24 July, 2010
പോപ്പുലര്‍ ഫ്രണ്ടും ഫ്രീഡം പരേഡും
ഭ്രാന്തന്‍: പടച്ചോനെ...പടച്ചോനെ...
ദൈവം: എന്താടാ നായിന്റെ മോനേ...
ഭ്രാന്തന്‍: ഒരു അയില, അത് മുറിച്ചാല്‍ എത്ര കഷണമാണ് ?
ദൈവം: മൂന്ന് കഷണമാണെന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ....
ഇതില്‍ ദൈവമായി പ്രതിവചിക്കുന്നതും ഭ്രാന്തന്‍ തന്നെ. പൂര്‍ണ വിരാമം, അര്‍ധവിരാമം, അങ്കുശം, ഭിത്തിക, കാകു, വലയം തുടങ്ങിയ ചിഹ്നങ്ങളുടെ ഉപയോഗരീതിയെക്കുറിച്ച് കുട്ടികള്‍ക്ക് പഠിക്കാനുണ്ട്. പരമാവധി ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതകളുള്ള ഒരു 'ഭാഷാമാതൃക'യായാണ് ഈ സംഭാഷണം ഇന്റേണല്‍ പരീക്ഷയ്‌ക്ക് ചോദ്യമായി ഉള്‍പ്പെടുത്തിയതെന്ന് ടി ജെ ജോസഫ് പറയുന്നു. പടച്ചോന്‍ എന്ന് വിളിക്കുന്നത് പൊതുവെ മുസ്ളിങ്ങളായതുകൊണ്ട് ഭ്രാന്തന്റെ സ്ഥാനത്ത് മുഹമ്മദ് എന്ന പേര് ചേര്‍ത്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അധ്യാപകന്റെ തികഞ്ഞ ഔചിത്യരാഹിത്യംകൊണ്ടോ വിവരക്കേടുകൊണ്ടോ അല്ലെങ്കില്‍ മനഃപൂര്‍വംതന്നെയോ കടന്നുവന്ന ഈ ചോദ്യത്തെപ്രതി സര്‍ക്കാരും സര്‍വകലാശാലയും അദ്ദേഹത്തിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചതിനു ശേഷമാണ്, എല്ലാം കെട്ടടങ്ങി എന്ന് ജനം ആശ്വസിച്ചുതുടങ്ങിയപ്പോഴാണ് ജൂലൈ നാലിന് എന്‍ഡിഎഫുകാര്‍ നടുറോട്ടില്‍ കിടത്തി ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. നാടിനെ നടുക്കിയ ഈ താലിബാന്‍ ശിക്ഷാമുറ എന്‍ഡിഎഫിന്റെ വിധ്വംസക സ്വഭാവത്തിന് ഒരിക്കല്‍കൂടി അടിവര ചാര്‍ത്തുന്നതായിരുന്നു.
എന്‍ഡിഎഫിനെക്കുറിച്ച് ഓരോ കേരളീയനും ചോദിക്കുന്ന ചില ചോദ്യങ്ങളും അവയ്‌ക്കുള്ള ഉത്തരങ്ങളുമാണ് താഴെ.
എന്താണ് എന്‍ഡിഎഫ്? അതിന്റെ പൂര്‍വ രൂപങ്ങള്‍ എന്തായിരുന്നു?
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ പലപാട് പേര് മാറ്റിയ ഇക്കൂട്ടര്‍ നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് എന്ന് പുറത്തും നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് എന്ന് അകത്തും അറിയപ്പെടുന്നു. 1980കളുടെ ആദ്യപാദത്തില്‍ 'ഇന്ത്യയുടെ മോചനം ഇസ്ളാമിലൂടെ' എന്ന് ഉദ്ഘോഷിച്ചു നടന്ന 'സിമി'യുടെ നേതൃനിരയിലും അവരുണ്ടായിരുന്നു. പിന്നീട് അവര്‍ 'കൈമ'യും (കോഴിക്കോട് യങ്മെന്‍ അസോസിയേഷന്‍) 'വൈമ' (വയനാട് യങ്മെന്‍ അസോസിയേഷന്‍)യും 'പൈമ'യും (പാലക്കാട് യങ്മെന്‍ അസോസിയേഷന്‍) ഉണ്ടാക്കി രംഗത്തു വന്നു. 1993ല്‍ എന്‍ഡിഎഫ് ആയി. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിലും എസ്‌ഡിപിഐ (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ)യിലും എത്തിനില്‍ക്കുന്നു.
എന്താണ് ഇവരുടെ പരിപാടി?
ഇരുളില്‍ അവര്‍ നായ്‌ക്കളുടെ ഗളഹസ്‌തം നടത്തും. അബദ്ധത്തില്‍ വാലും അരിഞ്ഞുവീഴ്ത്താറുണ്ട്. ഓടുന്ന ബൈക്കില്‍ 'താളാത്മകമായി' ബാലന്‍സ് ചെയ്‌താണ് ഇത്തരം അഭ്യാസങ്ങള്‍. ഫാസിസ്‌റ്റുകളെ ചെറുക്കാനാണത്രെ ഇത്തരം മൃഗയാവിനോദങ്ങള്‍! പട്ടാപ്പകലാകട്ടെ നടുറോഡില്‍ കിടത്തി മതനിന്ദ ആരോപിച്ച് മനുഷ്യരുടെ കൈപ്പത്തി ഛേദിക്കും. എന്നിട്ട് ആരാന്റെ വീട്ടുമുറ്റത്തേക്കെറിയും. അതും കഴിഞ്ഞ് പ്രഥമശുശ്രൂഷയ്‌ക്കായി ദന്തഡോക്ടറെ കാണും. ഇതൊക്കെ കണ്ടും കേട്ടും മറ്റേ ഫാസിസ്‌റ്റുകള്‍ ഊറിച്ചിരിക്കുകയാണ്. അവര്‍ക്ക് പരമാനന്ദംകൊണ്ട് ഇരിക്കാനും വയ്യ, നില്‍ക്കാനും വയ്യ എന്ന അവസ്ഥയാണ്. 'പ്രതിരോധം അപരാധമല്ല' എന്നായിരുന്നു കുറച്ചു മുമ്പ് പറഞ്ഞുനടന്നിരുന്നത്. ഇപ്പോള്‍ 'ആക്രമണം അപരാധമല്ല' എന്ന് തിരുത്തിയിരിക്കുന്നു.
"പ്രവാചകനിന്ദയ്‌ക്കാണ് കൈപ്പത്തി വെട്ടിമാറ്റിയത്. അത് അത്ര വലിയ സംഗതിയാക്കേണ്ടതില്ല'' എന്നാണ് ചാനലുകളായ ചാനലുകളിലെല്ലാം പേര്‍ത്തും പേര്‍ത്തും എന്‍ഡിഎഫ് വക്താക്കള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. ഇത് അക്രമിസംഘത്തെ പരസ്യമായി ന്യായീകരിക്കുന്ന നിലപാടല്ലേ?
ഭീകര പ്രവര്‍ത്തനത്തെ വെള്ളപൂശുന്ന ഈ വാചകക്കസര്‍ത്ത് കേരളീയരെ അക്ഷരാര്‍ഥത്തില്‍ സ്‌തബ്‌ധരാക്കിയിരിക്കുന്നു. ഇന്ത്യയുടെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും ജനാധിപത്യവും തങ്ങള്‍ അംഗീകരിക്കുന്നില്ല എന്നും തങ്ങള്‍ക്ക് അഹിതമായത് പ്രവര്‍ത്തിക്കുന്നവരെ സമാന്തര ശിക്ഷാവിധികളിലൂടെ നേരിടുമെന്നുമുള്ള ധിക്കാര പ്രഖ്യാപനമാണ് ഇത്. ഇങ്ങനെ വ്യത്യസ്‌ത സമുദായങ്ങളില്‍പെട്ട ഭീകരവാദികള്‍ തീരുമാനിച്ചാല്‍ നാട് കബന്ധങ്ങള്‍കൊണ്ട് നിറയും. മുഹമ്മദ്നബി തന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ക്കുപോലും മാപ്പുകൊടുത്ത മഹാനുഭാവനാണ്. നബിയുടെ യശസ്സും തേജസും പതിനാല് നൂറ്റാണ്ട് പിന്നിട്ടിട്ടും ഒളിമങ്ങാതെ നിലനില്‍ക്കുന്നത് ഇത്തരം ഗുണ്ടകളുടെയും ഊളന്മാരുടെയും 'ഹസ്‌തഛേദനയജ്ഞം' കൊണ്ടല്ല. യഥാര്‍ഥത്തില്‍ 'പ്രവാചകനിന്ദ'യില്‍ മനംനൊന്തൊന്നുമല്ല ഇവര്‍ ഈ കാട്ടാളകൃത്യം നടത്തിയത്. കേരളത്തിനും ഇന്ത്യക്കും പുറത്തുള്ള ഒരു ഓഡിയന്‍സിനുവേണ്ടിയാണ് ഈ നീചകൃത്യം നടത്തിയത്; ചില ബാഹ്യശക്തികളെ പ്രീതിപ്പെടുത്താന്‍. അത്തരം ബാഹ്യശക്തികളുടെ 'കാരുണ്യം'കൊണ്ടാണ് ഇന്നോവ കാറുകളില്‍ കറങ്ങിയും ശീതീകൃത സൌധങ്ങളില്‍ ഉറങ്ങിയും ഇവര്‍ സുഖലോലുപരായി കാലക്ഷേപം നടത്തുന്നത്. ഇടയ്‌ക്കൊരാളെ കാലപുരിക്കയച്ചില്ലെങ്കില്‍, വല്ലപ്പോഴും ആരുടെയെങ്കിലും കൈവെട്ടിയില്ലെങ്കില്‍ വിദേശത്തുനിന്നുള്ള ധനപ്രവാഹം നിലയ്‌ക്കും. മതത്തിന്റെ മറപിടിച്ച് നടത്തുന്ന തീവ്രവാദ ബിസിനസ് പൊളിയും. ഇന്നത്തെ പല പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും രണ്ട് പതിറ്റാണ്ടുമുമ്പ് എങ്ങനെ ജീവിച്ചിരുന്നു, ഇപ്പോള്‍ ഏതുവിധം ജീവിക്കുന്നു എന്നന്വേഷിച്ചാല്‍ കാര്യങ്ങളുടെ കിടപ്പ് ആര്‍ക്കും അനായാസം ബോധ്യമാകും.
ഇവര്‍ക്ക് ഈ നാടിന്റെ ഭരണഘടനയിലും നീതിന്യായക്രമത്തിലും എന്തുകൊണ്ടാണ് വിശ്വാസമില്ലാത്തത് ?
എങ്ങനെ വിശ്വാസമുണ്ടാകും? ഇക്കൂട്ടര്‍ അടവും തടവും പഠിച്ച പ്രത്യയശാസ്‌ത്രക്കളരി ജമാഅത്തെ ഇസ്ളാമിയുടേതാണ്. ജമാഅത്തിലോ അതിന്റെ ആദ്യകാല വിദ്യാര്‍ഥിവിഭാഗമായ 'സിമി'യിലോ പ്രവര്‍ത്തിച്ചവരാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പല നേതാക്കളും. ജമാഅത്തിന് ഇന്ത്യന്‍ ഭരണകൂടം 'താഗൂത്തി'യാണ് (പൈശാചികം / അനിസ്ളാമികം). മനുഷ്യര്‍ക്ക് സ്വയംഭരണാവകാശമുള്ള ഒരു ഭരണസംവിധാനത്തെയും ഇക്കൂട്ടര്‍ അംഗീകരിക്കുന്നില്ല.
ഇന്ത്യന്‍ ഭരണകൂടത്തെ അംഗീകരിക്കാത്ത, ജനാധിപത്യത്തെയും മതേതരത്വത്തെയും പരമപുച്‌ഛത്തോടെ വീക്ഷിക്കുന്ന ഇവര്‍ എന്തിനാണ് 'സ്വാതന്ത്ര്യദിനാഘോഷ'ത്തിന്റെ ഭാഗമായി ഫ്രീഡം പരേഡ് നടത്തുന്നത് ?
പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് ഒരു തരം മിമിക്രിയാണ്. രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍തന്നെ രാഷ്‌ട്രത്തെ കൊഞ്ഞനംകുത്തുന്ന അനുകരണാഭാസം. ഇന്ത്യന്‍ പട്ടാള റെജിമെന്റുകള്‍ ഡല്‍ഹിയില്‍ മാര്‍ച്ച് ചെയ്യുമ്പോള്‍ ഇവര്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട നഗരകേന്ദ്രങ്ങളില്‍ മാര്‍ച്ച് നടത്തുന്നു. ഇന്ത്യന്‍ പട്ടാളത്തോടോ ഇന്ത്യന്‍ ജനതയോടോ ഉള്ള ഐക്യദാര്‍ഢ്യമല്ല, പ്രത്യുത വൈരമാണ് ഫ്രീഡം പരേഡിന്റെ അന്തര്‍ധാര. ഫ്രീഡം പരേഡുകള്‍ സംഘടിപ്പിക്കപ്പെടുന്ന കാലസന്ധികളില്‍തന്നെയാണ് കശ്‌മീരിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിനായി മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്‌ത വാര്‍ത്ത കേരളീയര്‍ അമ്പരപ്പോടെ കേട്ടത്. ആര്‍ക്കും രണ്ടുരീതിയില്‍ ഒരാളെ എതിര്‍ക്കാം. ഒന്ന്, ഗൌരവത്തില്‍ നേര്‍ക്കുനേര്‍ കാര്യങ്ങള്‍ പറയാം. രണ്ട്, അയാളുടെ ചേഷ്‌ടകളും ഭിന്നഭാവങ്ങളും സംസാരരീതിയും ആക്ഷേപകരമായി അനുകരിച്ച് പരിഹാസപൂര്‍വം എതിര്‍ക്കാം. ഫ്രീഡം പരേഡ് വാസ്‌തവത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഒരു ആക്ഷേപഹാസ്യ കെട്ടുകാഴ്‌ചയാണ്. പാകിസ്ഥാനിലെ അര്‍ധസൈനിക പരേഡുമായാണ് അതിന് കൂടുതല്‍ സാമ്യം. ചാരനിറമുള്ള ഷര്‍ട്ട് പാക് അര്‍ധസൈന്യമാണ് ധരിക്കുന്നത്. വലതുകൈ നെഞ്ചോട് ചേര്‍ത്ത് ആദരം അര്‍പ്പിക്കുന്നതും പാക് സൈനികരീതിതന്നെ.
മുസ്ളിം ലീഗും എന്‍ഡിഎഫും തമ്മില്‍ എന്താണ് ? എന്‍ഡിഎഫിന്റെ വോട്ട് വേണ്ടെന്നു പറയാനുള്ള ധിക്കാരം തനിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. എന്താണ് ഇതിന്റെയൊക്കെ ഗുട്ടന്‍സ് ?
മുസ്ളിം ലീഗിന്റെ ചിറകിനടിയില്‍ വളര്‍ന്ന്, ഇപ്പോള്‍ മുസ്ളിം ലീഗിന് കുടവിരിച്ചു നില്‍ക്കുന്ന സംഘടിത സായുധ സംഘമായി എന്‍ഡിഎഫ് വളര്‍ന്നിരിക്കുന്നു. എന്‍ഡിഎഫുകാര്‍ ഉള്‍പ്പെട്ട പല കേസും പിന്‍വലിക്കാന്‍ യുഡിഎഫ് ഭരണകാലത്ത് അത്യുത്സാഹത്തോടെ മുന്നിട്ടിറങ്ങിയത് കുഞ്ഞാലിക്കുട്ടിയും അനുചരന്മാരുമാണ്. കുഞ്ഞാലിക്കുട്ടി സാഹിബിന് വോട്ടും നോട്ടുമാണ് പരമപ്രധാനം. ഉമ്മന്‍ചാണ്ടിക്കും മറ്റൊന്നല്ല. തീവ്രവാദത്തിനെതിരെ പകല്‍സമയം വഴിപാടുപോലെ മുസ്ളിം ലീഗ് വാചാടോപങ്ങള്‍ നടത്തും. പക്ഷേ, സന്ധ്യ മയങ്ങിയാല്‍ സഹശയനം അവരോടൊപ്പമാണ്. തീവ്രവാദ വിരുദ്ധ പ്രസ്‌താവങ്ങള്‍ ലീഗില്‍ വനരോദനങ്ങളായി കലാശിക്കുകയാണ് പതിവ്.
എന്‍ഡിഎഫ് എതിര്‍ക്കപ്പെടേണ്ട സംഘടനയാണ്. സംശയമില്ല. എന്നാല്‍ എങ്ങനെ?
ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും നല്‍കുന്ന സൌകര്യങ്ങള്‍ ഉപയോഗിച്ചും രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയുടെ പഴുതുകള്‍ മുതലെടുത്തുമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വ്യവസ്ഥയുടെ സൌകര്യങ്ങള്‍ ഉപയോഗിച്ച് ആ വ്യവസ്ഥയെത്തന്നെ തുരങ്കംവയ്‌ക്കുന്ന തുരപ്പന്‍ പരിപാടി. രണ്ടാമതായി, കണക്കററ വിദേശപണം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ വിദേശ ധനസ്രോതസ്സ് മുറിച്ചുമാറ്റിയാല്‍ തന്നെ എന്‍ഡിഎഫിന്റെ പാതിമുക്കാല്‍ കാറ്റും പോകും. അതിന് കൈമെയ് മറന്ന് ഉത്സാഹിക്കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരാണ്. മൂന്നാമതായി, ഇത്തരം തീവ്രവാദ സംഘടനകളുടെ കൂട്ടോ വോട്ടോ വേണ്ടെന്ന് പറയാനുള്ള ആര്‍ജവവും ദീര്‍ഘവീക്ഷണവും കൂസലില്ലായ്‌മയും മതേതര രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ടാകണം. അത് പക്ഷേ, ഉമ്മന്‍ചാണ്ടിയും യുഡിഎഫും പ്രദര്‍ശിപ്പിക്കുന്നില്ല. നാലാമതായി, തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി അടിച്ചമര്‍ത്തുന്നതോടൊപ്പം തീവ്രവാദ ആശയങ്ങള്‍ക്കെതിരെയുള്ള ഒരു പ്രത്യധീരവ്യവഹാരം വമ്പിച്ച ബോധവല്‍ക്കരണത്തിലൂടെ സമൂഹത്തില്‍ സൃഷ്‌ടിക്കണം. അതില്‍ നിര്‍ണായകമായ പങ്ക് വഹിക്കാനുള്ള പ്രത്യയശാസ്‌ത്ര ദാര്‍ഢ്യവും സംഘടനാശൃംഖലകളും രാഷ്‌ട്രീയ ഇച്‌ഛാശക്തിയുമുള്ളത് ഇടതുമതേതര പ്രസ്ഥാനങ്ങള്‍ക്കാണ്.
*****
എ എം ഷിനാസ്, കടപ്പാട് : ദേശാഭിമാനി
30 June, 2010
രാഷ്‌ട്രീയ ഇസ്ളാമിന്റെ പലസ്‌തീന്‍പര്‍വം
1948 മുതല്‍ 1967 വരെയുള്ള കാലഘട്ടത്തില്‍ ഒരു അറബ് ദേശീയ പ്രശ്‌നമായാണ് പലസ്‌തീനികളുടെ സമരം നിര്‍വചിക്കപ്പെട്ടത്. പലസ്‌തീനികള്‍ക്കു വേണ്ടി സഹോദര അറബ് രാജ്യങ്ങള്‍ യുദ്ധവും നയതന്ത്രനീക്കങ്ങളും നടത്തുന്ന സ്ഥിതിക്ക് മാറ്റമുണ്ടായത് പിഎല്‍ഒയുടെ പ്രസിഡന്റായി 1967ല്‍ യാസര്‍ അറഫാത്ത് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്.
കെയ്റോയില്‍ വിദ്യാര്‍ഥിയായിരിക്കെ യാസര്‍ അറഫാത്ത് പാലസ്‌തീന്‍ വിദ്യാര്‍ഥി യൂണിയന്‍ രൂപീകരിച്ചു. അറബ് ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളായ അബ്‌ദുള്‍ഫത്ത, ഈസ ഹമീദ്, ഖലീര്‍-അല്‍-വസീര്‍ എന്നിവര്‍ അറഫാത്തിന് ശക്തമായ പിന്തുണ നല്‍കി. അറബ് വംശീയത, അറബി ഭാഷ, അറബി സംസ്‌ക്കാരം, സോഷ്യലിസത്തോടുള്ള ആഭിമുഖ്യം, സാമ്രാജ്യത്വ-കോളനി വിരുദ്ധ മനോഭാവം എന്നിവയിലധിഷ്‌ഠിതമായ അറബ് ദേശീയ പ്രസ്ഥാനം മതേതരമായ ദേശീയ സ്വത്വമാണ് ഉയര്‍ത്തിപ്പിടിച്ചത്.
അറബ് ദേശീയതയുടെ മുഖ്യധാരയില്‍ നിന്നുയര്‍ന്നു വന്ന പാലസ്‌തീന്‍ ദേശീയത വിശുദ്ധഭൂമിയില്‍ ഒരു പലസ്‌തീന്‍ ദേശരാഷ്‌ട്രം സ്ഥാപിക്കാനാണ് പരിശ്രമിച്ചത്. ജൂത വംശീയ ദേശീയതയിലും ജൂതമത മൌലികവാദത്തിലും അധിഷ്ഠിതമായ സയണിസ്‌റ്റ് ഇസ്രയേലിനെതിരെ പോരാടി പുരോഗമന പാലസ്‌തീന്‍ ദേശരാഷ്‌ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യം നേടാന്‍ 1956ലെ സൂയസ് യുദ്ധത്തിനു ശേഷം യുവ വിപ്ളവകാരികളെ ചേര്‍ത്ത് അറഫാത്ത് അല്‍-ഫത്ത എന്ന വിപ്ളവ സംഘടനയ്‌ക്ക് രൂപം നല്‍കി.
അറബ് ക്രിസ്‌ത്യാനിയായ ജോ ഹബാഷ് എന്ന വിപ്ളവകാരിയാണ് 'സായുധ സമരത്തിലൂടെ പലസ്‌തീന്‍ വിമോചനം' എന്ന ആശയം മുന്നോട്ടുവച്ചത്. അറഫാത്ത്-ജോ ഹബാഷ് കൂട്ടുകെട്ട് അല്‍-ഫത്തയെ ലക്ഷണമൊത്ത മതേതര ദേശീയ വിപ്ളവ സംഘടനയായി വളര്‍ത്തിയെടുത്തു. ഇസ്രയേലിനെതിരെ സായുധ സമരം സഘടിപ്പിക്കുന്നതോടൊപ്പം പലസ്‌തീന്‍ ജനതയെ ആന്തരികമായി ഐക്യപ്പെടുത്താനുള്ള ആശയ പ്രചാരണവും ഫലപ്രദമായി നടത്താന്‍ അറഫാത്തിനും കൂട്ടുകാര്‍ക്കും കഴിഞ്ഞു.
പലസ്‌തീന്‍ ജനസംഖ്യയുടെ 90 ശതമാനത്തോളം അറബ് മുസ്ളിങ്ങള്‍, 8 ശതമാനത്തോളം അറബ് ക്രിസ്‌ത്യാനികള്‍, 2 ശതമാനത്തില്‍ താഴെ മാത്രം ഡ്രൂസുകള്‍, യൂറോപ്പില്‍നിന്നുള്ള ജൂതകുടിയേറ്റത്തിനു മുമ്പ് പലസ്‌തീനില്‍ സ്ഥിരതാമസമാക്കിയിരുന്ന സൂക്ഷ്‌മ ന്യൂനപക്ഷമായ തദ്ദേശീയ ജൂതന്മാര്‍ തുടങ്ങിയ വിവിധ ജനവിഭാഗങ്ങളില്‍നിന്നും ഏറെക്കുറെ സമ്പൂര്‍ണമായ പിന്തുണ നേടിയെടുക്കാന്‍ അറഫാത്തിന്റെ പിഎല്‍ഒയ്‌ക്ക് കഴിഞ്ഞു. മാത്രമല്ല, ഒരു മതേതര ദേശീയ പ്രസ്ഥാനമെന്ന നിലയില്‍ സോഷ്യലിസ്‌റ്റ് ബ്ളോക്കിന്റെയും ചേരിചേരാ പ്രസ്ഥാനത്തിന്റെയും ഉറച്ച പിന്തുണ പിഎല്‍ഒയ്‌ക്ക് ലഭിച്ചു. ഈ സാഹചര്യത്തിലാണ് സ്വതന്ത്ര ഭൂപ്രദേശമില്ലാതിരുന്നിട്ടും പലസ്‌തീന് ഐക്യരാഷ്‌ട്ര സഭയില്‍ അംഗത്വം ലഭിക്കുന്നത്. അന്താരാഷ്‌ട്ര സമൂഹം പാലസ്‌തീന് നല്‍കിയ 'രാഷ്‌ട്രപദവി' പാലസ്‌തീന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ശരിയും മാനവികവുമായ നയങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായിരുന്നു.
ഇരുപതാംനൂറ്റാണ്ടിന്റെ പ്രഥമാര്‍ധത്തില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മൌലാന മൌദൂദിയും ഈജിപ്‌തില്‍ ഹസനുല്‍ ബന്നയും സെയ്യിദ് ഖുതുബും എല്ലാ ആധുനിക രാഷ്‌ട്രീയ മൂല്യങ്ങളെയും രാഷ്‌ട്ര വ്യവസ്ഥകളെയും കടന്നാക്രമിച്ചുകൊണ്ട് ആക്രമണോത്സുകതയും പരമത വിദ്വേഷവും പ്രസരണം ചെയ്യുന്ന രാഷ്‌ട്രീയ ഇസ്ളാമുമായി രംഗത്തെത്തിയത്. 1970 കളുടെ അവസാനമായപ്പോഴേക്കും മൌദൂദി-ഖുതുബ് പ്രഭൃതികളുടെ പ്രത്യയ ശാസ്‌ത്ര പരിലാളനകളില്‍ വളര്‍ന്ന രാഷ്‌ട്രീയ ഇസ്ളാം മധ്യപൌരസ്‌ത്യ മേഖലയില്‍ ശക്തമായ സാന്നിധ്യമായി മാറി. കടുത്ത സാമ്രാജ്യത്വ വിരുദ്ധത പുലര്‍ത്തുന്ന അറബ് ദേശീയ പ്രസ്ഥാനങ്ങള്‍, അറബ് സോഷ്യലിസം, ഈജിപ്‌ഷ്യന്‍ പ്രസിഡന്റായിരുന്ന ഗമാല്‍ അബ്‌ദുള്‍ നാസറിന്റെ സോഷ്യലിസ്‌റ്റ് ആശയങ്ങള്‍ ('നാസറിസം') എന്നിവയുടെ സ്ഥാനത്ത് 'രാഷ്‌ട്രീയ ഇസ്ളാം' കടന്നു വന്നു.
മധ്യ പൌരസ്‌ത്യ മേഖലയില്‍ സോവിയറ്റ് യൂണിയന്റെ സ്വാധീനം ഇല്ലാതാക്കാനും സോഷ്യലിസ്‌റ്റ് ആഭിമുഖ്യം പുലര്‍ത്തുന്ന ഭരണകൂടങ്ങളെയും പ്രസ്ഥാനങ്ങളെയും തകര്‍ക്കാനുമുള്ള 'കോടാലിക്കൈ' ആയി രാഷ്‌ട്രീയ ഇസ്ളാമിനെ സാമ്രാജ്യത്വം ഉപയോഗിച്ചു. അറബ് ദേശീയത, മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ രാഷ്‌ട്രീയമൂല്യങ്ങളെ 'യൂറോപ്യന്‍-ക്രിസ്‌ത്യന്‍' ആശയങ്ങളായി ചുരുക്കി വ്യാഖ്യാനിക്കുകയും അവയുടെ സ്ഥാനത്ത് 'ഇസ്ളാമിക വ്യവസ്ഥ' സ്ഥാപിക്കണമെന്ന് ശഠിക്കുകയും ചെയ്‌തു രാഷ്‌ട്രീയ ഇസ്ളാമിസ്‌റ്റുകള്‍.
ദേശരാഷ്‌ട്രത്തിന്റെ സ്ഥാനത്ത് 'പ്രവാചകന്റെ കാലത്തെ സാമൂഹ്യ-രാഷ്‌ട്രീയ വ്യവസ്ഥ' സ്ഥാപിക്കണമെന്ന മൌദൂദി (1903-79) യുടെ ആശയമാണ് രാഷ്‌ട്രീയ ഇസ്ളാമിന്റെ മുദ്രാവാക്യം. മൌദൂദിയുടെ ശിഷ്യനും സുന്നി മൌലികവാദ പ്രസ്ഥാനമായ മുസ്ളിം ബ്രദര്‍ഹുഡിന്റെ സൈദ്ധാന്തികനുമായ സയ്യിദ് ഖുതുബ് (1906-66) എഴുതിയ 'നാഴികക്കല്ലുകള്‍' എന്ന കൃതി വിവിധ ഇസ്ളാമിസ്‌റ്റ് ഗ്രൂപ്പുകളുടെ വേദഗ്രന്ഥമായി. 'ഇസ്ളാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ സകല ജനതകള്‍ക്കും ഭരണകൂടങ്ങള്‍ക്കുമെതിരെ വിശുദ്ധ യുദ്ധം നടത്തണമെന്ന ഖുതുബിന്റെ ആഹ്വാനം ലോകത്തെമ്പാടും നിരവധി ഇസ്ളാമിക തീവ്രവാദ സായുധ സംഘങ്ങള്‍ക്ക് ജന്മം നല്‍കി.
മൌദൂദി-ഖുതുബുമാര്‍ നട്ടുനനച്ചു വളര്‍ത്തിയ രാഷ്‌ട്രീയ ഇസ്ളാമിന്റെ വരവോടെ പലസ്‌തീന്‍ ദേശീയ പ്രസ്ഥാനം ഇസ്ളാമികവല്‍ക്കരണത്തിന് വിധേയമായി. മൌദൂദി-ഖുതുബ് അച്ചുതണ്ടില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മുസ്ളിം ബ്രദര്‍ഹുഡിന്റെ മാതൃകയില്‍ ഹമാസ് രൂപംകൊണ്ടു. ബ്രദര്‍ഹുഡിന്റെ സംഘടനാരീതിയും പ്രവര്‍ത്തനശൈലിയും 1980കളില്‍ ഹമാസ് അതേപടി പകര്‍ത്തി. പലസ്‌തീനില്‍ ഒരു സ്വതന്ത്ര മതനിരപേക്ഷ ദേശരാഷ്‌ട്രം സ്ഥാപിക്കുക എന്ന പിഎല്‍ഒയുടെ മുദ്രാവാക്യത്തിന്റെ സ്ഥാനത്ത് 'ഇസ്ളാമിക രാഷ്‌ട്രം' സ്ഥാപിക്കുക എന്ന ആഹ്വാനമാണ് ഹമാസ് മുന്നോട്ടുവച്ചത്. ജൂതരും മുസ്ളിങ്ങളും തമ്മിലുള്ള ഒരു മതസംഘര്‍ഷമെന്ന നിലയില്‍ പലസ്‌തീന്‍ പ്രശ്‌നത്തെ മാറ്റിത്തീര്‍ക്കാന്‍ ഇസ്ളാമിസ്‌റ്റുകള്‍ക്ക് കഴിഞ്ഞു.
ഇസ്ളാമികവല്‍ക്കരിക്കുക അല്ലെങ്കില്‍ നശിക്കുക എന്ന മുദ്യാവാക്യമാണ് ഹമാസിന്റെ ആചാര്യന്‍ മുഹമ്മദ് യാസിന്‍ മുന്നോട്ടുവച്ചത്. മൌദൂദിസത്തിന്റെയും അതിന്റെ പരിഛേദമായ ഖുതുബിസത്തിന്റെയും പതാകവാഹകരായ ഇസ്ളാമിസ്‌റ്റ് സംഘങ്ങള്‍ പലസ്‌തീന്‍ പ്രശ്‌നത്തെ പലസ്‌തീന്‍ ഒരു മതപ്രശ്‌നമായി ന്യൂനീകരിക്കുകയും ആ ദിശയില്‍ വ്യാപകമായ പ്രചാരണം നടത്തുകയുംചെയ്‌തു. സംഘടിതമായ ഇത്തരം പ്രചാരണങ്ങള്‍ 'ദേശീയ പാലസ്‌തീന്‍ സ്വത്വ'ത്തെ 'ഇസ്ളാമിക സ്വത്വ'മായി തിരിച്ചറിയപ്പെടുന്ന സാഹചര്യം സൃഷ്‌ടിച്ചു. തല്‍ഫലമായി 'അല്‍-ഫത്ത'യുടെ ജനസ്വാധീനം ക്രമാനുഗതമായി കുറഞ്ഞു വരുകയും 'ഹമാസ് ' ഉത്തരോത്തരം ജനപ്രിയമാവുകയും ചെയ്‌തു.
ഫത്ത പാര്‍ടിയും ഹമാസും രാഷ്‌ട്രീയമായും സൈനികമായും ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടായി. സയണിസ്‌റ്റ് - സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് വളര്‍ന്നപ്പോള്‍ ജനകീയ ഐക്യം തകര്‍ന്നു. ക്രിസ്‌ത്യന്‍ അറബികള്‍, പലസ്‌തീന്‍ ജൂതര്‍, ഡ്രൂസുകള്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളും അറബ് ദേശീയവാദികളും ഇസ്ളാമിസ്‌റ്റുകള്‍ മുന്നോട്ടുവച്ച ഇസ്ളാമിക രാഷ്‌ട്ര സങ്കല്‍പ്പത്തെ ഭീതിയോടെ കാണാന്‍ തുടങ്ങിയതോടെ നിരന്തര ആഭ്യന്തര സംഘര്‍ഷങ്ങളുടെ വിളനിലമായി പലസ്‌തീന്‍ മാറി. രാഷ്‌ട്രീയമായി ഐക്യപ്പെട്ട പലസ്‌തീന്‍ വീണ്ടും വിഭജിക്കപ്പെട്ടു. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയും ഫത്ത നിയന്ത്രണത്തിലുള്ള വെസ്‌റ്റ് ബാങ്കും രൂപം കൊണ്ടത് ഒരു 'ദേശരാഷ്‌ട്രമായി മാറാനുള്ള യോഗ്യത പലസ്‌തീനിനില്ല' എന്ന സയണിസ്‌റ്റ് വാദമുഖത്തെ ഒരര്‍ഥത്തില്‍ സാധൂകരിക്കുകയാണുണ്ടായത്.
വ്യത്യസ്‌തമായ രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന പാര്‍ടികളുടെയും ഗ്രൂപ്പുകളുടെയും മുന്നണി സംഘടനയാണ് പിഎല്‍ഒ ഫത്ത പാര്‍ടി. പോപ്പുലര്‍ ഫ്രണ്ട്, പോപ്പുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ കമാന്‍ഡ്, അല്‍-സെയ്‌ക്ക, സിറിയന്‍ ബാത്ത് പാര്‍ടി, അറബ് ലിബറേഷന്‍ ആര്‍മി, അറബ് ലിബറേഷന്‍ ഫ്രണ്ട് എന്നിവയായിരുന്നു പിഎല്‍ഒയുടെ പ്രധാനപ്പെട്ട ഘടക സംഘടനകള്‍. ഇസ്ളാമിസ്‌റ്റുകളുടെ, പ്രത്യേകിച്ച് ഹമാസ്, അല്‍-ഖായ്‌ദ എന്നിവയുടെ വരവോടെ പിഎല്‍ഒയുടെ ഐക്യം തകര്‍ന്നു. വിവിധ പോരാട്ട സംഘങ്ങളെ യോജിപ്പിച്ച് പലസ്‌തീന്‍ ജനതയ്‌ക്കാകെ നേതൃത്വം നല്‍കിയിരുന്ന പിഎല്‍ഒയുടെ തളര്‍ച്ച ആഭ്യന്തര ഐക്യപ്പെടലിന്റെ സാധ്യതകളെ ദുര്‍ബലമാക്കി. മതസ്വത്വവാദം ജനകീയ ഐക്യത്തെ തകര്‍ത്തതിന്റെ നേര്‍ക്കാഴ്‌ചയാണ് വീണ്ടും വിഭജിക്കപ്പെട്ട പലസ്‌തീന്‍.
******
ഡോ. പി ജെ വിന്‍സന്റ്, കടപ്പാട് : ദേശാഭിമാനി
(ലേഖകന്‍ അറബ്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ വികാസപരിണാമങ്ങള്‍ എന്ന വിഷയത്തിലാണ് ഗവേഷണ ബിരുദം നേടിയത്)
(എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ നാലാമത്തെ ലേഖനം)
ജമാഅത്തെ ഇസ്ളാമിയുടെ രാഷ്‌ട്രീയവും പ്രത്യയശാസ്ത്രവും
വിശ്വാസപരമായ ധാരണകളെ സാമ്രാജ്യത്വവിരുദ്ധ ദേശീയതയെയും സ്ഥിതിസമത്വാശയങ്ങളെയും എതിര്‍ക്കാനുള്ള സ്ഥാപനപരമായ പ്രത്യയശാസ്‌ത്രപദ്ധതിയായി വികസിപ്പിക്കാനാണ് അമേരിക്കന്‍ സ്‌റ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റും അതിന്റെ രഹസ്യാന്വേഷണവിഭാഗങ്ങളും കൌണ്ടര്‍ ഇന്റലിജന്‍സ് പ്രോഗ്രാമിലൂടെ യത്‌നിച്ചത്. ആധുനിക രാഷ്‌ട്രസങ്കല്‍പ്പങ്ങളെയും ജീവിതവീക്ഷണങ്ങളെയും നിരാകരിക്കുന്ന എല്ലാവിധ ചിന്താധാരകളെയും ഡോളര്‍ ഒഴുക്കി ഈ ഭൂമണ്ഡലമാകെ വളര്‍ത്തുകയായിരുന്നു അമേരിക്കയും മറ്റ് സാമ്രാജ്യത്വരാജ്യങ്ങളും. ആര്‍എസ്എസും ജമാഅത്തെ ഇസ്ളാമിയുമെല്ലാം ജന്മമെടുക്കുന്നത് ഈയൊരു ആഗോളപശ്‌ചാത്തലത്തിലാണ്.
ആധുനിക ജനാധിപത്യ മതേതര സങ്കല്‍പ്പങ്ങളെ ഗോള്‍വാള്‍ക്കറും മൌദൂദിയും സമീപിക്കുന്നത് പരമ പുച്‌ഛത്തോടെയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തേക്കാള്‍ എന്തുകൊണ്ടും വിശിഷ്‌ടം രാജവാഴ്‌ചയാണെന്ന് സ്ഥാപിക്കുന്ന ഗോള്‍വാള്‍ക്കറിസത്തിന്റെ നിലപാടുകളെത്തന്നെയാണ് മറ്റൊരു രൂപത്തില്‍ മൌദൂദിസവും മുന്നോട്ടു വയ്ക്കുന്നത്.
ഗോള്‍വാള്‍ക്കറെപ്പോലെതന്നെ ആധുനിക ജനാധിപത്യ സങ്കല്‍പ്പങ്ങളെയും ജീവിതസാഹചര്യങ്ങളെയും ശരിയായി വിശകലനം ചെയ്യാന്‍ വിസമ്മതിക്കുന്ന മൌദൂദിയും ജനാധിപത്യ - മതേതര ആശയങ്ങളോട് തികഞ്ഞ ശത്രുതയാണ് പുലര്‍ത്തുന്നത്. സമുദ്രഗുപ്‌ത മൌര്യന്റെയും റാണാപ്രതാപന്റെയും ഛത്രപതി ശിവജിയുടെയും ഭരണകാലത്തെ സുവര്‍ണകാലമായി വിലയിരുത്തുന്ന ഗോള്‍വാള്‍ക്കര്‍ ആ ഒരു ഭൂതകാലത്തിന്റെ വീണ്ടെടുക്കുന്നതിലൂടെ വര്‍ത്തമാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കാമെന്ന മിഥ്യാധാരണയാണ് സൃഷ്‌ടിക്കുന്നത്. മൌദൂദിയും മധ്യകാലിക ജീവിതവീക്ഷണങ്ങളെ ആധുനിക പദപ്രയോഗങ്ങളില്‍ പുതപ്പിച്ചവതരിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. വര്‍ത്തമാന ജീവിതപ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ഉണ്ടാക്കാന്‍ ദൈവിക ഭരണം (ഹുക്കുമത്തെ ഇസ്ളാമിയെന്നോ ഇഖാമത്തുദ്ദീന്‍ എന്നോ നാമകരണം ചെയ്യപ്പെട്ട) സ്ഥാപിക്കണമെന്നാണ് വിളിക്കുന്നത്.
ആര്‍എസ്എസിനെപ്പോലെതന്നെ തികഞ്ഞ മതരാഷ്‌ട്രവാദമാണ് ജമാഅത്തെ ഇസ്ളാമിയും മുന്നോട്ടുവയ്‌ക്കുന്നത്. ഇന്ത്യയെപ്പോലൊരു ബഹുമത സമൂഹത്തില്‍ ഹിന്ദുരാഷ്‌ട്രവാദംപോലെതന്നെ രാഷ്‌ട്രഘടനയെയും ദേശീയ പരമാധികാരത്തെയും അസ്ഥിരീകരിച്ച് ദുര്‍ബലപ്പെടുത്തുന്ന പ്രത്യയശാസ്‌ത്ര പദ്ധതിയെന്ന നിലയിലാണ് ഇസ്ളാമികരാഷ്‌ട്രവാദവും പ്രോത്സാഹിക്കപ്പെടുന്നത്. ഇതിനായി അമേരിക്കയും സൌദിഅറേബ്യയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫൌണ്ടേഷനുകളും സംഘടനകളും പെട്രോ ഡോളര്‍ ഒഴുക്കുകയാണ്.
സിഐഎയുടെ കാര്‍മികത്വത്തില്‍ ഫോര്‍ഡ് ഫൌണ്ടേഷനും കാര്‍ണഗി എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് തുടങ്ങിയ അമേരിക്കന്‍ സ്ഥാപനങ്ങളും മുന്‍കൈ എടുത്താണല്ലോ ലോകമുസ്ളിംലീഗ് (WORLD MUSLIM CONGRESS) രൂപീകരിക്കുന്നത്. അറബ് ലോകത്തെ അമേരിക്കയുടെ വിശ്വസ്‌ത താവളമായ സൌദിഅറേബ്യയിലെ ഫൈസല്‍ രാജകുമാരനെ മുന്‍നിര്‍ത്തിക്കൊണ്ടാണല്ലോ അമേരിക്ക അറബ് ദേശീയ ഉണര്‍വുകളെ തകര്‍ക്കാനും ലോകമെമ്പാടുമുള്ള കമ്യൂണിസ്‌റ്റ് ഭീഷണിയെ നേരിടാനുമായി ലോകമുസ്ളിംലീഗിന് (റാബിത്താത്ത് അല്‍-അലം-അല്‍ഇസ്ളാമി) രൂപം കൊടുത്തത്. അമേരിക്കയുടെയും ബ്രിട്ടന്റെയും എണ്ണ താല്‍പ്പര്യങ്ങള്‍ക്കെതിരെ അറബ് സമൂഹത്തിലാകെ പടര്‍ന്നുപിടിച്ച ദേശാഭിമാനപരമായ മുന്നേറ്റങ്ങളെയും അതിന് നേതൃത്വം കൊടുത്ത ഈജിപ്‌തിലെ നാസറെയും അദ്ദേഹത്തെ സഹായിക്കുന്ന ചേരിചേരാ രാഷ്‌ട്രങ്ങളെയും സോവിയറ്റ് യൂണിയനെയും ഇസ്ളാമിക പ്രത്യയശാസ്‌ത്രം ഉപയോഗിച്ച് നേരിടുക എന്നതായിരുന്നു റാബിത്തായുടെ പ്രഖ്യാപിതലക്ഷ്യം തന്നെ. 1962-ലെ മെയ് മാസത്തില്‍ മെക്കയില്‍ ചേര്‍ന്ന റാബിത്തയുടെ രൂപീകരണസമ്മേളനത്തില്‍ ജമാഅത്തെ ഇസ്ളാമിയുടെ സ്ഥാപകനായ മൌദൂദിയും പങ്കെടുത്തിരുന്നു. ലോകമെമ്പാടും ഇസ്ളാമികവ്യവസ്ഥ സ്ഥാപിക്കുക എന്ന ദൌത്യവുമായി അമേരിക്കന്‍ ആശീര്‍വാദത്തോടെ ജന്മമെടുത്ത റാബിത്തയുടെ ഫൌണ്ടര്‍ മെമ്പര്‍ കൂടിയാണ് മൌദൂദി.
റാബിത്തായുടെ രൂപീകരണ സമ്മേളന പ്രഖ്യാപനം കടുത്ത ഭാഷയില്‍തന്നെ പറയുന്നത്: "ഇസ്ളാമിനെ തള്ളിപ്പറയുകയും ദേശീയതയുടെ കടുംപിടിത്തത്തിനു കീഴില്‍ അതിനെ വികൃതപ്പെടുത്തുകയും ചെയ്യുന്നവര്‍ ഇസ്ളാമിന്റെയും അറബികളുടെയും കടുത്ത ശത്രുക്കളാണ് '' എന്നാണ്. ദേശീയതയെയും സമുദായത്തെയും സംബന്ധിച്ച മതേതര അവബോധത്തെ എതിര്‍ക്കുകയും തടയുകയും ചെയ്യുന്ന, സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളിലും കമ്യൂണിസ്‌റ്റ് പ്രസ്ഥാനങ്ങളിലും വിള്ളലുകള്‍ സൃഷ്‌ടിക്കുന്ന നാനാവിധമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് റാബിത്തായെയും അതിന്റെ ബഹുമുഖമായ സംഘടനാശൃംഖലകളെയും ഉപയോഗിച്ച് സിഐഎ ആസൂത്രണം നടത്തിയത്.
സമൃദ്ധമായ ധനസഹായം നല്‍കി റാബിത്ത മുസ്ളിം ഭൂരിപക്ഷരാജ്യങ്ങളിലും ഇന്ത്യയെപ്പോലുള്ള ഏഷ്യയിലെ തന്ത്രപ്രധാന മേഖലകളിലും ഓഫീസുകളും കള്‍ച്ചറല്‍ സെന്ററുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പലിശരഹിത ബാങ്കുകളും ആരംഭിച്ചു. തങ്ങളുടെ മതരാഷ്‌ട്ര പ്രവര്‍ത്തനങ്ങളുടെ വിദ്വേഷജ്വാലകളെ വിശ്വാസികള്‍ക്കിടയില്‍ പടര്‍ത്താനും സ്വസമുദായത്തില്‍ മറ്റിതര വിഭാഗങ്ങളില്‍നിന്ന് ആളെ ചേര്‍ക്കാനും സമര്‍ഥമായ പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടാണ് റാബിത്തയില്‍നിന്ന് പണം പറ്റി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ ഇസ്ളാമിസ്‌റ്റുകള്‍ സജീവമായിരിക്കുന്നത്. ജമാഅത്തെ ഇസ്ളാമിയുടെ ഇന്ത്യയിലെയും കേരളത്തിലെയും പ്രവര്‍ത്തനങ്ങള്‍ റാബിത്തായുടെയും നിരവധി ഫണ്ടിങ് ഏജന്‍സികളുടെയും ഏകോപനത്തിലും മുന്‍കൈയിലും ആവിഷ്‌ക്കരിക്കപ്പെടുന്നതാണ്.
പ്രശസ്‌ത പോളിഷ് ബുദ്ധിജീവി പ്രൊഫ. എച്ച് സിൿമോവ്സ്‌കി കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്‌റ്റ് ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ സിഐഎ എങ്ങനെയാണ് ക്രൈസ്‌തവ മതദര്‍ശനങ്ങളെ ഉപയോഗപ്പെടുത്തിയതെന്ന് നിരീക്ഷിക്കുന്നുണ്ട്. കുരിശിനെയും ക്രൈസ്‌തവ ചിഹ്നങ്ങളെയും പുനരുജ്ജീവിപ്പിച്ചുകൊണ്ടാണ് പോളണ്ടിലെ ജാറുല്‍സ്‌കി സര്‍ക്കാരിനെതിരെ മതവിശ്വാസികളെ തിരിച്ചുവിട്ടത്. കമ്യൂണിസ്‌റ്റുകാരുടെ 'ജനാധിപത്യമില്ലായ്‌മ'യെയും 'ദൈവനിഷേധ'ത്തെയും എതിര്‍ക്കാന്‍ എത്രയോ ലിബറല്‍ ബുദ്ധിജീവികളും മുന്‍കാല കമ്യൂണിസ്‌റ്റുകാരും ക്രൈസ്‌തവ മതമൌലികവാദികളോടൊപ്പം ചേര്‍ന്നതിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് അവര്‍ സിഐഎയുടെ പേ റോളില്‍ പ്രവര്‍ത്തിച്ചവരായിരുന്നുവെന്ന് പിന്നീട് മറെക്ക് ഗ്ളാസ്‌കോവ്സ്‌കി അദ്ദേഹത്തിന്റെ യൂറോപ്യന്‍ ഫ്യൂച്ചര്‍ കോണ്‍ഗ്രസിലെ പ്രസംഗത്തില്‍ പറയുകയുണ്ടായി.
വ്യവസ്ഥ ആവശ്യപ്പെടുന്ന എന്തും സമ്മതിച്ചുകൊടുക്കുന്ന വേശ്യകളെന്ന് സിൿമോവിസ്‌കി വിശേഷിപ്പിക്കുന്ന പരിസ്ഥിതി-ദളിത്-മാവോയിസ്‌റ്റ് ബുദ്ധിജീവികളെ പരിരംഭണം ചെയ്‌തുകൊണ്ടാണ് ജമാഅത്തെ ഇസ്ളാമി അവരുടെ കമ്യൂണിസ്‌റ്റ് വിരുദ്ധ അജന്‍ഡ പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്. തങ്ങളുടെ മതരാഷ്‌ട്രവാദ- തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകാര്യത നേടിയെടുക്കാനുള്ള രാഷ്‌ട്രീയ ഇസ്ളാമിസ്‌റ്റുകളുടെ കൌശലപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിക്കൊണ്ടേ മതേതര ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്ക് മുന്നോട്ടു പോകാനാവൂ.
*****
കെ ടി കുഞ്ഞിക്കണ്ണന്‍, കടപ്പാട് : ദേശാഭിമാനി
(എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ മൂന്നാമത്തെ ലേഖനം)
29 June, 2010
ജമാഅത്തെ ഇസ്ളാമിയും മുസ്ളിം ലീഗും
ലീഗിന്റെ കാലിനടിയില്‍നിന്ന് മണ്ണ് ചോര്‍ന്നുപോയിരിക്കുന്നു. വര്‍ഗീയതയിലും, തീവ്രവാദ പ്രവര്‍ത്തനങ്ങളിലും കണ്ണുവച്ച് പുതിയ ചില സംഘടനകള്‍ രംഗത്ത് വരുന്നതും ലീഗിനെ ക്ഷീണിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് മുസ്ളിംലീഗ് പുതിയ ബന്ധങ്ങളെപ്പറ്റി ചിന്തിക്കാന്‍ ഇടവന്നത്. ഐഎന്‍എല്ലിനെ ഇടതുപക്ഷബന്ധത്തില്‍നിന്ന് അടര്‍ത്തിയെടുക്കാനും, ലീഗിനോട് ധിക്കാരം കാണിച്ച് പണ്ട് വിട്ടുപോയതിന് 'ക്ഷ' പറയിപ്പിക്കാനും ഒരു കൊല്ലമായി ശ്രമം നടത്തിവരികയായിരുന്നു. എന്നാല്‍, പോയവര്‍ മുഴുവന്‍ തിരിച്ചുവരില്ലെന്നും, ഐഎന്‍എല്‍ ഇടതുപക്ഷത്തോടു കാണിച്ച വഞ്ചനയില്‍ അതിലെ ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ടെന്നും ലീഗ് മനസിലാക്കുന്നു. ഈ കാരണങ്ങളാലാണ് പുതിയ മാര്‍ഗങ്ങള്‍ മുസ്ളിം ലീഗ് അന്വേഷിക്കാന്‍ നിര്‍ബദ്ധരാകുന്നത്. എന്‍ഡിഎഫുമായുള്ള അടുപ്പം വേണ്ടത്ര പ്രയോജനമുണ്ടാക്കുന്നില്ല എന്നവര്‍ മനസിലാക്കി. അങ്ങനെയാണ് ജമാഅത്തെ ഇസ്ളാമിയുമായി ബന്ധമുണ്ടാക്കാനുള്ള രഹസ്യ അജന്‍ഡ രൂപപ്പെട്ടത്. കഴിഞ്ഞ ഒരുകൊല്ലത്തിനിടയില്‍ പതിനൊന്നു പ്രാവശ്യം ലീഗുമായി ചര്‍ച്ച നടത്തി എന്നാണ് അമീര്‍ ആരിഫലി പറഞ്ഞത്. അത് നിഷേധിച്ച്, ഒരു പ്രാവശ്യമേ ചര്‍ച്ച നടത്തിയിട്ടുള്ളു എന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്.
മുസ്ളിം സമുദായത്തിനകത്ത് വര്‍ഗീയവികാരം നിലനിര്‍ത്തി അധികാരം പിടിക്കാനും അതുവഴി നേട്ടങ്ങളുണ്ടാക്കാനും ശ്രമിക്കുന്ന ഒരു സാമുദായിക രാഷ്‌ട്രീയ പാര്‍ടിയാണ് ലീഗ്. മതാധിഷ്ഠിത ദൈവിക ഭരണം സ്ഥാപിക്കുക എന്നതോ, ഇസ്ളാമിക നിയമങ്ങള്‍ മാത്രം പുലര്‍ത്തുന്ന ഇസ്ളാമികരാഷ്‌ട്രം സൃഷ്‌ടിക്കുക എന്നതോ ലീഗിന്റെ പരിപാടിയല്ല. എന്നാല്‍, ജമാഅത്തെ ഇസ്ളാമി അതല്ല. അതൊരു മതമൌലികവാദ സംഘടനയാണ്. മുമ്പ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ രാഷ്‌ട്രീയപാര്‍ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുക്കാന്‍ ശ്രമിക്കുകയാണ്. സ്വന്തമായി ജയിക്കാനുള്ള ജനപിന്തുണയില്ലാത്തതിനാല്‍ കൂട്ടാളികളെ അന്വേഷിക്കുകയാണ്.
1941ലാണ് ലാഹോറില്‍ ആ സംഘടന രൂപംകൊള്ളുന്നത്. 'ജമാഅത്തെ ഇസ്ളാമി ഹിന്ദ് ' എന്നാണ് അതിന്റെ സ്ഥാപകനായ അബുല്‍ അഅ്ലാ മൌദൂദി അതിനെ നാമകരണംചെയ്തത്. ഇന്ത്യയില്‍ 'ഹുകൂമഞ്ഞെ ഇലാഹി'(ദൈവിക ഭരണം) സ്ഥാപിക്കലായിരുന്നു അതിന്റെ ലക്ഷ്യം. 1947ല്‍ വിഭജനത്തിനുശേഷം പാകിസ്ഥാന്‍ ജമാഅത്തെ ഇസ്ളാമി വേറിട്ടുപോയി. അബുല്‍ അഅ്ലാ മൌദൂദിയും പാകിസ്ഥാനിലേക്കു പോയി. ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി മൌലാനാ അബുല്‍ലൈസിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയെപ്പോലെ, ഭരണഘടനയില്‍ത്തന്നെ മതേതരത്വം അംഗീകരിച്ച ഒരു ബഹുമത സമൂഹത്തില്‍ അള്ളാഹുവിന്റെ ഭരണം (ഹുകൂമഞ്ഞെ ഇലാഹി) സ്ഥാപിക്കാന്‍ ഒരു മുസ്ളിം സംഘടന നിലകൊള്ളുന്നതിലെ അപകടവും വിവേകശൂന്യതയും ഊഹിക്കാവുന്നതേയുള്ളു. അതുകൊണ്ട് അവര്‍ ഒരു കപടമുഖം പുറത്ത് കാണിക്കാന്‍ ശ്രമിച്ചുനോക്കി. 'ഹുകൂമഞ്ഞെ ഇലാഹി' എന്നതിനു പകരം തങ്ങളുടെ ലക്ഷ്യം 'ഇഖാമത്തുദീന്‍' ആണെന്ന് ലേഖനമെഴുതി.
എന്നാല്‍,ദീന്‍ എന്നതിന് സ്ഥാപകനായ മൌദൂദി നല്‍കിയ അര്‍ഥം വ്യവസ്ഥിതി, രാഷ്‌ട്രം, ഭരണം എന്നൊക്കെയാണ്. അപ്പോള്‍ ഇഖാമത്തുദീന്‍ എന്നാല്‍ ഇസ്ളാമിക വ്യവസ്ഥിതിയുടെ (ഭരണത്തിന്റെ) സ്ഥാപനം എന്നുവരുന്നു. രണ്ടും ഒന്നുതന്നെ. വാക്ക് ഏത് പ്രയോഗിച്ചാലും ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി നിലകൊള്ളുന്നത് ഇന്ത്യയെ ഇസ്ളാമീകരിച്ച് ഇവിടെ ഒരു ഇസ്ളാമികരാഷ്‌ട്രം സ്ഥാപിക്കാന്‍തന്നെ എന്നു കാണാവുന്നതാണ്.
മതം രാഷ്‌ട്രീയാധികാരം കൈക്കലാക്കാനുള്ള ഉപകരണമാക്കുന്നതാണ് വര്‍ഗീയത. രാഷ്‌ട്രീയലക്ഷ്യംവച്ച് മതത്തെ ദുരുപയോഗപ്പെടുത്തിയിട്ടുള്ള കുറെ സംഘടനകളെ ചരിത്രത്തില്‍ കാണാന്‍ കഴിയും. പുരാതനകാലത്ത് അതിന് തുടക്കം കുറിച്ച സംഘടനയായിരുന്നു 'ഖാമാരിജ' കക്ഷി. തുടര്‍ന്ന് പല സംഘടനകളും ആ വഴി തെരഞ്ഞെടുത്തതായി കാണാം. ആധുനിക കാലഘട്ടത്തിലെ അത്തരത്തിലുള്ള ഒരു കക്ഷിയാണ് ഈജിപ്‌തിലെ മുസ്ളിം ബ്രദര്‍ഹുഡ്(ഇഖമാനുല്‍ മുഅ്മുസ്ളിമീന്‍). ഇവരെല്ലാവരും ഉയര്‍ത്തിയ മുദ്രാവാക്യം ഒന്നുതന്നെയായിരുന്നു. ഇസ്ളാം അപകടത്തില്‍, അള്ളാഹുവിന്റെ ഭൂമിയില്‍ അള്ളാഹുവിന്റെ ഭരണം. വിധിക്കാനുള്ള അധികാരം (ഹുകൂമത്ത്) അള്ളാഹുവിനു മാത്രം. ചുരുക്കത്തില്‍, 'ഹുകൂമഞ്ഞെ ഇലാഹി'(അള്ളാഹുവിന്റെ ഭരണം) സ്ഥാപിക്കുക എന്നതാണ് പൊരുള്‍. അള്ളാഹുവിന്റെ ഭരണം എന്നാല്‍ അള്ളാഹുവിന്റെ ഭരണം സ്ഥാപിക്കുന്നവരുടെ ഭരണം. സ്ഥാപിക്കുന്നത് ജമാഅത്തെ ഇസ്ളാമി, അപ്പോള്‍ അവരുടെ ഭരണംതന്നെ.
മേല്‍പ്പറഞ്ഞ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുകൊണ്ടായിരുന്നു ഇസ്ളാമിക ചരിത്രത്തിലെ ആദ്യത്തെ തീവ്രവാദികള്‍ പ്രവാചകന്റെ ജാമാതാക്കള്‍ മൂന്നും, നാലും ഖലീഫമാരായ ഉസ്‌മാനെയും അലിയെയും കൊലപ്പെടുത്തിയത്. ഇതേ മുദ്രാവാക്യങ്ങള്‍ ആര്‍ത്തുവിളിച്ചുകൊണ്ടുതന്നെയാണ് മുസ്ളിം ബ്രദര്‍ ഹുഡുകാര്‍ ഈജിപ്‌തിന്റെ പ്രധാനമന്ത്രി നിക്രാഷിപാഷയെയും പിന്നീട് അവിടത്തെ പ്രസിഡന്റ് അന്‍വര്‍ സാദത്തിനെയും വെടിവച്ചുകൊന്നത്. ഇതേ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിത്തന്നെയാണ് ജമാഅത്തെ ഇസ്ളാമിക്കാരനായ സെയ്‌ദ് അൿബര്‍ മുസ്ളിം ലീഗ് നേതാവും പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായിരുന്ന ലിയാഖത്ത് അലി ഖാന്റെ വിരിമാറിലേക്ക് നിറയൊഴിച്ചത്. ഈ മുദ്രാവാക്യങ്ങള്‍ക്കു വേണ്ടിയായിരുന്നു ജമാഅത്തിന്റെ സ്ഥാപക നേതാവായ അബുള്‍ അഅ്ല മൌദൂദി ലാഹോറിന്റെ തെരുവുകളില്‍ കെട്ടിക്കിടക്കുന്ന അഹമ്മദികളുടെ രക്തപ്പുഴയിലൂടെ കുതിരസവാരി നടത്തിയത്.
ഇന്ത്യയിലും മേല്‍ മുദ്രാവാക്യങ്ങള്‍തന്നെയാണ് ജമാ അത്തെ ഇസ്ളാമിക്കുള്ളത്. പക്ഷേ, മുസ്ളിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നടപ്പാക്കിയ ഭീകരപരിപാടികളൊന്നും അവര്‍ ഇവിടെ പുറത്തെടുക്കുന്നില്ലെന്നുമാത്രം. എന്നാല്‍, അടിസ്ഥാനപരമായി ലോകത്തുള്ള ഭീകരസംഘടനകളുടെ എല്ലാം ആശയസ്രോതസ്സും വികാരാവേശവും ഹസനുല്‍ ബന്ന, സെയ്യിദ് ഖുതുബ്, അബുല്‍ അഅ്ലാമൌദൂദി എന്നിവരും അവരുടെ പ്രസ്ഥാനങ്ങള്‍ ബ്രദര്‍ഹുഡും (ഇഖാനുല്‍ മുസ്ളിമിനീന്‍) ജമാഅത്തെ ഇസ്ളാമിയുമാണെന്ന് ചരിത്രം വ്യക്തമാക്കുന്നു. 1949ല്‍ ഹുസനുല്‍ ബന്ന വെടിയേറ്റ് മരിച്ചശേഷം ഈജിപ്‌തില്‍ തീവ്രവാദത്തിന് നേതൃത്വം കൊടുത്തത് സെയ്യിദ് ഖുത്തുബ് ആയിരുന്നു. ഖുത്തുബിന്റെ ഏറ്റവും ആധികാരിക ഗ്രന്ഥമാണ് 'മൈല്‍ സ്‌റ്റോൺസ് '. ഈ ഗ്രന്ഥം ജമാഅത്തെ ഇസ്ളാമിയുടെ അസിസ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്നാണ് 'വഴിയടയാളങ്ങള്‍' എന്ന പേരില്‍ പരിഭാഷപ്പെടുത്തി ജമാഅത്തിന്റെ ഐപിഎച്ചില്‍ പ്രസിദ്ധീകരിച്ചതും വില്‍ക്കുന്നതും.
ഇതുകാണിക്കുന്നത് ഖുത്തുബും ജമാഅത്തും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ്. 'മൈല്‍ സ്‌റ്റോൺസി'ന്റെ പരിഭാഷ 'വഴിയടയാളങ്ങളില്‍' നിന്നു താഴെ പറയുന്ന ഭാഗം നോക്കുക: 'ഇസ്ളാമിന്റെ ജന്മത്തോടെതന്നെ സംഘട്ടനവും അനിവാര്യമായിത്തീരുന്നു. ഇഷ്‌ടാനുസാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യംകൂടി ഇല്ലാത്തവിധം യുദ്ധം നിര്‍ബന്ധമായിത്തീരുന്നു. കാരണം ഇസ്ളാമിനും അല്ലാത്തവര്‍ക്കുംകൂടി ഒന്നിച്ചു വളരെക്കാലം നില്‍ക്കുക സാധ്യമല്ല. അതിനാല്‍ ഇസ്ളാമിന് ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടേണ്ടിവരുന്നു'. (പേജ്- 107).
ഇനി മറ്റൊരിടത്ത് പറയുന്നതു കാണുക: 'ഇസ്ളാമിലെ ജിഹാദ് വെറും നാവുകൊണ്ടും പേനകൊണ്ടും മാത്രമല്ല നടത്തേണ്ടത്. വാളും കുന്തവും അതിന്റെ ഘടകങ്ങളാണ്.... താന്തോന്നിത്തരത്തിന്റെ അധികാരവാഴ്‌ച അവസാനിപ്പിച്ച്, അള്ളാഹുവിന്റെ നിയമവ്യവസ്ഥ നടപ്പാക്കലാണ്, അതിനുള്ള മാര്‍ഗമാണ് ജിഹാദ്'. (പേജ്-86)
ഇങ്ങനെ മുസ്ളിം മനസ്സുകളില്‍ തീ കോരിയിടാന്‍ കഴിയുന്ന പ്രകോപനപരമായ വാക്കുകള്‍ ധാരാളമുണ്ട്. ചിലത് മാത്രമേ ഉദ്ധരിച്ചിട്ടുള്ളു. ഖുത്തുബിന്റെയും മൌദൂദിയുടെയും ആശയങ്ങള്‍ ഒന്നുതന്നെയാണ്. ബ്രദര്‍ഹുഡും ജമാഅത്തും ഇരട്ടക്കുട്ടികളാണ്. അതുകൊണ്ടാണല്ലോ ഖുത്തുബിന്റെ ഗ്രന്ഥം ജമാഅത്തെ ഇസ്ളാമിയുടെ അസിസ്‌റ്റന്റ് അമീര്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച് പ്രചരിപ്പിച്ചിരിക്കുന്നത്.
ഈ ആശയങ്ങള്‍ വച്ചുപുലര്‍ത്തിക്കൊണ്ടുതന്നെയാണ് ഇന്ത്യയിലും കശ്‌മീരിലും ജമാഅത്തെ ഇസ്ളാമികള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ജമാഅത്ത് ഇസ്ളാമികളും സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയുടെ കേരളത്തിലെ മുഖപത്രമായ പ്രബോധനം വാരികയുടെ 50-ാം വാര്‍ഷിക പതിപ്പില്‍ ഇത് സംബന്ധിച്ചുവന്ന പരാമര്‍ശം കാണുക:
"താഴ്വരയില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെട്ടതോടെ ജമാഅത്തെ ഇസ്ളാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. ഹിസ്‌ബുള്‍, ജമാഅത്തെ അനുകൂല ഗ്രൂപ്പാണ്. അള്ളാ ടൈഗേഴ്‌സ് എന്ന ഗ്രൂപ്പിനും രൂപം കൊടുത്തിട്ടുണ്ട്. രാഷ്‌ട്രീയ മേഖലയില്‍ 13 സംഘടനകള്‍ ചേര്‍ന്ന തഹ്രീക്കെ ഹുര്‍റിയത്തെ കാശ്‌മീര്‍ (കാശ്‌മീര്‍ സ്വതന്ത്ര പ്രസ്ഥാനം) എന്ന മുന്നണിക്ക് രൂപംകൊടുത്ത വിവിധ തീവ്രവാദികളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ് ''.
ഇതില്‍ രണ്ടുകാര്യം വ്യക്തമാണ്. ഒന്ന് ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം ജമാഅത്തെ ഇസ്ളാമിയാണ്. രണ്ട്: ജമാഅത്തെ ഇസ്ളാമി ഇന്ത്യയിലും കശ്‌മീരിലും രണ്ടാണ്. കാരണം കശ്‌മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നു അവര്‍ കരുതുന്നില്ല. വിവിധ ഭീകരഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതും ഇവര്‍തന്നെയാണ്.
മേല്‍വിവരിച്ച ഇസ്ളാമും, രാഷ്‌ട്രീയവും കൂട്ടുപിടിച്ച് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പ്രത്യേകിച്ചു കേരളത്തില്‍ രാഷ്‌ട്രീയ സ്വാധീനം വളര്‍ത്താനുള്ള ആഗ്രഹം മുസ്ളിംലീഗില്‍ ഉണ്ടായതാണ് അത്ഭുതം. കഴിഞ്ഞ ഒരുകൊല്ലത്തിനിടയില്‍ പതിനൊന്നുവട്ടം ചര്‍ച്ചചെയ്‌തു എന്നു പറയുന്നത് യാദൃച്‌ഛികമല്ല. സോളിഡാരിറ്റി എന്ന ജമാഅത്തെ ഇസ്ളാമിയുടെ യുവജന സംഘടന എല്ലാ വികസനപ്രവര്‍ത്തനങ്ങളെയും എതിര്‍ത്തു പരാജയപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. ഇടതുപക്ഷ തീവ്രവാദി സംഘടനകളുമായി കൈകോര്‍ക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്ന ഭാവത്തില്‍ മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുന്നു. കിനാലൂരില്‍ പൊലീസിനുനേരെ ചാണകം കലക്കിയ വെള്ളം പ്രയോഗിച്ചതും കല്ലെറിഞ്ഞു പൊലീസുദ്യോഗസ്ഥരുടെ തലകീറിയതും തങ്ങളാണെന്ന് അവകാശപ്പെടുന്നു. മനുഷ്യാവകാശം തങ്ങള്‍ക്കിഷ്‌ടമുള്ളവര്‍ക്കു മാത്രമാണെന്നാണ് ഇവരുടെ ഭാവം. കടുത്ത സമീപനം സ്വീകരിക്കാന്‍തന്നെയാണ് അവരുടെ ദുരുദ്ദേശ്യമെന്നു ബോധ്യമാകും. തല്‍ക്കാലം ഉപേക്ഷിച്ചെന്നു പറയുന്നുണ്ടെങ്കിലും രഹസ്യ അജന്‍ഡയ്‌ക്ക് പഴക്കമുള്ളതിനാല്‍ ഏത് ഘട്ടത്തിലും തലപൊക്കാം; കരുതിയിരിക്കുക.
****
ടി കെ ഹംസ, കടപ്പാട് : ദേശാഭിമാനി
(എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ രണ്ടാമത്തെ ലേഖനം)
എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം
ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ളാദേശിലും ശ്രീലങ്കയിലും പ്രവര്‍ത്തിച്ചുവരുന്ന ജമാഅത്തെ ഇസ്ളാമി കക്ഷത്തിലേറ്റി നടക്കുന്ന രാഷ്‌ട്രീയഇസ്ളാം എന്ന ഇസ്ളാമിസത്തെ വിമര്‍ശകര്‍ തൊലിയുരിച്ചുകാണിക്കുമ്പോള്‍ ഇസ്ളാം ആക്രമിക്കപ്പെടുന്നെന്ന് ജമാഅത്തുകാര്‍ അലമുറയിടും. ഇസ്ളാമും ഇസ്ളാമിസവും രണ്ടാണെന്ന പച്ചപ്പരമാര്‍ഥത്തെ ജമാഅത്തെ ഇസ്ളാമി ആച്‌ഛാദനം ചെയ്യാന്‍ ശ്രമിക്കുന്നു. പക്ഷേ, അതില്‍ ദയനീയമായി പരാജയപ്പെടുന്നു. ഇന്ത്യയുടെ ഭരണവ്യവസ്ഥ ഉള്‍പ്പെടെ എല്ലാ ആധുനിക രാഷ്‌ട്രവ്യവസ്ഥകളുടെയും ആരൂഢങ്ങളായി വര്‍ത്തിക്കുന്ന ജനാധിപത്യം, മതേതരത്വം, ദേശീയത തുടങ്ങിയ ആശയങ്ങളെ ആര്‍എസ്എസിനെപ്പോലെ ജമാഅത്തെ ഇസ്ളാമിയും നിരങ്കുശം എതിര്‍ക്കുന്നു. 'മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വികവിശകലനം' എന്ന പേരില്‍ മൌദൂദിയുടെ ഒരു പ്രസംഗം പുസ്‌തകരൂപത്തില്‍ കേരളത്തിലെ ജമാഅത്തുകാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍നിന്നുള്ള ചില ഭാഗങ്ങള്‍ നോക്കൂ:
"ലോകത്തിന്റെ ചിന്താപരവും സദാചാരപരവും നാഗരികവും രാഷ്‌ട്രീയവും സാമ്പത്തികവുമായ ജീവിതവ്യവസ്ഥയെ മുച്ചൂടും ചലിപ്പിച്ചുകൊണ്ടിരിക്കുന്ന അഭിനവസംസ്‌ക്കാരം വാസ്‌തവത്തില്‍ മൂന്ന് അടിസ്ഥാനതത്വത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. ഒന്ന് മതേതരഭൌതികവാദം, രണ്ട് ദേശീയത്വം, മൂന്ന് ജനാധിപത്യം. നമ്മുടെ പക്ഷത്തില്‍ ഈ മൂന്ന് തത്വവും അബദ്ധജടിലങ്ങളാണ്. മാത്രമല്ല, മനുഷ്യരിന്ന് അടിമപ്പെട്ടുപോയിട്ടുള്ള സകലദുരിതങ്ങളുടെയും നാരായവേര് ആ തത്വങ്ങളാണെന്നുകൂടി നാം ദൃഢമായി വിശ്വസിക്കുന്നു. നമ്മുടെ വിരോധം വാസ്‌തവത്തില്‍ അതേ തത്വങ്ങളോടത്രേ. നാം നമ്മുടെ മുഴുശക്തിയുമുപയോഗിച്ച് അവയ്‌ക്കെതിരെ സമരം നടത്തിയേ തീരൂ''.
പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്‌തമാക്കുന്ന ജനാധിപത്യത്തെ ഭര്‍സിച്ച മൌദൂദി 'ദൈവികപരമാധികാരം' എന്ന പ്രതിലോമപരികല്‍പ്പനയാണ് ഉയര്‍ത്തിപ്പിടിച്ചത്. ഈ ദൈവികപരമാധികാരം പ്രയോഗത്തില്‍ പൌരോഹിത്യ പരമാധികാരത്തിലാണ് കലാശിക്കുക എന്ന് പ്രത്യേകം പറയേണ്ടതില്ല. ജമാഅത്ത് മൌലാനമാര്‍ നടത്തുന്ന ഈ മുല്ലാഭരണത്തില്‍ മുസ്ളിങ്ങളല്ലാത്തവര്‍ 'ദിമ്മി'കള്‍ (രണ്ടാംതരം പൌരന്മാര്‍) ആയിരിക്കുമെന്നും മൌദൂദി അര്‍ഥശങ്കയ്‌ക്ക്ഇടയില്ലാതെ പറഞ്ഞുവച്ചിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ രാഷ്‌ട്രീയനിലനില്‍പ്പിന് തല്‍ക്കാലം ജനാധിപത്യമെന്ന 'പൈശാചിക' ഭരണക്രമം നിലനില്‍ക്കേണ്ടതുണ്ടെന്ന് ജമാഅത്തുകാര്‍ക്കറിയാം. ഭരണത്തിലേറുംവരെ ജനാധിപത്യം, ഭരണത്തിലേറിയാല്‍ ജമാഅത്ത് മുല്ലാഭരണം. ഇതാണ് ജമാഅത്ത് ലൈന്‍.
മതേതരത്വത്തെയും മൌദൂദി കടന്നാക്രമിക്കുന്നു. മതം വ്യക്തിപരമായ കാര്യമാണെന്നും മതവും രാഷ്‌ട്രീയവും രണ്ടാണെന്നുമുള്ള ആരോഗ്യകരമായ കാഴ്‌ചപ്പാടിനെ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല. മതവും രാഷ്‌ട്രീയവും അവിച്‌ഛിന്നമാണെന്നും മതേതരത്വം മതവിരുദ്ധമാണെന്നും എല്ലാ മുസ്ളിങ്ങളും മതരാഷ്‌ട്രസ്ഥാപനത്തെ ഒരു തീവ്രയത്നപരിപാടിയായി കാണണമെന്നും മൌദൂദി ആണയിടുന്നു. ദേശീയത മൌദൂദിക്കും അനുചരര്‍ക്കും വര്‍ജ്യമാണ്. ലോകത്തെല്ലായിടത്തുമുള്ള മുസ്ളിങ്ങള്‍ ഒറ്റ രാഷ്‌ട്രമാണ് എന്ന ആഗോള ഇസ്ളാമിസമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. മനുഷ്യസമൂഹത്തെ മുസ്ളിം-അമുസ്ളിം എന്ന മതമതില്‍കെട്ടി മൌദൂദി വേര്‍തിരിച്ചുനിര്‍ത്തുകയും ചെയ്യുന്നു.
ഇന്ത്യയുടെ അഖണ്ഡതയെ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല. അതിന്റെ ഒന്നാന്തരം നിദര്‍ശനമാണ് ഇന്ത്യയില്‍ രണ്ട് ജമാഅത്തെ ഇസ്ളാമികള്‍ പ്രവര്‍ത്തിക്കുന്നുവെന്നത്. ജമാഅത്തെ ഇസ്ളാമി ഹിന്ദ് എന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയും കശ്‌മീര്‍ ജമാഅത്തെ ഇസ്ളാമിയും. കശ്‌മീരില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി ഇല്ല. കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല എന്നര്‍ഥം. ഹിസ്‌ബുള്‍ മുജാഹിദീന്‍ എന്ന തീവ്രവാദസംഘടന കശ്‌മീര്‍ ജമാഅത്തിന്റെ സന്തതിയാണ്. കശ്‌മീര്‍ താഴ്വരയിലെ വിവിധ തീവ്രവാദിഗ്രൂപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനനിരതമാക്കുന്നത് ജമാഅത്തെ ഇസ്ളാമിയാണെന്ന് ഒരു കൂസലുമില്ലാതെ ജമാഅത്തുകാര്‍തന്നെ പറയാറുണ്ട്.
മാർൿസിസത്തിനും മാർൿസിസ്‌റ്റുകാര്‍ക്കുമെതിരെ ചന്ദ്രഹാസമിളക്കുന്നതില്‍ മൌദൂദിയും ശിഷ്യഗണങ്ങളും സാമ്രാജ്യത്വവൈതാളികന്മാരെപ്പോലും പലപ്പോഴും പിന്നിലാക്കി. "ഒരു ജര്‍മന്‍ യഹൂദിയുടെ പ്രതികാരബുദ്ധിയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ടതും റഷ്യയില്‍ തഴച്ചുവളര്‍ന്നതുമായ വിഷച്ചെടിയാണ് കമ്യൂണിസം'' എന്നാണ് മൌദൂദിയുടെ ഒരു ഉദീരണം. വംശീയതയുടെയും പരമതദ്വേഷത്തിന്റെയും വിഷബീജങ്ങള്‍ നുരയുന്ന ഈ പ്രസ്‌താവത്തിന്റെ അന്തസ്സത്ത അടിമുടി സ്വാംശീകരിച്ചവരാണ് കേരളത്തിലെ ജമാഅത്തെ ഇസ്ളാമിക്കാരെന്ന് അവര്‍ പലപാട് തെളിയിച്ചിട്ടുണ്ട്.
അഫ്‌ഗാനിസ്ഥാനിലെ സോഷ്യലിസ്‌റ്റ് ഭരണാധികാരിയായിരുന്ന നജീബുല്ലയെ കാബൂളിലെ തെരുവോരത്തെ വിളക്കുകാലില്‍ താലിബാന്‍ ഭീകരര്‍ കെട്ടിത്തൂക്കിയപ്പോള്‍ 'മാധ്യമം' പത്രം എഡിറ്റോറിയല്‍ എഴുതി ഹര്‍ഷാതിരേകം പ്രകടിപ്പിച്ചിരുന്നു. ബാമിയാനിലെ ബുദ്ധപ്രതിമകള്‍ നിലംപരിശാക്കിയപ്പോഴും ഇവര്‍ ഗൂഢാഹ്ളാദത്തിലായിരുന്നു. മനുഷ്യാവകാശത്തിന്റെ ധ്വജവാഹകരായി ചമയുന്ന ജമാഅത്തുകാര്‍ മതപരിവര്‍ത്തനവിഷയത്തില്‍ കടുത്ത കപടന്മാരും തീവ്രവാദികളുമാണ്. ഇസ്ളാമില്‍നിന്ന് ഒരാള്‍ പുറത്തുപോയാല്‍ അയാളെ വധിക്കണമെന്നാണ് ജമാഅത്ത് ആചാര്യന്‍ എഴുതിയിട്ടുള്ളത്. തന്റെ വാദമുഖം ഊട്ടിയുറപ്പിക്കാന്‍ 'മതപരിത്യാഗികളുടെ ശിക്ഷ ഇസ്ളാമിക നിയമത്തില്‍' എന്ന ശീര്‍ഷകത്തില്‍ ഒരു പുസ്‌തകവും മൌദൂദി എഴുതി. 'ഇസ്ളാമിലേക്ക് സ്വാഗതം, പുറത്തുപോകുന്നവരുടെ തല കാണില്ല' എന്ന അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും വിധ്വംസകവുമായ ആശയം മറയേതുമില്ലാതെ ഉദ്ഘോഷിക്കുന്ന ജമാഅത്തെ ഇസ്ളാമിക്കാര്‍തന്നെയാണ് ഈയിടെ കേരളത്തിലെ കവലകള്‍തോറും മതപരിവര്‍ത്തനസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് സെമിനാറുകള്‍ സംഘടിപ്പിച്ചത്! ഇതാണ് ജമാഅത്തെ ഇസ്ളാമി.
അകത്ത് കാളകൂടം. പുറത്ത് 'മതേതര-ജനാധിപത്യ പഞ്ചസാര'. കേരളത്തിലെ ജമാഅത്തെ ഇസ്ളാമി കഴിഞ്ഞ ഒരു വ്യാഴവട്ടത്തിലേറെയായി 'മുഖം മിനുക്കി' നടക്കുകയാണ്. പക്ഷേ, അകത്ത് നുരഞ്ഞുപതയുന്നത് മതരാഷ്‌ട്രവാദത്തിൽ അധിഷ്ഠിതമായ മൌദൂദിയുടെ ദ്വേഷനിര്‍ഭരപ്രത്യയശാസ്‌ത്രംതന്നെ. ദളിത്-ആദിവാസിസ്നേഹത്തിന്റെയും പരിസ്ഥിതി പ്രണയത്തിന്റെയും മനുഷ്യാവകാശമമതയുടെയും സാമ്രാജ്യത്വവിരുദ്ധതയുടെയും കടുത്ത ചായക്കൂട്ടുകള്‍ മുഖത്തുതേച്ച്, ഇടതുപക്ഷ പദാവലികളുടെ ഒരു അതിഭാഷ സൃഷ്‌ടിച്ച്, തങ്ങള്‍ മഹാമതേതര-ജനാധിപത്യവാദികളാണെന്ന് പുരപ്പുറത്തുകയറി പ്രസംഗിച്ചു നടക്കുകയാണവര്‍. വാദ്യഘോഷവുമായി അകമ്പടി സേവിക്കാന്‍ മുന്‍ നൿസലൈറ്റുകളെയും മുന്‍ റോയിസ്‌റ്റുകളെയും വ്യാജ ഇടതന്മാരെയും ചെല്ലും ചെലവും കൊടുത്ത് അവര്‍ നിര്‍ത്തിയിട്ടുമുണ്ട്. കേരളത്തിലെ മതനിരപേക്ഷ രാഷ്‌ട്രീയപ്രസ്ഥാനങ്ങളുടെ, വിശിഷ്യ ഇടതുപക്ഷത്തിന്റെ വിശ്വാസ്യത തകര്‍ക്കുകയും കേരളത്തെ അടിമുടി അരാഷ്‌ട്രീയവല്‍ക്കരിക്കുകയും വര്‍ഗീയവല്‍ക്കരിക്കുകയുംചെയ്യുക എന്ന സൃഗാലദൌത്യമാണ് ജമാഅത്തെ പരിവാര്‍ ഏറ്റെടുത്തിരിക്കുന്നത്.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ നിരീക്ഷണം ഇത്തരുണത്തില്‍ ശ്രദ്ധേയമത്രേ. "ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ഹിറ്റ്ലര്‍-ഗോള്‍വാള്‍ക്കര്‍-മൌദൂദി അച്ചുതണ്ടിനെ രാഷ്‌ട്രീയമായി പരാജയപ്പെടുത്തണം''.
*****
കടപ്പാട് : ദേശാഭിമാനി
( എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ ആദ്യത്തെ ലേഖനം)
23 June, 2010
മുസ്ളിം സ്വത്വബോധവും ജമാഅത്തെ ഇസ്ളാമിയും
സ്വത്വാവബോധമില്ലാത്ത മനുഷ്യരില്ല. ഒരു മനുഷ്യന്റെ വ്യക്തിസ്വത്വത്തിന് പല അടരുകളുണ്ടായിരിക്കും. മതം, ജാതി, ദേശം, ഭാഷ തുടങ്ങിയ സാമൂഹിക വ്യവഹാര മണ്ഡലങ്ങളുടെ മാനസികപ്രതിരൂപങ്ങളെല്ലാം വ്യക്തിസ്വത്വത്തിന്റെ അടരുകളില്‍ ചേര്‍ന്നിട്ടുണ്ടാകും. സ്വത്വാവബോധത്തിന്റെ ചില അംശങ്ങളെ രാഷ്ട്രീയതലത്തിലേക്കുയര്‍ത്തി ജനങ്ങളില്‍ വൈകാരിക പ്രതികരണങ്ങള്‍ ഉളവാക്കി അധികാരത്തിലെത്താന്‍ ശ്രമിക്കുന്നത് ഫാസിസത്തിന്റെ രീതിയാണ്. ആത്മീയത (മതം), ദേശീയത, വംശീയത എന്നീ സ്വത്വാംശങ്ങളാണ് ജനങ്ങളില്‍ വൈകാരിക പ്രതികരണങ്ങളുളവാക്കാന്‍ ഫാസിസം ഉപയോഗിക്കുക. നാസിസത്തെ സസൂക്ഷ്മം പഠിച്ച വില്‍ഹെം റൈഹിന്റെ ഈ നിരീക്ഷണത്തിന് ഇന്നും പ്രസക്തിയുണ്ട്.
കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സ്വത്വസംബന്ധിയായ സംവാദങ്ങളെ വിവാദങ്ങളാക്കി മാറ്റാനും കീഴാളരുടെയും ന്യൂനപക്ഷങ്ങളുടെയും സ്വത്വസംഘര്‍ഷങ്ങള്‍ക്കും അവര്‍ക്കു നേരെയുള്ള അടിച്ചമര്‍ത്തലുകള്‍ക്കും വര്‍ഗപരമായ പരിഹാരങ്ങള്‍ കാണാന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തു നിന്നും ആ ജനവിഭാഗങ്ങളെ അകറ്റിക്കൊണ്ടുപോകാന്‍ കുതന്ത്രങ്ങള്‍ പണിയുന്നതും സ്വത്വരാഷ്ട്രീയം പ്രയോഗിക്കുന്നവരാണ്.
ഹിന്ദുക്കളുടെ മതപരമായ സ്വത്വാവബോധത്തെ ഹിന്ദുരാഷ്ട്രമെന്ന രാഷ്ട്രീയാവബോധമാക്കി മാറ്റാനാണ് സവര്‍ണ ഹിന്ദുത്വം ശ്രമിക്കുന്നത്. മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ ഹിന്ദുത്വരാഷ്ട്രീയത്തോട് എതിര്‍പ്പുള്ളവരാണ്. അവരുടെ മതവികാരങ്ങളെ ചൂഷണം ചെയ്ത് ഹിന്ദുത്വരാഷ്ട്രീയാവബോധം സൃഷ്ടിക്കാനുള്ള മനഃശാസ്ത്രപരമായ അടവാണ് മൃദുഹിന്ദുത്വം. ഇതേ തന്ത്രം മതരാഷ്ട്രീയം പയറ്റുന്ന മുസ്ളിം സംഘടനകളും പ്രയോഗിക്കുന്നുണ്ട്. ഇക്കാര്യം തുറന്നു കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള പ്രചാരണമാണെന്ന് ചാപ്പ കുത്തുന്നത് നിര്‍ഭാഗ്യകരമാണ്. "ഭരണകൂട പ്രത്യയശാസ്ത്രവും പ്രയോഗവുമായിത്തീരുന്ന സവര്‍ണ പ്രത്യയശാസ്ത്രത്തെയാണ് സാമാന്യമായി മൃദുഹിന്ദുത്വം എന്നു വിവക്ഷിക്കുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇതിനു സമാനമായി മൃദുഇസ്ളാമികത, മൃദുക്രിസ്ത്യാനികത എന്നിവ നിര്‍മിച്ച്, സര്‍വതിനെയും സമീകരിക്കാന്‍ ശ്രമിക്കുന്നവര്‍, ഭരണകൂടാധികാരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേല്‍ക്കോയ്മാപ്രത്യയശാസ്ത്രത്തെയും ഒരു വിധേനയും ഇന്ത്യന്‍ അവസ്ഥയില്‍ അങ്ങനെ മാറാനിടയില്ലാത്ത മതപ്രത്യയശാസ്ത്രങ്ങളെയും ഒരു കുടയ്ക്കു കീഴില്‍ ഒന്നിച്ചു നിര്‍ത്തുന്നത് ഒട്ടും സദുദ്ദേശപരമല്ല''. സവര്‍ണഹിന്ദുത്വത്തിന്റെ ഫാസിസ്റ്റ് രീതികളോടൊപ്പം ഇസ്ളാമിസ്റ്റ് മതരാഷ്ട്രവാദത്തെയും എതിര്‍ക്കുന്നവര്‍ക്കെതിരെ ചിലര്‍ ഉയര്‍ത്തുന്ന വിമര്‍ശമാണിത്.
യാതൊരു സാഹചര്യത്തിലും ഇന്ത്യയുടെ ഭരണാധികാരത്തിലെത്താന്‍ കഴിയാത്ത ന്യൂനപക്ഷമാണ് മുസ്ളീങ്ങളെങ്കിലും അവര്‍ സാര്‍വദേശീയ, ദേശീയ സംഭവങ്ങളെ നിസ്സംഗതയോടെ നോക്കിനില്‍ക്കാന്‍ കഴിയാത്തവരാണെന്ന് ജമാഅത്തെ ഇസ്ളാമിയുടെ വക്താവെന്ന് വിശേഷിപ്പിക്കാവുന്ന മാധ്യമം പത്രാധിപര്‍ പറയുന്നു. അതായത് ജമാഅത്തെ ഇസ്ളാമിക്ക് സാര്‍വദേശീയവും ദേശീയവുമായ പ്രത്യയശാസ്ത്രങ്ങളും കാര്യപരിപാടികളുമുണ്ട്. ആ പ്രത്യയശാസ്ത്രങ്ങളും കാര്യപരിപാടികളും ഫാസിസ്റ്റ് സ്വഭാവമുള്ളതാണ്. ഇത് ക്ളാസിക്കല്‍ ഫാസിസത്തിന്റെ നിര്‍വചനത്തില്‍നിന്നുള്ള വ്യതിചലനമാണെന്ന് തര്‍ക്കിച്ചേക്കാം. വില്‍ഹെം റൈഹിന്റെ ഫാസിസം സംബന്ധിച്ചുള്ള സിദ്ധാന്തത്തിന് പ്രസക്തിയുണ്ടെന്ന് സൂചിപ്പിച്ചല്ലോ. വംശീയത, ദേശീയത, ആത്മീയത (മതം) എന്നിവയിലേതെങ്കിലുമൊന്നിനെയോ എല്ലാത്തിനെയും കൂടിയോ വൈകാരികപ്രതികരണങ്ങള്‍ ഉളവാക്കുംവിധം ഉപയോഗപ്പെടുത്തി രാഷ്ട്രീയരംഗത്ത് നിലയുറപ്പിക്കുന്ന ഏതൊരു പ്രസ്ഥാനവും ഫാസിസ്റ്റ് സ്വഭാവമുള്ളതാണ്. ജമാഅത്തെ ഇസ്ളാമിയും അനുബന്ധ 'പരിവാരങ്ങളും' ഫാസിസ്റ്റ് സ്വഭാവമുള്ള മതരാഷ്ട്രീയ സംഘടനകളാണ്.
ഇന്ത്യയില്‍ ഒരിക്കലും അധികാരത്തിലെത്താന്‍ കഴിയാത്തതുകൊണ്ടും ഇസ്ളാമിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഇന്ത്യയിലെ പൊതുസമൂഹത്തിന്റെ പൊതുബോധത്തില്‍ അധീശത്വം പുലര്‍ത്താന്‍ സാധ്യമല്ലാത്തതു കൊണ്ടും മുസ്ളിം വര്‍ഗീയതയെയും ഭീകരപ്രവര്‍ത്തനങ്ങളെയും കണ്ടില്ലെന്ന് നടിക്കുകയോ നിസ്സാരമായി കാണുകയോ ചെയ്യുന്നത് ശരിയല്ല. അത്തരം നിലപാടുകള്‍, അവ സ്വീകരിച്ചിട്ടുള്ള വ്യക്തികള്‍ക്ക് ഇസ്ളാമിസ്റ്റുകള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. മുസ്ളിം ജനസാമാന്യത്തിനോ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കോ അതുകൊണ്ട് യാതൊരു നേട്ടവും ഉണ്ടാകുന്നില്ല. ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ സമരത്തിലും സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങളിലും മുസ്ളിങ്ങളുടെയും ഫാസിസ്റ്റ്സ്വഭാവമില്ലാത്ത മുസ്ളിം സംഘടനകളുടെയും ഐക്യം ഇടതുപക്ഷം ഉറപ്പ് വരുത്തേണ്ടതുണ്ട്. എന്നാല്‍ സാര്‍വദേശീയമായും ദേശീയമായും ഇംപീരിയലിസത്തിനെതിരായി ഇന്ന് ഇസ്ളാമിസം എന്ന ധാരണ തെറ്റാണെന്ന് നവമാര്‍ക്സിസ്റ്റ് ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും ആയ സമീര്‍ അമീന്‍ പറയുന്നു.
സ്വതന്ത്ര സോഷ്യലിസ്റ്റ് പ്രസിദ്ധീകരണമായ ങീിവേഹ്യ ഞല്ശലം മാസികയുടെ 2007 ഡിസംബര്‍ ലക്കത്തില്‍ സമീര്‍ അമീന്‍ 'ജീഹശശേരമഹ കഹെമാ ശി വേല ടല്ൃശരല ീള കാുലൃശമഹശാ' എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചു. സമീര്‍ അമീന്‍ എഴുതി: "യഥാര്‍ഥ സാമൂഹിക പ്രശ്നങ്ങളുടെ കാര്യം വരുമ്പോള്‍ രാഷ്ട്രീയ ഇസ്ളാം മുതലാളിത്തത്തോടും സാമ്രാജ്യത്വത്തോടുമാണ് ഐക്യപ്പെടുന്നത്. രാഷ്ട്രീയ ഇസ്ളാം ഒരിക്കലും സാമ്രാജ്യത്വവിരുദ്ധമല്ല, അതിന്റെ വക്താക്കള്‍ മറിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും. രാഷ്ട്രീയ ഇസ്ളാം തങ്ങളുടെ നല്ല കൂട്ടാളികളാണെന്ന് തിരിച്ചറിയുന്നത് സാമ്രാജ്യത്വം തന്നെയാണ്. ദല്ലാള്‍ ബൂര്‍ഷ്വാവിഭാഗങ്ങളും ആഗോളവത്കരണത്തിന്റെ വക്താക്കളായ സമ്പന്നവര്‍ഗവും രാഷ്ട്രീയ ഇസ്ളാമിനെ വന്‍തോതില്‍ പിന്തുണച്ചു. സാമ്രാജ്യവിരുദ്ധ നിലപാടുകള്‍ക്കു പകരം പാശ്ചാത്യ വിരുദ്ധ - ക്രൈസ്തവ വിരുദ്ധ ('മിശേണലലൃിെേ, മഹാീ മിശേഇവൃശശെേമി') നിലപാടുകളാണ് രാഷ്ട്രീയ ഇസ്ളാം സ്വീകരിക്കുന്നത്. ഇത് സമൂഹത്തെ പ്രതിസന്ധിയിലെത്തിക്കുകയും സാമ്രാജ്യത്വനിയന്ത്രണത്തെ ചെറുക്കുവാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു.''
സാമ്രാജ്യത്വത്തിനെതിരായ സമരത്തില്‍ ഇസ്ളാമിസവുമായി കൂട്ടുചേരണമെന്ന വാദമുന്നയിക്കുന്നവരുടെ ന്യായീകരണങ്ങ ളെയും സമീര്‍ അമീന്‍ വിമര്‍ശിക്കുന്നുണ്ട്. "വലിയൊരു ജനസഞ്ച യത്തെ അവര്‍ അണിനിരത്തുന്നു എന്നതാണ് ഒന്നാമത്തെ ന്യായം''. സാര്‍വദേശീയസാഹചര്യം കണക്കിലെടുത്താണ് അമീന്‍ ഇങ്ങനെ പറഞ്ഞത്. കേരളത്തില്‍ ഇസ്ളാമിസ്റ്റ് സംഘടനകളായ ജമാഅത്തെ ഇസ്ളാമി പരിവാറുകള്‍ പലവിധശ്രമങ്ങള്‍ നടത്തിയിട്ടും രാഷ്ട്രീയശക്തിയായി മാറാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പുതിയ പല പൊടിക്കൈകളും അവര്‍ പ്രയോഗിച്ചു നോക്കുന്നുണ്ട്. പ്ളാച്ചിമട, ചെങ്ങറ മോഡല്‍ സമരങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതും ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതും പല പൊടിക്കൈകളില്‍ ചിലതാണ്. ഇസ്ളാമിക സ്വത്വത്തെ ദളിത് സ്വത്വവുമായി കൂട്ടിക്കെട്ടാനാണ് അവരിപ്പോള്‍ ശ്രമിക്കുന്നത്. ഇടത് ബുദ്ധിജീവികളെ വശത്താക്കി നിര്‍ത്തുന്നതും അവരുടെ ഒരു പൊടിക്കൈയാണ്. കേരള ത്തിന്റെ കോമണ്‍സെന്‍സ് ഇടത്തോട്ട് നല്ലതുപോലെ ചാഞ്ഞാണ് നില്‍ക്കുന്നതെന്ന് ഇസ്ളാമിസ്റ്റുകള്‍ക്കറിയാം.
സമീര്‍ അമീന്‍ തുടരുന്നു: "രാഷ്ട്രീയ ഇസ്ളാമുമായി ഐക്യം വേണമെന്ന് പറയുന്നവരുടെ രണ്ടാമത്തെ ന്യായം അത് ഇപ്പോള്‍ സാമ്രാജ്യത്വവിരുദ്ധമാണെന്നതാണ്. ഇസ്ളാമിസം സാമ്രാജ്യത്വവിരുദ്ധമല്ലെന്ന് ചരിത്രം തെളിയിക്കുന്നു.''
ബാറാക്ക് ഒബാമ ഇപ്പോള്‍ സഞ്ചരിക്കുന്ന വഴിയിലൂടെ അല്‍പ്പം കൂടി മുന്നോട്ട് പോയാല്‍ ഇസ്ളാമിസ്റ്റുകളുടെ ഇപ്പോഴത്തെ അമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധ പൊയ്മുഖം അഴിഞ്ഞു വീഴും. തങ്ങളുടെ മുഖ്യശത്രു സിഞ്ജിയാങ്ങിലെ മുസ്ളിങ്ങളെ "കൊന്നൊടുക്കുന്ന'' നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകളുടെ സമഗ്രാധിപത്യം നിലനില്‍ക്കുന്ന ചൈനയാണെന്ന് പറഞ്ഞു തുടങ്ങും.
ഇസ്ളമോഫോബിയയെ ചെറുക്കാന്‍ ഇസ്ളാമിസ്റ്റുകളുമായി കൂട്ടുകൂടുന്നതിനെയും സമീര്‍ അമീന്‍ എതിര്‍ക്കുന്നു. അദ്ദേഹം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയ മുസ്ളിങ്ങളുടെ കാര്യം മാത്രമേ ചര്‍ച്ച ചെയ്യുന്നുള്ളൂ. ഇന്ത്യയിലെ കാര്യം പരിശോധിക്കാം. ഇന്ത്യയില്‍ മുസ്ളിം വിരോധം വളര്‍ത്താനുള്ള ശ്രമം സ്വാതന്ത്യ്രത്തിനു മുമ്പുതന്നെ ആരംഭിച്ചിരുന്നു.
"മൃദുഹിന്ദുത്വവും മൃദു ഇസ്ളാമിസവും - ഒരു മനഃശാസ്ത്ര പഠനം'' എന്ന ലേഖന ത്തില്‍ ഞാന്‍ എഴുതി:
"ഇന്ത്യയില്‍ ഹിന്ദുക്കള്‍ അധികം താമസിയാതെ ന്യൂനപക്ഷമാകുമെന്നുള്ള പ്രചാരണം വംശീയതയെ ഫാസിസം എങ്ങനെയാണുപയോഗപ്പെടുത്തുന്നത് എന്നുള്ളതിന് തെളിവാണ്. അജ ഖീവ്യെ, ങഉ ടൃലലിശ്മ, ഖഗ ആമഷമഷ എന്നിവര്‍ ചേര്‍ന്ന് എഴുതി 2003 ല്‍ പ്രസിദ്ധീകരിച്ച ഞലഹശഴശീൌ ഉലാീഴൃമുവ്യ ീള കിറശമ എന്ന ഗ്രന്ഥം ഫാസിസ്റ്റ് വംശീയപ്രചാരണം ലക്ഷ്യമാക്കിയുള്ളതാണ്. ഉപപ്രധാനമന്ത്രിയായിരുന്ന എല്‍ കെ അദ്വാനിയാണ് അതിന് അവതാരികയെഴുതിയത്. 1901 മുതല്‍ 1991 വരെയുള്ള സ്ഥിതിവിവരക്കണക്കുകള്‍ പ്രലംബനം (ജൃീഷലര) ചെയ്തപ്പോള്‍ 2051 ലെ സെന്‍സസില്‍ ഹിന്ദുക്കളുടെയും മുസ്ളിങ്ങളുടെയും എണ്ണം തുല്യമാകുമെന്നാണ് അവര്‍ കണ്ടെത്തിയത്! ഇന്ത്യയിലെ ഭൂരിപക്ഷ സമുദായാംഗങ്ങളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കുകയാണ് ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യം''.
ഇടതുപക്ഷം ഇസ്ളാമാഫോബിയയെ നേരിടേണ്ടത് മതനിരപേക്ഷമായിട്ടായിരിക്കണം എന്നാണ് സമീര്‍ അമീന്റെ അഭിപ്രായം. മുസ്ളിം വിരോധത്തെ ചെറുക്കാന്‍ മതമൌലീകവാദികളെ കൂട്ടുപിടിക്കുന്നത് വിപരീതഫലങ്ങള്‍ ഉളവാക്കും.
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളും ദളിതരും ആദിവാസികളുമടങ്ങുന്ന കീഴാളരും എക്കാലത്തും വിവേചനത്തിന്റെയും മുന്‍വിധികളുടെയും ഇരകളാണ് പലസ്തീനും ഗുജറാത്തും ചൂണ്ടിക്കാട്ടി കേരളത്തിലെ മുസ്ളിങ്ങള്‍ ഇരകളാണെന്ന് വാദിക്കുന്നത് ശരിയല്ലെന്ന് ചില പണ്ഡിതന്മാര്‍ ശഠിക്കുന്നു. കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്നോളം മുസ്ളിങ്ങളാണ്. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വിഭാഗവുമാണ്. കേരളത്തിന്റെ പൊതുബോധം നവോത്ഥാന, കമ്യൂണിസ്റ്റ് ചിന്തകളാല്‍ മുഖരിതവുമാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ മുസ്ളിങ്ങള്‍ ഗുജറാത്തില്‍ നടന്നതുപോലുള്ള കൂട്ടക്കൊലകളുടെ ഇരകളാകുകയില്ലെന്ന് ഉറപ്പിക്കാം.
പക്ഷേ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള മുന്‍വിധികളും വിവേചനങ്ങളും ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. പൌലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപോലീത്ത ആത്മകഥയില്‍ ചെറുപ്പകാലത്തെ ഒരനുഭവം വിവരിച്ചത് ഇങ്ങനെ: "എന്റെ ക്ളാസില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളില്‍ ഒരാളായിരുന്നു ഞാനെങ്കിലും, എന്റെ ഹൈന്ദവാധ്യാപകരില്‍ പലരും എന്നെ പരിഹസിക്കുന്നതിലും ശകാരിക്കുന്നതിലും ആഹ്ളാദം കണ്ടെത്തി''. അഭിവന്ദ്യനായ ക്രൈസ്തവ പുരോഹിതന്‍ "അന്നത്തെ രീതി അങ്ങനെ ആയിരുന്നു'' എന്ന് സ്വയം ആശ്വസിപ്പിക്കുന്നുണ്ട് അടുത്ത വാക്യത്തില്‍. സവര്‍ണപ്രത്യയശാസ്ത്രം മതന്യൂനപക്ഷങ്ങളെ എങ്ങനെയാണ് വീക്ഷിക്കുന്നതെന്ന് മെത്രാപ്പോലീത്തയുടെ ബാല്യകാലാനുഭവം നമുക്കു കാണിച്ചു തരുന്നു. "എന്റെ മലയാളം അധ്യാപകന്‍ ശ്രീ. ശങ്കരമേനോന്‍ പ്രത്യേകിച്ച് പരുഷഭാഷയില്‍ ഭത്സിക്കുമായിരുന്നു. അദ്ദേഹം പലപ്പോഴും ക്ളാസ്സില്‍ പറഞ്ഞു: മലയാളം പോലൊരു സാഹിത്യഭാഷ പഠിക്കാന്‍ നിങ്ങളെപ്പോലെ ചെമ്മീന്‍ കഴിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് എങ്ങനെ കഴിയാനാണ്.?'' വീണ്ടും വൈദികശ്രേഷ്ഠന്‍ സ്വയം സമാധാനിപ്പിക്കുന്നു: "ഇതെല്ലാം പരുക്കന്‍ സ്നേഹത്തില്‍നിന്നും - വര്‍ഗീയ വിദ്വേഷത്തില്‍നിന്നല്ല - ഉത്ഭവിക്കുന്നതാണ്.'' (സ്നേഹത്തിന്റെ സ്വാതന്ത്യ്രം- പുറം 46) മുസ്ളിം ഭൂരിപക്ഷപ്രദേശങ്ങളില്‍ ജീവിക്കുന്ന മുസ്ളിങ്ങള്‍ക്ക് ഇത്തരം ദുരനു ഭവങ്ങള്‍ ഉണ്ടാകാനിടയില്ല. അതുകൊണ്ട് മാത്രം ഇരവാദം അപ്രസക്തമാവുന്നില്ല.
ഡോ. എന്‍ എം മുഹമ്മദലി