Showing posts with label ചരിത്രം. Show all posts
Showing posts with label ചരിത്രം. Show all posts

02 May, 2011

ഹിന്ദുവിന് കുടിവെള്ളം കൊടുക്കുന്ന മുസല്‍മാന്‍

തെരഞ്ഞെടുപ്പു ദിവസം ഞാന്‍ ഊരു ചുറ്റുകയായിരുന്നു. എനിയ്ക്ക് വോട്ടില്ല എന്നതായിരുന്നു കാരണം. വോട്ട് ഡല്‍ഹിയിലായിപ്പോയതില്‍ ദുഃഖിച്ച ദിവസമായിരുന്നു അത്. വോട്ടുചെയ്യുക എന്നത് ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിയെ ജയിപ്പിക്കുക എന്നതു മാത്രമല്ല. അത് രാഷ്ട്രീയമായ തന്റെ നിലപാട് രേഖപ്പെടുത്തുക എന്നതുകൂടിയാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍മാത്രം ലഭിയ്ക്കുന്ന ഒരപൂര്‍വ സന്ദര്‍ഭം.

ഞാന്‍ പോയത് പയ്യന്നൂരിലായിരുന്നു. കൂടെ കൈരളി ചാനലിന്റെ ഗള്‍ഫ് അസോസിയേറ്റ് എഡിറ്റര്‍ ഇ എം അഷ്റഫുമുണ്ടായിരുന്നു. ലിപി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഒരേ ഒരു ജീവിതം എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് നിര്‍വഹിക്കുവാനായിരുന്നു ആ യാത്ര. ഒരേ ഒരു ജീവിതം സ്വാമി ആനന്ദതീര്‍ഥരുടെ ജീവചരിത്രമാണ്. തെരഞ്ഞെടുപ്പ് എന്ന ചരിത്രസന്ധിയില്‍ ഒരു മലയാളിയ്ക്ക് അനുസ്മരിക്കാന്‍ പറ്റിയ വിഷയം തന്നെയല്ലേ ഇത്?

ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത് അതിന്റെ പോരാട്ടങ്ങളുടെ ചരിത്രമാണ്. ഈ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതേയാക്കുമെന്ന കുപ്രചാരണം ചുറ്റും നടക്കുമ്പോഴെല്ലാം നമ്മുടെ നവോത്ഥാനങ്ങളുടെയും സാമൂഹ്യ വിപ്ലവങ്ങളുടെയും ചരിത്രത്തിലേക്ക് നിശ്ശബ്ദം തിരിഞ്ഞുനോക്കുകയാണ് ഞാന്‍ ചെയ്തത്. അങ്ങനെ അവസാനിക്കുന്നതല്ല പുരോഗമന പ്രസ്ഥാനം എന്ന് ആ തിരിഞ്ഞുനോട്ടങ്ങള്‍ പറയുന്നുണ്ടായിരുന്നു.

സ്വാമി ആനന്ദതീര്‍ഥരുടെ ആശ്രമത്തില്‍വച്ചായിരുന്നു ചടങ്ങ്. സാധാരണഗതിയില്‍ ഒരു ആശ്രമത്തില്‍ കാല്‍ സ്പര്‍ശിക്കുമ്പോള്‍ ആത്മശാന്തിയാണ് അനുഭവപ്പെടുക. എന്നാല്‍ ആനന്ദതീര്‍ഥരുടെ ആശ്രമത്തില്‍ കാല്‍ കുത്തുമ്പോള്‍ ചോര തിളയ്ക്കുകയാണ് ചെയ്യുന്നത്. ആശ്രമത്തെ ഒരു സമരഭൂവാക്കി മാറ്റിയ മഹദ് വ്യക്തിയാണ് ആനന്ദതീര്‍ത്ഥര്‍ അല്ലെങ്കില്‍ അനന്തഷേണായി. പുലയരെപ്പോലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിലെ അധഃകൃത വര്‍ഗങ്ങളുടെ വിമോചനത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത ആനന്ദതീര്‍ഥരെ, ശ്രീനാരായണഗുരുവിനെയോ അയ്യങ്കാളിയെയോ അറിയുന്നതുപോലെ നമുക്കറിയില്ലെന്നു തോന്നുന്നു.

കീഴ്ജാതിക്കാരുടെ ഉന്നമനത്തിനായി ഐതിഹാസികമായ സമരങ്ങള്‍ നയിച്ച പലരും കീഴ്ജാതിക്കാര്‍ തന്നെയായിരുന്നു. സവര്‍ണനായി ജന്മംകൊണ്ടിട്ടുംഅവര്‍ണരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്നത് കമ്യൂണിസ്റ്റു പാര്‍ടിയുടെ പാരമ്പര്യമാണ്. അങ്ങനെയൊരാളായിരുന്നല്ലോ ഇ എം എസ്. ആ പാരമ്പര്യത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഒരാളാണ് ആനന്ദതീര്‍ത്ഥര്‍. ഗൗഡ സാരസ്വത ബ്രാഹ്മണനായി ജനിച്ചിട്ടും ഹരിജനങ്ങള്‍ക്കു വേണ്ടി ത്യാഗപൂര്‍ണമായ ജീവിതം നയിക്കുകയാണ് അദ്ദേഹം ചെയ്തത്. എന്റെ ഗര്‍ഭത്തില്‍ ഇങ്ങനെ ഒരു പുലയച്ചെറുക്കന്‍ എങ്ങനെയുണ്ടായി എന്ന് അമ്മ ദേവി അമ്മാള്‍ അത്ഭുതപ്പെട്ടിരുന്നു. കാരണം അനന്തഷേണായി എപ്പോഴും കൂട്ടുകൂടി നടന്നത് പുലയച്ചെറുക്കരുമായായിരുന്നു.

അനന്തഷേണായിയുടെ ജ്യേഷ്ഠ സഹോദരന്മാരില്‍ ഒരാള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അറ്റകുറ്റ പ്പണികള്‍ക്ക് മേല്‍നോട്ടം വഹിച്ച എന്‍ജിനിയറായിരുന്നു. അനന്തഷേണായിക്കും അതുപോലൊരു വഴിയില്‍ സഞ്ചരിക്കാമായിരുന്നു. പക്ഷേ അദ്ദേഹം ചെറുപ്രായത്തില്‍തന്നെ യാത്ര പുറപ്പെട്ടത് മറ്റൊരു ദിശയിലേയ്ക്കായിരുന്നു. യാത്രകളിലൂടെയാണ് തന്റെ സമൂഹത്തെ അനന്തഷേണായി അറിഞ്ഞത്. ഗ്രാമപ്രദേശത്തുകൂടി ചുറ്റിനടക്കുമ്പോഴാണ് സവര്‍ണ ഹിന്ദുക്കളില്‍നിന്ന് ഹരിജനങ്ങള്‍ക്കനുഭവിക്കേണ്ടി വരുന്ന നിരവധി കഷ്ടപ്പാടുകള്‍ നേരിട്ടറിയാന്‍ കഴിഞ്ഞത്. ഹിന്ദുത്വത്തിന്റെ പേരില്‍ നടക്കുന്ന ഈ നീചകൃത്യങ്ങളെ ശാശ്വതമായി അവസാനിപ്പിക്കുന്നതിനുവേണ്ടി ഞാനെന്റെ ജീവിതം സമര്‍പ്പിക്കുന്നു-1941ല്‍ അദ്ദേഹം പറഞ്ഞു.

സ്വാഭാവികമായും ശ്രീനാരായണഗുരു ദര്‍ശനങ്ങളില്‍ ആനന്ദതീര്‍ഥര്‍ ആകൃഷ്ടനായി. ഗ്രന്ഥകാരന്റെ ഭാഷയില്‍ പറഞ്ഞാല്‍, പുഴ കടലില്‍ ചെന്നെത്തിയതുപോലെയായിരുന്നു ആനന്ദതീര്‍ഥര്‍ ഗുരുദേവനിലെത്തിയതും. എട്ടു പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഹരിജന്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആനന്ദതീര്‍ഥര്‍ ആരംഭിച്ച ശ്രീനാരായണ വിദ്യാലയത്തിലെ ഹരിജന്‍ വിദ്യാര്‍ഥികളുമായി ഞാന്‍ സംസാരിച്ചു. അവര്‍ ഞങ്ങള്‍ക്ക് ചുടുചായ ഉണ്ടാക്കിത്തന്നു. അതിഥികളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ആ ചായ മൊത്തിക്കുടിച്ചു. അപ്പോള്‍ ഞാനാലോചിച്ചുപോയി; അധഃകൃത വര്‍ഗത്തിന്റെ ജീവിതം ഇന്ന് എത്രമാത്രം മാറിയിരിക്കുന്നു. അവരുണ്ടാക്കിത്തന്ന ചായ കുടിച്ച ഞങ്ങള്‍ക്കിടയില്‍ സവര്‍ണരും അവര്‍ണരും മുസ്ലിങ്ങളും ഉണ്ടായിരുന്നു. ഞങ്ങളാരുടെയും മനസ്സില്‍ ജാതി മത ചിന്തകളുണ്ടായിരുന്നില്ല. പക്ഷേ ഒരുകാലത്ത് എങ്ങനെയായിരുന്നു കീഴ്ജാതിക്കാരുടെ ജീവിതം?

പശുക്കളെ അടിച്ചെന്നാല്‍ ഉടമസ്ഥന്‍ തടുത്തീടും
പുലയരെ അടിച്ചെന്നാല്‍ ഒരുവരില്ല.
റോട്ടിലെങ്ങാനും നടന്നാല്‍ ആട്ടുകൊള്ളും.
തോട്ടിലേയ്ക്കൊന്നിറങ്ങിയാല്‍ കല്ലേറുകൊള്ളും.

(സമസ്ത കൊച്ചി പുലയ മഹാസഭയുടെ പ്രഥമ വാര്‍ഷിക സമ്മേളനത്തില്‍ കേട്ടത്). അങ്ങനെയായിരുന്നു അന്ന് അവര്‍ ജീവിച്ചത്.

ആനന്ദതീര്‍ഥര്‍ സമാധിയായ കട്ടിലും അദ്ദേഹം ഉപയോഗിച്ച വസ്തുക്കളും സംരക്ഷിച്ചുവച്ചിട്ടുണ്ട്. അദ്ദേഹം തന്റെ നിരവധി യാത്രകളില്‍ കൂടെ കൊണ്ടുപോയ വിലകുറഞ്ഞ ചെറിയ ബാഗും ചെരിപ്പും അവിടെ കണ്ടു. ആ മുറിയില്‍ നിശ്ശബ്ദനായി നില്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു പിടച്ചില്‍ അറിഞ്ഞു. എന്തുകൊണ്ടാണ് ഇന്ന് നമുക്ക് വലിയ ജീവിതങ്ങള്‍ ജീവിക്കുവാന്‍ കഴിയാതെ പോകുന്നത്? എന്തുകൊണ്ടാണ് ആനന്ദതീര്‍ത്ഥരെപ്പോലെയോ അയ്യങ്കാളിയെ പ്പോലെയോ ഉള്ള വലിയ മനുഷ്യര്‍ നമ്മുടെ ഇടയില്‍ ഇല്ലാതിരിക്കുന്നത്? ഒരുപക്ഷേ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചെറിയ മനുഷ്യരുടെ നൂറ്റാണ്ടായിരിക്കാം. എങ്കിലെന്ത്? ചെറിയവനായാലും വലിയവനായാലും ശരി, ഉള്ളില്‍ നന്മയുണ്ടായാല്‍ മതി, അല്ലേ? ആനന്ദതീര്‍ത്ഥരുടെ മരണശയ്യയുടെ മുമ്പില്‍ നിന്നുകൊണ്ട് അങ്ങനെയൊക്കെ ഞാന്‍ ആലോചിച്ചുപോയി

ഇ എം അഷ്റഫിന്റെ പുസ്തകത്തില്‍നിന്നും ആശ്രമത്തിന്റെ പ്രസിഡന്റ് വസുമിത്രനില്‍നിന്നും സ്വാമി ആനന്ദതീര്‍ത്ഥരുടെ ജീവിതത്തെക്കുറിച്ച് കുറേ അറിവുകള്‍ പകര്‍ന്നുകിട്ടി. നേരത്തെ സ്വാമിജിയെക്കുറിച്ച് ഞാന്‍ കൈവരിച്ച അറിവുകളില്‍ ധാരാളം വിടവുകളുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം ചേര്‍ത്തുവച്ച് നോക്കിയപ്പോള്‍ ആനന്ദതീര്‍ഥരെ എനിയ്ക്ക് മനസ്സിലാകുന്നുണ്ട് എന്നുതോന്നി. ഇ എം എസ് തന്റെ കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന പാടങ്ങളും മറ്റു സ്വത്തുക്കളും ദാനം ചെയ്തതുപോലെ സ്വാമി ആനന്ദതീര്‍ഥരും സര്‍വവും ശ്രീനാരായണ വിദ്യാലയത്തിനുവേണ്ടി ദാനംചെയ്തു. ഒരു ജോടി കാവിവസ്ത്രം മാത്രമായിരുന്നു പിന്നീട് സ്വാമിജിയുടെ സ്വത്ത്.

സാരസ്വത ബ്രാഹ്മണനും വിദ്യാസമ്പന്നനും (മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് എംഎ ബിരുദം നേടിയത്) തറവാട്ടുകാരനും ധനികനുമായ അനന്തഷേണായി തന്റെ ജീവിതം മുഴുവന്‍ ഹരിജനങ്ങളുടെ ഉന്നമനത്തിനായി അര്‍പ്പണം ചെയ്തു. അതൊരു ദുര്‍ഘടമായ യാത്രയായിരുന്നു. ഹരിജനങ്ങളുടെ ക്ഷേത്രപ്രവേശന സ്വാതന്ത്ര്യത്തിനുവേണ്ടി തലശേരി ജഗന്നാഥ ക്ഷേത്രത്തിലും ഗുരുവായൂര്‍ ക്ഷേത്രത്തിലുമെല്ലാം അദ്ദേഹം സമരംചെയ്തു. ഹരിജനങ്ങള്‍ക്കു മാത്രമല്ല അഹിന്ദുക്കള്‍ക്കും ഹൈന്ദവ ആരാധനാലയങ്ങളില്‍ പ്രവേശനം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്റെ കുട്ടിക്കാലം മുതല്‍തന്നെ തലശേരി ജഗന്നാഥക്ഷേത്ര ഉത്സവത്തിന് മുസ്ലിങ്ങള്‍ വരുന്നത് ഞാന്‍ കണ്ടിരുന്നു. എന്നാല്‍ അത് സ്വാമി ആനന്ദതീര്‍ത്ഥരുടെ പരിശ്രമഫലമായിരുന്നു എന്ന് അന്നെനിയ്ക്ക് അറിയില്ലായിരുന്നു. കീഴ്ജാതിക്കാര്‍ക്കും മറ്റു പിന്നോക്ക വര്‍ഗക്കാര്‍ക്കും മാത്രമല്ല അഹിന്ദുക്കള്‍ക്കും ദൈവാരാധന നടത്തുവാനും വിദ്യാഭ്യാസം ചെയ്യുവാനുമുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടിയുള്ള പരിശ്രമങ്ങള്‍ ആനന്ദതീര്‍ഥര്‍ തുടര്‍ന്നപ്പോള്‍ അധിക്ഷേപങ്ങളും അവഹേളനങ്ങളും സ്വാമിജിയെ പിന്തുടര്‍ന്നു. പിന്നീട് അത് ശാരീരികമായ ആക്രമണങ്ങളായി മാറി. പലതവണ അദ്ദേഹത്തിന് മര്‍ദനമേറ്റു. 1957ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇ എം എസ് സ്വാമിജിയുടെ സുരക്ഷയ്ക്കായി ഒരു സ്ക്വാഡിനെ നിയമിച്ചിരുന്നു.

കീഴ്ജാതിക്കാര്‍ക്കുവേണ്ടിയാണ് ആനന്ദതീര്‍ഥര്‍ ജീവിച്ചതും മരിച്ചതും. എന്നിട്ട് കീഴ്ജാതിക്കാരില്‍നിന്നും അദ്ദേഹത്തിന് അവഹേളനം ഏല്‍ക്കേണ്ടിവരികയുണ്ടായി. സബര്‍മതിയിലേക്കുള്ള നീണ്ട കാല്‍നട യാത്രയ്ക്കിടയില്‍ രത്നഗിരിയില്‍വച്ച് അദ്ദേഹത്തിന് കഠിനമായ ദാഹം അനുഭവപ്പെട്ടു. അവിടെ കണ്ട ഹരിജന്‍കുടിലില്‍ കയറി സ്വാമിജി കുടിക്കാന്‍ വെള്ളം ചോദിച്ചു. അദ്ദേഹം സവര്‍ണനാണെന്ന് മനസ്സിലാക്കിയ ഹരിജന്‍ കുടുംബം വെള്ളം നിഷേധിച്ചു. തുടര്‍ന്ന് ഒരു സവര്‍ണന്റെ വീട്ടില്‍ ചെന്ന് വെള്ളം ചോദിച്ചു. ഹരിജന്റെ കുടിലില്‍നിന്ന് സ്വാമി ഇറങ്ങിവരുന്നതുകണ്ട സവര്‍ണ കുടുംബവും അദ്ദേഹത്തിന് കുടിവെള്ളം കൊടുത്തില്ല. ദാഹംകൊണ്ട് തൊണ്ടപൊട്ടിയ സ്വാമിയ്ക്ക് അവസാനം കുടിനീര്‍ നല്‍കിയത് ഒരു മുസ്ലിമായിരുന്നു.

എല്ലാ മുസ്ലിങ്ങളെയും തീവ്രവാദികളായി കാണുന്ന പ്രവണത നമ്മുടെ ഇടയില്‍ വളര്‍ന്നുവരികയാണ്. എന്നാല്‍ അയിത്തോച്ചാടനത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനുംവേണ്ടി സമരങ്ങളും സത്യഗ്രഹങ്ങളും ചെയ്ത ആനന്ദതീര്‍ഥര്‍ക്ക് ദാഹിച്ചപ്പോള്‍ കുടിവെള്ളം നല്‍കിയത് ഒരു മുസ്ലിമാണ്. മാത്രമല്ല, സവര്‍ണര്‍ സ്വാമിജിയെ മര്‍ദിച്ചവശനാക്കുമ്പോള്‍ അദ്ദേഹത്തിന്റെ രക്ഷയ്ക്കായി ഓടിയെത്തിയത് മുസ്ലിങ്ങളായിരുന്നു. ഇതൊക്കെ ഇന്നാരെങ്കിലും ഓര്‍ക്കുന്നുണ്ടോ? ഓര്‍ക്കണം. അതിന് ഇ എം അഷ്റഫിന്റെ പുസ്തകം സഹായിക്കും.

@@
എം മുകുന്ദന്‍, കടപ്പാട് :ദേശാഭിമാനി വാരിക

28 December, 2010

മാപ്പിള കര്‍ഷക കലാപങ്ങള്‍ ദേശീയതക്കും മുമ്പേ

"ഇന്ത്യയിലെ കുലീന ചരിത്ര പാരമ്പര്യം' (elitist historiography) കര്‍ഷക സമരങ്ങളോട് ഒരു താല്‍പ്പര്യവും പുലര്‍ത്തിയിരുന്നില്ല. അത്തരം രചനകളില്‍ ഏതെങ്കിലും കര്‍ഷകസമരങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ തന്നെ അവ കര്‍ഷക ബോധ (peasant consciousness) ത്തിന് ബാഹ്യമായ സംഭവങ്ങളായാണ് പരാമര്‍ശിക്കപ്പെട്ടത്. പരപ്രേരണകൂടാതെ (spontaneous) രൂപപ്പെടുന്ന അത്തരം പ്രതിരോധങ്ങള്‍ കുലീന വ്യവഹാരങ്ങളില്‍നിന്നും തിരസ്കരിക്കപ്പെട്ടു. പരപ്രേരണ കൂടാതെ എന്ന കാരണത്താല്‍ മാത്രമാണ് ഇത്തരം ചെറുത്തുനില്‍പ്പുകള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്താതെപോയത്. വ്യക്തിപ്രഭാവമുള്ള നേതാക്കളുടെ ഇടപെടലുകളിലൂടെയോ പരിഷ്കൃതമായ സംഘടനകളിലൂടെയോ മാത്രം സാധ്യമാകുന്ന ഒരു കാര്യമായാണ് കര്‍ഷകരുടെ ധ്രുവീകരണം (polarisation of peasantry) കുലീന ചരിത്രത്തില്‍ വ്യവഹരിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ബൂര്‍ഷ്വാ ദേശീയ ചരിത്ര പാരമ്പര്യത്തിന് കര്‍ഷകപ്രസ്ഥാനങ്ങളെ വിശദീകരിക്കുന്നതിനായി മഹാത്മാഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ആഗമനംവരെ കാത്തിരിക്കേണ്ടിവന്നു. ആയതിനാല്‍ ഒന്നാം ലോകയുദ്ധംവരെ നടന്ന ഇത്തരം പ്രധാന സംഭവങ്ങളെല്ലാം തന്നെ സ്വാതന്ത്ര്യ സമരത്തിന്റെ പ്രാഗ്ചരിത്ര (prehistory) മായാണ് ചിത്രീകരിക്കപ്പെട്ടത്.'' കീഴാള ചരിത്രരചനയുടെ (subaltern historiography) സ്ഥാപകനായ രണജിത് ഗുഹ കര്‍ഷക സമരങ്ങളോട് ഇന്ത്യയിലെ ചരിത്രരചനാപാരമ്പര്യം പുലര്‍ത്തിയ നിസ്സംഗതയെക്കുറിച്ച് സൂചിപ്പിക്കുന്ന ഏതാനും വരികളാണ് മുകളില്‍ ഉദ്ധരിച്ചത്.

ദേശീയ പ്രസ്ഥാനത്തിന് മുമ്പ് ഇന്ത്യന്‍ ജനത നടത്തിയ കൊളോണിയല്‍ വിരുദ്ധ സമരങ്ങളിലേക്ക് വെളിച്ചം വീശുന്നതില്‍ കീഴാള പഠനങ്ങള്‍ വഹിച്ച പങ്ക് അവഗണിക്കാവുന്നതല്ല, എന്നാല്‍ അതിന്റെ പൂര്‍ണ അവകാശം അവര്‍ക്ക് മാത്രമണെന്ന അര്‍ഥവുമില്ല. 18-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 19-ാം നൂറ്റാണ്ടിലുമായി മലബാറില്‍ നടന്ന മാപ്പിള കര്‍ഷക പ്രതിരോധസംരംഭങ്ങളുടെ സ്വാഭവത്തെക്കുറിച്ചുള്ള ഒരാലോചന എന്ന നിലയിലാണ് ഈ കുറിപ്പ് തയ്യാറാക്കപ്പെട്ടിരിക്കുന്നുത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങള്‍ നേതൃത്വം നല്‍കിയ പ്രതിരോധ പദ്ധതികളുമായി എത്രത്തോളം സമാനതയുണ്ടെന്നും മലബാര്‍ മാപ്പിള കലാപങ്ങള്‍ എത്രത്തോളം കീഴാളപരമായിരുന്നുവെന്നും, രണജിത് ഗുഹയുടെ സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ അന്വേഷിക്കുന്നതിനാണ് ഇവിടെ ശ്രമിക്കുന്നത്.

കാത്ലീന്‍ ഗഫ് (1976), ആര്‍ എ ഹാര്‍ഗ്രേവ് (1977) ഡി എന്‍ ധനാഗരെ (1977), സ്റ്റീന്‍ എഫ് ഡേല്‍ (1980) കോണ്‍റാഡ് വുഡ് (1987), കെ എന്‍ പണിക്കര്‍ (1989), എം ഗംഗാധരന്‍ എന്നീ ചരിത്രകാരന്മാരെല്ലാംതന്നെ മലബാറിലെ മാപ്പിള കര്‍ഷകകലാപങ്ങളുടെ വിവിധ വശങ്ങള്‍ പഠന വിധേയമാക്കിയിട്ടുണ്ടെങ്കിലും 1921 ന് മുമ്പ് നടന്ന ചെറുത്തുനില്‍പ്പുകള്‍ പൊതുസമൂഹത്തില്‍ വേണ്ടത്ര ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. ദേശീയതക്കും ദേശീയ പ്രസ്ഥാനത്തിനും ഏറെ മുമ്പുനടന്ന ഈ സമരങ്ങള്‍ കേരളചരിത്രത്തില്‍ സമാനതകളില്ലാത്ത സമരങ്ങളാണ്.

അനീതിക്കും അടിച്ചമര്‍ത്തലിനുമെതിരായി നടത്തിയ ചെറുത്തുനില്‍പ്പിന്റെ ഒരു മഹത്തായ പാരമ്പര്യം മാപ്പിളമാര്‍ക്ക് അവകാശപ്പെടാനുണ്ട്. ബാര്‍ബോസ നിരീക്ഷിക്കുന്നതുപോലെ "പതിനാറാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ധര്‍മടത്തിന് വടക്കുള്ള മാപ്പിളമാര്‍ തങ്ങള്‍ക്ക് അപകടകരമാവുന്ന എന്തിനെതിരെയും നേരിട്ടെതിര്‍ക്കുക പതിവായിരുന്നു. മാത്രമല്ല, അവരെ നിയന്ത്രണവിധേയമാക്കാന്‍ രാജാവായ കോലത്തിരിക്ക് ഭീഷണിപ്പെടുത്തുകയോ അനുനയിപ്പിക്കുകയോ വേണ്ടിയിരുന്നു.''

ഇതിന് സമാനമായി 'തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍' എന്ന കൃതിയുടെ കര്‍ത്താവുകൂടിയായ ഷെയ്ഖ് സെയ്നുദ്ദീന്‍ മഖ്ദൂം (16ാം നൂറ്റാണ്ട്) മാപ്പിളമാര്‍ക്കെതിരെ അക്രമം നടത്തുന്ന പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പട നയിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. 15,16 നൂറ്റാണ്ടുകളിലായി രചിക്കപ്പെട്ട വലിയൊരു അധിനിവേശ വിരുദ്ധസാഹിത്യശേഖരംതന്നെ കേരള മുസ്ളിംകള്‍ക്ക് സ്വന്തമായുണ്ട്. 16-ാം നൂറ്റാണ്ടില്‍ കണ്ണൂരിലെ മമ്മാലികള്‍ എന്ന രാജവംശം (ആലിരാജ) തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വ്യാപിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. 18-ാം നൂറ്റാണ്ടില്‍ ടിപ്പുസുല്‍ത്താന്‍ നടപ്പാക്കിയ കര്‍ശനമായ നികുതിനയങ്ങളോട് മഞ്ചേരിയിലെ അത്തന്‍ഗുരുക്കള്‍ കലാപമുയര്‍ത്തിയിരുന്നു. (1786). മലപ്പുറത്തെ നാടുവാഴിയായിരുന്ന പറനമ്പിക്കെതിരെയും മുസ്ളിംകള്‍ പടനയിച്ചിരുന്നു. (ഈ യുദ്ധത്തില്‍ മരിച്ച ശുഹദാക്കളെ സ്മരിക്കുന്നതാണ് മലപ്പുറം നേര്‍ച്ച). ടിപ്പുവിനെതിരെ കുടകന്മാരും സാമൂതിരി കോവിലകത്തെ രവിവര്‍മയും നടത്തിയ ചെറുത്തുനില്‍പ്പുകളില്‍ (1788) മാപ്പിളമാര്‍ അകമഴിഞ്ഞു സഹായിച്ചിരുന്നതായി കാണാം.

പഴശ്ശി സമരങ്ങളിലും മാപ്പിളമാര്‍ സജീവപങ്കാളിത്തം വഹിച്ചിരുന്നു. ഇത് വേണ്ടത്ര പഠിക്കപ്പെടാത്ത ഒരു മേഖലയാണ്. ചാലാടി തങ്ങള്‍, എലമ്പിലാശ്ശേരി ഉണ്ണിമൂത്തമൂപ്പന്‍, അത്തന്‍ഗുരുക്കള്‍, ചെമ്പന്‍ പോക്കര്‍ എന്നീ ആദ്യകാല റിബലുകള്‍ പഴശ്ശി രാജാവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ ചാലാടിതങ്ങള്‍ ഒഴികെയുള്ളവര്‍ ഏറനാട്, വള്ളുവനാട് മേഖലകളില്‍ ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിച്ചു. ബ്രിട്ടീഷ് സ്വാധീനം ശക്തമാകുന്നതിന് തൊട്ടുമുമ്പും പിമ്പുമുള്ള വര്‍ഷങ്ങളില്‍ ഉണ്ണിമൂത്തമൂപ്പന്‍ കിഴക്കന്‍ വള്ളുവനാട്ടില്‍ തന്റെ പൂര്‍ണ അധികാരം അവകാശപ്പെട്ടിരുന്നു. തന്റെ പേരില്‍ 'നകാര'മടിക്കുകയും പള്ളിയില്‍ പ്രാര്‍ഥനകള്‍ നടത്തുകയും ചെയ്തിരുന്നു. (എം ഗംഗാധരന്‍: മാപ്പിളപഠനങ്ങള്‍, പു. 49)

1792 മുതല്‍ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാറിനെ 1800ല്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമാക്കുന്നതായി കാണാം. ഭരണസൌകര്യം എന്ന കാരണമായിരുന്നു ഔദ്യോഗിക വിശദീകരണമെങ്കിലും പഴശ്ശിരാജയുടെയും മാപ്പിളറിബലുകളുടെയും കലാപങ്ങളായിരുന്നു യഥാര്‍ഥ കാരണം. 1805ല്‍ പഴശ്ശിയുടെ ഭീഷണി അവസാനിക്കുകയും ക്രമസമാധാനം 'നിയന്ത്രണവിധേയമാക്കുകയും' ചെയ്തതോടെ ബ്രിട്ടീഷുകാര്‍ പുതിയ നികുതിവ്യവസ്ഥ നടപ്പാക്കാന്‍ തുടങ്ങി. കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഈ നിയമങ്ങള്‍ വിനാശകരമായിരുന്നു. തെക്കന്‍ മലബാറില്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ദാരിദ്ര്യവും പട്ടിണിയും മൂര്‍ച്ഛിക്കുന്നതിന് ഈ പുതിയ നികുതിനയം കാരണമായി.

വില്യം ലോഗനെ സംബന്ധിച്ചിടത്തോളം കര്‍ഷകരുടെ ദാരിദ്ര്യത്തിന് കാരണം കൊളോണിയല്‍ കാര്‍ഷിക വ്യവസ്ഥയായിരുന്നു. അത് അവര്‍ക്ക് പാട്ടക്കാലാവധിയുടെ നിശ്ചിതത്വവും ന്യായമായ പാട്ടവും കുടിയാന് സുഗമമായി ഭൂമി ലഭിക്കുന്നതും നിഷേധിച്ചു. ചെറുകിടക്കാരനായ പാട്ടക്കുടിയാന്മാര്‍ ദരിദ്രവല്‍ക്കരിക്കപ്പെട്ടു; അഥവാ അവര്‍ക്ക് ഉല്‍പ്പാദന ഉപാധികള്‍ നഷ്ടമായി. ഭൂമിയും മതവിശ്വാസവും സ്വത്വവും മാപ്പിളമാര്‍ക്ക് മുമ്പില്‍ വെല്ലുവിളിയായി മാറുകയായിരുന്നു.

ഇത്തരമൊരു സാമൂഹ്യ- സാമ്പത്തിക പശ്ചാത്തലത്തെ കൊളോണിയല്‍ വിരുദ്ധ സമരജ്വാലയാക്കാന്‍ ശ്രമിച്ച ബൌദ്ധിക സ്രോതസ്സുകളായിരുന്നു വെളിയംകോട് ഉമര്‍ ഖാളിയും മമ്പുറം തങ്ങന്മാരും. ഉമര്‍ഖാളി ബ്രിട്ടീഷ് നികുതി വ്യവസ്ഥക്കെതിരായി ഒരു ഫത്വ തന്നെ പുറപ്പെടുവിക്കുകയുണ്ടായി. നികുതി നിഷേധം നടത്താനുള്ള ഒരാഹ്വാനമായിരുന്നു അത്. 'സെയ്ഫുല്‍ ബതര്‍' എന്ന കൃതിയുടെ കാര്‍ത്താവായ സയിദ് അലവി തങ്ങള്‍ അന്ത്യംവരെയും ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യാന്‍ ആഹ്വാനംചെയ്തു. 1801 ലും 1817ലുമായി നടന്ന ആദ്യകാല കലാപങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലുകളുണ്ടായതായി സംശയിക്കപ്പെടുന്നു. ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ 'മതഭ്രാന്തന്‍' (religious fanatic) എന്ന് മുദ്രകുത്തി.

സയ്യിദ് ഫസല്‍ തങ്ങള്‍ ജാതീയതയുടെ ഉച്ചനീചത്വങ്ങളെ കടുത്തഭാഷയില്‍ വിമര്‍ശിച്ചിരുന്നു. മുസ്ളിംകളുള്‍പ്പെടെ താഴ്ന്ന ജാതിക്കാര്‍ നായന്മാരെയും മറ്റും ആദരസൂചകമായി 'നിങ്ങള്‍ ' എന്നു വിളിക്കരുതെന്നും 'നീ' എന്ന് മാത്രമേ സംബോധന ചെയ്യാവൂ എന്നും ഉദ്ബോധിപ്പിച്ചു.

കലാപകാരികളുടെ പ്രചോദന കേന്ദ്രങ്ങളായ ബുദ്ധിജീവികളെ ഇല്ലായ്മ ചെയ്യുകയെന്നത് ബ്രിട്ടീഷുകാരുടെ ആവശ്യവുമായിരുന്നു. മമ്പുറം തങ്ങന്മാരെ ബ്രിട്ടീഷുകാര്‍ നാടുകടത്തുന്നത് ഇത്തരമൊരു പശ്ചാത്തലത്തിലാണ്. പക്ഷേ ഇതിനെല്ലാം ബ്രിട്ടീഷുകാര്‍ വലിയ വില നല്‍കേണ്ടിവന്നു. മലബാര്‍ മജിസ്ട്രേറ്റും കലക്ടറുമായിരുന്ന എച്ച് വി കൊണോലി കോഴിക്കോട്ട് തന്റെ ബംഗ്ളാവില്‍വെച്ച് വെട്ടേറ്റ് മരിക്കുകയുണ്ടായി (1855). മമ്പുറം തങ്ങളെ നാടുകടത്തിയതിന്റെ സൂത്രധാരന്‍ കൊണോലിയാണെന്ന വിശ്വാസത്തിലാണ് കലാപകാരികള്‍ അദ്ദേഹത്തെ വധിച്ചത്. അതേപോലെ പിന്നീട് മലബാര്‍ കലക്ടറായിരുന്ന ഇന്നസും (1915) ആക്രമിക്കപ്പെട്ടു.

1840ല്‍ കൊണോലി നിരീക്ഷിച്ചതുപോലെ 'നാം മലബാറില്‍ രാഷ്ട്രീയമായ മേല്‍ക്കൈ നേടിയെടുത്തതു മുതല്‍ കലാപമില്ലാത്ത ഒരൊറ്റ വര്‍ഷവും കടന്നുപോയിട്ടില്ല.' ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം കലാപങ്ങളെല്ലാം കേവലം വഴക്കാളികളുടെ ലഹള മാത്രമായിരുന്നില്ല; മറിച്ച് രാജ്ഞിയുടെ അധീനതയിലുള്ള ഒരു രാജ്യത്തും നടക്കാത്തത്ര നിഷ്ഠുരമായ ആക്രമമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്ന കലാപങ്ങളുടെ ഒരു പ്രധാന സവിശേഷത അത് പൂര്‍ണമായും ചൂഷിതരായ ജന്മിമാരെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നതും അന്ത്യംവരെ പോരാടി രക്തസാക്ഷിത്വം വരിക്കുക എന്നതുമായിരുന്നു.

കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാനായി ബ്രിട്ടീഷ് അധികാരികള്‍ നിയോഗിച്ച ടി എല്‍ സ്ട്രേന്‍ജിന്റെ റിപ്പോര്‍ട് (1852) പ്രകാരം 1836 ല്‍ പന്തല്ലൂരിലാണ് ആദ്യത്തെ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതില്‍ ഒരു ഹിന്ദു ജ്യോത്സ്യന്‍ കുത്തേറ്റുമരിക്കുകയും മറ്റു മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. 1836 മുതല്‍ 1919 വരെയുള്ള 31 പ്രധാന കലാപങ്ങളില്‍ 336 പേരാണ് കൊല്ലപ്പെട്ടത്. ആക്രമിക്കപ്പെട്ടവര്‍ (എല്ലാവരും മരിച്ചിട്ടില്ല) 78 പേരും മരണപ്പെട്ടു. കലാപങ്ങളെ വിശദമായ പഠനത്തിന് വിധേയമാക്കിയ സ്ട്രേന്‍ജ് കണ്ടെത്തിയ വസ്തുത, കലാപങ്ങള്‍ക്ക് പ്രധാന കാരണമായി വര്‍ത്തിച്ചത് മാപ്പിളമാരുടെ മതഭ്രാന്തായിരുന്നുവെന്നാണ്. ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ് കലാപത്തിന്റെ തീച്ചൂളയിലേക്കെടുത്തു ചാടിയതെങ്കിലും ബ്രിട്ടീഷുകാര്‍ കൂട്ടമായിട്ട് പിഴ ചുമത്തുകയും തുറങ്കിലടയ്ക്കുകയും ചെയ്തിരുന്നു. (1854ലെ Mappila outrages Act പ്രകാരം)

മാപ്പിളമാരുടെ മതവികാരങ്ങളും സ്വത്വ പ്രതിസന്ധിയും കലാപങ്ങളുടെ പ്രധാന കാരണമായിരുന്നെങ്കിലും അവ വര്‍ഗീയമായിരുന്നില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. കലാപകാരികള്‍ ഹിന്ദുക്കളായ ജന്മിമാരെ ആക്രമിച്ചു എന്നത് വസ്തുതയാണ്. അങ്ങനെ ചെയ്തത് അവര്‍ ഹിന്ദുക്കളായതുകൊണ്ടല്ല, മറിച്ച് ചൂഷകരായ ജന്മിമാരോ അവരുടെ സഹായികളോ ആയതുകൊണ്ടാണ്. മറ്റൊരു പ്രധാനകാര്യം കലാപകാരികള്‍ മറ്റുള്ള ഹിന്ദു വിഭാഗങ്ങളെ വിശിഷ്യാ കീഴ്ജാതിയില്‍പെട്ടവരെ ആക്രമിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിരുന്നില്ല എന്നതാണ്. കലാപ പ്രദേശങ്ങളിലെ കര്‍ഷക സമുദായങ്ങള്‍ മാത്രമായിരുന്നു പങ്കെടുത്തുകൊണ്ടിരുന്നത്.

1849 ല്‍ മഞ്ചേരിയില്‍ നടന്ന ഒരു കലാപത്തില്‍ പങ്കെടുത്തവരുടെ പട്ടിക പരിശോധിച്ചാല്‍ കലാപകാരികളുടെ സാമൂഹ്യഘടന മനസ്സിലാക്കാവുന്നതാണ്. മഞ്ചേരി അത്തന്‍ മോയന്‍ ഗുരുക്കള്‍ നയിച്ച പ്രസ്തുത കലാപത്തില്‍ 65 മാപ്പിളമാരാണ് പങ്കെടുത്തത്. ഇതില്‍ 9 കുടിയാന്മാര്‍, 33 തൊഴിലാളികള്‍, ഒരു തങ്ങള്‍, ദരിദ്രനാക്കപ്പെട്ട ഒരു കുടിയാന്റെ(മാപ്പിള) രണ്ട് മക്കള്‍, കരിയുണ്ടാക്കുന്ന രണ്ടുപേര്‍, ഒരു തട്ടാന്‍, ഒരു ക്ഷുരകന്‍, ഒരു കുഷ്ഠരോഗി എന്നിവരും തിരിച്ചറിയപ്പെടാത്ത 14 പേരുമായിരുന്നു. (K K N Kurup, 'The Early Mappila Uprising' in the Legacy of Islam in Kerala , 2006, P.63) കലാപങ്ങളില്‍ ഒരേ വര്‍ഗഘടനയില്‍പ്പെട്ടവരാണ് പങ്കെടുത്തത് എന്നും ഇതില്‍ ദരിദ്രരായിരുന്നു ഭൂരിഭാഗം പേരുമെന്നതും കലാപങ്ങളുടെ പ്രത്യേകതയാണ്.

'കീഴാള പഠന'ങ്ങളുടെ സ്ഥാപക എഡിറ്ററായ രണജിത് ഗുഹ കീഴാളരുടെ പ്രതിരോധ ബോധത്തെ അടയാളപ്പെടുത്തുകയും നിര്‍വചിക്കുകയും ചെയ്തത് നിഷേധം (negation) സന്ദിഗ്ധത (ambiguity) ഐക്യദാര്‍ഢ്യം (Solidarity), ദേശപരത (territoriality)എന്നീ സവിശേഷതകളുടെ അടിസ്ഥാനത്തിലാണ്. കീഴാളവിഭാഗങ്ങളെ അവരുടെതന്നെ ചരിത്രത്തിന്റെ കര്‍ത്താക്കളായി മനസ്സിലാക്കുന്നതിന്റെ ഭാഗമായി കീഴാള ചരിത്രകാരന്മാര്‍ കലാപങ്ങള്‍ക്ക് കേന്ദ്രസ്ഥാനമാണ് കല്‍പ്പിച്ചുനല്‍കുന്നത്. എന്നാല്‍ കലാപത്തിലൂടെ മാത്രമല്ല കര്‍ഷകന്‍ തന്റെ സ്വത്വത്തെക്കുറിച്ച് ബോധവാനാകുന്നതെന്നും ഗുഹ പ്രസ്താവിക്കുന്നു.

കീഴാള ചരിത്രകാരന്മാരെ സംബന്ധിച്ചിടത്തോളം നിഷേധം എന്നാല്‍ ഗ്രാംഷിയുടെ ആശയമായ ഋണാത്മകബോധമാണ് (negative consciousness). നിഷേധങ്ങളുടെ ഒരു പരമ്പരയിലൂടെ മാത്രമേ അടിയാളവര്‍ഗങ്ങള്‍ക്ക് സ്വയം ബോധം നേടാന്‍ സാധിക്കുകയുള്ളൂ. കൊളോണിയല്‍ കാലഘട്ടത്തിലെ കലാപങ്ങളെ സ്വഭാവവല്‍ക്കരിക്കുന്ന നിഷേധങ്ങള്‍ രണ്ട് തത്വങ്ങളിലധിഷ്ഠിതമായിരുന്നുവെന്ന് ഗുഹ വാദിക്കുന്നു. വിവേചനം എന്നു വിളിക്കപ്പെടുന്ന ആദ്യത്തേത് ചില പ്രത്യേക ലക്ഷ്യങ്ങള്‍ ഉന്നംവെച്ച് (ജന്മികളിലേക്കും മറ്റും) നടത്തുന്ന അക്രമങ്ങളിലൂടെയാണ് പ്രകടമാവുന്നത്. ഇത്തരം ആക്രമണങ്ങളുടെ മാതൃകകള്‍ (patterns) വ്യക്തമാക്കുന്ന പ്രധാന കാര്യം കലാപകാരികള്‍ക്ക് ഒന്നോ രണ്ടോ പ്രധാന ശത്രുക്കളെ മാത്രമാണ് നേരിടേണ്ടിയിരുന്നത് എന്നതാണ്. നിഷേധത്തിന്റെ രണ്ടാമത്തെ പ്രരൂപം അധികാരരൂപങ്ങളെയും അതിന്റെ ചിഹ്നങ്ങളെയും നശിപ്പിക്കുന്നതിനോ അവ കൈയടക്കുന്നതിനോ നടത്തുന്ന ശ്രമങ്ങളാണ്.

ഗുഹയെ സംബന്ധിച്ചിടത്തോളം നിഷേധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രൂപം ഫ്യൂഡല്‍ അഥവാ അര്‍ധഫ്യൂഡല്‍ സമൂഹങ്ങളിലെ അധികാരിവര്‍ഗത്തെ കീഴാള വിഭാഗം അഭിസംബോധന ചെയ്യുന്ന ബഹുമാന സൂചകങ്ങളായ അഭിവാദ്യരൂപങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ആ വര്‍ഗത്തോട് നടത്തുന്ന വെല്ലുവിളിയാണ്. മലബാറിലെ മാപ്പിള കര്‍ഷക കലാപങ്ങളില്‍ ഇത്തരം നിഷേധങ്ങളുടെ ഒട്ടേറെ ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. മലബാറിലെ മാപ്പിളമാരെ കലാപത്തിന് പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി മമ്പുറം ഫസല്‍ തങ്ങള്‍ 1852ല്‍ തന്റെ അനുയായികള്‍ക്കായി നിര്‍ദേശങ്ങളുടെ പരമ്പരതന്നെ പുറത്തിറക്കുകയുണ്ടായി. അതിലൊന്ന്, തന്റെ അനുയായികള്‍ അവരുടെ ജന്മിമാരെ ആദരസൂചകമായി 'നിങ്ങള്‍' എന്ന് വിളിക്കുന്നത് നിര്‍ത്തണമെന്നതായിരുന്നു. ബംഗാളില്‍ കലാപം നടത്തിയ കര്‍ഷകരും സമാനമായ നിഷേധരൂപങ്ങള്‍ പിന്തുടര്‍ന്നതായി ഗുഹ രേഖപ്പെടുത്തുന്നുണ്ട്.

ക്ഷേത്രധ്വംസനവും വിഗ്രഹഭഞ്ജനവുമായിരുന്നു മുണ്ടാ (ഗോത്രവര്‍ഗം) കലാപത്തിലെ നിഷേധത്തിന്റെ സ്വഭാവം. മലബാറില്‍ ബ്രാഹ്മണരുടെ അധികാരം, അവരുടെ ഭൂസ്വത്തിലുള്ള കുത്തകാവകാശത്തില്‍നിന്നുമാത്രം രൂപംകൊണ്ടതായിരുന്നില്ല, ക്ഷേത്രങ്ങളുടെ ഊരാളന്മാരെന്നനിലയിലുള്ള അവരുടെ പദവികൊണ്ടുകൂടിയാണ്. പത്തൊമ്പതാം നൂറ്റാണ്ടിലുടനീളം നടന്ന മാപ്പിള കലാപങ്ങളിലെ ക്ഷേത്ര ധ്വംസനം ഇത്തരത്തിലുള്ള നിഷേധരൂപമായാണ് കാണേണ്ടത്. കൂടാതെ, ബ്രിട്ടീഷ് നികുതി വ്യവസ്ഥക്കെതിരായ ഉമര്‍ഖാളിയുടെ ഫത്വയും ബ്രിട്ടീഷ് ഭരണത്തിനെതിരെ യുദ്ധംചെയ്യാനുള്ള സയ്യിദ് അലവി തങ്ങളുടെ ആഹ്വാനവുമെല്ലാം നിഷേധത്തിന്റെ രൂപങ്ങള്‍ തന്നെ.

'സന്ദിഗ്ധത' എന്ന ആശയത്തിലൂടെ അര്‍ഥമാക്കുന്നത് കലാപത്തെക്കുറിച്ച് പൊതുവില്‍ നിലനില്‍ക്കുന്ന ധാരണയാണ്. കലാപം ഒരു ക്രിമിനല്‍ കുറ്റം ആണെന്ന ധാരണ പരക്കെ നിലനിന്നിരുന്നു. തീര്‍ച്ചയായും കര്‍ഷക കലാപങ്ങള്‍ കൊള്ള, കൊള്ളിവെയ്പ്, കൊലപാതകങ്ങള്‍ എന്നീ കുറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പക്ഷേ ഇവയെല്ലാം സാധാരണ ക്രിമിനല്‍ കുറ്റങ്ങളായാണ് പരിഗണിക്കപ്പെട്ടത്. ബംഗാളില്‍ 1854 ല്‍ നടന്ന കൊള്ളകളെല്ലാം കൊള്ളപ്പലിശക്കാരെ ഉന്നംവെച്ചായിരുന്നു. മാപ്പിള കലാപകാരികളും സമാനമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ഭൂനികുതിയുമായി ബന്ധപ്പെട്ട രേഖകളും പണം പലിശക്ക്കൊടുക്കുന്നവരുടെ രേഖകളും നശിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ക്രിമിനല്‍ കുറ്റത്തിന്റെ ഈ ഘടകം ഒരു പ്രത്യേകതരം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനിടയാക്കി. ടി എല്‍ സ്ട്രേന്‍ജ് തന്റെ റിപ്പോര്‍ടില്‍ മാപ്പിള കലാപങ്ങളെ കര്‍ഷക പ്രതിരോധം എന്നതിന്പകരം വര്‍ഗീയ കലാപം എന്ന് രേഖപ്പെടുത്തുക വഴി ഈ ആശയക്കുഴപ്പത്തെ ശക്തമാക്കുകയായിരുന്നു.

കലാപങ്ങളുടെ മറ്റൊരു പ്രധാന വശമായിരുന്ന ഐക്യദാര്‍ഢ്യം മലബാര്‍ കര്‍ഷക കലാപങ്ങളുടെ ശക്തിയായിരുന്നു. ജന്മിമാര്‍ക്കെതിരെ വര്‍ധിച്ചുവന്ന മാപ്പിള കലാപങ്ങളും (1836 മുതല്‍ 1854 വരെയുള്ള 18 വര്‍ഷത്തിനുള്ളില്‍ 24 കലാപങ്ങള്‍) അവയുടെ പ്രകടമായ മതകീയ/സാമുദായിക സ്വഭാവവും പള്ളിയുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതിനും (1831ല്‍ 637 പള്ളികള്‍; 1851ല്‍ 1808 പള്ളികള്‍ സ്ഥാപിച്ചു), അത്രയൊന്നും പ്രബലമല്ലാതിരുന്ന തങ്ങള്‍മാരുടെ സമൂഹത്തിന്റെ കേന്ദ്ര സ്ഥാനത്തേക്ക് വരുന്നതിനും കാരണമായി. പള്ളികളുടെയും തങ്ങള്‍മാരുടെയും ഈ മാധ്യസ്ഥത്തിന്റെ അനന്തര ഫലമായി ദരിദ്രമാപ്പിളമാരും താരതമ്യേന സമ്പന്നരായ സ്വമതക്കാരും തമ്മില്‍ ഒരു ഐക്യപ്പെടല്‍ സാധ്യമായി. 1873 ല്‍ നടന്ന പബ്ന കലാപത്തിലും മുസ്ളിംകള്‍ സമാനമായ ഒരു ഐക്യദാര്‍ഢ്യം രൂപീകരിച്ചിരുന്നു.

കര്‍ഷക കലാപങ്ങളുടെ മറ്റൊരു പ്രധാനവശം ദൃശ്യ-ശ്രാവ്യ ഉപകരണങ്ങളിലൂടെയുള്ള ആശയ വിനിമയമാണ്. ഇന്ത്യയിലെ വിവിധ കീഴാള വിഭാഗങ്ങള്‍ ഡ്രം, ഓടക്കുഴല്‍, കൊമ്പ് എന്നീ ഉപകരണങ്ങളിലൂടെയും അമ്പ്, ചപ്പാത്തി സാല്‍ ചെടിയുടെ കൊമ്പുകള്‍ എന്നിവ ഉപയോഗിച്ചും ആശയങ്ങള്‍ കൈമാറി. ഊഹാപോഹങ്ങളും (rumours) കലാപത്തിന്റെ വാര്‍ത്തയെത്തിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. ഗുഹയുടെ അഭിപ്രായത്തില്‍ മലബാര്‍ കര്‍ഷകകലാപങ്ങളിലെ 'ഒരുക്കങ്ങള്‍' (preparations) തന്നെ ഒരു ആശയവിനിമയ രീതിയായിരുന്നു. കലാപകാരികളുടെ പടയൊരുക്കത്തെക്കുറിച്ച് കോണ്‍റാഡ് വുഡ് നല്‍കുന്ന വിവരണം ഇങ്ങനെ നീളുന്നു. "കലാപത്തിന് സജ്ജനായ ഒരു വ്യക്തി വെള്ള വസ്ത്രം ധരിക്കുകയും ഭാര്യയെ വിവാഹമോചനം നടത്തുകയും ചെയ്യുന്നു; താന്‍ ആരോടെങ്കിലും അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കുന്നു; തന്റെ പ്രവര്‍ത്തനത്തില്‍ വിജയം കാംക്ഷിച്ച് ഒരു തങ്ങളുടെയോ പുരോഹിതന്റെയോ അനുഗ്രഹം തേടിപ്പോകുന്നു. പോര്‍വിളിയായി കലാപകാരികള്‍ 'തക്ബീര്‍' (അല്ലാഹു അക്ബര്‍) മുഴക്കുകയും മുമ്പുനടന്ന കലാപങ്ങളെ ഓര്‍മിപ്പിക്കുന്ന പാട്ടുകള്‍ പാടുകയും ചെയ്തിരുന്നു.'' പൊലീസുമായോ സൈന്യവുമായോ ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിക്കുന്നത് മാപ്പിളമാരുടെ വീര്യവും ഊര്‍ജവും വര്‍ധിപ്പിക്കുന്നതിനുള്ള രൂപകങ്ങളായി മാറ്റുകയായിരുന്നു.

19-ാം നൂറ്റാണ്ടിലെ കലാപകാലത്ത് മാപ്പിളമാര്‍ ഒരു പ്രത്യേക ജനുസില്‍പ്പെട്ട പാട്ടുകള്‍ -പടപ്പാട്ടുകള്‍ കെട്ടിപ്പാടുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മലപ്പുറം പടപ്പാട്ട്, ചേറൂര്‍ പടപ്പാട്ട് തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. കലാപകാരികളെ സ്തുതിക്കലും യുദ്ധവിവരണവുമായിരുന്നു ഇവയുടെ ഉള്ളടക്കം. ഇത്തരം പാട്ടുകള്‍ 1921 ലെ മലബാര്‍ കലാപത്തെ സ്വാധീനിച്ചിരുന്നു.

ഒരു പ്രത്യേക ഭൂമിശാസ്ത്ര പരിധിക്കകത്ത് ഒതുങ്ങി നില്‍ക്കുക (territoriality) എന്ന കര്‍ഷകകലാപത്തിന്റെ പൊതുസ്വഭാവം മാപ്പിള കര്‍ഷക കലാപങ്ങളുടെ കാര്യത്തിലും കാണാവുന്നതാണ്. ഗുഹ അഭിപ്രായപ്പെടുന്നതുപോലെ ഒരു കര്‍ഷക കലാപം സാധാരണയായി ഒരു പ്രത്യേക പ്രദേശത്തിന് പുറത്തേക്ക് വ്യാപിക്കാറില്ല. ഒരു ദേശം സവിശേഷമായ ഒരു സാംസ്കാരിക ഭൂമിശാസ്ത്രസൂചകം കൂടിയാണെന്ന കാരണത്താലാവാം, മാപ്പിള കര്‍ഷകകലാപങ്ങള്‍ ദക്ഷിണ മലബാറില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുകയായിരുന്നു.

കര്‍ഷക കലാപങ്ങള്‍ പൊതുവെ അക്രത്തിലൂടെയാണ് അതിന്റെ സ്വരൂപം (identity)സ്ഥാപിച്ചെടുക്കുന്നത്. അവ പൊതുവായതും കൂട്ടായതും നശീകരണാത്മകവുമാണ്. ഇന്ത്യയിലെ മറ്റേതൊരു കര്‍ഷക കലാപംപോലെയും മാപ്പിള കലാപങ്ങള്‍ നശീകരണാത്മകമായി മാറി. 1875 ല്‍ പുണെയിലെയും അഹമ്മദ് നഗറിലെയും കുന്‍ബികള്‍ (kunbis) മാര്‍വാഡി പലിശക്കാരുടെ ബോണ്ടുകള്‍, കടകള്‍, വീടുകള്‍, കാലിത്തീറ്റകള്‍ എന്നിവ കലാപങ്ങള്‍ക്കിടെ അഗ്നിക്കിരയാക്കിയത് ഉദാഹരണമാണ്. മാപ്പിളമാര്‍ കലാപത്തിനിടെ ജന്മിമാരുടെ വീടുകളും ക്ഷേത്രങ്ങളും മറ്റും നശിപ്പിച്ചത് സമാനമായ സംഭവങ്ങളാണ്.

*
എം പി മുജീബു റഹ്മാന്‍

02 May, 2010

ചെങ്കൊടി പാറും ചെറുകല്ലായി, മാഹി വിമോചന സമരങ്ങള്‍

എം മുകുന്ദന്റെ മയ്യഴിക്ക് ഒമ്പത് ചതുരശ്ര കിലോമീറ്റര്‍ വിസ്താരമേയൂള്ളു. എങ്കിലും പോണ്ടിച്ചേരി സര്‍ക്കാറിലെ ഒരു മന്ത്രിയും ഒരു ഡെപ്യൂട്ടി സ്പീക്കറും ഈ ദേശത്തന്നുനിന്നാണ്. പുതുച്ചേരി ആഭ്യന്തര മന്ത്രി ഇ വത്സരാജും ഡെപ്യൂട്ടി സ്പീക്കര്‍ എ വി ശ്രീധരനുമാണ് വര്‍ഷങ്ങളായി ഈ സ്ഥാനത്തുള്ളത്. ഇരുവരും കോണ്‍ഗ്രസുകാര്‍.

മയ്യഴി, പള്ളൂര്‍ നിയോജകമണ്ഡലങ്ങളിലായി പരന്നുകിടക്കുന്ന ഈ പ്രദേശം ഒരു കേന്ദ്ര ഭരണ പ്രദേശംകൂടിയാണ്. സത്യത്തില്‍ കേരളത്തിലെ ഒരു പഞ്ചായത്തോളം വലിപ്പം മാത്രമേ ഈ രണ്ടു മണ്ഡലങ്ങള്‍ക്കും കാണൂ. വടക്കെ മലബാറില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലക്കിടയില്‍ മദ്യത്തിന്റെ മണമുള്ള മയ്യഴി നീണ്ട ഇരുന്നൂറ്റിമുപ്പത്തിമൂന്നു വര്‍ഷം ഫ്രഞ്ച് അധിനിവേശത്തില്‍ കഴിയുകയായിരുന്നു. കറുത്ത മുത്തുതേടി വന്ന ഫ്രഞ്ചുകാര്‍ അറബിക്കടലോരത്തെ ഈ കൊച്ചു ഗ്രാമത്തെ എളുപ്പത്തില്‍ സ്വന്തമാക്കി, അവര്‍ ക്രമേണ നാടിന്റെ ഭരണാധികാരികളായി. നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തില്‍നിന്നും 1954 ജൂലൈ 16-നാണ് ഫ്രഞ്ച് സാമ്രാജ്യത്വം എന്നന്നേക്കുമായി മാഹിയില്‍നിന്നും കെട്ടുകെട്ടിയത്. അതുവരെ സ്വതന്ത്ര ഇന്ത്യക്കകത്ത് ഇത് ഫ്രഞ്ചധീന പ്രദേശമായിത്തന്നെ നിലനിന്നു. ഉജ്വലമായ ജനകീയ മുന്നേറ്റത്തിലൂടെയാണ് മാഹിയുടെ വിമോചന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമായത്. ഈ പോരാട്ടത്തില്‍ കമ്യൂണിസ്റ്റു പാര്‍ടിയുടെ പങ്ക് നിര്‍ണായകവും അതേസമയം ത്യാഗഭരിതവുമാണ്.

ബ്രിട്ടീഷധിനിവേശത്തില്‍നിന്ന് ഇന്ത്യ മോചിതമായിട്ടും ഇന്ത്യക്കകത്ത് ഫ്രഞ്ച്, പോര്‍ച്ചുഗീസ് നാട്ടുരാജ്യാധിപത്യങ്ങള്‍ സ്വതന്ത്രമായിത്തന്നെ നിലകൊള്ളുന്നത് ദേശാഭിമാനികളെ സംബന്ധിച്ച് ഒരു വെല്ലുവിളിയായിതന്നെ കണ്ടു. 1950 ജനുവരി 26-ഓടെ ഇന്ത്യ പൂര്‍ണ സ്വാതന്ത്ര്യത്തിന്റെ പദവിയിലേക്ക് ഉയരുകയും ചെയ്തു. മാത്രമല്ല 1952 ജനുവരിയില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലാകമാനം ആദ്യ തെരഞ്ഞെടുപ്പും നടന്നു. എന്നിട്ടും ഫ്രഞ്ച് അടിമത്തത്തില്‍ പോണ്ടിച്ചേരി, യാനം, കാരയ്ക്കല്‍, മാഹി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പുതുച്ചേരി അസ്വാതന്ത്ര്യത്തിന്റെയും അടിമത്തത്തിന്റെയും നുകവും പേറി നിലനിന്നു. വിമോചന സ്വപ്നങ്ങള്‍ തദ്ദേശിയരില്‍ ഉടലെടുക്കാന്‍ ഇത് കാരണമായി. സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും ഒടുങ്ങാത്ത ദാഹമായി അത് മാറാന്‍ പിന്നെ അധികകാലം വേണ്ടിവന്നില്ല. ഫ്രഞ്ചധീന പ്രദേശങ്ങളില്‍ മാത്രമല്ല സ്വതന്ത്ര ഇന്ത്യന്‍ ജനതയിലും ഈ മോഹം ശക്തമായി. കോണ്‍ഗ്രസുകാരും സോഷ്യലിസ്റ്റുകാരും യോജിച്ച പ്രസ്ഥാനം കെട്ടിപ്പടുക്കുവാന്‍ മുമ്പോട്ടുവന്നു. ഇങ്ങനെ രൂപംകൊണ്ട 'ജനസഭ' മാഹി വിമോചനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിച്ചു.

ഇതേ സമയം തന്നെയാണ് ഫ്രഞ്ച് ഇന്ത്യയുടെ പരിപൂര്‍ണ സ്വാതന്ത്ര്യം അടിയന്തരാവശ്യമാണെന്ന് ഫ്രഞ്ച് കമ്യൂണിസ്റ്റു പാര്‍ടി പ്രഖ്യാപിച്ചത്. മഹാജനസഭയുടെ പ്രഖ്യാപിത ലക്ഷ്യത്തിന് അത് ഒരു പുതിയ ദിശാബോധം നല്‍കി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്ന 1947 ആഗസ്ത് 15ന് തന്നെ ഫ്രഞ്ചുകാരും ഇന്ത്യ വിടണം-ഇതായിരുന്നു ഫ്രഞ്ച് കമ്യൂണിസ്റ്റു പാര്‍ടിയുടെ ഉറച്ച നിലപാട്. ഫ്രഞ്ച് ഇന്ത്യന്‍ അസംബ്ളിയില്‍ കമ്യൂണിസ്റ്റംഗങ്ങള്‍ ഇക്കാര്യം ഉന്നയിച്ചുകൊണ്ട് സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അവസരമൊരുക്കി. എന്നാല്‍ മഹാജന സഭാംഗങ്ങള്‍ അസംബ്ളിയില്‍ ഇത്തരം ചര്‍ച്ചകള്‍ വരുമ്പോള്‍ ബോധപൂര്‍വം വിട്ടുനിന്നു. 1948 ഒക്ടോബര്‍ 21-ന് മഹാജനസഭക്കാര്‍ നടത്തിയ അതിക്രമങ്ങള്‍ ഇതിന് നല്ല തെളിവാണ്. അവര്‍ മാഹിയിലെയും പള്ളൂരിലെയും സര്‍ക്കാര്‍ ഓഫീസുകള്‍ കൈയേറി രേഖകള്‍തീയിട്ടു. പൊലീസുകാരെ ബന്ദികളാക്കി. പിന്നീട് മഹാജന സഭക്കാര്‍ മാഹിയിലെയും നാലുതറയിലെയും കമ്യൂണിസ്റ്റു പാര്‍ടിക്കുനേരെ തിരിഞ്ഞു. പാര്‍ടിക്കാരെ കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയി സമീപത്തുള്ള ഇന്ത്യന്‍ യൂണിയന്‍ പ്രദേശത്ത് തടവിലാക്കി. ശരിക്കും കമ്യൂണിസ്റ്റ് വേട്ടതന്നെ . തുടര്‍ന്ന് മഹാജന സഭക്കാര്‍ മാഹി ഭരണാധികാരം പിടിച്ചടക്കിയതായി പ്രഖ്യാപിച്ചു.

രാഷ്ട്രീയവും ജനാധിപത്യപരവുമായ എല്ലാ മൂല്യങ്ങളും കാറ്റില്‍പ്പറത്തി സംഘടിപ്പിച്ച ഈ സമരംജനങ്ങള്‍ക്കിടയിലും ഭരണാധികാരികള്‍ക്കിടയിലും എതിര്‍പ്പിന് ഇടയാക്കി. മഹാജന സഭക്കാര്‍ ജനങ്ങളില്‍നിന്നും ഒറ്റപ്പെട്ടു. അതുകൊണ്ടുതന്നെ അവര്‍ ഉണ്ടാക്കിയ താല്‍ക്കാലിക മന്ത്രിസഭക്ക് കേവലം നാല് ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. മാഹിയുടെ അധികാരം പിടിച്ചെടുത്തെന്ന വാര്‍ത്തയെ തുടര്‍ന്ന് പോണ്ടിച്ചേരി സര്‍ക്കാര്‍ ഒരു പടക്കപ്പല്‍ മാഹി തീരത്തേക്കയച്ചു. അതില്‍നിന്നും ഒരു ബോട്ടില്‍ പന്ത്രണ്ടോളം സായുധ പട്ടാളക്കാര്‍ മാഹിയിലേക്ക് മാര്‍ച്ച് ചെയ്തു. മഹാജന സഭക്കാര്‍ ഉയര്‍ത്തിയ ദേശീയ പതാക പട്ടാളക്കാര്‍ വലിച്ചു താഴ്ത്തി. പകരം ഫ്രഞ്ചു പതാക ഉയര്‍ത്തി. ഈ സമയം മഹാജന സഭക്കാര്‍ യാതൊരു ചെറുത്തുനില്പിന് തയ്യാറായില്ല എന്നു മാത്രമല്ല പട്ടാളക്കാരുടെ തൊപ്പി കണ്ടതോടെ മഹാജന സഭക്കാരുടെ മാഹി സര്‍ക്കാര്‍ ചിതറി. നേതാക്കള്‍ പലരും ഫ്രഞ്ചതിര്‍ത്തിയും കടന്ന് ഇന്ത്യയില്‍ അഭയം തേടി.

1954 ആയതോടെ മാഹിയില്‍ പുതിയൊരു രാഷ്ട്രീയ കാലാവസ്ഥ സംജാതമായി. മയ്യഴിയുടെ വിമോചനം നീട്ടിവെക്കാന്‍ വയ്യാത്തവിധം അത് സജീവ വിഷയമായി മാറി. ശരിയായ നിലപാടുമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റു പാര്‍ടി കൂടുതല്‍ കരുത്തു നേടി. ദേശാഭിമാനികളെയും വിമോചന ശക്തികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു പുത്തന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് രൂപം കൊടുക്കാന്‍ പാര്‍ടി മുമ്പോട്ടു വന്നു. ഇതിന്റെ ഭാഗമായി കമ്യൂണിസ്റ്റു പാര്‍ടിയും മഹാജനസഭയുമായി യോജിച്ച് സ്വാതന്ത്ര്യ സമര മുന്നണിക്ക് തുടക്കമിട്ടു. സി എച്ച് കണാരന്‍, എം കെ കേളു, വാഴയില്‍ ഗോപി, പി വി കുഞ്ഞിരാമന്‍, പി വി കുട്ടി, കോട്ടായി കണാരന്‍മേസ്ത്രി, കെ മാധവന്‍, കുനിയില്‍ കൃഷ്ണന്‍ തുടങ്ങിയ കമ്യൂണിസ്റ്റു നേതാക്കള്‍ മയ്യഴിയിലും പരിസരങ്ങളിലും ക്യാമ്പുചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഫ്രഞ്ച് അധീനത്തിലുള്ള മാഹിയുടെ ഭാഗമായ ചെറുകല്ലായിയെ വിമോചനത്തിന്റെ തന്ത്രപ്രധാനമായ കേന്ദ്രമായി ഇവര്‍ കണ്ടു. മാഹി പുഴയും കടന്ന് കണ്ണൂരിന്റെ അതിര്‍ത്തിയോടു ചേര്‍ന്നുനില്‍ക്കുന്ന ഒരു ചെറുകുന്നിന്‍പ്രദേശമാണ് ചെറുകല്ലായി. പടുമരങ്ങളും കശുമാവും നിറഞ്ഞ ഈ കുന്നിന്‍പുറത്തുനിന്ന് നോക്കിയാല്‍ മയ്യഴിയുടെസൂക്ഷ്മ ചലനങ്ങള്‍ കാണാം. കുന്നിറങ്ങിയാല്‍ മൂന്നു ഭാഗവും കേരളം. എല്ലാംകൊണ്ടും സുരക്ഷിതം. അതുകൊണ്ടുതനെ ചെറുകല്ലായി മോചിപ്പിക്കുക ആദ്യ ലക്ഷ്യമായി വിമോചന പോരാളികള്‍ അടയാളപ്പെടുത്തി. മോചന പദ്ധതിക്ക് അന്തിമരൂപം നല്‍കാന്‍ ചെറുകല്ലായിക്ക് സമീപത്തുള്ള കേരളത്തിലെ മൂഴിക്കരയില്‍ സമ്മേളനം വിളിച്ചുചേര്‍ത്തു. എകെജിയുള്‍പ്പെടെയുള്ള സമുന്നത നേതാക്കള്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ആവേശം കത്തിനില്‍ക്കുന്ന ആ സമ്മേളനം- മയ്യഴിയുടെ വിമോചനം കമ്യൂണിസ്റ്റുപാര്‍ടിയുടെ അടിയന്തര ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു. മാഹിക്കും നാലുതറക്കുമിടയിലുള്ള ചെറുകല്ലായിയുടെ വിമോചനപ്പോരാട്ടങ്ങള്‍ ഇതോടെ പാര്‍ടി ഏറ്റെടുത്തു.

ഇതേസമയം മഹാജനസഭയുടെ നിലപാടുകള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ തീരുമാനത്തിന് സഹായകമായിരുന്നില്ല. അവരുടെ ഉദ്ദേശശുദ്ധിയിലും ആത്മാര്‍ഥതയിലും പാര്‍ടിക്ക് വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പാര്‍ടി തനിച്ചുതന്നെ സമരഭൂമിയില്‍ അടിപതറാതെ ചെറുകല്ലായിയുടെ മക്കളുടെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ സന്നദ്ധമായി. അവര്‍ ചെങ്കൊടി കൈയിലേന്തി. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ പോണ്ടിച്ചേരിയില്‍നിന്നും തമിഴ് പൊലീസുകാരെ വന്‍തോതില്‍ ചെറുകല്ലായിയില്‍ കൊണ്ടുവന്നിറക്കി. സായുധരായ തമിഴ് ശിപ്പായിമാരുടെ ഉരുക്കുമുഷ്ടിയില്‍ ഈ പ്രദേശം ഞെരിഞ്ഞമര്‍ന്നു. ഇതുകൊണ്ടൊന്നും പോരാളികള്‍ മുട്ടുമടക്കിയില്ല. മയ്യഴിയുടെ ദൈനംദിനാവശ്യങ്ങള്‍ക്ക് കേരളാതിര്‍ത്തിയിലുള്ള വ്യാപാര സ്ഥാപനങ്ങളെയാണ് ആശ്രയിക്കാറ് പതിവ്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ ഉപരോധമേര്‍പ്പെടുത്തി. ഫലത്തില്‍ ഇന്ത്യയും ഫ്രഞ്ച് അധീന പ്രദേശമായ മാഹിയും തമ്മിലുള്ള ബന്ധം മുറിഞ്ഞു.

സമരം ശക്തിപ്പെട്ടു. 1954 ഏപ്രില്‍ 26-ാം തിയ്യതി അര്‍ധരാത്രി മയ്യഴിയുടെ പടിഞ്ഞാറന്‍ ചെരിവിലൂടെ ചെങ്കൊടിയേന്തിയ മുപ്പതോളം പോരാളികള്‍ ചെറുകല്ലായിലേക്ക് നീങ്ങി. ശിപ്പായി ക്യാമ്പ് പിടിച്ചടക്കുകയായിരുന്നു ലക്ഷ്യം. തലശേരിയിലെ വയലളം, കോടിയേരി, ഗോപാലപ്പേട്ട തുടങ്ങിയ പ്രദേശങ്ങളിലെ ചെറുപ്പക്കാരാണ് സ്വന്തം ജീവന്‍ ബലികഴിച്ചും ആയുധപ്പുര പിടിച്ചടക്കാന്‍ തയ്യാറായി മുന്നോട്ടു നീങ്ങിയത്. കൊടും രാത്രിയില്‍ കുറ്റിക്കാടും കുന്നും അഗാധ ഗര്‍ത്തങ്ങളും നിറഞ്ഞ വഴികളിലൂടെ അവര്‍ ക്യാമ്പ് വളഞ്ഞു. ഈ സമയം സമര സഖാവും മുന്‍ പട്ടാള ഉദ്യോഗസ്ഥനുമായ കെ കെ ജി അടിയോടി സായുധ പൊലീസിന്റെ കൈയില്‍നിന്നും തോക്ക് പിടിച്ചെടുക്കാന്‍ ശ്രമിച്ചു. അതോടെ അവിടം യുദ്ധക്കളമായി മാറി. ചുകപ്പന്‍ ചെറുപ്പക്കാര്‍ക്ക് നേരെ പൊലീസുകാര്‍ വെടിയുതിര്‍ത്തു. അടിയോടിയെ തോക്കിന്റെ ചട്ടകൊണ്ട് ക്രൂരമായി തല്ലി. ബോധമറ്റുവീണ അടിയോടിയെ സമരഭടന്മാര്‍ താങ്ങിയെടുത്തു തലശേരി ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കിയ കാരണം അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. വെടിയൊച്ചയും കൂട്ട നിലവിളിയും ബഹളവും കൂരിരുട്ടില്‍ ചെറുകല്ലായി കുന്നിന്‍പുറത്ത് വലിയ പ്രതിധ്വനിയായി പരന്നു. ഉശിരനായ പോരാളി പി പി അനന്തന് വെടിയേറ്റു. അനന്തനെയുംകൊണ്ട് സമര ഭടന്മാര്‍ അതിസാഹസികമായി തലശേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഓടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നിട്ടും ആത്മവീര്യം ചോരാതെ പോരാളികള്‍ കൂടുതല്‍ സമരോത്സുകരായി. എന്നാല്‍ സായുധ ശിപ്പായിമാരാകട്ടെ, ഭയവിഹ്വലരായി ആത്മരക്ഷാര്‍ഥം ക്യാമ്പ് ഉപേക്ഷിച്ചു തൊട്ടടുത്തുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. പോകുംവഴിയില്‍ ശിപ്പായിമാര്‍ സമര സഖാക്കളിലൊരാളായ എം അച്യുതനെ നിറയൊഴിച്ചുകൊന്നു. ശരീരം അവര്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. എന്നിട്ടും വിമോചനപ്പോരാളികള്‍ സമരപഥങ്ങളില്‍ അടിപതറാതെ മുന്നേറി. അങ്ങനെ പ്രതിരോധത്തിന്റെയും ചെറുത്തുനില്പിന്റെയും ഉജ്വല ചരിതം രചിച്ചുകൊണ്ട് 1954 ഏപ്രില്‍ 27-ാം തിയ്യതി വൈകുന്നേരം നാലു മണിയോടെ ചെറുകല്ലായിയുടെ നെഞ്ചില്‍ വിമോചനപതാക പാറിക്കളിച്ചു. ചെറുകല്ലായിയെ മോചിപ്പിച്ചു. വിലപ്പെട്ട രണ്ടു ജീവന്‍ കൊടുത്തിട്ടാണ് ചെറുകല്ലായിയുടെ മോചനം യാഥാര്‍ഥ്യമായത്. സഖാക്കള്‍ അനന്തനും അച്യുതനും ചെറുകല്ലായ് രക്തസാക്ഷികളെന്ന പേരില്‍ വിപ്ളവകാരികളുടെ സിരകളില്‍ സമരവീര്യം പ്രവഹിപ്പിച്ചുകൊണ്ട് ഇന്നും നിലനില്‍ക്കുന്നു. കമ്യൂണിസ്റ്റു പാര്‍ടി തലശേരി ഫര്‍ക്കാ കമ്മിറ്റി അംഗവും ബീഡിത്തൊഴിലാളി യൂണിയന്‍ നേതാവുമായ പി പി അനന്തന്‍ ഇങ്ങയില്‍പീടിക സ്വദേശിയായിരുന്നു. 1949-ലെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ പാര്‍ടി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. രക്തസാക്ഷിയാവുമ്പോള്‍ സഖാവിന്റെ പ്രായം 34 വയസ്. രക്തസാക്ഷി അച്യുതനാകട്ടെ പാര്‍ടിയുടെ നിശബ്ദ പോരാളിയായിരുന്നു. ഗോപാലന്റെയും യശോദയുടെയും മൂത്ത മകനായ അച്ചുതന്‍ ഗോപാലപ്പേട്ടയിലെ ബീഡിത്തൊഴിലാളിയായിരുന്നു. 38-ാമത്തെ വയസിലാണ് സഖാവിന്റെ രക്തസാക്ഷിത്വം.

അങ്ങനെ ചെറുകല്ലായിയുടെ മോചനം സാക്ഷാല്‍ക്കരിച്ചതോടെ മാഹിയുടെ സ്വാതന്ത്ര്യ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ വെച്ചു. മാഹി വിമോചനമെന്ന ലക്ഷ്യത്തോടെ കൂട്ടായ സമരം ശക്തിപ്പെടുത്താന്‍ കമ്യൂണിസ്റ്റുപാര്‍ടി തീരുമാനിച്ചു. മഹാജന സഭയുമായി സഖ്യമുണ്ടാക്കാന്‍ പാര്‍ടിതന്നെ മുന്‍കൈ എടുത്തു. ഇതിന് തടസമായി വന്നത് സഭയുടെ നേതാവായ ഐ കെ കുമാരന്‍മാസ്റ്ററായിരുന്നു.ചെറുകല്ലായി വിമോചനത്തിനു ശേഷം പാര്‍ടിയും മഹാജന സഭയും സംയുക്തമായി ഒരു ഓഫീസ് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഫ്രഞ്ച് ചാരന്മാരെന്ന് മുദ്രകുത്തി നിരവധി നിരപരാധികളെ മഹാജന സഭക്കാര്‍ പിടിച്ചുകൊണ്ടുവന്നു മര്‍ദിച്ച് അവശരാക്കിയ ശേഷം ഇവരെ ഈ ഓഫീസിലേക്ക് തള്ളുന്ന രീതിയെ പാര്‍ടി അംഗീകരിച്ചില്ല. മാഹിയുടെ സമ്പൂര്‍ണ സ്വാതന്ത്ര്യത്തിന് നിലകൊള്ളുക എന്ന മുഖ്യധാരയില്‍നിന്ന് പലപ്പോഴും വ്യതിചലിക്കുന്ന പ്രവണത കുമാരന്‍മാസ്റ്റരും അവരുടെ സഭയും കാണിക്കുന്നതായും പാര്‍ടിക്ക് ബോധ്യപ്പെട്ടു. ഇതോടെ കമ്യൂണിസ്റ്റു പാര്‍ടി സ്വന്തം കൊടിക്കു കീഴില്‍ മുഴുവന്‍ ജനങ്ങളെയും അണിനിരത്തി കരുത്തുറ്റ സ്വാതന്ത്യ പ്രസ്ഥാനമായി മുമ്പോട്ട് പോവാന്‍ തീരുമാനമെടുത്തു. ചെറുകല്ലായി ഓഫീസില്‍ അകാരണമായി തടങ്കലില്‍ വെച്ച മുഴുവനാളുകളെയും കമ്യൂണിസ്റ്റു പാര്‍ടി മോചിപ്പിച്ചു. തുടര്‍ന്ന് 'നാലുതറ'യില്‍ ക്യാമ്പ് ചെയ്ത പട്ടാളക്കാരെയും പൊലീസുകാരെയും മാഹിയിലേക്ക് തുരത്തിയോടിച്ചു. അടുത്ത ഘട്ടമായി മാഹി വിമോചനത്തിനുള്ള അന്തിമ പോരാട്ടത്തിന് പാര്‍ടി സജ്ജമായി. മാഹിയുടെ ചുറ്റുമുള്ള കേരളാതിര്‍ത്തികളില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിച്ച്, പോരാട്ടങ്ങള്‍ക്ക് ചൂട് പകരാന്‍ ആവേശകരമായ ആഹ്വാനങ്ങള്‍ മുഴക്കിക്കൊണ്ടിരുന്നു. ഇതുകണ്ട് മഹാജന സഭക്കാര്‍ക്ക് വെപ്രാളമായി. അവര്‍ മുഖം രക്ഷിക്കാന്‍ കമ്യൂണിസ്റ്റുകാരെ മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു വിമോചന ജാഥ തട്ടിക്കൂട്ടാന്‍ ശ്രമിച്ചു.

ഈ സമര പ്രഹസനത്തെ ജനങ്ങള്‍ സ്വീകരിച്ചില്ല. മറിച്ച് ജനം മുഴുവന്‍ പാര്‍ടിയോടൊപ്പമാണെന്ന് തെളിയുന്ന സ്ഥിതിയാണ് വന്നുചേര്‍ന്നത്. പോരാട്ടത്തിന് ജനങ്ങള്‍ പാര്‍ടിയോടൊപ്പം ഒഴുകി. 1954 ജൂലൈ 14-ാം തിയ്യതി മാഹി വിമോചനത്തിന് വേണ്ടിയുള്ള അന്തിമ പോരാട്ടത്തിന് ജനങ്ങളെ സജ്ജമാക്കി. മാഹിയുടെ അതിര്‍ത്തിഗ്രാമങ്ങളില്‍നിന്നും നിരവധി സഖാക്കള്‍ ചെറുജാഥയായി നീങ്ങി ഇവരോടൊപ്പം കണ്ണിചേര്‍ന്നു. സമരോത്സുകരായ ഇവര്‍ മാഹിയിലേക്ക് ഇരച്ചുകയറി. ഫ്രഞ്ച് ഭരണകൂടം ഈ ജനമുന്നേറ്റത്തില്‍ പകച്ചുനിന്നു. പ്രതിരോധിക്കാന്‍ കഴിയാത്തവണ്ണം അവര്‍ കരുത്തരായിരുന്നു. സ്വന്തം മണ്ണു തിരിച്ചേല്‍പ്പിക്കാന്‍ സമരസന്നദ്ധരായി വന്നവരുടെ നിശ്ചയദാര്‍ഢ്യം കണ്ട് ഫ്രഞ്ച് ഭരണാധികാരികള്‍ അധികാരം വിട്ടിറങ്ങാന്‍ തയ്യാറായി. അങ്ങനെ 1954 ജൂലൈ 16-ന് മാഹിയുടെ ഭരണം മാഹിക്കാര്‍ക്കുതന്നെ തിരിച്ചുകിട്ടി. അഥവാ മാഹി സ്വതന്ത്രമായി. ഇന്ത്യയുടെ ദേശീയ പതാക മയ്യഴിയുടെ ഭരണ സിരാകേന്ദ്രത്തിനു മുകളില്‍ പാറിപ്പറന്നു.

മാഹി വിമോചന സമരഭൂമികയില്‍ ത്യാഗത്തിന്റെയും സഹനത്തിന്റെയും മുദ്ര പതിപ്പിച്ചവര്‍ നിരവധിയാണ്. അവര്‍ക്കിടയില്‍ ഉസ്മാന്‍മാസ്റ്ററുടെയും എന്‍ സി കണ്ണന്റെയും പേര് വേറിട്ടുനില്‍ക്കുന്നു. ഫ്രഞ്ചുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യവുമായി ദേശീയ പതാകയും പിടിച്ച് മുന്നേറിയ ഉസ്മാന്‍ മാസ്റ്ററെയും കണ്ണനെയും പൊലീസും വാടകഗുണ്ടകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തിന്റെ ആഘാതത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ഉസ്മാന്‍മാസ്റ്റര്‍ ഏതാനും ദിവസത്തിനു ശേഷം അന്ത്യശ്വാസം വലിച്ചു.

മാഹി വിമോചനത്തെ എളുപ്പമാക്കിയ ഒരാഗോള സാഹചര്യവും ശ്രദ്ധേയമാണ്. മാഹിയിലേക്ക് പടക്കപ്പലയക്കാന്‍ ഐക്യരാഷ്ട്ര സഭയില്‍ ഫ്രഞ്ച് ഭരണകൂടം അക്കാലത്ത് ഒരു പ്രമേയം കൊണ്ടുവന്നു. എന്നാല്‍ സോവിയറ്റ്യൂണിയന്‍ വീറ്റോ ഉപയോഗിച്ച് ആ പ്രമേയ അവതരണ ശ്രമം പരാജയപ്പെടുത്തി. ഫ്രഞ്ച് സാമ്രാജ്യത്വത്തിന്റെ ആത്മവീര്യത്തെ തകര്‍ത്ത് വിയത്നാമിലെ ഫ്രഞ്ച്കോളണിയായ 'ദിന്‍ബിന്‍' മോചിപ്പിക്കപ്പെട്ടതും മാഹി വിമോചനപ്പോരാട്ടത്തിന് സഹായകമായി.

1954 ജൂലൈ 16 മാഹിയെ സംബന്ധിച്ച്, സ്വന്തം നാടിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കാന്‍ അവകാശം ലഭിച്ച നിര്‍ണായക ദിവസമാണ്. ഇതിനു വേണ്ടിയുള്ള ത്യാഗനിര്‍ഭരമായ പോരാട്ടത്തില്‍ കമ്യൂണിസ്റ്റു പാര്‍ടിയുടെ പങ്ക് ദേശീയവും സാര്‍വദേശീയവുമായ ഒരു തലത്തില്‍നിന്ന് നോക്കുമ്പോള്‍, ഉജ്വലവും ആദര്‍ശാത്മകവുമാണെന്ന് കാണാം. ഇക്കാരണങ്ങളാല്‍ മാഹി വിമോചനവും കമ്യൂണിസ്റ്റു പാര്‍ടിയും തമ്മിലുള്ള നാഭീനാള ബന്ധം ആര്‍ക്കും മുറിച്ചുമാറ്റാന്‍ കഴിയില്ല.

*
മുകുന്ദന്‍ മഠത്തില്‍ കടപ്പാട്: ദേശാഭിമാനി വാരിക

18 March, 2010

തെക്കന്‍ മലബാറിലെ പാരീസ് കമ്യൂണ്‍

തൊള്ളായിരത്തി ഇരുപത്തി ഒന്നിലെ മലബാര്‍ കലാപം സ്വാതന്ത്ര്യ സമരമായി അംഗീകരിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും മടിച്ചുനിന്ന കാലത്ത് കലാപത്തെ വാഴ്ത്തിക്കൊണ്ട് സഖാവ് എ കെ ഗോപാലന്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ പ്രസംഗം(1946 ആഗസ്ത് 25) അദ്ദേഹത്തിന്റെ അറസ്റ്റില്‍ കലാശിക്കുകയും അദ്ദേഹം വിചാരണ നേരിടുകയും ചെയ്തു. പ്രസംഗം ബ്രിട്ടീഷ് രഹസ്യ കേന്ദ്രങ്ങള്‍ രേഖപ്പെടുത്തുകയും അന്നത്തെ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ കോപ്പി കോഴിക്കോട് പുരാരേഖാ കേന്ദ്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

കോഴിക്കോട് ആര്‍കൈവ്സില്‍ മലബാര്‍ സമരം സംബന്ധിച്ചുള്ള രേഖകള്‍ പരതുമ്പോഴാണ് ഈ രേഖ കൈയില്‍ തടയുന്നത്. തിരൂരങ്ങാടി പി എസ് എം ഒ കോളജിലെ ഡോ.മായിന്‍കുട്ടിയാണ് രേഖയുടെ പകര്‍പ്പെടുത്തത്. മാപ്പിള സമര നേതാവ് ആലി മുസ്ലിയാരെക്കുറിച്ചുള്ള കുറിപ്പുകള്‍ തയാറാക്കാന്‍ അന്നത്തെ കോടതി രേഖകള്‍ ചികഞ്ഞെടുക്കുന്നതിനിടെയാണ് രേഖ ലഭിച്ചത്. സ്വാതന്ത്ര്യ സമര സേനാനികളുടെ ഫയലിലാണ് ഈ രേഖയുള്ളത്. ഇതില്‍ പ്രസംഗത്തെക്കുറിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച നോട്ടുകളും, വിചാരണയില്‍ എ കെ ജി കൊടുക്കുന്ന മറുപടിയും എ കെ ജിക്ക് നല്കുന്ന ശിക്ഷയും പ്രതിപാദിക്കുന്നുണ്ട്.

1940കളില്‍ മുസ്ലിം ലീഗിന്റെ പാക്കിസ്ഥാന്‍ പ്രക്ഷോഭം ശക്തിപ്പെട്ട കാലത്ത് ബ്രിട്ടീഷുകാരുടെ അനുഭാവം ലഭിക്കാന്‍ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളെക്കുറിച്ചൊക്കെ മൌനം പാലിക്കുകയായിരുന്നു മുസ്ലിം ലീഗ്. അതുകൊണ്ട് ലീഗിന്റെ അജണ്ടയില്‍ മലബാര്‍ കലാപം വിഷയമായിരുന്നില്ല. കോണ്‍ഗ്രസാവട്ടെ, മലബാര്‍ സമരത്തെ വര്‍ഗീയമെന്ന് പറഞ്ഞ് അവഗണിക്കുകയും ചെയ്തു. ഈ നയമാണ് എ കെ ജിയെപ്പോലുള്ള കമ്യൂണിസ്റ്റ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. പെരിന്തല്‍മണ്ണയിലെ യോഗത്തില്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും സാമ്രാജ്യത്വ നയങ്ങളെ എ കെ ജി നിശിതമായ വിമര്‍ശിച്ചു. ഇതിന്റെ പേരിലാണ് അദ്ദേഹം ജയിലിലടക്കപ്പെടുന്നത്. എന്നാല്‍ ജയിലില്‍ നിന്ന് എ കെ ജി സമര്‍ഥമായി രക്ഷപ്പെടുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം വീണ്ടും അറസ്റ്റ് ചെയ്തു.

എ കെ ജിയുടെ പ്രസംഗം പൂര്‍ണ രൂപത്തില്‍ ഇവിടെ രേഖപ്പെടുത്തുകയാണ്:

"ഇരുപത്തഞ്ച് വര്‍ഷം മുമ്പ് നമ്മുടെ പാവപ്പെട്ട സമൂഹത്തില്‍നിന്ന് ഒരു സാധാരണ മുസ്ലിമായ ആലി മുസ്ലിയാര്‍ ബ്രിട്ടീഷ് ഭരണത്തിനും, അനീതിക്കും, അടിമത്തത്തിനും എതിരെ കേരളത്തില്‍ ഒരു മഹാ സമരം നടത്തി. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്ന്വേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ആര്‍ക്കെങ്കിലും ശക്തമായ സമരം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, നിശ്ചയദാര്‍ഢ്യവും ധൈര്യവും ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് ധൈര്യശാലികളും പാവപ്പെട്ടവരുമായ ഈ മുസ്ലിം കര്‍ഷകര്‍ക്കാണ്. അവര്‍ വെള്ളപ്പട്ടാളത്തിന്റെ തോക്കുകളെയും പീരങ്കികളെയും ധൈര്യപൂര്‍വം എതിരിട്ടു. അതൊക്കെ അവര്‍ പുല്‍ക്കൊടിയായി കണ്ടു. നമ്മുടെ ഈ മാപ്പിള സഹോദരന്‍മാരെ എങ്ങനെയാണ് നിങ്ങള്‍ക്ക് മറക്കാനാകുക?
ആലി മുസ്ലിയാരുടേയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയുടേയും കീഴിലുള്ള നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ പൂക്കോട്ടൂരില്‍വച്ച് വെള്ളപ്പട്ടാളത്തെ ശക്തമായി നേരിട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്വ സര്‍ക്കാരിന് തോക്കും പീരങ്കിയും വിമാനവും കപ്പലുമുണ്ടായിരുന്നു. അവര്‍ക്കെന്തൊക്കെ ഉണ്ടായിരുന്നാലും ധീരരായ നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ യുദ്ധം ചെയ്യാന്‍ ധൈര്യപൂര്‍വം തയ്യാറായി. യുദ്ധത്തിനുള്ള ധൈര്യവും ശക്തിയും തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞുകൊണ്ട് നിരായുധരായ മുസ്ലിം സുഹൃത്തുക്കള്‍ തുറന്ന യുദ്ധം നടത്തുകയും മലബാറിന്റെ രണ്ട് താലൂക്കുകളില്‍ മൂന്ന് മാസത്തോളം അവര്‍ ഭരിക്കുകയും ചെയ്തു. അവര്‍ ആ പ്രദേശങ്ങളില്‍നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പുറത്താക്കുകയും സാധാരണ കര്‍ഷകരും തൊഴിലാളി സുഹൃത്തുക്കളും അവിടെ ഭരണം നടത്തുകയും ചെയ്തു. 'ക്വിറ്റ് ഇന്ത്യാ' പ്രമേയം 1921ല്‍ മുന്ന് മാസത്തോളം നടപ്പാക്കിക്കൊണ്ട് നേരത്തേതന്നെ അവര്‍ മാതൃക കാണിച്ചിട്ടുണ്ട്. ആലി മുസ്ല്യാരാണ് അത് ചെയ്തത്.

രണ്ട് താലൂക്കുകളിലെ ജനങ്ങള്‍ ഒരുമിച്ചാല്‍ മാത്രം മതി, അവരെ അടിച്ചമര്‍ത്താന്‍ ഗൂര്‍ക്കാ പട്ടാളവും വെള്ളപ്പട്ടാളവും പോലീസും ഉദ്യോഗസ്ഥന്‍മാരും ഒന്നിച്ച് നിന്നാല്‍ പോലും സാധ്യമല്ലെന്ന് അവര്‍ തെളിയിച്ചു. നമ്മുടെ ഐക്യം നമുക്ക് വേണ്ടത്ര ശക്തി തരുന്നു. തോക്കും വിമാനവും കുന്തവുമില്ലാതെയാണ് ആലി മുസ്ലിയാര്‍ മൂന്ന് മാസം ഭരിച്ചത്. ഇതോര്‍മിക്കാതെ ഒരു സ്വാതന്ത്ര്യസമരം നടത്താന്‍ നമ്മള്‍ യോഗ്യരല്ല. അതിന്റെ ഗുണങ്ങള്‍ ചിന്തിക്കാനുള്ള ശക്തിയില്ലാതെ സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തിയുള്ള സമരം നടത്താന്‍ നമുക്കാവില്ല. അതുകൊണ്ടാണ് അഭിമാനത്തോടെ ഇരുപത്തൊന്നിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കുന്നതും സംസാരിക്കുന്നതും. നിങ്ങളാരാകട്ടെ, ഹിന്ദുവോ മുസ്ലിമോ ആകട്ടെ, നിങ്ങള്‍ സാമ്രാജ്യത്വ വിരുദ്ധനാണെങ്കില്‍, അനര്‍ഹമായ ഈ ബ്രിട്ടീഷ് ഭരണം അവസാനിക്കണമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ ഇരുപത്തൊന്നില്‍ ഈ രാജ്യത്തെ ദേശഭക്തരായ യുവാക്കള്‍ ചെയ്ത ധീര സമരത്തിന്റെ പാഠമുള്‍ക്കൊള്ളണം. ആ സമരത്തിന്റെ സാഹചര്യങ്ങള്‍ പഠിക്കാതെ നിങ്ങള്‍ക്ക് പ്രത്യക്ഷ നടപടിക്കള്‍ തുടരാനാവില്ല. ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കാനുമാവില്ല. അതുകൊണ്ടാണ് ഇരുപത്തൊന്നിന്റെ നല്ല പാഠങ്ങള്‍ പഠിക്കണമെന്ന് നാം പറയുന്നത്.

അക്കാലത്ത് ഇന്നാട്ടിലെ മാപ്പിള സുഹൃത്തുക്കള്‍ ബി എ ക്കാരായിരുന്നില്ല. അവര്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസവുമുണ്ടായിരുന്നില്ല. അവര്‍ക്ക് ഖാന്‍ ബഹാദൂര്‍ പട്ടമുണ്ടായിരുന്നില്ല. പക്ഷേ അവരില്‍ ശക്തന്‍മാരുണ്ടായിരുന്നു. അന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അവര്‍ പ്രസംഗിക്കുകയായിരുന്നില്ല; പക്ഷേ അവര്‍ തോക്കുകളെ നേരിട്ടു, പീരങ്കികളെ നേരിട്ടു; ഉദ്യോഗസ്ഥന്‍മാരെ നേരിട്ടു. മനുഷ്യശക്തിക്ക് മുമ്പില്‍ തോക്കും ആയുധങ്ങളും പുല്‍ക്കൊടിയാണെന്ന് അവര്‍ തെളിയിച്ചു. മൂന്ന് മാസം അവര്‍ക്ക് ഭരിക്കാന്‍ കഴിഞ്ഞു. ഇതാര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ? ഇത് സ്മരിക്കപ്പെടേണ്ടതല്ലേ? ആഗസ്ത് വിപ്ളവത്തെ പാടിപ്പുകഴ്ത്തുന്ന കോണ്‍ഗ്രസ് സുഹൃത്തുക്കളോട് ഇതാണ് എനിക്ക് ചോദിക്കാനുള്ളത്. നമുക്കിതാണ് പറയാനുള്ളത്; ആഗസ്ത് പതിനാറിന് മുസ്ലിം ലീഗ് നടത്തിയ പ്രത്യക്ഷ നടപടി (കോണ്‍ഗ്രസിനെതിരെ മുസ്ലിം ലീഗ് നടത്തിയ പ്രത്യക്ഷ നടപടി ദിനം) യഥാര്‍ഥ നടപടിയാകണമെങ്കില്‍ മുസ്ലിം നേതാക്കള്‍ അത് ബ്രിട്ടീഷ് ഭരണത്തിനെതിരെയാണ് നടത്തേണ്ടത്. ഇരുപത്തൊന്നിലെ സമരത്തിന്റെ പാഠം അവര്‍ നന്നായി പഠിക്കണം. അതായിരുന്നു നേരായ സമരം. പ്രത്യക്ഷ നടപടി കേരളത്തില്‍ ഇരുപത്തൊന്നില്‍തന്നെ നടന്നു. അത് മറക്കരുത്. ഓരോ വര്‍ഷത്തിലും ഇരുപത്തൊന്നിലെ സമരത്തിന്റെ ഓര്‍മ പുതുക്കണം. സ്വാതന്ത്ര്യത്തിനുവേണ്ടി ഈ സ്ഥലത്തെ ജനങ്ങള്‍, നമ്മുടെ മുസ്ലിം സഹോദരന്‍മാര്‍ ജന്മികള്‍ക്കെതിരെ നടത്തിയ സമരത്തിന്റെ വില ആയിരങ്ങളോ കോടിയോ അല്ല; ആ സമരത്തില്‍ സംഭവിച്ച വാഗണ്‍ ട്രാജഡി മറക്കാന്‍ കഴിയുമെന്നോ?

അതുകൊണ്ടാണ് ഇരുപത്തൊന്നാണ് ആചരിക്കേണ്ടത് എന്ന് ഞാന്‍ പറയുന്നത്. ഇരുപത്തൊന്നില്‍ നമ്മുടെ ജനങ്ങള്‍ ഒരു പ്രത്യക്ഷ നടപടി കൈക്കൊണ്ടു. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സായുധ സമരം. ജനങ്ങളുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുന്നതിന്, ജന്‍മിമാരില്‍നിന്നും ഈ നാട്ടിലെ പാവപ്പെട്ടവരെ സംരക്ഷിക്കുന്നതിന്, ജന്മിമാരുടെയും ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള സമരം. ഇരുപത്തൊന്നിലെ സായുധ സമരത്തെക്കുറിച്ച് പറയുമ്പോള്‍ അഹിംസക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന കോണ്‍ഗ്രസ് സുഹൃത്തുക്കളോട് ഞാന്‍ ചോദിക്കട്ടേ, എന്തായിരുന്നു ആഗസ്ത് വിപ്ളവം? അത് വയര്‍ലെസ് കമ്പി മുറിക്കലും റെയില്‍ തകര്‍ക്കലുമായിരുന്നില്ലേ? അതുപോലെ ഉദ്യേഗസ്ഥരുടെ അതിക്രമത്തേയും ചെറുത്തു. അവരില്‍ പലരും മരിച്ചു. അത് അഹിംസയാണോ? പണ്ഡിറ്റ് നെഹ്റു പോലും പറയും നാം ആഗസ്ത് വിപ്ളവം ഓര്‍ക്കണമെന്ന്? ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയുള്ള സമരമായി ആഗസത് വിപ്ളവത്തെ കോണ്‍ഗ്രസ് ഗണിക്കുന്നുവെങ്കില്‍ എന്തുകൊണ്ട് ഇരുപത്തൊന്നിലെ കലാപത്തെ പാര്‍ടി അതുപോലെ സ്മരിക്കുന്നില്ല? ആ സമരത്തെ മാപ്പിള കലാപം. മലബാര്‍ കലാപം എന്നൊക്കെ പറയുവാന്‍ ചില കാരണങ്ങളൊക്കെയുണ്ട്. ആയിരക്കണക്കിന് മുസ്ലിങ്ങള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി മരിക്കാന്‍ തയ്യാറായപ്പോള്‍ മുസ്ലിം വിരുദ്ധ ചിന്തയുള്ളവര്‍ അങ്ങനേയങ്ങ് പറയാന്‍ തുടങ്ങിയതാണ്.

അന്നത്തെ ഖിലാഫത് ഗവണ്‍മെന്റ് പാവപ്പെട്ടവരുടെ ഗവണ്‍മെന്റായിരുന്നു. അത് കര്‍ഷകരുടെയും തൊഴിലാളികളുടെയും ഗവണ്‍മെന്റായിരുന്നു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ക്യാമ്പിലുണ്ടായിരുന്നവര്‍ കര്‍ഷകരായിരുന്നു. നാട്ടില്‍ പണമുള്ളവരുണ്ടായിരുന്നു. കുത്തക മുതലാളിമാരുണ്ടായിരുന്നു. എന്നിട്ടും ആരാണ് ഭരണം നടത്തിയത്? ഒരു പാവം വണ്ടിക്കാരന്‍ കുഞ്ഞഹമ്മദാജി. ഒരു പരീക്ഷയും പാസാകാത്തവന്‍. പക്ഷേ, അദ്ദേഹമായിരുന്നു ജനങ്ങളുടെ നേതാവ്. പാവപ്പെട്ടവരുടേയും നേതാവ്. ബിഎയും എം എയും ഉള്ള ഉദ്യോസസ്ഥര്‍ അദ്ദേഹത്തെ സല്യൂട്ട് ചെയ്തു. അദ്ദേഹം അവര്‍ക്ക് കല്പനകള്‍ നല്കി. കൈക്കൂലി വാങ്ങുന്ന ഒരു ഉദ്യോഗസ്ഥനും അവിടെ ഉണ്ടായിരുന്നില്ല. പാവപ്പെട്ടവര്‍ക്ക് സംരക്ഷണം ലഭിച്ചു. ജഡ്ജുമാര്‍ ഹിന്ദുവായാലും മുസ്ലിമായാലും നിഷ്പക്ഷമായി വിധി പറഞ്ഞു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ഗവണ്‍മെന്റില്‍നിന്ന് ജാതി മത ചിന്തകള്‍ക്കതീതമായി പാവപ്പെട്ടവര്‍ക്ക് സംരക്ഷണം കിട്ടിയെന്നതിന് ഉദാഹരണങ്ങളുണ്ട്. അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു: 'നിങ്ങള്‍ വിദ്യാഭ്യാസമുള്ളവരാണ്. കൈക്കൂലി വാങ്ങുന്നവരുമാണ്. പക്ഷേ എന്റെ ഗവണ്‍മെന്റില്‍ ബ്രിട്ടീഷ് രീതിയിലുള്ള ഭരണം മാത്രം പോരാ. നിങ്ങള്‍ക്ക് കൈക്കൂലി വാങ്ങാനാവില്ല. രാജ്യം ഭരിക്കുന്നത് വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദാജിയാണ്, അതിനാല്‍ പാവപ്പെട്ടവര്‍ സംരക്ഷിക്കപ്പെടണം'. നമ്മള്‍ വര്‍ഗീയ കലാപം ഉണ്ടാക്കുന്നുവെന്നാണ് പറയുന്നത്. നമ്മള്‍ കലാപമുണ്ടാക്കുന്നുവെന്ന് പറയുന്നത് ശരി തന്നെ. പക്ഷേ അത് വര്‍ഗീയമല്ല. പിന്നെ ആര്‍ക്കെതിരേയുള്ള കലാപം? ഉപയോഗ ശൂന്യമായ ബ്രിട്ടീഷ് ഭരണത്തിനെതിരേയുള്ള കലാപം. തങ്ങളുടെ കൈകകളില്‍ തോക്കും വാളുമുണ്ടെന്ന് കരുതി വാഗണ്‍ ട്രാജഡിയില്‍ പാവപ്പെട്ട മുസ്ലിങ്ങളെ കൊന്ന ഭരണത്തിനെതിരെയാണ് നാം ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത്. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ ഇവിടെ കഴുത്തറുക്കില്ല. ബുദ്ധിയുള്ളവരും ദേശാഭിമാനമുള്ളവരും മതത്തിന്റെപേരില്‍ കലാപമുണ്ടാക്കില്ല.

ഇവിടന്നങ്ങോട്ട് അഹിംസയുടെ ഒരു സിദ്ധാന്തവും വിലപ്പോവില്ല. അതിക്രമം ഏത് ഭാഗത്ത് നിന്നായാലും, പൊലീസിന്റെ ഭാഗത്ത് നിന്നാവട്ടെ, ജന്‍മിയുടെയോ മുതലാളിയുടെയോ ഭാഗത്ത് നിന്നാവട്ടെ, അതിനെ എതിര്‍ക്കണമെന്ന് ജനങ്ങള്‍ തീരുമാനിച്ചാല്‍ അത് വളരെ വേഗം ഈ രാജ്യത്ത് നടക്കുകതന്നെ ചെയ്യും. അതുവഴി സൌകര്യപ്രദമായി ജീവിക്കാനും കഴിയും. അതുകൊണ്ട് ഞാന്‍ ഇരുപത്തൊന്നിനെ പരാമര്‍ശിക്കുമ്പോള്‍ അതിന്റെ വാര്‍ഷികം ആചരിക്കാന്‍ പറയുമ്പോള്‍ പൂക്കോട്ടൂര്‍ ദിനം എന്ന് പറയുമ്പോള്‍ തൊള്ളായിരത്തി ഇരുപത്തൊന്നിലെ നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ക്ക് നിങ്ങള്‍ സിന്ദാബാദ് വിളിക്കുക. ജന്‍മിമാരുടേയും ഉദ്യോഗസ്ഥന്‍മാരുടേയും അതിക്രമങ്ങള്‍ക്കെതിരെ, അനീതിക്കെതിരെ തോക്കുകളുടെയും പീരങ്കികളുടെയും മുമ്പില്‍ രാജ്യത്തിന് മോചനത്തിനുവേണ്ടി മരിക്കാന്‍ തയ്യാറായ മാപ്പിളമാരുടെ സ്മരണ സജീവമാക്കാത്തവരാരാണ്? ഈ നാട്ടിലെ നിരവധി ചെറുപ്പക്കാര്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പട്ടാളത്തിന്റെ മുന്നില്‍ മാറ് കാണിച്ചു. ഇതുവരെ ഞാനും നിങ്ങളും അത്തരം ഒരു കൃത്യം ചെയ്തിട്ടില്ല. നമ്മള്‍ പ്രസംഗിച്ചു, ജയില്‍വാസമനുഭവിച്ചു, അപ്പോഴേക്കും ധീരരാണെന്ന് നാം അവകാശപ്പെടുകയായി. തോക്കും പീരങ്കിയും തീ തുപ്പുമ്പോള്‍ അവയ്ക്കെതിരെ നിരായുധരായി മാര്‍ച്ച് ചെയ്യാനും അവ പിടിച്ചെടുക്കാനും എതിര്‍ത്ത് തോല്പിക്കാനും എത്ര പേരുണ്ടാകുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? വളരെ കുറച്ച് പേര്‍ മാത്രം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി, പൊലീസിന്റെയും ജന്‍മിമാരുടെയും അതിക്രമങ്ങളവസാനിപ്പിക്കുന്നതിനുവേണ്ടി ധീരന്‍മാര്‍ സാമ്രാജ്യത്വ വിരുദ്ധ യുദ്ധം നടത്തിയപ്പോള്‍ അതായിരുന്നു ശരിയായ സമരം. അതിന്റെ സ്മരണ നാം നില നിറുത്തുക. ഇത് ഞാന്‍ നൂറ് പ്രവശ്യം പറയും. അതിന്റെ പേരില്‍ തൂക്കിലേറ്റിയാലും നമ്മളത് പറയണം. ദേശാഭിമാനികളെന്ന് വിളിക്കാന്‍ ആര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങ്കില്‍ ആരെങ്കിലും യഥാര്‍ഥ യുദ്ധം നടത്തിയിട്ടുണ്ടെങ്കില്‍, അസാമാന്യമായ ധൈര്യത്തോടെ ഈ രാജ്യത്തിന് വേണ്ടി ആരെങ്കിലും യുദ്ധം ചെയ്തിട്ടുണ്ടെങ്കില്‍ ആ ദേശാഭിമാനികള്‍ നമ്മുടെ മാപ്പിള സഹോദരന്‍മാരാണ്. അതേക്കുറിച്ച് ഒരു സംശയവുമില്ല. ഇതേക്കുറിച്ച് ചിന്തിക്കാത്ത കോണ്‍ഗ്രസുകാര്‍ ദേശാഭിമാനികളല്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുള്ള മാര്‍ഗത്തില്‍ നിരവധി നല്ല മക്കള്‍ തോക്കിനെ നേരിട്ട് വീരമ്യത്യു വരിച്ചു. അവരെ ഓര്‍ക്കുവിന്‍. ആ നന്മ സ്വീകരിക്കാന്‍ ശ്രമിക്കണം. തെറ്റായ വശങ്ങള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. കമ്യൂണിസ്റ്റുകാരുടെ അഭ്യര്‍ഥനകളില്‍ കലാപം ലക്ഷ്യമാക്കുന്നില്ല. പണ്ഡിറ്റ് നെഹ്റുവാണ് കലാപം ഇളക്കിവിടുന്നത്. അദ്ദേഹം ലീഗുകാരോട് പറഞ്ഞു: ഒന്നുകില്‍ നിങ്ങള്‍ അല്ലെങ്കില്‍ ഞങ്ങള്‍! ഞങ്ങളല്ല കലാപത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നത്. അത് കോണ്‍ഗ്രസിന്റേയും ലീഗിന്റേയും നേതാക്കളാണ്. അവര്‍ക്കാണതില്‍ താല്പര്യം. ഞങ്ങള്‍ക്കല്ല. കമ്യൂണിസ്റ്റുകളില്‍ ജന്മിയോ, മുതലാളിയോ സമ്പന്നനോ ഇല്ല. ലീഗില്‍ മുതലാളിമാരും ജന്‍മിമാരും ഉണ്ട്. കോണ്‍ഗ്രസിലുമുണ്ട്. കോഴിക്കോട്ട് ബാദ്ഷാ സാഹിബ് നിരവധി മുസ്ലിം കുടിയാന്മാരെ വീടുകളില്‍നിന്ന് പുറത്താക്കി. മുതലാളി എപ്പോഴും മുതലാളി തന്നെയാണ്. അവര്‍ സാമുവല്‍ ആറോണോ, സത്താര്‍ സേഠുവോ ആകട്ടെ, ഹിന്ദുവോ മുസ്ലിമോ ആകട്ടെ, കോണ്‍ഗ്രസോ മുസ്ലിം ലീഗോ ആകട്ടെ. മുതലാളിമാരുടെ ലക്ഷ്യം ഈ രാജ്യത്തെ ഹിന്ദുവോ മുസ്ലിമോ ആയ പാവപ്പെട്ടവരുടെ ഊര്‍ജം പിഴിഞ്ഞെടുക്കുകയും ഏറ്റവും കുറഞ്ഞ കൂലി കൊടുത്ത് അവരെ പട്ടിണിക്കിടലുമാണ്. കോണ്‍ഗ്രസ് -ലീഗ് മുതലാളിമാരും കോണ്‍ഗ്രസ് -ലീഗ് ജന്മിമാരും പാവപ്പെട്ട മുസ്ലിം ഹിന്ദു ജനങ്ങളെ ഭിന്നിപ്പിച്ച് ബ്രിട്ടീഷ് മുതലാളിമാര്‍ക്കുവേണ്ടി തങ്ങളുടെ സ്വാര്‍ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. ജനങ്ങളെ ചൂഷണം ചെയ്യാനുള്ള അവകാശം ബ്രിട്ടീഷുകാര്‍ക്ക് മാത്രമല്ല, തങ്ങള്‍ക്ക് കൂടി വേണമെന്നാണ് ഇവരാവശ്യപ്പെടുന്നത്. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ആരെങ്കിലും സാമ്രാജ്യത്വ വിരുദ്ധ യുദ്ധം നടത്തിയിട്ടുണ്ടെങ്കില്‍, ആരെങ്കിലും പ്രത്യക്ഷ നടപടി സമരം നടത്തിയിട്ടുണ്ടെങ്കില്‍ അത് ഇരുപത്തൊന്നിലെ നമ്മുടെ മാപ്പിള സുഹൃത്തുക്കള്‍ മാത്രമാണ്.

ഇരുപത്തി ഒന്നിലേയും നാല്പത്തി ആറിലേയും സ്ഥിതിഗതികള്‍കൂടി നിങ്ങള്‍ മനസ്സിലാക്കുക. ഇരുപത്തൊന്നില്‍ ഒന്നാം ലോക യുദ്ധത്തെ തുടര്‍ന്ന് രാജ്യം വളരെ ദയനീയാവസ്ഥയിലായിരുന്നു. അന്ന് ബുദ്ധിമുട്ടായിരുന്നു. വേണ്ടത്ര അരി ഉണ്ടായിരുന്നില്ല. വസ്ത്രങ്ങള്‍ കിട്ടാനില്ല. പോരാത്തതിന് ഖിലാഫത്ത് പ്രസ്ഥാനവും തുടങ്ങിയിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും ഒറ്റക്കെട്ടായിരുന്നു. കഴിഞ്ഞ എട്ടു മാസമായി അല്ലെങ്കല്‍ ഒരു വര്‍ഷമായി രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇന്ത്യന്‍ നേവിയിലെ ഇന്ത്യക്കാര്‍ മാപ്പിളമാര്‍ മാത്രമല്ല; എല്ലാവരും ഒരു ദിവസം രാവിലെ അവരുടെ കപ്പലുകളില്‍നിന്ന് യൂണിയന്‍ പതാക അഴിച്ച് വച്ച് പകരം, കോണ്‍ഗ്രസിന്റേയും ലീഗിന്റേയും പതാക കള്‍ നാട്ടി. എന്നിട്ട് ബ്രിട്ടീഷുകാരോട് പറഞ്ഞു: നിങ്ങള്‍ ഇന്ത്യ വിട്ട് പോകണം. വെള്ളക്കാര്‍ക്ക് കൊടുക്കുന്ന അതേ ശമ്പളം ഞങ്ങള്‍ക്കും നല്‍കണം. അത് പറഞ്ഞുകൊണ്ടാണ് അവര്‍ പ്രത്യക്ഷ നടപടി സമരം നടത്തുന്നത്. നിങ്ങള്‍ ഒന്നു മനസ്സിലാക്കണം: ബ്രിട്ടീഷ് പട്ടാളവുംകൂടി നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പണിമുടക്കുന്നുണ്ട്. എംഎസ്പി പണിമുടക്കി. ഇരുപത്തൊന്ന് രൂപക്ക് നാടൊട്ടുക്കും പോയി ജനങ്ങളെ വെടി വയ്ക്കാനും തല്ലാനും തങ്ങള്‍ക്കാവില്ലെന്ന് പറഞ്ഞാണ് അവര്‍ പണി മുടക്കിയത്. പണിമുടക്കിയ 2000 എം എസ് പിക്കാരെ ഗവണ്‍മെന്റ് പിരിച്ച് വിട്ടു. തിരുനല്‍വേലിയിലെ റിസര്‍വ് പൊലീസ് പണി മുടക്കിയെന്ന് മിനിയാന്നത്തെപത്രത്തില്‍ കണ്ടു. അപ്രകാരം പൊലീസ് പണിമുടക്കി. തപാല്‍ ഉദ്യോസസ്ഥര്‍ പണിമുടക്കി. പത്ത് ലക്ഷംവരുന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു ഞങ്ങളും പണി മുടക്കുകയാണെന്ന്. അപ്പോള്‍ ഗവണ്‍മെന്റ് പറയുന്നു, ഒത്തുതീര്‍പ്പ് വേണമെന്ന്. ഇപ്പോള്‍ കോട്ടും ടൈയുമിട്ട നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മദ്രാസില്‍ സിന്ദാബാദ് വിളിച്ച് നടക്കുകയാണ്. യൂറോപ്യന്‍ കലക്ടറൊഴികെയുള്ള ഉദ്യോഗസ്ഥന്‍മാരും, ഇരുനൂറും മുന്നൂറും ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരും പോലീസും എം എസ്പിയും ഒക്കെ പണി മുടക്കാന്‍ തയ്യാറായിരിക്കുന്നു. എന്തുകൊണ്ട്? പണിമുടക്ക് കലാപമാണോ? വിശപ്പിന്റെ ഉച്ചത്തിലുള്ള വിളി ഇനിയും സഹിക്കാനാവില്ല. പട്ടിണിക്കാരുടെ വയറ്റില്‍ കലാപമാരംഭിച്ചരിക്കുന്നു. ഈ സമരങ്ങളൊക്കെയും വിശപ്പ്മൂലം ഭ്രാന്തരായ ജനങ്ങളുടേതാണ്. ഇതല്ലാതെ വേറൊരു കലാപം ഇവിടെയില്ല.


നമ്മളെന്തിനാണ് അടിച്ചമര്‍ത്തപ്പെടുന്നത്? അവര്‍ നമ്മെ അറസറ്റ് ചെയ്യുന്നു. നമ്മള്‍ മര്‍ദിക്കപ്പെടുന്നു. നിത്യവും കരിഞ്ചന്ത നടക്കുന്നു. അതിനാകട്ടെ ശിക്ഷിക്കപ്പെടുന്നുമില്ല. നമ്മള്‍ കരിഞ്ചന്തക്കാരെ പിടിച്ച് കൊടുത്തു. എന്നിട്ടെന്താ, അവര്‍ നമ്മളോട് പ്രതികാരം ചെയ്യുന്നു. കരിഞ്ചന്തക്കാരെ തൂക്കിക്കൊല്ലണമെന്നാണ് നെഹ്റു പറയുന്നത്. അത്രക്കൊന്നും നമ്മള്‍ ആവശ്യപ്പെടുന്നില്ല. അവര്‍ക്ക് എന്തെങ്കിലും ശിക്ഷ കൊടുത്തുകൂടേ? നാലു കോടി രൂപക്കുള്ള വസ്ത്രം കരിഞ്ചന്ത നടത്തിയതിന് അളഗപ്പ ചെട്ടിയാരെ പിടിച്ചു. അയാളെ ശിക്ഷിച്ചോ? പിന്നെന്തിനാണിവിടെ ഗവണ്‍മെന്റ്? ജന്‍മിമാരേയും മുതലാളിമാരേയും ശിക്ഷിക്കണം. അക്കാര്യത്തില്‍ ഗവണ്‍മെന്റ് ആരെയും പേടിക്കരുത്. റയില്‍വേ തൊഴിലാളികള്‍ പണി മുടക്കി. അവരെ നേരിടാന്‍ പൊലീസിനേയും എംഎസ്പിയേയും അയക്കരുതായിരുന്നു. ഒരു യൂറോപ്യന്‍ മുതലാളിയെ സഹായിക്കാന്‍ പൊലീസിനെ അയക്കരുത്. അതിനുള്ള ശക്തിയും തന്റേടവും ഗവണ്‍മെന്റിന് വേണം. നന്മ ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ പോട്ടെ, നിങ്ങള്‍ക്ക് തിന്മ ചെയ്യാതെങ്കിലും ഇരുന്നു കൂടേ? ഇതാണ് കോണ്‍ഗ്രസിനോടുള്ള ഞങ്ങളുടെ ഒരേയൊരു അപേക്ഷ രാജ്യ ദ്രോഹികളെന്നാണ് നിങ്ങള്‍ ഞങ്ങളെ വിളിക്കുന്നത്. ഞങ്ങള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ പങ്കെടുത്തിരുന്നില്ലേ? പക്ഷേ, ഇന്ന് ഞങ്ങള്‍ കോണ്‍ഗ്രസിലില്ല. ഇന്ന് മുത്തയ്യ ചെട്ടിയാര്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയാണ്. ചെട്ടിയാര്‍ രാജ്യം ഭരിച്ചാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്? കരിഞ്ചന്ത! സരോജിനി നയിഡു പ്രസംഗിച്ച യോഗത്തില്‍ ആനപ്പുറത്തിരുന്നുകൊണ്ടാണ് ബോബിളി രാജാവ് വന്നത്. ഇന്നദ്ദേഹം കോണ്‍ഗ്രസിന്റെ പ്രതിനിധിയാണ്. കോണ്‍സ്രഗസിന് ഞങ്ങളെ ആവശ്യമില്ല.

ഈ വര്‍ഷം സ്വാതന്ത്ര്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ഒരുക്കത്തിലാണ് രാജ്യം. അതിന് കോണ്‍ഗ്രസും ലീഗും മുന്നിട്ടിറങ്ങണം. പക്ഷേ ഈ പാര്‍ടികള്‍ പരസ്പരം ശത്രുതയിലാണ്. കോണ്‍ഗ്രസ് പകലാണെന്ന് പറയുമ്പോള്‍ അല്ല, രാത്രിയാണെന്ന് ലീഗ് പറയും. നിങ്ങള്‍ ഒന്നിക്കണം. നിങ്ങള്‍ ഈ രാജ്യക്കാരല്ലേ? വെള്ളക്കാര്‍ക്കെതിരെ നിങ്ങള്‍ക്കൊന്നിച്ചുകൂടേ? കോണ്‍ഗ്രസും ലീഗും ഈ രാജ്യക്കാരാണ്. എന്തുകൊണ്ട് അവര്‍ക്ക് ഒന്നിച്ച്കൂടാ? രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി മരണംവരിച്ച ഇരുപത്തൊന്നിലെ സഹോദരന്‍മാരെ നിങ്ങള്‍ ആദരിക്കണം. രാജ്യത്തിന്റെ മോചനത്തിനുവേണ്ടി ജീവന്‍ നല്കിയ അവര്‍ ധീരരാണെന്ന് നിങ്ങള്‍ പ്രഖ്യാപിക്കണം. നിങ്ങള്‍ ഈ രാജ്യത്തെ സ്നേഹിക്കുന്നുണ്ടോ? നിങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശത്രുവാണോ? എങ്കില്‍ അന്ന് യുദ്ധം ചെയ്തവരെ ആദരിക്കുക. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയെ നിങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല. മൂന്ന് മാസം അദ്ദേഹം ഈ നാട് ഭരിച്ചു. ബ്രിട്ടീഷുകാര്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും മൂന്ന് മാസത്തേക്ക് ഒറ്റ യൂറോപ്യനും അങ്ങോട്ട് പോയില്ല. എങ്ങനെ ഭരിക്കണമെന്ന് ഹാജിയാര്‍ക്ക് അറിയാമായിരുന്നു. കൈക്കൂലി വാങ്ങാതെയും ജനങ്ങളെ പീഡിപ്പിക്കാതെയുമാണ് ഭരിക്കേണ്ടതെന്ന് അദ്ദേഹത്തിനറിയാം. ഗവണ്‍മെന്റ് ജനങ്ങളുടെ നന്മക്ക് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ലീഗും ഇത് മനസ്സിലാക്കണം. അന്നത്തെ പാഠം പഠിക്കണം. ബ്രിട്ടീഷ് ഗവണ്‍മെന്റ് നമ്മുടെ പൊതു ശത്രുവാണ്. കോണ്‍ഗ്രസും ലീഗും തമ്മില്‍ തല്ലരുത്. കല്‍ക്കത്ത നമുക്കൊരു പാഠമാണ്. തങ്ങള്‍ ഗവണ്‍മെന്റിനെതിരെയാണെന്ന് പറഞ്ഞുകൊണ്ട് അവിടെ ഹിന്ദുവും മുസ്ലിമും തമ്മില്‍ പരസ്പരം കലഹിച്ചു. ഇതിന്റെ നഷ്ടം അഞ്ചു കോടി രൂപയാണെന്നാണ് കണക്ക്. നിരവധി ജനങ്ങള്‍ മരിച്ചുവെന്ന് പറയപ്പെടുന്നു. കോണ്‍ഗ്രസുകാര്‍ക്കും ലീഗുകാര്‍ക്കും റോഡിലിറങ്ങി നടക്കാന്‍ കഴിയില്ല. വെള്ളപ്പട്ടാളം സിഗരറ്റ് പുകച്ചുകൊണ്ട് റോഡിലൂടെ നടക്കുകയാണ്. ശവശരീരങ്ങളില്‍ ചവിട്ടിയാണ് ബ്രിട്ടീഷുകാര്‍ കല്‍ക്കത്തയുടെ തെരുവുകളില്‍ നടക്കുന്നത്. കോണ്‍ഗ്രസും ലീഗും ഈ പാഠം പഠിക്കുമോ?

എന്തിനാണ് ജനങ്ങള്‍ പണിമുടക്കുന്നത്? കമ്യൂണിസ്റ്റുകാര്‍ക്ക് വേണ്ടിയാണോ മുന്നൂറ് രൂപ ശമ്പളം പറ്റുന്ന വ്യക്തികള്‍ പണിമുടക്കുന്നത്? ആളുകള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയാതായിരിക്കുന്നു. ഇവിടെ ഉള്ളവനും ഇല്ലാത്തവനുമുണ്ട്. മുതലാളിയും തൊഴിലാളിയുമുണ്ട്, ജന്മിയും കര്‍ഷകനുമുണ്ട്. അതിന്റെ ഫലമാണ് പണിമുടക്ക്. ജീവിക്കാനുള്ള കൂലി ജനങ്ങള്‍ക്ക് കിട്ടുന്നില്ല. അത് തരണമെന്ന് അവര്‍ നിര്‍ബന്ധിക്കുന്നു. ജനങ്ങളേ, നിങ്ങള്‍ നേതാക്കളോട് പറയുക: "നേതാക്കളേ, നിങ്ങളോട് ഞങ്ങള്‍ക്ക് നല്ല ബഹുമാനമാണ്. പക്ഷേ നിങ്ങള്‍ ഒന്നിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ ഒന്നിക്കും. പാവപ്പെട്ട തൊഴിലാളിയും കര്‍ഷകനും ഒന്നിക്കും. ഈ നാട്ടിലെ ജനങ്ങള്‍ ഒന്നിക്കും. രാജ്യത്തെ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കും.'' ഇതാണ് നിങ്ങള്‍ പറയേണ്ടത്. അല്ലാത്തപക്ഷം സാമ്രാജ്യത്വവിരുദ്ധ സമരം പരസ്പരം നാശം കൊയ്യുന്ന സമരമായി മാറും. സ്വാതന്ത്ര്യം ലഭിക്കുന്നകാര്യത്തില്‍ നമ്മള്‍ പരാജയപ്പെടും. ഇവിടെ തൊഴിലില്ലായ്മ വരും. ഭക്ഷണക്ഷാമം വരും. നമുക്കൊന്നും ലഭിക്കില്ല. ഇതാണ് ഇരുപത്തൊന്നിന്റെ പാഠം.
ഇപ്പോഴുള്ള റെയില്‍വേ പണിമുടക്ക് പ്രത്യക്ഷ നടപടിയാണ്. അടിക്ക് പകരം അടി കൊടുക്കണം. ആയുധമെടുക്കണമെങ്കില്‍ ആയുധമെടുക്കണം. ഇനിയങ്ങോട്ട് സത്യാഗ്രഹംകൊണ്ട് മാത്രം ഒന്നും നേടില്ല. കോണ്‍ഗ്രസിന്റെയും ഗാന്ധിജിയുടെയും സത്യാഗ്രഹം കൊണ്ട് എന്ത് നേടിയെന്ന് നിങ്ങള്‍ കണ്ടില്ലേ?

നമ്മള്‍ സംഘടിതമായി സമരം ചെയ്യണം. ഇരുപത്തൊന്നിലേതുപോലുള്ള സായുധസമരം. ഹിംസ ആവശ്യമെങ്കില്‍ അതുതന്നെ വേണം. അതിന് തയ്യാറുള്ളവര്‍ മുന്നോട്ട് വരട്ടെ. ബ്രിട്ടീഷ് ഗവണ്‍മെന്റ് അക്രമം പ്രവര്‍ത്തിക്കുന്നു. എങ്കില്‍ എന്തുകൊണ്ട് നമുക്കും അതായിക്കൂടാ? എനിക്ക് അഹിംസയില്‍ ഒരു വിശ്വാസവുമില്ല. അതില്‍ ആര്‍ക്കെങ്കിലും വിശ്വാസമുണ്ടെങ്കില്‍ ആ മാര്‍ഗം സ്വീകരിച്ചോട്ടെ. ഇരുപത്തൊന്നിലെ സമരമാണ് നമുക്ക് പാഠം. എങ്കിലെ ബ്രിട്ടീഷ് ഗവണ്‍മെന്റ് മുട്ടുമടക്കുകയുള്ളൂ. കുഞ്ഞഹമ്മദാജി രണ്ട് താലൂക്കുകള്‍ മൂന്ന് മാസം ഭരിച്ചില്ലേ? മുസ്ലിം കര്‍ഷകര്‍ രാജ്യം ഭരിച്ചു. രാജ്യം ഭരിക്കാന്‍ ബി എക്കാരനെ ആവശ്യമില്ല. കര്‍ഷകന്റെ ഭരണമാണ് വരുന്നത്.

ഇരുപത്തൊന്നിലെ സംഘടിത സമരമാണ് പ്രത്യക്ഷ സമരം. അക്കാര്യത്തില്‍ നാം സ്വയം അഭിനന്ദിക്കുകയാണ്. അത്തരം സമരത്തിലൂടെ മാത്രമേ നമുക്ക് സ്വാതന്ത്ര്യം നേടാനാകൂ. സമരം സാമുദായികമാകാതിരിക്കാന്‍ നാം വളരെ ശ്രമിക്കണം. സമരം സംഘടിതമാണെങ്കില്‍ കല്‍ക്കത്തയില്‍ സംഭവിച്ചത് പോലെ സംഭവിക്കില്ല. അങ്ങനെ സംഭവിക്കാതിരിക്കാന്‍ കോണ്‍ഗ്രസും ലീഗും ജനങ്ങളെ ഉപദേശിക്കണം. ഈ അവസ്ഥയിലെ വസ്തുതകള്‍ അവര്‍ക്ക് വിവരിച്ച് കൊടുക്കണം. എനിക്ക് കൂടുതലൊന്നും പറയാനില്ല. ഈ സമ്മേളനത്തിന്റെ ലക്ഷ്യം ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ച് തന്നു. അതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ദേശാഭിമാനിയുടെ കോളങ്ങളിലുണ്ട്. അതിന്റെ കോപ്പികള്‍ വാങ്ങിക്കൊണ്ട് ജനങ്ങള്‍ കാര്യങ്ങള്‍ അറിയണം. സാമുദായിക കലാപങ്ങളുണ്ടാക്കുക ഞങ്ങളുടെ ലക്ഷ്യമല്ല. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച മാപ്പിള സഹോദരന്‍മാരെ സ്മരിക്കണമെന്ന് രാജ്യത്തിലെ മുഴുവന്‍ ജനങ്ങളോടും ഞാന്‍ ഉപദേശിക്കുന്നു.''

ഈ പ്രസംഗത്തിന്റെ പേരില്‍ എ കെ ജിയെ ജയിലിലടച്ചു. സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വതന്ത്ര ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയച്ചപ്പോള്‍ എ കെ ജിക്കെതിരേയുള്ള കേസ് നിലനിറുത്തുകയും അദ്ദേഹത്തെ ജയിലില്‍തന്നെ വയ്ക്കുകയും കേസ് തുടര്‍ന്ന് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനെതിരെ 1947 സെപ്തംബര്‍ രണ്ടിന് എ കെ ജി നല്കിയ ഹര്‍ജിയില്‍ ഗവണ്‍മെന്റ് നടപടിയെ ചോദ്യംചെയ്തു. വെള്ളക്കാരന്റെ ഗവണ്‍മെന്റും സ്വതന്ത്ര ഇന്ത്യ ഗവണ്‍മെന്റും തമ്മിലെന്ത് വ്യത്യാസമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. "വെള്ളക്കാരന്‍ കോണ്‍ഗ്രസുകാരുടെ നേരെ ഉപയോഗിച്ച അതേ വെറുക്കപ്പെട്ട വൃത്തികെട്ട വകുപ്പുകള്‍തന്നെ എന്റെ നേരെ ഉപയോഗിക്കുന്നതുകൊണ്ടും എന്നെ ശിക്ഷിക്കുന്നതുകൊണ്ടും നാട്ടില്‍ കുഴപ്പം വര്‍ധിക്കുവാനിടയാക്കുകയാണെന്ന് ഈ കേസിനനുമതി നല്കിയ ഗവര്‍ണരുടെ ആഗ്രഹത്തിന് സമ്മതം മൂളിയ കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ താക്കീത് ചെയ്യുവാന്‍ ഞാനാഗ്രഹിക്കുന്നു'' എന്ന് എ കെ ജി ഹരജിയില്‍ ആവര്‍ത്തിച്ചു. "1921ല്‍ ഖിലാഫത് കാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരായി ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നായി യോജിച്ച്നിന്ന് ആയുധമെടുത്ത് സമരം ചെയ്ത മാപ്പിളമാരുടെ ത്യാഗവും ധീരതയും അഭിനന്ദനീയമാണെന്നും, 1921ലെ മലബാര്‍ ലഹളയിലെ നല്ല ഭാഗങ്ങളെ സ്വീകരിക്കാനാഹ്വാനം നല്കുകയും അതിന്റെ ചീത്ത വശങ്ങളെ സൂക്ഷിക്കണമെന്ന് താക്കീത് ചെയ്യുകയും ചെയ്തിട്ടുള്ളത് കുറ്റകരമാണെങ്കില്‍ ഞാന്‍ കുറ്റക്കാരനാണ്.''(എ കെ ജിയുടെ സ്റ്റേറ്റ്മെന്റ്)
*
ഡോ. ഹുസൈന്‍ രണ്ടത്താണി കടപ്പാട്: ദേശാഭിമാനി വാരിക

30 November, 2009

സ്റ്റാലിന്റെ രണ്ടാംവരവ്

സ്റ്റാലിന്റെ രണ്ടാംവരവ്
1980കളുടെ ഒടുവില്‍, സോവിയറ്റ് യൂണിയനെ മിഖായേല്‍ ഗോര്‍ബച്ചേവ് ക്രമബദ്ധമായി വന്ധ്യംകരിച്ചുകൊണ്ടിരുന്ന കാലത്ത്, മുതലാളിത്തലോകത്ത് ഏറ്റവും പ്രിയങ്കരനായ ഭരണാധികാരിയായിരുന്നു 'ഗോര്‍ബി' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഗോര്‍ബച്ചേവ്. കമ്യൂണിസമെന്ന 'ഭീകരഭൂത'ത്തില്‍നിന്ന് സോവിയറ്റ് യൂണിയനെ വിമോചിപ്പിച്ച് അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്കും സമൃദ്ധിയുടെ സുഖസാഗരങ്ങളിലേക്കും കൈപിടിച്ചു നടത്തുന്ന അമാനുഷസിദ്ധിയുള്ള പ്രവാചകനായി പാശ്ചാത്യ സമൂഹങ്ങളില്‍ ഗോര്‍ബച്ചേവ് കൊട്ടിഘോഷിക്കപ്പെട്ടു. ഗ്ളാസ്നോസ്ത് എന്ന അഭിധാനത്തില്‍ തുറന്ന സമീപനവും പെരിസ്ത്രോയിക്ക എന്ന പുനര്‍നിര്‍മാണവും രാഷ്ട്രഗാത്രത്തില്‍ സന്നിവേശിപ്പിച്ച് സോവിയറ്റ് യൂണിയന് പുതുവീര്യവും നവോന്മേഷവും മത്സരക്ഷമതയും നല്‍കുകയായിരുന്നു ഗോര്‍ബച്ചേവിന്റെ 'പ്രഖ്യാപിത' ലക്ഷ്യങ്ങള്‍. എന്നാല്‍, ഉദ്ദേശലക്ഷ്യങ്ങള്‍ വാചാടോപത്തില്‍ ഒതുങ്ങുകയും പ്രയോഗതലത്തില്‍ നപുംസകത്വവും നിഷ്ക്രിയത്വവും ശേഷിരാഹിത്യവും പടര്‍ന്നു പിടിക്കുകയും ചെയ്തു. പാശ്ചാത്യഭരണകൂടങ്ങളുടെയും മുതലാളിത്തമാധ്യമങ്ങളുടെയും അഭംഗുര സ്തുതിപ്രവാഹത്തില്‍ അക്കാലത്ത് ഗോര്‍ബച്ചേവ് മതിമറന്നു.

സൈനികമായി സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തുക അസാധ്യമാണെന്ന് ഉറച്ച ബോധ്യമുണ്ടായിരുന്ന പാശ്ചാത്യമുതലാളിത്ത ചേരിക്ക് നിനച്ചിരിക്കാതെ വന്നുചേര്‍ന്ന നാറാണത്തുഭ്രാന്തനായിരുന്നു ഗോര്‍ബച്ചേവ്. പാശ്ചാത്യശക്തികള്‍ ഇച്ഛിച്ചതുപോലെ സോവിയറ്റ് യൂണിയനെ അര വ്യാഴവട്ടം കൊണ്ട് പതിനഞ്ച് ഖണ്ഡമാക്കി മുതലാളിത്തത്തിന്റെ കമ്പോളക്കിന്നാരങ്ങളുടെ പിച്ചപ്പാത്രത്തില്‍ "ഗോര്‍ബി'' വച്ചുകൊടുത്തു. സോവിയറ്റ് യൂണിയനെ ഒരുമിച്ചുനിര്‍ത്താന്‍ കഴിയുമായിരുന്നിട്ടും, സോഷ്യലിസ്റ്റ് വ്യവസ്ഥയെ വിവേകപൂര്‍ണമായ നവീകരണത്തിലൂടെയും ജാഗരൂകമായ തെറ്റുതിരുത്തല്‍ പ്രക്രിയയിലൂടെയും നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നിട്ടും, അതിനൊന്നും ശ്രമിക്കാതെ, പാശ്ചാത്യരുടെ താളത്തിനൊത്ത് തുള്ളി ആ മഹാരാഷ്ട്രത്തെ ഛിന്നഭിന്നമാക്കി, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തോടെ അരങ്ങൊഴിഞ്ഞ്, ഒടുവില്‍ പാശ്ചാത്യസര്‍വകലാശാലകളിലെ കൂലി പ്രാസംഗികനായി ചുരുങ്ങി അപ്രസക്തനാകുകയായിരുന്നു ഗോര്‍ബച്ചേവ്.

സോവിയറ്റ് യൂണിയനിലെ മാര്‍ക്സിസ്റ്റ് പ്രയോഗത്തിന് പാളിച്ചകള്‍ ഉണ്ടായിരുന്നില്ല എന്ന് ഇതിനര്‍ഥമില്ല. മാര്‍ക്സിസം -ലെനിനിസത്തിന്റെ വികൃതപ്രയോഗങ്ങള്‍ സോവിയറ്റ് ചരിത്രത്തില്‍ ധാരാളമുണ്ട്. മാര്‍ക്സിസം - ലെനിനിസത്തെ അതിന്റെ വിശുദ്ധിയില്‍ വീണ്ടെടുക്കാനാണ് ഗ്ളാസ്നോസ്തും, പെരിസ്ത്രോയിക്കയുമെന്നാണ് 1985ല്‍ അധികാരമേല്‍ക്കുമ്പോള്‍ ഗോര്‍ബച്ചേവ് പറഞ്ഞത്. പക്ഷേ, എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതുപോലെ 1991ല്‍ സോവിയറ്റ് യൂണിയനെ വെട്ടിമുറിക്കാന്‍ ബോറിസ് യെട്സിന്‍ നേതൃത്വം നല്‍കിയ കൊള്ളസംഘത്തിന് വിട്ടുകൊടുക്കുകയായിരുന്നു ഗോര്‍ബച്ചേവ്. എന്നിട്ടെന്ത് സംഭവിച്ചു? 1980കളുടെ ഒടുവില്‍ സോവിയറ്റ് യൂണിയനെ മികച്ച ആസൂത്രണ മികവോടെ ശിഥിലമാക്കിക്കൊണ്ടിരുന്നപ്പോഴും, ആ രാഷ്ട്രത്തിന്റെ നിഷ്ക്രമണത്തിനു ശേഷവും പൂര്‍വസോവിയറ്റ് സമൂഹത്തില്‍ ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയായി മാറാനായിരുന്നു ഗോര്‍ബച്ചേവിന്റെ സ്വാഭാവികവിധി. 1991ല്‍ 'നിസവിസിമയ ഗസ്യത്ത' എന്ന റഷ്യന്‍ പത്രം ഗോര്‍ബച്ചേവിന്റെ ജനപിന്തുണ അറിയാന്‍ ഒരു അഭിപ്രായസര്‍വെ നടത്തിയിരുന്നു. വെറും ഒരു ശതമാനം ജനങ്ങള്‍മാത്രമാണ് അന്ന് അദ്ദേഹത്തെ പിന്തുണച്ചത്. അക്കാലത്ത് റഷ്യയില്‍ പഠിച്ചിരുന്ന ഈ ലേഖകന് റഷ്യക്കാര്‍ ഗോര്‍ബച്ചേവിനെ വെറുക്കുക മാത്രമല്ല, ഒരു പരിഹാസ കഥാപാത്രമായാണ് കണ്ടിരുന്നതെന്നും നിരവധി അനുഭവങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. സൈബീരിയയിലെ ഒരു ഉള്‍നാടന്‍ പട്ടണത്തില്‍ പോയപ്പോള്‍ ചീഞ്ഞ തക്കാളികൊണ്ട് അദ്ദേഹത്തെ ജനങ്ങള്‍ എറിഞ്ഞത് അക്കാലത്ത് വാര്‍ത്തയായിരുന്നു.

മുതലാളിത്ത രാജ്യങ്ങളില്‍ വിശുദ്ധവിഗ്രഹമായി ആരാധിക്കപ്പെട്ടപ്പോഴും റഷ്യയില്‍ ഗോര്‍ബച്ചേവ് ജനങ്ങള്‍ക്ക് അനഭിമതനായിരുന്നു. കാരണം ഗോര്‍ബച്ചേവ് യുഗത്തില്‍ റഷ്യക്കാര്‍ക്ക് വാഗ്ദാനംചെയ്യപ്പെട്ടത് 'അമേരിക്കന്‍സ്വര്‍ഗ'മാണ്. അമേരിക്കയെപ്പോലെ, പടിഞ്ഞാറന്‍ യൂറോപ്പിനെപ്പോലെ 'സമ്പല്‍സമൃദ്ധ'മായ സോവിയറ്റ് യൂണിയന്‍ എന്ന വാഗ്ദാനം. അമേരിക്കയിലെയും പടിഞ്ഞാറന്‍ യൂറോപ്പിലെയും സമൂഹങ്ങള്‍ സമൃദ്ധിയുടെ കാര്യത്തില്‍ ഐകരൂപ്യമുള്ളവയാണെന്ന മൂഢധാരണ അക്കാലത്ത് റഷ്യക്കാരുടെ മനസ്സില്‍ വേരൂന്നിയിരുന്നു. അതുകൊണ്ടുതന്നെ സോവിയറ്റ് യൂണിയനില്‍നിന്ന് സോഷ്യലിസം പോയി മുതലാളിത്തം വന്നാല്‍ ഒരു സുഖസമൃദ്ധ, പ്രശ്നരഹിത ലോകത്തേക്ക് പ്രവേശിക്കാമെന്ന് അവര്‍ കരുതി. പക്ഷേ, സോവിയറ്റ് യൂണിയന്റെ തിരോധാനത്തോടെ റഷ്യക്കാര്‍ പ്രവേശിച്ചത് പ്രശ്നകലുഷവും ദുഃഖനിര്‍ഭരവും ദാരിദ്ര്യപൂര്‍ണവുമായ ഒരു ലോകത്തേക്കാണ്. ഉള്ള സുഖങ്ങളും സൌകര്യങ്ങളും ആനുകൂല്യങ്ങളും നൊടിയിടയില്‍ അപ്രത്യക്ഷമായി.

സോവിയറ്റ് യൂണിയന്‍ നിലനിന്ന കാലത്ത് എല്ലാവര്‍ക്കും തൊഴില്‍ ഉണ്ടായിരുന്നു. ചികിത്സ സൌജന്യമായിരുന്നു. പാര്‍പ്പിടം സൌജന്യം മാത്രമല്ല, മൌലികാവകാശം കൂടിയായിരുന്നു. നിത്യോപയോഗ സാധനങ്ങള്‍ തുച്ഛവിലയ്ക്ക് കിട്ടിയിരുന്നു. മൂന്ന് റൂബിളിന് മുപ്പത് കോഴിമുട്ടയും ഒരു റൂബിളിന് ഒരു കോഴിയും 1989ല്‍ പോലും സോവിയറ്റ് യൂണിയനില്‍ ലഭ്യമായിരുന്നു. സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് ഒരുമാസം കഴിഞ്ഞപ്പോള്‍ ഒരു കോഴിമുട്ടയ്ക്ക് 30 റൂബിളും ഒരു കോഴിക്ക് 1000 റൂബിളുമായി വില ഉയര്‍ന്നു. കോഴി പുതുപ്പണക്കാരുടെ ഭക്ഷണമായി. അക്കാലത്ത് ഞങ്ങളുടെ ഹോസ്റ്റലുകളില്‍ മാംസാഹാരം അപൂര്‍വമായേ ഉണ്ടാകുമായിരുന്നുള്ളു. കാബേജ് കഞ്ഞിയും ഗോതമ്പ് ബ്രഡും മാത്രം കഴിച്ചായിരുന്നു 1990കളുടെ ആദ്യപാദത്തില്‍ ഞങ്ങള്‍ കഴിച്ചു കൂട്ടിയിരുന്നത്. എന്നാല്‍, ഞങ്ങളുടെ സീനിയര്‍ വിദ്യാര്‍ഥികള്‍ പറഞ്ഞത് 1986-89 കാലഘട്ടത്തില്‍പോലും ഹോസ്റ്റല്‍ കാന്റീനുകളില്‍ ചിക്കനും ബീഫും മട്ടനുമൊക്കെ യഥേഷ്ടം ലഭ്യമായിരുന്നു എന്നാണ്. കോഴിയിറച്ചി കഴിച്ച കാലം മറന്നു എന്ന് ഞങ്ങള്‍ പഠിച്ചിരുന്ന മെഡിക്കല്‍ കോളേജിലെ അധ്യാപികമാര്‍ നെടുവീര്‍പ്പിട്ട് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.

സോവിയറ്റ് യൂണിയന്‍ ഉണ്ടായിരുന്ന കാലത്ത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മിക്ക റഷ്യന്‍ കുടുംബങ്ങളും സുഖവാസ യാത്രകള്‍ നടത്തുമായിരുന്നു. തകര്‍ന്നു കഴിഞ്ഞ സോവിയറ്റ് യൂണിയനില്‍ സുഖവാസം പോയിട്ട് സ്വൈരവാസംപോലും പൌരന്മാര്‍ക്ക് സാധ്യമല്ലാതായി. മാഫിയകള്‍ കൂണുപോലെ റഷ്യയുടെ നാനാദിക്കിലും തഴച്ചുവളര്‍ന്നു. മെഡിക്കല്‍ കോളേജിലെ അധ്യാപകര്‍ക്കുപോലും ഒരു മാസത്തെ ശമ്പളംകൊണ്ട് മൂന്ന് ദിവസം കഴിഞ്ഞുകൂടാന്‍ പറ്റാതായി. മോസ്കോ സര്‍വകലാശാലയിലെ ചില പ്രൊഫസര്‍മാരുടെ പെണ്‍മക്കള്‍പോലും ആഡംബരത്വര മൂത്ത് ശരീരം വില്‍ക്കാന്‍ തെരുവിലിറങ്ങി. ഒരു സൂക്ഷ്മ ന്യൂനപക്ഷമാകട്ടെ മുതലാളിത്തത്തിന്റെ വന്യരഥ്യകളില്‍ സഞ്ചരിച്ച് പൊടുന്നനെ കോടീശ്വരന്മാരായി. അതേസമയം ഏതു മൂന്നാം ലോകരാജ്യത്തെയും മധ്യവര്‍ഗ കുടുംബങ്ങളേക്കാള്‍ നന്നായി ജീവിച്ചിരുന്ന സോവിയറ്റ് പൌരന്മാര്‍ സോഷ്യലിസം തിരോഭവിച്ചതോടെ ബ്രഡും പച്ചവെള്ളവും ഗുണമേന്മയില്ലാത്ത ചീസുംമാത്രം കഴിച്ച് ജീവിക്കേണ്ട ഗതികേടിലായി.

ചുരുക്കിപ്പറഞ്ഞാല്‍, ഗോര്‍ബച്ചേവ് സോവിയറ്റ് പൌരന്മാര്‍ക്ക് ഒരു അയഥാര്‍ഥ സ്വര്‍ഗം വാഗ്ദാനംചെയ്തു. അവര്‍ക്ക് കിട്ടിയത് യഥാര്‍ഥ നരകമായിരുന്നു. അപ്പോഴാണ് സോഷ്യലിസ്റ്റ് ഭൂതകാലം സ്വര്‍ഗസമാനമായിരുന്നു എന്നവര്‍ക്ക് ബോധ്യപ്പെട്ടത്. അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു.

ഇത്രയുമെഴുതിയത് സ്റ്റാലിനെപ്പറ്റി റഷ്യയില്‍നിന്ന് വന്നുകൊണ്ടിരിക്കുന്ന 'ഞെട്ടിക്കുന്ന' വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സ്റ്റാലിന്‍ റഷ്യക്കാര്‍ക്കിടയില്‍ അടിക്കടി പ്രിയങ്കരനായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യകണ്ട ഏറ്റവും മഹാനായ ചരിത്രപുരുഷന്‍ ആര് എന്നറിയാന്‍ 1989ല്‍ ഒരു അഭിപ്രായസര്‍വെ സംഘടിപ്പിച്ചിരുന്നു. അന്ന് സ്റ്റാലിന്റെ സ്ഥാനം പത്താമതായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേവിഷയത്തില്‍ ആറ് മാസം നീണ്ടുനിന്ന ഒരു അഭിപ്രായ സര്‍വെ റഷ്യയില്‍ നടന്നു. അതില്‍ സ്റ്റാലിന്‍ മൂന്നാമതായാണ് എത്തിയത്. ഈ അഭിപ്രായസര്‍വെ നടക്കുമ്പോള്‍ പലഘട്ടങ്ങളിലും സ്റ്റാലിന്‍ ഒന്നാമതെത്തിയിരുന്നു. അപ്പോഴൊക്കെ സംഘാടകര്‍ സ്റ്റാലിനൊഴികെ മറ്റാര്‍ക്കെങ്കിലും വോട്ട് ചെയ്യൂ എന്ന് റഷ്യക്കാരോട് കെഞ്ചുകയായിരുന്നുവത്രെ. സംഘാടകരുടെ ഈ പക്ഷപാതപരമായ ഇടപെടല്‍ നടന്നിരുന്നില്ലെങ്കില്‍ സ്റ്റാലിന്‍ നിഷ്പ്രയാസം ഒന്നാമതെത്തുമായിരുന്നു. (ഹിന്ദു, നവംബര്‍ 12, 2009)

സ്റ്റാലിന്റെ ഈ രണ്ടാംവരവ് സോവിയറ്റ് ഭൂതകാലം ഇന്നത്തെ മുതലാളിത്ത റഷ്യയേക്കാള്‍ എത്രയോ മെച്ചപ്പെട്ടതായിരുന്നു എന്ന് റഷ്യന്‍ സമൂഹം ചിന്തിക്കുന്നതിന്റെ നിദര്‍ശനമാണ്. പ്രശ്നങ്ങളും പരിമിതികളും പലതുണ്ടായിരുന്നുവെങ്കിലും സോവിയറ്റ് യൂണിയനിലെ ജീവിതം സോവിയറ്റനന്തര റഷ്യയിലെ അരക്ഷിത ദരിദ്രജീവിതത്തേക്കാള്‍ എത്രയോ ഭേദമായിരുന്നു എന്നതിന്റെ ഗൃഹാതുരമായ സാക്ഷ്യപത്രം കൂടിയാണ്. സ്റ്റാലിനെയും കമ്യൂണിസത്തെയും സോവിയറ്റ് യൂണിയനെയും മരണംവരെ വൈരനിര്യാതന ബുദ്ധിയോടെ വീക്ഷിച്ചിരുന്ന മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഒരിക്കല്‍ സ്റ്റാലിനെപ്പറ്റി പറഞ്ഞത് ഇപ്രകാരമാണ്.

"സ്റ്റാലിന്‍ മരംകൊണ്ട് ഉണ്ടാക്കിയ കലപ്പയുമായാണ് റഷ്യയിലേക്ക് വന്നത്. എന്നാല്‍, റഷ്യയെ ഒരു അണുവായുധശക്തിയാക്കിയാണ് അദ്ദേഹം പോയത്.''

1956ല്‍ നടന്ന സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ 20-ാം കോണ്‍ഗ്രസോടെ സ്റ്റാലിന്റെ നിഷേധവശങ്ങള്‍ പര്‍വതീകരിക്കപ്പെടുകയും ഗുണവശങ്ങള്‍ തമസ്കരിക്കപ്പെടുകയുംചെയ്തു. സോവിയറ്റ് യൂണിയന്റെ നിഷ്ക്രമണത്തോടെ സ്റ്റാലിന്റെ ഗുണവശങ്ങളെക്കുറിച്ച് റഷ്യക്കാര്‍ വാചാലരാകാന്‍ തുടങ്ങി എന്നത് സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം സൂക്ഷ്മമായ അപഗ്രഥനത്തിന് വിഷയീഭവിക്കേണ്ട കാര്യമാണ്.

*
എ എം ഷിനാസ് (കോഴിക്കോട് ഗവ. ആര്‍ട്സ് കോളേജ് അധ്യാപകനാണ് ലേഖകന്‍‍)
കടപ്പാട്: ദേശാഭിമാനി, വര്‍ക്കേഴ്സ് ഫോറം

26 November, 2009

സ്‌ത്രീ - സാംസ്‌ക്കാരിക പഠനത്തില്‍ പ്രശ്‌നവല്‍ക്കരിക്കപ്പെടേണ്ടത്

സ്‌ത്രീരചനയും വിമോചനവും

എഴുത്ത് ഒരു സാംസ്കാരികപ്രയോഗവും സര്‍ഗാത്മക അന്വേഷണവുമാണ്. ചൂഷണാധിഷ്ഠിതമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്നതിനാല്‍, ചൂഷകവര്‍ഗത്തിന്റെ പ്രത്യയശാസ്‌ത്രം സര്‍വ മേഖലയിലും വ്യാപിച്ചുകിടക്കുന്നു. ചൂഷകവര്‍ഗപ്രത്യയശാസ്‌ത്രത്തിന്റെ ഈ വ്യാപനം ആണ് സ്‌ത്രീകളെ അടിമത്തത്തില്‍ തളച്ചിടുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത്. സ്‌ത്രീകളെ അപമാനവീകരിക്കുന്നതില്‍ എല്ലാ ചൂഷകവര്‍ഗപ്രത്യയശാസ്‌ത്രങ്ങളും ഒറ്റക്കെട്ടാണ്. ഈ ചൂഷകവര്‍ഗപ്രത്യയശാസ്‌ത്രങ്ങള്‍ക്കകത്താണ്, പൊതു സമൂഹത്തിന്റെ മൂല്യബോധം, സൌന്ദര്യബോധം, ഭാഷ, ആചാരാനുഷ്ഠാനങ്ങള്‍, ജീവിതദര്‍ശനം, ലൈംഗികസങ്കല്‍പ്പങ്ങള്‍, കുടുംബബന്ധങ്ങള്‍ എന്നിവ നിലനില്‍ക്കുന്നത്. പ്രത്യയശാസ്‌ത്രത്തിന്റെ ഈ വിവിധ രൂപങ്ങളെ പ്രശ്‌നവല്‍ക്കരിക്കാതെ സ്‌ത്രീ പ്രസ്ഥാനത്തിനു മുന്നോട്ടു പോവാന്‍ കഴിയില്ല.

എന്താണ് മൂല്യബോധം?

'നന്മ-തിന്മ'കളെക്കുറിച്ചും ശരി-തെറ്റുകളെക്കുറിച്ചും സാമാന്യബോധമായി നില്‍ക്കുന്ന ആശയങ്ങളെയാണ് പൊതുവില്‍ മൂല്യബോധം എന്നു പറയുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു നിര്‍ദിഷ്‌ട സമൂഹത്തിലെ വര്‍ഗതാല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്ന പ്രത്യയശാസ്‌ത്ര ഉപകരണത്തിന്റെ ഭാഗമാണ് മൂല്യബോധം. ഈ മൂല്യബോധമാണ് സ്‌ത്രീസമൂഹത്തെ നൂറ്റാണ്ടുകളോളം ചവിട്ടിമെതിച്ചത്. ഈ മൂല്യബോധമാണ് സതി സമ്പ്രദായത്തിന് പൊതു സമൂഹസമ്മതി നേടിക്കൊടുത്തത്. ദേവദാസി സമ്പ്രദായവും ഭ്രഷ്‌ടും നരഹത്യയും സ്‌ത്രീസമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചത്. വിധവ, കന്യക, പതിവ്രത തുടങ്ങിയ സവിശേഷ നാമങ്ങളിലൂടെ പുരുഷാധിഷ്ഠിത ഫ്യൂഡല്‍ അധികാരം അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നു. സ്‌ത്രീയെ ഭോഗവസ്‌തുവായി കാണുന്ന ഒരു ഫ്യൂഡല്‍ വ്യവസ്ഥയാണ് മേല്‍പ്പറഞ്ഞ മൂല്യസങ്കല്‍പ്പങ്ങള്‍ ഇവിടെ അടിച്ചേല്‍പ്പിച്ചത്.

ലിംഗപരമായ വിവേചനത്തെ സാധൂകരിക്കുന്നതാണ് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന മൂല്യസങ്കല്‍പ്പങ്ങള്‍. മതാത്മകപരിവേഷമുള്ളവയാണ് ഇവയില്‍ മിക്കതും. എല്ലാ സംഘടിതമതങ്ങളും പൌരോഹിത്യവും സ്‌ത്രീകള്‍ക്കുനേരെയുള്ള വിവേചനങ്ങളെ ന്യായീകരിച്ചതിന്റെ ചരിത്രാനുഭവം നമുക്കു മുന്നിലുണ്ട്. സ്‌ത്രീധനംപോലുള്ള പ്രാകൃതമായ ആചാരങ്ങളെ നിലനിര്‍ത്തുന്ന മൂല്യബോധമാണ് നമ്മുടെ പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്നത്. സതി, ശീലാവതി തുടങ്ങിയ ആദര്‍ശകഥാപാത്രങ്ങളെല്ലാം പുരുഷാധിഷ്ഠിത സവര്‍ണവ്യവസ്ഥയുടെ ഇരകളായിരുന്നു. അത്തരം കഥാപാത്രങ്ങളെ ആദര്‍ശകഥാപാത്രങ്ങളായി സ്വീകരിച്ച വിവേകാനന്ദനും മറ്റും പുരുഷാധിഷ്ഠിത-സവര്‍ണ അധികാരത്തെ പിന്തുണക്കുകയായിരുന്നു. ജീവിതവും സ്വത്വവും നിഷേധിക്കപ്പെട്ട സ്‌ത്രീകളുടെ നിരവധി ഉദാഹരണങ്ങള്‍ ഇതിഹാസങ്ങളിലും മറ്റുമുണ്ട്. മനുസ്‌മൃതിയും സംഹിതകളും മറ്റു ഗ്രന്ഥങ്ങളും സ്‌ത്രീയെ ഗാര്‍ഹികവും സാമൂഹികവുമായ അടിമത്തത്തില്‍ തളച്ചിടുന്നതിനുവേണ്ടി രൂപംകൊണ്ടവയാണ്. ഈ കാലഹരണപ്പെട്ട സ്‌ത്രീ വിരുദ്ധാശയങ്ങളെ ആധുനിക കാലഘട്ടത്തില്‍ പുനരവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്.

സാഹിത്യം, സിനിമ, സാംസ്കാരം, വിദ്യാഭ്യാസം എന്നിവയിലൂടെ ഈ സ്‌ത്രീവിരുദ്ധാശയങ്ങള്‍ ഇന്ന് പ്രക്ഷേപിക്കപ്പെടുകയാണ്. സാങ്കേതികമായി നമ്മുടെ സമൂഹം വികാസം പ്രാപിച്ചെങ്കിലും ആന്തരികതലത്തില്‍ ഇന്നും സ്‌ത്രീവിരുദ്ധമായ ആശയങ്ങളാണ് നിലകൊള്ളുന്നത്. സ്‌ത്രീകള്‍ക്കെതിരായി ഹിന്ദുത്വവാദികള്‍ നടത്തുന്ന ശാരീരികാക്രമണങ്ങളെ ന്യായീകരിക്കുന്ന ഒരു പൊതുമനസ്സ് ഇവിടെ രൂപംകൊള്ളുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. നമ്മുടെ സാംസ്കാരികരൂപങ്ങളില്‍ ചിതറിക്കിടക്കുന്ന അധിനിവേശ മൂല്യസങ്കല്‍പ്പങ്ങളെ പ്രശ്‌നവല്‍ക്കരിക്കാതെ സ്‌ത്രീപ്രസ്ഥാനങ്ങള്‍ക്കു മുന്നോട്ടു പോകാനാവില്ല. സ്‌ത്രീ സമൂഹത്തെ പൊതുവില്‍ നിന്ദിക്കുന്ന സംഭാഷണങ്ങള്‍ക്ക് സിനിമാതിയറ്ററില്‍ വലിയ സ്വീകാര്യതയാണ്. നമ്മുടെ പുരുഷതാരസങ്കല്‍പ്പങ്ങള്‍ ഇന്നു നിലകൊള്ളുന്നത് ഈ സ്‌ത്രീവിരുദ്ധാശയങ്ങളുടെ പിന്‍ബലത്തിലാണ്.

സൌന്ദര്യസങ്കല്‍പ്പം

ഒരു സമൂഹത്തിന്റെ പ്രത്യയശാസ്‌ത്രബോധത്തിനകത്തുതന്നെയാണ് അതിന്റെ സൌന്ദര്യസങ്കല്‍പ്പങ്ങള്‍ രൂപം കൊള്ളുന്നത്. സ്‌ത്രീയെ ഭോഗവസ്‌തുവാക്കി അധഃപതിപ്പിക്കുന്ന സൌന്ദര്യസങ്കല്‍പ്പമാണ് നമ്മുടെ പൊതുസമൂഹവും അതിന്റെ വിവിധ സാംസ്‌ക്കാരികരൂപങ്ങളും പേറുന്നത്. ഇതിഹാസങ്ങളും പുരാണങ്ങളും അതിന്റെ കൃത്യമായ ഉദാഹരണങ്ങളാണ്. ഹിന്ദുത്വത്തിന്റെ ദൈവികസങ്കല്‍പ്പങ്ങള്‍പോലും ഇത്തരത്തിലുള്ള ഭോഗാത്മകലൈംഗികതയുടെ ഉദാഹരണങ്ങളാണ്. സ്‌ത്രീകളെ സംബന്ധിക്കുന്ന മൂല്യസങ്കല്‍പ്പങ്ങളും സൌന്ദര്യമാനദണ്ഡങ്ങളും ഒരിക്കലും സ്‌ത്രീസമൂഹം രൂപപ്പെടുത്തിയതല്ല എന്നതാണ് പ്രധാനം. പുരുഷാധികാരത്തിന്റെ ഭാഗമായി അടിച്ചേല്‍പ്പിക്കപ്പെട്ടതാണിത്. ലിംഗവിവേചനമാണതിന്റെ ആസ്‌പദം; സ്വകാര്യ സ്വത്തുടമാ ബന്ധമാണതിന്റെ അടിത്തറ. സ്‌ത്രീകള്‍ക്ക് അവരുടെ സര്‍ഗാത്മകത, സ്വാതന്ത്ര്യം എന്നിവ നിഷേധിക്കലാണതിന്റെ ഫലം. അതുപോലെ തന്നെയാണ് സൌന്ദര്യസങ്കല്‍പ്പങ്ങളും സ്‌ത്രീ സൌന്ദര്യത്തിന്റെ പൊതുമാനങ്ങളെ നിര്‍വചിക്കുന്ന കാവ്യങ്ങളും മറ്റും, നാടുവാഴിത്തത്തിന്റെ ഭോഗാത്മകതയെ ആവിഷ്ക്കരിക്കുകയായിരുന്നു.

താത്രിക്കുട്ടിയെപ്പോലുള്ള സ്‌ത്രീകള്‍ നമ്മുടെ പൊതുസൌന്ദര്യബോധത്തിന്റെ ഇരകളായിരുന്നു. സ്‌ത്രീ ആസ്വദിക്കപ്പെടാനുള്ള വിശിഷ്‌ടഭോജ്യങ്ങളാണെന്നുള്ളതാണ് നമ്മുടെ പരമ്പരാഗത സൌന്ദര്യസങ്കല്‍പനം. ഈ സൌന്ദര്യബോധമാണ് ശരീരവെളുപ്പിനെ ആദര്‍ശവല്‍ക്കരിച്ചുകൊണ്ട്, ദലിത് സ്‌ത്രീ സമൂഹത്തെ തരംതാഴ്ത്തിയത്. ആഗോളീകരണകാലഘട്ടത്തില്‍ ശരീരവെളുപ്പും സൌന്ദര്യവും പുതിയ മാനങ്ങള്‍ തേടുന്നു. സ്‌ത്രീശരീരത്തെ സ്വയം ഉല്‍പ്പന്നമാക്കുക, മുതലാളിത്തച്ചരക്കുകള്‍ വിറ്റഴിക്കപ്പെടാനുള്ള പ്രചോദനവും ആവേശവുമാക്കി അതിനെ മാറ്റുക, അതിനുവേണ്ടുന്ന പരസ്യരൂപമായി പെണ്ണുടലിനെ രൂപപ്പെടുത്തുക എന്നതാണ് മുതലാളിത്ത തന്ത്രം. സിനിമ, മോഡലിങ്, പരസ്യം, മാധ്യമം, സൌന്ദര്യമത്സരങ്ങള്‍ തുടങ്ങിയവയിലൂടെയാണ് മുതലാളിത്തം സ്‌ത്രീശരീരത്തെ ചരക്കുവല്‍ക്കരിക്കുന്നത്.

ഇതിന്റെ വിവിധ മാതൃകകള്‍ തന്നെയാണ് നമ്മുടെ സിനിമകളും സാഹിത്യരൂപങ്ങളും. സ്‌ത്രീശരീരത്തിനുമേലുള്ള പുരുഷാധികാരത്തെ ആസ്വദിക്കുന്ന രീതിയിലാണ് നമ്മുടെ പ്രധാന സാഹിത്യകൃതികളും മറ്റും രൂപംകൊണ്ടിട്ടുള്ളത്. ഇത്തരത്തില്‍ നമ്മുടെ സാംസ്കാരികമേഖലയില്‍ രൂഢമൂലമായിട്ടുള്ള അധിനിവേശ സൌന്ദര്യസങ്കല്‍പ്പങ്ങളെ പ്രശ്‌നവല്‍ക്കരിക്കുകയും പൊളിച്ചെടുക്കുകയും പുത്തന്‍ സൌന്ദര്യസങ്കല്‍പ്പനങ്ങള്‍ നിര്‍മിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. സൌന്ദര്യബോധം എന്നു പറയുമ്പോള്‍ അത് സ്‌ത്രീയെ സംബന്ധിക്കുന്നതുമാത്രമല്ല. പുരുഷസങ്കല്‍പ്പം, ഭാഷ, ശില്‍പവൈഭവം തുടങ്ങിയവയെല്ലാം തന്നെ പുരുഷാധിഷ്ഠിത സൌന്ദര്യസങ്കല്‍പ്പത്തില്‍ കെട്ടിപ്പടുത്തതാണ്. ഇതിന്റെയെല്ലാം അടിത്തറ പുരുഷാധികാരം വിളംബരം ചെയ്യുന്ന ഫ്യൂഡല്‍ സൌന്ദര്യസങ്കല്‍പ്പമാണ്.

ഭാഷ

ആശയവിനിമയത്തിന്റെ മാധ്യമമാണ് ഭാഷ എന്നത് ഭാഷയെസംബന്ധിച്ച ഒരു നിര്‍വചനമാണ്. ഒരു വര്‍ഗാധിഷ്ഠിതസമൂഹത്തില്‍ ഭാഷ നിര്‍വഹിക്കുന്ന ഉത്തരവാദിത്തങ്ങള്‍ വളരെ സങ്കീര്‍ണമാണ്. ഭരണകൂടത്തിന്റെ അധികാരശാസനങ്ങളെ ജനങ്ങളിലെത്തിക്കുകയെന്ന പ്രാഥമിക കടമയാണ് ഭാഷ ചരിത്രത്തില്‍ നിര്‍വഹിച്ചത്. ചരിത്രവികാസഘട്ടത്തോടെ അതിന്റെ ധര്‍മങ്ങള്‍ സങ്കീര്‍ണമായി. പൊതുബോധത്തില്‍ നിലനില്‍ക്കുന്ന സാമ്പ്രദായികധാരണകളെ സമൂഹത്തിന്റെ ബോധാബോധമനസ്സില്‍ ആഴത്തില്‍ പതിപ്പിക്കുകയെന്ന ധര്‍മമാണത് നിര്‍വഹിച്ചത്. സ്‌ത്രീ പുരുഷ വിവേചനത്തിന്റെയും വര്‍ഗവിഭജനത്തിന്റെയും മികച്ച ദൃഷ്‌ടാന്തമാണ് ഭാഷ. പ്രാചീന ഇന്ത്യയില്‍ സ്‌ത്രീകള്‍ക്ക് സംസ്‌കൃതം സംസാരിക്കാന്‍ അവകാശമുണ്ടായിരുന്നില്ല.

ഇന്നും പല ഉത്തരേന്ത്യന്‍ ഭാഷകളുമെടുത്ത് പരിശോധിച്ചാല്‍ വ്യക്തമാവുന്ന ഒന്നുണ്ട്. സ്‌ത്രീകള്‍ക്ക് പ്രത്യേകം വ്യാകരണ നിയമങ്ങളുണ്ടതില്‍! നമ്മുടെ പൊതുവ്യവഹാരഭാഷ പരിശോധിച്ചാല്‍ അതിലെ സ്‌ത്രീവിരുദ്ധത ബോധ്യമാവും. നമ്മുടെ പുരാവൃത്തങ്ങള്‍, പഴഞ്ചൊല്ലുകള്‍ എന്നിവ ഇത് സ്പഷ്‌ടമാക്കുന്നു.

'അബലമാരതി ചപലമാര്‍'

'പതിച്ചിയുടെ കുറ്റമോ കുട്ടി പെണ്ണായത് '

'എട്ടാമത്തെ പെണ്ണ് നടുക്കല്ല് പൊളിക്കും'

'നാരി നടിച്ചിടവും നാരകം നട്ടിടവും'
കൂവളം പട്ടിടവും നശിക്കും'

'പെണ്‍പെറ്റ വീടുപോലെ'

'പെണ്ണാവുന്നതില്‍ ഭേദം മണ്ണാവുന്നത്.'

'പെണ്‍ബുദ്ധി പിന്‍ബുദ്ധി'

'പെണ്‍ചൊല്ലു കേട്ടാല്‍ പെരുവഴിയില്‍'

'മകന്‍ ചത്താല്‍ ശവം മകള്‍ ചത്താല്‍ പിണം'

'പുത്തനച്ചി പുരപ്പുറം തൂക്കും'

തുടങ്ങിയവയിലെ സ്‌ത്രീ വിരുദ്ധത വളരെ സ്പഷ്‌ടമാണ്. സ്‌ത്രീയെ ആദര്‍ശവല്‍ക്കരിക്കുക, സ്‌ത്രീത്വത്തെ വിഗ്രഹവല്‍ക്കരിക്കുക എന്നീ കീഴ്വഴക്കങ്ങളോടൊപ്പം തന്നെ സ്‌ത്രീയെ വേശ്യയായും പുറാളിയായും അധഃപതിപ്പിക്കുക എന്നത് വര്‍ഗവ്യവസ്ഥയുടെ രീതിയാണ്. ഇത്തരം സ്‌ത്രീവിരുദ്ധത നമ്മുടെ സാഹിത്യഭാഷയിലും വ്യവഹാരഭാഷയിലും വ്യാപകമാണ്. പുരുഷാധിഷ്ഠിത വര്‍ഗവ്യവസ്ഥയുടെ രുചിയും അഭിരുചിയും ചിഹ്നങ്ങളും രൂപകങ്ങളും വഴക്കങ്ങളും അബോധങ്ങളും പ്രത്യയശാസ്‌ത്രങ്ങളും ചേര്‍ന്നതാണ് നമ്മുടെ പൊതുഭാഷ. ഇത്തരത്തില്‍ നമ്മുടെ സാംസ്‌ക്കാരികതയിലും ഭാഷയിലും ലീനമായ സ്‌ത്രീവിരുദ്ധതയെ പ്രശ്‌നവല്‍ക്കരിക്കേണ്ടത് സ്‌ത്രീപ്രസ്ഥാനങ്ങളുടെ പ്രധാന ഉത്തരവാദിത്തമാണ്.

ആചാരാനുഷ്ഠാനങ്ങള്‍

നഗ്നമായ സ്‌ത്രീവിരുദ്ധതയാണ് നമ്മുടെ പൊതു സമൂഹത്തില്‍ വ്യാപനം ചെയ്യപ്പെട്ട ആചാരാനുഷ്ഠാനങ്ങളില്‍ പ്രകടമാവുന്നത്. ഇത്തരം ഹീനമായ ആചാരാനുഷ്ഠാനങ്ങളെ എതിര്‍ത്തുകൊണ്ടാണ് നമ്മുടെ നവോത്ഥാന-ദേശീയ-പുരോഗമനപ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നത്. സവര്‍ണഹിന്ദുത്വത്തിന്റെ അധീശത്വം അടിച്ചേല്‍പ്പിക്കപ്പെടുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ പ്രബലമാണ്. കീഴാളത്വ-ജനകീയ ആചാരങ്ങളുടെയും മറ്റു മര്‍ദിതവര്‍ഗ സംസ്‌ക്കാരങ്ങളുടെയും മേല്‍ സവര്‍ണമേധാവിത്വം അരക്കിട്ടുറപ്പിക്കയാണിന്ന്. ഈ പുറാളിവിഭാഗത്തെ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള ശ്രമവും നടക്കുന്നു. ജനനം, മരണം, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയെല്ലാം മതാധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങളുടെ കൂട്ടിലൊതുക്കുന്നു. ശാസ്‌ത്രീയവും മതനിരപേക്ഷപവും ജനാധിപത്യപരവുമായ ആശയങ്ങളെ തകിടംമറിക്കുകയാണിതിന്റെ ലക്ഷ്യം.

സ്‌ത്രീധനസമ്പ്രദായംപോലുള്ള ഹീനമായ ആചാരങ്ങളെ നമ്മുടെ നവോത്ഥാനനായകര്‍ ശക്തമായ രീതിയില്‍ എതിര്‍ത്തിരുന്നു. എന്നാലിന്ന് ഈ സമ്പ്രദായത്തിന് പൊതുസമ്മതി ലഭിച്ചിരിക്കയാണ്. വിവാഹത്തെ ആഘോഷമാക്കി മാറ്റുന്നു. മതനിരപേക്ഷവും ജനാധിപത്യപരവുമായ ഒരു വിവാഹസങ്കല്‍പ്പം ഇനിയും നാം വളര്‍ത്തിക്കൊണ്ടുവന്നിട്ടില്ല. ഇത്തരം ആചാരങ്ങളുടെ ഫലമായി പെണ്‍കുട്ടികള്‍ കുടുംബത്തിന് ഭാരമായി മാറുന്നു; കുടുംബം ഭീകരമായ സാമ്പത്തിക ഞെരുക്കങ്ങളില്‍ പെടുന്നു. ആത്മഹത്യകളും, കൊലപാതകങ്ങളും നിതാന്തമായ മാനസിക-ശാരീരികപീഡകളും ലൈംഗികമര്‍ദനങ്ങളും തുടരുന്നു. സ്വത്തവകാശത്തില്‍ സ്‌ത്രീകള്‍ക്ക് തുല്യത, വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനും ബന്ധം വിഛേദിക്കാനുമുള്ള തുല്യാവകാശം, കുട്ടികളെ വളര്‍ത്തുന്നതിലുള്ള തുല്യപങ്കാളിത്തം തുടങ്ങിയവ നടപ്പാക്കണം. രാഷ്‌ട്രീയവും സാംസ്കാരികവുമായ എല്ലാ മേഖലകളിലും സ്‌ത്രീകള്‍ക്ക് തുല്യപങ്കാളിത്തവും സ്വാതന്ത്ര്യവും വികസിപ്പിക്കണം. മനുഷ്യാവകാശപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ക്കുവേണ്ട പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ട്.

ജീവിതദര്‍ശനം

ഫ്യൂഡല്‍-മുതലാളിത്ത സമൂഹത്തിന്റെ അധിനിവേശപ്രത്യയശാസ്‌ത്രമാണിന്ന് സ്‌ത്രീ ബോധത്തിലേക്ക് പ്രക്ഷേപിക്കപ്പെടുന്നത്. സ്‌ത്രീയെ ആവിഷ്‌ക്കരിക്കുന്നതും വിലയിരുത്തുന്നതും നിര്‍വചിക്കുന്നതും സ്‌ത്രീയില്‍ വളര്‍ന്നുവരുന്നതും ഇത്തരം അപമാനവികരിക്കപ്പെട്ട ബോധമാണ്. പുരുഷന്റെ ഉപഗ്രഹമാവാനും പുരുഷവികാരങ്ങള്‍ സഫലമാക്കാനും പുരുഷജീവിതം പൂര്‍ണമാക്കാനുമുള്ളതാണ് സ്‌ത്രീജന്മമെന്ന ബോധത്തിന്റെ വിവിധ രൂപങ്ങള്‍ വിന്യസിക്കപ്പെടുന്നു. സിനിമ, സീരിയല്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി എല്ലാ സാംസ്‌ക്കാരിക തുറസ്സുകളിലും ഇതിന്റെ വിന്യാസം കാണാം.

വിവാഹം കഴിക്കുക, മാതാവാവുക എന്നിവയാണ് സ്‌ത്രീയുടെ ഏറ്റവും അടിസ്ഥാനലക്ഷ്യങ്ങളെന്നും അവളുടെ സ്ഥാനം അടുക്കളയിലും കിടപ്പറയിലുമാണെന്നുമുള്ള ധാരണ ശക്തിപ്പെടുന്നു. സാമൂഹികവും സര്‍ഗാത്മകവുമായ അസ്തിത്വത്തെ നിഷേധിക്കുന്ന പ്രവണതയാണിത്. വളര്‍ന്നുവരുന്ന മൂലധനാധിഷ്ഠിതവും ഉപഭോഗാധിഷ്ഠിതവുമായ സംസ്‌ക്കാരങ്ങള്‍ക്കനുസരിച്ചാണിന്ന് പെണ്‍കുട്ടികള്‍ വളര്‍ത്തപ്പെടുന്നത്. സാമൂഹികവും മാനസികവുമായ പ്രസ്ഥാനങ്ങളില്‍നിന്നുമകന്ന ധനാധിഷ്ഠിതവും കുടുംബമാത്രാധിഷ്ഠിതവുമായ ഒരു ജീവിതദര്‍ശനമാണിന്ന് വളര്‍ന്നുവരുന്നത്. നമ്മുടെ വിദ്യാലയങ്ങള്‍, മാധ്യമം തുടങ്ങിയവയും ഇതിന്റെ പരിശീലനകേന്ദ്രങ്ങളാണ്. കമ്പോളസംസ്‌ക്കാരത്തിന്റെ ഇരകളാക്കപ്പെടുന്നതില്‍ പ്രധാനം സ്‌ത്രീകളാണ്. സ്‌ത്രീയുടെ അഭിരുചിയെ കമ്പോളത്തിനനുസൃതമായി രൂപപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യുകയെന്നതാണ് മൂലധനതന്ത്രം.

സ്‌ത്രീശരീരം: ചരക്കും ചരക്കുവല്‍ക്കരണവും

ആഗോളീകരണകാലഘട്ടത്തില്‍ സ്‌ത്രീശരീരം സ്വയം ഒരു ചരക്കും യഥാര്‍ഥ ചരക്കുകള്‍ക്കുവേണ്ടിയുള്ള പരസ്യലോകത്തിലെ പ്രചോദനവും കമ്പോളത്തിന്റെ ഇരയുമാണ്.

ടൂറിസത്തിന്റെ വ്യാപനത്തോടെ സ്‌ത്രീശരീരം കൂടുതല്‍ ചരക്കുവല്‍ക്കരിക്കപ്പെടുന്നു. ഇന്ത്യന്‍ ടൂറിസത്തെപ്പറ്റി പ്രതിപാദിക്കുന്ന ഇന്റര്‍നാഷണല്‍ ബ്രോഷറുകളില്‍ കേരളത്തിലെ സ്‌ത്രീശരീരം വിന്യസിപ്പിക്കപ്പെടുന്നത് ഈ രീതിയിലാണ്. സെൿസ് ടൂറിസത്തിന്റെ വ്യാപനം ആശങ്കാജനകമാണ്. സ്‌ത്രീശരീരത്തെ കമ്പോളവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവ്യവസായം ഇന്നു തടിച്ചുകൊഴുക്കുന്നു. ഗര്‍ഭധാരണം, പ്രസവം ഇവയെയെല്ലാം ചരക്കുവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. സ്‌ത്രീ ഒരു ശരീരം മാത്രമാണെന്ന ധാരണ വളര്‍ത്തുകയാണ് മുതലാളിത്തം ചെയ്യുന്നത്. ഇന്റര്‍നെറ്റിന്റെയും വിവരസാങ്കേതികവിദ്യയുടെയും മേഖലയിലുണ്ടായ വളര്‍ച്ച സാംസ്‌ക്കാരികതയുടെ ഒരു വികാസഘട്ടം തന്നെയാണ്. പക്ഷേ, ഈ മേഖല, സ്‌ത്രീ ഉടലിനെയും അവളുടെ അധ്വാനശക്തിയെയും ചൂഷണം ചെയ്യുന്ന മേഖലയായി മാറുന്നു. മുതലാളിത്തത്തിനനുകൂലമായി വാചാലരാവാനും പുരോഗമനപ്രസ്ഥാനങ്ങളെ നിരാകരിക്കാനും വേണ്ടി ആധുനിക മുതലാളിത്തമാധ്യമം പെണ്‍കുട്ടികളെ വന്‍തോതില്‍ ഉപയോഗപ്പെടുത്തുന്നു. സമൂഹത്തിന്റെ പൊതുബോധത്തെ ഉപയോഗപ്പെടുത്തിയാണ് ഇത് സംഭവിക്കുന്നത്.

ലൈംഗികസങ്കല്‍പ്പങ്ങള്‍ കുടുംബബന്ധങ്ങള്‍

മുതലാളിത്ത അണുകുടുംബവ്യവസ്ഥ, മുതലാളിത്തത്തിന്റെ മൂലധനതാല്‍പ്പര്യത്തിനു വഴങ്ങുന്ന ഒന്നാണ്. അതനുസരിച്ച് ചരക്കുകള്‍ കൂടുതല്‍ വിറ്റഴിക്കുന്നു. ഗൃഹനിര്‍മാണവസ്‌തുക്കള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, ആഹാരം, സാങ്കേതികസൌകര്യങ്ങള്‍ എന്നിവ കൂടുതല്‍ വിപണനം ചെയ്യപ്പെടുന്നു. ഇന്‍ഷുറന്‍സ്, സേവിങ്സ്-ബാങ്കിങ് മേഖലകള്‍ വികസിക്കുന്നതും അണുകുടുംബവുമായി ബന്ധപ്പെട്ടാണ്. പഴയ കൂട്ടുകുടുംബവ്യവസ്ഥയുടെ തകര്‍ച്ച വ്യക്തികളില്‍ കൂടുതല്‍ അന്യവല്‍ക്കരണവും അരക്ഷിതാവസ്ഥയും വളര്‍ത്തിയെടുത്തിരിക്കുന്നു. ഇത് മൂലധനശക്തികള്‍ക്കും ഗുണകരമായി മാറുന്നു.

പഴയ കൂട്ടുകുടുംബവ്യവസ്ഥയെ ന്യായീകരിക്കാന്‍ ഇത് പ്രചോദനം നല്‍കുന്നത് ശരിയായിരിക്കില്ല. കാരണം പഴയ കൂട്ടുകുടുംബവ്യവസ്ഥയിന്‍ കീഴില്‍ സ്‌ത്രീകളുടെ അധ്വാനഭാരം ഇരട്ടിയായിരുന്നു. ഭര്‍ത്താവുള്‍പ്പെടെയുള്ള നിരവധി പുരുഷന്മാര്‍ക്കുവേണ്ടി അവള്‍ സേവനം ചെയ്യേണ്ടിയിരുന്നു. അതുകൊണ്ടുതന്നെ ഫ്യൂഡല്‍ കൂട്ടുകുടുംബം/മുതലാളിത്ത അണുകുടുംബം എന്ന ദ്വന്ദ്വത്തിനപ്പുറമുള്ള ഒരു ജനാധിപത്യകുടുംബസങ്കല്‍പ്പം ഉയര്‍ന്നു വരേണ്ടതുണ്ട്.

മുതലാളിത്ത കുടുംബം പുരുഷാധികാരത്തിലധിഷ്ഠിതമാണ്. പ്രണയബന്ധത്തില്‍പോലും ഈ അധികാരവ്യവസ്ഥയുടെ ഇടപെടല്‍ ശക്തമാണ്. സ്വതന്ത്രമായ വ്യക്തിത്വം സ്‌ത്രീക്കു നിഷേധിക്കുന്ന അന്തരീക്ഷമാണ് കുടുംബത്തില്‍ നിലനില്‍ക്കുന്നത്. മതവിശ്വാസം, ഫ്യൂഡല്‍-മുതലാളിത്തമൂല്യങ്ങള്‍ ഇവയെല്ലാം സ്‌ത്രീക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. കുട്ടിക്കാലത്തുതന്നെ സ്‌ത്രീയെന്ന നിലയിലുള്ള സാംസ്‌ക്കാരികവും പ്രത്യയശാസ്‌ത്രപരവുമായ നിര്‍മിതി നടക്കുന്നുണ്ട്. ഇതിനെതിരായ ഒരു ജനാധിപത്യ-സോഷ്യലിസ്‌റ്റ് സംസ്‌ക്കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വിദ്യാലയങ്ങളില്‍ ശാസ്‌ത്രീയമായ ലൈംഗികവിദ്യാഭ്യാസം നടപ്പാക്കേണ്ടതുണ്ട്. ആണ്‍-പെണ്‍ കൂട്ടായ്‌മയിലൂടെയുള്ള പാചകം പോലുള്ള വിഷയങ്ങള്‍ പഠനത്തിന്റെ ഭാഗമായി മാറണം. ലോക സ്‌ത്രീപ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ചരിത്രപരവും സൈദ്ധാന്തികമായ അറിവുകളും നമുക്കാര്‍ജിക്കേണ്ടതുണ്ട്. ഒപ്പം വിപുലമായ സ്‌ത്രീ സാഹിത്യം വായിക്കുകയും ചര്‍ച്ചചെയ്യപ്പെടുകയും വേണം.

****

പി പി സത്യന്‍, കടപ്പാട് : ദേശാഭിമാനി വാരിക, വര്‍ക്കേഴ്സ് ഫോറം

30 September, 2009

താലിബാന്‍: ചരിത്രവും വര്‍ത്തമാനവും

താലിബാന്‍: ചരിത്രവും വര്‍ത്തമാനവും

ലോകസമാധാനത്തിനും മാനവികതയ്‌ക്കും കടുത്ത ഭീഷണി ഉയര്‍ത്തിക്കൊണ്ട് മതമൌലികവാദവും ഭീകരതയും പശ്ചിമേഷ്യ ദക്ഷിണേഷ്യ എന്നീ മേഖലകളില്‍ ശക്തിപ്പെടുകയാണ്. പാക്ക്-അഫ്‌ഗാനിസ്ഥാന്‍ അതിര്‍ത്തി പ്രദേശം, ചൈനയിലെ സിന്‍ഗുവ പ്രവിശ്യ, പാക് അധിനിവേശ കാശ്‌മീര്‍ എന്നിവ ജിഹാദി ഭീകരസംഘങ്ങളുടെ വിക്ഷേപണത്തറയായി മാറിയിട്ട് ചുരുങ്ങിയത് രണ്ട് ദശാബ്‌ദങ്ങളായി. പാലസ്‌തീനിലെ സംഘര്‍ഷങ്ങള്‍, ഇറാഖ്- അഫ്‌ഗാനിസ്ഥാന്‍ എന്നിവടങ്ങളിലെ അമേരിക്കന്‍ അധിനിവേശം, ചൈനയുടെ മതനയം, കാശ്‌മീര്‍ പ്രശ്‌നം, ഫിലിപ്പൈന്‍സിലെ ക്രൈസ്‌തവ ദേശീയത തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ജിഹാദി ഭീകരസംഘങ്ങള്‍ക്ക് പ്രചോദനമാകുന്നുണ്ട്. പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഉത്പാദനവും വിതരണവും നിയന്ത്രിക്കാനുള്ള സാമ്രാജ്യത്വശക്തികളുടെ പരിശ്രമങ്ങളും തുടര്‍ച്ചയായ രാഷ്‌ട്രീയ-സൈനിക ഇടപെടലുകളുമാണ് മേഖലയെ നിരന്തര സംഘര്‍ഷങ്ങളുടെ വേദിയാക്കിയത്. ഇറാനിലെ ഇസ്ളാമികവിപ്ളവം (1979), സോവിയറ്റ് യൂണിയന്‍ അഫ്‌ഗാന്‍ അധിനിവേശം (1979) എന്നിവ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് മതാത്മകസ്വഭാവം നല്‍കി. 1980 കളില്‍ ഹമാസിന്റെ ഉദയത്തോടുകൂടി പാലസ്‌തീന്‍ വിമോചന സമരം ഇസ്ളാമികവല്‍ക്കരണത്തിന് വിധേയമായി. ഒരു മതേതര ദേശീയ വിമോചന സമരത്തിന്റെ വിശാല പ്രതലത്തില്‍ നിന്നും 'ഇസ്ളാമിക വിമോചനം' അതായത് 'യഹൂദ - ക്രിസ്‌ത്യന്‍ ആധിപത്യത്തില്‍ നിന്ന് പാലസ്‌തീന്‍ മുസ്ളീങ്ങളുടെ വിമോചനം' എന്ന നിലയിലേക്ക് ജിഹാദിപ്രസ്ഥാനങ്ങള്‍ പാലസ്‌തീന്‍ പ്രശ്‌നത്തെ മാറ്റിത്തീര്‍ത്തു. പാലസ്‌തീന്‍ പ്രശ്‌നത്തെ മുന്‍നിര്‍ത്തി ആഗോള വ്യാപകമായി ജിഹാദി പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരാന്‍ ഇത് കാരണമായി. ക്രിസ്‌ത്യന്‍ ദേശീയതയെ വെല്ലുവിളിച്ചുകൊണ്ട് ഭീകരവാദത്തിലേക്ക് നീങ്ങിയ ഫിലിപ്പൈന്‍സിലെ 'അബു-സയ്യാഫ് ' ജിഹാദി സംഘം പാലസ്‌തീന്റെ വിമോചനം തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

1991 ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്‌ക്കുശേഷം സംഘടിത മതങ്ങള്‍ക്കും മതബോധത്തിനും ലഭിച്ച വ്യാപകമായ അംഗീകാരം ഇസ്ളാമിന്റെ മൌലികവാദപരമായ വ്യാഖ്യാനങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്‌ടിച്ചു. ഇതോടൊപ്പം മധ്യേഷ്യയില്‍ ശക്തിപ്പെട്ട സാമ്രാജ്യത്വരാഷ്‌ട്രീയ-സാംസ്‌ക്കാരിക അധിനിവേശങ്ങളെ പ്രതിരോധിക്കാന്‍ 'ഇസ്ളാമിലേക്ക് മടങ്ങുക' എന്ന മുദ്രാവാക്യത്തിന് വന്‍ ജനപിന്തുണ ലഭിച്ചു. സാമ്രാജ്യത്വത്തെ പ്രതിരോധിക്കാന്‍ ഇസ്ളാമിന്റെ ജിഹാദി പാരമ്പര്യം തിരിച്ചുപിടിക്കേണ്ടത് ആവശ്യമാണെന്ന പൊതുബോധം, മധ്യേഷ്യയിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന ജിഹാദി സംഘങ്ങളിലേക്ക് പെട്രോഡോളര്‍ പ്രവഹിക്കാന്‍ കാരണമായി. ഇസ്ളാമിന്റെ മൌലികവാദപരമായ വ്യാഖ്യാനവും ജിഹാദിന്റെ വീണ്ടെടുപ്പും സാമ്രാജ്യത്വവിരുദ്ധ വികാരവും കൂടിച്ചേര്‍ന്ന് സൃഷ്‌ടിച്ച ഇസ്ളാമിക തീവ്രവാദം പെട്രോഡോളറിന്റെ ഒഴുക്കോടുകൂടി ശക്തമായ സായുധസംഘങ്ങള്‍ക്ക് ജന്മം നല്‍കി.

താലിബാന്റെ വരവ്

ഇസ്ളാമിക തീവ്രവാദത്തിന്റെ പൊതുപശ്ചാത്തലത്തിലാണ് അഫ്‌ഗാനിസ്ഥാന്റെ ഗോത്രവര്‍ഗ്ഗ മേഖലകള്‍ കേന്ദ്രീകരിച്ച് താലിബാന്‍ ഉയര്‍ന്നുവന്നത്. 'വിദ്യാര്‍ത്ഥി' എന്നര്‍ത്ഥം വരുന്ന 'താലിബ് ' എന്ന പുഷ്‌തുഭാഷയിലെ പദത്തിന്റെ ബഹുവചനരൂപമാണ് താലിബാന്‍. അറബിയില്‍ നിന്നും പുഷ്‌തുഭാഷ കടം കൊണ്ടവാക്കാണിത്. അഫ്‌ഗാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ 1996 മുതലമാണ് താലിബാന്‍- അഫ്‌ഗാന് അംഗീകാരം നല്‍കിയത്. താലിബാന് ‍- അഫ്‌ഗാനിസ്ഥാന്റെ ഔദ്യോഗികനാമം 'ഇസ്ളാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാന്‍' എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു.

സോവിയറ്റ് സേനയ്‌ക്കെതിരായ പോരാട്ടത്തില്‍ നിരവധി മുജാഹിദ്ദീന്‍ സംഘങ്ങള്‍ അഫ്‌ഗാനിസ്ഥാനില്‍ വളര്‍ന്നുവന്നിരുന്നു. 1980 കളില്‍ റൊണാള്‍ഡ് റീഗന്‍ - മാര്‍ഗരറ്റ് താച്ചര്‍ അച്ചുതണ്ട് വന്‍തോതില്‍ ആയുധങ്ങളും പടക്കോപ്പുകളും മുജാഹിദ്ദീന്‍ സംഘങ്ങള്‍ക്ക് നല്‍കി. 1987 ല്‍ മാത്രം 65000 ടണ്‍ അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങളും വെടിക്കോപ്പുകളും അഫ്‌ഗാനിസ്ഥാനിലേക്ക് ഒഴുകി. അഫ്‌ഗാന്‍ മുജാഹിദ്ദീന്‍ സംഘങ്ങള്‍ വംശീയാടിസ്ഥാനത്തിലാണ് സംഘടിച്ചിരുന്നത്. താജിക്കുകള്‍, ഉസ്‌ബെക്കുകള്‍, മംഗളോയ്‌സ് വംശജരായ ഹസാരകള്‍ എന്നീ വംശീയ വിഭാഗങ്ങള്‍ വടക്കന്‍ അഫ്‌ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ച് ഒളിപ്പോര്‍ സംഘടിപ്പിച്ചു. അഫ്‌ഗാനിസ്ഥാനിലെ ഏറ്റവും പ്രബലമായ പത്താന്‍ വംശജര്‍ 1990 കളുടെ തുടക്കത്തിലാണ് സംഘടിക്കപ്പെട്ടത്. വടക്കന്‍ പ്രദേശം നിയന്ത്രിക്കുന്ന വംശീയ വിഭാഗങ്ങളോടുള്ള പ്രതിഷേധമാണ് പത്താന്‍ തീവ്രവാദത്തിന്റെ തുടക്കത്തിന് കാരണമായത്. ഹെൿമത്യാര്‍ നേതൃത്വം നല്‍കുന്ന ഉസ്‌ബെക്ക് മുജാഹിദ്ദീനുകള്‍ ഒരു പത്താന്‍ കുടുംബത്തിലെ അംഗങ്ങളെ കൊലപ്പെടുത്തുകയും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ചെയ്‌തതാണ് താലിബാന്റെ രൂപീകരണത്തിന് മുല്ല ഉമറിനെ പ്രേരിപ്പിച്ച ഘടകമെന്ന വാദം ശക്തമാണ്. പ്രസ്‌തുത കഥ താലിബാന്‍ വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി. മുജാഹിദീനുകളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളും അനിസ്ളാമിക ജീവിതവും മുല്ല ഉമറിനെ പുതിയൊരു വിപ്ളവപാത തുറക്കാന്‍ പ്രേരിപ്പിച്ചു എന്നു കരുതുന്നതില്‍ തെറ്റില്ല.

പാക്കിസ്ഥാനിലെ മതപഠന ശാലകളില്‍ പഠിച്ച അഫ്‌ഗാന്‍ അഭയാര്‍ത്ഥികളാണ് താലിബാന്‍ പ്രസ്ഥാനത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. മതപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളും അവരുടെ അധ്യാപകരായ മുല്ലമാരും ചേര്‍ന്ന ഒരു സായുധസംഘമാണ് താലിബാന്‍. തെക്കന്‍ അഫ്‌ഗാനിസ്ഥാന്‍, തെക്കന്‍ പാക്കിസ്ഥാന്‍, പാക്- അഫ്‌ഗാന്‍ അതിര്‍ത്തിയിലെ ഗോത്രവര്‍ഗ്ഗമേഖലകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് താലിബാന്‍ പോരാളികള്‍ പ്രധാനമായും റിക്രൂട്ട് ചെയ്യപ്പെട്ടത്.

താലിബാന്‍: പ്രത്യയശാസ്‌ത്രം

പാക്കിസ്ഥാനിലെ 'ജാമിയത്ത്- ഉലമ- ഇ-ഇസ്ളാം' ആണ് താലിബാന് ആശയ അടിത്തറ നല്‍കിയത്. ദിയോബാന്‍ഡ് സ്‌കൂളിന്റെ ഖുര്‍-ആന്‍ വ്യാഖ്യാനങ്ങള്‍, വഹാബിസം എന്നിവയാണ് താലിബാന്റെ പ്രത്യയശാസ്‌ത്രം. ഈ അര്‍ത്ഥത്തില്‍ താലിബാന്‍ ഒരു സുന്നി- വഹാബി- ഇസ്ളാമിസ്‌റ്റ് പ്രസ്ഥാനമാണ്. ഇസ്ളാമിക മതമൌലികവാദത്തോടൊപ്പം പഷ്‌തൂണ്‍ വംശീയ ദേശീയതയുംകൂടി ചേര്‍ന്നപ്പോള്‍ താലിബാന്‍ ഏറ്റവും യാഥാസ്ഥിതികമായ ഭീകരപ്രസ്ഥാനമായിമാറി. ഇസ്ളാമിക സ്വത്വത്തോടൊപ്പം പഷ്‌തൂണ്‍ വംശീയവാദ രാഷ്‌ട്രീയ നിലപാടുകള്‍ കൂടിച്ചേര്‍ന്നപ്പോള്‍ ഒരേ സമയം താലിബാന്‍ ഒരു ഇസ്ളാമിക മതമൌലികവാദ - പഷ്‌തൂണ്‍ വംശീയ രാഷ്‌ട്രീയപ്രസ്ഥാനമായി മാറി.

താലിബാന്‍ പോരാളികളില്‍ ബഹുഭൂരിപക്ഷം പത്താന്‍ വംശജരാണ്. പത്താന്‍ പോരാളികളില്‍ 95 ശതമാനത്തോളം ദുറാനി പത്താനികളാണ്. ഇതോടൊപ്പം നോര്‍ത്ത് ആഫ്രിക്ക, പശ്ചിമേഷ്യന്‍ റിപ്പബ്ളിക്കുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആഗോള ജിഹാദിപ്രസ്ഥാനത്തിലംഗങ്ങളായ ഒരു സംഘം വളണ്ടിയര്‍മാരും താലിബാന്‍ പ്രസ്ഥാനത്തിലുണ്ടായിരുന്നു. 1996 ല്‍ സുഡാനില്‍ നിന്നും ബിന്‍ലാദന്‍ അഫ്‌ഗാനിസ്ഥാനിലെത്തിയതോടെ അല്‍- ഖ്വയ്‌ദ പോരാളികള്‍ '055' 'ബ്രിഗേഡ് ' എന്ന പേരില്‍ താലിബാനില്‍ ലയിച്ചു.

അഹമ്മദ് ഷാ മസൂദ് നേതൃത്വം നല്‍കുന്ന വടക്കന്‍ സഖ്യത്തിനെതിരെ ശക്തമായ ആക്രമണമാണ് താലിബാന്‍ നടത്തിയത്. 1998 ൽ വടക്കന്‍ നഗരമായ മാസാര്‍- ഇ- ഷറീഫ് ആക്രമിച്ച താലിബാന്‍ സ്‌ത്രീകളും കുട്ടികളുമടക്കം 8000 ആളുകളെ കശാപ്പു ചെയ്തു. ഉസ്‌ബെക്കുകളേയും ഹസാരകളേയും കൂട്ടക്കൊല ചെയ്‌തത് വംശീയ ഉന്മൂലനമായിരുന്നു. ഇസ്ളാമിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി ശവശരീരങ്ങള്‍ മറവുചെയ്യാന്‍ അനുവദിക്കാതെ 6 ദിവസം ചീഞ്ഞഴുകാന്‍ വിട്ടശേഷമാണ് താലിബാന്‍ പിന്‍വാങ്ങിയത്.

താലിബാന്‍ അധികാരത്തില്‍ വന്ന ഉടനെ താജിക്ക്, ഉസ്‌ബെക്ക്, ഹസാര ബ്യൂറോക്രാറ്റുകളെ മുഴുവന്‍ പിരിച്ചുവിട്ടു. പഷ്‌തൂണ്‍ ആധിപത്യം ഇതര ഗോത്രങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചു. ഷിയാകളെ വഹാബികളേയും ദിയോബന്ദികളേയും പോലെ അമുസ്ളീങ്ങളായി പ്രഖ്യാപിച്ചു. ഷിയാ വിശ്വാസികളായ മംഗളോയ്‌സ് വംശജരായ ഹസാരമുസ്ളീങ്ങളെ അമുസ്ളീങ്ങളായി പ്രഖ്യാപിച്ച് കൊന്നൊടുക്കി. അഫ്‌ഗാന്‍ ജനസംഖ്യയുടെ 10 % ഹസാരകളാണ്.

ആധുനികതയോട് കടുത്ത വിയോജിപ്പാണ് താലിബാന്‍ പ്രകടിപ്പിച്ചത്. ഷരിയ നിയമങ്ങളും പഷ്‌തൂണ്‍ ഗോത്രനിയമങ്ങളും ചേര്‍ത്ത നിയമസംഹിതയാണ് ഭരണ (പഷ്‌തൂണ്‍ വാലി)ത്തിന്റെ അടിസ്ഥാനശില. സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ സകല അതിര്‍ത്തികളും താലിബാന്‍ ഉല്ലംഘിച്ചു. വിദ്യാഭ്യാസം, തൊഴില്‍, സ്പോര്‍ട്സ് എന്നിവ സ്‌ത്രീകള്‍ക്ക് നിഷിദ്ധമാക്കി. വഹാബി പര്‍ദ്ദ നിര്‍ബന്ധമാക്കി. അരുവിയില്‍ തുണിയലക്കുന്നത്, തയ്യല്‍ക്കാരന്‍ അളവെടുക്കുന്നത്, ടാക്സിയില്‍ അടുത്ത ബന്ധുവായ പുരുഷന്റെ കൂടെയല്ലാതെ സഞ്ചരിക്കുന്നത് എന്നിവ നിരോധിച്ചു. ഇതൊടൊപ്പം ടി വി സിനിമ, വീഡിയോ, നൃത്തം, വീട്ടില്‍ ചിത്രങ്ങള്‍ തൂക്കിയിടുന്നത്, സ്പോര്‍ട്സ് പരിപാടികളില്‍ കൈയടിക്കുന്നത്, പട്ടം പറത്തല്‍, പന്നി, പന്നിനെയ്യ്, മനുഷ്യന്റെ മുടികൊണ്ടുണ്ടാക്കിയ സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, ചെസ്സ്, മുഖംമൂടി, കമ്പ്യൂട്ടര്‍, മദ്യം, ലൈംഗികത, വീഞ്ഞ്, പടക്കം പ്രതിമ, സംഗീതം, താടിവടിക്കല്‍ എന്നിവ നിരോധിച്ചു. ചുരുക്കത്തില്‍ ആധുനികതയുടെ അടയാളങ്ങളായ സകലിതിനേയും താലിബാന്‍ നിഷിദ്ധമാക്കി. എന്നാല്‍ ആധുനിക സാങ്കേതികവിദ്യയുടെ ഉല്പന്നങ്ങളായ ആയുധങ്ങളും പടക്കോപ്പുകളും അവര്‍ യഥേഷ്‌ടം ഉപയോഗിച്ചു.

നിഗൂഢാത്മകവും, സമഗ്രാധിപത്യപരവുമായ സൈനിക ഭരണകൂടമാണ് താലിബാന്‍ സ്ഥാപിച്ചത്. പോരാളികള്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല. ഭക്ഷണം, വസ്‌ത്രം, ആയുധങ്ങള്‍, ഷൂസ് എന്നിവയാണ് ഭരണകൂടം പോരാളികള്‍ക്ക് നല്‍കിയത്. ഓരോ പോരാളിയുടേയും ഏറ്റവും പ്രധാനകടമ 'വിശുദ്ധയുദ്ധ'ത്തില്‍ അണിചേരുകയാണ്. ഇഹലോകവാസം എന്തുകൊണ്ടും മോശമാണ്. അതിനാല്‍ വിശുദ്ധയുദ്ധം നടത്തി സ്വര്‍ഗ്ഗം നേടുകയാണ് ഓരോ പോരാളിയുടേയും കടമ. ഇസ്ളാമിക പ്രത്യയശാസ്ത്രം 'സ്വയം രക്തസാക്ഷിയായി സ്വര്‍ഗ്ഗം നേടാന്‍' സഹായിക്കുന്ന ഒന്നായി താലിബാന്‍ വ്യാഖ്യാനിച്ചു. '1400 വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രവാചകന്‍ ജീവിച്ചപോലെ ജീവിക്കുക, പ്രവാചകനും ഖലീഫമാരും നടത്തിയതുപോലെ വിശുദ്ധയുദ്ധം നടത്തുക.' ഇതായിരുന്നു മുല്ല ഉമറിന്റെ ആഹ്വാനം.

പാക്-താലിബാന്‍

ചരിത്രത്തില്‍ അഭിരമിക്കുന്ന മതഭ്രാന്തും വംശീയഭ്രാന്തും തലയ്‌ക്കു പിടിച്ച താലിബാന്‍ പ്രസ്ഥാനത്തെ വടക്കന്‍ സഖ്യവും നാറ്റോ സൈന്യവും ചേര്‍ന്ന് 2001 ല്‍ പുറത്താക്കിയെങ്കിലും ഇതിനകം തന്നെ പാക്കിസ്ഥാന്റെ ഗോത്രമേഖലയിലേക്ക് താലിബാന്‍ വ്യാപിച്ചിരുന്നു. താലിബാന്‍ പോരാളികള്‍ക്ക് യുദ്ധതന്ത്രവും പരിശീലനവും നല്‍കിയിരുന്നത് ഐ എസ് ഐ ആണ്. താലിബാന്‍ പ്രത്യയശാസ്‌ത്രത്തിന് ഐ എസ് ഐ യിലും പാക്ക് സൈന്യത്തിനും നിര്‍ണ്ണായകസ്വാധീനം ചെലുത്താന്‍ സാധിക്കുന്നുണ്ട്.

2001-ല്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്നും ചിതറപ്പെട്ട താലിബാന്‍ 2004 ല്‍ പുന:സംഘടിക്കപ്പെട്ടു. 2007 ഡിസംബറില്‍ പാക് താലിബാന്‍ പ്രഖ്യാപിക്കപ്പെട്ടു. ' തെഹ്രീക്ക്- ഇ- താലിബാന്‍ പാക്കിസ്ഥാന്‍' എന്ന പേരിലാണ് പാക് താലിബാന്‍ സംഘടിക്കപ്പെട്ടത്. ജാമിയത്ത് - ഉലമ- ഇസ്ളാം (ജെയുഐ)യുടെ തലവന്‍ മൌലാനാ ഫസല്‍ ഉര്‍റഹ്മാനാണ് പാക്താലിബാന്റെ ബുദ്ധിസ്രോതസ്സ്. ബേനസീര്‍ഭൂട്ടോയുടെ അടുത്ത സുഹൃത്തായിരുന്ന ഫസല്‍ ഉര്‍ റഹ്മാന്‍ അവര്‍ പ്രധാനമന്ത്രിയായതോടെ ഭരണതലത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം നേടി. ഐ എസ് ഐ യിലും ഗവണ്‍മെന്റിലും താലിബാന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും ഒരു പരിധിവരെ ഐ എസ് ഐ യെ താലിബാന്‍ വല്‍ക്കരിക്കുവാനും ഫസല്‍ ഉര്‍ റഹ്മാന് സാധിച്ചു. പര്‍വേശ് മുഷറഫിന്റെ ഭരണകാലത്തും ജിഹാദിസംഘങ്ങള്‍, ഐ എസ് ഐ, പാക് സൈന്യം എന്നിവയെ കൂട്ടിയിണക്കുന്ന കണ്ണിയായി ജെ യു ഐ യും മൌലാനഫസല്‍ ഉര്‍ റഹ്മാനും തുടര്‍ന്നു.

താലിബാന്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ 15000 ഓളം വരുന്ന ലഷ്‌ക്കര്‍ അഥവാ പരമ്പരാഗത ഗോത്രസേനാംഗങ്ങള്‍ പാക് പത്താന്‍ മേഖലയിലേക്ക് പലായനം ചെയ്‌തു. ക്രമേണ ഗോത്രവര്‍ഗ്ഗമേഖലയില്‍ സ്വാധീനമുറപ്പിച്ച താലിബാന്‍ സേനാംഗങ്ങള്‍ പാക്കിസ്ഥാനിലെ ഗോത്രവര്‍ഗ്ഗമേഖലയാകെ നിയന്ത്രണത്തിലാക്കി. അഫ്‌ഗാനിസ്ഥാനിലെ ഹമീദ് കര്‍സായി ഗവണ്‍മെന്റ്, പാകിസ്ഥാനിലെ അമേരിക്കന്‍ സൈനികത്താവളങ്ങള്‍ എന്നിവ ലക്ഷ്യമാക്കി 2004നുശേഷം തുടര്‍ച്ചയായി ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ താലിബാന് സാധിച്ചു.

പാക്കിസ്ഥാനെ അമേരിക്കന്‍ ആശ്രിതത്വത്തില്‍ നിന്ന് മോചിപ്പിച്ച് ഇസ്ളാമികവല്‍ക്കരിക്കുക അഥവാ താലിബാന്‍ വല്‍ക്കരിക്കുക എന്ന ലക്ഷ്യം 2007 ഓടുകൂടി മുഖ്യ അജണ്ടയായി താലിബാന്‍ സ്വീകരിച്ചു. ഐ എസ് ഐ, പാക് സൈന്യം, പാക് നിയന്ത്രിത കാശ്‌മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിഹാദിസംഘങ്ങള്‍ എന്നിവയുടെ ശക്തമായ പിന്തുണ താലിബാന് ലഭിച്ചു. ഇതോടൊപ്പം പാക്കിസ്ഥാനില്‍ ജനാധിപത്യഗവണ്‍മെന്റ് അധികാരത്തില്‍ വന്നത് പ്രത്യക്ഷ നടപടികളിലേക്ക് നീങ്ങാന്‍ താലിബാന് പ്രചോദനമായി. പഞ്ചാബികള്‍ക്കും സിന്ധികള്‍ക്കും മേല്‍ക്കൈയുള്ള പാക് ഭരണകൂടത്തിനെതിരായ പത്താന്‍ വംശീയദേശീയതയുടെ ശക്തമായ എതിര്‍പ്പും താലിബാനെ രാഷ്‌ട്രീയാധികാരം പിടിച്ചെടുക്കാനുള്ള വിശുദ്ധയുദ്ധത്തിലേക്ക് നയിച്ചു. മേഖലയിലെ ഗോത്രമുഖ്യന്‍മാരുടെ കലവറയില്ലാത്ത പിന്തുണ താലിബാന് ലഭിച്ചതോടുകൂടി സ്വാത് വാലി, ബ്യൂണര്‍ജില്ല, തെക്കന്‍ പാക്കിസ്ഥാന്‍ എന്നിവടങ്ങളില്‍ സമാന്തര ഭരണകൂടമായി മാറാന്‍ അവര്‍ക്ക് കഴിഞ്ഞു. പാക് സൈന്യവും ഭരണകൂടവും താലിബാനോട് മൃദുസമീപനമാണ് പുലര്‍ത്തിയത്. ഈ സാഹചര്യത്തിലാണ് സര്‍ദാരി ഗവണ്‍മെന്റ് താലിബാനുമായി കരാറിലെത്തുകയും ഫെബ്രുവരി 18, 2009 മുതല്‍ സ്വാത് താഴ്വരയില്‍ 'ഷരിയനിയമം' (പഷ്‌തൂണ്‍ വാലി) നടപ്പാക്കുകയും ചെയ്‌തു. അധികം വൈകാതെ ബ്യൂണര്‍ ജില്ലയും കടന്ന് ഇസ്ളാമബാദ് പിടിച്ചെടുക്കാന്‍ താലിബാന്‍ നടത്തിയ ശ്രമമാണ് ഇപ്പോഴത്തെ സൈനിക നടപടിക്ക് നിദാനം. നാറ്റോ സൈന്യത്തിന്റെ പിന്തുണയോടെ താലിബാനെ താത്ക്കാലികമായി തുരത്താന്‍ കഴിഞ്ഞെങ്കിലും ഗോത്രവര്‍ഗ്ഗസംസ്‌ക്കാരം നിലനില്‍ക്കുന്ന പാക്-അഫ്‌ഗാന്‍ അതിര്‍ത്തി മേഖലയില്‍ ശക്തമായ സാന്നിധ്യമായി താലിബാന്‍ തുടരാനാണ് സാധ്യത.

താലിബാനെ ഒരു യഥാര്‍ത്ഥ ഇസ്ളാമിസ്‌റ്റ് പ്രസ്ഥാനമായി കാണാന്‍ കഴിയില്ല. അല്‍-ഖ്വയ്‌ദ ബന്ധം താലിബാനെ ആഗോള ജിഹാദി പ്രസ്ഥാനങ്ങളുമായി കണ്ണിചേര്‍ത്തുവെങ്കിലും വംശീയ സ്വത്വബോധത്തില്‍ നിന്നും പുറത്തുകടക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇസ്ളാമിന്റെ മാനവിക മൂല്യങ്ങളുടെ സ്ഥാനത്ത് പത്താന്‍ ഗോത്ര മൂല്യങ്ങളാണ് താലിബാന്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. സ്വാത് താഴ്വരയില്‍ അവര്‍ നടപ്പിലാക്കിയ ഷരിയ നിയമം ഇസ്ളാമില്‍ പൊതിഞ്ഞ ഗോത്രപാരമ്പര്യങ്ങള്‍ മാത്രമാണ്. കടുത്ത വംശീയബോധമാണ് താലിബാനെ സൃഷ്‌ടിക്കുകയും സംരക്ഷിക്കുകയും ചെയ്‌ത ഐ എസ് ഐയ്‌ക്കെതിരെ തിരിയാന്‍ അവരെ പ്രേരിപ്പിച്ച ഘടകം. ലോകവീക്ഷണത്തിന്റെ അഭാവം, ഖുറാന്റെ തീവ്രവാദപരമായ വ്യാഖ്യാനങ്ങള്‍, ആധുനിക വിദ്യാഭ്യാസത്തോടുള്ള എതിര്‍പ്പ്, തീവ്രവംശീയ ബോധം, ഇഹലോകവാസത്തോടുള്ള അലക്ഷ്യഭാവം, രക്തസാക്ഷിത്വം വരിക്കാനുള്ള അത്യാവേശം, തുടര്‍ച്ചയായി യുദ്ധാവസ്ഥയില്‍ തുടരാനുള്ള താത്പര്യം തങ്ങളുടെ ആവാസസ്ഥലത്ത് അതിക്രമിച്ചു കടന്ന 'അന്യനെ' തകര്‍ക്കാനുള്ള പ്രാക്തന ഗോത്ര വീര്യം എന്നിവ ഉള്‍ച്ചേര്‍ന്ന താലിബാന്‍ പോരാളിയുടെ മനസ്സില്‍ വംശീയ ഉന്മൂലനവും 'ഇസ്ളാം അല്ലെങ്കില്‍ വാള്‍' എന്ന ഭീകരവാദ ജിഹാദി ബോധവും മാത്രമേ ബാക്കിയായിട്ടുള്ളൂ. 'ആധുനിക മനുഷ്യന്‍' എന്ന വിശേഷണത്തിന് അര്‍ഹതയില്ലാത്ത താലിബാനികളെ സൃഷ്ടിച്ച സാമ്രാജ്യത്വവും അതിന്റെ വേട്ടപ്പട്ടിയായ പാക്കിസ്ഥാനും ഇപ്പോള്‍ നല്‍കുന്ന കനത്ത വില ചരിത്രത്തിന്റെ മധുരപ്രതികാരമാണ്.

***

ഡോ: പി ജെ വിന്‍സെന്റ്
കടപ്പാട്: യുവധാര

22 August, 2009

ജിന്നയും ജസ്വന്തും പാകിസ്ഥാനും

ജിന്നയും ജസ്വന്തും പാകിസ്ഥാനും

പാകിസ്ഥാന്‍ രാഷ്ട്രപിതാവായ ഖ്വയ്ദി അസം മുഹമ്മദാലി ജിന്നയെ സ്വാതന്ത്ര്യത്തിന് എതിരായി ബ്രിട്ടീഷുകാരുടെ കരുവായി വര്‍ത്തിച്ച വര്‍ഗീയവാദിയും വിഭജനകാലത്തെ ഭീകരമായ രക്തച്ചൊരിച്ചിലുകളുടെ കാരണക്കാരനായും കരുതി വെറുത്ത ഒരു തലമുറയില്‍പ്പെട്ട സ്വാതന്ത്ര്യസമര പ്രവര്‍ത്തകനായിരുന്നു ഈ ലേഖകന്‍. 61 വര്‍ഷംമുമ്പ് നീണ്ടകാലം രോഗമൊന്നുമില്ലാതെ ആകസ്മികമായി ഭരണഭാരമേറ്റ് 12 മാസംപോലും തികയുന്നതിനുമുമ്പ് ജിന്ന നിര്യാതനായപ്പോള്‍ എന്റെ തലമുറയില്‍പ്പെട്ടവര്‍ക്ക് ഒരുതുള്ളി കണ്ണുനീര്‍പോലും പൊഴിക്കാന്‍ കഴിയുമായിരുന്നില്ല. അഞ്ചുവര്‍ഷംമുമ്പ് മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും അയോധ്യയിലെ ബാബറി മസ്ജിദ് ധ്വംസനകേസില്‍ പ്രതിയും ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കപ്പെട്ട ആളുമായ ലാല്‍ കിഷന്‍ അദ്വാനി പാകിസ്ഥാനും തന്റെ മൂലകുടുംബം സ്ഥിതിചെയ്തിരുന്ന സിന്ധും സന്ദര്‍ശിച്ചശേഷം നടത്തിയ പ്രസ്താവന അനേകരെ അമ്പരപ്പിക്കുകയും ബിജെപിയില്‍ ആഭ്യന്തരക്കുഴപ്പത്തിന് വഴിവയ്ക്കുകയും ചെയ്തു. ജിന്ന ഒരു വര്‍ഗീയവാദി എന്നതിനേക്കാള്‍ ഒരു മതനിരപേക്ഷവാദിയും ജനാധിപത്യവിശ്വാസിയുമായിരുന്നു എന്നാണ് അതുവരെ വ്യത്യസ്തമായ അഭിപ്രായം പുലര്‍ത്തിയിരുന്ന അദ്വാനിയുടെ പുതിയ വെളിപാട്. അന്ന് ചില സ്ഥാനമാറ്റങ്ങളിലൂടെ അദ്വാനിക്ക് ചെറിയ ശിക്ഷ നല്‍കുകയും പിന്നീട് പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്വമെന്ന ഉയര്‍ന്ന പദവി നല്‍കുകയും അദ്വാനി സ്ഥാനമൊഴിഞ്ഞ് പ്രസിഡന്റ് പദവിയിലേക്ക് യുപി നേതാവ് രാജ്നാഥ് സിങ്ങിനെ നിയോഗിക്കുകയുംചെയ്തു. എന്നാല്‍, ജസ്വന്ത് സിങ്ങിനെ അങ്ങനെ മൃദുവായി ശിക്ഷിച്ചെന്നുവരുത്തി പ്രശ്നം തീര്‍ക്കാന്‍ ബിജെപി തയ്യാറാകാത്തതിന്റെ പുറകില്‍ തത്വദീക്ഷയേക്കാള്‍ അവസരവാദവും ഗ്രൂപ്പ് മത്സരവും ആണെന്നു വ്യക്തം.

ജസ്വന്ത് സിങ്ങിന്റെ 'ജിന്ന- ഇന്ത്യ പാര്‍ട്ടീഷന്‍, ഇന്‍ഡിപെന്‍ഡന്‍സ്' (ജിന്ന- ഇന്ത്യാവിഭജനം, സ്വാതന്ത്ര്യം) എന്ന പുസ്തകം കഴിഞ്ഞ പതിനേഴിന് വൈകിട്ട് ഔപചാരികമായി പ്രകാശിപ്പിക്കുകയും 36 മണിക്കൂറിനകം പത്തൊമ്പതിന് രാവിലെ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അദ്ദേഹത്തെ പാര്‍ടിയില്‍നിന്ന് പുറത്താക്കുകയുംചെയ്തു. അതിവേഗം പുസ്തകം വായിച്ചുതീര്‍ക്കുന്നതില്‍ അതിവിദഗ്ധന്മാരാണ് ബിജെപി നേതാക്കളെന്ന് ഇതേക്കുറിച്ച് ജസ്വന്ത് സിങ് പരിഹസിക്കുകയുണ്ടായി. തനിക്ക് കുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ച് സമാധാനം പറയാന്‍ ആവശ്യപ്പെടുകപോലും ചെയ്യാതുള്ള ഈ നടപടിക്രമം ജനാധിപത്യകക്ഷികളില്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ജസ്വന്ത്സിങ് പരാതിപ്പെട്ടു. പാര്‍ലമെന്റിലെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി എന്ന ഉന്നതാധികാരസമിതിയുടെ അധ്യക്ഷന്‍കൂടിയായ ഈ മുന്‍ വിദേശമന്ത്രി ഇപ്രകാരം കൈക്കില കൂടാതെയുള്ള ഈ എടുത്തെറിയല്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ആര്‍എസ്എസ് പശ്ചാത്തലമോ പാര്‍ടിയിലെ ഗ്രൂപ്പ് വടംവലികളില്‍ വലിയ പിടിപാടോ ഇല്ലാതിരുന്നതിനാല്‍ ജസ്വന്ത്സിങ്ങിനെ പന്തുതട്ടുംപോലെ തട്ടിക്കളിക്കാന്‍ ബിജെപി നേതൃത്വത്തിന് വിഷമമുണ്ടായില്ല.

ജസ്വന്ത്സിങ്ങിന്റെ ബൌദ്ധികവും ഭരണപരവുമായ കഴിവ് കണക്കിലെടുത്ത് ബിജെപിയിലെ അധികാര കച്ചവടക്കാരുടെ തലയ്ക്കുമീതെ അടല്‍ ബിഹാരി വാജ്പേയി അദ്ദേഹത്തെ മന്ത്രിസഭയില്‍ ചേര്‍ക്കുകയാണ് ചെയ്തത്. മുന്‍ ബിജെപി പ്രസിഡന്റും മുഖ്യവക്താവുമായ വെങ്കയ്യ നായിഡുപോലും ഈ പുസ്തകത്തെച്ചൊല്ലി ജസ്വന്ത് സിങ്ങിനെ പുറത്താക്കാനിടയില്ലെന്നു പറഞ്ഞിരുന്നത് ശ്രദ്ധേയമാണ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി 'കേട്ടതുപാതി കേള്‍ക്കാത്തതുപാതി' എന്ന മട്ടില്‍ മണിക്കൂറുകള്‍ക്കകം തന്റെ സംസ്ഥാനത്ത് പുസ്തകം നിരോധിച്ച് പ്രശ്നം ഒഴിഞ്ഞുമാറാന്‍ കഴിയാത്തവിധം രൂക്ഷമാക്കി.

ആര്‍എസ്എസ് പാരമ്പര്യമില്ലാത്ത ജസ്വന്ത്സിങ്ങിന് പാര്‍ടിയില്‍ വേരുകളൊന്നുമില്ല. മറ്റൊരു പാരമ്പര്യത്തില്‍ ഉയര്‍ന്നുവന്ന സാധാരണ ഒരു ബൂര്‍ഷ്വാ ലിബറല്‍ രാഷ്ട്രീയപ്രവര്‍ത്തകനായ ജസ്വന്ത്സിങ് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വി സംബന്ധിച്ച് ചില ഉന്നതനേതാക്കളെ മനസ്സില്‍ കണ്ടുകൊണ്ട് നടത്തിയ പരാമര്‍ശങ്ങളിലും അദ്വാനിയുള്‍പ്പെടയുള്ളവര്‍ക്ക് പരിഭവമുണ്ടായിരുന്നു. ജസ്വന്തിന്റെ സ്വന്തം സംസ്ഥാനമായ രാജസ്ഥാനില്‍ ബിജെപി നേതൃത്വം നിര്‍ദേശിച്ച മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്ക് എതിരെ വസുന്ധര രാജെ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഒതുക്കുന്നത് ആവശ്യമായി നേതൃത്വം കരുതിയിരിക്കാം.

ഇന്ത്യാ വിഭജനത്തിനു കാരണക്കാരന്‍ ജിന്ന മാത്രമല്ലെന്നും എങ്ങനെയെങ്കിലും അധികാരത്തില്‍ പിടിച്ചുകയറാനുള്ള ധൃതിമൂലം മഹാത്മാഗാന്ധിയുടെ ഹിതങ്ങളെപ്പോലും അവഗണിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലും ജവാഹര്‍ലാല്‍ നെഹ്റുവും വിഭജനത്തിന്റെ ഉത്തരവാദികളില്‍പ്പെടുമെന്നും ജസ്വന്ത് എഴുതിയിട്ടുണ്ട്. ഇതില്‍ സര്‍ദാര്‍ പട്ടേലിനെക്കുറിച്ചുള്ള വിമര്‍ശനവും ജിന്നയെ സംബന്ധിച്ച ന്യായീകരണവും പാര്‍ടിയുടെ 'അടിസ്ഥാന വിശ്വാസപ്രമാണങ്ങള്‍'ക്ക് എതിരാണെന്നും പാര്‍ടി വക്താവ് അരു ജെയ്റ്റ്ലി പറയുകയുണ്ടായി. അനുകൂലികളും പ്രതികൂലികളും ആയ വ്യക്തികളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ എങ്ങനെയാണ് പ്രത്യയശാസ്ത്രത്തിന്റെയും അടിസ്ഥാന വിശ്വാസപ്രമാണത്തിന്റെയും രേഖകളില്‍ കടന്നുകൂടുക എന്ന് ജെയ്റ്റ്ലി വ്യക്തമാക്കിയില്ല. മുമ്പ് അദ്വാനി പാകിസ്ഥാനില്‍ ജിന്നയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം ജിന്നയെ പ്രകീര്‍ത്തിച്ചത് വിവാദമുയര്‍ത്തിയപ്പോള്‍ 2005 ജൂണ്‍ പത്തിന് അദ്വാനിയുടെ നിലപാടിനെ നിരാകരിച്ചുകൊണ്ടുള്ള പ്രമേയമാണ് 'അടിസ്ഥാനപ്രമാണം' എന്നായിരുന്നു ജെയ്റ്റ്ലിയുടെ ന്യായീകരണം. അത് ഒരു പ്രമേയംപോലുമായിരുന്നില്ലെന്നും ഒരു പ്രസ്താവന മാത്രമായിരുന്നെന്നും ജസ്വന്ത് തിരിച്ചടിച്ചു. സര്‍ദാര്‍ പട്ടേലാണ് ഗാന്ധിജിയുടെ വധത്തിനുശേഷം ആര്‍എസ്എസിനെ നിരോധിച്ചത് എന്ന വസ്തുതയും പട്ടേല്‍ആരാധകരെ ജസ്വന്ത് ഓര്‍മിപ്പിച്ചു. എന്നാല്‍, ഗാന്ധിജിയുടെ വധത്തിനുശേഷം ഗത്യന്തരമില്ലാതെ ആര്‍എസ്എസിനെ പട്ടേല്‍ നിരോധിച്ചെങ്കിലും കേസ് വിചാരണ അവസാനിക്കുന്നതിനുമുമ്പുതന്നെ ചില നിസ്സാര വ്യവസ്ഥകളോടെ നിരോധനം നീക്കാന്‍ നെഹ്റുവിനെ പ്രേരിപ്പിച്ചതും പട്ടേലായിരുന്നു എന്നത് ജസ്വന്ത് വിസ്മരിച്ചെങ്കിലും അദ്വാനിയും കൂട്ടരും ഇപ്പോഴും അത് കൃതാര്‍ഥതയോടെ ഓര്‍ക്കുന്നു. ഇതിനുപുറമെ ഗുജറാത്തിലെ മോഡിസര്‍ക്കാരിന് പിന്തുണ നല്‍കുന്നവരില്‍ ഒരു വലിയവിഭാഗം വല്ലഭായ് പട്ടേലിന്റെ സമുദായക്കാരാണെന്നതും ജസ്വന്തിന്റെ ബഹിര്‍ഗമനത്തിനു കാരണമായി.

മുഹമ്മദാലി ജിന്ന വൈരുധ്യങ്ങളുടെ ഒരു മൂര്‍ത്തീകരണമായിരുന്നു. 1930കള്‍ വരെ കോണ്‍ഗ്രസിനോടും സ്വാതന്ത്ര്യപ്രസ്ഥാനത്തിനോടും അനുഭാവം പുലര്‍ത്തുകയും മഹാത്മാഗാന്ധിയുടെ നിസ്സഹകരണപ്രസ്ഥാനം ആരംഭിക്കുന്നതിനുമുമ്പ് മുസ്ളിംലീഗും കോണ്‍ഗ്രസും ചേര്‍ന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഒത്തുതീര്‍പ്പ് ഉടമ്പടി ഒപ്പുവയ്ക്കുകയും ചെയ്തയാളാണ് ജിന്ന. മുസ്ളിങ്ങള്‍ക്ക് വലിയ സാന്നിധ്യമുള്ള യുപിയിലും ബിഹാറിലും മറ്റും ലീഗിന്റെ സഹകരണഹസ്തം 1937ല്‍ കോണ്‍ഗ്രസ് നിരസിച്ചതിനെത്തുടര്‍ന്നാണ് ജിന്ന മാറാന്‍ തുടങ്ങിയതും 1940ല്‍ ഇരുരാഷ്ട്രസിദ്ധാന്തം അവതരിപ്പിച്ച് ഇന്ത്യാവിഭജനത്തിന് പച്ചക്കൊടി കാട്ടിയതും. വ്യക്തിപരമായി ജിന്ന സാധാരണ കടുത്ത വിശ്വാസികളെപ്പോലെയുള്ള ഒരു മുസ്ളിമായിരുന്നില്ല. ഇസ്ളാംമത വിരുദ്ധമായ വീഞ്ഞും പന്നിയിറച്ചിയും (പ്രത്യേകിച്ചും പ്രാതലിന്റെ കൂടെയുള്ള ബേക്ക) അദ്ദേഹം നിഷിദ്ധമായി കരുതിയില്ല. അദ്ദേഹം വിവാഹം കഴിച്ചതും ഒരു ഹിന്ദുവിനെയാണ്. അവര്‍ നേരത്തെ മരിച്ചുപോയതുകൊണ്ട് സഹോദരി ഫാത്തിമയ്ക്കായിരുന്നു ആതിഥേയത്വത്തിന്റെയും ഗൃഹഭരണത്തിന്റെയും ചുമതല. ആഹാരരീതിയിലും ജീവിതശൈലിയിലും വസ്ത്രധാരണത്തിലും എല്ലാം പടിഞ്ഞാറന്‍ സമ്പ്രദായങ്ങള്‍ അനുവര്‍ത്തിച്ചിരുന്ന അതിപ്രഗത്ഭനായ ഈ അഭിഭാഷകന്‍ പാകിസ്ഥാന്‍ പ്രസ്ഥാനം ശക്തിപ്പെട്ടപ്പോള്‍ മാത്രമാണ് ചിലപ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കുവേണ്ടി തുര്‍ക്കി തൊപ്പിയും ഷെര്‍വാണിയും ധരിച്ചിരുന്നത്. പാകിസ്ഥാന്‍ രൂപീകരിക്കപ്പെട്ടശേഷം അവിടത്തെ പാര്‍ലമെന്റില്‍ ജിന്ന നടത്തിയ ഉദ്ഘാടനപ്രസംഗം മതനിരപേക്ഷതയുടെയും അവിടത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും സിഖുകാരും എല്ലാ പൌരാവകാശങ്ങളോടുംകൂടി സുരക്ഷിതരായി കഴിയാന്‍ വ്യവസ്ഥയുണ്ടെന്നും കഴിഞ്ഞുപോയ കലഹകാലങ്ങള്‍ വിസ്മരിക്കണമെന്നുമുള്ളതായിരുന്നു. ഈ പ്രസ്താവനയെ മുന്‍നിര്‍ത്തിയാണ് അദ്വാനിയും അദ്ദേഹത്തിന് മതനിരപേക്ഷ ഭരണാധികാരി എന്ന പട്ടം ചാര്‍ത്തിക്കൊടുത്തത്.

*
പി ഗോവിന്ദപ്പിള്ള