട്ടുണ്ട്; അറബി സാഹിത്യം പഠിപ്പിക്കുന്നിടത്തെല്ലാം ദാര്‍വീഷിന്റെ കവിതകള്‍ പാഠപുസ്തകങ്ങളിലുമുണ്ട്.

മഹമൂദ് ദാര്‍വീഷ് നാടുകടത്തലിന്റെയും ചെറുത്തുനില്പിന്റെയും കവിയാണ്. നാടുകടത്തലെന്നത്, എഡ്വേഡ് സയ്ദിന്റെ ഭാഷയില്‍, ഒരു മനുഷ്യനും ജന്മദേശവും തമ്മിലും സ്വത്വവും അതിന്റെ യഥാര്‍ഥ ഗേഹവും തമ്മിലുമുള്ള ചികിത്സിച്ചുണക്കാനാകാത്ത വേര്‍പെടലാണ്. സയ്ദ് തന്നെ പറയുന്നുണ്ട്, നാടുകടത്തലിന്റെ അപഭംഗങ്ങളിലും വിഛേദങ്ങളിലും നിന്ന് ഒരു സ്വത്വത്തെ പുനഃസ്വരൂപിക്കുവാനുള്ള ത്വരയാണ് ദാര്‍വീഷിന്റെ ആദ്യകാല കവിതകളുടെ പ്രചോദനം എന്ന്. 'നഷ്ടത്തിന്റെ ഭാവഗീതങ്ങളെ അനന്തമായി നീട്ടിവെയ്ക്കപ്പെടുന്ന' തിരിച്ചുവരവിന്റെ നാടകമായി മാറ്റുവാനുള്ള മഹാകാവ്യതുല്യമായ പരിശ്രമം' എന്നാണ് സയ്ദ് തന്റെ ആത്മസുഹൃത്തായിരുന്ന ദാര്‍വീഷിന്റെ കാവ്യസാകല്യത്തെ വിശേഷിപ്പിക്കുന്നത് (Reflections on Extie). തന്റെ വീടില്ലായ്മയെ അപൂര്‍ണമോ പൂര്‍ത്തിയാക്കപ്പെടാത്തതോ ആയ വസ്തുക്കളുടെയും കാര്യങ്ങളുടെയും ഒരു പട്ടികയിലൂടെ ദാര്‍വീഷ് അവതരിപ്പിക്കുന്നുണ്ട്:

'പക്ഷേ ഞാന്‍ നാടുകടത്തപ്പെട്ടവനാണ്

എന്നെ നിന്റെ കണ്ണുകള്‍കൊണ്ടു മുദ്രവെയ്ക്കുക
നീ എവിടെയായാലും അവിടേയ്ക്ക് എന്നെ കൊണ്ടുപോവുക
നീ എവിടെയായാലും അവിടേയ്ക്ക് എന്നെ കൊണ്ടുപോവുക
എനിക്കെന്റെ മുഖത്തിന്റെ നിറം തിരിച്ചുതരിക

ഉടലിന്റെ ഊഷ്മളതയും
ഹൃദയത്തിന്റെയും കണ്ണുകളുടെയും പ്രകാശവും
അപ്പത്തിന്റെയും താളത്തിന്റെയും ലവണവും
മണ്ണിന്റെ രുചിയും... ജന്മനാട്

നിന്റെ കണ്ണുകള്‍കൊണ്ടെന്നെ കാക്കുക
വിഷാദത്തിന്റെ കൊട്ടാരത്തില്‍ നിന്ന്
ഒരവശിഷ്ടംപോലെ എന്നെ എടുക്കുക

എന്റെ ദുരന്ത നാടകത്തില്‍ നിന്ന്
ഒരു പദ്യത്തെപ്പോലെ എന്നെ എടുക്കുക
ഒരു കളിപ്പാട്ടമായി, വീട്ടില്‍നിന്നൊരിഷ്ടികയായി
എന്നെ എടുക്കുക, നമ്മുടെ കുട്ടികള്‍
തിരിച്ചു വരാനോര്‍മിക്കട്ടെ.'

മണ്ണിന്റെ ഖരതയും സംതൃപ്തിയുമായുള്ള ബന്ധം അറ്റുപോകുന്നതാണ് നാടുകടത്തലിന്റെ ദുരന്തമെന്ന് ദാര്‍വീഷിനു നന്നായറിയാമായിരുന്നു, തിരിച്ചുവരവ് അസാധ്യമെന്നും.

മഹമൂദ് ദാര്‍വീഷ് പ്രാഥമികമായും ഒരു രാഷ്ട്രീയകവിയായിരുന്നു, ജീവിതത്തിന്റെയും മരണത്തിന്റെയും നിഗൂഢതയില്‍നിന്നദ്ദേഹം മുഖം തിരിച്ചില്ലെങ്കിലും. 1984 ലെ ആദ്യത്തെ ഹൃദയാഘാതത്തിനുശേഷം താന്‍ 'അനന്തത' എന്നു വിളിക്കുന്ന മരണം അദ്ദേഹത്തിന്റെ മുഖ്യപ്രമേയങ്ങളിലൊന്നായിരുന്നു. 'ചുവര്‍ചിത്രം' എന്ന കവിതയിലദ്ദേഹമെഴുതി, "യാത്ര പറയാനുള്ള സാധ്യമായ എല്ലാ ഹേതുക്കളും എന്നില്‍ നിറഞ്ഞിരിക്കുന്നതുകൊണ്ട് ഞാന്‍ പറയട്ടെ: ഞാന്‍ എന്റേതല്ല, ഞാന്‍ എന്റേതല്ല, ഞാന്‍ എന്റേതല്ല.'' ഈ വരികള്‍ 'ഞാന്‍ ഇനിമേല്‍ എന്നില്‍തന്നെ ഒടുങ്ങുന്നില്ല' എന്ന പാബ്ളോനെരൂദയുടെ വരിയെ ('എന്റെ രാഷ്ട്രീയ കക്ഷിക്ക്') അനുസ്മരിപ്പിക്കുന്നുവെങ്കില്‍ അതിലത്ഭുതപ്പെടാനില്ല: ദാര്‍വീഷ് ആദ്യം വായിച്ച മൂന്നു കവികള്‍ ഹീബ്രൂ പരിഭാഷയിലൂടെ കണ്ടെത്തിയ ലോര്‍ക്കയും നെരൂദായും ഹിബ്രൂകവിയായ യെഹൂദാ അമിച്ചായിയും ആയിരുന്നു. തന്റെ കവിതയുടെ വിരുദ്ധാകര്‍ഷണങ്ങളെക്കുറിച്ച് ദാര്‍വീഷിനു നന്നായറിയാമായിരുന്നു. 'ന്യൂയോര്‍ക്ക് ടൈംസി'നു നല്‍കിയ ഒരഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്: "ഞാന്‍ ശുദ്ധകവിതയോടു കൂടുതലടുക്കുമ്പോള്‍ പലസ്തീന്‍കാര്‍ പറയും, താങ്കളെന്തായിരുന്നുവോ അതിലേയ്ക്കു തിരിച്ചുപോകാന്‍. പക്ഷേ ഞാന്‍ അനുഭവത്തില്‍നിന്ന് ഒരു കാര്യം പഠിച്ചിട്ടുണ്ട്. വായനക്കാര്‍ എന്നെ വിശ്വസിക്കുന്നുണ്ടെങ്കില്‍ എനിക്കവരെ എന്നോടൊപ്പം കൊണ്ടുപോകാന്‍ കഴിയും. എനിക്കു ആത്മാര്‍ഥതയുണ്ടെങ്കില്‍ എനിക്കെന്റെ ആധുനികത സൃഷ്ടിക്കാനും എന്റെ കളികള്‍ കളിക്കാനും കഴിയും''. ആധുനികനായിരിക്കെത്തന്നെ ദാര്‍വീഷിന് ആധുനികതയുടെ തീവ്രരൂപങ്ങളോട് ആഭിമുഖ്യമില്ലായിരുന്നു; അറബിക്കവിതയുടെ സ്രോതസ്സുകളെയും പാരമ്പര്യങ്ങളെയും കൈവിടാതെതന്നെ അതിനെ ലോകകവിതയ്ക്കു സമശീര്‍ഷമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം എഴുതുകയും തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയമായ ബിംബാവലി, അടിയന്തര പ്രാധാന്യമുള്ള പ്രമേയങ്ങള്‍, ഭാവഗീതാത്മകമായ ലാളിത്യം, സ്വത്വപരമായ ഉത്കണ്ഠ ഇവയാണ് ദാര്‍വീഷിന്റെ ആദ്യകാല കവിതയെ നിര്‍വചിച്ചത്. പിന്നീടദ്ദേഹത്തിന്റെ കവിത കൂടുതല്‍ സാന്ദ്രമാകുന്നു, ബിംബങ്ങള്‍ സങ്കീര്‍ണമാകുന്നു, ഘടനകള്‍ക്ക് പല തലങ്ങള്‍ കൈവരുന്നു. പ്രധാനകാര്യം ആധുനിക കാലത്തെ അറബിയുടെ ഭൌതികവും ആന്തരികവുമായ ജീവിതം ആവിഷ്കരിക്കാനുതകുന്ന ഒരു അറബികാവ്യ ശൈലി അദ്ദേഹം സ്വരൂപിച്ചു എന്നതാണ്; അങ്ങനെ 'അറബിഭാഷയുടെ രക്ഷകന്‍' എന്ന പദവി അദ്ദേഹം നേടി. പലസ്തീനിയന്‍ അവബോധം രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു; അദ്ദേഹത്തിന്റെ രചനകള്‍ ആധുനിക അറബിസംസ്കാരത്തിന്റെ തന്നെ ഇഴകളായി മാറുകയും ചെയ്തു. രൂപമാത്രവാദികളായ കവികള്‍ക്ക് ഒരു മറുപാഠം.

രണ്ട്

മഹമൂദ് ദാര്‍വീഷ് ബിര്‍വാ ഗ്രാമത്തിലാണു ജനിച്ചത്, 1941 മാര്‍ച്ച് 15 ന്. മാതാപിതാക്കള്‍ കര്‍ഷകവൃത്തിയില്‍ മുഴുകിയിരിന്നതിനാല്‍ മുത്തച്ഛനാണ് ദാര്‍വീഷിനെ വളര്‍ത്തിയത്. ആറാംവയസ്സില്‍ ഇസ്രയേല്‍ തന്റെ ഗ്രാമത്തെ ആക്രമിച്ചതിനെത്തുടര്‍ന്ന് ദാര്‍വീഷിന് മാതാപിതാക്കള്‍ക്കൊപ്പം ലെബനോണിലേക്ക് ഓടിപ്പോകേണ്ടിവന്നു. തിരിച്ചുവന്നപ്പോള്‍ ഗ്രാമം മുഴുവന്‍ നശിച്ചിരുന്നു; വയലുകളും നഷ്ടമായ കുടുംബം ഗലീലിയില്‍ താമസമാക്കി. വീട്ടില്‍ പുസ്തകങ്ങളില്ലായിരുന്നു; ഇസ്രയേലി പട്ടാളത്തില്‍നിന്ന് ഓടിപ്പോന്ന് അലയുന്ന ഒരു പാട്ടുകാരന്റെ പാട്ടുകള്‍ ആയിരുന്നു ദാര്‍വീഷിന്റെ ആദ്യ കാവ്യാനുഭവം; സഹോദരന്റെ പ്രേരണയിലാണ് ആദ്യം കവിതകളെഴുതിയത്. 1948 മുതല്‍ 86 വരെ ഇസ്രയേലിലെ അറബികള്‍ രണ്ടാംകിട പൌരന്മാരായിരുന്നു. അവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും ഇല്ലായിരുന്നു. ഇസ്രയേലിന്റെ സ്ഥാപനദിനാഘോഷങ്ങളോട് ദാര്‍വീഷ് വിമുഖനായിരുന്നു; സ്കൂളില്‍വെച്ചഴുതിയ ആദ്യകവിതതന്നെ ഒരു മുസ്ലിം കുട്ടിയും ജൂതക്കുട്ടിയും തമ്മിലുള്ള സംഭാഷണമായിരുന്നു. നാടും കളിയും കളിപ്പാട്ടവും ആഘോഷങ്ങളുമില്ലാത്ത താന്‍ ഇതെല്ലാമുള്ള അവന്റെ കൂടെ കളിച്ചോട്ടേ എന്ന് മുസ്ലിം ബാലന്‍ യഹൂദബാലനോടു പറയുന്നു. ഈ കവിത അധികാരികളെ പ്രകോപിപ്പിച്ചു; മിലിട്ടറിഗവര്‍ണര്‍ കുട്ടിയെ വിളിച്ച് ഇനി ഇങ്ങനെ എഴുതിയാല്‍ അച്ഛന് കല്ലുവെട്ടുന്ന ജോലി നഷ്ടപ്പെടുമെന്നു താക്കീതു നല്‍കി. ബെയ്റൂത്തില്‍ 'അല്‍-ഷീര്‍' എന്ന മാസികയ്ക്കു ചുറ്റും അഡോണിസ്, നിസാര്‍ ഖബ്ബാനി തുടങ്ങിയവരുടെ മുന്‍കൈയില്‍ ആധുനികമായ ഒരറബിക്കവിത വളര്‍ന്നുവരുന്ന സമയമായിരുന്നു അത്. എന്നാല്‍ ദാര്‍വീഷ് അതൊന്നുമറിഞ്ഞിരുന്നില്ല. ഹീബ്രുവിലെ ആധുനിക കവികളും ഹീബ്രു പരിഭാഷയിലൂടെ പരിചയിച്ച യൂറോപ്യന്‍ കവികളുമാണ് പുതിയ കാവ്യ സമ്പ്രദായത്തെക്കുറിച്ച് ദാര്‍വീഷിന് അറിവുനല്‍കിയത്. ദാര്‍വീഷിന്റെ ആദ്യകവിതകള്‍ ക്ളാസ്സിക്കല്‍ രൂപങ്ങളാണുപയോഗിച്ചത്. 'ഒലീവിലകള്‍' (1965), പലസ്തീനിയന്‍ കാമുകന്‍ (1966), 'രാത്രിയുടെ അവസാനം (1967) എന്നീ സമാഹാരങ്ങള്‍ ഇസ്രയേലില്‍തന്നെ പ്രസിദ്ധീകരിച്ചു. അറുപതുകളുടെ പാതിയാകുമ്പോഴേക്കും- നമ്മുടെ കവിതയും ആധുനികമാകുന്ന കാലം-ദാര്‍വീഷ് സ്വന്തമായ ഒരു നവീന ശൈലി രൂപപ്പെടുത്തിയിരുന്നു. അപ്പോഴേക്കും അദ്ദേഹം 'റാക്കാ' (Rakah) എന്നറിയപ്പെടുന്ന ഇസ്രയേല്‍ കമ്യൂണിസ്റ്റു പാര്‍ടിയില്‍ അംഗമായിരുന്നു, പാര്‍ടിപ്പത്രത്തിന്റെ അറബിപ്പതിപ്പായ 'അല്‍-ഇത്തിഹാദി'ന്റെ പത്രാധിപരും.

ഇതേകാലത്താണ് അമര്‍ഷവും ഐറണിയും അനീതിയോടുള്ള പ്രതിഷേധവും കലര്‍ന്ന, വാക്കുകൊണ്ടുള്ള ഹാന്‍ഡ് ഗ്രനേഡുകള്‍ എന്നു വിശേഷിപ്പിക്കപ്പെട്ട കവിതകളും അദ്ദേഹമെഴുതുന്നത്. പലസ്തീന്‍ പ്രശ്നം തന്റെ അന്തര്‍ദേശീയ വികാരം പ്രകടിപ്പിക്കാനുള്ള ഒരു പ്രിസം-കാചം-ആയിരുന്നു ദാര്‍വീഷിന്; പലസ്തീന്‍ നാടും അതിന്റെ ചരിത്രവും ലോകചരിത്രത്തിന്റെതന്നെ സംക്ഷേപമായാണ് അദ്ദേഹത്തിനനുഭവപ്പെട്ടത്. കാനാന്‍, ഹിബ്രു, ഗ്രീക്ക്, റോമന്‍, തുര്‍ക്കി, ബ്രിട്ടീഷ് സ്വാധീനങ്ങളിലൂടെ പരിണമിക്കുമ്പോഴും അതിന്റെ കാതല്‍ സ്ഥിരമായിരുന്നെന്ന് അദ്ദേഹത്തിന്നനുഭവപ്പെട്ടു. ഈ ഇരട്ട ബോധമാണ് അദ്ദേഹത്തിന്റെ അറബി സ്വത്വബോധത്തിന്റെ അടിത്തറ. അതുകൊണ്ടുതന്നെ അത് അടഞ്ഞ ഒരു തനിമാവാദമായി അപചയിച്ചില്ല, ലോകത്തോടു തുറന്നതും ഭിന്നസംസ്കാരങ്ങളെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയുള്ളതുമായിരുന്നു ആ സ്വത്വബോധം.

പല ജയില്‍വാസങ്ങള്‍ക്കും വീട്ടുതടങ്കലുകള്‍ക്കും ശേഷം 1971 ല്‍ ദാര്‍വീഷ് മോസ്കോ സര്‍വകലാശാലയില്‍ ചേര്‍ന്നു; പിന്നീട് ബെയ്റൂത്തിലെ പലസ്തീനിയന്‍ ഗവേഷണകേന്ദ്രത്തില്‍; തുടര്‍ന്ന് ട്യൂണിസ്സിലും പാരീസിലും. 1987 ലാണ് അദ്ദേഹം പിഎല്‍ഒ (പലസ്തീനിയന്‍ വിമോചന സംഘടന) യുടെ നിര്‍വാഹക സമിതി അംഗമാകുന്നത്. ഒപ്പം 'അല്‍-കാര്‍മെല്‍' എന്ന സാഹിത്യമാസികയും എഡിറ്റു ചെയ്തുകൊണ്ടിരുന്നു. 'പലസ്തീനിയന്‍ രാഷട്ര്പ്രഖ്യാപനം' എഴുതിയുണ്ടാക്കിയത് ദാര്‍വീഷും അറബി നോവലിസ്റ്റ് ഏലിയാസ് ഖൌറിയും ചേര്‍ന്നായിരുന്നു. അത് പുതുക്കി ഇംഗ്ളീഷിലാക്കിയത് എഡ്വേഡ് സയ്ദും. പ്രസ്താവത്തെ രാഷ്ട്രീയക്കാര്‍ വളച്ചൊടിക്കുമോ എന്ന ഭയം തങ്ങള്‍ പങ്കുവെച്ചിരുന്നതായി സയ്ദ് രേഖപ്പെടുത്തുന്നുണ്ട്. തങ്ങളുടെ 'രാഷ്ട്രം' ഇപ്പോഴും സാങ്കല്പികം മാത്രമാണല്ലോ എന്ന അമ്പരപ്പും. ലെബനോണ്‍ പലസ്തീന്റെ വഴിക്കു പോകുമെന്ന് ഖൌറി ഭയപ്പെട്ടിരുന്നതായും സയ്ദ് എഴുതുന്നു. (After Mahfouz എന്ന ലേഖനം ). പിഎല്‍ഒയില്‍ വിഭാഗീയതയും ചേരിപ്പോരും തുടങ്ങിയപ്പോള്‍ ദാര്‍വീഷ് മാറിനിന്നു. "യാഥാര്‍ഥ്യത്തെക്കുറിച്ച് സ്വന്തം കാഴ്ചപ്പാടുള്ള ഒരു കവിയാണു ഞാന്‍'' എന്നാണദ്ദേഹം പറഞ്ഞത്: നമ്മുടെ സന്ദര്‍ഭത്തില്‍ പ്രസക്തമായ നിലപാട്. അക്കാലത്തദ്ദേഹം കാവ്യാത്മകമായ ചില ചെറുകഥകളുമെഴുതി. 1980കളിലെ പ്രതികൂല കാലാവസ്ഥയിലും ദാര്‍വീഷ് തന്റെ ശുഭപ്രതീക്ഷ നിലനിര്‍ത്തി:

"ബോംബുകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍
തെരുവുകള്‍ നമ്മെ വളയുന്നു
നിങ്ങള്‍ക്ക് മരണവുമായി പരിചയമുണ്ടോ?
എനിക്ക് ജീവിതമാണു പരിചിതം,
ഒടുങ്ങാത്ത ആഗ്രഹവും
നിങ്ങള്‍ക്ക് മരിച്ചവരെ അറിയാമോ?
എനിക്കറിയാവുന്നത് പ്രേമിക്കുന്നവരെ.''

പാരീസില്‍വെച്ച് ദാര്‍വീഷ് എഴുതിയ ബെയ്റൂത്ത് സ്മരണകള്‍- 'മറവിക്ക് ഓരോര്‍മ' -ദീര്‍ഘമായ ഒര ഗദ്യകാവ്യമാണ്. അമര്‍ഷവും പരിഹാസവും ഹിംസയെയും ഭ്രഷ്ടിനെയുംക്കുറിച്ചുള്ള ധ്യാനങ്ങളും നിറഞ്ഞ ഒന്ന്. 1984 ലും 98 ലും ഉണ്ടായ ഹൃദയാഘാതങ്ങള്‍ അദ്ദേഹത്തിനു ലഭിച്ച മരണത്തിന്റെ താക്കീതുകളായിരുന്നു. 1993 ല്‍ ദാര്‍വീഷ് പിഎല്‍ഒ നിര്‍വാഹക സമിതിയില്‍നിന്നു രാജിവെച്ചു. ഇസ്രയേലുമായി പിഎല്‍ഒ ഉണ്ടാക്കിയ ഓസ്ലോ കരാര്‍ കുഴപ്പം പിടിച്ചതായി അദ്ദേഹം കരുതി. അത് നേരാണെന്നു പിന്നീട് തെളിഞ്ഞപ്പോള്‍ ദുഃഖിക്കുകയും ചെയ്തു. 1995 ല്‍ ദാര്‍വീഷ് അമ്മയെ കാണാന്‍ ഇസ്രയേലിലേക്കു തിരിച്ചുപോയി; വലിയൊരു സദസ്സിനുമുന്നില്‍ കവിത വായിച്ചു; തെരഞ്ഞെടുത്ത കവിതകള്‍ ഹീബ്രുഭാഷയില്‍ 2007 ജൂലൈയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പലസ്തീന്‍ വെസ്റ്റ് ബാങ്കിന്റെ സ്വയം ഭരണ പ്രദേശങ്ങളില്‍ എത്രകാലവും താമസിക്കാന്‍ ഇസ്രയേല്‍ അദ്ദേഹത്തെ അനുവദിച്ചുവെങ്കിലും അവസാനകാലം അമ്മാനിലാണദ്ദേഹം ചെലവിട്ടത്. ഗാസയിലെ ഹാമാസിന്റെ വിജയത്തെ അദ്ദേഹം അപലപിച്ചു. "ഞങ്ങളിപ്പോള്‍ ആരാച്ചാരന്മാരുടെ വസ്ത്രമാണ് ധരിക്കുന്നത്'' എന്ന് പരസ്പരം കണ്ടുകൂടാത്ത രണ്ടു രാഷ്ട്രങ്ങളെ നോക്കി അദ്ദേഹം പരിഹസിച്ചു.

ടെക്സാസിലെ ഒരാശുപത്രിയില്‍വെച്ച് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയെത്തുടര്‍ന്ന് ഈ ആഗസ്ത് ഒമ്പതിന് അന്തരിക്കുമ്പോഴേക്കും ദാര്‍വീഷ് സാര്‍വദേശീയ പ്രശസ്തി നേടിയിരുന്നു. ലോട്ടസ് സമ്മാനം, ലെനിന്‍ സമാധാന സമ്മാനം, സാംസ്കാരിക സ്വാതന്ത്ര്യത്തിനുള്ള സംഭാവനക്ക് ലെന്നന്‍ പുരസ്കാരം, ഓസ്ട്രിയയിലെ 'പ്രിന്‍സ് ക്ളോസ് ഫണ്ടി'ന്റ 'പ്രിന്‍സിപ്പല്‍ പ്രൈസ്.' ഫ്രഞ്ചു ഗവണ്‍മെന്റ് നല്‍കിയ നൈറ്റ്ഹുഡ്, മൊറോക്കോവില്‍നിന്ന് ധിഷണാവൈഭവത്തിനുള്ള 'വിസ്സാം' ബഹുമതി, ഇവയെല്ലാം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. രണ്ടുതവണ വിവാഹം കഴിച്ചിരുന്നെങ്കിലും ദാര്‍വീഷിന് കുട്ടികളില്ലായിരുന്നു; ആദ്യപത്നി റാനാ കബ്ബാനിയാണ് ദാര്‍വീഷിന്റെ ഏറെ കവിതകളും ഇംഗ്ളീഷില്‍ വിവര്‍ത്തനം ചെയ്തിട്ടുള്ളത്. ദാര്‍വീഷ് മരിച്ചപ്പോള്‍ ഇസ്രയേല്‍ വിദ്യാഭ്യാസമന്ത്രി ഗുഷ് ഷാലോം, കവിയെ ഭ്രഷ്ടിലേക്കു തള്ളിയിട്ടതിന്റെ അപമാനം ഇസ്രയേലിന്റേതാണെന്ന് ഏറ്റുപറഞ്ഞു; അദ്ദേഹത്തിന്റെ കവിതകള്‍ ഇപ്പോഴെങ്കിലും സ്കൂളുകളില്‍ പഠിപ്പിക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തു: രണ്ടായിരാമാണ്ടില്‍ ആ നിര്‍ദേശം ഉന്നയിച്ചിരുന്നെങ്കിലും വലതുപക്ഷക്കാര്‍ എതിര്‍ത്തതിനാല്‍ നടപ്പാക്കാനായിരുന്നില്ല.

മൂന്ന്

ഇസ്രയേലില്‍ ജീവിക്കുന്ന ഒരു പലസ്തീന്‍കാരന്റെ വിരുദ്ധ സ്വത്വം ദാര്‍വീഷിനെ നിരന്തരം വേട്ടയാടിയിരുന്നു. 'ചുവര്‍ച്ചിത്ര'ത്തിലെ വരികള്‍ കാണുക:

എന്നെ തേടുമ്പോഴെല്ലാം
ഞാന്‍ മറ്റുള്ളവരെ കണ്ടെത്തുന്നു
അവരെ തേടുമ്പോഴോ,
എന്റെതന്നെ അന്യസ്വത്വത്തെ
അപ്പോള്‍ ഞാന്‍ വ്യക്തിയോ, ആള്‍ക്കൂട്ടമോ?

പ്രശസ്തമായ 'ഐഡന്റിറ്റി കാര്‍ഡി'ലെ 'അതെ, എഴുതിവെയ്ക്കു, ഞാന്‍ അറബിയാണ്'എന്ന പ്രസ്താവത്തിന്റെ ഉറപ്പ് ഇവിടെയില്ല. അറബി സ്വത്വത്തിന്റെ നാനാത്വം ദാര്‍വീഷ് കവിതയിലെ നിരന്തരസാന്നിധ്യമാണ്. അദ്ദേഹത്തിന്റെ കവിത വിഭിന്നസംസ്കാരങ്ങള്‍ തമ്മിലുള്ള ഒരു സംഭാഷണമാണ്; ക്രിസ്ത്യന്‍-മുസ്ലിം-യഹൂദ മിത്തുകള്‍ അവയുടെ അടിയൊഴുക്കാണ്, ഈജിപ്തുകാരുടെ 'മരിച്ചവരുടെ പുസ്തക'വും ബൈബിളിലെ ജെറേമയായുടെ പുസ്തകവും ഗിഹമേഷിന്റെ ഇതിഹാസവും ഇവിടെ ഒരു സംയുക്ത സ്വത്വബോധത്തിന്റെ അടയാളമാകുന്നു. എന്തിന് റെഡ്ഡിന്ത്യക്കാരു അവസ്ഥയില്‍പോലും കവി പലസ്തീന്‍കാരന്റെതന്നെ രൂപകമാണു തേടുന്നത്. 'ഇന്ത്യന്‍ സ്പീച്ച്' എന്ന ദീര്‍ഘകാവ്യം ഉദാഹരണം. ഒരു ഭാഗത്ത് മനുഷ്യന്റെ ശാശ്വതമായ പാരതന്ത്ര്യത്തിന്റെയും മറുഭാഗത്ത് പലസ്തീന്‍കാരുടെ ഭീഷണമായ ചരിത്ര യാഥാര്‍ഥ്യത്തിന്റെയും രൂപകമായി മാറുന്നു റെഡ്ഡിന്ത്യക്കാരുടെ വര്‍ത്തമാനാവസ്ഥ.

"കാറ്റ് ഞങ്ങളുടെ ആദിയും അന്ത്യവും ചൊല്ലിത്തരും
ഞങ്ങളുടെ വര്‍ത്തമാനം ചോരയൊലിപ്പിക്കുകയാണെങ്കിലും
ഞങ്ങളുടെ നാളുകള്‍ ഐതിഹ്യത്തിന്റെ
ചാരം മൂടിക്കിടക്കയാണെങ്കിലും...''

ഏതോ അപരിചിതന്‍ കടന്നുകയറി പൂന്തോപ്പുകള്‍ നശിപ്പിച്ച് ലോഹത്തിന്റെ പൂക്കള്‍ വാഗ്ദാനം ചെയ്യുന്ന അനുഭവമാണ് ഇന്‍ഡ്യന്റേത്. "രാത്രി വേണ്ടത്ര എടുത്തോളൂ, പക്ഷേ രണ്ടു നക്ഷത്രങ്ങള്‍ ബാക്കിയിടൂ. കടലെടുത്തോളൂ, മീന്‍ പിടിക്കാന്‍ ചില തിരകള്‍ ബാക്കിയിടൂ, ഭൂമിയുടെ പൊന്നു മുഴുവനെടുത്തോളൂ, കാരണവന്മാരുടെ ഒരുപിടിമണ്ണ് ബാക്കിയിടൂ'' ഇങ്ങനെ പോകുന്നു അവരുടെ പ്രാര്‍ഥന.

'ഞങ്ങള്‍ പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍
എണ്ണയും ഉപ്പുംപോലെ ഭരണികളില്‍ സൂക്ഷിക്കുന്നു
അവരുടെ പേരുകള്‍ ഞങ്ങള്‍ നീര്‍പ്പക്ഷികളുടെ
വാലുകളില്‍ കെട്ടിയിടുന്നു.

ഇംഗ്ളീഷ് തോക്കുകള്‍ക്കും ഫ്രഞ്ചു വീഞ്ഞിനും ഇന്‍ഫ്ളുവന്‍സയ്ക്കും മുമ്പ് മാനുകളോടൊത്തു സ്വന്തം വാമൊഴിച്ചരിത്രം പഠിച്ചിരുന്ന സ്വന്തം വംശത്തിന്റെ പ്രതാപകാലം അവരോര്‍മിക്കുന്നു. എങ്കിലും വിദ്വേഷത്തിലല്ല. ഇരുവര്‍ക്കും ഇടമുള്ള ഒരുദ്ഗ്രഥിത രാഷ്ട്രത്തിന്റെ സ്വപ്നത്തിലാണ് കവിത അവസാനിക്കുന്നത്. ദാര്‍വീഷ് യഹൂദരെ സമീപിച്ചതും ഇതുപോലെയായിരുന്നു. അവരുടെ ഇടം ഇല്ലാതാക്കാനല്ല, തങ്ങള്‍ക്കുകൂടി ഒരിടം കണ്ടെത്താനുള്ള വാഞ്ഛയോടെ. മനുഷ്യരുടെ സഹിഷ്ണുതയിലും സംസ്കാരങ്ങളുടെ ഉദ്ഗ്രഥന സാധ്യതയിലും അദ്ദേഹം ഒടുക്കംവരെ വിശ്വസിച്ചു.

അറിബക്കവിതയില്‍ പുതിയൊരു സ്ഥലപരമായ കാവ്യമീമാംസ ദാര്‍വീഷ് സൃഷ്ടിച്ചു. പലസ്തീനിലെ സ്ഥലങ്ങള്‍, മണ്ണ്, മരങ്ങള്‍, മൃഗങ്ങള്‍, ഭക്ഷണം, ഗന്ധങ്ങള്‍ ഇവയെയെല്ലാം സൂക്ഷ്മവും ഗാനാത്മകവുമായി ആവിഷ്കരിക്കുന്നതായിരുന്നു ഈ കാവ്യശാസ്ത്രം. 'കസീദത്-അല്‍-അര്‍ദ്' (നാടിന്റെ കവിത) തുടങ്ങിയ രചനകളിലദ്ദേഹം സൂഫിപ്രണയകവിതകളുടെ പാരമ്പര്യം പ്രയോജനപ്പെടുത്തുന്നു. പലസ്തീന്‍ ദിനത്തില്‍ പ്രകടനത്തില്‍ പങ്കെടുത്ത അഞ്ചു പെണ്‍കുട്ടികള്‍ വെടിവെച്ചുകൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹമെഴുതി: "മാര്‍ച്ചുമാസത്തില്‍, കലാപത്തിന്റെ വര്‍ഷത്തില്‍, ഭൂമി ഞങ്ങളോട് അവളുടെ ചോരയുടെ രഹസ്യങ്ങള്‍ പറഞ്ഞു. മാര്‍ച്ചുമാസത്തില്‍ അഞ്ചുപെണ്‍കുട്ടികള്‍ സ്കൂള്‍ പടിവാതില്‍ കടന്ന്, വയലറ്റുപൂക്കള്‍ കടന്ന്, തോക്കുകള്‍ കടന്ന്, ജ്വാലകളായി പൊട്ടിവിടര്‍ന്നു. പനിനീര്‍പ്പൂക്കളും സുഗന്ധപ്പച്ചയുംകൊണ്ട് അവര്‍ മണ്ണിന്റെ പാട്ടുതുറന്ന് ഭൂമിയില്‍ പ്രവേശിച്ചു... ഞങ്ങളുടെ നാട്ടില്‍ മാര്‍ച്ചുമാസം വരുന്നത് പെണ്‍കുട്ടികളുടെ നൃത്തത്തില്‍നിന്നാണ്; വയലറ്റുകള്‍ അല്പം കുനിഞ്ഞുകൊടുത്തു, പെണ്‍കുട്ടികളുടെ ശബ്ദങ്ങള്‍ക്കു കടന്നുപോകാന്‍. പക്ഷികള്‍ പാട്ടിലേയ്ക്കും എന്റെ ഹൃദയത്തിലേയ്ക്കും കൊക്കുകള്‍ കൂര്‍പ്പിച്ചു...'' മണ്ണിനെ തന്റെ ആത്മാവിന്റെയും റോസിനെ മുറിവുകളുടെയും വിസ്താരമായാണ് കവി കാണുന്നത്. നെഞ്ചിലെ അത്തിമരത്തില്‍നിന്ന് ഒരു കൊമ്പു പറിച്ചെറിഞ്ഞ് അക്രമിയുടെ പീരങ്കി പൊട്ടിത്തെറിപ്പിക്കാനദ്ദേഹം ശ്രമിക്കുന്നു. തന്റെ ശകലീകൃതമായ ലോകത്തെ മാന്ത്രികമായി പുനര്‍നിര്‍മിക്കാനുള്ള ഒരുപാധിയാണ് ദാര്‍വീഷിന് രൂപകം. അദ്ദേഹത്തിന്റെ സംഗീതാത്മകമായ പ്രപഞ്ചത്തില്‍ കല്ല് കാറ്റാവുന്നു, തടവറ പുഷ്പിക്കുന്നു.

ചിലപ്പോഴൊക്കെ ഈ ഭാവഗീതാത്മകത വിരുദ്ധോക്തിക്കു വഴി മാറുന്നു: "എന്റെ നാട് ചങ്ങലയില്‍ കിടക്കുന്നതിന്റെ ആനന്ദത്തിലാണ്, തപാലിലയക്കുന്ന ചുംബനത്തിന്റെയും. എന്നെ കാശപ്പു ചെയ്ത രാജ്യത്തില്‍നിന്ന് എനിക്കുവേണ്ടത് എന്റെ അമ്മയുടെ തൂവാലയും പുതിയൊരു മരണത്തിനുവേണ്ട കാരണങ്ങളും മാത്രം. 'ദി സ്റ്റേറ്റ് ഓഫ് സീജ്' എന്ന ഒരന്ത്യകാല കവിതയില്‍ തന്റെ കാവ്യ സങ്കല്പം അദ്ദേഹം അവതരിപ്പിക്കുന്നു: "കവിതയെ വിശ്വസിക്കരുത്, അത് അസാന്നിധ്യത്തിന്റെ പുത്രിയാണ്. അത് ഉള്‍ക്കണ്ണല്ല, ചിന്തയുമല്ല, അഗാധതയെക്കുറിച്ചുള്ളൊരു ബോധമാണ്.''

ദാര്‍വീഷിന്റെ ഇരുപതാമത്തെ കവിതാ സമാഹാരമായ 'ചുവര്‍ച്ചിത്രം' അനന്തതയെക്കുറിച്ചൊരു ധ്യാനമാണ്. എന്നാല്‍ 2001-2002 കാലത്തെ 'മൊഹമ്മദ്', 'ബലി,' 'എ സ്റ്റേറ്റ് ഓഫ് സീജ്' (ശത്രുവിനാല്‍ വളയപ്പെട്ട അവസ്ഥ) തുടങ്ങിയ കവിതകളില്‍ ആദ്യകാല കവിതകളുടെ ആവിഷ്ടാവസ്ഥ തിരിച്ചുവരുന്നു. 'എ സ്റ്റേറ്റ് ഓഫ് സീജി'ലെ ചില വരികള്‍ കാണുക:

"ഒരു സ്ത്രീ മേഘത്തോടു യാചിച്ചു:
എന്റെ പ്രിയപ്പെട്ടവരെ വന്നു മുടുക
എന്റെ വസ്ത്രം അവന്റെ
രക്തത്തില്‍ കുതിര്‍ന്നിരിക്കുന്നു.
മഴയാവാനായില്ലെങ്കില്‍, പ്രിയപ്പെട്ടവനേ
ഈര്‍പ്പം നിറഞ്ഞ മരങ്ങളാവുക, കല്ലാവുക,
കല്ലാകാനായില്ലെങ്കില്‍, പ്രിയപ്പെട്ടവനേ,
ഒരു ചന്ദ്രനാവുക, പ്രിയപ്പെട്ടവളുടെ
സ്വപ്നത്തിലെ
ഒരു ചന്ദ്രനാവുക, ഇങ്ങനെ പറഞ്ഞു
ഒരു സ്ത്രീ, തന്റെ മകനോട്,
അവന്റെ ശവമടക്കുമ്പോള്‍.''

പ്രിന്‍സ് ക്ളോസ് പുരസ്കാരം സ്വീകരിച്ചുകൊണ്ട് മഹമൂദ് ദാര്‍വീഷ് നടത്തിയ പ്രഭാഷണത്തില്‍നിന്നൊരു ഭാഗമുദ്ധരിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ: "ഒരാള്‍ക്ക് ഒരിടത്തേ പിറക്കാനാവൂ, എന്നാല്‍ അയാള്‍ക്ക് മറ്റെവിടെയെങ്കിലും പലകുറി മരിക്കാനാകും, നാടുകടത്തപ്പെട്ട്, ജയിലുകളില്‍, അക്രമവും അടിച്ചമര്‍ത്തലുംകൊണ്ട് ദുഃസ്വപ്നമായി മാറിയ ജന്മനാട്ടില്‍പോലും. ഒരു പക്ഷേ കവിത മനോഹരമായൊരു മിഥ്യയെ ലാളിക്കാന്‍ നമ്മെ പഠിപ്പിക്കുന്ന എന്തോ ആണ്: നമുക്കകത്തുനിന്നുതന്നെ വീണ്ടും വീണ്ടും പിറവിയെടുക്കാന്‍, കൂടുതല്‍ നല്ലൊരു അയഥാര്‍ഥ ലോകം നിര്‍മിക്കാനായി വാക്കുകളുപയോഗിക്കാന്‍, ജീവിതവുമായി സ്ഥിരവും സമഗ്രവുമായ സമാധാനത്തിന്നായി ഒരു കരാറൊപ്പുവെയ്ക്കാന്‍ നമ്മെ സഹായിക്കുന്ന ഒന്ന്.''

*
സച്ചിദാനന്ദന്‍ , കടപ്പാട്: ദേശാഭിമാനി

സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്ത ദാര്‍വിഷ് കവിതകള്‍ ഇവിടെ

മഹമൂദ് ദാര്‍വീഷിന്റെ കവിതകള്‍

1. ഐഡന്റിറ്റി കാര്‍ഡ്

രേഖപ്പെടുത്തൂ:
ഞാന്‍ അറബി.
എന്റെ കാര്‍ഡ് നമ്പര്‍ അമ്പതിനായിരം
എനിക്ക് എട്ടു മക്കള്‍
ഒമ്പതാമത്തേത് വരും, വേനല്‍ കഴിഞ്ഞ്.
കോപിക്കാനെന്തിരിക്കുന്നു?
രേഖപ്പെടുത്തൂ:
ഞാന്‍ അറബി.
കല്ലുവെട്ടാംകുഴിയില്‍ അധ്വാനിക്കുന്ന
സഖാക്കള്‍ക്കൊപ്പം പണി.
എനിക്ക് എട്ടു മക്കള്‍
അവര്‍ക്കായി ഞാന്‍ പാറക്കല്ലില്‍നിന്ന്
അപ്പക്കഷണം പിടിച്ചെടുക്കുന്നു,
ഉടുപ്പുകളും നോട്ടുബുക്കുകളും.
നിങ്ങളുടെ വാതില്‍ക്കല്‍ വന്ന്
ഞാന്‍ പിച്ച തെണ്ടുന്നില്ല.
നിങ്ങളുടെ വാതിലോളം തരം താഴുന്നില്ല.
കോപിക്കാനെന്തിരിക്കുന്നു?

രേഖപ്പെടുത്തൂ:
ഞാന്‍ അറബി
ഞാന്‍ ബഹുമതികളൊന്നുമില്ലാത്ത വെറും പേര്
എല്ലാം കോപച്ചുഴിയില്‍ കഴിയുന്ന
ഒരു നാട്ടില്‍ ക്ഷമയോടെ കഴിയുന്നവന്‍
എന്റെ വേരുകളുറച്ചു
കാലത്തിന്റെ പിറവിക്കും മുമ്പ്,
യുഗങ്ങള്‍ പൊന്തിവരും മുമ്പ്,
ദേവതാരുവിനും ഒലീവു മരങ്ങള്‍ക്കും മുമ്പ്,
കളകളുടെ പെരുക്കത്തിനും മുമ്പ്.
എന്റെ ഉപ്പ നുകത്തിന്റെ കുടുംബത്തില്‍നിന്ന്
ഊറ്റം കൂടിയ തറവാടുകളില്‍നിന്നല്ല
എന്റെ ഉപ്പൂപ്പാ കൃഷിക്കാരനായിരുന്നു
കുലവും വംശാവലിയുമില്ലാത്തവന്‍
എന്റെ വീട് കാവല്‍ക്കാരന്റെ കൂര,
കമ്പും മുളയുംകൊണ്ട് കൂട്ടിയത്.
എന്റെ പദവികൊണ്ട് തൃപ്തിയായോ ആവോ?
വീട്ടുപേരില്ലാത്ത വെറും പേരാണു ഞാന്‍
രേഖപ്പെടുത്തൂ:
ഞാന്‍ അറബി.

മുടിയുടെ നിറം: മഷിക്കറുപ്പ്
മണ്ണിന്റെ നിറം: തവിട്ടുനിറം
തിരിച്ചറിയാനുള്ള അടയാളങ്ങള്‍:
എന്റെ തലയില്‍ക്കെട്ടിനു മീതേ ചരടുകള്‍,
തൊടുന്നവനെ മാന്തുന്നവ.
എന്റെ വിലാസം:
ഞാന്‍ നാട്ടിന്‍പുറത്തുനിന്നാണ്.
അകലെ, മറക്കപ്പെട്ട ഒന്ന്
അതിന്റെ തെരുവുകള്‍ക്ക് പേരില്ല
ആളുകളൊക്കെ വയലിലും മടയിലും
കോപിക്കാനെന്തിരിക്കുന്നു?
രേഖപ്പെടുത്തൂ:
ഞാന്‍ അറബി.
നിങ്ങളെന്റെ മുത്തുപ്പാമാരുടെ
മുന്തിരിത്തോപ്പുകള്‍ തട്ടിപ്പറിച്ചു,
ഞാന്‍ ഉഴാറുള്ള കണ്ടങ്ങള്‍,
ഞാനും എന്റെ മക്കളും
എനിക്കും പേരക്കിടാങ്ങള്‍ക്കും
നിങ്ങള്‍ ബാക്കിയിട്ടത് ഈ പാറകള്‍ മാത്രം
കേള്‍ക്കും പോലെ അവയും
നിങ്ങളുടെ സര്‍ക്കാര്‍
എടുത്തുകൊണ്ടുപോകുമോ?
അപ്പോള്‍
ഒന്നാം പേജിന്നു മുകളില്‍തന്നെ
രേഖപ്പെടുത്തൂ:
എനിക്ക് ജനങ്ങളോടു വെറുപ്പില്ല
ഞാനാരുടെയും സ്വത്ത് കൈയേറുന്നുമില്ല
എങ്കിലും എനിക്ക് വിശന്നാല്‍
അതിക്രമിയുടെ ഇറച്ചി ഞാന്‍ തിന്നും
സൂക്ഷിച്ചിരുന്നോളൂ, എന്റെ വിശപ്പിനെ സൂക്ഷിക്കൂ,
എന്റെ കോപത്തെയും!

*

2. നടത്തം

ഞങ്ങള്‍ നടക്കുന്നു,
ഞങ്ങളുടെ മാംസമല്ലാത്ത ഒരു നാട്ടിലേക്ക്
അത്തിമരങ്ങള്‍ ഞങ്ങളുടെ അസ്ഥിയല്ലാത്തിടത്തേക്ക്
അതിന്റെ കല്ലുകള്‍ സോളമന്റെ ഗീതത്തിലെ
ചുരുള്‍രോമമുള്ള ചെമ്മരിയാടുകളെപ്പോലെ.
ഞങ്ങള്‍ നടക്കുന്നു
ഞങ്ങക്കായി വിശേഷിച്ചൊരു സൂര്യനെയും
ഞാത്തിയിടാത്ത ഒരു നാട്ടിലേക്ക്:
പുരാണങ്ങളിലെ സ്ത്രീകള്‍ കൈകൊട്ടുന്നു:
ഞങ്ങള്‍ക്കു ചുറ്റും ഒരു കടല്‍.
ഞങ്ങള്‍ക്കു മീതേ ഒരു കടല്‍.
ഗോതമ്പും വെള്ളവും അങ്ങോട്ടെത്തുന്നില്ലെങ്കില്‍
ഞങ്ങളുടെ സ്നേഹം ഭക്ഷിക്കൂ, ഞങ്ങളുടെ കണ്ണീര്‍ കുടിക്കൂ.
കവികള്‍ക്ക് ദുഃഖാചരണത്തിന്റെ കറുത്ത മുഖപടങ്ങള്‍
നിങ്ങള്‍ക്ക് നിങ്ങളുടെ വിജയങ്ങള്‍
ഞങ്ങള്‍ക്ക് ഞങ്ങളുടേത്
കണാനാകാത്തതു മാത്രം കാണുന്ന
ഒരു നാടുണ്ട് ഞങ്ങള്‍ക്ക്.

*

3. ആഗ്രഹങ്ങളെക്കുറിച്ച്

പറയരുതേ:
ഞാന്‍ അല്‍ജിയേഴ്സില്‍ ഒരു റൊട്ടിക്കാരനായിരുന്നെങ്കില്‍
ഒരു കലാപകാരിയോടൊപ്പം ഞാനപ്പോള്‍ പാടിയേനെ
പറയരുതേ:
ഞാന്‍ യെമനിലൊരു ഇടയനായിരുന്നെങ്കില്‍
എങ്കില്‍ ഞാന്‍ കാലത്തിന്റെ
വിറയ്ക്കൊപ്പം പാടിയേനെ
പറയരുതേ:
ഞാന്‍ ഹവാനയിലെ ചായക്കടയില്‍
വെയിറ്ററായിരുന്നെങ്കില്‍
കരയുന്ന സ്ത്രീകളുടെ വിജയത്തിനായി ഞാനപ്പോള്‍
പാടിയേനെ.

പറയരുതേ:
ആസ്വാനില്‍ ഞാനൊരു യുവതൊഴിലാളിയായിരുന്നെങ്കില്‍
എങ്കില്‍ ഞാന്‍ പാറകളോട് പാടിയേനെ
എന്റെ സുഹൃത്തേ.
നൈല്‍ നദി വോള്‍ഗയിലേക്കൊഴുകുകയില്ല.
കോംഗോ നദിയും ജോര്‍ദാന്‍ നദിയും
യൂഫ്രട്ടീസിലേക്കുമൊഴുകുകയില്ല
ഓരോ നദിക്കുമുണ്ട് അതിന്റെ ഉറവിടം,
അതിന്റെ വഴി, അതിന്റെ ജീവിതം.
എന്റെ സുഹൃത്തേ, നമ്മുടെ നാട് വന്ധ്യമല്ല
ഓരോ നാടിനും ജനിക്കാനൊരു മുഹൂര്‍ത്തമുണ്ട്.
ഓരോ പുലരിക്കും കലാപകാരിയുമായി
ഒരു കൂടിക്കാഴ്ചയുണ്ട്.

*

4. ഇര, നമ്പര്‍ 48

അവരവന്റെ മാറില്‍ കണ്ടു
പനിനീര്‍പ്പൂക്കളുടെ ഒരു വിളക്ക്, ഒരു ചന്ദ്രനും.
അവന്‍ കല്ലുകള്‍ക്കു മീതേ
കൊല്ലപ്പെട്ടുകിടന്നു.
അവരവന്റെ കീശയില്‍ കണ്ടു
അല്പം ചില്ലറ, ഒരു തീപ്പെട്ടി,
യാത്രക്കുള്ള ഒരു പാസ്, അവന്റെ
ചെറുപ്പം മുറ്റിയ കൈയില്‍ പച്ചകുത്തിയ പാട്.

അവന്റെ അമ്മ അവനെയോര്‍ത്തു തേങ്ങി,
ആണ്ടോടാണ്ട് അവനായി വിലപിച്ചു
അവന്റെ മിഴികളില്‍ തൊട്ടാവാടി മുളച്ചു
ഇരുട്ട് തഴച്ചുമുറ്റി.
അവന്റെ അനുജന്‍ വളര്‍ന്നു
നഗരച്ചന്തയില്‍ പണി തേടിപ്പോയപ്പോള്‍
അവരവനെ ജയിലിലടച്ചു:
അവന്റെ കൈയില്‍ യാത്രക്കുള്ള പാസില്ലായിരുന്നു
തെരുവിലവന്‍ വഹിച്ചത്
ഒരു പെട്ടി ചവറുമാത്രം,
പിന്നെ മറ്റു പെട്ടികളും

അതെ, എന്റെ നാട്ടിലെ കുഞ്ഞുങ്ങളേ,
അങ്ങനെയാണ് ചന്ദ്രന്‍ മരിച്ചത്.

*

5. വാക്കുകള്‍

എന്റെ വാക്കുകള്‍ ഗോതമ്പുമണികളായിരുന്നപ്പോള്‍
ഞാന്‍ ഭൂമിയായിരുന്നു
എന്റെ വാക്കുകള്‍ അമര്‍ഷമായിരുന്നപ്പോള്‍
ഞാന്‍ കൊടുങ്കാറ്റായിരുന്നു
എന്റെ വാക്കുകള്‍ പാറയായിരുന്നപ്പോള്‍
ഞാന്‍ പുഴയായിരുന്നു
എന്റെ വാക്കുകള്‍ തേനായി മാറിയപ്പോള്‍
ഈച്ചകള്‍ എന്റെ ചുണ്ടു പൊതിഞ്ഞു.

*

6 എന്റെ അമ്മ

എന്റെ അമ്മയുടെ അപ്പത്തിനു ഞാന്‍ കൊതിക്കുന്നു
എന്റെ അമ്മയുടെ കാപ്പിക്ക്
അവരുടെ സ്പര്‍ശത്തിന്
നാള്‍തോറും ബാല്യകാലസ്മരണകള്‍
എന്നില്‍ വളര്‍ന്നുവരുന്നു
മരിക്കുമ്പോള്‍ എന്റെ ജീവിതത്തിന്
ഞാന്‍ അര്‍ഹത നേടിയിരിക്കണം
എന്റെ അമ്മയുടെ കണ്ണീരിന്നും.

ഒരു നാള്‍ ഞാന്‍ തിരിച്ചുവന്നാല്‍
എന്റെ ഒരു മൂടുപടം പോലെ
നിന്റെ കണ്ണിമകളിലേക്കുയര്‍ത്തുക
നിന്റെ കാലടികളാല്‍ അനുഗൃഹീതമായ
പുല്ലുകൊണ്ട് എന്റെ അസ്ഥികള്‍ മൂടുക
നിന്റെ ഹൃദയത്തിന്റെ ഒരു നാരുകൊണ്ട്
നമ്മെ ഒന്നിച്ചു കൂട്ടിക്കെട്ടുക.
നിന്റെ ഉടുപ്പിന് പിറകില്‍ തൂങ്ങുന്ന ഒരിഴകൊണ്ട്.
നിന്റെ ഹൃദയത്തിന്റെ ആഴങ്ങള്‍ സ്പര്‍ശിച്ചാല്‍
ഞാന്‍ അനശ്വരനായേക്കും,
ഒരു ദൈവമായേക്കും.

ഞാന്‍ തിരിച്ചുവന്നാല്‍ എന്നെ
നിനക്ക് തീക്കൂട്ടാനൊരു വിറകുകൊള്ളിയാക്കുക
നിന്റെ മേല്‍ക്കൂരയിലൊരു അയയാക്കുക
നിന്റെ അനുഗ്രഹമില്ലാതെ
എനിക്ക് നിവര്‍ന്നു നില്‍ക്കാനേ ആവില്ല
എനിക്ക് വയസ്സായി
കുട്ടിക്കാലത്തെ നക്ഷത്രഭൂപടങ്ങളെനിക്ക്
തിരിച്ചു തരിക.
കുരുവികള്‍ക്കൊപ്പം ഞാന്‍
നിന്റെ കാത്തിരിക്കുന്ന കൂട്ടിലേക്കുള്ള
വഴി കണ്ടെത്തട്ടെ.

*

7.ശിരസ്സും അമര്‍ഷവും

എന്റെ ജന്മനാടേ!
ഈ മരയഴികളിലൂടെ
തീക്കൊക്കുകള്‍ എന്റെ മിഴിയിലാഴ്ത്തി
തണുപ്പിക്കുന്ന ഗരുഡന്‍ നാടേ!
എനിക്ക് മരണത്തിന് മുന്നിലുള്ളത്
ഒരു ശിരസ്സും ഒരമര്‍ഷവും മാത്രം.

എന്റെ മരണപത്രത്തില്‍
ഞാനപേക്ഷിച്ചിട്ടുണ്ട്
എന്റെ ഹൃദയം ഒരു
വൃക്ഷമായി വെച്ചുപിടിപ്പിക്കണമെന്ന്,
എന്റെ നെറ്റി
ഒരു വാനമ്പാടിക്കു വീടായും.
ഹേ, ഗരുഡന്‍, നിന്റെ ചിറകുകള്‍
ഞാനര്‍ഹിക്കുന്നില്ല.
എനിക്കിഷ്ടം ജ്വാലയുടെ കിരീടം.

എന്റെ ജന്മനാടേ!
ഞങ്ങള്‍ ജനിച്ചു വളര്‍ന്നത് നിന്റെ മുറിവുകളില്‍,
ഞങ്ങള്‍ ഓക്കുമരത്തിന്റെ കായ്കള്‍ തിന്നതും;
എല്ലാം നീ ചിറകടിച്ചുയരുന്നത് കാണാന്‍.
ഒരു യുക്തിയുമില്ലാതെ ചങ്ങലകളില്‍
പിടയുന്ന ഹേ ഗരുഡാ,
ഞങ്ങളെ കൊതിപ്പിക്കാറുള്ള
ഇതിഹാസങ്ങളിലെ വീരമൃത്യു
നിന്റെ ചുവന്ന കൊക്ക്
അഗ്നിഖഡ്ഗം പോലെ
എന്റെ കണ്ണുകളിലിപ്പോഴുമുണ്ട്
നിന്റെ ചിറകുകള്‍ ഞാനര്‍ഹിക്കുന്നില്ല.
മരണത്തിന് മുന്നില്‍ എനിക്കുള്ളത്
ഒരു ശിരസ്സും ഒരമര്‍ഷവും മാത്രം.

*
വിവര്‍ത്തനം: സച്ചിദാനന്ദന്‍

സച്ചിദാനന്ദന്‍ എഴുതിയ ഞാന്‍ എന്റേതല്ല എന്ന ദാര്‍വിഷ് അനുസ്മരണം

നോം ചോംസ്കി സംസാരിക്കുന്നു

അമേരിക്ക ലോകത്തെ ആയുധക്കലവറയാക്കുന്നു

തോര്‍ഡര്‍ സീവിന്‍സണ്‍‍: നവംബറില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിനുശേഷം അമേരിക്കയുടെ വിദേശനയത്തില്‍ എന്തെങ്കിലും മാറ്റം വരുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ? മക്കെയിനും ഒബാമയും തമ്മിലുള്ള മല്‍സരത്തിലെ ജയപരാജയങ്ങള്‍ അമേരിക്കന്‍ വിദേശനയത്തെ ഏതെങ്കിലും വിധത്തില്‍ സ്വാധീനിക്കുമോ?

ചോംസ്‌കി: അമേരിക്കയിലെ ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ വ്യത്യാസം വളരെ ചെറുതാണ്. എന്നാല്‍ കണക്കറ്റ അധികാരങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള ഈ ഭരണവ്യവസ്ഥയില്‍, ചെറിയ മാറ്റങ്ങളുടെപോലും ഫലം വളരെ വലുതായിരിക്കും. അമേരിക്കന്‍ മേധാവിത്വം ലോകത്താകെ അടിച്ചേല്‍പ്പിക്കുന്ന കാര്യത്തില്‍ ബുഷിന്റെ സര്‍ക്കാര്‍ കാണിക്കുന്ന വ്യഗ്രത അങ്ങേയറ്റമാണ്. ഇതില്‍നിന്നുമാറി ദേശീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കപ്പെടാനുള്ള സാധ്യത, ഒബാമയാണ് ജയിച്ചുവരുന്നതെങ്കില്‍, കൂടുതലാണ്. അദ്ദേഹം, ഒരു പക്ഷെ, ക്ലിന്റണെപ്പോലുള്ള ഒരു ഡെമോക്രാറ്റായിരിക്കും.

സീവിന്‍സണ്‍: ഇറാനെതിരെ അമേരിക്കന്‍ ഭരണകൂടം ഉയര്‍ത്തുന്ന ഭീഷണികള്‍ക്കു കാരണം ആ രാജ്യത്തിന്റെ ആണവപരിപാടികള്‍ തന്നെയാണോ? ഇറാനോടുള്ള അമേരിക്കന്‍സമീപനത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്തൊക്കെയായിരിക്കും?

ചോംസ്‌കി: അധികാരവും പദവിയുമുള്ളവര്‍ക്ക് ചരിത്രം ഉപകാരശൂന്യമായ അസംബന്ധങ്ങളുടെ കൂമ്പാരമാണ്. എന്നാല്‍, ഇരകള്‍ക്കൊരിക്കലും അങ്ങനെ കരുതാനാവില്ല. എല്ലാം മറക്കാന്‍ പാശ്ചാത്യലോകത്തിനു കഴിഞ്ഞേക്കും. കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി അമേരിക്ക തങ്ങളെ ദ്രോഹിക്കുകയാണെന്ന് ഇറാനിലെ ജനങ്ങള്‍ക്കറിയാം. 1953 ല്‍ ഇറാനിലെ പാര്‍ലമെന്ററി സംവിധാനത്തെ അട്ടിമറിച്ചത് അമേരിക്കയും ബ്രിട്ടനും ചേര്‍ന്നാണ്. അവര്‍ ഷാ എന്ന ക്രൂരനായ ഏകാധിപതിയെ ഇറാനില്‍ അധികാരത്തിലേറ്റി. 1979 ല്‍ സ്ഥാനചലനം സംഭവിക്കുന്നതുവരെ ഷാ അമേരിക്കന്‍ പിന്തുണയോടെ ഭരണം നടത്തി. ഈ ഏകാധിപതി ഭരണത്തിലിരുന്ന കാലത്ത് ചെനി, റംസ്‌ഫെല്‍ഡ്. കിസിംഗര്‍, വോള്‍ഫോവിച്ച് തുടങ്ങിയവരുടെയും അമേരിക്കന്‍ ഭരണസംവിധാനത്തിലെ മറ്റു പ്രധാനികളുടെയും പിന്തുണയോടെ തുടങ്ങിവച്ചതിന്റെ തുടര്‍ച്ചമാത്രമാണ് ഇന്നത്തെ ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണപരിപാടികളെന്ന് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. ഷാ അധികാരഭ്രഷ്ടനായതിനെത്തുടര്‍ന്ന്, പുതിയ സര്‍ക്കാരിനെതിരെ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനായി അമേരിക്കയുടെ ശ്രമം. റീഗന്റെ സൈനികവും നയതന്ത്രപരവുമായ പിന്തുണയോടെയാണ് സദ്ദാംഹുസൈന്‍ ഇറാന്‍ ആക്രമിച്ചത്. ലക്ഷക്കണക്കിന് ഇറാനികള്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ബുഷ് ഒന്നാമന്റെ കാലത്ത്, 1989 ല്‍ ഇറാക്കിലെ ആണവ എന്‍ജിനീയര്‍മാരെ അമേരിക്കയില്‍ വിളിച്ചുവരുത്തി ആയുധനിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുകപോലുമുണ്ടായി. അമേരിക്കന്‍ ഇടപെടലിന്റെകൂടി ഫലമായി ഇറാന്‍ ഫലത്തില്‍ കീഴടങ്ങിയതിനുശേഷം, സ്വന്തം ദേശീയതാല്‍പര്യത്തിനെതിരായ വ്യവസ്ഥകളാണ് ആ രാജ്യത്തിന് അംഗീകരിക്കേണ്ടി വന്നത്. രാജ്യം നേരിടുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്രസമൂഹവുമായി മാന്യമായി വിലപേശാനുള്ള അവസരംപോലും ബുഷ് രണ്ടാമന്‍ ഇറാനു നിഷേധിച്ചു. അര്‍ത്ഥപൂര്‍ണ്ണമായ നയതന്ത്രസമീപനം കൈക്കൊള്ളാന്‍ അമേരിക്ക തയ്യാറായില്ല. ഇറാനെ തകര്‍ത്തുകളയുമെന്ന് കൂടെക്കൂടെ ഭീഷണിമുഴക്കുകയാണ് അമേരിക്കയിലെ ഇരുപാര്‍ട്ടികളും ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് യു എന്‍ ചാര്‍ട്ടറിനു മാത്രമല്ല, ബഹുഭൂരിപക്ഷം അമേരിക്കക്കാരുടെ അഭിപ്രായത്തിനും എതിരാണ്. അവരും ലോകം മുഴുവനും, സമാധാനപരമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി യുറേനിയം സമ്പുഷ്ടീകരണ പരിപാടിയുമായി മുന്നോട്ടുപോകാനുള്ള ഇറാന്റെ അവകാശം അംഗീകരിക്കുന്നുണ്ട്. മധ്യപൌരസ്ത്യദേശം ഒരു ആണവായുധമുക്തമേഖലയാവണമെന്നുമാത്രമാണ് ബഹുഭൂരിപക്ഷം അമേരിക്കക്കാരും ആഗ്രഹിക്കുന്നത്. ജനാഭിപ്രായം മാനിക്കുന്ന ഒരു യഥാര്‍ത്ഥ ജനാധിപത്യരാജ്യമാണെങ്കില്‍ ഇറാനുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രമ്യമായി പരിഹരിക്കുകയാണ് അമേരിക്ക ചെയ്യേണ്ടത്.

ഇറാന്‍ അമേരിക്കാ ബന്ധങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ 'ആണവഭീതി'യല്ല അമേരിക്കന്‍ നയങ്ങള്‍ക്കു പിറകിലെന്ന് വ്യക്തമായി മനസ്സിലാക്കാം. മറിച്ചായിരുന്നെങ്കില്‍, മദ്ധ്യപൌരസ്ത്യദേശത്തെ ആണവായുധങ്ങളില്ലാത്ത ഒരു സമാധാനമേഖലയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളില്‍ ഇറാനും മറ്റ് അറബ് രാഷ്ട്രങ്ങളുമായി കൈകോര്‍ക്കാന്‍ അമേരിക്ക തയ്യാറാകുമായിരുന്നു. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് "ആധികാരികമായി'' വ്യക്താക്കിയിട്ടുണ്ട്. അങ്ങനെയൊരു ലക്ഷ്യം ഇറാനുണ്ടായിരിക്കാം എന്നാണ് അവര്‍ പറയുന്നത്. ഇസ്രായേലി സൈനികചരിത്രകാരനായ മാര്‍ട്ടിന്‍ വാന്‍ക്രിവാള്‍ഡ് അഭിപ്രായപ്പെട്ടതുപോലെ,. അമേരിക്കയെ ചെറുക്കുകയെന്ന ഒരൊറ്റ ലക്ഷ്യത്തോടെയെങ്കിലും ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നില്ലെങ്കില്‍ അവര്‍ക്കു 'ഭ്രാന്താ'ണ്. അമേരിക്ക ഇറാക്കിനെ ആക്രമിച്ചുകീഴടക്കിയ അവസരത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. പല കാരണങ്ങള്‍കൊണ്ടും ഇറാനിയന്‍ ഭരണകൂടം ശക്തമായ വിമര്‍ശനങ്ങള്‍ അര്‍ഹിക്കുന്നുണ്ടാവാം. എന്നാല്‍, ഇറാനെതിരായി നാസിമാതൃകയില്‍ നടത്തുന്ന നിരന്തരമായ ഭീഷണിയുടെയും പ്രചാരവേലയുടെയും അടിസ്ഥാനം ലോകത്തെ അടക്കിഭരിക്കാന്‍ തങ്ങള്‍ക്കവകാശമുണ്ടെന്നുകരുതുന്ന അമേരിക്കയുടെ അക്ഷമയാണ്. അനുസരണക്കേടോ പരിമിതമായ സ്വാതന്ത്ര്യവാഞ്ഛയോ, അമേരിക്കയുടെ കണ്ണില്‍, കുറ്റകരമായ അതിക്രമമാണ്. ലോകംമുഴുവന്‍ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന് അറബ് മേഖലയെ കാല്‍ക്കീഴിലാക്കിയേ തീരു എന്ന് അവര്‍ക്കറിയാം.

സീവിന്‍സണ്‍: ഇറാനെതിരെ സൈനികനടപടിയുണ്ടായാല്‍ ഏതൊക്കെ രാജ്യങ്ങളാവും അമേരിക്കയെ പിന്തുണയ്ക്കുക?

ചോംസ്‌കി: ഇസ്രായേല്‍. ഒരു പക്ഷെ മൈക്രോനേഷ്യയും മാര്‍ഷല്‍ ദ്വീപുകളും അവരോടൊപ്പം ചേരും. ബ്രിട്ടണ്‍പോലും അമേരിക്കയെ പിന്തുണയ്ക്കാനിടയില്ല. അമേരിക്കയെ പേടിച്ച് ആരും എതിര്‍പ്പുകള്‍ തുറന്നു പ്രകടിപ്പിക്കില്ലെന്നുമാത്രം.

സീവിന്‍സണ്‍: അമേരിക്ക കിഴക്കന്‍ യൂറോപ്പില്‍ വിന്യസിക്കാന്‍ പോകുന്ന മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ലക്ഷ്യമെന്തായിരിക്കും? "റൌഡി രാഷ്ട്രങ്ങളി''ല്‍ നിന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളെ സംരക്ഷിക്കുകയായിരിക്കുമോ അതിന്റെ ഉദ്ദേശ്യം? അതോ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഈ പദ്ധതിക്കു പിന്നിലുണ്ടോ?

ചോംസ്കി: എന്‍ വൈ റ്റി സിന്റിക്കേറ്റ് പുറത്തിറക്കിയ ഒരു രേഖയില്‍ നിന്ന് ഞാന്‍ എന്റെതന്നെ വാക്കുകള്‍ ഇവിടെ ആവര്‍ത്തിക്കാം: ബാലിസ്റ്റിക്ക് മിസൈല്‍ പ്രതിരോധ പരിപാടികളെ ഒരു പ്രതിരോധസങ്കേതമായല്ല, ആക്രമണ സംവിധാനമായാണ് കാണേണ്ടത്. തിരിച്ചടികളെ നിര്‍വീര്യമാക്കുകയും മറ്റുരാജ്യങ്ങളുടെ പ്രതിരോധശേഷിക്കു തുരങ്കംവയ്ക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. 'ക്വാസി ഗവണ്‍മെന്റല്‍ റാന്‍ഡ് കോര്‍പറേഷന്‍' വിശദീകരിച്ചതുപോലെ ബി എം ഡി ഒരു സംരക്ഷണകവചമല്ല, അമേരിക്കന്‍ ആക്രമണങ്ങളെ സഹായിക്കാനുള്ള സംവിധാനമാണ്.

രാഷ്ട്രീയചിത്രം മൊത്തത്തിലെടുത്താല്‍ സൈനികവിദഗ്ദ്ധന്മാര്‍ പലരും ബി എം ഡിയെ അനുകൂലിച്ചെഴുതുന്നുണ്ട്. യാഥാസ്ഥിതിക നിലപാടുപുലര്‍ത്തുന്ന 'നാഷണല്‍ ഇന്ററെസ്റ്റില്‍,ആന്‍ഡ്രൂ ബേസ്വിച്ച് എഴുതിയതു നോക്കുക; "മിസൈല്‍ പ്രതിരോധം അമേരിക്കയെ സംരക്ഷിക്കാനുള്ളതല്ല. അത് ആഗോള മേധാവിത്വം സ്ഥാപിക്കാനുള്ളതാണ്''

ഉദാരനിലപാടുകാരായ 'ന്യൂ റിപ്പബ്ലിക്കി'ല്‍ ലോറാന്‍സ് കാപ്ളാന്‍ അഭിപ്രായപ്പെടുന്നു. "വിദേശനാടുകളില്‍ സ്വന്തം ശക്തിപ്രയോഗിക്കാന്‍ അമേരിക്കയെ സജ്ജമാക്കുന്നതാണ് ബി എം ഡി. അത് പ്രതിരോധത്തിനുള്ളതല്ല. ആക്രമണംതന്നെയാണതിന്റെ ലക്ഷ്യം. കൃത്യമായി പറഞ്ഞാല്‍, അതുകൊണ്ട് തന്നെയാണ് ബി എം ഡി നമ്മുടെ ആവശ്യമായിത്തീരുന്നത്.''

റഷ്യന്‍ വിദഗ്ധര്‍ക്കും ഇതേ അഭിപ്രായംതന്നെയാണുള്ളത്. "ബി എം ഡിയുടെ ഭാഗമായി വടക്കന്‍ പോളണ്ടിലും ചെക്ക് റിപ്പബ്ലിക്കിലും മിസൈലുകള്‍ വിന്യസിക്കാനുള്ള അമേരിക്കന്‍ പരിപാടിയെ സ്വന്തം സുരക്ഷിതത്വത്തിനുള്ള ഗുരുതരമായ ഭീഷണിയായിട്ടല്ലാതെ റഷ്യക്കു കാണാനാവില്ല അമേരിക്കക്കാരായ ജോര്‍ജ്ജ് ലൂയീസ്, തിയോഡൊര്‍ പോസ്റ്റോള്‍ എന്നീ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കാനഡയിലും മെക്‍സിക്കോയിലും റഷ്യ മിസൈലുകള്‍ സ്ഥാപിച്ചാല്‍ അമേരിക്ക ചെയ്യുമായിരുന്നതുപോലെയാണ് ബി എം ഡിയോട് റഷ്യപ്രതികരിക്കുന്നത്. ഭീതിജനകമാണ് ഇതില്‍നിന്നുളവാകുന്ന സ്ഥിതിവിശേഷം.

"റൌഡിരാഷ്ട്രങ്ങള്‍'' മിസൈലുകളുമായി പാശ്ചാത്യരാജ്യങ്ങളെ ആക്രമിക്കാനുള്ള സാധ്യത അതിവിദൂരമാണ്.അത്തരം ആക്രമണങ്ങള്‍ എളുപ്പത്തില്‍ നിര്‍വ്വീര്യമാക്കപ്പെടുമെന്നതാണ് കാരണം. വാന്‍ ക്രീവാള്‍ഡ് നിരീക്ഷിച്ചതുപോലെ, അമേരിക്കന്‍ ഭീഷണിയെ ചെറുക്കുന്നതിനുവേണ്ടി അവര്‍ മിസൈലുകള്‍ നിര്‍മ്മിച്ചേക്കാം. എതു നിമിഷവും അമേരിക്കയ്ക്ക് ഈ രാജ്യങ്ങളെ ആക്രമിക്കാന്‍ കഴിയുമെന്ന അവസ്ഥ അവയുടെ പ്രതിരോധസന്നാഹങ്ങളെയാകെ നിര്‍വ്വീര്യമാക്കിക്കളയും.

സീവിന്‍സണ്‍: താങ്കളുടെ അഭിപ്രായത്തില്‍ നാറ്റോ സൈനികസഖ്യം ഇനിയെന്തിനാണ്? ശീതയുദ്ധം അവസാനിച്ചപ്പോള്‍ വാഴ്‌സാ സഖ്യത്തെപ്പോലെ അതും പിരിച്ചുവിടേണ്ടതായിരുന്നില്ലേ?

ചോംസ്‌കി: സോവിയറ്റ് ഭീഷണിയില്‍നിന്ന് പാശ്ചാത്യരാജ്യങ്ങളെ രക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു നാറ്റോ സ്ഥാപിക്കപ്പെട്ടതെങ്കില്‍ യുഎസ്എസ് ആറിന്റെ പതനത്തെത്തുടര്‍ന്ന് അത് പിരിച്ചുവിടപ്പെടുമായിരുന്നു. അമേരിക്കയുടെയും അതിന്റെ സഖ്യശക്തികളുടെയും മേധാവിത്വം വ്യാപിപ്പിക്കുകയായിരുന്നു നാറ്റോ സ്ഥാപിച്ചതിനുപിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം. യുഎസ്എസ്ആറിന്റെ തകര്‍ച്ചയെത്തുടര്‍ന്നും അതു നിലനില്‍ക്കുന്നുവെന്നു മാത്രമല്ല, അതിന്റെ അംഗബലം വര്‍ദ്ധിക്കുകയും സൈനികഇടപെടലുകള്‍ കൂടുതല്‍ വ്യാപ്തി കൈവരിക്കുകയുമാണ് ചെയ്തിട്ടുള്ളത്.

സീവിന്‍സണ്‍: ലോകത്തിലെ എണ്ണനിക്ഷേപങ്ങള്‍ അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുകയാണല്ലോ. ഇത് അമേരിക്കന്‍ വിദേശനയത്തില്‍ എന്തെങ്കിലും മാറ്റത്തിനു കാരണമാകുമോ?

ചോംസ്‌കി: ഊര്‍ജ്ജനിക്ഷേപങ്ങളുടെ നിയന്ത്രണത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ കൂടുതല്‍ രൂക്ഷമാകും. പരമ്പരാഗതവും നവീനവുമായ ഊര്‍ജ്ജസങ്കേതങ്ങളുടെ നിയന്ത്രണത്തിനുവേണ്ടിയുള്ള മത്സരം കൂടുതല്‍ തീവ്രമായ സംഘര്‍ഷങ്ങള്‍ക്കു വഴിവയ്ക്കും.

(തോര്‍ഡര്‍ സീവിന്‍സണ്‍ (Thordur Sveinsson) ചോംസ്‌കിയുമായി നടത്തിയ ഇ മെയില്‍ സംഭാഷണം)

**

അമേരിക്കയുടേത് നിര്‍ലജ്ജമായ ധിക്കാരം

വിസ്സാം മാറ്റ: കാലാവധി അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍, ബുഷ്‌ഭരണത്തിന്റെ അവസാനനീക്കങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്? ആഭ്യന്തരവിദേശനയങ്ങളുടെ കാര്യത്തില്‍ (ഊര്‍ജരംഗം, സാമ്പത്തികസ്ഥിതി, മദ്ധ്യപൌരസ്ത്യനാടുകളുമായുള്ള ബന്ധങ്ങള്‍, പലസ്തീന്‍, ഇറാന്‍, ഇറാക്ക്, വടക്കന്‍ കൊറിയ)ഏതു ദിശയിലായിരിക്കും ഇനിയുള്ള ഹ്രസ്വകാലയളവില്‍ ബുഷ് ഭരണകൂടം നീങ്ങുക?

ചോംസ്‌കി: പ്രവചനം എളുപ്പമല്ല. അത്രമാത്രം അയുക്തികതയും അറിവുകേടുമാണ് ബുഷ്‌ സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ കാണാനാവുന്നത്. അവര്‍ തൊട്ടതെല്ലാം ദുരന്തങ്ങളായി മാറിയെന്നതാണ് വാസ്തവം. ആഭ്യന്തരവിദേശരംഗങ്ങളില്‍ ചെയ്തുകൂട്ടിയ ഭീമാബദ്ധങ്ങളുടെ ദുരന്തഫലങ്ങളില്‍ നിന്ന് അല്പമെങ്കിലും തലയൂരാനുള്ള അവസാനശ്രമത്തിലാണ് അവരിപ്പോള്‍. അക്കാരണംകൊണ്ടുതന്നെ, പ്രവചനം പ്രയാസകരമാണ്.

കൊറിയന്‍ കാര്യങ്ങളില്‍ വിദഗ്ദ്ധനായ ബ്രൂസ് ക്യൂമിങ്സ് എന്ന പണ്ഡിതന്റെ അഭിപ്രായം വളരെ ശരിയാണ്. ചരിത്രത്തിലെ ഏറ്റവും വിഡ്ഢിത്തം നിറഞ്ഞ 'കൊറിയന്‍ നയം' ബുഷിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടതാണ്. നയതന്ത്രപരമായ നീക്കങ്ങള്‍ ഫലം കണ്ടുതുടങ്ങിയ അവസരത്തിലാണ് ബുഷിന്റെ നയം എല്ലാ നേട്ടങ്ങള്‍ക്കും തുരങ്കംവച്ചത്. കൂടുതല്‍ അണ്വായുധശേഷിയുള്ള രാജ്യമായി കൊറിയ മാറിയെന്നതാണ് അതിന്റെ ഫലം. നയതന്ത്രബന്ധങ്ങള്‍ പുനരാരംഭിക്കാനും ബന്ധങ്ങളില്‍ ആരോഗ്യകരമായ പുരോഗതി കൈവരിക്കാനുമുള്ള ശ്രമങ്ങള്‍ക്കുവേണ്ടിയുള്ള സമ്മര്‍ദ്ദം രാജ്യത്തിനകത്തും പുറത്തും ശക്തമായിരുന്നപ്പോഴാണ് ബുഷ് ഭരണകൂടത്തിന്റെ നയം എല്ലാം പിറകോട്ടടിച്ചത്.

മദ്ധ്യ പൌരസ്ത്യദേശത്താകട്ടെ, ഇറാക്കിനെ ഒരു സാമന്തരാജ്യമാക്കി നിലനിര്‍ത്തിക്കൊണ്ട് മേഖലയിലെ സ്വന്തം അധികാരം ശക്തിപ്പെടുത്താനും അവിടുത്തെ സമ്പന്നമായ എണ്ണസമ്പത്ത് ഊറ്റിയെടുക്കാന്‍ പാശ്ചാത്യരാജ്യങ്ങളിലെ (വിശേഷിച്ച് അമേരിക്കയിലെ) കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് അവസരമൊരുക്കാനും അമേരിക്കന്‍ ഭരണകൂടം സാധ്യമായ എല്ലാ രീതിയിലും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇറാക്ക് ആക്രമണത്തിനു പിന്നിലുള്ള സാമ്പത്തികതാല്‍പര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നവയാണ് അമേരിക്ക ഇപ്പോള്‍ കൈക്കൊണ്ടുകാണുന്ന നടപടികളും അവരുടെ ഔദ്യോഗികപ്രഖ്യാപനങ്ങളും. ഇറാക്കിലുടനീളം സ്ഥാപിക്കപ്പെട്ടിട്ടുള്ള വമ്പന്‍ സൈനികത്താവളങ്ങളും 'നഗരത്തിനുള്ളിലെ നഗരം' എന്നു വിളിക്കാവുന്ന ഭീമന്‍ എംബസിയും അമേരിക്ക ഒരു കാലത്തും വേണ്ടെന്നുവയ്ക്കുകയില്ല. ഇറാക്കുമായി സഹകരിച്ചാണ് അമേരിക്ക ഇതെല്ലാം കെട്ടിപ്പൊക്കിയതെന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കണം. ഇറാക്ക് അതിന്റെ മണ്ണ് അമേരിക്കയുടെ സൈനികനടപടികള്‍ക്ക് വിട്ടുകൊടുക്കുകയും രാജ്യത്ത് വിദേശനിക്ഷേപം, പ്രത്യേകിച്ചും അമേരിക്കന്‍ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുകയും ചെയ്യണമെന്ന് കഴിഞ്ഞ നവംബറില്‍ വൈറ്റ് ഹൌസിന്റെ പ്രസ്താവനയുണ്ടായി. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നിര്‍ലജ്ജമായ ധിക്കാരമാണ് ഈ പ്രസ്താവന വെളിവാക്കുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ട ഇറാക്ക് പെട്രോളിയം കമ്പനിയെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കു സഹായകമാകുന്ന വിധത്തില്‍ പുനഃസ്ഥാപിക്കാനാണ് വാഷിംഗ്‌ടണ്‍ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പിലായാല്‍, സ്വന്തം എണ്ണസമ്പത്തിനുമേല്‍ യാതൊരു ആഭ്യന്തര നിയന്ത്രണവുമില്ലാത്ത ഒരു ഭീമന്‍ എണ്ണയുല്‍പാദകരാഷ്ട്രമായി ഇറാക്ക് മാറും. 1970 കളിലെ ദേശസാല്‍ക്കരണനടപടികളുടെ ഫലമായി രാജ്യത്തിന്റെ എണ്ണസമ്പത്തിനുമേല്‍ ദേശീയസര്‍ക്കാരിനു കൈവന്ന നിയന്ത്രണം അതോടെ നഷ്ടമാവും. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്, ഭാവി ഇറാക്കിനുവേണ്ടിയെന്ന പേരില്‍ അമേരിക്കന്‍ എയര്‍ഫോഴ്സ് വിപുലമായ പദ്ധതികള്‍ പ്രഖ്യാപിക്കുകയുണ്ടായി. അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍വാങ്ങലിനുവേണ്ടി ജനങ്ങള്‍ മുറവിളികൂട്ടുന്ന ഒരു രാജ്യത്തിനുമേല്‍ ഇത്തരം പദ്ധതികള്‍ അടിച്ചേല്പിക്കാന്‍ അമേരിക്കയ്ക്ക് അവകാശമുണ്ടോ എന്നു വ്യക്തമല്ല. എന്നാല്‍ തങ്ങള്‍ രൂപകല്‍പന ചെയ്യുന്ന ഈ പദ്ധതികളെല്ലാം ഇറാക്കിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ അമേരിക്ക എല്ലാവിധശ്രമങ്ങളും നടത്തുമെന്ന് വ്യക്തമാണ്.

മദ്ധ്യ പൌരസ്ത്യരാഷ്ട്രീയകാര്യങ്ങളില്‍ വിദഗ്ദ്ധനായ സ്റ്റീവെന്‍ സൈമണ്‍ “ഫോറിന്‍ അഫയേഴ്സില്‍” അഭിപ്രായപ്പെട്ടതുപോലെ, അമേരിക്കന്‍ നയങ്ങള്‍ ഇറാക്കില്‍ ഗോത്രവെറിയും ആഭ്യന്തരമായ യുദ്ധോത്സുകതയും മൌലികവാദവും വളര്‍ത്തുകയാണ്.

ഇസ്രായേല്‍ -പലസ്തീന്‍ പ്രശ്‌നത്തെ സംബന്ധിച്ചിടത്തോളം ബുഷിന്റെ “67 പ്ലസ് ” പ്രോഗ്രാമില്‍ എന്തെങ്കിലും മാറ്റം വരാനുള്ള സാധ്യത വിദൂരമാണ്. വെസ്റ്റ് ബാങ്ക് പ്രദേശങ്ങള്‍ സ്വന്തം രാജ്യത്തോട് കൂട്ടിച്ചേര്‍ക്കാനുള്ള ഇസ്രയേലിന്റെ അവകാശം അംഗീകരിക്കുന്നതാണിത്. ഔപചാരികമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇക്കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന്റെ കാര്യത്തില്‍ ബുഷ് പുതുതായി ചെയ്തത് ഈയൊരു കാര്യം മാത്രമാണ്. അമേരിക്ക ഇതില്‍നിന്നു പിറകോട്ടുപോകാനുള്ള യാതൊരു സൂചനയും കാണുന്നില്ല. ഇസ്രയേലിനെയും പലസ്തീനെയും രണ്ടു സ്വതന്ത്രരാഷ്ട്രങ്ങളായി അംഗീകരിക്കുകയെന്ന അഭിപ്രായം ലോകത്തിനു കൂടുതല്‍ കൂടുതല്‍ സ്വീകാര്യമായി വരികയാണ്. എന്നാല്‍, അമേരിക്കന്‍ നിലപാട് ഇതിനു വിലങ്ങുതടിയാണ്. വാഷിങ്ടണിന്റെ നയതന്ത്രപരവും സൈനികവും സാമ്പത്തികവും ആശയപരവുമായ പിന്തുണയോടെ കൊണ്ടലീസ റൈസ് ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നത്തില്‍ ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നുണ്ട് എന്നുമാത്രം.

ഇപ്പോഴത്തെ പ്രശ്നം ഇറാന്‍തന്നെയാണ്. ഇറാന്‍ എന്ന രാജ്യത്തെ യുദ്ധോത്സുകമായ ഒരു സാമ്രാജ്യത്വശക്തിയായി ചിത്രീകരിച്ചുകൊണ്ടുള്ള വമ്പിച്ച പ്രചാരവേലയിലാണ് മാധ്യമങ്ങളും (അമേരിക്കയിലെ)സര്‍ക്കാര്‍ സംവിധാനമാകെയും ഏര്‍പ്പെട്ടിരിക്കുന്നത്. നാസി ജര്‍മ്മനിയുടെ പുതിയ പതിപ്പായ ഇറാനെ തകര്‍ക്കുന്നതിനുവേണ്ടി യുദ്ധം നടത്തുന്നതില്‍ പോലും തെറ്റില്ലെന്നാണ് പ്രചാരണം. സൈനികശക്തി കാട്ടി ഇറാനെ ഭയപ്പെടുത്തുന്നതില്‍ രണ്ടു പാര്‍ട്ടികള്‍ക്കും ഒരേ അഭിപ്രായമാണ്. എന്നാല്‍ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും (ലോകവും) ഇതിനെതിരാണ്. പല കാര്യങ്ങളിലും ഇറാനിലെ സര്‍ക്കാര്‍ ശക്തമായ വിമര്‍ശനം അര്‍ഹിക്കുന്നുണ്ടാവാം. എന്നാല്‍, ചെറുത്തുനില്‍പുകളോ ഇടപെടലുകളോ ഇല്ലാതെ ലോകം മുഴുവന്‍ അടക്കിഭരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നു കരുതുന്ന അമേരിക്കന്‍ ഭരണകൂടം കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്നതാണ് ഈ ഇറാന്‍ ഭീതി.

യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാന്റെ അവകാശം ലോകത്തിലെ മിക്ക രാജ്യങ്ങളും അംഗീകരിച്ചുകഴിഞ്ഞതാണ്. അടുത്ത കാലത്തായി ചേരിചേരാപ്രസ്ഥാനം ഈ നിലപാട് ആവര്‍ത്തിക്കുകയുണ്ടായി. ബഹുഭൂരിപക്ഷം അമേരിക്കക്കാരും ഇതംഗീകരിക്കുന്നു. ഇസ്രയേലും ഇറാനും ഉള്‍പ്പെടുന്ന ഒരു ആണവായുധമുക്തമേഖലയായി മദ്ധ്യപൌരസ്‌ത്യദേശത്തെ മാറ്റണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ഈ മേഖലയിലെ സംഘര്‍ഷത്തിനുള്ള (ആണവയുദ്ധത്തിനു പോലുമുള്ള) സാധ്യതകള്‍ ദൂരീകരിക്കുന്നതിനു സഹായകമാണീ നിലപാട്. എന്നാല്‍ ഇതൊന്നും അമേരിക്കന്‍ മാധ്യമങ്ങളില്‍ ആര്‍ക്കും കാണാന്‍ കഴിയില്ല. ഇറാനെതിരായ കടന്നാക്രമണത്തിന് കളമൊരുക്കുന്നതിനുള്ള (അമേരിക്കന്‍) ഭരണകൂടത്തിന്റെ പ്രചാരണായുധങ്ങളായി രാജ്യത്തെ മാധ്യമലോകം അധഃപതിച്ചിരിക്കുകയാണ്.

ഇറാനെ ബോംബിട്ടുതകര്‍ക്കുകയെന്ന ആശയം അമേരിക്കയിലെ നവയാഥാസ്ഥിതികര്‍ക്കിടയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ജൂണില്‍ ഇറാനെ സൈനികമായി ഉപരോധിക്കാന്‍ ഫലത്തില്‍ ആവശ്യപ്പെടുന്ന ഒരു പ്രമേയം അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി. ഇസ്രയേല്‍ ലോബിയുടെ ഒത്താശയോടെയാണ് ഇതു നടന്നത്. ശക്തമായ പിന്തുണ സ്വരൂപിക്കാന്‍ ഇതിനുകഴിഞ്ഞു. ലോകം മുഴുവന്‍ ഭയപ്പെടുന്നതുപോലെ മദ്ധ്യപൌരസ്ത്യമേഖലയിലെ യുദ്ധസമാനമായ സാഹചര്യം ആളിക്കത്തിക്കാന്‍ ഇത്തരമൊരു തീരുമാനത്തിനു കഴിയുമായിരുന്നു. യുദ്ധവിരുദ്ധപ്രസ്ഥാനത്തിന്റെ സമ്മര്‍ദ്ദംകൊണ്ടാണ് ഈ നീക്കം വിജയിക്കാതെ പോയത്. എന്നാല്‍ ഈ ശ്രമം ഇനിയും തുടര്‍ന്നുകൂടെന്നില്ല എനര്‍ജി കോര്‍പറേറ്റുകളുടെ ലാഭം പെരുപ്പിക്കുകയെന്നതിനപ്പുറത്ത്, സര്‍ക്കാരിനൊരു ഊര്‍ജ്ജനയമില്ല. ചെറിയൊരു വിഭാഗത്തെ സമ്പന്നരാക്കുകമാത്രമാണ് അവരുടെ സാമ്പത്തികനയത്തിന്റെ ലക്ഷ്യം. ബഹുഭൂരിപക്ഷത്തിന്റെയും താല്‍പര്യങ്ങള്‍ക്കെതിരായ ഈ നിലപാട് അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കു വഴിവച്ചുകഴിഞ്ഞു. അമേരിക്കന്‍ സര്‍ക്കാരിന്റെ നയങ്ങളുടെ ഫലമായുണ്ടായ ഈ പ്രതിസന്ധി ലോകംമുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അതിനെ നേരിടാന്‍ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ള പദ്ധതികളില്‍ കാണുന്നതാവട്ടെ. ഭീമന്‍ കോംപന്‍സേഷന്‍ പാക്കേജുകളും ഓഹരിയുടമകളെ പിരിച്ചയയ്‌ക്കാന്‍ സഹായിക്കലുമൊക്കെയാണ്. ഇതിന്റെ ഭാരം ആത്യന്തികമായി നികുതിദായകനിലാണെത്തുന്നത്.

മാറ്റ: സ്ഥാനമൊഴിയാന്‍ പോകുന്ന പ്രസിഡന്റ് ഈ പ്രശ്നങ്ങളെക്കുറിച്ചൊക്കെ ഇനിയുള്ള കാലം മൌനംപാലിക്കുമെന്നാണോ താങ്കള്‍ കരുതുന്നത് ? അതോ പുതിയ സര്‍ക്കാരിനെ വെട്ടിലാക്കുന്ന തരത്തില്‍ ഇവയൊക്കെ വീണ്ടും എടുത്തിടുമോ? ഇക്കാര്യങ്ങളില്‍ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ പുതിയ പ്രസിഡന്റിനു കഴിയുമോ?

ചോംസ്‌കി: പുതിയ സര്‍ക്കാര്‍ നിലവിലുള്ളതിന്റെ "പൈതൃകം'' തുടര്‍ന്നുകൊണ്ടു പോകാന്‍ ശ്രമിക്കുമെന്നുറപ്പാണ്. പ്രത്യേകിച്ചും, അമേരിക്കന്‍ ഭരണകൂടത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന ചില പ്രാഥമികകാര്യങ്ങളില്‍. ഉദാഹരണത്തിന്, ഭരണകൂടത്തിന്റെ അധികാരപ്രമത്തത പ്രകടമാക്കുക, സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുക, ഭീഷണിയിലൂടെയും വര്‍ദ്ധിതമായ അതിക്രമത്തിലൂടെയും ലോകത്തെ വിറപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍. ഒട്ടും സുഖകരമല്ലാത്ത ഇത്തരം കാര്യങ്ങളൊഴികെ, വരുംകാല സര്‍ക്കാരുകള്‍ക്ക് തുടര്‍ന്നുകൊണ്ടുപോകാന്‍ ഒരു പൈതൃകം അവശേഷിപ്പിക്കുന്നില്ല എന്നതാണ് ഇന്നത്തെ ഭരണത്തിന്റെ ദയനീയനിലവാരം. അമേരിക്കയുടെ യഥാര്‍ത്ഥതാല്‍പര്യങ്ങളെ ഈ ഭരണം അത്രമേല്‍ പരിമിതപ്പെടുത്തിക്കളഞ്ഞിരിക്കുന്നു.

പിഴച്ച തത്ത്വങ്ങളുടെ പേരിലല്ല, പ്രായോഗികമായ പരാജയങ്ങളുടെ പേരിലാണ് രാഷ്ട്രീയമണ്ഡലത്തില്‍ ഈ ഭരണം നേരിടുന്ന എതിര്‍പ്പുകളിലധികവും. സാമാന്യജനത്തിന്റെ താല്‍പര്യം നയരൂപീകരണത്തെ സ്വാധീനിക്കാത്ത കാലത്തോളം ഈ വിടവ് നിലനില്‍ക്കും. പ്രധാനപ്പെട്ട പല പ്രശ്നങ്ങളിലും രണ്ടു രാഷ്ട്രീയപാര്‍ട്ടികളും ജനാഭിപ്രായം കണക്കിലെടുത്തല്ല പ്രവര്‍ത്തിക്കുന്നത്. എന്താണിവിടെ നടക്കുന്നതെന്ന് ജനങ്ങള്‍ കാണുന്നുണ്ട്. സ്വാര്‍ത്ഥമതികളായ വമ്പര്‍മാരുടെ ഒരു ചെറിയകൂട്ടമാണ് ഭരണം നിയന്ത്രിക്കുന്നതെന്ന് 80% ജനങ്ങള്‍ക്കുമറിയാം. ഇവരുടെ നിക്ഷിപ്തതാല്‍പര്യങ്ങള്‍ ബഹുഭൂരിപക്ഷത്തിനും എതിരാണെന്ന് അവര്‍ മനസ്സിലാക്കുന്നുണ്ട്. പൊതുവികാരം മാനിക്കാത്ത സര്‍ക്കാര്‍ തീരുമാനങ്ങളോട് വിയോജിപ്പുള്ളവരാണ് ജനങ്ങളില്‍ 95 ശതമാനവും. ജനഹിതത്തിനെതിരെ ഒരു ചെറുന്യൂനപക്ഷത്തിന്റെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുകയാണ് സര്‍ക്കാര്‍. ബുഷും കൂട്ടരും അതിന്റെ അങ്ങേയറ്റമാണ്. അമേരിക്കയില്‍ ജനാധിപത്യം ശക്തിപ്പെടുത്താന്‍ കാര്യമായ നടപടികളുണ്ടാകാത്ത കാലത്തോളം, ഇതിന് മാറ്റംവരുമെന്ന് പ്രതീക്ഷിക്കാന്‍ ന്യായമില്ല.

മാറ്റ: അമേരിക്കയുടെ ഭാവിരാഷ്‌ട്രീയത്തെ ബുഷ് നിര്‍ണ്ണായകമായി രൂപപ്പെടുത്തിക്കഴിഞ്ഞുവെന്ന് താങ്കള്‍ കരുതുന്നുണ്ടോ (സെപ്റ്റംബര്‍ 11, ഭീകരതയ്ക്കെതിരായ യുദ്ധം എന്നിവയുടെ പശ്ചാത്തലത്തില്‍)? 'ബുഷിനുമുമ്പുള്ള അമേരിക്ക ബുഷിനുശേഷമുള്ള അമേരിക്ക' എന്നിങ്ങനെ നമുക്കിനി വേര്‍തിരിച്ചു പറയേണ്ടി വരുമോ?

ചോംസ്‌കി: മൌലികമായ ചില നീക്കങ്ങള്‍ ബുഷ് നടത്തിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെയാണീ ഭരണം ഇത്രയേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത്. തത്ത്വങ്ങളെക്കാള്‍ പ്രധാനമായി ബുഷ് ഭരണംകൈക്കൊണ്ട പ്രയോഗികനടപടികളാണ് പരിശോധിക്കപ്പെടേണ്ടത്. ശത്രുക്കളെന്ന് സര്‍ക്കാര്‍ കരുതുന്നവര്‍ക്കു നേരെ നടക്കുന്ന പീഡനങ്ങളും അവര്‍ക്കു നേരിടേണ്ടി വരുന്ന അവകാശനിഷേധങ്ങളും നോക്കുക. ഉദാഹരണത്തിന്, തന്റെ രാജ്യത്തിനുമേലുള്ള അമേരിക്കന്‍ അധിനിവേശത്തെ ചെറുക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍, പതിനഞ്ചുവയസുമാത്രം പ്രായമുള്ള ഒരു യുവാവിനെ സൈനികകോടതി വിചാരണചെയ്യാന്‍ പോവുകയാണ്. നീതിയെന്ന സങ്കല്പത്തെ നഗ്നമാംവിധം പരിഹാസ്യമാക്കുന്നതാണ് ഈ നീക്കം. ഗ്വാണ്ടനാമോയിലെ തടവുപാളയത്തില്‍ അയാള്‍ പീഢനമനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. രണ്ടു പാര്‍ട്ടികളും ഇതിനൊക്കെ അനുകൂലമാണ്.

ബുഷ് ഭരണം അമേരിക്കയ്ക്കു സംഭാവനചെയ്തതില്‍ ഏറ്റവും നിര്‍ണ്ണായകമെന്ന് പലരും കരുതുന്ന ഈ തത്ത്വത്തിന്റെ കാര്യമെടുക്കുക: "തങ്ങള്‍ക്ക് നേരെ ഭീഷണിയുയര്‍ത്തുന്നതെന്ന് രാജ്യം കരുതുന്ന ആര്‍ക്കെതിരായും യുദ്ധം ചെയ്യാന്‍ അമേരിക്കയ്‌ക്ക് അവകാശമുണ്ടെ''ന്ന് 2002 സെപ്തംബറിലെ 'ദേശീയ സുരക്ഷാ സ്‌ട്രാറ്റജി' പ്രഖ്യാപിക്കുന്നു. (പ്രതിരോധമെന്നാണ് അവര്‍ ഇതിനെ വിളിക്കുന്നത്). ശൈലിയുടെ പേരിലാണ്, അന്തസ്സത്തയുടെ പേരിലല്ല ഈ പ്രഖ്യാപനം വിമര്‍ശിക്കപ്പെട്ടത്. അക്ഷരാര്‍ത്ഥത്തിലെടുത്താല്‍ ക്ലിന്റന്റെ തത്ത്വം ഇതിലും തീവ്രമുഖമുള്ളതാണ്. 'കമ്പോളം സംരക്ഷിക്കുന്നതിനും വിഭവങ്ങള്‍ കൈക്കലാക്കുന്നതിനുംവേണ്ടി ബലപ്രയോഗം നടത്താന്‍ അമേരിക്കയ്ക്ക് അവകാശമുണ്ടെ'ന്ന് ക്ലിന്റണ്‍ പറയുകയുണ്ടായി. എന്നാല്‍, ആരും അതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞില്ല. അമേരിക്കന്‍ കോണ്‍ഗ്രസിനുള്ള ഒരു സന്ദേശത്തില്‍ ക്ലിന്റണ്‍ ഇത് അവതരിപ്പിക്കുകയായിരുന്നു.

ലോകത്തോടു മുഴുവനുമുള്ള വെറുപ്പും സഖ്യശക്തികളെപ്പോലും ശത്രുക്കളാക്കിമാറ്റിയ നഗ്നമായ ധിക്കാരവുമായിരുന്നു ബുഷിന്റെ പ്രഖ്യാപനത്തിലെങ്കില്‍, ക്ലിന്റന്റേത് ശാന്തമായ അഭിപ്രായപ്രകടനമായിരുന്നു. ഈ തത്ത്വത്തിന്റെ പഴക്കമന്വേഷിച്ചാല്‍, രണ്ടാംലോകമഹായുദ്ധത്തിനുള്ള തയ്യാറെടുപ്പുവരെ പിറകോട്ടുപോകാനാവും. "ഭീകരതയ്ക്കെതിരായ യുദ്ധ''മാണെങ്കില്‍, 1981 ല്‍ റൊണാള്‍ഡ് റീഗനാണത് ആദ്യം പ്രഖ്യാപിച്ചത്. ഇന്നത്തേതിനോട് സമാനതകളുള്ള പ്രഖ്യാപനമായിരുന്നു അന്നത്. അതിനും രണ്ടുപാര്‍ട്ടികളുടേയും പിന്തുണയുണ്ടായിരുന്നു. മാരകമായൊരു ഭീകരയുദ്ധമായി റീഗന്റെ കാലത്തതുമാറി. എന്നാലതിന്ന് ചരിത്രത്തില്‍ തമസ്‌ക്കരിക്കപ്പെട്ടുകിടക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ ഭരണകൂടത്തെ എല്ലാവിധത്തിലും പിന്തുണച്ച അമേരിക്ക ദക്ഷിണാഫ്രിക്കയിലും സമീപരാജ്യങ്ങളിലുമായി ഒരു ദശലക്ഷത്തിലധികം ആളുകളെ കശാപ്പുചെയ്യാന്‍ അവര്‍ക്ക് എല്ലാം വിധ ഒത്താശയും നല്‍കി. നെല്‍സണ്‍ മണ്ടേലയുടെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്, അമേരിക്കയുടെ കണ്ണില്‍ 'കുപ്രസിദ്ധരായ ഒരു ഭീകരവാദസംഘ'മായിരുന്നുവെന്നത് ഇന്ന് ഓര്‍ക്കാന്‍ സുഖമുള്ള കാര്യമല്ല.

അന്താരാഷ്ട്ര ഭീകരവാദികളുടെ പട്ടികയില്‍നിന്ന് നെല്‍സണ്‍ മണ്ടേലയുടെ പേര് അമേരിക്ക നീക്കം ചെയ്തതുപോലും അടുത്തകാലത്താണ്. അമേരിക്കന്‍ പിന്തുണയുള്ള സംഘം ലാറ്റിനമേരിക്കയിലെ ആറു പ്രമുഖ ബുദ്ധിജീവികളെയും ജെസ്യൂട്ട് പാതിരിമാരെയും 1989 ല്‍ കൊലചെയ്തകാര്യവും അമേരിക്കന്‍ മാധ്യമങ്ങള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അമേരിക്ക ലോകത്തു മുഴുവന്‍ ചെയ്തുകൂട്ടിയ കൊടുംക്രൂരതകളുടെ ചിത്രമാകെ മാധ്യമങ്ങള്‍ മറച്ചുപിടിക്കുകയാണ്.

അമേരിക്കയിലെ ഭരണം ഒരു ചെറുന്യൂനപക്ഷത്തിനുവേണ്ടിയുള്ളതാണ്. അവരുടെ താല്‍പര്യങ്ങളാകട്ടെ, ബഹുഭൂരിപക്ഷം അമേരിക്കക്കാരുടെയും അഭിപ്രായങ്ങള്‍ക്കെതിരാണ്. പ്രധാനപ്രശ്നങ്ങളിലെല്ലാം രാജ്യത്തെ രണ്ടുപാര്‍ട്ടികളുടെയും നയം ഒന്നുതന്നെയാണ്. രാഷ്ട്രീയമാറ്റത്തിനുള്ള സാധ്യതകളെ ഇതു ദുര്‍ബലമാക്കുന്നു.

മാറ്റ: കാലാവധിതീര്‍ന്ന് ബുഷ് പടിയിറങ്ങുമ്പോള്‍, അമേരിക്കന്‍ സമൂഹം അദ്ദേഹത്തെ സന്തോഷപൂര്‍വ്വം യാത്രയാക്കുമെന്നു താങ്കള്‍ കരുതുന്നുണ്ടോ?

ചോംസ്‌കി: അങ്ങനെയായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു.

(ലെബനോണിലെ Assafir ദിനപ്പത്രത്തിലെ Wissam Matta നോം ചോംസ്കിയുമായി നടത്തിയ ഇ മെയില്‍ സംഭാഷണം)

*
കടപ്പാട്: യുവധാര

പാലസ്തീന്‍, നിനക്കില്ല 9/11

2001 സെപ്തംബര്‍ മാസത്തില്‍ അല്‍ ക്വയ്ദയിലെപ്പെട്ട ഒരു കൂട്ടം ഭീകരര്‍ ന്യൂയോര്‍ക്കില്‍ ആയിരക്കണക്കിന് അമേരിക്കക്കാരെ കൊലചെയ്തു. അമേരിക്കയുടെ സുഹൃത്തുക്കളും ശത്രുക്കളും ഒരു പോലെ ആ അക്രമണത്തെയും അക്രമണകാരികളെയും അപലപിച്ചു. സംവാദങ്ങള്‍ എല്ലാം തന്നെ ഊന്നിയത് അമേരിക്ക പ്രതികാരം നിര്‍വഹിക്കുന്നതിലും, നീതി തേടുന്നതിലും എത്രമാത്രം വിവേചനബുദ്ധി കാണിക്കണം എന്നതിലായിരുന്നു. അമേരിക്കയുടെ ഇറാഖ്, അഫ്‌ഗാനിസ്ഥാന്‍ അധിനിവേശങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്ന അവസരത്തിലെല്ലാം തന്നെ 9/11ന്റെ ഭയാനകതകള്‍ ഉയര്‍ന്നുവന്നിരുന്നു. തങ്ങള്‍ അതുവരെ ചെയ്തുകൂട്ടിയതിനെയെല്ലാം ന്യായീകരിക്കുവാനായി തങ്ങളുടെ ജനത അനുഭവിച്ച കഷ്ടപ്പാടുകളും മരണവും ഉപയോഗിക്കുവാന്‍ അമേരിക്ക അനുവദിക്കപ്പെട്ടിരുന്നു.

2008 നവംബര്‍ മാസത്തില്‍ ഒരു കൂട്ടം ഭീകരര്‍ മുംബൈയിലെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം അഴിച്ചുവിടുകയും ഏതാണ്ട് 200 സാധാരണക്കാരായ ജനങ്ങളെ വധിക്കുകയും ചെയ്തു. അവരുടെ ചെയ്തിക്കുപിന്നിലെ ഉദ്ദേശം എന്തായിരുന്നുവെന്നോ അവര്‍ ആരായിരുന്നുവെന്നോ എന്നതിനെക്കുറിച്ച് നമുക്ക് അത്ര ഉറപ്പൊന്നും ഇതുവരെയും ഇല്ല. അവരുടെ ആസൂത്രണം രഹസ്യമായാണ് നടന്നത്. എല്ലാ ആക്രമണകാരികളും കൊല്ലപ്പെടുകയോ പിടികൂടപ്പെടുകയോ ചെയ്തു. ഈ കൂട്ടക്കൊലക്ക് “ഇന്ത്യയുടെ 9/11” എന്ന അപരനാമവും നല്‍കി. ഇന്ത്യയുടെ സുഹൃത്തുക്കളും ശത്രുക്കളും ഒരേപോലെ ഈ ആക്രമണത്തെ അപലപിച്ചു.

ഇപ്പോള്‍ ഈ സമയത്ത്, ഇസ്രായേല്‍ ഗാസയിലെ വിവിധ സ്ഥലങ്ങളെ ആക്രമിക്കുകയും മുന്നൂറില്‍പ്പരം(മരണം ഇനിയും ഉണ്ടാകും) സാധാരണക്കാരെ കൊല്ലുകയും ചെയ്തിരിക്കുന്നു അവരുടെ ആസൂത്രണം വളരെ അവധാനതയോടെയും, വ്യക്തമായ ഉദ്ദേശ്യത്തോടെയും, പരസ്യമായിട്ടുമായിരുന്നു. ആ കൊലപാതകികളാകട്ടെ ആഘോഷിക്കപ്പെടുകയുമാണ്, തുടരുവാന്‍ പ്രോത്സാഹിപ്പിക്കപ്പെടുകയുമാണ്. പാശ്ചാത്യരാജ്യങ്ങളാകട്ടെ ഈ ആക്രമണങ്ങളെ തിരിച്ചടി എന്നു വിശേഷിപ്പിക്കുവാന്‍ മത്സരിക്കുന്നു, അപൂര്‍വമായി കൊലകളില്‍ ഇസ്രായേല്‍ നീതിപൂര്‍വകമായി പെരുമാറണം എന്നു പറയാറുള്ളതൊഴിച്ചാല്‍.

ആരും പാലസ്തീനിന്റെ 9/11നെക്കുറിച്ച് സംസാരിക്കുന്നില്ല - പാലസ്തീനിനു 9/11നു അവകാശമില്ല തന്നെ.

ഈ ആക്രമണങ്ങള്‍ നടത്തുമ്പോള്‍ അടുത്തു വരുന്ന തെരഞ്ഞെടുപ്പ് (പാലസ്തീനികളുടെ വധം വോട്ടര്‍മാര്‍ക്കിടയില്‍ മുന്‍തൂക്കം നല്‍കുന്നു), അവധിക്കാലം ‍(അന്താരാഷ്ട്ര നിരീക്ഷകര്‍ അവധിയിലാകുന്ന സമയം‍), അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യം (ഇസ്രായേലിനാല്‍ സൃഷ്ടിക്കപ്പെട്ട നിലവിലെ സാഹചര്യം ഒബാമയെ ഓര്‍മ്മപ്പെടുത്താന്‍) എന്നിവയൊക്കെ ഉള്‍പ്പെടുന്ന താല്‍കാലികമായ ചില കണക്കുകൂട്ടലുകള്‍ ഇസ്രായേലിനു ഉണ്ടായിരുന്നു. എങ്കിലും ഈ ആക്രമണത്തിനുള്ള ഇസ്രായേലിന്റെ കാരണങ്ങള്‍ അതിന്റെ ദീര്‍ഘകാല ആവശ്യത്തില്‍ നിന്നും നേരിട്ടുതന്നെയാണ് ഉയരുന്നത്, അവ അടിസ്ഥാനപരമായി വംശീയോന്മൂലനത്തില്‍ ഊന്നുന്നവയുമാണ്. ഇസ്രായേലിന്റെ വിഭവങ്ങളധികവും പാലസ്തീനികളെ തടവിലാക്കുന്നതിനും പട്ടിണിക്കിടുന്നതിനും അധിനിവേശത്തിനും കൊലയ്ക്കും ഉന്മൂലനത്തിനുമായിട്ടാണ് ഉഴിഞ്ഞുവെച്ചിരിക്കുന്നത്. അവരുടെ നയതന്ത്രജ്ഞതയൊക്കെയും പാലസ്തീനികള്‍ക്ക് പോകാനൊരിടമില്ലെന്നുറപ്പുവരുത്തുന്നതിനും, അവര്‍ക്ക് സമൂഹം, സമ്പദ്‌വ്യവസ്ഥ, സംസ്കാരം എന്നിവയ്ക്കൊക്കെ അവകാശമില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഉപയോഗിക്കപ്പെടുന്നത്.

ശാരീരികമായ ഇല്ലായ്മ ചെയ്യല്‍ ഇതിന്റെ ഭാ‍ഗമാണ്, അത് തുടരുകയുമാണ്. കുറെക്കാലമായി ഇസ്രായേല്‍ 360 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഗാസയിലെ 15 ലക്ഷം വരുന്ന പാലസ്തീനികളെ ലക്ഷ്യമിടുന്നു. വര്‍ഷങ്ങളായി ഇസ്രായേല്‍ അവര്‍ക്കുള്ള മരുന്ന്, ഭക്ഷണം, ഊര്‍ജ്ജം എന്നിവയുടെ മാത്രമല്ല കടലാസ്, മഷി, പുസ്തകങ്ങള്‍ തുടങ്ങി അവശ്യസാധനങ്ങളുടെ പോലും പ്രവേശനം തടയുകയായിരുന്നു. പുറംലോകത്തു നിന്നൊരു സഹായമില്ലാതെയും, വൈദ്യസഹായമോ മരുന്നോ ഇല്ലാതെയും വേണമായിരുന്നു പാലസ്തീനികള്‍ക്ക് തങ്ങളെ കൊല്ലാനായി പാഞ്ഞുവരുന്ന മിസൈലുകളെ നേരിടേണ്ടിയിരുന്നത്. ഗാസയില്‍ ഇപ്പോള്‍ മരുന്നേ ഇല്ല. ഇസ്രായേലികളാകട്ടെ സ്കൂളുകളെയും, പള്ളികളെയും, ആശുപത്രികളെയും ആക്രമിക്കുകയുമാണ്. അഞ്ച് ആംബുലന്‍സുകളും മൂന്ന് അഗ്നിശമന യന്ത്രങ്ങളും മാത്രമാണ് മൊത്തം ഗാസയിലെ സേവനത്തിനായി ഉള്ളത് - അതും ഇസ്രയേല്‍ തകര്‍ക്കും വരെ മാത്രം...

ഇസ്രായേല്‍ ചെയ്യുന്നത് യുദ്ധക്കുറ്റമല്ല. അവിടെ യുദ്ധമേയില്ല. ഇത് മാനവികതക്കെതിരായ കുറ്റകൃത്യമാണ്; തങ്ങള്‍ തന്നെ തടവിലാക്കുകയും, പട്ടിണിക്കിടുകയും ചെയ്യുന്ന ജനതക്കു നേരെ, ലോകത്തിന്റെ മുഴുവന്‍ മുന്‍പില്‍ അവരുടെ പിന്തുണയോടെയും നടക്കുന്ന കുറ്റകൃത്യം. ഇസ്രായേലിനു ഒറ്റക്ക് പാലസ്തീനിനെ തടവിലിടുവാനാവുകയില്ല, ഒരു കൊച്ചുരാജ്യത്തെ പട്ടിണിക്കിടുന്നതിനായി ഇസ്രായേല്‍ മൊത്തം ലോകത്തെയും കൂടെക്കൂട്ടുകയാണ്. അതുകൊണ്ടു തന്നെ ഈ കുറ്റകൃത്യങ്ങള്‍ ഇസ്രായേലിന്റെതുമാത്രമല്ല. അതിക്രമവും തിരിച്ചടിയും തമ്മിലുള്ള വ്യത്യാസമെന്തെന്നും, രണ്ട് തുല്യശക്തികള്‍ തമ്മിലുള്ള യുദ്ധവും നിസ്സഹായരായ ഒരു ജനതയെ മുച്ചൂടും നശിപ്പിക്കുന്നതും തമ്മിലുള്ള വ്യത്യാസമെന്തെന്നും മനസ്സിലാക്കിക്കുവാന്‍ പാശ്ചാത്യരാജ്യങ്ങള്‍ക്ക് കഴിയാത്തിടത്തോളം അവരും ഈ കുറ്റകൃത്യങ്ങളില്‍ കൂട്ടുപ്രതികളായി തുടരും. ഇസ്രായേലിന്റെ അജണ്ട എന്തെന്നത് കണ്ണു തുറന്നിരിക്കുന്നവര്‍ക്കൊക്കെയും വളരെ വ്യക്തമാണ്. ആരെങ്കിലും തടയുന്നതുവരെ ഇസ്രായേല്‍ ഇത് തുടരുകയും ചെയ്യും. അത് അവസാനിപ്പിക്കാന്‍ അവരുടെ ഇരകള്‍ക്കാവുകയുമില്ല. ആയതിനാല്‍ ലോകമേ, നീ എത്രകാലം ഈ പീഡനത്തെ പിന്താങ്ങും ?

*

Justin Podur എഴുതിയ Palestine Doesn't Get to Have a 9/11 എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

ദാവീദിന്റെ നക്ഷത്രം

മരണമേ നിന്നെ ഞാനറിവതി-
ല്ലീ ബോംബ് കണ്മുന്നില്‍ ഛേദിച്ച കാലുകള്‍ ,
കബന്ധങ്ങളെന്‍ നേര്‍ക്ക് ചിതറും വരെ.
ഒരുമുഖം പോലും കാണ്മതില്ലിവിടെ ഞാന്‍
മായുന്ന, മറയുന്ന നിലവിളികള്‍ മാത്രമോ ?

വേദനയുമെന്തെന്ന് ഞാനറിഞ്ഞീലയാ
പിഞ്ചു കരങ്ങളെന്‍ കൈ മുറുക്കും വരെ.
അരുതരുതു മകളേ, ചോദ്യങ്ങള്‍ നിറച്ചൊരാ
കണ്‍കളെന്‍ നേര്‍ക്കു നീ നീട്ടരുതേ
മൗനനിശ്വാസവും ധാരണാപത്രങ്ങള്‍
നിറയ്ക്കുവാന്‍ വയ്യാത്ത കീശയില്‍
വരളുന്ന പേനയും മാത്രമേയുള്ളെന്‍ കൈകളില്‍ .

മറുകൈയ്യില്‍ വച്ചവളെന്‍ നേര്‍ക്ക് നീട്ടുവത്
മുത്തശ്ശിതന്‍ വീടിന്‍ താക്കോലതത്രെ
എങ്കിലും കുഞ്ഞേ നിന്‍ ഭ്രാതാക്കളെപ്പൂട്ടിയോരീ
തുറുങ്കിന്നെനിക്കു തുറക്കുവാന്‍ വയ്യല്ലോ.
പൈതൃക സ്മരണകളെയുണര്‍ത്തുവാനാശിച്ച്
സ്വപ്നങ്ങളാണവര്‍ എയ്യുന്നതാ മതിലിന്നുമപ്പുറം.

ഊഷരഭൂമിയില്‍ കൂരകള്‍ പണിഞ്ഞോരു
കരവിരുതുകാരന്റെ പൊന്‍മകളത്രെയിവള്‍
കുടിയേറ്റമലകളുടെ സ്ഥിതിവിവരഗണിതം
തെറ്റിച്ചൊരപരാധിയായിരിക്കാമയാള്‍
ചുറ്റികയല്ലാക്കൈകളിലതായുധമെന്നു
നിനച്ചും കൊന്നതാവാമവര്‍ .
സ്വനപേടകം തകര്‍ത്തന്നാ വെടിയുണ്ട
ഭിത്തിയില്‍ ചേര്‍ക്കവെ മൗനമായ് വീണയാള്‍

ആ മകളിന്നു പഠിക്കുവതീ ഗണിതം:
ഏഴു പൊട്ടിത്തെറികളെയെട്ടു ജഡങ്ങളാ-
ലിരട്ടിപ്പതിന്നു സമം നാലു കരാറുകള്‍
ഏഴ് കോപ്റ്ററുകള്‍ ഗുണം എട്ട് ഗ്രാമങ്ങള്‍
സമം നിശ്ശബ്ദമായൊരു രണ്ടാം നക്ബയും*.
ഞങ്ങള്‍ തന്‍ ജനിമൃതിനിരക്കുകള്‍ കുറച്ചാല്‍
കിട്ടുവതൊരു കടല്‍, പിന്നെ ഗ്രാമങ്ങളും
ഒരു ദേശ,മധികം രണ്ട് ജനത സമം ...

... ഇല്ലില്ലവള്‍ക്കേങ്ങലടക്കാനാവുന്നില്ല
വിപ്ലവ സമീകരണങ്ങളവള്‍ക്കിനിയുമജ്ഞാതം
ഉത്തരങ്ങള്‍ക്കായ് പരതും വിരലാലവള്‍
കടലാസിന്‍ തുമ്പുകള്‍ തെരുതെരെ കീറവെ
കുപ്പമാടങ്ങളില്‍ അഗ്നിവര്‍ഷിക്കും
ദാവീദിന്‍ നക്ഷത്രം** നഭസ്സിലുയരുന്നു

കാണുക :
പിതൃവാല്‍സല്യത്തിന്നോര്‍മ്മകള്‍ പെറുക്കി-
യവള്‍ കിണര്‍വെള്ളമേന്തി യുദ്ധഭൂ താണ്ടവെ
പിതൃഘാതകന്‍ പത്രവുമായ് കടല്‍ത്തീരമാസ്വദിപ്പതും.
പിന്നോട്ട് പിന്നോട്ടവള്‍ ചിന്തകള്‍ തെറുക്കവെ
വിഘടിച്ച് കൈയ്യേറും വംശസന്ദിഗ്ധതയില്‍
പിന്നോട്ട് മാത്രം ചിന്തിക്കും ജനതയും.

"ഇതെന്റെ ദേശം, ഇതെന്റെ ഭൂമി" യെ-
ന്നേഴുവയസ്സിന്റെയാര്‍ജ്ജവം പറയുന്നു
അതുപാടുവാനവള്‍ക്കദ്ധ്യാപകര്‍ വേണ്ട
അതുപാടുവാനവള്‍ ചരിത്രം പഠിക്കേണ്ട
വിപ്ലവത്തിന്റെ ഗണിതങ്ങളറിയേണ്ട
മതിയവള്‍ക്കീ മതില്‍ക്കെട്ടുമീ വാനവും, പിന്നെ
അഭയാര്‍ത്ഥി ക്യാമ്പില്‍ പൊലിയുമീ പ്രാണനും

പൈതൃകങ്ങളുടെ താക്കോലുമായ് നിന്നു നീ
തിരയുന്നതെന്തെന്‍ മകളേ നീയിനി ?
ഉത്തരങ്ങള്‍ക്കല്ല, വരളുമെന്‍ പേനയില്‍
നിറയ്ക്കുവാനാശിക്കുമാര്‍ജ്ജവത്തിന്‍ മഷി !


* നക്ബ (Nakba): ദുരന്തത്തിന്റെ ദിനം എന്ന് ഫലസ്തീനികള്‍ വിളിക്കുന്ന മെയ് 15, 1948. യുദ്ധപരാജയത്തെ തുടര്‍ന്നുള്ള ഫലസ്തീനിയന്‍ ജനതയുടെ കൂട്ടപ്പലായനത്തെയും നഗര,ഗ്രാമങ്ങളുടെ കൂട്ട നശീകരണത്തെയും കുറിക്കുന്നതുമായ ദിവസം. ഇസ്രയേലുകാര്‍ വാഗ്ദത്ത ഭൂമിയുടെ സ്വാതന്ത്ര്യദിനമായി കരുതുന്നതും നക്ബയെത്തന്നെ.

** ദാവീദിന്റെ നക്ഷത്രം (David's Star): ജൂതരുടെ മതചിഹ്നമായ ആറുകോണ്‍ നക്ഷത്രം. പ്രാചീന ഇസ്രായീല്യരുടെ രാജാവായ ദാവീദിന്റെ പരിചമേല്‍ ഉണ്ടായിരുന്ന ചിഹ്നം. സംരക്ഷകനായ ദൈവത്തെ കുറിക്കുന്നു. ജൂതരെ തിരിച്ചറിയാന്‍ നാറ്റ്സികള്‍ ഉപയോഗിച്ചിരുന്ന ചാപ്പ കൂടിയായിരുന്നു ഇത്. ഇന്ന്‍ ബോംബുകള്‍ വര്‍ഷിക്കപ്പെടുന്ന വിമാനങ്ങള്‍ക്കും മിസൈല്‍ സിസ്റ്റങ്ങള്‍ക്കുമൊക്കെ പലപ്പോഴും ദാവീദുമായി ബന്ധമുള്ള പേരുകള്‍ ഇടുന്നു.

*

Remi Kanazi എഴുതിയ A Poem for Gaza എന്ന കവിതയുടെ സ്വതന്ത്രപരിഭാഷ.
പരിഭാഷ നിര്‍വഹിച്ചത് സൂരജ് രാജന്‍

അനന്തമായ പരിഹാരവും കാത്ത് കാലത്തിന്റെ അനിശ്ചിതത്വത്തില്‍

കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഇസ്രയേല്‍-പലസ്തീന്‍പ്രശ്നം സസൂക്ഷ്മം വീക്ഷിക്കുന്ന വ്യക്തിയാണ് ഈ ലേഖകന്‍. അതുകൊണ്ടുതന്നെ ഗാസയിലെ ഇന്നത്തെ സംഘര്‍ഷം വിസ്മയമോ ദുഃഖമോ പകരുന്നില്ല. 'മേശപ്പുറത്ത് തണുത്താറിയ എച്ചിലുപോലെ എന്റെ കഥയുടെ അന്ത്യം' എന്ന ഇസാം മെഹ്ഫൂസ് എന്ന ലെബനീസ് കവിയുടെ വരികളാണ് ഓര്‍മ വരുന്നത്. വര്‍ഷങ്ങളിലൂടെ കടന്നുപോയ ഒരു പഴങ്കഥ. കാലം അതിന് ചെറിയ ചെറിയ രൂപപരിണാമം നടത്തുന്നുവെന്നുമാത്രം. മധ്യപൂര്‍വദേശത്തെ പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ പ്രശ്നത്തിനുള്ള പരിഹാരം സമഭാവനയോടെ ചിന്തിക്കാവുന്ന ഒരു സാഹചര്യംപോലും ഇപ്പോള്‍ നിലവിലില്ല.

എത്രയെത്ര നരഹത്യകള്‍, എത്രയെത്ര രക്തസാക്ഷികള്‍, എത്രയെത്ര അഭയാര്‍ഥികള്‍, എത്രയെത്ര ബോംബിങ്ങുകള്‍, എത്രയെത്ര അമേരിക്കന്‍ വീറ്റോകള്‍, എരിഞ്ഞുപോയ എത്രയെത്ര കവിതകള്‍, ആകാശത്തേക്കുയരുന്ന അന്തമില്ലാത്ത പുകച്ചുരുളുകള്‍- നരകസമാനമായ ഒരു ജനതയുടെ ജീവിതം വിലാപങ്ങളുടെ കണ്ണുനീര്‍ ഒരിക്കലും വിട്ടുമാറാത്ത മധ്യപൌരസ്ത്യമേഖലയുടെ ചിത്രമാണിത്. പലസ്തീന്‍ ജനതയുടെ മഹാനായ കവി മെഹ്മൂദ് ദാര്‍വിഷ് ഒരിക്കല്‍ ഇങ്ങനെ കുറിച്ചിട്ടു:

"ഒരിക്കലും വിലപേശാനാകാത്ത
മുറിവുകളുടെ പ്രതിനിധിയാകുന്നു ഞാന്‍.
ആരാച്ചാരുടെ പ്രഹരമേറ്റ്
ഞാനെന്റെ മുറിവുകള്‍ക്കു മീതെ
നടക്കാന്‍ ശീലിച്ചിരിക്കുന്നു.''

ദാര്‍വിഷിന്റെ കവിതയിലും മധ്യപൂര്‍വദേശത്തെ എല്ലാ കവിതകളിലും ഈ മുറിവുകള്‍ ഉണങ്ങാതെ നില്‍ക്കുന്നു. ചരിത്രം ആ മുറിവുകള്‍ക്കുമുമ്പില്‍ നിസ്സഹായമായി നിലകൊള്ളുന്നു.

ഓസ്ലോ ഒത്തുതീര്‍പ്പ്

1996ലെ ഓസ്ലോ ഒത്തുതീര്‍പ്പാണ് ഇന്നു നിലനില്‍ക്കുന്ന പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലം. മെഡിറ്ററേനിയന്‍ തീരത്തെ ഗാസാ ചീന്തും (Gaza Strip), ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറേക്കരയും (West Bank) പലസ്തീന്‍കാര്‍ക്കായി മാറ്റിവച്ചുകൊണ്ടുള്ള ഉടമ്പടിയില്‍ ഒരു പുതിയ പലസ്തീന്‍ തൊണ്ണൂറുകളില്‍ പിറന്നുവീണു. എന്നാല്‍, പലസ്തീന്‍ പ്രദേശങ്ങള്‍ പലസ്തീന്‍ ജനതയെന്ന അഭയാര്‍ഥിസമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് ഒരു ചെറിയ പരിഹാരംപോലുമാകുന്നില്ല. ഭൂരിഭാഗവും ഇസ്രയേലിന്റെ അതിര്‍ത്തികൊണ്ട് മറയ്ക്കപ്പെട്ട രണ്ടു പ്രദേശങ്ങളാണവ. ഗാസയുടെ മറ്റു ഭാഗങ്ങള്‍ ഈജിപ്തും മെഡിറ്ററേനിയന്‍ കടല്‍ത്തീരവുമാണ്. പടിഞ്ഞാറേക്കര ആകട്ടെ ജോര്‍ദാന്‍മാത്രമാണ് ഇസ്രയേല്‍ ഒഴിച്ചുള്ള മറ്റൊരു അതിര്‍ത്തിയാകുന്നത്.

മാറുന്ന സമവാക്യങ്ങള്‍

ഒരിക്കല്‍ പലസ്തീന്‍ ജനതക്കിടയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ മാറുന്ന കാഴ്ചയ്ക്കും സമീപകാലത്ത് ഗാസ സാക്ഷ്യംവഹിച്ചു. അല്‍ഫത്ത, പിഎഫ്എല്‍പി തുടങ്ങിയ മിതവാദികളും കമ്യൂണിസ്റ്റുകാരുമടങ്ങിയ പിഎല്‍ഒ സംവിധാനത്തെ തള്ളിമാറ്റി അല്‍ഹമാസ് എന്ന വര്‍ഗീയസംഘടനയ്ക്ക് പലസ്തീന്‍ ജനതക്കിടയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താനായി. വര്‍ഗീയപ്രസ്ഥാനങ്ങളുടെ തിരിച്ചുവരവുണ്ടായി എന്നതും സത്യമാണ്. അതിന്റെ ഭാഗമായി പലസ്തീന്‍ രാഷ്ട്രീയത്തെയും കാണുന്നതായിരിക്കും ഔചിത്യം. മാത്രമല്ല, ഒരിക്കലും പരിഹരിക്കാനാവാത്ത ഒരു പ്രശ്നത്തിന്റെ ബാക്കിപത്രം മതതീവ്രവാദത്തിലേക്ക് നീണ്ടുപോയിട്ടുണ്ടെങ്കില്‍ അതൊട്ടും അത്ഭുതകരമല്ല. 2007ല്‍ ഫത്താ ഗ്രൂപ്പിനെ പരാജയപ്പെടുത്തി ഹമാസുകാര്‍ ഭരണം പിടിച്ചെടുത്തു. അതും ഒരു രക്തച്ചൊരിച്ചിലിലൂടെ. അതോടെ പലസ്തീന്‍ പ്രദേശങ്ങളെന്നു കരുതപ്പെടുന്ന പിഎല്‍ഒ അധീനതയിലുള്ള പടിഞ്ഞാറേക്കരയില്‍നിന്ന് ഗാസ ഒറ്റപ്പെട്ടു. അതില്‍പ്പിന്നെ ഗാസ ഇസ്രയേലിന്റെ കണ്ണിലെ വലിയ കരടായതില്‍ അത്ഭുതപ്പെടാനുമില്ല.

ഗാസ

നാല്‍പ്പതു കിലോമീറ്റര്‍ നീളവും വീതിയുമുള്ള ഒരു ചെറിയ പ്രദേശമാണ് ഗാസ. 19 വര്‍ഷം ഈജിപ്തിന്റെ നിയന്ത്രണത്തിലായിരുന്നു ഈ പ്രദേശം. 1967ലെ യുദ്ധത്തില്‍ ഇസ്രയേല്‍ ഗാസ പിടിച്ചെടുത്തു. 1996ലെ ഓസ്ലോ ഒത്തുതീര്‍പ്പിനുശേഷം ഗാസയില്‍ അധിവസിച്ചിരുന്ന ജൂതന്മാരായ കുടിയേറ്റക്കാരും ഇസ്രയേലി സൈന്യവും ഗാസ ഒഴിഞ്ഞുപോയി. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഔദ്യോഗികമായി ഗാസയിലെ കുടിയേറ്റം അവസാനിച്ചു. എന്നാല്‍, ഇതൊരു നാട്യംമാത്രം. ഗാസയുടെ അതിര്‍ത്തികള്‍ക്കു ചുറ്റും ഇസ്രയേലാണ്. ഗാസയുടെ മെഡിറ്ററേനിയന്‍ സമുദ്രതീരവും ഇസ്രയേലിന്റെ അധീനതയില്‍.

ഈ ഗാസക്കെതിരെയാണ് ഇപ്പോള്‍ ഇസ്രയേലിന്റെ ആക്രമണം നടക്കുന്നത്. ഇസ്രയേലിന്റെ സുരക്ഷിതത്വത്തിന് ഹമാസിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഹാനികരമാണെന്ന് ഇസ്രയേലും വാദിക്കുന്നു. ഇസ്രയേലിന്റെ പോര്‍വിമാനങ്ങള്‍ ഹമാസിന്റെ ശക്തികേന്ദ്രങ്ങള്‍ക്കുനേരെ ബോംബുകള്‍ ഉതിര്‍ക്കുന്നു. മിലിട്ടറിയും ധാരാളം സിവിലിയന്മാരും നൂറുകണക്കിന് കൊല്ലപ്പെടുന്നതാണ് ഗാസയുടെ ഇപ്പോഴത്തെ ചിത്രം.

അഭയാര്‍ഥികളുടെ കൂടാരമാണ് ഗാസ. ഗാസാ നഗരത്തില്‍മാത്രം ഏതാണ്ട് നാലുലക്ഷത്തോളം പേര്‍ അധിവസിക്കുന്നു. ഇസ്രയേലി പ്രദേശങ്ങളില്‍നിന്നു തിരിച്ചുവന്ന അഭയാര്‍ഥികളുടെ എട്ടോളം ക്യാമ്പുകളും ഈ പ്രദേശത്തുണ്ട്. ഐക്യരാഷ്ട്രസഭയ്ക്കാണ് ഇതിന്റെ മേല്‍നോട്ടം. ദാരിദ്ര്യവും തൊഴിലില്ലായ്മയും അനാഥത്വവും ഉരുണ്ടുകൂടുന്ന വിളനിലങ്ങളാണ് ഈ അഭയാര്‍ഥി ക്യാമ്പുകള്‍. ഇപ്പോഴവ മതതീവ്രവാദികളുടെ ശക്തികേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. ലോകത്തിലെത്തന്നെ അത്യപൂര്‍വമായ ഒരു ജനവാസകേന്ദ്രമായി ഗാസയെ കണക്കാക്കിയിരിക്കുന്നു. ഇവിടെ ജീവിതം കഠിനവും ദുഷ്കരവുമാണ്. വേണ്ടത്ര സൌകര്യങ്ങളില്ല. ഗട്ടറുകളില്‍നിന്ന് മാലിന്യങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ റോഡിലേക്കൊഴുക്കപ്പെടുന്ന ദരിദ്രമായ ചേരിപ്രദേശങ്ങള്‍.

"മരണവുമായി ഞങ്ങള്‍
അഭിമുഖം തേടിയെത്തുന്നു
നിരാശയുടെ തീരങ്ങളുമായി ഞങ്ങള്‍ ഇടപഴകുന്നു
തണുത്തുറഞ്ഞ സമുദ്രവും
ഇരുമ്പുപോലത്തെ വെള്ളവും
ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍
വളര്‍ന്നിരിക്കുന്നു''

സിറിയന്‍കവി അഡോണിസിന്റെ ജീവിതസാക്ഷ്യമാണ് മധ്യപൂര്‍വദേശത്തെ ഈ ദുരിതജീവിതം. അനന്തമായ പരിഹാരവും കാത്ത് ലോകമനസ്സാക്ഷിയുടെ കനിവും തേടി കാലത്തിന്റെ അനിശ്ചിതത്വത്തില്‍ അവര്‍ കാത്തിരിക്കുകയാണ്.

*

കൃഷ്ണദാസ് കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

ഇസ്രായേലി ഉന്മൂലന പരമ്പരയുടെ രാഷ്‌ട്രീയം

ഇസ്രായേല്‍ ഭരണ കൂടം ഗാസയിലെ ജനങ്ങളെ ഉന്മൂലനം ചെയ്യുന്നതിനുള്ള തങ്ങളുടെ പദ്ധതികളെക്കുറിച്ച് വിശദമായും രേഖകളെ അടിസ്ഥാനപ്പെടുത്തിയും പരസ്യമായി പ്രഖ്യാപനങ്ങൾ നടത്തുകയാണ്. അവർക്കതിൽ യാതൊരു കുറ്റബോധവും തോന്നുന്നില്ല. വൈറ്റ് ഹൌസ് മുതല്‍ കോണ്‍ഗ്രസ് വരെ നീളുന്ന, അമേരിക്കയിലെ ഇരു പാര്‍ട്ടികളിലും പെട്ട മുഴുവന്‍ രാഷ്‌ട്രീയക്കാരുടെയും, അധികാരമൊഴിയുന്നവരും അധികാരമേല്‍ക്കുന്നവരുമായ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥവൃന്ദത്തിന്റെയും, മുഖ്യധാരയില്‍പ്പെട്ട എല്ലാ അച്ചടി, ഇലൿട്രോണിക് മാധ്യമങ്ങളുടെയും കലവറയില്ലാത്ത പിന്തുണ അവർക്കുണ്ട് എന്നതാണതിന്റെ കാരണം.

എല്ലാ ഭരണ-പൌര സ്ഥാപനങ്ങള്‍ക്കും, മൊത്തം സമൂഹത്തിനും നേരെ ഇസ്രായേല്‍ നടത്തുന്ന നിരന്തരവും സമ്പൂര്‍ണ്ണവും ആയ ബോംബാക്രമണപരമ്പര ഗാസയിലെ ജനജീവിതത്തെ നശിപ്പിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഇസ്രായേൽ എന്ന ജൂതരാഷ്‌ട്രം അംഗീകരിച്ചിട്ടുള്ളത് സിയോണിസമെന്ന ദേശീയതാ-വംശീയ പ്രത്യയശാസ്‌ത്രത്തിന്റെ സമ്പൂര്‍ണ്ണാധിപത്യവീക്ഷണമാണ്. അവരെ നയിക്കുന്നതോ 'അറബ് പലസ്തീനെ ഉന്മൂലനം ചെയ്യുക' എന്ന ചിന്താഗതിയും. അമേരിക്കയിലെ സംഘടിതരായ സിയോണിസ്റ്റ് പിന്തുണക്കാരാവട്ടെ വീക്ഷണത്തെ ന്യായീകരിക്കുകയും, അത് നടപ്പില്‍ വരുത്താൻ ഇസ്രായേലിന് സർവവിധ ഒത്താശകളും ചെയ്‌തുകൊടുക്കുകയുമാണ്.

ഇസ്രായേല്‍ നടത്തുന്ന ഉന്മൂലനത്തെക്കുറിച്ചുള്ള വസ്‌തുതകള്‍ പുറത്ത് വന്നിട്ടുണ്ട്: ആദ്യ ആറുദിനങ്ങളില്‍ ദിവസം മുഴുവനും ചെറുതും വലുതുമായ ജനവാസപ്രദേശങ്ങളില്‍ ബോംബുകള്‍ വര്‍ഷിച്ച് ജൂതരാഷ്ട്രം 2500 ലേറെ ആളുകളെ വധിക്കുകയോ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയോ ചെയ്‌തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും മിസൈലിന്റെ തീനാളങ്ങളില്‍ വെന്തുകരിഞ്ഞവരും അംഗവിഹീനരായവരുമാണ്. നൂറുകണക്കിന് കുട്ടികളും സ്‌ത്രീകളും മാത്രമല്ല, ഏതെങ്കിലും വിധത്തിൽ പ്രതിരോധിക്കാൻ കഴിവില്ലാത്ത ജനങ്ങളും ഉദ്യോഗസ്ഥരും ഒക്കെ ആക്രമണങ്ങൾക്ക് ഇരയായിട്ടിട്ടുണ്ട്.

ഗാസയിലേക്കുള്ള എല്ലാ പ്രവേശനമാര്‍ഗങ്ങളും അടയ്‌ക്കുകയും പ്രദേശത്തെ ഒരു സൈനിക, വെടി വിമുക്ത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്‌തിരിക്കുയാണവർ. അതിലൂടെ 15 ലക്ഷം വരുന്ന അര്‍ദ്ധപട്ടിണിക്കാരായ തടവുകാരെക്കൂടി തങ്ങളുടെ ലക്ഷ്യമാക്കുകയാണ് ഇസ്രായേൽ ചെയ്യുന്നത്. അധികാരത്തില്‍ തുടരുവാന്‍ ഇസ്ലാമിക പ്രസ്ഥാനം ആശ്രയിക്കുന്ന വിപുലമായ ശൃംഖലകളെക്കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ തങ്ങളുടെ ലക്ഷ്യങ്ങളുടെ പട്ടിക വികസിപ്പിച്ചിട്ടുണ്ടെന്ന് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു എന്നാണ് 2008 ഡിസംബര്‍ 30ലെ ബോസ്റ്റണ്‍ ഗ്ലോബ് റിപ്പോര്‍ട്ട് ചെയ്തത് . “..ഞങ്ങള്‍ മുഴുവന്‍ മേഖലകളേയും (സ്പെൿട്രത്തെയും) ആക്രമിക്കുവാന്‍ ശ്രമിക്കുകയാണ്. എല്ലാം തന്നെ പരസ്പരബന്ധിതമാണെന്നതു മാത്രമല്ല കാരണം, അവയെല്ലാം ഇസ്രായേലിനെതിരായ ഭീകരപ്രവര്‍ത്തനത്തെ സഹായിക്കുകയുമാണ്.” രഹസ്യപ്പോലീസിലെ ഉന്നതനായ ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്‍ഹമാസിന്റെ സിവിലിയന്‍ ഇന്‍ഫ്രാസ്‌ട്രൿചര്‍ വളരെ സെന്‍സിറ്റീവ് ആയ ലക്ഷ്യമാണ്എന്ന് പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തിൽ, ഇസ്രായേലി ജൂത രാഷ്‌ട്രീയക്കാരെയും സൈനിക നയ ആസൂത്രകരെയും സംബന്ധിച്ചിടത്തോളം ഹമാസ് എന്നത് ഗാസയിലെ 15 ലക്ഷം വരുന്ന തടവുകാരായ ദേശവാസികളും മുഴുവന്‍ സാമൂഹ്യസേവന ശൃംഖലയും, സര്‍ക്കാരും, മിക്കവാറും എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും ചേർന്നതാണ്.

അങ്ങനെ, തങ്ങളുടെ ആണേവതര ആയുധങ്ങള്‍ മുഴുവന്‍ അനിശ്ചിതകാലത്തേക്ക് ഉപയോഗിക്കുവാൻ തീരുമാനിച്ചിട്ടുള്ള ഇസ്രായേലിന്റെ ലക്ഷ്യങ്ങളുടെ പട്ടികയിൽ ഒരു ജനതതി ഒട്ടാകെ വരുകയാണ്. ( ഒരുകടുത്ത അവസാനംഉണ്ടാകുന്നതുവരെ എന്ന് ഇസ്രായേലി പ്രധാനമന്ത്രി പറയുന്നു) . ഇസ്രായേലിന്റെ പ്രതിരോധമന്ത്രാലയത്തിന്റെ വക്താവ് സാധാരണ ജനങ്ങളെയും ലക്ഷ്യമാക്കുമെന്ന് പറഞ്ഞതിൽ നിന്ന്, ജൂതരാഷ്‌ട്രത്തിന്റെ സമഗ്രാധിപത്യ സ്വഭാവമുള്ള യുദ്ധ വെറിയെക്കുറിച്ച് സംശയങ്ങള്‍ക്കിടയില്ലാത്തവണ്ണം മനസ്സിലാവും. “ഹമാസ് പ്രത്യക്ഷത്തില്‍ തന്നെ സിവിലിയന്‍ പ്രവര്‍ത്തനങ്ങളെ തങ്ങളുടെ സൈനികപ്രവര്‍ത്തനങ്ങള്‍ക്കുള്ള മറയായി ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ തന്നെ, ഹമാസിനോട് ബന്ധപ്പെടുന്ന എല്ലാം തന്നെ നിയമവിധേയമായ ലക്ഷ്യം ആണ്.”

കഴിഞ്ഞകാലങ്ങളിലെ എല്ലാ സമഗ്രാധിപത്യ ഭരണകൂടങ്ങളെയും പോലെ ജൂതരാഷ്‌ട്രവും തങ്ങൾ എത്ര ചിട്ടയോടെയാണ്, വളരെ മുന്‍‌കൂട്ടി - മാസങ്ങള്‍ക്കു മുന്‍പ് - തന്നെ ഏറ്റവും അധികം സാധാരണക്കാർ കൊല്ലപ്പെടുന്ന തരത്തില്‍ ബോംബിങ്ങ് നടത്തേണ്ടുന്ന കൃത്യസമയം ഉള്‍പ്പെടെ ഉന്മൂലന പരമ്പരക്കുള്ള പദ്ധതി തയ്യാറാക്കിയെന്ന് പൊങ്ങച്ചം പറയുന്നുണ്ട്. കുഞ്ഞുങ്ങള്‍ സ്‌കൂളില്‍ നിന്ന് മടങ്ങിക്കൊണ്ടിരിക്കെ, പരിശീലനം കഴിഞ്ഞ് പുറത്ത് വരുന്ന പോലീസ് കാഡറ്റുകള്‍ തങ്ങളുടെ ഡിപ്ലോമ സ്വീകരിച്ചുകൊണ്ടിരിക്കെ, ചകിതരായ അമ്മമാര്‍ തങ്ങളുടെ മക്കളെ തിരഞ്ഞ് വീട്ടില്‍ നിന്നും ഓടിവന്നുകൊണ്ടിരിക്കെ ഒക്കെ ബോംബുകളും മിസൈലുകളും വന്നുവീഴുകയായിരുന്നു.

കൂട്ടസൈനിക ഉന്മൂലന പരമ്പര കഴിഞ്ഞ രണ്ട് വര്‍ഷമായി നിര്‍ത്താതെ തുടരുന്ന സമ്പൂര്‍ണ്ണ സാമ്പത്തിക ഉപരോധത്തിന്റെയും തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെ വധിക്കുവാൻ നടത്തുന്ന ശ്രമങ്ങളുടെയും തുടര്‍ച്ചയാണ്. രണ്ടിന്റെയും ഉദ്ദേശം അറബ് ജനതയില്‍ നിന്നും പാലസ്തീനിനെ അടര്‍ത്തിമാറ്റുക എന്നതാണ്. കൂട്ടപ്പട്ടണി, രോഗം, അപമാനം, ആക്രമാത്മകമായ തരത്തിലുള്ള ഭീഷണിപ്പെടുത്തല്‍ എന്നിവയിലൂടെയും, സിയോണിസ്റ്റ് പാവയായ അബ്ബാസിന്റെ നേതൃത്വത്തില്‍ പി.എല്‍. ഒറ്റുകാരുടെ അധികാരം പിടിച്ചടക്കലിലൂടെയും ആയിരുന്നു ആദ്യ ശ്രമങ്ങള്‍. കൂട്ടപട്ടിണിയും, ഇസ്രായേലിന്റെ കൊലപാതകങ്ങളും ജനാധിപത്യവുമായി ജനതക്കുള്ള ബന്ധത്തെയും, ഇസ്രായേലിനെ ചെറുക്കാനുള്ള ഹമാസ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയെയും ശക്തിപ്പെടുത്തുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഇസ്രായേലി ഭരണകൂടം തങ്ങളുടെ പക്കലുള്ള മുഴുവന്‍ ആയുധങ്ങളുടെയും കെട്ടഴിച്ചു വിടുകയായിരുന്നു. ഇതില്‍ അമേരിക്കയാല്‍ സമ്മാനിതമായ അതീവമാരകവും ചുറ്റുവട്ടത്തെ എല്ലാ മനുഷ്യജീവികളെയും ചാമ്പലാക്കുന്നതുമായ അത്യന്താധുനികമായ 1000 പൌണ്ട് ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും സാങ്കേതികമായി മികച്ച മിസൈലുകളും ഉള്‍പ്പെടുന്നു. പാലസ്തീന്‍ സംസ്‌ക്കാരത്തെ തുടച്ചു നീക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഇതെല്ലാം.

തങ്ങളുടെ സമ്പൂര്‍ണ്ണാധിപത്യ വീക്ഷണത്തില്‍ നിന്നും പാലസ്തീന്‍ ജനവാസകേന്ദ്രങ്ങളെ ക്രൂരമായി ആക്രമിക്കുന്നതിനുള്ള സൈനിക പദ്ധതിയിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമായി ജൂതരാഷ്ടം 18000 വിദ്യാര്‍ത്ഥികള്‍(ഭൂരിഭാഗവും പെൺകുട്ടികള്‍) പഠിക്കുന്ന പ്രധാന യൂണിവേഴ്സിറ്റി, പള്ളികള്‍, ഔഷധനിര്‍മ്മാണകേന്ദ്രങ്ങള്‍, ജല വൈദ്യുത ലയിനുകള്‍, പവര്‍ സ്റ്റേഷനുകള്‍, മത്സ്യബന്ധനഗ്രാമങ്ങള്‍, മത്സ്യബന്ധനബോട്ടുകള്‍ എന്നിവയെയും, പട്ടിണിയില്‍ കഴിയുന്ന ജനതക്ക് അല്പമാത്രമെങ്കിലും മത്സ്യം ലഭിക്കാന്‍ സഹായിച്ചിരുന്ന ചെറിയ മത്സ്യബന്ധനതുറമുഖത്തെയും നശിപ്പിച്ചു. റോഡുകളും, ഗതാഗത സൌകര്യങ്ങളും, ഭക്ഷ്യസംഭരണശാലകളും, ശാസ്‌ത്രനിലയങ്ങളും, ചെറുകിട ഫാൿടറികളും, കച്ചവടസ്ഥാപനങ്ങളും അപ്പാര്‍ട്ട്മെന്റുകളും എല്ലാം നശിപ്പിക്കപ്പെട്ടു. യൂണിവേഴ്സിറ്റിയില്‍ പെൺകുട്ടികള്‍ക്കായുള്ള ഡോര്‍മിറ്റിറിയും നശിപ്പിക്കപ്പെട്ടവയില്‍ പെടുന്നു. ഒരു ഇസ്രായേലി നേതാവിന്റെ വാക്കുകളില്‍ ..” എല്ലാം അങ്ങോട്ടുമിങ്ങോട്ടും ബന്ധിക്കപ്പെട്ടിരിക്കുന്നു“. അല്പമെങ്കിലും സ്വാഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീ‍വിക്കുവാന്‍ ജനങ്ങളെ സഹായിക്കുന്ന സര്‍വ മേഖലകളെയും നശിപ്പിക്കുക എന്നത് അവർക്ക് ആവശ്യമായിരുന്നു.

ലോകം മുഴുവനും ഇതു കണ്ടുകൊണ്ടിരിക്കെത്തന്നെ, ശിക്ഷിക്കപ്പെടും എന്ന ഭീതികൂടാതെ, തങ്ങളുടെ പ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും തുടരുവാന്‍ കഴിയും എന്ന് ഇസ്രായേലിലെ സമഗ്രാധിപത്യ ഭരണകൂടനേതാക്കള്‍ക്ക് ഉറപ്പായും അറിയാമായിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസ്സിലും വൈറ്റ് ഹൌസിലും സിയോണിസ്റ്റ് ലോബിക്കുള്ള സ്വാധീനമാണ് ഇതിനു പിറകിലെ കാരണം. ഇടത്തും വലത്തും മദ്ധ്യഭാഗത്തുമായി നിലകൊള്ളുന്ന എല്ലാ ഇസ്രായേലി രാഷ്‌ട്രീയകക്ഷികളുടെയും, ട്രേഡ് യൂണിയനുകളുടെയും, മാധ്യമങ്ങളുടെയും, പ്രത്യേകിച്ച് പൊതുജനാഭിപ്രായത്തിന്റെയും എല്ലാവിധ പിന്തുണയും തങ്ങള്‍ക്കുണ്ടെന്ന് അവര്‍ക്കറിയാം. ചാനല്‍ 10 നടത്തിയ ഒരു സര്‍വെ പ്രകാരം ഭരണകൂട ഭീകരതക്ക് ഇസ്രായേലി ജൂതന്മാരില്‍ 81 ശതമാനത്തിന്റെയും പിന്തുണയുണ്ട്. (ഫൈനാന്‍ഷ്യല്‍ ടൈംസ് ഡിസംബര്‍ 30, 2008). (പരിഭാഷകന്റെ വിശദീകരണം : ഇസ്രായേലി മാധ്യമങ്ങളില്‍ വരുന്ന ഏകപക്ഷീയമായ വാര്‍ത്തകള്‍ക്ക്, ഇസ്രായേലിന്റെ ചെയ്തികളെ ഒരിക്കല്‍പ്പോലും വിമര്‍ശിക്കാത്ത തരത്തില്‍ മാത്രം പുറത്ത് വരുന്ന വാര്‍ത്തകള്‍ക്ക് ഇത്തരത്തില്‍ ഒരു പൊതുജനാഭിപ്രായം രൂപീകരിക്കപ്പെടുന്നതില്‍ പങ്കുണ്ടെന്ന്How to Sell "Ethical Warfare" എന്ന ലേഖനത്തില്‍ Neve Gordon അഭിപ്രാ‍യപ്പെടുന്നു.) ഇസ്രായേലിന്റെ സമഗ്രമായ ആക്രമാത്മകതയും, പാലസ്തീനികളെ ഉന്മൂലനം ചെയ്യുന്നതും എല്ലാം ഇസ്രായേലിലെ വോട്ടര്‍മാര്‍ക്കിടയില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മന്ത്രി എഹൂദ് ബാരക്കിന്റെ ജനസമ്മിതി വർദ്ധിപ്പിക്കുകയാണ് .

എഫ് 16 വിമാനങ്ങളില്‍ നിന്നും, ഹെലിക്കോപ്റ്റർ ഗണ്‍ ഷിപ്പുകളില്‍ നിന്നും, മിസൈല്‍ ആക്രമണങ്ങളില്‍ നിന്നും സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രതിരോധ ഉപാധികള്‍ പോലുമില്ലാത്ത ഒരു ജനതയെയാണ് തങ്ങള്‍ ബോംബിടുകയും, പൊള്ളലേല്‍പ്പിക്കുകയും, ഛിന്നഭിന്നമാക്കുകയും ചെയ്യുന്നത് എന്ന് ജൂതരാഷ്‌ട്രത്തിന് വ്യക്തമായും അറിയാമെന്നതിനാല്‍, തങ്ങളുടെ ഭാഗത്ത് നാശനഷ്‌ടങ്ങളൊന്നുമില്ലാതെ തന്നെ തങ്ങള്‍ വിജയിക്കും എന്ന കാര്യത്തില്‍ അവര്‍ക്ക് യാതൊരു സംശയവും ഇല്ല. പ്രതിരോധമില്ലാത്ത ജനതയുടെ മേല്‍ നടത്തുന്ന ആക്രമണങ്ങളുടെ ജുഗുപ്‌സാവഹമായ അധാര്‍മ്മികതക്ക് തുല്യം നില്‍ക്കുന്നതാണ് വ്യോമാധിപത്യത്തിന്റെ ശക്തിക്കുപിന്നില്‍ ഒളിച്ചിരിക്കുന്ന ഇസ്രായേലി സൈനിക കമാ‍ന്റിന്റെയും, അതിനു കൈയടിക്കുന്ന രക്തദാഹികളാ‍യ ജനതയുടെയും ഭീരുത്വവും. ഒരു ചെറിയ തുരുത്തിൽ തിങ്ങിപ്പാർക്കുന്ന നിസ്സഹായരായ ആൾക്കൂട്ടത്തിലേക്ക് തിരമാലകളെന്നോണം ഒന്നിനു പിറകെ ഒന്നായി തീബോംബുകൾ വർഷിച്ചവർക്കാകട്ടെ ആകാശം വഴിയുള്ള തിരിച്ചടികളെക്കുറിച്ചോ, കൊല്ലപ്പെടുകയോ പരിക്കേല്‍ക്കപ്പെടുകയോ ചെയ്യുന്ന വൈമാനികരെക്കുറിച്ചോ, അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ഹെലികോപ്‌ടര്‍ ആക്രമണങ്ങളെക്കുറിച്ചോ ഭയപ്പെടേണ്ടതുമില്ല.

നഗരങ്ങള്‍ നിരപ്പാക്കപ്പെട്ടുകഴിഞ്ഞാല്‍, മുഴുവന്‍ ജനതയും പട്ടിണിമൂലം പ്രതിരോധിക്കാനാകാത്തവിധം അവശരായിക്കഴിഞ്ഞാല്‍, നേതാക്കളും പടയാളികളും വധിക്കപ്പെട്ടു കഴിഞ്ഞാല്‍, പാലസ്തീനിലെ ക്രമസമാധാനപാലന കേന്ദ്രങ്ങള്‍ തവിടുപൊടിയായിക്കഴിഞ്ഞാല്‍, അഴിമതിക്കാരും തെമ്മാടികളുമായപാലസ്തീന്‍ അതോറിറ്റിയുടെ പിണിയാളുകളുടെ പ്രവേശനത്തിനു വഴിയൊരുക്കുന്നതിനായി നൂറു കണക്കിന് ടാങ്കുകളും, ആയുധം വഹിച്ച വാഹനങ്ങളും സര്‍വസജ്ജരായി നിൽക്കുകയാണ്. അതിനു ശേഷം, അതിനുശേഷം മാത്രമേ ഇസ്രായേലി ജനറലിന്റെ ഓഫീസ് തങ്ങളുടെ ജൂതപ്പടയാളികള്‍ക്ക് ആപത്ത് സംഭവിക്കുന്ന തരത്തിലോ, ഇസ്രായേലിലും അമേരിക്കയിലുമുള്ള അവരുടെ ബന്ധുക്കളുടെ ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുന്ന തരത്തിലോ ഉള്ള നടപടികള്‍ക്ക് മുതിരുകയുള്ളൂ.

സമുദ്രാന്തര സഖ്യകക്ഷികള്‍: പ്രമുഖ അമേരിക്കൻ ജൂത സംഘടനകളുടെ അദ്ധ്യക്ഷന്മാര്‍ (PMAJO)

തെരഞ്ഞെടുക്കപ്പെട്ട ഹമാസ് ഭരണകൂടത്തെ നശിപ്പിക്കുമെന്നും, ഗാസയിലെ ജനാധിപത്യവിശ്വാസികളായ വോട്ടര്‍മാരെ പട്ടിണിക്കിട്ടും കൊലപ്പെടുത്തിയും ശിക്ഷിക്കുമെന്നും ഇസ്രായേലി ഭരണകൂടം തീരുമാനിച്ച നിമിഷം മുതല്‍, PMAJO ഉള്‍പ്പെടെയുള്ള അമേരിക്കയിലെ മുഴുവന്‍ സിയോണിസ്റ്റ് ശക്തികളും (Zionist Power Configuration - ZPC ), ഇസ്രായേലിന്റെ നയങ്ങള്‍ നടപ്പിലാക്കുന്നതിനായി സര്‍വ്വ ശ്രമങ്ങളും നടത്തുകയാണ്. ഏറ്റവും കൂടുതല്‍ അംഗബലമുള്ള, നല്ല സാമ്പത്തിക ശക്തിയുള്ള, ഏറ്റവും വിപുലമായ സ്വാധീനശക്തിയുള്ളവരുടെ പിന്തുണയുള്ള 52 ജൂത സംഘടനകളുടെ കൂട്ടായ്‌മയാണ് PMAJO. അതിലെ ഏറ്റവും പ്രധാന ഉപജാപകസംഘമാകട്ടെ അമേരിക്കൻ- ഇസ്രായേൽ പബ്ലിക് അഫയേർസ് കമ്മിറ്റി (AIPAC)യും. ഒരു ലക്ഷം അംഗങ്ങളും വൈറ്റ് ഹൌസിലും അമേരിക്കന്‍ കോണ്‍ഗ്രസിലും, ഇസ്രായേലി സ്റ്റേറ്റിന്റെ താല്പര്യങ്ങളെ ബാധിക്കാനിടയുള്ള നയങ്ങള്‍ രൂപീകരിക്കുവാന്‍ കഴിവുള്ള മറ്റു ഭരണസ്ഥാപനങ്ങളിലും സമ്മര്‍ദ്ദം ചെലുത്തുന്നതിനായി വാഷിങ്ങ്ടണില്‍150 മുഴുവന്‍ സമയപ്രവര്‍ത്തകർ ഉള്ള സഘടന ആണ് അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേർസ് കമ്മിറ്റി. എന്നിരുന്നാലും, ഇസ്രായേലിന്റെ രാഷ്‌ട്രീയം സര്‍ക്കാരിതര സംഘടനകള്‍ക്കപ്പുറത്തേക്കും നീളുന്നുണ്ട്. കോണ്‍ഗ്രസിലെ നാല്‍പ്പതിലേറെ നിയമനിർമ്മാതാക്കളും ഒരു ഡസനിലധികം സെനറ്റര്‍മാരും സിയോണിസത്തില്‍ പ്രതിജ്ഞാബദ്ധരും, ഇസ്രായേലിന്റെ നയങ്ങളെ മറ്റൊരു ചിന്തയില്ലാതെ പിന്താങ്ങുന്നവരും, തങ്ങളുടെ സൈനികയന്ത്രത്തിനാവശ്യമായ ആയുധങ്ങള്‍ക്കും, അമേരിക്കന്‍ ഫണ്ടിനും വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നവരുമാണ്, ട്രഷറി, വാണിജ്യം, ദേശീയ സുരക്ഷാ സമിതി എന്നിവയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പെന്റഗണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും, മിഡില്‍ ഈസ്റ്റിനെ സംബന്ധിച്ച കാര്യങ്ങളില്‍ ഉപദേശം നല്‍കുന്ന ഉദ്യോഗസ്ഥരുമൊക്കെ തന്നെ സിയോണിസത്തോട് ഭ്രാന്തമായ ആജീവനാന്ത കൂറ് പുലര്‍ത്തുന്നവരും എല്ലായ്പ്പോഴും, സംശയലേശമന്യെ, ഇസ്രായേല്‍ ഭരണകൂടത്തിന്റെ നയങ്ങളെ പിന്തുണക്കുന്നവരുമാണ്.

ഒട്ടെല്ലാ ഫിലിം, അച്ചടി, ഇലൿട്രോണിക് മാധ്യമങ്ങളും ജൂത-സിയോണിസ്റ്റ് മാധ്യമപ്രഭുക്കളാല്‍ നടത്തപ്പെടുന്നവയോ, അവരാല്‍ സ്വാധീനം ചെലുത്തപ്പെടുന്നവയോ ആണെന്ന വസ്‌തുതയും തുല്യപ്രാധാന്യമുള്ളതാണ് . ഇവരാകട്ടെവാര്‍ത്തകളെ‍ഇസ്രായേലിനനുകൂലമായി വളച്ചൊടിക്കുന്നതിനു പ്രതിജ്ഞ എടുത്തിട്ടുള്ളവരുമാണ്. ഇസ്രായേലിന്റെ ശക്തിയുടെ പ്രധാനപ്പെട്ട മൂന്ന് സ്വഭാവസവിശേഷതകള്‍ മനസ്സിലാക്കുന്നതിന് ZPCയുടെ ഘടനയും സ്വാധീനവും അറിഞ്ഞിരിക്കേണ്ടതുണ്ട്.

1. ലോകത്തിലെ പ്രമുഖരായ മനുഷ്യാവകാശപ്രവർത്തകരും ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ദരും എല്ലാംമാനവികതക്കെതിരായ കുറ്റകൃത്യംഎന്ന് വിശേഷിപ്പിച്ചിട്ടുള്ള കുറ്റങ്ങളെല്ലാം തന്നെ ശിക്ഷിക്കപ്പെടും എന്ന ഭീതി ഒട്ടുമേയില്ലാതെ നിര്‍വഹിക്കുവാന്‍ ഇസ്രായേലിനു കഴിയും.

2. ലോകത്തിലെ ഏറ്റവും വിനാശകരവും സാങ്കേതികമായി ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ ആയുധങ്ങള്‍ സ്വരുക്കൂട്ടുവാനും, അമേരിക്കന്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണച്ചട്ടങ്ങളെ ലംഘിച്ചുകൊണ്ട് അവയെ സാധാരണ പൌരന്മാർക്ക് (സിവിലിയന്‍സിനു) നേരെ പ്രയോഗിക്കുവാനും ഇസ്രായേലിനു കഴിയും.

3. തദ്ദേശീയ ജനതക്കെതിരെ, ഉന്മൂലനം ലക്ഷ്യമാക്കി, വംശവിദ്വേഷ മതിലുകള്‍ (genocidal apartheid barriers) ഉയര്‍ത്തുന്നതിനും, പട്ടിണിക്കിടുന്ന തരത്തിലുള്ള ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനും, ഇപ്പോള്‍ ഗാസയില്‍ നടക്കുന്ന ഉമൂലനപരമ്പരക്കും ഒക്കെ എതിരായുള്ള ഐക്യരാഷ്‌ട്രസഭയുടെ ഏതാണ്ട് ഐക്യകണ്ഠേനയുള്ള അനവധി കുറ്റപ്പെടുത്തലുകളെ എല്ലായ്പ്പോഴും അമേരിക്കന്‍ പ്രതിനിധികൾ വീറ്റോ ചെയ്തിട്ടുണ്ട്.

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയെ വിമര്‍ശിക്കുന്നവരില്‍ ഭൂരിഭാഗവും വാഷിങ്‌ടണിന്റെയും അമേരിക്കയുടെയും അവധാനതയെയും അപലപിക്കുന്നുണ്ട്. എങ്കിലും അവര്‍ ഇത് ചെയ്യുന്നത് നയങ്ങള്‍ രൂപീകരിക്കുന്നവരെ അല്ലെങ്കില്‍ ഇസ്രായേലിനോട് ചിരകാലമായി കൂറ് പുലര്‍ത്തുന്നവരും, ഇരട്ട വ്യക്തിതവും പ്രതിബദ്ധതയും സൂക്ഷിക്കുന്നവരുമായ അമേരിക്കന്‍ രാഷ്‌ട്രീയക്കാരെ സ്വാധീനിക്കുന്ന യഥാര്‍ത്ഥ രാഷ്‌ട്രീയ-സാമൂഹികശക്തികളെ കൃത്യമായും മനസ്സിലാക്കാതെയാണ്. ഇതിന്റെ ഫലമായി, മിക്കവാറും വിമര്‍ശകര്‍ ഇസ്രായേലിന്റെ കാര്യത്തില്‍ അമേരിക്ക പുലര്‍ത്തുന്ന അവധാനതയെ നിർണ്ണയിക്കുന്ന സംഘടിതമായ അധികാരരൂപങ്ങളുടെ രാഷ്‌ട്രീയത്തെയും പ്രത്യയശാസ്‌ത്രത്തെയും പ്രതിരോധിക്കുന്നതിനോ, അതിനെതിരെ പ്രതിഷേധിക്കുന്നതിനോ എന്തിന് അതിനെ തിരിച്ചറിയുന്നതിനോ പോലും അശക്തരായിത്തീരുകയാണ്. അധികാരരൂപങ്ങളാകട്ടെ വിമര്‍ശനം ഉന്നയിക്കാന്‍ സാധ്യതയുള്ളവരെ ഭീഷണിപ്പെടുത്തുകയും, മുഖ്യധാരാമാധ്യമങ്ങളില്‍ ഇസ്രായേല്‍ അനുകൂല മുഖപ്രസംഗങ്ങള്‍ എഴുതുകയും പ്രസംഗിക്കുകയും, വിമര്‍ശനങ്ങളെയും ഏതെങ്കിലും തരത്തിലുള്ള സത്യങ്ങളെയും അരിച്ചുമാറ്റുകയും ചെയ്യുകയാണ്, അതാകട്ടെ ഇസ്രായേല്‍ രക്തരൂക്ഷിതമായ, നിരന്തരമായി തുടരുന്ന ഉന്മൂലനപരമ്പരകളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴുമാണ്.

ZPCയും ഗാസയിലെ ഇസ്രായേലിന്റെ ഉന്മൂലനയുദ്ധവും

ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന ഉന്മൂലന പരമ്പരയുടെ എല്ലാ ഘട്ടങ്ങളിലും ZPC ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്, നിരന്തരമായ പ്രചരണ പരിപാടികള്‍ ഉള്‍പ്പെടെ. തങ്ങള്‍ നിയന്ത്രിക്കുന്നതും സ്വാധീനം ചെലുത്തുന്നതുമായ അമേരിക്കന്‍ മുഖ്യാധാരാമാധ്യമ ശൃംഖലയിലൂടെ ZPC വിജയകരവും, പ്രചണ്ഡവുമായ പ്രചരണ പരിപാടികള്‍ക്ക് അരങ്ങൊരുക്കി. അവര്‍ ഗാസയിലെ ഹമാസ് ഭരണകൂടത്തിന് ആക്രമണത്തിലൂടെ അധികാരം പിടിച്ചടക്കിയ ഒരു ഭീകരസംഘടനയുടെ പ്രതിച്ഛായ സൃഷ്ടിച്ചെടുത്തു. ഹമാസ് അധികാരത്തിലെത്തിയത് അന്താരാഷ്‌ട്ര നിരീക്ഷകരാല്‍ മേല്‍ നോട്ടം വഹിക്കപ്പെട്ട, ജനാധിപത്യരീതിയില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെയും, അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയുള്ള പി.എല്‍.ഒയുടെ സൈനിക അട്ടിമറിയെ അതിജീ‍വിച്ചുകൊണ്ട്, തങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ തെരഞ്ഞെടുപ്പ് വിജയത്തെ പ്രതിരോധിച്ചുകൊണ്ടുമാണ് എന്നതും പൂര്‍ണ്ണമായും നിഷേധിച്ചുകൊണ്ടാണ് അവരിതു ചെയ്തത്.

ഇസ്രായേല്‍ നടത്തിയ ഭൂമി പിടിച്ചെടുക്കലിനെയും, പാലസ്തീനിനു ചുറ്റും അവര്‍ പണിത ഗെറ്റോ മതിലിനെയും, നൂറുകണക്കിനു റോഡ് ഉപരോധങ്ങളെയും, വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും പാലസ്തീനികളുടെ ഗൃഹങ്ങള്‍ ജൂതകുടിയേറ്റക്കാര്‍ ആക്രമണത്തിലൂടെ കയ്യടക്കിയതിനെയും, പാലസ്തീനികളെ പട്ടിണിക്കിട്ട് കീഴടക്കുക ലക്ഷ്യമാക്കി നടപ്പിലാക്കിയ കുറ്റകരവും, വംശീയ ഉന്മൂലനസ്വഭാവമുള്ളതുമായ ഇസ്രായേലിന്റെ സാമ്പത്തിക ഉപരോധത്തെയും മുഴുവന്‍ സിയോണിസ്റ്റ് ജൂതനേതൃത്വവും പിന്തുണക്കുകയായിരുന്നു. രണ്ടുവര്‍ഷക്കാലമായി തുടരുന്ന ഇസ്രായേലി ഉന്മൂലന പരമ്പരയുടെ കാലയളവിലുടനീളം ഇസ്രായേലിന്റെ സമഗ്രാധിപത്യസ്വഭാവമുള്ള നടപടികളെ പിന്തുണക്കുന്ന തരത്തില്‍, തങ്ങളോട് വിധേയത്വം പുലര്‍ത്തുന്ന അമേരിക്കന്‍ സര്‍ക്കാരിനെ രാജ്യത്തിനകത്തും പുറത്തും നയിക്കുന്നതിൽ അമേരിക്കന്‍ സിയോണിസ്റ്റുകള്‍ വലിയൊരു പങ്കാണ് നിര്‍വഹിച്ചത്.

സൈന്യത്താല്‍ ചുറ്റപ്പെട്ട ഗാസയിലെ 15 ലക്ഷത്തോളം വരുന്ന പാലസ്തീനികളുടെ പട്ടിണിയെയും, പടിപടിയായുള്ള നാശത്തെയും ശരിവെക്കുന്ന രീതിയിലുള്ള പ്രചരണത്തിനുള്ള ഔദ്യോഗികവേദിയായി ഭൂരിഭാഗം സിനഗോഗുകളും മാറി. വെസ്റ്റ് ബാങ്കിലെ 45 ലക്ഷം വരുന്ന പലസ്തീനികൾഎല്ലാ വശവും സൈന്യത്താല്‍ വളയപ്പെട്ട്, സാമ്പത്തികവും സാമൂഹികവുമായ മതില്‍കെട്ടിത്തിരിക്കപ്പെട്ട് കിടക്കുക ആണ്. അമേരിക്കന്‍ കോണ്‍ഗ്രസ്സാകട്ടെ ഇസ്രായേല്‍ ഭരണകൂടത്തിന്റെ ഓരോ ക്രിമിനല്‍ നടപടികളെയും പിന്തുണച്ചുകൊണ്ടും, ഇസ്രായേലി ഭരണകൂടത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന (വിദേശ ഏജന്റുമാരും ലോബിയിസ്റ്റുകളും രജിസ്റ്റര്‍ ചെയ്തിരിക്കണം എന്ന അമേരിക്കന്‍ നിയമത്തെ ലംഘിച്ചുകൊണ്ട് ) AIPAC ലോബിയിസ്റ്റുകളാല്‍ തയ്യാറാക്കപ്പെട്ട നിരവധി പ്രമേയങ്ങള്‍ പാസാക്കിക്കൊണ്ടും ലജ്ജാലേശമന്യെ സിയോണിസ്റ്റ് നേതൃത്വത്തെ പിന്തുടരുകയായിരുന്നു. എഫ് 16 ഉള്‍പ്പെടെ ഏറ്റവും പുതിയ യുദ്ധവിമാനങ്ങള്‍ക്കും, അപ്പാച്ചെ ഹെലികോപ്‌ടറിനും, 1000 പൌണ്ട് ബങ്കർ ബസ്‌റ്റർ ബോംബുകള്‍ക്കുമായുള്ള ഇസ്രായേലിന്റെ അഭ്യർത്ഥനകളൊക്കെയും AIPAC ലോബിയിസ്റ്റുകളുടെയും യു.എസ്. കോണ്‍ഗ്രസിലെ അവരുടെ പ്രതിനിധികളുടെയും ശ്രമഫലമായി അനുവദിക്കപ്പെടുകയായിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അമേരിക്കന്‍ ZPC പാലസ്തീനിലെ നിരാലംബരായ ജനതക്കെതിരായസമ്പൂര്‍ണ്ണ യുദ്ധത്തിനുള്ള പ്രത്യയശാസ്‌ത്രപരമായ ന്യായീകരണങ്ങളും സൈനിക ഉപകരണങ്ങളും ഒരുക്കിക്കൊടുക്കുകയായിരുന്നു.

ഇസ്രായേലിനെതിരായ ഏതൊരു വിധത്തിലുള്ള അന്താരാഷ്‌ട്രവിമര്‍ശനങ്ങളെയും അമേരിക്കന്‍ കോണ്‍ഗ്രസിലെ പ്രമുഖരായ സിയോണിസ്റ്റ് നേതാക്കളും, വിദേശ നയരൂപീകരണ സ്ഥാപനങ്ങളിലെ അംഗങ്ങളും ചേര്‍ന്ന് വീറ്റോ ചെയ്യുകയായിരുന്നു എന്ന വസ്തുതയും അത്രതന്നെ പ്രധാന്യമുള്ളതാണ് . ക്രിമിനല്‍ രാഷ്‌ട്രങ്ങള്‍ക്കെതിരെ സാധാരണഗതിയില്‍ ഉണ്ടാകുന്ന കോണ്‍ഗ്രസ്സ് ഉപരോധത്തില്‍ നിന്ന് ഇത് ഇസ്രായേലിനെ രക്ഷപെടുത്തി എന്നു മാത്രമല്ല, ശിക്ഷാഭീതിയില്ലാതെ മുന്നോട്ട് പോകുവാന്‍ സഹായിക്കുകയും ചെയ്‌തു. അതായത് ഗാസയില്‍ തങ്ങള്‍ പദ്ധതിയിട്ടിട്ടുള്ള ഉന്മൂലന പരമ്പരക്കെതിരായി സാമ്പത്തിക, നയതന്ത്ര, സൈനിക നടപടികള്‍ ഉണ്ടാകില്ല എന്ന അറിവോടെയാണ് ഇസ്രായേലിലെ നയനിര്‍മ്മാതാക്കള്‍ കരുക്കള്‍ നീക്കിയത്. കാരണം, ഗാസയിലെ മുഴുവന്‍ ജനതക്കുമെതിരായി ഇസ്രായേൽ നടത്തുന്ന കടന്നാക്രമണങ്ങളെ ന്യായീകരിച്ചുകൊണ്ട് അവർ അഴിച്ചുവിടുന്ന പ്രചരണങ്ങള്‍ വള്ളിപുള്ളി തെറ്റാതെ ആവര്‍ത്തിക്കുന്നതങ്ങളുടെ ആളുകള്‍തന്നെയാണ് അമേരിക്കയുടെ മിഡില്‍ ഈസ്റ്റ് നയത്തെ നിയന്ത്രിക്കുന്നത് എന്നത് അവര്‍ക്ക് മുന്‍‌കൂട്ടി അറിയാമായിരുന്നു.

ഇസ്രായേലിന്റെ ഉന്മൂലനയുദ്ധത്തെ ന്യായീകരിക്കുന്നതിനുള്ള ശ്രമങ്ങൾ

ഗാസയ്‌ക്കുമേൽ നടക്കുന്ന കടന്നാക്രമണങ്ങളെ ന്യായീകരിക്കുന്ന ഇസ്രായേൽ സർക്കാരിന്റെ ഔദ്യോഗിക വിശദീകരണങ്ങളോടൊത്തുപോകുന്ന വാര്‍ത്തകൾ ബോധപൂർവം തന്നെ മെനെഞ്ഞെടുക്കുന്നതിൽ സിയോണിസ്റ്റുകൾ നിയന്ത്രിക്കുന്ന അമേരിക്കൻ അച്ചടിമാദ്ധ്യമങ്ങൾ, വിശേഷിച്ചും ന്യൂയോർക്ക് ടൈംസും വാഷിങ്‌ടൺ പോസ്റ്റും വളരെ ശ്രദ്ധാലുക്കളാണ്. ഇസ്രായേൽ നടത്തുന്ന നൂറു കണക്കിന് സായുധ കടന്നു കയറ്റങ്ങളേയും പാലസ്തീൻ നേതാക്കളേയും ഉദ്യോഗസ്ഥന്മാരേയും ( അവരുടെ വീട്ടിൽ വച്ചുപോലും) ലക്ഷ്യമിട്ട് കൊലപ്പെടുത്തുന്നതിനെയും (‘targeted’ assassinations) കുറിച്ചൊന്നും അവർ മിണ്ടാറില്ല. ഹമാസുമായുണ്ടാക്കിയ വെടിനിറുത്തൽ ഇസ്രായേൽ ബോധപൂർവം വീണ്ടും വീണ്ടും ലംഘിച്ചതും, ജനങ്ങളുടെ സ്വയം പ്രതിരോധത്തിനായി ഹമാസിന് തിരിച്ചടിക്കേണ്ടി വന്നതും ഒന്നര ദശലക്ഷം പാലസ്തീൻ‌കാർക്ക് വർഷങ്ങളായി ഭക്ഷണം നിഷേധിച്ച് അവരെ പട്ടിണിക്കിട്ട് കൊല്ലാക്കൊല ചെയ്യുന്നതും ഈജിപ്‌ഷ്യൻ അതിർത്തികളിലെ തുരങ്കങ്ങളിൽ കൂടി ഭക്ഷ്യസാധനങ്ങൾ എത്തിക്കാൻ പാലസ്തീൻ നേതൃത്വം നടത്തിയ ശ്രമങ്ങളെക്കുറിച്ചും ഒന്നും അവർ റിപ്പോർട്ട് ചെയ്യാറില്ല. കുറ്റകരമായ ഭക്ഷ്യ ഉപരോധം നീക്കിക്കിട്ടുന്നതിന് മറ്റു വഴികളൊന്നുമില്ലാതെ മിസൈൽ ആക്രമണങ്ങളിലൂടെ ജൂത ഭരണകൂടത്തെ ചർച്ചാമേശയിലേക്കെത്തിക്കുവാൻ ഹമാസ് നിർബന്ധിതമായതിനെക്കുറിച്ച് ഇവർ പ്രചരിപ്പിക്കുന്നതാകട്ടെ ഇസ്രായേലിന്റെ ഭാഷ്യവും.

പ്രമുഖ അമേരിക്കൻ ജൂത സംഘടനകളുടെ അദ്ധ്യക്ഷന്മാരുടെ കോൺഫറൻസും (Conference of President of the Major American Jewish Organizations) യഹൂദ സമുദായാംഗങ്ങളിൽ ബഹുഭൂരിപക്ഷവും ഇസ്രായേലിന്റെ സമ്പൂർണ യുദ്ധത്തെയും ഗാസാ ചിന്തിലെ തടവുകാരായ പാലസ്തീനിയൻ ജനതയെ ഉന്മൂലനാശം ചെയ്യാനുള്ള അതിന്റെ ശ്രമങ്ങളെയും ആവേശപൂർവവും ഐകകണ്ഠേനയും പിന്താങ്ങുക ഉണ്ടായി. 2500 ലേറെ നിസ്സഹായരായ പാലസ്തീനിനികള്‍ക്ക് മുറിവേൽക്കുകയും കൊല്ലപ്പെടുകയും ഒക്കെ ചെയ്യുന്നതിന്റെ ചിത്രങ്ങൾ പയ്യെ പയ്യെ മാദ്ധ്യമങ്ങളിലൂടെ അരിച്ചരിച്ചിറങ്ങിയിട്ടും ഒരൊറ്റ പ്രമുഖ ജൂത സംഘടന പോലും അതിനെ അപലപിച്ചില്ല; ചെറിയ ചെറിയ ഗ്രൂപുകളും ഒറ്റപ്പെട്ട വ്യക്തികളും മാത്രമേ എന്തെങ്കിലും പ്രതിഷേധമുയർത്തിയുള്ളൂ. എല്ലാ പ്രമുഖ സംഘടനകളും തങ്ങളുടെ നുണപ്രചരണം തുടരുകയായിരുന്നു. നശിപ്പിക്കപ്പെട്ട എല്ലാ ആശുപത്രികളും , പള്ളികളും , യൂണിവേഴ്‌സിറ്റികളും, റോഡുകളും, അപ്പാർട്ട്മെന്റുകളും, ഫാർമസികളും മത്സ്യബന്ധന തുറമുഖങ്ങളുമെല്ലാം ഹമാസിന്റെ കേന്ദ്രങ്ങളായിരുന്നുവത്രെ. ആരും തടസ്സപ്പെടുത്താനില്ലാത്ത ഹെലികോപ്റ്റർഗൺഷിപ്പുകളിൽ നിന്ന് തങ്ങളുടെ സർവശക്തിയുമുപയോഗിച്ച് ഒന്നര ദശലക്ഷം സാധാരണ പാലസ്തീൻ ‌പൌരന്മാർക്ക് മേൽ നടത്തിയ ആക്രമണത്തെ ഇസ്രായേൽ നഗരങ്ങൾക്ക് പരിക്കുകളൊന്നുമേൽ‌പ്പിക്കാൻ ശേഷിയില്ലത്ത ഹമാ‍സിന്റെ ഗൃഹ നിർമ്മിത മിസൈലുകളെക്കുറിച്ചുള്ള നിറം പിടിപ്പിച്ച് കഥകൾ കൊണ്ട് മറയ്‌ക്കുകയായിരുന്നു അവർ.

ഇസ്രായേൽ കടന്നാക്രമണത്തിന്റെ ആദ്യത്തെ അഞ്ച് ദിവസക്കാലം പി‌ എം ജെ (പ്രമുഖ അമേരിക്കൻ ജൂത സംഘടനകളുടെ അദ്ധ്യക്ഷന്മാർ ) യുടെ പ്രചരണ ജിഹ്വയായ ദി ഡെയ്‌ലി അലർട്ടിൽ(TDA) വന്ന വാർത്തകൾ പരിശോധിച്ചാൽ ഇസ്രായേലാനുകൂല ശക്തികളുടെ പ്രചരണം വ്യക്തമായി കാണാൻ കഴിയും. താഴെപ്പറയുന്ന ലക്ഷ്യങ്ങൾ നേടാൻ അവർ ബോധപൂർവം പ്രവർത്തിച്ചതായി വ്യക്തമായി കാണാം:

1. രണ്ടായിരത്തി അഞ്ഞൂറിലേറെ പാലസ്തീനിയൻ പൌരന്മാർ കൊല്ലപ്പെടുകയോ മുറിവേൽക്കപ്പെടുകയോ ചെയ്‌തു,അവരുടെ സമ്പദ്‌വ്യവസ്ഥയും ജീവിത സാഹചര്യങ്ങളും ( സുരക്ഷിതമായ ജലം, വൈദ്യുതി, ഭക്ഷണം, പാചക ഇന്ധനം, മരുന്ന് , മഞ്ഞു കാ‍ലത്ത് അവശ്യം വേണ്ട ചൂട് ) സമ്പൂർണ്ണമായി നശിപ്പിക്കപ്പെട്ടു എന്ന വസ്‌തുത തമസ്‌ക്കരിച്ചുകൊണ്ട് , നാലു ഇസ്രായേലികളുടെ മരണം ചൂണ്ടിക്കാട്ടി ഗാസയിൽ നിന്നുള്ള പാലസ്തീനിയൻ മിസൈൽ ഭീഷണികളെ ഊതിപ്പെരുപ്പിക്കുക.

2. ഇസ്രായേലിന്റെ സൈനികമായ കടന്നാക്രമണത്തെ ഹമാസിന്റെ റോക്കറ്റ് ആക്രമങ്ങളെ ഇല്ലാതാക്കാനുള്ള തികച്ചും പ്രതിരോധപരമായ ശ്രമം മാത്രമായി ചിത്രീകരിക്കുകയായിരുന്നു. മുഴുവന്‍ സാമൂഹ്യസേവന സഘടനകളേയും, വിദ്യാഭ്യാസ-ചികിത്സാ സൌകര്യങ്ങളേയും, തെരെഞ്ഞെടുക്കപ്പെട്ട ഹമാസ് സർക്കാരുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ട പൊതു സുരക്ഷാ വ്യവസ്ഥയേയും തുടച്ചു നീക്കാനുള്ള ഇസ്രായേൽ ഭരണകൂടത്തിന്റെ ഗൂഢലക്ഷ്യങ്ങളെ സമർത്ഥമായി മറച്ചു പിടിക്കുക.

3. ഇസ്രായേലിന്റെ മനുഷ്യത്വമില്ലായ്‌മയെ അപലപിക്കുന്ന ഐക്യരാഷ്‌ട്ര സഭയുടെ ജനറൽ അസംബ്ലിയിലെ മഹാഭൂരിപക്ഷം രാജ്യങ്ങളുടെ പ്രസ്താവനകളെക്കുറിച്ച് ഒരൊറ്റ അക്ഷരം പറയാതെ സംഘർഷത്തിന്റെ കാരണക്കാർ ഹമാസ് ആണ് എന്ന് കുറ്റപ്പെടുത്തുന്ന ഇസ്രായേലിന്റെ സഖ്യ ശക്തികളുടേയും കക്ഷികളുടേയും( വാഷിംഗ്‌ടൺ, അമേരിക്കൻ മാദ്ധ്യമങ്ങൾ, ജർമ്മനി, യു കെ) തിരഞ്ഞെടുത്ത പ്രസ്താവനകൾ ഇടയ്‌ക്കിടെ ഉദ്ധരിക്കുക.

4. തദ്ദേശീയരായ പാലസ്തീനിയൻ‌കാരെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള ജൂത ഭരണകൂടത്തിന്റെ നയങ്ങളെ അപലപിക്കുന്ന ഏതൊരു അന്താരാഷ്‌ട്ര മനുഷ്യാവകാശ പ്രവർത്തകനും സഘടനയ്‌ക്കും എതിരെയുള്ള ഇസ്രായേലി അപവാദ പ്രചരണങ്ങളെ പുന: പ്രസിദ്ധീകരിക്കുക. കാര്യത്തിൽ ടി ഡി എന്നത് അമേരിക്കയിലെ, ഒരു പക്ഷെ. ഇസ്രായേലിനു പുറത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയവംശഹത്യാ നിഷേധി ” (genocide denier’) ആയിരിക്കും.

5. യു എസ് ഇതര പാശ്ചാത്യ മാദ്ധ്യമങ്ങളിൽ പോലും വമ്പിച്ച തോതിലുള്ള സിവിലിയൻ നാശനഷ്‌ടങ്ങളെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും പ്രത്യക്ഷപ്പെടുമ്പോഴും തങ്ങൾ വളരെ അധികം നിയന്ത്രണത്തോടെയാണ് ഓരോ നീക്കവും നടത്തുന്നതെന്നും സാധാരണ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ട കരുതലുകൾ എടുക്കുന്നുണ്ടെന്നും സൈനിക കേന്ദ്രങ്ങളെ മാത്രമേ ലക്ഷ്യമാക്കുന്നുള്ളൂ എന്നും മറ്റുമുള്ള ഇസ്രായേലി രാഷ്‌ട്രീയ-സൈനിക നേതൃത്വത്തിന്റെ അവകാശ വാദങ്ങളെ വീണ്ടും വീണ്ടും ആവർത്തിക്കുക.

6. ഗാസയിലെ ഓരോ സാമ്പത്തിക , മത, വിദ്യാഭ്യാസ സ്ഥപനത്തിനുമേലും ഓരോ കെട്ടിടത്തിന്മേലും ഓരോദിവസവും ഓരോ മണിക്കൂറും ഇസ്രായേൽ നടത്തുന്ന ഓരോ ബോംബാക്രമണത്തെയും പ്രതിരോധപരം എന്നോ തിരിച്ചടി എന്നോ വിശേഷിപ്പിക്കുക. ബെന്നി ന്യൂക്ക് ടെഹ്‌റാൻ മോറിസ്, മാർട്ടി പെരെറ്റ്‌സ്, ആമോസ് ഓസ് തുടങ്ങിയ ഇസ്രായേലിനുവേണ്ടി വാദിക്കുന്നതിൽ കുപ്രസിദ്ധരായനിഷ്‌പക്ഷ ബുദ്ധിജീവികളെഇടയ്‌ക്കിടെ ഉദ്ധരിക്കുക.

7. ഇസ്രായേലിന്റെ സമ്പൂർണ യുദ്ധത്തെ ന്യായീകരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന ഒട്ടേറെ അമേരിക്കൻ എഴുത്തുകാരുടേയും, പത്ര പ്രവര്‍ത്തകരുടേയും പത്രാധിപന്മാരുടേയും വാക്കുകൾ, സിയോണിസ്റ്റ് സംഘടനകളുമായി അവർക്കുള്ള ചിരകാല ബന്ധത്തെക്കുറിച്ച് യാതൊരു സൂചനയും നൽകാതെ തന്നെ, ‘ദി ഡയിലി അലെർട്ട്ഉദ്ധരിക്കാറുണ്ട്. ഇപ്രകാരം ചെയ്യുന്നത് ഇസ്രായേലിന്റെ കടന്നാക്രമണത്തിന് അനുകൂലമായി വ്യാപകമായ പൊതുജന പിന്തുണ ഉണ്ടെന്ന് വരുത്തിത്തീർക്കാനാണ്. ഇസ്രായേലിന്റെ വംശീയ ഉന്മൂലന നീക്കത്തെ വളരെ മൃദുവായി എതിർക്കുന്ന ഒരു മിതവാദി യഹൂദൻ പോലും ദി ഡയിലി അലെർട്ടിൽ നാളിതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല.

അമേരിക്കൻ യഹൂദന്മാരുടെ പ്രമുഖ സംഘടനകളെല്ലാം യു എസ് കോൺഗ്രസ്സിനെ ഒറ്റക്കെട്ടായി ആക്രമിക്കുകയും, അമേരിക്കൻ ജനതയുടെ പ്രതിനിധികളെന്ന് പറയപ്പെടുന്ന ഭീരുക്കളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ വിലയ്‌ക്കുവാങ്ങുകയോ ഒക്കെ ചെയ്യാറുണ്ട് . അതു പോലെ തന്നെ മാദ്ധ്യമങ്ങളെയും വിശിഷ്‌ട വ്യക്തിത്വങ്ങളെയുംനുണപ്രചരണത്തിലൂടെ ഇസ്രായേലിന്റെ വംശീയ ഉന്മൂലനയുദ്ധത്തിന്റെ പിന്തുണക്കാരാക്കുന്നതിലും അവർ വിജയിക്കുന്നുണ്ട്. വംശീയ ഉന്മൂലനം നടക്കുമ്പോൾ മാദ്ധ്യമങ്ങളും മറ്റും അനുവർത്തിക്കുന്ന ഇത്തരം ഉദാസീനത മാനവികതയോടുള്ള ഘോര പാതകമല്ലാതെ മറ്റൊന്നുമല്ല. ഒരു ജനതയെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണത്.

എന്നാൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കാനും ഭരണകൂട കൂട്ടക്കൊലയുടെ ആരാച്ചർമാരാകാനും തയ്യാറായി മുന്നോട്ട് വരുന്നവർ അമേരിക്കൻ രാഷ്‌ട്രീയ വൃത്തങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്നില്ല. വരാൻ പോകുന്ന ഒബാമ ഭരണകൂടത്തിന്റെ മുഖ്യ വക്താക്കളിലൊരാളും ചീഫ് പ്രസിഡൻഷ്യൽ അഡ്‌വൈസറുമായ ഡേവിഡ് ആക്സിൽ‌റോഡ് ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളുപയോഗിച്ചാണ് ഇസ്രായേൽ ആക്രമണങ്ങളെ വെള്ള പൂശുന്നത്.

കൂട്ടക്കൊല അവസാനിപ്പിക്കാനുള്ള ഓരോ ആഹ്വാനവും ഇസ്രായേൽ തികഞ്ഞ ധാര്‍ഷ്‌ഠ്യത്തോടെ തള്ളിക്കളയുകയാണ്. എന്തുകൊണ്ടെന്നാൽ, മദ്ധ്യപൂർവേഷ്യയെ സംബന്ധിച്ച അമേരിക്കൻ നയങ്ങൾ നിയന്ത്രിക്കുന്ന തന്ത്ര പ്രധാന പദവികളിൽ തങ്ങളുടെ ആളുകൾ ഉണ്ടെന്നും ഇത്തരം കുറ്റകൃത്യങ്ങളെ അപലപിക്കാനുള്ള ഏതു ശ്രമത്തിനും തടയിടാൻ പുതിയ പ്രസിഡന്റിന്റെ ഭരണകൂടത്തിലുള്ള തങ്ങളുടെ ആളുകൾക്ക് കഴിയുമെന്നും ഇസ്രായേലിനറിയാം .

മനുഷ്യാവകാശ-യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾ, ദിവസം വരെയും, ഇസ്രായേലിന്റെ ഉന്മൂലന പരമ്പരക്കനുകൂലമായി മാധ്യമങ്ങളെ സ്വാധീനിക്കുകയും അമേരിക്കന്‍ നയങ്ങളെ രൂപീകരിക്കുകയും ചെയ്യുന്ന അതീവശക്തരായ രാഷ്‌ട്രീയ-പ്രചരണ സംഘടനകളെക്കുറിച്ച് പ്രസ്താവിക്കുന്നതില്‍, എതിര്‍ക്കുന്നതിന്റെ കാര്യം വിടുക, പരാജയപ്പെട്ടിരിക്കുകയാണ്. ഇസ്രായേലിന്റെ അമേരിക്കന്‍ പിന്തുണക്കാര്‍ അസത്യം പ്രസ്താവിക്കുന്നതിലും, കാര്യങ്ങള്‍ വളച്ചൊടിക്കുന്നതിലും, ഓരോ കുറ്റകൃത്യത്തെയും പ്രതിരോധിക്കുന്നതിലും സര്‍വസ്വതന്ത്രരായിരിക്കുന്നിടത്തോളം കാലം, സംഘടനകള്‍ക്ക് ഇസ്രായേലിന്റെ സമഗ്രാധിപത്യ നയങ്ങളെ നിയന്ത്രിക്കുന്ന തരത്തിലുള്ള എന്തെങ്കിലും പങ്ക് നിര്‍വഹിക്കുവാനാകുകയില്ല്ല്ല.

കഴിഞ്ഞ ആഴ്ചയില്‍ ഗാസയില്‍ നിന്നും തൊടുക്കപ്പെട്ട നൂറുകണക്കിന് റോക്കറ്റുകളില്‍ നിന്നും, മോര്‍ട്ടാര്‍ ആ‍ക്രമണങ്ങളില്‍ നിന്നും തങ്ങളെ പ്രതിരോധിക്കുവാന്‍ ഇസ്രായേലിനു അധികാരം മാത്രമല്ല കടമ തന്നെ ഉണ്ട്. ലോകത്തിലെ ഒരു ഭരണകൂടവും ഇത്തരത്തില്‍ തങ്ങളുടെ ജനത വിവേചനശൂന്യമായി ആക്രമിക്കപ്പെടുന്നത് അനുവദിക്കുകയില്ല. നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നത് ഒരു വലിയ ദുരന്തം തന്നെയാണ്. എങ്കിലും ദുരന്തത്തിന്റെ കുറ്റമേല്‍ക്കേണ്ടത് ഹമാസ് ആണ്.” അമേരിക്കയിലെ ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയുടെ ചെയര്‍മാനും(സിയോണിസ്റ്റ് പക്ഷപാതിയും) കോണ്‍ഗ്രസ്സ് അംഗവുമായ ഹൊവാര്‍ഡ് ബെര്‍മാന്‍ പറഞ്ഞതാണിത്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ഉന്മൂലന പരമ്പരയെ പ്രതിരോധിക്കുവാന്‍ മേല്‍പ്പറഞ്ഞ രീതിയില്‍ ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാനു കഴിയുന്നിടത്തോളം കാലം, അമേരിക്കക്കൊരു സ്വതന്ത്രനയം ഉണ്ടാവും എന്ന കാര്യത്തില്‍ പ്രത്യാശക്ക് വകയില്ല.

രണ്ട് വര്‍ഷക്കാലമായി ഇസ്രായേല്‍ നടത്തുന്ന ഉപരോധത്തെ, പാലസ്തീനികളെ ഉന്നം വെച്ചുകൊണ്ട് ദിവസേനയെന്നോണം നടക്കുന്ന കൊലപാതകങ്ങളെ, സിവിലിയന്‍ ജനതയെ ലക്ഷ്യമാക്കി നടത്തുന്ന മിസൈല്‍ ആക്രമണങ്ങളെ, കടല്‍, കര, വ്യോമ ഉപരോധങ്ങളെ, ഗാസയിലെ അടിസ്ഥാനസൌകര്യങ്ങളുടെ നഗ്നമായ നശീകരണത്തെ ഒക്കെ തമസ്‌ക്കരിക്കുകയാണ്, ബെര്‍മാന്‍. ഒരു സര്‍ക്കാരിനും, അതിനാൽ തന്നെ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ഇസ്ലാമിക സര്‍ക്കാരിനും, തങ്ങളുടെ ജനതയെ പട്ടിണിക്കിട്ടും കൊലപ്പെടുത്തിയും കീഴടക്കുന്നത് കണ്ട് വെറുതെ ഇരിക്കാനാകില്ല. പക്ഷെ ബെർമാനെ സംബന്ധിച്ചിടത്തോളം ജൂതരുടെ ജീവനു മാത്രമെ വിലയുള്ളൂ. വര്‍ദ്ധിതമായ വിധത്തില്‍ കൊല്ലപ്പെടുകയും , അംഗവിഹീനരാകുകയും, ഛിന്നഭിന്നമാക്കപ്പെടുകയും ചെയ്യുന്ന ഗാസയിലെ ആയിരക്കണക്കിനു ജനങ്ങളുടെ ജീവന് വിലയില്ല. അവരെ മനുഷ്യരായി കണക്കിലെടുക്കുക വയ്യല്ലോ.

എന്താണ് ചെയ്യേണ്ടത്?

മാനവികതക്കെതിരായ ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾക്കെതിരായി പൊതുവികാരമുയരേണ്ടിയിരിക്കുന്നു: ഗാസയിലെ ജനതയെ തുടച്ചുനീക്കുവാനുള്ള ശ്രമങ്ങളിൽ നിന്ന് അതിനെ പിന്തിരിപ്പിക്കുവാൻ നിർബന്ധിക്കുന്ന ഒരു സാമൂഹ്യ പ്രസ്ഥാനം ഉയർന്നു വരേണ്ടതുണ്ട്. ഒട്ടേറെ പാലസ്‌തീനിയൻ സാമൂഹ്യ സ്ഥാപനങ്ങളെയാണ് ജൂത ഭരണകൂടം നിലം പരിശാക്കിയിരിക്കുന്നത്. തകർക്കപ്പെട്ട സ്ഥാപനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന നമ്മുടെ എല്ലാ സ്ഥാപനങ്ങളും ഒറ്റക്കെട്ടായി ഇസ്രായേലിന്റെ കടന്നാക്രമണത്തെ അപലപിക്കുകയും ഇസ്രായേലിലെ സമാന സ്ഥാപനങ്ങളെ ബഹിഷ്‌ക്കരിക്കുകയും വേണം.

1. ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് ഗാസായ്‌ക്കുമേൽ ബോംബുകൾ വർഷിച്ച് അവിടുത്തെ മുഴുവൻ ശാസ്‌ത്ര സജ്ജീകരണങ്ങളെയും നശിപ്പിച്ച ഇസ്രായേലിന്റെ കിരാത നടപടിയെ അപലപിക്കാൻ മുഴുവൻ അക്കാദമിക് സമൂഹത്തോടും നമ്മൾ അഭ്യർത്ഥിക്കേണ്ടതുണ്ട്. ഇസ്രായേലിലെ സര്‍വകലാശാലകളെ സംഘടിതമായി ബഹിഷ്‌ക്കരിക്കാനും അവയുമായുള്ള വിദ്യാഭ്യാസ വിനിമയപരിപാടികൾ, വിശേഷിച്ചും ശാസ്‌ത്ര സാങ്കേതിക വിനിമയപരിപാടികൾ, നിറുത്തി വയ്‌ക്കാനുമുള്ള തീരുമാനം രാജ്യമാസകലമുള്ള, സർവകലാശാലകളുടെ നയമായി തീരേണ്ടതുണ്ട്. ഈയിടെ ബ്രിട്ടനിലെ വിദ്യാഭ്യാസ വിചക്ഷണർ നൽകിയ ഇത്തരമൊരു ബഹിഷ്‌ക്കരണാഹ്വാനത്തെ അപലപിക്കുകയും ഇരുപതിനായിരത്തോളം വരുന്ന പാലസ്തീനിയൻ സർവകലാശാലാ വിദ്യാർത്ഥികൾക്ക് ആകെയുണ്ടായിരുന്ന പത്ത് ഫാക്കൽറ്റികളെയും ഇസ്രായേൽ സമ്പൂർണമായി ഉന്മൂലനം ചെയ്‌തപ്പോൾ പോലും, നീതിരഹിതമായ നിശബ്‌ദത പുലർത്തുകയും ചെയ്‌ത 450 ഓളം വരുന്ന സർവകലാശാലാ അദ്ധ്യക്ഷന്മാരുടെ കാര്യത്തിൽ നാം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

2. ഗാസയിലെ ഇടുങ്ങിയ ചീന്തിൽ തിങ്ങിഞെരുങ്ങിക്കഴിയുന്ന ഒന്നര ദശലക്ഷത്തോളം വരുന്ന പാലസ്തീനികൾക്ക് മരുന്നും വൈദ്യശുശ്രൂഷയും നിഷേധിക്കുന്ന ഇസ്രായേലിന്റെ മെഡിക്കൽ ഉപരോധത്തെ അമേരിക്കയിൽ രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ ആരോഗ്യപ്രവർത്തകരും, ഡോൿടർമാരും, നഴ്‌സുമാരും സാങ്കേതികവിദഗ്ദരും അപലപിക്കേണ്ടതുണ്ട്. ഗാസയിലെ കുട്ടികളുടെ ആശുപത്രിയെയും ചുറ്റുവട്ടത്തുള്ള ഫാര്‍മസികളെയും മാത്രമല്ല വ്യോമ- മിസൈൽ ആക്രമണങ്ങളിൽ മാരകമായി മുറിവേൽക്കുന്നവരുമായി നീങ്ങുന്ന വാഹനങ്ങളെ പോലും ലക്ഷ്യം വയ്‌ക്കുന്ന ഇസ്രായേലിന്റെ കൊലയാളി മനസ്ഥിതിയെ അതിനിശിതമായി അപലപിക്കേണ്ടതുണ്ട്. ഉന്മൂലനം ലക്ഷ്യമിട്ട് സമ്പൂർണ്ണ യുദ്ധനയവുമായി മുന്നോട്ട് പോകുന്ന ജൂത ഭരണകൂടവുമായി അമേരിക്കൻ ആരോഗ്യ പ്രവർത്തകരും പരിപാടികളും സഹകരിക്കേണ്ടതുണ്ടോ എന്ന ഏറ്റവും മൌലികവും നൈതികവുമായ ചോദ്യം നാം ഉയർത്തേണ്ടതുണ്ട്.

3. എല്ലാ അമേരിക്കൻ പൌരന്മാരും ഇസ്രായേലിനുള്ള അമേരിക്കൻ സൈനിക സഹായം, വിശേഷിച്ചും എഫ്-16 പോർ വിമാനങ്ങൾ നൽകുന്നത് നിറുത്തി വയ്‌ക്കണം എന്ന ആവശ്യമുയർത്തേണ്ടതുണ്ട്. ഗാസയിലെ അടിസ്ഥാന സൌകര്യങ്ങളെ നശിപ്പിക്കുന്നതിനും 2500 ലേറെ പാലസ്തീനികളെ-അവരിൽ സാധാരണ പൌരന്മാരും പൊതുജനസേവകരും, പോലീസുകാരും നാഷണൽ മിലീഷ്യയിലെ അംഗങ്ങളും ഒക്കെ പെടും- കൊല്ലുവാനും അംഗവിഹീനരാക്കുവാനും മറ്റുമായി അപ്പാച്ചേ ഹെലികോപ്‌റ്ററുകൾ, മിസൈലുകൾ, ആയിരം പൌണ്ട്ബങ്കർ ബസ്‌റ്റർ ബോംബുകൾഎന്നിവയാണ് ഇസ്രായേൽ ഉപയോഗിച്ചത്. വിദേശ- സൈനിക ബന്ധങ്ങളെയും ബജറ്റിനെയുമൊക്കെ സംബന്ധിച്ച കാര്യങ്ങളിൽ യു എസ് കോണ്‍ഗ്രസിലെയും വൈറ്റ് ഹൌസിലെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന കാര്യത്തിൽ കാലങ്ങളായി വിജയിച്ചുപോരുന്ന പ്രബലരും ആക്രമണകാരികളും ആയ സിയോണിസ്‌റ്റ് വാദക്കാരെയും ലോബിയിസ്‌റ്റുകളെയും ഒറ്റപ്പെടുത്തുക എന്നതാണ് ഇസ്രായേലിനുള്ള അമേരിക്കൻ സൈനിക സഹായം നൽകുന്നത് നിറുത്തി വയ്‌ക്കണം എന്ന ആവശ്യത്തിന്റെ തുടർച്ചയായി നാം ചെയ്യേണ്ട മറ്റൊരു കാര്യം.

സമാധാന പ്രസ്ഥാനത്തിലെ അംഗങ്ങൾക്കും ഇത്തരം കൂട്ടക്കുരുതിയിൽ വേദനിക്കുന്ന സാധാരണ മനുഷ്യർക്കും സിയോണിസ്‌റ്റ് വാദക്കാരെ നേർക്കുനേരെ നിന്ന് എതിരിടാൻ ആയില്ലെങ്കിൽ വംശീയമായ ശുദ്ധീകരണശ്രമങ്ങളുമായി മുന്നോട്ട് പോകുന്ന ഇസ്രായേലിനുള്ള സൈനിക സഹായം നിറുത്തി വയ്‌പിക്കുന്നതിൽ വിജയിക്കാൻ കഴിയില്ല. അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേർസ് കമ്മിറ്റി (AIPAC), ആന്റി ഡിഫമേഷൻ ലീഗ് (ADL) തുടങ്ങി അൻപതോളം അമേരിക്കൻ-ജൂത സംഘടനകളിലൂടെയാണ് ഇസ്രായേലിന്റെ ഉന്മൂലപരിപാടികൾക്കായുള്ള യു എസ് സർക്കാരിന്റെ പിന്തുണ നേടാനുളള ശ്രമങ്ങൾ ആരംഭിക്കുന്നതും പിന്നീടത് ഉറപ്പാക്കുന്നതും. ഇത്തരം സംഘടനകളെ നേരിടാനും അവയെ തുറന്നു കാട്ടാനും അവയ്‌ക്കെതിരെ പ്രകടനങ്ങളും മറ്റും സംഘടിപ്പിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്.

4. എല്ലാ മതവിശ്വാസികളെയും ഒരുമിച്ചുകൊണ്ടുവരികയും - അതിൽ ഇസ്രായേൽ ഭരണകൂടത്തിന്റെ സമഗ്രാധിപത്യ നടപടികളെ അപലപിക്കാൻ തയ്യാറുള്ള യഹൂദമത വിശ്വാസികളെയും ഉൾപ്പെടുത്തണം, അവരെത്ര ചെറിയ ശതമാനം ആണെങ്കിലും - മാനവികതക്കെതിരായ ഇസ്രായേലിന്റെ കടന്നാക്രമണങ്ങളെ, വിശേഷിച്ച് അഞ്ച് മുസ്ലിം പള്ളികൾ തകർത്ത് തരിപ്പണമാക്കിയ നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്യുക എന്നതാണ് അമേരിക്കൻ മത സംഘടനകൾ ചെയ്യേണ്ടത്.

5. തുറമുഖ- നാവികത്തൊഴിലാളികളും അധികാരികളും ഇസ്രായേലുമായുള്ള എല്ലാത്തരം വ്യാപാര ഇടപാടുകളിൽ നിന്നും വിട്ടു നിൽക്കുകയും ഗാസയിലേക്ക് ജീവകാരുണ്യപരമായ സഹായങ്ങളുമായി നീങ്ങുകയായിരുന്ന സാധാരണ മത്സ്യബന്ധന ബോട്ടുകളേയും നൌകകളേയും അന്താരാഷ്‌ട്ര ജലപാതകളിൽ വച്ച് ആക്രമിച്ച ഇസ്രായേൽ നാവിക സേനയുടെ നടപടിയെ ശക്തമായി അപലപിക്കുകയും വേണം. ഗാസയുടെ തുറമുഖത്തിനു ചുറ്റും സൈനികമായ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന ഇസ്രായേലിന്റെ നടപടി തുടരുവോളം ഇസ്രായേൽ ഉൽ‌പ്പന്നങ്ങൾ കയറ്റിയ കപ്പലുകളിൽ ചരക്കിറക്കുകയോ കയറ്റുകയോ അരുത്.

6. ഇസ്രായേല്‍ അനുകൂല ഇലൿട്രോണിക്ക് /അച്ചടി മാദ്ധ്യമങ്ങളുടെ ഏകപക്ഷീയമായ അവതരണങ്ങളും സിയോണിസ്‌റ്റ്ഓപ്പ് -എഡ്എഴുത്തുകാരുടേയും സ്വയം പ്രഖ്യാപിത പശ്ചിമേഷ്യൻ വിദഗ്ദ്ധന്മാരുടേയും തികച്ചും വസ്‌തുതാവിരുദ്ധമായ വിശകലനങ്ങളും വിവരണങ്ങളും കേട്ട് പകച്ചു നിൽക്കുന്ന അമേരിക്കയിലെ ദശലക്ഷക്കണക്കിന് സാധാരണ പൌരന്മാർ സിയോണിസ്‌റ്റുകാരല്ലാത്ത കമന്റേറ്റർമാർക്കും തുല്യമായ സമയവും കവറേജ്ജും ലഭ്യമാക്കണമെന്ന് ശക്തിയായി ആവശ്യപ്പെടേണ്ടതുണ്ട്. ഇരകളെ വേട്ടക്കാരായും വേട്ടക്കാരെ ഇരകളായും ചിത്രീകരിക്കുന്ന അവ്യക്തവും കൃത്രിമായി വാർത്തകൾ ഉൽ‌പ്പാദിപ്പിച്ചെടുക്കുന്നതുമായ ഇന്നത്തെ രീതി അവസാനിപ്പിക്കണമെന്ന് നാം ശക്തമായി ആവശ്യപ്പെടേണ്ടതുണ്ട്.

7. ഇസ്രായേലിന്റെ വംശഹത്യാ നയങ്ങളെക്കുറിച്ചുള്ള ചർച്ചകളെ കുത്തകവൽക്കരിക്കാനും സെൻസർ ചെയ്യാനും ചർച്ചയിൽ പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്താനും ഇസ്രായേലിന്റെ വർണ്ണവിവേചനത്തിന്റെ- യു എൻ ജനറൽ അസംബ്ലിയുടെ അദ്ധ്യക്ഷനായ മാനുവൽ ഡി കോസ്‌റ്റ പാലസ്തീൻ ഗ്രാമങ്ങൾക്കു ചുറ്റും ഇസ്രായേൽ ഉയർത്തിയിരിക്കുന്ന കൂറ്റൻ ഭിത്തികളെ (Ghetto Wall) എത്രയും യാഥാർത്ഥ്യബോധത്തോടെ അങ്ങനെയാണ് വിശേഷിപ്പിക്കുന്നത് - വിമർശകരെ അപകീർത്തിപ്പെടുത്താനുമുള്ള സിയോണിസ്‌റ്റ് അധികാര ഘടനയുടെ എല്ലാത്തരം ശ്രമങ്ങൾക്കുമെതിരെ മുഴുവൻ പൊതു വേദികളിലും നമുക്ക് നിരന്തരം സമരം ചെയ്യേണ്ടതുണ്ട്. ഉന്മൂലനോദ്ദേശത്തോടെ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെ ലോകമെങ്ങും ഉയർന്നുവരുന്ന പ്രതിഷേധങ്ങൾ മാദ്ധ്യമങ്ങളെ സ്വന്തം വരുതിയിൽ നിറുത്താനുള്ള സിയോണിസ്‌റ്റ് ശ്രമങ്ങൾക്കുള്ള തിരിച്ചടിയും, മാനവികതെക്കെതിരെ ഇസ്രായേൽ നടത്തിവരുന്ന ക്രൂരകൃത്യങ്ങളെ തെറ്റാണെന്ന് മനസ്സുകൊണ്ട് അംഗീകരിക്കുകയും തങ്ങൾക്കെതിരെ ശബ്‌ദിക്കുന്നവരോട് ക്രൂരവും നിന്ദ്യവുമായ രീതിയിൽ പെരുമാറുന്ന പ്രാദേശിക സിയോണിസ്‌റ്റുകളെ വെറുക്കുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് അമേരിക്കൻ പൌരന്മാർക്ക് പ്രോത്‌സാഹനമേകുന്നതുമാണ്. ഇത്തരത്തിൽ പൊതുജനാഭിപ്രായമുയർന്നു വരികയാണെങ്കിൽ, സിയോണിസ്‌റ്റുകളിൽ നിന്നും വമ്പൻ തുകകൾ സംഭാവനയായി കൈപ്പറ്റുന്ന ചില തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് അവരുടെ ദാസ്യമനോഭാവവും മറ്റു ചില കോൺഗ്രസ്സംഗങ്ങൾക്ക്ഇസ്രായേലാദ്യംഎന്ന തങ്ങളുടേ നിലപാടും പുന:പരിശോധിക്കേണ്ടി വരും.

8. ഇസ്രായേൽ ലോബി, വിശേഷിച്ചും ഇസ്രായേൽ പബ്ലിക് അഫയേർസ് കമ്മിറ്റി (AIPAC) ഇസ്രായേൽ ഭരണകൂടത്തിന്റെ ഒരു വിദേശ ഏജന്റ് എന്ന രീതിയിൽ രജിസ്റ്റർ ചെയ്യുകയും തങ്ങളുടെ കൈകൾ ശുദ്ധമാണെന്ന് തെളിയിയിക്കുകയും വേണം എന്ന ആവശ്യമുന്നയിച്ചുകൊണ്ട് ദേശാഭിമാനപ്രചോദിതമായ ഒരു ക്യാമ്പയിൻ രാഷ്‌ട്രവ്യാപകമായി സംഘടിപ്പിക്കേണ്ടതുണ്ട്. ഇത് അമേരിക്കൻ ജൂത സമൂഹത്തിനിടയിലും കോണ്‍ഗ്രസിനു മേലും ലോബിക്കുള്ള സ്വാധീനം കുറയ്‌ക്കുന്നതിനും നികുതി ഒഴിവ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളെ ദുരുപയോഗം ചെയ്യുന്നു, കള്ളപ്പണം വെളുപ്പിക്കുന്നു, മറ്റൊരു വിദേശ ശക്തിക്കു വേണ്ടി യു എസ് ഭരണകൂടത്തിന്റെ രഹസ്യ സ്വഭാവമുള്ള രേഖകൾ ശേഖരിക്കുക എന്ന രാജ്യദ്രോഹം ചെയ്യുന്നു എന്നൊക്കെ ഇവർക്കെതിരെ ഉയരാറുള്ള പരാതികളിൽ ജുഡീഷ്യറിയുടെ ഇടപെടലിനും അന്വേഷണങ്ങൾക്കും വഴി വച്ചേക്കും. ഇത്തരം സിയോണിസ്‌റ്റ് സംഘടനകളെല്ലാം ഇസ്രായേലി ഭരണകൂടനയങ്ങളെ അമേരിക്കയിൽ നടപ്പിലാക്കിയെടുക്കുവാനുള്ള ഏജന്‍സികളാണെന്നതിന്റെ സുതാര്യമായ ഒട്ടേറെ തെളിവുകൾ ലഭ്യമാണെന്നതുമാത്രമല്ല, വ്യക്തവും ശക്തവുമായ രാഷ്‌ട്രീയപരവും നിയമപരവുമായ ഒട്ടേറെ കാരണങ്ങളാലും ഇപ്രകാരം ഉള്ള ലോബികൾക്ക് നികുതി ഒഴിവുകൾ നൽകേണ്ടതില്ല. 1950 കളുടെ ആദ്യവർഷങ്ങളിലും 1963 വരെയും ഇസ്രായേൽ പബ്ലിക് അഫയേർസ് കമ്മിറ്റിയുടെ (AIPAC) മുൻഗാമിയായിരുന്ന സംഘടനയ്‌ക്ക് ഇസ്രായേൽ ഭരണകൂടത്തിന്റെ ഒരു വിദേശ ഏജന്റ് എന്ന നിലയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ടായിരുന്നു. ഈയടുത്ത കാലത്ത് ഒരു ഇസ്രായേലി പ്രോസിക്യൂട്ടർ ഇസ്രായേലി - യഹൂദ ഏജൻസിയും അതിന്റെ അമേരിക്കൻ പതിപ്പുകളും അധിനിവേശ പാലസ്തീനിലെ നിയവിരുദ്ധ കുടിയേറ്റത്തെയും നിർമ്മാണ പ്രവർത്തനങ്ങളെയും സഹായിക്കുന്നതിനായി ബില്യൺ കണക്കിന് ഡോളർ വെളുപ്പിക്കുന്ന നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്നതിന്റെ തെളിവുകൾ നിരത്തുകയുണ്ടായി. കോൺഗ്രസ്സിൽ നടക്കുന്ന തെളിവെടുപ്പുകളും, കോടതിവ്യവഹാരങ്ങളും പ്രസിദ്ധീകരിക്കാനിരിക്കുന്ന റിസർച്ച് പേപ്പറുകളുമെല്ലാം അമേരിക്കൻ ജനതയുടെ താൽ‌പ്പര്യങ്ങളെ ഹനിക്കുന്ന, ഇസ്രായേൽ ഭരണകൂടത്തിന്റെ അഞ്ചാംപത്തികൾ മാത്രമാണ് ലോബികൾ എന്നത് വെളിവാക്കും.

സർവവ്യാപിയായ സിയോണിസ്റ്റ് അധികാര ഘടനയെയും -അമേരിക്കൻ പൊതു ജീവതത്തിലുള്ള- അതിന്റെ എല്ലാ പ്രകടിത രൂപങ്ങളെയും നിര്‍വീര്യമാക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ, അമേരിക്കയിലെ നിയമ നിർമ്മാണത്തിന്റെയും നിർവഹണത്തിന്റെയും അധികാരസ്ഥാനങ്ങളിൽ ആഴ്‌ന്നിറങ്ങിയിട്ടുള്ള അതിന്റെ വേരുകൾ വെട്ടിമുറിക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ, വംശീയ ഉന്മൂലന-യുദ്ധങ്ങൾക്കാവശ്യമായ ആയുധങ്ങളോ ധനസഹായമോ രാഷ്‌ട്രീയ പിന്തുണയോ നേടിയെടുക്കുന്നതിൽ നിന്ന് ഇസ്രായേലിനെ തടഞ്ഞുനിറുത്താൻ നമുക്കാവില്ല.

ഗാസയിലെ ജനതയെ ഇസ്രായേൽ കൂട്ടക്കുരുതി നടത്തുന്നതിനെ ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും അംഗീകരിക്കുന്നില്ല എന്നു മാത്രമല്ല അവർ ഇത്തരം പ്രവൃത്തികളെ വെറുക്കുക കൂടിയാണെന്നു പറയുമ്പോൾ ഇസ്രായേലി ഉന്നതാധികാരികൾ ജോസഫ് സ്റ്റാലിന്റെ വാചകങ്ങൾ ഉദ്ധരിച്ച് നൽകിയേക്കാവുന്ന മറുപടി നമുക്കൂഹിക്കാനാവും: “അവർക്ക് ( ക്ഷുഭിതരായ ജനങ്ങൾക്ക്) എന്തു മാത്രം ബോംബറുകളും മിസൈലുകളും പോര്‍വിമാനങ്ങളും ശൿതമായ ലോബികളും ഉണ്ട് ?”

*

ജെയിംസ് പെട്രാസ് എഴുതിയ The Politics of An Israeli Extermination Campaign: Backers, Apologists and Arms Suppliers എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം.

James Petras, a former Professor of Sociology at Binghamton University, New York, owns a 50-year membership in the class struggle, is an adviser to the landless and jobless in Brazil and Argentina, and is co-author of Globalization Unmasked (Zed Books). Petras' most recent book is Zionism, Militarism and the Decline of US Power (Clarity Press, 2008).

He can be reached at: jpetras@binghamton.edu.

Read other articles by James, visit James's website.