Showing posts with label ആണവ കരാര്‍. Show all posts
Showing posts with label ആണവ കരാര്‍. Show all posts

28 April, 2011

ജെയ്ത്താപ്പൂര്‍ ആണവ പദ്ധതി ഉപേക്ഷിക്കുക

പുത്തന്‍ ഉദാരവല്‍ക്കരണ സാമ്പത്തികനയം ഊര്‍ജ്ജിതമായി നടപ്പാക്കുന്നതിെന്‍റ ഭാഗമായി, ജനങ്ങളെ ആട്ടിയോടിച്ചിട്ടായാലും വെടിവെച്ചുവീഴ്ത്തിയിട്ടായാലും ശരി, വിദേശ കോര്‍പ്പറേറ്റുകളെ അരിയിട്ടുവാഴിക്കാന്‍ വഴിയൊരുക്കണമെന്ന വാശിയിലാണ് മന്‍മോഹന്‍സിങ് സര്‍ക്കാരും കോണ്‍ഗ്രസും. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ ജെയ്ത്താപ്പൂരില്‍ ഫ്രഞ്ച് ആണവ കമ്പനിയായ അരേവയുടെ ആണവ വൈദ്യുതനിലയം സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളില്‍നിന്ന് അതാണ് വ്യക്തമാകുന്നത്. ഒരു ലക്ഷം കോടി രൂപ ചെലവുചെയ്ത്, 1650 മെഗാവാട്ട് വീതം വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ള ആറ് ആണവ റിയാക്ടറുകള്‍ സ്ഥാപിച്ച് 10,000ത്തോളം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന പ്രതീക്ഷയോടെയാണ് ലൈറ്റ് വാട്ടര്‍ റിയാക്ടറുകളുടെ ഇനത്തില്‍പ്പെട്ട യൂറോപ്യന്‍ സമ്മര്‍ദിത റിയാക്ടറുകള്‍ ജെയ്ത്താപ്പൂരില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ജപ്പാനിലെ ഫുക്കുഷിമയില്‍ ഭൂകമ്പത്തില്‍ പൊട്ടിത്തകര്‍ന്ന അമേരിക്കന്‍ റിയാക്ടറുകളുടെ അതേ മോഡലിലുള്ള ലൈറ്റ്വാട്ടര്‍ റിയാക്ടറുകള്‍, ഭൂകമ്പസാധ്യത ഏറെയുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ സമ്മതിക്കുന്ന രത്നഗിരിയില്‍ സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് ഗവണ്‍മെന്‍റ് വ്യഗ്രതകാണിക്കുന്നത്, ഫുക്കുഷിമ ആണവ നിലയ ദുരന്തത്തില്‍ ലോകമാകെ ഭയചകിതമായി നില്‍ക്കുമ്പോഴാണ് എന്ന് നാം ഓര്‍ക്കണം. ത്രീമൈല്‍ ഐലണ്ടിന്റെയും ചെര്‍ണോബിലിെന്‍റയും ഫുക്കുഷിമയുടെയും പശ്ചാത്തലത്തില്‍ ലോകത്താകെയുള്ള 440ല്‍പരം ആണവ വൈദ്യുതനിലയങ്ങളുടെയും പ്രവര്‍ത്തനം പുനഃപരിശോധനയ്ക്ക് വിധേയമാക്കപ്പെടണം എന്ന മുറവിളി ഉയര്‍ന്നുവരുമ്പോള്‍, അതൊന്നും ചെവിക്കൊള്ളാതെ, വിദേശ കൂറ്റന്‍ കോര്‍പ്പറേറ്റിനെ പ്രീതിപ്പെടുത്താന്‍ വെമ്പല്‍കാണിക്കുന്ന മന്‍മോഹന്‍സിങ്ങിെന്‍റ രാജ്യസ്നേഹം വാഴ്ത്തപ്പെടേണ്ടതുതന്നെയാണ്. മഹാരാഷ്ട്രയില്‍ത്തന്നെ ധാബോളില്‍ എന്‍റോണ്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ കീഴില്‍ നിര്‍മ്മാണമാരംഭിച്ച വൈദ്യുതി നിലയത്തില്‍നിന്ന് ലഭിക്കുന്ന വെദ്യുതി യൂണിറ്റൊന്നിന് 12 രൂപ വിലവരുമെന്നും അത്ര ഉയര്‍ന്ന വിലകൊടുത്ത് അത് വാങ്ങാന്‍ സംസ്ഥാന ഗവണ്‍മെന്‍റിന് കഴിവില്ലെന്നുമുള്ള കാരണത്താലാണ് പത്തുവര്‍ഷം മുമ്പ് അതിെന്‍റ പണി പകുതിയില്‍വെച്ച് നിര്‍ത്തിയത്. സര്‍ക്കാരിന് ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം സംഭവിച്ചതുമാത്രം മിച്ചം. ജെയ്ത്താപ്പൂരില്‍ ആണവനിലയം പണികഴിഞ്ഞ്, പ്രവര്‍ത്തനക്ഷമമായാല്‍ അതുല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റൊന്നിന് 15 രൂപയില്‍ കൂടുതല്‍ ചെലവ് വരുമത്രേ. അതിനേക്കാള്‍ എത്രയോ കുറഞ്ഞ ചെലവുമാത്രം വരുന്ന ജലവൈദ്യുതി പദ്ധതികളേയും താപവൈദ്യുതി പദ്ധതികളെയും മറ്റും മാറ്റിവെച്ച്, ആണവ വൈദ്യുതിയുടെ പിറകേ മന്‍മോഹന്‍സിങ് പറക്കുന്നതെന്തിനാണ്? ഫ്രഞ്ച് അരേവാ കമ്പനിയുടെ യൂറോപ്യന്‍ സമ്മര്‍ദ്ദിത മോഡലിലുള്ള റിയാക്ടര്‍ ലോകത്തില്‍ മറ്റെവിടെയും ഇതിനുമുമ്പ് കമ്മീഷന്‍ ചെയ്തിട്ടില്ല; അതിെന്‍റ പ്രവര്‍ത്തനക്ഷമതയെപ്പറ്റിയോ സുരക്ഷിതത്വത്തെപ്പറ്റിയോ വിശ്വാസ്യതയെപ്പറ്റിയോ അപകട സാദ്ധ്യതയെപ്പറ്റിയോ ലോകത്തിന് യാതൊരു വിവരവുമില്ലആരേവ കമ്പനി നല്‍കുന്ന വാഗ്ദാനങ്ങളല്ലാതെ. ചരക്കിെന്‍റ ഗുണത്തെക്കുറിച്ച് കച്ചവടക്കാരന്‍ നല്‍കുന്ന ഉറപ്പിെന്‍റ അര്‍ഥമേ അതിനുള്ളു. അതാകട്ടെ എവിടെയും പരീക്ഷിക്കപ്പെട്ടിട്ടുമില്ല. എന്നിട്ടും അതി സങ്കീര്‍ണ്ണവും ദുരൂഹവും അനന്തമായ അപകടസാധ്യതയുള്ളതുമായ ആണവ വൈദ്യുതനിലയം സ്ഥാപിക്കാന്‍, സ്ഥലവാസികളെ വെടിവെച്ചുകൊന്നും അടിച്ചോടിച്ചും ഭൂമി ഒഴിപ്പിച്ചെടുക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. മൊത്തം നിര്‍മ്മാണച്ചെലവ്, നിര്‍മ്മാണ കാലതാമസം, യൂണിറ്റൊന്നിനുള്ള വില, ഇന്ധനലഭ്യത, പരിസര മലിനീകരണം, സാങ്കേതിക വിദ്യാ വിജ്ഞാനം, സുരക്ഷിതത്വം, അപകടസാധ്യത, ദീര്‍ഘവീക്ഷണത്തില്‍ നോക്കുമ്പോഴുള്ള ദുരന്തസാധ്യത തുടങ്ങിയ ഘടകങ്ങളൊന്നും നമുക്ക് അനുകൂലമല്ലാതിരിക്കെ, 2000ല്‍പരം കുടുംബങ്ങളെ ആട്ടിയോടിച്ച്, അഞ്ചുഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവനോപാധി മുട്ടിച്ച്, ജെയ്ത്താപ്പൂരില്‍ വിദേശ കോര്‍പ്പറേറ്റിെന്‍റ ആണവ നിലയം സ്ഥാപിക്കാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നിര്‍ത്തിവെയ്ക്കണം. ജനങ്ങളുടെ എതിര്‍പ്പിനെ അടിച്ചമര്‍ത്തിക്കൊണ്ട്, അവരുടെമേല്‍ ദുരന്തത്തിെന്‍റ ഭീതി അടിച്ചേല്‍പ്പിക്കുന്നത് ഒരു ജനാധിപത്യ ഗവണ്‍മെന്‍റിന് ചേര്‍ന്ന നടപടിയല്ല.
കടപ്പാട്: ചിന്ത

26 March, 2011

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

വിക്കിലീക്സ് വെളിപ്പെടുത്തലുകളുടെ സ്ഫോടനശേഷി ടുണീഷ്യയിലും ഈജിപ്തിലും തെളിഞ്ഞതാണ്. ഈ രണ്ട് രാജ്യത്തും ജനകീയപ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിന് തീര്ച്ചയായും രാഷ്ട്രീയവും സാമൂഹ്യവും സാംസ്കാരികവുമായ കാരണങ്ങളുണ്ടായിരുന്നു. എന്നാല്, ജനരോഷം ഉയരാന് രാസത്വരകമായി പ്രവര്ത്തിച്ചത് ഭരണാധികാരികളുടെ അഴിമതിയും സമ്പത്തിന്റെ കുന്നുകൂട്ടലും സംബന്ധിച്ച് വിക്കിലീക്സ് പുറത്തുകൊണ്ടുവന്ന രേഖകളാണ്. ടുണീഷ്യയിലെ സമ്പത്തിന്റെ ഭൂരിഭാഗവും ബിന് അലി കുടുംബത്തിന്റെ അധീനതയിലാണെന്ന് സ്ഥിരീകരിച്ച് അമേരിക്കന് നയതന്ത്രജ്ഞര് വാഷിങ്ടണിലേക്ക് അയച്ച സന്ദേശങ്ങള് വിക്കിലീക്സ് വെളിപ്പെടുത്തി. ഈജിപ്തില് ഹൊസ്നി മുബാറക് കൊള്ളയടിച്ച ഭീമമായ സ്വത്തിന്റെ വിവരങ്ങളും വിക്കിലീക്സ് ജനങ്ങളുടെ മുന്നില് കൊണ്ടുവന്നു. ദാരിദ്ര്യം കൊടികുത്തി വാഴുന്ന രാജ്യങ്ങളില് ഭരണാധികാരികള് നടത്തുന്ന കൊള്ളയും ഇവരുടെ സാമ്രാജ്യത്വദാസ്യവും സ്വാഭാവികമായും ജനങ്ങളെ ചൊടിപ്പിച്ചു. വന്പ്രക്ഷോഭത്തിന്റെ ഫലമായി ഇരുഭരണാധികാരികളും സ്ഥാനഭ്രഷ്ടരാകുകയും ചെയ്തു.

ന്യൂഡല്ഹിയില്നിന്ന് അമേരിക്കന് നയതന്ത്രജ്ഞര് വാഷിങ്ടണിലേക്ക് അയച്ച സന്ദേശങ്ങളിലും നമ്മുടെ രാജ്യത്തെ ഞെട്ടിപ്പിക്കുന്ന അഴിമതിയുടെ വിവരണങ്ങളാണ്. ഒപ്പം ഭരണവര്ഗം നടത്തുന്ന അമേരിക്കന്പ്രീണനത്തിന്റെ ലജ്ജിപ്പിക്കുന്ന കഥകളും. ഇടതുപക്ഷ പാര്ടികള് ചൂണ്ടിക്കാട്ടിവന്ന കാര്യങ്ങള് നൂറുശതമാനവും ശരിയാണെന്ന് ഇതോടെ വ്യക്തമായിരിക്കുന്നു. ആണവകരാര് നടപ്പാക്കാന് മന്മോഹന്സിങ്ങും സോണിയ ഗാന്ധിയും രാഹുലും കാട്ടുന്ന വ്യഗ്രത, ഇടതുപക്ഷം പിന്തുണ പിന്വലിച്ചതിനെത്തുടര്ന്ന് 2008ല് പാര്ലമെന്റില് നടന്ന വിശ്വാസവോട്ട് അതിജീവിക്കാന് എംപിമാരെ വിലയ്ക്കെടുത്തത്, ഇറാന്വാതകപൈപ്പ്ലൈന് പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച മണിശങ്കര് അയ്യരെ പെട്രോളിയംമന്ത്രാലയത്തില്നിന്ന് പുറത്താക്കിയത്- ഇങ്ങനെ മുമ്പ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയപ്രചാരണമെന്ന പേരില് കോണ്ഗ്രസ് നിഷേധിച്ച സര്വസംഗതികളും വസ്തുതയാണെന്ന് തെളിഞ്ഞു.

കേരളരാഷ്ട്രീയത്തില് അമേരിക്കന് ചാരസംഘടന സിഐഎ പുലര്ത്തുന്ന താല്പ്പര്യവും നടത്തിയ ഇടപെടലുകളും ഇടതുപക്ഷം പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നമ്മുടെ പല മാധ്യമങ്ങളും ഇക്കാര്യത്തില് സിപിഐ എം നേതാക്കളെ പരിഹസിക്കാനാണ് മുതിര്ന്നിട്ടുള്ളത്. കേരളത്തില് എന്തു നടന്നാലും അമേരിക്കയ്ക്ക് എന്താണ് പ്രശ്നമെന്നാണ് ഇവര് ചോദിച്ചിരുന്നത്. എന്നാല്, ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലും നടക്കുന്ന കാര്യങ്ങള് അമേരിക്ക സൂക്ഷ്മതയോടെ നിരീക്ഷിച്ചുവരികയാണെന്ന് നയതന്ത്രജ്ഞരുടെ സന്ദേശങ്ങള് വെളിപ്പെടുത്തുന്നു. പത്രറിപ്പോര്ട്ടര്മാര് പ്രവര്ത്തിക്കുന്നതുപോലെയാണ് അമേരിക്കന് ഉദ്യോഗസ്ഥര് ഓരോ സംഭവത്തിലും വാഷിങ്ടണിലേക്ക് റിപ്പോര്ട്ട് നല്കുന്നത്. ഇവിടെ നടക്കുന്ന തെരഞ്ഞെടുപ്പുകള്, രാഷ്ട്രീയപാര്ടികള്, അവരുടെ നയങ്ങള്, നേതാക്കളുടെ വ്യക്തിപരമായ താല്പ്പര്യങ്ങള്-ഇവയെല്ലാം അമേരിക്ക വിലയിരുത്തുന്നു.

പൊതുവെ കോണ്ഗ്രസ് ഭരണത്തോട് അമേരിക്കയ്ക്ക് താല്പ്പര്യമുണ്ടെങ്കിലും അതില്തന്നെ വ്യക്തിപരമായ വിവേചനങ്ങളുണ്ട്. രണ്ടാം യുപിഎ സര്ക്കാരില് പ്രണബ് മുഖര്ജിക്ക് ധനവകുപ്പ് നല്കിയപ്പോള് അമേരിക്കയുടെ നെറ്റി ചുളിഞ്ഞു. ഉദാരവല്ക്കരണത്തിന്റെ തീവ്രഅപ്പോസ്തലനായ ആസൂത്രണ കമീഷന് ഉപാധ്യഷന് മൊണ്ടേക്സിങ് അലുവാലിയക്കോ കോര്പറേറ്റുകളുടെ കളിത്തോഴനായ പി ചിദംബരത്തിനോ ധനമന്ത്രാലയത്തിന്റെ ചുമതല ലഭിക്കണമെന്നാണ് അമേരിക്ക ആഗ്രഹിച്ചത്. എന്നാല്, മുന്നണി രാഷ്ട്രീയത്തിന്റെ സമ്മര്ദങ്ങള് നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രണബ് മുഖര്ജിക്ക് ധനമന്ത്രാലയം നല്കാനാണ് യുപിഎ തീരുമാനിച്ചത്. ഇതില് അസ്വസ്ഥരായ അമേരിക്കന്നേതൃത്വം പ്രണബിന്റെ സമീപനങ്ങളും താല്പ്പര്യങ്ങളും ആരാഞ്ഞ് ന്യൂഡല്ഹി എംബസിയിലേക്ക് അയച്ച സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഇതില് അമേരിക്കന് വിദേശസെക്രട്ടറി ഹിലരി ക്ളിന്റ ഉന്നയിച്ച ഓരോ ചോദ്യവും ഏത് ഇന്ത്യക്കാരനെയും ശരിക്കും പരിഹസിക്കുന്നതാണ്. ഏത് വ്യവസായ-ബിസിനസ് ഗ്രൂപ്പിനോടാണ് പ്രണബ് കൂറ് പുലര്ത്തുന്നതെന്നും അദ്ദേഹത്തിന്റെ നയങ്ങള് ആര്ക്കാണ് ഗുണകരമാവുകയെന്നും ഹിലരി ആരാഞ്ഞു. അടുത്ത ബജറ്റില് പ്രണബ് മുന്ഗണന നല്കാനിടയുള്ള മേഖലകളെക്കുറിച്ച് വിവരം നല്കണമെന്നും ഇന്ത്യയിലെ നയതന്ത്രജ്ഞരോട് ഹിലരി ആവശ്യപ്പെടുകയുണ്ടായി.

ഹിലരിയുടെ ചോദ്യങ്ങള് ഇങ്ങനെ തുടര്ന്നു: തന്റെ പദവിയില് തുടരുന്നതിനെക്കുറിച്ച് അലുവാലിയയുടെ മനോവികാരം എന്താണ്? പ്രത്യേകിച്ച് ഏതെങ്കിലും അജന്ഡ നടപ്പാക്കാന് അദ്ദേഹം ശ്രമിക്കുന്നുണ്ടോ? പ്രധാനമന്ത്രിയുമായി അദ്ദേഹം നല്ല ബന്ധത്തിലാണോ? റിസര്വ് ബാങ്ക് ഗവര്ണര് ഡി വി സുബ്ബറാവുവുമായി പ്രണബ് മുഖര്ജിയുടെ ബന്ധം എങ്ങനെയാണ്? ചിദംബരത്തെ ധനമന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതിനെ സുബ്ബറാവു എങ്ങനെ കാണുന്നു? ഈ മാറ്റം ധനമന്ത്രാലയവും റിസര്വ്ബാങ്കും തമ്മിലുള്ള ബന്ധത്തെ എതു രീതിയില് ബാധിക്കും?

കമല്നാഥിനെ എന്തുകൊണ്ടാണ് വാണിജ്യവകുപ്പില്നിന്ന് ഒഴിവാക്കിയതെന്നും ആനന്ദ്ശര്മയെ ഈ വകുപ്പിലേക്ക് നിയോഗിച്ചത് എന്തിനാണെന്നും ഹിലരി സംശയം ഉന്നയിച്ചു. ശര്മയുടെ പൊതുവീക്ഷണങ്ങള്, ലോകവ്യാപാരസംഘടനയോടുള്ള സമീപനം, പ്രത്യക്ഷവിദേശനിക്ഷേപം സംബന്ധിച്ചുള്ള നിലപാട് എന്നിവയും ആരാഞ്ഞു. പുതിയ സര്ക്കാരിന്റെ പ്രവര്ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സമയത്തിനും വിഭവങ്ങള്ക്കും അനുസൃതമായ വിവരങ്ങള് അറിയിക്കാമെന്നും ഹിലരിക്ക് എംബസിയില്നിന്ന് ഉടന്തന്നെ മറുപടി നല്കി.

ആണവകരാര്വിഷയത്തില് ഇടതുപക്ഷം പിന്തുണ പിന്വലിച്ചതിനെത്തുടര്ന്ന് കോടിക്കണക്കിന് രൂപ ഒഴുക്കിയാണ് മന്മോഹന്സിങ് സര്ക്കാര് അധികാരം നിലനിര്ത്തിയതെന്നും പുറത്തുവന്ന രേഖകള് വ്യക്തമാക്കുന്നു. സോണിയകുടുംബത്തിന്റെ വിശ്വസ്തനായ കോണ്ഗ്രസ് നേതാവ് സതീശ് ശര്മ ഇതുസംബന്ധിച്ച് അമേരിക്കന് നയതന്ത്രജ്ഞനോട് നടത്തിയ സംഭാഷണമാണ് വിക്കിലീക്സ് പുറത്തുകൊണ്ടുവന്നത്. സതീശ്ശര്മയെ ഉദ്ധരിച്ച് അമേരിക്കന് നയതന്ത്രജ്ഞന് സ്റീഫന് വൈറ്റ് വാഷിങ്ടണിലേക്ക് അയച്ച സന്ദേശം വിക്കിലീക്സ് ചോര്ത്തിയതാണ് കുറെക്കാലമായി നിലനില്ക്കുന്ന ആരോപണത്തിന്റെ സ്ഥിരീകരണത്തിന് വഴിയൊരുക്കിയത്. അകാലിദളിന്റെ എട്ടു എംപിമാരെ സ്വാധീനിക്കാന് പ്രധാനമന്ത്രി മന്മോഹന്സിങ്ങും ശ്രമിച്ചു.

എംപിമാരെ വിലയ്ക്കെടുക്കാന് സതീശ് ശര്മയുടെ വീട്ടില് സൂക്ഷിച്ച 60 കോടിയോളം രൂപയുടെ ഒരുഭാഗം അടങ്ങിയ ബാഗുകള് അദ്ദേഹത്തിന്റെ അനുയായി നചികേത കപൂര് അമേരിക്കന് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥനെ കാണിക്കുകയുമുണ്ടായി. പാര്ലമെന്റില് വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് അഞ്ചുദിവസം മുമ്പ്, 2008 ജൂലൈ 16ന് ആയിരുന്നു ഈ സംഭവം. വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യാന് അജിത്സിങ്ങിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദളിന്റെ നാല് എംപിമാര്ക്ക് പത്തുകോടിരൂപ വീതം ഇതിനകം നല്കിയതായും നചികേത കപൂര് അമേരിക്കന് ഉദ്യോഗസ്ഥനോടു പറഞ്ഞു. പണം എത്ര കൊടുക്കാനും തയ്യാറാണെന്നും എംപിമാരുടെ പിന്തുണ ഉറപ്പാക്കുകയെന്നതാണ് പ്രധാനമെന്നും കപൂര് തുടര്ന്നു.

അമേരിക്കന് സ്ഥാനപതികാര്യാലയത്തിലെ രാഷ്ട്രീയവിഭാഗം ചുമതലക്കാരനായ സ്റീഫന് വൈറ്റ് ജൂലൈ 17നുതന്നെ ഇക്കാര്യങ്ങള് വിശദീകരിച്ച് വാഷിങ്ടണിലെ വിദേശവകുപ്പ് ആസ്ഥാനത്തേക്ക് സന്ദേശം അയച്ചു. യുപിഎ സര്ക്കാര് നിലനില്ക്കണമെന്ന കാര്യത്തില് അമേരിക്കന് ഭരണകൂടത്തിനുള്ള വ്യഗ്രതയുടെ തെളിവാണിത്. സ്റീഫന് വൈറ്റ് ജൂലൈ 16ന് സതീശ്ശര്മയെ സന്ദര്ശിച്ചപ്പോഴാണ് സര്ക്കാരിനെ സംരക്ഷിക്കാന് യുപിഎ നേതൃത്വം നടത്തുന്ന ഇടപാടുകളുടെ വിവരം ലഭിച്ചത്. യുപിഎ സര്ക്കാര് നിലനില്ക്കണമെന്ന കാര്യത്തില് അമേരിക്കയും അമേരിക്കയുടെ താല്പ്പര്യം സംരക്ഷിക്കാന് യുപിഎ നേതൃത്വവും പ്രകടിപ്പിക്കുന്ന വ്യഗ്രതയാണ് ഇവിടെ ശ്രദ്ധേയം.
പ്രധാനമന്ത്രിയുടെ വിമാനവും അമേരിക്ക പരിശോധിക്കുന്നു

പ്രധാനമന്ത്രി ഉള്പ്പടെയുള്ള പ്രമുഖര്ക്ക് സഞ്ചരിക്കാന് വാങ്ങിയ ബോയിങ് വിമാനത്തിന്റെ കരാറില് ഏകപക്ഷീയ നിബന്ധനകള് അടിച്ചേല്പ്പിച്ച് അമേരിക്ക ഇന്ത്യയെ വഞ്ചിച്ചു. വിമാനത്തിലെ ആക്രമണ-പ്രതിരോധസംവിധാനം അമേരിക്കന് ഉദ്യോഗസ്ഥര് ഓരോവര്ഷവും ഇവിടെയെത്തി പരിശോധിക്കുമെന്ന വ്യവസ്ഥയാണ് അടിച്ചേല്പ്പിച്ചത്. വിമാനം വാങ്ങാന് ധാരണാപത്രം ഒപ്പിട്ട് മൂന്നുവര്ഷത്തിനുശേഷമാണ് പുതിയ നിബന്ധന എഴുതിച്ചേര്ത്തത്. അമേരിക്കന് ഉദ്യോഗസ്ഥര് ഇന്ത്യയിലെത്തി നടത്തുന്ന പരിശോധന രാഷ്ട്രീയപ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഭയന്ന് മന്മോഹന്സിങ് സര്ക്കാര് ഇത് ചെറുക്കാന് ശ്രമിച്ചതായും ഒടുവില് അമേരിക്കന് സമ്മര്ദത്തിന് വഴങ്ങിയെന്നും വിക്കിലീക്സ് പുറത്തുകൊണ്ടുവന്ന രേഖകള് വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിക്കും സംഘത്തിനും മറ്റും സഞ്ചരിക്കാന് ഇന്ഫ്രാറെഡ് രശ്മികള് ഉപയോഗിച്ചുള്ള ആക്രമണ-പ്രതിരോധ സംവിധാനമുള്ള മൂന്ന് ബോയിങ് 737-7എച്ച്1 (ബിബിജെ) വിമാനം വാങ്ങാന് 2005 സെപ്തംബറിലാണ് മന്ത്രിസഭയുടെ സുരക്ഷാസമിതി അനുമതി നല്കിയത്. അന്ന് ഒപ്പിട്ട ധാരണപത്രത്തില് വിമാനത്തില് വര്ഷംതോറും എന്ഡ്യൂസ് മോണിറ്ററിങ് പരിശോധന നടത്താന് വ്യവസ്ഥ ചെയ്തിരുന്നില്ല. എന്നാല്, മൂന്നുവര്ഷത്തിനുശേഷം, 2008 മേയില് അമേരിക്ക ഈ ധാരണപത്രം ഏകപക്ഷീയമായി തിരുത്തി. യാത്രാമധ്യേ വിമാനം ആക്രമിക്കപ്പെട്ടാല് പ്രതിരോധനടപടി സ്വീകരിക്കാന് പൈലറ്റിനെ അനുവദിക്കുന്ന സംവിധാനത്തിന്റെ പ്രവര്ത്തനം വര്ഷംതോറും പരിശോധിക്കാന് അമേരിക്കയ്ക്ക് അനുമതി നല്കുന്നതാണ് പ്രധാന ഭേദഗതി.

ഇക്കാര്യം പുറത്തുവന്നാല് കനത്ത രാഷ്ട്രീയ തിരിച്ചടി ഉണ്ടാകുമെന്ന് മന്മോഹന്സിങ് സര്ക്കാരിന് ബോധ്യമുണ്ടായിരുന്നു. ഉടന്തന്നെ വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഗെയ്ത്രി കുമാര് അമേരിക്കന് എംബസിയിലെത്തി. ഇദ്ദേഹം അമേരിക്കന് പ്രതിരോധ അണ്ടര് സെക്രട്ടറി ജെയിംസ് ഗ്ളാഡുമായി നടത്തിയ ചര്ച്ചയില് മന്മോഹന്സിങ് സര്ക്കാരിന്റെ ആശങ്ക പങ്കിട്ടു. ഇതേത്തുടര്ന്ന് മെയ് അഞ്ചിന് അമേരിക്കന് എംബസിയില്നിന്ന് വാഷിങ്ടണിലേക്ക് പോയ സന്ദേശത്തില് പറയുന്നു: "ബോയിങ് വിമാനത്തിലെ പ്രതിരോധസംവിധാനം പുനഃപരിശോധിക്കാനുള്ള കരാര്ഭേദഗതിയില് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു. കരാറില് സാമ്പത്തികവും സാങ്കേതികവുമായ ചില മാറ്റങ്ങള് വരുത്താന് ഇന്ത്യ സന്നദ്ധമാണ്. പക്ഷേ, എന്ഡ്യൂസ് മോണിറ്ററിങ് പരിശോധനയ്ക്ക് അവസരം നല്കുന്ന ഭേദഗതി പ്രശ്നങ്ങള് സൃഷ്ടിക്കുമെന്ന് അവര് കരുതുന്നു.'' പ്രതിപക്ഷം സര്ക്കാരിനെതിരെ പ്രചാരണം നടത്തുമെന്ന ആശങ്കയാണ് കോണ്ഗ്രസ് നേതൃത്വത്തെ അലട്ടിയത്. രാജ്യതാല്പ്പര്യം അവര്ക്ക് പ്രശ്നമായിരുന്നില്ല.

മന്മോഹന്സിങ് സര്ക്കാരിന്റെ ആശങ്ക പരിഹരിക്കാന് അമേരിക്ക കണ്ടെത്തിയ വഴി 'പരിശോധന' എന്നതിനുപകരം 'അവലോകനം' എന്ന് കരാറില് വാക്ക് മാറ്റുകയായിരുന്നു. രാഷ്ട്രീയ സ്ഫോടനത്തിന് ഇടവരുത്തുന്ന പ്രശ്നം ഇത്തരത്തില് പരിഹരിക്കാന് കഴിഞ്ഞതായി ദേശീയസുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന് ആശ്വാസം പ്രകടിപ്പിച്ചതായും അമേരിക്കന് നയതന്ത്രരേഖകള് വെളിപ്പെടുത്തുന്നു. മെയ് 29ന് എംബസിയില്നിന്ന് വാഷിങ്ടണിലേക്ക് അയച്ച സന്ദേശത്തിലാണ് നാരായണന്റെ ആശ്വാസപ്രകടനം വിവരിക്കുന്നത്: "സ്ഥലത്തെത്തിയുള്ള പരിശോധന എന്നതിനുപകരം സ്ഥലത്തെത്തിയുള്ള അവലോകനം എന്ന തരത്തില് കരാറിലെ വാക്കുകള് മാറ്റി പ്രശ്നം തീര്ത്തതില് എം കെ നാരായണന് അഭിനന്ദനം അറിയിച്ചു. രാഷ്ട്രീയമായ പ്രതികരണം ഭയന്നാണ് ഇന്ത്യ സര്ക്കാര് ഇത്തരത്തില് പെരുമാറുന്നത്''.

അതേസമയം, കരാറിലെ വ്യവസ്ഥകള് രഹസ്യമായി സൂക്ഷിക്കാന് ഇരുകൂട്ടരും തീരുമാനിച്ചു. ഇക്കാര്യത്തില് അമേരിക്കന് സ്ഥാനപതി ഡേവിഡ് മുള്ഫോര്ഡും എം കെ നാരായണനും തമ്മില് നടത്തിയ ചര്ച്ചകളുടെ വിശദാംശങ്ങളും വിക്കിലീക്സ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
--സാജന്‍ എവുജിന്‍--

23 September, 2009

ആണവായുധ പരീക്ഷണവും വിവാദങ്ങളും

ഇന്ത്യയുടെ 1998ലെ ആണവായുധ പരീക്ഷണത്തില്‍ പങ്കെടുത്ത പ്രമുഖ ശാസ്ത്രജ്ഞന്മാര്‍ തീകൊളുത്തിയ വിവാദം ഇന്ത്യയിലെ രാഷ്ട്രീയരംഗത്തും ശാസ്ത്രരംഗത്തുമുള്ളവരെയാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.

ആണവായുധ പരീക്ഷണത്തെ "പാഴ്വേല''യായി വിശേഷിപ്പിച്ച കെ. സന്താനം ആണവായുധ പരീക്ഷണത്തെക്കുറിച്ചുള്ള ഔദ്യോഗിക അവകാശവാദത്തെ വെല്ലുവിളിക്കുക മാത്രമല്ല, ഇന്ത്യയുടെ ആണവ സിദ്ധാന്തത്തെ സംബന്ധിച്ച് വിമര്‍ശനപരമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു. ആണവായുധ പരീക്ഷണങ്ങള്‍ക്ക് സ്വമേധയാ ഏര്‍പ്പെടുത്തിയ മൊറട്ടോറിയം, സമഗ്ര ആണവായുധ പരീക്ഷണ നിരോധന കരാറി (സിടിബിടി) നോടുള്ള ഇന്ത്യയുടെ മമത, ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന അമേരിക്കയുമായുള്ള സിവിലിയന്‍ ആണവ സഹകരണ കരാര്‍ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം വിമര്‍ശനങ്ങള്‍ തൊടുത്തുവിടുന്നു.

"ഭൂചലനവുമായി ബന്ധപ്പെട്ട അളവുകളുടെയും വിദഗ്ധന്മാരുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ 1998 മെയ് മാസത്തില്‍ പൊഖ്റാനില്‍ നടത്തിയ ആണവായുധ പരീക്ഷണം വളരെ കുറഞ്ഞ നിലവാരത്തിലുള്ളതായിരുന്നു എന്നാണ് ആഗസ്റ്റ് 27ന് സന്താനം പറഞ്ഞത്. ആണവ ഭാഷാശൈലിപ്രകാരം അണുസ്ഫോടനം നിശ്ചിതഫലം പ്രദാനംചെയ്യുന്നതില്‍ പരാജയപ്പെടുമ്പോഴാണ് അതിനെ ഒരു "പാഴ്വേല'' (fizzle) എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ത്യ ഇനിയും കൂടുതല്‍ അണു ആയുധ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് തറപ്പിച്ചുപറയുന്ന സന്താനം, സിടിബിടിയില്‍ ഒപ്പിടുന്നതിന് ഇന്ത്യക്കുമേല്‍ വരുന്ന സമ്മര്‍ദ്ദങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുന്നു.

സന്താനത്തിന്റെ പ്രസ്താവന ശാസ്ത്രലോകത്തെ ഭിന്നിപ്പിച്ചിരിക്കുകയാണ്; രാഷ്ട്രീയ സംവിധാനത്തെയാകെ ഞെട്ടിപ്പിച്ചിരിക്കുകയുമാണ്. എന്നാല്‍ ഇത് തികച്ചും പുതിയൊരു സംഭവവികാസമല്ല. 1998ലെ അണു ആയുധ പരീക്ഷണങ്ങളുടെ ഫലത്തെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങള്‍ ഇന്ത്യയിലെയും വിദേശങ്ങളിലെയും ശാസ്ത്രലോകത്ത് അത് നടത്തി ഒരാഴ്ചയ്ക്കകംതന്നെ ആരംഭിച്ചിരുന്നു.

അന്നത്തെ ഹൈഡ്രജന്‍ ബോംബ് 43 കിലോ ടണ്‍ ടിഎന്‍ടിയുടെ സ്ഫോടകശേഷി കൈവരിച്ചതായാണ് ഔദ്യോഗികമായ അവകാശവാദം. "അണുപ്രസരണം കുറയ്ക്കുന്നതിനും അയല്‍ ഗ്രാമങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുമായി താരതമ്യേന കുറഞ്ഞ സ്ഫോടനശേഷി ലഭിക്കുന്ന തരത്തില്‍ ബോധപൂര്‍വം കൈകാര്യം ചെയ്യുകയായുണ്ടായത്'' എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. അണുപരീക്ഷണത്തിനുശേഷം നടത്തിയ ആദ്യത്തെ പത്രസമ്മേളനത്തില്‍, ആണവോര്‍ജ ഏജന്‍സിയുടെ തലവനായിരുന്ന ആര്‍ ചിദംബരവും പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ ഡയറക്ടര്‍ ജനറലായിരുന്ന എപിജെ അബ്ദുള്‍കലാമും ഉള്‍പ്പെടെയുള്ള, ആണവായുധ പരീക്ഷണത്തിന് നേതൃത്വം നല്‍കിയ പ്രമുഖ ശാസ്ത്രജ്ഞര്‍ തറപ്പിച്ചുപറഞ്ഞത് ആയുധവല്‍ക്കരണം സമ്പൂര്‍ണ്ണമായെന്നാണ്.

ആ പത്രസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഒരാളായിരുന്നു കെ സന്താനം. അദ്ദേഹം അന്ന് ഡിആര്‍ഡിഒയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. അണു ആയുധ പരീക്ഷണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ചയാളാണ് അദ്ദേഹം.

ഇന്ത്യയിലും വിദേശങ്ങളിലും ഈ അവകാശവാദങ്ങള്‍ വെല്ലുവിളിക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍, ശാസ്ത്രലോകം പൊതുവെ ഔദ്യോഗികനയത്തെ അംഗീകരിച്ചെങ്കിലും ആണവോര്‍ജകമ്മീഷന്റെ മുന്‍ ഡയറക്ടറായ പി കെ അയ്യങ്കാര്‍ ഉള്‍പ്പെടെയുള്ള ചില പ്രമുഖ ശാസ്ത്രജ്ഞര്‍ ഗൌരവതരമായ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. വിദേശങ്ങളിലെ വിശകലനവിദഗ്ധര്‍ ഇന്ത്യയുടെ അവകാശവാദങ്ങളെ അന്നുതന്നെ വെല്ലുവിളിച്ചിരുന്നതായും ആ അണുആയുധസ്ഫോടനം 12 മുതല്‍ 25 വരെ കിലോ ടണ്‍ നിലവാരത്തിലേ എത്തിയിരുന്നുള്ളു എന്ന് സീസ്മോഗ്രാഫിക് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അഭിപ്രായപ്പെട്ടിരുന്നതായും അന്താരാഷ്ട്ര ആണവായുധ സമൂഹത്തില്‍ ആ കാലത്തുനടന്ന സാങ്കേതിക സംവാദങ്ങള്‍ ശ്രദ്ധിച്ചിട്ടുള്ളവര്‍ ഓര്‍മ്മിക്കുന്നുണ്ടാവും.

"ശക്തികൂടിയ അണുവിഭജന''ആയുധം ആയിരുന്നു ശക്തി ക എന്നും അതിനെ ഹൈഡ്രജന്‍ ബോംബെന്ന് വിശേഷിപ്പിക്കാന്‍ പറ്റില്ലെന്നുമാണ് ചിലര്‍ സൂചിപ്പിച്ചത്. ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റിന്റെ വെബ്സൈറ്റില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു-

"ഹൈഡ്രജന്‍ ബോംബ് പരീക്ഷണം എന്ന് വിളിക്കപ്പെടുന്നതിന്റെ സ്ഫോടനശേഷി 12-25 കിലോ ടണ്‍ നിലവാരത്തില്‍ മാത്രമേ എത്തിയിരുന്നുള്ളുവെന്നും 43 കിലോ ടണ്‍ എന്ന ഇന്ത്യയുടെ അവകാശവാദം ശരിയല്ലെന്നുമാണ് ഭൂചലനം സംബന്ധിച്ച ഡാറ്റകളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ വിദഗ്ധന്മാരും സ്വതന്ത്രരായ മറ്റു വിദഗ്ധന്മാരും എത്തിച്ചേര്‍ന്ന നിഗമനം. ഈ താഴ്ന്ന നിലവാരമാണ് ഹൈഡ്രജന്‍ ബോംബ് സ്ഫോടനം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്നത്''.

ഇന്ത്യയുടെ രണ്ട് ഘട്ടങ്ങളുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന്റെ രണ്ടാംഘട്ടം ഉദ്ദേശിച്ച ഫലം നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മൂര്‍ നാഷണല്‍ ലബോറട്ടറിയുടെ ഇസഡ് ഡിവിഷനിലെ ശാസ്ത്രജ്ഞര്‍ നിഗമനത്തിലെത്തിയതായാണ് അന്താരാഷ്ട്ര ആണവ വ്യവസായത്തിന്റെ വാണിജ്യ പ്രസിദ്ധീകരണമായ "ന്യൂക്ളിയോണിക്സ് വീക്കി''ന്റെ 1998 നവംബര്‍ ലക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗിക ഡാറ്റകളുടെ അടിസ്ഥാനത്തില്‍ വിദേശ ആണവ ആയുധ പരിപാടികളിലെ പുരോഗതി വിലയിരുത്താന്‍ ബാധ്യതപ്പെട്ട നിരീക്ഷണ സംവിധാനമാണ് കാലിഫോര്‍ണിയയിലെ ഈ സ്ഥാപനം.

ചിദംബരവും കൂട്ടരും തങ്ങളുടെ അവകാശവാദം ആവര്‍ത്തിച്ചു. അതിനെ അല്‍പംകൂടി വിപുലപ്പെടുത്തുകപോലുമുണ്ടായി. 1999 ഫെബ്രുവരിയില്‍ ഇന്ത്യന്‍ ശാസ്ത്ര സാഹിത്യകാരന്മാരുടെ അസോസിയേഷനുവേണ്ടി നടത്തിയ രണ്ടുമണിക്കൂര്‍ നീണ്ട വിശദീകരണത്തിനിടയില്‍ ഇന്ത്യയുടെ അണുവായുധ പരീക്ഷണങ്ങളുടെ "അന്യൂന''മായ അവസ്ഥയെക്കുറിച്ചും ഈ രാജ്യത്തിന്റെ "ഉന്നത സാങ്കേതിക വിദ്യയിലുള്ള മികവി''നെക്കുറിച്ചുമെല്ലാം ചിദംബരം ഒട്ടേറെ അവകാശവാദങ്ങള്‍ നടത്തി. ആണവായുധത്തിന് ഏറ്റവും അനുയോജ്യമായ രൂപമാതൃക സ്വായത്തമാക്കല്‍, കൈവരിക്കേണ്ട പ്രത്യേക നേട്ടത്തെക്കുറിച്ചുള്ള കണക്കുകൂട്ടല്‍, റേഡിയോ ആക്ടീവതമൂലമുള്ള മലിനീകരണം അല്‍പവും ഉണ്ടാവില്ല എന്ന് ഉറപ്പാക്കല്‍ - ഈ മൂന്നു കാര്യങ്ങളിലും "കൃത്യത'' കൈവരിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

"കൃത്യത''യെയും മികവിനെയും സംബന്ധിച്ച ഈ അവകാശവാദമാണ് ഇപ്പോള്‍ കടുത്ത വെല്ലുവിളി നേരിടുന്നത്. ഈ അവകാശവാദം തികച്ചും പൊള്ളയല്ലെങ്കില്‍പോലും സംശയാസ്പദമാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ആറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ എ ഗോപാലകൃഷ്ണനെയും പി കെ അയ്യങ്കാറെയുംപോലെയുള്ള പ്രശസ്തരും പ്രഗത്ഭരുമായ ശാസ്ത്രജ്ഞന്മാര്‍ സന്താനത്തിന്റെ വിമര്‍ശനത്തോട് യോജിപ്പുള്ളവരാണ്. 1998ല്‍ ഇന്ത്യ പരീക്ഷിച്ച ഹൈഡ്രജന്‍ ബോംബ് ഉദ്ദേശിച്ചതുപോലെ പ്രവര്‍ത്തിച്ചില്ലെന്നും പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്നുമാണ് അവര്‍ ചൂണ്ടിക്കാണിച്ചത്.

അതിന്റെ രൂപ മാതൃകയിലോ കാര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ രീതിയിലോ എന്തോ ചില പിശക് സംഭവിച്ചതായാണ് അവര്‍ വാദിക്കുന്നത്. അതുകൊണ്ട് ഇനിയും പരീക്ഷണങ്ങള്‍ ആവശ്യമാണോ എന്ന് തീരുമാനിക്കുന്നതിന് ഈ കാര്യങ്ങളെല്ലാം പുന:പരിശോധിക്കേണ്ടതുണ്ട്; അതിന് കൂടുതല്‍ "മികവുറ്റ'' രൂപമാതൃക ഉണ്ടാക്കേണ്ടതും ആവശ്യമാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ സംബന്ധിച്ചിടത്തോളം, മുന്‍ പ്രസിഡന്റ് അബ്ദുള്‍ കലാം അന്തിമ തീര്‍പ്പ് കല്‍പിച്ചതോടെ വിവാദങ്ങളെല്ലാം കെട്ടടങ്ങിയതായാണ് വിശ്വസിക്കുന്നത്. പരീക്ഷണങ്ങള്‍ നടത്തിയ കാലത്ത് ഡിആര്‍ഡിഒയില്‍ തന്റെ കീഴ് ഉദ്യോഗസ്ഥനായിരുന്ന സന്താനത്തിന്റെ അവകാശവാദങ്ങളെ കലാം തള്ളിക്കളഞ്ഞു.

ഈ വിഷയത്തില്‍ ഏറ്റവും ആധികാരിക വ്യക്തിത്വമായി കരുതപ്പെടുന്ന കലാമിന്റെ യോഗ്യതയെത്തന്നെ ആണവോര്‍ജ്ജ കമ്മീഷന്റെ മറ്റൊരു മുന്‍ ചെയര്‍മാനായ ഹോമി സേത്ന ഉള്‍പ്പെടെയുള്ള പല ശാസ്ത്രജ്ഞന്മാരും ചോദ്യംചെയ്യുകയാണ്. സേത്ന ആയിരുന്നു 1974ലെ ആദ്യത്തെ ആണവായുധ പരീക്ഷണത്തിന്റെ മാര്‍ഗദര്‍ശി.

പിന്നീട് ഇന്ത്യയുടെ പ്രസിഡന്റായി തീര്‍ന്ന കലാം അണുപരീക്ഷണം കഴിഞ്ഞയുടനെ നടത്തിയ ഏറ്റവും പ്രധാനമായ പ്രസ്താവന ശാസ്ത്രീയമായതായിരുന്നില്ല; അത് വെറും രാഷ്ട്രീയമായിരുന്നു. "പൌരാണിക ഹിന്ദു സംസ്കാരത്തെ നിരന്തരം ചവിട്ടിമെതിച്ചുകൊണ്ടിരുന്ന വിദേശ ആക്രമണരങ്ങളില്‍നിന്നും ആണവായുധങ്ങളുള്ള ഇന്ത്യ'' എങ്ങനെ വിമുക്തമാക്കപ്പെടും എന്ന് അദ്ദേഹം വ്യക്തമാക്കി. ആ സമയത്ത് അധികാരത്തിലിരുന്ന ഭാരതീയ ജനതാപാര്‍ടിയുടെ നേതൃത്വത്തിന് കലാം പ്രീയപ്പെട്ടവനായത് ബോംബിനെക്കാള്‍ ഉപരി ഈ പ്രസ്താവനയായിരുന്നു എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ട ഒരു പോയിന്റായിരുന്നു. സന്താനത്തിന്റെ വിമര്‍ശനത്തെ നിരാകരിച്ചുകൊണ്ടുള്ള കലാമിന്റെ പ്രസ്താവന ഒരു രാഷ്ട്രീയക്കാരന്റേതായിരുന്നുവെന്ന് സെത്ന ഓര്‍മ്മിപ്പിക്കുകയുണ്ടായി.

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളിലൂടെ ഈ വിവാദം നമ്മുടെ രാഷ്ട്രീയ അധികാരകേന്ദ്രങ്ങളെ എത്രത്തോളം ഉലച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. സന്താനത്തിന്റെ പ്രസ്താവനയില്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി പറയുന്നതിനുപകരം നാരായണന്‍ അദ്ദേഹത്തെ "വെറുമൊരു കഥയില്ലാത്തവനാ''യി പുച്ഛിച്ചുതള്ളുകയാണുണ്ടായത്.

പാശ്ചാത്യ വിശകലനവിദഗ്ധര്‍ പൊഖ്റാന്‍ കക പരീക്ഷണത്തെ ചോദ്യംചെയ്യുന്നത്, ഒരു ആണവായുധശക്തിയായി പ്രത്യേകിച്ചും അണുസംയോജന പ്രയോഗം ആര്‍ജ്ജിച്ച രാജ്യമായി നമ്മെ അംഗീകരിക്കാന്‍ അവര്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണെന്നാണ് എം കെ നാരായണന്‍ പറഞ്ഞത്. നല്ല പെരുമാറ്റത്തോടുകൂടിയ യഥാര്‍ത്ഥ ആണവായുധരാഷ്ട്രമെന്ന നിലയില്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ള്യു ബുഷില്‍നിന്നും ഇന്ത്യക്ക് ഒരു സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ചെലവഴിച്ച സമയവും ഊര്‍ജ്ജവും എത്രയെന്ന് നാരായണന് നന്നായി അറിയാവുന്നതാണ്.

പുന:സൃഷ്ടിക്കല്‍ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നായിരുന്നു അണു ആയുധ പരീക്ഷണകാലത്ത് ചിദംബരത്തിന്റെയും കൂട്ടരുടെയും മറ്റൊരു അവകാശവാദം. മെയ് 16ന് അവര്‍ നടത്തിയ പ്രസ്താവനയില്‍ ഇതിനെക്കുറിച്ചും വ്യക്തത വന്നിട്ടില്ലാത്ത മറ്റു പരീക്ഷണങ്ങളെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. പുന:സൃഷ്ടിക്കല്‍ സാങ്കേതികവിദ്യയിലുള്ള അമിതമായ ഈ ആത്മവിശ്വാസമായിരുന്നു തുടര്‍ന്ന് അണുവായുധ പരീക്ഷണമൊന്നും ആവശ്യമില്ലെന്ന് അവര്‍ അവകാശപ്പെട്ടതിന്റെയും കാരണം. ഈ അവകാശവാദവും ആ കാലത്തുതന്നെ വിവാദമായിരുന്നു. പെസഫിക് സമുദ്രത്തില്‍ ഇരുന്നൂറോളം പരീക്ഷണങ്ങള്‍ നടത്തിയിട്ടും ഫ്രാന്‍സിന് പുന:സൃഷ്ടിക്കല്‍ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ കഴിഞ്ഞില്ല.

സിടിബിടിക്ക് ഫ്രാന്‍സിന്റെ പിന്തുണ ഉറപ്പാക്കാന്‍ അവര്‍ക്കുവേണ്ട സാങ്കേതിക സഹായം പ്രദാനംചെയ്യാനും ആണവായുധങ്ങളുടെ ആധികാരികത നിലനിര്‍ത്താന്‍ കമ്പ്യൂട്ടര്‍ സിമുലേഷന്‍ പരിപോഷിപ്പിക്കാനും അമേരിക്കന്‍ ആണവായുധ ലബോറട്ടറികളുമായി സഹകരണത്തിനും അമേരിക്ക ഫ്രാന്‍സുമായി രഹസ്യധാരണയുണ്ടാക്കിയിരുന്നു. ആണവായുധ പരീക്ഷണങ്ങള്‍ കഴിഞ്ഞയുടന്‍തന്നെ ഇന്ത്യയും ഇതേ സഹായം ലഭിക്കുന്നതിന് അമേരിക്കയെ സമീപിച്ചിരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ആണവായുധ ഇതര രാഷ്ട്രത്തിന് ഇത്തരം ഒരു സഹായം പ്രദാനംചെയ്യുന്നത് നോണ്‍ പ്രോലിഫെറേഷന്‍ ട്രീറ്റിയുടെ നഗ്നമായ ലംഘനമാകും എന്നതിനാല്‍ വാഷിങ്ടണ്‍ ഇത് ചെവിക്കൊണ്ടില്ല. ഇനിയും ഏറെ ആണവായുധ പരീക്ഷണങ്ങള്‍ നടത്താതെ സാധുതയുള്ള ഒരു കമ്പ്യൂട്ടര്‍ സിമുലേഷന്‍ മാതൃക നിര്‍മ്മിക്കാന്‍ കഴിയില്ലെന്നാണ്, 1998ലെ പരീക്ഷണം പരാജയമായിരുന്നുവെന്ന് ഇപ്പോള്‍ പറയുന്ന, ശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കുന്നത്.

സൈദ്ധാന്തികമായ ശൂന്യതയിലായിരുന്നു ആണവ പരീക്ഷണം നടപ്പാക്കിയത്. പരീക്ഷണങ്ങള്‍ക്ക് മാര്‍ഗദര്‍ശിയായി ഒരു സിദ്ധാന്തമോ പരീക്ഷണങ്ങള്‍ക്കുശേഷം ഇന്ത്യയുടെ ആണവ സിദ്ധാന്തം എന്തായിരിക്കണമെന്നതിനെ സംബന്ധിച്ച ഒരു സമവായമോ ഉണ്ടായില്ല. "നമ്മുടെ ആണവ സിദ്ധാന്തം നാം ഇപ്പോള്‍ പ്രഖ്യാപിക്കുകയാണ്'' എന്നാണ് 1998 ആഗസ്റ്റ് 4ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പാര്‍ലമെന്റില്‍ പ്രസ്താവിച്ചത് "ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിക്കുകയെന്ന അടിസ്ഥാനത്തില്‍, നാം ആദ്യം ഉപയോഗിക്കില്ല'' എന്നതായിരിക്കും ഇന്ത്യയുടെ ആണവസിദ്ധാന്തം എന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ഒരു വര്‍ഷത്തിനുശേഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍, പുതുതായി രൂപീകരിച്ച ദേശീയ സുരക്ഷാ ഉപദേശകബോര്‍ഡ് നിര്‍ദ്ദേശിച്ച കരട് ആണവ സിദ്ധാന്തം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഈ വിലപ്പെട്ട ആധികാരിക രേഖയെക്കുറിച്ച് പിന്നീട് ദീര്‍ഘകാലം ഒന്നുംതന്നെ കേട്ടിരുന്നില്ല. എന്നാല്‍ അമേരിക്കയിലെ മുന്‍ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി സ്ട്രോബ് താല്‍ബോട്ടുമായുള്ള തന്റെ കൂടിയാലോചനകളില്‍ അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന ജസ്വന്ത്സിങ് ഈ രേഖ "അനൌദ്യോഗികം'' എന്നുപറഞ്ഞ് നിരാകരിച്ചിരുന്നതായാണ് പിന്നീട് മനസ്സിലായത്.

വളരെക്കാലം ആണവ സിദ്ധാന്തത്തെ സംബന്ധിച്ച് അക്ഷരാര്‍ത്ഥത്തില്‍ മൌനം പാലിച്ചതിനുശേഷം 2003 ജനുവരി 4ന് സര്‍ക്കാര്‍ ഒരു പത്രക്കുറിപ്പ് പുറത്തിറക്കി.

"വിശ്വസനീയമായ മിനിമം പ്രതിരോധം കെട്ടിപ്പടുക്കുന്നതിനെയും നിലനിര്‍ത്തുന്നതിനെയും'' സംബന്ധിച്ചും "ആദ്യം ഉപയോഗിക്കില്ല എന്ന നിലപാടി''നെക്കുറിച്ചും പത്രക്കുറിപ്പില്‍ പറയുന്നു. "ഒരു ആണവ ആക്രമണമുണ്ടായാല്‍ പരിഹരിക്കാനാവാത്തവിധം കനത്ത നാശനഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതും സര്‍വ സ്പര്‍ശിയുമായിരിക്കും രണ്ടാം ആക്രമണശേഷി'' എന്നും ആ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. ആ പ്രാമാണിക രേഖയില്‍ ഇങ്ങനെ പറയുന്നു'' ഇന്ത്യന്‍ ആണവ ആയുധങ്ങളുടെ അടിസ്ഥാനപരമായ ലക്ഷ്യം ഇന്ത്യയ്ക്കെതിരെയും മറ്റെവിടെയെങ്കിലും നിലയുറപ്പിച്ചിട്ടുള്ള ഇന്ത്യന്‍ സേനയ്ക്കെതിരെയും ഏതെങ്കിലും രാഷ്ട്രം ആണവായുധങ്ങള്‍ ഉപയോഗിക്കുകയോ ഉപയോഗിച്ചേക്കാമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ അതിനെ പ്രതിരോധിക്കുകയെന്നതാണ്.''

വിശ്വസനീയമായ രണ്ടാം ആക്രമണശേഷിക്കും ഏതു രാജ്യത്തെയും ശിക്ഷിക്കുന്നതിനായി തിരിച്ചടിക്കുന്നതിനും ആവശ്യമായ മിനിമം പ്രതിരോധം എന്തായിരിക്കും? ഈ രാഷ്ട്രങ്ങളുടെയും സംഘടനകളുടെയും കൂട്ടത്തില്‍ അമേരിക്കയും ഉത്തര അറ്റ്ലാന്റിക് സഖ്യവും ഉള്‍പ്പെടുമോ?

ഏറ്റവും പ്രധാനപ്പെട്ട സംഗതി, "ഇന്ത്യക്കും മറ്റെവിടെയെങ്കിലും നിലയുറപ്പിച്ചിട്ടുള്ള ഇന്ത്യന്‍ സേനയ്ക്കും എതിരായ "ആക്രമണത്തെക്കുറിച്ച് ആ രേഖയില്‍ പറയുന്നു. കൂടുതല്‍ അണു ആയുധ പരീക്ഷണങ്ങള്‍ക്കായി വാദിക്കുന്നവര്‍ സിദ്ധാന്തവും ആയുധവല്‍ക്കരണവും തമ്മില്‍ ഒരു പൊരുത്തക്കേട് കാണുന്നു. പ്രതിരോധത്തിനുവേണ്ടി ഒരു കൂട്ടം ആണവായുധങ്ങള്‍ ഇന്ത്യക്ക് ആവശ്യമുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. ഇന്നേവരെ പ്രതിരോധാവശ്യത്തിന് ഏറ്റവും കുറഞ്ഞത് എന്തെല്ലാമാണ് ആവശ്യമായിട്ടുള്ളത് എന്നതിനെക്കുറിച്ച് പൊതുമണ്ഡലത്തില്‍ പരിമിതമായ ഒരു ചര്‍ച്ചയ്ക്കുപോലും നീക്കം നടന്നിട്ടില്ല.

ബരാക്ക് ഒബാമ സര്‍ക്കാരില്‍നിന്നും സിടിബിടിയില്‍ ഒപ്പിടാന്‍ ഇന്ത്യാ ഗവണ്‍മെന്റിനുമേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാകുന്നതിനാല്‍ ഇന്ത്യാ ഗവണ്‍മെന്റ് വഴിതെറ്റിപ്പോകുന്നത് തടയുകയെന്നതാണ് തന്റെ പ്രസ്താവനയുടെ ലക്ഷ്യം എന്ന് സന്താനം വ്യക്തമാക്കിയിട്ടുണ്ട്. ആണവ പരീക്ഷണം നടത്തിയ സമയംവരെ ഇന്ത്യ സിടിബിടിയെ എതിര്‍ത്തിരുന്നു.

ഇന്ത്യയുടെ ആണവനയത്തെ സംബന്ധിച്ച് 1998 മെയ് 27ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രസ്താവനയില്‍, ഇന്ത്യ ഭൂഗര്‍ഭ ആണവ സ്ഫോടനങ്ങള്‍ നടത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും സ്വമേധയായുള്ള മൊറട്ടോറിയം നടപ്പാക്കുമെന്നുമുള്ള ഇന്ത്യയുടെ തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

"പ്രഖ്യാപനത്തിന് നിയമാനുസൃതമുള്ള അംഗീകാരം നല്‍കുന്നതിലേക്ക് നീങ്ങാനും'' അങ്ങനെ സിടിബിടിയിലെ അടിസ്ഥാന ബാധ്യതകള്‍ പിന്‍വാതിലിലൂടെ നിറവേറ്റാനുമുള്ള സന്നദ്ധതയുടെ സൂചനയുമാണത്. പരീക്ഷണംകഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രജേഷ് മിശ്ര പറഞ്ഞത് സിടിബിടിയിലെ ചില വ്യവസ്ഥകള്‍ പാലിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്നാണ്. ബ്രജേഷ് ഇങ്ങനെ തുടര്‍ന്നു-"ശൂന്യതയില്‍നിന്നും ഇത് ചെയ്യാനാവില്ല.''

അമേരിക്കയില്‍നിന്ന് ഇന്ത്യ ചില ആനുകൂല്യങ്ങളാണ് ആഗ്രഹിച്ചിരുന്നത്-പ്രത്യേകിച്ചും ഉന്നത സാങ്കേതികവിദ്യയുടെയും ഉപരോധങ്ങള്‍ നീക്കംചെയ്യുന്നതിന്റെയും കാര്യത്തില്‍. പില്‍ക്കാലത്ത് തന്റെ "ഇന്ത്യയുമായി ഇടപെടല്‍'' എന്ന കൃതിയില്‍ താല്‍ബോട്ട് എഴുതി- "അമേരിക്കയുമായും ആഗോള ആണവ വ്യവസ്ഥിതിയുമായും ഒത്തൊരുമിച്ച് നീങ്ങാന്‍ ഇന്ത്യ തയ്യാറായിരുന്നു; ഒട്ടേറെ ആയുധ നിയന്ത്രണ കരാറുകളില്‍ പങ്കാളിയാകുന്നതിലൂടെയായിരുന്നു ഇത്. "സിടിബിടി''യുടെ അന്തഃസത്തയോട് യഥാര്‍ത്ഥത്തിലുള്ള യോജിപ്പ് ഇന്ത്യ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. ഉപരോധങ്ങള്‍ നീക്കംചെയ്യുന്നതിന് പകരമായി ഇന്ത്യ അടുത്ത നടപടികളിലേക്ക് നീങ്ങും-നമ്മുടെ നിലപാട് ഔപചാരികമായി അംഗീകരിക്കലും കരാര്‍ പൂര്‍ണമായി അംഗീകരിക്കലും.''

അമേരിക്കന്‍ സെനറ്റ് സിടിബിടിക്ക് ഔപചാരികമായി അംഗീകാരം നല്‍കാതെ നിരാകരിച്ചപ്പോള്‍ ഇന്ത്യ സിടിബിടിയില്‍ ഒപ്പിടുന്നതിന് ഏറെക്കുറെ അടുത്തെത്തുകയാണുണ്ടായത്. അമേരിക്കയുമായി കരാര്‍ ഉണ്ടാക്കാന്‍ ജോര്‍ജ് ഡബ്ള്യു ബുഷ് അധികാരം ഒഴിയുന്നതുവരെ ഇന്ത്യ കാത്തുനില്‍ക്കണമായിരുന്നു. ആണവക്കരാറില്‍ സിടിബിടിയില്‍ ഇന്ത്യ ഒപ്പിടുന്നതിനെക്കാള്‍ ഏറെ കാര്യങ്ങള്‍ അന്തര്‍ലീനമായിട്ടുണ്ട്. സ്വയം പ്രഖ്യാപിത മൊറട്ടോറിയം ഭാവിയില്‍ ആണവ പരീക്ഷണങ്ങള്‍ പ്രത്യക്ഷത്തില്‍തന്നെ നിരോധിക്കുന്നതായിട്ടുണ്ട്. അമേരിക്കയുമായുള്ള സിവില്‍ ആണവക്കരാറിന്റെ ഒരു വ്യവസ്ഥതന്നെ അതാണ്.

സിടിബിടിക്ക് സെനറ്റിന്റെ അംഗീകാരം നേടാനുള്ള ശ്രമത്തിലാണ് ഒബാമ സര്‍ക്കാര്‍. അത് ചെയ്തുകഴിഞ്ഞാല്‍ ഇന്ത്യയും സിടിബിടിയില്‍ ഒപ്പിടുന്നതിനായി അമേരിക്കയില്‍നിന്നു മാത്രമല്ല, എന്‍എസ്ജിയിലെ മറ്റ് അംഗരാഷ്ട്രങ്ങളില്‍നിന്നും സമ്മര്‍ദ്ദം ശക്തമാകും.

ആണവ പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയും എന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാടെങ്കിലും പ്രായോഗികമായി ഇന്ത്യക്ക് അതിന് അനുവാദമില്ല. ഇന്ത്യ ആണവ പരീക്ഷണം നടത്തുകയാണെങ്കില്‍ അമേരിക്ക ഇന്ത്യയുമായുള്ള ആണവക്കരാര്‍ റദ്ദുചെയ്യും. കരാര്‍ നടപ്പാക്കിയശേഷം അമേരിക്ക അങ്ങനെ ചെയ്താല്‍ ഇന്ത്യക്ക് ഭീമമായ നഷ്ടത്തിന് അത് ഇടയാക്കും. ആയതിനാല്‍, കൂടുതല്‍ ആണവ പരീക്ഷണങ്ങള്‍ക്കായി വാദിക്കുന്നവര്‍ ഇതാണ് പറ്റിയ സമയം എന്നാണ് പറയുന്നത്.

"വിശ്വസനീയമായ ആണവ പ്രതിരോധം'' ഉണ്ടാക്കുന്നതിന് ഇനിയും കൂടുതല്‍ ആണവ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് വാദിക്കുന്നവരും അമേരിക്കയുമായുള്ള ആണവക്കരാര്‍മൂലം ദുര്‍ബലരാക്കപ്പെട്ട ഔദ്യോഗിക വക്താക്കളും തമ്മിലാണ് ഇപ്പോഴത്തെ സംവാദം. സ്ഫോടകാത്മകമായ ഈ ഉപദ്വീപില്‍ ആണവായുധ പന്തയം നടത്തുന്നതില്‍ കടുത്ത ഉത്ക്കണ്ഠയുള്ളവരുടെ ശബ്ദവും അന്തരീക്ഷത്തില്‍ ഉയര്‍ന്ന് മുഴങ്ങേണ്ടതുണ്ട്.

*
ഡോ. നൈനാന്‍ കോശി

19 March, 2009

മന്‍മോഹന്‍ ‌സിങ്ങും ആണവ ബസ്സും

മന്‍മോഹന്‍ ‌സിങ്ങും ആണവ ബസ്സും

ലോകത്തെമ്പാടും ആണവ നവോത്ഥാനം നടക്കുമ്പോള്‍ ആ ബസില്‍ കയറാതിരിക്കാന്‍ ഇന്ത്യക്ക് കഴിയില്ലെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറയുന്നത്. എന്നാല്‍, ഇന്ന് ആവേശത്തോടെ ആണവ ബസിനെക്കുറിച്ചു പറയുന്ന മന്‍മോഹന്‍സിങ് അത് ഇത്രയും കാലം നമുക്ക് നഷ്ടപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നെന്ന കാര്യം മറക്കാറായിട്ടില്ല. 2020 ആകുമ്പോഴേക്കും 40,000 മെഗാവാട്ട് വൈദ്യുതി ആണവമേഖലയില്‍നിന്ന് ഉണ്ടാക്കണമെന്നാണ് പ്രധാനമന്ത്രി ഇപ്പോള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയില്‍ ഇന്നു പരിമിതമായെങ്കിലും നിലവിലുള്ള ആണവസംരഭങ്ങളെ പിന്നോട്ടടിപ്പിക്കുന്നതില്‍ മന്‍മോഹന്‍സിങ്ങും അദ്ദേഹത്തിന്റെ ഉപദേശകരും വഹിച്ച പങ്കെന്താണെന്ന് പരിശോധിക്കാം. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ പതാക ഇന്ത്യയിലേക്ക് കൊണ്ടുവന്ന മന്‍മോഹന്‍സിങ് പൊതുമേഖലയ്ക്കു പകരം സ്വകാര്യമേഖലയുടെ വളര്‍ച്ചയ്ക്കാണ് പ്രാധാന്യം നല്‍കിയിരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയെന്ന സങ്കല്‍പ്പംതന്നെ ഇന്ത്യയില്‍ അവതരിപ്പിച്ചത് മന്‍മോഹന്‍സിങ്ങായിരുന്നു. സ്വകാര്യമേഖലയോടുള്ള മന്‍മോഹന്‍സിങ്ങിന്റെ ഈ പ്രേമം പൊതുമേഖലയിലുള്ള ആണവ മേഖലയെയും ബാധിച്ചെന്നതാണ് യാഥാര്‍ഥ്യം.

നരസിംഹറാവുവിന്റെ കാലത്താണ് മന്‍‌മോഹന്‍സിങ് അദ്ദേഹത്തിന്റെ കീഴില്‍ ധനമന്ത്രിയായത്. മന്‍മോഹന്‍സിങ്ങിന്റെ എല്‍പിജി(ലിബറലൈസേഷന്‍, പ്രൈവറ്റൈസേഷന്‍, ഗ്ളോബലൈസേഷന്‍) സംഘത്തില്‍പ്പെട്ട മൊണ്ടേക്ക് സിങ് അഹ്‌ലുവാലിയ, 1993 മുതല്‍ '98 വരെ ധനകാര്യ സെക്രട്ടറിയുമായിരുന്നു. (ഇപ്പോള്‍ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനാണ്). ഇക്കാലത്ത് ഇന്ത്യന്‍ ആണവോര്‍ജമേഖല ഏറെ അവഗണിക്കപ്പെടുകയായിരുന്നു. 1999ല്‍ പുറത്തിറക്കിയ സിഎജി റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 2000 ആണ്ടാകുമ്പോഴേക്ക് 10,000 മെഗാവാട്ട് വൈദ്യുതി ആണവമേഖലയില്‍നിന്നു നേടുകയെന്നതായിരുന്നു ആണവോര്‍ജ വകുപ്പിന്റെ (ഡിഎഇ) ലക്ഷ്യം. 1980കളിലാണ് ഈ ലക്ഷ്യമിട്ടത്. എന്നാല്‍, നേടിയതാകട്ടെ 2280 മെഗാവാട്ടും. ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഡിഎഇ ക്ക് കഴിയാതിരുന്നത് സര്‍ക്കാര്‍ ആവശ്യത്തിനു പണം നല്‍കാത്തതു കൊണ്ടാണത്രേ. ഇതു ശരിയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

മന്‍മോഹന്‍സിങ് ധനമന്ത്രിയായി ചാര്‍ജെടുത്ത ആദ്യവര്‍ഷം ഡിഎഇ ക്ക് ആവശ്യമായിരുന്നതും സര്‍ക്കാരിനോട് ആവശ്യപ്പെട്ടതുമായ തുക 1476 കോടി രൂപയായിരുന്നു. എന്നാല്‍, സിങ് അനുവദിച്ചതാകട്ടെ വെറും 130.57 കോടി രൂപയും. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇതുതന്നെ ആവര്‍ത്തിക്കപ്പെട്ടു. അതായത് മന്‍മോഹന്‍സിങ് ധനമന്ത്രിയായിരുന്ന 1991-92 സാമ്പത്തികവര്‍ഷം മുതല്‍ 1995-96 സാമ്പത്തികവര്‍ഷംവരെ ഡിഎഇ മൊത്തം ആവശ്യപ്പെട്ടത് 9,488 കോടി രൂപയായിരുന്നു. 2000 ആണ്ടാകുമ്പോഴേക്ക് 10,000 മെഗാവാട്ട് എന്ന ലക്ഷ്യംനേടാനാണ് ഡിഎഇ ഈ തുക ആവശ്യപ്പെട്ടതെന്ന് പറയാനില്ലല്ലൊ. എന്നാല്‍, മന്‍മോഹന്‍സിങ് എന്ന ധനമന്ത്രി നല്‍കിയതാകട്ടെ വെറും 1097.30 കോടി രൂപ മാത്രം. ആവശ്യപ്പെട്ടതിന്റെ പത്തു ശതമാനം. 1987-88 മുതല്‍ 2000-01 വരെയുള്ള കണക്ക് പരിശോധിച്ചാല്‍ ഈ അവഗണനയുടെ ചിത്രം കൂടുതല്‍ വ്യക്തമാകും. ഈ 14 വര്‍ഷത്തിനിടയില്‍ ഡിഎഇ ആവശ്യപ്പെട്ടത് 16661.50 കോടി രൂപയായിരുന്നു. നല്‍കിയതാകട്ടെ 2617.41 കോടി രൂപയും.

ദീര്‍ഘകാലം ഇന്ത്യന്‍ ആണവ മേഖലയെ പട്ടിണിക്കിട്ട മന്‍മോഹന്‍സിങ്ങും കൂട്ടരുമാണ് ഇപ്പോള്‍ പറയുന്നത് അമേരിക്കയില്‍നിന്ന് മറ്റും ഇറക്കുമതിയിലൂടെ ആണവശേഷി വര്‍ധിപ്പിക്കണമെന്ന്. വേണ്ട സമയത്ത് പണം നല്‍കാതെ പൊതുമേഖലയെ ബോധപൂര്‍വം തകര്‍ക്കുക. അതിനു ശേഷം നല്ല പ്രകടനം കാഴ്ചവയ്ക്കാത്തതിന്റെ കുറ്റം മുഴുവന്‍ ആ പൊതുമേഖലയില്‍ ചുമത്തുക. എന്നിട്ട് സ്വകാര്യവല്‍ക്കരണത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുക. ബഹുരാഷ്ട്രകുത്തകകളെ ക്ഷണിച്ചുകൊണ്ടു വന്ന് അവര്‍ക്ക് സൌജന്യങ്ങള്‍ വാരിക്കോരി നല്‍കി പ്രോല്‍സാഹിപ്പിക്കുക. മന്‍മോഹന്‍സിങ്- അഹ്‌ലുവാലിയ കൂട്ടുകെട്ടിന്റെ പൊതുമിനിമം പരിപാടിയാണ് ഇത്. അമേരിക്കയുമായുള്ള ആണവസഹകരണത്തിന്റെ പിറകിലും ഈ താല്‍പ്പര്യങ്ങള്‍ കാണാം.

ബ്രെട്ടന്‍ വൂഡ് സഹോദരികളുടെ സ്ഥാപനങ്ങളില്‍ പ്രവൃത്തിയെടുത്ത ഇരുവര്‍ക്കും അവരോടുള്ള കൂറു മറക്കാന്‍ കഴിയുന്നില്ലെന്നു വേണം കരുതാന്‍. കാരണം മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായപ്പോള്‍ത്തന്നെ അദ്ദേഹം ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനായി അഹ്‌ലുവാലിയയെ നിയമിച്ചു. തുടര്‍ന്നാണ് ഊര്‍ജമേഖലയിലെ ക്ഷാമം ഉയര്‍ത്തിക്കാട്ടി അമേരിക്കയുമായുള്ള സഹകരണത്തിന് ഇവര്‍ വഴിയൊരുക്കുന്നത്. അമേരിക്കയുടെ പല പ്രസിദ്ധീകരണങ്ങളിലും ഇന്ത്യയുമായുള്ള സഹകരണം ഊര്‍ജമേഖലയിലൂടെ ആയിരിക്കണമെന്ന് കാണാവുന്നതാണ്.

അതെന്തോ ആയിക്കോട്ടെ... ഇന്നിപ്പോള്‍ ആണവോര്‍ജത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് ഇത്രയും വീറോടെ നമ്മുടെ പ്രധാനമന്ത്രിയും കൂട്ടുകാരും പ്രസംഗിക്കുമ്പോള്‍ അതിന്റെ അകവും പുറവും നമ്മളൊന്നു പരിശോധിക്കണ്ടേ?

ശ്രീ പ്രബിര്‍ പുര്‍കായസ്തയുടെ ലേഖനം അത്തരത്തിലൊന്നാണ്.

ആണവോര്‍ജ മാഹാത്മ്യം തെറ്റായ കരാറിനെ ന്യായീകരിക്കാന്‍?

ഇന്ത്യ-യുഎസ് ആണവകരാറിനെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യമെമ്പാടും സംവാദങ്ങള്‍ നടക്കുന്ന ഈ അവസരത്തില്‍ മാത്രമാണ് രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ക്കായി ആണവവൈദ്യുതി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാം ഗൌരവമായി ചര്‍ച്ചചെയ്യുന്നത്. ആണവകരാറിനെ ന്യായീകരിക്കാന്‍ ഗവണ്‍മെന്റും പ്രധാനമന്ത്രിയും ഇന്ത്യയുടെ ഊര്‍ജസുരക്ഷയെക്കുറിച്ച് കണക്കിലേറെ സംസാരിക്കുന്നു. ഇന്ത്യയുടെ ഭാവിക്ക് ആണവോര്‍ജം ഇത്രയും പ്രധാനമാണെങ്കില്‍ ഇതിന്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്താന്‍ ഇതുസംബന്ധിച്ച് ഗൌരവതരമായ സാങ്കേതിക-സാമ്പത്തിക പഠനങ്ങള്‍ ഇതുവരെ എന്തുകൊണ്ട് നടത്തിയില്ല എന്ന ചോദ്യം ന്യായമായും ഉയര്‍ന്നു വരുന്നു.

ഇപ്പോള്‍ നാം 4120 മെഗാവാട്ട് ആണവവൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് നമ്മുടെ മൊത്തം സ്ഥാപിതശേഷിയുടെ കേവലം മൂന്നുശതമാനമാണ്. ആണവമേഖലയില്‍ ഇന്ത്യ നേരിട്ട ഒറ്റപ്പെടലാണ് ഈ മേഖലയില്‍ വളര്‍ച്ച മന്ദീഭവിക്കാനുള്ള ഒരു കാരണം. ഇത് ഒരു ഘടകംമാത്രം. രണ്ടാമത്തെ കാരണം ആണവവൈദ്യുതിയുടെ സാങ്കേതികവും സാമ്പത്തികവുമായ ഘടകങ്ങളാണ്; ആണവോര്‍ജം താരതമ്യേന വിലകൂടിയതാണ്.

ആണവസാങ്കേതികവിദ്യയിലൂടെ എത്രമാത്രം വൈദ്യുതി കൂടുതലായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും, ഇതിന് എന്തു ചെലവുവേണ്ടിവരും. ഇതാണ് മുഖ്യ പ്രശ്നം. ആണവവൈദ്യുതിയുടെ സാങ്കേതിക-സാമ്പത്തിക വശങ്ങള്‍ പിന്നീട് ചര്‍ച്ചചെയ്യാം. എത്രത്തോളം ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് ആദ്യം പരിശോധിക്കാം.

ആണവ ഊര്‍ജത്തിന്റെ അളവും വിലയും

ഊര്‍ജമന്ത്രാലയം കണക്കാക്കുന്നതുപോലെ അടുത്ത പത്തുവര്‍ഷത്തിനകം 1,00,000 മെഗാവാട്ട് വൈദ്യുതി കൂടുതലായി ഉല്‍പ്പാദിപ്പിക്കുകയാണെങ്കില്‍ അതില്‍ ആണവവൈദ്യുതിയുടെ പങ്ക് എത്രയായിരിക്കും? ആസൂത്രണകമീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 2015 ഓടെ 15,000 മെഗാവാട്ടും 2021 ഓടെ 29,000 മെഗാവാട്ടും. ഇറക്കുമതി ചെയ്യാന്‍ പോകുന്ന റിയാക്ടറുകളില്‍നിന്നുള്ള 8000 മെഗാവാട്ട് ഉള്‍പ്പെടെയാണ് ഇത്. ഏറ്റവും ഉയര്‍ന്ന ശുഭപ്രതീക്ഷയനുസരിച്ചാണ് ഈ കണക്കുകളെന്ന് ആസൂത്രണകമീഷന്‍ത്തന്നെ പറയുന്നു. എന്നാല്‍പ്പോലും ആണവവൈദ്യുതി സ്ഥാപിതശേഷിയുടെ ഏഴുശതമാനം മാത്രമേ ആകുന്നുള്ളൂ. ഇപ്പോള്‍ ഗവണ്‍മെന്റ് കൊട്ടിഘോഷിക്കുന്ന, കൂടുതല്‍ ഊതിവീര്‍പ്പിച്ച കണക്കുകള്‍ എടുത്താല്‍- 2020 ഓടെ 40,000 മെഗാവാട്ട്- ഇത് മൊത്തം സ്ഥാപിതശേഷിയുടെ ഒമ്പതുശതമാനമേ വരൂ. 2020 ഓടെ 40,000 മെഗാവാട്ട് എന്ന കണക്കുകൂട്ടലിനു യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല. ഇത്തരമൊരു രീതിയിലുള്ള ആണവവൈദ്യുതോല്‍പ്പാദനത്തിന് വന്‍തോതില്‍ പണം മുടക്കണം. ഏറ്റവും ശുഭപ്രതീക്ഷ ഉയര്‍ത്തിപ്പിടിച്ചാലും ആണവവൈദ്യുതി മൊത്തം സ്ഥാപിതശേഷിയുടെ ചെറിയൊരു ശതമാനമേ ആയിരിക്കൂ. ആണവോര്‍ജമേഖലയില്‍ ഇത്രയും വിപുലമായി പണം മുടക്കിയാല്‍ മറ്റുമേഖലകള്‍ മുരടിച്ചുപോകുകയുംചെയ്യും.

1960കളിലും '70കളിലും ആണവവൈദ്യുതിയെക്കുറിച്ച് ഒട്ടേറെ മതിപ്പുണ്ടായിരുന്നു. '80കളുടെ അവസാനത്തോടെ, ആണവവൈദ്യുതി ചെലവേറിയതാണെന്നു ബോധ്യപ്പെട്ടു. പാശ്ചാത്യനാടുകളില്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കാനുള്ള ചെലവ് പ്രതീക്ഷിച്ചതിലും വര്‍ധിച്ചു; ഇവ നിര്‍മിക്കാനുള്ള സമയവും ദീര്‍ഘിച്ചു. വന്‍തോതില്‍ പ്രകൃതിവാതകം കണ്ടെത്തിയതും താപനിലയങ്ങളുടെ കാര്യക്ഷമത ഉയര്‍ന്നതും ആണവനിലയങ്ങളെ അനാകര്‍ഷകമാക്കി. ആണവനിലയത്തിന്റെ അപകടസാധ്യതകള്‍, അവശിഷ്ടങ്ങള്‍ സംസ്കരിക്കുന്ന പ്രശ്നം എന്നിവ വേറെ.

ഇക്കാര്യത്തില്‍ ഇന്ത്യയുടെ അനുഭവവും വ്യത്യസ്തമല്ല. ആഭ്യന്തര സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ചാല്‍ത്തന്നെ ആണവവൈദ്യുതി 50 ശതമാനം കൂടുതല്‍ ചെലവുവരുന്നതാണ്. നിര്‍മാണകാലഘട്ടം ദൈര്‍ഘ്യമേറിയതായതിനാല്‍ ഇക്കാലമത്രയും മൂലധനം വന്‍തോതില്‍ കെട്ടിക്കിടക്കും. ഓഹരികള്‍ വഴിയും കടം വാങ്ങിയും പണം സ്വരൂപിച്ചാണ് നിലയം സ്ഥാപിക്കുന്നതെങ്കില്‍, ഇങ്ങനെ കെട്ടിക്കിടക്കുന്ന പണത്തിന്റെ മൂല്യത്തിന് നിര്‍മാണഘട്ടത്തിലെ പലിശ (Interest During Construction -ഐഡിസി) എന്നുപറയും; ഐഡിസി പരിഗണിക്കാതെയുള്ള നിര്‍മാണച്ചെലവിന് 'ഓവര്‍നൈറ്റ്'(overnight) മൂലധനം എന്നാണ് പറയുന്നത്. എല്ലാ പരമ്പരാഗത ആണവനിലയങ്ങളും ഓഹരി-വായ്പ മിശ്രിതം(mixture of debt and equity) വഴിയാണ് നിര്‍മിക്കുന്നത്, ഭാവിയിലും ഇങ്ങനെ പണം കണ്ടെത്താനാണ് ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്റെ തീരുമാനം. ഐഡിസികൂടി കൂട്ടുമ്പോള്‍ കല്‍ക്കരി നിലയങ്ങളില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന്റെ ഇരട്ടിച്ചെലവാണ് ആണവനിലയങ്ങള്‍ക്കായി വേണ്ടിവരുന്നത്. ആണവനിലയത്തില്‍നിന്ന് ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ 7.4 കോടിരൂപ വേണം. കല്‍ക്കരിനിലയങ്ങളില്‍ ഇത് 3.73 കോടിമാത്രം. അതായത്, 10,000 മെഗാവാട്ട് ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ചെലവിടുന്ന പണം ഉപയോഗിച്ച് കല്‍ക്കരി നിലയങ്ങളില്‍നിന്ന് 20,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം.

ഇറക്കുമതി ചെയ്യപ്പെട്ട റിയാക്ടറുകള്‍ പ്രശ്നം വഷളാക്കുന്നു

ഇറക്കുമതിചെയ്യുന്ന റിയാക്ടറുകളില്‍നിന്നാണ് ആണവവൈദ്യുതി ഉല്‍പാദിപ്പിക്കുന്നതെങ്കില്‍ സ്ഥിതി കൂടുതല്‍ മോശമാകും. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള 'ഓവര്‍നൈറ്റ്' ചെലവ് ഒമ്പതുകോടി രൂപയാകും. റിയാക്ടറുകളുടെ വിതരണക്കാര്‍ കുറഞ്ഞ തോതിലുള്ള കണക്കുകളാണ് പറയുന്നതെങ്കിലും നിലവിലുള്ള റിയാക്ടറുകള്‍ കിലോവാട്ടിന് 2000 ഡോളര്‍ ചെലവുവരുന്നതാണ്. ഇതനുസരിച്ച് മേല്‍പ്പറഞ്ഞ കണക്കുകള്‍ ശരിയാണ്. ഐഡിസികൂടി പരിഗണിക്കുമ്പോള്‍ ഒരു മെഗാവാട്ടിന് ഉല്‍പ്പാദനച്ചെലവ് 11.1 കോടി രൂപയാകും. കല്‍ക്കരി നിലയങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി ചെലവ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇറക്കുമതിചെയ്യുന്ന റിയാക്ടര്‍ ഉപയോഗിച്ച് 10,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ചെലവിടുന്ന പണമുണ്ടെങ്കില്‍ കല്‍ക്കരി നിലയങ്ങളില്‍നിന്ന് 34,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. 40,000 മെഗാവാട്ട് ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിക്ക്, ഇറക്കുമതിചെയ്യുന്ന റിയാക്ടറുകള്‍ വഴി 20,000 മെഗാവാട്ടും ആഭ്യന്തര റിയാക്ടറുകള്‍ ഉപയോഗിച്ച് 20,000 മെഗാവാട്ടും ഉല്‍പ്പാദിപ്പിക്കണം. ഇതിനായി വേണ്ടത് 3,75,000 കോടിരൂപ. അടുത്ത പത്തുവര്‍ഷം 1,00,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആകെ നീക്കിവച്ചിട്ടുള്ളത് ഇത്രയും പണമാണ്. കഴിഞ്ഞ പത്തുവര്‍ഷം ഇന്ത്യക്ക് വൈദ്യുതോല്‍പ്പാദനത്തില്‍ ഉണ്ടായ വര്‍ധന 40,000 മെഗാവാട്ട് മാത്രമാണ് എന്നോര്‍ക്കണം. ആണവവൈദ്യുതിമേഖലയിലെ ലക്ഷത്തിനു തുല്യമായ ഉല്‍പ്പാദനവര്‍ധന മാത്രം.

കല്‍ക്കരിനിലയങ്ങളില്‍ ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ചെലവ് 2.50 രൂപ മാത്രമാണ്. ആഭ്യന്തര ആണവറിയാക്ടറുകളില്‍ യൂണിറ്റിന് 3.60 രൂപയും ഇറക്കുമതിചെയ്യുന്ന റിയാക്ടറുകളില്‍ 5.10 രൂപയും ചെലവുവരും. ഇറക്കുമതിചെയ്യുന്ന നിലയം സ്ഥാപിക്കാന്‍ ആറിനുപകരം എട്ടുവര്‍ഷം എടുത്താല്‍ ഒരുയൂണിറ്റ് വൈദ്യുതിയുടെ ഉല്‍പ്പാദനച്ചെലവ് 5.50 രൂപയാകും.

സാങ്കേതികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ആണവനിലയങ്ങളെ വന്‍തോതില്‍ ആശ്രയിക്കുന്നത് വൈദ്യുതിമേഖലയിലാകെ വിപരീതഫലങ്ങള്‍ ഉളവാക്കും. സമ്പദ്ഘടനയുടെ മറ്റു മേഖലകളില്‍ നിക്ഷേപ മുരടിപ്പുണ്ടാകും. ആണവവൈദ്യുത മേഖലയില്‍ ഇത്രയും നിക്ഷേപം നടത്തുന്നത് ഇതര അടിസ്ഥാനസൌകര്യമേഖലകളില്‍ മാന്ദ്യം സൃഷ്ടിക്കും.

ആണവനിലയങ്ങള്‍ക്കായി ഇന്ത്യ കുറച്ചു മുതല്‍മുടക്കണമെന്നതിനോട് യോജിക്കുന്നു. നാം ഉപരോധം അനുഭവിച്ചുവരികയായിരുന്നു. ആണവോര്‍ജനിലയങ്ങള്‍ സ്ഥാപിക്കാനുള്ള സാങ്കേതികവിദ്യ ലോകത്ത് ഒരിടത്തുനിന്നും നമുക്ക് കിട്ടിയിട്ടില്ല. നമ്മുടെ തദ്ദേശീയ ആണവസാങ്കേതികവിദ്യ ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ദരുടെയും കഠിനാധ്വാനത്തിലൂടെ വികസിപ്പിച്ചെടുത്തതാണ്. ഇതിനായി 20 വര്‍ഷം എടുത്തു; 1974ല്‍ ഒന്നാം പൊഖ്റാന്‍ ആണവസ്ഫോടനത്തെത്തുടര്‍ന്ന് നാം ഉപരോധത്തിലായി. അതുകൊണ്ട് ഈ സാങ്കേതികവിദ്യയില്‍ നാം മുന്നേറേണ്ടതായുണ്ട്. ഇപ്പോള്‍ ആണവവൈദ്യുതി ചെലവേറിയതാണെങ്കിലും കാലക്രമത്തില്‍ കല്‍ക്കരി-എണ്ണ നിക്ഷേപങ്ങള്‍ അപ്രത്യക്ഷമാകും, ആണവോര്‍ജം വളരെയധികം പ്രധാനമാകും. എന്നാല്‍, ഇപ്പോള്‍ നമ്മുടെ സമ്പത്തിന്റെ ഏറിയ പങ്കും ആണവോര്‍ജമേഖലയില്‍ നിക്ഷേപിക്കുന്നത് ശരിയല്ല, അതും ഇറക്കുമതി ചെയ്യുന്ന റിയാക്ടറുകളെ ആശ്രയിക്കുന്നത് ഒട്ടും ദീര്‍ഘവീക്ഷണമില്ലാത്ത ഏര്‍പ്പാടാണ്.

അമേരിക്കയില്‍ ആണവനിലയങ്ങള്‍ അപ്രധാനമാകാന്‍ കാരണം അതിന്റെ അപകടസാധ്യതയോ മാലിന്യനിര്‍മാര്‍ജനപ്രശ്നമോ അല്ല. സാമ്പത്തികവശങ്ങള്‍തന്നെയാണ്. അവസാനമായി അമേരിക്കയില്‍ ആണവനിലയം കമീഷന്‍ ചെയ്തത് 1996ലാണ്, ഇതു നിര്‍മിച്ചത് 23 വര്‍ഷംകൊണ്ടാണ്. വിദേശത്തുനിന്നുള്ള ആവശ്യക്കാരെ ആശ്രയിച്ചാണ് അമേരിക്കന്‍ ആണവവ്യവസായം നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയില്‍നിന്ന് ശതകോടികളുടെ ഓര്‍ഡറിനായി അവര്‍ ശ്രമിക്കുന്നത്. അവരുടെ മൃതപ്രായമായ ആണവവ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് ഇത് ആവശ്യമാണ്.

അമേരിക്കന്‍ വിധേയത്വത്തില്‍ ആഹ്ളാദമോ?

എന്‍റോണ്‍ അനുഭവം മനസ്സിലുള്ളവര്‍ക്ക് ചരിത്രം അതേപടി ആവര്‍ത്തിക്കുകയാണെന്ന് ബോധ്യമാകും. ആദ്യം 2000 മെഗാവാട്ട് പദ്ധതി സ്ഥാപിക്കാന്‍ എന്‍റോണിന് അനുമതി നല്‍കാന്‍ രാഷ്ട്രീയ തീരുമാനമെടുത്തു; തുടര്‍ന്ന് ഇന്ധനനയത്തിലും ഊര്‍ജനയത്തിലും എന്‍റോണിന് അനുകൂലമായ ഭേദഗതികള്‍ വരുത്തി. വൈദ്യുതിനിലയങ്ങളില്‍ ഇന്ധനമായി നാഫ് ത ഉപയോഗിക്കാനുള്ള ദ്രാവകഇന്ധനനയം എന്‍റോണിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ആവിഷ്കരിച്ചത്. ഇത്തരമൊരു തീരുമാനം ഊര്‍ജമേഖലയുടെ സാങ്കേതിക-സാമ്പത്തിക വശങ്ങള്‍ പഠിക്കാതെ ചിന്താശൂന്യമായി എടുത്തതാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു, മഹാരാഷ്ട്ര സ്റേറ്റ് വൈദ്യുതിബോര്‍ഡ് കടുത്ത പ്രതിസന്ധിയിലായി, നാഫ്‌ത ഉപയോഗിക്കുന്ന പ്ലാന്റുകള്‍ നിശ്ചലമായി.

ദൌര്‍ഭാഗ്യവശാല്‍ ആണവോര്‍ജമേഖലയിലും സമാനമായ പ്രക്രിയയാണ് നടക്കുന്നത്. ഇന്ത്യ-യുഎസ് ആണവകരാറിനെ ന്യായീകരിക്കാനായി 40,000 മെഗാവാട്ട് ആണവ വൈദ്യുതിയെക്കുറിച്ച് പറയുന്നു, ഇത്തരം നിലയങ്ങള്‍ സ്ഥാപിക്കാന്‍ ആവശ്യമായ മൂലധനച്ചെലവിന്റെ കാര്യം ആലോചിക്കുന്നില്ല. 2000 മെഗാവാട്ടിന്റെ എന്‍റോണ്‍ നിലയമാണ് മഹാരാഷ്ട്ര വൈദ്യുതിബോര്‍ഡിനെ പ്രതിസന്ധിയില്‍ എത്തിച്ചതെങ്കില്‍ 40,000 മൊഗാവാട്ടിന്റെ ആണവവൈദ്യുതി നിലയങ്ങള്‍ കൊണ്ടുവരുന്ന ആഘാതം എത്ര കനത്തതായിരിക്കും?

ഊര്‍ജ സുരക്ഷയ്ക്കായി ആണവറിയാക്ടറുകള്‍ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചുള്ള വാദങ്ങളും തെറ്റിദ്ധാരണാജനകമാണ്. മൂന്നു ഘട്ടങ്ങളുള്ള ആണവോര്‍ജ ഉല്‍പ്പാദനരീതിയില്‍നിന്ന് വ്യത്യസ്തമാണ് ഇറക്കുമതിചെയ്യുന്ന ലൈറ്റ് വാട്ടര്‍ റിയാക്ടറുകള്‍. ആദ്യത്തേതില്‍ സമ്പുഷ്ട യുറേനിയം ഉയര്‍ന്ന സമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ റിയാക്ടറുകളില്‍ ഉപയോഗിക്കുന്നു; തുടര്‍ന്ന് സംസ്കരിച്ചു കിട്ടുന്ന യുറേനിയം ഫാസ് റ്റ് ബ്രീഡര്‍ റിയാക്ടറുകളില്‍ ഉപയോഗിക്കും; അന്തിമമായി പ്ലൂട്ടോണിയം - തോറിയം മിശ്രിതം അഡ്വാന്‍സ് ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്നു. എന്നാല്‍, ഇറക്കുമതിചെയ്യുന്നവയില്‍ സമ്പുഷ്ട യുറേനിയം മാത്രമാണ് ഇന്ധനം. ഇത്തരം റിയാക്ടറുകളില്‍ ധാരാളമായി യുറേനിയം വേണ്ടിവരും. വന്‍തോതില്‍ തുടര്‍ച്ചയായി യുറേനിയം ഇറക്കുമതി അനിവാര്യമാകും. എന്നാല്‍, ഫാസ്റ് ബ്രീഡര്‍ റിയാക്ടറുകളിലും അഡ്വാന്‍സ് ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളിലും നാം ശ്രദ്ധകേന്ദ്രീകരിച്ചാല്‍ ആവശ്യമായി വരുന്ന ഇന്ധനത്തിന്റെ അളവ് വളരെ കുറവായിരിക്കും. ഇറക്കുമതിചെയ്യുന്ന റിയാക്ടറുകള്‍ നല്‍കുന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന ഊര്‍ജസുരക്ഷ ഇതിലൂടെ ഉറപ്പാകും.

ആണവ വൈദ്യുതിക്കായി ഇന്ത്യ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍ വികസിപ്പിച്ചെടുക്കുന്നതിനു പകരം, ലൈറ്റ് വാട്ടര്‍ റിയാക്ടറുകളുടെ പെട്ടെന്നുള്ള ലഭ്യത ഉറപ്പാക്കുകയാണ് ആണവകരാറിലൂടെ അമേരിക്ക ലക്ഷ്യമിടുന്ന കാര്യങ്ങളില്‍ ഒന്ന്. ആണവോര്‍ജ വകുപ്പില്‍(Department of Atomic Energy ) അതിസമ്മര്‍ദ വാട്ടര്‍ റിയാക്ടറുകളുടെ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുക്കാനും 540 മെഗാവാട്ടുവരെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും കഴിഞ്ഞപ്പോഴാണ് റിയാക്ടറുകളുടെയും ഇന്ധനങ്ങളുടെയും കാര്യത്തിലുള്ള ഉപരോധം നീക്കാമെന്ന വാഗ്ദാനം അമേരിക്ക മുന്നോട്ടുവച്ചതെന്നത് ശ്രദ്ധേയമാണ്. നാം ഒരിക്കല്‍ എളുപ്പവഴി സ്വീകരിച്ചാല്‍, ഇന്ധനങ്ങളുടെയും സാങ്കേതികവിദ്യയുടെയുംമേലുള്ള നിയന്ത്രണംവഴി അവര്‍ക്ക് നമ്മെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ കഴിയും. അതുകൊണ്ട് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളുടെയും ആഭ്യന്തര റിയാക്ടര്‍ സാങ്കേതികവിദ്യയുടെയും വികസനം ഉറപ്പാക്കുകയാണ് ഊര്‍ജസുരക്ഷ നേടാനുള്ള ഭദ്രമായ മാര്‍ഗം.

നമ്മുടെ ഊര്‍ജ ആവശ്യങ്ങള്‍

നമ്മുടെ ഊര്‍ജാവശ്യങ്ങളില്‍ ഒന്നുമാത്രമാണ് വൈദ്യുതി. ഗതാഗതമേഖലയിലും വളം-പെട്രോകെമിക്കല്‍ ഉല്‍പ്പാദനമേഖലകളിലും ഊര്‍ജം അത്യാവശ്യമാണ്. വൈദ്യുതി ഉല്‍പ്പാദനത്തിനായി നാം ഏതുതരം ഇന്ധനമാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് പ്രാഥമിക ഇന്ധനങ്ങളുടെ ആവശ്യകത. ഇപ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ഏതു സാഹചര്യത്തിലും ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 91 മുതല്‍ 95 ശതമാനംവരെ ആണവേതര മേഖലയില്‍നിന്നായിരിക്കും. മറ്റ് ഊര്‍ജസ്രോതസ്സുകളുടെ ആവശ്യകതയുമായി നോക്കുമ്പോള്‍ ആണവവൈദ്യുതി നിസ്സാരമാണെന്ന് അര്‍ഥം.

എണ്ണ ഇന്ത്യയില്‍ പ്രധാനമായും ഉപയോഗിക്കുന്നത് ഗതാഗത-വ്യാവസായിക മേഖലകളിലാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയിലുള്ള വര്‍ധനയെക്കുറിച്ച് പത്താംപദ്ധതിയില്‍ ഇങ്ങനെ പറയുന്നു: “രാജ്യത്തെ പ്രാഥമിക വാണിജ്യ ഊര്‍ജ ഉപഭോഗമേഖലയില്‍ ഹൈഡ്രോകാര്‍ബണുകളുടെ പങ്ക് ഓരോ വര്‍ഷവും കുതിച്ചുയരുകയാണ്, ഇപ്പോള്‍ ഇത് 44.9 ശതമാനമായി (36 ശതമാനം എണ്ണയും 8.9 ശതമാനം പ്രകൃതി വാതകവും). എണ്ണയുടെ ഉപഭോഗം അടുത്ത രണ്ടു ദശകങ്ങളില്‍ വന്‍തോതില്‍ ഉയരും. ഗതാഗതമേഖലയിലാണ് എണ്ണ ഉപഭോഗത്തില്‍ വന്‍തോതിലുള്ള മുന്നേറ്റമുണ്ടാവുക. തല്‍ഫലമായി എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നതില്‍ വീണ്ടും വര്‍ധനയുണ്ടാകും. ഇപ്പോള്‍ത്തന്നെ രാജ്യത്ത് ഉപയോഗിക്കുന്ന എണ്ണയില്‍ 70 ശതമാനവും ഇറക്കുമതിചെയ്യുന്നതാണ്."

2015ഓടെ ഇന്ത്യയുടെ ക്രൂഡോയില്‍ ആവശ്യകത പ്രതിദിനം 42.5-45 ലക്ഷം ബാരല്‍ വരെയാകും, ഇതില്‍ 80 ശതമാനവും ഇറക്കുമതിയായിരിക്കും, ഏതാണ്ട് പൂര്‍ണമായും പശ്ചിമേഷ്യയില്‍നിന്നുതന്നെ. നാം ഇവിടെ വൈദ്യുതിമേഖലയിലെ ആവശ്യങ്ങള്‍ സംബന്ധിച്ചാണ് ചര്‍ച്ചചെയ്യുന്നത്; എണ്ണയുടെ കാര്യമല്ല. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ ആണവോര്‍ജം ഒരു സാഹചര്യത്തിലും എണ്ണയ്ക്ക് ബദലല്ല. ലോകത്തെ ആകെ ഊര്‍ജ ഉപഭോഗത്തില്‍ ഇന്ത്യയുടെ പങ്ക് രണ്ടുശതമാനം മാത്രമാണെങ്കിലും ലോകത്ത് എണ്ണ ഏറ്റവും കൂടുതല്‍ ഇറക്കുമതിചെയ്യുന്ന 10 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. എണ്ണ ഉപഭോഗം കൂടുന്നതോടെ ഈ പ്രവണത വര്‍ധിക്കുകയും ഇന്ത്യയും ചൈനയും ലോകത്തെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ 15 ശതമാനമെങ്കിലും പങ്കിടുകയുംചെയ്യും. ആണവോര്‍ജത്തിന് കാറും ബസും ലോറിയും ഓടിക്കാന്‍ കഴിയില്ലെന്നിരിക്കെ ഗതാഗതമേഖല വന്‍തോതില്‍ ഇറക്കുമതിചെയ്യുന്ന ഹൈഡ്രോകാര്‍ബണുകളെ ആശ്രയിക്കേണ്ടിവരും.

രാജ്യത്തെ മൊത്തം ഊര്‍ജാവശ്യങ്ങളില്‍ മൂന്നുമുതല്‍ അഞ്ചുവരെ ശതമാനം മാത്രമാണ് ആണവവൈദ്യുതി നിറവേറ്റുന്നത്. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കാര്യം പരിശോധിച്ചാല്‍ ഇവ യഥാക്രമം 30ഉം 10ഉം ശതമാനം വീതം. ഭാവിയില്‍ രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങളില്‍ 40 ശതമാനത്തിലേറെ എണ്ണയും പ്രകൃതിവാതകവുമായിരിക്കും.

അതുകൊണ്ട്, ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പിട്ട ആണവസഹകരണകരാര്‍ നമ്മുടെ പ്രാഥമിക ഊര്‍ജആവശ്യങ്ങള്‍ വളരെ കുറച്ചുമാത്രമേ പരിഹരിക്കുകയുള്ളൂ. ആണവോര്‍ജമാണ് ഭാവിയിലെ ഊര്‍ജം എന്ന വാദം നമ്മുടെ ഊര്‍ജാവശ്യങ്ങളുമായി യോജിക്കുന്നതല്ല, ആണവവൈദ്യുതിയെ ആശ്രയിക്കാന്‍ തയ്യാറാകുന്ന രാജ്യങ്ങളുടെ എണ്ണം തുച്ഛമാണ്. നാം തീര്‍ച്ചയായും ആണവവൈദ്യുതിമേഖലയില്‍ ശ്രദ്ധവയ്ക്കണം. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആവശ്യങ്ങള്‍ പരിഗണിച്ചായിരിക്കണം ഇത്; ഇപ്പോഴത്തെ നമ്മുടെ എല്ലാ ഊര്‍ജാവശ്യങ്ങള്‍ക്കുമുള്ള പ്രതിവിധി ആണവോര്‍ജമാണെന്ന നിഗമനം ഒട്ടും ശരിയല്ല. ഇതു സത്യത്തിന്റെ മുഖത്ത് കരിതേയ്ക്കുന്നതിനു തുല്യമാണ്. ഊര്‍ജസുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ കരുതല്‍ എടുക്കുന്നുണ്ടെങ്കില്‍ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കാര്യത്തിലാണ് ആശങ്ക പുലര്‍ത്തേണ്ടത്. പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും ഉണ്ടാകേണ്ടത് ഇന്ത്യയുടെ പ്രധാന ആവശ്യമാണ്. രാജ്യാന്തരവേദികളില്‍ അമേരിക്കയോട് വിധേയത്വം പുലര്‍ത്തുന്നതില്‍ ഇന്ത്യ ആഹ്ളാദം കണ്ടെത്തുന്നത് രാജ്യത്തിന്റെ ദേശീയതാല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണ്.

(കടപ്പാട്: ശ്രീ. വി.ബി.പരമേശ്വരന്‍ ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ ലേഖനം - മന്‍‌മോഹന്റെ ആണവ ബസ്സ്

ശ്രീ. പ്രബീര്‍ പുര്‍കായസ്തയുടെ ലേഖനം - “Discovering Nuclear Energy For Justifying A Bad Deal“- പീപ്പിള്‍സ് ഡെമോക്രസി, സെപ്തംബര്‍ 2 ലക്കം)

07 March, 2009

കെണിയില്‍

കെണിയില്‍

ആണവോര്‍ജകരാറിന്റെ മറവില്‍ അമേരിക്ക ഒരുക്കിയ കെണിയില്‍ ഇന്ത്യ വീണു. അസമമായ ആണവനിര്‍വ്യാപന സംവിധാനത്തിന്റെ ഭാഗമായിക്കൊണ്ട് ഇന്ത്യ ആണവ വിതരണ സംഘത്തില്‍ (എന്‍എസ് ജി) നിന്ന് ഇളവ് നേടി. രാജ്യത്തിന്റെ പരമാധികാരം അടിയറവച്ച് അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധത്തിന് വഴിതുറന്നാണ് ഇളവ് ലഭിച്ചത്.

34 വര്‍ഷംമുമ്പ് പൊഖ്റാന്‍ സ്ഫോടനത്തോടെ അമേരിക്കതന്നെ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് അവര്‍ക്കു മുമ്പില്‍ വഴങ്ങി ഇന്ത്യ മറികടക്കുന്നത്. ഇളവ് പ്രഖ്യാപിച്ച ഉടന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ള്യു ബുഷിനെ ടെലിഫോണില്‍ വിളിച്ച് സന്തോഷം പ്രകടിപ്പിച്ചു.

മൂന്നു ദിവസം വിയന്നയില്‍ നടന്ന തലനാരിഴ കീറിയുള്ള ചര്‍ച്ചയ്ക്കുശേഷമാണ് ആണവ വ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ ഇന്ത്യയെ അനുവദിച്ചുള്ള ഇളവ് അംഗീകരിക്കാന്‍ 45 അംഗ എന്‍എസ് ജി തയ്യാറായത്. ആണവ നിര്‍വ്യാപനകരാര്‍ ഒപ്പിടാത്ത ഇന്ത്യക്ക് ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് അമേരിക്ക നല്‍കിയ മൂന്നാമത്തെ കരട് രേഖയാണ് ഏതാനും ഭേദഗതിയോടെ എന്‍എസ് ജി അംഗീകരിച്ചത്. ആഗസ്ത് 21നും 22നും കരടിനെതിരെ ശക്തമായ അഭിപ്രായം ഉയര്‍ന്നതിനെത്തുടര്‍ന്ന് മാറ്റം വരുത്തി രണ്ടാമത്തെ കരടാണ് വ്യാഴാഴ്ച യോഗത്തില്‍ വച്ചത്. അതിലും മാറ്റം വരുത്തിക്കൊണ്ടുള്ള കരടാണ് ഇപ്പോള്‍ അംഗീകരിച്ചത്.

ഇളവ് നല്‍കുന്നതിനെ എതിര്‍ക്കുന്ന അയര്‍ലന്‍ഡ്, ഓസ്ട്രിയ, ന്യൂസിലന്‍ഡ്, നോര്‍വെ, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യത്തിന്റെ എതിര്‍പ്പ് കുറയ്ക്കാനുള്ള ഭേദഗതിയാണ് അംഗീകരിച്ചതെന്ന് അറിയുന്നു. ഇന്ത്യ ഇനിയും ആണവപരീക്ഷണം നടത്തിയാല്‍ ഉടന്‍തന്നെ കരാറില്‍നിന്ന് പിന്മാറുക, ഇന്ത്യക്ക് ഏറെ ആവശ്യമായ സമ്പുഷ്ടീകരണ-പുനഃസംസ്കരണ സാങ്കേതികവിദ്യ നല്‍കാതിരിക്കുക, ഇറക്കുമതിചെയ്യുന്ന റിയാക്ടറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഇന്ധനംമാത്രം നല്‍കുക തുടങ്ങിയ നിബന്ധനയാണ് ഇളവ് നല്‍കാന്‍ ഇവര്‍ മുന്നോട്ടുവച്ചിട്ടുള്ളത്.

ഇന്ത്യയുമായുള്ള ആണവ വ്യാപാരത്തിനു മാത്രമായി അമേരിക്ക പാസാക്കിയ ഹൈഡ് ആക്ടിലെ വ്യവസ്ഥതന്നെയാണ് ഈ നിബന്ധനയെല്ലാം. എന്‍പിടി, സിടിബിടി, എംടിസിആര്‍ തുടങ്ങിയ കരാറില്‍ ഇന്ത്യ ഉടന്‍ ഒപ്പുവയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. യുദ്ധാവശ്യങ്ങള്‍ക്കുള്ള ആണവപദ്ധതി വ്യാപിപ്പിക്കാന്‍ ആണവ വ്യാപാര ഇളവ് ഇന്ത്യ പ്രയോജനപ്പെടുത്തിയേക്കാമെന്ന ആശങ്കയാണ് അവര്‍ പ്രകടിപ്പിച്ചത്. അതു തടയുന്ന വിധത്തില്‍ കരട് വ്യവസ്ഥകള്‍ വീണ്ടും പുതുക്കണമെന്നും ആണവ നിര്‍വ്യാപന ഉടമ്പടി വ്യവസ്ഥകളിലേക്ക് ഇന്ത്യയെ കൊണ്ടുവരാന്‍ ഇപ്പോള്‍ കിട്ടിയ സുവര്‍ണാവസരം ഉപയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ വഴിമുട്ടിയപ്പോള്‍ എതിര്‍പ്പുയര്‍ത്തുന്ന രാജ്യങ്ങളുടെ പ്രതിനിധികളുമായി വിദേശകാര്യ സെക്രട്ടറി ശിവശങ്കരമേനോന്‍ നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് തൊട്ടുപിന്നാലെയായിരുന്നു പ്രണബ് മുഖര്‍ജിയുടെ പരസ്യ പ്രസ്താവന.

മുഖര്‍ജിയുടെ പ്രസ്താവനയില്‍ നാളിതുവരെ ഇന്ത്യ തുടര്‍ന്നു വന്ന നയത്തില്‍ നിന്നുള്ള വ്യതിചലനം വളരെ പ്രകടമാണ്.

ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത ഇന്ത്യയെ ആണവ വ്യാപാരത്തിന് അനുവദിക്കുന്നതിനെ എതിര്‍ക്കുന്ന എന്‍.എസ്.ജി രാജ്യങ്ങളെ മയപ്പെടുത്താന്‍ അമേരിക്കന്‍ താല്‍പര്യപ്രകാരമാണ് വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി ഇതുസംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തിയത്. അണുപരീക്ഷണം നടത്താനുള്ള ഇന്ത്യയുടെ പരമാധികാരം ആണവ കരാറിന് വേണ്ടി അടിയറ വെക്കില്ലെന്ന് പാര്‍ലമെന്റിലും പുറത്തും ആവര്‍ത്തിച്ച കേന്ദ്രസര്‍ക്കാറാണ് ഭാവിയില്‍ ഇന്ത്യ ആണവപരീക്ഷണം നടത്തില്ലെന്ന് ആണവസാമഗ്രി ദാതാക്കളായ രാജ്യങ്ങള്‍ക്ക് ഉറപ്പുകൊടുത്തത്. അണുപരീക്ഷണത്തിന് ഇന്ത്യ സ്വയം ഏര്‍പ്പെടുത്തിയ നിരോധം തുടരുമെന്നാണ് വാഗ്ദാനം.

1988ല്‍ രാജീവ് ഗാന്ധി മുന്നോട്ടുവച്ച നിരായുധീകരണ സങ്കല്‍പ്പത്തെതന്നെ അട്ടിമറിക്കുന്നതാണ് ഇന്ത്യയുടെ നീക്കം. അന്തിമമായി അംഗീകരിച്ച ഇളവിന്റെ രൂപം എന്‍എസ് ജി പുറത്ത് വിട്ടിട്ടില്ല. എന്‍എസ് ജി അധ്യക്ഷന്‍ ജര്‍മനിയായതുകൊണ്ടുതന്നെ ജര്‍മനിയില്‍ പ്രസിദ്ധീകരിക്കുന്ന രേഖ ഇംഗ്ളീഷില്‍ പുറത്തു വന്നാലേ ചതിക്കുഴി എന്തെന്ന് മനസ്സിലാകൂ.

ഇന്ത്യക്ക് സ്വീകാര്യമല്ലാത്ത ഒന്നും അംഗീകരിക്കാതെയാണ് കരാറിലെത്തിയതെന്ന് വിയന്നയില്‍ ആണവോര്‍ജ കമീഷന്‍ ചെയര്‍മാന്‍ അനില്‍ കാകോദ്കര്‍ പറഞ്ഞു. ആണവപരീക്ഷണം നടത്താനുള്ള രാജ്യത്തിന്റെ നിയമപരമായ അവകാശം പൂര്‍ണമായും സംരക്ഷിച്ചുവെന്നും എന്‍.എസ്.ജിയില്‍ നിന്ന് പ്രത്യേക ഇളവ് നേടാന്‍ രാജ്യം യാതൊരു ബാധ്യതയും ഏറ്റെടുത്തിട്ടില്ലെന്നും ആണ് അദ്ദേഹം പറഞ്ഞത്. ആണവപരീക്ഷണത്തില്‍ ഇന്ത്യ സ്വമേധയാ പ്രഖ്യാപിച്ച മൊറട്ടോറിയത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, പുറമേക്ക് ഉപാധി ഇല്ലെങ്കില്‍ത്തന്നെ അമേരിക്കയുടെ ഹൈഡ് ആക്ടിനു വിധേയമായിട്ടേ ഇന്ത്യക്ക് നില്‍ക്കാനാകൂവെന്ന് ബുഷ് ഭരണകൂടംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്‍എസ് ജിയുടെ അംഗീകാരം ലഭിച്ചതോടെ അമേരിക്കയുമായുള്ള ആണവ സഹകരണ കരാര്‍ നടപ്പാക്കാനുള്ള പ്രധാന കടമ്പ കടന്നിരിക്കുകയാണ്. അമേരിക്കന്‍ കോണ്‍ഗ്രസ് 123 കരാറിന് അംഗീകാരം നല്‍കലാണ് അടുത്ത പടവ്. ഇന്ത്യന്‍ ആണവനിലയങ്ങള്‍ക്ക് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷാ സംവിധാനം നടപ്പാക്കാനുള്ള അഡീഷണല്‍ പ്രോട്ടോകോളില്‍ ഒപ്പുവയ്ക്കേണ്ടതുമുണ്ട്. 26 വരെയാണ് അമേരിക്കന്‍ കോണ്‍ഗ്രസ് സമ്മേളിക്കുന്നത്. 30 ദിവസംമുമ്പ് കരാറിന്റെ കോപ്പി അംഗങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നുണ്ടെങ്കിലും കരാറുകൊണ്ട് ഏറ്റവും ഗുണം അമേരിക്കയ്ക്കാണെന്നതിനാല്‍ അവര്‍ എന്ത് വില കൊടുത്തും അത് പാസാക്കിയെടുക്കാനാണ് സാധ്യത.

ആണവ ബിസിനസ് ലോബിയുടെ വിജയം


വിയന്നയില്‍ വിജയം കണ്ടത് അമേരിക്കയുടെ ആണവ ബിസിനസ് താല്‍പ്പര്യം. ആണവവിതരണ സംഘത്തിന്റെ (എന്‍എസ് ജി) അംഗീകാരം ലഭിച്ചാല്‍മാത്രമേ അമേരിക്കന്‍ ആണവ ബിസിനസ് ലോബിക്ക് ഇന്ത്യയുമായി വ്യാപാരം നടത്താനാകൂ. റഷ്യക്കും ഫ്രാന്‍സിനും ഇത്തരം തടസ്സങ്ങളില്ല. അതുകൊണ്ടാണ് ഇന്ത്യയുമായുള്ള ആണവകരാര്‍ എന്തുവിലകൊടുത്തും നടപ്പാക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ കഠിനാധ്വാനം ചെയ്യുന്നത്. ഇന്ത്യയുമായുള്ള കരാറിന് മൂന്ന് ലക്ഷ്യങ്ങളുണ്ടെന്ന് 2007ല്‍തന്നെ അമേരിക്കന്‍ വിദേശവകുപ്പിലെ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി നിക്കോളാസ് ബേണ്‍സ് പറഞ്ഞിരുന്നു. അതില്‍ ഏറ്റവും പ്രധാനം അമേരിക്കന്‍ ആണവ ബിസിനസിന് പുതുജീവന്‍ നല്‍കലാണ്.

1969ലെ ത്രീമൈല്‍ ഐലന്‍ഡ് ദുരന്തത്തിനുശേഷം തകര്‍ന്നടിഞ്ഞ അമേരിക്കന്‍ ആണവ ബിസിനസിന് പുതുജീവനേകാന്‍ 2005ല്‍ അമേരിക്കന്‍ പാര്‍ലമെന്റ് പ്രത്യേക നിയമംതന്നെ പാസാക്കി. രണ്ടു ദശാബ്ദമായി ഒരൊറ്റ റിയാക്ടറോ ആണവനിലയമോ ഉണ്ടാക്കാത്ത അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയുമായുള്ള ആണവവ്യാപാരം വളര്‍ച്ചയ്ക്ക് അത്യാവശ്യമായിരുന്നു. അതുകൊണ്ടാണ് എന്‍എസ് ജി ഇളവ് വൈകുന്നത് തങ്ങളുടെ ബിസിനസിനെ ദോഷമായി ബാധിക്കുമെന്ന് പെന്‍സില്‍വേനിയ കേന്ദ്രമായ വെസ്റ്റിംഗ്ങ്ഹൌസ് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ ലിപ്‌മാന്‍ കഴിഞ്ഞദിവസം പറഞ്ഞത്.

അഞ്ചുവര്‍ഷത്തിനകം ഇന്ത്യയില്‍നിന്ന് നാലുലക്ഷം കോടി രൂപയുടെ ആണവവ്യാപാരമാണ് അമേരിക്കയില്‍നിന്നടക്കമുള്ള പാശ്ചാത്യകമ്പനികള്‍ പ്രതീക്ഷിക്കുന്നത്. സെന്റര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ കണക്കാണിത്. ഇതില്‍ സിംഹഭാഗവും അമേരിക്കന്‍ കമ്പനികളായ വെസ്റ്റിങ് ഹൌസിനും ജനറല്‍ ഇലക്ട്രിക്കല്‍സിനുമാണ് ലഭിക്കുക. അമേരിക്കയുടെ നേതൃത്വത്തിലാണ് കരാര്‍ എന്നതുകൊണ്ടുതന്നെ റിയാക്ടര്‍ ബിസിനസിലെ വലിയ ഭാഗവും ഇവര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യ പ്രചരിപ്പിക്കുന്നതുപോലെ റഷ്യയിലെയോ ഫ്രാന്‍സിലെയോ കമ്പനികള്‍ക്കാകില്ല ലഭിക്കുക. ആയിരം മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള ഒരു റിയാക്ടറിന്റെ വില ഒരുലക്ഷം കോടിമുതല്‍ ഒന്നരലക്ഷം കോടിവരെയായിരിക്കും. രണ്ടു റിയാക്ടറുള്ള ആണവനിലയം സ്ഥാപിക്കാന്‍ എട്ടുലക്ഷം കോടി രൂപയെങ്കിലുമാകും. കരാര്‍ നടപ്പാകുന്നപക്ഷം ആദ്യം എട്ടു റിയാക്ടര്‍ വാങ്ങാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി പറയുന്നതുപോലെ 2020 ആകുമ്പോഴേക്കും 40,000 മെഗാവാട്ട് വൈദ്യുതി ആണവനിലയങ്ങളില്‍നിന്ന് ഉല്‍പ്പാദിപ്പിക്കണമെങ്കില്‍ മുപ്പതിലധികം റിയാക്ടറുകള്‍ ഇറക്കുമതിചെയ്യേണ്ടിവരും. ഇതിനുമാത്രം 30 ലക്ഷം കോടിമുതല്‍ 40 ലക്ഷം കോടിവരെ ചെലവാകും. ഒരു ആണവനിലയം സ്ഥാപിക്കാന്‍ ആറുമുതല്‍ എട്ടുവര്‍ഷംവരെ എടുക്കുകയും ചെയ്യും. അതായത് ആണവവൈദ്യുതി പെട്ടെന്നൊന്നും ഇന്ത്യക്ക് ലഭ്യമാകില്ലെന്ന് അര്‍ഥം.

സ്വാതന്ത്ര്യം അടിയറ വയ്ക്കുന്നു


ആണവരാഷ്ട്രങ്ങളുടെ വിവേചനപരമായ സമീപനത്തെ എന്നും ശക്തമായി എതിര്‍ത്ത രാജ്യമാണ് ഇന്ത്യ. വിവേചനപരമായ ആണവ നിര്‍വ്യാപനകരാറിലും (എന്‍പിടി) സമഗ്ര ആണവപരീക്ഷണ നിരോധനകരാറിലും (സിടിബിടി) ഒപ്പിടാന്‍ വിസമ്മതിച്ച് മൂന്നാംലോക രാജ്യങ്ങളുടെ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കിയ രാജ്യം. എന്നാല്‍, അമേരിക്കന്‍ സുഹൃത്തായ മന്‍മോഹന്‍സിങ്ങിന്റെ ഭരണകാലത്ത് ധീരമായ ആ നിലപാട് കൈയൊഴിഞ്ഞ് അമേരിക്കന്‍ നേതൃത്വത്തിലുള്ള ആണവസംഘടനയ്ക്ക് ഇന്ത്യ പൂര്‍ണമായി കീഴടങ്ങിയതിന്റെ ചിത്രമാണ് വിയന്നയില്‍ എന്‍എസ് ജി യോഗത്തില്‍നിന്ന് വന്നത്.

ഇന്ത്യയുടെ തന്ത്രപ്രധാന താല്‍പ്പര്യം ബലികഴിച്ചാണ് അമേരിക്കന്‍ 'ഔദാര്യത്താല്‍'മാത്രം എന്‍എസ് ജിയില്‍നിന്ന് ഇളവ് നേടിയത്. വിവേചനപരമെന്നതിനാല്‍ രാജ്യം ഇതുവരെ അംഗീകരിക്കാതിരുന്ന എന്‍പിടിയിലെയും സിടിബിടിയിലെയും വ്യവസ്ഥ ഒരുപരിധിവരെ അംഗീകരിച്ചാണ് എന്‍എസ് ജിയില്‍നിന്ന് ഇളവ് നേടിയത്. വെള്ളിയാഴ്ച വിദേശമന്ത്രി പ്രണബ് മുഖര്‍ജി നടത്തിയ പ്രസ്താവന ഈ കീഴടങ്ങലിന്റെ സാക്ഷ്യപത്രമാണ്. ആണവപരീക്ഷണത്തിന് സ്വയം ഏര്‍പ്പെടുത്തിയ മൊറട്ടോറിയം തുടരുമെന്നാണ് മുഖര്‍ജി ഉറപ്പ് നല്‍കിയത്. സമാധാന ആവശ്യത്തിന് ആണവപരീക്ഷണം നടത്താനുള്ള സ്വാതന്ത്ര്യം അടിയറവച്ചെന്നു ചുരുക്കം. പരീക്ഷണത്തിനുള്ള അവകാശം നിലനിര്‍ത്തിയിരുന്ന ഇന്ത്യ മൊറട്ടോറിയത്തിന്റെ മറവില്‍ ഇനി പരീക്ഷണം നടത്തില്ലെന്ന് ഉറപ്പുനല്‍കിയതോടെ ഫലത്തില്‍ സിടിബിടി ഒപ്പിട്ടതിനു തുല്യമായി.

ആണവരംഗത്ത് രാജ്യത്തിന്റെ സ്വതന്ത്ര, സ്വാശ്രയ ശ്രമം ഇനി അസാധ്യമാകും. ആണവ സാങ്കേതികവിദ്യയും ഉപകരണങ്ങളും മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കരുതെന്ന് വിലക്കുന്ന എന്‍പിടി അംഗീകരിക്കുന്നതിനു തുല്യമാണ് ഇത് സംബന്ധിച്ച ഉറപ്പ്. പ്രധാനമന്ത്രി പാര്‍ലമെന്റിനും രാജ്യത്തിനും നല്‍കിയ വാഗ്ദാനത്തിന് കടകവിരുദ്ധമാണ് ഈ കീഴടങ്ങല്‍. രണ്ടായിരത്തഞ്ച് ജൂണ്‍ 28ന് അമേരിക്കയുമായി ഒപ്പിട്ട പ്രതിരോധ ചട്ടക്കൂട് കരാര്‍മുതല്‍ തുടങ്ങിയ കീഴടങ്ങലാണ് ഇപ്പോള്‍ പൂര്‍ണമായത്. 1974ല്‍ പൊഖ്റാനില്‍ ആണവസ്‌ഫോടനം നടത്തിയതിന് ശിക്ഷയായി അമേരിക്കന്‍ നേതൃത്വത്തില്‍ ആണവവിതരണ രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഒറ്റപ്പെടുത്തല്‍ മാറ്റാനെന്ന പേരിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഇന്ത്യയുടെ സ്വതന്ത്രനിലപാട് അടിയറവച്ചത്.

മൂന്നുവര്‍ഷത്തിനിടെ അമേരിക്കയുമായി ഇരുപതോളം സംയുക്ത സൈനിക അഭ്യാസം ഇന്ത്യ നടത്തിക്കഴിഞ്ഞു. ബോയിങ് വിമാനക്കരാര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിനു കോടിരൂപയുടെ സൈനിക ഇടപാടിലും ഒപ്പിട്ടു. ഇന്ത്യയുടെ 14 റിയാക്ടര്‍ ഐഎഇഎയുടെ നിരീക്ഷണ സംവിധാനത്തിലാക്കി. 1974ലെ പൊഖ്റാന്‍ സ്ഫോടനത്തിന് ഇന്ത്യ ഉപയോഗിച്ച സൈറസ് എന്ന ഗവേഷണ റിയാക്ടര്‍ അടച്ചിടാമെന്ന് 2006 മാര്‍ച്ചിലെ വിഭജനപദ്ധതിയിലൂടെ ഇന്ത്യ അമേരിക്കയ്ക്ക് ഉറപ്പുനല്‍കി. ആണവരംഗത്തുള്ള ഗവേഷണത്തിന്് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. വീണ്ടും ഇന്ത്യ ആണവപരീക്ഷണം നടത്തിയാല്‍ അമേരിക്ക ആണവസഹകരണകരാറില്‍നിന്ന് പിന്‍വാങ്ങുകയും താരാപ്പുര്‍ അനുഭവം ആവര്‍ത്തിക്കുകയും ചെയ്യും. ആണവപരീക്ഷണം നടത്തിയതിനാണ് താരാപ്പുരിനുള്ള ഇന്ധനവിതരണം അമേരിക്ക നിര്‍ത്തിയത്.

ചരിത്രനേട്ടം: പ്രധാനമന്ത്രി

മറ്റു രാജ്യങ്ങളുമായി ആണവവ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ ഇന്ത്യക്ക് ആണവവിതരണ സംഘത്തില്‍നിന്ന് ഇളവ് ലഭിച്ചത് ചരിത്രപരമായ നേട്ടമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ സഹായിക്കുന്ന ഈ തീരുമാനം ദശാബ്ദങ്ങളായി ഇന്ത്യ ആണവരംഗത്ത് നേരിടുന്ന ഒറ്റപ്പെടല്‍ അവസാനിപ്പിക്കാന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയുടെ ആണവനിര്‍വ്യാപന റെക്കോഡിന് ലോകരാജ്യങ്ങള്‍ നല്‍കിയ അംഗീകാരംകൂടിയാണ് ഇതെന്നു പറഞ്ഞ പ്രധാനമന്ത്രി, അത്യന്താധുനിക ആണവസാങ്കേതികവിദ്യയുള്ള രാജ്യമാണ് ഇന്ത്യയെന്ന് അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. ചരിത്രപ്രധാന സംഭവമാണ്
എന്‍എസ് ജിയില്‍ നിന്ന് ലഭിച്ച ഇളവെന്ന് വിദേശമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. സ്വാഗതാര്‍ഹമായ നീക്കമാണ് ഇതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ മുഖര്‍ജി, അമേരിക്കന്‍ പ്രസിഡന്റ് ബുഷിനും വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസിനും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും പ്രത്യേകം നന്ദി പറഞ്ഞു. ഇന്ത്യയുടെ ആണവവ്യാപാരത്തിലും ഊര്‍ജരംഗത്തും പുതിയ അധ്യായത്തിന് തുടക്കംകുറിക്കുന്നതാണ് എന്‍ എസ് ജിയുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ വിജയം: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന് മാത്രമല്ല ഇന്ത്യക്ക് തന്നെ ലഭിച്ച മഹത്തായ വിജയമാണ് ഇളവുകളെന്ന് കോണ്‍ഗ്രസ് പാര്‍ടി വ്യക്തമാക്കി. 'ഇന്ത്യയെ സംബന്ധിച്ച് ചരിത്ര ദിവസമാണിത്. ചുകപ്പ് അക്ഷരത്തില്‍ എഴുതപ്പെടേണ്ട ദിവസം' കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. എന്‍എസ് ജിയില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞത് ഇന്ത്യയുടെ വിജയമാണെന്ന് എസി പി വക്താവ് ഡി പി ത്രിപാഠി പറഞ്ഞു. രാജ്യത്തിന് ലഭിച്ച മഹത്തായ വിജയമാണിതെന്ന് പറഞ്ഞ സമാജ്‌വാദി പാര്‍ടി ജനറല്‍ സെക്രട്ടറി അമര്‍സിങ്ങ് രാജ്യത്തിന്റെ വികസനത്തെ ഇത് സഹായിക്കുമെന്നും പറഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരം അടിയറവെക്കുന്നതാണ് കരാര്‍ എന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞു. ആണവപരീക്ഷണം നടത്താനുള്ള രാജ്യത്തിന്റെ അധികാരം പോലും അടിയറവെക്കപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്രാജ്യത്വത്തിന് വീണ്ടും വഴങ്ങി: യെച്ചൂരി

ആണവകരാര്‍ പ്രശ്നത്തില്‍ ഇന്ത്യ വീണ്ടും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് വഴങ്ങുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. എന്‍എസ് ജിയില്‍ ഇന്ത്യക്ക് ലഭിച്ച ഇളവിന്റെ പൂര്‍ണ രൂപം ലഭിക്കാതെ കൃത്യമായ അഭിപ്രായം പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം ചര്‍ച്ചചെയ്യാന്‍ പാര്‍ലമെന്റ് സമ്മേളനം ഉടന്‍ വിളിച്ച് ചേര്‍ക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഇന്ത്യയുടെ പ്രഖ്യാപിത നിലപാടനുസരിച്ചുള്ള വ്യക്തവും ഉപാധിയില്ലാത്തതുമായ ഇളവാണ് ലഭിച്ചതെന്ന് ഓസ്ട്രിയന്‍ വിദേശമന്ത്രാലയ വക്താവ് പീറ്റര്‍ ലോന്‍സ്കിയുടെ പ്രസ്താവന വ്യക്തമാക്കുന്നില്ല. സമവായത്തിലെത്താനായത് ആശ്വാസം നല്‍കുന്നതായി അദ്ദേഹം വിശേഷിപ്പിച്ചു. ഇത് വ്യക്തമാക്കുന്നത് ഓസ്ട്രിയയും മറ്റും മുന്നോട്ടുവച്ച ചില നിബന്ധനയ്ക്കെങ്കിലും ഇന്ത്യ വഴങ്ങിയെന്നാണ്. പിബി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.

രാജ്യത്തിന്റെ പരമാധികാരം അടിയറവയ്ക്കുകയാണ് യുപിഎ സര്‍ക്കാരെന്ന് സിപിഐ സെക്രട്ടറി ഡി രാജ കുറ്റപ്പെടുത്തി. ഇളവുസംബന്ധിച്ച സമ്പൂര്‍ണ പ്രതികരണം കരാറിന്റെ പൂര്‍ണ രൂപം ലഭിച്ചതിനുശേഷം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കീഴടങ്ങലിന്റെ നാള്‍വഴി


1968: ആണവനിര്‍വ്യാപനകരാര്‍ വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി ഒപ്പിടാന്‍ ഇന്ത്യ വിസമ്മതിച്ചു.
1974, മെയ് 18: ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണം.
1978, മാര്‍ച്ച് 10: അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ആണവ നിര്‍വ്യാപനനിയമം ഒപ്പിട്ടു. തുടര്‍ന്ന് ഇന്ത്യക്കുള്ള ആണവസഹായം നിര്‍ത്തലാക്കി.
1998, മെയ് 11-13: ഇന്ത്യ അഞ്ചു ഭൂഗര്‍ഭ ആണവപരീക്ഷണം നടത്തി.
2005, ജൂലൈ 18: അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ള്യു ബുഷും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ആണവകരാര്‍ സംബന്ധിച്ച ആദ്യപ്രഖ്യാപനം നടത്തി.
2005, ജൂണ്‍ 28: ഇന്ത്യ-അമേരിക്ക പ്രതിരോധ ചട്ടക്കൂട് കരാര്‍ ഒപ്പിട്ടു.
2006, മാര്‍ച്ച് 1: ബുഷിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനം. 2006, മാര്‍ച്ച് 3: ആണവസഹകരണം സംബന്ധിച്ച് ബുഷും മന്‍മോഹന്‍സിങ്ങും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.
2006, ജൂലൈ 26: അമേരിക്കന്‍ കോഗ്രസിലെ പ്രതിനിധി സഭ ഹൈഡ് ആക്ട് പാസാക്കി. ആണവനിര്‍വ്യാപനകരാറില്‍ ഒപ്പിടുന്നതില്‍നിന്ന് ഒഴിവ് നല്‍കി ഇന്ത്യയുമായുള്ള ആണവ സഹകരണം പ്രഖ്യാപിച്ചു.
2006, ജൂലൈ 28: ആണവകരാര്‍സംബന്ധിച്ച വിഷയം സമഗ്രമായ ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന് ഇടതുപാര്‍ടികള്‍ ആവശ്യപ്പെട്ടു.
2006, നവംബര്‍ 16: സമാധാന ആവശ്യത്തിനുള്ള ഇന്ത്യ-അമേരിക്ക കരാറും അമേരിക്കയുടെ അധികപ്രമാണം നടപ്പാക്കല്‍നിയമവും നടപ്പാക്കി.
2006, ഡിസംബര്‍ 18: ഹൈഡ് ആക്ടില്‍ ബുഷ് ഒപ്പിട്ടു.
2007,ആഗസ്ത് 3: 123 കരാര്‍ ഇരുരാജ്യവും പുറത്തുവിട്ടു.
2007,ആഗസ്ത് 13: മന്‍മോഹന്‍സിങ് പാര്‍ലമെന്റില്‍ കരാറിനെ ന്യായീകരിച്ച് പ്രസ്താവന നടത്തി.
2007,സെപ്തംബര്‍ 4: യുപിഎ-ഇടത് സമിതി യോഗം ചേര്‍ന്ന് ആണവകരാര്‍ ചര്‍ച്ചചെയ്തു.
2008, ഫെബ്രുവരി 25: കരാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍. ഇടതുപാര്‍ടികളുടെ മുന്നറിയിപ്പ്.
2008, മാര്‍ച്ച് 3: ആണവകരാറുമായി മുന്നോട്ടുപോയാല്‍ ഗുരുതര ഭവിഷ്യത്തെന്ന് ഇടതുപാര്‍ടികളുടെ മുന്നറിയിപ്പ്.
2008, മാര്‍ച്ച് 6: കരാറുമായി മുന്നോട്ടുപോകുന്ന കാര്യം മാര്‍ച്ച് 15നകം തീരുമാനിക്കണമെന്ന് ഇടത് അന്ത്യശാസനം.
2008, മാര്‍ച്ച് 7: കരാറുമായി മുന്നോട്ടുപോയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് അറിയിക്കുന്ന കത്ത് സിപിഐ എം പ്രധാനമന്ത്രിക്ക് നല്‍കി.
2008, മാര്‍ച്ച് 14: ആണവകരാറിന്റെ പേരില്‍ സര്‍ക്കാര്‍ വീഴുകയാണെങ്കില്‍ ഉത്തരവാദിത്തമില്ലെന്ന് ഇടതുപ്രഖ്യാപനം.
2008, ഏപ്രില്‍ 23: അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിനുമുമ്പ് 123 കരാര്‍ സംബന്ധിച്ച് സഭയുടെ വികാരം അറിയുമെന്ന് യുപിഎ സര്‍ക്കാര്‍.
2008, ജൂണ്‍ 17: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി സുരക്ഷാകരാറുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശമന്ത്രി പ്രണബ് മുഖര്‍ജി പ്രകാശ് കാരാട്ടിനെ സമീപിച്ചു.
2008, ജൂണ്‍ 30: കരാര്‍ നടപ്പാക്കുന്നതിനുമുമ്പേ സഭയെ അഭിമുഖീകരിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
2008, ജൂലൈ 8: ഇടതുപാര്‍ടികള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.
2008, ജൂലൈ 9: സുരക്ഷാകരാര്‍സംബന്ധിച്ച കരാറിന്റെ കരട് ഇന്ത്യ ആണവോര്‍ജ ഏജന്‍സി യോഗത്തില്‍ വിതരണം ചെയ്തു.
2008, ജൂലൈ 10: പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശ്വാസവോട്ട് തേടാന്‍ യോഗം വിളിച്ചു.
2008, ജൂലൈ 18: ആണവോര്‍ജ ഏജന്‍സിയുടെ ബോര്‍ഡ് ഗവേര്‍ണസിലും ചില ആണവവിതരണ രാജ്യങ്ങള്‍ക്കിടയിലും സുരക്ഷാ കരാര്‍സംബന്ധിച്ച വിശദീകരണം വിദേശകാര്യ സെക്രട്ടറി ശിവ്ശങ്കര്‍മേനോന്‍ നല്‍കി.
2008, ജൂലൈ 22: മന്‍മോഹന്‍ മന്ത്രിസഭ വിശ്വാസവോട്ട് നേടി.
2008, ആഗസ്ത് 1: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സുരക്ഷാകരാറിന് അംഗീകാരം നല്‍കി.
2008, ആഗസ്ത് 21-22: ഇന്ത്യക്ക് ഇളവ് നല്‍കുന്ന കാര്യം ആണവ വിതരണ രാജ്യങ്ങളുടെ യോഗത്തില്‍ തീരുമാനമാകാതെ പിരിഞ്ഞു.
2008, സെപ്തംബര്‍ 4-6: രണ്ടാംവട്ട ആണവവിതരണ രാജ്യങ്ങളുടെ യോഗത്തില്‍ അമേരിക്ക അവതരിപ്പിച്ച പുതുക്കിയ കരടുപ്രകാരം ഇന്ത്യക്ക് ഇളവ് നല്‍കാന്‍ തീരുമാനമായി.

*
അവലംബം: ദേശാഭിമാനി
കടപ്പാട്। വര്‍ക്കേഴ്സ് ഫോറം