Showing posts with label പോപ്പുലര്‍ ഫ്രന്റ്‌. Show all posts
Showing posts with label പോപ്പുലര്‍ ഫ്രന്റ്‌. Show all posts

13 February, 2014

എസ്ഡിപിഐലീഗ് ഭീകരത തുറന്നുകാട്ടപ്പെടുന്നു

എസ്ഡിപിഐ  ലീഗ് ഭീകരതയുടെ നഗ്നമുഖമാണ് 2014 ജനുവരി 28ന് പട്ടാപ്പകല്‍, തിരൂരില്‍ മംഗലത്തു നടന്ന "സിനിമാ സ്റ്റൈല്‍" ആക്രമണത്തിലൂടെ അനാവരണം ചെയ്യപ്പെട്ടത്. അടുത്തകാലത്തായി ലീഗ് എടുത്തണിയാന്‍ ശ്രമിക്കുന്ന പരിസ്ഥിതി പ്രേമത്തിന്റേയും മനുഷ്യകാരുണ്യ പ്രവര്‍ത്തനത്തിന്റേയും, അന്യമത സൗഹാര്‍ദത്തിന്റേയും പ്രച്ഛന്നമുഖമാണ് അതുവഴി തുറന്നുകാട്ടപ്പെട്ടത്. ലീഗിന്റെ യുവനേതാക്കള്‍, കെ എം ഷാജി എംഎല്‍എയും സാദിക്കുമൊക്കെ, ആയിരം നാവുള്ള അനന്തനെപ്പോലെ ആയിരം തവണ ആവര്‍ത്തിച്ചുപറഞ്ഞാലും, തങ്ങളുടെ നഗ്ന നേത്രങ്ങള്‍കൊണ്ട് കേരളം കണ്ട നേര്‍കാഴ്ചയ്ക്ക്, വേറെ വ്യാഖ്യാനമൊന്നും ആവശ്യമില്ല. തങ്ങള്‍ക്കതില്‍ പങ്കില്ല; എല്ലാം എസ്ഡിപിഐ നടത്തിയ തേര്‍വാഴ്ചയാണ് എന്ന് ലീഗ് ഇപ്പോള്‍ പറയുന്നു. എസ്ഡിപിഐ നേതാവ് ഇഖ്റാമുല്‍ഹഖും അക്രമത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കുകയും "അത് ഞമ്മളാണ്" എന്ന് ഏറ്റുപറയുകയും ചെയ്യുന്നു.

പരസ്യമായി പട്ടാപ്പകല്‍, ആയുധവുമായി ഓര്‍ക്കാപ്പുറത്ത് കടന്നുവന്ന്, ബോംബെറിഞ്ഞും കത്തിവീശിയും ആളുകളെ ഭയപ്പെടുത്തി അകറ്റിനിര്‍ത്തി, ഇരകളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്ന ആര്‍എസ്എസ് സ്റ്റൈല്‍ ആക്രമണംതന്നെയാണ് എന്‍ഡിഎഫ്/എസ്ഡിപിഐ ഭീകരരും ചെയ്തുവരുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ക്കതില്‍ അഭിമാനമേയുള്ളുവെന്നും അറിയാത്തവരല്ല കേരളീയര്‍. പട്ടികളെ ഓടിച്ചിട്ട്, പായുമ്പോള്‍ കഴുത്തുവെട്ടി പരിശീലനംതേടുന്ന എസ്ഡിപിഐക്കാര്‍ കയ്യറപ്പുതീര്‍ന്നവരാണ് എന്നും ചാനലുകള്‍ പുറത്തുവിട്ട അതിഭീകരമായ ആ കൊടും വെട്ടും വെട്ടേറ്റുവീണവന്റെ മുഖത്തു ചവിട്ടുന്നതും കൂസലില്ലായ്മയും കണ്ടാല്‍ എല്ലാവര്‍ക്കും മനസ്സിലാകും. അതിനാല്‍ ഇഖ്റാമുല്‍ഹഖിന്റെ പ്രസ്താവനയില്‍ ആര്‍ക്കും അത്ഭുതം തോന്നേണ്ട കാര്യമില്ല. എന്നാല്‍ അതുവഴി സ്വയം രക്ഷതേടാന്‍ ശ്രമിക്കുന്ന ലീഗിന്റെ കാപട്യം അത്രവേഗം ഉള്‍ക്കൊള്ളാനാകില്ല. ഏതോ ഉപകാരസ്മരണയില്‍, തല്‍ക്കാലം കുറ്റമേറ്റെടുത്തുവെങ്കിലും ലീഗുകാര്‍ പഴയ താത്രിക്കുട്ടിയുടെ കഥയോര്‍ക്കുന്നത് നന്ന്. ഒരുനാള്‍ "ഇനിയും എന്നെക്കൊണ്ടു പറയിക്കണോ?" എന്ന് നാടുവാഴിയോട് താത്രിക്കുട്ടി ചോദിച്ചപ്പോള്‍, പറയാതെ തന്നെ, പറയാതെ വിട്ടതെന്തെന്ന് മാലോകരെല്ലാം മനസ്സിലാക്കിക്കഴിഞ്ഞു. ഇവിടെ ഏറെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. മംഗലം പഞ്ചായത്തില്‍ നടന്ന 3 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടാല്‍, എസ്ഡിപിഐ എന്തിന് സിപിഐ എമ്മിന്റെ ആഹ്ലാദപ്രകടനം കലക്കാന്‍ ശ്രമിക്കണം? അതിനിടയില്‍ ഉണ്ടായ ചെറിയ സംഘര്‍ഷത്തിനു പകരം ചോദിക്കാന്‍ എങ്ങനെയാണ് അത്ര പെട്ടെന്ന്, ഒരു ഗറില്ലാ സംഘം ആയുധധാരികളായി കടന്നു വരുന്നത്? ലീഗിന്റെ പരാജയം ആഘോഷിക്കുന്ന സിപിഐ എമ്മുകാര്‍ക്ക് അകമ്പടി സേവിക്കാന്‍ എന്ന നാട്യത്തോടെ മുമ്പിലും പിന്നിലും കൂടെ നടന്ന പൊലീസുകാര്‍, ഇടപെടില്ല എന്ന ഉത്തമ ബോധ്യമില്ലെങ്കില്‍ എങ്ങനെ എസ്ഡിപിഐക്കാര്‍ക്ക് ഇങ്ങനെ അക്രമം നടത്തി രക്ഷപ്പെടാന്‍ കഴിയും? സംഭവം നടക്കുകയും ആ ഭീകരദൃശ്യം ചാനലായ ചാനലുകളൊക്കെ തുടര്‍ച്ചയായി മണിക്കൂറുകളോളം പ്രേക്ഷകരെ കാണിച്ചുകൊണ്ടിരിക്കുകയും ചെയ്തിട്ടും പൊലീസാഫീസര്‍മാര്‍ക്ക് ചിലരെയെങ്കിലും പെട്ടെന്നുതന്നെ അറസ്റ്റുചെയ്യാന്‍ സാധിക്കാതെപോയതും എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഒറ്റ ഉത്തരമേയുള്ളു.

കേരളം ഭരിക്കുന്ന മന്ത്രിസഭയെ വരച്ചവരയില്‍ നിര്‍ത്താന്‍ കെല്‍പുള്ള മുഖ്യ ഭരണകക്ഷി, മുസ്ലീം ലീഗിന്റെ പിന്‍ബലമുള്ളവരാണ് അക്രമികള്‍പിന്നെ മേലാവില്‍നിന്നും അനുമതിയില്ലാതെ അവരെ എങ്ങനെ തൊടാനാകും? എസ്ഡിപിഐയും ലീഗും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ പെട്ടെന്നുണ്ടായതല്ല. ലീഗുകാര്‍ എന്തുതന്നെ പറഞ്ഞാലും ലീഗിനകത്ത് നുഴഞ്ഞുകയറുന്ന എന്‍ഡിഎഫുകാരെ ചൂണ്ടിക്കാട്ടി, ഇതപകടമാണ് എന്ന് രാജ്യസ്നേഹികളായ നല്ല മനുഷ്യര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. സാധാരണ കച്ചവട താല്‍പര്യം മാത്രം മുന്‍നിര്‍ത്തി മതമുപയോഗിച്ച് രാഷ്ട്രീയം കളിച്ചിരുന്ന ലീഗ് പതുക്കെപതുക്കെ മത തീവ്രവാദത്തിലേക്ക് മാറുന്നതും അതിന് തീവ്രവാദമുഖം കൈവരുന്നതുമാണ് 2004 നവംബര്‍ 1ന് കേരളം കണ്ടത്. അന്നാണ് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ആരോപിതനായ പി കെ കുഞ്ഞാലിക്കുട്ടി ഉംറ കഴിഞ്ഞു കരിപ്പൂരില്‍ തിരിച്ചെത്തിയത്. തങ്ങളുടെ നേതാവായ ആ വീരപുരുഷന് നല്ലനിലയില്‍ സ്വീകരണം നല്‍കാന്‍ ലീഗുകാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അതിന്റെപേരില്‍ അവര്‍ കാട്ടിക്കൂട്ടിയ ഗോഷ്ടികള്‍ എന്തെല്ലാമാണ്? കരിപ്പൂര്‍ വിമാനത്താവളംതന്നെ പിടിച്ചടക്കിയപോലെ തന്ത്രപ്രധാനമായ വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ കേറി ലീഗിന്റെ കൊടികെട്ടി. മാധ്യമപ്രവര്‍ത്തകരായ സ്ത്രീകളെ ഉള്‍പ്പെടെ ആക്രമിച്ചു പരിക്കേല്‍പിച്ചു. 2012 ജനുവരി 5ന് ആ കേസിലെ പ്രതികളായ 15 ലീഗുകാര്‍ക്ക് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഒരു വര്‍ഷത്തെ തടവും 3500 രൂപ വീതം പിഴയും വിധിച്ചു. യൂണിയന്‍ ലീഗിന്റെ പുതിയ പ്രസിഡണ്ട് ഹൈദരാലി ശിഹാബ് തങ്ങള്‍ക്ക് കാസര്‍കോട്ടുവെച്ച് നല്‍കിയ സ്വീകരണത്തില്‍ ഒരു സംഘം തീവ്രവാദികള്‍ അഴിഞ്ഞാടിയത് പി കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലാണ്. ഭീകരമായ ഒരു വര്‍ഗീയ കലാപത്തിന്റെ വക്കോളമെത്തിയ ആ സംഭവം ലീഗ്  എന്‍ഡിഎഫ് ബന്ധത്തിന്റെ ജീവനുള്ള ദൃഷ്ടാന്തമാണ്. ആ സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന നിസ്സാര്‍ കമ്മീഷന്‍, റിപ്പോര്‍ട്ടുസമര്‍പ്പിക്കുംമുമ്പ് പിരിച്ചുവിട്ടതുകൊണ്ടുമാത്രമാണ് ഒരു സംഘം ലീഗുകാര്‍ ശിക്ഷയില്‍നിന്നും രക്ഷപ്പെട്ടത്. മാറാട് കലാപത്തെക്കുറിച്ചന്വേഷിച്ച കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കേസില്‍ ശിക്ഷവിധിച്ച ന്യായാധിപന്റെ വിധിതീര്‍പ്പിലും ലീഗിന്റെ പുതിയ മുഖം തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. കുപ്രസിദ്ധമായ അരിക്കോട്ടു കുനി ഇരട്ടക്കൊലക്കേസില്‍, അധികാരത്തിന്റെ തിണ്ണബലംകൊണ്ടു മാത്രമാണ് എംഎല്‍എ പി കെ ബഷീര്‍ രക്ഷപ്പെട്ടത്. മുസ്ലീംലീഗ് ഏറനാടു മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദുകുട്ടിയടക്കം നിരവധി ലീഗുകാര്‍ ജയിലിലാണ്. അത്തീഖ് റഹ്മാന്റെ കൊലയ്ക്ക് പകരം ചോദിക്കാന്‍ ലീഗ് പ്രവര്‍ത്തകന്‍ മുജീബിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവനതിനു കഴിയട്ടെ എന്നും അഹമ്മദുകുട്ടി പ്രസംഗിച്ചത് 2012 ഫെബ്രുവരി 20നാണ്. എംഎല്‍എ പി കെ ബഷീറും അതേ ഭാഷയിലാണ് പ്രസംഗിച്ചത്. പിന്നീടാണ് അതി ക്രൂരമായ ഇരട്ടക്കൊല നടന്നത്. ചത്തത് കീചകനെങ്കില്‍ കൊന്നതാര് എന്ന് പിന്നെ ചോദിക്കേണ്ടതുണ്ടോ? ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ വാലില്ലാപുഴ എംഎഎല്‍പിഎസ് പ്രധാനാധ്യാപകന്‍ ജയിംസ് അഗസ്റ്റിനെ ചവിട്ടിക്കൊന്നതും ലീഗ്കാരാണ്. ആ കേസില്‍ ആരെങ്കിലും സാക്ഷിപറഞ്ഞാല്‍ അവരെ വെട്ടിക്കൊല്ലുമെന്ന് പ്രസംഗിച്ചതും ഈ ലീഗ് എംഎല്‍എയാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ആഡിയോ ടേപ്പ് കേരളമാകെ പ്രചരിച്ചതാണ്. ലീഗിന്റെ മാറിവന്ന ക്രൂരമുഖമാണ് ഈ സംഭവങ്ങളിലൂടെയെല്ലാം ചുരുളഴിഞ്ഞത്. ലീഗ് നേതാവ് "മംഗലം" സംഭവത്തെക്കുറിച്ചിറക്കിയ പ്രസ്താവനയില്‍ സിപിഐ എമ്മും എന്‍ഡിഎഫ്/എസ്ഡിപിഐയുമായി നിലനില്‍ക്കുന്ന വൈരത്തെക്കുറിച്ചും സംഘര്‍ഷത്തെക്കുറിച്ചും പറയുകയുണ്ടായി. അത് സത്യവുമാണ്. എന്‍ഡിഎഫ്/എസ്ഡിപിഐ ഭീകര സംഘടനകളുമായി മാത്രമല്ല ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം പടുത്തുയര്‍ത്തണമെന്നു പറയുന്ന ആര്‍എസ്എസിനോടും പാര്‍ടിക്ക് ശത്രുതയുണ്ട്. സോഷ്യലിസവും മതേതരത്വവും സ്വന്തം ജീവനോളംതന്നെ പ്രധാനമാണ് എന്ന് കരുതുന്ന കമ്യൂണിസ്റ്റുകാര്‍, ജീവന്‍കൊടുത്തും ഹൈന്ദവരാഷ്ട്രവാദക്കാരെയും ഇസ്ലാമിക രാഷ്ട്രവാദികളേയും ചെറുക്കുകതന്നെ ചെയ്യും. അതുകൊണ്ടാണ് എന്‍ഡിഎഫുകാര്‍ മുമ്പ് മഞ്ചേരിയിലെ സിപിഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. മറ്റൊരുഘട്ടത്തില്‍ തിരൂരിലെ സിപിഐ എം പ്രവര്‍ത്തകന്‍ ബാപ്പുട്ടിയെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. ഭീകരമായി പരുക്കേല്‍പിച്ചു. അന്ന് എംഎല്‍എ ആയിരുന്ന ഇ ടി മുഹമ്മദ്ബഷീര്‍ പറഞ്ഞത് ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്നാണ്; വെറുതെയല്ല ആര്യാടന്‍ മുഹമ്മദ് ബഷീറിനെ നല്ല "ഒന്നാംതരം വര്‍ഗീയവാദി" എന്നു വിളിച്ചത്. ആ തലയ്ക്ക് ആ തൊപ്പി നന്നായി ചേരുമെന്ന് കൂടെ കഴിയുന്ന ആര്യാടന് നന്നായി അറിയും. ഏതെങ്കിലും ഒരു കെ എം ഷാജിയോ, സാദിക്കോ ചേര്‍ന്നാല്‍ ലീഗാകില്ല. സാധാരണ പറയാറുണ്ട്. "ഒറ്റ മരം കാടാകില്ല" എന്ന്. തീരപ്രദേശമാകെ എന്‍ഡിഎഫ്/എസ്ഡിപിഐ തീവ്രവാദികള്‍ കയ്യടക്കുകയാണ് എന്നും അവരെ നേരിടാന്‍ എല്ലാ ജനാധിപത്യവാദികളും കൈകോര്‍ക്കണമെന്നും അവര്‍ പറയുമ്പോള്‍ അതില്‍ കാര്യമുണ്ട്. എന്നാല്‍ അത്, അവരല്ല "പറയേണ്ടവര്‍" പറയണം. ഞങ്ങള്‍ എന്‍ഡിഎഫ്/എസ്ഡിപിഐക്കാരുമായി മാത്രമല്ല ആര്‍എസ്എസുകാരുമായും നേരിട്ടേറ്റുമുട്ടുകയാണ്. അത് അങ്ങോട്ടുപോയി ആക്രമിച്ചിട്ടല്ല. സിപിഐ എം കൈകാര്യംചെയ്യുന്ന രാഷ്ട്രീയത്തോടുള്ള അവരുടെ പകയാണ് സിപിഐ എമ്മിനെ ആക്രമിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. തിരൂരങ്ങാടിയിലെ അരിയല്ലൂരില്‍ സിപിഐ എം സ്ഥാപിച്ച സ്തൂപങ്ങളും കൊടിമരവും തകര്‍ത്തുകൊണ്ടാണ് ആര്‍എസ്എസുകാര്‍ സംഘര്‍ഷമുണ്ടാക്കിയത്. പൊലീസ് എസ്ഐക്കുനേരെപോലും വടിവാള്‍ വീശാന്‍ ആര്‍എസ്എസുകാര്‍ ധൈര്യം കാണിച്ചു. സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാനാണ് അവര്‍ ശ്രമിച്ചത്. നവംബര്‍ മാസത്തില്‍ വള്ളിക്കുന്നിലെ അത്താണിക്കല്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒട്ടേറെ സിപിഐ എം വ്രര്‍ത്തകര്‍ക്കു പരിക്കുപറ്റി. കടകളും ബസ്സ്റ്റോപ്പും അവര്‍ തകര്‍ത്തു. ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ക്കെതിരെ ആര്‍എസ്എസ് നടത്തിയ അക്രമത്തില്‍ "അസംബ്ലി ഓഫ് ഗോഡ്" എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. പാര്‍ടിയുടെ തിരൂര്‍ ഏര്യാകമ്മിറ്റി മെമ്പര്‍ ആയ ബാലകൃഷ്ണനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. ഭാഗ്യത്തിനാണ് ആ സഖാവ് രക്ഷപ്പെട്ടത്. തലയ്ക്ക് വെട്ടേറ്റതിനെ തുടര്‍ന്ന് നിരവധി ആഴ്ചകള്‍ അദ്ദേഹം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ അതിശയകരമെന്നു പറയട്ടെ, എന്താണ് മുസ്ലീംലീഗും ആര്‍എസ്എസും തമ്മിലുള്ള ബന്ധം? രാഷ്ട്രീയ ലാഭം കണ്ടാല്‍ അവര്‍ ആര്‍എസ്എസ്കാരായ മാധവന്‍കുട്ടിയേയും രത്നസിംഗിനേയും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കേരളീയര്‍ മുമ്പേ കണ്ടതാണ്. ആ കള്ളക്കളി ഇപ്പോഴും തുടരുകയാണ്. പാവപ്പെട്ട മുസ്ലീം സഹോദരന്മാരെ തെറ്റിദ്ധരിപ്പിച്ച് മതത്തിനുവേണ്ടി, ദൈവത്തിനുവേണ്ടി എന്നെല്ലാം പറഞ്ഞ് വോട്ടു ബാങ്കാക്കി നിലനിര്‍ത്തുക മാത്രമാണ് ലീഗിന്റെ ലക്ഷ്യം. മുസ്ലീം ന്യൂനപക്ഷത്തെ ശത്രുവായി പ്രഖ്യാപിക്കുകയും ഇന്ത്യയില്‍ അവര്‍ക്കിടമില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുള്ള ആര്‍എസ്എസിനോട് അവര്‍ക്ക് ഒരു വിരോധവുമില്ല. ഗുജറാത്തിലെ നരഹത്യയെപ്പറ്റിയും നരേന്ദ്രമോഡിയെപ്പറ്റിയും ഒക്കെ ചൂണ്ടിക്കാട്ടി മുസ്ലീം സഹോദരങ്ങളെ ഭയപ്പെടുത്തുന്നത്; കോണ്‍ഗ്രസ് അധികാരത്തില്‍വന്നാലെ ലീഗിന് രക്ഷയുള്ളുഅധികാരമുള്ളൂഭരണമുള്ളു എന്ന് ലീഗുകാര്‍ക്കറിയാം. അതുകൊണ്ടാണ്. ഈ ജനുവരി 28ന് മലപ്പുറം ജില്ലയിലെ കുറുവപഞ്ചായത്തിലെ "തോറാ" വാര്‍ഡില്‍ ലീഗിനും യുഡിഎഫിനും സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല. അവര്‍ പിന്തുണച്ചത് 2010ല്‍ അതേ വാര്‍ഡില്‍ താമര അടയാളത്തില്‍ മത്സരിച്ച് അന്ന് 2ാം സ്ഥാനത്തുവന്ന ആര്‍എസ്എസുകാരനായ ജനാര്‍ദ്ദനനെത്തന്നെയാണ്. സിപിഐ എം സ്ഥാനാര്‍ഥി അപ്പുക്കുട്ടനെ തോല്‍പിക്കാനാണ് അവര്‍ സ്വന്തം സ്ഥാനാര്‍ഥി വേണ്ടെന്നുവെച്ച് ആര്‍എസ്എസുകാരനെ സ്വതന്ത്ര ചിഹ്നത്തില്‍ നിര്‍ത്തി പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. എന്നിട്ടും 2010ല്‍ ഒന്നും രണ്ടും സ്ഥാനക്കാരായിരുന്ന യുഡിഎഫും ബിജെപിയും ഒന്നിച്ചു നിന്നിട്ടും, അവര്‍ക്ക് ജയിക്കാന്‍ ഭാഗ്യം തുണയ്ക്കേണ്ടിവന്നു. കാരണം എല്‍ഡിഎഫിനും സ്വതന്ത്രനും കിട്ടിയത് 474 വോട്ടുവീതമാണ്. ആ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ അവര്‍ക്കൊപ്പം മുമ്പ് നിന്നിരുന്നവര്‍തന്നെ വോട്ടുചെയ്തുവെന്നാണ് അതിനര്‍ഥം. 2014 ജനുവരിയില്‍ ജില്ലയിലുണ്ടായ തിരഞ്ഞെടുപ്പുകളില്‍ 5ല്‍ 4ഉം എല്‍ഡിഎഫ് പിടിച്ചടക്കി. 5ാമത്തേത് നഷ്ടപ്പെട്ടതു കേവലം ഭാഗ്യദോഷംകൊണ്ടുമാത്രം2014ല്‍ 2004 ആവര്‍ത്തിക്കുമെന്നതിന്റെ സൂചനയാണിത്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, ലീഗിന്റെ കൊലകൊമ്പന്‍ നേതാക്കന്മാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, ഇ ടി മുഹമ്മദുബഷീര്‍ എന്നിവരെ, അവരുടെ കോട്ടകൊത്തളങ്ങളില്‍തന്നെ മലര്‍ത്തിയടിച്ചവരാണ് മലപ്പുറം ജില്ലയിലെ വോട്ടര്‍മാര്‍. ആ പരാജയത്തിന്റെ ഓര്‍മ അവരുടെ ഉറക്കംകെടുത്തുകയാണ്. അതുകൊണ്ടാണ് 2009ലും 2011ലും അവര്‍ സ്വീകരിച്ച അതേ അടവ്മതം പറഞ്ഞും മത നേതാക്കന്മാരെ ഉപയോഗിച്ചും എല്ലാ മുസ്ലീം സംഘടനകളേയും തങ്ങളുടെ ചിറകിനടിയില്‍ കൊണ്ടുവന്ന്, ജയംതേടുക എന്ന "സൃഗാലതന്ത്രം" നടപ്പാക്കാന്‍ ശ്രമിക്കുന്നത്. തിരൂരിലെ "മംഗലം" പഞ്ചായത്തിലെ 3 വാര്‍ഡുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലീഗുമായി തെറ്റി പുറത്തുവന്നവര്‍, ഉള്‍പ്പെടെ രൂപീകരിച്ച വിശാല മുന്നണിയും സിപിഐ എമ്മുമാണ് ലീഗിനെ തോല്‍പിച്ചത്. ഒന്നാംവാര്‍ഡില്‍ തെറിയത്തുവീട്ടില്‍ ഹംസയുടെ മകന്‍ റിയാസ് എസ്ഡിപിഐക്കു വേണ്ടി നാമനിര്‍ദേശ പത്രിക വാങ്ങിയിരുന്നു. എന്നാല്‍ എസ്ഡിപിഐ നേതൃത്വം ഇടപെട്ട് പ്രചരണം തുടങ്ങിയിരുന്ന ഇയാളെ തടഞ്ഞു. അത് ലീഗ് സ്ഥാനാര്‍ഥിക്കുവേണ്ടിയായിരുന്നു. ലീഗും എസ്ഡിപിഐയും ഒന്നിച്ചാണ് ലീഗ് സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ടുപിടിച്ചത്. ഏനീന്റെ പുരയ്ക്കല്‍ മജീദ്, തണ്ടലം വളപ്പില്‍ അന്‍വര്‍, തണ്ടലം വളപ്പില്‍ അലി അക്ബര്‍, തലേക്കരവീട്ടില്‍ ഇഫൈല്‍ െ/ീ മുഹമ്മദാലി, കളരിക്കല്‍ അസ്കര്‍, െ/ീ ഇസ്മായില്‍ എ കെ റമീസ് എന്നീ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഒന്നാം വാര്‍ഡിലും. മൂസാന്റെ പുരയ്ക്കല്‍ റാഫി െ/ീ അബുബക്കര്‍, മൂസാന്റെ പുരയ്ക്കല്‍ ഷൌക്കത്ത് െ/ീ അബുബക്കര്‍, പട്ടണം ഇസ്മായില്‍ െ/ീ ബാപ്പുട്ടി, ഔളാന്റെ പുരയ്ക്കല്‍ അസൈനാര്‍ െ/ീ ഹംസക്കോയ എന്നീ എസ്ഡിപിഐ പ്രവര്‍ത്തകര്‍ 20ാം വാര്‍ഡിലും അസനാര്‍ പുരയ്ക്കല്‍ മനാഫ്, െ/ീ ചെറിയ റസാഖ് 18ാം വാര്‍ഡിലും സജീവമായി വോട്ടുപിടിക്കാനുണ്ടായിരുന്നു. അങ്ങനെ പരസ്യമായി ലീഗ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിച്ച എസ്ഡിപിഐക്കും ലീഗിന്റെ തോല്‍വി ഉള്‍ക്കൊള്ളാനായില്ല. പരാജയത്തിന്റെ ജാള്യത മറയ്ക്കാനും തങ്ങളെ തോല്‍പിച്ചതിന്റെ വിരോധം തീര്‍ക്കാനുമാണ് ഗൂഢാലോചന നടത്തി എസ്ഡിപിഐക്കാരനായ കെ ടി ലത്തീഫ്, ആഹ്ലാദ പ്രകടനം നടത്തുന്ന സിപിഐ എം ജാഥയ്ക്കിടയിലേക്ക് വണ്ടിയോടിച്ചു കേറ്റിയതും പ്രശ്നമുണ്ടാക്കിയതും. തികഞ്ഞ ആസൂത്രണത്തോടെ തയ്യാറെടുത്തുനിന്ന എസ്ഡിപിഐ അക്രമിസംഘമാണ് പകരംവീട്ടാന്‍ സിപിഐ എം പ്രവര്‍ത്തകരായ എ കെ മജീദിനേയും ഇഷ്പാടത്ത് ഹര്‍ഷാദിനേയും വെട്ടിവീഴ്ത്തിയത്. നാടിനെ നടുക്കിയ ഈ താലിബാന്‍ മോഡല്‍ തീവ്രവാദി ആക്രമണം, തിരിഞ്ഞു കുത്തുന്നുവെന്ന് കണ്ടപ്പോഴാണ് ലീഗ് പീലാത്തോസിനെപ്പോലെ കൈകഴുകാന്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് കണ്ടാല്‍ ലീഗുകാര്‍ എന്തും ചെയ്യും.

2006ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നു കണ്ടപ്പോഴാണ് അവര്‍ സിപിഐ എം പ്രവര്‍ത്തകനായ പാവം സുബ്രഹ്മണ്യനെ കുത്തിവീഴ്ത്തിയത്. ഒരു പാവപ്പെട്ട പട്ടികജാതി കുടുംബത്തിന്റെ, ഏക ആശ്രയമായ ഗൃഹനാഥനെയാണ് അന്നവര്‍ കുത്തിക്കൊന്നത്. പ്രബുദ്ധരായ കേരളീയര്‍ ഇതെല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്ന് ലീഗുകാര്‍ അറിയണം. എന്തായാലും ചില നേതാക്കന്മാരെങ്കിലും, തങ്ങളുടെ കാലിന്നടിയിലെ മണ്ണ്, ഒഴുകിപ്പോകുന്നത് കാണുന്നുണ്ട് എന്നാണ് താഴെ എഴുതിയവരികള്‍ വിളിച്ചുപറയുന്നത്. "മുസ്ലീംലീഗ് പാര്‍ടിയെ കടന്നാക്രമിക്കുവാന്‍ കാര്യവും കാരണവും ഒന്നും വേണമെന്നില്ല. വസ്തുതകള്‍ പരിശോധിക്കുകയോ സമയവും സന്ദര്‍ഭവും നോക്കുകയോ ഒന്നും ചെയ്യേണ്ടതില്ല. ഒരു വിഭാഗം യുവജന സംഘടനകള്‍, മഹിളാ സംഘടനകള്‍, സര്‍വീസ് സംഘടനകള്‍, ചാനലുകള്‍, പത്രങ്ങള്‍ തുടങ്ങിയ സകലരും ഈ ലീഗ് വിരുദ്ധ ജാഥയില്‍ അണിചേര്‍ന്നുകൊണ്ടിരിക്കയാണ്.

നിലവിലുള്ള ഇടതു രാഷ്ട്രീയ കക്ഷികളും തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളും പറഞ്ഞതുപോരാഞ്ഞിട്ട് പുതിയ രാഷ്ട്രീയ കക്ഷിക്കാര്‍തന്നെയും രൂപീകരിക്കാന്‍ ചിലര്‍ ശ്രമിച്ചുവരുന്നു. എന്തായാലും പ്രമേയങ്ങളായും പത്രസമ്മേളനങ്ങളായും, ചാനല്‍ ചര്‍ച്ചകളായും "ലീഗ് വിഷയം" പൊടിപൊടിക്കുകയാണ്". കെഎന്‍എ ഖാദര്‍ചന്ദ്രിക (18712) "ഇരിക്കുന്ന കൊമ്പു മുറിക്കരുത്". ശരിയാണുസാര്‍, "ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും" എന്നല്ലാതെ എന്തുപറയാന്‍. ഒരു മതേതര രാഷ്ട്രമായ ഇന്ത്യയില്‍ പൊതുസമൂഹത്തില്‍നിന്നും മുസ്ലീം ന്യൂനപക്ഷത്തെ വേര്‍തിരിച്ച്, ഒറ്റയ്ക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നതാണ് ലീഗ് ചെയ്യുന്ന തെറ്റ്. അത് ഹിന്ദുരാഷ്ട്രവാദികളായ ആര്‍എസ്എസുകാരുടെ നിലപാടുകള്‍ ന്യായീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമാണ്. വോട്ടുബാങ്കാണ് ലീഗിന്റെ ലക്ഷ്യമെങ്കില്‍ ഒരുപിടി തീവ്രവാദികളെ സൃഷ്ടിച്ച് ജനജീവിതം ദുരിതപൂര്‍ണമാക്കുകയാണ് എന്‍ഡിഎഫ്/എസ്ഡിപിഐ തീവ്രവാദികളുടെ ലക്ഷ്യം. "അങ്ങനെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കലും".
*** പി പി വാസുദേവന്‍

എന്‍ഡിഎഫിന്റെ താലിബാനിസവും മുസ്ലിംലീഗും

മത രാഷ്ട്രവാദത്തിന്റെ ഏറ്റവും വലിയ രൂപമാണ് താലിബാനിസം. ഇസ്ലാമിക സ്വേച്ഛാധിപത്യമാണ് ലോകത്തെ ഈ ഏറ്റവും വലിയ ഭീകര സംഘടനയുടെ പരമ ലക്ഷ്യം. സോഷ്യലിസ്റ്റ് ചേരിയെ ഉന്മൂലനം ചെയ്യാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം താലിബാന്‍ നേതാവ് ബിന്‍ ലാദന്‍ വഴി ഇസ്ലാമിക ഭീകര സംഘടനകളെ ഏകോപിപ്പിച്ചുവെന്നത് ചരിത്രം. അഫ്ഗാനിസ്താനില്‍ നജീബുള്ളയെ സ്ഥാനഭ്രഷ്ടനാക്കി ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാന്‍ ലാദന്‍ നടത്തിയ ക്രൂരത ഇനിയും മറക്കാനായിട്ടില്ല. ഈ താലിബാന്‍ ട്യൂമറിന്റെ മാതൃകയില്‍ ചെറുതും വലുതുമായ ഒട്ടേറെ തീവ്രവാദ സംഘടനകള്‍ ലോകമാകെ പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശ പരിശീലനവും യഥേഷ്ടം ഫണ്ടും ലഭിക്കുന്ന ഈ ഗ്രൂപ്പിനെ ഇന്ത്യയില്‍ നയിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടാണ്. താലിബാനിസത്തിന്റെ ഇന്ത്യന്‍ രൂപമാണ് പോപ്പുലര്‍ഫ്രണ്ട് എന്നു പറഞ്ഞാല്‍ തെറ്റില്ല.

കേരളത്തിലെ എന്‍ഡിഎഫ്, തമിഴ്നാട്ടിലെ മനിതൈ പാശറൈ, കര്‍ണാടകയിലെ കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവന്ന സംഘടനകള്‍ ഏകോപിപ്പിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരിച്ചത്. പിന്നീട് ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ് സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) എന്ന രാഷ്ട്രീയ പാര്‍ടിയും രൂപീകരിച്ചു. ആര്‍എസ്എസും ബിജെപിയുംപോലെ വേര്‍തിരിക്കാനാകാത്ത സംഘടനകളാണിവ രണ്ടും. ഒരേ നേതാക്കള്‍, ഒരേ ഓഫീസ്. ഈ രണ്ട് സംഘടനകളും കേരളത്തില്‍ തങ്ങളുടെ വരവറിയിക്കാന്‍ നടത്തിയ അക്രമങ്ങള്‍ക്ക് കണക്കില്ല. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് തിരൂരില്‍ സിപിഐ എം നേതാക്കളെ വെട്ടിനുറുക്കിയ സംഭവം.

തിരൂര്‍ മംഗലത്ത് പഞ്ചായത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ കുത്തകസീറ്റായ മൂന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. ലീഗ് തട്ടകത്തിലെ ഈ അട്ടിമറിജയമാണ് എന്‍ഡിഎഫ് തീവ്രാവാദികളെ പ്രകോപിപ്പിച്ചത്. എക്കാലവും മുസ്ലിംലീഗിനൊപ്പം നിന്ന വലിയൊരു ജനത സിപിഐ എമ്മുമായി അടുത്തത് തെല്ലൊന്നുമല്ല മുസ്ലിലീഗിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്ന എന്‍ഡിഎഫിനെ പ്രകോപിപ്പിച്ചത്. ആദ്യം ആഹ്ലാദ പ്രകടനത്തിലേക്ക് ബൈക്ക് കയറ്റുക. അതിന്റെ മറവില്‍ ഭീകരാക്രമണം നടത്തുക. ഇതായിരുന്ന മലപ്പുറം ജില്ലയിലെ തീരദേശത്ത് മുസ്ലലിംലീഗിനുവേണ്ടി അക്രമം നടത്തുന്ന എന്‍ഡിഎഫ് ഭീകരവാദികള്‍ ആസുത്രണംചെയ്തത്. ഇവ ഭംഗിയായി അവര്‍ നടത്തുകയും ചെയ്തു. അതെത്ര ക്രൂരമായിരുന്നെന്ന് ലോകം ചാനലുകളിലൂടെ കണ്ടു. ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ കള്ളക്കഥകള്‍ പടയ്ക്കാന്‍ മത്സരിക്കുന്ന ചാനലുകള്‍ ആദ്യം ദൃശ്യങ്ങള്‍ പെട്ടിയിലിട്ട് പൂട്ടിയെങ്കിലും നടുറോഡിലിട്ട് സിപിഐ എം നേതാവിനെയും പ്രവര്‍ത്തകനേയും വടിവാളുകൊണ്ട് വെട്ടുന്ന ദൃശ്യങ്ങള്‍ കൈരളി പീപ്പിളും റിപ്പോര്‍ട്ടറും പുറത്തുവിട്ടതോടെ നില്‍ക്കക്കള്ളിയില്ലാതെ മറ്റു ചാനലുകള്‍ക്കും തിരൂരിലെ താലിബാന്‍ മോഡല്‍ ആക്രമണം സംപ്രേക്ഷണം ചെയ്യേണ്ടിവന്നു. ജനുവരി 29നാണ് എന്‍ഡിഎഫ് സംഘം ലീഗ് പൊലീസ് തണലില്‍ സിപിഐ എം നേതാക്കളെ അരിഞ്ഞുവീഴ്ത്തിയത്. പട്ടാപ്പകല്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന സിപിഐ എം പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ കെ മജീദ്, കാര്‍ ഓടിച്ച ഇര്‍ഷാദ് എന്നിവരെയാണ് വെട്ടിയത്. പത്തോളം വരുന്ന ആയുധധാരികള്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഇരുവരേയും പിടിച്ചിറക്കി തുരുതുരാ വെട്ടുകയായിരുന്നു. മുഖം മറയ്ക്കാതെയെത്തിയ ക്രിമിനലുകളുടെ വെട്ടേറ്റ് നിലത്തുവീണവര്‍ അള്ളാ അള്ളാ എന്നു വിളിച്ചു കരഞ്ഞിട്ടും അല്‍പ്പംപോലും ദയതോന്നാതെ വാളുകൊണ്ട് പിന്നെയും പിന്നെയും വെട്ടി. എന്നിട്ടും അരിശം തീരാത്ത കാടന്‍മാര്‍ വെട്ടേറ്റ് നിലത്തുവീണ ഇരുവരേയും ചവിട്ടുകയും പട്ടികകൊണ്ട് തല്ലുകയും ചെയ്തു. ആക്രമണം കണ്ടുനിന്ന ആരോ ഇതെല്ലാം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതോടെ അതിക്രൂരവും ഭീകരവുമായ ആക്രമണത്തിന്റെ ദൃശ്യം കണ്ട ലോകം നടുങ്ങി. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഈ അടുത്തായി നായകള്‍ക്ക് വെട്ടേല്‍ക്കല്‍ പതിവായിരുന്നു. എന്‍ഡിഎഫുകാര്‍ മനുഷ്യനെ വെട്ടാന്‍ പരിശീലിച്ചത് നായയെ വെട്ടിയായിരുന്നെന്ന് അന്നുതന്നെ വ്യാപകമായ സംശയം ഉയര്‍ന്നിരുന്നു. സമാനരീതിയിലായിരുന്നു മിക്ക നായകള്‍ക്കും വെട്ടേറ്റത്. എന്നാല്‍ തിരുവഞ്ചൂരിന്റെ പൊലീസ് ആ കേസ് ശരിയായ രീതിയില്‍ അന്വേഷിക്കാതെ നിസ്സാരമായി തള്ളി.

തിരൂരില്‍ എന്‍ഡിഎഫുകാരുടെ വെട്ട് കണ്ടാല്‍ കൃത്യമായ പരിശീലനം നേടിയിട്ടുണ്ടെന്ന് വ്യക്തമാണ്. തിരൂരില്‍ ഇത് ആദ്യ സംഭവമല്ല. ഏതാനും വര്‍ഷം മുമ്പ് പുതിയങ്ങാടിയിലെ നേര്‍ച്ചയുടെ മറവില്‍ തിരൂരിലും പരിസരത്തും അരങ്ങേറിയ അരുംകൊലകള്‍ ആരും മറന്നിട്ടില്ല. എന്‍ഡിഎഫും ആര്‍എസ്എസും ആയുധമെടുത്ത് പോരടിച്ചപ്പോള്‍ അഞ്ച് പേരാണ് മരിച്ചത്. 2006 മാര്‍ച്ച് നാലിന് സിപിഐ എം തിരൂര്‍ എരിയാ കമ്മിറ്റി അംഗവും മല്‍സ്യത്തൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാ സെക്രട്ടറിയുമായിരുന്ന ബാപ്പുട്ടിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. പട്ടാപ്പകല്‍ നടന്ന ആക്രമണത്തില്‍ കഷ്ടിച്ചാണ് ബാപ്പുട്ടിക്ക് ജീവന്‍ തിരികെ കിട്ടിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തിരൂര്‍താനൂര്‍ തീരമേഖലയില്‍ സിപിഐ എമ്മിനെതിരായി ലീഗ് നടത്തുന്ന ആക്രമണങ്ങള്‍ക്കെല്ലാം പിറകില്‍ എന്‍ഡിഎഫ് ആണ്. 2012ല്‍ പെരുന്നാള്‍ ദിനത്തില്‍ തിരൂര്‍ വാടിക്കല്‍ തൂക്കു പാലത്തിന് സമീപം സിപിഐ എം പ്രവര്‍ത്തകരെ എന്‍ഡിഎഫുകാര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും ആരും മറന്നിട്ടുണ്ടാകില്ല. മംഗലത്ത് ലീഗ് തോറ്റതില്‍ എന്‍ഡിഎഫിനെന്ത് കാര്യം എന്ന് ചോദിക്കുന്നവരുണ്ട്. ലീഗും എന്‍ഡിഎഫും തമ്മിലുള്ള അഗാധമായ ബന്ധം അറിയാത്തവര്‍ക്കേ അത്തരം സംശയമുണ്ടാകൂ. തങ്ങള്‍ അക്രമങ്ങള്‍ക്കെതിരാണെന്ന് പറയുന്ന ലീഗിന്റെ ഇരുണ്ട മുഖമാണ് ഇവിടെ ദൃശ്യമാകുന്നത്. ചോരപുരണ്ട ആയുധങ്ങളും ബോംബുകളും തങ്ങള്‍ക്ക് നിഷിദ്ധമല്ലെന്ന് നാദാപുരത്തെ ലീഗ് ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുകയാണല്ലോ. തങ്ങളുടെ ചിറകിനടിയില്‍ ഒളിപ്പിച്ച് ചൂടും ചൂരും നല്‍കിയാണ് ലീഗ് എന്‍ഡിഎഫ് എന്ന ഭീകര സംഘടനയെ വളര്‍ത്തുന്നത്. നാദാപുരത്ത് ഇല്ലാത്ത ബലാത്സംഗ കഥയുണ്ടാക്കി അതിന്റെ മറവില്‍ സിപിഐ എം പ്രവര്‍ത്തകന്‍ ഈന്തുള്ളതില്‍ ബിനുവിനെ കൊന്ന എന്‍ഡിഎഫുകാര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കിയത് ലീഗായിരുന്നു. അന്നു തുടങ്ങിയതാണ് ഈ 'ഭായ് ഭായ്' ബന്ധം.

മലപ്പുറം ജില്ലയില്‍ എന്‍ഡിഎഫ് നടത്തിയ എല്ലാ ആക്രമണങ്ങള്‍ക്കും മുസ്ലിംലീഗിന്റെ പിന്തുണയുണ്ടായിരുന്നു. ലീഗിനുവേണ്ടിയായിരുന്നു എന്‍ഡിഎഫ് അക്രമം നടത്തിയതെന്ന് പറയുന്നതാകും ശരി. ഇതിന് പ്രത്യുപകാരമായി എന്‍ഡിഎഫിനെ ഭരണ സ്വാധീനവും പണവും ഉപയോഗിച്ച് ലീഗ് സംരക്ഷിച്ചു. കൊണ്ടോട്ടിക്കടുത്ത അരിമ്പ്രയില്‍ കോണ്‍ഗ്രസുകാരെ ആക്രമിച്ച കേസിലെ പ്രതികളായ എന്‍ഡിഎഫുകാര്‍ക്കെതിരായ കേസ് 2001ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പിന്‍വലിച്ചത് വിവാദമായിരുന്നു. കൊണ്ടോട്ടി എംഎല്‍എ ആയിരുന്ന കെഎന്‍എ ഖാദറിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു കേസ്പിന്‍വലിച്ചത്. പിന്നീട് മഞ്ചേരയില്‍ സിഐടിയു നേതാവ് ഷംസു പുന്നക്കലിനെയും തിരൂരിലെ മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവ് ബാപ്പുട്ടിയേയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളേയും സംരക്ഷിച്ചത് ലീഗാണ്. മലപ്പുറം ജില്ലയില്‍ പുതിയ തലമുറയിലെ മുസ്ലിം യുവാക്കള്‍ സിപിഐ എമ്മിനോട് അടുക്കുന്നതില്‍ വിറളിപൂണ്ടാണ് എന്‍ഡിഎഫിനെ ഇറക്കി ലീഗ് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്.

പകല്‍ ലീഗും രാത്രി എന്‍ഡിഎഫുമായി നടക്കുന്ന നിരവധി യുവാക്കളെ ഇവിടെ കാണാം. എന്നാല്‍ ഈ സത്യം മറച്ച് തങ്ങള്‍ക്ക് എന്‍ഡിഎഫുമായി ഒരു ബന്ധവുമില്ലെന്ന് ലീഗ് നേതാക്കള്‍ ഗീര്‍വാണമടിക്കുമ്പോള്‍ ചിരിക്കുകയല്ലാതെ നിവൃത്തിയില്ല. ആര്‍എസ്എസിന്റെ മുസ്ലിം ആക്രമണങ്ങളെ പ്രതിരോധിക്കാനെന്ന പേരിലാണ് എന്‍ഡിഎഫ് മുസ്ലിം യുവാക്കള്‍ക്കിടയില്‍ വേരൂന്നിയത്. ബാബറി മസ്ജിദ് തകര്‍ച്ചയ്ക്കും ഗുജറാത്ത് കലാപത്തിനും ശേഷമുണ്ടായ അരക്ഷിതാവസ്ഥയില്‍ എരിവ് പകര്‍ന്നാണ് എന്‍ഡിഎഫ് ഈ അജന്‍ഡ നടപ്പാക്കുന്നത്. എന്നാല്‍ കേരളത്തില്‍ എന്‍എഡിഎഫ് ആയുധമണിയുന്നത് സിപിഐ എം പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാനാണ്. കൊല്ലം പുനലൂരിലെ അഷ്റഫ് വധവും നാദാപുരത്തെ ബിനുവധവും ഇപ്പോള്‍ തിരൂരില്‍ നടന്ന താലിബാന്‍ മോഡല്‍ വധശ്രമവും തെളിയിക്കുന്നത് ഇതാണ്. ഈ കിരാതവാഴ്ചക്ക് എന്‍ഡിഎഫിന്റെ പിന്തുണയില്‍ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരും മുസ്ലിംലീഗും എല്ലാ പിന്തുണയും നല്‍കുന്നത് നാം തിരിച്ചറിയാതെപോകരുത്.

** റഷീദ് ആനപ്പുറം

11 July, 2011

എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് & സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ

ചോ: എന്താണ് എന്‍ഡിഎഫ്? അതിന്റെ പൂര്‍വ രൂപങ്ങള്‍ എന്തായിരുന്നു?

ഉ: കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ പലപാട് പേര് മാറ്റിയ ഇക്കൂട്ടര്‍ നാഷണല്‍ ഡവലപ്മെന്റ് ഫ്രണ്ട് എന്ന് പുറത്തും നാഷണല്‍ ഡിഫന്‍സ് ഫോഴ്സ് എന്ന് അകത്തും അറിയപ്പെടുന്നു. 1980കളുടെ ആദ്യപാദത്തില്‍ 'ഇന്ത്യയുടെ മോചനം ഇസ്ളാമിലൂടെ' എന്ന് ഉദ്ഘോഷിച്ചു നടന്ന 'സിമി'യുടെ നേതൃനിരയിലും അവരുണ്ടായിരുന്നു. പിന്നീട് അവര്‍ 'കൈമ'യും (കോഴിക്കോട് യങ്മെന്‍ അസോസിയേഷന്‍) 'വൈമ' (വയനാട് യങ്മെന്‍ അസോസിയേഷന്‍)യും 'പൈമ'യും (പാലക്കാട് യങ്മെന്‍ അസോസിയേഷന്‍) ഉണ്ടാക്കി രംഗത്തു വന്നു. 1993ല്‍ എന്‍ഡിഎഫ് ആയി. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിലും എസ്ഡിപിഐ (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ)യിലും എത്തിനില്‍ക്കുന്നു.
 
ചോ: എന്താണ് ഇവരുടെ പരിപാടി?

ഉ: ഇരുളില്‍ അവര്‍ നായ്ക്കളുടെ ഗളഹസ്തം നടത്തും. അബദ്ധത്തില്‍ വാലും അരിഞ്ഞുവീഴ്ത്താറുണ്ട്. ഓടുന്ന ബൈക്കില്‍ 'താളാത്മകമായി' ബാലന്‍സ് ചെയ്താണ് ഇത്തരം അഭ്യാസങ്ങള്‍. ഫാസിസ്റുകളെ ചെറുക്കാനാണത്രെ ഇത്തരം മൃഗയാവിനോദങ്ങള്‍! പട്ടാപ്പകലാകട്ടെ നടുറോഡില്‍ കിടത്തി മതനിന്ദ ആരോപിച്ച് മനുഷ്യരുടെ കൈപ്പത്തി ഛേദിക്കും. എന്നിട്ട് ആരാന്റെ വീട്ടുമുറ്റത്തേക്കെറിയും. അതും കഴിഞ്ഞ് പ്രഥമശുശ്രൂഷയ്ക്കായി ദന്തഡോക്ടറെ കാണും. ഇതൊക്കെ കണ്ടും കേട്ടും മറ്റേ ഫാസിസ്റുകള്‍ ഊറിച്ചിരിക്കുകയാണ്. അവര്‍ക്ക് പരമാനന്ദംകൊണ്ട് ഇരിക്കാനും വയ്യ, നില്‍ക്കാനും വയ്യ എന്ന അവസ്ഥയാണ്. 'പ്രതിരോധം അപരാധമല്ല' എന്നായിരുന്നു കുറച്ചു മുമ്പ് പറഞ്ഞുനടന്നിരുന്നത്. ഇപ്പോള്‍ 'ആക്രമണം അപരാധമല്ല' എന്ന് തിരുത്തിയിരിക്കുന്നു.

ചോ: "പ്രവാചകനിന്ദയ്ക്കാണ് കൈപ്പത്തി വെട്ടിമാറ്റിയത്. അത് അത്ര വലിയ സംഗതിയാക്കേണ്ടതില്ല'' എന്നാണ് ചാനലുകളായ ചാനലുകളിലെല്ലാം പേര്‍ത്തും പേര്‍ത്തും എന്‍ഡിഎഫ് വക്താക്കള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. ഇത് അക്രമിസംഘത്തെ പരസ്യമായി ന്യായീകരിക്കുന്ന നിലപാടല്ലേ?

ഉ: ഭീകര പ്രവര്‍ത്തനത്തെ വെള്ളപൂശുന്ന ഈ വാചകക്കസര്‍ത്ത് കേരളീയരെ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരാക്കിയിരിക്കുന്നു. ഇന്ത്യയുടെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും ജനാധിപത്യവും തങ്ങള്‍ അംഗീകരിക്കുന്നില്ല എന്നും തങ്ങള്‍ക്ക് അഹിതമായത് പ്രവര്‍ത്തിക്കുന്നവരെ സമാന്തര ശിക്ഷാവിധികളിലൂടെ നേരിടുമെന്നുമുള്ള ധിക്കാര പ്രഖ്യാപനമാണ് ഇത്. ഇങ്ങനെ വ്യത്യസ്ത സമുദായങ്ങളില്‍പെട്ട ഭീകരവാദികള്‍ തീരുമാനിച്ചാല്‍ നാട് കബന്ധങ്ങള്‍കൊണ്ട് നിറയും. മുഹമ്മദ്നബി തന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ക്കുപോലും മാപ്പുകൊടുത്ത മഹാനുഭാവനാണ്. നബിയുടെ യശസ്സും തേജസും പതിനാല് നൂറ്റാണ്ട് പിന്നിട്ടിട്ടും ഒളിമങ്ങാതെ നിലനില്‍ക്കുന്നത് ഇത്തരം ഗുണ്ടകളുടെയും ഊളന്മാരുടെയും 'ഹസ്തഛേദനയജ്ഞം' കൊണ്ടല്ല. യഥാര്‍ഥത്തില്‍ 'പ്രവാചകനിന്ദ'യില്‍ മനംനൊന്തൊന്നുമല്ല ഇവര്‍ ഈ കാട്ടാളകൃത്യം നടത്തിയത്. കേരളത്തിനും ഇന്ത്യക്കും പുറത്തുള്ള ഒരു ഓഡിയന്‍സിനുവേണ്ടിയാണ് ഈ നീചകൃത്യം നടത്തിയത്; ചില ബാഹ്യശക്തികളെ പ്രീതിപ്പെടുത്താന്‍. അത്തരം ബാഹ്യശക്തികളുടെ 'കാരുണ്യം'കൊണ്ടാണ് ഇന്നോവ കാറുകളില്‍ കറങ്ങിയും ശീതീകൃത സൌധങ്ങളില്‍ ഉറങ്ങിയും ഇവര്‍ സുഖലോലുപരായി കാലക്ഷേപം നടത്തുന്നത്. ഇടയ്ക്കൊരാളെ കാലപുരിക്കയച്ചില്ലെങ്കില്‍, വല്ലപ്പോഴും ആരുടെയെങ്കിലും കൈവെട്ടിയില്ലെങ്കില്‍ വിദേശത്തുനിന്നുള്ള ധനപ്രവാഹം നിലയ്ക്കും. മതത്തിന്റെ മറപിടിച്ച് നടത്തുന്ന തീവ്രവാദ ബിസിനസ് പൊളിയും. ഇന്നത്തെ പല പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും രണ്ട് പതിറ്റാണ്ടുമുമ്പ് എങ്ങനെ ജീവിച്ചിരുന്നു, ഇപ്പോള്‍ ഏതുവിധം ജീവിക്കുന്നു എന്നന്വേഷിച്ചാല്‍ കാര്യങ്ങളുടെ കിടപ്പ് ആര്‍ക്കും അനായാസം ബോധ്യമാകും
.
 
ചോ: ഇവര്‍ക്ക് ഈ നാടിന്റെ ഭരണഘടനയിലും നീതിന്യായക്രമത്തിലും എന്തുകൊണ്ടാണ് വിശ്വാസമില്ലാത്തത്?

ഉ: എങ്ങനെ വിശ്വാസമുണ്ടാകും? ഇക്കൂട്ടര്‍ അടവും തടവും പഠിച്ച പ്രത്യയശാസ്ത്രക്കളരി ജമാഅത്തെ ഇസ്ളാമിയുടേതാണ്. ജമാഅത്തിലോ അതിന്റെ ആദ്യകാല വിദ്യാര്‍ഥിവിഭാഗമായ 'സിമി'യിലോ പ്രവര്‍ത്തിച്ചവരാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പല നേതാക്കളും. ജമാഅത്തിന് ഇന്ത്യന്‍ ഭരണകൂടം 'താഗൂത്തി'യാണ് (പൈശാചികം/അനിസ്ളാമികം). മനുഷ്യര്‍ക്ക് സ്വയംഭരണാവകാശമുള്ള ഒരു ഭരണസംവിധാനത്തെയും ഇക്കൂട്ടര്‍ അംഗീകരിക്കുന്നില്ല.

ചോ: ഇന്ത്യന്‍ ഭരണകൂടത്തെ അംഗീകരിക്കാത്ത, ജനാധിപത്യത്തെയും മതേതരത്വത്തെയും പരമപുച്ഛത്തോടെ വീക്ഷിക്കുന്ന ഇവര്‍ എന്തിനാണ് 'സ്വാതന്ത്യ്രദിനാഘോഷ'ത്തിന്റെ ഭാഗമായി ഫ്രീഡം പരേഡ് നടത്തുന്നത്?

ഉ: പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് ഒരു തരം മിമിക്രിയാണ്. രാഷ്ട്രത്തിന്റെ സ്വാതന്ത്യ്ര ദിനത്തില്‍തന്നെ രാഷ്ട്രത്തെ കൊഞ്ഞനംകുത്തുന്ന അനുകരണാഭാസം. ഇന്ത്യന്‍ പട്ടാള റെജിമെന്റുകള്‍ ഡല്‍ഹിയില്‍ മാര്‍ച്ച് ചെയ്യുമ്പോള്‍ ഇവര്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട നഗരകേന്ദ്രങ്ങളില്‍ മാര്‍ച്ച് നടത്തുന്നു. ഇന്ത്യന്‍ പട്ടാളത്തോടോ ഇന്ത്യന്‍ ജനതയോടോ ഉള്ള ഐക്യദാര്‍ഢ്യമല്ല, പ്രത്യുത വൈരമാണ് ഫ്രീഡം പരേഡിന്റെ അന്തര്‍ധാര. ഫ്രീഡം പരേഡുകള്‍ സംഘടിപ്പിക്കപ്പെടുന്ന കാലസന്ധികളില്‍തന്നെയാണ് കശ്മീരിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിനായി മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത വാര്‍ത്ത കേരളീയര്‍ അമ്പരപ്പോടെ കേട്ടത്. ആര്‍ക്കും രണ്ടുരീതിയില്‍ ഒരാളെ എതിര്‍ക്കാം.
ഒന്ന്, ഗൌരവത്തില്‍ നേര്‍ക്കുനേര്‍ കാര്യങ്ങള്‍ പറയാം.
രണ്ട്, അയാളുടെ ചേഷ്ടകളും ഭിന്നഭാവങ്ങളും സംസാരരീതിയും ആക്ഷേപകരമായി അനുകരിച്ച് പരിഹാസപൂര്‍വം എതിര്‍ക്കാം. ഫ്രീഡം പരേഡ് വാസ്തവത്തില്‍ ഇന്ത്യയുടെ സ്വാതന്ത്യ്രദിനത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഒരു ആക്ഷേപഹാസ്യ കെട്ടുകാഴ്ചയാണ്. പാകിസ്ഥാനിലെ അര്‍ധസൈനിക പരേഡുമായാണ് അതിന് കൂടുതല്‍ സാമ്യം. ചാരനിറമുള്ള ഷര്‍ട്ട് പാക് അര്‍ധസൈന്യമാണ് ധരിക്കുന്നത്. വലതുകൈ നെഞ്ചോട് ചേര്‍ത്ത് ആദരം അര്‍പ്പിക്കുന്നതും പാക് സൈനികരീതിതന്നെ.

ചോ: മുസ്ളിം ലീഗും എന്‍ഡിഎഫും തമ്മില്‍ എന്താണ്? എന്‍ഡിഎഫിന്റെ വോട്ട് വേണ്ടെന്നു പറയാനുള്ള ധിക്കാരം തനിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. എന്താണ് ഇതിന്റെയൊക്കെ ഗുട്ടന്‍സ്?

ഉ: മുസ്ളിം ലീഗിന്റെ ചിറകിനടിയില്‍ വളര്‍ന്ന്, ഇപ്പോള്‍ മുസ്ളിം ലീഗിന് കുടവിരിച്ചു നില്‍ക്കുന്ന സംഘടിത സായുധ സംഘമായി എന്‍ഡിഎഫ് വളര്‍ന്നിരിക്കുന്നു. എന്‍ഡിഎഫുകാര്‍ ഉള്‍പ്പെട്ട പല കേസും പിന്‍വലിക്കാന്‍ യുഡിഎഫ് ഭരണകാലത്ത് അത്യുത്സാഹത്തോടെ മുന്നിട്ടിറങ്ങിയത് കുഞ്ഞാലിക്കുട്ടിയും അനുചരന്മാരുമാണ്. കുഞ്ഞാലിക്കുട്ടി സാഹിബിന് വോട്ടും നോട്ടുമാണ് പരമപ്രധാനം. ഉമ്മന്‍ചാണ്ടിക്കും മറ്റൊന്നല്ല. തീവ്രവാദത്തിനെതിരെ പകല്‍സമയം വഴിപാടുപോലെ മുസ്ളിം ലീഗ് വാചാടോപങ്ങള്‍ നടത്തും. പക്ഷേ, സന്ധ്യ മയങ്ങിയാല്‍ സഹശയനം അവരോടൊപ്പമാണ്. തീവ്രവാദ വിരുദ്ധ പ്രസ്താവങ്ങള്‍ ലീഗില്‍ വനരോദനങ്ങളായി കലാശിക്കുകയാണ് പതിവ്.
 
ചോ: എന്‍ഡിഎഫ് എതിര്‍ക്കപ്പെടേണ്ട സംഘടനയാണ്. സംശയമില്ല. എന്നാല്‍ എങ്ങനെ?
 
ഉ: ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും നല്‍കുന്ന സൌകര്യങ്ങള്‍ ഉപയോഗിച്ചും രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയുടെ പഴുതുകള്‍ മുതലെടുത്തുമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വ്യവസ്ഥയുടെ സൌകര്യങ്ങള്‍ ഉപയോഗിച്ച് ആ വ്യവസ്ഥയെത്തന്നെ തുരങ്കംവയ്ക്കുന്ന തുരപ്പന്‍ പരിപാടി.
രണ്ടാമതായി, കണക്കററ വിദേശപണം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ വിദേശ ധനസ്രോതസ്സ് മുറിച്ചുമാറ്റിയാല്‍ തന്നെ എന്‍ഡിഎഫിന്റെ പാതിമുക്കാല്‍ കാറ്റും പോകും. അതിന് കൈമെയ് മറന്ന് ഉത്സാഹിക്കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരാണ്.
മൂന്നാമതായി, ഇത്തരം തീവ്രവാദ സംഘടനകളുടെ കൂട്ടോ വോട്ടോ വേണ്ടെന്ന് പറയാനുള്ള ആര്‍ജവവും ദീര്‍ഘവീക്ഷണവും കൂസലില്ലായ്മയും മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ടാകണം. അത് പക്ഷേ, ഉമ്മന്‍ചാണ്ടിയും യുഡിഎഫും പ്രദര്‍ശിപ്പിക്കുന്നില്ല.
നാലാമതായി, തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി അടിച്ചമര്‍ത്തുന്നതോടൊപ്പം തീവ്രവാദ ആശയങ്ങള്‍ക്കെതിരെയുള്ള ഒരു പ്രത്യധീരവ്യവഹാരം വമ്പിച്ച ബോധവല്‍ക്കരണത്തിലൂടെ സമൂഹത്തില്‍ സൃഷ്ടിക്കണം. അതില്‍ നിര്‍ണായകമായ പങ്ക് വഹിക്കാനുള്ള പ്രത്യയശാസ്ത്ര ദാര്‍ഢ്യവും സംഘടനാശൃംഖലകളും രാഷ്ട്രീയ ഇച്ഛാശക്തിയുമുള്ളത് ഇടതുമതേതര പ്രസ്ഥാനങ്ങള്‍ക്കാണ്.

11 August, 2010

രചന: താലിബാന്‍ പണ്ഡിതന്‍, വിവര്‍ത്തനം: ലഷ്കര്‍ ഭീകരന്‍, വിതരണം: പോപ്പുലര്‍ ഫ്രണ്ട്

'ഇന്ത്യയില്‍ ഇസ്ളാമിക സര്‍ക്കാര്‍ സ്ഥാപിക്കുന്നതിനെ ഒരു ശക്തിക്കും തടയാനാകില്ല'-പോപ്പുലര്‍ഫ്രണ്ടിന്റെ അകത്തളങ്ങളില്‍ പ്രചരിപ്പിച്ച, ലഷ്കര്‍ ഭീകരന്‍ സര്‍ഫ്രാസ് നവാസ് തര്‍ജുമ ചെയ്ത ലഘുലേഖ പ്രഖ്യാപിക്കുന്നു. 'ജനാധിപത്യം പിശാചിന്റെ മാര്‍ഗ'മാണെന്നും അതേ ലഘുലേഖയുടെ ആമുഖത്തില്‍ തന്നെ പറയുന്നു. പിന്നെ എങ്ങനെ ഇസ്ളാമിക രാജ്യം? ഇതിന് ഉത്തരം തേടുകയാണ് ഇസ്ളാമും ജനാധിപത്യവും എന്ന ഈ ലഘുലേഖ.

ഇന്ത്യയുടെ ഭരണഘടനയെയോ, നിയമനിര്‍മാണ സഭയെയോ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ലഘുലേഖ സമ്മതിദാനാവകാശത്തിലൂടെ ഇന്ത്യയെ ഇസ്ളാമികമാക്കാമെന്ന ധാരണ മൌഢ്യമാണെന്നും പറയുന്നു. ഇതിനായി മറ്റു മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. 'ഇന്ത്യയിലെ 20 കോടിയിലികം വരുന്ന മുസ്ളിങ്ങള്‍ നമ്മുടെ ക്ഷണം സ്വീകരിച്ചാല്‍...എന്നാല്‍ ഇന്ത്യ മാത്രമല്ല; ലോകത്തിന്റെ വലിയൊരു ഭാഗം തന്നെ നിങ്ങള്‍ക്ക് കൈവശപ്പെടുമെന്ന് ഞാനുറച്ച് വിശ്വസിക്കുന്നു.' ഒപ്പം മറ്റുള്ളവരെയും ഇസ്ളാമിന്റെ മാര്‍ഗത്തില്‍ അണിചേര്‍ക്കണമെന്നും ലഘുലേഖ ആഹ്വാനം ചെയ്യുന്നു.

'നിയമം നിര്‍മിക്കാന്‍ മനുഷ്യന് അവകാശമില്ല, ഇസ്ളാമല്ലാത്തവരെ പൂര്‍ണമായി നിഷേധിക്കണം'-ലഘുലേഖയുടെ കാതല്‍ ഇതാണ്. 'ദൈവേതര വ്യവസ്ഥയുടെ ഭരണഘടന മുസ്ളിങ്ങള്‍ക്ക് ഒരര്‍ഥത്തിലും സ്വീകാര്യമല്ല. ഇസ്ളാമിന് മേധാവിത്വം നേടാന്‍ ഏതെങ്കിലുമൊരു വ്യാജവ്യവസ്ഥിതിയുടെ തണലാവശ്യമില്ല. ഇസ്ളാമിന്റെ മേധാവിത്വത്തിന് സ്വന്തം ജീവരക്തം നല്‍കി അതിനെ ശക്തിപ്പെടുത്തുന്ന കര്‍മോത്സുകരെയാണ് വേണ്ടത്. ജാലൂത്തിന്റെ സൈന്യത്തെ കല്ലുകള്‍കൊണ്ട് നേരിടുന്ന പോരാളികളെയാണ് ഇസ്ളാമിനാവശ്യം. ജനാധിപത്യമോ, മതേതരത്വമോ എന്തുമാകട്ടെ ഇസ്ളാമല്ലാത്തതെല്ലാം ജാഹിലിയ്യത്താണ്. അതില്‍നിന്ന് പൂര്‍ണമായും അകന്നുനിന്ന് അതിനോട് നിസ്സഹകരിക്കുകയും അതിന്റെ നാശത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് ഒരോ വിശ്വാസിയുടെ ബാധ്യതയാണ്'-ലഘുലേഖ പറയുന്നു. 'നിയമനിര്‍മാണ സഭ ആകാശത്തിനു കീഴിലെ ഏറ്റവും വലിയ നികൃഷ്ടജീവിയാണ്. സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത് അനിസ്ളാമികമാണ്. നിയമനിര്‍മാണ അധികാരം സഭയ്ക്കോ വ്യക്തികള്‍ക്കോ വകവെച്ചുകൊടുക്കുന്നത് ദൈവനിഷേധ(ശിര്‍ക്ക്)വുമാണ്.'

'ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഏറ്റവും നികൃഷ്ടമായ കുഫ്റാണ് മതേതരത്വം' എന്നതാണ് ലഘുലേഖയിലെ മറ്റൊരു പരാമര്‍ശം. 'മതത്തിന് അതിന്റെ സ്ഥാനം വകവെച്ചുകൊടുക്കണമെന്നേ മതേതരത്വം ആവശ്യപ്പെടുന്നുള്ളു. എന്നാല്‍ രാജ്യത്തിന്റെ ഭരണഘട നയിലോ, നിയമത്തിലോ, രാഷ്ട്രീയ മേഖലകളിലോ മതത്തെ പ്രവേശിപ്പിക്കുന്നില്ല.' ജനാധിപത്യത്തെ ഇസ്ളാമികമാക്കാമെന്നു വാദിക്കുന്നവരെയും ലഘുലേഖ വിമര്‍ശിക്കുന്നു. "ഇന്ത്യയില്‍ ഭൂരിപക്ഷം അമുസ്ളീമുകളാണ്. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് മാനിക്കപ്പെടുകയെന്ന് മനസ്സിലാക്കണം. അഥവാ മുസ്ളിം അംഗം ഒരു ബില്‍ അവതരിപ്പിച്ചാല്‍ അതിന്റെ ചര്‍ച്ചയില്‍ ഖാദിയാനികളും കാഫിറുകളും പലതും ഉദ്ധരിക്കും. ഇത്തരത്തില്‍ ജനാധിപത്യത്തെ ഇസ്ളാമികമാക്കാന്‍ ശ്രമിക്കുന്നവര്‍ മുസ്ളിങ്ങളെ ജനാധിപത്യത്തിന്റെ അടിമത്തരീതികള്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്.''

നിയസഭയിലെ അംഗത്വം ഹറാമാണെന്നും ലഘുലേഖ പറയുന്നു. 'മനുഷ്യനാവശ്യമായ നിയമ നിര്‍മാണത്തിന് അധികാരം ദൈവത്തിന് മാത്രമാണ്. മറിച്ച് നിയമം നിര്‍മിക്കുന്നവരെ ത്വാഗൂത്ത് എന്നാണ് വിശേഷിപ്പിക്കേണ്ടത്. പാര്‍ലമെന്റ് ഡല്‍ഹിയിലെ ഒരു കെട്ടിടമല്ല. മറിച്ച് മനുഷ്യരുടെ കൂട്ടായ്മയാണ്. ഇവരെല്ലാം ഭൂമിക്ക് ഭാരവുമാണ്. ഭരണഘടനയെയും നിയമത്തെയും സംരക്ഷിക്കാമെന്ന് അംഗം സത്യപ്രതിജ്ഞ ചെയ്യേണ്ടിവരുന്നുണ്ട്. അബ്കാരി സംഘത്തില്‍ അംഗങ്ങളാകുന്നതുപോലെയാണ് മുസ്ളിങ്ങള്‍ ജനപ്രതിനിധികളാകുന്നത്.' എന്നിങ്ങനെ പോകുന്നു 82 പേജുകളില്‍ വിവരിക്കുന്ന ലഘുലേഖ. അടിസ്ഥാന പ്രശ്നം, മതേതരത്വം, അല്ലാഹുവിന്റെ പങ്കാളിയാകാന്‍ താങ്കള്‍ സന്നദ്ധനാണോ, ശിര്‍ക്കിയന്‍ സഭയിലെ അംഗത്വം, സമ്മതിദാനത്തിന്റെ ശറഅ് കാഴ്ചപ്പാട് എന്നിങ്ങനെ ഏഴു അധ്യായങ്ങളിലായാണ് ഇസ്ളാമിക സര്‍ക്കാര്‍ സ്ഥാപിക്കുന്നതിന്റെ വഴികള്‍ തേടുന്നത്.

ഹിന്ദുത്വ തീവ്രവാദികള്‍ ഹിന്ദുത്വത്തിന്റെ മേല്‍ക്കോയ്മയ്ക്കായി ഉയര്‍ത്തുന്ന വാദത്തിന്റെ മറുവശം തന്നെയാണ് സര്‍ഫ്രാസിലൂടെ പോപ്പുലര്‍ഫ്രണ്ടും ഉയര്‍ത്തുന്നത്. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ ആചാര്യന്‍ എം എസ് ഗോള്‍വള്‍ക്കര്‍ ഹിന്ദുത്വത്തിന്റെ മേല്‍ക്കോയ്മ എന്ന ആശയം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എങ്ങനെയെന്ന് നോക്കുക: 'ഹിന്ദുസ്ഥാനിലെ ഹിന്ദുക്കള്‍ അല്ലാത്തവര്‍ ഹിന്ദുസംസ്കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദുമതത്തെ ആദരിക്കാനും ബഹുമാനിക്കാനും പഠിക്കണം, ഹിന്ദുരാഷ്ട്രത്തെ ആദര്‍ശവല്‍ക്കരിക്കുന്ന ആശയങ്ങളെ അല്ലാതെ ഒന്നിനെയും പ്രോത്സാഹിപ്പിച്ചുകൂടാ. അതായത് ഈ രാജ്യത്തോടും അതിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള പൈതൃകത്തോടുമുള്ള അസഹിഷ്ണുതയും കൃതഘ്നതയും ഉപേക്ഷിച്ചാല്‍ മാത്രം പോര, രാജ്യത്തോട് കൂറും സ്നേഹവും അര്‍പ്പണബോധവും വളര്‍ത്തിയെടുക്കുകയും വേണം. അല്ലെങ്കില്‍ അവര്‍ വിദേശികള്‍ മാത്രമായി കണക്കാക്കപ്പെടുകയോ, ഹിന്ദുരാഷ്ട്രത്തിന് പൂര്‍ണമായും കീഴ്പ്പെട്ട് ജീവിക്കുകയോ വേണം. ഒരു അവകാശവാദവുമില്ലാതെ ഒരു ആനുകൂല്യവും പറ്റാതെ പൌരാവകാശമടക്കം യാതൊരു പരിഗണനയും പ്രത്യേകാവകാശവുമില്ലാതെ ജീവിക്കുകയും വേണം.'(എം എസ് ഗോള്‍വള്‍ക്കര്‍-നാം അഥവാ നമ്മുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുന്നു-1938, പേജ് 27)

ആശയത്തില്‍ മാത്രമല്ല ഈ പൊരുത്തം. സംഘപരിവാരങ്ങളെ എങ്ങനെയാണോ ആര്‍എസ്എസ് നിയന്ത്രിക്കുന്നത് അതുപോലെയാണ് ഇമാംസ് കൌണ്‍സിലടക്കം 20 സംഘടനകളെ പോപ്പുലര്‍ ഫ്രണ്ടും നിയന്ത്രിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളിലും പൊലീസ് -സൈനിക സംവിധാനങ്ങളിലും ആര്‍എസ്എസ് സാന്നിധ്യം ഇന്ന് പരസ്യമാണ്. ചുരുങ്ങിയ കാലംകൊണ്ട് പോപ്പുലര്‍ഫ്രണ്ടും ഈ വഴിക്ക് ഏറെ മുന്നേറി. ആര്‍എസ്എസിന്റെ കുറുവടി സംഘം പോലെ പോപ്പുലര്‍ഫ്രണ്ടും പരേഡ് സേന രൂപീകരിച്ചു.

ഇന്ത്യയില്‍ ഇതര വിഭാഗങ്ങള്‍ക്ക് സ്വാതന്ത്യ്രദിനം ആഘോഷിക്കാന്‍ അവകാശമുള്ളതുപോലെ തങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് ഫ്രീഡം പരേഡ് നിരോധിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് അവകാശപ്പെട്ടത്. എന്നാല്‍ 'ഫ്രീഡം പരേഡ് ഇതുപോലെ തന്നെ ശത്രുവിനെതിരായ ഒരാക്രമണ'മാണെന്ന് പോപ്പുലര്‍ഫ്രണ്ടിന്റെ ഐഡിയോളജിക്കല്‍ ക്യാമ്പില്‍ നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു. 'അതോടൊപ്പം മുസ്ളീങ്ങള്‍ക്ക് ആത്മവീര്യം പകരുന്ന ശക്തിപ്രകടനവും.' കായികമായി ചെറുത്തുനില്‍ക്കുക മാത്രമല്ല ശത്രുവിന്റെ ശക്തി ചോര്‍ത്തിക്കളയുകയെന്നതും ചെറുത്തുനില്‍പ്പിന്റെ ഭാഗമാണെന്ന് സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു. കേരളത്തിലെയടക്കം മുസ്ളിങ്ങള്‍ ഉന്മൂലനം നേരിടുന്നു എന്ന് പ്രചരിപ്പിച്ചാണ് ഈ ചെറുത്തു നില്‍പ്പിന് പോപ്പുലര്‍ ഫ്രണ്ടിന്റെ ആഹ്വാനം. മുസ്ളിമിതര വിഭാഗങ്ങള്‍ക്ക് മാത്രമല്ല പോപ്പുലര്‍ഫ്രണ്ടിന്റെ ഭീഷണി. മുസ്ളിങ്ങള്‍ നേരിടുന്ന മറ്റൊരു പ്രശ്നം വിവിധ സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ ഐക്യമില്ലായ്മയാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇതിന് പരിഹാരമായി എല്ലാ മുസ്ളിങ്ങള്‍ക്കും ഒറ്റ സംഘടന യെന്നും അത് പോപ്പുലര്‍ ഫ്രണ്ടാണെന്നും സ്ഥാപിക്കാനാണ് സര്‍ക്കുലര്‍ ശ്രമിക്കുന്നത്.

സഅദ് അബ്ദുള്ള എന്ന താലിബാന്‍ അനുകൂല ഇസ്ലാമിക പണ്ഡിതന്‍ ഉറുദുവില്‍ എഴുതിയ പുസ്തകം ബംഗളൂരു സ്ഫോടനക്കേസിലെ പ്രതിയായ സര്‍ഫ്രാസ് നവാസാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. ഒരു സാക്ഷി പ്രസിദ്ധീകരണം എന്നു പറയുന്ന ലഘുലേഖയില്‍ എറണാകുളം ബാനര്‍ജി റോഡിലെ വിലാസമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍ ഈ മേല്‍വിലാസം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. കൃതി പുനഃപ്രസിദ്ധീകരിക്കാന്‍ പ്രസാധകരുടെ അനുവാദം വേണ്ടെന്നും പ്രസാധകക്കുറിപ്പിനോടൊപ്പം അച്ചടിച്ചിട്ടുണ്ട്. ഇതിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് ഈ പുസ്തകത്തിന്റെ ആയിരക്കണക്കിന് കോപ്പികളാണ് അച്ചടിച്ച് അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തത്, സംഘടനയുടെ യഥാര്‍ഥ രാഷ്ട്രീയനയപ്രഖ്യാപനം പോലെ.

ഈ ലഘുലേഖകളും സര്‍ക്കുലറുകളും പോപ്പുലര്‍ ഫ്രണ്ടിന്റെ ഐഡിയോളജിക്കല്‍ ക്യാമ്പുകളിലാണ് ചര്‍ച്ച ചെയ്യുക. ഈ ചര്‍ച്ചകളിലാണ് ഇതിന്റെ കര്‍മമാര്‍ഗങ്ങള്‍ തയ്യാറാക്കുക. താലിബാന്‍ ശിക്ഷാവിധികള്‍ ചിത്രീകരിച്ച സിഡികളും ഈ ക്യാമ്പുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നതും ഇവയോടൊപ്പം കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. ഒപ്പം പോപ്പുലര്‍ഫ്രണ്ടിന് അപ്രിയമായതെന്തും സ്വന്തം കോടതിയില്‍ വിധിച്ച് വിധി നടപ്പാക്കുന്ന ഭീകരസംഘടനയായും അത് വളര്‍ന്നു. മുസ്ളീം വിഭാഗത്തിലെ അസംതൃപ്തിക്കും അമര്‍ഷത്തിനും ബാബറിപള്ളി തകര്‍ത്തതടക്കമുള്ള ചരിത്രപരവും തികച്ചും ന്യായവുമായ ചില കാരണങ്ങളുണ്ടെന്നത് ഹിന്ദുക്കളടക്കമുള്ള ബഹുഭൂരിപക്ഷം വരുന്ന പൊതുജനാധിപത്യ സമൂഹം അംഗീകരിച്ചിട്ടുള്ളതാണ്. അതിന് പരിഹാരം രാഷ്ട്രീയമല്ല; ഭീകരവാദമാണെന്ന നിലയിലേക്ക് മാറുമ്പോള്‍ അതിനെ ചെറുത്തേ തീരൂ. 1992ല്‍ സിമി നിരോധനത്തിന് ശേഷം രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചെറിയ തീവ്രവാദ ഗ്രൂപ്പുകള്‍ ഉടലെടുത്തിരുന്നു. അതിലൊന്നാണ് എന്‍ഡിഎഫ്. പുറമെ തീര്‍ത്തും ഒരു സന്നദ്ധ സംഘടന. ഈ മറവിലാണ് കഴിഞ്ഞ പതിനേഴുവര്‍ഷം ഇവര്‍ പ്രവര്‍ത്തിച്ചത്. പൊതുസമൂഹത്തിന്റെ നിഷ്ക്രിയതയില്‍ നടത്തിയ ഈ പ്രവര്‍ത്തനമാണ് പോപ്പുലര്‍ഫ്രണ്ടിനെ വീടിനെ വിഴുങ്ങുന്ന വിഷവൃക്ഷമായി വളര്‍ത്തിയത്.



ഡി ദിലീപ്

10 August, 2010

കൊത്തിയരിയപ്പെട്ട കൈ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

വര്‍ഗീയക്കോമരങ്ങളുടെ ഉറഞ്ഞുതുള്ളലുകളെ പ്രതിരോധിക്കുകയും അതിജീവിക്കുകയുംചെയ്ത ചരിത്രമുള്ള നാടാണ് കേരളം. ഇന്ത്യയില്‍ പലയിടങ്ങളിലും വര്‍ഗീയ കലാപങ്ങളും വംശഹത്യകളും അഴിഞ്ഞാടിയപ്പോഴും നമ്മുടെ നാട് അതില്‍നിന്നും വേറിട്ടുനിന്നു. സംഘപരിവാരത്തിന് പല സംസ്ഥാനങ്ങളിലും രാഷ്ട്രീയമേധാവിത്വം ലഭിച്ചപ്പോഴും ഈ മണ്ണില്‍ അവര്‍ക്ക് സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞില്ല. പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും നിയമസഭയില്‍ മരുന്നിനുപോലും ബിജെപിക്ക് പ്രാതിനിധ്യം ലഭിച്ചില്ല. കോണ്‍ഗ്രസ് പലപ്പോഴും ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട് രഹസ്യമായി ഉണ്ടാക്കിയെങ്കിലും ജനം അത് അംഗീകരിച്ചില്ല. കേരളത്തിന്റെ ഈ മതനിരപേക്ഷ സ്വഭാവം സ്വഭാവികമായി രൂപംകൊണ്ടതല്ല. അതിനുപിന്നില്‍ ചോരപുരണ്ട ചരിത്രമുണ്ട്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ത്യാഗനിര്‍ഭരമായ ഇടപെടലുകളാണ് ഈ അടിത്തറയുടെ പ്രധാന ശക്തി. അതാതു മതത്തില്‍പ്പെട്ടവര്‍ക്കു മാത്രമേ അവരവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിയൂയെന്ന പ്രതിലോമ പാഠങ്ങളല്ല പ്രയോഗത്തിനു വഴികാട്ടിയത്. വിശാലമായ വര്‍ഗതാല്‍പര്യത്തിനു എങ്ങനെയാണ് വര്‍ഗീയത എതിരാകുന്നതെന്ന് തിരിച്ചറിഞ്ഞ് നടത്തിയ ഇടപെടലുകള്‍ക്കിടയിലാണ് തലശ്ശേരിയിലെ യു കെ കുഞ്ഞിരാമനെപ്പോലുള്ള ധീരസഖാക്കള്‍ക്ക് ജീവന്‍ നഷ്ടമായത്.

ഭൂരിപക്ഷത്തെ അടിസ്ഥാനമാക്കിയ വര്‍ഗീയതയെ പ്രതിരോധിക്കണമെങ്കില്‍ ന്യൂനപക്ഷവും ഭൂരിപക്ഷത്തിലെ മതനിരപേക്ഷ ശക്തികളും ചേരുന്ന വിശാല മുന്നണിക്കേ കഴിയൂ. ന്യൂനപക്ഷം വര്‍ഗീയമായി എത്ര സംഘടിച്ചാലും ഭൂരിപക്ഷമാകില്ലെന്ന ലളിതപാഠം എപ്പോഴും ഇ എം എസ് ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. എന്നുമാത്രമല്ല അത്തരം പ്രവര്‍ത്തനങ്ങള്‍ മതനിരപേക്ഷ വാദികളില്‍ ഒരു ചെറുവിഭാഗത്തെയെങ്കിലും വര്‍ഗീയ ചിന്തകളിലേക്ക് നയിക്കുന്ന പരിസരം സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്ന പ്രവര്‍ത്തനം മതനിരപേക്ഷതക്ക് നേരെ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എന്‍ഡിഎഫ് എന്നും പോപ്പുലര്‍ ഫ്രണ്ടെന്നും എസ്ഡിപിഐ എന്നുമുള്ള പേരില്‍ അറിയപ്പെടുന്ന സംഘടന പൊതുസമൂഹത്തില്‍ ബോധപൂര്‍വം നടത്തിയ പല ഇടപെടലുകളും സമര്‍ഥമായി മറച്ചുവെക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. സാമ്രാജ്യത്വവിരുദ്ധം, ഫാസിസ്റ്റ് വിരുദ്ധം എന്നിങ്ങനെയുള്ള പേരില്‍ സംഘടിപ്പിച്ച പരിപാടികളിലൂടെയും ദളിത്, പരിസ്ഥിതി എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ ഏറ്റെടുത്തും പൊതുസമൂഹ സമ്മതനിര്‍മിതിക്കായാണ് ശ്രമിച്ചത്. സമൂഹത്തില്‍ പൊതുവെ അംഗീകാരമുള്ള പല ചിന്തകരെയും തങ്ങളുടെ വേദികളില്‍ അണിനിരത്താനും ഇക്കൂട്ടര്‍ക്ക് കഴിഞ്ഞു. സാമ്രാജ്യത്വവും ഫാസിസവും ഭീകരരീതികളിലൂടെ കടന്നുപോകുമ്പോള്‍ അതിനെതിരായ ഇടപെടലുകള്‍ക്ക് ഭീകരരൂപം വരുന്നതില്‍ തെറ്റില്ലെന്ന് ഇവര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചു.

യുഡിഎഫ് അധികാരത്തിലിരിക്കുമ്പോഴാണ് ഇക്കൂട്ടരുടെ പ്രവര്‍ത്തനങ്ങള്‍ യഥേഷ്ടം നടന്നത്. ഇവരെ പരസ്യമായി എതിര്‍ത്തത് സിപിഐ എമ്മും ഇടതുപക്ഷ സംഘടനകളുമാണ്. പലയിടങ്ങളിലും പാര്‍ടി പ്രവര്‍ത്തകര്‍ എന്‍ഡിഎഫിനാല്‍ ആക്രമിക്കപ്പെട്ടു. നിരവധി സഖാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മറ്റൊരു രാഷ്ട്രീയപാര്‍ടിയുടെ പ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്ത് ഇത്രയേറെ ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരസ്യമായി യുഡിഎഫ് ഇവരുമായി കൂട്ടുകെട്ടുണ്ടാക്കി. മുസ്ളിംലീഗിന്റെ സ്ഥാനാര്‍ഥി ആരായിരിക്കണമെന്നുവരെ എന്‍ഡിഎഫ് തീരുമാനിക്കുന്ന അപമാനകരമായ അവസ്ഥയും നാട്ടില്‍ ഉണ്ടായി. അധ്യാപകന്റെ കൈ വെട്ടിയെടുത്ത സംഭവത്തിനുശേഷം പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയാന്‍ ഉമ്മന്‍ചാണ്ടി ധൈര്യം കാണിച്ചില്ല. കെ സുധാകരനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പോപ്പുലര്‍ ഫ്രണ്ടിനെ സിപിഐ എമ്മുമായി താരതമ്യപ്പെടുത്തി അവര്‍ക്ക് പൊതുസമ്മതി നല്‍കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോഴെല്ലാം വര്‍ഗീയശക്തികള്‍ക്ക് വളരാന്‍ വളക്കൂറുള്ള മണ്ണൊരുക്കി എന്നത് ചരിത്രസത്യമാണ്.

ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും അടിസ്ഥാനപ്പെടുത്തിയ വര്‍ഗീയശക്തികള്‍ക്ക് വളരുന്നതിന് സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്തേണ്ടതുണ്ടെന്ന തിരിച്ചറിവോടെയുള്ള പ്രവര്‍ത്തനം നാട്ടില്‍ നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ശാരീരികമായി വകവരുത്തി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നത് അതിന്റെ ഒരു ഭാഗം മാത്രമാണ്. തീവ്ര ഇടതുപക്ഷ മുഖമണിഞ്ഞ പ്രചാരവേല ഇതിന്റെ മറ്റൊരു ഉപകരണമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനം പ്രസക്തമല്ലെന്നും ഇടതുപക്ഷ മുദ്രാവാക്യങ്ങള്‍ ഏറ്റെടുക്കുന്നതിനു നവപ്രസ്ഥാനങ്ങള്‍ ആവശ്യമാണെന്നുമുള്ള വാദം ഇതിന്റെ ഭാഗമാണ്. മുഖ്യധാരാ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ഇവര്‍ പ്രചരിപ്പിച്ചു. കടുത്ത മതമൌലികവാദത്തിന്റെ സംഘടനകളും ഭീകരവാദികളും ഇടതുപക്ഷ തോല്‍ എടുത്തണിഞ്ഞ് വിവിധ പേരുകളില്‍ രംഗത്തിറങ്ങി. ഇടതുപക്ഷ രാഷ്ട്രീയത്തിന് ശക്തമായ സ്വാധീനമുള്ള നാട്ടില്‍ അത് സൃഷ്ടിച്ച അടിത്തറ തകര്‍ത്ത് അകത്തുകയറുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായിരുന്നു ശ്രമം.

മറുവശത്ത് അരാഷ്ട്രീയപരിസരം ഒരുക്കുന്നതിനുള്ള ശ്രമവും നടത്തി. വിദ്യാര്‍ഥിരാഷ്ട്രീയത്തെ ക്യാമ്പസുകളില്‍നിന്നും ആട്ടിയോടിക്കുന്നതിന് വിവിധ വിഭാഗങ്ങള്‍ നടത്തിയ ശ്രമത്തിന് കുറെയൊക്കെ പൊതുസമ്മതം സൃഷ്ടിച്ചെടുക്കുന്നതില്‍ ഇക്കൂട്ടര്‍ വിജയിച്ചു. മാധ്യമങ്ങളുടെയും നീതിപീഠത്തിന്റെയും പിന്തുണയോടെ രാഷ്ട്രീയം നിരോധിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതത്തിന്റെ പേരിലുള്ള സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കി. അവര്‍ വിഷം കുത്തിവെച്ച് പുറത്തുവിട്ടവര്‍ ഭീകര സംഘടനകളുടെ പ്രവര്‍ത്തകരായി പരിണമിച്ചു. മതത്തിന്റെ പേരില്‍ ചിഹ്നങ്ങളും അടയാളങ്ങളും അണിയുന്നത് അഭിമാനകരമായ സംഗതിയാണെന്ന പ്രചാരവേലയും ഒപ്പം നടന്നു. അടയാളങ്ങള്‍ അണിയുന്നതിന്റെ ഫാസിസ്റ്റ് വിരുദ്ധത അവതരിപ്പിക്കാന്‍ ചില സൈദ്ധാന്തികരും രംഗത്തിറങ്ങി. ഇവയെല്ലാം ചേര്‍ന്ന് ഒരുക്കിയ വളക്കൂറുള്ള മണ്ണിലാണ് അധ്യാപകന്റെ കൈ പകല്‍വെളിച്ചത്തില്‍ പരസ്യമായി വെട്ടിമാറ്റിയത്. അതിനായി സമാന്തര നീതിപീഠം വിധിയും പ്രഖ്യാപിച്ചു.

ആഗോളവല്‍ക്കരണനയങ്ങള്‍ ശക്തമായി നടപ്പിലാക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലം അതിശക്തമായ പോരാട്ടം ആവശ്യപ്പെടുന്ന സന്ദര്‍ഭമാണ്. വര്‍ഗീയശക്തികള്‍ ഈ ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. സാമ്രാജ്യത്വവിരുദ്ധമാണെന്ന് അവകാശപ്പെടുന്ന വര്‍ഗീയ, ഭീകരവാദ സംഘടനകള്‍ യഥാര്‍ഥത്തില്‍ വിശാലമായ സാമ്രാജ്യത്വ വിരുദ്ധമുന്നണിയെ തകര്‍ക്കാനാണ് പ്രയോഗത്തിലൂടെ ശ്രമിക്കുന്നത്. ഹിന്ദുത്വശക്തികളുടെ ഭീകരവാദപ്രവര്‍ത്തനം തുറന്നുകാട്ടപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍ അതിനെതിരെ ഉയരേണ്ട ജനവികാരത്തെ വഴിതിരിച്ചുവിടാന്‍ സഹായിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളുടെ ഭീകരവാദവഴികള്‍ സഹായിക്കുന്നത്. മഹാഭൂരിപക്ഷം വരുന്ന ഇസ്ളാംമത വിശ്വാസികളും ഈ യാഥാര്‍ഥ്യം തിരിച്ചറിയുന്നുണ്ട്. അവര്‍ ഭീകരവാദത്തിന്റെ വഴിയെ തള്ളിപ്പറയുന്നത് മനസ്സിലാക്കിയാണ് ഇക്കൂട്ടര്‍ പോപ്പുലര്‍ ഫ്രണ്ട് സമം ഇസ്ളാം എന്ന പുതിയ സമവാക്യം ആര്‍എസ്എസിന്റെ വഴി പിന്തുടര്‍ന്ന് സൃഷ്ടിക്കുന്നത.് യുഡിഎഫ് അതിനെ പിന്തുണക്കുകയും ചെയ്യുന്നു. എന്നാല്‍, ഇപ്പോഴും ശക്തമായ മതനിരപേക്ഷ അടിത്തറയുള്ള കേരളം ഇതെല്ലാം തിരിച്ചറിയുകതന്നെ ചെയ്യും.

പി രാജീവ്