Showing posts with label മാധ്യമം. Show all posts
Showing posts with label മാധ്യമം. Show all posts

11 May, 2011

കീടനാശിനിയേക്കാള്‍ മാരകം ഈ മാധ്യമ രാഷ്ട്രീയം

എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും സ്വീകരിച്ച നിലപാട് ദേശീയതലത്തില്‍തന്നെ വിമര്‍ശനവിധേയമായതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് സമനിലതെറ്റിയിരിക്കുന്നു. അവര്‍ പറയുന്നതും ചെയ്യുന്നതും എന്താണെന്ന് അവര്‍ക്കുതന്നെ അറിയില്ല എന്നതുകൊണ്ടുമാത്രം കേരളസമൂഹം അവരോട് ക്ഷമിക്കുമെന്ന് തോന്നുന്നില്ല. ആഗോള കുത്തകകള്‍ക്കുവേണ്ടി സ്വന്തം നാട്ടിലെ നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യരെ നിത്യരോഗികളാക്കുവാന്‍പോലും മടിയില്ലെന്ന് തെളിയിച്ച കേന്ദ്രസര്‍ക്കാരിനെ ന്യായീകരിക്കുവാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അപഹാസ്യമായ ഉദ്യമങ്ങളെ ന്യായീകരിക്കുവാന്‍ മലയാളത്തിലെ മുന്‍നിര കോണ്‍ഗ്രസ്പക്ഷ മാധ്യമങ്ങള്‍ക്കുപോലും കഴിഞ്ഞില്ല. ടെലിവിഷന്‍ ചാനലുകളുടെ വരവോടെ വിരലിലെണ്ണാവുന്ന മുഖ്യധാരാപത്രങ്ങള്‍ പിടിച്ചുവെച്ചിരുന്ന വാര്‍ത്തകളുടെ മേലുള്ള കുത്തകാവകാശം ഇല്ലാതായെന്ന് അവരും അറിഞ്ഞുകഴിഞ്ഞു. കേരളസമൂഹം ഒറ്റമനസ്സോടെ തിരസ്‌കരിച്ച എന്‍ഡോസള്‍ഫാനുവേണ്ടി പരസ്യനിലപാടെടുത്താല്‍ ജനങ്ങളുടെ തിരസ്‌കാരം ഏറ്റുവാങ്ങേണ്ടിവരുമെന്ന ഭയംകലര്‍ന്ന കച്ചവടസൂത്രത്തിന്റെ ‘ഭാഗമായി എന്‍ഡോസള്‍ഫാന്‍ വിരോധികളായി അഭിനയിക്കുവാന്‍ ഭരണകൂടാനുകൂലമാധ്യമങ്ങള്‍ പോലും നിര്‍ബന്ധിതമായി എന്നതാണ് വാസ്തവം.
എന്‍ഡോസള്‍ഫാന്‍ അപകടകാരിയാണെന്നു വിശ്വസിക്കുന്ന മാതൃഭൂമി’സ്വന്തംനിലയ്ക്കുതന്നെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കാമ്പെയ്ന്‍ നടത്തുന്നുണ്ട്. അത്രത്തോളം പോയില്ലെങ്കിലും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരങ്ങളുടെ വാര്‍ത്തകള്‍ മുഴുവന്‍ മൂടിവെയ്ക്കാതിരിക്കുവാന്‍ ‘മലയാള മനോരമയും ശ്രദ്ധിച്ചു. മനോരമയുടെ ടെലിവിഷന്‍ ചാനലിലെ അവതാരകര്‍ അവരുടെ പതിവ് ജേണലിസ്റ്റിക് അതിസാമര്‍ഥ്യവും നിഷ്പക്ഷതാനാട്യവും മറന്ന് ഇക്കാര്യത്തില്‍ ഒരു ജനപക്ഷ നിലപാടെടുത്തു എന്നതും കാണാതിരുന്നുകൂടാ. എന്നാല്‍ മലയാളത്തിലെ രണ്ട് മുന്‍നിര പത്രങ്ങളും ഒരേദിവസം പ്രസിദ്ധീകരിച്ച സമാനമായ ഒരു വാര്‍ത്ത അവരുടെ ആത്മാര്‍ഥതയില്‍ സംശയം ജനിപ്പിക്കുന്നതാണ്്. എന്നുമല്ല; അത് മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹിക സാക്ഷരതയെക്കുറിച്ച് ഉല്‍ക്കണ്ഠയുളവാക്കുന്നതുമാണ്.

ജനീവ സമ്മേളനത്തില്‍ സ്വതന്ത്ര നിരീക്ഷകനായി പങ്കെടുത്ത മലയാളി ഡോക്ടറെക്കുറിച്ച് പ്രത്യക്ഷപ്പെട്ട ഈ രണ്ടു പത്രങ്ങളിലെയും വാര്‍ത്തകള്‍ ഒരാള്‍തന്നെ എഴുതിയതാണോ എന്ന സംശയം ജനിപ്പിക്കുംവിധം അത്ഭുതകരമായ സാദൃശ്യമുള്ളവയാണ്. വാര്‍ത്തയില്‍ മാത്രമല്ല; വാര്‍ത്തയ്ക്കു പിന്നിലെ അജണ്ടയിലുമുണ്ട് കൗതുകകരമായ സാദൃശ്യം. അതുകൊണ്ട് ആ രണ്ട് കൗതുകവാര്‍ത്തകളും ഉദ്ധാരണയോഗ്യമാണ്. വിസ്തരഭയത്താല്‍ ഒന്നുമാത്രം ഉദ്ധരിക്കാം. “എന്‍ഡോസള്‍ഫാന്‍:സര്‍ക്കാര്‍ ചെലവില്‍ നിരീക്ഷകനെ അയച്ചത് വിവാദമാകുന്നു” എന്ന ‘മാതൃഭൂമി’ വാര്‍ത്തയുടെ പ്രസക്ത ഭാഗങ്ങള്‍ (ഏപ്രില്‍ 29) ഇങ്ങനെ:

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മാരക കീടനാശിനികളുടെ ഭാവി തീരുമാനിക്കുന്ന സ്റ്റോക്‌ഹോം കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ സ്വതന്ത്ര നിരീക്ഷകനെന്ന പേരില്‍ ആളെ അയച്ചത് വിവാദമാകുന്നു. ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ കണ്ണൂര്‍ ജില്ലാ പ്രോഗ്രാം മാനേജറും എന്‍ഡോസള്‍ഫാന്‍ നോഡല്‍ ഓഫീസറുമായ ഡോ.മുഹമദ് അഷീലിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ജനീവയിലേക്ക് അയച്ചിരിക്കുന്നത്. ഗ്രാമീണ ആരോഗ്യമിഷന്‍ പൂര്‍ണമായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്... യാത്രയുടേത് അടക്കമുള്ള അദ്ദേഹത്തിന്റെ ചെലവുകള്‍ ദേശീയ ആരോഗ്യ മിഷനാണ് വഹിക്കുക...ജനീവയിലെ സ്റ്റോക്‌ഹോമില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ സ്വതന്ത്രനിരീക്ഷകന്‍ എന്ന നിലയിലാണ് ഡോ.മുഹമദ് അഷീല്‍ പങ്കെടുക്കുന്നത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നടത്തിയ നിരാഹാരസമരം വെബ്കാസ്റ്റ് ചെയ്ത് കണ്‍വന്‍ഷന്‍ നടക്കുന്ന പ്രധാനവേദിക്ക് പുറത്ത് പ്രദര്‍ശിപ്പിച്ചതില്‍ അദ്ദേഹവും പങ്കാളിയായിരുന്നു.... കേന്ദ്രസര്‍ക്കാര്‍ കണ്‍വന്‍ഷനില്‍ സ്വീകരിക്കുന്ന നിലപാടുകളും മറ്റും അപ്പപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നുണ്ട്. കേന്ദ്രം സ്വീകരിക്കുന്ന എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ഏറെ പ്രചാരം കിട്ടുന്നുമുണ്ട്...”

സര്‍ക്കാര്‍ ചെലവില്‍ നിരീക്ഷകനെ അയച്ചത് വിവാദമാകുന്നു എന്നു പറയുന്ന മേലുദ്ധരിച്ച വാര്‍ത്തയില്‍ ആ വിവാദത്തെക്കുറിച്ചൊരു സൂചനയുമില്ല. ആരാണ് വിവാദം ഉണ്ടാക്കിയതെന്നോ എന്താണ് വിവാദമെന്നോ പറയുന്നില്ല. ഇതൊരു വിവാദമാക്കാന്‍ ആഗ്രഹിക്കുന്ന ലേഖകന്‍ ഡോക്ടര്‍ക്കെതിരെ സ്വയം നിരത്തുന്ന തെളിവുകളും വാദങ്ങളുമാണ് ഈ വാര്‍ത്തയിലുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ശമ്പളം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥന്‍ കേരള സര്‍ക്കാരിനുവേണ്ടി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചു എന്ന് പരോക്ഷമായി സ്ഥാപിക്കുകയാണ് ഈ വാര്‍ത്തയുടെ ഏക താല്‍പര്യം. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുന്നതോടെ ഈ വാര്‍ത്തയുടെ അവലംബത്തില്‍ ഇയാളുടെ കസേര തെറിക്കുമെന്ന സ്വകാര്യമോഹവും അതുവഴി താനൊരു സമര്‍ഥനായ പത്രപ്രവര്‍ത്തകനാണെന്ന് സ്ഥാപിക്കാമെന്ന അത്യാഗ്രഹവും ഒളിച്ചുവെച്ച അപൂര്‍വമായൊരു വാര്‍ത്തയാണിത്. ഒരു വലിയ കണ്ടുപിടുത്തം നടത്തിയെന്ന മട്ടില്‍ അമ്പട ഞാനേ എന്നു ഭാവിക്കുന്ന ഈ ലേഖകന് അര്‍ഹിക്കുന്ന പ്രതിഫലം ഭാവിയില്‍ യു ഡി എഫ് നല്‍കാതിരിക്കുമോ? അതാണ് വാര്‍ത്തയുടെ ഉദ്ദിഷ്ട ഫലപ്രാപ്തിയെന്ന് ഈ ലേഖകന്റെ സാക്ഷരതാ നിലവാരത്തിലുള്ള വായനക്കാരനുപോലും മനസ്സിലാകുമെന്നതാണ് ആ വാര്‍ത്തയുടെ പരാധീനതയും.

സ്വതന്ത്ര നിരീക്ഷകന്റെ ചെലവ് കേരള സര്‍ക്കാര്‍ വഹിച്ചുവെന്ന മറ്റൊരു ആക്ഷേപവും മാതൃഭൂമി’ലേഖകനുണ്ട്. കേന്ദ്രത്തിന്റെ ഉപ്പും ചോറും തിന്ന് നന്ദികേടു കാട്ടിയ ഡോക്ടറെയും അയാളെ സ്‌പോണ്‍സര്‍ ചെയ്ത സംസ്ഥാന സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ് ഈ പത്രലേഖകന്‍. മാതൃഭൂമി ലേഖകന്റെ ഈ ധാര്‍മ്മികരോഷത്തിന്റെ സ്രോതസ്സ് അറിയുവാന്‍ മനോരമ’ലേഖകന്റെ വാര്‍ത്ത വായിക്കണമെന്നതാണ് രസകരമായ സംഗതി. മാതൃഭൂമി ലേഖകന്‍ പറഞ്ഞ അതേ കാര്യങ്ങള്‍ നിരത്തിക്കൊണ്ട് മനോരമ’ ലേഖകന്‍ വാര്‍ത്തയ്‌ക്കൊടുവില്‍ പ്രതിപക്ഷനേതാവിനെക്കൂടി ഉദ്ധരിക്കുന്നുണ്ട്. സ്വതന്ത്ര നിരീക്ഷകനെന്നപേരില്‍’സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ചെലവില്‍ ജനീവയിലേക്കയച്ചത് കുറ്റകരമായ നടപടിയാണെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയോടെയാണ് മനോരമ’വാര്‍ത്ത ഉപസംഹരിക്കുന്നത്. അപ്പോള്‍ അതാണ് കാര്യം.

പ്രതിപക്ഷനേതാവിന്റെ ഓഫീസില്‍നിന്ന് കിട്ടിയ പ്രസ്താവനയുടെ ആദ്യ‘ഭാഗമെടുത്ത് മാതൃഭൂമി’ലേഖകന്‍ സ്വന്തമായൊരു വിവാദവാര്‍ത്ത’ഉണ്ടാക്കുകയായിരുന്നു. മനോരമ’ലേഖകനാവട്ടെ, ആ പ്രസ്താവനയെ സ്വന്തം വാര്‍ത്തയാക്കിയതോടൊപ്പം അതിന് സാധൂകണവും വിശ്വാസ്യതയും ഉണ്ടാക്കുവാന്‍ പ്രതിപക്ഷനേതാവിന്റെ പ്രതിഷേധം അതോടൊപ്പംതന്നെ കൂട്ടിച്ചേര്‍ക്കുകയുമാണ്. രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളെ വാര്‍ത്തയാക്കി മാറ്റിയെടുക്കുന്നതില്‍ രണ്ട് പ്രമുഖ പത്രങ്ങളുടെ സ്വന്തം ലേഖകന്മാര്‍ പ്രകടിപ്പിച്ച വിരുത്’ജേണലിസം വിദ്യാര്‍ഥികള്‍ക്കൊരു നിഷേധപാഠവും വായനക്കാര്‍ക്ക് നല്ലൊരു ഫലിതവുമായി പരിണമിച്ചിരിക്കുന്നു.

എന്നാല്‍ ഇത് വെറും തമാശയല്ല. തമാശയ്ക്കപ്പുറം വലിയൊരു സാമൂഹികവിരുദ്ധത ഇതിലൊളിച്ചിരിക്കുന്നു. തന്റെ പാര്‍ട്ടിയെ നാണക്കേടില്‍നിന്ന് രക്ഷിക്കുവാന്‍ പ്രതിപക്ഷനേതാവ് മലക്കംമറിയുന്നതും ഏത് കച്ചിത്തുരുമ്പില്‍ പിടികൂടുന്നതും നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ താല്‍പര്യങ്ങളെ വാര്‍ത്തകളെന്ന വ്യാജേന പത്രലേഖകന്‍ വായനക്കാരില്‍ അടിച്ചേല്‍പ്പിക്കാന്‍ തുനിയുന്നത് മിതമായഭാഷയില്‍പ്പറഞ്ഞാല്‍ പൈമ്പികവൃത്തിയേക്കാള്‍ മ്ലേച്ഛമാണ്. മേല്‍പ്പറഞ്ഞ ലേഖകന്മാര്‍ ഈ ഹീനവൃത്തിയിലൂടെ അവരുടെ പത്രങ്ങള്‍ക്കുതന്നെ ചീത്തപ്പേരുണ്ടാക്കിയിരിക്കയാണ്. ഇത് തൊഴില്‍ സാമര്‍ത്ഥ്യമോ മാധ്യമ നിരക്ഷരതയോ അല്ല; കേവലമായ സാമൂഹികവിരുദ്ധതയാണ്. പ്രശസ്ത പത്രസ്ഥാപനങ്ങളുടെ മേല്‍വിലാസം പലപ്പോഴും ഇത്തരം മ്ലേച്ഛമനസ്സുകള്‍ക്ക് സുരക്ഷിതകവചമാകാറുണ്ട് എന്നതും വാസ്തവമാണ്.

എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനു പിന്നിലെ ജനവിരുദ്ധതയും അഴിമതിയും അങ്ങാടിപ്പാട്ടായപ്പോള്‍ ഏതുവിധത്തിലും അതിനെ വെള്ളപൂശാന്‍ ശ്രമിക്കുകയായിരുന്നു, കേരളത്തിലെ വി എം സുധീരനൊഴിച്ചുള്ള കോണ്‍ഗ്രസ് നേതാക്കള്‍. അതവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നവുമാണ്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ഇവരുടെ താല്‍ക്കാലികതന്ത്രങ്ങള്‍ക്കുപരിയായ വിവേകവും നിലപാടുകളും ആവശ്യമുണ്ട്. ഡോ.മുഹമദ് അഷീല്‍ സ്വതന്ത്ര നിരീക്ഷകനായാണ് ജനീവ കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. സ്വതന്ത്ര നിരീക്ഷകനെന്നത് കേരള സര്‍ക്കാര്‍ നല്‍കുന്ന വിശേഷണമല്ല. പല മേഖലകളില്‍നിന്നുള്ള ക്ഷണിതാക്കളിലൊരാളായ ഇയാള്‍ കേരള സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിച്ചു എന്നത് കുറ്റമായി കാണുന്ന ഉമ്മന്‍ ചാണ്ടിയും ഉമ്മന്‍ചാണ്ടിക്കുവേണ്ടി വ്യാജവാര്‍ത്തയെഴുതിയ മനോരമയുടെയും മാതൃഭൂമിയുടെയും ലേഖകന്മാരും ആരുടെ പക്ഷത്താണ്? എന്‍ഡോസള്‍ഫാന്‍ ലോബിക്കുവേണ്ടി ഈ വാര്‍ത്തയെഴുതിയ ലേഖകന്മാരുടെ പക്ഷത്തുതന്നെയാണോ അവരുടെ പത്രങ്ങളും? അല്ലെങ്കില്‍ ഈ ലേഖകന്മാര്‍ക്കുനല്‍കാവുന്ന ന്യായമായ ശിക്ഷ അവരുടെ പേര് വെളിപ്പെടുത്തുകയാണ്. ഇത്തരം ജനവിരുദ്ധ നിലപാടെടുക്കുന്നവര്‍ എന്തുകൊണ്ട് അവരുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറാവുന്നില്ല?

എന്‍ഡോസള്‍ഫാന്‍ കാസര്‍കോട്ടുണ്ടാക്കിയ വിവരണാതീതമായ ദുരന്തം ഇന്ന് ലോകമെങ്ങും പരിചിതമാണ്. ഉത്തരവാദിത്വബോധമുള്ള കേരളത്തിലെ ഒരുവിഭാഗം മാധ്യമങ്ങളുടെകൂടി സഹായത്തോടെയാണ് ഈ മാരക കീടനാശിനിക്കെതിരായ പൊതുജനാഭിപ്രായവും ആഗോള നിയമനടപടികളും ഉണ്ടായത്. എന്നാല്‍ മേല്‍പ്പറഞ്ഞതരം പിതൃരഹിതവാര്‍ത്തകള്‍ (ആ വാര്‍ത്തകളില്‍ ലേഖകരുടെ ബൈലൈനില്ല എന്ന അര്‍ഥത്തില്‍) നമ്മുടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുവെന്നത് മലയാളികള്‍ക്കാകെ ലജ്ജാകരമാണ്. തങ്ങള്‍ ജോലിചെയ്യുന്ന പത്രസ്ഥാപനങ്ങള്‍തന്നെ എന്‍ഡോസള്‍ഫാനെതിരായ നിലപാടെടുക്കുമ്പോള്‍, ജനങ്ങള്‍ക്കുവേണ്ടി നിലക്കൊണ്ട ഒരു ഡോക്ടറെ വലയിലകപ്പെടുത്താനായി വ്യാജവാര്‍ത്തയെഴുതിയ ഹീനമനസ്‌കരായ ആ രണ്ട് പത്രോപജീവികളും സഹതാപം മാത്രമാണ് അര്‍ഹിക്കുന്നത്. സാമൂഹികബോധമില്ലാത്ത വെറും കരിയറിസ്റ്റുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രമല്ല ഉള്ളതെന്ന് ആശ്വസിക്കുകയേ നിര്‍വാഹമുള്ളൂ.

ഡോ.മുഹമദ് അഷീലിനെ അയാള്‍ ചെയ്ത പാതകങ്ങളുടെ പേരില്‍ വിചാരണചെയ്ത് ശിക്ഷിക്കുവാന്‍ ഉമ്മന്‍ചാണ്ടിയോടും ഇപ്പറഞ്ഞ പത്രോപജീവികളോടുമൊപ്പം അന്നം കഴിക്കുന്ന ഒരു മലയാളിയുമുണ്ടാവില്ല. വലിയ പത്രങ്ങളുടെ തോളിലിരുന്ന് മലയാളികളെ കൊഞ്ഞനംകുത്തുന്ന അധമമനസ്‌കര്‍ രാഷ്ടീയ നേതാവിന്റെ പ്രസ്താവനകൊണ്ട് വാര്‍ത്തയുണ്ടാക്കുന്ന സൂത്രവിദ്യയുമായി പ്രസ് അക്കാദമി ചെയര്‍മാനായും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായും വിരാജിക്കുന്നതുകാണാന്‍ മലയാളികള്‍ കാത്തിരിക്കുന്നു.

@@
ഒ കെ ജോണി, ജനയുഗം

07 April, 2011

മാധ്യമങ്ങള്‍ക്കൊരു വനിതാ നയം


പണ്ടൊക്കെ നമ്മളുടെ പിടിയിലായിരുന്നു മാധ്യമങ്ങളെങ്കില്‍ ഇന്ന് നമ്മുടെ ദൈനംദിനജീവിതം മാധ്യമങ്ങളുടെ പിടിയിലായിരിക്കുന്നു. പണ്ടൊക്കെ ഒന്നോ രണ്ടോ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ രാവിലെ വായിക്കും; പിന്നെ ആകാശവാണിയില്‍ രാവിലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കുമുള്ള വാര്‍ത്തകളും നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളും ശബ്ദരേഖകളും നാടകങ്ങളും കേട്ട് റേഡിയോ അടച്ചുവച്ച് ഉറങ്ങാന്‍പോകുന്ന സാധാരണ മലയാളിയുടെ ജീവിതചര്യ ഇന്ന് മാറിയിരിക്കുന്നു. നിങ്ങളുടെ സ്വീകരണമുറിയില്‍ ലോകത്തെ ഏതൊരു കോണിലെ സംഭവത്തിനെയും ഏതു ദൃശ്യകോണിലും നിങ്ങളുടെ മുന്നില്‍ കുടഞ്ഞിട്ടുതരുന്ന എണ്ണമറ്റ ചാനലുകളാണ് ടെലിവിഷന്‍ പെട്ടിയിലൂടെ മിന്നി മറയുന്നത്. നിങ്ങളുടെ കംപ്യൂട്ടറിലൂടെ വെബ്സൈറ്റ് പോര്‍ട്ടലുകള്‍ വഴി ദൃശ്യശ്രാവ്യ കാഴ്ചകളായി എത്തുന്ന സൈബര്‍ വാര്‍ത്താമാധ്യമങ്ങളും സുഹൃദ്ശൃംഖലകളും മുഖഗ്രന്ഥങ്ങളും യൂകുഴലുകളും പിന്നെ നിങ്ങളുടെ കൈയിലും കാതിലും ചുണ്ടിലുമായി മാറി, മാറി സന്ദേശങ്ങള്‍ പകരാനുള്ള മൊബൈല്‍ ഫോണുകളും നിറഞ്ഞ സൈബര്‍ മാധ്യമങ്ങളെക്കുറിച്ച് എന്തുതന്നെ പറഞ്ഞുകൂടാ.. ഇതെല്ലാംകൂടിയ 24 മണിക്കൂറിലും നിറഞ്ഞുകവിയുന്ന നിങ്ങളുടെ മാധ്യമദിനചര്യയെ ഒരു ശബ്ദ-ചിത്ര-വാര്‍ത്താ-ഹാസ്യകോലാഹലമെന്നുതന്നെ വിളിക്കുന്നതല്ലേ ഉചിതം. ഇന്നത്തെ യുവജനതയെ പിന്നെ ഇന്റര്‍നെറ്റിലും മൊബൈലിലും ഉണ്ണുന്നവരെന്നും ഉറങ്ങുന്നവരെന്നും നിര്‍വചിക്കേണ്ടിയും വരും. എന്തായാലും ആശയവിനിമയം വഴിയും വിവരവിപ്ളവം വഴിയും ലോകം കൊച്ചുഗ്രാമമായി ചുരുങ്ങും എന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് വെളിപ്പെടുത്തിയ നമ്മുടെ ആര്‍തര്‍ മക്ലൂഹന്‍ അന്ന് ഇത്ര കരുതിയിട്ടുണ്ടാവില്ല. പക്ഷേ, നമുക്ക് മടുത്തിരിക്കുന്നു- അതിര് വിട്ടുവീഴ്ചകള്‍ കണ്ടിട്ട്. വളച്ചൊടിച്ച് വില്‍ക്കപ്പെടുന്ന വാര്‍ത്തകള്‍ കണ്ടിട്ട്, സ്ത്രീകളെ കച്ചവടച്ചരക്കാക്കി മനം മയക്കുന്ന പരസ്യങ്ങള്‍കണ്ടിട്ട്, വേണ്ട വിഷയങ്ങള്‍ പറയാതിരിക്കുകയും വേണ്ടാത്തത് പറയുകയും എഴുതുകയും ചെയ്യുന്നത് കണ്ടിട്ട്, മാധ്യമങ്ങളില്‍ നിലനില്‍ക്കുന്ന സ്ത്രീവിവേചനം കണ്ടിട്ട് - മതിയായിരിക്കുന്നു. മാധ്യമങ്ങള്‍ സ്ത്രീകളെ വികലമാക്കി ചിത്രീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനും പ്രതികരിക്കാനും സമൂഹം തയ്യാറാണെന്ന് എടുത്തുകാട്ടിയ രംഗങ്ങളാണ് കേരള വനിതാ കമീഷന്‍, മാധ്യമങ്ങള്‍ക്ക് വനിതാനയം കൊണ്ടുവരുന്നതിന്റെ ഭാഗമായി കാര്‍ഷികസര്‍വകലാശാലയിലെ കാര്‍ഷിക പഠനകേന്ദ്രവും കേരള സാഹിത്യ അക്കാദമിയുമായി ചേര്‍ന്ന് മാര്‍ച്ച് 18ന് നടത്തിയ ശില്‍പ്പശാല. ശില്‍പ്പശാല അവസാനിക്കുമ്പോഴും പങ്കെടുത്തവര്‍ക്ക് ഇനിയും ഏറെ പറയാനുണ്ടായിരുന്നു. സ്ത്രീപ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി സംബന്ധിച്ചും മാധ്യമങ്ങളിലെ സത്രീവിരുദ്ധ പ്രവണതകളെക്കുറിച്ചും സദസ്യര്‍ പറഞ്ഞുതീര്‍ന്നിരുന്നില്ല.

വനിതാ കമീഷന്റെ മാധ്യമ മോണിറ്ററിങ് സെല്‍ വിവിധ ചര്‍ച്ചകളിലൂടെയും ശില്‍പ്പശാലകളിലൂടെയും രൂപീകരിച്ച 'മാധ്യമങ്ങള്‍ക്ക് ഒരു വനിതാനയം' എന്ന 'കരടുരേഖ' ക്ഷണിക്കപ്പെട്ട വികസന മാധ്യമ, വനിതാ പ്രവര്‍ത്തകര്‍ അടങ്ങിയ സദസ്സിനു മുന്നില്‍ അവതരിപ്പിച്ച് അഭിപ്രായങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പ്പശാല നടത്തിയത്. ശില്‍പ്പശാലയില്‍ കേരള കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ ആര്‍ വിശ്വംഭരന്‍ അധ്യക്ഷനായി. വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് ശ്രീദേവി ഉദ്ഘാടനം ചെയ്ത ശില്‍പ്പശാലയില്‍, സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ പോകുന്ന നയത്തിന്റെ കരടുരേഖ കമീഷന്‍ അംഗം ടി ദേവി അവതരിപ്പിച്ചു. ഇത് ഞങ്ങള്‍ക്കുവേണ്ടിയുള്ളതും ഞങ്ങള്‍ കാത്തിരുന്നതുമായ ഒരു നടപടി എന്ന് എല്ലാവരും വനിതാ കമീഷനെ അഭിനന്ദിക്കുന്നതിനോടൊപ്പം ഇത് ഇത്രയും വൈകിയല്ലോ എന്നൊരു നൈരാശ്യവും സദസ്യര്‍ പ്രകടിപ്പിച്ചു. കമീഷന്‍ അംഗങ്ങളായ മീനാക്ഷി തമ്പാന്‍, സൈനബ, ആസൂത്രണ കമീഷന്‍ അംഗം ഡോ. മൃദുള്‍ ഈപ്പന്‍,  ലീലാ മേനോന്‍, കാര്‍ഷിക സര്‍വകലാശാലായിലെ പ്രൊഫ. ഡോ. ഗീതക്കുട്ടി, മ്യൂസ്മേരി എന്നിവര്‍ നയത്തിന്റെ ആവശ്യകതയെക്കുറിച്ചും നടപ്പാക്കാന്‍ വേണ്ട സമീപനങ്ങളെക്കുറിച്ചും സംസാരിച്ചു.

കേരളത്തിലെ മാധ്യമലോകത്ത് പൊതുവേ സ്ത്രീ-പുരുഷപങ്കാളിത്ത കാഴ്ചപ്പാടിന്റെ അഭാവമാണ് നിലനില്‍ക്കുന്നത് എന്ന് വനിതാ കമീഷന്റെ കരടുനയത്തില്‍ പറയുന്നു. വാര്‍ത്തകളിലെ സ്ത്രീ, സ്ത്രീപ്രശ്നങ്ങളുടെ വികലമായ അവതരണം, മാധ്യമങ്ങളിലെ വനിതാപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നീ മൂന്നു പ്രധാന വിഭാഗങ്ങളിലായി മാധ്യമങ്ങള്‍ തിരുത്തേണ്ട പെരുമാറ്റങ്ങളും പാലിച്ചിരിക്കേണ്ട നിയമങ്ങളും മാനദണ്ഡങ്ങളും നടപടികളും വിശദീകരിച്ചു.  സ്ത്രീപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല; മാധ്യമങ്ങള്‍ സ്ത്രീയുടെ പ്രശ്നങ്ങളെ മറക്കുകയും മറയ്ക്കുകയും ചെയ്യുന്നതിനോടൊപ്പം മാധ്യമങ്ങള്‍ പൊതുവിഷയങ്ങളിലെ സ്ത്രീപക്ഷനിലപാടുകള്‍ മനഃപൂര്‍വം തമസ്കരിക്കുകയോ തിരിച്ചറിയാന്‍ കഴിയാത്തവരായി തുടരുകയും ചെയ്യുന്നുണ്ട.്

മാധ്യമരംഗത്തെ പ്രവര്‍ത്തകര്‍ തിരിച്ചറിയാതെ പോകുന്ന വിഷയങ്ങള്‍ക്ക് ഉദാഹരണമായിട്ട് ആഗോളവല്‍ക്കരണത്തിന്റെ ആഘാതങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളിലോ ചര്‍ച്ചകളിലോ ആഗോളവല്‍ക്കരണത്തിന്റെ ദുരിതങ്ങള്‍ കൂടുതല്‍ ഏറ്റുവാങ്ങുന്നത് കാര്‍ഷികരംഗത്തെ സ്ത്രീകളാണെന്ന് മാധ്യമങ്ങള്‍ എടുത്തുകാട്ടുന്നില്ല. വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തുന്ന സ്ത്രീപ്രശ്നങ്ങളോ സെന്‍സേഷണലൈസ് ചെയ്യപ്പെട്ട് സ്ത്രീകള്‍ക്ക് ദോഷകരമാക്കുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്.

സീരിയലുകളിലും പരസ്യങ്ങളിലും പംക്തികളിലും സ്ത്രീകളെ അവതരിപ്പിക്കുന്ന രീതിയെ ചോദ്യംചെയ്തുകൊണ്ട് നയം പറയുന്നത് - ഇന്നത്തെ പരസ്യങ്ങള്‍ ഭൂരിപക്ഷവും ഉല്‍പ്പന്നത്തിന്റെ പ്രചാരണത്തോടൊപ്പം പുരുഷാധിപത്യ സാമൂഹ്യക്രമത്തിന്റെ മൂല്യങ്ങളും സമൂഹമനസ്സില്‍ ഊട്ടി ഉറപ്പിക്കുന്നു. ഉദാഹരണമായി സ്ത്രീയുടെ മേഖല അടുക്കളയാണ് എന്ന് ആവര്‍ത്തിച്ച് കൊടുത്തുകൊണ്ടിരിക്കുന്ന സന്ദേശങ്ങളുള്ള പരസ്യങ്ങളും സീരിയലും കേരളത്തിലെ മാധ്യമങ്ങളില്‍ അനവധിയാണ്. സ്ത്രീയുടെ ശരീരനഗ്നതാ പ്രദര്‍ശനം കരുവാക്കുന്ന പല പരസ്യങ്ങളും കിറലരലി ഞലുൃലലിെമേശീിേ ീള ണീാലി അര ന്റെ നഗ്നലംഘനമാണ്.

വനിതാപംക്തികള്‍, വനിതാ മാസികകള്‍, ടിവി സീരിയലുകള്‍, സിനിമകള്‍ എന്നിവയാണ് ഈ പ്രവണതകള്‍ ഗണ്യമായി കാണിക്കുന്ന മാധ്യമങ്ങള്‍. സൌന്ദര്യപ്രശ്നങ്ങളോ ആരോഗ്യപ്രശ്നങ്ങളോ അല്ലാതെ ഗൌരവതരമായ ചര്‍ച്ചകള്‍ പത്രമാസികകളില്‍ കുറവാണ്. സൌന്ദര്യ-ആരോഗ്യ പ്രശ്നങ്ങളിലാകട്ടെ കമ്പോളത്തിന്റെ കാഴ്ചപ്പാടുമായി സ്ത്രീയെ മാറാന്‍ പ്രേരിപ്പിക്കുന്ന ആശയങ്ങളും പ്രവണതകളുമാണ് നിറഞ്ഞുനില്‍ക്കുന്നത്. അപൂര്‍മവായി മാത്രമേ സ്ത്രീയുടെ ആന്തരികവ്യക്തിത്വം മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നുള്ളൂ എന്നതിനാല്‍ സ്ത്രീമുന്നേറ്റത്തിനും സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനും വിഘാതമായ രീതിയില്‍, വ്യക്തിത്വവും കഴിവുമുള്ള സ്ത്രീകളെ അനുകരണമാതൃകകളായിട്ട് കാണികള്‍ക്കു മുന്നില്‍ വയ്ക്കാന്‍ മാധ്യമങ്ങള്‍ മറക്കുന്നു. കോമഡി ഷോകളിലും സീരിയലുകളിലും വര്‍ധിച്ചുവരുന്ന വികലമായ സ്ത്രീകഥാപാത്ര ആവിഷ്കരണത്തെ നയം ശക്തമായി വിമര്‍ശിച്ചു. എങ്കിലും അതിലും വലിയ രൂക്ഷമായ വിമര്‍ശനഭാഷയാണ് ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ പ്രവര്‍ത്തകര്‍ ഉപയോഗിച്ചതും ഇത് തടയാനായി ശക്തമായ നടപടികള്‍ നയം നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടതും.

നയം ഗൌരവത്തോടെ കാണുന്ന മറ്റൊരു പ്രശ്നം വനിതാ മാധ്യമപ്രവര്‍ത്തകരോടുള്ള മാധ്യമങ്ങള്‍ക്കുള്ളിലെ സമീപനങ്ങളെക്കുറിച്ചാണ്. കേരളത്തിലെ നാലായിരത്തോളം വരുന്ന അക്രഡിറ്റഡ് മാധ്യമപ്രവര്‍ത്തകരില്‍ അഞ്ചുശതമാനത്തിന് താഴെ മാത്രമാണ് വനിതകളുള്ളത്. സ്ത്രീകളായതുകൊണ്ട് മാത്രം 'പുരുഷന് തുല്യമായ കഴിവുകളും യോഗ്യതയുമുള്ള വനിതകള്‍ക്ക് മാധ്യമങ്ങളില്‍ തൊഴില്‍ നിഷേധിക്കപ്പെടുന്നുണ്ട്. അച്ചടിമാധ്യമങ്ങളിലാണ് ഈ പ്രവണത കൂടുതല്‍. മാധ്യമങ്ങളിലെ തീരുമാനമെടുക്കുന്ന ബ്യൂറോചീഫ്, ന്യൂസ് എഡിറ്റര്‍ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് നിയമനവും പ്രൊമോഷനും നല്‍കാറില്ലെന്നും കരട് നയത്തില്‍ പറയുന്നു. മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നയം അക്കമിട്ടു നിരത്തുന്നുണ്ട്. ലൈംഗിക ചൂഷണം, സ്ത്രീകള്‍ക്കുവേണ്ട അടിസ്ഥാനസൌകര്യങ്ങളില്ലായ്മ, സ്ത്രീപീഡനങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കാനുള്ള കമ്മിറ്റികള്‍ രൂപീകരിക്കാത്തത്, പ്രസവാവധി നല്‍കാതിരിക്കുക, പ്രസവത്തെത്തുടര്‍ന്ന് ജോലിയില്‍നിന്ന് പിരിച്ചുവിടുക തുടങ്ങിയവ മാധ്യമങ്ങളില്‍ നിലനില്‍ക്കുന്നു. അതോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ രംഗത്തെ മാധ്യമപ്രവര്‍ത്തകരും ഇതേ വിഷയങ്ങള്‍തന്നെ ഉദാഹരണസഹിതം എടുത്തപറയുകയും നടപടികളും മാറ്റങ്ങളും ആവശ്യപ്പെടുകയും ചെയ്തു.

കേരളത്തിലെ മാധ്യമങ്ങളെമാത്രം നിയന്ത്രിച്ചതുകൊണ്ട് സമൂഹത്തില്‍ ആകെയുള്ള മാധ്യമങ്ങളുണ്ടാക്കുന്ന ഇത്തരത്തിലുള്ള വികലവും അപകടകരവുമായ സ്വാധീനത്തെ ചെറുത്തുനില്‍ക്കാനാവില്ലെന്ന് ചര്‍ച്ചയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവെങ്കിലും ഇത്തരത്തിലുള്ള നയം ആ മാറ്റത്തിനുള്ള തുടക്കവും മാതൃകയുമാവും എന്ന അഭിപ്രായമാണ് മുന്നിട്ടുനിന്നത്. പക്ഷേ, നയം രൂപീകരിച്ചാല്‍ മാത്രംപോരാ യഥാര്‍ഥത്തില്‍ നടപ്പാക്കപ്പെടണം. അങ്ങനെ നടപ്പാക്കാനുള്ള വ്യക്തമായ ചുമതലകള്‍ ആരുടേതെന്ന വ്യക്തതയും നയത്തിന്റെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിരിക്കണമെന്ന നിര്‍ദേശം ചര്‍ച്ചയിലുണ്ടായി.

സ്ത്രീ-പുരുഷ പങ്കാളിത്ത കാഴ്ചപ്പാട് (ഴലിറലൃ ുലൃുലരശ്േല), സ്ത്രീശാക്തീകരണം, സ്ത്രീകള്‍ നേരിടുന്ന അക്രമങ്ങള്‍, സ്ത്രീ പീഡനങ്ങളിലും പെണ്‍വാണിഭങ്ങളിലും ഇരകളാകുന്നവരുടെ കാഴ്ചപ്പാട് (്ശരശോ ുലൃുലരശ്േല) തുടങ്ങിയ വിഷയങ്ങള്‍ ജേര്‍ണലിസം കോഴ്സുകളില്‍ അത്യാവശ്യ വിഷയങ്ങളാക്കണമെന്നും ഇതേ വിഷയങ്ങളില്‍ പ്രസ് ക്ളബുകള്‍ വഴി ഇന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവബോധം സൃഷ്ടിക്കണമെന്നും അവ നയത്തിന്റെ ഭാഗമാക്കണമെന്നുമുള്ള നിര്‍ദേശമുണ്ടായി.

മാധ്യമ സ്ഥാപനങ്ങള്‍ സ്വയം ഒരു വനിതാ നയം രൂപപ്പെടുത്തുകയാണ് അഭികാമ്യം. അതിനുള്ള ശ്രമങ്ങളാണ് വേണ്ടത്.

വാര്‍ത്തകളും ചിത്രീകരണങ്ങളും പരസ്യങ്ങളും സീരിയലുകളും എങ്ങനെയാകണം മാധ്യമങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്ന് കാണിക്കുന്ന പത്തോളം നിര്‍ദേശങ്ങളും മാധ്യമങ്ങളിലെ വനിതാ ജീവനക്കാരുടെ തുല്യപങ്കാളിത്തത്തിനും പരിരക്ഷയ്ക്കുമായി എട്ട് നിര്‍ദേശവും വനിതാ കമീഷന്റെ കരടുനയത്തിലുണ്ട്. അവയോടൊപ്പം നയം നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ ഒരു വാച്ച്ഡോഗ് കമ്മിറ്റിയും മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിരന്തരമായി നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യാനായി മാധ്യമ സെന്‍സറിങ് ജൂറിയെയും നയം നടപ്പാക്കുന്ന സംവിധാനത്തിലുള്‍പ്പെടുത്തണമെന്ന് ശില്‍പ്പശാലയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും കാണികളും ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ക്ക് സോഷ്യല്‍ ഓഡിറ്റിങ് വേണമെന്ന നിര്‍ദേശവുമുണ്ടായി.

ഇത്തരത്തില്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തവരുടെ ആവേശകരമായ പ്രതികരണവും നിര്‍ദേശങ്ങളും കേരളത്തിലെ സ്ത്രീസമൂഹം ഇത്തരമൊരു നയവും അതിന്റെ നടപ്പാക്കലും എത്രമാത്രം കാത്തിരിക്കുന്നു എന്നു മാത്രമല്ല, എത്രമാത്രം പ്രതീക്ഷ അര്‍പ്പിക്കുന്നതുകൂടിയാണ് എന്നത് വനിതാ കമീഷനും സര്‍ക്കാരിനും നയം നടപ്പാക്കാന്‍ പ്രേരകമാകണം.
@@
പി എസ് ഗീതക്കുട്ടി

09 February, 2011

മനോരമയുടെ മുഖപ്രസംഗം നിലവാരത്തകര്‍ച്ചയുടെ നെല്ലിപ്പലക

മലയാളമനോരമയുടെ ഫെബ്രുവരി നാലിന്റെ മുഖപ്രസംഗം ആ പത്രത്തിന്റെ ധാര്‍മികനിലവാരം കുത്തനെ താഴ്ന്ന് നെല്ലിപ്പടിവരെ എത്തിനില്‍ക്കുകയാണെന്ന സൂചനയാണ് നല്‍കുന്നത്. മുഖപ്രസംഗത്തിന്റെ തുടക്കത്തില്‍ ഇങ്ങനെ പറയുന്നു:

"തെരഞ്ഞെടുപ്പ് മുന്നില്‍ക്കാണുമ്പോള്‍ ഒളിക്യാമറകളെ അഭയംപ്രാപിക്കുന്നത് തരംതാണ രാഷ്ട്രീയംതന്നെ. അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ്-പഞ്ചായത്ത് തിരിച്ചടികള്‍ക്കുശേഷം തെരഞ്ഞെടുപ്പ് രഥം ഉരുണ്ടുവരുന്നതുകണ്ട് പകച്ച് രണ്ടുംകല്‍പ്പിച്ചുള്ള കളിയാണ് ഇപ്പോള്‍ ഇടതുമുന്നണിയുടേത്. അതിനായി ആരോപണമുന്നയിക്കാന്‍ സഹായിക്കുന്നതോ കുപ്രസിദ്ധിയുള്ള കേസുകളില്‍പെട്ട് മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവരും.''

മുഖപ്രസംഗം തയ്യാറാക്കിയ പത്രാധിപര്‍ സ്വന്തം പത്രത്തില്‍ ഒന്ന് കണ്ണോടിച്ചിരുന്നെങ്കില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ ഇത്രയും നീചമായ ഭാഷയില്‍ ആക്ഷേപം ചൊരിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ മലയാളമനോരമയില്‍ ജനുവരി 29ന് വന്ന രണ്ടുമൂന്ന് റിപ്പോര്‍ട്ടുകളിലേക്കാണ് മനോരമ പത്രാധിപരുടെ ശ്രദ്ധക്ഷണിക്കാന്‍ ആഗ്രഹിക്കുന്നത്.

ജനുവരി 28ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ജനറല്‍സെക്രട്ടറിയും മുന്‍ വ്യവസായമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പത്രസമ്മേളനം വിളിച്ച്, തനിക്കെതിരെ വധശ്രമം നടക്കുന്നതായി വെളിപ്പെടുത്തി. തീര്‍ച്ചയായും ഇത് വളരെ ഗൌരവമുള്ള കാര്യമാണ്. വധശ്രമം നടത്തുന്നത് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയശത്രുക്കളാരുമല്ല. ഭാര്യയുടെ സഹോദരീഭര്‍ത്താവായ കെ എ റൌഫാണത്രേ വധഭീഷണിക്കുപിന്നില്‍ പ്രവര്‍ത്തിച്ചത്. ജനുവരി 29ന്റെ മനോരമയില്‍ 'രാഷ്ട്രീയരസമാപിനി ഉയരുന്നു; ലീഗ് നിലപാട് നിര്‍ണായകം' എന്ന സുജിത് നായര്‍ തയ്യാറാക്കിയ ലേഖനം കാണാനുണ്ട്. അതില്‍ കുഞ്ഞാലിക്കുട്ടിയും റൌഫും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

"മുസ്ളിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും കേന്ദ്രകഥാപാത്രമാകുന്നു. പഴയ മനഃസാക്ഷി സൂക്ഷിപ്പുകാരനായ കെ എ റൌഫ് മറുതലയ്ക്കലും. സംസ്ഥാന രാഷ്ട്രീയത്തെ ഉലയ്ക്കാന്‍പോകുന്ന വെളിപ്പെടുത്തലുകളില്‍ ഒന്നുമാത്രമാകാം ഇത്. കഥകള്‍ ഇനിയും പുറത്തുവരാം. പൊടുന്നനെ ഒരു ബോംബ് വീണ പ്രതീതിയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍‍''.

ലേഖനം തുടരുന്നു:

"കുഞ്ഞാലിക്കുട്ടിയും റൌഫും തമ്മിലുള്ള ഗാഢബന്ധത്തെക്കുറിച്ചേ ഇതുവരെയും പുറംലോകം അറിഞ്ഞിട്ടുള്ളൂ. എന്നാല്‍ ഏതാണ്ട് ഒന്നരവര്‍ഷത്തോളംമുമ്പ് ഇവര്‍ അകന്നു. ഇപ്പോള്‍ പൊടുന്നനെ കുഞ്ഞാലിക്കുട്ടി റൌഫിനെതിരെയും തിരിച്ചും ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യമാണ് ആദ്യം ഉയരുന്നത്''.

അടുത്ത ബന്ധുക്കളും ഉറ്റമിത്രങ്ങളുമായ ഈ രണ്ടുപേര്‍ ഒരുമിച്ചാണ് വര്‍ഷങ്ങളായി എല്ലാ കുറ്റകൃത്യങ്ങളും ചെയ്തുകൂട്ടിയത്. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് എന്ത് പിഴച്ചുവെന്ന് വ്യക്തമാക്കാനുള്ള ചുമതല മലയാളമനോരമയ്ക്കുണ്ട്. ലേഖനം തുടരുന്നു:

"തെരഞ്ഞെടുപ്പ് പടക്കളത്തിലേക്ക് അനൌദ്യോഗികമായി മുന്നണികള്‍ കാലൂന്നിയ വേളയിലാണ് മുസ്ളിംലീഗ് രാഷ്ട്രീയം കലങ്ങുന്നത്. തെരഞ്ഞെടുപ്പിന്റെ അജന്‍ഡകളെ സ്വാധീനിക്കാനുള്ള ബോധപൂര്‍വമായ ശ്രമംതന്നെ ഇതിനുപിന്നില്‍ വായിച്ചെടുക്കാം. പ്രശ്നത്തിലെ ലീഗ് നിലപാടാണ് കോണ്‍ഗ്രസ് ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് അരികെയുണ്ടെന്ന് അവര്‍ക്ക് തീര്‍ച്ചയായും കരുതേണ്ടിയും വരും. സിപിഎമ്മും അവധാനതയോടെയുള്ള പ്രതികരണത്തിനേ മുതിര്‍ന്നിട്ടുള്ളൂ.''

ഈ ലേഖനം ശ്രദ്ധിച്ച് വായിച്ചാല്‍ മുസ്ളിംലീഗിനകത്തെ ആഭ്യന്തരകലഹമാണ് വെളിപ്പെടുത്തലിന് കാരണമെന്ന് വ്യക്തമല്ലേ? സിപിഐ എം അവധാനതയോടെമാത്രമേ പെരുമാറുന്നുള്ളൂ എന്നുകൂടി പറഞ്ഞാല്‍ മനോരമ എഴുതിയ മുഖപ്രസംഗം തികച്ചും വസ്തുതാവിരുദ്ധവും ശുദ്ധ അസംബന്ധവുമാണെന്ന് വായനക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിയും.

ഫെബ്രുവരി അഞ്ചിന്റെ മനോരമയുടെ ഒന്നാം പേജിലെ ലീഡ് വാര്‍ത്തയിലെ പ്രസക്തഭാഗംകൂടി ഉദ്ധരിച്ചാലേ ചിത്രം പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. അതിങ്ങനെ:

"ഐസ്ക്രീം കേസിലെ പുതിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും എല്‍ഡിഎഫിലും യുഡിഎഫിലുമുള്ള ഓരോ പാര്‍ടിയിലെ ചില നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും മുസ്ളിംലീഗ് ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പാര്‍ടിയിലെ അധികാരം പിടിച്ചെടുക്കാനും മുന്നിലുള്ളവരെ തള്ളിയിട്ട് കയറാനുമുള്ള ചിലരുടെ അതിമോഹമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചത് കെ എം മാണിയല്ലെന്ന് ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതോടെ ആരോപണം സ്വന്തം പാര്‍ടിയിലെ നേതാക്കളിലേക്കുതന്നെ നീളുകയാണ്. അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്യരുതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഇ അഹമ്മദും ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എം കെ മുനീറിനോട് ആവശ്യപ്പെട്ടെങ്കിലും അത് നടന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു. ഇതിന്റെപേരില്‍ ചില തലകള്‍ ഉരുണ്ടാലും ലീഗിന് കുഴപ്പമില്ല.''

മുസ്ളിംലീഗ് ജനറല്‍സെക്രട്ടറി അതേ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറി എം കെ മുനീറിനെതിരെ ഇത്രയും ഗുരുതരമായ ആരോപണം ഉന്നയിച്ചത് മനോരമതന്നെ റിപ്പോര്‍ട്ട്ചെയ്തു. പാര്‍ടിയിലെ അധികാരം പിടിച്ചെടുക്കാനും മുന്നിലുള്ളവരെ തള്ളിയിട്ട് കയറാനുമാണ് ഐസ്ക്രീം കേസിനെപ്പറ്റിയുള്ള വെളിപ്പെടുത്തലെന്ന് കുഞ്ഞാലിക്കുട്ടി സംശയരഹിതമായി തുറന്നുപറയുമ്പോള്‍ മനോരമ മുഖപ്രസംഗത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ താറടിച്ചുകാണിക്കാന്‍ ശ്രമിക്കുന്നത് നെറികെട്ട പത്രപ്രവര്‍ത്തനമല്ലേ? സ്വന്തം പത്രത്തിലെ റിപ്പോര്‍ട്ടുകള്‍ വായിച്ച് മനസ്സിലാക്കി സമചിത്തതയോടെ കാര്യങ്ങള്‍ വിലയിരുത്തി തെറ്റായി എഴുതിയ മുഖപ്രസംഗം പിന്‍വലിച്ച് വായനക്കാരോട് മാപ്പുപറയാനുള്ള ആര്‍ജവം മനോരമ കാണിക്കുകമാത്രമാണ് ആ പത്രത്തിന് കരണീയമായിട്ടുള്ളത്. തെറ്റ് ചെയ്തെന്ന് സ്വയം ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ മടി കാണിക്കേണ്ടതില്ലല്ലോ. അതാണല്ലോ പത്രധര്‍മവും മാന്യതയും.

ജനുവരി 29ന്റെ മനോരമ പ്രസിദ്ധീകരിച്ച സ്വന്തം ലേഖകന്റെ 'പൊട്ടിയത് ലീഗില്‍ അസ്വസ്ഥതപകര്‍ന്ന അഗ്നിപര്‍വതം' എന്ന എട്ടുകോളം വാര്‍ത്തകൂടി പരാമര്‍ശിക്കാതെപോകുന്നത് ശരിയായിരിക്കുകയില്ല. ഇതുകൂടി വായിക്കണമെന്ന് പത്രാധിപരോട് ശുപാര്‍ശചെയ്യുന്നു.

"പക്ഷേ, വധഭീഷണിക്കുപകരം റൌഫിനെ വഴിവിട്ട് സഹായിച്ചുവെന്ന കുറ്റസമ്മതം ചാനലുകളില്‍ വലിയ ചര്‍ച്ചയായത് കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായി.''

ഈ വാചകത്തിന്റെ അര്‍ഥം മനസ്സിലാക്കാന്‍ അസാമാന്യമായ ബുദ്ധിവൈഭവമൊന്നും ആവശ്യമില്ല. കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായത് സ്വന്തം പത്രസമ്മേളനമാണ്. സ്വയംകൃതാനര്‍ഥം എന്ന് വ്യക്തമായ ഒരു കാര്യത്തിന് എല്‍ഡിഎഫിന്റെ പേര് എന്തിന് വലിച്ചിഴയ്ക്കണം. താന്‍ മന്ത്രിയായ കാലത്ത് ബന്ധുവും ഉറ്റമിത്രവും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ റൌഫിനുവേണ്ടി പലതും വഴിവിട്ട് ചെയ്തെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തല്‍. എന്തെങ്കിലും പ്രകോപനമുണ്ടായ സാഹചര്യത്തില്‍ അബദ്ധത്തില്‍ നാവില്‍നിന്ന് വീണുപോയതല്ല. മനസ്സില്‍ ചിന്തിച്ചുറപ്പിച്ച് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സ്വയം വെളിപ്പെടുത്തിയതാണ്. ഇതുകേട്ടയുടനെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി വേണ്ടതുപോലെ പ്രതികരിച്ചു. വൈകിയാണെങ്കിലും തെറ്റ് തുറന്നുസമ്മതിച്ച കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിക്കുന്നുവെന്നാണ് അന്നത്തെ മുഖ്യമന്ത്രികൂടിയായിരുന്ന ഉമ്മന്‍ചാണ്ടി പറഞ്ഞത്. കുഞ്ഞാലിക്കുട്ടിയുടെ ഈ കുറ്റസമ്മതത്തെയാണ് സത്യപ്രതിജ്ഞാലംഘനമെന്ന് നിയമജ്ഞര്‍ വിലയിരുത്തിയത്. സ്വന്തം ലേഖകന്റെ ഒരുവാചകവുംകൂടി ഇവിടെ ഉദ്ധരിച്ചാലേ ചിത്രം വ്യക്തമാകുന്നുള്ളൂ.

"വിവാദം സിപിഎമ്മിനും ലീഗ് വിട്ട് സിപിഎം സഹയാത്രികരായവര്‍ക്കും ഐഎന്‍എല്‍ സെക്കുലറിനും അപ്രതീക്ഷിതമായി ലഭിച്ച മികച്ച ആയുധമായി. അതേസമയം അസമയത്തുണ്ടായ വിവാദം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങുന്ന ലീഗ് അണികളില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.''

മനോരമ ലേഖകന്‍ പറയുന്ന ഈ ആശങ്കയായിരിക്കണം പത്രാധിപരെയും നിരാശയിലകപ്പെടുത്തിയത്. സിപിഐ എമ്മിന് അപ്രതീക്ഷിതമായി വീണുകിട്ടിയ ആയുധം എന്ന് വിശേഷിപ്പിക്കുമ്പോള്‍ ഇടതുപക്ഷം ഒളിക്യാമറയെ അഭയംപ്രാപിച്ചെന്ന ആരോപണം സ്വയം തകര്‍ന്ന് തരിപ്പണമായില്ലേ. വ്യക്തിഹത്യയെക്കുറിച്ചും മുഖപ്രസംഗകാരന്‍ ആശങ്കപ്പെടുന്നുണ്ട്. കഷ്ടമെന്നു പറയണോ ചിരിക്കണോ എന്നറിയില്ല. രാഷ്ട്രീയ എതിരാളികളുടെ സ്വഭാവഹത്യയിലും വ്യക്തിഹത്യയിലും മനോരമയും അതിന്റെ രാഷ്ട്രീയനേതൃത്വവും എന്തൊക്കെ പരീക്ഷണങ്ങള്‍ നടത്തി എന്ന് മലയാളിക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടോ?

ഇനി റൌഫ് വെളിപ്പെടുത്തിയ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ സംപ്രേഷണം ചെയ്ത അതീവഗുരുതരമായ കുറ്റകൃത്യങ്ങളുടെ വിവരങ്ങളിലേക്ക് കടക്കാം.

ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗില്‍ ഏറെക്കാലമായി നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്നതും താല്‍ക്കാലികമായി ഒതുക്കിവച്ചതുമായ പ്രശ്നങ്ങളാണ് ഇപ്പോള്‍ അണപൊട്ടി പുറത്തേക്കൊഴുകിവന്നത്. അത് അഗ്നിപര്‍വതമായും ബോംബായുമൊക്കെ മനോരമ ലേഖകര്‍ വിശേഷിപ്പിച്ചത് സൌകര്യപൂര്‍വം മറക്കാന്‍ കഴിയുന്നതല്ല. മുസ്ളിംലീഗിനകത്തേത് മുനീറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയാലും പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നമല്ല. പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്നമാണ്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പീഡിപ്പിക്കപ്പെട്ട റജീന ഇന്ത്യാവിഷന്‍ ചാനലില്‍ വെളിപ്പെടുത്തിയ കാര്യം ശ്രോതാക്കള്‍ക്ക് ഓര്‍മയുണ്ട്. ചെറൂട്ടി റോഡിലെ ഇന്ത്യാവിഷന്‍ ചാനല്‍ ഓഫീസിനുനേരെയുണ്ടായ ആക്രമണവും മറന്നുകാണുകയില്ല. അതേ ചാനലാണ് ഇപ്പോള്‍ റൌഫിന്റെ വെളിപ്പെടുത്തല്‍ സംപ്രേഷണം ചെയ്തത്.

റൌഫ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ആരുടെയെങ്കിലും അടുക്കളക്കാര്യമല്ല. കേരളീയസമൂഹത്തെ ബാധിക്കുന്ന പ്രശ്നമാണ്. പ്രായപൂര്‍ത്തിയാകാത്ത ഏതാനും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു. അവര്‍ക്ക് പണം നല്‍കി മൊഴി തിരുത്തിച്ചു. തിരുത്തിയ മൊഴി കോഴിക്കോട്ടെ ഒരു അഭിഭാഷകനായ നോട്ടറി പബ്ളിക്കിന്റെ സാക്ഷ്യപ്പെടുത്തലോടെ സ്റാമ്പ് പേപ്പറില്‍ രേഖപ്പെടുത്തി വാങ്ങി. ഇത് ഗൌരവമായ ഒരു കുറ്റകൃത്യം തേച്ചുമായ്ച്ചുകളയാനുള്ള ഹീനശ്രമമാണ്. കുഞ്ഞാലിക്കുട്ടി കേസില്‍ പ്രതിയാകാതിരിക്കാനാണ് റൌഫ് ഇത് ചെയ്തത്. തെളിവ് നശിപ്പിക്കുന്നതും അതിന് കൂട്ടുനില്‍ക്കുന്നതും കുറ്റകൃത്യമാണ്. രണ്ടാമതായി കേസില്‍ അനുകൂലവിധിയുണ്ടാകാന്‍ രണ്ട് ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്തതായും താന്‍ അതിന് സാക്ഷിയാണെന്നും റൌഫ് വെളിപ്പെടുത്തി. ഇത് ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാനിടവരുത്തുന്നതാണ്. അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. അതിന് ജുഡീഷ്യറിതന്നെ മുന്‍കൈയെടുക്കണം. മൂന്നാമതായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തി എത്താത്തവരായിരുന്നെങ്കിലും പ്രായപൂര്‍ത്തിയായവരാണെന്ന് കാണിക്കാന്‍ തെറ്റായ രേഖകള്‍ ഹാജരാക്കി. നാലാമതായി അവിഹിതമായ സ്വത്ത് സമ്പാദിച്ചു. അഞ്ചാമതായി അവിഹിതമായി ആര്‍ജിച്ച പണം വിദേശബാങ്കില്‍ നിക്ഷേപിച്ചു. ഈ വെളിപ്പെടുത്തലിന്റെ പേരിലാണ് സ്പെഷ്യല്‍ ഇന്‍വെസ്റിഗേഷന്‍ ടീം അന്വേഷണം നടത്താന്‍ നിയോഗിക്കപ്പെട്ടത്.

ഗൌരവസ്വഭാവമുള്ള ഈ കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുനേരെ ചെളിവാരിയെറിഞ്ഞതുകൊണ്ടോ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ചുമലില്‍ കുറ്റം ഇറക്കിവച്ചതുകൊണ്ടോ യുഡിഎഫ് നേതൃത്വത്തിന് രക്ഷപെടാന്‍കഴിയുമെന്ന് കരുതേണ്ടതില്ല. യുഡിഎഫിന്റെ ജീര്‍ണമുഖമാണ് റൌഫിന്റെ വെളിപ്പെടുത്തലിലൂടെ മറനീക്കി പുറത്തുവന്നത്. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. അതില്‍ വിട്ടുവീഴ്ചയുടെ പ്രശ്നം ഉദിക്കുന്നില്ല. യുഡിഎഫ് അധികാരത്തില്‍ വരാനിടയായാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടും. അതൊഴിവാക്കാനുള്ള ജാഗ്രത ജനങ്ങള്‍ക്കുണ്ടാകണം.

*
വി വി ദക്ഷിണാമൂര്‍ത്തി

01 February, 2011

പൊട്ടി മോനേ, ലഡു പൊട്ടി...!

ആലപ്പുഴ: 'ആലപ്പുഴ കടന്നാല്‍പ്പിന്നെ തലസ്ഥാനം പിടിക്കാന്‍ അധികദൂരമില്ലെന്നു കെ.എസ്.യുവിന്റെ നീലപ്പറവകള്‍ മുന്‍‌കൂട്ടി കണ്ടു. കേരള മോചനയാത്ര നയിച്ച് ആലപ്പുഴയിലെത്തിയ ഉമ്മന്‍ചാണ്ടിക്കു പ്രവര്‍ത്തകര്‍ വാളും പരിചയുംതന്നെ സമ്മാനിച്ചു. തെരഞ്ഞെടുപ്പുയുദ്ധം വരാന്‍ പോകുന്നുവെന്ന മുന്നറിയിപ്പും ആ വാള്‍ത്തലയില്‍ മിന്നി...'

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി നയിച്ച കേരള മോചനയാത്ര ആലപ്പുഴയിലെത്തിയത് കഴിഞ്ഞ വെള്ളിയാഴ്ച. തൊട്ടടുത്തദിവസം, ശനിയാഴ്ച രാവിലെ മലയാള മനോരമ വലിയ വെണ്ടയ്ക്കനിരത്തി വായനക്കാരെ അറിയിച്ച റിപ്പോര്‍ട്ടിന്റെ തുടക്കമാണു മേല്‍ ഉദ്ധരിച്ചത്. വിമോചനസമരത്തിനു ആവേശം പകര്‍ന്നു കെ.എസ്.യു നടത്തിയ ഒരണസമരത്തിന്റെ ഓര്‍മ്മകള്‍ പകര്‍ന്നാണു നീലപ്പറവകളുടെ കാര്യം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതെന്നു വ്യക്തം.

പക്ഷേ, അത് 1959ല്‍. ഇന്നു കാലം മാറി 2011ലെത്തി. മനോരമ പറഞ്ഞ വാളും പരിചയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതിവയ്ക്കുമ്പോള്‍ മലപ്പുറത്ത് മുസ്ളിംലീഗിലെ പ്രബലന്റെ അറിവോടെ മറ്റു ചിലര്‍ മൂര്‍ച്ഛയേറിയ വാളും പരിചയുംതന്നെ തയ്യാറാക്കിയിരുന്നു. അതുപക്ഷേ, ഉമ്മന്‍ചാണ്ടിക്കു ആലപ്പുഴയില്‍ ലഭിച്ചപോലെത്തെ മൂര്‍ച്ഛപോയ വാളായിരുന്നില്ല. ആ വാള്‍ത്തല വേണ്ടപോലെ മിന്നിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ മോചനയാത്ര ആശുപത്രിക്കിടക്കയില്‍ പനിച്ചുകിടപ്പായി. നോക്കണേ! ഒരു യാത്രയുടെ ഗതികേട്!!

'പുരുഷാരത്തിനു നടുവില്‍ ക്ഷീണം മറന്ന് ഉമ്മന്‍ചാണ്ടി' എന്നായിരുന്നു അന്നത്തെ വാര്‍ത്തയ്ക്കു മനോരമ നല്‍കിയ ബാനര്‍ തലക്കെട്ട്. ആ ദിവസം ആലപ്പുഴയില്‍ രണ്ടാംദിവസത്തെ യാത്രയ്ക്കു തയ്യറാറെടുത്ത ഉമ്മന്‍ചാണ്ടി മനോരമ വാര്‍ത്ത കണ്ട് ഞെട്ടിയത്രെ. ക്ഷീണം മറന്നു ഉമ്മന്‍ചാണ്ടി എന്നു കൊടുത്തതിലല്ല മറിച്ച്, പുരുഷാരത്തെ കണ്ട് ഞെട്ടി എന്നു പറഞ്ഞതിനാല്‍...! എത്ര ആലോചിച്ചിട്ടും മനോരമ പറഞ്ഞതുപോലെ തലേദിവസം പുരുഷാരം എവിടെയായിരുന്നു എന്ന് അദ്ദേഹത്തിനു കാണാനായില്ല. മനോരമ ഒന്നാംപേജില്‍ കൊടുത്ത തന്റെ പടത്തില്‍ നോക്കി. കണ്ടില്ല. രണ്ടാംപേജില്‍ മുട്ടിവിളിച്ചു. കണ്ടതേയില്ല. മൂന്നാംപേജില്‍ കാണാനേയില്ല. നാലാംപേജും നല്‍കിയതു നിരാശമാത്രം. അന്നിറങ്ങിയ മലയാള മനോരമയുടെ 20 പേജും പരതി. പുരഷാരം പോയിട്ടു 300 പേരെപോലും കണ്ടില്ലത്രെ. പിന്നെയെങ്ങനെ ഉമ്മന്‍ചാണ്ടി ഞെട്ടാതിരിക്കും. ഹല്ല, പിന്നെ...!!

മോചനയാത്ര അന്നു ഒരുവിധം ഒപ്പിച്ചപാട് അദ്ദേഹത്തിനേ അറിയൂ. കാരണം ജില്ലയില്‍ കടന്നദിവസംതന്നെ മലപ്പുറത്തും കോഴിക്കോട്ടുമായി ചില വാളുകള്‍ മിന്നി. മിന്നല്‍പ്പിണര്‍ കണക്കെ അവ ചുഴറ്റിവന്നു വീണതു ഉമ്മന്‍ചാണ്ടിയുടെ തലയില്‍. വാസ്തവം പറഞ്ഞാല്‍ ഈ യാത്രയില്‍നിന്നു എങ്ങനെയെങ്കിലും മോചനം തരണേ എന്നു പ്രാര്‍ഥിച്ച ഉമ്മന്‍ചാണ്ടിക്കു മലപ്പുറം വാള്‍ മിന്നിയതോടെ മോചനം സിദ്ധിക്കുകയും ചെയ്തു. 'പൊട്ടി മോനേ, ലഡു പൊട്ടി...' എന്നു ഏതോ പരസ്യത്തില്‍ പറയുംപോല്‍ മനോരയുടെ മുനയൊടിഞ്ഞ വാള്‍ത്തല നോക്കി ഉമ്മന്‍ചാണ്ടി തലയ്ക്കു കൈയും കൊടുത്തിരിപ്പായി, പിന്നെ കിടപ്പായി, രണ്ടുദിവസം ജാഥ നടക്കില്ലെന്നും ഉറപ്പായി. ഇല്ലാത്ത പുരുഷാരത്തെ തലക്കെട്ടില്‍ നല്‍കി ഉമ്മന്‍ചാണ്ടിക്കു ഊര്‍ജം പകരാന്‍ ശ്രമിച്ചു തോറ്റുപോയ മനോമയിലെ 'കുഞ്ഞുങ്ങളെ' നോക്കി, കുഞ്ഞുങ്ങളെ നിങ്ങളും എന്നെ തകര്‍ത്തു കളഞ്ഞല്ലോ, ആ കുഞ്ഞാലിക്കുട്ടിയെപോലെ എന്നുറക്കെ അലറിയത്രെ. ശേഷം അദ്ദേഹം ശരണം പ്രാപിച്ചത് ആലപ്പുഴയിലെ ഡോക്ടര്‍മാരെയായിരുന്നു...!

കടപ്പാട്: ദേശാഭിമാനി

09 January, 2011

മാമ്മന്‍ മാത്യുവിനോട് പറയാനുളളത്

(ലോട്ടറി വിവാദം - മറ്റൊരു ചൂതാട്ടം എന്ന പുസ്തകത്തിലെ ഒരധ്യായത്തില്‍ നിന്ന് - 2010 സെപ്തംബര്‍ 18ന് ദേശാഭിമാനി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം ഞങ്ങള്‍ ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു...)

'ധര്‍മ്മോസ്മദ് കുലദൈവതം' എന്ന ആപ്തവാക്യത്തെ 'ധര്‍മ്മത്തെ ഞാന്‍ സദാ കൊല ചെയ്തുകൊണ്ടിരിക്കുന്നു' എന്ന് ഏതോ സരസന്‍ വികെഎന്‍ ശൈലിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. സ്വന്തം തലക്കുറിയുടെ ഈ വ്യാഖ്യാനത്തെ ഒന്നാന്തരം 'ക്വാട്ടബിള്‍ ക്വാട്ടാ'ക്കി വളര്‍ത്തുകയാണ് മലയാള മനോരമ. തമസ്‌കരണം, വളച്ചൊടിക്കല്‍, വക്രീകരണം തുടങ്ങി പ്രചാരവേലയുടെ സകല അടവുകളും പയറ്റുന്നതാണ് ലോട്ടറി വിവാദം സംബന്ധിച്ച മനോരമ വാര്‍ത്തകള്‍.

അന്യസംസ്ഥാന ലോട്ടറി മാഫിയയുടെ നിയമലംഘനത്തെക്കുറിച്ച് ആറു വര്‍ഷത്തോളമായി കേന്ദ്രത്തിന് മുന്നില്‍ കെട്ടിക്കിടക്കുന്ന നിവേദനങ്ങളും ആവശ്യങ്ങളും പരിദേവനങ്ങളും കാണാതെയാണ് മലയാള മനോരമ ലോട്ടറി പരമ്പരയെഴുതിയത്. എ കെ ആന്റണിയുടെ കാലത്ത് ഉദ്യോഗസ്ഥ തലത്തില്‍ അയച്ച റിപ്പോര്‍ട്ടുകള്‍, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി നടത്തിയ ഓര്‍മ്മപ്പെടുത്തലുകള്‍, ഇവയൊന്നും പരമ്പരയെഴുത്തുകാര്‍ അറിഞ്ഞില്ല. നാലാം വകുപ്പ് ലംഘനത്തിനെതിരെ നടപടി സ്വീകരിക്കാനുളള അവകാശം കേന്ദ്രസര്‍ക്കാരിനാണ് എന്നു വ്യക്തമാക്കുന്ന എണ്ണമറ്റ കോടതിയുത്തരവുകള്‍ വായിച്ചു നോക്കാനും കോയമ്പത്തൂര്‍ - സിക്കിം റൂട്ടില്‍ സര്‍ക്കീട്ടിനിറങ്ങിയ മനോരമയിലെ അപസര്‍പ്പകര്‍ ശ്രമിച്ചില്ല. ഇവയൊക്കെ തമസ്‌കരിച്ച് അവര്‍ സംസ്ഥാന സര്‍ക്കാരിനോട് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.

വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കൈയില്‍ കിട്ടി ആഴ്ചകള്‍ക്കകകം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അത് കേന്ദ്രസര്‍ക്കാരിന് അയച്ചിട്ടും ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു എന്ന പച്ചക്കളളം മനോരമ അച്ചടിച്ചുവെച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന ലോട്ടറികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ വിവരം പരമ്പരയിലെങ്ങുമില്ല. അതിനെതിരെ സമര്‍പ്പിക്കപ്പെട്ട കേസില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് സൂചിപ്പിക്കുന്ന ഭാഗങ്ങളുടെ നേര്‍ക്ക് പരമ്പരയെഴുത്തുകാര്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാതിരിക്കുന്നത് ഖേദകരമാണെന്ന് തുറന്നടിക്കുന്ന സര്‍വകക്ഷി സംഘത്തിന്റെ നിവേദനത്തില്‍ ഉമ്മന്‍ചാണ്ടിയും ഒപ്പിട്ടുവെന്ന വസ്തുതയും മനോരമ തമസ്‌കരിച്ചു. യഥാസമയം കോടതിയിലും കേന്ദ്രസര്‍ക്കാരിനു മുന്നിലും ഹാജരാക്കിയ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചുവെന്ന് അച്ചടിക്കാന്‍ ഒരു മനസാക്ഷിക്കുത്തും മനോരമയ്ക്ക് ഉണ്ടായില്ല.

ഓര്‍ഡിനന്‍സ് വിവാദത്തിന്റെ തിരക്കഥ

''ഐസക് പ്രതിരോധത്തില്‍, ലോട്ടറി നികുതി ഓര്‍ഡിനന്‍സ് വെട്ടിയത് വിഎസ്, പാര്‍ട്ടി പിന്തുണച്ചില്ല, വിഎസും'' എന്ന അതിഭയങ്കര വെളിപ്പെടുത്തലുമായാണ് സെപ്തംബര്‍ 4ലെ മനോരമ പുറത്തിറങ്ങിയത്. സാധാരണ നറുക്കിന് ഏഴില്‍ നിന്ന് 25 ലക്ഷമായും ബംബറിന് 17 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമായും നികുതി ഉയര്‍ത്തുന്ന ഓര്‍ഡിനന്‍സിന്റെ ഫയലില്‍ മുഖ്യമന്ത്രി എഴുതിയ ഒരു കുറിപ്പിനെയാണ് മനോരമയിലെ ഭാവനാശാലി ഇങ്ങനെ വളച്ചൊടിച്ചത്. സിപിഐഎം അധികാരത്തിലിരിക്കുമ്പോള്‍ പാര്‍ട്ടി അറിയാതെ ഇത്തരമൊരു ഓര്‍ഡിനന്‍സിനെക്കുറിച്ച് ആലോചന നടക്കുമെന്ന് വിശ്വസിക്കുന്നവരെയാണോ മനോരമ രാഷ്ട്രീയ റിപ്പോര്‍ട്ടിംഗിന് നിയോഗിക്കുന്നത് എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. ഓരോ തവണ നികുതി അടയ്ക്കുമ്പോഴും കൂടുതല്‍ വിശദമായ സ്റ്റേറ്റ്‌മെന്റ് വേണമെന്നും നാലാം വകുപ്പ് ലംഘനമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് നിഷ്‌കര്‍ഷിക്കണമെന്നുമൊക്കെയുളള നിബന്ധനങ്ങള്‍ അടങ്ങുന്നതാണ് ഓര്‍ഡിനന്‍സ്.

നികുതി കൊടുക്കുന്നവര്‍ നാലാംവകുപ്പിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഒരു ഉപവകുപ്പ് കൂടി ചേര്‍ക്കണമെന്ന് ഓര്‍ഡിനന്‍സിനുളള ഫയലില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഫയല്‍ വന്നയുടനെ തന്നെ ഇതംഗീകരിച്ച് ഫയല്‍ നിയമവകുപ്പിന്റെ പരിശോധനയ്ക്ക് മുഖ്യമന്ത്രി വഴി തന്നെ അയയ്ക്കുകയും ചെയ്തു. ഈ നിര്‍ദ്ദേശത്തോടൊന്നും ആര്‍ക്കും ഒരെതിരഭിപ്രായവുമില്ല. മാത്രവുമല്ല നാലാം വകുപ്പ് നിബന്ധനകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ലോട്ടറി എന്നാണ് കേരളത്തിന്റെ നിയമത്തില്‍ പേപ്പര്‍ലോട്ടറിയെ നിര്‍വചിച്ചിരിക്കുന്നത് തന്നെ. വളരെ സ്പഷ്ടമായി നിയമത്തില്‍ എഴുതിയിരിക്കുന്ന കാര്യത്തെക്കുറിച്ച് ഒരു തര്‍ക്കവും ഉണ്ടാകേണ്ട കാര്യമില്ല.

ഒരു വിവാദത്തിനും അടിസ്ഥാനമില്ലാത്ത ഇക്കാര്യം വിവാദമാക്കി മാറ്റിയത് കേരള കൗമുദി കുടുംബത്തിലെ ഫ്‌ളാഷ് എന്ന ഉച്ചപ്പത്രത്തില്‍ ഇക്കഴിഞ്ഞ മൂന്നാം തീയതി പ്രത്യക്ഷപ്പെട്ട വാര്‍ത്തയാണ്. പ്ലാന്റ് ചെയ്യപ്പെട്ട ഈ വാര്‍ത്തയാണ് മനോരമയുടെ തലക്കെട്ടായത്. വിചിത്രമായ വാദങ്ങളാണ് വാര്‍ത്തയിലാകെ. ഓര്‍ഡിനന്‍സ് അതേപടി ഇറങ്ങിയിരുന്നെങ്കില്‍ അന്യസംസ്ഥാന ലോട്ടറിക്കാരില്‍ നിന്ന് നികുതി വാങ്ങേണ്ടി വരുമായിരുന്നത്രേ! മുഖ്യമന്ത്രിയുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ഈ ഗൂഢാലോചന തകര്‍ന്നുപോലും. ഇത്തരം വ്യാഖ്യാനങ്ങള്‍ പത്രത്തിന് നല്‍കുന്നത് ആരാണെന്ന് പത്രാധിപര്‍ അന്വേഷിക്കുന്നത് നന്ന്.

''വി എസ് ചേര്‍ത്ത വകുപ്പ് മുക്കാന്‍ മുമ്പും ശ്രമം. ഭേദഗതി വന്നാല്‍ ഗുണം സര്‍ക്കാര്‍ ലോട്ടറിയ്ക്ക്'' എന്നായി സെപ്തംബര്‍ അഞ്ചിന് മനോരമ. ''സിക്കിം ഭൂട്ടാന്‍ തടയപ്പെടും'' ഇതിന് ടിക്കര്‍ ബോക്‌സില്‍ വിശദീകരണവും.
കേന്ദ്രലോട്ടറി നിയമത്തിന്റെ നാലാം വകുപ്പിന്റെ ലംഘനമുണ്ടായാല്‍ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമില്ലെന്നും അതുകൊണ്ട് കേന്ദ്രം നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി എത്രയോ കത്തുകള്‍ മുഖ്യമന്ത്രി തന്നെ അയച്ചിട്ടുണ്ട്. സര്‍വകക്ഷി നിവേദനത്തിലും ഇക്കാര്യം അടിവരയിട്ട് ആവര്‍ത്തിക്കുന്നുണ്ട്. കണ്‍മുന്നില്‍ കിടക്കുന്ന ഇത്തരം രേഖകളൊക്കെ അവഗണിച്ചാണ് ഈ തിരുമണ്ടന്‍ വ്യാഖ്യാനം മനോരമ ഒന്നാംപേജില്‍ തട്ടിവിട്ടത്.
തങ്ങളുടെ വാര്‍ത്താ വിശകലനങ്ങളും വ്യാഖ്യാനങ്ങളും മണ്ടത്തരങ്ങളാകുന്നതില്‍ പത്രത്തിനോ അതെഴുതുന്ന ലേഖകര്‍ക്കോ നാണക്കേട് തോന്നുന്നില്ലെങ്കിലും ലോട്ടറി നിയമത്തെക്കുറിച്ച് സാമാന്യവിവരമുളളവരെ ലജ്ജിപ്പിക്കുന്നുണ്ട്. നിയമലംഘനത്തിനെതിരെ നടപടിയെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും അവകാശം ഉണ്ടെന്ന് വ്യാഖ്യാനിക്കാവുന്ന പഴുതുപോലും കേന്ദ്രനിയമത്തില്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന പുതിയ കേന്ദ്രലോട്ടറി ചട്ടങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് മനോരമയുടെ ഭാവനാവിലാസങ്ങള്‍. ആ ചട്ടങ്ങളെ കോടതിയില്‍ ചോദ്യം ചെയ്യുന്നത് വലിയൊരു പാതകമാണെന്നാണ് മനോരമയുടെ വ്യാഖ്യാനം.
ഈ ഓര്‍ഡിനന്‍സ് വിവാദ തിരക്കഥയുടെ അടുത്ത അങ്കമെന്തെന്ന് ഇപ്പോഴേ പറഞ്ഞേക്കാം. അന്യസംസ്ഥാന ലോട്ടറി ഏജന്റുമാര്‍ സെക്ഷന്‍ 4 ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് അവരുടെ നികുതി നിരസിച്ചതിനെതിരെ കോടതിയില്‍ കേസ് നിലവിലുണ്ട്. കേസിലെ വിധി സര്‍ക്കാരിന് എതിരായാല്‍, ഓര്‍ഡിനന്‍സ് വൈകിയതുകൊണ്ടാണ് അത്തരമൊരു വിധി വന്നതെന്ന് പ്രചരിപ്പിക്കാനുളള അരങ്ങൊരുക്കലാണ് ഇപ്പോഴത്തെ കഥകള്‍ (അങ്ങനെയൊരു വ്യാഖ്യാനവുമായി മാതൃഭൂമി ഇക്കഴിഞ്ഞ ദിവസം രംഗപ്രവേശം ചെയ്തിട്ടുണ്ട്). നടപടി ക്രമങ്ങള്‍ പാലിച്ച് ഓര്‍ഡിനന്‍സ് പുറത്തിറങ്ങാന്‍ സ്വാഭാവികമായും വേണ്ടി വരുന്ന കാലയളവിനെ, ബോധപൂര്‍വമായ വൈകിക്കലായി വ്യാഖ്യാനിക്കുന്ന തിരക്കഥയും അണിയറയില്‍ തയ്യാറായിട്ടുണ്ട്.

പത്രപ്രവര്‍ത്തനമെന്നാല്‍ ഉപജാപമാണെന്ന് കരുതുന്ന മാധ്യമപ്രവര്‍ത്തകരുടെ ഒരു തലമുറ നമ്മുടെ സംസ്ഥാനത്തുണ്ട്. വരദാചാരിയുടെ തല, കാണാതെ പോയ സെക്രട്ടറിയേറ്റ് ഫയലുകള്‍ തുടങ്ങിയ പച്ചക്കളളങ്ങള്‍ സൃഷ്ടിച്ച് ലാവ്‌ലിന്‍ കേസില്‍ പരമ്പരയെഴുതിയ 'പ്രഗത്ഭമതികള്‍' ഇന്നും മനോരമയിലുമുണ്ട്. പച്ചനുണകള്‍ ബൈലൈന്‍ സഹിതം പ്രസിദ്ധീകരിക്കാനുളള ഉളുപ്പില്ലായ്മ തെളിയിക്കുന്നത് ഒന്നേയുളളൂ, മടങ്ങിവരാനാവാത്ത വിധം, അധപതനത്തിന്റെ പാതാളത്തിലേക്ക് അവര്‍ താണു പോയിരിക്കുന്നു.

മനോരമയുടെ പുതിയ പത്രാധിപരോട്
ആദരണീയനായ ശ്രീ കെ എം മാത്യുവിന്റെ വിയോഗത്തെ തുടര്‍ന്ന് മനോരമയുടെ പത്രാധിപരായി ചുമതലയേറ്റ ശ്രീ മാമ്മാന്‍ മാത്യുവിനോട് ഒരുകാര്യം സൂചിപ്പിക്കട്ടെ.

''പ്രാര്‍ത്ഥനയോടെ പുനരര്‍പ്പണം'' എന്ന തലക്കെട്ടില്‍ ആഗസ്റ്റ് 19ന് പേരുവെച്ച് താങ്കളെഴുതിയ ആദ്യമുഖപ്രസംഗം വളരെ കൗതുകത്തോടെയാണ് ഞാന്‍ വായിച്ചത്. "നേര്‍വഴി കാട്ടണേ"യെന്ന പ്രാര്‍ത്ഥനയോടെയാണ് മുഖ്യപത്രാധിപസ്ഥാനം ഏറ്റെടുക്കുന്നതെന്ന് അതില്‍ താങ്കള്‍ അവകാശപ്പെടുന്നുണ്ട്. "പാവനമായ പത്രധര്‍മ്മത്തിന്റെ അടയാള മുദ്രകളോടൊപ്പം പാരമ്പര്യത്തിന്റെ സുകൃതങ്ങളും നൂറ്റാണ്ടു പിന്നിട്ട മനോരമയുടെ തായ്‌വേരിലുണ്ട്" എന്നുമുണ്ട്, അവകാശവാദം.

പാവനമായ പത്രധര്‍മ്മം പരിപാലിക്കുന്നതിനിടയില്‍ മനോരമയില്‍ നിന്ന് നേരിട്ട ഒരനുഭവം താങ്കളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ,

ലോട്ടറി പരമ്പരയില്‍ മനോരമ എന്നോട് ഒട്ടേറെ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പരമ്പരയുടെ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച പ്രതിപക്ഷ നേതാവിന്റെ ലേഖനത്തിലും ചോദ്യങ്ങളും വളച്ചൊടിക്കലുകളും അസത്യപ്രചരണവും വേണ്ടത്രയുണ്ടായിരുന്നു. ഇവയോട് പ്രതികരിച്ച് ഒരു ലേഖനം ഞാന്‍ മനോരമയ്ക്ക് അയച്ചുകൊടുത്തു. മനോരമയുടെ എഡിറ്റിംഗ് വൈഭവം പിറ്റേന്നു തന്നെ എനിക്ക് ബോധ്യപ്പെട്ടു. മര്‍മ്മപ്രധാനമായ ഉദ്ധരണികളത്രയും വെട്ടിക്കളഞ്ഞാണ് അവര്‍ എന്റെ മറുപടി പ്രസിദ്ധീകരിച്ചത്!

ലോട്ടറി നിയമലംഘനത്തിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി കേന്ദ്രത്തിന് എഴുതിയ രണ്ടു കത്തുകള്‍, കേരളത്തിലെ സര്‍വകക്ഷി നിവേദക സംഘം കേന്ദ്രത്തിന് നല്‍കിയ മെമ്മോറാണ്ടം, കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നല്‍കിയ നിര്‍ദ്ദേശം ഇവയില്‍ നിന്നെക്കെ എടുത്തു ചേര്‍ത്ത ഉദ്ധരണികളാണ് മുറിച്ചു മാറ്റിയത്.

മനോരമയുടെ അപവാദങ്ങളും പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങളും വസ്തുതാവിരുദ്ധ മാണെന്ന് തെളിയിക്കുന്ന ഉദ്ധരണികളായിരുന്നു അവ. എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്ന വസ്തുതകള്‍ക്ക് മേലാണ് താങ്കളുടെ പത്രം കത്രിക പ്രയോഗിച്ചത്. ആരോപണങ്ങള്‍ക്ക്് മറുപടി പറയാനുളള മൗലികാവകാശത്തെയാണ് മനോരമ ഹനിച്ചു കളഞ്ഞത്.

''സമര്‍പ്പിത പ്രയാണത്തില്‍ എനിക്കും എന്റെ സഹോദരങ്ങള്‍ക്കും കരുത്തുപകരാന്‍ മികവുറ്റ ഒരു പ്രൊഫഷണല്‍ ടീമിനെ സജ്ജമാക്കിയാണ് ഞങ്ങളുടെ പിതാവ് യാത്രയായത്'' എന്ന് മുഖപ്രസംഗത്തില്‍ താങ്കള്‍ ആശ്വസിക്കുന്നുണ്ട്. ആ ''പ്രൊഫഷണല്‍ ടീമിന്റെ'' അധാര്‍മ്മിക പ്രവര്‍ത്തനങ്ങളിലേയ്ക്കാണ് ഞാന്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. നിശ്ചയമായും ഏത് മാധ്യമത്തിനും അതിന്റേതായ രാഷ്ട്രീയമുണ്ടാകാം. അത് തുറന്നു പ്രകടിപ്പിക്കരുത് എന്ന് ഒരു ശാഠ്യവും എനിക്കില്ലതാനും. എന്നാല്‍ നിര്‍ലോഭം നുണകളെഴുതിയും വസ്തുതകള്‍ പാടെ തമസ്‌കരിച്ചും നടത്തുന്ന രാഷ്ട്രീയ പ്രചാരവേല, കഴിവല്ല, ദൗര്‍ബല്യമാണ് എന്നെങ്കിലും മാമ്മന്‍ മാത്യു തിരിച്ചറിയണം.
*
ഡോ. ടി. എം. തോമസ് ഐസക്

06 January, 2011

ഒരു വലിയ തുടക്കം

കേരളത്തിലെ മാധ്യമരംഗത്തെ സ്‌ത്രീകള്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് ഈ വര്‍ഷം നേടിയത്.

എന്നാല്‍ ഈ മേഖല സ്‌ത്രീ സാന്നിധ്യം അറിഞ്ഞുതുടങ്ങിയിട്ട് ഏറെ നാളുകളായിട്ടില്ല. 20 വര്‍ഷം മുമ്പുവരെ പത്രപ്രവര്‍ത്തകരാകാന്‍ അപേക്ഷ ക്ഷണിക്കുമ്പോള്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന പരസ്യങ്ങളില്‍ ഒരു വാചകമുണ്ട്. 'സ്‌ത്രീകള്‍ അപേക്ഷിക്കേണ്ടതില്ല'. അക്കാലത്ത് പത്രപ്രവര്‍ത്തന കോഴ്‌സ് പഠിക്കാന്‍ രണ്ടോ മൂന്നോ പെണ്‍കുട്ടികള്‍ എത്തുന്നതുതന്നെ അപൂര്‍വമായിരുന്നു. പത്രസ്ഥാപനങ്ങള്‍ക്ക് സ്‌ത്രീകള്‍ക്ക് പ്രസവാവധി നല്‍കണം എന്നുപോലും (!) തിട്ടമില്ലാതിരുന്ന കാലം, നിയമസഭയിലും പത്രസമ്മേളനങ്ങളിലും മറ്റുമൊക്കെ റിപ്പോര്‍ട്ടിങ്ങിന് പോകുമ്പോള്‍ ഒറ്റയായിരുന്ന അവസ്ഥ.. അവിടെനിന്ന് ഇന്ന് കാണുന്നത് ഒരു കുതിച്ചുചാട്ടമാണ്. പത്രപ്രവര്‍ത്തന ക്ളാസുകളില്‍ പാതിയിലേറെയും പെണ്‍കുട്ടികള്‍, അച്ചടി -ഇലക്‌ട്രോണിക് മാധ്യമരംഗത്ത് സ്‌ത്രീകളുടെ പ്രകടമായ സാന്നിധ്യം.

സ്‌ത്രീ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടായ്‌മകള്‍ ഉണ്ടാക്കാനുള്ള നിരവധി ശ്രമങ്ങള്‍ ഇതിനിടയ്‌ക്ക് നടന്നു. 10 വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് നടന്ന കൂട്ടായ്‌മ ഒരു തുടക്കമായിരുന്നു. തുടര്‍ന്ന് പലരും പലയിടത്തും ഒത്തുകൂടാനും അനുഭവങ്ങള്‍ പങ്കുവയ്‌ക്കാനുമുള്ള ശ്രമങ്ങള്‍ നടത്തി. പക്ഷേ, അതെല്ലാം ശ്രമങ്ങളായി ഒതുങ്ങി.

2009ല്‍ മണിപ്പൂരിലെ ഇംഫാലില്‍ നടന്ന നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ - ഇന്ത്യയുടെ ദേശീയ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നും പങ്കെടുത്തവര്‍ സംസ്ഥാനതലത്തിലും സംഘം ചേരല്‍" നടത്താന്‍ നിര്‍ബന്ധം പിടിച്ചു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രമാക്കി മാധ്യമരംഗത്തെ സ്‌ത്രീകളെ ഏകോപിപ്പിച്ച് യോഗങ്ങള്‍ നടത്തി. ആ യോഗങ്ങളിലൂടെ നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ- കേരള ഉരുത്തിരിഞ്ഞുവന്നു. മാധ്യമരംഗത്തെ സ്‌ത്രീകളെഴുതുന്ന പുസ്‌തകങ്ങള്‍ "നെറ്റ്വര്‍ക്ക്"വഴി പ്രകാശിപ്പിക്കുക, സ്‌ത്രീകള്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുക, വിനോദയാത്രകള്‍, സിനിമ കാണല്‍... അങ്ങനെ കൂട്ടായ്‌മയുടെ സുഖവും ശക്തിയും അന്യോന്യം ബോധ്യപ്പെടുത്തി. "2010 ഫെബ്രുവരി 5, 6, 7 തീയതികളില്‍ കോഴിക്കോട്ട് വച്ച് സമ്മേളനം നടത്തി. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഔദ്യോഗിക-അനൌദ്യോഗിക തിരക്കുകള്‍, മുമ്പ് ഇങ്ങനെയൊന്ന് നടത്തിയിട്ടില്ലാത്തതിന്റെ പരിചയക്കുറവ്, സാമ്പത്തിക പരാധീനത- ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയി എങ്കിലും ഒടുവില്‍ ചരിത്രത്തിലേക്ക് ഈടു വയ്‌ക്കാവുന്ന ഒരു ദേശീയ സമ്മേളനം സംഘടിപ്പിക്കാന്‍ കേരളത്തിലെ കൂട്ടായ്‌മയ്‌ക്ക് കഴിഞ്ഞുവെന്നത് ചെറിയകാര്യമല്ല. ഒരു മാധ്യമ സ്ഥാപനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ക്കിടയില്‍പ്പോലും ഉണ്ടാക്കാന്‍ പ്രയാസമേറിയ "നെറ്റ്വര്‍ക്ക്, ദേശീയതലത്തില്‍ വിജയകരമായി നടത്താന്‍ ഇവിടത്തെ മാധ്യമപ്രവര്‍ത്തകകള്‍ക്കായി എന്നത് ചരിത്രസംഭവമായിത്തന്നെ കാണേണ്ടിയിരിക്കുന്നു.

ഛത്തീസ്‌ഗഢ്, അഹമ്മദാബാദ്, പഞ്ചാബ് എന്നിവിടങ്ങളിലെ മാധ്യമ പ്രവര്‍ത്തകകള്‍ അവരുടെ കടുത്ത അനുഭവങ്ങള്‍ വിവരിച്ചു. ഒരു ഷിഫ്റ്റിലെ ജോലി ചെയ്‌ത് വീട്ടില്‍ പോയി അവിടത്തെ പണികൂടി ചെയ്‌ത് തളര്‍ന്നുറങ്ങി ജീവിക്കല്‍ മാത്രമല്ല മാധ്യമപ്രവര്‍ത്തനമെന്ന് ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സ്‌ത്രീകളിലൂടെ പലരുമറിഞ്ഞു. കല്‍പ്പനാശര്‍മയും മൃണാള്‍ പാണ്ഡെയും അമ്മുജോസഫും വാസന്തിയുമൊക്കെ ആവേശം പകര്‍ന്ന് ഇവിടത്തെ മാധ്യമ പ്രവര്‍ത്തകകളുടെ മനസ്സില്‍ ഇടംനേടി.

പുറത്തുനിന്നെത്തിയ പ്രതിനിധികള്‍ക്ക് കേരളത്തെ അറിയാന്‍ സഹായിക്കുന്ന നിരവധി സെഷനുകളും സംഘടിപ്പിച്ചിരുന്നു. ജനകീയാസൂത്രണവും കേരളാ മോഡല്‍ വികസനവും കുടുംബശ്രീയും ജനകീയാരോഗ്യ പദ്ധതികളും പാലിയേറ്റീവ് കെയറും ഒക്കെ സമ്മേളനത്തില്‍ വിഷയങ്ങളായി. ഉദ്ഘാടകയായെത്തിയ സാമൂഹ്യ പ്രവര്‍ത്തകയും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ അരുണാ റോയ്, മാധ്യമങ്ങള്‍ സാമൂഹിക ഉത്തരവാദിത്തം മറക്കുമ്പോള്‍ ഓര്‍മിപ്പിക്കാനുള്ള ബാധ്യത സ്‌ത്രീകള്‍ക്കുണ്ടെന്ന് പറഞ്ഞു. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്‌ത്രീകളുടെ ആവശ്യാവകാശങ്ങളും മാധ്യമങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന സ്‌ത്രീബിംബങ്ങളും ചര്‍ച്ചകള്‍ക്ക് വിഷയങ്ങളായി. ഡോ. ഖദീജാ മുംതാസ്, സി. ജെസ്‌മി, കെ അജിത എന്നിവരുമായുള്ള ആശയവിനിമയം പുറത്തുനിന്നെത്തിയ പ്രതിനിധികള്‍ക്ക് പ്രിയപ്പെട്ടതായി.‘ഇവിടെ ഞങ്ങളും ഉണ്ട്’ എന്ന് സ്‌ത്രീ മാധ്യമപ്രവര്‍ത്തകകള്‍ പുറംലോകത്തെ അറിയിച്ച ഒരു സംരംഭം എന്നതിനൊപ്പം കൂട്ടായിനിന്നാല്‍ ഈ രംഗത്ത് നേടാനേറെയുണ്ട് എന്ന് ബോധ്യപ്പെടുത്തുകകൂടി ചെയ്‌തു ഈ സമ്മേളനം.

കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രമാക്കി പ്രാദേശിക ഘടകങ്ങളും സംസ്ഥാനാടിസ്ഥാനത്തില്‍ NWMK- ഘടകവും പ്രവര്‍ത്തിക്കുന്നു. ഒത്തു ചേരലുകള്‍ക്കും പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ഒപ്പം മാധ്യമ പ്രവര്‍ത്തനം ബുദ്ധിമുട്ടുകള്‍ നല്‍കുന്ന സ്‌ത്രീകള്‍ക്കൊപ്പം (ഏറ്റവും ഒടുവില്‍ കെ കെ ഷാഹിന) നില്‍ക്കാനും നെറ്റ്വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ ശ്രദ്ധിക്കുന്നു. കേരളത്തിലെ മാധ്യമരംഗത്തുള്ള സ്‌ത്രീകള്‍ക്ക് വര്‍ഷംതോറും ഫെലോഷിപ് ഏര്‍പ്പെടുത്താന്‍ കേരളഘടകം തീരുമാനിച്ചിട്ടുണ്ട്. ഒരു വലിയ തുടക്കമാണ് കഴിഞ്ഞ വര്‍ഷം ഇവിടത്തെ മാധ്യമരംഗത്തെ സ്‌ത്രീകള്‍ കൈവരിച്ചിരിക്കുന്നത്.


*****

കെ എ ബീന

27 December, 2010

സംവാദത്തിലെ പതിരും കതിരും

നയപരമായ, പ്രായോഗികപ്രസക്തിയുള്ള ചില സൈദ്ധാന്തിക വിഷയങ്ങളും ചരിത്രപരമായ സംഭവങ്ങളും സമീപസമയത്ത് മാധ്യമചര്‍ച്ചയ്ക്ക് അവസരമായി. സി കെ ചന്ദ്രപ്പന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായശേഷം, അദ്ദേഹം പറഞ്ഞതും അദ്ദേഹത്തിന്റെ പേരില്‍ വന്നതുമായ ചില വാര്‍ത്തകളും അഭിമുഖങ്ങളും, അതിന്മേലുള്ള മാധ്യമവ്യാഖ്യാനങ്ങളുമാണ് ചില ആശയസംവാദങ്ങള്‍ സൃഷ്ടിച്ചത്. പി കെ വി, വെളിയം ഭാര്‍ഗവന്‍ തുടങ്ങിയവരെപ്പോലെയല്ല, ചന്ദ്രപ്പനൊരു കോണ്‍ഗ്രസ് പക്ഷപാതിയാണെന്നും അതിനാല്‍, സിപിഐ-സിപിഐ എം ബന്ധം തകരാന്‍ പോകുകയാണെന്നുമാണ് ഒരുവിഭാഗം മാധ്യമവിശാരദന്മാര്‍ കനവു കണ്ടത്. പക്ഷേ, ആ കിനാവ് ചന്ദ്രപ്പന്‍തന്നെ പിന്നീട് പൊളിച്ചുകൊടുത്തു. കോണ്‍ഗ്രസില്ലാതെ ഇന്ത്യന്‍വിപ്ളവം നടക്കില്ലെന്ന് ചന്ദ്രപ്പന്‍ പറഞ്ഞതായി ഒരു പ്രമുഖവാരികയില്‍ വന്ന അഭിമുഖം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ശ്രദ്ധയില്‍ മാധ്യമപ്രവര്‍ത്തകര്‍ കൊണ്ടുവന്നപ്പോള്‍ ചന്ദ്രപ്പന്‍ അങ്ങനെ പറഞ്ഞിരിക്കാനിടയില്ലെന്നായിരുന്നു മറുപടി. ബഹുരാഷ്ട്രകുത്തകകളുടെ സ്വഭാവത്തില്‍ വളരുന്ന വന്‍കിട കുത്തകമുതലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ളതും നാടുവാഴിത്തത്തോട് സന്ധിചെയ്തതും സാമ്രാജ്യത്വത്തോടു ചങ്ങാത്തമുള്ളതുമായ ഇന്ത്യന്‍ഭരണകൂടത്തെ മാറ്റി തൊഴിലാളിവര്‍ഗത്തിന് മേല്‍ക്കൈയുള്ള ഭരണകൂടം സ്ഥാപിക്കാനുള്ള പോരാട്ടത്തില്‍ വന്‍കിട-കുത്തക മുതലാളിത്തത്തിന്റെ പാര്‍ടിയായ കോണ്‍ഗ്രസിനെ സഖ്യശക്തിയായി കാണാനാകില്ലെന്നും പിണറായി ചൂണ്ടിക്കാട്ടിയിരുന്നു.

പൊതുവില്‍ അതിനോട് യോജിക്കുന്ന അഭിപ്രായം ഒരാഴ്ചമുമ്പ് എസിവി അഭിമുഖത്തില്‍ ചന്ദ്രപ്പന്‍ വ്യക്തമാക്കി. കോണ്‍ഗ്രസുമായി കൂട്ടുകൂടി ഇന്ത്യന്‍ വിപ്ളവം നടത്താമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അങ്ങനെയൊരു അബദ്ധം താന്‍ പറയുമോയെന്ന് ആശ്ചര്യവും പ്രകടിപ്പിച്ചു. അപ്പോള്‍, ഇക്കാര്യത്തില്‍ പിണറായിയും ചന്ദ്രപ്പനും രണ്ടുതട്ടിലെന്ന് വ്യാഖ്യാനംമെനഞ്ഞ 'മാധ്യമശിരോമണി'കള്‍ വെട്ടിലായി. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ രണ്ടു കമ്യൂണിസ്റ്പാര്‍ടികളുടെ യോജിച്ച പ്രവര്‍ത്തനവും ഇടതുപക്ഷ-ജനാധിപത്യ മുന്നണിയുടെ പ്രസക്തിയും എസിവി അഭിമുഖത്തില്‍ ചന്ദ്രപ്പന്‍ ഊന്നിയതായി കണ്ടു. അത് കമ്യൂണിസ്റ്റ് ഐക്യം തകരുമെന്ന് സ്വപ്നം കണ്ട പിന്തിരിപ്പന്‍ മാധ്യമക്കാരെ നിരാശരാക്കുന്നതാണ്. നയവും അടവും കമ്യൂണിസ്റ്പാര്‍ടികള്‍ സ്വീകരിക്കുന്നത് കൂട്ടായ ചര്‍ച്ചയുടെയും പൊതുവായ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ്. അല്ലാതെ ഒരു നേതാവിന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടത്തിലല്ല. ഇവിടെ, ചന്ദ്രപ്പനെ ഒരുവിഭാഗം മാധ്യമങ്ങള്‍ കോണ്‍ഗ്രസ് പക്ഷപാതിയെന്ന് തെറ്റായ വിധത്തില്‍ ചിത്രീകരിച്ച് സ്വയം പ്രഹരം ഏറ്റുവാങ്ങുകയായിരുന്നു.

ഇതൊക്കെയാണെങ്കിലും, സിപിഐയും സിപിഐ എമ്മും രണ്ടുപാര്‍ടികളായതുകൊണ്ടുതന്നെ പലവിഷയങ്ങളിലും വ്യത്യസ്ത നിലപാട് എടുക്കാറുണ്ട്. പക്ഷേ, ഇന്ന് വിയോജിപ്പിന്റെ മേഖല കുറവും യോജിപ്പിന്റെ മേഖല കൂടുതലുമാണ്. വിയോജിപ്പുള്ള കാര്യങ്ങളില്‍ അത് പ്രകടിപ്പിക്കുകയും അത്തരം ആശയസമരങ്ങളിലൂടെ പലപ്പോഴും യോജിപ്പിലെത്തുകയും ചെയ്യാറുണ്ട്. ചില കാര്യങ്ങളില്‍ ഭിന്നിപ്പ് തുടരുകയുംചെയ്യും. 1957 ല്‍ ഒന്നാംകമ്യൂണിസ്റ്റ് മന്ത്രിസഭയെ നയിക്കേണ്ടതാരായിരുന്നു എന്നതിനെപ്പറ്റി ഒരു വാരികയിലെ ചന്ദ്രപ്പന്റെ അഭിമുഖപരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ചില മാധ്യമചര്‍ച്ചകളുണ്ടായി. ടി വി തോമസായിരുന്നു മുഖ്യമന്ത്രിയാകേണ്ടിയിരുന്നതെന്നും അന്ന് കേരളത്തില്‍ അറിയപ്പെടാതിരുന്ന ഇ എം എസ് മുഖ്യമന്ത്രിയായത് പാര്‍ടി സംസ്ഥാനസെക്രട്ടറി എം എന്‍ ഗോവിന്ദന്‍നായരുടെ നിലപാടുകൊണ്ടായിരുന്നുവെന്നും ഗൌരിയമ്മപ്രേമമാണ് ടി വിക്ക് വിനയായതെന്നും ചന്ദ്രപ്പന്‍ പറഞ്ഞതായുള്ള അഭിമുഖപരാമര്‍ശത്തെ കയറിപ്പിടിച്ചാണ് ചില തുടര്‍പ്രതികരണങ്ങള്‍ വന്നത്. ഇരു കമ്യൂണിസ്റ്റ് പാര്‍ടികളുടെയും യോജിപ്പിനപ്പുറം ലയനത്തെപ്പറ്റിവരെ സംസാരിക്കുന്ന ചന്ദ്രപ്പന്‍, ഇ എം എസോ ടി വി തോമസോ എന്ന തര്‍ക്കം ഇപ്പോള്‍ ഉന്നയിച്ചുവെന്ന് കരുതാനാകില്ല.

ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ 40-ാം വാര്‍ഷികത്തില്‍ ഒരു പ്രമുഖദിനപത്രം സമാന വിവാദമുണ്ടാക്കിയപ്പോള്‍ ഇതില്‍ കഴമ്പുണ്ടോയെന്ന് ഇ എം എസിനോട് ഈ ലേഖകന്‍ ആരാഞ്ഞിരുന്നു. 'അസംബന്ധം' എന്നാണ് ഇ എം എസ് പ്രതികരിച്ചത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപകരായ നാലുപേരില്‍ ഒരാളാണ് ഇ എം എസ്. 1943 ലും 1938-40 ലും കെപിസിസി സെക്രട്ടറി, 1934 മുതല്‍ 1940 വരെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, 1941 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി അംഗം, 1950 മുതല്‍ പൊളിറ്റ്ബ്യൂറോ അംഗം, 1953, 1954, 1955-56 വര്‍ഷങ്ങളില്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി - ഈ വിധം പദവികളില്‍ ഇരുന്ന നേതാവായിരുന്നു ഇ എം എസ്. അങ്ങനെയുള്ള മഹാവിപ്ളവകാരിയെപ്പറ്റി ചന്ദ്രപ്പന്‍ പറഞ്ഞതായി ഒരു വാരികയില്‍ വന്ന പരാമര്‍ശം, 1957 ല്‍ മുഖ്യമന്ത്രിയാകുംവരെ ഇ എം എസിനെ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും ഇ എം എസിന് എഴുത്തിലല്ലാതെ പാര്‍ടി പ്രവര്‍ത്തനവും സമരപ്രവര്‍ത്തനവും ഇല്ലായിരുന്നുവെന്നുമാണ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രവും പാര്‍ടിനേതൃത്വത്തില്‍ എത്തുന്നവരുടെ പ്രവര്‍ത്തനപാരമ്പര്യവും ശേഷിയും മനസിലാക്കാന്‍ കഴിയുന്ന ആരും ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍ ഇടയില്ലെന്നിരിക്കെ, പുന്നപ്ര-വയലാര്‍ സമരത്തിന്റെ തൊട്ടിലില്‍ പിറന്നുവീണ് കമ്യൂണിസ്റ്റ് വിപ്ളവകാരിയായി വളര്‍ന്ന ചന്ദ്രപ്പന്‍ ഇ എം എസിനെപ്പറ്റി ഇത്രയും തെറ്റായ വിലയിരുത്തല്‍ നടത്താന്‍ ഇടയില്ല. പൊളിറ്റ്ബ്യൂറോ അംഗം, ദേശീയ ആക്ടിങ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നേതാവ് സംഘടനാപരമായി ഒരു സംസ്ഥാന സെക്രട്ടറിയറ്റ് അംഗത്തേക്കാള്‍ കീഴെയാണോ?

1939 ല്‍ മദിരാശി അസംബ്ളി അംഗമായിരുന്നു ഇ എം എസ്. അന്നാണ് കാര്‍ഷിക ബില്ലിന്മേല്‍ വിയോജനക്കുറിപ്പെഴുതി ജന്മിത്വത്തിന് താക്കീതേകിയത്. അതിനുമുമ്പ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് 1932-33 കാലത്ത് വെല്ലൂര്‍ജയിലില്‍ ഒന്നരവര്‍ഷമാണ് കഴിഞ്ഞത്. പിന്നീടും ജയില്‍ജീവിതവും ഒളിവു ജീവിതവും നേരിട്ടു. ഇങ്ങനെയുള്ള ഒരു ജനകീയനേതാവ് എന്താണെന്ന് വിളംബരംചെയ്യുന്ന ഒരു തൂലികാചിത്രം ചിന്തകനും സാഹിത്യകാരനുമായ സി ജെ തോമസ് 1948 ല്‍ വരച്ചിട്ടിട്ടുണ്ട്.

'എങ്ങുനിന്നോ വന്ന ഒരു നമ്പൂതിരിയല്ല ഇ എം എസ്........ ഒരു വ്യക്തിയില്‍ അത്രമാത്രം പ്രതിഭ. അതുകൊണ്ടുതന്നെ നാളെ ഒന്നേകാല്‍കോടി മലയാളികളുടെ ഭാഗധേയം ശ്രീ. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ സുദൃഢകരങ്ങളിലാണ് സ്ഥിതിചെയ്യുക'- ഇ എം എസ് മുഖ്യമന്ത്രിയാകുന്നതിന് ഒരു പതിറ്റാണ്ട് മുമ്പ് സി ജെ കുറിച്ചു.

വടക്കുനിന്നുവന്ന ഏതോ ഒരു നമ്പൂതിരി തിരുവനന്തപുരത്തുവന്ന് പ്രസംഗിച്ചാല്‍ ഈ മണ്ണിളകില്ലെന്ന് തിരുവിതാംകൂറിലെ പ്രധാനമന്ത്രിയായിരുന്ന പട്ടം താണുപിള്ള പരിഹസിച്ചപ്പോള്‍ അതിന് മറുപടി നല്‍കിയത് എം എന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ്. ആ ചരിത്രമെല്ലാം വിസ്മരിച്ച് ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകേണ്ടിയിരുന്നത് ആരെന്നതിനെപ്പറ്റി അസംബന്ധചര്‍ച്ചകള്‍ സൃഷ്ടിക്കുന്നത് ചരിത്രനിഷേധവും ഒപ്പം കാലികരാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തലുമാണ്. കാല്‍നൂറ്റാണ്ടോളം ഒരുമിച്ച് ഒരു പാര്‍ടിയില്‍ പ്രവര്‍ത്തിച്ച ഇ എം എസും എമ്മെനും പിന്നീട് രണ്ടുപാര്‍ടിയിലായി. കുറച്ചുകാലം പരസ്പരം പോരടിക്കുന്ന രാഷ്ട്രീയനിലപാടുകളിലായി. എന്നാല്‍, 1979ന്റെ അവസാനം ഇടതുപക്ഷ-ജനാധിപത്യ രാഷ്ട്രീയം അംഗീകരിച്ചശേഷം രണ്ടുനേതാക്കളും കൂടുതല്‍ സ്നേഹത്തോടെയും കോണ്‍ഗ്രസ് നയിക്കുന്ന വലതുമുന്നണിയെ തറപറ്റിക്കാന്‍ സമര്‍ഥമായും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടതുപക്ഷ-ജനാധിപത്യമുന്നണി രാഷ്ട്രീയത്തില്‍ സിപിഐ എത്തിയശേഷം കേരളത്തില്‍ ആദ്യം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ (1980) എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് മത്സരിച്ച എം എന്‍ ഒരുലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെട്ടു. 1977 ല്‍ അറുപത്തിനാലായിരത്തിലധികം വോട്ടിന് ജയിച്ചിടത്താണ് അപ്രതീക്ഷിത തോല്‍വിയുണ്ടായത്. പക്ഷേ, തെരഞ്ഞെടുപ്പിലെ തോല്‍വി ശരിയായ രാഷ്ട്രീയനയത്തെ അപ്രസക്തമാക്കുന്നില്ലെന്ന് എം എന്‍ കണ്ടു. അതുപോലെ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യത്തില്‍ രണ്ടു കമ്യൂണിസ്റ്റ് പാര്‍ടികളുടെ യോജിച്ച പ്രവര്‍ത്തനവും ഇടതുപക്ഷ-ജനാധിപത്യ മുന്നണിയുടെ പ്രസക്തിയും ചന്ദ്രപ്പന്‍ അടിവരയിടുന്നുണ്ട്. പിന്തിരിപ്പന്‍ മാധ്യമകേമന്മാര്‍ അത് കാണുന്നില്ല. കമ്യൂണിസ്റ്റുകാര്‍ നയം രൂപീകരിക്കുന്നത് ലാഭനഷ്ടം നോക്കിയല്ല. തെരഞ്ഞെടുപ്പില്‍ ഒരിക്കലോ തുടര്‍ച്ചയായോ കമ്യൂണിസ്റ്റ് നേതൃമുന്നണിക്ക് തോല്‍വി സംഭവിച്ചാല്‍പ്പോലും അക്കാരണത്താല്‍മാത്രം ശരിയായ രാഷ്ട്രീയനയം ഉപേക്ഷിക്കില്ല. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പിന്നോട്ടടിയെ അതിജീവിക്കാനുള്ള കരുത്ത് മുന്നണിക്കും മുന്നണിയെ അംഗീകരിക്കാനുള്ള വിശ്വാസം ജനങ്ങള്‍ക്കുമുണ്ട്.

തുടര്‍ അഴിമതി കുംഭകോണങ്ങളും സാമ്പത്തികനയവും കാരണം കോണ്‍ഗ്രസ് ദേശീയമായി ഒറ്റപ്പെടുകയാണെന്നും ഇതടക്കമുള്ള സാഹചര്യങ്ങള്‍ കേരളത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ജനങ്ങള്‍ വീണ്ടും വിജയിപ്പിക്കുമെന്നുമുള്ള ചന്ദ്രപ്പന്റെ പ്രത്യാശാഭരിതമായ കാഴ്ചപ്പാട് എല്ലാ പുരോഗമനവാദികള്‍ക്കും ആവേശംപകരും. അഴിമതിക്കെതിരായ ഉറച്ചനിലപാടുകളെയും അംഗീകരിക്കും. പക്ഷേ, കമ്യൂണിസ്റ്റ് നേതാക്കളെ അഴിമതിക്കാരും പാര്‍ടിയെ മോശം കക്ഷിയുമായി ചിത്രീകരിക്കുന്ന പിന്തിരിപ്പന്‍ രാഷ്ട്രീയശക്തികളുടെയും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുടെയും പരിശ്രമങ്ങളെപ്പറ്റി ടിവി അഭിമുഖങ്ങളില്‍ മൌനം പാലിക്കുന്നത് വിരുദ്ധന്മാര്‍ ആയുധമാക്കുന്നുണ്ട്.

ഒന്നാം ഇ എം എസ് സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യമന്ത്രിയായിരുന്ന കെ സി ജോര്‍ജിനെ അരി കുംഭകോണത്തില്‍ ഉള്‍പ്പെടുത്തുകയും പാര്‍ടി സംസ്ഥാന സെക്രട്ടറിയായ എം എന്‍ ഗോവിന്ദന്‍നായര്‍ അഴിമതിപ്പണം പറ്റിയെന്നും മണിമാളിക കെട്ടിയെന്നും നിയമസഭയ്ക്കകത്തും പുറത്തും കോണ്‍ഗ്രസും കൂട്ടാളികളും ആക്ഷേപം ഉന്നയിക്കുകയും മാധ്യമങ്ങള്‍ അത് ആഘോഷിക്കുകയും ചെയ്തപ്പോള്‍അതിനുപിന്നിലെ ഗൂഢരാഷ്ട്രീയത്തെ മുഖ്യമന്ത്രി ഇ എം എസും കമ്യൂണിസ്റ്റ് പാര്‍ടിയും തുറന്നുകാട്ടി. കെ സി ജോര്‍ജിനെതിരായ ആക്ഷേപം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമീഷനെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെങ്കിലും മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയില്ല. ഒഴിവാക്കാമായിരുന്ന നഷ്ടം ആന്ധ്ര അരിയിടപാടില്‍ ഉണ്ടായെന്ന് കമീഷന്‍ വിലയിരുത്തിയപ്പോള്‍ അരിക്ഷാമത്തില്‍നിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍ പാര്‍ടിയും മന്ത്രിസഭയും തീരുമാനിച്ചപ്രകാരമാണ് ആന്ധ്രയില്‍നിന്ന് അരി ഇറക്കിയതെന്നും അതില്‍ മന്ത്രി തെറ്റുകാരനല്ലെന്നും കമീഷന്റെ കണ്ടെത്തല്‍ അംഗീകരിക്കുന്നില്ലെന്നുമുള്ള നിലപാടാണ് കമ്യൂണിസ്റ്റ് പാര്‍ടി സ്വീകരിച്ചത്. എല്‍ഡിഎഫിനെ കുഴിവെട്ടി മൂടാന്‍ പിക്കാസും മകോരിയുമായി നില്‍ക്കുന്ന പിന്തിരിപ്പന്‍ രാഷ്ട്രീയ-മാധ്യമ കൂട്ടുകെട്ടിനു മുന്നില്‍ കണ്ണടയ്ക്കാന്‍ പാടില്ല. അതാണ് കമ്യൂണിസ്റ്റുകാരോട് കാലഘട്ടം ആവശ്യപ്പെടുന്നത്.

ക്രൈസ്തവ സഭയും കമ്യൂണിസ്റ്റുകാരുമായുള്ള ബന്ധവും അതില്‍ സംവാദരീതിയെയും പറ്റിയുള്ള ചന്ദ്രപ്പന്റെ അഭിമുഖപരാമര്‍ശങ്ങളെ വ്യാഖ്യാനിച്ച് ചില
മാധ്യമങ്ങള്‍ തെറ്റായ സന്ദേശം പരത്തുന്നുണ്ട്.

*
ആര്‍ എസ് ബാബു കടപ്പാട്: ദേശാഭിമാനി

09 December, 2010

തീവ്രവാദികളെ ഉണ്ടാക്കുന്നതെങ്ങനെ?

കാക്കിയെയും മാധ്യമങ്ങളെയും ഉപയോഗിച്ചുകൊണ്ട് പൊതു ബോധത്തിലൂടെ തീവ്രവാദികളെ സൃഷ്ടിച്ചെടുക്കുന്നതെങ്ങനെ എന്നതിന്റെ രണ്ട് ഞെട്ടിക്കുന്ന ഉദാഹരണങ്ങളാണ് കേരളത്തിലടുത്ത ദിവസങ്ങളില്‍ നടന്നത്. ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ മുഖ്യ പ്രതിയായി ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുനാസര്‍ മഅ്ദനിയുടെ കേസുമായി ആരെങ്കിലും ബന്ധപ്പെടുകയോ പൊലീസ് വ്യാഖ്യാനത്തില്‍ നിന്ന് വ്യത്യസ്തമായി സംസാരിക്കുകയോ വാര്‍ത്തകൊടുക്കുകയോ ചെയ്താല്‍ അവരെ തീവ്രവാദികളും കൊടും കുറ്റവാളികളുമാക്കി മാറ്റാന്‍ എളുപ്പമാണെന്ന സ്ഥിതിഗതിയാണ് നിലനില്‍ക്കുന്നത്. ഇത്തരക്കാര്‍ മുസ്ളിങ്ങളോ മുസ്ളിം പേരുള്ളവരോ അതിനോട് സാമ്യമുള്ളവരോ ആണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാവും. മഅ്ദനിയുടെ അറസ്റ്റിന്റെയും കേസിന്റെയും പിന്നാമ്പുറം അന്വേഷിച്ചു ചെന്ന തെഹല്‍ക ലേഖിക കെ കെ ഷാഹിനയോട് കര്‍ണാടക പൊലീസും ചില മാധ്യമങ്ങളും പ്രതികരിച്ചത് നോക്കുക. മഅ്ദനിക്കെതിരെ സാക്ഷിമൊഴി കൊടുത്ത രണ്ടു പേരെ കണ്ട് വാര്‍ത്ത ശേഖരിക്കുകയും അത് തെഹല്‍ക്കയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതിനാണ് ഷാഹിനക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തിരിക്കുന്നത്. ഈ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഐ പി സി 506 അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗികമായ അറിയിപ്പുകളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഷാഹിന ഡിസംബര്‍ ഒന്നാം തീയതി വൈഗാന്യൂസിനനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

മഅ്ദനിക്കെതിരെ ആരോപിക്കപ്പെട്ട തെളിവുകളും മൊഴികളും തീര്‍ത്തും ദുര്‍ബലവും പലതും കള്ളവും ആണെന്ന ബോധ്യമാണ് തന്റെ അന്വേഷണത്തില്‍ ലഭ്യമായതെന്ന് ഷാഹിന പറയുന്നു. ഇതാണ് പൊലീസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. മഅ്ദനിക്കെതിരെ മൊഴി നല്‍കിയെന്ന് പറയപ്പെടുന്ന ബി ജെ പി പ്രവര്‍ത്തകന്‍ യോഗാനന്ദയെ കാണാനായി കുടക് ഐഗൂര്‍ പഞ്ചായത്തിലെ കുംബൂര്‍, ഹോസതോട്ട എന്നിവിടങ്ങളില്‍ വിവരശേഖരണത്തിനായി പോയപ്പോള്‍ തന്നെ ഷാഹിന പോലീസിന്റെ ഭീഷണി നേരിട്ടിരുന്നു. നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷം ഹോസതോട്ട സി ഐ വിളിച്ച് നിങ്ങളൊരു തീവ്രവാദിയാണെന്ന് സംശയമുണ്ടെന്ന് പറയുകയുമുണ്ടായത്രെ. ഇതിനെ തുടര്‍ന്ന് കന്നട പത്രങ്ങളില്‍ വാര്‍ത്ത വരുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരിക്കുകയാണ്. ഇത് തനിക്കെതിരായ കേസായി കാണുന്നില്ലെന്നും മാധ്യമസമൂഹത്തിനെതിരായ കേസായാണ് കാണുന്നതെന്നുമാണ് ഷാഹിന പ്രതികരിച്ചത്. ഭരണകൂടം പറയുന്നത് മാത്രം അനുസരിക്കുക, റിപ്പോര്‍ട് ചെയ്യുക എന്ന സന്ദേശം പ്രചരിപ്പിക്കുകയും പൊലീസ് ഏതുവിധേനയും തെളിവുണ്ടാക്കിയാല്‍ അവരെ ജയിലിടക്കാമെന്നുമുള്ള സ്ഥിതിഗതിയാണ് സംജാതമാക്കിയിരിക്കുന്നത്. പൊലീസും ഭരണകൂടവും ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചനകള്‍ നടത്തുകയും അത് പ്രാബല്യത്തില്‍ വരുത്തുകയുമാണ്. അത് പൊളിച്ചടുക്കുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാണ് വെപ്രാളത്തോടും വിറളിയോടും കൂടി പോലീസ് പാഞ്ഞടുക്കുന്നത്. മാതൃഭൂമിയും കേരളകൌമുദിയുമടക്കമുള്ള മലയാള മാധ്യമങ്ങള്‍ കന്നട പത്രങ്ങളില്‍ വന്ന വാര്‍ത്തകളും പോലീസ് വ്യാഖ്യാനങ്ങളും വെള്ളം തൊടാതെ പ്രസിദ്ധീകരിച്ചു എന്നതും ഞെട്ടിക്കുന്ന പരമാര്‍ത്ഥമായി മാറിയിരിക്കുന്നു.

നിരവധി വര്‍ഷങ്ങള്‍ ഏഷ്യാനെറ്റില്‍ ജോലി ചെയ്യുകയും വാര്‍ത്തകള്‍ വായിക്കുകയും ചെയ്തുകൊണ്ട് പൊതുജനമധ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ധീരയായ പത്രപ്രവര്‍ത്തകയാണ് കെ കെ ഷാഹിന. മിശ്രവിവാഹിതയായ ഷാഹിന എല്ലാ അര്‍ത്ഥത്തിലും പുരോഗമന ചിന്താഗതിക്കാരിയും സ്വതന്ത്ര മനോഭാവക്കാരിയുമാണ്. അത്തരമൊരാളെ തീവ്രവാദിയും ഭീകരപ്രവര്‍ത്തകയുമായി ആരോപിച്ച് കുടുക്കാന്‍ ഭരണകൂടവും കന്നട മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ ശ്രമത്തെ പിന്തുണച്ച മലയാള മാധ്യമങ്ങളെയും അതിലെ ലേഖകരെയും ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഷാഹിനക്ക് പിന്തുണ പരസ്യമായി പ്രഖ്യാപിക്കുകയും സഹായവുമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ മിക്കവാറും മുഖ്യാധാരാ ചാനലുകളും പത്രങ്ങളും ഈ സംഭവവികാസം കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യുന്നത്. 'മഅ്ദനി കുടകില്‍ പോയി' എന്നല്ലാതെ 'മഅ്ദനി കുടകില്‍ പോയി എന്ന് പോലീസ് പറയുന്നു' എന്ന് ഒരു പത്രവും ചാനലും റിപ്പോര്‍ട് ചെയ്യുന്നില്ല എന്ന് കൃത്യമായി ഷാഹിന ഈ അവസ്ഥയെ വിശദീകരിക്കുന്നുമുണ്ട്. കേരളത്തിലെ മാധ്യമങ്ങളടക്കമുള്ള പൊതു സമൂഹത്തെ ജനാധിപത്യ വിരുദ്ധമാക്കുന്നതിലും ഫാസിസ്റ് ചിന്താഗതികള്‍ക്ക് കീഴ്പ്പെടുത്തുന്നതിലും മുന്നേറ്റമുണ്ടായിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവാണ് ഈ സംഭവത്തിലൂടെ നാം ആര്‍ജ്ജിച്ചെടുക്കേണ്ടത്.

മതം പ്രാക്ടീസ് ചെയ്യുന്നില്ലെങ്കിലും തന്റെ മുസ്ളിം പേര് തന്നെ തടഞ്ഞു നിര്‍ത്തുക, കൂടുതല്‍ വിശദമായുള്ള ചോദ്യം ചെയ്യലിനു വിധേയയാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ കടന്നു പോകാന്‍ കാരണമാകുന്നുണ്ടെന്ന് ഷാഹിന സാക്ഷ്യപ്പെടുത്തുന്നു. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ തന്റെ സഹപ്രവര്‍ത്തകര്‍ തന്നെ മുസ്ളിമായി കണ്ടതിനെ സംബന്ധിച്ച് മുമ്പൊരിക്കല്‍ ഷാഹിന എഴുതിയതോര്‍ക്കുന്നു. ഫേസ്ബുക്ക് അടക്കമുള്ള ഇന്റര്‍നെറ്റ് സമൂഹങ്ങളിലും പോര്‍ട്ടലുകളിലും ഇതു സംബന്ധമായി ഗൌരവമുള്ള ചര്‍ച്ചകളും ഒത്തുകൂടലുകളും നടക്കുന്നുണ്ടെന്നതാണ് ആശാവഹമായ സംഗതി. മുഖ്യധാരയിലുള്ള ടെലിവിഷന്‍ ചാനലുകളെയും ദിനപത്രങ്ങളെയും ആനുകാലികങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് പൌരത്വ ജേര്‍ണലിസം ഇനിയുള്ള നാളുകളില്‍ മുന്നോട്ടു കുതിക്കുമെന്നതിന്റെ ശക്തമായ തെളിവായി ഈ പ്രവണതയെ കാണാവുന്നതാണ്. മലയാള്‍ ഡോട്ട് എഎം, വൈഗ ന്യൂസ്, കഫില ഡോട്ട് ഓആര്‍ജി, കൌണ്ടര്‍ മീഡിയ ഡോട്ട് ഇന്‍ എന്നീ പോര്‍ട്ടലുകളില്‍ വിശദമായ കുറിപ്പുകളും അഭിമുഖങ്ങളും നല്‍കിയത് സൈബര്‍ ജനാധിപത്യത്തിന്റെ കരുത്തിനെ വെളിവാക്കുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സംയുക്തമായി ഒപ്പിട്ട് സമര്‍പ്പിച്ച ഒരു നിവേദനം കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോട് ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ബി ആര്‍ പി ഭാസ്ക്കര്‍, എസ് ജയചന്ദ്രന്‍ നായര്‍, എന്‍ ആര്‍ എസ് ബാബു, ശശികുമാര്‍, സക്കറിയ, എസ് ആര്‍ ശക്തിധരന്‍, എം പി അച്യുതന്‍ എം പി, എന്‍ മാധവന്‍ കുട്ടി, സെബാസ്റ്യന്‍ പോള്‍, നീലന്‍, എന്‍ പി രാജേന്ദ്രന്‍, കെ പി മോഹനന്‍, എന്‍ പി ചെക്കുട്ടി, വെങ്കിടേഷ് രാമകൃഷ്ണന്‍, വി എം ഇബ്രാഹിം, എം ജി രാധാകൃഷ്ണന്‍, എന്‍ പത്മനാഭന്‍, സി ഗൌരിദാസന്‍ നായര്‍, കെ സി രാജഗോപാല്‍, മനോഹരന്‍ മൊറായി എന്നിവരാണ് ഈ നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ഇത് തികച്ചും സ്വാഗതാര്‍ഹമായ നീക്കമാണ്. ഈ കേസു സംബന്ധിച്ചും മഅ്ദനിയുടെ കേസ് സംബന്ധിച്ചും കുറെക്കൂടി നീതിയുക്തവും ജനാധിപത്യപരവുമായ സമീപനം തങ്ങള്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളിലൂടെ പ്രയോഗവത്ക്കരിക്കാനും ഇവര്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം.

സമാനമായ മറ്റൊരു സംഭവം തിരുവനന്തപുരത്ത് നടക്കുകയുണ്ടായി. നവംബര്‍ 28ന് ലെനിന്‍ ബാലവാടിയില്‍ പെഡസ്ട്രിയന്‍ പിക്ച്ചേഴ്സ് സംഘടിപ്പിച്ച ചലച്ചിത്ര പ്രദര്‍ശനത്തില്‍, യുവ ശ്രീലങ്കന്‍ തമിഴ് സംവിധായകനായ സോമീധരന്‍ സംവിധാനം ചെയ്ത മുല്ലൈത്തീവ് സാഗ എന്ന ഡോക്കുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. എല്ലാ പത്രങ്ങളിലെയും ഇന്നത്തെ പരിപാടിയിലടക്കം കൊടുത്തുകൊണ്ട് പരസ്യമായി നടത്തിയ ഈ പ്രദര്‍ശനത്തെ സംബന്ധിച്ച് 30-ാം തീയതിയിലെ മാതൃഭൂമി പത്രത്തില്‍ വന്ന റിപ്പോര്‍ട്, തമിഴ് ദേശീയതക്കായി പ്രചാരണം, പോലീസ് അന്വേഷണം ആരംഭിച്ചു എന്ന തലക്കെട്ടോടെയായിരുന്നു. മാതൃഭൂമി വാരിക 2009ല്‍ സോമീധരനുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. അപ്പോള്‍, മാതൃഭൂമി വാരികയും തമിഴ് വംശീയതക്കു വേണ്ടിയും എല്‍ ടി ടി ഇ ക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്നു എന്ന് വ്യാഖ്യാനിക്കാമല്ലോ! പെഡസ്ട്രിയന്‍ പിക്ച്ചേഴ്സ് പ്രവര്‍ത്തകര്‍ മാതൃഭൂമി പത്രാധിപര്‍ക്കെഴുതിയ തുറന്ന കത്തില്‍ അഭിപ്രായപ്പെട്ടതു പോലെ, മാതൃഭൂമിയുടെ റിപ്പോര്‍ടര്‍മാര്‍ അവരുടെ പ്രസിദ്ധീകരണങ്ങള്‍ തന്നെ വായിക്കാറില്ല എന്നും ഇതിലൂടെ മനസ്സിലാക്കാവുന്നതാണ്. 79 ഡിഗ്രിസ് 6 മണിക്കൂര്‍ എന്ന ചിത്രവും ഒരു നാടകവും മുല്ലൈത്തീവ് സാഗക്കു പുറമെ അന്ന് പ്രദര്‍ശിപ്പിച്ചിരുന്നു. ആഴത്തിലുള്ള ചര്‍ച്ചയും നടന്നിരുന്നു. ശ്രീലങ്കയിലെ സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ചര്‍ച്ചയില്‍ മുഖ്യമായും അന്വേഷണവിധേയമായത്. ചരിത്രം, ഭൂമിശാസ്ത്രം, ഭാഷ, മതം, ജാതി എന്നിങ്ങനെയുള്ള വിഷയങ്ങളും അതോടൊപ്പം, കൊല്ലുക, കൊല്ലപ്പെടുക എന്നീ അവസ്ഥകളും ചര്‍ച്ചയില്‍ പൊന്തി വന്നിരുന്നു. ഈ പ്രദര്‍ശനങ്ങളെയും യോഗത്തെയുമാണ് രഹസ്യ യോഗം എന്ന നിലക്ക് മാതൃഭൂമി റിപ്പോര്‍ട് ചെയ്തിരിക്കുന്നത്.

ജനാധിപത്യ സ്വാതന്ത്ര്യത്തിന് കേരളത്തില്‍ സംഭവിച്ചിരിക്കുന്ന അപചയത്തെയാണ് ഈ രണ്ടു സംഭവങ്ങളും സൂചിപ്പിക്കുന്നത്. പൊലീസ് ഭാഷ്യങ്ങള്‍ക്കും ഫാസിസത്തിനും കീഴ്പ്പെട്ടുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തനം ജനങ്ങളെ മുഴുവന്‍ പോലീസാക്കുക എന്ന കര്‍ത്തവ്യമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. സങ്കീര്‍ണമായ രാഷ്ട്രീയ-സാംസ്ക്കാരിക അവസ്ഥകളെ കുറ്റം/ശിക്ഷ എന്ന ദ്വന്ദ്വത്തിലേക്ക് വെട്ടിച്ചുരുക്കാനുള്ള ലളിതവത്ക്കരണ പ്രവണതകളും പൊതുബോധത്തില്‍ വ്യാപകമായത് കാണാം. ഷാഹിനക്കു വേണ്ടി വ്യക്തികള്‍ എന്ന നിലക്ക് രംഗത്തു വന്നിരിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ നിയന്ത്രണത്തിലും സ്വാധീനത്തിലുമുള്ള മാധ്യമങ്ങള്‍ക്കുള്ളിലും ജനാധിപത്യ സംസ്ക്കാരത്തിനു വേണ്ടി കൂടുതല്‍ സൂക്ഷ്മതയോടെ നിലക്കൊള്ളുമെന്ന പ്രതീക്ഷ ഏതായാലും തള്ളിക്കളയുന്നില്ല.

*
ജി പി രാമചന്ദ്രന്‍

മാറുന്ന മാധ്യമ ദൌത്യം

കുറെനാളുകള്‍ക്കുമുമ്പ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാധ്യമസിന്‍ഡിക്കറ്റ് എന്ന പ്രയോഗം നടത്തിയത് വലിയ വിവാദമാക്കാന്‍ പലരും ശ്രമിച്ചിരുന്നു. ഒരു കേന്ദ്രത്തില്‍നിന്നു തയ്യാറാക്കുന്ന കഥകള്‍ ഒരു സംഘം പത്രപ്രവര്‍ത്തകരുടെ ബൈലൈനില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി പ്രസിദ്ധീകരിക്കുന്ന പ്രവണതയുമായി ബന്ധപ്പെട്ടാണ് ആ പ്രയോഗം വരുന്നത്. ഒരേ അടുക്കളയില്‍നിന്ന് ചുട്ടെടുക്കുന്ന വിഭവങ്ങള്‍ ഉപ്പുകൂട്ടാതെ വിഴുങ്ങി തങ്ങളുടെ മാധ്യമങ്ങളില്‍ വിളമ്പുകയാണ് ഇവര്‍ ചെയ്തിരുന്നത്. യാഥാര്‍ഥ്യവുമായി പുലബന്ധംപോലുമില്ലാത്ത കാര്യങ്ങള്‍ നിര്‍മിത വാര്‍ത്തകളായി കുറെക്കാലം നിറഞ്ഞുനിന്നു. സിപിഐ എം വിരുദ്ധപ്രചാരവേലയുടെ ഭാഗമായി നടന്ന ഈ പ്രവര്‍ത്തനം തുറന്നുകാണിച്ചതിനോട് പലരും യോജിച്ചിരുന്നില്ല. തനിക്കും തന്റെ പാര്‍ടിക്കും നേരെ വരുന്ന വിമര്‍ശങ്ങളെയും ആക്ഷേപങ്ങളെയും നേരിടുന്നതിനാണ് ഇങ്ങനെ വിമര്‍ശം ഉന്നയിക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമായി ഇതിനെ വ്യാഖ്യാനിച്ചവരുമുണ്ട്. എന്നാല്‍, കഴിഞ്ഞ കുറെ മാസമായി പുറത്തുവരുന്ന വ്യത്യസ്ത സ്വഭാവത്തിലുള്ള വാര്‍ത്തകള്‍, പിടിച്ചതിനേക്കാളും എത്രയോ വലിയതാണ് അളയിലിരിക്കുന്നതെന്ന ചൊല്ലിനെ ഓര്‍മിപ്പിക്കുന്നതാണ്.

'പാര്‍ലമെന്റും മാധ്യമങ്ങളും' എന്ന വിഷയത്തില്‍ പാര്‍ലമെന്റ്ഹൌസില്‍ സംസാരിക്കുമ്പോള്‍ മാധ്യമദൌത്യത്തില്‍ വന്ന മാറ്റത്തെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഉല്‍ക്കണ്ഠയോടെ വിമര്‍ശിക്കുകയുണ്ടായി. ഉദാരവല്‍ക്കരണനയം മാധ്യമങ്ങളുടെ ഡിഎന്‍എയെത്തന്നെ മാറ്റിമറിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങളുടെ അപചയം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്ന വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ജനാധിപത്യത്തിന്റെ നാലുതൂണുകളില്‍ വാണിജ്യസ്വഭാവത്തിലുള്ളതും ലാഭത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതും മാധ്യമം മാത്രമാണ്. അതുകൊണ്ടുതന്നെ ഈ അപചയം ഗൌരവമായി കാണേണ്ട ഒന്നാണ്.

രണ്ടാംതലമുറ സ്പെക്ട്രം വിതരണംചെയ്യുന്നതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ടെലിഫോണ്‍ രേഖകളാണ് മാധ്യമങ്ങളുടെ അധഃപതനത്തിന്റെ ഞെട്ടിക്കുന്ന ആഴം പുറത്തുകൊണ്ടുവന്നത്. അച്ചടിമഷി പുരണ്ടതും ടെലിവിഷന്‍ സ്ക്രീനില്‍ കാണുന്നതും സത്യമാണെന്ന് അന്ധമായി വിശ്വസിക്കുന്ന ചെറുതല്ലാത്ത വിഭാഗമുള്ള സമൂഹമാണ് നമ്മുടേത്. ഇവിടെ എങ്ങനെ വാര്‍ത്ത എഴുതണമെന്നും എന്താണ് ക്യാമറ കാണേണ്ടതെന്നും നിശ്ചയിക്കുന്നത് വന്‍കിട കോര്‍പറേറ്റുകളാണ്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റോറിയല്‍ ഡയറക്ടറും പ്രസിദ്ധ കോളമിസ്റ്റുമായ വീര്‍ സാങ്വി എന്ത് എഴുതണമെന്ന് നിര്‍ദേശിക്കുന്നത് വിവാദനായികയായ നീരാ റാഡിയയാണെന്ന് ടെലിഫോണ്‍ സംഭാഷണം വെളിപ്പെടുത്തുന്നു. ഇത് ഒരു വ്യക്തിയുമായുള്ള അടുപ്പത്തില്‍നിന്ന് കേവലമായി രൂപംകൊള്ളുന്ന സംഭവമല്ല. റാഡിയയുടെ പബ്ളിക് റിലേഷന്‍സ് സ്ഥാപനമായ വൈഷ്ണവി കോര്‍പറേറ്റ് കണ്‍സള്‍ട്ടന്‍സിയുടെ വെബ്സൈറ്റില്‍ത്തന്നെ അവരുടെ ദൌത്യം വെളിപ്പെടുത്തുന്നുണ്ട്. വാര്‍ത്തകളുടെ ഘടനയിലേക്കും പത്രാധിപനയത്തിലേക്കും നയിക്കുന്ന ചിന്താശക്തിയെ മനസ്സിലാക്കുകയാണ് ആദ്യത്തേത്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായ ബന്ധപ്പെടലിലൂടെ തങ്ങളുടെ കക്ഷികളുടെ നയം മാധ്യമങ്ങളില്‍ ശരിയായി അവതരിപ്പിക്കുക. അതുവഴി മാധ്യമനിലപാടുകളെ സ്വാധീനിക്കുക. ഇത്രയും പ്രകടമായി നയം പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു സ്ഥാപനത്തിന്റെ മേധാവിയോട് സംസാരിക്കുന്നത് തങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നാണ് പ്രശസ്തരായ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്!

രണ്ടാം യുപിഎ സര്‍ക്കാരില്‍ ടെലികോംവകുപ്പ് രാജയ്ക്ക് കിട്ടുന്നതിനായി നടത്തിയ ഇടപെടലാണ് ടെലിഫോണ്‍ സംഭാഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. വന്‍കിട കോര്‍പറേറ്റുകളുടെ ഇടനിലക്കാരായി ചില പത്രപ്രവര്‍ത്തകര്‍ തരംതാണിരിക്കുന്നു. അതിനായി അവര്‍ മാധ്യമത്തെ ദുരുപയോഗപ്പെടുത്തുന്നു. മാധ്യമങ്ങളുടെ നിഷ്പക്ഷതയെക്കുറിച്ചും നാലാംതൂണിന്റെ ദൌത്യത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന പലരും ഇത്രയും ഗൌരവമായ വിഷയത്തിന് തങ്ങളുടെ മാധ്യമങ്ങളില്‍ ഇടം നല്‍കാന്‍പോലും തയ്യാറായില്ല. യഥാര്‍ഥത്തില്‍ ഹമീദ് അന്‍സാരി ചൂണ്ടിക്കാട്ടിയതുപോലെ 1991നുശേഷം നടപ്പാക്കിയ ഉദാരവല്‍ക്കരണനയത്തിന്റെ ഗൌരവമായ പ്രത്യാഘാതമാണ് ഇതില്‍ പ്രതിഫലിക്കുന്നത്.

പുതിയ കാലത്തിനു പറ്റുന്ന മാധ്യമനയം ആദ്യം നടപ്പാക്കിയത് ടൈംസ് ഓഫ് ഇന്ത്യയാണ്. വാര്‍ത്തയും പരസ്യവും തമ്മിലുള്ള അതിര്‍വരമ്പ് അവര്‍ എടുത്തുകളഞ്ഞു. പത്രാധിപര്‍ക്ക് പകരം പരസ്യമാനേജര്‍മാര്‍ പത്രത്തിന്റെ നയം നിശ്ചയിക്കാന്‍ തുടങ്ങി. ഇവരുടെ പത്രങ്ങളില്‍ ആരംഭിച്ച മീഡിയാനെറ്റ് പുതിയ പ്രവണതയുടെ രൂപമായിരുന്നു. വിവിധ പേരുകളില്‍ പുറത്തിറക്കുന്ന സപ്ളിമെന്റുകളും പത്രത്തിന്റെ മൂന്നാംപേജുമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. കച്ചവടകാര്യങ്ങള്‍ വാര്‍ത്ത എന്ന രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. അതിനായി പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഇതിന്റെ അടുത്തഘട്ടമായാണ് സ്വകാര്യ ഉടമ്പടികള്‍ ആരംഭിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥരായ ബിസിസിഎല്‍ ഗ്രൂപ്പ് സ്വകാര്യകമ്പനികളുമായാണ് ഉടമ്പടിയില്‍ ഏര്‍പ്പെട്ടത്. ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ക്ക് പണത്തിനു പകരം ഈ സ്ഥാപനങ്ങളുടെ ഓഹരിയാണ് നല്‍കുന്നത്. ഇങ്ങനെ കരാറുള്ള സ്ഥാപനങ്ങള്‍ക്ക് എതിരായ വാര്‍ത്തകള്‍ക്ക് പത്രത്തില്‍ ഇടം ലഭിക്കില്ലെന്ന ഉറപ്പും ഈ ഉടമ്പടിയിലുണ്ട്.

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വ്യവസായ സ്ഥാപനങ്ങളില്‍ ഓഹരിയുള്ള സ്ഥാപനം ടൈംസ് ഓഫ് ഇന്ത്യയായിരിക്കും. 2008ലെ കണക്കുപ്രകാരം 200 സ്ഥാപനത്തില്‍ ഇവര്‍ക്ക് ഓഹരിയുണ്ട്. വായനക്കാരന്റെ അറിയാനുള്ള അവകാശത്തെ തകര്‍ക്കുകയാണ് ഇതുവഴി അവര്‍ ചെയ്യുന്നത്. ഇക്കാര്യങ്ങളിലെല്ലാം ടൈംസ് സൃഷ്ടിച്ച വഴി പിന്തുടരുകയാണ് മിക്ക മാധ്യമങ്ങളും ചെയ്തത്. ഇതേത്തുടര്‍ന്ന് സ്റ്റോക് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് മാധ്യമങ്ങള്‍ തങ്ങള്‍ക്ക് ഓഹരിയുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം.

2009ലാണ് പണം കൊടുത്ത് വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന പ്രവണതയായ പെയ്ഡ് ന്യൂസ് ശക്തിപ്പെട്ടത്. പ്രധാനമായും ഹിന്ദു പത്രത്തിലെ സായ്നാഥാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ അധികവും പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലുമാണ് ഈ പ്രവണത ശക്തിപ്പെട്ടത്. മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ സമീപിച്ച് മാധ്യമപ്രതിനിധികള്‍ റേറ്റ് കാര്‍ഡ് നല്‍കും. അച്ചടി മാധ്യമങ്ങളുടെ റേറ്റ് കാര്‍ഡിനു പകരം ദൃശ്യമാധ്യമങ്ങളില്‍ പാക്കേജുകളാണ് അധികവും. പണം നല്‍കാത്ത സ്ഥാനാര്‍ഥി മത്സരിക്കുന്നുണ്ടെന്ന വിവരംപോലും വായനക്കാര്‍/കാഴ്ചക്കാര്‍ അറിയില്ല. പണം നല്‍കുന്നതിന് അനുസരിച്ച് പേജുകളും സ്ഥാനവും വലുപ്പവും സ്വഭാവവും മാറും. എതിരാളികളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന വാര്‍ത്തകള്‍ക്ക് പ്രത്യേക റേറ്റാണ്. പണം നല്‍കുന്ന രാഷ്ട്രീയ പാര്‍ടികള്‍ക്കുവേണ്ടി തരംഗ വാര്‍ത്തകളും അഭിപ്രായവോട്ടെടുപ്പു ഫലവും നിഷ്പക്ഷമെന്ന മട്ടില്‍ നല്‍കാനും റെഡി. ഈ പ്രവണത ജനാധിപത്യപ്രക്രിയയെ അങ്ങേയറ്റം ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.

മഹാരാഷ്ട്രയില്‍ കോടിപതികളായ എംഎല്‍എമാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായെന്നാണ് നാഷണല്‍ ഇലക്ഷന്‍ വാച്ച് വിലയിരുത്തുന്നത്. 2004ല്‍ ഇവരുടെ എണ്ണം 108 ആയിരുന്നെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് 184 ആയി വര്‍ധിച്ചു. മഹാരാഷ്ട്രയില്‍ മൂന്നില്‍ രണ്ടും ഹരിയാനയില്‍ നാലില്‍ മൂന്നും എംഎല്‍എമാര്‍ കോടിപതികളാണെന്നും കണക്ക് വ്യക്തമാക്കുന്നു. രാജ്യസഭയില്‍ നൂറു കോടിശ്വരന്മാരുണ്ട്. 200ല്‍ അധികം കോടി ആസ്തിയുള്ളവരാണ് ഇവരില്‍ വലിയൊരു വിഭാഗം. ലോക്സഭയില്‍ 2004ല്‍ 156 കോടിശ്വരന്മാരാണുണ്ടായിരുന്നതെങ്കില്‍ അവരുടെ എണ്ണം 315 ആയി ഉയര്‍ന്നു. 102 ശതമാനം വര്‍ധന. 2004ല്‍ ഒരു എംപിയുടെ ശരാശരി ആസ്തി 86 ലക്ഷം രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് 5.33 കോടി രൂപയാണ്. കുത്തകകള്‍ക്കുമാത്രം വിജയിച്ചുവരാന്‍ കഴിയുന്ന ഒന്നായി തെരഞ്ഞെടുപ്പുകളെ കുറെയെങ്കിലും മാറ്റിത്തീര്‍ക്കുന്നതായിരിക്കുന്നു മാധ്യമപ്രചാരണത്തിന്റെ പുതിയ രീതി. ഇവിടെയാണ് പുതിയ വെളിപ്പെടുത്തലുകളുടെ പ്രസക്തി.

മന്ത്രിസഭാരൂപീകരണത്തിലും വകുപ്പു വിഭജനത്തിലും നിര്‍ണായകസ്വാധീനം ചെലുത്തിയെന്നു വെളിപ്പെടുത്തിയ ഫോണ്‍ ടേപ്പുകള്‍ക്കു മുകളില്‍ ഒരു വര്‍ഷത്തിലധികം അടയിരിക്കുകയാണ് സിബിഐ ചെയ്തതെങ്കില്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെ ഇത് ചോര്‍ന്നു കിട്ടിയെന്ന അന്വേഷണം പ്രഖ്യാപിക്കാന്‍ അസാധാരണ തിടുക്കമാണ് കേന്ദ്രസര്‍ക്കാര്‍ കാട്ടിയത്. മാധ്യമങ്ങളുടെ അപചയം ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതും പ്രധാനമായും മാധ്യമങ്ങള്‍തന്നെയാണെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. നവമാധ്യമങ്ങള്‍ കുറെയൊക്കെ ഈ ചുമതല നിര്‍വഹിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ചെയ്യാവുന്നതിന് ഇന്ത്യയില്‍ നിരവധി പരിമിതിയുണ്ട്.

പെയ്ഡ് ന്യൂസ് സംബന്ധിച്ച് രാജ്യസഭയില്‍ ഞാന്‍ ഒരു ശ്രദ്ധക്ഷണിക്കല്‍ പ്രമേയം കൊണ്ടുവന്നിരുന്നു. ആദ്യമായാണ് പാര്‍ലമെന്റ് ഈ പ്രവണതയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പ്രസ്കൌസിലിന്റെ അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരട്ടെയെന്നാണ് വാര്‍ത്താവിതരണമന്ത്രി അംബികാസോണി പറഞ്ഞത്. പ്രസ് കൌണ്‍സിലിന്റെ അന്വേഷണ കമീഷന്‍ സമര്‍പ്പിച്ചത് 36,000 വാക്കുള്ള റിപ്പോര്‍ട്ടായിരുന്നു. എന്നാല്‍, അതിലെ പ്രധാനഭാഗങ്ങളെല്ലാം എടുത്തുകളഞ്ഞ് കേവലം 3600 വാക്കായി കൌണ്‍സില്‍ അത് ചുരുക്കി. ഇതു കാണിക്കുന്നത് ഇപ്പോഴത്തെ മാധ്യമഇടപെടലുകള്‍ തുറന്നുകാണിക്കുന്നതിന് ഇത്തരം സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നുകൂടിയാണ്. ഒപ്പം ഉദാരവല്‍ക്കരണം ജനാധിപത്യത്തിന്റെ വിവിധ രൂപങ്ങളെ എങ്ങനെയാണ് മൂലധനത്തിന്റെ കളിയുപകരണങ്ങളാക്കി മാറ്റുന്നതെന്നുകൂടി ഈ അനുഭവങ്ങള്‍ പഠിപ്പിക്കുന്നു.

*
പി രാജീവ്

08 December, 2010

മാധ്യമങ്ങളുടെ ലക്ഷ്യബോധവും മലര്‍പ്പൊടിക്കാരന്റെ സ്വപ്നവും

വളരെ മുമ്പ് നടന്നൊരു സംഭവമാണ്. കൃത്യമായി പറഞ്ഞാല്‍ 1944 ല്‍. അക്കാലത്ത് ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫ്രാങ്ക് മൊറെയ്ഡ് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ (അന്നതിനെ സോഷ്യല്‍ സര്‍വീസ് എന്നാണ് വിളിച്ചിരുന്നത്) പ്രഭാഷണത്തിന് ക്ഷണിക്കപ്പെട്ടു. വിഷയം 'മാധ്യമപ്രവര്‍ത്തനം: ഒരു സാമൂഹ്യ സേവനം' എന്നതും. ഇതറിഞ്ഞ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഡി എഫ് കരക ബോംബെ ക്രോണിക്കിളിലെ തന്റെ കോളത്തില്‍ (ഒമഹള ഇീഹൗാി എന്നാണ് അത് അറിയപ്പെട്ടത്) ഇങ്ങനെ എഴുതി. ''മാധ്യമ രംഗത്തെക്കുറിച്ച് സന്തുലിതമായൊരു ചിത്രം നല്‍കണമെങ്കില്‍ മൊറെയ്ഡ് രണ്ടാമതൊരു പ്രഭാഷണം കൂടി നടത്തേണ്ടിവരും-മാധ്യമ പ്രവര്‍ത്തനം: ഏറ്റവും വലിയ തട്ടിപ്പ്.'' ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ കരക പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് സമ്മതിക്കാതെ വയ്യ. സമീപകാലത്ത് വിവാദമായ നീരാ റാഡിയ ടേപ്പിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.

മാധ്യമപ്രവര്‍ത്തനത്തിന് വളരെ ശക്തമായൊരു സാമൂഹ്യാടിത്തറയും ചരിത്രവും ഉണ്ടായിരുന്നെന്ന വസ്തുത ഇന്ന് അധികമാര്‍ക്കും അറിയാമെന്ന് തോന്നുന്നില്ല. അഥവാ അറിയാമെങ്കില്‍ത്തന്നെ അത് ആരും ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്നില്ല. ജന്മിത്വത്തിനും സ്വേച്ഛാധിപത്യത്തിനും എതിരായ ജനകീയ പ്രസ്ഥാനമായാണ് പത്രങ്ങള്‍ രൂപപ്പെട്ടത് തന്നെ. തന്മൂലം, സ്വാഭാവികമായും, ലോകത്തെമ്പാടും അരങ്ങേറിയ അനേകം പുരോഗമന മുന്നേറ്റങ്ങളുടെ നടുവില്‍ അവ നില ഉറപ്പിച്ചുപോന്നു. എന്നാല്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലത്തെ ചരിത്രം പരിശോധിച്ചാല്‍ അവയുടെ സാമൂഹ്യ ഇടപെടലിന്റെ തോത് ഗണ്യമായി കുറഞ്ഞുതുടങ്ങിയിരിക്കുന്നു എന്ന് കാണാന്‍ ബുദ്ധിമുട്ടില്ല. മാത്രമല്ല, ഇതിന്റെ വിരുദ്ധ ദിശയില്‍ അത് സഞ്ചരിച്ചും തുടങ്ങിയിരിക്കുന്നു. പത്രപ്രവര്‍ത്തനം പബ്ലിക് റിലേഷന്‍ വര്‍ക്കായും ക്രിയാത്മകമായി, ചിന്തിക്കുന്നവര്‍ക്ക് ചേരാത്ത പണിയായും തരംതാണിരിക്കുന്നു എന്ന് പ്രശസ്ത മലയാളി പത്രപ്രവര്‍ത്തകനായിരുന്ന സി പി രാമചന്ദ്രന്‍ ഒരിക്കല്‍ പറഞ്ഞത് ഓര്‍മവരുന്നു. പക്ഷേ നീരാ റാഡിയ ടേപ്പുകള്‍ വെളിപ്പെടുത്തുന്നത്, സി പി ആര്‍ പറഞ്ഞതിനെക്കാള്‍ പരിതാപകരമാണ് ഈ മേഖലയില്‍ കാര്യങ്ങള്‍ എന്നാണ്. ഒരു വിഭാഗം പത്രപ്രവര്‍ത്തകരെങ്കിലും കോര്‍പ്പറേറ്റുകളുടെ പൂന്തോട്ടക്കാരായി തരംതാണിരിക്കുന്നു!

ടേപ്പുകളിലെ വെളിപ്പെടുത്തലുകളെ ലളിതവല്‍ക്കരിക്കുന്നത് അപകടകരമാണ്. ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഏറിയ പങ്കും വിഷയം തമസ്‌കരിച്ചതും, ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുത്ത പത്രപ്രവര്‍ത്തകരില്‍ ഒരു വിഭാഗം വിവാദത്തില്‍ ഉള്‍പ്പെട്ട തങ്ങളുടെ സഹപ്രവര്‍ത്തകരെ ന്യായീകരിച്ചതും പ്രശ്‌നത്തിന്റെ ഗൗരവത്തെ ലഘൂകരിക്കാനുള്ള ശ്രമമാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം നീരാ റാഡിയ എന്ന കോര്‍പ്പറേറ്റ് ഇടനിലക്കാരി വാര്‍ത്തകളുടെ ഒരു സുപ്രധാന ഉറവിടം മാത്രമാണ്. തന്‍മൂലം അവരില്‍ നിന്ന് ചൂടുള്ള വാര്‍ത്തകള്‍ പരമാവധി ശേഖരിക്കാനാവശ്യമായ ചില 'സുഖിപ്പിക്കല്‍ വര്‍ത്തമാനം' ബന്ധപ്പെട്ട പത്രപ്രവര്‍ത്തകര്‍ നടത്തിയെന്നേ ഉള്ളൂ. ഇതിനപ്പുറം മാധ്യമ സദാചാരവുമായി ബന്ധപ്പെട്ട ഒന്നും പ്രശ്‌നത്തില്‍ ഇല്ലെന്നാണ് ഇവരുടെ പക്ഷം. ഇത് വാദത്തിനുവേണ്ടി അംഗീകരിച്ചാല്‍പോലും ഒരു സുപ്രധാന ചോദ്യത്തിന് ഇവര്‍ മറുപടി പറയേണ്ടിവരും. നീരാ റാഡിയയുമായുള്ള സംഭാഷണത്തില്‍ നിന്ന് ലഭിച്ച ഏറ്റവും ചൂടുള്ള വാര്‍ത്ത - ഒരുപക്ഷേ ഇന്ത്യന്‍ രാഷ്ട്രീയത്തെ അടിമുടി പിടിച്ച് കുലുക്കിയേക്കാവുന്ന ഒന്ന് - ബന്ധപ്പെട്ടവര്‍ എന്തുകൊണ്ട് തങ്ങളുടെ മാധ്യമങ്ങള്‍ക്ക് നല്‍കിയില്ല?

ഉള്‍ക്കാഴ്ചയുള്ള ജേണലിസ്റ്റിനെ സംബന്ധിച്ചിടത്തോളം ടേപ്പിലെ വെളിപ്പെടുത്തലുകളില്‍ രണ്ട് കാര്യങ്ങളാണ് വാര്‍ത്താ മൂല്യമായുള്ളത്. ഇതില്‍ ആദ്യത്തേത്, ഒരു കോര്‍പ്പറേറ്റ് ഇടനിലക്കാരിക്ക് തന്നെ തീറ്റിപ്പോറ്റുന്നവര്‍ക്കുവേണ്ടി ഏതുവിധം ഇന്ത്യന്‍ രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ കഴിയുന്നു എന്നതാണ്. മറ്റതാകട്ടെ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട് നല്‍കാന്‍ തീരുമാനിച്ച വന്‍ കരം ഇളവും. സാമ്പത്തിക ഉദാരവല്‍ക്കരണകാലത്തെ ഇന്ത്യന്‍ രാഷ്ട്രീയം ഏത് ദിശയില്‍ സഞ്ചരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളാണ് രണ്ടും.

'ദല്ലാള്‍ രാഷ്ട്രീയം' എങ്ങനെ നമ്മുടെ ജനാധിപത്യത്തെ കാര്‍ന്ന് തിന്നുന്നു എന്നാണ് നീരാ റാഡിയ നമ്മെ ബോധ്യപ്പെടുത്തുന്നത്. മന്ത്രിസഭയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം, അവര്‍ക്ക് ഏത് വകുപ്പുകള്‍ നല്‍കണം എന്ന് തുടങ്ങി ഭരണകക്ഷികളുടെ ഉള്ളറ രഹസ്യങ്ങള്‍വരെ ടേപ്പുകള്‍ അനാവരണം ചെയ്യുന്നു. മറുവശത്ത്, 2009 ലെ കേന്ദ്ര ബജറ്റില്‍ ഗ്യാസ് ഉല്‍പ്പാദനമേഖലയ്ക്ക് മുന്‍കാല പ്രാബല്യത്തോടെ അനുവദിച്ച ടാക്‌സ് ഇളവ് മൂലം മുകേഷ് അംബാനിക്ക് ലഭിച്ചേക്കാവുന്ന 81,000 കോടി രൂപയുടെ ലാഭത്തെക്കുറിച്ച് ജനതാദള്‍ (യു) അംഗം എന്‍ കെ സിംഗ് റാഡിയയോട് സംസാരിക്കുന്ന ഭാഗവും ടേപ്പുകള്‍ വെളിപ്പെടുത്തുന്നുണ്ട്. സംഭാഷണത്തിനിടയില്‍ സിംഗ് പ്രകടിപ്പിക്കുന്ന ഏറ്റവും വലിയ ആശങ്ക പാര്‍ലമെന്റ് ബജറ്റ് ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ പ്രതിപക്ഷം വലിയ ഒച്ചപ്പാട് ഉണ്ടാക്കുമോ എന്നതാണ്. ഇക്കാര്യത്തില്‍ രസകരമായ മറ്റൊന്നുകൂടി അദ്ദേഹം വെളിപ്പെടുത്തുന്നു - അടുത്തദിവസം നടക്കുന്ന ചര്‍ച്ചയില്‍ ബി ജെ പിയുടെ ഭാഗത്ത് നിന്ന് അരുണ്‍ ഷൂരിക്ക് പകരം (അനില്‍ അംബാനി പക്ഷക്കാരന്‍) വെങ്കയ്യനായിഡുവിനെ മുഖ്യ പ്രസംഗകനാക്കാന്‍ അദ്ദേഹം കൈവരിച്ച വിജയത്തെക്കുറിച്ച്! എന്നാല്‍ ഇതൊന്നും തന്നെ വാര്‍ത്താ മൂല്യമുള്ളതായി വിവാദത്തില്‍ ഉള്‍പ്പെട്ട പ്രമുഖ പത്രാധിപന്‍മാര്‍ക്ക് തോന്നിയില്ലെന്നിടത്താണ് ഇന്ത്യന്‍ മാധ്യമരംഗത്തിന് പ്രതിസ്ഥാനത്ത് നില്‍ക്കേണ്ടിവരുന്നത്. ഔട്ട്‌ലുക്കിന്റെ പത്രാധിപര്‍ വിനോദ് മേത്ത പറയുന്നതുപോലെ 'തങ്ങള്‍ ആരോട് എന്താണ്, സംസാരിക്കുന്നതെന്ന് ഓരോ മാധ്യമ പ്രവര്‍ത്തകനും തിരിച്ചറിവ് ഉണ്ടാകണം'. ഈ തിരിച്ചറിവാണ് ഇന്ത്യന്‍ മാധ്യമരംഗത്തെ പ്രമുഖരായ പ്രഭു ചാവ്‌ല മുതല്‍ വീര്‍ സിംഗ്‌വി വരെയുള്ളവര്‍ ബോധപൂര്‍വം പണയപ്പെടുത്തിയത്.

പത്രപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താ സ്രോതസുകളെ ഉപയോഗിക്കാം. തിരിച്ചാവുകയും അരുത്. പക്ഷേ ഇവിടെ സംഭവിച്ചത് രണ്ടാമത് സൂചിപ്പിച്ചതാണ്. നീരാ റാഡിയയുടെയും അവരുടെ പിന്നില്‍ നില്‍ക്കുന്ന ടാറ്റായും അംബാനിക്കും വേണ്ടി വിടുപണി ചെയ്യുവാന്‍ മാധ്യമ മുഖ്യന്‍മാര്‍ തുനിഞ്ഞ് ഇറങ്ങിയിരിക്കുന്നു. പണവും സ്വാധീനവും ഉണ്ടെങ്കില്‍ ഏത് വാര്‍ത്തയും, പത്രത്തിന്റെ ഏത് സ്ഥാനത്തും ഏത് തലവാചകത്തോടെയും അച്ചടിപ്പിക്കാം എന്നാണ് സ്‌പെക്ട്രം കുംഭകോണത്തിലെ അണിയറ സംഭവങ്ങള്‍ നല്‍കുന്ന പാഠം. ഇന്ത്യന്‍ മാധ്യമങ്ങളുടെ ഈ തകര്‍ച്ചയില്‍ സാമ്പത്തിക ഉദാരവല്‍ക്കരണം വഹിക്കുന്ന പങ്കും നിസ്തുലമാണ്. ഏതാണ്ട് തൊണ്ണൂറുകള്‍ മുതല്‍ക്കാണല്ലോ മാധ്യമങ്ങള്‍ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പൊതുവേദി അല്ലാതായിതീര്‍ന്നത്. വ്യവസായ ഗ്രൂപ്പുകള്‍ വന്‍തോതില്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നതും അവയുടെ ഉടമസ്ഥത കേന്ദ്രീകരിച്ചു തുടങ്ങിയതും ഇത് മുതല്‍ക്കാണ്. ദേശീയ മാധ്യമരംഗം കയ്യടക്കിയിരിക്കുന്നത് ഇന്നിപ്പോള്‍ കേവലം ഏഴ് പ്രമുഖ കമ്പനികളാണ്. ഇവരാണ് നാം എന്ത് കാണണമെന്നും വായിക്കണമെന്നും തീരുമാനിക്കുന്നത്. മറ്റേതിനെയും പോലെ പത്രപ്രവര്‍ത്തനവും ഒരു വ്യവസായമായി മാറിയിരിക്കുന്നു.

വിപണിയുടെ ഭാഗം അല്ലാത്തതൊന്നും ഇന്ന് മാധ്യമങ്ങളില്‍ പ്രതിഫലിക്കുന്നില്ല. ദാരിദ്ര്യവും തൊഴിലില്ലായ്മയും ഭരണകൂട ഭീകരതയും സാമൂഹ്യനീതിയുമൊക്കെ പുട്ടിലെ പീരപോലെ പരസ്യങ്ങള്‍ക്കും പ്രമുഖരുടെ (ഗിരി) പ്രഭാഷണങ്ങള്‍ക്കും ഇടയിലെ സ്ഥലം നിറയ്ക്കാനുള്ള ചപ്പുചവറുകള്‍ മാത്രം. 'മാസ് മീഡിയ'യില്‍ 'മാസസ്' (ജനങ്ങള്‍) ഇല്ലാത്ത അവസ്ഥ. ഇത്തരമൊരു സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പലപ്പോഴും മുതലാളിയുടെയും അദ്ദേഹത്തിന്റെ പങ്കുകച്ചവടക്കാരുടെയും പേന ഉന്തുകാരായി മാറേണ്ടിവരും. ഷൂസരമാഗോയുടെ ഒരു നോവലില്‍ - The Gospel According to Jesus Christ - ദൈവം മനുഷ്യനെക്കുറിച്ച് പറയുന്നൊരു വാചകമുണ്ട് - ''ജനനം മുതല്‍ മരണംവരെ എന്തിനും ഏതിനും ഉപയോഗിക്കാവുന്ന തടിക്കഷണമാണ് മനുഷ്യന്‍''. മാധ്യമപ്രവര്‍ത്തകരില്‍ ഒരു വിഭാഗം ഈ വിധം തടിക്കഷണങ്ങളായി മാറിയിരിക്കുന്നു എന്നാണ് നീരാ റാഡിയ സംഭവം വെളിപ്പെടുത്തുന്നത്. വണിക്കുകളില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും കൃത്യമായ അകലം പാലിക്കുവാനും ജനങ്ങളുമായി ചേര്‍ന്ന് നില്‍ക്കുവാന്‍ ബോധപൂര്‍വം ശ്രമിക്കുകയും ചെയ്താല്‍ മാത്രമേ മാധ്യമരംഗത്തിന് അതിന്റെ സാമൂഹ്യപ്രസക്തി തെളിയിക്കാനാവൂ. ഇന്നത്തെ അവസ്ഥയില്‍ ഇത് മലര്‍പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്.

*
ഡോ. ജെ പ്രഭാഷ്

24 November, 2010

രണ്ടാം തലമുറയുടെ 'ഓപണ്‍' മാധ്യമക്കാഴ്ചകള്‍

രണ്ടാം തലമുറയുടെ   'ഓപണ്‍'  മാധ്യമക്കാഴ്ചകള്‍

ബോഫോഴ്‌സ് കോഴ ഇടപാടിന്റെ ഉള്ളറകള്‍ തുരന്നെടുത്ത 'ഇന്ത്യന്‍ എക്‌സ്പ്രസ്' പത്രവും അരുണ്‍ ഷൂരി, ചിത്രാ സുബ്രഹ്മണ്യം കൂട്ടുകെട്ടും ഇന്ത്യന്‍ മനസ്സില്‍ സൃഷ്ടിച്ച ആന്ദോളനം ചെറുതല്ല.

അടിയന്തരാവസ്ഥയില്‍ പാലിച്ച വിധേയത്വത്തിന്റെയും കുറ്റകരമായ നിസ്സംഗതയുടെയും കളങ്കം മാറ്റിയെഴുതാന്‍ ഇന്ത്യന്‍ മാധ്യമലോകം നടത്തിയ ബോധപൂര്‍വമായ നീക്കംകൂടിയായിരുന്നു അത്. ഫോര്‍ത്ത് എസ്‌റ്റേറ്റില്‍ ഒരു തിരിച്ചൊഴുക്കിന്റെ ശുഭാദ്യമായി അതിനെ പലരും നോക്കിക്കണ്ടു.

എന്നാല്‍, രാജീവ് ഗാന്ധിയുടെ ഉപജാപകവൃന്ദത്തില്‍ ഇടംകണ്ടെത്താന്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച പത്രാധിപര്‍ എം.ജെ. അക്ബര്‍ ഉളുപ്പില്ലാതെ മത്സരിക്കുന്നതാണ് നാം പിന്നെ കണ്ടത്. തന്റെ മാധ്യമ കളസം ഊരിവെച്ച അരുണ്‍ ഷൂരി വലതുപക്ഷ രാഷ്ട്രീയത്തിന്റെ സാധ്യതകളിലേക്ക് ഇറങ്ങിനില്‍ക്കുന്നതും വൈകാതെ കണ്ടു. ഒടുവില്‍ മന്ത്രിയായി പൊതുമേഖലാ ഓഹരികള്‍ മുച്ചൂടും മറിച്ചുവിറ്റ് ബി.ജെ.പിയെപ്പോലും കടത്തിവെട്ടിയ ഷൂരിനടനവും മറ്റൊരു ദുരന്തക്കാഴ്ചയായി. 'ഹിന്ദു'വിന്റെ മികച്ച ലേഖകന്‍ ഹരീഷ് ഖരെക്ക് പ്രധാനമന്ത്രിയുടെ ഓഫിസില്‍ മാധ്യമ ഉപദേശപട്ടം കെട്ടിയാടാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതായും വന്നില്ല.

ഇത് ഒരു വശം. കൂലിത്തല്ലും തലോടലും നടത്തി ഭരിക്കുന്നവന്റെ ഇംഗിതം നടപ്പാക്കി ഒരു വിഭാഗം പട്ടും വളയും നേടിയപ്പോള്‍ മറുഭാഗം പക്ഷേ, തളര്‍ന്നില്ല. അവര്‍ ദൗത്യത്തില്‍ ഉറച്ചുനിന്നു. മാധ്യമപ്രവര്‍ത്തനം എന്നത് ഭരിക്കുന്നവന്റെ വിടുപണിയല്ലെന്ന് ഫീല്‍ഡിലും ഡസ്‌ക്കിലും വാര്‍ത്തകളുടെ ലോകത്തിരുന്ന് ഓരോ ഘട്ടത്തിലും അവര്‍ തെളിയിച്ചു.

ഇന്ത്യന്‍ മാധ്യമലോകത്തിന്റെ ശക്തി ദൗര്‍ബല്യമായിരുന്നു എന്നും ഈ രണ്ട് ധാരകള്‍. വെറും നാലഞ്ചു വര്‍ഷത്തെ 'പത്രപ്രവര്‍ത്തനം'കൊണ്ട് പേരും പെരുമക്കും പുറമെ കോടികളുടെ ബാങ്ക് ബാലന്‍സും ഭൂസ്വത്തുക്കളും സ്വന്തമാക്കിയ ഒരു കൂട്ടര്‍. പതിറ്റാണ്ടുകള്‍ ദല്‍ഹിയില്‍ കഴിഞ്ഞിട്ടും സ്വന്തം കുഞ്ഞിന്റെ ഹോസ്പിറ്റല്‍ ബില്ലടക്കാന്‍ സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍ കൈനീട്ടേണ്ടി വരുന്ന എരപ്പാളി ഗണത്തില്‍പെടുന്ന മറ്റൊരു കൂട്ടര്‍. പണ്ടു മുതലേ ദല്‍ഹിയില്‍ ഈ രണ്ടു കൂട്ടരെയും കാണുന്നു. അടിക്കടി വിദേശയാത്രകള്‍ നടത്തിയും അധികാരകേന്ദ്രങ്ങളുടെ സല്‍ക്കാരങ്ങളില്‍ സ്ഥിരം ക്ഷണിതാക്കളായും പെരുമ കാണിക്കുന്ന സ്വന്തം വര്‍ഗത്തെ നോക്കി നിവൃത്തിയില്ലാതെയാകാം സി.പി. രാമചന്ദ്രന് ഇങ്ങനെ കുറിക്കേണ്ടി വന്നതും: 'ഇവിടെ ദല്‍ഹിയില്‍ തങ്ങളുടെ വിരല്‍ത്തുമ്പിലാണ് എല്ലാം നടക്കുന്നതെന്ന് ഇവര്‍ അഹങ്കരിക്കുന്നു... സം ഓഫ് ദെം ആര്‍ വെരി അഗ്ലി ഫെലോസ്.'

ആ വരേണ്യവര്‍ഗത്തിന്റെ പുത്തന്‍ 'തിരു'ശേഷിപ്പുകളില്‍ രണ്ടു പേരുടെ മുഖംമൂടിയാണിപ്പോള്‍ അഴിഞ്ഞു വീണിരിക്കുന്നത്. 2ജി സ്‌പെക്ട്രം ഇടപാടിന്റെ മറ്റൊരു വഴിത്തിരിവ്. അധികാരത്തിന്റെ ഇടനിലക്കാര്‍ മാത്രമല്ല, കോര്‍പറേറ്റുകളുടെ കൂട്ടിക്കൊടുപ്പുകാരായും മാറാന്‍ മടിയില്ലെന്ന് അവര്‍ തെളിയിച്ചു. കൂട്ടുകച്ചവടത്തിന്റെയും അശ്ലീല മാധ്യമപ്രവര്‍ത്തനത്തിന്റെയും ആ ലൈവ് രേഖയാണിപ്പോള്‍ 'ഓപണ്‍' മാഗസിനിലൂടെ പുറത്തു വന്നിരിക്കുന്നത്. പകല്‍ കോര്‍പറേറ്റുകള്‍ക്കുള്ള ദാസ്യവേല. രാത്രി പ്രൈംടൈമുകളില്‍ ഇന്ത്യന്‍ നൈതികതയെക്കുറിച്ചും ധാര്‍മികതയെക്കുറിച്ചും മധ്യവര്‍ഗ മനസ്സിനെ ആവേശംകൊള്ളിക്കുമാറ് ചോദ്യങ്ങളുന്നയിക്കുക. ദേശീയതയുടെ സൂക്ഷിപ്പുകാരായുള്ള സ്വയം വാഴ്ത്തല്‍ വേറെയും. കോഴിക്കോട്ടെ നിറവേദിയില്‍ വിളിച്ചു വരുത്തി ലക്ഷം രൂപയുടെ അവാര്‍ഡ് നല്‍കി ഇവരെ നാം ആദരിക്കും.

കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ മുഖംമിനുക്കികളായ പി.ആര്‍ സ്ഥാപന നടത്തിപ്പുകാര്‍ക്കൊപ്പം ചേര്‍ന്നുനിന്ന് ടെലിഫോണ്‍ ഡീലുകള്‍ ഉറപ്പിക്കുന്നതുമാണ് ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തനം എന്നിവര്‍ തെളിയിക്കുകയായിരുന്നു. നീര റാഡിയ എന്ന കോര്‍പറേറ്റ് ഇടനിലക്കാരി ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍സാങ്‌വി, എന്‍.ഡി.ടി.വി ഗ്രൂപ്പ് എഡിറ്റര്‍ ബര്‍ഖദത്ത് എന്നീ രണ്ട് നവീന ഐക്കണുകളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ അസ്സല്‍ പകര്‍പ്പാണ് 2ജി സ്‌പെക്ട്രം ഇടപാടിനത്തിലെ ഇന്ത്യ കണ്ട പുതിയ പകര്‍ന്നാട്ടം.

നീര റാഡിയയുടെ ബന്ധങ്ങളുടെ വ്യാപ്തി അന്വേഷിച്ചിറങ്ങിയ ആദായ നികുതി വകുപ്പിന്റെ ചൂണ്ടയില്‍ കുടുങ്ങിയത് മുന്‍ മന്ത്രി രാജ മാത്രമല്ല, മാധ്യമപ്രവര്‍ത്തകരായ ബര്‍ഖ ദത്തും വീര്‍സാങ്‌വിയും ഉള്‍പ്പെടെ നിരവധി വന്‍ മത്സ്യങ്ങളും. 2009 മേയ് പതിനൊന്നിനും ജൂലൈ പതിനൊന്നിനും ഇടക്കായിരുന്നു ഫോണ്‍ ചോര്‍ത്തല്‍. തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകള്‍ കനിമൊഴിയുടെ അഭീഷ്ടപ്രകാരം കേന്ദ്ര മന്ത്രിസഭയില്‍ ടെലികോം വകുപ്പ് ഡി.എം.കെക്ക് ഉറപ്പിക്കാന്‍ നടന്ന ആ ഡീലിന്റെ ചെറിയൊരു സാമ്പിള്‍ സംഭാഷണം ഇങ്ങനെ:

നീര റാഡിയ: 'കനിമൊഴി പറയുന്നത്, ഗുലാം നബി ആസാദിനെപ്പോലുള്ള ഉത്തരവാദപ്പെട്ട ആരെങ്കിലും ഇതില്‍ ഇടപെടണം എന്നാണ്.'

ബര്‍ഖ ദത്ത്: 'അതെ, അതെ, അതെ'

റാഡിയ: 'ശരി. സംസാരിച്ചാല്‍ കോണ്‍ഗ്രസില്‍ നിന്ന് സന്ദേശം ലഭിച്ചതായി അവര്‍ക്ക്(കനിമൊഴി) പിതാവിനോട് പറയാമായിരുന്നു'

ബര്‍ഖ ദത്ത്: '~ീക് ഹെ. അതൊരു പ്രശ്‌നമല്ല. ഞാന്‍ ഗുലാം നബി ആസാദുമായി സംസാരിക്കാം. ഇപ്പോള്‍ ഞാന്‍ റേസ്‌കോഴ്‌സ് റസിഡന്‍സിലാണ്(പ്രധാനമന്ത്രിയുടെ ഓഫിസ്). ഇവിടെനിന്നു പുറത്തു വന്നാലുടന്‍ ആസാദുമായി ഞാന്‍ സംസാരിക്കാം.'

അപ്പുറത്ത് ആഹ്ലാദം. അടുത്ത കാള്‍ പോകുന്നത് രാജയിലേക്ക്. ടെലികോം വിവാദ നായകന്‍ സാക്ഷാല്‍ എ. രാജ തന്നെ. അതുകൂടി കേള്‍ക്കൂ:

റാഡിയ: 'ഹലോ.'

രാജ: 'ഞാന്‍ രാജ.'

റാഡിയ: 'ഹൈ. ബര്‍ഖ ദത്തില്‍നിന്ന് ഇപ്പോള്‍ എനിക്കൊരു സന്ദേശം ലഭിച്ചു.'

രാജ: 'വ്ഹാ.'

റാഡിയ: 'ബര്‍ഖദത്ത്.'

രാജ: 'അവള്‍ എന്തു പറഞ്ഞു?'

റാഡിയ: 'അവള്‍ പറഞ്ഞു... പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഇന്നു രാത്രി അവര്‍ വാര്‍ത്ത പിന്തുടരും. സോണിയഗാന്ധി അവിടെ ചെന്ന വിവരം എന്നെ അറിയിച്ചതും ബര്‍ഖയാണ്. പ്രധാനമന്ത്രിക്ക് താങ്കളോട് നീരസമില്ലെന്നും അവള്‍ പറഞ്ഞു. പക്ഷേ, ബാലുവിനോട് എന്തോ ഇഷ്ടക്കേടുണ്ട്.'

രാജ: 'പക്ഷേ, ലീഡറുമായി അദ്ദേഹം ഇക്കാര്യം സംസാരിക്കണം...'

റാഡിയ: 'അതെ, അതെ. അദ്ദേഹം ലീഡറുമായി സംസാരിക്കുകതന്നെ വേണം...'

രാജ: 'രാവിലെതന്നെ അതു സംസാരിക്കണം. എന്തിന്, ആവശ്യമില്ലാതെ കോണ്‍ഗ്രസ്... ബന്ധം മുറിക്കുകയാണ്...'

റാഡിയ: 'അതല്ല. പിന്നെയുള്ള ചോദ്യം അഴഗിരിയാണ്. അല്ലേ?'

രാജ: 'അതെ.'

റാഡിയ: 'അഴഗിരിയുടെ ആളുകള്‍ ചോദിക്കുകയാണ്, മുതിര്‍ന്ന നേതാവായിരിക്കെ, മാരന് ഇനി എന്തിനാണ് കാബിനറ്റ് പദവിയെന്ന്...'

രാജക്കുവേണ്ടി ടെലികോം മന്ത്രാലയം ഒപ്പിക്കാന്‍ ബര്‍ഖ വിയര്‍ക്കുമ്പോള്‍ വീര്‍സാങ്‌വിയെ റാഡിയ ഉപയോഗിക്കുന്നത് എതിര്‍ കോര്‍പറേറ്റ് ഗ്രൂപ്പിനുവേണ്ടി അനില്‍ അംബാനിയെ നാറ്റിക്കാനായിരുന്നു. 'ഹിന്ദുസ്ഥാന്‍ ടൈംസി'ന്റെ ഞായറാഴ്ച കോളത്തില്‍ വാതക വിലനിര്‍ണയ വിവാദവുമായി ബന്ധപ്പെട്ട് അനില്‍ അംബാനിക്ക് അനുകൂല വിധി പുറപ്പെടുവിച്ച മുംബൈ ഹൈകോടതി തീരുമാനത്തിനെതിരെ എഴുതണമെന്ന് നീര റാഡിയ വീര്‍സാങ്‌വിയോട് ആവശ്യപ്പെടുന്നു.

ദേശീയ താല്‍പര്യത്തിന് എതിരാണെന്ന മട്ടില്‍ കോളം വരണമെന്നാണ് റാഡിയയുടെ അപേക്ഷ. അതിലൂടെ പ്രധാനമന്ത്രിക്കിട്ടൊരു കിഴുക്ക് കൊടുക്കാനും റാഡിയ പറയുന്നു. എല്ലാം അപ്പടി ശരിവെക്കുകയാണ് നമ്മുടെ ധീരവീര വീര്‍സാങ്‌വി.

ആള്‍ മാന്യനാണ്. ഞായറാഴ്ച കോളത്തില്‍ റാഡിയ ടെലിഫോണില്‍ എന്തു പറഞ്ഞോ അതത്രയും വീര്‍സാങ്‌വി എഴുതിപ്പിടിപ്പിച്ചു. 'പതിറ്റാണ്ടുകളായി നാം അഴിമതിയുടെ മാരകഫലം അനുഭവിക്കുന്നു. എന്നാല്‍, അപൂര്‍വ വിഭവങ്ങള്‍ വിറ്റുതുലക്കാനുള്ള നീക്കത്തില്‍ നമുക്ക് നിര്‍വികാരത പാടില്ല. വിലപിടിച്ച വിഭവങ്ങളുടെ അപകടം പ്രധാനമന്ത്രി തിരിച്ചറിയണം.' ജേണലിസം എങ്ങനെ സ്‌റ്റെനോഗ്രഫിയിലേക്ക് തരംതാഴുന്നു എന്നറിയാന്‍ ഈ ശബ്ദരേഖയേക്കാള്‍ നല്ലൊരു ഉദാഹരണം വേറെ കാണില്ല. (സംഭാഷണങ്ങള്‍ ---.-----------്വ---.--- ല്‍ കേള്‍ക്കാം)

പുതുകാലത്ത് എല്ലാവരും ചേര്‍ന്ന് ഫോര്‍ത്ത് എസ്‌റ്റേറ്റിന്റെ ആണിക്കല്ലിളക്കാന്‍ മത്സരിക്കുകയാണ്. 'പെയ്ഡ് ന്യൂസ്' പത്രമുതലാളിമാരുടെ അടിയറവും താല്‍പര്യവുമായിരുന്നു പുറത്തുകൊണ്ടു വന്നതെങ്കില്‍ ഇവിടെ മാധ്യമപ്രവര്‍ത്തകര്‍തന്നെയാണ് കൂട്ടുകച്ചവടക്കാരുടെ റോള്‍ അടിച്ചു തകര്‍ക്കുന്നത്. കോര്‍പറേറ്റ് കാലത്ത് അവരുടെ സന്ദേശങ്ങള്‍ കൈമാറാന്‍ വിനീത ഹംസങ്ങളുടെ നീണ്ട നിരതന്നെയുണ്ട് ഇന്ദ്രപ്രസ്ഥത്തില്‍.

രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പവും അധികാര ഉപശാലകളിലെ വിദഗ്ധരുമായുള്ള ചാര്‍ച്ചയും മാധ്യമപ്രവര്‍ത്തകന്റെ മാര്‍ക്കറ്റ് വില പെട്ടെന്നാണ് ഉയര്‍ത്തിയത്. മറുപക്ഷം ചോദിക്കുന്നതും ന്യായം. എല്ലാവരുമായുള്ള അടുപ്പം ഒരു മാധ്യമപ്രവര്‍ത്തകന് വേണ്ടതല്ലേ? വാര്‍ത്തക്ക് അത് ഗുണം ചെയ്യില്ലേ? സമ്മതിക്കുന്നു. പക്ഷേ, ഒരു മറുചോദ്യം: അവര്‍ക്ക് ഡീലുകളൊപ്പിക്കുന്നതും അതിന്റെ പങ്കുപറ്റുന്നതും മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗംതന്നെയോ?

മാധ്യമസ്ഥാപനങ്ങളെ കോര്‍പറേറ്റുകള്‍ ഹൈജാക് ചെയ്യുന്നതിന്റെ ഉപോല്‍പന്നംകൂടിയാണിത്. എഡിറ്ററുടെ വിവരക്കേടും തിരുമോന്തയും എട്ടു കോളത്തില്‍ കുറയാതെ നിത്യം പത്രത്തില്‍ കൊടുക്കുന്നതാണ് ജേണലിസ്റ്റ് മിടുക്കിന്റെ ആകത്തുകയെന്ന് കരുതുന്ന പുത്തന്‍കൂറ്റുകാരില്‍നിന്ന് ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ശമ്പളം തരുന്ന മുതലാളി നടത്തുന്ന സര്‍വമാന ബിസിനസുകളുടെയും താല്‍പര്യങ്ങള്‍ക്കുവേണ്ടി ഓടുന്നതും തന്റെ ദൗത്യമാണെന്ന് പലരും ഉറപ്പിക്കുന്നു. പുറംചൊറിയലിന്റെയും വൃത്തികെട്ട വാഴ്ത്തിപ്പാടലിന്റെയും എച്ചില്‍ സായുജ്യമാണ് ഇവര്‍ക്ക് മാധ്യമപ്രവര്‍ത്തനം.

എഡിറ്റര്‍ എന്നത് പേരിനുപോലും ഇല്ലാതെ വന്നതോടെ പരസ്യാവരണം അണിയിച്ച് എന്തും പുറത്തിറക്കാമെന്നും അതിന് പത്രം എന്നു പേരിടാമെന്നും തെളിയിച്ചതാണ് ഈ നൂറ്റാണ്ടിന്റെ മാധ്യമദുരന്തം. അതുകൊണ്ട് കാറ്ററിഞ്ഞ് പാറ്റുന്നതില്‍ ആത്മരതിയടയുകയാണ് ഭൂരിഭാഗവും.

കോര്‍പറേറ്റ് ലോബിയുടെ ഇത്തരം ഉപകരണങ്ങള്‍ പി.ഐ.ബി ലോഞ്ച് മുതല്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ വരെ പിടിമുറുക്കിയിരിക്കുകയാണ്. മാധ്യമവര്‍ഗത്തിന്റെ ദാസ്യമനോഭാവം സ്വാനുഭവത്തില്‍ ബോധ്യപ്പെട്ടതുകൊണ്ടാകും സ്‌പെക്ട്രം ഇടപാടിനെതിരെ എഴുതിയ മലയാളി മാധ്യമപ്രവര്‍ത്തകനെ വിളിച്ചുവരുത്തി ഒരുളുപ്പും കൂടാതെ കാല്‍കുലേറ്റര്‍ കൈയിലെടുത്ത് രാജ ഇങ്ങനെ പറഞ്ഞത്: 'ഇരുപത് കൊല്ലംകൊണ്ട് നിനക്ക് കിട്ടാന്‍ പോകുന്ന ശമ്പളത്തെ പിന്നെയും ഇരുപതുകൊണ്ട് ഗുണിച്ചു നോക്കൂ. തിരുവനന്തപുരത്തോ മുംബൈയിലോ ദല്‍ഹിയിലോ എവിടെ വേണേലും ആഡംബര ഫഌറ്റിന്റെ താക്കോല്‍ വാങ്ങിച്ചോ. തരം പോലെ ചീറിപ്പായാന്‍ നല്ലൊരു കാറും ഇതാ പിടിച്ചോ. അതും പോരേല്‍ നീയും എഡിറ്ററും പറ, ഇനി ഞാന്‍ എന്തു വേണമെന്ന്...'

2ജി സ്‌പെക്ട്രംകൊണ്ട് പല ഗുണങ്ങളുമുണ്ടായി. മനസ്സില്‍ ആരാധിച്ച നിരവധി വിഗ്രഹങ്ങളാണ് പെരുവഴിയില്‍ വീണുടഞ്ഞത്. സ്റ്റുഡിയോക്കുള്ളിലെ ലാവണ്യശീതളിമ വിട്ട് പലരുടെയും തല്‍സ്വരൂപങ്ങള്‍ പുറത്തുവന്നു. ഭരണനിര്‍വഹണവും നീതിന്യായ സംവിധാനങ്ങളും വരെ ദുഷിച്ചപ്പോഴും ആരോ കരുതിയിരുന്നു, ഫോര്‍ത്ത് എസ്‌റ്റേറ്റ് അത്രപെട്ടെന്നൊന്നും മലിനമാകില്ലെന്ന്.

ഹര്‍ഷദ് മേത്തയുടെ കുംഭകോണത്തെക്കുറിച്ച് ജെ.പി.സി അന്വേഷിച്ചപ്പോള്‍ കണ്ടതാണ് പല കിടിലന്‍ മാധ്യമപ്രവര്‍ത്തകരുടെ പേരിലുമുള്ള ഇക്വിറ്റി ട്രാന്‍സ്ഫറുകള്‍. രാജയോ റാണിയോ ആരു കേന്ദ്രമന്ത്രിയാകണം എന്ന കാര്യം ഇവര്‍ ഏറ്റെടുക്കും. സ്വന്തം പദവി ദുരുപയോഗം ചെയ്യുന്നവനെ നേരിടാന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കോ മറ്റു വാച്ച്‌ഡോഗുകള്‍ക്കോ പാങ്ങില്ലാത്ത കാലത്തോളം ഇതൊക്കെ തുടരും.

സര്‍ക്കാര്‍ ഭവനങ്ങളുടെ വീതംവെപ്പില്‍ തുടങ്ങി പഞ്ചനക്ഷത്ര ഹോട്ടലുകളുടെയും വിദേശ സര്‍വകലാശാലകളുടെയും ഉപദേശക ബോര്‍ഡുകളില്‍ വരെ സ്ഥിരം ഇരിപ്പിടം ലഭിക്കുന്ന 'മുതിര്‍ന്ന' മാധ്യമപ്രവര്‍ത്തകര്‍ ഏതൊക്കെ ഡീലുകളുടെ ബാക്കിപത്രമാകും കൊണ്ടാടുന്നത്?

*എം.സി.എ. നാസര്‍


17 June, 2010

കിടപ്പാടം പദ്ധതിക്ക് ഇടങ്കോലിടരുത്

ഒരുതുണ്ട് ഭൂമിയും അതിലൊരു പാര്‍പ്പിടവും സാധാരണ മനുഷ്യന്റെ സ്വപ്നമാണ്. നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്ന, പുറമ്പോക്കുകളിലും ചേരികളിലും രാപ്പാര്‍ക്കുന്ന ആയിരങ്ങളുണ്ട് നമ്മുടെ നാട്ടില്‍. അവര്‍ക്ക് സുരക്ഷിതമായ വീട് എന്നത് ജനങ്ങളെ സ്നേഹിക്കുന്ന സര്‍ക്കാരിന്റെ കടമയാണ്. കേരളത്തെ ഭവനരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമാക്കിത്തീര്‍ക്കാനുള്ള ആ മഹത്തായ കടമയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. 1957ലെ ഇ എം എസ് സര്‍ക്കാര്‍ തുടക്കമിട്ട വിപ്ളവകരമായ നിയമനിര്‍മാണങ്ങളില്‍ ഏറ്റവും പ്രധാനം ഭൂപരിഷ്കരണ മായിരുന്നു. ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനത്ത് ജന്മിസമ്പ്രദായം അവസാനിപ്പിക്കാന്‍ കഴിഞ്ഞു. ഭൂപരിഷ്കരണംമൂലം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് കിടപ്പാടം ലഭിച്ചു. പക്ഷേ, കുടികിടപ്പവകാശമായി ലഭിച്ച ഭൂമി വീണ്ടും തുണ്ടുവല്‍ക്കരിക്കപ്പെട്ടു. രണ്ടും മൂന്നും സെന്റ് ഭൂമി ഉണ്ടായിരുന്നെങ്കിലും സ്വന്തമായി ഒരു കിടപ്പാടം എന്ന സ്വപ്നം അവശേഷിച്ചു. പല പദ്ധതികള്‍ നടപ്പാക്കിയെങ്കിലും വര്‍ധിച്ചുവരുന്ന ഭവന ആവശ്യം നിറവേറ്റാന്‍ പര്യാപ്തമല്ലാതായതിനാല്‍ ഭവനരഹിത കുടുംബങ്ങളുടെ എണ്ണം കൂടിവന്നു. കേരളത്തില്‍ ഭവനനിര്‍മാണമേഖലയില്‍ ജനകീയാസൂത്രണത്തിലൂടെയാണ് അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടാക്കിയത്. ഒന്‍പതാം പദ്ധതിക്കാലത്ത് 5.5 ലക്ഷവും പത്താംപദ്ധതിയില്‍ 3 ലക്ഷവും വീടുകള്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് നിര്‍മിച്ചുനല്‍കി. ഇതിന്റെ തുടര്‍ച്ചയായാണ് പതിനൊന്നാം പദ്ധതിക്കാലത്ത് സമ്പൂര്‍ണ ഭവനപദ്ധതി നടപ്പാക്കാനുള്ള ആശയം ഉയര്‍ന്നത്. കേരളത്തിലെ ആദ്യത്തെ ജനകീയ സര്‍ക്കാര്‍ അധികാരമേറ്റതിന്റെ 50-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിലെ പ്രഥമ മുഖ്യമന്ത്രിയായ ഇ എം എസിന്റെ നാമധേയത്തില്‍ പദ്ധതി നടപ്പാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് അഞ്ചുലക്ഷം ഭവനരഹിത കുടുംബങ്ങളുണ്ടാകുമെന്നാണ് കണക്കാക്കിയത്. ഇതില്‍ 1.35 ലക്ഷം ഭൂരഹിത കുടുംബങ്ങളാണ്. ഇത്രയും കുടുംബങ്ങള്‍ക്ക് വീട് ലഭ്യമാക്കിയാല്‍ കേരളം ഭവനരഹിതരില്ലാത്ത സംസ്ഥാനമാകും. ഈ ലക്ഷ്യം വച്ചാണ് ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതി വിഭാവനം ചെയ്തത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തിലുള്ള ഇതര ഭവനപദ്ധതികളെ കൂടി ലക്ഷ്യ പൂര്‍ത്തീകരണത്തിന് കഴിയാവുന്നത്ര ഉപയോഗിക്കാനും ഗവമെന്റ് തീരുമാനിച്ചു. പദ്ധതിയുടെ ആദ്യവര്‍ഷങ്ങളില്‍ത്തന്നെ മൂന്നുലക്ഷത്തിലേറെ വീടുകള്‍ നിര്‍മിച്ചു. ഭവനപദ്ധതിക്കു നല്‍കുന്ന സഹായം പട്ടികവര്‍ഗത്തിന് 1.25 ലക്ഷം, പട്ടികജാതിക്ക് 1 ലക്ഷം, പൊതുവിഭാഗത്തിന് 75,000 എന്ന തോതില്‍ വര്‍ധിപ്പിച്ചു. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനുള്ള ധനസഹായവും വര്‍ധിപ്പിച്ചു. ഇന്ദിര ആവാസ് യോജന, എം എന്‍ ലക്ഷം വീട് പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കും ഇതേ തുക തന്നെ ലഭ്യമാക്കുന്നു. അതിനാവശ്യമായ അധികതുക ത്രിതല പഞ്ചായത്തുകള്‍ നല്‍കുന്നു. 5000 കോടിയോളം രൂപയാണ് പദ്ധതി പൂര്‍ത്തീകരണത്തിന് വേണ്ടത്. സഹകരണസ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. പലിശ ഗവമെന്റ് സബ്സിഡിയായി നല്‍കുന്നു. ഇതിനകം വമ്പിച്ചൊരു ജനകീയമുന്നേറ്റമാക്കാന്‍ ഈ പദ്ധതിക്ക് കഴിഞ്ഞു. പല പഞ്ചായത്തുകളും ഇതിനകം ലക്ഷ്യം പൂര്‍ണമായി കൈവരിച്ചുകഴിഞ്ഞു. ഇന്ത്യയിലാകെ, ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമൂഹ്യക്ഷേമ പദ്ധതിയായി മാറുകയാണ് ഇ എം എസ് ഭവനപദ്ധതി. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഭവനരഹിതരുടേത്. ഇക്കാര്യം കേന്ദ്രഗവമെന്റ് എത്ര ലാഘവത്തോടെയാണ് കൈകാര്യംചെയ്യുന്നതെന്ന് നോക്കുക. 11-ാം പദ്ധതിക്കാലത്ത് വെറും 10,000 കോടി രൂപയാണ് ഭവനപദ്ധതിക്ക് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി കേന്ദ്ര ഗവമെന്റ് നീക്കി വച്ചത്. ഇന്ദിര ആവാസ് യോജനയില്‍ ഒരു വീടിന് 38,500 രൂപയാണ് കേന്ദ്രം വകയിരുത്തിയത്. അതില്‍ത്തന്നെ കേന്ദ്രവിഹിതം വെറും 28,875 രൂപമാത്രം. വീടൊന്നിന് 9625 രൂപ സംസ്ഥാനം കണ്ടെത്തണം. ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതിപോലൊന്ന് കേന്ദ്ര ഗവമെന്റിനോ അവരെ നയിക്കുന്ന കോഗ്രസിനോ സ്വപ്നം കാണാന്‍ പോലും കഴിയില്ല. തമിഴ്നാട് സര്‍ക്കാര്‍ ഇ എം എസ് ഭവനപദ്ധതിയില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ഭവനപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പക്ഷേ കേരളത്തിലെ പോലെ സമഗ്രമല്ല. നിലവിലുള്ള മേല്‍ക്കൂരമാറ്റി പണിയുന്നതിനാണ് തമിഴ്നാടിന്റെ മുന്‍ഗണന. കേരളത്തിന്റെ അഭിമാനമായി മാറിയ ഇ എം എസ് പദ്ധതിയെ അപകീര്‍ത്തിപ്പെടുത്താനും അത് നടപ്പാക്കുമ്പോഴുള്ള സാങ്കേതികമായ പ്രശ്നങ്ങളെ പെരുപ്പിച്ച് പദ്ധതിയാകെ പരാജയമാണെന്ന് വരുത്തിത്തീര്‍ക്കാനും കേരളത്തിലെ ഒന്നാമത്തെ പത്രമെന്നവകാശപ്പെടുന്ന മലയാളമനോരമ രംഗത്തിറങ്ങിയത് ഇന്നാട്ടിലെ ഭവനരഹിതരായ പാവങ്ങളോടുള്ള വെല്ലുവിളിയും ക്രൂരതയുമാണ്. പദ്ധതിക്കെതിരെ നിരന്തരം വാര്‍ത്തകള്‍ നല്‍കുകയാണാ പത്രം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അമൂല്യമായ ഒരു നേട്ടത്തെ ഇകഴ്ത്തിക്കാട്ടി യുഡിഎഫിന് രാഷ്ട്രീയനേട്ടമുണ്ടാക്കിക്കൊടുക്കാനുള്ള വിടുപണിയിലാണവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ചുവപ്പുനാടയുടെയും സാങ്കേതികമായ ഭരണനടപടിക്രമങ്ങളുടെയും പ്രശ്നം ഇന്നാട്ടില്‍ പുതിയതല്ല. അത്തരം പ്രശ്നങ്ങള്‍കൊണ്ട് പദ്ധതി തടസ്സപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ മനോരമ തന്നെ സമ്മതിക്കുന്നുമുണ്ട്. എന്നിട്ടും പദ്ധതി അട്ടിമറിക്കപ്പെട്ടു എന്നമട്ടില്‍ കള്ളക്കണക്കുമായി പ്രചാരണത്തിനിറങ്ങിയിരിക്കുന്നു. ഇത് രാഷ്ട്രീയശത്രുതയായോ മാധ്യമപ്രവര്‍ത്തനത്തിന്റെ വിമര്‍ശനാത്മകരൂപമായോ കാണാനാകില്ല. മറിച്ച് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള അട്ടിമറി പ്രവര്‍ത്തനമാണ്. പാവങ്ങള്‍ക്ക് വീടുകിട്ടുന്നത് മുടക്കാനുള്ള നീചമായ ഇടപെടലാണ്. കയറിക്കിടക്കാന്‍ കൂരയില്ലാത്തവരുടെ സങ്കടം പത്രത്തിന്റെ ശക്തികൊണ്ട് ദന്തഗോപുരങ്ങള്‍ പണിയുന്നവര്‍ക്ക് മനസ്സിലാകില്ല. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും പ്രതിപക്ഷരാഷ്ട്രീയം കളിക്കുന്നതും ഒരു വലിയ പദ്ധതിയെ അട്ടിമറിച്ചുകൊണ്ടല്ലെന്ന് മനസ്സിലാക്കി കുപ്രചാരണങ്ങളില്‍നിന്ന് പിന്മാറണമെന്ന് ഞങ്ങളുടെ സഹജീവിയോടഭ്യര്‍ഥിക്കുന്നു. പാവങ്ങള്‍ക്ക് സ്വന്തമായി ഒരു കൂര കിട്ടിക്കോട്ടെ; അതിന് ഇടങ്കോലിടരുത്.