Showing posts with label സാസ്കാരികം. Show all posts
Showing posts with label സാസ്കാരികം. Show all posts

24 June, 2010

വിശപ്പിന്റെ സൌന്ദര്യശാസ്ത്രം

സൌന്ദര്യശാസ്ത്ര ചര്‍ച്ചകളില്‍ അടിക്കടി പരാമര്‍ശിച്ചു കേള്‍ക്കാറുള്ള പ്രബന്ധമാണ് ലാറ്റിനമേരിക്കന്‍ സിനിമാ സംവിധായകനായ ഗ്ളാബര്‍ റോഷയുടെ 'വിശപ്പിന്റെ സൌന്ദര്യശാസ്ത്രം'. വിശപ്പ് ലജ്ജിക്കേണ്ട ഒരു കാര്യമല്ലെന്നും, വിശക്കുന്നവന്റെ സഹജഭാവം ഹിംസ (വയലന്‍സ്) ആയിരിക്കുമെന്നും പ്രസ്തുത പ്രബന്ധത്തില്‍ റോഷ വ്യക്തമാക്കുന്നുണ്ട്. മലയാളത്തില്‍ ഇക്കാര്യം കൃത്യതയോടെ, കണിശതയോടെ, തികഞ്ഞ പ്രായോഗികതയോടെ പറഞ്ഞ എഴുത്തുകാരന്‍ കോവിലനാകുന്നു. കോവിലന്റെ ഓരോ രചനയും വിശപ്പിന്റെ ഓരോ പുതിയ സൌന്ദര്യശാസ്ത്രങ്ങളാകുന്നു. "വിശപ്പ് ഒരു പാപമല്ല. ശാപമാണ്.'' ദൈവശാപം ജഠരാഗ്നിയായി ദാഹാനലനായി മനുഷ്യന്റെ കുടലുകളില്‍ കത്തിപ്പടര്‍ന്നുകയറുന്നു. അഗ്നി ഒരു പ്രളയത്തിലും കെടുന്നില്ല - അവനെ തിന്നുതീര്‍ക്കാതിരിക്കാന്‍ ആ അഗ്നിയിലേക്ക് അവന്‍ ആഹാരം ഹോമിക്കുന്നു. നേരാനേരത്തും ആഹാരം ഹോമിച്ചുകൊണ്ടിരിക്കുന്നു. നേരം തെറ്റിയോ, അഗ്നി അവനെ തിന്നും. കൂടുതല്‍ ആഹാരം തേടാന്‍, മെച്ചപ്പെട്ട ആഹാരം തേടാന്‍ മനുഷ്യന്‍ തമ്മില്‍തമ്മില്‍ മത്സരിക്കുന്നു.

"ദൈവമേ, എനിക്കെന്റെ ഉരിയരിക്കഞ്ഞി തരൂ.... എനിക്കൊരു തൊഴില്‍ തരൂ..... എന്റെ തൊഴില്‍ എന്റെ ജീവിതമാകുന്നു'' (ഭരതന്‍: പുറം 7-8). കോവിലന്റെ രചനകളിലെ സമയം വിശപ്പുകൊണ്ട് അളന്നു തിട്ടപ്പെടുത്തപ്പെട്ടതാണ്.

"ഇന്നത്തെ അത്താഴം കഴിഞ്ഞു. ബുധന്‍ അവസാനിക്കുന്നു'' (ഭരതന്‍). കോവിലന്‍ രചിച്ച വിശപ്പിന്റെ ഭൂമികകളില്‍ അഗ്നി ഒരു സ്ഥിരം രൂപകമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. അഗ്നി വിശപ്പാകുന്നു. "ഈ പാപ്പന്‍ എപ്പോള്‍ കാണുമ്പോഴും വയറ്റത്തേ നോക്കൂ'' എന്നത്രയും പറയുമാറ് വയറ് മനുഷ്യന്റെ ഉത്തമാംഗമായി കോവിലന്‍ കണ്ടു. ഏതു ഭാഷ സംസാരിക്കുന്ന ജനസമൂഹത്തിനിടയിലും വിശക്കുന്ന മനുഷ്യനെ കോവിലന്‍ നൊടിയിടകൊണ്ട് തിരിച്ചറിഞ്ഞു. "മരിച്ചുപോയാല്‍ എല്ലാ സൊല്ലകളും അവസാനിച്ചുകിട്ടും. പക്ഷേ മരിച്ചുകിട്ടാന്‍ ഒരു ജീവിതം മുഴുവന്‍ ജീവിച്ചു തീര്‍ക്കണം''- മനുഷ്യന്റെ അസ്തിത്വദുഃഖങ്ങള്‍,ആധി ഭൌതികങ്ങള്‍ കോവിലന്റെ ഏറ്റവും പ്രിയപ്പെട്ട പ്രമേയങ്ങളായിത്തീരുന്നത് ഇക്കാരണത്താലാണ്. വിശപ്പാണ് മനുഷ്യന്റെ ആത്യന്തികസത്യം എന്ന് കോവിലന്‍ മനസ്സിലാക്കുന്നത് സ്വന്തം അനുഭവങ്ങളിലൂടെ മാത്രമല്ല. പാവറട്ടി സംസ്കൃത കോളേജില്‍ പഠിക്കുമ്പോള്‍ തന്റെ അഞ്ചു ഗുരുനാഥന്മാരിലൊരാള്‍ -ചെറുകാട്- പറഞ്ഞു: "പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഇന്നലെ ഉണ്ടായ സംഭവമാണ്. മനുഷ്യന്‍ എന്തുമാത്രം ദുരിതങ്ങളാണനുഭവിക്കുന്നതെന്ന് ഇതു കേട്ടാല്‍ നിങ്ങള്‍ക്ക് ഊഹിക്കാം''. രാത്രിയായിരുന്നു, കൂരിരുട്ടായിരുന്നു, അസമയമായിരുന്നു. എന്തോ ഒരാവശ്യത്തിനുവേണ്ടി ചാവക്കാട്ടേക്ക് പോയ ചെറുകാട് പുന്നച്ചോട്ടിലെത്തിയപ്പോള്‍ ആരോ ഒരാള്‍ അദ്ദേഹത്തെ തടുത്തു. അപായമൊന്നും ഉണ്ടായില്ല- അതൊരു സ്ത്രീയായിരുന്നു. സ്ത്രീയുടെ പേക്കോലമായിരുന്നു. അവള്‍ക്ക് ചെറുകാട് എന്തെങ്കിലും കൊടുക്കണം. അവള്‍ക്ക് വിശക്കുന്നുണ്ട്. നാളുകളായി അവള്‍ ആഹാരം കഴിച്ചിട്ടില്ല. കൂരിരുട്ടില്‍ മിഴിച്ചുനിന്ന ചെറുകാടിനോട് സ്ത്രീ വീണ്ടും ഇരന്നു,"രണ്ടു മുക്കാല് തരൂ.... എന്നെ എന്തും ചെയ്തോളൂ. എനിക്ക് രണ്ടു മുക്കാല് തരൂ''...... തന്റെ ശിഷ്യനായ കോവിലനോട് ബനിയനിട്ടുവരാന്‍ പറയുകയും ബനിയനകത്ത് കമ്യൂണിസ്റ്റ് സാഹിത്യം ഒളിപ്പിച്ചു കൊടുത്തയക്കുകയും ചെയ്തു ചെറുകാട്. കോവിലനെ കമ്യൂണിസ്റ്റു പാര്‍ടിയിലേക്ക് അടുപ്പിക്കുന്നതും ചെറുകാടാണ്.

തന്റെ മതവും വിശ്വാസവും മാനവികതയാണെന്ന് 'ജന്മാന്തര'ങ്ങളില്‍ ഒരിടത്ത് കോവിലന്‍ രേഖപ്പെടുത്തുന്നുണ്ട്. മനുഷ്യന്‍ എത്ര സുന്ദരമായ പദം! മലയാളത്തിലെ കമ്യൂണിസ്റ്റു സാഹിത്യകാരന്മാരോളംതന്നെ ഉച്ചത്തില്‍ കോവിലന്‍ ഈ വാക്യം ആവര്‍ത്തിച്ചിട്ടുണ്ട്. മനുഷ്യന്റെ ജനിതകത്തെക്കുറിച്ച്, പാരമ്പര്യത്തിന്റെ തുടര്‍ക്കണ്ണികളെക്കുറിച്ച്, ഓരോ മനുഷ്യനും അനുഭവങ്ങളുടെ ഒരു മഹാപ്രപഞ്ചമാണെന്ന സത്യത്തെക്കുറിച്ച് കോവിലന്‍ ബോധവാനായിരുന്നു. മനുഷ്യനെക്കുറിച്ച് എഴുതേണ്ടിവന്നപ്പോഴൊക്കെ കോവിലന്‍ നിസ്സംഗതയോടെ അവന്റെ ശരിതെറ്റുകളെ നോക്കിക്കണ്ടു. ഒരു ധനചിഹ്നമെഴുതേണ്ടിടത്ത് ഒരു ഋണചിഹ്നമെഴുതിയതുകൊണ്ട് ഒരു ജീവിതം മുഴുവന്‍ പണയം നല്‍കേണ്ടിവരുന്ന പാവം മനുഷ്യജീവിതങ്ങള്‍ (എ മൈനസ് ബി).

"മനുഷ്യന്‍ എന്തുമാവാം. എല്ലാവര്‍ക്കും ഓരോന്നില്ല. എന്തോ ഒന്നിന് പിശകാണ്. മനുഷ്യന്‍! മനുഷ്യന്‍ എന്ന ഈ മഹത്തായ വാക്ക് ഉള്‍ക്കൊള്ളുന്ന ആത്മാവും ഹൃദയവും വിശേഷബുദ്ധിയുമുള്ള മനുഷ്യന്‍ എവിടെ? എന്തോ ഒന്നിന് പിശകാണ്. എ മൈസ് ബി. ജീവിതം പൂര്‍ണമല്ലെന്ന്. മനുഷ്യരുടെ കണക്കെഴുത്തില്‍ അനവരതം അകാലത്തില്‍നിന്ന് കാലത്തോളം കണക്കുകൂട്ടുന്ന ചിത്രഗുപ്തനെക്കുറിച്ച് ഇളയതു മാസ്റ്റരല്ലേ പറഞ്ഞുതന്നത്? ചിത്രഗുപ്തന്‍ ഒരാശയമാണോ? ജീവിതം പൂര്‍ണമല്ലെന്ന അജ്ഞേയമായ സംഹിതയെ വിഡംബനായ ഒരു കണക്കപ്പിള്ളയിലൂടെ ഏതൊരു ജീനിയസ്സാണ് ലോകത്തിന് ചികഞ്ഞെടുത്തുകൊടുത്തത്!'' (എ മൈനസ് ബി).

"ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ ഒരുകാലത്തും മനസ്സിലാക്കുകയില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തവും അതാകുന്നു.ഒരു മനുഷ്യന്‍ തനതായ ഒരു പ്രപഞ്ചമാകുന്നു. ഒരു വിദൂര നക്ഷത്രമാകുന്നു. ആ പ്രപഞ്ചത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന്, സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മറ്റൊരു മനുഷ്യന്‍ ഊഹിക്കുകയേ ഉള്ളൂ. ഊഹം യഥാതഥം ആയിക്കൊള്ളണമെന്നില്ല. ഞാന്‍ ഇങ്ങനെ ആയതുകൊണ്ട് അവന്‍ അങ്ങനെ ആയിരിക്കും. അന്യനെ മനസ്സിലാക്കാനുള്ള നിരവധി ഉപാധികളില്‍ ഒന്ന് അവന്റെ വാക്കാകുന്നു. പക്ഷേ മനുഷ്യന്‍ പൊളിവാക്കും പറയും'' (ഭരതന്‍).

അതെ, മനുഷ്യനെ മനസ്സിലാക്കുക എന്ന അത്യന്തം ശ്രമകരമായ പ്രവൃത്തിയാണ് തന്റെ സാഹിത്യത്തിലൂടെ കോവിലന്‍ നിര്‍വഹിക്കാന്‍ ശ്രമിച്ചത്. മുനിമടകളുടെയും കുടക്കല്ലുകളുടെയും നന്നങ്ങാടികളുടെയും അയല്‍പക്കക്കാരനായിരുന്ന കോവിലന്‍ മനുഷ്യന്റെ ജനിതകബന്ധങ്ങളെയും ചരിത്രത്തെയുംകുറിച്ചാണ് എപ്പോഴും ആവര്‍ത്തിച്ചു പറഞ്ഞുപോന്നത്.

"എക്കാലത്തും കണ്ണാഞ്ചിറക്കളരിയില്‍ രണ്ട് ഗുരുനാഥന്മാരുണ്ടായിരുന്നു. കഞ്ചുട്ടിപ്പണിക്കരുടെ മഹന്‍ കുഞ്ചിട്ട പണിയ്ക്കര്‍, കുഞ്ചിട്ട പണിയ്ക്കരുടെ മകന്‍ കുഞ്ചുട്ടി പണിക്കര്‍, കുഞ്ഞുട്ടി പണിക്കരുടെ മഹന്‍ ....'' (തട്ടകം).

"ആറാടിക്കടവില്‍ ചേന്നന്‍, ചേന്നന്‍ മകന്‍ ചേന്നപ്പന്‍, ചേന്നപ്പന്‍ മകന്‍ ചേന്നന്‍, ചേന്നന്‍ മകന്‍....'' (തോറ്റങ്ങള്‍).

പരമ്പരകളിലൂടെ ആവര്‍ത്തിക്കുന്ന മനുഷ്യമഹാജീവിതനാടകത്തിന്റെ സാക്ഷിയായിരുന്നു കോവിലന്‍. നിസ്സംഗനായ സാക്ഷി- "ഭടനും സന്യാസിയും നിസ്സംഗരാകുന്നു.'' കോവിലന്‍ ഭടനും സന്യാസിയുമായിരുന്നു. ഒന്നാംതരം ഒരു "റൊമാന്റിക് റവലൂഷണറി''. തന്റെ മതവും വിശ്വാസവും മാനവികതയാണെന്ന് വിളിച്ചുപറഞ്ഞ സന്യാസി. ഒരു കഷണം അസ്ഥിയും ഒരു പലം മനയോലയും മനസ്സില്‍ കൊണ്ടുനടന്ന ഭടനും സന്യാസിയുമായ ഒരു നിസ്സംഗന്‍.

പക്ഷേ ഈ നിസ്സംഗന്റെ വ്യക്തിബന്ധങ്ങള്‍ എത്ര സ്നേഹപൂര്‍ണവും ദൃഢതരവുമായിരുന്നു എന്ന് കോവിലന്റെ മരണാനന്തരമുള്ള ശൂന്യതക്ക് മുന്നില്‍ നിന്നുകൊണ്ട് ഞാന്‍ ആലോചിക്കുകയാണ്. ചെറുകാടിന്റെ മക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ ഓരോരുത്തരെയും കോവിലന്‍ എപ്പോഴും ശ്രദ്ധിച്ചുപോന്നിട്ടുണ്ട്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ തലശേരി സാഹിത്യസമിതിയുടെ വാര്‍ഷികങ്ങള്‍ക്ക് വരുമ്പോഴൊക്കെയും മയ്യഴിയില്‍ എന്റെ വീട്ടില്‍ കോവിലന്‍ അതിഥിയായെത്തുമായിരുന്നു. സാമ്പത്തികമായും ശാരീരികമായും കോവിലന്‍ ഏറെ വിഷമങ്ങള്‍ അനുഭവിച്ച ഒരു കാലമായിരുന്നു അത്. പക്ഷേ എഴുത്തില്‍ പുതിയപുതിയ വഴികള്‍ തേടിയിരുന്ന കാലം. 'എ മൈനസ് ബി'യില്‍നിന്നും ഏഴാമെടങ്ങളില്‍നിന്നും വ്യത്യസ്തമായി കോവിലന്‍ പുതിയ പുതിയ ശൈലികള്‍ പരീക്ഷിച്ചുകൊണ്ടിരുന്ന കാലം. തോറ്റങ്ങളും, താഴ്വരകളും ഹിമാലയവും വന്ന കാലം. ആത്മാനുകരണം ആത്മഹത്യയെക്കാള്‍ മോശമാണെന്ന് കോവിലന്‍ വിചാരിച്ചിരുന്ന ഒരു കാലമായിരുന്നു അത്. അക്കാലത്ത് ആധുനികതയുടെ ബാനറില്‍ പുറത്തിറങ്ങിയ കഴമ്പുറ്റ രചനകളെയെല്ലാം കോവിലന്‍ സ്വാഗതം ചെയ്തു. ചെറുപ്പക്കാരായ എഴുത്തുകാരെ ഇത്രയേറെ ശ്രദ്ധിക്കുകയും സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എഴുത്തുകാരന്‍ വേറെയുണ്ടാകുമോ എന്ന് സംശയമാണ്. പുതിയ കുട്ടികള്‍ക്കേ ഹിമാലയത്തിലെയും താഴ്വരകളിലെയും ഭാഷ മനസ്സിലാകൂ എന്നുവരെ ശഠിച്ചു കോവിലന്‍ - അതിഥിയായി വീട്ടിലെത്തിയാല്‍ ശാസിക്കാന്‍വരെ സ്വാതന്ത്യ്രമുള്ള ഒരു കാരണവരായി മാറും കോവിലന്‍. അടിയ്ക്കടി എഴുതാത്തതിനെച്ചൊല്ലി, എടുക്കുന്ന നിലപാടിനെച്ചൊല്ലി സ്നേഹത്തിന്റെ ഭാഷയില്‍ ശാസിക്കാന്‍ കോവിലന് കഴിയുമായിരുന്നു. എഴുപതുകള്‍ക്കുശേഷം കോവിലന്റെ വടക്കോട്ടുള്ള യാത്രകള്‍ ചുരുങ്ങി. ഏതെങ്കിലും യോഗത്തില്‍ കാണുമ്പോള്‍ കൈകള്‍ കൂട്ടിപ്പിടിച്ച് ഒരു കൂര്‍ത്ത നോട്ടം- ഒരു കനത്ത മൂളല്‍. 2007 ല്‍ തൃശൂര്‍ കേരളവര്‍മ കോളേജ് പൂര്‍വവിദ്യദ്യാര്‍ഥി സംഘം ഏര്‍പ്പെടുത്തിയ മൂന്നോ നാലോ അവാര്‍ഡുകളില്‍ ഏറ്റവും നല്ല ഗവേഷണകൃതിക്കുള്ള അവാര്‍ഡ് എനിക്കായിരുന്നു. സച്ചിദാനന്ദനും കെ ആര്‍ മീരയുമായിരുന്നു മറ്റ് അവാര്‍ഡ് ജേതാക്കള്‍. അവാര്‍ഡ് നല്‍കുന്നത് കോവിലന്‍. എനിക്ക് അവാര്‍ഡ് തന്ന് ഒരു നിമിഷം എന്നെ നോക്കിനിന്ന് ചേര്‍ത്തുപിടിച്ച് എന്റെ നെറ്റിയില്‍ നല്‍കിയ ചുംബനത്തിന്റെ ചൂട് - സ്നേഹവാത്സല്യങ്ങളുടെ ചൂട് - നിറകണ്ണുകളോടെ ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്. പ്രിയപ്പെട്ട കോവിലന്‍, മജിഷ്യന്‍ എന്ന് അങ്ങ് കളിപ്പേരിട്ട അങ്ങയുടെ ഗുരുനാഥന്റെ ബാക്കിയുള്ള ഒരു ജീവിതം മുഴുവന്‍ ജീവിച്ചുതീര്‍ക്കാനുള്ള ഉര്‍ജമാണ് ആ വാത്സല്യത്തില്‍നിന്ന് ലഭിച്ചത്."അവന്‍ ഒരു കൊച്ചുകുട്ടിയായിരുന്നു. നനഞ്ഞ മണല്‍ത്തിട്ടില്‍ അവന്‍ ഒരു വെള്ളിനാണ്യം കുഴിച്ചിട്ടു. അവന്റെ അമ്മ കടവില്‍ കുളിക്കുന്നുണ്ടായിരുന്നു. നാണ്യത്തിന്റെ വെള്ളിവിത്ത് മുളച്ച് തൈയായി മരമായി വളരുന്നതും കാത്ത് അവന്‍ മണല്‍ത്തിട്ടില്‍ ഇരുന്നു. ആ മരം കായ്ച്ച് ഉതിരുന്ന വെള്ളിനാണ്യങ്ങള്‍ ശേഖരിക്കാന്‍ അവന്‍ ഒരു കുട്ടുസഞ്ചി സമ്പാദിച്ചുവെച്ചു. വെള്ളി വിത്തിന് മുളപൊട്ടിയത് നോക്കാന്‍ അവന്‍ എന്നും ആറ്റുകടവില്‍ പോയി. പക്ഷേ അവന്‍ മറന്നുപോയി നനഞ്ഞ മണല്‍ത്തിട്ടില്‍ എവിടെയാണ് വെള്ളിനാണ്യം കുഴിച്ചിട്ടതെന്ന്. പിന്നിടൊരിക്കലും അവന് പിടികിട്ടിയില്ല. അമ്മ പറഞ്ഞു, നിന്റെ നാണ്യം അടുത്ത ജന്മത്തില്‍ മുളയ്ക്കും'' (ഭരതന്‍: പുറം 59-60).

"അമ്മിഞ്ഞ പുഴയില്‍ തുണി കഴുകുമ്പോള്‍ അപ്പുക്കുട്ടന്‍ തൊട്ടപ്പുറത്ത് നനഞ്ഞ പൂഴിയില്‍ നാണ്യം കുഴിച്ചിട്ടു. മുളച്ച് വളര്‍ന്ന് കാശുമരമാകട്ടെ. തിരിച്ചുവരുമ്പോള്‍, അമ്മിഞ്ഞ ചോദിച്ചു,

അണ എവിടെ?

ഉടനെ പറഞ്ഞു:

'കുഴിച്ചിട്ടു'

'എവിടെ?'

അപ്പുക്കുട്ടന്‍ സ്ഥലം മറന്നുപോയി. ഓളങ്ങള്‍ നിരന്തരം കയറിത്തലോടിയ പുഴക്കരയില്‍ നാണ്യം എവിടെയെന്ന് അവന്‍ കണ്ടെത്തിയില്ല'' (തട്ടകം: പുറം 157-158).

തട്ടകം എഴുതുമ്പോഴേക്ക് കോവിലന്‍ തന്റെ ജനിതകത്തിന്റെ വെള്ളിനാണയം കുഴിച്ചിട്ട സ്ഥലം കണ്ടെത്തിക്കഴിഞ്ഞിരുന്നു. അത് മുറ്റത്തെ മുരിങ്ങമരച്ചുവട്ടിലാണെന്ന്തന്റെ ഗുരുനാഥന്‍ - മജിഷ്യന്‍ എന്ന് താന്‍ കളിപ്പേരിട്ട ഗുരുനാഥന്‍- തന്നെയാണല്ലോ പറഞ്ഞുകൊടുത്തത്.

*

കെ പി മോഹനന്‍, ദേശാഭിമാനി വാരിക

05 June, 2010

പര്‍ദ ധരിച്ച പുരുഷന്മാര്‍

ഇസ്ളാം എന്ന സംഘടിത മതം കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക-വ്യക്തി ജീവിതങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിന് എത്രമാത്രം ഭീഷണിയാണ് സൃഷ്ടിക്കുന്നത് എന്ന് ആഖ്യാനം ചെയ്യുന്നതിനു വേണ്ടിയാണ് കുറച്ചു ചിരിയും കുറെ ചിന്തയും എന്ന വിശേഷണത്തോടെ സത്യന്‍ അന്തിക്കാട് കഥ തുടരുന്നു എന്ന പേരില്‍ തന്റെ അമ്പതാമത് സിനിമ പുറത്തിറക്കിയിരിക്കുന്നത്. കീ ബോര്‍ഡിസ്റായ ഷാനവാസ് അഹമ്മദും (ആസിഫ് അലി) മെഡിക്കല്‍ വിദ്യാര്‍ഥിനിയായ വിദ്യാലക്ഷ്മി നമ്പ്യാരും (മംമ്ത മോഹന്‍ദാസ്) പ്രണയവിവാഹം ചെയ്ത് ഒളിച്ചോടുന്നുണ്ടെങ്കിലും രണ്ടു പേരുടെയും വീട്ടുകാര്‍ പിടികൂടുന്നു (വിശ്വാസം അതല്ലേ എല്ലാം!). ലവ് ജിഹാദ് എന്നിതിനെ കളിയാക്കി ആരൊക്കെയോ പറയുന്നുണ്ട്. അതൊരു തമാശയായിട്ടാണവതരിപ്പിക്കുന്നതെന്ന് തോന്നിപ്പിക്കുന്നുവെങ്കിലും അത്തരമൊരു ദുരാരോപണത്തിന്റെ ചരിത്ര സന്ദര്‍ഭത്തെ പ്രശ്നവത്ക്കരിക്കാന്‍ രാഷ്ട്രീയ-സാമൂഹ്യ സന്ദര്‍ഭങ്ങളുടെ വിരോധിയായ (പോളണ്ടിലെന്തു സംഭവിച്ചുവെന്ന് മാത്രം ചോദിക്കരുത്) സന്ദേശം), ക്യൂബയുടെ പ്രസിഡന്റാരാണെന്നല്ല; ഒരു കിലോ അരിക്കെന്താണ് വില എന്നാണ് അന്വേഷിക്കേണ്ടത്(വിനോദയാത്ര), രാഷ്ട്രീയ പാര്‍ടികളുടെ ജാഥകളില്‍ പങ്കെടുക്കുന്നത് കൂലി മേടിച്ച് തരാതരംപോലെ കൂറുമാറുന്നവരാണ്(കഥ തുടരുന്നു)) സത്യന്‍ അന്തിക്കാട് പതിവുപോലെ തയ്യാറാകുന്നില്ല. ഷാനവാസ് നല്‍കുന്ന ഹേബിയസ് കോര്‍പ്പസ് ഹരജിയെതുടര്‍ന്ന് വിദ്യാലക്ഷ്മി കോടതിയില്‍ ഹാജരായി തനിക്ക് അദ്ദേഹത്തോടൊപ്പം പോകാനാണ് ഇഷ്ടം എന്നു തുറന്നു പറയുന്നതോടെയാണ് പ്രണയം സാക്ഷാത്കൃതമാകുന്നത്. തങ്ങളെ അനുസരിച്ചാല്‍ മതി, വിവാഹബന്ധത്തില്‍നിന്ന് പിന്മാറണം എന്ന രണ്ടു പേരുടെയും വീട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അവരത് അവഗണിച്ചു. സുഖമായും മാന്യമായും ജീവിക്കുകയും ലയ എന്ന മകളെ പ്രസവിച്ച് വളര്‍ത്തുകയും ചെയ്യുന്നതിനിടയിലാണ് ക്വട്ടേഷന്‍ സംഘം ആളു മാറി ഷാനവാസിനെ കൊല്ലുന്നത്.

അനാഥയും ദരിദ്രയുമാകുന്ന വിദ്യ യാദൃച്ഛികമായി കണ്ടുമുട്ടുന്ന പ്രേ(ജയറാം)മുമായി പരിചയത്തിലാകുകയും അയാള്‍, ദരിദ്രര്‍ തിങ്ങിത്താമസിക്കുന്ന തന്റെ കോളനിയില്‍ അവളെ സുരക്ഷിതമായി പാര്‍പ്പിക്കുകയും ചെയ്യുന്നു. അവിടെ വെച്ചാണ് അവള്‍ പ്രണയത്തിനുവേണ്ടി മെഡിക്കല്‍ വിദ്യാഭ്യാസം വഴിക്കുവെച്ച് നിര്‍ത്തിയവളാണെന്ന് എല്ലാവരും അറിയുന്നത്. അവര്‍ അവരുടെ തുഛമായ വരുമാനത്തില്‍നിന്ന് മിച്ചംപിടിക്കുന്ന പണംകൊണ്ട് അവളുടെ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നു. ഹൌസ് സര്‍ജന്‍സിക്കിടയില്‍വച്ച്, മരിച്ച ഷാനവാസിന്റെ ഉമ്മ അവരെ കണ്ടുമുട്ടുന്നു. സാധാരണ രീതിയില്‍ ഇത്തരമൊരു കഥാസന്ദര്‍ഭത്തില്‍ പ്രണയ വിരോധികളായിരുന്ന കുടുംബം/കുടുംബങ്ങള്‍ മക്കളെയും പേരമക്കളെയും സ്വീകരിക്കുന്ന ശുഭകഥാന്ത്യത്തിലേക്ക് വളരലാണ് മലയാള സിനിമയുടെ പതിവ്. എന്നാലതിവിടെ സാധ്യമല്ല, കാരണം കുട്ടിയുടെ പിതാവിന്റെ 'മുസ്ളിം കുടുംബ'മാണ് കുട്ടിയെ സംരക്ഷിക്കാനായി രംഗത്തുവരുന്നത് എന്നതുതന്നെ. മുസ്ളിം കുടുംബം കുട്ടിയെ ഏറ്റെടുക്കുന്നു എന്നതിന്റെ അര്‍ഥം തങ്ങളുടെ മതത്തിന്റെ അംഗസംഖ്യ കൂട്ടാനുള്ള എളുപ്പവഴി എന്നു മാത്രം വായിച്ചെടുക്കാന്‍ തക്കവണ്ണം 'മതനിരപേക്ഷ' ബോധമുള്ളവരാണ് പൊതുമലയാളി എന്ന് സത്യന്‍ അന്തിക്കാട് തിരിച്ചറിഞ്ഞിരിക്കുന്നു.

ഏതൊക്കെ തരത്തിലുള്ള നന്മയുടെ ഘടകങ്ങളെയാണ് മുസ്ളിം സമുദായം എന്ന കേരളത്തിലെ അന്യര്‍ പരാജയപ്പെടുത്താനും വിഴുങ്ങാനുമായി തയ്യാറായിരിക്കുന്നതെന്ന് നോക്കുക. ഭര്‍ത്താവിന്റെ അകാലികവും ദാരുണവുമായ മരണത്തിനുശേഷം ഒറ്റക്ക് ആരെയും കൂസാതെ ജീവിക്കാന്‍ തീരുമാനിച്ച നായികയുടെ സ്ത്രീശാക്തീകരണത്തെ മുസ്ളിം സമുദായം അതിനനുവദിക്കാതെ നശിപ്പിക്കുന്നു. പര്‍ദയില്‍ തങ്ങളുടെ സമുദായത്തിനകത്തുള്ള സ്ത്രീകളെ ഒതുക്കിയിടുകയും പാര്‍ലമെന്റില്‍ വനിതാബില്‍ പാസാക്കുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്ന മുസ്ളിം സമുദായം സ്ത്രീവിരുദ്ധമാണെന്ന് ആര്യാടന്‍ ഷൌക്കത്തിനെ പിന്തുടര്‍ന്നുകൊണ്ട് ആഖ്യാനം ചെയ്യുകയാണ് സത്യന്‍ അന്തിക്കാട്. അവളെ ഏറ്റെടുത്ത ദരിദ്രരുടെ കോളനിയില്‍ പേരിനുപോലും ഒരു മുസ്ളിം സമുദായക്കാരന്‍ ഇല്ല. അവിടെയുള്ള അമുസ്ളിം ദരിദ്രരില്‍ ചിലരെങ്കിലും ഒരു പക്ഷേ മലപ്പുറത്തു നടക്കുന്ന വര്‍ഗീയ ലഹളകളില്‍ പരിക്കു പറ്റുന്ന 'നിഷ്കളങ്കരാ'യ പൊലീസുകാരും അവരുടെ കുടുംബങ്ങളും ആയിക്കൂടെന്നുമില്ല(സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വിനോദയാത്ര എന്ന സിനിമയിലെ മുരളി അച്ഛനും മീരാ ജാസ്മിന്‍ മകളുമായുള്ള കുടുംബമെന്നതു പോലെ). ആദ്യ ഭര്‍ത്താവ് മരിക്കുകയും ആ ബന്ധത്തിലുണ്ടായ കുട്ടിയെ വളര്‍ത്താനുണ്ടാവുകയും ചെയ്യുമ്പോള്‍ വിധവകള്‍ പുനര്‍വിവാഹം ചെയ്യുന്നത്, മലയാള സിനിമ സാധാരണ രീതിയില്‍ അനുവദിക്കാറില്ല. കഥ തുടരുന്നുവിലും ആ മഹാ നിയമം ലംഘിക്കാന്‍ സംവിധായകന്‍ തയ്യാറാവുന്നില്ല. എന്നാലും, പ്രേമിന് അത്തരത്തിലൊരു മോഹം നല്‍കിക്കൊണ്ടാണ് വിദ്യാലക്ഷ്മി ഗള്‍ഫിലേക്ക് പോകുന്നത് എന്നത് ശ്രദ്ധേയമാണ്. അതായത് മലയാള സിനിമയുടെ വിധവാവിവാഹ നിരോധനം എന്ന മഹാഖ്യാനത്തെ അതിലംഘിക്കാന്‍ വരെ തുനിയുന്ന വിധത്തില്‍ പുരോഗമനപരമായ ഒരു പരിപ്രേക്ഷ്യമാണ് സത്യന്‍ അന്തിക്കാടിന് ഉള്ളത് എന്നതും, ആ 'പുരോഗമനപരത'യുടെ പര്യായമായിട്ടുതന്നെയാണ് പിന്തിരിപ്പന്മാരും അക്രമികളുമായ മുസ്ളിം സമുദായം അപഹസിക്കപ്പെടുന്നതെന്നതും കൂട്ടിവായിക്കേണ്ടതാണ്.

ദരിദ്രരുടെ കോളനിയിലെ ഐക്യബോധവും സദാചാരനിഷ്കര്‍ഷയും അസൂയാവഹവും മാതൃകാപരവുമാണ്. ദരിദ്രര്‍ അത്തരത്തില്‍ ധാര്‍മിക സദാചാരത്തിന്റെയും സത്യസന്ധതയുടെയും കാവലാളായിരിക്കുന്നതിന്റെ ഇതിവൃത്താഖ്യാനങ്ങള്‍ മുമ്പും മലയാള സിനിമയില്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍, ഇവിടെ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്ന മുസ്ളിം സമുദായാംഗം(ഷാനവാസിന്റെ ജ്യേഷ്ഠ സഹോദരനായ മാര്‍ബിള്‍ വ്യാപാരി) ആര്‍ദ്രതയില്ലാതെ നിരന്തരം പെരുമാറുന്നതും അയാളുടെ തിട്ടൂരങ്ങള്‍ തന്നെ, ആര്‍ദ്രത പുറമേക്ക് പ്രകടിപ്പിക്കുന്നവരെങ്കിലും സമുദായ പ്രചാരകര്‍ തന്നെയായ മുസ്ളിം സ്ത്രീകളും പിന്തുടരുന്നതും വിശദമാക്കപ്പെടുന്നതിനോട് താരതമ്യം ചെയ്തുകൊണ്ടാണ് കോളനിക്കാരുടെ മനോഭാവങ്ങള്‍ മഹത്വവത്ക്കരിക്കുന്നത്. ഇപ്പോള്‍ ഞാന്‍ മയത്തില്‍ പറയുകയാണ്, നീ കുട്ടിയെ വിട്ടുതരുന്നതാണ് നല്ലത്, പിന്നെ സമുദായം ഇടപെടും, കുണ്ടാമണ്ടിയാവും എന്ന് ജ്യേഷ്ഠഭാര്യ പറയുന്നത് നോക്കുക. അനാഥത്വംകൊണ്ടും ദാരിദ്യ്രംകൊണ്ടും ഒറ്റപ്പെട്ടവരായിട്ടും ഇടിഞ്ഞുപൊളിഞ്ഞ കോളനിയില്‍ പരിമിത സൌകര്യങ്ങളോടെ - കുടിവെള്ളം വല്ലപ്പോഴും ടാങ്കറില്‍, മേല്‍ക്കൂരയില്ലാത്ത കക്കൂസും കുളിമുറിയും, കൊതുകുകടി - ജീവിക്കുന്നവരായിട്ടും അവര്‍ പൊതുവെ പങ്കിടുന്ന വികാരങ്ങള്‍ മുസ്ളിം സമുദായത്തില്‍ പെട്ടവര്‍ക്ക് ഉള്‍ക്കൊള്ളാനാകില്ല എന്ന ധ്വനിയാണ് ചിത്രം ജനിപ്പിക്കുന്നത്.

തങ്ങളുടെ സമുദായത്തില്‍പെട്ട പുരുഷന്റെ ബീജത്തില്‍ നിന്നുണ്ടായ കുഞ്ഞായതിനാല്‍ ലയയെ തങ്ങള്‍ ഏറ്റെടുക്കുമെന്ന് മാര്‍ബിള്‍ വ്യാപാരിയായ ജ്യേഷ്ഠനടക്കം സമുദായ-കുടുംബ പ്രതിനിധികള്‍ ഒന്നാകെ ഭീഷണി മുഴക്കുന്നതിലൂടെ നായികയുടെ ഉറക്കവും സ്വൈരവും നഷ്ടമാകുന്നു. ഉറക്കത്തില്‍ അവള്‍ കണ്ട് ഞെട്ടിയെഴുന്നേല്‍ക്കുന്ന ദുസ്വപ്നം ഇപ്രകാരമായിരുന്നു. പര്‍ദയാണെന്നു തോന്നിപ്പിക്കുന്ന കറുത്ത ളോഹയണിഞ്ഞ് മുഖം മൂടിയും ആ മുഖംമൂടി തലക്കു മുകളിലേക്ക് പാറിപ്പറന്നും കുഞ്ഞിനെ ഓടിച്ചിട്ട് പിടിക്കുന്ന കുറെ മുസ്ളിം പുരുഷ'ഭീകര'ന്മാരെയാണ് അവളുടെ സ്വപ്നം ആഖ്യാനം ചെയ്യുന്നത്. ബുര്‍ഖ ധരിച്ച പുരുഷന്‍ വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്ന് 'കണ്ടെത്തി' അയാളെയും സഹയാത്രികനെയും പുണെ-ദില്ലി-കൊല്‍ക്കത്ത വിമാനത്തില്‍നിന്ന് പിടികൂടി എന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസമാണ് നാം വായിച്ചത്(മെയ് 5, 2010, കൊല്‍ക്കത്ത). പര്‍ദ ധരിച്ചത് പുരുഷയാത്രക്കാരനാണെന്ന് കണ്ടതോടെ പറന്നുയര്‍ന്ന സ്പൈസ് ജെറ്റ് വിമാനം കൊല്‍ക്കത്ത എയര്‍ പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. അവരെ സി ഐ എസ് എഫിന് കൈമാറി. കൂടുതല്‍ വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു എന്നാണ് റിപ്പോര്‍ട് അവസാനിപ്പിക്കുന്നതെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ പതിവുപോലെ ഈ വാര്‍ത്തയുടെ തുടര്‍ച്ചകളൊന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സാരി ധരിച്ച്, അല്ലെങ്കില്‍ ചുരിദാര്‍ ധരിച്ച് ഒരു പുരുഷന്‍ നിന്നാലും അയാളെ അറസ്റുചെയ്യാന്‍ വകുപ്പില്ലെന്നിരിക്കെ, പര്‍ദ ധരിച്ചത് പുരുഷനാണെങ്കില്‍തന്നെ അയാളെ ഏതു വകുപ്പോ വകുപ്പുപിരിവോ ഉപയോഗിച്ചാണ് അറസ്റ് ചെയ്യുക എന്നറിയില്ല. പുരുഷന്റെയും സ്ത്രീയുടെയും ഡ്രസ്സ് കോഡ് ഇന്ത്യന്‍ ഭരണഘടനയിലോ ഇന്ത്യന്‍ ശിക്ഷാനിയമത്തിലോ (ഐ പി സി) വ്യവസ്ഥ ചെയ്തിട്ടുണ്ടോ എന്നും നിശ്ചയമില്ല. കളമശേരി ബസ് കത്തിക്കല്‍ എന്ന കേരളം കണ്ട 'ഏറ്റവും വലിയ' ഭീകരാക്രമണത്തിലെ പ്രതി സൂഫിയാ മഅ്ദനിയെ ബുര്‍ഖ ധരിച്ച നിലയിലായിരുന്നു അറസ്റ് ചെയ്തത്. ആ ദിവസങ്ങളില്‍ ടെലിവിഷന്‍ ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും ചാകരയായിരുന്നു. എറണാകുളം സബ് ജയിലിനകത്ത് റിമാന്‍ഡില്‍ പാര്‍പ്പിക്കപ്പെട്ട സൂഫിയ ജയിലിന്റെ മതിലിനകത്ത് പ്രവേശിച്ചതിനു ശേഷമുള്ള ദൃശ്യങ്ങള്‍ അടുത്ത കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ കയറി നിന്നായിരുന്നു ചില ചാനലുകള്‍ ഉദ്വേഗപൂര്‍വം ചിത്രീകരിച്ചിരുന്നത്. പര്‍ദ എന്നത് ഭീകരര്‍ക്ക് ഒളിച്ചിരിക്കാനുള്ള ഒരു വേഷമാണെന്ന ധാരണ പൊതുബോധത്തിനകത്തേക്ക് നിര്‍മിച്ച് കയറ്റിവിടാന്‍ ഈ ദൃശ്യങ്ങള്‍ വ്യാപകമായും തുടര്‍ച്ചയായും ഉപയോഗപ്പെടുത്തപ്പെട്ടു. അതിന്റെ പശ്ചാത്തലത്തിലായിരിക്കണം, കഥ തുടരുന്നുവിലെ പേടിസ്വപ്നത്തെ ഇപ്രകാരം കാലികമായി വിഭാവനം ചെയ്തിരിക്കുന്നത്.

മുസ്ളിം പള്ളിയും പള്ളിപ്പറമ്പില്‍ മൃതദേഹം മറവുചെയ്യാനുള്ള സ്ഥലവും പര്‍ദയെന്നതുപോലെ ഭീകരമായി അനുഭവിപ്പിക്കാനുള്ള പരിശ്രമംകൊണ്ടും 'കഥ തുടരുക'യാണ് മലയാള സിനിമ. ക്വട്ടേഷന്‍ ഗുണ്ടകള്‍ ആളുമാറി വെട്ടിക്കൊലപ്പെടുത്തിയ ഷാനവാസിന്റെ മൃതദേഹം ആശുപത്രിയില്‍നിന്ന് മാര്‍ബിള്‍ വ്യാപാരിയും ധനികനും അതുകൊണ്ടുതന്നെ ചീത്തയാളുമായ ജ്യേഷ്ഠന്റെ നേതൃത്വത്തില്‍ മുസ്ളിം സമുദായം കൈവശപ്പെടുത്തുന്നു. തുര്‍ക്കിത്തൊപ്പി, വട്ടത്താടി തുടങ്ങിയ മലയാള സിനിമക്ക് പ്രിയങ്കരങ്ങളായ ടിപ്പിക്കല്‍ മുസ്ളിം വേഷങ്ങളണിഞ്ഞ നിരവധി പേര്‍ ചേര്‍ന്ന് ശവപ്പെട്ടി തോളത്തേന്തി പള്ളിപ്പറമ്പിലേക്ക് നടക്കുന്ന ദൃശ്യം സൂക്ഷ്മമായി ശ്രദ്ധിക്കുക. ക്യാമറ, ഈ യാത്ര മുകളില്‍ നിന്നാണ് ചിത്രീകരിക്കുന്നത്. മലയാള സിനിമകളില്‍ പതിവായ ടിപ്പിക്കല്‍ വേഷങ്ങളണിഞ്ഞ മുസ്ളിം സമുദായാംഗങ്ങളെ പരിഹാസ്യരായി തോന്നിപ്പിക്കുന്നതിന് ഈ മുകളില്‍നിന്നുള്ള ആംഗിള്‍ പ്രേരകമാകുന്നു. വലിയ പച്ചത്തുണികൊണ്ട് പുതച്ച മൃതദേഹ പേടകം പര്‍ദയെന്നതുപോലെ ഭീകരാശയങ്ങള്‍ക്ക് ഒളിച്ചിരിക്കാനുള്ള ഒന്നായി പരിണമിക്കുന്നു. പുറകില്‍ നിന്നുയരുന്നത് അല്ലാഹു അക്ബര്‍ എന്ന ഉച്ചത്തിലുള്ള മന്ത്രധ്വനികളാണ്. ഇതും പൊതുബോധത്തെ പേടിപ്പിക്കുന്നതിനാണ് ഉപയുക്തമാകുന്നത്. ആ ദൃശ്യത്തിലേക്കാണ്, ഷാനുവിനെ ഒരു നോക്കു കാണാനനുവദിക്കൂ എന്ന രോദനത്തോടെ വിദ്യ ഓടിയെത്തുന്നത്. അവളുടെ അഭ്യര്‍ഥന നിഷ്ക്കരുണം തള്ളിക്കളഞ്ഞുകൊണ്ട് പേടകവാഹകര്‍ നടന്നുനീങ്ങുന്നു. മുമ്പും, തങ്ങള്‍ക്കിഷ്ടമില്ലാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനു ശേഷം മരിച്ചുപോയ മകന്റെ മൃതദേഹം അവള്‍ക്കു കാണാനനുവാദമില്ലാതെ (മകള്‍ മരിക്കുമ്പോള്‍ ഭര്‍ത്താവ്/കാമുകനെ കാണാനനുവദിക്കാതെയും) കാര്‍ക്കശ്യം പ്രകടിപ്പിക്കുന്ന മാതാപിതാക്കളെ മലയാള സിനിമയില്‍ നാം കണ്ടുമുട്ടിയിട്ടുണ്ട്. എന്നാല്‍, ഇവിടെ കഥ വ്യത്യസ്തമാണ്. അത്തരത്തിലുള്ള പരമ്പരാഗത പ്രണയവിരോധികള്‍ മുസ്ളിങ്ങള്‍ കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമാകുന്നു എന്നാണ് ചിത്രം ധ്വനിപ്പിക്കുന്നതും വ്യാഖ്യാനിക്കുന്നതും.

മുന്‍ സിനിമകളില്‍ നാം കണ്ടതോ കണ്ടു മടുത്തതോ ആയ കഥാ സന്ദര്‍ഭങ്ങള്‍പോലും ഇത്തരത്തില്‍ പൊതുസമാധാനത്തിനുമേല്‍ മുസ്ളിം ആക്രമണം എന്ന മഹാഖ്യാനത്തിലേക്ക് പരിണമിപ്പിക്കുമ്പോള്‍ പുതുമയുള്ളതാവുന്നു എന്നാണ് സംവിധായകന്റെ നാട്യം. നായികയെ പഠനത്തിന് സഹായിക്കുന്ന ഓട്ടോറിക്ഷക്കാരനായ പ്രേമിന്റെ കഥാപാത്രത്തിന് ഓടയില്‍ നിന്നിലെ പപ്പുവിന്റെ ഗതിയാണുണ്ടാവുക എന്ന് മറ്റൊരു ഡ്രൈവര്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. കൈയില്‍ ചരടും നെറ്റിയില്‍ കുറിയും കൈനോട്ടവും നാഡീജ്യോതിഷവും പക്ഷിയുടെ ഫലം പറച്ചിലും എല്ലാമായി കുശാലായ ഈ ഹിന്ദു(പൊതുമലയാളി) കഥാപാത്രത്തിന് അത്തരമൊരു ദുര്‍ഗതി വരുത്തില്ല എന്ന് സംവിധായകന്‍ ഉറപ്പുനല്‍കുന്ന ശുഭാന്ത്യമാണ് കഥ തുടരുന്നു എന്നെഴുതിക്കാണിച്ച് നമ്മെ സന്തോഷിപ്പിക്കുന്നത്. മലയാള സിനിമയുടെ മറ്റൊരു റഫറന്‍സും ഈ ചിത്രത്തിലുണ്ട്. ആളൊന്നുക്ക് 250 രൂപയും ഒരു ബിരിയാണിയും ഒരു കുപ്പി മിനറല്‍ വാട്ടറും നല്‍കി രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ പ്രകടനങ്ങള്‍ക്ക് ആളെക്കൂട്ടുന്ന മാമുക്കോയയുടെ കഥാപാത്രം, ബോറടിച്ചിരിക്കുന്ന പ്രകടനത്തൊഴിലാളികള്‍ക്കു മുമ്പില്‍ വെക്കുന്ന വാഗ്ദാനം നോക്കുക. രണ്ടര മണിക്കൂര്‍ എസിയിലിരിക്കാം, ഇന്റര്‍വെല്ലിന് ഒരു ചായയും സമൂസയും, ഹോള്‍ഡ് ഓവറാവാനിരിക്കുന്ന പുതിയ മലയാള റിലീസ് സിനിമയുടെ ഫസ്റ് ഷോ കാണുക എന്ന സാഹസം മാത്രം ചെയ്താല്‍ മതി. എന്നാല്‍ 250 രൂപയും ബിരിയാണിയും മിനറല്‍ വാട്ടറുമില്ലെങ്കില്‍ തങ്ങളില്ല എന്ന് തൊഴിലാളികള്‍ പറയുന്നതോടെ, എങ്കില്‍ മലയാള സിനിമയുടെ ഗതി അധോഗതി തന്നെ എന്ന് മാമുക്കോയ വ്യാകുലപ്പെടുന്നു. ആവര്‍ത്തിക്കപ്പെടുന്ന ഇതിവൃത്ത/ആഖ്യാനങ്ങളിലൂടെ തകര്‍ന്നുപോകുന്ന മലയാള സിനിമയുടെ ഒരു റിക്കവറി കൂടിയാണ് താന്‍ നടത്തുന്നത് എന്നാണ് ഈ കഥാവളവിലൂടെ സംവിധായകന്‍ മേനിനടിക്കുന്നത്.

കേരളീയ മുസ്ളിം ജീവിതത്തിന്റെയും സമൂഹത്തിന്റെയും ചരിത്ര-വര്‍ത്തമാനങ്ങളെക്കുറിച്ച് നിശ്ചയമില്ലാതിരിക്കുകയും തെറ്റിദ്ധാരണകള്‍ വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന പൊതുബോധ മലയാളിയുടെ പാകപ്പെട്ട പ്രതിനിധിയായിട്ടാണ് സത്യന്‍ അന്തിക്കാട് വര്‍ഷത്തിലൊന്നെന്ന വണ്ണം സിനിമകള്‍ സങ്കല്‍പിച്ചും വിഭാവനം ചെയ്തും നിര്‍വഹിച്ചും മലയാളിയെ രസിപ്പിച്ചുപോരുന്നത്. മുസ്ളിമിനെ കോമാളിയാക്കിക്കൊണ്ടും, എതിര്‍ത്തുകൊണ്ടും പൈശാചികവത്ക്കരിക്കുക എന്ന അധിനിവേശ തന്ത്രത്തിന്റെ നിദര്‍ശനമാണ് ഈ പ്രതിനിധാനങ്ങള്‍ എന്നതുറപ്പ്. കഥകള്‍ വംശഹത്യയിലേക്ക് നീളുന്ന മഹാ വര്‍ത്തമാനമായി കേരളം മാറുകയും ചെയ്തേക്കാം.
*
ജി പി രാമചന്ദ്രന്‍, ദേശാഭിമാനി

ചുരുക്കിപ്പറഞ്ഞാല്‍

ആണ്‍-പെണ്‍ തുല്യത, ലിംഗസമത്വം, പൊതുസമൂഹമെന്നു വ്യവഹരിക്കപ്പെടുന്ന ഘടന താത്വികമായെങ്കിലും അംഗീകരിക്കാന്‍ തയാറാവുന്ന ഒരു അനുരഞ്ജന കാലാവസ്ഥ:: അത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ സാമാന്യേന പുലരുന്നുണ്ടെന്ന നിരീക്ഷണത്തിനു പിന്തുണ വര്‍ധിക്കുന്നു. എന്നാല്‍ കാലങ്ങളായി, പല തലങ്ങളില്‍ നടന്ന ഫെമിനിസ്റ്റ് പോരാട്ടം വിജയശ്രീലാളിതമായെന്നു പ്രഖ്യാപിക്കാന്‍ വരട്ടെ. പെങ്ങമ്മാരേ, തോക്ക് താഴെവെക്കാന്‍ സമയമായിട്ടില്ല. തൊഴിലവസരങ്ങളില്‍, വേതന വ്യവസ്ഥയില്‍, സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളില്‍, സ്ത്രീ നേരിടേണ്ടിവന്നിരുന്ന വിവേചനം, അവഗണന, അകറ്റിനിര്‍ത്തല്‍, തന്ത്രപരമായ താഴ്ത്തിക്കെട്ടല്‍, ഒട്ടുമിക്ക പരിഷ്കൃത സമൂഹങ്ങളിലും ഏതാണ്ട് അവസാനിച്ചുവെന്നത് ശരിതന്നെ. പക്ഷേ സ്ത്രീയെ പുനര്‍നിര്‍വചിക്കാന്‍ പുരുഷന്‍ ഇനിയും സന്നദ്ധനായിട്ടില്ല എന്ന സത്യം അവശേഷിക്കുന്നു. രക്ഷാധികാരിയുടെ, സംരക്ഷകന്റെ , വഴികാട്ടിയുടെ ചമയങ്ങള്‍ അഴിച്ചുവെക്കാന്‍ ആണിന് ഇപ്പോഴും മനസ്സുവരുന്നില്ല. മാത്രമല്ല, അമര്‍ത്തിപ്പിടിച്ച ഒരു ജന്‍ഡര്‍പുച്ഛം പുരുഷന്റെ ഇടപെടലുകളില്‍ പലപ്പോഴും നുരപൊട്ടുന്നുമുണ്ട്. മോളിക്കുട്ടി മാഡത്തിന്റെ സന്നിധിയില്‍ ഫയലുമായി നില്‍ക്കുന്ന ഓഫീസ് സൂപ്രണ്ട് ബലരാമമേനോക്കിയുടെ പ്രസന്നവദനം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അവിടെ ഒരു നേര്‍ത്ത ചിരിയുടെ ലാഞ്ഛനയുണ്ടാവും. ടാശൃസ (സ്മിര്‍ക്) എന്നാണ് അതിനെ ആംഗലത്തില്‍ പറയുക. അതില്‍ ഇതള്‍വിരിയുന്നത് പരിഹാസമത്രെ. ചെറുപ്പക്കാരിയായ പൊലീസ് മേധാവിയുടെ മുന്നില്‍ വടിപോലെ നീര്‍ന്നുനിന്നു സല്യൂട്ടടിക്കുന്ന ഉണ്ടവയറന്‍ ഹെഡ്കോണ്‍സ്റ്റബിള്‍ കുക്കുടം കുമാരന്റെ അധരപുടങ്ങളിലും ഈ ഹാസ്യഭാവത്തിന്റെ മിന്നായം കാണാം. ഉദരനിമിത്തം ഇവളുമാരെയൊക്കെ സലാംവയ്ക്കേണ്ടിവരുന്ന ആണിന്റെ ഗതികേട് എന്ന് ടിയാന്റെ ഉള്ളില്‍നിന്നു ങമഹല ലഴീ - ആണ്‍അഹന്ത- പിറുപിറുക്കുന്നത് നിപുണ ശ്രോത്രങ്ങള്‍ക്കു കേള്‍ക്കുകയുമാവാം.

ലിംഗസമത്വം, പെണ്‍ബിംബത്തിന്റെ പുനഃപ്രതിഷ്ഠ, നിയമനിര്‍മാണത്തിലൂടെമാത്രം സാധ്യമാവുന്ന സംഗതിയല്ല. ഇക്കാര്യം പല ഫെമിനിസ്റ്റ് സൈദ്ധാന്തികരും അടിവരയിട്ടു പറഞ്ഞതാണ്. അയേണ്‍ലേഡി എന്നു പുകള്‍പൊങ്ങിയ മാഗി മദാമ്മയും-സംശയിക്കേണ്ട, മാര്‍ഗററ്റ്താച്ചര്‍തന്നെ -ഇതേ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. ആണ്‍-പെണ്‍ മനോഭാവങ്ങളിലാണ് പൊളിച്ചെഴുത്തു നടക്കേണ്ടത്. സമീപനങ്ങളില്‍, കാഴ്ച്ചപ്പാടുകളില്‍ വിപ്ളവകരമായ പരിവര്‍ത്തനങ്ങളുണ്ടാകണം. ഈ മാറ്റങ്ങളുടെ കാറ്റിനു ചൂടുകൂടും. തൊലി പൊള്ളിയെന്നുവരും. പാരമ്പര്യത്തിന്റെ താടിക്കു തീപ്പിടിച്ചെന്നും വരും. ഏട്ടിലെ പശുവായി ലിംഗസമത്വം വര്‍ത്തിക്കുമ്പോള്‍ ഒരു അലോഹ്യവുമില്ല, പുരുഷാധീശ സമൂഹത്തിന് ആ പശു പുല്ലുതിന്നാന്‍ തുടങ്ങുമ്പോഴാണ് ആണിന് അങ്കലാപ്പ്.

പെണ്‍ അവബോധത്തില്‍, വീക്ഷണത്തില്‍, അപഗ്രഥന രീതിശാസ്ത്രത്തില്‍, അടിമുടി ഉടച്ചുവാര്‍ക്കലുകളുണ്ടാകേണ്ടതിന്റെ അത്യാവശ്യത്തെക്കുറിച്ചാണ് സ്വത്വനിര്‍ണയത്തെ ഗൌരവമായി പരിഗണിച്ച പുരോഗമന സ്ത്രീപക്ഷം ആവര്‍ത്തിച്ചു പറഞ്ഞത്. മഹിളാമണികള്‍ അവിടെയുമിവിടെയും മന്ത്രിമാരായതുകൊണ്ടോ, പൊതുസ്ഥാപനങ്ങളുടെ തലപ്പത്തെത്തിയതുകൊണ്ടോ, വ്യവസായ സംരംഭകളായി വിജയഗാഥ രചിച്ചതുകൊണ്ടോ, ബഹിരാകാശയാനങ്ങളില്‍ ഇടം നേടിയതുകൊണ്ടോ, മീശക്കാരന്‍ കേശവനുമാത്രമായി സംവരണം ചെയ്യപ്പെട്ട കര്‍മരംഗങ്ങളില്‍ ഇടിച്ചുകയറിയതുകൊണ്ടോ സ്ത്രീവിമോചനം സംഭവിച്ചുകഴിഞ്ഞു എന്ന യുഫോറിയ- അത്യാഹ്ളാദം- അസ്ഥാനത്താണ്. അപകടകരവുമാണ്. ഈ താക്കീത് ഉദ്ബുദ്ധ ഫെമിനിസം കാലാകാലങ്ങളില്‍ നല്‍കിയിട്ടുണ്ട്. സ്ത്രീയുടെ റോളും പുരുഷന്റെ റോളും പ്രത്യേകമായി വ്യവസ്ഥപ്പെടുത്തുന്ന വഴക്കങ്ങളും അവയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ മാനസികഘടനയും മാറാതിരിക്കുന്ന കാലത്തോളം പെണ്‍മുക്തി എന്നത് സംഭവിക്കുകയില്ലെന്നു കോറാ കാപ്ളാന്‍ (രീൃമ ഗമുഹമി) പറഞ്ഞതാണ് ശരി. ഉപരിപ്ളവമായ മാറ്റങ്ങളെ പല വനിതാ കൂട്ടായ്മകളും വിപ്ളവപരമെന്നു തെറ്റായി വായിക്കുന്നു. ഈ മാറ്റങ്ങളില്‍ ഊറ്റംകൊള്ളുകയും ചെയ്യുന്നു.

വിവാഹം, കുടുംബം, ലൈംഗിക വേഴ്ച, അധ്വാനം, ഉല്പാദനം, വിനോദം തുടങ്ങിയ അതിപ്രധാനമായ ജീവിതവൃത്തികളിലെല്ലാംതന്നെ ആണും പെണ്ണും തുല്യപങ്കാളികള്‍ ആണെന്നും, പരസ്പര പൂരകങ്ങളായ മനുഷ്യഘടകങ്ങളാണെന്നും ഏംഗല്‍സ് നിരീക്ഷിക്കുകയുണ്ടായി. പ്രകൃതി ചിട്ടപ്പെടുത്തിയ ഈ തുല്യതയെ അംഗീകരിക്കാന്‍ ആണ്‍കോയ്മ വിസമ്മതിച്ചു. ഒരു യജമാന-ദാസി സങ്കല്പം പും-സ്ത്രീ ബന്ധങ്ങളില്‍ ആണ്‍ഗര്‍വ് അടിച്ചേല്പിക്കുകയും ചെയ്തു. സിമണ്‍ ദെ ബുവെ ചൂണ്ടിക്കാട്ടിയപോലെ സ്ത്രീ എന്ന സ്വത്വത്തെ പുരുഷമേധാവിത്വം ഒരു ഗര്‍ഭപാത്രമാക്കി (ണീായ)ച്ചുരുക്കി. ഈ പാത്രത്തില്‍ ബീജം (ടലലറ) നിക്ഷേപിക്കാനുള്ള ദൈവദത്തമായ അവകാശം ആണിനുണ്ടെന്നു വരുത്തിത്തീര്‍ത്തു. ധ്വജവാഴ്ചയെ വാഴ്ത്തുന്ന മിത്തുകള്‍ സൃഷ്ടിച്ചു. സ്ത്രീ തീര്‍ത്തും അബലയാണ്, അതി ലോലയാണ്, പടര്‍ന്നുകയറാന്‍ മരം തേടുന്ന വള്ളിയാണ് എന്നു പെണ്ണിനെത്തന്നെ വിശ്വസിപ്പിച്ചു. ഒരാണ്‍തുണയില്ലെങ്കില്‍ തനിക്കു രക്ഷയില്ലെന്ന ധാരണ അവളില്‍ വളര്‍ത്തി.

സ്ത്രീലിംഗത്തിന്റെ ദാസ്യവത്കരണം -എന്ന് ക്ളാരാ സെറ്റ്കിന്‍ കൃത്യമായി അടയാളപ്പെടുത്തിയ അവസ്ഥയുണ്ടല്ലോ, അത് ആസൂത്രിതവും അനുക്രമവുമായിരുന്നു. മതം, സദാചാരം, ദൈവഭയം, സല്‍ക്കീര്‍ത്തി, മാന്യത തുടങ്ങിയ സംഗതികളെയൊക്കെ സ്ത്രീയുടെ അടിമത്തവത്കരണത്തില്‍ പുരുഷന്‍ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. ചാരിത്രം (ഇവമശെേ്യ) എന്നാല്‍ പെണ്ണുമാത്രം പവിത്രമായി പരിരക്ഷിക്കേണ്ട ഒരു സ്വഭാവശുദ്ധി എന്ന വ്യാഖ്യാനം പ്രചരിച്ചു. ആണിനു നേരമ്പോക്കാകാം. ആര്‍ക്കുമതില്‍ പരാതിയില്ല. മറിയയെ കല്ലെറിയാനും വിശാലുവിന്റെ തല മുണ്ഡനം ചെയ്യാനുമൊക്കെ പുരുഷനിര്‍മിത സദാചാരച്ചിട്ടകളില്‍ വകുപ്പുണ്ടായിരുന്നു. എന്നാല്‍ അവരോട് സഹശയിച്ച വറതപ്പനും വേലുക്കുട്ടിമേനോനും ശിക്ഷയില്ല. ആണുങ്ങളായാല്‍ ചളിയില്‍ ചവിട്ടും; അടുത്തു കണ്ടവെള്ളത്തില്‍ കാല്‍ കഴുകുകയും ചെയ്യും. അത്രതന്നെ.

ഈ നെറികേടിന്, നീതിനിഷേധത്തിന്, സ്വത്വ ധ്വംസനത്തിന് എതിരായാണ് പെണ്‍കൂട്ടായ്മകള്‍ പട നടത്തിപ്പോന്നത്. ചില രാജ്യങ്ങളില്‍ അടിച്ചമര്‍ത്തപ്പെടുന്ന കീഴാള സമൂഹവുമായി സ്ത്രീ സംഘങ്ങള്‍ ഐക്യപ്പെടുകയും കൈകോര്‍ക്കുകയും ചെയ്തു. പ്രത്യയശാസ്ത്രപരമായ പ്രബുദ്ധത അവര്‍ ഉള്‍ക്കൊണ്ടു. സംഘം ചേരുക, ശക്തി നേടുക എന്ന ആഹ്വാനത്തിന് ആവേശകരമായ പിന്തുണയാണ് കിട്ടിയത്. വോട്ടവകാശവും ഭരണ സംവിധാനത്തില്‍ മോശമല്ലാത്ത പ്രാതിനിധ്യവും തരപ്പെട്ടാല്‍ തങ്ങളുടെ യുദ്ധം പാതി ജയിച്ചതായി കരുതാമെന്നായി ചില ലിബറല്‍ ഫെമിനിസ്റ്റുകള്‍. ഇവിടെയാണ് പിഴച്ചത്. ഏതാനും രാഷ്ട്രീയ സൌകര്യങ്ങള്‍ ചാര്‍ത്തിക്കിട്ടിയതുകൊണ്ട് സ്ത്രീമോചനം സഫലമാവുന്നില്ല.

ലിംഗസമത്വവും അവസര സമത്വവും ഭരണഘടനയുടെ തന്നെ ഭാഗമാക്കുകയും അവ കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്ത ആദ്യ രാഷ്ട്രം യുഎസ്എസ് ആര്‍ (ഡിശീി ീള ട്ീശല ടീരശമഹശ ഞലുൌയഹശര) - അതായത് പഴയ സോവിയറ്റ് യൂണിയന്‍ - ആയിരുന്നു. ഒരു നിത്യചൂഷിത വര്‍ഗമെന്നനിലയില്‍ സ്ത്രീ സമൂഹത്തെ കാണുകയും പെണ്‍പ്രശ്നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും ചെയ്ത ഒരു മോചന തത്വശാസ്ത്രത്തിന്റെ ധീരമായ പരീക്ഷണശാലയായി മാറി സോവിയറ്റുനാട്. വിപ്ളവാചാര്യനായ ലെനിന്‍ സംവിധാനം ചെയ്ത സോഷ്യലിസ്റ്റ് സമൂഹക്രമത്തില്‍ സുപ്രധാനമായ സ്ഥാനവും സര്‍വതോമുഖമായ വളര്‍ച്ചയുമാണ് സ്ത്രീസമൂഹത്തിനു കൈവന്നത്. സോഷ്യലിസ്റ്റ് നവലോക നിര്‍മിതിയില്‍ അടങ്ങാത്ത ആത്മവീര്യത്തോടും അഗാധമായ അര്‍പ്പണബോധത്തോടും കൂടിയാണ് റഷ്യയിലെ പെണ്ണുങ്ങള്‍ പങ്കെടുത്തത്. അവര്‍ക്കുമുമ്പില്‍ ഒരു വാതിലും അടഞ്ഞുകിടന്നില്ല. ലിംഗപരമായ വിവേചനത്തിന്റെ എല്ലാ വരമ്പുകളും അവിടെ തകര്‍ക്കപ്പെട്ടു. സ്ത്രീയുടെ അധ്വാനത്തിന്റെ അന്തസ്സ് ആദരപൂര്‍വം അംഗീകരിക്കപ്പെട്ടു. വ്യഭിചാരമെന്നത് അക്ഷരാര്‍ഥത്തില്‍ അപ്രത്യക്ഷമായി. വിവാഹം, കുടുംബം, ഇണചേരല്‍ എന്നീ കാര്യങ്ങളിലൊക്കെ സോവിയറ്റ്സ്ത്രീക്ക് സമ്പൂര്‍ണമായ സ്വയം നിര്‍ണയാവകാശം സ്ഥാപിച്ചുകിട്ടി.

'വെല്‍ഫേര്‍ സ്റ്റേറ്റുകളെ'ന്ന് സ്വയം വിശേഷിപ്പിക്കുന്ന പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും സോവിയറ്റ് യൂണിയന്റെ സ്ത്രീശാക്തീകരണ പ്രയത്നങ്ങള്‍ മാതൃകയും പാഠപുസ്തകവുമായി. യു കെ, ഓസ്ട്രിയ, നോര്‍വെ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ബെല്‍ജിയം എന്നീ നാടുകളിലാണ് ആ വഴിക്കുള്ള നീക്കങ്ങളുണ്ടായത്. പക്ഷേ അവിടങ്ങളിലെല്ലാംതന്നെ 'കോസ്മെറ്റിക്' -തൊലിപ്പുറത്തുള്ളത്- എന്ന് വിളിക്കാവുന്ന ചായംപൂശലുകളേ നടന്നിട്ടുള്ളു. കാരണം ഈ നാടുകളെല്ലാം അടിസ്ഥാനപരമായി ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥയുടെ വരുതിയിലാണ്. ആ വ്യവസ്ഥയാകട്ടെ പുരുഷാധിപത്യപരവും.

രണ്ടാം ലോകയുദ്ധം കത്തിയമര്‍ന്നപ്പോള്‍ പല രാഷ്ട്രീയ ഭൂപടങ്ങളും മാറ്റിവരയ്ക്കപ്പെടുന്ന അവസ്ഥയുണ്ടായി. കിഴക്കന്‍ യൂറോപ്പില്‍ ജനകീയ ജനാധിപത്യ സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ നിലവില്‍വന്നു: ഈസ്റ്റ് ജര്‍മനി, ഹംഗറി, പോളണ്ട്, ബള്‍ഗേറിയ, റൊമേനിയ, യുഗസ്ളോവിയ എന്നീ നാടുകളില്‍. അവിടെയൊക്കെ സ്ത്രീ സ്വാതന്ത്യ്രവും ലിംഗസമത്വവും പൂര്‍ണമായും അംഗീകരിക്കപ്പെട്ടു. വമ്പിച്ച വനിതാ മുന്നേറ്റത്തിനാണ് പൂര്‍വ യൂറോപ്പ് സാക്ഷ്യം വഹിച്ചത്. ലൈംഗിക വൈജാത്യമെന്നത് വെറും ജീവശാസ്ത്രപരമായ കാര്യമായി മാറി.

ലാറ്റിന്‍ അമേരിക്കന്‍ നാടുകളിലെ മര്‍ദിത വര്‍ഗപ്പോരാട്ടങ്ങളില്‍ പടച്ചട്ടയും തോക്കുമായി മുന്നിട്ടിറങ്ങിയവരാണ് അവിടത്തെ സ്ത്രീജനങ്ങള്‍: ക്യൂബയില്‍, ബൊളീവിയയില്‍, ചിലിയില്‍, നിക്കരാഗ്വയില്‍, ബ്രസീലില്‍, അര്‍ജന്റീനയില്‍, പെറുവില്‍, കൊളമ്പിയയില്‍, വെനിസുലയില്‍. ലാറ്റിന്‍ അമേരിക്കന്‍ ജനതയുടെ വിമോചന യുദ്ധങ്ങളില്‍ സ്ത്രീകള്‍ വഹിച്ച ഐതിഹാസികമായ പങ്കിനെ ചെഗുവേര മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. ക്യൂബയില്‍ സായുധ സോഷ്യലിസ്റ്റ് വിപ്ളവം വിജയകരമായി അവസാനിക്കുകയും ജനകീയ ഭരണകൂടം രൂപംകൊള്ളുകയും ചെയ്തപ്പോള്‍ ഫിദല്‍കാസ്ട്രോ ആദ്യം ചെയ്തത് എല്ലാ മേഖലകളിലും സ്ത്രീസമത്വം ഉറപ്പുവരുത്തുക എന്നതാണ്. അത് ഒരു 'ശറലീഹീഴശരമഹ ാമിറമലേ'- പ്രത്യയശാസ്ത്രപരമായ ആദേശം - ആണെന്ന് ഹവാനയില്‍ ചേര്‍ന്ന ജനപ്രതിനിധി സഭയില്‍ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

ദൂരപൌരസ്ത്യ ദേശങ്ങളില്‍ സ്ത്രീസ്വാതന്ത്യ്രനിഷേധം ഏറെ രൂക്ഷമായിരുന്നു, പ്രത്യേകിച്ച് പഴയ ചൈനയില്‍. പെണ്‍കുട്ടികളുടെ പാദങ്ങള്‍ വരിഞ്ഞുകെട്ടിവയ്ക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. ചെറിയ പാദങ്ങളാണ് ഭംഗി എന്ന പുരുഷ ധാരണയാണ് ഈ വഴക്കം സൃഷ്ടിച്ചത്. ഒരു ഭാര്യക്ക് നാല്പതു വയസ്സുകഴിഞ്ഞാല്‍ അവള്‍ സ്വന്തം ഭര്‍ത്താവിന് ചെറുപ്പക്കാരിയായ ഒരു കിടപ്പറക്കൂട്ടിനെ കണ്ടുപിടിച്ചു നല്‍കണമെന്ന ചിട്ടയും നിലനിന്നിരുന്നു (പേള്‍ എസ് ബെക്കിന്റെ വിശ്വവിഖ്യാതമായ 'ഗുഡ് എര്‍ത്ത്' എന്ന നോവലില്‍ ഇതു വിവരിക്കുന്നുണ്ട്). ഇന്ത്യയിലെന്നപോലെ പെണ്ണ് ആണിന്റെ ദാസി എന്ന സങ്കല്പം ചൈനയിലും നിലനിന്നിരുന്നു. പൊതുസമൂഹത്തില്‍ തിണ്ണ അനുവദിച്ചിരുന്നത് ഉപരിവര്‍ഗത്തിലെ പൊന്നും പണവുമുള്ള പെണ്ണുങ്ങള്‍ക്കു മാത്രമായിരുന്നു. ജനകീയ ചൈന പുലര്‍ന്നപ്പോഴാണ് പെണ്‍മുക്തി ഒരു യാഥാര്‍ഥ്യമായത്. ലിംഗപരമായ എല്ലാ വിവേചനങ്ങള്‍ക്കും ചെയര്‍മാന്‍ മാവോ വിരാമമിട്ടു. സോവിയറ്റ് റഷ്യയിലെന്നപോലെ പീപ്പിള്‍സ് ചൈനയിലും സ്ത്രീ-പുരുഷ തുല്യത എല്ലാ കര്‍മമുഖങ്ങളിലും നടപ്പായി. ആണിനും പെണ്ണിനും ഒരേ തൊഴില്‍ക്കുപ്പായം (ണീൃസ ഴീിം) എന്ന മാവോയുടെ ആശയം തീര്‍ത്തും വിപ്ളവകരമായിരുന്നു.

വിയത്നാമിലുമുണ്ടായി ഗംഭീരമായ സ്ത്രീപക്ഷ മുന്നേറ്റം. ആദ്യം ഫ്രഞ്ച് കൊളോണിയല്‍ വാഴ്ചക്കെതിരായും പിന്നീട് തെക്കന്‍വിയറ്റ്നാമില്‍ താവളമടിച്ച അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായും സഖാവ് ഹോചിമിന്‍ നടത്തിയ നീണ്ട യുദ്ധവും പുളകകാരിയായ ചെറുത്തുനില്‍പ്പും ലോകചരിത്രത്തിന്റെ ചുവന്ന ഏടുകളാണ്. സ്ത്രീശക്തിയില്‍, സ്ത്രീ മോചനത്തില്‍ ഉറച്ചു വിശ്വസിച്ചിരുന്ന പടത്തലവനായിരുന്നു ഹോ. പാടത്തു പണിയെടുക്കുന്ന നാട്ടുപെണ്ണുങ്ങള്‍ക്കു അദ്ദേഹം തന്റെ പട്ടാളത്തില്‍ പ്രവേശനം നല്‍കി. പല തിളയ്ക്കുന്ന സമരമുഖങ്ങളിലും ആണ്‍പടയാളികളോടൊപ്പം പെണ്‍പുലികളുമുണ്ടായിരുന്നു. മോചിത വിയത്നാം കാഴ്ചവച്ചത് പെണ്‍നവോത്ഥാനത്തിന്റെ ആവേശകരമായ കഥയത്രെ.

സെക്സ്ബോംബുകളെ ഉത്പാദിപ്പിക്കുന്ന, പെണ്‍ശരീരത്തെ, സ്ത്രീസൌന്ദര്യത്തെ, സ്ത്രൈണചേഷ്ടകളെ, പല മട്ടില്‍ വിപണനവത്കരിക്കുകയും മലീമസമാക്കുകയും ചെയ്യുന്ന, പില്‍ക്കാല മുതലാളിത്ത വ്യവസ്ഥയുടെ അഥര്‍വ വേദാന്തത്തിന് മാന്യതയും സ്വീകാര്യതയും അതിഥിപീഠവും ഒരു പച്ചച്ചിരിയോടെ അനുവദിക്കുകയാണ് വര്‍ത്തമാന സമൂഹം ചെയ്യുന്നത്. സൌന്ദര്യറാണി മത്സരങ്ങളും ഫാഷന്‍ ഷോകളും അനാവരണത്തിന്റെ ആഭാസങ്ങളും നിത്യേനയെന്നോണം നടക്കുന്നു. ഇതിനെതിരായ സിംഹിക ഗര്‍ജനങ്ങള്‍ വളരെ വിരളമായേ കേള്‍ക്കുന്നുള്ളു. സ്ത്രീസംഘങ്ങള്‍തന്നെ പല സ്വത്വമലിനീകരണങ്ങളോടും സന്ധിചെയ്യുന്നു. പിന്നില്‍നിന്നു തോണ്ടുന്ന വഷളന്റെ വൃത്തികെട്ട മോന്തക്ക് മുഷ്ടി ചുരുട്ടിയടിക്കാന്‍ പണ്ടുണ്ടായിരുന്ന തന്റേടം ഇപ്പോള്‍ ചോര്‍ന്നുപോവുന്നുണ്ടോ എന്നു സംശയം. പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല. അത് മറക്കരുത്.
*
വി സുകുമാരന്‍

01 June, 2010

മാര്‍ക്സിസത്തിന്റെ മുഖാവരണം അണിഞ്ഞ സ്വത്വ രാഷ്ട്രീയം.

തൊഴിലാളിവര്‍ഗ ഐക്യത്തെ ശിഥിലമാക്കുന്ന സ്വത്വരാഷ്ട്രീയം സാമ്രാജ്യത്വ അധിനിവേശത്തിന്റെ, നവ ഉദാരവല്‍ക്കരണ കാലഘട്ടത്തിലെ മുതലാളിത്തത്തിന്റെ, ഉപകരണമാണ്. എന്നാല്‍ ഇത് ഇടതുപക്ഷ ബുദ്ധി ജീവികളില്‍ തന്നെ ഒരു വിഭാഗത്തെ സ്വാധീനിക്കുകയും അവര്‍ ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളിലൂടെ പോലും മാര്‍ക്സിസ്റ്റ് വിരുദ്ധമായ ഈ പിന്തിരിപ്പന്‍ ചിന്താഗതിയെ മാര്‍ക്സിസത്തിന്റെ മുഖാവരണം അണിഞ്ഞ് അവതരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് നാം ഇന്ന് കാണുന്ന പ്രത്യേകത. സാമൂഹിക - രാഷ്ട്രീയ പ്രശ്നങ്ങളെയും ചരിത്ര സംഭവങ്ങളെയും മാര്‍ക്സിസം വിശകലനം ചെയ്യുന്നതും വിലയിരുത്തുന്നതും വര്‍ഗപരമായ വീക്ഷണത്തിലൂടെയാണ്. സാംസ്കാരികമായ മേല്‍പ്പുരയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അന്തോണിയോ ഗ്രാംഷി നടത്തിയ അന്വേഷണങ്ങളുടെ തുടര്‍ച്ചയെന്ന് നടിച്ചും മാര്‍ക്സിന്റെ വരികള്‍പോലും വളച്ചൊടിച്ചും ഇന്ന് വര്‍ഗ രാഷ്ട്രീയത്തിന്റെ സ്ഥാനത്ത് സ്വത്വരാഷ്ട്രീയത്തെ കടത്തിക്കൊണ്ടുവരാന്‍ ശ്രമം നടക്കുകയാണ്.
മാര്‍ക്സിസ്റ്റ് ദര്‍ശനത്തില്‍ അവഗാഹം നേടിയിട്ടുള്ള ഡോ. പി കെ പോക്കര്‍ തന്നെ സ്വത്വരാഷ്ട്രീയത്തിന്റെ വക്താവായി അതിലളിതവല്‍ക്കരണത്തിലൂടെ മാര്‍ക്സിസത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളില്‍നിന്ന് അകന്നുപോകുന്നത് കാണാതിരിക്കാനാവില്ല. പ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകനായ ലൂയി അല്‍ത്തൂസറിന്റെ "പ്രത്യയശാസ്ത്രം'' എന്ന കൃതിയുടെ മലയാള പരിഭാഷയ്ക്ക് അദ്ദേഹം എഴുതിയ ആമുഖത്തില്‍ മാര്‍ക്സിനെ ഇങ്ങനെ വളച്ചൊടിക്കുന്നതും ലളിതവല്‍ക്കരിക്കുന്നതും കാണാം. "മനുഷ്യനെന്നാല്‍ മനുഷ്യന്റെ ലോകമാണ്..... മനുഷ്യസത്തയുടെ സാങ്കല്‍പികമായ സാക്ഷാല്‍ക്കാരമാണത്. കാരണം മനുഷ്യസത്തയ്ക്ക് യഥാര്‍ത്ഥമായ നിലനില്‍പില്ല'' എന്ന് കാള്‍മാര്‍ക്സിനെ ഉദ്ധരിച്ച് ഡോ. പോക്കര്‍ അവതരിപ്പിക്കുന്ന വിശകലനം ഇങ്ങനെയാണ്: "ഇവിടെ മാര്‍ക്സ് ഒരു കാര്യം വളരെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്; മനുഷ്യനെന്നാല്‍ ഒരു അമൂര്‍ത്ത സത്തയല്ല. ഒരു മനുഷ്യന്‍ ഇന്ത്യക്കാരനോ കേരളീയനോ ആണ്. അതുപോലെ സവര്‍ണനോ അവര്‍ണനോ ആണ്. വെളുത്തവനോ കറുത്തവനോ ആണ്. പുരുഷനോ സ്ത്രീയോ ആണ്. മുസ്ളീമോ ഹിന്ദുവോ ക്രിസ്ത്യാനിയോ ജൂതനോ ആണ്. അതായത് അയ്യങ്കാളി പ്രതിനിധാനം ചെയ്തത് ഒരു 'ലോക'മാണ്. അത് അയ്യങ്കാളി ഉല്‍പാദിപ്പിച്ച ലോകവും അയ്യങ്കാളിയെ ഉല്പാദിപ്പിച്ച ലോകവും അയ്യങ്കാളിയുടെ ആഗ്രഹങ്ങളും അഭിപ്രായങ്ങളും രൂപീകരിച്ച ലോകവുമാണ്. ഒരു നിശ്ചിത ലോകത്തിന്റെ ഭാഗമായാണ് അയ്യങ്കാളി ജീവിച്ചത്. ശ്രീനാരായണഗുരുവും ഇ എം എസും മമ്പുറം ഫസല്‍ പൂക്കോയ തങ്ങളും അവര്‍ ഉള്‍പ്പെട്ട ഒരു ലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്''.
ഇവിടെ അതിലളിതമാക്കപ്പെട്ട യുക്തിയിലൂടെ മാര്‍ക്സിസം ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗവീക്ഷണത്തെ നിരാകരിക്കുകയും ജാതി-മത-വര്‍ണ സ്വത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയുമാണ് ഡോ. പോക്കര്‍. അയ്യങ്കാളിയെയും ശ്രീനാരായണ ഗുരുവിനെയും ഇ എം എസിനെയും മമ്പുറം ഫസല്‍ പൂക്കോയ തങ്ങളെയുമെല്ലാം പ്രത്യേക സ്വത്വ വിഭാഗങ്ങളുടെ പ്രാതിനിധ്യങ്ങളായാണ്, തികച്ചും നിഷ്കളങ്കമെന്ന് തോന്നാവുന്ന വിധം അവതരിപ്പിക്കുന്നത്. ഇ എം എസ് ഡോ. പോക്കര്‍ 'സവര്‍ണന്റെ' ലോകത്തെ പ്രതിനിധാനം ചെയ്യുന്നതായി സാധാരണ വായനക്കാരനില്‍ സംശയം ജനിപ്പിക്കുന്ന വിധമാണ് വിഷയം അവതരിപ്പിച്ചിരിക്കുന്നത്. അങ്ങനെ അല്ലെങ്കില്‍ അക്കാര്യം സംശയാതീതമായി വ്യക്തമാക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നു. സവര്‍ണ സമ്പന്ന ജന്മി കുടുംബത്തില്‍ ജനിച്ച് തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രനായി മാറിയ ഇ എം എസിനുമേല്‍ ദളിത് - പിന്നോക്ക - ന്യൂനപക്ഷ സ്വത്വരാഷ്ട്രീയത്തിന്റെ വക്താക്കള്‍ നിരന്തരം ആരോപിക്കുന്ന ഒന്നാണ് ഈ സവര്‍ണ സ്വത്വം. അതുകൊണ്ടുതന്നെ ഡോ. പോക്കറിനെപ്പോലൊരാള്‍ വ്യാഖ്യാന സാധ്യത അവശേഷിപ്പിച്ചുകൊണ്ട് ഇങ്ങനെ ഒരു അവതരണം നടത്താന്‍ തുനിയരുതായിരുന്നു.
മാര്‍ക്സ് മനുഷ്യനെ ജര്‍മ്മന്‍കാരനും ഇംഗ്ളീഷുകാരനും ജൂതനും ക്രിസ്ത്യാനിയും എന്നെല്ലാമുള്ള സ്വത്വങ്ങളുടെ അടിസ്ഥാനത്തിലല്ല വര്‍ഗാടിസ്ഥാനത്തിലാണ് കണ്ടിരുന്നത്. സാമൂഹിക വളര്‍ച്ചയുടെ പരമോന്നത ഘട്ടത്തില്‍, കമ്യൂണിസത്തിന്റെ ഘട്ടത്തില്‍, വര്‍ഗവൈരുദ്ധ്യങ്ങള്‍ക്ക് അതീതനായ സമ്പൂര്‍ണ മനുഷ്യനെക്കുറിച്ച് ദീര്‍ഘദര്‍ശനം ചെയ്ത മാര്‍ക്സ്, മനുഷ്യനെ സ്വത്വാടിസ്ഥാനത്തിലാണ് കണ്ടിരുന്നത് എന്ന ചിന്ത തന്നെ വികലമാണ്. വിപ്ളവകാരികളായ ജര്‍മ്മന്‍ പ്രവാസികള്‍ ചേര്‍ന്നാണ് പ്രധാനമായും കമ്യൂണിസ്റ്റ് ലീഗിന് രൂപം നല്‍കിയത്. ആ കമ്യൂണിസ്റ്റ് ലീഗിനുവേണ്ടി മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് എഴുതിയ "കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ'' അവസാനിപ്പിക്കുന്നത് "സര്‍വരാജ്യങ്ങളിലെയും തൊഴിലാളികളെ ഒന്നിക്കുവിന്‍'' എന്ന മുദ്രാവാക്യം അവതരിപ്പിച്ചുകൊണ്ടാണ്. തൊഴിലാളികളുടെ സാര്‍വദേശീയ സംഘടനയ്ക്കാണ് തുടര്‍ന്ന് അവര്‍ രൂപം നല്‍കിയത്. ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുകൊണ്ടു മാത്രമേ ഒരാള്‍ക്ക് "മാര്‍ക്സ് മനുഷ്യനെ ഇന്ത്യക്കാരനെന്നും കേരളീയനെന്നും സവര്‍ണനെന്നും അവര്‍ണനെന്നു''മാണ് കണ്ടിരുന്നത് എന്ന് വിലയിരുത്താനാവൂ.
അടിച്ചമര്‍ത്തലിനെയും പീഡനങ്ങളെയും ആത്മനിഷ്ഠമായ അനുഭവങ്ങളുടെ അതിരുകള്‍ക്കുള്ളില്‍ നിര്‍ത്തിയാണ് ഡോ. പോക്കര്‍ വിശകലനം ചെയ്യുന്നത്. കാഞ്ചാ ഇളയ്യയുടെയും ഡോ. അംബേദ്കറുടെയും ശരണ്‍കുമാര്‍ ലിംബാളെയുടെയും സി കെ ജാനുവിന്റെയും പൊക്കുടന്റെയും മറ്റും ജീവിതങ്ങളെ മുന്‍നിര്‍ത്തി ഡോ. പോക്കര്‍ പലപ്പോഴായി അവതരിപ്പിച്ചിട്ടുള്ള നിരീക്ഷണങ്ങള്‍ക്ക് ഈ പരിമിതിയുണ്ട്. പീഡനങ്ങള്‍ നേരിട്ട് അനുഭവിച്ചിട്ടുള്ളവര്‍ക്കു മാത്രമേ അതില്‍നിന്നുള്ള വിമോചനത്തെക്കുറിച്ച് ചിന്തിക്കാനും അത്തരം ഒരു പ്രസ്ഥാനത്തെ നയിക്കാനുമാകൂ എന്ന തലതിരിഞ്ഞ യുക്തിയിലേക്ക് സ്വാഭാവികമായും ഇത്തരം നിരീക്ഷണങ്ങള്‍ കൊണ്ടെത്തിക്കും. അങ്ങനെയാകുമ്പോള്‍ ഇ എം എസിന്റെ ലോകം 'സവര്‍ണതയുടെ ലോക'മായി മാത്രമേ കാണാനാകൂ. "ബൂര്‍ഷ്വാ കുടുംബത്തിലെ ഇളമുറക്കാരനായിരുന്ന'' കാള്‍ മാര്‍ക്സും "ഒരു വന്‍കിട മുതലാളിത്ത ബൂര്‍ഷ്വാ കുടുംബാംഗവും 20 വര്‍ഷത്തോളം മാഞ്ചസ്റ്ററില്‍ ഒരു മുതലാളിയും'' ആയിരുന്ന എംഗല്‍സും "ജന്മസിദ്ധമായ വര്‍ഗബോധത്തില്‍നിന്നും തൊഴിലാളിവര്‍ഗത്തിന്റേതായ വര്‍ഗ നിലപാടുകളിലേക്ക് എത്തിച്ചേര്‍ന്നത്'' സംബന്ധിച്ച്, അതിന് അവര്‍ക്ക് വേണ്ടിവന്ന "ദുര്‍ഘടം പിടിച്ചതും വേദനാജനകവുമായ വഴിപിരിയലിനെ''ക്കുറിച്ച്, ലൂയി അല്‍ത്തൂസര്‍ ഘലിശി മിറ ജവശഹീീുവ്യ മിറ ീവേലൃ ലമ്യൈ എന്ന കൃതിയില്‍ നിരീക്ഷിക്കുന്നുണ്ട്.
കേരളത്തില്‍ ദളിതരും അവര്‍ണരും അനുഭവിച്ചിരുന്ന അടിച്ചമര്‍ത്തലുകളുടെയും അടിമത്തത്തിന്റെയും പ്രശ്നങ്ങള്‍ പൊതുമണ്ഡലത്തില്‍ ഉന്നയിച്ചവരില്‍ അയ്യങ്കാളിക്കും ശ്രീനാരായണ ഗുരുവിനും വൈകുണ്ഠ സ്വാമിക്കും ഒപ്പം ചട്ടമ്പി സ്വാമിയും ഉണ്ടായിരുന്നുവെന്നതും അവര്‍ണരുടെയും ദളിതരുടെയും വിദ്യാഭ്യാസത്തിനും വഴി നടക്കാനുള്ള സ്വാതന്ത്യ്രത്തിനുംവേണ്ടിയുള്ള പ്രസ്ഥാനങ്ങളില്‍ മുന്‍നിര നായകരായിരുന്ന കേളപ്പനും എ കെ ജിയും പി കൃഷ്ണപിള്ളയും ഇ എം എസുമെല്ലാം സവര്‍ണ സമുദായങ്ങളില്‍ ജനിച്ചവരായിരുന്നുവെന്നതും വിസ്മരിക്കാനാവില്ലല്ലോ. അവര്‍ണന്റെ സഞ്ചാര സ്വാതന്ത്യ്രത്തിനു വേണ്ടി നടത്തിയ വൈക്കം സത്യഗ്രഹത്തിലും ഗുരുവായൂര്‍ സത്യഗ്രഹത്തിലുമെല്ലാം നടുനായകത്വം വഹിച്ചവരില്‍ പലരും സവര്‍ണരായിരുന്നുവെന്നതും വിസ്മരിക്കാനാവുമോ? പാലിയം സത്യഗ്രഹത്തില്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സവര്‍ണരായ സ്ത്രീ പുരുഷന്മാര്‍ പങ്കെടുത്തിരുന്നത് ചരിത്രത്തിന്റെ ഭാഗമാണ്. കേരളത്തിലെ അവര്‍ണരുടെ വിദ്യാഭ്യാസത്തില്‍ വെള്ളക്കാരായ മിഷണറിമാര്‍ വഹിച്ച പങ്കും നിഷേധിക്കാനാവില്ല.
1960കളില്‍ അമേരിക്കയില്‍ വംശമേധാവിത്വത്തിനെതിരെയും പൌരാവകാശങ്ങള്‍ക്കുവേണ്ടിയും കറുത്ത വംശക്കാര്‍ നടത്തിയ പോരാട്ടങ്ങളിലും സ്ത്രീകളുടെ പൌരാവകാശങ്ങള്‍ക്കുവേണ്ടി നടന്ന പോരാട്ടങ്ങളിലും അതാത് സ്വത്വവിഭാഗങ്ങള്‍ മാത്രമല്ല ജനാധിപത്യബോധമുള്ള എല്ലാ പുരോഗമനവാദികളും മുന്‍നിരയില്‍തന്നെ അണിനിരന്നതാണ് അവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഒരു പരിധിവരെയെങ്കിലും പരിഹരിക്കുന്നതിന് ഇടയാക്കിയത്. അമേരിക്കയിലെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ അനുഭവിച്ചിരുന്ന അടിച്ചമര്‍ത്തലുകളെക്കുറിച്ച് പൊതുമണ്ഡലത്തില്‍ അവതരിപ്പിച്ച "അങ്കിള്‍ ടോംസ് കേബിന്‍'' എന്ന നോവലിന്റെ കര്‍ത്താവായ ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവും അമേരിക്കയില്‍ അടിമക്കച്ചവടം നിരോധിക്കുകയും അതിനായി ആഭ്യന്തര യുദ്ധം നയിക്കുകയും ചെയ്ത എബ്രഹാം ലിങ്കണും കറുത്ത തൊലി ഉള്ളവരായിരുന്നില്ലല്ലോ.
"ആദിവാസികളുടെ ജീവിതപ്രശ്നം പൊതുസമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതില്‍ സി കെ ജാനു ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്'' എന്ന് ഡോ. പോക്കര്‍ നടത്തുന്ന നിരീക്ഷണത്തിലും (സ്വത്വരാഷ്ട്രീയം, 2005) ഇതേ ആശയക്കുഴപ്പം കാണാവുന്നതാണ്. 1960കളില്‍ തന്നെ വര്‍ഗീസും (അദ്ദേഹം സിപിഐ എം പ്രവര്‍ത്തകനായിരുന്നപ്പോഴും ഇടതു തീവ്രവാദ നിലപാട് സ്വീകരിച്ചപ്പോഴും) കെ പാനൂരും ('കേരളത്തിലെ ആഫ്രിക്ക' തുടങ്ങിയ കൃതികളിലൂടെ) പി വല്‍സലയും (നെല്ല്, ആഗ്നേയം) ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയമായിരുന്നു അത്. സിപിഐ എം നേതൃത്വത്തില്‍ ആദിവാസി ക്ഷേമ സമിതി രൂപീകരിച്ച് ആദിവാസികളുടെ പ്രശ്നങ്ങള്‍ വര്‍ഗാടിസ്ഥാനത്തില്‍ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴാണ് അതിനെ സ്വത്വപ്രശ്നമാക്കി വഴിതിരിച്ചുവിടുന്നതിന് ജാനുവും ഗോത്രമഹാസഭയും രംഗത്തിറങ്ങിയതെന്നതും വിദേശ ഫണ്ട് ലഭിക്കുന്ന എന്‍ജിഒകള്‍ മുതല്‍ നക്സലൈറ്റുകളും മതതീവ്രവാദികളും വരെ അതിനുചുറ്റും ഒത്തുകൂടിയത് എന്നതും സമീപകാല ചരിത്രമാണ്. വയനാട്ടില്‍ ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന ഭൂസമരം ജാനുവിന്റെയും സ്വത്വവാദികളുടെയും അവരെ മഹത്വവല്‍ക്കരിച്ചവരുടെയും തനിനിറം വെളിപ്പെടുത്തിയിരിക്കുകയാണ്.
അല്‍ത്തൂസറിന്റെ "പ്രത്യയശാസ്ത്രം'' എന്ന കൃതിയുടെ മലയാള പരിഭാഷക്കെഴുതിയ ആമുഖത്തില്‍ സ്വത്വരാഷ്ട്രീയത്തിന്റേതായ മറ്റൊരു നിരീക്ഷണവും ഡോ. പോക്കര്‍ അവതരിപ്പിക്കുന്നുണ്ട.് "(ഗുജറാത്തിലേതുപോലുള്ള) ഇത്തരമൊരു ഫാസിസ്റ്റ് വംശീയ ഉന്മൂലനത്തെ, വിദേശികളുടെ ചാരസംഘടനകളും വികാര വിക്ഷോഭത്തിനടിപ്പെട്ട 'ഇര'കളും നടത്തുന്ന ചാവേര്‍ ആക്രമണവുമായി താരതമ്യം ചെയ്യുന്ന അരാഷ്ട്രീയക്കാരും യഥാര്‍ത്ഥത്തില്‍ ഗ്രാംഷിയുടെ നിരീക്ഷണത്തില്‍ ഫാസിസത്തിന്റെ പിന്തുണക്കാരാണ്''. ഇവിടെയും സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായ ചെറുത്തുനില്‍പ് ഇസ്ളാമിലൂടെ എന്ന അതിലളിത യുക്തിയെ ഡോ. പോക്കര്‍ പിന്തുണയ്ക്കുകയാണ്."സ്വത്വരാഷ്ട്രീയം'' എന്ന തന്റെ കൃതിയില്‍ ഇടതുപക്ഷ ചിന്തകര്‍ക്കും മതനിരപേക്ഷ ചിന്തകര്‍ക്കും ഒപ്പം മുസ്ളിം ചിന്തകര്‍ക്കും സ്ഥാനം അടയാളപ്പെടുത്തുന്നുണ്ട് ഡോ. പോക്കര്‍. "വിദേശ ചാരസംഘടനകളും വികാര വിക്ഷോഭത്തിനടിപ്പെട്ട 'ഇര'കളും നടത്തുന്ന ചാവേര്‍ ആക്രമണങ്ങള്‍'' എന്ന നിസ്സാരവല്‍ക്കരണത്തില്‍ പതിയിരിക്കുന്നതും ഇതേ യുക്തി തന്നെയാണ്. ഗുജറാത്തിലെ വംശഹത്യകളെ ചാവേര്‍ ആക്രമണങ്ങളുമായി തുല്യതപ്പെടുത്താന്‍ ഫാസിസ്റ്റുകള്‍ക്കും മൃദു ഹിന്ദുത്വവാദികള്‍ക്കും മാത്രമേ കഴിയൂ എന്നത് ശരിയായ സങ്കല്‍പനം തന്നെയാണ്. എന്നാല്‍ "ഇസ്ളാമിക ഭീകരത'' വളര്‍ത്തിക്കൊണ്ടുവന്നതിനു പിന്നിലുള്ള സാമ്രാജ്യത്വ അജണ്ടയും ചാര സംഘടനകളുടെ ഇടപെടലുകള്‍ക്ക് പിന്നിലുള്ള താല്‍പര്യങ്ങളും കാണാതിരിക്കാന്‍ തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രത്തിനോ പ്രസ്ഥാനത്തിനോ ആവില്ല. ഐജാസ് അഹമ്മദിനെപ്പോലുള്ള ചിന്തകര്‍ സംശയാതീതമായി ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. സാമ്രാജ്യത്വ അധിനിവേശത്തിനെതിരായി ചെറുത്തുനില്‍ക്കുന്ന ഇറാന്റെ നിലപാടിനെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ, ആയത്തൊള്ളമാര്‍ അവതരിപ്പിക്കുന്ന മത രാഷ്ട്രവാദത്തെ നിരാകരിക്കുക എന്ന വൈരുദ്ധ്യാത്മക സമീപനമാണ് മാര്‍ക്സിസത്തിന്റേത്.
പീഡനങ്ങള്‍ നേരിട്ട് അനുഭവിച്ചവര്‍ക്കു മാത്രമേ അതിനെതിരെ ശക്തമായി പ്രതികരിക്കാനും അതിനെ ചെറുക്കാനും കഴിയൂ എന്ന സ്വത്വരാഷ്ട്രീയക്കാരുടെ സങ്കല്‍പനം മാര്‍ക്സിസം - ലെനിനിസത്തിന് അന്യമാണ്. എന്നാല്‍ ഏത് സാമൂഹിക വിഭാഗത്തിന്റെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും അവര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് അറുതിവരുത്താനും ആ സാമൂഹിക വിഭാഗത്തെ സംഘടിപ്പിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് അവരില്‍ സ്വത്വബോധം ഉയര്‍ത്തിക്കൊണ്ടല്ല, മറിച്ച് അവര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പിന്നിലുള്ള ഭരണവര്‍ഗത്തിനെതിരെ വര്‍ഗമെന്ന നിലയില്‍ അവരെ അണിനിരത്തിക്കൊണ്ടായിരിക്കണം. തൊഴിലാളിവര്‍ഗ പ്രസ്ഥാനം ഇത്തരം മര്‍ദ്ദിത സാമൂഹിക വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ടായിരിക്കണം. സിപിഐ എം നേതൃത്വത്തില്‍ അയിത്തത്തിനും ജാതിപരമായ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും മറ്റും സജീവമായ പ്രസ്ഥാനങ്ങള്‍ വളര്‍ത്തിക്കൊണ്ടു വരുന്നത് ഈ കാഴ്ചപ്പാടോടെയാണ്. മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റ് കാഴ്ചപ്പാടോടുകൂടി പ്രവര്‍ത്തിക്കുന്ന തൊഴിലാളിവര്‍ഗ പ്രസ്ഥാനം സജീവമായി മുന്നേറ്റം നടത്തിയിട്ടുള്ള കേരളത്തില്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ദളിതരും അവര്‍ണരും ന്യൂനപക്ഷ വിഭാഗങ്ങളും അനുഭവിക്കുന്ന പീഡനങ്ങള്‍ അന്യമായിരിക്കുന്നത് അതുകൊണ്ടാണ്. മറിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനം ദുര്‍ബലവും ചരിത്രപരമായി തന്നെ ദളിത് സ്വത്വരാഷ്ട്രീയം ശക്തവുമായിട്ടുള്ള മഹാരാഷ്ട്രയിലെ ഖൈര്‍ലാഞ്ചിയിലും മറ്റും സംഭവിച്ചതുപോലുള്ള ദളിതര്‍ക്കുനേരെയുള്ള പീഡനങ്ങള്‍, തമിഴ്നാട്ടിലെ ഉത്തപുരത്തേതുപോലുള്ള അയിത്ത മതിലുകള്‍ എല്ലാം ഇന്നും നിര്‍ബാധം തുടരുകയാണ്. ഇവിടങ്ങളിലെല്ലാം അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങളെ വര്‍ഗാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്ന നിലപാടുകളാണ് കാഞ്ചാ ഇളയ്യയെപ്പോലുള്ള സ്വത്വവാദികളായ ദളിത് ബുദ്ധിജീവികള്‍ ചെയ്യുന്നത്.
ഏതെങ്കിലും ഒരു വര്‍ണത്തിന്റെയോ വംശത്തിന്‍െയോ ജാതിയുടെയോ പ്രശ്നമായി അടിച്ചമര്‍ത്തലുകളെ ചുരുക്കിക്കാണുകയാണ് സ്വത്വരാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ മുതലാളിത്ത ചൂഷണത്തിലേക്കും അതിന്റെ വര്‍ഗവാഴ്ചയിലേക്കും വിരല്‍ചൂണ്ടാന്‍ അവര്‍ തയ്യാറല്ല. അതിനെതിരെ, ആ വര്‍ഗവാഴ്ച അവസാനിപ്പിക്കാന്‍ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള വിശാലമായ ഐക്യപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനെതിരായ നിലപാട് അവര്‍ സ്വീകരിക്കുന്നു. അതേസമയം, വിവിധ മര്‍ദ്ദിത വിഭാഗങ്ങള്‍ അനുഭവിക്കുന്ന സാമൂഹികമായ പീഡനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനം അമാന്തം കാണിക്കുകയാണെങ്കില്‍ അത് സ്വത്വ രാഷ്ട്രീയത്തിന് വളരാനുള്ള മണ്ണൊരുക്കലായി മാറും എന്ന കാര്യം മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റുകള്‍ കാണുന്നുണ്ട്. അതായത് ഏത് സാമൂഹിക വിഭാഗവും അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് ആ വിഭാഗത്തിന്റെ മാത്രമല്ല, മുതലാളിത്ത ചൂഷണത്തിനെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള തൊഴിലാളിവര്‍ഗത്തിന്റെയാകെ ആവശ്യമാണ്. ഇതില്‍നിന്ന് വ്യത്യസ്തമായി ജാതി സ്വത്വത്തിന്റെ ശാക്തീകരണം ബൂര്‍ഷ്വാ രാഷ്ട്രീയത്തെ മാത്രമേ സഹായിക്കൂ. ആത്യന്തികമായി അത് ദളിതരുടെയും മറ്റ് അവര്‍ണ ജനവിഭാഗങ്ങളുടെയും ദുരിത ജീവിതം തുടരുന്നതിനു മാത്രമേ പര്യാപ്തമാകൂ.
അള്‍ജീരിയയില്‍ കോളനിവാഴ്ചക്കെതിരായ വിമോചന പോരാട്ടത്തില്‍ മുന്‍നിരക്കാരനായി അണിനിരന്ന ഫ്രാന്‍സ് ഫാനന്‍ പാശ്ചാത്യര്‍ക്കെതിരെ, വെള്ളക്കാര്‍ക്കെതിരെ കറുത്തവരുടെ, ആഫ്രിക്കന്‍ ജനവിഭാഗത്തിന്റെ സ്വത്വബോധം ഉണര്‍ത്തിയത് സാമ്രാജ്യമേധാവിത്വത്തിനെതിരെ ഒരു ജനതയെ ആകെ അണിനിരത്തുന്നതിനുവേണ്ടിയായിരുന്നു. അല്ലാതെ വെളുത്ത തൊലിയുള്ള തൊഴിലാളിക്കെതിരെ കറുത്ത തൊലിയുള്ള തൊഴിലാളിയെ തിരിച്ചുവിടുന്നതിനായിരുന്നില്ല. "ഭൂമിയിലെ പീഡിതര്‍'' (ണൃലരേവലറ ീള വേല ഋമൃവേ) എന്ന ഫാനന്റെ കൃതിയില്‍ വിവരിക്കുന്ന കോളനിവാഴ്ചക്കാലത്തെ ദുരിതജീവിതം, ആ കോളനിവാഴ്ചക്കെതിരായ പോരാട്ടത്തിന് ഊര്‍ജ്ജം പകരാനായിരുന്നു. അന്ന് അവിടെ ഒരു സമരായുധം എന്ന നിലയില്‍ ആയിരുന്നു മര്‍ദ്ദിത ദേശീയ സ്വത്വത്തെ ഫാനന്‍ ഉപയോഗിച്ചത്. എന്നാല്‍ ഇന്ന് ആഫ്രിക്കയിലെ സ്ഥിതിയോ? ഗോത്ര സ്വത്വങ്ങളെയും വംശീയ സ്വത്വങ്ങളെയും മത സ്വത്വങ്ങളെയും ആഫ്രിക്കയിലെ ദുരിതം പേറുന്ന ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആയുധമായി സാമ്രാജ്യ ഏജന്‍സികള്‍ ഉപയോഗിക്കുകയാണ്. ആഫ്രിക്കയില്‍ വളര്‍ന്നുവന്നിരുന്ന വിമോചന പ്രസ്ഥാനങ്ങളെ തകര്‍ക്കാനാണ്, ആഫ്രിക്കയുടെ ശിഥിലീകരണത്തിനും അങ്ങനെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനുമാണ് ഇന്ന് സാമ്രാജ്യത്വം സ്വത്വരാഷ്ട്രീയത്തെ ഉപയോഗിക്കുന്നത്. "ചരിത്രവല്‍ക്കരിക്കുക, എപ്പോഴും ചരിത്രവല്‍ക്കരിക്കുക'' എന്ന ഫ്രെഡറിക് ജയിംസണ്‍ന്റെ വാക്യം സദാ ഉരുവിടുന്ന നമ്മുടെ പല ബുദ്ധിജീവികളും പലപ്പോഴും അത് പ്രായോഗികമാക്കേണ്ട സന്ദര്‍ഭങ്ങളില്‍ അത് മറന്നുപോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അല്ലെങ്കില്‍, "സംസ്കാരങ്ങളുടെ സംഘട്ടനം'' (ഇഹമവെ ീള ഇശ്ശഹശമെശീിേ) എന്ന സാമൂവല്‍ ഹണ്ടിങ്ടണ്‍ന്റെ കൃതിയെ യാന്ത്രികമായി വിശകലനം ചെയ്യുന്നതിനപ്പുറം അതിനു പിന്നിലുള്ള നിഗൂഢ അജണ്ട കണ്ടെത്താനും ആഫ്രിക്കയിലും ബാള്‍ക്കന്‍ പ്രദേശത്തും സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മധ്യേഷ്യയിലും മറ്റും സാംസ്കാരിക സ്വത്വബോധ നിര്‍മ്മിതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമ്രാജ്യത്വം ഇന്ത്യയില്‍ ഒരുക്കുന്ന ചതിക്കുഴികള്‍ കണ്ടെത്താനും വേണ്ട ജാഗ്രത കാണിക്കുമായിരുന്നു. ഇന്ത്യയില്‍, പശ്ചിമബംഗാളില്‍ നന്ദിഗ്രാമിലും സിംഗൂരിലും മറ്റും പുറമേക്ക് ഉയര്‍ത്തുന്ന കൃഷിഭൂമിയുടെ പ്രശ്നത്തിനപ്പുറം സ്വത്വരാഷ്ട്രീയത്തിന്റെ ഇടപെടലുകള്‍ കാണാതിരിക്കാന്‍ മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റുകള്‍ക്കാവില്ല. കിനാലൂരില്‍ സോളിഡാരിറ്റിയുടെയും ജമാഅത്തെ ഇസ്ളാമിയുടെയും അജണ്ടയും ഇതല്ലാതെ മറ്റെന്താണ്? രാഷ്ട്രീയ ഇസ്ളാം സാമ്രാജ്യത്വവിരുദ്ധമാണെന്ന ലളിത യുക്തികൊണ്ട് ഇതിനെല്ലാം പിന്നിലുള്ള സൂക്ഷ്മ രാഷ്ട്രീയ അജണ്ട കണ്ടില്ലെന്ന് നടിക്കാനാവില്ല.
കേരളത്തിലെ കാര്‍ഷിക മേഖലയിലെയും വ്യവസായ മേഖലയിലെയും തൊഴിലാളി - കര്‍ഷക മുന്നേറ്റങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും വിലങ്ങു തടിയായി നില്‍ക്കുന്നത് തൊഴിലാളികളിലും ദരിദ്ര കര്‍ഷകരിലും നിലനില്‍ക്കുന്ന സവര്‍ണ പ്രത്യയശാസ്ത്ര സ്വാധീനമാണെന്ന ഷിജൂ ഏലിയാസിന്റെ വിശകലനവും (കമ്യൂണിസ്റ്റ് വിരോധവും വ്യാജ ഇടതുപക്ഷവും, ദേശാഭിമാനി വാരിക മെയ് 23) തൊലിപ്പുറമെയുള്ളതും യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെയുള്ള പുറം തിരിഞ്ഞു നില്‍ക്കലുമാണ്. കേരളത്തില്‍ "പരമ്പരാഗത വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കിടയില്‍ കൂലിക്കൂടുതലിനും തൊഴില്‍ സുരക്ഷിതത്വത്തിനുംവേണ്ടിയുള്ള സമരങ്ങള്‍ ദുര്‍ബലമായി''ക്കൊണ്ടിരിക്കുന്നത് "മുതലാളിയുടെ നഷ്ടത്തില്‍ കൂലിക്കുറവിന്റെ രൂപത്തില്‍ തങ്ങളും പങ്കു പറ്റേണ്ടതാണെന്ന തോന്നല്‍ അവര്‍ക്കിടയില്‍ വ്യാപക''മായതിനാലാണെന്ന ഷിജുവിന്റെ വിശകലനം നവലിബറല്‍ കാലഘട്ടത്തിലെ തൊഴില്‍ പ്രശ്നങ്ങളെക്കുറിച്ചും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തെക്കുറിച്ചുമുള്ള അജ്ഞതയുടെ വെളിപ്പെടുത്തലാണ്. "സവര്‍ണ (ഹൈന്ദവ) പശ്ചാത്തലമുള്ള ഒരു വലിയ വിഭാഗം എത്രമേല്‍ ദരിദ്രരായി തീര്‍ന്നാലും അധ്വാന വര്‍ഗങ്ങളോട് താദാത്മ്യപ്പെടുകയില്ല എന്നതാണ് ജന്മിത്വാനന്തര കേരളത്തിന്റെ അനുഭവം'' എന്ന 'വിശകലന'വും കൂടി ഇതിനോട് കൂട്ടി വായിക്കുമ്പോള്‍ മാത്രമേ സമരങ്ങള്‍ ഉണ്ടാകാത്തതിന്റെ കാരണത്തിനു പിന്നിലെ 'ജാതി ഘടക'ത്തെക്കുറിച്ചുള്ള കണ്ടെത്തല്‍ വെളിപ്പെടൂ. ഇവിടെ "അധ്വാനവര്‍ഗം'' എന്ന പരികല്‍പനയില്‍ ഷിജു തൊഴിലെടുക്കുന്ന വര്‍ഗത്തെയാകെ അല്ല, അവരെ ജാതി തിരിച്ചാണ് കാണുന്നത് എന്ന് വ്യക്തം. "ഉല്‍പാദനോപാധികള്‍ സ്വന്തമായിഇല്ലാത്തവര്‍'' എന്ന തൊഴിലാളിയെ സംബന്ധിച്ച "കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ''യിലെ വിലയിരുത്തല്‍ തന്നെ കൈവെടിഞ്ഞുകൊണ്ടുള്ള സ്വത്വരാഷ്ട്രീയത്തിന്റെ ഇളകി ആട്ടമാണ് ഈ വിശകലനത്തില്‍ കാണുന്നത്.
പരമ്പരാഗത വ്യവസായ മേഖലയില്‍ മാത്രമല്ല, സംഘടിത വ്യവസായ മേഖലയിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉള്‍പ്പെടെ അതാത് വ്യവസായം നഷ്ടത്തിലേക്കോ തകര്‍ച്ചയിലേക്കോ നീങ്ങുമ്പോള്‍, കൂലിക്കൂടുതലിനായി തൊഴിലാളി സമരം നടത്താറില്ല എന്നും സ്വന്തം തൊഴില്‍ സംരക്ഷിക്കാനായി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാറുണ്ട് എന്നുമുള്ളത് ട്രേഡ് യൂണിയന്‍ മേഖലയിലെ (കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല) പൊതു അനുഭവമാണ്; പല തൊഴില്‍ മേഖലകളിലും ക്ഷാമബത്തപോലും ഉപേക്ഷിച്ചുകൊണ്ട് ട്രേഡ് യൂണിയനുകള്‍ കരാര്‍ ഒപ്പിട്ടിട്ടുള്ളത് തൊഴില്‍ സ്ഥാപനം നിലനില്‍ക്കണമെന്ന യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊണ്ടു കൊണ്ടാണ്. എന്നാല്‍ 2001നുശേഷം തന്നെ കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലയില്‍ കയര്‍ത്തൊഴിലാളികളും ചെത്തു തൊഴിലാളികളും നടത്തിയ ഉശിരന്‍ സമരങ്ങള്‍ സമീപകാല യാഥാര്‍ത്ഥ്യങ്ങളാണ്. യുഡിഎഫ് ഭരണകാലത്ത് നിലവിലുള്ള കൂലി വ്യവസ്ഥയും തൊഴിലും മറ്റാനുകൂല്യങ്ങളും (കൂലിക്കൂടുതലിനുവേണ്ടിയേ അല്ല) സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്കിനെ പൊളിക്കാന്‍ സവര്‍ണ - അവര്‍ണ വ്യത്യാസമില്ലാതെ സര്‍വ ജാതി സംഘടനകളും ന്യൂനപക്ഷ - ഭൂരിപക്ഷ വ്യത്യാസമില്ലാതെ സമസ്ത മതസംഘടനകളും അണിനിരന്നതും തൊഴിലാളിവര്‍ഗം ഒന്നടങ്കം പണിമുടക്ക് വിജയിപ്പിക്കാന്‍ കൈകോര്‍ത്തതും നാം മറക്കാറായിട്ടില്ല. അന്ന് മര്‍ദ്ദക - മര്‍ദ്ദിത സ്വത്വങ്ങളില്‍പ്പെടുന്ന സംഘടനകളെല്ലാം വര്‍ഗാടിസ്ഥാനത്തിലുള്ള സമരത്തിനെതിരെ ഒന്നിച്ചു നീങ്ങുന്നതാണ് നാം കണ്ടത്.
സ്വത്വ രാഷ്ട്രീയത്തിന് മാര്‍ക്സിസത്തിന്റെ മുഖാവരണമിടാന്‍ ശ്രമിക്കുന്ന ബുദ്ധിജീവികളും സാംസ്കാരിക വിമര്‍ശകരും യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ഏറെ അകന്ന് നില്‍ക്കുന്നതായാണ് ഈ 'വിശകലനങ്ങള്‍' തെളിയിക്കുന്നത്. അവര്‍ ജനകീയ പ്രക്ഷോഭങ്ങളില്‍നിന്നും സംഘടനകളില്‍നിന്നും വിട്ടുമാറി ദന്തഗോപുരങ്ങളില്‍ ഇരുന്ന് 'സാംസ്കാരികമായി' സ്വപ്നം കാണുകയാണ്. ഇത് മാര്‍ക്സിസത്തിന്റെ രീതിയല്ല. മാര്‍ക്സിയന്‍ സാംസ്കാരിക വിശകലനവുമല്ല. ഗ്രാംഷിയും അല്‍ത്തൂസറുമെല്ലാം പോരാട്ടങ്ങള്‍ക്കൊപ്പം ജീവിച്ച മാര്‍ക്സിസ്റ്റുകളായിരുന്നു. അതുകൊണ്ടാണ് സാംസ്കാരിക സ്വത്വങ്ങള്‍ക്കുപരിയായി വര്‍ഗ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ക്കു കഴിഞ്ഞത്. അല്‍ത്തൂസര്‍ നടത്തുന്ന നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. "ബുദ്ധിജീവികളുടെ തലയ്ക്കകത്തെ മാര്‍ക്സിസത്തെക്കുറിച്ചുള്ള ആശയങ്ങളില്‍ പത്തില്‍ ഒമ്പതും പിശകാണ്. തെറ്റായ ആശയങ്ങള്‍ മാര്‍ക്സിന്റെ ജീവിതകാലത്തു തന്നെ അവതരിപ്പിക്കപ്പെട്ടിരുന്നു... തങ്ങളിലുള്ള ബൂര്‍ഷ്വാ - പെറ്റി ബൂര്‍ഷ്വാ വര്‍ഗപരമായ ജന്മവാസനകളില്‍നിന്നും തൊഴിലാളിവര്‍ഗത്തിന്റേതായ വര്‍ഗ നിലപാടുകളിലേക്ക് എത്തിച്ചേരാന്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ഒരു വഴിപിരിയല്‍ നടത്തേണ്ടതുണ്ട്''.

29 October, 2009

പഴശ്ശിരാജ-ജനപ്രിയതാ രൂപീകരണത്തിന്റെ സങ്കീര്‍ണയുക്തികള്‍

മലയാള സിനിമയുടെ മുന്‍കാല ചരിത്രത്തില്‍ ആലോചിച്ചിട്ടുപോലുമില്ലാത്ത അത്ര അധികം തുക നിര്‍മ്മാണത്തിനും വിതരണത്തിനും പരസ്യത്തിനും മറ്റുമായി ചിലവിട്ടുവെന്ന പ്രഖ്യാപനത്തോടെയാണ് കേരളവര്‍മ്മ പഴശ്ശിരാജ ഒക്ടോബര്‍ 16ന് പ്രദര്‍ശനമാരംഭിച്ചത്. ഇരുപത്തേഴ് കോടി രൂപ ചിലവായി എന്നാണ് അവകാശവാദങ്ങള്‍. അത് വിശ്വസിക്കുകയല്ലാതെ തല്‍ക്കാലം മറ്റ് നിര്‍വാഹമൊന്നുമില്ല. മലയാളത്തിനു പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ളീഷ്(സബ് ടൈറ്റില്‍ഡ്) എന്നീ ഭാഷകളിലും കേരളവര്‍മ്മ പഴശ്ശിരാജ തയ്യാറാക്കിയിട്ടുണ്ടെന്നാണ് പ്രചരിപ്പിച്ചിരുന്നതെങ്കിലും ആ മൊഴിമാറ്റപതിപ്പുകളുടെ പ്രദര്‍ശനം ആരംഭിക്കാനിരിക്കുന്നതേ ഉള്ളൂ. സിനിമയുടെ ഇതിവൃത്തം പ്രാഥമികമായി ബന്ധപ്പെടുന്നത് കേരളവുമായിട്ടാകയാല്‍ കേരളീയര്‍ ഈ ചിത്രത്തെ എപ്രകാരം സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മറ്റുള്ളിടത്തെ വിജയ-പരാജയങ്ങള്‍ എന്ന ധാരണയും പ്രബലമാണ്. വമ്പിച്ച മുതല്‍ മുടക്കോടെ തയ്യാറാക്കപ്പെടുന്ന തമിഴ്, ഹിന്ദി, ഇംഗ്ളീഷ് സിനിമകളുടെ കടന്നുകയറ്റത്തെതുടര്‍ന്ന് മലയാള സിനിമക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്ന ഭീതി കഴിഞ്ഞ കുറെക്കാലമായി വ്യാപകമായതിന്റെ പിന്നാലെയാണ് അത്തരം മുതല്‍മുടക്കുകളോട് കിടപിടിച്ചു കൊണ്ട് കേരളവര്‍മ്മ പഴശ്ശിരാജ പൂര്‍ത്തിയാക്കി പുറത്തു വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ ചിട്ടിക്കമ്പനി ഉടമയായ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാതാവെങ്കില്‍ മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരനും ജ്ഞാനപീഠജേതാവും തിരക്കഥാകൃത്തുമായ എം ടി വാസുദേവന്‍ നായര്‍ രചനയും പ്രമുഖ സംവിധായകന്‍ ഹരിഹരന്‍ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഛായാഗ്രാഹകന്‍ രാമനാഥ് ഷെട്ടിയും എഡിറ്റര്‍ ശ്രീകര്‍ പ്രസാദുമാണ്. ഓസ്കാര്‍ പുരസ്കാര ജേതാവായ റസൂല്‍ പൂക്കുട്ടി ശബ്ദ സംവിധാനം നിര്‍വഹിച്ച ആദ്യ തെന്നിന്ത്യന്‍ സിനിമ കൂടിയാണ് കേരളവര്‍മ്മ പഴശ്ശിരാജ. ഇളയരാജയാണ് സംഗീതസംവിധാനം.

ചിത്രത്തിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗവും യുദ്ധ-സംഘട്ടന രംഗങ്ങളാണ്. നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത് ഇവ പൂര്‍ത്തിയാക്കാന്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ സഹായം ഉപയോഗിച്ചിട്ടേ ഇല്ല എന്നാണ്. വയനാട്ടിലാണ് ചിത്രത്തിന്റെ നല്ലൊരു ഭാഗം ചിത്രീകരിച്ചിരിക്കുന്നത്. ആദിവാസി ജനവിഭാഗമായ കുറിച്യരുടെ സഹായത്തോടെ പഴശ്ശി രാജ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന ആഖ്യാനമാണ് കേരളവര്‍മ്മ പഴശ്ശിരാജ. ലിഖിതവും അല്ലാത്തതുമായ ചരിത്രവും അതിലെ നായകത്വങ്ങളും ആധുനിക ജനപ്രിയമാധ്യമമായ സിനിമയും തമ്മിലുള്ള അഭിമുഖീകരണത്തിനു വേണ്ടി തിരക്കഥാകൃത്തും സംവിധായകനും മറ്റ് സാങ്കേതിക വിദഗ്ദ്ധരും നടീനടന്മാരും പ്രകടിപ്പിച്ചിട്ടുള്ള അര്‍പ്പണ ബോധം സിനിമയില്‍ പ്രകടമാണ്. കേരള സര്‍ക്കാര്‍ ചിത്രത്തിന് വിനോദ നികുതിയിളവ് അനുവദിച്ചിട്ടുമുണ്ട്. പ്രസ്തുത ഇളവു മൂലം ടിക്കറ്റു കൂലിയില്‍ ഇളവുണ്ടായിരിക്കുന്നതല്ല, മറിച്ച് നികുതിയിനത്തില്‍ പിരിക്കുന്ന പണമടക്കം സിനിമാശാല ഉടമസ്ഥരും വിതരണക്കാരും ചേര്‍ന്ന് പങ്കിട്ടെടുക്കും(സാധാരണ അവസരത്തില്‍ വില്‍ക്കുന്ന ടിക്കറ്റുകളില്‍ നിന്ന് ലഭിക്കുന്ന മുഴുവനും നികുതി തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ അടക്കുന്നുണ്ടോ എന്നത് സംശയമാണ്. ആയതിനാല്‍ ഇപ്പോളനുവദിച്ച ഇളവിന്റെ ഗുണം മുതലാളിമാര്‍ക്ക് കാര്യമായ തോതില്‍ ലഭിക്കുമെന്ന് കരുതാനാവില്ല). ബ്രിട്ടീഷുകാര്‍ക്കു വേണ്ടി കര്‍ഷകരില്‍ നിന്നും ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കേണ്ട നികുതിപ്പണം പിരിച്ചെടുക്കാന്‍ വിസമ്മതിക്കുന്നതിലൂടെയാണ് പഴശ്ശിരാജ പ്രതിഷേധം ആരംഭിക്കുന്നത്. ആ വിസമ്മതത്തിന് അഭിവാദ്യമായി കേരള സര്‍ക്കാരിന്റെ തീരുമാനത്തെ കണക്കിലെടുക്കാം. മമ്മൂട്ടി പ്രൌഢോജ്വലമായി അവതരിപ്പിച്ചിരിക്കുന്ന പഴശ്ശിരാജയുടെ തീരുമാനത്തിനു വിരുദ്ധമായി അദ്ദേഹത്തിന്റെ അമ്മാമനായ വീരവര്‍മ്മ (തിലകന്‍) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വിധേയപ്പെടുകയും നികുതി പിരിച്ചേല്‍പ്പിക്കാമെന്ന് ഓലയെഴുതി കമ്പനി അധികൃതര്‍ക്കെത്തിക്കുകയും ചെയ്യുന്ന രംഗത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. അമ്മാമനോട് അദ്ദേഹത്തിന്റെ പ്രവൃത്തിയിലെ അപ്രീതി അറിയിക്കാനായി എത്തുന്ന രംഗത്തിലാണ് മമ്മൂട്ടിയുടെ രംഗപ്രവേശം. എന്നാല്‍ ഈ സീനിനു ശേഷം തിലകന്റെ കഥാപാത്രത്തിന് എന്തു സംഭവിച്ചു എന്നറിയില്ല. അതിനുപകരം തെലുങ്കു താരം സുമന്‍ അവതരിപ്പിക്കുന്ന പഴയം വീടന്‍ ചന്തുവാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ സഹായിക്കുന്ന നാട്ടുപ്രമാണിയായി നിറഞ്ഞു നില്‍ക്കുന്നത്.

സാധാരണ സൂപ്പര്‍ താരചിത്രങ്ങളില്‍ സൂപ്പര്‍ താരത്തിന്റെ ശരീരഭാഗങ്ങള്‍(മിക്കപ്പോഴും മുഖം) വെളിച്ചമധികമുള്ള പ്രതലത്തില്‍ എക്സ്ട്രീം ക്ളോസപ്പിലാണ് കടന്നുവരാറുള്ളതെങ്കില്‍, കേരളവര്‍മ്മ പഴശ്ശിരാജയില്‍ ഇരുട്ടില്‍ നിന്ന് ഇളം വെളിച്ചത്തിലേക്ക് ധാടിമോടികളില്ലാതെ മുഴുനീള മമ്മൂട്ടി കടന്നു വരുകയാണ് ചെയ്യുന്നത്. ആദ്യപ്രദര്‍ശനം മുതല്‍ക്കേ ദത്തശ്രദ്ധരായിരിക്കുന്ന ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തയ്യാറായിരിക്കുന്നതുകൊണ്ട് ആര്‍പ്പു വിളിയും കൈയടിയും ടിക്കറ്റുകഷണങ്ങളും പാന്‍പരാഗ് പൊതികളും തിരശ്ശീലയിലേക്ക് അമിട്ടു പോലെ പൊട്ടിച്ചിതറിയുയര്‍ന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാള സിനിമയുടെ ഗതി നിര്‍ണയിക്കുന്ന സൃഷ്ടിയാണോ കേരളവര്‍മ്മ പഴശ്ശിരാജ? ആഗോള സാമ്പത്തിക പ്രക്രിയയിലേക്ക് ഉദ്ഗ്രഥിക്കപ്പെട്ടുകഴിഞ്ഞ തമിഴ്, ഹിന്ദി സിനിമാവ്യവസായം പോലെ സാങ്കേതികവും സാമ്പത്തികവും ബ്രാന്റ് ഉല്‍പ്പന്നപരവുമായ തരത്തില്‍ വളര്‍ന്നു പന്തലിക്കാന്‍ മലയാള സിനിമക്ക് സാധിക്കുമോ? സിനിമ, മലയാളം, കേരളം, ചരിത്രം, സ്വാതന്ത്യസമരം എന്നീ പ്രതിഭാസങ്ങള്‍ കേരളവര്‍മ്മ പഴശ്ശിരാജയുടെ പശ്ചാത്തലത്തില്‍ ഭാവന ചെയ്യപ്പെടുകയും സങ്കല്‍പന-നിര്‍വഹണ-ആസ്വാദന തലങ്ങളില്‍ പരിചരിക്കപ്പെടുകയും ചെയ്യുന്നതെങ്ങനെ?

ബെന്‍ഹര്‍, ടെന്‍ കമാന്റ്മെന്റ്സ് പോലെയുള്ള ബൈബിളധിഷ്ഠിത ചിത്രങ്ങളുടെയും ഹോളിവുഡിലിറങ്ങിയ മറ്റു നാടോടിയുദ്ധ സിനിമകളുടെയും മാതൃകകളാണ് എം ടിയും ഹരിഹരനും പ്രയോജനപ്പെടുത്തിയിരിക്കുന്നത്. രാമു കാര്യാട്ടിനെ അതിശയിക്കുന്ന തരത്തില്‍ മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിലെ സംഘാടനപാടവം എടുത്തുപറയേണ്ടതാണ്. മലയാളത്തില്‍ നിന്ന് മമ്മൂട്ടി അടക്കമുള്ള ചില മികച്ച താരങ്ങളെയും തമിഴില്‍ നിന്ന് ശരത്കുമാര്‍, തെലുങ്കില്‍ നിന്ന് സുമന്‍ എന്നിങ്ങനെയുള്ളവരെയും ഉള്‍പ്പെടുത്തി സിനിമയുടെ വിപണനമൂല്യം ഉയര്‍ത്താനുള്ള ശ്രമവും ശ്രദ്ധേയമാണ്. വിപണിവിജയം ഉറപ്പിക്കുന്ന ഒരു അടിസ്ഥാനപദ്ധതിയാണ് കേരളവര്‍മ്മ പഴശ്ശിരാജയിലൂടെ ഉദ്ദേശിക്കപ്പെടുന്നത് എന്നത് വ്യക്തമാണ്. ഇരുപത്തേഴ് കോടി രൂപ ചെലവായി എന്ന തുടര്‍ച്ചയായ പ്രഖ്യാപനം തന്നെ ഊഹക്കച്ചവടാധിഷ്ഠിതമായ വില്‍പനമൂല്യത്തെ ഊതിപ്പെരുപ്പിക്കാനാണെന്നതാണ് വാസ്തവം. ചാനല്‍ അവകാശങ്ങള്‍, കേരളത്തിനു പുറത്തുള്ള ഔട്ട്റൈറ്റ് വില്‍പനകള്‍, ഡിവിഡി അവകാശം, ആഡിയോ വില്‍പന, ഇന്റര്‍നെറ്റ് അവകാശം, തിരക്കഥാ വില്‍പന എന്നിങ്ങനെ പലതരം വില്‍പനകള്‍ കേരള ബോക്സാപ്പീസ് വരുമാനം എന്ന അടിസ്ഥാനത്തിനു പുറത്ത് സിനിമയില്‍ ഇക്കാലത്ത് സാധ്യമാണ്. താരങ്ങളെ അവരുടെ വിപണിമൂല്യവും പ്രാദേശികമായ ജനപ്രിയതാനിലവാരങ്ങളും കണക്കിലെടുത്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്; അല്ലാതെ അവരുടെ നടനമികവു മാത്രം അടിസ്ഥാനപ്പെടുത്തിയല്ല.

നടികളുടെ അവതരണവും ഇതിന്റെ തുടര്‍ച്ചയാണ്. കനിഹ അവതരിപ്പിക്കുന്ന കൈതേരി മാക്കം എന്ന പഴശ്ശിരാജയുടെ ഭാര്യാകഥാപാത്രത്തെ ശ്രദ്ധിക്കുക. ലൈംഗികദരിദ്രരായ മലയാളികളെ മനസ്സില്‍ കണ്ടു കൊണ്ടാണ് ഈ നടി/കഥാപാത്രത്തിന്റെ വേഷവിധാനവും ശരീര ചലനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏതു കലാസൃഷ്ടിക്കും ചരിത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്താനാവില്ല എന്നിരിക്കെ (അങ്ങിനെ നീതി പുലര്‍ത്തേണ്ടതില്ല എന്നുമിരിക്കെ), പതിനെട്ടാം നൂറ്റാണ്ടിലെ വേഷവിധാനം എന്നവകാശപ്പെട്ടുകൊണ്ട് അവതരിപ്പിക്കപ്പെടുന്ന വേഷങ്ങളുടെ കൃത്യത ആലോചിച്ച് സംവിധായകനോ വസ്ത്രസംവിധായകനോ നടിയോ കാണിയോ വിമര്‍ശകനോ തല പുകക്കേണ്ടതില്ല. അപ്പോള്‍, ഇത്തരമൊരു 'പീരിയഡ് സിനിമ'യിലെ നടിയുടെ വേഷം തിരഞ്ഞെടുക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എന്തായിരിക്കും? തീര്‍ച്ചയായും ചരിത്രത്തോടും ഇതിവൃത്തത്തോടും നൂറു ശതമാനം നീതിയും പ്രതിബദ്ധതയും പുലര്‍ത്തുക എന്ന നിഷ്കളങ്കവും ബൌദ്ധികവുമായ ഉദ്ദേശ്യമായിരിക്കുകയില്ല അത് എന്നതുറപ്പാണ്. നേരത്തെ പറഞ്ഞതു പോലെ ലൈംഗികദരിദ്രരായ മലയാളി പുരുഷ കാണിക്ക് അല്‍പമെങ്കില്‍ അല്‍പസമയം കാമോത്തേജനവും ലിംഗോദ്ധാരണവും സാധ്യമാവുമെങ്കില്‍ അതു നടക്കട്ടെ എന്ന 'നിഷ്കളങ്കമായ' സാമര്‍ത്ഥ്യം മാത്രം.

ഒളിവില്‍ പാര്‍ക്കുന്ന നായകന്‍ പഴശ്ശിരാജ ചിറക്കലില്‍ പോയി വരുന്നതു വഴി കൈതേരിയിലെ തന്റെ വീട്ടിലും വരുമെന്നറിഞ്ഞ നായിക കുന്നത്തെ കൊന്നക്കും പൊന്‍മോതിരം ഇന്നേതോ തമ്പുരാന്‍ തന്നേപോയി എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ കുളിക്കടവില്‍ നിന്ന് കയറിവരുന്ന ദൃശ്യം ശ്രദ്ധിക്കുക. മുലക്കച്ചക്കുള്ളില്‍ നിന്ന് കുലുങ്ങുന്ന മുലകളുടെ തെളിച്ചമുള്ള ചലനദൃശ്യം മലയാളസിനിമയുടെ ഗതിനിര്‍ണായകസൃഷ്ടിയുടെ പുറകില്‍ അര്‍പ്പണം ചെയ്തവരുടെ ആണ്‍നോട്ട(മേല്‍ഗേസ്)ത്തിന്റെ ഉദാഹരണം മാത്രമാണ്. തിയറ്ററില്‍ ഈ സമയത്ത് ഉയരുന്ന ആരവങ്ങളുടെ ഗതിവിഗതികളും(സമൂഹത്തിന്റെ ആണ്‍നോട്ടം) മറ്റൊന്നല്ല സൂചിപ്പിക്കുന്നത്. കേരളവര്‍മ്മ പഴശ്ശിരാജയുടെ പ്രൊമോഷനുവേണ്ടി ടി വി ചാനലുകളില്‍(കുടുംബകത്തെ ആണ്‍നോട്ടം) വിതരണം ചെയ്തിട്ടുള്ളതും ആരാധകരാല്‍ അപ്ലോഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് യൂ ട്യൂബില്‍ ഏറ്റവുമധികം ഹിറ്റു കിട്ടുന്നതുമായ പാട്ടുദൃശ്യവും(ഒറ്റവ്യക്തിയുടെ ആണ്‍നോട്ടം) ഇതു തന്നെ.

ഹരിഹരനുമുമ്പ് മലയാള സിനിമയില്‍ സംഘാടനമിടുക്ക് കാണിച്ച രാമുകാര്യാട്ടും ഇതേ മാര്‍ഗം നന്നായി പ്രയോജനപ്പെടുത്തിയ ആളാണ്. ചെമ്മീനി(1966)ല്‍ കറുത്തമ്മ(ഷീല)യെ ആദ്യമായി അവതരിപ്പിക്കുമ്പോള്‍ ക്യാമറ മുകളില്‍ നിന്ന് അവളുടെ മാറിടത്തിനു മുകളിലായി തങ്ങിനില്‍ക്കുന്നു. ബ്ളൌസിനുമുകളിലായി രണ്ടു മുലകള്‍ക്കിടയിലെ വിടവ് വ്യക്തമാക്കിക്കൊണ്ടുള്ള ഷോട്ട് കാണിച്ചതിന്റെ ന്യായീകരണം തൊട്ടടുത്ത സംഭാഷണത്തിലാണുള്ളത്. പരീക്കുട്ടി മുതലാളി(മധു)യുടെ നോട്ടമാണത്. “എന്തൊരു നോട്ടം! എന്ന് കറുത്തമ്മ മധുരമായി പരിഭവിക്കുന്നു. തോട്ടിയുടെ കഥ ലിഖിത സാഹിത്യത്തിലാവിഷ്ക്കരിച്ചതിലൂടെ മലയാള സാഹിത്യത്തിന്റെ അസംസ്കൃത വസ്തു സംഭരണത്തില്‍ നിലനിന്നിരുന്ന വകതിരിവുകളെ അട്ടിമറിച്ച തകഴിയെപ്പോലുള്ള ഒരു അസാമാന്യ ‘പുരോഗമന’ സാഹിത്യ വ്യക്തിത്വം രചിച്ച ‘ചെമ്മീന്‍’ സിനിമയായപ്പോഴാണ് മുതലാളിത്തത്തിന്റെ നോട്ടത്തിന് കീഴ്പ്പെടുത്തപ്പെട്ടത് എന്നതാണ് ശ്രദ്ധേയം.

അപ്പോള്‍ രാജ്യസ്നേഹത്തിലധിഷ്ഠിതവും സ്വാതന്ത്ര്യബോധത്താല്‍ ജ്വലിച്ചു നില്‍ക്കുന്നതുമായ കേരളവര്‍മ്മ പഴശ്ശിരാജയില്‍ ഒരു സെക്കന്റു നേരം നടിയുടെ മുലകള്‍ കുലുങ്ങിയാല്‍ അത് എടുത്തു പറയുന്ന ദോഷൈകദൃക്കുകളുടെ വിമര്‍ശനബോധത്തെ നമുക്കവഗണിക്കാം; അതിനു പകരം ചരിത്രബോധവും രാജ്യസ്നേഹവും സ്വാതന്ത്ര്യാവബോധവും സ്വദേശാഭിമാനവും നഷ്ടപ്പെട്ട കേരളീയര്‍ക്കും മറ്റിന്ത്യക്കാര്‍ക്കും അത് പ്രദാനം ചെയ്യുന്നതിനായി, നടിയുടെ വസ്ത്രമൊരിത്തിരി സ്ഥാനചലനം വന്നുവെന്നും അവയവങ്ങള്‍ കുറച്ചൊന്ന് കുലുങ്ങിയെന്നും കരുതി സമാധാനിക്കാം/അഭിമാനിക്കാം. സ്ത്രീകള്‍ക്കും ചരിത്രനിര്‍മാണ പ്രക്രിയയില്‍ കുറച്ച് പങ്കു ലഭിക്കട്ടെ! പത്മപ്രിയ അവതരിപ്പിക്കുന്ന നീലി എന്ന കുറിച്യപ്പോരാളിക്ക് വെടിയേറ്റതിനെ തുടര്‍ന്ന് അവളുടെ പ്രതിശ്രുതവരനായ തലക്കല്‍ ചന്തു (മനോജ് കെ ജയന്‍) തന്റെ മടിയില്‍ കിടത്തി അവളുടെ വെടിയുണ്ട നീക്കം ചെയ്യുന്ന ദൃശ്യവും കാണികള്‍ ഇതേ ആണ്‍നോട്ടത്തിന് കീഴ്പ്പെടുത്തി. വലത്തേ തുടയിലാണ് വെടിയേല്‍ക്കുന്നത് എന്നതിനാലാണ് ഈ ആണ്‍നോട്ട സാധ്യത പ്രാവര്‍ത്തികമായത്. അക്രമങ്ങളും അനീതികളും നിറഞ്ഞ കക്ഷിരാഷ്ട്രീയ പരിസരത്തെ വിചാരണ ചെയ്യുന്ന ഈനാട് (ടി ദാമോദരന്‍, ഐ വി ശശി/1982) എന്ന ഹിറ്റു സിനിമയില്‍ നഗരത്തിനുള്ളിലെ ചേരിയില്‍ നടക്കുന്ന വ്യാജമദ്യദുരന്തത്തില്‍ മരണപ്പെടുന്ന സ്ത്രീ കഥാപാത്രത്തിന്റെ (സുരേഖ അഭിനയിക്കുന്നു) മുക്കാലും നഗ്നമായ ശരീരം ക്യാമറ ആര്‍ത്തിയോടെ ഒപ്പിയെടുത്തതും കാണികള്‍ ആനന്ദാവേശത്തോടെ സ്വീകരിച്ചതും പോലെ ശവഭോഗാത്മകമായ ഒരു കാഴ്ചാരീതി ഈ ദൃശ്യത്തിലും നിര്‍വഹിക്കപ്പെട്ടു.

രാജ്യസ്നേഹമെന്ന് കേരളസര്‍ക്കാര്‍ തീരുമാനമെടുത്ത് നിര്‍ണയിച്ച കേരളവര്‍മ്മ പഴശ്ശിരാജക്ക് യു/എ സര്‍ട്ടിഫിക്കറ്റ് (നിയന്ത്രണങ്ങളൊന്നുമില്ലാത്ത പൊതുപ്രദര്‍ശന ലൈസന്‍സ്, പക്ഷെ 12 വയസ്സില്‍ താഴെയുള്ളവര്‍ രക്ഷിതാക്കളുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചു മാത്രം കാണുക) നല്‍കാനാണ് ഫിലിം സര്‍ട്ടിഫിക്കേഷനായുള്ള കേന്ദ്ര ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത് എന്നത് ഈ രംഗങ്ങള്‍ കണക്കിലെടുത്തിട്ടാണോ അതോ യുദ്ധ-സംഘട്ടന രംഗങ്ങളിലുള്ള ചോരപ്പെയ്ത്ത് കണ്ടിട്ടാണോ എന്നറിയില്ല. സെന്‍സര്‍ഷിപ്പ് ധാര്‍മിക സദാചാരത്തെ സംബന്ധിച്ച അവസാന വാക്കായി പരിഷ്കൃത സമൂഹത്തിന് പരിഗണിക്കാനാവില്ല എന്നിരിക്കെ അത്തരമൊരു സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ല. പക്ഷെ, ഒരു കാര്യമുറപ്പാണ്. രാജ്യസ്നേഹമല്ല ഏതു വിഷയവുമാകട്ടെ ഇന്ത്യന്‍ സിനിമയില്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കണമെന്നുണ്ടെങ്കില്‍ ലൈംഗിക ചിത്രീകരണത്തെ സംബന്ധിച്ച ഔദ്യോഗികവും അനൌദ്യോഗികവുമായ വിചാരങ്ങളും ധാരണകളും നിബന്ധനകളും മാറ്റിയെഴുതിയേ മതിയാവൂ എന്നതാണത്.

മലയാളത്തിലിറങ്ങിയ മറ്റൊരു 'രാജ്യസ്നേഹ' സിനിമയായ കീര്‍ത്തിചക്ര(മേജര്‍ രവി/2006)യില്‍ കശ്മീരിലെ ഒരു വീട്ടിനകത്ത് കടന്നു കയറുന്ന മുസ്ളിം ഭീകരര്‍ അവിടത്തെ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന്റെ നീണ്ടു നില്‍ക്കുന്ന അതിസമീപ ദൃശ്യം വ്യക്തമായി കാണിച്ചതാണ് ആ ചിത്രത്തിന്റെ ജനപ്രിയതാഗ്രാഫ് ഉയര്‍ത്തിയത് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലൈംഗികതാ ചിത്രീകരണത്തെ സംബന്ധിച്ചുള്ള കപടസദാചാരവാദികളുടെ ധാരണകള്‍ മാറ്റിയെഴുതാന്‍ സാധിച്ചാല്‍, അതിനെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമക്കു ലഭ്യമാവുന്ന 'ലൈംഗികസ്വാതന്ത്ര്യ'ത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചതിനു ശേഷം കൂടുതല്‍ സുതാര്യവും മാന്യവുമായ രാജ്യസ്നേഹ സിനിമകള്‍ പുറത്തു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

മുന്‍കാലത്ത് ഇറങ്ങിയിട്ടുള്ള ചില ഇന്ത്യന്‍ 'രാജ്യസ്നേഹ' സിനിമകളായ ഗാന്ധി(റിച്ചാര്‍ഡ് അറ്റന്‍ബറോ/ഇംഗ്ളീഷ്/1982), കാലാപാനി(പ്രിയദര്‍ശന്‍/മലയാളം/1996) എന്നിവയില്‍ ബ്രിട്ടീഷുകാര്‍ക്കനുകൂലമായ ചില പരസ്യ/രഹസ്യ ട്വിസ്റ്റുകള്‍ ഉള്ളതു പോലെ കേരളവര്‍മ്മ പഴശ്ശിരാജയിലും ഏതാനും അവ്യക്തതകള്‍ ഒളിഞ്ഞും തെളിഞ്ഞുമിരിപ്പുണ്ട്. ഗാന്ധിജിയുടെ നേതൃത്വ ഗുണങ്ങളെയും മാഹാത്മ്യത്തെയും കണ്ടെത്തുകയും അംഗീകരിക്കുകയും വാഴ്ത്തുകയും ചെയ്ത വെള്ളക്കാരുടെ മഹാമനസ്കത ഉയര്‍ത്തിക്കാട്ടുന്നതിനാണ് റിച്ചാര്‍ഡ് അറ്റന്‍ബറോ തന്റെ സിനിമയില്‍ കാര്യമായി പ്രയത്നിക്കുന്നതെന്ന് പ്രശസ്ത ചലച്ചിത്ര ചിന്തകനായ രവീന്ദ്രന്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട് (സിനിമയുടെ രാഷ്ട്രീയം/ബോധി-1990 എന്ന പുസ്തകത്തിലെ ഗാന്ധി - അഥവാ സാമ്രാജ്യത്വത്തിന്റെ മഹാമനസ്കത എന്ന ലേഖനം കാണുക). കാലാപാനിയിലെ നായകനും പ്രതിനായകനും ഓരോ ബ്രിട്ടീഷ് അപരസ്വത്വങ്ങളെ പ്രത്യേകം സൃഷ്ടിച്ചെടുത്താണ് കൊളോണിയല്‍ ദാസ്യമനോഭാവം പ്രകടമാക്കിയത്. (സിനിമയും മലയാളിയുടെ ജീവിതവും/എന്‍ ബി എസ്-1998 എന്ന പുസ്തകത്തിലെ വൃഥാ സാഹസങ്ങള്‍ എന്ന ലേഖനം കാണുക). ഭാര്യയെ അവളുടെ വീടായ കൈതേരിയില്‍ താമസിപ്പിച്ച് ഒളിപ്പോരിനായി വയനാട്ടിലേക്ക് പോകുന്ന പഴശ്ശിരാജ, ബ്രിട്ടീഷുകാര്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറില്ല എന്നത് തനിക്കുറപ്പാണ് എന്നു പറയുന്നുണ്ട്. അതില്‍ നിന്ന് വ്യക്തമാകുന്നത്, ഇന്ത്യക്കാരായ മറ്റു ശത്രുക്കളില്‍ നിന്ന് അത്തരം മാന്യത പ്രതീക്ഷിക്കേണ്ട എന്നുമാണ്. ഇന്ത്യക്കാര്‍ ബ്രിട്ടീഷുകാരെ അപേക്ഷിച്ച് സംസ്കാരശൂന്യരാണ് എന്ന കൊളോണിയല്‍ ദാസ്യമനോഭാവം നായകകഥാപാത്രത്തിന്റെ സംഭാഷണത്തിലൂടെ പുറത്തുവരുകയാണിവിടെ. ചിത്രത്തിന്റെ അന്ത്യരംഗത്തില്‍ കൊലപ്പെടുത്തിയതിനു ശേഷം പഴശ്ശിരാജയുടെ മൃതദേഹത്തെ രാജാവിനു ചേര്‍ന്ന അന്തസ്സോടെ അഭിവാദ്യം ചെയ്ത് സംസ്ക്കരിക്കുന്നതിനായി കൊണ്ടുപോകുന്ന ദൃശ്യമാണുള്ളത്. അക്കാര്യത്തിലും ബ്രിട്ടീഷുകാര്‍ സംസ്കാര സമ്പന്നതയോടെ പെരുമാറി എന്നു വ്യക്തമാക്കാനുള്ള ഉദ്യമം വ്യക്തമാണ്. പഴശ്ശിരാജായുടെ മൃതശരീരം ഞാന്‍ സഞ്ചരിച്ച പല്ലക്കിലേക്ക് മാറ്റി എന്നും അടുത്ത ദിവസം പഴശ്ശിരാജയുടെ മൃതദേഹം, ശക്തമായ പട്ടാളക്കാവലോടെ മാനന്തവാടിക്കയച്ചു. മൃതശരീരത്തോടൊപ്പം അയച്ച ശിരസ്തദാര്‍ക്ക്, എല്ലാ ബ്രാഹ്മണരേയും വിളിച്ചു വരുത്തി ശവസംസ്ക്കാരം പാരമ്പര്യവിധിപ്രകാരം നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇങ്ങനെ ഒരു ബഹുമതിക്ക്, ഒരു പ്രഖ്യാപിത ലഹളത്തലവനാണെന്നിരിക്കിലും, രാജ്യത്തിലെ യഥാര്‍ത്ഥ നാടുവാഴികളില്‍ ഒരാളെന്ന നിലക്ക് അദ്ദേഹം സര്‍വ്വഥാ അര്‍ഹനാണെന്ന് എനിക്കു തോന്നി എന്നും, അന്നത്തെ അസിസ്റ്റന്റ് കലക്ടറായിരുന്ന ടി എച്ച് ബാബര്‍ 1805 ഡിസംബര്‍ 31-ാം തിയതി മലബാര്‍ പ്രവിശ്യയുടെ പ്രിന്‍സിപ്പല്‍ കലക്ടര്‍ക്ക് എഴുതിയ ദീര്‍ഘമായ കത്തില്‍ രേഖപ്പെടുത്തിയതിനെയാണ് (മലബാര്‍ മാന്വല്‍ - വില്യം ലോഗന്‍/വിവര്‍ത്തനം ടി വി കൃഷ്ണന്‍ - പേജ് 352/മാതൃഭൂമി ബുക്സ് 2007) തിരക്കഥാകൃത്ത് അവലംബിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. കൊല്ലപ്പെട്ട പഴശ്ശിരാജായുടെ മൃതദേഹം ഗാംഭീര്യത്തോടെ മുഖമുയര്‍ത്തി വെച്ച് പല്ലക്കില്‍ കൊണ്ടു പോകുന്ന അവസാന ദൃശ്യം താരനായകന്റെ മരണം എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ആരാധകരെ സമാശ്വസിപ്പിക്കുന്നതിന് കൂടി ഉതകുന്ന തരത്തില്‍ സമര്‍ത്ഥമായി വിഭാവനം ചെയ്ത ഒന്നാണെന്നതും എടുത്തു പറയണം.

പഴശ്ശിയെ കൊലപ്പെടുത്തിയതാണോ അതോ അദ്ദേഹം തോല്‍വി മനസ്സിലാക്കിയപ്പോള്‍ ആത്മഹത്യ ചെയ്തതാണോ എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കെ; ബ്രിട്ടീഷ് കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളതു പോലെ അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചതായി ചിത്രീകരിച്ചിരിക്കുകയാണ് സിനിമയില്‍. ബ്രിട്ടീഷുകാരുടെ കൈ കൊണ്ട് മരിക്കുന്നത് അപമാനമായി കരുതി അദ്ദേഹം തന്റെ വിരലിലെ വജ്രമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തുവെന്ന് ഐതിഹ്യസമാനമായ കഥകളില്‍ പ്രചരിച്ചു വരുന്നുമുണ്ട്. അദ്ദേഹത്തിന്റെ പടനായകനായിരുന്ന എടച്ചേന കുങ്കന്‍ (ശരത് കുമാര്‍) ഇപ്രകാരം ബ്രിട്ടീഷ് പട്ടാളത്താല്‍ വളയപ്പെട്ടപ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്ന കഠാര വയറ്റിലേക്ക് കുത്തിയിറക്കി ആത്മഹത്യ ചെയ്യുന്നത് സിനിമയില്‍ വിശദമാക്കിയിട്ടുമുണ്ടല്ലോ! ചരിത്രയാഥാര്‍ത്ഥ്യവും അതിനെ തുടര്‍ന്ന് കെട്ടിയുണ്ടാക്കി പ്രചരിപ്പിക്കപ്പെട്ട നാടോടിക്കഥകളുമാണ് പഴശ്ശിരാജായെ സംബന്ധിച്ച് കേരളത്തില്‍ നിലനിന്നു പോരുന്നത്. ഈ നാടോടിക്കഥകളിലെ വീരാപദാനങ്ങളെക്കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ആധുനിക നാടോടിക്കഥാഖ്യാനരൂപമായ ചലച്ചിത്രത്തിനും ഇഷ്ടവിഷയമായി പഴശ്ശിരാജായുടെ കഥ മാറുന്നത്. അങ്ങനെയായിരിക്കെ, അദ്ദേഹത്തിന്റെ മരണം ആത്മഹത്യയല്ല, ബ്രിട്ടീഷുകാരുടെ കൊല തന്നെയാണെന്ന് ഉറപ്പിക്കുന്നതിലൂടെ തിരക്കഥാകൃത്ത് വിനിമയം ചെയ്യുന്ന സന്ദേശമെന്താണെന്നത് അപനിര്‍മ്മിച്ചെടുക്കേണ്ട ഒന്നാണ്. പ്രത്യേകിച്ചും, ചന്തുവിനെ സംബന്ധിച്ച സാമാന്യവിശ്വാസത്തെ തകിടം മറിച്ച വ്യാഖ്യാനം വിശദമാക്കിയ ഒരു വടക്കന്‍ വീരഗാഥയുടെ സ്രഷ്ടാക്കളാണ് കേരളവര്‍മ്മ പഴശ്ശിരാജയുടേതും എന്ന ഓര്‍മ്മപ്പെടുത്തല്‍ സജീവമായിരിക്കെ.

നായക/പ്രതിനായക കഥാപാത്രങ്ങളെ സന്ദിഗ്ദ്ധതകള്‍ക്കൊന്നും ഇടം കൊടുക്കാതെ നന്മ/തിന്മ എന്ന വെള്ളം കടക്കാത്ത അറകളില്‍ സ്ഥിരീകരിക്കുന്ന മുഖ്യധാരാ സിനിമയുടെ നിര്‍വഹണരീതി മുച്ചൂടും പിന്തുടരുന്ന കേരളവര്‍മ്മ പഴശ്ശിരാജയില്‍ പക്ഷെ, തിന്മയുടെയും പ്രതിനായകത്വത്തിന്റെയും പക്ഷത്തുള്ള ബ്രിട്ടീഷുകാരില്‍ ഒരാളെ മാനുഷികതയുടെ വക്താവായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു വേണ്ടി ധാരാളം സമയം ചെലവഴിക്കുന്നുണ്ട്. അസിസ്റ്റന്റ് കലക്ടര്‍ ബാബരുടെ പ്രതിശ്രുത വധുവായെത്തുന്ന ഡോറ(ലിന്റ ആര്‍സെനിയോ)യെയാണിത്തരത്തില്‍ മനുഷ്യനന്മയുടെ വറ്റാത്ത ഉറവിടമായി മഹത്വവത്ക്കരിക്കുന്നത്. ഗാന്ധിയിലും കാലാപാനിയിലും ഇതേ പോലെ താരതമ്യേന നിസ്സാരരായ ബ്രിട്ടീഷ് കഥാപാത്രങ്ങളെ അമിതമായി മഹത്വവത്ക്കരിക്കുന്ന പ്രവണത ഉണ്ടായിരുന്നു.

സ്ത്രീ ശരീരപ്രദര്‍ശനത്തിലൂടെയും വിവാദങ്ങളെ ഭയന്നുള്ള ഒത്തുതീര്‍പ്പ്/വിധേയത്വ മനോഭാവത്തോടെയും രൂപീകരിച്ചെടുക്കുന്ന ജനപ്രിയത എന്ന പ്രതിഭാസത്തെ ഗുണപരമായ കാര്യങ്ങള്‍ക്കു വേണ്ടിയും വിനിയോഗിച്ചു എന്നതിലാണ് കേരളവര്‍മ്മ പഴശ്ശിരാജയുടെ മേന്മ നിലക്കൊള്ളുന്നത്. പഴശ്ശിരാജയെ മാപ്പിളവിരുദ്ധനായ ഒരു ഹിന്ദു രാജാവായും പോരാളിയായും ചരിത്രത്തില്‍ സ്ഥാനപ്പെടുത്താനുള്ള ഹിന്ദു വര്‍ഗീയ വാദികളുടെ ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത് ഭിന്നിപ്പിച്ചു ഭരിക്കുക, വര്‍ഗീയ വാദികളെ കൂട്ടാളികളാക്കി സാമ്രാജ്യത്വ വിരുദ്ധ സമരത്തെ തുരങ്കം വെക്കുക എന്നീ തന്ത്രങ്ങള്‍ പ്രയോഗിച്ച ബ്രിട്ടീഷുകാര്‍ തന്നെയാണ്. പഴശ്ശിരാജയെ സംബന്ധിച്ചുള്ള ബ്രിട്ടീഷ് ഔദ്യോഗിക ചരിത്രരചനയിലെ ഒരു പരാമര്‍ശം നോക്കുക:

1793 സെപ്തംബറില്‍ കൂടാളിയിലെ മാപ്പിളമാര്‍ ഒരു പള്ളി പുതുതായി പണിയാനോ പുതുക്കി പണിയാനോ പഴശ്ശിരാജയോട് അനുവാദം ചോദിച്ചു. തിരുമുല്‍ക്കാഴ്ച വെച്ചാല്‍ അതിനു സമ്മതിക്കാമെന്നായിരുന്നു രാജാവിന്റെ മറുപടി. കാഴ്ചപ്പണം കെട്ടാതെ മാപ്പിളമാര്‍ പള്ളി കെട്ടാന്‍ തുടങ്ങിയതറിഞ്ഞ്, മാപ്പിളത്തലവനെ (താലിബ് കുട്ടി അലി) തന്റെ മുമ്പാകെ ഹാജരാക്കാന്‍ കല്ല്യാടന്‍ ഏമാനനെ അഞ്ചു സായുധ ഭടന്മാരോടൊപ്പം പഴശ്ശിരാജ നിയോഗിച്ചയച്ചു. മാപ്പിളത്തലവന്‍ ഒഴിഞ്ഞു മാറാന്‍ നോക്കി. ഏമാനു അകമ്പടി സേവിച്ച ഭടന്മാരില്‍ ഒരാള്‍ മാപ്പിള തലവനെ കടന്നു പിടിച്ചു. ഇതോടെ കുട്ടിയാലി (തലവന്‍) തന്റെ വാള്‍ ഉറയില്‍ നിന്ന് വലിച്ചൂരി കല്ല്യാടന്‍ ഏമാനെ കൊല ചെയ്തു. കൊലയാളിയെ മറ്റു ഭടന്മാരും കൊന്നു. വിവരം അറിഞ്ഞ മാത്രയില്‍ ഒരു സായുധ സംഘത്തെ പഴശ്ശിരാജ കൂടാളിയിലെ മുഴുവന്‍ മാപ്പിളമാരെയും കൊന്നു കളയണമെന്ന നിര്‍ദ്ദേശത്തോടെ, പറഞ്ഞയച്ചു. സംഘം സംഭവസ്ഥലത്തേക്കു കുതിച്ച് ആറു മാപ്പിളമാരെ വധിച്ചു. (മലബാര്‍ മാന്വല്‍ - വില്യം ലോഗന്‍/വിവര്‍ത്തനം ടി വി കൃഷ്ണന്‍ - പേജ് 322,323/മാതൃഭൂമി ബുക്സ് 2007)

ഇത്തരം പരാമര്‍ശങ്ങളുടെ ശരിതെറ്റുകളിലേക്ക് കാര്യമായി പ്രവേശിച്ച് വിവാദങ്ങളുണ്ടാക്കാനോ പഴശ്ശിരാജയെ മുസ്ളിം വിരുദ്ധനാക്കാനോ തിരക്കഥാകൃത്തും സംവിധായകനും തുനിഞ്ഞിട്ടില്ല എന്നതാശ്വാസകരമാണ്. ഈ ആശ്വാസം അനുവദിക്കില്ല എന്ന ഭീഷണിയോടെയാണോ എന്നറിയില്ല, ഹിന്ദു തീവ്രവാദാശയക്കാര്‍ ഒരു ഘട്ടത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയുമുണ്ടായി. തൊപ്പിയോ വാളോ എന്ന കുപ്രസിദ്ധമായ ആഹ്വാനത്തോടെ മലബാര്‍ പിടിച്ചടക്കാന്‍ പടയോട്ടം നടത്തിയ മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്‍ വ്യാപകമായ മതപരിവര്‍ത്തനങ്ങളും കൊള്ളയും ക്ഷേത്രധ്വംസനങ്ങളും നടത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മലബാറില്‍ 'മൈസൂരിലെ സിംഹം' നടത്തിയത് കുത്തിക്കവര്‍ച്ചകളുടെ ഒരു തേര്‍വാഴ്ച തന്നെയായിരുന്നു. കേരളവര്‍മ്മ പഴശ്ശിരാജയടക്കമുള്ള വീരരായ ഹിന്ദു രാജാക്കന്മാരുടെയും പടയാളികളുടെയും സഹായത്തോടെയാണ് ഈസ്റ്റ് ഇന്ത്യാക്കമ്പനി ടിപ്പുവിനെ മലബാറില്‍ നിന്ന് തുരത്തിയോടിച്ചത്.(പഴശ്ശിരാജ-മൂല്യമില്ലാത്ത ജീവനുകള്‍, വിലനിര്‍ണയിക്കാനാവാത്ത സ്വാതന്ത്ര്യം എന്ന പേരില്‍ രാം വി എഴുതിയ നിരൂപണത്തില്‍ നിന്ന്/പാഷന്‍ ഫോര്‍ സിനിമ.കോം, ഒക്ടോബര്‍ 17,2009 )എന്ന തരത്തില്‍ പൊതുബോധത്തില്‍ ടിപ്പുവിനെതിരായ ബ്രിട്ടീഷുകാരുടെയും പഴശ്ശിയുടെയും ഐക്യമുന്നണിയെ സംബന്ധിച്ച ധാരണ നിലനില്‍ക്കുമ്പോഴാണ് ഇതേ നിരൂപകന്റെ വിശേഷണം കടം കൊണ്ടാല്‍ 'സുരക്ഷിതമാം വിധം സെക്കുലറാ'യ തരത്തില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ തിരക്കഥാകൃത്തിനും സംവിധായകനും സാധിച്ചത് എന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്.

ഒരിക്കല്‍ ബ്രിട്ടീഷ് കമ്പനിക്കുവേണ്ടി ടിപ്പുവിനോട് യുദ്ധം ചെയ്ത പഴശ്ശിരാജ പിന്നീട് ബ്രിട്ടീഷ് പട്ടാളത്തിന്റെ വേട്ടക്കു വിധേയനായപ്പോള്‍, ടിപ്പുവുമായി സന്ധിയിലേര്‍പ്പെടുകയും മൈസൂരില്‍ വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ കൂടിക്കാഴ്ചയുടെ ഐതിഹാസികമാനം ദൃശ്യവത്ക്കരിക്കാന്‍ സിനിമ തുനിയാത്തത് ദുരൂഹമാണ്. എന്നാല്‍, കവര്‍ച്ചക്കാരെന്ന് ബ്രിട്ടീഷുകാരാല്‍ വിശേഷിപ്പിക്കപ്പെട്ട് തടവിനും സ്വത്ത് കണ്ടെടുക്കലിനും വിധേയനായ ഉണ്ണിമൂത്ത മൂപ്പന്‍(ക്യാപ്റ്റന്‍ രാജു), അത്തന്‍ ഗുരുക്കള്‍ (മാമുക്കോയ) എന്നിവരുടെ സഹകരണം തേടുന്നതിന്റെ വിശദാംശങ്ങള്‍ ചിത്രീകരിച്ചിട്ടുമുണ്ട്. അത്രയും നല്ലത്. ആദിവാസി വിഭാഗമായ കുറിച്യപ്പോരാളികളെ തികഞ്ഞ ഗാംഭീര്യത്തോടെ കഥാപാത്രവത്ക്കരിച്ചതും പ്രശംസനീയമാണ്. സാധാരണ സിനിമകളില്‍ കാബറെ നൃത്തത്തിനു പകരം നഗ്നതാപ്രദര്‍ശനത്തിനായി ചേര്‍ക്കാറുള്ള 'കാട്ടുജാതി'ക്കാര്‍ക്കു പകരം വീറും പോരാളിത്തവും ബുദ്ധിയും വിവേകവുമുള്ള മനുഷ്യരായി ആദിവാസികളെ അവതരിപ്പിച്ചത് എം ടി യുടെ വിശാലവും മനുഷ്യസ്നേഹപരവുമായ സാമൂഹികബോധത്തിന്റെ നിദര്‍ശനമാണ്. ഒരു പക്ഷെ, മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദിവാസികഥാപാത്രങ്ങള്‍ക്ക് തികഞ്ഞ പ്രാധാന്യവും പ്രസക്തിയും നല്‍കിയതിന്റെ പേരിലായിരിക്കും കേരളവര്‍മ്മ പഴശ്ശിരാജ സ്ഥാനം പിടിക്കാന്‍ പോകുന്നത്.

*
ജി. പി. രാമചന്ദ്രന്‍
കടപ്പാട്: ദേശാഭിമാനി വാരിക, വര്‍ക്കേഴ്സ് ഫോറം

തുളുമ്പി വരാത്ത കരച്ചില്‍

കൂവാഗത്തെ ഹിജഡകളുടെ ഉത്സവത്തില്‍ പങ്കെടുക്കണമെന്ന് ജെറീനയാണ് പറഞ്ഞത്. 'ഒരു മലയാളി ഹിജഡയുടെ ആത്മകഥ' എന്ന പുസ്തകത്തോടെ പ്രസിദ്ധയായ ഹിജഡ. ഇന്ത്യയിലെ ഒട്ടുമിക്ക ഹിജഡകളും അന്നവിടെ ഉത്സവത്തിന് എത്തുമത്രേ. ഹിജഡകളെക്കുറിച്ച് പുസ്തകം എഴുതിയിട്ടും കൂവാഗംവരെ പോകാത്തതില്‍ അപാകം തോന്നിയിരുന്നു. ഇക്കാര്യം സുഹൃത്തും നിരൂപകനുമായ കെ പി രമേഷിനോട് സൂചിപ്പിച്ചപ്പോള്‍ രണ്ടുദിവസം കഴിഞ്ഞ് എന്നെ വിളിച്ച് പാലക്കാട്ടുനിന്ന് വില്ലുപുര (വിഴുപുരമെന്നും പറയും)ത്തേക്കും തിരിച്ച് ചെങ്കല്‍പേട്ടനിന്ന് പാലക്കാട്ടേക്കും ടിക്കറ്റ് റിസര്‍വ് ചെയ്തെന്നു പറഞ്ഞു.

കോയമ്പത്തൂര്‍ വിട്ട് ഏറെക്കഴിയുംമുമ്പേ കൂവാഗത്തേക്കു പോകുന്ന ഹിജഡകള്‍ ഓരോരോ സ്റേഷനില്‍നിന്നായി കയറിത്തുടങ്ങി. ഒത്തുചേരലിന്റെ ആഹ്ളാദത്തില്‍ തമാശപൊട്ടിച്ചും പാട്ടുപാടിയും. മിക്കവരും സാരിയിലും ബ്ളൌസിലുമാണ്. കുറച്ചുപേര്‍ ചുരിദാറിലും. ഇത്രയും സ്ത്രൈണമായ രൂപങ്ങളില്‍നിന്ന് കര്‍ണകഠോരമായ ശബ്ദം പുറപ്പെട്ടപ്പോള്‍ കുട്ടികള്‍ ഭയത്തോടും മുതിര്‍ന്നവര്‍ കൌതുകത്തോടും അവരുടെ ചേഷ്ടകള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പുലര്‍ച്ചെ മൂന്നോടെയാണ് ട്രെയിന്‍ വിഴുപുരത്തെത്തിയത്. ഇടത്തരം സ്റ്റേഷന്‍. ഞങ്ങളെത്തുമ്പോള്‍ അവിടം മങ്ങിയ ഇരുളിലാണ്. സിമന്റ് ബെഞ്ചുകളില്‍ മയങ്ങുന്ന കുറച്ചുപേര്‍. പുലര്‍കാല യാത്രികരും യാചകരും അവര്‍ക്കിടയില്‍. റോന്തുചുറ്റുന്ന രണ്ടുമൂന്ന് പൊലീസുകാരും ഏതാനും ചാവാലിപ്പട്ടികളുമായിരുന്നു ഉണര്‍ന്നിരിക്കുന്ന ജീവികള്‍.

യാത്ര ഒഴിവാക്കേണ്ടിവന്ന ജെറീന വിഴുപുരത്തെത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞുതന്നിരുന്നു. അതിലൊന്ന് കൂടുതല്‍ ഹിജഡകള്‍ തമ്പടിക്കുന്ന സെന്‍ട്രല്‍ ലോഡ്ജില്‍ താമസിക്കണം എന്നതായിരുന്നു. ശ്രീദേവി എന്ന ഹിജഡയുടെ കാമുകന്‍ മന്‍സൂര്‍ അലിഖാന്റേതാണ് ലോഡ്ജ്. എം വിനീഷ് സംവിധാനംചെയ്ത ഹിജഡകളെക്കുറിച്ചുള്ള 'ജെല്‍സ' ഡോക്യുമെന്ററിയുടെ ആദ്യപ്രദര്‍ശനത്തിന് കോഴിക്കോട്ടു വന്ന ശ്രീദേവിയെ പരിചയപ്പെട്ടിരുന്നു. സുന്ദരിയായ ശ്രീദേവി ജ്വല്ലറി മോഡലായി പ്രത്യക്ഷപ്പെട്ടതിനു ലഭിച്ച പ്രതിഫലം ഒന്നരലക്ഷം രൂപ പാവങ്ങളുടെ ക്ഷേമത്തിനു പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് സംഭാവന നല്‍കിയ ഹിജഡയാണ്. വിഴുപുരം റോഡിന്റെ ഇരുവശത്തും മൂന്നും നാലും നിലകളുള്ള കെട്ടിടങ്ങള്‍. ലോഡ്ജ് എന്നെഴുതിയ ബോര്‍ഡ് കാണുന്നിടത്തെല്ലാം കയറി. എവിടെയും ഒഴിവില്ല.

'പ്രഭു' ലോഡ്ജില്‍ മുറി കണ്ടെത്തുമ്പോള്‍ നാലുമണി കഴിഞ്ഞിരുന്നു. അതിന്റെ മുന്നിലെ അഞ്ചുനിലയുള്ള ലോഡ്ജിന്റെ ലോണില്‍ ഹിജഡകള്‍ കൂട്ടംകൂടി നില്‍ക്കുന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും എത്തുന്ന ആവശ്യക്കാരെയുംകൊണ്ട് ഇരുളിന്റെ ഇടംതേടി പോകുന്നതും കാണാം. മിക്കവരും മദ്യത്തിന്റെ വീര്യത്തില്‍ ഒച്ചവച്ചു സംസാരിക്കുകയാണ്. ചിലര്‍ റോഡിലിറങ്ങി നില്‍ക്കുന്നു. കൂവാഗത്തെ ഉത്സവത്തിനുമുമ്പേ അറവാണികള്‍ എത്തുമെന്നറിഞ്ഞ് ബസ്‌സ്റ്റാന്‍ഡിലും പരിസരത്തും ദല്ലാളുകള്‍ കറങ്ങുന്നുണ്ട്.

ആഘോഷം ആരംഭിക്കാന്‍ വൈകിട്ട് ആറുമണിയാകും. അതുവരെ എങ്ങനെ സമയം ചെലവഴിക്കാം എന്നതായിരുന്നു പ്രശ്നം. പോണ്ടിച്ചേരിയിലെ അരവിന്ദാശ്രമത്തില്‍ പോകാമെന്ന നിര്‍ദേശംവച്ചത് രമേഷാണ്. വിഴുപുരത്തുനിന്ന് ഒരുമണിക്കൂറേയുള്ളു അവിടേക്ക്. ബസ് കയറി ആശ്രമത്തിലും ബീച്ചിലും ടൌണിലുമൊക്കെ കറങ്ങി. തിരിച്ച് മുറിയിലെത്തി സെന്‍ട്രല്‍ ലോഡ്ജ് തേടിയിറങ്ങി. റിസപ്ഷനില്‍ ഉടമ മന്‍സൂറിനെ അന്വേഷിച്ചു. അവിടെ സംസാരിച്ചുനിന്ന 25 വയസ്സ് തോന്നിച്ച സുന്ദരന്‍ പറഞ്ഞു: 'നാന്‍ താന്‍ മന്‍സൂര്‍, എന്ന വേണം സൊല്ലുങ്കെ'. കുറച്ചുകൂടി പ്രായമുള്ള ഒരാളെയാണു പ്രതീക്ഷിച്ചത്. ശ്രീദേവിയുടെയും ജെറീനയുടെയും സുഹൃത്തുക്കളാണെന്നു’പറഞ്ഞപ്പോള്‍ അയാള്‍ക്ക് സന്തോഷം.

ബാംഗ്ളൂരില്‍ സെക്സ്‌വര്‍ക്ക് ചെയ്യുന്ന സേലത്തുകാരി മന്ത്ര എത്തിയിട്ടുണ്ടോ എന്നറിയാനായിരുന്നു താല്‍പ്പര്യം. തമ്പാക്കിന്റെയും ചാര്‍ സൌ ബീസിന്റെയും ഗന്ധം തങ്ങിനില്‍ക്കുന്ന, അസ്വസ്ഥത ഉണര്‍ത്തുന്ന അന്തരീക്ഷത്തിലൂടെ ഞങ്ങള്‍ ഒഴുകി.

മന്ത്രയുടെ മുറിയുടെ ബെല്ലമര്‍ത്തി. ആറടിയോളം ഉയരവും വേണ്ടതില്‍ കവിഞ്ഞ തടിയുമുള്ള ഭീമാകാരമായ രൂപം വാതില്‍ തുറന്നു. ‘"യാരത്?''

"മന്ത്ര ഇരിക്കാങ്കളാ'' ഞാന്‍ ചോദിച്ചു.

"ഇല്ലൈ, ഒറു ണിമിസ(നിമിഷം)ത്തുക്കുള്ളെ വന്തിടുവാങ്കെ. ഉള്ള വാങ്കെ''. അവര്‍ അകത്തേക്കു ക്ഷണിക്കുകയാണ്.

താഴെ കാത്തുനിന്നോളാം എന്നു പറഞ്ഞ് കോണിയിറങ്ങുമ്പോഴേക്കും എവിടെയോ പോയി മടങ്ങുകയായിരുന്ന മന്ത്ര ലോഡ്ജ് വരാന്തയിലെത്തിയിരുന്നു. ഞാന്‍ ഓര്‍മ പുതുക്കി. മന്ത്ര സുന്ദരിയും നല്ല പെരുമാറ്റക്കാരിയുമാണ്. രാത്രി സൌന്ദര്യമത്സരം നടക്കുന്ന ഹാളില്‍ കാണാമെന്നും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും പറഞ്ഞപ്പോള്‍ വിജയാശംസ നേര്‍ന്ന് ഞങ്ങള്‍ മടങ്ങി. അവിടെ അപ്പോള്‍ ഹിജഡകളുടെ ഘോഷയാത്ര ആരംഭിച്ചിരുന്നു. ടാബ്ളോകളും ഡപ്പാങ്കൂത്തും പുലികളിയും അകമ്പടിയുള്ള അത് അവിസ്മരണീയമായിരുന്നു.

രാത്രി ആഞ്ജനേയ മാര്യേജ് ഹാളിലെ സാംസ്കാരികസദസ്സിന്റെ വേദിയില്‍ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും. പ്രസംഗിക്കാന്‍ ഹിജഡകളുടെ പ്രതിനിധികളും. ഇരിപ്പിടം കിട്ടാതെ നൂറുകണക്കിന് ആളുകള്‍ വശങ്ങളില്‍. ഹാളില്‍ കയറാന്‍ കഴിയാതെ പുറത്ത് കൂടിനില്‍ക്കുന്നവരുടെ എണ്ണവും അസംഖ്യം. ചാനല്‍ ഫ്ളാഷുകള്‍ മിന്നിമറഞ്ഞു. ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടത്തില്‍ സുഹൃത്ത് അഭിജിത്തിനെയും കണ്ടു. കോഴിക്കോട്ട് ഹിജഡകളുടെ ഫോട്ടോ പ്രദര്‍ശനം (ഹിജ്റ) നടത്തിയിട്ടുണ്ട് അവന്‍. മലയാളികളെ അപേക്ഷിച്ച് ഹിജഡകളോട് കാരുണ്യപൂര്‍വമായ മനോഭാവമാണ് തമിഴ്ജനത പുലര്‍ത്തുന്നത്. അവര്‍ക്കായി തമിഴ്നാട് നിയമസഭ അനുവദിച്ച പല അവകാശങ്ങളും മന്ത്രി പ്രഖ്യാപിച്ചു. പുരുഷന്‍, സ്ത്രീ എന്നിവയ്ക്കു പുറമെ എല്ലാ അപേക്ഷകളിലും ട്രാന്‍സ്ജെന്‍ഡര്‍ എന്നൊരു കോളവും ഉണ്ടാവും. റേഷന്‍കാര്‍ഡിനും മറ്റും ഹിജഡകള്‍ക്കും അപേക്ഷിക്കാം. അവരെ 'അറുവാണി' എന്നു വിളിക്കാന്‍ പാടില്ല. പകരം 'തിരുനങ്കൈ' (ശ്രീമതി).

തീരുമാനം കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. പ്രസംഗശേഷം നപുംസക കലാകാരന്മാരുടെ പാട്ടും ഡാന്‍സും. പിന്നീട് സൌന്ദര്യമത്സരം. കാഷ്വല്‍, ഒഫീഷ്യല്‍, എഥനിക് വേഷങ്ങളെല്ലാം 'ക്യാറ്റ്വാക്കി'ലുണ്ടായിരുന്നു. പ്രതീക്ഷിച്ചപോലെ സേലം സുന്ദരി മന്ത്ര 'മിസ് കൂവാഗം 2008' ആയി തെരഞ്ഞെടുക്കപ്പെട്ടു.

രാത്രി വൈകിയാണ് ഞങ്ങള്‍ തിരിച്ചത്. റോഡിലും ഫുട്പാത്തിലും ബസ്സ്റാന്‍ഡിലും ഇരുള്‍മൂലകളിലും എല്ലാം ഹിജഡകള്‍. വഴിയില്‍ കുറച്ചുപേരെ പരിചയപ്പെട്ടു. ഡല്‍ഹിയില്‍ താമസിക്കുന്ന മലയാളിയായ പ്രേമ അവരിലൊരാള്‍. നാട്ടില്‍ ജീവിക്കാന്‍ കഴിയാത്തതിനാല്‍ വണ്ടികയറിയതാണ്. സെക്സും ബതായി (വിവാഹം, ഗൃഹപ്രവേശം, ഉദ്ഘാടനം, തറക്കല്ലിടല്‍, ജനനം തുടങ്ങിയ കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹിച്ച് ദക്ഷിണ വാങ്ങുന്ന ചടങ്ങ്)യും മാത്രമാണ് ജീവിതമാര്‍ഗം..

ഹിജഡകളുടെ മംഗല്യരാത്രി

ചിത്രാ പൌര്‍ണമി. ഹിജഡകളുടെ മംഗല്യരാത്രി. കൂവാഗത്തെ കൂത്താണ്ടവര്‍ കോവിലിലാണത്. വിഴുപുരത്തുനിന്ന് അരമണിക്കൂര്‍ ബസ് യാത്ര. ഓട്ടോയ്ക്ക് 300 രൂപ. വയലും കരിമ്പിന്‍തോട്ടങ്ങളും പുളിയും വേപ്പും മുള്‍മരങ്ങളും നിറഞ്ഞ ഉള്‍നാടന്‍ ഗ്രാമമാണ് കൂവാഗം. ഇരാവാനാ (കൂത്താണ്ടവര്‍ എന്നാണ് വിളിക്കുന്നത്)ണ് പ്രതിഷ്ഠ. അര്‍ജുനന് ഉലൂപി എന്ന നാഗസുന്ദരിയില്‍ ഉണ്ടായ പുത്രന്‍. പാണ്ഡവവിജയത്തിന് ഇരാവാനെ ബലികൊടുത്തു എന്ന് ഐതിഹ്യം. കൊല്ലപ്പെടുന്നതിന് തലേദിവസം അവസാന ആഗ്രഹം പറഞ്ഞു. ഒരുദിവസമെങ്കിലും ദാമ്പത്യജീവിതം നയിക്കണം. ഒരൊറ്റ ദിവസംകൊണ്ട് വിധവയാകാന്‍ ആരും തയ്യാറാകാത്തതിനാല്‍ വധുവിനെ കിട്ടിയില്ല. ഒടുവില്‍ ശ്രീകൃഷ്ണന്‍ മോഹിനിരൂപമെടുത്തെത്തി. ചിത്രാപൌര്‍ണമി നാളിലായിരുന്നു മാംഗല്യം. പിറ്റേദിവസം കൊല്ലപ്പെട്ടു. ഓരോ ഹിജഡയും തങ്ങള്‍ ഇരാവ വധുവാണെന്നു സങ്കല്‍പ്പിച്ച് മോഹിനിവേഷത്തില്‍ ക്ഷേത്രത്തിലെത്തുന്നു. ഇരാവാന്‍ തമിഴില്‍ അറവാന്‍. ഭാര്യ അറവാണിയും. പലതരം വേഷങ്ങള്‍ ധരിച്ചുവരുന്ന ഹിജഡകള്‍ സാരിയുടുത്ത് പൊട്ടുതൊട്ട് വര്‍ണവളകളണിഞ്ഞ് 'വധു'ക്കളായി ഇറങ്ങുന്നതു കാണാം. അറവാണികള്‍ക്ക് താലികെട്ടുന്നത് ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍. ആ രാത്രി ഹിജഡയോടൊപ്പം കഴിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും താലികെട്ടാം. മഞ്ഞക്കയറില്‍ കൊരുത്ത താലിയാണ്. സാമ്പത്തികസ്ഥിതിയനുസരിച്ച് ഉണക്കമഞ്ഞള്‍ (മഞ്ചക്കൊമ്പ്), വെള്ളി (വെള്ളിത്താലി), സ്വര്‍ണം തുടങ്ങിയവകൊണ്ട് ഉണ്ടാക്കിയവയും.

താലികെട്ടാന്‍ നീണ്ട ക്യൂ. പാതിരാത്രിയില്‍ താലികെട്ടുന്നതാണ് ഉത്തമം. ചിത്രാപൌര്‍ണമി സന്ധ്യമുതല്‍ ആദ്യരാത്രി അരങ്ങേറും. തമ്പാക്കും മദ്യവും വിഴുങ്ങി മദോന്മത്തരായി. ക്ഷേത്രത്തിനു മുന്നിലെ ആളിക്കത്തുന്ന കര്‍പ്പൂരവെളിച്ചത്തില്‍ തൊട്ടടുത്ത വയലേലകളും മരച്ചുവടുകളും കിടപ്പറയാകും. സൂര്യനുദിക്കുംവരെ നീളുന്ന ആദ്യരാത്രി! പിറ്റേദിവസം ഉച്ചവരെ മാത്രമേ ആഘോഷമുള്ളു. പിന്നെ കരച്ചിലിനുവേണ്ടി. (അന്ന് കൂത്താണ്ടവര്‍ കൊല്ലപ്പെടുകയാണല്ലോ). അത് വൈധവ്യത്തിന്റെ രോദനം. കരയാന്‍ ക്ഷേത്രത്തില്‍നിന്ന് അല്‍പ്പം അകലെ 'അളുവ്കൊള' (കരച്ചിലിന്റെ ഇടം)ത്തിലെത്തിയ ഹിജഡകളുടെ താലി മുഖ്യപുരോഹിതന്‍ പ്രത്യേകതരം കത്തികൊണ്ട് മുറിച്ചുമാറ്റും. സ്വര്‍ണം, വെള്ളി, ഉണക്കമഞ്ഞള്‍ താലികള്‍ തട്ടില്‍ നിക്ഷേപിക്കും. അവ ദേവസ്വത്തിന്. മഞ്ഞക്കയറുകള്‍ തൊട്ടടുത്ത ചെടിയില്‍ കോര്‍ത്തുവയ്ക്കും പൂജാരി. വിധവകളായ ഹിജഡകള്‍ പൊട്ടു മായ്ച്ച്, വളകള്‍ പൊട്ടിച്ച്, നെഞ്ചത്തടിച്ചും കെട്ടിപ്പിടിച്ചും പൊട്ടിക്കരയും.

സന്ധ്യ മയങ്ങുകയാണ്. നിറങ്ങള്‍ മായുന്നു. ഇരുള്‍ പരക്കുകയാണ്. എല്ലാ ഉന്മാദങ്ങളുടെയും അഗാധതയില്‍ ലിംഗപ്രതിസന്ധി നല്‍കുന്ന ആഴമേറിയ മുറിവില്‍നിന്നുയരുന്ന ആത്മരോദനങ്ങളുടെ, ദീനവിലാപങ്ങളുടെ അലയൊലികളില്‍ വയലേലകള്‍, മുള്‍മരങ്ങള്‍, വേപ്പുകള്‍, പുളിമരങ്ങള്‍ എല്ലാം വിഷാദമൂകം..

*
വിജയന്‍ കോടഞ്ചേരി കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്, വര്‍ക്കേഴ്സ് ഫോറം

29 July, 2009

മന്ത്രവാദം ആത്മീയതയുടെ പരിവേഷത്തില്‍

മന്ത്രവാദം ആത്മീയതയുടെ പരിവേഷത്തില്‍

ജ്ഞാനം, വിജ്ഞാനം, വിവേകം, ബുദ്ധി, ബോധം, ചിന്ത, മനസ്സ് എന്നിവയെല്ലാം അന്യോന്യം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. സംവേദന ഇന്ദ്രിയങ്ങള്‍ വഴിയാണ് ശരീരത്തിന് പുറത്തുള്ള ഭൌതിക വികാസങ്ങളെപ്പറ്റിയുളള വിവരങ്ങള്‍ മസ്‌തിഷ്‌ക്കത്തിലേക്ക് കടന്നുചെല്ലുന്നത്. ഇവയൊന്നും ഇല്ലെങ്കില്‍ മസ്‌തിഷ്‌ക്കം വികസിക്കുകയില്ല; മനസ്സ് എന്നൊന്ന് ഉണ്ടാവുകയുമില്ല. മസ്‌തിഷ്‌ക്കാഘാതംവന്ന് അബോധാവസ്ഥയില്‍ കഴിയുന്ന വ്യക്തിയുടെ ബുദ്ധിയോ മനസ്സോ പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ട് എപ്പോള്‍ ഒരുവന്‍ തന്റെ എല്ലാ ഇന്ദ്രിയങ്ങളില്‍നിന്നും പിന്‍വലിയുന്നുവോ, അപ്പോള്‍ അവന്‍ സ്ഥിതപ്രജ്ഞന്‍പോയിട്ട് ജ്ഞാനിപോലും അല്ലാത്തവനാകും.

പദാര്‍ഥമാണ് എല്ലാ നിലനില്‍പ്പിനും അടിസ്ഥാനമെന്നും, മാനസികവും ആത്മീയവുമായ എല്ലാ പ്രതിഭാസങ്ങളും അതില്‍നിന്നുളവായതാണെന്നും, മസ്‌തിഷ്‌ക്കത്തിനതീതമായി മനസ്സിന് അസ്തിത്വമില്ലെന്നും ഡാര്‍വിന്‍ പരിണാമ സിദ്ധാന്തത്തില്‍ വ്യക്തമാക്കുന്നു. പദാര്‍ഥത്തിന് ഒരിക്കലും നാശം സംഭവിക്കുന്നില്ല. മാറ്റം മാത്രമാണ് ഉണ്ടാവുന്നത്. അതുകൊണ്ട് , ആത്മീയവാദികള്‍ പറയുന്നപോലെ നാശമുള്ളതും പരിണാമിയുമായ ദൃശ്യമാധ്യമം (അക്ഷരം), അതിനും ഉറവിടവും അതില്‍ പ്രവര്‍ത്തിക്കുന്നതുമായ അടിസ്ഥാന ബലം (അക്ഷരാതീതം) എന്നതാണ് പ്രപഞ്ചഘടന എന്നും അതിനെയാണ് പരമാത്മാവ് എന്ന് പറയുന്നതെന്നും അതിന്റെ അനുരണനമാണ് ജീവാത്മാവ് എന്നും, ഇന്ദ്രിയങ്ങള്‍ക്ക് ഗ്രഹിക്കാനാവില്ല, ബുദ്ധിക്ക് ഗ്രഹിക്കാനാവും എന്നും മറ്റും പറയുന്നത് ശാസ്‌ത്രത്തിന് നിരക്കാത്തതാണ്. ഒരു തരത്തില്‍ വസ്‌തുതകളെ തല കീഴായി കാണലാണ്. സങ്കീര്‍ണമായ പ്രപഞ്ചത്തെക്കുറിച്ചുള്ള സത്യാന്വേഷണമാണ് ആത്മീയത എന്നും, ശരീരത്തില്‍നിന്ന് അന്യമായ ഒരു സ്വതന്ത്ര പ്രതിഭാസമാണ് ആത്മാവ് എന്നും, അവ്യക്ത മാധ്യമമായും, അതിലെ ഊര്‍ജമായും ഒരേ സമയം ഇരിക്കുന്ന പരമാത്മാവിനെ ഇന്ദ്രിയങ്ങള്‍കൊണ്ട് അളക്കാനോ, നിരീക്ഷിക്കാനോ, പരീക്ഷിക്കാനോ കഴിയില്ല എന്നും പറയുന്നതും ശാസ്‌ത്രീയമല്ല. ആത്മാവ് ശരീരത്തില്‍ നിന്നന്യമായ ഒരു സ്വതന്ത്ര പ്രതിഭാസമാണെങ്കില്‍ അത് പദാര്‍ഥത്തിന്റെ ഉല്‍പ്പന്നമാവുന്നില്ല. അതുകൊണ്ട്തന്നെ ഊര്‍ജമല്ല. അതിന് നിലനില്‍പ്പും ഇല്ല. അതുകൊണ്ട് , ആത്മീയത എന്നത് മനുഷ്യമനസ്സിന്റെ അത്യഗാധതയിലേക്കും സൂക്ഷ്മതയിലേക്കും ഇറങ്ങിച്ചെന്നാലും കണ്ടെത്താന്‍ കഴിയാത്ത കേവലം കാല്‍പനിക പ്രതിഭാസമാണെന്ന് വരുന്നു.

എന്തായാലും, സാധാരണക്കാരന് മനസ്സിലാക്കാന്‍ കഴിയാത്ത ആത്മീയതയുടെ മറവില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിച്ച് ചൂഷണവിധേയരാക്കാന്‍ വരേണ്യവര്‍ഗത്തിന് നൂറ്റാണ്ടുകളോളം കഴിഞ്ഞിരുന്നു. വൈദിക കാലഘട്ടത്തില്‍, തങ്ങള്‍ ചെയ്ത അനീതികളെയും മര്‍ദനങ്ങളെയും ഹിംസകളെയും ന്യായീകരിക്കാന്‍ ആത്മീയതയെയാണ് അവര്‍ കൂട്ടുപിടിച്ചത്. അതിന് തത്വശാസ്‌ത്രങ്ങളും പുരാണങ്ങളും മെനഞ്ഞുണ്ടാക്കി. അത്തരം ഒരു കഥ രാമായണത്തില്‍ ഉള്ളത് ഒരു ഉദാഹരണമായി എടുക്കാം. ആര്യരാജാവായ ശ്രീരാമന്‍ ദ്രാവിഡനായ ബാലിയെ ഒളിയമ്പെയ്ത് ചതിച്ചുകൊന്നശേഷം ബാലിയുടെ ആത്മാവ് മരിച്ചിട്ടില്ലെന്നും, നശ്വരമായ ഭൌതിക ശരീരം നഷ്ടപ്പെട്ടതില്‍ ബുദ്ധിയുള്ളവര്‍ ദുഃഖിക്കയില്ലെന്നും വിഷാദഭാരത്താല്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന താരയെ ശ്രീരാമന്‍ ഉപദേശിക്കുന്നു. എന്നാല്‍ സീത അപഹരിക്കപ്പെട്ടപ്പോഴും, ഒടുവില്‍ സീതയുടെ തിരോധാനത്തിലും ഇതേ ശ്രീരാമന്‍ നിയന്ത്രണംവിട്ട് വാവിട്ട് നിലവിളിക്കുന്നു. തനിക്കുതന്നെ ബോധ്യമല്ലാത്ത തത്വവാദം താരയെ ഉപദേശിക്കയായിരുന്നു ശ്രീരാമന്‍.

ഹോമവും യജ്ഞവും പൂജയും മന്ത്രവാദങ്ങളും ആത്മീയ കാര്യങ്ങളായാണ് കരുതപ്പെടുന്നത്. ജ്യോതിഷം അതില്‍ അനുപേക്ഷണീയമായ ഘടകമാണ്. താടിയും മുടിയും വളര്‍ത്തി, കാവിയുടുത്ത്, നെറ്റിയില്‍ ഭസ്‌മവും കളഭവും പൂശി, രുദ്രാക്ഷമാല കഴുത്തിലണിഞ്ഞ് വേഷം കെട്ടിയ പൂജാരികള്‍, സ്വാമിമാര്‍, മന്ത്രവാദികള്‍ എന്നിവരെല്ലാം ആത്മീയാചാര്യന്മാരായാണ് പൊതുവെ അറിയപ്പെടുന്നത്.

മന്ത്രവാദത്തിന്റെ അടിവേരുകള്‍ തേടിപ്പോയാല്‍ നാം ചെന്നെത്തുക വൈദിക കാലഘട്ടത്തിലായിരിക്കും. ബ്രഹ്മത്തില്‍നിന്ന് പ്രകടീദൂതമായതത്രെ വേദമന്ത്രങ്ങള്‍. അതിനാല്‍ നിരവധി കാര്യസിദ്ധിക്കായി വേദമന്ത്രങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. വേദങ്ങളില്‍ പ്രാര്‍ഥനകളും സ്‌തുതികളും മന്ത്രവാദങ്ങളും ഉണ്ട്. ഋഗ്വേദത്തില്‍ പ്രധാനമായും വിവിധ ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ നടന്ന സംഘട്ടനങ്ങളുടെ കഥകളും പ്രകൃതിപ്രതിഭാസങ്ങളായ ഇന്ദ്രന്‍, വരുണന്‍, രുദ്രന്‍, അഗ്നി, ഉഷസ്സ്, മരുത്തുക്കള്‍, അശ്വികള്‍ എന്നിവരെ സ്‌തുതിക്കുന്ന പ്രാര്‍ഥനകളുമാണ്. പ്രാര്‍ഥനകള്‍കൊണ്ട് ദൈവങ്ങളെ പ്രീതിപ്പെടുത്തി അഭീഷ്ടം സാധിക്കാമെന്നാണ് വിശ്വാസം. യജ്ഞങ്ങളും, ഹോമങ്ങളും ചെയ്യാനുള്ള മന്ത്രങ്ങളും ഋഗ്വേദത്തില്‍ ഉണ്ട്. സാമവേദം, അഥര്‍വവേദം എന്നിവയില്‍ മന്ത്രവാദവും മന്ത്രവാദക്രിയകളും പ്രതിപാദിച്ചിരിക്കുന്നു. സാമവേദത്തില്‍ മാന്ത്രിക പ്രയോഗത്തിന്നുതകുന്ന ശാസനകള്‍ ധാരാളം കാണാം. അഥര്‍വവേദത്തില്‍ എല്ലാതരത്തിലുള്ള ഭൂതപ്രേതങ്ങള്‍, പിശാചുകള്‍, അസുരന്മാര്‍ തുടങ്ങിയവരില്‍നിന്നും സര്‍പ്പങ്ങളില്‍നിന്നും രക്ഷനേടാനുള്ള മന്ത്രങ്ങളാണ്. വിഷചികിത്സക്കുള്ള മന്ത്രങ്ങള്‍ അതില്‍ പ്രധാനമാണ്. മന്ത്രംകൊണ്ട് കടിച്ച പാമ്പിനെ വരുത്തി തിരിച്ച്കൊത്തിച്ച് വിഷം ഇറക്കാമെന്ന അന്ധവിശ്വാസം ഒരു കാലത്ത് ജനങ്ങളില്‍ ഉണ്ടായിരുന്നു. ശത്രുനാശത്തിനുള്ള നിരവധി മന്ത്രങ്ങളും ആഭിചാരക്രിയകളെ പ്രതിപാദിക്കുന്ന മന്ത്രങ്ങളും മാരണം, ഉച്ചാടനം, വശീകരണം തുടങ്ങിയവയ്ക്കുള്ള ധാരാളം മന്ത്രങ്ങളും അഥര്‍വവേദത്തില്‍ കാണാം. സ്‌ത്രീകളെ സ്വാധീനിക്കുന്ന ദുര്‍ദേവതകളാണ് ഗന്ധര്‍വന്മാരെന്നും അവര്‍ക്ക് മായകൊണ്ട് പല ജന്തുക്കളുടെയും വേഷം ധരിക്കാന്‍ കഴിയുമെന്നും അത്തരം ഗന്ധര്‍വന്മാരെ മന്ത്രശക്തിയാല്‍ തുരത്തി ഓടിക്കാമെന്നും അഥര്‍വവേദ സൂക്തങ്ങളില്‍ ഉണ്ട്. ഒരു സൂക്തം ഇപ്രകാരമാണ്.

ജയ് ഇദ്വോ അപ്സരസോ ഗന്ധര്‍വാ പതയോയുയം

അപധാവതാ മര്‍ത്യാ മര്‍ത്യാന്‍ മാസചധ്വം

(ചതുര്‍കാണ്ഡം, സൂക്തം 37)

"അല്ലയോ ഗന്ധര്‍വന്മാരേ, അപ്സരസുകളാണ് നിങ്ങളുടെ പത്നിമാര്‍. നിങ്ങളുടെ ഉപഭോഗത്തിന് പറ്റിയവര്‍ അവരാണ്. അവരുടെ അടുത്തു ചെല്ലുക. നിങ്ങള്‍ മരണമില്ലാത്തവരാകയാല്‍ മരണമുള്ളവരെ സമീപിക്കാതിരിക്കുക.''

ഇങ്ങനെ~സ്‌ത്രീകളെ പീഡിപ്പിക്കുന്ന ഗന്ധര്‍വന്മാരെന്ന വിചിത്ര ജീവികളെ സാങ്കല്‍പികമായി സൃഷ്ടിച്ച് സ്‌ത്രീകളെ ഭയപ്പെടുത്തി അര്‍ഥമില്ലാത്ത മന്ത്രവാദത്തിനടിമപ്പെടുത്തുന്നത് അസംബന്ധമാണ്. വേദത്തിലായതുകൊണ്ട് അത് അങ്ങനെ അല്ലാതാകുന്നില്ല.

ഭൂത, പ്രേത പിശാചുകള്‍, ദുര്‍ബലമനസ്സുകളില്‍ ഭയം സൃഷ്‌ടിച്ച് മന്ത്രവാദത്തിനടിമപ്പെടുത്തി ചൂഷണ വിധേയരാക്കാന്‍ വരേണ്യവര്‍ഗം കണ്ടെത്തിയ വിചിത്ര സാങ്കല്‍പിക സൃഷ്‌ടികളാണ്. അവയില്‍നിന്ന് രക്ഷ പ്രാപിക്കാന്‍ വൈദികവും വൈദികേതരവുമായ വ്യത്യസ്ത മന്ത്രങ്ങള്‍ ഉണ്ട്. അതുപോലെ മന്ത്രങ്ങള്‍ക്ക് ലിംഗഭേദവും ഉണ്ട്. വൈദിക കാലഘട്ടത്തില്‍ ചാതുര്‍വര്‍ണ്യവും ഉച്ചനീചത്വവും, സ്‌ത്രീകളെ പുരുഷന്റെ അടിമയായി കരുതുന്ന വ്യവസ്ഥയും ഉണ്ടായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

സാമാന്യ ജനങ്ങളില്‍ ഭീതിയും വിഹ്വലതയും സൃഷ്ടിച്ചുകൊണ്ടാണ് മന്ത്രവാദികള്‍ തട്ടിപ്പ് നടത്തുന്നത്. അത് ഒരു വന്‍ വ്യവസായമായി വളര്‍ന്നിരിക്കുന്നു. പ്രകൃതിയില്‍നിന്നും ജന്തുക്കളില്‍നിന്നും മനുഷ്യരില്‍നിന്നുതന്നെയും ഉളവാകുന്ന വിപത്തുക്കളെ മാന്ത്രിക ശക്തികൊണ്ട് തടയാന്‍ കഴിയുമെന്ന് അവര്‍ ജനങ്ങളെ വിശ്വസിപ്പിക്കുന്നു. ആ ശക്തിയെ അഭൌമമായ ബാഹ്യശക്തികളില്‍ പ്രതിഷ്ഠിക്കുന്നു. മാന്ത്രിക കര്‍മത്തില്‍ സദ്മന്ത്രവാദം, ദുര്‍മന്ത്രവാദം എന്നീ വിഭാഗങ്ങള്‍ ഉണ്ട്. പരദ്രോഹത്തിനും ശത്രുസംഹാരത്തിനും സ്വാര്‍ഥ ലാഭത്തിനുംവേണ്ടിയുള്ള ആഭിചാര കര്‍മങ്ങളാണ് ദുര്‍മന്ത്രവാദം. അവയെ നിര്‍വീര്യമാക്കാനുള്ളതാണ് സദ്മന്ത്രവാദം. മന്ത്രവാദ സാധനകളില്‍ മന്ത്രവാദി ദുര്‍മൂര്‍ത്തികളെ അടിമകളാക്കി ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചെടുക്കുന്നു. ദുര്‍ദേവതകളായ കാളി, കൂളി, ഭൈരവന്‍, കുട്ടിച്ചാത്തന്‍, ഉച്ചിട്ട, മാടന്‍, മറുത, യക്ഷി, ഗുളികന്‍ എന്നിവരെയാണ് ഉപാസിക്കുന്നത്. ഇതില്‍ ഗുളികന്‍ ജ്യോതിഷത്തിലെ ഒരു സാങ്കല്‍പിക ഗ്രഹമാണ്. അങ്ങനെ ഒരു ഗ്രഹം ഉള്ളതായി ഒരു ജ്യോതിഷിക്കും പറയാന്‍ കഴിയില്ല. എന്നിട്ടും ഗുളികന്‍ മന്ത്രവാദത്തില്‍ പ്രധാനപ്പെട്ട ദുര്‍ദേവതയാണ്. മറ്റുദേവതകളും കേവലം സാങ്കല്‍പ്പിക സൃഷ്ടികള്‍. ഓരോ മൂര്‍ത്തിയും പ്രത്യേകം പ്രത്യേകം ഉദ്ദിഷ്ട കാര്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുന്നു എന്നാണ് വിശ്വാസം.

മാരണം, വശീകരണം, ഉച്ചാടനം, സ്തംഭനം, ആകര്‍ഷണം, മോഹനം എന്നിവയാണ് മന്ത്രവാദി ലക്ഷ്യമിടുന്ന ഷട്സിദ്ധികള്‍. ശാന്തി (രോഗശമനം), വശ്യം (വശീകരിക്കുക), സ്തംഭനം (ഒന്നും ചെയ്യാന്‍ കഴിയാതാക്കുക), ദ്വേഷണം (വിദ്വേഷം സൃഷ്ടിക്കുക), ഉച്ചാടനം (സ്വന്തം ഭവനത്തില്‍ നിന്നോ സ്ഥാപനത്തില്‍നിന്നോ ഇറക്കി വിടുക), മാരണം (കൊല്ലുക) എന്നിവയാണ് ആറ് കര്‍മങ്ങള്‍. ഇവയില്‍ ശത്രുവിനെ തകര്‍ക്കാന്‍ ഏതൊക്കെയാണ് ചെയ്യേണ്ടതെന്ന് മന്ത്രവാദി ഉപദേശിക്കുന്നു. അപ്രകാരമുള്ള മന്ത്രവാദങ്ങള്‍ ചെയ്യുന്നു. ആഭിചാരക്രിയ ചെയ്യുമ്പോള്‍, ലക്ഷ്യമിടുന്ന ശത്രുവിന്റെ പേരും ജന്മനക്ഷത്രവും അറിഞ്ഞിരിക്കണം. ജ്യോതിഷികളുടെ സഹായത്തോടെയാണ് മന്ത്രവാദം ചെയ്യുക. ഫലജ്യോതിഷം നോക്കി പ്രേതബാധപോലുള്ള ബാധകളെ മന്ത്രവാദി ഉച്ചാടനംചെയ്യുന്നു. ദേവത വന്നോ, മന്ത്രവാദംകൊണ്ട് തൃപ്‌തിപ്പെട്ടോ, ബാധ നീങ്ങിയോ എന്നീ കാര്യങ്ങള്‍ കവിടി നിരത്തി ജ്യോത്സ്യന്‍ കണ്ടുപിടിക്കുന്നു. പ്രതിവിധികള്‍ നിര്‍ദേശിക്കുന്നു. രാഹു എന്ന ഒരു ഗ്രഹം ഇല്ലാത്തതാണെന്ന് ജ്യോതിശ്ശാസ്‌ത്രം തെളിയിച്ചിട്ടും രാഹുവിന്റെ നില്‍പ്പ് നോക്കിയാണ് സര്‍പ്പകോപത്തിനുള്ള പരിഹാരക്രിയ ജ്യോത്സ്യന്‍ നിര്‍ദേശിക്കുന്നത്. ഇതുപോലെ ശനിയുടെ ക്ഷേത്രത്തില്‍ വ്യാഴം നിന്നാല്‍ ഭസ്‌മ പിശാച്, ശൂലപാണി തുടങ്ങിയ ബാധകള്‍ ഉണ്ടായതായി ഗ്രഹിക്കണമെന്ന് ജ്യോത്സ്യന്‍ വിധിക്കുകയും പരിഹാരക്രിയകള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ബധോച്ചാടനത്തിലെ ജപം, ഹോമം, വ്രതം, ബലി തുടങ്ങിയ മന്ത്രങ്ങള്‍ വേദകാലത്തുണ്ടായ വിധികളാണ്.

മന്ത്രവാദികള്‍ അടുത്ത് വരുന്നവരില്‍ ഭീതി സൃഷ്ടിക്കാന്‍ പര്യാപ്തമായ അന്തരീക്ഷമാണ് ഉണ്ടാക്കുക. അര്‍ധരാത്രിയില്‍ അരണ്ട വെട്ടത്തിലാണ് മന്ത്രവാദം നടത്തുക. അവിടെ തലയോട്ടി, എല്ലിന്‍ കഷണങ്ങള്‍, തലമുടി, മാംസക്കഷണങ്ങള്‍, കറുത്തതും ചുവന്നതുമായ തുണിക്കഷണങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. പിന്നെ, തവള, മൂങ്ങ, പല്ലി, പാമ്പ്, എലി, മലങ്കാക്ക, കരിംപൂച്ച, വവ്വാല്‍ എന്നിവയില്‍ ചിലതും കാണും. മന്ത്രവാദിയാകാന്‍ ഗുരുവിന്റെ കീഴില്‍ ഏറെക്കാലത്തെ പരിശീലനം ആവശ്യമാണ്. നല്ല മനക്കരുത്ത് ഉണ്ടായിരിക്കണം. മനക്കരുത്ത് പരീക്ഷിക്കാന്‍ ഒരു ഗുരു ശിഷ്യനോട് ആജ്ഞാപിച്ചത് ഇതായിരുന്നു. കറുത്ത വാവിലെ അര്‍ധരാത്രി പ്രേതങ്ങള്‍ നൃത്തം ചെയ്യുന്ന ഒരു ശ്‌മശാനത്തിലെ കാഞ്ഞിരമരത്തില്‍ ഒരു ഇരുമ്പാണി തറച്ചുവരിക. വെളിച്ചം കരുതാന്‍ പാടില്ല. ശിഷ്യന്‍ കാഞ്ഞിരമരത്തില്‍ ചുറ്റിക കൊണ്ടടിച്ച് ഇരുമ്പാണി തറച്ച് കയറ്റി. തിരിച്ചുനടന്നപ്പോള്‍ പിന്നില്‍നിന്ന് ഏതോ പ്രേതം പിടിച്ച്വലിച്ചതായി തോന്നി. ശ്മശാനത്തില്‍ പ്രേതം ഉണ്ടെന്ന വിശ്വാസമാണ് അങ്ങനെ തോന്നിച്ചത്. പേടിച്ചരണ്ട ശിഷ്യന്‍ എങ്ങനെയോ ഓടി വീട്ടില്‍ എത്തി. പിന്നെ വിറയലും പനിയും. പിറ്റേന്ന് രാവിലെ അന്വേഷിക്കാന്‍ ചെന്ന ഗുരു കണ്ടത് കാഞ്ഞിരമരത്തില്‍ തൂങ്ങിക്കിടക്കുന്ന കമ്പളിയാണ്. ഇരുമ്പാണി തറച്ച കൂട്ടത്തില്‍ ശിഷ്യന്‍ പുതച്ചിരുന്ന കമ്പളിയുടെ ഒരറ്റവും അതില്‍ കുടുങ്ങിപ്പോയി. അതാണ് പ്രേതം പിടിച്ചുവലിച്ചതായി തോന്നിയത്.

മന്ത്രങ്ങളിലെ വാക്കുകള്‍ നിരര്‍ഥകങ്ങളാണ്. ബീജാക്ഷരങ്ങള്‍ എന്നറിയപ്പെടുന്ന ഓം, ക്ളിം, ബ്ളും, ഹ്രീം, ശ്രീം തുടങ്ങിയവക്ക് എന്തെങ്കിലും അര്‍ഥമുള്ളതായി കാണാന്‍ കഴിയില്ല. ഉദാഹരണത്തിന് രുദ്ര മഹാമന്ത്രത്തിലെ ഈ വരികള്‍ നോക്കാം.

ഓം, ഹ്രീം, സ്‌ഫുര പ്രസ്‌ഫുര പ്രസ്‌ഫുര ഘോരഘോര

തനുറൂപ ചടപട പ്രചട പ്രചട കഹ കഹ ബദ്ധ ബദ്ധ ഘാതായഹുംഫട് സ്വാഹാ

ശബ്ദ കോലാഹലംകൊണ്ട് ദുര്‍ബല മനസ്സില്‍ പ്രകമ്പനം സൃഷ്ടിച്ച് മന്ത്രവാദത്തിന് അടിമയാക്കുകയാണ് മന്ത്രവാദി ചെയ്യുന്നത്. ഒരിക്കല്‍ ഇതെഴുതുന്ന ആള്‍ ഗ്രാമീണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ ചില ഗ്രാമങ്ങളില്‍ പോകാന്‍ ഇടയായി. ഒരു ഗ്രാമത്തില്‍വച്ച് ഒരു മന്ത്രവാദിയെ പരിചയപ്പെട്ടു. മലയാളി. അദ്ദേഹത്തിന്റെ മന്ത്രവാദം ഇതായിരുന്നു.

നോക്കെടാ നമ്മുടെ മാര്‍ഗേ കിടക്കുന്ന

മര്‍ക്കടാ നീയങ്ങ് മാറിക്കിടാ, ശഠാ!

ഓം, ഹ്രീം, ക്ളിം, ബ്ളും സ്വാഹാ

ഇതുകൊണ്ട് ആളുകള്‍ക്ക് നല്ല ഫലം കിട്ടുന്നുണ്ടെന്നും, ധാരാളം ആളുകള്‍ മന്ത്രവാദം ചെയ്യിക്കാന്‍ വരുന്നുണ്ടെന്നും, തരക്കേടില്ലാത്ത വരുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രങ്ങളും തന്ത്രങ്ങളും കൂടാതെ യന്ത്രങ്ങളും ഇന്ന് വളരെ പ്രചാരത്തില്‍ ഉണ്ട്. ആറ്റുകാല്‍ രാധാകൃഷ്ണന്മാര്‍ ധനാകര്‍ഷണ ഭൈരവ യന്ത്രം വിറ്റ് കോടികള്‍ ഉണ്ടാക്കുന്നു. ഈയ്യം, ചെമ്പ്, വെള്ളി, സ്വര്‍ണം എന്നീ ലോഹത്തകിടുകളും താളിയോല, അസ്ഥി തുടങ്ങിയവയും യന്ത്രമന്ത്രാദികള്‍ എഴുതാന്‍ ഉപയോഗിക്കാമെന്നാണ് വിധി. അവയുടെ കൂടുകള്‍ ചെമ്പുകൊണ്ടോ, വെള്ളികൊണ്ടോ, സ്വര്‍ണംകൊണ്ടോ ആയിരിക്കും. ശാന്തികര്‍മങ്ങള്‍ക്കും വശീകരണത്തിനും സ്‌തംഭനത്തിനും ഉച്ചാടനത്തിനും മാരണത്തിനും വ്യത്യസ്ത തകിടുകളാണ് ഉപയോഗിക്കുക. മന്ത്രത്തകിട് എഴുതാന്‍ ഉപയോഗിക്കുന്ന നാരായം, സൂചി എന്നിവയ്ക്കും ദേവതാ ഭേദമനുസരിച്ച് വ്യത്യാസമുണ്ടായിരിക്കും. മാന്ത്രികയന്ത്രം, ഉപയോഗിക്കുന്നതിന് മുമ്പായി ഒരുദിവസം വെള്ളത്തിലിട്ടുവയ്ക്കണം. പുറ്റുമണ്ണ്, നാല്‍പ്പാമരപ്പൊടി എന്നിവ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. യന്ത്രത്തിന്റെ വീര്യം ഉറപ്പാക്കാനാണ് അങ്ങനെ ചെയ്യുന്നത്. യന്ത്രത്തിന് ഏലസ്സ് അല്ലെങ്കില്‍ ഉറുക്ക് എന്നും പറയും. സാമ്പത്തിക വരുമാനത്തിനും, ഇഷ്ട കാമുകിയെയോ, കാമുകനെയോ വശീകരിക്കുന്നതിനും ഏലസ്സുണ്ട്. തകിടില്‍ എഴുതുന്ന മന്ത്രങ്ങള്‍ക്ക് ഒരര്‍ഥവും ഇല്ലെന്നതാണ് സത്യം. ഒന്നു രണ്ടു ഉദാഹരണങ്ങള്‍ കാണാം-

സര്‍വാകര്‍ഷണ യന്ത്രം: ഒരു ഷഡ്‌കോണ്‍ ഒരു തകിടില്‍ വരയുക. മധ്യത്തില്‍ സാന്ധ്യനാമം എഴുതുക. വലതുവശത്ത് 'ക്ളീം' എന്നും, 'എം' എന്നും എഴുതുക. ആറുകോണിലും 'സൌെ' എന്ന മന്ത്രാക്ഷരം എഴുതുക. തകിട് റെഡി.

മായാവശ്യ മാന്ത്രിക യന്ത്രം: മന്ത്രത്തകിടില്‍-

ജൃം ഭേ ജൃംഭിനീ സ്വാഹാ

മോഹേ മോഹതിസ്വാഹാ

അന്ധേ അന്ധതി സ്വാഹാ

രുന്ധേ രുന്ധതി സ്വാഹാ

എന്നെഴുതുക.

ഇങ്ങനെ ഓരോ മന്ത്രം എടുത്തു നോക്കിയാലും ഒരര്‍ഥവുമില്ലാത്ത വാക്കുകളാണെന്ന് കാണാം. വാസ്തവത്തില്‍ എന്താണ് എഴുതിയതെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞാല്‍ പിന്നെ ആരും ഇത്തരം ഏലസ്സുകളുടെ പിന്നാലെ പോവുകയില്ല. ഏലസ്സിന്റെ മാന്ത്രികശക്തി കൂട്ടാന്‍ മന്ത്രവാദി ചെയ്യുന്ന ഒരു സൂത്രമുണ്ട്. രാത്രി അരണ്ട വെളിച്ചത്തില്‍ നടത്തുന്ന മന്ത്രവാദത്തിന്റെ ശക്തികൊണ്ട് തകിട് കൂട്ടിന്നുള്ളില്‍ സ്വയം കയറുന്നതായി കാണിക്കുന്നു. അതിന്റെ രഹസ്യം എന്റെ സുഹൃത്തായ മാന്ത്രികന്‍ പറഞ്ഞുതരികയുണ്ടായി. കൂടില്‍ കയറ്റാന്‍ പാകത്തില്‍ ചുരുട്ടിയ തകിടിന്റെ ഒരറ്റം ഒരു തലനാരിഴകൊണ്ടു ബന്ധിക്കുന്നു. മറ്റേ അറ്റം പത്മാസനത്തില്‍ ഇരിക്കുന്ന മാന്ത്രികന്റെ കാല്‍മുട്ടുമായി ബന്ധിക്കുന്നു. മന്ത്രം മുറുകുമ്പോള്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ച്കാല്‍മുട്ടു ചലിപ്പിച്ച് തകിട് സാവധാനം കൂടിനുള്ളില്‍ കയറ്റുന്നു. ഇരുട്ടിലും പുകയിലും ആര്‍ക്കും തലനാരിഴ കാണാന്‍ കഴിയില്ല.

ഹിന്ദുമത വിശ്വാസികളുടെ ഇടയില്‍ വൈഷ്ണവം, ശൈവം, ശാക്തേയം, ഗാണപത്യം എന്നിങ്ങനെ പലതരത്തിലുള്ള താന്ത്രികവിദ്യകള്‍ ഉണ്ട്. മുസ്ളിങ്ങളുടെ ഇടയില്‍ പരിശുദ്ധ ഖുറാനിലെ ചില വാക്യങ്ങള്‍ ഉരുവിട്ട് രോഗശാന്തിക്ക് വെള്ളവും ചരടും മന്ത്രിച്ചു നല്‍കുന്നു. ഖുര്‍ആന്‍ വാക്യങ്ങള്‍ ഒരു കടലാസില്‍ എഴുതി ആ കടലാസ് കത്തിച്ച ചാരം വെള്ളത്തില്‍ കലക്കിക്കുടിച്ചാല്‍ ദീനം മാറുമെന്ന വിശ്വാസം ചിലരിലുണ്ട്. അതുപോലെ ക്രിസ്ത്യന്‍ വിശ്വാസികളില്‍ കുരിശോടുകൂടിയ പ്രാര്‍ഥനയുടെ രൂപത്തില്‍ പല വിശ്വാസങ്ങളും നിലനില്‍ക്കുന്നു. എല്ലാം ചൂഷണോപാധിയാണ്. അങ്ങനെ മന്ത്രവാദവും ദുര്‍മന്ത്രവാദവും ഒളിഞ്ഞും തെളിഞ്ഞും സമൂഹത്തില്‍ വളരെ വ്യാപകമാണ്. ഇതിന്ന് ഏറ്റവും സഹായമായി വര്‍ത്തിക്കുന്നത് മറ്റൊരന്ധവിശ്വാസമായ ജ്യോതിഷമാണ്.

ഇന്നത്തെ മുതലാളിത്ത വ്യവസ്ഥയില്‍ സ്‌നേഹബന്ധങ്ങളേക്കാളേറെ ഏത് വിധേയനയും ധനം സമ്പാദിക്കുക എന്നതാണ് ഒരു വിഭാഗം ജനങ്ങളുടെ ലക്ഷ്യം. തിരക്കുപിടിച്ച ജീവിതത്തില്‍ പ്രശ്‌നങ്ങളുടെയും കഷ്ടപ്പാടുകളുടെയും മാനസിക പിരിമുറുക്കത്തിന്റെയും ചുഴിയില്‍പെട്ടുഴലുന്ന മനുഷ്യര്‍ അവയുടെ കാരണങ്ങള്‍ കണ്ടെത്താനോ, പരിഹാര മാര്‍ഗങ്ങള്‍ തേടുന്നതിനോ അടുത്ത ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ സാമൂഹ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെടുന്നതിന് പകരം ജ്യോതിഷികളെയോ പുരോഹിതന്മാരേയോ മന്ത്രവാദികളെയോ സമീപിക്കുന്നു. അവരുടെ ചതിക്കുഴിയില്‍ വീഴുന്നു. ഇങ്ങനെ എത്രയോ തട്ടിപ്പുകളുടെ കഥ നാം ദിവസേന കേള്‍ക്കുന്നു; പത്രങ്ങളില്‍ വായിക്കുന്നു.

ഇതിനെല്ലാം പ്രധാന കാരണം സാധാരണ ജനങ്ങള്‍ മാത്രമല്ല, അഭ്യസ്‌തവിദ്യരും ഏത് പ്രശ്‌നത്തിനും ജ്യോതിഷത്തിലും മന്ത്രവാദത്തിലും അഭയം തേടുന്നതാണ്. വേദങ്ങളില്‍നിന്ന് തുടങ്ങി എത്രയോ നൂറ്റാണ്ടുകളായി മനുഷ്യമനസ്സുകളില്‍ രൂഢമൂലമായ ഇത്തരം അന്ധവിശ്വാസങ്ങള്‍ പിഴുതെറിയുക അത്ര എളുപ്പമല്ല, ജനങ്ങളില്‍ ശാസ്‌ത്രബോധം വളര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ കൊടിയ വിപത്തിന് പരിഹാരമാകൂ.

***

വി സി പത്മനാഭന്

14 June, 2009

നര്‍മബോധമില്ലാത്ത കോമാളികള്‍ അരങ്ങ് കീഴടക്കുമ്പോള്‍

നര്‍മബോധമില്ലാത്ത കോമാളികള്‍ അരങ്ങ് കീഴടക്കുമ്പോള്‍
കോമഡി രംഗത്തെ ബ്രാന്റ് നാമമായ കെ.എസ്.പ്രസാദും സംഘവും അവതരിപ്പിച്ച ഡ്യൂട്ടി ഫ്രീ കോമഡിഷോ ഉയര്‍ത്തിയ ചെറിയ ചില ചിന്തകളെങ്കിലും ഉറക്കെ പറയാതിരിക്കാന്‍ കഴിയുന്നില്ല. നമ്മുടെ ആസ്വാദനത്തിന്റെ നിലവാരം എവിടേയ്ക്കാണ് പോവുന്നത്? നിരന്തരം ഉന്നയിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ചോദ്യം തന്നെയാണിത്.ശാസ്ത്രീയ സംഗീതം പോലെയുള്ള പരിപാടികളുടെ ആസ്വാദനത്തിന് കൃത്യമായ സംവേദനക്ഷമത ആവശ്യമായിരിക്കാം. എന്നാല്‍ മനോഹരമായ ഒരു ഗസല്‍ സന്ധ്യക്കും നല്ല ഒരു നാടകത്തിനും ആള്‍ക്കൂട്ടങ്ങള്‍ പോയിട്ട് ആളനക്കം പോലും കുറയുന്നതെന്തുകൊണ്ടാണ്? എന്നാല്‍ ഇതേ സമയം തന്നെ ഏതെങ്കിലും ചാനലിലെ റിയാലിറ്റി ഷോയിലെ ഏതെങ്കിലും താരത്തിന്റെ സാന്നിദ്ധ്യമുള്ള പരിപാടികള്‍ക്കും കോമഡി പരിപാടികള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ ഇരച്ചെത്തുന്നത് എന്തുകൊണ്ട് എന്ന് ഗൌരവമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.ഡ്യൂട്ടീ ഫ്രീ കോമഡി ഷോയില്‍ കോമഡി ഇല്ല എന്നാണ് ഏറ്റവും ലളിതമായ വസ്തുത. നമുക്കതിനെ ഒരു വിനോദ പരിപാടി എന്ന് വിളിക്കാം. പാട്ട്, നൃത്തം, വിവിധ കലാരൂപങ്ങളുടെ അവതരണം, പ്രച്ഛന്ന വേഷങ്ങള്‍ ഒക്കെയും കൃത്യമായ അളവുകളില്‍ ചേര്‍ത്ത്, ആധുനിക സമൂഹത്തിന് യോജിച്ച തരത്തില്‍ പാകപ്പെടുത്തി എടുത്ത ഒരു ചേരുവ.ഹര്‍ത്താലുകള്‍, ബന്ദ്, സമരം, പണിമുടക്കുകള്‍ എന്നിവയെ ആക്ഷേപഹാസ്യമായി വേദിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ആരുടെ മുഖത്ത് നോക്കിയാണ് പരിഹസിക്കുന്നത്? ഒരു പാട് ദുരിതങ്ങളില്‍ നിന്ന്, ചൂഷണങ്ങളില്‍ നിന്ന് മോചിപ്പിച്ച് കേരള ജനതയെ ഇന്നുകളിലേക്കെത്തിച്ച തൊഴിലാളി സംഘടനകളേയോ? സംഘടിത തൊഴിലാളി സംസ്ക്കാരത്തിന്റെ ഗുണഫലങ്ങള്‍ ഒട്ടേറെ അനുഭവിക്കുന്ന, നിരന്തരം പോരാട്ടങ്ങളില്‍ സജീവമായി ഇടപെടുന്ന, മുന്നില്‍ നില്ക്കുന്ന ഒരു വിഭാഗത്തിന്റെ മുന്നില്‍ നിന്നുകൊണ്ട് കാണിക്കുന്ന കൊഞ്ഞനം കുത്തലുകള്‍ ആരെയാണ് ഉന്നമിടുന്നത്? അടുത്ത തലമുറയിലേക്ക് അരാഷ്ട്രീയവാദങ്ങള്‍ നിറക്കാന്‍ ശ്രമിക്കുന്ന, ആധുനിക മുതലാളിത്തത്തിന്റേതുതന്നെയാണ് ഇത്തരം ചിന്തകള്‍. കാമ്പസുകളെ 'രാഷ്ട്രീയ വിമുക്തമാക്കി' മതവിഭാഗീയ ചിന്തകള്‍ക്കും, ഭീകരവാദത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കും, വിട്ടുകൊടുത്തു കൊണ്ടിരിക്കുന്ന സംസ്ക്കാരത്തിന്റെ മറ്റൊരു മുഖമല്ലേ ഇത്തരത്തിലുള്ള പരിപാടികളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്?നമ്മുടെ സംസ്ക്കാരത്തിന്റെ തന്നെ ചിഹ്നങ്ങളായി മാറിയ കലാരൂപങ്ങളെങ്കിലും, അതിന്റെ തനിമയില്‍ നിലനില്‍ക്കേണ്ടതുണ്ട്. മോഹിനിയാട്ടത്തിന്റെ ലാസ്യഭാവത്തിന്, ദ്രുത താളത്തിന്റെ ചടുലത നല്കുമ്പോള്‍, നഷ്ടമാവുന്നത്, അതിന്റെ വശ്യത മാത്രമല്ല. ആ കലാരൂപം കൂടിയാണ്. അര്‍ത്ഥമില്ലാത്ത ചടുലത നല്‍കുന്നത് വഴി ചെയ്യുന്നത്, ഇത്തരം ചടുലതകളില്‍ അഭിരമിക്കുന്ന, മതിമറക്കുന്ന ഒരു പുതിയ ജനവിഭാഗത്തിന്റെ രൂപീകരണം മാത്രമാണ്. അത്തരം വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുക എന്നത് മാത്രമാണിവിടെ സംഭവിക്കുന്നത്. ചാനലുകളിലെ റിയാലിറ്റി ഷോകളെ പരിഹസിച്ചു കൊണ്ട് മലയാളി മനസ്സുകളിലേക്ക് കടന്നു ചെല്ലാന്‍ ഇടക്കെങ്കിലും പ്രസാദ് ശ്രമിക്കുന്നുണ്ട്. അത്തരം പരിഹാസം നടത്തുന്ന സംഘം തന്നെ അവരുടെ സ്കിറ്റുകളില്‍ ഉപയോഗിക്കുന്ന ഭാഷ ആശാസ്യമാണോ? തമാശ സൃഷ്ടിക്കാനായി ഉപയോഗിക്കുന്ന വാക്കുകളുടെ 'വള്‍ഗാരിറ്റി' അരോചകം തന്നെ.ഈ ഒരു പരിപാടിയില്‍ മാത്രമല്ല, ഇത്തരം എല്ലാ കോമഡി പരിപാടികളും കോമഡി എന്നത് അശ്ളീലമെന്നതായി മാറിയിട്ടുണ്ട്. മൌലികമായ ചിന്തകളുടേയും, ആശയങ്ങളുടേയും ദാരിദ്ര്യം തന്നെയാണ് ഇത് വെളിപ്പെടുത്തുന്നത്. ശ്ളീലാശ്ളീലങ്ങള്‍, ആസ്വാദകമനസ്സുകള്‍ക്കനുസരിച്ച് മാറാം. പറയുന്ന രീതിക്കനുസരിച്ച് ഏത് അശ്ളീലവും ശ്ളീലവുമാകാം. എന്നാല്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ അശ്ളീലം- അശ്ളീലമായിത്തന്നെ പറഞ്ഞു കൊണ്ട്, അതാണ് യഥാര്‍ത്ഥ തമാശയെന്ന രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ ഒരു നുറുങ്ങു ചിരി പോലും ഉണരുന്നില്ല.ഒരേ സമയം പലരെ സ്നേഹിക്കുന്ന സ്ത്രീയെയും അവളെ ആത്മാര്‍ത്ഥമായി സ്നേഹിച്ച് വിവാഹം കഴിക്കാനാഗ്രഹിക്കുന്ന പുരുഷന്മാരേയും ചിത്രീകരിക്കുന്നതിലൂടെ ഉയര്‍ത്താന്‍ ശ്രമിക്കുന്ന നര്‍മ്മം എന്താണ്? സ്ത്രീയെ ഉപഭോഗ വസ്തുവായി മാത്രം കാണുന്ന മുതലാളിത്ത സംസ്ക്കാരത്തിന്റെ ചിന്തകള്‍ തന്നെയാണ് ഇവിടെയും ചിത്രീകരിക്കപ്പെടുന്നത്.ചിലപ്പോഴെങ്കിലും പഴയ ചാക്യാരുടെ വേഷം എടുത്തണിയുന്നുണ്ട് പ്രസാദും കൂട്ടുകാരും. രാഷ്ട്രീയ കോമാളിത്തരങ്ങളെ, ചാനലുകളിലെ ചില പരിപാടികളെ ഒക്കെ വിദൂഷകന്റെ സാമര്‍ത്ഥ്യത്തോടെ വിമര്‍ശിക്കുന്നുമുണ്ട്.അത്തരത്തിലുളള ചുരുക്കം ചില ഇനങ്ങള്‍ മാറ്റി നിറുത്തിയാല്‍, മറ്റെല്ലാം തന്നെ, പാട്ടിലും നൃത്തത്തിലും, ദ്രുതതാളങ്ങളിലും കെട്ടുകാഴ്ചകളുടെ മാസ്മരികതയിലും അലിഞ്ഞു തീര്‍ന്നു എന്നു തന്നെ പറയാം.എന്നാല്‍ കുറച്ചു വര്‍ഷത്തി നു മുമ്പ്, ഇതേ വേദിയില്‍ കെ. എസ്.പ്രസാദിന്റെ സംഘം അവതരിപ്പിച്ച പരിപാടികള്‍ നിലവാരം പുലര്‍ത്തിയിരുന്നു എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. പിന്നെന്തു കൊണ്ടാണ് ഇത്തരത്തിലൊരു മാറ്റം?ചാനലുകളിലെ മത്സരങ്ങള്‍ക്ക് പിന്നാലെ ഇത്തരം പരിപാടികളും മാറുകയാണോ? കെ.എസ്. പ്രസാദിന്റെ പരിപാടി മുന്‍നിറുത്തിയാണ് പറഞ്ഞതെങ്കിലും മറ്റു കോമഡി ഷോകളും ഇതില്‍ നിന്നും വ്യത്യസ്തമല്ല എന്നു മാത്രമല്ല, കൂടുതല്‍ മോശമാകാനുള്ള ഒരു മത്സരം തന്നെയാണ് നടക്കുന്നത്. കാരണം കാഴ്ചപ്പാടിന്റേതാണ് എന്നതാണ് വസ്തുത. ചാനലുകളിലായാലും ഇതൊക്കെത്തന്നെയാണ് ചിത്രീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. വേഷവിധാനങ്ങളിലൂടെയും, വാക്കുകള്‍ക്കിടയില്‍ കയറ്റി വെക്കുന്ന അശ്ളീലങ്ങളിലുമാണ് ഇന്ന് കോമഡി സൃഷ്ടിക്കപ്പെടുന്നത്.എന്നിട്ടും, ഇത്തരം പരിപാടികള്‍ക്കും യാഥാര്‍ത്ഥ്യം ഇല്ലാത്ത റിയാലിറ്റി ഷോകള്‍ക്കും ഒക്കെത്തന്നെയാണ് കാണികളുണ്ടാകുന്നത്. ഇത്തരം പരിപാടികളിലേക്ക് കാണികള്‍ ആകര്‍ഷിക്കപ്പെടുന്നത് എന്തു കൊണ്ടാണ് ? തിരക്കു പിടിച്ച സംഘര്‍ഷം നിറഞ്ഞ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഒന്നും ചിന്തിക്കാതെ കുറിച്ചു നേരമെങ്കിലും രക്ഷപ്പെടാനുളള ത്വരയാണോ ഇതിന്റെ പിന്നിലെ മാനസികാവസ്ഥ? അതോ, തനിക്കു ചുറ്റും എന്ത് തന്നെ നടന്നാലും അതൊന്നും തനിക്ക് ബാധകമാവുന്നില്ല എന്നു കരുതുന്ന, എന്ത് കിട്ടിയാലും അതിനെ കണ്ട് കടന്നു പോകാന്‍ കഴിയുന്ന തരത്തിലുള്ള പുതിയ 'സംസ്ക്കാര'രൂപീകരണത്തിന്റെ ഭാഗമോ?കുട്ടികളാണ് ഇന്ന് പല കുടുംബ തീരുമാനങ്ങളുടേയും കേന്ദ്ര സ്ഥാനത്ത് വരുന്നത്. അതുകൊണ്ടു തന്നെ കുട്ടികളെ ആകര്‍ഷിക്കുന്ന പരിപാടികളില്‍ മാത്രം ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നു. അര്‍ത്ഥമില്ലാത്ത ഇത്തരം പരിപാടികള്‍ സൃഷ്ടിക്കപ്പെടുന്നതും ഇതേ ലക്ഷ്യത്തോടെ തന്നെയാണ്. നമുക്കിത് വേണ്ട എന്നു പറയാന്‍ ആസ്വാദകര്‍ തയ്യാറല്ലെങ്കില്‍ ഇത്തരം പരിപാടികള്‍ കൂടുതല്‍ മോശമായിക്കൊണ്ടേയിരിക്കും. ഇവിടെയാണ്, നമ്മുടെ കുട്ടികളുടെ മനസ്സില്‍ അര്‍ത്ഥമില്ലാത്ത ദ്രുത താളങ്ങളും, വര്‍ണ്ണഭംഗികളും മാത്രം മതിയോ എന്ന ചോദ്യം പ്രസക്തമാകുന്നത്. അതിനുള്ള ഉത്തരം കണ്ടെത്തേണ്ടതും, തിരിച്ചറിയേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതും നമ്മള്‍ തന്നെയാണ്.
*നൈസ കാക്കൂര്‍
കടപ്പാട്: വര്‍ക്കേഴ്സ് ഫോറം